images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അഗ്നേ, മനംകട്ട മുഖ്യനല്ലോ, ഭവാ;
നിക്രതുവിന്നു ഹോതാവായ്, സുരൂപ, നീ.
ദുർദ്ദമമാം കെല്പെടുത്തിതെ,മ്പാടുമേ
ശക്തരെയെല്ലാമമർത്താൻ വൃഷാവു നീ.1
സ്തുത്യഹോതാവായ് സ്ഥിതിചെയ്തു, വേദിമേ –
ലുദ്യൽസ്പൃഹം മുഖ്യനുറ്റയഷ്ടാവു നീ;
വിത്തസമ്പത്തിനാ നിന്നെയറിഞ്ഞനു –
വർത്തിച്ചുപോന്നിതു, ദേവകാമർ നരർ.2
ഇന്നു, വൻസ്വത്തുമായ് മാർഗ്ഗത്തിലൂടെ പോ –
രുന്ന സുരൂപനാം നിന്നെയഗ്നേ, നരർ
ദ്രവ്യമർപ്പിച്ചു സേവിപ്പൂ, വപാഢ്യനായ് –
സ്സർവദാ കത്തും മഹാനാം സുവർണ്ണനെ.3
ദേവ, നിൻസ്ഥാനത്തവിസ്സുമായ്ച്ചെന്നിട്ടു,
മാൽ വരാത്തന്നം ലഭിച്ചിത,ന്നൈഷികൾ;
ചൊല്ലീനാര,ധ്വരാർഹങ്ങൾ നാമങ്ങളും
കല്യാണമാം ഭവദ്ദർശനത്തിൽ മുദാ.4
ആളിപ്പു, വേദിമേൽ നിന്നെ, നിനക്കുതാ –
നാളുകൾതൻ ദ്വിവിധാർത്ഥങ്ങളും നരർ;
സ്തുത്യനാം നീയാണു പാലകൻ, താരക;
മർത്ത്യർക്കു തായും തകപ്പനും, നീ സദാ!5
അഗ്നി ഹോതാവായിരുന്നാൻ, പ്രജകളി –
ലധ്വരാർഹൻ മദനീയനർച്ച ്യൻ പ്രിയൻ;
ഇഷ്ട്യാലയത്തിൽപ്പടർന്നാളുമാ നിങ്കൽ,
മുട്ടുകുത്തിപ്പണിഞ്ഞെത്തുമാറാകി,വർ!6
ശുദ്ധാശയർ ദേവകാമരാമെങ്ങളാ
സ്തുത്യനാം നിന്നൊടർത്ഥിപ്പിതഗ്നേ, സുഖം:
മെത്തിയ തേജസ്സൊടുജ്ജ്വലിയ്ക്കുന്ന നീ –
യെത്തിയ്ക്ക, വിണ്ടലത്തഗ്നേ, പ്രജകളെ!7
നിത്യം പ്രജകൾക്കു നാഥൻ, പ്രവർഷകൻ,
മർത്ത്യരിൽച്ചെല്ലുവോന,ന്നകാരൻ, കവി,
ശത്രുജിത്ത,ഗ്നി സമുജ്ജ്വലൻ, പാവകൻ,
വിത്തലബ്ധിയ്ക്കു യജിയ്ക്കപ്പെടേണ്ടവൻ!8
ആർ നിന്നെയഗ്നേ, യജിയ്ക്കും, പുകഴ്ത്തിടു:...
മാർ തേ ചമതയോടേകും, ഹവിസ്സിനെ;
ആർ നമിച്ചാഹുതിയർപ്പിയ്ക്കു; – മപ്പുമാ –
നാകെ നേടും ധനം, നിൻപരിപാലനാൽ!9
ഈ വമ്പനാം നിന്നെ ഞങ്ങളേറ്റം ഭജി –
യ്ക്കാവൂ, ഹവിസ്സാൽ, നമസ്സാൽ,ച്ചമതയാൽ;
ചൊല്ലാവു, വേദിയിലഗ്നേ, സ്തവോക്ഥങ്ങൾ
നല്ലൻപു തേ തോന്നുകെങ്ങളിൽശ്ശക്തിജ!10
പൃത്ഥ്വ്യംബരങ്ങളിൽപ്പാകിയല്ലോ, മഹ –
സ്സുത്താരകൻ സ്തവസ്തുത്യനഗ്നേ, ഭവാൻ:
ഉത്തമാന്നങ്ങളും മെത്തിയ വിത്തവു –
മൊത്തു ഞങ്ങൾക്കായ് വിശേഷാൽജ്ജ്വലിയ്ക്ക, നീ!11
അർത്ഥ,മാളൊ,ട്ടേറെ മാടെന്നിവയെ നീ
പുത്രപൗത്രർക്കായ്സ്സദാ വെയ്ക്കുകെങ്ങളിൽ;
തൃപ്തി നല്കും വിശുദ്ധാന്നവും ധാരാള –
മെത്തട്ടെ,ഞങ്ങൾക്കു നല്ല പേരും വസോ!12
അഗ്നേ, പുരാനേ, ഭവാന്റെ വിചിത്രമാ –
മർത്ഥമേറ്റം ലഭിച്ചാഢ്യനാകാവു, ഞാൻ:
സ്ഫാരാഭ, നിങ്കലുണ്ടല്ലോ, സ്വഭക്തന്നു
ഭൂരിവരേണ്യനാമഗ്നേ, ബഹുധനം!13
കുറിപ്പുകൾ: സൂക്തം 1.

[1] മനംകട്ട – ദേവകളുടെ മനസ്സ് അപഹരിച്ച; അഗ്നിയിങ്കലാണല്ലോ, ദേവന്മാരുടെ മനസ്സു പറ്റിനില്ക്കുന്നതു്. ക്രതു = കർമ്മം. ഹോതാവ് – ദേവകളെ വിളിയ്ക്കുന്നവൻ. ശക്തർ – പ്രബലരായ ശത്രുക്കൾ.

[2] ഉദ്യൽസ്പൃഹം – പശുപുരോഡാശാദികളിൽ ആഗ്രഹത്തോടേ. വിത്തസമ്പത്ത് = ധനസമൃദ്ധി.

[3] മാർഗ്ഗം – വാനൂഴിമധ്യം. വപാഢ്യൻ – ഹോമിയ്ക്കപ്പെട്ട ‘വപ’യോടുകൂടിയവൻ. സുവർണ്ണൻ = നല്ല നിറത്തോടുകൂടിയവൻ; നിന്നെ എന്നതിന്റെ വിശേഷണം.

[4] മാൽ വരാത്ത – അന്യരാൽ ഉപദ്രവിയ്ക്കപ്പെടാത്ത, നാമങ്ങൾ – വൈശ്വാനരൻ, ജാതവേദസ്സ് മുതലായ പേരുകൾ. കല്യാണം = മംഗളകരം. ഭവദ്ദർശനത്തിൽ മുദാ = അങ്ങയെ കണ്ടതിൽ സന്തോഷത്തോടേ.

[5] ആളുകൾ – യജമാനന്മാർ. ദ്വിവിധാർത്ഥങ്ങളും – പശുവും അപശുവുമായ രണ്ടുതരം ദ്രവ്യങ്ങളും. ആളിപ്പൂ – വർദ്ധിപ്പിക്കുന്നു. നരർ – അധ്വര്യുപ്രഭൃതകൾ. താരക – ദുഃഖങ്ങളിൽനിന്നു കേറ്റുന്നവനേ. മത്ത്യർക്കു – സ്തോതാക്കളായ ഞങ്ങൾക്കു് എന്നു വിവിക്ഷ. തകപ്പൻ = അച്ഛൻ.

[6] മദനീയൻ – സോമംകൊണ്ടു മത്തുപിടിപ്പിയ്ക്കപ്പെടേണ്ടവൻ. അർച്ച ്യൻ – യജനീയൻ. ഇഷ്ട്യാലയം = യജ്ഞഗൃഹം, യാഗശാല. ഇവർ – ഞങ്ങൾ.

[7] പ്രജകളെ – സ്തുതിയ്ക്കുന്ന ഞങ്ങളെ.

[8] മർത്ത്യർ – സ്തുതിയ്ക്കുന്ന മനുഷ്യർ. അന്നകാരൻ = അന്നങ്ങളെ ഉൽപാദിപ്പിയ്ക്കുന്നവൻ. കവി – ക്രാന്തദർശി.

[9] തേ = അങ്ങയ്ക്കു് ആകെ നേടും ധനം – എല്ലാസ്സമ്പത്തും നേടും. നിൻ പരിപാലനാൽ – അങ്ങ് രക്ഷിയ്ക്കുകയാൽ.

[11] പൃത്ഥ്വ്യംബരങ്ങളിൽ = ഭൂമിയിലും ആകാശത്തും.

[12] അർത്ഥം = ധനം. ആൾ – ഭൃത്യാദികൾ. മാട് – പയ്യുമുതലായവ. എങ്ങളിൽ വെയ്ക്കുക – ഞങ്ങൾക്കു തരിക. പേര് = യശസ്സ്

[13] വിചിത്രം = വിവിധം. അർത്ഥം = ധനം. ആഢ്യൻ = ധനികൻ. സ്ഫാരാഭ = ശോഭയേറിയവനേ. സ്വഭക്തന്നു – തന്നെപ്പരിചരിയ്ക്കുന്നവന്നു കൊടുക്കാൻ.

സൂക്തം 2.

ഭരദ്വാജൻ ഋഷി; അനുംഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; അഗ്നി ദേവത. (അന്നനട)

പൊറുപ്പിയ്ക്കുമന്നമണയുവോനല്ലോ,
ശരിയ്ക്കു കാണും നീ, സുഹൃത്തുപോലഗ്നേ;
അതുമൂലമന്നത്തെയും പുഷ്ടിയെയു –
മഭിവർദ്ധിപ്പിപ്പൂ, തിരുവടി വസോ!1
ഭവാനെത്താനല്ലോ, ഭജിയ്ക്കുന്നു മർത്ത്യർ
സവനങ്ങൾകൊണ്ടും, സ്തവനങ്ങൾകൊണ്ടും;
ഒരല്ലലും പെടാതണയുന്നു, നിങ്കൽ –
ശ്ശരിയ്ക്കു കാണ്മോനാം പ്രവർഷകൻ സൂര്യൻ!2
സുഖകാംക്ഷിയായ മനുഷ്യനങ്ങയെ
മഖത്തിങ്കലെയ്ക്കു വിളിയ്ക്കുന്നനേരം,
ഒരുപോലൻപാർന്നു വളർത്തുന്നു, സ്തുതി –
കരരധ്വരത്തിൻ ധ്വജമായ നിന്നെ!3
സുദാനനായുദാരനാമവിടെയ്ക്കായ്
ക്രതു ചെയ്തു വാഴ്ത്തും നരൻ പ്രവൃദ്ധനായ്
കടക്കുമേ രിപുക്കളെ,പ്പാപങ്ങളെ –
ക്കണക്കുദ്ദീപ്തനാം ഭവാന്റെ രക്ഷയാൽ!4
സുവിശുദ്ധാഹുതി ചമതയോടൊപ്പം
ഭവാങ്കലർപ്പിയ്ക്കും, നരനെവനഗ്നേ;
അവനുടെ ഗൃഹം പല ശാഖകളൊ –
ത്തഭിവൃദ്ധിപ്പെടും ശതായുസ്സുമാകും!5
പരിജ്വലിയ്ക്കും നിൻ തെളിപുക വാനിൽ
പ്പരന്നു പാവക, മുകിലായ്ത്തീരുന്നു;
പ്രകടതേജസ്സായ് വിളങ്ങുന്നുവല്ലോ,
പകലവൻപോലെ സ്തുതനാകും ഭവാൻ!6
നരർക്കു കീർത്തിയ്ക്കപ്പെടേണ്ടവൻ; ഞങ്ങൾ –
ക്കരുമപ്പെട്ടവന,തിഥിപോലവേ;
അരമനയിലെക്കിഴവൻപോലാപ്തൻ;
പരിപാലനീയൻ, സുതൻപോലെ ഭവാൻ!7
മരം കടയുമ്പോൾ വെളിപ്പെടുന്നു, നീ;
ഭരം വഹിയ്ക്കുന്നു, കുതിരപോലഗ്നേ;
മരുദ്ഗതി നീയേ ഗൃഹവുമന്നവും;
പിറപ്പിൽത്താനശ്വപ്പടിയ്ക്കുങ്ങിങ്ങോടും8
ഉറപ്പേറ്റമിയന്നവയെയും തിന്നു, –
മൊരു മേയും പശുക്കണക്കഗ്നേ, ഭവാൻ:
ജരാപേത, കത്തിപ്പടർന്ന നിൻ തേജ –
സ്സരണ്യത്തിൽക്കൊയ്ത്തു നടത്തുന്നുണ്ടല്ലോ!9
ക്രതുപ്രവൃത്തർതൻ ഗൃഹേ ഹോതാവായി –
ക്കൊതികൊൾവോനല്ലോ, തിരുവടിയഗ്നേ:
വിശാംപതേ, ഞങ്ങൾക്കഭിവൃദ്ധി നല്കാ –
നശിച്ചാലും, ഭവാൻ ഹവിസ്സംഗിരസ്സേ!10
ഹിതദ്യുതേ, രോദഃസ്ഥിതനങ്ങെങ്ങൾതൻ
സ്തുതി ദേവന്മാരോടരുൾക,ഗ്നേ ദേവ.
സ്ഥിരശുഭാവാസം തരികി,സ്തോതാക്കൾ, –
ക്കരാതികളെയും ദുരിതങ്ങളെയും
തരണംചെയ്തെ,ങ്ങൾ തവ സംരക്ഷയാൽ –
ത്തരണംചെയ്തെ,ങ്ങൾ,തരണംചെയ്തെ,ങ്ങൾ!11
കുറിപ്പുകൾ: സൂക്തം 2.

[1] അന്നം – ഹവിസ്സോടുകൂടിയ യജമാനഗൃഹമെന്നു നിഷ്കൃഷ്ടാർത്ഥം. ശരിയ്ക്കു കാണും – ലോകത്തെയെല്ലാം വഴിപോലെ കാണുന്ന.

[2] സവനം = യജ്ഞം. സ്തവനം = സ്തുതി. നിങ്കൽ അണയുന്നു – സൂര്യൻ സായംകാലത്തു് അഗ്നിയിൽ പ്രവേശിക്കുമെന്നു പ്രസിദ്ധം.

[3] ഒരുപോലൻപാർന്നു – സമാനപ്രീതിയോടേ. സ്തുതികരർ – സ്തോതാക്കൾ.

[4] ഉദാരൻ – മഹാൻ. ക്രതു = കർമ്മം. രിപുക്കളെപ്പാപങ്ങളെക്കണക്കു കടക്കും – ശത്രുക്കളെയും പാപങ്ങളെയും പിന്നിടും.

[5] ശതായുസ്സുമാകും – അവന്റെ ഗൃഹത്തിൽ ജനിച്ചവരെല്ലാം ഒരു നൂറ്റാണ്ടു ജീവിച്ചിരിയ്ക്കും; ആയുശ്ശബ്ദത്തിന്ന് അന്നമെന്ന് അർത്ഥം കല്പിച്ചാൽ, വളരെ അന്നങ്ങളോടുകൂടിയതാകും എന്നും വ്യാഖ്യാനിയ്ക്കാം.

[7] അരമനയിലെക്കിഴവൻ – വൃദ്ധനായ രാജാവ്. ആപ്തൻ – ഹിതോപദേഷ്ടാവ്. പരിപാലനീയൻ – ഗാർഹപത്യാഗ്നിയെ കെടാതെ നോക്കണമല്ലോ.

[8] മരം – അരണി. ഭരം – ഹവിർവഹനാദി. മരുദ്ഗതി = വായുവിന്നു തുല്യമായ ഗമനത്തോടുകൂടിയവൻ. അശ്വപ്പടിയ്ക്ക് = കുതിരപോലെ.

[9] ഉറപ്പേറ്റമിയന്നവയെയും തിന്നും – കനത്ത മരത്തടിയെപ്പോലും ദഹിപ്പിയ്ക്കും. പശു = മാട് ജരാപേത – ജരയില്ലാത്തവനേ. കൊയ്ത്ത് – ചുട്ടെരിയ്ക്കൽ.

[10] കൊതി – ഹവിസ്സുണ്ണാൻ. വിശാംപതേ = പ്രജാപാലക. അംഗിരസ്സ് – അംഗിരോഗോത്രജാതൻ.

[11] ഹിതദ്യുതേ = മനുഷ്യർക്കനുകൂലമായ തേജസ്സുള്ളവനേ. രോദഃസ്ഥിതൻ = ദ്യാവാപൃഥിവികളിൽ വർത്തിയ്ക്കുന്നവൻ. അങ്ങ് = ഭഗവാൻ. ദേവന്മാരോടരുൾക – ദേവന്മാരെ അറിയിയ്ക്കുക. സ്ഥിരശുഭാവാസം = നാശമില്ലാത്ത നല്ല പാർപ്പിടം, ഇസ്തോതാക്കൾ – ഞങ്ങൾ. തരണം ചെയ്ക – കടക്കുമാറാകട്ടെ.

സൂക്തം 3.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

മിത്രാവരുണരൊത്തൊപ്പം തെളിഞ്ഞാരെ –
യസ്താഘനാക്കി രക്ഷിയ്ക്കുമോ, ദേവ, നീ;
അദ്ദേവകാമൻ മഖോദിതൻ യജ്ഞപൻ
സ്വസ്ഥനായ്, നിന്നുരുജ്യോതിസ്സിലെത്തുമേ!1
വിത്തസമൃദ്ധനാമഗ്നിയ്ക്കു നല്കിയോൻ
സത്രം നടത്തീ, വ്രതത്താൽ പ്രശാന്തനായ്;
സുപ്രസിദ്ധൻ പിറക്കാതിരിക്കില്ലവ; –
ന്നപ്പുമാനെത്തൊടാ, പാപവും ദർപ്പവും!2
സൂരന്റെപോലച്ഛ,മഗ്നിതൻ ദർശനം;
ഘോരമായ്പ്പാളുന്നു, ദീപ്തതജ്ജ്വാലകൾ;
ഇങ്ങല്ലിനേകുന്നു, കൂറ്റിടും ഗോക്കളെ; –
യെങ്ങോ രമിപ്പൂ, നിവാസഭൂതൻ വനേ!3
പൊള്ളിയ്ക്കു,മീയുജ്ജ്വലാംഗന്റെ പോക്കു; വാ –
യ്ക്കുള്ളിലടക്കും, കുതിരകണക്കിവൻ;
വെട്ടുമേ, നാക്കിനാൽ വെണ്മഴുപോലവേ;
തട്ടാൻകണക്കെയെരിച്ചുരുക്കും, മരം!4
എയ്യുവോൻപോലേ തൊടുത്തിടും, ജ്വാലക; –
ളെയ്യുവാൻ കത്തികൾപോലണയ്ക്കു,മിവൻ;
പൊന്തിപ്പറന്നു പലേതരം പാളൽ പൂ –
ണ്ട,ന്തിയ്ക്കു പക്ഷിപോലേറും, തരുക്കളിൽ!5
ജ്വാലയുടുക്കുന്നു, ഭാനുമാൻപോ; – ലനു –
കൂലതേജസ്സിവനാർക്കുന്നു, കത്തലാൽ;
അല്ലിൽ,ത്തിളങ്ങുമിദ്ദേവനിറക്കുന്നി, –
തഹ്നിപോലാൾകളെ – യഹ്നിപോലാൾകളെ!6
ഹേളിപോലംശു വിരിച്ചിരമ്പു,മിവൻ –
ആളിരിരമ്പും, ചെടികളിൽ വർഷകൻ;
ദീപ്തി പൊന്തിച്ചാശു ചെന്നടക്കി,ദ്ധനം
ചാർത്തും, സുപത്നികളായ ഭൂദ്യോക്കളിൽ!7
ഉജ്ജ്വലിയ്ക്കു,മുപേതാശ്വങ്ങൾപോലെയാ –
മർച്ച ്യദ്യുതികളാൽ വിദ്യുത്തുപോലിവൻ;
തേച്ചിൽ വരുത്തും, മരുദ്ബലംപോലിവൻ;
പാച്ചിൽ പൂണ്ടു,ഷ്ണാംശുപോലെ വിളങ്ങിടും!8
കുറിപ്പുകൾ: സൂക്തം 3.

[1] ഒപ്പം തെളിഞ്ഞ് – സമാനപ്രീതിയോടെ. അസ്താഘനാക്കി – പാപമറുത്ത്. മഖോദിതൻ = യജ്ഞത്തിന്നായി ജനിച്ചവൻ. യജ്ഞപൻ = യാഗപാലകൻ. സ്വസ്ഥനായ് – സുഖേന നീണാൾ ജീവിച്ച്, ഒടുവിൽ. ഉരുജ്യോതിസ്സിലെത്തുമേ – സൂര്യാഖ്യമായ ഭവാന്റെ ജ്യോതിസ്സിൽ ലയിയ്ക്കും, മുക്തിയടയും.

[2] അഗ്നിയ്ക്കു ഹവിസ്സു നല്കിയോൻ എല്ലായാഗവും ചെയ്തുകഴിഞ്ഞു; വ്രതങ്ങൾകൊണ്ടുണ്ടാകുന്ന ശാന്തിയും നേടിക്കഴിഞ്ഞു. സുപ്രസിദ്ധൻ – പുകൾപ്പെടുന്ന മകൻ. ദർപ്പം = ഗർവ്.

[3] സൂരന്റെപോലെ – സൂര്യദർശനംപോലെ. അച്ഛം = നിർമ്മലം, പാപരഹിതം. ദീപ്തതജ്ജ്വാലകൾ = തിളങ്ങുന്ന അവന്റെ (അഗ്നിയുടെ) ജ്വാലകൾ. അല്ല് – രാത്രിചാരികളായ രാക്ഷസാദികൾ. കൂറ്റ് = ഒച്ച. രക്ഷസ്സുകൾ രാത്രിയിൽ ഗോക്കളെ പിടിയ്ക്കുമല്ലോ. നിവാസഭൂതൻ – എല്ലാവർക്കും ആധാരമായിരിയ്ക്കുന്നവൻ, അഗ്നി. വനേ എങ്ങോ രമിപ്പൂ – കാട്ടിൽ കടന്നാൽ മലമുകളിലോ മറ്റോ വിളയാടും.

[4] കുതിരകണക്ക് – കുതിരപോലെ തൃണാദികൾ കടിച്ചുതിന്നും. നാക്കിനാൽ – ജ്വാലകൊണ്ടു പൊന്തയും മറ്റും വെട്ടും. തട്ടാൻകണക്കേ – പൊൻപണിക്കാരൻ സ്വർണ്ണവും മറ്റും ഉരുക്കുന്നതുപോലെ.

[5] എയ്യുവോൻ – അമ്പെയ്യുന്ന വില്ലാളി. അണയ്ക്കും = മൂർച്ചകൂട്ടും. ജ്വാലകളെ ശരങ്ങളാക്കിക്കല്പിച്ചിരിയ്ക്കുന്നു. പക്ഷിപോലെ – അന്തിയ്ക്കു പക്ഷികൾ വൃക്ഷനീഡങ്ങളിൽ ചെന്നുകൂടുമല്ലോ.

[6] ഭാനുമാൻ = സൂര്യൻ. ആർക്കുന്നു – ഇരമ്പുന്നു. അല്ലിൽ, അഹ്നിപോലെ ഇറക്കുന്നു – പകൽസ്സമയത്തെന്നപോലെ ആളുകളെ സ്വസ്വകാര്യങ്ങളിൽ വ്യാപരിപ്പിയ്ക്കുന്നു. ആദരത്തിന്നത്രേ, ആവൃത്തി.

[7] ഹേളി = സൂര്യൻ. അംശു = രശ്മി. അടക്കി – ശത്രുക്കളെ. ധനം – ശത്രുക്കളുടെ. സുപത്നികൾ – നല്ല ഭർത്താവോടുകൂടിയവർ.

[8] ഉപേതാശ്വങ്ങൾപോലെയാം – സ്വയം പൂട്ടിനിന്ന അശ്വങ്ങൾക്കൊത്ത. വിദ്യുത്ത് = മിന്നൽ. മരുദ്ബലംപോലെ – മരുത്തുക്കൾ എല്ലാറ്റിനെയും ചുങ്ങിയ്ക്കുമല്ലോ. ഉഷ്ണാംശു = സൂര്യൻ.

സൂക്തം 4.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഹോതാവു നീ യജിച്ചല്ലോ, മനുവിന്റെ
മേധത്തിലഗ്നേ, ഹവിസ്സാൽബ്ബലാത്മജ;
അർച്ചിയ്ക്കുക,പ്പടിയ്ക്കുസ്മന്മഖത്തിലി –
ന്നി,ച്ഛതാവും സമാമർത്ത്യരെയിച്ഛയാ!1
സർവാന്നവാൻ, ജാതവേദസ്സ,തിഥി,യേ –
തവ്യയൻ മർത്ത്യരിൽക്കാലത്തുണരുമോ;
ആ വേദ്യനഗ്നി ദിവാകരസുപ്രഭൻ
കൈവരുത്തട്ടേ, നമുക്കു നവ്യാശനം!2
സ്തോതാക്കൾ വാഴ്ത്തുന്നതാരുടെ മേന്മയോ;
ജ്യോതിസ്സുടുക്കുന്നു, സൂര്യശുഭ്രനവൻ;
വ്യാപ്തപ്രകാശനപ്പാവകൻ നിർജ്ജരൻ
വായ്പേറിയോന്റെയും മുൻസ്വത്തുടയ്ക്കുമേ!3
സ്തുത്യനല്ലോ, നീ, ബലോത്ഥ: ഗൃഹാന്നങ്ങൾ
സദ്യയ്ക്കിരുന്നഗ്നി ജാത്യാ കൊടുക്കുമേ;
നല്ക, ഞങ്ങൾക്കബ്ദവാനന്നമന്നദ;
വെല്ക, പുരാൻപോലി;-രിയ്ക്ക,സുഖാലയേ!4
അന്നമുണ്മോന,വനംശു മിന്നിപ്പവ –
നല്ലിനെത്തള്ളുവോൻ, വായുപോലീശ്വരൻ;
വീഴ്ത്താവു, ഞങ്ങൾ നിനക്കു തരാത്തോരെ;
നേർത്ത മാറ്റാരെ ഹയംപോലെ കൊല്ക, നീ!5
അർച്ച ്യാംശുകൊണ്ടർക്കനെന്നപോലാ,ഭയാ –
ലഗ്നേ, മറയ്ക്കുന്നു, വാനൂഴികളെ നീ;
പൂഷാവുപോലെ പന്ഥാവിൽ നടന്നൊളി
പൂശുമിപ്പൂജ്യനോടിയ്ക്കു,മിരുട്ടിനെ!6
അഗ്നേ, തുലോം സ്തുത്യനായ നിന്നെ സ്തുതി –
ച്ചർച്ചിയ്ക്കുമെങ്ങൾതൻ വൻനുതി കേൾക്ക, നീ:
കെല്പിനാൽക്കാറ്റായ ദേവതയാം നിന –
ക്കർപ്പിപ്പിതി,ന്ദ്രന്നു പോലന്നമഗ്രിമർ!7
അഗ്നേ, ധനം തന്ന,ചോരമാർഗ്ഗേണ നീ –
യക്ലേശമെങ്ങളെപ്പാപം കടത്തണം:
സൂരിദേയം സുഖം നല്ക, വാഴ്ത്തിയ്ക്കുടൻ;
നൂറ്റാണ്ടു മത്താടുകെങ്ങൾ സുവീരരായ്!8
കുറിപ്പുകൾ: സൂക്തം 4.

[1] യജിച്ചല്ലോ – ദേവകളെ. മേധം = യാഗം. അസ്മനഖത്തിൽ = ഞങ്ങളുടെ യജ്ഞത്തിൽ. ഇച്ഛതാവും – യജ്ഞകാമന്മാരായ. സമാമർത്ത്യരെ – തനിയ്ക്കു തുല്യരായ അമർത്ത്യരെ, ഇന്ദ്രാദികളെ. ഇച്ഛയാ – യജ്ഞകാമത്താൽ.

[2] അവ്യയൻ – മരണമില്ലാത്തവൻ. കാലത്തുണരുമോ – പ്രഭാതത്തിലാണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക. വേദ്യൻ = അറിയപ്പെടേണ്ടവൻ. നവ്യാശനം = സ്തുത്യമായ അന്നം.

[3] സൂര്യശുഭ്രൻ = സൂര്യൻപോലെ ദീപ്തൻ. വായ്പേറിയോന്റെയും – രാക്ഷസാദികളുടെപോലും. മുൻസ്വത്തു് = പൂർവസമ്പത്തു്.

[4] ഗൃഹാന്നങ്ങൾ എന്നു തുടങ്ങിയ വാക്യം പരോക്ഷം: സദ്യക്കു് – യജ്ഞവിഭവങ്ങൾ ഭുജിപ്പാൻ. ജാത്യാ – സ്വഭാവേന. കൊടുത്തിടും – യജമാനന്മാർക്കു്. വെല്ക – അസ്മദ്വൈരികളെ ഒരു രാജാവുപോലെ ജയിച്ചാലും. സുഖാലയേ – നിർബാധമായ ഞങ്ങളുടെ അഗ്നിഗൃഹത്തിൽ.

[5] അന്നം – ഹവിസ്സ്. ഈശ്വരൻ – സർവശക്തൻ. ഉത്തരാർദ്ധം പ്രത്യക്ഷം: നിനക്കു തരാത്തോരെ – അങ്ങയ്ക്കു ഹവിസ്സർപ്പിയ്ക്കാത്ത ആളുകളെ ഞങ്ങൾ വീഴ്ത്താവൂ, വിധിയ്ക്കുമാറാകണം. നേർത്ത = എതിർത്ത. ഹയംപോലെ – ഒരുത്തമാശ്വം യുദ്ധത്തിൽ എതിരാളികളെ കൊല്ലുന്നതുപോലെ.

[6] ഉത്തരാർദ്ധം പരോക്ഷം: പൂഷാവ് = സൂര്യൻ. പന്ഥാവ് – സ്വമാർഗ്ഗം.

[7] വൻനുതി = വലിയ സ്തോത്രം. കെല്പിനാൽക്കാറ്റായ – വായുതുല്യബലനായ. ദേവത = ദേവതാന്മാവ്. അഗ്രിമർ = തലവന്മാർ, ഋത്വിക്കുകൾ.

[8] അചോരമാർഗ്ഗേണ = കള്ളന്മാരില്ലാത്ത വഴിയിലൂടെ. അക്ലേശം = ക്ലേശരഹിതമാംവണ്ണം, സുഖേന. സൂരിദേയം = സ്തോതാക്കൾക്കു കൊടുക്കേണ്ടതായ. വാഴ്ത്തിയ്ക്കു് – വാഴ്ത്തുന്ന എനിയ്ക്കു്. ഞങ്ങൾ നല്ല വീരന്മാരോടുകൂടി, നൂറു സംവത്സരം മത്താടുക – ആഹ്ലാദിച്ചു ജീവിച്ചിരിയ്ക്കുമാറാകട്ടെ.

സൂക്തം 5.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

മംഗളസ്തോത്ര, ഫലദ, ബലോത്ഥനാ –
മങ്ങയെ വാഴ്ത്തി വിളിപ്പൂ, യവിഷ്ഠ, ഞാൻ:
എത്തിയ്ക്കുമല്ലോ, സമസ്തകാമ്യം ധന –
മദ്രോഹി, ഭൂരിവരേണ്യൻ, പ്രമതി നീ!1
വിത്തങ്ങൾ നിങ്കലണയ്ക്കുന്നു, യഷ്ടാക്കൾ
വിസ്തീർണ്ണ സൈന്യ, ഹോതാവേ, ദിവാനിശം:
നിന്നിലല്ലോ, ധനം പ്രാണികളൊക്കയും
മന്നിൽക്കണക്കെ നിക്ഷേപിച്ചു, പാവക!2
വർത്തിച്ചു, നീയന്നുമിന്നും പ്രജകളിൽ;
സ്വത്തണപ്പോനുമായ്, കർമ്മത്തിനാൽബ്ഭവാൻ;
എന്നതുമൂലമയപ്പൂ, ഭജിപ്പവ –
ന്നെന്നും ധനം വിജ്ഞ, ജാതവേദസ്സു നീ!3
ഗൂഢമായ്നിന്നു വലയ്ക്കുന്നവനെയും
കൂടിവാണെങ്ങളെക്കുത്തുന്നവനെയും
ഈടുറ്റ നിൻവൃഷാർച്ചിസ്സാൽപ്പൊരിയ്ക്ക, നീ
ചൂടാളുമഗ്നേ, മഹസ്വിൻ, ഹിതദ്യുതേ!4
ആർ നിന്നെയുക്ഥസ്തവങ്ങളാൽസ്സേവിയ്ക്കു, –
മാർ ബലസൂനോ, മഖത്താൽ,ച്ചമതയാൽ;
മർത്ത്യരിൽവെച്ചുരുജ്ഞാനനായ്ത്തീർന്ന,വൻ
സ്വത്താൽസ്സുകീർത്തിയാൽശ്ശോഭിയ്ക്കു,മവ്യയ!5
അബ്ഭവാനഗ്നേ, ദ്രുതം ചെന്നു ചെയ്തിതു:
കെല്പാലമിത്രരെക്കൊല്ക; കെല്പുറ്റ നീ;
സ്തോതാവു നിന്നെയുച്ചത്തിൽ സ്തുതിക്കുന്ന
ഗാഥ കേൾക്കേണമേ, തേജസ്സു തേച്ച നീ!6
നേടാവു, ഞങ്ങളീ വാഞ്ഛ നിൻപാലനാൽ:
നേടാവു, സദ്വീരവിത്തമഗ്നേ, ധനിൻ;
നേടാവൂ, ഭോജ്യങ്ങൾ ഭോജ്യൈഷികൾ ഞങ്ങൾ;
നേടാവു, നിർജ്ജര, നിൻസ്ഥിരകീർത്തിയും!7
കുറിപ്പുകൾ: സൂക്തം 5.

[1] മംഗളസ്തോത്ര – അങ്ങയെ സ്തുതിയ്ക്കുന്നതു ശുഭകരമാണെന്നർത്ഥം. യവിഷ്ഠ = അതിയുവാവേ. എത്തിയ്ക്കും – സ്തോതാക്കൾക്കു കിട്ടിയ്ക്കും. അദ്രോഹി = അഹിംസാപരൻ. പ്രമതി – പ്രകൃഷ്ടജ്ഞാനൻ.

[2] വിത്തങ്ങൾ – ഹവിസ്സുകൾ. യഷ്ടാക്കൾ = യജമാനന്മാർ. വിസ്തീർണ്ണ സൈന്യ – പരന്ന സൈന്യങ്ങൾ, ജ്വാലകൾ ഉള്ളവനേ. പ്രാണികളൊക്കെ ധനം മന്നിൽ നിക്ഷേപിക്കുന്നതുപോലെ, ദേവകൾ നിന്നിലാണ്, ധനം സൂക്ഷിച്ചിരിക്കുന്നതു്. ദേവകൾ എന്ന കർത്തൃപദം അധ്യാഹരിയ്ക്കണം.

[3] വർത്തിച്ചു – വൈശ്വാനരനായി സ്ഥിതിചെയ്തു. സ്വത്തണപ്പോൻ – യഷ്ടാക്കൾക്ക്.

[4] കുത്തുക – ദ്രോഹിക്കുക. വൃഷാർച്ചിസ്സാൽ – വൃഷാവായ, വൃഷ്ടിജനകമായ തേജസ്സുകൊണ്ടു്. പൊരിയ്ക്ക – നശിപ്പിച്ചാലും എന്നർത്ഥം.

[6] ഗാഥ – സ്തുതി. തേച്ച – എണ്ണ തേയ്ക്കുന്നതുപോലെ, തേജസ്സു ദേഹത്തിൽ തേച്ചവനായ.

[7] സദ്വീരവിത്തം = നല്ല വീരന്മാരോടുകൂടിയ സമ്പത്ത്. ധനിൻ = ധനവാനേ. നല്ല വീര(പുത്ര)ന്മാരെയും, വിത്തവും, അന്നവും, നശിയ്ക്കാത്ത കീർത്തിയും ഭവാൻ ഞങ്ങൾക്കു തരുമാറാകണം.

സൂക്തം 6.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

പുത്തൻക്രതുവുമായ് പ്രാപിപ്പു രക്ഷൈഷി
നുത്യർഹനാം ബലപുത്രനെ,ദ്ദിവ്യനെ,
കാടുവെട്ടുന്നോനെ,യൂഢധാവള ്യനെ,
ക്കാന്തയഷ്ടാവിനെ,ക്കൃഷ്ണവർത്മാവിനെ.1
വെൺനിറംപൂണ്ടന്തരീക്ഷസ്ഥനാമഗ്നി
യുന്നദന്നിർജ്ജരന്മാരൊത്തിരമ്പിടും;
നന്നായ് വളർന്നു വളരെത്തടിമരം
തിന്നു നടക്കും, യവിഷ്ഠനപ്പാവകൻ!2
കാറ്റേറ്റു പാടേ പടരുന്നു, ദിവ്യങ്ങൾ
മാറ്റുള്ള നിന്മയൂഖങ്ങളഗ്നേ, ശുചേ:
അദ്ഭുതപ്പോക്കോടനേകത്ര ചെന്നവ
കെല്പാലൊടിച്ചു തിന്നുന്നൂ, വനങ്ങളെ!3
മുക്താശ്വതുല്യങ്ങൾ നിൻതെളിരശ്മികൾ
പൃത്ഥ്വിയെ മൊട്ടച്ചിയാക്കുന്നു, ദീപ്തിമൻ;
പിന്നീടു ചുറ്റിനടന്നവ ചെന്നേറി
മിന്നുന്നു, മന്നിന്റെ തുംഗസ്ഥലങ്ങളിൽ!4
പേർത്തുപേർത്തോടുന്നു, വർഷിതൻനാവു, പൈ –
ച്ചാർത്തിൽപ്പൊരുതോന്റെ വജ്രംകണക്കിനേ;
ശൂരന്റെ കെട്ടുപോലാണ,ഗ്നിതൻ ജ്വാല;
ഘോരനെരിയ്ക്കുന്നു, ദുർവാരനായ് വനം!5
പാരിൻവഴിയിൽപ്പരത്തുന്നു, വൻചാട്ടു –
വാറിന്റെ ധർഷകമായ തേജസ്സു നീ;
ദൂരീകരിയ്ക്ക, ഭയങ്ങളാ നീ ബലാൽ –
വൈരിയെക്കൊന്നു, വധിയ്ക്കുക, ഹിംസ്രരെ!6
മൂത്തേകി വാഴ്ത്തുമെങ്ങൾക്കു വെയ്ക്ക, പെരും –
സ്വത്തന്നദം, പുരുവീരം, പ്രകാശകം,
ചിത്രം, സുചിത്ര,മാഹ്ലാദക,മാഹ്ലാദ –
കൃത്തേ, വിചിത്ര, ചിത്രൗജസ്തനബ്ഭവാൻ!7
കുറിപ്പുകൾ: സൂക്തം 6.

[1] വെട്ടുന്നോനെ – ചുട്ടെരിയ്ക്കുന്നവനെ. ഊഢധാവള ്യനെ = ധാവള ്യം (വെളുപ്പ്) പൂണ്ടവനെ. കാന്തയഷ്ടാവിനെ – കാന്തങ്ങൾ (പ്രിയവസ്തുക്കൾ) കൊണ്ടു ദേവകളെ യജിയ്ക്കുന്നവനെ.

[2] ഉന്നദന്നിർജ്ജരന്മാരൊത്ത് – ഉച്ചത്തിൽ ശബ്ദിയ്ക്കുന്ന നിർജ്ജരന്മാരോടു, മരുത്തുക്കളോടുകൂടി.

[3] മാറ്റ് – നിറപ്പൊലിമ. അനേകത്ര – ബഹുവസ്തുക്കളിൽ; ലതകളിലും മറ്റും.

[4] മുക്താശ്വതുല്യങ്ങൾ – അഴിച്ചുവിട്ട കുതിരകൾപോലെ അങ്ങിങ്ങു നടക്കുന്നവ. മൊട്ടച്ചിയാക്കുന്നു – ഭൂമിയുടെ ചെടികളും മരങ്ങളുമാകുന്ന തലമുടിയെല്ലാം ദഹിപ്പിയ്ക്കുന്നു. തുംഗസ്ഥലങ്ങൾ = ഉയർന്ന പ്രദേശങ്ങൾ, പർവതാദികൾ.

[5] വർഷി – വൃഷ്ടിയ്ക്കു കാരണഭൂതനായ അഗ്നി. നാവ് – ജ്വാല. പൈച്ചാർത്തിൽപ്പൊരുതോന്റെ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോവൃന്ദത്തിൽ, അതിനെ വീണ്ടെടുപ്പാൻ യുദ്ധംചെയ്തവന്റെ, ഇന്ദ്രന്റെ. ശൂരന്റെ കെട്ടുപോലാണ് – ഒരു ശൗര്യവാനാൽ കൃതമായ ബന്ധനംപോലെ അന്യർക്കു് ദുസ്സഹമാകുന്നു.

[6] പാരിൻവഴിയിൽ – ഭൂമിയുടെ ഗമ്യപ്രദേശങ്ങളിൽ. വൻചാട്ടവാറു് – ചലിയ്ക്കുന്ന ജ്വാലയെ ചമ്മട്ടിയാക്കിയിരിയ്ക്കയാണു് വഴിപോക്കർ ഇരുട്ടത്തു പന്തം വീശുന്നതോർക്കുക. ഹിംസ്രർ = ഹിംസകർ.

[7] മുത്തേകി – അങ്ങയ്ക്കു സന്തോഷം വരുമാറ്. അന്നദം = അന്നങ്ങളെ തരുന്നത്. പുരുവീരം = വളരെ വീരന്മാരോടുകൂടിയത് പ്രകാശകം – വെളിപ്പെടുത്തുന്നതു്; ധനംകൊണ്ടാനാല്ലോ, മനുഷ്യൻ പൊതുവിൽ അറിയപ്പെടുന്നതു് ചിത്രം = പൂജനീയം. സുചിത്രം = അത്യാശ്ചര്യഭൂതം. ആഹ്ലാദകം = അഹ്ലാദിപ്പിയ്ക്കുന്നതു്. ഇങ്ങനെയുള്ള പെരുംസ്വത്തു ഞങ്ങൾക്കു വെയ്ക്ക – ഞങ്ങൾക്കു തരാൻ നീക്കിവെച്ചാലും. ആഹ്ലാദകൃത്തേ = ഹേ ആഹ്ലാദകര. വിചിത്ര = പൂജനീയ. ചിത്രൗജസ്കൻ = വിചിത്രബലൻ.

സൂക്തം 7.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.

വിണ്ണിന്റെ തല, മന്നിന്റെ ഉടമസ്ഥൻ, കവി, സമ്രാട്ട്, ജനങ്ങളുടെ അതിഥി, തിരുവായിലെടുക്കുന്നവൻ – ഇങ്ങനെയുള്ള വൈശ്വാനരാഗ്നിയെ ഋത്വിക്കുകൾ യാഗത്തിന്നുവേണ്ടി ഉൽപാദിപ്പിച്ചു.1

യജ്ഞങ്ങളുടെ മുരട്, ധനങ്ങളുടെ ഈടുവെപ്പ്, ഒരു വലിയ കുട്ടകം, യാഗങ്ങളുടെ തേരാളി, അധ്വരത്തിന്റെ കൊടിമരം – ഇങ്ങനെ സംസ്തൂയമാനനായ വൈശ്വാനരനെ ഋത്വിക്കുകൾ ഉൽപാദിപ്പിച്ചു.2

അഗ്നേ, അന്നവാൻ അങ്ങയിങ്കൽനിന്നു മേധാവിയായിച്ചമയുന്നു; അങ്ങയിങ്കൽനിന്നു, കീഴമർത്തുന്ന വീരന്മാർ പിറക്കുന്നു. വൈശ്വാനര, തമ്പുരാനേ, അവിടുന്നു സ്പൃഹണീയങ്ങളായ ധനങ്ങൾ ഞങ്ങളിൽ വെച്ചാലും!3

അമൃത, പിറക്കുമ്പോഴെയ്ക്കും ഭാവാങ്കൽ രശ്മികളെല്ലാം, ഒരു കിടാവിങ്കലെന്നപോലെ വന്നുചേരുന്നു. വൈശ്വാനര, അങ്ങനെ അച്ഛനമ്മമാരുടെ ഇടയിൽ വിളങ്ങുന്ന അങ്ങയ്ക്കായി കർമ്മങ്ങളനുഷ്ഠിച്ചവർ അമൃതത്വമടയുന്നു!4

അഗ്നേ, വൈശ്വാനര, അങ്ങയുടെ ആ വമ്പിച്ച കർമ്മങ്ങളെ ആരും എതിർക്കില്ല: അങ്ങ് അച്ഛനമ്മമാരുടെ ഇടയിൽ നടന്നു, കതിരവനെ കണ്ടുപിടിച്ചുവല്ലോ!5

വർഷസൂചകമായ വൈശ്വാനരന്റെ തേജസ്സിനാൽ വാനിന്റെ മുകൾവശങ്ങൾ വിരചിയ്ക്കപ്പെട്ടു; ഭുവനങ്ങളെല്ലാം തന്തിരുവടിയുടെതന്നെ മൂർദ്ധാവിൽ കുടികൊള്ളുന്നു; ശാഖകൾപോലെ സപ്തനദികളും മുളയ്ക്കുന്നു.6

യാതൊരു സുകർമ്മാവായ കവി ജലങ്ങളെയും, വാനിന്റെ തിളക്കങ്ങളെയും വിരചിച്ചുവോ; യാതൊരുവൻ ഭുവനമെല്ലാം തഴപ്പിച്ചുവോ; ആ വൈശ്വാനരൻ ബാധയെന്നിയേ ഒരു കാവല്ക്കാരനായി, അമൃതം രക്ഷിച്ചുപോരുന്നു!7

കുറിപ്പുകൾ: സൂക്തം 7.

[1] ജനങ്ങൾ – യജമാനർ. തിരുവായിലെടുക്കുന്നവൻ – ഹവിസ്സിനെ. ഉൽപാദിപ്പിച്ചു – അരണി കടഞ്ഞ്.

[2] കുട്ടകം – മഴവെള്ളത്തിന്നു മുറ്റത്തു വെയ്ക്കുന്ന ഒരുതരം പാത്രം; അതു മഴവെള്ളത്തെ എന്നപോലെ, അഗ്നി ആഹുതികളെ ഉൾക്കൊള്ളുന്നു. തേരാളി – നേതാവ്, കൊണ്ടുനടക്കുന്നവൻ.

[3] അന്നവാൻ – അങ്ങേയ്ക്കു ഹവിസ്സർപ്പിച്ചവൻ മേധാവിയായിച്ചമയുന്നു; അവന്നു വീരപുത്രന്മാർ പിറക്കുന്നു.

[4] ഒരു കിടാവിങ്കലെന്നപോലെ – കുട്ടിയെ കാണാൻ ബന്ധുക്കൾ ചെല്ലുന്നതുപോലെ. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. അമൃതത്വം = ദേവത്വം.

[5] കതിരവനെ – രാഹുവിനാൽ മറയ്ക്കപ്പെട്ട സൂര്യനെ.

[6] വാനിന്റെ മുകൾവശങ്ങൾ – നക്ഷത്രഗോളങ്ങൾ; അല്ലെങ്കിൽ, ധൂമത്തിന്റെ വികാരമായ മേഘങ്ങൾ. ഭുവനങ്ങൾ = ജലങ്ങൾ. മൂർദ്ധാവിൽ – മേഘമായി പരിണമിച്ച ധൂമത്തിൽ. ഭുവനങ്ങൾ (ലോകങ്ങൾ) വൈശ്വാനരനാകുന്ന പരബ്രഹ്മത്തിന്റെ ഉപരിഭാഗത്തു കുടികൊള്ളുന്നു എന്നും അർത്ഥം കല്പിയ്ക്കാം. ശാഖകൾപോലെ – വൃക്ഷത്തിന്മേൽ കൊമ്പുകൾ മുളയ്ക്കുന്നതുപോലെ. മുളയ്ക്കുന്നു – മഴമൂലം ഉദ്ഭവിയ്ക്കുന്നു.

[7] വാനിന്റെ തിളക്കങ്ങൾ – നക്ഷത്രങ്ങൾ. അമൃതം = ജലം.

സൂക്തം 8.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അന്നവാനായി വൃഷാവായി വിളങ്ങുന്ന ജാതവേദസ്സിന്റെ ബലം ഞാൻ യജ്ഞത്തിൽ ചിക്കെന്നു വർണ്ണിക്കാം; വൈശ്വാനരാഗ്നിയെപ്പറ്റി, പരിശുദ്ധവും മനോജ്ഞവുമായ ഒരതിനൂതനസ്തവവും, സോമനീർപോലെ ഇറ്റിറ്റു വീഴും.1

കർമ്മപാലകനായ വൈശ്വാനരാഗ്നി പരമവ്യോമത്തിൽ പ്രാദുർഭവിച്ചു, കർമ്മങ്ങളെ സംരക്ഷിയ്ക്കുന്നു. അന്തരിക്ഷത്തെയും വിരചിച്ച ആ സുകർമ്മാവു മഹത്ത്വംകൊണ്ടു സ്വർഗ്ഗത്തെ സ്പർശിച്ചു!2

മിത്രനായ, അദ്ഭുതരൂപനായ വൈശ്വാനരൻ ദ്യാവാപൃഥിവികളെ ഉറപ്പിച്ചു; വെളിച്ചംകൊണ്ട് ഇരുളിനെ കുഴിച്ചുമൂടി; വാനൂഴികളെ, രണ്ടു തോലുകളെപ്പോലെ പരത്തി. എല്ലാ വീര്യവുമുണ്ട്, അവിടെയ്ക്കു്!3

വൈശ്വാനരാഗ്നിയെ അന്തരിക്ഷത്തിൽ മരുത്തുക്കൾ കണ്ടറിഞ്ഞു; പ്രജകൾ പരിപൂജ്യനായ തമ്പുരാനെ സ്തുതിച്ചു. അദ്ദേഹത്തെ ദൂതനായ വായു ദൂരത്തുനിന്ന് – സൂര്യങ്കൽനിന്ന് – ഇങ്ങോട്ടു കൊണ്ടുപോന്നു.4

അഗ്നേ, യജ്ഞാർഹനായ ഭവാനെ കാലേ കാലേ പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു് ധനവും പുകൾപ്പെടുന്ന പുത്രനെയും കല്പിച്ചു നല്കുക; ജരയേശാത്ത തമ്പുരാനേ, അനർത്ഥം പുലമ്പുന്നവനെ, ഒരു മരത്തെയെന്നപോലെ, അവിടുന്നു തേജസ്സുകൊണ്ടു, വജ്രംകൊണ്ടെന്നപോലെ വെട്ടി കമിഴ്ത്തിവീഴിച്ചാലും!5

അഗ്നേ, ഹവിര്യുക്തരായ ഞങ്ങളിൽ അവിടന്നു് ഇടിവും മുടിവും വരാത്ത സുവീര്യമായ ധനം നിക്ഷേപിച്ചാലും. അഗ്നേ, വൈശ്വാനര, ഞങ്ങൾ ഭവാന്റെ രക്ഷയാൽ നൂറുമായിരവുമായി അന്നം നേടുമാറാകണം!6

യജനീയ, മൂന്നിടങ്ങളിലിരിയ്ക്കന്നവനേ, അവിടുന്നു് അഹിംസിതങ്ങളായ സ്വരക്ഷകൾകൊണ്ടു ഞങ്ങളുടെ സ്തോതാക്കളെ പാലിച്ചാലും; അഗ്നേ, വൈശ്വാനര, സ്തുതിയ്ക്കപ്പെടുന്ന നിന്തിരുവടി ഞങ്ങളുടെ ബലം നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്താലും!7

കുറിപ്പുകൾ: സൂക്തം 8.

[1] ഇറ്റിറ്റുവീഴും – ഞാൻ ഒരു സ്തവവും ചൊല്ലാം.

[2] പരമവ്യോമം = ഉൽകൃഷ്ടാകാശം. അന്തരിക്ഷത്തെയും – മൂന്നു ലോകത്തെയും എന്നർത്ഥമെടുക്കണം. മഹത്ത്വംകൊണ്ട് – വൈശ്വാനരന്റെ മഹത്ത്വം (തേജസ്സ്) സ്വർഗ്ഗത്തിലെത്തി.

[3] മിത്രൻ – എല്ലാവർക്കും സുഹൃത്തു്.

[4] കണ്ടറിഞ്ഞു – വൈദ്യുതാഗ്നി ഇതുതന്നെയാണെന്ന്. സൂര്യന്റെ അടുക്കലായിരുന്നു, വൈശ്വാനരൻ.

[5] പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു – പുതിയ സ്തോത്രം ചൊല്ലുന്ന ഞങ്ങൾക്കു.

[7] മൂന്നിടങ്ങൾ – ത്രിലോകങ്ങളോ, ആഹവനീയാദിസ്ഥാനങ്ങളോ.

സൂക്തം 9.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.

കറുത്ത രാവും വെളുത്ത പകലും സ്വസ്വപ്രവൃത്തികളോടേ വാനൂഴികളിൽ ചുറ്റുന്നു. വൈശ്വാനരാഗ്നി, ഒരരചൻപോലെ ആവിർഭവിച്ചു തേജസ്സിനാൽ ഇരുട്ടുകളെ അറുതിപ്പെടുത്തുന്നു!1

ജനപ്രവർത്തകർ യാതൊന്നു നെയ്തുണ്ടാക്കുന്നുവോ, ആ നൂലും ഊടും എനിയ്ക്കറിഞ്ഞുകൂടാ. ഇവിടെ ആരുള്ളു, അങ്ങിരിയ്ക്കുന്നവന്റെ ഇങ്ങിരിയ്ക്കുന്ന അച്ഛൻ അരുളേണ്ടുന്നവ പറഞ്ഞുതരാൻ?2

തന്തിരുവടിയ്ക്കേ ഈ നൂലും ഊടും അറിഞ്ഞുകൂടൂ; അവിടുന്നു, വേണ്ടപ്പോളൊക്കെ അരുളിച്ചെയ്യും, അരുളിച്ചെയ്യേണ്ടുന്നവ: താഴേ സഞ്ചരിയ്ക്കുന്നവനും, മീതെ മറ്റൊരു രൂപം പൂണ്ട് ഇതൊക്കെ തൃക്കൺപാർത്തറിയുന്നവനുമാണല്ലോ, അമൃതപാലകനായ തന്തിരുവടി!3

ഒന്നാമത്തെ ഹോതാവാണിത്: നോക്കുവിൻ, ഇദ്ദേഹത്തെ. ഈ അമൃതമായ ജ്യോതിസ്സു മർത്ത്യരിൽ വർത്തിയ്ക്കുന്നു. ഈ സുസ്ഥിരനായ സർവവ്യാപി അമർത്ത്യനെങ്കിലും ഉടൽപൂണ്ട് അവതരിയ്ക്കുന്നു; വളരുകയും ചെയ്യുന്നു!4

നിശ്ചലമായ മനസ്സിനെക്കാൾ വേഗമുള്ള ജ്യോതിസ്സ് ജംഗമങ്ങളുടെ ഉള്ളിൽ ദർശനത്തിന്നായി വെയ്ക്കപ്പെട്ടിരിക്കുന്നു; ദേവകളെല്ലാം ഒരേമനസ്സോടും ഒരേ പ്രജ്ഞയോടുംകൂടി ഏകനായ കർത്താവിനെ വഴിപോലെ പ്രാപിയ്ക്കകയും ചെയ്യുന്നു.5

എന്റെ ചെവികളും, കണ്ണുകളും, ഹൃദയത്തിൽ വെയ്ക്കപ്പെട്ടിട്ടുള്ള ഈ ജ്യോതിസ്സും പലമട്ടിൽപ്പായുന്നു; ദൂരഭാവനമായ എന്റെ മനസ്സും പലമട്ടിൽ പെരുമാറുന്നു. ഞാൻ എന്തു പറയേണ്ടു? ഇപ്പോൾ എന്തു ചിന്തിയ്ക്കേണ്ടു?6

അഗ്നേ, ഇരുളിലിരിയ്ക്കുന്ന നിന്തിരുവടിയെ ദേവകളെല്ലാം ഭയംമൂലം നമസ്കരിച്ചുപോരുന്നു. അമർത്ത്യനായ വൈശ്വനരൻ നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ – നമ്മെ രക്ഷകൊണ്ടു കാത്തരുളട്ടെ!7

കുറിപ്പുകൾ: സൂക്തം 9.

[1] ദിനരാത്രിപ്രവർത്തനം വൈശ്വാനരാഗ്നിയുടെ ആജ്ഞയാലാണെന്ന്.

[2] യജ്ഞത്തിന്നു വസ്ത്രത്വം കല്പിച്ചിരിക്കുന്നു: അങ്ങിരിയ്ക്കുന്നവന്റെ – സൂര്യന്റെ. ഇങ്ങിരിക്കുന്ന അച്ഛൻ – അഗ്നി. അഗ്നിയ്ക്കേ ഇതുപദേശിയ്ക്കാൻ ത്രാണിയുള്ളു. അഗ്നിയുടെ പുത്രനാണു് സൂര്യൻ എന്നും പ്രമാണാന്തരമുണ്ട്. പ്രപഞ്ചമാകുന്ന വസ്ത്രത്തിന്റെ നിർമ്മാണം ദുർജ്ഞേയമാണെന്നും വ്യാഖ്യാനിയ്ക്കാം.

[3] താഴേ സഞ്ചരിയ്ക്കുന്നവൻ – പാർത്ഥിവാഗ്നിരൂപൻ. മീതേ മറ്റൊരു രൂപം പൂണ്ട് – സൂര്യാത്മാവായി. ഇതൊക്കെ – ജഗത്തെല്ലാം.

[4] ഒന്നാമത്തെ – മനുഷ്യൻ രണ്ടാമത്തെ ഹോതാവാണ്. ആളുകളോട് പറയുന്നതാണിത്.

[5] ദർശനം – ജ്ഞാനം. ജ്യോതിസ്സിന്നു ബ്രഹ്മചൈതന്യമെന്നും, ദേവകൾക്കു് ഇന്ദ്രിയങ്ങളെന്നും അർത്ഥം കല്പിച്ച്, ആധ്യാത്മികമായും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്.

[6] ജ്യോതിസ് – ബുദ്ധിതത്ത്വം. വൈശ്വാനരന്റെ ഗുണങ്ങൾ കേൾപ്പാനും, രൂപഭംഗികൾ കാണാനും, അദ്ദേഹത്തെ അറിയാനും ഞാൻ വെമ്പൽപ്പെടുന്നു. ദൂരഭാവനം – ദൂരസ്ഥവസ്തുവിനെ ഭാവനം ചെയ്യുന്നത്.

[7] ഭയംമൂലം – ഇരുളിനെ പേടിച്ച്. അനന്തരവാക്യം പരോക്ഷം:

സൂക്തം 10.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അഗ്നി ദേവത.

ആഹ്ലാദിപ്പിയ്ക്കുന്നവനും ദിവ്യനും തീരെ നിർദ്ദോഷനുമായ അഗ്നിയെ നിങ്ങൾ നിർബാധമായി നടക്കുന്ന യജ്ഞത്തിൽ മുൻനിർത്തുവിൻ – ഉക്ഥങ്ങൾകൊണ്ടും മുൻനിർത്തുവിൻ: ആ സ്ഫീതരോചിസ്സായ ജാതവേദസ്സു നമ്മുടെ യജ്ഞത്തെ ശോഭനമാക്കുമല്ലോ!1

ദീപ്തിമൻ, ബഹുസേന, ഹോതാവേ, അഗ്നേ, അവിടുന്ന് അഗ്നികളോടൊപ്പം ഉജ്ജ്വലിച്ചു, മനുഷ്യന്റെ സ്തോത്രം കേട്ടാലും: തെളിനെയ്യുപോലെ സുഖകരമായ ഇതു തന്തിരുവടിയ്ക്കായി മനനശീലർ മമതയെന്നപോലെ വെടുപ്പിൽ ചൊല്ലുന്നു!2

അഗ്നിയ്ക്കു യാതൊരു മേധാവി സ്തുതിച്ചുംകൊണ്ടു നല്കുമോ, അവൻ മനുഷ്യരിൽവെച്ചു പ്രവൃദ്ധാന്നനാകും; അവനെ ചിത്രഭാനു വിചിത്രരക്ഷകൾകൊണ്ടു പൈത്തൊഴുത്തിന്നുടമയാക്കും!3

യാതൊരു കൃഷ്ണവർത്മാവു പിറപ്പിൽത്തന്നേ, അകലെക്കാണാവുന്ന കാന്തികൊണ്ടു വാനൂഴികളെ നിറച്ചുവോ, ആ പാവകൻ പെരുത്ത രാവിരുട്ടിനെപ്പോലും പ്രഭകൊണ്ടു തട്ടിനീക്കി പ്രകാശിയ്ക്കുന്നു! 4

അഗ്നേ, അവിടുന്നു ഹവിസ്സമ്പന്നരായ ഞങ്ങൾക്കു്, അന്നമേറിയ രക്ഷകളോടേ, പൂജനീയമായ ധനം ചിക്കെന്നു തന്നരുളിയാലും – അർത്ഥംകൊണ്ടും അന്നംകൊണ്ടും നല്ല വീര്യംകൊണ്ടും അന്യരെ കവിച്ചുനിന്നു കീഴമർത്തുന്നവരെയും!5

അഗ്നേ, അങ്ങയ്ക്കായി ഹവിഷ്മാൻ ഇരുന്നു ഹോമിക്കുന്ന ഈ യാഗാന്നം, കൊതിപൂണ്ട ഭവാൻ അകത്താക്കിയാലും; ഭരദ്വാജരുടെ നിരവദ്യമായ സ്തുതിയും അകത്താക്കിയാലും. അവരെ അന്നലബ്ധിയ്ക്കായി രക്ഷിച്ചാലും!6

അങ്ങു് വിദ്വേഷികളെ ആട്ടിപ്പായിയ്ക്കണം; അന്നം വർദ്ധിപ്പിയ്ക്കണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കട്ടെ!7

കുറിപ്പുകൾ: സൂക്തം 10.

[1] ഋത്വിക്കുകളോട്: സ്ഫീതരോചിസ്സ് = തേജസ്സേറിയവൻ.

[2] സേനയ്ക്കു ജ്വാല എന്നർത്ഥം. അഗ്നികൾ – സ്വന്തം അവയവങ്ങളായ മറ്റഗ്നികൾ. തെളിനെയ്യുപോലെ – അഗ്നിയ്ക്കു തുലോം പ്രിയപ്പെട്ടതാണല്ലോ, നെയ്യ്. ഇതു – സ്തോത്രം. മമത – ദീർഗ്ഘതമസ്സ് എന്ന ഋഷിയുടെ അമ്മ.

[3] നല്കുമോ – ഹവിസ്സ്. ചിത്രഭാനു = അഗ്നി. ഉടമയാക്കും – വളരെ ഗോക്കളെ കൊടുക്കും.

[5] അർത്ഥം = ധനം. കീഴമർത്തുന്നവരെയും – ശത്രുക്കളെ കീഴമർത്തുന്ന പുത്രന്മാരെയും തന്നരുളിയാലും.

[6] യാഗാന്നം – ഹവിസ്സ്.

[7] അന്നം – ഞങ്ങളുടെ.

സൂക്തം 11.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, ഹോതാവേ, മികച്ച യഷ്ടാവായ ഭവാൻ ഇപ്പോൾ പ്രാർത്ഥന കൈക്കൊണ്ടു യജ്ഞത്തിൽ ദേവഗണത്തെ യജിച്ചാലും; മിത്രൻ, വരുണൻ, അശ്വികൾ, ദ്യാവാപൃഥിവികൾ എന്നിവരെയും ഞങ്ങളുടെ യാഗത്തിന്നു കൊണ്ടുവന്നാലും!1

അഗ്നേ, അതീവ സ്തുത്യനും ഞങ്ങളെ ദ്രോഹിയ്ക്കാത്തവനും ദേവനുമായ ഭവാൻ മനുഷ്യരുടെ ഇടയിൽ യാഗത്തിന്നു ഹോതാവാകുന്നു. തിരുമുഖമായ പരിപാവനജ്വാലകൊണ്ടു, വഹ്നിയായ ഭവാൻ സ്വന്തം ദേഹത്തെയും യജിച്ചാലും!2

അംഗിരസ്സുകളിൽവെച്ചു മികച്ച സ്തോതാവായ മേധാവി യാഗത്തിൽ മത്തുപിടിപ്പിയ്ക്കുന്ന ഛന്ദസ്സു ചൊല്ലുന്നതെപ്പൊഴോ; അപ്പോൾ ധന്യയായ സ്തുതി, തിരുവവതാരം പാടുന്ന ദേവയഷ്ടാവിന്നുവേണ്ടി അങ്ങനെ കാമിയ്ക്കുന്നു!3

പരിണതപ്രജ്ഞൻ ഒളിതിങ്ങി വിളങ്ങുന്നു: യാതൊരു ശോഭനാന്നനെ, മനുഷ്യനെയെന്നപോലെ, പഞ്ചജനങ്ങൾ ഹവ്യം നല്കി, ഹവിസ്സാടിയ്ക്കുന്നുവോ; അഗ്നേ, ആ നിന്തിരുവടി വിശാലകളായ ദ്യാവാപൃഥിവികളെ യജിച്ചാലും!4

ഹവിസ്സോടുകൂടി അഗ്നിയുടെ അടുക്കൽ ദർഭ മുറിയ്ക്കുക; നിരവദ്യമായ നൈസ്രുവം കൊണ്ടുവെയ്ക്കുക; ഭൂമിയുടെ സ്ഥാനത്തു വേദിയിൽ ചെല്ലുക – ഇത്രയുമായാൽ, യജ്ഞം (യഷ്ടാവിനോടു), തേജസ്സ സൂര്യനോടെന്നപോലെ ചേരും.5

ബഹുസേന, ഹോതാവേ, അഗ്നേ, അങ്ങ് അഗ്നിദേവന്മാരോടൊപ്പം കത്തിജ്ജ്വലിച്ചു, ഞങ്ങൾക്കു സമ്പത്തു തന്നാലും: ബലത്തിന്റെ മകനേ, പുതപ്പിയ്ക്കുന്ന ഞങ്ങൾ പരിപന്ഥിയെ എന്നപോലെ പാപത്തെയും പിന്നിടുമാറാകണം!6

കുറിപ്പുകൾ: സൂക്തം 11.

[1] പ്രാർത്ഥന – ഞങ്ങളുടെ.

[2] ദ്രോഹിയ്ക്കാത്തവൻ – സ്നേഹിയ്ക്കുന്നവൻ എന്നർത്ഥം. തിരുമുഖം – ദേവന്മാരുടെ മുഖം. വഹ്നി – ഹവിർവാഹി. സ്വന്തം ദേഹം – സ്വിഷ്ടകൃത്ത് എന്ന സ്വശരീരം.

[3] മേധാവി – ഭരദ്വാജൻ, ഞാൻ. ഛന്ദസ്സ് – സ്തോത്രം. തിരുവവതാരം – അങ്ങയുടെ ജനനം. ദേവയഷ്ടാവ് – യജമാനൻ.

[4] പരിണതപ്രജ്ഞൻ = ബുദ്ധിയ്ക്കു പരിപാകം വന്നവൻ, അഗ്നി. അവശിഷ്ടം പ്രത്യക്ഷോക്തി: മനുഷ്യൻ – അതിഥി. പഞ്ചജനങ്ങൾ – ഋത്വിൿപ്രഭൃതികൾ. ഹവിസ്സാടിയ്ക്കുക – ഹവിസ്സുകൊണ്ടഭിഷേകംചെയ്യുക.

[5] നൈസ്രുവം = ഘൃതം നിറച്ച സ്രുക്ക്.

[6] അഗ്നിദേവന്മാർ – മറ്റഗ്നികൾ. പുതപ്പിയ്ക്കുന്ന – അങ്ങയെ ഹവിസ്സുകൊണ്ടു മൂടുന്ന. പരിപന്ഥി = ശത്രു.

സൂക്തം 12.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഹോതാവായ, അധ്വരത്തിന്റെ അരചനായ അഗ്നി തപഃക്ലിഷ്ടന്റെ ഗൃഹത്തിൽ, ദ്യാവാപൃഥിവികളെ യജിപ്പാൻ ഇരുന്നരുളുന്നു: ഇതാ, ആ ബലപുത്രനായ സത്യവാൻ, സൂര്യനെന്നപോലെ, ദൂരത്തു നിന്നുതന്നേ വെളിച്ചം പരത്തുന്നു!1

യജനീയനായ തമ്പുരാനേ, പരിണതപ്രജ്ഞനായ തിരുമേനിയെ ഓരോ സ്തോതാവും ചിക്കെന്നു യജിയ്ക്കുന്നുണ്ടല്ലോ; ആ ത്രിസ്ഥാനസ്ഥനായ ഭവാൻ മനുഷ്യരുടെ മഹനീയഹവിസ്സുകൾ കൊണ്ടുകൊടുപ്പാൻ, കതിരവൻപോലെ വേഗത്തിൽ ഗമിച്ചാലും!2

ആരുടെ പാളൽ കാട്ടിൽ തുലോം ഒളിക്കൊണ്ടു വിളങ്ങുമോ; ആ തിരുവടി വളർന്നു, സൂര്യൻപോലെ സ്വമാർഗ്ഗത്തിൽ പ്രകാശിയ്ക്കുന്നു. വായുവിന്നൊത്ത ആ അമർത്ത്യൻ വനങ്ങളിൽ പാഞ്ഞുനടന്ന്, അനിവാര്യനായി, സ്വയം വെളിപ്പെടുത്തുന്നു!3

ആ ജാതവേദസ്സായ അഗ്നിയെപ്പറ്റി, യാഗശാലയിൽ നമ്മുടെ കൂട്ടർ ഒരു യാചകന്റേതുപോലെ സുഖകരമായ സ്തോത്രം പാടുന്നു – മരമുണ്ണാൻ കാട്ടിലണഞ്ഞ്, ഒരു കൂറ്റൻപോലേ പാഞ്ഞുനടക്കുന്ന തന്തിരുവടി യജമാനരാൽ സ്തുതിയ്ക്കപ്പെടുന്നു!4

വൻകാടിനെ നിഷ്പ്രയാസം ചെത്തിക്കുറച്ചുംകൊണ്ടു സഞ്ചരിയ്ക്കുന്ന തന്തിരുവടിയുടെ രശ്മികൾ ഇവിടെ പുകഴ്ത്തപ്പെടുന്നു. ഒരോടുന്ന കള്ളൻപോലെ തടവില്ലാതെ വെക്കം ഇളകിപ്പായുന്ന തന്തിരുവടി മരുനിലം കടന്നു പരിലസിയ്ക്കുന്നു.5

ഗമനശീലനായ ആഗ്നേ, അങ്ങ് ഞങ്ങളെ നിന്ദകരിൽനിന്നു രക്ഷിയ്ക്കുക; എല്ലാ അഗ്നികളോടുംകൂടി വളർന്നു ധനം കിട്ടിയ്ക്കുക; ദുഃഖകാരികളെ ആട്ടിപ്പായിയ്ക്കുക. ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6

കുറിപ്പുകൾ: സൂക്തം 12.

[1] തപഃക്ലിഷ്ടൻ – യജമാനൻ.

[2] കൊണ്ടുകൊടുക്കാൻ – ദേവന്മാർക്ക്.

[3] ആരുടെ – ഭാവാഗ്നിരൂപനായ. സ്വമാർഗ്ഗം – അന്തരിക്ഷം.

[4] യാചകന്റേതുപോലെ – പ്രായേണ പിച്ചക്കാരുടെ പാട്ടു നന്നായിരിക്കും. കൂറ്റൻ – വിത്തുകാള.

[5] ഇവിടെ – ഈ ലോകത്തിൽ.

സൂക്തം 13.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സുഭഗ, അഗ്നേ, സമ്പത്തുകളെല്ലാം ഭവാങ്കൽനിന്നു, വൃക്ഷത്തിന്മേൽനിന്നു കൊമ്പുകൾപോലെ പുറപ്പെടുന്നു; പശുസംഘം, പറ്റലർപോരിൽ ബലം, അന്തരിക്ഷത്തിൽനിന്നുള്ള മഴ എന്നിവയും വെക്കം ഭവാങ്കൽനിന്നുതന്നെ. അങ്ങനെ സ്തുത്യനായി ഭവാൻ തണ്ണീർ പൊഴിയ്ക്കുന്നു!1

അഗ്നേ, ഭഗനായ നിന്തിരുവടി ഞങ്ങൾക്കു രത്നം കൊണ്ടുവന്നാലും: ദർശനീയതേജസ്സായ ഭവാൻ, വായുപോലെ വാണരുളുന്നു. ദേവ, മിത്രനെന്നപോലെ മഹത്തായ ജലവും, വളരെസ്സമ്പത്തും നല്കുന്നവനാണ,വിടുന്ന്!2

അഗ്നേ, പ്രചേതസ്സേ, യജ്ഞത്തിന്നായിപ്പിറന്നവനേ, ജലപുത്രനോടു ചേർന്ന അവിടുന്ന് ആരെ ധനത്തിന്നു പ്രേരിപ്പിയ്ക്കുമോ; അവൻ സജ്ജനപാലകനായി, ശത്രുവിനെ ബലംകൊണ്ടു ഹനിയ്ക്കും; മേധാവിയായി, പിശുക്കന്റെ കൊറ്റു കീഴടക്കും!3

ബലപുത്ര, അങ്ങയുടെ തീക്ഷ്ണതയെ യാതൊരുവൻ സ്ത്രോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഹവിസ്സുകൾകൊണ്ടും വേദിയിലണയ്ക്കുമോ; അഗ്നേ, ദേവ, ആ മനുഷ്യന്ന് എല്ലാദ്ധാന്യവും വേണ്ടുവോളം കൈവരും; ധനങ്ങളും വന്നുചേരും!4

അഗ്നേ, ബലപുത്ര, ബലവാനായ അവിടുന്നു വളരെ ഗവ്യാന്നങ്ങൾ പിശുക്കനും മുടിയനുമായ ശത്രുവിന്നു കൊടുത്തിട്ടുണ്ടല്ലോ; ആ സുവീരാന്വിതങ്ങളായ ശോഭനാന്നങ്ങൾ പുഷ്ടിയ്ക്കായി നേതാക്കൾക്കു തന്നാലും!5

അഗ്നേ, ബലപുത്ര, മഹാനായ നിന്തിരുവടി ഞങ്ങൾക്ക് ഉപദേഷ്ടാവാകണം; പുത്രപൗത്രരെയും അന്നവും ഞങ്ങൾക്കു തരണം; ഞാൻ എല്ലാ സ്തുതികൾകൊണ്ടും പൂർത്തിയടയണം. ഞങ്ങൾ നല്ല വീരരോടുകൂടി ഒരു നൂറ്റാണ്ടു മത്താടുമാറാകട്ടെ!6

കുറിപ്പുകൾ: സൂക്തം 13.

[1] ബലം – പറ്റലരോടുള്ള പോരിൽ ജയിപ്പാൻ. പുറപ്പെടുന്നു എന്നതു രണ്ടാം വാക്യത്തിലും ചേർക്കുക. തണ്ണീർ പൊഴിയ്ക്കുന്നു: ‘അഗ്നൗ പ്രാസ്താഹുതിസ്സമ്യഗാദിത്യമുപതിഷ്ഠതേ! ആദിത്യാജ്ജായതേ വൃഷ്ടിർവൃഷ്ടേരന്നം തതഃ പ്രജാഃ’ മനുസ്മൃതി.

[2] ഭഗൻ = ഭജനീയൻ; ഭഗതുല്യൻ.

[3] പ്രചേതസ്സ് = പ്രകൃഷ്ടജ്ഞാനൻ; വരുണൻ. ജലപുത്രൻ – വൈദ്യുതാഗ്നി. പിശുക്കൻ – ദേവകർമ്മമനുഷ്ഠിയ്ക്കാത്ത ധനികൻ.

[4] തീക്ഷ്ണതയെ വേദിയിലണയ്ക്കുക – ജ്വലിപ്പിയ്ക്കുക എന്നർത്ഥം.

[5] ഗവ്യാന്നങ്ങൾ – ക്ഷീരാദികൾ, മുടിയൻ – കർമ്മധ്വംസി. നേതാക്കൾക്കു – സ്തുതികർമ്മം നടത്തുന്ന ഞങ്ങൾക്കു.

[6] പൂർത്തി – അഭീഷ്ടസിദ്ധി.

സൂക്തം 14.

ഭരദ്വാജൻ ഋഷി; അനുഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (അന്നനട)

നരനെവനഗ്നിയ്ക്കനുഷ്ഠിച്ചീടുമോ,
പരിചരണവും സ്തുതികർമ്മങ്ങളും,
അവൻ മുമ്പുള്ളവർക്കുപരി ശോഭിയ്ക്കും;
ജവാൽ നേടും, രക്ഷിയ്ക്കുവാനന്നത്തെയും!1
പരമവിജ്ഞാനയുതന,ഗ്നിതന്നേ;
പെരിയ കർത്താവാമൃഷിയുമാണഗ്നി;
ക്രതുവിലു,മ്പരെ വിളിയ്ക്കുമഗ്നിയെ
സ്തുതിച്ചുപോരുന്നു, യജിപ്പോന്റെയാൾക്കാർ!2
അരാതിതൻ സമ്പത്തുകളഗ്നേ, വേറു –
പിരിഞ്ഞു മത്സരിച്ചിടുന്നു, രക്ഷയിൽ;
മുടിപ്പോനെക്കൊന്നു, നരർ മഖങ്ങളാൽ
മുതിരുന്നൂ, മഖരഹിതനെ വെല്പാൻ!3
തരും കല്പിച്ചഗ്നി, കൃതകർത്തവ്യനാ –
യരിന്ദമനായ്സ്സൽപതിയാം വീരനെ:
അവനെക്കാണുകിൽ,ക്കരുത്തു പേടിച്ചി –
ട്ടരാതികൾ കിടുകിടുത്തിടുമല്ലോ!4
എവനുടെ ഹവിസ്സനാച്ഛാദിതവും
സവനത്തിൽപ്പരമസാമാന്യവുമാം,
ശരിയ്ക്കമ്മർത്ത്യനെപ്പഴിക്കാരനിൽനി –
ന്നറിഞ്ഞു രക്ഷിയ്ക്കും, ബലാലഗ്നിദേവൻ!5
ഹിതദ്യുതേ, രോദഃസ്ഥിതനങ്ങെങ്ങൾതൻ
സ്തുതി ദേവന്മാരോടരുൾക,ഗ്നേ, ദേവ;
സ്ഥിരശുഭാവാസം തരികി,സ്തോതാക്കൾ; –
ക്കരാതികളെയും ദുരിതങ്ങളെയും
തരണംചെയ്തെ,ങ്ങൾ തവ സംരക്ഷയാൽ –
ത്തരണംചെയ്തെങ്ങൾ, തരണംചെയ്തെ,ങ്ങൾ!6
കുറിപ്പുകൾ: സൂക്തം 14.

[1] സ്തുതികർമ്മങ്ങൾ = സ്തുതിയും കർമ്മവും. രക്ഷിയ്ക്കുവാൻ, കുടുംബം പുലർത്താൻ അന്നത്തെയും നേടും – ശത്രുക്കളിൽനിന്നും പിടിച്ചെടുക്കും.

[2] കർത്താവ് – കർമ്മവാൻ. യജിപ്പോൻ = യജമാനൻ. ആൾക്കാർ – ഋത്വിക്കുകൾ.

[3] വേറുപിരിഞ്ഞു – അരാതികളിൽനിന്നൊഴിഞ്ഞ്. രക്ഷയിൽ, അങ്ങയെ സ്തുതിക്കുന്നവരെ രക്ഷിയ്ക്കുക എന്ന വിഷയത്തിൽ മത്സരിച്ചിടുന്നു – ‘ഞാൻ രക്ഷിക്കും, ഞാൻ രക്ഷിയ്ക്കും’ എന്നിങ്ങനെ സ്പർദ്ധിയ്ക്കുന്നു; ശത്രുസമ്പത്തുകൾ ഭവൽ സ്തോതാക്കളിലെത്തിച്ചേരാൻ വെമ്പുന്നു!

[4] വീരനെ – പുത്രനെ.

[5] അനാച്ഛാദിതം – രക്ഷസ്സുകളാലും മറ്റും മറയ്ക്കപ്പെടാത്തതു്. പഴിക്കാരൻ = നിന്ദകൻ.

സൂക്തം 15.

ആംഗിരസൻ വീതഹവ്യൻ ഋഷി; ജഗതിയും, ശക്വരിയും, അതിശക്വരിയും, അനുഷ്ടുപ്പും, ബൃഹതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

സർവപ്രജാപതിയായി അതിഥിയായിരിയ്ക്കുന്ന ഈ ഉഷർബുധനെത്തന്നേ നീ സ്തുതി ചാർത്തിക്കുക: ആ നിസർഗ്ഗശുദ്ധൻ വാനിൽ നിന്നു വല്ലപ്പോഴും വന്നെത്തും; കുഞ്ഞായിട്ട് അനശ്വരവസ്തു നെടുനാൾ ഭുജിയ്ക്കും!1

മരത്തിൽ വെയ്ക്കപ്പെട്ട യാതൊരു സ്തുത്യനായ ഊർദ്ധ്വരോചിസ്സിനെ ഭൃഗുക്കൾ ഒരു സ്നേഹിതനെയെന്നപോലെ ഇരുത്തിയോ, ആനിന്തിരുവടി വീതഹവ്യങ്കൽ വഴിപോലെ പ്രസാദിച്ചാലും: അദ്ഭുത, അങ്ങയെ നാളിൽ നാളിൽ പുകഴ്ത്തിപ്പൂജിയ്ക്കുന്നുണ്ടല്ലോ.2

ആ നിസ്സപത്നനായ ഭവാൻ കർമ്മകുശലനെ വളർത്തുന്നു; അകലത്തും അരികത്തുമുള്ള ശത്രുവിനെ പിന്നിടുന്നു. അതിനാൽ ബലപുത്ര, എങ്ങും തഴച്ച – എങ്ങും തഴച്ച – നിന്തിരുവടി മനുഷ്യരിൽവെച്ചു ഭരദ്വാജനായ വീതഹവ്യന്നു ധനവും ഗൃഹവും കല്പിച്ചുതന്നാലും!3

ദീപ്തിമാനും, നിങ്ങളുടെ അതിഥിയും, സ്വർഗ്ഗനേതാവും, മനുവിന്റെ ഹോതാവും, ശോഭനയജ്ഞനും, ഒരു പണ്ഡിതനെന്നപോലെ ഉജ്ജ്വലഭാഷണനും, ഹവ്യവാഹനും, സ്വാമിയുമായ അഗ്നിദേവനെ നീ നല്ല സ്തുതികൾ ചാർത്തിയ്ക്കുക:4

അദ്ദേഹം ഉണർവുണ്ടാക്കുന്ന പാവനപ്രഭകൊണ്ടു, പുലരിവെളിച്ചംകൊണ്ടെന്നപോലെ ഭൂമിയിൽ വിലസുന്നു; യുദ്ധത്തിൽ കൊല്ലുന്ന ഒരുവൻപോലെ, അദ്ദേഹം ഏതശന്നുവേണ്ടി പോരിൽ പെട്ടെന്നുജ്ജ്വലിച്ചു; ദാഹമേറിയവനുമാണ്, ഈ നിർജ്ജരൻ!5

സ്തുത്യനായ അഗ്നിയെ, അഗ്നിയെ, നിങ്ങളുടെ പ്രിയനായ, പ്രിയനായ അതിഥിയെ, നിങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കുവിൻ: അമൃതനെ നിങ്ങൾ സ്തുതിച്ചു സേവിയ്ക്കുവിൻ: ദേവകളിൽദ്ദേവൻ വേണ്ടതു കൈക്കൊള്ളുമല്ലോ – ദേവകളിൽദ്ദേവൻ നമ്മുടെ പരിചരണം കൈക്കൊള്ളുമല്ലോ!6

ചമതകൊണ്ടു വളർത്തപ്പെട്ട അഗ്നിയെ, ശുചിയെ, പാവകനെ, യജ്ഞത്തിൽ മുമ്പനെ, സുസ്ഥിരനെ ഞാൻ പുകഴ്ത്തിപ്പാടുന്നു; മേധാവിയും ഹോതാവും ബഹുവരേണ്യനും അദ്രോഹിയും കവിയുമായ ജാതവേദസ്സിനെ ഞങ്ങൾ സുഖദസ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു. 7

അഗ്നേ, അമൃതനും സമയത്തു സമയത്തു ഹവ്യം വഹിയ്ക്കുന്നവനും രക്ഷകനും സ്തുത്യനുമായ നിന്തിരുവടിയെ ദേവകളും മനുഷ്യരും ദൂതനാക്കിവെച്ചു; ആ ജാഗരൂകനും വിഭുവുമായ പ്രജാപാലനെ വണങ്ങിസ്സേവിച്ചുംപോന്നു!8

അഗ്നേ, ഇരുകൂട്ടരെയും ചമയിയ്ക്കുന്ന ഭവാൻ ഓരോ യാഗത്തിലും ദേവകളുടെ ദൂതനായി വാനൂഴികളിൽ സഞ്ചരിയ്ക്കുന്നു. അങ്ങയ്ക്കായി കർമ്മവും സ്തുതിയും അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ, ഞങ്ങൾ; അതിനാൽ, ത്രിസ്ഥാനസ്ഥനായ ഭവാൻ ഞങ്ങൾക്കു സുഖം തന്നരുളിയാലും!9

നല്ല തിരുവുടലും നല്ല കാഴ്ചയും നല്ല നടത്തവുമുള്ള ആ പരമപണ്ഡിതനെ അറിവില്ലാത്ത ഞങ്ങൾ പരിചരിയ്ക്കുമാറാകണം. സർവ വിഷയജ്ഞനായ അഗ്നി യജിച്ചരുളട്ടെ; ഹവിസ്സിനെപ്പറ്റി അമർത്ത്യരോടു പറയട്ടെ!10

അഗ്നേ, ശൂര, യാവനൊരുത്തൻ കവിയായ ഭവാനെ സ്തുതിയ്ക്കുകയോ വെടുപ്പുറ്റ ഹവിസ്സർപ്പിയ്ക്കുകയോ ഉജ്ജ്വലിപ്പിയ്ക്കുകയോ ചെയ്യുമോ, അവനെ അങ്ങ് രക്ഷിയ്ക്കും; പൂർണ്ണകാമനാക്കും; അവനെത്തന്നേ ബലംകൊണ്ടും ധനംകൊണ്ടും നിറയ്ക്കും!11

അഗ്നേ, ബലവാനേ, അങ്ങ് ഞങ്ങളെ ഹിംസകങ്കൽ നിന്നും അങ്ങുതന്നേ പാപത്തിൽനിന്നും രക്ഷിയ്ക്കണം. നിർദ്ദോഷമായ അന്നം വഴിപോലെ ഭവാങ്കലണയട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും!12

ഹോതാവും ഗൃഹപതിയും രാജാവുമാണ്, അഗ്നി: സർവഭൂതങ്ങളെയും ആ ജാതവേദസ്സറിയുന്നു; ദേവകളുടെയും മനുഷ്യരുടെയും ഇടയിൽ മികച്ച യഷ്ടാവായ ആ യജ്ഞവാൻ പ്രകർഷേണ യജിച്ചരുളട്ടെ!13

അഗ്നേ, അധ്വരത്തിന്റെ ഹോതാവേ, പാവനാർച്ചിസ്സേ, ഇപ്പോൾ മനുഷ്യന്റെ കർമ്മം ഭവാൻ ഇച്ഛിച്ചാലും. യജ്വാവാണല്ലോ, അങ്ങ്; അതിനാൽ യജ്ഞത്തിൽ യജിച്ചാലും. യുവതമ, മഹിമകൊണ്ടു വിഭുവായ ഭവാൻ, ഇപ്പോൾ ഭവാന്നുള്ള ഹവിസ്സുകൾ കൈക്കൊണ്ടാലും!14

അഗ്നേ, ശരിയ്ക്കു വെയ്ക്കപ്പെട്ട അന്നങ്ങൾ ഭവാൻ കാണുന്നുണ്ടല്ലോ: ദ്യാവാപൃഥിവികളെ യജിപ്പാൻ അങ്ങനെ വെച്ചിരിയ്ക്കുന്നു. മഘവാവേ, അങ്ങ് യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും: ഞങ്ങൾ ദുരിതമെല്ലാം കടക്കുമാറാകണം – അങ്ങയുടെ രക്ഷയാൽ കടക്കുമാറാകണം, കടക്കുമാറാകണം!15

അഗ്നേ, ശോഭനസേന, അങ്ങ് എല്ലാദ്ദേവകളോടുംകൂടി, ആട്ടിൻരോമംകൊണ്ടു കരവെച്ചതും ഘൃതയുക്തവും പക്ഷിക്കൂടിനൊത്തതുമായ സ്വസ്ഥാനത്ത് ഒന്നാമനായി ഇരുന്ന്, അർപ്പകനായ യജമാനന്റെ ഹവിസ്സു വഴിപോലെ കൊണ്ടുപോയാലും!16

ചാടിപ്പോയ യാതൊരഭിജ്ഞനെ ഇരുട്ടിൽ നിന്നു കോണ്ടുപോകുന്നുവോ, ആ ഈ അഗ്നിയെ കർമ്മികൾ, അഥർവാവെന്നപോലെ കടയുന്നു.17

അങ്ങ് യജ്ഞത്തിൽ ദേവകാമന്റെ ക്ഷേമത്തിന്നായി പിറന്നാലും: യജ്ഞത്തെ വളർത്തുന്ന അമർത്ത്യരായ ദേവന്മാരെ കൊണ്ടുവന്നാലും; ഹവിസ്സു ദേവന്മാരിലെത്തിച്ചാലും!18

അഗ്നേ, യജ്ഞപാലക, ഭവാനെ ജനങ്ങളുടെഇടയിൽ ഞങ്ങൾതന്നെയാണ്, ചമതകൊണ്ടു വളർത്തിയത്. അതിനാൽ ഞങ്ങളുടെ ഗൃഹനാഥത്വം വളരെക്കുതിരകളുള്ള വണ്ടിയായിച്ചമയട്ടെ! അങ്ങ് ഞങ്ങളെ കടുംതേജസ്സുകൊണ്ടു വഴിപോലെ അണച്ചാലും!19

കുറിപ്പുകൾ: സൂക്തം 15.

[1] ഋഷി തന്നോടുതന്നെ പറയുന്നു: ഉഷർബുധൻ = അഗ്നി. കുഞ്ഞ് – അരണികളുടെ. അനശ്വരവസ്തു – ഹവിസ്സ്.

[2] മരം – അരണി. ഇരുത്തി – ഗൃഹത്തിൽ വസിപ്പിച്ചു. വീതഹവ്യൻ – ഞാൻ.

[4] തന്നോടുതന്നേ പറയുന്നതു്:

[5] ദാഹമേറിയവനുമാണു് – സവഭക്ഷകനാണ്.

[6] സ്തോതാക്കളോട്: ദേവകളിൽദ്ദേവൻ – ദേവന്മാരിൽവെച്ചു ശ്രേഷ്ഠനായ ദേവൻ.

[8] അന്തിമവാക്യം പരോക്ഷം.

[9] ഇരുകൂട്ടർ – ദേവകളും മനുഷ്യരും. ചമയിയ്ക്കുന്ന – ശോഭിപ്പിയ്ക്കുന്ന.

[10] പരമപണ്ഡിതനെ – അഗ്നിയെ. യജിച്ചരുളട്ടെ – ദേവന്മാരെ. പറയട്ടെ – ‘നിങ്ങൾക്കായി ഹവിസ്സൊരുക്കിയിരിയ്ക്കുന്നു; വരുവിൻ’ എന്നു്.

[12] അന്നം – ഹവിസ്സ്. ഞങ്ങളിലും – അണയട്ടെ.

[14] വിഭു = വ്യാപിച്ചവൻ.

[17] അഗ്നി ഒളിച്ച കഥ മുമ്പുണ്ട്. അഥർവാവ് – ഒരൃഷി. കടയുന്നു –

[15] അന്നങ്ങൾ – ഹവിസ്സുകൾ. ദ്യാവാപൃഥിവികളെ – തത്രത്യദേവകളെ വെച്ചിരിയ്ക്കുന്നു – യജമാനൻ.

[16] കരവെച്ച – വക്കത്ത് കുറിയാട്ടിൻരോമങ്ങൾ നിരത്തിയ. സ്വസ്ഥാനം – ഉത്തരവേദി. കൊണ്ടുപോയാലും – ദേവകളുടെ അടുക്കലേയ്ക്കു്. അരണിമഥനംകൊണ്ടുൽപാദിപ്പിയ്ക്കുന്നു.

[19] വണ്ടിയായിച്ചമയട്ടെ – പുത്രപശുധനാദിപൂർണ്ണമായിത്തീരട്ടെ എന്നു സാരം. അണയ്ക്കുക = മൂർച്ചകൂട്ടുക, ഉത്തേജിപ്പിയ്ക്കുക.

സൂക്തം 16.

ഭരദ്വാജൻ ഋഷി; വർദ്ധമാനഗായത്രിയും, അനുഷ്ടുപ്പും, ത്രിഷ്ടുപ്പും, ഗായത്രിയും ഛന്ദസ്സുകൾ, അഗ്നി ദേവത.

അഗ്നേ, എല്ലാ യജ്ഞങ്ങൾക്കും ഹോതാവായി മനുഷ്യരിൽ ദേവകളാൽ വെയ്ക്കപ്പെട്ടവനാണ്, ഭവാൻ.1

ആ നിന്തിരുവടി ഇമ്പപ്പെടുത്തുന്ന ജ്വാലകൾകൊണ്ടു മഹാന്മാരെ യജിച്ചാലും – ദേവന്മാരെ കൊണ്ടുവന്നു യജിച്ചാലും!2

വിധാതാവേ, സുകർമ്മാവേ, അഗ്നിദേവ, അവിടെയ്ക്കു നേരെ അറിയാമല്ലോ. യാഗങ്ങളിൽ വൻവഴികളും ചെറുവഴികളും!3

അഗ്നേ, യജനീയനായ നിന്തിരുവടിയെ ഭരതൻ ഇരുസുഖങ്ങൾക്കായി ഋത്വിക്കുകളോടുകൂടി സ്തുതിച്ചു; യജ്ഞവും ചെയ്തു!4

നിന്തിരുവടി ഈ ബഹുധനങ്ങൾ, സോമം പിഴിഞ്ഞ ദിവോദാസന്നെന്നപോലെ, ഹവിസ്സർപ്പിയ്ക്കുന്ന ഭരദ്വാജന്നു നല്കിയാലും!5

അമർത്ത്യനായ ഭവാൻ മേധാവിയുടെ ശോഭനസ്തുതി ശ്രവിച്ചു, ദൂതനായി ദേവകളെ കൊണ്ടുവന്നാലും!6

അഗ്നേ, ശോഭനധ്യാനരായ മനുഷ്യൻ ദേവന്മാരെ ഊട്ടാൻ, ദേവനായ അങ്ങയെ യജ്ഞങ്ങളിൽ സ്തുതിച്ചുപോരുന്നു.7

ശോഭനദാനനായ ഭവാന്റെ തേജസ്സിനെയും കർമ്മത്തെയും ഞാൻ പൂജിയ്ക്കുന്നു: എല്ലാവരും ലബ്ധകാമരായി സേവിയ്ക്കാറുണ്ടല്ലോ.8

അഗ്നേ, മനുവിനാൽ ഹോതാവാക്കപ്പെട്ടവനും, വായ്ക്കൊള്ളുന്നവനും, വലിയ വിദ്വാനുമാണല്ലോ, അവിടുന്ന്; അങ്ങ് വിണ്ണവരെ യജിച്ചാലും!9

അഗ്നേ, അമറേത്തിന്നും ഹവിസ്സു കൊണ്ടുകൊടുപ്പാനും വരിക: സ്തുതിയ്ക്കപ്പെടുന്ന ഭവാൻ ഹോതാവായി ദർഭയിലിരുന്നാലും!10

അംഗിരസ്സേ, ആ നിന്തിരുവടിയെ ഞങ്ങൾ ചമതകൊണ്ടും നൈകൊണ്ടും വളർത്താം; യുവതമ, ഏറ്റവും ഉജ്ജ്വലിച്ചാലും!11

ദേവ, അഗ്നേ, ആ നിന്തിരുവടി ഞങ്ങൾക്കു പൃഥുലവും പ്രശംസനീയവും നല്ല വീര്യത്തോടുകൂടിയതും മഹത്തുമായ (ധനം) അയച്ചുതന്നാലും!12

അഗ്നേ, അങ്ങയെ അഥർവാവു വിശ്വത്തെ വഹിയ്ക്കുന്ന ശിരസ്സായ താമരയിലയിൽ കടഞ്ഞുൽപാദിപ്പിച്ചു.13

ആ വൃത്രഘ്നനും പുരന്ദരനുമായ അങ്ങയെ അഥർവാവിന്റെ പുത്രൻ ദ്രധ്യംഗ് എന്ന ഋഷി ജ്വലിപ്പിച്ചു.14

ദസ്യുക്കളെ കൊന്നൊടുക്കുന്നവനും യുദ്ധത്തിൽ യുദ്ധത്തിൽ ധനഞ്ജയനുമായ ആ അങ്ങയെത്തന്നേ പാഥ്യനായ വൃഷാവ് സമുജ്ജ്വലിപ്പിച്ചു.15

അഗ്നേ, വരിക: അങ്ങയ്ക്കായി ഞാൻ ഇങ്ങനെ മറ്റു സ്തുതികളും ചൊല്ലാം. അങ്ങ് സോമം കുടിച്ചു വളർന്നാലും!16

അങ്ങയുടെ തിരുവുള്ളം ആരിലെങ്കിലും പതിഞ്ഞാൽ, അവന്നു ഭവാൻ മികച്ച ബലം നല്കും; പാർപ്പുമുറപ്പിക്കും.17

ഭവാന്റെ തേജഃപൂരം കണ്ണുകളെ അഞ്ചിയ്ക്കരുതേ! ചുരുക്കം പേരെമാത്രം വസിപ്പിയ്ക്കുന്നവനേ, ഭവാൻ (ഞങ്ങളുടെ) പരിചര്യ സ്വീകരിച്ചാലും!18

ദിവോദാസന്റെ വൈരികളെ വധിച്ച സൽപതിയും ബഹുജ്ഞനും ഭാരതനുമായ അഗ്നി വന്നുചേർന്നു!19

മഹത്ത്വംകൊണ്ടു ചുട്ടെരിയ്ക്കുന്നവനും, എതിർക്കപ്പെടാത്തവനും, ദ്രോഹിയ്ക്കുപ്പെടാത്തവനുമായ തന്തിരുവടി ഭൂമിയിലെ സമ്പത്തെല്ലാം തന്നരുളട്ടെ!20

അഗ്നേ, ആ നിന്തിരുവടി പഴയതെങ്കിലും തുലോം പുതുതായ, വ്യാപിയായ, തിളങ്ങുന്ന തേജസ്സുകൊണ്ട് അന്തരിക്ഷത്തിന്നു വീതികൂട്ടുന്നു! 21

സഖാക്കളേ, ധർഷകനായ, വിധാതാവായ അഗ്നിയ്ക്കു നിങ്ങൾ സ്തോത്രം പാടുവിൻ; ഹവിസ്സും അർപ്പിയ്ക്കുവിൻ.22

തന്തിരുവടി ഇരുന്നരുളട്ടെ: മനുഷ്യൻ യാഗംചെയ്യുന്ന കാലത്തോളം, ഹോതാവും ദൂതനും ഹവ്യവാഹനുമാണല്ലോ, ആ ക്രാന്തപ്രജ്ഞൻ!23

ആ വിശുദ്ധകർമ്മാക്കളായ ഇരുരാജാക്കന്മാരെയും, ആദിത്യരെയും, മരുദ്ഗണത്തെയും ദ്യാവാപൃഥിവികളെയും, വസോ, ഭവാൻ ഇവിടെ യജിച്ചാലും!24

അഗ്നേ, ബലത്തിന്റെ മകനേ, അമൃതനായ അങ്ങയുടെ പ്രശംസനീയമായ പ്രകാശം മനുഷ്യന്ന് അന്നം നല്കിപ്പോരുന്നു. 25

ഇപ്പോൾ അങ്ങയെ പരിചരിയ്ക്കുന്ന ഹവിര്‍ദ്ദാതാവായ മനുഷ്യന്‍ ശ്രേഷ്ഠനും, ശോഭനധനനും, നല്ല സ്തുതി ചൊല്ലന്നവനുമായിത്തീരട്ടെ! 26

അഗ്നേ, അങ്ങയുടെ ആളുകൾ അങ്ങയുടെ രക്ഷയാല്‍ ആയുസ്സു മുഴുവ൯ അനുഭവിയ്ക്കു; ചെറുക്കുന്ന ശത്രുക്കമളെ കടക്കും – ചെറുക്കുന്ന ശത്രുക്കളെ ഉടയ്ക്കും ! 27

അഗ്നി ചൂടറ്റ ജ്വാലകൊണ്ടു് എല്ലാത്തിന്മന്മാരെയും എരിയ്ക്കട്ടെ; അഗ്നി സമ്പത്തു തരട്ടെ! 28

വഴിപോലെ കാണുന്ന ജാതവേദസ്സേ, നിന്തിരുവടി നല്ല വീരന്മാരോടുകൂടിയ ധനം കൊണ്ടുവന്നാലും; സുകര്‍മ്മാവേ, രക്ഷസ്സുകളെ മുടിച്ചാലും ! 29

ജാതവേദസ്സേ, അവിടുന്നു ഞങ്ങളെ പാപത്തില്‍നിന്നു പാലിയ്ക്കണം; മന്ത്രമുച്ചരിപ്പിയ്ക്കുന്നവനേ, അവിടുന്നു ഞങ്ങളെ ദ്രോഹിയില്‍നിന്നും രക്ഷിയ്ക്കണം! 30

അഗ്നേ, യാതൊരു ദുരുദ്ദേശനായ മനുഷ്യന്‍ ഞങ്ങളുടെ നേർക്ക് ആയുധമയയ്ക്കുമോ, അവങ്കല്‍നിന്നും പാപത്തില്‍നിന്നും ഞങ്ങളെ രക്ഷിയ്ക്കണം ! 31

ദേവ, യാതൊരു മനുഷ്യന്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുമോ, ആ ദുഷ്ടനെ അങ്ങ്, ജ്വാലകൊണ്ടു ചുട്ടെരിയ്ക്കണം ! 32

അഗ്നേ, കീഴമർത്തുന്നവനേ, അവിടുന്നു ഭരദ്വാജന്നു സുവിശാലമായ ഗൃഹവും, വരണീയമായ ധനവും കല്ലിച്ചുനല്കുക ! 33

സ്തോതാവിന്നു ധനം നല്ലന്നവനും, കത്തിത്തിളങ്ങുന്നവനും, ഹോമിയ്ക്കപ്പെട്ടവനുമായ അഗ്നി ഇരുട്ടകളെ നശിപ്പിയ്ക്കട്ടെ – 34

അമ്മയുടെ അലസാത്ത ഗര്‍ഭത്തില്‍ വിളങ്ങുന്നവൻ, അച്ഛനെ പുലർത്തുന്നവന്‍, യജ്ഞത്തിന്‍െറ മൂലസ്ഥാനത്തിരിയ്ക്കുന്നവന്‍ ! 35

വഴി പോലെ കാണുന്ന ജാതവേദസ്സേ, അഗ്നേ, അവിടുന്നു വിണ്ണില്‍ വിളങ്ങുന്ന അന്നവും സന്തതിയും കൊണ്ടുവന്നാലും! 36

അഗ്നേ, ബലോൽപന്ന, അന്നവാന്മാരായ ഞങ്ങൾ രമണീയ ദര്‍ശനനായ ഭവാന്റെ അടുക്കലെയ്ക്കു സ്കൂതികൾ അയയ്ക്കുന്നു. 37

അഗ്നേ, ഞങ്ങൾ പൊന്നൊളിയോടേ തിളങ്ങുന്ന ഭവാന്റെ ഇരിപ്പിടത്തില്‍, ഒരു തണലിലെന്നപോലെ വന്നുചേരുമാറാകണം! 38

അഗ്നേ, അവിടുന്ന്, അമ്പെയ്യുന്ന ഒരു ബലവാന്‍പോലെയും, കൊമ്പുകൂർത്ത ഒരു കാളപോലെയും പുരങ്ങൾ ഉടച്ചുവല്ലോ! 39

യാതൊരു ജനിച്ച കുട്ടി, ഒരു വ്യാഘ്രമെന്നപോലെ കൈകളിലെടുക്കപ്പെടുന്നുവോ; ജനങ്ങൾക്കു നല്ല യാഗനിഷ്പാദകനായ ആ അഗ്നിയെ (പരിചരിയ്ക്കുവിന്‍). 40

ദേവന്മാരെ ഊട്ടാന്‍, നിങ്ങൾ തുലോം സമ്പത്തു കിട്ടിയ്ക്കുന്ന ദേവനെ കൊണ്ടുവരുവിന്‍: തന്തിരുവടി സ്വന്തം മൂലസ്ഥാനത്തിരിക്കയ്ക്കട്ടെ! 41

വെളിപ്പെട്ട അതിഥി പോലെ പ്രിയനായ ഗൃഹപതിയെ നിങ്ങൾ സുഖകരനായ ജാതവേദസ്സിങ്കലിരുത്തുവിന്‍. 42

അഗ്നേ, ദേവ, അങ്ങയെ യാഗത്തിന്നു തികച്ചും കൊണ്ടുപോരുന്ന സുശീലരായ അശ്വങ്ങളെ പൂട്ടിയാലും! 43

നിന്തിരുവടി ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും – അന്നമുണ്ണാനും സോമം കുടിപ്പാനും ദേവന്മാരെ കൊണ്ടുവന്നാലും!44

അഗ്നേ, ഭാരത, അവിടുന്ന് ഉയരെ ജ്വലിയ്ക്കുക; നിർജ്ജര, തുലോം വിളങ്ങുന്ന ഭവാൻ അച്ഛിന്നമായ തേജസ്സുകൊണ്ടു വെളിച്ചം വീശുക!45

ഒരു ദേവന്ന് അന്നം നിവേദിയ്ക്കുമ്പോൾ, ആ ഹവിഷ്മാനായ മനുഷ്യൻ അധ്വരത്തിൽ അഗ്നിയെ സ്തുതിയ്ക്കണം – ദ്യാവാപൃഥിവികളുടെ ഹോതാവായ സത്യയഷ്ടാവിനെ കൈതൊഴുതു നമസ്കരിച്ചു പരിചരിയ്ക്കണം.46

അഗ്നേ, ഞങ്ങൾ മനസ്സുകൊണ്ടു പാകപ്പെടുത്തിയ ഋക്കാകുന്ന ഹവിസ്സ് അവിടെയ്ക്കു കാണിയ്ക്കവെയ്ക്കാം: അത് അവിടേയ്ക്കു യുവവൃഷഭങ്ങളും പൈക്കളുമായിത്തീരട്ടെ!47

ആർ സമ്പത്തു വീണ്ടെടുത്തുവോ, ബലത്താൽ രക്ഷസ്സുകളെ ഹനിച്ചുവോ; പാപങ്ങളെ തീരെ നശിപ്പിയ്ക്കുന്ന ആ അഗ്രിമനായ അഗ്നിയെ ദേവകൾ ജ്വലിപ്പിച്ചുപോരുന്നു!48

കുറിപ്പുകൾ: സൂക്തം 16.

[2] മഹാന്മാർ – ദേവന്മാർ.

[3] മാർഗ്ഗഭ്രഷ്ടനായ യഷ്ടാവിനെ വീണ്ടും മാർഗ്ഗത്തിലാക്കിയാലും എന്നു ഹൃദയം.

[4] ഭരതൻ – ദുഷ്ഷന്തപുത്രനായ രാജാവ് ഇരുസുഖങ്ങൾ – ഇഷ്ടപ്രാപ്തിയും അനിഷ്ടപരിഹാരവും.

[5] ഭരദ്വാജന്ന് – എനിയ്ക്കു്.

[6] മേധാവിയുടെ – എന്റെ.

[8] ലബ്ധകാമരായി – ഭവാങ്കൽനിന്ന് അഭീഷ്ടങ്ങൾ നേടി.

[9] വായ്ക്കൊള്ളുന്നവൻ – ഹവിസ്സുകളെ. വായ് – ജ്വാല.

[12] പൃഥുലം = വിശാലം.

[13] താമരയിലയിലത്രേ, പ്രജാപതി ഭൂമിയെപ്പരത്തിയത്; ഭൂമി സർവ ജഗദാധാരവുമാണല്ലോ. അതിനാലാണ്, താമരയിലയ്ക്കു വിശ്വധാരകത്വം.

[14] വൃത്രഘ്നൻ = ശത്രുഹന്താവ്. പുരന്ദരൻ – അസുരപുരങ്ങളെ പിളർത്തവൻ. ദ്രധ്യംഗ് – ദധീചൻ(?)

[15] ധനഞ്ജയൻ – ശത്രുധനങ്ങളെ കീഴടക്കുന്നവൻ. പാഥ്യനായ വൃഷാവ് – ഒരൃഷി.

[16] മറ്റു സ്തുതികൾ – അസുരന്മാരാൽ ഉണ്ടാക്കപ്പെട്ട സ്തുതികൾ.

[17] പാർപ്പുമുറപ്പിയ്ക്കും – അവന്റെ അടുക്കൽ.

[18] അഞ്ചിയ്ക്കരുതേ – ഞങ്ങൾക്കു ദർശനശക്തി തരിക എന്നു ഹൃദയം. ചുരുക്കംപേരെമാത്രം – മിക്കവർക്കും ഈ ഭാഗ്യമുണ്ടാകില്ലല്ലോ!

[19] ബഹുജ്ഞൻ = വളരെ വിഷയങ്ങൾ അറിയുന്നവൻ; സർവജ്ഞൻ എന്നർത്ഥം. ഭാരതൻ – ഹവിർവാഹി.

[20] ചുട്ടെരിയ്ക്കുന്നവൻ – മരങ്ങളെയോ, ശത്രുക്കളെയോ.

[22] ഋത്വിക്കുകളോട്.

[23] ഇരുന്നരുളട്ടെ – ദർഭയിൽ ഉപവേശിയ്ക്കട്ടെ.

[24] ഇരുരാജാക്കന്മാർ – മിത്രനും വരുണനും.

[27] ആളുകൾ – സ്തോതാക്കൾ. ആയുസ്സമുഴുവന്‍ – നൂറുവയസ്സ്.

[28] തിന്മന്മാര്‍ – രാക്ഷസാദികൾ.

[30] മന്ദ്രമുച്ചരിപ്പിയ്ക്കുന്നവനേ – ശബ്ദമുല്‍പാദിപ്പിയ്ക്കുന്നതു്, പ്രാണികളിലിരിയ്ക്കുന്ന അഗ്നിയത്രേ: ‘മനസ്സ ദേഹാഗ്നിയില്‍ മുട്ടുന്നു; ആ അഗ്നി വായുവിനെ പ്രേരിപ്പിയ്ക്കുന്നു: വായു നെഞ്ചില്‍ സഞ്ചരിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു.’

[35] അമ്മ – ഭൂമി. അലസാത്ത ഗര്‍ഭം – വേദി. അച്ഛ – സ്വർഗ്ഗം. പുലർത്തുന്നവൻ – ഹവി സ്സ കൊണ്ടുകൊടുത്ത്. മൂലസ്ഥാനം – ഉത്തരവേദി ഈ വിശേഷണങ്ങൾ മുൻഋക്കിലെ അഗ്നിയോടു ചേർക്കണം.

[36] വിണ്ണില്‍ വിളങ്ങുന്ന അന്നം – അങ്ങ്’ ഞങ്ങാക്കു തരുന്ന അന്നം ഞങ്ങളുടെ ഹവിസ്സായിപ്പരിണമിച്ചു. സ്വര്‍ഗ്ഗത്തില്‍ ദേവകളെ പ്രാപിയ്ക്കുമെന്നു താല്‍പര്യം.

[37] അന്നവാന്മാര്‍ – ഹവിഷ്ടാന്മാര്‍.

[38] തണലിലെന്നപോലെ – -വെയിലേറ്റു വലഞ്ഞവര്‍ തണലത്തു ചെന്നുകൂടന്നതു പോലെ.

[39] പുരങ്ങാൾ – മൂന്നു് അസുരപുരികൾ. ‘രുദ്രന്‍തന്നെയാണ്, അഗ്നി’ എന്ന പ്രമാണത്താലത്രേ, ഇവിടെ അഗ്നിയ്ക്കു ത്രിപുരനാശകത്വം കല്പിച്ചിരിയ്ക്കുന്നത്; രുദ്രന്റെ ബാണം അഗ്ന്യധിഷ്ഠിതമായിരുന്നു എന്നതും ഉപപത്തിയ്ക്കെടുക്കാം.

[40] വ്യാഘ്രമെന്നപോലെ – വ്യാഘ്രാദിഹിംസ്രങ്ങളെ എടുക്കുന്നവര്‍ അപായം പറ്റാതിരിപ്പാന്‍ വളരെ മനസ്സിരുത്തുമല്ലോ. എടുക്കപ്പെടുന്നു – അധ്വര്യുക്കളാൽ. ഋത്വിക്കുകളോടു പറയുന്നതാണിത്.

[41] അധ്വര്യുക്കളോട്: ദേവന്‍ – അഗ്നി. കൊണ്ടവരുവിന്‍ – ആഹവനീയാഗ്നിയോടു ചേർക്കുവിന്‍. മൂലസ്ഥാനം – ആഹവനീയസ്ഥാനം.

[42] അധ്വര്യുക്കളോട്: ഗൃഹപതി – അഗ്നി. ജാതവേദസ്സു് – -ആഹവനീയാഗ്നി.

[46] ഹോതാവ് = വിളിയ്ക്കുന്നവൻ. സത്യയഷ്ടാവ് – അഗ്നി.

[47] പാകപ്പെടുത്തിയ – പചിച്ച, വെടുപ്പുവരുത്തിയ. യുവവൃഷഭങ്ങളും – അങ്ങയ്ക്കു ഭഷിപ്പാൻ.

[48] സമ്പത്ത് – അസുരന്മാരപഹരിച്ച ധനം.

സൂക്തം 17.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ത്രിപദാത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി)

ഏതിനായ് വീണ്ടൂ, നുതൻ നീ പെരിയ ഗോ –
യൂഥത്തെ; – യസ്സോമമിന്ദ്ര, കുടിയ്ക്ക, നീ:
എല്ലാം മറച്ച രിപുവെബ്ബലാൽക്കൊന്നു –
വല്ലോ, ഭവാനുഗ്ര, വജ്രിൻ, പ്രധർഷക!1
ആർ താരക,നാരൃജീഷവാ,നാർ നുതി
ചെയ്തവർക്കു വൃഷാ,വാർ ശോഭനഹനു,
ആർ ഗോത്രഭിത്താ,ർ സവജ്രൻ ഹരിസ്ഥിത, –
നാ നീ തരികി,ന്ദ്ര,ചിത്രഭോജ്യങ്ങളെ!2
ഇന്ദ്ര, കുടിയ്ക്ക, മുൻമട്ടിതി; – മ്പപ്പെടു –
കി; – ന്നുതി കേൾക്കുക; വായ്ക്കുക, വാഴ്ത്തലാൽ;
സൂരനെക്കാട്ടുകി; – ങ്ങന്നം നിറയ്ക്കുക;
വൈരിയെക്കൊല്ക; വരുത്തുക, ഗോക്കളെ!3
അന്നവൻ, നീ കുടിയ്ക്കിന്ദ്ര: സുദീപ്തനാം
നിന്നെ മുക്കട്ടെ,യീ മത്തിയറ്റും മധു –
ഇമ്പപ്പെടുത്തട്ടെ, വായ്പുറ്റ വമ്പനെ, –
സ്സമ്പൂർണ്ണനെ,ക്കീഴമർപ്പോനെ,യാഢ്യനെ!4
നീയിതിൻമത്തുകൊണ്ടല്ലോ, തമസ്സറു –
ത്തീയുഷസ്സൂര്യരെയിന്ദ്ര, വാഴിച്ചതും,
ചെറ്റുമിടംവിട്ടിളകാത്ത, ഗോക്കളെ –
ച്ചുറ്റുമടച്ചു പെരുംകുന്നുടച്ചതും!5
നിൻപ്രജ്ഞയാൽ, നിൻക്രിയാകൗശലങ്ങളാൽ
നിർത്തുന്നു, പക്വമാം പാൽ നീയപക്വയിൽ;
കട്ടിക്കതകു തുറന്നു പുറത്തെയ്ക്കു
വിട്ടു, ഗോശ്രേണിയെസ്സാംഗിരസ്സായ നീ!6
വന്മന്നിതിന്ദ്ര, നിറച്ചു, മഹാൻ ഭവാൻ;
കർമ്മവായ്പാലുറപ്പിച്ചു, വാർവിണ്ണിനെ;
നിർത്തീ, സുരർക്കും ജലത്തിനും തായ്കളാ, –
മസ്തോകമാരാം പഴയ ഭൂദ്യോക്കളെ!7
ഇന്ദ്ര, കരുത്താളുമേകനാമങ്ങയെ
മുൻനിർത്തി, യുദ്ധത്തിനന്നുമ്പരേവരും:
നേരിട്ടുവല്ലോ, നിലിമ്പരെദ്ദൈത്യ: – ന –
പ്പോരിങ്കലിന്ദ്രനിലെത്തീ, (മരുത്തുക്കൾ).8
വന്നെതിർത്തീടുന്ന വൃത്രനെസ്സർവാന്ന –
നിന്ദ്രനുറങ്ങാൻ നിഹനിച്ചവേളയിൽ
ആ വിണ്ണുലകും കുനിഞ്ഞുപായ്, നിൻക്രോധ –
ഭാവവും വജ്രവും കണ്ടു പേടിയ്ക്കയാൽ!9
ത്വഷ്ടാവു തീർത്താൻ, മഹാനാം നിനക്കുഗ്ര,
മൊട്ടു നൂറുള്ളോരു വജ്രമൃജീഷവൻ:
ആയിരംവായ്ത്തലചേരുമതെയ്തല്ലി
നീയരച്ചൂ, കിണഞ്ഞാർത്തേറ്റ വൃത്രനെ!10
ഇന്ദ്ര, സമപ്രീതരുമ്പരെല്ലാം വള –
ർത്തുന്ന ഭവാന്നായ്പ്പചിച്ചു, നൂർപോത്തിനെ;
വിഷ്ണുപൂഷാക്കൾ പകർന്നു, മുപ്പാത്രത്തിൽ
വൃത്രഘ്നമായ മത്തേകുന്ന സോമനീർ!11
ആറുകൾക്കായ് വിട്ടു, ചുറ്റും മറച്ച വൻ –
നീരത്തെ – വെള്ളപ്പരപ്പിനെ – യിന്ദ്ര, നീ;
താഴ്ത്തിയുണ്ടാക്കി,യവയ്ക്കു വഴികളും;
ചേർത്തൂ, കുതിയ്ക്കും ജലങ്ങളെയാഴിയിൽ!12
ഇമ്മട്ടതൊക്കെയും ചെയ്ത സുവീരനെ, –
ക്കമ്രാസ്ത്രവജ്രനെ,യുഗ്രനെ,യിന്ദ്രനെ –
നിർജ്ജരനായ് മഹാനായ ബലദനാം
നിന്നെ – രക്ഷയ്ക്കിങ്ങണയ്ക്ക, നവസ്തവം!13
അബ്ഭവാനിന്ദ്ര, കെല്പന്നംധനംയശ –
സ്സർപ്പിയ്ക്ക, ധീ വായ്ച ദീപ്തരാമെങ്ങളിൽ;
ഇന്ദ്ര, ഭരദ്വാജനാര്യഭൃത്യാഢ്യനാ –
കി; – ന്ദ്ര, നീ നാളെയും രക്ഷിയ്ക്ക, ഞങ്ങളെ!14
ചേരുകി,തുകൊണ്ടു ദേവാന്നമെങ്ങളിൽ;
നൂറ്റാണ്ടു മത്താടുകെ,ങ്ങൾ സുവീരരായ്!15
കുറിപ്പുകൾ: സൂക്തം 17.

[1] ഏതിനായ് – യാതൊന്നു കുടിപ്പാൻ. നുതൻ – അംഗിരസ്സുകളാൽ സ്തുതിക്കപ്പെട്ടവൻ. ഗോയൂഥത്തെ = ഗോസമൂഹത്തെ. വീണ്ടൂ – വീണ്ടെടുത്തു. രിപു – വൃത്രൻ.

[2] താരകൻ – ശത്രുപ്പൂഴ കടത്തുന്നവൻ. വൃഷാവ് – അഭീഷ്ടവർഷി. ചിത്രഭോജ്യങ്ങൾ = വിവിധാന്നങ്ങൾ.

[3] ഇത് – സോമം. ഇന്നുതി – ഞങ്ങളുടെ സ്തുതി. വാഴ്ത്തലാൽ വായ്ക്കുക – സ്തുതികൊണ്ടു വർദ്ധിച്ചാലും. സൂരനെക്കാട്ടുക – സൂര്യനെ ഞങ്ങൾക്കു കാണുമാറാക്കുക. ഗോക്കൾ – അസുരന്മാർ അപഹരിച്ച.

[4] അന്നവൻ = ഹേ അന്നയുക്ത. ഉത്തരാർദ്ധത്തിലെ ദ്വിതീയാന്തപദങ്ങളെല്ലാം നിന്നെ എന്നതിന്റെ വിശേഷണങ്ങൾ.

[5] ഉഷസ്സൂര്യർ = ഉഷസ്സും സൂര്യനും. വാഴിച്ചതും – സ്വസ്ഥാനത്തു നീർത്തിയതും. ഇടംവിട്ട് – നില്ക്കുന്നേടത്തുനിന്ന്.

[6] ക്രിയാകൗശലം = കർമ്മസാമർത്ഥ്യം. അപക്വ – മൂപ്പെത്താത്ത പയ്യ്. കട്ടിക്കതക് = തുലോം ഉറപ്പിയ്ക്കപ്പെട്ടിരുന്ന ഗുഹാദ്വാരം. സാംഗിരസ്സ് = അംഗിരസ്സുകളോടുകൂടിയവൻ.

[7] നിറച്ചു – സസ്യാദികൾകൊണ്ട്. കർമ്മവായ്പ് – വലിയ കർമ്മം. അസ്തോകമാർ = അനല്പകൾ, മഹതികൾ.

[8] ദൈത്യൻ – വൃത്രൻ. മരുത്തുകൾ ഇന്ദ്രനിലെത്തീ – സഹായിപ്പാൻ; മറ്റു ദേവന്മാർ ഓടിപ്പോവുകയാണ് ചെയ്തത്.

[9] സർവാന്നൻ = എല്ലാ അന്നങ്ങളോടുംകൂടിയവൻ. ഉറങ്ങാൻ – ദീർഗ്ഘനിദ്രയ്ക്ക്. പൂർവാർദ്ധം പരോക്ഷം.

[10] തീർത്താൻ = നിർമ്മിച്ചു.

[11] വളർത്തുന്ന – സ്തുതികൊണ്ടു വർദ്ധിപ്പിയ്ക്കന്ന. മുപ്പാത്രം – ദ്രോണകലശം, പൂതഭൃത്തു്, ആധവനീയം. വൃത്രഘ്നം – ശത്രുക്കളെ കൊല്ലുന്നത്; ഇന്ദ്രന്നു ശത്രുവധശക്തിയുണ്ടാകുന്നതു സോമപാനത്താലാണെന്നർത്ഥം.

[12] മറച്ച – വൃതനാൽ മറയ്ക്കപ്പെട്ടിരുന്ന. വൻതീരത്തെ = മഹത്തായ ജലത്തെ. അവ – നദികൾ.

[13] സുവീരൻ – നല്ല വീരന്മാരോടു് (മരുത്തുക്കളോടു) കൂടിയവൻ. കമ്രാസ്ത്രവജ്രൻ = കമനീയങ്ങളായ ആയുധങ്ങളോടും വജ്രത്തോടുംകൂടിയവൻ. നവസ്തവം – ഞങ്ങളുടെ പുതിയ സ്തോത്രം.

[14] ധീ വായ്ച – മേധാവികളായ. ദീപ്തർ = തേജസ്വികൾ. ഭരദ്വാജൻ – ഞാൻ. ആര്യഭൃത്യാഢ്യനാക – ആര്യരോടും (കർമ്മികളായ പുത്രന്മാരോടും), ഭൃത്യരോടുംകൂടിയവനാകട്ടെ. നാളെയും – മേലിലും.

[15] ഇത് – ഈ സ്തുതി. ദേവാന്നം – ദേവനാൽ (ഇന്ദ്രനാൽ) ദത്തമായ അന്നം.

സൂക്തം 18.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

കീഴമർത്തുന്ന കരുത്തുള്ള നിഹന്താവും അഹിംസിതനുമായ പുരുഹൂതനുണ്ടല്ലോ; ആ ഇന്ദ്രനെത്തന്നെ നീ സ്തുതിയ്ക്കുക – കീഴമർത്തപ്പെടാത്തവനും കീഴമർത്തുന്നവനും മനുഷ്യർക്കു വൃഷാവുമായ ഉഗ്രനെ ഈ സ്തുതികൾകൊണ്ടു വളർത്തുക.1

പെരികെപ്പൊടി പൊങ്ങിച്ച് ആർത്തുപൊരുതുന്ന യോദ്ധാവും, ബലവാനും, ദാതാവും, വളരെ വസ്തുക്കൾക്കു സ്നിഗ്ദ്ധത വരുത്തുന്നവനും, ഋജീഷിയുമായ ആ ഏകൻ മനുഷ്യപ്രജകളിൽ ചെല്ലും; ഒപ്പം മത്താടിയ്ക്കും!2

ആ ഏകനായ ഭവാൻ ദസ്യുക്കളെ അടക്കി; കർമ്മിയ്ക്കു് ആൾക്കാരെ കൊടുത്തു – ഇന്ദ്ര, അങ്ങയ്ക്കുണ്ടോ, ആ വീര്യം? ഇല്ലായിരിയ്ക്കും! അത് അവസരത്തിലവസരത്തിൽ അരുളിചെയ്താലും!3

ബലവാനേ, വളരെയിടങ്ങളിൽ പിറന്ന, ദ്രോഹിയ്ക്കുന്നവനെ ഹനിയ്ക്കുന്ന, ഉഗ്രനായ, പ്രവൃദ്ധനായ, വശപ്പെടാത്ത, വശത്താക്കേണ്ടുന്നവരെ വധിയ്ക്കുന്ന നിന്തിരുവടിയ്ക്കു് ആ ഉഗ്രവും ഉയർന്നതുമായ ബലം ഉണ്ടെന്നുതന്നേ ഞാൻ വിചാരിയ്ക്കുന്നു!4

‘അങ്ങും ഞങ്ങളും തമ്മിലുള്ള ആ സഖ്യം നീണാൾ നില്ക്കട്ടെ’ എന്നുരിയാടുന്ന അംഗിരസ്സുകളോടുകൂടി, ദർശനീയ, വീഴാത്തവയെയും വീഴ്ത്തുന്ന ഭവാൻ പൊരുതുന്ന വലനെ വധിച്ചു; അവന്റെ പുരികളും വാതിലുകളുമെല്ലാം പൊളിച്ചു!5

വമ്പിച്ച പോരിൽ സ്തുതിച്ചു വിളിയ്ക്കപ്പെടേണ്ടവനാകുന്നു, ആ ശേഷിനല്കുന്ന ഉഗ്രൻ; അങ്ങനെതന്നേ, പുത്രപൗത്രലാഭത്തിന്നും. യുദ്ധങ്ങളിൽ വിശേഷിച്ചും വന്ദനീയനാണ്, ആ വജ്രപാണി!6

അദ്ദേഹം കുമ്പിടുവിയ്ക്കുന്ന അക്ഷയബലംകൊണ്ടു മനുഷ്യജാതിയെ അതിശയിച്ചിരിയ്ക്കുന്നു; നേതൃമുഖ്യനായ അദ്ദേഹം യശസ്സിലും, അദ്ദേഹം സമ്പത്തിലും, അദ്ദേഹം വീര്യത്തിലും ഒരുപോലെ മേന്മയുള്ളവനാകുന്നു!7

ഇന്ദ്രൻ മോഹാലസ്യപ്പെടില്ല; വെറുതേ വല്ലതും ചെയ്യില്ല. ആ പ്രഖ്യാതനാമാവു പുരികളെ ക്ഷിപ്രം പൊളിപ്പാനും ഉറക്കാനുമായി, ചുമുരി, ധുനി, പിപ്രു, ശംബരൻ, ശുഷ്ണൻ എന്നിവരെ പൊതുക്കി!8

ഇന്ദ്ര, മെലിയിയ്ക്കുന്ന അതിസ്തുത്യമായ കെല്പുയർന്ന നിന്തിരുവടി വൈരിവധത്തിന്നു തേരിൽക്കേറുക: വലംതൃക്കയ്യിൽ വജ്രമെടുക്കുക; വളരെസ്സമ്പത്തുള്ളവനേ, നേരിട്ടു മായകളെ കൊന്നൊടുക്കുക!9

ഇന്ദ്ര, കൊടിയ ഇടിത്തിയ്യിന്നൊത്ത ഭവാൻ, അഗ്നി ഉണക്കക്കാടിനെയെന്നപോലെ, രക്ഷസ്സിനെ ആയുധംകൊണ്ടു ചുട്ടെരിച്ചാലും: ആ ദുർദ്ധർഷമായ മാഹാവജ്രംകൊണ്ടു ചതയ്ക്കുകയും, അലറുകയും, ദുരിതങ്ങളെ പിളർത്തുകയും ചെയ്തവനാണല്ലോ, ഭവാൻ!10

ബഹുവിത്ത, ബലപുത്ര, ഇന്ദ്ര, നിന്തിരുവടി കെല്പേറിയ ഒരായിരം വാഹനങ്ങളിലൂടെ ഇങ്ങോട്ടെഴുന്നള്ളിയാലും: പുരുഹൂത, ഒരസുരനും ആളാകില്ലല്ലോ, അങ്ങയെ പിന്മാറ്റാൻ!11

ആ വളർന്ന ധർഷകനായ ബഹുവിത്തന്റെ മഹിമാവു വിണ്ണിനെയും മന്നിനെയും കവിച്ചിരിയ്ക്കുന്നു: കീഴമർത്തുന്ന മഹാപ്രജ്ഞനായ അവിടെയ്ക്കു് ഒരു ശത്രുവില്ല, തുല്യനില്ല ആശ്രയമില്ല!12

അവിടുന്ന് അച്ചെയ്തത് ഇന്നും പ്രസിദ്ധമാണ്: കുത്സനെയും ആയുവിനെയും ദിവോദാസനെയും രക്ഷിച്ചുവല്ലോ; ഭൂമിയിൽ പാഞ്ഞലഞ്ഞ ദിവോദാസനെ വജ്രംകൊണ്ടു കരയേറ്റി, അനേകായിരം നല്കുകയുംചെയ്തു!13

ദേവ, ഇപ്പോൾ സ്തോതാക്കളെല്ലാം, മേഘത്തെപ്പിളർത്താൻ വേണ്ടി, കവികളിൽവെച്ചു മഹാകവിയായ നിന്തിരുവടിയെ സ്തുതിച്ചുപോരുന്നു: പുകഴ്ത്തപ്പെടുന്ന നിന്തിരുവടി ദുഃഖിതനായ സ്തോതാവിന്നും മകന്നും ധനം കല്പിച്ചുനല്കിയല്ലോ!14

ഇന്ദ്ര, ഭവാന്റെ ആ ബലത്തെ ദ്യാവാപൃഥിവികളും അമർത്ത്യരായ ദേവകളും അനുസരിച്ചുപോരുന്നു. ബഹുകർമ്മാവേ, ഇനി, ഭവാൻ ചെയ്തിട്ടില്ലാത്തതു കല്പിച്ചു ചെയ്യുക – യജ്ഞങ്ങളിൽ ഒരു പുതിയ സ്തോത്രം ഉളവാക്കുക!15

കുറിപ്പുകൾ: സൂക്തം 18.

[1] തന്നോടുതന്നേ പറയുന്നത്: ഉഗ്രൻ = ഓജസ്വി.

[2] സ്നിഗ്ദ്ധത – മഴയാൽ.

[3] ദസ്യുക്കൾ – കർമ്മരഹിതർ. ആൾക്കാർ – പുത്രഭൃത്യാദികൾ. ഇന്ദ്രനെസ്തുതിച്ചിട്ടും കണ്ടുകിട്ടാഞ്ഞതിനാൽ ഋഷി സംശയിച്ചു ചോദിയ്ക്കുന്നു:

[4] ഋഷി സ്വയം തീർച്ചപ്പെടുത്തുന്നു: വളരെയിടങ്ങളിൽ പിറന്ന – അനേകയജ്ഞങ്ങളിൽ ആവിർഭവിച്ച. വശപ്പെടാത്ത – ശത്രുക്കൾക്ക്. വശത്താക്കേണ്ടുന്നവർ – ശത്രുക്കൾ.

[5] സഖ്യം – സ്തുത്യസ്തോതൃരൂപമായ മൈത്രി.

[6] പുത്രപൗത്രലാഭത്തിന്നും വിളിയ്ക്കപ്പെടേണ്ടവനാകുന്നു.

[7] കുമ്പിടുവിയ്ക്കുന്ന – എതിരാളികളെ.

[8] മോഹാലസ്യപ്പെടില്ല – യുദ്ധത്തിൽ. പുരികൾ – ശത്രുക്കളുടെ. ഉറക്കുക – കൊല്ലുക. ചുമുരിമുതൽ അഞ്ചുപേരും അസുരന്മാരാണ്.

[9] മെലിയിയ്ക്കുന്ന – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്ന. മായകൾ – അസുരന്മാർ എന്നർത്ഥം.

[10] ചതയ്ക്കുകയും – ശത്രുക്കളെ.

[11] ബലപുത്ര – ഓജസ്സിൽനിന്നു ജനിച്ചവനേ.

[12] ആശ്രയമില്ല – താനാണ്, എല്ലാറ്റിന്നും ആശ്രയം.

[13] ആയു – പുരൂരവഃപുത്രൻ. അനേകായിരം – ശംബരന്റെ ധനം.

[14] മേഘത്തെപ്പിളർത്താൻ – മഴപെയ്യാൻ. ദുഃഖിതൻ – ദാരിദ്ര്യാദികളാൽ.

[15] ഇതുവരെ ചെയ്തതൊക്കെ സ്തുതിക്കപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.

സൂക്തം 19.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഒരു രാജാവുപോലെ ആളുകളുടെ അഭീഷ്ടം പൂരിപ്പിയ്ക്കുന്ന മഹാനായ ഇന്ദ്രൻ വന്നണയട്ടെ: ബലങ്ങളാൽ ഹിംസിയ്ക്കപ്പെടാത്ത ആ ഇരുലോകത്തലവൻ നമുക്കുവേണ്ടി വീരകർമ്മത്തിനു മുതിരും; തടിച്ചു തഴച്ച തന്തിരുവടിയെ കർമ്മികൾ പരിചരിയ്ക്കുന്നു!1

മഹാൻ, ഗമനശീലൻ, അജരൻ, യുവാവ്, അമർത്തപ്പെടാത്ത ബലംകൊണ്ടു വളർന്നവൻ – ഇങ്ങനെയുള്ള ഇന്ദ്രനിൽത്തന്നെയാണ്, സ്തുതി ദാനാർത്ഥം ചെല്ലുന്നത് പിറന്നപ്പോൾത്തന്നെ തികച്ചും വളർന്നുവല്ലോ, താൻ!2

ഇന്ദ്ര, നിന്തിരുവടി തടിച്ച, പണിയെടുക്കുന്ന, വളരെ കൊടുക്കുന്ന തൃക്കൈകൾ, അന്നം തരാൻ ഞങ്ങളുടെ നേർക്കു നീട്ടിയാലും; ദാനതൽപരനായ അവിടുന്നു യുദ്ധത്തിൽ ഞങ്ങളെ, ഒരിടയൻ മാടിൻകൂട്ടത്തെയെന്നപോലെ മുമ്പോട്ടു തെളിയ്ക്കണം!3

ശത്രുസൂദനനായി, തന്റെ ശക്തരോടു ചേർന്നുവനായിരിയ്ക്കുന്ന ആ ഇന്ദ്രനായ നിന്തിരുവടിയെ ഇപ്പോൾ ഇവിടെ അന്നകാംക്ഷികളായ ഞങ്ങൾ സ്തുതിച്ചുകൊള്ളുന്നു: പണ്ടേത്തെ സ്തോതാക്കൾ അനിന്ദ്യരും അനവദ്യരും അനുപദ്രവരുമായിത്തീർന്നുവല്ലോ!4

കർമ്മവാനും, സോമംകൊണ്ടു വളർന്നവനും, വരണീയമായ ശ്രേഷ്ഠധനം നല്കുന്നവനും, ബഹ്വന്നനുമാണല്ലോ, തന്തിരുവടി: തന്തിരുവടിയിൽതന്നെയാണ്, വേണ്ടുന്ന സമ്പത്തുകൾ, നദികൾ സമുദ്രത്തിലെന്നപോലെ ചെന്നുചേരുന്നത്!5

ശൂര, കീഴമർത്തുന്നവനേ, അവിടുന്നു ഞങ്ങൾക്കു ബലിഷ്ഠമായ ബലവും, കടുത്ത ഓജിഷ്ഠമായ ഓജസ്സും കൊണ്ടുവരിക; ഹര്യശ്വ, മനുഷ്യർക്കു വീര്യമുളവാക്കുന്ന വിഭൂതികൾ എവയോ, അവയെല്ലാം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുക!6

ഇന്ദ്ര, പടയെ കീഴമർത്തുന്ന അഹിംസിതമായ ഒരിമ്പമുണ്ടല്ലോ, അങ്ങയുടെപക്കൽ; പ്രവൃദ്ധമായ അതു ഞങ്ങൾക്കു കൊണ്ടുവന്നാലും: ഇതൊന്നുകൊണ്ടു, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു വിജയം നേടി, പുത്രപൗത്രലബ്ധിയ്ക്കായി സ്തുതിയ്ക്കുമാറാകണം!7

ഇന്ദ്ര, വർഷകവും ധനരക്ഷകവും പ്രവൃദ്ധവും നല്ല ശേഷിയുള്ളതുമായ ബലം ഞങ്ങൾക്കു കൊണ്ടുവരിക: എന്നാൽ ഞങ്ങൾക്കു ഭവാന്റെ രക്ഷകൾകൊണ്ടു യുദ്ധങ്ങളിൽ ശത്രുക്കളെ ഹനിയ്ക്കാം – ബന്ധുക്കളെയും അബന്ധുക്കളെയും പാട്ടിൽനിർത്താം!8

ഇന്ദ്ര, അങ്ങയുടെ വർഷകമായ ബലം പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ, തെക്കുനിന്നോ, കിഴക്കുനിന്നോ വന്നെത്തട്ടെ – എല്ലാദ്ദിക്കിൽനിന്നും ഇങ്ങോട്ടു വരട്ടെ: അവിടുന്നു ഞങ്ങൾക്ക് സുഖകരമായ ധനം തരിക!9

ഇന്ദ്ര, ആൾക്കാരും യശസ്സും ചേർന്ന ധനവും, തുലോം ത്രാണിയുള്ള രക്ഷയും ഭവാങ്കൽനിന്നു ഞങ്ങൾക്കു കിട്ടുമാറാകണം: തമ്പുരാനേ, ഇരുസമ്പത്തിന്റെയും ഉടമയാണല്ലോ, അവിടുന്ന്; വിപുലവും വിശിഷ്ടവും മഹത്തുമായ രത്നം കല്പിച്ചുതന്നാലും!10

മരുത്ത്വാനും, വൃഷാവും, തഴച്ചവനും, കൊള്ളാവുന്നവരോടു പൊരുതുന്നവനും, തേജസ്വിയും ശാസിതാവും, ഉലകടക്കിയവനും, ഉഗ്രനും, ബലപ്രദനുമായ ആ ഇന്ദ്രനെ ഞങ്ങൾ ഇവിടെ പുതിയ രക്ഷയ്ക്കായി സ്തുതിയ്ക്കുന്നു.11

വജ്രിൻ, ഞാൻ യാവചിലരിൽ പെട്ടവനോ, ആ മനുഷ്യരിൽ മീതേ ഗണിയ്ക്കപ്പെടുന്ന ആളെ അങ്ങ് പാട്ടിലാക്കണം: ഇനി, ഭൂമിയിൽ യുദ്ധം വന്നാൽ, ഞങ്ങൾ മകന്നും ഗോക്കൾക്കം വെള്ളത്തിന്നുംവേണ്ടി അങ്ങയെ വിളിയ്ക്കും!12

പുരുഹൂത, ഈ സംഖ്യംകൊണ്ടു ഞങ്ങൾ അങ്ങയോടൊന്നിച്ച് ഇരുവൈരികളെ വിധിച്ചു, ശത്രുവിനെ ശത്രുവിനെ കവിച്ചുനില്ക്കുമാറാകണം; ശൂര, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു, വമ്പിച്ച സമ്പത്തിനാൽ മത്തടിയ്ക്കുമാറാകണം!13

കുറിപ്പുകൾ: സൂക്തം 19.

[1] ഇരുലോകത്തലവൻ – വിണ്ണിന്റെയും മന്നിന്റേയും മേലാൾ. തഴച്ച – ഗുണപ്രവൃദ്ധനായ.

[2] അമർത്തപ്പെടാത്ത ശത്രുക്കളാൽ. ദാനാർത്ഥം – ധനം കിട്ടാൻ. താൻ തന്തിരുവടി.

[4] തന്റെ ശക്തർ – മരുത്തുക്കൾ. പണ്ടേത്തെ സ്തോതാക്കൾക്കു കിട്ടിയ നന്മ ഞങ്ങൾക്കും കിട്ടട്ടേ എന്നു ധ്വനി.

[6] ബലിഷ്ഠം, ഓജിഷ്ഠം എന്നിവയ്ക്കു തുലോം മികച്ച എന്നർത്ഥം.

[7] പടയെ – ശത്രുസേനയെ. ഒരിമ്പം – ലഹരിപിടിച്ച ഒരു വീര്യം. ഇതു് – അങ്ങ് കൊണ്ടുവരുന്ന ഇമ്പം.

[8] ശേഷി = ത്രാണി. ബലം – സേന. എന്നാൽ – അതു കിട്ടിയാൽ.

[9] ഇരുസമ്പത്ത് – ഭൗമ – ദിവ്യസമ്പത്തുകൾ.

[10] കൊള്ളാവുന്നവരോട് – മോശക്കാരോടു പൊരുതില്ല.

[13] ഇരുവൈരികൾ – ബന്ധുക്കളും അബന്ധുക്കളുമായ ശത്രുക്കൾ. ശത്രുവിനെ ശത്രുവിനെ – ഓരോ ശത്രുവിനെയും.

സൂക്തം 20.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, യാതൊരു ധനം പടകളിൽ പറ്റലരെ, സൂര്യൻ ഭുവനങ്ങളെയെന്നപോലെ, കെല്പുകൊണ്ടു കീഴടക്കുമോ, അതിനെ – കൃഷിനിലങ്ങളുള്ളവനും ആയിരം കെട്ടിവെയ്ക്കുന്നവനുമായ അരിന്ദമനെ – ബലസൂനോ, ഭവാൻ ഞങ്ങൾക്കു തന്നാലും!1

ഇന്ദ്ര, ഋജീഷിൻ, അങ്ങയ്ക്കു, സൂര്യന്നെന്നപോലെ, വിപുലമായ യഥാർത്ഥബലം സ്തോതാക്കളാൽ ഉളവാക്കപ്പെട്ടു: ഇതുകൊണ്ടാണല്ലോ, ഭവാൻ വിഷ്ണുവിനോടൊന്നിച്ചു, ജലങ്ങളെ മറച്ച അഹിയായ വൃത്രനെ വധിച്ചതു്!2

നിഹന്താവും, ഓജിഷ്ഠനും, ബലവാനെക്കാൾ ബലവാനും, സ്തുതിയ്ക്കപ്പെട്ടവനും, തേജസ്സു തഴച്ചവനുമായ ഇന്ദ്രൻ പുരികങ്ങളെല്ലാം പിളർത്തുന്ന (വജ്രം) കൈവന്നതോടേ, സോമത്തേനിന്റെ സ്വാമിയായി!3

ഇന്ദ്ര, ഈ യുദ്ധത്തിൽ, മേധാവിയായ ഹവിസ്സമൃദ്ധങ്കൽനിന്നു പണികൾ നൂറുനൂറോടേ പാഞ്ഞുപോയി; അങ്ങ് ശേഷി തികഞ്ഞ ശുഷ്ണന്റെ മായകളെ ആയുധങ്ങൾകൊണ്ടു മുച്ചൂടും മുടിച്ചു; കൊറ്റും ഒരിറ്റു ബാക്കിവെച്ചില്ല!4

വജ്രമേറ്റതോടെ ശുഷ്ണൻ നടകൊണ്ടു! ആ പെരുംദ്രോഹിയുടെ പടയുമൊക്കെ പായിയ്ക്കപ്പെട്ടു. പിന്നീട് ഇന്ദ്രൻ സാരഥിയ്ക്കു, സൂര്യനോടെതിർപ്പാൻ പോന്ന ഒരു തേർ കല്പിച്ചുകൊടുത്തു.5

പരുന്തും മത്തുണ്ടാക്കുന്ന സോമം തന്തിരുവടിയ്ക്കു കൊണ്ടുവന്നു. അവിടുന്നു മുടിയനായ നമുചിയുടെ തല ചതച്ച്, ഉറങ്ങുന്ന സപപുത്രനായ നമിയെ രക്ഷിച്ചു; അക്ഷയമായ സമ്പത്തും അന്നവും കല്പിച്ചു കൊടുക്കുകയുംചെയ്തു!6

വജ്രപാണേ, അവിടുന്നു കൊല്ലുന്ന മായകളുള്ള പിപ്രുവിന്റെ ഉറപ്പുറ്റ പുരികൾ ബലത്താൽ പിളർത്തി; ശോഭനദാന, അവന്റെ അധൃഷ്യമായ ധനം ഹവിസ്സർപ്പിച്ച ഋജിശ്വാവിന്നു നല്കുകയുംചെയ്തു!7

വേണ്ടുന്ന സുഖങ്ങൾ നല്കുന്ന ആ ഇന്ദ്രൻ പെരുംചതിയനായ വേതസുവിനെയും, ദശോണിയെയും, തൂതുജിയെയും, തുഗ്രനെയും, ഇഭനെയും, മകനെ അമ്മയ്ക്കെന്നപോലെ, ദ്യോതനന്ന് എന്നെയ്ക്കുമായി കീഴ്പെടുത്തി!8

തൃക്കയ്യിൽ വൃത്രഘാതിയായ വജ്രമെടുക്കുന്ന എതിരറ്റ ഇന്ദ്രൻ വൈരികളെ വധിയ്ക്കുന്നു; ഒരു യോദ്ധാവു തേരിലെന്നപോലെ, ഇരുഹരികളിൽ കേറുന്നു: വാക്കാൽ പൂട്ടപ്പെടുന്ന അവ ആ മഹാനെ വഹിയ്ക്കുന്നു. 9

ഇന്ദ്ര, അങ്ങയുടെ രക്ഷയാൽ ഞങ്ങൾക്കു പുതുതു കിട്ടുമാറാകണം! മനുഷ്യർ ഇങ്ങനെ യജ്ഞംകൊണ്ടു സ്തുതിയ്ക്കുന്നു: വിധ്വംസകരെ വധിച്ചു, പുരുകുത്സന്നു ധനം കൊടുത്ത ഭവാൻ ശരത്ത് എന്നവന്റെ ഏഴു പുരികൾ വജ്രംകൊണ്ടു പിളർത്തിയല്ലോ!10

ഇന്ദ്ര, ധനേച്ഛയാൽ വളർത്തുന്ന പുരാതനനായ അവിടുന്നു നവവാസ്ത്വനെ നിഹനിച്ചു, കവിപുത്രനായ ഉശനസ്സിന്റെ മകനെ, ആ മഹാനായ അച്ഛന്നു വീണ്ടുകൊടുത്തു!11

ഇന്ദ്ര, വിറപ്പിയ്ക്കുന്ന ഭവാൻ ധുനിയാൽ നിരോധിക്കപ്പെട്ട ജലങ്ങളെ, നദികളെപ്പോലെ ഒഴുകാൻ വിട്ടു. ശൂര, അങ്ങ് സമുദ്രത്തിന്റെ മറുകരയിൽ ചെന്നു തുർവശനെയും യദുവിനെയും സുഖേന കടത്തി!12

ഇന്ദ്ര, യുദ്ധത്തിൽ അതെല്ലാം അങ്ങയെടെതന്നെ: അങ്ങ് ധുനിയെയും ചുമുരിയെയും കിടത്തിയുറക്കിയല്ലോ; അങ്ങയ്ക്കായി സോമം പിഴിഞ്ഞ, ചമത കൊണ്ടുവന്ന, ഹവിസ്സു പചിച്ച ദഭീതി ഉജ്ജലിയ്ക്കയുമായി!13

കുറിപ്പുകൾ: സൂക്തം 20.

[1] ധനം – പുത്രൻ.

[2] സ്തോതാക്കളാൽ – സ്തുതിയാലത്രേ, ദേവതയ്ക്കു ബലമുണ്ടാകുന്നത് അഹി – വൃത്രന്റെ മറ്റൊരു പേർ; വന്നു ഹനിയ്ക്കുന്നവൻ എന്നു ശബ്ദാർത്ഥം.

[3] സോമത്തേൻ – മധുരമായ സോമരസം.

[4] ഹവിസ്സമൃദ്ധൻ – കുത്സൻ. പണികൾ – അസുരന്മാർ. നൂറുനൂറോടേ – ശതശതസൈന്യങ്ങളോടുകൂടി. കൊറ്റും – ശുഷ്ണന്റെ സ്വത്തും നിശ്ശേഷം കീഴടക്കി.

[5] നടകൊണ്ടു – മരണത്തിലെയ്ക്കു്. സാരഥി – കുത്സൻ: ശുഷ്ണയുദ്ധത്തിൽ ഇന്ദ്രന്നു കുത്സനായിരുന്നു, സൂതൻ.

[6] പരുന്ത് – സുപർണ്ണൻ. നമി – ഒരൃഷി.

[7] ഋജിശ്വാവ് – ഒരു രാജാവ്.

[8] വേതസു തുടങ്ങി അഞ്ചുപേരും അസുരന്മാർ. ദ്യോതനൻ – ഒരു രാജാവ്.

[10] പുതുത് – പുതിയ ധനം. വിധ്വംസകർ – കർമ്മം മുടിയ്ക്കുന്ന ശത്രുക്കൾ. പുരുകുത്സൻ – ഒരു രാജാവ്. ശരത്ത് – ഒരസുരൻ.

[11] വളർത്തുന്ന – സ്തോതാക്കളെ. നവവാസ്ത്വൻ – ഒരസുരൻ. മകനെ യുദ്ധത്തിൽ അസുരന്മാർ പിടിച്ചുവെച്ചിരിയ്ക്കയായിരുന്നു.

[12] വിറപ്പിയ്ക്കുന്ന – ശത്രുക്കളെ. ധുനി – അസുരൻ; അവനെ കൊന്നു ജലനിരോധം നീക്കി.

[13] അത് – കർമ്മം. കിടത്തിയുറക്കുക – കൊല്ലുക. ദഭീതി എന്ന രാജാവിന്നുവേണ്ടിയത്രേ, ഇന്ദ്രൻ ധുനി – ചുമുരികളെ കൊന്നത്.

സൂക്തം 21.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

വീര, വളരെയെണ്ണം വാഞ്ഛിയ്ക്കുന്ന സ്തോതാവിന്റെ ഈ ശ്ലാഘ്യസ്തുതികൾ ആഹ്വാതവ്യനും രഥസ്ഥനും അജരനും അതിനൂതനനുമായ നിന്തിരുവടിയെ വിളിയ്ക്കുന്നു; പുകഴ്ത്തപ്പെടേണ്ടുന്ന ഒരു വിഭൂതിയായ ധനം ഉപഗമിയ്ക്കുകയും ചെയ്യുന്നു.1

വിദ്വാനും, സ്തോത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനും, യജ്ഞങ്ങൾകൊണ്ടു വളർന്നവനുമായ ഇന്ദ്രനെത്തന്നെ ഞാൻ പാടിപ്പുകഴ്ത്തുന്നു: വിണ്ണിനെയും മന്നിനെയും വലുപ്പംകൊണ്ടു കവിച്ചതാണല്ലോ, ആ പുരുപ്രജ്ഞന്റെ മഹത്വം!2

തന്തിരുവടിതന്നെയാണല്ലോ, പരത്തപ്പെട്ട വെളിവില്ലാക്കൂരിരുട്ടിനെ സൂര്യനെക്കൊണ്ടു വെളിവുറ്റവാക്കിച്ചത്! ബലവാനേ, അമൃതനായ നിന്തിരുവടിയുടെ ഇരിപ്പിടത്തെ യജിപ്പാനിച്ഛിയ്ക്കുന്ന മനുഷ്യർ ഒരിയ്ക്കലും ഹിംസയിൽ ഏർപ്പെടില്ല!3

അതൊക്കെ ചെയ്ത ഇന്ദ്രൻ ഇപ്പോൾ എവിടെയാണ്? ഏതു രാജ്യത്ത്, ഏതാളുകളിൽ, സഞ്ചരിയ്ക്കുന്നു? ഇന്ദ്ര, എന്തു യജ്ഞമാണ്, അങ്ങയ്ക്കു മനസ്സുഖമുണ്ടാക്കുക? എന്തൊരു മന്ത്രത്തെ, ഏതൊരു ഹോതാവിനെ അങ്ങ് കൈക്കൊള്ളും?4

ബഹുകർമ്മാവേ, പണ്ടേത്തെപ്പഴമക്കാർ ഇപ്പോളെന്നപോലെ കർമ്മപ്രാപ്തിയ്ക്കു് അങ്ങയുടെ സഖാക്കളായി വർത്തിച്ചു; അങ്ങനെതന്നെ, ഇടക്കാലക്കാരും പുതിയവരും. അതിനാൽ പുരുഹൂത, ഇന്നേത്തവനായ എന്റെയും (സ്തോത്രം) അങ്ങ് കേട്ടറിയണം!5

വീര, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടേണ്ടവനേ, ഇന്ദ്ര, അർവാചീനർ നിന്തിരുവടിയെ സ്തുതിച്ചു, ഭവാന്റെ ആ പഴയ പ്രശസ്തകഥകൾ നിബന്ധിച്ചിട്ടുണ്ട്; ഞങ്ങളും, അറിഞ്ഞിട്ടുള്ളവകൊണ്ടു മഹാനായ നിന്തിരുവടിയെ സ്തുതിച്ചുകൊള്ളുന്നു.6

രാക്ഷസപ്പട ഭവാനെ നേരിട്ട് നില്ക്കുന്നു: ഭവാനും പരന്നു വെളിപ്പെട്ട അതിനെ നേരിട്ട്, ഉറച്ചുനില്ക്കുക; ധർഷക, ഭവാന്റെ ഒരു പഴയ കീഴ്ത്തോഴനായ വജ്രംകൊണ്ട് അതിനെ തട്ടിനീക്കുക!7

സ്തോതാക്കളെത്താങ്ങുന്നവനേ, വീര, ഇന്ദ്ര, ഒരു നൂതനൻ ചൊല്ലാൻതുടങ്ങുന്ന സ്തോത്രം അവിടുന്ന് ഉടൻ കേട്ടരുളണം: യജനത്തിൽ ശോഭനഹ്വാനനായ ഭവാൻ പണ്ടു വളരെക്കാലം പിതാക്കളുടെ ബന്ധുവായിരുന്നുവല്ലോ!8

വരുണൻ, മിത്രൻ, ഇന്ദ്രൻ, മരുത്തുക്കൾ, പൂഷാവ്, വിഷ്ണു, ബഹുകർമ്മാവായ അഗ്നി, സവിതാവ്, ഓഷധികൾ, പർവതങ്ങൾ എന്നിവരെ നീ ഇപ്പോൾ നമ്മുടെ തർപ്പണത്തിനും രക്ഷണത്തിന്നുമായി ഇങ്ങോട്ടു നോക്കിയ്ക്കുക!9

ശക്തിയേറിയവനേ, പ്രയഷ്ടവ്യ, നിന്തിരുവടിയെ ഇതാ, സ്തോതാക്കൾ മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു. പുകഴ്ത്തപ്പെടുന്ന ഭവാൻ ഈ ചൊല്ലുന്ന സ്തോത്രവും കേട്ടരുളണം: അമൃത, മറ്റൊരുവനില്ലല്ലോ, ഭവാനെപ്പോലെ!10

യജ്ഞത്തിൽ സംബന്ധിയ്ക്കുന്ന അഗ്നിജിഹ്വർ, എവരോ, എവർ ദസ്യുക്കളെ മുടിപ്പാൻ മനുവിനെ ഉയർത്തിനിർത്തിയോ; ആ യജനീയരെല്ലാവരോടുംകൂടി, ബലത്തിന്റെ മകനേ, വിദ്വാനായ ഭവാൻ എന്റെ സ്തോത്രത്തിലെയ്ക്കു ശീഘ്രം വന്നാലും!11

ഇന്ദ്ര, വഴികൾ നിർമ്മിച്ച വിപശ്ചിത്തായ ഭവാൻ സുഗമങ്ങളിലും ദുർഗ്ഗമങ്ങളിലും ഞങ്ങൾക്കു മുൻനടക്കുന്നവനാകണം! വാട്ടംതട്ടാത്ത വലിയ വാഹനങ്ങളുണ്ടല്ലോ, അങ്ങയ്ക്കു്; അവയിലൂടേ ഞങ്ങൾക്ക് അന്നം കൊണ്ടുവന്നാലും!12

കുറിപ്പുകൾ: സൂക്തം 21.

[1] വിഭൂതി – ജഗദ്വിഭവഹേതു. ധനം – ഹവിസ്സ്. ഉപഗമിയ്ക്കുകയും ചെയ്യുന്നു – അങ്ങയെ പ്രാപിയ്ക്കുകയും ചെയ്യുന്നു.

[3] പരത്തപ്പെട്ട – വൃത്രനാൽ. വെളിവുറ്റതാക്കിയത് – ഇരുട്ടകറ്റി, വെളിവുവരുത്തിയത് ഇരിപ്പിടത്തെ – സ്വർഗ്ഗത്തിലെ ദേവന്മാരെ.

[4] ഇന്ദ്ര എന്നു തുടങ്ങി പ്രത്യക്ഷോക്തി.

[5] പഴമക്കാർ – അംഗിരഃപ്രഭൃതികൾ. പുതിയവർ – ഇന്നുള്ളവർ.

[6] നിബന്ധിച്ചിട്ടുണ്ട് – കഥകളവലംബിച്ചു കാവ്യങ്ങൾ ചമച്ചിട്ടുണ്ട്.

[7] കീഴ്ത്തോഴൻ – വശഗനായ ചങ്ങാതി. അതിനെ – രാക്ഷസപ്പടയെ.

[8] നൂതനൻ – അധുനാതനനായ ഞാൻ. പിതാക്കൾ – അംഗിരസ്സുകൾ.

[9] തന്നോടുതന്നേ പറയുന്നു: ഇങ്ങോട്ടു നോക്കിയ്ക്കുക – അഭിമുഖീകരിയ്ക്കുക.

[10] ഈ ചൊല്ലുന്ന – എന്റെ.

[11] അഗ്നിജിഹ്വർ = അഗ്നിയാകുന്ന നാവോടുകൂടിയവൻ. യജനീയർ – ദേവന്മാർ.

[12] വിപശ്ചിത്ത് – വിദ്വാൻ. വാഹനങ്ങൾ – അശ്വങ്ങൾ.

സൂക്തം 22.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആരൊരാളോ, മനുഷ്യർക്ക് ആഹ്വാതവ്യൻ; വൃഷാവും, ബലവാനും, സത്യഭുതനും ദാതാവും, ബഹുപ്രജ്ഞനും, കീഴമർത്തുന്നവനും, അധിപതിയും ആരോ; ആ ഇന്ദ്രനെ ഞാൻ ഇങ്ങനെ സ്തുതിച്ചുകൊള്ളുന്നു.1

എതിർത്തവരെ അമർത്തുന്ന, കടക്കുന്ന, മലകളിൽ മരുവുന്ന അലംഘ്യശാസനനായ, ബലിഷ്ഠനായ തന്തിരുവടിയെത്തന്നെയാണല്ലോ, ഞങ്ങളുടെ പൂർവപിതാക്കൾ – മേധാവികളായ ഏഴു നവഗ്വന്മാർ – അന്നമൊരുക്കി സ്തുതിച്ചത്.2

ആ ഇന്ദ്രനോടു ഞങ്ങൾ വളരെ വീരരോടും ആൾക്കാരോടും വളരെ യശസ്സോടുംകൂടിയ ധനം യാചിയ്ക്കുന്നു: ഹര്യശ്വ, അങ്ങ് അച്ഛിന്നവും അക്ഷീണവും സുഖകരവുമായ അതു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കാൻ കൊണ്ടുവന്നാലും!3

ഇന്ദ്ര, പണ്ട് അങ്ങയെ സ്തുതിച്ചവർ ഒരു സുഖം നേടിയല്ലോ; അതു ഞങ്ങൾക്കു പറഞ്ഞുതരിക! ദുർദ്ധര, പരന്തപ, പുരുഹൂത, പുരുധന, അസുരഘ്നനായ ഭവാനുള്ള ഭാഗം ഏതാണ്, അന്നം ഏതാണ്? 4

വജ്രമേന്തി തേരിലിരിയ്ക്കുന്ന ആ ഇന്ദ്രനെ, ബഹുഗ്രഹീതാവിനെ ബഹുകർമ്മാവിനെ, ബലപ്രദനെ ആരുടെ കർമ്മയുക്തമായ വർണ്ണനസ്തവം പൂജിയ്ക്കുന്നുവോ; അവൻ അന്നം നേടും, അമിത്രനെ എതിർക്കും.5

സ്വന്തം ഓജസ്സും നല്ല തേജസ്സുമുള്ള മഹാനേ, ആ മായകൊണ്ടു വളർന്ന അവനെയും, മുറുകെ ഉറപ്പിയ്ക്കപ്പെട്ട അക്ഷയ(പുരി)കളെയും അങ്ങ് മനോവേഗമുള്ള ധർഷകമായ വജ്രംകൊണ്ടുടച്ചുവല്ലോ!6

ബലിഷ്ഠനായ ആ പഴയ ഭവാനെ പഴമക്കാർപോലെ, ഞാൻ അതിനൂതനമായ സ്തുതികൊണ്ടു വലുപ്പംവെപ്പിയ്ക്കാൻ നോക്കാം: ആ അപ്രമേയനും ശോഭനവാഹനനുമായ ഇന്ദ്രൻ ഞങ്ങളെ എല്ലാദ്ദുർഗ്ഗങ്ങളും കടത്തട്ടെ!7

വൃഷാവേ, അങ്ങ് ദ്രോഹികളുടെ ദിവ്യഭൗമാന്തരീക്ഷവസതികളിൽ തീ വെച്ചാലും – എല്ലാടത്തും അവരെ തേജസ്സുകൊണ്ടു ചുട്ടാലും – ബ്രഹ്മദ്വേഷികൾക്കായി, ഭൂമിയും അന്തരിക്ഷവും കത്തിച്ചാലും!8

ജ്വലിക്കുന്ന കാഴ്ചയുള്ളവനേ, ഇന്ദ്ര, വിണ്ണിലും മന്നിലുമുള്ള ജനങ്ങളുടെ രാജാവാണല്ലോ, നിന്തിരുവടി: ജരയേശാത്തവനേ, വജ്രം വലംകയ്യിലെടുക്കുക; എല്ലാ മായകളെയും അരിയുക!9

ഇന്ദ്ര, ഞങ്ങൾക്കു പറ്റലരെ പിന്നിടാൻ, അഹിംസിതമായി ഇണങ്ങിച്ചേരുന്ന മഹാക്ഷേമത്തെ കൊണ്ടുവന്നാലും: വജ്രിൻ, ഇതു കൊണ്ടാണല്ലോ, അങ്ങ് കർമ്മരഹിതമായ മനുഷ്യവർഗ്ഗത്തെ കർമ്മയുക്തമാക്കിയതും, വൈരികളെ ശോഭനമാംവണ്ണം വധിച്ചതും!10

പുരുഹൂത, വിധാതാവേ, പ്രയഷ്ടവ്യ, അവിടുന്നു വിശ്വവരേണ്യങ്ങളായ അശ്വങ്ങളിലൂടേ ഞങ്ങളിൽ വന്നാലും – അസുരനാലോ സുരനാലോ തടയപ്പെടാത്ത അവയിലൂടേ വേഗത്തിൽ എന്റെ അടുക്കലെയ്ക്കു പോന്നാലും!11

കുറിപ്പുകൾ: സൂക്തം 22.

[1] അധിപതി – ലോകങ്ങളുടെ.

[2] കടക്കുന്ന – ശത്രുക്കളെ പിന്നിടുന്ന. നവഗ്വന്മാർ – അംഗിരസ്സുകൾ. അന്നം – ഹവിസ്സ്.

[3] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: അതു – ധനം.

[5] അമിത്രൻ = ശത്രു.

[6] അവൻ – വൃത്രൻ.

[7] രണ്ടാംവാക്യം പരോക്ഷം.

[8] ദിവ്യഭൗമാന്തരീക്ഷവസതികൾ – ദ്യോവിലും ഭൂവിലും അന്തരിക്ഷത്തിലുമുള്ള പാർപ്പിടങ്ങൾ. ബ്രഹ്മദ്വേഷികൾക്കായി – ബ്രഹ്മദ്വേഷികളെ ചുട്ടെരിപ്പാൻ.

[10] ഇതു – ക്ഷേമം.

സൂക്തം 23.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, സോമം പിഴിഞ്ഞു മഹത്തായ സ്തോത്രവും ഉക്ഥവും ചൊല്ലുമ്പോളാണല്ലോ, മഘവൻ, ഇന്ദ്ര, നിന്തിരുവടി സജ്ജനായിട്ട് ഇരുഹരികളെ പൂട്ടി, തൃക്കയ്യിൽ വജ്രവുമെടുത്ത് എഴുന്നള്ളുക!1

ഇന്ദ്ര, അപ്പോളാണല്ലോ, വിണ്ണിൽ ശൂരസേവ്യമായ യുദ്ധത്തിൽ ചെല്ലേണ്ടിയിരിയ്ക്കെ, ഭവാൻ പിഴിഞ്ഞവനെ രക്ഷിയ്ക്കുന്നതും; ഇന്ദ്ര, അപ്പോളാണല്ലോ, ഒരുമ്പെടുന്ന ദസ്യുക്കളെ ഭവാൻ ഭയമെന്നിയേ, ഭയപ്പെടുന്ന കർമ്മകുശലന്നു കീഴ്പെടുത്തുന്നതും!2

സ്തോതാവിനെ നേർവഴിയ്ക്കു കൊണ്ടുനടക്കുന്ന കരുത്തനായ ഇന്ദ്രൻ സോമനീർ നുകരട്ടെ! പിഴിഞ്ഞ യജ്ഞകുശലന്നു ലോകം കല്പിയ്ക്കട്ടെ; പുകഴ്ത്തുന്ന സ്ത്രോത്രകാരനും ധനം നല്കട്ടെ!3

സോമം കുടിയ്ക്കുന്ന ഗോപ്രദനായ വജ്രപാണി ഇരുഹരികളിലൂടേ ഇത്രയും സവനങ്ങളിൽ എഴുന്നള്ളട്ടേ; മനുഷ്യഹിതനായി ബഹുവീരാന്വിതനായ പുത്രനെ കല്പിച്ചുനല്കട്ടെ; സ്തോത്രങ്ങൾകൊണ്ടു വരുത്തപ്പെടേണ്ടവൻ പാടുന്നവന്റെ സ്തുതി കേട്ടരുളട്ടെ!4

നമ്മെ പോറ്റിപ്പോരുന്ന പുരാതനനായ ഈ ഇന്ദ്രന്നു വേണ്ടുന്നതു യാതൊന്നോ, അതു ഞങ്ങൾ ചെയ്യുന്നു: ഇന്ദ്രന്നായി സോമം പിഴിഞ്ഞു സ്തുതിയ്ക്കുന്നു; ഉക്ഥം ചൊല്ലി, വളർച്ച വരുത്തുന്ന ഹവിസ്സും അർപ്പിയ്ക്കുന്നു.5

ഇന്ദ്ര, അവിടുന്നു സ്തോത്രങ്ങളെ വർദ്ധകങ്ങളാക്കിയിട്ടുണ്ടല്ലോ; അപ്രകാരമുള്ളവ ഞങ്ങൾ ആലോചിച്ചു ചൊല്ലിക്കൊള്ളുന്നു – നീർനുകരുന്നവനേ, ഞങ്ങൾ സോമം പിഴിഞ്ഞ്, അതീവ സുഖകരങ്ങളും രമണീയങ്ങളുമായ സ്തോത്രങ്ങളും ഹവിസ്സുകളും അർപ്പിയ്ക്കാം.6

ഇന്ദ്ര, ആ വിളയാടുന്ന ഭവാൻ ഞങ്ങളുടെ പുരോഡാശം നോക്കുക; തയിരും മറ്റും ചേർത്ത സോമനീർ കുടിയ്ക്കുക; യജമാനന്റെ ഈ ദർഭയിലിരിയ്ക്കുക; ഭവൽകാമന്റെ ലോകം വലുതാക്കുക!7

ബലിഷ്ഠ, അങ്ങനെ അവിടുന്നു യഥേഷ്ടം മത്തടിയ്ക്കുക: ഞങ്ങളുടെ ഈ സോമങ്ങളും ഈ സ്ത്രോത്രങ്ങളും പുരുഹൂതനായ ഭവാനെ പ്രാപിയ്ക്കട്ടെ; ഇന്ദ്ര, ഈ സ്തുതി, രക്ഷയ്ക്കുവേണ്ടി, ഭാവാങ്കലണയട്ടെ!8

സഖാക്കളേ, നിങ്ങൾ സോമം പിഴിഞ്ഞ്, ഈ ദാതാവായ ഇന്ദ്രനെ വേണ്ടുവോളം നിറയ്ക്കുവിൻ: വളരെക്കൂട്ടം അവിടെയിരിയ്ക്കട്ടേ, നമ്മെപ്പുലർത്താൻ; പിഴിഞ്ഞവനെ രക്ഷിപ്പാൻ ഇന്ദ്രൻ മടിയ്ക്കില്ല!9

ഹവിർദ്ധനന്ന് ഒരീശ്വരനായ ഇന്ദ്രനെ, സോമം പിഴിഞ്ഞപ്പോൾ, ഭരദ്വാജൻ ഇങ്ങനെ സ്തുതിച്ചു: സ്തോതാവിനെ ഇന്ദ്രൻ നല്ല വഴിയ്ക്കയയ്ക്കണം; വിശ്വവരേണ്യങ്ങളായ ധനങ്ങളും നല്കണം!10

കുറിപ്പുകൾ: സൂക്തം 23.

[2] പിഴിഞ്ഞവൻ – സോമം.

[4] ഇത്രയും – മൂന്ന് കല്പിച്ചുനല്കട്ടെ – യജമാനന്ന്. വരുത്തപ്പെടേണ്ടവൻ – ഇന്ദ്രൻ.

[5] ഇന്ദ്രന്നു വേണ്ടുന്നത് – ഇന്ദ്രൻ ഇച്ഛിയ്ക്കുന്ന സ്തോത്രവും മറ്റും.

[6] വർദ്ധകങ്ങൾ – തനിയ്ക്കു വളർച്ചവരുത്തുന്നവ.

[7] ഭവൽകാമന്റെ – അങ്ങയ്ക്കായി യജ്ഞംചെയ്യുന്നവന്റെ.

[8] രക്ഷയ്ക്കുവേണ്ടി – ഞങ്ങളുടെ.

[9] സ്തോതാക്കളോട്:

സൂക്തം 24.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സോമയാഗങ്ങളിൽ ഇന്ദ്രന്റെ മത്തും സ്തോത്രവും ഉക്ഥവും വർഷകമായിത്തീരുന്നു: മനുഷ്യർ ഉക്ഥങ്ങൾകൊണ്ടു സ്തുതിയ്ക്കേണ്ടവനാകുന്നു, സോമപായിയും ഋജീഷവാനുമായ മഘവാവ്; സ്തുതികളുടെ രാജാവാണ്. അക്ഷീണരക്ഷകനുമാണ്, ആ സ്വർഗ്ഗസ്ഥൻ!1

നിഹന്താവും, വീരനും, വിശുദ്ധജ്ഞാനനും, മനുഷ്യഹിതനും, നരർക്കു സ്തുത്യനും. സ്തുതി കേൾക്കുന്നവനും, സ്തോതാവിനെ പരക്കെ രക്ഷിയ്ക്കുന്നവനും – സ്തുതികാരനെ താങ്ങുന്നവനും – വസുവുമായ ആ അന്നവാൻ യജ്ഞത്തിൽ സ്തുതിയ്ക്കുപ്പെട്ടാൽ അന്നം കല്പിച്ചുതരും!2

ശൂര, മഹാനായ പുരുഹൂത, അച്ചുതണ്ട് ഇരുചക്രങ്ങളെയെന്നപോലെ, അങ്ങയുടെ മഹിമ വാനൂഴികളെ കവിച്ചുനില്ക്കുന്നു; ഇന്ദ്ര, അങ്ങയുടെ ബഹുരക്ഷകൾ, വൃക്ഷത്തിന്റെ കൊമ്പുകൾപോലെ മുളച്ചുവരുന്നു!3

ബഹുകർമ്മാവേ, ബുദ്ധിമാനായ ഭവാന്റെ ശക്തികൾ, ഗോക്കളുടെ മാർഗ്ഗങ്ങൾ പോലെ പരക്കുന്നവയാകുന്നു; ശോഭനദാനനായ ഇന്ദ്ര, പൈക്കിടാങ്ങളുടെ നെടുംകയറുകൾപോലെ ബന്ധകങ്ങളുമാകുന്നു, ബന്ധിയ്ക്കപ്പെടാത്തവയുമാകുന്നു!4

ഇന്ദ്രൻ, ഇന്നൊന്നു, നാളെ മറ്റൊന്ന്, ഇങ്ങനെ നല്ലതും ചീത്തയും പേർത്തു പേർത്തു ചെയ്യും. മിത്രൻ, വരുണൻ, പൂഷാവ്, സവിതാവ് എന്നിവരും ഇവിടെ നമുക്കു കാമ്യഫലം കിട്ടിയ്ക്കട്ടെ!5

ഇന്ദ്ര, ഉക്ഥം, ഹവിസ്സ് എന്നിവകൊണ്ട് (ആളുകൾ) ഭവാങ്കൽനിന്നു, മലമുകളിൽനിന്നു വെള്ളമെന്നപോലെ, (ഇഷ്ടം) നേടിയിരിയ്ക്കുന്നു. സ്തോത്രവാഹ്യ, ആ ഭവാങ്കൽ അന്നേച്ഛുക്കൾ ഈ ശോഭന സ്തുതികളാൽ, കുതിരകൾ യുദ്ധത്തിലെന്നപോലെ അണയുന്നു!6

ഈ ഇന്ദ്രനെ സംവത്സരങ്ങളോ മാസങ്ങളോ കിഴവനാക്കില്ല; ദിവസങ്ങളും മെലിയിയ്ക്കില്ല. തടിച്ചതെങ്കിലും തന്റെ തിരുവുടൽ സ്തോമോക്ഥസ്തുതിമൂലം തടിയ്ക്കട്ടെ!7

സ്തുതിക്കപ്പെടുന്ന ഇന്ദ്രൻ ദൃഢഗാത്രന്നോ, സ്ഥിരന്നോ, ഒരുമ്പെടുന്ന ദസ്യുപ്രേരിതന്നോ വണങ്ങില്ല: അവിടെയ്ക്കു മാമലകളും സുഗമങ്ങളാണ്; ആഴത്തിലും നില കിട്ടും!8

ബലവാനേ, സോമം നുകരുന്നവനേ, അവിടുന്ന് ആഴവും പരപ്പുമുള്ള (മനസ്സാൽ) ഞങ്ങൾക്കു കൊറ്റും കെല്പും തരിക; ഉപദ്രവിക്കാതെ, അഹസ്സിലും അല്ലിലും രക്ഷിപ്പാൻ ഒരുങ്ങിനില്ക്കുകയും ചെയ്യുക!9

ഇന്ദ്ര, അങ്ങ് നേതാവിനെ യുദ്ധത്തിൽ രക്ഷിപ്പാൻ വന്നുചേരണം; ഇവിടെയും അകലത്തുമുള്ള ശത്രുവിൽനിന്നു രക്ഷിയ്ക്കണം – ഇദ്ദേഹത്തെ ഭവനത്തിലും വനത്തിലും ശത്രുവിൽനിന്നു രക്ഷിക്കണം! ഞങ്ങൾ നല്ല വീരന്മാരോടുകൂടി ഒരു നൂറ്റാണ്ടു മത്തടിയ്ക്കുമാറാകട്ടെ!10

കുറിപ്പുകൾ: സൂക്തം 24.

[1] വർഷകം = വൃഷ്ടിജനകം. അക്ഷീണരക്ഷൻ = ഒരിയ്ക്കലും ക്ഷയിയ്ക്കാത്ത രക്ഷകളോടുകൂടിയവൻ.

[2] നിഹന്താവ് – ശത്രുക്കളെ ഹനിയ്ക്കുന്നവൻ. വസു – വാസസ്ഥാനം നല്കുന്നവൻ.

[4] ശക്തികൾ = കഴിവുകൾ. പരക്കുന്നവയാകുന്നു – മാടുകൾ മേഞ്ഞുമേഞ്ഞ് അകലത്തെയ്ക്കു പോകുമല്ലോ. നീണ്ട ഓരോ കയറിന്മേലും അനേകം പൈക്കുട്ടികളെ കെട്ടും; അതുപോലെ, ഭവാന്റെ ഓരോ ശക്തിയും അനേകശത്രുക്കളെ ബന്ധിയ്ക്കുന്നു. അവയ്ക്കു (ശക്തികൾക്കു) ബന്ധനം (തടവു) വരില്ലതാനും.

[5] നല്ലത് – മഴ പെയ്യിയ്ക്കലും മറ്റും. ചീത്ത – ഇടിത്തീയ്യു വീഴ്ത്തലും മറ്റും. ഇന്ദ്രന്റെ വരുതിയിലുള്ളവരാണല്ലോ, മിത്രാദികൾ.

[7] തടിയ്ക്കട്ടെ – വീണ്ടും വളരട്ടെ. ഇന്ദ്രൻ നിത്യതരുണനും, പ്രവൃദ്ധനുമാണെന്നു സാരം.

[8] സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചുനിൽക്കുന്നവൻ. ദസ്യുപ്രേരിതൻ = ദസ്യുക്കളാൽ, കർമ്മരഹിതരാൽ പ്രചോദിതൻ.

[10] നേതാവ് – കർമ്മി, സ്തോതാവ്.

സൂക്തം 25.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ബലവാനേ, ഇന്ദ്ര, താന്നതും മികച്ചതും ഇടത്തരവുമായ രക്ഷകളുണ്ടല്ലോ, ഭവാങ്കൽ; അവകൊണ്ടു യുദ്ധത്തിൽ ഞങ്ങളെ രക്ഷിച്ചാലും; ഉഗ്ര, മഹാനായ ഭവാൻ ഈ അന്നങ്ങളും ഞങ്ങൾക്കു തരണം!1

ഇന്ദ്ര, ഇവകൊണ്ടു ഭവാൻ (ഞങ്ങളുടെ) കൊല്ലുംപടയെ വലയ്ക്കാതെ, അരാതിയുടെ അരിശം അറുത്തുകളയണം; ഇവകൊണ്ട്, എങ്ങുമുള്ള എതിരാളികളായ വിധ്വംസകരെയെല്ലാം അങ്ങ് കർമ്മിയ്ക്കുവേണ്ടി കൊന്നൊടുക്കണം!2

ഇന്ദ്ര, ജ്ഞാതികളോ അജ്ഞാതികളോ എതിർത്തുകേറി ദ്രോഹിപ്പാനൊരുമ്പെട്ടാൽ, അവരുടെ ബലം ഭവാൻ അകറ്റണം, വീര്യം കെടുക്കണം, പിന്തിരിപ്പിയ്ക്കണം!3

രണ്ടു ഭാസുരാംഗന്മാർ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിന്നോ കൃഷിനിലങ്ങൾക്കോ വേണ്ടി, അട്ടഹസിച്ചും വാദിച്ചും പൊരുതിത്തുടങ്ങിയാൽ, അവരിൽ അശുരൻതന്നെയും ശൂരനെ അടിച്ചിടിച്ചു കൊന്നുകളയും!4

ഇന്ദ്ര, അങ്ങയോട് ഒരു ശൂരനോ, ഒരു ഹന്താവോ, ഒരു ധർഷകനോ, അങ്ങയോട് ഒരു ക്രോധംപൂണ്ട യോധനോ പൊരുതിയിട്ടില്ല. ഇവരിൽ ആരുമില്ല, അങ്ങയ്ക്കൊത്തവൻ. ജനിച്ചിട്ടുള്ള അക്കൂട്ടരെയെല്ലാം അങ്ങ് കീഴടക്കിയിരിയ്ക്കുന്നു!5

മഹത്തായ നിരോധത്തിന്നോ, ആൾക്കാരോടുകൂടിയ ഗൃഹത്തിന്നോ ഒരുമ്പെട്ടു പൊരുതുന്ന രണ്ടുപേരിൽവെച്ചു, ധനത്തിന്ന് ഉടമസ്ഥനാകുന്നത്, ആരുടെ യജ്ഞത്തിൽ കർമ്മികൾ സ്തുതിയ്ക്കുന്നുവോ, അവനത്രേ!6

ഇന്ദ്ര, അങ്ങയുടെ ആളുകൾ വിറച്ചുപോയാൽ, അങ്ങ് ചെന്ന് അവരെ രക്ഷിയ്ക്കണം; ഇന്ദ്ര, ഞങ്ങളെ എത്തിയ്ക്കുന്ന നേതൃമുഖ്യന്മാർ, ഞങ്ങളെ പുരസ്കരിച്ച സ്തോതാക്കൾ എന്നിവരെയും!7

ഇന്ദ്ര, യജനീയ, മഹാനായ അങ്ങയുടെ ഐശ്വര്യത്തിന്നായി അങ്ങയ്ക്കു നല്കപ്പെട്ടിരിയ്ക്കുന്നു – വൃത്രവധത്തിന്നു, യുദ്ധത്തിൽ വീര്യം, ബലം എന്നിതെല്ലാം ദേവന്മാരാൽ സത്യമായി അങ്ങയ്ക്കു നല്കപ്പെട്ടിരിക്കുന്നു.8

ഇന്ദ്ര, ഇങ്ങനെ അവിടുന്നു ഞങ്ങളുടെ സേനകളെ യുദ്ധങ്ങളിലിറക്കുക; ദ്രോഹിയ്ക്കുന്ന അസുരരെ കീഴടക്കുക. ഇന്ദ്ര, നിന്തിരുവടിയെ സ്തുതിയ്ക്കുന്ന ഭരദ്വാജർ അന്നവും പാർപ്പിടവും തീർച്ചയായി നേടുമാറാകണം.9

കുറിപ്പുകൾ: സൂക്തം 25.

[1] ഭവാങ്കൽ = അങ്ങയുടെപക്കൽ.

[2] ഇവ – ഞങ്ങളുടെ സ്തുതികൾ. കൊല്ലുംപട – ശത്രുക്കളെ കൊല്ലുന്ന സൈന്യം. വലയ്ക്കാതെ – രക്ഷിച്ച് എന്നർത്ഥം. വിധ്വംസകർ – കർമ്മനാശകർ.

[3] ജ്ഞാതികൾ = ശേഷക്കാർ.

[4] അങ്ങ് അനുഗ്രഹിച്ചാൽ അശൂരൻപോലും ശൂരനെ കൊല്ലും.

[6] സ്തുതിയ്ക്കുന്നു – ഇന്ദ്രനെ. പിണങ്ങിയ രണ്ടുപേരിൽ ഇന്ദ്രസ്തുതിപ്രവർത്തകൻ ആരോ, അയാൾക്കാവും ധനലബ്ധി.

[7] വിറച്ചുപോയാൽ – ശത്രുഭയംമൂലം. എത്തിയ്ക്കുന്ന – ഭവാങ്കലണയ്ക്കുന്ന എന്നിവരെയും – രക്ഷിക്കണം.

[9] ഭരദ്വാജർ – ഭരദ്വാജഗോത്രക്കാർ.

സൂക്തം 26.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, കേൾക്കുക: അങ്ങയെ നീരാടിയ്ക്കുന്ന ഞങ്ങൾ മഹത്തായ അന്നത്തിനുവേണ്ടി വിളിയ്ക്കുന്നു. ആളുകൾ യുദ്ധത്തിൽ ഒത്തുചേർന്നാൽ, അങ്ങ് ഒടുക്കത്തെ ദിവസത്തിൽ ബലവത്തായ രക്ഷ ഞങ്ങൾക്കരുളണം!1

ഇന്ദ്ര, ഹവിസ്സോടുകൂടിയ വാജിനീപുത്രൻ, കിട്ടേണ്ടുന്ന മഹത്തായ അന്നത്തിന്നുവേണ്ടി അങ്ങയെ സ്തുതിയ്ക്കുന്നു; ഉപദ്രവംവരുമ്പോൾ സജ്ജനപാലകനും (ദുർജ്ജന) നാശകനുമായ അങ്ങയെ സ്തുതിയ്ക്കുന്നു; ഗോക്കൾക്കുവേണ്ടി, മുഷ്ടിയുദ്ധം ചെയ്യുമ്പോൾ അങ്ങനെ നോക്കുന്നു!2

അങ്ങ് ഉശനസ്സിനെ അന്നലാഭത്തിന്നയച്ചു; അങ്ങ് (ഹവിസ്സു) നല്കിയ കുത്സന്നുവേണ്ടി ശുഷ്ണനെ അരിഞ്ഞു; അങ്ങ് അതിഥിഗ്വന്നു സുഖം വരുത്താൻ ‘മർമ്മരഹിത’ന്റെ തല കൊയ്തു!3

ഇന്ദ്ര, അങ്ങ് ഒരു വമ്പിച്ച പടത്തേർ കൊണ്ടുവന്നു, പത്തുനാൾ പൊരുതിയ വൃഷഭനെ രക്ഷിച്ചു; അങ്ങ് തുഗ്രനെ വേതസുവോടൊപ്പം വധിച്ചു; അങ്ങ് സ്തുതിച്ച തുജിയെ തഴപ്പിച്ചു!4

ഇന്ദ്ര, നിഹന്താവായ ഭവാൻ അച്ചെയ്തതു സ്തുത്യംതന്നെ: ശൂര, അങ്ങ് നൂറുമായിരവും പേരെ പിളർത്തിയല്ലോ; അങ്ങ് മലമേൽനിന്നിറങ്ങിയ മുടിയനായ ശംബരനെ വധിച്ചു; അങ്ങ് വിചിത്രരക്ഷകൾ കൊണ്ടു ദിവോദാസനെ രക്ഷിച്ചു!5

ഇന്ദ്ര, അങ്ങ് ശ്രദ്ധകൊണ്ടും സോമംകൊണ്ടും ഇമ്പംപൂണ്ടു, ദഭീതിയ്ക്കുവേണ്ടി ചുമുരുവിനെ ഉറക്കി; അങ്ങ് പിഠീനസ്സിന്നു രജിയെകൊടുക്കാൻ, ബുദ്ധികൗശലത്തലാൽ അറുപതിനായിരത്തിനെ ഒപ്പംകൊന്നു!6

വീരരോടുകൂടിയവനേ, അതിബലവാനേ, ഇന്ദ്ര, മുപ്പാരിന്നുടമയും തടവിലാക്കുന്നവനുമായ ഭവാനാൽ (നല്കപ്പെട്ട) യാതൊന്നിനെ വീരന്മാർ സ്തുതിക്കുന്നുവോ; ഭവാന്റെ ആ മികച്ച സുഖവും ബലവും ഞാനും സ്തോതാക്കളോടൊന്നിച്ച് അനുഭവിയ്ക്കുമാറാകണം!7

ഇന്ദ്ര, പൂജനീയ, അങ്ങയുടെ സഖാക്കളായ ഞങ്ങൾക്ക്, ഈ ധനത്തിന്നുള്ള സ്തോത്രത്തിൽ പ്രിയം പെരുകുമാറാകണം. പ്രതർദ്ദനന്റെ പുത്രൻ ക്ഷത്രശ്രീ ശത്രുനിഗ്രഹത്തിലും വിത്തസംഗ്രഹത്തിലും മികച്ചവനായിത്തീരട്ടെ!8

കുറിപ്പുകൾ: സൂക്തം 26.

[1] നീരാടിയ്ക്കുന്ന – സോമനീർകൊണ്ടഭിഷേചിയ്ക്കുന്ന.

[2] വാജിനി – ഭരദ്വാജന്റെ അമ്മ. നോക്കുന്നു – സാഹായ്യത്തിന്ന്.

[3] അയച്ചു – ലബ്ധാന്നനാക്കി. അതിഥിഗ്വൻ = ദിവോദാസൻ. മർമ്മരഹിതന്റെ – തന്റെ ദേഹത്തിൽ മർമ്മമില്ലെന്നു, താൻ മരിയ്ക്കില്ലെന്നു, കരുതിപ്പോന്ന ശംബരന്റെ.

[4] വൃഷഭൻ – ഒരു രാജാവ്. തുഗ്രനും വേതസുവും – അസുരന്മാർ. തുജി – ഒരു രാജാവ്.

[5] നൂറുമായിരവുംപോരെ – ശംബരന്റെ അനുചരന്മാരെ. മുടിയൻ – കർമ്മനാശകൻ.

[6] ശ്രദ്ധ – സാദരമനുഷ്ഠിച്ച കർമ്മങ്ങൾ. ദഭീതി – ഒരു രാജാവ്. ഉറക്കി – കൊന്നു. പിഠീനസ്സ് – ഒരു രാജാവ്(?). രജി – ഒരു കന്യകയുടെയോ രാജ്യത്തിന്റെയോ പേർ.

[7] തടവിലാക്കുന്നവൻ – ശത്രുക്കളെ. വീരന്മാർ – സ്തോതാക്കൾ.

[8] ക്ഷത്രശ്രീ എന്ന രാജാവിന്റെ പുരോഹിതനത്രേ, ഭരദ്വാജൻ.

സൂക്തം 27.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രനും ദാനവും ദേവത.

ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ട് എന്തു ചെയ്തു? ഇതു കുടിച്ചിട്ട് എന്തു ചെയ്തു? ഇതിനോടിണങ്ങിയിട്ട് എന്തു ചെയ്തു? ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽനിന്ന് എന്തു കിട്ടി? ഇന്നേത്തവർക്ക് എന്തു കിട്ടി?1

ഇന്ദ്രൻ ഇതിനാൽ മത്തു പൂണ്ടിട്ടു നല്ലതു ചെയ്തു; ഇതു കുടിച്ചിട്ടു നല്ലതു ചെയ്തു; ഇതിനോടിണങ്ങിയിട്ടു നല്ലതു ചെയ്തു. ഇതിന്റെ ഇടത്തിൽ മുമ്പു സ്തുതിച്ചവർക്കു ഭവാങ്കൽ നിന്നു നല്ലതു കിട്ടി; ഇന്നേത്തവർക്കും നല്ലതു കിട്ടി!2

മഘവൻ, ഇന്ദ്ര, അങ്ങയുടെ മഹത്ത്വമൊന്നും ഞങ്ങൾക്കറിഞ്ഞുകൂടാ; മഘവത്ത്വവും അറിഞ്ഞുകൂടാ – അങ്ങയുടെ സ്തുത്യമായ ഏതൊരു ധനവും അറിഞ്ഞുകൂടാ: ആർ കണ്ടു, അങ്ങയുടെ മിടുക്കു്?3

ഇന്ദ്ര, അങ്ങ് വരശിഖന്റെ പുത്രന്മാരെ വധിച്ചുവല്ലോ, അങ്ങയുടെ ആ വീര്യം (ഞങ്ങൾക്കു്) അറിയാം: അങ്ങ് ആഞ്ഞുവിട്ട വജ്രത്തിന്റെ ശബ്ദത്താൽത്തന്നേ കേമൻ പിളർന്നുപോയി!4

ഇന്ദ്രൻ ചയമാനസൂനുവായ അഭ്യാവർത്തിയ്ക്കു (ധനം) നല്കാനാണ്, വരശിഖന്റെ പുത്രന്മാരെ വധിച്ചത്: ഹരിയൂപീയയുടെ കിഴക്കു വൃചീവാന്മാരെ കൊന്നതോടേ, പടിഞ്ഞാറുകാരൻ പേടിച്ചു പിളർന്നുപോയി!5

ഇന്ദ്ര, പുരുഹൂത, കൊറ്റിനുവേണ്ടി കൊല്ലാൻ പാഞ്ഞണഞ്ഞു പാത്രങ്ങളുടച്ച, ചട്ടയിട്ടിരുന്ന വൃചീവാന്മാർ നൂറ്റിമുപ്പതുപേരും ഒപ്പം യവ്യാവതിയിൽവെച്ചു നിശ്ശൂന്യതയടഞ്ഞു!6

ആരുടെ തിളങ്ങുന്ന രണ്ടു കുതിരകൾ നല്ല പുല്ലു തേടിത്തിന്നും കൊണ്ട് അന്തരിക്ഷത്തിൽ മേയുന്നുവോ, അദ്ദേഹം വൃചീവാന്മാരെ ദേവവാതവംശ്യന്നു കീഴ്പെടുത്തിയിട്ടു, സൃഞ്ജർയന്നു തുർവശുവിനെ കൊടുത്തു.7

അഗ്നേ, ധനവാനും സമ്രാട്ടുമായ ചയമാനപുത്രൻ അഭ്യാവർത്തി തേരുകളെയും സ്ത്രീകളെയും ഇരുപതു ഗോമിഥുനങ്ങളെയും എനിയ്ക്കു തന്നിരിയ്ക്കുന്നു: നശിപ്പിയ്ക്കാവുന്നതല്ല, പൃഥുവംശ്യന്റെ ദക്ഷിണ!8

കുറിപ്പുകൾ: സൂക്തം 27.

[1] ഫലം കിട്ടാൻ വൈകുന്നതിൽ അക്ഷമനായിട്ട് ഋഷി ഇന്ദ്രനെ ആക്ഷേപിയ്ക്കുന്നു: ഇത് – സോമനീർ. ഇതിന്റെ ഇടം – യാഗശാല; ഇതുമുതൽ പ്രത്യക്ഷോക്തി:

[2] ഇന്ദ്രൻ ഋഷിയുടെ അഭീഷ്ടം നിറവേറ്റി; തന്മൂലം സന്തുഷ്ടനായ ഋഷി ആക്ഷേപം പിൻവലിയ്ക്കുന്നു:

[3] മഘവത്ത്വം = ധനികത്വം.

[4] വരശിഖൻ – ഒരസുരൻ. കേമൻ – വരശിഖപുത്രന്മാരിൽവെച്ചു മുന്തിയവൻ.

[5] ചയമാനസുനു – ചയമാനെന്ന രാജാവിന്റെ മകൻ. അഭ്യാവർത്തി – മകനായ രാജാവിന്റെ പേർ. ഹരിയൂപീയ – ഒരു നദിയോ, നഗരിയോ. വൃചീവാന്മാർ – വരശിഖന്റെ ഒരു പൂർവനായ വൃചീവാന്റെ വംശത്തിൽ ജനിച്ചവർ, വരശിഖപുത്രന്മാർ. പടിഞ്ഞാറുകാരൻ – ഹരിയൂപീയയുടെ പടിഞ്ഞാറുഭാഗത്തു പാർത്തിരുന്ന കേമൻ.

[6] കൊല്ലാൻ – അങ്ങയെ. പാത്രങ്ങൾ – യാഗത്തിന്നുള്ളവ. യവ്യാവതി – ഹരിയൂപീയയുടെ മറ്റൊരു പേർ. നിശ്ശൂന്യത – മരണം.

[7] ദേവവാതവംശ്യൻ – ദേവവാതന്റെ വംശത്തിൽ ജനിച്ച അഭ്യാവർത്തി. സൃഞ്ജയൻ – ഒരു രാജാവ്. തുർവശുവിനെ കൊടുത്തു – സഹായിപ്പാൻ.

[8] അഭ്യാവർത്തിയുടെ ദാനശീലത്വം ഋഷി അഗ്നിയെ അറിയിയ്ക്കുന്നു: ഗോമിഥുനങ്ങൾ – പൈക്കളും കാളകളും. പൃഥുവംശ്യന്റെ – പൃഥുവിന്റെ കുലത്തിൽ പിറന്നവനായ അഭ്യാവർത്തിയുടെ.

സൂക്തം 28.

ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഗോവും ഇന്ദ്രനും ദേവത.

ഗോക്കൾ വരട്ടെ; ശുഭം തരട്ടെ; തൊഴുത്തിൽ കിടക്കട്ടെ; നമ്മെ സ്നേഹിയ്ക്കട്ടെ. കിടാങ്ങളോടുകൂടിയ വളരെ നാനാവർണ്ണകൾ ഇവിടെ പുലർകാലത്ത് ഇന്ദ്രന്നായി കറക്കപ്പെടുമാറാകണം!1

ഇന്ദ്രൻ യജിയ്ക്കുന്നവന്നും സ്തുതിയ്ക്കുന്നവന്നും (ധനം) കല്പിച്ചുകൊടുക്കും – സദാ അരികിൽച്ചെന്നുതന്നേ കൊടുക്കും; അപഹരിയ്ക്കില്ല. അവരുടെ ധനം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച്, ആ ദേവകാമന്മാരെ അഭേദ്യവും അപ്രാപ്യവുമായ സ്ഥലത്തു പാർപ്പിയ്ക്കും.2

ആ ഗോക്കൾ പോയ്ക്കളയരുത്; കള്ളൻ ഉപദ്രവിയ്ക്കരുത്; അവയ്ക്കു ശത്രുവിന്റെ ആയുധമേല്ക്കരുത് അവയെക്കൊണ്ടു ദേവന്മാരെ യജിയ്ക്കുകയും കൊടുക്കുകയും ചെയ്യുന്ന ഉടമസ്ഥൻ നെടുനാൾ അവയോടുകൂടി വസിയ്ക്കട്ടെ!3

പൊടി പൊന്തിയ്ക്കുന്ന കുതിര ആ ഗോക്കളെ സമീപിയ്ക്കുരുത്; വിശസനസംസ്കാരം അവയെ സ്പർശിയ്ക്കരുത്. അവ ആ യജിയ്ക്കുന്ന മനുഷ്യന്റെ വിദൂരസ്ഥമായ അഭയസ്ഥലത്തെയ്ക്കു നടകൊള്ളട്ടെ!4

ഗോക്കൾതന്നേ ധനം; എനിയ്ക്കു് ഇന്ദ്രൻ ഗോക്കളെ തരട്ടെ! ഗോക്കളാണ്, മുഖ്യമായ സോമത്തിന്റെ ഭക്ഷ്യം. ആളുകളേ, ഈ ഗോക്കളകുന്നു, ഇന്ദ്രൻ; ആ ഇന്ദ്രനെ ഞാൻ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും ഇച്ഛിയ്ക്കുന്നു.5

ഗോക്കളേ, നിങ്ങൾ മെലിഞ്ഞവനെയും തടിപ്പിയ്ക്കുവിൻ; ശ്രീയില്ലാത്തവനെയും സുന്ദരനാക്കുവിൻ. മംഗളമായി ശബ്ദിയ്ക്കുന്ന നിങ്ങൾ ഗൃഹത്തെ മംഗളമാക്കുവിൻ! നിങ്ങളുടെ മഹത്തായ അന്നമാണ്, സഭകളിൽ വർണ്ണിക്കപ്പെടുന്നത്.6

നിങ്ങൾ സന്താനവതികളാകുവിൻ; നല്ല പുല്ലു തിന്നുവിൻ; നല്ല കുളത്തിലെ തെളിവെള്ളം കുടിയ്ക്കുവിൻ. നിങ്ങളെ കള്ളൻ കൈക്കലാക്കരുത്; പുലിയും മറ്റും പിടിയ്ക്കരുത്; രുദ്രന്റെ ആയുധവും നിങ്ങളിലേല്ക്കരുത്!7

ഇത് ഈ ഗോക്കളെ തഴപ്പിയ്ക്കട്ടെ – ഇന്ദ്ര, അങ്ങയുടെ വീര്യത്തിന്നു, കാളയുടെ രേതസ്സിനെയും തഴപ്പിയ്ക്കട്ടെ!8

കുറിപ്പുകൾ: സൂക്തം 28.

[1] വരട്ടെ – ഞങ്ങളുടെ ഗൃഹത്തിൽ. നാനാവർണ്ണകൾ – നനാനിറംപൂണ്ട പൈക്കൾ.

[2] ആ ദേവകാമന്മാരെ – യഷ്ടാവിനെയും സ്തോതാവിനെയും.

[3] കൊടുക്കുകയും – ഇന്ദ്രന്നായി.

[4] കുതിരയെ കണ്ടാൽ ഗോക്കൾ പേടിയ്ക്കും. വിശസനസംസ്കാരം – യാഗത്തിന്നു കൊല്ലാൻ ചെയ്യപ്പെടുന്ന കർമ്മം; പൈക്കളെ വിശസിച്ചുകൂടാ.

[5] സോമത്തിന്റെ ഭക്ഷ്യം – സോമനീരിൽ ഗോരസങ്ങൾ ചേർക്കുമല്ലോ.

[6] സഭകൾ – യാഗപരിഷത്തുകൾ. അന്നം – പാലും മറ്റും. വർണ്ണിയ്ക്കപ്പെടുന്നത് – ഉപയോഗിയ്ക്കപ്പെടുന്നതെന്നു സാരം.

[7] പ്രത്യക്ഷോക്തിതന്നെ: രുദ്രൻ – കാലസ്വരൂപനായ പരമേശ്വരൻ.

[8] ഇത് – ഈ സൂക്തം. രേതസ്സിനെയും – ചിനയുണ്ടാക്കുന്ന കൂറ്റന്നു രേതസ്സു തഴച്ചാലേ, പൈക്കൾ പെറുകയുള്ളു; പൈക്കൾ പെറ്റാലേ, ക്ഷീരാദി ഹവിസ്സുകളാൽ ഇന്ദ്രൻ വീര്യവാനാകയുമുള്ളു.

സൂക്തം 29.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

നിങ്ങളുടെ ആളുകൾ സഖ്യത്തിന്നായി, വലിയതനുഷ്ഠിച്ചു സ്തുതി ചൊല്ലിക്കൊണ്ട് ഇന്ദ്രങ്കൽ ചെല്ലുന്നു: വലിയതു നല്കുന്നവനാണല്ലോ, വജ്രഹസ്തൻ; ആ രമണീയനായ മഹാനെത്തന്നേ നിങ്ങൾ രക്ഷയ്ക്കായി യജിയ്ക്കുവിൻ.1

തന്റെ കയ്യിൽ നിറയെയുണ്ട്, മനുഷ്യർക്കു വേണ്ടുന്നവ. തേരാളിയായ താൻ പൊന്നിൻതേരിലിരിയ്ക്കും: കടിഞാണുകൾ തടിച്ച കൈകളിലടക്കം; പൂട്ടപ്പെട്ട യുവാശ്വങ്ങൾ വഴിയിൽ നടക്കും.2

നേതാവേ, വിഭൂതിയ്ക്കായി, പരിചരണം തൃക്കാല്ക്കൽ അർപ്പിയ്ക്കുന്നു. ബലത്താൽ കീഴമർത്തുന്നവനും വജ്രിയും ദക്ഷിണായുക്തനുമായ ഭവാൻ കാഴ്ചയ്ക്കായി നല്ല വടിവു പൂണ്ടു, സൂര്യൻപോലെ സഞ്ചരിയ്ക്കുന്നു.3

യാതൊന്നു പിഴിയുമ്പോളാണോ, പുരോഡാശവും മറ്റും പചിയ്ക്കുന്നതും, പൊരിയവിലൊരുക്കുന്നതും, അന്നം ചമയ്ക്കുന്ന നേതാക്കൾ സ്തുതിച്ചുകൊണ്ടും ഉക്ഥം ചൊല്ലിക്കൊണ്ടും ദേവകളെ ഉപഗമിയ്ക്കുന്നതും; ആ സോമം ഇന്ദ്രനോടു തുലോം ചേരുന്നു!4

അങ്ങയുടെ ബലത്തിന്റെ അറ്റം കണ്ടെത്തിയിട്ടില്ല: അതു മഹത്ത്വംകൊണ്ടു വാനൂഴികളെ ചിക്കെന്നു പേടിപ്പിച്ചു, അതിനെ, സ്തോതാവു വെമ്പലോടെ ഹവിസ്സുകൊണ്ടു യജിച്ചു, വെള്ളത്തിൽ ഗോഗണത്തെയെന്നപോലെ തൃപ്തിപ്പെടുത്തുന്നു!5

ഇത്രയും മഹാനായ ഇന്ദ്രൻ സുഖാഹ്വാതവ്യനായി ഭവിയ്ക്കട്ടെ: പച്ചയണക്കടയുള്ള താൻ വന്നാലും വരാഞ്ഞാലും ധനം നല്കും; ഇങ്ങനെയുള്ള നിസ്തുല്യബലൻ വളരെ രക്ഷസ്സുകളെയും ദസ്യുക്കളെയും നിഹനിയ്ക്കട്ടെ!6

കുറിപ്പുകൾ: സൂക്തം 29.

[1] യജമാനരോട്; വലിയത് – മഹത്തായ കർമ്മം; അടുത്ത വാക്യത്തിലെ വലിയതിന്നു മഹത്തായ ധനം എന്നർത്ഥം.

[2] വേണ്ടുന്നവ – ധനങ്ങൾ.

[3] പ്രത്യക്ഷോക്തി: അർപ്പിയ്ക്കുന്നു – ഭരദ്വാജൻ, ദക്ഷിണായുക്തൻ – ദക്ഷിണയോടു, സ്തോതാക്കൾക്കു കൊടുക്കേണ്ടുന്ന ധനത്തോടു, കൂടിയവൻ.

[5] അതു – ബലം. വെള്ളത്തിൽ – വെള്ളത്തിലിറങ്ങിയ ഗോഗണത്തെ ഇടയൻ വെള്ളം കുടിപ്പിയ്ക്കുന്നതുപോലെ.

[6] പച്ചയണക്കട – ഹരിതവർണ്ണങ്ങളായ ഹനുക്കൾ. നല്കും – സ്തോതാക്കൾക്ക്.

സൂക്തം 30.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്രൻ വീരകർമ്മങ്ങൾക്കായി വളരെ വളരെ വളർന്നു; ആ അപീഡ്യനായ ഏകൻ ധനം നല്കുന്നു. തന്തിരുവടി ദ്യോവിനെയും ഭൂവിനെയും കവിച്ചു: തന്റെ പകുതി മതി, വാനൂഴികൾ രണ്ടിനോടും കിടനില്പാൻ!1

ഞാനിപ്പോൾ തന്തിരുവടിയുടെ തഴച്ച ബലത്തെ സ്തുതിയ്ക്കുന്നു. താൻ ചെയ്തവയെ ആരും തള്ളില്ല: ആ സുകർമ്മാവു സൂര്യനെ നാളിൽ നാളിൽ കാണുമാറാക്കി; ഉലകങ്ങൾക്കു വലുപ്പം കൂട്ടി!2

ഇന്ദ്ര, നദികൾക്കായി കല്പിച്ചുചെയ്തത് ഇന്നും അന്നും നിലനില്ക്കുന്നു: അങ്ങ് അവയ്ക്കു വഴി തോണ്ടിയല്ലോ! മലകൾ, ഉണ്ണാനിരിയ്ക്കുന്നവർപോലെ അനങ്ങാതായി! സുകർമ്മാവേ, അങ്ങനെ ഭവാൻ ഭുവനങ്ങളെ ഉറപ്പിച്ചു.3

ഇന്ദ്ര, വാസ്തവംതന്നെ, അങ്ങയെപ്പോലെയോ മീതെയോ മറ്റൊരു ദേവനില്ല, മനുഷ്യനില്ല: അങ്ങു വെള്ളം മൂടിക്കിടന്ന മേഘത്തെ പിളർത്തി; ജലങ്ങളെ സമുദ്രത്തിലെയ്ക്കു വിട്ടു!4

ഇന്ദ്ര, അങ്ങു് മേഘത്തിന്റെ ഉറപ്പുടച്ചു, തടയപ്പെട്ടിരുന്ന ജലങ്ങളെ എങ്ങും ഒഴുകിച്ചു; സൂര്യനേയും ആകാശത്തെയും ഉഷസ്സിനെയും ഒപ്പം വെളിപ്പെടുത്തി, ലോകത്തിലെ പ്രജകൾക്കു പെരുമാളുമായി!5

കുറിപ്പുകൾ: സൂക്തം 30.

[1] അപീഡ്യൻ = പീഡിപ്പിയ്ക്കാനശക്യൻ.

[3] ഉണ്ണാനിരിയ്ക്കുന്നവർ നിശ്ചലരാകുമല്ലോ.

സൂക്തം 31.

ഭാരദ്വാജൻ സുഹോത്രൻ ഋഷി; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി)

മുഖ്യസമ്പത്തുകൾക്കേകനാം സ്വാമി നീ;
തൃക്കയ്യിൽ വെച്ചിരിയ്ക്കുന്നു, നീ ലോകരെ;
പുത്രന്നു, വീരപൗത്രന്നു, തണ്ണീർക്കുമായ്
നൽസ്തവമുണ്ടിന്ദ്ര, ചൊല്ലൂന്നു മാനുഷർ!1
അങ്ങയെപ്പേടിച്ചൊഴുകുന്നി,തെമ്പാടു –
മന്തരിക്ഷത്തിൽനിന്നക്ഷോഭ്യതോയവും;
ഇന്ദ്ര, നീ ചെല്കെ നടുങ്ങുന്നു, വാനൂഴി,
കുന്നുകൾ, കാടു – മുറപ്പുറ്റതൊക്കയും!2
ശൂരനാം ശുഷ്ണനോടിന്ദ്ര, സകുത്സനായ് –
പ്പോരാടി നീ; രണേ കൊന്നൂ, കുയവനെ;
സൂരന്റെ തേർവട്ടടരിൽക്കവർന്നു നീ;
ദൂരീകരിച്ചൂ, ദുരിതകാരികളെ!3
വിധ്വംസിയാം ശംബരന്റെയൊരുനൂറു
ദുർദ്ധർഷമാം പുരമൊട്ടുക്കുടച്ചു, നീ;
സോമകൃത്താം ദിവോദാസന്നു,മീരിത –
സ്തോമനാകും ഭരദ്വാജന്നുമപ്പൊഴേ,
സോമനീരാകും വിലയ്ക്കു വാങ്ങപ്പെട്ട
ധീമൻ, ധനം നല്കിയല്ലോ, മതിബലാൽ!4
സത്യയോധാന്വിതനബ്ഭവാൻ വൻപോരി –
നത്യുഗ്രമാം തേരിലേറുകു,രുധന;
ഉത്തമാധ്വാവേ, സരക്ഷനായെങ്കൽ വ –
ന്നെത്തുക; കീർത്തിമൻ, കേൾപ്പിയ്ക്ക, ലോകരെ!5
കുറിപ്പുകൾ: സൂക്തം 31.

[1] മുഖ്യസമ്പത്തുകൾ – ധനങ്ങളിൽവെച്ചു മികച്ച ധനങ്ങൾ. പുത്രന്നു – പുത്രനും വീരനായ പൗത്രനും തണ്ണീരുമുണ്ടാകാൻ. നൽസ്തവം – അങ്ങയെക്കുറിച്ച്.

[2] തോയം = ജലം.

[3] സകുത്സനായ് – കുത്സനോടുകൂടി. കുയവൻ – ഒരസുരൻ. ദുരിതകാരികൾ – രാക്ഷസാദികൾ.

[4] സോമകൃത്ത് – സോമം ഉണ്ടാക്കിവെച്ചവൻ. ഈരിതസ്തോമൻ – സ്തോത്രം ചൊല്ലിയവൻ. മതിബലാൽ – ബുദ്ധിമിടുക്കിനാൽ.

[5] സത്യയോധാന്വിതൻ = യഥാർത്ഥഭടരോടുകൂടിയവൻ. ഉത്തമാധ്വാവേ – മികച്ച മാർഗ്ഗമുള്ളവനേ. സരക്ഷൻ = രക്ഷയോടുകൂടിയവൻ. കേൾപ്പിയ്ക്ക ലോകരെ – ഞങ്ങളെ ലോകവിശ്രുതരാക്കിയാലും.

സൂക്തം 32.

സുഹോത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഏറെപ്പുകഴ്ത്തപ്പെടേണ്ടുന്ന വിദ്രുത –
കാരിയും, വജ്രിയും, വായ്പുറ്റ കെല്പനും,
വീരനുമാമീ മഹാനു സുഖപ്രദം
ഭൂരിനവ്യസ്തവം ചൊല്ലുന്നതുണ്ടു ഞാൻ:1
അദ്രി പിളർത്തക്കവിസ്തുതൻ വീശിച്ചി, –
തർക്കനെക്കൊണ്ടൊളി രണ്ടുതായാരിലും;
ഗോക്കൾതൻ കെട്ടുമറുത്താൻ, ശുഭധ്യാന –
മാർഗ്ഗരാം സ്തോതാക്കൾ മെന്മേൽബ്ഭജിയ്ക്കയാൽ.2
സർവദാ മുട്ടു മടക്കിപ്പുകഴ്ത്തിയ
ഹവ്യദരൊത്തു ഗോക്കൾക്കായ്ജ്ജയിച്ചവൻ
വീഴ്ത്തി, കെല്പുറ്റ പുരങ്ങൾ കവിമിത്ര –
മൈത്രീച്ഛയാൽക്കവിയായപ്പുരുക്രിയൻ.3
സ്തുത്യഭിഗമ്യ, വൃഷാവേ, പ്രജകൾതൻ
മധ്യേ പുകഴ്ത്തുന്നവങ്കൽശ്ശുഭത്തിനായ്,
പുത്തൻബഡബാഗണത്തിലൂടെ വരി –
കു,ത്തമാന്നങ്ങളും വൻകെല്പുമേന്തി നീ!4
അത്തുരാഷാട്ടിന്ദ്രനുദ്യൽബലൻ ഹയ –
യുക്തൻ പൊഴിയ്ക്കുന്നു! നീർ ദക്ഷിണായനേ;
ഇത്ഥം പൊഴിച്ച നീരക്ഷോഭ്യമാമിട –
ത്തെത്തുന്നു, നിത്യം തിരിച്ചുപോരാപ്പടി.5
കുറിപ്പുകൾ: സൂക്തം 32.

[1] വിദ്രുതകാരി – വേഗത്തിൽ ചെയ്യുന്നവൻ.

[2] അദ്രി – ഗോക്കളെ ഒളിപ്പിച്ചിരുന്ന മല. കവിസ്തുതൻ – കവികളാൽ, അംഗിരസ്സുകളാൽ, സ്തുതിയ്ക്കപ്പെട്ട ഇന്ദ്രൻ. രണ്ടുതായാരിലും – ദ്യാവാപൃഥിവികളിൽ ഒളി വിശീച്ചു. സ്തോതാക്കൾ – അംഗിരസ്സുകൾ.

[3] മുട്ടു മടക്കി – വണങ്ങി. ഹവ്യദർ – അംഗിരസ്സുകൾ. പുരങ്ങൾ – അസുരരുടെ. കവിമിത്രമൈത്രീച്ഛയാൽ – കവികളായ മിത്രങ്ങളുടെ (അംഗിരസ്സുകളുടെ) മൈത്രിയ്ക്കുവേണ്ടി. പുരുക്രിയൻ – ബഹുകർമ്മാവ്.

[4] സ്തുത്യഭിഗമ്യ – സ്തുതികൾകൊണ്ടു പ്രാപ്യനായുള്ളോവേ. പുകഴ്ത്തുന്നവങ്കൽ – സ്തോതാവിന്റെ അടുക്കൽ വരിക. ബഡബ = പെൺകുതിര. എന്തി – ഞങ്ങൾക്കു തരാൻ.

[5] തുരാഷാട്ട് – ഇന്ദ്രപര്യായം: ഹിംസകരെ അമർത്തുന്നവൻ. ദക്ഷിണായനേ – ദക്ഷിണായനകാലത്തു നീർ പൊഴിയ്ക്കുന്നു, മഴ പെയ്യുന്നു. അക്ഷോഭ്യമാമിടത്ത് – സമുദ്രത്തിൽ. തിരിച്ചുപോരാപ്പടി – തിരിയേപോരലില്ലാതെ.

സൂക്തം 33.

ഭാരദ്വാജൻ ശുനഹോത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

സ്വശ്വനായ്പ്പോരിൽ നല്ലശ്വത്തെ വീഴ്ത്തണം;
വെച്ചമർത്തേണ,മെതിർത്ത ശത്രുക്കളെ;
അത്ര കെല്പുള്ളോനെ നല്കി,ന്ദ്ര,ഞങ്ങൾക്കു
ഭദ്രനെ, ത്യാഗിയെ,സ്സൂരിയെ, വർഷക!1
അങ്ങയെയല്ലോ പുകഴ്ത്തി വിളിയ്ക്കുന്നു,
സംഗരേ ത്രാണനത്തിന്നിന്ദ്ര, മാനുഷർ:
കൊന്നാൻ, പണികളെ മേധാഢ്യരൊത്തു നീ;
കൊറ്റു നിൻരക്ഷയിൽ നില്ക്കിലേ: കൈവരൂ!2
ശൂര, നീ കൊന്നൂ, മുടിയ്ക്കുന്ന ശത്രുക്ക, –
ളാര്യരാം ഛാദകരീയിരുകൂട്ടരെ;
കാടുകളെപ്പോലറുക്കുമേ, ശസ്ത്രങ്ങൾ
ഗാഢമയച്ചിന്ദ്ര, നേതൃനേതാവു നീ!3
ഏറെയാൾ പോകാത്ത പോരിൽപ്പൊരുതെങ്ങൾ
ശൂര, ധനാർത്ഥം ഭവാനെ വിളിയ്ക്കവേ
സദ്രക്ഷയാൽക്കാക്കുകെ,ങ്ങളെപ്പൊന്തിച്ചു;
സഖ്യവും കൊൾകിന്ദ്ര, സർവതോഗാമി നീ!4
ഞങ്ങളുടെയാകി,ന്നുമിന്ദ്ര, നീ പിന്നെയും –
തുംഗനാം നീ സുഖിപ്പിയ്ക്ക, വന്നെങ്ങളെ –
ഇത്ഥം പുകഴ്ത്തുന്ന ഞങ്ങൾ ഗോവൃദ്ധി പൂ –
ണ്ടെത്താവു, മാലറും നിൻസുഖദീപ്തിയിൽ!5
കുറിപ്പുകൾ: സൂക്തം 33.

[1] സ്വശ്വൻ = നല്ല കുതിരകളോടുകൂടിയവൻ. അശ്വത്തെ – ശത്രുക്കളുടെ കുതിരകളെ. കെല്പുള്ളോനെ – ബലവാനായ പുത്രനെ. ഭദ്രൻ – ശോഭനാശയൻ. ത്യാഗി = ദാതാവ്, അങ്ങയ്ക്കു ഹവിസ്സു നല്കുന്നവൻ. സൂരി – സ്തോതാവ്. വർഷക – ഹേ അഭീഷ്ടവർഷിൻ.

[2] സംഗരേ = യുദ്ധത്തിൽ. ത്രാണനം = രക്ഷണം. പണികൾ – ഗോക്കളെ അപഹരിച്ച അസുരന്മാർ. മേധാഢ്യർ – അംഗിരസ്സുകൾ. അങ്ങയാൽ രക്ഷിയ്ക്കപ്പെടാത്തവന്ന് അന്നം കിട്ടില്ല.

[3] മുടിയ്ക്കുന്ന (കർമ്മനാശകരായ) ശത്രുക്കൾ, ആര്യ(കർമ്മവാന്മാ)രായ ഛാദകർ (മറച്ച വിശ്വരൂപനും മറ്റും), ഈ രണ്ടുകൂട്ടരെയും നീ കൊന്നു. അറുക്കുമേ – മറ്റു ശത്രുക്കളെയും. നേതൃനേതാവ് = നേതാക്കളിൽവെച്ചു നേതാവ്.

[4] ഏറെയാൾ പോകാത്ത – മിക്കവർക്കും കൂസലുണ്ടാകുമല്ലോ, പോരിലിറങ്ങാൻ. ധനാർത്ഥം – ശത്രുക്കളുടെ ധനം കീഴടക്കാൻ. പൊന്തിച്ചു – വളർത്തി, ജയിപ്പിച്ചു. സർവതോഗാമി = എല്ലാടത്തും പോകുന്നവൻ.

[5] ഇന്നും പിന്നെയും (മേലിലും) നീ ഞങ്ങടെയാക – ഞങ്ങളുടെ സ്വന്തമാളായാലും. തുംഗൻ – മഹാൻ. ഗോവൃദ്ധി പൂണ്ട് – വളരെ ഗോക്കളെ നേടി. സുഖദീപ്തി – സുഖപ്രകാശം; ദീപ്തമായ സുഖത്തിൽ എത്താവു!

സൂക്തം 34.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

നിങ്കലേ വന്നെത്തി,യിന്ദ്ര, മുൻഗാഥകൾ;
നിങ്കൽനിന്നുണ്ടായ്വരുന്നു, വൻചിന്തകൾ.
അന്നുമിന്നുമൃഷിസ്തോത്രവുമുക്ഥവു –
മിന്ദ്രങ്കലെത്താൻ പൊരുതീ, പരസ്പരം!1
ഏകൻ മഹാൻ പുരൂത്സാഹിതനേവനോ;
യാഗസ്ഥരാൽപ്പുരുഹൂതൻ പുരുസ്തുതൻ;
ആയിന്ദ്രനെപ്പെരുംകെല്പിന്നു, തേരുപോ –
ലായോജനംചെയ്തു വാഴ്ത്തുമാറാക, നാം!2
ഭക്തിയും സ്തോത്രവും നോവിച്ചിടാ, നുതി –
സക്തനാമിന്ദ്രനെച്ചെന്നു വളർത്തുമേ:
ഗാഥ പാടുന്നതുണ്ടല്ലോ, ശതം ശതം
സ്തോതൃജനങ്ങ; – ളവന്നതു സൗഖ്യദം!3
ഇന്ദ്രന്നുതന്നെയാണി,ന്നു, ജലം കൂട്ടി
നന്നായളന്നതാം സോമവും സ്തോത്രവും;
തന്നെ വളർത്തീ ഹവിസ്സും സ്തവനവും,
തണ്ണീർപ്രവാഹം മരുസ്ഥനെപ്പോലവേ.4
ഈയിന്ദ്രനെപ്പറ്റിയീ മഹത്താം സ്തവ –
മീയിന്ദ്രനെപ്പറ്റിയിന്നുതി – ചൊല്ലിനാർ,
കുന്നിച്ച യുദ്ധത്തിൽ വിശ്വസഞ്ചാരിയാ –
മിന്ദ്രൻ വളർത്തു രക്ഷിയ്ക്കുവാനായ്ബ്ബുധർ5
കുറിപ്പുകൾ: സൂക്തം 34.

[1] മുൻഗാഥകൾ – പൂർവസ്തുതികൾ. വൻചിന്തകൾ – വലിയ ആശയങ്ങൾ. ഋഷിസ്തോത്രം = ഋഷിമാരുടെ സ്തോത്രങ്ങൾ. പരസ്പരം പൊരുതീ – ‘ഞാൻ മുമ്പേ, ഞാൻ മുമ്പേ’ എന്നു തമ്മിൽ മത്സരിച്ചു. ഉത്തരാർദ്ധം പരോക്ഷകഥനമാകുന്നു.

[2] പുരൂത്സാഹിതൻ – വളരെയാളുകളാൽ ഉത്സാഹിപ്പിയ്ക്കപ്പെട്ടവൻ. പുരുഹൂതൻ = വളരെ വിളിയ്ക്കപ്പെട്ടവൻ. പുരുസ്തുതൻ = വളരെ സ്തുതിയ്ക്കപ്പെട്ടവൻ. ആയോജനംചെയ്തു = പൂട്ടിനിർത്തി.

[3] അന്യരുടെ ഭക്തി (സപര്യ)യും സ്തുതിയും ദാനശക്തിയില്ലാത്തവന്നേ വേദനയുളവാക്കൂ. നേരെമറിച്ചാണല്ലോ ഇന്ദ്രന്റെ സ്ഥിതി. ഗാഥ – സ്തുതി. അതു – സ്തുതിഗാനം.

[4] നന്നായ് – മന്ത്രം ജപിച്ചുകൊണ്ട്. തന്നെ – അദ്ദേഹത്തെ, ഇന്ദ്രനെ. മരുസ്ഥൻ – നിർജ്ജലപ്രദേശസ്ഥിതൻ; ഇവന്നു വെള്ളം കിട്ടിയാൽ വളർച്ച (സംതൃപ്തി) വരുമല്ലോ.

[5] ബുധർ = സൂരികൾ, സ്തോതാക്കൾ.

സൂക്തം 35.

ഭാരദ്വാജൻ നരൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

സ്തോത്രങ്ങൾ എപ്പോൾ പള്ളിത്തേരിൽ ചെന്നെത്തും? ആയിരംപേരെപ്പുലർത്താനുള്ള വക സ്തോതാവിന്നു ഭവാൻ എപ്പോൾ തരും? ഇവന്റെ സ്തോത്രത്തെ ഭവാൻ എപ്പോൾ ധനത്തിൽ പാർപ്പിയ്ക്കും? ഭവാൻ എപ്പോൾ കർമ്മങ്ങളെ അന്നംകൊണ്ടു രമണീയങ്ങളാക്കും?1

ഇന്ദ്ര, എന്നായിരിയ്ക്കും, അങ്ങ് ആൾക്കാരെ ആൾക്കാരോടും, വീരന്മാരെ വീരന്മാരോടും ഏറ്റുമുട്ടിയ്ക്കുകയും, പോരിൽ ജയിയ്ക്കുകയും, എതിരാളികളുടെ കറവപൈക്കളെ കീഴടക്കുകയും, ഞങ്ങൾക്കു് സാർവത്രികമായ ധനം തരികയും ചെയ്യുക?2

ഇന്ദ്ര, ബലിഷ്ഠ, എന്നായിരിയ്ക്കും, അങ്ങ് സ്തോതാവിന്നു ബഹുവിധമായ അന്നം ഏർപ്പെടുത്തുക; എന്നായിരിയ്ക്കും അങ്ങ് കർമ്മങ്ങളെയും സ്തുതികളെയും സ്വീകരിയ്ക്കുക? എന്നായിരിയ്ക്കും, അങ്ങ് ഗോപ്രദങ്ങളായ സ്തോത്രങ്ങളിൽ വന്നണയുക?3

ഇന്ദ്ര, എന്നാൽ അവിടുന്നു സ്തോതാവിന്നു ഗോക്കളെ നല്കുന്ന, അശ്വങ്ങളെക്കൊണ്ടാഹ്ലാദിപ്പിയ്ക്കുന്ന, ബലംകൊണ്ടു പുകൾപ്പെട്ട അന്നങ്ങൾ ഭരദ്വാജരിൽ വെച്ചാലും – അന്നങ്ങളെയും നല്ല കറവപ്പയ്യിനെയും തഴപ്പിച്ചാലും; സൽപ്രഭകൊണ്ടുദ്ഭാസിപ്പിച്ചാലും!4

ശക്ര, ആ പുതിയ ദ്രോഹിയെ ഭവാൻ മറ്റൊരു മട്ടിലാക്കണം! ശൂരനായ, പിളർത്തുന്നവനായ ഭവാനെ സ്തുതിയ്ക്കുന്ന ഞാൻ വെൺപാൽ ചുരത്തുന്ന പയ്യിങ്കൽനിന്നകലരുത്. മേധാവിൻ, അവിടുന്ന് ആംഗിരസരെ അന്നംകൊണ്ട് ആനന്ദിപ്പിച്ചാലും!5

കുറിപ്പുകൾ: സൂക്തം 35.

[1] പ്രത്യക്ഷോക്തി: സ്തോതാവിന്ന് – എനിയ്ക്കു്. ഇവന്റെ – എന്റെ. ധനത്തിൽ പാർപ്പിയ്ക്കും – ലബ്ധധനമാക്കും. കർമ്മങ്ങൾ – അഗ്നിഹോത്രാദികൾ.

[2] ആൾക്കാരെ ആൾക്കാരോടും – ഞങ്ങളുടെ ആളുകളെ ശത്രുജനങ്ങളോടും. വീരന്മാരെ വീരന്മാരോടും – ഞങ്ങളുടെ പുത്രന്മാരെ ശത്രുപുത്രന്മാരോടും.

[3] ഗോപ്രദങ്ങൾ – ഗോലബ്ധിയാകുന്ന ഫലമുളവാക്കുന്ന.

[4] ഭരദ്വാജരിൽ – ഭരദ്വാജപുത്രന്മാരായ ഞങ്ങളിൽ.

[5] മറ്റൊരു മട്ടിലാക്കണം – മരിപ്പിയ്ക്കണം. പിളർത്തുന്നവനായ – ശത്രുക്കളെ. പയ്യ് – ഭവദ്ദത്തയായ ധേനു. ആംഗിരസർ – അംഗിരോഗോത്രക്കാരായ ഞങ്ങൾ.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സത്യമായും അങ്ങയുടെ മത്തും, സത്യമായും അങ്ങയുടെ ത്രൈലോക്യസമ്പത്തും വിശ്വജനീനമാകുന്നു; സത്യമായും, അന്നങ്ങൾ പകുക്കുന്നവനാണ്, ഭവാൻ; ദേവകളിൽവെച്ചു ബലവാനാണല്ലോ, അങ്ങ്!1

തന്തിരുവടിയുടെ ബലത്തെ ആളുകൾ തുലോം പൂജിയ്ക്കുന്നു; സത്യമായും, വീരകർമ്മത്തിന്നു മുൻനിർത്തുന്നു; സദാ എതിർക്കുന്നവരെ പിടിച്ചു കൊല്ലുന്ന ആ പ്രധർഷകന്നു, മുടക്കിയെ മുടിയ്ക്കാൻ, കർമ്മാവുമനുഷ്ടിയ്ക്കുന്നു!2

ആ ഇന്ദ്രനെ രക്ഷകളും വീര്യങ്ങളും ബലങ്ങളും പെൺകുതിരകളും ഒന്നിച്ചുനിന്നു സേവിയ്ക്കുന്നു; നദികൾ സമുദ്രത്തിലെന്നപോലെ, ഉക്ഥാദിസ്തുതികൾ ആ വിദൂരവ്യാപ്തനിൽ ചെന്നുചേരുന്നു!3

ഇന്ദ്ര, അങ്ങനെ സ്തുതിയ്ക്കപ്പെടുന്ന ഭവാൻ വളരെപ്പേരെ ആഹ്ലാദിപ്പിയ്ക്കുന്ന, പൊറുപ്പിയ്ക്കുന്ന ധനം ഇങ്ങു വർഷിച്ചാലും: പ്രാണികൾക്ക് ഒരു നിസ്തുല്യനായ നാഥനാണല്ലോ – ഉലകിന്നൊക്കെ ഒറ്റപ്പെരുമാളാണല്ലോ – നിന്തിരുവടി.4

അതിനാൽ വളരെശ്ശത്രുസമ്പത്തുകളെ സൂര്യൻപോലെ കീഴടക്കുന്ന പരിചരേണച്ഛുവായ ഭഗവാൻ ശ്രോതാവ്യം ക്ഷണേന ശ്രവിച്ചാലും; സ്തുയമാനനായി കാലേ കാലേ ഹവിസ്സുകൊണ്ടറിയപ്പെടുന്ന ബലവാനായ ഭവാൻ ഞങ്ങളുടെയായിത്തീരുമാറാകണം!5

കുറിപ്പുകൾ: സൂക്തം 36.

[1] മത്ത് – സോമപാനമദം. വിശ്വജനീനം = സർവജനഹിതം. പ്രത്യക്ഷ കഥനമാണിത്.

[2] പരോക്ഷകഥനം: മുൻനിർത്തുന്നു – ഇന്ദ്രനെ. മുടക്കി – വിഘ്നകാരി.

[5] സൂര്യൻപോലെ – സൂര്യൻ ഭുവനങ്ങളെയെന്നപോലെ. പരിചരണേച്ഛ – ഞങ്ങളുടെ പരിചരണമിച്ഛിയ്ക്കുന്നവൻ. ശ്രോതവ്യം – കേൾക്കേണ്ടത്, സ്തുതി.

സൂക്തം 37.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

പൂട്ടിവ വാജികളിങ്ങണയ്ക്കട്ടെ, കെ –
ല്പേറ്റമുള്ളിന്ദ്ര, നിൻ വിശ്വകാമ്യം രഥം:
നിന്നെ വിളിയ്ക്കുന്നു, നല്ലനാം സ്തോതാവു;
നിന്നൊടൊത്തൻപാർന്നു വായ്ക്കുകെ,ങ്ങളിനി!1
പച്ചനീരെങ്ങൾതൻ കർമ്മത്തിൽ വന്നണ –
ഞ്ഞച്ഛമായ് നേരെ പൊഴിഞ്ഞൂ, കുടങ്ങളിൽ:
ഒന്നാസ്വദിയ്ക്കുമാറാകി,തു വിൺവാഴു –
മിന്ദ്രൻ, പുരാതനൻ, സോമമത്തിൻ പുരാൻ2
നേരെ പൈതശ്ചരിക്കും രഥാശ്വങ്ങൾ
തേരിലിരിയ്ക്കുന്ന കെല്പാകുമിന്ദ്രനെ
ഹവ്യത്തിലേയ്ക്കിങ്ങു കൊണ്ടുവരേണമേ:
ദിവ്യമിതിന്നു കാറ്റേറ്റു വറ്റീടൊലാ!3
ഏതിനാൽപ്പോക്കുമോ, തിന്മ നീ വജ്രവൻ;
സ്തോതൃധനങ്ങൾ കൊടുക്കുകയുംചെയ്യുമോ;
അദ്ദാനമീ ഹവിഷ്മാന്നയയ്ക്കും, ബഹു –
കൃത്യശതൻ ധൃഷ്ണുവിന്ദ്രൻ മഹത്തരൻ!4
ഇന്ദ്രൻ സുതേജസ്വി നല്കട്ടെ, വൻകരു;
ത്തിന്ദ്രനഭിജ്ഞൻ വളരട്ടെ, വാഴ്ത്തലാൽ;
ഇന്ദ്രൻ പ്രമാഥി കൊല്ലട്ടേ, മുടക്കിയെ; –
ത്തന്നരുളട്ടേ, തിടുക്കമോടദ്ധനം!5
കുറിപ്പുകൾ: സൂക്തം 37.

[1] നല്ലൻ = നല്ലവൻ.

[2] പച്ചനീർ – പച്ചനിറം പൂണ്ട സോമനീർ, അച്ഛമായ് – വെടുപ്പു വരുത്തപ്പെട്ട്. നേരെ – ചെരിയാതെ; ചെരിഞ്ഞാൽ നിലത്തു വീഴുമല്ലോ. കുടങ്ങളിൽ – ദ്രോണകലശങ്ങളിൽ.

[3] നേരെ വളയാതെ. പരിതശ്ചരിയ്ക്കും – ചുഴലെ നടക്കുന്ന. കെല്പാകും – സർവർക്കും ബാലഭൂതനായ. ദിവ്യം – അനശ്വരമെന്നു സാരം. ഇതു – ഹവിസ്സായ സോമനീർ.

[4] സ്തോതൃധനങ്ങൾ – സ്തോതാക്കളായ പുത്രന്മാരെയും ധനവും. ഉത്തരാർദ്ധം പരോക്ഷം:

[5] വാഴ്ത്തലാൽ – നമ്മുടെ സ്തുതികൾകൊണ്ട്. പ്രമാഥി – ശത്രുമർദ്ദനൻ.

സൂക്തം 38.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഞങ്ങൾതൻ സോമമിതുണ്ണുക,ത്യദ്ഭൂത; –
നംഗീകരിയ്ക്ക, മഹോജ്ജ്വലേന്ദ്രസ്തവം;
ദിവ്യർക്കു ചെയ്യും പ്രശംസ്യമാം യജ്ഞവും
ഹവ്യവും വാങ്ങട്ടെ, ഭവ്യവിശ്രാണനൻ1
ഇന്ദ്രന്റെ കർണ്ണങ്ങൾ ദൂരത്തുനിന്നുമേ
വന്നെത്തു: – മൊച്ചപരത്തുന്നു, വാഴ്ത്തുവോൻ;
ഈയിന്ദ്രനെക്കൊണ്ടുപോരട്ടെ,യെങ്കലെ –
യ്ക്കീയയയ്ക്കപ്പെടും ദേവഹൂതിസ്തുതി!2
ഇന്ദ്ര,പുരാതനനിർജ്ജരനാം നിന്നെ –
യുന്നതമായ് സ്തുതിച്ചന്നമർപ്പിപ്പു, ഞാൻ:
ഇന്ദ്രങ്കലല്ലോ, ഹവിസ്സം സ്തവങ്ങളും
ചെന്നുചേരുന്നതും, വൻനുതി വായ്പതും!3
വായ്പിപ്പൂ, യജ്ഞവും സോമവുമിന്ദ്രനെ;
വായ്പിപ്പു, ഹവ്യസ്തവോക്ഥമന്ത്രങ്ങളും;
വായ്പിപ്പു, രാവിന്റെ പോർക്കിലുഷസ്സുകൾ;
വായ്പിപ്പു, നാൾ, തിങ്ങ,ളാണ്ടുമീയിന്ദ്രനെ!4
ഇത്ഥം വെളിപ്പെട്ടമർത്താൻ സമഗ്രമായ്
വർദ്ധിയ്ക്കുമുഗ്രനാം വമ്പാളുമങ്ങയെ,
യുദ്ധത്തിൽ വിശ്രുതസ്വത്തിനും രക്ഷയ്ക്കു –
മദ്യ ഭജിയ്ക്കാവു, ഞങ്ങൾ മഹാമതേ!5
കുറിപ്പുകൾ: സൂക്തം 38.

[1] ഉണ്ണുക – നുകരട്ടെ. മഹോജ്ജ്വലേന്ദ്രസ്തവം = മഹത്ത്വം ഉജ്ജ്വലവുമായ ഇന്ദ്രസ്തവം. ദിവ്യർ – ദേവതകൾ. ഭവ്യവിശ്രാണനൻ = ശോഭനദാനൻ.

[2] വന്നെത്തും – സ്ത്രോത്രം കേൾപ്പാൻ. ദേവഹൂതിസ്തുതി – ഇന്ദ്രനെ വിളിയ്ക്കലാകുന്ന സ്തുതി. കൊണ്ടുപോരട്ടെ – ഒരു ദൂതിപോലെ എന്നു ധ്വനി.

[3] ഉന്നതമായ് = ഉൽക്കൃഷ്ടമാംവണ്ണം. ഉത്തരാർദ്ധം പരോക്ഷോക്തി:

[5] അമർത്താൻ – ശത്രുക്കളെ. ആദ്യ = ഇപ്പോൾ.

സൂക്തം 39.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ദിവ്യ,മുഗ്രം, ഫലവാഹി, വിപ്രസ്തുതം,
നവ്യം, നിഷേവ്യ,മീ ഞങ്ങൾതൻ സോമനീർ
ദേവ, കുടിയ്ക്ക, മത്തിനായ്; സ്തുതിപ്പോനു
കൈവരുത്തീടുക, ഗോപ്രധാനാന്നവും!1
സത്യകർമ്മാക്കളോടൊത്തു നുതനിന്ദ്ര –
നദ്രിപർയ്യന്തസ്ഥഗോക്കളെ നേടുവാൻ
കുത്തിപ്പൊളിച്ചാൻ, വലന്റെ കട്ടിമല;
യുദ്ധവും ചെയ്താൻ, പണികളോടേറ്റിവൻ2
പണ്ടുമ്പരിന്ദ്ര, ദിനധ്വജമാക്കുക –
കൊണ്ടീയൊരിന്ദുവഹോരാത്രികളെയും
പക്ഷമാസാബ്ദങ്ങളേയും വിളങ്ങിപ്പി; –
തച്ഛോദയവുമാക്കുന്നൂ, പുലരിയെ!3
പോക്കുന്നു, ദീപ്തനായ്നിന്നിവനല്ലിനെ; –
ച്ചേർക്കുന്നു, തേജസ്സുഷസ്സുകൾക്കുമിവൻ;
സ്തോത്രയുക്താശ്വമാം സ്വത്തണിത്തേരേറി
യാത്രചെയ്വൂ, നരാഭീഷ്ടപൂർത്തിയ്ക്കിവൻ!4
ത്വദ്ദാനപാത്രമാം സുരിയ്ക്കു ബഹ്വന്ന –
മെത്തിയ്ക്ക, പൂർവ്വ, പുരാനേ, നുതൻ ഭവാൻ;
അർച്ചകന്നേകുക, നല്ക്കാടു, നീർ, സസ്യാ –
മശ്വങ്ങൾ, ഗോക്ക,ളാൾക്കാരിവയും ദ്രുതം!5
കുറിപ്പുകൾ: സൂക്തം 39.

[1] ഉഗ്രം = വീര്യമുള്ളത്. വിപ്രസ്തുതം = മേധാവികളാൽ സ്തുതിയ്ക്കപ്പെട്ടത്. നവ്യം = സ്തുത്യം. ഗോപ്രധാനാന്നം – ഗോരസപ്രധാനമായ അന്നം.

[2] സത്യകർമ്മാക്കൾ – അംഗിരസ്സുകൾ. നുതൻ – അംഗിരസ്സുകളാൽ സ്തുതൻ. പണികൾ – വലന്റെ കൂട്ടാളികളായ അസുരന്മാർ.

[3] ദിനധ്വജം – ദിവസങ്ങളുടെ അടയാളം. ഇന്ദു – ചന്ദ്രത്വേന വർത്തിയ്ക്കുന്ന സോമം. അച്ഛോദയം = നിർമ്മലമായ ഉദയത്തോടുകൂടിയത്; സ്വതേജസ്സുകൊണ്ടു പുലരിയെ (ഉഷസ്സിനെ) പരിശുദ്ധിപ്പെടുത്തുന്നു. സോമംതന്നെ, ചന്ദ്രൻ എന്നാശയം.

[4] ദീപ്തനായ്നിന്ന് – സൂര്യാത്മനാ വർത്തിച്ച്. ഇവൻ – ഇന്ദ്രൻ. സ്തോത്രയുക്താശ്വം = സ്തോത്രങ്ങൾകൊണ്ട് കുതിരകളെപ്പൂട്ടിയത്. സ്വത്തണിത്തേര് – സ്തോതാക്കൾക്കു കൊടുക്കാൻ ധനങ്ങൾ വെച്ചിട്ടുള്ള രഥം.

[5] സൂരി – സ്തോതാവ്. പുവു് – പുരാതന. അർച്ചകൻ – സ്തോതാവ്. നല്ക്കാട് – രക്ഷകമായ വനം; ചൂതപനസാദിവൃക്ഷത്തോപ്പ്. നീർ – വർഷജലം.

സൂക്തം 40.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

നിന്മത്തിനിന്ദ്ര, പിഴിഞ്ഞതു സേവിയ്ക്ക;
നിർത്തി വിടുക, ചങ്ങാതിഹരികളെ;
കൂട്ടത്തിലിങ്ങിരുന്നേറ്റു പാടീടുക;
കൂട്ടുക, വാഴ്ത്തുന്ന യഷ്ടാവിനന്നവും!1
ഇന്ദ്ര, കുടിയ്ക്ക, പിറപ്പിലേ ജോലിയ്ക്കു –
മിമ്പത്തിനുമായ്ക്കുടിച്ചതുദാര, നീ:
പാൽവെള്ളമമ്മിനേതാക്കളീയിന്ദുവെ
പ്രാപിച്ചിരിപ്പൂ, ഭവാനു കുടിയ്ക്കുവാൻ!2
അഗ്നിവളർന്നൂ, പിഴിഞ്ഞു സോമം: കരു –
ത്തൊക്കുമശ്വങ്ങളിങ്ങെത്തിയ്ക്കുക,ങ്ങയെ.
ഇന്ദ്ര, കൊതിച്ചു വിളിയ്ക്കുന്നു, നിന്നെ ഞാൻ –
വന്നാലു,മെങ്ങൾക്കു വൻനല്പിനിന്ദ്ര, നീ!3
വന്നാലു,മന്നൊക്കെ വന്നപോലിന്ദ്ര, നീ
വൻനെഞ്ചിലിച്ഛയാ സോമം കുടിയ്ക്കുവാൻ;
കേൾക്കുകീ, ഞങ്ങൾതൻ സ്തോത്രവും; നിൻതിരു –
മൈക്കഥ യജ്ഞവാനന്നമർപ്പിയ്ക്കുമേ!4
ദൂരത്തു വിണ്ണിലാം, മറ്റിടത്താം, നിജാ –
ഗാരത്തിലാ – മെങ്ങുനിന്നുമേ സാശ്വനായ്
വന്നെങ്ങൾതൻ സോമമുൺക, മതി വരാ –
നിന്ദ്ര, മരുദ്യുതൻ സ്തോത്രൈഷി നീ മുദാ!5
കുറിപ്പുകൾ: സൂക്തം 40.

[1] ചങ്ങാതികളായാ ഹരികളെ (രണ്ടശ്വങ്ങളെ) നിർത്തിയിട്ട് അഴിച്ചുവിടുക. കൂട്ടം – ഞങ്ങളുടെ സ്തോതൃസംഘം. ഏറ്റുപാടീടുക – കൊണ്ടാടുക, പ്രശംസിയ്ക്കുക. കൂട്ടുക – ഏർപ്പെടുത്തുക, കൊടുക്കുക.

[2] ജോലി – വൃത്രവധാടികർമ്മം കുടിച്ചത് – സോമം. ഉദാര – മഹാനായുള്ളോവ. നേതാക്കൾ – അധ്വർയ്യുക്കൾ. ഇന്ദു = സോമം.

[3] വൻനല്പിന് – വലിയ നന്മ ഉളവാക്കാൻ.

[4] അന്നൊക്കെ – മുമ്പു പലപ്പോഴും. വൻനെഞ്ച് = വിശാലമായ മനസ്സ് മൈക്ക് – ദേഹപുഷ്ടിയ്ക്കു് അഥ – സ്തോത്രശ്രവണാനന്തരം. യജ്ഞവാൻ – യജമാനൻ. അന്നം – ഹവിസ്സ്, സോമം.

[5] നിജാഗാരം = സ്വഗൃഹം. എങ്ങുനിന്നുമേ – എവിടെനിന്നെങ്കിലും ഉൺക = ഭുജിച്ചാലും. സ്തോത്രൈഷി = സ്തുതിതൽപരൻ.

സൂക്തം 41.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഇന്ദ്ര, വരികി,ടയാതെ യജ്ഞേ:ഭവാ –
ന്നിന്ദു പിഴിഞ്ഞരിച്ചീടിന നീരുകൾ
പൂകുന്നു, തന്നിടം വജ്രവൻ, ഗോക്കൾപോ; –
ലാഗമിച്ചാലും, മഖാർഹരിൽ മുമ്പിൽ നീ!1
ഇന്ദ്ര, നീ നൽത്തേനജസ്രം കുടിയ്ക്കുന്ന
നിൻനാവിനുണ്ടു വലുപ്പവും ഭംഗിയും;
സേവിയ്ക്കിതുകൊണ്ടു; നില്ക്കയായധ്വർയ്യം;
തവകവജ്രമണയട്ടെ, ഗോവിനായ്!2
ഇഷ്ടങ്ങൾ പെയ്യുമിന്ദ്രന്നിതാ, സജ്ജമായ്,
വൃഷ്ടാഭിലാഷം വിചിത്രമാം സോമനീർ:
പണ്ടേ ഭവാനുടേതാമിബ്ഭവദന്ന –
മുണ്ടുകൊൾകു,ഗ്ര,ഹര്യശ്വ, താങ്ങേ, ഭവാൻ!3
കേമം,പിഴിയാത്തെതെക്കാൾ,പ്പിഴിഞ്ഞൊരി –
സ്സോമ; – മഭിജ്ഞന്നു വായ്പിയ്ക്കുമിമ്പവും;
ഇന്ദ്ര, കടക്കും ഭവാനീ ഹവിസ്സിങ്കൽ
വന്നു നിറച്ചുകൊൾകെ,ല്ലാബ്ബലത്തെയും!4
നിന്നെ വിളിയ്ക്കുന്നു, ഞങ്ങൾ – വരികിങ്ങു:
നിന്നുടല്ക്കു തികഞ്ഞീടട്ടെ, സോമനീർ;
നീരിതശിച്ചു രസിയ്ക്ക, ശതക്രതോ;
പോരിലും നാട്ടിലും പാലിയ്ക്കുകെ,ങ്ങളെ!5
കുറിപ്പുകൾ: സൂക്തം 41.

[1] ഇടയാതെ = അരിശപ്പെടാതെ. തന്നിടം – ദ്രോണകലശാദി. ഗോക്കൾപോലെ – ഗോക്കൾ തന്നിടം (തൊഴുത്ത്) പൂക്കുന്നതുപോലെ. മഖാർഹരിൽ മുമ്പിൽ – മറ്റുമഖാഹർ (ദേവന്മാർ) വരുന്നതിനുമുമ്പ്.

[2] നൽത്തേൻ – മധുരസോമം. സേവിയ്ക്ക = കുടിച്ചാലും. ഇതു – നാവ്. നില്ക്കയായ് – സ്വസ്ഥാനത്തു കാത്തുനില്ക്കുന്നു. അണയട്ടെ – ശത്രുക്കളിൽ ചെല്ലട്ടെ. ഗോവിനായ് – ശത്രുക്കളുടെ ഗോക്കളെ പിടിച്ചടക്കാൻ.

[3] വൃഷ്ടാഭിലാഷം = അഭീഷ്ടവർഷി. വിചിത്രം = വിവിധരൂപം. ഉഗ്ര = ബലമേറിയവനേ. താങ്ങേ = സർവാധാരമേ.

[4] ഈ സോമം പിഴിയാത്ത മറ്റു സോമത്തെക്കാൾ മികച്ചതാണ്; അഭിജ്ഞന്ന് (വിദ്വാനായ ഭാവാന്ന്) ഇമ്പം വായ്പിക്കുന്നതുമാണ്. കടക്കും – ശത്രുക്കളെ പിന്നിടുന്ന നിറയ്ക്കുക = പൂർത്തിപ്പെടുത്തുക. സോമപാനം ഭവാന്റെ ബലത്തെ പൂർണ്ണമാക്കും.

[5] തികഞ്ഞീടട്ടെ – വേണ്ടുവോളം തൃപ്തി വരുത്തട്ടെ.

സൂക്തം 42.

ഭരദ്വാജൻ ഋഷി; അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’ പോലെ)

നേതാവായ്, വിശ്വവേത്താവായ്പ്പിമ്പാ –
കാതെത്തും പൂർണ്ണയാത്രനായ്
പാനലോലുപനായ തന്തിരു –
മേനിയ്ക്കു കൊണ്ടുവെയ്ക്ക, നീ.1
സോമംകൊണ്ടേറ്റം നീരാസ്വദിയ്ക്ക –
മീ മഹൗജസ്സാമിന്ദ്രങ്കൽ
ചെന്നണയുവിൻ, നേരിട്ടു നിങ്ങ –
ളിന്ദുനീർപ്പാത്രച്ചാർത്തുമായ്2
നൽത്തെളിസോമനീരുമായ് നിങ്ങ –
ളദ്ധർഷകങ്കൽച്ചെല്ലുകിൽ,
ബുദ്ധിമാനറിഞ്ഞീടുമേ, സർവ;
മുദ്ദിഷ്ടമതാതേകുമേ!3
അദ്ദേഹത്തിന്നുതന്നെയർപ്പിയ്ക്കു, –
കധ്വർയ്യോ, താങ്കൾ സോമനീർ,
ഉദ്യുക്താമിത്രന്മാരുടെയെല്ലാം
കുത്തിൽനിന്നെന്നും രക്ഷിപ്പാൻ!4
കുറിപ്പുകൾ: സൂക്തം 42.

[1] അധ്വർയ്യുവിനോട്: വിശ്വവേത്താവ് = സർവജ്ഞൻ. പിമ്പാകാതെ എല്ലാവരെക്കാളും മുമ്പെ. എത്തും – യാഗങ്ങളിൽ ചെന്നുചേരുന്ന. പൂർണ്ണയാത്രൻ – ഇടയ്ക്കു നിർത്താതെ യാത്ര മുഴുമിപ്പിയ്ക്കുന്നവൻ. പാനലോലുപൻ – സോമപാനേച്ഛു. തന്തിരുമേനി – ഇന്ദ്രൻ. കൊണ്ടുവെയ്ക്ക – സോമം.

[2] അധ്വർയ്യുക്കളോട്: ഇന്ദുനീർപ്പാത്രച്ചാർത്ത് – സോമനീർ നിറച്ച ചമസാദിപാത്രസമൂഹം.

[3] സർവം – നിങ്ങളുടെ അഭിലാഷമെല്ലാം.

[4] കുത്ത് – ദ്രോഹം.

സൂക്തം 43.

ഭരദ്വാജൻ ഋഷി; ഉഷ്ണിക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)

അന്നേതിൻമത്തിൽശ്ശംബരനെ നീ
കൊന്നുവോ ദിവോദാസന്നായ്;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ!1
ഏതിൻമത്തേകും തീവ്രനീർ നിന്നാൽ
ത്രാതമായ്, മധ്യാന്തങ്ങളിൽ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ2
നേർക്കേതിൻമത്തിൽശ്ശൈലാന്തർബദ്ധ –
ഗോക്കളെ മോചിപ്പിച്ചു, നീ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലു,മിന്ദ്ര, നീ!3
ഏതന്നത്താലോ ഹർഷിച്ചേന്തുന്നു,
നീ തുരാഷാട്ടിൻകെല്പിനെ;
അസ്സോമത്തിന്റെ നീരിതാ, നിന –
ക്കാ; – സ്വദിച്ചാലുമിന്ദ്ര, നീ!4
കുറിപ്പുകൾ: സൂക്തം 43.

[1] ഏതിൻമത്തിൽ – യാതൊന്നു കുടിച്ചു ലഹരി പിടിച്ച്.

[2] തീവ്രനീർ – രാവിലത്തെ കടുംനീർ. ത്രാതം = രക്ഷിതം. മധ്യാന്തങ്ങളിൽ – മധ്യാഹ്നസവനത്തിലും, സായംസവനത്തിലും.

[3] ശൈലാന്തർബ്ബന്ധഗോക്കൾ – വലനുണ്ടാക്കിയ പാറക്കെട്ടിന്നുള്ളിൽ കെട്ടപ്പെട്ട അസുരാപഹൃതകളായ ഗോക്കൾ.

[4] തുരാഷാട്ടിൽകെല്പ് = ഇന്ദ്രന്റേതായ ബലം; ‘അങ്ങേയ്ക്കു് ഇന്ദ്രത്വം കിട്ടിയതു സോമപാനത്താലാണെന്നർത്ഥം.

സൂക്തം 44.

ബൃഹസ്പതിപുത്രൻ ശംയു ഋഷി; അനുഷ്ടുപ്പും വിരാട്ടും ത്രിഷ്ടപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)

യാതൊന്നോ പുരുവിത്തം, വിത്തവൻ,
ജ്യോതിസ്സാലതിഭാസ്വരം;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം,
നിന്നുടെയിമ്പത്തിന്നിന്ദ്ര!1
യാതൊന്നോ ബഹുസൗഖ്യ, സൗഖ്യദം,
സ്തോതാക്കൾക്കർത്ഥദായകം;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം
നിന്നുടെയിമ്പത്തിന്നിന്ദ്ര!2
യാതൊന്നാൽത്തഴച്ചാ,ത്മീയരക്ഷോ –
പേതനായ്ക്കെല്പാൽക്കൊല്ലും നീ;
അന്നേശ, പിഴിഞ്ഞിട്ടുണ്ടസ്സോമം,
നിന്നുടെയിമ്പത്തിന്നിന്ദ്ര!3
നേതാവു, കെല്പിൻപാലക,നതി –
ദാതാവു, സർവധർഷകൻ,
ആകെക്കാണുവോ,നിൻപിറ്റോൻ – നിങ്ങ –
ളായിന്ദ്രനെത്താൻ വാഴ്ത്തുവിൻ!4
ശത്രുവിത്താപഹാരി യാതൊന്നു
വർദ്ധിയ്ക്കുന്നുവോ, വഴ്ത്തലാൽ;
അത്തദ്ബലത്തെപ്പൂജിപ്പൂ, ദ്യോവും
പൃത്ഥ്വിയുമായ ദേവിമാർ!5
ഭാവൽക്കസ്തോത്രത്തിന്റെ മാഹാത്മ്യം
കൈവളർത്തുവിനി,ന്ദ്രങ്കൽ:
ത്രാണങ്ങൾ കൂടിച്ചേർന്നങ്കുരിപ്പോ –
നാണല്ലോ, ധീമാനിദ്ദേഹം!6
(കേക) അറിയും, കുശലനെ; – യാസ്വദിച്ചിട്ടത്തോഴൻ
കരുതിവെയ്ക്കും, ധനം സ്തോതാക്കൾക്കതിസ്തുത്യൻ;
ചീർത്ത പെൺകുതിരച്ചാർത്തോടൊത്ത്, സഖാക്കളെ –
ക്കാത്തരുളാനായ് വന്നു, സംരക്ഷിയ്ക്കുകയുംചെയ്യും!7
കർത്താവു നുകരട്ടെ,യധ്വരാധ്വാവിൽഃത്തന്റെ
ഹൃത്തിതിൽച്ചെല്ലാനല്ലോ, കർമ്മികൾ കർമ്മം ചെയ്വൂ;
താണുനിർത്തിയ്ക്കും മഹത്താകിയ തിരുവുടൽ
കാണുമാറാക്കേണമേ, നുതനക്കമനീയൻ!8
ചേർക്കുകെ,ങ്ങളിൽക്കത്തിയാളുന്ന കരുത്തിനെ;
പ്പോക്കുക, ജനങ്ങൾതൻ ബഹ്വരിപ്പടകളെ;
ഋദ്ധമാമന്നം കല്പിച്ചേകുക, മതിബലാൽ;
വിത്തസിദ്ധിയിലാക്കുകെ,ങ്ങളെത്തിരുവടി9
അങ്ങേയ്ക്കേ തരുന്നവരാകാവൂ, മഘവാവേ,
ഞങ്ങൾ – നിന്തിരുവടി ഹര്യശ്വ, വെറുക്കൊല്ലേ:
കണ്ടീല, മനുഷ്യരിലൊരു ബന്ധുവെ; മറ്റെ...
ന്തുണ്ടിന്ദ്ര? ധനദനെന്നങ്ങനയെയല്ലോ, ചൊല്വൂ!10
വൃഷഭ, വിട്ടേയ്ക്കുരുതെങ്ങളെ ദ്രോഹിയ്ക്ക:-ല്ലൽ
വസുമൻ, നിൻസഖ്യത്തിൽ നില്ക്കുമെങ്ങൾക്കേശൊല്ലാ;
ഇന്ദ്ര, നിൻ പല വിലങ്ങുണ്ടല്ലോ, രിപുക്കളിൽ; –
ക്കൊന്നൊടുക്കുക, പിഴിയാത്തോരെ,ത്തരാത്തോരെ!11
ഇടിവെട്ടുന്നോൻ പയോദങ്ങളെക്കണക്കിന്ദ്രൻ
വടിവിൽപ്പൊന്തിയ്ക്കുന്നു, ഗോവാജിധനങ്ങളെ:
അങ്ങുന്നു പണ്ടേ താങ്ങായ് നില്ക്കുന്നൂ സ്തുതികാരർ; –
ക്കങ്ങനെ വലയ്ക്കായ്ക, ധനികപ്പിശുക്കന്മാർ!12
അധ്വർയ്യോ, പിഴിഞ്ഞതു പെരുമപ്പെടുമിന്ദ്ര –
ന്നെത്തിയ്ക്കുകി,തിൻ പുരാനവിടുന്നല്ലോ, വീര:
അദ്ദേഹം പ്രവൃദ്ധനാ,മൃഷിമാർ പാടീടുന്ന
പുത്തനും പഴയതുമാകിയ നുതികളാൽ!13
അറിവോനിന്ദ്രനിതിനുമത്തിനാലല്ലോ കൊന്നൂ,
മറച്ചുനിന്ന പല മാറ്റരെയെതിരെന്ന്യേ;
തെല്ലേറെയിനിയ്ക്കുമിസ്സോമമേ ഹോമിച്ചാലും
നല്ലണക്കടയുള്ളാ വീരന്നു കുടിപ്പാൻ നീ!14
ഇന്ദ്രനാസ്വദിയ്ക്കട്ടേ, പിഴിഞ്ഞ സോമം; മറ –
യ്ക്കുന്നോനെ വധിയ്ക്കട്ടേ, മത്താർന്നു കുലിശത്താൽ;
മേധത്തിൽ വന്നെത്തട്ടേ, ദൂരത്തുനിന്നായാലും,
ധാതാക്കൾക്കൊരു താങ്ങാം കർമ്മരക്ഷകൻ വസു!15
ഇന്ദ്രന്നു കടിയ്ക്കുവാൻ തക്കതി,പ്പേയദ്രവ്യ; –
മിന്ദ്രനാസ്വദിയ്ക്കുകീയാരോമലമൃതിനെ;
നന്മനസ്സിന്നായിട്ടു മത്താർന്നത്തിരുവടി
നമ്മില്‍നിന്നകാറ്റട്ടേ, ദ്രോഹിയെപ്പാപത്തെയും!16
നീ തുലച്ചാലു,മിതിൻമത്താർന്നു മഘവാവേ,
ജ്ഞാതിയുമജ്ഞാതിയുമായ ഹിംസ്രാരാതിയെ;
പടയൊത്തെതിർത്തസ്ത്രം നേര്‍ക്കു ചാട്ടുന്നോരെയു –
മുടച്ചു പായിയ്ക്കി,ന്ദ്ര; ശൂര, കൊല്കയുംചെയ്ക!17
മഘവൻ, ഞങ്ങളുടെയിപ്പടകളിലിന്ദ്ര,
സുഗമമാക്കേണമേ, വന്മുതലെങ്ങൾക്കു നീ!
പുത്രപൗത്രന്മാരെയുമുദകത്തെയും നേടാൻ
ശക്തരാക്കുക, വാഴ്ത്തും ഞങ്ങളെബ്ഭവാനിന്ദ്ര!18
വൃഷ്ടികാരിയാം തേരില്‍ സ്വയമേ നന്നായ്പ്പൂട്ട –
പ്പെട്ട, വർഷകക്കടിഞാണിട്ട വൃഷാശ്വങ്ങൾ
ഞങ്ങൾക്കുനേരെ കൊണ്ടുപോരട്ടേ, വൃഷമത്തി
ന്നങ്ങയെ നില്ക്കാതോടും തരുണർ, ധൃതവജ്രർ!19
നിന്മരത്തേരിൽച്ചേർന്നൂ, വർഷക, തണ്ണീർ പാറ്റു –
മംബുധിത്തിരപോലേ മത്താടും വൃഷാശ്വങ്ങൾ:
(കർമ്മികൾ) യുവാവായ വർഷിയാമങ്ങയ്ക്കായി –
ട്ടമ്മിയാൽപ്പിഴിഞ്ഞോരു സോമമുണ്ടൊരുക്കുന്നു!20
വൃഷഭന്‍ വിണ്ണിന്നു നീ; മന്നിന്നു വൃഷാവു നീ;
വൃഷഭനാറ്റിന്നു നീ; – യേവർക്കം വൃഷാവു നീ;
മുന്തിയ വൃഷാവാകുമങ്ങയ്ക്കായ് പ്രവർഷക,
പൊന്തുന്നു, തേനിന്നൊപ്പമിനിയ സോമത്തിൻനീര്‍!21
ഇന്ദ്രനാം സഖാവൊത്തു പിറന്നു തിളുങ്ങുമീ –
യിന്ദു നിശ്ചലനാക്കീ, പണിയെബ്ബലത്താലേ;
ഇതുതാന്‍ കവർന്നല്ലോ. സ്വത്തിനെക്കാക്കുന്നോനാം
പ്രതികൂലൻതൻ ശസ്ത്രൗഘത്തെയും മായയെയും!22
ഇതുഷസ്സിനെയെല്ലാം ശുഭഭത്തൃകയാക്കീ;
ഇതു തേജസ്സർപ്പിച്ചൂ, സൂർയ്യമണ്ഡലമധ്യേ;
ഇതു വിണ്ണിലെ മൂന്നാമത്തെ രോചനത്തിങ്കല്‍
സ്ഥിതര്‍തന്‍ ഗൂഢാമൃതം മൂന്നുമട്ടിലായ് നേടീ!23
ഇതുറപ്പിച്ചൂ, നാനാമട്ടിൽ വാനൂഴികളെ; –
യിതു സപ്താശ്വപ്പള്ളിത്തേരിനെക്കൂട്ടിച്ചേർത്തു;
പക്വദുഗ്ദ്ധത്തെബ്ബുദ്ധ്യാ നിർത്തി, പൈക്കളിലിതു;
പത്തുപാത്രത്തിൽപ്പകരുന്നു, നീരിനെസ്സോമം!24
കുറിപ്പുകൾ: സൂക്തം 44.

[1] പുരുവിത്തം = വളരെദ്ധനത്തോടുകൂടിയത് വിത്തവൻ = ധനവാനായുള്ളോവേ. ജ്യോതിസ്സ് – യശഃപ്രകാശം. അന്നേശ = അന്നപാലക. ഇമ്പം – മത്ത്.

[2] ബഹുസൗഖ്യ = സുഖമേറിയവനേ. അർത്ഥദായകം = ധനപ്രദം.

[3] കൊല്ലം – ശത്രുക്കളെ.

[4] ഋത്വിക്കുകളോട്: ആകെക്കാണുവോൻ = സർവദ്രഷ്ടാവ് അൻപുറ്റോൻ – ഭക്താനുഗ്രഹപരൻ.

[5] തദ്ബലം = ഇന്ദ്രന്റെ ബലം.

[6] ഭാവോൽക്കസ്തോത്രം = ഭവാന്മാരുടേതായ സ്തോത്രം. ത്രാണങ്ങൾ – രക്ഷകൾ ഇന്ദ്രങ്കൽ, കൊമ്പുകൾ വൃക്ഷത്തിന്മേലെന്നപോലെ മുളച്ചുകൊണ്ടിരിയ്ക്കും.

[7] കുശലൻ = കർമ്മസമർത്ഥൻ, യഷ്ടാവ്. ആസ്വദിച്ചിട്ട് – സോമം നുകർന്നിട്ട് അത്തോഴൻ – യജമാനന്നു സഖാവായിത്തീർന്ന ഇന്ദ്രൻ. ചീർത്ത = തടിച്ച. സഖാക്കൾ – സ്തോതാക്കൾ.

[8] കർത്താവ് – വിധാതാവായ ഇന്ദ്രൻ. അധ്വരാധ്വാവ് = യജ്ഞമാർഗ്ഗം. തന്റെ – അദ്ദേഹത്തിന്റെ. ഇതിൽ – സോമത്തിൽ താണനിർത്തിയ്ക്കും – ശത്രുക്കളെ കുമ്പിടുവിയ്ക്കുന്നു.

[9] ജനങ്ങൾതൻ – സ്തോതാക്കളായ ഞങ്ങളുടെ വിത്തസിദ്ധിയിലാക്കുക – ധനലാഭത്തിലെത്തിയ്ക്കുക.

[10] തരുന്നവർ – ഹവിസ്സ്. മറ്റെന്തുണ്ട് – വിശേഷാൽ പറയാനൊന്നുമില്ല. ധനദൻ = ധനം കൊടുക്കുന്നവൻ.

[11] വൃഷഭ – അഭീഷ്ടവർഷിൻ ദ്രോഹിയ്ക്കു വിട്ടേയ്ക്കരുത് – ഉപദ്രവിപ്പാൻ. വസുമൻ = ധനവാനേ. വിലങ്ങ് = തടവ്. അങ്ങേയ്ക്കു സോമം പിഴിയാത്തവരെയും, ഹവിസ്സർപ്പിയ്ക്കാത്തവരെയും കൊന്നൊടുക്കുക.

[12] പൂർവ്വാർദ്ധം പരോക്ഷകഥനം: ഇടിവെട്ടുന്നോൻ – പർജ്ജന്യൻ. പൊന്തിയ്ക്കുന്നു. സ്തോതാക്കൾക്കു കൊടുക്കാൻ. ധനികപ്പിശുക്കന്മാർ – ധനമുണ്ടായിരിയ്ക്കെ, പിശുക്കുമൂലം അങ്ങയെ യജിയ്ക്കാത്തവർ.

[13] പ്രവൃദ്ധനാം = വർദ്ധിയ്ക്കും.

[14] അധ്വർയ്യുവിനോടുതന്നെ: അറിവോൻ = വിദ്വാൻ. ഇത് – സോമം. മറച്ചുനിന്ന – ജലാധികളെ. മാറ്റർ – വൃത്രാദിശത്രുക്കൾ. ഇനിയ്ക്കും = മധുരിയ്ക്കുന്ന.

[15] മറയ്ക്കുന്നോനെ – മറയ്ക്കുന്ന ശത്രുവിനെ. കുലിശം = വജ്രം. മേധം = യാഗം. ധാതാക്കൾ – സ്തോത്രകർത്താക്കൾ. വസു – എല്ലാവരെയും വസിപ്പിയ്ക്കുന്നവൻ.

[16] ആരോമലമൃത് – പ്രിയപ്പെട്ട സോമനീർ. നന്മനസ്സ് – അനുഗ്രഹബുദ്ധി.

[17] പ്രത്യക്ഷകഥനം: ഹിംസ്രാരാതി = ഹിംസകനായ ശത്രു. അസ്ത്രം = ആയുധം.

[18] സിഗമം = സുഖപ്രാപ്യം.

[19] ഇന്ദ്രന്റെ രഥം, കുതിരകൾ മുതലായവയും അഭീഷ്ടവർഷികളാണെന്ന്: വൃഷമത്ത് – അഭീഷ്ടവർഷിയായ സോമം കുടിച്ചാലുണ്ടാകുന്ന മത്ത്. ധൃതവജ്രർ – രഥത്തിൽവെയ്ക്കപ്പെട്ട വജ്രാദ്യായുധങ്ങളെ വഹിയ്ക്കുന്നവ.

[20] കർമ്മികൾ – അധ്വർയ്യുക്കൾ.

[21] വൃഷഭ – വൃഷശബ്ദങ്ങൾക്ക് അർത്ഥം ഒന്നുതന്നെ. വർഷിയ്ക്കുന്ന ഇനിയ = മധുരമായ.

[22] ഇന്ദു = സോമം. പണി – പണികളെന്ന അസുരന്മാരുടെ തലവനായ വലൻ. നിശ്ചലനാക്കീ – തടുത്തുനിർത്തി. സ്വത്ത് – അപഹരിയ്ക്കപ്പെട്ട ഗോധനം. പ്രതികൂലൻ = അഹിതൻ, വലൻ.

[23] ശുഭഭർത്തൃക = ശോഭനമായ ഭർത്താവോടു (സൂര്യനോടു) കൂടിയവൾ. രോചനം – ഒരു ലോകത്തിന്റെ പേർ. സ്ഥിതർ – ദേവകൾ. മൂന്നുമട്ടിലായ് – സവനത്രയരൂപേണ.

[24] ഇന്ദ്രന്റെ കർമ്മങ്ങളാണിവയെല്ലാം; ഇവ സോമമദത്താൽ ചെയ്തവയാകകൊണ്ട്, ഇവയുടെ കർത്തൃത്വം സോമത്തിൽ അരോപിച്ചിരിയ്ക്കുന്നു. സപ്താശ്വൻ = സൂര്യൻ. പത്തുപാത്രങ്ങളിലത്രേ, സോമനീർ പകർന്നുവെയ്ക്കുന്നത്.

സൂക്തം 45.

ശംയു ഋഷി; ഗായത്രിയും അതിനിചൃത്തും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ബൃബു എന്ന തക്ഷാവും ദേവത.

യദുതുർവശരെദ്ദൂരദിക്കിൽനിന്നു സുഖേനതാൻ
കൊണ്ടുപോന്നൂ, യുവാവിന്ദ്രൻ; സഖാവാക, നമുക്കവൻ!1
ഇന്ദ്രനസ്തോത്രകാരന്നുമന്നം കരുതിവെയ്ക്കുമേ;
ഒരു മന്തകുതിരയെക്കൊണ്ടും മുതലടക്കുമേ!2
മഹത്തവന്റെ നേതൃത്വം; പ്രശസ്തികളനേകുകൾ;
ഇടിഞ്ഞുപോകുന്നവയല്ല,ദ്ദേഹത്തിന്റെ രക്ഷകൾ!3
മന്ത്രാഭിഗമ്യനെപ്പറ്റിച്ചൊല്വിൻ, പാട്ടും മുതിർക്കുവിൻ:
മികച്ച വൻബുദ്ധി നമുക്കവനല്ലോ സഖാക്കളെ!4
അവിടുന്നാണൊ,രുത്തന്നും, രണ്ടുപേർക്കു,മതേവിധം
ഞങ്ങളെപ്പോലെയുള്ളോർക്കും രക്ഷകൻ വൃത്രസൂദന!5
പിൻതള്ളിയ്ക്കുന്നു, മാറ്റാരെ; – പ്പൊന്തിപ്പൂ, വാഴ്ത്തുവോരെ നീ;
സുവീരയുതനെന്നല്ലോ ചൊല്വതാളുകളങ്ങയെ!6
മന്ത്രഗമ്യനെ, മേലാളെ,സ്സഖാവെ, സ്തവനാർഹനെ
കറയ്ക്കാൻ, പയ്യിനെപ്പോലേ വിളിയ്ക്കുന്നേൻ, പുകഴ്ത്തി ഞാൻ.7
സൈന്യങ്ങളെക്കീഴമർത്തുമീ വീരനുടെ കയ്യിലാം,
ഇരുസമ്പത്തു മുഴുവനെന്നല്ലോ, ചൊല്ലി നിർഭരം!8
ജനങ്ങൾതൻ മായകളു,മുറപ്പുറ്റവപോലുമേ
പൊളിയ്ക്ക, കുനിയാത്തോനേ, വജ്രവന്‍, നീ ശചീപതേ!9
ഇന്ദ്ര, സോമപ, സത്യാത്മന്‍, ഭോജ്യങ്ങളുടെ രക്ഷക,
ആ നിന്നെത്താൻ വിളിയ്ക്കുന്നൂ, ഞങ്ങളന്നം ലഭിയ്ക്കുവാൻ.10
ആരാഹ്വാതവ്യനായ്, പണ്ടും വൈരിസമ്പത്തനിപ്പൊഴും;
ആ നിന്നെത്താൻ വിളിയ്ക്കുന്നതൊന്നു കേൾക്കേണമേ, ഭവാന്‍!11
അശ്വങ്ങൾകൊണ്ടശ്വൗഘത്തെ, ശ്ശസ്താന്നത്തെ, ദ്ധനത്തെയും
മാറ്റാരിൽനിന്നടക്കാവൂ, ഞങ്ങളിന്ദ്ര, ഭവൽസ്തവാൽ !12
ഇന്ദ്ര, വീര, നുതിപ്രാപ്യ, മാറ്റാരുടെ ധനത്തിനായ്
വളർച്ച പൂണ്ടു പോരാടി നേടിയല്ലോ, ജയം ഭവാൻ!13
തുലോം കവിഞ്ഞുള്ളൊന്നല്ലോ, ഭവാന്റെ ഗതിലാഘവം;
അതെടുത്തൊ,രു തേരെങ്ങൾക്കയയ്ക്ക,രിപുസൂദന!14
അനന്തരം ഞങ്ങളുടെ കീഴമർത്തുന്ന തേരിനാൽ
അടക്കുക, രിപുദ്രവ്യം ജിഷ്ണോ രഥിതമ൯ ഭവാൻ!15
വിശേഷദർശിയായ് വർഷകർത്താവാമാരൊരുത്തനോ
അധീശനായീ, പ്രജകൾ; – ക്കവനെത്താൻ സ്തൂതിയ്ക്ക, നീ!16
ബന്ധുവും സ്തുതികാരർക്കു സുഖമേകും സഖാവുമായ്
വാണോനല്ലോ, ഭവാനിന്ദ്ര: സുഖിപ്പിയ്ക്കുക, ഞങ്ങളെ!17
എടുക്ക, വജ്രം തൃക്കയ്യിലരക്കരെയരയ്ക്കുവാ൯;
കീഴമർത്തുകയുംചെയ്ത വജ്രിൻ, നേർക്കുമമിത്രരെ!18
സ്തോതൃചോദകനെ,സ്സമ്പത്തേകുവോനെ,സ്സഖാവിനെ,
പുരാണനെ വിളിയ്ക്കുന്നേ,നിവൻ മന്ത്രാഭിഗമ്യനെ19
ഏകനാമവിടുന്നല്ലോ, പാരിലെ സ്വത്തിനൊക്കയും
പെരുമാൾ, നുതിസംസേവ്യൻ ഗതിയ്ക്കു തടവറ്റവൻ;20
അതിനാലശ്വബഡബാഗോയുതാന്നസമൃദ്ധിയാൽ
ധൃഷ്ണു നീയെങ്ങൾതൻ കാമം പൂരിപ്പിയ്ക്കുക, ഗോപതേ!21
പിഴിഞ്ഞു പാടുവിൻ, നിങ്ങളൊപ്പും, പയ്യിന്നുപോലവേ,
ശക്തൻ ദാതാവു പുരുഹൂതന്നു സൗഖ്യദമാം സ്തവം22
ഇസ്തവങ്ങൾ ചെവിക്കൊണ്ടാല്‍, പ്പൊറുപ്പിച്ചരുൾവോനൻ
ബഹുഗോക്കളെയും കെല്പും നല്കൽ നിർത്താതിരിയ്ക്കുമേ!23
കുവിത്സൻതൻ പൈത്തൊഴുത്തിലെഴുന്നള്ളി മനീഷയാല്‍
തുറന്നരുളിനാനല്ലോ, നമുക്കായ്ദ്ദസ്യുമർദ്ദനന്‍!24
ഭവാങ്കൽ വന്നുചേരുന്നൂ, പേർത്തുപേർത്തിസ്തവോക്തികൾ,
തള്ളപ്പൈക്കൾ കിടാവിങ്കൽപ്പോലെയിന്ദ്ര, ശതക്രതോ!25
അഭംഗം, നിന്റെ ചങ്ങാത്തം: ഗോകാമന്നൊരു ഗോവു, നീ;
അശ്വേച്ഛുവിന്നശ്വവുമായ്ച്ചമഞ്ഞീടുന്നു, വീര, നീ!26
ആ നീയന്നം ഭുജിച്ചിമ്പംകൊണ്ടാലും, വൻധനത്തിനായ്:
പഴിപ്പോനു കൊടുക്കൊല്ലേ, പുകഴ്ത്തുന്നവനെബ്ഭവാൻ!27
ഇതാ, സ്തവാർച്ച ്യ, പിഴിയെപ്പിഴിയെ സ്തോത്രഗീരുകൾ
നിങ്കലെത്തുന്നു, കന്നിങ്കല്‍ക്കറവപ്പൈക്കൾപോലവേ!28
വളരെപ്പേരെ വാട്ടുന്ന (ഭവാനെ) യജനങ്ങളില്‍
ഹവിസ്സാൽബ്ബലവാനാക്കി വാഴ്ത്തുന്നു, പെരുതാളുകൾ.29
അണയട്ടെ, തുലോം നിങ്കലെങ്ങൾതൻ ധുര്യമാം സ്തവം:
കല്പിച്ചയയ്ക്ക, വമ്പിച്ച സമ്പത്തിന്നിന്ദ്ര, ഞങ്ങളെ!30
കുടികൊണ്ടാൻ, പണികൾതന്നുയർന്ന തലയിൽബ്ബ്യബു,
ഗംഗാതീരത്തിലൊരു പുല്ക്കാടുപോലെ തഴപ്പൊടേ.31
വായുപോലോടുമേവന്റെ ഭദ്രസാഹസ്രദാനമോ
യാചിപ്പവന്നുടൻതന്നേ നല്കിപ്പോരുന്നു, കാംക്ഷിതം;32
അബ്ബൃബുവിനെ ആഴ്ത്തുന്നൂ നമ്മുടെ നുതികാരരേവരും പതിവായ്,
ആയിരമെടുക്കുവോനെ,ബ്ബുധനെ,പ്പരമായിരം കൊടുപ്പോനെ.33
കുറിപ്പുകൾ: സൂക്തം 45.

[2] അസ്തോത്രകാരന്നും – സ്തുതിയ്ക്കാത്തവന്നും. പിന്നെ, സ്തുതിക്കുന്നവർക്കു കരുതിവെയ്ക്കുമെന്നു പറയാനുണ്ടോ? ഒരു മന്തങ്കുതിര (ഗതിവേഗമില്ലാത്ത അശ്വം) അവിടെയ്ക്കു മുതൽ (ശത്രുക്കളുടെ സൂക്ഷിപ്പുധനം) അടക്കാൻ!

[4] മന്ത്രാദിഗമ്യൻ = മന്ത്രങ്ങൾകൊണ്ടു പ്രാപ്യൻ, ഇന്ദ്രൻ. ചൊൽവിൻ – ശാസ്ത്രങ്ങൾ. പാട്ട് – സ്ത്രോത്രഗീതി. നമുക്കു വലിയ ബുദ്ധിതരുന്നത് അദ്ദേഹമാണ്.

[5] പ്രത്യക്ഷോക്തി: എല്ലാവർക്കും രക്ഷിതാവ് എന്നർത്ഥം.

[6] പിൻതള്ളിയ്ക്കുന്നു – ഞങ്ങളെക്കൊണ്ട് പൊന്തിപ്പൂ – ഉയർത്തുന്നു; സമൃദ്ധരാക്കുന്നു. സുവീരയുതൻ – സ്തോതാക്കൾക്കു കൊടുക്കേണ്ടുന്ന നല്ല പുത്രാദികളോടുകൂടിയവൻ.

[7] മേലാൾ – തലവൻ. കറക്കാൻ – എന്റെ അഭീഷ്ടങ്ങൾ കൈവരുത്താൻ.

[8] സൈന്യങ്ങൾ – ശത്രുസേനകൾ. ഇരുസമ്പത്ത് – ദിവ്യ ഭൗമസമ്പത്തുകൾ. നിർഭരം – തികച്ചും എന്നർത്ഥം.

[9] ജനങ്ങൾ – ശത്രുജനങ്ങൾ. ഉറപ്പുറ്റവ – പുരികൾ. കുനിയാത്തോനേ – ആരുടെ മുമ്പിലും തലതാഴ്ത്താത്തവനേ.

[11] പണ്ടും ഇപ്പോഴും വൈരിസമ്പത്തിന്, ശത്രുക്കളെ ജയിച്ച്, അവരുടെ ധനം കൈക്കലാക്കാൻ, ആരെ വിളിയ്ക്കേണമോ, ആ നിന്നെത്തന്നെ.

[12] അശ്വങ്ങൾകൊണ്ട് – ഞങ്ങളുടെ. അശ്വൗഘത്തെ – ശത്രുക്കളുടെ അശ്വഗണത്തെ. ശസ്താന്നം = പ്രശസ്തമായ അന്നം. ഭവൽസ്തവാൽ – അങ്ങയെ സ്തുതിയ്ക്കയാൽ.

[14] അതെടുത്ത് – ആ ഗതിലാഘവം (ഗമനവേഗം) ഉപയോഗിച്ച്.

[15] രഥിതമൻ – മഹാരഥൻ.

[16] സ്തോതാവിനോ.

[17] പ്രത്യക്ഷോക്തി: സ്തുതികാരർക്കു – സ്തുതിയ്ക്കുന്ന ഞങ്ങൾക്ക്.

[18] നേർക്കും = എതിർക്കുന്ന.

[19] സ്തോതൃചോദകൻ = സ്തോതാക്കളെ പ്രേരിപ്പിയ്ക്കുന്നവൻ. പുരാണൻ = പുരാതനൻ.

[21] ബഡബ = പെൺകുതിര. കാമം = അഭീഷ്ടം.

[22] സ്തോതാക്കളോട്: പയ്യിന്നുപോലവേ – പയ്യിന്നു പുല്ലെന്നപോലെ, പുരുഹുതന്നു സുഖപ്രദമായ.

[24] കുവിത്സൻ – ഒരു വമ്പിച്ച ജനദ്രോഹി, അവന്റെ ഗോക്കളെയൊക്കെ ഇന്ദ്രൻ സ്തോതാക്കൾക്കു കൊടുത്തു. മനീഷ = ബുദ്ധിശക്തി.

[26] അഭംഗം = ഇടിവുപറ്റാത്തത്, സുദൃഢം. ഗോകാമന്നു ഗോവിനെയും അശ്വകാമന്ന് അശ്വത്തെയും കൊടുക്കുന്നു.

[27] അന്നം – സോമം. വൻധനത്തിനായ് – ഞങ്ങൾക്കു വലിയ സ്വത്തു തരാൻ. കൊടുക്കൊല്ലേ – വശപ്പെടുത്തരുതേ.

[28] സ്തവാച്ച ്യ = സ്തോത്രങ്ങൾകൊണ്ടു പൂജിയ്ക്കപ്പെടേണ്ടവനേ. പിഴിയെ – സോമം. കന്ന് = പൈക്കുട്ടി.

[29] വളരെപ്പേരെ – വൈരികളെ. വാട്ടുന്ന – ദുർബലരാക്കുന്ന.

[30] തുലോം അണയട്ടെ – ഏറ്റവും ചേരട്ടെ. ധുര്യം – ഒരു കുതിരപോലെ വഹനശക്തിയുള്ളത് സമ്പത്തിന്ന് – ധനം കിട്ടുന്ന പ്രവൃത്തിയ്ക്ക്.

[31] ബൃബു – പണികളുടെ ആശാരിയുടെ പേർ. ഇയ്യാൾ ഭരദ്വാജന്നു ഗോധനത്തെ കൊടുക്കുകയുണ്ടായി. അതിനാൽ ഋഷി മൂന്നൃക്കുകൾകൊണ്ടു ബൃബുവിനെ സ്തുതിയ്ക്കുന്നു. തലയിൽ കുടികൊണ്ടാൻ – ശിരസാ ശ്ലാഘിയ്ക്കപ്പെട്ടുപോന്നു.

[32] ഭദ്രസാഹസ്രദാനം = ശുഭകരമായ ആയിരക്കണക്കിലുള്ള ദാനം, അത്യുദാരത.

[33] നുതികാരർ = സ്തോത്രകർത്താക്കൾ. ആയിരമെടുക്കുവോനെ – സഹസ്രസ്തോത്രങ്ങൾ കൈക്കൊള്ളുന്നവനെ. ബുധൻ = പ്രാജ്ഞൻ. പരം = ഏറ്റവും.

സൂക്തം 46.

ശംയു ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

ഞങ്ങളെന്നാർത്ഥമിന്ദ്ര, സത്ത്രാതാവാ –
മങ്ങയെത്തന്നെ വാഴ്ത്തി വിളിയ്ക്കുന്നു;
അങ്ങയെശ്ശത്രുബാധയിലന്യരു;
മങ്ങയെ ഹയം പാഞ്ഞണഞ്ഞേടത്തും!1
ഇന്നുതിയാല,മർത്തും മഹാൻ ഭവാ –
നിന്ദ്ര, സംപൂജ്യ, വജ്രാശനിധര,
തന്നരുൾക, തേർവാജിയെ,ഗ്ഗോവിനെ,
വെന്നവന്നു വൻകൊറ്റുപോലെങ്ങൾക്കായ്!2
ഉന്നതരെ വീഴ്ത്തുന്ന വിദ്രഷ്ടാവാ –
മിന്ദ്രനെത്തന്നെ ഞങ്ങൾ വിളിയ്ക്കുന്നു:
ലിംഗമായിരമുള്ള ധനാഢ്യ, നീ
ഞങ്ങളെപ്പോരിൽ വായ്പിയ്ക്ക, സൽപതേ!3
കൂറ്റനൊത്ത കോപത്താൽ വലച്ചാലും,
മാറ്റരെപ്പോരില്യക്സമരൂപ, നീ;
നിന്നുരക്ഷയ്ക്ക, ഞങ്ങളെ, വന്മുതൽ,
നന്ദനൻ, ജലം, സൂര്യനിവയ്ക്കായി!4
ഏതിനാൽ നീ സുഹനോ, നിറയ്ക്കു,മീ
റോദസി രണ്ടുമാരാധ്യ, വജ്രവൻ,
ഉന്നതൗജോനിദാനമാ ശ്രേഷ്ഠാന്ന –
മിന്ദ്ര, ധാരാളമെത്തിയ്ക്കകെ,ങ്ങളിൽ!5
ഉമ്പരിൽബ്ബലി, ശത്രുജിത്തങ്ങയെ –
ത്തമ്പുരാനേ, വിളിയ്ക്കുവോം, രക്ഷയ്ക്കായ്:
നോവിയറ്റുക, രാക്ഷസർക്കൊക്കെയും;
നീ വാസോ, താഴ്ത്തുകെ,ങ്ങൾതൻ മാറ്റരെ!6
ഇന്ദ്ര, മർത്ത്യരിലുള്ള കെല്പും, ധന –
വൃന്ദവും, പഞ്ചജാതീതന്നന്നവും,
ഉന്നതമായ പൗരുഷപ്രൗഢിയു –
മൊന്നൊഴിയാതെ കൊണ്ടുവരിക, നീ!7
തൃക്ഷുവിങ്കലും, ദ്രുഹ്യുസംജ്ഞങ്കലും,
പൂരുവിങ്കലുമുള്ള കെല്പൊക്കയും
ചേർക്കുകെ,ങ്ങളിൽ നീ മഘവൻ, പട
വായ്ക്കിൽ മാറ്റരെപ്പോരിട്ടുടയ്ക്കുവാൻ!8
മൂന്നിനേയും തടുക്കുന്ന, കെട്ടുറ –
പ്പാർന്ന, മേഞ്ഞതാം മുന്നിലമന്ദിരം
ഇന്ദ്ര, നീ നല്കെ,നിയ്ക്കും സയജ്ഞർക്കും;
വന്നുവീഴായ്തി,വരിൽശ്ശിതായുധം!9
പൈക്കൊതിയാൽ വലയ്ക്കും പരനെയും,
ഢീക്കൊടേറ്റിന്ദ്ര, പോരടിപ്പോരെയും
നീക്കി നീ തൊട്ടുനില്ക്കെ,ങ്ങൾതന്നുടൽ
കക്കുവാൻ നുതിഗ്രാഹിൻ, മഘവാവേ!10
കൂർത്തു മൂർത്ത ചിറകണിത്തീക്കണ –
ച്ചാർത്തുവാനിൽപ്പറന്നുതുടങ്ങിയാൽ,
പേർത്തുയർത്തേണമിന്ദ്ര, നീയെങ്ങളെ; –
ക്കാത്തുരക്ഷിയ്ക്ക, പോരിൽ നാഥനെയും!11
ശൂരപൂരുഷർ നെഞ്ചവും തന്നച്ഛ –
ന്മാരുടെ പ്രിയസ്ഥാനവും കാട്ടുമ്പോൾ,
സ്പഷ്ടമാകാതെ മാറിനുമുണ്ണിയ്ക്കും
ചട്ട നല്ക, നീ; പായിയ്ക്ക മാറ്റരെ – 12
മുറ്റിയ മുതലിന്നൊരുങ്ങി, നിര –
പ്പറ്റ മന്നിലും വക്രമാർഗ്ഗത്തിലും
ഇന്ദ്ര, നീയിരതേടിടും ശ്യേനരെ –
യെന്നപോലേ ഹയങ്ങളെപ്പായിയ്ക്കെ – 13
പേടിയാൽച്ചിനക്കൂട്ടി, വാറിട്ടവ
മാടിനായ്ത്തീനിനണ്ഡജർപോലെയും,
താന്ന ദിക്കിലെക്കാറുകൾപോലെയും,
മാന്ദ്യമേശാതെ മണ്ടിത്തിരിയവേ!14
കുറിപ്പുകൾ: സൂക്തം 46.

[1] സത്ത്രാതാവ് = സജ്ജനപാലകൻ. വാഴ്ത്തുന്നു എന്ന ക്രിയാപദം ഉത്തരാർത്ഥത്തിലെ ഇരുവാക്യങ്ങളിലും ചേർക്കണം. അന്യരും വാഴ്ത്തുന്നു. ഹയം പാഞ്ഞണഞ്ഞേടം – യുദ്ധരംഗം; യുദ്ധത്തിനിറങ്ങിയവരും വാഴ്ത്തുന്നു.

[2] അമർത്തും – ശത്രുക്കളെ. അശനി = ഇടിവാൾ. വെന്നവന്നു, പോരിൽ ജയിച്ചവന്നു, വൻകൊറ്റു, വലിയ ഭോഗ്യവിഭവം, അവന്റെ സ്വാമി കൊടുക്കുമല്ലോ; അതുപോലെ.

[3] ഉന്നതരെ – വമ്പിച്ച ശത്രുക്കളെ. വിദൃഷ്ടാവ് – എല്ലാം വിശേഷേണ കാണുന്നവൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ലിംഗം – ഏതോ ഒരു സ്ത്രിയെ പ്രാപിച്ച ഇന്ദ്രൻ ഭോഗലോലുപതയാൽ സ്വശരീരത്തിൽ സന്ധിതോറും ലിംഗങ്ങളെ സൃഷ്ടിച്ചുപോൽ. വായ്പിയ്ക്ക – വളർത്തുക; ജയിപ്പിച്ചാലും.

[4] കൂറ്റനൊത്ത – ഒരു കാളപോലെ ബലവത്തായ. ഋക്സമരൂപ = ഋക്കുകളിൽ പ്രതിപാദിപ്പിയ്ക്കപ്പെട്ടതുപോലുള്ള രൂപത്തോടുകൂടിയവനേ. സൂര്യൻ – വെളിച്ചം. ഇവയ്ക്കായി – ഇവ ഞങ്ങൾക്കു കിട്ടാൻ.

[5] രോദസി രണ്ടും = ദ്യാവാപൃഥിവികൾ. ഉന്നതൗജോനിദാനം = വലിയ ഓജസ്സിനെ (ബലത്തെ) ഉളവാക്കുന്നത്.

[6] ഉമ്പരിൽബ്ബലി = ദേവന്മാരിൽവെച്ചു ബലവാൻ. വിളിയ്ക്കുവോം ഞങ്ങൾ വിളിയ്ക്കുന്നു. നോവിയറ്റുക – പീഡയുളവാക്കുക, ഹനിയ്ക്കുക. താഴ്ത്തുക – എളുപ്പത്തിൽ ജയിക്കാവുന്നവരാക്കുക എന്നർത്ഥം.

[8] തൃക്ഷുവും ദുഹ്യവും പൂരുവും രാജാക്കന്മാരാണ്. പട വായ്ക്കിൽ – യുദ്ധം വന്നാൽ.

[9] മൂന്ന് – മഞ്ഞ്, വെയിൽ, മഴ മൂന്നിലമന്ദിരം = മൂന്നുനിലയുള്ള ഗൃഹംസയജ്ഞർ = യഷ്ടാക്കൾ. ശിതായുധം – ശത്രുക്കളുടെ മൂർച്ചയുള്ള ആയുധം.

[10] പൈക്കൊതിയാൽ വലയ്ക്കും പരൻ – പൈക്കളെ അപഹരിപ്പാനായി ഉപദ്രവിയ്ക്കുന്ന ശത്രു. ഢീക്കൊട് – കൂസലില്ലാതെ എന്നർത്ഥം. നുതിഗ്രഹിൻ = സ്തുതി സ്വീകരിയ്ക്കുന്നവനേ.

[11] ചിറകണിത്തീക്കണച്ചാർത്ത് – ചിറകു വെച്ച, തിയ്യുപോലെ തിളങ്ങുന്ന ശത്രുശരനികരം. ഉയർത്തേണം – വിജയികളാക്കണം. നാഥൻ – ഞങ്ങളുടെ നേതാവ്.

[12] ശൂരന്മാർ സ്വാമിയുടെ വിജയത്തിന്നു ശത്രുപ്രയുക്തങ്ങളായ ആയുധങ്ങൾക്കു നെഞ്ഞുകാട്ടുമ്പോൾ – പ്രാണാപായം ഗണിയ്ക്കാതെ പൊരുതുമ്പോൾ; സ്വപിതാക്കന്മാരുടെ പ്രിയസ്ഥാനവും കാട്ടുമ്പോൾ – അച്ഛന്മാർ നേടിയ ശൗര്യയശസ്സും വെളിപ്പെടുത്തുമ്പോൾ, അച്ഛന്മാരെപ്പോലെതന്നെ ശത്രുക്കളോടു പൊരുതുമ്പോൾ. സ്പഷ്ടമാകാതെ – ശത്രുക്കളറിയാതെ. മാറിനും – ഞങ്ങളുടെ.

[13] ഈ ഋക്കിന്റെയും 14-ാമത്തതിന്റെയും അന്വയം മുകളിലെത്തേതിനോടാകുന്നു: മുതലിന്ന് – പ്രതിപക്ഷധനം കീഴടക്കാൻ. ശ്യേനർ = പരുന്തുകൾ. ഹയങ്ങളെ – ഞങ്ങളുടെ കുതിരകളെ. പായിയ്ക്കെ ചട്ട നല്ക എന്നന്വയം.

[14] പറഞ്ഞതുതന്നെ ഒന്നുകൂടി വിസ്തരിയ്ക്കുന്നു: ചിനകൂട്ടി – നിലവിളിച്ച്. അവ – അശ്വങ്ങൾ. മാടിനായ് – ശത്രുക്കളെ ജയിച്ചു, പശുക്കളെ അപഹരിപ്പാൻ അണ്ഡജർ = പക്ഷികൾ. മണ്ടിത്തിരിയവേ ചട്ട നല്ക.

സൂക്തം 47.

ഭരദ്വാജപുത്രൻ ഗർഗ്ഗൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഗായത്രികയും ദ്വിപദയും ബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമേന്ദ്രാദികൾ ദേവത.

ഇത് ആസ്വാദ്യമാകുന്നു; ഇതു മധുരമാകുന്നു; ഇതു തീവ്രമാകുന്നു; ഇതു സത്തുളളതുമാകുന്നു: ഇതു കുടിച്ച ഇന്ദ്രനെ യുദ്ധത്തില്‍ ആരും കീഴമർത്തില്ല!1

ഇവിടെ ഇതു കുടിച്ചാല്‍ വലിയ മത്തുണ്ടാകും: ഇതുകൊണ്ടാണല്ലോ, ഇന്ദ്രന്‍ വൃതൃവധത്തില്‍ മദംപൃണ്ടത്; ഇതാണല്ലോ, ശംബരന്റെ പെരുംപടയെയും തഴച്ച തൊണ്ണൂൊമ്പതിനെയും ഉടച്ചത്!2

ഇതു കുടിച്ചാല്‍ എനിയ്ക്കു വാക്കു പുറപ്പെടും: ഇത് അരുമപ്പെട്ട ബുദ്ധിയെ പ്രകാശിപ്പിയ്ക്കും. ഇതത്രേ, ആറു പെരിയവയെ നിർമ്മിച്ചത്: അവയിലുൾപ്പെടാതെ ഒരുലകുമില്ല!3

ഇതു ഭൂവിനെ പരത്തി; ഇതു ദ്യോവിനെ ഉറപ്പിച്ചു; ഈ സോമം മികച്ച മൂന്നില്‍ അമൃതു വെച്ചിരിയ്ക്കുന്നു; ഇതു വിശാലമായ അന്തരിക്ഷത്തെ താങ്ങുന്നു!4

ഇതു പാർപ്പിടത്തില്‍ വെള്ളവീശുന്ന ഉഷസ്സുകളുടെ ഉദിപ്പിൽ, വിചിത്രദർശനമായ വെളിച്ചം കിട്ടിയ്ക്കുന്നു; മരുത്തുക്കളോടുകൂടിയ ഈ വലിയ വർഷകാരി ഒരു വലിയ ഊന്നുകൊണ്ട് ആകാശത്തെ ഉപ്പിച്ചു!5

ശൂര, ഇന്ദ്ര, വൃതഹന്താവായ ഭവാൻ സമ്പത്സമരത്തിനു, കലശത്തിലെ സോമം ഉശിരുണ്ടാംവണ്ണം കുടിച്ചാലും; മധ്യാഹ്നസവനത്തിൽ വയര്‍ നിറച്ചാലും. ധനനിധിയായ ഭവാൻ ഞങ്ങളില്‍ ധനം നിർത്തിയാലും!6

ഇന്ദ്ര, മുമ്പില്‍ നടക്കുന്നവനെന്നപോലെ, അവിടുന്നു ഞങ്ങളെ നോക്കണം; ഞങ്ങൾക്കു ധാരാളം ധനം കിട്ടിയ്ക്കണം; സുഖപ്രാപ്യനാകണം; ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം ഞങ്ങളെ മറുകരയിലെത്തിയ്ക്കണം; നേരേ കൊണ്ടുനടക്കണം; വേണ്ടതു കൊണ്ടുവരണം!7

ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളെ മഹത്തായ ലോകത്തിലെയ്ക്കു – സുഖകരവും ഭയരഹിതവുമായ ജ്യോതിസ്സിലേയ്ക്കു – നിർബാധം കൊണ്ടുപോയാലും: ഞങ്ങൾ അങ്ങയുടെ ദശനീയങ്ങളായ തടിച്ചുരുണ്ട തൃക്കൈകളെ രക്ഷകരാക്കി സേവിയ്ക്കുമാറാകണം!8

ഇന്ദ്രം ശതധന, അവിടുന്നു ഞങ്ങളെ പരപ്പേറിയ പള്ളിത്തേരിലും, കെല്പേറിയ ഇരുകുതിരകളിലും കേറ്റിയിരുത്തിയാലും; അന്നങ്ങളിൽവെച്ചു തുലോം തഴച്ച അന്നം കൊണ്ടുവന്നാലും; മഘവാവേ, ഞങ്ങളുടെ ധനം മറ്റൊരു പണക്കാരൻ മുടിച്ചുകളയരുത്!9

ജന്ദ്ര, നിന്തിരുവടി സുഖിപ്പിച്ചാലും: എനിയ്ക്കു ജീവനൗഷധം തരാനൊരുങ്ങിയാലും; ബുദ്ധി, കത്തിയുടെ വായ്ത്തലപോലെ മൂച്ചർപ്പെടുത്തിയാലും. ഭവല്‍കാമനായ ഞാന്‍ ഇങ്ങനെ വല്ലതും പാഞ്ഞേയ്ക്കും; അതു ഭവാന്‍ സ്വീകരിയ്കണം. എന്നെയും ദേവസമേതനാക്കുക!10

ഞാന്‍ ത്രാതാവായ ഇന്ദ്രനെ, ഞാന്‍ തർപ്പകനായ ഇന്ദ്രനെ, ഞാന്‍ ഓരോ ഹവനത്തിലും സുഖാഹ്വാതവ്യനും ശുരനുമായ ഇന്ദ്രനെ, ഞാന്‍ ശക്രനും പുരുഹുതനുമായ ഇന്ദ്രനെ വിളിയ്ക്കുന്നു: മഘവാവായ ഇന്ദ്രന്‍ നമുക്കു സ്വസ്തി നല്കട്ടെ!11

സുത്രാമാവായ, ധനവാനായ ഇന്ദ്രന്‍ രക്ഷിച്ചു, നന്നായി സുഖിപ്പിയ്ക്കട്ടെ; വിശ്വവേദസ്സു വിദ്വേഷികളെ ഹനിയ്ക്കട്ടെ; അഭയം തരട്ടെ. നല്ല വീര്യത്തിന്നുടമകളാകണം, നമ്മൾ!12

ആ യജനീയന്റെ തിരുവുള്ളത്തിന്നും, ഭദ്രമായ സൗമനസ്യത്തിനും വിഷയമാക്കണം, നമ്മൾ: സുത്രാമാവായ, ധനവാനായ ആ ഇന്ദ്രൻ വിദ്വേഷികളെ നമ്മളില്‍നിന്നകലത്തുവെച്ചുതന്നേ മറയത്താട്ടി ചിതറിയ്ക്കട്ടെ!13

ഇന്ദ്ര, സ്കോതാവിനെ ഉക്ഥങ്ങളും സ്തോത്രങ്ങളും, വളരെ ഹവിസ്സും വളരെസ്സോമനീരും ഭവാങ്കലെയ്ക്കു, ജലം നിമ്നസ്ഥലത്തെയ്ക്കെന്നപോലെ പായുന്നു; വജ്രപാണേ, അവിടുന്നു സോമത്തില്‍ വെള്ളവും ഗോരസങ്ങളും വഴിപോലെ ചേർക്കുന്നു!14

തന്തിരുവടിയെ ആര്‍ സ്തൂതിയ്ക്കും? ആര്‍ കനിയിയ്ക്കും? ആര്‍ യജിയ്ക്കും? സദാ കയർക്കുമല്ലോ, മഘവാവ് താന്‍ ബുദ്ധികൊണ്ടു, നടക്കുന്നവന്‍ കാല്കളെയെന്നപോലെ, മുമ്പനെ പിമ്പിലാക്കും മറിച്ചുമാക്കും!15

ഇന്ദ്രൻ വീരനാണെന്ന കേട്ടിട്ടുണ്ട്: കരുത്തനെ കരുത്തനെ അമർത്താൻ നോക്കും; ഒന്നാമനെ രണ്ടാമതും, മറിച്ചുമാവും, കൊണ്ടു പോവുക; തഴച്ചവരെ തളർത്തും; രണ്ടിന്റെയും രാജാവാണ് പരിചരിയ്ക്കുന്ന മനുഷ്യരെ തെരുതെരെ വിളിയ്ക്കും!16

ഇന്ദ്രന്‍ പ്രധാനരോടു സഖ്യം ചെയ്യില്ല; അവരെ ഉപദ്രവിച്ചുകൊണ്ട്, അപ്രധാനരില്‍ ചേരും – പരിചരിയ്ക്കാത്തവരെ തട്ടിനീക്കിക്കൊണ്ടു വളരെസ്സംവത്സരം കഴിയ്ക്കും!17

പ്രതിരൂപനായ ഇന്ദ്രന്‍ ഓരോ രൂപം ധരിയ്ക്കുന്നു; തന്റെ ആ രൂപം വെവ്വേറെ കാണാം. താന്‍ സങ്കല്പംകൊണ്ടു നാനാവടിവെടുത്ത് എഴുന്നള്ളും: ഒരായിരമുണ്ടല്ലോ, തനിയ്ക്കു തേര്‍ക്കുതിരകൾ.18

ആ തേജസ്വി തേരിന്ന് ഇരുഹരികളെപ്പൂട്ടി, ഇവിടെ പലയിടങ്ങളില്‍ പരിലസിയ്ക്കുന്നു: സ്തോതാക്കളിരിയ്ക്കെ, സദാ മറ്റാരുള്ളു, വിദ്വേഷികളെ വറുക്കാൻ?19

ദേവന്മാരേ, ഞങ്ങൾ മാടുമേയാപ്രദേശത്തു പെട്ടുപോയി; പരന്ന ഭൂമി തട്ടിപ്പറിക്കാരെ തഴുകുന്നു. ബൃഹസ്പതേ, ഭവാൻ ഗോക്കളെത്തിരയാൻ ഉപായവും, ഇന്ദ്ര, ഭവാൻ ഇങ്ങനെയിരിയ്ക്കുന്ന സ്തോതാവിന്നു വഴിയും പറഞ്ഞുതരിക!20

വൃഷാവു നാൾതോറും സ്വസ്ഥാനത്തുനിന്നുദിച്ച്, ഏകരൂപകങ്ങളായ കറുമ്പികളെ മറ്റേപ്പകുതിയ്ക്കുവേണ്ടി പിന്മാറ്റുന്നു. മുടിയ്ക്കുന്ന, മുതല്ക്കൊതിയന്മാരായ വർച്ചി – ശംബരന്മാരെ അദ്ദേഹം ഉദവ്രജത്തിൽവെച്ചു വധിച്ചു!21

ഇന്ദ്ര, അങ്ങയുടെ ആരാധകന്നു പ്രസ്തോകൻ പത്തു പൊന്നുറപ്പകളും പത്തു കുതിരകളെയും തൽക്ഷണം തന്നു! അതിഥിഗ്വനായദിവോദാസങ്കൽനിന്നു, തനതായിത്തീർന്ന ആ ശംബരധനം ഞങ്ങൾ സ്വീകരിച്ചു.22

പത്തു കുതിരകൾ, പത്തുറപ്പകൾ, വിലയേറിയ പത്തു വസ്ത്രങ്ങൾ, പത്തു സ്വർണ്ണക്കട്ടികൾ എന്നിവ ദിവോദാസങ്കൽനിന്ന് എനിയ്ക്കുകിട്ടി.23

പത്തു കുതിരത്തേരുകൾ, നൂറു ഗോക്കൾ എന്നിവയെ അശ്വഥൻ അധർവഗോത്രക്കാർക്കും പായുവിന്നും കൊടുത്തു.24

വിശ്വജനീനമായ വലിയ ധനം കൊടുത്തു, സജ്ഞയപുത്രൻ ഭരദ്വാജരെ പൂജിച്ചു.25

മരമേ, നീ ദൃഢഗാത്രമാകുക; നീ ഞങ്ങളെ സഖാക്കളാക്കി, നല്ല വീരന്മാരോടുംകൂടി വളർത്തുക; മൂരിത്തോൽകൊണ്ടു പൊതിയപ്പെട്ട നീ (ഞങ്ങളെ) ഉറപ്പിയ്ക്കുക. നിങ്കൽ കേറിയവൻ ജേതവ്യരെ ജയിയ്ക്കട്ടെ!26

ദ്യോവിൽനിന്നും ഭൂവിൽനിന്നും എടുക്കപ്പെട്ട ഓജസ്സും, വൃക്ഷങ്ങളിൽനിന്നു സംഭരിയ്ക്കപ്പെട്ട ബലവും, ജലംപോലെ ജവനവും, മൂരിത്തോൽ ചുറ്റിയതും, ഇന്ദ്രന്റെ വജ്രവുമായ രഥത്തെ ഭവാൻ ഹവിസ്സുകൊണ്ടു യജിച്ചാലും!27

ഇന്ദ്രന്റെ വജ്രം, മരുത്തുക്കളുടെ മുൻഭാഗം, മിത്രന്റെ ഗർഭം, വരുണന്റെ പൊക്കിൾ – ഇങ്ങനെയുള്ള ഭവാൻ, ദേവ, രഥമേ, ഞങ്ങളുടെ യജ്ഞത്തിൽ വന്നു, ഹവിസ്സു സ്വീകരിച്ചാലും!28

പടഹമേ, ഭവാൻ മന്നിനെയും വിണ്ണിനെയും ആശ്വസിപ്പിയ്ക്കുക: ചരാചരാത്മകമായ ജഗത്തു ഭവാനെ പലമട്ടിൽ അറിയട്ടെ. ആ ഭവാൻ ഇന്ദ്രനോടും ദേവകളോടുംകൂടി, ശത്രുക്കളെ ദൂരദൂരത്തെയ്ക്കോടിച്ചാലും!29

പടഹമേ, ഭവാൻ നിലവിളിപ്പിയ്ക്കുക; ഞങ്ങൾക്കു സൈന്യത്തെയും ബലത്തെയും തരിക; ദുരിതങ്ങളെ തട്ടിനീക്കിക്കൊണ്ടു ശബ്ദിയ്ക്കുക. വിദ്രോഹികളെ ഇവിടെനിന്നു പായിയ്ക്കുക. ഇന്ദ്രന്റെ മുഷ്ടിയാണല്ലോ, ഭവാൻ; (ഞങ്ങളെ) ഉറപ്പിച്ചാലും!30

ഇന്ദ്ര, അവിടുന്ന് ഇവയെ വീണ്ടെടുക്കുക, ഇവയെ പിന്തിരിപ്പിയ്ക്കുക. അടയാളമായി പടഹം ഒലിമുഴക്കുന്നു: ഞങ്ങളുടെ ആളുകൾ കുതിരപ്പുറത്തു കേറി സഞ്ചരിയ്ക്കുമ്പോൾ, ഞങ്ങളുടെ തേരാളികൾ ജയിയ്ക്കട്ടെ!31

കുറിപ്പുകൾ: സൂക്തം 47.

[1] ഇതുമുതൽ അഞ്ചൃക്കുകളുടെ ദേവത, സോമമാകുന്നു: ഇതു് – സോമം.

[2] ഇവിടെ – ഈ യാഗത്തിൽ. തൊണ്ണൂറ്റൊമ്പത് – പുരികൾ.

[3] ആറു പെരിയവ – ദ്യോവ്, ഭൂവ്, പകൽ, രാത്രി, വെള്ളം, സസ്യങ്ങൾ.

[4] മൂന്നിൽ – സസ്യങ്ങളിലും, ജലത്തിലും, പൈക്കളിലും.

[5] പാർപ്പിടം – അന്തരിക്ഷം. വർഷകാരി = മഴപെയ്യിയ്ക്കുന്നത്.

[6] സമ്പത്സമരം – ശത്രുധനമടക്കാൻവേണ്ടിയുള്ള യുദ്ധം.

[7] മാർഗ്ഗരക്ഷകൻ മുമ്പിൽ നടക്കും; പിന്നില്‍ നടക്കുന്നവരെ രക്ഷിപ്പാന്‍ കൂടെക്കൂടെ തിരിഞ്ഞുനോക്കുകയും ചെയ്യും. മറുകരയിലെത്തിയ്ക്കുണം – ശത്രുക്കളുടെ അപ്പുറത്താക്കണം. വേണ്ടതു – ഭോഗ്യവിഭവം.

[9] ശതധന – വളരെദ്ധനമുള്ളവനേ.

[10] സുഖിപ്പിച്ചാലും – ഞങ്ങളെ. ദേവസമേതൻ – രക്ഷകരായ ദേവന്മാരോടു ചേർന്നവൻ.

[13] തിരുവുള്ളം – പ്രസാദം; സൗമനസ്യം – അനുഗ്രഹബുദ്ധി. രണ്ടും ഏതാണ്ട് ഒന്നുതന്നെ.

[14] ചേർക്കുന്നു – ഋത്വിക്കുകളുടെ കർമ്മം ഇന്ദ്രങ്കൽ ആരോപിച്ചിരിയ്ക്കയാണ്.

[15] സ്തുതിയ്ക്കും? സ്തുതിപ്പാൻ ശക്തനാകും. മുമ്പനെ പിമ്പിലാക്കും – പ്രധാനനുമാക്കും. നടക്കുമ്പോൾ, മുന്നിൽ വെച്ച കാൽ പിന്നിലും, പിന്നിൽവെച്ചതു മുന്നിലുമായി ക്കൊണ്ടിരിയ്ക്കുമല്ലോ.

[16] കരുത്തനെ – ബലവാനായ ശത്രുവിനെ. തഴച്ചവരെ – കഴിവുണ്ടായിരിയ്ക്കെ, യജിയ്ക്കാത്തവരെ. രണ്ടിന്റേയും – ദിവ്യ – ഭൗമസമ്പത്തുകളുടെ. വിളിയ്ക്കും – രക്ഷിയ്ക്കാൻ.

[17] പരിചരിയ്ക്കുന്നവരോടേ സംഖ്യം കൊള്ളുകയുള്ളു.

[18] പ്രതിരൂപൻ – രൂപങ്ങളുടെ പ്രതിനിധി. ഓരോ രൂപം – അഗ്ന്യാദി ദേവതാസ്വരൂപം. പരമാത്മാവു പ്രപഞ്ചാത്മനാ പരിണമിയ്ക്കുന്നു എന്ന അർത്ഥത്തിലും ഈ ഋക്ക് വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട്; ആ പക്ഷത്തില്‍, തേര്‍ക്കുതിരകൾ, ഇന്ദ്രിയവൃത്തികളാകുന്നു.

[19] വറുക്കാൻ – നശിപ്പിയ്ക്കാൻ എന്നർഥം.

[20] ഗർഗ്ഗൻ ഒരിക്കൽ വഴിതെറ്റി ഒരു നിർജ്ജനപ്രദേശത്തു പൊട്ടുപോയി. അപ്പോൾ രക്ഷപ്പെടാൻ ദേവന്മാരെ സ്തുതിച്ചു: മാടുമേയാത്ത പ്രദേശം – പുല്ലുമില്ലാത്ത മരുഭൂമി. തഴുകുന്നു – തട്ടിപ്പറിക്കാരാണ്, ഇവിടെയുള്ളത്. തിരിയാൻ – കാണാതായ പൈക്കളെ തിരഞ്ഞുനടക്കുന്നതിനിടയിലാണ്, ഗർഗ്ഗൻ മരുഭൂമിയിൽ ചെന്നണഞ്ഞത്. ഇങ്ങനെയിരിയ്ക്കുന്ന – കഷ്ടത്തിലകപ്പെട്ട. സ്തോതാവിന്ന് – എനിയ്ക്ക്.

[21] ഉദിച്ച് – സൂര്യാത്മനാ പ്രാദുർഭവിച്ച് കറുമ്പികൾ – രാത്രികൾ. മറ്റേപ്പകുതി – പകൽ. മുടിയ്ക്കുന്ന – യജ്ഞകർമ്മങ്ങളെ. വർച്ചി – ഒരസുരൻ. ഉദവ്രജം – ഒരു ദേശം.

[22] ഇതുമുതൽ നാലൃക്കുകളിൽ ദിവോദാസനെന്ന രാജാവിന്റെ ദാനശീലത്വം സ്തുതിയ്ക്കപ്പെടുന്നു: ആരാധകന്നു – എനിയ്ക്കു്. പ്രസ്തോകൻ – ദിവോദാസന്റെ നാമാന്തരം. പൊന്നുറപ്പകൾ – പൊൻനാണ്യം നിറച്ച ഉറപ്പകൾ, ഒരുതരം വലിയ സഞ്ചികൾ. തൽക്ഷണം – അങ്ങയെക്കുറിച്ചുള്ള സ്തുതി ചൊല്ലിയപ്പോൾത്തന്നെ. തനതായിത്തീർന്ന – ശംബരനെ വധിച്ചു ഭവാൻ അദ്ദേഹത്തിന്നു കൊടുത്തതിനാൽ അദ്ദേഹത്തിന്റേതായിത്തീർന്ന.

[24] അശ്വഥൻ – ദിവോദാസന്റെ മറ്റൊരു പേർ. പായു – ഗർഗ്ഗന്റെ ഭ്രാതാവ്.

[25] സൃജ്ഞയൻ – ദിവോദാസന്റെ അച്ഛൻ.

[26] തേരിൽക്കേറുമ്പോൾ ജപിയ്ക്കേണ്ടുന്ന മന്ത്രം: മരമേ – ദാരുനിർമ്മിതമായ രഥമേ. രഥമാണ് ഇതുമുതൽ മൂന്നൃക്കുകളുടെ ദേവത.

[27] വൃക്ഷങ്ങൾ ഭൂമിയുടെ സാരഭൂതങ്ങളാണ്; അവ ദ്യോവിലെ ജലം (മഴ) കൊണ്ടു വളരുന്നു. അതിനാലാണ്, ദാരുമയമായ രഥത്തെ വാനൂഴികളിൽ നിന്നെടുത്ത ഓജസ്സാക്കിക്കല്പിച്ചിരിയ്ക്കുന്നത്. വജ്രം – വജ്രത്തിന്റെ ഒരംശം; വജ്രത്തിന്റെ ഒരു ഭാഗമത്രേ, രഥം. ഭവാൻ – അധ്വര്യുവിനോടു പറയുന്നതാണിത്.

[28] മുൻഭാഗം – അതിന്നൊത്ത ഗതിവേഗമുള്ളത്. ഗർഭം – അന്തവർത്തി: പകലാണല്ലോ, തേർ നടക്കുക; പകലിന്റെ അധിദേവത, മിത്രനാണ് നാഭി – വരുണന്റേതായ രാത്രിയിൽ, ദേഹമധ്യത്തിൽ പൊക്കിളെന്നപോലെ, നിശ്ചലമായി വർത്തിയ്ക്കുന്നത്.

[29] ഇതുമുതൽ മൂന്നൃക്കുകൾക്കു പെരുമ്പറയാണ്, ദേവത. ആശ്വസിപ്പിയ്ക്കുക – ജയഘോഷംകൊണ്ട്.

[30] നിലവിളിപ്പിയ്ക്കുക – ഞങ്ങളുടെ ശത്രുക്കളെ കരയിച്ചാലും. മുഷ്ടി – മുഷ്ടിപോലെ ശത്രുക്കളെ മർദ്ദിയ്ക്കുന്നത്.

[31] ഇവയെ – ശത്രുക്കളുടെ പക്കൽപ്പെട്ട ഗോക്കളെ. സഞ്ചരിയ്ക്കുമ്പോൾ – ശത്രുക്കളോടു യുദ്ധംചെയ്യുമ്പോൾ.

സൂക്തം 48.

ബൃഹസ്പതിപുത്രൻ ശംയു ഋഷി; ബൃഹതീസതോബൃഹതീമഹാസതോ ബൃഹത്യാദികൾ ഛന്ദസ്സുകൾ; അഗ്നിമരുദാദികൾ ദേവത. (മാകന്ദമഞ്ജരി)

വാഴ്ത്തുവിൻ, വാഴ്ത്തുവിൻ, യജ്ഞത്തിൽ യജ്ഞത്തിൽ –
വായ്ക്കുമമർത്ത്യനാമീയഗ്നിയെ;
മിത്രംപോലിഷ്ടനാം ജാതവേദസ്സിനെ –
യത്ര പുകഴ്ത്തിടാ,മെങ്ങളുമേ.1
നമ്മളെയിച്ഛിപ്പോനല്ലോ, ബലാത്മജൻ;
നല്കുകീ, ഹവ്യവാഹന്നു നാമും.
പോർകളികളിൽക്കാക്കട്ടേ, വായ്പു വരുത്തട്ടേ;
മൈകൾക്കും രക്ഷ ചെയ്യട്ടെ,യവൻ!2
അർച്ചിസ്സാൽശ്ശോഭിപ്പോനല്ലോ, വൃഷാവായ
നിർജ്ജരനുൽക്കൃഷ്ടനങ്ങുന്നഗ്നേ:
അച്ഛിന്നകാന്ത്യാ വിളങ്ങും നീ തന്നാലു, –
മുജ്ജ്വലത്വത്താൽ വെളിച്ചം ശുചേ!3
ഉത്തമദേവയഷ്ടാവേ,യജിയ്ക്ക നീ
പ്രത്യഹം: രക്ഷയ്ക്കുവരെയെല്ലാം
ബുദ്ധിയാൽക്കർമ്മത്താലെത്തിയ്ക്കുകി,ങ്ങഗ്നേ;
ഭുക്തികൊടുക്ക; ഭുജിയ്ക്ക, നീയും!4
അത്തോയഗർഭത്തെയൂട്ടൂന്നു, നിർഭര –
മബ്ധിനീര,ഭ്രങ്ങൾ, കാടുകളും;
നേതാക്കൾ കെല്പിൽ മഥിയ്ക്കെപ്പിറക്കുന്നു,
മേദിനിതന്നുയർസ്ഥാനത്തവൻ.5
വാനൂഴി രണ്ടും നിറയ്ക്കുന്നു, തേജസ്സാൽ;
വാനിങ്കൽപ്പാറിപ്പൂ, ധൂമമവൻ;
കൂരിരുൾ നീക്കി വിളങ്ങുന്നു, രാവുമായ് –
ച്ചേരും വൃഷാവു കറുത്ത രാവിൽ.6
അഗ്നേ, യുവാഗ്രൃ, ഭരദ്വാജനിൽദ്ദേവ,
നിൽക്കാന്ത്യാ വായ്ച നീ വന്മഹസ്സാൽ
കത്തുകെ,ങ്ങൾക്കു ധനത്തിനായ്പ്പാവക –
കത്തുക, തേജസ്സിന്നായിശ്ശുചേ!7
അഗ്നേ, യുവാഗ്രൃ, മനുഷ്യപ്രജാവലി –
യ്ക്കൊക്കെഗ്ഗൃഹേശ്വരനല്ലോ, ഭവാൻ:
നേരേ വളർത്തിപ്പോരുന്നോനെ നീയൊരു
നൂറവനത്താൽ നൂറാണ്ടുകാലം
പാതകം പറ്റാതെ പാലിയ്ക്കവേണമേ,
സ്തോതാക്കന്മാർക്കു നല്ക്കുന്നോരെയും!8
കിട്ടിയ്ക്കുകെ,ങ്ങൾക്കു രക്ഷയും വിത്തവും
ദ്രഷ്ടവ്യനായ നീയഗ്നേ, വസോ;
ഇദ്ധനത്തിന്റെ നേതാവു നീയെങ്ങൾതൻ
പുത്രർക്കും ചേർക്കുകു,റപ്പു വെക്കം!9
രക്ഷിയ്ക്കുക,ഗ്നേ, സമേതമാം നിർബാധ –
രക്ഷയാൽ നീ പുത്രപൗത്രന്മാരെ;
ദേവകോപത്തെയും മർത്ത്യദ്രോഹത്തെയും
വേർപെടുക്കെ,ങ്ങളിൽനിന്നു ഭവാൻ!10
നൂതനസ്തോത്രരായ്ച്ചെല്വിൻ, സഖാക്കളേ,
പാൽ തരും പയ്യിന്നടുക്കൽ നിങ്ങൾ;
പൈതലിനോടിടചേർക്കയും ചെയ്യുവിൻ,
ബാധയേശാത്തപടിയ്ക്കവളെ:11
തന്നൊളി വീശും ബലിഷ്ഠമരുദ്ഗണ –
ത്തിന്നമർത്ത്യാന്നം കൊടുപ്പോളവൾ;
ശീഘ്രമരുത്സുഖതൽപരയാമവൾ
സൗഖ്യാർത്ഥം തണ്ണീരൊത്താഗമിപ്പോൾ!12
എല്ലാം ചുരത്തും പയ്യെ,ല്ലാർക്കുമുള്ളന്നം,
രണ്ടും ഭരദ്വാജന്നേകീടുവിൻ!13
ഐന്ദ്രസൽക്കർമ്മവും, വാരുണപ്രജ്ഞയു, –
മര്യമാവിന്റെ നുത്യർഹതയും,
വിഷ്ണുവിൻ ശ്രീവായ്പും ചേരുമാ മാരുത –
വർഗ്ഗത്തെ വാഴ്ത്തുന്നേൻ, വാങ്ങാനായ് ഞാൻ!14
ആരുമെതിർക്കുകില്ലാ; – ർത്തിരമ്പും തുലോം;
വാരൊളി വീശും; പുലർത്തിപ്പോരും –
ഇപ്പടിയുള്ള മരുദ്ബലം മർത്ത്യർക്കി –
ന്നൊപ്പം തരിക, നൂറായിരങ്ങൾ:
കാട്ടട്ടേ, ഗൂഢസമ്പത്തിനെ; ഞങ്ങൾക്കു
കിട്ടുമാറാക്കട്ടേ, സമ്പത്തിനെ!15
ഭൂരിശ്രീപൂഷാവേ, വന്നാലു,മെങ്കിൽ നീ:
പോരിടാൻ പാഞ്ഞേല്ക്കും പറ്റലരെ
പാരം വലച്ചരുളേണമേ; നിൻചെവി –
ച്ചാരത്തു നിന്നു പുകഴ്ത്തുന്നേൻ, ഞാൻ!16
കാകരെപ്പോറ്റും മരത്തെപ്പുഴക്കൊല്ലേ;
കൊല്കയും വേണം, നീ കൊള്ളാത്തോരെ;
പറ്റലർ കേറിപ്പിടിയ്ക്കയുംചെയ്യായ്ക,
പക്ഷിയെപ്പാശം വിരിപ്പോൻപോലെ!17
സൈരമായ്ക്കിട്ടട്ടേ, നിൻസഖ്യം, തൈർ തിങ്ങും
ചോരാത്ത തൈർത്തോൽത്തുരുത്തിയ്ക്കൊപ്പം!18
മർത്ത്യരിൽ മീതെയാണല്ലോ, നീ; ദേവന്മാർ –
ക്കൊത്തവൻ, സമ്പത്താൽപ്പൂഷാവേ, നീ;
യുദ്ധത്തിൽ നോക്കുക, കാക്കുക, ഞങ്ങളെ –
യദ്യ, പണ്ടേത്തോരെയെന്നപോലെ!19
മർത്ത്യന്നോ ദേവന്നോ പൂജിച്ചാൽ നല്പേകും
ഭദ്രയാം നിങ്ങൾതൻ സൂനൃതോക്തി
കൊണ്ടുവരെട്ടേ, വരേണ്യത്തെ മൈവിറ –
യുണ്ടാക്കും യാജ്യമരുത്തുക്കളേ!20
ഏവർതൻ കർമ്മം പൊടുന്നനെച്ചുറ്റുന്നൂ,
ദ്യോവിനെ,ദ്ദേവനാം സൂര്യൻപോലെ;
കുമ്പിടുവിയ്ക്കുന്ന യജ്ഞാഹമാം ബലം
സംഭരിച്ചോർ, മരുത്തുക്കളവർ.
വൃത്രഘ്നമായി വിളങ്ങുവൊന്ന,ബ്ബലം;
വൃത്രഘ്നമബ്ബലം മേത്തരമേ!21
ദ്യോവൊരുവട്ടമേ ജാതയായിട്ടുള്ളു;
ഭൂവൊരുവട്ടമേ ജാതയായി;
പൃശ്നിതൻ പാലൊരുവട്ടമത്രേ കറ –
ന്നിട്ടുള്ളൂ; മറ്റൊന്നുണ്ടാകില്ലേ,വം!22
കുറിപ്പുകൾ: സൂക്തം 48.

[1] ഇഷ്ടൻ = പ്രിയൻ.

[2] വായ്പ = വളർച്ച, വിജയം.

[3] ഉൽക്കൃഷ്ടൻ – ഗുണാധികൻ. ശുചി = അഗ്നി.

[4] ഉത്തമദേവയഷ്ടാവ് = മഹാന്മാരായ ദേവന്മാരെ യജിയ്ക്കുന്നവൻ. യജിയ്ക്ക – ആ ദേവന്മാരെ. ബുദ്ധിയാൽക്കർമ്മത്താൽ – ബുദ്ധികൊണ്ടും കർമ്മംകൊണ്ടും, ഭുക്തി – അവർക്കുള്ള ഹവിസ്സ്.

[5] അത്തോയഗർഭത്തെ – ആ ജലാന്തവർത്തിയായ അഗ്നിയെ: ബഡബാഗ്നി, വൈദ്യുതാഗ്നി, ദാവാഗ്നി. ഉയർസ്ഥാനത്ത് – ഉയർന്ന (ഉൽക്കൃഷ്ടമായ) സ്ഥാനത്ത്, യജ്ഞസ്ഥലത്ത്.

[7] തേജസ്സിനായി – ഞങ്ങൾക്കു തേജസ്സുണ്ടാക്കാൻ. ശംയുവിന്റെ ഭ്രാതാവത്രേ, ഭരദ്വാജൻ.

[8] വളർത്തിപ്പോരുന്നോനെ – അങ്ങയെ ജ്വലിപ്പിയ്ക്കുന്ന എന്നെ. നല്ക്കുന്നോരെയും – ധനം കൊടുക്കുന്ന ഉദാരന്മാരെയും പാലിയ്ക്കവേണമേ.

[9] ദ്രഷ്ടവ്യൻ = ദർശനീയൻ. ഇദ്ധനം – ലോകത്തിലെ സമ്പത്ത്. ഉറപ്പു ചേർക്കുക – ധനം നല്കി.

[10] സമേതം – കൂടിച്ചേർന്ന. രക്ഷയാൽ – രക്ഷകൾകൊണ്ട്.

[11] അധ്വര്യുക്കളോട്: നൂതനസ്തോത്രരായ് – പുതിയ സ്തോത്രത്തോടേ; സ്തോത്രത്തിന്നിവിടെ വിളി എന്നാണർത്ഥം. പൈതൽ – പശുക്കുട്ടി. മരുത്തുക്കളാണ്, ഇതുമുതൽ അഞ്ചൃക്കുകളുടെ ദേവത.

[12] അമർത്ത്യാന്നം – മരണാഹിത്യസാധകമായ അന്നം. അവൾ – പയ്യ്. ശീഘ്രമരുത്സുഖതൽപര = വേഗവാന്മാരായ മരുത്തുക്കളുടെ സുഖത്തിൽ താൽപര്യമുള്ളവൾ. തണ്ണീർ – വർഷജലം.

[13] എല്ലാം – സർവകാമങ്ങളും. എല്ലാർക്കുമുള്ളന്നം – എല്ലാവർക്കും തികയുന്ന അന്നം. രണ്ടും – പയ്യിനെയും അന്നത്തെയും. ഭരദ്വാജന്ന് – എന്റെ ഭ്രാതാവിന്ന്. ഏകീടുവിൻ – മരുത്തുക്കളോടു പ്രത്യക്ഷോക്തി.

[14] ഇന്ദ്രന്റെ സൽക്കർമ്മവും, വരുണന്റെ പ്രജ്ഞയും, ആര്യമാവിന്റെ സ്തുത്യതയും, വിഷ്ണുവിന്റെ ശ്രീമത്ത്വവും മരുത്തുക്കൾക്കുണ്ടെന്ന്. വാങ്ങാൻ – എന്റെ ഹവിസ്സ് അവർ സ്വീകരിപ്പാൻ.

[15] മർത്ത്യർക്കു് – മനുഷ്യരായ ഞങ്ങൾക്ക്. നൂറായിരങ്ങൾ – ധനം.

[16] ഇതുമുതൽ നാലൃക്കുകളുടെ ദേവത, പൂഷാവാകുന്നു: ശ്രീ = കാന്തി.

[17] കാകരെപ്പോറ്റും, മരത്തെ – പുത്രപൗത്രാദികളെയും മറ്റു പലരെയും പുലർത്തിപ്പോരുന്ന എന്നെ. കൊള്ളാത്തോർ – അസത്തുക്കൾ. എന്നെ ശത്രുക്കൾ പിടിയ്ക്കയും ചെയ്യരുത്. പാശം (വല) വിരിപ്പോൻ – വേടൻ.

[18] തയിർ നിറച്ച തോൽത്തുരുത്തി സദാ പൂഷാവിന്റെ തേരിലുണ്ടായിരിയ്ക്കും; അതിനൊത്ത സഖ്യം ഞങ്ങൾക്കും കിട്ടട്ടെ.

[19] നോക്കുക – അനുഗ്രഹദൃഷ്ടികൊണ്ട്. അദ്യ = ഇന്ന്.

[20] ഈ ഋക്കിന്റെയും അടുത്തതിന്റെയും ദേവത, മരുന്മാതാവായ പൃശ്നിയാകുന്നു: സൂനൃതോക്തി – മാധ്യമികയായ പ്രിയസത്യവാക്ക് വരേണ്യം – ധനമെന്നർത്ഥം. യാജ്യർ = യജനീയർ.

[21] കുമ്പിടുവിയ്ക്കുന്ന – ശത്രുക്കളെ. വൃത്രഘ്നം – വൃത്രാദ്യസുരരെ ഹനിച്ചത് മേത്തരമേ = മികച്ചതുതന്നെ.

[22] ഒരുവട്ടം – ഒരു പ്രാവശ്യം. കറന്നിട്ടുള്ള – പൃശ്നിയുടെ പാൽ രണ്ടാമതു കറക്കപ്പെടില്ല; ആ പാലിൽനിന്നു മരുത്തുക്കൾ ജനിയ്ക്കുക എന്നതും രണ്ടാമതുണ്ടാവില്ല. മരുത്തുക്കൾ നിസ്തുല്യരാണെന്നു സാരം. പൃശ്നിയുടെ പാലിൽനിന്നത്രേ മരുത്തുക്കൾ ജനിച്ചത്.

സൂക്തം 49.

ഭരദ്വാജഗോത്രൻ ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; വിശ്വേദേവതകൾ ദേവത. (കാകളി)

സദ്വ്രതരെപ്പുതുചൊല്ലാൽ സ്തുതിപ്പു ഞാൻ
സ്വസ്തി കാംക്ഷിയ്ക്കും വരുണമിത്രരെയും:
ഇങ്ങെഴുന്നള്ളട്ടെ, കേട്ടെരുളട്ടെ,യാ
മംഗളൗജസ്കർ വരുണമിത്രാഗ്നികൾ!1
യജ്ഞേ നരന്നു നരന്നീഡ്യ,നുന്മിഷൽ
പ്രജ്ഞൻ, യുവതിദ്വയത്തോടു ചേരുവോൻ,
വാനിൽകിടാ,വിഷ്ടികേതു, കെല്പിൻമകൻ,
പീനാഭനഗ്നിയെപ്പൂജിച്ചിടുന്നു, ഞാൻ2
സൂരന്റെ രണ്ടു വിഭിന്നപുത്രികളിൽ –
ത്താരാന്വിതയൊന്നി,നാന്വിത മറ്റവൾ:
തമ്മിൽപ്പിണങ്ങിപ്പിരിയും പുനാനമാർ
കമ്രസ്തവം ശ്രവിയ്ക്കട്ടേ, പ്രണുതമാർ!3
വിശ്വവരേണ്യനായ്ത്തേർ നിറയ്ക്കും പുരു –
വിത്തനാം വായുവിൽച്ചെല്ലട്ടെ, വൻനുതി:
സൽക്കരിച്ചാലും, കവിയെ പ്രയഷ്ടവ്യ,
ശുക്രയാനൻ നിയുന്നാഥൻ കവി ഭവാൻ!4
മൂടട്ടെ,യെന്നുടൽ നേതൃനാസത്യർതൻ
പ്രൗഢപ്രഭം, മനംകൊണ്ടു പൂട്ടും രഥം:
ചെല്പതിതിലൂടെയല്ലോ, ഗൃഹേ നിങ്ങ –
ളശ്വിമാരേ, സുതതാതഹിതത്തിനായ്!5
വൃഷ്ടിദർ നിങ്ങൾ പർജ്ജന്യവായുക്കളേ,
കിട്ടിയ്ക്ക, വാനിൽനിന്നാവശ്യമാം ജലം.
സത്യശ്രവർ വിപ്രർ വിശ്വംഭരർ നിങ്ങൾ
സർവഭൂതപ്രിയനാക്കുവിൻ, സൂരിയെ!6
ആ വീരപത്നി സരസ്വതി ചിത്രാന്ന
പാവനി കർമ്മം നടത്തട്ടെ, സുന്ദരി;
ഛന്ദോവതി തെളിഞ്ഞേകട്ടെ, വാഴ്ത്തിയ്ക്കു
ചേരാത്ത ദുർദ്ധർഷധാമവും ക്ഷേമവും!7
പൂജ്യനായധ്വാവിനധ്വാവിനീശനാം
പൂഷാവിനെപ്പുകഴ്ത്തട്ടേ, ഫലോത്സുകൻ:
നമ്മൾക്കു നല്കട്ടെ, പൊന്നണിപൈക്കളെ; –
ക്കർമ്മമെല്ലം നിറവേറ്റട്ടെ, നേർക്കവൻ!8
മുന്നേ പകുക്കും പുകഴ്‌ന്ന വൻദേവനെ, –
യന്നദാതാവിനെ,സ്സദ്ഭുജാപാണിയെ,
ത്വഷ്ടാവിനെ,സ്സുഖാഹ്വാതവ്യനെ യജി –
യ്ക്കട്ടെ, ഹോതാവഗ്നി ദീപ്തൻ ഗൃഹേജ്യനെ!9
പാരു പോറ്റും മഹാരുദ്രനെ വാഴ്ത്തുകി, –
ഗ്ഗീരാലഹസ്സിൽ നീ, രുദ്രനെയല്ലിലും:
മുഗ്ദ്ധാംഗനെസ്സത്സുഖനെയജരനെ
സ്തുത്യാ വളർത്താം, കവീരിതരെങ്ങളും!10
ധീരർ നിങ്ങൾ മരുത്തുക്കളേ, യാജ്യരേ,
സൂരിസ്തുതിയ്ക്കു വരുവിൻ, യുവാക്കളേ:
മീതെ പരന്നു വളർന്നുഗിരസ്തുല്യർ
നേതാക്കൾ നിങ്ങൾ തരിശിനും പുഷ്ടിദർ!11
വീരബലിഷ്ഠസുശീഘ്രരിലെത്തിയ്ക്ക,
ഗോരക്ഷി ഗോക്കളെയാലയിൽപ്പോലെ നീ:
താരകൾ വാനത്തുപോല,വർക്കു ഹൃദി
ചേരട്ടെ, ചൊല്ലും കവിതൻ സ്തവോക്തികൾ!12
മൂന്നുലകങ്ങളളന്നുവല്ലോ, വിഷ്ണു
മർദ്ദിതനായ മനുവിനായ് മൂന്നിനാൽ;
അബ്ഭവാൻ തന്ന ഗൃഹത്തിൽ മത്താടാവു,
കെല്പൊടും സ്വത്തൊടും ഞങ്ങൾ മകനൊടും!13
അർച്ചിതനാമഹിർബുധ്ന്യൻ നമുക്കേകു –
ക, ന്നോദകങ്ങൾ സവിതാവുമിന്ദ്രനും;
സദ്ദാനശീലരും ധാന്യങ്ങളൊത്തവ;
വിത്തലബ്ധിയ്ക്കിറക്കട്ടെ, ധിമാൻ ഭഗൻ!14
പാരാതെ, ഭൂരിവീരാഢ്യമായ്, മർത്ത്യർക്കു
പോരുവൊന്നായ്, മഹായജ്ഞസംരക്ഷിയായ്,
തേരുമിണങ്ങിയ വിത്തവും, വാർദ്ധകം
കേറാത്ത വേശ്മവും ഞങ്ങൾക്കു നല്കുവിൻ:
ശത്ര്വസുരന്മാരെ നേർത്തമർത്താം, മഖോ –
ദ്യുക്തരിൽച്ചെന്നിടാ,മെങ്ങൾക്കിതുകളാൽ!15
കുറിപ്പുകൾ: സൂക്തം 49.

[1] സദ്വ്രതർ – സുകർമ്മാക്കളായ ദേവന്മാർ. പുതുചെല്ലാൽ – പുത്തൻസ്തോത്രംകൊണ്ട്. സ്വസ്തി – സ്തോതാക്കൾക്കു ക്ഷേമം. കേട്ടരുളട്ടെ – നമ്മുടെ സ്തുതികൾ. മംഗളൗജസ്കർ = ശോഭനബലന്മാർ.

[2] നരന്നു നരന്ന് – ഓരോ മനുഷ്യന്നും. യുവതിദ്വയം – ദ്യാവാപൃഥിവികൾ. വാനിൻകിടാവ് – ഒന്നാമതു ദ്യോവിൽ ജനിച്ചവൻ. ഇഷ്ടികേതു = യാഗത്തിന്റെ കൊടിമരം.

[3] അഹോരാത്രിസ്തുതി: വിഭിന്നപുത്രികൾ – കറുത്തും വെളുത്തുമിരിയ്ക്കുന്ന പുത്രികൾ, രാപകലുകൾ. താരാന്വിത = നക്ഷത്രസമേത. ഒന്ന് – രാത്രി. ഇനാന്വിത = സൂര്യസമേത. മറ്റവൾ – പകൽ. പിരിയും – രാത്രിവരുമ്പോൾ പകലും, പകൽ വരുമ്പോൾ രാത്രിയും പോകുന്നതിനെ പിണങ്ങിപ്പിരിയലാക്കിയിരിയ്ക്കയാണ്. പുനാനമാർ = പരിപാവനികൾ. കമ്രസ്തവം = മനോഹരമായ സ്തോത്രം. പ്രാണുതമാർ = സ്തുതിയ്ക്കപ്പെട്ടവർ.

[4] വായുസ്തുതി: തേർ നിറയ്ക്കും – സ്തോതാക്കളുടെ രഥത്തെ ധനംകൊണ്ടു നിറയ്ക്കുന്ന. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കവിയെ സൽക്കരിച്ചാലും – സ്തോത്രകാരന്നു ധനം നൽകിയാലും. ശുക്രയാനൻ = തിളങ്ങുന്ന വാഹനത്തോടുകൂടിയവൻ. നിയുന്നാഥൻ – നിയുത്തുകളെന്ന പെൺകുതിരകളുടെ ഉടമ. കവി – ക്രാന്തദർശി.

[5] ഈ ഋക്കിന്ന് അശ്വികളാകുന്നു, ദേവത. മൂടട്ടെ – തേജസ്സുകൊണ്ട്. നേതൃനാസത്യർതൻ = നേതാക്കളായ അശ്വികളുടെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഗൃഹേ – സ്തോതാവിന്റെ ഗൃഹത്തിൽ; അവിടെ മകന്നും അച്ഛന്നും നന്മ വരുത്താൻ.

[6] പൂർവാർദ്ധത്തിന്നു പർജ്ജന്യവായുക്കൾ ദേവത; ഉത്തരാർദ്ധത്തിന്നു മരുത്തുക്കൾ. സത്യശ്രവർ – യഥാർത്ഥസ്തോത്രം കേൾക്കുന്നവർ. വിപ്രർ = മേധാവികൾ. സൂരി – സ്തോതാവ്.

[7] സരസ്വതി ദേവത: വീരപത്നി = വീരന്റെ, പ്രജാപതിയുടെ, പത്നി. ചിത്രാന്ന = വിവിധാന്നങ്ങളോടുകൂടിയവൾ. കർമ്മം – നമ്മുടെ യജ്ഞം. ഛന്ദോവതി – ഗായത്ര്യാദിച്ഛന്ദസ്സമേത. വാഴ്ത്തിയ്ക്കു = സ്തോതാവിന്നു. ദുർദ്ധർഷധാമം – ശീതാവാതാദികൾക്ക് അക്രമിയ്ക്കാവതല്ലാത്ത ഗൃഹം.

[8] പൂഷാവ് ദേവത: അധ്വാവ് = മാർഗ്ഗം. അവൻ – പൂഷാവ്.

[9] ത്വഷ്ടാവ് ദേവത: മുന്നേ പകുക്കും – ഉൽപത്തികലത്തുതന്നേ ജീവങ്ങളെ പുംസ്ത്രീരൂപേണ വേർതിരിയ്ക്കുന്ന. വൻദേവൻ = മഹാനായ ദേവൻ. സദ്ഭുജാപാണി = നല്ല കൈകളോടും കൈപ്പടത്തോടുംകൂടിയവൻ. ഗൃഹേജ്യൻ = ഗൃഹത്തിൽ (ഗൃഹസ്ഥരാൽ) യഷ്ടവ്യൻ.

[10] രുദ്രൻ ദേവത: മഹാരുദ്രൻ = മഹാനായ രുദ്രൻ. ഗീര് – സ്തോത്രം. നീ – സ്തോതാവിനോടു പറയുന്നതാണിത് മുഗ്ദ്ധാംഗൻ = സുന്ദരരൂപൻ. കവീരിതർ = കവിയാൽ (രുദ്രനാൽ) പ്രേരിതർ.

[11] ധീരൻ = ധീമാന്മാർ. സൂരിസ്തുതിയ്ക്കു – സ്തോതാവിന്റെ സ്തവം കേൾക്കാൻ. മീതേ – അന്തരിക്ഷത്തിൽ. അംഗിരസ്തുല്യർ – അംഗിരസ്സുകൾപോലെ ശീഘ്രഗാമികൾ. പുഷ്ടിദർ – മഴകൊണ്ടു സസ്യപുഷ്ടി വരുത്തുന്നവർ.

[12] സ്തോതാവിനോട്: വീര – സുശീഘ്ര – ബലിഷ്ഠർ – മരുത്തുക്കൾ. എത്തിയ്ക്ക – സ്തുതികളെ. ഹൃദി = ഹൃത്തിങ്കൽ, ഹൃദയത്തിൽ. കവി – മേധാവിയായ സ്തോതാവ്.

[13] വിഷ്ണു ദേവത: മന്നുലകങ്ങൾ – ത്രിലോകങ്ങൾ എന്നർത്ഥം. മർദ്ദിതൻ – അസുരപീഡിതൻ. മൂന്നിനാൽ – മൂന്നു കാൽവെപ്പുകൊണ്ട്. ഉത്തരാർദ്ധം പ്രത്യക്ഷവചനം: മത്താടാവു – അഹ്ലാദിയ്ക്കത്തക്ക ഗൃഹം തരിക എന്നു സാരം.

[14] അനേകർ ദേവത: അർച്ചിതൻ – സ്തുതൻ. സദ്ദാനശീലർ – വിശ്വേദേവന്മാർ. ധാന്യങ്ങളൊത്തവ ധാന്യസമേതങ്ങളായ അന്നോദകങ്ങൾ ഏകുക, നല്കട്ടെ. ഇറക്കട്ടെ – നമ്മെ പ്രേരിപ്പിയ്ക്കട്ടെ.

[15] ദേവന്മാരോട്: പാരാതെ – ഉടനേ നല്കുവിൻ. വാർദ്ധകം കേറാത്ത – പഴക്കം തട്ടാത്ത. മഖോദ്യുക്തർ = യജ്ഞപ്രവൃത്തർ. ഇതുകളാൽ – വിത്തവും വേശ്മ (ഗൃഹ)വുംകൊണ്ട്.

സൂക്തം 50.

ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബഹുദേവന്മാർ ദേവത.

നിങ്ങളുടെ അദിതിദേവിയെയും വരുണനെയും മിത്രനെയും അഗ്നിയെയും, അരിസൂദനനായ, ശോഭനസുഖനായ അര്യാമാവിനെയും, സവിതാവിനെയും, ഭഗനെയും – രക്ഷിതാക്കളായ ദേവന്മാരെയല്ലാം – ഞാൻ സുഖത്തിന്നുവേണ്ടി, വണങ്ങി സ്തുതിയ്ക്കുന്നു.1

സുപ്രഭ, സൂര്യ, തേജസ്സു തെളിഞ്ഞ ദക്ഷദൗഹിത്രരായ ദേവന്മാരെ ഭവാൻ ദോഷം ചെയ്യാത്തനിലയിൽ നിർത്തണം: ഇരുലോകങ്ങളിൽ വെളിപ്പെടുന്നവരും, യജ്ഞങ്ങളിൽ സംബന്ധിയ്ക്കുന്നവരും, സത്യശീലരും, ധനികരും, യഷ്ടവ്യരും അഗ്നിജിഹ്വരുമാണല്ലോ, അവർ!2

ദ്യാവാപൃഥിവികളെ, നിങ്ങൾ ഞങ്ങൾക്കു കനത്ത കരുത്തുളവാക്കുവിൻ; രോദാസികളേ, സുസുഖകളേ, നിങ്ങൾ ഞങ്ങൾക്കു വലിയ ഗൃഹം, വളരെദ്ധനമുണ്ടാകുമാറ്, തന്നരുളുവിൻ; ധിഷണമാരേ, നിങ്ങൾ ഞങ്ങളെ പാപം പറ്റാതെ പാർപ്പിയ്ക്കുവിൻ!3

ചെറുതോ വലുതോ ആയ യുദ്ധത്തിൽ നില്ക്കുന്ന ഞങ്ങൾ മരുദ്ദേകളെ എപ്പോൾ വിളിയ്ക്കുമോ; അപ്പോൾ, വിളിയ്ക്കപ്പെട്ട ആ വസുക്കളും അബാധിതരുമായ രുദ്രപുത്രന്മാർ ഞങ്ങളുടെ അടുക്കലെയ്ക്കിറങ്ങട്ടെ!4

രോദസീദേവി യാവചിലരിൽ ചിക്കെന്നു ചെല്ലുമോ, സമൃദ്ധിവരുത്തി പൂജിയ്ക്കുന്ന പൂഷാവും സേവിയ്ക്കുമോ; മരുത്തുക്കളേ, ആ നിങ്ങൾ ഞങ്ങളുടെ വിളികേട്ട് ഇങ്ങോട്ട് വരുമ്പോൾ, ഓരോ വഴിയിലും ജീവജാലം വിറച്ചുപോകും!5

സ്തോതാവേ, ആ സ്ത്രോത്രം കൈക്കൊള്ളുന്ന വീരനായ ഇന്ദ്രനെ ഭാവാൻ ഒരു പുതിയ സ്തവംകൊണ്ടു പൂജിയ്ക്കുക: പുകഴ്ത്തപ്പെട്ടവൻ സ്തുതികേൾക്കുകതന്നെ ചെയ്യും; വാഴ്ത്തപ്പെട്ടവൻ വളരെ അന്നവും തരും!6

തണ്ണീരുകളേ, മനുഷ്യഹിതങ്ങളായ നിങ്ങൾ പുത്രന്നും പൗത്രന്നും അഹിംസിതമായ അന്നവും സുഖവും ശാന്തിയും തരുവിൻ: ചരാചരങ്ങളെയെല്ലാം പ്രസവിച്ച നിങ്ങൾ അമ്മമാരിലും കവിഞ്ഞ ഭിഷക്കുകളാണല്ലോ!7

രക്ഷകനായ, സുവർണ്ണപാണിയായ, യഷ്ടവ്യനായ സവിതൃദേവൻ നമ്മുടെ അടുക്കൽ വന്നെത്തട്ടെ: ഉഷസ്സുദിപ്പുപോലെ, ഹവിർദ്ദാതാവിന്നു വരണീയങ്ങളെ വെളിപ്പെടുത്തുന്ന ധനവാനാണല്ലോ, അവിടുന്ന്!8

ബലപുത്ര, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ഈ യാഗത്തിൽ ദേവന്മാരെ കൊണ്ടുവന്നാലും: ഞാൻ എന്നും അങ്ങയുടെ ദാനത്തിൽ വർത്തിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ രക്ഷയാൽ ഞാൻ നല്ല വീരന്മാരോടുകൂടിയവനുമാകണം!9

മേധാവികളായ നാസത്യരേ, ആ നിങ്ങൾ എന്റെ കർമ്മസഹിതമായ സ്തോത്രത്തിൽ ശീഘ്രം വന്നെത്തുവിൻ: നേതാക്കളേ, അത്രിയെ കൂരിരുളിൽനിന്നു മോചിപ്പിച്ചപോലെ (ഞങ്ങളെ) യുദ്ധത്തിൽ ദുഃഖത്തിൽനിന്നു കരയേറ്റുവിൻ!10

ദേവന്മാരേ, ആ നിങ്ങൾ ഞങ്ങൾക്കു തേജസ്സും ഓജസ്സും ആൾക്കാരും ചേർന്ന ബഹുസ്തുത്യമായ ധനം തന്നരുളുവിൻ; ദിവ്യരും ഭൗമരും ഗോജാതരും അന്തരിക്ഷോൽപന്നരുമായ നിങ്ങൾ ദാനംകൊണ്ടു സുഖിപ്പിയ്ക്കുകയുംചെയ്യുവിൻ!11

ആ വർഷകർ – രുദ്രനും, സരസ്വതിയും, വിഷ്ണുവും, വായുവും, ഋഭുവിഭ്വവാജന്മാരും, ദേവഹിതനായ വിധാതാവും – സമാനപ്രീതിയോടെ നമ്മെ സുഖിപ്പിയ്ക്കട്ടെ; പർജ്ജന്യനും വായുവും നമുക്കു് അന്നും വർദ്ധിപ്പിയ്ക്കട്ടെ!12

അ ദേവൻ സവിതാവും, ഭഗനും, സമ്പത്തു നിറയ്ക്കുന്ന സലിലപുത്രനും, ദേവന്മാരോടും തൽപത്നിമാരോടും കൂടിയ ത്വഷ്ടാവും, ദേവന്മാരോടുകൂടിയ ദ്യോവും, സമുദ്രങ്ങളോടുകൂടിയ ഭൂവും സമാനപ്രീതിയോടെ നമ്മെ രക്ഷിയ്ക്കട്ടെ!13

അഹിർബുധ്ന്യനും, അജനായ ഏകപാത്തും, ഭൂമിയും, സമുദ്രവും നമ്മുടെ സ്തോത്രം കേൾക്കട്ടെ; കവികളാൽ ശസ്ത്രം ചൊല്ലപ്പെട്ട, സ്തുതിയ്ക്കപ്പെട്ട, വിളിയ്ക്കപ്പെടുന്ന, മന്ത്രപ്രതിപാദ്യരായ, യജ്ഞവർദ്ധകരായ ദേവന്മാരെല്ലാം രക്ഷിയ്ക്കട്ടെ!14

ഇങ്ങനെ, എന്റെ പുത്രന്മാരായ ഭരദ്വാജഗോത്രക്കാർ അർച്ചനസാധനങ്ങളായ സ്തോത്രങ്ങൾകൊണ്ടു സ്തുതിച്ചുപോരുന്നു: യജനീയരേ, തർപ്പിയ്ക്കപ്പെട്ട, വസുക്കളായ, അധർഷിതരായ നിങ്ങളെല്ലാവരും, ദേവപത്നിമാരും പുകഴ്ത്തപ്പെടുവിൻ.15

കുറിപ്പുകൾ: സൂക്തം 50.

[1] നിങ്ങളുടെ – അമ്മയായ.

[2] ദക്ഷദൗഹിത്രർ = ദക്ഷന്റെ മകളുടെ, അദിതിയുടെ, പുത്രന്മാർ. ഇരുലോകങ്ങളിൽ – സ്വർഗ്ഗത്തിലും ഭൂമിയിലും.

[3] ധിഷണമാർ = ധാരയിത്രികൾ; ദ്യാവാപൃഥിവികളുടെ ഒരു പര്യായം.

[5] രോദസി – രുദ്രപത്നി, സമൃദ്ധി വരുത്തി പൂജിയ്ക്കുന്ന – സ്തോതാക്കളെ സമ്പത്സ്മൃദ്ധരാക്കി മാനിയ്ക്കുന്ന.

[7] ഭിഷക്കുകൾ = വൈദ്യന്മാർ.

[8] വരണീയങ്ങൾ – ധനങ്ങൾ

[9] വീരന്മാർ = പുത്രാദികൾ.

[11] ദിവ്യർ – അദിത്യർ. ഭൗമർ – വസുക്കൾ. ഗോജാതർ – പൃശ്നിപുത്രരായ മരുത്തുക്കൾ. അന്തരിക്ഷോൽപന്നർ – രുദ്രന്മാർ. ദാനംകൊണ്ടു – അഭീഷ്ടങ്ങൾ തന്ന്.

[12] വിധാതാവ് – പ്രജാപതി.

[13] സലിലപുത്രൻ – വൈദ്യുതാഗ്നി.

[14] അജനായ ഏകപാത്ത് – ഒരു ദേവൻ. കവികൾ – ഋഷിമാർ.

[15] പുകഴ്ത്തപ്പെടുവിൻ – എന്റെ (ഋജിശ്വാവിന്റെ) പുത്രന്മാരായ സുഹോത്രാദികളാൽ സ്തുതിയ്ക്കപ്പെട്ടുവിൻ.

സൂക്തം 51.

ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവകൾ ദേവത.

കണ്ണായ, മഹത്തായ, മിത്രവരുണന്മാർക്കു പ്രിയമായ, അബാധിതമായ, സ്വച്ഛമായ, ദർശനീയമായ സൂര്യതേജസ്സ് എമ്പാടും ഉയരുന്നു: ഉദയത്തിൽ ദ്യോവിന്ന് ഒരാഭരണമെന്നപോലെ വിളങ്ങുന്നു.1

മേധാവിയായ സൂര്യൻ മൂന്നിടങ്ങളെയും, ഈ ദേവന്മാരുടെ നിഗൂഢമായ പിറവിയെയും അറിയുന്നു; മനുഷ്യരിലെ നന്മതിന്മകൾ നോക്കിക്കാണുന്നു; അധിപതിയായിനിന്നു പ്രാപ്തവ്യങ്ങളെ പ്രകാശിപ്പിയ്ക്കുന്നു.2

മഹത്തായ യജ്ഞത്തെ രക്ഷിയ്ക്കുന്ന നിങ്ങളെ ഞാൻ സ്തുതിയ്ക്കുന്നു – സുജാതരായി അബാധിതകർമ്മാക്കളായി ധനികരായി പരിപാവനമായിരിയ്ക്കുന്ന അദിതിരുണമിത്രന്മാരെയും ആര്യമഭഗന്മാരെയും ഞാൻ നേരിട്ടു വാഴ്ത്തുന്നു.3

ദ്രോഹികളെത്തട്ടിനീക്കുന്ന, സജ്ജനപാലകരായ, അബാധിതരായ, മഹാരാജന്മാരായ, നല്ല പാർപ്പിടം നല്കുന്നവരായ, യുവാക്കളായ, ശോഭനബലരായ, ഈശ്വരരായ, ദ്യോവിന്റെ നേതാക്കന്മാരായ, (നമ്മുടെ) പരിചരണമിച്ഛിയ്ക്കുന്ന ആദിത്യന്മാരെയും ആദിതിയെയും ഞാൻ അഭിഗമിയ്ക്കുന്നു.4

പിതാവായ ദ്യോവേ, കനിവുറ്റ മാതാവായ ഭൂവേ, ഭ്രാതാവായ അഗ്നേ, വസുക്കളേ, നിങ്ങൾ ഞങ്ങളെ സുഖിപ്പിച്ചാലും; ആദിത്യന്മാരേ, ആദിതേ, നിങ്ങളെല്ലാം ഒപ്പം പ്രസാദിച്ചു ഞങ്ങൾക്കു വലിയ ഗൃഹം തന്നാലും!5

യജനീയരേ, നിങ്ങൾ ഞങ്ങളെ ചെന്നായയ്ക്കോ, പെൺചെന്നായയ്ക്കോ – ഏതൊരു ഹിംസകന്നും – വിട്ടുകൊടുക്കരുതേ: ഞങ്ങളുടെ ശരീരത്തിന്റെ നേതാക്കളാണല്ലോ, നിങ്ങൾ; ബലത്തിന്റെയും വാക്കിന്റെയും നേതാക്കളാണല്ലോ, നിങ്ങൾ!6

വസുക്കളേ, നിങ്ങളുടെ ഞങ്ങൾക്കു് അന്യർ ചെയ്ത പാപം അനുഭവപ്പെടരുത്; നിങ്ങളെ കോപിപ്പിയ്ക്കുന്നതൊന്നും ഞങ്ങൾ ചെയ്തു പോകരുത് വിശ്വേദേവന്മാരേ, വിശ്വേശന്മാരാണല്ലോ, നിങ്ങൾ; ശത്രു താൻതന്നേ സ്വശരീരം നശിപ്പിയ്ക്കട്ടെ!7

നമസ്കാരംതന്നെ ബലവത്തരമാണ്; ഞാൻ നമസ്കാരത്തെ പരിചരിക്കുന്നു. നമസ്കാരമാണ്, വാനൂഴികളെ താങ്ങുന്നത്. ദേവന്മാർക്കു നമസ്കാരം! നമസ്കാരം ഇവരെ കീഴടക്കും! ചെയ്തുപോയ പാപവും ഞാൻ നമസ്കാരംകൊണ്ടു നീക്കുന്നു.8

യജനീയരേ, നിങ്ങളുടെ യജ്ഞത്തിന്റെ നേതാക്കളായ, യജനഗൃഹത്തിലിരിയ്ക്കുന്ന, വിശുദ്ധബലരായ, അബാധിതരായ, കാഴ്ചയേറിയ, തലവന്മാരായ, മഹാന്മാരായ ആ നിങ്ങളെ ഞാൻ നേരിട്ടു നമസ്കാരങ്ങൾകൊണ്ടു വണങ്ങുന്നു.9

മികച്ച തേജസ്സും നല്ല ഓജസ്സുമുള്ളവരും, സത്യകർമ്മാക്കളും, സ്തോതാക്കൾക്കു യഥാർത്ഥഭൂതരുമാണല്ലോ, വരുണനും മിത്രനും അഗ്നിയും; അവർ നമ്മുടെ ദുരിതമെല്ലാം മറവിയിലാക്കട്ടെ!10

ഇന്ദ്രനും പൃഥിവിയും പൂഷാവും ഭഗനും അദിതിയും പഞ്ചജനങ്ങളും നമ്മുടെ വാസഭൂമിയെ വർദ്ധിപ്പിയ്ക്കട്ടെ; നല്ല സുഖവും നല്ല അന്നവും നല്ല നടപ്പും നല്കട്ടെ; നമ്മെ നന്നായി രക്ഷിച്ചു, നന്നായി കാക്കട്ടെ!11

ദേവന്മാരേ, സ്തുതിയ്ക്കുന്ന ഭാരദ്വാജൻ വേഗത്തിൽ ദിവ്യസ്ഥാനമടയട്ടെ: തിരുവുള്ളം തെളിയണമെന്നപേക്ഷിയ്ക്കുന്നു; ഇരിയ്ക്കുന്ന യജ്ഞാർഹരോടൊന്നിച്ചു യാഗമനുഷ്ഠിച്ചുകൊണ്ടു ദേവഗണത്തെ ധനലബ്ധിയ്ക്കായി വന്ദിയ്ക്കുന്നു.12

അഗ്നേ, ആ പാപംചെയ്യുന്ന കുടിലനെ – ദുരാശയനായ ദ്രോഹിയെ – അങ്ങ് അതിദൂരെത്തെയ്ക്കു തള്ളണം; സജ്ജനപാലക, സുഖം തരിക!13

സോമമേ, ഞങ്ങളുടെ അമ്മികൾ സഖ്യമിച്ഛിയ്ക്കുന്നു. കൊടുക്കാത്ത തിന്മനെ ഭവാൻ മുടിയ്ക്കുക: തട്ടിയെടുക്കുന്നവനാണല്ലോ, അവൻ!14

ശോഭനദാനന്മാരേ, കഴിവുള്ളവരാണല്ലോ, തേജസ്സിയന്ന ഇന്ദ്രാദികളായ നിങ്ങൾ: വഴിയിൽ ഞങ്ങളെ കൂടെനിന്നു കാത്തു, സുഖപ്പെടുത്തിവിൻ!15

യാതൊന്നിലൂടേ നടന്നവൻ വിദ്രോഹികളെയെല്ലാം പോക്കി, ധനം നേടുമോ; ഞങ്ങൾ ആ സുഗമവും അനഘവുമായ മാർഗ്ഗത്തിലെത്തിച്ചേർന്നു!16

കുറിപ്പുകൾ: സൂക്തം 51.

[2] മൂന്നിടങ്ങൾ – ത്രിലോകങ്ങൾ. പ്രാപ്തവ്യങ്ങൾ = ലഭിയ്ക്കേണ്ടുന്നവ.

[4] അഭിഗമിയ്ക്കുക – മുമ്പിൽച്ചെല്ലുക.

[5] ഭ്രാതാവായ – സ്നേഹമുള്ള.

[7] നിങ്ങളുടെ – ഭവദീയരായ.

[8] നിങ്ങളുടെ മാഹത്മ്യം ഇരിയ്ക്കട്ടെ: നിങ്ങളെ നമസ്കരിയ്ക്കുന്നതുതന്നെ അത്യുൽകൃഷ്ടമാകുന്നു!

[9] നിങ്ങളുടെ – നിങ്ങൾക്കായിചെയ്യപ്പെടുന്ന.

[11] പഞ്ചജനങ്ങൾ – ദേവന്മാർ, ഗന്ധർവർ, അപ്സരസ്സുകൾ, മനുഷ്യർ, പിതൃക്കൾ.

[12] ഭരദ്വാജൻ – ഋജിശ്വാവായ ഞാൻ. ഇരിക്കുന്ന – സത്രോപവിഷ്ടരായ. യജ്ഞാർഹർ – മറ്റു യജമാനന്മാർ.

[14] സഖ്യം – ഭവാന്റെ സഖ്യം. കൊടുക്കാത്ത – ദാതൃത്വമില്ലാത്ത. തിന്മൻ – സ്വയം തിന്നുന്നവൻ.

[16] അന്യദിക്കിൽനിന്നു തിരിച്ചെത്തിയാൽ ജപിയ്ക്കേണ്ടുന്ന മന്ത്രമത്രേ, ഇത്.

സൂക്തം 52.

ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ജഗതിയും ഛന്ദസ്സുകൾ; വിശ്വദേവതകൾ ദേവത.

അതു ദ്യോവിനോടോ, ഭൂവിനോടോ, യജ്ഞത്തോടോ, ഈ കർമ്മങ്ങളോടോ ചേർന്നതാണെന്നു ഞാൻ സമ്മതിയ്ക്കില്ല: അയാളെ വമ്പിച്ച പർവതങ്ങൾ ചതയ്ക്കട്ടെ; അതിയാജനെ യജിപ്പിയ്ക്കുന്നവൻ അധമനായിത്തീരട്ടെ!1

മരുത്തുക്കളേ, ഞങ്ങളെക്കാൾ മീതെയാണെന്നഭിമാനിയ്ക്കുന്നവൻ ആരോ; ഞങ്ങളുടെ സ്തോത്രത്തെ നിന്ദിപ്പാൻ ആർ മുതിരുമോ; അവനെ തേജസ്സുകൾ വലയ്ക്കട്ടെ – ആ ബ്രഹ്മദ്വേഷിയെ സൂര്യൻ ദഹിപ്പിയ്ക്കട്ടെ!2

സോമമേ, അങ്ങ് കർമ്മരക്ഷകനാണെന്നു പറയുന്നു; ഞങ്ങളെ പഴിക്കാരിൽനിന്നു രക്ഷിയ്ക്കുന്നവനാണെന്നു പറയുന്നു. എന്നാൽ ഞങ്ങൾ നിന്ദിയ്ക്കപ്പെടുന്നതു കാണിന്നില്ലേ? ബ്രഹ്മദ്വേഷിയുടെ നേർക്കു പൊള്ളിയ്ക്കുന്ന ആയുധം ചാട്ടുക!3

ഉദിയ്ക്കുന്ന ഉഷസ്സുകൾ എന്നെ രക്ഷിയ്ക്കട്ടെ; തടിച്ച നദികൾ എന്നെ രക്ഷിയ്ക്കട്ടെ; അനക്കമില്ലാത്ത മലകൾ എന്നെ രക്ഷിയ്ക്കട്ടെ; യജ്ഞത്തിലെ പിതൃക്കളും എന്നെ രക്ഷിയ്ക്കട്ടെ!4

ഞങ്ങളുടെ മനസ്സു സദാ നന്നായിരിയ്ക്കുണം; ഞങ്ങൾ ഉദിയ്ക്കുന്ന സൂര്യനെ കാണുകയുംചെയ്യണം. ഉൽക്കൃഷ്ടധനാധിപതി ഹവിസ്സു ദേവന്മാർക്കു കൊണ്ടുകൊടുപ്പാൻ ശരിയ്ക്കു വന്നിട്ട്, അപ്രകാരം ചെയ്തരുളട്ടെ!5

രക്ഷയോടുകൂടി ഇന്ദ്രനും, സലിലസമൃദ്ധയായ സരസ്വതിയും തൊട്ടടുക്കൽ വന്നണയട്ടെ; പർജ്ജന്യൻ ഓഷധികളോടുകൂടി നമ്മെ സുഖിപ്പിയ്ക്കട്ടെ; അഗ്നി, അച്ഛനെപ്പോലെ സുഖസ്തുത്യനും സുഖാഹ്വാതവ്യനുമായിബ്ഭവിയ്ക്കട്ടെ!6

ദേവന്മാരേ, നിങ്ങളെല്ലാവരും വരുവിൻ; എന്റെ ഈ വിളികേൾക്കുവിൻ; ഈ ദർഭവിരിപ്പിലിരിയ്ക്കുവിൻ!7

ദേവന്മാരേ, നിങ്ങളെ ആർ നെയ്യു തൂകിയ ഹവിസ്സുകൊണ്ടു പരിചരിയ്ക്കുമോ; അവങ്കൽ ചെല്ലുമല്ലോ, നിങ്ങളെല്ലാവരും.8

മരണരഹിതന്റെ മക്കൾ നമ്മുടെ സ്തുതി കേൾക്കട്ടെ; നമുക്കു നല്ല സുഖം തന്നരുളട്ടെ!9

യജ്ഞം വർദ്ധിപ്പിയ്ക്കുന്ന, സമയങ്ങളിൽ സ്തോത്രം കേൾക്കുന്ന ദേവന്മാരെല്ലാം തയിർ ചേർത്ത ചുടുപാൽ നുകരട്ടെ!10

ഇന്ദ്രനും, മരുദണവും, ത്വഷ്ടാവും, മിത്രനും, അര്യാമാവും നമ്മുടെ സ്തോത്രവും ഈ ഹവിസ്സും ആസ്വദിയ്ക്കട്ടെ!11

ഹോതാവായ അഗ്നേ, ദേവഗണത്തെ അറിയുന്ന ഭവാൻ ഞങ്ങളുടെ ഈ യജ്ഞം അറിയപ്പെട്ട ക്രമത്തിൽ നടത്തിയാലും!12

വിശ്വദേവന്മാരേ, നിങ്ങൾ എന്റെ ഈ വിളി കേൾക്കുവിൻ: അന്തരിക്ഷത്തിലും, അന്തികത്തിലും, വാനിലും വസിയ്ക്കുന്ന അഗ്നിജിഹ്വരായ യജനീയർ സഭയിലിരുന്ന് ഇമ്പം കൊള്ളുവിൻ!13

യജ്ഞാർഹരായ ദേവന്മാരെല്ലാവരും ദ്യാവാപൃഥിവികളും ജലപുത്രനും എന്റെ സ്തോത്രം കേട്ടരുളട്ടെ: നിങ്ങൾക്കു രുചിയ്ക്കാത്തതൊന്നും ഞാൻ ചൊല്ലരുതേ; ഞങ്ങൾ തുലോം അടുത്തു, നിങ്ങളുടെ സുഖങ്ങളിൽതന്നേ മത്താടുമാറാകണം!14

മഹന്മാരായ, മന്നിലും വിണ്ണിലും അന്തരിക്ഷത്തിലും പിറന്ന, നിശിതജ്ഞാനരായ ദേവന്മാർ നമ്മുടെ പുത്രാദികൾക്ക് എല്ലാ അന്നവും രാപ്പകൽ തന്നരുളട്ടെ!15

അഗ്നിപർജ്ജന്യന്മാരേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിൻ; സുഖാഹ്വാതവ്യരേ, ഈ യജ്ഞത്തിൽ ഞങ്ങളുടെ നല്ല സ്തുതി കേൾക്കുവിൻ. ഒരാൾ അന്നം ഉൽപാദിപ്പിയ്ക്കുന്നു; മറ്റാൾ ഗർഭവും. ആ നിങ്ങൾ അന്നവും സന്തതിയും ഞങ്ങൾക്കു തരുവിൻ!16

വിശ്വദേവന്മാരേ, ഞാൻ ദർഭ വിരിച്ച്, അഗ്നിയെ ജ്വലിപ്പിച്ചു, സൂക്തംകൊണ്ടും വലിയ നമസ്കാരംകൊണ്ടും പരിചരിച്ചുവല്ലോ: യജനീയരേ, നിങ്ങൾ ഇന്നു ഞങ്ങളുടെ ഈ യജ്ഞത്തിൽ ഹവിസ്സുകൊണ്ട് ഇമ്പംകൊള്ളുവിൻ!17

കുറിപ്പുകൾ: സൂക്തം 52.

[1] അതിയാജൻ എന്നൊരു ഋഷി, ഋജിശ്വാവിനെക്കാൾ മീതെയാകണമെന്നു നിശ്ചയിച്ചു, യാഗം തുടങ്ങി. ആയാഗത്തെ ഋജിശ്വാവു നിരസിയ്ക്കുന്നു: അതു – അതിയാജന്റെ യജനം. ദ്യോവിനോടോ ഭൂവിനോടോ – ദിവ്യ – ഭൗമദേവന്മാരോടോ. യജ്ഞത്തോടോ – ഞാനനുഷ്ഠിച്ചിട്ടുള്ള യാഗത്തോടോ. ചേർന്നത് – യുക്തം, സദൃശം. പർവതങ്ങൾ – ഇന്ദ്രനാലയയ്ക്കപ്പെട്ട ഗിരികൾ.

[3] പറയുന്നു – പഴമക്കാർ.

[4] തടിച്ച – വെള്ളം പരന്ന. പിതൃക്കൾ – പിതൃദേവതകൾ.

[5] ഉൽകൃഷ്ടധനാധിപതി – അഗ്നി. അപ്രകാരം – മുൻവാക്യങ്ങളിൽ പറയപ്പെട്ടത്.

[6] സരസ്വതി – നദി

[9] മരണരഹിതന്റെ മക്കൾ – പ്രജാപതിയുടെ പുത്രന്മാർ, ദേവന്മാർ.

[10] സമയങ്ങളിൽ – യജ്ഞാവസരങ്ങളിൽ.

[12] ക്രമത്തിൽ – ഇന്നിന്ന ദേവന്മാർക്ക് ആദ്യമാദ്യം എന്ന മുറയ്ക്കു്.

[13] ആന്തികം – അന്തരിക്ഷത്തിന്നടുത്ത സ്ഥാനം, ഭൂലോകം.

[14] ജലപുത്രൻ – വൈദ്യുതാഗ്നി. നിങ്ങളുടെ – നിങ്ങൾ തന്ന.

[16] ഒരാൾ – പർജ്ജന്യൻ; മഴകൊണ്ട് അന്നം ഉൽപാദിപ്പിയ്ക്കുന്നു. മറ്റാൾ – അഗ്നി ഗർഭം ഉൽപാദിപ്പിയ്ക്കുന്നു: പുരുഷനാൽ ഭുജിയ്ക്കപ്പെട്ട അന്നം ജാരാഗ്നിയാൽ ദഹിപ്പിയ്ക്കപ്പെട്ടു, ശുക്ലമായി പരിണമിച്ചു, സ്ത്രീകളിൽ സംക്രമിച്ചു ഗർഭമായിത്തീരുന്നു.

[17] സൂക്തം – സ്തോത്രം.

സൂക്തം 53.

ഭരദ്വാജൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

നിന്നെ,യൊരു തേരിനെപ്പോ, –
ലന്നാപ്തിയ്ക്കും കർമ്മത്തിന്നും
പൂട്ടിനിർത്തീടുന്നു, ഞങ്ങൾ
പൂഷാവേ, മാർഗ്ഗാധിപതേ!1
മർത്ത്യഹിതം ധനം നേടാ –
നെത്തിച്ചാലു,മെങ്ങളെ നീ,
ശുദ്ധദ്രവീണനാം വീര്യ –
മൊത്തൊരു നൽഗ്ഗൃഹസ്ഥങ്കൽ!2
പ്രേരിപ്പിയ്ക്ക, തരാൻ പൂഷൻ,
തീരെക്കൊടാത്തോനെയും നീ:
ഉദ്യദ്ദ്യുതേ, ലുബ്ധന്റെയും
ചിത്തം മയപ്പെടുത്തുക!3
നോക്കിവെയ്ക്ക, ധനാർജ്ജന –
മാർഗ്ഗം ഭവാൻ ബലവാനേ;
പോക്കുക, വിദ്രോഹികളെ; –
ക്കായ്ക്കട്ടേ, ഞങ്ങൾതൻ യത്നം!4
ലുബ്ധരുടെ നെഞ്ചം നീളെ –
ച്ചെത്തീടുക, തോലുളിയാൽ;
അങ്ങു കവേ, പിമ്പവരെ
ഞങ്ങൾക്കു കീഴ്പെടുത്തുക!5
തോലുളിയാൽത്തുരന്നനു –
കൂലം വെയ്ക്ക, ലുബ്ധനെഞ്ചിൽ;
അങ്ങു പൂഷൻ, പിമ്പവരെ
ഞങ്ങൾക്കു കീഴ്പെടുത്തുക!6
ചെത്തുകാ,കെ നേർപ്പിയ്ക്കുക,
ലുബ്ധരുടെ നെഞ്ചങ്ങളെ;
അങ്ങു കവേ, പിമ്പവരെ
ഞങ്ങൾക്കു കീഴ്പെടുത്തുക!7
ആവിർദ്യൂതേ, തൃക്കയ്യിലെ –
ച്ചോർ വിളമ്പും തോലുളിയാൽ
ലുബ്ധക്കരുടെയെല്ലാം നെഞ്ചം
ചെത്തി നേർപ്പിയ്ക്കുക, പൂഷൻ!8
ഗോധനോപാസിതം, പശു –
സാധകം, നിൻതൃത്തോലുളി;
ത്വംഗദ്ദ്യുതേ, യാചിയ്ക്കുന്നു,
ഞങ്ങളതിനുടെ സൗഖ്യം!9
ഗോക്കളെയുമശ്വത്തെയു –
മാൾക്കാരെയുമന്നത്തെയും
കയ്യിലെത്തിയ്ക്കുന്നു കർമ്മം
ചെയ്യുകെ,ങ്ങൾക്കുണ്ണുവാൻ നീ!10
കുറിപ്പുകൾ: സൂക്തം 53.

[1] പൂട്ടിനിർത്തീടുന്നു – അഭിമുഖീകരിയ്ക്കുന്നു എന്നു സാരം. മാർഗ്ഗം രക്ഷിയ്ക്കന്ന ദേവതയത്രേ, പൂഷാവ്.

[2] നല്ല ഗൃഹസ്ഥങ്കൽ കൊണ്ടാക്കപ്പെട്ട ഞങ്ങൾക്ക് അദ്ദേഹം ധനംതരുമെന്ന് ആശയം.

[3] മയപ്പെടുത്തുക – ദാനതൽപരമാക്കുക എന്നർത്ഥം.

[4] ഞങ്ങൾ ഏതിലൂടെ പോയാൽ ധനം കിട്ടുമോ, ആ മാർഗ്ഗം നോക്കി വെച്ചാലും. കായ്ക്കട്ടെ – സഫലമകട്ടെ.

[5] ചെത്തീടുക – കാഠിന്യം കുറയ്ക്കാൻ.

[6] അനുകൂലം – ഞങ്ങൾക്കു ധനം തരേണമെന്ന അനുകൂലവിചാരം.

[7] നേർപ്പിയ്ക്കുക – മൃദൂകരിയ്ക്കുക എന്നു സാരം.

[8] ആവിർദ്യുതേ – ദീപ്തിമൻ.

[9] പൂഷാവിന്റെ കയ്യിൽ ഒരു തോലുളി എപ്പോഴും ഉണ്ടായിരിയ്ക്കും. അതിനുടെ – തോലുളിയുടെ പക്കലുള്ള.

[10] ഉണ്ണുവാൻ – ഭക്ഷണം കഴിച്ചു ജീവിപ്പാൻ.

സൂക്തം 54.

ഭരദ്വാജൻ ഋഷി; ഗായത്രി ഛന്ദസ്സ്; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ഏവൻ നേരേ ചൊല്ലിത്തരു; –
മേവ,നിതാ, എന്നുരയ്ക്കും;
ആ വിജ്ഞാങ്കലണച്ചാലും,
ഹേ പൂഷാവേ, ഞങ്ങളെ നീ!1
ഏവനിടം ചൊല്ലിത്തരു; –
മേവ,നിതാ, എന്നുമോതും;
ആയവങ്കലണയാവൂ
പൂഷാവിന്റെയൻപാലെങ്ങൾ!2
പൂഷാവിന്റെ ചക്രത്തിന്നു
ദോഷം വരില്ലു;-റ കീറാ;
തീർച്ച,യതിൻ വായ്ത്തലയ്ക്കു
മൂർച്ച കുറയുകയില്ല!3
പൂഷാവിനെ ഹവ്യംകൊണ്ടു
പൂജിപ്പോന്നദ്ദേഹം തെല്ലും
ആടൽ വരുത്തുകില്ല; – വൻ
നേടും, ധനമൊന്നാമനായ്!4
മേയ്ക്കട്ടേ, പൂഷാവിങ്ങസ്മൽ –
ഗോക്കളെ; – യശ്വങ്ങളെയും
കാക്കട്ടേ, പൂഷാവു; നമ്മിൽ –
ച്ചേർക്കട്ടേ, പൂഷാവന്നവും!5
നീർ തൂകും യഷ്ടാവിന്റെയും
ഗാഥ ചൊല്ലും ഞങ്ങളുടെയും
മാടുകളെ രക്ഷിപ്പാനായ് –
ക്കൂടെച്ചെല്ക, പൂഷാവേ, നീ!6
പോയ്പോകൊല്ലാ; കൊലപ്പെടാ –
യ്ക്കാ; – പ്പെടൊല്ലാ; കിണർകളിൽ;
ആടലൊന്നും പറ്റാത്തവ –
യോടുകൂടി വന്നാലും, നീ!7
കേൾപ്പോൻ, പൂഷാവില്ലായ്മയെ –
ത്തിർപ്പോ,നനശ്വരധനൻ;
അപ്പെരുമാളൊടു സമ്പ –
ത്തഭ്യർത്ഥിച്ചീടുന്നു, ഞങ്ങൾ.8
പൂഷാവേ, നിന്നുടെ കർമ്മം
പൂണ്ട ഞങ്ങളൊരിയ്ക്കുലും
പീഢിതരാകായ്കി; – ങ്ങെങ്ങൾ
പാടിപ്പുകഴ്ത്തുന്നു, നിന്നെ!9
അപ്പുറത്തെയ്ക്കൊന്നു നീട്ടു –
കി,പ്പൂഷാവു വലംകരം:
ഞങ്ങളുടെ പോയ മുത –
ലിങ്ങു തിരിച്ചണയട്ടെ!10
കുറിപ്പുകൾ: സൂക്തം 54.

[1] പോയ മുതൽ കിട്ടാൻ ജപിയ്ക്കേണ്ടുന്ന മന്ത്രം: ചൊല്ലിത്തരും – നഷ്ടധനപ്രാപ്ത്യുപായം. ഇതാ എന്നുരയ്ക്കും – നഷ്ടധനം കാട്ടിത്തരും.

[2] ഇടം – നഷ്ടധനമിരിയ്ക്കുന്ന ഗൃഹം. അൻപാൽ = ദയയാൽ.

[3] ചക്രം – ചക്രായുധം. ദോഷം – കേട്.

[6] നീർ – സോമം. ഗാഥ – സ്തുതിഗീതി.

[7] ആപ്പെടൊല്ലാ – വീണുപോകരുത്. പറ്റാത്തവ – പറ്റാത്ത ഗോക്കൾ. വന്നാലും – വൈകുന്നേരം തിരിച്ചുവരിക.

[8] കേൾപ്പാൻ – സ്തോത്രങ്ങൾ കേൾക്കുന്നവൻ. ഇല്ലായ്മയെത്തീർപ്പോൻ = ദാരിദ്ര്യനാശനൻ.

[9] നിന്നുടെ – നിന്നെ ഉദ്ദേശിച്ചുള്ള.

[10] അപ്പുറത്തെയ്ക്കു് – അഗമ്യപ്രദേശത്തെയ്ക്കു്; ചോരവ്യാഘ്രാദികളുള്ള സ്ഥലത്തെയ്ക്കു പോകുന്ന ഗോക്കളെ തടയാൻ.

സൂക്തം 55.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’ പോലെ.)

ഉന്നതാഭ, ധാതൃപുത്ര,
വന്നാലും, നീ: – യൊന്നിയ്ക്ക, നാം;
ഞങ്ങളുടെയധ്വരത്തെ –
ബ്ഭംഗ്യാ നടത്തുക, ഭവാൻ!1
വമ്പുറ്റ നേതാവായ്, മഹാ –
സമ്പത്തിന്റെ പെരുമാളായ്
മിത്രമായ കപർദ്ദിയോ –
ടർത്ഥിയ്ക്കുന്നു, ധനം ഞങ്ങൾ.2
സ്വത്തിൻമഴ, നീയജാശ്വ;
വിത്തത്തിന്റെ കൂമ്പാരം, നീ;
വാഴ്ത്തുവോനു, വാഴ്ത്തുവോനു
ദീപ്തിമാനേ, സഖാവു, നീ!3
മേഷാശ്വനായന്നവാനാം
പൂഷാവിനെ സ്തുതിയ്ക്ക, നാം:
പെങ്ങളുടെ ജാരനാണെ –
ന്നിങ്ങു ചൊല്ലാറുണ്ടവനെ!4
നമ്മൾ ചൊല്ലും സ്തവം കേൾക്കു –
കു,ംബാരതൻ സ്വസൃജാരൻ;
എന്നുടെ സഖാവാകട്ടെ, –
യിന്ദ്രനുടെ സഹോദരൻ!5
ഒത്തുചേർന്നക്കോലാടുകൾ
തൃത്തേരിലിങ്ങെത്തിയ്ക്കട്ടെ,
സേവകരിലെഴുന്നള്ളും
ദേവനായ പൂഷാവിനെ!6
കുറിപ്പുകൾ: സൂക്തം 55.

[1] ധാതൃപുത്ര – പ്രജാപതിസുത. ഒന്നിയ്ക്ക നാം – അങ്ങും സ്തുതിയ്ക്കുന്ന ഞാനും കൂടിച്ചേരുക.

[2] കപർദ്ദി – പൂഷാവ്.

[3] സ്വത്തിൻമഴ – സ്തോതാവിന്നു ധനം വർഷിച്ചുകൊടുക്കുന്നവൻ. അജാശ്വ – ആടുകളാകുന്ന അശ്വ (വാഹന) ങ്ങളോടുകൂടിയവനേ.

[4] പെങ്ങൾ – ഉഷസ്സ്.

[5] അംബാരതൻ – മാതാവായ രാത്രിയുമായി രമിയ്ക്കുന്നവൻ.

[6] സേവകരിലെഴുന്നള്ളും – സ്തോതാക്കളുടെഅടുക്കൽ പതിവായി ചെല്ലുന്ന.

സൂക്തം 56.

ഭരദ്വാജൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

ആജ്യസിക്തമലർപ്പൊടി –
യാസ്വദിപ്പോനെന്നിങ്ങനെ
ഇപ്പൂഷാവെ സ്തുതിപ്പവ –
ന്നീഡ്യനാകാ, മറ്റു ദേവൻ!1
സത്സംരക്ഷാവിധായക –
നിസ്സഖാവോടൊന്നിച്ചല്ലോ,
ശത്രുവധം നടത്തുന്ന –
ത,ത്ര മഹാരഥനിന്ദ്രൻ!2
പോരാ, മഹാരഥനാമി –
ശ്ശൂരനപ്പൊന്മയചക്രം
നേരിട്ടാഞ്ഞുവിട്ടാനല്ലോ,
സ്ഫാരഭാസ്സാം പകലോങ്കൽ!3
ഇന്നേതിന്നോ ബോധവാനേ,
സുന്ദരാംഗ, ഞങ്ങൾ നിന്നെ
വാഴ്ത്തുവത; – സ്സ്വത്തെങ്ങളിൽ –
ച്ചേർത്താലും, നീ പുരുസ്തുത!4
ഇഗ്ഗവാന്വേഷകരെയു –
മെങ്ങളുടെ ലാഭത്തിന്നായ്
സാധിപ്പിയ്ക്ക: പൂഷാവേ, നീ
ഖ്യാതനല്ലോ, വിദൂരത്തും!5
തിന്മ ദൂരേ, ധനം ചാരേ –
ഇമ്മട്ടാം നിൻത്രാണം ഞങ്ങൾ
ഇന്നു സർവ്യാപ്തിയ്ക്കഭ്യർത്ഥി –
യ്ക്കുന്നു, നാളെസ്സർവാപ്തിയ്ക്കും.6
കുറിപ്പുകൾ: സൂക്തം 56.

[1] ആജ്യസിക്തം = നെയ്യുകൊണ്ടു നനച്ചത്. മറ്റുദേവൻ ഈഡ്യനാകാ – പൂഷാവിങ്കൽനിന്നുതന്നേ അഭീഷ്ടം കൈവരും.

[2] സത്സംരക്ഷാവിധായകൻ – സജ്ജനപാലകൻ; ഇന്ദ്രന്റെ വിശേഷണം. ഇന്ദ്രന്നും സഹായഭൂതനാണ്, പൂഷാവ്.

[3] ഇശ്ശൂരൻ – പൂഷാവ്. സ്ഫാരഭാസ്സാം – ശോഭയേറിയ.

[4] ബോധവാൻ = ജ്ഞാനി.

[5] ഗവാന്വേഷകർ – ഗോക്കളെ തിരയുന്നവർ. സാധിപ്പിയ്ക്ക – സിദ്ധകാര്യരാക്കുക.

[6] സർവാപ്തി – സർവഭോഗ്യങ്ങളും കിട്ടാൻ.

സൂക്തം 57.

ഭരദ്വാജൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രനും പൂഷാവും ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ഇന്ദ്രൻ, പൂഷാവെന്നിവരെ –
യിന്നും വിളിയ്ക്കുക, നമ്മൾ
അന്യൂനമാം സഖ്യത്തിന്നു –
മന്നലാഭത്തിന്നുമായി1
രണ്ടു മരപ്പലകകൾ –
കൊണ്ടു പിഴിയുന്ന സോമം
ആസ്വദിപ്പാൻ വരു,മൊരാ; –
ളന്യൻ മലർപ്പൊടിപ്രിയൻ!2
ആടൊരൾക്കു വാഹം; മറ്റാൾ –
ക്കീടേറിയ രണ്ടശ്വങ്ങൾ;
തത്രഭവാനിവയെക്കൊ –
ണ്ടത്രേ, കൊല്പൂ ശത്രുക്കളേ!3
പാരം വർഷിപ്പവനിന്ദ്രൻ
പായും പെരുവെള്ളങ്ങളെ
പാരിൽപ്പൊഴിയ്ക്കുമ്പോൾത്തുണ –
ക്കാരന,തിൽപ്പൂഷാവത്രേ.4
ഇന്ദ്രപൂഷാക്കന്മാരുടെ –
യന്നൽത്തിരുമനസ്സിനെ,
സാലത്തിന്റെ വൻകൊമ്പിനെ –
പ്പോലെ പിടിയ്ക്കുന്നു, ഞങ്ങൾ.5
ഇന്ദ്രനെപ്പിടിച്ചുവലി –
യ്ക്കുന്നു, ഞങ്ങൾ പൂഷാവെയും
ചേണുറ്റ രക്ഷയ്ക്കായ്,ക്കടി –
ഞാണുകളെസ്സൂതൻപോലെ!6
കുറിപ്പുകൾ: സൂക്തം 57.

[2] ഇന്ദ്രപൂഷാക്കളിൽ ഒരാൾ – ഇന്ദ്രൻ. അന്യൻ – പൂഷാവ്.

[3] ഒരാൾക്കു – പൂഷാവിന്ന്. മറ്റാൾക്ക് – ഇന്ദ്രന്ന്. ഈടേറിയ – തടിച്ച എന്നു സാരം. തത്രഭവാൻ = അവിടുന്ന്, ഇന്ദ്രൻ.

[4] പായും – ഊക്കിലൊഴുകുന്ന.

[5] അന്നന്മനസ്സിനെ – ആ (പ്രസിദ്ധമായ) നന്മനസ്സിനെ, അനുഗ്രഹബുദ്ധിയെ. സാലം = വൃക്ഷം. വൻകൊമ്പ് – ഉറപ്പുള്ള കൊമ്പ്. പിടിയ്ക്കുന്നു – അവലംബിയ്ക്കുന്നു.

[6] കടിഞാണുകൾ – രണ്ടശ്വങ്ങളുടെ.

സൂക്തം 58.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പൂഷാവ് ദേവത. (കേക.)

നിന്നുടെ വെളുപ്പൊന്നു, നിന്നുടെ കറുപ്പൊന്നു –
ഭിന്നാഹർന്നിശകളെച്ചമപ്പൂ, സൂര്യാഭൻ നീ:
പൂർണ്ണമാം പ്രജ്ഞാനത്തിൽ പാലകനല്ലോ, ഭവാൻ;
പൂഷാവേ, ധൃതാന്ന, നിൻനൽദ്ദാനമിങ്ങാവട്ടേ!1
മേഷവഹനൻ പൂഷാവ,ന്നവദ്ഗൃഹൻ, സ്തോതൃ –
തോഷദൻ ഗോപൻ പാരിലൊട്ടുക്കു നിർത്തപ്പെട്ടോൻ
തോലുളിയെടുത്തഴച്ചുയർത്തി, ലോകത്തിങ്ക –
ലാലോകമരുളിക്കൊണ്ടെഴുന്നള്ളുന്നൂ ദേവൻ.2
നിൻപൊന്നുകപ്പലുകൾ പൂഷാവേ, നഭസ്സിലു –
മംഭോധിനടുവിലും സഞ്ചരിയ്ക്കുന്നുണ്ടല്ലോ;
അവയാൽപ്പകലോന്റെ ദൂതനായ്ഗ്ഗമിച്ചു, നീ;
ഹവിസ്സിച്ഛിയ്ക്കും നിന്നെസ്സസ്പൃഹർ വശത്താക്കീ!3
സസ്പൃഹർ വശത്താക്കിവെച്ച ദാതാവാമേതു
കെല്പനെയയച്ചിതോ, ദേവകൾ സൂര്യയ്ക്കായി;
അപ്പൂഷാവഭിരൂപൻ, വിണ്ണിനും പൃഥിവിയ്ക്കും
സദ്ബന്ധുഭൂതൻ, സുഷ്ഠുസഞ്ചാര,നന്നാധീശൻ!4
കുറിപ്പുകൾ: സൂക്തം 58.

[1] ഭിന്നാഹർന്നിശകൾ – വ്യത്യാസപ്പെട്ട, വെളുത്തതും കറുത്തതുമായ, പകലും, രാത്രിയും. ധൃതാന്ന – അന്നങ്ങളെ വഹിയ്ക്കുന്നവനേ. ഇങ്ങ് – ഞങ്ങളിൽ. നിന്റെ ദാനത്തിന്നു ഞങ്ങൾ പാത്രീഭവിയ്ക്കട്ടെ.

[2] അന്നവദ്ഗൃഹൻ = അന്നസഹിതമായ ഗൃഹമുള്ളവൻ. ഗോപൻ = ഗോക്കളെ പാലിയ്ക്കുന്നവൻ. നിർത്തപ്പെട്ടോൻ – പ്രജാപതിയാൽ. പോഷകത്വേന സ്ഥാപിതൻ. ആലോകം = നോട്ടം, പ്രകാശം.

[3] അവയാൽ – പൊൻകപ്പലുകളിൽ കേറി. ദൂതനായ് – ഒരിയ്ക്കൽ ദേവന്മാരോടുകൂടി അസുരവധത്തിന്നു പോയ സൂര്യൻ, തന്റെ വിയോഗത്തിൽ ഉൽകണ്ഠിതയായിത്തീർന്ന പത്നിയെ ആശ്വസിപ്പിയ്ക്കാൻ, പൂഷാവിനെയാണ്, ദൂതനാക്കിയയച്ചത്. അസ്പൃഹർ – ശ്രേയസ്സാഗ്രഹിയ്ക്കുന്ന സ്തോതാക്കൾ.

[4] സൂര്യയ്ക്കായി – അശ്വികൾക്കുവേണ്ടി സൂര്യപുത്രിയെ വരിപ്പാൻ. അഭിരൂപൻ = സുന്ദരൻ.

സൂക്തം 59.

ഭരദ്വാജൻ ഋഷി; ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാദികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)

ഇന്ദ്രാഗ്നികളേ, നിങ്ങൾതൻ വീര്യ –
മൊന്നൊന്നായ്ച്ചൊല്പൻ, യാഗത്തിൽ:
കൊന്നല്ലോ, നിങ്ങൾ ഹിംസ്രാസുരരെ; –
യെന്നാൽ നിങ്ങളോ, ജീവിപ്പൂ!1
നേർതാൻ, നിങ്ങൾതൻ പ്രാഭവ: – മച്ഛൻ,
സ്തോതവ്യനേകൻ രണ്ടാൾക്കും;
പാർതന്നിരട്ടമക്കളാം നിങ്ങൾ
ഭ്രാതാക്ക,ളഗ്നീന്ദ്രന്മാരേ!2
തിന്മാൻ രണ്ടശ്വംപോലൊപ്പം നിങ്ങൾ
സമ്മേളിയ്ക്കുവിൻ, സോമത്തിൽ:
ഇന്നെങ്ങൾ വിളിയ്ക്കുന്നു, രക്ഷിയ്ക്കി –
ങ്ങിന്ദ്രാഗ്നിവജ്രിദേവരെ.3
നേർ വളർപ്പോരേ, വല്ലതും ചൊല്ലും
പാഴ്‌വാഴ്ത്തിയുടെ സോമനീർ
ഉച്ചകൈസ്തവഗ്രാഹികൾ നിങ്ങ –
ളുണ്ണില്ലി,ന്ദ്രാഗ്നിദേവരേ!4
ഏതൊരാളറിയുന്നു, നിങ്ങൾതൻ
ചെയ്തിയിന്ദ്രാഗ്നിദേവരേ?
ഏകൻ വിദഗ്ദ്ധാശ്വങ്ങളെപ്പൂട്ടി, –
പ്പോകു,മെമ്പാടും തേരൊന്നിൽ!5
കാലില്ലാത്തുഷസ്സിന്ദ്രാഗ്നികളേ,
കാലുള്ളോരെക്കാൾ മുമ്പെത്തും;
നിശ്ശീർഷ നാക്കാൽശ്ശബ്ദിച്ചു നട –
ന്നെട്ടുയാമത്തെപ്പിന്നിടും!6
ഇന്ദ്രാഗ്നികളേ, കൈവില്ലു കുല –
യ്ക്കുന്നതുണ്ടല്ലോ, മാനുഷർ:
സംഗരമിതിൽഗ്ഗോമാർഗ്ഗണത്തി –
ലെങ്ങളെ നിങ്ങൾ തള്ളൊല്ലേ!7
വന്നെതിർത്തെന്നെയിട്ടലട്ടുന്നു –
ണ്ടി,ന്ദ്രാഗ്നികളേ, മാറ്റാന്മാർ;
ഇക്കർക്കശരെപ്പറയിപ്പിൻ, നിങ്ങ –
ളർക്കങ്കൽനിന്നകറ്റുവിൻ!8
നിങ്ങളിലല്ലോ, ഇന്ദ്രാഗ്നികളേ,
നില്ക്കുന്നൂ, വിൺമൺവിത്തങ്ങൾ;
ആൾകളെപ്പോറ്റാൻ പോരുന്ന ധന –
മേകുവിനി,ങ്ങു ഞങ്ങൾക്കായ്!9
ഇന്ദ്രാഗ്നികളേ, സ്തോത്രവാഹ്യാരാ –
മിന്നിങ്ങൾ വിളി കേൾപ്പോരേ,
ശസ്ത്രസ്തോത്രങ്ങളെല്ലാം കൈക്കൊണ്ടി –
ങ്ങെത്തുവിൻ, സോമം സേവിപ്പാൻ!10
കുറിപ്പുകൾ: സൂക്തം 59.

[1] ജീവിപ്പൂ – അസുരന്മാരിൽനിന്ന് അപായമൊന്നും പറ്റാതെ.

[2] സ്തോതവ്യൻ – പ്രജാപതി; രണ്ടുപേരും പ്രജാപതിയുടെ പുത്രന്മാരാണ്. പാർതന്നിരിട്ടമക്കൾ – പാർ (ഭൂമി) തന്നെയായ അദിതി ഇരട്ടപെറ്റ മക്കൾ.

[3] ഉത്തരാർദ്ധം പരോക്ഷോക്തി: ഇന്ദ്രാഗ്നിവജ്രിദേവർ = ഇന്ദ്രനും അഗ്നിയുമാകുന്ന വജ്രികളായ (സായുധരായ) ദേവന്മാർ.

[4] പാഴ്‌വാഴ്ത്തി = പൊട്ടസ്തോതാവ് ഉച്ചകൈസ്തവഗ്രാഹികൾ = മികച്ച സ്തോത്രം സ്വീകരിയ്ക്കുന്നവർ.

[5] ഏകൻ – സൂര്യരൂപനായ ഇന്ദ്രൻ.

[6] കാലുള്ളോരെക്കാൾമുമ്പ് – മനുഷ്യാദികൾ ആ സമയത്ത് ഉറങ്ങുകയായിരിയ്ക്കുമല്ലോ. നിശ്ശീർഷ – തലയില്ലാത്തവൾ. നാക്കാൽ – പ്രാണികളുടെ. എട്ടുയാമം – അറുപതുനാഴിക, ഒരു ദിവസം. ഇതൊക്കെ നിങ്ങളിരുവരും ചെയ്യിയ്ക്കുന്നതാണ്.

[7] മനുഷർ – യോദ്ധാക്കൾ. ഗോമാർഗ്ഗണം – ഗോക്കളെ തിരയൽ.

[8] കർക്കശർ = നിർദ്ദയർ, ദ്രോഹികൾ. അർക്കങ്കൽനിന്നകറ്റുവിൻ – സൂര്യദർശനരഹിതരാക്കുവിൻ, മരിപ്പിയ്ക്കുവിൻ.

[9] വിൺമൺവിത്തങ്ങൾ – ദിവ്യ – ഭൗമസമ്പത്തുകൾ. ആൾകളെ – കുടുംബത്തെ. ഇങ്ങു – ഈ യജ്ഞത്തിൽ.

[10] സ്തോത്രവാഹ്യർ = സ്തുതികൾകൊണ്ടു വഹനീയർ.

സൂക്തം 60.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (കാകളി)

ഒട്ടേറെ വിത്തത്തിനീശരായ്,ക്കെല്പിനാ –
ലിട്ടമർത്തുന്നവരായ,ന്നകാമരായ്,
ധൃഷ്ടരാമിന്ദ്രാഗ്നികളെ ബ്ഭുജിപ്പവൻ
വെട്ടു,മമിത്രനെ; നേടും, ബലത്തെയും!1
അഗ്നീന്ദ്രരേ, നിങ്ങൾ പോരാടി, ഗോവുഷ –
സ്സർക്കോദകങ്ങളെക്കണ്ടുപിടിയ്ക്കുവാൻ;
അഗ്നീന്ദ്രരേ, സാശ്വർ നിങ്ങൾ വിടുവിച്ചു,
ദിക്കുഷസ്സൂര്യചിത്രോദകഗോക്കളെ!2
വൃത്രഘ്നർ നിങ്ങൾ വൃത്രഘ്നബലാന്നങ്ങ –
ളൊത്തിവിടെയ്ക്കു വരുവി,നഗ്നീന്ദ്രരേ –
ഉത്തമാനല്പധനങ്ങളെടുത്തുവ –
ന്നെത്തുവിനെ,ങ്ങളിൽ നിങ്ങളഗ്നീന്ദ്രരേ!3
ഇമ്മുൻകൃതങ്ങൾ വാഴ്ത്തപ്പെടുമഗ്നീന്ദ്രർ –
തമ്മെ വിളിപ്പൂ ഞാൻ: ദ്രോഹിയ്ക്കുകില്ലവർ!4
ഞങ്ങൾ വിളിപ്പൂ, രിപുഘ്നരാം കെല്പാളു –
മഗ്നീന്ദ്രരെ – ക്കനികി,ങ്ങവരെങ്ങളിൽ!5
പോക്കു,മര്യാർദ്ദനം; പോക്കും, ഖലാർദ്ദനം;
പോക്കു,മിസ്സന്നാഥർ മാറ്റരെയൊക്കയും!6
സൂരികൾ നേർക്കിതാ, വഴ്ത്താന്നു, നിങ്ങളെ:
നീരശിപ്പിൻ, സുഖം നല്കുമഗ്നീന്ദ്രരേ – 7
ദത്തവാങ്കൽ, സ്വകാമ്യാശ്വാങ്ങളേറി വ –
ന്നെത്തുവിൻ, നേതാക്കൾ നിങ്ങളഗ്നീന്ദ്രരേ!8
ക്നുപ്തമിസ്സോമമുണ്ണാന,വയേറി വ –
ന്നെത്തുവിൻ, നേതാക്കൾ നിങ്ങാളഗ്നീന്ദ്രരേ!9
നാളെമാം നാക്കാലരണ്യങ്ങളെ നക്കി
നീളെക്കറുപ്പിയ്ക്കുവോനെ സ്തുതിയ്ക്ക, നീ!10
ഇന്ദ്രന്നു ഹൃദ്യാന്നമഗ്നിയിലർപ്പിയ്ക്കി –
ല,ന്നരന്നന്നം കിടയ്ക്കും, സുവൃഷ്ടിയാൽ!11
ഞങ്ങൾക്കു നല്കുവിൻ, ബല്യാന്നവും ദ്രുതാ –
ശ്വങ്ങളേയുംവഹനത്തിനഗ്നീന്ദ്രരേ!12
രണ്ടാൾക്കുമാഹുതിയ്ക്കുഗ്നീന്ദ്രരേ – നിങ്ങൾ
രണ്ടാളെയും ഹവിസ്സൊപ്പമൂട്ടീടുവാൻ
രണ്ടാളെയും വിളിയ്ക്കുന്നിത, ന്നൈഷി ഞാൻ:
രാണ്ടാളുമന്നധനദരല്ലോ, സമം!13
ഗോഗണാശ്വധനൗഘത്തൊടൊത്തെങ്ങളി –
ലാഗമിച്ചീടുവിനിന്ദ്രാഗ്നിദേവരേ:
സഖ്യത്തിനായിട്ടു ഞങ്ങൾ വിളിയ്ക്കുന്നു,
സൗഖ്യദരയ സഖാക്കളാം നിങ്ങളെ!14
ഇന്ദ്രാഗ്നികളേ, മഖിതൻ വിളി കേൾക്ക:
വന്നിച്ഛയാ സോമനീർത്തേൻ കുടിയ്ക്കുവിൻ!15
കുറിപ്പുകൾ: സൂക്തം 60.

[1] ഇട്ടമർത്തുന്നവർ – ശത്രുക്കളെ. അന്നകാമർ – ഹവിഃകാംക്ഷികൾ. ധൃഷ്ടർ – ധർഷകർ. വെട്ടും – വധിയ്ക്കും.

[2] ഗോവ് – അസുരാപഹൃതകളായ ഗോക്കൾ. വിടുവിച്ചു – അസുരകൃത നിരോധത്തിൽനിന്നു മോചിപ്പിച്ചു. ചിത്രം = പൂജനീയം.

[3] വൃത്രഘ്നബാലാന്നങ്ങളൊത്ത് – വൃത്രരെ (ശത്രുക്കളെ) കൊല്ലുന്ന ബലത്തോടും, ഞങ്ങൾക്കു തരേണ്ടുന്ന അന്നത്തോടുംകൂടി.

[4] ദ്രോഹിയ്ക്കുകില്ല – രക്ഷിയ്ക്കയേ ചെയ്യു.

[5] ഇങ്ങ് – ഈ യുദ്ധത്തിൽ.

[6] അര്യാർദ്ദനം – കർമ്മികൾ ചെയ്യുന്ന ഉപദ്രവം. ഖലാർദ്ദനം – ഖലർ, കർമ്മഹീനർ, ചെയ്യുന്ന ഉപദ്രവം. സന്നാഥർ = സജ്ജനപാലകർ.

[7] നീര് – സോമരസം.

[8] ദത്തവാൻ – ഹവിർദ്ദാതാവ്. സ്വകാമ്യാശ്വങ്ങൾ = സ്വന്തം സ്പൃഹണീയങ്ങളായ അശ്വങ്ങൾ.

[9] ക്നുപ്തം = കൃതം, പിഴിയപ്പെട്ട. അവ – അശ്വങ്ങൾ.

[10] കറുപ്പിയ്ക്കുവോനെ – കരിയ്ക്കുന്ന അഗ്നിയെ. സ്തോതാവിനോടു പറയുന്നതാണിത്.

[12] ബല്യാന്നം = ബലകരമായ അന്നം. വഹനത്തിനു – നിങ്ങളിൽ ഹവിസ്സെത്തിപ്പാൻ.

[13] സമം = ഒരുപോലെ.

[15] മഖി – യജമാനൻ.

സൂക്തം 61.

ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; സരസ്വതി ദേവത. (കേക)

ദത്തഹവ്യനാം വധ്രശ്വന്നിവൾ കടം കടം വീട്ടും
സത്വരനായ ദിവോദാസനെ നല്കിക്കൊണ്ടാൾ;
എത്രയോ തന്നെപ്പോറ്റിപ്പിശുക്കന്മാരെത്തിന്നാൾ –
ഉത്തമങ്ങൾതാ,നാ നിൻദാനങ്ങൾ സരസ്വതി!1
വളർവീചികൾകൊണ്ടു പർവതച്ചെരിവുകൾ
കിളിയ്ക്കു,മൊരു മൃണാളൈഷിപോലിവൾ കെല്പാൽ;
തീരയുഗ്മത്തിൽത്തല്ലുമിസ്സരസ്വതിയെ നാ –
മാരാധിയ്ക്കുക, രക്ഷയ്ക്കായ് നുതികർമ്മങ്ങളാൽ!2
ദേവനിന്ദകന്മാരെ നീ സരസ്വതി, കൊന്നൂ,
മൈ വായ്ച മായാവിയാം ത്വഷ്ടാവിൻ മകനെയും;
മർത്ത്യർക്കായ് നിലങ്ങൾ വീണ്ടെടുത്തു, ധൃതാന്നേ, നീ; –
യത്രയല്ലി,വർക്കായിട്ടൊഴുക്കീ, തണ്ണീർകളും!3
സ്തുതികൃത്സംരക്ഷിണി സാന്നയാം സരസ്വതി
മതിയാവോളം നമുക്കേകട്ടെ,യന്നം ദേവി!4
പോരിൽ വിത്താർത്ഥം ദേവി, നിന്നെയിന്ദ്രനെയെന്ന –
പോലെ വാഴ്ത്തുന്നോനെ നീ (കാക്കേണം) സരസ്വതി!5
നീ സരസ്വതീദേവീ, പാലിയ്ക്ക, പോരിൽക്കെല്പാൽ;
പൂഷാവുപോലെ കുറിച്ചരുൾകെ,ങ്ങൾക്കു ധനം!6
പൊൽത്തേരിലേറും ശത്രുനാശിനി സരസ്വതി –
യത്യുഗ്ര കാംക്ഷിയ്ക്കട്ടേ, നമ്മുടെ നൽസ്തോത്രത്തെ!7
അഹതപ്രചാരമായ്,സ്സത്യമയ്,സ്സജലമാ –
യറുതിയില്ലാത്തതാമേതൊരുവൾതൻ ബലം
അവഭാസിയ്ക്കുന്നിതോ, നിതരാമിരമ്പിക്കൊ; –
ണ്ടവളും സഹജമാരിതരനദികളും8
പകർകളെയെല്ലാം കടത്തീടട്ടേ നമ്മെ, –
പ്പകലുകളെസ്സഞ്ചരിഷ്ണുവാം സൂര്യൻപോലെ!9
പരമപ്രിയ, സപ്തസോദരി സരസ്വതി,
പരിസേവിത നമുക്കീഡ്യയായ്വരേണമേ!10
പാലിയ്ക്ക പഴിപ്പോനിൽനിന്നു,രുഭൂലോകങ്ങൾ –
പോലവേ വാനും നിറച്ചീടുമസ്സരസ്വതി;11
മുപ്പാരിൽ വാഴ്‌വോ,ളഞ്ചു ജാതിയെ വളർത്തുവോൾ, –
സപ്താംഗി പോരിൽപ്പോരിൽ വിളിയ്ക്കപ്പെടേണ്ടവൾ!12
ഉച്ചകൈഃപ്രഭാവയാളീ,യന്യനദികളിൽ –
വെച്ചതിവേഗവതി, വിജ്ഞത, യശസ്വിനി,
തേരുപോലുരുപ്രൗഢി ചേർത്തു സൃഷ്ടിയ്ക്കപ്പെട്ടോൾ,
സൂരികൾ ചാരേ സ്തുതിയ്ക്കേണ്ടവൾ, സരസ്വതി!13
എത്തിയ്ക്ക, സമ്പത്തെങ്ങൾക്കി; – ടിവു വരുത്തരു –
ത; – ത്തൽ ചേർക്കൊല്ലം,ഭസ്സാലെങ്ങൾക്കു സരസ്വതി;
ഞങ്ങൾതൻ പ്രവേശവും സഖ്യവും കൈക്കൊൾക, നീ;
ഞങ്ങൾക്കു വേണ്ടാ, നിങ്കൽനിന്നു പാഴ്‌വയലൊന്നും!14
കുറിപ്പുകൾ: സൂക്തം 61.

[1] വധ്രശ്വൻ – ഒരു ഋഷി. ഇവൾ – സരസ്വതി. കടം – ദേവർഷിപിതൃകടങ്ങളും, ലൗകികമായ ഋണവും. സത്വരൻ – ക്ഷിപ്രകാരി. ദിവോദാസൻ – ദിവോദാസനെന്ന പുത്രൻ. തിന്നാൾ – നശിപ്പിച്ചാൾ. നാലാംപാദം പ്രത്യക്ഷോക്തി.

[2] നദീരൂപയായ സരസ്വതിയെപ്പറ്റി: മൃണാണളൈഷിപോലെ = തമരവളയമിച്ഛിയ്ക്കുന്നവൻ ചളി കിളയ്ക്കുന്നതുപോലെ. കിളയ്ക്കും – പിളർത്തും. തീരയുഗ്മത്തിൽത്തല്ലും – ഇരുകരകളിലും അലയടിയ്ക്കുന്ന. നുതീകർമ്മങ്ങളാൽ = സ്തുതികൊണ്ടും കർമ്മംകൊണ്ടും.

[3] മൈ – വയ്ച – തടിച്ച. ത്വഷ്ടാവിൻ മകൻ – വൃത്രൻ; നിന്റെ സാഹായ്യത്താലാണ്, വൃത്രനെ ഇന്ദ്രൻ കൊന്നതെന്നർത്ഥം. നിലങ്ങൾ – അസുരന്മാർ കൈവശപ്പെടുത്തിയ കൃഷിഭൂമികൾ. ഇവർ – മർത്ത്യർ.

[4] പരോക്ഷകഥനം: സ്തുതികൃത്സംരക്ഷിണി = സ്തുതിയ്ക്കുന്നവരെ രക്ഷിയ്ക്കുന്നവൻ. സാന്ന = അന്നവതി.

[5] പ്രത്യക്ഷോക്തി:

[6] കുറിച്ചരുൾക – ഇത്രയിത്ര എന്നു രേഖപ്പെടുത്തിവെയ്ക്കുക; തരിക എന്നു സാരം.

[7] പരോക്ഷവചനം: അത്യുഗ്ര – ശത്രുക്കൾക്കു ഭയങ്കരി.

[8] അഹതപ്രചാരം = തടയപ്പെടാത്ത ഗമനത്തോടുകൂടിയത്. സജലം – ജലപ്രദമെന്നർത്ഥം. അവഭാസിയ്ക്കുക = ശോഭിയ്ക്കുക.

[9] സഹജമാർ = സോദരിമാർ. ഇതരനദികൾ – ഗംഗാദ്യകൾ. പകയർകളെയെല്ലാം കടത്തീടട്ടേ – എല്ലാശ്ശത്രുക്കളുടേയും മറുകരയിലെത്തിയ്ക്കട്ടെ.

[10] സപ്തസോദരി – ഏഴു ഛന്ദസ്സുകളോ, നദികളോ ആകുന്ന സോദരിമാരോടുകൂടിയവൾ. പരിസേവിത – പുരാതനർഷികളാൽ. ഈഡ്യ = സ്തുത്യ.

[11] ഉരുഭൂലോകങ്ങൾ – പരന്ന മൂന്നുലകങ്ങൾ. നിറച്ചീടും – തന്റെ തേജസ്സുകൊണ്ടു നിറയ്ക്കുന്ന.

[12] സപ്താംഗി – ഏഴു ഛന്ദസ്സുകളോ നദികളോ ആകുന്ന അവയവങ്ങളോടുകൂടിയവൾ.

[13] ഉച്ചകൈഃപ്രഭാവയാൾ = ഉയർന്ന മഹിമാവുള്ളവൾ. വിജ്ഞാത – പരക്കെ അറിയപ്പെട്ടവൾ. തേരുപോലെ – തേര് ഒരാശാരിയെന്നപോലെ, പ്രജാപതിയാൽ സൃഷ്ടിക്കപ്പെട്ടവൾ. ഊരുപ്രൗഢി = വലിയ മേന്മ, ഗുണാധിക്യം.

[14] അംഭസ്സാൽ – വെള്ളപ്പൊക്കംകൊണ്ട്. പ്രവേശം – സമീപിയ്ക്കലെന്നർത്ഥം. പാഴ്‌വയലൊന്നും വേണ്ടാ – നല്ല കൃഷിനിലങ്ങൾ തരണം.

സൂക്തം 62.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (കാകളി)

മന്നിന്നധീശർ വിൺനേതാക്കൾ ദസ്രരെ
മന്ത്രങ്ങൾ ചൊല്ലി സ്തുതിപ്പാൻ വിളിപ്പു, ഞാൻ:
രാവിന്നൊടുവിലകറ്റുമല്ലോ, ക്ഷണാൽ –
ബ്ഭൂവിൽനിന്നുഗ്രതമസ്സീ നിവാരകർ!1
തേരുമേറെത്തിളങ്ങിയ്ക്കും, മഖത്തിന്നു
പോരുന്നതിന്നവരച്ഛമാം കാന്തിയാൽ;
ഭൂരിവെളിച്ചം പരത്തി, ഹയങ്ങളെ
നീരിന്നുവേണ്ടി മരുക്കൾ കടത്തിടും!2
ഉഗ്രരേ, ഹവ്യപ്രദന്റെ നിസ്വാലയം
പുക്കു ഭവാന്മാരുറക്കു,മമിത്രനെ
ഇത്ഥം സ്തുതിപ്പോരെയെപ്പൊഴും കൊണ്ടുപോം,
ചിത്തവേഗങ്ങളാം കാമ്യഹയങ്ങളാൽ!3
അശ്വങ്ങളെച്ചേർത്തു, പുഷ്ടിരസങ്ങളൊ –
ത്തസ്സലാമന്നമെടുത്തിരുപേരുമേ
എത്തും, നവസ്തോത്രവാങ്കൽ: യജിയ്ക്കട്ടെ,
മിത്രം പഴയ ഹോതാവാ യുവാക്കളെ!4
ശാസ്ത്രവും സ്തോത്രവും ഗാഥയും ചൊല്പോർക്കു
ചിത്രദാനരെവർ നൽസ്സൗഖ്യമേകുമോ;
അദ്ദസ്രരെ,പ്പുരുകൃത്യരെ, ശ്രീലരെ –
പ്പുത്തൻസ്തവത്താൽബ്ഭജിപ്പേൻ, പുരാണരെ.5
നീരജസ്സകിയ മാർഗ്ഗത്തിലൂടവേ
പറിപ്പറക്കുന്ന തേർത്തുരംഗങ്ങളാൽ
പാഥോധിയിൽനിന്നു കേറ്റിയല്ലോ, പരി –
പാലിച്ചു നിങ്ങൾ തുഗ്രാത്മജൻ ഭുജ്യുവെ!6
അദ്രിയടച്ചു, ജയത്തേരിനാൽ നിങ്ങൾ;
വധ്രിമതിതൻ വിളി കേട്ടു, വർഷകർ;
പാൽ വളർത്തീ, ശയുഗോവിന്നു ദാദാക്കൾ;
ഏവം സ്തുതർ നിങ്ങൾ യജ്ഞം ഭരിയ്ക്കുവിൻ!7
വാനൂഴികളേ, വസുക്കളേ, രുദ്രന്റെ
സൂനുക്കളേ, പ്രത്നരാകുമാദിത്യരേ,
മർത്ത്യരിലുമ്പർക്കു വൻക്രോധമുണ്ടാകി, –
ലത്തിയ്യരക്കത്തലവങ്കൽ വീഴ്ത്തുവിൻ!8
ഇപ്പാരരചരെക്കാലേ ഭജിപ്പോനെ –
യപ്പോഴേ തേറും, വരുണനും മിത്രനും:
മെത്തുമരക്കനിൽച്ചാട്ടു,മസ്ത്രമവൻ,
മർത്ത്യന്റെ വിദ്രോഹവാക്കിന്റെ നേർക്കുമേ!9
ഈടാർന്ന വട്ടൊത്തു മിന്നും ഹയത്തേരി –
ലൂടേ, സുതന്നായ് വരിക, നിങ്ങൾ ഗൃഹേ;
മൂടിവയ്ക്കപ്പെട്ട രോഷത്തൊടാളുകൾ –
ക്കാടൽ ചേർപ്പോരുടെ ശീർഷവും കൊയ്യുവിൻ!10
ഉത്തമം, മധ്യമം, ഹീന,മീ വ്യത്യാസ –
മൊത്ത വാഹങ്ങളിലൊന്നിലിങ്ങെത്തുവിൻ:
കെല്പുറ്റ മാടിൻതൊഴുത്തും തുറക്കുവിൻ;
അദ്ഭുതവസ്തുക്കൾ ഗായകന്നേകുവിൻ!11
കുറിപ്പുകൾ: സൂക്തം 62.

[1] നിവാരകർ – ശത്രുക്കളെ തടുക്കുന്നവർ.

[2] നീര് – വർഷജലം.

[3] നിസ്വാലയം = നിർദ്ധനമായ ഗൃഹം. ഉറക്കും – മരിപ്പിയ്ക്കും. കൊണ്ടുപോം – സ്വർഗ്ഗത്തിലെയ്ക്ക്.

[4] ചേർത്തു – തേരിനു പൂട്ടി. പുഷ്ടിരസങ്ങൾ = പുഷ്ടിയും (പോഷകത്വവും) രസവും. എടുത്തു – നമുക്കു തരാൻ. നവസ്തോത്രവാങ്കൽ = പുതിയ സ്തുതി ചൊല്ലുന്നവന്റെ അടുക്കൽ. പഴയ ഹോതാവ് – അഗ്നി.

[5] ഗാഥ – മറ്റു സ്തുതി. ചിത്രദാനർ = വിചിത്രമായ ദാനത്തോടുകൂടിയവർ. പുരുകൃത്യർ = ബഹുകർമ്മാക്കൾ. ശ്രീലർ = ശോഭയേറിയവർ. ഭജിപ്പേൻ – ഞാൻ പരിചരിയ്ക്കുന്നു. പുരാണർ = പുരാതനർ.

[6] നീരജസ്സകിയ മാർഗ്ഗം – പൊടിയില്ലാത്ത അന്തരിക്ഷമാർഗ്ഗങ്ങൾ. തുഗ്രാത്മജൻ = തുഗ്രന്റെ പുത്രനായ.

[7] അദ്രി – വഴിയിലെ മല. വധ്രിമതിതൻവിളി – വിധ്രിമതി എന്നവൾ പുത്രലബ്ധിയ്ക്കായി വിളിച്ചത് വർഷകർ – അഭീഷ്ടവർഷികൾ. ശയുഗോവിന്നു – ശയു എന്ന ഋഷിയുടെ പേറു നിലച്ച പയ്യിന്ന്.

[8] രുദ്രന്റെ സൂനുക്കൾ – മരുത്തുകൾ. പ്രത്നർ = പുരാതനർ. അത്തിയ്യ് – തീപോലെ പൊള്ളിയ്ക്കുന്ന ദേവകോപം.

[9] ഇപ്പാരരചരെ – ലോകത്തിന്റെ രാജാക്കന്മാരായ ഇവരെ, അശ്വകളെ. തേറും = അറിയും. മെത്തും – തടിച്ച, കെല്പേറിയ. അസ്ത്രം = ആയുധം. അവൻ – ഭജിയ്ക്കുന്നവൻ.

[10] സുതന്നായ് – പുത്രനെ തരാൻ. ഗൃഹേ – ഞങ്ങളൂടെ ഗൃഹത്തിൽ.

[11] ഹീനം = അധമം. വാഹങ്ങൾ = വാഹനങ്ങൾ. കെല്പുറ്റ മാടിൻ തൊഴുത്തും – ഉറപ്പിലടയ്ക്കപ്പെട്ട പശുത്തൊഴുത്തുപോലും. ഗായകന്ന് – സ്തുതികൾ പാടുന്ന എനിയ്ക്കു്.

സൂക്തം 63.

ഭരദ്വാജൻ ഋഷി, ത്രിഷ്ടുപ്പും ഏകപദാത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

യാതൊന്നു നാസത്യരെ ഇങ്ങോട്ടു കൊണ്ടുവന്നിരുന്നുവോ; ആ ഹവിർര്യക്തമായ സ്തോത്രം, ഒരു ദൂതനെന്നപോലെ, ആ അഴകുറ്റ പുരുഹൂതന്മാരെ ഇപ്പോൾ എവിടെ കണ്ടെത്തും? ഇയ്യാളുടെ സ്തോത്രം തുലോം പ്രിയമാണെല്ലോ, നിങ്ങൾക്ക്.1

എന്റെ ഈ വിളിയ്ക്കു തികച്ചും വന്നെത്തുവിൻ: സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ സോമം കുടിയ്ക്കുവിൻ. ദ്രോഹിയുടെ ആ ഗൃഹം വളയുവിൻ: അകലത്തുള്ളവനോ അയൽപക്കത്തുള്ളവനോ ഉപദ്രവിയ്ക്കരുത്!2

നിങ്ങൾക്കു സോമം യഥാവിധി പിഴിയപ്പെട്ടിരിക്കുന്നു; ഏറ്റവും പതുപ്പുള്ള ദർഭയും വിരിയ്ക്കപ്പെട്ടിരിക്കുന്നു. ഭവൽകാമൻ കൈക്കൂപ്പിസ്തുതിയ്ക്കുന്നു; നിങ്ങളിലണഞ്ഞ് അമ്മികൾ എമ്പാടും നീരൊഴുക്കിക്കഴിഞ്ഞു!3

അഗ്നി നിങ്ങൾക്കായി എഴുന്നേറ്റു ചെല്ലുന്നു; നെയ്യുപസ്തരിച്ച സ്രുക്ക് ധനമെടുക്കുന്നു. നാസത്യരെ വിളിച്ച ഹോതാവു വളരെ കർമ്മങ്ങളിൽ ഉദ്യുക്തനായിരിയ്ക്കുന്നു.4

കൈ തടിച്ചവരേ, സൂര്യപുത്രി ചേരാൻവേണ്ടി, ബഹുപ്രയാണമായ തേരിൽ വന്നുകേറിയല്ലോ: പ്രാജ്ഞരായ നേതാക്കളേ, നിങ്ങൾ കൗശലംകൊണ്ട് ഈ ദേവന്മാരുടെ മുമ്പിൽ നൃത്തംവെപ്പിൻ!5

നിങ്ങൾ ഈ ദർശനീയമായ സൗന്ദര്യം സൂര്യപുത്രിയുടെ നന്മയ്ക്കു പൂർത്തിപ്പെടുത്തി; അശ്വങ്ങൾ ശോഭയ്ക്കു നിങ്ങളെ അനുവർത്തിച്ചു. സ്തുത്യർഹരേ, നന്നായി ചൊല്ലപ്പെട്ട സ്തുതി നിങ്ങളിലണിഞ്ഞു!6

നാസത്യരേ, അതിധുരീണങ്ങളായ അശ്വങ്ങൾ നിങ്ങളെ ഹവിസ്സിലെയ്ക്കു കൊണ്ടുവരട്ടെ: നിങ്ങളുടെ മനോജവമായ രഥം തേടേണ്ടവയും കിട്ടേണ്ടവയുമായ വളരെ അന്നങ്ങൾക്കായി അയയ്ക്കാറുണ്ടല്ലോ!7

കൈ തടിച്ചവരേ, നിങ്ങളുടെ പക്കൽ വളരെയുണ്ടല്ലോ, ധനം; വിട്ടുപോകാത്ത ഒരു സ്പൃഹണീയയായ പയ്യിനെ ഞങ്ങൾക്കു തരുവിൻ. ആഹ്ലാദകരേ, സ്തോതാക്കളുണ്ട്, നല്ല സ്തുതിയുണ്ട്; നിങ്ങളുടെ ദാനത്തെ കാംക്ഷിച്ചു വന്ന സോമരസങ്ങളുമുണ്ട്!8

പുരയങ്കൽനിന്നു നേർനടയുള്ള രണ്ടു ഗതിവേഗിനികളും സുമീള്ഹങ്കൽനിന്നു നൂറും, പേരുകങ്കൽനിന്നു പക്വാന്നങ്ങളും എനിയ്ക്കു കിട്ടി; ശാണ്ഡൻ പൊന്നണിഞ്ഞ പ്രശസ്തരൂപങ്ങളെയും, വശഗരും കീഴമർത്തുന്നവരുമായ പത്തു ദർശനീയന്മാരെയും തന്നു!9

നാസത്യന്മാരേ, നിങ്ങളെ സ്തുതിച്ചവന്നു നൂറുമായിരവും അശ്വങ്ങളെ പുരുപന്ഥാവ് കൊടുത്തുവരുന്നു; വീരന്മാരേ, സ്തുതിയ്ക്കുന്ന ഭരദ്വാജന്നും വേഗത്തിൽ തരട്ടെ! ബഹുകർമ്മാക്കളേ, രക്ഷസ്സുകൾ വധിയ്ക്കപ്പെടണം!10

ഞാൻ സൂരികളോടുകൂടി ഞങ്ങളുടെ വിശാലമായ സുഖത്തിലെത്തുമാറാകണം!11

കുറിപ്പുകൾ: സൂക്തം 63.

[1] പുരുഹൂതരെ – വളരെയാളുകളാൽ വിളിയ്ക്കപ്പെട്ട അശ്വികളെ. ഇയ്യാളുടെ – ഈ സ്തോതാവിന്റെ. ഒടുവിലെ വാക്യം പത്യക്ഷം.

[2] ഉപദ്രവിയ്ക്കരുത് – ഞങ്ങളെ.

[3] പതുപ്പ് = മാർദ്ദവം. നീര് – സോമരസം.

[4] നിങ്ങൾക്കായി – നിങ്ങളെ യജിപ്പാൻ. ചെല്ലുന്നു – ആഹവനീയസമീപത്തെയ്ക്ക്. ധനം – ഹവിസ്സ്. ഒടുവിലെ വാക്യം പരോക്ഷം:

[5] ചേരാൻവേണ്ടി – നിങ്ങളോട്.

[6] ചൊല്ലപ്പെട്ട – ഋഷിമാരാൽ.

[7] അന്നങ്ങൾ – സോമങ്ങൾ.

[8] സ്തോതാക്കളുണ്ട് – നിങ്ങൾ സ്തോതാക്കളുടെ നല്ല സ്തുതി കേട്ടു, സോമനീർ കുടിച്ചു, സ്തോതാക്കൾക്ക് അഭീഷ്ടങ്ങൾ നല്കുവിൻ എന്നു ഭാവം.

[9] പുരയൻ – ഒരു രാജാവ്. ഗതിവേഗിനികൾ – പെൺകുതിരകൾ. സുമീള്ഹൻ – മറ്റൊരു രാജാവ്. നൂറും – നൂറുഗോക്കളും. പേരുകനും രാജാവുതന്നെ. ശാണ്ഡൻ – രാജാവ്. പ്രശസ്തരൂപങ്ങൾ – അഴകൊത്ത രഥങ്ങളോ, അശ്വങ്ങളോ. കീഴമർത്തുന്നവർ – ശത്രുക്കളെ. ദർശനീയന്മാർ – സുരൂപരായ ഭടന്മാർ. തന്നു – അശ്വികളെ സ്തുതിച്ച എനിയ്ക്കു്.

[10] പുരുപന്ഥാവ് – ഒരു രാജാവ്.

[11] സൂരികൾ – വിദ്വാന്മാരായ പുത്രാദികൾ. നിങ്ങളുടെ – നിങ്ങൾ തന്ന.

സൂക്തം 64.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത. (കാകളി)

വെണ്മയിൽ മിന്നുമുഷസ്സുകൾ പൊങ്ങുന്നു,
വെള്ളത്തിരകളെപ്പോലൊ,ളിവീശുവാൻ:
മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാക്കുന്നു;
ചേർക്കയായ്, ശ്ലാഘ്യ മഘോനി സമൃദ്ധിയും!1
ഭദ്രയായ്ക്കാണായി, വായ്ചുലസിപ്പു നീ:
ശുദ്ധമാം നിൻകതിൽ പൊങ്ങുന്നിതംമ്പരേ;
മാറു വെളിപ്പെടുത്തുന്നു, തെളിഞ്ഞൊളി
പാറുന്ന നീയുഷോദേവി, മഹസ്സിനാൽ!2
നേരേവഹിയ്ക്കുന്നു, നൽച്ചെങ്കതിരുകൾ
വാരാളുമീ വളരുന്ന സുഭഗയെ;
ശൂരൻകണക്കടിച്ചോടിപ്പു, നോവിപ്പു,
വൈരിയെ ക്ഷിപ്രയോദ്ധാവുപോലല്ലിനെ!3
ഗമ്യസന്മാർഗ്ഗം, നിനക്കദ്രിദുർഗ്ഗവു; –
മംബരം പിന്നിടും, നീ ദേവി, സുപ്രഭേ;
നന്മുതൽ കൊണ്ടുവന്നാലും,മെങ്ങൾക്കു നീ
വിണ്മകളേ, പൃഥുസ്യന്ദേനേ, സുന്ദരി!4
കൊണ്ടുവരികെ,തിരെന്ന്യേ വൃഷങ്ങളെ –
ക്കൊണ്ടൻപിനായ് വഹിപ്പിയ്ക്കും ധനത്തെ നീ:
വിൺനന്ദിനിയാമുഷോദേവി, കാണായി –
വന്നുവല്ലോ, പ്രഥമഹ്വാനപൂജ്യ നീ!5
നിന്നുദിപ്പിൽപ്പതംഗങ്ങൾ നികേതത്തിൽ –
നിന്നു പുറപ്പെടു,മന്നൈഷിമർത്ത്യരും:
ദത്തവാനാം സമീപസ്ഥമർത്ത്യരു –
സ്വത്തു കൊണ്ടുവരാറുണ്ടു,ഷോദേവി, നീ!6
കുറിപ്പുകൾ: സൂക്തം 64.

[1] വെള്ളത്തിരകളെപ്പോലെ പൊങ്ങുന്നു. മഘോനി – ഉഷസ്സ്.

[2] പ്രത്യക്ഷോക്തി: ഭദ്ര = മംഗളവതി. അംമ്പരേ = അന്തരിക്ഷത്തിൽ. മാറ് – സ്വന്തം രൂപം.

[3] പരോക്ഷോക്തി: വാരാളും – വിശാലയായ. ഉഷസ്സ് അല്ലിനെ (ഇരുട്ടിനെ) ഒരു ശൂരൻപോലെ അടിച്ച് (ആയുധംകൊണ്ടു് പ്രഹരിച്ച്) ഓടിയ്ക്കുന്നു; ഒരു ക്ഷിപ്രയോദ്ധാവു (വേഗനേ പോരിടുന്നവൻ) വൈരിയെ എന്നപോലെ, ഇരുട്ടിനെ നോവിയ്ക്കുന്നു – നശിപ്പിയ്ക്കുന്നു.

[4] പ്രത്യക്ഷോക്തി: ആദ്രിദുർഗ്ഗം നിനക്കു നടക്കാവുന്ന നല്ല വഴിയാണ്. പൃഥുസന്ദനേ = വിശാലമായ തേരുള്ളവളേ.

[5] അൻപിനായ് – സ്തോതാവിനെ പ്രീതിപ്പെടുത്താൻ. പ്രഥമാഹ്വാന = പൂജ്യ = ഒന്നാമത്തെ ആഹ്വാനത്തിൽ (പ്രാതരനുവാകത്തിൽ) പൂജനീയ.

[6] പതംഗങ്ങൾ – പക്ഷികൾ. നികേതം = പാർപ്പിടം. അന്നൈഷിമർത്ത്യരും – ആഹാരം തേടുന്ന (പ്രവൃത്തിയ്ക്കൊരുങ്ങിയ) മനുഷ്യരും. ദാത്തവാനാം – ഹവിസ്സു തന്ന.

സൂക്തം 65.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

രാവിൻതമിസ്രവും താരങ്ങളും മറ –
ച്ചാവിർഭവിയ്ക്കും, സുദീപ്താർക്കനൊത്തെവൾ;
ദ്യോവിന്മകളാമവളുണ്ടിതാ, നമു –
ക്കായ് വന്നുദിച്ചൊ,ളി വീശുന്നു മർത്ത്യരിൽ!1
ചെങ്കതിരമണിത്തേരിൽച്ചരിയ്ക്കുന്നു,
വൻക്രതുവപ്പോൾത്തുടങ്ങിച്ചുഷസ്സുകൾ;
ചിത്രമാംവണ്ണം പ്രശോഭിച്ചുകൊണ്ടവ –
രത്തൽപ്പെടുത്തുന്നു, രാവിൻതമസ്സിനെ!2
അർപ്പകനാം നരന്നന്നം, രസം, കീർത്തി,
കെല്പിവ കൊണ്ടുപോകുന്ന ഭവതിമാർ
തന്നാലു,മന്നാർത്ഥവീരരെസ്സേവക –
ന്നിന്നു, മഘോനികളാമുഷസ്സുകളേ!3
ഇപ്പൊഴേ സേവകന്നി,പ്പൊഴേ വീരനാ –
മർപ്പകന്നി,പ്പൊഴേ വാഴ്ത്തും നരന്നുമേ
സമ്പത്തു നിങ്ങളിലുണ്ടു,ഷസ്സുകളേ;
മുമ്പും സ്തുതിയ്ക്കുന്ന മാദൃശന്നേകുവോർ!4
അദൃതൗജസ്സാമുഷസ്സേ, വിടും, പശു –
വ്രാതത്തെയിപ്പൊഴേ നിന്നംഗിരസ്സുകൾ;
ശസ്തസ്തുതിയാലിരുട്ടുമകറ്റുമേ:
സിദ്ധമായ്, നേതാക്കൾ ചെയ്ത ദേവസ്തവം!5
ആഢ്യേ, പുലരുകെ, ങ്ങൾക്കു,മുന്മട്ടിൽ നീ;
വാഴ്ത്തിബ്ഭജിയ്ക്കും ഭരദ്വാജതുല്യനിൽ
ചേർക്ക, വിൺകുഞ്ഞേ, സുവീരസമ്പത്തു; – രു
ശ്ലാഘ്യമാമന്നവും നല്കുകെ,ങ്ങൾക്കു നീ!6
കുറിപ്പുകൾ: സൂക്തം 65.

[1] തമിസ്രം = ഇരുട്ട് സുദീപ്താർക്കനൊത്ത് = സുദീപ്തനായ സൂര്യനോടുകൂടി അവൾ – ഉഷസ്സ്.

[2] ചെങ്കതിരമണിത്തേർ – ലോഹിതാശ്വങ്ങളെ പൂട്ടിയ വിളങ്ങുന്ന തേർ. വൻക്രതുവപ്പോൾ – പ്രഭാതത്തിലാണല്ലോ, മഹത്തായ യാഗം തുടങ്ങുക. അത്തൽപ്പെടുത്തുന്നു – അടിച്ചോടിയ്ക്കുന്നു.

[3] അർപ്പകൻ – ഹവിസ്സർപ്പിയ്ക്കുന്നവൻ. അന്നാർത്ഥവീരരെ – അന്നത്തെയും അർത്ഥ(ധന)ത്തെയും വീരരെയും; വീരർ – പുത്രപൗത്രാദികൾ സേവകന്ന് – എനിയ്ക്ക്.

[4] വീരൻ – പ്രേരകൻ. മാദൃശന്നേകുവോർ – എന്നെപ്പോലുള്ളവന്നു നിങ്ങൾ നല്കാറുണ്ട്.

[5] ആദൃതൗജസ്സ് = ആദരിയ്ക്കപ്പെട്ട ഓജസ്സോടുകൂടിയവൾ. വിടും = മോചിപ്പിയ്ക്കും; നിന്നംഗിരസ്സുകൾ – നിന്റെ പ്രസാദം ലഭിച്ച അംഗിരസ്സൂകൾ. ശസ്തസ്തുതി = നല്ല സ്തോത്രം. സിദ്ധമായ് – ഫലിച്ചു. നേതാക്കൾ – അംഗിരസ്സുകൾ.

[6] അഢ്യേ = മഘാനി. ഭരദ്വാജതുല്യനിൽ – ഭരദ്വാജനെപ്പോലെയുള്ള എങ്കൽ; ഇതു മറ്റൊരു ഭരദ്വാജനാണ്. സുവീരസമ്പത്ത് = നല്ല വീരന്മാരോടുകൂടിയ സമ്പത്ത്. ഉരുശ്ലാഘ്യം = ബഹുസ്തുത്യം.

സൂക്തം 66.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത.

കുമ്പിടുവിയ്ക്കുന്നതും സന്തോഷിപ്പിയ്ക്കുന്നതും സഞ്ചരിയ്ക്കുന്നതും ഒരേ മട്ടിലുള്ളതുമായ ആ രൂപം വിജ്ഞന്നു ക്ഷിപ്രം വെളിപ്പെടട്ടെ: അതു മനുഷ്യലോകത്തിൽ മറ്റു വസ്തുക്കളെ, കറക്കാൻതക്കവണ്ണം തഴപ്പിയ്ക്കുന്നു; അന്തരിക്ഷം ഒരിക്കൽ ശുഭ്രജലം ചുരത്തുന്നു!1

ഈ മരുത്തുക്കൾ, വളർത്തപ്പെട്ട അഗ്നികൾപോലെ തിളങ്ങും; രണ്ടും മൂന്നും ഇരട്ടി വലുപ്പംവെയ്ക്കും; പൊടിപറ്റാത്തവയും പൊന്നണിഞ്ഞവയുമാണ്, ഇവരുടെ (തേരുകൾ). സ്വത്തോടും കരുത്തോടും കൂടിയത്രേ, ഇവർ പിറന്നത്!2

സേക്താവായ രുദ്രന്റെ പുത്രന്മാരാണിവർ. ഇവരെ അന്തരിക്ഷമേ താങ്ങൂ. ഈ മഹാന്മരുടെ അമ്മയായ മഹതി വിദിതയാണല്ലോ; നന്മയ്ക്കുവേണ്ടിയത്രേ, ആ പൃശ്നി ഗർഭം ധരിച്ചത്.3

ഇവർ വാഹനത്തിൽ ആളുകളുടെ അടുക്കലേയ്ക്കു പോകാറില്ല: ഹൃദയത്തിലിരുന്നു പാപങ്ങൾ നീക്കുന്നു. ഈ ഉജ്ജ്വലന്മാർ ഇഷ്ടാനുസാരേണ ചുരത്തും; ശോഭയോടെ പരക്കെ നനയ്ക്കും!4

ഇവരെ സമീപിച്ചു, പ്രധർഷകമായ മാരുതം ചൊല്ലുന്നവർക്ക് അഭീഷ്ടം വേഗത്തിൽ കൈവരും: കട്ടെടുത്തു കടന്നുകളയുന്ന വമ്പന്മാരെവരോ, ആ ഉഗ്രന്മാരെ ഹവിർദ്ദാതാവ് അടക്കിക്കൊള്ളും.5

ഈ ബലമിയന്ന ധർഷകസൈന്യരായ ഉഗ്രന്മാർ സുരൂപികളായ ദ്യാവാപൃഥിവികളെ തമ്മിലിണക്കുന്നു. രോദസി ഇവരിൽ സ്വയം വിളങ്ങുന്നു: ഈ കരുത്തരെ ആരും ഉപദ്രവിയ്ക്കില്ല!6

മരുത്തുക്കളേ, നിങ്ങളുടെ പള്ളിത്തേർ, പാപം നീങ്ങുമാറു പ്രാദുർഭവിയ്ക്കട്ടെ; ഇതു സൂതനില്ലാതെയും തെളിയ്ക്കപ്പെടുന്നു; കുതിരയും കടിഞ്ഞാണും വഴിത്തീറ്റയുമില്ലാതെയും, വെള്ളം തൂകി നിറവേറ്റിക്കൊണ്ടു, വാനൂഴിമാർഗ്ഗങ്ങളിൽ നടക്കുന്നു!7

മരുത്തുക്കളേ, യുദ്ധത്തിൽ ആരെ നിങ്ങൾ രക്ഷിയ്ക്കുമോ അവരെ ആരും വെല്ലുവിളിയ്ക്കില്ല, ദ്രോഹിയ്ക്കില്ല; അവൻ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിനോവേണ്ടി പൊരുതിയാൽ, ഉജ്ജ്വലന്റെയും തൊഴുത്തു തുറന്നുകളയും!8

അഗ്നേ, വെമ്പൽ പൂണ്ടിരമ്പുന്ന കരുത്തരായ മരുത്തുക്കൾക്കു നിങ്ങൾ ദർശനീയമായ ഹവിസ്സൊരുക്കുവിൻ: ബലത്താൽ (ശത്രു)ബലത്തെ അമർത്തുന്നവരാണല്ലോ, ഇവർ; ഈ പൂജനീയർമൂലം ഭൂമിവിറകൊള്ളുന്നു!9

അധ്വരത്തിന്നെന്നപോലെ വിദ്യോതിയ്ക്കുന്നവരും, അഗ്നിരശ്മികൾപോലെ തിളങ്ങുന്നവരും, ശീഘ്രഗമനരും, പൂജനീയരും, വീരന്മാർപോലെ വിറപ്പിക്കുന്നവരും, ദീപ്തശരീരരും, അധർഷിതരുമാകുന്നു, മരുത്തുക്കൾ!10

ആ വർദ്ധിക്കുന്ന, ചുരിക മിന്നുന്ന രുദ്രപുത്രന്മാരെ ഞാൻ സ്തുതിച്ചു പരിചരിയ്ക്കുന്നു. ഈ മരുദ്ബലത്തെക്കുറിച്ചു സ്തോതാവുച്ചരിച്ച പരിശുദ്ധസ്തുതികൾ, നീർകൊണ്ട കാർകൊണ്ടലുകൾപോലെ ഉശിർ പിടിച്ചു മത്സരിയ്ക്കുന്നു!11

കുറിപ്പുകൾ: സൂക്തം 66.

[1] കുമ്പിടുവിയ്ക്കുന്നതും – ഉറപ്പേറിയവയെപ്പോലും – കുനിയിയ്ക്കുന്നതും. രൂപം – മരുത്തുക്കളുടെ. വിജ്ഞാൻ – വിദ്വാനായ സ്തോതാവ്. മറ്റുവസ്തുക്കൾ – വൃക്ഷസസ്യാദികൾ. കറക്കാൻ – പൈക്കളിൽനിന്നു പാലെന്നപോലെ, അഭീഷ്ടം കറന്നെടുക്കാൻ. ഒരിക്കൽ – ആണ്ടിലൊരിയ്ക്കൽ, മഴക്കാലത്ത്. ചുരത്തുന്നു – മരുത്തുക്കളുടെ നിർദ്ദേശത്താൽ.

[3] സോക്താവ് – വീര്യസേചനം ചെയ്തവൻ. നന്മയ്ക്കുവേണ്ടി – മനുഷ്യരുടെ.

[4] ഹൃദയത്തിലിരുന്നു – മനുഷ്യരുടെ ഹൃദയത്തിൽ പ്രണങ്ങളായി വർത്തിച്ചു. ഇഷ്ടാനുസാരേണ – സ്കോതാക്കളുടെ. ചുരത്തും – ജലം വർഷിയ്ക്കും. പരക്കെ – ഭൂമി മുഴുവൻ.

[5] മാരുതം – മരുച്ഛസ്ത്രം, സ്തോത്രം. അടക്കിക്കൊള്ളും – മരുൽപ്രസാദത്താൽ.

[6] രോദസി – രുദ്രപത്നി, ഉപദ്രവിയ്ക്കില്ല – ദ്രോഹിപ്പാനാളാകില്ല.

[7] തെളിയ്ക്കപ്പെടുന്നു – സ്തോതാവിനാൽ. വെള്ളം – വർഷജലം. നിറവേറ്റിക്കൊണ്ടു – സ്തോതാക്കളുടെ അഭിലാഷങ്ങളെ.

[8] ഉജ്ജ്വകന്റെയും – വീര്യംകൊണ്ടു കത്തുന്ന ശത്രുവിന്റെപോലും. തുറന്നുകളയും – ഗോക്കളെ സ്വന്തമാക്കും.

[9] ഒരുക്കുവിൻ – അങ്ങും ഋത്വിക്കുകളുംകൂടി. വിറകൊള്ളുന്നു – പേടിച്ച്.

[11] മത്സരിയ്ക്കുന്നു – ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്നു സ്പർദ്ധിയ്ക്കുന്നു.

സൂക്തം 67.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണന്മാർ ദേവത.

നല്ലവരിലെല്ലാംവെച്ചു മികച്ച മിത്രാവരുണന്മാരേ, ഞാൻ നിങ്ങളെ സ്തുതികൊണ്ടു വളർത്താം: ഈ ഒരേ വടിവിലല്ലാത്ത രണ്ടു മുഖ്യയന്താക്കൾ ജനങ്ങളെ സ്വന്തം കൈകൊണ്ടു, കടിഞാണുകൊണ്ടെന്നപോലെ നിയന്ത്രിയ്ക്കുന്നു!1

അരുമപ്പെട്ട മിത്രാവരുണന്മാരേ, എന്റെ ഈ സ്തുതി നിങ്ങളെ മൂടുന്നു; ഹവിസ്സോടേ യജ്ഞത്തിലണയുകയും ചെയ്യുന്നു. ശോഭനദാനന്മാരേ, മറവുള്ള അധൃഷ്യമായ ഗൃഹമുണ്ടല്ലോ, നിങ്ങളുടെ പക്കൽ; അതു ഞങ്ങൾക്കു തരുവിൻ!2

മിത്രാവരുണന്മാരേ, അതിശോഭനമായി സ്തുതിച്ചു വിളിയ്ക്കപ്പെടുന്ന പ്രിയരായ നിങ്ങൾ ഇവിടെ വന്നെത്തുവിൻ: യശഃകാമരായ ജനങ്ങളോടു, കർമ്മാധികൃതൻ കർമ്മത്തോടെന്നപോലെ ചേരുന്നവരാണല്ലോ, മഹത്വമുള്ള നിങ്ങൾ!3

രണ്ടു കുതിരകൾ പോലെ ബലിഷ്ഠരും, പരിശുദ്ധസ്തോത്രരും, സത്യശീലരുമാണിവർ. ഇവരെ അദിതി ഗർഭത്തിൽ വഹിച്ചു – ജനിച്ചപ്പോൾത്തന്നേ വളരെ വളർന്നു,ശത്രുവായ മനുഷ്യന്നു ഘാതകരായിത്തീർന്ന ഇവരെ ധരിച്ചു.4

പ്രീതിപൂണ്ട ദേവന്മാരെല്ലാം നിങ്ങളെ മഹത്ത്വംമൂലം സ്തുതിച്ചതിനാലത്രേ, ബലം നേടിയത്; നിങ്ങൾ വലിയ വാനൂഴികളെയും കീഴടക്കി. അഹിംസിതരും അമൂഢരുമായ ചാരന്മാരുണ്ട്, നിങ്ങൾക്ക്!5

നാൾതോറും കെല്പെടുക്കുന്നവരാണല്ലോ, നിങ്ങൾ. നിങ്ങൾ അന്തരിക്ഷത്തിന്റെ മേൽബ്ഭാഗത്തെ തൂണുപോലെ താങ്ങുന്നു: മേഘം അന്തരിക്ഷത്തിലണയുന്നു; സൂര്യനും മനുഷ്യന്റെ ഹവിസ്സശിച്ചു, ഭൂദ്യോവുകളെ പരത്തുന്നു!6

നിങ്ങൾ തിരുവയർ നിറപ്പാൻ പ്രാജ്ഞനെ താങ്ങുന്നു: സഹമർമ്മികൾ യാഗശാല നിറയ്ക്കുന്നു. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവരേ, നിങ്ങളുടെ ജലത്താൽ, യുവതികൾ പൊടിയമർന്നു, വരൾച്ച വിട്ടു വളരുന്നു!7

ആ നിങ്ങളോടു മേധാവി ഇതു നിത്യം നാവുകൊണ്ട് യാചിയ്ക്കുന്നു. നിങ്ങളിലണഞ്ഞവൻ യാഗത്തിൽ നിഷ്കപടനായിത്തീരും; അന്നവാന്മാരേ, നിങ്ങളുടെ ആ മഹത്ത്വം നിലനില്ക്കട്ടെ! നിങ്ങൾ ഹവിർദ്ദാതാവിന്റെ പാപം നശിപ്പിയ്ക്കുവിൻ – 8

മിത്രാവരുണന്മാരേ, യാവചിലർ ഭവൽകൃതങ്ങളായ പ്രിയകർമ്മങ്ങളെ സ്പർദ്ധമൂലം തള്ളുന്നുവോ; യാവചില ദേവന്മാരോ മനുഷ്യരോ സ്തോത്രം ചൊല്ലില്ലയോ; യാവചില കർമ്മികൾ യജ്ഞമനുഷ്ടിയ്ക്കില്ലയോ; യാവചിലർ പുത്രന്മാരല്ലയോ; അവരെയും!9

മേധാവികൾ സ്തോത്രമുച്ചരിയ്ക്കുകയും, ചിലർ സ്തുതിച്ചു നിവിത്തുകൾ ചൊയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെപ്പറ്റി യഥാർത്ഥങ്ങളായ ഉക്ഥങ്ങൾ ഉരുവിടും: മഹിമാവുകൊണ്ടു നിങ്ങൾ ദേവകളോടും ചേരില്ല!10

മിത്രാവരുണന്മാരേ, സ്തോത്രങ്ങൾ പുറപ്പെടുകയും, യജ്ഞത്തിൽ ഋജൂഗാമിയും ധർഷകവും വർഷകവുമായ സോമം ഒരുക്കപ്പെടുകയും ചെയ്യുമ്പോൾ, രക്ഷിതാക്കളായ നിങ്ങളെ ഗൃഹത്തിന്നായി ഉപഗമിച്ചവരിൽ നിങ്ങളുടെ (ആ ദാനം) മുറിയാറില്ല, വാസ്തവം!11

കുറിപ്പുകൾ: സൂക്തം 67.

[1] രണ്ടാംവാക്യം പരോക്ഷം: കടിഞ്ഞാണുകൊണ്ടെന്നപോലെ – കടിഞ്ഞാണുകൊണ്ടു കുതിരകളേ എന്നപോലെ.

[4] പരോക്ഷകഥനം: ധരിച്ചു – വയറ്റിൽ.

[5] പ്രത്യക്ഷോക്തി: അഹിംസിതർ – ആരാലും ഉപദ്രവിയ്ക്കപ്പെടാത്തവർ. അമൂഢർ = വിദ്വാന്മാർ.

[6] മേഘം – ഇതൊക്കെ ഞങ്ങളുടെ ഏർപ്പാടാലാണ്!

[7] പ്രാജ്ഞനെ – സോമനീരർപ്പിയ്ക്കുന്ന യജമാനനെ. നിറയ്ക്കുന്നു – ഹവിസ്സുകൊണ്ട്. യുവതികൾ – ദിക്കുകൾ.

[8] ഇതു – ജലം.

[9] പുത്രന്മാരല്ലയോ – പുത്രകൃത്യമനുഷ്ഠിയ്ക്കുന്നില്ലയോ – അവരെയും നശിപ്പിയ്ക്കുവിൻ.

[10] സ്തുതിച്ചു – അഗ്ന്യാദികളെ. നിവിത്തുകൾ – ഒരുതരം സ്തോത്രങ്ങൾ. ദേവകളോടു ചേരില്ല – അവരെക്കൾ മഹത്ത്വമേറിയവരാണ്, നിങ്ങൾ!

[11] ഗൃഹത്തിന്നായി – ഗൃഹശ്രേയസ്സിന്നുവേണ്ടി. മുറിയാറില്ല – നിരന്തരമുണ്ടാകും.

സൂക്തം 68.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രാവരുണന്മാർ ദേവത.

മഹാന്മാരായ ഇന്ദ്രാവരുണന്മാരേ, നിങ്ങൾക്കു ക്ഷിപ്രകാരിയായ സോമം ഇപ്പോൾ ഒന്നിച്ച് ഒരുങ്ങിയിരിയ്ക്കുന്നു. ഇതാണല്ലോ, മനുവിനെന്നപോലെ ദർഭ വിരിച്ചവന്ന് അന്നത്തിന്നും മഹത്തായ സുഖത്തിനും വേണ്ടി ജയിപ്പാൻ നിങ്ങളെ വരുത്തുന്നത്!1

ശ്രേഷ്ഠന്മാരും, യാഗത്തിൽ ധനം നല്കുന്നവരും, ശൂരരിൽവെച്ചു ബലവാന്മാരും, – അത്യുർജ്ജിതന്മാരും – ദാതാക്കളിൽവെച്ചു മുന്തിയവരും, സത്യംകൊണ്ടു ശത്രുക്കളെ ഹനിയ്ക്കുന്നവരും, സമഗ്രസൈന്യരുമാണല്ലോ, നിങ്ങൾ!2

ശ്ലാഘ്യമായ ബലംകൊണ്ടും സുഖംകൊണ്ടും പുകഴ്ത്തപ്പെടുന്ന ആ ഇന്ദ്രാവരുണന്മാരെ നീ സ്തുതിയ്ക്കുക: അവരിലൊരാൾ വൃതനെ വജ്രംകൊണ്ടു കൊല്ലും; മറ്റേപ്രാജ്ഞൻ ഉപദ്രവം നീക്കാൻ കരുത്തോടെ ചെല്ലും!3

മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം സ്വയമൊരുങ്ങി സ്തുതിച്ചു വളർത്തുമ്പോൾ, ഇന്ദ്രാവരുണന്മാരേ, നിങ്ങൾ മഹത്വത്താൽ ഇവർക്കായി കഴിവുകൊള്ളണം: ദ്യോവേ, ഭൂവേ, മഹതികളായ നിങ്ങളും!4

ഇന്ദ്ര, വരുണ, യാവനൊരുത്തൻ നിങ്ങൾക്കു സ്വയം (ഹവിസ്സു) തരുന്നുവോ അവൻതന്നേ, ശോഭനദാസൻ: അവന്നു വിത്തവും യജ്ഞവും കൈവരും; ആ ദാദാവിങ്കൽ ചെന്നുചേരും, ദ്രോഹികളുടെ അന്നം; ധനവും ധനികരായ ആളുകളും അവന്നുണ്ടായിവരും!5

ഇന്ദ്രാവരുണദേവന്മാരേ, പുഷ്ടിപ്പെടുന്ന, പുകളേറിയ യാതൊരു ധനം നിങ്ങൾ ഹവിർദ്ദാതാവിന്നു നല്കിവരുന്നുവോ; അതു – ദ്രോഹികൾ ഉണ്ടാക്കിത്തീർത്ത അകീർത്തിയെ ഉടയ്ക്കുന്ന അതു – ഞങ്ങളിലെത്തുമാറാകണം!6

അത്രമാത്രമല്ല, ഇന്ദ്രാവരുണന്മാരേ, നല്ല രക്ഷയോടുകൂടിയ – ദേവന്മാർ കാവൻനില്ക്കുന്ന – ധനം സ്തോതാക്കളായ ഞങ്ങൾക്കുണ്ടാകണം: ഞങ്ങളുടെ ബലം യുദ്ധങ്ങളിൽ കീഴമർത്തിയും, ഹനിച്ചും, യശസ്സിനെ ഉടനടി തട്ടിനീക്കണം!7

ഇന്ദ്രാവരുണദേവന്മാരേ, സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഉടനേ ഞങ്ങൾക്കു നല്ല കേൾവിയ്ക്കുവേണ്ടി ധനം തന്നരുളുവിൻ; മഹാന്മാരായ നിങ്ങളുടെ ബലത്തെ ഇപ്രകാരം പാടിപ്പുകഴ്ത്തുന്ന ഞങ്ങൾ, പുഴ തോണികൊണ്ടെന്നപോലെ, പാപം കടക്കുകയുംചെയ്യണം!8

മഹിമയും മനീഷയുമുള്ള, ജരയില്ലാത്ത യാതൊരു മഹാകർമ്മാവു തേജസ്സിനാൽ വാനൂഴികളെ ശോഭിപ്പിയ്ക്കുന്നുവോ, ആ വലിയ സാമ്രാട്ടായ വരുണദേവന്നു നീ ഒരു സുവിശാലമായ മനോഹരസ്തോത്രം ചൊല്ലുക!9

നീർ നുകരുന്ന ഇന്ദ്രാവരുണന്മാരേ, ഈ പിഴിഞ്ഞ മദകരമായ സോമം നിങ്ങൾ കുടിയ്ക്കുവിൻ: ധൃതവൃതരേ, വേദപാനത്തിന്നും സ്വപാനത്തിനുംവേണ്ടി യാഗത്തിനു പോരാറുള്ളതാണല്ലോ, നിങ്ങളുടെ തേർ!10

ഇന്ദ്രാവരുണന്മാരേ, വൃഷാക്കളായ നിങ്ങൾ ഈ അതിമധുരവും വർഷവുമായ സോമം ഭുജിച്ചാലും: നിങ്ങൾക്കായി പകർന്നുവെച്ചതാണ്, ഈ ഹവിസ്സ്; ഈ ദർഭയിലിരുന്ന് ഇമ്പംകൊള്ളുവിൻ!11

കുറിപ്പുകൾ: സൂക്തം 68.

[1] ക്ഷിപ്രകാരി – വേഗത്തിൽ ഫലമുളവാക്കുന്നത് ഒന്നിച്ച് – ഋത്വിക്കുകളോടുകൂടി. ദർഭ വിരിച്ചവൻ – യജമാനൻ.

[3] ഋഷി, തന്നോടുതന്നെ പറയുന്നു: ഒരാൾ – ഇന്ദ്രൻ. മറ്റേപ്രാജ്ഞൻ – വരുണൻ. ഉപദ്രവം – സ്തോതാക്കൾക്കുണ്ടാകുന്ന പീഡ.

[4] ഇവർയ്ക്കായി – സ്തോതാക്കൾക്കായി. കഴിവുകൊള്ളണം – രക്ഷണശക്തിയെടുക്കണം. നിങ്ങളും – കഴിവുകൊള്ളണം.

[5] ദ്രോഹികളുടെ – ജയിയ്ക്കപ്പെട്ട വിദ്വേഷികളുടെ. ആളുകൾ – പുത്രന്മാർ.

[7] യശസ്സിനെ – ശത്രുക്കളുടെ കീർത്തിയെ.

[9] സ്തോതാവിനോട്.

[10] നീർ – സോമരസം. ധൃതവ്രതർ – കർമ്മവാന്മാർ.

സൂക്തം 69.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവിഷ്ണുക്കൽ ദേവത.

ഇന്ദ്രാവിഷ്ണുക്കളേ, നിങ്ങളെ ഞാൻ കർമ്മംകൊണ്ടും ഹവിസ്സുകൊണ്ടും പ്രേരിപ്പിയ്ക്കുന്നു: ഈ കർമ്മത്തിന്റെ അവസാനത്തിൽ നിങ്ങൾ യജ്ഞത്തിലെഴുന്നള്ളണം; ഞങ്ങളെ നിരുപദ്രവമാർഗ്ഗങ്ങളിലൂടെ മറുകരയിലാക്കി, ധനം തന്നരുളുകയും ചെയ്യണം!1

ആ ഇന്ദ്രാവിഷ്ണുക്കൾ എല്ലാ സ്തുതികളും ഉൽപാദിപ്പിയ്ക്കണം; രണ്ടു സോമക്കുടങ്ങളുമായിത്തീരണം! സ്തോതാക്കൾ ചൊല്ലുന്ന ശസ്ത്രങ്ങളും, പാടുന്ന സ്തോത്രങ്ങളും നിങ്ങളിലെത്തട്ടെ!2

ഇന്ദ്രാവിഷ്ണുക്കളേ, മദങ്ങളിൽവെച്ചു മികച്ച മദത്തിന്റെ അധിപതികളായ നിങ്ങൾ ധനങ്ങളുമെടുത്തു സോമത്തിലെയ്ക്കു വരുവിൻ: സ്തോതാക്കൾ ഉക്ഥങ്ങളോടുകൂടി ഉച്ചരിയ്ക്കുന്ന സ്തോത്രങ്ങൾ നിങ്ങളെ തേജസ്സു തേപ്പിയ്ക്കട്ടെ!3

ഇന്ദ്രാവിഷ്ണുക്കളേ, ദ്രോഹികളെ അമർത്തുന്ന, ഒപ്പം ഇമ്പപ്പെടുന്ന കുതിരകൾ നിങ്ങളെ കൊണ്ടുവരട്ടെ: സ്തോതാക്കളുടെ എല്ലാ സ്തുതികളും നിങ്ങൾ കൈക്കൊള്ളണം; എന്റെ സ്തോത്രങ്ങളും ശസ്ത്രങ്ങളും കേൾക്കുവിൻ!4

ഇന്ദ്രാവിഷ്ണുക്കളേ, അതു സ്തുത്യംതന്നെ: നിങ്ങൾ സോമത്തിന്റെ മത്തിൽ വാരുറ്റ ചുവടുകൾ വെച്ചു; അന്തരിക്ഷത്തിന്നു വലുപ്പംകൂട്ടി; ഞങ്ങൾക്കു ജീവിപ്പാൻ, ലോകങ്ങളും വിശാലങ്ങളാക്കി!5

ധൃതാന്നരായ ഇന്ദ്രവിഷ്ണുക്കളേ, ഹവിസ്സുകൊണ്ടു വളരുന്ന, തെളിസോമം നുകരുന്ന, നമസ്കാരപൂർവം ഹവിസ്സിലർപ്പിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങൾക്കു ധനം തന്നാലും: നിങ്ങൾ സമുദ്രമാണ്; സോമകലശമാണ്!6

ദർശനീയരായ ഇന്ദ്രാവിഷ്ണുക്കളേ, ഈ മത്തുപിടിപ്പിയ്ക്കുന്ന സോമം നിങ്ങൾ കുടിയ്ക്കുവിൻ, തിരുവയർ നിറയ്ക്കുവിൻ: മദകരമായ അന്നം നിങ്ങളിലണയട്ടെ; എന്റെ സ്തോത്രവും വിളിയും കേൾക്കുവിൻ!7

നിങ്ങളിരുവരും ജയിയ്ക്കയേ ചെയ്യൂ, തോല്ക്കാറില്ല – നിങ്ങളിലൊരാളും തോല്ക്കുകയുണ്ടായിട്ടില്ല. വിഷ്ണോ, ഇന്ദ്രനും അങ്ങും യാതൊന്നിന്നായി (അസുരന്മാരോടു) പൊരുതിയോ, ആ ത്രിവിധമായ ആയിരത്തെ കല്പിച്ചളന്നു!8

കുറിപ്പുകൾ: സൂക്തം 69.

[1] പ്രേരിപ്പിയ്ക്കുന്നു – ഇങ്ങോട്ടു വരാൻ. മറുകരയിലാക്കി – പൂർണ്ണയജ്ഞരാക്കി.

[2] അന്തിമവാക്യം പ്രത്യക്ഷോക്തി: സോമക്കുടങ്ങളുമായിത്തീരണം – കുടങ്ങളിൽ സോമനീർ പകർന്നുവെയ്ക്കുന്നതുപോലെ, ഉദരങ്ങളിൽ സോമനീർ നിറയ്ക്കണം.

[3] തേപ്പിയ്ക്കട്ടെ – എണ്ണ തേപ്പിയ്ക്കുന്നതുപോലെ.

[5] മുപ്പാരളക്കാൻ ചുവടുകൾ വെച്ചതു വിഷ്ണുവാണെങ്കിലും, രണ്ടുപേരുടേയും പ്രയോജനം ഒന്നാകയാൽ, ഇന്ദ്രനെയും ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

[6] തെളിസോമം – സോമനീരിന്റെ തെളിഞ്ഞമേൽ ബ്ഭാഗം. സമുദ്രമാണ് – സോമനീർപ്പുഴകൾ നിങ്ങളിൽ ചേർന്നുകൊണ്ടിരിയ്ക്കും. സോമകലശം – രണ്ടാമൃക്കിന്റെ ടിപ്പിണി നോക്കുക.

[7] അന്നം – സോമരസം.

[8] ഒരാളും – വിഷ്ണുവോ, ഇന്ദ്രനോ. ആ ത്രിവിധമായ ആയിരം – അപരിമിതമായ ലോകം, വേദം, വാക്ക്. യുദ്ധത്തിൽ അസുരന്മാരെ ജയിച്ചതിന്നുശേഷം ഇന്ദ്രൻ അവരോടു പറഞ്ഞു: – “നമുക്കു ലോകം പങ്കിടാം: വിഷ്ണു മൂന്നടിയളക്കും; അതിൽപ്പെട്ടതു ഞങ്ങൾക്കു; ബാക്കിയെല്ലാം നിങ്ങൾക്കും.” അസുരന്മാർ സമ്മതിച്ചു. വിഷ്ണുവാകട്ടേ, ഒന്നാമത്തെ അടികൊണ്ടുതന്നെ ലോകങ്ങൾ അളന്നു; രണ്ടും മൂന്നും അടികൾകൊണ്ട് വേദങ്ങൾ, വാക്കുകൾ എന്നിവയും അളന്നു. (അസുരന്മാർക്ക് ഒന്നുമില്ലാതായി!) ഐതരേയബ്രാഹ്മണത്തിലുള്ളതത്രേ, ഈ ഇതിവൃത്തം. കല്പിച്ചളന്നു – അളന്നു സ്വന്തമാക്കി.

സൂക്തം 70.

ഭരദ്വാജൻ ഋഷി; ജഗതി ഛന്ദസ്സ്; ദ്യാവാപൃഥിവികൾ ദേവത.

തിളങ്ങുന്നവർ, ജീവജാലത്തിന്നാധാരഭൂതകൾ, വിശാലകൾ, പ്രഥിതകൾ, ജലം പൊഴിയ്ക്കുന്നവർ, സുരൂപകൾ, വരുണൻ താങ്ങുകയാൽ ഉറപ്പുറ്റവർ, ജരാരഹിതകൾ, രേതസ്സേറിയവർ – ഇങ്ങനെയുള്ളവരാകുന്നു, ദ്യാവാപൃഥിവികൾ.1

വേറിട്ടുനില്ക്കുന്ന, ധാരകളേറിയ, ശുചിവ്രതകളായ ഈ പയസ്വിനികൾ ശോഭനകർമ്മാവിന്നു ജലം ചുരത്തുന്നു. ദ്യവാപൃഥിവികളേ, ഈ ഭുവനത്തിന്റെ റാണിമാരായ നിങ്ങൾ ഞങ്ങളിൽ മനുഷ്യഹിതമായ രേതസ്സു പകരുവിൻ!2

ധിഷണകളായ ദ്യാവാപൃഥിവികളേ, നിങ്ങളുടെ സുഖഗമനത്തിന്നു യാതൊരു മനുഷ്യൻ (ഹവിസ്സു) നില്ക്കുന്നുവോ, അവൻ സിദ്ധകാമനാകും; സന്താനങ്ങളെക്കൊണ്ടു വളരും. കർമ്മത്തിന്നുമേൽ, നിങ്ങൾ പകർന്ന (രേതസ്സുകൾ) നാനാവർണ്ണങ്ങളായി സമാനകർമ്മങ്ങളോടെ ജനിയ്ക്കുന്നു.3

ഉദകം ചൂഴുന്നവരും, ഉദകത്തിൽ നില്ക്കുന്നവരും, ഉദകത്തോടു ചേർന്നവരും, ഉദകത്തെ വർദ്ധിപ്പിയ്ക്കുന്നവരുമാകുന്നു, വിശാലപ്രഥിതകളായ ദ്യാവാപൃഥിവികൾ; യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ട ഇവരോടു തന്നെയാണ്, പ്രാജ്ഞന്മാർ യജനത്തിന്നായി സുഖം യാചിയ്ക്കുന്നത്!4

ജലമുണ്ടാക്കുന്ന, ജലം ചുരത്തുന്ന,ജലം പൊഴിയ്ക്കുന്ന ദ്യാവാ പൃഥിവികൾ – നമുക്കു യജ്ഞവും ധനവും വലിയ യശസ്സും അന്നവും നല്ല വീര്യവും നല്ക്കുന്ന ഇരുദേവതകൾ – നമ്മളിൽ ജലം പകരട്ടെ!5

അച്ഛനും അമ്മയുമായ ദ്യോവും ഭൂവും നമുക്ക് അന്നം തരട്ടെ – വിശ്വജ്ഞകളായി, വിശിഷ്ടവ്രതകളായി, വിശ്വോൽപാദികകളായി വിളയാടുന്ന ദ്യാവാപൃഥിവികൾ നമുക്കുവേണ്ടുന്ന ബലവും ധനവും അയയ്ക്കട്ടെ!6

കുറിപ്പുകൾ: സൂക്തം 70.

[1] രേതസ്സേറിയവർ – വളരെ പ്രജകളെ ഉൽപാദിപ്പിയ്ക്കുന്നവർ എന്നർത്ഥം.

[2] ധാരകൾ – ദ്യോവിൽ വൃഷ്ടിധാര, ഭൂവിൽ രസ(ആവി)ധാര. പയസ്വിനികൾ – നല്ല പയസ്സു (ജലം, പാൽ) ള്ളവർ. രണ്ടംവാക്യം പ്രത്യക്ഷോക്തി: മനുഷ്യഹിതമായ – പ്രജോൽപാദനശക്തമായ.

[3] സമനകർമ്മങ്ങളോടെ ജനിയ്ക്കുന്നു – ഒരേമട്ടിൽ പ്രാണികളായി പിറക്കുന്നു.

[4] സുഖം യാചിയ്ക്കുന്നത് – സുഖാവസരത്തിലേ യാഗം നടക്കുകയുള്ളുവല്ലോ.

സൂക്തം 71.

ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സവിതാവ് ദേവത.

ആ സുകർമ്മാവായ ദേവൻ സവിതാവ് ദാനത്തിനായി പൊന്നുതൃക്കൈകൾ പൊക്കുന്നു – മഹനീയനും സുയജ്ഞനും ഉലകത്തെത്താങ്ങുന്നവനുമായ ആ യുവാവു ജലപൂർണ്ണങ്ങളായ കൈപ്പടങ്ങൾ നീട്ടുന്നു! 1

സവിതൃദേവന്റെ അനുജ്ഞയ്ക്കും ശ്രേഷ്ഠമായ ധനദാനത്തിനും നാം പാത്രീഭവിയ്ക്കുക: നിന്തിരുവടിയാണല്ലോ, എല്ലാ ഇരുകാലികളെയും വളരെ നാല്ക്കാലികളെയും നിലനിർത്തുന്നതും, അനുജ്ഞ നല്കുന്നതും!2

സവിതാവേ, നിന്തിരുവടി അഹിംസിതവും സുഖകരവുമായ തേജസ്സുകൊണ്ട് ഇപ്പോൾ ഞങ്ങളുടെ ഗൃഹം പരിപാലിച്ചാലും. ഹിതരമ്യഭാഷിയായ ഭവാൻ പുതിയ സുഖം തന്നു രക്ഷിച്ചാലും; അനർത്ഥം നേരുന്നവൻ ഞങ്ങളെ കീഴ്പെടുത്തരുത്!3

പൊന്നുകൈപ്പടവും പൊന്നണക്കടയും, മധുരഭാഷണവും ചേർന്ന ദാനതൽപരനായ സവിതൃദേവൻ രാവറുതിതോറും പള്ളിയുണരട്ടെ: ഈ യജനീയനാണല്ലോ, ഹവിർദ്ദാവിന്നു വളരെദ്ധനം കല്പിച്ചയയ്ക്കുന്നതു്!4

യാതൊരുവൻ ഭൂമിയിൽനിന്ന് അന്തരിക്ഷത്തിന്റെ മുകളിലേയ്ക്കു കേറുകയും, യാത്രയിൽ വലുതിനെയെല്ലാം രമിപ്പിയ്ക്കുകയും ചെയ്യുന്നുവോ; ആ സവിതാവ്, ഒരു വക്കീൽപോലെ, അഴകൊത്ത പൊന്നുതൃക്കൈകൾ പൊക്കട്ടെ!5

സവിതാവേ, ഭവാൻ ഞങ്ങൾക്കു ധനം ഇന്നും, ധനം നാളെയും, ധനം നിച്ചലും അനുവദിയ്ക്കണം: ദേവ, വളരെ പൊറുപ്പുമുതലുണ്ടല്ലോ, അങ്ങയ്ക്ക്; അതിനാൽ, ഞങ്ങൾ ഈ സ്തുതികൊണ്ടു ധനവാന്മാരാകണം! 6

കുറിപ്പുകൾ: സൂക്തം 71.

[3] അനർത്ഥം നേരുന്നവൻ – ശത്രു.

[5] വലുതിനെ – മറവിലുള്ള മഹാവസ്തുവിനെ, രമിപ്പിയ്ക്കുക – പ്രകാശിപ്പിയ്ക്കുക എന്നർത്ഥം. വക്കീൽപോലെ – നമ്മുടെ കാര്യം സംസാരിപ്പാൻ.

സൂക്തം 72.

ഭരദ്വാജൻ ഋഷി: ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാസോമന്മർ ദേവത.

ഇന്ദ്രാസോമന്മാരേ, വലുതുതന്നെ, നിങ്ങളുടെ മഹത്ത്വം: നിങ്ങൾ വലിയ മികച്ചവയെ നിർമ്മിച്ചു; നിങ്ങൾ സൂര്യനെയും നിങ്ങൾ വെള്ളവും കിട്ടിച്ചു; എല്ലാത്തമസ്സുകളെയും നിന്ദകരെയും നശിപ്പുച്ചു!1

ഇന്ദ്രസോമന്മാരേ, നിങ്ങൾ ഉഷസ്സിനെ പുലർത്തി; സൂര്യനെ തേജസ്സോടെ ഉദിപ്പിച്ചു; ദ്യോവിനെ ഊന്നുകൊണ്ടുറപ്പിച്ചു; അമ്മയായ ഭൂമിയെ വലുപ്പംവെപ്പിച്ചു!2

ഇന്ദ്രസോമന്മാരേ, ജലങ്ങളെ ചുഴന്നുനിന്ന ദ്രോഹിയായ വൃത്രനെ നിങ്ങൾ വധിച്ചു. അതിൽ ദ്യോവ് നിങ്ങളെ കൊണ്ടാടി. നിങ്ങൾ നദികൾക്കു വെള്ളം അയച്ചു; വളരെസ്സമുദ്രങ്ങൾ നിറച്ചു!3

ഇന്ദ്രസോമന്മാരേ, നിങ്ങൾ മൂപ്പെത്താത്ത പൈക്കളുടെ അകിടുകളിൽ കൊഴുത്ത പാൽ വെച്ചു; നാനാവർണ്ണകളായ ധേനുക്കളുടെ കെട്ടുറപ്പില്ലാത്ത വെണ്പാൽ അകത്തു നിർത്തിച്ചു!4

ഇന്ദ്രസോമന്മാരേ, മറുകരയിലെത്തിയ്ക്കുന്ന സന്തതിയും സമ്പത്തും നിങ്ങൾ ചിക്കെന്നു നീക്കിവെയ്ക്കുന്നു; കരുത്തരേ, നിങ്ങൾ മനുഷ്യഹിതവും പറ്റലർപ്പടയെ അമർത്തുന്നതുമായ ബലം മനുഷ്യരിൽ പരത്തുന്നു.5

കുറിപ്പുകൾ: സൂക്തം 72.

[1] വലിയമികച്ചവയെ – ഭൂതങ്ങളെ, ലോകങ്ങളെ. നിന്ദകർ – അസുരർ.

[4] കെട്ടുറപ്പില്ലാത്ത – ആരാലും കെട്ടിനിർത്തപ്പെട്ടതല്ലാത്ത. നിർത്തിച്ചു – നിലത്തുചോർന്നു വീഴാത്തവണ്ണം.

[5] നീക്കിവെയ്ക്കുന്നു – ഞങ്ങൾക്കു തരാൻ വേറെ വെയ്ക്കുന്നു.

സൂക്തം 73.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ബൃഹസ്പതി ദേവത.

ഒന്നാമതു ജനിച്ചവനും, ആംഗിരസനായിത്തീർന്നവനും, പാറക്കെട്ടു പൊളിച്ചവനും, സത്യവാനും, ഹവിര്യുക്തനും, രണ്ടിടങ്ങളിൽ മുഴുക്കെ നടക്കുന്നവനും, തുലോം തിളങ്ങുന്നേടത്തു മേവുന്നവനും, നമ്മുടെ രക്ഷകനും, യാതൊരാളോ, ആ ബ്രഹസ്പതി മഴയ്ക്കായി വാനൂഴികളിൽ ഇടി മുഴക്കുന്നു!1

ഈ ബ്രഹസ്പതി, ഉപഗമിയ്ക്കുന്ന യജ്ഞവർത്തികൾക്കു ലോകം ഏർപ്പെടുത്തുന്നു; തമസ്സുകളെ തടുത്തു പോരിൽ ശത്രുക്കളെ ജയിച്ച് – അമിത്രരെ കീഴമർത്ത് – പുരികൾ പിളർത്തുന്നു.2

ഈ ബൃഹസ്പതിദേവൻ ധനങ്ങളും വലിയ പൈത്തൊഴുത്തുകളും കീഴടക്കി: ബൃഹസ്പതി എതിരില്ലാതെ ജലം നേടാൻവേണ്ടി സ്വർഗ്ഗശത്രുവിനെ മന്ത്രംകൊണ്ടു വധിച്ചുകളയും!3

കുറിപ്പുകൾ: സൂക്തം 73.

[1] ആംഗിരസനായിത്തീർന്നവൻ – കെട്ട അംഗാരങ്ങൾ (തീക്കനലുകൾ) വീണ്ടും ജ്വലിപ്പിയ്ക്കപ്പെട്ടപ്പോൾ രണ്ടാമതു ജനിച്ചവൻ. പാറക്കെട്ട് – പണികൾ ഗോക്കളെ ഒളിപ്പിച്ച ശിലോച്ചയം. രണ്ടിടങ്ങളിൽ – സ്വർഗ്ഗത്തിലും, ഭൂമിയിലും. തുലോം തിളങ്ങുന്നേടത്തു – അത്യുജ്ജ്വലമാണ്, തന്റെ വാസസ്ഥാനം.

[2] ഉപഗമിയ്ക്കുന്ന = സമീപിയ്ക്കുന്ന. ലോകം – സ്വർഗ്ഗാദി. പുരികൾ – അസുരപുരികൾ

[3] ധനങ്ങളും – പണികളുടെ.

സൂക്തം 74.

ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സോമാരുദ്രന്മാർ ദേവത.

സോമാരുദ്രന്മാരേ, നിങ്ങൾ അസുരന്മാരുടെ കെല്പു കല്പിച്ചുതരുവിൻ: ഓരോ ഗൃഹത്തിലെയും യജ്ഞങ്ങൾ തികച്ചും നിങ്ങളിലണയട്ടെ. നിങ്ങൾ സപ്തരത്നങ്ങളെടുത്തു ഞങ്ങളെ സുഖിപ്പിയ്ക്കുവിൻ – ഇരുകാലികളെയും നാല്ക്കാലികളെയും സുഖിപ്പിയ്ക്കുവിൻ!1

സോമാരുദ്രന്മാരേ, വിഷൂചീരോഗം ഞങ്ങളുടെ ഗൃഹത്തിൽകടന്നാൽ, അതിനെ നിങ്ങൾ വേർപെടുത്തണം; അലക്ഷ്മിയെ തിരിച്ചോടിയ്ക്കണം. ഞങ്ങൾക്കു ശോഭനമായ അന്നവും യശസ്സും ഉണ്ടായിവരട്ടെ!2

സോമാരുദ്രന്മാരേ, നിങ്ങൾ ആ മരുന്നുകളെല്ലാം ഞങ്ങളുടെ ദേഹത്തിൽ വെയ്ക്കുവിൻ: ഞങ്ങളുടെ ദേഹത്തിൽ കെട്ടിയിട്ടുള്ള പാപം നിങ്ങൾ ഞങ്ങളിൽനിന്ന് അഴിച്ചുനീക്കുവിൻ!3

സോമാരുദ്രന്മാരേ, തിളങ്ങുന്ന വില്ലും തീഷ്ണശരവുമുള്ള സത്സുഖപ്രദരായ നിങ്ങൾ ഞങ്ങളെ ഇവിടെ തുലോം സുഖിപ്പിയ്ക്കണം; ഞങ്ങളെ വരുണപാശത്തിൽനിന്നു വിടുർത്തണം; ശോഭനസ്തോത്രതൽപരരേ, ഞങ്ങളെ കാത്തുരക്ഷിയ്ക്കണം!4

കുറിപ്പുകൾ: സൂക്തം 74.

[1] തരുവിൻ – ഞങ്ങളെ അസുരതുല്യബലരാക്കുവിൻ. സപ്തരത്നങ്ങൾ – ഏഴ് മഹാർഗ്ഘവസ്തുക്കൾ. (?)

[2] വിഷൂചീരോഗം – പകർച്ചവ്യാധി.

സൂക്തം 75.

ഭാവദ്വാജൻ പായു ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; കവചാദിയുദ്ധാംഗങ്ങൾ ദേവത. (കാകളി)

കാറുപോലായ്വരും, ചട്ടയിന്നിട്ടിട്ടു
പോരിൻനിലത്തെയ്ക്കു പോകുവോൻതന്നുടൽ:
കായത്തിനു പരിക്കേല്ക്കാതെ വെല്ക നീ;
കാക്കട്ടെ, നിന്നെയച്ചട്ടതൻ പ്രഭാവം!1
വില്ലാൽപ്പശുക്കളെ വെല്ക, വില്ലാലടർ;
വില്ലാൽ,ത്തിമർക്കും കുറുമ്പരെ വെല്ക, നാം:
വില്ലു കെടുക്കുമോ, മാറ്റാന്റെ കാംക്ഷയെ;
വില്ലാൽജ്ജയിക്കാം, നമുക്കു ദിക്കൊക്കയും!2
വില്ലിലുടക്കിയ ഞാണിതു കൗതുകം
സല്ലപിപ്പാൻപോലെ കർണ്ണമണഞ്ഞിടും;
നല്ലാർകണക്കെ പ്രിയനെപ്പുണർന്നൊലി –
ക്കൊള്ളും; പടയിൽ മറുകരയ്ക്കാക്കിടും!3
കൂർ വായ്ച പെൺപോലെ പാർശ്വേ പെരുമാറു –
മീ വിൽത്തലകൾ, തായ് പുത്രനെപ്പോലവേ
ചാരെ നിർത്തട്ടേ; മടിയ്ക്കാതരികളെ –
പ്പാരമെയ്യട്ടെ; കൊല്ലട്ടെ,യമിത്രരെ!4
ഒട്ടേറെ മക്കളുള്ളച്ഛൻ, പിറകിലായ് –
ക്കെട്ടിയ ബാണധി ചിച്ചെന്നൊലിയിടും;
യുദ്ധത്തിലെത്തിയാലെയ്തു ജയിച്ചിടു, –
മൊത്തുചേർന്നാർക്കുന്ന സൈന്യത്തെയൊക്കയും!5
തേരിൽ വാണിഷ്ടസ്ഥലങ്ങളിൽക്കൊണ്ടുപോം,
സാരഥിവര്യൻ പുരോധൃതാശ്വങ്ങളെ:
ഓർത്തവണ്ണമടക്കുന്നു, പിൻവാറുകൾ;
വാഴ്ത്തുവിന,ക്കയർച്ചാർത്തിൻ മഹിമയെ!6
പാരം പൊടി പറപ്പിയ്ക്കും കുളമ്പൊടേ
തേരും വലിച്ചൂക്കിലോടും കുതിരകൾ
ചീറ്റിച്ചിനയ്ക്കും; മടിയ്ക്കാതെ ഹിംസ്രരാം
മാറ്റാരെക്കാലാൽച്ചവിട്ടിമെതിച്ചിടും!7
തേരിലെ ദ്രവ്യമിവന്നു ഹവിസ്സുതാൻ:
പോരായുധം ചട്ട വെയ്ക്കുന്നതേതിലോ,
സൗഖ്യദമാകുമത്തേരിനെ പ്രാപിയ്ക്ക,
നാൾക്കുനാൾ നമ്മൾ തെളിഞ്ഞ മനസ്സുമായ്!8
പാലകർ നല്ലന്നമുണ്ണുവോര,ന്നദർ,
വേലേന്തിയോര,പായങ്ങൾ കൂസാത്തവർ,
ദുർദ്ധർഷരു,ദ്വീര്യർ, ചിത്രസൈന്യർ, ഗണ –
മർദ്ദകർ, വമ്പർ, ഗഭീരർ, ശരബലർ!9
നേർ മുതിർക്കും പിതൃബ്രഹ്മസോമാർഹരും
ക്ഷേമം തരട്ടെ,നിഷ്പാപഭൂദ്യോക്കളും;
പൂഷാവഘം പോക്കി രക്ഷിയ്ക്ക, നമ്മളെ; –
ദ്ദോഷം കഥിപ്പോന്റെ കീഴിലാകായ്ക്ക, നാം!10
ചേണുറ്റ പത്രവും,തേടുന്ന പല്ലുമായ്,
ഞാണിൽത്തൊടുത്തെയ്തുകൊള്ളിയ്ക്കുമമ്പുകൾ,
വേറെയുമൊന്നിച്ചുമാളുകൾ പായുന്ന
പാരിൽ നമുക്കു സുഖം വരുത്തേണമേ!11
പാടേ വളർക്ക, നീയെങ്ങളെബ്ബാണമേ:
പാറയായ്ത്തീരട്ടെ, ഞങ്ങൾതൻ വിഗ്രഹം!
സോമനുയർത്തിപ്പറയട്ടെ, നമ്മളെ!
ക്ഷേമമുളവാക്കിടട്ടെ,യദിതിയും!12
യാതൊന്നിനാലടിയ്ക്കുന്നൂ, തുടകളിൽ;
വൈദ്യഗ്ദ്ധ്യശാലികൾ തല്ലുന്നു പിന്നിലും;
ആ നീ തെളിയ്ക്കുക, ചാട്ടുവാറേ, ശരി –
യ്ക്കായോധനങ്ങളിലിത്തുരംഗങ്ങളെ!13
പേർത്തുപേർത്തുള്ള ഞാൻതല്ലു തടുക്കുവാൻ
കൈത്തണ്ടമേൽപ്പാമ്പുപോലെ ചുറ്റുന്നതായ്,
ജ്ഞാതവ്യമെല്ലാമറിഞ്ഞതായ്,പ്പൗരുഷോ –
പേതമാം കയ്യുറ കാക്കുന്നു, ധന്വിയെ!14
കാരിരിമ്പാം മുന, മാൻകൊമ്പിനാൽച്ചമ –
ച്ചോരു തുന്വേ,വമായ്, നഞ്ഞു തേച്ചുള്ളതായ്,
കാറിന്റെ വീര്യത്തിൽനിന്നു പിറന്നതാം
വാരാളുമന്വായ ദേവിയ്ക്കിതാ, നതി!15
പോരിക, പോക, നീ മന്ത്രശിതാസ്ത്രമേ;
കേറുക മാറ്റരിൽ; – ശ്ശേഷിയായ്ക്കാരുമേ!16
അസ്ത്രങ്ങൾ, മൊട്ടക്കിടാങ്ങൾപോലോടിവ –
ന്നെത്തുമിടങ്ങളിലാ ബ്രഹ്മണസ്പതി
നമ്മൾക്കു സൗഖ്യം തരട്ടെ,യദിതിയും –
നമ്മൾക്കു സൗഖ്യം തരട്ടെ,യനുദിനം!17
നിൻമർമ്മമെല്ലാം മറയ്ക്കുവൻ, ചട്ടയാൽ;
നിങ്കൽപ്പൊഴിയ്ക്കുക, മൃതു സോമൻ പുരാൻ!
നിർഭരസൗഖ്യം വരുണൻ തരട്ടെ, തേ;
നിൻജയത്തെയഭിനന്ദിയ്ക്ക, ദേവകൾ!18
കൂറു വെടിഞ്ഞ തന്നാളെയും, നമ്മളെ –
ദൂരത്തുനിന്നു വിദ്രോഹിച്ചവനെയും
മർദ്ദിച്ചരുളട്ടെ, ദേവകളേവരും;
മന്ത്രമാം ചട്ടയുണ്ടെ,ന്നെത്തുണയ്ക്കുവാൻ!19
കുറിപ്പുകൾ: സൂക്തം 75.

[1] യുദ്ധത്തിന്നു പുറപ്പെട്ട രാജാവിനെ പുരോഹിതൻ മന്ത്രം ചൊല്ലി കവചാദികൾ ധരിപ്പിയ്ക്കുന്നു. ഇതു കവചമന്ത്രമാണ്. കാറുപോലായ്വനും – ചട്ട ഇരുമ്പു കൊണ്ടാകയാൽ, കറുക്കും. നീ – രാജാവ്.

[2] ധനുർമ്മന്ത്രം: പശുക്കളെ വെല്ക – ശത്രുക്കളുടെ മാടുകളെ കീഴടക്കുക. അടർ – വെല്ക. കുറുമ്പരെ – ഗർവിഷ്ഠരായ ശത്രുക്കളെ. കാംക്ഷ – ജയാശ.

[3] ധനുർജ്യാമന്ത്രം:കൗതുകം – രസകരമായിട്ടുള്ളത്. കർണ്ണമണഞ്ഞിടും – ആഞ്ഞുവലിയ്ക്കുമ്പോൾ. പ്രിയനെ – ബാണമാക്കുന്ന വല്ലഭനെ.

[4] ധനുഷ്കോടിമന്ത്രം: കൂർ വായ്ച – സ്നേഹമേറിയവൾ ഭർത്തൃസമീപം വിട്ടുപോവില്ലല്ലോ; അതുപോലെ, പാർശ്വേ (ഇരുവശത്തും) പെരുമാറുന്ന. ചാരെ നിർത്തട്ടെ – ഈ രാജാവിനെ.

[5] നിഷംഗമന്ത്രം: മക്കൾ – മക്കൾ ബാണങ്ങൾ; അവയെ രക്ഷിയ്ക്കുന്നതിനാൽ ബാണധി (ആവവാഴി) യെ അച്ഛനാക്കിയിരിയ്ക്കുന്നു. ഒലിയിടും – ബാണങ്ങൾ വലിച്ചെടുക്കുമ്പോൾ, ‘ചിച്ച്’ എന്ന ശബ്ദം പുറപ്പെടുവിയ്ക്കും. സൈന്യത്തെ – ഈ രാജാവിന്റെ ശത്രുസേനയെ.

[6] പൂർവ്വാർദ്ധം സൂതമന്ത്രം: ഉത്തരാർദ്ധം കടിഞ്ഞാൺ മന്ത്രം: പുരോധൃതാശ്വങ്ങളെ – തേരിൻമുമ്പിൽക്കെട്ടിയ കുതിരകളെ. പിൻവാറുകൾ – തേരിൻപിന്നിലെയ്ക്കു നീട്ടിക്കെട്ടിയ തോല്ക്കയറുകൾ. ഓർത്തവണ്ണം – സാരഥിയുടെ നിനവിന്നൊത്ത്. അടക്കുന്നു – അശ്വങ്ങളെ നിയന്ത്രിയ്ക്കുന്നു. വാഴ്ത്തുവിൻ – രാജാവിന്റെ ആളുകളേ, നിങ്ങൾ സ്തുതിയ്ക്കുവിൻ.

[7] അശ്വമന്ത്രം:

[8] രഥമന്ത്രം: ഇവൻ (രാജാവു) ശത്രുക്കളെ ജയിച്ചു, തേരിൽക്കൊണ്ടു വരുന്ന ധനം ഹവിസ്സുതന്നെയാകും – രാജാവ് ആ ധനംകൊണ്ട് യാഗം കഴിയ്ക്കും. പോരായുധംചട്ട – യുദ്ധായുധങ്ങളും ചട്ടകളും.

[9] രഥരക്ഷകമന്ത്രം: പാലകർ – തേർക്കാവല്കാർ. നല്ലന്നം – രാജശത്രുക്കളെ തോല്പിച്ചു കൈക്കലാക്കിയ അന്നം. ഉദ്വീര്യർ = വീര്യമുയർന്നവർ. ചിത്രസൈന്യർ = ദർശനീയമായ സൈന്യത്തോടുകൂടിയവർ. ഗണമർദ്ദകർ – വൈരിഗണത്തെ മർദ്ദിയ്ക്കുന്നവർ.

[10] പിതൃബ്രഹ്മസോമാർഹർ = പിതാക്കളും ബ്രഹ്മാണരും സോമാർഹരും. അഘം = പാപം. ദോഷം കഥിപ്പോന്റെ – പാപം ചുമത്തുന്ന ശത്രുവിന്റെ.

[11] ശരമന്ത്രം: പത്രം = ചിറകുകൾ. തേടുന്ന – ശത്രുക്കളെ തിരയുന്ന. പല്ല് – കൂർപ്പ് എന്നർത്ഥം. വേറെയും ഒന്നിച്ചും – വേർപിരിഞ്ഞും, കൂടിച്ചേർന്നും. ആളുകൾ പായുന്ന പാരിൽ – പോർക്കളത്തിൽ. സുഖം – ജയജന്യമായ സുഖം.

[12] പറ – ശത്രുക്കൾക്കു പിളർത്താവതല്ലാത്തത്. വിഗ്രഹം = ശരീരം. ഉയർത്തിപ്പറയട്ടെ – പ്രശംസിയ്ക്കട്ടെ.

[13] ചമ്മട്ടിമന്ത്രം: തുടകളിൽ – അശ്വങ്ങളുടെ. വൈദഗ്ദ്ധ്യശാലികൾ – വിദഗ്ദ്ധരായ അശ്വഭടന്മാർ.

[14] കൈത്തണ്ടയുറയെക്കുറിച്ചുള്ള മന്ത്രം: ഞാൻതല്ല് – വില്ലിന്റെ ഞാൺ വന്നടിയ്ക്കുന്നത്. ജ്ഞാതവ്യം – യുദ്ധവിദ്യ. ധന്വി = വില്ലാളി.

[15] ശരമന്ത്രംതന്നെ: തുമ്പ് – അഗ്രഭാഗം. കാറിന്റെ വീര്യം – പർജ്ജന്യന്റെ രേതസ്സ്, മഴ; അമ്പുണ്ടാക്കുന്ന അമപ്പുല്ലു മഴകൊണ്ടാണല്ലോ, മുളയ്ക്കുന്നത്. വരാളും – മഹതിയായ. നതി = നമസ്കാരം.

[16] പോരിക – കാര്യം സാധിച്ചു തിരിയേവന്നാലും. മന്ത്രശിതാസ്ത്രമേ – മന്ത്രജപംകൊണ്ടു മൂർച്ച വന്ന ശരമേ. ആരുമേ – ശത്രുക്കളിൽ ഒരാൾപോലും.

[17] മൊട്ടക്കിടാങ്ങൾ = മുണ്ഡിതശിരസ്കരായ കുട്ടികൾ. ഇടങ്ങളിൽ – യുദ്ധരംഗങ്ങളിൽ.

[18] നിൻ – രാജാവിന്റെ.

[19] തന്നാളെയും – ജ്ഞാതിയെയും.

സൂക്തം 1.

വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത. (കാകളി)

ദൂരത്തുനിന്നു കാണാവും ഗൃഹേശ്വനായ്
സ്വൈരം ചരിയ്ക്കും പ്രശസ്തനാമഗ്നിയെ
രണ്ടരണികലിൽനിന്നു ജനിപ്പിച്ചു –
കൊണ്ടാർ, മഖ്യോദ്യതർ കൈവിരൽച്ചേഷ്ടയാൽ.1
എന്നെന്നുമേ ഗൃഹത്തിങ്കലഭ്യർച്ച ്യനായ് –
വന്ന സുമംഗളാലോകനാമഗ്നിയെ
ആലയത്തിൽ പ്രതിഷ്ഠിച്ചാർ, വസിഷ്ഠരേ –
താപത്തിൽനിന്നും പരിത്രാണനത്തിനായ്.2
അന്യൂനമേധിതനാകിയ നീയവി –
ച്ഛിന്നമാം ജ്വാലയോടഗ്നേ, യുവതമ,
മുന്നിലെങ്ങൾക്കായ്ജ്ജ്വലിച്ചരുളേണമേ:
നിന്നിലണയുന്നു, ഭൂരിഹവിസ്സുകൾ!3
ഏവരിൽ വാഴ്‌വൂ, സുജാതരാം നേതാക്ക –
ളാ; – വഹ്ന്യധികപ്രകാശരാമഗ്നികൾ
ഭദ്രരാം വീരരെക്കല്പിച്ചുനില്ക്കുവോർ
കത്തിപ്പടർന്നു വിളങ്ങുന്നു, നിർഭരം!4
വിദ്വേഷി വന്നേറ്റു നാശപ്പെടുത്താത്ത
ഭദ്രസമ്പത്തും സുപുത്രപൗത്രരെയും
തന്നരുളേണം, സ്തുതിയ്ക്കുന്ന ഞങ്ങൾക്കു,
വെന്നമർത്താൻ കഴിവൊക്കുമഗ്നേ, ഭവാൻ!5
ഇക്കരുത്തങ്കലെത്തുന്നൂ, യുവതിയാം
സ്രുക്കു ഹവിസ്സേന്തി രാവഹസ്സുകളിൽ;
വന്നണയുന്നുണ്ടിവങ്കൽ,ദ്ധനം കൊടു –
ക്കുന്നതിലുത്സുകയായ തൻദീപ്തിയും!6
അട്ടഹാസക്കാരെയിട്ടെരിയ്ക്കുന്നതാം
ത്വിട്ടിനാൽ നീയെതിരാളരെയൊക്കയും
ചുട്ടുപൊട്ടിയ്ക്കേണ,മഗ്നേ; മനോവ്യഥ
വിട്ടുപോംവണ്ണം മുടിയ്ക്കു; രോഗത്തെയും!7
തൂവെണ്മ പൂണ്ടു വിളങ്ങുമഗ്നേ, ശരി –
യ്ക്കേവൻ വരേണ്യ, നിൻദീപ്തി വളർത്തുമോ;
പാവക, നീയവന്നെന്നപോലാവുകി, –
ങ്ങേവം സ്തുതിച്ചുപാടുന്ന ഞങ്ങൾക്കുമേ!8
അഗ്ര്യരാം മർത്ത്യർ പിതൃഹിതന്മാരെവ –
രഗ്നേ, പലേടം ഭജിച്ചു, നിൻദീപ്തിയെ;
അങ്ങയ്ക്കവരിൽക്കണക്കി,ങ്ങു വാഴ്ത്തുന്ന
ഞങ്ങളിലും തിരുവുള്ളമുണ്ടാകണം!9
ഏവർ പുകഴ്ത്തുന്നു, മേത്തരമെൻകർമ്മ; –
മാ വിക്രമോപേതരായ മർത്ത്യരിവർ
ആയോധനങ്ങളിൽക്കീഴമർത്തട്ടെ, നേർ –
ക്കാസുരമായാപ്രയോഗങ്ങളൊക്കെയും!10
ശൂന്യഗേഹത്തിലാകൊല്ലെ,ങ്ങൾതന്നിരി –
പ്പ,ന്യഗേഹത്തിലുമഗ്നേ, ഗൃഹഹിത:
ഞങ്ങളപുത്രരവീരർ നിന്നെബ്ദിജി –
ച്ചിങ്ങു പാർക്കാവൂ, സസന്താനമാം ഗൃഹേ!11
അഗ്നി നിത്യം മഖത്തിന്നെങ്ങെഴുന്നള്ളു; –
മഗ്ഗൃഹം, സുപ്രജാഭൃത്യാദിസംയുതം,
ഔരസപുത്രനെക്കൊണ്ടഭിവൃദ്ധമായ് –
ത്തീരുവൊന്നെങ്ങൾക്കു (തന്നരുളേണമേ)!12
ഒന്നും കൊടാത്ത പാപേച്ഛവാം ഹിംസ്രങ്കൽ –
നിന്നെങ്ങളെക്കാത്തരുളുകഗ്നേ, ഭവാൻ;
വല്ലാത്ത രക്ഷസ്സിൽനിന്നുമേ രക്ഷിയ്ക്ക;
വെല്ലാവു, മാറ്റരെ നിൻതുണകൊണ്ടു ഞാൻ!13
ആയിരംസ്ഥാനവുമൗർജ്ജിത്യവും ദൃഢ –
മായ കരവുമുള്ളോനാം തനൂഭവൻ
അക്ഷയസ്തോത്രമോടാരിലണയു; – മാ –
യഗ്നിതാൻ മീതെയാക,ഗ്ന്യന്തരങ്ങളിൽ!14
ആരു കാക്കും, വളർപ്പോനെയുപദ്രവ –
ക്കാരിൽനിന്നും, മഹാപാപത്തിൽ നിന്നുമേ;
ആരെപ്പരിചരിച്ചീടും, സുജതരാം
വീര; – രദ്ദേഹമാണ,ഗ്നിത്തിരുവടി!15
ധാരിതഹവ്യനായൈശ്വര്യതൽപര –
നാരെ വേണ്ടുംവിധമുജ്ജ്വലിപ്പിയ്ക്കുമോ;
ആരു ഹോതാവായ്ച്ചരിയ്ക്കും, മഖങ്ങളി; –
ലായഗ്നിയാഹുതൻ, ഭൂരിദേശങ്ങളിൽ!16
നിത്യകർമ്മങ്ങൾ കഴിച്ചും, വിളിയ്ക്കുവാൻ
യുക്തമാം സ്തോത്രവും ശസ്ത്രവും ചൊല്ലിയും,
എത്രയോ ഹവ്യം ഭവാങ്കൽപ്പൊഴിയ്ക്കാവു,
വിത്തേശരായെങ്ങളഗ്നേ, മഖങ്ങളിൽ!17
കൊണ്ടാടിടേണ്ടുമീ ഹവ്യങ്ങളുമ്പർക്കു
കൊണ്ടുപോയാലുമജസ്രമഗ്നേ, ഭവാൻ:
അഗ്ഗണത്തിങ്കലോരോരുത്തനും കൊതി –
യുൾക്കൊണ്ടിടട്ടെ,യീ നല്ല വസ്തുക്കളിൽ!18
വിട്ടുകൊടുക്കരുത,ഗ്നേ, ക്ഷയത്തിനോ,
പൊട്ടമുണ്ടിന്നോ, പശിയ്ക്കോ, പിശാചിനോ,
സത്യവൻ, നിസ്സുതത്വത്തിനോ ഞങ്ങളെ: –
ബ്ബുദ്ധിമുട്ടിയ്ക്കൊല്ല, വീട്ടിലും കാട്ടിലും!19
അഗ്നേ, വെടുപ്പാക്കുക,ന്നമെനിയ്ക്കാശു;
സക്രതുകൾക്കുമയയ്ക്കു, ദേവ, ഭവാൻ:
ത്വദ്ദാനപാത്രങ്ങളാകി,രുകൂട്ടരും;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!20
ശോഭയോടഗ്നേ, ജ്വലിയ്ക്ക, ബലാത്മജ,
ശോഭനാഹ്വാനൻ മനോജ്ഞരൂപൻ ഭവാൻ;
ചൂടണയ്ക്കാതേ തുണയ്ക്കു, താനൂജനെ;
വാടരുതെ,ങ്ങൾതൻ മർത്ത്യഹിതൻ സുതൻ!21
ഞങ്ങളെക്കൃച്ഛ്രേണ പോറ്റാൻ കഥിയ്ക്കുരു –
തി,ങ്ങൃത്വിഗിദ്ധാഗ്നികളോടു തോഴർ നീ;
അഗ്നേ, ബലാത്മജ, ദേവ, തീണ്ടൊല്ല, നി –
ന്നുഗ്രഭാവം പ്രമാദത്തിലും ഞങ്ങളെ!22
അഗ്നേ, സുതേജസ്ത, ഹവ്യമമർത്ത്യനാ –
മങ്ങയ്ക്കു ഹോമിച്ച മർത്ത്യൻ ധനാഢ്യനാം!
അർത്ഥിയാം സ്തോതാവു ചോദിച്ചറിഞ്ഞാ,രി –
ലെത്തു,മവൻ ദേവതാവാപ്തവിത്തനാം!23
ഞങ്ങൾതൻ പ്രൗഢസൽക്കർമ്മമറിഞ്ഞ നീ –
യിങ്ങു പുകഴ്ത്തുവോർക്കെത്തിയ്ക്ക,വന്മുതൽ:
ഞങ്ങളിതിനാൽബ്ബലിഷ്ഠ, മത്താടവു,
ഭംഗമറ്റ,ഗ്നേ, ചിരായുസ്സുവീരരായ്!24
അഗ്നേ, വെടുപ്പാക്കുക,ന്നമെനിയ്ക്കാശു;
സക്രതുക്കൾക്കുമയയ്ക്ക, ദേവ, ഭവാൻ:
ത്വദ്ദാനപാത്രങ്ങളാകി,രുകൂട്ടരും;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!25
കുറിപ്പുകൾ: സൂക്തം 1.

[1] മഖ്യോദ്യതർ = യാഗത്തിന്നൊരുങ്ങിയവർ.

[2] സുമംഗളാലോകൻ = ശുഭദർശനൻ. വസിഷ്ഠൻ – വസിഷ്ഠനും തദ്ഗോത്രക്കാരും.

[3] അന്യൂനമേധിതൻ – പ്രകർഷേണ വർദ്ധിതൻ.

[4] നേതാക്കൾ – യജ്ഞാനുഷ്ഠായികൾ. വഹ്ന്യാധികപ്രകാശർ – ലൗകികാഗ്നികളെക്കാൾ പ്രകാശമുള്ളവർ. അഗ്നികൾ – ആഹവനീയാദികൾ. വീരർ – പുത്രാദികൾ. നിർഭരം = ഏറ്റവും.

[5] വെന്നമർത്താൻ – എതിരാളികളെ.

[6] പരോക്ഷോക്തി: ഇക്കരുത്തൻ – അഗ്നി. യുവതി = ചേരുന്നവൾ; യുവതി എന്നും. കൊടുക്കുന്നതിൽ – സ്തോതാക്കൾക്ക്.

[7] പ്രത്യക്ഷവചനം: അട്ടഹാസക്കാർ – രക്ഷസ്സുകൾ. ത്വിട്ട് = തേജസ്സ്.

[8] അവന്നെന്നപോലാവുക – അവനെയെന്നപോലെ, ഞങ്ങളേയും അനുഗ്രഹിച്ചാലും. ഇങ്ങ് – ഈ യജ്ഞത്തിൽ.

[10] ഇവർ – എങ്കൽ സ്നേഹമുള്ളവർ.

[11] ശൂന്യഗേഹം – പുത്രനും മറ്റുമില്ലാത്ത ഗൃഹം. അന്യഗേഹത്തിലും – അന്യഗൃഹത്തിലുമാകൊല്ല. ഗൃഹഹിത = ഗൃഹത്തിന്നു നന്മ വരുത്തുന്നവനേ. പുത്രരും വീരരായ ആൾക്കാരുമില്ലാത്ത ഞങ്ങൾ ഭവദ്ഭജനത്താൽ സസന്താനമായ ഗൃഹത്തിൽ വസിയ്ക്കുന്നവരായിത്തീരണം.

[12] അഗ്നി നിത്യം യാഗത്തിന്നു വന്നുചേരുന്നതും മറ്റുമായ ഗൃഹം.

[13] ഒന്നും കൊടാത്ത – അറുപിശുക്കനായ.

[14] ആയിരം സ്ഥാനം – അനേകമിടങ്ങൾ. ഔർജ്ജിത്യം = ബലം. അഗ്ന്യന്തരങ്ങളിൽ – മറ്റ് (അന്യരുടെ) അഗ്നികളെക്കാൾ. സമർത്ഥനായ പുത്രനുള്ളവന്റെ അഗ്നിയേ അന്യരുടെ അഗ്നികളെ അതിശയിയ്ക്കൂ.

[15] വളർപ്പോൻ – ഉജ്ജ്വലിപ്പിയ്ക്കുന്നവൻ. വീരർ – സ്തോതാക്കൾ.

[16] ധാരിതഹവ്യനായ് = ഹവിസ്സെടുത്ത്. ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. ആഹുതൻ – ഹോമിയ്ക്കപ്പെട്ടുവരുന്നു.

[17] വിത്തേശരായ് – ധനികന്മാരായിത്തീർന്നിട്ട്.

[18] അജസ്രം = നിത്യം. അഗ്ഗണം – ദേവഗണം.

[19] ഞങ്ങൾക്കു ക്ഷയവും മറ്റും വരുത്തരുത്. പൊട്ടമുണ്ട് – വറുതി എന്നർത്ഥം. നിസ്സതത്വം = പുത്രനില്ലായ്ക.

[20] വെടുപ്പാക്കുക – എനിയ്ക്കു തരാൻ നല്ല അന്നം കരുതുക. സക്രതുക്കൾ – യജ്ഞവാന്മാർ. ഇരുകൂട്ടരും – സ്തുതിയ്ക്കുന്നവരും, യജിയ്ക്കുന്നവരും. പാലിപ്പിൻ – അങ്ങും, അങ്ങയുടെ പരിവാരങ്ങളും രക്ഷിപ്പിൻ.

[22] ഋത്വിഗിദ്ധാഗ്നികൾ = ഋത്വിക്കുകളാൽ ജ്വലിപ്പിയ്ക്കപ്പെട്ട അഗ്നികൾ. കൃച്ഛ്രേണ (കഷ്ടിച്ചു) പോറ്റാൻ പറഞ്ഞാൽപ്പോരാ; തികച്ചും പോറ്റാൻ പറയണം. തോഴർ – ഞങ്ങളുടെ സഖാവായ. ഉഗ്രഭാവം – നിഗ്രഹബുദ്ധി.

[23] ചോദിച്ചറിഞ്ഞ് – ആരുടെ അടുക്കൽച്ചെന്നാൽ ധനം കിട്ടും എന്നന്വേഷിച്ചറിഞ്ഞ്. അവൻ – ആ ഉദാരൻ. ദേവതാവാപ്തവിത്തനാം = ദേവതകളിൽ നിന്നു സമ്പത്തു ലഭിച്ചവനായിത്തീരും.

[24] ഇതിനാൽ – ത്വദ്ദത്തമായ വന്മുതലിനാൽ. ഭംഗം = ഇടിവ്. ചിരായുസ്സുവീരരായ് – ദീർഘായുസ്സോടും നല്ല വീരന്മാരോടും (പുത്രാദികളോടും) കൂടി.

സൂക്തം 2.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സമിദ്ധാദ്യഗ്നികൾ ദേവത.

അഗ്നേ, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ചമതയിലിരുന്നാലും: യജനീയമായ രമണീയധൂമം പ്രസരിപ്പിച്ച് ഏറ്റവും ഉജ്ജ്വലിച്ചാലും; ചൂടുനാളങ്ങൾകൊണ്ട് ആകാശം സ്പർശിച്ചാലും; സൂര്യരശ്മികളോടു ചേർന്നാലും!1

സുപ്രജ്ഞരായ, തേജസ്വികളായ, കർമ്മങ്ങളെ നിലനിർത്തുന്നവരായ യാവചിലർ രണ്ടുതരം ഹവിസ്സുകളും ആസ്വദിക്കുമോ; ആ ദേവന്മാരിൽവെച്ചു യജ്ഞാർച്ചനീയരായ നരാശംസന്റെ മഹിമാവിനെ ഞങ്ങൾ സ്തുതിയ്ക്കുന്നു.2

സ്തുത്യനും, ബലവാനും, സുപ്രജ്ഞനും, വാനൂഴികൾക്കിടയിൽ ദൂതനും, മനുഷ്യരാലെന്നപോലെ മനുവിനാൽ വളർത്തപ്പട്ടവനുമായ സത്യഭാഷിയെ നിങ്ങൾ യാഗത്തിനായി സദാ പൂജിയ്ക്കുവിൻ!3

സപര്യാതൽപരർ കാൽമുട്ടുകൾ മടക്കിനിന്ന്, അഗ്നിയിൽ ദർഭയും ഹവ്യവും പ്രക്ഷേപിയ്ക്കുന്നു – അധ്വര്യുക്കളേ, നിങ്ങൾ നൈ തളിച്ചതായ, പുള്ളികൾ വീണ ദർഭയും ഹവിസ്സും ഹോമിച്ചു പരിചരിയ്ക്കുവിൻ!4

രഥമിച്ഛിയ്ക്കുന്ന സുകർമ്മാക്കളായ ദേവകാമന്മാർ യാഗശാലയുടെ വാതില്ക്കലെത്തി. തുമ്പു കിഴക്കോട്ടായ (ഇരുസ്രുക്കുകൾ), തള്ളപൈക്കൾ കുട്ടിയെ എന്നപോലെ, (അഗ്നിയെ) നക്കുന്നു; നദികൾ പോലെ, (അധ്വര്യുക്കൾ) നൈ പുരട്ടിയ്ക്കുന്നു.5

യുവതികളായി, ദിവ്യകളായി, മഹതികളായി, ദർഭസ്ഥിതകളായി, ബഹുസ്തുതകളായി, യജ്ഞാർഹകളായി, ധനവതികളായിരിക്കുന്ന അഹോരാത്രികൾ നല്ല കറവപ്പയ്യുപോലെ, നമ്മളിൽ നന്മയ്ക്കായിചേർന്നുനില്ക്കട്ടെ!6

മേധാവികളായ ജാതവേദസ്സുകളേ, മനുഷ്യരുടെ യാഗങ്ങളിൽ കർമ്മം ചെയ്യുന്ന നിങ്ങളിരുവരെയും ഞാൻ യജനത്തിനായി സ്തുതിയ്ക്കുന്നു: ആ നിങ്ങൾ സ്തുതിയ്ക്കുന്ന ഞങ്ങളുടെ യാഗത്തെ മേല്പോട്ടു കൊണ്ടുപോകുവിൻ; ദേവന്മാരുടെ ധനം നിങ്ങൾക്കധീനമാണല്ലോ!7

ഭാരതികളോടൊന്നിച്ചു ഭാരതിയും, മനുഷ്യദേവന്മാരോടൊന്നിച്ച് ഇളയും, അഗ്നിയും, സാരസ്വതരോടൊന്നിച്ചു സരസ്വതിയും ഇങ്ങോട്ടെഴുന്നള്ളട്ടെ; ദേവിമാർ മുവ്വരും ഈ ദർഭയിൽ ഉപവേശിയ്ക്കട്ടെ!8

ദേവ, ത്വഷ്ടാവേ, വിളയാടുന്ന ഭവാൻ ആ താരകമായ പോഷകം പകർന്നാലും: എന്നാൽ, വീരനും കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്നവനുമായ ദേവകാമൻ പിറക്കുമല്ലോ!9

വനസ്പതേ, ഭവാൻ ദേവകളെ ഇവിടെ വരുത്തുക. അഗ്നിയും പശുവിനെ സംസ്കരിച്ചു, ഹവിസ്സു ദേവകൾക്കെത്തിയ്ക്കട്ടെ. ആ സത്യസ്വരൂപനായ ഹോതാവുതന്നെ ജയിയ്ക്കട്ടെ; അവിടെയ്ക്കറിയാമല്ലോ, ദേവന്മാരുടെ ജനനങ്ങൾ!10

അഗ്നേ, സമുജ്ജ്വലനായ ഭവാൻ ഇന്ദ്രനോടും സത്വരരായ ദേവന്മാരോടുംകൂടി ഒരേതേരിൽ ഇങ്ങോട്ടു വന്നാലും! പുത്രസഹിതയായ അദിതി ഞങ്ങളുടെ ദർഭയിലിരിയ്ക്കട്ടെ! സ്വാഹാ, അമർത്ത്യരായ ദേവന്മാർ ഇമ്പംകൊള്ളട്ടെ!11

കുറിപ്പുകൾ: സൂക്തം 2.

[1] സമിദ്ധാഗ്നിയോട്:

[2] രണ്ടുതരം ഹവിസ്സുകൾ – സോമനീരും പുരോഡാശവും. യജ്ഞാർച്ചനീയൻ – യജ്ഞങ്ങൾ (ഹവിസ്സോ, സ്തോത്രമോ) കൊണ്ടു പൂജനീയൻ. നരാശംസൻ – ഒരഗ്നി.

[3] മനുഷ്യരാലെന്നപോലെ – ഇപ്പോൾ മനുഷ്യർ ചെയ്യുന്നതുപോലെ, പണ്ടു മനു വളർത്തിയവനും. സത്യഭാഷി – അഗ്നി.

[5] നദികൾപോലെ – നദികൾ വയലിനെ നനയ്ക്കുന്നതുപോലെ.

[7] രണ്ടു ദൈവ്യാഗ്നികളെപ്പറ്റി: മേല്പോട്ടു – ദേവന്മാരുടെ അടുക്കലെയ്ക്കു്. നിങ്ങൾക്കധീനമാണല്ലോ – അതു ഞങ്ങൾക്കു തരുവിൻ എന്നു ഹൃദയം.

[8] ഇതുമുതൽ 4 ഋക്കുകൾ രണ്ടാമഷ്ടകം എട്ടാമധ്യായത്തിലുണ്ട്; അതിനാൽ, ഇവിടെ ടിപ്പിണി എഴുതേണ്ടതില്ല.

സൂക്തം 3.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

യാതൊരു ദേവൻ മനുഷ്യരിൽ എന്നെന്നും കുടികൊള്ളുന്നവനും, പൊള്ളിയ്ക്കുന്ന തേജസ്സുള്ളവനും, അന്നവാനും, പാവകനുമാകുന്നുവോ; ആ മികച്ച യഷ്ടാവിനെ – അഗ്നികളോടു സഹിതനായ അഗ്നിയെ – നിങ്ങൾ അധ്വരത്തിൽ ദൂതനാക്കുവിൻ!1

തീറ്റ തിന്നു ചിനയ്ക്കുന്ന ഒരു കുതിരപോലെ, അദ്ദേഹം വലിയ തടവു വിട്ടു സ്ഥിതിചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ ജ്വാല പടരുകയായി; ഉടനേ, അങ്ങയുടെ മാർഗ്ഗം കറുത്തിരുളും!2

ആഗ്നേ, പുതുതായി വെളിപ്പെട്ട ഭവാന്റെ തളരാത്ത ജ്വാലകൾ ഉയരുന്നതെപ്പൊഴോ, അപ്പോൾ നിറന്ന പുക ആകാശത്തണയും; അഗ്നേ, അവിടുന്നു ദൂതനായി ദേവന്മാരെ പ്രാപിയ്ക്കുകയും ചെയ്യും!3

അങ്ങയുടെ തേജസ്സു നിലത്തു പടർന്നിട്ട്, അന്നങ്ങളെ പല്ലുകൾകൊണ്ട് ചിക്കെന്നു കടിച്ചുതിന്നും; അങ്ങയുടെ ജ്വാല, ഒരുങ്ങിയ ഒരു സേനപോലെ നടക്കും. ദർശനീയ, ഭവാൻ യവമെന്നപോലെ, ജ്വാലകൊണ്ടു ഭക്ഷിയ്ക്കുന്നു!4

ആ അതിയുവാവായ, അതിഥിയായ അഗ്നിയെത്തന്നേ മനുഷ്യർ ഇരവുപകൽ തൽസ്ഥാനത്ത് ഉജ്ജ്വലിപ്പിച്ച്, അജസ്രഗാമിയായ ഒരശ്വത്തെയെന്നപോലെ പരിചരിച്ചുപോരുന്നു; ആഹുതനായ വൃഷാവിന്റെ ജ്വാല തിളങ്ങുകയുംചെയ്യുന്നു!5

സുതേജസ്ക, പൊന്നുപോലെ അരികത്തു വിളങ്ങുമ്പോൾ, നിന്തിരുവടിയുടെ രൂപം എത്ര ദർശനീയം! അങ്ങയുടെ ബലം, വാനിൽനിന്ന് ഇടിവാൾപോലെ പുറപ്പെടും. അങ്ങ്, വിചിത്രനായ സൂര്യൻപോലെ പ്രഭ പരത്തുന്നു!6

അഗ്നിയായ നിന്തിരുവടിയ്ക്കു സ്വാഹാ! ഞങ്ങൾ പാലും നെയ്യും ചേർന്ന ഹവിസ്സുകൾകൊണ്ടു പരിചരിയ്ക്കുമാറാകണം. അഗ്നേ അതിന്നു നിന്തിരുവടി എണ്ണമില്ലാത്ത തേജസ്സുകൾകൊണ്ടു, നൂറുപൊന്നിൻപുരികൾകൊണ്ടെന്നപോലെ ഞങ്ങളെ സംരക്ഷിച്ചാലും!7

ബലത്തിന്റെ മകനേ, ജാതവേദസ്സേ, ദാതാവായ അവിടെയ്ക്കു് അപ്രധർഷിതങ്ങളായ ജ്വാലകളുണ്ട്; പ്രജകളെ പാലിയ്ക്കുന്ന അരുളപ്പാടുകളുമുണ്ട് അവകൊണ്ടു, സ്തുതിയ്ക്കുന്ന പ്രശസ്തസൂരികളെയും ഞങ്ങളെയും ഭവാൻ സംരക്ഷിയ്ക്കണം!8

തന്റെ തഴച്ച കാന്തികൊണ്ടു തിളങ്ങുന്ന ശൂചി, അണയ്ക്കപ്പെട്ട മഴുപോലെ പുറത്തെയ്ക്കു പോന്നാൽ ദേവയജനത്തിന്നുള്ളവനായി: രണ്ടമ്മമാരിൽനിന്നു ജനിച്ചവനാണല്ലോ, കമനീയനും സുകർമ്മവുമായ ഈ പാവകൻ!9

അഗ്നേ, അങ്ങ് ഈ സൗഭാഗ്യങ്ങൾ ഞങ്ങൾക്കു തന്നരുളുക. കർമ്മിയായ ശോഭനജ്ഞാനൻ ഞങ്ങൾക്കു ജനിയ്ക്കണം. സകലവും ഉണ്ടായിവരട്ടെ, പുകഴ്ത്തുന്നവർക്കും പാടുന്നവർക്കും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’10

കുറിപ്പുകൾ: സൂക്തം 3.

[1] ദേവന്മാരോട്: അഗ്നികൾ – മറ്റഗ്നികൾ.

[2] സ്ഥിതിചെയ്യുമ്പോൾ – വൃക്ഷങ്ങളിൽ ദാവാഗ്നിയായി വത്തിയ്ക്കുമ്പോൾ. ഒടുവിലെ വാക്യം പ്രത്യക്ഷസ്തുതി.

[3] നിറന്ന – നിറമിയന്ന.

[4] അന്നങ്ങളെ – മരത്തടി മുതലായവയെ. പല്ലുകൾ – ജ്വാലകൾ. ഭക്ഷിയ്ക്കുന്നു – വനത്തെ; യവം തിന്നുന്നതുപോലെ.

[5] തൽസ്ഥാനത്ത് – ആഹവനീയസ്ഥാനത്ത്. വൃഷാവ് – അഭീഷ്ടവർഷിയായ അഗ്നി.

[7] നൂറ് – അസംഖ്യങ്ങളായ.

[9] ശുചി = അഗ്നി. പുറത്തെയ്ക്കു പോന്നാൽ – മരത്തടികളെ വിട്ടുപോന്നാൽ. രണ്ടമ്മമാർ – രണ്ടരണികൾ.

[10] ശോഭനജ്ഞാനൻ – നല്ല ജ്ഞാനമുള്ള പുത്രൻ.

സൂക്തം 4.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആർ ദേവകളും മനുഷ്യരുമാകുന്ന പ്രജകളുടെയെല്ലാമിടയിൽ അറിഞ്ഞു നടക്കുന്നുവോ, ആ വെൺനിറം പൂണ്ടു വിളങ്ങുന്ന അഗ്നിയ്ക്കു നിങ്ങൾ പരിശുദ്ധമായ ഹവിസ്സും സ്തുതിയും ഒരുക്കുവിൻ!1

അമ്മയിൽനിന്ന് അതിയുവായിത്തന്നേ ജനിച്ച ആ മേധാവിയായ അഗ്നി മറുകരയണയ്ക്കുന്നവനാകുന്നു. താൻ തെളിഞ്ഞ പല്ലുകൾകൊണ്ടു കാടുകൾ കടിച്ചെടുക്കും; ഒരുപാടന്നങ്ങൾ ഉടനടി തിന്നുതീർക്കും!2

ഈ ദേവന്റെ മുഖ്യസ്ഥാനത്തു യാതൊരു ധവളവർണ്ണനെ ആളുകൾ പ്രതിഷ്ഠിയ്ക്കുന്നുവോ; യാതൊരുവൻ മനുഷ്യരുടെ സ്തുതി കൈകൊള്ളുന്നുവോ; ആ അഗ്നി മർത്ത്യന്നുവേണ്ടി ദുർദ്ധർഷമാംവണ്ണം ഉജ്ജ്വലിയ്ക്കുന്നു!3

ഈ ക്രാന്തദർശിയും പ്രകാശകനും അമർത്ത്യനുമായ അഗ്നി ക്രാന്തദർശികളല്ലാത്ത മർത്ത്യരിൽ കുടികൊള്ളുന്നു! ഞങ്ങളുടെ മനസ്സ് എപ്പൊഴും ആറിൽ തെളിഞ്ഞുനില്ക്കേണമോ, ബലവാനേ, ആ നിന്തിരുവടി ഞങ്ങളെ ഇവിടെ കഷ്ടപ്പെടുത്തരുതേ!4

ദേവകളാൽ നിർദ്ദിഷ്ടമായ സ്ഥാനത്തത്രേ, അഗ്നിയിരിയ്ക്കുന്നത്: അമർത്ത്യരെ തുണയ്ക്കുന്നവനാണല്ലോ, താൻ. ഈ വിശ്വംഭരനെ ഓഷധികളും വൃക്ഷങ്ങളും ഭുമിയും ഗർഭത്തിൽ ധരിയ്ക്കുന്നു!5

അഗ്നിയ്ക്കു കഴിവുണ്ടല്ലോ, അന്നം വളരെത്തരാൻ; നല്ല വീര്യം, ധനം എന്നിവ തരാനും കഴിവുണ്ട്. ബലവാനേ, പുത്രനോടുകൂടാതെയാകരുതു്, അഴകോടുകൂടാതെയാകരുത്, പരിചരണത്തോടുകൂടാതെയാകരുത്. ഞങ്ങളുടെ ഇരിപ്പ്!6

കടമില്ലാഞ്ഞാൽ മതിയാവുമല്ലോ, മുതൽ: ഉറച്ച ധനത്തിന്റെ ഉടമകളാകണം, ഞങ്ങൾ! അഗ്നേ, അന്യപ്രജ സ്വസന്താനമാകില്ല; വിഡ്ഢിമാർഗ്ഗത്തിനു വീതി കൂട്ടരുതേ! 7

എത്ര സുഖിപ്പിയ്ക്കപ്പെട്ടാലും ഇണങ്ങാത്ത അന്യജാതനെ കൈക്കൊള്ളാൻ മനസ്സിൽ വിചാരിയ്ക്കയേ വയ്യ: അവൻ സ്വസ്ഥാനത്തെയ്ക്കുതന്നേ തിരിച്ചുപോയ്ക്കളയും. അതിനാൽ, അന്നവാനും കീഴമർത്തുന്നവനുമായ നവീനൻ ഞങ്ങൾക്കു പിറക്കട്ടെ!8

അഗ്നേ, അങ്ങ് ഞങ്ങളെ ദ്രോഹിയിൽനിന്നും, ബലവാനേ, അങ്ങ് പാപത്തിൽനിന്നും പരിപാലിക്കണം. നിർദ്ദോഷമായ ഹവിസ്സ് വഴിപോലെ ഭവാങ്കലെത്തട്ടെ; സ്പൃഹണീയമായ ആയിരംധനം ഞങ്ങളിലും! 9

അഗ്നേ, അങ്ങ് ഈ സൗഭാഗ്യങ്ങൾ ഞങ്ങൾക്കു തന്നരുളുക: കർമ്മിയായ ശോഭനജ്ഞാനൻ ഞങ്ങൾക്കു ജനിയ്ക്കണം; സകലവും ഉണ്ടായിവരട്ടേ, പുകഴ്ത്തുന്നവർക്കും പാടുന്നവർക്കും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’10

കുറിപ്പുകൾ: സൂക്തം 4.

[1] ഋത്വിക്കുകളോട്.

[2] അമ്മ – അരണി. മറുകര – യജ്ഞങ്ങളുടെ. പല്ലുകൾ – ജ്വാലകൾ. അന്നങ്ങൾ – വൃക്ഷാദികൾ.

[3] ധവളവർണ്ണനെ – അഗ്നിയെ.

[5] വിശ്വംഭരൻ – ഉലകെല്ലാം താങ്ങുന്നവൻ.

[6] രണ്ടാം വാക്യം പ്രത്യക്ഷോക്തി: മതിയാവും – കാലക്ഷേപത്തിന്ന് ഉറച്ച – കടച്ചുമതലയില്ലാത്ത. അന്യപ്രജയെ സ്വസന്താനമാക്കലും മറ്റും വിഢികളുടെ വഴിയാണ്; അതിനു വീതി കൂട്ടിക്കൂടാ. ഞങ്ങളെയും ആ വഴിയിലൂടെ നടത്തരുതേ എന്നർത്ഥം.

[8] അന്യപ്രജ സ്വസന്താനമാകില്ല എന്നു മുൻഋക്കിൽ പറഞ്ഞതു വിവരിയ്ക്കുന്നു: സ്വസ്ഥാനം – താൻ ജനിച്ച ഗൃഹം. നവീനൻ – പുതിയ പുത്രൻ.

സൂക്തം 5.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.

ആർ എല്ലാ അമർത്ത്യരുടെയും ഇരിപ്പിടത്തിൽ, ആ ജാഗരൂകരോടൊപ്പം വളരുന്നുവോ; വാനിലും മന്നിലും നടക്കുന്ന ബലവാനായ ആ വൈശ്വാനരാഗ്നിയെ നിങ്ങൾ സ്തുതിയ്ക്കുവിൻ!1

നദികളെ നയിയ്ക്കുന്നവനും ജലങ്ങളെ പൊഴിയ്ക്കുന്നവനുമായ യാതൊരഗ്നി ദ്യോവിലും ഭൂവിലും വച്ചു പൂജിക്കയ്ക്കപ്പെടുന്നുവോ; ആ വൈശ്വാനരൻ ഹവിസ്സുകൊണ്ടു വളർന്നു, മനുഷ്യപ്രജകൾക്കായി പ്രകാശിയ്ക്കുന്നു! 2

വൈശ്വാനരാഗ്നേ, അങ്ങ് പൂരുവിനുവേണ്ടി പുരികൾ പൊളിച്ചു. കത്തിജ്ജ്വയ്ക്കയുണ്ടായല്ലോ; അന്ന് അങ്ങയെപ്പേടിച്ചു കറുമ്പന്മാർ വേറുപിരിഞ്ഞു, മുതലും വെടിഞ്ഞു, കുതിച്ചുപാഞ്ഞു!3

വൈശ്വാനരാഗ്നേ, അങ്ങയ്ക്കായുള്ള കർമ്മത്തെ അന്തരിഷവും ഭൂവും ദ്യോവും ആദരിയ്ക്കുന്നു. നിത്യാതേജസ്സുകൊണ്ടു വിളങ്ങുന്ന ഭവാൻ ശോഭകൊണ്ടു വാനൂഴികൾക്കു വീതി കൂട്ടുന്നു!4

അഗ്നേ, പ്രജകളുടെ സ്വാമിയും, ധനങ്ങളുടെ നേതാവും, ഉഷസ്സിന്റെയും പകലിന്റെയും കൊടിമരവും, വൈശ്വാനരനുമായ അങ്ങയെ അശ്വങ്ങൾ സ്പൃഹയോടെ സേവിക്കുന്നു; (പാപത്തെ) പറപ്പിയ്ക്കുന്ന, നെയ്യോടുകൂടിയ സ്തുതികളും!5

മിത്രങ്ങളെ പൂജിയ്ക്കുന്ന അഗ്നേ, അങ്ങയിലാണ്, ദേവന്മാർ ബലം വെച്ചിരിക്കുന്നത്: അവർ അങ്ങയ്ക്കുള്ള കർമ്മത്തിൽ ചേർന്നുവന്നല്ലോ. അങ്ങു കർമ്മവാന്നു കനത്ത തേജസ്സുളവാക്കി, കർമ്മഹീനരെ സ്ഥാനത്തുനിന്നോടിച്ചു!6

ആ ഭവാൻ അത്യുന്നതമായ ആകാശത്തുദിച്ചു, വായുപോലെ ജലം ഉടനടി നുകരുന്നു; ജാതവേദസ്സേ, അങ്ങ് തണ്ണീരുകളെ ഉൽപാദിപ്പിച്ച്, ഉണ്ണിയ്ക്കു വേണ്ടതു കൊടുപ്പാൻ ഇടിമുഴക്കുന്നു!7

വൈശ്വാനരാഗ്നേ, വിശ്വവരേണ്യ, ജാതവേദസ്സേ, ഭവാൻ യാതൊന്നുകൊണ്ടു ധനവും, ഹവിർദ്ദാതാവായ മനുഷ്യന്നു വിപുലമായ യശസ്സും നിലനിർത്തുന്നുവോ, ആ തിളങ്ങുന്ന മഴയെ ഞങ്ങൾക്കയച്ചാലും! 8

അഗ്നേ, ആ അന്നസമൃദ്ധമായ ധനവും, കേൾവിയ്ക്കുതകുന്ന ബലവും ഭവാൻ ഹവിർദ്ധനരായ ഞങ്ങളിൽ ചേർത്തുവെച്ചാലും; അഗ്നേ, വൈശ്വാനര, അങ്ങ് രുദ്രരോടും ദേവകളോടുംകൂടി, ഞങ്ങൾക്കു മഹത്തായ സുഖം തന്നാലും!9

കുറിപ്പുകൾ: സൂക്തം 5.

[1] സ്തോതാക്കളോട് ഇരിപ്പിടം – യാഗശാല. ആ ജാഗരൂകർ – ഉണർവു പൂണ്ട അമർത്ത്യന്മാർ.

[3] പൂരു – രാജാവ്. പുരികൾ – ശത്രുനഗരികൾ. കറുമ്പന്മാർ – രാക്ഷസർ.

[5] നെയ്യ് – ഹവിസ്സ്.

[7] ഉദിച്ച് – സൂര്യത്മനാ. വായുപോലെ – വായു യജ്ഞത്തിൽ ഒന്നാമത്തെ സോമം നുകരുന്നതുപോലെ. ജലം – ഭൂമിയിലെ വെള്ളം. ഉണ്ണിയ്ക്കു – പുത്രൻ പോലെ പാലനീയനായ യജമാനന്ന്. ഇടിമുഴക്കുന്നു – വൃഷ്ടിയ്ക്കൊരുങ്ങുന്നു.

സൂക്തം 6.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പിളർത്തവനെ ഞാൻ വന്ദിയ്ക്കുന്നു: വന്ദിച്ചുകൊണ്ടു, പ്രവൃദ്ധനും ബലവാനും വീര്യവാനും ആളുകൾക്കു സ്തുത്യനുമായ ആ സാമ്രാട്ടിന്റെ പ്രശസ്തിയും പ്രവൃത്തിയും, ഇന്ദ്രന്റേതെന്നപോലെ വർണ്ണിയ്ക്കുന്നു.1

കവിയും, കൊടിമരവും, ആദരിയ്ക്കുന്നവനെ താങ്ങുന്നവനും, പ്രകാശകനും, സുഖപ്രദനുമായ വാനൂഴിപ്പെരുമാളിനെ (ആളുകൾ) പ്രീതിപ്പെടുത്തുന്നു. ആ പുരന്ദരനായ അഗ്നിയുടെ വമ്പിച്ച പൂർവകർമ്മങ്ങളെ ഞാൻ പുകഴ്ത്തട്ടെ!2

തൊഴിലും യജ്ഞവുമില്ലാത്ത, തെറി പുലമ്പുന്ന, അവിശ്വാസികളായ, വളർത്താത്ത ഹുണ്ടികക്കാരെ – ആ ദസ്യുക്കളെ – അഗ്നി ആട്ടിപ്പായിയ്ക്കും; മുമ്പനായിനിന്നു യജ്ഞഹീനരെ ഇടിച്ചുതാഴ്ത്തും!3

യാതൊരു മികച്ച നേതാവ് ഇരുണ്ട തമസ്സിൽ മയങ്ങിയവരെ, ബോധം നല്കി നേരേ നടത്തിയോ; ആ ധനപതിയായ അഗ്നിയെ തലകുനിയ്ക്കാത്തവനെ, യുദ്ധക്കൊതിയരെ അടക്കിനിർത്തുന്നവനെ ഞാൻ സ്തുതിച്ചുകൊള്ളുന്നു. 4

ആർ തടിച്ചവയെ ആയുധങ്ങൾകൊണ്ടു കുനിയിച്ചുവോ, ആർ സൂര്യപത്നികളായ ഉഷസ്സുകളെ ഉദിപ്പിച്ചുവോ; ആ മഹാനായ അഗ്നിപ്രജകളെ ബലംകൊണ്ടടക്കി, നഹുഷന്നു കപ്പം കൊടുപ്പിച്ചു!5

ആളുകളെല്ലാം സുഖത്തിനായി, ആരുടെ നന്മമനസിനെ പ്രാർത്ഥിച്ചു, ഹവിസ്സുമായി അരികേ നില്ക്കുന്നുവോ; ആ വൈശ്വാനരാഗ്നി അച്ഛനമ്മമാരായ ദ്യാവോപൃഥിവികളുടെ മികച്ച മടിത്തട്ടിൽ ഇരുന്നരുളുന്നു!6

ദേവനായ വൈശ്വാനരാഗ്നി സൂര്യോദയത്തിൽ അന്തരിക്ഷത്തിലെ ഇരുട്ടു നീക്കുന്നു: അന്തരിക്ഷത്തിൽനിന്നും താഴത്തുനിന്നും നീക്കുന്നു – ദ്യോവിൽനിന്നും ഭൂവിൽനിന്നും നീക്കുന്നു!7

കുറിപ്പുകൾ: സൂക്തം 6.

[1] പിളർത്തവനെ – അസുരപുരികൾ പിളർത്ത വൈശ്വാനനെ. പ്രവൃത്തി = കർമ്മം.

[2] കൊടിമരം – ലോകത്തിന്റ.

[3] വളർത്താത്ത – അഗ്നിയെ ജ്വലിപ്പിയ്ക്കാത്ത.

[5] തടിച്ചവയെ – അസുരായകളെ. നഹുഷൻ – ഒരു രാജാവ്.

[6] മടിത്തട്ടിൽ – അന്തരിക്ഷത്തിൽ.

[7] താഴത്തുനിന്നും – ഭൂമിയിൽനിന്നും.

സൂക്തം 7.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കീഴമർത്തുന്നവനും, ഒരു കുതിരപോലെ കെല്പനും, അഗ്നിദേവനുമായ നിന്തിരുവടിയ്ക്കു ഞാൻ സ്തുതികൾ അയയ്ക്കുകതന്നെ. ചെയ്യുന്നു: അഭിജ്ഞനായ നിന്തിരുവടി ഞങ്ങളുടെ യാഗത്തിൽ ദൂതനായാലും! തന്തിരുവടി സ്വയം വൃക്ഷങ്ങളെ ദഹിപ്പിച്ചവനായി ദേവന്മാരിൽ അറിയപ്പെടുന്നു.1

അഗ്നേ, ദേവന്മാരോടു സഖ്യംകൊള്ളുന്ന സ്തുത്യനായ ഭവാൻ തേജസ്സിനാൽ ഭൂമിയുടെ ഉന്നതപ്രദേശത്തെ ഒലിപ്പെടുത്തിക്കൊണ്ടു, കാടെല്ലാം കൊതിയോടേ കടിച്ചുതിന്നിട്ട്, സ്വമാർഗ്ഗങ്ങളിലൂടെ വന്നാലും!2

യജ്ഞം ശരിയ്ക്കനുഷ്ഠിയ്ക്കപ്പെടുന്നു: ദർഭ വിരിച്ചിരിയ്ക്കുന്നു; അഗ്നിയും സ്തുതിയാൽ പ്രസാദിച്ചരുളുന്നു. യുവതമ, അങ്ങ് നല്ല സുഖത്തോടേ പിറന്നപ്പോൾ, ഹോതാവു വിശ്വവരേണ്യകളായ രണ്ടമ്മമാർക്കു ഹോമിപ്പാനും തുടങ്ങി.3

വിശുദ്ധ പ്രാജ്ഞരായ മനുഷ്യൻ യജ്ഞനേതാവിനെ ഉടനടി ഉൽപാദിപ്പിയ്ക്കുന്നു: അവരുടെ ഈ അഗ്നി, പ്രജാപാലകൻ, ആഹ്ലാദകരൻ, മധുരവചൻ, സത്യവാൻ, പ്രജകളുടെ ഗൃഹത്തിൽ വെയ്ക്കപ്പെട്ടിരിക്കുന്നു.4

ഹവിസ്സു വഹിയ്ക്കുന്ന, ഉലകം താങ്ങുന്ന, തലവനായ അഗ്നിവരിയ്ക്കപ്പെട്ടാൽ വന്നണഞ്ഞു മനുഷ്യന്റെ സ്ഥാനത്തിരിയ്ക്കും: ഈ വിശ്വവരേണ്യനെ ദ്യോവും ഭൂവും വളർത്തുന്നു; ഹോതാവു യജിയ്ക്കുകയും ചെയ്യുന്നു.5

യാവചിലമനുഷ്യർ തികഞ്ഞ മന്ത്രം നിർമ്മിച്ചുവോ; യാവചിലർ സ്തോത്രം കേൾപ്പിച്ചു വളർത്തിയോ; യാവചിലർ ഈ സത്യരൂപത്തിനെ സമുജ്വലിപ്പിച്ചുവോ; അവർ – എന്റെ ഈ ആളുകൾ – എല്ലാരെയും അന്നംകൊണ്ടു പുലർത്തുന്നു!6

അഗ്നേ, ബലപുത്ര, ധനങ്ങളുടെ അധിപതിയായ ഭവാനോടു ഞങ്ങൾ, വസിഷ്ഠർ ഇപ്പോൾ യാചിയ്ക്കുന്നു. സ്തോതാക്കൾക്കും ഹവിർദ്ദാതാക്കൾക്കും, അങ്ങ് അന്നം കിട്ടിയ്ക്കണം; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 7

കുറിപ്പുകൾ: സൂക്തം 7.

[1] വൃക്ഷങ്ങളെ ദഹിപ്പിച്ചവനായി – ദാവാഗ്നിയായി.

[2] ഉന്നതപ്രദേശത്തെ – ശൈലാരണ്യത്തെ.

[3] ഒടുവിലെ വാക്യം പ്രതീക്ഷസ്തുതി: രണ്ടമ്മമാർ – ദ്യാവാപൃഥിവികൾ.

[4] യജ്ഞനേതാവ് – അഗ്നി.

[5] മനുഷ്യന്റെ സ്ഥാനം – ഹോതാവിന്റെ ഇരിപ്പിടം.

[6] കേൾപ്പിച്ച് – ഉച്ചരിച്ച്.

സൂക്തം 8.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സ്വാമിയായ രാജാവു സ്തുതികളോടേ വളർത്തപ്പെടുന്നു – ആരുടെ തിരുമെയ്യിൽ നെയ്യു ഹോമിയ്ക്കപ്പെടുന്നുവോ, ആരെ ഹവിസ്സമേതരായ ആളുകൾ തിക്കിനിന്നു സ്തുതിയ്ക്കുന്നുവോ, ആ അഗ്നി ഉഷസ്സിന്നു മുമ്പിൽ ഉജ്ജ്വലിയ്ക്കപ്പെടുന്നു.1

ഹോതാവും അഹ്ലാദകരനും മഹാനുമായ ഈ അഗ്നി മനുഷ്യന് അതിമഹാനെന്ന് അറിയപ്പെട്ടിരിയ്ക്കുന്നു: ഈ കൃഷ്ണവർമ്മാവു (വാനിൽ) ഒളി വീശുന്നു; ഭൂമിയിലിറങ്ങിയിട്ട് ഔഷധികളാൽ വളരുന്നു!2

അഗ്നേ, അങ്ങ് എന്തൊരു ഹവിസ്സുകൊണ്ടു ഞങ്ങളുടെ സ്ഥിതി സ്വീകരിയ്ക്കും? സ്തുയമാനനായ ഭവാൻ എന്തൊരു ഹവിസ്സു കൈക്കൊള്ളും? ശോഭനപ്രദാന, ഭജിയ്ക്കുന്ന ഞങ്ങൾ എപ്പോൾ ദുസ്താവും സമീചീനവുമായ സമ്പത്തിന്റെ ഉടമകളാകും?3

യഷ്ടാവു ധാരാളം കേട്ടിട്ടുണ്ട്, സൂര്യൻപോലെ വലിയ കാന്തിയോടേ വിളങ്ങുന്ന ഈ അഗ്നിനെ: ഇദ്ദേഹം പൂരുവിനെ പോരിൽ അമർത്തി; ദേവന്മാരുടെ അതിഥിയായി കത്തിജ്വലിച്ചു.4

അഗ്നേ, വളരെ ഹവിസ്സുകൾ ഭവാങ്കൽത്തന്നെ ചേരുന്നു: ഭവാൻ എല്ലാക്കൂട്ടരോടുംകൂടി പ്രസാദിച്ചാലും! സ്തോത്രം കേട്ടരുളുക; സുജന്മാവേ, സ്തുയമാനനായ ഭവാൻ ദേഹം സ്വയം തടിപ്പിയ്ക്കുക!5

നൂറുമായിരവും ചേർന്ന വിദ്യാകർമ്മവാൻ അഗ്നിയ്ക്കായി ഈ സ്ത്രോത്രം ഉണ്ടാക്കിയിരിയ്ക്കുന്നു: ഉജ്ജ്വലമായ ഇതു സ്തോതാക്കളെയും കൂറ്റുകാരെയും സുഖിപ്പിയ്ക്കും, രോഗങ്ങളെ തടുക്കും, രക്ഷസ്സുകളെ ഒടുക്കും!6

അഗ്നേ, ബലപുത്ര, ധനങ്ങളുടെ അധിപധിയായ ഭവാനോടു ഞങ്ങൾ, വസിഷ്ഠർ ഇപ്പോൾ യാചിയ്ക്കുന്നു: സ്തോതാക്കൾക്കും ഹവിർദ്ദാതാക്കൾക്കും അങ്ങ് അന്നം കിട്ടിയ്ക്കണം! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 8.

[1] രാജാവ് – അഗ്നി.

[3] ദുസ്തരം – ശത്രുക്കൾക്ക് അലംഘ്യം.

[4] യഷ്ടാവ് – യജിയ്ക്കുന്ന ഞാൻ. പൂരു – ഒരസുരൻ.

[5] കൂട്ടർ – പരിവാരാഗ്നികൾ. തടിപ്പിയ്ക്കുക – ഹവിർഭുക്തികൊണ്ട്.

[6] നൂറുമായിരവും ചേർന്ന – വളരെ വളരെ ഗോക്കൾ അരികത്തുള്ള. വിദ്യാകർമ്മവാൻ – വിദ്യയും കർമ്മവുമേറിയ വസിഷ്ഠൻ.

സൂക്തം 9.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ജാരനായി, ആഹ്ലാദകരനായി, അതിപ്രാജ്ഞനായി, ഹോതാവായിരിയ്ക്കുന്ന പാവകൻ ഉഷസ്സിന്റെ മധ്യത്തിൽ പള്ളിയുണരുന്നു: ഇതുതരം പ്രണികൾക്കും വെളിച്ചവും, ദേവാന്മാർക്കു ഹവിസ്സും, സുകർമ്മാക്കൾക്കു ധനവും കല്പിച്ചുനല്കുന്നു!1

പണികളുടെ കതകുകൾ തുറന്നു, നമുക്കു പൂജനീയകളായ പയസ്വിനികളെ കൊണ്ടുവന്ന ആ സുകർമ്മാവ് – അഹ്ലാദകരനും ദാനതൽപരനുമായ ഹോതാവ് – ആളുകൾക്കു രാവിരുട്ടകറ്റി കാണായിവരുന്നു!2

മൗഢ്യമില്ലാത്ത പ്രാജ്ഞനും, അദീനനും, ദീപ്തിമാനും, ശോഭനസ്ഥാനനും, മിത്രനും, അതിഥിയും, നമുക്കു നന്മ നല്കുന്നവനുമായ ചിത്രഭാനു ഉഷസുകൾക്കു മുമ്പിൽ ഉദ്ഭാസിയ്ക്കുന്നു; തണ്ണീരിന്റെ ഗർഭമായിട്ട് ഓഷധികളിൽ ഉൾപ്പൂകുന്നു!3

അങ്ങ് മനുഷ്യയുഗങ്ങളിൽ സ്തോതവ്യനാകുന്നു: ആർ യുദ്ധങ്ങളിലിറങ്ങി സമുജ്ജ്വലിയ്ക്കുന്നുവോ – ശുഭദർശനമായ തേജസ്സുകൊണ്ട് വിളങ്ങുന്നുവോ – ആ വളർത്തപ്പെടുന്ന ജാതവേദസ്സിനെ സ്തുതികൾ ഉണർത്തുന്നു.4

അഗ്നേ, അങ്ങ് ദൂത്യംകൊള്ളുക, ദേവന്മാരുടെ അടുക്കലെയ്ക്കു പോവുക: കൂട്ടത്തോടെ സ്തുതിയ്ക്കുന്നവരെ വലയ്ക്കരുതേ! സരസ്വതി, മരുത്തുക്കൾ, അശ്വികൾ, ജലം എന്നീ ദേവന്മാരെയെല്ലാം, രത്നംതരുമാറ് യജിയ്ക്കുകയുംചെയ്യുക.5

അഗ്നേ, അങ്ങയെ വസിഷ്ഠൻ ജ്വലിപ്പിയ്ക്കുന്നു: അങ്ങ് പരുഭാഷിയെ പായിയ്ക്കുക; ഹവിർദ്ധനന്നുവേണ്ടി ദേവഗണത്തെ യജിപ്പിയ്ക്കുക; ജാതവേദസ്സേ, ബഹുസ്തോത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിലിപ്പിനെ, പ്പൊഴുമെങ്ങളെ!’6

കുറിപ്പുകൾ: സൂക്തം 9.

[1] ജാരൻ പ്രാണികൾക്കൊക്കെ ക്രമേണ ജര (വാർദ്ധക്യം) വരുത്തുന്നവൻ. ഇരുതരംപ്രാണികൾ – മനുഷ്യരും തിര്യക്കുകളും.

[2] പയസ്വിനികൾ – കറവപ്പൈക്കൾ. ആ സുകർമ്മാവ് – അഗ്നി.

[3] മിത്രൻ = മരണത്തിൽ നിന്നു രക്ഷിയ്ക്കുന്നവൻ, ചിത്രഭാനു = അഗ്നി.

[4] മനുഷ്യയുഗങ്ങളിൽ – എല്ലാക്കാലത്തും.

[5] രത്നം തരുമാറ് – ഞങ്ങൾക്കു മികച്ച സമ്പത്തു തരത്തക്കവണ്ണം.

[6] സ്തുതിയ്ക്കുക – ദേവഗണത്തെ.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഹരിയും വൃക്ഷാവുമായ ശൂചി, ഉഷസ്സിന്റെ ജാരൻപോലെ വിപുലമായ തേജസ്സു വഹിയ്ക്കുന്നു – കത്തുന്നു, ജ്വലിയ്ക്കുന്നു, തിളങ്ങുന്നു; കർമ്മങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രഭയാൽ പ്രകാശിയ്ക്കുന്നു; പ്രജകളെ ഉണർത്തുന്നു!1

അഗ്നി അഹസ്സിൽ, ഉഷസ്സിന്നുമുമ്പിൽ, സൂര്യൻപോലെ ശോഭിയ്ക്കുന്നു: യജ്ഞമനുഷ്ടിക്കുന്ന ഭക്തന്മാർ സ്തുതിയ്ക്കുകയുംചെയ്യുന്നു. ജനനങ്ങളറിയുന്ന, ദൂതനായി ദേവന്മാരുടെ അടുക്കലേയ്ക്കു പോകുന്ന, അതിദാതാവായ ദേവൻ പലതരത്തിൽ പായുന്നു!2

ദേവകാമങ്ങളായ സ്തുതിവാക്യങ്ങൾ ദ്രവ്യമിരന്നുകൊണ്ടു, ശുഭദ്രർശനും, സുരൂപനം, സുഷ്ഠഗമനനും, ഹവ്യവാഹനും, മനുഷ്യരുടെ നാഥനുമായ അഗ്നിയുടെ മുമ്പിലെയ്ക്കു നടന്നുകൊള്ളുന്നു!3

അഗ്നേ, അങ്ങ് ദേവന്മാരോടു ചേർന്ന് ഇന്ദ്രനെയും, രുദ്രന്മാരോടു ചേർന്നു മഹാനായ രുദ്രനെയും, ആദിത്യരോടു ചേർന്ന് വിശ്വജനീനയായ അദിതിതിയെയും, സ്തുത്യരായ അംഗിരസ്സുകളോടു ചേർന്നു വിശ്വവരേണ്യനായ ബൃഹസ്പതിയെയും ഞങ്ങൾക്കുവേണ്ടി കൊണ്ടുവന്നാലും!4

ആഹ്ലാദകരനും അഹ്വാതാവും അതിയുവാവുമായ അഗ്നിയെ ഭക്തജനങ്ങൾ യാഗങ്ങളിൽ സ്തുതിച്ചുപോരുന്നു: ഹവിർദ്ധനന്മാർക്കു ദേവന്മാരെ യജിപ്പാൻ മടികൂടാതെ ദൂതനായിച്ചമഞ്ഞവനാണല്ലോ, രാത്രിയിൽ പൂജിയ്ക്കപ്പെടുന്ന തന്തിരുവടി!5

കുറിപ്പുകൾ: സൂക്തം 10.

[1] ഹരി – ഹവിസ്സുകൾ കൊണ്ടു പോകുന്നവൻ – ഉഷസിന്റെ ജാരൻ – സൂര്യൻ.

[2] ജനനങ്ങൾ – ദേവകളുടെ ഉൽപത്തികൾ. പായുന്നു – ജ്വാലകളുടെ പാളലിനെ പാച്ചിലാക്കിയിരിയ്ക്കുന്നു.

[3] സ്തുതികൾ അഗ്നിയുടെ അടുക്കലെയ്ക്കു പോകുന്നു.

[5] ആഹ്വാതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. രാത്രിയിൽ – രാത്രിയിലാണ്, അഗ്നിയ്ക്കു് അഗ്നിഹോത്രം.

സൂക്തം 11.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നേ, യജ്ഞത്തിന്റെ അടയാളമായ മാഹാനാണ്, ഭവാൻ: ഭവാനെക്കൂടാതെ അമർത്ത്യന്മാർ ഇമ്പംകൊള്ളില്ല. അങ്ങ് ദേവകളെല്ലാവരോടുംകൂടി, ഒരേതേരിൽ വന്നെത്തുക; ഇവിടെ മുഖ്യഹോതാവായി ഇരിയ്ക്കുകയുംചെയ്യുക!1

അഗ്നേ, പ്രകൃഷ്ടഗമനനായ ഭഗവാനോടു ഹവിസ്സമേതരായ മനുഷ്യർ സദാ ദൂത്യത്തിന്നു പ്രാർത്ഥിയ്ക്കുന്നു: അങ്ങ് ദേവകളോടൊന്നിച്ച് ആരുടെ ദർഭയിലിരിയ്ക്കുമോ, അവന്നു ദിവസങ്ങൾ സുദിനങ്ങളായിത്തീരും!2

അഗ്നേ, പകൽ മൂന്നുരു ഭവാങ്കൽ ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നുവേണ്ടി (ഋത്വിക്കുകൾ) അറിയിയ്ക്കുന്നു: അങ്ങ് ഇവിടെ, മനുവിന്നെന്നപോലെ ദൂതനായിട്ടു, ദേവന്മാരെ ജയിച്ചാലും; ഞങ്ങളെ പഴിക്കാരിൽനിന്നു പാലിച്ചാലും!3

വലിയ യാഗത്തിന്നും, സംസ്കരിക്കപ്പെട്ട സർവഹവിസ്സിന്നും അഗ്നിയത്രേ, അധിപതി: തന്തിരുവടിയുടെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കുമല്ലോ; അമർത്ത്യർ ഹവ്യവാഹനുമാക്കിയിരിയ്ക്കുന്നു!4

അഗ്നേ, അങ്ങ് ഹവിസ്സുണ്ണാൻ ദേവന്മാരെ കൊണ്ടുവരിക: ഇന്ദ്രാദികൾ ഇവിടെ മത്തടിയ്ക്കട്ടെ! അല്ലെങ്കിൽ, ഈ ഹവ്യം സ്വർഗ്ഗത്തിൽ ദേവന്മാർക്കെത്തിയ്ക്കുക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5

കുറിപ്പുകൾ: സൂക്തം 11.

[1] അടയാളം – അഗ്നിനിഷ്പാദനമാണല്ലോ, യാഗത്തിൽ പ്രഥമം.

[2] സുദിനങ്ങളായിത്തീരും – ഏതൊരു ദിവസവും സുദിനമായിരിയ്ക്കും.

[3] മൂന്നുരു – മൂന്നു സവനങ്ങളിൽ. ഇവിടെ – ഈ യജ്ഞത്തിൽ.

സൂക്തം 12.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആർ സ്വസ്ഥാനത്തു വളർത്തപ്പെട്ട് ഉജ്ജ്വലിയ്ക്കുന്നുവോ, വിശാലങ്ങളായ വാനൂഴികളുടെഇടയിൽ വർത്തിയ്ക്കുന്ന ആ യുവതമനും സമ്യഗാഹുതനും സർവ്വതോഗാമിയുമായ ചിത്രഭാനുവിങ്കൽ നാം വലിയ നമസ്കാരത്തോടെ ചൊല്ലുക!1

മഹത്ത്വംകൊണ്ടു ദുരിതമെല്ലാം നശിപ്പിയ്ക്കുന്ന യാതൊരുവൻ യാഗശാലയിൽ സ്തുതിയ്ക്കപ്പെടുന്നുവോ, ആ ജാതവേദസ്സായ അഗ്നി നമ്മെ – പുകഴ്ത്തിപ്പാടുന്ന നമ്മെയും, ഹവിസ്സർപ്പിക്കുന്ന നമ്മെയും – പാപത്തിൽനിന്നും തിന്മയിൽനിന്നും പാലിച്ചരുളട്ടെ!2

അഗ്നേ, അവിടുന്നു വരുണനാണ്, മിത്രനുമാണ് അങ്ങയെ വസിഷ്ഠർ സ്തുതികളാൽ വളർത്തുന്നു. ഭവാങ്കലെദ്ധനങ്ങൾ എളുപ്പത്തിൽ കിട്ടുമാറാകട്ടെ നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 12.

[1] ഋത്വിക്പ്രഭൃതികളോട്:

[2] സ്തുതിയ്ക്കപ്പെടുന്നുവോ – നമ്മളാൽ.

[3] കിട്ടുമാറാകട്ടെ – ഞങ്ങൾക്കു്.

സൂക്തം 13.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.

ഉലകിൽ ഒളിവീശുന്ന, കർമ്മങ്ങൾ നടത്തുന്ന, അസുരരെ ഹനിയ്ക്കുന്ന അഗ്നിയ്ക്കു നിങ്ങൾ സ്തോത്രവും കർമ്മവും സംഭരിയ്ക്കുവിൻ; ഞാൻ അഭീഷ്ടപ്രദനായ വൈശ്വാനരനെ പ്രീതിപ്പെടുത്തുവാൻ ഹവിസ്സു ദർഭയിൽ വെയ്ക്കാം.1

അഗ്നേ, അങ്ങ് ജനിച്ചപ്പോൾത്തന്നെ കത്തുന്ന തേജസ്സുകൊണ്ടു വാനൂഴികൾ നിറച്ചു; വൈശ്വാനര, ജാതവേദസ്സേ, അങ്ങ് മഹത്വത്താൽ ദേവന്മാരെ മാറ്റലരിൽനിന്നു മോചിപ്പിച്ചു!2

അഗ്നേ, സ്വാമിയായ ഭവാൻ ഉദിച്ചു, ചുറ്റിനടന്ന്, ഇടയൻ മാടുകളെയെന്നപോലെ, ഭുവനങ്ങളെ നോക്കുന്നുണ്ടല്ലോ; വൈശ്വാനര, അപ്പോൾ സ്തുതിയുടെ വഴി കണ്ടുവച്ചാലും. നിങ്ങൾ ‘സ്വസ്തിയായാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 13.

[1] കൂട്ടുകാരോട്.

[3] ഉദിച്ച് – സൂര്യരൂപേണ. വഴി – ഫലപ്രാപ്തി എന്നർത്ഥം.

സൂക്തം 14.

വസിഷ്ഠൻ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

ജാതവേദസ്സിനെ ചമതകൊണ്ടും, ദേവനെ ദേവസ്തവങ്ങൾകൊണ്ടും, ധവളപ്രഭനായ അഗ്നിയെ അന്നവാന്മാരായ നാം ഹവിസ്സുകൾകൊണ്ടും പരിചരിയ്ക്കുക!1

ആഗ്നേ, അങ്ങയെ ഞങ്ങൾ ചമതകൊണ്ടു പരിചരിയ്ക്കാം; യജനീയ, അങ്ങയ്ക്കു ഞങ്ങൾ നല്ല സ്തോത്രമർപ്പിയ്ക്കാം; യാഗത്തിന്റെ ഹോതാവേ, ഞങ്ങൾ നൈകൊണ്ടും, മംഗളജ്വാലനായ ദേവ, ഞങ്ങൾ ഹവിസ്സുകൊണ്ടും പരിചരിയ്ക്കാം!2

അഗ്നേ, അങ്ങ് ദേവകളോടൊന്നിച്ചു, ഹവിസ്സു സ്വീകരിപ്പാൻ ഞങ്ങളുടെ യാഗത്തിൽ വന്നാലും: ഞങ്ങൾ ദേവനായ ഭവാനെ പരിചരിയ്ക്കട്ടെ! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 14.

[1] ദേവൻ – അഗ്നി.

സൂക്തം 15.

വസിഷ്ഠൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ആ വരുത്തപ്പെടേണ്ടുന്ന വൃഷാവിൻ തിരുവായതിൽ
തൂകുവിൻ ഹവ്യ: – മഭ്യർണ്ണബന്ധുവല്ലോ, നമുക്കവൻ1
പഞ്ചജാതികളെത്തൃക്കൺപാർത്തുകൊണ്ടു ഗൃഹേ ഗൃഹേ
യുവാവെവനിരിയ്ക്കുന്നൂ, മനീഷി ഭവനാധിപൻ; 2
നമുക്കൊരയൽപക്കസ്വത്താകുമായഗ്നിയെങ്ങുമേ
കാത്തുരക്ഷിയ്ക്ക – പാപത്തിൽനിന്നു പാലിയ്ക്ക, നമ്മളെ!3
വിണ്ണിൻപരുന്താമഗ്നിയ്ക്കു പുതുതാം സ്തോത്രമൊന്നു ഞാൻ
ഉണ്ടാക്കിനേൻ: നല്ക, നമുക്കവിടുന്നുരുവാം ധനം!4
യജ്ഞേ കിഴക്കുഭാഗത്തു കത്തുമാരുടെ കാന്തിയോ,
സപുത്രന്റെ ധനംപോലെ കൊതിപ്പിയ്ക്കുന്നു, കണ്ണിനെ;5
ആ യഷ്ട്യതമനാമഗ്നിയീ നമ്മുടെ വഷട്കൃതി
ഭുജിയ്ക്കട്ടേ; ശ്രവിയ്ക്കട്ടേ, സ്തോത്രവും ഹവ്യവാഹനൻ!6
ഞങ്ങൾ സംസേവ്യ, ഹുതനാമഗ്നേ, ദേവ, വിശാംപതേ,
ഉജ്ജലിപ്പിച്ചിരുത്താവൂ, സജ്ജനം വാഴ്ത്തുമങ്ങയെ!7
ജ്വലിയ്ക്ക,രാവും പകലും: ഞങ്ങൾ നിന്നാൽശ്ശുഭാഗ്നികൾ;
സജ്ജനസ്തുതനായ് വാഴുകെ, ങ്ങളിൽകൂറിയന്ന നീ!8
നേട്ടത്തിന്നായിക്കർമ്മത്താൽ പ്രാജ്ഞർ നേതാക്കളങ്ങയെ
പ്രാപിയ്ക്കുന്നൂ, ക്ഷതിപെടാത്തായിരം സ്തവങ്ങളും!9
വെണ്മ പൂണ്ടു വിളങ്ങുന്നോൻ നിർമ്മലാത്മാവു പാവകൻ
അമർത്യനഗ്നി നുത്യർഹനമർത്തട്ടെ,യരക്കരെ!10
അത്തമ്പുരാനായ ഭവാൻ ബലപുത്ര, വിഭൂതികൾ
കൊണ്ടുവന്നാലു, മെങ്ങൾക്കു; തരട്ടേ, ഭഗനും ധനം!11
അന്നത്തെയും വീരരെയുമഗ്നേ (തന്നീടണം), ഭവാൻ;
തരട്ടെ, വിത്തം ദിതിയും, ഭഗൻ സവിതൃദേവനും!12
നീയഗ്നേ, ദേവ, പാപത്തിൽനിന്നു പാലിയ്ക്കുകെ, ങ്ങളെ;
അജരൻ നീ കടുംചൂടാലെരിയ്ക്ക, കൊലയാളരെ!13
ഞങ്ങൾക്കാൾക്കാരെ രക്ഷിപ്പാന, പ്രധർഷിതനാം ഭവാൻ
പരം പരന്ന പെരിയോരിരിമ്പുപുരിയാകണം!14
അഹിംസ്യ, രാത്രിയെ മറയ്ക്കുന്നോനേ, നീയഹർന്നിശം
പാപത്തിൽനിന്നും പാപങ്കൽനിന്നും പാലിയ്ക്കുകെ,ങ്ങളെ!15
കുറിപ്പുകൾ: സൂക്തം 15.

[1] വൃഷാവിൻ തിരുവായയിൽ – കാമവർഷിയായ അഗ്നിയുടെ ജ്വാലയിൽ. അഭ്യർണ്ണബന്ധു – അരികത്തിരിയ്ക്കുന്ന ബന്ധു.

[3] അയൽപക്കസ്വത്ത് – സമീപസ്ഥധനം.

[4] വിണ്ണിൻപരുന്ത് – സ്വർഗ്ഗത്തിൽ പരുന്തുപോലെ ശീഘ്രം സഞ്ചരിയ്ക്കുന്നവൻ.

[5] സപുത്രന്റെ (മക്കളുള്ളവന്റെ) ധനം സ്പൃഹണീയമാണല്ലോ.

[6] വഷട്കൃതി = ആഹുതി.

[7] വിശാംപതേ = പ്രജാപാലക.

[8] നിന്നാൽ = ഭാവാനെക്കൊണ്ട്. ശൂഭാഗ്നികൾ = നല്ല അഗ്നിയോടുകൂടിയവർ.

[9] നേട്ടം – ധനലാഭം. ക്ഷതി = ഹാനി.

[10] നിർമ്മലാത്മാവ് = വിശുദ്ധൻ.

[11] വിഭൂതികൾ = സമ്പത്തുകൾ.

[12] ദീതി – ഒരു ദേവി.

[13] കൊലയാളർ = ഹിംസകർ.

[14] ആൾക്കാരെ – സ്വന്തം ആളുകളെ.

[15] രാത്രിയെ മറയ്ക്കുന്നോനേ – തമോനാശന. പാപൻ = ദുഷ്ടൻ, ദ്രോഹി.

സൂക്തം 16.

വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (പാന)

ബോധൻ, പ്രിയന,വ്യയനേ,വർക്കും
ദൂതനീ,ശൻ, സുയജ്ഞൻ, ബലാത്മജൻ –
ഈദൃശനാകുമഗ്നിയെ ഞാൻ നുതി –
ഗാഥയാൽ വിളിയ്ക്കുന്നേൻ, ഭവാന്മാർക്കായ്.1
വിശ്വരക്ഷിതേജസ്തൻ സമാഹുത –
നശ്ശുഭസ്തവനോടിനടക്കയാം;
സ്വത്തിൽവെച്ചുജ്ജ്വലിപ്പോരു സമ്പത്താം,
മർത്ത്യജാതിയ്ക്കു യാജ്യനസ്സുവ്രതൻ!2
ആഹുതികളിലീ വൃഷാവിൻ മഹ –
സ്സാഞ്ഞുയരുന്നു; ദീപ്തമാം ധൂമവും
പൊങ്ങി വാനിലുരുമ്മൂന്നു; നേതാക്കൾ
ഭംഗിയിൽജ്ജ്വലിപ്പിപ്പിതീയഗ്നിയെ.3
ദൂതനാക്കുന്നു, ഞങ്ങൾ നിന്നെ: – ബ്ബലോ –
ദ്ഭൂത, കൊണ്ടുവരികൂ,ണിനുമ്പരെ;
മർത്ത്യഭോഗ്യങ്ങളൊക്കെയും നല്ക, നീ –
യർത്ഥകളായ ഞങ്ങൾക്കു കീർത്തിമൻ!4
ധീ മികച്ച നീയഗ്നേ, ഗൃഹാധിപൻ;
ഹോമകൃത്തു,മെങ്ങൾക്കു മഖത്തിൽ നീ;
ലോകസംസേവ്യ, നീതന്നെ പോതാവും;
തൂകുക, ഹവിസ്സു; – ണ്കയുംചെയ്ക നീ!5
രത്നമേകുക, യാഗകർത്താവിനു:
രത്നദായകനല്ലോ, സുയജ്ഞ, നീ;
മൂർച്ച കൂട്ടുകൃ,ത്വിക്കുകൾക്കൊക്കെ നീ,
വായ്ചു വാഴ്ത്തുന്നവന്നുമസ്മന്മഖേ!6
പ്രീതിയുണ്ടായ്വരട്ടെ,യവിടെയ്ക്കി –
സ്തോര്യവർഗ്ഗത്തിലഗ്നേ, സമാഹുത,
മാനുഷർക്കു ഗോവൃന്ദത്തെ നല്കുന്ന
ദാനശീലരാം വിത്തവാന്മാരിലും!7
ഏവർതൻ ഗൃഹേ നെയ്യു കൈക്കൊണ്ടിള
വാഴ്‌വു, പൂർണ്ണയായ്; – ക്കെല്പാലവരെ നീ
കക്കണം, ദ്രോഹിനിന്ദകരിൽനിന്നു;
ദീർഘമാം സുഖമെങ്ങൾക്കു നല്കണം!8
അൻപിയറ്റുന്ന വായയാം ജ്വാലയാ –
ലന്നമേന്തും ബുധാഗ്ര്യൻ ഭഗവാനഗ്നേ,
വിത്തമെത്തിയ്ക്ക, ഹവ്യാഢ്യരാമെങ്ങൾ –
ക്ക; – ധ്വരിയ്ക്കു വരുത്തുക,ത്സാഹവും!9
വായ്ച കീർത്തിയെക്കാംഷിച്ചു തക്കതാം
വാജിസംപത്തു നല്കുവോരെബ്ഭവാൻ
കാക്കുക,ഹംസ്സിൽനിന്നു യുവതമ,
നേർക്കതിന്നൊത്ത നൂറുപുരികളാൽ!10
ദേവനാം ദ്രവിണോദസ്സു കാമിപ്പൂ,
ദേയപൂർണ്ണയാം നിങ്ങൾതൻ ശ്രുക്കിനെ;
ഇങ്ങെടുത്തു പകരുവിൻ, ഹോമിപ്പിൻ:
നിങ്ങളെദ്ദേവനപ്പോഴേ താങ്ങുമേ!11
ആ മനീഷിയാമഗ്നിയെദ്ദേവകൾ
ഹോമവാഹിയും ഹോതാവുമാക്കിനാർ:
ഹവ്യമർപ്പിച്ചു സേവിപ്പവർക്കവൻ
ഭവ്യവീര്യവും രത്നവും നല്കുമേ!12
കുറിപ്പുകൾ: സൂക്തം 16.

[1] ബോധകൻ = ഉണർവുണ്ടാക്കുന്നവൻ. അവ്യയൻ – മരണരഹിതൻ. ഏവർക്കും – യജമാനന്മാർക്കെല്ലാം. നിതിഗാഥ = സ്തോത്രഗീതി. ഭവാന്മാർക്കായ് = നിങ്ങൾക്കുവേണ്ടി.

[2] വിശ്വരക്ഷിതേജസ്കൻ – വിശ്വത്തെ രക്ഷിക്കുന്ന തേജസ്സോടുകൂടിയവൻ. സമാഹുതൻ = വഴിപോലെ ആഹുതൻ. അശ്ശുഭസ്തവൻ – ആരെ സ്തുതിയ്ക്കുന്നതു മംഗളകരമോ, ആ അഗ്നി. ഓടിനടക്കയാം – യജ്ഞത്തിൽ ദേവകളെ കൊണ്ടു വരാൻ. സ്വത്തിൽവെച്ച് – ധനങ്ങളിൽവെച്ച്, എല്ലാദ്ധനങ്ങളെക്കാളും. സമ്പത്താം – സമ്പത്താണ്; മർത്ത്യജാതിയ്ക്കു (മനുഷ്യർക്കു, യജമാനർക്കു) ധനംപോലെ പ്രിയനാണ്. യാജ്യൻ = യജനീയൻ. സുവ്രതൻ = ശോഭന കർമ്മാവ്.

[3] ഭംഗിയിൽ – വഴിപോലെ. നേതാക്കൾ – ഋത്വിക്കുകൾ.

[4] ബലോദ്ഭൂത = ബലപുത്ര. ഊണിന് – ഹവിസ്സുണ്ണാൻ. മർത്ത്യഭോഗ്യങ്ങൾ – ധനങ്ങൾ.

[5] ധീ മികച്ച = ഉൽകൃഷ്ടബുദ്ധിയായ. ഹോമകൃത്ത് = ഹോതാവ്. പോതാവ് – ഒരു ഋത്വിക്ക്. തൂകുക – ദേവന്മാർക്കായി.

[6] യാഗകർത്താവിനു – യഷ്ടാവായ എനിക്ക്. മൂർച്ച – തീക്ഷ്ണമായ ശ്രദ്ധ. വായ്ചു = വളർന്ന്, ഉന്മേഷത്തോടെ. അസ്മന്മഖേ = ഞങ്ങളുടെ യാഗത്തിൽ.

[7] മാനുഷർക്കു – ഞങ്ങളുടെ ആളുകൾക്ക്.

[8] ഇള – അന്ന (ഹവ്യ) രൂപയായ ദേവി. ദ്രോഹിനിന്ദകർ = ദ്രോഹിയും നിന്ദകനും.

[9] അൻപിയറ്റുന്ന – ദേവന്മാരെ സന്തോഷിപ്പിയ്ക്കുന്ന. അന്നം – ഹവിസ്സ്. ബുധാഗ്ര്യൻ = മികച്ച വിദ്വാൻ. അധ്വരി = യജ്ഞവാൻ, യജമാനൻ.

[10] വാജിസമ്പത്ത് = അശ്വങ്ങളാകുന്ന ധനം. അംഹസ്സ് = പാപം. അതിന്നൊത്ത – രക്ഷയ്ക്കു മതിയായ.

[11] ദേയപൂർണ്ണ – ഹവിസ്സു നിറഞ്ഞ. പകരുവിൻ – സോമരസം പാത്രത്തിലാക്കുവിൻ. ഋത്വിക്കുകളോട് പറയുന്നതാണിത്.

[12] ഹോമവാഹി – ഹവ്യവാഹൻ. ഭവ്യവീര്യം = നല്ല വീര്യം.

സൂക്തം 17.

വസിഷ്ഠൻ ഋഷി; ദ്വിപദാത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, അങ്ങ് നല്ല ചമതകൊണ്ടു സമുജ്ജ്വലിച്ചാലും! ദർഭപ്പുല്ലു പരത്തി വിരിയ്ക്കുവിൻ!1

കാമിയ്ക്കുന്ന കതകുകളെ തുറക്കുവിൻ. അങ്ങ് കാമിയ്ക്കുന്ന ദേവന്മാരെ ഇവിടെ കൊണ്ടുവന്നാലും!2

അഗ്നേ, ജാതവേദസ്സേ, ഭവാൻ ചെല്ലുക: ദേവന്മാരെ ഹവിസ്സൂട്ടുക; ശോഭനയജ്ഞരുമാക്കുക!3

ജാതവേദസ്സ് മരണമില്ലാത്ത ദേവന്മാരെ ശോഭനയജ്ഞരാക്കട്ടെ, യജിയ്ക്കട്ടെ; പ്രീതിപ്പെടുത്തുകയുംചെയ്യട്ടെ!4

പ്രചേതസ്സേ, ഭവാൻ എല്ലാദ്ധനങ്ങളും തരിക: ഞങ്ങളുടെ ആശകൾ ഇന്നു യഥാർത്ഥങ്ങളായിത്തീരട്ടെ!5

അഗ്നേ, ബലപുത്രനായ അങ്ങയെത്തന്നെയാണല്ലോ, ആ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നത്!6

ദേവനായ നിന്തിരിവടിയ്ക്ക് ആ ഞങ്ങൾ ഹവിസ്സർപ്പിയ്ക്കാം. യാചിയ്ക്കുന്ന ഞങ്ങൾക്കു മഹാനായ നിന്തിരുവടി രത്നങ്ങൾ കല്പിച്ചു തരിക!7

കുറിപ്പുകൾ: സൂക്തം 17.

[1] രണ്ടാം വാക്യം കൂട്ടുകാരോട്:

[2] കാമിയ്ക്കുന്ന – ദേവന്മാർ അകത്തു കടക്കണമെന്നിച്ഛിയ്ക്കുന്ന. ഈ വാക്യം കൂട്ടുകാരോടാണ്; അടുത്ത വാക്യം അഗ്നിയോട്. കാമിയ്ക്കുന്ന – യജ്ഞത്തെ.

[7] ആ – പ്രസിദ്ധരായ.

സൂക്തം 18.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്ദ്ര, നിന്നെത്താൻ സ്തുതിച്ചല്ലയോ നേടി,
നന്ദ്യങ്ങളൊട്ടുക്കു ഞങ്ങൾതൻ താതരും?
നിങ്കലുണ്ടോ,മൽക്കറവുപയ്യശ്വങ്ങൾ;
നീ ദേവകാമന്നു നല്കും തുലോം ധനം!1
ഭൂരിഭാര്യൻ പുരാൻപോലെ നീ ദീപ്തിമാൻ;
ദൂരദർശി മഘവാവേ, മനീഷി നീ
സ്തോതാവിനേകുക, പൊന്നശ്വഗോക്കളെ!
ബ്ഭൂതിയ്ക്കണയ്ക്ക, നീ ത്വൽക്കാമരെങ്ങളെ!2
ഇന്ദ്ര,ഭവാങ്കലിണക്കുത്തൊടെത്തുന്നു,
നന്ദിയ്ക്കുമിദ്ദേവകാമസ്തവോക്തികൾ:
ഇങ്ങോട്ടണയട്ടെ, നിൻധനത്തിൻ വഴി;
ഞങ്ങൾ സുഖത്തിലെത്താവൂ, ഭവൽസ്തവാൽ!3
വിട്ടൂ വസിഷ്ഠൻ സ്തവത്തെ, നൽപ്പൂല്ലിലെ –
ഗ്ഗൃഷ്ടിയെപ്പോലേ ഭവാനെക്കറക്കുവാൻ.
എൻനരരൊക്കെ, നീ ഗോപതിയെന്നോതു; –
മിന്ദ്രൻ വരട്ടെ, യീ നമ്മുടെ വാഴ്ത്തലിൽ!4
ആഴം നികത്തിസ്സുതരമാക്കീ, പെരും
തോയത്തെയും സ്തുത്യനിന്ദ്രൻ സുദാസ്സിനായ്;
ഏറ്റു വലിച്ച ശാപാപവാദങ്ങളെ
മാറ്റി,യുചഥന്റെയാർകളിലെത്തിയ്ക്കുവൻ!5
ക്രത്വഭീജ്ഞൻ പുരോഗാമിയാം തുർവശൻ
സ്വത്തിനായ് മത്സ്യം നിരോധിയ്ക്കെ, യോധരും
നന്നായ്ത്തുണച്ചൂ ഭൃഗുക്കളും; കോറിനാൻ,
വന്ന രണ്ടാളിൽസ്സാഖാവെസ്സഖാവിവൻ!6
നന്ദി പൂണ്ടാര്യന്റെ ഗോക്കളെദ്ദുഷ്ടരിൽ –
നിന്നടർചെയ്തനയിച്ച ഹന്താവിനെ
വാഴ്ത്തിവരുന്നൂ, സുമുഖർ പചിപ്പവർ
വായ്ചവർ കൊമ്പു കൈക്കൊണ്ടോർ ശിവശങ്കരർ!7
ദുഷ്ടാശയർ മൂഢർ വെള്ളം കയറ്റുവാൻ
വെട്ടിപ്പിളർത്താർ, തഴച്ച പരൂഷ്ണിയെ
ശിഷ്ടൻ നിലം പൂകി; ചായമാനൻ കവി
വിട്ടു മണ്ടി,പ്പശുപോലേ കിടക്കയായ് !8
നേരേ പിഴയ്ക്കാതൊഴുകീ, പരൂഷ്ണി; പോയ്
ച്ചേരേണ്ടിടത്തെത്തി, പള്ളിക്കുതിരയും;
ഇന്ദ്രൻ സുദാസ്സിന്നു കീഴ്പെടുത്തീ, ഭൂവി
നിന്നു പുലമ്പും സപുത്രരാം മാറ്റാരെ!9
നൽപ്പുല്ലിനായ്ഗ്ഗോപനില്ലാത്ത ഗോക്കൾപോ
ല,പ്പൃശ്നി വിട്ട മരുത്തുക്കൾ കൂട്ടമായ്
തൻപ്രതിജ്ഞയ്ക്കൊത്തണഞ്ഞൂ, സഖാവിങ്ക; –
ലിമ്പമോടെത്തീ, നിയുത്തുകളും ദ്രുതം!10
രാജാവവൻ യശസ്സിന്നി,രുവൈകർണ്ണ –
രാജ്യത്തിലെയിരുപത്തൊന്നു പേരുമായ്,
സാരൻ ഗൃഹേ ദർഭയെപ്പോലരിയവേ
ശൂരനിന്ദ്രനിവർക്കേകി,യനുജ്ഞയും!11
അത്രയല്ലിന്ദ്രൻ ശ്രുതനെ,ക്കവഷനെ,
വൃദ്ധനെ, ദ്രുഹ്യവെ വെള്ളത്തിൽ മുക്കിനാൻ;
ത്വൽക്കാമരപ്പോൾസ്സഖാക്കളുമായ്ത്തീർന്നു,
സഖ്യലബ്ധിയ്ക്കായ്ബ്ഭവാനെ സ്തുതിയാൽ!12
അക്കൂട്ടർതന്നുറപ്പുറ്റ പൂരങ്ങളും
ചിക്കെന്നുടച്ചാൻ, ബലാലിന്ദ്രനേഴൊടേ;
ആനവൻതൻ ധനം തൃത്സുവിന്നേകിനാൻ;
ആജിയിൽ വെല്ക, മുഷ്തോളം നരനെ നാം!13
ആറുമറുപതും ചേരുമറുപത്തി –
യാറായിരംപേരനുദ്രുഹ്യുവീരരും
ഒന്നിച്ചുറങ്ങി, ഗോക്കൾക്കായ്ക്കൃതാർച്ചങ്കൽ
വന്നുട്ടി; – തൊക്കയുമിന്ദ്രന്റെ വീര്യമാം!14
ദുസ്സഖ്യവും വൻദുരയും നിമിത്തമ –
ത്തൃത്സുക്കളിന്ദ്രനോടേറ്റൊരുമ്പാടൊടേ,
കീഴ്പോട്ടൊലിയ്ക്കും ജലങ്ങൾ പോലോടിനാർ;
കോപ്പൊക്കെ വിട്ടാർ, സുദാസനെതിർക്കയാൽ!15
കാച്ചിനാ,നിന്ദ്രനെക്കൂസാതൊരുമ്പെട്ട,
കാച്ചുപാൽ മോന്തുന്ന വീരവിദ്രോഹിയെ;
മൂർച്ച കെടുത്തിനാനിന്ദ്രനമിത്രന്നു;
പാച്ചിലിൻപാതയിൽക്കേറീ, തിരിച്ചവൻ!16
നിസ്വനെക്കൊണ്ടു ചെയ്യിച്ചു, മഹാദാന; –
മാടിനെക്കൊണ്ടു കൊല്ലിച്ചു, സിംഹാഗ്ര്യനെ;
കോണുകൾ തൂശിയാൽച്ചെത്തിച്ചു, വജ്രവാൻ;
വേണുന്നതൊക്കെസ്സുദാസ്സിന്നു നല്കിനാൻ!17
കീഴ്പൊട്ടുവല്ലോ, വളരെ പ്രതീപർ തേ;
കീഴിലാക്കുകൊ,രുമ്പെട്ട ഭേദനെയും:
വാഴ്ത്തും ജനങ്ങളെ ദ്രോഹിപ്പതു,ണ്ടവൻ;
വീഴ്ത്തുക,വങ്കൽക്കടുംവജ്രമിന്ദ്ര, നീ!18
മോദപ്പെടുത്തീ, യമുന, തൃത്സുക്കളും
ഭേദനെയിപ്പോരിൽ മർദ്ദിച്ച വജ്രയെ;
ശിഗ്ര്വജയക്ഷുപ്രജകൾ തദാ തിരു –
മുല്ക്കാഴ്ചവെച്ചാർ, തുരംഗത്തലകളെ!19
എത്രയെന്നില്ലിന്ദ്ര, തേ പണ്ടുമിന്നുമു –
ള്ളർത്ഥവുമൻപു,മുഷസ്സുകൾപോലവേ:
മർദ്ദിതന്നായ്, മന്യമാനജൻ ദേവക; –
നദ്രൗ സ്വയം കൊന്നു, നീ ശംബരനെയും!20
ത്വൽക്കാമരായ് വാഴ്ത്തിവന്നുവല്ലോ, ഗൃഹം
പുക്കു പരാശരൻ, ശക്തി, വസിഷ്ഠനും:
രക്ഷിയാം നിൻ നുതി വിസ്മരിയ്ക്കില്ലിവ; –
രച്ഛദിനങ്ങൾ വരുന്നു, സൂരികളിൽ!21
ദേവവൽപൗത്രൻ സുദാസ്സു പൈജവനൻ
സ്തീവദ്രഥം രണ്ടിരുനൂറുഗോവൊടും
തന്നതഗ്നേ, വലംവെയ്ക്കുവൻ, ഹോതാവു
മന്ദിരംപോലെ, സ്തുതിയ്ക്കയാൽത്തക്ക ഞാൻ!22
ആകെ പ്രശസ്തമായ്പ്പൈജവനൻ സുദാ –
സ്സേകിയ നാലു പൊൻകോപ്പണിവാജികൾ,
പഞ്ഞത്തിലുമൃജുയാനർ ദൃഢാംഘ്രികൾ
കുഞ്ഞിൻ പുകൾക്കായ് വഹിപ്പു, കുഞ്ഞായ മാം!23
തൻപുകൾ വൻനഭോഭൂക്കളിൽപ്പാകിയ,
മുമ്പെന്നു മുമ്പന്നു വെച്ച വദാന്യനെ
പാരേഴുമിന്ദ്രനെപ്പോലെ സ്തുതിപ്പതു –
ണ്ടാ; – റുകൾ യുധ്യാമധിയെ വീഴ്ത്തി,രണേ!24
നേതൃമരുത്തുക്കളേ, ഇസ്സുദാസ്സില –
ത്താതദിവോദാസനിൽപ്പോലിണങ്ങുവിൻ:
കാക്കുവിൻ, പൈജവനന്റെഗേഹം; സദാ
വായ്ക്കട്ടെ, വാടാതെയച്ചേർച്ഛവിൻ ബലം!25

കുറിപ്പുകൾ: സൂക്തം 18.

[1] നന്ദ്യങ്ങൾ – ധനങ്ങൾ.

[2] ഒരു രാജാവിന്നു വളരെബ്ഭാര്യമാരെന്നപോലെ, അങ്ങയ്ക്കു വളരെ ദീപ്തി (ജ്വാല) കളുണ്ട്. ഭൂതിയ്ക്കു് – സമ്പത്തു നേടാൻ. അണയ്ക്ക = മൂർച്ചകൂട്ടുക.

[3] നന്ദിയ്ക്കും = മോദിക്കുന്ന. ഇങ്ങോട്ട് – ഞങ്ങളുടെ മുമ്പിലെയ്ക്കു്. ഭവൽസ്തവാൽ = ഭവാനെ സ്തുതിയ്ക്കുന്നതിനാൽ.

[4] നൽപ്പുല്ലിലെ (ധാരാളം പുല്ലിട്ടിട്ടുള്ള തൊഴുത്തിൽ നില്ക്കുന്ന) ഗൃഷ്ടിയെ (പെറ്റ പയ്യിനെ) കറക്കാൻ പൈക്കുട്ടിയെ വിടുന്നതുപോലെ, യാഗശാലയിൽ മേവുന്ന ഭാവാനെക്കറക്കുവാൻ (ഭവാങ്കൽനിന്ന് അഭീഷ്ടം നേടാൻ) വസിഷ്ഠൻ സ്തവത്തെ വിട്ടു. എൻനരൻ = എന്റെ ആളുകൾ. ഗോപതി = ഗോക്കളുടെ ഉടമസ്ഥൻ. ഓതം – പറയാറുണ്ട്. നാലാംപാദം പരോക്ഷസ്തുതി: വാഴ്ത്തലിൽ – സ്തോത്രം കേൾപ്പാനെന്നർത്ഥം.

[5] സുതരം = സുഖേന കടക്കാവുന്നത്. പെരുംതോയം – ശത്രുക്കൾ കരവെട്ടിപ്പിളർത്ത പരൂഷ്ണീനദിയിൽനിന്നുണ്ടായ വെള്ളപ്പൊക്കം. സുദാസ്സ് – രാജാവ്. ശാപാപവാദങ്ങൾ – വിശ്വരൂപന്റെ ശാപവും അപവാദവും. ഉചഥൻ – ഒരിന്ദ്രഭക്തൻ. ഇന്ദ്രനെ ബാധിച്ച ബ്രഹ്മഹത്യയെ നദികളിലും മറ്റും പകർത്തി, ഇന്ദ്രൻ പാപമുക്തനായി എന്ന കഥയായിരിയ്ക്കാം, ഇതിൽ സൂചിപ്പിയ്ക്കപ്പെട്ടത്. അവൻ – ഇന്ദ്രൻ.

[6] ക്രത്വഭിജ്ഞൻ – യജ്ഞകുശലൻ. പുരോഗാമി = മുമ്പൻ. തുർവശൻ – രാജാവ്. സ്വത്തിനായ് – ധനലാഭത്തിന്ന്. മത്സ്യം – മത്സ്യമെന്ന രാജ്യം. യോധരും ഭൃഗുക്കളും മത്സ്യരാജ്യം വളഞ്ഞ്സ് തുർവശനും രക്ഷയ്ക്കു് ഇന്ദ്രനെ പ്രാപിച്ചു; രണ്ടുപേരിൽ സഖാവിനെ (തുർവശനെ) വൻ (ഇന്ദ്രൻ) കേറ്റിനാൻ – യുദ്ധാപത്തിൽനിന്നു കരകയേറ്റി.

[7] ആര്യന്റെ – കർമ്മശീലന്റെ ആനയിച്ച – വീണ്ടുകൊണ്ടുപോന്ന. ഹന്താവിനെ – ദുഷ്ടരെ വധിച്ച ഇന്ദ്രനെ. ഇന്ദ്രൻ യുദ്ധത്തിൽ ശത്രുക്കളെ വധിച്ചാണു്, ഗോക്കളെ ആനയിച്ചത് വായ്ചവർ – തപഃപ്രവൃദ്ധർ. കൊമ്പു കൈക്കൊണ്ടോർ – ചൊറിയാൻ കൃഷ്ണമൃഗക്കൊമ്പു കയ്യിൽ വെച്ച ദീക്ഷിതന്മാർ. ശിവശങ്കരർ – യജ്ഞംകൊണ്ടു ലോകത്തിന്നു നന്മയുളവാക്കുന്നവർ.

[8] ദുഷ്ടാശയർ – സൂദാസ്സുന്റെ ശത്രുക്കൾ. ശിഷ്ടൻ – ഇന്ദ്രപ്രസാദത്താൽ ശ്രേയസ്സുവേടിയ സുദാസ്സ്. നീലം പൂകി – വെള്ളക്കയറ്റത്തിൽ പെട്ടുപോയില്ല. ചായമാനൻ കവി – ചയമാനന്റെ പുത്രനായ കവീ, സുദാസ്സിന്റെ വൈരി; കവി എന്നാണ്, അയാളുടെ പേർ. വിട്ടു – പോർക്കളത്തിൽനിന്ന്. പശു – യാഗത്തിൽ വിധിയ്ക്കപ്പെട്ട പ്രാണി. കിടക്കയായ് – സദാസ്സിനാൽ വിധിയ്ക്കപ്പെട്ടു.

[9] ഇന്ദ്രൻ പരൂഷ്ണിയുടെ പിളർത്ത തീരങ്ങൾ കൂട്ടിച്ചേർത്തു. പള്ളിക്കുതിര – സുദാസ്സിന്റെ അശ്വം.

[10] പൃശ്നിവിട്ട – അമ്മ പറഞ്ഞയച്ച. തൻപ്രതിജ്ഞയ്ക്കൊത്ത് – വേണ്ടപ്പോൾ ഇന്ദ്രനെ സഹായിച്ചുകൊള്ളാമെന്ന തങ്ങളുടെ പ്രതിജ്ഞയനുസരിച്ച്, സഖാവിങ്കൽ (ഇന്ദ്രങ്കൽ) അണഞ്ഞു; നല്ല പുല്ലുള്ളേടത്ത് മേയാൻ, ഇടയനില്ലാത്ത മാടുകൾ സ്വച്ഛന്ദം അണയുന്നതുപോലെ. നിയുത്തുക്കൾ – മരുത്തുക്കളുടെ അശ്വങ്ങൾ.

[11] രാജാവവൻ – പൊരുതുന്ന സുദാസ്സ്. യശസ്സിന്ന് – കീർത്തി കാംക്ഷിച്ച്. ഇരുവൈകർണ്ണരാജ്യം – പരൂഷ്ണിയുടെ ഇരുകരകളിലുള്ള വൈകർണ്ണമെന്ന രണ്ടു രാജ്യം. സാരൻ – കെല്പൻ; യുവാവായ അധ്വര്യു ഗൃഹേ (യാഗശാലയിൽ) ദർഭ അരിയുന്നതുപോലെ, സുദാസ്സ് ശത്രുക്കളെ അരിയവേ. ഇവർക്ക് – മരുത്തുക്കൾക്ക്. അനുജ്ഞയും ഏകി – സുദാസ്സിനെ സഹായിപ്പാനായി പൊരുതിക്കൊൾവാൻ അനുമതികൊടുക്കുകയും ചെയ്തു.

[12] ശ്രുതൻ, കവഷൻ, വൃദ്ധൻ, ദ്രുഷ്യു എന്നിവർ സുദാസ്സിന്റെ ശത്രുക്കളാണ് ഉത്തരാർദ്ധം പ്രത്യക്ഷസ്തുതി:

[13] അക്കൂട്ടർ – ശ്രുത – കവഷ – വൃദ്ധ – ദ്രഹ്യുക്കൾ, ഏഴൊടേ – ഏഴു മതിലുകളോടുകൂടി; മതിലുകളും ഉടച്ചു. ആനവൻ – അനുവിന്റെ പുത്രൻ; അനു ഒരസുരൻ. തൃത്സു – ഒരു രാജാവ്, നാം – ഇപ്രകാരം ഇന്ദ്രനെ സ്തുതിയ്ക്കുന്ന നമ്മൾ മുഷ്കോതും നരനെ (വൈരിയെ) ആജിയിൽ (യുദ്ധത്തിൽ) വെല്ലുമാറാകണം!

[14] അനുവുന്റെയും ദ്രുഹ്യുവിന്റെയും അറുപത്താറായിരത്തിഅറുപത്താറ് വീരന്മാരും (ഭടന്മാരും) ഗോക്കൾക്കായ് (ഗോഹരണത്തിന്നായി) കൃതാർച്ചങ്കൽ (ഇന്ദ്രനെ പൂജിച്ച സുദാസ്സിന്റെ അടുക്കൽ) വന്നിട്ട് (യുദ്ധത്തിനു വന്നിട്ട്) ഒന്നിച്ചുറങ്ങി – കൊല്ലപ്പെട്ടു.

[15] ഇന്ദ്രനാൽ അനുഗ്രഹിക്കപ്പെട്ട തൃത്സുക്കൾ ദുസ്സഖ്യ (ദുർജ്ജനസമ്പർക്ക) ത്താലും വലിയ ദുരയാലും പിന്നീടൊരിക്കലും ഇന്ദ്രനോട് യുദ്ധത്തിനേറ്റു; എന്നിട്ടോ, തോറ്റ് ഒരുമ്പാടൊടേ ഓടി: സിദാസൻ എതിർത്തതിനാൽ കോപ്പൊക്കെ (മുതലെല്ലാം) ത്യജിയ്ക്കുക (സദാസ്സിന്നു സമർപ്പിയ്ക്കുക)യും ചെയ്തു.

[16] വീരദ്രോഹി (വീരനായ സുദാസനെ ഉപദ്രിവിച്ചിരുന്നവൻ) ഇന്ദ്രനെക്കൂസാതെ (യജ്ഞംചെയ്യാതെ) കാച്ചുപാൽ (കുറുക്കിയപാൽ) സ്വയം മോന്തുന്നവനായിരുന്നു; ഒരുമ്പെട്ട (യുദ്ധോദ്യുക്തനായ) അവനെ ഇന്ദ്രൻ കാച്ചിനാൻ – കൊന്നുകളഞ്ഞു. അമിത്രന്നു മൂർച്ച കെടുത്തിനാൻ – ശത്രുവിനെ ചുണകെട്ടവനാക്കി. അവൻ (ശത്രു) തിരിച്ചു പാച്ചിലിൻപാതയിൽ കേറി – പാഞ്ഞുതുടങ്ങി.

[17] ഇന്ദ്രന്റെ അദ്ഭുതകർമ്മങ്ങൾ: നിസ്വൻ = ദരിദ്രൻ. സിംഹാഗ്ര്യൻ – സിംഹങ്ങളിൽ വയസ്സുകൊണ്ടു മുമ്പൻ, വൃദ്ധസിംഹം. കോണുകൾ – യൂപത്തിന്റെയും മറ്റും. വേണുന്നതൊക്കെ – സർവഭോഗ്യങ്ങളും.

[18] പ്രതീപർ = ശത്രുക്കൾ. തേ = അങ്ങയ്ക്ക്. ദേദൻ – സുദാസ്സിന്റെ ഒരു ശത്രു. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.

[19] യമുന – യമുനാതീരത്തിലെ ആളുകളും. മർദ്ദിച്ച – വധിച്ച. ശിഗ്ര്വ ജയക്ഷുപ്രജകൾ = ശിഗ്രു, അജം, യക്ഷു എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ. തദാ – ഭേദവധാവസരത്തിൽ. തുരംഗത്തലകളെ – യുദ്ധത്തിൽ വധിയ്ക്കപ്പെട്ട കുതിരകളുടെ തലകളെ ഇന്ദ്രന്നു തിരുമുല്ക്കാഴ്ചവെച്ചു.

[20] തേ (അങ്ങയ്ക്കു) പണ്ടുമിന്നുമുള്ള അർത്ഥവും (ധനവും) അൻപും (അനുഗ്രഹബുദ്ധിയും) എത്രയെന്നില്ല – ഉഷസ്സുകൾപോലെ അസംഖ്യേയങ്ങളാകുന്നു. മന്യമാനജൻ ദേവകൻ മർദ്ദിതനായ് – മന്യമാനന്റെ പുത്രൻ ദേവകൻ (ഒരു ശത്രു) അങ്ങയാൽ വിധിയ്ക്കപ്പെട്ടു. അദ്രൗ – മലയിൽവെച്ച്.

[21] നിൻനുതി = അങ്ങയെ സ്തുതിയ്ക്കൽ, യജിയ്ക്കൽ. സൂരികളിൽ – ഈ സ്തോതാക്കളിൽ അച്ഛദിനങ്ങൾ (സുദിനങ്ങൾ) വരുന്നു; ഭവാനെ നിത്യം സ്തുതിയ്ക്കുന്നതിനാൽ പരാശരാദികൾക്കു സർവ്വദിവസങ്ങളും സുദിനങ്ങളാകുന്നു.

[22] ദേവവൽപൗത്രൻ – ദേവവാൻ എന്ന രാജാവിന്റെ പുത്രൻ, പീജവനൻ; പിജവനന്റെ പുത്രൻ (പൈജവനൻ) സുദാസ്സു്. സ്ത്രീവദ്രഥം = സ്ത്രീകളോകൂടിയ രഥം. വധൂസംയുക്തങ്ങളായ രണ്ടുതേരുകളും, ഇരുനൂറുഗോക്കളെയും ഇന്ദ്രനെ സ്തുതിയ്ക്കയാൽ തക്ക (അർഹനായ) എനിയ്ക്കു സുദാസ്സു് തന്നു; അതിനെ (ആദാനത്തെ) ഞാൻ, മന്ദിരത്തെ (യജ്ഞഗൃഹത്തെ) ഹോതാവെന്നപോലെ വലംവെയ്ക്കുന്നു. ഇത് ഇവിടെ അഗ്നിയോടു പറഞ്ഞത്, അഗ്നിയുടെ സർവദേവമുഖ്യത്വം പ്രതിപാദിപ്പാനാണ്: ഇന്ദ്രനാനല്ലോ, ഈ സൂക്തത്തിന്റെ ദേവത.

[23] ആകെ പ്രശസ്തമായ് – ശ്രദ്ധമുതലായ ദാനാംഗങ്ങളുടെ തികവോടേ, പഞ്ഞത്തിലുമൃജൂയാനർ – തീര കിട്ടാഞ്ഞാലും(?) നേരേ നടക്കുന്നവ. ദൃഢാംഘ്രികൾ = കാലുകൾക്കുറപ്പുള്ളവ. കുഞ്ഞിൻ – മകന്റെ. കുഞ്ഞായ – മകനെന്നപോലെ പാലനീയനായ: മാം = എന്നെ, വസിഷ്ഠനെ.

[24] മുമ്പന്നു മുമ്പന്നു വെച്ച – ശ്രേഷ്ഠന്മാർക്ക് ആദ്യമാദ്യം ധനം നീക്കിവെച്ച, കൊടുത്ത. വദാന്യൻ – ദാനശീലനായ സുദാസ്സ്. യുധ്യാമധിയെ (സുദാസ്സിന്റെ ഒരു ശത്രുവിനെ) രണേ (യുദ്ധത്തിനിടയിൽ) ആറുകൾ (നദികൾ) വീഴ്ത്തീ – കൊന്നു.

[25] നേതൃമരുത്തുക്കൾ = നേതാക്കലായ മരുത്തുക്കൾ. അത്താരദിവോദാസൻ – സുദാവിന്റെ അച്ഛനായ ദിവോദാസൻ: പിജവനന്റെ മറ്റൊരു പേരാണ്, ദിവോദാസൻ. അച്ചേർച്ഛുവിൻ – പരിചരണകാമനായ സുദാസ്സിന്റെ ബലം വാടാതെ(ക്ഷയിയ്ക്കാതെ) വായ്ക്കട്ടെ.

സൂക്തം 19.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

കൊമ്പു കൂർത്ത വൃക്ഷംപോലുഗ്രനേകനായ് –
സ്സംപതിപ്പിയ്ക്കും, സപത്നരെയൊക്കെയും;
ലുബ്ധന്റെ ഭൂരിയാം സമ്പത്തടക്കിടും;
വിത്തമേകും, തുലോം നീർ പിഴിവോനു നീ!1
നിയ്യിന്ദ്ര, രക്ഷിച്ചരുളിയല്ലോ, തിരു –
മെയ്യാലുപചരിച്ചാ,ജിയിൽക്കുത്സനെ:
ഇയ്യർജ്ജനീസുതന്നേകാൻ, വഴങ്ങിച്ചു;
നിയ്യേറ്റവും ദാസശൂഷ്ണകുയവരെ!2
സർവഥാ കാത്തുരക്ഷിച്ചു, ധൃഷ്ണോ, ഭവാൻ
ഹവ്യമർപ്പിച്ച സുദാസ്സിനെക്കെല്പിനാൽ;
പോരിൽ നീ പാലിച്ചു, പാടങ്ങൾ നേടുവാൻ
പൗരുകുത്സിത്രസദസ്യുപൂരുക്കളെ!3
മാനുഷസ്നേഹിതൻ, മരുദ്യുക്തനായ് രണേ
മാറ്റരെയൊട്ടല്ല കൊന്നു, ഹര്യശ്വ, നീ:
ദസ്യുചുമരിധുനികളെ ഹേതിയാൽ –
സ്സുസ്വാപരാക്കീ, ദഭീതിയ്ക്കുവേണ്ടി നീ!4
അത്രയാം വജ്രവൻ, നിൻബല: – മെണ്മതും
പത്തൊമ്പതും പുരമൊപ്പം (പിളർത്തു) നീ
തത്ര നൂറാമതിൽക്കേറീ, വസിയ്ക്കുവാൻ!
വൃത്രനെക്കൊന്നൂ; നമുചിയെക്കൊന്നൂ നീ!5
ഇന്ദ്ര, ബലവൻ, നശിയ്ക്കാ, മഖാന്നങ്ങൾ
തന്ന സുദാസ്സിന്നു നീയേകിയ ധനം;
പൂട്ടാം, വൃക്ഷൻ, തേ വൃക്ഷാശ്വദ്വയത്തെ ഞാൻ;
സ്തോത്രങ്ങൾ നിങ്കലെത്തട്ടേ, ശതക്രതോ!6
ഇത്തദന്വേഷത്തിലെങ്ങൾ പരദ്രവ്യ –
ഹർത്താക്കളാം കൊലയാളർക്കടങ്ങൊലാ:
നിർബാധമെങ്ങളെപ്പാലിയ്ക്ക, ഹര്യശ്വ;
നിൻപ്രിയരാകെ,ങ്ങൾ വിജ്ഞരിലൂർജ്ജിത!7
അങ്ങയെത്തേടി സ്തുതിയ്ക്കുമെങ്ങൾ ഗൃഹേ
ചങ്ങാതിമാരായ് പ്രിയരായ്സ്സുഖിയ്ക്കണം!
തുവർശയാദ്വരെപ്പാട്ടിലാക്കേണമേ,
ഭവ്യം സുദാസ്സിന്നിയറ്റുവാനിന്ദ്ര, നീ!8
നിന്നെത്തിരഞ്ഞു,ക്ഥദക്ഷരെങ്ങളുടൻ –
തന്നെ ചൊല്ലുന്നതുണ്ടു,ക്ഥങ്ങൾ സാമ്പ്രദം
ലുബ്ധരെക്കൊംണ്ടുംമേകിച്ചൂ ഭവൽസ്കവാൽ;
മിത്രതയ്ക്കെങ്ങളെക്കൈക്കൊള്ളുകി,ന്ദ്ര, നീ!9
അങ്ങയ്ക്കു ഹവ്യങ്ങളേകുമീ നേതാക്ക –
ളെങ്ങളിൽച്ചേർന്നിരിയ്ക്കുന്നു, നേതൃതമ:
മംഗളം നല്കുകി,വർക്കിന്ദ്ര, പോരിൽ നീ;
ചങ്ങാതിയാക; രക്ഷിയ്ക്ക, ശൂരൻ ഭവാൻ!10
ആദ്യ വാഴ്ത്തപ്പെടും നീ നുതി കേട്ടിന്ദ്ര,
വർദ്ധിയ്ക്ക, രക്ഷയാൽശ്ശൂര, മെയ്യാലുമേ;
എത്തിയ്ക്കുകെ,ങ്ങൾക്കു കൊറ്റും ഗൃഹങ്ങളും;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പോഴുമെങ്ങളെ!’11
കുറിപ്പുകൾ: സൂക്തം 19.

[1] പ്രത്യക്ഷോക്തി: വൃഷംപോലുഗ്രൻ – ഒരു കാളപോലെ ഭയങ്കരനായ നീ സംപതിപ്പിയ്ക്കും – സ്ഥാനഭ്രഷ്ടരാക്കും. സപത്നർ = ശത്രുക്കൾ. ലുബ്ധന്റെ – അയഷ്ടാവിന്റെ. നീർ – സോമരസം.

[2] ഉപചരിച്ച് = ശുശ്രൂഷിച്ച്, സഹായിച്ച്. അർജ്ജുനി – കുത്സന്റെ അമ്മയുടെ പേർ. ദാസ – ശൂഷ്ണ – കുയവർ – മൂന്നസുരന്മാർ. ഏകാൻ – ധനം കൊടുക്കാൻ.

[3] പൗരുകത്സിത്രസദസ്യുപൂരുക്കളെ – പുരുകുത്സപുത്രനായ ത്രസദസ്സ്യവിനെയും പൂരുവിനെയും.

[4] ഒട്ടല്ല കൊന്നു = വളരെപ്പേരെ വധിച്ചു. ദസ്യ – ചുമരി – ധുനികൾ – മുന്നസുരന്മാർ. ഹേതി – വജ്രം. സുസ്വാപരാക്കി = നന്നായുറക്കി, കൊന്നു. ദഭീതി – ഒരു രാജർഷി.

[5] നിൻബലം അത്രയാം – അത്ര മികച്ചതാണ്. എണ്പതും പത്തൊമ്പതും പൂരം – ശംബരന്റെ തൊണ്ണൂറ്റൊമ്പതു പൂരികൾ.

[6] മഖാന്നങ്ങൾ = യജ്ഞവും ഹവിസ്സും. വൃഷൻ – ഹേ വൃക്ഷാവേ. തേ – അങ്ങേയ്ക്കു് ഇങ്ങോട്ടു പോരാൻ. വൃക്ഷാശ്വദ്വയത്തെ – വൃക്ഷാക്കലായ ഹരികളെ ഞാൻ പൂട്ടാം.

[7] ഇത്തദന്വേഷത്തിൽ – ഞങ്ങൾ ഇങ്ങനെ സ്തോത്രങ്ങൾകൊണ്ട് അങ്ങയെ തേടുന്നതിനിടയിൽ. അടങ്ങൊലാ – കീഴ്പെട്ടുപോകരുത്. ഊർജ്ജിത = ബലവാനേ എങ്ങൾ വിജ്ഞരിൽ (സ്തോതാക്കളിൽ വെച്ചു) നിൻപ്രിയരായിത്തീരട്ടെ.

[8] ദിവോദാസിന് (ഞങ്ങളുടെ രാജാവായ ദിവോദാസന്നു) ഭവ്യം (നന്മ) ഏകുവാൻ നീ തുർവശൻ, യദ്വൻ എന്നീ രാജാക്കന്മാരെ വശത്താക്കണം.

[9] ഉക്ഥദക്ഷൻ – ഉക്ഥം ചൊല്ലുന്നതിൽ നിപുണന്മാരായ, ഞങ്ങൾ ഭാവാനെ സ്തുതിച്ചു, ലുബ്ധരെക്കൊണ്ടും ഏകിച്ചൂ – ധനം കൊടുപ്പിച്ചു; ഭവൽസ്തുതി പ്രഭാവത്താൽ ഞങ്ങൾക്കു ലുബ്ധൻമാരും ധന തന്നിരിയ്ക്കുന്നു. മിത്രത = സഖ്യം.

[10] ചേർന്നിരിയ്ക്കുന്നു – അനുകൂലരായിരിയ്ക്കുന്നു.

[11] രക്ഷയാലും മെയ്യാലും വർദ്ധിയ്ക്ക – രക്ഷയെയും ദേഹത്തെയും വളർത്തുക.

സൂക്തം 20.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഓജസ്സും തേജസ്സുമിയന്ന ഇന്ദ്രൻ വീര്യത്തിന്നാണ്, ജനിച്ചത്. ചെയ്യാൻ നിശ്ചയിച്ചത് മനുഷ്യഹിതൻ ചെയ്യും. യുവാവു രക്ഷകളോടെ യാഗശലയിൽ വരും; വമ്പിച്ച പാപത്തിൽനിന്നുപോലും നമ്മെ രക്ഷിയ്ക്കും.1

ഇന്ദ്രൻ വളർന്നു വൃത്രനെ കൊന്നു. വീരൻ സ്തോതാവിനെ ഉടൻ രക്ഷയാൽ പാലിച്ചു. സുദാസ്സിന്നു രാജ്യം നല്കി. ഹവിർദ്ദാതാവിന്നു ധനം വീണ്ടും വീണ്ടും കൊടുത്തു.2

പിന്മാറാതെ പോരാടുന്ന യോദ്ധാവ്, പൊരുതുന്ന ശൂരൻ, പ്രകൃത്യാ വളരെപ്പേരെ കീഴമർത്തുന്നവൻ, കീഴമർത്തപ്പെടാത്ത ബലവാൻ – ഇങ്ങനെയുള്ള ഇന്ദ്രൻ പടക്കളെ പതറിയ്ക്കും, പകരെയെല്ലാം കൊല്ലും!3

ഇന്ദ്ര, ബഹുധന, ഭവാൻ മഹത്ത്വംകൊണ്ടും കരുത്തുകൊണ്ടും വാനൂഴികൾ രണ്ടിനെയും നിറച്ചിരിയ്ക്കുന്നു. ഹരിയുക്തനായ ഇന്ദ്രൻ വജ്രമെയ്തു, യജ്ഞങ്ങളിൽ ഹവിസ്സോടു ചേരുന്നു.4

വൃക്ഷാവു വൃഷാനിനെ ജനിപ്പിച്ചതു, യുദ്ധത്തിനത്രേ: ഈ മനുഷ്യഹിതനെ മഹിള പ്രസവിച്ചു; മനുഷ്യർക്കു നേതാവും, ഈശ്വരനും, പരന്തപനും, ഗോക്കളെ തിരയുന്നവനും, ധർഷകനുമാണ്, ഇദ്ദേഹം!5

ഈ ഇന്ദ്രന്റെ ഘോരമായ ഹൃദയത്തെ ആർ യജ്ഞങ്ങൾകൊണ്ടാരാധിയ്ക്കുമോ, അവന്നു സ്ഥാനഭ്രംശം സംഭവിയ്ക്കില്ല; ക്ഷയവും വരില്ല. പരിചരണമനുഷ്ഠിയ്ക്കുന്നവന്ന് ആ യജ്ഞരക്ഷകൻ യജ്ഞത്തിൽ അവിർഭവിച്ചു, ധനം കല്പിച്ചുകൊടുക്കും.6

ഇന്ദ്ര, കാരണവൻ അനന്തരവന്നു യാതൊന്നു കൊടുക്കുമോ; ജ്യേഷ്ഠൻ അനുജങ്കൽനിന്നു യാതൊന്നു നേടുമോ; (മകൻ) യാതൊന്നു കൊണ്ടു ദൂരത്തു ജീവിച്ചിരിയ്ക്കുമോ; പൂജനീയ, ആ പൂജനീയമായ, ആ പൂജനീയമായ ധനം ഭവാൻ ഞങ്ങൾക്കു കൊണ്ടുവന്നാലും!7

ഇന്ദ്ര, വജ്രപാണേ, യാതൊരുവൻ അങ്ങയ്ക്കു (ഹവിസ്സു) നല്കുമോ, അവൻ പ്രിയപ്പെട്ട സഖാവായി അങ്ങയുടെ ദാനത്തിന്നു പാത്രമാകും. ഞങ്ങളും അഹിംസകനായ അങ്ങയുടെ ഈ നന്മമനസ്സിനാൽ, ധാരാളം അന്നവുമായി, മനുഷ്യരക്ഷകമായ ഗൃഹത്തിൽ മരുവുമാറാകണം!8

മഘവാവേ, ഇതാ, അങ്ങയ്ക്കായി പിഴിയപ്പെടുന്ന സോമം നിലവിളിയ്ക്കുന്നു; സ്തോതാവും ഒച്ച മുഴുക്കുന്നു. ശക്ര, ഒരു ധനേച്ഛ അങ്ങയെ സ്തിതിയ്ക്കുന്ന എങ്കൽ വന്നു കൂടിയിരിയ്ക്കുന്നു; അങ്ങ് വേഗത്തിൽ ഞങ്ങൾക്കു സമ്പത്തു തരിക!9

ഇന്ദ്ര, അങ്ങയുടെ ചോറുണ്ണുന്നവരാകണം, ഞങ്ങളും, അങ്ങയ്ക്കു സ്വയം ഹവിസ്സയയ്ക്കുന്നവരും; അങ്ങയെ സ്തുതിയ്ക്കുന്നന്വന്നു ശേഷിയും ഉണ്ടായിവരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിനെ, പ്പൊഴുമെങ്ങളെ!’10

കുറിപ്പുകൾ: സൂക്തം 20.

[1] വീര്യം – വീരകർമ്മം. മനുഷ്യഹിതൻ, യുവാവ് എന്നിവ ഇന്ദ്രവിശേഷണങ്ങളാകുന്നു.

[3] പടക്കളെ – ശത്രുസൈന്യങ്ങളെ.

[4] വജ്രമെയ്തു – വജ്രംകൊണ്ടു വൈരികളെ പായിച്ച്.

[5] വൃഷാവ് – കശ്യപൻ. വൃഷാവുനെ = ഇന്ദ്രനെ. മഹിള – കശ്യപപത്നിയായ അദിതി.

[6] ഘോരമായ – ശത്രുക്കളുടെ നേർക്ക്. ആ യജ്ഞരക്ഷകൻ – ഇന്ദ്രൻ.

[7] യാതൊന്നുകൊണ്ട് – അച്ഛങ്കൽനിന്നു യാതൊന്നു നേടി. ആ – മൂന്നു തരത്തിലുള്ള.

[9] ചതയ്ക്കുമ്പോഴത്തെശ്ശബ്ദം, ഇന്ദ്രനെക്കാണാഞ്ഞു സോമം നിലവിളിയ്ക്കുന്നതാണെന്ന് ഉൽപ്രേക്ഷ. ഒച്ച ഉൽപ്രേക്ഷ. ഒച്ച മുഴക്കുന്നു – ഉറക്കെ സ്തോത്രം ചൊല്ലുന്നു.

[10] അങ്ങയുടെ – അങ്ങ് തന്ന സ്തുതിയ്ക്കുന്നവന്ന് – എനിയ്ക്കു്.

സൂക്തം 21.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഗവ്യം ചേത്ത തെളിസോമം പിഴിഞ്ഞുകഴിഞ്ഞു: ഇതിൽ പ്രകൃത്യാ സംബന്ധിയ്ക്കുന്നവനാണല്ലോ, ഇന്ദ്രൻ. ഹര്യശ്വ, ഞങ്ങൾ അങ്ങനെയെ യജ്ഞംകൊണ്ട് ഉണർത്തുന്നു: അങ്ങ് സോമത്തിന്റെ മത്തിൽ ഞങ്ങളുടെ സ്തോത്രം ചെവിക്കൊണ്ടാലും!1

(യഷ്ടാക്കൾ) യജ്ഞത്തിലെത്തുന്നു; ദർഭ വിരിയ്ക്കുന്നു; യാഗത്തിൽ അമ്മികൾ കനത്ത ശബ്ദം പുറപ്പെടുവിയ്ക്കുന്നു. ദൂരത്തും കേൾക്കുമാറു ശബ്ദിക്കുന്ന, പുകഴ്‌ന്ന അമ്മിക്കുഴകൾ നേതാക്കളാൽ ഗൃഹത്തിൽ നിന്നു് എടുക്കപ്പെടുന്നു.2

ശൂരനായ ഇന്ദ്ര, അങ്ങ് വൃത്രനാൽ ആക്രമിയ്ക്കപ്പെട്ട വളരെ ജലങ്ങളെ ഒഴുകാൻ വിട്ടു; അവിടുന്നുമൂലം നദികൾ, തേരാളികൾപോലെ നടകൊണ്ടു. ഉലകൊക്കെ പേടിച്ചു വിറച്ചു!3

ഇന്ദ്രൻ മനുഷ്യർക്കു വേണ്ടതെല്ലാമറിഞ്ഞിട്ട്, ആയുധങ്ങളാൽ ഭയംകരനായി അവരെ വളഞ്ഞു; നേരിട്ടു വിറപ്പിച്ചു; ഇമ്പം പൂണ്ടു മഹിമയോടെ വജ്രമെടുത്തു വധിച്ചു!4

ഇന്ദ്ര, രക്ഷസ്സുകൾ ഞങ്ങളെ ദ്രോഹിയ്ക്കില്ല; മഹാബല, രാക്ഷസർ ഞങ്ങളെ ആൾക്കാരിൽനിന്നകറ്റില്ല; നെറികെട്ട പ്രാണിയെ തന്തിരുവടി അടക്കിക്കൊള്ളും. ശിശ്നദേവന്മാർ ഞങ്ങളുടെ യാഗം പോക്കിക്കളയരുത്!5

ഇന്ദ്ര, അങ്ങ് കർമ്മംകൊണ്ടു മന്നിനെ കീഴടക്കിയിരിയ്ക്കുന്നു: അങ്ങയുടെ മഹിമാവു ലോകങ്ങൾക്കു ലഭ്യമല്ല. അങ്ങ് സ്വന്തം ബലം കൊണ്ടാണല്ലോ, വൃത്രനെ കൊന്നത്; യുദ്ധത്തിൽ അങ്ങയെ ഹനിപ്പാൻ ശത്രു ആളായതുമില്ല!6

അസുരന്മാരുടെപോലും കെല്പും കൊലയും അളവിൽ അങ്ങയുടെ ബലത്തിനൊത്തില്ല! ഇന്ദ്രൻ പൊരുതി ധനം നല്കും; അന്നം കിട്ടാൻ ആളുകൾ ഇന്ദ്രനെ വിളിച്ചുവരുന്നു.7

ഇന്ദ്ര, സ്തോതാവു രക്ഷയ്ക്കായി, ഈശ്വരനായ നിന്തിരുവടിയെ വിളിച്ചു; ഞങ്ങൾക്കു വളരെസ്സൗഭാഗ്യം നിന്തിരുവടി തരികയും ചെയ്തു. ഒരുനൂറു രക്ഷകളുള്ളവനേ, നിന്തിരുവടിയെപ്പോലുള്ള ഒരുവൻ ദ്രോഹിപ്പാൻ വന്നാൽ, അവനെ തടുക്കുകകൂടിച്ചെയ്താലും!8

ഇന്ദ്ര, അങ്ങയെ സ്തുതികൊണ്ടു വളർത്തുന്ന ഞങ്ങൾ എന്നും സഖാക്കളാകണം! മഹിമകൊണ്ടു മറുകരയണയ്ക്കുന്നവനേ, അങ്ങയുടെ രക്ഷയാൽ (സ്തോതാക്കൾ) യുദ്ധത്തിൽ ഹിംസകരായ ശത്രുക്കളുടെ എതിർപ്പും കെല്പും കെടുത്തട്ടെ!9

ഇന്ദ്ര, അങ്ങയുടെ ചോറുണ്ണുന്നവരാകണം, ഞങ്ങളും, അങ്ങയ്ക്കു സ്വയം ഹവിസ്സയയ്ക്കുന്നവരും; അങ്ങയെ സ്തുതിയ്ക്കുന്നവന്നു ശേഷിയും ഉണ്ടായിവരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 10

കുറിപ്പുകൾ: സൂക്തം 21.

[1] ഗവ്യം = ഗോരസം. ഹര്യശ്വ എന്നതുമുതൽ പ്രത്യക്ഷസ്തുതി: യജ്ഞം – ഹവിസ്സോ, സ്തോത്രമോ.

[4] അവരെ – അസുരന്മാരെ.

[5] നെറികെട്ട എന്നതുമുതൽ പരോക്ഷവചനം: ശിശ്നദേവന്മാർ – വ്യഭിചാരികൾ, ബ്രഹ്മചര്യരഹിതർ.

[7] ഇന്ദ്രൻ എന്നതുമുതൽ പരോക്ഷോക്തി:

[9] മറുകര – ശത്രുക്കളുടെയോ, പാപങ്ങളുടെയോ.

സൂക്തം 22.

വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (മാകന്ദമജ്ഞരി)

ചേലിൽപ്പിഴിയുവോൻ കൈകൾകൊണ്ടശ്വത്തെ –
പ്പോലേ പിടിച്ചതാമമ്മിക്കുഴ
തൂജിയ സോമം ഹര്യശ്വ, കുടിയ്ക്കുക –
ങ്ങേ: – കട്ടെ,യങ്ങയ്ക്കിതിമ്പമിന്ദ്ര!1
യാതൊന്ന,വിടെയ്ക്കു ചേർന്നതാം നല്ലൊരു
മാദകം; ഹര്യശ്വ, ഭൂരിവസോ,
യാതൊന്നാൽ മാറ്റാരെക്കൊല്പൂ, നീ;-യസ്സോമ –
നീർ തവ മത്തുണ്ടാക്കട്ടെ,യിന്ദ്ര!2
അങ്ങയെപ്പറ്റി വസിഷ്ഠൻ വദിയ്ക്കുമീ
മംഗളച്ചൊല്ലറിഞ്ഞാലും, ചെമ്മേ;
ഹേ മഘവാവേ, നീയംഗീകരിയ്ക്കുകീ,
മാമകസ്തോത്രങ്ങളധ്വരത്തിൽ!3
നീർ തൂകുമമ്മിതന്നാഹ്വാനം കേൾക്ക നീ;
മേധാവി ചൊല്ലും സ്തവങ്ങളെയും
ബോധയ്ക്ക; കൂടെനിന്നുൾക്കാമ്പിൽ വെയ്ക്കയും –
ചെയ്താലു,മിപ്പരിചര്യകളെ!4
നിന്നെപ്പുകഴ്ത്തൽ നിർത്തില്ല, കുറയ്ക്കില്ല,
നിന്നുടെ വീര്യമറിഞ്ഞവർ ഞാൻ;
എപ്പൊഴും, ഹന്താവാം നിൻ തിരുനാമത്തെ
നല്പുകളുള്ളോനേ, ചൊല്ലുവൻ, ഞാൻ!5
ധാരാളം തേ പിഴിയുന്നതുണ്ടാ,ളുകൾ;
സൂരിയുമുന്ദ്ര, ഭവാനെത്തന്നേ
ധാരാളം വാഴ്ത്തുന്നുണ്ടെ; – ങ്ങളിൽനിന്നു നീ
ദൂരത്തു നില്ക്കരുതേറെനേരം!6
ഇപ്പിഴിയുന്നതൊട്ടുക്കു നിനക്കുതാ; –
നപ്പടി നിന്നെ വളർത്താനായ് ഞാൻ
ചൊല്ലുന്നേൻ, സ്തോത്രവും; ശൂര, നീ മാനുഷർ
ക്കെല്ലാവിധത്തിലുമാഹ്വാതവ്യൻ!7
സ്തുത്യനായുള്ള ഭവാന്റെ മഹത്ത്വമോ,
വിത്തമോ, താവകവീര്യംതാനോ
ചിക്കെന്നു കൈവരികില്ലൊ,രുത്തന്നുമി –
ങ്ങുഗ്ര, ദർശിയ്ക്കപ്പെടേണ്ടുമിന്ദ്ര!8
അന്നുമിന്നും സ്തവം തീർത്ത വിപ്രർഷികൾ –
ക്കെന്നപോലെങ്ങൾക്കും നിൻനൽസ്സഖ്യം
സിദ്ധിയ്ക്കുമാറാക; ഞങ്ങളെയെപ്പൊഴും
‘സ്വസ്തിയാൽപ്പാലിപ്പിനി,ന്ദ്ര, നിങ്ങൾ!’9
കുറിപ്പുകൾ: സൂക്തം 22.

[1] അശ്വത്തെപ്പോലെ – കടിഞ്ഞാണുകൾകൊണ്ടു കുതിരയെന്നപോലെ. അങ്ങ് = ഭവാൻ.

[2] ചേർന്നതാം = അനുരൂപമായ. മാദകം – മദകരദ്രവ്യം. യാതൊന്നാൽ – യാതൊന്നു കുടിച്ചിട്ട്.

[3] വസിഷ്ഠൻ – ഞാൻ. മംഗളച്ചൊല്ലു് – സ്തുതി.

[4] മേധാവി – ധീമാനായ ഞാൻ. ബോധിയ്ക്ക = അറിഞ്ഞാലും.

[5] ഹന്താവ് – വൈരിഘ്നൻ.

[6] തേ = അങ്ങയ്ക്കായി. സൂരി – സ്തോതാവ്.

[7] അഹ്വാതവ്യൻ = വിളിയ്ക്കപ്പെടേണ്ടവനാകുന്നു.

[8] ഉഗ്ര – മഹാബല. ദർശിയ്ക്കപ്പെടേണ്ടും = ദർശനീയനായ.

[9] അന്നുമിന്നും – പണ്ടു ഇപ്പോഴും. സ്തവം – ഭവൽസ്തോത്രം. വിപ്രർഷികൾ = മേധാവികളായ ഋഷിമാർ.

സൂക്തം 23.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

സ്തോത്രങ്ങളിന്ദ്രന്നയപ്പിന,ന്നം തരാൻ;
പേർത്തു പൂജിയ്ക്ക, വസിഷ്ഠ, നീയും മഖേ;
പാരിൽപ്പരന്ന കെല്പുള്ള താൻ കേൾക്കട്ടെ,
ചാരത്തണഞ്ഞു ഞാൻ ചൊല്ലും സ്തവങ്ങളെ!1
സ്തൃരിയിൽനിന്നിന്ദ്ര, വിണ്ണോർക്കു ബന്ധുവാ –
മാരവം പൊങ്ങി, സസ്യങ്ങൾ തഴയ്ക്കവേ:
തേറുകില്ലല്ലോ, നിജായുസ്സു ലോകർ; നീ
കേറുമപ്പാപം കടത്തുക, ഞങ്ങളെ!2
പൂട്ടാം, ഹരികളെഗ്ഗോദമാം തേരിൽ ഞാൻ:
സ്തോത്രങ്ങൾ ചെന്നെത്തി, സംസേവ്യമാനനിൽ.
ഇന്നഭോഭൂക്കളിൽത്തിങ്ങും മഹത്ത്വമാ –
ർന്നിന്ദ്രൻ വധിച്ചാനെ,തിരറ്റ മാറ്റരെ!3
മെത്തി, വെള്ളങ്ങൾ പെറാപ്പൈക്കൾപോലവേ;
ത്വൽസ്തുതികാരികൾക്കിന്ദ്ര, കിട്ടീ, ജലം.
വന്നാലു,മശ്വവാൻ വായുപോലെങ്ങളി: –
ലന്നം സ്വബുദ്ധ്യാ കൊടുക്കുമല്ലോ, ഭവാൻ!4
സോമനീരിന്ദ്ര, ഭവാനു മത്തേകട്ടെ;
ധീമാനു (നല്ക,) ധനാഢ്യനാം കെല്പനെ
നീയൊരാളല്ലോ, ദയാലു സുരരിൽവെ; –
ച്ചീയധ്വരത്തിൽ മദം കൊൾക, ശൂര, നീ!5
ഏവമർച്ചിപ്പൂ, വസിഷ്ഠർ നുതികളാ –
ലാ വജ്രഭൃത്താം വൃഷാവിനെ,യിന്ദ്രനെ;
പുത്രഗോവിത്തം തരട്ടേ, സ്തുറ്റനവൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
കുറിപ്പുകൾ: സൂക്തം 23.

[1] ഒന്നാം പാദം ഋഷികളോടും, രണ്ടാംപാദം തന്നോടും: മഖേ = യജ്ഞത്തിൽ. താൻ – ഇന്ദ്രൻ.

[2] അങ്ങ് മഴ പെയ്യിച്ചതിനാൽ സസ്യങ്ങൾ വളർന്നപ്പോൾ, ആളുകൾ യാഗം തുടങ്ങി: സൂരിയിൽ (സ്തോതാവിങ്കൽ) നിന്നു ദേവന്മാർക്കു ബന്ധുവായ (പ്രീതികരമായ) ആരവം (സ്തുതിഘോഷം) പൊങ്ങി. ലോകർ, നിജായുസ്സ് എത്രയുണ്ടെന്നറിയുന്നില്ലല്ലോ; അതിനാൽ, ഞങ്ങളെ കേറുമപ്പാപം (ആയുസ്സിനെ ക്ഷയിപ്പിപ്പാൻ വന്നുകേറുന്ന പാപം) കടത്തുക.

[3] ഗോദം = ഗോക്കളെ നല്കുന്ന. തേരിൽ – ഇന്ദ്രരഥത്തിൽ. സംസേവ്യമാനനിൽ – പരിവാരങ്ങളാൽ സേവിയ്ക്കുപ്പെടുന്ന (പരിവാരസമേതനായ) ഇന്ദ്രങ്കൽ.

[4] മെത്തി = തടിച്ചു, തഴച്ചു; പെറാപ്പൈക്കൾ (മച്ചിപ്പൈക്കൾ) തടിയ്ക്കുമല്ലോ. കിട്ടീ – തൽപ്രസാദത്താൽ. അശ്വവാൻ വായു – നിയുത്തുക്കളോടുകൂടിയ വായു.

[5] ധീമാനു – സ്തോതാവിന്നു. കെല്പനെ – ബലവാനായ പുത്രനെ. നല്ക എന്ന പദം അധ്യാഹരിച്ചതാണ്. മദം കൊൾക – സോമപാനത്താൽ.

[6] പുത്രഗോവിത്തം = പുത്രന്മാരെയും ഗോക്കളെയും ധനവും.

സൂക്തം 24.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഇന്ദ്ര, തീർത്തിട്ടുണ്ടിരിപ്പിടം തേ: മരു –
ദ്വൃന്ദത്തൊടും പുരൂഹത; പൂകുക,തിൽ
വർദ്ധനവുണ്ടാക്കി രക്ഷിയ്ക്കുകെ; – ങ്ങൾക്കു
വിത്തവും നല്ക; മദിയ്ക്ക, സോമങ്ങളാൽ!1
ധാമദ്വയപ്രഭോ, കയ്യിലായ്, നിന്മനം:
സോമം പിഴിഞ്ഞു; മഘവൻ, പകർന്നു, തേൻ.
മധ്യസ്വരോച്ചാര്യമാണം, ശുഭാന്ത,മി –
സ്സിദ്ധമാം സ്തോത്രം വിളിപ്പതുണ്ടി, ന്ദ്രനെ.2
വിണ്ണിലോ മന്നിലോ നിന്നൃജീഷിൻ, മധു –
വുണ്ണാൻ വരൂ, ഭവാനീയസ്മദധ്വരേ:
മൽസ്തുതിയിങ്കലെയ്ക്കാനയിയ്ക്കട്ടെ, കെ –
ല്പൊത്ത ഭവാനെത്തുരംഗങ്ങൾ മത്തിനായ്!3
വന്നാലു,മെങ്ങളിൽ സ്തോത്രം ശ്രവിച്ചുകൊ –
ണ്ടിന്ദ്ര, ഹര്യശ്വ, സമസ്തരക്ഷയൊടും,
വൃദ്ധരൊന്നിച്ചു ഹന്താവു നീയെങ്ങൾക്കു
ശക്തനാം വർഷിയെ നല്കാൻ ശുഭഹനോ!4
തെർമുന്നിൽ വാജിയെപ്പോലെ, കെല്പേകുമി –
സ്തോമത്തെയുഗ്രനാം ധൂര്യനിൽപ്പൂട്ടിനേൻ:
ഇന്ദ്ര, മഹാൻ നിങ്കൽ വിത്താർത്ഥി, വാഴ്ത്തുവോ; –
നന്നം, ദിവി ഭാനുപോലാളുകെ,ങ്ങളിൽ!5
ഇങ്ങനെ സ്വത്താൽ നിറയ്ക്കിന്ദ്ര, ഞങ്ങളെ; –
യങ്ങയ്ക്കു തോന്നാവൂ, വൻകനിവെങ്ങളിൽ;
സദ്വീരമന്നം ഹവിഷ്മാനു നല്ക, നീ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
കുറിപ്പുകൾ: സൂക്തം 24.

[2] ധാമദ്വയം = രണ്ടു സ്ഥാനങ്ങൾ, സ്വർഗ്ഗവും ഭൂമിയും. കയ്യിലായ് – ഞങ്ങൾക്കു കിട്ടിപ്പോയി! പകർന്നു – പാത്രങ്ങളിൽ. മധ്യസ്വരോച്ചാര്യമാണം = മധ്യ സ്വരംകൊണ്ട് ഉച്ചരിയ്ക്കപ്പെടുന്നത് ശുഭാന്തം = നല്ല സമാപ്തിയോടുകൂടിയത് സിദ്ധം – ഒരുക്കപ്പെട്ടത്. ഉത്തരാർദ്ധം പരോക്ഷം.

[3] ഋജീഷിൻ – ഋജീഷം (സോമച്ചണ്ടി) കയ്യിലുള്ളവനേ. മധു – സോമം. മൽസ്തുതി = എന്റെ സ്തുതി.

[4] വൃദ്ധർ – മരുത്തുക്കൾ. ഹന്താവ് – വൈരിഘ്നൻ. വർഷിയെ – അഭീഷ്ടവർഷകനായ പുത്രനെ.

[5] പൂർവാർദ്ധം: പരോക്ഷം: സ്തോമം = സ്തോത്രം. ഉഗ്രൻ = ഓജസ്വി. ധൂര്യനിൽ – ലോകത്തെ വഹിക്കുന്ന ഇന്ദ്രങ്കൽ. വാഴ്ത്തുവോൻ (സ്തോതാവു്) മഹാനായ നിങ്കൽ വിത്താർത്ഥിയാണ്, ധനം യാചിയ്ക്കുന്നു. ദിവി = ആകാശത്ത്. ഭാനു = സൂര്യൻ. ആളുക = വിളങ്ങുമാറാകട്ടെ.

[6] സദ്വീരം = നല്ല വീരന്മാരോടു (പുത്രാദികളോട്) കൂടിയത്.

സൂക്തം 25.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഓജസ്വിൻ, ഇന്ദ്ര, അരിശത്തോടേ പടകൾ അടുക്കുമ്പോൾ, മനുഷ്യഹിതനും മഹാനുമായ അങ്ങയുടെ തൃക്കയ്യിലെ ആയുധം രക്ഷയ്ക്കായി പറന്നെത്തട്ടെ; അങ്ങയുടെ എങ്ങും നടക്കുന്ന മനസ്സും പോയ്ക്കളയരുത്!1

ഇന്ദ്ര, യുദ്ധത്തിൽ ഞങ്ങളെ എതിർത്തു കീഴമർത്തുന്ന ശത്രുക്കളെ അങ്ങ് ചിതറിയ്ക്കണം; പഴിയ്ക്കാൻതുടങ്ങുന്നവന്റെ ആ പുലമ്പൽ അകറ്റിക്കളയണം; ഞങ്ങൾക്കു ധാരാളം ധനവും കൊണ്ടുവരണം!2

തൊപ്പി വെച്ചവനേ, അങ്ങയുടെ ഒരുനൂറു രക്ഷകളും, ഒരായിരം അഭിലാഷങ്ങളും, ധനവും ശോഭനദാനനായ എനിയ്ക്കു കൈവരട്ടെ! അങ്ങ് ഹിംസകന്റെ ആയുധം തെറിപ്പിച്ചാലും; ഞങ്ങൾക്ക് അന്നവും രത്നവും തന്നാലും!3

ഇന്ദ്ര, അങ്ങയെപ്പോലെയുള്ളവന്റെ കർമ്മത്തിലും, ശൂര,അങ്ങയെപ്പോലുള്ള രക്ഷിതാവിന്റെ ദാനത്തിലും നില്ക്കുന്നവനാണല്ലോ, ഞാൻ: ബലവാനേ, തേജസ്വിൻ, ഭവാൻ എന്നെന്നും പാർപ്പിടം തരിക; ഹരിയുക്ത, ബുദ്ധിമുട്ടിയ്ക്കരുതേ! 4

ഈ ഞങ്ങൾ ഹര്യശ്വന്നു സുഖമുളവാക്കി, ഇന്ദ്രങ്കൽ ദേവന്മാർ വെച്ചിട്ടുള്ള ബലം യാചിച്ചു. മറുകരയണഞ്ഞു, കരുത്തു നേടുമാറാകണം: ശൂര, ഭവാൻ ശത്രുക്കളെ സദാ എളുപ്പത്തിൽകൊല്ലാവുന്നവരാക്കിയാലും!5

‘ഇങ്ങനെ സ്വത്താൽ നിറയ്ക്കി,ന്ദ്ര, ഞങ്ങളെ: –
യങ്ങയ്ക്കു തോന്നാവു, വൻ കനിവെങ്ങളിൽ;
സദ്വീരമന്നം ഹവിഷ്മാനു നല്ക, നീ;
സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
കുറിപ്പുകൾ: സൂക്തം 25.

[1] പടകൾ – വൈരിസൈന്യങ്ങൾ. പോയ്ക്കളയരുത് – ഞങ്ങളിൽത്തന്നേ നില്ക്കണം.

സൂക്തം 26.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മഘവാവായ ഇന്ദ്രനെ പിഴിയാത്ത സോമം തൃപ്തിപ്പെടുത്തില്ല; പിഴിഞ്ഞതും സ്തോത്രയുക്തമല്ലെങ്കിൽ തൃപ്തിപ്പെടുത്തില്ല. നമ്മുടേത് എങ്ങനെയായാൽ തന്തിരുവടി കൈക്കൊള്ളുമോ, എങ്ങനെയായാൽ ഒരു രാജാവുപോലെ കേട്ടരുളുമോ, അങ്ങനെയുള്ള ഒരു നവീനതരമായ ഉക്ഥം ഞാൻ ചൊല്ലാം.1

ഉക്ഥം ഉക്ഥം ഉച്ചരിച്ചാലേ സോമം മഘവാവായ ഇന്ദ്രനെ തൃപ്തിപ്പെടുത്തൂ. അതിനാൽ തന്തിരുവടിയെ ആളുകൾ ഒരേ ഉത്സാഹത്തോടേ തിക്കിനിന്ന്, അച്ഛനെ പുത്രന്മാരെന്നപോലെ തർപ്പണത്തിന്നായി സ്തുതിച്ചുപോരുന്നു.2

സോമം പിഴിഞ്ഞു സ്തോത്രകാരന്മാർ ചൊല്ലുന്നവ എവയോ, അവ ഇന്ദ്രൻ ചെയ്തിരിയ്ക്കുന്നു; ഇനിയും വേറെ ചെയ്യും. അദ്ദേഹം ഒറ്റയ്ക്കു ഒരേ പെരുമാറ്റത്തോടേ, ഭർത്താവ് പത്നിമാരെയെന്നപോലെ, എല്ലാപ്പുരികളെയും ചുഴിഞ്ഞു നോക്കും!3

തമ്മിലുരുമ്മുന്ന വളരെ രക്ഷകൾ ആർക്കുണ്ടോ, ആ ഇന്ദ്രൻ ഇങ്ങനെയുള്ളവനാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു: അദ്ദേഹം തനിയേ ധനങ്ങൾ കൊടുക്കുമെന്നും, മറുകരയണയ്ക്കുമെന്നും കേൾക്കുന്നുണ്ട്; അരിയ നന്മകൾ നമ്മളിൽ വന്നെത്തട്ടെ!4

ഇങ്ങനെ വസിഷ്ഠൻ മനുഷ്യരക്ഷയ്ക്കായി, പ്രജകൾക്കു വൃക്ഷാവായ ഇന്ദ്രനെ സവനത്തിൽ പാടി സ്തുതിയ്ക്കുന്നു. നിന്തിരുവടി ഞങ്ങൾക്ക് ഒരായിരം അന്നം അളന്നാലും; നിങ്ങൾ, ‘സ്വസ്തിയാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 26.

[1] നമ്മുടേത് – നമ്മുടെ ഉക്ഥം.

[2] ഉക്ഥം ഉക്ഥം – ഓരോ ഉക്ഥവും. ആളുകൾ – ഋത്വിക്കുകൾ. തർപ്പണം = തൃപ്തിപ്പെടുത്തൽ.

[3] അവ – വൃത്രവധാദികൾ. പുരികൾ – ശത്രുനഗരികൾ. ചുഴിഞ്ഞുനോക്കും – ധനങ്ങളെടുക്കാൻ.

[4] തമ്മിലുരുമ്മുന്ന – തീക്കുന്ന മറുകര – ആപത്തുകളുടെ, അരിയ – പ്രിയപ്പെട്ട.

[5] രണ്ടാം വാക്യംമുതൽ പ്രത്യക്ഷം.

സൂക്തം 27.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യുദ്ധനടത്തിപ്പിന്നു വേണ്ടുന്നതനുഷ്ഠിക്കുമ്പോൾ, നേതാക്കൾ പോരിലെനിയ്ക്കു് ഇന്ദ്രനെ വിളിയ്ക്കുകയായി; ആ ശൂരനായ നിന്തിരുവടി മനുഷ്യരിൽ സംബന്ധിച്ചും ബലമിച്ഛിച്ചും ഞങ്ങൾക്കു ഗോവൃന്ദത്തെ കിട്ടിച്ചാലും!1

ഇന്ദ്ര, മഘവാവേ, പുരുഹൂത, ഭവാന്റെ പക്കലുള്ള ബലം സഖാക്കളായ മനുഷ്യർക്കു തന്നാലും; ഉറപ്പുറ്റവയും (പിളർത്തിയ) വിവിക്തപ്രജ്ഞനായ ഭവാൻ ഇപ്പോൾ മറവിലിരിയ്ക്കുന്ന ധനം തുറന്നാലും!2

ജംഗമങ്ങൾക്കും, മനുഷ്യർക്കും, ഭൂമിയിലെ നാനാദ്രവ്യങ്ങൾക്കും അരചനാണ്, ഇന്ദ്രൻ; അതിനാൽ ഹവിർദ്ദാതാവിന്നു സമ്പത്തു നല്കിപ്പോരുന്നു. സ്തുതിയ്ക്കപ്പെട്ട തന്തിരുവടി ധനം ഇങ്ങോട്ട് കല്പിച്ചയയ്ക്കട്ടെ!3

ആരുടെ തികഞ്ഞ വദാന്യത വന്നെത്തി, സഖാക്കളായ മനുഷ്യർക്കുവേണ്ടതു ചുരത്തുന്നുവോ; ആ ദാതാവും മഘവാവുമായ ഇന്ദ്രൻ കൂട്ടിവിളിച്ച നമുക്കു രക്ഷയ്ക്കായി അന്നം ഇപ്പോൾ ഉടനടി ഏർപ്പെടുത്തട്ടെ!4

ഇന്ദ്ര, ഭവാൻ ഞങ്ങൾക്കു നേട്ടത്തിന്നു ധനം ഉടനടി തന്നാലും: അങ്ങയുടെ മനസ്സിനെ ഞങ്ങൾ സ്തുതികൊണ്ട് ഇങ്ങോട്ടു തിരിയ്ക്കാം. ഗോക്കൾ, അശ്വങ്ങൾ, തേരുകൾ എന്നിവയെ നല്കി, നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 27.

[1] രണ്ടാം വാക്യം പ്രത്യക്ഷം

[2] ഉറപ്പുറ്റവയും – അസുരപുരികളുടെ സുദൃഢങ്ങളായ കതകുകൾപോലും തുറന്നാലും – ഞങ്ങൾക്കു കാട്ടിത്തന്നാലും.

[3] പരോക്ഷം:

[4] വദാന്യത = ദാനശീലത. സഖാക്കൾ – സ്തോതാക്കൾ. ചുരത്തുന്നുവോ – പയ്യ് പാൽപോലെ. കൂട്ടി – മരുത്തുക്കളെയും ഉൾപ്പെടുത്തി.

സൂക്തം 28.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, വിദ്വാനായ ഭവാൻ ഞങ്ങളുടെ സ്തോത്രത്തിൽ വന്നെത്തുക: അങ്ങയുടെ കുതിരകളെ ഇങ്ങോട്ടു പൂട്ടുക. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവനേ മനുഷ്യരെല്ലാം അങ്ങയെ വിളിയ്ക്കുന്നുണ്ടാവും; എന്നാലും, ഞങ്ങളുടെ വിളിതന്നേ അങ്ങ് കേൾക്കുക!1

ഇന്ദ്ര, ബലവാനേ, ഋഷികളുടെ സ്തോത്രത്തെ അങ്ങ് സംരക്ഷിയ്ക്കുമല്ലോ; അങ്ങയുടെ ആ മഹിമാവു സ്തോതാവിങ്കലെത്തെട്ടെ. ഓജസ്വിൻ, വജ്രം തൃക്കയ്യിലെടുത്താൽ കഴിഞ്ഞു. അവിടന്നു കർമ്മംകൊണ്ടു ഘോരനായി, അനഭിഭൂതനുമായി!2

ഇന്ദ്ര, ഭവാനെ തുലോം സ്തുതിയ്ക്കുന്ന മനുഷ്യരെ ഭവാൻ കൊണ്ടുനടന്നു, വാനൂഴികളിൽ വസിപ്പിയ്ക്കും. വലിയ ധനവും ബലവും നല്കാനാണല്ലോ, ഭവാൻ അവതരിച്ചത്; അതിനാൽ അയഷ്ടാവിനെ യഷ്ടാവ് തുലച്ചുകളയും!3

ഇന്ദ്ര, ദുർജ്ജനങ്ങൾ എതിർത്താൽ, അങ്ങ് ഈ ദിവസങ്ങളിൽ ഞങ്ങൾക്കു തരിക. പാപം പോക്കുന്ന പ്രജ്ഞാവാനായ വരുണൻ ഞങ്ങളിൽ യാതൊരസത്യം കണ്ടെത്തുമോ, അതു രണ്ടായിപ്പൊളിഞ്ഞു പോകട്ടെ!4

ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 28.

[1] ഇങ്ങോട്ടു – ഇവിടേയ്ക്കു് പോരാൻ.

[2] കർമ്മം ശത്രുവധാദി. അനഭിഭൂതൻ = അനാക്രാന്തൻ.

[3] നല്കാൻ – യജമാനന്മാർക്ക്.

[4] തരിക അവരുടെ ധനം. പൊളിഞ്ഞുപോകട്ടെ – വിട്ടുപോകട്ടെ.

[5] സാധകം – കാര്യസിദ്ധികരം.

സൂക്തം 29.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, ഇതാ, അങ്ങയ്ക്കായി സോമം പിഴിഞ്ഞിരിയ്ക്കുന്നു: ഹരിയുക്ത, അതിങ്കൽ നിവസിയ്ക്കുന്നവനായ ഭവാൻ വെക്കം വരിക; ഈ നല്ലനീർ വെക്കം നുകരുക. മഘവാവേ, യാചിയ്ക്കപ്പെടുന്ന ഭവാൻ ധനം തന്നരുളുക!1

പ്രഭോ, വീര, സ്തോത്രകൃതിയെ സ്വീകരിയ്ക്കുന്ന ഭവാൻ അശ്വങ്ങളിലൂടെ ഇങ്ങോട്ടു ശീഘ്രം എഴുന്നള്ളുക: ഈ സവനത്തിൽത്തന്നേ വഴിപോലെ ഇമ്പംകൊള്ളുക; ഞങ്ങളുടെ ഈ സ്തവങ്ങൾ അടുത്തുകേൾക്കുക!2

മഘവാവേ, എങ്ങനെ വേണം, അങ്ങയെ സൂക്തം ചാർത്തിയ്ക്കുക? എപ്പോളായിരിയ്ക്കും, ഞങ്ങൾ അങ്ങയെ പ്രസാദിപ്പിയ്ക്കുക? അങ്ങയെക്കുറിച്ചുതന്നെയാണ്, ഞാൻ എല്ലാ സ്തോത്രങ്ങളും ഉണ്ടാക്കുന്നത്; ഇന്ദ്ര, അതിനാൽ എന്റെ ഈ സ്തുതികൾ അങ്ങ് കേട്ടാലും!3

മുമ്പു യാവചില ഋഷികളുടെ (സൂക്തം) അവിടുന്നു കേട്ടുവോ, അവർ മനുഷ്യഹിതരായിത്തന്നേ തീർന്നുവല്ലോ; മാഘവാവേ, അതിനാൽ ഞാൻ അങ്ങയെ അത്യന്തം സ്തുതിയ്ക്കുന്നു. ഇന്ദ്ര, അങ്ങ് ഞങ്ങൾക്കു് അച്ഛനെന്നപോലെ ബന്ധുവാണ്!4

ആർ ഞങ്ങൾക്കു് സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5

കുറിപ്പുകൾ: സൂക്തം 29.

[1] അതിങ്കൽ – സവനത്തിൽ.

സൂക്തം 30.

ഋഷീച്ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവ, ബലവാനേ, ഇന്ദ്ര, അവിടുന്നു ഞങ്ങളിൽ ബലത്തോടെ എഴുന്നള്ളുക: ഈ ധനം വർദ്ധിപ്പിയ്ക്കുക; നല്ല വജ്രം കൈക്കൊണ്ട തമ്പുരാനേ, ശൂര, കനത്ത കരുത്തും, ഹിംസകമായ വീര്യവും കല്പിച്ചു തരിക!1

ശൂരന്മാർ യുദ്ധത്തിൽ ദേഹരക്ഷയ്ക്കും അയുർല്ലബ്ധിയ്ക്കും വേണ്ടി, അഹ്വാതവ്യനായ ഭവാനെ വിളിയ്ക്കുന്നു. അങ്ങാണ്, എല്ലാരിലും വെച്ചു പടയ്ക്കു തക്കവൻ. അവിടുന്നു വജ്രംകൊണ്ടു വൈരികളെ വഴങ്ങിച്ചാലും!2

ഇന്ദ്ര, എന്നാണോ, ദിവസം സുദിനമായി പുലരുക; എന്നാണോ, ഭവാൻ യുദ്ധങ്ങളിൽ കൊടി അരികേ പിടിയ്ക്കുക; അന്നു, ബലവാനും ഹോതാവുമായ അഗ്നി സൗഭാഗ്യത്തിന്നായി, ദേവന്മാരെ വിളിച്ച് ഇവിടെ ഇരിക്കും.3

ഇന്ദ്ര, ദേവ, ശുര, ഭവാന്റെയാണ്, ഞങ്ങളും, ഹവിസ്സും നല്കി സ്തുതിയ്ക്കുന്നവരും. അങ്ങ് സ്തോതാക്കൾക്ക് മികച്ച ഗൃഹം നല്കിയാലും: അവർ സുഖമനുഭവിച്ചുകൊണ്ട് കിഴവരാകട്ടെ!4

ആർ ഞങ്ങൾക്കു സാധകമായ വലിയ ധനം തന്നരുളിയോ, ആർ സ്തോതാവിന്റെ സ്തോത്രകൃതി സംരക്ഷിയ്ക്കുന്നുവോ, ആ മഘവാനായ ഇന്ദ്രനെത്തന്നേ ഞങ്ങൾ പുകഴ്ത്തുന്നു. നിങ്ങൾ ‘സ്വസ്തിയാൽപ്പാലപ്പിനെപ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 30.

[1] ഈ – ഞങ്ങൾക്കു തരാനുള്ള. ഹിംസകം – വൈരിഘ്നം.

[3] കൊടി പിടിയ്ക്കുക – ജയം വെളിപ്പെടുത്തുക എന്നർത്ഥം. സൗഭാഗ്യത്തിന്നായി – ഞങ്ങൾക്കു നല്ല ധനം കിട്ടാൻവേണ്ടി. ഇവിടെ – യജ്ഞത്തിൽ.

സൂക്തം 31.

വസിഷ്ഠൻ ഋഷി; ഗായത്രിയും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

സോമമുണ്ണും ഹര്യശ്വനാ –
മീ മഘവാവിന്നു തുലോം
മത്തുളവാംവിധം നിങ്ങൾ
മിത്രങ്ങളേ, പാടീടുവിൻ.1
സത്യാർത്ഥനാം സുദാനന്നാ –
യുദ്ദീപ്തം മറ്റുള്ളോർപോലേ
ഉക്ഥം ചൊല്ലീടുക, ഭവാ; –
നൊത്തുണ്ടാക്കാം ഞങ്ങളുമേ.2
ഇന്ദ്ര, കനിഞ്ഞെങ്ങൾക്കന്നം
തന്നാലും, നീ; ശതക്രതോ,
തന്നാലും, നീ; ഗോവൃന്ദത്തെ; –
ത്തന്നാലും, നീ സ്വർണ്ണം വസോ!3
ത്വൽക്കാമരാമെങ്ങളിന്ദ്ര,
തക്കമട്ടിൽപ്പുകഴ്ത്തുന്നു:
ഉൾക്കൊൾക, ങ്ങീയസ്മൽസ്തുതി
വെക്കം വസോ, വർഷിതാവേ!4
നിന്ദിയ്ക്കുന്ന വായാടിയാ –
കുന്ന ലുബ്ധന്നീ, ശൻ ഭവാൻ,
ഞങ്ങളെ കീഴ്പെടുത്തരു –
ത; – ങ്ങയിലെത്തുകെ,ൻസ്തോത്രം!5
ഞങ്ങൾക്കൊരു ചട്ട, ഭവാ –
നെങ്ങും വായ്ചോൻ, മുൻപോരാളി:
വൃത്രഘാതിൻ, നിൻതുണയാ –
ലുത്തരമുരയ്ക്കുവൻ ഞാൻ!6
ഉന്നതനുമാനവിടു –
ന്നി: – ന്ദ്ര, ഭവദോസ്സിനെ
കൊണ്ടാടിപ്പോരുന്നുണ്ടല്ലോ,
കൊറ്റുടയ വാനൂഴികൾ!7
താദൃശനാകിയ നിന്നെ
സ്തോതാവിന്റെ സരസ്വതി
ഏതിടത്തും കൂടെപ്പോന്നു –
ദ്യോതിയായ്ക്കൈക്കൊള്ളട്ടെ!8
കണ്ണിനിമ്പം കൊടുപ്പോനാം
വിണ്ണിൽ മേവും നിന്നെ നണ്ണി
ഉന്നമിച്ചീടുന്നു, സോമം;
സന്നമിച്ചീടുന്നു, ലോകർ!9
വെപ്പിൻ, മുതൽ കൂട്ടും മഹാ –
ന്നി; – പ്രാജ്ഞന്നായ് സ്തവം തീർപ്പിൻ:
പൂരകരാം ജനങ്ങളിൽ –
ച്ചേരുകി,ഷ്ടപൂരകൻ നീ!10
സുവ്യാപ്തനാം മഹാനിന്ദ്ര –
ന്നവ്യവും സ്തോത്രവും പ്രാജ്ഞർ
നിർമ്മിയ്ക്കുന്നൂ: തള്ളില്ലേതൽ –
ക്കർമ്മങ്ങളെദ്ധീരന്മാരും!11
ദുർന്നിവാരക്രോധനാകു –
മിന്ദ്രനാം പുരാങ്കലല്ലോ
ചെന്നെത്തീ, സ്തോത്രങ്ങൾ കെല്പി –
ന്നെ; – ന്നതിനാൽക്കൂറ്റുകാരെ
ഉത്സാഹിപ്പിച്ചീടുകീ, ഹ –
ര്യശ്വനെപ്പുകഴ്ത്താൻനീയും!12
കുറിപ്പുകൾ: സൂക്തം 31.

[1] സ്തോതാക്കളോട്:

[2] ഒരു സ്തോതാവിനോട്: സത്യാർത്ഥൻ = യഥാർത്ഥധനൻ. സുദാനന്നായ് – ശോഭനദാനനായ ഇന്ദ്രനെക്കുറിച്ച് ഉദ്ദീപ്തം = ഉജ്ജ്വലം; ഉക്ഥത്തിന്റെ വിശേഷണം. ഒത്തുണ്ടാക്കാം – ഒപ്പം സ്തോത്രം നിർമ്മിയ്ക്കാം.

[6] ചട്ട – കവചംപോലെ ദേഹരക്ഷകൻ. മുൻപോരാളി = മുന്നണിയോദ്ധാവ്. ഉത്തരമുരയ്ക്കുവൻ – ശത്രുക്കളോടു മറുപടി പറയും; പ്രതികാരം ചെയ്യും.

[7] ഉന്നതൻ – മഹാൻ. കൊറ്റുടയ = അന്നവതികളായ.

[8] താദൃശൻ – അങ്ങനെയുള്ളവൻ. സരസ്വതി – സ്തുതി. ഉദ്യോതിനി = തേജസ്വിനി.

[9] ഉന്നമിച്ചീടുന്നു – പതഞ്ഞുപൊങ്ങുന്നു. സന്നമിച്ചീടുന്നു – പ്രണമിയ്ക്കുന്നു.

[10] പൂർവ്വാർദ്ധം കൂടുകാരോട്: മുതൽ കൂട്ടും – ധനം വർദ്ധിപ്പിയ്ക്കുന്ന. മഹാന്ന് – ഇന്ദ്രന്ന്. വെപ്പിൻ – സോമം പിഴിഞ്ഞുവെയ്ക്കുവിൻ. ഉത്തരാർത്ഥം പ്രത്യക്ഷസ്തുതി: പൂരകർ – ഹവിസ്സു നിറയ്ക്കുന്നവർ.

[11] അവ്യം = ഹവ്യം. ഏതൽക്കർമ്മങ്ങൾ = ഇവന്റെ, ഇന്ദ്രന്റെ, കർമ്മങ്ങൾ. ധീരന്മാരും – ധീര (പ്രാജ്ഞ) രായ ദേവന്മാർപോലും.

[12] സ്തോതാവിനോട്:

സൂക്തം 32.

വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ദ്വിപദാവിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

ഞങ്ങളിൽനിന്നകലെയാം ദിക്കിൽവെ –
ച്ചങ്ങയെ രസിപ്പിയ്ക്കായ്ക, യഷ്ടാവും;
ദൂരവർത്തിയായാലുമസ്മന്മഖേ
ചേരുകീ; – ങ്ങുതാനാകിലും കേൾക്ക, നീ!1
തേനിലീച്ചകൾപോലിതാ, വാഴ്ത്തികൾ
ചേർന്നിരിപ്പൂ, ഭവാനായ്പ്പിഴിഞ്ഞതിൽ:
ഇസ്തുതികാരരിന്ദ്രങ്കൽ വെയ്ക്കുന്നു.
വിത്തകാമം, രഥത്തിങ്കൽക്കഴൽപോലേ!2
അച്ഛദാനനാം വജ്രിയെ വാഴ്ത്തുന്നേ –
ന, ച്ഛനെ മകൻപോലെ, ധനേച്ഛ ഞാൻ.3
ഇന്ദുനീരിതാ, തൈരും കലർത്തിയ –
തിന്ദ്രനു: വജ്രപാണേ, നികേതത്തിൽ
വന്നണകി,തു സേവിച്ചു മത്തടി –
യ്ക്കുന്നതിന്നു ഹരികളിലൂടെ നീ!4
കേൾക്ക, സമ്പത്തിരക്കുന്ന നമ്മുടെ
വാക്കു തട്ടായ്ക, കേൾവിച്ചെവിയുള്ളോൻ:
നൂറുനൂറുടൻതന്നേ കൊടുക്കാറു –
ണ്ടാ; -രുമേ വിലക്കില്ല തദ്ദാനത്തെ!5
ആരവിടെയ്ക്കു വൃത്രഘ്ന, കേമമായ്
നീരുകൾ പിഴിഞ്ഞോടിയണയുമോ;
ഇന്ദ്രനാലെതിരറ്റവനും, നര –
സന്നിഷേവ്യനുമായ്വരു,മാ വീരൻ!6
സാധ്വരർക്കൊരു ചട്ടിയാകി,ന്ദ്ര, നീ:
നേർത്തടുത്തോരെയാട്ടുവോനല്ലോ,നീ;
ത്വന്നിഹതന്റെ കോപ്പെങ്ങൾ നേടാവൂ;
തന്നരുൾക, ഗൃഹവുമഭംഗൻ നീ!7
സോമപായിയാം വജ്രഭൃത്തിന്ദ്രന്നു
സോമനീർ സംഭരിപ്പിൻ; പ്രിയം ചെയ്വിൻ;
തർപ്പണാർത്ഥം പചിയ്ക്കുവിൻ, വേണ്ടതു;
തൽപരിഗ്രഹം സൗഖ്യദാനത്തിനാം!8
നിർത്തൊലാ മുഖം; യത്നിപ്പിൻ; സ്വത്തിനു
ശക്തനാം മഹാന്നിഷ്ടമനുഷ്ഠിപ്പിൻ:
വെല്ലുമഞ്ജസാ, വാഴും, തഴച്ചിടു; –
മില്ല, ചീത്തപ്രവൃത്തിയ്ക്കു ദേവകൾ!9
ആരുമേ മാറ്റിനിർത്താ, സുദാനന്റെ
തേരൊ,രുത്തൻ പിടിയ്ക്കയുംചെയ്തിടാ:
ഇന്ദ്രനോ മരുത്തുക്കളോ രക്ഷിയ്ക്കി –
ല,ന്നരൻ പൈത്തൊഴുത്തിന്നധീശനാം!10
ഇന്ദ്ര, നീയാരെ രക്ഷിയ്ക്കു,മപ്പുമാ –
നുന്നതിയണച്ചന്നങ്ങൾ നേടുമേ:
ശൂര, രക്ഷിയ്ക്കുകെങ്ങൾതൻ തേർകളെ,
സൈ്വരമെങ്ങൾതൻ കൂട്ടരെയും ഭവാൻ!11
ഇന്ദ്രനു വീതമേറുമല്ലോ, തുലോം
വെന്നവന്നു വിഭൂതികണക്കിനേ.
ആരിൽ വെയ്ക്കുമോ കെല്പിനെ ഹര്യശ്വ –
നാ, മഖവാന്നു വൈരിപീഡ വരാ!12
അധ്വരാർഹരിൽവെച്ചു, സുരൂപമാ –
മുത്തമസ്തവം നന്നായ്ച്ചമയ്ക്കുവിൻ:
ഇന്ദ്രനു ഹിതനായ്ത്തീർന്ന കർമ്മിയ്ക്കു
വന്നുചേരില്ല, ബന്ധനമൊന്നുമേ!13
ഇന്ദ്ര, നിന്നെയെമ്പാടും ഭജിപ്പോനെ
വന്നെതിർക്കുവാനേവൻ മഘവാവേ?
ആരഭീഷവനാളിൽത്തവ ഹവി –
സ്സാദരിച്ചേകു,മന്നവാനാ,മവൻ!14
ആർ മഘവാവിനേകും, പ്രിയദ്രവ്യ; –
മാഹവച്ചുണക്കൂട്ടുക,വർക്കു നീ.
നിന്നനുഗ്രഹാൽ,സ്സൂരികളൊത്തെങ്ങൾ
പിന്നിടുകേ,തുപാപവും ഹര്യശ്വ!15
നിന്റെതാ,നിന്ദ്ര, താന്നതരംധനം;
നീയിടത്തരത്തേയും പുലർത്തുന്നു;
മേത്തരത്തിനുമൊട്ടുക്കരചൻ, നീ;
ഗോത്രകൾക്കായ്ത്തടയില്ലൊരാൾ നിന്നെ!16
നീ വസു നല്കു,മേവർക്കുമെന്നല്ലോ,
കേൾവി; യുദ്ധങ്ങളുണ്ടായ്വരുമ്പോഴും
അന്നമങ്ങയോടഭ്യർത്ഥിപ്പു, രക്ഷയ്ക്കായ്
മന്നിലുള്ളവരെല്ലാം പുരുഹൂത!17
ദാനശീലനാമിന്ദ്ര, നീയെത്രയ്ക്കോ,
ഞാനുമത്രയ്ക്കുധീശനാകേണമേ:
വാഴ്ത്തുവോനെയേ പോറ്റുകയുള്ളു ഞാൻ;
ചീത്തവേലയ്ക്കു ചെറ്റും കൊടുത്തിടാ!18
‘നിച്ചലും നല്കു,മെങ്ങോ കിടക്കുന്നൊ –
രർച്ചകജനത്തിന്നും ധനങ്ങൾ ഞാൻ.’
ഇല്ല, നീയൊഴിഞ്ഞെങ്ങൾക്കു ദായമൊ; –
ന്നില്ലൊ,രു നൽപ്പിതാവും മഘവാവേ!19
സത്വരൻ നരനന്നങ്ങൾ നേടുമേ,
ബുദ്ധിതൻ മഹത്ത്വത്താൽപ്പുരൂഹുത:
ഗീരിനാലിന്ദ്ര, നിന്നെ വളയ്ക്കുന്നേൻ,
ദാരുനേമിയെത്തച്ചൻകണക്കെ ഞാൻ!20
ദുസ്തവന്നു കിട്ടില്ലാ, മഘവാവേ;
വിത്തമെത്താ, വിലക്കും നരങ്കലും;
മദ്വിധന്നു നീ സൗത്യനാളിൽത്തരു –
മദ്ധനം സുകർമ്മാവിനേ കൈവരൂ!21
സർവദർശിയായിജ്ജംഗമേശനായ്
സ്ഥാവരേശനാമങ്ങയെനിർഭരം
ഇന്ദ്ര, ശൂര, കറക്കാത്ത ധേനുക്ക –
ളെന്നപോലുള്ള ഞങ്ങൾ പുകഴ്ത്തുന്നു.22
ത്വദ്വിധൻ പിറന്നിട്ടില്ല, വിണ്ണിൽത്താൻ,
പൃത്ഥ്വിയിൽത്താൻ; പിറക്കയുമില്ലിന്ദ്ര;
ഞങ്ങൾ കെല്പിന്നു, ധേനുവിന്ന, ശ്വത്തി –
ന്നങ്ങയെ വിളിയ്ക്കുന്നു, മഘവാവേ!23
ഇന്ദ്ര, കൊണ്ടുവന്നാലു, മതേട്ടനാ –
കുന്ന നീയനുജന്നു മഘവാവേ:
അർത്ഥവാനല്ലി, പണ്ടുതൊട്ടേ ഭവാ? –
നർച്ച ്യനുമാണു, യജ്ഞത്തിൽ യജ്ഞത്തിൽ!24
പോക്കുക, നീയമിത്രരെ; – സ്സുപ്രാപ –
മാക്കുകെങ്ങൾക്കു വിത്തം മഘവാവേ;
പോർക്കളത്തിൽ, സഖാക്കളാമെങ്ങളെ –
ക്കാക്കുക, കൈവളർക്കയുംചെയ്ക, നീ!25
ബോധമെങ്ങളിൽച്ചേർക്ക, പുരൂഹൂത;
താതനാത്മജർക്കെന്നപോലിന്ദ്ര, നീ
ഏകുകെ,ങ്ങൾക്കു ഞങ്ങളുയിർക്കൊണ്ടീ
യാഗകർമ്മത്തിലർക്കനെക്കാണാവൂ!26
വന്നെതിർക്കൊലാ, ഞങ്ങളെ ക്രൂരരാം
ദുർന്നിനവുറ്റ ഗൂഢവിദ്രോഹികൾ;
അങ്ങയെക്കൊണ്ടു ശൂര, വണക്കമാർ –
ന്നെങ്ങൾ വെള്ളക്കയറ്റം കടക്കാവൂ!27
കുറിപ്പുകൾ: സൂക്തം 32.

[1] പ്രത്യക്ഷസ്തുതി: ഭവാൻ മറ്റൊരു യഷ്ടാവിങ്കൽ പ്രീതനായി അകലത്തെങ്ങാനും വസിയ്ക്കരുത്. കേൾക്ക – ഞങ്ങളുടെ സ്തുതി.

[2] പിഴിഞ്ഞതിൽ – സോമനീരിൽ. വിത്തകാമം = ധനേച്ഛ. കഴൽ = കാൽ. ഉത്തരാർദ്ധം പരോക്ഷസ്തുതിയാണ്.

[3] അച്ഛദാനൻ = ശോഭനദാനൻ.

[4] ഇന്ദുനീർ – സോമരസം. വജ്രപാണേ എന്നതുമുതൽ പ്രത്യക്ഷോക്തി: നികേതം – യജ്ഞഗൃഹം.

[5] പരോക്ഷസ്തുതി: കേൾവിച്ചെവിയുള്ളോൻ – യാചനകേൾക്കലാകുന്ന ചെവിയുള്ള ഇന്ദ്രൻ. ഉടൻതന്നേ – യാചിയ്ക്കപ്പെട്ടാലപ്പോൾ. നൂറുനൂറ് – വളരെ വളരെദ്ധനം. തദ്ദാനം = അവനന്റെ, ഇന്ദ്രന്റെ, ദാനം.

[6] ഉത്തരാർദ്ധം പരോക്ഷം: ഇന്ദ്രനാൽ – ഇന്ദ്രന്റെ തുണയാൽ. നരസന്നിഷേവ്യൻ = ആൾക്കാരാൽസ്സേവിയ്ക്കപ്പെടേണ്ടവൻ, പ്രഭു.

[7] സാധ്വരർ = യജ്ഞവാന്മാർ. നേർത്തടുത്തോരെ – ചെറുത്തുവന്ന ശത്രുക്കളെ. ആട്ടുവോൻ – പായിയ്ക്കുന്നവൻ. ത്വന്നിഹതന്റെ = അങ്ങയാൽ കൊല്ലപ്പെട്ട ശത്രുവിന്റെ. കോപ്പ് – സ്വത്ത്; ശത്രുവിനെ കൊന്ന്, അവന്റെ മുതൽ ഞങ്ങൾക്കു തരിക. അഭംഗൻ = നാശമേശാത്തവൻ.

[8] കൂട്ടുകാരോട്: വേണ്ടതു – പുരോഡാശവം മറ്റും. തൽപരിഗ്രഹം – ഇന്ദ്രൻ ഇവയെ സ്വീകരിയ്ക്കുന്നതു, നമുക്കു സുഖം തരാനാകുന്നു.

[9] സ്വത്തിനു – ധനലബ്ധിയ്ക്ക്. ശക്തൻ – ധനദാനസമർത്ഥൻ. മഹാന്ന് – ഇന്ദ്രന്ന്. ഇഷ്ടമനുഷ്ഠിച്ച മനുഷ്യൻ അഞ്ജസാ വെല്ലും – ശത്രുക്കളെ. വാഴും – ഗൃഹത്തിൽ സുഖമായി വസിയ്ക്കും. തഴച്ചിടും – സന്താനാദികളാൽ പുഷ്ടിപ്പെടും. ദേവകൾ ചീത്തപ്രവൃത്തിയ്ക്കു വഴങ്ങില്ല; നേരെമറിച്ചു, സൽക്കർമ്മം അവരെ വശീകരിയ്ക്കും.

[10] സുദാനൻ – യജമാനൻ.

[11] ഉന്നതിയണച്ച് – അങ്ങയെ സ്തോത്രംകൊണ്ടുയർത്തി, ബലവാനാക്കി. കൂട്ടർ – പുത്രാദികൾ.

[12] വെന്നവന്നു, പോരിൽ ജയിച്ച ഭടന്നു, വിഭൂതി (ധനം) ഏറെ കൊടുക്കപ്പെടുമല്ലോ; അതുപോലെ, ഇന്ദ്രന്നു യാഗത്തിൽ വീതം (ഹവിർഭാഗം) കൂടുതലുണ്ട്: എല്ലാസ്സവനങ്ങളിലുമുണ്ട്, ഇന്ദ്രന്നു സോമപാനം; മധ്യാഹ്നസവനമാകട്ടേ, മുഴുവനും ഇന്ദ്രന്നുള്ളതാണ്. മഖവാൻ – യജമാനൻ.

[13] കൂട്ടുകാരോട്: അധ്വാരാർഹരിൽവെച്ചു – ദേവകളിൽവെച്ച് ഇന്ദ്രന്നു കൂടുതലായി.

[14] വന്നെതിർക്കുവാനേവൻ – ഒരാളും വന്നെതിർക്കില്ല.

[15] മഘവാവിന് – മേഘവാവായ ഭവാന്ന് പ്രിയദ്രവ്യം – ഹവിസ്സ്. ആഹവച്ചുണ = യുദ്ധത്തിൽ ഉശിര്. സൂരികൾ – സ്തോതാക്കൾ.

[16] ഇടത്തരത്തേയും – ഇടത്തരം ധനത്തേയും. മേത്തരത്തിനും – മേത്തരം ധനത്തിനും. ഗോത്രകൾക്കായ് – പൈക്കളെ അപഹരിപ്പാൻ.

[17] വസു = ധനം. ഏവർക്കും – സ്തോതാക്കൾക്കെല്ലാം. യുദ്ധങ്ങളുണ്ടായ്വരുമ്പോഴും വസു നല്കും.

[18] എത്രയ്ക്കോ – എത്ര സമ്പത്തിന്നോ. വാഴ്ത്തുവോനെയേ – അങ്ങയെ സ്തുതിയ്ക്കുന്നവനെമാത്രമേ. ചെറ്റും കൊടുത്തിടാ – ധനം.

[19] പൂർവാർദ്ധം ഇന്ദ്രവചനമാണ്; അതു കേട്ടു സന്തോഷിച്ച് ഋഷി പറയുന്നതാണ്, ഉത്തരാർദ്ധം: ദായം – തറവാട്ടുമുതൽ.

[20] സത്വരൻ – കർമ്മങ്ങളിൽ വെമ്പൽക്കൊള്ളുന്നവൻ. ഗീരിനാൽ – സ്തുതികൊണ്ട് – വളയ്ക്കുന്നേൻ – വശപ്പെടുത്തിന്നു എന്നു സാരം. തച്ചൻ ദാരുനേമിയെ (മരംകൊണ്ടുണ്ടാക്കുന്ന തേരുരുൾച്ചുറ്റിനെ) വളയ്ക്കുന്നതുപോലെ.

[21] ദുസ്തവന്ന് = ചീത്തയായി സ്തുതിയ്ക്കുന്നവന്ന്. കിട്ടില്ലാ – വിത്തം. വിലക്കും – ഇന്ദ്രന്നുള്ള കർമ്മങ്ങളെ തടയുന്ന നരങ്കലും വിത്തം എത്താ; അവന്നും വിത്തം കിട്ടില്ല. മദ്വിധൻ = എന്നെപ്പോലെയുള്ളവൻ. സൗത്യനാളിൽ = അഭീഷവദിനത്തിൽ.

[22] ഈ ജംഗമങ്ങളുടെയും സ്ഥാവരങ്ങളുടേയും ഈശനായ അങ്ങയെ, കറക്കാത്ത ധേനുക്ക (പൈക്ക) ളുടെ അകിടുകൾ പാൽകൊണ്ടു നിറഞ്ഞിരിയ്ക്കുമല്ലോ; അതുപോലെ സോമപൂർണ്ണചമസരായ ഞങ്ങൾ നിർഭരം (ഏറ്റവും) പുകഴ്ത്തുന്നു.

[23] ത്വദ്വീധൻ = അങ്ങയെപ്പോലുള്ളവൻ. കെല്പ്, ധേനു, അശ്വം എന്നുവ കിട്ടാൻ.

[24] അങ്ങ് ഏട്ടൻ, ഞാൻ അനുജൻ; അതിനാൽ, അതു (ധനം) കൊണ്ടുവന്നാലും. അർത്ഥവാൻ = ധനവാൻ. അർച്ച ്യൻ – ഹവിസ്സുകൊണ്ടു പൂജിയ്ക്കപ്പെടേണ്ടവൻ.

[25] കൈവളർക്ക – വിജയിപ്പിയ്ക്കുക എന്നു സാരം.

[26] ബോധം = അറിവ്. ഏകുക – ധനം തരിക. ഉയിർകൊണ്ട് – ദീർഘകാലം ജീവിച്ച്.

[27] ദുർന്നിനവ് = ദുരുദ്ദേശം. അങ്ങയെക്കൊണ്ടു – അങ്ങയുടെ തുണയാൽ.

സൂക്തം 33.

വസിഷ്ഠനും വസിഷ്ഠപുത്രന്മാരും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അവർതന്നെ ദേവത.

വെളുത്ത നിറവും വലത്തു കുടുമ്മയുമുള്ള കർമ്മപൂരകന്മാർ എന്നെ സന്തോഷിപ്പിച്ചുവല്ലോ; അതിനാൽ, യജ്ഞത്തിൽനിന്നെഴുന്നേറ്റു ഞാൻ നേതാക്കളോടു പറയുന്നു – വസിഷ്ഠന്മാർ എങ്കൽനിന്ന് അകലെപ്പോകരുത്.1

ചമസത്തിലെ സോമനീർ കുടിച്ചിരുന്ന മഹാബലനായ ഇന്ദ്രനെ ദൂരത്തുനിന്നു, പാശദ്യുമ്നങ്കൽനിന്നു കൊണ്ടുപോന്നുവല്ലോ; ഇന്ദ്രനും വായതനെതള്ളി, പിഴിഞ്ഞ സോമത്തിന്നു വസിഷ്ഠരെ വരിച്ചു!2

ഇപ്രകാരംതന്നേ സുദാസ്സ് ഇവരെക്കൊണ്ടു സിന്ധു സുഖേന കടന്നു; ഇപ്രകാരംതന്നേ, ഇവരെക്കൊണ്ടു ഭേദനെ സുഖേന വധിച്ചു. ഇപ്രകാരംതന്നേ, വസിഷ്ഠരേ, നിങ്ങളുടെ സ്തുതിയാൽ ഇന്ദ്രൻ സുദാസ്സിനെ പത്തരചപ്പടയിൽ സുഖേന രക്ഷിച്ചു!3

നേതാക്കളേ, നിങ്ങളുടെ സ്തുതി പിതാക്കളെ പ്രീതിപ്പെടുത്തിയിരിയ്ക്കുന്നു. ഞാൻ അച്ചുതണ്ട് ഇളക്കുകയായി; നിങ്ങൾ ക്ഷീണിയ്ക്കില്ലല്ലോ? വസിഷ്ഠരേ, നിങ്ങൾ ഋക്കുകളിൽവെച്ചു മികച്ച ഒരു ഗാനംകൊണ്ട് ഇന്ദ്രങ്കൽ ബലമിയറ്റുവിൻ!4

ദാഹംമൂല യാചിച്ചു, വൃതരായ വസിഷ്ഠർ പത്തരചപ്പടയിൽ ഇന്ദ്രനെ, സൂര്യനെയെന്നപോലെ പ്രാദുർഭവിപ്പിച്ചു: ഇന്ദ്രൻ വസിഷ്ഠന്റെ സ്തോത്രം കേട്ടരുളി; ഒരു വലിയ രാജ്യം തൃത്സുക്കൾക്കു കൊടുക്കുകയുംചെയ്തു!5

ഭരതന്മാർ, മുടിങ്കോലുകൾപോലെ ചെത്തപ്പെട്ടു ചടച്ചുപോയിരുന്നു. അപ്പോഴെയ്ക്കും വസിഷ്ഠൻ പുരോഹിതനായി. അതോടെ തൃത്സുക്കളുടെ പ്രജകൾ തഴച്ചുതുടങ്ങി.6

മൂന്നുപേർ ഉലകങ്ങളിൽ ഉദകമുളവാക്കുന്നു: അവർക്ക് ആദിത്യ പ്രഭൃതികളായി മൂന്നു ശ്രേഷ്ഠപ്രജകളുണ്ട്; ആ ഉജ്ജ്വലരായ മുവ്വർ ഉഷസ്സിനോടു ചേരുന്നു. ഇതൊക്കെ ശരിയ്ക്കറിഞ്ഞവരാണ്, വസിഷ്ഠൻ!7

വസിഷ്ഠരേ, ഈ നിങ്ങളുടെ തേജസ്സ്, സൂര്യന്റേതുപോലെ ഭാസ്വരമാകുന്നു; മഹിമാവു, സമുദ്രത്തിന്റേതുപോലെ അഗാധമാകുന്നു; മന്ത്രഗണം, കാറ്റിന്റെ വേഗമെന്നപോലെ അന്യന് അനുഗമിക്കാവതല്ലാത്തതാകുന്നു!8

ഈ വസിഷ്ഠർ അജ്ഞേയമായ സംസാരത്തിൽ, അറിഞ്ഞുകൊണ്ടുതന്നേ പെരുമാറുന്നു: അവർ സർവനിയന്താവിനാൽ നിവുർത്തപ്പെട്ട വസ്ത്രം നെയ്തുകൊണ്ട്, അപ്സരസ്സുകളിലണഞ്ഞു!9

വസിഷ്ഠ, മിന്നലിന്നൊത്ത തേജസ്സിനെ ഭവാൻ ത്യജിച്ചതു മിത്രാവരുണന്മാർ കണ്ടു. ഉടനേ അഗസ്ത്യൻ അങ്ങയെ പൂർവ്വസ്ഥാനത്തുനിന്നു കൊണ്ടുപോന്നു; അതത്രേ, അങ്ങയുടെ ഒരു ജന്മം!10

വസിഷ്ഠ, മിത്രാവരുണന്മാരുടെ പുത്രനാണ്, ഭവാൻ – ബ്രഹ്മൻ, അവർക്കു ശുക്ലം സ്രവിച്ചപ്പോൾ, ഉർവശിയുടെ മനസ്സിൽനിന്നു ജനിച്ചവനാണ്, ഭവാൻ. ദേവന്മാരുടെ വേദരാശിയോടു ചേർന്ന ഭവാനെ വിശ്വദേവകൾ താമരയിലെടുത്തു.11

ആ ഉൽക്കൃഷ്ടജ്ഞാനനായ, രണ്ടിനെയും അറിഞ്ഞ വസിഷ്ഠൻ സഹസ്രദാനനായിത്തീർന്നു – പോരാ, സർവദാനനായിത്തീർന്നു. അദ്ദേഹം സർവനിയന്താവിനാൽ നിവുർത്തപ്പെട്ട വസ്ത്രം നെയ്തുകൊണ്ട്, അപ്സരസ്സിൽനിന്നു ജനിച്ചു.12

സത്രത്തിലിരുന്ന മിത്രാവരുണന്മാർ സ്തുതിയ്ക്കപ്പെട്ടുകൊണ്ട് ശുക്ലം ഒരു കുടത്തിൽ ഒപ്പം തുളിച്ചു; അതിന്റെ ഉള്ളിൽനിന്നു മാനൻ ഉത്ഥാനംചെയ്തു. വസിഷ്ഠർഷിയും അതിൽനിന്നു ജനിച്ചു എന്നു പറയുന്നു.13

“തൃത്സുക്കളേ, നിങ്ങളുടെ അടുക്കലേയ്ക്കു വസിഷ്ഠൻ വരുന്നുണ്ട്: ഇദ്ദേഹത്തെ നിങ്ങൾ മനംതെളിഞ്ഞുപരിചരിയ്ക്കുവിൻ. അദ്ദേഹം ശസ്ത്രം ചൊല്ലുന്നവനെയും സാമം പാടുന്നവനെയും അമ്മിക്കുഴയെടുത്തവനെയും മുൻനിന്നു ഭരിയ്ക്കും, ഉപദേശിയ്ക്കും!”14

കുറിപ്പുകൾ: സൂക്തം 33.

[1] വലത്തു ശിരസ്സിന്റെ വലത്തുവശത്തത്രേ, വസിഷ്ഠഗോത്രക്കാർ കുടുമ്മ വെയ്ക്കുക. വസിഷ്ഠന്മാർ – വസിഷ്ഠപുത്രന്മാർ.

[2] പാശദ്യുമ്നൻ – ഒരു രാജാവ്. വായതൻ = വയതന്റെ പുത്രൻ, പാശദ്യുമ്നൻ. വസിഷ്ഠപുത്രന്മാർ സുദാസ്സെന്ന രാജാവിനെ യജിപ്പിയ്ക്കാൻ തുടങ്ങി; പാശദ്യുമ്നനും അന്നുതന്നെയാണ്, സോമയാഗത്തിലേർപ്പെട്ടെത്. ഇന്ദ്രൻ പാശദ്യുമ്നന്റെ യാഗത്തിൽ സോമം കുടിയ്ക്കുകയായിരുന്നു. അപ്പോൾ വാസിഷ്ഠന്മാർ ഇന്ദ്രനെ മന്ത്രബലംകൊണ്ടു, തട്ടിക്കൊണ്ടുപോന്നു, സുദാസ്സിന്റെ യാഗത്തിലിരുത്തി. പിഴിഞ്ഞ – സുദാസ്സിന്റെ യജ്ഞത്തിൽ പിഴിഞ്ഞ.

[3] ഇപ്രകാരം തന്നേ – ഇന്ദ്രനെ പാശദ്യുമ്നങ്കൽനിന്നു വരുത്തിച്ചതുപോലെ. ഇവർ – വസിഷ്ഠപുത്രന്മാർ. ഭേദൻ – സുദാസ്സിന്റെ ഒരു ശത്രു. പത്തരചപ്പട – പത്തു രാജാക്കന്മാരോടുള്ള യുദ്ധം.

[4] പിതാക്കൾ – വസിഷ്ഠൻ. അച്ചുതണ്ടിളക്കുകയായി – തന്റെ ആശ്രമത്തിലെയ്ക്കു തേർ നടത്തുകയുണ്ടായി. ഗാനം – സാമം.

[5] യാചിച്ചു – മഴയിരന്ന്. വൃതർ – തൃത്സുക്കളെന്ന രാജാക്കന്മാരാൽ വരിയ്ക്കുപ്പെട്ടവർ.

[6] ഭരതന്മാർ = തൃത്സുക്കൾ. ചെത്തപ്പെട്ടു – ശത്രുക്കളാൽ പീഢിപ്പിയ്ക്കപ്പെട്ട് എന്നർത്ഥം. മരച്ചില്ല മുറിച്ച് ഇലകൾ കളഞ്ഞു ചെത്തിയുണ്ടാക്കുന്നതാണല്ലോ, മാടുകളെ തെളിയ്ക്കുന്ന വടിയായ മുടിങ്കോൽ.

[7] മൂന്നുപേർ – അഗ്നിയും വായുവും സൂര്യനും. ആദിത്യപ്രഭൃതികൾ – ആദിത്യർ, വസുക്കൾ, രുദ്രന്മാർ.

[9] വസിഷ്ഠർ – വസിഷ്ഠൻ. വസ്ത്രം – ജനനമരണാദി. അപ്സരസ്സുകളിൽ – വസിഷ്ഠൻ പൂർവദേഹം വെടിഞ്ഞ്, ഒരപ്സരസ്ത്രീയുടെ പുത്രനായി എന്നൊരിതിഹാസമുണ്ട്.

[10] തേജസ്സിനെ – പൂർവദേഹത്തെ. മിത്രാവരുണന്മാർ കണ്ടു – ‘വസിഷ്ഠൻ നാമിരുവരിൽനിന്നു ജനിയ്ക്കണ’മെന്നു സങ്കല്പിച്ചു. പുരാണപ്രസിദ്ധം.

[12] രണ്ടിനെയും – ദ്യാവാപൃഥിവികളെ.

[13] മാനൻ-കൃശഗാത്രൻ, അഗസ്ത്യൻ.

[14] തൃത്സുക്കളോട് ഇന്ദ്രൻ പറയുന്നത്; അമ്മിക്കുഴ – സോമലത ചതയ്ക്കുവാൻ.

സൂക്തം 34.

വസിഷ്ഠൻ ഋഷി; ദ്വിപദാവിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

നമ്മുടെ ഉജ്ജ്വലവും ഉദാരവുമായ സ്തോത്രം, ഒരു വെടുപ്പു വരുത്തപ്പെട്ട തേരുപോലെ വേഗത്തിൽ ചെന്നെത്തട്ടെ!1

ഒഴുകുന്ന തണ്ണീരുകൾ ഭൂവിന്റെയും ദ്യോവിന്റെയും ഉൽപത്തിയറിയുന്നു; കേൾക്കുകയുംചെയ്യുന്നു.2

തഴച്ച തണ്ണീരുകളും തന്തിരുവടിയെ സംതൃപ്തനാക്കുന്നു; ഉപദ്രവങ്ങൾ വന്നാൽ, ഉഗ്രരായ ശൂരന്മാരും സ്തുതിയ്ക്കും!3

ഈ ഇന്ദ്രന്റെ തേരിന്മുമ്പിൽ കുതിരകളെ കെട്ടുവിൻ: വജ്രിയും കനകഹസ്തനുമാണല്ലോ, അവിടുന്ന്!4

നിങ്ങൾ യജ്ഞത്തിന്റെ അടുക്കലെയ്ക്കു ചെല്ലുവിൻ: ഒരു യാത്രക്കാരൻപോലെ, സ്വയം ആ വഴിയ്ക്കു നടക്കുവിൻ.5

സ്വയം യുദ്ധങ്ങളിലിറഞ്ഞുവിൻ; ലോകത്തിന്നുവേണ്ടി, വീറുറ്റയജ്ഞത്തെ കൊടിയാക്കുവിൻ!6

ഇതിന്റെ ബലത്താലാണ്, സൂര്യൻ ഉദിയ്ക്കുന്നത്; ഇതു, ഭൂമിയെന്നപോലെ ഭൂതങ്ങളുടെ ഭാരം ചുമക്കുന്നു.7

അഗ്നേ, നിയമയുക്തമായ യജ്ഞംകൊണ്ട് അഭീഷ്ടം സാധിപ്പാനായി ഞാൻ ദേവന്മാരെ വിളിയ്ക്കുന്നു; കർമ്മവും അനുഷ്ഠിയ്ക്കുന്നു.8

നിങ്ങൾ ഉജ്ജ്വലമായ കർമ്മം അനുഷ്ഠിപ്പിൻ; ദേവന്മാരെ കേമമായി സ്തുതിയ്ക്കുവിൻ.9

ഒരായിരം കണ്ണുള്ള ഓജസ്വിയായ വരുണൻ ഈ നദികളിലെ ജലം നോക്കിക്കൊണ്ടിരിയ്ക്കുന്നു!10

രാജാക്കന്മാർക്കും രാജാവും, നദികളെ രൂപപ്പെടുത്തുന്നവനുമാണ്, തന്തിരുവടി; അധർഷിതവും അഖിലവ്യാപിയുമാകുന്നു, തന്റെ ബലം!11

നിങ്ങൾ എല്ലാ പ്രജകളിലും വെച്ചു ഞങ്ങളെ രക്ഷിയ്ക്കുവിൻ; സ്തവത്തെ നിന്ദിയ്ക്കുന്നവനെ കെടുത്തുവിൻ!12

ദ്രോഹികളുടെ ദുഃഖകരമായ ആയുധം നീളെ ചിതറിപ്പോകട്ടെ; ശരീരങ്ങളിലെ പാപം നിങ്ങൾ വേർപെടുത്തുവിൻ!13

ഹവിസ്സുണ്ണുന്ന അഗ്നി നമസ്കാരങ്ങളാൽ തുലോം പ്രസാദിച്ചു നമ്മെ രക്ഷിയ്ക്കട്ടെ: അദ്ദേഹത്തെക്കുറിച്ച് സ്തോത്രം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.14

ദേവസമേതനായ ജലപുത്രനെ നിങ്ങൾ സഖാവാക്കുവിൻ: അദ്ദേഹം നമുക്കു സുഖം നല്കട്ടെ!15

അന്തരിക്ഷത്തിൽ അംഭസ്സുകളിൽ മേവുന്ന പ്രഹർത്താവായ ജലസൂനുവിനെ ഞാൻ ഉക്ഥങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു.16

അഹിബുധ്ന്യൻ നമ്മെ ഹിംസകന്നു വിട്ടുകൊടുക്കരുത്; യജ്ഞകാമന്റെ അധ്വരത്തിന്ന് ഇടിവു പറ്റരുത്!17

നമ്മുടെ ഈ ആളുകൾക്ക് അവർ അന്നം കിട്ടിയ്ക്കട്ടെ; ധനത്തിന്നുഴറുന്ന വൈരികൾ തെക്കോട്ടു പായട്ടെ!18

വമ്പിച്ച സൈന്യമുള്ളവരും ശത്രുവിനെ, സൂര്യൻ ഭുവനത്തെയെന്നപോലെ ചുടുവിയ്ക്കുന്നത്, ഇവരുടെ ബലത്താലത്രേ!19

പത്നിമാർ നമ്മളിൽ വന്നെത്തുമ്പോൾ, കൈപ്പുണ്യമുള്ള ത്വഷ്ടാവു വീരന്മാരെ തന്നരുളട്ടേ!20

ത്വഷ്ടാവു നമ്മുടെ സ്തോത്രം സ്വീകരിക്കട്ടെ; തികഞ്ഞ ബുദ്ധിയുള്ള അദ്ദേഹം നമുക്കു ധനം തരാൻ കനിയട്ടെ!21

ദാനവതികൾ ആ ധനങ്ങൾ നമുക്കു നല്കട്ടെ; ദ്യാവാപൃഥിവികളും വരുണപത്നിയും ശ്രവിയ്ക്കട്ടെ; നിവാരിണികളോടൊപ്പം ശോഭനദാനനായ ത്വഷ്ടാവു നമുക്കു നല്ല പാർപ്പിടം തരട്ടെ; സമ്പത്തും കിട്ടിയ്ക്കട്ടെ!22

ആ ധനം നമുക്കു പർവതങ്ങളും, അതു നമുക്കു ജലങ്ങളും, അതു നമുക്കു ദാനവതികളും, ഓഷധികളും ദ്യോവും വനസ്പദികളും, അന്തരിക്ഷവും, ഇരുവാനൂഴികളും കല്പിച്ചരുളട്ടെ!23

ഞങ്ങൾക്കു കുടുംബം പുലർത്താൻ ധനം കൈവരണം; അതിന്നു വിശാലങ്ങളായ ദ്യാവാപൃഥിവികളും, തേജസ്സിന്റെ ഇരിപ്പിടമായ ഇന്ദ്രസഖൻ വരുണനും, കീഴമർത്തുന്ന എല്ലാ മരുത്തുക്കളും അനുമതിയരുളട്ടെ!24

നമ്മുടെ ഈ സ്തോത്രം ഇന്ദ്രനും വരുണനും മിത്രനും അഗ്നിയും അംഭസ്സും ഓഷധികളും വൃക്ഷങ്ങളും ശ്രവിയ്ക്കട്ടെ; നമ്മൾ മരുത്തുക്കളുടെ അടുക്കൽ സിഖിപ്പിച്ചു പാർക്കുമാറാകണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’25

കുറിപ്പുകൾ: സൂക്തം 34.

[1] ചെന്നെത്തട്ടെ – വിശ്വേദേവകളിൽ.

[2] ജലത്തെ സ്തുതിയ്ക്കുന്നു: കേൾക്കുക – സ്തോത്രങ്ങളെ.

[3] ഇന്ദ്രനെ സ്തുതിയ്ക്കുന്നു: ഉഗ്രർ = ബലിഷ്ഠർ. സ്തുതിയ്ക്കും – ഇന്ദ്രനെ.

[4] സ്തോതാക്കളോട്: കെട്ടുവിൻ – മന്ത്രബലംകൊണ്ട് കനകഹസ്തൻ = പെന്നണിഞ്ഞ കൈകളോടുകൂടിയവൻ.

[5] യജ്ഞസ്തുതി: നിങ്ങൾ – ആളുകൾ.

[6] വീറുറ്റ – വീര്യവത്തായ. യജ്ഞം ലോകത്തെ രക്ഷിച്ചുകൊള്ളും.

[7] ഇത് – യജ്ഞം. ഭൂതങ്ങൾ = ദേഹികൾ.

[8] 8. ദേവസ്തുതി: കർമ്മം – ദേവപരിചരണം.

[9] ആളുകളോട്:

[10] വരുണസ്തുതി:

[12] ദേവന്മാരോട്: കെടുത്തുവിൻ – നശിപ്പിയ്ക്കുവിൻ.

[14] അഗ്നിസ്തുതി: രചിയ്ക്കപ്പെട്ടിരിക്കുന്നു – നാം ഉണ്ടാക്കിയിട്ടുണ്ട്.

[15] സ്തോതാക്കളോട്: ജലപുത്രൻ – അഗ്നി. സഖാവാക്കുവിൻ – സ്തുതിച്ച, വശത്താക്കുവിൻ.

[16] പ്രഹർത്താവ് – മേഘങ്ങളെ തല്ലുന്നവൻ; വൈദ്യുതാഗ്നി.

[17] അഹീർബുധ്ന്യൻ – അന്തരിക്ഷത്തിലെ ഒരഗ്നി.

[18] ദേവസ്തുതി: അവർ – ദേവകൾ. തെക്കോട്ടു പായുക – ചാവുക.

[19] പെരിയ പടയുള്ളവർക്കും ഇവരുടെ ദേവന്മാരുടെ – തുണ വേണം, ശത്രുക്കളെ പീഡിപ്പിയ്ക്കാൻ.

[20] ദേവപത്നികളെയും ത്വഷ്ടാവിനെയും സ്തുതിയ്ക്കുന്നു: വീരന്മാർ – പുത്രാദികൾ.

[22] ദാനവതികൾ – ഉദാരമാരായ ദേവപത്നിമാർ. ആ – നാമിച്ഛിച്ച. ശ്രവിയ്ക്കട്ടെ – നമ്മുടെ സ്തോത്രം. നിവാരിണികൾ – ഉപദ്രവങ്ങളെ തടുക്കുന്ന ദേവപത്നിമാർ.

[23] ദാനവതികൾ – ദേവപത്നിമാർ.

[24] കീഴമർത്തുന്ന – ശത്രുക്കളെ.

സൂക്തം 35.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

ഇന്ദ്രാഗ്നികൾ രക്ഷകൊണ്ടു നമുക്കു ശാന്തി നല്കട്ടെ; ഹവിസ്സർപ്പിയ്ക്കപ്പെട്ട ഇന്ദ്രാവരുണന്മാർ നമുക്കു ശാന്തി നല്കട്ടെ; ഇന്ദ്രോസോമന്മാർ നമുക്കു നന്മയ്ക്കായി ശാന്തിയും സുഖവും നല്കട്ടെ; ഇന്ദ്രാപൂഷാക്കൾ അന്നലബ്ധിയ്ക്കായി നമുക്കു ശാന്തി നല്കട്ടെ!1

ഭഗവാൻ നമുക്കു ശാന്തി നല്കട്ടെ; നരാശംസൻ നമുക്കു ശാന്തി നല്കട്ടെ; ബുദ്ധിപ്പരപ്പു നമുക്കു ശാന്തി നൽകട്ടെ; സമ്പത്തുകൾ ശാന്തി നല്കട്ടെ; നല്ല യാമം ചേർന്ന സത്യത്തിന്റെ വചനം നമുക്കു ശാന്തി നല്കട്ടെ; ബഹുജന്മാവായ അര്യമാവു നമുക്കു ശാന്തി നല്കട്ടെ!2

ധാതാവു നമുക്കു ശാന്തി നല്കട്ടെ; വരുണൻ നമുക്കു ശാന്തി നല്കട്ടെ; ഭൂമിയും അന്നങ്ങളും നമുക്കു ശാന്തി നല്കട്ടെ; പെരിയ ദ്യാവാപൃഥിവികൾ നമുക്കു ശാന്തി നല്കട്ടെ; പർവതം നമുക്കു ശാന്തി നൽകട്ടെ; നല്ല ദേവസ്തുതികൾ നമുക്കു ശാന്തി നല്കട്ടെ!3

ജ്യോതിർമ്മുഖനായ അഗ്നി നമുക്കു ശാന്തി നല്കട്ടെ; മിത്രാവരുണന്മാർ നമുക്കു ശാന്തി നല്കട്ടെ; അശ്വികൾ ശാന്തി നല്കട്ടെ; പുണ്യകർമ്മാക്കളുടെ പുണ്യകർമ്മങ്ങൾ നമുക്കു ശാന്തി നല്കട്ടെ; സദാഗതിയായ വായു നമുക്കു ശാന്തി നല്കാൻ വീശട്ടെ!4

മുമ്പേ വിളിയ്ക്കപ്പെടുന്ന ദ്യാവാപൃഥിവികൾ നമുക്കു ശാന്തി നല്കട്ടെ; അന്തരിക്ഷം ദർശനത്തിന്നായി നമുക്കു ശാന്തി നല്കട്ടെ; ഓഷധികളും വൃക്ഷങ്ങളും നമുക്കു ശാന്തി നല്കട്ടെ, ജഗൽപതിയായ ജിഷ്ണു നമുക്കു ശാന്തി നല്കട്ടെ!5

ഇന്ദ്രദേവൻ വസുക്കളോടുകൂടി നമുക്കു ശാന്തി നല്കട്ടെ; ശോഭനസ്തവനായ വരുണൻ ആദിത്യരോടുകൂടി ശാന്തി നല്കട്ടെ; സുഖസ്വരൂപനായ രുദ്രൻ രുദ്രരോടുകൂടി ശാന്തി നല്കട്ടെ; ത്വഷ്ടാവു ദേവപത്നിമാരോടുകൂടി നമുക്കു ശാന്തി നല്കട്ടെ, ഇവിടെ കേൾക്കുകയും ചെയ്യട്ടെ!6

സോമം നമുക്കു ശാന്തി നല്കട്ടെ; സ്തോത്രം നമുക്കു ശാന്തി നല്കട്ടെ; അമ്മികൾ നമുക്കു ശാന്തി നല്കട്ടെ; യജ്ഞങ്ങൾ ശാന്തി നല്കട്ടെ; യൂപങ്ങളുടെ അളവുകൾ നമുക്കു ശാന്തി നല്കട്ടെ! ഓഷധികൾ നമുക്കു ശാന്തി നല്കട്ടെ; വേദി ശാന്തി നല്കട്ടെ!7

തേജസ്സു പരന്ന സൂര്യൻ നമുക്കു ശാന്തി നല്കാൻ ഉദിയ്ക്കട്ടെ; നാലു പ്രദിക്കുകൾ നമുക്കു ശാന്തി നല്കട്ടെ; സുസ്ഥിരങ്ങളായ പർവതങ്ങൾ നമുക്കു ശാന്തി നല്കട്ടെ; നദികൾ നമുക്കു ശാന്തി നൽകട്ടെ; ജലങ്ങളും ശാന്തി നല്കട്ടെ!8

അദിതി കർമ്മങ്ങളോടുകൂടി നമുക്കു ശാന്തി നല്കട്ടെ; ശോഭന സ്തോത്രരായ മരുത്തുക്കൾ നമുക്കു ശാന്തി നല്കട്ടെ; വിഷ്ണു നമുക്കു ശാന്തി നല്കട്ടെ; പൂഷാവു നമുക്കു ശാന്തി നല്കട്ടെ; അന്തരിഷം നമുക്കു ശാന്തി നല്കട്ടെ; വായുവും ശാന്തി നല്കട്ടെ!9

സവിതാവായ ദേവൻ സംരക്ഷിച്ചുകൊണ്ട്, നമുക്കു ശാന്തി നല്കട്ടെ; പുലരുന്ന ഉഷസ്സുകൾ നമുക്കു ശാന്തി നല്കട്ടെ! പർജ്ജന്യൻ നമ്മുടെ പ്രജകൾക്ക് ശാന്തി നല്കട്ടെ; ശംഭുവായ ക്ഷേത്രപതി നമുക്കു ശാന്തി നല്കട്ടെ!10

ബഹുസ്തോത്രരായ ദേവന്മാർ നമുക്കു ശാന്തി നല്കട്ടെ; സരസ്വതി സ്തുതികളോടുകൂടി ശാന്തി നല്കട്ടെ; യഷ്ടാക്കൾ ശാന്തി നല്കട്ടെ; ദാതാക്കൾ ശാന്തി നല്കട്ടെ; ദിവ്യരും ഭൗമരും നമുക്കു ശാന്തി നല്കട്ടെ; അന്തരിക്ഷജരും നമുക്കു ശാന്തി നല്കട്ടെ!11

സത്യപാലകന്മാർ നമുക്കു ശാന്തി നല്കട്ടെ; അശ്വങ്ങൾ നമുക്കു ശാന്തി നല്കട്ടെ; ഗോക്കളും ശാന്തി നല്കട്ടെ; കൈവിരുതുള്ള സുകർമ്മാക്കളായ ഋഭുക്കൾ നമിക്കു ശാന്തി നല്കട്ടെ; സ്തുതിയ്ക്കപ്പെട്ട പിതൃക്കൾ നമുക്കു ശാന്തി നല്കട്ടെ!12

അജനായ ഏകപാദ്ദേവൻ നമുക്കു ശാന്തി നല്കട്ടെ; അഹിർബുധ്ന്യൻ നമുക്കു ശാന്തി നല്കട്ടെ; സമുദ്രം ശാന്തി നൽകട്ടെ; മറുകരയണയ്ക്കുന്ന അപാംനപാത്ത് നമുക്കു ശാന്തി നല്കട്ടെ; ദേവരക്ഷിതയായ പൃശ്നി നമുക്കു ശാന്തി നല്കട്ടെ!13

പുതുതായുണ്ടാക്കപ്പെടുന്ന ഈ സ്തോത്രം അദിത്യരുദ്രവസുക്കൾ സ്വീകരിയ്ക്കട്ടെ; ദ്യോവിലും ഭൂവിലും ഗോവിലും ജനിച്ച യകനീയരും നമ്മുടെ (വിളി) കേൾക്കട്ടെ!14

യജനീയരായ ദേവന്മാരിൽവെച്ചു യജനീയരും, മനുവിന്നു പോലും യഷ്ടവ്യരും, മരണരഹിതരും, സത്യജ്ഞരും എവരോ; അവർ ഇപ്പോൾ നമുക്കു യശസ്വിയെ തന്നരുളട്ടെ! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പോഴുമെങ്ങളെ!’15

കുറിപ്പുകൾ: സൂക്തം 35.

[2] നരാശംസൻ – ഒരഗ്നി. യാമം – മനസ്സംയമം. ബഹുജന്മാവ് = പലവുരു ആവിർഭവിയ്ക്കുന്നവൻ.

[5] ജിഷ്ണു = ഇന്ദ്രൻ.

[6] ഇവിടെ – യജ്ഞത്തിൽ. കേൾക്കുക – നമ്മുടെ സ്തോത്രം.

[10] ശംഭു = സുഖകരൻ.

[12] കൈവിരുത് – ശില്പകൗശലം.

[13] ഏകപാദ്ദേവൻ = ഏകപാത്ത് എന്ന ദേവൻ. മറുകര – ഉപദ്രവങ്ങളുടെ. ആപാംനപാത്ത് – ഒരു ദേവൻ. പൃശ്നി – മരുന്മാതാവ്.

[15] യശസ്വിയെ – പുകളേറിയ പുത്രനെ.

സൂക്തം 36.

വസിഷ്ഠൻ ഋഷി ത്രിഷ്ടുപ്പ് ഛന്ദസ്സ്: വിശ്വേദേവകൾ ദേവത.

യജ്ഞസദനത്തിൽനിന്നു സ്തോത്രം ചെന്നണയട്ടെ: സൂര്യൻ രശ്മികൾകൊണ്ടു വെള്ളം പൊഴിയ്ക്കുന്നു; പൃഥിവി ഉയർന്ന പ്രദേശങ്ങളോടേ പരന്നുകിടക്കുന്നു; അഗ്നി വിശാലമായ ഭൂഭാഗത്തിൽ ജ്വലിയ്ക്കുന്നു.1

ബലവാന്മാരായ മിത്രാവരുണന്മാരേ, നിങ്ങൾക്കു ഞാൻ ഹവിസ്സെന്നപോലെ ഈയൊരു പുതുസ്തോത്രവും വിരചിയ്ക്കാം: നിങ്ങളിലൊരുവൻ, അഹിംസിതനായ പ്രഭു, സ്ഥാനം കല്പിയ്ക്കുന്നു; സ്തുതിയ്ക്കപ്പെടുന്ന മിത്രൻ പ്രാണികളെ പ്രവർത്തിപ്പിയ്ക്കുന്നു!2

സഞ്ചരിഷ്ണുവായ വായുവിന്റെ ഗതികൾ എമ്പാടും വിളയാടുന്നു; ചുരത്തുന്ന പൈക്കൾ പുളയ്ക്കുന്നു. മഹാനായ സൂര്യന്റെ മാർഗ്ഗത്തിൽ പിറക്കുന്ന വൃഷഭൻ അവിടെ മുക്രയിടുന്നു!3

ശൂര, ഇന്ദ്ര, നല്ല നടയുള്ള ധുരീണരായ ഭവാന്റെ ഈ പ്രിയഹരികളെ ഇദ്ദേഹം സ്തുതിയാൽ പൂട്ടിയല്ലോ! വിദ്രോഹിയുടെ അരിശം ആർ കെടുത്തുമോ, ആ സുകർമ്മാവായ ആര്യമാവിനെ ഞാൻ ഇങ്ങോട്ടു തിരിയിയ്ക്കാം!4

ഹവിഷ്മാന്മാർ സ്വന്തം യജ്ഞസദനത്തിൽ പെരുമാറിക്കൊണ്ട് ആരുടെ സഖ്യത്തിനായി യജിയ്ക്കുന്നുവോ, നേതാക്കളിൽ സ്തുയമാനനായ ആർ അന്നം കിട്ടിയ്ക്കുമോ; ആ രുദ്രന്ന് ഇതാ, പ്രിയതരമായ നമസ്സ്!5

ഏഴാമത്തവളായ യാതൊരു സരസ്വതിയാണോ, നദികളുടെ അമ്മ; സ്വന്തം പയസ്സുകൊണ്ടു തടിച്ച യാവചില സുദുഘകൾ അഴകിൽ ഒഴുകുന്നുവോ; ആ തൽപരകളായ യശ്വസിനികൾ ഒപ്പം വന്നണയട്ടെ!6

ആ വേഗികളായ മരുത്തുക്കൾ തുഷ്ടിപൂണ്ടു നമ്മുടെ കർമ്മത്തെയും മകനെയും രക്ഷിയ്ക്കട്ടെ; ചരിയ്ക്കുന്ന അക്ഷരയും നമ്മെ വിട്ട് (അന്യരെ) തൃക്കണ്പാർക്കരുത് അവർ തക്കതായ നമ്മുടെ ധനം പെരുപ്പിയ്ക്കട്ടെ!7

നിങ്ങൾ അനന്തയായ ഭൂമിയെയും യജ്ഞാർഹനും വീരനുമായ പൂഷാവിനെയും, നമ്മുടെ ഈ കർമ്മം കാത്തുരക്ഷിയ്ക്കുന്ന ഭഗനെയും, യജ്ഞത്തിൽ ദാനനിരതനും പുരധാരകനുമായ വാജനെയും വിളിയ്ക്കുവിൻ.8

മരുത്തുക്കളെ, ഈ ശ്ലോകം നിങ്ങളിലും, പകർന്നതു കുടിയ്ക്കുന്ന രക്ഷസമേതനായ വിഷ്ണുവിങ്കലും ശരിയ്ക്കെത്തട്ടെ; അദ്ദേഹം സ്തോതാവിന്നു സന്താനത്തെയും അന്നവും നല്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’9

കുറിപ്പുകൾ: സൂക്തം 36.

[1] സ്തോത്രം – ‘സൂര്യൻ’ ഇത്യാദി. ചെന്നണയട്ടെ – ദേവകളിൽ. ഭൂഭാഗം – യജ്ഞസ്ഥലം.

[3] വൃഷഭൻ മുക്രയിടുന്നു – പർജ്ജന്യൻ ഇടിമുഴക്കുന്നു.

[4] ഇദ്ദേഹം – യജമാനൻ. ഇദ്ദേഹത്തിന്റെ യാഗത്തിൽ വരിക എന്നു ഹൃദയം. തിരിയിയ്ക്കാം – സ്തുതികൊണ്ടു വരുത്താം.

[5] നമസ്സ് = നമസ്കാരമോ, ഹവിസ്സോ.

[6] സുദുഘകൾ – സുഖേന കറക്കാവുന്ന പൈക്കൾപോലുള്ള നദികൾ. പയസ്സിന്നു പാലെന്നും ജലമെന്നും അർത്ഥമെടുക്കാം. തൽപരകൾ – യജ്ഞകാംക്ഷിണികൾ. യശസ്വിനികൾ – സരസ്വതിയും മറ്റു നദികളും.

[7] അക്ഷര – വാഗ്ദേവത. അവർ – മരുത്തുക്കളും വാഗ്ദേവതയും.

[8] സ്തോതാക്കളോട്: പുരധാരൻ – പുരികളെ നിലനിർത്തുന്നവൻ. വാജൻ – ഋഭുക്കളിൽ മൂന്നാമൻ.

[9] ശ്ലോകം – സ്തോത്രം. പകർന്നതു – ചമസങ്ങളിൽ പകർന്ന സോമം

സൂക്തം 37.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഋഭുക്കളേ, ഋഭുക്ഷാക്കളേ, വഹനശക്തവും സ്തുത്യവും പീഡയേല്ക്കാത്തതുമായ രഥം നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ശോഭനഹനുക്കളേ, നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ശോഭനഹനുക്കളേ, നിങ്ങൾ സവനങ്ങളിൽ മത്തിന്നായി, മൂന്നു കൂട്ടിയ മഹാസോമംകൊണ്ടു വയർ നിറയ്ക്കുവിൻ!1

ഋഭുക്ഷാക്കളേ, സ്വർഗ്ഗം കണ്ട നിങ്ങൾ ഹവിഷ്മാന്മാർക്കായി, പീഡയേല്ക്കാത്ത രത്നം എടുക്കുവിൻ; ബലവാന്മാരായ നിങ്ങൾ യജ്ഞങ്ങളിൽ വഴിപോലെ കുടിയ്ക്കുവിൻ; സ്തുതിയ്ക്കുന്ന ഞങ്ങൾക്കു ധനവും തരുവിൻ!2

മഘവാവേ, വലുതും ചെറുതുമായ ധനം വീതിച്ചു കൊടുപ്പാൻ വകയുണ്ടല്ലോ, അവിടെയ്ക്കു്: ധനംകൊണ്ടു നിറഞ്ഞതാണ്, തൃക്കൈ രണ്ടും; അങ്ങയുടെ സൂനൃതോക്തി സമ്പത്തിനെ പിടിച്ചുനിർത്തില്ല!3

ഇന്ദ്ര, അസാമാന്യയശസ്സുള്ള ഋഭുക്ഷാവായ ഭവാൻ, സാധകമായ അന്നമെന്നപോലെ, സ്തോതാവിന്റെ ഗൃഹത്തിൽ വന്നാലും: ഹര്യശ്വ, വസിഷ്ഠരായ ഞങ്ങൾ അങ്ങയ്ക്കു (ഹവിസ്സു) നല്കി സ്തുതിയ്ക്കുമാറാകണം!4

ഇന്ദ്ര, ഹരിഹയ, ഈ സ്തുതികളാൽ പരിവൃതനായ ഭവാൻ ഹവിർദ്ദാതാവിന്നും സമ്പത്തു നല്കും; എന്നായിരിയ്ക്കും ഞങ്ങൾക്കു ധനം തരിക? ഞങ്ങൾ അങ്ങയുടെ തക്ക രക്ഷകൾകൊണ്ടു സേവിയ്ക്കുമാറാകണം!5

ഇന്ദ്ര, ഭവാൻ എന്നു കേൾക്കും, ഞങ്ങളുടെ സ്തുതി? ചൊല്ലുന്ന ഞങ്ങളെ ഭവാൻ ഇപ്പോൾ പാർപ്പിക്കുന്നുണ്ടല്ലോ. കെല്പുള്ള പള്ളിക്കുതിര ഇടവിടാതെ സ്തുതിയ്ക്കുന്ന ഞങ്ങളുടെ ഗൃഹത്തിൽ ധനവും നല്ല വീരന്മാരെയും അന്നവും കൊണ്ടുവരട്ടെ!6

കഴിവുള്ള ഭൂദേവിയും, ശോഭനാന്നങ്ങളായ സംവത്സരങ്ങളും ഇന്ദ്രങ്കൽ അണയുന്നു; മനുഷ്യർ അദ്ദേഹത്തെ സ്വഗൃഹത്തിലിരുത്തില്ല; നല്ല ദഹനശക്തിയുണ്ട്, ആ ത്രിലോകബന്ധുവിന്ന്!7

സവിതാവേ, സ്തുത്യമായ സമ്പത്തു ഞങ്ങളിലെത്തട്ടെ; പർവതനും ധനം തരട്ടെ. ദിവ്യനായ രക്ഷകൻ ഞങ്ങളെ സദാ കാത്തരുളട്ടെ നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8

കുറിപ്പുകൾ: സൂക്തം 37.

[1] ഋഭുക്ഷാക്കൾ – വിശാലമായ തേജസ്സിന്നിരിപ്പിടമായിട്ടുള്ളവർ. ശോഭനഹനുക്കൾ = നല്ല അണക്കടയുള്ളവർ. മുന്നു കൂട്ടിയ – പാലും തയിരും മലർപ്പൊടിയും ചേർത്ത.

[2] പീഡ – ചോരാദ്യുപദ്രവം. കുടിയ്ക്കുവിൻ – സോമം.

[3] സൂനൃതോക്തി = സത്യവാക്ക്; സ്തോതാക്കൾക്കു ധനം ധാരാളം കൊടുക്കുമെന്ന പ്രതിജ്ഞ. ഈ പ്രതിജ്ഞയനുസരിച്ചു, ഭവാൻ കയ്യഴച്ചുകൊടുക്കുകതെന്നെ ചെയ്യുന്നു.

[4] ഋക്ഷോവ് = ഋഭുക്കളുടെ സ്വാമീ. സാധകം – എന്തും സാധിപ്പിയ്ക്കുന്നത്.

[6] ചൊല്ലുന്ന – സ്തുതി. വീരന്മാർ = പുത്രന്മാർ.

[7] മനുഷ്യർ – സ്തോതാക്കൾ. ഇരുത്തില്ല – യാഗത്തിൽ വരുത്തിക്കൊണ്ടിരിയ്ക്കും. ദഹനശക്തിയുണ്ട് – ഹവിസ്സ് എത്ര ഭുജിച്ചാലും ദഹിയ്ക്കും.

[8] പർവതൻ – ഇന്ദ്രന്റെ ഒരു സഖാവ് രക്ഷകൻ – ഇന്ദ്രൻ.

സൂക്തം 38.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സവിതാവ് ദേവത. (കാകളി)

യാതൊരു സേവ്യനിന്നീഡ്യൻ, മനുഷ്യർക്കു;
യാതൊരു ഭുതിമാൻ രത്നങ്ങളേകിടും;
അദ്ദേവനായ സവിതാവുയർത്തുന്നു,
പൊൽത്തെളിവാർന്നതാം തന്നുടെ കാന്തിയെ!1
നീ സവിതാവേ, എഴുന്നേല്ക – കേൾക്കി,തു
ഹേ സുവർണ്ണകര, യജ്ഞം നടത്തുവാൻ:
പാരിച്ച കാന്തി പരക്കെ വീശുന്നു നീ;
സൂരികൾക്കേകുന്നു, മർത്ത്യഭോഗ്യങ്ങളെ!2
ദേവകൾപോലുമെപ്പേരുംപുകഴ്ത്തുന്ന
ദേവൻ സവിതാവു കേൾക്കട്ടെ, സൂക്തികൾ:
അന്നമസ്മൽസ്തുതിയ്ക്കേകട്ടെ,യാ വന്ദ്യ –
നന്യൂനരക്ഷയാൽക്കാക്കട്ടെ, സൂരിയെ!3
ദേവനാമിസ്സവിതാവിനെ വാഴ്ത്തുന്നു,
ദേവിയദിതിയനുജ്ഞ ലഭിയ്ക്കുവാൻ;
വൻപെരുമാക്കൾ വരുണാദ്യരും സമ –
മൻപാർന്നു വാഴ്ത്തുന്നു, മിത്രാര്യമാദ്യരു!4
ദാനസ്ഥരാര്യർ ചേർന്നൊത്തനുഷ്ഠിയ്ക്കുന്നു,
വാനൂഴിബന്ധുവിന്നായ്പ്പരിചര്യകൾ;
കേൾക്കട്ടെ, നമ്മുടെ ഗീരഹിബുധ്ന്യനും;
കാക്കട്ടെ, വാഗ്ദേവിയുത്തമഗോക്കളാൽ!5
ദേവൻ സവിതാവിരക്കുന്ന നമ്മൾക്കു
കൈവരുത്തട്ടെ, യാ രത്നം പ്രജാധിപൻ:
പോന്നോൻ വിളിപ്പൂ, ഭഗനെ സ്വരക്ഷയ്ക്കു;
താന്നോൻ ഭഗനോടിരക്കുന്നു, നൽദ്ധനം!6
യാഗേ പുകഴ്ത്തും നമുക്കു സുഖം നല്ക,
പോകൽ ചുരുങ്ങും ശുഭാന്നരാം വാജികൾ:
തട്ടിപ്പറിപ്പോന, രക്കനിവറ്റിനെ –
ത്തട്ടി, പ്പുരാതനർ പോക്കട്ടെ, രോഗവും!7
സ്വത്തിനായ്പ്പാലിപ്പിനെ, ങ്ങളെപ്പോർകളിൽ –
സ്സത്യജ്ഞർ മേധാഢ്യർ നിങ്ങൾ വാജികകളേ;
ഇത്തേൻ കുടിയ്ക്കുവിൻ, മത്താടുവിൻ; സുര –
വർത്മാവിലൂടെ പോയ്ക്കൊൾവിൻ, സുതൃപ്തരായ്8
കുറിപ്പുകൾ: സൂക്തം 38.

[1] ഭൂതിമാൻ = വളരെസ്സമ്പത്തുള്ളവൻ. ഏകിടും – സ്തോതാക്കൾക്കു കൊടുക്കും. പൊൽത്തെളിവ് – സ്വർണ്ണത്തിന്റെ സ്വച്ഛത.

[2] എഴുന്നേല്ക = ഉദ്ഗമിച്ചാലും. ഇതു – ഞങ്ങളുടെ സ്തോത്രം. സൂരികൾ – സ്തോതാക്കൾ.

[3] സൂക്തികൾ – സ്തുതികൾ. അസ്മൽസ്തുതിയ്ക്ക് – നമ്മുടെ സ്തുതിയ്ക്കു പ്രതിഫലമായി. സൂരിയെ – സ്തോതാക്കളെ.

[4] സമം = ഒരേമട്ടിൽ അൻപ് = പ്രീതി.

[5] ദാനസ്ഥർ – ദാനശീലർ എന്നർത്ഥം. ആര്യർ – യജമാനൻ. വാനൂഴി ബന്ധു – ദ്യാവാപൃഥിവികളുടെ ബന്ധുവായ സവിതാവ്. ഉത്തമഗോക്കളാൽ – മികച്ച ഗോക്കളെത്തന്ന്.

[6] ആ രത്നം – പ്രസിദ്ധമായ തന്റെ രമണീയധനം. പോന്നോൻ – ത്രാണിയുള്ളവനും, താന്നവനും – രണ്ടുകൂട്ടരും – ഭഗനെ, ഭജനീയനായ സവിതാവിനെ ആശ്രയിയ്ക്കുന്നു.

[7] പോകൽ ചുരുങ്ങും‌ – ഏറെസ്സഞ്ചരിയ്ക്കാത്ത. വാജികൾ – ഒരുകൂട്ടം ദേവകൾ. തട്ടി – അകറ്റി.

[8] സ്വത്തിനായ് – ശത്രുധനപ്രാപ്തിയ്ക്കുതക്കവണ്ണം. തേൻ – മധുരസോമം. സുതൃപ്തരായ് (വയർ നിറച്ച്), സുരവർത്മാവിലൂടെ (ദേവകളുടെ വഴികളിലൂടെ) പൊയ്ക്കൊൾവിൻ, തിരിയെ.

സൂക്തം 39.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

അഗ്നി ഉയർന്നു സ്തോതാവിന്റെ സ്തുതി കേൾക്കട്ടെ: ഉഷസ്സ് നേരെ യജ്ഞത്തിലെത്തുകയായി. രണ്ടു ശ്രദ്ധായുക്തന്മാർ, ഇരുതേരാളികൾപോലെ മാർഗ്ഗമണയുന്നു; പ്രേരിതനായ നമ്മുടെ ഹോതാവു യാഗം നടത്തട്ടെ!1

ഇവരുടെ നല്ല അന്നത്തോടുകൂടിയ ദർഭ വിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇപ്പോൾ, നിയുത്സഹിതനായ വായുവും പൂഷാവുമാകുന്ന പ്രജാപാലകന്മാർ പ്രജകളുടെ ക്ഷേമത്തിന്നായി, രാത്രിയുടെ ഉഷസ്സിൽനിന്നു, മുൻവിളി കേട്ട് അന്തരിക്ഷത്തിലെത്തിച്ചേർന്നു!2

വസുധയിലെ വസുക്കൾ ഇതിങ്കൽ വിളയാടട്ടെ: വിശാലമായ അന്തരിക്ഷത്തിലെ തേജസ്വികളും പരിചരിയ്ക്കപ്പെടുന്നു. അതിവേഗന്മാരേ, നിങ്ങൾ യാത്ര ഇങ്ങോട്ടാക്കുവിൻ: അഭിഗതനായ ഞങ്ങളുടെ ഈ ദൂതന്റെ (വിളി) കേൾക്കുവിൻ!3

യജ്ഞങ്ങളിൽ യജനീയരും രക്ഷകരുമായ ആ ദേവന്മാരെല്ലാം ഒപ്പം ഇരിപ്പിടത്തിലെത്തിയിരിയ്ക്കുന്നുവല്ലോ: അഗ്നേ, യജ്ഞകാമരായ അവരെല്ലാം – ഭഗൻ, അശ്വികൾ, ഇന്ദ്രൻ എന്നിവരെയും ഭവാൻ ശീഘ്രം യജിയ്ക്കുക!4

അഗ്നേ, ഭവാൻ വിണ്ണിൽനിന്നും മന്നിൽനിന്നും സ്തോതവ്യരെ – മിത്രൻ, വരുണൻ, ഇന്ദ്രൻ, അഗ്നി, അര്യമാവ്, അദിതി, വിഷ്ണു എന്നിവരെ – ഇവർക്കുവേണ്ടി വിളിച്ചുവരുത്തുക; സരസ്വതി, മരുത്തുക്കൾ എന്നിവരും ഇമ്പംകൊള്ളട്ടെ!5

യജ്ഞാർഹർക്കു ഹവിസ്സും സ്തോത്രവും അർപ്പിയ്ക്കപ്പെടുന്നു! മനുഷ്യരുടെ മനോരഥം തടയാതെ (അഗ്നി) വന്നെത്തട്ടെ. നിങ്ങൾ അക്ഷയ്യവും സദാ സേവ്യവുമായ ധനം തരുവിൻ. ഞങ്ങൾ കൂറ്റുകാരോടെന്നപോലെ ദേവന്മാരോടു ചേരുമാറാകണം.6

ഇപ്പോൾ വസിഷ്ഠന്മാർ ദ്യാവാപൃഥിവികളെയും, യജ്ഞസമേതരായ വരുണമിത്രാഗ്നികളെയും നേരിട്ടു സ്തുതിച്ചു: ആഹ്ലാദകാരികൾ ഞങ്ങൾക്ക് ഉൽകൃഷ്ടമായ അന്നം നല്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!7

കുറിപ്പുകൾ: സൂക്തം 39.

[1] രണ്ടു ശ്രദ്ധായുക്തന്മാർ – യജമാനനും പത്നിയും. മാർഗ്ഗം – യജ്ഞപഥം.

[2] ഇവർ – യജമാനന്മാർ. നിയുത്സഹിതൻ – നിയുത്തുക്കളോട്, തന്റെ പെൺകുതിരകളോടുകൂടിയവൻ. രാത്രിയുടെ – രാത്രിയുടെ അന്ത്യയാമമായ.

[3] വസുധ = ഭൂമി. വസുക്കൾ – വസുക്കളെന്ന ദേവന്മാർ. ഇതിങ്കൽ – യജ്ഞത്തിൽ. അന്തരിക്ഷത്തിലെ തേജസ്വികൾ – മരുത്തുക്കൾ. അതിവേഗന്മാരേ എന്നു തൂടങ്ങുന്ന വാക്യങ്ങൾ വസുക്കളോടും മരുത്തുക്കളോടുമുള്ളവയകുന്നു. അഭിഗതൻ – നിങ്ങളുടെ മുമ്പിൽ വന്നവൻ. ഈ ദൂതൻ – അഗ്നി.

[4] ഇരിപ്പിടത്തിൽ – യാഗശാലയിൽ സ്വസ്ഥാനങ്ങളിൽ.

[5] സ്തോതവ്യർ = സ്തുത്യർ. അഗ്നി – ദേവതാരൂപേണ സ്വർഗ്ഗത്തിൽ വസിയ്ക്കുന്ന അഗ്നി. ഇവർ – യജമാനന്മാർ. ഇമ്പംകൊള്ളട്ടെ – ഞങ്ങളുടെ സ്തോത്രങ്ങൾ കൊണ്ടും ഹവിസ്സുകൾകൊണ്ടും.

[6] യജ്ഞാർഹർ – ദേവന്മാർ. മൂന്നും നാലും വാക്യങ്ങൾ പ്രത്യക്ഷകഥനം: നിങ്ങൾ ദേവന്മാർ.

[7] ആഹ്ലാദകാരികൾ – ആഹ്ലാദിപ്പിയ്ക്കുന്നവരായ ദേവന്മാരെല്ലാം.

സൂക്തം 40.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യാഗസ്തുതി വേഗത്തിൽ എത്തട്ടെ: ത്വരിതന്മാർക്കു നാം സ്തോത്രം ചമയ്ക്കുക. ഇപ്പോൾ സവിതാവായ ദേവൻ യാതൊന്നയയ്ക്കുമോ, ആ ശ്രേഷ്ഠധനത്തിൽ നാം പങ്കുകാരാകണം!1

വായുവും ഭഗനും യാതൊന്നു ചേർത്തരുളുമോ, ആ സ്തോതൃസേവിതമായ ധനം നമുക്കു മിത്രനും വരുണനും ദ്യാവോപൃഥിവികളും ഇന്ദ്രനും അര്യമാവും നല്കട്ടെ; അദിതിദേവിയും തരട്ടെ!2

പൃഷദശ്വരായ മരുത്തുക്കളേ, നിങ്ങൾ ആരെ രക്ഷിയ്ക്കുമോ, ആ മനുഷ്യൻ ഓജസ്വിയായിത്തീരട്ടെ: അവൻ ബലവാനായിത്തീരട്ടെ. അവനെ അഗ്നിയും സരസ്വതിയും പ്രവർത്തിപ്പിയ്ക്കും; അവന്റെ ധനം ആരും നശിപ്പിയ്ക്കില്ല!3

ഈ സത്യനേതാവായ വരുണൻ, മിത്രൻ, ആര്യാമാവ് എന്നീ രാജാക്കന്മാരും, ശോഭനാഹ്വാനയായ എതിരില്ലാത്ത ആദിതിദേവിയും കർമ്മം നടത്തിയ്ക്കുന്നു: അവർ നമ്മെ സുഖേന പാപം കടത്തട്ടെ!4

യജ്ഞത്തിൽ ഹവിസ്സുകൾകൊണ്ടു വരുത്തപ്പെടേണ്ടുന്ന ഈ അഭീഷ്ടവർഷിയായ വിഷ്ണുവിന്റെ ശാഖകളത്രേ, ദേവന്മാർ; രുദ്രൻ, തന്റെ സുഖത്തിലും മഹത്ത്വത്തിലും എത്തിയ്ക്കുമല്ലോ. അശ്വികളേ, നിങ്ങൾ അന്നവുമായി ഗൃഹത്തിൽ വരുവിൻ!5

പ്രഭപൂണ്ട പൂഷാവേ, വാണിമാതും ദാനവതികളും യാതൊന്നു തരുമോ, അതിൽ ഭവാൻ മുടക്കമുണ്ടാക്കരുത് സുഖകരമായ ദേവന്മാർ ഞങ്ങളെ തുലോം രക്ഷിയ്ക്കട്ടെ; ചുറ്റിനടക്കുന്ന വായു മഴ തരട്ടെ!6

ഇപ്പോൾ വസിഷ്ഠന്മാർ ദ്യാവാപൃഥിവികളെയും, യജ്ഞസമേതരായ വരുണമിത്രാഗ്നികളെയും നേരിട്ടു സ്തുതിച്ചു: ആഹ്ലാദകാരികൾ ഞങ്ങൾക്ക് ഉൽക്കൃഷ്ടമായ അന്നം നല്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 40.

[1] യാഗസ്തുതി – യാഗത്തിൽ ഞങ്ങൾ ചൊല്ലുന്ന സ്തുതി. എത്തട്ടെ – ദേവന്മാരിൽ. ത്വരിതന്മാർ – യജ്ഞത്തിന്നു വരാൻ വെമ്പുന്ന ദേവന്മാർ.

[2] ചേർത്തരുളുമോ – നമ്മോടു ചേർക്കുമോ, നമുക്കു കിട്ടിയ്ക്കുമോ.

[3] പൃഷദശ്വർ = പുള്ളിമാനാകുന്ന വാഹനത്തോടുകൂടിയവർ.

[4] പാപം കടത്തട്ടെ – പുഴ കടത്തുന്നതുപോലെ, പാപത്തിന്റെ മറുകരയണയ്ക്കട്ടെ.

[5] എത്തിയ്ക്കുമല്ലോ – നമ്മെ അന്തിമവാക്യം പ്രത്യക്ഷോക്തി.

[6] ദാനവതികൾ – ദേവപത്നിമാർ.

സൂക്തം 41.

വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടപ്പും ഛന്ദസ്സ്; അഗ്നിന്ദ്രാദികൾ ദേവത.

ഞങ്ങൾ പുലർകാലത്ത് അഗ്നിയെയും, പുലർകാലത്ത് ഇന്ദ്രനെയും, പുലർകാലത്ത് മിത്രാവരുണന്മാരെയും, പുലർകാലത്ത് അശ്വികളെയും വിളിയ്ക്കുന്നു; ഞങ്ങൾ പുലർകാലത്തു ഭഗനെയും പൂഷാവിനെയും ബ്രഹ്മണസ്പതിയെയും, പുലർകാലത്തു സോമനെയും രുദ്രനെയും വിളിയ്ക്കുന്നു.1

യാതൊരുവനെ സ്തുതിച്ചിട്ടു ദരിദ്രനും, ധനികനായ രാജാവും, ‘ഇത്തിരി ധനം!’ എന്നുരിയാടുമോ; പുലർകാലത്ത്, ആ ജേതാവായ, ഓജസ്വിയായ, ഭാരവാഹിയായ, അദിതിപുത്രനായ ഭഗനെ ഞങ്ങൾ വിളിയ്ക്കുന്നു.2

ഭഗ, മികച്ച നേതാവായ ഭഗ, സത്യധനനായ ഭഗ, അവിടുന്നു ഞങ്ങൾക്കു തന്ൻ, ഈ കർമ്മം സംരക്ഷിച്ചാലും: ഭഗ, ഗവാശ്വങ്ങളെക്കൊണ്ടു ഞങ്ങളെ തഴപ്പിച്ചാലും; ഭഗ, ഞങ്ങൾ നേതാക്കന്മാരോടും ആൾക്കാരോടുംകൂടിയവരാകണം!3

പോരാ, ഇനി ഞങ്ങൾ പകലിന്റെ ആദിയിലും മധ്യത്തിലും ഭഗവാന്മാരായിബ്ഭവിയ്ക്കണം; ധനവാനേ, സൂര്യോദയത്തിൽ ഞങ്ങൾ ദേവന്മാരുടെ നന്മനസ്സിന്നും വിഷയമാകണം!4

ദേവന്മാരേ, ഭഗൻതന്നെ ഭഗവാനായരുളട്ടെ: തന്തിരുവടിയെക്കൊണ്ടു ഞങ്ങൾ ഭഗവാന്മാരാകണം! ഭഗ, ആ നിന്തിരുവടിയെ എല്ലാവരും പേർത്തു പേർത്തു വിളിയ്ക്കുന്നു: ഭഗ, ആ നിന്തിരുവടി ഇവിടെ ഞങ്ങളുടെ മുമ്പിൽ എഴുന്നള്ളുക!5

സുഗമസ്ഥലത്തെയ്ക്കു ദധിക്രാവെന്നപോലെ, ഉഷസ്സുകൾ അധ്വരത്തിനു വന്നെത്തട്ടെ: അവർ, വേഗികളായ കുതിരകൾ തേരിനെയെന്നപോലെ, ധനം കിട്ടിയ്ക്കുന്ന ഭഗനെ നമ്മുടെ അടുക്കലെയ്ക്കു കൊണ്ടുവരട്ടെ!6

എല്ലാംകൊണ്ടും തഴച്ച, തണ്ണീർ ചുരത്തുന്ന, ശോഭനകളായ ഉഷസ്സുകൾ നമുക്കു നിത്യം അശ്വങ്ങളോടും ഗോക്കളോടും വീരന്മാരോടുംകൂടി പുലരുമാറാകട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 41.

[2] ഇത്തിരിധനം – തരിക. ഉരിയാടുമോ – യാചിയ്ക്കുമോ.

[3] തന്ന് – അഭീഷ്ടം. നേതാക്കന്മാർ – കൊണ്ടുനടക്കുന്നവർ, പുത്രാദികൾ.

[4] ഭഗവാന്മാർ = ഭഗനോടുകൂടിയവർ.

[5] ഭഗവാൻ = ധനവാൻ.

[6] ദധിക്രാവ് – അശ്വം. അവർ – ഉഷസ്സുകൾ.

[7] ഓരോ ഉഷസ്സു പുലരുമ്പോഴും നമുക്ക് അശ്വാദികൾ കൈവരട്ടെ.

സൂക്തം 42.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

ബ്രഹ്മാക്കളായ അംഗിരസ്സുകൾ എങ്ങും പെരുമാറട്ടെ; പർജ്ജന്യൻ സ്തോത്രത്തിൽ കൗതുകംകൊള്ളട്ടെ; നദികൾ വെള്ളം പാറ്റിക്കൊണ്ടൊഴുകട്ടെ; ശ്രദ്ധായുക്തരിരുവരും യജ്ഞത്തെ രൂപപ്പെടുത്തട്ടെ!1

അഗ്നേ, അങ്ങയുടെ ചിരന്തനമായ മാർഗ്ഗം സുഗമമായിബ്ഭവിയ്ക്കട്ടെ: യാഗശാലയിലെയ്ക്കു വീരനെ വഹിച്ചു വിളങ്ങുന്ന പച്ച – ചെമപ്പുപള്ളിക്കുതിരകളെ അങ്ങ് വഴിപോലെ പൂട്ടുക! ഞാൻ ഇരുന്നു ദേവഗണങ്ങളെ വിളിയ്ക്കുന്നു.2

നിങ്ങൾക്കുള്ള യജ്ഞത്തെ പ്രണതന്മാർ – വഴിപോലെ പൂജിയ്ക്കുന്നു; അരികേ സ്തുതി പാടുന്ന ഹോതാവു മികച്ചവനാണ് ഭവാൻ ശരിയ്ക്കു യജിച്ചുകൊൾക. പുരുസൈന്യ, അങ്ങ് ദേവന്മാരെ യജ്ഞഭൂമിയിൽ കൊണ്ടുവന്നാലും!3

സ്തുതിയ്ക്കുന്ന ഹരുഷ്മാന്റെ ഗൃഹത്തിൽ അതിഥിയായി പ്രത്യക്ഷമാംവണ്ണം സുഖേന പള്ളികൊള്ളുന്ന, യാഗശാലയിൽ നിഹിതനായി തുലോം പ്രീതിപ്പെടുന്ന അഗ്നി ഉപാസകന്നു വേണ്ടതു കല്പിച്ചുനല്കും!4

അഗ്നേ, അവിടുന്നു ഞങ്ങളുടെ ഈ യജ്ഞത്തിൽ ചേരുക: മരുത്തുക്കളിലും ഇന്ദ്രങ്കലും ഞങ്ങളുടെ ഹവിസ്സെത്തിയ്ക്കുക. രാത്രിയും ഉഷസ്സും ദർഭയിലിരിയ്ക്കട്ടെ. തൽപരരായ മിത്രാവരുണന്മാരെ ഭവാൻ ഇവിടെ യജിച്ചാലും!5

ഇങ്ങനെ, വസുകാമനായ വസിഷ്ഠൻ ധനം കിട്ടാൻ ബലപുത്രനായ അഗ്നിയെ സ്തുതിച്ചു: തന്തിരുവടി ഞങ്ങൾക്ക് അന്നവും അർത്ഥവും കെല്പും വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’6

കുറിപ്പുകൾ: സൂക്തം 42.

[1] സ്തോത്രത്തിൽ – നമ്മുടെ സ്തുതിയിൽ. ശ്രദ്ധായുക്തർ – യജമാനനും പത്നിയും.

[2] വീരനെ – വീരനായ അങ്ങയെ. പൂട്ടുക – തേരിനു കെട്ടുക.

[3] ദേവന്മാരോട്: പ്രണതന്മാർ – നമസ്കരിച്ച സ്തോതാക്കന്മാർ. ഭവാൻ എന്ന വാക്യം അഗ്നിയോട്; പുരുസൈന്യ (വളരെ ജ്വാലകളുള്ളവനേ) എന്ന വാക്യം അഗ്നിയോട്.

[4] വേണ്ടത് – ധനം.

[5] തൽപരർ – യജ്ഞേച്ഛക്കൾ.

[6] വസുകാമൻ – ധനേച്ഛ.

സൂക്തം 43.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യാവചിലരുടെ നിസ്തുലസ്തോത്രങ്ങൾ, വൃക്ഷത്തിന്റെ കൊമ്പുകൾപോലെ ചുറ്റും പടരുന്നുവോ, ആ ദേവകാമന്മാരായ മേധാവികൾ യജ്ഞങ്ങളിൽ നമസ്കരിച്ചുകൊണ്ടു നിങ്ങളെയും ദ്യാവാപൃഥിവികളെയും അഭിഗമിപ്പാൻ അത്യന്തം സ്തുതിയ്ക്കുന്നു.1

യജ്ഞം, കുതിച്ചോടുന്ന കുതിരപോലെ ചെന്നത്തട്ടെ: നിങ്ങൾ ഒരേമനസ്സോടേ സ്രുക്കുകൾ പൊക്കിപ്പിടിയ്ക്കുവിൻ; അധ്വരത്തിന്നു ദർഭ വഴിപോലെ വിരിയ്ക്കുവിൻ. ദേവകാമങ്ങളായ ജ്വാലകൾ പൊങ്ങിനില്ക്കട്ടെ!2

അമ്മയുടെ അടുക്കൽ കൊച്ചുമക്കളെന്നപോലെ, ദേവന്മാർ ദർഭയുടെ മുകൾവശത്തിരിയ്ക്കട്ടെ. അഗ്നേ, ജ്വാലയെ എമ്പാടും ജൂഹുനനയ്ക്കട്ടെ. അങ്ങ് ഞങ്ങൾക്കു യുദ്ധത്തിൽ കൊലയാളികളെ ഉണ്ടാക്കരുതേ!3

ജലത്തിന്റെ സുദുഘകളായ ധാരകളെ പൊഴിയ്ക്കുന്ന ആ യജനീയർ സപര്യ തികച്ചും കൈക്കൊള്ളട്ടെ: ഇന്നു ധനങ്ങളിൽവെച്ചു മികച്ച ധനം വന്നെത്തട്ടെ. നിങ്ങൾ ഒരേ മനസ്സോടേ യജ്ഞത്തിലെഴുന്നള്ളുവിൻ!4

അഗ്നേ, ഇങ്ങനെ അവിടുന്നു പ്രജകളിൽവെച്ചു ഞങ്ങൾക്കു തന്നാലും: ബലവാനേ, ഞങ്ങൾ അങ്ങയോടു പറ്റിച്ചേർന്നു, നിത്യസമ്പത്തോടേ നിർബാധമായി ഒപ്പം മത്തടിയ്ക്കുമാറാകണം! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 43.

[1] ദേവകളോട്: അഭിഗമിയ്ക്കുക = അഭിമുഖമായി പ്രാപിയ്ക്കുക.

[2] യജ്ഞം – നമ്മുടെ യാഗം. ചെന്നെത്തട്ടെ – ദേവന്മാരെ പ്രാപിയ്ക്കട്ടെ. നിങ്ങൾ – ഋത്വിക്കുകൾ. നാലാം വാക്യം അഗ്നിയോടുള്ളതാണ്.

[3] കൊച്ചുമക്കൾ – വിശേഷേണ രക്ഷണീയരായ കുട്ടികൾ. ജ്വാലയെ – ഭവാന്റെ. ഉണ്ടാക്കരുതേ – കൊലപ്പെടാത്തവണ്ണം ഞങ്ങളെ രക്ഷിയ്ക്കണേ.

[4] യജനീയർ – ഇന്ദ്രാദിദേവന്മാർ. സപര്യ – നമ്മുടെ പരിചരണം. ഒടുവിലെ വാക്യം പ്രത്യക്ഷോക്തി.

[5] ഇങ്ങനെ – ഇപ്രകാരം സ്തുതനായ. പ്രജകളിൽവെച്ചു – കൂടുതൽ. തന്നാലും – ധനം. നിങ്ങൾ – ഈ സൂക്തത്തിൽ പറയപ്പെട്ട ദേവന്മാർ.

സൂക്തം 44.

വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ദധിക്രാവ് ദേവത.

ഞാൻ നിങ്ങളുടെ രക്ഷയ്ക്കായി ഒന്നാമതു ദധിക്രാവിനെയും, അശ്വികളെയും, ഉഷസ്സിനെയും, ഉജ്ജലിച്ച അഗ്നിയെയും, ഭഗനെയും, ഇന്ദ്രനെയും, വിഷ്ണുവിനെയും, പൂഷാവിനെയും, ബ്രാഹ്മണസ്പതിയെയും, ആദിത്യന്മാരെയും, ദ്യാവാപൃഥിവികളെയും, തണ്ണീരുകളെയും, സൂര്യനെയും വിളിയ്ക്കുന്നു.1

നാം ദധിക്രാവിനെ സ്തുതിച്ചുണർത്തി പ്രേരിപ്പിച്ചു, യാഗം തുടങ്ങി, ഇളാദേവിയെ ദർഭയിലിരുത്തി, ശോഭനാഹ്വാനരും മേധാവികളുമായ അശ്വികളെ വിളിയ്ക്കുക.2

ഞാൻ ദധിക്രാവിനെ ഉണർത്തിയിട്ട്, അഗ്നിയെയും ഉഷസ്സിനെയും സൂര്യനെയും വാഗ്ദേവിയെയും, ഊറ്റക്കാരെ നീറ്റുന്ന വരുണന്റെ വലിയ തവിട്ടുനിറക്കുതിരയെയും സ്തുതിയ്ക്കാം: അവർ നമ്മളിൽ നിന്നു ദുരിതമെല്ലാം വേർപെടുത്തട്ടെ!3

ഉഷസ്സ്, സൂര്യൻ, ആദിത്യന്മാർ, വസുക്കൾ, അംഗിരസ്സുകൾ എന്നിവരോടിണങ്ങുന്ന, ഗതിവേഗമുള്ള ഒരു മുഖ്യാശ്വമായ ദധിക്രാവ് അറിഞ്ഞുകൊണ്ടു തേരുകളുടെ മുൻവശത്തു നില്ക്കും!4

ദധിക്രാവ് യജ്ഞമാർഗ്ഗത്തിൽ നടക്കാൻതുടങ്ങുന്ന നമ്മുടെ വഴി നനയ്ക്കട്ടെ! ദേവന്മാരുടെ ബലമായ അഗ്നി നമ്മുടെ (വിളി)കേൾക്കട്ടെ – അറിവുറ്റ പെരിയോരെല്ലാം കേൾക്കട്ടെ!5

കുറിപ്പുകൾ: സൂക്തം 44.

[2] ഇള – അന്നരൂപിണി.

[3] ഊറ്റക്കാരെ നീറ്റുന്ന – ഗർവിഷ്ഠരായ ശത്രുക്കളെ നശിപ്പിയ്ക്കുന്ന. കുതിരയെ സ്തുതിയ്ക്കുന്നതു, വരുണനെ കൊണ്ടുവരാനാണ് അവർ – ദേവന്മാർ.

[5] നനയ്ക്കട്ടെ – മഴവെള്ളംകൊണ്ട് പെരിയോർ – ദേവന്മാർ.

സൂക്തം 45.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സവിതാവ് ദേവത.

ജീവജാലത്തെ വിശ്രമിപ്പിയ്ക്കുകയും വ്യാപരിപ്പിയ്ക്കുകയും ചെയ്യുന്ന, ശോഭനരത്നനായ, അന്തരിക്ഷം നിറയ്ക്കുന്ന ദേവൻ സവിതാവു മനുഷ്യർക്കു വേണ്ടുന്നതു ധാരാളം തൃക്കയ്യിലെടുത്ത്, അശ്വങ്ങളാൽ വഹിയ്ക്കപ്പെട്ടു വന്നെത്തട്ടെ!1

ഇദ്ദേഹത്തിന്റെ അഴഞ്ഞ വലിയ പൊന്നുതൃക്കൈകൾ പൊങ്ങി, അന്തരിക്ഷത്തിനു ചുറ്റും എത്തിയിരിയ്ക്കുന്നു; ഇദ്ദേഹത്തിന്റെ ആ മഹിമാവ് ഇന്നു സ്തിതിയ്ക്കപ്പെടുന്നു. സൂര്യനും ഇദ്ദേഹത്തിന്നു കർമ്മേച്ഛയുളവാക്കട്ടെ!2

ആ സർവാതിശായിതേജസ്കനും ധനപാലനുമായ സവിതൃദേവനത്രേ, നമുക്കു ധനം കല്പിച്ചയയ്ക്കുന്നത്; പ്രഭ പരത്തുന്ന അവിടുന്നു നമുക്കിപ്പോൾ മനുഷ്യഭോഗ്യങ്ങൾ നല്കട്ടെ!3

ഈ വാക്കുകൾ നല്ല നാക്കും നല്ല കരവും – നിറതൃക്കയ്യും – ഉള്ള സവിതാവിനെ സ്തുതിയ്ക്കുന്നു: അദ്ദേഹം നമുക്കു പൂജനീയവും മഹത്തുമായ അന്നം നല്കട്ടെ! നിങ്ങൾ ‘സ്വസ്തിയാൽപ്പലിപ്പിനെ,പ്പൊഴുമെങ്ങളെ!4

കുറിപ്പുകൾ: സൂക്തം 45.

[1] ശോഭനരത്നൻ = നല്ല രത്ന (രമ്യധന) ങ്ങളോടുകൂടിയവൻ. നിറയ്ക്കുന്ന – തേജസ്സുകൊണ്ട് വേണ്ടുന്നതു – ധനം. കയ്യിലെടുത്തു – നമുക്കു തരാൻ.

[2] അഴഞ്ഞ – മുറുക്കംവിട്ട: ദാനപ്രവർത്തനങ്ങൾ എന്നർത്ഥം.

[3] സർവാതിശായിതേജസ്കൻ = എല്ലാറ്റിനെയും കവിച്ച തേജസ്സുള്ളവൻ. മനുഷ്യഭോഗ്യങ്ങൾ – സമ്പത്തുകൾ.

[4] നിറതൃക്കയ്യ് – ധനപൂർണ്ണമായ കൈപ്പടം. നിങ്ങൾ – സവിതാവു മുതലായ ദേവന്മാർ.

സൂക്തം 46.

വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; രുദ്രൻ ദേവത.

ഈടുറ്റ വില്ലും ഓടുന്ന അമ്പും തീക്ഷ്ണായുധങ്ങളുമുള്ളവനായി, അന്നവാനായി, കീഴമർത്തപ്പെടാത്തവനായി, കീഴമർത്തുന്നവനായി, വിധാതാവായിരിയ്ക്കുന്ന രുദ്രദേവനെക്കുറിച്ച് ഈ സ്തുതികൾ നിങ്ങൾ ചൊല്ലുവിൻ: അവിടുന്നു കേൾക്കട്ടെ!1

ഭൂമിയിലെ ജനങ്ങൾക്ക് ഈശ്വരനെന്നറിയപ്പെടുന്നവനാണല്ലോ, അവിടുന്ന്; ദിവ്യർക്കും പെരുമാളെന്നറിയപ്പെടുന്നു. രുദ്ര, നിന്തിരുവടി സ്തോതാക്കളെ രക്ഷിപ്പാൻ ഞങ്ങളുടെ ഗൃഹത്തിലെഴുന്നള്ളിയാലും; ഞങ്ങളുടെ ആളുകളെ അരോഗരുമാക്കിയാലും!2

അങ്ങയുടെ ഇടിവാൾ അന്തരിക്ഷത്തിൽനിന്നു ഭൂമിയിൽ വീഴ്ത്തപ്പെടാറുണ്ടല്ലോ; അതു ഞങ്ങളിലേല്ക്കരുത് മരുൽപിതാവേ, ഒരായിരം മരുന്നുണ്ട്, അങ്ങയുടെ പക്കൽ; അങ്ങ് ഞങ്ങളുടെ പുത്രപൗത്രരെ വലയ്ക്കരുതേ!3

രുദ്ര, അങ്ങ് ഞങ്ങളെ ഉപദ്രവിയ്ക്കരുത്, ഉപേക്ഷിയ്ക്കരുത്: ഞങ്ങൾ അങ്ങയുടെ അരിശത്തിൽ കുടുങ്ങിപ്പോകരുത് ഞങ്ങളെ അങ്ങ് ആളുകൾക്കാശംസനീയമായ യാഗത്തിൽ പങ്കുകൊള്ളിയ്ക്കണം-നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’4

കുറിപ്പുകൾ: സൂക്തം 46.

[1] സ്തോതാക്കളോട്: കീഴമർത്തപ്പെടാത്തവൻ – ആരാലും. കീഴമർത്തുന്നവൻ – ശത്രുക്കളെ.

[2] രുദ്ര എന്നതുമുതൽ പ്രത്യക്ഷോക്തി.

[3] വലയ്ക്കരുതേ – ആരോഗ്യവാന്മാരാക്കണമെന്നർത്ഥം.

[4] നിങ്ങൾ – രുദ്രാദിദേവന്മാർ.

സൂക്തം 47.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; അപ്പുകൾ ദേവത.

അപ്പുകളേ, ദേവകാമന്മാർ മുമ്പേ ഭൂജാതമായ യാതൊരു രസത്തെ നിങ്ങളുടേതായ ഇന്ദ്രപാനമാക്കിയോ; നിങ്ങളുടെ പരിശുദ്ധവും പാപരഹിതവും മഴവെള്ളത്തെപ്പാറ്റുന്നതും മധുരവുമായ അതിനെ ഞങ്ങൾ ഇപ്പോൾ സേവിയ്ക്കുമാറാകണം!1

അപ്പുകളേ, നിങ്ങളുടെ ആ അതിമധുരമായ രസത്തെ ശീഘ്രഗമനനായ അപാംനപാത്ത് രക്ഷിയ്ക്കട്ടെ! ഇന്ദ്രൻ ദേവകളോടുകൂടി യാതൊന്നിൽ മത്തുകൊള്ളുന്നുവോ, നിങ്ങളുടേതായ അത് ഇന്നു ദേവകാമന്മാരായ ഞങ്ങൾക്കു കിട്ടുമാറാകണം!2

വിശുദ്ധബഹുരൂപകളായ, അന്നംകൊണ്ട് ഇമ്പപ്പെടുത്തുന്ന അബ്ദേവിമാർ ദേവന്മാരുടെ ഇരിപ്പിടത്തിലും ചെല്ലുന്നു; അവർ ഇന്ദ്രന്നുള്ള കർമ്മങ്ങൾ ഉൽപാദിപ്പിയ്ക്കുന്നു. നിങ്ങൾ അപ്പുകൾക്കു നെയ്യുപസ്തരിച്ച ഹവ്യം ഹോമിയ്ക്കുവിൻ.3

ഇവയെ സൂര്യൻ രശ്മികൾകൊണ്ടു പരത്തുന്നു; ഇന്ദ്രൻ ഇവയ്ക്കു പോകാൻ വഴി തോണ്ടി. അങ്ങനെയുള്ള തണ്ണീരുകളേ, നിങ്ങൾ ഞങ്ങൾക്കു ധനം തരുവിൻ! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’4

കുറിപ്പുകൾ: സൂക്തം 47.

[1] അപ്പുകൾ – ജലദേവന്മാർ. ദേവകാമന്മാർ – യഷ്ഠാക്കൾ. രസം – സോമം. ഇന്ദ്രപാനം = ഇന്ദ്രന്നു കുടിപ്പാനുള്ളത്.

[2] അത് – സോമരസം.

[3] അബ്ദേവിമാർ = ജലദേവതമാർ. നിങ്ങൾ – അധ്വര്യുക്കൾ. ഹവ്യം – പുരോഡാശവും മറ്റും.

[4] ഇവ – അപ്പുകൾ. പരത്തുന്നു – രശ്മികൾകൊണ്ടു ജലമെടുത്തു വർഷിയ്ക്കുന്നു. അങ്ങനെയുള്ള എന്നതു മുതൽ പ്രത്യക്ഷോക്തി:

സൂക്തം 48.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഋഭുക്കൾ ദേവത.

ഋഭുവിഭ്വവാജന്മാരേ, നേതാക്കളേ, ധനവാന്മാരെ, നിങ്ങൾ ഞങ്ങളുടെ സോമനീർകൊണ്ട് ഇമ്പംകൊള്ളുവിൻ: ഇപ്പോൾ നിങ്ങളുടെ യാത്രയ്ക്കുള്ള കർമ്മകുശലർ മനുഷ്യഹിതമായ രഥത്തെ ഇങ്ങോട്ടുകൊണ്ടുവരട്ടെ!1

ഞങ്ങൾ ഋഭുക്കളാൽ ഋഭുക്കളായും വിഭൂക്കളാൽ വിഭുക്കളായും തീർന്നു, (ശത്രു) ബലങ്ങളെ നിങ്ങളുടെ ബലത്താൽ കീഴമർത്തുമാറാകണം: ആജിയിൽ ഞങ്ങളെ വാജൻ രക്ഷിയ്ക്കട്ടെ; ഇന്ദ്രന്റെ തുണയാൽ ഞങ്ങൾ വൈരിയെ വധിയ്ക്കുമാറാകണം!2

അവർ വളരെപ്പേരെ അജ്ഞയാൽ കീഴടക്കും; യുദ്ധത്തിൽ വൈരികളെയെല്ലാം വിധിയ്ക്കും. ഇന്ദ്രനും ഋഭു – വിഭ്വ – വാജന്മാരും നേർത്തണഞ്ഞു ശത്രുവിന്റെ ബലത്തെ ചതച്ചുവിടും!3

ദേവന്മാരേ, നിങ്ങൾ ഇന്നു ഞങ്ങൾക്കു ധനം തരുവിൻ; മുവ്വരും ഒരേമട്ടിൽ പ്രസാദിച്ചു ഞങ്ങളെ രക്ഷിയ്ക്കുവിൻ; സ്തുത്യരേ, ഞങ്ങൾക്ക് അന്നം തരണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളേ!’4

കുറിപ്പുകൾ: സൂക്തം 48.

[1] യാത്രയ്ക്കുള്ള കർമ്മകുശലർ – വാഹനങ്ങളായ അശ്വങ്ങൾ. രഥത്തെ – നിങ്ങളുടെ തേരിനെ.

[2] ഋഭുക്കളാൽ – ഋഭുക്കളായ ഭവാന്മാരെക്കൊണ്ട്. ഋഭുക്കൾ = മഹാന്മാർ. ആജി = യുദ്ധം. വാജൻ – ഇളയ ഋഭു. ഇന്ദ്രന്റെ – പ്രായേണ ഋഭുക്കളും ഇന്ദ്രനോടു കൂടി സ്തുതിയ്ക്കപ്പെടുന്നു.

[3] അവർ – ഇന്ദ്രനും ഋഭുക്കളും. വളരെപ്പേരെ – നമ്മുടെ ശത്രുക്കളെ.

[4] പ്രത്യക്ഷോക്തി: ദേവന്മാരേ – ഋഭുക്കളേ.

സൂക്തം 49.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപ്പുകൾ ദേവത.

ആഴിക്കീഴിലുള്ള യാവചില പാവനികൾ അന്തരിക്ഷമധ്യത്തിൽനിന്നു, നില്ക്കാതെ നടകൊള്ളുന്നുവോ; വൃക്ഷാവായ ഇന്ദ്രൻ വജ്രം കൊണ്ട് ഏവർക്കു വഴി തോണ്ടിയോ; ആ അബ്ദേവിമാർ ഇവിടെ എന്നെ രക്ഷിയ്ക്കട്ടെ!1

യാവചില അപ്പുകൾ ദിവ്യകളായി ഒഴുകുന്നുവോ; എവർ, കുഴിച്ചാൽ പുറപ്പെടുമോ; എവർ സ്വയംഭൂക്കളോ; എവർ സമുദ്രഗാമിനികളും ഭാസുരകളും പാവനികളുമോ; ആ അബ്ഭേവികൾ ഇവിടെ എന്നെ രക്ഷിയ്ക്കട്ടെ!2

വരുണൻ ഏവരുടെ രാജാവായി, ആളുകളുടെ നേരും കള്ളവും നോക്കിക്കൊണ്ടു മധ്യമലോകത്തിൽ നടക്കുന്നുവോ; തേൻ തൂകുന്നവരും ഭാസുരങ്ങളും പാവനികളും എവരോ; ആ അബ്ദേവികൾ ഇവിടെ എന്നെ രക്ഷിയ്ക്കട്ടെ!3

രാജാവു വരുണൻ ഏവരിലോ; സോമം ഏവരിലോ; ദേവകൾക്കെല്ലാം സദ്യ എവരിലോ; വൈശ്വാനരാഗ്നി എവരിലിരിയ്ക്കുന്നുവോ; ആ അബ്ദേവികൾ ഇവിടെ എന്നെ രക്ഷിയ്ക്കട്ടെ!4

കുറിപ്പുകൾ: സൂക്തം 49.

[1] പാവനികൾ = ശുദ്ധിപ്പെടുത്തുന്നവർ. നടകൊള്ളുന്നുവോ – വൃഷ്ടിരൂപേണ ഭൂമിയിലെയ്ക്കു പോരുന്നുവോ.

[2] ദിവ്യകൾ – അന്തരിക്ഷജകൾ.

[3] മധ്യമലോകം – അന്തരിക്ഷം. തേൻ – മധുരരസം.

സൂക്തം 50.

വസിഷ്ഠൻ ഋഷി; ജഗതിയും അതിജഗതിയും ഛന്ദസ്സുകൾ; മിത്രാവരുണാദികൾ ദേവത.

മിത്രാവരുണന്മാരേ, ഇവിടെ എന്നെ രക്ഷിയ്ക്കുവിൻ: കൂടുകെട്ടിപ്പെരുകുന്ന (വിഷം) ഞങ്ങളെ തീണ്ടരുത്; അജകപോലെ ദുർദ്ദർശമായ വിഷം മറഞ്ഞുപോകട്ടെ. പാമ്പ് എന്നെ കാലൊച്ചകൊണ്ട് അറിഞ്ഞുപോകരുത്!1

പലതരം കമ്പികളിലുണ്ടാകുന്നതും കാൽമുട്ടുകളെയും ഞെരിയാണികളെയും വീർപ്പിയ്ക്കുന്നതുമായ വന്ദനത്തെ ഉജ്ജ്വലനായ അഗ്നി ഇയ്യുള്ളവരിൽ നിന്നകറ്റട്ടെ; പാമ്പ് എന്നെ കാലൊച്ചകൊണ്ട് അറിഞ്ഞുപോകരുത്.2

ഇലവ്, പുഴകൾ, ചെടികൾ എന്നിവയിലുണ്ടാകുന്ന വിഷത്തെ ദേവകളെല്ലാം ഇയ്യുള്ളവരിൽ നിന്നോടിയ്ക്കട്ടെ. പാമ്പ് എന്നെ കാലൊച്ചകൊണ്ട് അറിഞ്ഞുപോകരുത്!3

ചായ്വിലെയ്ക്കും, കീഴ്പ്പോട്ടും, മേൽപ്പോട്ടും ഒഴുകുന്നവ, വെള്ളമുള്ളവ, വെള്ളമില്ലാത്തവ – തണ്ണീർകൊണ്ടു തഴപ്പിയ്ക്കുന്ന ഇത്തരം നദീ ദേവിമാരെല്ലാം നമുക്കു ശിപദം വരുത്താതെ ശിവം നല്കട്ടെ; ഉപദ്രവിയ്ക്കാതിരിയ്ക്കട്ടെ!4

കുറിപ്പുകൾ: സൂക്തം 50.

[1] കൂടുകെട്ടിപ്പെരുകുന്ന വിഷം – കടുന്നലിന്റെയും മറ്റും അജക – ഒരു രോഗം. ദുർദ്ദർശം = കണ്ടുപിടിയ്ക്കാവതല്ലാത്ത. മറഞ്ഞുപോകട്ടെ – നശിയ്ക്കട്ടെ. അറിഞ്ഞുപോകരുത് – കണ്ടെത്തി കുടിയ്ക്കരുത്.

[2] വന്ദനം – ഒരു വിഷം.

[4] തഴപ്പിയ്ക്കുന്ന – സസ്യാദികളെ. ശിപദം – ഒരു രോഗം. ശിവം = മംഗളം.

സൂക്തം 51.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആദിതർ ദേവത.

ആദിത്യന്മാരുടെ പുതിയ രക്ഷയാൽ നമുക്ക് അതിസുഖദമായ ഗൃഹം കിട്ടുമാറാകണം: ആ ത്വരിതന്മാർ (സ്തോത്രങ്ങൾ) ചെവിക്കൊണ്ട്, ഈ യഷ്ടാവിനെ അനപരാധതയിലും അദീനതയിലും നിർത്തട്ടെ!1

ആദിത്യന്മാരും അദിതിയും അതിസരളരായ മിത്രൻ, ആര്യമാവ്, വരുണൻ എന്നിവരും സംതൃപ്തിയടയട്ടെ: ആ ഭുവനരക്ഷകന്മാർ നമ്മെ പരിപാലിയ്ക്കട്ടെ; ഇന്നു നമ്മെ രക്ഷിപ്പാൻ സോമം കുടിയ്ക്കട്ടെ!2

എല്ലാ ആദിത്യന്മാരും, എല്ലാ മരുത്തുക്കളും, എല്ലാ ദേവന്മാരും, എല്ലാ ഋഭുക്കളും, ഇന്ദ്രനും, അഗ്നിയും, അശ്വികളും സ്തുതിയ്ക്കപ്പെട്ടു: നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 51.

[1] ത്വരിതന്മാർ – യജ്ഞത്തിന്നു വെമ്പുന്നവർ. അദീനത – കഷ്ടപ്പാടില്ലായ്മ.

[2] സംതൃപ്തി – സോമപാനത്താൽ.

[3] നിങ്ങൾ എന്നുമുതൽ പ്രത്യക്ഷോക്തി.

സൂക്തം 52.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആദിത്യരേ, ഞങ്ങൾ മുറിവേല്ക്കാത്തവരാകണം: ദേവകളിലെ വസുക്കൾ മനുഷ്യരെ രക്ഷിയ്ക്കട്ടെ! മിത്രാവരുണന്മാരേ, ഭുജിയ്ക്കുന്ന ഞങ്ങൾക്കു (ധനം) കിട്ടുമാറാകണം! ദ്യാവാപൃഥിവികളേ, ഞങ്ങൾ അഭിവൃദ്ധിപ്പെടുമാറാകണം!1

രക്ഷിതാക്കളായ മിത്രാവരുണന്മാർ ഞങ്ങൾക്കും പുത്രന്നും പൗത്രനും ആ സുഖം തന്നരുളട്ടെ! വസുക്കളേ, അന്യന്റെ പാപം നിങ്ങളുടെ ഞങ്ങൾ അനുഭവിയ്ക്കേണ്ടിവരരുത്; യാതൊന്നിനാൽ നിങ്ങൾ നശിപ്പിച്ചേയ്ക്കുമോ, അതു ഞങ്ങൾ ചെയ്തുപോകരുത്!2

ത്വരിതരായ അംഗിരാസ്സുകൾ യാചിച്ചു സവിതാവിങ്കൽനിന്നു യാതൊരു രത്നം നേടിയോ; അതു നമുക്കു, വലിയ യജനശീലനായ പിതാവും, എല്ലാദ്ദേവകളും ഒരേമനസ്സോടേ കിട്ടിയ്ക്കട്ടെ!3

കുറിപ്പുകൾ: സൂക്തം 52.

[1] മുറവ് – പരാജയമെന്നർത്ഥം.

[2] ആ – അവരുടേതായ. വസുക്കളേ എന്നതുമുതൽ പ്രത്യക്ഷകഥനം: നിങ്ങളുടെ – ഭവദീയരായ.

[3] ത്വരിതർ – യജ്ഞാദികളിൽ സത്വരർ. രത്നം – രമണീയധനം. പിതാവ് – വസിഷ്ഠന്റെ അച്ഛൻ, വരുണൻ.

സൂക്തം 53.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ദ്യാവാപൃഥിവികൾ ദേവത.

യജനീയകളായ പെരിയ ദ്യാവാപൃഥിവികലെ ഞാൻ യജ്ഞം കൊണ്ടും സ്തോത്രംകൊണ്ടും ഋത്വിക്കുകളിൽത്തിക്കിനിന്നു തുലോം സ്തുതിയ്ക്കുന്നു: ആ മഹതികളായ ദേവമാതാക്കളെയും പണ്ടേത്തെ കവികൾ പുകഴ്ത്തിപ്പാടി, മുമ്പിൽ നിറുത്തിയല്ലോ!1

പണ്ടേ ജനിച്ച, യാഗത്തിന്റെ ഇരിപ്പിടങ്ങളായ അച്ഛനമ്മമാരെ നിങ്ങൾ പുതുസ്തോത്രങ്ങൾകൊണ്ടു പുരസ്കരിയ്ക്കുവിൻ. ദ്യാവാപൃഥിവികളേ, നിങ്ങൾ ദേവകളോടൊപ്പം ഞങ്ങളുടെ അടുക്കൽ വന്നാലും: വലിയ സമ്പത്തുണ്ടല്ലോ, നിങ്ങൾക്ക്!2

ദ്യാവാപൃഥിവികളേ, ഹവിസ്സു തരുന്നവന്നു കൊടുക്കാൻ വളരെ രത്നങ്ങളുണ്ടല്ലോ, നിങ്ങൾക്ക്; അത് ഇത്തിരിയല്ലാതെ ഞങ്ങൾക്കു തരുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 53.

[1] കവികൾ – ഋഷിമാർ.

[3] അതിൽ – രത്നഭാഗത്തിൽ.

സൂക്തം 54.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വാസ്തോഷ്പതി ദേവത.

വാസ്തോഷ്പതേ, അങ്ങ് ഞങ്ങളെ അറിയണം: ഞങ്ങളിൽ ശുഭമാംവണ്ണം നിവസിച്ചു, രോഗങ്ങളെ നീക്കുക; അങ്ങയോടു ഞങ്ങൾ യാചിയ്ക്കുന്നതു ഞങ്ങൾക്കു തരിക; ഞങ്ങളുടെ ഇരുകാലികൾക്കു സുഖം വരുത്തുക; നാല്ക്കാലികൾക്കും സുഖം വരുത്തുക!1

വാസ്തോഷ്പതേ, ഭവാൻ ഞങ്ങൾക്കു സ്വത്തുറപ്പിച്ചു വർദ്ധിപ്പിച്ചാലും: ഇന്ദോ, അങ്ങയുടെ സഖ്യത്താൽ ഞങ്ങൾ ഗോവാജിസഹിതരായി ജരാരഹിതരായിബ്ഭവിയ്ക്കുമാറാകണം; അച്ഛൻ മക്കളിലെന്നപോലെ, അവിടുന്നു ഞങ്ങളിലിരുന്നാലും!2

വാസ്തോഷ്പതേ, ഞങ്ങൾ അങ്ങയുടെ സുഖകരവും സുന്ദരവും സുസമ്പന്നവുമായ ഗൃഹത്തിൽ പാർക്കുമാറാകണം; അങ്ങ് ഞങ്ങളുടെ ധനം യോഗക്ഷേമങ്ങളാൽ രക്ഷിയ്ക്കുകയും ചെയ്താലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3

കുറിപ്പുകൾ: സൂക്തം 54.

[1] വാസ്തോഷ്പതി – ഒരു ദേവൻ. അറിയണം – സ്വന്തം സ്തോതാക്കളാണെന്ന്. ഇരുകാലികൾ – പുത്രാദിമനുഷ്യർ.

[2] ഇന്ദോ – സോമംപോലെ ആഹ്ലാദിപ്പിയ്ക്കുന്നവനേ. ഇരുന്നാലും – രക്ഷിതാവായി വർത്തിച്ചാലും.

[3] അങ്ങയുടെ – അങ്ങ് തരുന്ന.

സൂക്തം 55.

വസിഷ്ഠൻ ഋഷി; ഗായത്രിയും ഉപരിഷ്ടാൽ ബൃഹസ്പദിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വാസ്തോഷ്പതിയും ഇന്ദ്രനും ദേവത. (‘താമരക്കണ്ണൻ’ പോലെ.)

ഹേ വാസ്തോഷ്പതേ, ഭൂരിരൂപങ്ങ –
ളാവഹിച്ചാ,മയഘ്നൻ നീ
ചങ്ങാതിയായിത്തന്നരുളേണ –
മെങ്ങൾക്കു നല്ല സൗഖ്യത്തെ!1
തിന്നുമ്പോൾക്കിറിപ്പാട്ടിൽ വാൾപോലെ
മിന്നുമാറുള്ള പല്ലുകൾ
കാട്ടുന്നൂ, വെള്ളമഞ്ഞനായേ നീ; –
യേറ്റമുറങ്ങുകിന്നേരം!2
കള്ളൻ, കവർച്ചക്കാരനിവരിൽ –
ച്ചെല്ലൂ, പേർത്തോടും നായേ, നീ:
ഇന്ദ്രനെ വാഴ്ത്തുമെങ്ങളെ ദ്രോഹി –
യ്ക്കുന്നതെന്തിന്നു? – റങ്ങുക!3
പന്നിയെക്കീറിക്കൊൾക നീ; നിന്നെ –
പ്പന്നിയോ കീറിക്കൊള്ളട്ടെ;
ഇന്ദ്രനെ വാഴ്ത്തുമെങ്ങളെ ദ്രോഹി –
യ്ക്കുന്നതെന്തിന്നു? – റങ്ങുക!4
(അന്നനട)
ഉറങ്ങട്ടേ മാതാവു,റങ്ങട്ടേ താത, –
നുറങ്ങട്ടേ നായു,മുറങ്ങട്ടേ വരൻ,
ഉറങ്ങട്ടേ ജ്ഞാതിജനങ്ങളുമെല്ലാ, –
മുറങ്ങട്ടേ നാലുവശത്തുള്ളവരും!5
ഇരിയ്ക്കുന്നതെവൻ, നടക്കുന്നതെവൻ,
നിരീക്ഷിയ്ക്കുന്നതുമെവനിങ്ങെങ്ങളെ,
അവരുടെ കൺകളടയ്ക്കാവൂ ഞങ്ങ; –
ളവരിമ്മാളികപ്പുരപോലാകട്ടെ!6
ഒരായിരം കതിരൊടും വൃഷാവെവൻ
തിരകടലിൽനിന്നുദിച്ചുപൊങ്ങുമോ,
അരിന്ദമനാമത്തിരുവടിയെക്കൊ –
ണ്ടരമുറക്കാവൂ, ജനങ്ങളെ ഞങ്ങൾ!7
കിടക്കുന്നു, മാതരെവരിറയത്തും
കിടപ്പറയിലും സ്വവാഹനത്തിലും;
പടർത്തുന്നു, പുണ്യസുഗന്ധമേവ; – രാ
മടവാരെയൊട്ടുക്കുറക്കാവൂ, ഞങ്ങൾ!8
കുറിപ്പുകൾ: സൂക്തം 55.

[1] ആവഹിച്ച് = ധരിച്ച്. ആമയഘ്നൻ – രോഗങ്ങളെ ശമിപ്പിയ്ക്കുന്നവൻ. മൂന്നു ദിവസം യാതൊരാഹാരവും കിട്ടാതെ വലഞ്ഞ വസിഷ്ഠൻ നാലാം ദിവസം രാത്രി കാക്കാൻ വരുണഗൃഹത്തിൽ ചെന്നു കേറി. അപ്പോൾ, അവിടുത്തെ കാവൽനായ കുരച്ചുകൊണ്ടു കടിയ്ക്കാൻ പാഞ്ഞണഞ്ഞു. ആ നായയെയും, അവിടെയുള്ള ആളുകളെയും ഉറക്കാനായി അദ്ദേഹം ചൊല്ലീയ ഋക്കുകളാണിവ. പ്രസ്വാപിന്യുപനിഷത്തത്രേ, ഇത്; പ്രസ്വാപിനി = ഉറക്കുന്നത്.

[2] കിറിപ്പാട് – ഓഷ്ഠപ്രാന്തം. കാട്ടുന്നു – എന്നെ കടിപ്പാൻ. വെള്ളമഞ്ഞനായേ – ചില അവയവങ്ങളിൽ വെളുപ്പും, ചില അവയവങ്ങളിൽ മഞ്ഞനിറവും ചേർന്ന ശ്വാവേ.

[3] പേർത്തോടും – പോയേടത്തെയ്ക്കുതന്നെ വീണ്ടും ഓടിപ്പോകുന്ന. എങ്ങളെ – എന്നെ.

[5] മാതാവ് – നായയുടെ അമ്മ. വരൻ – ജാമാതാവ്.

[6] ഇമ്മാളികപ്പുരപോലാകട്ടെ – ഇക്കാണുന്ന മാളികയും മറ്റുംപോലെ നിശ്ചലരായി, ഉറങ്ങട്ടെ.

[7] വൃഷാവ് – വൃഷ്ടിദാതാവായ സൂര്യൻ. തിരുവടിയെക്കൊണ്ട് – അദ്ദേഹത്തെ ധ്യാനിച്ചു, മന്ത്രം ജപിച്ച്. അരം = ഏറ്റവും.

[8] മാതർ = സ്ത്രീകൾ.

സൂക്തം 56.

വസിഷ്ഠൻ ഋഷി; ദ്വിപദാവിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (കാകളി)

ആരിവർ, നേതാക്കൾ, ഭാസ്സുറ്റ രുദ്രജ-
ന്മാരേ,കവാസർ, സദശ്വർ, നരഹിതർ!1
ആരുണ്ടറിഞ്ഞിട്ടി,വർതൻ സമുല്പത്തി?
തേറുന്നു, തങ്ങളിൽ മാത്രം പിറപ്പിവർ!2
ഏറ്റുമുട്ടു,മിണക്കുത്താർന്നു തമ്മിലാ –
ക്കാറ്റൊച്ചയോടേ പറക്കും പരുന്തുകൾ!3
പൃശ്നി മഹതി വയറ്റിൽ വഹിച്ചവ –
രി,ശ്ശൂഭ്രരെന്നതറിയും, മനീഷികൾ!4
ആർ മരുദ്ഭക്തന,വൻ ചിരാൽകീഴമ –
ർത്താ,പ്താർത്ഥനായി നേടട്ടേ, സുവീരരെ!5
വേണ്ടുമിടത്തെയ്ക്കു പായുവോർ, പണ്ടങ്ങൾ
പൂണ്ടുജ്ജ്വലിപ്പോർ, ബലോഗ്രരാ, ശ്രീയുതർ!6
കത്തട്ടെ, നിങ്ങൾതൻ തേജസ്സു; – റയ്കട്ടെ
ശക്തി; വളർന്നുവാഴട്ടേ, മരുദ്ഗണം!7
രുഷ്ടം, ഭവന്മനം; ശോഭമാനം, ബലം;
ധൃഷ്ടംസംഘാകമ്പനപ്പോക്കൃഷിസമം!8
ഞങ്ങളിൽച്ചാട്ടായ്വിന,ശ്ശാശ്വതായുധ; –
മിങ്ങാപതിയ്ക്കൊല്ല, നിങ്ങൾതൻ ക്രൗര്യവും!9
വെമ്പുന്ന തൽപരർ നിങ്ങൾ മരുത്തുക്ക –
ളിമ്പപ്പെടാൻ പ്രിയപ്പേരിൽ വിളിപ്പു, ഞാൻ!10
നല്ലായുധങ്ങളും നല്കോപ്പൂമൊത്തെഴു –
ന്നള്ളൂ; – മുടൽമോടി കൂട്ടും, സ്വയമവർ!11
ശുദ്ധം ഹവിസ്സു, വിശുദ്ധരാം നിങ്ങൾക്കു –
ശുദ്ധയജ്ഞം വിശുദ്ധർക്കയയ്ക്കുന്നു ഞാൻ:
സത്യേന സത്യം ഗമിപ്പോർ, ജലാർദ്രർ, ഭാ –
സ്സൊത്തോർ, സുജാതർ, മരുത്തുക്കൾ പാവനർ!12
സാംഗദം, നിങ്ങൾതൻ തോൾ മരുത്തുക്കളേ;
തൂങ്ങുന്നു, മാറിൽത്തിളങ്ങുന്ന മാലകൾ;
മാരിയോടൊത്ത വിദ്യുത്തുകൾപോലൊളി
ചേരുവോർ, നിങ്ങൾ ശസ്ത്രത്താൽജ്ജലപ്രദർ!13
വാനിൽപ്പരക്കുന്നു, നിങ്ങൾതൻ വാരൊളി;
വായ്പിയ്ക്കുവിൻ, യജനീയർ നിങ്ങൾ ജലം!
ഹേ മരുത്തുക്കളേ, ഗൃഹ്യം ഗൃഹസ്ഥിതർ –
ക്കേകേണ്ടുമിയ്യായിരംപങ്കെടുക്കുവിൻ!14
കേൾപ്പതുണ്ടല്ലോ, മരുത്തുക്കളേ, നിങ്ങൾ
കോപ്പുറ്റ ധീമാന്റെയിസ്സാഹുതിസ്തവം;
തെറ്റെന്നു നല്കുവിൻ, നല്ല വീരരെയും,
മറ്റൊരാൾ വൈരാലുടയ്ക്കാത്ത വിത്തവും!15
അശ്വങ്ങൾപോലേ സുയാനർ, മരുത്തുക്ക –
ളു, ത്സവം കാണും മനുഷ്യർപോലുജ്ജ്വലർ,
ഉന്നതാഗാരക്കിടാങ്ങൾപോലുൽപ്രഭർ,
കന്നുകൾപോലേ കളിപ്പോർ, ജലപ്രദർ!16
സുന്ദരക്ഷ്മാനഭഃപൂരകരാം നിങ്ങൾ
തന്നെങ്ങളെസുഖിപ്പിപ്പിൻ, മരുത്തുക്കൾ:
നീക്കുവിൻ, നിങ്ങൾതൻ ഗോനരഘ്നായുധം;
സൗഖ്യങ്ങളെങ്ങൾക്കണപ്പിൻ, വസുക്കളേ!17
ഹോതാവിരുന്നു വിളിയ്ക്കുന്നു നിങ്ങളെ,
സ്ഫീതമാം ദാനം പുകഴ്ത്തി വൃക്ഷാക്കളെ;
നിർമ്മായനായ് മരുത്തുക്കളേ, വാഴ്ത്തുന്നു,
കർമ്മിയെക്കാപ്പോൻ സ്തവങ്ങളാൽ നിങ്ങളെ.18
ഇംമ്പമേകുന്നു, കർമ്മിയ്ക്കീ മരുത്തുകൾ;
കുമ്പിടുവിയ്ക്കുന്നു, കെല്പരെക്കെല്പിനാൽ;
വിദ്രോഹിയിൽനിന്നു കാക്കുന്നു വാഴ്ത്തിയെ;
മെത്തുമൊരീറയുൾക്കൊൾക്കൊൾവൂ, പിശുക്കനിൽ!19
ശ്രീമാനെയും നിസ്വനേയുമിളക്കുവോ –
രീ, മരുത്തുക്കള,മർത്ത്യരാലീപ്സിതർ;
പോക്കുകിരുട്ടു; വൃഷാക്കൾ നിങ്ങളുള –
വാക്കുകെ,ങ്ങൾക്കു പുരുപുത്രപൗത്രരെ!20
പോകൊലാ, പിന്നിൽപ്പെടൊല്ലാ, ഭവദ്ദാന –
ഭാഗത്തിൽനിന്നെങ്ങൾ വർഷിരഥികരേ:
പങ്കുകൊള്ളിപ്പിൻ, മരുത്തുകളേ, നിങ്ങൾ,
തൻകാമ്യശോഭനസമ്പത്തിലെങ്ങളെ!21
നാട്ടുകാർക്കോ, പെരുംസസ്യത്തിനോ ശൂര –
രൂറ്റമോടേറ്റുമുട്ടുമ്പോളപ്പോർകളിൽ,
മാറ്റാങ്കൽനിന്നു രുദ്രാത്മജന്മാർ നിങ്ങൾ
കാത്തരുൾവിൻ, മരുത്തുക്കളേ, ഞങ്ങളെ!22
നിങ്ങൾ പണ്ടും പിതാക്കൾക്കു ചെയ്തു ബഹു –
മംഗളം ചെയ്വിൻ, മരുത്തുക്കളേ, സ്വയം:
പ്രൗഢനായ്പ്പോരിലമർത്തും, മരുൽപ്രിയൻ;
നേടു,മന്നം സമീപിച്ച മരുൽപ്രിയൻ!23
ഹേ മരുത്തുക്കളേ, ജാതനാകെ, ങ്ങൾക്കു
ധീമാനരിന്ദമനോജസ്വി നന്ദനൻ:
സുസ്ഥിതിയ്ക്കെ,ന്നാൽക്കടക്കാം, രിപുക്കളേ;
വർത്തിയ്ക്ക, നിങ്ങൾതൻ ഞങ്ങൾ നിജാസ്പദേ!24
ഇസ്തവം കേൾക്കട്ടെ,യിന്ദ്രൻ വരുണനും,
മിത്ര,നഗ്നി, ജലം,സസ്യവും, വൃഷവും:
വർത്തിയ്ക്കുകെ,ങ്ങൾ സുഖേന മരുൽപദേ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പോഴുമെങ്ങളെ!’25
കുറിപ്പുകൾ: സൂക്തം 56.

[1] മരുത്തുക്കളെ കണ്ട് ഋഷി ആശ്ചര്യപ്പെടുന്നു: ഏകവാസർ = ഒരേപാർപ്പിടമുള്ളവർ; എല്ലാവരും ഒരു ഗൃഹത്തിൽ വസിയ്ക്കുന്നു.

[2] തങ്ങളിൽമാത്രം തേറുന്നു – തങ്ങൾ രുദ്ര – പൃശ്നിപുത്രന്മാരാണെന്ന്, അവർക്കന്യോന്യം അറിയാം; മറ്റാർക്കും അറിഞ്ഞുകൂടാ.

[3] ഇണക്കത്ത് – സൗന്ദ്യര്യാദികൾകൊണ്ടുള്ള കിടമത്സരം. കാറ്റൊച്ച = കാറ്റിന്റേതിന്നൊത്ത ഇരമ്പൽ. ആ പരുന്തുകൾ – അത്ര വേഗമുള്ള മരുത്തുക്കൾ.

[4] ഇശ്ശുഭ്രർ = ശ്വേതവർണ്ണരായ മരുത്തുക്കൾ. മനീഷികൾ – ശാസ്ത്രജ്ഞർ.

[5] കീഴമർത്ത് – ശത്രുക്കളെ. ആപ്താർത്ഥൻ = ധനം കിട്ടിയവൻ. സുവീരർ = നല്ല പുത്രന്മാർ.

[7] പ്രത്യക്ഷോക്തി: ഒടുവിലെ വാക്യം പരോക്ഷം.

[8] രുഷ്ടം – ശത്രുക്കളിൽ ക്രുദ്ധം. ധൃഷ്ടസംഘാകമ്പനപ്പോക്ക് = ധീരമായ സംഘത്തിന്റെ (മരുദ്ഗുണത്തിന്റെ) ആകമ്പനമായ, വൃക്ഷാദികളെ ഇളക്കുന്ന, ഗമനം. ഋഷിസമം – സ്തോതാക്കൾപോലെ ബഹുവിധശബ്ദങ്ങളെ പുറപ്പെടുവിയ്ക്കുന്നത്.

[9] അശ്ശാശ്വതായുദ്ധം – നിങ്ങളുടെ ആ സനാതനയുഗം, ഇടിവാൾ. ഇങ്ങ് ഈ കർമ്മത്തിൽ.

[10] പ്രിയപ്പേരിൽ – പ്രിയമായ പേർ ചൊല്ലി.

[11] നല്കോപ്പ് = നല്ല ആഭരണം.

[12] വിശുദ്ധർക്ക് – ശോഭനരായ നിങ്ങൾക്ക് സത്യേന സത്യം ഗമിപ്പോർ – സത്യംകൊണ്ടു സത്യത്തിലെയ്ക്കു ഗമിയ്ക്കുന്നവർ, സർവഥാ സത്യപരർ.

[13] സാംഗദം = അംഗദത്തോടു, തോൾവളയോടുകൂടിയത് മാലകൾ – ഹാരങ്ങൾ. ശസ്ത്രത്താൽ ജലപ്രദർ – ആയുധംകൊണ്ടു മേഘത്തെ പിളർത്തു ജലം തരുന്നവർ, വൃഷ്ടികർത്താക്കൾ.

[14] ഗൃഹ്യം = ഗൃഹസംബന്ധി. ഗൃഹസ്ഥിതക്ക് = ഗൃഹമേധികളായ നിങ്ങൾക്ക് ഇയ്യായിരം പങ്ക് – ഗൃഹത്തിലെ ഒരു വസ്തു നിങ്ങൾക്കു നിവേദിയ്ക്കപ്പെട്ടാൽ, അത് ഒരായിരമായിത്തീരുമെന്നു സാരം.

[15] കോപ്പുറ്റ – ഹവിസ്സാകുന്ന വിഭവത്തോടുകൂടിയ. ധീമാന്റെ – എന്റെ. സാഹുതിസ്തവം = ആഹുതിസഹിതമായ സ്തോത്രം. തെറ്റെന്ന് – വെക്കം. വീരർ – പുത്രന്മാർ. മറ്റൊരാൾ വൈരാലുടയ്ക്കാത്ത – ഒരു വൈരിയ്ക്കും നശിപ്പിയ്ക്കാവതല്ലാത്ത.

[16] സുയാനർ = ശോഭനഗമനന്മാർ. ഉത്സവം – ഉത്സവം കാണാൻ, നല്ല മോടിയിലാണല്ലോ, ആളുകൾ ചെല്ലുക. ഉന്നതാഗാരക്കിടാങ്ങൾ = ഉയർന്ന തറവാട്ടിലെ കുട്ടികൾ. കുന്നുകൾ = പൈക്കുട്ടികൾ.

[17] സുന്ദരക്ഷ്മാനഭഃപൂരകർ – അഴകൊത്ത ഊഴിവാനങ്ങളെ സ്വമഹിമാവുകൊണ്ടു നിറയ്ക്കുന്നവർ. തന്ന് – ധനം. മരുത്തുകൾ – മരുത്തുക്കളായ നിങ്ങൾ; ഹേ മരുത്തുക്കൾ എന്നു സംബുദ്ധിയുമാക്കാം. ഗോനരഘ്നായുധം – മേഘസ്ഥജലങ്ങളെയും (ഗോശബ്ദത്തിന്ന്, ഇവിടെ ജലമെന്നാണർത്ഥം.) ശത്രുനരരെയും ഹനിയ്ക്കുന്ന നിങ്ങളുടെ ആയുധം. നീക്കുവിൻ – ഞങ്ങളിൽ പതിപ്പിയ്ക്കരുത്. വസുക്കൾ = വാസയിതാക്കൾ.

[18] സ്ഫീതം = പ്രവൃദ്ധം. ദാനം – നിങ്ങളുടെ ദാനം. കർമ്മിയെക്കാപ്പോൻ – നിങ്ങളെ വിളിയ്ക്കുന്നതുകൊണ്ട് യഷ്ടാവിന്റെ രക്ഷകനായിത്തീർന്ന ഹോതാവ്.

[19] വാഴ്ത്തി = സ്തോതാവ്. പിശുക്കൻ – ധനമുണ്ടെങ്കിലും യജിയ്ക്കാത്തവൻ.

[20] ഇളക്കുവോർ – കർമ്മങ്ങൾക്കു പ്രേരിപ്പിയ്ക്കുന്നവർ. ഈപ്സിതർ = ഇച്ഛിയ്ക്കപ്പെട്ടവർ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[21] പോകൊലാ – ഭവദ്ദാനഭാഗത്തിൽനിന്നു, നിങ്ങളുടെ ദാനത്തിന്റെ പങ്കിൽനിന്നു, പുറത്താകരുത്. പിന്നിൽപ്പെടൊല്ലാ – ഞങ്ങൾക്കു മുമ്പേ തരണമെന്നർത്ഥം. വർഷിരഥികരേ – വർഷിയ്ക്കുന്നവരും, തേരോടുകൂടിയവരുമായിട്ടുള്ളവരേ.

[22] നാട്ടുകാർക്കോ, പെരുംസസ്യത്തിനോ – നാട്ടുകാരെയോ വലിയ കൃഷിനിലത്തെയോ കീഴടക്കാൻവേണ്ടി. ഊറ്റം = അഭിമാനം.

[23] ഞങ്ങളുടെ പിതാക്കന്മാർക്കു നിങ്ങൾ ബഹുമംഗളം (വളരെ നന്മ) ചെയ്തിട്ടുണ്ടല്ലോ; അതുപോലെ ഞങ്ങൾ ചെയ്യുവിൻ. മരുൽപ്രിയൻ – മരുത്തുക്കളായ നിങ്ങളുടെ പ്രസാദത്തിന്നു പാത്രീഭവിച്ചവൻ. പ്രൗഢനായ്, ഓജസ്വിയായി. പോരിൽ അമർത്തും – ശത്രുക്കളെ. സമീപിച്ച – സ്തുതികൾക്കൊണ്ടടുത്ത.

[24] ജാതനാക – ജനിയ്ക്കട്ടെ. സുസ്ഥിതി = സ്വാസ്ഥ്യം. എന്നാൽ – നന്ദനൻ ജനിച്ചാൽ. നിങ്ങൾതൻ = ഭവദീയരായ. നിജാസ്പദേ വർത്തിയ്ക്ക – സ്വസ്ഥാനത്തു വസിയ്ക്കുമാറാകട്ടെ.

[25] ഇസ്തവം – ഞങ്ങളുടെ സ്തുതി. മരുൽപദേ = മരുത്തുക്കളുടെ ഇരിപ്പിടത്തിൽ.

സൂക്തം 57.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കാകളി)

വാരൂഴിവാനും കുലുക്കുന്നു, ചുറ്റുന്നു,
ഘോരംരാമേവർ വളർത്തുന്നു, കാറിനെ;
അബ്ഭവാന്മാരുടെ മാരുതപ്പേർ മഖേ
കെല്പിൽപ്പുകഴ്ത്തുന്നു, ഹർഷർ യാജ്യരേ!1
ആരായുമല്ലോ, മരുത്തുക്കൾ വാഴ്ത്തിയെ; –
പ്പൂരിതമാക്കും, മഖവാന്നഭീഷ്ടവും;
ഇന്നൻപൊടേ നിങ്ങൾതൻ യാഗത്തിൽ
വന്നമറേത്തിന്നിരിയ്ക്കുവിൻ, ദർഭയിൽ!2
ഇത്ര വരില്ലാ, മരുത്തുക്കൾപോലന്യർ:
ശസ്ത്രം വിളങ്ങുന്നു; ഭാസുരം, ഗാത്രവും;
അപ്പുരുശോഭർ വാനൂഴി മിന്നിച്ചുകൊ –
ണ്ടൊപ്പമണിയുന്നു, മോടിയ്ക്കണികളെ!3
നിങ്ങൾതന്നായുധം നീങ്ങട്ടെ, യാജ്യരേ,
ഞങ്ങൾ,മനുഷ്യർ പിഴ ചെയ്തുപോകിലും:
ഏല്ക്കൊല്ലതേ,തും മരുത്തുക്കളേ, ഞങ്ങൾ;
വായ്ക്കട്ടെ, നിങ്ങൾക്കു നന്മനസ്സെങ്ങളിൽ!4
ഇക്രതുവിങ്കലേ മോദിച്ചരുളട്ടെ,
ശുക്ലരദോഷർ പുനാനർ മരുത്തുക്കൾ:
ഞങ്ങളെപാലിപ്പിന,ൻപിനാൽ യജ്യരേ;
ഞങ്ങളെച്ചോർ തന്നു പോറ്റിവളർത്തുവിൻ!5
ഹവ്യങ്ങളാസ്വദിയ്ക്കട്ടേ, നുതരായ
സർവാംബുയുക്തർ നേതാക്കൾ മരുത്തുകൾ:
ഞങ്ങൾതൻ മക്കൾക്കു കിട്ടിയ്ക്കുവിൻ, ജലം;
മംഗളവിത്തം ഹവിഷ്പ്രദന്നേകുവിൻ!6
നമ്മെ സ്വയമെവർ നൂറായ്പ്പെരുപ്പിയ്ക്കു, –
മമ്മരുത്തുക്കളെല്ലാരും സരക്ഷരായ്
എത്തട്ടെ, യജ്ഞത്തിൽ വാഴ്ത്തിയ വിജ്ഞരിൽ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7
കുറിപ്പുകൾ: സൂക്തം 57.

[1] വാരൂഴിവാനും – വിശാലങ്ങളായ ഊഴിവാനങ്ങൾ പോലും. ചുറ്റുന്നു – എങ്ങും സഞ്ചരിയ്ക്കുന്നു. മാരുതപ്പേർ – മരുത്തുക്കളെന്ന നാമം. മഖേ = = യജ്ഞത്തിൽ. ഹർഷകർ = ഹർഷിപ്പിയ്ക്കുന്നവർ, സ്തോതാക്കൾ. കെല്പിൽ – പ്രകർഷേണ.

[2] മഖവാൻ – യജമാനൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[3] പരോക്ഷോക്തി: ഇത്ര വരില്ലാ – ധനം തരികയും മറ്റും ചെയ്യില്ല. ശസ്ത്രം – മരുത്തുക്കളുടെ ആയുധങ്ങൾ. ഒപ്പം – എല്ലാവരും ഒന്നുപോലെ.

[4] പ്രത്യക്ഷോക്തി: നീങ്ങട്ടെ – ങ്ങളിലേല്ക്കാതിരിയ്ക്കട്ടെ. മനുഷ്യർ – മനുഷ്യർക്കു പ്രമാദം സുലഭമാണല്ലോ. അത് – ആയുധം.

[5] ഇക്രതുവിങ്കലേ – നമ്മുടെ യാഗത്തിൽത്തന്നെ. ശുക്ലർ – ഉജ്ജ്വലർ. പുനാനർ = ശുദ്ധിപ്പെടുത്തുന്നവർ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[6] പൂർവ്വാർദ്ധം പരോക്ഷോക്തി: സർവ്വാംബുയുക്തർ = എല്ലാജ്ജലങ്ങളോടും കൂടിയവർ. മംഗളംവിത്തം = ശോഭനമായ ധനം. ഹവീഷ്പ്രദൻ – യജമാനൻ.

[7] സരക്ഷരായ് – രക്ഷകളോടുകൂടി. വിജ്ഞരിൽ – സ്തോതാക്കളുടെ അടുക്കൽ. നാലാപാദം പ്രത്യക്ഷോക്തി:

സൂക്തം 58.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

വിണ്ണിനെക്കാളും വളർന്നതായ്സ്സന്തതം
തണ്ണീർ പൊഴിയ്ക്കും ഗണത്തെപ്പുകഴ്ത്തുവിൻ:
ദ്യാവോവികളെച്ചതയ്ക്കും, പെരുമയാൽ;
ദ്യോവിലെത്തും, നഭോഭൂക്കളിൽനിന്നിവർ!1
ഉഗ്രരേ, പ്രാജ്ഞരേ, ഗന്താക്കളേ, മരു –
ത്തുക്കളേ, രുദ്രങ്കൽനിന്നാം, ഭവജ്ജനി:
പ്രൗഢതേജോബലർ നിങ്ങൾ നടക്കവേ
പേടിയ്ക്കു,മർക്കനെക്കാണുവോരൊക്കയും!2
ഹവ്യപ്രദർക്കു പെരുതന്നമേകുവിൻ;
ഭവ്യമാമെങ്ങൾതൻ സ്തോത്രം ശ്രവിയ്ക്കുവിൻ!
വാട്ടാ, മരുത്തുക്കൾ പോം വഴി ജീവരെ:
വായ്പിയ്ക്കു,മാശാസ്യരക്ഷയാൽ നമ്മെയും.3
നിങ്ങൾ കാത്ത കവി നൂറു നേടും ധനം;
നിങ്ങൾ കാത്തോൻ ചെന്നമർത്തു സഹസ്രിയാം;
നിങ്ങൾ കാത്തോൻ പെരുമാളാം, രിപുഘ്നനാം;
ഞങ്ങൾതൻ സ്വത്തു വായ്ക്കട്ടെ, ധൂന്വാനരേ!4
ആസ്ഥ വെപ്പൻ, വൃഷരുദ്രാത്മജരിൽ ഞാൻ:
പേർത്തുപേർത്തീക്ഷിയ്ക്ക, നമ്മെ മരുത്തുകൾ;
ക്ഷിപ്രർക്കു രോഷം വരുമാറനുഷ്ഠിച്ച
വിസ്പഷ്ടഗൂഢപ്പിഴകൾ കെടുക്ക, നാം!5
കീർത്തിച്ചുവല്ലോ, വിശിഷ്ടമാം സ്തോത്ര: – മി –
സ്സൂക്തി കേൾക്കട്ടേ, ധനാഢ്യാർ മരുത്തുക്കൾ;
ശത്രുവെപ്പോക്കുവിൻ, നിങ്ങൾ വൃക്ഷാക്കളേ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ.’6
കുറിപ്പുകൾ: സൂക്തം 58.

[1] ഗണം – മരുസംഘം. ദ്യാവോർവികൾ = ദ്യാവാപൃഥിവികൾ. പെരുമ = മഹത്ത്വം. ദ്യോവ് = സ്വർഗ്ഗം. നഭോഭൂക്കൾ = അന്തരിക്ഷവും ഭൂമിയും.

[2] ഉഗ്രർ = ഘോരർ. ഗന്താക്കൾ ഗമനശീലർ. ഭവജ്ജനീ = നിങ്ങളുടെ ജനനം. അർക്കനെക്കാണുവോർ – ജീവികൾ.

[3] ഭവ്യം = ശോഭനം. മരുത്തുക്കൾ പോം (സഞ്ചരിയ്ക്കുന്ന) വഴി ജീവിയെ (പ്രാണിവർഗ്ഗത്തെ) വാട്ടാ; നേരെമറിച്ചു, വൃഷ്ടിജലംകൊണ്ടു തഴപ്പിയ്ക്കും.

[4] നിങ്ങൾ കാത്ത = ഭവദ്രക്ഷിതനായ. കവി – സ്തോതാവ്. അമർത്തു – ശത്രുക്കളെ കീഴമർത്ത്. സഹസ്രിയാം – സഹസ്രധനവാനായിത്തീരും ധുന്വാനർ – വൃക്ഷാദികളെ കുലുക്കുന്നവർ.

[5] വൃഷരുദ്രാത്മജരിൽ, വൃഷാക്കളായ (അഭീഷ്ടവർഷിണികളായ) രുദ്രപുത്രരിൽ (മരുത്തുക്കളിൽ) ഞാൻ ആസ്ഥ (ആദരം, ഭക്തി) വെപ്പൻ; പരിചരിയ്ക്കാമെന്നർത്ഥം. നമ്മെ ഈക്ഷിയ്ക്കു – നമ്മളിൽ അഭിമുഖരായിത്തീരട്ടെ. ക്ഷിപ്രർ – വേഗവാന്മാർ, മരുത്തുക്കൾ. അനുഷ്ഠിച്ച = ചെയ്തുപോയ. വിസ്പഷ്ടഗൂഢപ്പിഴകൾ = വെളിവിലും ഒളിവിലുമുള്ള അപരാധം. കെടുക്കു – മരുൽസ്തുതിയാൽ പരിഹരിയ്ക്കുക.

[6] കീർത്തിച്ചു – ഞങ്ങൾ ചൊല്ലി. സൂക്തി – സ്തുതി. ഉത്തരാർദ്ധം പ്രത്യക്ഷകഥനം: ശത്രുവെ ഞങ്ങളുടെ വൈരികളെ.

സൂക്തം 59.

വസിഷ്ഠൻ ഋഷി; ബൃഹതിയും സതോബൃഹതിയും ത്രിഷ്ടുപ്പും ഗായത്രിയും അനുഷ്ടുപ്പും ഛന്ദാസ്സുകൾ; മരുത്തുക്കളും രുദ്രനും ദേവത.

ദേവന്മാരേ, നിങ്ങൾ ആരെ ഇതിൽനിന്നിതിൽനിന്നു രക്ഷിയ്ക്കുമോ, ആരെ കൊണ്ടുനടക്കുകയും ചെയ്യുമോ; അവന്ന്, അഗ്നേ, വരുണ, മിത്ര, ആര്യമാവേ, മരുത്തുക്കളേ, നിങ്ങൾ സുഖം നല്കുവിൻ!1

ദേവന്മാരേ, നിങ്ങളുടെ രക്ഷയാൽ, പ്രിയദിനത്തിൽ യജിയ്ക്കുന്നവൻ കൂടലരെ കടക്കും; യാവനൊരുത്തൻ നിങ്ങളെ നിർത്താൻ മികച്ച ഹവിസ്സു തരുമോ, അവൻ ഗൃഹത്തെ അഭിവൃദ്ധിപ്പെടുത്തും.2

നിങ്ങളിൽ താഴെയുള്ളവനെപ്പോലും വിട്ടിട്ടല്ല, വസിഷ്ഠൻ സ്തുതിയ്ക്കുന്നത്: മരുത്തുക്കളേ, ഇന്നു ഞങ്ങൾ പിഴിഞ്ഞതു തൽപരരായ നിങ്ങളെല്ലാവരും ഒന്നിച്ചു പാനംചെയ്താലും.3

നേതാക്കളേ, നിങ്ങൾ ആർക്കു നൽകിയോ, അവന്നു നിങ്ങളുടെ രക്ഷമൂലം പടയിൽ ഇടിവു വരില്ല. നിങ്ങളുടെ പുതിയ നന്മനസ്സു വന്നെത്തട്ടേ; പിപാസുക്കളായ നിങ്ങളും വെക്കം വരുവിൻ!4

തമ്മിലുരുമ്മുന്ന ധനമുള്ള നിങ്ങൾ ഹവിസ്സുണ്ണാൻ വരുവിൻ: മരുത്തുക്കളേ, ഇതാ, നിങ്ങൾക്കു ഞാൻ തരുന്നുണ്ടല്ലോ, ഹവ്യങ്ങൾ; നിങ്ങൾ മറ്റെങ്ങാനും പോയ്ക്കളയരുത്!5

മരുത്തുക്കളേ, നിങ്ങൾ ഞങ്ങളുടെ ദർഭയിരിയ്ക്കുവിൻ: ഞങ്ങൾക്കു സ്പൃഹണീയങ്ങളായ ധനങ്ങൾ തരുവാൻ വരികയുംചെയ്വിൻ; കനിവുറ്റ നിങ്ങൾ ഇവിടെ സോമമധുവിനാൽ മത്തുകൊണ്ടാലും, സ്വാഹാ!6

മറവിലിരിയ്ക്കുന്ന അവർ തിരുമെയ്യിന്നു മോടി കൂട്ടി, നീലഹംസങ്ങൾപോലെ പറന്നെത്തട്ടെ: ആ വിശാലമായ ഗുണം എന്റെ ചുറ്റും, യജ്ഞത്തിൽ ഇമ്പംകൊള്ളുന്ന സുന്ദരമനുഷ്യർപോലെ ഉപവേശിയ്ക്കട്ടെ!7

വസുക്കളായ മരുത്തുക്കളേ, തിരസ്കൃതനായ യാതൊരുവൻ കെടുകോപം പൂണ്ടു ഞങ്ങളുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുകയും വരുണപാശങ്ങളിൽ കുടുക്കുകയും ചെയ്യുമോ; അവനെ നിങ്ങൾ പൊള്ളിയ്ക്കുന്ന ആയുധംകൊണ്ടു കൊല്ലണം!8

പൊള്ളിയ്ക്കുന്ന, ദ്രോഹികളെ പോക്കുന്ന മരുത്തുക്കളേ, ഇതാ, ഹവിസ്സ്: സ്വന്തം രക്ഷയോടേ ഇതു നിങ്ങൾ സ്വീകരിച്ചാലും!9

ഗൃഹമേധികളും ശോഭനദാനരുമായ മരുത്തുക്കളേ, നിങ്ങൾ സ്വന്തം രക്ഷയോടേ വന്നാലും; പോയ്ക്കളയരുത്!10

സ്വാധീനബലരായി കവികളായി സൂര്യവർണ്ണരായിരിയ്ക്കുന്ന മരുത്തുക്കളേ, നിങ്ങൾക്കു ഞാൻ ഇവിടെത്തന്നേ യജ്ഞമനുഷ്ഠിയ്ക്കുന്നു.11

തൂമണം വീശുന്ന പുഷ്ടിവർദ്ധനനായ ത്ര്യംബകനെ നാം യജിയ്ക്കുക: ഞെട്ടിൽനിന്നു വെള്ളരിയ്ക്കയെന്നപോലെ, എന്നെ മുക്തിപര്യന്തം നിന്തിരുവടി മരണത്തിൽ നിന്നു മോചിപ്പിച്ചാലും!12

കുറിപ്പുകൾ: സൂക്തം 59.

[1] ഇതിൽ നിന്നിതിൽനിന്ന് – ഓരോ ഭയത്തിൽ നിന്നും. കൊണ്ടുനടക്കുക – സന്മാർഗ്ഗത്തിലെയ്ക്ക്.

[2] പ്രിയദിനം – നിങ്ങൾക്കു പ്രിയമായ ദിവസം. നിങ്ങളെ നിർത്താൻ – നിങ്ങൾ മറ്റൊരേടത്തെയ്ക്കു പോയ്ക്കളയാതിരിപ്പാൻ.

[3] വസിഷ്ഠൻ നിങ്ങളെല്ലാവരെയും നിർവ്വിശേഷം സ്തുതിയ്ക്കുന്നു. തൽപരർ – സോമകാമർ.

[4] നല്കിയോ – അഭീഷ്ടങ്ങൾ കൊടുത്തുവോ. വന്നെത്തട്ടെ – ഞങ്ങളിൽ. പിപാസുക്കൾ – സോമപാനേച്ഛുക്കൾ.

[5] തമ്മിലുരുമ്മുന്ന – ഇടതിങ്ങിയ.

[7] പരോക്ഷകഥനം: ഗുണം – മരുത്സംഘം. സുന്ദരമനുഷ്യർ – വസ്ത്രാഭരണഭൂഷിതരായിട്ടാണ്, ആളുകൾ യാഗത്തിനു വരിക. ഉപവേശിയ്ക്കുക = ഇരിയ്ക്കുക.

[10] ഗൃഹമേധികൾ – മനുഷ്യഗൃഹങ്ങളിൽ ചെയ്യപ്പെടുന്ന മേധ(യാഗ)ത്തോടുകൂടിയവർ.

[11] കവികൾ = ക്രാന്തദർശികൾ.

[12] തൂമണം – പുണ്യയശസ്സ്. ത്ര്യംബകൻ = രുദ്രൻ. രണ്ടാംവാക്യം പ്രത്യക്ഷോക്തി: ദീർഗ്ഘായുഷ്കരമത്രേ, ഈ മന്ത്രം.

സൂക്തം 60.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യനും മിത്രാവരുണന്മാരും ദേവതകൾ.

സൂര്യ, ഉദിച്ചുയരുന്ന ഭവാൻ ഇപ്പോൾ ദേവന്മാരുടെ ഇടയിൽ അരുളിച്ചെയ്യുമെങ്കിൽ, ഞങ്ങൾ സത്യമായും മിത്രവരുണർക്ക് അനപരാധികളായിത്തീരും; അദീന, അര്യമാവേ, സ്തുതിച്ചു ഭവാനു പ്രിയരുമാകും!1

മിത്രാവരുണന്മാരേ, ഇതാ, മനുഷ്യരെ നോക്കുന്നവനും – മർത്ത്യരുടെ നന്മതിന്മകൾ വീക്ഷിയ്ക്കുന്നവനും – ചരാചരങ്ങളുടെയെല്ലം കാവല്ക്കാരനുമായ അ സൂര്യൻ ദ്യാവാപൃഥിവികളുടെ നേരേ ഉദിച്ചു, നടകൊള്ളുന്നു.2

മിത്രാവരുണന്മാരേ, അന്തരിക്ഷത്തിൽ, സൂര്യനെ വഹിയ്ക്കുന്ന ജലപ്രദങ്ങളായ ഏഴു പച്ചക്കുതിരകൾ പൂട്ടപ്പെട്ടിരിയ്ക്കുന്നു. ജഗത്തുകളെയും ജീവികളെയും, ഗോഗണങ്ങളെ എന്നപോലെ നോക്കുന്നവനാണല്ലോ, ആ ഭവൽക്കാമൻ!3

നിങ്ങളിരുവർക്കും മധുരാന്നങ്ങൾ തയ്യാറായി; മിത്രനും ആര്യമാവും വരുണനുമാകുന്ന അദിതിപുത്രന്മാർ തുല്യപ്രീതിയോടേ ആർക്കു വഴിവെട്ടുന്നുവോ, ആ സൂര്യൻ തെളിഞ്ഞ അന്തരിക്ഷത്തിൽ കേറുകയും ചെയ്തു.4

ഈ മിത്രനും അര്യമാവും വരുണനും പാരിച്ച പാപം നശിപ്പിയ്ക്കുന്നവരാണല്ലോ; ഈ അപീഡിതരും സുഖപ്രദരുമായ അദിതിപുത്രന്മാർ യജ്ഞസദനത്തിൽ വർദ്ധിയ്ക്കും!5

ഈ ദുർദ്ധർഷരായ മിത്രാര്യമവരുണന്മാർ അജ്ഞനെപ്പോലും കുശലനാക്കും; വിജ്ഞനായ കർമ്മിയെ പ്രാപിച്ചു, ദുഷ്കൃതം നീക്കി, നല്ല വഴിയിലൂടെ കൊണ്ടുപോകയും ചെയ്യും!6

ഇവർ എന്നെന്നും ദ്യോവിന്റെയും ഭൂവിന്റെയും അജ്ഞാനം അറിഞ്ഞു, നേരേ നടത്തുന്നു; കണ്ടുള്ളേടത്തും പുഴയുടെ ആഴം കുറയ്ക്കുന്നു. അവർ നമ്മുടെ ഈ കർമ്മത്തെ മറുകരയിലണയ്ക്കട്ടെ!7

അദിതിയും മിത്രനും വരുണനും രക്ഷയുള്ള യാതൊരു നല്ല ഗൃഹം ശോഭനദാനന്നു നല്കുമോ; വെമ്പൽകൊള്ളുന്നവരേ, അതിങ്കൽ പുത്രപൗത്രരെ പുലർത്തുന്ന നമ്മൾ ദേവകളെ കോപിപ്പിയ്ക്കുന്നതൊന്നും ചെയ്തുപോകരുത്!8

ആർ യാഗസാധനത്തെ സ്തുതികളോടു ചേർക്കുന്നില്ലയോ, അവൻ വരുണനാൽ ഉപദ്രവിയ്ക്കപ്പെട്ടു ചില യാതനകൾ (അനുഭവിയ്ക്കും). ആര്യമാവു വിദ്വേഷികളെ അകറ്റട്ടെ. വൃക്ഷാക്കളേ, നിങ്ങളിരുവരും ശോഭനദാനന്നു മഹത്തായ ലോകം നൽകുവിൻ!9

ഒളിഞ്ഞും തെളിഞ്ഞുമിരിയ്ക്കും, ഇവരുടെ ചേർച്ച: ഇവർ നിഗൂഢമായ ബലംകൊണ്ടു കീഴമർത്തും. വൃഷാക്കളേ, (വിരോധികൾ) നിങ്ങളെപ്പേടിച്ചു വിറയ്ക്കുന്നു. നിങ്ങൾ കരുത്തിന്റെ കനത്താൽ ഞങ്ങളിൽ കനിഞ്ഞാലും!10

യാവനൊരുത്തൻ അന്നവും മികച്ച ധനവും ലഭിപ്പാൻ സ്തുതികർമ്മത്തിൽ നന്നായി മനസ്സുവെയ്ക്കുമോ, ആ സ്തോതാവിന്റെ സ്തവത്തെ മഘവാക്കുകൾ മാനിയ്ക്കും; വലിയ ഗൃഹത്തിന്നു നല്ല നിലവും കല്പിച്ചുകൊടുക്കും!11

മിത്രാവരുണദേവന്മാരേ, ഇതാ, നിങ്ങൾ യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ടു: ആപത്തെല്ലാം തട്ടിനീക്കി ഞങ്ങളെ മറുകരയിലെത്തിയ്ക്കുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’12

കുറിപ്പുകൾ: സൂക്തം 60.

[1] അരുളിച്ചെയ്യുമെങ്കിൽ – ‘ഇവർ അപരാധികളല്ല’ എന്ന്. അര്യമാവ് = ദാതാവ്.

[2] നടകൊള്ളുന്നു – അന്തരിക്ഷത്തിൽ ചരിയ്ക്കുന്നു.

[3] ഗോഗണങ്ങളെ എന്നപോലെ – ഒരിടയൻ മാടുകളെ നോക്കുന്നതുപോലെ. ഭവൽകാമൻ – ഭവാന്മാരിൽ താൽപര്യമുള്ളവൻ.

[4] മിത്രനും എന്നതുമുതൽ പരോക്ഷകഥനം:

[5] വർദ്ധിയ്ക്കും – സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും.

[6] കുശലൻ – കർമ്മനിപുണൻ.

[8] സ്വന്തം ആളുകളോട്: ശോഭനദാനന്ന് – ശോഭനദാനനായ എനിയ്ക്ക്. വെമ്പൽകൊള്ളുന്നവരേ, അങ്ങോട്ടു പോകാൻ വെമ്പുന്ന ആളുകളെ.

[9] കർമ്മങ്ങളിൽ ദേവന്മാരെ സ്തുതിയ്ക്കാഞ്ഞാൽ വരുണൻ കോപിയ്ക്കും. വിദ്വോഷികളെ – നമ്മെ ഉപദ്രവിയ്ക്കുന്ന രാക്ഷസാദീകളെ. ശോഭനദാനന്ന് – എനിയ്ക്കു്.

[10] കീഴമർത്തും – നമ്മുടെ ശത്രുക്കളെ.

[11] മഘവാക്കൾ – ആര്യമാദികൾ. വലിയ ഗൃഹത്തിന്ന് – അവന്നു വലിയ ഗൃഹം നിർമ്മിപ്പാൻ.

[12] പുരസ്കരിയ്ക്കുക – സ്തുതികൊണ്ടു പൂജിയ്ക്കുക.

സൂക്തം 61.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രവരുണർ ദേവത.

മിത്രാവരുണദേവന്മാരേ, നിങ്ങളുടെ അഴകൊത്ത തേജസ്സിനെ പരത്തിക്കൊണ്ടാണ്, സൂര്യൻ ഉദിയ്ക്കുന്നത്: ഉലകെല്ലാം തൃക്കൺപാർക്കുന്ന തന്തിരുവടി മനുഷ്യരുടെ കർമ്മം മനസ്സിലാക്കും!1

മിത്രാവരുണന്മാരേ, സുകർമ്മാക്കളേ, നിങ്ങൾ ആരുടെ സ്തോത്രങ്ങൾ രക്ഷിയ്ക്കുന്നുവോ, ആരുടെ കർമ്മം ആണ്ടുകളായി നിറവേറ്റിപ്പോരുന്നുവോ, ആ നെടുനാൾ കേട്ട യജ്ഞവാനായ മേധാവി നിങ്ങൾക്കു സ്തവങ്ങൾ അയയ്ക്കുന്നു.2

ശോഭനദാനരായ മിത്രാവരുണന്മാരേ, പരന്ന പാരിനെയും പെരുതും വലുതുമായ വിണ്ണിനെയും കവിച്ചവരാണ്, നിങ്ങൾ. നേർവഴിയിൽ നടക്കുന്നവരെ സദാ രക്ഷിച്ചുകൊണ്ടു, നിങ്ങൾ ഓഷധികളിലും പ്രജകളിലും രൂപം നിർത്തുന്നു!3

എവരുടെ ബലം മഹത്വത്താൽ വാനൂഴികളെ വേർതിരിച്ചുവോ, ആ മിത്രവരുണന്മാരുടെ തേജസ്സിനെ ഭവാൻ തേജസ്സിനെ ഭവാൻ സ്തുതിയ്ക്കുക: അയജ്വാവിന്നു മാസങ്ങൾ പുത്രനില്ലാതെ കഴിഞ്ഞുപോകട്ടെ; യജ്ഞനിരതനോ, കെല്പു വർദ്ധിപ്പിയ്ക്കട്ടെ!4

വിജ്ഞരേ, വിഭൂക്കളേ, വൃക്ഷാക്കളേ, ഇതാ, നിങ്ങൾക്ക്: ഇതിൽ ആശ്ചര്യമൊന്നും കാണില്ല, മേന്മയും കാണില്ല. ആളുകളുടെ നുണകൾ ദുഷ്ടരേ കേൾക്കു. നിങ്ങൾക്കുള്ളവ നിഗൂഢങ്ങളായാലും അറിയപ്പെടാതിരിയ്ക്കില്ല!5

മിത്രാവരുണന്മാരേ, ഞാൻ നിങ്ങൾക്കുള്ള യജ്ഞത്തെ നമസ്കാരങ്ങൾകൊണ്ടു പൂജിയ്ക്കുന്നു. – പൂഡിതനായ ഞാൻ നിങ്ങളെ വിളിയ്ക്കുന്നു. നിങ്ങളെ സേവിപ്പാൻ പുതിയ സ്തോത്രങ്ങൾക്കു കഴിവുണ്ടാകട്ടെ – ഈ നിർമ്മിക്കപ്പെട്ട മേത്തരം സ്തവങ്ങൾ (നിങ്ങളെ) പ്രീതിപ്പെടുത്തട്ടെ!6

മിത്രാവരുണദേവന്മാരേ, ഇതാ നിങ്ങൾ യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ടു: ആപത്തെല്ലാം തട്ടിനീക്കി ഞങ്ങളെ മടുകരയിലെത്തിയ്ക്കുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പോഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 61.

[2] കേട്ട – പഠിച്ച എന്നർത്ഥം. മേധാവി – വസിഷ്ഠൻ.

[3] പെരുത് – ഗുണങ്ങൾകൊണ്ട്. മഹത്ത് രൂപം നിർത്തുന്നു – ഓരോ രൂപവും നിലനിർത്തുന്നതു നിങ്ങളാണ്.

[4] സ്തോതാവിനോട്:

[5] ഇതാ – സ്തോത്രം. ഇതിൽ – ഞങ്ങളുടെ സ്തോത്രത്തിൽ. നുണകൾ – അസ്തുത്യരെക്കുറിച്ചുള്ള സ്തുതികൾ. കേൾക്കൂ – ശിഷ്യർ കേൾക്കില്ല. നിങ്ങൾക്കുള്ളവ – നിങ്ങളെപ്പറ്റിയുള്ള സ്തോത്രങ്ങൾ.

സൂക്തം 62.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യനും മിത്രാവരുണന്മാരും ദേവതകൾ.

സൂര്യൻ എല്ലാ മനുഷ്യജാതികൾക്കുംവേണ്ടി, മുകളിൽ വളരെ വളരെക്കിരണങ്ങളോടു ചേരുന്നു; പകൽസ്സമയത്തു പരിദീപ്തനായി, ഏകരൂപനായി കാണപ്പെടുന്നു. നിയമിയ്ക്കപ്പെട്ട ഈ വിധാതാവു കർമ്മികളാൽ ഉത്തേജിപ്പിയ്ക്കുപ്പെടുന്നു.1

സൂര്യ, ആ നിന്തിരുവടി ഈ സ്തുത്യങ്ങളായ നാനാവർണ്ണാശ്വങ്ങളിലൂടെ ഞങ്ങൾക്കായി കിഴക്കുദിച്ചാലും; ഞങ്ങൾ അനപരാധികളാണെന്നു, മിത്രനോടും വരുണനോടും ആര്യമാവിനോടും അഗ്നിയോടും പറയുകയും ചെയ്താലും!2

ദുഃഖത്തെത്തടയുന്ന സത്യവാന്മാരായ വരുണനും മിത്രനും അഗ്നിയും ഞങ്ങൾക്ക് ആയിരം തരട്ടെ – ആ ആഹ്ലാദകന്മാർ ഞങ്ങൾക്കു സ്തുത്യവും പൂജനീയമായിട്ടുള്ളതുമായിട്ടുള്ളതു നല്കട്ടെ; സ്തുതിയ്ക്കുന്ന ഞങ്ങളുടെ അഭീഷ്ടം നിറവേറ്റട്ടെ!3

ദ്യാവാപൃഥിവികളേ, അദിതികളേ, മഹതികളേ, നിങ്ങൾ ഞങ്ങളെ രക്ഷിയ്ക്കണം. ജന്മഗുണത്താൽ ഞങ്ങൾ നിങ്ങളെ അറിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ വരുണന്റെയോ വായുവിന്റെയോ നേതാക്കൾക്ക് അത്യന്തം പ്രിയപ്പെട്ട മിത്രന്റെയോ അരിശത്തിൽ പെടരുത്!4

മിത്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളെ ജീവിപ്പിപ്പാൻ തൃക്കൈകൾ നീട്ടിയാലും: ഞങ്ങളുടെ മാടുമേച്ചിൽനിലം വെള്ളംകൊണ്ടു നനയ്ക്കുവിൻ. ഞങ്ങളെ ജനങ്ങളുടെയിടയിൽ വിശ്രുതരാക്കുവിൻ. യുവാക്കളേ, എന്റെ ഈ വിളി കേട്ടാലും!5

മിത്രനും വരുണനും ആര്യമാവും ഇന്നു ഞങ്ങൾക്കും ഞങ്ങളുടെ പുത്രനും ധനം തന്നരുളട്ടെ; ഞങ്ങൾക്കു മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാകട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6

കുറിപ്പുകൾ: സൂക്തം 62.

[1] നിയമിയ്ക്കപ്പെട്ട – പ്രജാപതിയാൽ. വിധാതാവ് – സർവകർത്താവ് ഉത്തേജിപ്പിയ്ക്കപ്പെടുന്നു – സ്തുതികൊണ്ട്.

[3] ആയിരം – ധനം.

[4] അദിതികൾ = അഖണ്ഡനീയകൾ.

[5] ജീവിപ്പിപ്പാൻ – ധനം തന്ന്, അഥവാ ഹവിസ്സു സ്വീകരിച്ച്.

സൂക്തം 63.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മിത്രന്റെയും വരുണന്റെയും കണ്ണായ യാതൊരു ദേവൻ ഇരുട്ടിനെ, തോലിനെയെന്നപോലെ ചുരുട്ടുന്നുവോ; ആ മനുഷ്യസാധാരണനായ, വിശ്വദ്രഷ്ടാവായ, സുഭഗനായ സൂര്യൻ ഉദിച്ചുയരുന്നു!1

ജനങ്ങൾക്ക് അനുജ്ഞ നല്കുന്നവനും, മഹാനും കൊടിമരവും മഴ പെയ്യിക്കുന്നവനുമായ സൂര്യൻ മുമ്പിൽ പൂട്ടപ്പെട്ട പച്ചക്കുതിരയാൽ വലിയ്ക്കപ്പെടുന്ന സമാനമായ രഥം തിരിച്ചുകൊണ്ട് ഉദിച്ചുയരുന്നു!2

ഏകരൂപമായ തേജസ്സിനെ മങ്ങിയ്ക്കാതെ മിന്നിത്തിളങ്ങുന്ന സവിതാവ് സ്തോതാക്കളാൽ തോഷിപ്പിയ്ക്കപ്പെട്ടുകൊണ്ട്, ഉഷോമധ്യത്തിൽ ഉദിയ്ക്കുന്നു.; ഈ ദേവൻ എനിയ്ക്കനുകൂലനാകട്ടെ!3

വളർന്ന തേജസ്സോടെ വിളങ്ങുന്ന ദൂരഗാമിയായ തരണി അന്തരിക്ഷത്തിന്ന് ഒരാഭരണമായി ഉദിയ്ക്കുന്നു. തീർച്ചയായും, സൂര്യനാൽ അനുജ്ഞാതരായിട്ടാണ്, പ്രാണികൾ കർത്തവ്യകർമ്മങ്ങൾ ചെയ്തുപോരുന്നത്.4

തന്തിരുവടി അമർത്യരാൽ വഴി നിർമ്മിയ്ക്കപ്പെട്ട അന്തരിക്ഷത്തിൽ, ഒരു പറക്കുന്ന പരുന്തുപോലെ വന്നെത്തുന്നു! മിത്രാവരുണന്മാരേ, സൂര്യനുദിയ്ക്കുമ്പോൾ, ഞങ്ങൾ നമസ്സുകൾകൊണ്ടും ഹവിസ്സുകൾ കൊണ്ടും നിങ്ങളെ പരിചരിയ്ക്കാം.5

മിത്രനും വരുണനും അര്യാമാവും ഇന്നു ഞങ്ങൾക്കും ഞങ്ങളുടെ പുത്രനും ധനം തന്നരുളട്ടെ; ഞങ്ങൾക്കു മാർഗ്ഗങ്ങളെല്ലാം സുഗമങ്ങളാകട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പൊലിപ്പിനെ, പ്പൊഴുമെങ്ങളെ!’ 6

കുറിപ്പുകൾ: സൂക്തം 63.

[1] തോലിനെയെന്നപോലെ – പരത്തിയിട്ടിരുന്ന തോൽ ചുരുട്ടി വെയ്ക്കിന്നതുപോലെ. മനുഷ്യസാധാരണൻ – മനുഷ്യർക്കെല്ലാം ഒരുപോലെയുള്ളവൻ.

[2] അനുജ്ഞ – കർമ്മാനുമതി. കൊടിമരം – എല്ലാറ്റിന്റെയും അടയാളം. സമാനം – സർവസാധാരണം.

[4] തരണി = സൂര്യൻ.

[5] നമസ്സുകൾ – സ്തുതികൾ.

സൂക്തം 64.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണന്മാർ ദേവത.

അന്തരിക്ഷത്തിലും ഭൂമിയിലുമുള്ള ജലങ്ങളുടെ അധിപതികളേ, നിങ്ങളിരുവരുമാണല്ലോ, തണ്ണീർ തന്നരുളുന്നത്; മിത്രനും, സുജാതനായ അര്യാമാവും, നല്ല കെല്പുള്ള രാജാവായ വരുണനും ഞങ്ങളുടെ ഹവിസ്സു കൈക്കൊള്ളട്ടെ!1

രാജാക്കന്മാരേ, മഹത്തായ യജ്ഞം രക്ഷിയ്ക്കുന്നവരേ, നദീപാലകരേ, ബലവാന്മാരേ നിങ്ങൾ ഇങ്ങോട്ടു വന്നാലും; മിത്രാവരുണന്മാരേ ക്ഷിപ്രദാനരായ നിങ്ങൾ അന്തരിക്ഷത്തിൽ നിന്നു ഞങ്ങൾക്ക് അന്നവും മഴയും കല്പിച്ചയച്ചാലും!2

മിത്രൻ, വരുണൻ, അര്യാമാവ് എന്നീദ്ദേവന്മാർ ഞങ്ങളെ ഏറ്റവും നല്ല വഴികളിലൂടെ കൊണ്ടുപോകട്ടെ: അര്യമാവ് ഞങ്ങളെപ്പറ്റി ശോഭനദാനന്മാരോടരുളിച്ചെയ്യണം. ദേവശരണരായ ഞങ്ങൾ അന്നം കിട്ടി, ആഹ്ലാദിയ്ക്കുമാറാകണം!3

മിത്രാവരുണന്മാരേ, ആർ നിങ്ങളുടെ ഈ രഥം മനസ്സുംകൊണ്ടു നിർമ്മിച്ചു, സ്തുതി ഉയർത്തുകയും നിർത്തുകയും ചെയ്യുമോ; രാജാക്കന്മാരേ, അവന്നു നിങ്ങൾ മഴ കിട്ടിയ്ക്കണം; നല്ല നിലങ്ങളും മതിയാവോളം കൊടുക്കണം!4

വരുണ മിത്ര, നിങ്ങൾക്കും ആര്യാമാവിന്നും ഇതാ, ഒരു സ്തോത്രം, തെളിസോമംപോലെ ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നു: കർമ്മം രക്ഷിപ്പിൻ; സ്തവം കേൾക്കുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പോഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 64.

[3] ശോഭനദാനരോട് – ദേവന്മാരോട് അരുളിച്ചെയ്യണം, ‘ഇവർ ദയാർഹരാണെ’ ന്ന്.

[4] നിർത്തുക – യാഗത്തിൽ.

[5] തെളിസോമം – അരിച്ചു വെടിപ്പുവരുത്തിയ സോമനീർ കർമ്മം – ഞങ്ങളുടെ യജ്ജം.

സൂക്തം 65.

ഋഷിഛന്ദോദേവതകൾ മുമ്പേത്തവ.

ഏവരുടെ തളരാത്ത മികച്ച കരുത്തു നിറപടയിൽ എല്ലാരെയും വെല്ലുമോ ആ വിശുദ്ധബലനായ വരുണനും മിത്രനുമാകുന്ന നിങ്ങളെ ഞാൻ സൂര്യോദയത്തിൽ സൂക്തങ്ങൾകൊണ്ടു വിളിയ്ക്കുന്നു.1

അവർ ദേവന്മാരിൽവെച്ചു കരുത്തരാണല്ലോ: അവർ ഈശ്വരന്മാന്മാരാണല്ലോ: ആ നിങ്ങൾ ഞങ്ങളുടെ പ്രജകളെ വർദ്ധിപ്പിച്ചാലും. മിത്രാവരുണന്മാരേ, ഞങ്ങൾ നിങ്ങളെ പ്രാപിയ്ക്കുമാറാകണം: എന്നാൽ, ദ്യാവാപൃഥിവികളും അഹോരാത്രങ്ങളും (ഞങ്ങളെ) തടിപ്പിയ്ക്കുമല്ലോ!2

അവർ വളരെപ്പാശങ്ങളുള്ളവരും അയജ്വാവിന്നു ചിറക്കെട്ടുകളും, ശത്രുജനത്തിന്നു ദുർദ്ധർഷരുമാകുന്നു; മിത്രാവരുണന്മാരേ ഞങ്ങൾ നിങ്ങൾക്കുള്ള യജ്ഞത്തിന്റെ വഴിയിലൂടെ, തോണികൊണ്ട് പുഴയെന്നപോലെ ദുരിതങ്ങൾ കടക്കുമാറാകണം!3

മിത്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളുടെ യാഗത്തിൽ വന്നെത്തുവിൻ: അന്നംകൊണ്ടും വെള്ളംകൊണ്ടും നിലം നനയ്ക്കുവിൻ; ആരുള്ളൂഉ, നിങ്ങൾക്കു മികച്ചതർപ്പിയ്ക്കുവാൻ? നിങ്ങൾ ആളുകൾക്കു നല്ല ദിവ്യജലം നല്കിയാലും!4

വരുണ, മിത്ര, നിങ്ങൾക്കും അര്യാമാവിന്നും ഇതാ, ഒരു സ്തോത്രം, തെളിസോമംപോലെ ഉണ്ടാക്കപ്പെട്ടിരിയ്ക്കുന്നു: കർമ്മം രക്ഷിപ്പിൻ; സ്തവം കേൾക്കുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 65.

[1] നിറപട – ശുരന്മാർ നിറഞ്ഞ യുദ്ധം.

[2] ആദ്യവാക്യദ്വയം പരോക്ഷം: എന്നാൽ – പ്രാപിച്ചാൽ.

[3] പാശങ്ങൾ – ബന്ധനസാധനങ്ങൾ. ചിറക്കെട്ടുകൾ – ബന്ധകർ എന്നർത്ഥം.

[4] ആരുള്ളു – നിങ്ങൾക്ക് മികച്ചതു (മുന്തിയ, ഹവിസ്സോ, സ്തോത്രമോ) അർപ്പിപ്പാൻ ആരും ആളാവില്ല.

സൂക്തം 66.

വസിഷ്ഠൻ ഋഷി; ഗായത്രിയും, ബൃഹതിയും സതോബൃഹതിയും, പുരഉഷ്ണിക്കും ഛന്ദസ്സുകൾ; മിത്രാവരുണന്മാരും അദിതിയും സൂര്യനും ദേവതകൾ. (‘ദ്വാരകാമന്ദിരം’ പോലെ.)

ആവിഭാവപ്രചുരരാ –
മാ വരുണമിത്രന്മാരിൽ
എത്തട്ടേ, നമ്മുടെ ഹവി –
സ്സൊത്ത സുഖദമാം സ്തോത്രം!1
നൽബ്ബലതേജസ്സുകളു –
ള്ളിബ്ബലദന്മാരെയല്ലോ,
കെല്പുപയോഗിയ്ക്കുവാനായ് –
ക്കല്പിച്ചുനിറുത്തീ, വാനോർ!2
അംഗഗൃഹപാലകരാ
നിങ്ങൾ മിത്രവരുണരേ,
ചെമ്മേ വാഴ്ത്തും ഞങ്ങളുടെ
കർമ്മം നിറവേറ്റേണമേ!3
മിത്രൻ, സപിതാവു, ഭഗൻ,
ധ്വസ്തപാപനര്യമാവും
കല്പിച്ചയക്കേണ,മതി –
ങ്ങിപ്പോൾസ്സൂര്യോദയത്തിങ്കൽ!4
വന്നെങ്ങൾതൻ പാപമക –
റ്റുന്ന നിങ്ങൾ പോകുംനേരം
നന്നായ് ക്ഷിപ്രം രക്ഷിതമാ –
കി,ന്നിവാസം സുദാനരേ!5
അത്രയുമല്ല,ധീശരാ –
മപ്പുരാന്മാര,ദിതിയും
നർമ്മഥിതമാകാത്ത വൻ –
കർമ്മത്തിന്നു ശക്തരല്ലോ!6
മിത്രാവരുണരേ, സൂര്യ –
പ്രത്യുദയേ നിങ്ങളെ ഞാൻ
പ്രത്യേകം വാഴ്ത്തുന്നേൻ, ശത്രു –
ഭിത്താമര്യമാവിനെയും7
ഒത്ത നല്ല ധനത്തെയും
ദുർദ്ധർഷമാം ബലത്തെയും
എത്തിയ്ക്കട്ടേ, ധീമാന്മാരേ,
ഇസ്തുതി യജ്ഞാപ്തിയെയും!8
നിങ്ങളുടെയായ്വരേണം,
ഞങ്ങളുമിസ്തോതാക്കളും:
എത്തുകെ,ങ്ങൾക്കന്നാംബുക്കൾ
മിത്രദേവവരുണരേ!9
കെല്പിലമർത്തലാൽപ്പെരും –
മുപ്പാരെവരടക്കിയോ;
അമ്മഹാന്മാരഗ്നിജിഹ്വർ,
കർമ്മം വായ്പിപ്പോര,ർക്കാഭർ!10
ഏവർ തീർത്തൂ, കൊല്ലം, മാസം,
രാവു, പകൽ, യജ്ഞ,മൃക്കും;
മിത്രാര്യവരുണരാ –
മദ്ദീപ്തരപ്രാപ്യബലർ!11
മിത്രാര്യമവരുണരേ,
നിത്യായത്തോദകർ നിങ്ങൾ
ഉദ്വഹിപ്പതുഷസ്സിലി –
ന്നർത്ഥിപ്പോം, സൂക്തത്താലെങ്ങൾ.12
യജ്ഞവാന്മാർ യജ്ഞജാതർ
യജ്ഞസംവർദ്ധകർ, ഘോരർ,
നേതാക്കന്മാരയജ്ഞഘ്നർ –
ഈദൃശരാം നിങ്ങളുടെ
തുംഗസൗഖ്യധനം കിട്ടു –
കെ,ങ്ങൾക്കുമിസ്തോതാക്കൾക്കും!13
അന്തരിക്ഷാന്തികത്തിലാ
ച്ചന്തമേറും മെയ്യദിപ്പൂ:
ആർക്കും കാഴ്ച നല്കുമതു
ശീഘ്രവിചിത്രാശ്വധൃതം.14
സ്ഥാവരചരേശൻ സൂര്യൻ
മേവിന തേർ തോളാൽത്തോളാൽ,
എല്ലാപ്പാരിന്റെയും ചാരേ
നല്ലതിന്നായ് വലിയ്ക്കുന്നു,
സ്വച്ഛന്ദഗാമികളേഴു
പച്ചവർണ്ണക്കുതിരകൾ!15
ആ വെണ്മയോടുദിയ്ക്കുന്ന
ദേവഹിതചക്ഷുസ്സിനെ
നൂറ്റാണ്ടു കാണുക, ഞങ്ങൾ –
നൂറ്റാണ്ടു ജീവിയ്ക്ക, ഞങ്ങൾ!16
ഹേ വരുണ, മിത്രനും, ശ്രീ
കൈവളർന്ന ഭവാനുമേ
സ്തോമം കേട്ടു വന്നെത്തുവിൻ,
സോമമുണ്ണാനധൃഷ്യരേ!17
മിത്രാവരുണരേ, കനി –
വൊത്ത നിങ്ങൾ സമ്പത്തുമായ്
വിണ്ണിൽ നിന്നു വന്നു സോമ –
മുണ്ണുകെ, തിർസ്വത്തടക്കി!18
മിത്രാവരുണരേ, ഹവ്യ –
ശ്രദ്ധ പൂണ്ടു വന്നെത്തുവിൻ:
യാഗവർദ്ധകരേ, സോമ –
നീർ കുടിപ്പിൻ, നേതാക്കളേ!19
കുറിപ്പുകൾ: സൂക്തം 66.

[1] ആവിർഭാവപ്രചുരർ = വളരെ പ്രാവശ്യം പ്രാദുർഭവിച്ചവർ.

[2] ഇബ്ബലദർ – ബലം നല്കുന്ന വരുണമിത്രന്മാർ. കെല്പുപയോഗിപ്പാൻ – അസുരയുദ്ധത്തിൽ.

[3] അംഗഗൃഹപാലകർ – മനുഷ്യന്റെ ദേഹവും ഗൃഹവും രക്ഷിയ്ക്കുന്നവർ.

[4] ധ്വസ്തപാപൻ = പാപനാശനൻ. ഈ പദം മിത്രാദികളുടെയും വിശേഷണമാകുന്നു. അത് – ഞങ്ങൾ അപേക്ഷിച്ച ധനം.

[5] പോകുംനേരം ഇന്നിവാസം (ഞങ്ങളുടെ പാർപ്പിടം) നന്നായ് രക്ഷിതമാകട്ടെ; ഗൃഹരക്ഷയേപ്പെടുത്തിയിട്ടേ, നിങ്ങൾ തിരിച്ചുപോകാവൂ.

[6] അപ്പുരാന്മാർ – മിത്രവരുണാര്യമാക്കൾ. നർമ്മഥിതം – പീഡിതം.

[7] ശത്രുഭിത്ത് = ശത്രുക്കളെ പിളർത്തുന്നവൻ.

[8] ഒത്ത – ഹിതമായ. എത്തിയ്ക്കട്ടേ – ഞങ്ങൾക്കു കിട്ടിയ്ക്കട്ടെ.

[9] അന്നാംബുക്കൾ = അന്നവും വെള്ളവും.

[10] അമ്മഹാന്മാർ – മിത്രവരുണാര്യമാക്കൾ. കർമ്മം – യജ്ഞം.

[11] ഋക്ക് – മന്ത്രങ്ങൾ. അദ്ദീപ്തർ = ആ തേജസ്വികൾ. അപ്രാപ്യബലർ – അന്യർക്കു കിട്ടാവുന്നതല്ലാത്ത ബലമുള്ളവർ.

[12] നിത്യായത്തോദകർ = എന്നെന്നും വെള്ളം കൈവശമുള്ളവർ. ഉദ്വഹിപ്പത് – വഹിച്ചുപോരുന്ന ധനം. അർത്ഥിപ്പോം = യാചിയ്ക്കുന്നു.

[13] യജ്ഞജാതർ = യജ്ഞത്തിന്നായി ജനിച്ചവർ. അയജ്ഞഘ്നർ = അയഷ്ടാക്കളെ ഹനിയ്ക്കുന്നവർ. തുംഗസൗഖ്യധനം – വലിയ സുഖമുളവാക്കുന്ന സമ്പത്ത്.

[14] മെയ്യ് – സൂര്യമണ്ഡലം. ശീഘ്രവിചിത്രാശ്വധൃതം – ഗതിവേഗമുള്ള നാനാവർണ്ണാശ്വത്താൽ വഹിയ്ക്കപ്പെട്ടതാകുന്നു. അതു – മണ്ഡലം. സൂര്യന്നു നാനാവർണ്ണാശ്വങ്ങളുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

[15] നല്ലത് = നന്മ.

[16] ദേവഹിതചക്ഷുസ്സിനെ – ദേവകൾക്കു ഹിതനും, ലോകത്തിന്നു കണ്ണുമായിരിയ്ക്കുന്ന സൂര്യനെ.

[17] ശ്രീ കൈവളർന്ന എന്നതു രണ്ടു രണ്ടുപേരുടേയും വിശേഷണം. സ്തോമം = സ്തോത്രം.

[18] എതിർസ്വത്ത് – ശത്രുക്കളുടെ ധനം.

[19] ഹവ്യശ്രദ്ധ = ഹവിസ്സുകളിൽ താൽപര്യം.

സൂക്തം 67.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

സ്തുത്യരായ തമ്പുരാന്മാരേ, യാതൊന്നു നിങ്ങളെ ഒരു ദൂതനെന്നപോലെ – മകൻ അച്ഛനമ്മമാരെയെന്നപോലെ – ഉണർത്തുമോ, നിങ്ങളുടെ ആ രഥത്തോടു ഞാൻ ഹവിര്യക്തമായ യജ്ഞാർഹസ്തോത്രം കൊണ്ടു സ്തുതിച്ചു നേരെ പറയുന്നു.1

ഞങ്ങളാൽ വളർത്തപ്പെട്ട അഗ്നി കത്തുകയായി: ഇരുട്ടിന്റെ അറ്റങ്ങൾ കണ്ടുതുടങ്ങി: ശരി, കൊടിമരമായ കതിരവൻ വിണ്മകളുടെ മുന്നിൽ അഴകിന്നായി ആവിർഭവിയ്ക്കുന്നു!2

നാസത്യരായ അശ്വികളേ, നിങ്ങളെ ഇപ്പോൾ നന്നായിച്ചൊല്ലുന്ന സ്തോതാവു സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കുന്നു: നിങ്ങൾ ധന സമേതമായ തേരോടിച്ചു, പതിവുവഴികളിലൂടെ ഇങ്ങോട്ടു വന്നാലും!3

അശ്വികളേ, മധുവിദ്യാകുശലരേ, രക്ഷിതാക്കളായ നിങ്ങളുടെയാണ്, ഞാൻ; ഭവൽക്കാമനായ ഞാനിപ്പോൾ ധനേച്ഛയാൽ (സോമം) പിഴിഞ്ഞു, നിങ്ങളെ സ്തുതിയ്ക്കുന്നു. തടിച്ച കുതിരകൾ നിങ്ങളെ ക്കൊണ്ടുവരട്ടെ: നിങ്ങളിരുവരും ഞങ്ങളുടെ വെടിപ്പിൽപ്പിഴിഞ്ഞ തേൻ നുകരുരുവിൻ!4

അശ്വിദേവന്മാരേ എന്റെ ധനകാമമായ ഋജൂസ്തോത്രത്തെ നിങ്ങൾ പീഡപറ്റാതെ നേട്ടത്തിലെത്തിയ്ക്കുവിൻ; യുദ്ധത്തിലും ബുദ്ധികളെല്ലാം രക്ഷിയ്ക്കുവിൻ; കർമ്മപാലകരേ, കർമ്മംചെയ്യുന്ന ഞങ്ങൾക്കു (ധനം) തന്നരുളുവിൻ!5

അശ്വികളേ, നിങ്ങൾ ഈ കർമ്മങ്ങളിൽ ഞങ്ങളെ രക്ഷിയ്ക്കുവിൻ: ഞങ്ങൾക്ക് പ്രജോൽപാദനത്തിന്നു വറ്റാത്ത രേതസ്സുണ്ടാകട്ടെ: ഞങ്ങൾ, നിങ്ങൾ തന്ന പുത്രപൗത്രന്മാരെ പുലർത്തിക്കൊണ്ടു, ശോഭനധനരായിത്തീർന്നു, യാഗം കഴിയ്ക്കുമാറാകണം!6

മധുപ്രിയന്മാരേ, ഇതാ, നിങ്ങൾക്കായി ഞങ്ങൾ വെച്ച ആ നിധി, സഖ്യത്തിന്നുള്ള ഒരു ദൂതനെന്നപോലെ, സ്ഥിതിചെയ്യുന്നു: നിങ്ങൾ മനംതെളിഞ്ഞു, മനുഷ്യപ്രജകളുടെ ഹവിസ്സശിപ്പാൻ ഇങ്ങോട്ടു വന്നാലും!7

ഭരണകർത്താക്കളേ, ഇരുവരും ഒപ്പം ചേർന്നാൽ നിങ്ങളുടെ രഥം ഏഴുനദികളിലും നടകൊള്ളും. തൃക്കൈകളാൽ മുന്നിൽ പൂട്ടപ്പെട്ടു നിങ്ങളെ വഹിയ്ക്കുന്ന പള്ളിക്കുതിരകൾ മന്ദിയ്ക്കാറില്ലല്ലോ!8

യാവചില ധനവാന്മാർ ഹവിസ്സയയ്ക്ക്ക്കുന്നുവോ; യാവചിലർ ഗവാശ്വസമ്പത്തു നൽകി, സൂനൃതോക്തികൾകൊണ്ടു ബന്ധുവിനെ വർദ്ധിപ്പിയ്ക്കുന്നുവോ; എങ്ങും തങ്ങാത്ത നിങ്ങൾ ആ ഹവിർദ്ധനന്മാർക്കുവേണ്ടി നിലകൊള്ളണം!9

യുവാക്കളേ, അശ്വകളേ, നിങ്ങൾ ഇപ്പോൾ എന്റെ വിളി കേൾക്കുവിൻ: അന്നസഹിതമായ ഗൃഹത്തിൽ വരുവിൻ; രത്നങ്ങൾ തരുവിൻ; സ്തോതാക്കളെ തഴപ്പിയ്ക്കുവിൻ; ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’10

കുറിപ്പുകൾ: സൂക്തം 67.

[1] ഉണർത്തുമോ – ഞങ്ങളുടെ അടുക്കലെയ്ക്കു പോരാൻ. പറയുന്നു – നിങ്ങളെ കൊണ്ടുവരുവാൻ.

[2] വിണ്മകൾ – ഉഷസ്സ്.

[3] സ്തോതാവ് – ഞാൻ.

[4] അശ്വികളുടെ മധുവിദ്യാകുശലത്വം മുൻപു പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്. തേൻ – മധുരസോമം.

[5] നേട്ടത്തിലെത്തിയ്ക്കുക – സാഫല്യപ്പെടുത്തുക. ബുദ്ധികൾ – വിജയ ചിന്തകൾ.

[7] ആ നിധി – സോമം. മനുഷ്യപ്രജകൾ – ഞങ്ങൾ.

[8] മുന്നിൽ – തേരിന്റെ മുമ്പിൽ.

[9] അയയ്ക്കുന്നുവോ – നിങ്ങൾക്ക്. ഹവിർദ്ധനന്മാർ – യജമാനന്മാർ.

[10] അന്നസഹിതം – ഹവിസ്സമേതം.

സൂക്തം 68.

വസിഷ്ഠൻ ഋഷി; വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

നല്ല കുതിരകളുള്ള തേജസ്വികളായ അശ്വികളേ, വരുവിൻ: ദസ്രരേ, ഭവൽക്കാമന്റെ സ്തുതികൾ കേൾക്കുവിൻ; ഞങ്ങൾ ഒരുക്കിയ ഹവിസ്സും ഭുജിയ്ക്കുവിൻ.1

നിങ്ങൾക്കു, മത്തുണ്ടാക്കുന്ന അന്നം തയ്യാറായി: വെക്കം വരുവിൻ, എന്റെ ഹവിസ്സു നുകരാൻ. നിങ്ങൾ ശത്രുവിന്റെ ഹവ്യം തിരസ്കരിച്ചു, ഞങ്ങളുടെ (വിളി) കേൾക്കുവിൻ!2

സൂര്യയോടൊന്നിച്ചിരിയ്ക്കുന്ന അശ്വികളേ, ഒരുനൂറുരക്ഷകളുൾച്ചേർന്ന മനോവേഗിയായ നിങ്ങളുടെ രഥം ഞങ്ങളുടെ അപേക്ഷയാൽ, ലോകങ്ങളെ പിന്നിട്ട് ഇങ്ങോട്ടു പോരും!3

ഇതാ ഭവൽക്കാമമായ അമ്മിക്കുഴ നിങ്ങൾക്കായി സോമം ചതച്ചുകൊണ്ടു, മേല്പോട്ടു നോക്കി ശബ്ദിയ്ക്കുന്നു; സുന്ദരന്മാരായ നിങ്ങളെ മേധാവി ഹവിസ്സുകൊണ്ട് ഇങ്ങോട്ടു തിരിയ്ക്കുകയുംചെയ്യുന്നു!4

പൂജനീയമായ ധനമുണ്ടല്ലോ, നിങ്ങളുടെ പക്കൽ! നിങ്ങൾ അത്രിയെ ഉമിത്തിയ്യിൽനിന്നു മോചിപ്പിച്ചു: അദ്ദേഹം നിങ്ങൾക്കു പ്രിയനായിത്തീർന്നു രക്ഷണസുഖമനുഭവിയ്ക്കുന്നു!5

അശ്വികളേ, നിങ്ങൾക്കു് ഹവിസ്സർപ്പിച്ചതിനാൽ, കഴവനായിരുന്ന ച്യവനന്ന് അങ്ങനെ തിരിച്ചുകിട്ടി: അദ്ദേഹത്തിന്റെ രൂപം നിങ്ങൾ വീണ്ടടുത്തുവല്ലോ!6

അശ്വികളേ, ചങ്ങാതികളായിനിന്ന ദുർന്നടപ്പുകാരാൽ കടൽ നടുവിൽത്തള്ളപ്പെട്ട ഭുജ്യുവിനെ – അദ്ദേഹം ഭവൽക്കാമനായി ശരണം പ്രാപിച്ചൽ – നിങ്ങൾ കരയേറ്റി!7

അശ്വികളേ, മെലിഞ്ഞുപോയ വൃകന്നു നിങ്ങൾ (ധനം) നല്കി. വിളി കേട്ടു നിങ്ങൾ ശയുവിന്റെ പേറുനിന്ന പയ്യിനെ കർമ്മംകൊണ്ടു ശക്തിപ്പെടുത്തി, (നദിയെ) വെള്ളംകൊണ്ടെന്നപോലെ (പാൽകൊണ്ടു) നിറച്ചു!8

ഇതാ ആ സ്തോതാവ് ഉഷസ്സുദിപ്പിൽ ഉണർന്നു, തെളിഞ്ഞ ബുദ്ധിയോടേ സൂക്തങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു: അവനെ പയ്യു ക്ഷീരാന്നങ്ങൾകൊണ്ടു തഴപ്പിയ്ക്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’9

കുറിപ്പുകൾ: സൂക്തം 68.

[2] അന്നം – സോമം. ശത്രു – ഞങ്ങളുടെ വൈരി.

[3] സൂര്യ – സൂര്യപുത്രി.

[4] ശബ്ദിയ്ക്കുന്നു – സ്തുതിയ്ക്കയാണെന്നു തോന്നും!

[5] രക്ഷണസുഖം – നിങ്ങളുടെ രക്ഷയാലുള്ള സുഖം.

[6] തിരിച്ചുകിട്ടി – യൗവനം.

[8] മെലിഞ്ഞുപോയ – കർമ്മാനുഷ്ഠാനങ്ങൾമൂലം. വൃകൻ – ഒര്യഷി. ഈ കഥകളൊക്കെ ഒന്നാംമണ്ഡലത്തിൽത്തന്നെയുണ്ട്.

[9] ആ സ്തോതാവ് – ഞാൻ, വസിഷ്ഠൻ. ക്ഷീരാന്നങ്ങൾ = പാലാകുന്ന അന്നങ്ങൾ, നെയ്യും മറ്റും.

സൂക്തം 69.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

വഴിയിൽ നൈ തൂകുന്നതും, മധുപാത്രങ്ങൾകൊണ്ടു ഭാസുരവും, ഹവിർവാഹിയും, മനുഷ്യരുടെ സ്വാമിയും, അന്നയുക്തവും, ദ്യാവാപൃഥിവികളിൽ ചുറ്റിനടക്കുന്നതുമായ നിങ്ങളുടെ പൊന്നിൻതേർ യുവാശ്വങ്ങളെപ്പൂട്ടി വന്നെത്തട്ടെ!1

അശ്വികളേ, എങ്ങോട്ടെങ്കിലും എഴുന്നള്ളാനൊരുങ്ങിയ നിങ്ങൾ യാതൊന്നിലൂടെയാണോ, ദേവകാമന്മാരിൽ ചെല്ലുന്നത്; പഞ്ചഭുതങ്ങളെ തഴപ്പിയ്ക്കുന്നതും മൂന്നു നുകത്തണ്ടുള്ളതുമായ അതു സ്തുതിയാൽ പൂട്ടപ്പെട്ടു വന്നെത്തട്ടെ!2

ദസ്രരേ, നിങ്ങൾ നല്ല കുതിരകളോടും അന്നത്തോടുംകൂടി ഇങ്ങോട്ടു വരുവിൻ: മധുരമായ നിധി നികരുവിൻ. വധുവോടുകൂടി സഞ്ചരിച്ച്, ആകാശപ്രാന്തങ്ങളെ വട്ടുകൾകൊണ്ടു ചതയ്ക്കാറുള്ളതാണല്ലോ, നിങ്ങളുടെ രഥം!3

യുവതിയായ സൂര്യപുത്രി രാത്രിയിൽ നിങ്ങളുടെ തേരിൽ കേറി. നിങ്ങൾ ദേവകാമനെ കർമ്മംകൊണ്ടു കാത്തരുളുന്നു; അപ്പോൾ, തിളങ്ങുന്ന അന്നം രക്ഷിയ്ക്കു നിങ്ങളിലണയുന്നു!4

തേരാളികളായ അശ്വികളേ, നിങ്ങളുടെ ആ രഥം തേജസ്സുടുക്കുന്നു; പൂട്ടപ്പെട്ടു വഴിയിലെത്തുന്നു. നിങ്ങൾ അതിലൂടെ ഞങ്ങളുടെ ശാന്തിയ്ക്കും സുഖത്തിനുമായി, പുലർകാലത്ത് ഈ യജ്ഞത്തിൽ എഴുന്നള്ളിയാലും!5

നേതാക്കളേ, നിങ്ങൾ ഒരു ഗൗരപ്പേടപോലെ, തിളങ്ങുന്ന സോമത്തെക്കുറിച്ചു ദാഹത്തോടെ ഇന്നു ഞങ്ങളുടെ സവനത്തിൽ വന്നു ചേർന്നാലും: നിങ്ങളെ വളരെയിടങ്ങളിൽ സ്തുതിച്ചുപോരുന്നുണ്ടല്ലോ; എന്നാൽ മറ്റു ദേവകാമന്മാർ നിങ്ങളെ പിടിച്ചുനിർത്തിയത്!6

അശ്വികളേ, നിങ്ങൾ സമുദ്രത്തിലെറിയപ്പെട്ട ഭുജ്യുവിനെ വെള്ളത്തിൽനിന്നു കേറ്റി – ഇളപ്പവും തളർച്ചയും ഇടർച്ചയുമില്ലാത്ത കുതിരകളെക്കൊണ്ടും, വേലകൾകൊണ്ടും മറുകരയണച്ചു!7

യുവാക്കളേ, അശ്വികളേ, നിങ്ങൾ ഇപ്പോൾ എന്റെ വിളി കേൾക്കുവിൻ: അന്നസഹിതമായ ഗൃഹത്തിൽ വരുവിൻ; രത്നങ്ങൾ തരുവിൻ; സ്തോതാക്കളെ തഴപ്പിയ്ക്കുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8

കുറിപ്പുകൾ: സൂക്തം 69.

[1] മാധുപാത്രങ്ങൾ – മധുയുക്തമാണ്, അശ്വികളുടെ രഥമെന്ന് ഒന്നാം മണ്ഡലത്തിൽത്തന്നേ പ്രതിപാദിച്ചിട്ടിട്ടുണ്ട്. വന്നെത്തട്ടെ – ഞങ്ങളുടെ യാഗത്തിൽ.

[2] ദേവകാമന്മാർ – യജമാനന്മാർ. അതു – നിങ്ങളുടെ രഥം. സ്തുതി – ഞങ്ങളുടെ സ്തോത്രം.

[3] നിധി – സോമം. വധു – സൂര്യ. വട്ടുകൾ = ചക്രങ്ങൾ.

[4] അന്നം – സോമവും മറ്റും.

[5] അത് – രഥം.

[6] ഗൗരം – ഒരുതരം മാൻ. പിടിച്ചുനിർത്തരുത് – അവരെ വിട്ടു, ഞങ്ങളുടെ അടുക്കൽത്തന്നെ വരണം.

[7] വേലകൾ – ദേഹപ്രയത്നങ്ങൾ.

സൂക്തം 70.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വിശ്വവരേണ്യരായ അശ്വികളേ, വരുവിൻ: നിങ്ങളുടെ ഇരിപ്പു വേദിയിലാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു. സുഖകരമായ മുതുകും വേഗവുമുള്ള കുതിര, നിങ്ങൾ ഇരിയ്ക്കുന്നേടത്തു, വാസസ്ഥാനത്തെന്നപോലെ നില്ക്കട്ടെ!1

അതികമനീയമായ നല്ല സ്തോത്രം നിങ്ങളെ സേവിയ്ക്കുന്നു. മനുഷ്യഗൃഹത്തിൽ കലവും പഴുപ്പിയ്ക്കപ്പെട്ടുകഴിഞ്ഞു: അതു നിങ്ങളെ, രണ്ടു കുതിരകളെ നന്നായി പൂട്ടുന്നതുപോലെ പൂട്ടി, നദീസമുദ്രങ്ങളെ നിരയ്ക്കുമല്ലോ!2

അശ്വികളേ, നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നു പോന്നു, വലിയ ഓഷധികളിലും മനുഷ്യരിലും സ്ഥിതിചെയ്യാറുണ്ടല്ലോ; ആ നിങ്ങൾ മേഘത്തിന്റെ മുകളിലിരുന്നു, ഹവിർദ്ദാതാവിന്ന് അന്നം അയച്ചുകൊടുത്താലും!3

ദേവന്മാരേ, നിങ്ങൾ ഓഷധികളിലും ജലങ്ങളിലുംവെച്ച് അതികമനീയമായിട്ടുള്ളതും, ഋഷിമാരുടെ സ്തുതികളും കൈക്കൊള്ളും; ഞങ്ങൾക്കായി വളരെ രത്നങ്ങൾ കയ്യിൽ വെയ്ക്കും. മുമ്പത്തെ ഇണകളെ പുകൾപ്പെടുത്തും.4

അശ്വികളേ നിങ്ങൾ കേട്ടുകൊണ്ട്, ഋഷിമാരുടെ വളരെ ശ്രേഷ്ഠകർമ്മങ്ങൾ തൃക്കൺപാർക്കാറുണ്ട്; അതിനാൽ മനുഷ്യന്റെ യജ്ഞത്തിൽ വരുവിൻ നിങ്ങൾക്കു ഞങ്ങളിൽ അതികമനീയമായ നന്മനസ്സുണ്ടാകട്ടെ!5

നാസത്യരേ, നിങ്ങളെ യാതൊരു യജ്ഞവാൻ ആളുകളോടുകൂടി, ഹവിസ്സർപ്പിച്ചു സ്തുതിയ്ക്കുന്നുവോ, നിങ്ങൾ ആ വരിഷ്ഠനായ വസിഷ്ഠങ്കൽ വന്നെത്തുവിൻ: ഇതാ, നിങ്ങൾക്കായി മന്ത്രങ്ങൾ ചൊല്ലപ്പെടുന്നു!6

അശ്വികളേ, ഇതാ, സ്തോത്രം – ഇതാ, സ്തുതി: വൃഷാക്കളേ, ഈ ശോഭനസ്തവം നിങ്ങൾ കേൾക്കുവിൻ. നിങ്ങളെക്കുറിച്ചുള്ള ഈ കർമ്മങ്ങൾ നിങ്ങളിലണയട്ടെ! നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 70.

[1] വാസസ്ഥാനം – സ്വന്തം കുതിരാലയം. സോമപാനം കഴിഞ്ഞാൽ, നിങ്ങൾക്കു തിരിച്ചുപോകാം; അതിന്നു കുതിര അടുക്കൽത്തന്നെ നിന്നുകൊള്ളട്ടെ.

[2] സ്തോത്രം – ഞങ്ങളുടെ, മനുഷ്യഗൃഹം – യജമാനന്റെ ഗൃഹം. കുലം – പ്രവർഗ്ഗ്യമെന്ന മണ്പാത്രം. പൂട്ടി – യജ്ഞത്തിൽ ബന്ധിച്ച് നിറയ്ക്കുമല്ലോ – മഴകൊണ്ട്.

[3] മനുഷ്യർ – യജമാനന്മാർ.

[4] ഓഷധികളിൽവെച്ച് അതികമനീയം – ചരുപുരോഡാശാദി. ജലങ്ങളിൽവെച്ച് അതികമനീയം – സോമരസം. ഋഷികളുടെ – ഋഷിയായ എന്റെ. മുമ്പേത്തെ ഇണകളെ – പൂർവദമ്പതികളെ.

[5] കേട്ടുകൊണ്ട് – സ്തോത്രങ്ങൾ.

[6] ആളുകൾ – ഋത്വിക്കുകൾ.

സൂക്തം 71.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

രാത്രി സോദരിയായ ഉഷസ്സിനെ വിട്ടുപോവുകയായി: ആ കറുമ്പി പകലിന്നു വഴിയൊഴിയ്ക്കുന്നു. അതിനാൽ ഞങ്ങൾ അശ്വധനരും ഗോധനരുമായ നിങ്ങളെ വിളിയ്ക്കുന്നു. നിങ്ങളെ വിളിയ്ക്കുന്നു. നിങ്ങൾ പകലിരവു പകയനെ ഞങ്ങളിൽനിന്നകറ്റുവിൻ!1

അശ്വികളേ, നിങ്ങൾ തേരിൽ ഹവിർദ്ദാതാവിന്നു ധനവും കൊണ്ടു വന്നെത്തുവിൻ; പട്ടിണിയും രോഗവും ഞങ്ങളിൽനിന്നു നീക്കുവിൻ; മധുമാന്മാരേ, പകലിരവു ഞങ്ങളെ പാരിപാലിയ്ക്കുവിൻ!2

സമീപിച്ചിരിയ്ക്കുന്ന പുലർകാലത്തു നിങ്ങളുടെ രഥത്തെ സുഖേന പൂട്ടപ്പെട്ട വൃഷാക്കൾ ഇങ്ങോട്ടു തിരിയ്ക്കട്ടെ – അശ്വികളേ, തുന്നിയ കടിഞ്ഞാണും ധനവവുമുള്ള രഥത്തെ നിങ്ങൾ തണ്ണീരിയന്ന കുതിരകളെക്കൊണ്ടു വലിപ്പിയ്ക്കുവിൻ!3

നൃപാലകരേ, മൂന്നു നുകത്തണ്ടോടും ധനത്തോടും കൂടിയ, പകലിലെയ്ക്കു പോകുന്ന പള്ളിത്തേരുണ്ടല്ലോ, നിങ്ങൾക്ക്; ന്യാസത്യന്മാരേ, അതിലൂടെ ഞങ്ങളിൽ വന്നെത്തുവിൻ: വസിഷ്ഠൻ നിങ്ങളെ സ്തുതിയ്ക്കുന്നു!4

നിങ്ങൾ ച്യവനനെ വാർദ്ധക്യത്തിൽനിന്നു മോചിപ്പിച്ചു; പേദ്രുവിന്ന് ഒരു ശീഘ്രാശ്വത്തെ കല്പിച്ചുകൊടുത്തു; അത്രിയെ ഉമിത്തീയ്യിൽനിന്നും ഇരുട്ടിൽനിന്നും കരയേറ്റി; ജാഹുഷനെ കൈവിട്ടുപോയ രാജ്യത്തു വീണ്ടും വാഴിച്ചു!5

അശ്വികളേ, ഇതാ, സ്തോത്രം – ഇതാ, സ്തുതി: വൃഷാക്കളേ, ഈ ശോഭനസ്തവം നിങ്ങൾ കേൾക്കുവിൻ. നിങ്ങളെക്കുറിച്ചുള്ള ഈ കർമ്മങ്ങൾ നിങ്ങളിലണയട്ടെ!. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 6

കുറിപ്പുകൾ: സൂക്തം 71.

[1] കറുമ്പി – രാത്രി. അശ്വധനർ, ഗോധനർ – അശ്വങ്ങളെയും ഗോക്കളെയും നല്കുന്നവർ എന്നർത്ഥം. പകയൻ – പകയുള്ളവൻ, ദ്രോഹി.

[3] വൃഷാക്കൾ – വർഷങ്ങളായ അശ്വങ്ങൾ. തണ്ണീരിയന്ന – ജലപ്രദങ്ങളായ എന്നർത്ഥം.

[4] നൃപാലകൻ – യജമാനരക്ഷകർ.

[5] പേദു – ഒരു രാജാവ്: ഒന്നാംമണ്ഡലത്തിലുണ്ട്.

സൂക്തം 72.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കമനീയമായ കാന്തികൊണ്ടും തിരുവുടൽകൊണ്ടും ശോഭിയ്ക്കുന്നു നാസത്യരേ, നിങ്ങൾ സമ്പത്തേറിയ കാള – കുതിരത്തേരിലൂടെ വന്നാലും: വളരെ സ്തുതികൾ നിങ്ങളെ സേവിയ്ക്കുന്നു!1

നാസത്യരേ, നിങ്ങൾ ഒരേപ്രീതി പൂണ്ടു, ദേവന്മാരോടുകൂടി, തേരിൽ ഞങ്ങളുടെ അടുക്കലെയ്ക്കു വരുവിൻ നിങ്ങളും ഞങ്ങളും തമ്മിലെസ്സഖ്യം അച്ഛൻവഴിയ്ക്കുള്ളതാണ്. ഒരാളാണ്, (നമ്മുടെ) പിതാമഹൻ; അതു നിങ്ങൾ ഓർക്കേണമേ!2

സ്തോത്രങ്ങൾ അശ്വികളെയും, ബന്ധുക്കളായ പ്രൗഢകർമ്മങ്ങൾ ഉഷോദേവികളെയും ഉണർത്തുന്നു. മേധാവി ഈ സ്തുത്യകളായ ദ്യാവ്യാപൃഥിവികളെ പരിഹരിച്ചു, നാസത്യരെ നേരിട്ടു സ്തുതിയ്ക്കുന്നു.3

അശ്വികളേ, ഉഷസ്സു പുലരുന്നു; നിങ്ങൾക്കായി സ്തോതാക്കൾ സ്തോത്രങ്ങൾ സംഭരിയ്ക്കുന്നു; ദേവൻ സവിതാവു തേജസ്സുയർത്തുന്നു; അഗ്നികളും ജ്വലിയ്ക്കപ്പെട്ടു, തുലോം സ്തുതിയ്ക്കപ്പെടുന്നു.4

നാസത്യരേ, അശ്വകളേ, നിങ്ങൾ പടിഞ്ഞാറുനിന്നും, കിഴക്കുനിന്നും, തെക്കുനിന്നും, വടക്കുനിന്നും – എല്ലാടത്തുനിന്നും – പഞ്ചജനഹിതമായ സമ്പത്തോടെ വന്നെത്തുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 5

കുറിപ്പുകൾ: സൂക്തം 72.

[1] കാള – കുതിരത്തേർ – കാളകളെയും കുതിരകളെയും പൂട്ടിയ രഥം.

[2] അച്ഛൻ – അശ്വികളുടെ അച്ഛൻ, സൂര്യനും വസിഷ്ഠന്റെ അച്ഛൻ, വരുണനുമാകുന്നു. ഒരാൾ – കശ്യപൻ: കശ്യപന്റെ പുത്രന്മാരാണ്, സൂര്യവരുണന്മാർ; അതിനാൽ അശ്വികളുടേയും വസിഷ്ഠന്റെയും പിതാമഹൻ, കശ്യപൻ തന്നെ.

[3] ബന്ധുക്കൾ – പ്രിയതരങ്ങൾ. മേധാവി – വസിഷ്ഠൻ.

സൂക്തം 73.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവകാമരായി സ്തോത്രം ചൊല്ലുന്ന ഞങ്ങൾ ഈ തമസ്സിന്റെ അപ്പുറത്തെത്തിച്ചെർന്നു: ബഹുകർമ്മാക്കളായി, പ്രവൃദ്ധരായി, പണ്ടേ ജനിച്ചവരായി, അമർത്ത്യരായിരിയ്ക്കുന്ന അശ്വികളെ സ്തോതാവു വിളിയ്ക്കുന്നു.1

ഇതാ, പ്രിയഹോതാവായ മനുഷ്യൻ ഉപവിഷ്ടനായി; നാസത്യരേ, അശ്വികളേ, യജിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്യുന്നവന്റെ മധു നിങ്ങൾ അരികത്തിരുന്നു നുകരുവിൻ! ഞാൻ അന്നമെടുത്തു നിങ്ങളെ യാഗത്തിലെയ്ക്കു വിളിയ്ക്കുന്നു.2

വളരെച്ചൊല്ലുന്ന നമ്മൾ വരുന്നവർക്കു ഹവിസ്സു കൂട്ടുക. വൃഷാക്കളേ, നിങ്ങളിരുവരും ഈ നല്ല സ്തോത്രം കേൾക്കുവിൻ: സ്തുതികൾ പാടുന്ന വസിഷ്ഠൻ, അയയ്ക്കപ്പെട്ട ഒരു ദൂതനെന്നപോലെ നിങ്ങളെ അറിയിയ്ക്കുന്നു.3

തടിച്ച, കൈക്കരുത്തുള്ള, രാക്ഷസഘ്നരായ ആ ഹവിർവാഹികൾ ഞങ്ങളുടെ അടുക്കൽ വന്നെത്തട്ടെ: നിങ്ങളിരുവരും മത്തുണ്ടാക്കുന്ന അന്നങ്ങളിലെത്തുവിൻ! ഞങ്ങളെ വലയ്ക്കരുത്; മംഗളത്തോടേ വരുവിൻ!4

നാസത്യരേ, അശ്വികളേ, നിങ്ങൾ പടിഞ്ഞാറുനിന്നും, കിഴക്കുനിന്നും, തെക്കുനിന്നും, വടക്കുനിന്നും – എല്ലാടത്തുനിന്നും – പഞ്ചജനഹിതമായ സമ്പത്തോടേ വന്നെത്തുവിൻ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 73.

[1] തമസ്സിന്റെ അപ്പുറത്ത് – പ്രഭാതവെളിച്ചത്തിൽ. സ്തോതാവ് – വസിഷ്ഠൻ.

[2] മധു – മധുരസോമം. അന്നം – ഹവിസ്സ്.

[3] ഋത്വിക്കുകളോട്: ചൊല്ലുന്ന – സ്തോത്രം. വരുന്നവർക്ക് -ദേവന്മാർക്ക്. അനന്തരവാക്യങ്ങൾ പ്രത്യക്ഷോക്തി: അറിയിയ്ക്കുന്നു – വെക്കം വരാൻ ക്ഷണിയ്ക്കുന്നു.

[4] ഹവിർവാഹികൾ – അശ്വികൾ. ആളുടെ – ഋത്വിക്കിന്റെ. അടുത്ത വാക്യങ്ങൾ പ്രത്യക്ഷോക്തി: അന്നങ്ങൾ – സോമങ്ങൾ. മംഗളം = നല്ലത്; ധനമെന്നർത്ഥം.

സൂക്തം 74.

വസിഷ്ഠൻ ഋഷി; ബ്രഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അശ്വനികൾ ദേവത. (പാന)

അശ്വികളേ, വിളിയ്ക്കുന്നു, വിൺവാഴ്ച –
യ്ക്കിച്ഛയാളുമീയാളുകൾ നിങ്ങളെ.
ഞാനുമുണ്ടിതാ, കർമ്മസമ്പന്നരേ,
ത്രാണനാർത്ഥം വിളിയ്ക്കുന്നു, നിങ്ങളെ:
വന്ദ്യരാം നിങ്ങൾ മർത്ത്യങ്കൽ മർത്ത്യങ്കൽ
വന്നണയുവോരല്ലോ, വസുക്കളേ!1
ചിത്രമാം ധനം നിങ്ങളിലുള്ളതി –
സ്സുസ്തവന്നു കൊടുപ്പിൻ, പുരോഗരേ;
തേർ തെളിപ്പിനിങ്ങോട്ടൊരേഹൃത്തൊടെ;
മാധുരിയാർന്ന സോമം കുടിയ്ക്കുവിൻ!2
വന്നരികത്തിരിപ്പിന,ശ്വികളെ;
ഇന്നറുംനീർ കുടിപ്പിൻ, ജിതാർത്ഥരേ;
നിങ്ങൾ വർഷകർ തണ്ണീർ കറക്കുവിൻ;
ഞങ്ങളെ വലയ്ക്കൊല്ല, വന്നെത്തുവിൻ!3
അഗ്ര്യർ നിങ്ങൾക്കു ഹവ്യദന്റെ ഗൃഹ –
ത്തെയ്ക്കു കൊണ്ടുപോമശ്വങ്ങളുണ്ടല്ലോ;
ആ ഹയങ്ങളെപ്പായിച്ചു, ഞങ്ങളി –
ലീഹയോടശ്വിദേവരേ, വന്നാലും!4
അന്നമുണ്ടൊരുക്കുന്നു, നാസത്യരാ –
മശ്വികളേ, പ്രപന്നരാം സൂരികൾ;
ഹവ്യവിത്തരാമെങ്ങൾക്കു നല്കുവി –
നവ്യയമാം യശസ്സും ഭവനവും!5
ആൾകളിൽവെച്ചു കർമ്മിപാലരെവർ
തേർകൾപോലെത്തു,മന്യസ്വനിസ്പൃഹർ;
തൻകരുത്താൽത്തഴയ്ക്കു,മാ നേതാക്കൾ;
തക്ക സദ്മത്തിൽ വാഴ്കയും ചെയ്തിടും!6
കുറിപ്പുകൾ: സൂക്തം 74.

[1] വിൺവാഴ്ച (സ്വർഗ്ഗവാസം) ആഗ്രഹിയ്ക്കുന്ന ഈ ആളുകൾ – ഋത്വിക്കുകൾ. കർമ്മസമ്പന്നർ – കർമ്മമാകുന്ന ധനത്തോടുകൂടിയവർ. ത്രാണനാർത്ഥം = രക്ഷയ്ക്കുവേണ്ടി.

[2] സുസ്തവൻ – നന്നായി സ്തുതിയ്ക്കുന്നവൻ. പുരോഗർ – നേതാക്കൾ. ഒരേഹൃത്തോടെ – ഏകമനസ്സോടെ. മാധുരി = മാധുർയ്യം.

[3] ജിതാർത്ഥർ = അർത്ഥം (ശത്രുധനം) അടക്കിയവർ. തണ്ണീർ കറക്കുവിൻ – മഴ പെയ്യിയ്ക്കുവിൻ.

[4] അഗ്ര്യർ – നേതാക്കളായ. ഈഹ = ഇച്ഛ.

[5] പ്രപന്നർ – സ്തുതികൾകൊണ്ടു നിങ്ങളെ പ്രാപിച്ചവർ. സൂരികൾ – സ്തോതാക്കൾ. ഹവ്യവിത്തർ = ഹവിർദ്ധനന്മർ. അവ്യയം = അനശ്വരം.

[6] കർമ്മിപാലർ – ഋത്വിക്കുകളെ രക്ഷിയ്ക്കുന്നവർ. തേർകൾ പോലെത്തും – സമാനങ്ങൾ കേറ്റിയ വണ്ടികൾ ഉടമസ്ഥങ്കലെന്നപോലെ, നിങ്ങളിൽ ഹവിസ്സുകളുമായി എത്തും. അന്യസ്വനിസ്പൃഹർ = പരധനത്തിൽ കാംക്ഷയില്ലാത്തവർ. നേതാക്കൾ – യജമാനന്മാർ. സദ്മം = ഗൃഹം.

സൂക്തം 75.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത. (കാകളി)

വാനിലുദിച്ചു പുലർന്നുഷസ്സു, കതിൽ –
ച്ചേണിനാൽ പ്രഭാവം കാട്ടി വന്നെത്തിനാൾ;
മാറ്റാരെയും പാഴിരുട്ടിനേയും മുടി –
ച്ചേറ്റം നടന്നു തുറന്നാൾ, വഴികളെ!1
ഞങ്ങൾക്കുഷസ്സേ, മഹാസുഖം നല്ക, നീ;
തുംഗസൗഭാഗ്യത്തിലാക്കുകി,ന്നെങ്ങളെ;
ചിത്രം യശോധനം ചേർക്ക, നരഹിതേ,
മർത്ത്യരാമെങ്ങളിൽദ്ദേവി, സാന്നനെയും!2
കാണപ്പെടേണ്ടുമുഷസ്സിന്റെ ചിത്രമാം
ഹാനിയില്ലാത്താക്കതിർച്ചാത്തു വന്നിതാ,
ദേവകൾക്കുള്ള കർമ്മങ്ങൾ തുടങ്ങിച്ചു,
മൂവാനിടത്തിൽ നിറഞ്ഞു പരക്കയായ്!3
പാരിനെപ്പാലിയ്ക്കുമാ വിൺമകളിതാ,
ദൂരത്തുനിന്നുമൊരുങ്ങി,പ്പൊടുന്നനെ,
ചുറ്റിനടക്കുന്നു, ഭൂതങ്ങൾതൻ വെളി –
വുറ്റുനോക്കിക്കൊണ്ടു പഞ്ചജനങ്ങളിൽ!4
ഭൂര്യന്നയുക്ത, മഘോനി, ചിത്രധന,
സൂര്യന്റെ മങ്ക, വസുദ്രവിണേശ്വരി,
വാർദ്ധക്യകർത്ത്രി,യൃഷിസ്തുത, യഷ്ടാക്കൾ
വാഴ്ത്തുമുഷസ്സു വെളിച്ചം വിതയ്ക്കയായ്!5
ആവിർഭവിച്ചൂ, വിളങ്ങുമുഷസ്സിനെ –
യാവഹിയ്ക്കും വിചിത്രോജ്ജ്വലവാജികൾ;
വൈവിധ്യമാർന്ന തേരേറിഗ്ഗമിയ്ക്കുന്നു,
സേവകർക്കായ് രത്നമേന്തി പ്രഭാവതി!6
സത്യരും യജ്യരുമായ വൻദേവരോ –
ടൊത്തീജ്യയാമുഷോദേവി സത്യവതി
സുസ്ഥിരവും പിളർത്തേകുന്നു, പൈക്കൾക്കു
വൃത്തി, പശുക്കൾ കൊതിയ്ക്കും പെരിയവൾ7
ഞങ്ങൾക്കുഷസ്സേ, തരിക, വീരാശ്വഗോ –
സംഗീതമാം ധനം, ധാരാളമന്നവും;
മർത്ത്യരിൽ നിന്ദ്യമാകായ്ക്കെ,ങ്ങൾതൻ മഖം;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8
കുറിപ്പുകൾ: സൂക്തം 75.

[1] പ്രാഭവം – മഹത്ത്വം. മാറ്റാർ – നമ്മെ ദ്രോഹിയ്ക്കുന്നവർ. തുറന്നാൾ – പ്രാണികളുടെ ജോലികൾക്ക്.

[2] യശോധനം = യശസ്സോടുകൂടിയ ധനം. സാന്നനെയും ചേർക്ക-അന്നവാവായ പുത്രനെയും കിട്ടിയ്ക്കുക.

[3] ഹാനിയില്ലാത്ത – അനശ്വരമായ. ആ – പ്രസിദ്ധമായ. തുടങ്ങിച്ച – പ്രഭാതത്തിലാണല്ലോ, ദേവകർമ്മങ്ങൾ ആരംഭിയ്ക്കുക. മൂവാനിടത്തിൽ – അന്തരിക്ഷത്തിന്റെ വായു – മേഘ – പക്ഷികൾക്കാലംബങ്ങളായ മൂന്നിടങ്ങളിൽ.

[4] വിണ്മകൾ – ഉഷസ്സ്. ഭൂതങ്ങൾ = പ്രാണികൾ. നോക്കിക്കൊണ്ടു – സാക്ഷിത്വേന.

[5] മാഘോനി – ഉഷസ്സിന്റെ ഒരു പേർ. ഇത്തരം ഋക്കുകൾ മുമ്പു വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ട് വസുദ്രവിണേശ്വരി – സാധാരണധനങ്ങളുടേയും ഉൽക്കൃഷ്ടസമ്പത്തിന്റെയും സ്വാമിനി.

[6] ആവഹിയ്ക്കും – ഉഷസ്സിന്റെ തേർ വലിയ്ക്കുന്ന. സേവകർക്കായ് – പരിചരിയ്ക്കുന്നവർക്കു കൊടുക്കാൻ.

[7] വൻദേവൻ = മഹാന്മാരായ ദേവന്മാർ. ഈജ്യ = യജനീയ. സുസ്ഥിരവും – ഉറപ്പേറിയ ഇരുട്ടുപോലും. വൃത്തി = ജീവനം, മേച്ചിൽപ്പുറം; രാവിലെയാണല്ലോ, പൈക്കൾ മേഞ്ഞുതുടങ്ങുക. പശുക്കൾ – മാടുകളും, ഇരുട്ടിലകപ്പെട്ട മറ്റുപ്രാണികളും.

[8] വീരാശ്വഗോസംഗതം = പുത്രരോടും അശ്വങ്ങളോടും ഗോക്കളോടും കൂടിയത്. പാലിപ്പിൻ – ഉഷസ്സുകളായ നിങ്ങൾ.

സൂക്തം 76.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

(കാകളി)

വിശ്വനേതാവായ ദേവന്‍ സവിതാവു
വിശ്വമിത്രാമൃതജ്യോതിസ്സുയർത്തിനാന്‍;
ദേവർക്കു കണ്ണാമൊളി പൊങ്ങി, കര്‍മ്മത്തി;-
നാവിഷ്കരിച്ചാളുഷസ്സുലകൊക്കയും! 1
കാണായിവന്നൂ, കതിര്‍ച്ചാർത്തണിയുന്ന,
വാനോരിലെത്തും വിബാധമാര്‍ഗ്ഗങ്ങൾ മേ:
പൊങ്ങീ, കിഴക്കുഷസ്സിന്‍െറ കൊടിമര;
മിങ്ങോട്ടിറങ്ങിനാൾ, മേടകൾ വിട്ടവൾ! 2
അർക്കന്നു നേര്‍കിഴക്കാവിര്‍ഭവിച്ച നിൻ –
തൃക്കതിര്‍മണ്ഡലംതാനു,ഷസ്സേ, പകൽ:
ജാരങ്കൽ, വിട്ടുപോകാതെ വീണ്ടും പെരു –
മാറുമൊരുത്തി പോലല്ലോ, ലസിപ്പു നീ! 3
ഗ്രസ്തമാം ജ്യോതിസ്സു കണ്ടുപിടിച്ചെവര്‍
സിദ്ധമന്ത്രത്താലുഷസ്സിനെക്കാട്ടിയോ;
സത്യര്‍ കവികളപ്പൂര്‍വപിതാക്കൾതാന്‍,
മര്‍ത്ത്യേതരന്മാരൊടൊത്തു മത്താടിയോർ! 4
എല്ലാരുടേയുമാം ഗോക്കളില്‍ മേളിച്ചു,
തുല്യബുദ്ധ്യാ വേര്‍പെടാതെനിന്നാരവർ;
ദേവകര്‍മ്മങ്ങ്ൾക്കു ഹാനി വരുത്തീല,
തൂവെളിച്ചത്തില്‍ നടക്കുമഹിംസകര്‍! 5
കാലത്തുണർന്നു പുകഴ്ത്തും വസിഷ്ഠരാ –
ശ്രീലയാം നിന്നെ സ്തുതിപ്പൂ, സ്തവങ്ങളാൽ:
ഞങ്ങൾക്കുഷസ്സേ, സുജാതേ, പുലര്‍ന്നരുൾ –
കി; – ങ്ങഗ്ര്യായ് വായ്ക്കുക, ന്നഗോദാത്രി നീ! 6
സ്തോതൃസ്തവത്തെ നയിപ്പോൾ, വസിഷ്ഠോപ –
ഗീത, വെളിച്ചം വിരിപ്പോളു, ഷസ്സിവൾ
വിത്തം സുവിശ്രുതം ഞങ്ങളില്‍ വെഴ്ക്കുവോൾ:
‘സ്വസ്തിയാല്‍പ്പാലിപ്പിനെ,പ്പെഴുമെങ്ങളെ!’ 7
കുറിപ്പുകൾ: സൂക്തം 76.

[1] വിശ്വമ ത്രാമൃത ജ്യോതിസ്സ് = ഏവർക്കും മിത്ര(ഹിത)വും അനശ്വരവുമായ തേജസ്സ്. ഒളി – ഉഷസ്സിന്റെ പ്രഭ. ആവിഷ്കരിച്ചാൾ – വെളിപ്പെടുത്തി.

[2] വാനോരിലെത്തും വിബാധമാര്‍ഗ്ഗങ്ങൾ – ദേവന്മാരുടെ അടുക്കുലെയ്ക്കുള്ള നിര്‍ബാധമാര്‍ഗ്ഗങ്ങൾ. കൊടിമരം – -അടയാളമായ വെളിച്ചം. മേടകൾ – മാളികയും മറ്റുമായ ഉന്നതപ്രദേശങ്ങൾ.

[3] ജാരങ്കല്‍ – ചാരിത്രമില്ലാത്ത ഭർത്താവിനെയും സതിയായ സ്ത്രി ഉപേക്ഷിയ്ക്കില്ല; അതുപോലെ രാത്രിയുടെ ജാരനായ (രാത്രിയ്ക്കു വാര്‍ദ്ധക്യം വരുത്തുന്ന) സൂര്യങ്കൽത്തന്നെ നീ പെരുമാറുന്നു. ലസിപ്പു = ശോഭിയ്ക്കുന്നു, കാണപ്പെടുന്നു.

[4] ഗ്രസ്തം – ഇരുട്ടില്‍ മറഞ്ഞത്. ജ്യോതിസ്സു – സൂര്യതേജസ്സ്. സത്യര്‍ – സത്യശീലര്‍. കവികൾ അനൂപാനന്മാര്‍, വേദവേദാംഗജ്ഞന്മാര്‍. അപ്പൂര്‍വ പിതാക്കൾ – അംഗിരസ്സുകൾ; ഇവര്‍ സൂര്യനെ കണ്ടുപിടിച്ചത് അഞ്ചാംമണ്ഡലത്തിലുണ്ടു്. മര്‍ത്ത്യേതരന്മാർ – അമര്‍ത്ത്യന്മാര്‍. മത്താടിയോര്‍ – സോമപാനത്താല്‍, അഥവാ ആഹ്ലാദത്താല്‍.

[5] ഗോക്കളില്‍ – പണികളില്‍നിന്നു വീണ്ടെടുത്ത ഗോക്കളിൽ, അവര്‍ – അംഗിരസ്സുകൾ. തുല്യബുദ്ധ്യാ – ഒരേമനസ്സോടേ. തൂവെളിച്ചം – തങ്ങൾ ആവിഷ്ക്കരിച്ച ഉഷസ്സിന്റെ പ്രകാശം.

[6] വസിഷ്ഠര്‍ = വസിഷ്ഠനും തദ്ഗോത്രന്മാരും. ശ്രീല = ശ്രീമതി. അഗ്ര്യ – മറ്റു ദേവന്മാരെക്കാൾ മുഖ്യ.

[7] വസിഷ്ഠോപഗീത = വസിഷ്ഠന്മാരാല്‍ വാഴ്ത്തപ്പെട്ടവൾ. വെയ്ക്കുവോൾ – തരുന്നവൾ.

സൂക്തം 77.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ

(കാകളി)

ഇന്തുവര്‍ഗ്ഗത്തെത്തൊഴിലിന്നയച്ചുകൊ –
ണ്ട,ന്തികേ തൈമങ്കപോലെ വിളങ്ങിനാൾ
ആളുകളഗ്നിയെസ്സംജ്വലിപ്പിയ്ക്കുയാ;
യാളിന തേജസ്സകറ്റീ തമസ്സിനെ!1
പാരിനുനേരേ പരന്നുദിച്ചൗ,ജ്ജ്വല്യ –
മേറിയ വെൺപട്ടുടുത്തു തടിച്ചിയായ്,
പൊന്നളിദർശനീയാംഗി, ഗോമാതാവു
മിന്നീ, പകലിനെക്കൊണ്ടുവരുന്നവർ!2
ദേവദൃക്കേന്തുമുഷസ്സ,ഴകേറിയ
തൂവെൺകുതിരയെക്കൊണ്ടുവരുന്നവൾ
രശ്മിയാൽ സ്പഷ്ടമേ കാണായ്, വിചിത്രാർത്ഥ,
വിശ്വത്തിനായിത്തടിച്ച സുഭഗയാൾ!3
സ്വത്തണച്ച,സ്തവിദ്വിട്ടായ്പ്പുലർന്നരുൾ –
ക; – ത്രാസമാക്കുകെ,ങ്ങൾക്കു വൻഗോവിലം;
ശത്രുവെപ്പായിയ്ക്കുകാ,ഹരിയ്ക്കു, ധനം;
സസ്കവന്നെത്തിയ്ക്ക, വിത്തം മഘോനി, നീ!4
തുംഗഭാസ്സോടേ പുലരുകെ,ഞൾക്കു നീ;-
യെങ്ങൾക്കുഷോദേവി, വായ്പിയ്ക്കു, ജീവിതം;
ഞങ്ങൾക്കു വിശ്വവരേണ്യ, രഥാശ്വഗോ –
സംഗതസമ്പത്തുമന്നവും നല്ക, നീ!5
വിണ്ണിന്മകളാമുഷസ്സേ, സുജാതയാം
നിന്നെ വളർപ്പൂ, വസിഷ്ഠർ നുതികളാൽ.
ഉദ്യന്മഹാധനം ചേർക്ക, നീ ഞങ്ങളിൽ;
‘സ്വസ്കിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
കുറിപ്പുകൾ: സൂക്തം 77.

[1] അന്തികേ – സൂര്യസമീപത്ത്. തൈമങ്ക = ചെറുപ്പക്കാരി, യുവതി. വിളങ്ങിനാൾ – ഉഷസ്സ്. തേജസ്സ് – അഗ്നിയുടേയോ, ഉഷസ്സിന്റെയോ.

[2] വെണ്പട്ട് – സ്വച്ഛതേജസ്സ്. തടിച്ചിയായ് – ദേഹപുഷ്ടി കൂടിമല്ലോ, വസ്തമുടുത്താൽ. ഗോമാതാവു – ഗോക്കളെ മേയാനയയ്ക്കുന്നതുകൊണ്ട്; ഗോക്കളുടെ (വാക്കുകളുടെ) ജനയിത്രി എന്നും അർത്ഥമെടുക്കാം. പുലർകാലത്താനല്ലോ, പക്ഷികളും മറ്റും ശബ്ദം പുറപ്പെടുവിച്ചുതുടങ്ങുക.

[3] ദേവദൃക്ക് – ദേവന്മാരുടെ കണ്ണായ തേജസ്സ്. തൂവെൺകുതിര – ഗമനശീലനായ സൂര്യൻ. വിചിത്രാർത്ഥം = വിചിത്രമായ ധനത്തോടുകൂടിയവൾ. വിശ്വത്തിനായി – ലോകവ്യവഹാരങ്ങൾക്കായി. തടിച്ച – വിശാലയായിച്ചമഞ്ഞ.

[4] സ്വത്തനച്ച് – ധനം ഞങ്ങളുടെ അടുക്കലെത്തിച്ച് അസ്തവിദ്വിട്ടായ് – ഞങ്ങളുടെ ശത്രുവിനെ അകറ്റി. വൻഗോനിലം – വലിയ മാടുമേച്ചിൽപ്പുറം. അത്രാസം = ഭയരഹിതം. ശത്രുവെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെ. അഹരിയ്ക്ക, ധനം – ശത്രുവിന്റെ ധനം ഞങ്ങൾക്കു കൊണ്ടുവന്നാലും. സസ്കാവന്ന് – സ്തുതിയ്ക്കുന്ന എനിയ്ക്ക്.

[5] ജീവിതം വായ്പിയ്ക്ക – ആയുസ്സു വർദ്ധിപ്പിച്ചാലും.

[6] ഉദ്യന്മഹാധനം = വിളങ്ങുന്ന വലിയ സമ്പത്ത്.

സൂക്തം 78.

ഋഷിച്ഛന്ദോദേവതൾ മുമ്പേത്തവ. (കാകളി)

മുന്നടയാളങ്ങൾ കാണപ്പെടുന്നുണ്ടു:
ചിന്നുന്നു, മേല്പോട്ടുഷസ്സിന്റെ രശ്മികൾ;
ഇങ്ങോട്ടു പോരും തിളങ്ങുന്ന വൻതേരി –
ലെങ്ങൾക്കു കൊണ്ടുവരുന്നു, സമ്പത്തിവൾ!1
ദീപ്തിപൂണ്ടഗ്നി പടരുന്നു, ചുറ്റുമേ;
സ്തോത്രങ്ങൾ പാടുന്നു, മേധാവിയാം ജനം;
യാത്രചെയ്വൂ, മഹസ്സാലിരുട്ടുമഘ –
ച്ചാർത്തുമശേഷം മുടിച്ചുഷോദേവിയാൾ!2
കാണപ്പെടുന്നൂ, കിഴക്കുഭാഗത്തിതാ,
കാന്തി പരത്തിപ്പൂലരുമുഷസ്സവൾ:
പെറ്റാൾ, പകലോനെ, യജ്ഞത്തെ,യഗ്നിയെ; –
യറ്റുപോയ്, ദ്രോഹിയും നീചവുമാമിരുൾ!3
ആവിർഭവിച്ചൂ, മഘോനി, വിണ്ണിന്മക; –
ളേവരും കാണ്മൂ, പലരുമുഷസ്സിനെ;
സാധുയുക്തങ്ങളശ്വങ്ങൾ വലിയ്ക്കുന്ന
തേർതന്നിലന്നവും വെച്ചു കരേറിനാൾ!4
അങ്ങനെയിന്നുൾതെളിഞ്ഞു പുകഴ്ത്തുന്നു,
ഞങ്ങൾതൻ കൂട്ടരും, ഹവ്യാഢ്യർ ഞങ്ങളും:
ഉദ്യദുഷസ്സുകളെണ്ണതേപ്പിയ്ക്കുവിൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
കുറിപ്പുകൾ: സൂക്തം 78.

[2] യാത്രചെയ്വൂ – മേല്പോട്ടു പോകുന്നു. അഘച്ചാർത്തും – നമ്മുടെ ദുരിത സമൂഹവും. അശേഷം = മുഴുവൻ.

[3] പെറ്റാൾ – പകലോനും യജ്ഞവും അഗ്നിയും ഉഷസ്സുദിപ്പിന്നുശേഷമാണല്ലോ, വെളിപ്പെടുന്നത്. ദ്രോഹി = ദ്രോഹിയ്ക്കുന്നത്. നീചം = നികൃഷ്ടം.

[4] സാധുയുക്തങ്ങൾ = വഴിപോലെ പൂട്ടപ്പെട്ട. അന്നം – ഞങ്ങൾക്കു തരാൻ.

[5] കൂട്ടർ – ഋത്വിക്കുകൾ. ഹവ്യാഢ്യർ – ഹവിസ്സമ്പന്നർ. ഉദ്യുദുഷസ്സുകൾ = പുലരുന്ന ഉഷസ്സുകളായ നിങ്ങൾ. എണ്ണ തേപ്പിയ്ക്കുവിൻ – ലോകത്തെ, എണ്ണതേപ്പിച്ചതുപോലെ മിന്നിയ്ക്കുവിൻ.

സൂക്തം 79.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഭംഗ്യാ പുലർന്നു ജഗൽപഥ്യയാമുഷ –
സ്സിങ്ങഞ്ചു ജാതിയ്ക്കണർച്ചവരുത്തിനാൾ;
ഭാനുവിൽച്ചെന്നാളൊ,ളി വായ്ച ഗോക്കളാൽ;
വാനൂഴികളെത്തെളിയിച്ചു, സൂര്യനും!1
വാനിനുചുറ്റും പ്രഭ ചേർത്തുഷസ്സുകൾ,
സേനകൾപോലേ തുടങ്ങുന്നു, വിക്രമം:
നീക്കുന്നു, നിൻകതിരല്ലിനെ;ദ്ദീപ്തിയെ
നീട്ടുന്നു, ഭാസ്കരൻ കൈകളെപ്പോലവേ!2
വിണ്ണിന്മകളാമുഷസ്സു മഹേശ്വരി –
യന്നം ചമച്ചാൾ, പുലർന്നു ശുഭത്തിനായ്;
ചെമ്മേ ചരിയ്ക്കും മഘോനിയാം ദേവി സൽ –
ക്കർമ്മശീലന്നരുളുന്നൂ, ധനങ്ങളെ!3
എത്ര നീയേകി,യുഷസ്സേ, പുകഴ്ത്തുവോർ –
ക്ക,ത്ര ധനം നല്ക, വാഴ്ത്തുമെങ്ങൾക്കുമേ:
സ്തോത്രഘോഷംകൊണ്ടറിയപ്പെടുന്ന നീ
പോയ്ത്തുറന്നല്ലോ, ദൃഢാദ്രിതൻ വാതിലും!4
സൂരിയെസ്സൂരിയെ സ്വത്തിന്നിറക്കിയും,
സൂക്തികളെങ്ങൾക്കയച്ചും പുലർന്നു നീ
ശ്രദ്ധവെയ്ക്കേണമേ,ഞങ്ങൾക്കു നല്കുവാൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
കുറിപ്പുകൾ: സൂക്തം 79.

[1] ജഗൽപഥ്യ – പ്രാണികൾക്കെല്ലാം പന്ഥാവിൽ (വഴിയിൽ) ഉപകരിയ്ക്കുന്നവൾ, സഞ്ചാരാനുകൂല. ഗോക്കളാൽ – ചെമന്ന ഗോക്കളാണ്, ഉഷസ്സിന്റെ വാഹനങ്ങൾ എന്ന് അനേകത്ര പ്രസ്താവിച്ചിട്ടുണ്ട്.

[2] വിക്രമം തുടങ്ങുന്നു – തമസ്സിനെ ജയിപ്പാൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[3] ശുഭത്തിനായ് അന്നം ചമച്ചാൾ – വെളിപ്പെടുത്തി.

[4] ദൃഢാദ്രി – പണികൾ ഗോക്കളെ ഭഗാക്കളെ ഒളിപ്പിച്ച ഉറപ്പുള്ള പർവതഗുഹ.

[5] സൂരി – സ്തോതാവ്. സ്വത്തിന്ന് – ധനം നേടാൻ. നല്കുവാൻ – ധനം തരുവാൻ.

സൂക്തം 80.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്തോത്രവാക്യങ്ങൾകൊണ്ടൊ,ന്നാമരായ്നിന്നു
പേർത്തുണർത്തുന്നൂ, വസിഷ്ഠർ, മേധാവികൾ,
അറ്റങ്ങളൊന്നായ വാനൂഴികൾ വിടു –
ർത്തിട്ടു; ലകൊട്ടുക്കു കാട്ടുമുഷസ്സിനെ!1
സ്വീയതേജസ്സാൽ നിഗൂഢതമസ്സറു –
ത്താ യൗവനസ്ഥയുഷസ്സിതാ, വ്യക്തയായ്:
ലാത്തുന്നു, മുന്നിൽ നിർല്ലജ്ജയുവതിയായ്; –
പ്പേർത്തറിയിയ്ക്കുന്നു, യജ്ഞാഗ്നിസൂര്യരെ!2
ഗോവാജിവീരരെ നല്കിയു മംഭസ്സു
തൂവിയു,മെങ്ങും തഴച്ചും, ശുഭകളായ്
നിത്യം പുലരട്ടെ, ഞങ്ങൾക്കുഷസ്സുകൾ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’3
കുറിപ്പുകൾ: സൂക്തം 80.

[1] ഒന്നാമരായ് നിന്നു – മറ്റു യജമാനരെക്കാൾ മുമ്പെ. അറ്റങ്ങളൊന്നായ – അറ്റങ്ങളിൽ ഒട്ടിപ്പിടിച്ചിരുന്ന വിടുർത്തിട്ട് – വേർപെടുത്തി.

[2] യൗവനസ്ഥ = യുവതി. മുന്നിൽ – സൂര്യന്റെ. നിർല്ലജ്ജയുവതിയായ് – ഒരു ലജ്ജയില്ലാത്ത യുവതി ഭർത്താവിന്റെ മുമ്പിൽ ലാത്തുന്നതുപോലെ. യജ്ഞാഗ്നിസൂര്യരെ അറിയിയ്ക്കുന്നു – കർമ്മാരംഭം.

സൂക്തം 81.

വസിഷ്ഠൻ ഋഷി; ബ്രഹതിയും സതോബ്രഹതിയും ഛന്ദസ്സുകൾ; ഉഷസ്സ് ദേവത. (പാന)

പേർത്തെഴുന്നള്ളിവന്നു, വെളിച്ചവും
ചേർത്തുകാണാനായി, വിണ്ണുലകിൻ മകൾ:
കൂരിരിട്ടിനെപ്പോകുന്നു, കാഴ്ചയ്ക്കായ്;
വാരൊളി പരത്തുന്നു, സുനേത്രിയാൾ!1
സൂരനൊപ്പമയയ്ക്കുന്നു രശ്മികൾ;
താരകങ്ങൾക്കു ശോഭയരുളുന്നു.
അർക്കനുമിവിടുന്നും പുലരുമ്പോ –
ളന്നമെങ്ങൾക്കുഷസ്സേ, ലഭിയ്ക്കാവൂ!2
ഭൂരികാമ്യങ്ങൾ കൊണ്ടുവന്ന,ധ്വരി –
യ്ക്കാരരുളുമോ, രത്നവും സൗഖ്യവും;
അമ്മഘോനിയാം നിന്നെയുണർത്താവൂ,
വീണ്മകളാമുഷസ്സേ, ദ്രുതരെങ്ങൾ!3
കൂരിരുൾ മായ്ചു,ണർച്ചയുംകാഴ്ചയും
പാരിനേകമുദാരയാം നിന്നൊടായ്
സ്വത്തിരക്കുന്നു, ഞങ്ങൾ മഹാദേവി;
പുത്രരമ്മയ്ക്കുപോലാക, ഞങ്ങൾ തേ!4
ചിത്രവും ദീർഘകീർത്തികരവുമാം
സ്വത്തുഷസ്സേ, തരിക, വിൺപുത്രി, നീ:
മർത്ത്യഭോഗ്യങ്ങൾ നിൻപക്കലുള്ളവ –
യത്രയും നല്കു – ഞങ്ങൾ ഭൂജിയ്ക്കാവൂ!5
വാഴ്ത്തുമെങ്ങൾക്കു നല്ക; നീയക്ഷയ –
കീർത്തിയും, പാർപ്പിനന്നഗോക്കളെയും;
മേധികൾക്കുണർവേകുന്ന സൂനൃതോ –
പേതയാമുഷസ്സോടിയ്ക്ക, മാറ്റരെ!6
കുറിപ്പുകൾ: സൂക്തം 81.

[1] സുനേത്രി = വഴിപോലെ നയിയ്ക്കുന്നവൾ.

[2] ഒപ്പം – ഒന്നിച്ചുതന്നെ. താരകങ്ങൾ = നക്ഷത്രങ്ങൾ.

[3] ഭൂരികാമ്യങ്ങൾ – സ്പൃഹണീയാങ്ങളായ ബഹുധനങ്ങൾ. അധ്വരി = യജമാന** ദ്രുതർ – ക്ഷിപ്രകാരികൾ.

[4] ഉദാര = ഗാനശീല. ഞങ്ങൾ തേ(ഭവതിയ്ക്കു), പുത്രർ അമ്മയ്ക്കെന്ന പോലെ അരുമപ്പെട്ടവരായിത്തീരട്ടെ.

[6] പാർപ്പിന്ന് = വാസത്തിന്ന്, പൊറുപ്പിന്ന്. ഉത്തരാർദ്ധം പരോക്ഷോക്തി: ***കൾ = യഷ്ടാക്കൾ. സുനൃതോപേത = പ്രിയസത്യവാക്കുകളൊടുകൂടിയവൾ.

സൂക്തം 82.

വസിഷ്ഠൻ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാവരുണന്മാർ ദേവത.

ഇന്ദ്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളുടെ ആളുകൾക്കു യാഗത്തിന്നു വലിയ ഗൃഹം കല്പിച്ചുകൊടുക്കണം; ദീർഘയജ്ഞത്തിലേർപ്പെട്ടവനെ യാവചിലർ ഉപദ്രവിയ്ക്കുമോ, ആ ദുർമ്മതികളെ ഞങ്ങൾ പൊരുതിത്തോല്പിയ്ക്കുമാറാകണം!1

നിങ്ങളിൽ ഒരാൾ സമ്രാട്ടെന്നും, മറ്റാൾ സ്വരാട്ടെന്നും പറയുപ്പെടുന്നു: ഇന്ദ്രാവരുണന്മാരേ, മഹാന്മാരും മഹാധനന്മാരുമാണ്, നിങ്ങൾ. വൃക്ഷാക്കളേ, വലിയ വാനത്തുവെച്ചു ദേവകളെല്ലാവരും ഓജസ്സും ബലവും നിങ്ങളിൽ ചേർത്തിരിയ്ക്കുന്നുവല്ലോ!2

ഇന്ദ്രാവരുണന്മാരെ, നിങ്ങൾ വെള്ളത്തിന്റെ പഴുതുകൾ തുറന്നു; കതിരോനെ കഴിവുള്ളവനാക്കി വാനത്തെയ്ക്കുയച്ചു. വെളിവുണ്ടാക്കുന്നു ഇതിന്റെ മത്തിൽ നിങ്ങൾ നിർജ്ജലനദികളെ നിറയ്ക്കുന്നവിൻ; കർമ്മങ്ങളെ നനയ്ക്കുവിൻ!3

ഇന്ദ്രാവരുണന്മാരേ, നിങ്ങളെത്തന്നെയാണെല്ലോ, ചുമതലക്കാർ പോരുകളിലും പറ്റലർപ്പടകളിലും വിളിയ്ക്കാറുള്ളത്; നിങ്ങളെത്തന്നെയാണല്ലോ, ക്ഷേമലബ്ധിയ്ക്കും മുട്ടുമടക്കി വിളിയ്ക്കാറുള്ളത് സ്തോതാക്കളായ ഞങ്ങളും ദിവ്യഭൗമസമ്പത്തുകളുടെ അധീശ്വരരായ, സുഖാഹ്വാതവ്യരായ നിങ്ങളെത്തന്നെ വിളിയ്ക്കുന്നു.4

ഇന്ദ്രവരുണന്മാരേ, നിങ്ങളാണല്ലോ, ലോകത്തിലെ ഈ ജീവജാലത്തെയെല്ലാം ബലംകൊണ്ടു നിർമ്മിച്ചത്: വരുണനെ മിത്രൻ ക്ഷേമാർത്ഥം സേവിയ്ക്കുന്നു; ഓജസ്വിയായ മറ്റാൾ മരുത്തുക്കളോടൊന്നിച്ചു, ജലം പൊഴിയ്ക്കുന്നു!5

മഹത്തായ ധനത്തിന്നുവേണ്ടി ഇരുവരും ഈ ഇന്ദ്രവരുണർക്കുള്ള തനതായ ശാശ്വതബലത്തെ ഉദ്ദീപിപ്പിയ്ക്കുന്നു: ഒരാൾ സ്തുതിയ്ക്കാത്ത ഹിംസകനെ ഹനിയ്ക്കും; മറ്റാൾ അല്പംകൊണ്ട് അനേകരെ അമർത്തും!6

ഇന്ദ്രാവരുണദേവന്മാരെ, നിങ്ങൾ ആരുടെ യാഗത്തിൽ കാംക്ഷയോടെ എഴുന്നള്ളുമോ, ആ മനുഷ്യന്നു പാപം പറ്റില്ല; ദോഷം വരില്ല; എന്തുകൊണ്ടും സന്താപമുണ്ടാകില്ല. ആ മനുഷ്യനെ ഒരുപദ്രവവും തീണ്ടില്ല!7

നേതാക്കളായ ഇന്ദ്രാവരുണന്മാരേ, നിങ്ങൾക്ക് എങ്കൽ പ്രീതിയുണ്ടെങ്കിൽ, ദിവ്യമായ രക്ഷയുംകൊണ്ട് ഇങ്ങോട്ടു വരുവിൻ; സ്തുതികേൾക്കുവിൻ. യാതൊരു സഖ്യവും ബന്ധുത്വവും നിങ്ങളുടെ പക്കലുണ്ടോ, ആ സുഖസാധനം കല്പിച്ചുതരുവിൻ!8

ആകർഷകബലന്മാരായ ഇന്ദ്രാവരുണന്മാരേ, യുദ്ധത്തിൽ യുദ്ധത്തിൽ നിങ്ങൾ ഞങ്ങളുടെ മുന്നണിപ്പോരാളികളാകണം: നിങ്ങളാണല്ലോ, യുദ്ധത്തിൽ അന്നുമിന്നും നേതാക്കളാൽ വിലിയ്ക്കപ്പെടുന്നത്; അങ്ങനെതന്നേ, പുത്രപൗത്രലാഭത്തിന്നും!9

ഇന്ദ്രനും വരുണനും മിത്രനും ആര്യമവും ഞങ്ങൾക്കു തിളങ്ങുന്ന ധനവും വലിയ വിശാലഗൃഹവും തന്നരുളട്ടെ; യജ്ഞത്തെ വളർത്തുന്ന അദിതിയുടെ തേജസ്സു ദയചെയ്യട്ടെ; ഞങ്ങൾ സവിതാവായ ദേവന്നു സ്തോത്രം ചൊല്ലുന്നു!10

കുറിപ്പുകൾ: സൂക്തം 82.

[1] ആളുകൾ – പുത്രപൗത്രാദികൾ.

[2] ഒരാൾ – വരുണൻ. ബലം – ശേഷി.

[3] കതിരോനെ – രാഹുഗ്രസ്തനായ സൂര്യനെ. കഴിവ് = ത്രാണി. ഇത് – സോമം. നനയ്ക്കുവിൻ – സഫലീകരിയ്ക്കുവിൻ എന്നർത്ഥം.

[4] സുഖാഹ്വാതവ്യർ = സുഖേന വിളിയ്ക്കപ്പെടാവുന്നവർ.

[5] മറ്റാൾ – ഇന്ദ്രൻ.

[6] ഇരുവരും – യജമാനനും പത്നിയും. ഒരാൾ – വരുണൻ. മറ്റാൾ – ഇന്ദ്രൻ. അനേകരെ – വളരെ വൈരികളെ.

[7] കാംക്ഷ – ഹവ്യേച്ഛ.

[9] ആകർഷകബലന്മാർ – എതിരാളികളെ വലിച്ചിഴയ്ക്കുന്ന ബലത്തോടുകൂടിയവർ.

[10] ദയചെയ്യട്ടെ – ഞങ്ങളെ ദ്രോഹിയ്ക്കാതിരിയ്ക്കട്ടെ.

സൂക്തം 83.

ഋഷീച്ഛന്ദോദേവതകൾ മുമ്പേത്തവ.

നേതാക്കളായ ഇന്ദ്രാവരുണന്മാരേ, നിങ്ങളുടെ ബന്ധുത്വവും ഗോലാഭവുമിച്ചിയ്ക്കുന്നവർ വീതിയുള്ള അശ്വപരവുമെടുത്തു കിഴക്കോട്ടു പോകുന്നു. മുടിയ്ക്കുന്നവരും കർമ്മം നടത്തുന്നവരുമായ ഇരുശത്രുക്കളെയും നിങ്ങൾ ഹനിയ്ക്കണം; സുദാസ്സിനെ രക്ഷിയ്ക്കണം!1

യാതൊന്നിൽ ആളുകൾ കൊടി പൊങ്ങിച്ച് ഒത്തുകൂടുമോ, യാതൊന്നിൽ പ്രിയപ്പെട്ടതൊന്നും ഉണ്ടാകില്ലയോ, യാതൊന്നിൽ പ്രാണികളും സ്വർഗ്ഗം കാണുന്നവരും ഭയപ്പെടുമോ; ആ യുദ്ധത്തിൽ, ഇന്ദ്രാവരുണന്മാരേ, നിങ്ങൾ ഞങ്ങളെ പ്രശംസിയ്ക്കണം!2

ഇന്ദ്രാവരുണന്മാരേ, ഭൂമിയുടെ അറ്റങ്ങൾ ഉടയ്ക്കപ്പെട്ടുകാണുകയും, ആർപ്പ് ആകാശത്തു കേറുകയും,ആൾക്കാരുടെ എതിരാളികൾ എന്നോടടുക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ വിളികേട്ടു രക്ഷയുമായി ഇങ്ങോട്ടെഴുന്നള്ളണം!3

ഇന്ദ്രാവരുണന്മാരേ, നിങ്ങൾ എതിരില്ലാത്ത ഭേദനെ കൊലയായുധംകൊണ്ടു വധിച്ചു, സുദാസ്സിനെ രക്ഷിച്ചു. വെല്ലുവിളിയിൽ ഈ തൃത്സുക്കളുടെ സ്തോത്രവും കേട്ടു. അതിനാൽ, എന്റെ പൗരോഹിത്യം ഫലിച്ചു!4

ഇന്ദ്രാവരുണന്മാരേ, ആരാതിയുടെ ആയുധങ്ങളും, എതിർക്കുന്ന ദ്രോഹികളും എന്നെ കഷ്ടപ്പെടുത്തുമ്പോൾ, ആ ദിവസം കടക്കാൻ ഞങ്ങളെ നിങ്ങൾ കാത്തരുളണം: രണ്ടു സമ്പത്തിന്റെയും തമ്പുരാന്മാരാണല്ലോ, നിങ്ങൾ!5

എവയിൽ പത്തരചന്മാരാൽ പരിപീഡിതനായ സുദാസ്സിനെയും തൃത്സുക്കളെയും നിങ്ങൾ സംരക്ഷിച്ചുവോ; ആ യുദ്ധങ്ങളിൽ ഇരുകൂട്ടരും ധനലബ്ധിയ്ക്കു് ഇന്ദ്രവരുണന്മാരായ നിങ്ങളെയാണ് വിളിച്ചതു്.6

ഇന്ദ്രാവരുണന്മാരേ, യജ്ഞവിഹീനരായ പത്തു രാജാക്കന്മാർ ഒത്തൊരുമിച്ചിട്ടും സുദാസ്സിനോടു പൊരുതിയില്ലല്ലോ: നേതാക്കളായ ഋത്വിക്കുകളുടെ സ്തുതി സഫലമായി; അവരുടെ യാഗങ്ങളിൽ ദേവകൾ സംബന്ധിച്ചുപോന്നു!7

ഇന്ദ്രാവരുണന്മാരേ, പത്തരചന്മാരാൽ എമ്പാടും പരിവൃതനായ സുദാസ്സിനെ നിങ്ങൾ പ്രബലനാക്കി: അവിടെ, നിർമ്മലരും ജടാധാരികളും കർമ്മികളുമായ തൃത്സുക്കൾ ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും പരിചരിച്ചിരുന്നുവല്ലോ!8

ഇന്ദ്രാവരുണന്മാരേ,ഒരാൾ ശത്രുക്കളെ യുദ്ധത്തിൽ കൊല്ലും; മറ്റാൾ സദാ കർമ്മങ്ങളെ സംരക്ഷിയ്ക്കും. വൃഷാക്കളേ, ആ നിങ്ങളെ ഞങ്ങൾ വഴിപോലെ സ്തുതിച്ചു വിളിയ്ക്കുന്നു; നിങ്ങൾ ഞങ്ങൾക്കു സുഖം വരുത്തിയാലും!9

ഇന്ദ്രനും വരുണനും മിത്രനും ആര്യമാവും ഞങ്ങൾക്കു തിളങ്ങുന്ന ധനവും വലിയ വിശാലഗൃഹവും തന്നരുളട്ടെ; യജ്ഞത്തെ വളർത്തുന്ന ആദിതിയുടെ തേജസ്സ് ദയചെയ്യട്ടെ; ഞങ്ങൾ സവിതാവായ ദേവന്നു സ്തോത്രം ചൊല്ലുന്നു!10

കുറിപ്പുകൾ: സൂക്തം 83.

[1] ഇച്ഛിയ്ക്കുന്നവർ – യജമാനന്മാർ. അശ്വപരശു – കുതിരയെല്ലുകൊണ്ടുള്ള ഒരുതരം അരിവാൾ. പോകുന്നു – യാഗത്തിന്നു ദർഭ കൊയ്തുകൊണ്ടുവരാൻ. സുദാസ്സിനെ – ഈ രാജാവിന്റെ പുരോഹിതനത്രേ, വസിഷ്ഠൻ.

[2] സ്വർഗ്ഗം കാണുന്നവർ – യുദ്ധത്തിൽ ഹിതരായി സ്വർഗ്ഗം പ്രാപിയ്ക്കുന്നവർ, വീരന്മാർ. പ്രശംസിയ്ക്കണം – വീര്യം കൂടുവാൻ.

[3] ഉടയ്ക്കപ്പെട്ടു – സൈനികരാൽ. ആൾക്കാൾ – എന്റെ ഭടന്മാർ.

[4] ഭേദൻ – സുദാസ്സിന്റെ ഒരു ശത്രു. വെല്ലുവിളി – യുദ്ധം. തൃത്സുക്കളും വസിഷ്ഠശിഷ്യരത്രേ.

[5] അരാതി = ശത്രു. രണ്ടു – ദിവ്യവും ഭൗമവുമായ.

[6] ഇരുകൂട്ടരും – സുദ്ദാസ്സും, കൂട്ടുകാരായ തൃത്സുക്കളും.

[7] പൊരുതിയില്ലല്ലോ – പൊരുതാൻ ശക്തരായില്ലല്ലോ.

[9] ഒരാൾ – ഇന്ദ്രൻ. മറ്റാൾ – വരുണൻ.

സൂക്തം 84.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവരുണന്മാർ ദേവത.

തമ്പുരാന്മാരേ, ഇന്ദ്രാവരുണന്മാരെ, നിങ്ങളെ ഞാൻ ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും യാഗത്തിൽ കൊണ്ടുവരാം: കയ്യിലെടുത്ത ജൂഹു വിവിധരൂപരായ നിങ്ങളുടെ അടുക്കലെയ്ക്കു സ്വയം നടകൊള്ളുന്നു!1

നിങ്ങളുടെ വലിയ രാജ്യമായ സ്വർഗ്ഗം പ്രീതികരമായിരുന്നു. കയറില്ലാക്കെട്ടിൽ കുടുക്കുന്നവരാണല്ലോ, നിങ്ങൾ: വരുണന്റെ അരിശം ഞങ്ങളിലേശരുത്; ഇന്ദ്രനും ഞങ്ങൾക്കു വിശാലമായ ലോകം കല്പിയ്ക്കട്ടെ!2

നിങ്ങൾ ഞങ്ങളുടെ ഗൃഹങ്ങളിലെ യജ്ഞം ശോഭനമാക്കുവിൻ; സൂരികളുടെ സ്തോത്രങ്ങൾക്കു മേന്മ വരുത്തുവിൻ. ദേവന്മാർ അയച്ച സമ്പത്തു ഞങ്ങളിലെത്തട്ടെ. നിങ്ങൾ സ്പുഹണീയങ്ങളായ രക്ഷകൾ കൊണ്ടു ഞങ്ങളെ തഴപ്പിയ്ക്കണം!3

ഇന്ദ്രാവരുണന്മാരേ, നിങ്ങൾ ഞങ്ങൾക്കു സർവരേണ്യമായ സമ്പത്തും, പാർപ്പിടവും, ധാരാളം അന്നവും തരുമാറാകണം: അദിതി പുത്രനായ ശൂരൻ അസത്യശീലരെ ഹനിയ്ക്കും; (സ്തോതാക്കൾക്കോ,) വളരെ ധനം നല്കും!4

ഞാൻ അയയ്ക്കുന്ന ഈ സ്തുതി ഇന്ദ്രങ്കലും വരുണങ്കിലുമെത്തട്ടെ; പുത്രപൗത്രന്മാരെ പുലർത്തട്ടെ. ഞങ്ങൾ നല്ല രത്നങ്ങൾ നേടി, യാഗം കഴിയ്ക്കുമാറാകണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 84.

[2] പ്രീതികരം – മഴകൊണ്ട് എല്ലാവരെയും പ്രീണിപ്പിയ്ക്കുന്നത്. കയറില്ലാക്കെട്ട് – രോഗവും മാറ്റും. കുടുക്കുന്നവർ – പാപികളെ.

[3] ദേവന്മാർ – നിങ്ങളിരുവരും.

[4] ശൂരൻ – വരുണൻ.

സൂക്തം 85.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്രാവരുണന്മാരേ, ഞാൻ നിങ്ങൾക്കു സോമം ഹോമിച്ച്, ഉഷാദേവിയെപ്പോലെ ഉജ്ജ്വലിയ്ക്കുന്നതും, രക്ഷസ്സുകൾ തീണ്ടിയിട്ടില്ലാത്തതുമായ സ്തുതി വെടുപ്പിൽ ചൊല്ലുന്നു: അവരിരുവരും യുദ്ധയാത്രയിൽ ഞങ്ങളെ രക്ഷിയ്ക്കട്ടെ!1

ഇന്ദ്രാവരുണന്മാരേ, ഈ വെല്ലുവിളിയിൽ ശത്രുക്കൾ മത്സരിയ്ക്കുമല്ലോ: കൊടിക്കൂറകളിൽ ആയുധങ്ങൾ വന്നുവീഴുമ്പോൾ, നിങ്ങൾ അവരെ, പിന്തിരിപ്പിയ്ക്കുകയും അങ്ങിങ്ങു പായുകയും ചെയ്യുമാറു, കൊലയായുധം കൊണ്ടു പരിക്കേല്പിയ്ക്കണം!2

സ്വയം പുകഴ്‌ന്ന, തിളങ്ങുന്ന തണ്ണീരുകൾ ഇന്ദ്രനും വരുണനുമാകുന്ന ദേവതകളെ യാഗശാലകളിലിരുത്തുന്നു: ഒരാൾ മനുഷ്യരെ വേറുതിരിച്ചുനിർത്തും; മറ്റാൾ എതിരില്ലാത്ത വൈരികളെ വധിയ്ക്കും!3

അദിതിപുത്രന്മാരേ, ആർ ബലവാന്മാരായ നിങ്ങളെ വണങ്ങുമോ, ആ സുകർമ്മാവായ ഹോതാവിന്നു തണ്ണീർ കിട്ടും; യാതൊരു ഹവിഷ്മാൻ നിങ്ങളെ തർപ്പണത്തിന്നു വരുത്തുമോ, അവൻ അന്നയുക്തനായി സൽഫലം നേടും!4

ഞാൻ അയയ്ക്കുന്ന ഈ സ്തുതി ഇന്ദ്രങ്കലും വരുണങ്കലുമെത്തട്ടെ; പുത്രപൗത്രന്മാരെ പുലർത്തട്ടെ. ഞങ്ങൾ നല്ല രത്നങ്ങൾ നേടി, യാഗം കഴിയ്ക്കുമാറാകണം. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 85.

[1] ഒടുവിലെ വാക്യം പരോക്ഷം: അവർ – ഇന്ദ്രവരുണർ.

[3] തണ്ണീരുകൾ – സോമരസങ്ങൾ. ഒരാൾ – വരുണൻ. മനുഷ്യരെ – പുണ്യവാന്മാരെയും പാപികളെയും. മറ്റാൾ – ഇന്ദ്രൻ.

സൂക്തം 86.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; വരുണൻ ദേവത.

മഹത്വംകൊണ്ടു ചിക്കെന്നു ധീരങ്ങളാകും. ഇദ്ദേഹത്തിന്റെ ജനനങ്ങൾ: ഇദ്ദേഹം വാരുറ്റ വാനൂഴികൾ ഉറപ്പിച്ചു; വലിയ സൂര്യനെയും നക്ഷത്രത്തെയും രണ്ടായി കാണിമാറേർപ്പെടുത്തി; പാരിനെ പരത്തി!1

ഞാൻ സ്വശരീരംകൊണ്ടു സംബന്ധിയ്ക്കുമോ? എന്നു ഞാൻ വരുണന്റെ മനസ്സിൽ പതിയും? എന്റെ ഹവിസ്സ് അരിശപ്പെടാതെ കൈക്കൊള്ളുമോ? സുഖപ്രദനെ എന്നു ഞാൻ മനംതെളിഞ്ഞു കണ്ടെത്തും?2

വരുണ, കാണാൻ കൊതിയ്ക്കുന്ന ഞാൻ ആ പാപം (എന്തെന്നു) ചോദിയ്ക്കുന്നു. ചോദിപ്പാനായി ഞാൻ വിദ്വാന്മാരുടെ അടുക്കൽ പോവുകയുണ്ടായി; അ ക്രാന്തദർശികൾ ഒരേമട്ടിലാണ്, എന്നോടു പറഞ്ഞത്: – ‘ഈ വരുണൻ ഭവാനിൽ ക്രുദ്ധനായിരിയ്ക്കുന്നു!’3

വരുണ, എന്തൊരു മഹാപരാധം ഞാൻ ചെയ്തുപോയി, സ്തോതാവായ സഖാവിനെ ഹനിപ്പാൻ അവിടെയ്ക്കു തോന്നത്തക്കവിധം? ദുർദ്ധർഷ, തേജസ്വിൻ, അതെന്നോടരുളിച്ചെയ്താലും: ഞാൻ സത്വരം പാപം പോക്കി, നമസ്സോടേ അങ്ങയെ സമീപിയ്ക്കാം.4

തമ്പുരാനേ, അങ്ങ് പൈതൃകങ്ങളായ ദ്രോഹങ്ങൾ മോചിപ്പിച്ചാലും; ഞങ്ങൾ ദേഹംകൊണ്ടു ചെയ്തുപോയവയും മോചിപ്പിച്ചാലും; മാടുകളെ തീറ്റാൻതുടങ്ങിയ കള്ളനെയെന്നപോലെയും, കയറിൽ നിന്നു കന്നിനെയെന്നപോലെയും വസിഷ്ഠനെ മോചിപ്പിച്ചാലും!5

വരുണ, അതു സ്വന്തം ബലമല്ല, ദൈവഗതിയത്രേ: അതു മദ്യമാണ്, ക്രോധമാണ്, ചൂതുകളിയാണ്, അജ്ഞാനമാണ് അനുജന്റെ അടുക്കൽ ഒരു ജ്യേഷ്ഠനുണ്ട് സ്വപ്നംപോലും പാപജനകമായേയ്ക്കും!6

ഞാൻ അനപരാധനായിട്ടു, വൃഷാവും ഭരിയ്ക്കുന്നവനുമായ ദേവനെ, ഒരു ദാസൻപോലെ തികച്ചും പരിചരിയ്ക്കുമാറാകണം: സ്വാമിയായ ദേവൻ അജ്ഞരെ വിജ്ഞരാക്കട്ടെ; മികച്ച കവി സ്തോതാവിനെ ധനപ്രാപ്തിയ്ക്കിറക്കട്ടെ!7

അന്നയുക്തനായ വരുണ, അങ്ങയ്ക്കുള്ള ഈ സ്തോത്രം തിരുവുള്ളത്തിൽ വഴിപോലെ പതിയട്ടെ: ഞങ്ങൾക്കു ക്ഷേമത്തിൽ ശാന്തിവരട്ടെ; ഞങ്ങൾക്കു യോഗത്തിലും ശാന്തി വരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8

കുറിപ്പുകൾ: സൂക്തം 86.

[1] ഇദ്ദേഹം – വരുണൻ.

[2] സംബന്ധിയ്ക്കുമോ – വരുണനോട്. സുഖപ്രദനെ – സുഖം തരുന്ന വരുണനെ.

[3] ആ പാപം – ഭവാന്നു ക്രോധം തോന്നത്തക്കവണ്ണം ഞാൻ ചെയ്ത പാപം.

[4] സഖാവിനെ – എന്നെ.

[5] പൈതൃകങ്ങളായ – പിതാക്കന്മാർ ചെയ്തൂപോയവയായ. മാടുകളെ തീറ്റാൻ തുടങ്ങിയ കള്ളൻ – കട്ടതിന്നു പ്രായശ്ചിത്തം ചെയ്തിട്ടു, പശുക്കളെ രക്ഷിപ്പാൻ മുതിർന്ന ചോരൻ.

[6] ദൈവഗതിയിലാണ്, മനുഷ്യൻ ചെയ്യുന്നത്, സ്വന്തം ബലത്താലല്ല: അതു – ദൈവഗതി. അനുജന്റെ (അല്പനായ മനുഷ്യന്റെ) അടുക്കൽ ഒരു ജ്യേഷ്ഠൻ, ഈശ്വരൻ ഉണ്ട്. സ്വപ്നത്തിൽ ചെയ്തതും പാപമായിത്തീർന്നേയ്ക്കും; അപ്പോൾ, ജാഗ്രത്തിൽ ചെയ്തതു പറയാനുണ്ടോ?

[7] ദേവനെ – വരുണനെ. അജ്ഞരെ – ഞങ്ങളെ. കവി – പ്രാജ്ഞനായ വരുണൻ.

[8] ക്ഷേമം – ലബ്ധരക്ഷണം. ശാന്തി – ഉപദ്രവമില്ലായ്മ. യോഗം – അലബ്ധലാഭം. നിങ്ങൾ – വരുണാദികളായ ദേവന്മാർ.

സൂക്തം 87.

ഋഷിച്ഛന്ദോ ദേവതകൾ മുമ്പേത്തവ.

വരുണൻ സൂര്യന്നു വഴി വെട്ടി; അന്തരിക്ഷത്തിലെ അംഭസ്സുകൾ നദികൾക്കയച്ചു; വിമുക്തമായ ഒരു കുതിര ബഡബകളിലെയ്ക്കെന്നപോലെ പാഞ്ഞുപോകാനൊരുങ്ങിയിട്ടു, വലിയ രാത്രികളെ പകലുകളിൽനിന്നു വേർതിരിച്ചു!1

വരുണ, അങ്ങയുടെയായ വായു പ്രാണനാകുന്നു; വൃഷ്ടികർത്താവാകുന്നു; തീറ്റ കിട്ടിയ മാടുപോലെ, ചേർന്നു ഭാരം വഹിയ്ക്കുന്നവനാകുന്നു. ഈ വലിയ, മികച്ച വാനൂഴികൾക്കിടയിൽ അങ്ങയുടെ എല്ലാ സ്ഥാനങ്ങളും പ്രീതികരങ്ങൾതന്നെ!2

വരുണന്റെ പ്രേക്ഷിതരായ പ്രശസ്തചാരന്മാർ വടിവൊത്തവാനൂഴികളെ നോക്കിപ്പോരുന്നു; കർമ്മയുക്തരും യജ്ഞസക്തരും പ്രകൃഷ്ടജ്ഞാനരും കവികളുമായ യാവചിലർ സ്തോത്രമയയ്ക്കുന്നുവോ അവരെയും!3

വരുണൻ ബുദ്ധിമാനായ എന്നോടരുളിച്ചെയ്തു:- ‘ഇരുപത്തൊന്നു പേരുകളുണ്ട്, ഗോവിന്ന്’ സ്ഥാനത്തിന്റെ രഹസ്യങ്ങളും അറിവുറ്റ ആ മേധാവി തക്ക അന്തേവാസിയായ എനിയ്ക്കുപദേശിച്ചുതന്നു!4

മൂന്നു വിണ്ണുകൾ വരുണനിൽ വെച്ചിരിയ്ക്കുന്നു; ആറവസ്ഥകളോടുകൂടിയ മൂന്നു ഭൂമികളും പാകിയിരിയ്ക്കുന്നു. ആ സ്തുത്യനായ തമ്പുരാനാണ്, അന്തരിക്ഷത്തിൽ ശോഭയ്ക്കായി ഈയൊരു പൊന്നുഴിഞ്ഞാലുമിട്ടത്!5

സൂര്യനൊത്തെ വരുണനാണ്, സമുദ്രത്തെ നിയന്ത്രിച്ചത്: നീർത്തുള്ളിപോലെ ധവളവർണ്ണനും, ഗൗരവമൃഗം പോലെ ബലവാനും, ഗഭീരസ്തോത്രനും, ഉദകനിർമ്മാതാവും, മറുകരയണയ്ക്കുന്ന സമ്പത്തുള്ളവനും, ഇക്കാണുന്നതിന്റെ അരചനുമാകുന്നു, തന്തിരുവടി!6

അപരാധം ചെയ്തവങ്കലും അവിടുന്നു കനിഞ്ഞരുളും: ഞങ്ങൾ വരുണങ്കൽ അനപരാധരായി, ആ അദീനന്നുള്ള കർമ്മങ്ങൾ കൈവളർത്തുമാറാകണം; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 87.

[1] ഒടുവിലെ വാക്യത്തിൽ, അസ്തമിയ്ക്കുന്ന സൂര്യനെത്തന്നെയാണ്, വരുണനെന്നു പ്രതിപാദിച്ചിരിയ്ക്കുന്നത്. അസ്തമയസൂര്യനാണല്ലോ, രാത്രികളെ ജനിപ്പിയ്ക്കുന്നത്. പാഞ്ഞുപോകാൻ – അസ്തംഗമിപ്പാൻ.

[3] വാനൂഴികളെ – വാനൂഴികളിലെ സുകൃതി – പാപികളെ.

[4] ഗോശബ്ദത്തിന്നു പയ്യ് എന്നും, വാക്ക് എന്നും, ഭൂമി എന്നും അർത്ഥമെടുക്കാം; മൂന്നിന്നുമാണ്ടത്രേ, ഇരുപത്തൊന്നു പര്യായപദങ്ങൾ. സ്ഥനം – ബ്രഹ്മലോകം.

[5] മൂന്നുവിണ്ണുകൾ – ഉത്തമം, മധ്യമം,അധമം. ആറവസ്ഥകൾ – വസന്താദിഷഡ്യതുജന്യങ്ങൾ. പാകിയിരിയ്ക്കുന്നു – വരുണനിൽ. പൊന്നുഴിഞ്ഞാൽ – ഇരുദിക്കുകളെ സ്പർശിയ്ക്കുന്ന സൂര്യൻ.

[6] ഗഭീരസ്തോത്രൻ – ആളുകളാൽ കേമമായി സ്തുതിയ്ക്കപ്പെടുന്നവൻ. മറുകര – ദുഃഖത്തിന്റെ. ഇക്കാണുന്നതിന്റെ – ജഗത്തിന്റെ.

സൂക്തം 88.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യജനീയനും സഹസ്രധനനും വർഷകനുമായ ഈ മഹാനെ ആർ നമുക്കഭിമുഖനാക്കിന്നുവോ; ആ വൃഷ്ടാവായ വരുണന്നു പ്രിയതരമായ ഒരു പരിശുദ്ധസ്തോത്രം വസിഷ്ഠ, നീ അയച്ചാലും!1

ഇപ്പോൾ ഈ വരുണന്റെ ദർശനം ലഭിപ്പാൻ ഞാൻ അഗ്നിയുടെ സൈന്യത്തെ സ്തുതിയ്ക്കാം: അവിടുന്ന് അമ്മിമേലുള്ള സുഖകരമായ അന്നും പെരികെ പാനംചെയ്യുമ്പോൾ, തിരുവുടൽ എനിയ്ക്കു കാണുമാറാക്കുമല്ലോ!2

വരുണനും ഞാനും ഒരു തോണിയിൽ കേറും; സമുദ്രമധ്യത്തിലെയ്ക്കു തുഴയും; വെള്ളത്തിന്നുമീതെ വള്ളങ്ങളിൽ സഞ്ചരിയ്ക്കും. അപ്പോൾ ഞങ്ങൾ അഴകിന്നായി ഊഞ്ഞാലാടുകയാവും!3

വരുണൻ വസിഷ്ഠനെ തോണിയിൽ കേറ്റി; ഋഷിയെ തേജസ്സുകൊണ്ടു സുകർമ്മാവാക്കി; പോകുന്ന പകലുകളെയും പോകുന്ന രാത്രികളെയും പരത്തുന്ന മേധാവി സുദിനലബ്ധിയ്ക്കു സ്തോതാവുമാക്കി!4

വരുണ, നമ്മുടെ സംഖ്യം എവിടെപ്പോയി? നാം പണ്ടേത്തെ അഹിംസ്യമായ അതിനോടു ചേരുക. അന്നയുക്ത, ഞാൻ വലുതും കണക്കുവെച്ചിട്ടുള്ളതും ഒരായിരം വാതിലുള്ളതുമായ അങ്ങയുടെ ഗൃഹമണയട്ടെ!5

വരുണ, എന്നെന്നും ബന്ധുവായ യാവനൊരുത്തൻ പ്രിയവനായിരിയ്ക്കെ, അങ്ങയ്ക്കു് അപരാധം ചെയ്തുപോയോ, അവൻ സഖാവായിത്തീരട്ടെ: യജനീയ, അങ്ങയുടെ ഞങ്ങൾ പാപസഹിതരായി (ഭോഗം) ഭുജിയ്ക്കരുത്. മേധാവിയായ സ്തോതാവിന്നു നല്ല ഗൃഹം തന്നാലും!6

ഈ സ്ഥിരഭൂമികളിൽ നിവസിയ്ക്കുന്ന ഞങ്ങൾ അങ്ങയെ (സ്തുതിയ്ക്കുന്നു): വരുണൻ ഞങ്ങളിൽനിന്നു കയർ അഴിച്ചുകളയും; അങ്ങനെ ഞങ്ങൾ ഭൂമിയുടെ മടിയിൽ നിന്നു രക്ഷണം നേടട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 88.

[1] ഋഷി തന്നോടുതന്നെ പറയുന്നു: ഈ മഹാനെ – സൂര്യനെ.

[2] സൈന്യം – ജ്വാലാസംഘം. അവിടുന്ന് – വരുണൻ. അന്നം – സോമരസം. കാണുമാറാക്കുമല്ലോ – അഗ്നിജ്വാലകളുടെ വെളിച്ചത്തിൽ.

[3] വരുണൻ പ്രസാദിച്ചാൽ: ഊഞ്ഞാലാടുകയാവും – നിമ്നോന്നതങ്ങളായ തിരകളാൽ.

[4] വരുണൻ പ്രസാദിച്ചു: പരത്തുന്ന മേധാവി – സൂര്യരൂപനായ വരുണൻ. സ്തോതാവുമാക്കി – വരുണനെ സ്തുതിയ്ക്കുന്നവന്നു ദിവസങ്ങൾ സുദിനങ്ങളാവും.

[5] അതിനോടു – സഖ്യത്തോടു. കണക്കു – പ്രാണികളുടെയെല്ലാം.

[6] ബന്ധു ഔരസപുത്രൻ. അവൻ – വസിഷ്ഠൻ. സഖാവായിത്തീരട്ടെ – എന്റെ അപരാധം അങ്ങ് ക്ഷമിച്ചാലുമെന്നു ധ്വനി. സ്തോതാവിനു – എനിയ്ക്ക്.

[7] ഈ ഋക്ക് ബന്ധുമുക്തികരമത്രേ; ഇതു രാത്രിയിൽ ജപിയ്ക്കുന്നവന്നു പിശാചുബാധയുണ്ടാകില്ല.

സൂക്തം 89.

വസിഷ്ഠൻ ഋഷി; ഗായത്രിയും ജഗതിയും ഛന്ദസ്സുകൾ; വരുണൻ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

മൺപുരയിലല്ലൂ,ർജ്ജസ്വിൻ,
പൊമ്പുരയിൽപ്പൂകേണം, ഞാൻ:
അൻപുകൊൾക, സുഖം നല്ക,
തമ്പുരാനേ, വരുണ, നീ!1
കാറ്റാൽ വീർത്ത തോല്ക്കുടംപോ –
ലേറ്റം വിറച്ചെത്തുമെങ്കൽ
അൻപുകൊൾക, സുഖം നല്ക,
ശുഭദ്ബല, സായുധ, നീ!2
പൂതാത്മാവേ,ശേഷികേടാൽ –
ച്ചെയ്തുപോയേന,കൃത്യം ഞാൻ;
അൻപുകൊൾക, സുഖം നല്ക,
സമ്പദ്യുത, സുബല, നീ!3
പാഥോധിമധ്യത്തിൽ മേവും
സ്തോതാവിന്നു ദാഹം വായ്പൂ:
അൻപുകൊൾക, സുഖം നല്ക,
ശുഭദ്ബല, തിരുവടി!4
ഏതോ കുറ്റമമർത്ത്യരിൽ –
ച്ചെയ്തിരിയ്ക്കാം, മർത്ത്യരെങ്ങൾ;
വന്മൗഢ്യത്താൽ വരുണ, നിൻ
ധർമ്മമുപേക്ഷിച്ചിരിയ്ക്കാം.
അത്തെറ്റിനാലെങ്ങളെ നീ –
യത്തൽപ്പെടുത്തൊല്ലേ, ദേവ!5
കുറിപ്പുകൾ: സൂക്തം 89.

[1] ഊർജ്ജസ്വീൻ = ബലവാനേ.

[2] വിറച്ച് – വരുണഭയത്താൽ. ശുഭദ്ബല – ശോഭിയ്ക്കുന്ന ബലമുള്ളവനേ.

[4] സ്തോതാവിന്നു – ഭവനെ സ്തുതിയ്ക്കുന്ന എനിയ്ക്കു്.

സൂക്തം 90.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വായു ദേവത.

വായോ, വീരനായ ഭവാന്നു വിശുദ്ധവും മധുരവുമായ നീർ അധ്വര്യക്കൾ നല്ക്കന്നു: ഭവാൻ നിയുത്തുക്കളെ പൂട്ടുക, ഇങ്ങോട്ടു വരിക; പിഴിയപ്പെട്ട സോമം മത്തിന്നായി കുടിയ്ക്കുക!1

വായോ, ഈശ്വരനായ നിന്തിരുവടിയ്ക്കു മികച്ച ആഹുതിയും, വിശുദ്ധപായിൻ, നിന്തിരുവടിയ്ക്കു വിശുദ്ധമായ സോമവും ആർ അർപ്പിയ്ക്കുമോ, അവനെ നിന്തിരുവടി മനുഷ്യരിൽ മീതെയാക്കും; അവൻ ചെന്നേടത്തൊക്കെ വേണ്ടതു നേടും!2

ഈ ദ്യോവാപൃഥിവികൾ ധനത്തിന്നായി ആരെ ജനിപ്പിയ്ക്കുന്നുവോ, ആ ദേവനെ ദേവിയായ സ്തുതി ധനത്തിന്നായി പ്രേരിപ്പിയ്ക്കും. അപ്പോൾ തന്റെ നിയുത്തുക്കൾ വറുതിയിൽ വിത്തം കൊടുക്കുന്ന ശ്വേതവർണ്ണനായ വായുവിന്റെ അടുക്കലെത്തും!3

അവർക്കു പരിശുദ്ധകളായ ഉഷസ്സുകൾ സുദിനങ്ങളായി പുലർന്നു; അവർ തേജസ്വികളായിത്തീർന്നു, മഹത്തായ ജ്യോതിസ്സിനെ കണ്ടെത്തി; ആ കാമയമാനന്മാർ ഗോധനത്തെ നേടി; പണ്ടേത്തെ പാഥസ്സുകൾ അവരെ അനുഗമിച്ചു!4

ഇന്ദ്രവായുക്കളേ, യഥാർത്ഥസ്തോത്രത്തോടും സ്വകർമ്മത്തോടും കൂടിയ തേജശ്വികൾ ഈശ്വരന്മാരായ നിങ്ങളുടെ വീരവാഹ്യമായ പള്ളിത്തേർ വലിയ്ക്കുന്നു; അന്നങ്ങളും അർപ്പിയ്ക്കുന്നു!5

ഇന്ദ്രവായുക്കളേ, യാവചില പ്രഭുക്കന്മാർ ഞങ്ങൾക്കു ഗവാശ്വധനങ്ങളും കനകങ്ങളൂം തരുമോ, ആ സൂരികൾ യുദ്ധങ്ങളിൽ കുതിരകളോടും വീരന്മാരോടുമൊന്നിച്ചു, വിപുലമായ അന്നം കീഴടക്കുമാറാകണം.6

അന്നമിരക്കുന്ന, ബാലേച്ഛുക്കളായ, കുതിരകൾപോലെയുള്ള ഞങ്ങൾ, വസിഷ്ഠർ, നല്ല രക്ഷയ്ക്കുവേണ്ടി, ഇന്ദ്രവായുക്കളെ ശോഭനസ്തുതികൾകൊണ്ടു വിളിയ്ക്കാം: നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 90.

[1] നീർ – സോമരസം.

[2] വേണ്ടതു – ധനം.

[3] ആ ദേവനെ – വായുവിനെ. ദേവി – ഉജ്ജ്വല. അടുക്കലെത്തും – അദ്ദേഹത്തെ നമ്മുടെ യാഗത്തിന്നു കൊണ്ടുപോരാൻ.

[4] അവർ – വായുവിനെ സ്തുതിച്ച അംഗിരസ്സുകൾ. സുദിനങ്ങളായി – സുദിനഹേതുക്കളായി. ജ്യോതിസ്സിനെ – സൂര്യനെ. ഗോധനത്തെ – പണികളാൽ അപഹൃതകളായ ഗോക്കളെ. പാഥസ്സുകൾ = ജലങ്ങൾ. അനുഗമിച്ചു – അവർക്കധീനങ്ങളായി. മറച്ചുനിന്ന അസുരനെ വായു ഹനിച്ചതിനാൽ, അംഗിരസ്സുകൾക്ക് ഉഷസ്സ്, വെളിച്ചം, വെള്ളം എന്നിവ വീണ്ടുകിട്ടി.

[5] തേജസ്വികൾ – യജമാനർ. വീരവാഹ്യം – വീര്യമുള്ള അശ്വങ്ങളാൽ വഹിയ്ക്കപ്പെടേണ്ടുന്നത്. വലിയ്ക്കുന്നു – സ്വസ്വയജ്ഞത്തിലെയ്ക്കു കൊണ്ടുപോരുന്നു. അന്നങ്ങളും അർപ്പിയ്ക്കുന്നു – യജ്ഞത്തിൽ ഹവിസ്സുകൾ നിങ്ങൾക്കു നിവേദിയ്കുകയും ചെയ്യുന്നു.

[6] അന്നം – ശത്രുക്കളുടെ.

[7] കുതിരകൾപോലെയുള്ള – ഹവിസ്സു ചുമക്കുന്നവരായ. നിങ്ങൾ – വായുപ്രഭൃതികളായ ദേവന്മാർ.

സൂക്തം 91.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പണ്ടു യാവചില സ്തോതൃവൃദ്ധന്മാർ പലവുരു പെട്ടെന്നു ചെയ്ത നമസ്സുകൊണ്ടു നിരവദ്യരായിത്തീർന്നുവോ, അവർ ആളുകളുടെ ആ പന്നിവൃത്തിയ്ക്കു വായുവിനെ (യജിപ്പാൻ) ഉഷസ്സിനെയും സൂര്യനെയും ഉദിപ്പിച്ചു!1

ഇന്ദ്രവായുക്കളേ, കാമയമാനരും ഗമനശീലരും രക്ഷിതാക്കളുമായ നിങ്ങൾ ഉപദ്രവിയ്ക്കരുത്; മാസങ്ങളിലും വളരെ സംവത്സരങ്ങളിലും രക്ഷിച്ചരുളണം. ശോഭനമായ സ്തുതി നിങ്ങളിലണഞ്ഞു, സുഖവും പുതിയ സമ്പാദ്യവും യാചിയ്ക്കുന്നു.2

നിയുത്സേവ്യനായ, ധവളവർണ്ണനായ മേധാവി ധാരാളം അന്നമുള്ള ധനവൃദ്ധന്മാരിൽ സംബന്ധിക്കുന്നു. ആ നേതാക്കൾ ഒരേ മനസ്സോടെ വായുവിനെ (യജിപ്പാൻ) നിലകൊള്ളുന്നു – ഉന്നതിയ്ക്കുതകുന്നതൊക്കെ ചെയ്യുന്നു.3

ഇന്ദ്രവായുക്കളേ, തിരുവുടലിന്നു വേഗം എത്രയുണ്ടോ, ബലം എത്രയുണ്ടോ, ജ്ഞാനംകൊണ്ടുജ്ജ്വലിയ്ക്കുന്ന നേതാക്കൾ എത്രയുണ്ടോ; അത്രയ്ക്കു വിശുദ്ധസോമം വിശുദ്ധപായികളായ നിങ്ങൾ പാനംചെയ്യുവിൻ, ഞങ്ങളുടെ ഈ ദർഭയിലിരിയ്ക്കുവിൻ!4

ഇന്ദ്രവായുക്കളേ, സ്പൃഹണീയമാംവണ്ണം സ്തുതുയ്ക്കപ്പെടുന്ന നിയുത്തുക്കളെ ഒരേതേരിനു പൂട്ടി, നിങ്ങൾ ഇങ്ങോട്ടു വന്നാലും: ഇതാ, നിങ്ങൾക്കു മധുവിന്റെ അഗ്രഭാഗം കൊണ്ടുവന്നിരിയ്ക്കുന്നു; ഇതിനാൽ പ്രീതിപൂണ്ടു, ഞങ്ങളെ മോചിപ്പിയ്ക്കുവിൻ!5

ഇന്ദ്രവായുക്കളേ, വിശ്വവരേണ്യകളായ നിയുത്തുക്കൾ നൂറുമായിരവുമുണ്ടല്ലോ, നിങ്ങളുടെ അടുക്കൽ; നല്ല ധനം നല്കുന്ന അവയിലൂടെ നിങ്ങൾ ഇങ്ങോട്ടെഴുന്നള്ളുവിൻ. നേതാക്കളേ, കൊണ്ടുവരപ്പെട്ട മധു നുകരുവിൻ!6

അന്നമിരക്കുന്ന, ബലേച്ഛുക്കളായ, കുതിരകൾപോലെയുള്ള ഞങ്ങൾ, വസിഷ്ഠർ, നല്ല രക്ഷയ്ക്കുവേണ്ടി, ഇന്ദ്രവായുക്കളെ ശോഭനസ്തുതികൾകൊണ്ടു വിളിയ്ക്കാം. നിങ്ങൾ ‘സ്വസ്തിയാൽപ്പലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 7

കുറിപ്പുകൾ: സൂക്തം 91.

[1] നമസ്സ് = നമസ്കാരമോ, സ്തോത്രമോ. ഉദിപ്പിച്ചു – പ്രഭാതത്തിലാണല്ലോ, വായുയജനം.

[2] സ്തുതി – ഞങ്ങളുടെ. സമ്പാദ്യം = സമ്പാദിക്കേണ്ടത്, ധനം.

[3] മേധാവി – വായു. ധനവൃദ്ധന്മാർ – വലിയ പണക്കാർ.

[4] വിശുദ്ധപായികൾ – വിശുദ്ധപായികൾ – വിശുദ്ധമായ സോമം കുടിയ്ക്കുന്നവർ.

[5] മധു – മധുരസോമം. അഗ്രഭാഗം ഒന്നാമത്തെപ്പാത്രം. മോചിപ്പിയ്ക്കുവിൻ – പാപത്തിൽനിന്ന്.

സൂക്തം 92.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വിശുദ്ധപായിയായ വായോ, അങ്ങ് ഞങ്ങളുടെ അടുക്കൽ വന്നാലും: വിശ്വവരേണ്യ, ഒരായിരമുണ്ടല്ലോ, അങ്ങയ്ക്കു നിയുത്തുക്കൾ. മദകരമായ അന്നം അങ്ങയ്ക്കു പകർന്നുവെച്ചിരിയ്ക്കുന്നു: ദേവ, അവിടുന്നാണല്ലോ, ആദ്യം കുടിപ്പാൻ!1

യജ്ഞങ്ങളിൽ വെമ്പലോടെ പിഴിയുന്നവൻ സോമം ഇന്ദ്രന്നും വായുവിന്നും കുടിപ്പാൻ കൊണ്ടുവെച്ചിരിയ്ക്കുന്നു: നിങ്ങളിരുവർക്കുമാണല്ലോ, മധുവിന്റെ പ്രഥമഭാഗം ദേവകാമരായ അധ്വർയ്യുക്കൾ ചമച്ചൊരുക്കാറുള്ളത്.2

വായോ, അവിടുന്നു നിയുത്തുക്കളിലൂടെ, ശാലയിലിരിയ്ക്കുന്ന ഹവിർദ്ദാതാവിന്റെ അടുക്കൽ യാഗത്തിന്നെഴുന്നള്ളാറുണ്ടല്ലോ: നല്ല അന്നത്തോടുകൂടിയ ധനം ഞങ്ങൾക്കു തരിക; പുത്രൻ, ഗവാശ്വസമ്പത്ത് എന്നിവയും തരിക!3

യാവചിലർ വായുവിനെയും ഇന്ദ്രനെയും സംതൃപ്തിപ്പെടുത്തുന്നുവോ, ജാഗതം ചൊല്ലി ശത്രുവിനെ സംഹരിയ്ക്കുന്നുവോ; ആ സ്തോതാക്കളോടുകൂടി ഞങ്ങൾ യുദ്ധത്തിൽ ശത്രുഭടന്മാരെ ആൾക്കാരെക്കൊണ്ടു കീഴമർത്തിച്ചു വൈരികളെ വധിയ്ക്കുമാറാകണം!4

വായോ, അങ്ങ് നൂറുമായിരവും നിയുത്തുക്കളിലൂടെ, ഞങ്ങളുടെ ഹിംസാരഹിതമായ യാഗത്തിൽ വന്നുചേർന്നാലും; ഈ സവനത്തിൽ മത്തു പൂണ്ടാലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5

കുറിപ്പുകൾ: സൂക്തം 92.

[1] അന്നം – സോമം.

[2] മധു – മധുരസോമം.

[4] ജാഗതം – ജഗതീച്ഛന്ദാസ്സിലുള്ള സാമസൂക്തം.

സൂക്തം 93.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.

ശത്രുഹന്താക്കളായ ഇന്ദ്രാഗ്നികളേ, ഒരു പരിശുദ്ധമായ പുതുസ്തോത്രം നിങ്ങൾ ഇപ്പോൾ വെക്കം കേൾക്കണം: സുഖാഹ്വാതവ്യരായ നിങ്ങളിരുവരെയും ഞാൻ പേർത്തുപേർത്തു വിളിയ്ക്കുന്നുണ്ടല്ലോ. ആ നിങ്ങൾ കാമയമാനന്ന് അപ്പോൾത്തന്നെ ബലം നല്കുവിൻ.1

ഒപ്പം വളർന്ന, കെല്പുകൊണ്ടു തഴയ്ക്കുന്ന, സേവനീയരായ നിങ്ങൾ ഒരു ബലം തന്നെയായിരുന്നുവല്ലോ; ധനത്തിന്റെയും വളരെ ഭോജ്യത്തിന്റെയും ഉടമസ്ഥരായ നിങ്ങൾ ധർഷകമായ അന്നം ധാരാളം തന്നരുളുവിൻ!2

യാവചില ഹവിഷ്മാന്മാരായ മേധാവികൾ തിരുവുള്ളമിച്ഛിച്ചു, ബുദ്ധിയാൽ യാഗത്തിലേർപ്പെടുന്നുവോ; അ നേതാക്കന്മാർ, കുതിരകൾ പോർക്കളത്തിലെന്നപോലെ പെരുമാറി, ഇന്ദ്രാഗ്നികളെ പേർത്തുപേർത്തു വിളിയ്ക്കുന്നു.3

ഇന്ദ്രാഗ്നികളേ, തിരുവുള്ളമിച്ഛിയ്ക്കുന്ന മേധാവി, മുമ്പുതന്നേ നേടേണ്ടിയിരുന്ന പുകഴ്‌ന്ന സമ്പത്തിനായി സ്തുതികൾ പാടുന്നു: വൃത്രഘ്നരേ, വജ്രികളേ, നിങ്ങൾ പുതിയ ധനങ്ങൾകൊണ്ടു് ഞങ്ങളെ തഴപ്പിച്ചാലും!4

തമ്മിൽ ആർത്തലറി, ദേഹബലത്താൽ മത്സരിച്ചു പൊരുതുന്ന പെരിയ ഇരുകൂട്ടരെന്നപോലെ, നിങ്ങൾ അദേവകാമന്മാരെ ദേവകാമന്മാരെക്കൊണ്ടും, സോമം പിഴിയാത്തവരെ പിഴിഞ്ഞവരെക്കൊണ്ടും യുദ്ധത്തിൽ കൊല്ലിയ്ക്കണം!5

ഇന്ദ്രാഗ്നികളേ, ഞങ്ങളുടെ ഈ പിഴിഞ്ഞ സോമത്തിന്നുതന്നേ നിങ്ങൾ മാനം തെളിയുമാറു് വന്നെത്തിയാലും; ഞങ്ങളെ വെടിയരുതേ! നിങ്ങളെ ഞാൻ വളരെ അന്നങ്ങൾകൊണ്ടു് ഇങ്ങോട്ടു വരുത്തുന്നു.6

അഗ്നേ, അങ്ങ് ഈ ഹവിസ്സുകൊണ്ടുജ്ജ്വലിച്ചിട്ടു, മിത്രനോടും വരുണനോടും ഇന്ദ്രനോടും പറയണം: ഞങ്ങൾ എങ്ങാനും പിഴചെയ്തുപോയിട്ടുണ്ടെങ്കിൽ, അതിൽനിന്നു ഭവാൻ വഴിപോലെ രക്ഷിയ്ക്കണം; അതു് അര്യമാവു്, അദിതി എന്നിവരും വിടുർത്തട്ടെ!7

അഗ്നേ, ഈ യജ്ഞങ്ങൾ ശീഘ്രം അനുഷ്ഠിയ്ക്കുന്ന ഞങ്ങൾ നിങ്ങളിൽനിന്ന് അന്നങ്ങൾ ഒപ്പം നേടുമാറാകണം: ഇന്ദ്രനും വിഷ്ണുവും മരുത്തുക്കളും ഞങ്ങളെ ത്യജിച്ചേയ്ക്കരുത് നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8

കുറിപ്പുകൾ: സൂക്തം 93.

[1] കാമയമാനൻ – യജമാനൻ.

[2] ഒരു ബലം – ശത്രുനാശനമായ ശക്തി. ധർഷകം – ശത്രുക്കളെ ആക്രമിയ്ക്കുന്നതു്.

[3] തിരുവുള്ളം—ഇന്ദ്രാഗ്നിപ്രസാദം.

[4] മേധാവി – വസിഷ്ഠൻ, ഞാൻ.

[5] ഇരുകൂട്ടരെന്നപോലെ – രണ്ടു സൈന്യങ്ങളിൽ അശക്തരെ ശക്തർപോലെ.

[6] അന്നങ്ങൾ – ഹവിസ്സുകൾ.

[7] പറയണം – ‘ഇയ്യാൾ നമ്മുടെ ആളാണു്, രക്ഷണീയനാണെ’ന്നു്. അതു് – പിഴ.

സൂക്തം 94.

വസിഷ്ഠൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (‘താമരക്കണ്ണൻ’പോലെ.)

ഇന്ദ്രാഗ്നികളേ, നിങ്ങളെക്കുറി –
ച്ചുന്നതസ്തോത്രമൊന്നിതാ,
ഇന്നുതിമാങ്കൽനിന്നുണ്ടായ്, കാറിൽ –
നിന്നൊരു മഴപോലവേ.1
നാഥന്മാർ നിങ്ങളിന്ദ്രാഗ്നികളേ,
സ്തോതാവിൻ വിളി കേൾക്കുവിൻ;
ആദരിയ്ക്കുവിൻ സ്തോത്രവും; ഫലോ –
പേതമാക്കുവിൻ, കർമ്മത്തെ!2
ഇന്ദ്രാഗ്നികളേ, നേതാക്കന്മാരേ,
നിന്ദയ്ക്കോ, നീചവൃത്തിയ്ക്കോ,
പൊല്ലാപ്പുപേശലിന്നോ കീഴ്പെടു –
ത്തൊല്ലേ, ഭവാന്മാരെങ്ങളെ!3
ഇന്ദ്രന്നുമെങ്ങളഗ്നിയ്ക്കുമയ –
യ്ക്കുന്നു, വമ്പിച്ച ഹവ്യവും,
സുഷ്ഠുസ്തോത്രവും, കർമ്മവും, ദോഷാ –
സ്പൃഷ്ടമാം വാക്കും രക്ഷയ്ക്കായ്.4
ആ രണ്ടുപേരെയേവം പുകഴ്ത്തി –
പ്പോരുന്നുണ്ടല്ലോ, ധീമാന്മാർ
അന്യോന്യം തിക്കിനിന്നനേകംപേ –
രന്നലബ്ധിയ്ക്കും രക്ഷയ്ക്കും!5
അബ്ഭവാന്മാരെയാഹ്വാനംചെയ്വൂ,
കല്പിതാന്നരായ് സ്തോത്രത്താൽ,
അധ്വരാപ്തിയ്ക്കുമർത്ഥലബ്ധിയ്ക്കും
സ്തുത്യഭിരതന്മാരെങ്ങൾ.6
ഇന്ദ്രാഗ്നികളേ, മാറ്റാരെയമ –
ർത്തുന്നവർ നിങ്ങളെങ്ങൾക്കായ്
അന്നവും കൊണ്ടുവന്നാലും; ദുഷ്പേർ
തുന്നുവോനേശൊല്ലെ,ങ്ങളിൽ!7
ഏതൊരു ശത്രുമാനുഷന്റെയും
ബാധ ഞങ്ങളെത്തീണ്ടൊല്ലേ:
ഇന്ദ്രാഗ്നികളേ, നിങ്ങൾ ഞങ്ങൾക്കു
തന്നരുളേണം, സൗഖ്യത്തെ!8
പൊൻനിര, തുരംഗങ്ങൾ, ഗോവുക –
ളെന്നിവ ചേരും സ്വത്തെങ്ങൾ
ഇന്ദ്രാഗ്നികളേ, നിങ്ങളോടർത്ഥി –
യ്ക്കുന്നതെങ്ങൾക്കു കിട്ടാവൂ!9
സോമം പിഴിഞ്ഞുവെച്ചു, സപര്യാ –
കാമരാകിയ നേതാക്കൾ
ആഹ്വാനംചെയ്യുന്നുണ്ടല്ലോ, പ്രശ –
സ്താശ്വരാമിന്ദ്രാഗ്നികളെ.10
ഉക്ഥങ്ങളാലും സ്തോത്രങ്ങളാലു –
മുദ്ഘോഷവിശേഷത്താലും
സേവിയ്ക്കപ്പെടുന്നുണ്ടല്ലോ, ഹർഷം
താവുമീ വൃത്രഹന്താക്കൾ.11
ദുർവാദി, കെല്പൻ, കയ്യേറിത്തിന്മോൻ,
ദുർവിജ്ഞ – നിമ്മട്ടുള്ളോനെ
തച്ചുടയ്ക്കുവിന,സ്ത്രത്താൽ നിങ്ങൾ –
തച്ചുടയ്ക്കുവിൻ, കുംഭത്തെ!12
കുറിപ്പുകൾ: സൂക്തം 94.

[1] ഇന്നുതിമാൻ = ഈ സ്തോതാവ്, വസിഷ്ഠൻ.

[2] ഫലോപേതം = ഫലത്തോടു ചേർന്നതു്.

[3] നീചവൃത്തി = നികൃഷ്ടത.

[4] വാക്കു്—സ്തുതി.

[6] കല്പിതാന്നരായ് – ഹവിസ്സൊരുക്കി. അധ്വാരാപ്തി = യജ്ഞസിദ്ധി. അർത്ഥലബ്ധി = ധനലാഭം. സ്തുത്യഭിരതന്മാർ = സ്തുതിതൽപരന്മാർ.

[7] ദുഷ്പേർ തുന്നുവോൻ – ദോഷം ചുമത്തുന്നവൻ. ഏശൊല്ല – കീഴടക്കാൻ ശക്തനാകരുതു്.

[9] തുരംഗങ്ങൾ = കുതിരകൾ.

[10] സപര്യാകാമർ = പരിചരണതൽപരന്മാർ. നേതാക്കൾ – ഋത്വിക്കുകൾ. പ്രശസ്താശ്വർ – നല്ല കുതിരകളുള്ളവർ.

[11] ഉദ്ഘോഷവിശേഷം – മറ്റു സ്തോത്രഘോഷം. വൃത്രഹന്താക്കൾ – ശത്രുക്കളെ കൊല്ലുന്ന ഇന്ദ്രാഗ്നികൾ.

[12] ദുർവാദി – ദോഷം ചുമത്തുന്നവൻ. കെല്പൻ – കെല്പുമൂലം ഉപദ്രവിയ്ക്കുന്നവൻ. ദുർവിജ്ഞൻ – ദുർവിനീതൻ. അസ്ത്രം – ആയുധം. കുംഭത്തെ തച്ചുടയ്ക്കുവിൻ – കുടം തച്ചുടയ്ക്കുന്നതുപോലെ, ദുഷ്ടനെ നശിപ്പിയ്ക്കുവിൻ.

സൂക്തം 95.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; സരസ്വതി ദേവത.

ഒരിരിമ്പുപുരിപോലെ ധാരയിത്രിയായ ഈ സരസ്വതീനദിധാരകമായ തണ്ണീരോടേ പ്രവഹിയ്ക്കുന്നു – മഹിമാവുകൊണ്ടു മറ്റാപഗകളെയെല്ലാം അടിപെടുത്തി, ഒരു തേർവീഥിപോലെ നടകൊള്ളുന്നു.1

നദികളിൽവെച്ചു വിശുദ്ധയായി, മലകളിൽനിന്നു സമുദ്രംവരെ ഗമിയ്ക്കുന്ന, അനേകജീവജാലത്തിന്നു സമ്പത്തരുളുന്ന, ഏകയായ സരസ്വതി ശരിയ്ക്കറിഞ്ഞു, നാഹുഷന്നു പാലും നെയ്യും ചുരത്തിക്കൊടുത്തു!2

മനുഷ്യഹിതനായി വൃഷാവായി വർഷിതാവായ യാതൊരു ശിശുയജനീയകളായ യോഷിത്തുകളുടെ ഇടയിൽ വളരുന്നുവോ, അവൻ ഹവിർദ്ധനന്മാർക്കു ബലവാനെ കൊടുക്കുന്നു; നേട്ടത്തിന്നായി ശരീരം തോർത്തിത്തുടയ്ക്കുന്നു!3

നമസ്കരണീയർ മുട്ടിമടക്കി ചെല്ലുന്ന, നിത്യധനയായ, സഖികളെക്കാൾ മീതെയായ, ആ സുഭഗയായ സരസ്വതി ഈ യജ്ഞത്തിൽ നമ്മുടെ (സ്തോത്രം) പ്രീതിയോടെ കേട്ടരുളട്ടെ!4

സരസ്വതി, ഞങ്ങൾ ഇവ ഹോമിച്ചു ഭവതിയെ നമസ്കരിയ്ക്കുന്നു: ഭവതി സ്തോത്രം കേട്ടാലും. ഞങ്ങൾ ഭവതിയുടെ പ്രിയതരമായ സുഖത്തിലിരുത്തപ്പെട്ട്, ഒരാശ്രയവൃക്ഷത്തെയന്നപോലെ (ഭവതിയെ) സേവിയ്ക്കുമാറാകണം!5

സുഭഗേ, സരസ്വതി, ഇതാ, വസിഷ്ഠൻ ഭവതിയുടെ യജ്ഞത്തിന്റെ ഇരുവാതിലുകൾ തുറക്കുന്നു: ശൂഭ്രവർണ്ണേ, വർദ്ധിച്ചാലും; സ്തോതാവിന്നു് അന്നം തന്നാലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങവളെ!6

കുറിപ്പുകൾ: സൂക്തം 95.

[1] ധാരയിത്രി = ധരിയ്ക്കുന്നവൾ, ഭാരവാഹിനി. ആപഗകൾ = നദികൾ. തേർവീഥിപോലെ—വിശാലയായി.

[2] ആയിരംകൊല്ലത്തെയ്ക്കു് ഒരു യാഗം തുടങ്ങിയ നാഹുഷനെന്ന രാജാവിനാൽ പ്രാർത്ഥിതയായ സരസ്വതീനദി അദ്ദേഹത്തിന്ന് ആ കാലത്തെയ്ക്കു വേണ്ടുവോളം പാലും നെയ്യും കൊടുത്തു. ഇതാണു്, ഈ ഋക്കിൽ പറയുന്നതു്: അറിഞ്ഞ് – പ്രാർത്ഥനയറിഞ്ഞ്.

[3] സരസ്വാൻ എന്ന മധ്യസ്ഥാനവായുവിനെപ്പറ്റി: വർഷിതാവു് = അഭീഷ്ടവർഷി. ശിശു – ജനനസമയത്തു കൃശനായി കാണപ്പെടുന്ന സരസ്വാൻ. യോഷിത്തുകൾ – സ്വപത്നിമാരായ തണ്ണീരുകൾ. ബലവാനെ – ബലവാനായ പുത്രനെ. നേട്ടം – ധനാർജ്ജനം. ശരീരം – ഹവിർദ്ധനന്മാരുടെ, യജമാനരുടെ ദേഹം. തോർത്തിത്തുടയ്ക്കുന്നു – വെടുപ്പും കെല്പുമുള്ളതാക്കുന്നു എന്നു സാരം; എന്നാലല്ലേ, ധനാർജ്ജനത്തിന്നു ശേഷിയുണ്ടാകൂ?

[4] നമസ്കരണീയർ – ദേവന്മാർ. മുട്ടുമടക്കി ചെല്ലുന്ന – ദേവന്മാർപോലും വണങ്ങിക്കൊണ്ടു് സമീപിയ്ക്കുന്ന; വന്ദ്യർക്കും വന്ദനീയ എന്നർത്ഥം. സഖികൾ – മറ്റുനദികൾ.

[5] ഇവ – ഹവിസ്സുകൾ. ഒരാശ്രയവൃക്ഷത്തെ – പക്ഷികളെന്നപോലെ.

[6] തുറക്കുന്നു – യജ്ഞം ആവിഷ്കരിക്കുന്നു എന്നർത്ഥം. സ്തോതാവിന്ന് – എനിയ്ക്കു്. നിങ്ങൾ – സരസ്വതിയും മറ്റു നദികളും.

സൂക്തം 96.

വസിഷ്ഠൻ ഋഷി; ബൃഹസ്പതിയും സതോബൃഹതിയും പ്രസ്താരപംക്തിയും ഗായത്രിയും ഛന്ദസ്സുകൾ; സരസ്വതിയും സരസ്വാനും ദേവത.

വസിഷ്ഠ, നദികളിൽവെച്ചു ബലവതിയെക്കുറിച്ചു് നീ വലിയ സ്തോത്രം പാടുന്നുണ്ടല്ലോ. വാനൂഴികളിൽ വാഴുന്ന സരസ്വതിയെത്തന്നേ നീ നല്ല സ്തുതികൾകൊണ്ടു പൂജിച്ചുകൊള്ളുക!1

ശുഭ്രവർണ്ണേ, നിന്തിരുവടിയുടെ മഹിമാവിനാലാണല്ലോ, മനുഷ്യർക്ക് ഇരുതരം അന്നങ്ങൾ കിട്ടുന്നതു് ആ മരുത്സഖയായ നിന്തിരുവടി ഞങ്ങളെ രക്ഷിച്ചാലും; ഹവിഷ്മാന്മാർക്കു് ധനം തന്നാലും!2

മംഗളയായ സരസ്വതി മംഗളംതന്നേ വരുത്തട്ടെ: നന്ദിത ഗമനയായ അന്നവതി സ്തോത്രം കേട്ടരുളട്ടെ; ജമദഗ്നിയാലെന്നപോലെ പുകഴ്ത്തപ്പെടുന്ന തന്തിരുവടി വസിഷ്ഠന്നനുരൂപമാംവണ്ണം സ്തുതിയ്ക്കപ്പെടുകയും ചെയ്യട്ടെ!3

പത്നിയെയും പുത്രന്മാരെയും ഇച്ഛിയ്ക്കുന്ന ഞങ്ങൾ ഇന്നു ശോഭനദാനരായി സമീപിച്ചു സരസ്വാനേ വിളിച്ചുകൊള്ളുന്നു.4

സരസ്വാനേ, മഴ പെയ്യുന്നവയാണല്ലോ, അങ്ങയുടെ മധുരജലങ്ങൾ; അവകൊണ്ടു ഭവാൻ ഞങ്ങളെ രക്ഷിച്ചാലും!5

സരസ്വാന്റെ സർവദർശനീയമായ തടിച്ച സ്തനത്തെ ഞങ്ങൾ ആസ്വാദിയ്ക്കുമാറാകണം; സന്തതി, അന്നം എന്നിവയെയും!6

കുറിപ്പുകൾ: സൂക്തം 96.

[1] വസിഷ്ഠൻ തന്നോടുതന്നേ പറയുന്നു:

[2] ഇരുതരം – ദിവ്യവും ഭൗമവുമായ. മരുത്സഖ = മരുത്തുക്കൾ (മധ്യമസ്ഥാനദേവകൾ) ആകുന്ന സഖാക്കളോടുകൂടിയവൾ.

[3] പുകഴ്ത്തപ്പെടുന്ന – വസിഷ്ഠനാൽ.

[6] സ്തനം – മേഘം, മഴ, സന്തതി, അന്നം എന്നിവയെ സരസ്വാൻ തന്നരുളട്ടെ.

സൂക്തം 97.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രനും ഇന്ദ്രാബ്രഹ്മണസ്പതികളും ഇന്ദ്രാബൃഹസ്പതികളും ബൃഹസ്പതിയും ദേവത.

യാതൊന്നിൽ ദേവകാമന്മാരായ നേതാക്കൾ ഇമ്പംകൊള്ളുന്നുവോ; യാതൊന്നിൽ സോമം ഇന്ദ്രന്നായി പിഴിയുന്നുവോ; ഭൂമിയുടെ നേതൃസദനമായ ആ യജ്ഞത്തിൽ മത്തുപിടിപ്പാൻ (ഇന്ദ്രൻ) സ്വർഗ്ഗത്തിൽനിന്നു മുമ്പേ വന്നെത്തട്ടെ, പള്ളിക്കുതിരകളും!1

സഖാക്കളേ, നമുക്കു ദിവ്യങ്ങളായ രക്ഷകൾ വരിയ്ക്കാം: ബൃഹസ്പതി നമ്മുടെ (ഹവിസ്സു) കൈക്കൊള്ളും. ദൂരത്തുനിന്നു (കൊണ്ടുവന്നു്) അച്ഛൻപോലെ നമുക്കു തരുന്ന ആ വൃഷാവിന്ന് അനപരാധരായിത്തീരണം, നമ്മൾ!2

ആ മികച്ച, ശോഭനസുഖനായ ബ്രഹ്മണസ്പതിയെത്തന്നെ നമസ്സോടും ഹവിസ്സോടുംകൂടി ഞാൻ സ്തുതിയ്ക്കുന്നു. ദേവാർഹമായ സ്തോത്രം മഹാനായ ഇന്ദ്രങ്കലെത്തട്ടെ: സ്തോതാക്കന്മാരുടെ മന്ത്രത്തിന്റെ അരചനാണല്ലോ, അവിടുന്നു!3

വിശ്വവരേണ്യനായ, ഏറ്റവും പ്രിയപ്പെട്ട ബൃഹസ്പതി നമ്മുടെ വേദിമേൽ വന്നിരിയ്ക്കട്ടെ: അവിടുന്നു ധനത്തിലും നല്ല വീര്യത്തിലുമുള്ള അഭിലാഷം നിറവേറ്റട്ടെ; ഉപദ്രവമിയന്ന നമ്മെ നിർബാധരാക്കി മറുകരയണയ്ക്കട്ടെ!4

ആ ജീവനപര്യാപ്തമായ അന്നം നമുക്കു് ഈ പുരാതനരായ ദേവന്മാർ തരുമാറാകണം: പരിശുദ്ധസ്തോത്രനും, ഗൃഹികൾക്കു യജനീയനും, നിസ്സപത്നനുമായ ബൃഹസ്പതിയെ നാം വിളിയ്ക്കുക!5

ആ പാർപ്പിടവും തറവാടുമുള്ള ബലവാനായ ബൃഹസ്പതിയെ, കരുത്തും കാന്തിയും – സൂര്യന്നൊപ്പം വിളങ്ങുന്ന വടിവും – പൂണ്ടു് ഒപ്പം വലിയ്ക്കുന്ന കുതിരകൾ കൊണ്ടുവരട്ടെ!6

ആ ബൃഹസ്പതി പവിത്രനും പാവനനുമാകുന്നു; അവിടുന്നു് കനകായുധനും, ഗമനശീലനും, സ്വർഗ്ഗസ്ഥനുമാകുന്നു; നല്ല പാർപ്പിടമുള്ള ആ ദർശനീയൻ സഖാക്കൾക്കു വളരെ അന്നം കല്പിച്ചുകൊടുക്കും!7

അമ്മമാരായ ദ്യാവാപൃഥിവീദേവികളാൽ വളർത്തപ്പെട്ടവനാകുന്നു, മഹാനായ ബൃഹസ്പതി: സഖാക്കളേ, നിങ്ങളും ഈ വർദ്ധനീയനായ ദേവനെ വർദ്ധിപ്പിച്ചാലും; മികച്ച അന്നത്തിനായി, സുഖേന ഇറങ്ങാവുന്നവയും സുഖേന കടക്കാവുന്നവയുമായ ജലങ്ങൾ അദ്ദേഹം തരും!8

ബ്രഹ്മണസ്പതേ, ഇതാ, നിങ്ങൾക്ക് – അങ്ങയ്ക്കും വജ്രപാണിയായ ഇന്ദ്രനും – ഒരു ശോഭനമായ മന്ത്രസ്തോത്രം രചിയ്ക്കപ്പെട്ടു: നിങ്ങൾ കർമ്മങ്ങൾ രക്ഷിയ്ക്കുവിൻ; വളരെ സ്തവങ്ങൾ ചെവിക്കൊള്ളുവിൻ; സേവകരോടെറ്റടുക്കുന്ന വൈരികളെ നശിപ്പിയ്ക്കുവിൻ!9

ബൃഹസ്പതേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിലും മന്നിലുമുള്ള സമ്പത്തിന്റെ ഉടമസ്ഥരാണല്ലോ:പുകഴ്ത്തുന്ന സ്തോതാവിന്നു ധനം തരുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’10

കുറിപ്പുകൾ: സൂക്തം 97.

[1] നേതൃസദനം – നേതാക്കളുടെ മേളനസ്ഥലം; നേതാക്കൾ – ഋത്വിക്കുകൾ.

[2] സ്തോതാക്കളോടു്: തരുന്ന – ധനം.

[3] അവിടുന്നു് – ഇന്ദ്രനോ, ബ്രഹ്മണസ്പതിയോ.

[4] അഭിലാഷം – നമ്മുടെ. മറുകര – ശത്രുക്കളുടെ അപ്പുറം.

[5] ആ – പുകഴ്‌ന്ന.

[8] വർദ്ധിപ്പിച്ചാലും – സ്തുതികൾകൊണ്ടു വളർത്തിയാലും.

[9] കർമ്മങ്ങൾ – ഞങ്ങളുടെ. സേവകരോടു് – ഞങ്ങളോടു്.

സൂക്തം 98.

വസിഷ്ഠൻ ഋഷി; തൃഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രനും ഇന്ദ്രാബൃഹസ്പതികളും ദേവത.

അധ്വര്യുക്കളേ, ജനങ്ങളിൽവെച്ചു ശ്രേഷ്ഠനായ ഇന്ദ്രന്നു നിങ്ങൾ തിളങ്ങുന്ന സോമനീർ ഹോമിയ്ക്കുവിൻ: ദൂരസ്ഥമായ പേയവും ഗൗരമൃഗത്തെക്കാളേറെ അറിയുന്ന തന്തിരുവടി എപ്പോഴും സോമം പിഴിയുന്നവനെത്തേടിച്ചെല്ലും!1

ഇന്ദ്ര, ഭവാൻ മുമ്പു യാതൊരു ശോഭനാന്നം തിരുവയറ്റിലാക്കിപ്പോന്നുവോ, അതു നാളിൽ നാളിൽ കുടിപ്പാൻ അങ്ങ് കാംക്ഷിക്കുന്നുണ്ടല്ലോ; കാമയമാനനായ ഭവാൻ ഹൃദയംകൊണ്ടും മനസ്സുകൊണ്ടും സ്വീകരിച്ചു, കൊണ്ടുവന്നുവെയ്ക്കപ്പെട്ടിട്ടുള്ള സോമം കുടിച്ചാലും!2

ഇന്ദ്ര, അവിടുന്നു ജനിച്ചപ്പോൾത്തന്നെ കെല്പിന്നായി സോമം നുകർന്നു: അമ്മ പറകയുണ്ടായി, അങ്ങയുടെ മഹത്വം. അങ്ങ് വിശാലമായ അന്തരിക്ഷം നിറച്ചു; യുദ്ധംകൊണ്ടു ദേവന്മാർക്കു ധനമുണ്ടാക്കി!3

ഇന്ദ്ര, അവിടുന്നു് വലിയ ഊറ്റക്കാരോടു് പൊരുതിയ്ക്കുകയാണെങ്കിൽ, ഞങ്ങൾ കൈക്കൊണ്ടുതന്നെ ആ ഹിംസകരെ അമർത്തും; അതല്ലാ, നേതാക്കളാൽ പരിവൃതനായി ഭവാൻതന്നെ പൊരുതുകയാണെങ്കിൽ, നല്ല യശസ്സുളവാക്കുന്ന ആ യുദ്ധത്തിൽ ഞങ്ങൾ ഭവാനാൽ വിജയം നേടും!4

ഇന്ദ്രൻ പണ്ടു ചെയ്തവയും, മഘവാവിന്റെ നൂതനകർമ്മങ്ങളും ഞാൻ വർണ്ണിച്ചു. അദ്ദേഹം അസുരമായകളെ അമർത്തി; അതോടേ സോമം അവിടെയ്ക്കു കൂടുതലായി!5

ഇന്ദ്ര, അങ്ങയുടെതന്നെയാണു്, പ്രാണിഹിതമായ ഈ ലോകമെല്ലാം: അവിടുന്നു സൂര്യതേജസ്സുകൊണ്ടു നോക്കിപ്പോരുന്നു. അവിടുന്നൊരാളാണു്, ഗോപതി – സർവഗോക്കളുടേയും പതി; അവിടുന്നു ഞങ്ങൾക്കു ധനം തരുമാറാകണം!6

ബൃഹസ്പതേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിലും മന്നിലുമുള്ള സമ്പത്തിന്റെ ഉടമസ്ഥരാണല്ലോ: പുകഴ്ത്തുന്ന സ്തോതാവിന്നു ധനം തരുവിൻ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 98.

[3] അമ്മ പറകയുണ്ടായി – മുൻമണ്ഡലങ്ങളിലുണ്ടു്. നിറച്ചു – സ്വതേജസ്സുകൊണ്ട്. യുദ്ധംകൊണ്ട് – ശത്രുക്കളെ ജയിച്ചു്.

[4] നേതാക്കൾ – മരുത്തുക്കൾ. ഭവാനാൽ – ഭവാന്റെ സാഹായ്യത്താൽ.

[5] കൂടുതലായി – സോമത്തോടു് അസാധാരണസംബന്ധമുളവായി.

[6] നോക്കിപ്പോരുന്നു – ലോകത്തെ.

സൂക്തം 99.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിഷ്ണുവും ഇന്ദ്രാവിഷ്ണുക്കളും ദേവത.

കണക്കിൽക്കവിഞ്ഞ തിരുമൈവളർച്ച പൂണ്ടവനേ, വിഷ്ണോ, അങ്ങയുടെ മഹിമാവു് അളക്കാവുന്നതല്ല: അങ്ങയുടെ രണ്ടു ലോകമേ – പൃഥിവിയും അന്തരിക്ഷവുമേ – ഞങ്ങൾ അറിഞ്ഞിട്ടുള്ളൂ; ദേവ, അപ്പുറം അങ്ങയ്ക്കേ അറിഞ്ഞുകൂടു!1

ദേവ, വിഷ്ണോ, നിന്തിരുവടിയുടെ മഹിമാവിന്റെ അകന്ന അറ്റം ജനിയ്ക്കുന്നവനോ ജനിച്ചവനോ കണ്ടെത്തില്ല: നിന്തിരുവടി ദർശനീയമായ വലിയ വിണ്ണുലകം ഉയർത്തിയുറപ്പിച്ചു; ഭൂമിയുടെ കിഴക്കേദ്ദിക്കും തങ്ങിനിർത്തി!2

മനുഷ്യന്നു കൊടുപ്പാൻ അന്നങ്ങളെയും ഗോക്കളെയും നല്ല പുല്ലുകളെയും വഹിച്ചുപോന്ന ഈ വാനൂഴികളെ വിഷ്ണോ, അവിടുന്നു് ഇരുമട്ടിൽ താങ്ങി നിർത്തി; മന്നിനെ എമ്പാടും മലകൾകൊണ്ടുറപ്പിച്ചു!3

നേതാക്കളേ, നിങ്ങൾ സൂര്യനെയും ഉഷസ്സിനെയും അഗ്നിയെയും വെളിപ്പെടുത്തി, യഷ്ടാവിന്നു മഹത്തായ ലോകം കല്പിച്ചു; വൃഷശിപ്രനെന്ന വിധ്വംസകന്റെ മായകളെ യുദ്ധങ്ങളിൽ നശിപ്പിച്ചു!4

ഇന്ദ്രാവിഷ്ണുക്കളേ, നിങ്ങൾ ശംബരന്റെ ഉറപ്പുറ്റ തൊണ്ണൂറ്റൊമ്പതു പുരികൾ തകർത്തു; വർച്ചി എന്ന അസുരന്റെ എതിരറ്റ നൂറായിരംവീരന്മാരെയും കൂട്ടത്തൊടെ കൊന്നു!5

ഈ മഹത്തായ സ്തുതി ആ വിശാലവിക്രമരും ബലവാന്മാരുമായ മഹാന്മാരെ വർദ്ധിപ്പിയ്ക്കട്ടെ: വിഷ്ണോ, ഇന്ദ്ര, നിങ്ങൾക്കു ഞാൻ യജ്ഞങ്ങളിൽ സ്തോത്രം അർപ്പിക്കുന്നു; നിങ്ങൾ യുദ്ധങ്ങളിൽ അന്നം പെരുപ്പിച്ചാലും!6

വിഷ്ണോ, അങ്ങയ്ക്കു ഞാൻ വഷ്ട്കാരം ഉച്ചരിയ്ക്കുന്നു: ശിപിവിഷ്ട, അങ്ങ് എന്റെ ഈ ഹവിസ്സുകൈക്കൊണ്ടാലും. എന്റെ നല്ല സ്തുതിവാക്യങ്ങൾ അങ്ങയെ വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിനെ,പ്പൊഴുമെങ്ങളെ!’7

കുറിപ്പുകൾ: സൂക്തം 99.

[1] മഹിമാവു് – മൂന്നടികൊണ്ടു മുപ്പാരളന്നതു്.

[3] ഇരുമട്ടിൽ – ദ്യോവു കീഴ്പോട്ടും, ഭൂവു മേല്പോട്ടും നോക്കുമാറു്.

[4] ലോകം – സ്വർഗ്ഗം. വൃഷശിപ്രൻ – ഒരസുരൻ.

[5] വീരന്മാർ – ഭടന്മാർ.

[6] പെരുപ്പിച്ചാലും – ഞങ്ങൾക്കു്.

[7] ശിപിവിഷ്ട – രശ്മികൾ ചേർന്നവനേ, തേജസ്വിൻ.

സൂക്തം 100.

വസിഷ്ഠൻ; ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിഷ്ണു ദേവത.

ആർ ഉരുഗേയനായ വിഷ്ണുവിന്ന് (ഹവിസ്സു) നല്കമോ; ആർ ഇത്രയുംപ്പോന്ന മനുഷ്യഹിതനെ കൂടെചെല്ലുന്ന സ്തോത്രംകൊണ്ടു പൂജിയ്ക്കുകയും പരിചരിയ്ക്കുകയും ചെയ്യുമോ; ആ മനുഷ്യൻ ഇച്ഛിച്ച ധനം നേടൂം!1

വിഷ്ണോ, കിട്ടേണ്ടതു കിട്ടിയ്ക്കുന്നവനേ, അങ്ങ് വിശ്വജനീനവും നിരവദ്യവുമായ നന്മനസ്സരുളിയാലും: ഞങ്ങൾ വഴിപോലെ നേടേണ്ടുന്ന, വളരെപ്പേരെ ആഹ്ലാദിപ്പിയ്ക്കുന്ന, അശ്വയുക്തമായ ഭൂരിസമ്പത്തോടു ചേരട്ടെ!2

ഈ ദേവൻ ഒരുനൂറൂരശ്മികളുള്ള ലോകങ്ങളെ മഹിമാവിനാൽ മൂന്നടികൊണ്ടളന്നുവല്ലോ. വളർന്നവനെക്കാൾ വളർന്നവനായ വിഷ്ണു നമ്മുടെ സ്വാമിയായി വരട്ടെ; തിളങ്ങുന്ന ഒന്നാണല്ലോ, ഈ പ്രവൃദ്ധന്റെ തിരുനാമം!3

ദേവകൾക്കു പാർക്കാൻ കൊടുക്കാനത്രേ, വിഷ്ണു ഈ ലോകമെല്ലാം അളന്നത്. തന്തിരുവടിയെ സ്തുതിയ്ക്കുന്നവർക്ക് ഇളക്കം വരില്ല: സുജന്മാവായ അവിടുന്നു വലിയ പാർപ്പിടം കല്പിച്ചുകൊടുക്കും!4

ശിപിവിഷ്ട, അങ്ങയുടെ ആ തിരുനാമത്തെ, ജ്ഞാതവ്യങ്ങളറിഞ്ഞ ഉടമസ്ഥനായ ഞാൻ ഇപ്പോൾ കീർത്തിച്ചുകൊള്ളുന്നു: ഈ ഉലകിന്റെ അകലത്തു വസിയ്ക്കുന്ന ആ വലിയവനായ നിന്തിരുവടിയെ എളിയവനായ ഞാൻ പുകഴ്ത്തിപ്പാടുന്നു.5

വിഷ്ണോ, ‘ഞാൻ ശിപിഷ്ടനാണെ’ന്നല്ലേ, ഭവാൻ അരുളിച്ചെയ്തതു്; ആ പേര് പറയാൻ കൊള്ളാമോ? ആ തിരുവുരു ഞങ്ങളിൽ നിന്നു മറയ്ക്കരുതു്: മറ്റൊരു രൂപം പൂണ്ടാണല്ലോ, അങ്ങ് യുദ്ധത്തിൽ വന്നതു്!6

വിഷ്ണോ, അങ്ങയ്ക്കു ഞാൻ വഷ്ട്കാരം ഉച്ചരിയ്ക്കുന്നു: ശിപിവിഷ്ട, അങ്ങ് എന്റെ ഈ ഹവിസ്സു കൈക്കൊണ്ടാലും. എന്റെ നല്ല സ്തുതിവാക്യങ്ങൾ അങ്ങയെ വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 7

കുറിപ്പുകൾ: സൂക്തം 100.

[2] കിട്ടിയ്ക്കുന്നവനേ – സ്തോതാക്കൾക്ക്. അരുളിയാലും – ഞങ്ങളിൽ.

[3] നാമത്തിനു രൂപമെന്നും അർത്ഥമുണ്ട്.

[5] ഉടമസ്ഥൻ – ഹവിസ്സുകളുടെ.

[6] പണ്ടൊരിയ്ക്കൽ, വിഷ്ണു വേഷപ്രച്ഛന്നനായി വസിഷ്ഠനെ യുദ്ധത്തിൽ സഹായിച്ചു. ഇതറിഞ്ഞു വസിഷ്ഠൻ വിഷ്ണുവിനോടു് പറയുന്നു: ആ പേര് പറയാൻ കൊള്ളാമോ? – ശിപിവിശിഷ്ടൻ എന്നതിന്ന് അശ്ലീലമായ ഒരർത്ഥമുണ്ടു്. ആ തിരുവുരു – വൈഷ്ണവരൂപം.

സൂക്തം 101.

അഗ്നിപുത്രൻ കുമാരനോ വസിഷ്ഠനോ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; പർജ്ജന്യൻ ദേവത.

ഈ മധു ചുരത്തുന്ന അകിടിനെ ഏവ കറക്കുമോ, ആ അഗ്രം തിളങ്ങുന്ന മൂന്നു വാക്കുകൾ നീ ഉച്ചരിയ്ക്കുക: ആ വൃഷഭൻ വത്സനെ ഓഷധികളുടെ ഗർഭമാക്കിക്കൊണ്ടു, ജനിച്ചപ്പോൾത്തന്നെ മുക്രയിടുന്നു!1

ആർ ഓഷധികളെ, ആർ ജലങ്ങളെ തഴപ്പിയ്ക്കുമോ, ആർ ഉലകിന്നെല്ലം ഉടയവനോ; ആ ദേവൻ നമുക്കു മൂന്നുനിലയുള്ള ഗൃഹവും, തേടേണ്ടുന്ന തേജസ്സും തന്നരുളട്ടെ!2

തന്തിരുവടിയുടെ ഒരു രൂപം പേറു മാറിയ പയ്യാണു്; മറ്റൊരു രൂപം പെറ്റ പയ്യും. ശരീരം യഥേഷ്ടമാക്കും, അവിടുന്നു്: അമ്മ അച്ഛങ്കൽനിന്നു തണ്ണീർ വാങ്ങുന്നു; അതുകൊണ്ടു് അച്ഛനും, അതുകൊണ്ടുതന്നെ മക്കളും വളരുന്നു!3

എല്ലാബ്ഭവനവും മൂന്നു വിണ്ണുലകും ആരിൽ നില്ക്കുന്നുവോ; ആരിൽനിന്നു ജലം മൂന്നായി പുറപ്പെടുന്നുവോ; ആ മഹാനു ചുറ്റും സേക്താക്കളായ മൂന്നുതരം മേഘങ്ങൾ തണ്ണീർ പൊഴിയ്ക്കുന്നു!4

ഈ സ്തോത്രം സ്വയംപ്രകാശനായ പർജ്ജന്യന്ന് ഉള്ളുൽത്തട്ടട്ടെ; അവിടുന്നു സ്വീകരിയ്ക്കട്ടെ. നമുക്കു സുഖകരമായ മഴയുണ്ടാകട്ടേ; ദേവൻ രക്ഷിച്ചുപോരുന്ന സസ്യങ്ങൾ ഫലസമൃദ്ധങ്ങളാകട്ടെ!5

ആ വൃഷഭൻ വളരെപ്പേരിൽ രേതസ്സു തൂകുന്നു. അവങ്കലാണു്, ചരാചരങ്ങളുടെ ശരീരം. ആ ജലം എന്നെ നൂറ്റാണ്ടു ജീവിപ്പാൻ രക്ഷിയ്ക്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6

കുറിപ്പുകൾ: സൂക്തം 101.

[1] ഋഷി, തന്നോടുതന്നെ പറയുന്നു: മധു – ജലം. അകിട് – മേഘം. അഗ്രം തിളങ്ങുന്ന – പ്രണവപൂർവ്വകങ്ങളായ. മൂന്നു വാക്കുകൾ – ഋഗ്യജ്ജൂസ്സാമസൂക്തങ്ങൾ; ഇവയാൽ പ്രസാദിച്ച പർജ്ജന്യൻ മേഘത്തെക്കൊണ്ടു് മഴ പെയ്യിയ്ക്കുമെന്നർത്ഥം. ആ വൃഷഭൻ – വർഷിതാവായ പർജ്ജന്യൻ. വത്സനെ – വൈദ്യുതാഗ്നിയെ. ഓഷധികളുടെ ഗർഭമാക്കിക്കൊണ്ടു് – സസ്യങ്ങളിൽ പ്രവേശിപ്പിച്ചുകൊണ്ട് – മുക്രയിടുന്നു – ഇടിവെട്ടുന്നു; വൃഷഭം (കാള) മുക്രയിടുമല്ലോ.

[2] ആ ദേവൻ – പർജ്ജന്യൻ.

[3] പേറു മാറിയ പയ്യ് പാൽ കൊടുക്കില്ലല്ലോ; അതുപോലെ, വെള്ളമില്ലാത്തതാണു്, പർജ്ജനുന്യന്റെ ഒരു രൂപം. പെറ്റ പയ്യും – വെള്ളമുള്ളതു്. യഥേഷ്ടമാക്കും – നിർജ്ജലവുമാക്കും, സജലവുമാക്കും. അമ്മ – ഭൂവ്. അച്ഛൻ – ദ്യോവ്. അതു ഹവിസ്സായി കിട്ടി അച്ഛൻ (ദ്യോവു) വളരുന്നു. അതുകൊണ്ടുതന്നെ – ആ തണ്ണീരിനാൽത്തന്നെ. മക്കൾ – ഭൂവിലെ പ്രാണികൾ.

[4] മൂന്നായി – കിഴക്കോട്ടും, പടിഞ്ഞാട്ടും, കിഴ്പോട്ടുമായി. സേക്താക്കൾ – വെള്ളം പാറ്റുന്നവ. മൂന്നുതരം – പൗരസ്ത്യ – പാശ്ചാത്യോ – ദീച്യങ്ങൾ.

[5] ദേവൻ – പർജ്ജന്യൻ.

[6] ഒരു കാള പൈക്കളിൽ രേതസ്സു (ശുക്ലം) തൂകുന്നതുപോലെ പർജ്ജന്യൻ വളരെപ്പേരിൽ (ഓഷധികളിൽ) ജലം പൊഴിയ്ക്കുന്നു.ആ – പർജ്ജന്യൻ തന്ന.

സൂക്തം 102.

വസിഷ്ഠൻ ഋഷി; ഗായത്രി ഛന്ദസ്സ്; പർജ്ജന്യൻ ദേവത.

മഴപെയ്യിയ്ക്കുന്ന അന്തരിക്ഷപുത്രനായ പർജ്ജന്യനെപ്പറ്റി പാടുവിൻ: അദ്ദേഹം നമുക്കു ഭക്ഷ്യം നല്കാൻ കനിയട്ടെ!1

ഓഷധികൾക്കും പൈക്കൾക്കും ബഡബകൾക്കും മനുഷ്യസ്ത്രീകൾക്കും ഗർഭമുൽപാദിപ്പിയ്ക്കുന്നവനാണല്ലോ, പർജ്ജന്യൻ!2

അദ്ദേഹത്തിനായി, സ്വാദേറിയ ഹവിസ്സു വായിൽ ഹോമിയ്ക്കുവിൻ: നമുക്കു പതിവായി അന്നം കല്പിച്ചുതരട്ടെ!3

കുറിപ്പുകൾ: സൂക്തം 102.

[1] സ്തോതാക്കളോടു്:

[2] പർജ്ജന്യദത്തമായ ജലത്താലാണല്ലോ. ഓഷധികൾക്കും മറ്റും സന്താനമുണ്ടാകുന്നതു്!

[3] വായിൽ – ദേവന്മാരുടെ മുഖമായ അഗ്നിയിൽ.

സൂക്തം 103.

വസിഷ്ഠൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മണ്ഡുകങ്ങൾ ദേവത.

വ്രതമനുഷ്ഠിയ്ക്കുന്ന ബ്രാഹ്മണർപോലെ, ഒരാണ്ടു് ഉറങ്ങിക്കിടന്ന തവളകൾ പർജ്ജന്യനെ പ്രീതിപ്പെടുത്തുന്ന വാക്കുകൾ ഉച്ചരിയ്ക്കുന്നു!1

തോൽത്തുരുത്തികൾപോലെ ചുങ്ങി, പൊയ്കയിൽ കിടക്കുന്ന ഈ തവളകൾ, മഴവെള്ളം ദേഹത്തിൽ വീഴുന്നതോടേ, കന്നുകളോടു ചേർന്ന പൈക്കളുടെ ഉമ്പവിളിയ്ക്കൊത്ത ശബ്ദം പുറപ്പെടുവിച്ചുതുടങ്ങും.2

വർഷാരംഭത്തിൽ മഴ പെയ്താൽ, ദാഹിച്ചു കൊതിയ്ക്കുന്ന ഈ തവളകൾ ‘അക്ഖല’ എന്നു കരയുകയായി – ഒന്നു ശബ്ദിയ്ക്കുന്ന മറ്റൊന്നിന്റെ അടുക്കൽ, മകൻ അച്ഛങ്കലെന്നപോലെ ചെല്ലും.3

വർഷത്താൽ ഹർഷം പൂണ്ട ഇരുവരിൽ, ഒന്നു മറ്റൊന്നിനെ പിന്തുടർന്നു പിടിയ്ക്കുന്നു; മഴയേറ്റു കുതിച്ചുചാടുന്ന ഒരു തവിട്ടുതവള ഒരു പച്ചത്തവളയോടു സല്ലപിയ്ക്കുന്നു!4

ഈ നിങ്ങളിൽ ഒന്നു മറ്റതിന്റെ വാക്കിനെ, ശിഷ്യൻ ഗുരുവിന്റേതിനെയെന്നപോലെ ചൊല്ലുന്നു. വെള്ളത്തിൻമീതെ ചാടുന്ന ശോഭനവചനരായ നിങ്ങളുടെ മുഴച്ചിരുന്ന ദേഹമെല്ലാം തഴച്ചുകഴിഞ്ഞു!5

ഇവയിൽ ഒന്നിന്റെ ഒച്ച പയ്യിന്റേതുപോലെ; മറ്റൊന്നിന്റെ ഒച്ച ആടിന്റേതുപോലെ. ഒന്നു തവിട്ടുനിറത്തിൽ, മറ്റൊന്നു പച്ചനിറത്തിൽ ഇങ്ങനെ നാനാരൂപരെങ്കിലും ഒരേപേർ വഹിയ്ക്കുന്ന ഇവ പലേടങ്ങളിലും ഒലിക്കൂട്ടിക്കൊണ്ടു വെളിപ്പെടുന്നു!6

തവളകളേ, അതിരാത്രമെന്ന സോമയാഗത്തിൽ ബ്രാഹ്മണരെന്നപോലെ, നിറപൊയ്കയ്ക്കു ചുറ്റും നിലവിളി കൂട്ടുന്ന നിങ്ങൾ ഒരാണ്ടിൽ വർഷകാല ദിവസങ്ങളിൽ പരക്കെ കാണായിവരുന്നു.7

സാംവത്സരികസ്തോത്രം ചൊല്ലുന്ന സോമയുക്തരായ ബ്രാഹ്മണർ പോലെ, ഇവ ശബ്ദം മുതിർക്കുന്നു; ചിലവ, പ്രവർഗ്ഗ്യമനുഷ്ഠിയ്ക്കുന്ന അധ്വര്യുക്കൾപോലെ വിയർത്തുകൊണ്ടു്, ഇപ്പോൾ മറവിൽനിന്നു വെളിയിൽ വരുന്നു.8

ഈ നേതാക്കൾ ദേവകളുടെ ഏർപ്പാടിനെ രക്ഷിച്ചുപോരുന്നു – ഒരാണ്ടിലെ ഋതുക്കളെ തട്ടിനീക്കുന്നില്ല; ഒരാണ്ടു തികഞ്ഞു മഴക്കാലം വന്നാൽ, വേനൽച്ചൂടിൽ വലഞ്ഞ ഇവ വിടുതി നേടും9

പയ്യൊച്ചക്കാരനും, ആടൊച്ചക്കാരനും, തവിട്ടുനിറക്കാരനും, പച്ചനിറക്കാരനും നമുക്കു ധനങ്ങൾ നല്കട്ടെ; മഴക്കാലത്തു മണ്ഡൂകങ്ങൾ നൂറുനൂറു ഗോക്കളെ തരട്ടെ; ആയുസ്സും വർദ്ധിപ്പിയ്ക്കുട്ടെ!10

കുറിപ്പുകൾ: സൂക്തം 103.

[1] ഈ സൂക്തം ജപിച്ചാൽ മഴകിട്ടും: വ്രതം – സംവത്സരസത്രം. ഒരാണ്ടു് – ശരത്തുമുതൽ വർഷർത്തുവരെ. തവളകളുടെ ശബ്ദം പർജ്ജന്യസ്തുതിയാക്കി കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

[2] പൊയ്ക – വേനലിൽ വെള്ളം വറ്റിയ സരസ്സ്.

[3] കൊതിയ്ക്കുന്ന – വെള്ളം കിട്ടാൻ. ‘അക്ഖല’ – ശബ്ദാനുകരണം. ഒന്നു – ഒരു തവള.

[4] ഇരുവരിൽ – രണ്ടു തവളകളിൽ. തവിട്ടുതവള = തവിടിൻ നിറത്തിലുള്ള തവള. പച്ച – പച്ചനിറം. സല്ലപിയ്ക്കുന്നു – രണ്ടിന്റെയും ഒച്ച ഒന്നുപോലെയാകയാൽ, അതിന്നു സല്ലാപത്വം കല്പിച്ചിരിയ്ക്കയാണു്.

[5] ഋഷി തവളകളോടായി പറയുന്നു: വാക്കു് – ഒച്ച.

[8] ഇവ – തവളകൾ. പ്രവർഗ്ഗ്യം – മഹാവീരമെന്ന കുലം പഴുപ്പിയ്ക്കൽ, മയക്കൽ. ഇപ്പോൾ – മഴ പെയ്ക്കപ്പോൾ. മറവിൽനിന്നു് – അനങ്ങാതെ കിടക്കുകയായിരുന്ന മടയിൽനിന്നു്.

[9] ഈ നേതാക്കൾ – മണ്ഡൂകങ്ങൾ. ഏർപ്പാടിനെ—ഇന്ന ഋതുവിൽ ഇന്ന മാതിരി എന്ന നിശ്ചയത്തെ. തട്ടിനീക്കുന്നില്ല – ഓരോ ഋതുവിന്നും വഴങ്ങുന്നു. വിടുതി നേടും – മടയിൽനിന്നു പുറത്തിറങ്ങും.

സൂക്തം 104.

വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രസോമാദികൾ ദേവത.

വൃഷാക്കളായ ഇന്ദ്രാസോമന്മാരേ, നിങ്ങൾ ഇരുട്ടിൽ വളരുന്ന രാക്ഷസരെ തപിപ്പിയ്ക്കണം, ഹിംസിയ്ക്കണം, അടിച്ചമർത്തണം – മൂഢരെ പിന്തിരിപ്പിയ്ക്കണം; ചുട്ടെരിയ്ക്കണം; കൊല്ലണം; ആട്ടിപ്പായിയ്ക്കണം; തിന്മന്മാരെ ചടപ്പിയ്ക്കണം!1

ഇന്ദ്രസോമന്മാരേ, കുറ്റം പറഞ്ഞു തട്ടിക്കേറുന്നവനെ നിങ്ങൾ കീഴമർത്തണം: അവൻ, തിയ്യിൽ വെച്ച ചരുപോലെ തിളച്ചുകുറുകട്ടെ. ‘ഇനിയെന്ത്’‘ എന്നിങ്ങനെ നടക്കുന്ന ഘോരാകാരനെ, ബ്രാഹ്മണ ദ്വേഷിയായ ഇറച്ചിതീനിയെ നിങ്ങൾ നിരന്തരമായ അരിശത്തിന്നു ലക്ഷ്യമാക്കുവിൻ!2

ഇന്ദ്രസോമന്മാരേ, നിങ്ങൾ ദുഷ്കർമ്മികളെ നിരാലംബമായ ഇരുട്ടിൽപ്പെടുത്തി പ്രഹരിയ്ക്കുവിൻ: അതിൽ നിന്ന് ഒരുത്തനും പുറത്തുപോകരുതു് കീഴമർത്തുന്നതായിത്തീരട്ടെ, നിങ്ങളുടെ ക്രോധം കലർന്ന ബലം!3

ഇന്ദ്രാസോമന്മാരേ, നിങ്ങൾ വിണ്ണിൽ നിന്നു കൊലയായുധം ഉണ്ടാക്കുവിൻ: കുറ്റം പുലമ്പുന്നവനെ കൊല്ലാൻ മിന്നിൽനിന്നും ഉണ്ടാക്കുവിൻ. രാക്ഷസത്തടിയനെ വധിയ്ക്കാൻ മേഘങ്ങളിൽനിന്നു് ഇടിവാളെടുക്കുവിൻ!4

ഇന്ദ്രസോമന്മാരേ, നിങ്ങൾ വാനത്തുനിന്നു് എമ്പാടും ചാട്ടുവിൻ: ഏറ്റാൽപ്പൊള്ളുമാറു തിയ്യിൽപ്പഴുപ്പിച്ച, തുരുമ്പുപിടിയ്ക്കാത്ത ഇരിമ്പായുധങ്ങൾകൊണ്ടു് തിന്മന്റെ വാരിഭാഗം തുളയ്ക്കുവിൻ; അവർ ഒച്ചയിടാതെ ഓടിപ്പോകട്ടെ!5

ഇന്ദ്രാസോമന്മാരേ, ഞാൻ ബുദ്ധിയാൽ നിങ്ങൾക്കയയ്ക്കുന്ന ഈ സ്തോത്രം ബലവാന്മാരായ നിങ്ങളെ വാറു കുതിരയെയെന്നപോലെ എമ്പാടും ചുറ്റട്ടെ: നിങ്ങൾ ഈ സ്തവങ്ങളെ, രണ്ടു രാജാക്കന്മാരെന്നപോലെ നിറയ്ക്കുവിൻ!6

ഇന്ദ്രാസോനന്മാരേ, നിങ്ങൾ കുതിച്ചോടുന്ന കുതിരകളിലൂടേ ഇങ്ങോട്ടു വരുവിൻ: മുടിച്ചു ദ്രോഹിയ്ക്കുന്ന രാക്ഷസന്മാരെ വധിയ്ക്കുവിൻ. ഞങ്ങളെ യാതൊരു ദ്രോഹി വല്ലപ്പോഴും ഉപദ്രവിയ്ക്കുമോ, ആ പാപിയ്ക്കു സുഖമുണ്ടാക്കരുതു്!7

ഇന്ദ്ര, മനശുദ്ധിയോടേ പെരുമാറുന്ന എങ്കൽ അസത്യവാദിത്വം ചുമത്തുന്നതെവനോ; ആ നുണയൻ, മുഷ്ടിയിലെടുത്ത വെള്ളം പോലെ ഉതിർന്നുപോകട്ടെ!8

പരിപക്വവചനനെ എവർ സ്വാർത്ഥപരതയാൽ പഴിയ്ക്കുമോ, നല്ലവനെ പ്രബലരായ എവർ ദുഷിയ്ക്കുമോ, അവരെ സോമൻ പാമ്പിന്നു കൊടുക്കട്ടെ; അല്ലെങ്കിൽ നിര്യതിയുടെ മടിയിലിരുത്തട്ടെ!9

ആഗ്നേ, ആർ നമ്മുടെ അന്നത്തിന്റെ, ആർ കുതിരകളുടെ, ആർ ഗോക്കളുടെ, ആർ ശരീരത്തിന്റെ സത്തു കെടുത്താൻ നോക്കുമോ, ആ കക്കുന്ന കള്ളനായ ദ്രോഹി കൊല്ലപ്പെടട്ടെ; അവന്റെ ദേഹവും മകനും നശിച്ചുപോകട്ടെ!10

ആർ ഞങ്ങളെ അഹസ്സിൽ, ആർ രാത്രിയിൽ കൊല്ലാൻ നോക്കുമോ, അവൻ ദേഹത്തോടും പുത്രനോടും വേർപെടട്ടെ; ദേവന്മാരേ, അവന്റെ യശസ്സ് ഉണങ്ങിപ്പോകട്ടെ!11

ഇതു് അഭിജ്ഞർക്കു് എളുപ്പത്തിൽ അറിയാം: നേരും നുണയും തമ്മിൽ മത്സരിയ്ക്കയാണ്; അവയിൽ സത്യവും സരളവുമായിട്ടുള്ള വാക്കിനെ സോമൻ രക്ഷിയ്ക്കും; അസത്യത്തെ തള്ളും!12

പാപിയെയും, ഭോഷ്കു പറയുന്ന ബലവാനെയും സോമൻ വിട്ടയയ്ക്കില്ല; അരക്കനെ ഹനിയ്ക്കും, നുണയനെ ഹനിയ്ക്കും. ഇരുവരും ഇന്ദ്രന്റെ തടവിൽ കിടക്കും!13

അഗ്നേ, ഞാൻ അസത്യവാദിയാണെങ്കിൽ, ദേവന്മാരെ ഉപഗമിയ്ക്കുന്നതു വെറുതെയാകുമല്ലോ; ജാതവേദസ്സേ, അവിടുന്നു ഞങ്ങളിൽ അരിശപ്പെടുന്നതെന്തിന്? നുണയന്മാരെ വേണം, ഭവാൻ കൊല്ലുക!14

ഞാൻ ഒരരക്കനാണെങ്കിൽ – മനുഷ്യന്റെ ആയുസ്സു കെടുത്തവനാണെങ്കിൽ – ഇന്നു മരിച്ചുകൊള്ളാം! എന്നെ ആർ വെറുതേ അരക്കനെന്നു വിളിച്ചുവോ, അവൻ ഒരു പത്തുപുത്രന്മാരോടു വേർപെടണം!15

ആർ അരാക്ഷസനായ എന്നെ രാക്ഷസനെന്നു വിളിയ്ക്കുമോ, ഏതു രാക്ഷസൻ, ‘ഞാൻ പരിശുദ്ധനാണെ’ന്നു പുലമ്പുമോ, അവനെ ഇന്ദ്രൻ വലിയ വജ്രംകൊണ്ടു വിധിയ്ക്കട്ടെ; അവൻ എല്ലാ പ്രാണികളിലുംവെച്ചു് അധമനായി കീഴ്പതിയ്ക്കട്ടെ!16

യാതൊരുവൾ രാത്രിയിൽ ദ്രോഹിപ്പാൻ കോലം വെളുപ്പെടുത്തിക്കൊണ്ടു്, ഒരു മൂങ്ങപ്പിടപോലെ നടക്കുമോ, അവൾ അറ്റമില്ലാക്കുഴികളിൽ കമിഴ്‌ന്നുവീഴട്ടെ! അമ്മിക്കുഴകൾ ശബ്ദംകൊണ്ടു് അരക്കരെ ഹനിയ്ക്കട്ടെ!17

മരുത്തുക്കളേ, നിങ്ങൾ പ്രജകളിൽ സ്ഥിതിചെയ്യുവിൻ: യാവ ചിലർ രാത്രികളിൽ പക്ഷികളായി പറന്നുവരുമോ, യാവചിലർ ഉജ്ജ്വലമായ യാഗത്തിൽ ഉപദ്രവിയ്ക്കുമോ, ആ രാക്ഷസരെ നിങ്ങൾ ഒരുങ്ങിപ്പിടിച്ചരയ്ക്കുവിൻ!18

ഇന്ദ്ര, അങ്ങു് അന്തരിക്ഷത്തിൽനിന്ന് ഇടിവാൾ ചാട്ടുക; മഘവാവേ, സോമോത്തേജിതനെ വിശുദ്ധിപ്പെടുത്തുക; രാക്ഷസരെ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെക്കുനിന്നും വടക്കുനിന്നും വജ്രമെയ്തു് ആട്ടിപ്പായിയ്ക്കക!19

ഇതാ, അവർ നായ്ക്കളുമായി വന്നടുക്കുന്നു: യാവചില ഹിംസാശീലർ അഹിംസ്യനായ ഇന്ദ്രനെ ഹിംസിപ്പാൻ നോക്കുമോ, ആ കള്ളന്മാർക്കു ശക്രൻ ആയുധമണയ്ക്കും – തീർച്ചയായും, ഇടിവാൾ കൊലയാളികളിൽ വീഴ്ത്തും!20

ഹവിസ്സു നശിപ്പിയ്ക്കാൻ നേരിട്ടണഞ്ഞ രാക്ഷസരെ ഇന്ദ്രൻ കൊലപ്പെടുത്തി: വന്ന രക്ഷസ്സുകളെ ശക്രൻ, മഴു മരങ്ങളെയെന്നപോലെ, മൺപാത്രങ്ങളെയെന്നപോലെ, പിളർത്തുകൊണ്ടെതിർക്കും!21

മൂങ്ങയുടെ, ചെറുമൂങ്ങയുടെ, ശ്വാവിന്റെ, ചക്രവാകത്തിന്റെ, പരുന്തിന്റെ, കഴുകിന്റെ രൂപം ധരിച്ച രക്ഷസ്സിനെ ഇന്ദ്ര, അങ്ങ് ഹനിച്ചാലും – കല്ലുകൊണ്ടെന്നപോലെ ചതച്ചാലും!22

രക്ഷസ്സു ഞങ്ങളോടടുക്കരുതു്: ‘ഇതെന്ത്, ഇതെന്തെ’ന്നു നോക്കുന്ന രാക്ഷസമിഥുനങ്ങളെ (ഉഷസ്സ്) അകറ്റട്ടെ! ഞങ്ങളെ ഭൂമി ഭൂമിയിലെ പാപത്തിൽനിന്നു പാലിയ്ക്കട്ടെ; ഞങ്ങളെ അന്തരിക്ഷം വാനിലെ പാപത്തിൽനിന്നു പാലിയ്ക്കുട്ടെ!23

ഇന്ദ്ര, ആണായ അരക്കനെയും മായകൊണ്ടു വലയ്ക്കുന്ന പെണ്ണിനെയും അവിടുന്നു കൊല്ലണം: കൊലക്കളിക്കാർ കഴുത്തു മുറിഞ്ഞു നിലവിളിയ്ക്കട്ടെ; ഉദിയ്ക്കുന്ന സൂര്യനെ അവർ കാണരുതു്!24

സോമ, അങ്ങു ഇന്ദ്രനും വെവ്വേറെ നോക്കണം, പലതരത്തിൽ നോക്കണം, ഉണർന്നിരിയ്ക്കണം: കൊലയാളികളായ രാക്ഷസരുടെ നേർക്കു നിങ്ങൾ ഇടിവാളാകുന്ന ആയുധം ചാട്ടണം!25

കുറിപ്പുകൾ: സൂക്തം 104.

[1] തപിപ്പിയ്കണം = പൊള്ളിയ്ക്കണം. മൂഢൻ, തിന്മന്മാർ എന്നിവ രാക്ഷസവിശേഷങ്ങൾതന്നെ.

[2] ചരു – ഒരുതരം പായസം. ‘ഇനിയെന്തു്’ എന്നിങ്ങനെ – ഒന്നിനും കൂസലില്ലാതെ.

[3] അതു് – ഇരുട്ട്.

[5] ചാട്ടുവിൻ – ആയുധങ്ങൾ, അവർ – തിന്മന്മാർ, രാക്ഷസർ.

[6] വാറു് – ബന്ധനരജ്ജു. നിറയ്ക്കുവിൻ – ഫലങ്ങൾകൊണ്ടു്.

[9] പരിപക്വവചനൻ – സത്യഭാഷി. പാമ്പിന്നു കൊടുക്കട്ടെ – പാമ്പിനെക്കൊണ്ടു കടിപ്പിയ്ക്കട്ടെ. നിര്യതി – പാപദേവത.

[11] വേർപെടട്ടെ – ചാകട്ടെ. യശസ്സ് = കീർത്തിയോ, അന്നമോ.

[12] ഒരു രാക്ഷസൻ വസിഷ്ഠന്റെ നൂറുപുത്രന്മാരെ വധിച്ചിട്ടു, വസിഷ്ഠന്റെ രൂപം ധരിച്ചു, ‘നീ രാഷസനാകുന്നു, ഞാനാണ്, വസിഷ്ഠൻ’ എന്നും പറഞ്ഞു. വസിഷ്ഠനെ കൊല്ലാനൊരുങ്ങി. അപ്പോൾ അവനോടു വസിഷ്ഠൻ ചെയ്ത ശപഥമാണു്, ഈ ഋക്ക് മുതൽ: നേര് – സത്യവചനം.

[15] പുത്രന്മാരോടു – ബന്ധുക്കളോടൊക്കെ എന്നു ഹൃദയം.

[17] അവൾ – ആ രാക്ഷസി. അമ്മിക്കുഴകൾ-സോമലത ചതയ്ക്കുന്ന.

[19] സോമോത്തേജിതൻ = സോമത്താൽ മൂർച്ചകൂട്ടപ്പെട്ടവൻ, യജമാനൻ.

[20] അവർ – രാക്ഷസർ. കള്ളന്മാർക്കു – കള്ളന്മാരെ കൊല്ലാൻ. അണയ്ക്കും = മൂർച്ചകൂട്ടും.

[23] മിഥുനങ്ങൾ – സ്ത്രീപുരുഷർ.

[24] കൊലക്കളിക്കാർ – കൊല്ലുക എന്ന കളി കളിയ്ക്കുന്നവർ.

[25] നോക്കണം – രാക്ഷസരെ.

സൂക്തം 1.

കണ്വഗോത്രൻ മേധാതിഥിയും, മേധ്യാതിഥിയും ഋഷിമാർ; ബൃഹതിയും സതോബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

അന്യനെ സ്തുതിയ്ക്കായ്വിൻ, സഖാക്കളേ –
ഖിന്നരാകൊലാ: നീരു പിഴിഞ്ഞൊപ്പം
വാഴ്ത്തുവിൻ, പെയ്യുമിന്ദ്രനെത്താൻ നിങ്ങൾ;
പേർത്തുപേർത്തുച്ചരിയ്ക്കുവിനു, ക്ഥവും!1
കാളപോലെ വലിയ്ക്കുവോനെ, വൃഷം –
പോലിടർചേർത്തു കീഴമർത്തുന്നോനെ,
രണ്ടുമാചരിപ്പോനെ,യജരനെ,
രണ്ടുമുള്ള വദാന്യനെ,സ്സേവ്യനെ!2
ഇന്നരരവനത്തിനായ് വെവ്വേറെ
നിന്നു നിന്നെസ്തുതിപ്പതുണ്ടെങ്കിലും,
എന്നുമെന്നുമീ ഞങ്ങൾതൻ സ്തോത്രംതാ –
നിന്ദ്ര, നിന്നെ വളർപ്പതായ്ത്തീരട്ടെ!3
അപ്പുറം പൂകുമല്ലോ, ചെറുത്തെതിർ –
നില്പവരെ വിറപ്പിച്ചു സൂരികൾ;
അബ്ഭവാൻ വരികി,ങ്ങു മഘവാവേ;
തർപ്പണത്തിന്നണയ്ക്ക, വിചിത്രാന്നം!4
വില്ക്കുകില്ല, ഞാൻ വൻവിലയ്ക്കും നിന്നെ, –
ത്തൃക്കരേ വജ്രമേന്തും ബഹുധന,
ആയിരത്തിനും, പത്തായിരത്തിനു, –
മാഹിതവജ്ര, നൂറായിരത്തിനും!5
അച്ഛനെക്കാൾ വിലപ്പെട്ടവനെ,നി –
യ്കിച്ഛവെയ്ക്കാത്തൊരണ്ണനെകാളും നീ;
ഇന്ദ്ര, മാതാവുമങ്ങുമൊപ്പം വസോ;
തന്നരുൾക, മേ സ്വത്തും മഹത്ത്വവും!6
എങ്ങു നീ? – യെങ്ങു പോയി നീ? നിന്മന –
സ്സിങ്ങനേകരിലല്ലോ, പുരന്ദര;
വന്നണക, നീ പോരാടും യോദ്ധാവേ;
വൻനുതിയുണ്ടു, പാടുന്നു പാട്ടുകാർ!7
നല്പൊടേ നിങ്ങൾ പാടുവിൻ, സേവ്യനാ –
മിപ്പുരന്ദരന്നായിട്ടു ഗായത്രം:
വജ്രവാൻ കണ്വപുത്രർതൻ യാഗത്തിൽ
വന്നുചേരാൻ, പുരങ്ങൾ പിളർത്തുവൻ!8
പത്തുപത്തും സഹസ്രവുമുണ്ടല്ലോ,
പത്തുയോജന പോകും ഹയങ്ങൾ തേ:
വിദ്രുതയാനരാമാ വൃഷാക്കളാ –
ലെത്തുകെ,ങ്ങളിൽ വെക്കം തിരുവടി!9
ഇന്നു ഞാൻ വിളിയ്ക്കുന്നേൻ, സുദുഘയായ്
നന്ദ്യവേഗയാം പാലുറ്റ ധേനുവും,
തോയമേറിയ കാമ്യമാം മറ്റൊന്നു –
മായ പര്യാപ്തകാരിയാമിന്ദ്രനെ.10
അർക്കനേതശന്നത്തൽ പെടുത്തവേ,
വക്രഗാമിവാതാശ്വദ്വയവുമായ്,
ആർജ്ജുനേയനാം കുത്സനൊത്തണ്ടർകോ –
നാഞ്ഞണഞ്ഞാന,ഹിംസ്യനാം സൂര്യനിൽ11
കേവലം മരുന്നില്ലാതെ, ശോണിതം
ഗ്രീവയിൽനിന്നൊലിപ്പതിൻമുന്നമേ
ചേർത്തിണക്കും, മഘവാവു സന്ധികൾ;
പേർത്തു കൂട്ടും, മുറിപ്പാടുരുധനൻ!12
എങ്ങൾ നീചർപോലാകൊലാ,നിന്നൻപാ; –
ലെങ്ങളിന്ദ്ര, വിഷണ്ണർപോലാകൊലാ;
നേർത്ത കാടുകൾപോലാകൊലാ,വജ്രിൻ;
സ്തോത്രമോതാവു, ഗേഹത്തിൽ വാണെങ്ങൾ!13
വൃത്രസൂദന, വെമ്പലും തള്ളലു –
മെത്തിടാതെങ്ങൾ ശൂര, പുകഴ്ത്താവൂ –
സ്തോത്രമങ്ങയ്ക്കൊരിയ്ക്കലെന്നാകിലും
പേർത്തു ചൊല്ലാവു, വന്മുതലൊത്തെങ്ങൾ!14
എൻനുതി കേൾക്കുമെങ്കിൽ മത്തേകട്ടെ, –
യിന്ദ്രനു ശീഘ്രമെ,ങ്ങൾതൻ സോമങ്ങൾ,
നൂലരിപ്പിൽനിന്നിറ്റിറ്റു വീണവ,
മേലെ വെള്ളം പകർന്നു വളർത്തവ!15
സേവകനാം സഖാവിൻ സഹസ്തുതി –
യ്ക്കായ് വിരഞ്ഞെഴുന്നള്ളുകി,പ്പോൾബ്ഭവാൻ:
നിങ്കലെത്തട്ടെ, യഷ്ടൃതികളും;
നിന്നെ ഞാനും സ്തുതിയ്ക്കാവു, ഭംഗിയിൽ!16
സോമമമ്മിക്കുഴയാൽപ്പിഴിയുവിൻ –
തൂമ കൂട്ടാൻ പകരുവിനംഭസ്സിൽ:
പൈത്തുകിലിനെപ്പോലുടുത്തു ജലം
ചോർത്തിടുന്നു, നേതാക്കൾ നദികൾക്കായ്!17
മന്നിൽനിന്നോ, നഭസ്സിൽനിന്നോ, പെരും –
വിണ്ണിൽനിന്നോ ശുഭവ്രത, വന്നു നീ
കൈവളരുകീ,യെൻപൃഥുസ്തോത്രത്താൽ;
ബ്ഭാവസംതൃപ്തി ചേർക്ക, ജനങ്ങളിൽ!18
ഇന്ദ്രനു നിങ്ങൾ നന്നയ്പ്പിഴിയുവിൻ,
നന്ദനീയമാം മാദകസോമത്തെ:
പ്രേമദാഖിലകർമ്മാവാമീയന്ന –
കാമനെത്തഴപ്പിയ്ക്കുമല്ലോ,ഹരി!19
സോമനീർ പേർത്തരിച്ചും സ്തുതിച്ചും ഞാ –
നീ മഖങ്ങളിൽ നിത്യമർത്ഥിപ്പതിൽ
ക്രോധിയായ്ക, സിംഹാഭനം സ്വാമി നീ: –
യേതൊരാളിരക്കില്ല, ധിനാഥങ്കൽ?20
സ്വാദിയന്നയായ് സ്തോതാവായച്ചതാം
മാദകം(നുകരട്ടെ),യുഗ്രബലൻ:
ആ ലഹരിയിലേകുമല്ലോ നമു –
ക്കാ,രെയുമുങ്കടക്കിജ്ജയിപ്പോനെ!21
അധ്വരേ ഹവിസ്സേകുന്ന മർത്ത്യന്നും,
നൽസ്തവം ചൊല്ലുവോന്നും, പിഴിവോന്നും
ഭൂരികാമ്യം കൊടുപ്പതുണ്ടു, ദ്ദേവൻ
സൂരികീർത്തിതൻ സർവകാര്യോദ്യതൻ!22
വന്നുചേരുക, മത്തുപിടിയ്ക്കുക,
സുന്ദരധനംകൊണ്ടിന്ദ്രദേവ, നീ;
ഒപ്പമുണ്ട സോമത്താൽ നിറച്ചാലും,
തൃപ്പെരുംകുമ്പ, പൊയ്കപോലേ ഭവാൻ!23
ഇന്ദ്ര, പൊൻതേർക്കു പൂട്ടിയ കേസര –
തുന്ദിലങ്ങൾ നൂറായിരമശ്വങ്ങൾ,
സ്തോമയുക്തങ്ങൾ കൊണ്ടുവരേണമേ,
സോമനീർ നുകരുന്നതിന്നങ്ങയെ!24
വെണ്മുതുകും, മയിൽനിറലിംഗവു –
മിമ്മട്ടാമിരുപൊൽത്തേർക്കുതിരകൾ
ആവഹിയ്ക്കട്ടെ,യിങ്ങോട്ടി,നിപ്പുറ്റ
ഭാവനീയാന്നമുണ്ണുവാനങ്ങയെ!25
സാധുരീത്യാ പിഴിഞ്ഞരിച്ചുള്ളതാം
സ്വാദുനീരിതു വായുപോലാശു നീ
സ്തുത്യഭിഗമ്യ, മുമ്പേ നുകർന്നാലും:
മത്തിയറ്റുവൊന്നി,സ്സുഭഗാസവം!26
ആർ തനിച്ചടരാടിയടക്കിടും,
ചെയ്തിയാൽ മഹാൻ, നൽത്തൊപ്പിയിട്ടവൻ;
അത്തരസ്വി വരട്ടേ, പിരിഞ്ഞിടൊ –
ല്ലി; – സ്തവം ശ്രവിയ്ക്കട്ടെ, ത്യജിയ്ക്കൊല്ലാ!27
ആയുധത്താലരച്ചുകളഞ്ഞല്ലോ,
നീയുഴറിനടന്ന ശുഷ്ണപുരം:
ഇന്ദ്ര, രണ്ടുകൂട്ടർക്കും വിളിയ്ക്കുവേ –
ണ്ടുന്നവനായി, പിൻപാഭ പൂണ്ട നീ!28
എൻനുതികൾ സൂര്യോദയത്തിങ്കലു;
മെൻനുതികൾ നട്ടുച്ചനേരത്തിലും,
എൻനുതികൾ സായാഹ്നത്തി,ലല്ലിലു-
മിങ്ങു കൊണ്ടുവരട്ടെ, നിന്നെ വസോ!29
‘വാഴ്ത്തുക,വാഴ്ത്തുകീ: – യെങ്ങൾ തേ ധനം
സാർത്ഥരിൽവെച്ചു കൂടുതൽ തന്നല്ലോ;
അല്പിതാശ്വരായ് വമ്പരെക്കൊന്നവർ,
സൽപ്പഥസ്ഥിതരെ,ങ്ങൾ മേധ്യാതിഥേ!30
പാട്ടിൽനില്ക്കും ഹയങ്ങളെ ശ്രദ്ധയാ
പൂട്ടിയല്ലോ, ഭവാന്റെ രഥത്തിൽ ഞാൻ:
ആദരാർഹാർത്ഥദാനമറിഞ്ഞവൻ,
യാദവ,നൊരു സൂക്ഷ്മസന്ദർശി,ഞാൻ.’31
‘ജംഗമങ്ങളാം സ്വത്തുക്കളാരെനി –
യ്ക്കിങ്ങു നല്കിയോ, പൊൻതോൽവിരിപ്പൊടും;
തേരിരമ്പുമാസംഗനാമദ്ദേഹം
സ്ഫാരസമ്പത്തടക്കിയരുളട്ടെ!’32
‘അന്യരെക്കവിച്ചേകി, പത്തായിരം
തന്നെയഗ്നേ, പ്രയോഗജനാസംഗൻ:
പൊങ്ങി, മിന്നുമെൻകൂറ്റർ പത്തായിരം,
പൊയ്കയിൽനിന്നു വേഴൽകൾപോലവേ!’33
പേർത്തു കാണായി,വന്റെ മുൻഭാഗത്തു
ചീർത്തു ഞാന്നൊരെല്ലില്ലാത്ത വൻചിഹ്നം!
പാർത്തുകണ്ടോതി, പത്നിയാം ശശ്വതി: –
‘ചാർത്തി, നീ നാഥ, നൽബ്ഭോഗസാധനം!’34
കുറിപ്പുകൾ: സൂക്തം 1.

[1] സ്തോതാക്കളോടു്: ഖിന്നരാകൊലാ – മറ്റാരെങ്കിലും സ്തുതിച്ചു വെറുതേ ക്ഷീണിയ്ക്കേണ്ടാ. പെയ്യും – അഭീഷ്ടവർഷിയായ.

[2] വലിയ്ക്കുവോനെ – കാള വണ്ടി വലിയ്ക്കുന്നതുപോലെ, ശത്രുക്കളെ വലിച്ചിഴയ്ക്കുന്നവനെ. ഇതിന്റെ ഒരു പ്രകാരാന്തരമാണു്, അടുത്ത പദം. രണ്ടു – നിഗ്രഹവും, അനുഗ്രഹവും. രണ്ടുമുള്ള – ദിവ്യ – ഭൗമധനോപേതനായ. വദാന്യൻ = ദാനശീലൻ. ഈ ദ്വിതീയാന്തപദങ്ങളെല്ലാം മുൻഋക്കിലെ ഇന്ദ്രന്റെ വിശേഷണങ്ങളാകുന്നു.

[3] അവനം = രക്ഷണം.

[4] സൂരികൾ – ഭവാനെ സ്തുതിയ്ക്കുന്നവർ. തർപ്പണത്തിനു് – ഭവാനെ തൃപ്തിപ്പെടുത്താൻ.

[5] അപരിമിതമായ ധനത്തെക്കാളും എനിയ്ക്കു പ്രിയപ്പെട്ടവനാണു്, ഭവാൻ. അഹിതവജ്ര – വജ്ര ധരിച്ചവനേ. വജ്രിപദദ്വിരുക്തി ആദരദ്യോതകമാകുന്നു.

[6] ഇച്ഛവെയ്ക്കാത്ത – എന്റെ കാര്യത്തിൽ ശ്രദ്ധയില്ലാത്ത. മാതാവു് – എന്റെ അമ്മ.

[7] അനേകരിൽ – വളരെ യഷ്ടാക്കളിൽ. യോദ്ധാവു് – യുദ്ധകുശലൻ, വൻനുതി = വലിയ സ്തുതി. പാട്ടുകാർ – ഞങ്ങളുടെ സ്തോതാക്കൾ.

[8] സ്തോതാക്കളോടു്: ഗായത്രം – സാമം. കണ്വപുത്രർ – മേധാതിഥിയും, മേധ്യാതിഥിയും. പുരങ്ങൾ – ശത്രുനഗരങ്ങൾ.

[9] പത്തുപത്തു് – നൂറു്. പത്തുയോജന പോകും – ഒരേപോക്കിൽ പത്തു യോജന വഴി പിന്നിടുന്ന. വിദ്രുതയാനർ = ശീഘ്രഗാമികൾ. വൃഷാക്കൾ – രേതസ്സേചനസമർത്ഥർ, യുവാക്കൾ.

[10] ഇന്ദ്രനെ ധേനുരൂപത്തിലും വൃഷ്ടിരൂപത്തിലും സങ്കല്പിച്ചു സ്തുതിയ്ക്കുന്നു: മറ്റൊന്നു് – വൃഷ്ടി. പര്യാപ്തകാരി = തികച്ചും ചെയ്യുന്നവൻ.

[11] ഇക്കഥ ഒന്നാം മണ്ഡലത്തിൽ തന്നെയുണ്ടു്: വക്രഗാമിവാതാശ്വദ്വയവുമായ് – വളഞ്ഞുതിരിഞ്ഞോടുന്ന വായുവേഗികളായ രണ്ടശ്വങ്ങളെ, ഹരികളെ, പൂട്ടിയ തേരിൽ. ആർജ്ജുനേയൻ = അർജ്ജനി എന്നവളുടെ പുത്രൻ. ആഞ്ഞണഞ്ഞാൻ – യുദ്ധത്തിന്ന്. ഏതശൻ – ഒരു രാജാവ്; കുത്സൻ – അദ്ദേഹത്തിന്റെ പുരോഹിതനായ ഋഷി.

[12] കേവലം മരുന്നില്ലാതെ—മുറിമരുന്നില്ലാതെതന്നെ. ശോണിതം = രക്തം. ഗ്രീവ = കഴുത്ത്. സന്ധികൾ ചേർക്കാനും, മുറി കൂട്ടാനും അവിടെയ്ക്കു മരുന്നു വെണ്ടാ!

[13] നേർത്ത – കൊമ്പും മറ്റുമില്ലാതായി ക്ഷയിച്ച. കാടുകൾ – വൃക്ഷഗണങ്ങൾ. ഞങ്ങൾ പുത്രാദികളോടു വേർപെട്ടു, ക്ഷയിച്ച വൃക്ഷങ്ങൾപോലാകരുത്.

[17] അധ്വര്യക്കളോട്: തൂമ – വെടുപ്പു്. അംഭസ്സിൽ – വസതീവരീജലത്തിൽ. ഉടുത്തു – മേഘത്തെ, പൈത്തുകിലിനെ (ഗോചർമ്മത്തെ) എന്നപോലെ ഉടുത്തു്. നേതാക്കൾ – മരുത്തുക്കൾ. നദികൾക്കു വെള്ളം പെയ്തുകൊടുക്കുന്ന മരുത്തുക്കൾ ഇന്ദ്രന്റെ അനുചരന്മാരാണല്ലോ; അതിനാൽ അദ്ദേഹത്തിനു സോമം പിഴിയുവിൻ.

[14] തള്ളൽ – ഗർവ്. വന്മുതലൊത്തു് – ഭവൽപ്രസാദത്താൽ വളരെ ധനം നേടി.

[15] ഉത്തരാർദ്ധം സോമവിശേഷണങ്ങൾ. വെള്ളം – മന്ത്രം ജപിച്ച വസതീവരി എന്ന ജലം.

[16] സഖാവ് – സ്തോതാവ്. സഹസ്തുതി – മറ്റൃത്വിക്കുകളോടുകൂടി ചൊല്ലുന്ന സ്തുതി: വിരഞ്ഞു്-വെക്കം. യഷ്ട്യസ്തുതികൾ – യജമാനരുടെ സ്തുതികൾ.

[18] നഭസ്സ് – അന്തരിക്ഷം. ശുഭവ്രത – ശോഭനകർമ്മാവേ. പൃഥു = വിശാലം. ഭാവസന്തൃപ്തീ – അഭീഷ്ടപൂർത്തി. ജനങ്ങൾ – ഞങ്ങളുടെ ആളുകൾ.

[19] അധ്വര്യക്കളോടു്: പ്രേമദാഖിലകർമ്മാവ് – എല്ലാക്കർമ്മങ്ങൾകൊണ്ടും പ്രീതിപ്പെടുത്തുന്നവൻ. ഈയന്നകാമൻ – യജമാനൻ. ഹരി = ഇന്ദ്രൻ.

[20] സിംഹാഭൻ – സിംഹതുല്യൻ. എല്ലാവരും ഇരക്കും, സ്വാമിയുടെ അടുക്കൽ; ഞാനും സ്വാമിയായ ഭവാനോടു് അർത്ഥിയ്ക്കുന്നു.

[21] മാദകം – മത്തുണ്ടാക്കുന്ന സോമം. ആരെയും – ശത്രുക്കളെയെല്ലാം ജയിപ്പോനെ – ജയിപ്പാൻ ശക്തമായ പുത്രനെ.

[22] ഭൂരീകാമ്യം – വളരെദ്ധനം.

[23] സുന്ദരധനംകൊണ്ടു് – അഴകൊത്ത സോമം കുടിച്ചു്. ഒപ്പം – മരുത്തുക്കളോടുകൂടി. പൊയ്കപോലെ – സരസ്സു വെള്ളംകൊണ്ടു നിറയ്ക്കുന്നതുപോലെ.

[24] കേസരതുന്ദിലങ്ങൾ – ധാരാളം സ്കന്ധരോമങ്ങളുള്ളവ. സ്തോമയുക്തങ്ങൾ – ഞങ്ങളുടെ സ്തോത്രങ്ങളോടുകൂടിയവ, ഞങ്ങളാൽ സ്തുതിയ്ക്കപ്പെട്ടവ.

[25] വെളുത്ത മുതുകു്, മയിൽനിറത്തിലുള്ള ലിംഗം – ഇങ്ങനെയുള്ള, കനകത്തേരിനു പൂട്ടുന്ന രണ്ടു കുതിരകൾ, ഹരികൾ. ആവഹിയ്ക്കട്ടെ – കൊണ്ടുപോരട്ടെ. ഇനിപ്പുറ്റ = മാധുര്യമുള്ള. ഭാവനീയാന്നം – വരണീയമായ സോമം.

[26] സാധുരീത്യാ = വഴിപോലെ. സ്വാദുനീർ – രസവത്തായ സോമനീർ. വായുപോലെ – വായുവിന്നത്രേ, യാഗത്തിൽ ഒന്നാമതു സോമപാനം. സ്തുത്യഭിഗമ്യ = സ്തുതികൾകൊണ്ടു പ്രാപിയ്ക്കപ്പെടേണ്ടവനേ. ആസവം = മധു, സോമം.

[27] അടക്കിടും – ശത്രുക്കളെ കീഴമർത്തും. ചെയ്തിയാൽ = കർമ്മംകൊണ്ടു്. മഹാൻ – മുന്തിയവൻ.തരസ്വി = ബലിഷ്ഠൻ.

[28] രണ്ടുകൂട്ടർക്കും – സ്തോതാക്കൾക്കും,യഷ്ടാക്കൾക്കും. പിൻപാഭ പൂണ്ട – ശുഷ്ണപുരദാരണാന്തരം ഉജ്ജ്വലനായിത്തീർന്ന. ശുഷ്ണാസുരന്റെ നഗരം അവിടവിടെ മാറ്റപ്പെട്ടിരുന്നതുകൊണ്ടാവാം, ഉഴറിനടന്ന എന്ന വിശേഷണം.

[30] ആസംഗൻ എന്ന രാജാവു മേധ്യാതിർഥിയ്ക്കു വളരെദ്ധനം കൊടുത്തിട്ട്, തന്നെ സ്തുതിപ്പാൻ പ്രേരിപ്പിയ്ക്കുന്നു: വാഴ്ത്തുക – എന്നെ സ്തുതിയ്ക്കുക. സാർത്ഥരിൽവെച്ചു – മറ്റ് അർത്ഥ(ധന)വാന്മാരെക്കാൾ. അല്പിതാശ്വരായ് – ശത്രുക്കളുടെ കുതിരകളെ തുച്ഛീകരിച്ചു് വമ്പരെ—വലിയ വൈരികളെ. മേധ്യാതിഥേ, ഞാൻ ശത്രുജേതാവാണ്, സന്മാർഗ്ഗവർത്തിയാണു്; ഇതൊക്കെപ്പിടിച്ചു്, ഭവാൻ എന്നെ സ്തുതിച്ചാലും.

[31] പാട്ടിൽ നില്ക്കും – നല്ല മെരുക്കമുള്ള. ഞാൻ ഭവാന്നു തേർ തന്നു; കുതിരകളെയും പൂട്ടിത്തന്നു. ആദരാർഹാർത്ഥദാനമറിഞ്ഞവൻ – ആദരണീയമായ അർത്ഥം (ധനം) കൊടുക്കുന്നതിൽ കുശലൻ. യാദവൻ – യദുവംശജാതൻ. ഇങ്ങനെ എന്നെ സ്തുതിയ്ക്കുക.

[32] മേധ്യാതിഥി ആസംഗനെ സ്തുതിയ്ക്കുന്നു: ജംഗമങ്ങളാം സ്വത്തുക്കൾ – ഗോക്കൾ. പൊൻതോൽവിരിപ്പൊടും – അവയുടെ മുതുകുകളിൽ സ്വർണ്ണത്തോൽ വിരിപ്പുമുണ്ട്. തേരിരമ്പും – മഹാരഥൻ എന്നർത്ഥം. സ്ഫാരസമ്പത്ത് – ശത്രുക്കളുടെ ബഹുധനം.

[33] അസംഗങ്കൽ പ്രസാദിപ്പാൻ അഗ്നിയോടു പ്രാർത്ഥിയ്ക്കൂന്നു: പത്തായിരംതന്നെ – തികച്ചും പതിനായിരം ഗവാദികളെ. പ്രയോഗജൻ – പ്രയോഗനെന്ന രാജാവിന്റെ പുത്രൻ. എൻകൂറ്റർ – എനിയ്ക്കു് ആസംഗൻ തന്ന വിത്തുകാളകൾ. വേഴൽകൾ – പൊയ്കയിലുണ്ടാകുന്ന വേഴൽപ്പുല്ലുകൾ; ഇവ പൊയ്കയിൽ നിന്നു കൂട്ടംകൂട്ടമായി പൊങ്ങിവരുന്നതുപോലെ, കൂറ്റന്മാർ ആസംഗങ്കൽനിന്നാവിർഭവിച്ചു.

[34] ഈ ആസംഗൻ ഒരിക്കൽ ദേവശാപംമൂലം നപുംസകമായിപ്പോയി. അതിൽ ഖിന്നയായ പത്നി, ശശ്വതി വമ്പിച്ച തപസ്സനുഷ്ഠിച്ചു. അവളുടെ തപസ്സാൽ ഭർത്താവിന്നു പുരുഷത്വവും വീണ്ടുകിട്ടി. രാത്രിയിൽ അതറിഞ്ഞു സന്തുഷ്ടി പൂണ്ടു ശശ്വതി ഭർത്താവിനെ കൊണ്ടാടി: നാലാംപാദംമാത്രമാണു, ശശ്വതീവാക്യം. ഇവൻ – ആസംഗൻ. വൻചിഹ്നം – വലിയ ലിംഗം. നാഥ, ഭർത്താവേ, നീ നൽബ്ഭോഗസാധനം ചാർത്തി, അണിഞ്ഞു – അങ്ങയ്ക്കു പുരുഷലിംഗം കിട്ടി. അംഗിരസ്സിന്റെ മകളത്രേ, ശശ്വതി.

സൂക്തം 2.

മേധാതിഥിയും പ്രിയമേധനും ഋഷികൾ; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

ഇപ്പിഴിഞ്ഞൊരന്നം വസോ,
കല്പിച്ചു നുകർന്നു ഭവാൻ
നിർഭരം നിറയ്ക്ക, വയർ:
നിർഭയ, തരുന്നു ഞങ്ങൾ.1
നേതാക്കളെടുത്തമ്മിതൻ
മീതേ കുത്തിപ്പിഴിഞ്ഞതായ്,
മേഷരോമഗാളിതമായ്,
മൈ നനച്ചൊരശ്വംപോലായ്,2
സ്വാദുവായ സോമം ഗവ്യോ –
പേതമാക്കി യവംപോലെ
നിർമ്മിച്ചിരിയ്ക്കുന്നു, ഞങ്ങ –
ളിമ്മഖത്തിലങ്ങയ്ക്കിന്ദ്ര.3
ഇന്ദ്രനേകൻ സോമമുണ്മോൻ –
ഇന്ദ്രൻതന്നേ നീർ കുടിപ്പോൻ;
സർവാന്നവാന,വിടുന്നു
ദിവ്യരിലും മർത്ത്യരിലും!4
തൂമ പൂണ്ട ദുഷ്പ്രാപമാം
സോമവും മറ്റന്നങ്ങളും
പ്രീതനാക്കാതിരിയ്ക്കില്ലീ,
സ്ഫീതനായ സുചിത്തനെ!5
വേറെചിലരിദ്ദേഹത്തെ,
വേടർ മൃഗത്തിനെപ്പോലെ,
ഗവ്യം കൈക്കൊണ്ടാരായുന്നു,
ചൊവ്വില്ലാതേ സ്തുതിയ്ക്കുന്നു!6
നന്നായ്പ്പിഴിഞ്ഞതു നുക –
രുന്ന ദേവനാമിന്ദ്രന്നായ്
സോമം പിഴിയട്ടേ, നിജ –
ധാമത്തിങ്കൽ മൂന്നുവട്ടം!7
മുപ്പാത്രത്തിൽപ്പകർന്നു, നീ; –
രപ്പടി മുച്ചമസങ്ങൾ
സംപൂർണ്ണങ്ങളാക്കപ്പെട്ടൂ,
സംഭൃതമാം യജ്ഞമൊന്നിൽ!8
പേർത്തിരിയ്ക്കുപ്പെട്ട,നേക –
പാത്രസ്ഥമാം നിങ്കൽ മധ്യേ
ക്ഷീരം ചേർക്കപ്പെട്ടൂ, തൈരും:
ശൂരനെ മത്താടിയ്ക്ക, നീ!9
അത്ര ഞങ്ങൾ പിഴിഞ്ഞ, വ –
ന്മത്തേകുമിത്തെളിസോമം
നിന്നോടിന്ദ്ര, യാചിയ്ക്കുന്നു,
തന്നിൽച്ചേർക്കും പദാർത്ഥത്തെ.10
ചേർത്താലു,മതിസ്സോമത്തിൽ –
പ്പേർത്തു പുരോഡാശങ്ങളും:
നിൻപക്കലുണ്ടിന്ദ്ര, ഭൂരി –
സമ്പത്തെന്നു കേൾപ്പുണ്ടു മേ!11
നിന്മനസ്സിൽ നിപീതങ്ങൾ,
ദുർമ്മധുമത്തുകൾപോലെ
പോർ ചെയ്കയാണ; – കിടിനെ –
പ്പോലെ പുകഴ്ത്തുന്നു, പ്രാജ്ഞർ!12
സ്വത്തുണ്ടാമേ, ഹര്യശ്വ,സ്വ –
ത്തൊത്ത നിന്നെ സ്തുതിയ്ക്കുകിൽ:
നിന്നെപ്പോലാം ഖ്യാതാഢ്യങ്കൽ –
നിന്നുപോലും കിട്ടും മെച്ചം!13
ഉക്ഥസ്തവം ചൊല്ലുന്നതു, –
മിഗ്ഗായത്രം പാടുന്നതും
പാർത്തറിഞ്ഞീടുവോനല്ലോ,
സ്തോത്രവിഹീനന്റെ വൈരി!14
ഇന്ദ്ര, ശക്ത, ഹിംസകന്നോ,
വെന്നമർത്തുമൊരുത്തന്നോ,
വിട്ടുകൊടുക്കൊല്ലെങ്ങളെ; –
പ്പുഷ്ടി ചേർക്ക, ചെയ്തിയാൽ നീ!15
ത്വൽക്കാമർ സഖാക്കളെങ്ങ
ളുൾക്കാമ്പിതിൽത്തന്നെയൂന്നി
ഉക്ഥങ്ങളാൽ സ്തുതിയ്ക്കുന്നു,
ശക്ര, നിന്നെക്കണ്വന്മാരും.16
കൃത്യവാനാമങ്ങയ്ക്കൊരു
പുത്തൻയാഗം ചെയ്യുന്നു ഞാൻ
അന്യസ്തവം ചൊല്ലാ, വജ്രിൻ:
നിന്നെയേ ഞാനറിയുള്ളു!17
തുഷ്ടികരം, പിഴിയലാ –
ണി; – ഷ്ടമല്ലു,മ്പർക്കുറക്കം;
എന്നതിനാലാ നിസ്തന്ദ്രർ
വന്നെത്തുമേ, വന്മത്തിന്നായ്!18
അന്നവുമായ് വെക്കം വരി –
ക,ങ്ങെങ്ങളിൻ – നാണിയ്ക്കേണ്ടാ –
താരുണ്യോദ്യൽപത്നിയുടെ
ചാരത്തൊരു മഹാൻപോലെ!19
ദുസ്സഹപ്രഹാരൻ ഭവാ –
നസ്മൽ പാർശ്വേ വരികിപ്പോൾ;
വൈകുന്നേരത്തെയ്ക്കാക്കൊല്ലേ,
വർക്കത്തറ്റ വരൻപോലെ!20
മൂവുലകിന്നുദ്ഭൂതനാ –
മീ വീരന്റെ ഹൃദയവും,
ഭൂരിദമാം നന്മനസ്സും
തേറുന്നവരല്ലോ, ഞങ്ങൾ!21
ഹോമിയ്ക്കൂ, സകണ്വന്നാശു:
നാമറിയുന്നതില്ലല്ലോ,
അല്പേതരരക്ഷനാമി –
ക്കെല്പനെക്കാൾ കീർത്തിമാനെ!22
മർത്ത്യഹിതനാകുമിന്ദ്ര –
ന്നുത്തമമാം ചഷകത്തിൽ
വെയ്ക്കൂ, സോമം പിഴിവോനേ:
ശക്രവീരൻ നുകരട്ടെ!23
സൗഖ്യദരാം സ്തോതാക്കളെ
നേർക്കറിഞ്ഞിത്തിരുവടി
വാജിഗോസമ്പന്നമന്നം
വാഴ്ത്തികൾക്കു (കൊടുക്കുമേ)!24
സ്തുത്യസ്തുത്യമായ സോമ –
മെത്തിയ്ക്കുവിൻ, പിഴിവോരേ,
പാരമിമ്പപ്പെടുത്തേണ്ടും
വീരശൂരനാമിന്ദ്രന്നായ്!25
നീരശിപ്പാൻ വന്നെത്തട്ടേ,
ദൂരെ നിന്നീടാതെങ്ങളിൽ;
(വൈരികളെ)യടക്കട്ടേ,
ഭൂരിത്രാണൻ വൃത്രാന്തകൻ!26
കൊണ്ടുവരികിങ്ങു, മന്ത്രം –
കൊണ്ടു പൂട്ടും സുഖാശ്വങ്ങൾ
സ്തോത്രവിശ്രുതനും ധൃത –
സ്തോത്രനുമാം സഖാവിനെ!27
വന്നാലും: സ്വാദുവായ്, സോമം;
വന്നാലും: ചേർന്നതായ്, സോമം;
ഒപ്പം മത്തിച്ഛിപ്പോനി,വൻ
തൊപ്പിവെച്ച കർമ്മിൻ, സർഷേ!28
കർമ്മിയെ വളർത്തും സ്തോത്ര –
കർത്താക്കളും സ്തുതികളും
വർദ്ധിപ്പിപ്പൂ, കെല്പിന്നും വൻ –
സ്വത്തിന്നുമായ് നിന്നെയിന്ദ്ര!29
അങ്ങയ്ക്കുള്ള നുതികളു, –
മങ്ങയ്ക്കുള്ള ശസ്ത്രങ്ങളും
ഒപ്പമുൽപാദിപ്പിയ്ക്കുന്നു,
കെല്പങ്ങയ്ക്കു സൂക്തിവാഹ്യ!30
ഭൂരികർമ്മാവഗ്ര്യൻ വജ്ര –
ധാരിയാമിദ്ദേഹംതന്നേ
അന്നം കല്പിച്ചരുളുന്നു,
മുന്നേമുതല്ക്കുധർഷിതൻ!31
നന്നായ് വലംതൃക്കൈകൊണ്ടേ
കൊന്നാനി,ന്ദ്രനാ വൃത്രനെ
വാരുറ്റ ചെയ്തിയാൽ മഹാൻ,
ഭൂരിദിക്കിൽപ്പൂരുഹൂതൻ!32
ആരിൽ നില്പൂ, പ്രജകളെ –
പ്പേരും, കെല്പു,മമർത്തലും;
അദ്ദേഹം കൊണ്ടാടുമല്ലോ,
വിത്തമർപ്പിയ്ക്കുന്നവരെ!33
ചെയ്തുകൊണ്ടാനിതെല്ലാമേ,
മീതെയെന്നു കേൾവിപ്പെട്ടോൻ;
മേധാനുഷ്ഠായികൾക്കന്ന –
ദാതാവുമാണി,ന്ദ്രനിവൻ!34
ഉൾപ്പാകഹീനങ്കൽനിന്നു –
മിപ്രഹർത്താവാരെക്കാക്കും,
ക്ഷിപ്രനഗ്ഗോകാംക്ഷി ധനം
സുപ്രഭുവായ് നേടുമല്ലോ!35
അശ്വഗാമി, നേതാക്കളൊ –
ത്തുൾശ്ശൗര്യാൽ വൃത്രനെക്കൊന്നോൻ
സത്യശീലൻ, സേവിപ്പോനെ –
സ്സംരക്ഷിപ്പോനി,മ്മേധാവി!36
അധ്വരം ചെയ്താലും, സക്ത –
ചിത്തനായ് നീ പ്രിയമേധ,
ദത്തസോമംകൊണ്ടു നേരാം
മത്തുകൊള്ളുമീയിന്ദ്രന്നായ്!37
വർണ്ണ്യയശസ്തന്നായ്,പ്പുരു –
തന്വാഢ്യന്നായ്,ത്തരസ്വിയ്ക്കായ്
അന്നൈഷിയ്ക്കായ്,സ്സൽപതിയ്ക്കായ് –
ക്കണ്വസൂനോ, പാടുക, നീ!38
തേടാൻ തരമില്ലാതെയും
മാടുകളെ നല്കിയല്ലോ,
അശ തങ്കൽ വെച്ച മുമ്പ –
ക്കാര്യവ്രതൻ സഖാവിവൻ!39
ഇത്ഥം സ്തുതിയ്ക്കുന്ന കണ്വ –
പുത്രനാം മേധ്യാതിഥിയെ
ആടായ്ച്ചെന്നു വജ്രിൻ, ഭവാൻ
കൂടെക്കൊണ്ടുപോന്നുവല്ലോ!40
തന്നു, നാല്പതിനായിരം
സന്ദാതാവാം നീ വിഭിന്ദോ;
പില്പാടൊരെണ്ണായിരവും
കല്പിച്ചിവന്നേകിയല്ലോ!41
തോയങ്ങളെ വളർത്തുന്നോർ,
ഗായകരെപ്പുലർത്തുന്നോർ –
ആയിരുതായാരെസ്സിദ്ധി –
യ്ക്കായിപ്പുകഴ്ത്തുന്നേനി,വൻ!42
കുറിപ്പുകൾ: സൂക്തം 2.

[1] അന്നം – സോമം. നിർഭയ = ഭയമില്ലാത്തവനേ. തരുന്നു – സോമം.

[2] മേഷരോമഗാളിതം – കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെട്ടതു്. മൈനനച്ചൊരശ്വപോലായ് – നനച്ചു തുടച്ച കുതിരപോലെ ശുചിയും ദീപ്തവുമായി.

[3] ഗവ്യോപേരുമാക്കി – പാലും മറ്റും ചേർത്ത്. യവം – പുരോഡാശമെന്നർത്ഥം.

[4] നീർ – സോമരസം. സർവാന്നവാൻ = എല്ലാ അന്നങ്ങ(ഹവീസ്സുക)ളോടും കൂടിയവൻ; ദിവ്യരിലും (ദേവകളിലും) മത്ത്യരിലുംവെച്ചു, സോമപായിയും, സർവാന്നവാനും, ഇന്ദ്രൻതന്നെ.

[5] സ്ഫീതൻ = പ്രവൃദ്ധൻ, എങ്ങും വ്യാപിച്ചവൻ. സുചിത്തൻ = ശോഭനഹൃദയൻ.

[6] ചൊവ്വില്ലാതേ – ചീത്തയായി.

[7] നന്നായ്പ്പിഴിഞ്ഞിതു – ശുചിയായ സോമമേ ഇന്ദ്രൻ നുകരുകയുള്ളൂ. നിജധാമത്തിങ്കൽ – സ്വന്തം യജ്ഞഗൃഹത്തിൽ. മൂന്നുവട്ടം – സവനത്രയത്തിൽ.

[8] മുപ്പാത്രം – മുന്നു പാത്രങ്ങൾ: ദ്രോണകലശം, പൂതഭൃത്തു്, ആധവനീയം. നീർ – സോമരസം. മുച്ചമസങ്ങൾ – സവനത്രയത്തിലെ ചമസങ്ങൾ. സമ്പൂർണ്ണങ്ങാളാക്കപ്പെട്ടു – സോമരസംകൊണ്ടു നിറയ്ക്കപ്പെട്ടു. സംഭൃതം – ഋത്വിക്കുകൾ വഴിപോലെ ഭരിച്ചത്.

[9] സോമത്തോടു പറയുന്നു: മധ്യേ – ഇടയിൽ. മിത്രാവരുണന്മാർക്കുള്ള ചമസങ്ങളിൽ; തൈരും ചേർക്കപ്പെട്ടൂ – മൂന്നാംസവനത്തിൽ. ശൂരനെ – ശൂരനായ ഇന്ദ്രനെ.

[10] തന്നിൽ, സോമത്തിൽ, ചേർക്കും പദാർത്ഥത്തെ – ക്ഷീരാദിയെ.

[11] അതു് – ക്ഷീരാദി. പുരോഡാശയങ്ങളും സോമത്തിൽ ചേർത്താലും – പുരോഡാശങ്ങൾ ഭക്ഷിച്ചിട്ടു, മീതേ സോമം കുടിച്ചാലുമെന്നർത്ഥം. കേൾപ്പുണ്ടുമേ – ഞാൻ കേട്ടിട്ടുണ്ടു്. അതുകൊണ്ടാണു്, ഭവാനോടു ഞാൻ യാചിയ്ക്കുന്നതു്.

[12] നിപീതങ്ങൾ – കുടിയ്ക്കപ്പെട്ട സോമങ്ങൾ. നിന്മനസ്സിൽ – അങ്ങയുടെ ഉള്ളിൽ. ദുർമ്മധുമത്തുകൾ = ചീത്ത മദ്യലഹരികൾ. പോർ ചെയ്ക്കയാണു് – ‘ഇന്ദ്രനെ ഞാൻ മത്തുപിടിപ്പിയ്ക്കും, ഞാൻ മത്തുപിടിപ്പിയ്ക്കും’ എന്നിങ്ങനെ തമ്മിൽത്തല്ലുകയാണു്. അത്രയ്ക്കു സോമം വയറ്റിലാക്കിയ ഭവാനെ, പയ്യിന്റെ ക്ഷീരപൂർണ്ണമായ അകിടിനെയെന്നപോലെ പ്രാജ്ഞർ (സ്തോതാക്കൾ) സ്തുതിയ്ക്കുന്നു.

[13] ഖ്യാതാഢ്യൻ – പ്രസിദ്ധനായ ധനികൻ. മറ്റുധനികങ്കൽനിന്നുപോലും സ്തോതാവിന്നു മെച്ചം (വലിയനേട്ടം) കിട്ടും; അപ്പോൾ, അങ്ങയെ സ്തുതിച്ചാൽ തീർച്ചയായും സ്വത്തുണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ!

[14] സ്തോത്രവിഹീനന്റെ വൈരി – സ്തുതിയ്ക്കാത്തവന്റെ ശത്രുവായ ഇന്ദ്രൻ. അതുകൊണ്ടു നാമും സ്തുതിയ്ക്കുക.

[15] പുഷ്ടി ചേർക്ക – ഞങ്ങൾക്കു ധാരാളം ധനം തരിക. ചെയ്തി = കർമ്മം.

[16] ഇതു് – ത്വൽസ്തുതി. കണ്വന്മാരും – ഞങ്ങളുടെ പുത്രാദികളാൽ കണ്വഗോത്രക്കാരും.

[17] കൃത്യവാൻ = കർമ്മവാൻ. നിന്നെയേ ഞാനറിയുള്ളൂ – എനിയ്ക്കു മറ്റൊരു സ്തുത്യനില്ല.

[18] ഉറക്കം – മനുഷ്യന്റെ കർമ്മമാന്ദ്യം ഉമ്പർക്കിഷ്ടമല്ല. ആ നിസ്തന്ദ്രർ – ആലസ്യരഹിതരായ ദേവന്മാർ. വന്മത്തിനായ് – സോമം കുടിച്ചു മത്തടിപ്പാൻ.

[19] അന്നവുമായ് – ഞങ്ങൾക്കു തരാൻ. നാണിയ്ക്കേണ്ടാ – ‘വലിയവനായ ഞാൻ ഈ എളിയവരിൽ എങ്ങനെ ചെല്ലും’ എന്നു സങ്കോചപ്പെടേണ്ടാ. യുവതിയായ പത്നിയുടെ അടുക്കലെയ്ക്കു പോകാൻ മഹാനും (മേലേക്കിടയിലുള്ള ഭർത്താവും) ലജ്ജിയ്ക്കാറില്ലല്ലോ.

[20] ദുസ്സുഹപ്രഹാരൻ – എതിരാളികൾക്കു സഹിയ്ക്കാവതല്ലാതെ പ്രഹാര (ആയുധപ്രയോഗ) ത്തോടുകൂടിയവൻ. അസ്മൽപാർശ്വേ = ഞങ്ങളുടെ അടുക്കൽ. വർക്കത്തറ്റ (ഗുണഹീനനായ) വരൻ (ജാമാതാവു്) വീണ്ടും വീണ്ടും വിളിയ്ക്കപ്പെട്ടാലും സായംകാലത്തേ ഗൃഹത്തിൽ ചെല്ലൂ; അങ്ങ് അങ്ങനെയാകരുതേ!

[21] മൂവുലകിന്നുദ്ഭൂതനം – മുപ്പാരിന്നുവേണ്ടി ജനിച്ച. ഭൂരിദം = ബഹുപ്രദം. നന്മനസ്സ് – അനുഗ്രഹബുദ്ധി.

[22] അധ്വര്യുവിനോടു്: സകണ്വന്ന് – കണ്വസഹിതനായ ഇന്ദ്രന്നായി

[24] സൗഖ്യദർ – തനിയ്ക്കു സുഖം നല്കുന്നവർ.

[25] സ്തുത്യസ്തുത്യം – അതിസ്തുത്യം.

[26] നീരശിപ്പാൻ – സോമരസം കുടിപ്പാൻ. ഭൂരിത്രാണൻ = വളരെ രക്ഷകളുള്ളവൻ.

[27] സുഖാശ്വങ്ങൾ – സുഖകരങ്ങളായ രണ്ടു ഹരികൾ. സ്തോത്രവിശ്രുതൻ = സ്ത്രുതികൾകൊണ്ടു പുകഴ്‌ന്നവൻ. ധൃതസ്തോത്രൻ = സ്തോത്രങ്ങളെ എടുക്കു(സ്വീകരിയ്ക്കു)ന്നവൻ. സഖാവിനെ – ഇന്ദ്രനെ.

[28] സോമം സ്വാദുവായ് – ആസ്വാദ്യമായിക്കഴിഞ്ഞു. ചേർന്നതായ് – പാലും മറ്റും ചേർക്കപ്പെട്ടതായിക്കഴിഞ്ഞു. ഇവൻ (സ്തോതാവു്) ഒപ്പം (ഭവാനോടുകൂടി) മത്തുകൊള്ളാൻ ആഗ്രഹിയ്ക്കുന്നു. സർഷേ = ഋഷിമാരോടു് (സ്തോതാക്കളോടു)കൂടിയവനേ.

[29] കെല്പിന്നും വൻസ്വത്തിന്നുമായ് – ബലവും, വലിയ ധനവും ലഭിപ്പാൻ.

[30] ശസ്ത്രങ്ങൾ – ഉക്ഥങ്ങൾ. സൂക്തിവാഹ്യ = സ്തുതികൾകൊണ്ടു വഹിയ്ക്കപ്പെടേണ്ടവനേ.

[31] അഗ്ര്യൻ – ദേവന്മാരിൽവെച്ചു മുഖ്യൻ. കല്പിച്ചരുളുന്നു – സ്തോതാക്കൾക്കു നല്കിപ്പോരുന്നു.

[32] ഭൂരിദിക്കിൽപ്പുരുഹൂതൻ – വളരെയിടങ്ങളിൽ വളരെയാളുകളാൽ വിളിയ്ക്കപ്പെട്ടവൻ.

[33] അമർത്തൽ – ശത്രുക്കളെ. ആരിൽ നില്പൂ – ആർക്കധീനമോ. വിത്തം – ഹവിസ്സ്.

[34] ഇതെല്ലാമേ – വൃത്രവധാദികൾ. മീതെ – ബലംകൊണ്ടു മികച്ചവൻ. മേധാനുഷ്ഠായികൾ – യാഗംചെയ്യുന്നവൻ.

[35] ഉൾപ്പാകഹീനൻ – മനഃപക്വതയില്ലാത്ത ശത്രു. ഇപ്രഹർത്താവു് – രണകുശലനായ ഇന്ദ്രൻ. ക്ഷിപ്രൻ – ശീഘ്രകാരി. ഇന്ദ്രരക്ഷിതൻ ഗോധനങ്ങളെ നേടും; നല്ല പ്രഭുവുമാകും.

[36] അശ്വഗാമി = അശ്വങ്ങളിലൂടെ ഗമിച്ചു്. നേതാക്കളൊത്തു് – മരുത്സമേതനായി. ഇമ്മേധാവി – ഇന്ദ്രൻ.

[37] ഋഷി, തന്നോടുതന്നെ പറയുന്നു: സക്തചിത്തനായ് – മനസ്സ് ഇന്ദ്രങ്കലുറപ്പിച്ചു്. നേരാം = യഥാർത്ഥമായ.

[38] വർണ്ണ്യയശസ്കൻ = വർണ്ണിയ്ക്കേണ്ടുന്ന യശസ്സുള്ളവൻ. പൂരുതന്വാഢ്യൻ = വളരെ ശരീരങ്ങളുള്ളവൻ. തരസ്വി = വേഗവാൻ. അന്നൈഷി – ഹവികോംക്ഷി. സൽപതിയ്ക്കായി – സൽപതിയായ ഇന്ദ്രനെക്കുറിച്ചു്. കണ്വസൂനോ – ഹേ മേധാതിഥേ.

[39] മാടുകളെ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോക്കളെ. തേടാൻ തരമില്ലാതെയും – അവയുടെ കാൽപാടുപോലും വഴിയിലില്ലായിരുന്നു, എന്നിട്ടും. നല്കി – വീണ്ടുകൊടുത്തു. ആർക്കു് ? ആശ തങ്കൽ (ഇന്ദ്രങ്കൻ)വെച്ച മുമ്പർക്കു് – നേതാക്കളായ ദേവന്മാർക്കു്. ആര്യവ്രതൻ – പ്രശസ്ത കർമ്മാവു് സഖാവീവൻ – സഖാവായ ഇന്ദ്രൻ.

[40] ഇന്ദ്രൻ മേഷരൂപം ധരിച്ചു ചെന്നു മേധ്യാതിഥിയെ കൊണ്ടുപോന്നു എന്നൊരുതിഹാസമുണ്ടു്.

[41] ഋഷി വിഭിന്ദുരാജാവിന്റെ ദാനത്തെ പ്രശംസിക്കുന്നു: നാല്പതിനായിരം – ധനം. സന്ദാതാവു് = ദാനശീലൻ.

[42] ഗായകർ – സ്തോതാക്കൾ. ഇരുതായാരെ – ദ്യാവാപൃഥിവികളെ. സിദ്ധി – ധനലാഭം.

സൂക്തം 3.

മേധ്യാതിഥി ഋഷി; ബൃഹതിയും സതോബൃഹതിയും അനുഷ്ടുപ്പം ഗായത്രിയും ഛന്ദസ്സുകൾ: ഇന്ദ്രൻ ദേവത.

ഇന്ദ്ര, ഞങ്ങളുടെ ഗോരസം ചേർത്ത സ്വാദേറിയ നീർ നുകർന്നു ഭവാൻ മത്തുകൊണ്ടാലും. ഒത്തൊരുമിച്ചു മത്തുപിടിപ്പിയ്ക്കേണ്ടുന്ന ഭവാൻ ബന്ധുവായിനിന്നു ഞങ്ങളെ തഴപ്പിച്ചാലും: അങ്ങയുടെ തിരുവുള്ളം ഞങ്ങളെ രക്ഷിയ്ക്കട്ടെ!1

ഹവിഷ്മാന്മാരായ ഞങ്ങളിൽ അങ്ങയ്ക്കു നന്മനസ്സുണ്ടാകണം: എതിരാളിയ്ക്കുവേണ്ടി അങ്ങ് ഞങ്ങളെ ദ്രോഹിയ്ക്കരുതു്. പ്രാർത്ഥനീയങ്ങളായ വിചിത്രരക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും; ഞങ്ങളെ നീണ്ട സുഖത്തിലാക്കിയാലും!2

ബഹുധന, എന്റെ ഈ സ്തുതികൾ അങ്ങനെ വർദ്ധിപ്പിയ്ക്കട്ടെ; അഗ്നിയ്ക്കൊത്ത തേജസ്സുള്ള വിശുദ്ധരായ വിപശ്ചിത്തുകളും സ്തോത്രങ്ങൾ പാടുന്നു.3

ആയിരം ഋഷിമാരാൽ പ്രബലനാക്കപ്പെട്ട തന്തിരുവടി സമുദ്രംപോലെ പരന്നു: തന്റെ യഥാർത്ഥമായ മഹിമാവും കെല്പും യാഗങ്ങളിൽ സ്തോതൃരാജ്യത്തു പുകഴ്ത്തപ്പെടുന്നു!4

ഭജിയ്ക്കുന്ന ഞങ്ങൾ യാഗത്തിന്ന് ഇന്ദ്രനെത്തന്നെ, യജ്ഞം തുടങ്ങിയാൽ ഇന്ദ്രനെത്തന്നെ, യുദ്ധത്തിൽ ഇന്ദ്രനെത്തന്നെ, ധനം കിട്ടാൻ ഇന്ദ്രനെത്തന്നെ വിളിച്ചുകൊള്ളുന്നു5

ഇന്ദ്രൻ ബലപ്പെരുമയാൽ വാനൂഴികളെ പരത്തി; ഇന്ദ്രൻ സൂര്യനെ പ്രകാശിപ്പിച്ചു. ഇന്ദ്രങ്കൽ ഒതുങ്ങിനില്ക്കുന്നു, ഉലകെല്ലാം; ഇന്ദ്രങ്കൽത്തന്നേ, പിഴിയുന്ന സോമവും!6

ഇന്ദ്ര, മുമ്പേ കുടിപ്പാൻ അങ്ങയെ മനുഷ്യർ സ്തുതിച്ചുപോരുന്നു; സമ്മിളിതരായ ഋഭുക്കളും പുകഴ്ത്തുന്നു; മരുത്തുക്കളും പുരാതനനായ ഭവാനെ വാഴ്ത്തിപ്പാടുന്നു!7

സോമത്തിന്റെ ലഹരി വ്യാപിച്ചാൽ, ഇന്ദ്രൻ ഇദ്ദേഹത്തിന്നു വീര്യവും ബലവും വളർത്തും: തന്റെ ആ മഹിമാവിനെ ആളുകൾ ഇപ്പോഴും മുമ്പേത്തെപ്പോലെ മുറയ്ക്കു പുകഴ്ത്തുന്നു!8

അങ്ങ് യാതൊന്നുകൊണ്ടു യജ്ഞഹീനരിൽനിന്നു ധനം ഭൃഗുവിന്നു നല്കിയോ, യാതൊന്നുകൊണ്ടു കണ്വപുത്രനെ രക്ഷിച്ചുവോ; ആ സുവീര്യവും, ആ അന്നവും മുമ്പേ കിട്ടാൻ ഞാൻ അങ്ങയോടു യാചിയ്ക്കുന്നു.9

ഇന്ദ്ര, ഭവാൻ പെരുവെള്ളം കടലിലെയ്ക്കയച്ചുവല്ലോ; ഭവാന്റെ ആ ബലം വർഷകമാകുന്നു. ഭൂമി യാതൊന്നിന്നധീനമോ, ഇദ്ദേഹത്തിന്റെ ആ മഹിമാവു് ഉടനടി നേടാവുന്നതല്ല!10

ഇന്ദ്ര, പുരാതന, ഞാൻ അങ്ങയോടു യാചിയ്ക്കുന്ന സുവീര്യോപേതമായ ധനം ഞങ്ങൾക്കു തന്നാലും: സേവനേച്ഛവായ ഹവിഷ്മാന്നു മുമ്പേ കൊടുക്കുക; സ്തോതാവിനും കൊടുക്കുക!11

ഇന്ദ്ര, യാതൊന്നിനാൽ അങ്ങ് പുരുപുത്രനെ രക്ഷിച്ചുവോ, അതു ഞങ്ങളുടെ ഈ കർമ്മനിരതന്നു കൊടുത്താലും; ഇന്ദ്ര, രുശമൻ, ശ്യാവകൻ, കൃപൻ എന്നിവരെ ഭവാൻ രക്ഷിച്ചുവല്ലോ, അപ്രകാരം ഈ സ്വർഗ്ഗപ്രാപണീയനെ ശക്തനാക്കിയാലും!12

ഇന്നേത്തെ വായാടിമനുഷ്യനുണ്ടോ, (ഇന്ദ്രനെ) വാഴ്ത്തുന്നു? പണ്ടേത്തെ സ്തോതാക്കൾതന്നെ ഇന്ദ്രന്റേതായ ഇദ്ദേഹത്തിന്റെ മഹത്വത്തിൽ ചെന്നെത്തിയിട്ടില്ലല്ലോ!13

ഇന്ദ്ര, ഏതു സ്തോതാക്കളുണ്ട്, ദേവയജനമിച്ഛിയ്ക്കുന്നു? ഏതൊരു മേധാവിയായ ഋഷി അങ്ങെത്തിയ്ക്കും? മഘവാവേ, ഭവാൻ എപ്പോൾ പിഴിയുന്നവന്റെ വിളിയിൽ, എപ്പോൾ പുഴ്ത്തുന്നവന്റെ വിളിയിൽ, വന്നെത്തും?14

ആ മധുരതരങ്ങളായ ശസ്ത്രങ്ങളും സ്തോത്രങ്ങളും, ഒപ്പം ജയിച്ചു ധനം നേടിയ, രക്ഷയ്ക്കിടിവില്ലാത്ത, അന്നം തേടുന്ന തേരുകൾ പോലേ മേല്പോട്ടു പോകുന്നു!15

കണ്വർപോലെ ഭൃഗുക്കൾ ആ ധ്യാനിയ്ക്കപ്പെട്ട വിഭൂവിനെത്തന്നേ, സൂര്യരശ്മികൾപോലെ, പ്രാപിച്ചു; പ്രിയമേധരായ മനുഷ്യരും ഇന്ദ്രനെത്തന്നെ പൂജിച്ചു സ്തോത്രങ്ങൾ പാടി.16

ഇന്ദ്ര, വൃതനെ അമ്പെക്കൊന്നവനേ, ഭവാൻ ഹരികളെ പൂട്ടുക:മഘവാവേ, മഹാബലനായ അങ്ങ് മരുത്തുക്കളോടുകൂടി, സോമം കുടിപ്പാൻ, ദൂരത്തുനിന്നു് ഇങ്ങോട്ടെഴുന്നള്ളുക!17

ഇതാ, കർമ്മികളായ മേധാവികൾ അങ്ങയെ, യജ്ഞത്തിൽ സംബന്ധിപ്പാൻ, വീണ്ടും വീണ്ടും സ്തുതിയ്ക്കുന്നു. മഘവാവേ, ഇന്ദ്ര, സ്തോത്രവാഹ്യ, ആ ഭവാൻ, ഒരഭിലാഷിയെന്നപോലെ, ഞങ്ങളുടെ വിളികേട്ടാലും!18

ഇന്ദ്ര, അവിടുന്നു വൃതനെ വലിയ പള്ളിവില്ലുകൾകൊണ്ടു് നിശ്ശേഷം നിഹനിച്ചു; മായാവിയായ അർബുദൻ, മൃഗയൻ എന്നിവരെയും നിഹനിച്ചു; മലയിൽനിന്നു് ഗോക്കളെ പുറത്തിറക്കി!19

ഇന്ദ്ര, അവിടുന്നു വൃത്രക്കൂറ്റനെ അന്തരിക്ഷത്തിൽനിന്നും നിർഗ്ഗമിച്ചു്, ആ കരുത്തു കാണിച്ചപ്പോൾ, അഗ്നികളും, സൂര്യനും, ഇന്ദ്രന്നുള്ളതായ സോമാമൃതവും ആകെത്തിളങ്ങി!20

എനിയ്ക്കു് ഇന്ദ്രനും മരുത്തുക്കളുമെന്നപോലെ, കുരയാണപുത്രനായ പാകസ്ഥാമാവും എല്ലാറ്റിലുംവെച്ചു, വാനിലോടുന്ന സൂര്യൻ പോലെ സ്വയം തിളങ്ങുന്നതു് ദാനംചെയ്തു!21

എനിയ്ക്കു പാകസ്ഥാമാവു നല്ല ചുമലുള്ള, തടിച്ച, ധനാർജ്ജനത്തിന്നുതകുന്ന ഒരു ചെംകുതിരയെ തന്നു!22

അതിന്നുപകരം,പത്തു ധുരന്ധരങ്ങൾ, തുഗ്രപുത്രനെ ഗൃഹത്തിലെയ്ക്കു കുതിരകളെന്നപോലെ, (എന്നെ) വഹിച്ചുപോരുന്നു!23

വിപുലമായ അന്നവും, വീതിയുള്ള വസ്ത്രവും, എണ്ണയും, കെല്പും ആർ തന്നുവോ; ആ നാലാമനായ, ചെങ്കുതിരയെത്തന്ന, രക്ഷിതാവായ പാകസ്ഥാമാവിനെ ഞാൻ സ്തുതിച്ചു.24

കുറിപ്പുകൾ: സൂക്തം 3.

[1] നീർ – സോമരസം.

[3] വിപശ്ചിത്തുക്കൾ = വിദ്വാന്മാർ, ഉദ്ഗാതാക്കൾ.

[4] ഋഷിമാർ – അതീന്ദ്രിയജ്ഞരായ സ്തോതാക്കൾ. പ്രബലനാക്കപ്പെട്ട – സ്തുതികൾ കൊണ്ടാണല്ലോ, ദേവതകൾക്കു ബലം വർദ്ധിയ്ക്കുന്നതു്. തന്റെ – ഇന്ദ്രന്റെ സ്തോതൃരാജ്യത്തു് – സ്തോതൃസംഘത്തിൽ, സ്തോതാക്കളുടെഇടയിൽ.

[5] സോമവും ഇന്ദ്രങ്കൽത്തന്നേ, ഇന്ദ്രന്റെ വയറ്റിൽത്തന്നേ ഒതുങ്ങി നില്ക്കുന്നു.

[7] സമ്മിളിതർ – ഒത്തുചേർന്നവർ.

[8] ഇദ്ദേഹത്തിന്നു് – യജമാനന്നു്.

[9] യജ്ഞഹീനരിൽനിന്നു് – യജ്ഞമനുഷ്ഠിയ്ക്കാത്തവരിൽനിന്നു പിടിച്ചടക്കി.

[10] വർഷകം – അഭീഷ്ടവർഷി. അന്തിമവാക്യം പരോക്ഷം:

[11] ഹവിഷ്മാൻ – യജമാനൻ.

[12] പൂരു – ഒരു രാജാവ്. കർമ്മനിരതന്ന് – യജമാനന്നു്. രുശമനും, ശ്യാവകനും, കൃപനും രാജർഷിമാർതന്നെ. സ്വർഗ്ഗപ്രാപണീയനെ – സ്വർഗ്ഗത്തിലെയ്ക്കു കൊണ്ടുപോകപ്പെടേണ്ടവനെ, യജമാനനെ. ശക്തനാക്കിയാലും – ധനസ്മൃദ്ധികൊണ്ടു യാഗാനുഷ്ഠാനത്തിന്നു കഴിവുള്ളവനാക്കിയാലും.

[13] വാഴ്ത്തുന്നു – വാഴ്ത്താനാളാകുന്നു? അല്പബുദ്ധികൾക്കു പുകഴ്ത്താവുന്നവനല്ല, ഇന്ദ്രൻ! ഇന്ദ്രന്റേതായ – മറ്റാർക്കുമില്ലാത്ത. ചെന്നെത്തിയിട്ടില്ലല്ലോ – മഹത്ത്വമറിഞ്ഞു സ്തുതിപ്പാൻ ശക്തരായിട്ടില്ലല്ലോ.

[14] ഇച്ഛിയ്ക്കുന്നവർതന്നെയില്ല; പിന്നെയല്ലേ, അനുഷ്ഠിയ്ക്കുന്നവർ? അങ്ങെത്തിയ്ക്കും – സ്തുതി ഭവാങ്കലണയ്ക്കും.

[15] ഒപ്പം – ശത്രുക്കളെ ഒന്നിച്ച് മേല്പോട്ടു – ഭവാന്റെ അടുക്കലെയ്ക്കു്.

[16] സൂര്യരശ്മിപോലെ – സൂര്യരശ്മികൾ ഭുവനത്തെ പ്രാപിയ്ക്കുന്നതുപോലെ. പ്രിയമേധർ = യജ്ഞതൽപരർ.

[18] അഭിലാഷി = അഭിലാഷമുള്ളവൻ, വിളിയ്ക്കപ്പെടാനിച്ഛിയ്ക്കുന്നവൻ.

[19] അർബുദൻ, മൃഗയൻ – രണ്ടസുരന്മാർ.

[20] നിർഗ്ഗമിപ്പിച്ചു് – പുറത്തെയ്ക്കിറക്കി. ആ കരുത്തു് – വൃത്രവധവീര്യം. സോമാമൃതം = അമൃതുപോലുള്ള സോമനീർ.

[21] കുരയാണപുത്രനായ പാകസ്ഥാമാവു് – കുരയാണെന്റെ മകൻ, പാകസ്ഥാമാവെന്ന രാജാവു്. എല്ലാറ്റിലും സർവധനങ്ങളിലും. തിളങ്ങുന്നതു് – ഉജ്ജ്വലമായ ധനം.

[23] ആ ഒരശ്വത്താൽ വഹിയ്ക്കപ്പെടുന്നതിനെ വഹിപ്പാൻ പത്തു കുതിരകൾ വേണം! ധുരന്ധരങ്ങൾ – ഭാരം ചുമക്കുന്ന അശ്വങ്ങൾ. തുഗ്രപുത്രനെ – സമുദ്രത്തിൽ എറിയപ്പെട്ട ഭുജ്യുവിനെ.

[24] നാലാമനായ – തന്റെ മുതുമുത്തച്ഛൻ, മുത്തച്ഛൻ, അച്ഛൻ എന്നീ മൂന്നുപേർപോലെതന്നെ സുചരിതനായ.

സൂക്തം 4.

കണ്വഗോത്രൻ ദേവാതിഥി ഋഷി; ബൃഹതിയും സതോബൃഹതിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ആളുകൾ അങ്ങയെ വിളിയ്ക്കുന്നുണ്ടു്; ശ്രേഷ്ഠ, അത്യന്തം കീഴമർത്തുന്നവനേ, എന്നാലും, ഭവാൻ ആൾക്കാരാൽ തുലോം സ്തുതിയ്ക്കപ്പെട്ടിട്ടു്, അനുപുത്രങ്കലും തുർവശങ്കലും എഴുന്നള്ളി!1

ഇന്ദ്ര, അവിടുന്നു് രുമൻ,രുശമൻ, ശ്യാവകൻ, കൃപൻ എന്നിവരുടെ അടുക്കൽ മത്തടിയ്ക്കുയായിരിയ്ക്കാം; എന്നാലും, അങ്ങയെ സ്തോത്രം ചൊല്ലുന്ന കണ്വന്മാർ മന്ത്രംകൊണ്ടു വരുത്തുന്നു. ഇന്ദ്ര, വന്നെത്തിയാലും!2

ഒരു ദാഹം പൂണ്ട ഗൗരമൃഗം വെള്ളം നിറഞ്ഞ തടാകത്തിലെയ്ക്കു പോകുന്നതെപ്രകാരമോ, അപ്രകാരം അവിടുന്നു, ബന്ധുത്വം പൂണ്ടു, ഞങ്ങളുടെ അടുക്കലെയ്ക്കു വെക്കം വന്നാലും: കണ്വരിൽ, ഒന്നിച്ചു വഴിപോലെ പാനംചെയ്താലും!3

ഇന്ദ്ര, മഘവാവേ, സോമം അങ്ങയെ, പിഴിഞ്ഞവന്നു ധനം കൊടുക്കാൻ ഇമ്പപ്പെടുത്തട്ടെ: ഇരുപലകകൾകൊണ്ടു പിഴിഞ്ഞതു കട്ടുകുടിച്ചുവല്ലോ, ഭവാൻ; അതുനിമിത്തം, മികച്ച ബലം അവിടുന്നു വഹിയ്ക്കുന്നു!4

അദ്ദേഹം വീരകർമ്മത്താൽ കീഴമർത്തു; കരുത്തുകൊണ്ടു് അരിശം കൊടുത്തു. മഹാനായ ഇന്ദ്ര, പടയ്ക്കേറ്റവരെയെല്ലാം അവിടുന്നു വൃക്ഷങ്ങളെപ്പോലെ അടക്കിനിർത്തി!5

ആർ സ്തുതി ഭവാന്നയയ്ക്കുമോ, അവൻ, ഒരായിരം പോരാളികളോടു് ചേർന്നവനെപ്പോലെയാവും; ആർ സ്തോത്രം ചൊല്ലിക്കൊണ്ടു ഹവിസ്സർപ്പിയ്ക്കുമോ, അവന്നു യുദ്ധത്തിൽ ശത്രുക്കളെപ്പോക്കുന്നവൻ പിറക്കും!6

ബലിഷ്ഠനായ ഭവാന്റെ സഖ്യമുണ്ടായാൽ, ഞങ്ങൾക്കു പിന്നെ ഭയം വേണ്ടാ, തളർച്ച വേണ്ടാ; പ്രശംസനീയമാണു്, വൃക്ഷാവായ ഭവാന്റെ മഹാകർമ്മം; തുർവശനെയും യദുവിനെയും ഞങ്ങൾ കണ്ടിട്ടുണ്ടു്!7

വൃക്ഷാവ് ഇടത്തേ ആസനംകൊണ്ടു (ഭുവനത്തെ) മറയ്ക്കുന്നു. മുറിവുപെടുത്തുന്നവൻ ഇദ്ദേഹത്തെ പീഢിപ്പിയ്ക്കില്ല. തേൻപോലെയുള്ള മധുരദ്രവ്യം ചേർത്തിരിയ്ക്കുന്നു, സോമത്തിൽ: അങ്ങ് വെക്കം വരിക; ഒന്നോടുക; കുടിയ്ക്കുക!8

ഇന്ദ്ര, അങ്ങയുടെ സഖാവ് എന്നെന്നും അശ്വ – രഥ – ഗോക്കളോടുകൂടിയവനും സുന്ദരാംഗനുമായിത്തീരും; ധനത്തോടും അന്നത്തോടും ചേരും; ആഹ്ലാദകനായി സഭയിൽ ചെല്ലും!9

മഘവാവേ, അങ്ങ്, ദാഹമുള്ള ഒരു മരമാൻപോലെ, പാത്രങ്ങളിൽ കൊണ്ടുവന്നിട്ടുള്ള സോമത്തിന്റെ അടുക്കൽ വന്നാലും: വേണ്ടുവോളം കുടിച്ചാലും. ഇതുകൊണ്ടാണല്ലോ, അവിടുന്നു നാളിൽ നാളിൽ മഴപെയ്യിയ്ക്കുന്നതും മഹത്തരമായ ബലം നേടുന്നതും!10

അധ്വര്യോ, ഭവാൻ സോമം പിഴിയുക, ഇന്ദ്രന്നു കുടിപ്പാൻ: വൃക്ഷാക്കളായ ഹരികളെ പൂട്ടിയിരിയ്ക്കും; വൃത്രഘ്നൻ വരികയുമായി!11

നിന്തിരുവടി ആരിൽ സോമംകൊണ്ടു സംതൃപ്തനാകുമോ, ആ ഹവിർദ്ദാതാവ് സ്വയം അറിയും. ഇതാ, അങ്ങയ്ക്കു യോഗ്യമായ അന്നം പകർന്നുവെച്ചിരിയ്ക്കുന്നു: അതിങ്കൽ വരിക, ഓടുക; കുടിയ്ക്കുക!12

അധ്വര്യുക്കളേ, നിങ്ങൾ തേരിലിരിയ്ക്കുന്ന ഇന്ദ്രന്ന്, അമ്മിമേൽ വെച്ച അമ്മിക്കുഴകൾകൊണ്ടു് സോമം പിഴിയുവിൻ: യജ്ഞസാധനം പിഴിയുന്ന ഇവ വിശേഷേണ വിളങ്ങുന്നു!13

അന്തരിക്ഷത്തിൽ നടക്കുന്ന വൃഷാക്കളായ ഹരികൾ ഇന്ദ്രനെ കർമ്മങ്ങളിൽ കൊണ്ടുവരട്ടെ – (മറ്റു)യജ്ഞസേവികളായ കുതിരകളും അങ്ങയെ സവനങ്ങൾക്ക് ഇങ്ങോട്ടു കൊണ്ടുവരട്ടെ!14

പുരുവിത്തനായ പൂഷാവിനെ ഞങ്ങൽ സഖ്യത്തിന്നായി ഭജിയ്ക്കുന്നു: ശക്ര, പുരുഹൂത, വിമോചക, ആ നിന്തിരുവടി ഞങ്ങളെ ബുദ്ധികൊണ്ടു ധനത്തിനും (ശത്രു) നിഗ്രഹത്തിന്നും ശക്തരാക്കിയാലും!15

വിമോചക, അങ്ങ് ഞങ്ങൾക്കു, ക്ഷൗരക്കത്തിയ്ക്കെന്നപോലെ മൂർച്ച വരുത്തിയാലും; സമ്പത്തും തന്നാലും. അങ്ങയുടെ പക്കലാണ്, ഞങ്ങൾക്കു് എളുപ്പത്തിൽക്കിട്ടാവുന്ന ഗോധനം: ഇതു ഭവാൻ മനുഷ്യന്നയയ്ക്കാറുണ്ടല്ലോ!16

തേജസ്സുപൂണ്ട പുഷാവേ, ഞാൻ അങ്ങയെ ചമയിയ്ക്കാനാഗ്രഹിയ്ക്കുന്നു, സ്തുതിയ്ക്കാനാഗ്രഹിയ്ക്കുന്നു. വസോ, സ്തോത്രങ്ങൾ സംഭരിച്ചു സ്തുതിയ്ക്കുന്ന സാമവാന്നു സുഖം നല്കാത്തവനെ സ്തുതിപ്പാൻ ഞാനാഗ്രഹിയ്ക്കുന്നില്ല!17

തേജസ്സു പൂണ്ട പൂഷാവേ, ദേവ, പൈക്കൾ വല്ലപ്പോഴും പുല്ലുതേടി പോയേയ്ക്കും; ആ ധനം നിലനില്ക്കേണമേ! അവിടുന്നു ഞങ്ങളെ രക്ഷിച്ചു, സുഖപ്പെടുത്തണം; അന്നം ധാരാളം തരണം!18

വിളങ്ങുന്ന സുഭഗനായ കുരുംഗരാജാവിന്റെ യാഗദാനാവസരത്തിൽ, ഞങ്ങൾക്ക് ആളുകളിൽവെച്ച്, ഒരു നൂറശ്വങ്ങളോടുകൂടിയ വളരെദ്ധനം കിട്ടി.19

ഹവിഷ്മാനായ കണ്വപുത്രന്റെ സ്തോതാക്കളും, തേജസ്സിയന്ന പ്രിയമേധരും വാങ്ങിയപോലെ, ഋഷിയായ ഞാനും അറുപതിനായിരം പരിശുദ്ധഗോക്കളെ മുഴുവൻ പ്രതിഗ്രഹിച്ചു.20

എനിയ്ക്കു കിട്ടിയപ്പോൾ വൃക്ഷങ്ങളും പിറുപിറുത്തു: – ‘ഇവർക്കു മികച്ച ഗോക്കളെ കിട്ടി; ഇവർക്കു മികച്ച കുതിരകളെ കിട്ടു!’21

കുറിപ്പുകൾ: സൂക്തം 4.

[1] കീഴമർത്തുന്നവനേ – ശത്രുക്കളെ. ആൾക്കാരാൽ – അനുവിന്റെ പുത്രൻ, തുർവശൻ എന്നീ രാജാക്കന്മാരുടെ സ്തോതാക്കളാൽ.

[2] രുമൻ മുതലായ നാലുപേരും രാജാക്കന്മാരത്രേ. മത്തടിയ്ക്കുകയയിരിയ്ക്കാം – സോമം കുടിച്ചു്.

[3] കണ്വരിൽ – കണ്വപുത്രന്മാരുടെ ഇടയിൽ.

[4] കട്ടു: ഇക്കഥ മുമ്പുണ്ടു്.

[5] ആദ്യഭാഗം പരോക്ഷകഥനം: കീഴമർത്തു – ശത്രുക്കളെ. അരിശം – ശത്രുക്കളുടെ. വൃക്ഷങ്ങളെപ്പോലെ – നിശ്ചലനാക്കി.

[6] പോക്കുന്നവൻ – ആട്ടിപ്പായിയ്ക്കുന്ന പുത്രൻ.

[7] ഭയം വേണ്ടാ – ഭയപ്പെടേണ്ടിവരില്ല. തുർവശനും യദുവും ഭവൽ പ്രസാദംമൂലം എത്ര സുഖത്തിലിരിയ്ക്കുന്നു!

[8] മുറിവുപെടുത്തുന്നവൻ – യുദ്ധവിദഗ്ദ്ധൻ; ഒരു പോരാളിയും ആളാകില്ല, ഇന്ദ്രനെ പീഢിപ്പിയ്ക്കാൻ. മധുരദ്രവ്യം – കുറുക്കിയ പാലും മറ്റും.

[9] സഖാവ് – സഖ്യം ലഭിച്ചവൻ.

[10] ദാഹമുള്ള ഒരു മരമാൻപോലെ – മരമാൻ തടാകത്തിൽ ചെല്ലുന്നതുപോലെ. ഇതു – സോമപാനം.

[12] സ്വയം അറിയും – പരാപേക്ഷകൂടാതെ എല്ലാം മനസ്സിലാക്കും. അന്നം – സോമം.

[13] ഇവ – അമ്മിയും അമ്മിക്കുഴയും.

[14] കർമ്മങ്ങളിൽ – നമ്മുടെ, അടുത്ത വാക്യം പ്രത്യക്ഷം: യജ്ഞസേവികൾ = യജ്ഞത്തിൽ ചെല്ലുന്നവ.

[15] ഇതുമുതൽ നാലൃക്കുകൾ പൂഷാവിനേയും ഇന്ദ്രനെയും പരാമർശിയ്ക്കുന്നവയത്രേ: പുഷാവ് = പുഷാവെന്ന ദേവൻ; ഇന്ദ്രപക്ഷത്തിൽ പോഷകൻ. ശക്ര – ശക്ത. പുരുഹൂത = വളരെ ആളുകളാൽ വിളിയ്ക്കപ്പെട്ടവനേ. വിമോചക – പാപത്തിൽനിന്നു മോചിപ്പിയ്ക്കുന്നവനേ.

[16] ഇതു – ഗോധനം. മനുഷ്യന്ന് – സ്തുതിയ്ക്കുന്ന മനുഷ്യന്ന്.

[17] സ്തുതിയ്ക്കുന്ന സാമജ്ഞന്നു സുഖം നല്കാൻ ഭവാനേ ഉള്ളൂ; അതിനാൽ, ഞാൻ മറ്റൊരു ദേവനെ സ്തുതിപ്പാനാഗ്രഹിയ്ക്കുന്നില്ല.

[18] പൈക്കൾ – ഞങ്ങളുടെ. ആ ധനം നിലനില്ക്കേണമേ – പൈക്കളെ പുലികൾ പിടിയ്ക്കുകയും മറ്റും ചെയ്യാതെ നോക്കണമേ.

[19] ഋഷി മൂന്നൃക്കുകൾകൊണ്ടു കുരുംഗരാജാവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നു: യാഗദാനം – ദക്ഷിണ.

[20] കണ്വപുത്രൻ – മേധാതിഥി. പ്രിയമേധർ – പ്രിയമേധനും, കൂട്ടരും. ഇവർക്കും കുരുംഗൻ കൊടുക്കുകയുണ്ടായി. പ്രതിഗ്രഹിച്ചു – സ്വീകരിച്ചു.

[21] ഇവർ – ദേവാതിഥി മുതലായ ഋഷികൾ. ‘നമുക്കൊന്നും കിട്ടിയില്ല’ എന്നു വൃക്ഷങ്ങൾപോലും പിറുപിറുത്തു – ഇലകളുടെ മർമ്മശബ്ദമാണു്. ഈ പിറുപിറുക്കൽ.

സൂക്തം 5.

കണ്വഗോത്രൻ ബ്രഹ്മാതിഥി ഋഷി; ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

ദൂരത്തുനിന്നു്, ഇവിടെയുള്ളവൾപോലെ, യാതൊരു ഭാസുരാംഗി വെണ്മ വരുത്തിയോ – വെളിച്ചം വിവിധമായി പരത്തിയോ; 1

ആ ഉഷസ്സിനെ, ദസ്രരായ അശ്വികളേ, നിങ്ങൾ നേതാക്കളെന്നപോലെ, മനസ്സുകൊണ്ടൂ പൂട്ടുന്ന തേജസ്സേറിയ തേരിലൂടേ വഴിപൊലെ പ്രാപിയ്ക്കുന്നു!2

അന്നധനാന്വിതന്മാരേ, നോക്കുവിൻ, നിങ്ങൾക്കുള്ള സ്തോത്രങ്ങൾ: ഞാൻ സ്തുതി, ഒരു ദൂതൻപോല കൊണ്ടുവരുന്നു!3

വളരെപ്പേർക്കു പ്രിയപ്പെട്ട, വളരെ മത്തടിയ്ക്കുന്ന, വളരെദ്ധനമുള്ള അശ്വികളേ, ഞങ്ങളുടെ രക്ഷണത്തിന്നു കണ്വന്മാർ സ്തുതിയ്ക്കുന്നു.4

പൂജനീയരേ, ബലം തുലോം നല്കുന്നവരേ, അന്നദാതാക്കളേ, ധനത്തിന്റെ ഉടമസ്ഥരേ, ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ ഗമിയ്ക്കുന്നവരേ, 5

ആ നിങ്ങൾ ദേവകളെ യജിയ്ക്കുന്ന ഹവിഷ്പ്രദന്നുവേണ്ടി, നല്ല യജ്ഞത്തോടുകൂടിയതും നിരപായവുമായ പൈമേച്ചിൽനിലം വെള്ളംകൊണ്ടു നനച്ചാലും!6

അശ്വികളേ, നിങ്ങൾ പരുന്തുകൾക്കൊപ്പം പറക്കുന്ന കുതിരകളിലൂടേ ഞങ്ങളുടെ സ്തോത്രത്തിൽ ശീഘ്രം വന്നെത്തുവിൻ:7

ഇവയിലൂടെയാണല്ലോ, നിങ്ങൾ ദൂരത്തുനിന്നു് എല്ലാ നക്ഷത്രങ്ങളിലും മൂന്നു പകലും മൂന്നു രാവും മുഴുവൻ ചുറ്റിനടക്കാറുള്ളതു്!8

പ്രാതഃസ്തുത്യരേ, നിങ്ങൾ ഞങ്ങൾക്കു ഗോക്കളെയും, അന്നവും സമ്പത്തും തരുവിൻ; ലാഭമാർഗ്ഗങ്ങൾ തുറന്നിടുവിൻ!9

അശ്വികളെ, നിങ്ങൾ ഞങ്ങൾക്കു ഗോക്കൾ, അശ്വങ്ങൾ, നല്ല തേരുകൾ, നല്ല പുത്രന്മാർ എന്നിവയോടുകൂടിയ സമ്പത്തും അന്നവും കൊണ്ടുവരുവിൻ!10

മോടിയുടെ ഉടമസ്ഥരായ ദസ്രരേ, പൊന്നിൻതേരുള്ള പ്രവൃദ്ധരായ നിങ്ങൾ സോമമധു നുകർന്നാലും!11

അന്നധനാന്വിതന്മാരേ, നിങ്ങൾ ഹവിസ്സമ്പന്നരായ ഞങ്ങൾക്ക് എമ്പാടും വിശാലമായി അധൃഷ്യമായ ഗൃഹം തന്നാലും!12

ആളുകളുടെ സ്തോത്രത്തിൽ ചെല്ലാറുള്ളവരാണല്ലോ, നിങ്ങൾ: വെക്കം വരുവിൻ; അന്യരുടെ അടുക്കലെയ്ക്കു പോകരുതു്!13

സ്തുത്യർഹരായ അശ്വികളേ, ഈ തന്ന മദകരവും മനോജ്ഞവുമായ മധു നുകർന്നാലും!14

എല്ലാരെയും പുലർത്തത്തക്ക, ബഹുസ്തുത്യമായ, നൂറുമായിരവും ധനം നിങ്ങൾ ഞങ്ങൾക്കു കൊണ്ടുവരുവിൻ!15

നേതാക്കളേ, അശ്വികളേ, നിങ്ങളെ വളരെയിടങ്ങളിൽ മനീഷികൾ വിളിയ്ക്കുന്നുണ്ടാവും; എന്നാലും, നിങ്ങൾ കുതിരകളിലൂടെ വരുവിൻ!16

അശ്വികളേ,ആളുകൾ ദർഭ മുറിച്ചു, ഹവിസ്സൊരുക്കി, വട്ടമെല്ലാം കൂട്ടി നിങ്ങളെ വിളിയ്ക്കുന്നു!17

അശ്വികളേ, ഇപ്പോൾ ഞങ്ങളുടെ ഈ സ്തോത്രം നിങ്ങളെ കൊണ്ടുവരാൻ നിങ്ങളുടെ തൊട്ടടുക്കലെത്തട്ടെ!18

അശ്വികളേ, നിങ്ങളുടെ തേരിൽ വെച്ചിട്ടുണ്ടല്ലോ, ഒരു മധുത്തോൽത്തുരുത്തി; അതിൽനിന്നു കുടിയ്ക്കുവിൻ!19

അന്നധനാന്വിതന്മാരേ, ഞങ്ങളുടെ നാല്കാലികൾക്കും മക്കൾക്കും പൈക്കൾക്കും സുഖമുളവാകുമാറു, നിങ്ങൾ ഒരുപാടന്നം അതിൽ കൊണ്ടുവന്നാലും!20

പ്രാതഃസ്തുത്യരേ, നിങ്ങൾ ഞങ്ങൾക്കു വാനിലെ അന്നം ഒരു തുളയിലൂടെയെന്നപോലെ പൊഴിയ്ക്കുവിൻ; നദികൾ നിർമ്മിയ്ക്കുവിൻ!21

നേതാക്കളേ, നിങ്ങളെ കടലിലെറിയപ്പെട്ട തുഗ്രപുത്രൻ എപ്പോൾ സ്തുതിച്ചു? നിങ്ങളുടെ കുതിരത്തേർ ചെന്നപ്പോൾ!22

നാസത്യരേ, നിങ്ങൾ മേടയിൽ പീഡിതനായ കണ്വന്നു വളരെ രക്ഷകൾ കൊടുക്കുകയുണ്ടായല്ലോ;23

വർഷണധനന്മാരേ, ആ സുപ്രശസ്തങ്ങളായ നവീനരക്ഷകളോടേ വന്നെത്തുവിൻ: ഞാൻ നിങ്ങളെ വിളിയ്ക്കുന്നുണ്ടല്ലോ; 24

അശ്വികളേ, നിങ്ങൾ കണ്വനെയും, പ്രിയമേധനെയും, ഉപസ്തുതനെയും, സ്തുതിച്ച അത്രിയെയും രക്ഷിച്ചുവല്ലോ;25

ധനമിച്ഛിച്ച അംശുവിനെയും ഗോകാംക്ഷിയായ അഗസ്ത്യനെയും അനൈഷിയായ സോഭരിയെയും നിങ്ങൾ രക്ഷിച്ചുവല്ലോ;26

വർഷണധനന്മാരേ, അശ്വികളേ, അത്രയ്ക്കോ അതിലുമധികമോ സുഖം നിങ്ങളോടു് ഞങ്ങൾ സ്തുതിച്ചു യാചിയ്ക്കുന്നു.27

അശ്വികളേ, പൊന്നിൻനുകത്തണ്ടും പൊന്നിൻ കടിഞ്ഞാണുമുള്ള, വാനിലുരുമ്മുന്ന തേരിലാണല്ലോ, നിങ്ങൾ ഇരിയ്ക്കാറുള്ളതു്!28

നിങ്ങളുടെ ഇരുപ്പടി പൊന്നുകൊണ്ടു്, അച്ചുതണ്ടു് പൊന്നുകൊണ്ടു്, ഇരുചക്രങ്ങൾ പൊന്നുകൊണ്ടു് – 29

അതിലൂടെ, അകലത്തുനിന്നായാലും നിങ്ങൾ ഞങ്ങളിൽ വന്നെത്തുവിൻ; വർഷണധനന്മാരേ, എന്റെ എന്റെ ഈ നല്ല സ്തുതിയെ സമീപിയ്ക്കുവിൻ!30

അശ്വികളേ, അമൃതരേ, നിങ്ങൾ അസുരപുരികളുടച്ചു്, അന്നങ്ങൾ ദൂരത്തുനിന്നു കൊണ്ടുവരണം!31

വളരെപ്പൊന്നുള്ള നാസത്യരായ അശ്വകളേ, നിങ്ങൾ തിളങ്ങുന്ന അന്നങ്ങളോടും യശസ്സുകളോടും കൂടി ഞങ്ങളിൽ വന്നെത്തിയാലും!32

നിങ്ങളെ മെഴുക്കൊലിമെയ്യരായ, പക്ഷികൾക്കൊത്ത കുതിരകൾ ഇവിടെ യജ്ഞം‌ ശരിയ്ക്കനുഷ്ഠിയ്ക്കുന്നവങ്കലെയ്ക്കു കൊണ്ടുവരുമാറാകട്ടെ!33

യാതൊന്നിൽ അന്നം വെച്ചിരിയ്ക്കുന്നുവോ, നിങ്ങളുടെ ആ സ്തുത്യമായ രഥത്തെ സൈന്യം എതിർത്തുപദ്രവിയ്ക്കില്ല!34

നാസത്യരേ, കുതിച്ചോടുന്ന കുതിരകളെപ്പൂട്ടിയ പൊന്നിൻതേരിലൂടേ നിങ്ങൾ മനോവേഗേന വന്നാലും!35

വർഷണധനന്മാരേ, നിങ്ങൾ ഉണർവുറ്റ മൃഗനെ നിഹനിച്ചുവല്ലോ; ആ നിങ്ങൾ ഞങ്ങൾക്കു് അന്നവും ധനവും കിട്ടിയ്ക്കുവിൻ!36

അശ്വികളേ, ആ നിങ്ങൾ എനിയ്ക്കു പുതിയ ധനം തരുവിയ്ക്കുവിൻ: ചേദിപുത്രൻ കശു നൂറൊട്ടകങ്ങളെയും പതിനായിരം പൈക്കളെയും തരികയുണ്ടായല്ലോ!37

ഇദ്ദേഹം എനിയ്ക്കു പൊന്നൊളിതിരണ്ട പത്തരചന്മാരെ ദാസരാക്കിത്തന്നു: ചൈദ്യന്റെ കാല്ക്കീഴിലാണ്, പ്രജകൾ; ആളുകൾ പരക്കെ പയറ്റുള്ളവരുമാണു്!38

ആരും ആളാവില്ല, ഈ ചേദികൾ പോകുന്ന വഴിയിലൂടെ നടക്കാൻ: മറ്റൊരാളില്ല, ഇത്ര വളരെ അറിഞ്ഞുകൊടുക്കാൻ!39

കുറിപ്പുകൾ: സൂക്തം 5.

[2] ആ ഉഷസ്സിനെ പ്രാപിയ്ക്കുന്നു – ഉഷസ്സുദിപ്പിന്നുശേഷമാണല്ലോ അശ്വികളെ സ്തുതിയ്ക്കുക.

[3] അന്നധനാന്വിതന്മാരേ – സ്തോതാക്കൾക്കു കൊടുപ്പാൻ അന്നവും ധനവുമെടുത്തവരേ. ദൂതൻപോലെ – ദൂതൻ സ്വാമിയുടെ ആജ്ഞ കൊണ്ടുവരുന്നതുപോലെ.

[4] കണ്വന്മാർ – കണ്വഗോത്രന്മാർ. സ്തുതിയ്ക്കുന്നു – നിങ്ങളെ.

[6] നല്ല യജ്ഞത്തോടുകൂടിയതും – പൈക്കളുടെ പുഷ്ടിയാലാണല്ലോ, യാഗം നടക്കുന്നതു്.

[7] പറക്കുന്ന – പായുന്ന.

[8] ഇവ – മുകളിൽപ്പറഞ്ഞ കുതിരകൾ.

[14] തന്ന – ഞങ്ങൾ തന്ന. മധു – മധുരസോമം.

[19] മധുത്തോൽത്തുരുത്തി – ഞങ്ങൾ തന്ന സോമനീർ നിറച്ച തോൽത്തുരുത്തി.

[20] അതിൽ – തേരിൽ.

[21] വാനിലെ അന്നം – മഴവെള്ളം.

[22] എപ്പോൾ സ്തുതിച്ചു എന്ന ചോദ്യത്തിന്റെ മറുപടിയാണ് അടുത്ത വാക്യം.

[23] ഈ കഥ ഒന്നാംമണ്ഡലത്തിലുണ്ട്: പീഡിതൻ – അസുരന്മാരാൽ കണ്വൻ – ഋഷി.

[25] ഉപസ്തുതൻ – ഋഷിതന്നെ.

[27] അത്രയ്ക്കു് – അവർക്കു നിങ്ങളിൽ നിന്നു കിട്ടിയേടത്തോളം.

[28] വാനിലുരുമ്മുന്ന – അത്യുന്നമായ.

[30] അതിലൂടെ – അത്തേരിൽക്കേറി.

[31] അമൃതർ – മരണരഹിതർ.

[33] മെഴുക്കൊലിമെയ്യർ – മെഴുക്കൊലിയ്ക്കുന്നതായി തോന്നുന്ന, അത്ര സ്നിഗ്ദ്ധമായ ഉടലോടുകൂടിയവ.

[34] സൈന്യം – ഏതൊരു ശത്രുസേനയും.

[36] ഉണർവുറ്റ – കൃത്യങ്ങളിൽ അമാന്തിയ്ക്കാത്ത. മൃഗൻ – ഒരസുരൻ.

[37] ചേദിയുടെ മകൻ കശു എന്ന രാജാവു തന്നതു, നിങ്ങളുടെ പ്രേരണയാലാണല്ലോ; വീണ്ടും പുതിയ ധനങ്ങൾ മറ്റു ധനവാന്മാരെക്കൊണ്ടു തരുവിയ്ക്കുവിൻ.

[38] ഇദ്ദേഹം – കശു. ചൈദ്യൻ = ചേദിപുത്രൻ.

[39] ചേദികൾ – കശുവിന്റെ അച്ഛൻ മുതലായവർ.

സൂക്തം 6.

കണ്വപുത്രൻ വത്സൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ആർ ഓജസ്സുകൊണ്ടു, മഴ പെയ്യുന്ന പർജ്ജന്യൻപോലെ മുന്തി നില്ക്കുന്നുവോ, ആ ഇന്ദ്രൻ വത്സന്റെ സ്തോത്രങ്ങൾകൊണ്ടു വർദ്ധിയ്ക്കുന്നു!1

സത്യത്തിന്റെ സന്താനത്തെ വാനം നിറയ്ക്കുന്ന വാജികൾ എപ്പോൾ വഹിയ്ക്കുമോ, അപ്പോൾ മേധാവികൾ യജ്ഞത്തിൽ വരുത്താൻ (സ്തുതിയ്ക്കുന്നു).2

കണ്വന്മാർ സ്തോത്രങ്ങൾകൊണ്ടു് ഇന്ദ്രനെ യജ്ഞസാധകനാക്കിയാൽ, ആയുധം ഇരട്ടിപ്പാണെന്നു പറയുന്നു!3

ചെല്ലുന്ന പ്രജകളൊക്കെ ഇദ്ദേഹത്തിന്റെ ക്രോധത്തിന്നു, സമുദ്രത്തിന്നു നദികൾപോലെ വഴങ്ങുന്നു!4

ഇന്ദ്രന്റെ ആ ബലം തിളങ്ങുന്നു: അവിടുന്നു് വാനൂഴികൾ രണ്ടിനെയും തോലിനെപ്പോലെ പരത്തും, ചുരുട്ടും!5

വിറപ്പിച്ച വൃത്രന്റെയും തല അദ്ദേഹം നൂറുമൊട്ടുള്ള വീര്യവത്തായ വജ്രംകൊണ്ടു കൊയ്തുവല്ലോ!6

ഞങ്ങൾ സ്തോതാക്കളുടെ മുമ്പിൽവെച്ച്, അഗ്നിജ്വാലപോലെ തിളങ്ങുന്ന ഈ സ്തുതികൾ വീണ്ടും വീണ്ടും ചൊല്ലുന്നു!7

ഗുഹയിലെ യാവചില സ്തുതികൾ സ്വയം ചെന്നു് ഉജ്ജ്വലിച്ചുവോ, അവ ചൊല്ലി കണ്വന്മാർ സോമം തൂകുന്നു.8

ഇന്ദ്ര, ആ ഗവാശ്വയുക്തമായ സമ്പത്തും മികച്ച അന്നവും മുമ്പേ ഞങ്ങൾക്കു കിട്ടുമാറാകണം!9

സംരക്ഷകനായ സത്യരൂപന്റെ നന്മനസ്സ് എനിയ്ക്കുതന്നെ കൈവന്നിരിയ്ക്കുന്നുവല്ലോ; അതിനാൽ ഞാൻ, സൂര്യൻപോലെ ആവിർഭവിച്ചു!10

യാതൊന്നുകൊണ്ടു ഇന്ദ്രൻ ബലവാനാകുമോ; ആ സതാതന സ്തോത്രത്താൽ കണ്വനെന്നപോലെ, ഞാൻ വാക്കുകളെ അലംകരിയ്ക്കുന്നു!11

ഇന്ദ്ര, അങ്ങയെ സ്തുതിയ്ക്കാത്തവരിലും, സ്തുതിച്ച ഋഷിമാരിലും വെച്ചു് എന്റെ നല്ല സ്തുതിയാൽത്തന്നെ അവിടുന്നു വർദ്ധിച്ചാലും!12

തന്തിരുവടിയുടെ അരിശം വൃത്രനെ സന്ധിതോറും ചതച്ചു് അട്ടഹാസമിട്ടതോടേ, തണ്ണീരുകൾ കടലിയ്ക്കയയ്ക്കപ്പെട്ടു!13

ഇന്ദ്ര, അവിടുന്നു് ശുഷ്ണാസുരങ്കൽ തൃക്കയ്യിലെ വജ്രം ചാട്ടി: ഓജസ്വിൻ, അങ്ങു് വൃഷാവാണെന്നാണല്ലോ, കേൾവി!14

വിണ്ണുകളോ, അന്തരിക്ഷങ്ങളോ, മന്നുകളോ ബലംകൊണ്ടു വജ്രപാണിയായ ഇന്ദ്രനോടടുക്കില്ല!15

ഇന്ദ്ര, ആർ ഭവാന്റെ തഴച്ച തണ്ണീരിനെ സ്തംഭിപ്പിച്ചുകിടന്നുവോ, അവനെ അങ്ങ് കൊന്നു വെള്ളത്തിലിട്ടു!16

ഈ തമ്മിൽച്ചേർന്ന വലിയ വാനൂഴികളെ ആർ മൂടിക്കളഞ്ഞുവോ, ഇന്ദ്ര, അവനെ അങ്ങ് ഇരുട്ടിൽപ്പൂഴ്ത്തി!17

ഇന്ദ്ര, ഓർജസ്വിൻ, അങ്ങയെ യതികളും ഭൃഗുക്കളും സ്തുതിച്ചുവല്ലോ; എന്നാൽ, എന്റെ സ്തുതിതന്നെ അവിടുന്നു് കേട്ടാലും !18

ഇന്ദ്ര, ഭവാന്റെ ഈ പൈക്കൾ യജ്ഞത്തെ വളർത്തിക്കൊണ്ടു് കാച്ചുപാൽ ചുരത്തുന്നു:19

ഈ പെറ്റ പൈക്കൾ അങ്ങയുടെ വീര്യം ഭക്ഷിച്ചിട്ടാണല്ലോ, സൂര്യരശ്മികൾ ജലമേറ്റപോലെ ഗർഭം ധരിച്ചതു്!20

കെല്പിന്റെ ഉടമസ്ഥ, അങ്ങയെത്തന്നെ കണ്വർ ഉക്ഥകം കൊണ്ടു വർദ്ധിപ്പിയ്ക്കുന്നു.പിഴിഞ്ഞസോമവും അങ്ങനെതന്നെ വർദ്ധിപ്പിയ്ക്കുന്നു!21

ഇന്ദ്ര,വജ്രപാണേ, ധനദാനങ്ങളിൽ അങ്ങയ്ക്കു തന്നെയാണു്, മികച്ച സ്തുതിയും വിസ്തരിച്ച യത്നവും!22

ഇന്ദ്ര, ഭവാൻ ഞങ്ങൾക്കു ഗോക്കളെയും, വലിയ അന്നവും, രക്ഷയും, സന്തതിയും, നല്ല വീര്യവും തരാൻ കനിഞ്ഞാലും!23

ഇന്ദ്ര, നാഹുഷന്റെ പ്രജകളിൽ, മുൻവശത്തു യാതൊരു ശീഘ്രാശ്വഗണം പ്രകാശിപ്പിയ്ക്കപ്പെട്ടുവോ, അതിനെയും (തന്നരുളുക)24

ഇന്ദ്ര, പ്രാജ്ഞനായ ഭവാൻ ഇപ്പോൾ അരികേ കാണാവുന്ന ഒരു പൈത്തൊഴുത്തു പരത്തിയാൽ, ഞങ്ങളെ സുഖിപ്പിച്ചു കഴിഞ്ഞു!25

അല്ലയോ ഇന്ദ്ര, ഒരു ബലംതന്നെയാണു്, ഭവാൻ; മനുഷ്യർക്കു മഹാരാജാവാണു്, ഓജസ്സുകൊണ്ടു സർവ്വാതീതനാണു്, അപാരനാണു്!26

സോമങ്ങൾകൊണ്ടു വിസ്തീർണ്ണജവനായ ആ നിന്തിരുവടിയെ ആളുകൾ ഹവിസ്സൊരുക്കി രക്ഷയ്ക്കായി സ്തുതിയ്ക്കുന്നു!27

പർവതപ്രാന്തത്തിലും നദീസംഗമത്തിലും കർമ്മമനുഷ്ഠിച്ചാൽ, മേധാവി പ്രത്യക്ഷനാകും!28

നന്നായി നുകരുന്നവൻ എവിടെ പെരുമാറുന്നുവോ, ആ ഉയരത്തിൽനിന്നറിഞ്ഞു സോമത്തെ മുഖം കുനിച്ച് തൃക്കൺപാർക്കും!29

വിണ്ണിൻ മുകളിൽ വിളങ്ങുന്നതോടെ ചിരന്തനനായ ഗന്താവിന്റെ തേജസ്സു പകൽമുഴുവൻ കാണപ്പെടുന്നു!30

ഇന്ദ്ര, ബലവത്തര, അങ്ങയുടെ ബുദ്ധിയെയും പൗരുഷത്തെയും വീര്യത്തെയും കണ്വരെല്ലാം വളർത്തുകതന്നെചെയ്യുന്നു!31

ഇന്ദ്ര,നിന്തിരുവടി എന്റെ ഈ നല്ല സ്തുതി കേൾക്കുക; എന്നെ പ്രകർഷേണ സംരക്ഷിയ്ക്കുക; ബുദ്ധി തുലോം വർദ്ധിപ്പിയ്ക്കുക!32

തുലോം വളർന്ന വജ്രപാണേ, മേധാവികളായ ഞങ്ങൾ ജീവനത്തിന്നുവേണ്ടി അങ്ങയ്ക്കു സ്തോത്രങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നു.33

കണ്വർ നേരെ സ്തുതിയ്ക്കുന്നു: ഈ സ്തുതി, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ഇന്ദ്രങ്കലണയുന്നു!34

അധർഷിതക്രോധനും അജരനുമായ ഇന്ദ്രനെ ഉക്ഥങ്ങൾ, നദികൾ സമുദ്രത്തെയെന്നപോലെ വർദ്ധിപ്പിയ്ക്കുന്നു!35

ഇന്ദ്ര, അങ്ങ് അകലത്തുനിന്നു്, അഴകുറ്റ ഹരികളിലൂടെ വന്നാലും: ഈ സോമനീർ നുകർന്നാലും!36

മികച്ച ശത്രുഹന്താവേ, അങ്ങയെത്തന്നെയാണല്ലോ, ദർഭ മുറിച്ച ആളുകൾ ബലം കിട്ടാൻ വിളിച്ചുപോരുന്നതു് !37

വാനൂഴികൾ രണ്ടും അങ്ങയെ, തേർവിട്ടു കുതിരയെയെന്നപോലെ അനുസരിയ്ക്കുന്നു; പിഴിഞ്ഞ സോമവും!38

ഇന്ദ്ര, അവിടുന്നു ശര്യണാവത്തിലെ യാഗത്തിൽ മത്തടിച്ചാലും; സേവകന്റെ സ്തുതികൊണ്ടും മത്തുകൊണ്ടാലും!39

സോമം വളരെക്കുടിച്ചു വളർന്നു, വജ്രംകൊണ്ടു വൃത്രനെ വധിച്ച വൃഷാവു വാനത്തു വലിയ ഗർജ്ജനം കൂട്ടി!40

ഇന്ദ്ര, ഒഋഷിയാണല്ലോ, മുമ്പേ ജനിച്ച ഭവാൻ: അവിടുന്നു് ഓജസ്സുകൊണ്ടു തനിയേ പെരുമാളായി; അങ്ങ് ധനം വീണ്ടും വീണ്ടും നല്കിപ്പോരുന്നു!41

ഞങ്ങളുടെ സോമനീരും അന്നവും ഭുജിപ്പാൻ അങ്ങയെ നല്ല മുതുകുള്ള നൂറശ്വങ്ങൾ കൊണ്ടുവരട്ടെ!42

പണ്ടത്തവരുടെ ഈ മധുരോദകപ്രവൃദ്ധകമായ കർമ്മത്തെ കണ്വർ ഉക്ഥംകൊണ്ടു കൈവളർത്തുന്നു.43

മികച്ച മഹാന്മാരിൽവെച്ചു് ഇന്ദ്രനെത്തന്നെയാണു്, മനുഷ്യൻ യാഗത്തിൽ ഭജിയ്ക്കുന്നതു്; ധനകാമനും രക്ഷയ്ക്കു് ഇന്ദ്രനെത്തന്നെ ഭജിയ്ക്കുന്നു!44

പുരുസ്തുത, പ്രിയമേധരാൽ പുകഴ്ത്തപ്പെട്ട ഹരികൾ അങ്ങയെ സോമം കുടിപ്പാൻ ഇങ്ങോട്ടു കൊണ്ടുപോരട്ടെ!45

ആളുകളുടെയിടയിൻ വെച്ചു, പരശുപുത്രനായ തിരിന്ദിരരാജാവിങ്കൽനിന്നു ഞാൻ നൂറുമായയിരവും ധനം വാങ്ങിയിരിയ്ക്കുന്നു.46

മുന്നൂറു കുതിരകളെയും, പതിനായിരം പൈക്കളെയും അവർ സാമജ്ഞനായ വജ്രന്നു നല്കി!47

ഈ മഹാൻ നാലുഭാരം സ്വർണ്ണമേന്തിയ ഒട്ടകങ്ങളെയും, യാദവജനങ്ങളെയും കൊടുത്തു, യശസ്സു സ്വർഗ്ഗത്തിൽ പരത്തിയിരിക്കുന്നു!48

കുറിപ്പുകൾ: സൂക്തം 6.

[1] വത്സന്റെ – എന്റെ.

[2] സത്യത്തിന്റെ സന്താനം – ഇന്ദ്രൻ. വാനം നിറയ്ക്കുന്ന – വാനിലെങ്ങും ചെല്ലുന്ന.

[3] ആയുധം ഇരട്ടിപ്പാണു് – അയുധകാര്യമെല്ലാം ഇന്ദ്രൻതന്നെ ചെയ്തുകൊള്ളും!

[4] ചെല്ലുന്ന – സമീപിയ്ക്കുന്ന.

[6] വിറപ്പിച്ച – ലോകത്തെ.

[8] ഗുഹയിലെ – ഗുഹയിൽവെച്ചു ചൊല്ലപ്പെട്ട ചെന്നു് – ഇന്ദ്രങ്കൽ.

[9] മുമ്പേ – മറ്റുള്ളവർക്കു കിട്ടുന്നതിന്നുമുമ്പ്.

[10] സൂര്യൻപോലെ – സൂര്യന്നൊത്ത ശോഭയോടേ.

[11] കണ്വൻ – എന്റെ അച്ഛൻ. അലംകരിയ്ക്കുന്നു – ഇന്ദ്രവിഷയത്തിൽ പ്രയോഗിയ്ക്കപ്പെട്ടാൽ, വാക്കുകൾ അലംകൃതങ്ങളായി.

[13] അട്ടഹാസം – ഇടിയൊച്ച. തണ്ണീരുകൾ – മഴവെള്ളങ്ങൾ. അയയ്ക്കപ്പെട്ടു. തന്തിരുവടിയാൽ.

[14] വൃഷാവു് – അഭീഷ്ടങ്ങൾ വർഷിച്ചുകൊടുക്കുന്നവൻ. എനിയ്ക്കും തരിക എന്നു ഹൃദയം.

[16] അവനെ – വൃത്രനെ.

[17] ഇരുട്ടു് – മരണം.

[18] യതികൾ – അംഗിരസ്സുകൾ.

[19] കാച്ചുപാൽ – കുറുക്കി സോമത്തിൽ പകരാനുള്ള പാൽ. പൈക്കൾ പാൽ തരുന്നതിനാലാണു്, യജ്ഞം വളരുന്നതു്.

[20] വീര്യം – വൃത്രവധാനന്തരം ഓഷധ്യാദികളായിപ്പരിണമിച്ച വീര്യം, പുല്ലും മറ്റും.

[22] ദാനാവസരങ്ങളിൽ അങ്ങയെത്തന്നെ സ്തുതിയ്ക്കുന്നു, യജിയ്ക്കുന്നു.

[24] നാഹുഷരാജാവിനെ യുദ്ധത്തിൽ സഹായിപ്പാൻ, ഒരു കൂട്ടം ശീഘ്രാശ്വങ്ങളെ ഭവാൻ അയച്ചുകൊടുത്തുവല്ലോ; അത്തരം കുതിരകളേയും ഞങ്ങൾക്കു തന്നാലും.

[25] പൈത്തൊഴുത്തു പരത്തിയാൽ – പൈക്കൾ നിറഞ്ഞ ഒരു വിശാലമായ തൊഴുത്തു തന്നാൽ.

[26] സർവാതീതൻ = എല്ലാവരെക്കാളും മീതെയായവൻ.

[27] സോമങ്ങൾകൊണ്ടു് – സോമപാനങ്ങൾ മൂലം. വിസ്തീർണ്ണജവനായ – എങ്ങും വ്യാപിയ്ക്കുന്ന.

[28] മേധാവി – ഇന്ദ്രൻ. അതിനാൽ നാമും ആ പ്രദേശങ്ങളിൽ യജിയ്ക്കുക.

[29] നന്നായി നുകരുന്നവൻ – ഇന്ദ്രൻ. ആ ഉയരം – സ്വർഗ്ഗലോകം. അറിഞ്ഞ് – യഷ്ടാക്കൾ സോമമൊരുക്കിയതറിഞ്ഞ്.

[30] ഗന്താവിന്റെ – ഗമനശീലന്റെ, സൂര്യാത്മനാ ചരിയ്ക്കുന്ന ഇന്ദ്രന്റെ.

[32] ബുദ്ധി – എന്റെ.

[33] വളർന്ന – സ്തുതികൾകൊണ്ടു വർദ്ധിച്ച.

[37] ദർഭ മുറിച്ച ആളുകൾ – ഋത്വിക്കുകൾ.

[39] ശര്യാണാവത്തു് – കുരുക്ഷേത്രത്തിലെ ഒരു സരസ്സ്.

[40] ഗർജ്ജനം = ഇടിയൊച്ച.

[41] മുമ്പേ – എല്ലാദ്ദേവന്മാരെക്കാളും. നല്കിപ്പോരുന്നു – സ്തോതാക്കൾ.

[43] പണ്ടേത്തവരുടെ – പിതാക്കന്മാരുടെ. മധുരോദകപ്രവർദ്ധകം = മധുരമായ ജലത്തെ വർദ്ധിപ്പിയ്ക്കുന്നതു്, വൃഷ്ട്യൽപാദകം.

[44] മികച്ച മഹാന്മാർ – ദേവന്മാർ.

[45] പ്രിയമേധർ – യജ്ഞപ്രിയർ, ഋഷിമാർ.

[46] പരശു – തിരിന്ദിരന്റെ അച്ഛൻ.

[47] എനിയ്ക്കുമാത്രമല്ല, തിരിന്ദിരൻ തന്നതു്. അവർ – തിരിന്ദിരൻ; ബഹുമാനത്താൽ ബഹുവചനം. പജ്രൻ – കക്ഷിവാൻ.

[48] യാദവ ജനങ്ങളേയും ദാസത്വേന കൊടുത്തു – കക്ഷീവാന്നു്(?)

സൂക്തം 7.

കണ്വഗോത്രൻ പുനർവത്സൻ ഋഷി; ഗായത്രി ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

ത്രിപ്രശസ്തമന്നം നിങ്ങൾ –
ക്കർപ്പിച്ചല്ലോ, പുരുപ്രജ്ഞൻ;
വിഭ്രാജിപ്പിൻ, ഗിരികളിൽ
നിർഭരം മരുത്തുക്കളേ!1
കെല്പന്മാരാകിയ നിങ്ങ –
ളെപ്പോൾത്തൃത്തേരൊക്കുമോ,
അപ്പോളേറ്റമുലഞ്ഞുപോം,
സുപ്രഭരേ, ഗിരികളും!2
കാറ്റുകളെക്കൊണ്ടി,രമ്പി –
ച്ചീറ്റും പൃശ്നിതനൂജന്മാർ
മേല്പോട്ടു തള്ളീടും; ദേഹ –
വായ്പുണ്ടാക്കുമെന്നം തൂകും!3
തേരിൽക്കാറ്റുകളോടൊത്തു
കേറിക്കൊണ്ടാൽ മരുത്തുക്കൾ
ചാറും, മഴ; ശൈലങ്ങൾക്കു
പാരം വിറയുളവാക്കും!4
നിങ്ങളുടെ ധാരകമാം
തുംഗബലത്തിന്നും തേർക്കും
കീഴടങ്ങിനില്ക്കും, സ്വയ –
മാഴികളുമദ്രികളും!5
നിങ്ങളെ വിളിയ്ക്കും, രാവിൽ;
നിങ്ങളെ വിളിയ്ക്കും, പകൽ;
നിങ്ങളെ വിളിയ്ക്കും, രക്ഷ –
യ്ക്കെങ്ങൾ യാഗം നടക്കവേ!6
വർണ്ണനീയരപ്പാടല –
വർണ്ണർ ചീറ്റിക്കൊണ്ടു തേരിൽ
തിണ്ണം ചുറ്റിനടക്കുമേ,
വിണ്ണിൻ മുകൾത്തട്ടിലൂടെ7
സൂരനു നടപ്പാൻ പര –
പ്പേറും മാർഗ്ഗമോജസ്സിനാൽ
നിർമ്മിപ്പോരാമവരെങ്ങും
തന്മഹസ്സു പരത്തുന്നു!8
ഈയെൻസ്തവം മഹാന്മാരേ,
ഇസ്തോമം മരുത്തുക്കളേ,
നേർക്കെന്നുടെ വിളിയിതും
കേൾക്കുകവേണമേ, നിങ്ങൾ!9
ഇന്ദ്രന്നായി മുപ്പൊയ്കക –
ളിന്ദുനീരാൽ നിറയ്ക്കുവാൻ
കാറിൽനിന്നു കറക്കുന്നു,
ചോരും വെള്ളം പൃശ്നിസുതർ.10
ഹേ മരുത്തുക്കളേ, സുഖ –
കാമരെങ്ങൾ ഭവാന്മാരെ
വിണ്ണിൽ നിന്നു വിളിയ്ക്കുന്നു;
തിണ്ണമിങ്ങു വന്നെത്തുവിൻ!11
സദ്ദാനരേ, മഹാന്മാരേ,
രുദ്രജരേ,ശാലയിങ്കൽ
സോമമുണ്ടിട്ടല്ലോ, ജ്ഞാന –
ഭൂമാവുൾക്കൊള്ളുന്നു, നിങ്ങൾ!12
വിണ്ണിൽനിന്നെത്തിപ്പിൻ,മദ –
ഖണ്ഡന, മനേകാവാസം,
എല്ലാരെയും പോറ്റും ധന –
മെങ്ങൾക്കു മരുത്തുക്കളേ!13
പർവതങ്ങളുടെമീതേ
പള്ളിത്തേർകളൊരുക്കവേ
സോമനീരാൽ മദം കൊൾവൂ,
ശ്രീമാന്മാരാകിയ നിങ്ങൾ!14
ഇത്രയും പോന്നവരാകു –
മർദ്ദുർദ്ധർഷന്മാരോടത്രേ
അർത്ഥിയ്ക്കേണ്ടൂ, സുഖം മർത്ത്യൻ
സ്തുത്യുച്ചാരത്തൊടുകൂടി.15
വാരിശീകരങ്ങൾപോലേ
വാനിനെയും മന്നിനെയും
വീർപ്പിയ്ക്കുന്നു, കാറിൽ നിന്നു
വായ്പുറ്റ നീർ കാന്നിവർ!16
ആരവംകൊണ്ടുയരുന്നു;
തേരുകൊണ്ടുംകാറ്റുകൊണ്ടും
സ്തോമംകൊണ്ടുമുയരുന്നു,
ഗോമാതാവിൻ പുത്രരിവർ!17
തുർവശനെ, യദുവിനെ,
ദ്രവ്യേച്ഛവാം കണ്വനെയും
നിങ്ങൾ പാലിച്ചതു ഭൂതി –
യ്ക്കെങ്ങൾ നന്നായ് ധ്യാനിയ്ക്കാവൂ!18
നെയ്യുപോലെ പുഷ്ടിദമാ –
മിയ്യന്നവും സുദാനരേ,
കണ്വജന്റെ നുതികളും
കൈവളുർക്ക, ഭവാന്മാരെ!19
എങ്ങു, ദർഭ കൊയ്യിയ്ക്കുന്ന
നിങ്ങളിപ്പോൾ മത്താടുന്നു?
ആർ നിങ്ങളെ സ്തുതികളാ –
ലാരാധിപ്പൂ, സദാനരേ?20
അന്യർക്കധീനമായ്പ്പോകാ:
മുന്നേ ഭർഭ കൊയ്തു നിങ്ങൾ
വാഴ്ത്തി പ്രീണിപ്പതുണ്ടല്ലോ, –
മേധ്യമാം മരുദ് ബലത്തെ!21
മെത്തിയ ജലത്തെ, ദ്യാവാ
പൃത്ഥികളെ,പ്പകലോനെ
നിർത്തിപ്പോരുവോരാമവ –
രസ്ത്രമെയ്താരേപ്പുതോറും:22
നിർത്താതെയ്ക്കാ,രേപ്പുതോറും
വൃത്രനെ,ശ്ശൈലങ്ങളെയും;
തൻബലവീര്യങ്ങൾ കാട്ടി –
ത്തമ്പുരാനില്ലാത്തോരവർ!23
യുദ്ധംവെട്ടുംത്രിതനുടെ
ശക്തിയെയും മഖത്തെയും
ഒത്തുനിന്നു കാത്താര,വർ
വൃത്രപ്പോരിലിന്ദ്രനെയും!24
മിന്നലുകൾ കൈക്കൊണ്ടൊ,ളി
ചിന്നി വിളങ്ങിടുമവർ
മിന്നിയ്ക്കുന്നു, ശിരസ്സിങ്കൽ –
പ്പൊന്നിൽ തൊപ്പിയഴകിന്നായ്!25
കാമിപ്പവർ നിങ്ങൾ ദൂരാൽ –
ത്തേർമധ്യത്തിൽക്കേറിയാറേ,
പേടിമൂലമുമ്പരുടെ
നാടും നിലവിളിച്ചുപോയ്!26
ദേവന്മാരേ,കാല്കളിൽപ്പൊൻ
താവുമശ്വങ്ങളിലൂടെ
ആഗമിപ്പി,നെങ്ങളുടെ
യാഗം നിറവേറ്റാൻ നിങ്ങൾ!27
പെൺപുള്ളിമാൻചാർത്തൊത്താശു
ചെമ്പന്മാർ വലിയ്ക്കും തേരിൽ
ശുംഭദ്രൂപർവർ ഗമി –
യ്ക്കുമ്പോൾ മഴ പെയ്യും, നീളെ!28
മുഖ്യരവര്യജീകാഖ്യ –
ദിക്കിലെശ്ശര്യണാവത്തിൽ
അഗ്ര്യസോമം ചേർന്ന ഗൃഹ –
ത്തെയ്ക്കിറങ്ങിച്ചെല്ലുമല്ലോ!29
എന്നുവാൻ മരുത്തുക്കളേ,
വന്നുചേരും, ധനവുമായ്
നിന്നേവം സ്തുതിച്ചു വിളി –
യ്ക്കുന്ന മേധാവാങ്കൽ നിങ്ങൾ?30
ഇന്ദ്രനെ ത്യജിച്ചു, നിങ്ങ –
ളെന്നതെന്നുണ്ടായി, നേരിൽ?
ആർ നിങ്ങൾതൻ സഖ്യംനേടും,
ഹേ നവിനപ്രീതന്മാരേ?31
പൊന്നുളി – വജ്രങ്ങൾ കയ്യിൽ
മിന്നും മരുത്തുക്കളെയും
അഗ്നിയെയും സ്തുതിയ്ക്കുവി, –
നസ്മൽകണ്വന്മാരേ, നിങ്ങൾ.32
ചിത്രമായ സമ്പത്തുള്ളാ
ക്രത്വർഹറാം വൃഷാക്കളെ
ഇങ്ങോട്ടു തിരിപ്പിയ്ക്കുവൻ,
മംഗളധനത്തിന്നായ് ഞാൻ!33
ആയവർതൻ സ്പർശനത്തി –
ലാകുലരായ്ക്കുന്നുകളും
സ്വസ്ഥാനത്തുനിന്നിളകു; –
മദ്രികളുമടങ്ങുമേ!34
നേത്രത്തെക്കാൾ വേഗത്തോടെ
യാത്രചെയ്യും പറവകൾ
വാനിൽനിന്നു കൊണ്ടുവരും,
വാഴ്ത്തുന്നവന്നന്നം നല്കാൻ!35
അഗ്ര്യനല്ലോ, തേജസ്സിനാ –
ലഗ്നി,സേവ്യൻ രവിപോലേ;
പില്പാടവർ നിലക്കൊൾവൂ,
സുപ്രഭരായ്പ്പലമട്ടിൽ!36
കുറിപ്പുകൾ: സൂക്തം 7.

[1] ത്രിപ്രശസ്തം – മൂന്നു സവനങ്ങളിലും പ്രശസ്തമായ. അന്നം – സോമം. പുരുപ്രജ്ഞൻ – സ്തോതാവു്. അതു നുകർന്നു നിങ്ങൾ ഗിരികളിൽ നിർഭരം(ഏറ്റവും) വിഭ്രാജിപ്പിൻ – വിളങ്ങുവിൻ.

[3] കാറ്റുകൾ – തങ്ങളുടെ അവയവങ്ങളായ വായുക്കൾ. പൃശ്നീതനൂജന്മാർ – മരുത്തുക്കൾ. തള്ളീടും – മേഘത്തെയും മറ്റും. ദേഹവായ്പു് = ശരീരപുഷ്ട. തൂകും – സ്തോതാക്കൾക്കു്.

[5] പ്രത്യക്ഷോക്തി: ധാരകമാം – വിശ്വത്തെ താങ്ങുന്ന. നില്ക്കും—നിന്നനില്പിൽ നില്ക്കും, അതിർ കവിയ്ക്കില്ല.

[6] പകൽ – പകൽനേരത്തു്. ഇരവുപകൽ നിങ്ങൾതന്നേ ഞങ്ങൾക്കു യജ്ഞരക്ഷകന്മാർ.

[7] പരോക്ഷകഥനം: പാടലവർണ്ണർ = ചെമന്നവർ.

[8] നിർമ്മിപ്പോർ – നിർബാധമാക്കുന്നവർ. തന്മഹസ്സ് = സ്വതേജസ്സ്.

[9] സ്തോമം = സ്തോത്രം.

[10] ഇന്ദു = സോമം. മുപ്പൊയ്കകൾ – ദ്രോണകലശം, ആധവനീയം, പൂരുഭൃത്തു് എന്നീ മൂന്നു പാത്രങ്ങൾ.

[12] സദ്ദാനർ = ശോഭനദാനന്മാർ. രുദ്രജർ = രുദ്രപുത്രന്മാർ. ശാല – യജ്ഞഗൃഹം. ജ്ഞാനഭൂമാവ് = ജ്ഞാനാധിക്യം, ഉൽകൃഷ്ടജ്ഞാനം.

[13] മദഖണ്ഡനം – ശത്രുക്കളുടെ ഗർവറുക്കുന്നതു്. അനേകാവാസം – വളരെ പാർപ്പിടങ്ങളോടുകൂടിയതു്: എല്ലാവരേയും പോറ്റും – ഞങ്ങളുടെ ആളുകൾക്കെല്ലാം കഴിച്ചിലിന്നു മതിയാവുന്ന. ഇങ്ങനെയുള്ള ധനം നിങ്ങൾ എങ്ങൾക്കു വിണ്ണിൽനിന്നു് എത്തിപ്പിൻ – കൊണ്ടുവരുവിൻ.

[14] ശ്രീമാന്മാർ – ശോഭയേറിയവർ.

[15] പരോക്ഷകഥനം: സ്തുത്യുച്ചാരത്തൊടുംകൂടി – സ്തോത്രം ചൊല്ലിക്കൊണ്ടു്.

[16] വാരിശീകരങ്ങൾ = നീർത്തുള്ളികൾ. ഇവർ (മരുത്തുകൾ)വാനിലും മന്നിലും വർഷജലം നിറയ്ക്കുന്നു. വായ്പുറ്റ – അക്ഷീണമായ.

[17] സ്തോമം – നമ്മുടെ സ്തോത്രം. ഈ പൃശ്നിപുത്രന്മാർക്കു വലിയ ശബ്ദമുണ്ടു്, വലിയ തേരുണ്ടു്, വലിയ കാറ്റുണ്ടു്; ഇവർ നമ്മുടെ സ്തോത്രത്താലും മഹത്വപ്പെടുന്നു.

[18] പ്രത്യക്ഷകഥനം: ദ്രവ്യേച്ഛ = ധനകാംക്ഷി. ഭൂതിയ്ക്കു് – സമ്പല്ലാഭത്തിന്ന്.

[19] ഇയ്യന്നം – സോമം. കണ്വജന്റെ – എന്റെ. കൈവളർക്ക = വളർത്തുമാറാകട്ടെ.

[20] മരുത്തുക്കൾ വരാഞ്ഞതിനാൽ ഋഷി സന്ദേഹിയ്ക്കുന്നു: ദർഭ കൊയ്യിയ്ക്കുന്ന – ആളുകളെ യജ്ഞോദ്യുക്തരാക്കുന്ന. നിങ്ങൾ എവിടെയാണു്, ആരുടെ സ്തുതികൾ കൈക്കൊള്ളുന്നു? ഇങ്ങോട്ടു വരാത്തതെന്താണു്?

[21] ഋത്വിക്കുകളോട്: നിങ്ങൾ മുമ്പുതന്നേ സ്തുതിയ്ക്കുന്നതിനാൽ, മേധ്യമായ (യാഗാർഹമായ) മരുദ് ബലം (മരുദ് ഗുണം) അന്യർക്കധീനമാകില്ല – അന്യസ്തുതികളിൽ തങ്ങിനില്ക്കില്ല; ഇങ്ങോട്ടുതന്നെ വരും.

[22] മെത്തിയ ജലത്തെ – സൂര്യരശ്മികളാൽ മുകളിലെയ്ക്കു വലിയ്ക്കപ്പെട്ടു തഴച്ച ജലത്തെയും ദ്യാവാപൃഥിവികളെയും, പകലോനെയും, അസ്ത്രം = ആയുധം. ഏപ്പുതോറും – വൃത്രന്റെ ഓരോ അംഗസന്ധിയിലും.

[23] തമ്പുരാനില്ലാത്തോർ – ആരുറ്റെയും കീഴിലല്ലാത്ത സ്വതന്ത്രന്മാർ.

[24] ശത്രുക്കളോടു പൊരുതുന്ന ത്രിതനെന്ന രാജർഷിയുടെ ബലത്തെയും യജ്ഞത്തെയും അവർ രക്ഷിച്ചു; വൃത്രനോടുള്ള യുദ്ധത്തിൽ ഇന്ദ്രനെയും രക്ഷിച്ചു; സഹായിച്ചു.

[25] മിന്നലുകൾ – ഉജ്ജ്വലായുധങ്ങൾ. പൊന്നിൻതൊപ്പി മിന്നിയ്ക്കുന്നു. – അണിയുന്നു.

[26] പ്രത്യക്ഷോക്തി: കാമിപ്പവൻ – സ്തോതൃകാമന്മാർ. ഉമ്പരുടെ നാടും – സ്വർഗ്ഗംപോലും (സ്വർഗ്ഗികൾപോലും); പിന്നെ, ഭൂവാസികളുടെ കഥയെന്തു്!

[27] പൊൻതാവും – സ്വർണ്ണാഭരണമിട്ട.

[28] പരോക്ഷോക്തി: ചെമ്പന്മാർ – ചെമന്ന മാൻ. ശുംഭദ്രൂപർ = ശോഭമാനാകാരന്മാർ.

[29] മുഖ്യർ – നേതാക്കൾ. ഋജീകം – ഒരു പ്രദേശം. ശര്യണാവത്തിൻ തീരത്തുയാഗം തുടങ്ങിയാൽ, മരുത്തുക്കൾ മികച്ച സോമം കുടിപ്പാൻ യാഗശാലയിലേയ്ക്കു്, ആകാശത്തുനിന്നിറങ്ങിച്ചെല്ലും.

[30] മേധാവാങ്കൽ – മേധയുള്ളവങ്കൽ, എങ്കൽ.

[31] നേരിൽ വാസ്തവത്തിൽ, നിങ്ങൾ ഇന്ദ്രനെ ത്യജിച്ചു എന്നതു് എന്നുണ്ടായി? ഒരിയ്ക്കലും ഉണ്ടായിട്ടില്ല; നിങ്ങൾ സദാ ഇന്ദ്രന്റെ സഖാക്കൾതന്നെ. നിങ്ങളുടെ സഖ്യം എളുപ്പത്തിൽ നേടാവുന്നതല്ല. നവനപ്രീതന്മാരേ = സ്തുതികൊണ്ടു പ്രസാദിയ്ക്കുന്നവരേ.

[32] അസ്മൽകണ്വന്മാർ – ഞങ്ങളുടെ കണ്വഗോത്രന്മാർ.

[33] ക്രതർഹൻ-യജ്ഞാർഹന്മാർ. വൃക്ഷാക്കളെ – വർഷകരായ മരുത്തുക്കളെ. മംഗളധനം – പ്രശസ്തധനം. ഞാൻ – പുനർവത്സൻ.

[34] അദ്രികൾ – വലിയ മലകൾ. അടങ്ങും – മരുത്തുക്കളുടെ ഗതിവേഗത്തിന്നധീനങ്ങളായിത്തീരും.

[35] നേത്രത്തെക്കാൾ – കണ്ണുകൾ അതിവേഗത്തിൽ ദൂരത്തെത്തുമല്ലോ. പറവകൾ – പക്ഷിസദൃശങ്ങളായ അശ്വങ്ങൾ. കൊണ്ടുവരും മരുത്തുക്കളെ.

[36] അഗ്ര്യൻ – ദേവകളിൽവെച്ചു മുമ്പൻ. പില്പാട് – അഗ്നിയ്ക്കുശേഷം. അവർ – മരുത്തുക്കൾ. യാഗത്തിൽ അഗ്നിയെ സ്തുതിച്ചുകഴിഞ്ഞാൽപിന്നെ മരുത്തുക്കളെയത്രേ, സ്തുതിയ്ക്കുക.

സൂക്തം 8.

കണ്വഗോത്രൻ സധ്വംസൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (‘താമരക്കണ്ണൻ’പോലെ)

വിശ്വരക്ഷയുമായ് വന്നെത്തുവി –
നശ്വികൾ നിങ്ങളെങ്ങളിൽ:
ഹേമത്തേരിങ്കലേറും ദസ്രരേ,
സോമത്തേൻ നുകർന്നീടുവിൻ!1
തീർച്ചയായ്വരിക,ശ്വികളേ, സൂ –
ര്യാർച്ചിസ്സാം തേരിലാ നിങ്ങൾ
ഉണ്മോരേ, പൊന്നിൻകോപ്പണിഞ്ഞോരേ,
സമ്യഗ്ജ്ഞാനരേ, സ്തുത്യരേ!2
വാനിങ്കൽനിന്നോ മന്നിങ്കൽനിന്നോ
വന്നാലും, നിങ്ങൾ വാഴ്ത്തലാൽ:
ഉണ്ണുവിൻ, സോമത്തേനശ്വികളേ,
കണ്വഗോത്രർതൻ യജ്ഞത്തിൽ!3
വിൺനാട്ടിൽനിന്നോ വാനിങ്കൽനിന്നോ
വന്നാലും നിങ്ങൾ നുത്യുൽകർ:
ഇങ്ങു പിഴിയുന്നുണ്ടു്, കണ്വജൻ
നിങ്ങൾക്കായ് നറുംസോമനീർ.4
ആഗമിയ്ക്കുവിൻ, സ്വാഹാ, ഞങ്ങൾതൻ
യാഗത്തിൽസ്സോമമുണ്ണുവാൻ,
സ്തോതൃമർമ്മവദ്വർദ്ധകർ, വിജ്ഞർ,
നേതാക്കൾ നിങ്ങൾ ദസ്രരേ!5
മുമ്പൊക്കെയൃഷിമാരവനാർത്ഥം
മുമ്പരേ, വിളിച്ചാലപ്പോൾ
വന്നിരുന്നല്ലോ, നിങ്ങൾ ദസ്രരേ;
വന്നാലും, മൽസ്തോത്രത്തിലും!6
സ്വർവ്യോമങ്ങളിൽനിന്നാഗമിപ്പി, –
നിവ്വിളിനുതി കേട്ടുടൻ,
വിൺകിട്ടിപ്പവർ കാമ്യവിജ്ഞാനർ
നിങ്ങളെങ്ങളിൽദ്ധീയോടും!7
ഞങ്ങളില്ലാതെയൊരശ്വികളിൽ –
സ്സംഗതരാകും, സ്തോത്രത്താൽ?
വർണ്ണിച്ചു വായ്പിച്ചല്ലോ, നിങ്ങളെ –
ക്കണ്വന്റെ പുത്രൻ വത്സർഷി8
ഇങ്ങു രക്ഷയ്ക്കായ്ദ്ധീമാൻ വിളിച്ചൂ,
നിങ്ങളെ സ്തുത്യാ ദസ്രരേ:
വൃത്രഘ്നതമർ നിഷ്പാദർ നിങ്ങ –
ളെത്തിപ്പിൻ, സുഖമെങ്ങളിൽ!9
കേറിയിരുന്നാളല്ലോ, നിങ്ങൾതൻ
തേരിൽപ്പെൺതയ്യാൾ ദസ്രരേ;
എത്തിച്ചുതരികീ,പ്സിതമെല്ലാം
ക്രത്വംശധനരാ നിങ്ങൾ!10
അങ്ങുനിന്നശ്വിമാരേ, വന്നലും,
ഭംഗിയേറിയ തൃത്തേരിൽ:
നിങ്ങൾക്കായ്ച്ചൊന്നാൻ, തേന്മൊഴി വത്സൻ,
തുംഗധീ, കവിനന്ദനൻ!11
സ്വത്തേറിയവർ, മത്തേറിയവർ,
വിത്തങ്ങൾ കൊടുക്കുന്നവർ,
ധർത്താളാകുമശ്വികളെന്റെ –
യിസ്തുതി വന്നു കേൾക്കട്ടേ!12
ഏകുവിൻ, നാണിയ്ക്കേണ്ടാത്ത സമ്പ –
ത്താകെ ഞങ്ങൾക്കശ്വികളേ;
ഋത്വർഹക്രിയരാക്കുവിൻ; നിന്ദാ –
കൃത്തിൻ കീഴാക്കൊല്ലെങ്ങളെ!13
ദൂരത്തായേയ്ക്കാം, നാസത്യർ നിങ്ങൾ;
ചാരത്തുതന്നെയായേയ്ക്കാം;
അങ്ങുനിന്നശ്വിമാരേ, വന്നാലും,
ഭംഗിയേറിയ തൃത്തേരിൽ!14
വത്സനീയൃഷി നിങ്ങളെ സ്തുത്യാ
വർദ്ധിപ്പിച്ചല്ലോ,ദസ്രരേ;
ഏകുവിൻ, നിങ്ങളായാൾക്കു തൂനൈ
തൂകുന്ന നാനാരൂപാന്നം!15
സൗഖ്യവും സ്വത്തുമോർത്തശ്വികളേ,
നേർക്കെവൻ വാഴ്ത്തി, നിങ്ങളെ,
അയാൾക്കു നിങ്ങൾ ദാനാധീശരേ,
നെയ്യോലുമന്നം നല്കുവിൻ!16
ധ്വസ്തഹിംസ്രർ വൻഭോക്താക്കൾ നിങ്ങ –
ളെത്തുകീ,യസ്മൽസ്തോത്രത്തിൽ:
പുഷ്ടാർത്ഥരാക്കുകെങ്ങളെ;-യിവ
കിട്ടിപ്പിൻ, നിങ്ങൾ മുമ്പരേ!17
യാഗത്തിൻ, പുരാന്മാരാം, രക്ഷക –
ളാകവേ ചേർന്ന നിങ്ങളെ
മേധത്തിൽ വിളിച്ചാരല്ലോ,പ്രിയ –
മേധാന്മാരശ്വിദേവരേ!18
വർദ്ധിപ്പിച്ചല്ലോ, സ്തുത്യർ നിങ്ങളെ
വത്സൻ കർമ്മത്താൽ സ്തോത്രത്താൽ:
വന്നാലു,മെങ്ങൾക്കാരോഗ്യസൗഖ്യം
തന്നീടാൻ നിങ്ങൾ ദസ്രരേ!19
കണ്വന്നും, ശയുവിന്നു,മാ വശ –
നെന്ന ദശവ്രജന്നുമേ
മേധാതിഥിയ്ക്കും പോലെ, ഞങ്ങൾക്കു
മേകുവിൻ, രക്ഷ മുമ്പരേ!20
സ്വത്തോർക്കും ത്രസദസ്യുവെ ത്രാണ –
യുക്തനാക്കിയപോലവേ
പാലിപ്പിന,ന്നത്തിന്നെങ്ങളെയും
മേലാളർ നിങ്ങൾ ദസ്രരേ!21
നിങ്ങളെ വളർത്തട്ടേ, മന്ത്രവും
മംഗളോക്തിയും ദസ്രരേ:
ഭൂരികാമ്യരാകെ,ങ്ങൾക്കു നിങ്ങൾ,
ഭൂരിപാലകർ,വൈരിഘ്നർ!22
പാടേ കാണായി, തശ്വികളുടെ
ഗൂഢമായ് നിന്ന മൂവുരുൾ:
അത്തോയദത്താൽ, ദ്രഷ്ടാക്കൾ നിങ്ങ –
ളെത്തുവിനി,ങ്ങിജ്ജീവരിൽ!23
കുറിപ്പുകൾ: സൂക്തം 8.

[1] വിശ്വരക്ഷയുമായ് – എല്ലാ രക്ഷകളോടുംകൂടി. ഹേമത്തേർ = സ്വർണ്ണരഥം. സോമത്തേൻ – മധുരരായ സോമം.

[2] സൂര്യാർച്ചിസ്സ് = സൂര്യന്നൊത്ത തേജസ്സുള്ളതു്. ഉണ്മാരേ – ഹവിസ്സശിയ്ക്കുന്നവരേ.

[3] വാഴ്ത്തലാൽ – ഞങ്ങളുടെ സ്തുതിയാൽ.

[4] വാന് – അന്തരിക്ഷം. നൂത്യുൽക്കർ = സ്തൃതിപ്രിയർ.

[5] ആഗമിയ്ക്കുവിൻ = വരുവിൻ. സ്തോതൃകർമ്മവദ്വർദ്ധകർ = സ്തോതാക്കളെയും, കർമ്മവാന്മാരെയും (യഷ്ടാക്കളെയും) വളർത്തുന്നവർ.

[6] അവനാർത്ഥം = രക്ഷയ്ക്കായി. മുമ്പർ – നേതാക്കൾ. മൽസ്തോത്രം = എന്റെ സ്തുതി.

[7] സ്വർവ്യോമങ്ങളിൽ നിന്നു് = സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽനിന്നും. ഇവ്വിളിനുതി – ഈ വിളിയും സ്തുതിയും. ധീയോടും ഞങ്ങൾക്കു തരാൻ ബുദ്ധിയുമെടുത്തു്.

[8] ഞങ്ങൾ – കണ്വഗോത്രക്കാരല്ലാതെ, അന്യർ അശ്വികളെ സ്തുതിപ്പാൻ ശക്തരാകില്ല. വർണ്ണിച്ചു വായ്പിച്ചല്ലോ = സ്തുതിച്ചു വളർത്തിയല്ലോ.

[9] ധീമാൻ – സ്തോതാവു്. വൃത്രഘ്നതമർ = ഏറ്റവും ശത്രുഹന്താക്കൾ.

[10] പെൺതയ്യാൾ – സൂര്യ. ക്രത്വംശധനർ = യാഗഭാഗമാകുന്ന ധനത്തോടുകൂടിയവർ.

[11] അങ്ങുനിന്നു് – നിങ്ങൾ എവിടെ വസിയ്ക്കുന്നുവോ, അവിടെനിന്നു് തേൻമൊഴി – മധുരസ്തോത്രം. തുംഗധീ = ഉയർന്ന ബുദ്ധിയുള്ളവൻ. കവീനന്ദനൻ – കവി എന്ന ഋഷിയുടെ പുത്രൻ.

[12] മത്ത് – സോമലഹരി. ധർത്താക്കൾ – ഉലകെല്ലാം താങ്ങുന്നവൻ.

[13] നാണിയ്ക്കേണ്ടത്ത – അന്യായാർജ്ജിതം ലജ്ജാകരമാണല്ലോ. ഋത്വർഹക്രിയർ – ഋതുകാലത്തു വേണ്ടുന്ന ക്രിയയോടു, പ്രജോൽപാദനത്തോടു, കൂടിയവർ. നിന്ദാകൃത്ത് – നിന്ദകൻ.

[15] സ്തുത്യാ = സ്തുതികൊണ്ടു്.

[16] ഓർത്തു് – ഇച്ഛിച്ചു്.

[17] ധ്വസ്തഹംസ്രർ – ഹിംസകരെ നശിപ്പിയ്ക്കുന്നവർ. വൻഭോക്താക്കൾ – ഹവിസ്സു വളരെ ഭുജിയ്ക്കുന്നവർ. പുഷ്ടാർത്ഥർ – അർത്ഥം (ധനം) വർദ്ധിച്ചവർ. ഇവ – ഈ ഭൗമധനങ്ങൾ. മുമ്പരേ – നേതാക്കളേ.

[18] മേധം = യാഗം. പ്രിയമേധന്മാർ – പ്രിയമേധരെന്ന ഋഷിമാർ.

[19] സ്തുത്യർ നിങ്ങളെ – സ്തുത്യരായ നിങ്ങളെ.

[20] ദശവ്രജൻ – ദശവ്രജദേശക്കാരൻ(?)

[21] സ്വത്തോർക്കും-ധനകാംക്ഷിയായ: ത്രണയുക്തനാക്കിയപോലവേ – രക്ഷിച്ചതുപോലെ. അന്നത്തിന്നു് – അന്നലബ്ധിയ്ക്കു്.

[22] മംഗളോക്തി – നല്ല സ്തോത്രം. ഭൂമികാമ്യരാക – ഏറ്റവും സ്പൃഹണീയരാകുവിൻ. ഭൂരിപാലകർ – ബഹുജനരക്ഷകർ.

[23] മൂവുരുൾ – തേരിന്റെ മൂന്നു ചക്രം. അശ്വിരഥം ത്രിചക്രോപേരുമാണെന്നു, നാലാംമണ്ഡലത്തിലും മറ്റും പറഞ്ഞിട്ടുണ്ടു്. അത്തോദയത്താൽ – ആ ജലപ്രദമായ തേരിലൂടെ. ദ്രഷ്ടാക്കൾ – ക്രാന്തദർശികൾ. ഇജ്ജീവരിൽ – ഞങ്ങളുടെ അടുക്കൽ.

സൂക്തം 9.

ശശകർണ്ണൻ ഋഷി; ബൃഹതിയും ഗായത്രിയും കകുപ്പും ത്രിഷ്ടുപ്പും വിരാട്ടും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

അശ്വികളേ, നിങ്ങൾ തീർച്ചയായും വത്സനെ രക്ഷിപ്പാൻ വന്നെത്തുവിൻ; ഇയ്യാൾക്കു നിർബാധമായ വലിയ ഗൃഹം നല്കുവിൻ; ശത്രുക്കളെപ്പോക്കുവിൻ!1

അന്തരിക്ഷത്തിലും സ്വർഗ്ഗത്തിലും പഞ്ചജനങ്ങളിലും യാതൊന്നു യാതൊന്നുണ്ടോ, അശ്വികളേ, ആ ധനം തന്നരുളുവിൻ!2

അശ്വികളേ, മേധാവികൾ നിങ്ങളെ പരിചരിച്ചു പോരുന്നുണ്ടല്ലോ; അതുപോലെ ഗണിയ്ക്കുവിൻ, കണ്വപുത്രന്റെ കർമ്മവും!3

അശ്വികളേ, ഇതാ, നിങ്ങൾക്കായി കലത്തിൽ ഒന്നാംതരം പാൽ പകരുന്നു. അന്നധനന്മാരേ, ഇതാ, മധുരമായ സോമവും: ഇതുകൊണ്ടാണല്ലോ, നിങ്ങൾ വൃത്രനെ അറിഞ്ഞതു്!4

ബഹുകർമ്മാക്കളായ അശ്വികളേ, വെള്ളത്തിലും വൃക്ഷങ്ങളിലും സസ്യങ്ങളിലും നിങ്ങൾ എന്തെന്തു നിർമ്മിച്ചിരിയ്ക്കുന്നുവോ, അവകൊണ്ടു് എന്നെ രക്ഷിയ്ക്കുവിൻ!5

നാസത്യന്മാരേ, നിങ്ങൾ പുലർത്തിപ്പോരുന്നു; ദേവന്മാരേ, നിങ്ങൾ രോഗം ശമിപ്പിയ്ക്കുന്നു. ആ നിങ്ങളെ ഈ വത്സൻ സ്തുതികൾ കൊണ്ടു കണ്ടെത്തില്ല: ഹവിഷ്മാങ്കൽ ചെല്ലുന്നവരാണല്ലോ, നിങ്ങൾ!6

തീർച്ചയായും, ഋഷി അശ്വികൾക്കു കേമമായി ചിന്തിച്ചു; സ്തോത്രം ചമയ്ക്കും; മാധുര്യമേറിയ സോമവും കാച്ചുപാലും അഗ്നിയിൽ തൂകുകയും ചെയ്യും!7

അശ്വികളേ, നിങ്ങൾ തീർച്ചയായും ഗതിവേഗമിയന്ന തേരിൽ കേറുവിൻ: ഇതാ, എന്റെ സ്തോത്രങ്ങൾ സൂര്യന്നൊത്ത നിങ്ങളെ സമീപിയ്ക്കുന്നു!8

നാസത്യരേ, ഞങ്ങളിപ്പോൾ നിങ്ങളെ ഉക്ഥങ്ങൾകൊണ്ടും മറ്റു സ്തുതികൾകൊണ്ടും വരുത്തുകയാണു്; അശ്വികളേ, കണ്വപുത്രന്റെ ഈ കർമ്മം നിങ്ങളറിയണം!9

അശ്വികളേ, നിങ്ങളെ എപ്രകാരം കക്ഷീവാൻ, എപ്രകാരം വ്യശ്വൻ, എപ്രകാരം ദീർഘതമസ്സെന്ന ഋഷി, എപ്രകാരം യാഗശായിൽ വേനപുത്രൻ പ്യഥി വിളിച്ചുവോ; അപ്രകാരംതന്നെ ഇതും നിങ്ങൾ അറിയണം!10

നിങ്ങൾ ഞങ്ങളുടെ ഗൃഹം രക്ഷിപ്പാൻ വന്നുചേരുവിൻ; ഞങ്ങളുടെ ജംഗമങ്ങളെയും ദേഹങ്ങളെയും രക്ഷിപ്പിൻ; പുത്രന്റെയും പൗത്രന്റെയും ഗൃഹത്തിൽ വരുവിൻ!11

അശ്വികളേ, നിങ്ങൾ ഇന്ദ്രനോടൊരുമിച്ചു് ഒരേ തേരിൽ സഞ്ചരിയ്ക്കുകയായിരിയ്ക്കാം; വായുവോടൊന്നിച്ചു് ഒരേസ്ഥലത്തു വസിയ്ക്കുകയായിരിയ്ക്കാം! ആദിത്യരോടും ഋഭുക്കളോടുംകൂടി രസിയ്ക്കുകയായിരിയ്ക്കാം; വിഷ്ണുവിനാൽ അളക്കപ്പെട്ടേടങ്ങളിലിരിയ്ക്കുകയായിരിയ്ക്കാം!12

ഇന്നു, ഞാൻ യുദ്ധത്തിനുവേണ്ടി, അശ്വികളെ വിളിയ്ക്കും: ശ്രേഷ്ഠമാണല്ലോ, പടകളിൽ കൊല്ലാൻ ത്രാണിയുള്ള അശ്വികളുടെ രക്ഷണം!13

അശ്വികളേ, നിങ്ങൾ തീർച്ചയായും വരുവിൻ: ഇതാ, നിങ്ങൾക്കു ഹവിസ്സുകൾ വെച്ചിരിയ്ക്കുന്നു – ഇതാ, നിങ്ങൾക്കു തുർവശന്റേയും യദുവിന്റേയും സോമങ്ങൾ; ഇതാ, കണ്വപുത്രരുടെയും.14

പ്രകൃഷ്ടജ്ഞാനരായ നാസത്യരേ, ദൂരത്തും ചാരത്തുമുണ്ടല്ലോ, നിങ്ങളുടെ മരുന്നുകൾ; അവയോടുകൂടിയ ഒരു ഗൃഹം നിങ്ങൾ വിമദന്നെന്നപോലെ വത്സന്നും തീർച്ചയായി നല്കണം!15

ഞാൻ അശ്വകളെക്കുറിച്ചുള്ള ഉജ്ജലവാക്കോടുംകൂടി ഉണർന്നു: ദേവി, അവിടുന്നു സ്തുതിയ്ക്കായി പുലർന്നാലും; മനുഷ്യർക്കു ധനം കാട്ടിത്തന്നാലും!16

ഉഷസ്സേ, ദേവി, സൂനൃതെ, മഹതി, അവിടുന്ന് അശ്വികളെ പള്ളിയുണർത്തുക! യജ്ഞഹോതാവേ, ഭവാൻ ഇടവിടാതെ(സ്തുതിയ്ക്കുക): മത്തിന്നു പെരിയ അന്നം (ഒരുക്കിക്കഴിഞ്ഞു).17

ഉഷസ്സേ, അവിടുന്നു ശോഭയോടേ നടക്കുന്നു, സൂര്യനാൽ വിളങ്ങിയ്ക്കപ്പെടുന്നു; അപ്പോൾ അശ്വികളുടെ രഥം നേതൃപാല്യമായ ഗൃഹത്തിലെത്തുമല്ലോ!18

അശ്വികളേ, മഞ്ഞച്ച സോമലതകൾ, പൈക്കൾ അകിടുകൊണ്ടെന്നപോലെ (രസം)ചുരത്തുന്നു; ദേവകാമന്മാർ സ്തോത്രവും പാടുന്നു!19

പ്രകൃഷ്ടജ്ഞാനരേ, യശസ്സിന്നു്, ബലത്തിന്നു്, മനുഷ്യോചിതമായ സുഖത്തിന്നു് വളർച്ചയ്ക്കു്, ഞങ്ങളെ കാത്തരുളുവിൻ!20

സ്തുത്യരേ, അശ്വികളേ, നിങ്ങൾ അച്ഛന്റെ വസതിയിൽ ജോലിയെടുക്കുകയായിരിയ്ക്കാം; അല്ലെങ്കിൽ സുഖിയ്ക്കുകയായിരിയ്ക്കാം!21

കുറിപ്പുകൾ: സൂക്തം 9.

[1] വത്സൻ – സ്തോതാവ്, ഞാൻ.

[3] കണ്വപുത്രന്റെ – എന്റെ.

[4] കുലം – മഹാവീരമെന്ന പാത്രം. അറിഞ്ഞതു് – ഹന്തവ്യനാണെന്നു്.

[5] എന്തെന്തു് – മരുന്നു്.

[6] പുലർത്തിപ്പോരുന്നു – ജഗത്തിനെ. സ്തുതി മാത്രം പോരാ, ഹവിസ്സും വേണം, നിങ്ങളെ കണ്ടെത്താൻ.

[7] കാച്ചുപാൽ – മഹാവീരത്തിലെ പാൽ. തൂകുക – ഹോമിയ്ക്കുക.

[8] സൂര്യന്നൊത്ത – തേജസ്വികളായ.

[10] പൃഥി – പൃഥു എന്ന രാജാവു്. ഇതും – എന്റെ വിളിയും.

[11] ജംഗമങ്ങൾ – ഗോക്കളും മറ്റും.

[12] എവിടെനിന്നായാലും വരുവിൻ.

[13] യുദ്ധത്തിനുവേണ്ടി – യുദ്ധത്തിൽ ജയിപ്പാൻ. കൊല്ലാൻ – ശത്രുക്കളെ.

[14] കണ്വപുത്രർ – ഞങ്ങൾ.

[15] വിമദൻ – ഒരു ഋഷി.

[16] ഉജ്ജ്വലവാക്കു് – സ്മൃതി. ദേവി – ഉഷസ്സേ. സ്തുതിയ്ക്കായി – എന്റെ സ്തുതി കേൾപ്പാൻ. മനുഷ്യർക്കു – സ്തുതിയ്ക്കുന്ന ഞങ്ങൾക്കു്.

[17] സൂനൃതേ – വഴിപോലേ നയിയ്ക്കുന്നവളേ, സുനേത്രി. യജ്ഞഹോതാവ് – അഗ്നി. മത്തിനു – അശ്വികൾക്കു ലഹരിപിടിയ്ക്കാൻ. അന്നം-സോമം.

[18] നെതൃപാല്യം – ഋത്വിക്കുകളാൽ പാലിയ്ക്കപ്പെടേണ്ടതു്. ഗൃഹം – യജ്ഞസദനം.

[19] അകിടുകൊണ്ടു് – പാലെന്നപോലെ. ദേവകാമന്മാർ – ഋത്വിക്കുകൾ.

[21] അച്ഛൻ – ദ്യോവ്. എന്നാലും വരുവിൻ.

സൂക്തം 10.

കണ്വപുത്രൻ പ്രഗാഥൻ ഋഷി; ബൃഹതിയും ജ്യോതിസ്സും അനുഷ്ടുപ്പും ആസ്താരപംക്തിയും, സതോബൃഹതിയും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

അശ്വികളേ, നിങ്ങൾ നെടിയ യാഗശാലകളിലായിരിയ്ക്കാം; സ്വർഗ്ഗത്തിലെ ആ രോചനത്തിലായിരിയ്ക്കാം. അഥവാ, അന്തരിക്ഷാലയത്തിലായിരിയ്ക്കാം. അവിടെനിന്നു വന്നെത്തുവിൻ!1

മനുവിന്റെ യാഗം നിങ്ങൾ നടത്തിയല്ലോ; അതുപോലെ, കണ്വഗോത്രന്റേതും അറിയുവാൻ. ബ്രഹസ്പതിയെയും വിശ്വേദേവകളെയും ഇന്ദ്രാവിഷ്ണുക്കളെയും ശീഘ്രാശ്വരായ അശ്വികളെയും ഞാൻ വിളിയ്ക്കുന്നു.2

സ്വീകരണത്തിന്നാവിർഭവിച്ച സുകർമ്മാക്കളായ അശ്വികളെ ഞാൻ വിളിച്ചു കൊള്ളുന്നു: ദേവകളിൽ വെച്ച്, ഇവരുടെ നേടേണ്ടുന്ന സഖ്യം തുലോമുണ്ടല്ലോ, നമുക്കു്!3

ഏവരിലാണോ, യജ്ഞങ്ങൾ കുടികൊള്ളുന്നതു്; സ്തോതാവില്ലാത്തേടത്തും എവർ വാഴ്ത്തപ്പെടുന്നുവോ; എവർ സോമത്തേൻ നുകർന്നു പോരുന്നുവോ, ആ അഹിംസയജ്ഞാഭിജ്ഞരിരുവരെയും ഞാൻ സ്തുതിയ്ക്കുന്നു.4

അശ്വികളേ, അന്നധനന്മാരേ, നിങ്ങൾ ഇപ്പോൾ പടിഞ്ഞാറേദ്ദിക്കിലാവാം; കിഴക്കേദ്ദിക്കിലാവാം; ദ്രുഹ്യുവിന്റെയോ, അനുപുത്രന്റെയോ, തുർവശന്റെയോ, യദുവിന്റെയോ അടുക്കലാണെന്നും വരാം – ഞാൻ നിങ്ങളെ വിളിയ്ക്കുന്നു; ഉടനേ എങ്കൽ വരുവിൻ!5

ധാരാളമുണ്ണുന്നവരേ, നിങ്ങൾ അന്തരിക്ഷത്തിൽ പറക്കുകയായിരിയ്ക്കാം; ഈ ദ്യാവാപൃഥിവികളിലായിരിയ്ക്കാം; അല്ലെങ്കിൽ തേജസ്സോടെ തേരിലിരിയ്ക്കയാവാം – അശ്വികളേ, അവിടെനിന്നു് വരുവിൻ!6

കുറിപ്പുകൾ: സൂക്തം 10.

[1] രോചനം – ഒരിടത്തിന്റെ പേര്.

[2] അറിയുവിൻ – അറിഞ്ഞു നടത്തുവിൻ. ബൃഹസ്പതിയെയും എന്നു തുടങ്ങുന്ന വാക്യം പരോക്ഷം:

[3] സ്വീകരണത്തിന്നായി – നമ്മുടെ ഹവിസ്സുകൾ സ്വീകരിപ്പാൻ.

[4] കുടികൊള്ളുന്നതു് – മുറിയ്ക്കപ്പെട്ട യജ്ഞശിരസ്സു ചേർത്തുവെച്ചതു്, അശ്വികളത്രേ. അഹിംസയജ്ഞാഭിജ്ഞർ – ഹിംസാരഹിതമായ യജ്ഞമറിയുന്ന അശ്വികളെ.

[6] ഉണ്ണുന്നവരേ – ഹവിസ്സുകൾ ഭുജിയ്ക്കുന്നവരേ.

സൂക്തം 11.

കണ്വഗോത്രൻ വത്സൻ ഋഷി; പ്രതിഷ്ഠയും വർദ്ധമാനയും ഗായത്രിയും തൃഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

മർത്ത്യാമർത്ത്യരിൽവെച്ചഗ്നേ, കർമ്മരക്ഷകനാണു്, നീ:
അതിനാൽദ്ദേവ, യജ്ഞത്തിൽ സ്തുതിയോഗ്യനുമാണു്, നീ!1
നുത്യർഹൻ, കീഴമർപ്പോനാമഗ്നേ, നീയധ്വരങ്ങളിൽ;
യജ്ഞങ്ങളെക്കൊണ്ടു് നടക്കുന്നോനു,മവിടുന്നുതാൻ!2
അതിനാൽ,ജ്ജാതവേദസ്സേ, പായിയ്ക്ക, പകയോരെയും
അദേവസൈന്യങ്ങളെയുമഗ്നേ, ഞങ്ങളിൽനിന്നു നീ!3
അരികിൽത്തന്നെയായാലുമരിമർത്ത്യന്റെയധ്വരം
തിരിഞ്ഞുനോക്കിടാ, ജാതവേദസ്സേ, നിയതം ഭവാൻ!4
അമർത്ത്യനാകുമങ്ങയ്ക്കായ് മർത്ത്യരെങ്ങൾ മനീഷികൾ
രചിപ്പൂ, ജാതവേദസ്സേ, വളരെ സ്തുതിഗാഥകൾ.5
ധീമാന്മാർ മർത്ത്യരാം ഞങ്ങൾ ധീമാനാമഗ്നിദേവനെ
സ്തോത്രം ചൊല്ലിവിളിയ്ക്കുന്നൂ, രക്ഷയ്ക്കും തർപ്പണത്തിനും.6
മികച്ച പാർപ്പിടത്തിങ്കൽനിന്നുപോലും ഭവന്മനം
അഗ്നേ, സമാകർഷിയ്ക്കുന്നൂ, വത്സൻ ത്വൽപരവാക്കിനാൽ!7
ബഹുത്ര സമദൃക്കാം നീ പ്രജകൾക്കൊക്കെയീശ്വരൻ;
യുദ്ധങ്ങളിൽ വിളിയ്ക്കുന്നു, ഞങ്ങളത്തിരുമേനിയെ8
പോരിൽബ്ബലം തേടുമെങ്ങൾ വിളിപ്പൂ, രക്ഷണത്തിന്നായ്,
സംഗരങ്ങളിലാരാധ്യസമ്പത്തിയലുമഗ്നിയെ.9
നീയീഡ്യനല്ലോ, സവനത്തിൽ മുന്നേ;
ഹോതാവുമായി വാഴ്‌വിതു പണ്ടുമിന്നും;
അഗ്നേ, തടിപ്പിയ്ക്ക, നിജാംഗവും നീ; –
യെങ്ങൾക്കു സൗഭാഗ്യവുമേകിയാലും!10
കുറിപ്പുകൾ: സൂക്തം 11.

[2] കീഴമർപ്പോനാം – ശത്രുക്കളെ കീഴമർത്തുന്ന അഗ്നേ, നീ അധ്വരങ്ങളിൽ നുത്യർഹ(സ്തുത്യ)നാകുന്നു.

[3] പകയോർ = ശത്രുക്കൾ. അദേവസൈന്യങ്ങൾ = അസുരപ്പടകൾ.

[4] അരിമർത്ത്യന്റെ – ഞങ്ങളുടെ ശത്രുവായ മനുഷ്യന്റെ നിയതം = തീർച്ചയായും.

[6] രക്ഷയ്ക്കും – ഞങ്ങളെ രക്ഷിപ്പാനും. തർപ്പണത്തിനും – ഞങ്ങൾക്ക് അഗ്നിദേവനെ തൃപ്തിപ്പെടുത്താനും.

[7] മികച്ച പാർപ്പിടം – സ്വർഗ്ഗം. സാമാകർഷിയ്ക്കുന്നു – ഇങ്ങോട്ടു വലിയ്ക്കുന്നു. വത്സൻ – ഞാൻ ത്വൽപരവാക്കിനാൽ ഭവാനെ ഇച്ഛിയ്ക്കുന്ന സ്തുതികൊണ്ടു്.

[8] ബഹുത്ര – വളരെയിടങ്ങളിൽ, സമദൃക്ക് = സമദർശി. അത്തിരുമേനിയെ = അങ്ങനെയുള്ള അങ്ങയെ.

[9] സംഗരങ്ങളിലാരാധ്യസമ്പത്തിയലും—യുദ്ധങ്ങളിൽ ശത്രുക്കളെ ജയിച്ചടക്കിയ ആരാധ്യസമ്പത്തോടുകൂടിയ.

[10] ഈഡ്യൻ = സ്തുത്യൻ. സവനം = യാഗം. തടിപ്പിയ്ക്ക – ഹവിർഭുക്തിയാൽ.

സൂക്തം 12.

കണ്വഗോത്രൻ പർവതൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (പാന)

സോമമേറ്റം നുകരുന്ന നിൻ മദം
ഹേ മഹാബല, കർമ്മവിശാരദം:
കൊന്നിടുന്നു, നീ തിന്മനെയേതിനാ –
ലിന്ദ്ര, ഞങ്ങളതിനോടിരക്കുന്നു!1
അങ്ങു യാതൊന്നിലോ ദശഗ്വനാ –
മധ്രിഗുവെയു,മംബുരാശിയെയും
ആത്തകാന്തിയാംമാറു രവിയെയും
കാത്തു; ഞങ്ങളതിനോടിരക്കുന്നു!2
തേർകളെപ്പോലെ, യാതൊന്നിനാൽപ്പെരും –
നീർകളെക്കടലിങ്കലെയ്ക്കു ഭവാൻ
നേർക്കയച്ചുവോ; യജ്ഞാധ്വസംപ്രാപ്തി
നോക്കി ഞങ്ങളതിനോടിരക്കുന്നു!3
പ്രാർത്ഥിതസിദ്ധിക്കൾക്കുതകുന്നതാം
സ്തോത്രമൊന്നിതാ, നൈപോലെ സംശുദ്ധം:
അപ്പൊഴേ കൊണ്ടുചെന്നിടുമല്ലോ, തൻ –
കെല്പിനാലാശു വജ്രപാണേ, ഭവാൻ!4
തൽപരനാവുകിന്ദ്ര, നീ വാരിധി –
യ്ക്കൊപ്പമേ വേലിയേറ്റുമിസ്തോത്രത്തിൽ:
സ്തുത്യഭിഗമ്യ, സർവരക്ഷയൊടു –
മൊത്തുതാൻ കൊണ്ടുവന്നിടുമല്ലോ, നീ!5
ഏതുദേവൻ വിദൂരത്തുനിന്നു് വ –
ന്നേകിനാനോ, സുഹൃത്ത്വത്തിനെങ്ങൾക്കായ്;
അബ്ഭവാനിച്ഛവെയ്ക്കുമല്ലോ, മഴ –
യ്ക്കൊപ്പമായ്പ്പെരുപ്പിച്ചു ഭരിയ്ക്കുവാൻ!6
ലഭ്യമെത്തിച്ചു ഞങ്ങൾക്കിവനുടെ
തൃപ്പതാകയും തൃക്കൈക്കുലിശവും;
ഭാനുപോലേ വരുത്തിയല്ലോ, ഇവൻ
വാന,മൂഴിയിവയ്ക്കു വലുപ്പവും!7
ആയിരം പെരുംകുറ്റരെ നിഷ്പ്രാണ –
രാക്കിയല്ലോ, മുതിർന്ന നീ സൽപതേ:
ആയതോടേ മഹത്തായ്ച്ചമഞ്ഞേറ്റ –
മായതമായി, നിന്നുടെ പൗരുഷം!8
കാടിനങ്ങളെയഗ്നിയെന്നവിധം,
കൂടലർകളെസ്സൂര്യരശ്മികളാൽ
ചുട്ടെരിച്ചുകളയുന്നു,പേർത്തിന്ദ്ര; –
നിട്ടുകീഴമർപ്പോനായ് വളരുന്നു!9
നിങ്കലെത്തുന്നു, കാലയോഗ്യക്രതു –
വിങ്കലെത്തുലോം പുത്തനാമിസ്തവം:
സംഭൃതാർച്ചനമാമിതു നിർഭര –
മൻപിയറ്റു,മളക്കയുംചെയ്യുമേ!10
ദേവകാമനാമധ്വരദീക്ഷിതൻ
നീർ വെടുപ്പാക്കിടുന്നൂ, ക്രമത്താലേ;
ഇന്ദ്രനെ സ്തുതിഗാഥകളാൽ വള –
ർത്തുന്നു; നോക്കിയളക്കയുംചെയ്യുമേ!11
ഇന്ദ്രനിഷ്ടന്നു നല്കുവോൻ, നീർ പിഴി –
യുന്നവന്റെയഭിമുഖച്ചൊൽപോലേ
മൈത്തടി പൂണ്ടു, സോമം നുകരുവാൻ;
സ്തോത്രമോ, നേർക്കളക്കയുംചെയ്യുമേ!12
ഉക്ഥമോതുന്ന മേധാവികൾ നര –
രിത്തിരുവടിയ്ക്കിമ്പം വളർത്തുന്നു;
അത്തിരുവായിൽ വീഴ്ത്തിടുന്നേ,നിവൻ
ശുദ്ധനെയ്യുപോലുള്ള മഖദ്രവ്യം!13
ദീപ്തി താൻതാൻ വഹിച്ചിടുമിന്ദ്രന്നായ് –
ത്തീർത്തുകൊണ്ടാ,ളദിതിയവനാർത്ഥം,
പേർത്തുപേർത്തു പുകഴ്ത്തപ്പെടേണ്ടതാം
സ്തോത്രരൂപമായോരു മഖദ്രവ്യം!14
പാലനത്തിനും നന്മയ്ക്കുമായ് വഴി –
പോലെ വാഴ്ത്തിനാര,ധ്വരനേതാക്കൾ:
ദേവ, നിന്നെയിന്നിമ്മഖദ്രവ്യത്തി –
ന്നാവഹിയ്ക്ക, ഹരികൾ ബഹുവ്രതർ!15
ഇന്ദ്ര, നീ വിഷ്ണു ചെന്നിടത്തോ, ജല –
നന്ദനനാം ത്രിതന്റെയടുക്കലോ,
ആ മരുത്തുക്കളൊത്തോ കുടിയ്ക്കയാം
സോമ; – മെങ്കിലും, മത്താടുകി,ന്നീരാൽ!16
അല്ലെങ്കിലവിടുന്നു ദൂരത്തി –
ലുല്ലസിയ്ക്കുകയായ്വരാം, സോമത്താൽ;
എന്നിരിയ്ക്കിലും – ഞങ്ങൾ പിഴിഞ്ഞിരി –
യ്ക്കുന്നു – ശക്ര, രമിച്ചരുൾകി,ന്നീരാൽ!17
സൽപതേ, പിഴിയുന്ന യഷ്ടാവിനെ –
യഭ്യുദയപ്പെടുത്തുവോനം ഭവാൻ
നന്ദികൊള്ളുകയാകാം, തദുക്ഥത്തി; –
ലെന്നിരിയ്ക്കിലും, മത്തേല്ക്കുകി,ന്നീരാൽ!18
യുഷ്മദ്രക്ഷയ്ക്കു ദേവനെദ്ദേവനെ –
യുൽസ്തുതിപ്പൂ, ഞാനിന്ദ്രനെയിന്ദ്രനെ:
മന്ദിയാതിങ്ങെഴുന്നള്ളുമാറവ
ചെന്നണയുന്നുമുണ്ടു, മഖാർഹങ്കൽ19
തൂമഖങ്ങളാലാ മഖപ്രാപ്യനെ, –
സ്സോമനീർകളാൽസ്സോമാതിപായിയെ
ഉന്നതിപ്പെടുത്തുന്നൂ,സ്തുതികളാൽ; –
ച്ചെന്നണയുന്നുമുണ്ട,വയിന്ദ്രങ്കൽ!20
അത്യുദാര,മവന്റെ കൊണ്ടുവര; –
ലെത്രയെന്നതില്ലാത്തൊന്നു,കീർത്തിയും;
ഒന്നുപോലിവ ഹവ്യദാതാവിനായ് –
ച്ചെന്നണയുന്നു,സർവ്വസമ്പത്തിലും!21
ഇന്ദ്രനെ വൃത്രനിഗ്രഹത്തിന്നായി
മുന്നിറുത്താനാർ, ദേവപ്പരിഷകൾ;
ഇന്ദ്രനെ സ്തുതിയ്ക്കുന്നൂ,മൊഴികളു –
മുന്നതമാം കരുത്തു വരുത്തുവാൻ!22
ഞങ്ങ,ളാ വിളി കല്പിച്ചുകേൾപ്പോനെ,
ത്തുംഗതകൊണ്ടു സർവാതിശായിയെ,
സ്തോത്രശസ്ത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നു,
മേത്തരമാം കരുത്തു വരുത്തുവാൻ!23
തന്തിരുവടിയോടു പിരിയുകി –
ല്ല,ന്തരിക്ഷവുമൂഴിവാനങ്ങളും:
വജ്രഭൃത്താമിവന്റെ ബലത്താൽത്താ –
നുജ്ജ്വലിപ്പൂ, കരുത്തു വരുത്തുവാൻ!24
മുന്നിറുത്തിനാരല്ലോ, രണത്തിങ്ക –
ലിന്ദ്ര, ദേവപ്പരിഷകളങ്ങയെ;
എന്നതോടേ വഹിയ്ക്കയായ,ങ്ങയെ –
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!25
കൊന്നുവല്ലോ, ജലങ്ങളെ രോധിച്ചു—
നിന്ന വൃത്രനെ വജ്രിൻ, ബലേന നീ;
എന്നതോടേ വഹിയ്ക്കുയായ,ങ്ങയെ—
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!26
താവകനായ വിഷ്ണു ബലത്താലേ
മൂവിടങ്ങള്ളന്നുവല്ലോ, സമം;
എന്നതോടേ വഹിയ്ക്കയാ,യങ്ങയെ –
സ്സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ!27
എന്നുമെന്നും വളർന്നുവല്ലോ,തവ
സുന്ദരങ്ങളാം രണ്ടു തുരംഗങ്ങൾ;
എന്നതോടേ സമസ്തഭുനവും
സന്നിയന്ത്രിതമായ്ത്തീർന്നിത,ങ്ങയാൽ!28
ഇന്ദ്ര, നിന്നുടെയാൾക്കാർ മരുത്തുക്കൾ
സന്നിയന്ത്രിച്ചുവല്ലോ, ഭവാന്നായി;
എന്നതോടേ സമസ്തഭുവനവും
സന്നിയന്ത്രിതമായ്ത്തീർന്നിത,ങ്ങയാൽ!29
നിർമ്മലനായ് വിളങ്ങുമസ്സൂര്യനെ –
യംബരത്തിൽ നിറുത്തിയല്ലോ,ഭവാൻ;
എന്നതോടേ സമസ്തഭുവനവും
സന്നിയന്ത്രിതമായ്ത്തീർന്ന,ങ്ങയാൽ!30
അധ്വരത്തിങ്കലിന്ദ്ര, ഭവാന്നിതാ,
മുത്തുതകുന്ന ശോഭനസ്ത്രോത്തെ
ഭക്തിപൂർവ്വമയയ്ക്കുന്നു, മേധാവി,
നൽസ്ഥലത്തെയ്ക്കു ബന്ധുവെപ്പോലവേ!31
അധ്വരത്തിൽദ്ധരണിമധ്യേ മഖ –
വസ്തുവെക്കറക്കുന്നിടത്താളുകൾ
ഒത്തുകൂടിപ്പുകഴ്ത്തുന്നതുണ്ടല്ലോ,
തദ്ദ്യുതിയെ പ്രഹർഷപ്പെടുത്തുവാൻ:32
നല്ല വീര്യത്തെ, നല്ല ഹയങ്ങളെ,
നല്ല ഗോക്കളെ നല്കുകെ,ങ്ങൾക്കു നീ;
അത്ര മുല്പാടറിയിയ്ക്കയാണു് ഞാ, –
നധ്വരത്തിലെ ഹോതാവുപോലിന്ദ്ര!33
കുറിപ്പുകൾ: സൂക്തം 12.

[1] കർമ്മവിശാരദം – വൃത്രവധാദികളിൽ സമർത്ഥമാകുന്നു. തിന്മനെ – രാക്ഷസാദിയെ. അതിനോടു് – ആ മദത്തോടു്. ഇരക്കുന്നു – ഞങ്ങളെ രക്ഷിപ്പാൻ.

[2] ദശഗ്വപദം മുൻപു വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുണ്ടു്. അധ്രിഗു – അംഗിരസ്സുകളിലൊരാൾ. അംബുരാശി = സമുദ്രം; സമുദ്രത്തെ രക്ഷിച്ചതു്, അടുത്ത ഋക്കിൽ വിവരിയ്ക്കും. ആത്തകാന്തിയാംമാറു – നഷ്ടമായ പ്രകാശം വീണ്ടുകിട്ടത്തക്കവണ്ണം. അതിനോടു് – ആ മദത്തോടു്.

[3] പെരുംനീർകളേ – വമ്പിച്ച വർഷോദകങ്ങളെ. യജ്ഞാധ്വസംപ്രാപ്തി നോക്കി – യജ്ഞമാർഗ്ഗപ്രാപ്തിയുദ്ദേശിച്ചു്.

[4] അപ്പൊഴേ – ഈ സ്തോത്രംകൊണ്ടു സ്തുതിയ്ക്കപ്പെടുമ്പോൾത്തന്നെ. കൊണ്ടുചെന്നിടും—ഞങ്ങളെ പ്രാർത്ഥിതസിദ്ധിയിലെത്തിയ്ക്കും.

[5] ചന്ദ്രോദയത്തിൽ വാരിധിപോലെ വേലിയേറും – അങ്ങയുടെ ഗൂണാധിക്യത്താൽ ക്രമേണ വിശലമായിത്തീരുന്ന. കൊണ്ടുവന്നിടും – ഞങ്ങൾക്കു ശ്രേയസ്സുകളെ കൊണ്ടുവരും.

[6] വിദൂരത്തുനിന്നു – സ്വർഗ്ഗത്തിൽ നിന്നു്. ഏകിനാനോ – ധനങ്ങൾ തന്നുവോ. സുഹൃത്ത്വം = സഖ്യം. മഴയ്ക്കൊപ്പമായ്പ്പെരുപ്പിച്ച് – ഞങ്ങളുടെ ധനം, മഴപോലെ വർദ്ധിപ്പിച്ചു്.

[7] പരോക്ഷവാക്യം: ലഭ്യമെത്തിച്ചു – കിട്ടേണ്ടുന്ന നന്മ കിട്ടിച്ചു. ഇവൻ – ഇന്ദ്രൻ. കലിശം = വജ്രം. ഭാനു = സൂര്യൻ.

[8] കൂറ്റരെ – അസുരന്മാരെ. നിഷ്പ്രാണരക്കി – കൊന്നു. ആയതമായി – നീണ്ടു, പെരുകി.

[9] ഇന്ദ്രൻ – സൂര്യാത്മാവായ ഇന്ദ്രൻ. ഇട്ടുകീഴമർപ്പോൻ – ശത്രുക്കളെ.

[10] പ്രത്യക്ഷവാക്യം. കാലയോഗ്യക്രതു = തക്കകാലത്തനുഷ്ഠിയ്ക്കുന്ന യജ്ഞം. സംഭൃതാർച്ചനമാമിതു – സപര്യയോടുകൂടിയ സ്തവം. അൻപിയറ്റും – അങ്ങയ്ക്കു പ്രീതിയുളവാക്കും. അളക്കുക – അങ്ങയുടെ ഗുണങ്ങളെ പരിച്ഛേദിയ്ക്കുക.

[11] അധ്വരദീക്ഷിതൻ = യാഗദീക്ഷകൊണ്ടവൻ. നീർ – സോമരസം. അളക്ക – ഇന്ദ്രന്റെ ഗുണഗുണത്തെ പരിച്ഛേദിയ്ക്കുക.

[12] ഇഷ്ടൻ – സ്തോതാവ് നല്കുവോൻ – ധനം. നീർ പിഴിയുന്നവന്റെ യഭിമുഖച്ചൊൽപൊലെ – യഷ്ടാവിന്റെ അഭിമുഖസ്തുതി ഇന്ദ്രന്റെ ഗുണബാഹുല്യത്താൽ വിശാലമായിത്തീരുന്നതുപോലെ. ഇന്ദ്രൻ സോമം നുകരുവാൻ, ധാരാളം കുടിപ്പാൻ, മൈത്തടി (വണ്ണം) പൂണ്ടു. അളക്ക – ഇന്ദ്രന്റെ മഹാത്ത്വത്തെ പരിച്ഛേയ്ക്കുക.

[13] അത്തിരുവായിൽ – ഇന്ദ്രന്റെ വായിൽ. വീഴ്ത്തുക = പകരുക. മഖദ്രവ്യം = യജ്ഞപദാർത്ഥം, ഹവിസ്സ്.

[14] ദീപ്തി = കാന്തി. താൻതാൻ – പരാപേക്ഷകൂടാതെ. തീർത്തുകൊണ്ടാൾ = നിർമ്മിച്ചാൾ. അദിതി – ഇന്ദ്രമാതാവു്. അവനാർത്ഥം = രക്ഷയ്ക്കു്.

[15] പ്രത്യക്ഷോക്തി: വാഴ്ത്തിനാർ – അങ്ങയെ. ആവഹിയ്ക്ക = കൊണ്ടുവരട്ടെ. ബഹുവ്രതർ – ബഹുവിധകർമ്മാക്കളായ രണ്ടു ഹരികൾ.

[16] വിഷ്ണു ചെന്നിടത്തോ – സോമപാനത്തിന്നു വിഷ്ണുചെന്നിട്ടുള്ള അന്യയാഗത്തിലോ. ജലനന്ദനൻ – ജലത്തിൽനിന്നു ജനിച്ചവൻ. ത്രിതൻ – ഒരു രാജർഷി. ആ മരുത്തുക്കളൊത്തോ – മരുത്തുക്കൾ എത്തിച്ചേർന്ന മറ്റൊരു യാഗത്തിലോ. സോമം കുടിയ്ക്കുകയായിരിയ്ക്കാം. എങ്കിലും, ഇന്നീരാൽ – ഞങ്ങളുടെ സോമരസത്താൽ – മത്താടുക.

[17] ദൂരത്തിൽ – അകലത്തെങ്ങാനും. ഉല്ലസിയ്ക്കുക = ആഹ്ലാദിയ്ക്കുക.

[18] നന്ദി – പ്രീതി. തദുക്ഥത്തിൽ – ആ യഷ്ടാവിന്റെ ശസ്ത്രസ്തോത്രം കേട്ട്.

[19] ഋത്വിഗ്യജമാനരോടു്: യുഷ്മദ്രക്ഷയ്ക്കു – നിങ്ങളുടെ രക്ഷയ്ക്കു. ദേവൻ – ഇന്ദ്രൻ. ഇന്ദ്രൻ നാനാരൂപനായി ഒരേ സമയത്തു് അനേകയജ്ഞങ്ങളിൽ സന്നിഹിതനാകും; അതുകൊണ്ടാണു്, ദേവശബ്ദത്തെയും, ഇന്ദ്രശബ്ദത്തെയും ഇരട്ടിപ്പിച്ചിരിയ്ക്കുന്നതു് ഉൽസ്തുതിപ്പു – ഉറക്കെ സ്തുതിയ്ക്കുന്നു. മന്ദിയാതെ – ശീഘ്രം. അവ – എന്റെ സ്തുതികൾ. മഖാർഹൻ – യഷ്ടവ്യനായ ഇന്ദ്രൻ.

[20] തൂമുഖങ്ങൾ – സ്വച്ഛഹവിസ്സുകൾ. മഖപ്രാപ്യൻ = യജ്ഞങ്ങൾകൊണ്ടു പ്രാപിയ്ക്കപ്പെടേണ്ടവൻ. സോമാതിപായി = സോമം അതീവ കുടിയ്ക്കുന്നവൻ. ഉന്നതിപ്പെടുത്തുന്നൂ – സ്തോതാക്കൾ വളർത്തുന്നു. അവ സ്തുതികൾ.

[21] അവന്റെ (ഇന്ദ്രന്റെ) കൊണ്ടുവരൽ, ധനാനയനം, അത്യുദാരം, മഹത്താകുന്നു. കീർത്തിയും എത്രയെന്നതില്ലാത്തതാണു്, അതിവിശാലമാണു്. അവ – കൊണ്ടുവരലും, കീർത്തിയും. ഹവ്യദാതാവിന്നായ് – യജമാനന്നു നല്കാൻ, യജമാനന്നു സർവ്വസമ്പത്തും നല്കന്നു എന്നർത്ഥം.

[22] മൊഴികൾ – സ്തോത്രരൂപവാക്കുകൾ. ഉന്നരും – വൃത്രവധത്തിന്നു പര്യാപ്തം.

[23] കേൾപ്പോനെ – ഇന്ദ്രനെ. തുംഗത – മഹത്ത്വം.

[24] ഉജ്ജ്വലിപ്പൂ – ജഗത്തൊക്കയും.

[25] രണ്ടു തുരംഗങ്ങൾ – ഹരികൾ.

[27] താവകൻ = ഭവദീയൻ, ഭവാന്റെ ഭ്രാതാവു്. മൂവിടങ്ങൾ – മൂന്നു സ്ഥാനങ്ങൾ, ലോകങ്ങൾ. സമം = ഒപ്പം.

[28] സന്നിയന്ത്രിതം – അടക്കിനിർത്തപ്പെട്ടതു്.

[31] മുത്തുതകുന്ന – തുഷ്ടിപ്രദമായ. ഭക്തിപൂർവ്വം – പരിചരണങ്ങളോടേ. ഒരു ബന്ധുവിനെ നല്ല പ്രദേശത്തെയ്ക്കയയ്ക്കുന്നതുപോലെ.

[32] ധരണിമധ്യേ – വേദിയിൽ. മഖവസ്തുവെ കറക്കുന്നിടത്തു് – സോമം പിഴിയുന്നേടത്തു്. തദ്ദ്യുതിയെ – ഇന്ദ്രന്റെ തേജസ്സിനെ.

[33] മുല്പാടറിയിയ്ക്കയാണ് – അന്യരുടെ സ്തോത്രത്തെക്കാൾ മുമ്പേ ഞങ്ങളുടെ സ്തോത്രം കേൾപ്പിയ്ക്കയാണു് പൂർവാർദ്ധവാക്യത്തിന്റെ ആദിയിൽ, അതിനാൽ എന്നധ്യാഹരിയ്ക്കണം.

സൂക്തം 13.

കണ്വഗോത്രൻ നാരദൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

സോമം പിഴിഞ്ഞാലു,കേഥഷ്ടി
തൂമപ്പെടുത്തിയ്ക്കു,മിന്ദ്രൻ,
വർദ്ധകമാം ബലം കിട്ടാൻ:
അത്ര മഹാനാണല്ലോ, താൻ!1
വാനവർതൻ പൃഥുവ്യോമ –
സ്ഥാനേ വാണു വളർത്തുവോൻ,
സൽപ്പേരുറ്റോ,നവസാനി –
പ്പിപ്പോൻ, തണ്ണീർ വെന്നോന,വൻ!2
പോരിൽ നേടാൻ വിളിപ്പ,നാ
സ്സാരവാനാമിന്ദ്രനെ ഞാൻ:
ചാരേ സുഖം നല്കെ,ങ്ങൾക്കു;
പാരിപ്പിയ്ക്ക, സഖാവായ് നീ!3
ഇന്ദ്ര, ഭുവാന്നിതാ,പിഴി –
യുന്നവന്റെ ദാനം ചെല്വ
ഇമ്മേഖത്തിൻ പുരാനാം നീ
സമ്മോദിയ്ക്കൂ, സ്തുതിസേവ്യ!4
ഇന്ദ്ര, ഞങ്ങൾ പിഴിഞ്ഞർത്ഥി –
യ്ക്കുന്നതെങ്ങൾക്കേകേണമേ:
ചിത്രം, സർവസംസാധകം
സ്വത്തെങ്ങൾക്കാനയിയ്ക്ക,നീ!5
കണ്ട സൂരി കെല്പേറുമാ –
റുണ്ടാക്കിയ നുതി നിന്നെ
സംപ്രാപിച്ചാൽ മുളയ്ക്കുമേ,
കൊമ്പുകൾപോലവേ നിങ്കൽ!6
ചൊൽ തോന്നിയ്ക്കൂ, മുന്നെപ്പോലെ;
സ്തോതാവിന്റെ വിളി കേൾക്കൂ;
മത്തിൽ മത്തിൽകൊണ്ടുവരും,
ശസ്തകർമ്മാവിനു ഭവാൻ!7
ഇന്നുതിയാൽച്ചൊല്ലപ്പെടും
സ്വർന്നാഥന്റെ സൂനൃതങ്ങൾ
തത്തിക്കളിയ്ക്കുമേ, താന്നേ –
ടത്തൂടേ പോം നീർകൾ പോലെ!8
ഏകൻ, വശി, നരർക്കീശ –
നെന്നേവനെ രക്ഷൈഷികൾ
പാടിവാഴ്ത്തുന്നുവോ;വിള –
യാടുകാ, നീ സോമനീരാൽ!9
ഹവ്യദന്റെ ഗൃഹത്തിൽപ്പോ –
മവ്യഥങ്ങൾ രണ്ടശ്വങ്ങൾ
ഏവന്നുള്ളു, വിളിപ്പെട്ടു –
ള്ളാ വിജ്ഞാനെ സ്തുതിയ്ക്ക,നീ!10
നൈമെയ്യുമായ്പ്പായുമശ്വ –
സ്തോമത്താൽ നീയധ്വാരത്തിൽ
വെമ്പി വരിക;-ങ്ങയ്ക്കുതു
വൻഫലോൽക്ക, സുഖമല്ലോ!11
സൽപതേ, കെല്പാളുമിന്ദ്ര,
സസ്തരിൽച്ചേർക്ക, ധനം,
സൂരികളിലക്ഷയമാം
ദൂരവ്യാപിയശസ്സുമേ!12
നിന്നെ വിളിയ്ക്കുന്നേന,ർക്കൻ –
തന്നുദിപ്പുലു,ച്ചയ്ക്കും ഞാൻ:
നന്ദിച്ച,ശ്വങ്ങളിലൂടെ
വന്നെത്തുകെ,ങ്ങളിലിന്ദ്ര!13
എത്തുകുട,നോടുകുടൻ:
മത്തേല്ക്കു, പാൽ ചേർത്ത നീരാൽ,
പൂർവതന്തു പരത്തുക,
പൂർത്തിയെനിയ്ക്കുണ്ടാകാൻ നീ!14
ദൂരത്താകാം, ശക്ര, ഭവാൻ;
ചാരത്താകാം, വൃത്രവൈരിൻ;
അംബുധിയിലാകാ; – മെന്നാ –
ലന്നഭുക്കായ്ക്കാപ്പാൻ, നീതാൻ!15
ഇന്ദ്രനെ വായ്പിയ്ക്കൂ, സ്മദ്വാ –
ക്കി,ന്ദ്രനെസ്സോമത്തിൽനീരും;
ഇന്ദ്രങ്കലേ, ഹവിസ്സൊരു –
ക്കുന്ന നാട്ടർ വിളയാടീ!16
ആയിന്ദ്രനെത്തന്നെ,രക്ഷ –
യ്ക്കായിപ്പൂർണ്ണാഹുതികളാൽ
കൈവളുർപ്പൂ, മേധാവികൾ;
ഭുവുമെല്ലാം കൊമ്പുപോലെ!17
ജീവനാകുമാരസ്സുരർ
മൂവഹസ്സിൽ യാജ്യനാക്കീ;
വർദ്ധിപ്പിയ്ക്കുക, സ്മദ്വാക്കാ
നിത്യവർദ്ധകനെത്തന്നേ!18
സ്തോതാവങ്ങയ്ക്കുക്ഥം യോജി –
ച്ചോതുന്നതുകൊണ്ടല്ലോ, കാലേ;
അദ്ഭുതൻ, പാവനൻ, ശുദ്ധ, –
നദ്ദേഹമെന്നുരചെയ്വൂ!19
ആ മരുദ്ബലമേ, പ്രതാ –
ധാമങ്ങളിൽപ്പുലരുന്നു:
അത്ര പുകഴ്ത്തുന്നുണ്ടല്ലോ,
ശസ്ത്രജ്ഞാനന്മാരിതിനെ!20
കൈക്കൊള്ളാമെൻസഖ്യമെങ്കിൽ,
നേർക്കുണ്ണുകി,യന്നം ഭവാൻ:
എന്നാൽക്കടന്നീടുമല്ലോ,
ദുർന്നയരെയെല്ലാമെങ്ങൾ!21
എന്നതീവ സുഖിതനാ, –
മിന്ദ്ര, നിന്നെ സ്തുതിപ്പവൻ?
എന്ന,ശ്വഗോസ്വത്തെങ്ങൾക്കു
തന്നീടും, നീ നുതിസേവിൻ!22
വാഴ്ത്തപ്പെട്ട വൃഷാശ്വങ്ങൾ
വാർദ്ധകം വരാത്ത നിൻ തേർ
എത്തിയ്ക്കുമേ: ഞങ്ങൾ തുലോം
മത്താളും നിന്നോടർത്ഥിപ്പൂ.23
പ്രത്നപൂർണ്ണാഹുതിചെയ്ത, –
പ്രഷ്ഠനോടർത്ഥിപ്പൂ ഞങ്ങൾ:
കൊണ്ടാടും ദർഭയിൽ വാണു
രണ്ടുമുൺക, പുരുസ്തുതൻ!24
വർദ്ധിയ്ക്ക, നീയൃഷികൃത –
സ്തുത്യുക്തിയാൽപ്പുരുസ്തുത;
ഇങ്ങോട്ടുതിർക്കയുംചെയ്യു –
കെ,ങ്ങൾക്കു ധാരളമന്നം!25
ഏവം സ്തുതിപ്പോനു രക്ഷി –
താവു, നീതാനിന്ദ്ര, വജ്രിൻ:
അധ്വരാൽ നേടുവൻ, ഞാനും
സ്തുത്യവാപ്യം ത്വൽപ്രസാദം!26
കൂടെത്തർപ്പിയ്ക്കേണ്ടും ധന –
പ്രൗഢരാമാ ഹരികളെ
നന്നായ്പ്പൂട്ടി വരികി,ങ്ങോ –
ട്ടിന്ദ്ര, സോമം കുടിപ്പാൻ നീ!27
നേരേ പോന്നു സവനത്തിൻ –
ച്ചേരട്ടേ,നിൻ മരുത്തുക്കൾ;
രുദ്രപുത്രസമേതരാ –
മദ്ദിവ്യരുമന്നത്തിന്നായ്!28
ഇന്ദ്രന്റെയാളുകളാമി-
സ്വർന്നിവാസർ നിഹന്താക്കൾ
യജ്ഞവേദിയണയുന്നു,
വിജ്ഞാനം മേ വരുമാറായ്!29
ശാലയിങ്കൽ യാഗം തുട –
ർന്നാല,വിടുന്നാ യജ്ഞത്തെ
നോക്കിനടത്തുമേ,ക്രമാൽ
ദീർഘമായ ഫലത്തിന്നായ്!30
വർഷി,യീ നിൻതൃത്തേരിന്ദ്ര;
വർഷികളാ, നിൻഹരികൾ;
വർഷി, ഭവാൻ; ശതക്രതോ,
വർഷിതന്നേ, വിളിയ്ക്കലും!31
വർഷി,യമ്മി; വർഷി, മദം;
വർഷി,യീപ്പിഴിഞ്ഞ സോമം;
വർഷി, ഭവാനെത്തും യജ്ഞം;
വർഷിതന്നെ, വിളിയ്ക്കലും!32
വർഷി നിന്നെ വിളിയ്ക്കുന്നേൻ,
വർഷിയാം ഞാൻ ബഹുസ്തുത്യാ:
വജ്രിൻ, സ്തുതി, കേൾക്കുമല്ലോ,
വർഷി,യാഹ്വാതവ്യൻ ഭവാൻ!33
കുറിപ്പുകൾ: സൂക്തം 13.

[1] ഉക്ഥേഷ്ടി – ഉക്ഥമെന്ന യജ്ഞം. തൂമപ്പെടുത്തിയ്ക്കും – യഷ്ടാവിനെക്കൊണ്ടു പരിശുദ്ധമാക്കിയ്ക്കും. എന്തിന്? വർദ്ധകമായ ബലം കിട്ടാൻ. താൻ – ഇന്ദ്രൻ.

[2] പൃഥുവ്യോമസ്ഥാനേ – വിശാലമായ ആകാശസ്ഥാനത്തു്, സ്വർഗ്ഗത്തിൽ. വളർത്തുവോൻ – യഷ്ടാക്കളെ. അവസാനിപ്പിപ്പോൻ – തുടങ്ങിയ കർമ്മത്തെ വഴിപോലെ മുഴുപ്പിയ്ക്കുന്നവൻ. തണ്ണീർ വെന്നോൻ – വൃത്രാദികളെ വധിച്ചു, ജലം സ്വായത്തമാക്കിയവൻ.

[3] നേടാൻ – ശത്രുസംഹാരബലം ലഭിപ്പാൻ. സാരവാൻ = ബലവാൻ. ഉത്തരാർദ്ധം പ്രത്യക്ഷകഥനം: ചാരേ – സമീപസ്ഥനായി. പാരിപ്പിയ്ക്കു – ഞങ്ങളെ വളർത്തുക.

[4] ദാനം – സോമാഹുതി. ചെൽവൂ – ആഹവനീയസ്ഥാനത്തെയ്ക്കു ചെല്ലുന്നു. സമ്മോദിയ്ക്കൂ – സോമംകുടിച്ചു തൃപ്തിപൂണ്ടാലും.

[5] പൂർവ്വാർദ്ധത്തിന്റെ വിവരണമാണു്, ഉത്തരാർദ്ധം: ചിത്രം = പൂജനീയം.

[6] കണ്ട – ശരിയ്ക്കു സങ്കല്പിച്ച. സൂരി – സ്തോതാവു്. കെല്പേറുമാറ് – ഭവാന്നു ബലം വർദ്ധിയ്ക്കത്തക്കവണ്ണം. സ്തുത്യങ്ങളായ ഗുണങ്ങളെല്ലാം, ഒരു വൃക്ഷത്തിന്മേൽ വളരെ കൊമ്പുകൾപോലെ, നിങ്കൽ മുളയ്ക്കും; സ്തുതിമൂലം ഭവാന്നു ഗുണങ്ങൾ പൊന്തിപ്പൊന്തി വരും.

[7] ചൊൽ – സ്തുതി; സ്തുതിപ്പാൻ വേണ്ടുന്ന പദങ്ങൾ. മത്തിൽ മത്തിൽ – സോമപാനത്താൽ ലഹരിപിടിയ്ക്കുമ്പോളൊക്കെ, ഭവാൻ ശസ്തകർമ്മാവിന്നു, ശോഭനകർമ്മാവായ യജമാനന്ന്, അപേക്ഷിതഫലം കൊണ്ടുവരും.

[8] ചൊല്ലപ്പെടും – പ്രതിപാദിയ്ക്കുപ്പെടുന്ന. സ്വർന്നാഥന്റെ – ഇന്ദ്രനെക്കുറിച്ചുള്ള. സൂനൃതങ്ങൾ = പ്രിയസത്യവചനങ്ങൾ. താന്നേടത്തൂടെ (നിമ്നോന്നതമാർഗ്ഗത്തിലൂടെ) പോകുന്ന വെള്ളം പൊന്തിയും താന്നും നൃത്തംവെയ്ക്കുമല്ലോ; അതുപോലെ തത്തിക്കളിയ്ക്കം, ഇന്ദ്രസ്തുതികൾ.

[9] ഏകൻ = മുഖ്യൻ. വശി = വശത്താക്കുന്നവൻ. രക്ഷൈഷികൾ = രക്ഷതേടുന്നവർ.

[10] സ്തോതാവിനോടു്: അവ്യഥങ്ങൾ – ശത്രുക്കളുടെ കേറ്റത്തിൽ ക്ഷീണിയ്ക്കാത്തവ. രണ്ടശ്വങ്ങൾ – ഹരികൾ. ആ വിജ്ഞനെ-ഇന്ദ്രനെ.

[11] പ്രത്യക്ഷോക്തി: നൈമെയ്യ് – സ്നിഗ്ദ്ധശരീരം. അശ്വസ്തോമം = കുതിരക്കൂട്ടം. അതു് – അധ്വരം. വൻഫലോൽക്ക = വലിയ ഫലത്തിൽ താൽപര്യമുള്ളവനേ. സുഖം – സുഖകരം.

[12] സസ്തവർ = സ്തവസഹിതർ, സ്തുതിയ്ക്കുന്നവർ. സൂരികൾ – സ്തോതാക്കൾ.

[14] നിർ – സോമരസം. പൂർവ്വതന്തു – പൂർവതന്തു – പൂർവ്വന്മാരാൽ വിരചിതമായ തന്തു, യത്നം. തന്തുവിന്നു് നൂലെന്നും അർത്ഥമുണ്ടു്; അതു പരത്തുക – നെയ്യുക.

[15] അംബുധി = സമുദ്രം, അല്ലെങ്കിൽ അന്തരിക്ഷം. എന്നാൽ – എവിടെയായാലും. അന്നഭുക്കായ് – സോമം ഭുജിച്ചു്.

[16] അസ്മദ്വാക്കു് – നമ്മുടെ സ്തുതി.

[17] ഒരു വൃക്ഷത്തെ കൊമ്പുകളെപ്രകാരമോ, അപ്രകാരം ഭൂവുമെല്ലാം (സർവ്വലോകങ്ങളും) അധീനങ്ങളായി വർത്തിച്ചു്, ഇന്ദ്രനെ കൈവളർത്തുന്നു.

[18] ജീവൻ – പ്രാണൻപോലെ പ്രിയതരൻ. മൂവഹസ്സ് – മൂന്നാഭിപ്ലവികദിനങ്ങൾ. അസ്മദ്വാക്കു് – നമ്മുടെ സ്തുതി. ആ നിത്യവർദ്ധകനെ – സ്തോതാക്കളെ സദാ വളർത്തുന്ന ഇന്ദ്രനെ.

[19] പ്രത്യക്ഷോക്തി: യോജിച്ച് അനുകൂലകർമ്മാവായി. കാലേ – ഓരോ ഋതുവിലും. ഉത്തരാർത്ഥം പരോക്ഷം: അദ്ദേഹം ഇന്ദ്രൻ. ഉരചെയ്വൂ – സ്തോതാക്കൾ.

[20] പ്രത്നധാമങ്ങൾ – ചിരന്തനങ്ങളായ പൃഥിവ്യാദിസ്ഥാനങ്ങൾ. പുലരുന്നു – വസിയ്ക്കുന്നു. ശസ്ത്രജ്ഞാനന്മാർ = വിശിഷ്ടവിജ്ഞാനന്മാർ. ഇതിനെ – മരുദ്ബലത്തെ.

[21] പ്രത്യക്ഷോക്തി: ഈയന്നം – സോമം. എന്നാൽ – ഭവാൻ സോമമുണ്ടാൽ, ഭവാന്റെ പ്രസാദത്താൽ. കടന്നിടും – പുഴ കടക്കുന്നതുപോലെ. ദുർന്നയർ – ദ്രോഹികൾ.

[22] നുതിസേവിൻ – സ്തുതികൾ സ്വീകരിയ്ക്കുന്നവനേ.

[23] വൃഷാശ്വങ്ങൾ – അഭീഷ്ടവർഷികളായ ഹരികൾ. വാർദ്ധകം വരാത്ത – നിർജ്ജരനായ. എത്തിയ്ക്കുമേ – ഞങ്ങളുടെ അടുക്കൽ. അർത്ഥിപ്പൂ – ധനം.

[24] പ്രത്നം – പണ്ടേ ഉള്ളതു്. പ്രഷ്ഠൻ = ശ്രേഷ്ഠൻ. രണ്ടും – സോമവും, പുരോഡാശാദിയും.

[25] ഋഷികൃതസ്തുത്യുക്തി = ഋഷിമാരാൽ രചിയ്ക്കപ്പെട്ട സ്തുതി.

[26] അധ്വരാൽ = യജ്ഞത്താൽ. സ്തുത്യവാപ്യം = സ്തുതികൊണ്ടു നേടേണ്ടതു്.

[27] കൂടെ – ഭവാനോടൊന്നിച്ച് ധനപ്രൗഢർ – ധാരാളം ധനമുള്ളവ. പൂട്ടി – തേർമുന്നിൽ ബന്ധിച്ചു്.

[28] നിൻ – ഭവാന്റെ ആൾക്കാരായ. ദിവ്യർ – ദേവകൾ. അന്നത്തിന്നായ് – ഹവിസ്സുണ്ണാൻ.

[29] സ്വർന്നിവാസർ = സ്വർഗ്ഗത്തിൽ വസിയ്ക്കുന്നവർ. നിഹന്താക്കൾ – ശത്രുക്കളെ കൊല്ലുന്നവർ.

[30] അവിടുന്നു് – ഇന്ദ്രൻ.

[31] വർഷി – അഭീഷ്ടങ്ങളെ വർഷിയ്ക്കരുതു്. വിളിയ്ക്കലും വർഷിതന്നെ – അങ്ങയെ വിളിച്ചവർക്കു് അഭീഷ്ടങ്ങൾ പെയ്തുകിട്ടും.

[32] അമ്മി – സോമലത ചതയ്ക്കുന്ന.

[33] വർഷി നിന്നെ – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്നവനായ നിന്നെ. വർഷിയാം – ഹവിസ്സുകളെ വർഷിയ്ക്കുന്ന. ബഹുസ്തുത്യാ – ബർഹുവിധസ്തുതികൊണ്ടു്.

സൂക്തം 14.

കണ്വഗോത്രരായ ഗോസൂക്തിയുടേയും അശ്വസൂക്തിയും ഋഷികൾ; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ’)

ഇന്ദ്ര, ഭവാൻ പോലേ, ധന –
വൃന്ദത്തിന്നു ഞാനൊറ്റയ്ക്കേ
നാഥനാകുമെങ്കിൽ, മമ
സ്തോതാവു് ഗോക്കളെ നേടും!1
ഇദ്ധീമാനു നല്കുന്നതിൽ
ശ്രദ്ധവെയ്ക്കും, കൊടുത്തീടും,
ഗോകുലത്തിന്നുടമസ്ഥ –
നാകുകിൽ ഞാൻ ശചീപതേ!2
നിങ്കൽച്ചെയ്യും നുതിയിന്ദ്ര,
നീർപിഴിഞ്ഞ യഷ്ടാവിനെ
കൈവളർത്തും പയ്യായ്ത്തീർന്നു
ഗോവാജിയെച്ചുരത്തുമേ!3
സന്നുതനാം ഭവാൻ സ്വത്തെ –
ന്തൊന്നു നല്കാനൊരുങ്ങുമോ,
ആ വിത്തം വിലക്കാനിന്ദ്ര,
ദേവനില്ല,മർത്ത്യനില്ല!4
ഇന്ദ്രനെ വളർത്തീ യജ്ഞ; –
മെന്നതിനാലത്രേ, ഇവൻ
സ്വന്തം വീര്യം വാനിൽപ്പാകി,
സ്വസ്ഥയാക്കീ, ധരിത്രിയെ!5
വിത്തമെല്ലാം വെന്നടക്കി
വർദ്ധിയ്ക്കും നിന്തിരുവടി
കാത്തുരക്ഷിയ്ക്കണമെന്നായ്
പ്രാർത്ഥിയ്ക്കുന്നു, ഞങ്ങളിന്ദ്ര!6
സോമത്തിന്റെ ലഹരിയിൽ,
ശ്രീമത്താമന്തരിക്ഷത്തെ
ആവതോളം പരത്തിനാ, –
നാ വലനെപ്പിളർത്തിന്ദ്രൻ!7
വൻഗുഹയിലടച്ച ഗോ –
സംഘത്തെ വെളിപ്പെടുത്തി,
അംഗിരസ്സുക്കൾക്കരുളീ;
മൺകപ്പിച്ചൂ, വലനെയും!8
വിൺനാടിൻ തിളക്കങ്ങളെ –
യൊന്നാകെബ്ബലപ്പെടുത്തി,
കെട്ടുറപ്പാലിളകാത്ത
മട്ടിൽ നിറുത്തിനാനിന്ദ്രൻ!9
തണ്ണീരല തത്തിപ്പൊങ്ങും
വണ്ണം തുളുമ്പുന്നു, നുതി;
നിന്നുടെയ മത്തുകളും
മിന്നിത്തിളങ്ങുന്നുണ്ടി,ന്ദ്ര!10
സ്തുത്യുച്ചാരാൽ വർദ്ധനീയ, –
നുക്ഥംകൊണ്ടും വർദ്ധനീയൻ, –
സ്തോതാക്കന്മാർക്കിന്ദ്ര, ശുഭ –
ധാതാവുമാണല്ലോ, ഭവാൻ!11
സദ്വിത്തനാമീയിന്ദ്രനെ –
യധ്വരത്തിൽസ്സോമമുണ്ണാൻ
എത്തിയ്ക്കട്ടേ, സടത്തഴ –
പ്പൊത്ത രണ്ടു കുതിരകൾ!12
ഇന്ദ്ര, കടൽനുരയൊന്നാ –
ലന്നമുചിയുടെ തല
വെട്ടിത്തെറിപ്പിച്ചു;പക
പെട്ടവരെ വെന്നൂ, ഭവാൻ!13
മായകൾകൊണ്ടുന്മദന്മാ –
രായിത്തീർന്നു വിണ്ണിൽക്കേറാൻ
വന്ന ദസ്യുക്കളെബ്ഭവാ –
നിന്ദ്ര,മണ്ണുകപ്പിച്ചല്ലോ!14
സോമപാനംകൊണ്ടുൽക്കൃഷ്ട –
ധാമാവായിച്ചമഞ്ഞു നീ
ഒന്നൊന്നായോടിച്ചൊടുക്കു, –
മിന്ദ്ര, പിഴിയാത്തവരെ!15
കുറിപ്പുകൾ: സൂക്തം 14.

[1] എനിയ്ക്കു പണം ധാരാളമുണ്ടാകുമെങ്കിൽ, എന്നെ സ്തുതിയ്ക്കുന്നവർക്കു ഞാൻ ഗോക്കളെക്കൊടുക്കും.

[2] മുൻ ഋക്കിലേതുതന്നെ, വിഷയം: ധീമാൻ – സ്തോതാവു്.

[3] ഗോവാജിയെ – ഗോക്കളെയും വാജിക(അശ്വങ്ങ)ളെയും. അങ്ങനെ സ്തുതിച്ചാൽ, ഗവാശ്വാദികളെ കിട്ടും.

[4] സന്നുതൻ = വഴിപോലെ സ്തുതിയ്ക്കപ്പെട്ടവൻ. അങ്ങയുടെ ദാനം ആരും തടയില്ല.

[5] യജ്ഞം ഇന്ദ്രനെ വളർത്തുന്നു; അതിനാലാണു്, ഇവൻ (ഇന്ദ്രൻ) സ്വവീര്യം വാനിൽപ്പരത്തിയതും, വൃഷ്ട്യാദിയാൽ ഭൂമിയെ സ്വാസ്ഥ്യപ്പെടുത്തിയതും.

[6] വിത്തം – ശത്രുക്കളുടെ ധനം.

[7] വലൻ – പണികളെന്ന അസുരന്മാരുടെ സ്വാമി.

[8] മൺകപ്പിച്ചു – കമിഴ്ത്തിവീഴിച്ചു കൊന്നു.

[9] വിൺനാടിൻ തിളക്കങ്ങൾ – നക്ഷത്രങ്ങൾ.

[10] നുതി – അങ്ങയെക്കുറിച്ചുള്ള സ്തോത്രം.

[11] സ്തുത്യുച്ചാരാൽ = സ്തോത്രോച്ചാരണത്താൽ. ശുഭധാതാവു് = മംഗളകരൻ.

[12] സദ്വിത്തൻ = ശോഭനധനൻ. സടത്തഴപ്പു് – തഴച്ച. കുഞ്ചിരോമങ്ങൾ. രണ്ടു കുതിരകൾ – ഹരികൾ.

[13] പണ്ടു യുദ്ധത്തിൽവെച്ചു് ഇന്ദ്രൻ നമുചി എന്ന അസുരത്തലവന്റെ പിടിയിൽപ്പെട്ടുപോയി. അവൻ ഇന്ദ്രനോടു പറഞ്ഞു: – ‘രാത്രിയിലും പകലിലും, ഉണങ്ങിയ ആയുധംകൊണ്ടും, നനവുള്ള ആയുധംകൊണ്ടും ഭവാൻ എന്നെ കൊല്ലില്ലെങ്കിൽ, ഞാൻ വിട്ടയയ്ക്കാം’. ഇന്ദ്രൻ അതു സമ്മതിച്ചു വിടുതി നേടിയിട്ട്, അഹോരാത്രസന്ധിയിൽ (സന്ധ്യാസമയത്തു്) ശുഷ്കവും ആർദ്രവുമില്ലാത്ത ഒരു കടൽനുരകൊണ്ടു നമുചിയുടെ തലയറുത്തു. പക പെട്ടവരെ – ശത്രുക്കളെ, അസുരന്മാരെ.

[14] ദസ്യുക്കൾ – അസുരന്മാർ.

[15] ഉൽക്കൃഷ്ടധാമാവ് = ഉൽക്കൃഷ്ടമായ തേജസ്സുള്ളവൻ. പിഴിയാത്തവരെ – സോമം പിഴിയാത്തവരെ, യജ്ഞരഹിതരെ.

സൂക്തം 15.

ഋഷിദേവതകൾ മുമ്പേത്തവ; ഉഷ്ണിക്ക് ഛന്ദസ്സ്. (‘ദ്വാരകാമന്ദിരം’പോലെ)

പാടുവി, നാപ്പുരുസ്തുത –
നായ പുരുഹൂതന്നായ്ത്താൻ –
ഇന്ദ്രനായ പെരിയോനെ –
സ്സന്നുതിയാൽസ്സേവിയ്ക്കുവിൻ!1
രണ്ടിൻ മേലാളാമിവന്റെ
വൻകെല്പല്ലോ, വാനൂഴിയെ
നിർത്തീ, പായും മലയെയും,
നീർകളെയും വീര്യത്തിനാൽ!2
ആ നീ പുരുസ്തുത, പുരാ –
നാണിന്ദ്ര: നീയൊറ്റയ്ക്കുതാൻ
ശത്രുക്കളെക്കൊന്നൊടുക്കും,
സ്വത്തും പേരും കയ്യടക്കാൻ!3
വജ്രിൻ, പോരിൽക്കീഴമർത്തും;
വർഷിച്ചീടു; – മിടം തീർക്കും –
ഇത്ഥം ഹരിസേവ്യമാം നിൻ
മത്തിനെ വാഴ്ത്തുന്നു, ഞങ്ങൾ:4
ഈയാഹ്ലാദത്താലല്ലോ, നീ –
യായുവിന്നും മനുവിന്നും
തൂവെളിച്ചം കിട്ടിച്ചതും,
യാഗേ കോയ്മ വഹിപ്പതും!5
ഇന്നുണ്ടതിനെപ്പുക –
ഴ്ത്തുന്നു, മുന്നെപ്പോലുക്ഥികൾ;
വെല്ക നിത്യം, വൃഷപത്നി –
മാർകളാം തണ്ണീർകളെ നീ!6
നിന്റെയാ വൻവീര്യത്തെയും,
നിൻകെല്പിനെ, ക്കർമ്മത്തെയും,
മൂർച്ചപ്പെടുത്തുന്നു, മേന്മ
വായ്ച വജ്രത്തെയും സ്തുതി!7
ദ്യോവു നിൻകെല്പുയർത്തുന്നു,
ഭൂവു നിൻകീർത്തിയുമിന്ദ്ര;
നിന്നെ പ്രീതിപ്പെടുത്തുന്നു,
തണ്ണീർകളും മലകളും!8
നിന്നെ മഹാൻ, വാസു വിഷ്ണു,
നിന്നെ മിത്രൻ വരുണനും
വർണ്ണിയ്ക്കുന്നു; മത്താടുന്നു,
നിന്നോടൊപ്പം മരുദ്ബലം!9
ഇന്ദ്ര,നീ വിണ്ണോരിൽവെച്ചു
വൻദാതാവായ് വെളിപ്പെടും;
സംവഹിയ്ക്കും, വൃക്ഷാവു നീ
സത്സന്താനധനമെല്ലാം!10
ഒറ്റയ്ക്കേ നീയമിത്രരെ –
യൊപ്പം കൊല്ലും, പുരുസ്തുത:
ഇത്രയേറെത്തൊഴിൽ ചെയ്വാ –
നിന്ദ്രനല്ലാതില്ലൊ,രുത്തൻ!11
എങ്ങു നിന്നെ രക്ഷയ്ക്കോരോ
ഭംഗ്യാ വാഴ്ത്തി വിളിയ്ക്കുമോ;
അങ്ങിന്ദ്ര, വെല്കെപ്പേരെയു –
മെങ്ങൾതൻ നേതാക്കൾക്കായ് നീ!12
നമ്മൾക്കു വൻഗ്രഹത്തിന്നായ്,
നന്മയെല്ലാം വർണ്ണിച്ചേറ്റം
മോദിപ്പിയ്ക്കൂ, വെൽവാൻ, ശചീ –
നാഥനാകുമിന്ദ്രനെ നീ!13
കുറിപ്പുകൾ: സൂക്തം 15.

[1] സ്തോതാക്കളോടു്: പാടുവിൻ – സ്തോത്രം. സേവിയ്ക്കുവിൻ – പരിചരിയ്ക്കുവിൻ.

[2] രണ്ടിൻ – സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും. ഇവർ – ഇന്ദ്രൻ. പായും മല – പറന്നിരുന്ന പർവ്വതങ്ങൾ.

[3] സ്വത്തും പേരും – ശത്രുക്കളുടെ ധനവും യശസ്സും.

[4] കീഴമർത്തും – ശത്രുക്കളെ. വർഷിച്ചീടും – അഭീഷ്ടങ്ങളെ. ഇടം തീർക്കും = സ്ഥാനം നിർമ്മിയ്ക്കും. ഇത്ഥം – ഇങ്ങനെയുള്ള. ഹരിസേവ്യം = ഹരികളാൽ, ഇരുകുതിരകളാൽ സേവ്യം.

[5] ആഹ്ലാദം – മത്തു്. ആയു – ഉർവ്വശീപുത്രനായ രാജാവു്. യാഗേ = യജ്ഞത്തിൽ.

[6] ഉക്ഥികൾ – ഉക്ഥം ചൊല്ലുന്നവർ. വൃഷപത്നിമാർകൾ = പർജ്ജന്യന്റെ പത്നിമാർ. വെല്ക – സ്വായത്തങ്ങളാക്കുക.

[8] ഉയർത്തുന്നു – വളർത്തുന്നു.

[9] വസു = വാസയിതാവു്, ലോകത്തെ വികസിപ്പിയ്ക്കുന്നവൻ. വർണ്ണിയ്ക്കുന്നു – സ്തുതിയ്ക്കുന്നു.

[10] സത്സന്താനധനമെല്ലാം – നല്ല സന്താനങ്ങളെയും സമ്പത്തുകളെയുമെല്ലാം സംവഹിയ്ക്കും-സ്തോതാക്കൾക്കു കൊടുക്കാൻ കയ്യിൽവെയ്ക്കും.

[11] തൊഴിൽ – വൃത്രവധാദികർമ്മം.

[12] ഓരോ ഭംഗ്യാ – ബഹുവിധമായി. അങ്ങ് – ആ യുദ്ധത്തിൽ. എപ്പേരെയും – ശത്രുക്കളെയെല്ലാം. നേതാക്കൾ – സ്തോതാക്കൾ.

[13] സ്തോതാവിനോടു്: നന്മ – ഇന്ദ്രന്റെ ഗുണഗണം. വെല്വാൻ – ശത്രു ധനമടക്കാൻ.

സൂക്തം 16.

കണ്വഗോത്രൻ ഇരിംമ്പിഠി ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

വാഴ്ത്തപ്പെടേണ്ടും മനുജപ്പെരുമാളാകുമിന്ദ്രനെ
സ്തുതിപ്പിൻ, കീഴമർപ്പോനെ, നേതാവിനെ, വദാന്യനെ!1
ഇവങ്കലല്ലോ വിളയാടുന്നു, ശസ്ത്രങ്ങളൊക്കയും,
അന്നങ്ങളും, സമുദ്രത്തിൽത്തണ്ണീരലകൾപോലവേ.2
ചെമ്മേ വാഴ്ത്തിബ്ഭജിയ്ക്കുന്നേനാ ശ്രേഷ്ഠത്തമ്പുരാനെ ഞാൻ
പോരിൽ വൻതൊഴിൽ ചെയ്വോനെ, ബ്ബലവാനെദ്ധനത്തിനായ്.3
ഗഭീരവും, താരകവും, വിശാലവു,മനൂനവും
യുദ്ധത്തിലിമ്പമുള്ളൊന്നുമല്ലോ, തന്റെ മദോദയം!4
സ്വത്തടക്കപ്പെടേണ്ടുമ്പോളിവനെത്തന്നെയാളുകൾ
വിളിച്ചു, കൂട്ടിപ്പറയാ; – നാരിലിന്ദ്ര,നവൻ ജയി!5
ഇന്ദ്രനെത്തന്നെ സേവിച്ചുമിന്ദ്രനെത്തന്നെ വാഴ്ത്തിയും
മേലാളാക്കുന്നു, മനുജ; – രവിടുന്നേകമേ ധനം!6
മികച്ചുനില്ക്കുവോനി,ന്ദ്ര; – നൃഷി,യിന്ദ്ര; – നനേകരാൽ
തുലോം വിളിയ്ക്കപ്പെടുവോൻ; മഹാകർമ്മങ്ങളാൽ മഹാൻ!7
അവൻ സ്തുത്യന,വൻ സത്യൻ, വിളിയ്ക്കപ്പെട്ടിടേണ്ടവൻ,
തളർത്തുവോൻ, ഭൂരികർമ്മാ, – വൊറ്റയ്ക്കേ കീഴമർപ്പവൻ!8
ആയിന്ദ്രനെ യജുർഗ്ഗീരാല,വനെസ്സാമസൂക്തിയാൽ,
അവനെപ്പല ഗായത്രത്താലുയർത്തുന്നു, സൂരികൾ!9
നേരേ ധനം കൊണ്ടുവരും; വെളിച്ചമരുളും, രണേ;
പോരാടിപ്പറ്റലർകളെക്കീഴടക്കും ശരിയ്ക്കവൻ.10
പൂർത്തിപ്പെടുത്തുമായിന്ദ്രൻ പുരുഹൂതൻ യഥാസുഖം
തോണികൊണ്ടു കടത്തട്ടേ, നമ്മെ മാറ്റാരെയൊക്കെയും!11
അബ്ഭവാനിന്ദ്ര, കല്പിച്ചുതരികെങ്ങൾക്കു കെല്പിനാൽ;
കാംക്ഷിയ്ക്കു, വഴി കാട്ടാനു; – മെത്തിയ്ക്ക, സുഖമെങ്ങളിൽ!12
കുറിപ്പുകൾ: സൂക്തം 16.

[1] സ്തോതാക്കളോടു്: കീഴമർപ്പോനെ – ശത്രുക്കളെ.

[2] ശസ്ത്രങ്ങൾ – ഉക്ഥങ്ങൾ.

[3] വൻതൊഴിൽ – വൃത്രവധവും മറ്റും. ധനത്തിനായ് – ധനം കിട്ടാൻ.

[4] താരകം – ശത്രുക്കളെ പിന്നിടുവിയ്ക്കുന്നതു്. തന്റെ – ഇന്ദ്രന്റെ. മദോദയം – സോമപാനലഹരി.

[5] സ്വത്തു് – ശത്രുധനം. കൂട്ടിപ്പറയാൻ – കവിഞ്ഞ പ്രശംസയ്ക്കു്. ആരിൽ – ആരുടെ പങ്കിൽ, ജയി – ജയവാനാകും, ജയിയ്ക്കും.

[6] ഏകമേ – സ്തോതാക്കൾക്കു്.

[7] ഋഷി – വിശ്വദർശി. അനേകർ – വളരെയാളുകൾ.

[8] തളർത്തുവോൻ, കീഴമർപ്പവൻ – ശത്രുക്കളെ.

[9] യജുർഗ്ഗീരാൽ – യജുർമ്മന്ത്രംകൊണ്ടു്, ഗായത്രം – ഗായത്രീഛന്ദസ്സിലുള്ള മന്ത്രം.

[10] വെളിച്ചം – ജയമെന്നർത്ഥം.

[11] തോണി – തുണ.

[12] കല്പിച്ചുതരിക – ധനം.

സൂക്തം 17.

ഋഷിദേവതകൾ മുമ്പേത്തവ; ഗായത്രിയും ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ. (‘ദ്വാരകാമന്ദിരം’ പോലെ)

ഇന്ദ്ര, വരികെ: – ങ്ങൾ പിഴി-
യുന്നുണ്ടല്ലോ, ഭവാന്നായി;
ഇസ്സോമം കുടിയ്ക്കുകെ,ന്റെ-
യിദ്ദർഭയിലിരുന്നാലും!1
മന്ത്രംകൊണ്ടു പൂട്ടും, സട
മുന്തിയ രണ്ടശ്വം നിന്നെ
കൊണ്ടുപോന്നീടട്ടേ:ചെവി –
ക്കൊണ്ടാലും, വന്നസ്മൽസ്തോത്രം!2
സോമികൾ ബ്രാഹ്മണരെങ്ങൾ
സോമം കുടിപ്പോനാം നിന്നെ,
ചേരുംവണ്ണം വിളിയ്ക്കുന്നു,
നീരു പിഴിഞ്ഞുവെച്ചിന്ദ്ര!3
നന്നായ്പ്പിഴിഞ്ഞ ഞങ്ങളിൽ
വന്നെ,ങ്ങൾതൻ നൽസ്തുതികൾ
കേട്ടു, സോമം നുകർന്നാലും,
ശ്രേഷ്ഠത്തൊപ്പിവച്ച ഭവാൻ!4
നീളെപ്പകരുന്നേൻ, മധു
നിന്നിരുതൃക്കുക്ഷികളിൽ:
അംഗങ്ങളിലോടട്ടെ,യി –
തംഗീകരിയ്ക്ക,നീ നാക്കാൽ!5
രമ്യമാവുക,വിടെയ്ക്കും
നിന്മെയ്യിന്നും നറുംസോമം;
സന്ദാതാവാം നിൻനെഞ്ചിന്നും
സജ്ഞനിപ്പിയ്ക്കട്ടേ, സൗഖ്യം!6
പാൽമുതലായവ ചേർന്ന
സോമമിതു സുദ്രഷ്ടാവേ,
ഇന്ദ്ര, നിങ്കൽദ്ദയിതമാ –
രെന്നപോലെയണയട്ടെ!7
ശുംഭദ്ഭുജൻ, പൃഥുകണ്ഠൻ,
കുമ്പയുമുള്ളവനിന്ദ്രൻ
സോമമത്തിലത്രേ, ശത്രു –
സ്തോമത്തെക്കൊന്നൊടുക്കുന്നു!8
കെല്പാൽ വിശ്വപ്പെരുമാളായ്
നില്പോനാം നീയിന്ദ്ര, മുന്നിൽ
വന്നെത്തുക: വൃത്രവൈരിൻ,
കൊന്നൊടുക്ക,രിപുക്കളെ!9
നീളട്ടേ, നിൻപള്ളിത്തോട്ടി:
നീയിതൊന്നുകൊണ്ടാണല്ലോ,
നീരു പിഴിയുന്ന യജ്ഞ –
കാരന്നേകുന്നതു, ധനം!10
ഇന്ദ്രാ, ഭവാന്നിതാ,സോമം
നന്നാക്കിദ്ദർഭയിൽ വെച്ചൂ:
വന്നെത്തുകൊ,ന്നോടുകി,പ്പോ –
ളിന്നീർ കുടിയ്ക്കുക, ഭവാൻ!11
ഖ്യാതദ്യുതേ, ഖ്യാതാർച്ചന,
നീർ തവ സൗഖ്യത്തിന്നിതാ;
എന്നതിനാൽ വിളിയ്ക്കുന്നു,
നന്നായ് നിന്നെയാഖണ്ഡല!12
നിന്നുടെ രക്ഷകമായ
കുണ്ഡപായൃക്രതുവിങ്കൽ
ഭംഗ്യാ മനംവെച്ചിരുന്നൂ,
ശ്രംഗവൃഷാവിന്റെ സൂനോ.13
വാസ്തോഷ്പതേ, തൂണുറയ്ക്കൂ;
മൈത്രാണം നേടുക, ധ്വരി;
നൈകപുരഭേദിസഖാ –
വാകൃ,ഷിമാർക്കിന്ദ്രൻ, സോമി!14
സർപ്പംപോലെ തല പൊക്കി –
നില്പോൻ, യാജ്യൻ, ഗോലംഭകൻ,
ഒറ്റയ്ക്കുതാനനേകരെ –
യിട്ടമർപ്പോൻ, ഭരിപ്പവൻ –
ആയിന്ദ്രനെസ്സോമമുണ്മാ –
നായിട്ടൊ,രശ്വത്തെപ്പോലെ
കൊണ്ടുവരുന്നിതു, മുന്നിൽ
മണ്ടിച്ചെല്ലും പിടുത്തത്താൽ!15
കുറിപ്പുകൾ: സൂക്തം 17.

[2] സട മുന്തിയ – മികച്ച കുഞ്ചിരോമമുള്ള. രണ്ടശ്വം – ഹരികൾ. അസ്മൽസ്തോത്രം = ഞങ്ങളൂടെ സ്തുതി.

[3] സോമികൾ = സോമസഹിതർ.

[5] മധു – സോമനീർ. ഇരുതൃക്കുക്ഷികൾ – വാർത്ത്രഘ്നം, മാഘോനം എന്നു രണ്ടുവയറുണ്ടത്രേ, ഇന്ദ്രന്ന്; അഥവാ, മേൽവയറും, അടിവയറും. ഇതു് (സോമനീർ)നാക്കാൽ അംഗീകരിയ്ക്ക – നുകരുക.

[6] സജ്ഞനിപ്പിയ്ക്ക = ഉളവാക്കുക.

[7] സുദ്രഷ്ടാവു് – വഴിപോലെ കാണുന്നവൻ. ദയിതമാർ – വെള്ളവസ്ത്രം ധരിച്ച ഭാര്യമാർ എന്നർത്ഥം: ഉപമേയമായ സോമം പാലും മറ്റും ചേർന്നതാണല്ലോ.

[8] കുമ്പ – വളരെസ്സോമമൊതുങ്ങുന്ന വലിയ വയർ. ശത്രുസ്തോമം = വൈരിവൃന്ദം.

[9] മുന്നിൽ – ഞങ്ങളുടെ മുമ്പിൽ.

[10] തോട്ടി = അങ്കുശമെന്ന ആയുധം. യജ്ഞാകാരൻ = യജമാനൻ.

[11] നന്നാക്കി – അരിച്ചു വെടുപ്പുവരുത്തി.

[12] ഖ്യാതം = പ്രസിദ്ധം. ഇതാ – പിഴിഞ്ഞു വെച്ചിരിയ്ക്കുന്നു.

[13] നിന്നുടെ – ഭവാന്നുള്ള. കുണ്ഡപായ്യം – ഒരു യാഗം. ഭംഗ്യാ – വഴിപോലെ. വെച്ചിരുന്നൂ – കുണ്ഡപായികളെന്ന ഋഷിമാർ. ശൃംഗവൃഷാവു് – ഒരു ഋഷി; ഇന്ദ്രൻ ഇദ്ദേഹത്തിന്റെ പുത്രനായി അവതരിച്ചുപോൽ.

[14] വാസ്തോഷ്പതി = ഗൃഹപതി, ഇന്ദ്രൻ. തൂണറയ്ക്കു – അധ്വരിയുടെ, യജമാനന്റെ, ഗൃഹസ്തംഭം ഉറപ്പിൽ നില്ക്കട്ടെ. ഗൃഹം വീഴാതിരിയ്ക്കട്ടെ. മൈത്രാണം = അംഗരക്ഷ. ഉത്തരാർദ്ധം പരോക്ഷോക്തി: നൈകപുരഭേദി = അനേകശത്രുനഗരങ്ങൾ പിളർത്തവൻ, ഇന്ദ്രൻ ഋഷിമാർക്ക് – ഞങ്ങൾക്കു്. സോമി = സോമവാൻ.

[15] ഗോലംഭകൻ – അംഗിരസ്സുകൾക്കു ഗോക്കളെ കിട്ടിച്ചവൻ. അനേകരെ – വളരെശ്ശത്രുക്കളെ. ഭരിപ്പവൻ – ലോകത്തെ. മണ്ടിച്ചെല്ലും പിടുത്തം – ക്ഷിപ്രഗാമിയായ സ്തോത്രം. സ്തോതാവു് ഇന്ദ്രനെ, ഒരശ്വത്തെയെന്നപോലെ, സ്തോത്രത്തിൽ വലിച്ചു മുമ്പിൽ കൊണ്ടുവരുന്നു.

സൂക്തം 18.

ഇരിംബിഠി ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; ആദിത്യരും അശ്വികളും അഗ്നിയും സൂര്യനും വായുവും ദേവത. (‘ദ്വാരകാമന്ദിരം’ പോലെ.)

ഇപ്പോൾത്തന്നേ തീർച്ചയായു –
മഭ്യർത്ഥിയ്ക്കവേണം, മർത്ത്യൻ,
പുത്തൻ സുഖമീയാദിത്യർ
ചിത്തം തെളിഞ്ഞരുളുവാൻ!1
ഇയ്യാദിത്യർതൻ മാർഗ്ഗങ്ങൾ –
ക്കില്ലെതിർപ്പു,മില്ലിടിവും;
ആകയാലപ്പാലകങ്ങൾ
സൗഗമ്യത്തെ വളർത്തട്ടേ!2
മിത്രൻ, സവിതാവു,ഭഗ, –
നര്യമാവു, വരുണനും
തന്നരുളുകെ,ങ്ങൾ യാചി –
യ്ക്കുന്ന വിശാലമാം ഗൃഹം!3
ഭൂരിപ്രിയേ, സുസുഖരാം,
സൂരിവാനോരുമായ്ച്ചെമ്മേ
വന്നാലു, മദിതേ, ദേവി,
നിർന്നിരോധഭരണേ, നീ!4
അധ്വംസകരദിതിതൻ
പുത്രരുരുക്രിയരവർ
പോക്കാൻ പൊന്നോരല്ലോ, വിദ്വേ –
ഷ്ടാക്കളെയും ദുഷ്ടരെയും.5
അല്ലിലദിതിമാടിനെ –
യഹ്നി നേരുറ്റോളദിതി
പാർത്തുരക്ഷിയ്ക്കട്ടെ, നിത്യം
പാപത്തിൽനിന്നു നമ്മെയും!6
ആദ്ധ്യേയയദിതി കാപ്പാ –
നാഗമിയ്ക്ക, പകൽ നമ്മിൽ:
ചേർക്കുക, ശാന്തിദസൗഖ്യം;
പോക്കുക, വിദ്വേഷികളെ!7
അദ്ദേവവൈദ്യന്മാർ നമു –
ക്കശ്വികൾ നല്കട്ടേ, സുഖം;
പാപമകലത്താക്കട്ടേ;
പായിയ്ക്കട്ടേ,പറ്റലരെ!8
അഗ്നി,സാഗ്നി നല്കു ശമ, –
മർക്കൻ നമുക്കിളം ചൂടും;
വായു സുഖമായ് വീശുക;
പായിയ്ക്ക, മാറ്റാരെ സ്വച്ഛൻ!9
പോക്കുവിൻ, രോഗത്തെ,പ്പീഡ
ചേർക്കുവോനെ,ദ്ദുഷ്ടനെയും;
ആദിത്യരേ, പാപത്തിൽനി –
ന്നാമോചിപ്പിപ്പിനെ,ങ്ങളെ!10
പായിപ്പിനെ,ങ്ങളിൽനിന്നു
പാപനെ,ദ്ദുർമ്മതിയെയും;
വിദ്വേഷിയെയകറ്റുവിൻ,
വിശ്വജ്ഞരാമാദിത്യരേ!11
പാപങ്ങളിൽനിന്നേതൊന്നോ
പാപിയെയും വേർപെടുത്തും
അസ്സുഖമേകുവിനെ,ങ്ങൾ
ക്കാദിത്യരേ, സുദാനരേ!12
ആരെങ്ങെളെയരക്കനാ –
യാടൽപ്പെടുത്തുവാൻ നോക്കും
അന്നരൻ നശിച്ചുപോട്ടേ,
തൻനടപ്പാൽത്തന്നേ മാഴ്ത്തി!13
ആരെങ്ങൾക്കു ദുഷ്പീഡക, –
നാരിരട്ടത്തരക്കാരൻ;
ചേരട്ടെ, യാപ്പുകൾ കെട്ട
വൈരിമനുഷ്യങ്കൽപ്പാപം!14
ഉള്ളം രണ്ടുള്ളവനെയു, –
മല്ലാത്ത മനുഷ്യനെയും
പാർത്തറിയും,പക്വർ നിങ്ങൾ
പാർപ്പിപ്പോരാം ദേവന്മാരേ!15
അദ്രിജലങ്ങൾതൻ സുഖ –
വൃത്തി വരിയ്ക്കുന്നു, ഞങ്ങൾ
വനേ, മന്നേ, ഞങ്ങളിൽനി –
ന്നേനസ്സകറ്റുവിൻ, നിങ്ങൾ!16
നിങ്ങളുടെ തോണിയാലാ
നിങ്ങളയി വസുക്കളേ,
ശോഭനസുഖമെങ്ങളെ –
പ്പാപമെല്ലാം കടത്തുവിൻ!17
ഞങ്ങളുടെ പുത്രപൗത്ര –
ർക്കിങ്ങുയിർക്കൊള്ളുവാൻ ചെമ്മേ
ദീർഗ്ഘായുസ്സു വരുത്തുവിൻ,
ദീപ്താഭരാമാദിത്യരേ!18
നിങ്ങൾക്കിഷ്ടിയടുപ്പിച്ച
ഞങ്ങളെസ്സുഖിപ്പിയ്ക്കുവിൻ:
നിങ്ങളിൽച്ചാർച്ചക്കാരാവു –
കെ,ങ്ങളെന്നുമാദിത്യരേ!19
വാർവീടെങ്ങൾ വാനോർകോനാം
ദേവനോടും ദസ്രരോടും
മിത്രവരുണന്മാരോടു –
മർത്ഥിയ്ക്കുന്നു, പൊറുതിയ്ക്കായ്!20
മിത്രമരുദ്വരുണരേ, –
നിങ്ങളെങ്ങൾക്കര്യാമാവേ,
നവ്യം, ശാന്ത,മാൾക്കാരൊത്ത
നന്മുന്നിലവീടേകുവിൻ!21
മൃത്യുവിൻ ചാർച്ചക്കാരല്ലോ,
മർത്ത്യരെങ്ങളാദിത്യരേ:
ഞങ്ങൾക്കു നീട്ടുവി,നായു –
സ്സിങ്ങിരിപ്പാൻ വഴിപോലെ!22
കുറിപ്പുകൾ: സൂക്തം 18.

[2] എതിർപ്പും ഇടിവും – ശത്രുകൃതമായ നിരോധനവും ഉപദ്രവവും. അപ്പാലകങ്ങൾ – രക്ഷകങ്ങളായ മാർഗ്ഗങ്ങൾ. സൗഗമ്യം = സുഗമത.

[4] സൂരിവാനോരുമായ് – പ്രാജ്ഞരായ, സ്വപുത്രരായ ദേവന്മാരോടുകൂടി. നിർന്നിരോധഭരണേ – നിർബ്ബാധമായി ഭരണം നടത്തുന്നവളേ.

[5] അധ്വംസകർ – രക്ഷകന്മാർ. ഉരുക്രിയർ = വിശാലകർമ്മാക്കൾ. വിദ്വേഷ്ടാക്കൾ – ദ്രോഹികൾ.

[6] അദിതി മാടിനെ, നമ്മുടെ നാല്ക്കാലികളെ, അല്ലിലും അഹസ്സിലും പാർത്തുരക്ഷിയ്ക്കട്ടെ. നേരുറ്റോൾ – നിഷ്കപട.

[7] ധ്യേയ = ധ്യാനയ്ക്കപ്പെടേണ്ടുന്നവൾ.

[8] സുഖം – രോഗശമനം.

[9] സാഗ്നി – സ്വവിഭൂതികളായ അഗ്നികളോടുകൂടിയവൻ. ശമം – രോഗശാന്തി. സ്വച്ഛൻ – പാപരഹിതൻ.

[10] പീഡ ചേർക്കുവോൻ – ദ്രോഹി. ആമോചിപ്പിപ്പിൻ = വിടുവിയ്ക്കുവിൻ.

[11] പാപൻ – ഹിസംസകൻ. വിശ്വജ്ഞർ = എല്ലാമറിഞ്ഞവർ.

[12] പാപിയെയും – സ്തുതിച്ചാൽ പാപിയെപ്പോലും.

[13] അരക്കനായ് – രാക്ഷസരൂപിയായി.

[14] ദുഷ്പീഡകൻ = കെട്ട ദ്രോഹി. ഇരട്ടത്തരക്കാരൻ – ഹിതം പറയും, അഹിതംചെയ്യും, ഇങ്ങനെയുള്ളവൻ. ആ വൈരിമനുഷ്യൻ പാപമനുഭവിയ്ക്കട്ടെ.

[15] ഉള്ളം രണ്ടുള്ളവൻ – കപടശീലൻ. പക്വർ – പരിപക്വജ്ഞാനന്മാർ. പാർപ്പിപ്പോർ – ലോകത്തെ വസിപ്പിയ്ക്കുന്നവർ.

[16] ദ്യാവാപൃഥിവികളോടു്: ഏനസ്സ് = പാപം.

[17] ആദിത്യരോടുതന്നെ: ശോഭനസുഖം = നല്ല സുഖത്തോടുകൂടും വണ്ണം.

[19] ഇഷ്ടി = യാഗം.

[20] വാർവീട് = വിശാലഗൃഹം.

[21] നവ്യം = സ്തുത്യം. ശാന്തം – നിരുപദ്രവം. നന്മുന്നിലവീടു് = നല്ല, മൂന്നു നിലയുള്ള ഗൃഹം.

[22] മൃത്യുവിൻ ചാർച്ചക്കാർ – മരണശീലർ.

സൂക്തം 19.

കണ്വഗോത്രൻ സോഭരി ഋഷി; കകൂപ്പും സതോബൃഹതിയും ദ്വിപാദാവിരാട്ടും ഉഷ്ണിക്കും പംക്തിയും ഛന്ദസ്സുകൾ; അഗ്നിയും ആദിത്യരും ദേവത.

ഭവാൻ ആ സർവനേതാവിനെ സ്തുതിയ്ക്കുക: ഋത്വിക്കുകൾ സ്വാമിയായ ദേവങ്കൽ ചെല്ലുന്നു; ഹവിസ്സു ദേവകളിലെത്തിയ്ക്കുന്നു.1

വിപുലധനനായി, വിചിത്രപ്രഭനായി, ഈ സോമയാഗത്തിന്റെ നിയന്താവായി, പുരാതനനായിരിയ്ക്കുന്ന ഈ അഗ്നിയെ, മേധാവിൻ, സോഭരേ, നീ യജ്ഞത്തിന്നായി സ്തുതിച്ചാലും.2

മികച്ച യഷ്ടാവും, ദേവകളിൽവെച്ചു ദേവനും, ഹോതാവും, മരണരഹിതനും, ഈ യജ്ഞം‌ ശരിയ്ക്കു നടത്തുന്നവനുമായ ഭവാനെ ഞങ്ങൾ ഭജിയ്ക്കുന്നു.3

അന്നരക്ഷകൻ, സുഭഗൻ, നല്ല വെളിച്ചം നൽകുന്നവൻ, പ്രശസ്തതേജസ്കൻ – ഇങ്ങനെയുളള ആ ആഗ്നി നമുക്കുവേണ്ടി, ദ്യോവിങ്കൽ മിത്രന്റെയും വരുണന്റെയും ജലങ്ങളുടെ സുഖത്തെ ലാക്കാക്കി യജിച്ചരുളട്ടെ!4

ആർ ചമതകൊണ്ട്, ആർ ആഹൂതികൊണ്ട്, ആർ വേദം കൊണ്ട്, ആർ വഴിപോലെ യജിച്ചു ഹവിസ്സുകൊണ്ട് അഗ്നിയെ പരിചരിയ്ക്കുമോ;5

ആ മനുഷ്യന്ന്, എങ്ങും ചെല്ലുന്ന കുതിരകൾ ഊക്കുണ്ടാക്കും; വളരെദ്ധനവും അന്നവും കിട്ടും. അവനെ ഒന്നുകൊണ്ടും ദേവകൃതമോ മനുഷ്യകൃതമോ ആയ ദ്രോഹം ബാധിയ്ക്കില്ല.6

ബലത്തിന്റെ മകനേ, അന്നാധിപതേ, ഞങ്ങൾ അഗ്നികളാൽ ശോഭനാഗ്നികളായിത്തീരണം: സുവീരനായ ഭവാൻ ഞങ്ങളിൽ കനിഞ്ഞാലും!7

സ്തുയമാനനായ അഗ്നി, അതിഥിപോലെ സഖാക്കൾക്കു ഹിതനും, തേർപോലെ ലഭിയ്ക്കപ്പെടേണ്ടവനുമാകുന്നു. നല്ല ക്ഷേമങ്ങൾ അങ്ങയുടെ പക്കലുണ്ടു്: സമ്പത്തുകളുടെ തമ്പുരാനാണ,വിടുന്നു്!8

അഗ്നേ, യാതൊരു മനുഷ്യൻ യജ്ഞമനുഷ്ഠിയ്ക്കുന്നുവോ, അവന്നു ഫലം ശരിയ്ക്കു കിട്ടട്ടെ; അവൻ സുഭഗനും ശ്ലാഘ്യനുമായിത്തീരട്ടെ; അവൻ സ്തുതിച്ചു സേവിയ്ക്കട്ടെ!9

നിന്തിരുവടി ആരുടെ യജ്ഞത്തിന്നു മുതിർന്നു നില്ക്കുമോ, അവൻ കൂറുറ്റ വീരന്മാരാൽ എന്തും സാധിയ്ക്കും – അവൻ കുതിരകളെക്കൊണ്ട്, അവൻ സ്തോതാക്കളെക്കൊണ്ട്, അവൻ ശൂരന്മാരെക്കൊണ്ടു് നേടും!10

അവന്റെ ഗൃഹത്തിൽ, വിശ്വവരേണ്യനായി വിളങ്ങുന്ന അഗ്നി സ്തോത്രവും അന്നവും സ്വീകരിക്കും; ഹവിസ്സുകൾ ദേവകളിലെത്തിയ്ക്കുകയും ചെയ്യും!11

വസോ, ബലപുത്ര, മേധാവിയായ സ്തോതാവോ, തെരുതെരെ ദാനം ചെയ്യുന്നവനോ ആയ വിജ്ഞന്റെ വചനത്തെ അവിടുന്നു ദേവകൾക്കുതാഴേ, മനുഷ്യർക്കുമീതെ, വ്യാപിപ്പിച്ചാലും!12

ശോഭനബലനായി ജവനതേജസ്കനായിരിയ്ക്കുന്ന അഗ്നിയെ ഹവിസ്സർപ്പിച്ചും പ്രണമിച്ചും സ്തുതിച്ചും പരിചരിയ്ക്കുന്നവൻ (സമൃദ്ധനായിവരും)13

മൂർത്ത്യന്തരങ്ങളോടുകൂടിയ അഖണ്ഡ്യനായ അഗ്നിയെ യാതൊരു മനുഷ്യൻ ചമതകൊണ്ടു പരിചരിയ്ക്കുമോ; അവൻ കർമ്മങ്ങളാൽ സുഭഗനായിച്ചമഞ്ഞു, യശ്ശസ്സുംകൊണ്ടു സർവജനങ്ങളെയും, സലിലങ്ങളെയെന്നപോലെ പിന്നീടും!14

അഗ്നേ, യാതൊന്നു ഗൃഹത്തിലെ വല്ല തിന്മനെയും, ദുർജ്ജനത്തിന്റെ അമർഷത്തെയും തീരെയമർത്തുമോ, ആ ത്രാണി ഭവാൻ കൊണ്ടുവന്നാലും!15

യാതൊന്നുകൊണ്ടു വരുണനും മിത്രനും ആര്യമാവും, യാതൊന്നുകൊണ്ടു് അശ്വികളും ഭഗവനും വെളിച്ചം വീശുന്നുവോ; അങ്ങയുടേതായ അതിനെ ഞങ്ങൾ ബലേന തുലോം സ്തുതിജ്ഞരും, ഈശ്വരനായ ഭവാനാൽ രക്ഷിതരുമായിത്തീർന്നു പരിചരിയ്ക്കുമാറാകണം!16

അഗ്നേ, മേധാവിൻ, ദേവ, മനുഷ്യരെ നോക്കുന്ന സുകർമ്മാവായ നിന്തിരുവടിയെ യാവചില മേധാവികൾ പ്രതിഷ്ഠിയ്ക്കുമോ; അവർതന്നേ, ശോഭനധ്യാനന്മാർ!17

സുഭഗ, എവർ അങ്ങയെ തുലോം അഭിലഷിയ്ക്കുമോ,അവർ വേദി തീർക്കുന്നു; അവർ ഹോമിയ്ക്കുന്നു; അവർ നല്ല നാളിൽ പിഴിയാനൊരുങ്ങുന്നു, അവർ ബലംകൊണ്ടു വമ്പിച്ച സമ്പത്തടക്കുന്നു!18

ആഹുതനായ അഗ്നി ഞങ്ങൾക്കു നന്മ തരട്ടെ; സുഭഗ, ദാനം നന്മ തരട്ടെ; യജ്ഞം നന്മ തരെട്ടെ; സ്തുതികൾ നന്മ തരട്ടെ!19

ഭവാൻ യുദ്ധത്തിൽ നല്ല മനസ്സു വെച്ചാലും: ഇതുകൊണ്ടാണല്ലോ അവിടുന്നു് പോരുകളിൽ കീഴമർന്നതു്. ഉറപ്പുള്ളവയെങ്കിലും വളരെശ്ശത്രുപുരങ്ങൾ ഭവാൻ നിലമ്പൊത്തിച്ചാലും. ഞങ്ങൾ ഭവാങ്കൽ നിന്നു് ഇഷ്ടഫലം നേടുമാറാകണം!20

മികച്ച യഷ്ടാവും ഹവ്യവാനുമായ യാതൊരധീശനെ ദേവന്മാർ ദൂതിന്നയയ്ക്കുന്നുവോ, ആ മനുനിഹിതനെ ഞാൻ സ്തുതിയ്ക്കുന്നു.21

യാതൊരഗ്നി പ്രിയവും സത്യവുമാംവണ്ണം സ്തുതിയ്ക്കപ്പെട്ടാൽ, നൈകൊണ്ടു ഹോമിയ്ക്കപ്പെട്ടാൽ, നല്ല വീര്യം കിട്ടിയ്ക്കുമോ; ആ അഗ്നിയ്ക്കു – മൂർത്ത പല്ലുകളോടെ വിളങ്ങുന്ന യുവാവിന്നു – ഭവാൻ അന്നം സമർപ്പിയ്ക്കുക!22

നൈകൊണ്ടു ഹോമിയ്ക്കപ്പെട്ടാൽ അഗ്നി ചീറ്റുന്ന ജ്വാലയെ, സൂര്യൻ വെളിച്ചത്തെയെന്നപോലെ, ഉയർത്തുകയും താഴ്ത്തുകയും ചെയ്യും!23

യാതൊരു മനുനിഹിതനായ ദേവൻ തൂമണമിയന്ന തിരുവായകൊണ്ടു ഹവിസ്സുകൾ അയയ്ക്കുന്നുവോ; ആ സുയജ്ഞനായ, ഹോതാവായ, മരണരഹിതനായ ദേവൻ സേവകന്നു വരണീയങ്ങൾ (കല്പിച്ചുകൊടുക്കും)!24

അഗ്നേ, അനുകൂലപ്രകാശ, ബലപുത്ര, ഹോമിയ്ക്കപ്പെട്ടവനേ, മർത്ത്യനായ ഞാൻ അമർത്ത്യനായ നിന്തിരുവടിയായിത്തീരുമെങ്കിൽ!25

വസോ, ഞാൻ അങ്ങയോടു മിഥ്യാപവാദത്തിന്നു നിലവിളിയ്ക്കരുതു്. സംസേവ്യ, ദുഷ്ടതയ്ക്കുമരുത് അഗ്നേ, എനിയ്ക്കു ബുദ്ധികെട്ട സ്തോതാവുണ്ടാകരുതു്; ശത്രുവുണ്ടാകരുതു്, ദ്രോഹിയ്ക്കരുതു്!26

അച്ഛനാൽ മകനെന്നപോലെ വളർത്തപ്പെട്ടവൻ യാഗശാലയിൽ ഞങ്ങളുടെ ഹവിസ്സു ദേവകൾക്കയയ്ക്കട്ടെ!27

അഗ്നേ, വാസോ, നിന്തിരുവടിയുടെ രക്ഷകൾ തൊട്ടടുത്തുനില്ക്കുകയാൽ, മനുഷ്യനായ ഞാൻ സദാ ദേവനായ നിന്തിരുവടിയുടെ പ്രീതി നേടുമാറാകണം!28

അഗ്നേ, ഞാൻ അങ്ങയ്ക്കു ഹവിസ്സർപ്പിച്ചും, അങ്ങയെ സ്തുതിച്ചും അങ്ങയെ പരിചരിയ്ക്കുമാറാകണം: അങ്ങുതന്നെയാണു്, ഉൽക്കൃഷ്ടാശയനെന്നു പറഞ്ഞുവരുന്നു; അങ്ങ് എനിയ്ക്കു തരുന്നതിൽ ഇമ്പം പൂണ്ടാലും!29

അഗ്നേ,അങ്ങ് ആർക്കു സഖ്യം ആചരിയ്ക്കുമോ, അവൻ ഭവാന്റെ സുവീരകളും ബലവതികളുമായ രക്ഷകൾകൊണ്ടു വർദ്ധിയ്ക്കും!30

സേചിയ്ക്കപ്പെടുന്നവനേ, അങ്ങയ്ക്കായി വണ്ടിയിൽ കൊണ്ടുവരുന്ന, ഒലികൊള്ളുന്ന, വിളങ്ങുന്ന, ഋതുജന്യമായ സോമം എടുക്കപ്പെടുന്നു. അങ്ങ് മഹതികളായ ഉഷസ്സുകൾക്കു പ്രിയപ്പെട്ടവനാകുന്നു; അങ്ങ് രാത്രിയിൽ വെളിച്ചം കൊടുക്കുന്നു!31

ഒരായിരം പ്രകാശമുള്ളവനും ശോഭനാന്വേഷണനും ത്രസദസ്യുവിന്റെ ചാർച്ചക്കാരനുമായ ആ സാമ്രാട്ടിനെ രക്ഷയ്ക്കുവേണ്ടി പ്രാപിച്ചവരാണ്, ഞങ്ങൾ, സോഭരികൾ.32

അഗ്നേ, മറ്റഗ്നികൾ അങ്ങയുടെ അടുക്കൽ കൊമ്പുകൾപോലെ നില്ക്കുന്നു: ആ അങ്ങയുടെ ബലം വളർത്തിക്കൊണ്ടു, മനുഷ്യരിൽ വെച്ചു ഞാൻ സ്തോതാക്കളെന്നപോലെ യശസ്സു നേടുമാറാകണം!33

ദ്രോഹിയ്ക്കാത്ത ശോഭനദാനന്മാരായ ആദിത്യരേ, എല്ലാ ഹവിഷ്മാരിലുംവെച്ചു യാതൊരു മനുഷ്യനെ നിങ്ങൾ മറുകരയണയ്ക്കുമോ; (അവൻ ഫലം നേടും!)34

അമിത്രരെ അമർത്തുന്ന തമ്പുരാക്കന്മാരേ, നിങ്ങൾ മനുഷ്യർക്കുവേണ്ടി, ഏതൊരു ക്ഷയകാരിയേയും (ആക്രമിയ്ക്കാറുണ്ടു്). അതിനാൽ, വരുണ, മിത്ര, ആര്യമാവേ, ഞങ്ങൾ നിങ്ങൾക്കുള്ള യാഗത്തിന്നു തേരാളികളായിത്തീരണം!35

മികച്ച ദാതാവും സ്വാമിയും സൽപതിയുമായ പുരുകത്സപുത്രൻ ത്രസദസ്യു എനിയ്ക്കു് ഐമ്പതു പെണ്ണുങ്ങളെ തന്നിരിയ്ക്കുന്നു!36

അത്രമാത്രമല്ല, അന്നവും രക്ഷയും തേടിയ എനിയ്ക്കു, സുവാസ്തുതീരത്തുവെച്ചു ധനവാനും ഗോപതിയുമായ ശ്യാവൻ ഇരുന്നൂറ്റിപ്പത്തു പൈക്കളെ തന്നു!37

കുറിപ്പുകൾ: സൂക്തം 19.

[1] സ്തോതാവിനോടു്: ആ സർവ്വനേതാവു് – അഗ്നി.

[2] തന്നോടുതന്നെ പറയുന്നു:

[3] പ്രത്യക്ഷോക്തി:

[6] ഊക്ക് = ഗതിവേഗം.

[7] പ്രത്യക്ഷോക്തി: അഗ്നികളാൽ – ഭവാന്റെ അവയവങ്ങളായ ഗാർഹപത്യാദികളെക്കൊണ്ട്. ശോഭനാഗ്നികൾ = നല്ല അഗ്നിയോടു കൂടിയവർ. സുവീരൻ – ശോഭനവീരോപേതൻ.

[8] ആദ്യവാക്യം പരോക്ഷം;

[10] നേടും – വിജയം.

[12] ദേവകൾക്കിതാഴെ, മനുഷ്യർക്കുമീതേ – അന്തരിക്ഷത്തിലെങ്ങും.

[13] ജവനതേജസ്കൻ – വേഗത്തിൽ കത്തിപ്പടരുന്നവൻ.

[14] മൂർത്ത്യന്തരങ്ങൾ – മറ്റു (ഗാർഹപത്യാദി) രൂപങ്ങൾ. സലിലങ്ങളെയെന്നപോലെ – പുഴകടക്കുന്നതുപോലെ.

[15] തിന്മൻ – രക്ഷസ്സും മറ്റും.

[16] അതിനെ – തേജസ്സിനെ.

[18] അഭിലഷിയ്ക്കുക – ആദരിച്ചു സ്തുതിയ്ക്കുക എന്നർത്ഥം. സമ്പത്തു് – ശത്രുക്കളുടെ.

[19] ഒന്നാംവാക്യം പരോക്ഷം.

[20] കീഴമർത്തുന്നതു് – ശത്രുക്കളെ.

[21] പരോക്ഷോക്തി: മനുനിഹിതനെ – മനുവിനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടവനെ, അഗ്നിയെ.

[22] സ്തോതാവിനോടു്: മൂർത്ത – മൂർച്ചയുള്ള. പല്ലുകൾ – ജ്വാലകൾ. അന്നം – ഹവിസ്സ്.

[24] അയയ്ക്കുന്നുവോ – ദേവന്മാരുടെ അടുക്കലേയ്ക്ക്. വരണീയങ്ങൾ – ധനങ്ങൾ.

[25] തീരുമെങ്കിൽ – വലിയ ഭാഗ്യമായി!

[26] മിഥ്യാപവാദവും മറ്റും എനിയ്ക്കുണ്ടാകരുതു്. ദ്രോഹിയ്ക്കരുതു് – ശത്രു എന്നെ ഉപദ്രവിയ്ക്കരുതു്.

[27] വളർത്തപ്പെട്ടവൻ – ഞങ്ങളാൽ ഹവിസ്സുകൊണ്ടു പോഷിതനായ അഗ്നി.

[29] തരുന്നതിൽ – ധനം.

[30] സുവീരകൾ – ശോഭനപുത്രോപേതകൾ, നല്ല പുത്രന്മാരെ നല്കുന്നവ.

[31] സേചിയ്ക്ക – സോമനീരാടിയ്ക്ക ഋതുജന്യം = ഋതുവിൽ (യഥാകാലം) ജനിച്ചതു്. എടുക്കപ്പെടുന്നു – ഹോതാവിനാൽ. ഉഷസ്സുകൾക്കു് – പുലർകാലത്താണല്ലോ, ഹോമാഗ്നിയെ ജ്വലിപ്പിയ്ക്കുക.

[32] ശോഭനാന്വേഷണൻ – അഗ്നിയെ തേടുന്നതു ശ്രേയസ്കരമാണല്ലോ. ആ സാമ്രാട്ട് – അഗ്നി.

[33] കൊമ്പുകൾ – വൃക്ഷത്തിന്റെ ശാഖകൾ. സ്തോതാക്കൾ – മറ്റു സ്തുതികാരന്മാർ. ബലം വളർത്തുക എന്നതിന്നു സ്തുതിയ്ക്കുക എന്നർത്ഥം.

[34] ദ്രോഹിയ്ക്കാത്ത – ദയാശീലരായ. മറുകര – കർമ്മസമാപ്തി.

[35] ക്ഷയകാരി – ശത്രു. തേരാളികൾ – ശരിയ്ക്കു നടത്തുന്നവർ.

[37] സുവാസ്തു – ഒരു നദി. ശ്യാവൻ – ഒരു രാജാവു്.

സൂക്തം 20.

സോദരി ഋഷി; കകുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.

പ്രകൃഷ്ടഗമനന്മാരേ, നിങ്ങൾ വരുവിൻ; കഷ്ടപ്പെടുത്തരുതു്; സമാനതേജസ്കന്മാരേ, ഉറപ്പുള്ളവയെപ്പോലും കുനിയിയ്ക്കുന്നവരേ, വിട്ടുനില്കരുതേ!1

മഹാന്മാരായ മരുത്തുക്കളേ. രുദ്രപുത്രന്മാരേ, ഉരുൾച്ചുറ്റിന്നുറപ്പുള്ള സുപ്രഭങ്ങളായ (തേരുകളിലൂടെ) വന്നെത്തുവിൻ – പുരുകാമ്യരേ, സോഭരിയിൽ കനിവുള്ള നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ യജ്ഞത്തിൽ, അന്നവുമായി വന്നെത്തുവിൻ!2

ഞങ്ങൾക്കറിയാം: മഴയെമ്പാടും പൊഴിയ്ക്കുന്ന കർമ്മവാന്മാരും രുദ്രപുത്രന്മാരുമായ മരുത്തുക്കളുടെ കരുത്തു് ഉഗ്രമാണു്!3

ശോഭനായുധന്മാരേ, സ്വയംപ്രഭന്മാരേ, നിങ്ങൾ നടകൊള്ളുമ്പോൾ തുരുത്തുകൾ താഴും; സ്ഥാവരങ്ങളും വാനൂഴികൾ രണ്ടും ചാഞ്ചാടും. വെള്ളം കുതിച്ചോടും.4

നിങ്ങൾ നടകൊള്ളുമ്പോൾ, വേരുറച്ചവപോലും – മലകൾ, മരങ്ങൾ എന്നിവപോലും – നിലവിളിയ്ക്കും; യാത്രകളിൽ പാർത്തലം കുലുങ്ങും!5

മരുത്തുക്കളേ, നിങ്ങളുടെ ബലവും ഗമനവും കരുതി, ദ്യോവു് അന്തരിക്ഷം വിട്ടു് മേല്പോട്ടു പോയ്ക്കളയും: ഇവിടെവെച്ചാണല്ലോ, കൈക്കരുത്തുള്ള നേതാക്കൾ തിരുവുരു തിളങ്ങിയ്ക്കുന്നതു്!6

തേജസ്സും ഓജസ്സുമുള്ള, മഴപൊഴിയ്ക്കുന്ന, സരളരൂപരായ നേതാക്കൾ ഹവിസ്സിനുവേണ്ടി, വലിയ മോടി കൂട്ടും!7

പൊൻപള്ളിത്തേരിന്റെ നടുവിൽ ബാണത്തിന്മേൽ സോഭരികളുടെ ശബ്ദം പുരളുന്നു: ഗോവു പെറ്റ സുജാതരായ മഹാന്മാർ ഞങ്ങൾക്കു് അന്നവും ഭോഗവും പ്രീതിയും നല്കട്ടെ!8

സോമം പകരുന്നവരേ, നിങ്ങൾ യാത്രയിൽ മഴ പൊഴിയ്ക്കുന്ന – വർഷമായ – മരുദ്ബലത്തിന്നു ഹവിസ്സുകൾ കൊണ്ടുവരുവിൻ!9

നേതാക്കളായ മരുത്തുക്കളേ, നിങ്ങൾ വർഷകമായ ചക്രത്തുളയുള്ള വർഷകരൂപമായ വൃഷാശ്വത്തേരിലൂടെ, പരുന്തുപക്ഷികൾപോലെ, നിഷ്പ്രയാസം ഞങ്ങളുടെ ഹവിസ്സുണ്ണുവാൻ വന്നെത്തുവിൻ!10

ഒരേമട്ടിലാണ്, ഇവരുടെ ആഭരണം: മാറത്തു പൊന്നാരം മിന്നുന്നു; തോളത്തു ചുരിക തിളങ്ങുന്നു!11

ഒരുങ്ങി മഴ പൊഴിയ്ക്കുന്ന ആ മഹാഭുജന്മാർ തിരുവുടൽ രക്ഷിയ്ക്കുന്നതിൽ പണിപ്പെടാറില്ല: നിങ്ങളുടെ തേരുകളിലുണ്ടല്ലോ, ഉറപ്പുള്ള വില്ലുകളും ആയുധങ്ങളും; അതിനാൽ മുന്നണിയിൽ ജയം നേടുന്നു!12

വെള്ളം പോലെ പരന്നതും വിളങ്ങുന്നതുമായ ഈ ബഹുക്കളുടെ പേരൊന്നുതന്നെ, പോന്ന പൈതൃകസ്വത്തുപോലെ ഭോഗപ്രദമാകുന്നു!13

നീ ആ മരുത്തുക്കളെ വന്ദിയ്ക്കുക, അടുത്തു സ്തുതിയ്ക്കുക: ഉടമകൾക്കു് അടിമകളെന്നപോലെ,ആ വിറപ്പിയ്ക്കുന്നവർക്കുള്ളവരാണല്ലോ, നമ്മൾ; അതിനാൽ, ഇവരുടെ, അതിനാൽ ഇവരുടെ, ദാനങ്ങൾ വലിയവയായിരിയ്ക്കും!14

മരുത്തുക്കളേ, കഴിഞ്ഞ ദിവസങ്ങളിൽ യാവനൊരുത്തൻ തീർച്ചയായും നിങ്ങളുടെയായിരുന്നോ, അവൻ നിങ്ങളുടെ രക്ഷകളിൽ സുഭഗനായി വർത്തിയ്ക്കുന്നു!15

വിറപ്പിയ്ക്കുന്ന നേതാക്കളേ, നിങ്ങൾ യാതൊരന്നവാന്റെ ഹവിസ്സുണ്ണാൻ വന്നെത്തുമോ, അവൻ യശസ്സുകൊണ്ടും അന്നലാഭം കൊണ്ടും നിങ്ങളുടെ സുഖം നേടും!16

വർഷജലമുളവാക്കുന്ന യുവാക്കളായ രുദ്രപുത്രന്മാർ അന്തരിക്ഷത്തിൽ നിന്നു (വന്നു) കാംക്ഷിയ്ക്കത്തക്കവണ്ണമായിത്തീരട്ടെ, ഇതു്!17

ശോഭനദാനരായ യാവചിലർ ദേവന്മാരെ പൂജിയ്ക്കുന്നുവോ, യാവചിലർ വർഷകർത്താക്കളെ വഴിപോലെ യജിയ്ക്കുന്നുവോ; ആ ഞങ്ങളെ ഉദ്ദേശിച്ചു, യുവാക്കളായ നിങ്ങൾ ധനവത്തായ ഹൃദയത്തോടേ വന്നണയുവിൻ!18

സോഭരേ, നീ യുവാക്കന്മാരും പരിപാവനരുമായ വൃഷാക്കളെ അതിനൂതനമായ സ്തോത്രംകൊണ്ടു, കൃഷിക്കാരൻ കാളകളെയെന്നപോലെ നന്നായി സ്തുതിച്ചുപാടുക!19

യാവചിലർ എല്ലാ യുദ്ധങ്ങളിലും, പോരിനു വിളിയ്ക്കുന്നവരിലും, ഒരാഹ്വാതവ്യനായ മല്ലൻപോലെ കീഴമർത്തുമോ; ആ വൃഷാക്കളും ആഹ്ലാദകരും മികച്ച യശസ്വികളുമായ മരുത്തുക്കളെത്തന്നെ നീ സ്തുതിച്ചു വന്ദിയ്ക്കുക!20

ഒരേതേജസ്സിയന്ന മരുത്തുക്കളേ, പൈക്കളും ഒരേജാതിയാൽ ഒരേബന്ധുവോടുകൂടി, ദിക്കുകളിൽച്ചെന്നു പരസ്പരം നക്കുന്നു!21

മാറത്തു പൊന്നണിഞ്ഞു നൃത്തംവെയ്ക്കുന്ന മരുത്തുക്കളേ, മനുഷ്യനും നിങ്ങളുടെ ഭ്രാതാവായിത്തീരാറുണ്ടു് അതിനാൽ, ഞങ്ങളെ പുകഴ്ത്തിപ്പാടുവിൻ: എന്നെന്നുമുണ്ടല്ലോ, സ്ത്രോത്രത്തിൽ നിങ്ങളുടെ ബന്ധുത്വം!22

ശോഭനദാനന്മാരും സഖാക്കളും സഞ്ചരിഷ്ണുക്കളുമായ മരുത്തുക്കളേ, നിങ്ങൾ മാരുത്വൗഷധം ഞങ്ങൾക്കു കൊണ്ടുവന്നാലും!23

സുഖമുളവാക്കുന്ന നിസ്സപത്നന്മാരേ, നിങ്ങൾ എവകൊണ്ടു സമുദ്രത്തെ രക്ഷിയ്ക്കുന്നുവോ, ഏവകൊണ്ടു ഹനിയ്ക്കുന്നുവോ, ഏവകൊണ്ടു കിണർ കൊടുക്കുന്നുവോ; ആ നല്ല രക്ഷകൾകൊണ്ടു ഞങ്ങൾക്കു സുഖം വരുത്തുവിൻ!24

ശോഭനയജ്ഞന്മാരായ മരുത്തുക്കളേ, സിന്ധുവിലും, അസിക്നിയിലും, സമുദ്രങ്ങളിലും പർവ്വതങ്ങളിലും എന്തെന്തു മരുന്നുണ്ടോ,25

അതെല്ലാം കണ്ടറിഞ്ഞവരായ നിങ്ങൾ ഞങ്ങൾക്കായി കൊണ്ടുവരുവിൻ; അതുകൊണ്ടു ഞങ്ങളെ ചികിത്സിക്കുവിൻ. മരുത്തുക്കളേ, ഞങ്ങളിലെ ആതുരന്നു രോഗം‌ ശമിയ്ക്കത്തക്കവണ്ണം, രുഗ്ണാംഗത്തെ വീണ്ടും സ്വാസ്ഥ്യപ്പെടുത്തുവിൻ!26

കുറിപ്പുകൾ: സൂക്തം 20.

[1] സമാനതേജസ്കന്മാർ – ഒരേതരം തേജസ്സുള്ളവർ. ഉറപ്പുള്ളവ – പർവതാദികൾ. വിട്ടുനില്ക്കരുതേ – ഞങ്ങളെ വിട്ടു മറ്റെങ്ങാനും നില്ക്കരുതേ.

[2] സോഭരിയിൽ – എന്റെ പേരിൽ. അന്നവുമായി – ഞങ്ങൾക്കു തരാൻ അന്നമെടുത്തു്.

[5] യാത്രകളിൽ – നിങ്ങളുടെ ഗമനങ്ങളിൽ.

[6] കരുതി – പേടിച്ചു്. ഉത്തരാർത്ഥം പരോക്ഷോക്തി: നേതാക്കൾ – മരുത്തുക്കൾ. തിരുവുരു = വിരുവുടൽ. തിളങ്ങിയ്ക്കുന്നതു് – മോടിപ്പെടുത്തുന്നതു്.

[8] ബാണം – മരുത്തുക്കളുടെ വീണ.

[9] അധ്വര്യുക്കളോടു്:

[11] പരോക്ഷവചനം: ഇവർ – മരുത്തുക്കൾ. പൊന്നാരം = സ്വർണ്ണഹാരം.

[12] പണിപ്പെടാറില്ല – ആരുമെതിർക്കില്ല, മത്തുക്കളോടെന്നു താൽപര്യം അടുത്ത വാക്യം പ്രത്യക്ഷം:

[13] ഈ ബഹുക്കൾ – വളരെപ്പേരായ മരുത്തുക്കൾ. പോന്ന – ത്രാണിയുള്ള. ഭോഗപ്രദം – സ്തോതാക്കൾക്ക് അനുഭവിയ്ക്കാവുന്നതു്.

[14] ഋഷി തന്നോടുതന്നെ പറയുന്നു: ആ വിറപ്പിയ്ക്കന്നവർ – മരുത്തുക്കൾ. അതിനാൽ ഇവരുടെ എന്ന ദ്വിരുക്തി ആദരവാലാകുന്നു; പദപൂരണത്തിന്നാണെന്നും പറയാം.

[16] അന്നവാൻ – ഹവിഷ്മാൻ, യജമാനൻ.

[17] ഇതു് – സ്തോത്രം. കാംക്ഷിയ്ക്ക – സശ്രദ്ധം കേൾക്കുക എന്നു സാരം.

[18] വർഷകർത്താക്കൾ – മരുത്തുക്കൾ. ധനവത്തായ ഹൃദയത്തോടേ – ധനം തരാൻ നിശ്ചയിച്ചു്.

[19] തന്നോടുതന്നേ: വൃഷാക്കൾ – മരുത്തുക്കൾ.

[21] പൈക്കൾ – നിങ്ങളുടെ അമ്മമാർ. ഒരേജാതിയാൽ – സജാതീയത്വംമൂലം.

[22] ഭ്രാതാവ് – ഉറ്റ സഖാവെന്നർത്ഥം. ഞങ്ങളെ – സ്തുതിയ്ക്കുന്ന മനുഷ്യരായ ഞങ്ങളെ.

[23] മാരുത്വൗഷധം = മരുത്തുക്കളുടേതായ മരുന്നു്.

[24] ഹനിയ്ക്കുന്നു – സ്തോതാക്കളുടെ ശത്രുക്കളെ. കിണർ – ഗോതമനെന്ന ഋഷിയ്ക്കു കിണറുകൊണ്ടു കൊടുത്തുവല്ലോ.

[25] സിന്ധു – ഒരു നദം. അസിക്നി – ഒരു നദി.

[26] ആതുരൻ = രോഗി. രുഗ്ണാംഗം = രോഗബാധിതമായ ശരീരം.

സൂക്തം 21.

സോഭരി ഋഷി; കകുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

അഭിനവനായുള്ളോവേ, പോറ്റിപ്പോരുന്ന ഞങ്ങൾ പോരിൽ രക്ഷിയ്ക്ക, വിചിത്രരൂപനായ നിന്തിരുവവടിയെത്തന്നെ, ഒരു വമ്പനെ എന്നപോലെ വിളിച്ചുകൊള്ളുന്നു.1

ഞങ്ങൾ കർമ്മരക്ഷയ്ക്കു് അങ്ങയെ പ്രാപിയ്ക്കുന്നു: ആ ധർഷകനും ഉഗ്രനുമായ യുവാവു ഞങ്ങളിലണയട്ടെ. ഇന്ദ്ര, സേവ്യനായ ഭവാനെത്തന്നെയാണല്ലോ, സഖാക്കളായ ഞങ്ങൾ രക്ഷിതാവാക്കി വരിയ്ക്കുന്നതു്.2

നിന്തിരുവടി വന്നാലും: ഇതാ, സോമനീർ; അശ്വപതേ, ഗോപതേ, ഉർവരാപതേ, സോമപതേ, സോമം നുകർന്നാലും!3

ഇന്ദ്ര, ബന്ധുവില്ലാത്ത മേധാവികളായ ഞങ്ങൾ ബന്ധുയുക്തനായ ഭവാനെത്തന്നേ നിർത്തുമാറാകണം: വൃഷാവേ, ഭവാൻ, ഭവാന്റെ എല്ലാ രൂപങ്ങളോടുംകൂടി, സോമം കുടിപ്പാൻ വന്നാലും!4

ഇന്ദ്ര,ഗോരസം ചേർത്തതും മത്തുണ്ടാക്കുന്നതും സമർത്ഥവുമായ ഭവാന്റെ സോമത്തിന്നടുക്കൽ പക്ഷികൾപോലേ ഇരിയ്ക്കുന്ന ഞങ്ങൾ ഭവാനെ പേർത്തും പേർത്തും സ്തുതിയ്ക്കുന്നു;5

ഈ സ്തോത്രംകൊണ്ടു ഞങ്ങൾ നേരിട്ടു പറയുകയും ചെയ്യുന്നു. എന്തുകൊണ്ടാണു്, അവിടുന്നു കൂടെക്കുടെ ചിന്തിയ്ക്കുന്നതു്? ഹര്യശ്വ, ഞങ്ങൾക്ക് അഭിലാഷങ്ങളുണ്ടു്: അങ്ങ് ദാതാവാണല്ലോ. അതിനാൽ ഞങ്ങൾ വരുന്നു; ഞങ്ങളുടെ കർമ്മങ്ങളും സമീപിയ്ക്കുന്നു.6

ഇന്ദ്ര, അങ്ങ് രക്ഷിച്ചതിനാൽ ഞങ്ങൾ പുതിയവരായിത്തീർന്നിരിയ്ക്കുന്നു: വജ്രിൻ, അവിടുന്നു് ഇത്ര മഹാനാണെന്നു, ഞങ്ങൾ മുമ്പറിഞ്ഞിരുന്നില്ല!7

ശൂര, അങ്ങയുടെ സഖ്യവും സമ്പത്തും ഞങ്ങൾക്കറിയാം: വജ്രിൻ, അതു രണ്ടും ഞങ്ങൾ യാചിയ്ക്കുന്നു. വാസോ, നല്ല തൊപ്പിവെച്ചവനേ, അവിടുന്നു ഞങ്ങളെ ഗോസമേതമായ എല്ലാ അന്നവുംകൊണ്ട് ഉശിരുപിടിപ്പിച്ചാലും!8

സഖാക്കളേ, മുമ്പു് ആർ നമുക്കു് ഈ ഈ പ്രശസ്തധനം കൊണ്ടുവന്നുവോ, ആ ഇന്ദ്രനെത്തന്നേ നിങ്ങളുടെ രക്ഷയ്ക്കായി ഞാൻ സ്തുതിയ്ക്കുന്നു.9

ആർ തൃപ്തിയടഞ്ഞുവോ, അവൻ സൽപതിയും ശത്രുധർഷകനുമായ ഹർര്യശ്വനെ സ്തുതിയ്ക്കുന്നുണ്ടല്ലോ; ആ മഘവാവു സ്തോതാക്കളായ നമുക്കു് ഒരു നൂറുഗോക്കളെയും അശ്വങ്ങളെയും ക്ഷിപ്രം കൊണ്ടുവരട്ടെ!10

വൃഷാവേ, ഒരു ഗോസമേതന്റെ എതിർപ്പിൽ, കിതയ്ക്കുന്ന അവനോടു ഞങ്ങൾ അങ്ങയുടെ തുണയാൽത്തന്നെ മറുപടി പറയുമാറാകണം!11

പുരൂഹൂത, ദ്രോഹിയ്ക്കുന്നവരെ ഞങ്ങൾ യുദ്ധത്തിൽ ജയിയ്ക്കുണം; ദുരാത്മാക്കളെയും എതിർക്കണം; ശത്രുവിനെ നേതാക്കളോടൊന്നിച്ചു ഹനിയ്ക്കണം. എന്നിട്ടു് (അങ്ങയെ) വർദ്ധിപ്പിച്ചു കൊള്ളാം; ഇന്ദ്ര, നിന്തിരുവടി ഞങ്ങളുടെ കർമ്മങ്ങൾ രക്ഷിച്ചാലും!12

ഇന്ദ്ര, അങ്ങയ്ക്കു ജന്മനാതന്നെ ഭ്രാതാവില്ല, നേതാവില്ല; പണ്ടേ ബന്ധുരഹിതനാണു്, ഭവാൻ; സഖ്യം വേണമെന്നു തോന്നിയാൽ, പൊരുതും!13

അങ്ങ് ഒരു പണക്കാരങ്കൽ ചങ്ങാതിത്തത്തിന്നു ചെല്ലില്ല; കള്ളുകുടിയന്മാർ അങ്ങനെ നിരസിയ്ക്കുന്നു. കർമ്മാനുഷ്ഠാനത്തിൽ അങ്ങ് പിശുക്കിനെ ആട്ടിപ്പായിയ്ക്കും; അതിനാൽ ഒരച്ഛൻപോലെ വിളിയ്ക്കപ്പെടുന്നു.14

ഇന്ദ്ര, അങ്ങയുടെ ഞങ്ങൾ ഭവാദൃശന്റെ സഖ്യമറിയാത്തവരെന്നപോലെ, പിഴിയാത്തവരാകരുതു്; ഞങ്ങൾ ഒപ്പം സോമത്തിൽ വർത്തിയ്ക്കമാറാകണം.15

ഗോദാതാവായ ഇന്ദ്ര, അങ്ങയുടെ ഞങ്ങൾ ധനത്തിൽനിന്നു പുറത്താക്കരുതു്; അങ്ങയുടെ ഞങ്ങൾ വാങ്ങരുതു് സ്വാമിയായ ഭവാൻ ഉറച്ച മുതൽ തന്നു, പോറ്റിയാലും: അമർത്തപ്പെടാവുന്നവയല്ലല്ലോ, ഭവാന്റെ ദാനങ്ങൾ!16

ഹവിസ്സു നല്കിയവന്ന് ഇത്ര മഹനീയധനം തന്നതു്, ഇന്ദ്രൻ തന്നെയോ? സുഭഗയായ സരസ്വതിയോ? ചിത്ര, ഭവനോ?17

മഴ പെയ്യുന്ന പർജ്ജന്യൻപോലെ, ആയിരവും പതിനായിരവും കൊടുക്കുന്ന ചിത്രരാജാവ് ഈ സരസ്വതീതീരത്തിലെ മറ്റു രാജാക്കന്മാരെ അല്പന്മാരാക്കിയിരിയ്ക്കുന്നു!18

കുറിപ്പുകൾ: സൂക്തം 21.

[1] പോറ്റിപ്പോരുന്ന – അങ്ങയെ സോമംകൊണ്ടു പോഷിപ്പിയ്ക്കുന്ന.

[2] ദ്വിതീയവാക്യം പരോക്ഷം: യുവാവു് – നിത്യതരുണനായ ഇന്ദ്രൻ.

[3] ഉർവ്വര = സസ്യസമ്പന്നമായ നിലം.

[4] നീർത്തുമാറാകണം – ബന്ധുസ്ഥാനത്തു്.

[5] സമർത്ഥം – സ്വർഗ്ഗപ്രാപണസമർത്ഥം.

[9] ഋത്വിഗ്യജമാനരോടു്: ഈ ഈ എന്ന ദ്വിരുക്തി ആദരാധിക്യത്താലാകുന്നു.

[10] ആർ തൃപ്തിയടഞ്ഞുവോ – ഇന്ദ്രങ്കൽനിന്നു ലഭിച്ച ധനത്താൽ.

[11] ഗോസമേതൻ – ധനവാൻ എന്നർത്ഥം. കിതയ്ക്കുന്ന – ഞങ്ങളെക്കുറിച്ചുള്ള ക്രോധത്താൽ. മറുപടി പറയുക – നിരാകരിയ്ക്കുക.

[12] നേതാക്കൾ – മരുത്തുക്കൾ. വർദ്ധിപ്പിച്ചുകൊള്ളാം – ഹവിസ്സുകൾ കൊണ്ടു്.

[13] പൊരുതും – സ്തോതാക്കൾക്കുവേണ്ടി.

[14] പണക്കാരൻ – യജ്ഞമനുഷ്ഠിയ്ക്കാത്ത ധനികൻ. കള്ളുകുടിയന്മാർ – നാസ്തികത്വലഹരിപിടിച്ചവർ. അച്ഛൻ – രക്ഷിതാവു്.

[15] സോമത്തിൽ വർത്തിയ്ക്കുമാറാകണം – സോമദാനത്താൽ ഭവാന്റെ സഖാക്കളായിരിത്തീരണം.

[16] വാങ്ങരുതു് – ത്വദന്യങ്കൽനിന്നു ധനം വാങ്ങരുതു്.

[17] സരസ്വതീതീരത്തുവച്ചു് ഇന്ദ്രന്നു യാഗം ചെയ്തു ചിത്രനെന്ന രാജാവിങ്കൽനിന്നു വളരദ്ധനം കിട്ടിയ ഋഷി, സോഭരി, ഇതാർ തന്നു എന്നു സന്ദേഹിയ്ക്കുന്നു: ഹവീസ്സു നല്കിയവന്നു് – ഇന്ദ്രന്നു ഹവിസ്സു ഹോമിച്ച എനിയ്ക്കു്.

സൂക്തം 22.

സോഭരി ഋഷി; ബൃഹതിയും സതോബൃഹതിയും അനുഷ്ടുപ്പും കകുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

ഓ അശ്വികളേ, ശോഭനാഹ്വാനരേ, സ്തുയമാനമാർഗ്ഗരേ, നിങ്ങളിരുവരും സൂര്യപുത്രിയെ വിരിപ്പാൻ യാതൊന്നിൽ കേറിയോ, ആ അതിദർശനീയമായ പള്ളിത്തേരിനെ ഞാൻ ഇന്നു രക്ഷയ്ക്കായി വിളിയ്ക്കുന്നു.1

പൂർവ്വികന്മാരെ പുലർത്തിയ, ശോഭനാഹ്വാനമായ, പുരുസ്പൃഹണീയമായ, രക്ഷകമായ, യുദ്ധങ്ങളിൽ മുന്നണിയിൽ ചെല്ലുന്ന, സർവസേവ്യമായ, വിദ്വേഷിയായ, പാപരഹിതമായ (പള്ളിത്തേരിനെ) സോഭരേ, നീ നന്നായി സ്തുതിയ്ക്കുക!2

തുലോം കീഴമർത്തും, ഹവിർദ്ദാതാവിന്റെ ഗൃഹത്തിലെഴുന്നള്ളും – ഇങ്ങനെയുള്ള അശ്വിദേവന്മാരേ ഞങ്ങൾ ഇതിൽ രക്ഷയ്ക്കായി സ്തുതികൾകൊണ്ടു് ഇങ്ങോട്ടു വരുത്തിക്കൊള്ളുന്നു.3

നിങ്ങളുടെ തേരിന്റെ ഒരു ചക്രം ചുറ്റിനടക്കും; മറ്റേതു പ്രേരകമായ നിങ്ങളിലെത്തും. ഉദകപാലകന്മാരേ, നിങ്ങളുടെ തിരുവുളളം ഞങ്ങളുടെ അടുക്കലെയ്ക്ക്, ഒരു കറവപ്പയ്യുപോലെ പാഞ്ഞുവരട്ടെ!4

അശ്വികളേ, മൂന്നിരുപ്പടികളും പൊന്നിൽകടിഞ്ഞാണുകളുമുള്ളതായ നിങ്ങളുടെ വിളിപ്പെട്ട പള്ളിത്തേർ വാനൂഴികളെ ചുറ്റും അലങ്കരിയ്ക്കുന്നു: നാസ്യത്യരേ, അതിലൂടേ വരുവിൻ!5

അശ്വികളേ, നിങ്ങൾ വാനിലെ പുരാതനജലം മനുവിന്നു നല്കി, കലപ്പകൊണ്ടുഴുതു യവം വിതച്ചുവല്ലോ; ഉദകപാലകന്മാരേ, ആ നിങ്ങളെ ഞങ്ങൾ ഇന്നു നല്ല സ്തോത്രങ്ങൾകൊണ്ടു തുലോം സ്തുതിയ്ക്കുന്നു. 6

വൃഷാക്കളേ, നിങ്ങൾ എവയിലൂടെ ത്രസദസ്യുപുത്രനായ തൃക്ഷിയെ വമ്പിച്ച സമ്പത്താൽ പ്രീതിപ്പെടുത്തിയോ; അന്നധനന്മാരേ, ആ യജ്ഞമാർഗ്ഗങ്ങളിലൂടേ ഞങ്ങളുടെ അടുക്കൽ വന്നാലും!7

നേതാക്കളേ, വർഷണധനന്മാരേ, ഇതാ, നിങ്ങൾക്കു് അമ്മിയാൽ പിഴിഞ്ഞ സോമം: വരുവിൻ, സോമം കുടിപ്പാൻ; ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ കുടിയ്ക്കുവിൻ!8

വർഷണധനന്മാരായ അശ്വികളേ, നിങ്ങൾതന്നെ പൊൻതേരറയിൽ കേറുവിൻ; അന്നം വളരെ ചേർക്കുവിൻ!9

അശ്വികളേ, നിങ്ങൾ ഏവകൊണ്ടു പക്ഥനെ, ഏവകൊണ്ടു് അധ്രിഗുവിനെ, ഏവകൊണ്ടു പ്രീതിപ്പെടുത്തിയ ബഭ്രുവിനെ രക്ഷിച്ചുവോ അവയോടുകൂടി ഞങ്ങളുടെ അടുക്കൽ ശീഘ്രം – വെക്കം – വരുവിൻ; രോഗിയെ ചികിത്സിക്കുവിൻ:10

വെമ്പൽകൊള്ളുന്ന മേധാവികളായ ഞങ്ങൾ വെമ്പൽകൊള്ളുന്ന അശ്വികളെ ഈ പകൽപ്പിറപ്പിൽ സ്തോത്രങ്ങൾ കൊണ്ടു വിളിയ്ക്കുന്നുണ്ടല്ലോ!11

വൃഷാക്കളേ, നിങ്ങൾ വിവിധരൂപവും വിശ്വവരേണ്യവുമായ എന്റെ വിളിയിൽ അവയുമായി വന്നെത്തിയാലും – ഇച്ഛിയ്ക്കുന്നവരും, മികച്ച ദാതാക്കളും, തുലോം കീഴമർത്തുന്നവരും, നേതാക്കളുമായ നിങ്ങൾ ഏവകൊണ്ടു് കിണർ നിറച്ചുവോ, അവയുമായി വന്നെത്തിയാലും!12

ആ അശ്വികളെ ഞാൻ ഈ പകൽപ്പിറപ്പിൽ വന്ദിച്ചുകൊണ്ടുചെന്നു സ്തുതിയ്ക്കുന്നു; അവരോടുതന്നെ ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടു് യാചിയ്ക്കുന്നു.13

ഉദകപാലകന്മാരായ സ്തുയമാനമാർഗ്ഗന്മാരായ അവരെ രാത്രിയിൽ, അവരെ ഉഷസ്സിൽ, അവരെത്തന്നേ അഹസ്സിൽ (ഞങ്ങൾ വിളിയ്ക്കുന്നു). അന്നധനന്മാരേ, രുദ്രന്മാരേ, നിങ്ങൾ ഞങ്ങളെ ശത്രുവായ മനുഷ്യന്നു വിട്ടേയ്ക്കരുതേ!14

സേവ്യശീലരായ അശ്വികളേ, നിങ്ങൾ പ്രാതഃകാലത്തു് പള്ളിത്തേരിൽ സുഖാർഹന്നു സുഖം കൊണ്ടുവന്നാലും: അതിന്നായി സോഭരി, അച്ഛനെന്നപോലെ വിളിയ്ക്കുന്നു!15

മനോവേഗികളേ, വൃഷാക്കളേ, വിരോധികളെ വീഴ്ത്തുന്നവരേ, ബഹുത്രാതാക്കളെ, നിങ്ങൾ ക്ഷിപ്രകാരിണികളായ അനേകരക്ഷകളോടേ, ഞങ്ങളെ രക്ഷിപ്പാൻ അരികിൽത്തന്നെ നില്ക്കുവിൻ!16

സോമം വളരെക്കുടിയ്ക്കുന്ന നേതാക്കളായ അശ്വികളേ, ദസ്രന്മാരേ, നിങ്ങൾ ഞങ്ങളുടെ ഗൃഹത്തെ അശ്വ – ഗോ – കനകസമേതമാക്കി വന്നെത്തുവിൻ!17

അന്നധനന്മാരേ, യാചിയ്ക്കേണമെന്നില്ലാത്ത, നല്ല വീര്യമുള്ള, വഴിപോലെ വിരിയ്ക്കേണ്ടുന്ന, അരക്കനാക്രമിയ്ക്കാത്ത എല്ലാ സമ്പത്തും നിങ്ങളൂടെ ഈ വരവിൽ ഞങ്ങൾക്കു കിട്ടുമാറാകണം!18

കുറിപ്പുകൾ: സൂക്തം 22.

[2] തന്നോടുതന്നെ പറയുന്നു: പൂർവ്വന്മാർ – പണ്ടേത്തെ സ്തോതാക്കൾ. വിദ്വേഷി – ശത്രുദ്വേഷി.

[3] കീഴമർത്തും – ശത്രുക്കളെ. ഇതിൽ – ഈ യജ്ഞത്തിൽ.

[4] മറ്റേതു – മറ്റേച്ചക്രം. പ്രേരകർ – വൃഷ്ടികർത്താക്കൾ. നിങ്ങളിലെത്തും – നിങ്ങളുടെ അടുക്കൽ വന്നുനില്ക്കും. കറവപ്പയ്യുപോലെ – നവപ്രസൂതയായ പയ്യു കുട്ടിയ്ക്കു പാൽ കൊടുപ്പാനെന്നപോലെ, നിങ്ങളുടെ തിരുവുള്ളം (അനുഗ്രബുദ്ധി) ഞങ്ങൾക്കു ധനം തരാൻ പാഞ്ഞുവരട്ടെ.

[5] അലംകരിയ്ക്കുന്നു – ശോഭിപ്പിയ്ക്കുന്നു. അതിലൂടെ – ആ തേരിൽ കേറി.

[8] വർഷണധന്മാർ = വർഷിയ്ക്കുന്ന ധനത്തോടുകൂടിയവർ.

[9] അറ – വിഹാരസ്ഥാനം. ചേർക്കുവിൻ – ഞങ്ങളിലണയ്ക്കുവിൻ.

[10] പക്ഥനും, അധ്രിഗുവും, ബഭ്രുവും രാജാക്കന്മാരത്രേ. പ്രീതിപ്പെടുത്തിയ – സോമം നല്കി പ്രസാദിപ്പിച്ച. അവ – ആ രക്ഷകൾ. രോഗിയെ – ഞങ്ങളുടെയിടയിലുള്ള രോഗിയെ.

[11] വെമ്പൽകൊള്ളുന്ന – കർമ്മങ്ങളിൽ സത്വരനായ. വെമ്പൽകൊള്ളുന്ന – ശത്രുവധത്തിൽ സത്വരരായ. അശ്വികളെ – നിങ്ങളെ. പകൽപ്പിറപ്പു് – പ്രാതഃകാലം.

[12] വിശ്വവരേണ്യം – എല്ലാദ്ദേവന്മാരാലും വരിയ്ക്കപ്പെടേണ്ടതു്. അവയുമായി – ആ രക്ഷകളോടുകൂടി. ഇച്ഛിയ്ക്കുന്നവർ – ഹവിസ്സാഗ്രഹിയ്ക്കുന്നവർ. കിണർ നിറച്ചതു, വന്ദനയെ ഉദ്ധരിപ്പാനാണു്.

[14] രുദ്രന്മാർ – രോഗം മാറ്റുന്നവർ.

[15] സുഖാർഹന്ന – സുഖമർഹിയ്ക്കുന്ന എനിയ്ക്കു്. അച്ഛനെന്നപോലെ – എന്റെ അച്ഛൻ നിങ്ങളെ വിളിച്ചതുപോലെ.

[16] ബഹുത്രാതാക്കൾ – അനേകജനരക്ഷകർ.

[18] യാചിയ്ക്കേണമെന്നില്ലാത്ത – സ്വയം തരുന്ന.

സൂക്തം 23.

വ്യശ്വപുത്രൻ വിശ്വമനസ്സ് ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

നീ പുകഴ്ത്തുകെ,തിർപ്പോനെ,
നീളെപ്പുക പാറിപ്പോനെ;
ദുർഗ്രഭാസ്സിനെസ്സംപൂ –
ജിയ്ക്ക,ജാതവേദസ്സിനെ!1
കൊണ്ടാടി സ്തുതിയ്ക്കൂ,വിശ്വം
കണ്ട വിശ്വമനസ്സേ, നീ
വൈരമെന്നതില്ലാത്തോനു
തേരുകൾ നല്കുമഗ്നിയെ!2
അന്നരസങ്ങൾ ധർഷകൻ
വഹ്നി പിടിച്ചടക്കീടും;
നേരറിഞ്ഞു മന്ത്രപൂജ്യൻ
നേടിവെയ്ക്കും, ധനങ്ങളും!3
ഇല്ലത്തെഴുന്നള്ളുവോന്റെ,
പൊള്ളിയ്ക്കും പല്ലുള്ളവന്റെ
ഉജ്ജ്വാലിതനാമിവന്റെ
നൽജ്യോതിസ്സു പൊങ്ങീ നവ്യം!4
നേരേ പാറും വളരൊളി
ചേരും ഭവാൻ ശുഭക്രതോ,
സ്തോത്രങ്ങൾ കേട്ടുയർന്നാലും,
ചീർത്തു കത്തും ജ്വാലയോടേ!5
ഹവ്യമിടവിടാതേന്തി –
ബ്ഭവ്യസ്തുത്യാ ഗമിച്ചാലും:
ഹവ്യങ്ങളെ വഹിയ്ക്കുന്ന
ദിവ്യദൂതനാണല്ലോ, ഭവാൻ!6
മർത്ത്യഹോതാവായ ഭവ –
ദഗ്നിയെ ഞാൻ വിളിച്ചീടാം;
വാഴ്ത്തിപ്പാടാ, മപ്പൂർവനെ; –
ക്കീർത്തിയ്ക്കാം, നിങ്ങൾക്കായേവം.7
മിത്രംപോലുള്ളീ വിചിത്ര –
വൃത്തനെസ്സമർത്ഥേഷ്ടിയാൽ
തൃപ്തനാക്കിതീർത്തിട്ടല്ലോ,
സത്രവാങ്കലുതിർപ്പിപ്പൂ!8
യജ്ഞത്തിൻ സാധനമാമീ
യജ്ഞസംയുതനെ നിങ്ങൾ
ഹവ്യസ്ഥാനേ പുകഴ്ത്തുവിൻ,
ചൊവ്വിൽ ക്രതുകാമന്മാരേ!9
അംഗിരശ്ശ്രേഷ്ഠങ്കൽച്ചെല്ലു –
ക, സ്മദ്യജ്ഞം, വ്യവസ്ഥിതം:
മർത്ത്യഹോതാവാമിദ്ദേഹ –
മുത്തമയശസ്വിയല്ലോ!10
അഗ്നേ, ജരാഹീന, നിന്റെ –
യദ്ദീപ്തോരുകിരണങ്ങൾ
ഇഷ്ടം പൊഴിച്ച,ശ്വങ്ങൾതൻ –
മട്ടിൽബ്ബലം കാണിയ്ക്കുന്നു!11
ഞങ്ങൾക്കേകുക,ന്നപതേ,
തുംഗവീര്യം ധനമാ നീ;
യുദ്ധത്തിലും കാക്കുക,സ്മൽ –
പുത്രപൗത്രന്മാരിലും നീ!12
മർത്ത്യഗൃഹത്തിങ്കൽ പ്രീത്യാ
വർത്തിയ്ക്കുന്ന വിശാംപതി
തീഷ്ണനഗ്നി തുരത്തുമേ,
രാക്ഷസന്മാരെപ്പേരെയും!13
അഭ്യഗ്രം മേ സ്തർവം ശ്രവി –
ച്ചഗ്നേ,വീര,വിശാംപതേ,
പൊള്ളിച്ചു നീറാക്കേണമേ,
കള്ളരാക്ഷസരെബ്ഭവാൻ!14
അധ്വര്യുക്കളോടൊത്തെവ.
നഗ്നിയ്ക്കർപ്പിയ്ക്കുമോ, ഹവ്യം;
ആയവങ്കലാളാകില്ല,
മായകൊണ്ടും വൈരിമർത്ത്യൻ!15
വ്യശ്വനൃഷി, വൃഷകാമൻ
സ്വത്തേകുമങ്ങയ്ക്കൻപേറ്റീ;
ഉജ്ജ്വലിപ്പിയ്ക്കാവൂ, ഞങ്ങ –
ളുച്ചസമ്പത്തിനാ നിന്നെ – !16
ഹോതാവാക്കിയല്ലോ, കവി –
ജാതനുശനസ്സു നിന്നെ –
മേധം മനുവിന്നായ്ച്ചെയ്യും
ജാതവേദസ്സായ നിന്നെ!17
ദൂതനാക്കിയല്ലോ, സമു –
പേതരുമ്പർ നിന്നെത്തന്നെ;
മുഖ്യനാമബ്ഭവാൻ ദേവ,
വെക്കം യജ്ഞാർഹനാകേണം!18
ഇമ്മഹാനെദ്ദ തനാക്കീ,
കർമ്മപടു മനുഷ്യനും
കൃഷ്ണവർത്മാവിനെ, ശ്ശുദ്ധി –
കൃത്തിനെ, നിർമ്മരണനെ!19
സ്രുക്കെടുത്താപ്പുരാണനാ –
മഗ്നിയെ വിളിപ്പൂ, ഞങ്ങൾ
കത്തിയാളും സുപ്രഭനെ,
മർത്ത്യേഡ്യനെ, നിർജ്ജരനെ20
ഋത്വിക്കുകളോടൊത്തേതു
മർത്ത്യനിവന്നേകും, ഹവ്യം;
ഭൂരിപുഷ്ടി നേടു,മവൻ
വീരയുക്തയശസ്സുമേ!21
മുഖ്യൻ പൂർവ്വൻ ജാതവേദ –
സ്സഗ്നിയിങ്കലണയുന്നു,
സുക്രതുവിലവിസ്സേന്തും
സ്രുക്കു നമസ്കാരത്തോടെ!22
അത്യുജ്ജലതേജസ്കനാ –
മഗ്നിയെ നാം, വ്യശ്വൻപോലേ
സേവിയ്ക്കാവൂ, മന്യങ്ങളാ –
മീ വരിഷ്ഠസ്തവങ്ങളാൽ!23
ഉൽക്കൃഷ്ടനും ഗൃഹ്യനുമാ –
മഗ്നിയെ സ്തവത്താലിപ്പോൾ
വൈയശ്വർഷേ,പൂജിച്ചാലും,
നിയാസ്ഥൂരയൂപൻപോലെ!24
മാനുഷർക്കതിഥി,വൃക്ഷ –
സൂനു, പുരാതന,നഗ്നി;
അദ്ദേഹത്തെ സ്തുതിയ്ക്കുന്നു,
ബുദ്ധിമാന്മാരവനാർത്ഥം.25
സുസ്ഥമഹാന്മാർക്കെല്ലാർക്കും,
മർത്ത്യഹവ്യങ്ങൾക്കമായി
വർത്തിച്ചാലും, ദർഭപ്പുല്ലിൽ
സ്തുത്യതയാലഗ്നേ, ഭവാൻ!26
നല്ക, പുരുവരേണ്യങ്ങൾ –
നല്കെ,ങ്ങൾക്കു പുരുകാമ്യം,
സന്തതിസദ്വീര്യയശ –
സ്സംയുക്തമാം ധനം ഭവാൻ!27
നീ വരേണ്യനഗ്നേ, വസോ.
യൗവനസ്ഥതമ, സദാ
ചേലിൽസ്സാമം ചൊല്ലും പെരു –
താളുകൾക്കയയ്ക്ക, ധനം!28
നിയേ, നല്ല ദാതാവഗ്നേ:
നീയെങ്ങൾക്കു തുറന്നാലും,
ഉത്തമസ്വത്തിലെദ്ദേയ –
വസ്തുവും ഗോവന്നങ്ങളും29
ശുദ്ധമാം കെല്പാർന്ന യജ്ഞ –
യുക്തരാം രണ്ടരചരെ –
മിത്രാവരുണരെ – പ്പൂകൾ
മെത്തുമഗ്നേ, വിളിയ്ക്ക, നീ!30
കുറിപ്പുകൾ: സൂക്തം 23.

[1] ഋഷി അന്തരാത്മാവിനോടു പറയുന്നു: എതിർപ്പോൻ – ശത്രുക്കളെ. ദുർഗ്രഹഭാസ്സ് – പിടിയ്ക്കാവതല്ലാത്ത പ്രകാശത്തോടുകൂടിയവൻ.

[2] വൈരമെന്നതില്ലാത്തോനു – ജഗൽസ്നേഹിയായ യജമാനന്ന്. തേരുകൾ രഥാദിവിഭവങ്ങൾ.

[3] അന്നരസങ്ങൾ – യജ്ഞവിഹീനരുടെ അന്നങ്ങളും പേയങ്ങളും. നേരറിഞ്ഞു – ‘ഇവർ ദേവകൾക്കു ഹവിസ്സർപ്പിക്കുന്നില്ല’ എന്നു മനസ്സിലാക്കി. ധനങ്ങളും, – അവരുടെ സമ്പത്തും നേടിവെയ്ക്കും, പിടിച്ചടക്കും.

[4] ഇല്ലം – യജമാനഗൃഹം. പല്ലു് – ജ്വാല. ഉജ്ജ്വാലിതൻ = ഉജ്ജ്വലിപ്പിയ്ക്കപ്പെട്ടവൻ. നവ്യം – ഹവിസ്സുകൊണ്ടു് വീണ്ടും വീണ്ടും വളർത്തപ്പെടുന്നതിനാൽ നൂതനമായിട്ടുള്ളതു്.

[5] പ്രത്യക്ഷോക്തി.

[6] ഭവ്യസ്തുത്യാ = നല്ല സ്തോത്രത്തോടുകൂടി. ഗമിച്ചാലും – ഹവിസ്സു ദേവന്മാർക്കു കൊടുക്കാൻ.

[7] യഷ്ടാക്കളോടു്: ഭവദഗ്നി – നിങ്ങളുടെ, നിങ്ങൾ യജിയ്ക്കുന്ന, അഗ്നി. പൂവൻ = പുരാതനൻ. നിങ്ങൾക്കായ് – നിങ്ങൾക്കുവേണ്ടി. ഏവം = ഇങ്ങനെ, ഈ സൂക്തംകൊണ്ടു്. കീർത്തിയ്ക്കാം = സ്തുതിയ്ക്കാം.

[8] വിചിത്രവൃത്തൻ = അദ്ഭുതകർമ്മാവ്. സമർത്ഥേഷ്ടിയാൽ – ഫലോൽപാദനസമർത്ഥമായ യജ്ഞംകൊണ്ടു്. സത്രവാൻ – യഷ്ടാവ്. ഉതിർപ്പിപ്പൂ – അഭീഷ്ടങ്ങളെ വർഷിപ്പിയ്ക്കുന്നു. അധ്വര്യുക്കൾ എന്നു കർത്തൃപദം അധ്യാഹരിയ്ക്കണം.

[9] യഷ്ടാക്കളോടു്: ഹവ്യസ്ഥാനേ = ഹവിസ്സു വെച്ചേടത്തു്. ക്രതുകാമന്മാർ – യജമാനന്മാർ.

[10] വ്യവസ്ഥിതമായ അസ്മദ്യജ്ഞം, നമ്മുടെ യാഗം, അംഗിരശ് ശ്രേഷ്ഠങ്കൽ, അഗ്നിയിങ്കൽ, ചെല്ലട്ടെ. മർത്ത്യഹോതാവ് = മർത്ത്യരിൽ ഹോമനിഷ്പാദകൻ.

[11] അദ്ദീപ്തോരുകിരണങ്ങൾ = ആ തിളങ്ങുന്ന വലിയ രശ്മികൾ. അശ്വങ്ങൾതൻമട്ടിൽ ബലം കാണിയ്ക്കുന്നു – കുതിരകൾപോലെ പായുന്നു.

[12] തുംഗവീര്യം – മികച്ച വീര്യത്തോടുകൂടിയതു്. കാക്കുക – ധനം രക്ഷിച്ചാലും.

[13] വിശാംപതി = പ്രജാപാലകൻ. തീക്ഷ്ണൻ – ഉജ്ജ്വലൻ.

[14] അഭ്യഗ്രം = നൂതനം. കള്ളരാക്ഷസർ = മായാവികളായ രക്ഷസ്സുകൾ.

[15] ആയവങ്കൽ – അവനെ കീഴടക്കാൻ.

[16] പ്രത്യക്ഷകഥനം: വൃക്ഷകാമൻ – വൃഷ്ടികർത്താവിനെ ഇച്ഛിച്ചു്. അൻപേറ്റി – ഹവിസ്സുകളാൽ പ്രീതി വരുത്തി. വ്യശ്വനെന്നപോലെ ഞങ്ങളും അങ്ങയെ ഉജ്ജ്വലിപ്പിയ്ക്കാവൂ.

[17] കവിജാതൻ = കവിയുടെ പുത്രൻ. മേധം = യാഗം. മനുവിനായതു് – മനുവിന്റെ ഗൃഹത്തിൽ.

[18] സമുപേതർ = ഒന്നിച്ചുകൂടിയവർ. യജ്ഞാർഹനാകേണം – ദേവകൾക്കു ഹവിസ്സു കൊണ്ടുകൊടുക്കണമെന്നു താൽപര്യം.

[19] പരോക്ഷവചനം: ശുദ്ധികൃത്തു് = ശുദ്ധിയുണ്ടാക്കുന്നവൻ. നിർമ്മരണൻ = മരണരഹിതൻ.

[20] പുരാണൻ = പുരാതനൻ. മർത്ത്യേഡ്യൻ = മനുഷ്യരാൽ സ്തുതിയ്ക്കപ്പെടേണ്ടവൻ.

[22] അവിസ്സ് = ഹവിസ്സ്.

[24] യജമാനവാക്യം: ഗൃഹ്യൻ – ഗൃഹത്തിൽ അരണിമഥനത്താൽ ജാതൻ വൈയശ്വർഷേ = ഹേ വ്യശ്വപുത്രനായ ഋഷേ, വിശ്വമനസ്സേ. സ്ഥൂരമയൂപൻ – ഒര്യഷി.

[25] വൃക്ഷസൂനു – അരണിജാതൻ. അവനാർത്ഥം = രക്ഷയ്ക്കുവേണ്ടി.

[26] സുസ്ഥമഹാന്മാർ – സ്തുതിപ്പാൻ നില്ക്കുന്ന മഹാന്മാർ. വർത്തിച്ചാലും = ഇരുന്നാലും. മഹാന്മാരുടെയെല്ലാം സ്തോത്രം കേൾപ്പാനും, മനുഷ്യരുടെ ഹവിസ്സു ഭുജിപ്പാനുമായി ഭവാൻ ദർഭവിരിയിൽ ഇരുന്നാലും.

[27] പുരുവരേണ്യങ്ങൾ – ഗോക്കൾ മുതലായ വളരെസ്സമ്പത്തുകൾ.

[28] യൗവനസ്ഥതമ = അതിയുവാവേ.

[29] ഉത്തമസ്വത്തിലെദ്ദേയവസ്തു – മഹത്തായ സമ്പത്തിൽ, കൊടുക്കാവുന്നതോ ആ വസ്തു.

[30] പ്രായേണ കർമ്മത്തിൽ മിത്രവരുണന്മാരോടുകൂടിയത്രേ, അഗ്നി വർത്തിയ്ക്കുക.

സൂക്തം 24.

വിശ്വമനസ്സ് ഋഷി; ഉണ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

തോഴന്മാരേ, സ്തവം ചൊല്ക,
കീഴമർത്തുമിന്ദ്രന്നായ് നാം:
വാഴ്ത്താം നിങ്ങൾക്കായ് ഞാൻതന്നേ
വൻനേതാവാം വജ്രവാനെ.1
വൃത്രവധാൽ ഖ്യാതനല്ലോ,
വൃത്രഘ്നനെന്നോജസ്വി നീ;
ശൂര, ധനവാനെക്കാളു –
മേറെദ്ധനം നല്കുന്നു, നീ!2
ചിത്രാന്നാഢ്യം ധനമെങ്ങൾ –
ക്കെത്തിച്ചാലും, സ്തുതൻ ഭവാൻ:
പ്രസ്ഥാനത്തിൽത്താനോടിപ്പോൻ,
സ്വത്തേകുവോൻ, ഹര്യശ്വ, നീ!3
ഓമന്മുതൽ തൂറന്നാലും,
നീ മനുഷ്യർക്കിന്ദ്ര, ധൃഷ്ണോ;
തന്നാലും, കൂസാതെങ്ങൾക്കു
നന്നായ് വാഴ്ത്തപ്പെടും ഭവാൻ!4
നിന്നിടംകൈ തടുക്കില്ല,
മുന്നണിക്കാർ വലംകയ്യും;
ഇല്ല, ഗോമാർഗ്ഗണങ്ങളിൽ –
സ്സൊല്ലക്കാരും ഹരിഹയ!5
വാക്കോടെത്തുന്നേൻ, ഞാൻ നിങ്കൽ, –
ഗ്ഗോക്കളൊത്താലയിൽപ്പോലേ:
പൂരിപ്പിയ്ക്ക, വജ്രിൻ, ഭവാൻ
സൂരിതന്നാശയും ഹൃത്തും!6
വിശ്വമനസ്സാമെന്റേതിൽ –
സ്സശ്രദ്ധനാകെ,ല്ലാറ്റിലും
വൃത്രഘാതിതമ, ഭവാൻ
ശക്ത വാസോ, വൻനേതാവേ!7
വൃത്രഘാതിൻ, പുരുഹൂത,
ലബ്ധമാകെ,ങ്ങൾക്കു ശൂര,
സിദ്ധികരം, കാമ്യാം, പുതു –
പുത്തനാമിബ്ഭവദ്ധനം!8
ദുർന്നിവാരമല്ലോ, നിൻകെ –
ല്പിന്ദ്ര, നൃത്തംവെപ്പിപ്പോനേ;
ഹവ്യദന്നു കൊടുപ്പതു –
മവ്യഥമേ, പുരുഹൂത!9
ഉന്നതാന്മൻ, കുടിയ്ക്ക, നീ
വൻനേതാവേ, സംസിദ്ധിയ്ക്കായ്;
കെല്പുറ്റതും പിളർക്ക, നീ
സ്വപ്രാപ്തിയ്ക്കു മഘവാവേ!10
അന്യന്മാരിലായിരുന്നു,
മുന്നമെങ്ങൾക്കാശവജ്രിൻ:
കാത്തുരക്ഷിച്ചേകുകെ,ങ്ങൾ
ക്കാത്ത്വദീയം മഘവൻ, നീ!11
നൃത്തമാടിപ്പവനേ,ക –
ണ്ടെത്തുന്നില്ലാ, ത്വദന്യനെ
സ്തുത്യാരാധ്യ, പുകൾ, ബലം,
വിത്ത,മന്നമിവയ്ക്കു ഞാൻ!12
ഇന്ദ്രന്നിന്ദു പിഴിയുവി: –
നിസ്സോമത്തേൻ നുകർന്നവൻ
അന്നാദികളയയ്ക്കുമേ,
തന്നുടെ മഹത്വത്താലേ!13
വാഴ്ത്തുന്നേൻ ഞാൻ, കരുത്തിട –
ചേർത്തരുളും ഹരീശനെ:
വ്യശ്വപുത്രൻ സ്തുതിപ്പതു
തൃച്ചെവിക്കൊൾകിഹ ഭവാൻ!14
മുന്നം പിറന്നിട്ടില്ലല്ലോ,
നിന്നെക്കാളൊരതിവീരൻ:
സ്വത്താലില്ലി,ല്ലടർപ്പോക്കാൽ,
സ്തുത്യതയാലില്ലൊരുത്തൻ!15
അധ്വര്യോ, നീ പിഴിഞ്ഞാലും
മത്തേറ്റമുണ്ടാക്കുംസോമം:
സംസ്കൃതനാകുന്നുണ്ടല്ലോ,
നിത്യവർദ്ധകനാം വീരൻ!16
ഇന്ദ്ര, ഹര്യാരൂഢ, പൂർവ –
രുന്നയിച്ച നിൻനുതിയെ
ഒന്നതിക്രമിയ്ക്കുല്ലാ,രും
നന്ദ്യത്താലോ, ബലത്താലോ!17
ശ്രദ്ധായുക്തക്രതുക്കളാൽ
വർദ്ധനീയനന്നപതി –
നിങ്ങളുടെയദ്ദേഹത്തെ
ഞങ്ങൾ കൊറ്റിന്നായ് വിളിയ്ക്കാം!18
മിത്രരേ, വരുവിൻ, വെക്കം:
സ്തുത്യൻ നേതാവിന്ദ്രനെ നാം
വാഴ്ത്തുക; മാറ്റാരെയെല്ലാം
താഴ്ത്തുമല്ലോ, തനിച്ചിവൻ!19
സ്തോത്രം വിലക്കാത്തവനായ്
സ്തോത്രേച്ഛുവാം തേജസ്വിയ്ക്കായ്
ഓതുവിൻ, തേൻനൈകളെക്കാൾ
സ്വാദുവായ സാധുവാക്യം!20
ഇല്ല,ളവു വീര്യങ്ങൾക്കു;
ദുർല്ലഭമിവന്റെ ധനം;
എല്ലാരെയുമാകെ മൂടു-
മല്ലോ ദാനം, വാനംപോലെ!21
വ്യശ്വൻപോലെ സ്തുതിയ്ക്ക, നീ
വശ്യനാം കെല്പുള്ളിന്ദ്രനെ:
സത്രവാന്നേകുമേ, നൽസ്വ –
ത്തദ്ദുർദ്ധർഷൻ തിരുവടി!22
മർത്ത്യരുടെ പത്താം പ്രാണ, –
നത്യഭിജ്ഞ,നനുനമ്യൻ –
സ്തുത്യനാമദ്ദേഹത്തെത്താ –
നദ്യ വാഴ്ത്തൂ. വൈയശ്വ, നീ!23
വജ്രവൻ, നീ ദ്രോഹികളേ,
വർജ്ജിപ്പാനറിവോനല്ലോ,
പക്ഷികളെപ്പകൽതോറും
പാറിയ്ക്കുവാൻ രവിപോലെ!24
എത്തിയ്ക്കുകാ, രക്ഷയിന്ദ്ര –
കർത്താവായ കുത്സന്നായ് നീ
കൊന്നുവല്ലോ, രണ്ടുവട്ടം;
തന്നാലു, മതരിന്ദമ!25
സ്തുത്യനാം നിന്നൊടുതാനി –
ന്നർത്ഥിപ്പൂ, സന്ന്യാസമെങ്ങൾ:
അസ്മദ്വൈരികളെയൊട്ടു –
ക്കർദ്ദിപ്പോൻ, നീയരിന്ദമ!26
ആരിലേശാ, രക്ഷോബാധ; –
യാരയയ്ക്കു,മേഴാർകളിൽ;
ആ നീ ദാസവധായുധ –
മാനമിപ്പിച്ചാലും, ശ്രീമൻ!27
അർത്ഥികൾക്കു വരോ, നീ സ്വ –
ത്തർപ്പിച്ചല്ലോ, സുഷാമാർത്ഥം:
അന്നവതി, നീയും വ്യശ്വൻ –
തന്നുണ്ണിയ്ക്കു ശുഭധനേ!28
വന്നെത്തട്ടേ, സോമവാനാ –
മന്നൃപാത്മഭൂവിൽ ദാനം,
നൂറുമായിരവുമായി –
സ്ഫാരാന്നവും വൈയശ്വങ്കൽ!29
കൗതുകാൽ, ‘യഷ്ടാവെങ്ങെ’ന്നു
ചോദിപ്പോനോടുഷസ്സേ, നീ,
‘സേവിതനാ നിരോധകൻ
വാഴ്‌വൂ, ഗോമതിയി’ലെന്നാം!30
കുറിപ്പുകൾ: സൂക്തം 24.

[1] ഋത്വിക്കുകളോടു്: കീഴമർത്തും – ശത്രുക്കളെ.

[2] വൃത്രഘ്നനെന്നു ഖ്യാതനല്ലോ. ഒരു ധനികൻ കൊടുക്കുന്നതിലുമധികം ധനം ഭവാൻ സ്തോതാക്കൾക്കു നല്കാറുണ്ടു്.

[3] ചിത്രാന്നാഢ്യം = വിവിധാന്നസമൃദ്ധം. സ്തുതൻ – ഞങ്ങളാൽ സ്തുതിയ്ക്കപ്പെട്ടവൻ. പ്രസ്ഥാനത്തിൽത്താൻ – യുദ്ധത്തിനു പുറപ്പെടുമ്പോൾത്തന്നെ. ഓടിപ്പോൻ – ശത്രുക്കളെ ആട്ടിപ്പായിയ്ക്കുന്നവൻ.

[4] ഓമന്മുതൽ = പ്രിയപ്പെട്ട ധനം. മനുഷ്യർക്ക് – സ്തുതിയ്ക്കന്ന ഞങ്ങൾക്കു്. തന്നാലും – തുറക്കപ്പെട്ട, പ്രകാശിതമായ, ധനം.

[5] മുന്നണിക്കാർ, യുദ്ധത്തിൽ മുമ്പിൽ നിൽക്കുന്ന എതിരാളികൾ, അങ്ങയുടെ ഇടംകയ്യും തടുക്കില്ല; വലംകയ്യും തടുക്കില്ല. ഗോമാർഗ്ഗണങ്ങളിൽ – പണികളാൽ അപഹരിയ്ക്കപ്പെട്ട ഗോക്കളെ തിരഞ്ഞുപിടിയ്ക്കുന്നതിൽ. സൊല്ലക്കാരും, ഉപദ്രവിയ്ക്കുന്നവരും ഇല്ല. അങ്ങയെ തടയാനോ ഉപദ്രവിപ്പാനോ ശത്രുക്കൾ ശക്തരാകില്ല.

[6] വാക്ക് – സ്തുതികൾ. ഒരിടയൻ ഗോക്കളോടുകൂടി ആലയിൽ (തൊഴുത്തിൽ) എത്തുന്നതുപോലെ, ഞാൻ സ്തുതികളോടുകൂടി നിങ്കലെത്തുന്നു. ഭവാൻ സൂരിയുടെ (സ്തുതിയ്ക്കുന്ന എന്റെ) ആശയും ഹൃത്തും ധനാദിദാനത്താൻ പൂരിപ്പിച്ചാലും.

[7] എന്റേതിലെല്ലാറ്റിലും – എന്റെ സ്തുതിയിലെല്ലാം ഭവാൻ സശ്രദ്ധനായാലും. വൃത്രഘാതീതമ = ഏറ്റവും ശത്രുഹന്താവായുള്ളോവേ. ശക്ത = ബലിഷ്ഠ.

[8] പുതുപുത്തനാം, അതിനൂതനമായ ഈ ഭവദ്ധനം ഞങ്ങൾക്കു ലബ്ധമാക – കിട്ടുമാറാകട്ടെ.

[9] നൃത്തംവെപ്പിപ്പോനേ – ലോകത്തെ ചേഷ്ടിപ്പിയ്ക്കുന്നവനേ. ഭവാൻ ഹവ്യദന്നു (യജമാനന്നു) കൊടുപ്പതും, നല്കുന്ന ധനവും അവ്യഥം (ശത്രുബാധാരഹിതം)തന്നെയാകുന്നു.

[10] സംസിദ്ധിയ്ക്കായ് – ശത്രു സമ്പത്തടക്കാൻ കഴിവുണ്ടാകാൻ. സോമം കുടിച്ചാലും. കെല്പുറ്റതും – ഉറപ്പേറിയ ശത്രുനഗരംപോലും. സ്വപ്രാപ്തി = ധനലബ്ധി.

[11] അന്യദേവന്മാരിൽനിന്നു ഫലം കിട്ടില്ലെന്നു ഞങ്ങൾക്കിപ്പോൾ മനസ്സിലായി. അതിനാൽ, ആ ത്വദീയം, ശത്രുപുരവിദാരണലബ്ധമായ ഭവാന്റെ ധനം, എങ്ങൾക്കു് ഏകുക.

[12] സ്തുത്യാരാധ്യ = സ്തുതികൊണ്ടു് ആരാധിയ്ക്കപ്പെടേണ്ടവനേ. ഇവയ്ക്കു് – ഇവ തരാൻ.

[13] ഋത്വിക്കുകളോടു്: ഇന്ദു = സോമം.

[14] ഇടചേർത്തരുളും – മരുത്തുക്കളിൽ ചേർക്കുന്ന. ഹരീശൻ – പച്ചക്കുതിരകളുടെ ഉടമസ്ഥൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി.

[15] അടർപോക്കു് = യുദ്ധഗമനം.

[16] സംസ്തുതൻ = വഴിപോലെ സ്തുതിയ്ക്കപ്പെട്ടവൻ. വീരൻ – ഇന്ദ്രൻ.

[17] പൂർവർ – പണ്ടേത്തെ ഋഷിമാർ; ഇന്നേത്തെ ഋഷിമാരും എന്നു ചേർക്കണം. നന്ദ്യം = നന്ദനീയം,ധനം.

[18] നിങ്ങളുടെ – ഭവദീയനായ. അദ്ദേഹത്തെ – ഇന്ദ്രനെ. കൊറ്റിന്ന് – അന്നം കിട്ടാൻ.

[19] ഋത്വിക്കുകളോടു്: താഴ്ത്തും – കീഴമർത്തും.

[20] തേജസ്വി – ഇന്ദ്രൻ. സാധുവാക്യം – നല്ല സ്തോത്രം.

[21] ദുർല്ലഭം – അന്യർക്കു കിട്ടാവുന്നതല്ലാത്തതു്. ഇവന്റെ ദാനം സ്തോതാക്കളെല്ലാരെയും മൂടും. വാനംപോലെ – സർവാച്ഛാദകമാണല്ലോ, ആകാശം.

[22] തന്നോടുതന്നേ: വ്യശ്വൻ – എന്റെ അച്ഛൻ. വശ്യൻ സ്തോതാക്കൾക്കധീനൻ. സത്രവാൻ = യജമാനൻ.

[23] പത്താംപ്രാണൻ – മനുഷ്യദേഹങ്ങളിൽ ഒമ്പതു പ്രാണങ്ങളുണ്ടു്; പത്താം പ്രാണനാകുന്നു, ഇന്ദ്രൻ; മനുഷ്യർക്കു പ്രാണഭൂതൻ എന്നർത്ഥം. അനുനമ്യൻ = നമസ്കരണീയൻ. വൈയശ്വ = വ്യശ്വപുത്ര.

[24] പ്രത്യക്ഷോക്തി: സൂര്യനുദിച്ചാൽ പക്ഷികൾ കൂടു വിട്ടു പറന്നു തുടങ്ങുമല്ലോ; അതുപോലെ, ഭവാൻ നേരിട്ടാൽ ദ്രോഹികൾ അങ്ങിങ്ങ് പായും.

[25] ആ രക്ഷ എന്നതിനെ വിവരിയ്ക്കുന്നു: കർത്താവായ – യാഗമനുഷ്ഠിച്ച. രണ്ടുവട്ടം = രണ്ടുതവണ. അതു് – ആ രക്ഷ.

[26] സന്ന്യാസം – ശത്രുനിരസനം. അർദ്ദിപ്പോൻ – പീഡിപ്പിയ്ക്കുന്നവൻ, കീഴമർത്തുന്നവൻ.

[27] ഏഴാർകൾ = സപ്തനദികൾ. അയയ്ക്കും – വെള്ളം. ദാസവധായുധം – അസുരവധത്തിനുള്ള ആയുധം. ആനമിപ്പിയ്ക്കുക – താഴ്ത്തുക; ചാട്ടുക എന്നർത്ഥം. ശ്രീമൻ = ശ്രീ, സമ്പത്തു്, ഏറിയവനേ.

[28] വരു എന്ന രാജാവിന്റെ ദാനത്തെ സ്തുതിയ്ക്കുന്നവയാണു്, ഇതു മുതൽ മൂന്നൃക്കുകൾ. വരോ – വരുരാജാവേ. സൂഷാമാർത്ഥം – അച്ഛനായ സുഷാമാവിന്നു പുണ്യലോകം കിട്ടാൻ. അന്നവതി – ഹേ ഉഷസ്സേ. വ്യശ്വൻതന്നുണ്ണിയ്ക്കു – വിശ്വമനസ്സിന്നു്. സ്വത്തർപ്പിച്ചാലും എന്ന് എടുത്തു ചേർക്കണം.

[29] സോമവാൻ – യജമാനൻ. അന്നൃപാത്മാഭൂവ് – സുഷാമപുത്രൻ വരു. സ്ഫാരാന്നം – വളരെയന്നം. വൈയശ്വങ്കൽ – വ്യശ്വപുത്രനായ എങ്കൽ.

[30] കൗതുകാൽ – അറിയാൻവേണ്ടി. യഷ്ടാവു് എങ്ങെന്നു – യഷ്ടാവായ വരു എവിടെയാണെന്നു് ആരാനും ചോദിച്ചാൽ, ‘ആ നിരോധകൻ (ശത്രുരോധി) ഗോമതീതീരത്തു വാഴുന്നു’ എന്നാവും, നിന്റെ മറുപടി; വരുവിന്റെ വാസം ഗോമതിയുടെ തീരത്താണെന്നർത്ഥം. സേവിതൻ – ജനങ്ങളാൽ സേവിയ്ക്കപ്പെട്ടവൻ.

സൂക്തം 25.

വിശ്വമനസ്സ് ഋഷി; ഉഷ്ണിക്കും ഉഷ്ണിഗ്ഗർഭയും ഛന്ദസ്സുകൾ; മിത്രാവരുണന്മാരും വിശ്വദേവകളും ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

പാരു കാപ്പോർ നിങ്ങൾ ദേവ –
ന്മാരിൽ യജ്ഞാർഹരാം ദേവർ:
ശുദ്ധബാലന്മാരാമിരു –
സത്യസ്ഥരെ യജിപ്പൂ, നീ!1
സ്വധ്വരനാം വരുണനും
മിത്രനും തേരുടയവർ,
പുത്രർ, പണ്ടേ സുജാതന്മാർ,
വിത്തദന്മാൻ, ധൃതവ്രതർ!2
അത്തേജസ്വിവിശ്വജ്ഞരെ –
ദ്ദിത്യാത്മജഹതിയ്ക്കത്രേ,
ഉത്തമയാമമ്മ പെറ്റൂ,
സത്യവതിയാമദിതി!3
ഉത്തമന്മാരീ വരുണ –
മിത്രദേവർ, പെരുമാക്കൾ,
സത്യവാന്മാർ, കരുത്തർ, വാ –
യ്പൊത്ത യജ്ഞം വിളങ്ങിപ്പൂ!4
സ്വധ്വരന്മാർ, പെരുംകെല്പിൻ
പുത്രർ, വേഗതനൂജന്മാർ,
അവ്യാഹതപ്രദാനന്മാ –
രന്നനിലയത്തിൽ വാഴ്‌വൂ!5
ദിവ്യപാർത്ഥിവാന്നാങ്ങളും
ദ്രവ്യങ്ങളും വഴിപോലേ
തന്നരുളുമാ നിങ്ങളിൽ
നിന്നീടട്ടെ, നീർമഴകൾ!6
സത്യവാന്മാർ, മഖാന്നത്തിൽ –
സ്സക്തന്മാരിപ്പെരുമാക്കൾ
നോക്കുന്നു, വൻദേവതകളെ, –
പ്പൈക്കൂട്ടത്തെയെന്നപോലെ!7
ധീമാന്മാരിസ്സത്യശീലർ
കോയ്മയ്ക്കായി നിലകൊണ്ടാർ:
ക്ഷത്രിയന്മാർ ധൃതവ്രത –
രുദ്വഹിച്ചാർ, കരുത്തിനെ!8
കണ്ണിനെക്കാൾത്തിലോം വഴി
കണ്ടവര,ത്യുന്മേഷദർ
തേജസൗമ്യതയാൽത്തുലോം
പൂജിതരായ്, തുലോം പൂർവർ!9
നമ്മെദ്ദേവിയദിതിയും
നാസത്യരും പാലിയ്ക്കട്ടേ!
പാലിയ്ക്കട്ടേ, മഹാവേഗ –
ശാലികളാം മരുത്തുക്കൾ!10
കാത്തരുൾവിൻ, നിങ്ങളഹോ –
രാത്രമെങ്ങളുടെ തോണി:
സത്രാണരാകാവൂ, ഞങ്ങൾ
സദ്ദാനരേ, നിർബാധരേ!11
നിർബാധരായ് (സ്തുതിയ്ക്ക) നാം
സുപ്രദാനൻ വിഷ്ണുവിനെ:
താനേ പോം നീ കേൾക്ക, പൊഴി –
പ്പോനേ, സൗമ്യ, കർമ്മവാന്നായ്!12
സ്വത്തേതൊന്നു കാത്തിടുമോ,
മിത്രവരുണാര്യമാക്കൾ;
ഞങ്ങൾക്കതു കൈവരാവൂ,
തുംഗം, സേവ്യം, സുരക്ഷകം!13
പർജ്ജന്യൻ കാത്തരുളുക, –
തശ്വികൾ, മരുത്തുക്കളും,
ഒന്നിച്ചുചേർന്നിഷ്ടം ചെയ്യു –
മിന്ദ്രൻ,വിഷ്ണുവെന്നിവരും!14
ആരാധ്യരാമന്നേതാക്ക –
ളാരുടെയുമഹന്തയെ
ഊക്കിൽച്ചെന്നുടയ്ക്കുമല്ലോ,
ശീഘ്രനീർക്കുത്തുകൾപോലെ!15
ഉത്തമമാം ബഹുദ്രവ്യ –
മിത്ഥം നോക്കു,മതിലൊരാൾ;
അമ്മനുഷ്യപതിയ്ക്കെങ്ങൾ
കർമ്മം ചെയ്യാം, നിങ്ങൾക്കായി.16
ആ വരുണപ്പെരുമാളിൽ
പൂർവഗൃഹ്യകർമ്മങ്ങളും
ഉദ്യശസ്സാം മിത്രനുടെ
കൃത്യങ്ങളും ഭജിയ്ക്ക, നാം!17
ഊഴി – നഭസ്സതിരിവൻ
ചൂഴെബ്ഭാസ്സാലളക്കുന്നു;
പാരാ,കാശം, രണ്ടിനെയും
പൂരിപ്പിപ്പൂ, പെരുമയാൽ!18
അസ്സുവീര്യൻ കതിരുക –
ളർക്കമാർഗ്ഗേ വിരിയ്ക്കുന്ന;
അഗ്നിപോലേ വളർത്തപ്പെ –
ട്ടാ,ഹുതനായ്ത്തിളങ്ങുന്നു!19
വാഴ്ത്തുക, വാർനെടുംഗൃഹേ
ഗോത്രായുതാന്നേശനെ നീ!
നിർദ്ദോഷാന്നം തരുവാനം
ശക്തനല്ലോ, തിരുവടി!20
രാപകൽ ഞാനാ വീരനെ,
ദ്യോപൃത്ഥ്വികളെയും വാഴ്ത്താം:
ദാതാക്കൾതൻ മിന്നിൽസ്സദാ
നീതാനയയ്ക്കുകെ,ങ്ങളെ!21
ഉക്ഷഗോത്രജനായ് പ്രതി –
പക്ഷഹൃത്താം, സൗഷാമ്ണനാൽ
നേരേപോകും യുക്തവെള്ളി –
ത്തേരെങ്ങൾക്കു് നല്കപ്പെട്ടു:22
ഇണ്ടലേകു,മെന്നുടെയാ
രണ്ടു പച്ചക്കുതിരകൾ;
ഉണ്ട,വയ്ക്കു പടുത്വവും;
കൊണ്ടുമണ്ടും പോരാളരെ.23
നൽക്കടിഞ്ഞാൺ ചമ്മട്ടിയും,
വെക്കവും, ധീവിശേഷവും
ഒത്ത മഹദശ്വങ്ങളെ –
പ്പുത്തൻസ്തുത്യാ വാങ്ങിനേൻ, ഞാൻ!24
കുറിപ്പുകൾ: സൂക്തം 25.

[1] ദേവന്മാരിൽ – ദേവന്മാരിൽവെച്ചു്. ശുദ്ധബലന്മാർ = യഥാർത്ഥമായ കെല്പുള്ളവർ. ഉത്തരാർദ്ധം – പരോക്ഷോക്തി: ഇരുസത്യസ്ഥരെ – സത്യശീലരായ മിത്രാവരുണന്മാരെ. നീ – വിശ്വമനസ്സ്.

[2] സ്വധ്വരൻ = ശോഭനയജ്ഞൻ. പുത്രർ – അദിതിയുടെ. ധൃതവ്രതർ = കർമ്മകരന്മാർ.

[3] വിശ്വജ്ഞർ = സർവജ്ഞർ. ദിത്യാത്മജഹതി = ദൈത്യവധം.

[5] പെരുംകല്പിൻ പുത്രർ – മഹാബലത്താൽ ഉൽപാദിതർ. വേഗതനൂജന്മാർ – ബലത്തിന്റെ വേഗത്താൽ ഉൽപാദിതർ, രണ്ടിന്റേയും അർത്ഥം ഒന്നുതന്നെ. അന്നനിലയം – ഹവിസ്ഥാനം.

[6] പ്രത്യക്ഷോക്തി: ദിവ്യപാർത്ഥിവാന്നങ്ങൾ = വിണ്ണിലും മന്നിലുമുള്ള അന്നങ്ങൾ. ദ്രവ്യങ്ങൾ = ധനങ്ങൾ. നിന്നീടട്ടേ – വേണ്ടുന്ന സമയത്തു മഴ പെയ്യുവിൻ.

[7] മഖാന്നത്തിൽസ്സക്തർ – ഹവിഃപ്രിയന്മാർ. പൈക്കൂട്ടത്തെ – കാള എന്നപോലെ, വൻദേവകളെ – നോക്കുന്നു – അസുരവധാനന്തരം നോക്കി സന്തോഷിയ്ക്കുന്നു.

[8] ക്ഷത്രിയന്മാർ – ബലവാന്മാർ.

[9] കണ്ണിനെക്കാൾ – കണ്ണിനുള്ളതിനേറെ കാഴ്ചയുണ്ടവർക്ക്. പൂർവർ = പുരാതനർ.

[11] മരുത്തുക്കളോടു്: തോണി – പാപതരണോപകരണമായ യജ്ഞം. സത്രാണർ = രക്ഷാസമേതർ. നിർബാധർ – ആരാലും ഉപദ്രവിയ്ക്കപ്പെടാത്തവർ.

[12] ഉത്തരാർദ്ധം പ്രത്യക്ഷോക്തി: താനേ പോം – യുദ്ധത്തിന്നു് ഏകനായി പോകുന്ന. പൊഴിപ്പോനേ – സ്തോതാക്കൾക്കു ധനം വർഷിക്കുന്നവനേ. കർമ്മവാന്നായ് – യഷ്ടാവിന്നുവേണ്ടി. കേൾക്ക – ഞങ്ങളുടെ സ്തുതി കേട്ടാലും.

[13] അതു് – ആ സ്വത്തു്. സുരക്ഷകം – എല്ലാവരെയും നന്നായി രക്ഷിയ്ക്കുന്നതു്.

[14] അതു – ഞങ്ങൾക്കു കിട്ടിയ ധനം.

[15] ഇന്നേതാക്കൾ – ദേവന്മാർ. അഹന്ത = ഗർവ്. ശീഘ്രനീർക്കുത്തുകൾ പ്രതിബന്ധത്തെ തകർക്കുന്നതുപോലെ.

[16] ദേവാന്മാരോടു്: അതിലൊരാൾ – മിത്രവരുണന്മാരിൽവെച്ചു മിത്രൻ. നിങ്ങൾക്കായി = നിങ്ങൾക്കുവേണ്ടി.

[17] പൂർവ്വഗൃഹ്യകർമ്മങ്ങൾ = പുരാതനഗൃഹ്യകർമ്മങ്ങൾ. ഉദ്യശസ്സ് – ഉയർന്ന കീർത്തിയോടുകൂടിയവൻ.

[18] ഊഴിനഭസ്സതിരു് = ഭൂവിന്റെയും ദ്യോവിന്റെയും അതിര് ഇവൻ – മിത്രൻ. പാര് = ഭൂമി. പെരുമ = മഹിമാവ്.

[19] വളർത്തപ്പെട്ടു് – ഹവിസ്സുകൾകൊണ്ടു്.

[20] വാർനെടുംഗൃഹേ – വിശാലദീർഗ്ഘമായ ഗൃഹത്തിൽ, യാഗശാലയിൽ. ഗോത്രായുതാന്നേശൻ – ഗോസമൂഹസമേതമായ അന്നത്തിന്റെ, പശുക്കളുടേയും അന്നത്തിന്റെയും, അധിപതിയായ വരുണനെ.

[21] ആ വീരനെ – വരുണനെയും. ഉത്തരാർദ്ധം പ്രത്യക്ഷവചനം: ഞങ്ങളെ സദാ ദാതാക്കളുടെ അടുക്കലെയ്ക്കു നീതന്നെ അയച്ചാലും, ഞങ്ങൾക്കു് ധനം കിട്ടാൻ.

[22] വരുവിന്റെ ദാനം വിവരിയ്ക്കുന്നു: ഉഷഗോത്രജൻ = ഉക്ഷാവ് എന്നവന്റെ ഗോത്രത്തിൽ ജനിച്ചവൻ. പ്രതിപക്ഷഹൃത്തു് – ശത്രുക്കളുടെ ജീവിതവും ധനവും കവരുന്നവൻ. സൗഷാമ്ണൻ = സുഷാമപുത്രൻ, വരുരാജാവു്. യുക്തം – കുതിരകളെ പൂട്ടിയതു്.

[23] ആ – തേരിനു പൂട്ടിയ. ഇണ്ടലേകും – ശത്രുക്കൾക്കു ദുഃഖം വരുത്തും, പടുത്വം – യുദ്ധസാമർത്ഥ്യം.

[24] ധീവിശേഷം – സ്വാമിയെ സന്തോഷിപ്പിയ്ക്കുന്ന ബുദ്ധിഗുണം. മഹദശ്വങ്ങൾ – മഹാനായ വരുവിന്റെ രണ്ടു കുതിരകൾ. പുത്തൻസ്തുത്യാ – മിത്രാദിദേവന്മാരെക്കുറിച്ചു് പുതിയ സ്തോത്രം ചൊല്ലി. ഇതിന്നു പ്രതിഫലമായിട്ടാണു്, രാജാവ് ഋഷിയ്ക്കു പച്ചക്കുതിരത്തേർ കൊടുത്തതു്.

സൂക്തം 26.

അംഗിരോഗോത്രൻ വ്യശ്വനോ, വിശ്വമനസ്സോ ഋഷി; ഉഷ്ണിക്കും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികളും വായുവും ദേവത.

അബാധിതബലന്മാരേ, വൃഷാക്കളേ, വർഷകധനന്മാരേ, നിങ്ങളിരുവരുടെ രഥത്തെ ഞാൻ, സൂരികളുടെയിടയിൽ ഒപ്പം സ്തുതിപ്പാൻവേണ്ടി വഴിപോലെ വിളിച്ചുകൊള്ളുന്നു.1

പരോ, (പറയൂ): – ‘വൃഷാക്കളെ, വർഷകധനന്മാരേ, നാസത്യരേ, നിങ്ങൾ സുംഷാമാവിന്നു വമ്പിച്ച സമ്പത്തു നല്കാൻ രക്ഷകളുമായി വരികയുണ്ടായല്ലോ!’2

അന്നയുക്തധനവാന്മാരേ, വളരെയന്നം തേടുന്ന ആ നിങ്ങളെ, ഞങ്ങൾ ഇന്നു പുലർകാലത്തു, ഹവിസ്സൊരുക്കി വിളിച്ചുകൊള്ളുന്നു.3

നേതാക്കളായ അശ്വികളേ, വൻഭാരം വഹിയ്ക്കുന്നതായ നിങ്ങളുടെ പുകഴ്‌ന്ന രഥം വന്നെത്തട്ടെ: നിങ്ങൾ വെമ്പുന്നവന്റെ സ്തോത്രങ്ങൾ സമ്പദ്ദാനത്തിന്നായി മനസ്സിലാക്കുവിൻ!4

വർഷകധനന്മാരായ അശ്വികളേ, വഞ്ചകന്മാരെയും നിങ്ങൾ നോക്കിയറിയണം: കരയിയ്ക്കുന്നവരേ, ആ ദ്രോഹികളെ അങ്ങേഅറ്റത്തോളം വലയ്ക്കുകയും ചെയ്യുവിൻ!5

ദസ്രന്മാരേ, കർമ്മങ്ങളെ പ്രീതിപ്പെടുത്തുന്ന, മയക്കുന്ന മെയ്യൊളിയുള്ള, ഉദകപാലകരായ നിങ്ങൾ ജവനാശ്വങ്ങളിലൂടേ, നിരന്തരം(ഞങ്ങളുടെ) യജ്ഞത്തിൽത്തന്നെ വന്നെത്തുവിൻ!6

അശ്വികളേ, വിശ്വപോഷകമായ വിത്തത്തോടുകൂടി ഞങ്ങളുടെ അടുക്കൽ എഴുന്നള്ളുവിൻ: നിങ്ങൾക്ക് മുന്തിയ മുതലുണ്ടു്; നല്ല മിടുക്കുണ്ടു്; ഇടിച്ചിൽ വരില്ലതാനും!7

ഇന്ദ്രാശ്വിദേവന്മാരേ, തുലോം സേവ്യമാനരായ നിങ്ങൾ ദേവകളോടുകൂടി, ഇന്നു് ഈ എന്റെ യാഗത്തിൽ എഴുന്നള്ളുവിൻ!8

വൃഷാക്കളെ തേടുന്ന ഞങ്ങൾ, വ്യശ്വനെന്നപോലെ നിങ്ങളെത്തന്നേ വിളിയ്ക്കുന്നു: മേധാവികളേ, നിങ്ങൾ അനുഗ്രഹബുദ്ധിയോടേ ഇങ്ങെഴുന്നള്ളുവിൻ!9

ഋഷേ, അശ്വികളെ നന്നായി സ്തുതിയ്ക്കുക: അവർ നിന്റെ വിളി പലവുരു കേൾക്കട്ടെ; അയല്ക്കാരെയും പണികളെയും ഹനിയ്ക്കട്ടെ!10

നേതാക്കളേ, വ്യശ്വപുത്രനായ എന്റെ (വിളി) കേൾക്കുവിൻ, സ്വീകരിയ്ക്കുവിൻ; വരുണൻ, മിത്രൻ, ആര്യമാവു് എന്നിവരും ഒന്നിച്ചു (കേൾക്കട്ടെ!)11

സ്തുത്യർഹരായ വൃഷാക്കളേ, നിങ്ങൾ സ്തോതാക്കൾക്കു കൊടുക്കാറുള്ളതും, നിങ്ങൾ കൊണ്ടുവരുന്നതും, യാതൊന്നോ; അതു നാളിൽ നാളിൽ എനിയ്ക്കു കല്പിച്ചുതരുവിൻ!12

ആർ നിങ്ങൾക്കുള്ള യാഗം, ഒരു സ്ത്രീ മേലാടപോലെ ധരിയ്ക്കുമോ; അവനെ പൂജിച്ചു്, അശ്വികൾ നല്ലതിൽ കൊണ്ടാക്കും!13

അശ്വികളേ, പാത്രങ്ങളിൽ ധാരാളം പകർന്ന നേതൃപേയം നല്കാൻ ആർക്കറിയാമോ; ഞങ്ങളിൽ കനിവുള്ള നിങ്ങൾ അവന്റെ ഗൃഹത്തിൽ എഴുന്നള്ളുവിൻ!14

വർഷകധനന്മാരേ, നിങ്ങൾ നേതൃപേയത്തിന്നു ഞങ്ങളുടെ ഗൃഹത്തിൽ വഴിപോലെ എഴുന്നള്ളുവിൻ: ഒരു ശരംപോലെ, യജ്ഞത്തെ എത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ!15

നേതാക്കളായ അശ്വികളേ, സ്തുതികളിൽവച്ചു് (എന്റെ) സ്തോത്രം, ഒരു ദൂതനായി തുലോം സമീപിച്ചു, നിങ്ങളെ വിളിയ്ക്കട്ടെ; നിങ്ങളെ പ്രീതിപ്പെടുത്തട്ടെ!16

അമർത്ത്യന്മാരേ, നിങ്ങൾ വിണ്ണിന്റെ തണ്ണീരിടത്തിലോ, കാമയമാനന്റെ ഗൃഹത്തിലോ തിമിർക്കുകയായിരിയ്ക്കാം; എന്നാൽ എന്റെ (സ്തോത്രം) കേൾക്കുകതന്നെ വേണം!17

ഇതാ, കരകളിൽ കനകമുള്ള ശ്വേതയാവരീസരിത്തു നദികളിൽ വെച്ചു നിങ്ങളെ തുലോം സമീപിയ്ക്കുന്നു!18

ശോഭനഗമനന്മാരായ അശ്വികളേ, ഈ പോറ്റിപ്പോരുന്ന വെൺനദി നിങ്ങളെ വഴിപോലെ പാടിപ്പുകഴ്ത്തുന്നു!19

വായോ, തേർക്കുതിരകളെ ഭാവൻതന്നെ പൂട്ടുക – വസോ, തിരുമ്മി ചേർക്കുക. എന്നിട്ടു ഞങ്ങളുടെ മധു കുടിയ്ക്കുക: ഞങ്ങളുടെ സവധങ്ങളിൽ വരിക!20

യജ്ഞപതേ, ബ്രഹ്മാവിന്റെ ജാമാതാവേ, വിചിത്രകർമ്മാവേ, വായോ, അങ്ങയുടെ രക്ഷകളെ ഞങ്ങൾ വരിയ്ക്കുന്നു!21

ബ്രഹ്മാവിന്റെ ജാമാതാവായ, ഈശ്വരനായ വായുവിനോടു്, ഞങ്ങൾ സോമം പിഴിഞ്ഞു, ധനം യാചിയ്ക്കുന്നു: ഇയ്യുള്ളവർക്കു് സമ്പത്തുണ്ടാകട്ടെ!22

വായോ, നിന്തിരുവടി വിണ്ണുലകിന്നു നന്മ വരുത്തുക. നല്ല കുതിരക്കൂട്ടത്തെ നടത്തുക; മഹാനായ അവിടുന്നു വാരിഭാഗങ്ങൾ തടിച്ച രണ്ടെണ്ണത്തെ തേരിനു പൂട്ടുക!23

ഏറ്റവും അഴകുള്ള മഹത്ത്വത്താൽ വ്യാപ്തദേഹനായ നിന്തിരുവടിയെത്തന്നേ, ഞങ്ങൾ യാഗങ്ങളിൽ അമ്മിയെയെന്നപോലെ വിളിച്ചുകൊള്ളുന്നു.24

വായുദേവ, പുരോഗനായ നിന്തിരുവടി മനംകനിഞ്ഞു ഞങ്ങൾക്കു മഴയും അന്നവും കർമ്മങ്ങളും കല്പിച്ചുതരിക!25

കുറിപ്പുകൾ: സൂക്തം 26.

[2] പറയൂ – അശ്വികളോടു്. സുഷാമാവ് – എന്റെ അച്ഛൻ. വരികയുണ്ടായല്ലോ – അതുപോലെ എനിയ്ക്കും ധനം തരാൻ വരുവിൻ.

[4] വെമ്പുന്നവൻ – സത്വരനായ സ്തോതാവു്. സമ്പദ്ദാനത്തിന്നായി – അവന്നു ധനം നല്കാൻ.

[5] കരയിയ്ക്കുന്നവരേ – യുദ്ധത്തിൽ ശത്രുക്കളെ.

[6] മയക്കുന്ന = മാദകമായ.

[9] വൃക്ഷാക്കളെ – ധനാദികൾ വർഷിക്കുന്ന നിങ്ങളിതുവരെ.

[10] തന്നോടുതന്നെ: അയല്ക്കാർ – അടുത്തുള്ള ശത്രുക്കൾ. പണികൾ – അസുരന്മാർ.

[12] അതു് – ആ ധനം.

[13] രണ്ടാംവാക്യം പരോക്ഷം: പൂജിച്ചു് – അഭീഷ്ടം നല്കി. നല്ലതിൽ – സമ്പത്തിൽ.

[14] നേതൃപേയം – നേതാക്കളായ നിങ്ങൾ പാനം ചെയ്യേണ്ടുന്ന സോമം. ഞങ്ങളിൽ – എങ്കിൽ.

[15] ഒരു ശരംപോലെ – വേടന്റെ അമ്പു മൃഗത്തെ ഉദ്ദിഷ്ടസ്ഥാനത്തണയ്ക്കുന്നതുപോലെ, യജ്ഞത്തെ സമാപ്തിയിലെത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ.

[17] കാമയമാനൻ – ഭവൽക്കാമൻ, യജമാനൻ.

[18] ശ്വേതയാവരീസരിത്ത് = ശ്വേതയാവരി എന്ന നദി. ഈ നദി നിങ്ങൾക്കു് പ്രിയപ്പെട്ടതാകയാലാണ് ഇതിന്റെ തീരത്തുവച്ചു ഞാൻ നിങ്ങളെ സ്തുതിച്ചതു്.

[19] അലയൊലിയെ സ്തുതിഗാനമാക്കിയിരിയ്ക്കുയാണു്.

[20] തിരുമ്മി – കുതിരകളുടെ കഴുത്തിൽ. ചേർക്കുക – ഞങ്ങളുടെ യജ്ഞത്തിലണച്ചാലും. മധു – സോമം. സവനങ്ങളിൽ – മൂന്നുസവനത്തിലും.

[21] ബ്രഹ്മാവിന്റെ പുത്രിയുടെ ഭർത്താവത്രേ, വായു.

[23] രണ്ടെണ്ണത്തെ – രണ്ടശ്വങ്ങളെ.

[24] സോമലത ചതയ്ക്കാനുള്ള അമ്മിയെ സ്തുതിച്ചു വിളിയ്ക്കുക ചടങ്ങുകളിലൊന്നാണു്.

[25] പുരോഗൻ – ദേവകളിൽ മുമ്പൻ.

സൂക്തം 27.

വൈവസ്വതമനു ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

ഉക്ഥമയമായ അധ്വരത്തിൽ അഗ്നിയും അമ്മിയും ദർഭയും മുമ്പിൽ വെയ്ക്കപ്പെട്ടുകഴിഞ്ഞു. ഞാൻ ഋക്കുകൊണ്ടു മരുത്തുക്കളോടും ബ്രഹ്മണസ്പതിയോടും ദേവകളോടും വരണീയമായ രക്ഷ യാചിയ്ക്കുന്നു.1

പശു, പൃഥിവി, വൃക്ഷങ്ങൾ, ലതകൾ, ഉഷസ്സ്, രാത്രി എന്നിവയെ ഭവാൻ സ്തുതിയ്ക്കുക. വസുക്കളേ, വിശ്വവേദസ്സുകളേ, നിങ്ങളെല്ലാവരും ഞങ്ങളുടെ കർമ്മങ്ങളെ സംരക്ഷിച്ചാലും!2

ഞങ്ങളുടെ മുഖ്യമായ യജ്ഞം അഗ്നിയിങ്കലും, ദേവന്മാരിലും – ആദിത്യർ, സകർമ്മാവായ വരുണൻ, വ്യാപ്തതേജസ്കരായ മരുത്തുക്കൾ എന്നിവരിലും – വഴിപോലെ ചെന്നെത്തട്ടെ!3

വിശ്വവേദസ്സുകളായ, രിപുകർശനരായ വിശ്വോദേവകൾ മനുവിനെ കൈവളർത്തട്ടെ: വിശ്വവേദസ്സുകളേ, നിങ്ങൾ അഭംഗങ്ങളായ രക്ഷകളോടേ, ഞങ്ങൾക്കു് ഉപദ്രവരഹിതമായ ഗൃഹം കല്പിച്ചുതന്നാലും!4

സമചിത്തന്മാരേ, നിങ്ങളെല്ലാവരും ഒത്തൊരുമിച്ചു്, ഋക്കുകേൾപ്പാൻ ഇന്നു ഞങ്ങളുടെ അടുക്കൽ വന്നാലും! മരുത്തുക്കളേ, മഹതി, അദിതിദേവി, നിങ്ങൾ ഞങ്ങളുടെ ഗൃഹത്തിലിരുന്നാലും!5

മരുത്തുക്കളേ, നിങ്ങളുടെ അരുമക്കുതിരകളെ ഇങ്ങോട്ടു തെളിയ്ക്കുവിൻ; മിത്ര, ഹവിസ്സു കൈക്കൊള്ളുക; ഇന്ദ്രനും, വരുണനും, വെമ്പൽകൊള്ളുന്ന നേതാക്കളായ ആദിത്യന്മാരും ഞങ്ങളുടെ ദർഭയിൽ വന്നണയട്ടെ!6

വരുണ, ഞങ്ങൾ ദർഭ മുറിച്ചു്, അന്നങ്ങൾ പകർന്നുവെച്ചു, സോമം പിഴിഞ്ഞ്, അഗ്നിയെ ജ്വലിപ്പിച്ചു, നിങ്ങളെ മനുവെന്നപോലെ വിളിച്ചുകൊള്ളുന്നു.7

മരുത്തുക്കളേ, വിഷ്ണോ, അശ്വികളേ, പൂഷാവേ, നിങ്ങൾ എന്റെ സ്തുതിയാൽ വന്നുചേരുവിൻ; യാതൊരു വൃക്ഷാവിനെ സേവനേച്ഛുക്കൾ വൃത്രഹന്താവെന്നു വാഴ്ത്തുന്നിവോ, ആ ഒന്നാമനായ ഇന്ദ്രനും വന്നെത്തട്ടെ!8

ദ്രോഹിയ്ക്കാത്ത, വസുക്കളായ ദേവന്മാരെ, നിങ്ങൾ ഞങ്ങൾക്കു നിർബാധമായ – ദൂരത്തുനിന്നോ ചാരത്തുനിന്നോ ആരും ആക്രമിയ്ക്കാത്ത – വരണീയമായ ഗൃഹം തന്നരുളുവിൻ!9

രിപുകർശനന്മാരായ ദേവന്മാരേ, സജാതീയത്വമുണ്ടല്ലോ, നിങ്ങൾക്കു്; ചാർച്ചയുമുണ്ടു്. ഞങ്ങൾക്കു് ഒന്നാമതഭ്യുദയവും, നൂതനതരമായ ധനവുമുണ്ടാകാൻ വെക്കം അരുളിച്ചെയ്യുവിൻ!10

വിശ്വവേദസ്സുകളേ, അന്നകാമനായ ഞാൻ നിങ്ങളെക്കുറിച്ചു് ഇപ്പോൾത്തന്നെ, അന്യാദൃശ്യമായ ഒരു സ്തോത്രം, ഇപ്പോൾതന്നെ ധനം ലഭിപ്പാനായി നിർമ്മിയ്ക്കുന്നു.11

ശോഭനസ്തോത്രന്മാരേ, നിങ്ങളിൽവെച്ചു് ഉപരിഗന്താവായ, വരേണ്യനായ ആ സവിതാവു് എപ്പോൾ ഉദിയ്ക്കുമോ: അപ്പോൾ, ഇരുകാലികളും നാല്കാലികളും പറവകളും സ്വസ്വകർമ്മങ്ങളിൽ ഏർപ്പെടുകയായി!12

ഞങ്ങൾ ഉജ്ജ്വലസ്തവം പാടിക്കൊണ്ടു, നിങ്ങളിൽ ദേവനെ ദേവെനെ രക്ഷയ്ക്കു, ദേവനെ ദേവനെ അഭീഷ്ടസിദ്ധിയ്ക്കു, ദേവനെ ദേവനെ അന്നലബ്ധിയ്ക്കു വിളിച്ചുകൊള്ളുന്നു.13

ഒരേ മനസ്സുകാരായ ദേവകളെല്ലാം ഒന്നിച്ചുതന്നെ മനുവിന്നു തന്നരുളട്ടെ: അവർ ഞങ്ങൾക്ക് ഇന്നും, അവർ നാളെയും, അവർ ഞങ്ങളുടെ മകന്നും ധനം കിട്ടിയ്ക്കട്ടെ!14

അദ്രോഹികളേ, നിങ്ങളെ ഞങ്ങൾ സ്തോത്രസ്ഥാനത്തു സ്തുതിച്ചുകൊള്ളുന്നു: മിത്ര, വരുണ, ആർ നിങ്ങളുടെ തേജസ്സുകളെ പരിചരിയ്ക്കുമോ, ആ മനുഷ്യന്നു ശത്രുബാധയുണ്ടാകില്ല!15

ആർ ധനത്തിന്നായി നിങ്ങൾക്കു് നല്കുമോ, അവൻ ഗൃഹവും വലിയ അന്നങ്ങളും വർദ്ധിപ്പിയ്ക്കും; കർമ്മംമൂലം സന്താനങ്ങളാൽ പരിവൃതനായിത്തീരും. എല്ലാവരും നിർബ്ബാധം വളരും!16

ആര്യമാവു്, മിത്രൻ, വരുണൻ എന്നീ സമാനദാനന്മാർ ഒന്നിച്ചു് ആരെ രക്ഷിയ്ക്കുമോ, അവൻ യുദ്ധം കൂടാതെ നേടും; നല്ല കുതിരകളാൽ യാത്രചെയ്യും!17

നിങ്ങൾ ഇവന്നു് അധൃഷ്യത്തിലും പ്രവേശവും, ദുർഗ്ഗത്തിലും സുഖഗമനവും ഉളവാക്കുവിൻ: ഈ ഇടിവാൾ ഇവങ്കൽനിന്നു് വെക്കം പിന്തിരിയ്ക്കട്ടെ; അതു പരിക്കേല്പിയ്ക്കാതെ പൊലിഞ്ഞുപോകട്ടെ!18

പ്രീതിപ്പെടുത്തുന്ന ബലമുള്ളവരേ, വിശ്വാവേദസ്സുകളേ, ഇന്നു സൂര്യൻ ഉണരുമ്പോഴോ, ഉദിയ്ക്കുമ്പോഴോ, അകലെപ്പോകുമ്പോഴോ, പകലിന്റെ നടുവിലോ നിങ്ങൾ ഗൃഹം കൊടുക്കുമല്ലോ;19

വസുക്കളേ, വിശ്വവേദസ്സുകളേ, അഥവാ നിങ്ങൾ സന്നിഹിതരാകുമ്പോൾ, ഹവിസ്സർപ്പിയ്ക്കുന്ന യഷ്ടാവിന്നു ഭവനം നല്കുമല്ലോ. ഞങ്ങൾ അതിനകത്തു് ഉപാസിയ്ക്കുമാറാകണം!20

വിശ്വവേദസ്സുകളേ, ഇന്നു സൂര്യൻ ഉദിയ്ക്കുമ്പോഴോ, മറയുമ്പോഴോ, ഉച്ചനേരത്തോ, ഹോമിയ്ക്കുന്ന മഹത്തരജ്ഞാനനായ മനുവിന്നു നിങ്ങൾ ധനം നല്കുമല്ലോ;21

അതു ഞങ്ങൾ വരിച്ചുകൊള്ളുന്നു. പെരുമാക്കന്മാരേ, മക്കളെപ്പോലുള്ള ഞങ്ങൾ വളരെപ്പേർക്കനുഭവിയ്ക്കാവുന്ന ധനം നിങ്ങളിൽ നിന്നു നേടുമാറാകണം. ഹവിസ്സു ഹോമിയ്ക്കുന്ന ഞങ്ങൾ ധനികന്മാരായിത്തീരണം!22

കുറിപ്പുകൾ: സൂക്തം 27.

[1] ഉക്ഥമയം – സ്തോത്രശസ്ത്രാത്മകം.

[2] സ്തോതാവിനോടു്: വസുക്കളേ എന്നു തുടങ്ങുന്ന വാക്യം വിശ്വേദേവക്കളോടു്: വിശ്വവേദസ്സുകൾ – എല്ലാദ്ധനവും, അഥവാ എല്ലാ ജ്ഞാനവുമുള്ളവർ.

[4] രിപുകർശനർ = ശത്രുക്കളെ ക്ഷയിപ്പിയ്ക്കുന്നവർ, മനുവിനെ – എന്നെ. അടുത്ത വാക്യം പ്രത്യക്ഷം:

[5] ഋക്ക് – മന്ത്രസ്തുതി.

[6] വെമ്പൽക്കൊള്ളുന്ന – ശത്രുക്കളെ വധിപ്പാൻ.

[7] ഋത്വിഗ്വാക്യം: അന്നങ്ങൾ – ഹവിസ്സുകൾ.

[8] ഒന്നാമൻ – ദേവന്മാരിൽ മുഖ്യൻ.

[9] ദ്രോഹിയ്ക്കാത്ത – നേരെമറിച്ചു, സ്തോതാക്കളെ സ്നേഹിയ്ക്കുന്ന.

[10] സജാതീയത്വം = ഒരേ ജാതി എന്ന നില. ചാർച്ച – സ്തോതാവും സ്തുത്യരും തമ്മിലെസ്സംബന്ധം; ഞാൻ സ്തോതാവ്, നിങ്ങൾ സ്തുത്യർ. അരുളിച്ചെയ്യുവിൻ – അഭ്യുദയവും ധനവും തരുവിൻ എന്നർത്ഥം.

[12] ഉപരിഗന്താവു് = മുകളിൽ ഗമിയ്ക്കുന്നവൻ. ഇരുകാലികൾ – മനുഷ്യർ.

[13] ഓരോ ദേവനെയും വിളിയ്ക്കുന്നു എന്നർത്ഥം.

[14] തന്നരുളട്ടെ – ധനവും മറ്റും.

[15] സ്തോത്രസ്ഥാനത്തു് – യാഗശാലയിൽ ദേവസ്തുതിയ്ക്കുള്ള സ്ഥലത്തു്.

[16] നല്കുമോ – ഹവിസ്സ്. നിങ്ങൾക്കു ഹവിസ്സർപ്പിച്ചാൽ എല്ലാവരും വളരും.

[17] നേടും – ധനം. യാത്രയ്ക്കു് നല്ല കുതിരകളുണ്ടാകും.

[18] ഇവന്ന് – എനിയ്ക്ക്. അധൃഷ്യത്തിലും – ആക്രമിയ്ക്കാവതല്ലാത്ത ശത്രു നഗരത്തിൽപ്പോലും. ഇടിവാൾ – ശത്രു ചാട്ടുന്ന ആയുധം.

[19] അകലെപ്പോകുമ്പോഴോ – സായംകാലത്തോ.

[20] ഉപാസിയ്ക്കുമാറാകണം – ഹവിസ്സു നല്കി നിങ്ങളെ സേവിയ്ക്കുമാറാകണം.

സൂക്തം 28.

മനു ഋഷി; ഗായത്രിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

മുപ്പത്തിമൂന്നു ദേവന്മാരും ദർഭയിലിരിയ്ക്കട്ടെ; അവർ അറിഞ്ഞ്, ഇരുവട്ടം തന്നരുളട്ടെ!1

ശോഭനദാനന്മാരോടിണങ്ങുന്ന വരുണ – മിത്രാ – ര്യാമാക്കളും പത്നിമാരും അഗ്നികളും വഷട്കൃതരായല്ലോ;2

അവർ എല്ലാ അനുചരന്മാരോടും കൂടി നമ്മെ പടിഞ്ഞാറും, അവർ വടക്കും, തെക്കും, കിഴക്കും, മുകളിലും ചുവട്ടിലും നമ്മെ കാത്തരുളട്ടെ!3

ദേവന്മാർ എപ്രകാരം ഇച്ഛിയ്ക്കുമോ, അപ്രകാരംതന്നെ വരും: അതു് ആരും മാറ്റിമറിയ്ക്കില്ല; പിശുക്കനും ഉദാരനായിത്തീരും!4

ഏഴുകൂട്ടർക്കു് ഏഴു ചുരികകളുണ്ടു്. ഏഴാഭരണങ്ങളുമുണ്ടു്; അവർ ഏഴു തേജസ്സുകളെ വഹിച്ചു!5

കുറിപ്പുകൾ: സൂക്തം 28.

[1] ഇരുവട്ടം – പലവുരു എന്നർത്ഥം. തന്നരുളട്ടെ – ധനം.

[2] ശോഭനദാനന്മാർ – യജമാനന്മാർ. വഷട്കൃതർ = സ്വാഹാകൃതർ; സുഹൂതർ എന്നർത്ഥം.

[4] ദേവന്മാരിച്ഛിച്ചാൽ, പിശുക്കൻപോലും ഉദാരനായി (ദാതാവായി)ത്തീരും.

[5] ഏഴു കൂട്ടർക്ക് – സപ്തമരുദ്ഗണങ്ങൾക്കു്. മരുത്തുക്കളെല്ലാവരും സമാനരൂപരാണു്.

സൂക്തം 29.

മരീചപുത്രൻ കശ്യപനോ, മനുവോ ഋഷി; ദ്വീപദാവിരാട്ട് ഛന്ദസ്സ്; വിശ്വദേവതകൾ ദേവത. (മാകന്ദമജ്ഞരി)

പോഷകനെ,ങ്ങും ചരിപ്പോൻ യുവാവു പൊൻ –
ഭൂഷ ചാർത്തുന്നു, സുനേതാവൊരാൾ!1
വാനോരിൽവെച്ചു തിളങ്ങുമൊരാൾ നിജ –
സ്ഥാനത്തിരിയ്ക്കുന്നു, മേധായുക്തൻ!2
വാനോരിൽവെച്ചുറപ്പേറുമൊരാളുടെ
പാണിയിലുണ്ടോ,രിരിമ്പാമുളി!3
തൃക്കരംതന്നിൽ വഹിയ്ക്കുന്നതുണ്ടൊ,രാൾ
മുഷ്കരന്മാരെ മുടിയ്ക്കും വജ്രം!4
ക്രൂരമൊരായുധം കൈക്കൊണ്ടോ,നുജ്ജ്വല –
നാരോഗ്യദൗഷധനു,ഗ്രനൊരാൾ!5
കാക്കുന്നൂ മാർഗ്ഗങ്ങൾ; തസ്കരൻപോലവേ
നോക്കിവെയ്ക്കുന്നൂ, നിധികളൊരാൾ!6
എണ്ണിയളന്നാനൊ,രാളുരുഗാതവ്യൻ,
വിണ്ണവർ മത്താടും മൂപ്പാരുകൾ!7
രണ്ടുപേർ സാശ്വരായ്ച്ചുറ്റിനടക്കുന്നു,
തെണ്ടുവോർപോലൊരു പെണ്ണോടൊപ്പം!8
രണ്ടുപേരൊറ്റമട്ടാർന്ന പെരുമാക്ക –
ളുണ്ടു, നെയ്യൂണുമായ് വാഴ്‌വൂ വിണ്ണിൽ!9
ഉൽക്കൃഷ്ടസാമം ചമച്ചഭിപൂജിച്ച; –
രർക്കനെസ്സംശോഭിപ്പിച്ചാർ, ചിലർ!10
കുറിപ്പുകൾ: സൂക്തം 29.

[1] ഒരാൾ – സോമൻ.

[2] ഒരാൾ – അഗ്നി. മേധായുക്തൻ – സ്തോതാക്കൾക്കു മേധ കൊടുക്കുന്നവൻ എന്നർത്ഥം.

[3] ഉറപ്പ് – യുദ്ധസൈര്യം. ഒരാളുടെ – ത്വഷ്ടാവിന്റെ.

[4] ഒരാൾ – ഇന്ദ്രൻ. മുഷ്കരന്മാർ – ദ്രോഹികൾ.

[5] ഒരായുധം – പിനാകും. ആരോഗ്യദൗഷധൻ = ആരോഗ്യത്തെ കൊടുക്കുന്ന ഔഷധത്തോടുകൂടിയവൻ. ഉഗ്രൻ – ബലിഷ്ഠൻ. ഒരാൾ – രുദ്രൻ. രുദ്രന്റെ ഭിഷക്തമത്വം പ്രസിദ്ധം.

[6] ഒരാൾ – പുഷാവു്. തസ്കരൻ തട്ടിപ്പറിപ്പാൻ വഴികളിൽ കാവൽ നില്ക്കുകയും, നിധികൾ (നിക്ഷേപസ്ഥലങ്ങൾ) നോക്കിയറിഞ്ഞു മോഷ്ടിച്ചു കൂട്ടുകാർക്കു് കൊടുക്കുകയും ചെയ്യുമല്ലോ; അതുപോലെ പുണ്യപാപമാർഗ്ഗപാലകനും, നിധികളെടുത്തു് സ്തോതാക്കൾക്കു നൽകുന്നവനുമാകുന്നു, പൂഷാവു്.

[7] ഒരാൾ – വിഷ്ണു. ഉരുഗാതവ്യൻ = ബഹുസ്തുത്യൻ. മത്താടും – യജമാന ദത്തമായ സോമം കുടിച്ചു മത്തടിയ്ക്കുന്ന.

[8] രണ്ടുപേർ – അശ്വികൾ. സാശ്വരായ് = അശ്വസഹിതരായി. ഒരു പെണ്ണ് – സൂര്യപുത്രി.

[9] രണ്ടുപേർ – മിത്രനും വരുണനും. നെയ്യൂണുമായ് – നെയ്യാകുന്ന ഹവിസ്സു ഭുജിച്ചുകൊണ്ടു്.

[10] ചിലർ – അത്രികൾ.

സൂക്തം 30.

മനു ഋഷി; ഗായത്രിയും പുരഉഷ്ണിക്കും ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവതകൾ ദേവത.

ദേവന്മാരേ, നിങ്ങളുടെയിടയിൽ കുട്ടിയില്ല, കുമാരനുമില്ല: ഉള്ളതിൽവെച്ചു മഹാന്മാരാണല്ലോ, നിങ്ങളെല്ലാവരും!1

രിപുകർശനന്മാരായ ദേവന്മാരേ, മനുവിന്നു യജനീയരായ നിങ്ങൾ മുപ്പത്തിമൂന്നുപേരും ഇപ്രകാരം സ്തുതിയ്ക്കപ്പെടുന്നു!2

ആ നിങ്ങൾ ഞങ്ങളെ കത്തരുളുവിൻ; ആ നിങ്ങൾ രക്ഷിയ്ക്കുവിൻ; ആ നിങ്ങൾ ഞങ്ങളെ കേറ്റിപ്പറയുവിൻ. മനുവിന്റേതായ – അച്ഛന്റേതായ – വഴിയിൽനിന്നു ഞങ്ങളെ മാറ്റരുതു്; അകലത്തെയ്ക്കു നീക്കരുതു്!3

ദേവന്മാരേ, അഗ്നിമുഖരായ നിങ്ങളെല്ലാവരും ഇതിൽ വരുമല്ലോ; ആ നിങ്ങൾ ഞങ്ങൾക്കും ഗോക്കൾക്കും അശ്വങ്ങൾക്കും വിപുലമായ സുഖം കല്പിച്ചുതരുവിൻ!4

കുറിപ്പുകൾ: സൂക്തം 30.

[3] കാത്തരുളുവിൻ – ഉപദ്രവങ്ങളിൽ നിന്നു്. രക്ഷിയ്ക്കുവിൻ – സമ്പത്തു് തന്നു്.

[4] ഇതിൽ – ഞങ്ങളുടെ യാഗത്തിൽ.

സൂക്തം 31.

മനു ഋഷി; ഗായത്രിയും അനുഷ്ടുപ്പും പംക്തിയും പാദനിചൃത്തും ഛന്ദസ്സുകൾ; യജ്ഞവും യഷ്ടാവും ദമ്പതിമാരും ദേവത.

യജിച്ചവൻ വീണ്ടും യജിയ്ക്കും: പിഴിയും, പചിയ്ക്കും; ഇന്ദ്രസ്തുതിയിൽത്തന്നെ ഇച്ഛവെയ്ക്കും!1

പുരോഡാശവും പാൽ പകർന്ന സോമവും ശക്രന്ന് ആർ നല്കുമോ, അവനെ തന്തിരുവടി പാപത്തിൽ നിന്നു രക്ഷിയ്ക്കുകതന്നെ ചെയ്യും!2

അവന്നു തിളങ്ങുന്ന തേർ ദേവന്മാരയച്ചുകൊടുക്കും: അവൻ ശത്രുബാധയെല്ലം ശമിപ്പിച്ചു്, അഭിവൃദ്ധിയടയും!3

അവന്റെ ഗൃഹത്തിൽ, സന്താനങ്ങളോടും കറവപൈക്കളോടും കൂടിയ ഇള വിടാതെനിന്നു നാളിൽനാളിൽ ചുരത്തും!4

ദേവന്മാരേ, ഏതു ദംപതിമാർ ഒരേ മനസ്സോടെ പിഴിയുകയും അരിയ്ക്കുകയും, പതിവായി പാൽ പകർന്നു (നൽകുകയും ചെയ്യുമോ),5

അവരിരുവരും ഭക്ഷ്യങ്ങൾ നേടും; ഒന്നിച്ചു് യാഗംചെയ്യും; അവർ അന്നങ്ങളിൽനിന്നകലുകയില്ല!6

അവർ ദേവന്മാരിൽ വാക്കുമാറില്ല; തിരുവുള്ളം മറയ്ക്കില്ല; മഹത്തായ അന്നം നിവേദിയ്ക്കും!7

അവരിരുവരും പുത്രന്മാരോടു – കുമാരന്മാരോടു – കൂടി, പൊന്നണിഞ്ഞു, പൂർണ്ണായുസ്സു നേടും!8

അവർ പ്രീതികരമായ യജ്ഞംകൊണ്ടു ദേവകളെ സുഖിപ്പിയ്ക്കും, പരിചരിയ്ക്കും, ധനം നല്കും; നിലനില്പിന്നായി ലിംഗം യോനിയോടു ചേർക്കും!9

ഞങ്ങൾ പർവതങ്ങളുടെയും, നദികളുടെയും, (ദേവ) സഹിതനായ വിഷ്ണുവിന്റെയും സുഖം വരിച്ചുകൊള്ളുന്നു.10

ധനം നല്കി തുലോം പോറ്റിപ്പോരുന്ന സേവനീയനായ പൂഷാവു സുഖേന വന്നെത്തട്ടെ: മഹത്തായ മാർഗ്ഗം ക്ഷേമം വരുത്തട്ടെ!11

എതിരില്ലാത്ത പൂഷദേവനെ എല്ലാവരും ശ്രദ്ധവച്ചു മതിയാംവരെ സ്തുതിയ്ക്കും: ആദിതേയന്മാരുടെ (ദാനം) അനഘമാണല്ലോ!12

മിത്രൻ, അര്യമാവു്, വരുണൻ എന്നിവർ നമ്മെ കാത്തരുളുമാറു, യജ്ഞമാർഗ്ഗം സുഗമമായിത്തീരട്ടെ!13

നിങ്ങളിൽ മുമ്പനും, പുരുപ്രിയനും, ഒരു സുഹൃത്തെന്നപോലെ കർമ്മസാധകനുമായ അഗ്നിദേവനെ ഞങ്ങൾ ധനലബ്ധിയ്ക്കായി പരിചരിച്ചു സ്തുതിയ്ക്കുന്നു.14

ദേവഭക്തന്റെ രഥം, ഒരു ശൂരൻ വല്ല പടയിലുമെന്നപോലെ പായും. യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!15

യഷ്ടാവേ, ഭവാന്നും, പിഴിയുന്നവനേ, ഭവാന്നും, ദേവകാമ, ഭവാന്നും ക്ഷയം വരില്ല: യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!16

യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും; അവനോടു കർമ്മംകൊണ്ടു് ആരും അടുക്കില്ല; അവന്നു വേറുപാടോ വീതംവെപ്പോ സംഭവിയ്ക്കില്ല!17

അവനു നല്ല വീര്യവും കുതിച്ചോടുന്ന കുതിരക്കൂട്ടവും കൈവരും; യതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിപ്പാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!18

കുറിപ്പുകൾ: സൂക്തം 31.

[1] വീണ്ടും യജിയ്ക്കും – ദേവന്മാരിൽനിന്നു ധനം കിട്ടുകയാൽ. പിഴിയും – സോമം. പചിയ്ക്കും – പശുപൂരോഡാശാദി.

[4] ഇള – ഗോദേവത. ചുരത്തും – സന്താനങ്ങളെയും കറവപ്പൈക്കളെയും കൊടുക്കും.

[7] വാക്കു മാറില്ല – ഹവിസ്സു നല്കാമെന്നു നേർന്നിട്ടു, നല്കാതിരിയ്ക്കില്ല. തിരുവുള്ളം (നിങ്ങളുടെ പ്രസാദം) മറയ്ക്കില്ല; നേരെമറിച്ചു, വെളിവിൽ സ്തുതിയ്ക്കും.

[8] കുമാരന്മാർ – പതിനാറോളം വയസ്സു ചെന്ന ഉണ്ണികൾ.

[9] ധനം നല്കും – ദാനയോഗ്യർക്ക്. നിലനില്പ് – വംശസ്ഥിതി, സന്താനാഭിവൃദ്ധി.

[10] പർവതങ്ങളുടെ സുഖം സ്ഥിരത; നദികളുടെ സുഖം തീരത്തു മുനികളുടെയും മറ്റും ജപാനുഷ്ഠാനം; വിഷ്ണുവിന്റെ സുഖം ശത്രുവധം.

[11] മാർഗ്ഗം – പൂഷാവു വന്നാൽ, മാർഗ്ഗം ക്ഷേമകരമായി!

[14] ദേവന്മാരോടു പ്രത്യക്ഷോക്തി:

[15] അയഷ്ടാക്കൾ – യജ്ഞംചെയ്യാത്തവർ.

[16] പിഴിയുന്നവർ – സോമം.

[17] വേറുപാട് – സ്വസ്ഥാനവിയോഗം. വീതംവെപ്പ് – പുത്രാദികളുമായി സ്വത്തു ഭാഗിയ്ക്കൽ.

സൂക്തം 32.

കണ്വഗോത്രൻ മേധാതിഥി ഋഷി: ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഋജീഷയുതനാമിന്ദ്രൻ സോമത്താൽ മത്തുദിയ്ക്കവേ
ചെയ്തുവെച്ചവയെപ്പാടിവാഴ്ത്തുവിൻ, നിങ്ങൾ കണ്വരേ:1
സൃബിന്ദൻ, പിപ്രുവും, ദാസ, നനർശനി, മഹീശൂവൻ
ഇവരെക്കൊന്നുവല്ലോ, നീരൊഴുക്കാനുഗ്രനാമിവൻ!2
തടുക്കുന്ന പെരുംകാർതന്നിടം കുത്തിപ്പൊളിയ്ക്ക, നീ:
കല്പിച്ചുകാണിയ്ക്കണ,മൊന്നിന്ദ്ര, നീയപ്പരാക്രമം!3
കേൾപ്പാൻ, നിങ്ങളെ രക്ഷിപ്പാൻ, തണ്ണീർക്കഭൂത്തെയാവിധം
വിളിയ്ക്കുവൻ, നല്ലണകളുള്ള വിക്രമവാനെ ഞാൻ!4
ഒരൻപു തോന്നിയാൽശ്ശൂര, ഗോതുരംഗത്തൊഴുത്തു നീ
തുറന്നരുളുമേ, സോമയോഗ്യർക്കു പുരിപോലവേ!5
എൻവാഴ്ത്തലിൽത്താൻ നീരിൽത്താനിമ്പംകൊൾവവനെങ്കിൽ, നീ
ഭക്ഷ്യവും തരുവോനെങ്കിൽ, ദ്ദുരാൽ വരിക, സാന്നനായ്!6
നിന്നെ സ്തുതിപ്പതുണ്ടല്ലോ; ഞങ്ങളിന്ദ്ര, നുതിപ്രിയ:
സോമം നുകരുവാനോ, നീയാമോദിപ്പിയ്ക്കുകെ,ങ്ങളെ!7
ഞങ്ങൾക്കു കൊണ്ടുവന്നാലു,മക്ഷയാന്നം രസേന നീ:
മഘവാവേ, തിരുവടിയ്ക്കുണ്ടല്ലോ, വളരെദ്ധനം!8
അശ്വത്തെയും ഗോവിനെയും പൊന്നുമെങ്ങൾക്കു നല്ക, നീ:
സമൃദ്ധരായ്ബ്ഭവിയ്ക്കാവൂ, ഞങ്ങളന്നങ്ങളാലുമേ!9
താങ്ങാൻ തൃക്കൈകൾ നീട്ടുന്ന വിപുലസ്തവനാർഹനെ,
കാക്കാൻ തക്കതനുഷ്ഠിയ്ക്കുന്നോനെ ഞങ്ങൾ വിളിയ്ക്കുവോം!10
അവിടുന്നടരിൽ ബ്ഭൂരികർമ്മാവ,തതു ചെയ്യുവോൻ,
വൃത്രാന്തകൻ, സ്തുതിയ്ക്കുന്നോർക്കരുസമ്പത്തു വെച്ചവൻ!11
അശ്ശക്രനിന്ദ്രൻ ദാതാവു ശക്തരാക്കട്ടെ, നമ്മെയും;
അടയ്ക്കട്ടേ, പഴുതുകളെല്ലാരക്ഷകളാലുമേ!12
ആർ സമ്പത്തു ഭരിയ്ക്കുന്നോൻ, മഹാൻ ശുഭസമാപനൻ,
പിഴിവോനു സഖാവാരാ,യിന്ദ്രന്നായ് നിങ്ങൾ പാടുവിൻ:13
നിയന്താവു, മഹാൻ, പോരിൽ സ്ഥിര,നന്നമടക്കുവോൻ,
ബലത്താൽത്തന്തിരുവടി ബഹുസ്വത്തിന്നധീശ്വരൻ!14
അവന്റെ ശുഭകർമ്മങ്ങൾക്കില്ല, മേലാളിയായൊരാൾ;
അവന്നൗദാര്യമില്ലെന്നു മിണ്ടിപ്പോകില്ലൊരുത്തനും!15
ഭൂജിയ്ക്കുവാനായ്പ്പിഴിയും ബ്രാഹ്മണർക്കില്ലതാൻ, കടം;
വിത്തം വളരെയില്ലാത്ത മർത്ത്യൻ സോമം കുടിച്ചിടാ!16
സ്തുത്യന്നേ പാടുവിൻ, ചാരേ; സ്തുത്യന്നേ ചൊല്പിനുക്ഥവും;
സ്തുത്യന്നുതന്നെയർപ്പിപ്പിൻ നിങ്ങളാഹുതിവസ്തവും!17
നൂറുമായിരവുംപേരെ സ്തുത്യനിന്ദ്രൻ പിളർത്തുമേ;
എതിരില്ലാത്ത ബലവാൻ യജ്വാക്കളെ വളർത്തുമേ!18
ഇന്ദ്ര, മർത്ത്യന്റെയന്നത്താലമറേത്തു കഴിയ്ക്ക, നീ;
സോമം കുടിയ്ക്കയുംചെയ്ക, സമാഹ്വാതവ്യനാം ഭവാൻ!19
കാവപ്പയ്യിനാൽ മേടിച്ചതും, തണ്ണീർ പകർന്നതും,
നിന്റേതുമാമിസ്സോമത്തെ നുകർന്നരുളുകി,ന്ദ്ര, നീ!20
ചൊടിച്ചു പിഴിയുന്നോനെ,യുദേശേ പിഴിവോനെയും
കടന്നുപോരുക: നുകർന്നരുൾകീ,ത്തന്ന നീർ ഭവാൻ!21
മൂന്നിടത്തും വരണമേ, ദൂരാൽ: പഞ്ചജനങ്ങളെ
കടന്നു പോന്നുകൊണ്ടാലും, സ്തവനം കേട്ടറിഞ്ഞ നീ!22
പൊഴിയ്ക്ക, സൂര്യൻ കതിർപോ;ലെന്റെ ചൊല്ലുകളൊപ്പമേ
നിങ്കലെത്തട്ടെ, തണ്ണീർകൾ നിമ്നസ്ഥാനത്തുപോലവേ!23
അധ്വര്യോ, നീ സുഹനുവാം വീരന്നായ്പ്പകരൂ,ദ്രുതം:
കൊണ്ടുവന്നീടുക, പിഴിഞ്ഞുള്ള സോമം കുടിയ്ക്കുവാൻ.24
ഇവൻ നീർക്കായ് മുകിൽ പിളർത്തംഭസ്സിങ്ങോട്ടൊഴുക്കിനാൻ;
പൈക്കളിൽപ്പക്വമായുള്ള പാലും നിർത്തീടിനാനിവൻ!25
തേജോയുധൻ വൃത്രനെയുമൗർണ്ണവാഭനെയും സ്വയം
അഹീശുവനെയും കൊന്നാൻ; മേഘം മഞ്ഞാൽപ്പിളർത്തിനാൻ!26
ചെറുത്തുനിന്നുഗ്രനെവൻ കീഴമർത്തു കടന്നുപോം;
പാടുവിൻ, നിങ്ങളവനെപ്പറ്റിദ്ദേവാപ്തമാം സ്തവം!27
ഈയിന്ദ്രൻ, സോമപാനത്താലൊരു മത്തു പിടിയ്ക്കവേ
വെളിപ്പെടുത്തിനാനല്ലോ, കർമ്മമെല്ലാമമർത്ത്യരിൽ!28
ഒപ്പമേ മത്തുകൊള്ളുന്നാപ്പൊൻകേസരഹരിദ്വയം
ഇങ്ങോട്ടു കൊണ്ടുപോരട്ടേ, ഹിതമാമന്നമുണ്ണുവാൻ!29
യജ്ഞപ്രിയർ പുകഴ്ത്തിപ്പോരുന്നാ ഹരികളങ്ങയെ
ഇങ്ങോട്ടു കൊണ്ടുവരുമേ, സോമമുണ്ണാൻ പുരുസ്തുത!30
കുറിപ്പുകൾ: സൂക്തം 32.

[1] കണ്വൻ – കണ്വഗോത്രർ.

[2] സൃബിന്ദൻ മുതൽ അഞ്ചുപേരും അസുരന്മാരാകുന്നു. നീരൊഴുക്കാൻ – മഴപെയ്യാൻ. ഉഗ്രൻ – തേജസ്വി.

[3] തടുക്കുന്ന – വെള്ളം പുറത്തെയ്ക്കു വിടാത്ത.

[4] സ്തോതാക്കളോടു്: കേൾക്കാൻ – സ്തുതികൾ. തണ്ണീർക്കഭ്രത്തെയാം വിധം – വെള്ളം കിട്ടാൻ മേഘത്തെ എന്നപോലെ. അണകൾ = അണക്കടകൾ.

[5] ഇന്ദ്രനോടു നേരിട്ട്: സോമയോഗ്യർ – യജമാനന്മാർ.

[6] എന്റെ സ്തുതിയിലോ, നീരിലോ (സോമരസത്തിലോ). ദൂരാൽ = അകലത്തുനിന്നു്. സാന്നനായ് – അന്നത്തോടുകൂടി.

[8] രസേന – പ്രീതിയോടെ.

[10] പരോക്ഷോക്തി: താങ്ങാൻ – ലോകത്തെ. വിപുലസ്തവനാർഹൻ – വലിയ സ്തുതിയ്ക്കർഹൻ. വിളിയ്ക്കുവോം – വിളിയ്ക്കുന്നു.

[11] അതത് – ശത്രുവധാദി. സ്തുതിയ്ക്കുന്നോർക്ക് – സ്തോതാക്കൾക്കു കൊടുപ്പാൻ.

[12] പഴുതുകൾ – ആപൽപ്രവേശദ്വാരങ്ങൾ.

[13] ശുഭസമാപനൻ – കർമ്മത്തെ ശുഭമാംവണ്ണം അവസാനിപ്പിയ്ക്കുന്നവൻ. ഇന്ദ്രനായ് – ഇന്ദ്രനെക്കുറിച്ചു്.

[14] അടക്കുവോൻ – അധീനമാക്കുന്നവൻ.

[16] കടം – ദേവകൾക്കു വീട്ടേണ്ടുന്ന ഋണം. സോമം കുടിച്ചിടാ – ബഹുധനവ്യയംകൊണ്ടേ സോമയാഗം സാധ്യമാകൂ.

[17] സ്തോതാക്കളോടു്: സ്തുത്യന്നേ – സ്തുത്യനായ ഇന്ദ്രനെക്കുറിച്ചുതന്നെ. പാടുവിൻ – സാമം. ഉത്തരാർദ്ധം അധ്വര്യുക്കളോടു്: ആഹുതിവസ്തു – ഹവിസ്സ്.

[18] പേരെ – ശത്രുക്കളെ.

[19] സമാഹ്വാതവ്യൻ = വഴിപോലെ വിളിയ്ക്കപ്പെടേണ്ടവൻ.

[20] കറവപ്പയ്യിനാൽ – ഒരു കറവപ്പയ്യിനെ വിലയായിക്കൊടുത്തു്. നിന്റേതു് – ഭവാന്നായി വെയ്ക്കപ്പെട്ടതു്.

[21] ചൊടിച്ചു – ക്രോധത്തോടെ. അദേശേ – കൊള്ളരുതാത്തേടത്തു്. കടന്നുപോരുക – അവരുടെ അടുക്കൽ നില്ക്കരുതു്. ഈത്തന്ന നീർ – ഞങ്ങൾ തക്ക സ്ഥലത്തുവെച്ചു പിഴിഞ്ഞുതന്ന ഈ സോമരസം.

[22] മൂന്നിടത്തും – മുമ്പിലും പിമ്പിലും പാർശ്വത്തിലും. സ്തവനം ഞങ്ങളുടെ സ്തുതി.

[23] സൂര്യൻ രശ്മി പൊഴിയ്ക്കുന്നതുപോലെ, ഭവാൻ എനിയ്ക്കു ധനം പൊഴിച്ചാലും. ചൊല്ലുകൾ – സ്തുതികൾ. നിമ്നസ്ഥാനം = താന്നേടം.

[24] സുഹനു = നല്ല അണക്കടകളുള്ളവൻ. പകരൂ – പാത്രത്തിൽ കുടിയ്ക്കുവാൻ – ഇന്ദ്രന്ന്.

[25] നീർക്കായ് – വെള്ളത്തിന്നുവേണ്ടി. അംഭസ്സ് – ജലം.

[26] തേജോയുതൻ – തേജസ്വിയായ ഇന്ദ്രൻ. ഔർണ്ണവാഭനും അഹീശുവനും അസുരന്മാരത്രേ.

[27] ഉദ്ഗാതാക്കളോടു്: കീഴമർത്തുക – ശത്രുക്കളെ. അവനെ – ആ ഇന്ദ്രനെ. ദേവാപ്തം – ദേവപ്രസാദത്താൽ കിട്ടിയതു്.

[29] പൊൻകേസരഹരിദ്വയം = കനകകുഞ്ചിരോമങ്ങളുള്ള രണ്ടു ഹരികൾ. കൊണ്ടുപോരട്ടെ – ഇന്ദ്രനെ. അന്നം – സോമരസം.

[30] യജ്ഞപ്രിയർ – യഷ്ടാക്കൾ.

സൂക്തം 33.

കണ്വഗോത്രൻ മേധ്യാതിഥി ഋഷി; ബൃഹതിയും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

വൃത്രഹന്താവേ, പിഴിഞ്ഞ ഞങ്ങൾ ഭവാങ്കൽ, തണ്ണീരുകൾ പോലെ (അണയുന്നു); സ്തോതാക്കളും ദർഭ മുറിച്ചു, സോമനീരരിച്ചു ഭവാനെ പര്യുപാസിയ്ക്കുന്നു.1

വസോ, നേതാക്കൾ സോമം പിഴിഞ്ഞ്, അങ്ങയെ പുറപ്പെടുവിയ്ക്കാൻ ഉക്ഥങ്ങൾ ഉച്ചരിയ്ക്കുന്നു: ഇന്ദ്ര, അവിടുന്നു നീരിന്നു ദാഹിച്ചുകൊണ്ടു്, ഒരു മുക്രയിടുന്ന കാളപോലെ എപ്പോൾ സ്ഥാനത്തു വന്നെത്തും?2

ധൃഷ്ണോ, ഒരായിരം കൂസലില്ലാത്ത അന്നം കണ്വന്മാർക്കു തിരിക: കാഴ്ച തെളിഞ്ഞ മഘവാവേ, മഞ്ഞച്ച അന്നവും ഗോക്കളെയും ഞങ്ങൾ ഭവാനോടു ശീഘ്രം യാചിയ്ക്കുന്നു!3

മേധ്യാതിഥേ, നീ സോമം കുടിയ്ക്കുക, അതിന്റെ മത്തിൽ ഇന്ദ്രനെപ്പറ്റി പാടുക: പൊന്നിൻ തേരിൽ ഇരുഹരികളെ പൂട്ടുന്നവനും, പിഴിഞ്ഞാൻ തുണയ്ക്കുന്നവനുമാണല്ലോ, ഈ വജ്രി!4

നല്ല ഇടംവലംകൈകളുള്ളവൻ, ഈശ്വരൻ, ശോഭനപ്രജ്ഞൻ, ആയിരം ചെയ്തവൻ, ബഹുധനൻ, പുരികൾ പിളർത്തവൻ, സുസ്ഥിരൻ – ഇപ്രകാരമുള്ള ഇന്ദ്രനെ ഞങ്ങൾ സ്തുതിയ്ക്കുന്നു.5

ധർഷകൻ, എതിർക്കപ്പെടാത്തവൻ, പടകളിൽ പയറ്റിയവൻ, സമ്പത്തേറിയവൻ, പിഴിയിയ്ക്കുന്നവൻ – ഇപ്രകാരമുള്ള പുരുസ്തുതൻ കർമ്മശക്തന്ന് ഒരു പയ്യുപോലെയാണു്!6

പിഴിഞ്ഞാൽ ഒപ്പം കുടിയ്ക്കുന്ന തന്തിരുവടിയെ ആരറിയും? എന്തൊരന്നം തിരുവയറ്റിലാക്കും? നല്ല അണക്കടയുള്ള അവിടുന്നു സോമത്തിന്റെ മത്തിൽ പുരികൾ ബലേന പിളർത്തും!7

മാറ്റാനെത്തേടുന്ന മതംഗജം മദനീരെന്നപോലെ, താൻ വളരെയിടങ്ങളിൽ മത്തുകൊള്ളും. അങ്ങയെ അരും പിടിച്ചുനിർത്തില്ല: സോമത്തിന്നു വരിക, കെല്പോടെ ചുറ്റിനടക്കുന്ന മാഹാനാണല്ലോ അവിടുന്നു്!8

യാതൊരുഗ്രൻ ദുസ്തരനായി, ഉറപ്പോടേ, പോരിന്നു കോപ്പണിയുമോ; ആ മഘവാവായ ഇന്ദ്രൻ സ്തോതാവിന്റെ വിളി കേട്ടാൽ വിട്ടുപോകില്ല, വരും!9

ഉഗ്ര, തീർച്ചയായും ഭവാൻ ഇങ്ങനെ വർഷിയ്ക്കും; വൃഷാക്കളാൽ ഞങ്ങളിൽ എത്തിയ്ക്കപ്പെടും. ദൂരത്തു വൃഷാവെന്നു കേൾവിപ്പെട്ടവനാണല്ലോ, ഭവാൻ; ചാരത്തും വൃഷാവെന്നു വിശ്രുതൻതന്നെ!10

മഘവാവേ, ഭവാന്റെ കടിഞ്ഞാണുകൾ വൃഷാക്കളാണു്; പൊന്നിൻചമ്മട്ടി വൃഷാവാണു്; പള്ളിത്തേർ വൃഷാവാണു്; ഹരികൾ വൃഷാക്കളാണു്; ശതക്രതോ, ഭവാനും വൃഷാവാണു്!11

വൃഷാവേ, അങ്ങയ്ക്കായി പിഴിയുന്നവൻ വൃഷാവായി പിഴിയട്ടെ: ഋജീഷിൻ, കൊണ്ടുവന്നാലും. ഹരികളുടെ മുന്നിൽ നില്ക്കുന്നവനേ, അങ്ങയ്ക്കായി വൃഷാവു വൃഷാവിനെ വെള്ളത്തിലിട്ടിരിയ്ക്കുന്നു!12

ഇന്ദ്ര, മഹാബല, അങ്ങ് സോമമധു നുകരാൻ വന്നാലും: (വരാഞ്ഞാൽ) സുകർമ്മാവായ മഘവാവു സ്തുതികളും സ്തോത്രങ്ങളും ശസ്ത്രങ്ങളും നേരേ കേൾക്കില്ലല്ലോ!13

വൃത്രഘ്ന, ശതക്രതോ, തേരിലിരിയ്ക്കുന്ന സ്വാമിയായ ഭവാനെ തേർക്കുതിരകൾ അന്യസവനങ്ങളെത്തള്ളി, ഇങ്ങോട്ടു കൊണ്ടുപോരട്ടെ!14

മഹാമഹ, അവിടുന്നു ഞങ്ങളുടെ തുലോം അടുത്ത സ്തോത്രം ഉൾക്കൊണ്ടാലും: തിളങ്ങുന്നവനേ, സോമപായിൻ, അങ്ങയുടെ മത്തിന്നായി ഞങ്ങൾ പിഴിഞ്ഞതു് ഏറ്റവും സുഖമുളവാക്കട്ടെ!15

ആർ നമ്മെ നയിച്ചുപോന്നുവോ, ആ വീരന്നു നിന്നെയോ എന്നെയോ അന്യനെയോ ശാസിയ്ക്കുന്നതു പ്രിയമല്ല!16

ഇന്ദ്രൻതന്നെ അരുളിച്ചെയ്തിരിക്കുന്നു: – ‘സ്ത്രീയുടെ മനസ്സ് അടക്കിനിർത്താവുന്നതല്ല.’ ബുദ്ധിയ്ക്കു കനമില്ലെന്നും പറയുകയുണ്ടായി!17

അശ്വങ്ങളും മത്തിന്നായി നടകൊള്ളുമ്പോൾ രണ്ടെണ്ണം ചേർന്നാണു്, വൃഷാവിന്റെ തേർ വലിയ്ക്കുന്നതു്; ഇത്രമേലുണ്ടു, കനം!18

‘നീ കീഴ്പോട്ടു നോക്കൂ, മേല്പോട്ടരുതു് കാലടികൾ ചേർത്തുവയ്ക്കുക. നിന്റെ കണങ്കാലുകൾ കാണപ്പെടരുതു്: ഒരു ബ്രാഹ്മണനായിരുന്ന നീ പെണ്ണായിപ്പോയല്ലോ!’19

കുറിപ്പുകൾ: സൂക്തം 33.

[1] തണ്ണീരുകൾ താന്നേടത്തെന്നപോലെ. പര്യപാസിയ്ക്കുന്നു = സമീപിയ്ക്കുന്നു.

[2] നീരിന്നു ദാഹിച്ചുകൊണ്ട് – സോമനീരിൽ തൃഷ്ണയോടെ. സ്ഥാനത്തുള്ള – യജ്ഞസദനത്തിൽ.

[3] കൂസലില്ലാത്ത – നിർഭയമായ.

[4] തന്നോടുതന്നെ പറയുന്നു.

[5] ആയിരം – അസംഖ്യകർമ്മങ്ങൾ. സുസ്ഥിരൻ – കർമ്മങ്ങളിൽ.

[6] പയ്യു പാൽ കൊടുക്കുന്നതുപോലെ, ഇന്ദ്രൻ കർമ്മശക്തന്നു് (യഷ്ടാവിന്നു്) അഭീഷ്ടങ്ങൾ നല്കും.

[7] ഒപ്പം – ഋത്വിക്കോടുകൂടി. എന്തൊരന്നം തിരുവയറ്റിലാക്കും – എന്തൊരന്നമായിരിയ്ക്കും, അവിടെയ്ക്കു പ്രിയം? പുരികൾ – അസുരനഗരികൾ.

[8] മതംഗജം = ആന. താൻ = ഇന്ദ്രൻ. അടുത്ത വാക്യം പ്രത്യക്ഷോക്തി;

[9] പരോക്ഷോക്തി.

[10] പ്രത്യക്ഷോക്തി: വർഷിയ്ക്കും – അഭീഷ്ടങ്ങളെ. വൃഷാക്കൾ – യുവാശ്വങ്ങൾ.

[11] എല്ലാ വൃഷശബ്ദത്തിന്നും, വർഷി എന്നുതന്നെയാണർത്ഥം.

[12] കൊണ്ടുവന്നാലും – ഞങ്ങൾക്കു ധനം. വൃഷാവ്—പിഴിയുന്നവൻ. വൃഷാവിനെ – സോമത്തെ.

[13] രണ്ടാംവാക്യം പരോക്ഷം:ശസ്ത്രങ്ങൾ – ഉക്ഥങ്ങൾ.

[15] മഹാമഹ – മഹാന്മാരിൽവെച്ചു മഹാനേ.

[16] പരോക്ഷോക്തി: ശാസിയ്ക്കുന്നതു പ്രിയമല്ല – രക്ഷിയ്ക്കുന്നതേ പ്രിയമാകൂ.

[17] മേധ്യാതിഥിയ്ക്കു ധനം കൊടുത്തുപോന്ന പ്രയോഗപുത്രൻ ആസംഗൻ പുരുഷത്വം വിട്ടു സ്ത്രീയായിപ്പോയി. അപ്പോൾ ഇന്ദ്രൻ പറഞ്ഞതാണു്, ഈ ഋക്കിലെ വിഷയം.

[18] മത്തിന്നായി – സോമം കുടിപ്പാൻ.

[19] സ്ത്രീയായിത്തീർന്ന പ്രയോഗപുത്രനോടു് ഇന്ദ്രൻ പറഞ്ഞതു്. ചേർത്തുവെയ്ക്കുക – പുരുഷനെപ്പോലെ അകത്തി വെയ്ക്കരുതു്. കാണപ്പെടരുതു് – കണങ്കാലുകൾ മറയത്തക്കവണ്ണം വേണം, വസ്ത്രമുടുക്കുക.

സൂക്തം 34.

കണ്വഗോത്രൻ നീപാതിഥി ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)

ഇന്ദ്ര, കണ്വന്റെ നൽസ്തുതി കേൾപ്പാൻ
വന്നാലും, ഹരിയുക്തനായ്;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!1
ഉച്ചത്തിൽ വിളിച്ചെത്തിയ്ക്ക, നിന്നെ –
യിച്ചതകല്ലു സോമിയായ്;
വിൺഭരിപ്പോനെ, ദീപ്തഹവ്യ, നീ
വിണ്ണിലേയ്ക്കെഴുന്നള്ളുക!2
ആകമ്പിപ്പിപ്പതുണ്ടി,തിന്റെ ചു –
റ്റാ,ടിനെച്ചെന്നായ്പോലവേ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ,നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!3
അങ്ങയെ വിളിയ്ക്കുന്നു, കണ്വന്മാ –
രിങ്ങന്നാപ്തിയ്ക്കും, രക്ഷയ്ക്കും;
വിൺഭരിപ്പോനേ, ദീപ്തഹവ്യ,നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!4
വായുവിന്നെന്നപോലേ, മുമ്പുണ്മാ –
നായങ്ങയ്ക്കേകാം, സോമം ഞാൻ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!5
എങ്ങളിൽ വരികൊ,ക്കെത്താങ്ങുന്ന
വിൺകുടുംബി നീ രക്ഷിപ്പാൻ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!6
എങ്ങളിൽ വരികെ,ണ്ണാസ്വത്തുള്ള
തുംഗധീ ലക്ഷരക്ഷൻ നീ;
വിൺഭരിപ്പോനേ; ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!7
മർത്ത്യസ്ഥപിതൻ ഹോതാവു,മ്പരിൽ
സ്തുത്യൻ വരുത്തുകങ്ങയെ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!8
എത്തിയ്ക്ക, നിന്നെദ്ദർപ്പഘ്നാശ്വങ്ങൾ,
പത്രം പരുന്തിനെപ്പോലേ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!9
സ്വാമിൻ, സർവത്ര വന്നാലും, സ്വാഹാ
സോമം കുടിപ്പാനായ്ബ്ഭവാൻ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!10
ഇങ്ങുക്ഥം കേൾപ്പാൻ വന്നാലും, ഭവാ –
നെങ്ങളെത്തോഷിപ്പിച്ചാലും;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!11
ഒറ്റമട്ടൊക്കുമശ്വങ്ങളുമായ് –
പ്പുഷ്ടാശ്വ, വരികെങ്ങളിൽ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!12
വന്നാലും, ഭവാൻ പർവതങ്ങളിൽ
നിന്നും വാനിങ്കൽനിന്നുമേ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!13
ആയിരമശ്വഗോക്കളെ ഞങ്ങൾ –
ക്കായരുളുക, ശൂര, നീ;
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!14
ആയിരം, പതിനായിരം, നൂറു –
മായാനയിയ്ക്ക, ഞങ്ങൾക്കായ്
വിൺഭരിപ്പോനേ, ദീപ്തഹവ്യ, നീ
വിണ്ണിലെയ്ക്കെഴുന്നള്ളുക!15
ആയിരം വസുരോചിസ്സുകളാ –
മീയുള്ളവരുമിന്ദ്രനും
കൈക്കൊണ്ടുവല്ലോ, നാല്കാലികളെ –
യൂക്കാളും തുരഗങ്ങളെ;16
നേരേ നടന്നു പാഞ്ഞൊഴുകുമാ
മാരുതോപമവേഗികൾ
സൂരനെപ്പോലെ സംശോഭിയ്ക്കുന്നു,
പാരം പടർന്ന തേജസ്സാൽ!17
തേരുരുളിനെശ്ശീഘ്രം വലിച്ചു-
പോരുമത്തുരഗങ്ങളെ
ആരണ്യഭൂവിൽ വെച്ചല്ലോ വാങ്ങീ,
പാരാവതങ്കൽനിന്നു ഞാൻ!18
കുറിപ്പുകൾ: സൂക്തം 34.

[1] ദീപ്തഹവ്യ – തിളങ്ങുന്ന ഹവിസ്സോടുകൂടിയവനേ. എഴുന്നള്ളുക – ഹവിസ്സു ഭക്ഷിച്ചിട്ടു, തിരിയേ പോയ്ക്കൊള്ളുക.

[2] ചതകല്ലു് – അമ്മിക്കുഴ. ചതയ്ക്കുമ്പോഴത്തെ ഒച്ചതന്നെ, വിളി. സോമി = സോമത്തോടുകൂടിയതു്.

[3] ഇതിന്റെ, (അമ്മിക്കുഴയുടെ) ചുറ്റ് (ചതയ്ക്കുന്ന ഭാഗം) ആകമ്പിപ്പിപ്പതുണ്ടു് – സോമലതയെ ഇളക്കുന്നുണ്ടു്. ആടിനെ – ചെന്നായിനെ കണ്ടാൽ ആട് ആകമ്പിയ്ക്കു (പേടിച്ചു വിറയ്ക്കു) മല്ലോ.

[4] ഇങ്ങ് – യജ്ഞത്തിൽ.

[5] വായുവിന്നത്രേ, യാഗത്തിൽ ആദ്യം സോമം.

[6] ഒക്കെ – ജഗത്തെല്ലാം. വിൺകുടുംബി – സ്വർഗ്ഗത്തിലെ ഗൃഹസ്ഥൻ.

[7] എണ്ണാസ്വത്ത് = അസംഖ്യധനം. തുംഗധീ = മഹാമതി. ലക്ഷരക്ഷൻ – വളരെ വളരെ രക്ഷകളുള്ളവൻ.

[8] മർത്ത്യസ്ഥാപിതൻ – മനുഷ്യരാൽ ഗൃഹത്തിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടവൻ. ഉമ്പരിൽ – ദേവന്മാരിൽവെച്ചു സ്തുത്യനായ ഹോതാവു് (ദേവഹോതരായ അഗ്നി) അങ്ങയെ ഇവിടെ വരുത്തട്ടെ.

[9] ദർപ്പഘ്നാശ്വങ്ങൾ – ശത്രുഗർവു നശിപ്പിയ്ക്കുന്ന ഹരികൾ. പത്രം = ചിറകു്. ചിറകുകൾ പരുന്തിനെയെന്നപോലെ, രണ്ടു ഹരികൾ നിന്നെ എത്തിയ്ക്ക – കൊണ്ടുവരട്ടെ.

[12] ഒറ്റമട്ടൊക്കും – ഏകരൂപങ്ങളായ. പുഷ്ടാശ്വ – അശ്വങ്ങളെ പോറ്റുന്നവനേ.

[14] അരുളുക – കല്പിച്ചുതന്നാലും.

[15] ആനയിയ്ക്ക – അഭീഷ്ടവസ്തുക്കൾ കൊണ്ടുവന്നാലും.

[16] വസുരോചിസ്സുകളായ, അംഗിരോഗോത്രരായ, ഈയുള്ളവർ (ഞങ്ങൾ) ആയിരംപേരും, ഞങ്ങളുടെ നേതാവായ ഇന്ദ്രനും പാരാവതങ്കൽനിന്നു തുരഗങ്ങളെ സ്വീകരിച്ചു.

[17] പാഞ്ഞൊഴുകും – ജലപ്രവാഹസാദൃശ്യം ധ്വനിയ്ക്കുന്നു. ആ മാരുതോപമവേഗികൾ – കാറ്റിനൊത്ത വേഗമുള്ള തുരഗങ്ങൾ. സൂരൻ = സൂര്യൻ.

[18] ആരണ്യഭൂവ് = വനപ്രദേശം പാരാവതൻ – ഒരു രാജാവു്. ഞാൻ – ഞങ്ങൾ ആയിരം പേർ.

സൂക്തം 35.

അത്രിഗോത്രൻ ശ്യാവാശ്വൻ ഋഷി; ഉപരാഷ്ട്രജ്ജ്യോതിസ്സും പംക്തിയും മഹാബൃഹതിയും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

അശ്വികളേ, അഗ്നി, ഇന്ദ്രൻ, വരുണൻ, വിഷ്ണു, ആദിത്യർ, രുദ്രർ, വസുക്കൾ എന്നിവരോടൊന്നിച്ചു്, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ സോമം കുടിയ്ക്കുവിൻ!1

ബലവാന്മാരായ അശ്വികളേ, എല്ലാ പ്രജ്ഞകളോടും ഭുവനത്തോടും വിണ്ണിനോടും മന്നിനോടും മലകളോടുമൊന്നിച്ചു്, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ സോമം കുടിയ്കുവിൻ!2

അശ്വികളേ, മുപ്പത്തിമൂന്നു ദേവകളോടെല്ലാവരോടും തണ്ണീരുകളോടും മരുത്തുക്കളോടും ഭൃഗുക്കളോടുമൊന്നിച്ചു്, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ഇവിടെ സോമം കുടിയ്ക്കുവിൻ!3

അശ്വിദേവന്മാരേ, യജ്ഞത്തിൽ വരുവിൻ: എന്റെ വിളി കേൾക്കുവിൻ: ഇവിടെ എല്ലാസ്സവനങ്ങളിലും സന്നിഹിതരാകുവിൻ. ഉഷസ്സിന്നോടും സൂര്യനോടും കൂടി നിങ്ങൾ ഞങ്ങൾക്ക് അന്നം കൊണ്ടു വരുവിൻ! 4

അശ്വിദേവന്മാരേ, നിങ്ങൾ, രണ്ടു യുവാക്കന്മാർ കന്യകമാരുടെ വിളിയെന്നപോലെ, ഇവിടെ സ്തോത്രം കേൾക്കുവിൻ: എല്ലാസ്സവനങ്ങളിലും സന്നിഹിതരാകുവിൻ; ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ഞങ്ങൾക്ക് അന്നം കൊണ്ടുവരുവിൻ!5

അശ്വിദേവന്മാരേ, സ്തുതി കേൾക്കുവിൻ, യജ്ഞത്തിൽ വരുവിൻ. ഇവിടെ എല്ലാസ്സവനങ്ങളിലും സന്നിഹിതരാകുവിൻ; ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ഞങ്ങൾക്കു് അന്നം കൊണ്ടുവരുവിൻ!6

അശ്വികളേ, നിങ്ങൾ വെള്ളത്തിൽ രണ്ടു ഹാരിദ്രവങ്ങൾ പോലെയും രണ്ടു പോത്തുകൾപോലെയും സോമനീരിൽ അണയാറുണ്ടല്ലോ; ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ മൂന്നു വഴിയ്ക്കു വരുവിൻ!7

അശ്വികളേ, നിങ്ങൾ, രണ്ടു ഹംസങ്ങൾപോലെയും രണ്ടു വഴിപോക്കർപോലെയും രണ്ടു പോത്തുകൾപോലെയും സോമനീരിൽ പറന്നണയാറുണ്ടല്ലോ; ഉഷസ്സിനോടും സൂര്യനോടും കൂടി നിങ്ങൾ മൂന്നു വഴിയ്ക്കു വരുവിൻ!8

അശ്വികളേ, നിങ്ങൾ ഹവിർദ്ദാവിന്നുവേണ്ടി, രണ്ടു പരുന്തുകൾപോലെയും രണ്ടുപോത്തുകൾപോലെയും സോമനീരിൽ പറന്നണയാറുണ്ടല്ലോ; ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ മൂന്നു വഴിയ്ക്കു വരുവിൻ!9

അശ്വികളേ, കുടിയ്ക്കുവിൻ, തൃപ്തിപ്പെടുവിൻ, വരുവിൻ. ഞങ്ങളിൽ സന്തതി നിലനിർത്തുവിൻ, സമ്പത്തു നിലനിർത്തുവിൻ, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ബലവും നിലനിർത്തുവിൻ!10

അശ്വികളേ ജയിയ്ക്കുവിൻ; സ്തോതാക്കളെ രക്ഷിയ്ക്കുവിൻ. ഞങ്ങളിൽ സന്തതി നിലനിർത്തുവിൻ, സമ്പത്തും നിലനിർത്തുവിൻ, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ബലവും നിലനിർത്തുവിൻ!11

അശ്വികളേ, ശത്രുക്കളെ കൊല്ലുവിൻ, മിത്രങ്ങളിൽ ചെല്ലുവിൻ. ഞങ്ങളിൽ സന്തതി നിലനിർത്തുവിൻ, സമ്പത്തും നിലനിർത്തുവിൻ, ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ ബലവും നിലനിർത്തുവിൻ!12

അശ്വികളേ, നിങ്ങൾ മിത്രാവരുണന്മാരോടും ധർമ്മത്തോടും മരുത്തുക്കളോടുമൊന്നിച്ചു് സ്തോതാവിന്റെ വിളിയിൽ വരുവിൻ; ഉഷസ്സിനോടും സൂര്യനോടും ആദിത്യരോടുംകൂടി വന്നെത്തുവിൻ!13

അശ്വികളേ, നിങ്ങൾ അംഗിരസ്സുകളോടും വിഷ്ണുവിനോടും മരുത്തുക്കളോടുമൊന്നിച്ചു സ്തോതാവിന്റെ വിളിയിൽ വരുവിൻ; ഉഷസ്സിനോടും സൂര്യനോടും ആദിത്യരോടുംകൂടി വന്നെത്തുവിൻ!14

വൃഷാക്കളായ അശ്വികളേ, നിങ്ങൾ ഋഭുക്കളോടും അന്നത്തോടും മരുത്തുക്കളോടുമൊന്നിച്ചു സ്തോതാവിന്റെ വിളിയിൽ വരുവിൻ; ഉഷസ്സിനോടും സൂര്യനോടും ആദിത്യരോടുംകൂടി വന്നെത്തുവിൻ!15

അശ്വികളേ, ബ്രാഹ്മണനെ പ്രീതിപ്പെടുത്തുവിൻ; കർമ്മങ്ങൾ പൂർത്തിപ്പെടുത്തുവിൻ; അരക്കരെ ഹനിയ്ക്കുവിൻ; രോഗങ്ങൾ പോക്കുവിൻ. ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ പിഴിയുന്നവന്റെ സോമം(കുടിയ്ക്കുവിൻ)!16

അശ്വികളേ, ക്ഷത്രിയരെ പ്രീതിപ്പെടുത്തുവിൻ; ആളുകളെയും പ്രീതിപ്പെടുത്തുവിൻ. അരക്കരെ ഹനിയ്ക്കുവിൻ; രോഗങ്ങൾ പോക്കുവിൻ. ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ പിഴിയുന്നവന്റെ സോമം (കുടിയ്ക്കുവിൻ)!17

അശ്വികളേ, കറവപ്പൈക്കളെ പ്രീതിപ്പെടുത്തുന്നവിൻ; വൈശ്യരെയും പ്രീതിപ്പെടുത്തുവിൻ; അരക്കരെ ഹനിയ്ക്കുവിൻ; രോഗങ്ങൾ പോക്കുവിൻ. ഉഷസ്സിനോടും സൂര്യനോടുംകൂടി നിങ്ങൾ പിഴിയുന്നവന്റെ സോമം (കുടിയ്ക്കുവിൻ)!18

അശ്വികളേ, ഗർവു പോക്കുന്ന നിങ്ങൾ അത്രിയുടെയെന്നപോലെ, പിഴിയുന്ന ശ്യാവാശ്വന്റെ മികച്ച സ്തുതി കേൾക്കുവിൻ; ഉഷസ്സിനോടും സൂര്യനോടുംകൂടി, പ്രഭാതത്തിലെ (സോമം കുടിയ്ക്കുവിൻ)!19

അശ്വികളേ, ഗർവു പോക്കുന്ന നിങ്ങൾ അത്രിയുടെയെന്നപോലെ, പിഴിയുന്ന ശ്യാവാശ്വന്റെ ശോഭനസ്തുതി, ആഭരണം പോലെ അണിയുവിൻ; ഉഷസ്സിനോടും സൂര്യനോടുംകൂടി, പ്രഭാതത്തിലെ (സോമം കുടിയ്ക്കുവിൻ)! 20

അശ്വികളേ, ഗർവു പോക്കുന്ന നിങ്ങൾ പിഴിയുന്ന ശ്യാവാശ്വന്റെ യജ്ഞം, കടിഞ്ഞാണുപോലെ പിടിയ്ക്കുവിൻ; ഉഷസ്സിനോടും സൂര്യനോടുംകൂടി, പ്രഭാതത്തിലെ (സോമം കുടിയ്ക്കുവിൻ)!21

അശ്വികളേ, നിങ്ങൾ പള്ളിത്തേർ ഇങ്ങോട്ടു തെളിയ്ക്കുവിൻ; സോമമധു നുകരുവിൻ. ആഗമിയ്ക്കുവിൻ – വരുവിൻ: ഞാൻ രക്ഷയ്ക്കു വേണ്ടി നിങ്ങളെ വിളിയ്ക്കുന്നു; ഹവിർദ്ദാതാവിന്നു രത്നങ്ങളെടുക്കുവിൻ!22

അശ്വികളേ, നേതാക്കളായ നിങ്ങൾ ഹോമനിരതനായ എന്റെ നമസ്കാരം ചൊല്ലുന്ന യാഗത്തിൽ (സോമം) കുടിപ്പാൻ ആഗമിയ്ക്കുവിൻ – വരുവിൻ: ഞാൻ രക്ഷയ്ക്കുവേണ്ടി നിങ്ങളെ വിളിയ്ക്കുന്നു; ഹവിർദ്ദാവിന്നു രത്നങ്ങളെടുക്കുവിൻ!23

അശ്വിദേവന്മാരേ, നിങ്ങൾ സ്വാഹാകൃതമായ സോമനീർ മതിയാവോളം കുടിയ്ക്കുവിൻ. ആഗമിയ്ക്കുവിൻ – വരുവിൻ: ഞാൻ രക്ഷയ്ക്കുവേണ്ടി നിങ്ങളെ വിളിയ്ക്കുന്നു; ഹവിർദ്ദാവിന്നു രത്നങ്ങളെടുക്കുവിൻ!24

കുറിപ്പുകൾ: സൂക്തം 35.

[7] ഹാരിദ്രവം – ഒരു തരം പക്ഷി. മൂന്നു വഴിയ്ക്കു – ദ്യോവ്, അന്തരിക്ഷം, ഭൂവ് എന്നീ മൂന്നുവഴികളിലൂടെ.

[8] ഹംസങ്ങളും വഴിപോക്കരും പോത്തുകളും വെള്ളത്തിൽ ചെല്ലുന്നതുപോലെ.

[9] വെള്ളത്തിൽ എന്ന പദം ഇവിടെയും അധ്യാഹരിയ്ക്കുണം.

[11] ജയിയ്ക്കുവിൻ – ശത്രുക്കളെ.

[17] ആളുകൾ – യോദ്ധാക്കൾ.

[19] ഗർവ് – ശത്രുക്കളുടെ. അത്രി – ശ്യാവാശ്വന്റെ മുത്തച്ഛൻ.

[21] പിടിയ്ക്കുവിൻ – നിയന്ത്രിയ്ക്കുവിൻ എന്നർത്ഥം.

[22] ഹവിർദ്ദാതാവിന്നു – ഹവിസ്സർപ്പിയ്ക്കുന്ന എനിയ്ക്കു തരാൻ.

സൂക്തം 36.

ശ്യാവാശ്വൻ ഋഷി; ശക്വരിയും മഹാപംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

പിഴിഞ്ഞു ദർഭ വിരിച്ചവന്റെ രക്ഷിതാവാണല്ലോ, ഭവാൻ: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളെയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!1

മഘവാവേ, അവിടുന്നു സ്തോതാവിനെ രക്ഷിയ്ക്കുക, അങ്ങയെയും രക്ഷിയ്ക്കുക: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളെയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!2

അന്നംകൊണ്ടു ദേവകളെയും, ഓജസ്സുകൊണ്ടു് അങ്ങയെയും രക്ഷിയ്ക്കുന്നവനാണാല്ലോ, ഭവാൻ: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളേയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!3

വിണ്ണുണ്ടാക്കിയവനും, മന്നുണ്ടാക്കിയവനുമാണല്ലോ, ഭവാൻ: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളെയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!4

അശ്വങ്ങളെ ഉണ്ടാക്കിയവനും, ഗോക്കളെ ഉണ്ടാക്കിയവനുമാണല്ലോ, ഭവാൻ: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും! – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളെയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!5

വജ്രപാണേ, നിന്തിരുവടി അത്രികളുടെ സ്തോത്രത്തിന്നു മഹത്ത്വം വരുത്തുക: ശതക്രതോ, മത്തിന്നായി, ഭവാനു നിശ്ചയിയ്ക്കപ്പെട്ട സോമാംശം കുടിച്ചാലും! – ഇന്ദ്ര, സൽപതേ, എല്ലാപ്പടകളെയും തഴച്ച ഊക്കും കീഴമർത്തു, തണ്ണീരടക്കി, മരുത്തുക്കളൊന്നിച്ചു കുടിച്ചാലും!6

ഇന്ദ്ര, അവിടുന്നു കർമ്മനിരതനായ അത്രിയുടെ (സ്തുതി)കേൾക്കുകയുണ്ടായല്ലോ; അപ്രകാരം, പിഴിയുന്ന ശ്യാവാശ്വന്റേതും കേൾക്കുക. അവിടുന്നു് ഒറ്റയ്ക്കുതന്നെ യുദ്ധത്തിൽ ത്രസദസ്യുവിനെ, സ്തോത്രങ്ങൾ വളർത്തി, സംരക്ഷിച്ചുവല്ലോ!7

കുറിപ്പുകൾ: സൂക്തം 36.

[1] പടകൾ ശത്രുസേനകൾ. ഊക്ക് – അവയുടെ തള്ളിക്കേറ്റം. അടക്കി – സ്വായത്തമാക്കി.

[2] അങ്ങയെയും രക്ഷിയ്ക്കുക – സോമപാനംകൊണ്ടു്.

[6] അത്രികളുടെ – ഞങ്ങളുടെ.

[7] വളർത്തി – അഭീഷ്ടദാനംകൊണ്ടു്.

സൂക്തം 37.

ശ്യാവാശ്വൻ ഋഷി; അതിജഗതിയും മഹാപംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ശചീപതേ, ഇന്ദ്ര, നിന്തിരുവടി യുദ്ധങ്ങളിൽ എല്ലാ രക്ഷകൾകൊണ്ടും ഈ ബ്രാഹ്മണരെയും പിഴിയുന്നവരെയും സംരക്ഷിയ്ക്കുക; അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു് മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!1

ഉഗ്ര, ശചീപതേ, ഇന്ദ്ര, നിന്തിരുവടി എല്ലാ രക്ഷകൾകൊണ്ടും ദ്രോഹിപ്പടകളെ കീഴമർത്തുക; അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!2

ശചീപതേ, ഇന്ദ്ര, നിന്തിരുവടി എല്ലാ രക്ഷകൾകൊണ്ടും ഈ ഉലകിന്ന് ഒറ്റപ്പെരുമാളായി വിളങ്ങുന്നു. അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!3

ശചീപതേ, ഇന്ദ്ര, നിന്തിരുവടി ഒറ്റയ്ക്കാണല്ലോ, എല്ലാ രക്ഷകൾകൊണ്ടും, ചേർന്നുനിന്ന് ഇരുലോകങ്ങളെ വെവ്വേറെയാക്കിയതു്. അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!4

ശചീപതേ, ഇന്ദ്ര, നിന്തിരുവടിയാണല്ലോ, എല്ലാ രക്ഷകൾ കൊണ്ടും യോഗക്ഷേമങ്ങളുടെ അധിപതി. അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!5

ശചീപതേ, ഇന്ദ്ര, നിന്തിരുവടി എല്ലാ രക്ഷകൾകൊണ്ടും ബലം പുലർത്തുന്നു; രക്ഷിയ്ക്കുന്നു; രക്ഷിയ്ക്കപ്പെടുന്നില്ല, അനിന്ദ്യ, വൃത്രഘ്ന, വജ്രപാണേ, അവിടുന്നു മധ്യാഹ്നസവനത്തിലെ സോമം കുടിച്ചാലും!6

ഇന്ദ്ര, അവിടുന്നു കർമ്മനിരതനായ അത്രിയുടെ (സ്തുതി) കേൾക്കുകയുണ്ടായല്ലോ; അപ്രകാരം, പിഴിയുന്ന ശ്യാവശ്വന്റേതും കേൾക്കുക. അവിടുന്നു് ഒറ്റയ്ക്കുതന്നെ യുദ്ധത്തിൽ ത്രസദസ്യുവിനെ, ബലം വളർത്തി, സംരക്ഷിച്ചുവല്ലോ!7

കുറിപ്പുകൾ: സൂക്തം 37.

[4] ഇരുലോകങ്ങളെ – വാനൂഴികളെ.

[6] ബലം പുലർത്തുന്നു – ജഗത്തിന്നു്. രക്ഷിയ്ക്കപ്പെടുന്നില്ല – ആരുടെയും രക്ഷയിലല്ല. അവിടുന്നു്.

സൂക്തം 38.

ശ്യാവാശ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.

ഇന്ദ്രാഗ്നികളേ, യജ്ഞത്തിന്റെ ഋത്വിക്കുകളാണല്ലോ, പരിശുദ്ധരായ നിങ്ങൾ: യുദ്ധങ്ങളിലും കർമ്മങ്ങളിലും (സംബന്ധിയ്ക്കുന്ന) നിങ്ങൾ ഇവനെ അറിയുവിൻ!1

ഇന്ദ്രാഗ്നികളേ, നിഹന്താക്കളും തേരിലെഴുന്നള്ളുന്നവരും വൃതസൂദനരും തോല്മ പറ്റാത്തവരുമായ നിങ്ങൾ ഇവനെ അറിയുവിൻ!2

ഇന്ദ്രാഗ്നികളേ, ഇതാ, നേതാക്കൾ നിങ്ങൾക്കായി, മത്തുണ്ടാക്കുന്ന മധു അമ്മികൊണ്ടു പിഴിഞ്ഞിരിയ്ക്കുന്നു: നിങ്ങൾ ഇവനെ അറിയുവിൻ!3

ഇന്ദ്രാഗ്നികളേ, ഒപ്പം സ്തുതിയ്ക്കപ്പെടുന്ന നേതാക്കളായ നിങ്ങൾ യജ്ഞത്തിലെഴുന്നള്ളുവിൻ – യാഗത്തിനായി പിഴിഞ്ഞ സോമത്തിന്നു വരുവിൻ!4

ഇന്ദ്രാഗ്നികളേ, നേതാക്കളായ നിങ്ങൾ ഹവിസ്സു സ്വീകരിച്ചു പോരുന്ന ഈ സവനങ്ങളിൽ സംബന്ധിയ്ക്കുവിൻ – വരുവിൻ!5

ഇന്ദ്രാഗ്നികളേ, നേതാക്കളായ നിങ്ങൾ എന്റെ ഈ നല്ല ഗായത്ര സ്തുതി കേൾക്കുവിൻ: വരുവിൻ!6

സമ്പത്തടക്കുന്ന ഇന്ദ്രാഗ്നികളേ, നിങ്ങൾ പുലർകാലത്തു പോരുന്ന ദേവന്മാരോടുകൂടി, സോമം കുടിപ്പാൻ വരുവിൻ!7

ഇന്ദ്രാഗ്നികളേ നിങ്ങൾ പിഴിയുന്ന ശ്യാവാശ്വന്റെ ഋത്വിക്കുകളുടെ വിളി കേൾക്കുവിൻ, സോമം കുടിപ്പാൻ!8

ഇന്ദ്രാഗ്നികളെ, രക്ഷിപ്പാനും സോമം കുടിപ്പാനുമായി നിങ്ങളെ ഞാൻ, പ്രാജ്ഞന്മാർ വിളിച്ചുപോന്നതിൻവണ്ണം വിളിച്ചുകൊള്ളുന്നു!9

ഏവർക്കായി ഗായത്രം ഉച്ചരിയ്ക്കപ്പെടുന്നുവോ, ആ സ്തുതിയുക്തരായ ഇന്ദ്രാഗ്നികളോടു് ഞാൻ രക്ഷ യാചിയ്ക്കുന്നു!10

കുറിപ്പുകൾ: സൂക്തം 38.

[1] ഇവനെ – എന്നെ.

[2] നിഹന്താക്കൾ – ശത്രുക്കളെ കൊല്ലുന്നവർ.

[3] മധു – സോമനീർ.

[6] ഗായത്രസ്തുതി – ഗായത്രീച്ഛന്ദസ്സിലുള്ള സ്തുതി.

[7] സമ്പത്ത് – ശത്രുക്കളുടെ.

[10] പരോക്ഷോക്തി:

സൂക്തം 39.

കണ്വഗോത്രൻ നാഭാകൻ ഋഷി; മഹാപംക്തി ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’പോലെ)

അഗ്നിയെപ്പുകഴ്ത്തുന്നേൻ – സ്തുത്യനാ –
മഗ്നിയെ യജ്ഞേ വാഴ്ത്തുന്നേൻ:
അഗ്നിയുമ്പർക്കേകട്ടേ, യാഗാന്ന: –
മപ്പുറം കാണുമദ്ദേഹം
അന്തരിക്ഷത്തിൽ ദൂതനുഷ്ഠിപ്പൂ;
വെന്തുപോകെ,തിരാളെല്ലാം!1
പുത്തൻസ്തോത്രത്താലഗ്നേ,നീ ചുടു –
കി,ത്തരക്കാർതൻ ദുർവാദം.
ദാതൃവൈരികളേയും പൊള്ളിയ്ക്ക:
ബോധമറ്റേൽക്കും ശത്രുക്കൾ
പിന്തിരിയട്ടെയൊട്ടെഴിയാതെ;
വെന്തുപോകെ,തിരാളെല്ലാം!2
അഗ്നേ,നിൻവായിൽ, നൈപോലെ സുഖി –
പ്പിയ്ക്കും സ്തോത്രം ഞാൻ ഹോമിയ്ക്കാം.
ഗീർവാണമധ്യേ തേറുകബ്ഭവാൻ:
പൂർവ്വനും, സൂര്യദൂതനും,
സന്തുഷ്ടി തരുന്നോനുമല്ലോ, നീ;
വെന്തുപോകെ,തിരാളെല്ലാം!3
അഭ്യർത്ഥിപ്പതെന്തെന്തന്ന,മത –
രുഗ്നി കല്പിച്ചുനല്കുമേ –
ദത്തഹവ്യന്മാർക്കേകുമേ, ശാന്തി –
കൃത്താമിഷ്ടാപ്തിസൗഖ്യത്തെ:
സ്വന്തമേ,സർവദേവാഹ്വാനവും;
വെന്തുപോകെ,തിരാളെല്ലാം!4
കീഴമർത്തുന്ന നാനാകർമ്മത്താൽ –
ക്കീർത്തിപ്പെട്ടവനീ,യഗ്നി;
ഏറെപ്പേർക്കൊരു ഹോതാവാം പശു –
വാരപരീതനദ്ദേഹം
വെല്ലേണ്ടുന്നോനെച്ചെന്നെതിർക്കുമേ;
വെന്തുപോകെ,തിരാളെല്ലാം!5
അഗ്നി വാനോർതൻ ജന്മമറിഞ്ഞോ; –
നഗ്നി മാനുഷഗുഹ്യജ്ഞൻ.
അഗ്നിയദ്ദേഹം സമ്പത്തു നല്കു –
മഗ്നി നൂതനഹവ്യത്താൽ
സന്തർപ്പിപ്പോർക്കു വാതിൽ തുറക്കും;
വെന്തുപോകെ,തിരാളെല്ലാം!6
അഗ്നി വാനോരിൽ മേവുന്നൂ, യജ്ഞ –
വ്യഗ്രരാം മർത്ത്യന്മാരിലും:
ഭൂരികർമ്മത്തെ പ്രീത്യാ പോറ്റുന്നു,
ഭൂമി വിശ്വത്തെപ്പോലവൻ.
തന്തിരുവടി യാജ്യനു,മ്പരിൽ;
വെന്തുപോകെ,തിരാളെല്ലാം!7
സപ്തമാനുഷനഗ്നി വാഴുന്നു,
സർവസരിത്തുക്കളിലും.
ത്രിസ്ഥാനൻ, ക്രതുമുഖ്യൻ, മാന്ധാതൃ –
വിദ്വേഷിഹന്താവഗ്നിയെ
ചിന്തയാ സമീപിയ്കാവൂ, നമ്മൾ;
വെന്തുപോകെ,തിരാളെല്ലാം!8
അക്കവിയഗ്നി മേവുന്നു, മുക്കെ –
ട്ടൊക്കുന്ന മൂന്നിടങ്ങളിൽ.
മുപ്പത്തിമുവ്വർക്കിഷ്ടിചെയ്തി,ങ്ങു
നൽപ്പണ്ടം ചാർത്തുമദ്ദൂതൻ;
സംതൃപ്തി ചേർക്ക, നമ്മൾക്കും ധീമാൻ;
വെന്തുപോകെ,തിരാളെല്ലാം!9
മർത്ത്യാമർത്ത്യരിലഗ്നേ, ഞങ്ങൾതൻ
വിത്തത്തിന്നീശൻ, നീയേകൻ:
തൻചാലുകളിലൂടെയൊഴുകും
തണ്ണീർകൾ മുമ്പനാമഗ്നേ,
നിന്തിരുവടിതന്നെച്ചൂഴുന്നു;
വെന്തുപോകെ,തിരാളെല്ലാം!10
കുറിപ്പുകൾ: സൂക്തം 39.

[1] യാഗാന്നം – നമ്മുടെ യാഗത്തിലെ ഹവിസ്സ്. അപ്പുറം കാണും = ക്രാന്തദർശിയായ. ദൂതു് – ഹവിർവഹനാദിദൂതകർമ്മം. എതിരാൾ – നമ്മുടെ ശത്രുക്കളെല്ലാം വെന്തു (നശിച്ചു) പോകട്ടെ.

[2] ഇത്തരക്കാർതൻ – ശത്രുക്കളുടെ. ദാതൃവൈരികൾ – യഷ്ടാക്കളുടെ ശത്രുക്കൾ. ബോധമറ്റ് – അറിവില്ലാതെ.

[3] ഗീർവാണമധ്യേ = ദേവന്മാരുടെയിടയിൽ. പൂർവൻ = പുരാതനൻ.

[4] ദത്തഹവ്യന്മാർ – യജമാനന്മാർ. ശാന്തികൃത്തു് = ശാന്തിയെ ഉളവാക്കുന്നതു്. സർവദേവാഹ്വാനവും സ്വന്തമേ – ഏതൊരു ദേവനെ വിളിയ്ക്കലും അഗ്നിയ്ക്കുള്ളതുതന്നെ.

[5] ഏറെപ്പെർക്കു് – വളരെദ്ദേവന്മാർക്കു്. പശുവാരപരീതൻ = പശു(ബലിമൃഗ)ക്കൂട്ടത്താൽ ചുറ്റപ്പെട്ടവൻ. വെല്ലേണ്ടുന്നോനെ – ശത്രുവിനെ.

[6] മാനുഷ്യഗുഹ്യജ്ഞൻ = മനുഷ്യരഹസ്യമറിഞ്ഞവൻ. സന്തർപ്പിപ്പോർക്കു – തുഷ്ടിപ്പെടുത്തുന്നവർക്കു്, ഹോമിയ്ക്കുന്നവർക്കു്. വാതിൽ – ധനാഗമനമാർഗ്ഗം.

[7] വിശ്വത്തെ – പ്രാണികളെയെല്ലാം. യാജ്യൻ = യജിയ്ക്കപ്പെടേണ്ടവൻ.

[8] സപ്തമാനുഷൻ – ഏഴു ഹോതാക്കളോടുകൂടിയവൻ. സരിത്തുക്കൾ = നദികൾ. ത്രിസ്ഥാനൻ – മൂന്നുലോകത്തും വസിയ്ക്കുന്നവൻ. മാന്ധാതൃവിദ്വേഷിഹന്താവ്. മന്ധാതാവെന്ന രാജാവിന്റെ ശത്രുക്കളെ കൊന്നവൻ.

[9] മുക്കെട്ട് – പൃഥിവ്യാദികളാകുന്ന മൂന്നു നിലകൾ. മുപ്പത്തിമുവ്വർക്കു് – മുപ്പത്തിമൂന്നു ദേവന്മാർക്കു്. ഇഷ്ടിചെയ്തു – യജ്ഞംചെയ്യട്ടെ. സംതൃപ്തി – അഭീഷ്ടലാഭത്താലുള്ള തൃപ്തി.

[10] മുമ്പൻ = പൂർവ്വൻ.

സൂക്തം 40.

നാഭാകൻ ഋഷി; മഹാപംക്തിയും ശക്വരിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (‘താമരക്കണ്ണൻ’പോലെ)

ഇന്ദ്രാഗ്നികളേ, ഞങ്ങൾക്കു ധനം
തന്നാലും, നിങ്ങൾ, ധർഷകർ:
എന്നാലെങ്ങൾ വൻകെല്പുകളെയും
വെന്നിടുമല്ലോ, പോർകളിൽ,
ചെന്തീ കാറ്റിനാൽക്കാടിനെപ്പോലേ;
വെന്തുപോകെ,തിരാളെല്ലാം!1
നിങ്ങളോടർത്ഥിപ്പീലെങ്ങൾ, നേതൃ –
പുംഗവനാകുമിന്ദ്രന്നേ
അർച്ചനം ചെയ്വൂ: കൂടെക്കൂടെയി –
ങ്ങശ്വിയക്കെല്പൻ വന്നെത്തും,
അന്ധസ്സിദ്ധിയ്ക്കോ, യജ്ഞോപാസ്തിയ്ക്കോ;
വെന്തുപോകെ, തിരാളെല്ലാം!2
അയിന്ദ്രാഗ്നികൾ പോർകളിൽ നടു –
ക്കായി നില്ക്കുന്നോരാണല്ലോ.
നേതാക്കന്മാരേ, ക്രാന്തകർമ്മാക്കൾ,
ബോധിതരായാലാ നിങ്ങൾ
ബന്ധുത്വേച്ഛവിൻ യജ്ഞമുണ്ണുമേ;
വെന്തുപോകെ,തിരാളെല്ലാം!3
ഇന്ദ്രാഗ്നികളെ യജ്ഞാസ്തോത്രത്താ –
ലന്നഭാകൻപോലർച്ചിയ്ക്കൂ:
ഈ വിശ്വത്തിന്നു താങ്ങി, വരല്ലോ;
ദ്യോവിതും മഹാഭൂമിയും
തൻധനമിവർപക്കൽ വെയ്ക്കുന്നു;
വെന്തുപോകെ,തിരാളെല്ലാം!4
ഇന്ദ്രാഗ്നികൾക്കായ് സ്തോത്രങ്ങളയ –
യ്ക്കുന്നു, നഭാകൻപോലിവൻ:
ദ്വാരമടച്ച സപ്തമൂലമാം
വാരിധി മൂടുന്നോരി,വർ;
മുന്തിയ കെല്പാൽത്തമ്പുരാനി,ന്ദ്രൻ;
വെന്തുപോകെ,തിരാളെല്ലാം!5
വൃദ്ധൻ ചെടിതൻ നീൾക്കൊമ്പുപോലേ
വെട്ടൂ, ദാസന്റെ കെല്പു നീ:
ഇന്ദ്രനാൽത്തൽസ്വത്തെങ്ങൾ വീതിയ്ക്കും;
വെന്തുപോകെ,തിരാളെല്ലാം!6
ഇന്ദ്രാഗ്നികളെ സ്വത്താൽ സ്തോത്രത്താ –
ലിങ്ങു വിളിപ്പിതാ,ളുകൾ:
ഞങ്ങളെങ്ങൾതന്നാൾക്കാരെക്കൊണ്ടു
സംഗരോൽക്കരെത്താഴ്ത്താവൂ;
സന്തോഷം സ്തുതികാമർക്കേകാവൂ;
വെന്തുപോകെ,തിരാളെല്ലാം!7
വെൺനിറരെവർ ഭാസ്സൊടേ വാനിൽ –
നിന്നു കീഴ്പോട്ടിറങ്ങുമോ,
ആയിന്ദ്രാഗ്നികൾക്കായിക്കർമ്മങ്ങ –
ളാചരിയ്ക്കുന്നു, ഹവ്യവാൻ;
സിന്ധുബന്ധനമോചക,രിവർ;
വെന്തുപോകെ,തിരാളെല്ലാം!8
ഇന്ദ്ര, വജ്രവൻ, പ്രേരക, കൃതാ –
നന്ദ, ഭാസുര, വിത്തദ,
ഒട്ടല്ല, വീരനായ നിൻ മിക; –
വൊട്ടല്ല, നിൻപ്രശസ്തിയും;
യന്ത്രിത,മസ്മച്ചേതസ്സിവയാൽ;
വെന്തുപോകെ,തിരാളെല്ലാം!9
ഉത്തേജിപ്പിപ്പിൻ, സ്തോത്രത്താൽ നിങ്ങൾ
സ്തുത്യനാം മഘവാവിനെ:
തട്ടിയുടച്ചാനല്ലോ, ശുഷ്ണന്റെ
മുട്ടയെക്കെല്പാലിദ്ദീപ്തൻ;
സ്വന്തമാക്കട്ടേ, ദിവ്യാംഭസ്സവൻ;
വെന്തുപോകെ,തിരാളെല്ലാം10
ഉത്തേജിപ്പിപ്പിൻ, സുഷ്ഠുയജ്ഞനായ്
നിത്യനാം മഘവാവിനെ:
തട്ടിയുടച്ചാനല്ലോ, ശുഷ്ണന്റെ
മുട്ടയെഗ്ഗന്താവീ യാജ്യൻ;
സ്വന്തവുമാക്കീ ദിവ്യാംഭസ്സു നീ;
വെന്തുപോകെ, തിരാളെല്ലാം11
അച്ഛനെപ്പോലെ, മാന്ധാതാവുപോ –
ല,ംഗിരാസ്സുകൾപോലെയും
ഇന്ദ്രാഗ്നികൾക്കായ്ച്ചൊന്നേൻ, ഞാൻ പുതു –
തൊന്നേവം: നിങ്ങളെങ്ങളെ
മുന്നിലവീടാൽക്കാക്കുവിൻ; ധന –
വൃന്ദത്തിൻ നാഥരാകെങ്ങൾ!12
കുറിപ്പുകൾ: സൂക്തം 40.

[1] വൻകെല്പുകളെയും – വലിയ ശത്രുബലങ്ങളെപ്പോലും. ചെന്തീ കാടിനെയെന്നപോലെ വെന്നിടുമല്ലോ – ദഹിപ്പിയ്ക്കുമല്ലോ.

[2] അർത്ഥിപ്പീല – ധനം യാചിയ്ക്കുന്നില്ല. നേതൃപുംഗവൻ – നേതാക്കളിൽ ശ്രേഷ്ഠൻ. അർച്ചനം – യജ്ഞം. ഇങ്ങ് – ഞങ്ങളിൽ. ആശ്വി = അശ്വസഹിതൻ. അന്ധസ്സിദ്ധിയ്ക്കോ – ഹവിസ്സു കിട്ടാനോ; യജ്ഞോപാസ്തിയ്ക്കോ = യജ്ഞസേവനത്തിന്നോ. വന്നേയ്ക്കാം.

[3] ഉത്തരാർത്ഥം പ്രത്യക്ഷസ്തുതിതന്നെ: ബോധിതരായാൽ – അറിയിയ്ക്കപ്പെട്ടാൽ. ബന്ധുത്വേച്ഛുവിൻ – സഖ്യകാമനായ യജമാനന്റെ. യജ്ഞം – ഹവിസ്സ്.

[4] തന്നോടുതന്നെ: യജ്ഞാസ്തോത്രത്താൽ = യാഗംകൊണ്ടും സ്തുതികൊണ്ടും. അന്നഭാകൻ – ആ എന്റെ അച്ഛൻ. തൻധനം = തങ്ങളുടെ സമ്പത്തു്.

[5] ഇവൻ – നാഭാകനായ ഞാൻ. സപ്തമൂലം – ഏഴുപാതാളലോകങ്ങളോടുകൂടിയതു്. മൂടുന്നോർ – തേജസ്സുകൊണ്ടു മറയ്ക്കുന്നവർ. ഇവരിൽവെച്ചു, മുന്തിയ കെല്പുകൊണ്ടു് ഇന്ദ്രനത്രേ, തമ്പുരാൻ,

[6] പൂർവ്വാർദ്ധം ഇന്ദ്രനോടു്: വൃദ്ധൻ – പഴക്കംവന്ന തോട്ടക്കാരൻ. നീൾക്കൊമ്പ് – അധികം നീണ്ടകൊമ്പ്. ദാസൻ – അസുരൻ. ഇന്ദ്രനാൽ – ഇന്ദ്രസാഹായ്യത്താൽ. തൽസ്വത്തു് – ദാസന്റെ ധനം. വീതിയ്ക്കും – പങ്കിട്ടെടുക്കും.

[7] സ്വത്താൽ സ്തോത്രത്താൽ – സ്വത്തു (ഹവിസ്സു) കൊണ്ടും, സ്തോത്രംകൊണ്ടും. സംഗരോൽക്കരെത്താഴ്ത്താവൂ – യുദ്ധതൽപരന്മാരായ ശത്രുക്കളെ അമർത്തുമാറാകണം. സന്തോഷം സ്തുതികാമർക്കേകാവൂ – സ്തുതിയിച്ഛിയ്ക്കുന്ന ശത്രുക്കളെ സ്തുതിച്ചു പാട്ടിലാക്കുകയും ചെയ്യാവൂ.

[8] വെൺനീറർ – സത്ത്വഗുണവാന്മാരെന്നർത്ഥം; സത്ത്വഗുണത്തിന്റെ നിറം വെളുപ്പത്രേ. ഹവ്യവാൻ – യജമാനൻ. സിന്ധുബന്ധനമോചകർ – വർഷ ജലംകൊണ്ടു നദികളെ ഒഴുകിച്ചവർ.

[9] പ്രേരക – ജഗത്തിനെ വ്യാപരിപ്പിയ്ക്കുന്നവനേ. കൃതാനന്ദ – സ്തോതാക്കൾക്ക് ആനന്ദമുളവാക്കുന്നവനേ. മികവു് = ഉൽക്കർഷം. ഇവയാൽ, നിന്റെ ഉൽക്കർഷ – പ്രശസ്തികളാൽ, അസ്മച്ചേതസ്സ്, ഞങ്ങളുടെ ഹൃദയം, യന്ത്രിത (വശീകൃത) മായിരിയ്ക്കുന്നു.

[10] സ്തോതാക്കളോട്: ശുഷ്ണന്റെ മുട്ടയെ – ശുഷ്ണാസുരന്റെ സന്താനങ്ങളെ. തട്ടിയുടച്ചാൻ – നശിപ്പിച്ചു. ദിവ്യാംഭസ്സ് – വർഷജലം. സ്വന്തമാക്കട്ടേ – സ്വാധീനമാക്കട്ടെ.

[11] നിത്യൻ = നാശരഹിതൻ. ഗന്താവു് – യജ്ഞങ്ങളിൽ ഗമിയ്ക്കുന്നവൻ.

[12] അച്ഛൻ – നഭാകൻ. പുതുതൊന്നേവം – ഇങ്ങനെ ഒരു നൂതനസ്തോത്രം. മുന്നിലവീടാൻ – മൂന്നുനിലയുള്ള ഗൃഹം തന്നു്. ധനവൃന്ദത്തിൽ നാഥരാകെങ്ങൾ – ഞങ്ങൾ വളരെ സ്വത്തിന്റെ ഉടമസ്ഥരായിത്തീരട്ടെ.

സൂക്തം 41.

നാഭകൻ ഋഷി; മഹാപംക്തി ഛന്ദസ്സ്; വരുണൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

ആ വരുണനെയും, ജ്ഞാനം
താവും മരുത്തുക്കളെയും
മാനിയ്ക്ക,നീ: – യിദ്ധനാഢ്യൻ
മാനുഷർതൻ മാടുകളെ
പാലിപ്പൂ, പൈക്കളെപ്പോലെ;
വെന്തുപോകെതിരാളെല്ലാം!1
ഒത്ത വാക്കാൽ – പിതാക്കൾതൻ
നുത്യാ, നാഭാകോക്തിയാലും –
വർണ്ണിയ്ക്കാം, ഞാനാറ്റിൻവക്കിൽ
വന്നുദിയ്ക്കുന്നോനെത്തന്നേ:
സപ്തസ്വസാവീ, മധ്യമൻ;
വെന്തുപോകെ,തിരാളെല്ലാം!2
ആരല്ലിനെപ്പുണരുന്നു,
പാരെവൻ നിർത്തുന്നു ധീയാൽ;
കാണേണ്ടുമാ വൃഷാവിന്നു
കർമ്മങ്ങളെത്തൽക്കാംക്ഷികൾ
പൊന്തിയ്ക്കുന്നു, മൂന്നുവട്ടം;
വെന്തുപോകെ,തിരാളെല്ലാം!3
പൃത്ഥ്വിയ്ക്കുമേൽ പ്രത്യക്ഷനായ് –
ക്കർത്താവവൻ ദിക്കുകളെ
നിർത്തീടുന്നൂ:പ്രത്നം പ്രാപ്യം
തൽസ്ഥാനം വരുണന്റെ താൻ
ത്രാതാവിവൻ, ഗോപൻപോലെ;
വെന്തുപോകെതിരാളെല്ലാം!4
പാർ വഹിപ്പോൻ, ഗൂഢഗുഹ്യ –
ദേവരശ്മിനാമാഭിജ്ഞൻ,
ഭൂരികാവ്യങ്ങളെ, വാന –
മോരോ വടിവിനെപ്പോലെ
ബന്ധിയ്ക്കുന്നു, കവിയവൻ;
വെന്തുപോകെ,തിരാളെല്ലാം!5
വട്ടിൽക്കൂടംപോലേ കാവ്യ –
മൊട്ടുക്കിത്ത്രിതങ്കൽ നില്പൂ;
സേവിപ്പിനവനെ ക്ഷിപ്രം:
ഗോവുകൾ തൊഴുത്തിൽപ്പോലേ
സന്ധിയ്ക്കുന്നതുണ്ട,ശ്വങ്ങൾ;
വെന്തുപോകെ,തിരാളെല്ലാം!6
ഭൂതങ്ങൾതൻ പിറപ്പെല്ലാം
ചേതസ്സിൽ വെച്ചിട്ടുണ്ടി,വൻ:
ജ്യോതിസ്സേന്തും വരുണന്റെ
ചെയ്തികളെസ്സുരരെല്ലാം
തൻതേർമുന്നിലേറ്റുചെയ്യും;
വെന്തുപോകെ,തിരാളെല്ലാം!7
ആ വാരിധി, ഗൂഢൻ, ശീഘ്രൻ,
ദ്യോവിൽപ്പോലേ വിണ്ണിൽക്കേറും;
ദാനങ്ങളിങ്ങേർപ്പെടുത്തും;
നൂനമവൻ മായകളെ
തൻ തേജസ്സാൽ നശിപ്പിയ്ക്കും;
വെന്തുപോകെ,തിരാളെല്ലാം!8
മീതേ മേവും വരുണന്റെ
ശ്വേതകാന്തി മേലും കീഴും
മൂടുന്നു, മുമ്മൂന്നൂഴിയെ;
യീടുള്ളൊന്നി,വന്റെയിടം.
സിന്ധുവേഴിന്നീശന,വൻ;
വെന്തുപോകെ,തിരാളെല്ലാം!9
വെള്ളയാക്കീ,കറുപ്പാക്കീ,
നല്ല രശ്മികളെയവൻ;
കർമ്മത്തിന്നായ്പ്പൂർവസ്ഥാനം
നിർമ്മിച്ചൂ,ന്നാൽ വാനൂഴിയെ
നിർത്തീ, സൂര്യൻ ദ്യോവെപ്പോലെ
വെന്തുപോകെ,തിരാളെല്ലാം!10
കുറിപ്പുകൾ: സൂക്തം 41.

[1] സ്തോതാവിനോടു്: മാനിയ്ക്ക = പൂജിയ്ക്കുക, സ്തുതിയ്ക്കുക. ഈ ധനാഢ്യൻ – സമ്പത്തേറിയ വരുണൻ. പൈക്കളെപ്പോലെ – സ്വന്തം ഗോക്കളെ മേയ്ക്കുന്നതുപോലെ.

[2] ഒത്ത വാക്കാൽ – സമാനസ്തുതികൊണ്ടു്. അതിന്റെ വിവരണമാണു്, പിതാക്കൾതൻ സ്തുത്യാ (സ്തുതികൊണ്ടും) നാഭാകോക്തി (നാഭാകന്റെ സ്തോത്രം) കൊണ്ടും എന്നിവ; പിതൃസ്തുതിയും നാഭാകസ്തുതിയും ഒരു പോലെയാണ് എന്നർത്ഥം. വന്നുദിയ്ക്കുന്നോനെ – വരുണനെ. സപ്തസ്വസാവ് – നദികളാകുന്ന ഏഴു സോദരിമാരുള്ളവൻ. മധ്യമൻ – അവയുടെ നടുവിൽ നില്ക്കുന്നവൻ.

[3] അല്ലിനെ – രാത്രിയുടെ അധിദേവതയാണല്ലോ, വരുണൻ. ധീയാൽ – ബുദ്ധിസാമർത്ഥ്യത്താൽ. കാണേണ്ടും – ദർശനീയനായ. തൽക്കാംക്ഷികൾ – തദ് ഭക്തരായ ആളുകൾ. മൂന്നുവട്ടം – കാലത്തും, ഉച്ചയ്ക്കും, സന്ധ്യയ്ക്കും. പൊന്തിയ്ക്കുന്നു – വളർത്തുന്നു.

[4] കർത്താവു് – സ്രഷ്ടാവു്. തൽസ്ഥാനം = ആ സ്ഥാനം, സ്വർഗ്ഗം. ഗോപൻപോലെ – ഇടയൻ മാടുകൾക്കെന്നപോലെ, ഇവൻ നമുക്കു ത്രാതാ(രക്ഷിതാ)വാകുന്നു.

[5] ഗൂഢഗുഹ്യദേവരശ്മിനാമാഭിജ്ഞൻ = ഗൂഢരഹസ്യങ്ങളായ ദേവാധിഷ്ഠാനരശ്മിയുടെ പേരുകൾ അറിഞ്ഞവൻ. ആകാശം നാനാരൂപങ്ങളെ എന്ന പോലെ, കവിയായ അവൻ (വരുണൻ) ഭൂരികാവ്യങ്ങളെ ബന്ധിയ്ക്കുന്നു – നിർമ്മിയ്ക്കുന്നു.

[6] സ്വന്തം ആളുകളോടു്: വട്ട് – തേരുരുൾ. കൂടം – ചക്രകൂടം. ഇത്ത്രി തങ്കൽ – മൂന്നു സ്ഥനങ്ങളുള്ള വരുണങ്കൽ. സന്ധിയ്ക്കുന്നതുണ്ടശ്വങ്ങൾ – നമ്മോടു പൊരുതാൻ വരുന്ന ശത്രുക്കളുടെ കുതിരകൾ ഒത്തുകൂടുന്നുണ്ടു്; ഈ ഉപദ്രവം പോക്കാൻ നിങ്ങൾ വെക്കം വരുണനെ സേവിയ്ക്കുവൻ.

[7] ചേതസ്സിൽ വെച്ചിട്ടുണ്ട് – അറിഞ്ഞിരിയ്ക്കുന്നു. ജ്യോതിസ്സ് – തേജസ്സ്. ചെയ്തികൾ = കർമ്മങ്ങൾ. തൻതേർമുന്നിൽ – അദ്ദേഹത്തിന്റെ തേരിന്റെ മുൻവശത്തു്. ഏറ്റുചെയ്യും-അതനുസരിച്ചു് ചെയ്യും.

[8] ആ വാരിധി – വരുണൻ, ദ്യോവിൽപ്പോലെ – സൂര്യൻ വാനിൽ കേറുന്നതുപോലെ.

[9] മീതേ – അന്തരിക്ഷത്തിൽ. ഊഴി – ലോകം. ഈടുള്ളൊന്ന് – സുസ്ഥിരമാകുന്നു. ഇടം – വാസസ്ഥാനം. സിന്ധുവേഴിന്നീശൻ – സപ്തനദീനാഥനാകുന്നു.

[10] വെള്ളയാക്കീ – പകലാക്കി. കറുപ്പാക്കീ – രാത്രിയാക്കി. വരുണന്റെ വെളുത്ത രശ്മികൾ പകലും, കറുത്ത രശ്മികൾ രാത്രിയുമാകുന്നു. പൂർവസ്ഥാനം – അന്തരിക്ഷം. ഊന്നൽ, ഊന്നുകൊണ്ടു, വാനൂഴികളെ, സൂര്യൻ ദ്യോവിനെയെന്നപോലെ നിർത്തീ – ഉറപ്പിച്ചു.

സൂക്തം 42.

അർച്ചനാനസ്സോ, നാഭാകനോ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; നരുണനും അശ്വികളും ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

വിണ്ണു നിർത്തീ, വിശ്വധനൻ;
മന്നളന്നൂ, മഹാബലൻ;
പാരിനെല്ലാം പുരാനുമായ് –
തീരാ, വരുണന്റെ ചെയ്തി!1
ഇത്ഥം വാഴ്ത്തി വന്ദിയ്ക്ക, നീ –
യുത്തമനാം വരുണനെ:
നീർ കാക്കുമദ്ധീരൻ നമു –
ക്കേകട്ടേ, മുന്നിലഗൃഹം!
പാരേ, വിണ്ണേ, പാലിയ്ക്കുവിൻ,
ചാരേ മേവുമീയെങ്ങളെ!2
ഇപ്രവൃത്തി ചെയ്യുമെന്റെ
കെല്പും ധീയും വരുണ, നീ
ചെമ്മേ മൂർച്ചപ്പെടുത്തേണം:
തിന്മയെല്ലാം പിന്നിടാനായ്,
നേരെ കടത്തുമത്തോണി
കേറുമാറാകെ,ങ്ങൾ ദേവ!3
അശ്വിനാസത്യരേ,പ്രാജ്ഞ –
രമ്മിയുമായ്സ്സോമമൂട്ടാൻ
നിങ്ങളിലുണ്ട,ണയുന്നു;
വെന്തുപോകെ,തിരാളെല്ലാം!4
അശ്വിനാസത്യരേ,ധീമാ –
നത്രി നുത്യാ സോമമൂട്ടാൻ
നിങ്ങളെ വിളിച്ചുവല്ലോ;
വെന്തുപോകെ,തിരാളെല്ലാം!5
സോമമൂട്ടാൻ, രക്ഷ നേടാൻ,
ധീമാന്മാർപോലശ്വികളേ,
നിങ്ങളെ വിളിപ്പൂ, ഞാനും;
വെന്തുപോകെ,തിരാളെല്ലാം!6
കുറിപ്പുകൾ: സൂക്തം 42.

[1] വിശ്വധനൻ = എല്ലാദ്ധനങ്ങളോടും കൂടിയവൻ. തീരാ – പറഞ്ഞാൽ അവസാനിയ്ക്കില്ല; വർണ്ണിയ്ക്കാവതല്ല.

[2] സ്തോതാവിനോടു്: ഉത്തമൻ – മഹാൻ. നീർ കാക്കും = ജലപാലകനായ.

[3] പ്രവൃത്തി – കർമ്മം, ധീ = ബുദ്ധി, ജ്ഞാനം. അത്തോണി – യജ്ഞമാകുന്ന തോണി.

[4] അശ്വിനാസത്യരേ = അശ്വികളായ നാസത്യന്മാരേ. പ്രാജ്ഞർ – ഋത്വിക്കുകൾ.

[5] നുത്യാ = സ്തുതികൊണ്ടു്. അത്രിപോലെ ഞാനും വിളിയ്ക്കുന്നു.

സൂക്തം 43.

അംഗിരോഗോത്രൻ വിരൂപൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നി മേധാവി, ധാതാവു, യജ്വാവെ ദ്രോഹിയാത്തവൻ;
അവിടുത്തെയ്ക്കിതാ, സ്തോത്രമയയ്ക്കുന്നു, മനീഷികൾ!1
അല്ലയോ ജാതവേദസ്സാമഗ്നേ, നിപുണദർശന,
ദാതാവാമിവിടുത്തെയ്ക്കായ്ത്തീർക്കുന്നേൻ, നൽസ്തവത്തെ ഞാൻ.2
അഗ്നേ, തിഗ്മങ്ങളായുള്ള നിൻജ്വാലകൾ വനങ്ങളെ
കടിച്ചുതിന്നുന്നു, നിറം പൂണ്ട മാടുകൾപോലവേ!3
കാറ്റാൽപ്പടർന്നു കയ്യേറും ധൂമകേതനരഗ്നികൾ
വാനിടത്തു നടന്നീടുന്നുണ്ടല്ലോ, വേറേവേറെയായ്;4
ആയഗ്നികളിതാ, വേറെവേറെയുജ്ജ്വലിതങ്ങളായ്
കാണാകുന്നൂ, പുലരിതൻ കൊടിക്കാലുകൾപോലവേ!5
ചുഴന്നുകൊണ്ടഗ്നി മഹീതലത്തിൽ നടകൊള്ളവേ
കറുത്തുയരുമേ, ജാതവേദസ്സിനുടെ കാല്പൊടി!6
അഗ്നിയിങ്ങോഷധികളെയിരയാക്കിയശിപ്പതിൽ
അടങ്ങുകില്ല: വീണ്ടും ചെന്നെത്തും, തരുണിമാരിലും!7
നാക്കൽത്താൻ കുനിയിച്ചും, തൻതേജസ്സാൽക്കത്തിയാളിയും
വിശേഷേണ വിളങ്ങീടു,മഗ്നി കാട്ടുപുറങ്ങളിൽ!8
അഗ്നേ, തണ്ണീർകളിൽപ്പൂകും ഭവാനോഷധിപംക്തിയെ
ചുഴലുന്നു; പിറക്കുന്നു, ഗർഭമായ്ത്തീർന്നു പിന്നെയും!9
അഗ്നേ, നിന്നുടെത്തേജസ്സാജ്യാഹൂതിദശാന്തരേ
സ്രൂക്കിൻ മുഖത്തെ നക്കിക്കൊണ്ടുയർന്നു വിലസീടുമേ!10
സോമം പൃഷ്ഠത്തൊലിപ്പോനായ്, വൃഷഭുക്കായ്, വസന്നനായ്,
വേധസ്സാമഗ്നിയെ സ്തോത്രം പാടിപ്പരിചരിയ്ക്കു, നാം!11
അത്രയല്ല, വിളിപ്പോനേ, വരേണ്യമതിവൈഭവ,
അഗ്നേ, സമിത്താലന്നത്താൽച്ചെയ്വൂ, ഞങ്ങളപേക്ഷയും.12
അഗ്നേ, വിളിയ്ക്കയുംചെയ്വൂ, ഞങ്ങൾ നിന്നെശ്ശുചേ, ഹുത,
ഭൃഗുവും മനുവും പോലെയംഗിരസ്സുകൾപോലെയും.13
ജ്വലിപ്പിയ്ക്കപ്പെടുവതുണ്ടല്ലോ, വേണ്ടതുപോലവേ
ധീമാൻ തോഴൻ ഭവാനഗ്നേ, ധീമാനാം തോഴനഗ്നിയാൽ!14
ധീമാനാം ഹവ്യദന്നാ നീയായിരം ദ്രവിണത്തെയും,
അന്നത്തെയും കൊടുത്താലു,മഗ്നേ, വീരജനത്തെയും!15
രോഹിതാശ്വ, ഭവാനഗ്നേ, ബലോദിത, ശുചിവ്രത,
ഭ്രാതാവേ, കേട്ടുകൊണ്ടാലു,മെന്റെയീ സ്തവനങ്ങളെ!16
എന്നല്ല, നിങ്കലെത്തുന്നുണ്ടഗ്നേ, ഞാൻ ചൊല്ലുമിസ്തുതി,
കൊതിച്ചുമ്പയിടും കുട്ടിയ്ക്കായ്പ്പയ്യാലയിലാംവിധം!17
അംഗിരശ്ശ്രേഷ്ഠ, നിങ്കൽത്താനസ്സുപ്രജകളൊക്കെയും
ഒതുങ്ങിനില്പൂ വെവ്വേറെയഗ്നേ, കാമാർജ്ജനത്തിനായ്!18
മനസ്സിനെ നിയന്ത്രിച്ച മതിശാലികൾ സൂരികൾ
അഗ്നിയെക്കനിയിയ്ക്കുന്നൂ, കർമ്മത്താൽക്കൊറ്റു കിട്ടുവാൻ!19
അഗ്നേ, പുകഴ്ത്തിപ്പോരുന്നു, യജ്ഞമില്ലത്തു ചെയ്യുവോർ
ഹോതാവയ്, വഹ്നിയയ് വൻകെല്പുടയോനാകുമങ്ങയെ. 20
പ്രയേണ സമമായ്ക്കാണ്മാനല്ലോ, നാട്ടാരെയൊക്കെ നീ;
അതിനാൽ, പ്രഭാവാം നിന്നെ വിളിപ്പൂ, ഞങ്ങൾ പോർകളിൽ.21
നൈ കലർത്തിയ ഹോമത്തിലാർ വിശേഷാൽ വിളങ്ങിടും,
നാമീ വിളിപ്പതാർ കേൾക്കും, വാഴ്ത്തുകാ,യഗ്നിയെബ്ഭവാൻ!22
ഞങ്ങളഗ്നേ, വിളിയ്ക്കുന്നു, തൃച്ചെവിക്കൊള്ളുമങ്ങയെ,
ജാതവേദസ്സിനെ, ദ്വേഷകാരിവർഗ്ഗവിദ്ദിയെ.23
മഹാൻ, നാട്ടാർക്കു പെരുമാള,ധ്യക്ഷൻ ക്രിയകൾക്കെവൻ,
ആയഗ്നിയെ സ്തുതിയ്ക്കുന്നേൻ: കേൾക്കട്ടെ,യവിടുന്നുതാൻ!24
എങ്ങും കല്പാർന്ന ബലവാൻ, മർത്ത്യൻപോലിഷ്ടനഗ്നിയെ
ഞങ്ങൾ ശക്തിപ്പെടുത്തുന്നൂ, തുരഗത്തെക്കണക്കിനേ!25
ദ്രോഹിയ്ക്കും മാറ്റരെക്കൊന്നു,മനാരതമരയ്ക്കരെ
ചുട്ടെരിച്ചും ഭവാനഗ്നേ, കത്തിയാളുക തീവ്രമായ്!26
മനുപോലുജ്ജ്വലിപ്പിയ്ക്കുന്നുണ്ടല്ലോ, നിന്നെയാളുകൾ;
ആ നീയഗ്നേ, ധരിച്ചാലും, മംഗിരശ്രേഷ്ഠ, മൽസ്തവം!27
അഗ്നേ, വാനിൽപ്പിറന്നോനും, ജയത്തിലുപജാതനും,
ബലോദിതനുമാം നിന്നെ വിളിപ്പൂ, ഞങ്ങൾ ഗാഥയാൽ!28
അവിടെയ്ക്കിപ്രജകളു,മജ്ജനങ്ങളുമൊക്കവേ
അമറേത്തിന്നയയ്ക്കുന്നു, വേറെവേറെ ഹവിസ്സുകൾ!29
അഗ്നേ, തിരുവടിയ്ക്കായ്ത്താൻ സൽക്കർമ്മങ്ങൾ ദിനേ ദിനേ
ചെയ്തു, കാഴ്ച ലഭിച്ചെങ്ങൾ കടക്കാവൂ, സുദുർഗ്ഗമം!30
ഇമ്പപ്പെടുത്തുന്ന പുരുപ്രിയനായ്,പ്പാവനാഭനായ്
ശയിയ്ക്കമഗ്നിയോടെങ്ങളർത്ഥിപ്പൂ, ഹൃദ്യഗാഥയാൽ!31
ആ വിഭാവസു നീയഗ്നേ,പകലോൻപോലുദീതനായ്,
കരുത്തേന്തി മുടിയ്ക്കുന്നൂ കതിർച്ചാർത്താലിരുട്ടിനെ!32
ആഗ്നേ, ക്ഷയിയ്ക്കാത്ത ധനമുണ്ടല്ലോ, നിങ്കലൂർജ്ജിത;
ഭവാങ്കൽനിന്നപേക്ഷിപ്പൂ, ഞങ്ങളക്കാമ്യദാനമേ!33
കുറിപ്പുകൾ: സൂക്തം 43.

[1] ദ്രോഹിയാത്തവൻ – അയജ്വാക്കളെ ദ്രോഹിയ്ക്കും. മനീഷികൾ – ഞങ്ങളുടെ സ്തോതാക്കൾ.

[2] നിപുണദർശന – സമർത്ഥമായ കാഴ്ചയുള്ളവനേ.

[3] നിറം = ശോഭം.

[4] കയ്യേറും – ഓരോന്നിനേയും കടന്നുപിടിയ്ക്കുന്ന.

[6] ചുഴന്നുകൊണ്ടു് – ഉണക്കമരങ്ങളെ. കാല്പൊടി – പുക.

[7] തരുണിമാർ – തഴച്ച ഓഷധികൾ.

[8] നാക്കാൽത്താൻ – ജ്വാലകൊണ്ടുതന്നെ. കുനിയിച്ചും – വൃക്ഷങ്ങളെ.

[9] ഗർഭമായ്ത്തീർന്നു – ഓഷധികളുടെ ഉള്ളിൽക്കടന്നു്. പിന്നെയും പിറക്കുന്നു – വെളിപ്പെടുന്നു.

[10] അജ്യാഹൂതി ദശാന്തരേ = നെയ്യു ഹോമിയ്ക്കുന്ന സമയത്തു്.

[11] പൃഷ്ഠത്ത് = മുതുകിൽ. വൃഷഭുക്കു് = ഹോമിയ്ക്കപ്പെട്ട കാളയെ തിന്നുന്നവൻ. വസാന്നൻ – പശുവിന്റെ വസ(കൊഴുപ്പു്) തിന്നുന്നവൻ. വേധസ്സ് – അഭീഷ്ടകർത്താവ്.

[12] വിളിപ്പോനേ – ദേവന്മാരെ. സമിത്താലന്നത്താൽ – ചമതയും ഹവിസ്സും അർപ്പിച്ചു്: അപേക്ഷ = യാചനം.

[13] ഹുത = ഹോമിയ്ക്കപ്പെട്ടവനേ.

[14] അഗ്നിയാൽ – ഭൗമാഗ്നിയാൽ.

[15] വീരജനത്തെയും – പുത്രാദികളെയും.

[16] ബലോദിത – അരണിമഥനബലത്തിൽ നിന്നുണ്ടായവനേ.

[17] കുട്ടിയ്ക്കായ് – കുട്ടിയ്ക്കു മുലകൊടുപ്പാൻ.

[18] സുപ്രജകൾ = നല്ല ആളുകൾ. കാമാർജ്ജനം = അഭീഷ്ടസമ്പാദനം.

[21] നട്ടാർ = പ്രജകൾ. പോർകളിൽ – യുദ്ധങ്ങളിൽ സഹായിപ്പാൻ,

[22] സ്തോതാവിനോട്:

[23] ദ്വേഷകാരിവർഗ്ഗവിമർദ്ദി = വിദ്വേഷിവർഗ്ഗത്തെ മർദ്ദിയ്ക്കുന്നവൻ.

[25] എങ്ങു കെല്പാർന്ന ബലവാൻ – കെല്പു സർവത്ര വ്യാപിച്ച ബലവാൻ.

[27] ധരിച്ചാലും – അറിഞ്ഞാലും, സശ്രദ്ധം കേട്ടാലും. മൽസ്തവം = എന്റെ സ്തുതി.

[28] ഉപജാതൻ = ജനിച്ചവൻ. ഗാഥ – സ്തുതിഗീതി.

[29] അജ്ജനങ്ങളും – മറ്റാളുകളും.

[30] സദുർഗ്ഗമം – ദുർഗ്ഗമപ്രദേശങ്ങൾ.

[31] ശയിയ്ക്കും – യജ്ഞങ്ങളിൽ പള്ളികൊള്ളുന്ന. അർത്ഥിപ്പൂ – ധനം യാചിയ്ക്കുന്നു.

[32] ഉദീതനായ് = ഉദിച്ചു്.

[33] ഊർജ്ജിത = ബലവാനേ. അക്കാമ്യദാനമേ = ആ സ്പൃഹണീയദാനം തന്നെ.

സൂക്തം 44.

ഋഷിച്ഛന്ദോദേവതകൾ മുമ്പത്തവ.

ശുശ്രൂഷിപ്പിൻ, ചമതയാൽ; നിങ്ങൾ നെയ്യാലുണർത്തുവിൻ;
ഹോമിപ്പിനീ,യതിഥിയാമഗ്നിയിങ്കലവിസ്സുകൾ!1
അഗ്നേ, ശ്രവിയ്ക്കുകെ,ൻ സ്തോത്രം: വായ്ക്കുകീ, സ്തുതിയാൽബ്ഭവാൻ;
താൽപര്യംകൊൾകയുംചെയ്ക, ഞങ്ങൾതൻസൂനൃതങ്ങളിൽ!2
പുരസ്കരിപ്പൂ, ഞാൻ ഹവ്യവാഹനാമഗ്നിദൂതനെ;
ചൊല്ലുന്നേൻ, സ്തോത്രവു; – മവനിങ്ങെത്തിയ്ക്കുട്ടെ,യുമ്പരെ!3
കൈവളർത്തപ്പെടുംനേരത്തഗ്നേ, സുരുചിരാകൃതേ,
കത്തിജ്ജ്വലിച്ചു പൊങ്ങുന്നൂ, ഭവാന്റെയുരുരശ്മികൾ!4
അഗ്നേ, നെയ്യോലുമെൻസ്രുക്കു, കാമിയ്ക്കുന്ന ഭവാനുടെ
ചാരത്തെത്തട്ടെ; കൈക്കൊള്ളുക,സ്മദീയഹവിസ്സു നീ!5
ഹോതാ,വൃത്വിക്കി,മ്പമേകും ചിത്രഭാനു,വിഭാവസു –
ഈയഗ്നിയെ സ്തുതിയ്ക്കുന്നേൻ: കേൾക്കട്ടെ,യവിടുന്നുതാൻ!6
ക്രാന്തകർമ്മാവു, ഹോതാവു,നുതിയോഗ്യൻ, പ്രസാദവാൻ,
യജ്ഞങ്ങളിലെഴുന്നള്ളിനില്പോന,ഗ്നി പുരാതനൻ!7
അംഗിരശ്ശ്രേഷ്ഠ, കൈക്കൊള്ളുകീ, ഹവ്യങ്ങൾ നിരന്തരം:
അഗ്നേ, നടത്തിയ്ക്ക, ഭവാനധ്വരത്തെയൃതുക്കളിൽ!8
കൈവളർത്തപ്പെടുമ്പോൾത്താനെഴുന്നള്ളുന്നവൻ ഭവാൻ
അറിഞ്ഞുകൊണ്ടുവരികി,ങ്ങമർത്ത്യരെയുരുദ്യുതേ!9
ഹോതാവ, ഹിംസകൻ, ധൂമധ്വജൻ, ധീമാൻ, വിഭാവസു –
ആ യജ്ഞക്കൊടിയോടത്രേ, ഞങ്ങൾ ചെയ്യുന്നു യാചനം!10
ദ്രോഹിപ്പവനിൽനിന്നഗ്നേ, ദേവ, രക്ഷിയ്ക്കുകെ,ങ്ങളെ:
പിളർക്ക, വിദ്വേഷികളെബ്ബലോൽപാദിതനാം ഭവാൻ!11
പുരാതനസ്തവംകൊണ്ടു, തിരുമൈ വിലസുംവിധം
വളർത്തപ്പെട്ടു, കവിയാമഗ്നി മേധാസമേതനാൽ!12
വിളിയ്ക്കുന്നേൻ, ബലജനാം പാവനപ്രഭനഗ്നിയെ,
ഭംഗപ്പെടുത്താനാവാത്തതാമീ യജ്ഞത്തിൽവെച്ചു ഞാൻ.13
ആ നീയെഗ്നേ, സുഹൃൽപൂജ്യ, സമുജ്ജലമരീചിയായ്
ദേവന്മാരൊത്തിരുന്നാലു, – മീയെങ്ങളുടെ ദർഭയിൽ!14
ആരില്ലത്തഗ്നിയെസ്സമ്പത്തിന്നായ്പ്പരിചരിയ്ക്കുമോ,
ആ മനുഷ്യന്നേ കല്പിച്ചുനല്കൂ ദേവൻ ധനങ്ങളെ!15
വിണ്ണിൻകൊടിമരം, മൂർദ്ധാവീയഗ്നി,ധരണീശ്വരൻ
പ്രീതിപ്പെടുത്തിപ്പോരുന്നൂ, തണ്ണീരിന്റെ കിടാങ്ങളെ!16
അഗ്നേ, ഭവാന്റെ തൂവെണ്മ പൂണ്ടു കത്തുന്ന കാന്തികൾ
ഉയർത്തെയ്ക്കയയ്ക്കുന്നു, ഭവാനുടെ മഹസ്സിനെ!17
കാമ്യമാം സ്വത്തിനുടമയല്ലോ, വിൺപെരുമാൾ ഭവാൻ;
അഗ്നേ, പുകഴ്ത്തുമാറാക, സുഖാപ്തിയ്ക്കു ഭവാനെ ഞാൻ!18
നിന്നെ സ്തുതിപ്പൂ, കർമ്മത്താൽത്തോഷിപ്പിപ്പൂ, മനീഷികൾ;
അഗ്നേ, നിന്നെ വളർത്തട്ടേ, ഞങ്ങൾതൻ നുതിഗാഥകൾ!19
അഹിംസിതൻ, ബലയുതൻ, ദൂതനഗ്നി പുകഴ്ത്തുവോൻ;
അദ്ദേഹത്തിന്റെ സഖ്യത്തെ വരിപ്പൂ, ഞങ്ങളെപ്പൊഴും.20
ശുചി ധീമാൻ, ശുചി കവി, യതിമാത്രശുചിവ്രതൻ;
ശുചിയായ്ത്തന്നെ വിലസു, – മഗ്നിയാഹൂതിവേളയിൽ!21
നിന്നെസ്സദാ വളർത്തട്ടേ,സ്തുതിയും മമ കർമ്മവും;
അഗ്നേ, ഭവാനെങ്ങളുടെ സഖ്യത്തെയറിയേണമേ!22
നീയായ്വരേണമഗ്നേ, ഞാൻ; നീയോ ഞാനോയ്ബ്ഭവിയ്ക്കണം;
എങ്കിലേ ശരിയായ്ത്തീരൂ, ഭവാന്റെ നിനവൊക്കെയും!23
വസുവും, വസുരാജാവും, വിഭാവസുവുമാണു നീ;
അഗ്നേ, നിൻനന്മനസ്സിങ്കലെത്തിച്ചേരണ,മെങ്ങളും!24
അഗ്നേ, നദികൾ വാരാശിയിങ്കലെയ്ക്കെന്നപോലവേ,
കർമ്മിയാം നിങ്കലെയ്ക്കാർത്തുംകൊണ്ടു പായുന്നു, ഗാഥകൾ!25
യുവാവായൊക്കെയുണ്മോനായ്ക്കവിയായ്പ്പൂരുചര്യനായ്
പ്രജേശനാമഗ്നിയെ ഞാനണിയിപ്പൻ, സ്തവങ്ങളാൽ.26
യജ്ഞങ്ങളുടെ നേതാവായ്, ക്കൂർത്ത പല്ലുടയോനുമായ്
കെല്പിനാമഗ്നിയെപ്പറ്റി സ്തോത്രം ചൊല്പാൻ കൊതിയ്ക്ക,നാം!27
അഗ്നേ, ഭവാങ്കലിവരും സ്തുതി ചൊല്ലട്ടെ, പാവക;
സേവ്യനാം നിന്തിരുവടിയവർക്കേകേണമേ, സുഖം!28
ധീരനും, ഹവ്യവാൻ പ്രാജ്ഞൻപോലവേ ജാഗരൂകനും,
അഗ്നേ,വാനത്തു വിലസുന്നോനുമല്ലോ, സദാ ഭവാൻ!29
പാപം പെടുന്നതിൻമുന്നേ, ശത്രു പീഡയ്ക്കുമുന്നമേ
അഗ്നേ, വാസോ, കവേ, ഞങ്ങൾക്കായുസ്സേറ്റം വളർക്ക,നീ!30
കുറിപ്പുകൾ: സൂക്തം 44.

[1] ഋത്വിക്കുകളോട്:

[2] സൂനൃതങ്ങൾ = സൂക്തങ്ങൾ.

[3] പുരസ്കരിപ്പു – പൂജിയ്ക്കുന്നു. അഗ്നിദൂതനെ = അഗ്നിയാകുന്ന ദൂതനെ.

[5] സ്രുക്കു് – സ്രുക്കാകുന്ന യുവതി.

[6] ഈ – ഇപ്രകാരമുള്ള.

[7] നുതിയോഗ്യൻ = സ്തുത്യർഹൻ.

[8] ഋതുക്കളിൽ – യഥാകാലം.

[9] എഴുന്നള്ളുന്നവൻ – യജ്ഞങ്ങളിൽ വരുന്നവൻ.

[10] ആ യജ്ഞക്കൊടിയോടു് – അപ്രകാരമുള്ള അഗ്നിയോടു്.

[12] മേധാസമേതനാൽ – മേധയുള്ള സ്തോതാവിനാൽ.

[14] സമുജ്ജ്വലമരീചിയായ് – കത്തുന്ന തേജസ്സോടേ.

[16] മൂർദ്ധാവു് – ദേവന്മാരിൽ തലവൻ, തണ്ണീരിന്റെ കിടാങ്ങൾ – സ്ഥാവരജംഗമങ്ങൾ.

[17] മഹസ്സ് = തേജസ്സ്.

[20] പുകഴ്ത്തുവോൻ – ദേവന്മാരെ സ്തുതിയ്ക്കുന്നവൻ.

[21] ആഹൂതിവേള = ഹോമാവസരം.

[22] അറിയേണമേ – ഞങ്ങൾ സഖാക്കളാണെന്നു്, സ്തോതാക്കളാണെന്നു്.

[23] നീയായ്വരേണം – ഭവാനെപ്പോലെ ധനാഢ്യനാകണം. ഞാനായ്ബ്ഭവിയ്ക്കണം – എന്നെപ്പോലെ ദരിദ്രനായിത്തീരണം. നിനവു് – ഞാൻ ധന തൃപ്തനാകണമെന്ന ആശംസ. ഭവാന്റെ സകലസമ്പത്തും എനിയ്ക്കു തരുമാറാകണം!

[24] വസുരാജവു് = ധനപതി. നിൻനന്മനസ്സിങ്കലെത്തിച്ചേരണം – ഭവാന്റെ പ്രസാദത്തിന്നു വിഷയമാകണം.

[25] ആർത്തുംകൊണ്ടു്—ഉച്ചശബ്ദത്തോടേ. ഗാഥകൾ – സ്തുതിഗീതികൾ.

[26] ഒക്കെ – ഹവിസ്സെല്ലാം. പുരുചര്യൻ = ബഹുകർമ്മാവു്.

[27] പല്ലു് – ജ്വാലകൾ.

[28] ഇവരും – ഞങ്ങളുടെ ആളുകളും.

[29] ഹവ്യവാൻ പ്രാജ്ഞൻ – യജമാനനായ പ്രാജ്ഞൻ സദാ ജാഗരൂകനായിരിയ്ക്കുമല്ലോ.

സൂക്തം 45.

കണ്വഗോത്രൻ ത്രിശോകൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

യുവാവിന്ദ്രൻ സഖാവേവർക്കെ,വരാസ്ഥയൊടഗ്നിയെ
ജ്വലിപ്പിയ്ക്കും; പതിവുവെച്ചവർ ദർഭ വിരിയ്ക്കുമേ!1
യുവാവിന്ദ്രൻ സഖാവേവർക്ക,വാക്കേറും, സമിത്തുകൾ;
സ്തോത്രങ്ങൾ വായ്ക്കും; പെരുതായ്ത്തീരും, മരനുറുങ്ങുമേ!2
യുവാവിന്ദ്രൻ സഖാവേവർക്ക,ക്കൂട്ടരിലയോധനും
ചുണച്ചു പൊരുതിക്കെല്പാൽക്കുനിയിയ്ക്കും, പരീതനെ!3
പിറന്നപോതേ ശരമൊന്നെടുത്തീ വൃത്രസൂദനൻ
ചോദിച്ചാനമ്മയോടേ,വരുഗ്രന്മാരേവർ വിശ്രുതർ?4
ബലിഷ്ഠയുത്തരം നിന്നോടുരച്ചാളാ, ‘നപോലവേ
മലയ്ക്കുമേൽ മല്ലിടുമേ, നിൻ വൈരിത്വം കൊതിപ്പവൻ!’5
കേൾക്ക, നീ: നിങ്കൽനിന്നിച്ഛിപ്പതു കൊണ്ടുവരും ഭവാൻ;
മഘാവൻ, നീയുറപ്പേതിന്നുണ്ടാക്കു,മതുറപ്പിലാം!6
യോദ്ധാവാമിന്ദ്രനൊരു നല്ലശ്വത്തിന്നടർ പൂകിയാൽ,
തേരാളികളിൽവെച്ചൂറ്റപ്പെട്ട തേരാളിയായ്വരും!7
വജ്രിൻ, ചിന്നിയ്ക്ക, വഴിപോലെതിരാളരെയൊക്കെ നീ;
കല്പിച്ചുതരിരെ,ങ്ങൾക്കു വളരെശ്ശോഭനാന്നവും!8
ദ്രോഹിവ്രജത്താൽ ദ്രോഹിയ്ക്കപ്പെടാതുള്ളോരു നല്ല തേർ
ഇന്ദ്രൻ മുന്നിലണയ്ക്കട്ടേ, നമുക്കിഷ്ടങ്ങൾ നേടുവാൻ!9
ഇന്ദ്ര,ത്വദ്ദ്വേഷികളിൽ നിന്നൊഴിയും, ഞങ്ങൾ കേവലം;
ഗോയുക്തനാം ഭവാന്നേകാൻ പോന്നോനിൽശ്ശക്ര,ചെല്ലുമേ!10
മെല്ലേ നടക്കുന്നവരും, സാശ്വരും, പുരുവിത്തരും,
നിർബാധരും, ചുമതലക്കാരുമാകെ,ങ്ങൾ വജ്രവൻ!11
നൂറുമായിരവും ശ്രേഷ്ഠസാധനങ്ങൾ ദിനേ ദിനേ
നല്കപ്പെടുന്നതുണ്ടല്ലോ, നിന്നെ വാഴ്ത്തുന്നവർക്കിഹ!12
കെല്പുറ്റവയെയും തല്ലിപ്പൊളിയ്ക്കുന്ന ധനജ്ഞയൻ,
ഇന്ദ്ര, നീ വീടുപോലുള്ളോനെന്നെങ്ങൾക്കറിയാം, ദൃഢം!13
കൈമാറ്റക്കാരനാം നിന്നോടെങ്ങളർത്ഥനചെയ്യവേ,
കവേ, ധൃഷ്ണോ, പോന്ന നിന്നെ മത്തനാക്കട്ടെ സോമവും!14
ലുബ്ധാൽ, നിൻധനദാനത്തിൽക്കുശൂമ്പേവനു തോന്നുമോ;
ഞങ്ങൾക്കു കൊണ്ടുവന്നാലു,മപ്പണപ്പുള്ളിതൻ മുതൽ!15
ഇതാ, സോമം പിഴിഞ്ഞിന്ദ്ര, നിന്നെ നോക്കുന്നു, നിർഭരം,
തീൻ കൂട്ടിയോർ പശൂവിനെയെന്നപോലെ സുഹ്യത്തുക്കൾ!16
ചെവികേൾക്കുന്ന—ചെകിടനല്ലാത്ത—തിരുമേനിയെ
ദൂരാൽ വിളിച്ചുകൊള്ളുന്നു, ഞങ്ങളിങ്ങവനത്തിനായ്!17
കേൾക്കു,മീ വിളി നീയെങ്കിൽത്തരണം, തീവ്രമാം ബലം;
ഞങ്ങൾക്കടുപ്പമുള്ളോരു ചാർച്ചക്കാരനുമാകണം!18
നിന്നെ സ്തുതിപ്പതുണ്ടല്ലോ, ഞങ്ങൾ നൊന്തു നടക്കവേ;
ഇന്ദ്ര, ഗോക്കളെ ഞങ്ങൾക്കു തരാൻതന്നെയുറയ്ക്ക, നീ!19
വൃദ്ധന്മാർ വടിപോലൂന്നിപ്പിടിപ്പൂ, ഞങ്ങളങ്ങയെ;
വന്നാൽക്കൊള്ളാം, ക്രതുവിൽ നീയെന്നുമുണ്ടു, ബലാധിപ!20
ആരെത്തടുക്കില്ല,ടരിലാരു;മപ്പുരുവിത്തനെ,
ഇന്ദ്രനെ,ദ്ദാനപരനെപ്പറ്റി സ്തോത്രങ്ങൾ പാടുവിൻ!21
സോമം പിഴിഞ്ഞയയ്ക്കുന്നേ,നവിടെയ്ക്കു കുടിയ്ക്കുവാൻ:
ഭുജിയ്ക്ക, മതിയാവോളം വൃഷാവേ, മാദകം ഭവാൻ!22
മൂഢരങ്ങയെ രക്ഷാർത്ഥം ദ്രോഹിയ്ക്കൊല്ല, ഹസിയ്ക്കൊലാ:
ബ്രഹ്മദ്വേഷിപ്പരിഷയിലെഴുന്നള്ളരുതേ,ഭവാൻ!23
മഹത്താം സ്വത്തിനായ് മത്തുപിടിപ്പിയ്ക്കട്ടെ,യങ്ങയെ:
ഗൗരമാൻ പൊയ്കനീർപോല,ഗ്ഗവ്യസോമം കുടിയ്ക്ക,നീ24
വൃത്രഹന്താവു പുതുതും സനാതനവുമാം ധനം
ദൂരാലയയ്ക്കുന്നതിനെപ്പുകഴ്ത്തുന്നു, സദസ്സുകൾ!25
നുകർന്നരുളിനാ,നിന്ദ്രൻ കദ്രുതന്നുടെ സോമനീർ;
സഹസ്രബാഹുവിന്നായി പ്രകാശിപ്പിച്ചു, വീര്യവും!26
യദുതുർവശർതൻ കർമ്മമതു നേരെന്നു കാണ്കയാൽ
അടരിങ്കലെഴുന്നള്ളിച്ചെറുത്താ,നഹ്നവായ്യനെ!27
തരും, ഗോക്കളെയും കൊറ്റും; കടത്തും, യുഷ്മദീയരെ –
അശ്ശത്രുമർദ്ദനനെ ഞാൻ പതിവായി സ്തുതിയ്ക്കുവാൻ !28
തണ്ണീർ തഴപ്പിച്ച മഹാനാകുമിന്ദ്രന്നു സാമ്പ്രതം
സോമം പിഴിഞ്ഞുവെച്ചു, ക്ഥം ചൊല്ലുന്നേൻ, ധനകാംക്ഷി ഞാൻ!29
ത്രിശോകന്നായ് ജ്ജലം ചോർക്കാൻ വന്മേഘത്തെപ്പിളർത്തിനാൻ;
വഴിയും വെട്ടിനാനല്ലോ,വെള്ളങ്ങൾക്കൊഴുകാനിവൻ!30
മോദിച്ചാലേതു കൈക്കൊള്ളുമാദരിയ്ക്കും, കൊടുത്തിടും;
അതിലെന്തൊന്നു നീ ചെയ്തീലി? – ന്ദ്ര, നല്കുക, സൗഖ്യവും!31
ഇന്ദ്ര, നിന്മട്ടിലുള്ളോന്റെ ചെറുതാം ചെയ്തിതന്നെയും
പാരിൽ പ്രസിദ്ധമാമല്ലോ: വന്നെത്തട്ടെ, ഭവന്മനം!32
അവിടുന്നിന്ദ്ര, ഞങ്ങൾക്കു സുഖം കല്പിച്ചു നല്കിയാൽ,
അതിൻപ്രശസ്തിയും നല്ല യശസ്സുമവിടെയ്ക്കുതാൻ !33
കുറ്റമൊന്നോ, പരം രണ്ടോ മൂന്നോ, വളരെയെണ്ണമോ
ഞങ്ങൾ ചെയ്യുകിലും, ശിക്ഷ കല്പിയ്ക്കരുതു, ശൂര, നീ 34
നേരേ കേറിയടിപ്പോനാ,യുഗ്രനായ്,പ്പാപഹാരിയായ്,
സഹിഷ്ണുവാം ഭവാനെപ്പോലുള്ളോനിൽപ്പേടിയുണ്ടു, മേ!35
തോഴന്നുതാൻ, മകനുതാനഭിവൃദ്ധി മഹാവസോ,
ഉണർത്തിപ്പീല ഞാൻ: പേർത്തും പേർത്തും പതിക, നിന്മനം!36
‘ആർ മർത്തരേ, നിലവിളിയ്ക്കുന്നു? ഞങ്ങളിൽനിന്നെവൻ
പായുന്നു? കൊന്നു, ഞാനാരെ?’ത്തോഴൻ തോഴനൊടോതിനാൻ!37
പിഴിഞ്ഞൊരേവാരനിൽ നീ വൃഷാവേ, പെയ്തവേളയിൽ
തലചായ്ച്ചേവരും പോയാരൊ,രു ചൂതാടിപോലവേ!38
നിൻനൽത്തേരശ്വയുഗ്മത്തെ മന്ത്രത്താൽപ്പൂട്ടി ഞാനിതാ,
വലിയ്ക്കുന്നേൻ: ധനം നല്കുന്നോനല്ലോ, ബ്രാഹ്മണർക്കു നീ!39
വിദ്വേഷികളെ മുച്ചൂടും പിളർക്ക; രണബാധകൾ
നിർത്തിയ്ക്കുക; ഭവാൻ കൊണ്ടുവരികാ,ക്കാമ്യമാം ധനം!40
യാതൊന്നുറപ്പിലും, ശൈലത്തിലു, മിന്ദ്ര, തുറസ്സിലും
വെച്ചിരിയ്ക്കുന്നു നീ, കൊണ്ടുവരികാ,ക്കാമ്യമാം ധനം!41
പെരുത്ത യാതൊന്നു ഭവദ്ദത്തമെന്നേതുമർത്യനും
അറിഞ്ഞീടുന്നുവോ; കൊണ്ടുവരികാ,ക്കാമ്യമാം ധനം!42
കുറിപ്പുകൾ: സൂക്തം 45.

[1] ഇന്ദ്രന്റെ സഖ്യം ലഭിച്ചവരും, അഗ്നിയെ ജ്വലിപ്പിയ്ക്കുന്നവരും ദർഭവിരിയ്ക്കുമേ – യാഗം കഴിപ്പാൻ അർഹരാകും. ഈ ഋക്കിന്നു് അഗ്നിയും ദേവതയാണു്.

[2] ഏറും – ധാരാളം കിട്ടും. മരനുറുങ്ങ് – യൂപം നിർമ്മിപ്പാൻ വെട്ടുന്ന മരത്തിന്മേൽനിന്നു് ആദ്യം തെറിച്ച കഷ്ണം: അവർ വീണ്ടും വീണ്ടും യൂപം നിർമ്മിപ്പിയ്ക്കും; പലവുരു യാഗംചെയ്യും.

[3] അയോധനും – മുമ്പു യുദ്ധം ചെയ്തിട്ടില്ലാത്തവൻപോലും. ചുണച്ചു് – ഉശിരോടെ. പരീതനെ – സേനാപരിവൃതനായ ശത്രുവിനെ.

[4] അമ്മ – അദിതി.

[5] പ്രത്യക്ഷോക്തി: ബലിഷ്ഠ—ബലവതിയായ അമ്മ. കൊതിപ്പിക്കുവൻ – ശൂഷ്ണാസുരൻ: അവനാണ്, ഉഗ്രനും, വിശ്രുതനും.

[6] കേൾക്ക—എന്റെ സ്തോത്രം. ഇച്ഛിപ്പതു—സ്തോതാവു കാംക്ഷിയ്ക്കന്നത്.

[7] അശ്വത്തിന്ന്—കുതിരയെ കിട്ടാൻ. തേരാളിമാരെയെല്ലാം ജയിക്കുമെന്ന്, ഉത്തരാർദ്ധത്തിന്റെ താത്പര്യം.

[10] അങ്ങയെ ദ്വേഷിയ്ക്കുന്നവരുടെ അടുക്കൽ യാചിപ്പാൻ ചെല്ലില്ല; ഭവാന്നേകാൻ, (ഹവിസ്സു തരാൻ) കഴിവുള്ളവങ്കലേ ചെല്ലു.

[11] സാശ്വർ = അശ്വയുക്തർ.

[12] നൽകപ്പെടുന്നതുണ്ടല്ലോ—യജമാനനാൽ.

[13] കെല്പുറ്റവയെയും—ഉറപ്പേറിയ ശത്രുനഗരങ്ങളെപ്പോലും. ധനജ്ഞയൻ – സമ്പത്തടക്കുന്നവൻ. വീടുപോലുള്ളോൻ – ഉപദ്രവങ്ങളിൽനിന്നു രക്ഷിയ്ക്കുന്നവൻ.

[14] കൈമാറ്റക്കരൻ – ഹവിസ്സു വാങ്ങി, അഭീഷ്ടം കൊടുക്കുന്നവൻ. പോന്ന—ഉന്നതനായ.

[15] ഭവാൻ സ്തോതാക്കൾക്കു ധനം കൊടുക്കുമ്പോൾ, തന്റെ പിശുക്കുമൂലം അസൂയ തോന്നുന്ന പണപ്പുള്ളിയുടെ (മുതല്ക്കാരന്റെ) ധനം കൊണ്ടുവന്നു ഞങ്ങൾക്കു തന്നാലും.

[16] സുഹൃത്തുക്കൾ = സഖാക്കൾ, സ്തോതാക്കൾ, നിന്നെ നിർഭരം നോക്കുന്നു. തീൻ (പുല്ലും മറ്റും) കൂട്ടിയവർ പശുവിനെ (മാടെവിടെ എന്നു) നോക്കുന്നതു പോലെ.

[17] ചെകിടൻ = ബധിരൻ. അവനം = രക്ഷണം.

[18] തീവ്രമാം—ശത്രുക്കൾക്കു ദുസ്സഹമായ.

[19] നൊന്തു—ദാരിദ്രവേദനയോടെ.

[20] എന്നുമുണ്ടു—എന്ന ആഗ്രഹവുമുണ്ട്. ബലാധിപ = ബലപതേ.

[21] സ്തോതാക്കളോട്:

[22] മാദകം—ലഹരിപിടിപ്പിയ്ക്കുന്ന സോമം.

[23] രക്ഷാർത്ഥം – അവരുടെ രക്ഷയ്ക്ക്.

[24] സ്വത്തിനായ് – സ്വത്തു കിട്ടാൻ. ആളുകൾ അങ്ങയെ സോമം കൊണ്ടു മത്തുപിടിപ്പിയ്ക്കട്ടെ. ഗവ്യസോമം – ഗോരസങ്ങൾ ചേർത്ത സോമനീർ.

[25] സദസ്സുകൾ – യജ്ഞസഭകളിലെ ആളുകൾ.

[26] കദ്രു – ഒര്യഷി. സഹസ്രബാഹുവിന്നായി – സഹസ്രബാഹു എന്ന രാജാവിനെ രക്ഷിപ്പാൻ. വീര്യവും പ്രകാശിപ്പിച്ചു – അദ്ദേഹത്തിന്റെ ശത്രുക്കളെ കൊല്ലുകയും ചെയ്തു.

[27] കർമ്മമതു = ആ കർമ്മം. നേര് – നിർവ്യാജം. അഹ്നവായ്യൻ – അവരുടെ ഒരു ശത്രു.

[28] സ്വന്തം ആളുകളോട്: യുഷ്മദീയരെ (നിങ്ങളുടെ പുത്രാദികളെ) കടത്തും – ആപത്തിന്റെ മറുകരയിലെത്തിയ്ക്കും. അശ്ശത്രുമർദ്ദനനെ – അപ്രകാരമുള്ള ശത്രുമർദ്ദനനെ, ഇന്ദ്രനെ.

[29] തണ്ണീർ – മഴവെള്ളം.

[30] ത്രിശോകന്നായ് – ത്രിശോകനെന്ന ഋഷിയ്ക്കുവേണ്ടി, ചോർക്കാൻ – ഭൂമിയിലെയ്ക്കു വീഴ്ത്താൻ. ഇവൻ – ഇന്ദ്രൻ.

[31] അതിൽ – ആ നന്മയിൽ. എന്തൊന്നു ചെയ്തീല – എല്ലാം ഞങ്ങൾക്കു ചെയ്തിരിയ്ക്കുന്നു. ഇനി, സൗഖ്യവും നല്കുക.

[32] ഭവന്മനം = ഭവാന്റെ മനസ്സ്. വന്നെത്തട്ടെ – എങ്കൽ, പതിയട്ടെ.

[35] അടിപ്പോനായ് – ശത്രുക്കളെ. സഹിഷ്ണു – ശത്രുപീഢയെ കൂസാത്തവൻ.

[36] തോഴന്നുതാൻ, മകനുതാൻ = സഖാവിന്നോ, പുത്രന്നോ. മഹാവസോ = മഹാത്തായ ധനമുള്ളവനേ. ഉണർത്തിപ്പീല – കൊടുക്കേണമെന്നറിയിയ്ക്കുന്നില്ല; നിന്മനം ഞങ്ങളിൽ പതിഞ്ഞാൽ മതി.

[37] ഞങ്ങളിൽനിന്നു് – ഞങ്ങളെ പേടിച്ച്. ഞാൻ ആരെ കൊന്നു – ഒരപരാധരഹിതനെയും ഞാൻ കൊന്നിട്ടില്ല. ഇതൊക്കെ പറയാൻ ഇന്ദ്രൻമാത്രമേയുള്ളൂ. ഇന്ദ്രൻ ഇവിടെ വന്നു ചേർന്നിരിയ്ക്കാം എന്നു തോഴൻ തോഴനോടു പറഞ്ഞു.

[38] സോമം പിഴിഞ്ഞ ഏവാരനെന്ന ആൾക്കു ഭവാൻ ധനം ചെയ്തു കൊടുത്തുവല്ലോ; അപ്പോൾ ഏവരും (ദേവന്മാരെല്ലാം) ഒരു ചൂതാടി (ചൂതുകളിയിൽ പണമൊക്കെപ്പോയവൻ) പോലെ തല താഴ്ത്തി നടകൊണ്ടു. ഇന്ദ്രന്റെ ഈ ധനവർഷണത്താൽ സ്വർഗ്ഗത്തിലെ സമ്പത്താകെ തീർന്നുപോയി എന്ന വിചാരത്താലായിരിയ്ക്കാം, ദേവന്മാർ തല ചായ്ച്ചു മിണ്ടാതെ പോയതു്!

[39] നൽത്തേരശ്വയുഗ്മത്തെ – നല്ല തേരിന്റെ രണ്ടു കുതിരകളെ, ഹരികളെ. വലിയ്ക്കുന്നേൻ – ഞങ്ങളുടെ അടുക്കലേയ്ക്കു്.

[40] രണബാധകൾ = യുദ്ധോപദ്രവങ്ങൾ.

[42] വളരെദ്ധനം ഒരാളിൽ കണ്ടാൽ, അതു ഭവാൻ കൊടുത്തതാണെന്ന് എല്ലാ മനുഷ്യരും അറിയും.

സൂക്തം 46.

അശ്വപുത്രൻ വശൻ ഋഷി; പാദനീചൃത്തും ഗായത്രിയും കകുപ്പും ബൃഹതിയും അനുഷ്ടുപ്പും സതോബൃഹതിയും ദ്വിപദാജഗതിയും പിപീലികമധ്യാബൃഹതിയും കകുമ്ന്യങ്കശിരയും വിരാട്ടും ജഗതിയും ഉപരിഷ്ടാദ്ബൃഹതിയും പംക്തിയും ഉഷ്ണിക്കും ഛന്ദസ്സുകൾ; ഇന്ദ്രനും വായുവും ദേവത.

ബഹുധന, മികച്ച നേതാവേ, ഹരിസ്ഥിത, ഇന്ദ്ര, നിന്തിരുവടിയുടെയാകുന്നു, ഞങ്ങൾ!1

വജ്രിൻ, നിന്തിരുവടി തീർച്ചയായും അന്നദാതാവാണെന്നു ഞങ്ങൾക്കറിയാം; ധനദാതാവാണെന്നും ഞങ്ങൾക്കറിയാം!2

ശതരക്ഷ, ശതക്രതോ, നിന്തിരുവടിയുടെ മഹിമാവിനെ പാടിപ്പുകഴ്ത്തുന്നുണ്ടല്ലോ, സ്തോതാക്കൾ!3

ആരെ അദ്രോഹികളായ മരുത്തുക്കൾ, ആരെ അര്യമാവ്, ആരെ മിത്രൻ രക്ഷിയ്ക്കുമോ, ആ മനുഷ്യൻ സുയജ്ഞനാകുമല്ലോ!4

ആദിത്യരാൽ അനുഗ്രഹിയ്ക്കപ്പെട്ടവന്നു ഗോക്കളും അശ്വങ്ങളും സുവീര്യരും ഉണ്ടായിവരും; അവൻ ബഹുകാമ്യമായ സമ്പത്തിനാൽ സദാ വർദ്ധിയ്ക്കും!5

ഭയമെന്നിയേ ബലം പ്രയോഗിയ്ക്കുന്ന ആ ഇന്ദ്രനോടു ഞങ്ങൾ ധനം യാചിയ്ക്കുന്നു – സ്വാമിയോടു സമ്പത്തു യാചിയ്ക്കുന്നു.6

തന്റെ കൂടെയുണ്ടല്ലോ, നിർഭയകളായ രക്ഷകളെല്ലാം: ആ ബഹുധനനെ മത്തുപിടിപ്പിയ്ക്കാൻ, ഹരികളെന്ന കുതിരകൾ സോമത്തിലെയ്ക്കു കൊണ്ടുവരട്ടെ!7

ഇന്ദ്ര, വരണീയവും, ശത്രുക്കളെ തുലോം ഹനിയ്ക്കുന്നതും, അവരിൽനിന്നു സ്വത്തടക്കുന്നതും, യുദ്ധങ്ങളിൽ ദുസ്തരവുമാണല്ലോ, അങ്ങയുടെ മത്തു്!8

വിശ്വവരണീയ, മഹാബല, വസോ, യുദ്ധങ്ങളിൽ ദുസ്തരനും, മറുകരയണയ്ക്കുന്നവനും, സ്തുത്യനുമായ നിന്തിരുവടി ഞങ്ങളുടെ സവനങ്ങളിൽ എഴുന്നള്ളിയാലും: ഞങ്ങൾക്കു് ഒരു പൈത്തൊഴുത്തു കിട്ടുമാറാകട്ടെ!9

മഹാധന, അങ്ങ് മുമ്പേത്തെപ്പോലെ ഞങ്ങൾക്കു ഗോക്കളെയും അശ്വങ്ങളെയും തേരുകളും തരാൻ വന്നുചേർന്നാലും!10

ശൂര, അങ്ങയുടെ ധനത്തിന്റെ അറ്റം സത്യമായും ഞാൻ കണ്ടെത്തിയിട്ടില്ല: മഘവാവേ, വജ്രിൻ, അവിടുന്നു ഇപ്പോൾത്തന്നെ തരിക; ഞങ്ങളുടെ കർമ്മങ്ങൾ അന്നംകൊണ്ടു രക്ഷിച്ചാലും!11

സഖാക്കളാൽ കേൾപ്പിയ്ക്കുപ്പെടുന്ന, പുരുസ്തുതനായ യാതൊരു ദർശനീയൻ എല്ലാപ്പിറവികളും അറിയുന്നുവോ; ആ ബലവാനായ ഇന്ദ്രനെ മനുഷ്യയുഗങ്ങളിൽ എല്ലാവരും സ്രുക്കെടുത്തു വിളിയ്ക്കുന്നു!12

ആ ബഹുധനനായ, മഘവാവായ വൃത്രഹന്തവു യുദ്ധങ്ങളിൽ നമ്മെ രക്ഷിപ്പാൻ മുമ്പിൽ നില്ക്കട്ടെ! 13

സോമലഹരിയിൽ വീരനായി കുമ്പിടുവിയ്ക്കന്ന, വിശിഷ്ടപ്രജ്ഞനായ, സ്തോതവ്യനായ, ശക്തനായ ഇന്ദ്രനെക്കുറിച്ചു നിങ്ങൾ തോന്നലിനൊത്തു വലിയ സ്തുതി പാടുവിൻ!14

പുരുഹൂത, അവിടുന്നു് ഇപ്പോൾത്തന്നേ പൊറുപ്പാൻ മുതൽ തരിക; സ്വത്തു തരിക; യുദ്ധങ്ങളിൽ അന്നവും തരിക!15

സർവസമ്പത്തുകളുടെയും സ്വാമിയാണു്, ഭവാൻ; ഈ തടുത്തു പൊരുതുന്നവനെ കീഴമർത്തുക. ഇനിയും (സ്വത്തുതരിക)!16

മഹാനായ നിന്തിരുവടിയുടെ ആഗമനം ഞാനിച്ഛിയ്ക്കുന്നു: ഗമനശീലനായ പൂർണ്ണഗമനനായ വൃഷാവിനെ ഞങ്ങൾ യജിച്ചു സ്തുതിയ്ക്കുന്നു. സർവ്വമനുഷ്യരാലും യജിയ്ക്കപ്പെടുന്നവനാണല്ലോ, മരുത്ത്വാനായ ഭവാൻ; അങ്ങയെ ഞാൻ വണങ്ങി വാഴ്ത്തിപ്പാടുന്നു.17

യാവചിലർ ബലകരമായ മേഘജലത്തോടുകൂടി പറക്കുന്നുവോ, ആ ഗഭീരനിനദന്മാരെ ഞങ്ങൾ യജിയ്ക്കുന്നു – ആ ചീറ്റിയിരമ്പുന്നവർക്കു ഞങ്ങൾ യജ്ഞത്തിൽ ഹവിസ്സൊരുക്കുന്നു.18

ദുഷ്ടമർദ്ദന, ബലവാനേ, ഇന്ദ്ര, നിന്തിരുവടി ഞങ്ങൾക്കു് തക്കതു കൊണ്ടുവന്നാലും: ഉദാരമതേ, ഉദാരമതേ, മികച്ച ധനം!19

വീതിയ്ക്കുന്നവനേ, വഴിപോലെ വീതിയ്ക്കുന്നവനേ, ഉഗ്ര, പൂജനീയ, മികച്ച ജ്ഞാനദാതാവേ, സത്യാത്മൻ, കീഴമർത്തുന്നവനേ, ചക്രവർത്തിൻ, അവിടുന്നു യുദ്ധങ്ങളിൽ ചെറുക്കാനും പൊറുക്കാനും പോന്ന പ്രധാനധനം (കൊണ്ടുവന്നാലും)!20

‘ഒരു ദേവനല്ലാത്ത വശൻ തികഞ്ഞ ജംഗമസ്വത്തു വാങ്ങിയല്ലോ – കനീതപുത്രനായ പൃഥുശ്രവസ്സിങ്കൽനിന്ന് ഇന്നു കാലത്തു വാങ്ങിയല്ലോ; ആ അശ്വപുത്രൻ വന്നെത്തട്ടെ!21

‘എഴുപതിനായിരം കുതിരകൾ, രണ്ടായിരം ഒട്ടകങ്ങൾ, ആയിരം കറുത്ത പെൺകുതിരകൾ, ഒരുലക്ഷം മൂന്നിടം മിന്നുന്ന പൈക്കൾ എന്നിവ എനിയ്ക്കു കിട്ടി!22

ഊക്കിൽപ്പായുന്ന, കരുത്തുള്ള, മെതിയ്ക്കുന്ന പത്തു കരിംകുതിരകൾ തേർവട്ടുരുട്ടുന്നു!23

ശോഭനധനനായ കനീതപുത്രൻ പൃഥുശ്രവസ്സിന്റെ ദാനമാണിതൊക്കെ: ഒരു കനകത്തേരും തന്നു്, ആ പെരിയ ദാതാവായ പ്രാജ്ഞൻ വളരെകീർത്തി നേടിയിരിയ്ക്കുന്നു!24

വായോ, അങ്ങ് മഹത്തായ സ്വത്തും മഹനീയമായ കരുത്തും തരാൻ ഞങ്ങളിൽ വന്നാലും: വളരെക്കൊടുക്കുന്ന, വലുതു കൊടുക്കുന്ന ഭവാനെ ഞങ്ങൾ ഉടനടി പൂജിയ്ക്കുമല്ലോ!25

ആർ കുതിരകളാലും ആയിരത്തിനാനൂറ്റെഴുപതു ഗോക്കളാലും വഹിയ്ക്കപ്പെടുന്നുവോ; അദ്ദേഹം ഇതാ, സോമം പിഴിയുന്നവരോടുകൂടി, സോമം കുടിയ്ക്കുന്നവനേ, – അരിച്ചു തിളങ്ങുന്ന സോമം കുടിയ്ക്കുന്നവനേ, – സോമം തരാൻ തുടങ്ങുന്നു!26

ആർ എനിയ്ക്കു് ഈ വിവിധദാനം ചെയ്യുന്നതിൽ സ്വയം ഇമ്പപ്പെട്ടുവോ; ആ സുയജ്ഞൻ സുകൃതത്തിനായി അരട്വനോടും അക്ഷനോടും നഹുഷനോടും കല്പിച്ചു!27

വായോ, ഉചത്ഥ്യനെക്കാളും വപുസ്സിനെക്കാളും മീതെയാണു്, ഈ നെയ്യു പോലെ പരിശുദ്ധനായ രാജാവു്. ഇതാ,കുതിരകളും ഒട്ടകങ്ങളും നായ്ക്കളും ചുമന്നു കൊണ്ടുവന്ന ആ അന്നം!28

ആ പ്രദാതാവിന്നു പ്രിയപ്പെട്ട അറുപതുനായിരം കുതിരകളെപ്പോലെ, വിത്തുകാളകളെയും എനിയ്ക്കു കിട്ടി!29

ഗോക്കൾ കൂട്ടത്തിലെന്നപോലെ, ഉഴുതുമൂരികളും എങ്കലെത്തി – ഉഴുതുമൂരികളും എങ്കലെത്തി!30

മേച്ചിൽക്കൂട്ടത്തിലെ നൂറൊട്ടകങ്ങൾ, രണ്ടായിരം വെള്ളപൈക്കൾ എന്നിവയും വരുത്തപ്പെട്ടു!31

വളരെയെണ്ണത്തെ പ്രാജ്ഞനായ ഞാൻ അധികൃതനായ ബല്ബൂഥനെന്ന ദാസങ്കൽനിന്നു വാങ്ങി. വായോ, അങ്ങയുടെ ആളുകൾ ഇതാ, ഇന്ദ്രരക്ഷിതരായി ഇമ്പം കൊള്ളുന്നു – ദേവരക്ഷിതനായി ഇമ്പംകൊള്ളുന്നു!32

ആ മഹതിയായ മങ്കയെയും പൊൻപണ്ടങ്ങളണിയിച്ചു്, അശ്വപുത്രനായ വശന്റെ മുമ്പിലെയ്ക്കു കൊണ്ടുവരുന്നുണ്ടു്!33

കുറിപ്പുകൾ: സൂക്തം 46.

[1] ഹരിസ്ഥിത – ഹരികളെന്ന അശ്വങ്ങളിലിരിയ്ക്കുന്നവനേ.

[3] ശതരക്ഷ – വളരെ രക്ഷകളുള്ളവനേ.

[5] സുവീര്യർ – നല്ല വീര്യമുള്ള പുത്രന്മാർ.

[11] തരിക – ധനം.

[12] സഖാക്കൾ – ഋത്വിക്കുകൾ. കേൾപ്പിയ്ക്ക – കീർത്തിയ്ക്ക. എല്ലാപ്പിറവികളും – പ്രാണികളുടെയെല്ലാം ഉൽപത്തി. മനുഷ്യയുഗങ്ങളിൽ – എല്ലാക്കാലത്തും. സ്രുക്കെടുത്തു – ഹവിസ്സു ഹോമിപ്പാൻ.

[14] ഉദ്ഗാതാക്കളോടു്:

[18] ഗഭീരനിനദന്മാരെ – മരുത്തുക്കളെ.

[19] തക്കതു് എന്താണു്? മികച്ച ധനം. ഉദാരമതേ എന്ന ആവൃത്തി ആ ഒരാധിക്യത്താലാകുന്നു.

[20] പൊറുക്കാനും – നാൾ കഴിപ്പാനും. പോന്ന – മതിയാവുന്ന.

[21] കനീതപുത്രനായ പൃഥുശ്രവസ്സെന്ന രാജാവിങ്കൽനിന്നു ജംഗമ (ഗോക്കളും മറ്റുമാകുന്ന) സ്വത്തു കിട്ടിയ അശ്വപുത്രൻ വശൻ വന്നെത്തെട്ടെ എന്നു ബന്ധുക്കൾ ആശംസിയ്ക്കുന്നു: ദേവനല്ലാത്തതുകൊണ്ടു പ്രത്യക്ഷനായിത്തന്നേ വന്നെത്തട്ടെ.

[22] ആ വശൻ തിരിച്ചുവന്നു പറയുന്നു: മൂന്നിടം – പൂഞ്ഞ, പുറം, വാരിഭാഗം.

[23] മെതിയ്ക്കുന്ന – എതിരാളികളെ മർദ്ദിയ്ക്കുന്ന. തേർതട്ടുരുട്ടുന്നു – തേർ വലിയ്ക്കുന്നു.

[25] ഉടനടി – വന്നാലപ്പോൾ.

[26] അദ്ദേഹം – പ്രഥുശ്രവസ്സ്. സോമം കുടിയ്ക്കുന്നവനേ – സോമപായിയായ വായോ. തരാൻ – അങ്ങയ്ക്കു്.

[27] ആ സൂയജ്ഞൻ – പൃഥുശ്രവസ്സ്. അരട്വൻ, അക്ഷൻ, നഹുഷൻ എന്നിർ സചിവന്മാരാകുന്നു. കല്പിച്ചു – ‘വശർഷിയ്ക്കു കൊടുക്കാൻ ഗോക്കളെയും മറ്റും വരുത്തുവിൻ’ എന്ന്.

[28] ഉചിത്ഥ്യനും, വപുസ്സും രണ്ടു രാജാക്കന്മാരത്രേ. ആ – പൃഥുശ്രവസ്സു തന്ന.

[30] പൃഥുശ്രവസ്സ് ഉഴുതുമൂരികളെയും വശന്നു കൊടുത്തു എന്നു്:

[31] വരുത്തപ്പെട്ടു – എനിയ്ക്കു തരാൻ.

[32] അതികൃതൻ – മാടുവകുപ്പിന്റെ മേലാൾ. ദാസൻ – എനിയ്ക്കു തരാൻ രാജാവിനാൽ അജ്ഞാപിയ്ക്കപ്പെട്ടവൻ. ഈ സമ്പത്തൊക്കെ കിട്ടിയതു വായുവിന്റെ അനുഗ്രഹത്താലാണെന്നു്. അങ്ങയുടെ ആ ആളുകൾ – അങ്ങയെ സ്തുതിച്ച ഞങ്ങൾ.

[33] പൃഥുശ്രവസ്സ് ഒരുത്തമസ്ത്രീയെയും വശന്നു കൊടുത്തു എന്ന്: വശന്റെ – എന്റെ.

സൂക്തം 47.

ആപ്ത്യൻ ത്രിതൻ ഋഷി; മഹാപംക്തി ഛന്ദസ്സ്; ആദിത്യരും ഉരുസ്സും ദേവത.

വരുണ, മിത്ര, വിലിയവരായ നിങ്ങൾ ഹവിർദ്ദാതാവിന്നു ചെയ്യുന്ന രക്ഷ വലുതാണു്: ആദിത്യരേ, നിങ്ങൾ ആരെ ദ്രോഹിയിങ്കൽ നിന്നു രക്ഷപ്പെടുത്തുമോ, അവനെ പാപം തീണ്ടില്ല. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!1

ആദിത്യദേവന്മാരേ, നിങ്ങൾക്കറിയാം, ദുഃഖപരിഹാരം: പക്ഷികൾ ചിറകെന്നപോലെ, നിങ്ങൾ സുഖം ഞങ്ങളുടെ മീതെ വെയ്ക്കുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു.2

പക്ഷികൾ ചിറകെന്നപോലെ, നിങ്ങൾ ആ സുഖം ഞങ്ങളിൽ ഉറപ്പിയ്ക്കുവിൻ. സർവധനന്മാരേ, ഞങ്ങൾ ഗൃഹത്തിന്നു വേണ്ടതൊക്കെ യാചിയ്ക്കുന്നു. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!3

പ്രകൃഷ്ടമതികളായ ആദിത്യന്മാർ ആർക്കു ഗൃഹവും അന്നവും നല്കുമോ, അവന്നുവേണ്ടി ഇവർ എല്ലാ മനുഷ്യരുടേയും സ്വത്തടക്കം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!4

ഞങ്ങളെ ദുരിതങ്ങൾ, ദുർഗ്ഗങ്ങളെ തേരാളികളെപ്പോലെ ഒഴിഞ്ഞുവെയ്ക്കട്ടെ. ഞങ്ങൾ ഇന്ദ്രന്റെ രക്ഷയിലാകണം; ആദിത്യരുടെയും രക്ഷയിലാകണം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!5

കഷ്ടപ്പെട്ടാലേ, ജീവനുള്ള മനുഷ്യർക്കു നിങ്ങളിൽനിന്നു(ധനം) കിട്ടൂ; ആദിത്യദേവന്മാരേ, ശീഘ്രഗമനരായ നിങ്ങൾ ആരിൽ ചെല്ലുമോ, അവന്നു ധാരാളം കിട്ടും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!6

ആദിത്യരേ, ഒരേ പ്രസിദ്ധിയുള്ള നിങ്ങൾ യാതൊരുവന്നു സുഖം നല്കിയോ തീക്ഷ്ണനായിച്ചമഞ്ഞ അവനെ ആയുധം തീണ്ടില്ല; അവന്നു കനത്ത (ദുഃഖം) വരില്ല. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!7

ദേവന്മാരേ, പോരാളികൾ ചട്ടകളിലെന്നപോലെ, ഞങ്ങൾ നിങ്ങളിൽ ഉൾപ്പൂകട്ടെയോ! നിങ്ങൾ ഞങ്ങളെ വലിയ പാപത്തിൽ നിന്നും, നിങ്ങൾ ചെറിയ പാപത്തിൽ നിന്നും രക്ഷിയ്ക്കുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു! 8

മിത്രന്റെയും ധനവാനായ ആര്യമാവിന്റെയും വരുണന്റെയും അമ്മയായ അദിതി ഞങ്ങളെ രക്ഷിയ്ക്കട്ടെ; അദിതി സുഖം തരട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!9

ദേവന്മാരേ, ശരണീയം, ഭജനീയം, രോഗരഹിതം, ഈ മൂന്നു ഗുണമുള്ളതും ഗൃഹത്തിന്നു വേണ്ടതുമായ സുഖം ഞങ്ങൾക്കു തരുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!10

ആദിത്യന്മാരേ, ഒരു തീരസ്ഥിതനെന്നപോലെ, നിങ്ങൾ കീഴ്പോട്ടു നോക്കുവിൻ: അവൻ കുതിരകളെ നല്ല കടവിലെയ്ക്കെന്നപൊലെ, നിങ്ങൾ ഞങ്ങളെ സന്മാർഗ്ഗത്തിലെയ്ക്കു നടത്തുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!11

ഇവിടെ അരക്കന്നു നന്മയുണ്ടാകരുതു്, ദ്രോഹിയ്ക്കുണ്ടാകരുതു്, എതിർക്കുന്നവന്നുണ്ടാകരുതു്. മാടിനും, കറവപ്പയ്യിനും, അന്നേച്ഛുവായ വീരന്നും നന്മ വരട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!12

ദേവന്മാരേ, വെളിവിലും ഒളിവിലുമുണ്ടല്ലോ, ദുഷ്കൃതം; അതു രണ്ടും ആപ്ത്യനായ ത്രിതന്നു പറ്റരുതു് – ഞങ്ങളിൽ നിന്നകറ്റുവിൻ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!13

വിണ്ണിന്മകളേ, വിഭാവരി, കന്നുകാലികൾക്കും ഞങ്ങൾക്കും ആപത്തു സൂചിപ്പിയ്ക്കുന്ന ദുസ്സ്വപ്നം യാതൊന്നോ, അതു് ആപ്ത്യനായ ത്രിതന്നുണ്ടാകാതാക്കിയാലും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!14

വിണ്ണിന്മകളേ, പൊൻപണിക്കാരന്നും മാലാകാരന്നും യാതൊരു ദുസ്സ്വപ്നം ഉണ്ടാകുമോ, അതു രണ്ടും ആപ്ത്യനായ ത്രിതനെ ബാധിയ്ക്കരുതു്. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!15

ഉഷസ്സേ, അതേ ഭോജനം, അതേ കർമ്മം – അങ്ങനെ ആ ഭാഗമനുഭവിയ്ക്കുന്ന ത്രിതങ്കൽനിന്നും ദ്വിതങ്കൽനിന്നും ദുസ്സ്വപ്നം ഭവതി പോക്കിയാലും. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!16

കരളും കളമ്പും കടവും ഞങ്ങൾ നീക്കിവെയ്ക്കാറുണ്ടല്ലോ; അതിൻവണ്ണം ത്രിതങ്കലെ ദുസ്സ്വപ്നമെല്ലാം ഞങ്ങൾ നീക്കുമാറാകണം. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു – നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!17

ഉഷസ്സേ, ഞങ്ങൾ ജയിക്കണം; നേടണം; അനപരാധരാകണം. ഞങ്ങൾ യാതൊന്നിനെ പേടിയ്ക്കുന്നുവോ, ആ ദുസ്സ്വപ്നം നീങ്ങിപ്പോകട്ടെ. നിങ്ങളുടെ രക്ഷകൾ നിഷ്പാപങ്ങളാകുന്നു—നിങ്ങളുടെ രക്ഷകൾ നല്ല രക്ഷകളാകുന്നു!18

കുറിപ്പുകൾ: സൂക്തം 47.

[1] വരുണ, മിത്ര എന്നിവരിൽ അര്യമാവും ഉൾപ്പെട്ടിരിയ്ക്കുന്നു.

[2] പക്ഷികൾ കുഞ്ഞുങ്ങളെ രക്ഷയ്ക്കായി ചിറകുകൾകൊണ്ടു മൂടുമല്ലോ.

[3] വേണ്ടതൊക്കെ – ധനം.

[5] ദുർഗ്ഗങ്ങൾ – ദുർഗ്ഗമമാർഗ്ഗങ്ങൾ.

[6] കഷ്ടപ്പെട്ടാലേ – തപോനിയമാദിയാൽ.

[7] ആയുധം – ശത്രുവിന്റെ.

[11] ഒരു തീരസ്ഥിതനെന്നപോലെ – പുഴയുടെ കരയിൽ നില്ക്കുന്നവൻ. വെള്ളം എവിടെ എന്നറിയാൻ കീഴ്പോട്ടു നോക്കുന്നതുപോലെ.

[12] വീരൻ – ഞങ്ങളുടെ പുത്രൻ.

[13] ആപ്ത്യൻ = ജലജതൻ. ത്രിതന്നു് – എനിയ്ക്കു്.

[14] ഉഷസ്സിനോടു്: ഇതുമുതൽ അഞ്ചു് ഋക്കുകൾ ദുസ്സ്വപ്നഹരങ്ങളത്രേ.

[16] അതേ – ജാഗ്രദവസ്ഥയിലേതായ. ദ്വിതൻ – ത്രിതന്റെ ജ്യേഷ്ഠൻ.

[17] കരളും, കുളമ്പും – കൊല്ലപ്പെട്ട പശുവിന്റെ. കടം = ഋണം.

സൂക്തം 48.

കണ്വഗോത്രൻ പ്രഗാഥൻ ഋഷി; തൃഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; സോമം ദേവത. (കാകളി)

തേനിതെന്നേതിനെ ശ്ലാഘിച്ചണയുന്നു,
വാനവന്മാരും മനുഷ്യരുമൊക്കവേ;
അപ്പുരുപൂജിതസ്വാദ്വന്നമുണ്ണാവു,
സുപ്രജ്ഞനും ശുഭകർമ്മാവുമായ ഞാൻ!1
ഉള്ളിൽക്കടക്കുന്നു, സോമമേ നീ; – യഴൽ –
കൊള്ളാതെ പോക്കുന്നു, ദേവകോപത്തെയും;
ഇന്ദ്രന്നു തോഴനാം നീ,യൊരശ്വം ചുമ –
ടെന്നവിധം കൊണ്ടുപോകും, ധനത്തിനായ്!2
സോമം കുടിച്ചു മൃതിഹീനരാകെങ്ങൾ;
ധാമം ഗമിച്ചറിയാവൂ, നിലിമ്പരെ!
എന്തിഹ ചെയ്യു,മെതിരാളി ഞങ്ങളി; –
ലെന്തൊന്നു ചെയ്യു,മമൃതേ, നൃഹിംസകൻ?3
താതൻ സുതന്നും, സഖാവു സഖാവിനും
പ്രീതി ചേർക്കുംവിധം, ചൊൽക്കൊണ്ട സോമമേ,
സേവിച്ച ഞങ്ങൾക്കു് നല്ക, നീയുൾസ്സുഖം;
കൈവളർക്കാ,യുസ്സുമിന്ദോ, മനീഷി നീ!4
ആണി തേരേപ്പിനെപ്പോലേ മുറുക്കുകീ,
ത്രാണകീർത്തിപ്രദം പാനമെന്നേപ്പിന്നെ;
കാക്കട്ടെ,യെന്നെത്തൊഴിലഴവേല്ക്കാതെ;
നീക്കട്ടെ, രോഗത്തിൽനിന്നുമസ്സോമനീർ5
കത്തിയ്ക്കുകെന്നെ, മഥിതാഗ്നിയെപ്പോലെ;
വിത്തവും കാഴ്ചയും കൂട്ടുകെ,ങ്ങൾക്കു നീ;
മത്തിനായ് നിന്നെ സ്തുതിയ്ക്കുന്നു, സോമ, ഞാൻ:
സ്വത്തുകാരൻപോലെ പോറ്റിവളർക്ക,നീ!6
ശ്രദ്ധയുൾക്കൊണ്ടു പിഴിഞ്ഞ നിന്നെ,പ്പിതൃ –
സ്വത്തിനെപ്പോലെങ്ങളുണ്ണാവു, സോമമേ!
മിത്രൻ പുരാനേ, പൊറുക്കാൻ പകൽപോലെ –
യത്രയും നീട്ടുകാ,യുസ്സു ഞങ്ങൾക്കു നീ!7
നിത്യതയ്ക്കിങോ, സുഖിപ്പിയ്ക്ക,ഞങ്ങളെ: –
സ്സുദ്രൃതരെങ്ങൾ നിൻസ്വന്തമെന്നോർക്ക, നീ.
എത്തുന്നു, കൂറ്റൻ പുരാനേ, രുഷാ, സോമ:
ശത്രുവിന്നിച്ഛപോലേകൊലാ ഞങ്ങളെ!8
ഞങ്ങൾതൻമൈ കാത്തുവാഴ്‌വിതല്ലോ; ഭവാ –
നംഗത്തിലംഗത്തിലിങോ, നൃദർശിയായ്:
ദേവ, നിൻകർമ്മമുടയ്ക്കിലും, സന്മിത്ര –
ഭാവാൽസ്സുഖിപ്പിയ്ക്ക, മുഖ്യരാമെങ്ങളെ!9
ചെല്ലാവു, ഞാൻ വയർക്കിഷ്ടനാം തോഴങ്ക: –
ലല്ലൽ വരില്ലി,തു സേവിയ്ക്കിലിന്ദ്ര, മേ;
ഈയെങ്ങളിലാക്കിവെച്ച സോമത്തിനു –
ച്ചായുസ്സിരക്കുന്നു, ഹര്യശ്വനോടു ഞാൻ!10
ഓടട്ടെ, നീക്കാവതല്ലാത്ത, കെല്പിനാൽ –
പ്പേടിപ്പെടുത്തി വിറപ്പിച്ച പീഡകൾ:
കേറിയല്ലോ, പെരും സോമനീർ നമ്മളിൽ; –
ച്ചേരുകാ,യുസ്സു വളർത്തുമതിങ്കൽ നാം!11
ഉൾപ്പൂക്കുവല്ലോ, പിതാക്കളേ, നിത്യമാ –
മിപ്പീതസോമനീർ മർത്ത്യരാം നമ്മളിൽ;
ആയിന്ദുവിനെ ഹവിസ്സാൽബ്ഭുജിയ്ക്ക, നാ; –
മാളട്ടെ, നമ്മളിൽത്തത്സുഖാനുഗ്രഹം!12
ഇന്ദോ, പിതാക്കളായ്ച്ചേർന്നു ഭവാൻ പര –
ത്തുന്നതുണ്ടു, മുറയ്ക്കുഴിവാനങ്ങളെ;
ഞങ്ങളാ നിന്നെ ഹവിസ്സാൽബ്ഭുജിയ്ക്കാവൂ;
ഞങ്ങൾ ധനാധിപരാകാവു, സോമമേ!13
ഞങ്ങളെക്കൂട്ടിക്കഥിപ്പിന,മർത്ത്യരേ;
ഞങ്ങളിൽക്കേറൊല്ലു,റക്കവും നിന്ദയും;
ഞങ്ങൾ സോമപ്രിയരാകാവൂ, സർവദാ;
ഞങ്ങൾ സുവീരരായ് വാഴ്ത്താവൂ, നാഥരേ!14
അന്നദനെ,ങ്ങുമെങ്ങൾക്കു നീ സോമമേ;
വിണ്ണേറ്റുവോൻ,നീ; കടക്ക, നൃദർശി നീ;
ഇന്ദോ, ഭവാൻ മരുത്തുക്കളൊത്തെങ്ങളെ
നന്ദിച്ചു രക്ഷിയ്ക്ക, പിന്നിലും മുന്നിലും!15
കുറിപ്പുകൾ: സൂക്തം 48.

[1] തേൻ – തേൻപോലെ മധുരം. അപ്പുരുപൂജിതസ്വാദ്വന്നം – ആ പുരുപൂജിതവും സ്വാദു(ആസ്വാദ്യ)വുമായ അന്നം, സോമം.

[2] ഉള്ളിൽ – ഹൃദയത്തിൽ, അഥവാ യാഗശാലയിൽ. അഴൽക്കൊള്ളാതെ – അക്ലേശമായി. ധനത്തിനായ് – ഞങ്ങൾക്കു ധനം കിട്ടാൻ. കൊണ്ടുപോകും – ഞങ്ങളെ.

[3] മൃതിഹീനർ = മരണരഹിതർ. ധാമം – തേജോമയമായ സ്വർഗ്ഗം. ഇഹ = ഇപ്പോൾ. അമൃതേ – അമൃതുപോലുള്ള സോമമേ. നൃഹിംസകൻ – മനുഷ്യനായ എന്നെ ദ്രോഹിയ്ക്കുന്നവൻ. എന്തോന്നു ചെയ്യും – ഞാൻ ദേവത്വമടയുമല്ലോ.

[4] ഇന്ദോ – സോമമേ. മനീഷി = ബുദ്ധിശാലി.

[5] ത്രാണകീർത്തിപ്രദം = രക്ഷയെയും കീർത്തിയെയും നൽകുന്നതു്. പാനം – സോമപാനം. എന്നേപ്പിനെ മുറുക്കുക – എന്റെ അംഗസന്ധിയ്ക്കുറപ്പു വരുത്തട്ടെ. തൊഴിലഴവ് = കർമ്മശൈഥില്യം.

[6] കത്തിയ്ക്കുക – ഉജ്ജ്വലനാക്കുക. മഥിതാഗ്നി – കടഞ്ഞുണ്ടാക്കിയ അഗ്നി. കൂട്ടുക = വർദ്ധിപ്പിയ്ക്കുക. സ്വത്തുകാരൻപോലെ – ഒരു ധനികൻ കുടുംബത്തെയെന്നപോലെ, നീ ഞങ്ങളെ പോറ്റിവളർക്കുക.

[7] ഉണ്ണാവു – അനുഭവിയ്ക്കാവൂ. പുരാനേ – തമ്പുരാനായ സോമമേ. മിത്രൻ = സൂര്യൻ. പൊറുക്കാൻ – ലോകത്തിന്നു ജീവിപ്പാൻ. പകൽപോലെ – പകൽ നീട്ടുന്നതുപോലെ.

[8] നിത്യത = അനശ്വരത്വം. കൂറ്റൻ – തടിയനായ ശത്രു. എത്തുന്നു – എതിരിടുന്നു. ഏകൊലാ – വിട്ടുകൊടുക്കരുതു്.

[9] അംഗത്തിലംഗത്തിൽ – ഓരോ അവയവത്തിലും. വാഴ്‌വിതല്ലോ = വസിയ്ക്കുന്നുണ്ടല്ലോ. നൃദർശിയായ് – കർമ്മനേതാക്കളെ നോക്കിക്കൊണ്ടു്. ഉടയ്ക്കിലും – ഞങ്ങൾ നശിപ്പിച്ചാലും. സന്മിത്രഭാവാൽ – നല്ല സഖാവായിനിന്നു്.

[10] ഇഷ്ടനാം – പ്രിയപ്പെട്ട. തോഴൻ – സോമം. എങ്ങളിലാക്കിവെച്ച – ഞങ്ങളുടെ വയറ്റിൽ പകർന്ന. ഉച്ചായുസ്സു – ദീർഗ്ഘായുസ്സ്. ഈ സോമം ഞങ്ങളുടെ വയറ്റിൽ നീണാൾ വാഴട്ടെ!

[11] ഓടട്ടെ – പാഞ്ഞുപോകട്ടെ. നമ്മളിൽ – നമ്മുടെ വയറ്റിൽ. അതിങ്കൽ – സോമനീരിൽ.

[12] പിതാക്കളോടു്: നിത്യം = അനശ്വരം. പീതം = കുടിയ്ക്കപ്പെട്ടതു്. തത്സുഖാനുഗ്രഹം – സോമത്തിന്റെ സുഖവും അനുഗ്രഹവും നമ്മളിൽ ആളട്ടെ, സ്ഥിതിചെയ്യട്ടെ.

[13] മുറയ്ക്കു് – ക്രമേണ.

[14] ദേവന്മാരോടു്: കൂട്ടിക്കഥിപ്പിൻ – ശ്ലാഘിയ്ക്കുവിൻ. ഉറക്കവും, ശത്രുവിന്റെ നിന്ദയും ഞങ്ങളിൽക്കേറൊല്ല – ഞങ്ങളെ അടിപ്പെടുത്തരുതു്. സുവീരരായ് – നല്ല പുത്രന്മാരോടുകൂടി നിങ്ങളെ വാഴ്ത്താവു. നാഥരേ – രക്ഷിതാകളേ.

[15] അന്നദൻ – അന്നദാതാവാകുന്നു. വിണ്ണേറ്റുവോൻ – സ്വർഗ്ഗപ്രാപകൻ. കടക്ക – ഞങ്ങളുടെ വയറ്റിൽ പ്രവേശിച്ചാലും. നൃദർശി = മനുഷ്യദ്രഷ്ടാവ്.

സൂക്തം 49.

ബാലഖില്യസൂക്തം 1.

കണ്വപുത്രൻ പ്രസ്കണ്വൻ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

നീ ശോഭനധനനായ നിങ്ങളുടെ ഇന്ദ്രനെ, ഒരു ഗുരുവിനെ എന്നപോലേ പൂജിയ്ക്കുക: ഈ പുരുവസുവായ മഘവാവ് ആയിരക്കണക്കിലാണല്ലോ, സ്തോതാക്കൾക്കു കൊടുക്കുന്നതു്!1

ഈ ധർഷകൻ നൂറുപടങ്ങളിൽ കേറും; ഹവിർദ്ദാതാവിന്റെ പാപം പോക്കും. ഈ ബഹുരക്ഷകന്റെ ധനങ്ങൾ, മേഘത്തിന്റെ തണ്ണീരുകൾപോലെ തുലോം പ്രീതികരങ്ങളാകുന്നു!2

ഇന്ദ്ര, സ്തുതിസേവ്യ, വജ്രിൻ, ശൂര, പിഴിഞ്ഞ മദകരമായ സോമം ധനത്തിന്നായി, ചേരേണ്ടുന്നവനായ അങ്ങയെ ജലം സരസ്സിനെയെന്നപോലെ നിറയ്ക്കുന്നു!3

പാപരഹിതവും വർദ്ധകവും അതിസ്തുത്യവും മധുവിനെക്കാൾ മധുരവുമായ ഇതു ഭവാൻ കുടിച്ചാലും: മത്തുപിടിച്ചാൽ, പ്രധർഷകനായ അവിടുന്നു സ്വയം പാവങ്ങൾക്കെന്നപോലെ, ഞങ്ങൾക്കു ഫലം വിതറുമല്ലോ!4

അന്നവാനായ ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ സ്തോതാക്കളുടെ സ്തോത്രത്തിലെയ്ക്കു്, ഒരു തെളിയ്ക്കപ്പെടുന്ന കുതിരപോലെ വന്നാലും: കണ്വരുടെ തൃപ്തിജനകങ്ങളായ ദാനങ്ങളെ ഭവാൻ ആസ്വദിയ്ക്കാറുണ്ടല്ലൊ!5

വിവിധൈശ്വര്യനായ, അക്ഷയധനനായ വീരനെ ഞങ്ങൾ, ഒരു മഹാബലനെയെന്നപോലെ വണങ്ങിക്കൊണ്ടു സമീപിയ്ക്കുന്നു: വജ്രിൻ, ഇന്ദ്ര, വൃക്ഷാവായ അവിടെയ്ക്കായി കൈവിരലുകൾ കിണർ വെള്ളമെന്നപോലെ, (സോമനീർ) ഒഴുക്കുന്നു!6

പൂജാപര, പുരുബലനായ അവിടുന്നു് ഇപ്പോൾ എവിടെയോ ഏതു യജ്ഞത്തിലോ ഏതു മന്നിടത്തിലോ ആയിരിയ്ക്കുമോ അവിടെനിന്നു് കരുത്തേറിയ കുതിരകളിലൂടെ ഞങ്ങളുടെ യാഗത്തിൽ എഴുന്നള്ളിയാലും!7

തട്ടിനീക്കുന്നവയും, തമ്മിലിണങ്ങുന്നവയും, കാറ്റുപോലെ പായുന്നവയുമാണല്ലോ, അങ്ങയുടെ കുതിരകൾ: അവയിലൂടെയാണല്ലോ, ഭവാൻ മനുഷ്യരിലണയുന്നതു്; അവയിലൂടെയാണല്ലോ, സ്വർഗ്ഗമെല്ലാം തൃക്കൺപാർക്കുന്നതു്!8

ഇന്ദ്ര, മഘവാവേ, അങ്ങ് മേധാതിഥിയെയും നീപാതിഥിയെയും ധനംകൊണ്ടു രക്ഷിച്ചുവല്ലോ; അത്രത്തോളമേ, ഭവാന്റെ ഗോസമേതമായ സുഖം ഞങ്ങൾ യാചിയ്ക്കുന്നുള്ളു!9

ഇന്ദ്ര, മഘവാവേ, നിന്തിരുവടി കണ്വന്നും, ത്രദസ്യുവിന്നും പക്ഥന്നും, ദശവ്രജന്നും, ഗോശര്യന്നും, ഋജിശ്വാവിന്നും മാടുകളെയും പൊന്നും നല്കുകയുണ്ടായല്ലോ!10

കുറിപ്പുകൾ: സൂക്തം 49.

[3] ധനത്തിന്നായി – യഷ്ടാവിന്നു ധനം കിട്ടാൻ.

[4] ഇതു സോമം.

[5] സോതാക്കൾ – സോമം പിഴിയുന്നവർ. ദാനങ്ങൾ – ഹവിസ്സുകൾ.

[6] വീരനെ – ഇന്ദ്രനെ. മഹാബലനെയെന്നപോലെ – വലഞ്ഞവർ ഒരു വലിയ ആളുടെ അടുക്കൽ ചെല്ലുന്നതുപോലെ. കൈവിരലുകൾ – ഞങ്ങളുടെ.

[8] തട്ടിനീക്കുന്ന – ശത്രുക്കളെ. തൃക്കൺപാർക്കുന്നതു് – തൃക്കൺ പാർക്കാൻ സഞ്ചരിയ്ക്കുന്നതു്.

[10] കണ്വൻ – എന്റെ അച്ഛൻ. ത്രസദസ്യ, പക്ഥൻ, ദശവ്രജൻ, ഗോശര്യൻ, ഋജിശ്വാവ് എന്നിവർ രാജാക്കന്മാരാകുന്നു.

[11]ഈ ബാലഖില്യസൂക്തം ഇടക്കാലത്തു് ആരോ എഴുതിച്ചേർത്തതാണെന്നേ ഊഹിച്ചുകൂടു: സായാണാചാര്യർ ഇതിന്നു ഭാഷ്യം ചമച്ചിട്ടില്ലപോൽ. മൂലപുസ്തകത്തിൽ ചേർക്കപ്പെട്ടവ എന്ന ഗൗരവത്താൽ മാത്രമാണു്, മുക്കാലും ശുഷ്കങ്ങളായ ഈ സൂക്തങ്ങൾ തർജ്ജിമ ചെയ്തതു്.

[1] ഋഷി, തന്നോടുതന്നെ പറയുന്നു: നിങ്ങളുടെ – നിന്റെയും പുത്രാദികളുടെയും. പുരുവസു = വളരെദ്ധനമുള്ളവൻ. കൊടുക്കുന്നതു് – ധനാദി.

സൂക്തം 50.

ബാലഖില്യസൂക്തം 2.

കണ്വപുത്രൻ പുഷ്ടിഗു ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

നീ അഭീഷ്ടസിദ്ധിയ്ക്കു, വിളിപ്പെട്ട വിശിഷ്ടധനനായ ശക്രനെ പൂജിയ്ക്കുക: പിഴിയുന്നവന്നും പുകഴ്ത്തുന്നവനും സ്പ്രുഹണീയമായ സമ്പത്ത് ആയിരക്കണക്കിൽ നല്കുന്നവനാണല്ലോ, അവിടുന്ന്!1

സോമരസം ലഹരിപിടിപ്പിച്ചാൽ, ഈ ഇന്ദ്രന്റെ ദുസ്തരങ്ങളായ മഹായുധങ്ങൾ – നൂറു വയ്ത്ത്ലലകളോടും നല്ല അന്നത്തോടും കൂടിയവ—പാലകമായ മേഘംപോലെ ഹവിർദ്ധനന്മാരെ പ്രീതിപ്പെടുത്തും!2

വസോ, പിഴിഞ്ഞ സോമം ഈ അരുമപ്പെട്ട ഭവാനെ ലഹരിപിടിപ്പിയ്ക്കുന്നതെപ്പൊഴോ; അപ്പോൾ ഹവിർദ്ദാതാവിന്നു യജ്ഞം, തണ്ണീരുകൾപൊലെയും, കറവപൈക്കൾപോലെയും, സഫലീകരിയ്ക്കപ്പെടും!3

നിങ്ങളുടെ കൈവിരലുകൾ രക്ഷാർത്ഥം ആ സ്തൂയമാനനായ അധൃഷ്യന്നായിട്ടാണല്ലോ, മധു പിഴിയുന്നത് വസോ, പുകഴ്ത്തപ്പെട്ടുന്ന സോമം സ്തുതിപ്പാൻവേണ്ടി ഭവാനെ ചാരേ മുമ്പിൽ ഇരുത്തിയിരിയ്ക്കുന്നു!4

നമ്മുടെ ശോഭനയഞ്ജത്തിൽ സോമം കുടിപ്പാൻ ഒരശ്വം പോലെ വരുന്ന തന്തിരുവടി (ശത്രുക്കളെ) നിഹനിയ്ക്കും. ഹേ ആസ്വാദനകുശല, സ്തോത്രങ്ങളെ ഭവാൻ ആസ്വദിയ്ക്കും. പൌരസ്തുതികളെ ഇച്ഛിയ്ക്കുന്നവനാണല്ലോ, അവിടുന്നു!5

ഉഗ്രനും വേർതിരിയ്ക്കുന്നവനും ധനദാതാവും വിവിധൈശ്വര്യനുമായ വീരനോടു ഞാൻ വലിയ മുതൽ യാചിയ്ക്കുന്നു: വജ്രിൻ, വെള്ളമുള്ള കിണർപോലെ, ഹവിർദ്ദാതാവിനെ സദാ സമ്പത്തു നല്കി സമൃദ്ധിപ്പെടുത്തുമല്ലോ, അവിടുന്നു്!6

പൂജാപര, ഇന്ദ്ര, ഭവാൻ ഇപ്പോൾ ഏതു ദൂരത്തോ, ഏതു മന്നിലോ, വിണ്ണിലോ ആയിരിയ്ക്കുമോ; അവിടെനിന്നു, പെരിയ ഭവാൻ പെരിയ ഹരികളെ പൂട്ടി വന്നുചേന്നാലും!7

ഭവാൻ ഏവയാൽ മനുഷ്യദ്രോഹിയെ നിലവിളിപ്പിയ്ക്കുമോ, ഏവയാൽ സ്വർഗ്ഗത്തിലെങ്ങും സഞ്ചരിയ്ക്കുമോ; അങ്ങയുടെ ആ നിസ്സപത്നങ്ങളായ രഥാശ്വങ്ങൾ കാറ്റിന്റെ കരുത്തു നേടിയവയാണല്ലോ!8

വസോ, ശൂര, അവിടുന്നു കർത്തവ്യധനത്തിനായി ഏതശനെയും, പതിറ്റണിയിൽ വശനെയും പരിരക്ഷിച്ചുവല്ലോ; ഇപ്രകാരമുള്ള നിന്തിരുവടി സ്തുത്യനാണെന്നു ഞങ്ങൾക്കറിയാം!9

മഘവാവേ, അവിടുന്നു് അഹിംസമായ യജ്ഞത്തിൽ ദീർഗ്ഘ പ്രാപണനും ദാനപരനുമായ കണ്വന്നും ഗോശര്യന്നും കുളിർവിഭവമുള്ള മേഘത്തെ കൊടുത്തുവല്ലോ; വജ്രിൻ, അപ്രകാരം എനിയ്ക്കും തരിക!10

കുറിപ്പുകൾ: സൂക്തം 50.

[1] തന്നോടുതന്നെ പറയുന്നു:

[2] നല്ല അന്നത്തോടും കൂടിയവ—ശോഭനാന്നപ്രദങ്ങളെന്നർഥം. പ്രീതിപ്പെടുത്തും—ശത്രുക്കളെക്കൊന്ന്, അവരുടെ ധനം, മേഘം മഴപോലെ ചൊരിഞ്ഞു കൊടുത്തു സന്തോഷിപ്പിയ്ക്കും.

[3] സഫലീകരിയ്ക്കപ്പെടും—ഭവാനാൽ.

[4] പൂർവാർദ്ധം ഋത്വിക്കുകളോട്:

[5] ഉത്തരാർദ്ധം ഇന്ദ്രനോട്;

[6] പൂർവാർദ്ധം പരോക്ഷം: വേർതിരിയ്ക്കുന്നവരും – പുണ്യപാപങ്ങളെ. വീരൻ – ഇന്ദ്രൻ.

[9] ഏതശൻ – ഋഷി. പതിറ്റണി – പത്തു ശത്രുക്കളുമായുള്ള യുദ്ധം. വശൻ – ഋഷി.

[10] ദീർഗ്ഘപ്രാപണൻ – നീണ്ട(സ്വർഗ്ഗംവരെ) പ്രാപണത്തോടു (ഹവിസ്സെത്തിയ്ക്കുലോടു) കൂടിയവൻ, ഹവിസ്സു സ്വർഗ്ഗത്തിലെത്തിയ്ക്കുന്നവൻ. കുളിർവിഭവം – തണുപ്പിയ്ക്കുന്ന സമ്പത്തു്, വെള്ളം.

സൂക്തം 51.

ബാലഖില്യസൂക്തം 3.

കണ്വപുത്രൻ ശ്രുഷ്ടിഗു ഋഷി; ഛന്ദോദേവതകൾ മുമ്പത്തേവ.

ഇന്ദ്ര, സംവരണപുത്രനായ മനുവിന്റെ പിഴിഞ്ഞ സോമം ഭവാൻ നുകർന്നുവല്ലോ; മഘവാവേ, അപ്രകാരം നീപാതിഥിയുടെയും മേധ്യാതിഥിയുടെയും പുഷ്ടിഗുവിന്റെയും ശ്രുഷ്ടിഗുവിന്റെയും സോമം ഒന്നിച്ചു (നുകർന്നാലും)!1

മുകളിൽ കിടന്നുറങ്ങിയിരുന്ന കിഴവനായ പ്രസ്കണ്വനെ പാർഷദ്വാണൻ ഉപദ്രവിച്ചു; അപ്പോൾ അങ്ങു രക്ഷിച്ചതിനാൽ, ആ ഋഷിദ്രോഹിയെ അരിഞ്ഞ് ആയിരമായിരം ഗോക്കളെ കൈക്കലാക്കിയല്ലോ!2

ഇപ്പോൾ ഉക്ഥമോതുന്നവന്റെ ജ്ഞാനും ആർ അഭിനന്ദിയ്ക്കുന്നുവോ, ആർ ഋഷികളെ പ്രവർത്തിയ്ക്കുന്നുവോ; ആ ഇന്ദ്രനെക്കുറിച്ചു നീ, രക്ഷയ്ക്കായി ഒരു പ്രഭുവിനെക്കുറിച്ചെന്നപോലെ, ഒരതിനൂതനസ്തവം ചൊല്ലുക!3

സപ്തകിരണനായി, ത്രിലോകപോഷകനായി, അത്യുൽക്കൃഷ്ടസ്ഥാനത്തു വർത്തിയ്ക്കുന്ന സൂര്യനെ (ആളുകൾ) ആർക്കായി പൂജിച്ചുപോരുന്നുവോ, അദ്ദേഹം ജഗത്തുക്കളോടെല്ലാം ഗർജ്ജിയ്ക്കും; ഉടൻതന്നെ കരുത്തും കാട്ടും!4

നമുക്കു ധനം തരാൻ ഇന്ദ്രനെ നാം വിളിയ്ക്കുക: നമുക്കറിയാമല്ലോ, തന്റെ അതിനൂതനമായ നന്മനസ്സ്. നാം പൈത്തൊഴുത്തു നേടുമാറാകട്ടെ!5

വസോ, ഇന്ദ്ര, ആരോടു ധനദാനം അവിടുന്നു കല്പിയ്ക്കുമോ, അവന്നു സമ്പത്തു വർദ്ധിച്ചു വരും. അതിനാൽ, സ്തുതിസേവ്യനായ മഘവാവേ, ഞങ്ങൾ സോമം പിഴിഞ്ഞ്, അങ്ങയെ വിളിയ്ക്കുന്നു.6

ഇന്ദ്ര, മഘവാവേ, ദാനം തീർച്ചയായും വെക്കം വർദ്ധിച്ചു, ദേവനായ ഭവാന്റെ സന്നിധിയിൽ വന്നുചെരും. ഹവിർദ്ദാതാവിനോടു ഭവാൻ ഒരിയ്ക്കലും പിണങ്ങില്ല; ഇണങ്ങുകയേ ചെയ്യൂ!7

ശുഷ്ണൻ വലുപ്പംവെച്ച് ആ വിണ്ണിനെ വീർപ്പുമുട്ടിയ്ക്കുകയും, അതിനാൽ തീ പുറപ്പെടുകയും ചെയ്തതെപ്പൊഴോ, അപ്പോൾ അവിടുന്നു് അവനെ ബലേന ആയുധങ്ങൾ കൊണ്ടരിഞ്ഞു നിലവിളിപ്പിച്ചു, നീളെ വിളിപ്പെട്ടു!8

ഈ മുടിയ്ക്കുന്ന, നിധികൾ കാക്കുന്ന അസുരക്കൂട്ടം തന്റെ ശത്രുവാകുന്നു: ആ കെടുവർഗ്ഗത്തിനുനേരെ, അവിടുന്നു മറഞ്ഞുനിന്നു് ചക്രമെറിയും. അങ്ങയ്ക്കുതന്നെ, ആ ധനം!9

മഴ പൊഴിയ്ക്കുന്ന മധുമാനായ പൂജനീയനെ മേധാവികൾ തെരുതെരെ പൂജിയ്ക്കുന്നു: ‘ഞങ്ങൾക്കു് സമ്പത്തു വർദ്ധിയ്ക്കട്ടെ; സന്താനോൽപാദനശക്തിയുണ്ടാകട്ടെ; ഞങ്ങൾ സോമം പിഴിയുമാറാകട്ടെ!’10

കുറിപ്പുകൾ: സൂക്തം 51.

[2] പാർഷദ്വാണൻ – ശത്രുവിന്റെ പേർ. അരിഞ്ഞ് – ഹനിച്ച്.

[3] തന്നോടുതന്നെ: പ്രഭുവിനെക്കുറിച്ചെന്നപോലെ. – ഒരു ദരിദ്രൻ ധനികനെക്കുറിച്ചെന്നപോലെ.

[4] അദ്ദേഹം – ഇന്ദ്രൻ. ഗർജ്ജിയ്ക്കും – ഇടിമുഴക്കും, ഹിതമുപദേശിയ്ക്കും; കേൾക്കാഞ്ഞാൽ കരുത്തും കാട്ടും – ആളുകളെ ദാരിദ്ര്യാദിയാൽ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും.

[5] തന്റെ – അദ്ദേഹത്തിന്റെ. അതിനൂതനം – അസാധാരണമെന്നർത്ഥം.

[6] അങ്ങ് ആരെക്കൊണ്ടു ധനധാനം ചെയ്യിയ്ക്കുമോ, അവന്ന് ആ ദാനത്താൽ സമ്പത്തു വർദ്ധിച്ചുവരും.

[7] ദാനം – ഹവിരർപ്പണം.

[8] അതിനാൽ – വീർപ്പുമുട്ടിച്ചതിനാൽ.

[9] അന്തിമവാക്യം പ്രത്യക്ഷം: ആ ധനം – അസുരന്മാർ കാത്ത നിധികൾ. അവരൊക്കെ ചക്രത്താൽ വധിയ്ക്കപ്പെടുമല്ലോ.

[10] മധുമാൻ – അമൃതോടുകൂടിയവൻ. ഞങ്ങൾക്കു് എന്നു തുടങ്ങിയ വാക്യങ്ങൾ മേധാവികളുടെ പ്രാർത്ഥനകളാകുന്നു.

സൂക്തം 52.

ബാലഖില്യസൂക്തം 4.

കണ്വപുത്രൻ ആയു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ശക്ര, നിന്തിരുവടി എപ്രകാരം വൈവസ്വതമനുവിങ്കൽ സോമനീർ നുകർന്നുവോ, എപ്രകാരം ത്രിതങ്കൽ അരുമറ കൈക്കൊള്ളുന്നുവോ; അപ്രകാരം ആയുവിങ്കലും ഒപ്പം ഇമ്പപ്പെടുത്തുന്നു!1

ഇന്ദ്ര, നിന്തിരുവടി സോമം പിഴിഞ്ഞ പൃഷധ്രങ്കലും, മേധ്യങ്കലും, മാതരിശ്വാവിങ്കലും, ദശശിപ്രങ്കലും, ദശോഷ്ണ്യങ്കലും, സ്യൂമരശ്മിയിങ്കലും, ഋജൂനസ്സിങ്കലും ഇമ്പപ്പെടുകയുണ്ടായല്ലോ!2

സ്വകീയങ്ങളായ ഉക്ഥങ്ങൾ കേൾക്കുകയും, കീഴമർത്തു സോമം കുടിയ്ക്കുകയും ചെയ്യുമല്ലോ, അവിടുന്നു്; അവിടെയ്ക്കുവേണ്ടിയാണല്ലോ, വിഷ്ണു മിത്രാധർമ്മോപേതനായിട്ടു് മൂന്നടികൊണ്ടളന്നതു്!3

ഇന്ദ്ര, ബലവാനേ, ശതക്രതോ, അവിടുന്നു യഷ്ടാവിന്റെ സ്തോത്രത്താലും അന്നത്താലും സംതൃപ്തനാകുമല്ലോ; ആ അങ്ങയ്ക്കു് അന്നേച്ഛക്കളായ ഞങ്ങൾ, ഒരു പയ്യിന്നു കുറവുകാർപോലെ, ഹവിസ്സർപ്പിയ്ക്കുന്നു.4

കരുത്തനും ഐശ്വര്യകാരനും മഹാനുമായ മഘവാവു നമുക്കു സ്വത്തു തരുന്ന ഒരച്ഛനാണു്; ദുഷ്ടങ്കൽ ഉഗ്രനായ ഒരു പുരുധനൻ നമുക്കു ഗോക്കളെയും അശ്വങ്ങളെയും തന്നരുളട്ടെ!5

വസോ, ഭവാൻ ആർക്കു ദാതാവ്യം നല്കുമോ, അവന്നു സമ്പത്തു വർദ്ധിച്ചുവരും. അതിനാൽ, ധനകാമരായ ഞങ്ങൾ ധനപാലകനായ ശതക്രതുവിനെ, ഇന്ദ്രനെ, സ്തോത്രങ്ങൾ കൊണ്ടുവിളിയ്ക്കുന്നു.6

അങ്ങേയ്ക്കു പ്രമാദം പറ്റാറില്ല; രണ്ടു ജന്മം അവിടുന്നു പാലിയ്ക്കുന്നു. ആദിത്യ, തുരീയ, നിന്തിരുവടിയുടെ ഐന്ദ്രമണ്ഡലം അനശ്വരമായി വാനത്തു വർത്തിയ്ക്കുന്നു.7

ഇന്ദ്ര, മഘവാവേ, സ്തുതിസേവ്യ, ശാസിതാവേ, വസോ, നിന്തിരുവടി യാതൊരു ഹവിർദ്ദാതാവിന്നു കല്പിച്ചുകൊടുക്കുമോ, അദ്ദേഹത്തിന്റെ ഞങ്ങളുടെ നല്ല സ്തുതി, അവിടുന്നു കണ്വന്റെ വിളികേട്ടതുപോലെ കേട്ടാലും!8

മുമ്പു ചൊല്ലപ്പെട്ടിരുന്ന മനനീയമായ സ്തോത്രം നിങ്ങൾ ഇന്ദ്രന്നയി പാടുവിൻ: ഇന്ദ്രന്റെ വളരെ മഹാരൂപങ്ങളെ സ്തുതിച്ചവരും, സ്തോതാവിന്നു മേധയുണ്ടാക്കിയവരുമാണല്ലോ നിങ്ങൾ.9

ഇന്ദ്രൻ വമ്പിച്ച സമ്പത്തുളവാക്കി: ദ്യാവാപൃഥിവികളെ ശരിയ്ക്കു നിർമ്മിച്ചു; സൂര്യനെ പ്രകാശിപ്പിച്ചു. തന്തിരുവടിയെ വിളങ്ങുന്ന തെളിത്തണ്ണീരുകൾ മത്തുപിടിപ്പിച്ചു – പാൽ പകർന്ന സോമനീർ മത്തു പിടിപ്പിച്ചു!10

കുറിപ്പുകൾ: സൂക്തം 52.

[1] മനുവിങ്കൽ – മനുവിന്റെ അടുക്കൽ. അരുമറ = വേദം. ആയുവിങ്കലും – എന്റെ അടുക്കലും, സോമനീർ നുകർന്നും, അരുമറ കൈക്കൊണ്ടും എന്നെയും അങ്ങെയും ഒപ്പം ഇമ്പപ്പെടുത്തുന്നു.

[2] പുഷധ്രാദികൾ ഋഷിമാരത്രേ.

[3] കീഴമർത്തു – ശത്രുക്കളെ. മിത്രധർമ്മോപേതനായിട്ട് – മിത്രന്റെ, സൂര്യന്റെ, ധർമ്മങ്ങളോടെ ഉദയാസ്തമയവ്യാപാരങ്ങളോടേ. അളന്നതു് – മൂവുലകം.

[4] പയ്യിന്നു കറവുകാർ തീറ്റ കൊടുക്കുന്നതുപോലെ, അങ്ങയ്ക്കു ഞങ്ങൾ ഹവിസ്സർപ്പിയ്ക്കുന്നു.

[6] ദാതവ്യം = ദേയം, ധനാദി. ഉത്തരാർദ്ധം പരോക്ഷം:

[7] ഇന്ദ്രന്റെ സൂര്യരൂപത്വം: രണ്ടു ജന്മം – അദിതിയിൽ നിന്നു് ഇന്ദ്രനായും, ബ്രഹ്മവിദ്യയിൽനിന്നു ജഗദാത്മാവായുള്ള ജനനങ്ങൾ. തൂരിയ – മൂന്നവസ്ഥകളുടേയും മീതെ മേവുന്ന പ്രത്യഗാത്മാവേ.

[8] കൊടുക്കുമോ – അഭീഷ്ടം. അദ്ദേഹത്തിന്റെ – തദീയരായ.

[9] ഋത്വിക്കുകളോടു്: മഹാരൂപങ്ങൾ – ഗുണാവതാരങ്ങൾ. സ്തോതാവിന്ന് – എനിയ്ക്കു്.

[10] തണ്ണീരുകൾ – സോമത്തിൽ ചേർക്കുന്ന ഇരുതരം ജലങ്ങൾ; വസതീവരി, ഏകധനം, എന്നത്രേ അവയുടെ പേരുകൾ.

സൂക്തം 53.

ബാലഖില്യസൂക്തം 5.

കണ്വപുത്രൻ മേധ്യൻ ഋഷി; ഛന്ദോദ്ദേവതകൾ മുമ്പേത്തവ.

ധനവാന്മാർക്കഭിമാനഭൂതൻ, വൃഷാക്കളിൽ ശ്രേഷ്ഠൻ, പുരികൾ പെരികെപ്പിളർത്തു ഗോക്കളെ കിട്ടിച്ചവൻ – ഇങ്ങനെയുള്ള ഈശ്വരനായ ഭവാനോടു മഘവാവേ, ഇന്ദ്ര, ഞങ്ങൾ സ്വത്തു യാചിയ്ക്കുന്നു.1

നാളിൽ നാളിൽ വളരുന്ന നിന്തിരുവടി ആയുവിനെയും കുത്സിനെയും അതിഥിഗ്വനെയും വലയ്ക്കുകയാണല്ലോ; ആ ഹര്യശ്വനായ, ശതക്രതുവായ നിന്തിരുവടിയെ അന്നകാമരായ ഞങ്ങൾ വിളിച്ചുകൊള്ളുന്നു.2

ദൂരത്തുള്ളവയും ചാരത്തുള്ളവയും ആളുകളുടെ ഇടയിൽ പിഴിയപ്പെട്ടുവല്ലോ; ആ മാമലയിൽപ്പിറന്നവയായ നമ്മുടെയെല്ലാം സോമങ്ങൾ മധുരരസം ഒഴുക്കട്ടെ!3

നിന്തിരുവടി ദ്രോഹികളെയെല്ലാം ആട്ടിപ്പായിയ്ക്കുക; രക്ഷിയ്ക്കുക; പുകൾപ്പെടുത്തുക. എല്ലാവരും തരട്ടേ, പണം! ആരുടെ സോമത്താൽ അങ്ങു് സംതൃപ്തിയടയുന്നുവോ, ആ സജ്ജനങ്ങളുടെ സോമരസം അങ്ങയെത്തെന്നെ മത്തുപിടിപ്പിയ്ക്കട്ടെ!4

ഇന്ദ്ര, ശോഭനബന്ധോ, സുഖപ്രദാതാവേ, ശോഭനബന്ധുക്കളായ, സുഖപ്രദങ്ങളായ, അനുഗ്രഹാന്വിതങ്ങളായ പ്രിയരക്ഷകളോടേ നിന്തിരുവടി തുലോമരികിൽ എഴുന്നള്ളിയാലും!5

പോരിൽജ്ജയിയ്ക്കുന്ന, ആളുകളെയെല്ലാം കീഴിൽ നിർത്തുന്ന, ശിഷ്ടരെ പാലിയ്ക്കുന്ന ധനം നിന്തിരുവടി കിടാങ്ങൾക്കരുളിയാലും: യാവചിലർ അങ്ങയ്ക്കായി സ്തുതിച്ചുകൊണ്ടു കർമ്മം ഇടവിടാതെ അനുഷ്ഠിയ്ക്കുന്നുവോ, അവരെ കല്പിച്ചുവളർത്തിയാലും!6

അങ്ങ് കാത്തരുളുമെന്നുറപ്പുള്ള ഞങ്ങൾ യുദ്ധങ്ങളിൽ ഭവദീയരായിത്തീരണം! ഹവിഷ്മാന്മാരായ ഞങ്ങൾ ദേവന്മാരെ വിളിയ്ക്കുന്ന സ്തോത്രങ്ങൾകൊണ്ടു വിളിച്ചുകൊള്ളുന്നു.7

ഹര്യശ്വാ, എന്നും അങ്ങയുടെ രക്ഷകളോടുകൂടിയാണല്ലോ, അന്നകാമനായ ഞാൻ അന്നത്തിന്നായി യുദ്ധത്തിലിറങ്ങാറുള്ളതു്; ഗോക്കളെയും അശ്വങ്ങളെയും കൊതിയ്ക്കുന്ന ഞാൻ മർദ്ദകരുടെ മുമ്പിൽ അങ്ങയോടുതന്നേ ചേർന്നു നിൽക്കും!8

കുറിപ്പുകൾ: സൂക്തം 53.

[2] വളരുന്ന – സ്തുതികൊണ്ടു് വലയ്ക്കുക – അവർ ‘മതി, മതി’ എന്നു വിലക്കിയാലും, വീണ്ടും അഭീഷ്ടങ്ങൾ നല്കി നല്കി ക്ലേശിപ്പിയ്ക്കുക.

[3] പരോക്ഷം: ആളുകൾ – യജമാനർ. ഒഴുക്കട്ടെ – ഇന്ദ്രന്നായി.

[4] ദ്രോഹികളെ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവരെ. തരട്ടേ – ഞങ്ങൾക്കു്.

[5] ശോഭനബന്ധുക്കൾ – നല്ല ബന്ധുക്കളോടുകൂടിയവ.

[6] കിടാങ്ങൾ – ഞങ്ങളുടെ കുഞ്ഞുങ്ങൾ. അവരെ – ഞങ്ങളെ.

[7] വിളിച്ചുകൊള്ളുന്നു – അങ്ങയെ.

[8] മർദ്ദകരുടെ മുമ്പിൽ – ശത്രുക്കൾ പീഡിപ്പിയ്ക്കുമ്പോൾ എന്നർത്ഥം.

സൂക്തം 54.

ബാലഖില്യസൂക്തം 6.

കണ്വപുത്രൻ മാതരിശ്വാവ് ഋഷി; ഛന്ദോദേവതകൾ മുമ്പെത്തവ.

ഇന്ദ്ര, അങ്ങയുടെ വീര്യം യാവചില സ്തുതികാരന്മാർ പുകഴ്ത്തിപ്പാടുമോ, ആ സ്തോതാക്കൾക്കു് അന്നം കിട്ടും; ആ പൗരന്മാർ കൈവിരലുകൊണ്ടു പൈക്കളെയും മറ്റും കറക്കും!1

അവിടുന്നു യാവചിലരുടെ സോമനീരിനാൽ ലഹരിക്കൊള്ളുന്നുവോ, ആ സൽക്കർമ്മികൾ രക്ഷയ്ക്കു് ഇന്ദ്രനായ ഭവാങ്കലണയുന്നു. ഇന്ദ്ര, സംവർത്തങ്കലും കുശങ്കലും ഭവാൻ ലഹരികൊണ്ടുവല്ലോ; അതുപോലെ ഞങ്ങളിലും ലഹരികൊള്ളുക!2

ദേവകളെല്ലാം ഒന്നിച്ചു ഞങ്ങളുടെ അടുക്കൽ എഴുന്നള്ളട്ടേ; വസുക്കളും രുദ്രന്മാരും ഞങ്ങളെ രക്ഷിപ്പാൻ വന്നെത്തട്ടെ; മരുത്തുക്കൾ വിളി കേൾക്കട്ടെ!3

പൂഷാവും വിഷ്ണുവും സരസ്വതിയും എന്റെ വിളി ചെവിക്കോള്ളട്ടെ; ഏഴുനദികൾ, ജലദേവതകൾ, വായു, ഗിരികൾ, വനസ്പതികൾ, പൃഥിവി എന്നിവരും വിളികേൾക്കട്ടെ!4

ഇന്ദ്ര, മഘവത്തമ, അങ്ങയ്ക്കുണ്ടല്ലോ, മഘവാവിന്റേതായധനം; വൃത്രഹന്താവേ, അതു ഞങ്ങൾക്കു തന്നു സമൃദ്ധി വരുത്തുവാൻ, ഒപ്പം മത്തുപിടിപ്പിക്കേണ്ടുന്ന ഭജനീയനായ ഭവാൻ മനസ്സുവെച്ചാലും!5

യുദ്ധപതേ, നേതൃപതേ, സുകർമ്മാവേ സ്തുതിയോടൊപ്പം അമറേത്തുകഴിയ്ക്കുന്ന തിരുമേനിതന്നെയാണല്ലോ, ഞങ്ങളെ പടയ്ക്കിറക്കുന്നതു്. ദേവന്മാരെ ഊട്ടുന്നതിനാലാണു്, ഹവിഷ്മാന്മാർ കേൾവിപ്പെടുന്നതു് !6

സ്വാമിയായ ഇന്ദ്രങ്കലാണല്ലോ, ആളുകൾ ഹവിസ്സർപ്പിയ്ക്കുന്നതു്; മഘവാവേ, ഞങ്ങളുടെ അരികിൽ വരിക; രക്ഷയ്ക്കായി ധാരാളം അന്നം തരിക!7

ഇന്ദ്ര, ഞങ്ങൾ അങ്ങയുടെയും അങ്ങ് ഞങ്ങളുടെയുമാകുന്നു: ശതക്രതോ, ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടു പരിചരിയ്ക്കാം. നിന്തിരുവടി കണ്വപുത്രന്നു മഹത്തും ബൃഹത്തും ഉപഭോഗ്യവും ലജ്ജിക്കേണ്ടാത്തതുമായ ധനം തന്നുകൊണ്ടിരുന്നാലും!8

കുറിപ്പുകൾ: സൂക്തം 54.

[1] ആ പൗരന്മാർക്കു കുറവുപൈക്കളെയും മറ്റും കിട്ടും.

[2] സംവർത്തനം, കൃശനും, രണ്ടു് ഋഷിമാർ. ലഹരികൊണ്ടു് – സോമം കുടിച്ചു്.

[5] മഘവത്തമ = അതിധനവാനേ.

[6] നേതൃപതേ – സൈനികപാലക. അമറേത്തു് – ഹവിർഭോജനം.

[7] ഒന്നാംവാക്യം പരോഷം:

[8] കണ്വപുത്രന്ന് – എനിയ്ക്കു്. ലജ്ജിക്കേണ്ടാത്തതു് – ന്യായലബ്ധം.

സൂക്തം 55.

ബാലഖില്യസൂക്തം 7.

കണ്വപുത്രൻ കൃശൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പ്രസ്കണ്വദാനം ദേവത.

ശക്തന്റെ വീര്യം വളർന്നുതന്നെ ചുറ്റും വ്യാപിയ്ക്കുന്നുണ്ടെന്നു ഞാൻ അറിഞ്ഞിരിയ്ക്കുന്നു. ശത്രുകർത്തന, ഭവാന്റെ ധനം ദസ്യുനിധനത്തിന്നുതകട്ടെ!1

നൂറു വെള്ളക്കാളകൾ വാനത്തു നക്ഷത്രങ്ങൾപോലേ തിളങ്ങുന്നു; മഹത്വത്താൽ ദ്യോവിങ്കലെന്നപോലെ വ്യാപിയ്ക്കുന്നു!2

നൂറോടമുള, നൂറു നായ്ക്കൾ, നൂറു മിനുസത്തോലുകൾ, നൂറാറ്റുദർഭക്കറ്റകൾ, നാനൂറു പൈക്കൾ എന്നിവ എനിയ്ക്കു (നല്കപ്പെട്ടു)3

കണ്വഗോത്രക്കരേ നിങ്ങൾ പക്ഷികൾ പോലെ പറന്നു നല്ല ദേവന്മാരായിരിയ്ക്കുന്നു; അശ്വങ്ങൾപോലെ ചുറ്റിനടക്കുവിൻ!4

ഉടൻതന്നേ, അത്യുന്നതനായ സാപ്തന്റെ പെരിയ യശസ്സ് അപ്രാപ്യമായിച്ചമഞ്ഞു: മാർഗ്ഗഭ്രഷ്ടൻ കറുമ്പിപൈക്കളെ ഒന്നു നോക്കാൻ പോലും ആളാകില്ല!5

കുറിപ്പുകൾ: സൂക്തം 55.

[1] ശക്തന്റെ – പ്രസ്കണ്വന്റെ. രണ്ടാംവാക്യം പ്രത്യക്ഷം: ശത്രുകർത്തന – ശത്രുക്കളെ അറിയുന്ന പ്രസ്കണ്വ.

[2] കാളകൾ – ഭവാൻ എനിയ്ക്കു തന്നവ. ദ്യോവിങ്കലെന്നപോലെ – നക്ഷത്രങ്ങൾ ആകാശത്തെന്നപോലെ, ഇവ ഭൂമിയിൽ വ്യാപിയ്ക്കുന്നു.

[3] മിനുസത്തോലുകൾ – ഊറയ്ക്കിട്ട ആട്ടിൻതോലും മറ്റും. ആറ്റുദർഭ – ഒരുതരം പുല്ല്. നല്കപ്പെട്ടു – പ്രസ്കണ്വനാൽ.

[5] സാപ്തൻ – കണ്വാശ്രമത്തിലെ ഒര്യഷി. അപ്രാപ്യം – മറ്റാർക്കും കിട്ടാത്തതു്. മാർഗ്ഗഭ്രഷ്ടൻ – ധർമ്മത്തിൽ നിന്നധഃപതിച്ചവൻ. ധർമ്മനിരതന്നേ കറുമ്പിപൈക്കളെ കിട്ടൂ.

സൂക്തം 56.

ബാലഖില്യസൂക്തം 8.

കണ്വപുത്രൻ പൃഷധ്രൻ ഋഷി; ഗായത്രിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രനും അഗ്നിസൂര്യന്മാരും ദേവതകൾ.

അരികളെ അരിയുന്നവനേ, ഭവാന്റെ പ്രഗല്ഭമായ ധനം കൊള്ളക്കാരന്നിണങ്ങാത്തതായിട്ടേ കണ്ടിട്ടുള്ളൂ: വിണ്ണുപോലെ വിശാലമാണു്, ഭവാന്റെ ബലം!1

ആദിതിപുത്ര, അനശ്വരനായ അവിടുന്നു് എനിയ്ക്കുവേണ്ടി പതിനായിരം കൊള്ളക്കാരെ അരിഞ്ഞുവല്ലൊ; അവർ ധനം (എനിയ്ക്കു)വിട്ടുതന്നു – 2

നൂറു കഴുതകൾ; നൂറു ചെമ്മരിയാടുകൾ; നൂറു ദാസന്മാർ; മികച്ച മാലകൾ.3

ഒരശ്വക്കൂട്ടത്തെ വിവിധഗമനൻ അവിടെ അദിതിയ്ക്കും കൊണ്ടുകൊടുത്തു.4

സ്വയം സഞ്ചരിയ്ക്കുന്ന ഹവ്യവാഹനായ അഗ്നി യഷ്ടാവിനെ അറിയുന്നു: ആ മഹാൻ തെളിഞ്ഞ തേജസ്സോടെ പ്രേരകനായി (രാത്രിയിൽ ഭൂവിൽ) വിളങ്ങുന്നു; (പകൽ) സൂര്യൻ ദ്യോവിൽ വിളങ്ങുന്നു.5

കുറിപ്പുകൾ: സൂക്തം 56.

[1] പ്രഗല്ഭം – ശത്രുവധത്തിൽ പ്രഗല്ഭം. ഇണങ്ങാത്തതു് – തട്ടിയെടുത്താലും ഉപകാരപ്പെടാത്തതു്.

[2] വിട്ടുതന്നു – അങ്ങയെപ്പേടിച്ചു്.

[3] എന്തൊക്കെ വിട്ടുതന്നു എന്നു്:

[4] വിവിധഗമനൻ – നാനാദേശസഞ്ചാരിയായ ഇന്ദ്രൻ. അവിടെ – സ്വർഗ്ഗത്തിൽ.

[5] പ്രേരകനായി – ലോകത്തെ വ്യാപരിപ്പിച്ചുകൊണ്ടു്.

സൂക്തം 57.

ബാലഖില്യസൂക്തം 9.

കണ്വപുത്രൻ മേധ്യൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; അശ്വികൾ ദേവത.

യജനീയരായ ദേവന്മാരേ, മുമ്പു കനിഞ്ഞ നിങ്ങൾക്കുണ്ടല്ലോ, കരുത്തുള്ള തേർക്കുതിരകൾ: നാസത്യരേ, നിങ്ങൾ അനുഗ്രഹിപ്പാൻ ഈ മൂന്നാം സവനത്തിൽ വരുവിൻ, കുടിയ്ക്കുവിൻ!1

അശ്വികളേ, സത്യരായ നിങ്ങളെയും, മുപ്പത്തിമൂന്നു ദേവന്മാരെയും ശരിയ്ക്കു യജ്ഞത്തിന്റെ മുമ്പിൽ കാണാം. അതിനാൽ, ജഠരാഗ്നി കത്തുന്ന നിങ്ങൾ ഞങ്ങളുടെ സവനത്തിലെഴുന്നള്ളി, സോമം കുടിച്ചാലും!2

അശ്വികളേ, സ്തുത്യംതന്നെ, നിങ്ങൾ ചെയ്തുവെച്ചതു്: വാനിൽ നിന്നു മന്നിലെയ്ക്കു വെള്ളം വർഷിയ്ക്കപ്പെടുന്നുണ്ടല്ലോ. ഗോക്കളെ തിരയാൻ ഒരായിരം യജ്ഞങ്ങൾ (ആരംഭിച്ചു); അവയിലെല്ലാറ്റിലും നിങ്ങൾ വന്നിരുന്നു, പാനത്തിന്നു്!3

യജനീയരേ, നാസത്യരേ, ഇതാ, നിങ്ങൾക്കുള്ള ഭാഗംവെച്ചിരിയ്ക്കുന്നു: ഈ സ്തോത്രങ്ങളിൽ വന്നുചേരുവിൻ; മധുരമായ സോമം നുകരുവിൻ; ഞങ്ങളുടെ ഹവിർദ്ദാതാവിനെ ഇഷ്ടദാനങ്ങൾകൊണ്ടു രക്ഷിയ്ക്കുവിൻ!4

കുറിപ്പുകൾ: സൂക്തം 57.

[1] കുടിയ്ക്കുവിൻ – സോമം.

[2] സത്യർ = യാഥാർത്ഥഭൂതർ.

[3] വർഷിയ്ക്കപ്പെടുന്നുണ്ടല്ലോ – നിങ്ങളുടെ അച്ഛനായ സൂര്യനാൽ. ആരംഭിച്ചു – അംഗിരസ്സുകൾ. പാനത്തിന്ന് – സോമം കുടിപ്പാൻ.

[4] ഭാഗം – സോമാംശം. ഹവിർദ്ദാതാവിനെ – യജമാനനെ.

സൂക്തം 58.

ബാലഖില്യസൂക്തം 10.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; വിശ്വേദേവകൾ ദേവത.

സമാനപ്രാജ്ഞരായ ഋത്വിക്കുകളാണല്ലോ, ഈ യജ്ഞം പലപ്രകാരത്തുലേർപ്പെടുത്തി നടത്തുന്നതു്: അനൂപാനനായ ബ്രാഹ്മണൻ മനസ്സിരുത്തുമ്പോൾ, യഷ്ടാവിന്നെന്തുള്ളൂ, നിരൂപിപ്പാൻ?1

ഒരഗ്നി ബഹുപ്രകാരേണ സമുജ്ജ്വലിയ്ക്കുന്നു; ഒരു സൂര്യൻ ഉലകിലെങ്ങും ഉൾപ്പുക്കുദിയ്ക്കുന്നു; ഒരുഷസ്സ് ഇതിനെയൊക്കെ പ്രകാശിപ്പിയ്ക്കുന്നു. ഒന്നുതന്നെയാണു്, ഇതൊക്കെയുമായിച്ചമഞ്ഞതു്!2

തേജസ്വിയും, പ്രജ്ഞായുക്തനും, ത്രിലോക സഞ്ചാരിയും ഗമനശീലനും, സുഖാത്മകനും, സ്വരൂപസ്ഥിതനുമായി, നിങ്ങളെക്കാൾ മീതെയായ ആ സർവവരേണ്യനെ പഠനത്തിന്നു ഞാൻ വിളിയ്ക്കുന്നു: തന്തിരുവടിയുമായിച്ചേർന്നാണല്ലോ; വിചിത്രധനയായ (ലക്ഷ്മി) വെളിപ്പെടുത്തുക!3

കുറിപ്പുകൾ: സൂക്തം 58.

[1] അനൂപാനൻ – വേദ-വേദാംഗങ്ങൾ പഠിച്ചവൻ. എന്തുള്ളൂ – ബ്രാഹ്മണൻ (ഋത്വിക്ക്) എല്ലാം ശരിയ്ക്കു നടത്തിക്കൊള്ളും.

[2] ഒന്നു – ബ്രഹ്മം.

[3] പ്രത്യക്ഷോക്തി: നിങ്ങൾ – വിശ്വേദേവകൾ. ആ സർവവരേണ്യനെ – പരമാത്മാവിനെ. പാനത്തിന്നു – സോമം കുടിപ്പാൻ.

സൂക്തം 59.

ബാലഖില്യസൂക്തം 11.

കണ്വഗോത്രൻ സുപർണ്ണൻ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാവരുണന്മാർ ദേവത.

ഇന്ദ്രാവരുണന്മാരേ, ഈ പങ്കുകൾ നിങ്ങളിലെത്താൻ കൊതിയ്ക്കുന്നു. അതിനാൽ ഞാൻ സോമം പിഴിഞ്ഞു നിങ്ങളെ പൂജിയ്ക്കുന്നു: നിങ്ങൾ യജ്ഞത്തിൽ സവനങ്ങൾക്കു വരാറുണ്ടല്ലോ; പിഴിഞ്ഞ യഷ്ടാവിന്നു നല്കാറുമുണ്ടല്ലോ!1

ഇന്ദ്രാവരുണന്മാരേ, നിങ്ങളുടെ ഏർപ്പാടാലാണു്, അതിശോഭനങ്ങളായ സസ്യങ്ങളും ജലങ്ങളും പെരുമ നേടുന്നതു്. നിങ്ങൾ അന്തരിക്ഷപഥത്തിന്റെ അപ്പുറത്തു സഞ്ചരിയ്ക്കുന്നു; ഒരസുരനുമുണ്ടെന്നു തോന്നുന്നില്ല, നിങ്ങളെ എതിർക്കാൻ!2

ഇന്ദ്രാവരുണന്മാരേ, നിങ്ങളെ സപ്തവാണികൾ കൃശന്റെ മധുരരസത്താൽ സംതൃപ്തരാക്കി എന്നതു സത്യമാണല്ലോ. അവകൊണ്ടു് തന്നേ, ഉദകപാലകരായ നിങ്ങൾ ഹവിർദ്ദാതാവിനെ രക്ഷിയ്ക്കുവിൻ: ഇദ്ദേഹം അഹിംസിതനായിട്ടു, നിങ്ങളെ സശ്രദ്ധം ശുശ്രൂഷിയ്ക്കുന്നുണ്ടല്ലോ!3

ഇന്ദ്രാവരുണന്മാരേ, സോമരസമൊഴുക്കുന്ന സോമാർഹകളായ, ക്ഷിപ്രപ്രദാനകളായ ഏഴുവാണികളുണ്ടല്ലോ, യാഗശാലയിൽ: ഇവ നിങ്ങൾക്കു നൈ തൂകുന്നു; അതിനാൽ, നിങ്ങൾ യഷ്ടാവിനെ പുലർത്തുവിൻ, കൊടുക്കുവിൻ!4

ഇന്ദ്രാവരുണന്മാരേ, തേജസ്വികളായ നിങ്ങളുടെ സത്യവും ഈശ്വരത്വദ്യോതകളായ മഹിമാവിനെ ഞങ്ങൾ വലിയ സൗഭാഗ്യത്തിന്നായി വർണ്ണിയ്ക്കാം: സോമനീരൊഴുക്കുന്ന ഞങ്ങളെ ഉദകപാലകരായ നിങ്ങൾ മൂന്നു കുതിരക്കൂട്ടത്തെക്കൊണ്ടു സംരക്ഷിച്ചാലും!5

ഇന്ദ്രവരുണന്മാരേ, യാവചിലർ യജ്ഞമനുഷ്ഠിച്ചു മനശ്ശുദ്ധിനേടി, മുമ്പേത്തെ ഗൃഹാദികൾ ത്യജിച്ചുവോ, ആ ഋഷിമാർക്കു നിങ്ങൾ മനീഷയും വാക്കുകളും മനനവും ശാസ്ത്രവും കല്പിച്ചികൊടുത്തതു ഞാൻ തപസ്സാൽ കണ്ടിരിയ്ക്കുന്നു!6

ഇന്ദ്രാവരുണന്മാരേ, നിങ്ങൾ യജമാനർക്കു മനഃപ്രസാദവും, ഊറ്റംതോന്നാത്ത ധനസമൃദ്ധിയും കല്പിച്ചുകൊടുക്കുവിൻ; ഞങ്ങൾക്കു സന്തതി – സമ്പൽ – പുഷ്ടികൾ തരുവിൻ; ഞങ്ങൾക്കു വളരെക്കാലം ജീവിച്ചിരിപ്പാൻ ആയുസ്സു വർദ്ധിപ്പിയ്ക്കുവിൻ! 7

കുറിപ്പുകൾ: സൂക്തം 59.

[1] പങ്കുകൾ – സോമാംശങ്ങൾ. നല്കാറുമുണ്ടല്ലോ – അഭീഷ്ടം.

[3] സപ്തവാണികൾ – ഏഴു സ്തുതികൾ. കൃശൻ – ഋഷി. മധുരരസം – സോമനീർ. അവകൊണ്ടു – സപ്തവാണികൾ കേട്ടു, കനിഞ്ഞ്.

[4] കൊടുക്കുവിൻ – അഭീഷ്ടം.

[6] ത്യജിച്ചു – സന്യാസിച്ചു എന്നർത്ഥം. മനീഷ – ജഡാജഡവിവേചന ബുദ്ധി. വാക്കുകൾ – ഉപനിഷത്തുകൾ. തപസ്സാൽ – ജ്ഞാനദൃഷ്ടിയാൽ.

സൂക്തം 60.

പ്രഗാഥപുത്രൻ ഭർഗ്ഗൻ ഋഷി: ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, അഗ്നികളോടൊന്നിച്ചു വരിക: ഹോതാവായ ഭവാനെ ഞങ്ങൾ വരിയ്ക്കുന്നു. പിടിയ്ക്കപ്പെട്ട സ്രൂക്കു് മികച്ച യജ്വാവായ ഭവാനെ ദർഭയിലിരുത്തി നെയ്യു തേപ്പിയ്ക്കട്ടെ!1

ബലപുത്ര, അംഗിരസ്സേ, യാഗത്തിൽ സ്രുക്കുകൾ അങ്ങയുടെ മുമ്പിലെയ്ക്കു വരുന്നുണ്ടല്ലോ. മിന്നുന്ന തലമുടിയുള്ള അന്നപാലകനെ – പുരാതനനായ അഗ്നിയെ – ഞാൻ യജ്ഞങ്ങളിൽ സ്തുതിയ്ക്കുന്നു.2

അഗ്നേ, കവിയായ ഭവാൻ വിധാതാവാകുന്നു; പാവക, ഹോതാവായ ഭവാൻ യജനീയനാകുന്നു? ഉജ്ജ്വല, മത്തുപിടിപ്പിയ്ക്കേണ്ടുന്ന മഹായഷ്ടാവായ ഭവാൻ യാഗങ്ങളിൽ മേധാവികൾക്കു മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കപ്പെടേണ്ടവനാകുന്നു!3

അതിയുവാവേ, അനശ്വര, അവിടുന്നു് അദ്രോഹിയുടെ അടുക്കലേയ്ക്കു, കൊതിയുള്ള ദേവകളെ അമറേത്തിനു കൊണ്ടുവന്നാലും. വസോ, ഭവാൻ നേരെ വെയ്ക്കപ്പെട്ടിട്ടുള്ള അന്നങ്ങളിലെയ്ക്കു വരിക; ഇരുത്തപ്പെട്ടു സ്തുതികളാൽ മത്തുകൊള്ളുക!4

അഗ്നേ, രക്ഷക, സത്യരൂപനെന്നും കവിയെന്നും സർവത്ര പ്രഥിതനാണ് ഭവാൻ. കത്തിജ്ജ്വലിയ്ക്കുന്നവനേ, അങ്ങയെ മേധാവികൾ സ്തുതിച്ചുകൊണ്ടു പരിചരിയ്ക്കുന്നു!5

തുലോം പ്രകാശിപ്പിയ്ക്കുന്നവനേ, അങ്ങ് കത്തുക, ജ്വലിയ്ക്കുക. സ്തുതിയ്ക്കുന്ന മനുഷ്യനു സുഖം നല്കുക. എന്റെ സ്തോതാക്കൾ ദേവന്മാരുടെ സുഖത്തിലെത്തട്ടെ; ശത്രുക്കളെ കീഴമർത്തുട്ടെ; അഗ്നിയെ പരിചരിയ്ക്കുട്ടെ!6

അനുകൂലതേജസ്തനായ അവിടുന്നു ഭൂമിയിൽ ഉണക്കുവിറക് എരിയ്ക്കാറുണ്ടല്ലോ; അതുപോലെ, ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെയും ദ്രോഹിപ്പാൻ നോക്കുന്ന ദുരാത്മാവിനെയും ചുട്ടെരിച്ചാലും!7

ഹേ യുവതമ, അവിടുന്നു ഞങ്ങളെ ശത്രുമർത്ത്യന്നും, കരുത്തന്നും കുറ്റം പറയുന്നവന്നും കീഴ്പെടുത്തരുതു്: വലയ്ക്കാതെ മറുകരയണയ്ക്കുന്ന സുഖകരമായങ്ങളായ രക്ഷകൾകൊണ്ടു കാത്തരുളിയാലും!8

അഗ്നേ, നിന്തിരുവടി ഞങ്ങളെ ഒരു ഋക്കുകൊണ്ടു രക്ഷിച്ചാലും; രണ്ടുകൊണ്ടു രക്ഷിച്ചാലും; അന്നാധിപതേ, മൂന്നുകൊണ്ടു രക്ഷിച്ചാലും; വസോ, നാലുകൊണ്ടു രക്ഷിച്ചാലും!9

പിശുക്കനായ അരക്കനിൽനിന്നെല്ലാം രക്ഷിച്ചാലും; ഞങ്ങളെ യുദ്ധങ്ങളിൽ കാത്തരുളിയാലും. യജ്ഞസിദ്ധിയ്ക്കും അഭിവൃദ്ധിയ്ക്കും ഞങ്ങൾ അങ്ങനെതന്നെയാണല്ലോ, അടുത്ത ബന്ധുവാക്കിയിരിയ്ക്കുന്നതു്!10

അഗ്നേ, പാവക, അവിടുന്നു ഞങ്ങൾക്കു് അന്നവർദ്ധകമായ ശ്ലാഘ്യസംപത്തു കൊണ്ടുവരിക. അരികിൽവച്ചെണ്ണുന്നവനേ, വഴിപോലെ കൊണ്ടുനടക്കുന്നതിനാൽ പുരുകാമ്യവും പുകളേറിയതുമായ (ധനം) ഞങ്ങൾക്കു തരികയും ചെയ്യുക:11

എന്നാൽ, ഞങ്ങൾക്കു, യുദ്ധങ്ങളിൽ പാഞ്ഞണഞ്ഞെയ്യുന്ന പററലരെ പിന്നിട്ടു വധിയ്ക്കാമല്ലോ! കർമ്മധന, ആ നിന്തിരുവടി ഞങ്ങളെ വർദ്ധിപ്പിച്ചാലും; ഹവിസ്സുകൊണ്ടു ധനം കൈവരുത്തുന്ന കർമ്മങ്ങൾ നിറവേറ്റിയാലും!12

അഗ്നി, കൊമ്പണയ്ക്കുന്ന ഒരു കാളപോലെ തല കുടയുന്നു: നല്ല പല്ലുകളുള്ള ഈ ബലപുത്രന്റെ അണക്കടകൾക്കൊത്ത ജ്വാലകൾ അധൃഷ്യങ്ങളാകുന്നു!13

അഗ്നേ, വൃഷാവേ, അധൃഷ്യങ്ങളാണല്ലോ, അങ്ങയുടെ പല്ലുകൾ; അങ്ങു കത്തിപ്പടരുന്നു. ഹോതാവേ, ആ നിന്തിരുവടി ഞങ്ങളുടെ ഹവിസ്സിന്നു നന്മ വരുത്തിയാലും, ഞങ്ങൾക്കു വേണ്ടതു ധാരാളം തന്നാലും!14

അവിടുന്നു കാട്ടിൽ ഇരുമാതാക്കളിലിയ്ക്കുന്നു; അങ്ങയെ മനുഷ്യർ വളർത്തുന്നു. ഭവാൻ മടിയ്ക്കാതേ ഹവ്യകാരന്റെ ഹവിസ്സുകൾ വഹിയ്ക്കുന്നു; ഉടൻ തന്നെ ദേവന്മാരുടെ ഇടയിൽ വിളങ്ങുന്നു!15

അഗ്നേ, നല്ല ദാതാവും അക്ഷീണനുമായ ഭവാനെ ഏഴുഹോതാക്കൾ സ്തുതിയ്ക്കുന്നു. അങ്ങ് ചൂടുതേജസ്സുകൊണ്ടു് മേഘത്തെ പിളർത്തുന്നു. അഗ്നേ, അവിടുന്നു് ആളുകളെ പിന്നിട്ടു നടകൊണ്ടാലും!16

വിട്ടുപോകാത്ത അഗ്നിയെ, അഗ്നിയെ, ദർഭമുറിച്ച ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിളിയ്ക്കാം – വളരെയിടങ്ങളിൽ വാഴുന്ന ഹോതാവായ അഗ്നിയെ ഹവിസ്സൊരുക്കിയ ഞങ്ങൾ മനുഷ്യർക്കുവേണ്ടി വിളിയ്ക്കാം.17

അഗ്നേ, സാമം പാടുന്ന ധാമത്തിൽ എഴുന്നള്ളിയ നിന്തിരുവടിയെ വിദ്വജ്ജനങ്ങൾ സ്തുതിയ്ക്കുന്നു. അവിടുന്നു് ഞങ്ങൾക്കു്, അരികേ വർത്തിയ്ക്കുന്ന വിവിധാന്നം രക്ഷയ്ക്കായി കനിഞ്ഞു കൊണ്ടുവന്നാലും!18

സ്തുത്യനായ അഗ്നേ, ദേവ, പ്രജാപാലകനും അരക്കരെ എരിയ്ക്കുന്നവനും, വിട്ടുപോകാത്ത ഗൃഹപതിയും സ്വർഗ്ഗരക്ഷകനും, യാഗശാലയിലെഴുന്നള്ളുന്നവനും, മഹാനുമാണ,വിടുന്ന്!19

ദീപ്തിധന, അഗ്നേ, അരക്കനും രാക്ഷസപീഡയും ഞങ്ങളിൽ കടക്കരുതു്. വറുതി, വിശപ്പു്, കരുത്തേറിയ രക്ഷസ്സുകൾ എന്നിവയെ അങ്ങ് രണ്ടുനാഴികയപ്പുറത്തേയ്ക്കു് നീക്കിയാലും!20

കുറിപ്പുകൾ: സൂക്തം 60.

[1] തേപ്പിയ്ക്കട്ടേ – ധാരാളം ഹോമിയ്ക്കട്ടെ എന്നർത്ഥം.

[2] ഉത്തരാർത്ഥം പരോക്ഷം: തലമുടി – ജ്വാല.

[3] വിധാതാവു് – ഫലകർത്താവു്.

[4] അദ്രോഹിയുടെ – ദ്രോഹിയല്ലാത്ത എന്റെ. ഇരുത്തപ്പെട്ടു – ഞങ്ങളാൽ.

[11] അരികിൽ വെച്ചുണ്ണുന്നവനേ – ഞങ്ങളുടെ അടുക്കൽ വെച്ചു് എണ്ണിനോക്കിയിട്ട് എന്നർത്ഥം.

[12] എയ്യുന്ന – ആയുധം പ്രയോഗിയ്ക്കുന്ന.

[14] നന്മ – അവിടുന്നു് സ്വീകരിച്ചാലേ ഹവിസ്സു നന്നാകൂ. വേണ്ടതു – ധനം.

[15] ഇരുമാതാക്കളിൽ – രണ്ടരണികളിൽ. ഹവ്യകാരൻ – യജമാനൻ.

[16] അക്ഷീണൻ – പ്രവൃദ്ധൻ. നടകൊണ്ടാലും – ഹവിസ്സെടുത്തു, ദേവന്മാരുടെ അടുക്കലെയ്ക്കു്.

[17] വിട്ടുപോകാത്ത – സദാ നമ്മുടെ ഗൃഹത്തിൽ വസിയ്ക്കുന്ന അഗ്നിപദാവൃത്തി ആദരാതിശയത്താലാകുന്നു.

[18] ധാമം – യജ്ഞസദനം.

[20] ദീപ്തിധന – ദീപ്തി(പ്രകാശം)യാകുന്ന ധനത്തോടുകൂടിയവനേ. രണ്ടു നാഴികയപ്പുറത്തേയ്ക്കു് – അതിദൂരത്തെയ്ക്കു് എന്നു ഹൃദയം.

സൂക്തം 61.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.

നമ്മുടെ ഈ മൊഴി രണ്ടും ഇന്ദ്രൻ അഭിമുഖനായി കേട്ടരുളട്ടെ; ഒരേനിനവോടെ, മഹാബലനായ മഘവാവു സോമം കുടിപ്പാൻ വരികയും ചെയ്യട്ടെ!1

ആ സ്വയം പ്രഭനെയാണല്ലോ, വാനൂഴികൾ വർഷകനും ഓജസ്കരനുമാക്കിയിരിയ്ക്കുന്നതു് അതിനാൽ അവിടുന്നു ഉപമാനഭൂതരിൽ ഒന്നാമനായി ഇരുന്നരുളുന്നു: സോമേച്ഛുവാണല്ലോ, അങ്ങയുടെ മനസ്സ്.2

ബഹുധന, ഇന്ദ്ര, അവിടുന്നു് സോമനീർ (തിരുവയറ്റിൽ) പകർന്നാലും: ഹരിയുക്ത, ഞങ്ങൾക്കറിയാം, അവിടുന്നു പടകളിൽ കീഴമർത്തുന്നവനും, അധൃഷ്യനായ ധർഷകനുമാണു്!3

അഭഗ്നസത്യനായ മഘവാവേ, അങ്ങനെതന്നെയാണു്: ഇന്ദ്ര, അവിടുന്നു് കർമ്മംകൊണ്ടു തൽപരനായിത്തീരും. നല്ല അണക്കടകളുള്ളോവേ, വജ്രധര, ചിക്കെന്നു് ചെല്ലുന്ന ഞങ്ങൾ ഭവദ്രക്ഷണത്താൽ അന്നം നേടുമാറാകണം!4

ശചീപതേ, ഇന്ദ്ര, ഭവാൻ മരുത്തുക്കളോടെല്ലാമൊന്നിച്ചു തന്നാലും; ശൂര, ഞങ്ങൾ ഭാഗ്യമെന്നപോലെ പുകഴ്‌ന്ന, ധനം കിട്ടിയ്ക്കുന്ന ഭവാനെ ഭജിയ്ക്കുമാറാകണം!5

ദേവ, അവിടുന്നു് അശ്വങ്ങളെ നിറയ്ക്കും; ഗോക്കളേ വളരെ കൊടുക്കും. ഒരു പൊന്നിൻനീരുറവാണ,വിടുന്നു്: അങ്ങയുടെ ദാനം ആരും ഭജ്ഞിയ്ക്കില്ല; ഞാൻ യാചിയ്ക്കുന്നതൊക്കെ കൊണ്ടുവന്നാലും!6

ഇന്ദ്ര, ഭവാൻ വന്നാലും. ആരാധകന്നു കൊടുപ്പാൻ ധനമെടുത്താലും: മഘവാവേ, ഗോവിനെ തേടുന്നവന്നു ഗോവിനെയും, അശ്വത്തെ തേടുന്നവന്ന് അശ്വത്തെയും കല്പിച്ചു നൽകുക!7

നിന്തിരുവടി വളരെ ആയിരവും നൂറും ഗോഗണത്തെ ഹവിർദ്ദാതാവിന്നു നല്കാറുണ്ടു്. പുരന്ദരനായ ഇന്ദ്രനെ ഞങ്ങൾ രക്ഷയ്ക്കായി പലതരത്തിൽ പുകഴ്ത്തിപ്പാടി, ഇങ്ങോട്ടു വരുത്തുന്നു!8

ഇന്ദ്ര, ശതക്രതോ, ക്രോധത്തിന്നു തടവില്ലാത്തവനേ, തന്റെ മഹത്വം കാട്ടുന്നവനേ, ബുദ്ധിഹീനനോ ബുദ്ധിമാനോ ആയ യാവനൊരുത്തൻ ഭവാനെ സ്തുതിയ്ക്കുമോ, അവൻ ഭവദ്ഭക്തിയാൽ തുലോം ആനന്ദിയ്ക്കും!9

കൈകൾ തടിച്ചുരുണ്ട നിഹന്താവായ പുരന്ദരൻ എന്റെ വിളി കേൾക്കുമെങ്കിൽ, ധനകാമരായ ഞങ്ങൾ ധനപതിയും ശതക്രതവുമായ ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ടു വിളിച്ചു കൊള്ളുന്നു!10

പുണ്യംചെയ്യാതെയല്ല, വട്ടം കൂട്ടാതെയല്ല, അഗ്നിയെകൂടാതെയല്ല, ഞങ്ങൾ സ്തുതിയ്ക്കുന്നതു് ഇപ്പോൾ ഒത്തൊരുമിച്ചു് സോമം പിഴിഞ്ഞുവെച്ചാണ്, ഞങ്ങൾ വൃഷാവായ ഇന്ദ്രനെ സഖാവാക്കുന്നതു്11

നടമിടുക്കുള്ള കുതിരയെ കണ്ടറിഞ്ഞ് ഒരു മികച്ച തേരാളി സമീപിയ്ക്കുന്നതുപോലെ, ആർ ഹവിഷ്മാങ്കലണയുമോ; ആ ബലിഷ്ഠനെ, പടകളിൽ കീഴമർത്തുന്നവനെ, സ്തുതിപ്പാൻ കടപ്പെടുത്തിയവനെ, അധൃഷ്യനെ നാം കൂട്ടിയിണക്കുക!12

ഇന്ദ്ര, ഞങ്ങൾ ആരെപ്പേടിയ്ക്കുന്നുവോ, അവനിൽനിന്നു ഞങ്ങൾക്കു് അഭയം തന്നാലും: മഘവാവേ, ശേഷിയുണ്ടല്ലോ അങ്ങയ്ക്ക്. അങ്ങ് രക്ഷകരെക്കൊണ്ടു, ഞങ്ങളെ ദ്രോഹിയ്ക്കുന്നവരെ – പീഡിപ്പിയ്ക്കുന്നവരെ ആട്ടിപ്പായിച്ചാലും!13

ധനപതേ, ആരാധകന്നു ധനവും ഗൃഹവും വർദ്ധിപ്പിയ്ക്കുന്നവനാണല്ലോ, അങ്ങ് ഇന്ദ്ര, മഘവാവേ, സ്തുതിസേവ്യ, ആ അങ്ങയെ ഞങ്ങൾ സോമം പിഴിഞ്ഞുവെച്ചു് വിളിയ്ക്കുന്നു.14

ജ്ഞാതാവും പരത്രാതാവും വൃത്രജേതാവുമായ ഇന്ദ്രൻ നമുക്കു വരേണ്യനാകുന്നു. തന്തിരുവടി നമ്മുടെ ആദിയിലും നടുവിലും ഒടുവിലുമുള്ളവനെ രക്ഷിയ്ക്കട്ടെ; തന്തിരുവടി നമ്മെ പിന്നിൽ കാത്തരുളട്ടെ; തന്തിരുവടി നമ്മെ പിന്നിൽ കാത്തരുളട്ടെ; തന്തിരുവടി മുന്നിൽ കാത്തരുളട്ടെ!15

ഇന്ദ്ര, നിന്തിരുവടി ഞങ്ങളെ പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ചുവട്ടിൽനിന്നും മുകളിൽനിന്നും – എല്ലാടത്തുനിന്നും – രക്ഷിച്ചാലും: ഞങ്ങളിൽ നിന്നു ദേവഭയം അകറ്റുക; അസുരായുധങ്ങളും അകറ്റുക!16

ഇന്ദ്ര, അവിടുന്നു് ഇന്നുമിന്നും, നാളെയും നാളെയും മറ്റന്നാളും ഞങ്ങളെ കാത്തരുളണം: സൽപതേ, സ്തുതിയ്ക്കുന്ന ഞങ്ങളെ എല്ലാ നാളിലും പകലിരവു പാലിച്ചാലും!17

തച്ചുടയ്ക്കുന്ന ശൂരനും, ബഹുധനനും, വീര്യത്തിന്നായി വഴിപോലെ കൂട്ടിച്ചേർക്കുന്നവനുമാകുന്നു, മഘവാവ്. ശതക്രതോ, ഭവാന്റെ വജ്രം വഹിച്ച തൃക്കൈരണ്ടും (അഭീഷ്ടങ്ങളെ) വർഷിയ്ക്കും!18

കുറിപ്പുകൾ: സൂക്തം 61.

[1] ഈ മൊഴി രണ്ടും – സ്തോത്രവും ശാസ്ത്രവും. ഒരേ – നമ്മുടെ നിനവിന്നൊത്ത.

[2] ആദ്യഭാഗം പരോക്ഷോക്തി: ഉപമാനഭൂതരിൽ – മറ്റു ദേവന്മാരിൽ. അന്ത്യവാക്യം പ്രത്യക്ഷം.

[4] കീഴമർത്തുന്നവനും – ശത്രുക്കളെ, ചെല്ലുന്ന – യുദ്ധത്തിന്ന്. അന്നം – തോല്പിയ്ക്കപ്പെട്ട ശത്രുക്കളുടെ.

[6] നിറയ്ക്കും – സ്തോതാക്കൾക്ക്.

[7] തേടുന്നവന്നു – ഇച്ഛിയ്ക്കുന്ന എനിയ്ക്കു്.

[8] ഒടുവിലെ വാക്യം പരോക്ഷം.

[10] നിഹന്താവു് – ശത്രുക്കളെ കൊല്ലുന്നവൻ.

[11] വട്ടം – ഹവിസ്സും മറ്റും.

[12] കീഴമർത്തുന്നവനെ – ശത്രുക്കളെ. സ്തുതിപ്പാൻ കടപ്പെടുത്തിയവനെ – മനുഷ്യരുടെ കടമയാണു്, ഇന്ദ്രനെ സ്തുതിയ്ക്കൽ. അധൃഷ്യനെ – ഇന്ദ്രനെ.

[13] രക്ഷകർ – സ്വന്തം ആൾക്കാർ.

[15] പരത്രാതാവ് = മറ്റുള്ളവരെ രക്ഷിയ്ക്കുന്നവൻ. ഉള്ളവനെ – പുത്രനെ.

[16] ദേവഭയം – ദേവന്മാരിൽ നിന്നുള്ള ആപത്തു്.

[18] തച്ചുടയ്ക്കുന്ന – വൈരിനഗരങ്ങളെ. വീര്യത്തിന്നായി – യുദ്ധത്തിൽ വിക്രമിപ്പാൻ.

സൂക്തം 62.

കണ്വപുത്രൻ പ്രഗാഥൻ ഋഷി; പഞ്ചപദാപംക്തിയും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്രൻ കേൾക്കുമെങ്കിൽ, നിങ്ങൾ ചെന്നു കേമമായി സ്തുതിയ്ക്കുവിൻ. സോമവാന്മാർ തന്തിരുവടിയ്ക്കുള്ള മഹത്തായ അന്നം ഉക്ഥങ്ങൾകൊണ്ടു വർദ്ധിപ്പിയ്ക്കുന്നു: സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!1

നേതാക്കളിൽ മുഖ്യനും നിസ്തുല്യനും അക്ഷയ്യനുമായ തന്തിരുവടി ഒറ്റയ്ക്കു, പണ്ടും ഇന്നുമുള്ള പ്രജകളെയെല്ലാം ബലത്താൽ അതിലംഘിച്ചു വളർന്നിരിയ്ക്കുന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!2

ഈ ക്ഷിപ്രപ്രദാനൻ, കുതിരയെത്തെളിയ്ക്കാതെയാണ്, യാത്ര ചെയ്യുക: ഇന്ദ്ര, അതിനാൽ വർണ്ണനീയംതന്നെ, ഭവാന്റെ ആ വീര്യപ്രകടനം. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!3

ഇന്ദ്ര, വന്നാലും. അങ്ങയെക്കുറിച്ചു് ഞങ്ങൾ ഉന്മേഷകരങ്ങളായ സ്തോത്രങ്ങൾ ചൊല്ലാം: ബലിഷ്ഠ, അവയാലാണല്ലോ, ഭവാൻ ഇവിടെ അന്നകാമന്നു നന്മ വരുത്താനൊരുങ്ങുന്നതു്. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ! 4

ഇന്ദ്ര, ഭവാൻ മനസ്സിനെ ധൃഷ്ടാൽധൃഷ്ടമാക്കും. കടുംസോമംകൊണ്ടു് പൂജിയ്ക്കുകയും, നമസ്കാരം ചാർത്തിയ്ക്കുകയും ചെയ്യുന്നവന്റെയാണു്, ഭവാൻ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!5

സ്തുതിയ്ക്കപ്പെട്ടാൽ അവിടുന്നു, മനുഷ്യൻ കിണറുകളെയെന്നപോലെ, തൃക്കൺപാർക്കും. പ്രസാദിച്ചാൽ പ്രവൃദ്ധനായ സോമവാന്റെ സഖാവായിച്ചേരുകയും ചെയ്യും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!6

ഇന്ദ്ര, അങ്ങയെ അനുസരിയ്ക്കയാലാണു്, ദേവന്മാർക്കെല്ലാം വീര്യവും പ്രജ്ഞയുമുണ്ടായതു്: ബഹുസ്തുത, അവിടുന്നാണ്, സർവഗോക്കളുടേയും ഉടമ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!7

ഇന്ദ്ര, ഞാൻ അങ്ങയുടെ ആ ബലം അരികേ കണ്ടു, യജ്ഞത്തിന്നായി പാടിപ്പുകഴ്ത്തുന്നു: ശചീപതേ, അങ്ങ് വൃത്രനെ കെല്പാൽ കൊന്നുവല്ലോ. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!8

ഒരു വേശ്യ ആലിംഗനേച്ഛുക്കൾക്കെന്നപോലെ, ഇന്ദ്രൻ മനുഷ്യർക്കു് കാലഘട്ടങ്ങൾ കിട്ടിച്ചിരിയ്ക്കുന്നു: ഈ അടയാളത്താൽ അവിടുന്ന് വിശ്രുതനായിത്തീർന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!9

ഇന്ദ്ര, പശുക്കൾ ധാരാളമുള്ള മഘവാവേ, ഭവാന്റെ സുഖത്തിലിരിയ്ക്കുന്നവർ ഭവാന്റെ ബലത്തെയും, ഭവാനെയും, ഭവാന്റെ തിരുവുള്ളത്തെയും തുലോം വളർത്തിപ്പോരുന്നു. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ! 10

വൃത്രഹന്താവേ, ഞാനും അവിടുന്നും കൂടിച്ചേരുക, നേട്ടമുണ്ടാകുംവരെ: വജ്രിൻ, ശൂര, നാമിരുവരും ഒന്നിച്ചാൽ, അറുപിശുക്കന്മാരും കൊണ്ടാടിക്കൊള്ളും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!11

സത്യമായിത്തന്നെയാണു്, അസത്യമായിട്ടല്ല, ആ ഇന്ദ്രനെ ഞങ്ങൾ സ്തുതിയ്ക്കുന്നതു്: സോമം പിഴിയാത്തവനെ നിഗ്രഹിയ്ക്കും; ധാരാളം പിഴിയുന്നവനെ അനുഗ്രഹിയ്ക്കും; രണ്ടും മഹത്തായിരിയ്ക്കും. സ്തുത്യങ്ങളാണല്ലോ, ഇന്ദ്രന്റെ ദാനങ്ങൾ!12

കുറിപ്പുകൾ: സൂക്തം 62.

[1] ഋത്വിക്കുകളോടു്: സോമവാന്മാർ – യജമാനന്മാർ. അന്നം – ഹവിസ്സ്.

[2] നേതാക്കൾ – ദേവന്മാർ.

[3] ക്ഷിപ്രപ്രദാനൻ – അഭീഷ്ടം വേഗത്തിൽ കൊടുക്കുന്നവൻ, ഇന്ദ്രൻ തെളിയ്ക്കാതെ – കുതിര ഉദ്ദിഷ്ടസ്ഥലത്തെയ്ക്കു സ്വയം നടന്നുകൊള്ളും.

[5] ചെയ്യുന്നവന്റെ – യജമാനന്റെ.

[6] മനുഷ്യൻ – ദാഹം പൂണ്ട ആൾ. തൃക്കൺപാർക്കും – സോമത്തെ. പ്രസാദിച്ചാൽ – സോമപാനത്താൽ.

[9] വേശ്യ ഓരോ പുരുഷനും സമയം കുറിച്ചുകൊടുക്കുമല്ലോ.

[11] നേട്ടം – ധനലാഭം. കൊണ്ടാടിക്കൊള്ളും – അങ്ങയുടെ ധനദാനത്തെ.

[12] നിഗ്രഹിയ്ക്കും – ഇന്ദ്രൻ. രണ്ടു – നിഗ്രഹവും, അനുഗ്രഹവും.

സൂക്തം 63.

പ്രഗാഥൻ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ദേവന്മാരും ദേവത. (‘ദ്വാരകമന്ദിരം’പോലെ)

ആരിൽച്ചെല്ലാൻ മനു ദേവ –
ന്മാരിലച്ഛൻ ചെയ്തൂ, യജ്ഞം;
അമ്മഹാനിങ്ങാര്യരുടെ
കർമ്മം കാംക്ഷിച്ചെഴുന്നള്ളും!1
സ്വർല്ലോകം തീർത്തോനെ,സ്സോമ –
വല്ലി ചതയ്ക്കുമമ്മികൾ
തള്ളിക്കൂടാ: സ്തോത്രങ്ങളും
ചൊല്ലിടേണ,മുക്ഥങ്ങളും!2
ഇന്ദ്രനംഗിരസ്സുകൾക്കായ്, –
ത്തൻനയത്താൽഗ്ഗോയൂഥത്തെ
പേർത്തും വെളിയ്ക്കാക്കിയല്ലോ!
വാഴ്ത്തുന്നേ,നത്തദ്വീര്യം ഞാൻ.3
സൂരിപ്രവർദ്ധകൻ, സ്തുതി –
കാരർക്കു താങ്ങിന്ദ്രൻ, ശിവൻ
മുന്മട്ടിൽത്താൻ വന്നെത്തട്ടേ,
നമ്മെക്കാക്കാനന്നഹോമേ!4
ഇന്ദ്ര, നിൻകർമ്മത്തെ ക്രമാ –
ലിന്നു ശീഘ്രം പുകഴ്ത്തുന്നു,
സ്വാഹാധീശാർച്ചകർ നുതി –
വ്യൂഹക്കാരൻ ധനാപ്തിയ്ക്കായ്!5
ആരെഹിംസകനെന്നു
തേറുന്നുവോ, സ്തോതാക്കന്മാർ;
ആയിന്ദ്രങ്കലുണ്ടു, കരു –
ത്താകമാനം, കർമ്മങ്ങളും!6
പഞ്ചജനസ്തുതിഘോഷം
തഞ്ചുമ്പോളാർ കൊല്ലും, താനേ;
ആയിന്ദ്രനാണു,ൽ പ്രജ്ഞനാ –
മീയെൻപൂജയ്ക്കിരിപ്പിടം!7
പ്രീതിദമിസ്തവം ഭവാ –
ന്റേതാണ: – പ്പൗരുഷങ്ങളെ
കാട്ടിയല്ലോ, തിരുമേനി;
കാത്തുവല്ലോ, രഥമാർഗ്ഗം!8
ഈ വൃഷാവിൻ വിവിധാന്നം
കൈവന്നവർ ജീവിതത്തിൽ
കാലു വെയ്ക്കും; യവം ഗോക്കൾ –
പോലെ ഭുജിയ്ക്കുകയുംചെയ്യും!9
നിങ്ങളൊത്തു, രക്ഷാകാമ –
രെങ്ങളിതു ചൊല്ലിക്കൊണ്ടേ
അന്നാധീശരായ്ത്തീരാവൂ,
വിണ്ണോർകോനെ യജിയ്ക്കുവാൻ!10
കാലേ വെളിപ്പെട്ട തേജ –
സ്സാളും നിന്നെയൃക്കാൽശ്ശൂര,
നേരായ് വാഴ്ത്തുമെങ്ങൾ ജയം
നേടുകിന്ദ്ര, നിൻതുണയാൽ!11
ശസ്ത്രസ്തോത്രകാരർക്കെവൻ
സത്വരനാ;മായിന്ദ്രനും,
വൃതവധപ്പോർവിളിയി –
ലൊത്തുചേർന്ന ദേവന്മാരും,
രുദ്രർ, മഴക്കാറുകളു –
മത്ര രക്ഷിയ്ക്കട്ടെ, നമ്മെ!12
കുറിപ്പുകൾ: സൂക്തം 63.

[1] ദേവന്മാരിൽ – ദേവന്മാരുടെയിടയിൽ. അച്ഛൻ – രക്ഷിതാവു്; മനുവിന്റെ വിശേഷണം. അമ്മഹാൻ – ഇന്ദ്രൻ, ആര്യർ – യഷ്ടാക്കൾ.

[2] സ്വർല്ലോകം നിർമ്മിച്ച ഇന്ദ്രന്നായി സോമം പിഴിയുകയും സ്തുതിയ്ക്കുകയും ചെയ്യുക അത്യാവശ്യം.

[3] തദ്വീര്യം = അവന്റെ വീര്യം.

[4] സൂരിപ്രവർദ്ധകൻ = സ്തോതാക്കളെ വർദ്ധിപ്പിയ്ക്കുന്നവൻ. ശിവൻ = സുഖകരൻ. മുന്മട്ടിൽത്താൻ – പതിവുപോലെ അന്നഹോമേ – സോമം ഹോമിയ്ക്കുന്ന അവസരത്തിൽ.

[5] സ്വാഹാധീശാർച്ചകർ = സ്വാഹാഭർത്താവിനെ, അഗ്നിയെ, യജിയ്ക്കുന്നവർ, നുതിവ്യൂഹകാരർ = സ്തോത്രഗണം നിർമ്മിയ്ക്കുന്നവർ, സ്തോതാക്കൾ.

[6] കരുത്തു് – ത്രാണി.

[7] കൊല്ലും – ശത്രുക്കളെ. താനേ – പരസഹായ്യം കൂടാതെ.

[8] കാത്തുവല്ലോ – ഞങ്ങളുടെ യജ്ഞത്തിൽ വരാൻ, തേർവഴിയിൽ രാക്ഷസബാധയില്ലാതാക്കിയല്ലോ.

[10] ഋത്വിക്കുകളോടു്: ഇതു – സ്തോത്രം.

[11] കാലേ – യാഗകാലത്തു്. ഋക് – മന്ത്രം, നേടുക – നേടാവൂ.

[12] സത്വരനാം – അഭീഷ്ടം കൊടുപ്പാൻ വെമ്പൽകൊള്ളും.

സൂക്തം 64.

പ്രഗാഥൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

സ്തോത്രങ്ങളവിടുത്തെയ്ക്കു മത്തുയർത്തട്ടെ, വജ്രവൻ:
അന്നം തരൂ; നശിപ്പിയ്ക്കൂ, ബ്രഹ്മദ്വേഷികളെബ്ഭവാൻ!1
തൃക്കാൽകൊണ്ടു മെതിച്ചാലും, യജ്ഞം ചെയ്യാത്ത ലുബ്ധരെ;
മഹാനല്ലോ, തിരുവടിയില്ല,ങ്ങയ്ക്കെതിരായൊരാൾ! 2
പിഴിഞ്ഞതിന്നധീശൻ നീ; പിഴിയാത്തതിനും, ഭവാൻ;
ഒരുറ്റ തമ്പുരാനല്ലോ, ജനങ്ങൾക്കൊക്കെയും ഭവാൻ;3
നരർക്കായി വരികാ;ർപ്പിട്ടു വിൺകൊട്ടാരത്തിലെയ്ക്കുതാൻ
പൊയ്ക്കൊൾക, വാനൂഴികളെ നിറയ്ക്കുന്നവനാം ഭവാൻ!4
നൂറുമായിരവും പെയ്തുകൂട്ടും കാർമുകിലട്ടിയെ,
പുകഴ്ത്തുന്ന ജനങ്ങൾക്കായ്പ്പിളർത്തരുളണം, ഭവാൻ!5
പിഴിഞ്ഞു പകൽനേരത്തു വിളിപ്പൂ, ഞങ്ങളങ്ങയെ;
വിളിപ്പൂ, ഞങ്ങളിരവി,ലെങ്ങൾക്കിഷ്ടം പൊഴിയ്ക്ക,നീ6
എങ്ങാ,ത്തലകുനിയ്ക്കാത്ത യുവാവു, പൃഥുകന്ധരൻ?
ആ വൃഷാവിനെയാരുള്ളൂ, സ്തുതിച്ചർച്ചിച്ചുകൊള്ളുവാൻ?7
ആർതൻ യാഗത്തിനാണാവോ, പോയിരിപ്പതു സാമ്പ്രതം?
നേർക്കറിഞ്ഞവനാരുള്ളൂ, മഴപെയ്യിയ്ക്കുമിന്ദ്രനെ?8
ആരിലെത്തുന്നു ദാനങ്ങൾ: കെല്പേറും ശസ്ത്രസൂക്തികൾ
ആരിലെത്തുന്നു, വൃത്രഘ്ന? പോരിലാർ കൂടെനിന്നിടും?9
ഇസ്സോമമവിടെയ്ക്കല്ലോ പിഴിവൂ, പെരുതാളുകൾ:
അതിങ്കലെയ്ക്കെഴുന്നള്ളുകൊ,ന്നോടുക കുടിയ്ക്ക, നീ10
നല്കുമല്ലോ, ഭവാന്നിന്വ,മാർജ്ജീകീയസുഷോമയിൽ
ശര്യണാവത്തിലുണ്ടാകും പ്രിയമാമിതു നിർഭരം!11
ഇന്നു, ധർഷകമാം മത്തിന്ന,ഭിരാമമിതിന്ദ്ര, നീ
കുടിയ്ക്ക, വരികൊ,ന്നോടുകി,ങ്ങല്പധനം തരാൻ!12
കുറിപ്പുകൾ: സൂക്തം 64.

[3] പിഴിയാത്തതിനും – ലതാരൂപേണ നില്ക്കുന്ന സോമത്തിനും.

[4] നരർക്കായ് – ഹവിസ്സു സ്വീകരിച്ചു, മനുഷ്യരെ അനുഗ്രഹിപ്പാൻ. ആർപ്പിട്ടു – ഹവിസ്സിനെ ഉച്ചത്തിൽ ശ്ലാഘിച്ചുകൊണ്ടു്. നിറയ്ക്കുന്നവൻ – തന്റെ തേജസ്സുകൊണ്ടോ, മഴകൊണ്ടോ.

[5] കാർമുകിലട്ടിയെ – കരിമേഘക്കൂമ്പാരത്തെ.

[7] പൃഥുകന്ധരൻ = കഴുത്തു തടിച്ചവൻ. ആരുള്ളൂ – ആരും ആളാകില്ല.

[9] യജമാനന്മാരുടെ ദാനങ്ങളും (ഹവിസ്സുകളും) ശസ്ത്രസൂക്തി(സ്തുതി)കളും ഭാവങ്കലല്ലാതെ ആരിൽ എത്തിച്ചേരുന്നു? ഭവാങ്കൽത്തന്നെ എത്തുന്നു. ഭവാൻ മാത്രമേ, പോരിൽ സഹായിപ്പാൻ ഒരുമിച്ചുനില്കൂ.

[11] ആർജ്ജീകീയമെന്ന പ്രദേശത്തിലെ സുഷോമാനദിയുടെ സമീപത്തു ശര്യാണാവത്തെന്ന സരസ്സിലുണ്ടാകുന്ന ഇതു (സോമം) ഭവാന്നു നിർഭരം (തുലോം) ഇമ്പം നല്കുമല്ലോ.

[12] ഇതു് – സോമം.

സൂക്തം 65.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മുമ്പോ പിമ്പോ വിളിയ്ക്കുന്നുണ്ടല്ലോ, നേതാക്കളങ്ങയെ;
വിരവോടിന്ദ്ര വന്നാലും, തുരഗങ്ങളിലൂടെ നീ!1
രമിയ്ക്കയാവാം, വിണ്ണിങ്കലമൃതോലുമിടത്തിൽ നീ
ഒരു യജ്ഞത്തിലോ തണ്ണീരീട്ടംകൂടും പരപ്പിലോ;2
ആ വളർന്ന മഹാനായ നിന്നെസ്സോമം കുടിയ്ക്കുവാൻ
സ്തുതിച്ചിന്ദ്ര, വിളിയ്ക്കുന്നേൻ, തിന്നാൻ പയ്യിനെയാംവിധം!3
ഇന്ദ്ര, നിന്റെ മഹത്വത്തെ, നിൻതേജസ്സിനെയും രഥേ
വഹിച്ചുകൊണ്ടു ഹരികളിങ്ങു വന്നണയേണമേ!4
ഇന്ദ്ര, ചൊല്ലുന്നു, വാഴ്ത്തുന്നു, മഹാനാം നിന്നെയാളുകൾ:
വന്നുണ്ണുകെ,ങ്ങൾതൻ സോമമുഗ്രനൈശ്വര്യകാരി നീ!5
വിളിയ്ക്കുന്നൂ, പിഴിഞ്ഞന്നയുതായ് ഞങ്ങളങ്ങയെ:
എഴുന്നള്ളിയിരുന്നാലു,മീ ഞങ്ങളുടെ ദർഭയിൽ!6
ഒട്ടേറെയാളുകൾക്കൊന്നുപോലല്ലോ, നിയതം ഭവാൻ;
അതിനാലിന്ദ്ര, മുല്പാടു വിളിപ്പൂ, ഞങ്ങളങ്ങയെ.7
ഇതാ, പിഴിഞ്ഞു, സോമത്തേനങ്ങയ്ക്കാളുകളമ്മിയാൽ;
ഇതാസ്വദിച്ചുകൊണ്ടലു,മിന്ദ്ര സംപ്രീതനായ്ബ്ഭവാൻ!8
കവിച്ചുകാണ്ക, നാഥൻ നീ വിബുധന്മാരെയൊക്കെയും:
വെക്കം വരിക; വമ്പിച്ച കെല്പണയ്ക്കുക ഞങ്ങളിൽ!9
തമ്പുരാൻ തന്നരുൾക, മേ പൊന്നണിത്തുരഗങ്ങളെ:
കഷ്ടപാടുളവാകൊല്ലാ, മഘവാവിന്നമർത്ത്യരേ!10
ഇമ്പമേകുന്ന മാറ്റേറും വൻപെരുംകനകത്തെയും,
രണ്ടായിരം പൈക്കളെയും മമ തന്നരുളേണമേ!11
അനാഥനായ് വലഞ്ഞോനാമെന്റെയാളുകൾ നേടിനാർ,
ഒരായിരം നന്മുതലുമന്നവും ദേവതുഷ്ടിയാൽ!12
കുറിപ്പുകൾ: സൂക്തം 65.

[1] നേതാക്കൾ – ഞങ്ങളുടെ അധ്വര്യപ്രഭൃതികൾ.

[2] പരപ്പിലോ – അന്തരിക്ഷത്തിലോ.

[5] ചൊല്ലുന്നു – ഇന്നതു തരിക, ഇന്നതു ചെയ്യുക എന്ന് ഉദ്ബോധിപ്പിയ്ക്കുന്നു, ആളുകൾ – കർമ്മികൾ. ഉഗ്രൻ – ബലിഷ്ഠൻ.

[6] പിഴിഞ്ഞ് – സോമം. അന്നയുതരായ് – പുരോഡാശാദികളും ഒരുക്കി.

[7] മുല്പാടു – മുൻകൂട്ടി.

[8] ആളുകൾ – ഞങ്ങളുടെ അധ്വര്യുപ്രഭൃതികൾ.

[9] കവിച്ചുകാണ്ക – കൂടുതൽ ഗണിച്ചാലും. വിബുധന്മാർ – സ്തോതാക്കൾ.

[10] കഷ്ടപ്പാടുളവാകൊല്ലാ – മഘവാവിന്നു മംഗളം!

[11] വൻപെരും – വലുതും വിശാലവുമായ.

[12] ദേവതുഷ്ടിയാൽ – ഇന്ദ്രന്റെ പ്രീതിയാൽ.

സൂക്തം 66.

പ്രഗാഥപുത്രൻ കലി ഋഷി; ബൃഹതിയും സതോബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (കാകളി)

ഓടിവന്നു ധനം കാട്ടുമിന്ദ്രന്ന,ഴൽ –
പ്പാടാർന്ന നിങ്ങൾ ബൃഹത്തു രക്ഷാർത്ഥമായ്
പാടുവിൻ, സോമയാഗത്തിൽ: വിളിയ്ക്കുവൻ,
വീടു പുലർത്തും ഹിതനെയെന്നവിധം!1
നൽത്തൊപ്പി ചൂടുമെവനെത്തടുത്തിടാ,
മർത്ത്യരോ, ദേവരോ, മായാനിഗൂഢരോ;
ഉക്ഥകാരന്നും പുകഴ്ത്തിപ്പിഴിവോന്നു –
മർത്ഥം കൊടുക്കുന്നു, സോമമത്തിന്നെവൻ;2
കെല്പൻ, നനച്ച തുരംഗമംപോലെവ;
നദ്ഭുതജന്മാവു, വൃത്രഹന്താവെവൻ;
ഭൂരിഗോശാലക്കതകു വിറപ്പിച്ചു –
പോരുന്നു, പൊന്നൊളിഗാത്രനിന്ദ്രനവൻ!3
നേടിനേടിക്കുഴിച്ചിട്ട ധനോച്ചയം –
കൂടിയെടുത്തെവൻ യഷ്ടാവിനേകുമോ:
ആ വജ്രി,ഹര്യശ്വനിന്ദ്രൻ സുഹനുതാ –
നീവക ചെയ്വു, മഖത്താൽ യഥേഷ്ടമേ!4
ഇന്ദ്ര,വിക്രാന്ത, നീ മുമ്പു നേതാക്കളിൽ –
നിന്നു യാതൊന്നിനെക്കാംക്ഷിച്ചുപോന്നുവോ,
ഞങ്ങളാ ഹവ്യവുമുക്ഥമാം സ്തോത്രവു –
മങ്ങയ്ക്കൊരുക്കുന്നു, വെക്കം പുരുസ്തുത!5
മത്തിന്നണയുക,സോമത്തിൽ വജ്രി നീ –
യുദ്ദ്യദ്ദ്യുതേ, പുരുഹൂത, സോമാശന:
വാഴ്ത്തുവോന്നും പിഴിയുന്നവനും ഭവാൻ
പ്രാർത്ഥനീയം ധനം നല്കുമല്ലോ, തുലോം!6
ഇന്നലത്തെപ്പോലെയിന്നുമിവിടെ നാം
നന്നായ്സ്സുഖിപ്പിയ്ക്കുകീ വജ്രപാണിയെ:
ഒത്തൊരുമിച്ചവിടെയ്ക്കേ പിഴിഞ്ഞതി –
ങ്ങെത്തിയ്ക്കുവിൻ; വിളി കേട്ടാലുടൻ വരും!7
ചെന്നധ്വഗരെത്തടുത്തു തട്ടിപ്പറി –
യ്ക്കുന്നോനുമാർതൻ വഴിയിൽ വഴങ്ങുമോ;
അബ്ഭവാനിസ്തവത്തിങ്കലെഴുന്നള്ളു –
കൾ,പ്രീതിപൂണ്ടിന്ദ്ര, ചിത്രകർമ്മത്തിനാൽ!8
ഏതൊരു പൗരുഷമുള്ളൂ, വെളിപ്പെടു –
ത്താതെ വൃത്രാന്തകനിന്നിന്ദ്രൻതിരുവടി?
സുശ്രവമാകുമേതൊന്നാലാവിടുന്നു
വിശ്രുതനായീലാ, ജന്മം മുതല്ക്കുതാൻ?9
എന്നാക്രമിച്ചീലിവന്റെ മഹാബല? –
മെന്നുവാൻ കൊല്ലാതിരുന്നു, വൃത്രാന്തകൻ;
ഇന്ദ്രനടിച്ചമർത്തീടുന്നു, മുച്ചൂടു –
മൊന്നിനെ രണ്ടാക്കുമന്ധരാം ലുബ്ധരെ!10
ഇന്ദ്ര, പെരുത്തുപേരീ ഞങ്ങൾ വൃത്രനെ –
ക്കൊന്നവനേ, പുരൂഹൂത, വജ്രധര,
വൻനവസ്തോത്രങ്ങളങ്ങയ്കൊരുക്കിവെ –
യ്ക്കുന്നൂ, തൊഴിൽക്കൂലിയെന്നപോലേ തരാൻ!11
ഇന്ദ്ര, വളരെ വരങ്ങളും, രക്ഷയും
നിന്നിലുണ്ടല്ലോ; വിളിയ്ക്കപ്പെടുന്നു, നീ;
ശത്രുക്കളെത്തള്ളി യജ്ഞേ വരിക, നീ;
ശക്ത, ശതക്രതോ, കേൾക്കെൻവിളി വസോ!12
ഇന്ദ്ര, ഭവാന്റെയാണെങ്ങൾ മേധാവികൾ:
നിന്നുകൊള്ളാവൂ, ഭവാന്റെ വശത്തുതാൻ;
ഇല്ലയല്ലോ, പുരൂഹൂത, തിരുമേനി –
യല്ലാതൊരാളും മഘവൻ, സുഖം തരാൻ!13
ഇപ്പഞ്ഞവു പശിപ്പാടും പഴികളു –
മപ്പുറത്താക്കുക, ഞങ്ങളിൽനിന്നുടൻ;
കല്പിച്ചുനല്ക, വിചിത്രമാം രക്ഷയാൽ –
ക്കെല്പനേ, ഞങ്ങൾക്കു മാർഗ്ഗജ്ഞനാം ഭവാൻ!14
നിങ്ങൾ സോമത്തെപ്പിഴികയേചെയ്യുവിൻ –
നിങ്ങൾക്കു പേടി തോന്നേണ്ടാ, കലികളേ:
ഇദ്ധ്വംസകാരികൾ വിട്ടുപോയ്ക്കൊള്ളുമേ –
ഇത്തരക്കാർ സ്വയം വിട്ടുപൊയ്ക്കൊള്ളുമേ!15
കുറിപ്പുകൾ: സൂക്തം 66.

[1] ഋത്വിക്കുകളോടു്: കാട്ടും – തരുന്ന എന്നർത്ഥം. ബൃഹത്തു് – സാമം. വീടു പുലർത്തുന്ന ഹിതകാരിയെ ആവശ്യത്തിന്നു വിളിയ്ക്കുന്നതുപോലെ, ആ ഇന്ദ്രനെ ഞാൻ വിളിയ്ക്കാം.

[2] മായാനിഗൂഢർ – അസുരാദികൾ. ഉക്ഥകാരൻ – ഉക്ഥം ചൊല്ലൂന്നവൻ. അർത്ഥം = ധനം. സോമമത്തിന്ന് – സോമം കുടിച്ചു ലഹരിക്കൊള്ളാൻ വേണ്ടി.

[3] നനച്ച – നനയ്ക്കപ്പെട്ടാൽ കുതിരയ്ക്കു കെല്പൂ കൂടുമല്ലോ. ഭൂരിഗോശാലക്കതക് – വളരെപ്പൈക്കളുള്ള തൊഴുത്തിന്റെ വാതിൽ. വിറപ്പിച്ചുപോരുന്നു – തുറപ്പിയ്ക്കുമെന്നർത്ഥം.

[5] വിക്രാന്ത = ശൂര. നേതാക്കൾ – യജ്ഞപ്രവർത്തകർ.

[6] ഉദ്ദ്യദ്ദ്യൂതേ = ശോഭയുള്ളവനേ. സോമാശന = സോമം അശി(കുടി)യ്ക്കുന്നവനേ.

[7] അധ്വര്യക്കളോടു്: സുഖിപ്പിയ്ക്കുക – സോമംകൊണ്ടു സന്ത്യപ്തനാക്കുക. അവിടെയ്ക്കേ = അദ്ദേഹത്തിന്നായിത്തന്നേ. വരും – അദ്ദേഹം.

[8] അധ്വഗർ = വഴിപോക്കർ. ചിത്രകർമ്മം – വിവിധസ്മൃതി.

[9] എല്ലാ പൗരുഷവും ഇന്ദ്രൻ കാട്ടിയിരിയ്ക്കുന്നു. സുശ്രവം = സുഖേന കേൾക്കാവുന്നതു്. എല്ലാംകൊണ്ടും, ജനനംമുതല്ക്കേ വിശ്രുതനായിരിയ്ക്കുന്നു.

[10] ആക്രമിച്ചീല – ശത്രുക്കളെ. കൊല്ലാതിരുന്നു – വധ്യരെ. ഒന്നിനെ രണ്ടാക്കും – ഒരു പണം കടമായി കൊടുക്കുക, രണ്ടു പണം തിരിച്ചു വാങ്ങുക എന്ന പതിവുകാരായ. അന്ധരാം – പാരലൗകികദൃഷ്ടിയില്ലാത്ത. ലുബ്ധർ – ധനലോഭീകൾ.

[12] അവ കിട്ടണമെന്നിച്ഛിയ്ക്കുന്ന ആളുകളാൽ നീ വിളിയ്ക്കപ്പെടുന്നു. യജ്ഞേ – ഞങ്ങളുടെ യാഗത്തിൽ. ശക്ത = ബലിഷ്ഠ.

[14] ഞങ്ങൾക്കു കല്പിച്ചുനല്ക – അഭീഷ്ടം. മാർഗ്ഗജ്ഞൻ – ഉപായജ്ഞൻ.

[15] സ്വഗോത്രക്കാരോടു്: കലികളേ – എന്റെ ജ്ഞാതികളേ. ധ്വംസകാരികൾ = നാശം വരുത്തുന്നവർ, രാക്ഷസാദികൾ. വിട്ടുപോയ്ക്കൊള്ളുമേ – ഇന്ദ്രപ്രഭാവത്താൽ.

സൂക്തം 67.

സമ്മദപുത്രനായ മത്സ്യമോ, മിത്രാവരുണപുത്രൻ മാന്യനോ ഋഷി; ഗായത്രി ഛന്ദസ്സ്; ആദിത്യന്മാർ ദേവത.

ഞങ്ങളാ ക്ഷത്രിയന്മാരാമാദിത്യരൊടു രക്ഷണം
യാചിയ്ക്കുന്നൂ, സുഖകരന്മാരോടിഷ്ടാഗമനത്തിനായ്.1
ആര്യമാ, വരുണൻ, മിത്രനെന്നീയാദിത്യർ നമ്മളെ
ദുഃഖം കടത്തട്ടെ,യവരറിയുന്നതുപോലെവേ!2
ആയാദിത്യരിലുണ്ടല്ലോ വിചിത്രം സ്തുത്യമാം ധനം,
വേണ്ടോളം ചെയ്യുവോനായ ഹവ്യദന്നു കൊടുക്കുവാൻ!3
മഹത്തല്ലോ, മഹാന്മാരാം ഭവാന്മാരുടെ രക്ഷണം:
അര്യമൻ, മിത്ര, വരുണ, ഞങ്ങളർത്ഥിപ്പു, രക്ഷകൾ!4
പാഞ്ഞെത്തുവിൻ, ചാകുവതിന്മുമ്പുയിർക്കൊള്ളുമെങ്ങളിൽ:
വിളികേൾപ്പവരേ,നിങ്ങളെങ്ങുവാനാദിതേയരേ?5
തളർത്ത പിഴിവോന്നേകാനില്ലം,സ്വത്തിവ നിങ്ങളിൽ
ഉണ്ടല്ലോ: നിങ്ങളവയാൽക്കേറ്റിപ്പറവിനെ,ങ്ങളെ!6
ഹിംസകന്നു മഹാപാപം, നിഷ്പാദകനു രത്നവും,
കുറ്റമിന്നേവരെപ്പറ്റാത്തവരാമാദിതേയരേ!7
കുടുങ്ങൊല്ലെങ്ങൾ വലയിൽ: പ്പെരുംവേലയ്ക്കു ഞങ്ങളെ,
വിളിപ്പെട്ട വശീകർത്താവിന്ദ്രൻതാൻ വേർപെടുത്തണം!8
വലയ്ക്കും വൈരികളുടെ കൊല ഞങ്ങളിലേശൊലാ:
രക്ഷാനിരതരാം ദേവന്മാരേ, നിങ്ങൾ വിടുർത്തുവിൻ!9
അദിതേ, ദേവി, മഹതി, സവിധേ, വാഴ്ത്തിടുന്നു, ഞാൻ
വഴിപോലെ സുഖം നല്കും നിന്നെയിഷ്ടാഗമത്തിനായ്.10
ദീനിരക്ഷിണി,നീ: – യുഗ്രമക്കളുള്ളലയാഴിയിൽ
കൊലചെയ്യുന്നവൻ കൊന്നീടൊല്ലെങ്ങളുടെ കുട്ടിയെ!11
വിശാലഗമനേ, നീതാൻ കുറ്റമില്ലാത്ത ഞങ്ങളെ
ദൂരത്തെയ്ക്കു നടത്തിയ്ക്കുകു,ണ്ണിയെക്കാത്തുകൊള്ളുവാൻ!12
മനുഷ്യരെ വലയ്ക്കാത്തോർ തലയാളർ യശസ്വികൾ
കർമ്മങ്ങൾ കാത്തുരക്ഷിപ്പൂ, ദ്രോഹമാചരിയാതെവർ;13
ആ നിങ്ങൾ ചെന്നായ്വക്ത്രത്തിൽനിന്നെങ്ങളെ വിടുർത്തുവിൻ,
ബദ്ധനാം ചോരനെപ്പോലെയദിതേ, ആദിതേയരേ!14
ആദിത്യരേ,കെണിയിതു ഞങ്ങളെക്കൊന്നിടാതെതാൻ
അകന്നുപോകട്ടെ, ദുരാശയുമെങ്ങളിൽനിന്നുടൻ!15
ആദിത്യരേ, ഞങ്ങൾ ഭവദ്രക്ഷകൊണ്ടു സുദാനരേ,
മുന്മട്ടനുഭവിയ്ക്കുന്നുണ്ടല്ലോ, വളരെയിപ്പോഴും!16
വളരെപ്പാപികൾ കടന്നെതിർത്താലുമകറ്റുവിൻ,
ഞങ്ങളെക്കാക്കുവാൻ തുംഗചിത്തർ നിങ്ങളമർത്ത്യരേ!17
ബദ്ധനെക്കെട്ടിൽനിന്നെന്നപോലങ്ങളെ വിടുർക്കയാൽ
സ്തോതവ്യമായ്ത്തീരുകി,തിങ്ങദിതേ, ആദിതേയരേ!18
അത്രയ്ക്കൊരൂക്കു ഞങ്ങൾക്കില്ലല്ലോ, വിടുതി നേടുവാൻ:
അതു തന്നരുൾകെ,ങ്ങൾക്കു ഭവാന്മാരാദിതേയരെ!19
ഉണ്ടാക്കപ്പെട്ട കെണിയാമന്തകായുധമെങ്ങളെ
വധിയ്ക്കൊലാ, ജര പടരുന്നതിന്മുമ്പാദിതേയരേ!20
ആദിത്യരേ, ദ്രോഹിയെയും, ബന്ധത്തെയു,മഘത്തെയും,
ദുരിതത്തെയുമെമ്പാടും മുരടോടെ മുടിയ്ക്കുവിൻ!21
കുറിപ്പുകൾ: സൂക്തം 67.

[1] സമ്മദമെന്ന പെരുമീനിന്റെ മകനായ മത്സ്യവും കൂട്ടുകാരും മീൻപിടുത്തക്കാരുടെ വലയിൽക്കുടുങ്ങിപ്പോയി. അവർ മോചനത്തിനായി ആദിത്യന്മാരെ സ്തുതിയ്ക്കുന്നു. അഥവാ മിത്രാവരുണപുത്രൻ മാന്യൻ ദുഃഖമുക്തിയ്ക്കായി സ്തുതിയ്ക്കുന്നു. ക്ഷത്രിയജാതിക്കാരത്രേ, ആദിത്യന്മാർ. ഇഷ്ടാഗമനത്തിനായ് – ഇഷ്ടപ്രാപ്തിയ്ക്കു്.

[2] അവരറിയുന്നതുപോലവേ – അവർക്കറിയാം, ദുഃഖം കടത്തിവിടാൻ.

[3] ഹവ്യദൻ – യജാമാനൻ.

[6] തളർന്ന – കർമ്മാനുഷ്ഠാനത്താൽ ക്ഷീണിച്ചു. പിഴിവോന്നു് – സോമം പിഴിയുന്നവന്ന്. അവയാൽ – ഇല്ലവും സ്വത്തും തന്നു്. കേറ്റിപ്പറവിൻ – ശ്ലാഘിപ്പിൻ.

[7] നിഷ്പാതകൻ = പാപരഹിതൻ. ഞങ്ങളെ നിഷ്പാപരാക്കി രത്നം, ശ്രേയസ്സ്, തരുവിൻ എന്നു ഹൃദയം.

[8] പെരുംവേലയ്ക്കു് – മഹത്തായ കർമ്മമനുഷ്ഠിപ്പാൻ. വശീകർത്താവു് – ഭൂവനത്തെയെല്ലാം വശത്താക്കുന്നവൻ. വേർപെടുത്തണം – വലക്കുടുക്കിൽനിന്ന്.

[9] വലയ്ക്കും = ഉപദ്രവിയ്ക്കുന്ന. വിടുർത്തുവിൻ – വലയിൽ നിന്നു മോചിപ്പിയ്ക്കുവിൻ.

[10] സവിധേ – അരികിൽ വന്നു്.

[11] നീ ദീനരക്ഷിണിയാണല്ലോ: ഉഗ്രമക്കൾ – ഘോരയാദസ്സുകൾ

[12] വിശാലഗമനേ – ഭൂമിതന്നെയത്രേ, അദിതി.

[14] ചെന്നായ്ക്കൾ – ഹിംസകർ. ബദ്ധനാം ചോരനെപ്പോലെ – കുറ്റംതെളിയാഞ്ഞാൽ, ചോരനെ തടവിൽ നിന്നു വിടുന്നതുപോലെ, എങ്ങളെ വിടുർത്തുവിൻ.

[16] വളരെ – വളരെസ്സുഖം.

[17] തുംഗചിത്തർ = ഉൽകൃഷ്ടമനസ്കർ.

[18] ഇതു് – ബന്ധനം. ഇങ്ങ് – ഞങ്ങൾക്കു്. ഭവദനുഗ്രഹത്താൽ വിടുതി കിട്ടിയാൻ ഈ ബന്ധനം ഞങ്ങൾക്കു സ്തുത്യമായിത്തീരുമല്ലോ.

[20] ഉണ്ടാക്കപ്പെട്ട – കൃത്രിമമായ. അന്തകായുധം – യമന്റെ ഒരായുധം തന്നെയാണു്, ഈ വല! ജര പെടുന്നതിന്മുമ്പു് – വാർദ്ധക്യത്തിൽ, വധിയ്ക്കപ്പെടുക അത്ര ദുഖകരമല്ലല്ലോ.

[21] ബന്ധം – വലയിൽപ്പെടൽ. അഘം = പാപം.

സൂക്തം 68.

അംഗിരോഗോത്രൻ പ്രിയമേധൻ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

ഇന്ദ്ര, ബഹുകർമ്മവാനേ,
വെന്നമർത്തുവോനാം നിന്നെ
സാരവാനേ, സതാംപതേ,
തേരിനെയെന്നതുപോലെ
നേർക്കു തിരിയ്ക്കാവൂ, ഞങ്ങൾ
സൗഖ്യത്തിന്നും രക്ഷയ്ക്കുമായ്!1
ആരാധ്യനേ, കരുത്തനേ,
ഭൂരിപ്രജ്ഞ, കർമ്മവാനേ,
നീളെ നിറഞ്ഞിരിയ്ക്കുന്നു,
നീളമാർന്ന നിന്മഹത്ത്വം!2
ഉൽക്കൃഷ്ടനാം ഭവാനുടെ
തൃക്കയ്യുകൾ മഹത്ത്വത്താൽ
ചേലിൽ വഹിയ്ക്കുന്നുണ്ടല്ലോ,
നീളെച്ചെല്ലും പൊൻവജ്രത്തെ!3
എമ്പാടും ചെന്നെതിർക്കുന്ന
കുമ്പിടാത്ത കരുത്തിന്റെ
നാഥനായോനെയും, സേനാ –
ഭൂതരായ നിങ്ങളുടെ
തൃത്തേരോട്ടത്തെയും, രക്ഷാ –
കൃത്യത്തെയും വിളിയ്ക്കുന്നേൻ:4
യുദ്ധങ്ങളിൽ നേതാക്കളീ
നിത്യപ്രവൃദ്ധനയല്ലോ,
നാനാമട്ടിൽ വിളിയ്ക്കുന്നൂ,
ത്രാണത്തിന്നുമിഷ്ടാപ്തിയ്ക്കും!5
അപ്പുറത്തിരിപ്പോൻ, സ്തുതി –
യ്ക്കൊപ്പം വെളിപ്പെടുന്നവൻ,
അത്യോജസ്വി, ശുഭധനൻ,
സ്വത്തിന്നുടയവനി,ന്ദ്രൻ!6
ആയിന്ദ്രന്നേ സ്തവം ചൊല്പ –
നായതസ്വത്തേകാനുണ്മാൻ:
നേതാവിവൻ പ്രജകൾതൻ
സാധുസ്തുതിയ്ക്കീശനല്ലോ!7
പുഷ്ടബല, മനുഷ്യന്നു
കിട്ടില്ലല്ലോ, തവ സംഖ്യം;
ഇങ്ങൊരുവൻ നേടിയിട്ടി –
ല്ല,ങ്ങയുടെ ബലത്തെയും!8
നിന്നാൽപ്പാലിതരായെങ്ങൾ
നിൻ തുണയാൽപ്പോരിൽ വജ്രിൻ,
ഭൂരിസമ്പത്തടക്കാവൂ,
നീരിന്നും സൂര്യന്നുംവെണ്ടി!9
ആ നിന്നോടർത്ഥിപ്പൂ, യജി, –
ച്ചാ നിന്നോടേ സ്തുതിച്ചെങ്ങൾ:
ഇന്ദ്ര, ഭവാനടർകളി –
ലുന്നതപ്രജ്ഞനാമെന്നെ
കാത്തരുളിയല്ലോ, പാരം
സ്തോത്രസേവ്യനായുള്ളോവേ!10
ആസ്വാദ്യ,മാ നിന്റെ സഖ്യ; –
മാസ്വാദ്യം, നിൻകൊണ്ടുവരൽ;
വിസ്തരിയ്ക്കപ്പെടേണ്ടുവൊ –
ന്നധ്വരം തേ തുലോം വജ്രിൻ!11
ഏറ്റംനില്ക്കെ,ങ്ങൾതൻ പുത്ര –
ന്നേറ്റം പൗത്രനി,ല്ലത്തിന്നും;
ഞങ്ങൾക്കേറ്റം തന്നരുളു –
കി,ങ്ങു ജീവിച്ചിരിയ്ക്കുവാൻ!12
ഏറ്റമാൾക്കാർക്കേ,റ്റം ഗോക്കൾ –
ക്കേ,റ്റം, രഥമാർഗ്ഗങ്ങൾക്കും,
ദേവന്മാർതന്നമറേത്തും
കേവലമർത്ഥിപ്പൂ, ഞങ്ങൾ!13
സോമം കുടിച്ചിമ്പമുൾക്കൊ –
ണ്ടാ മന്നവന്മാരാറുപേർ
രണ്ടുരണ്ടായ് വന്നു ദാനം –
കൊണ്ടു സുഖിപ്പിച്ചാരെന്നെ:14
തന്നാനി,രുതുരംഗത്തെ –
യിന്ദ്രോത; – നൃക്ഷാത്മജനോ,
രണ്ടുഹരികളെ; രണ്ടു
ശോണാശ്വത്തെയാശ്വമേധൻ.15
ഒന്നാംതരം രഥ്യങ്ങളെ –
യിന്ദ്രോത;നൃക്ഷാത്മജനോ,
നല്ക്കടിഞ്ഞാണിട്ടവയെ; –
ബ്ഭൂഷിതരെയാശ്വമേധൻ.16
പൂതകർമ്മാവിന്ദ്രോതനാ –
മാതിഥിഗ്വനതോടൊപ്പം
തന്നൂ മമ ബഡബക –
ളൊന്നിച്ചാറുഹയങ്ങളെ.17
ഇക്കുതിരകളിൽവെച്ചു
വിഖ്യാത,യൊരശ്വപ്പേട –
നല്ക്കടിഞാണിട്ടൊളി പൂ –
ണ്ടുൾർഗ്ഗർവാർന്ന വൃഷണ്വതി!18
നിന്ദനത്തിലുത്സുകനാ –
കുന്നവനുമൊരു ദോഷം
ആരോപിയ്ക്കുകില്ല, ഭവാ –
ന്മാരിലന്നദാതാക്കളേ!19
കുറിപ്പുകൾ: സൂക്തം 68.

[1] സാരവാൻ – ബലവാൻ. നേർക്കു തിരിയ്ക്കാവൂ – തേരിനെ വേണ്ടെടത്തേയ്ക്കു തിരിയ്ക്കുന്നതുപോലെ, നിന്നെ ഇങ്ങോട്ടു തിരിയ്ക്കാവൂ, കൊണ്ടുവരാവൂ.

[3] നീളെ – ജഗത്തിലെങ്ങും.

[4] മരുത്തുക്കളോടു്: നാഥൻ – ഇന്ദ്രൻ. സേനാഭൂതർ – ഇന്ദ്രന്റെ സൈനികർ.

[5] ഈ നിത്യപ്രവൃദ്ധൻ – ഇന്ദ്രൻ.

[6] അപ്പുറത്തിരിപ്പോൻ – അതിദൂരസ്ഥിതൻ, അജ്ഞേയൻ. സ്തുതിയ്ക്കൊപ്പം – എത്ര സ്തുതിച്ചുവോ, അത്രയ്ക്കു്.

[7] ആയിന്ദ്രന്നേ – ആ ഇന്ദ്രനെക്കുറിച്ചുതന്നെ. ആയതസ്വത്തു് – നീണ്ട, വലിയ, ധനം. ഉണ്മാൻ – സോമം കുടിപ്പാൻ. സാധുസ്തുതി = വഴിപോലെയുള്ള സ്തുതി. ഈശൻ – ഉടമസ്ഥൻ.

[9] നീരിന്നും – സ്നാനാദികൾക്കു വെള്ളം കിട്ടാനും. സൂര്യന്നും – സൂര്യനുദിച്ചാൽ വേലകൾ ചെയ്യാനും. ഭൂരിസമ്പത്തടക്കാവു – ശത്രുക്കളുടെ ബഹുധനം, കൈവശപ്പെടുത്തുമാറാകണം.

[10] അർത്ഥിപ്പൂ( = യാചിയ്ക്കുന്നു) എന്ന ക്രിയാപദം. രണ്ടാംപാദത്തിലും ചേർക്കണം. ഉന്നതപ്രജ്ഞൻ – വളരെ സ്തുതിച്ചവൻ എന്നർത്ഥം.

[11] കൊണ്ടുവരൽ – ധനാദ്യാനയനം തേ അധ്വരം = അങ്ങേയ്ക്കുള്ള യാഗം. തുലോം വിസ്തരിയ്ക്കപ്പെടേണ്ടുന്നതാകുന്നു.

[12] ഏറ്റം – വളരെദ്ധനം.

[13] ഏറ്റം – വളരെ നന്മയും. ദേവന്മാർതന്നമറേത്തും – യാഗവും.

[14] ഇതുമുതൽ ആറു പദ്യങ്ങൾ ആറു രാജാക്കന്മാരുടെ ദാനത്തെ സ്തുതിയ്ക്കുന്നവയാകുന്നു; രണ്ടുരണ്ടായ് – അച്ഛൻ, മകൻ, എന്ന് ഈരണ്ടുപേരായി.

[15] ഓരോ രാജാവിന്റെയും ദാനം വിവരിയ്ക്കുന്നു: ഇന്ദ്രോതൻ – അതിഥിശ്വപുത്രൻ. ഋക്ഷാത്മജൻ = ഋക്ഷാരാജാവിന്റെ പുത്രൻ. ഹരികൾ = പച്ചക്കുതിരകൾ. അശ്വമേധൻ = അശ്വമേധന്റെ പുത്രൻ.

[16] രത്ഥ്യങ്ങൾ – തേരിന്നു പൂട്ടിയ കുതിരകൾ. ഭൂഷിതർ – കോപ്പണിയിച്ച കുതിരകൾ. തന്നാൻ എന്ന പദം അധ്യാഹരിയ്ക്കുക.

[17] അതിഥിഗ്വൻ = അതിഥിഗ്വന്റെ പുത്രൻ. ബഡബകൾ = പെൺകുതിരകൾ.

[18] ഇവയിൽവെച്ചു വിഖ്യാത (വിളിപ്പെട്ടവൾ), ഒരശ്വപ്പേട (പെൺകുതിര)യാകുന്നു. ഉൾർഗ്ഗർവ് – ചുണ. വൃഷണ്വതി – യുവാശ്വോപേരു; ഇതു് ആബഡബയുടെ പേരായിരിയ്ക്കാം.

[19] ആ രാജാക്കന്മാരോടു്: നിന്ദനത്തിൽ – പരനിന്ദയിൽ.

സൂക്തം 69.

പ്രിയമേധൻ ഋഷി; അനുഷ്ടുപ്പും ഉഷ്ണിക്കും ഗായത്രിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രനും വിശ്വേദേവകളും വരുണനും ദേവത.

വീരന്മാരെ ഇമ്പപ്പെടുത്തുന്ന ഇന്ദ്രന്നു നിങ്ങൾ മൂന്നുതരത്തിൽ സ്തുതിച്ചുകൊണ്ടു അന്നം ഒരുക്കുവിൻ: അവിടുന്നു നിങ്ങളെ യജ്ഞസിദ്ധിയ്ക്കു തിലോം മനസ്സുവെച്ചു കൊണ്ടാടും!1

ഞാൻ നിങ്ങൾക്കായി, ഉഷസ്സുകളെ ഉൽപാദിപ്പിച്ചവനെ, നദികളെ ഇരമ്പിച്ചവനെ, നിങ്ങൾക്കായി ഗോപതിയെ (വിളിയ്ക്കാം): കറവപൈക്കൾക്കു് തീറ്റ തേടുകയാണല്ലോ, ഭവാൻ.2

ദേവകൾ പിറന്നേടത്തു – വിളങ്ങുന്ന വിണ്ണിൽ – വർത്തിയ്ക്കുന്ന, കിണറുപോലെ ചുരത്തുന്ന ആ വിചിത്രധേനുക്കൾ തന്തിരുവടിയ്ക്കു മൂന്നു സവനങ്ങളിലും സോമം കൂട്ടുന്നു!3

സത്യത്തിന്റെ മകനും, സൽപതിയും, ഗോപതിയുമായ ഇന്ദ്രനെ നീ കല്പിച്ചറിയുമാറു സ്തുതിയ്ക്കുക!4

തിളങ്ങുന്ന പച്ചക്കുതിരകൾ, നാം സ്തുതിയ്ക്കുന്നേടത്തു് ദർഭയിൽ വന്നെത്തട്ടെ!5

വജ്രപാണിയായ ഇന്ദ്രന്നു പൈക്കൾ, അവിടുന്നു് അരികേ സോമം കൈക്കൊള്ളുമ്പോൾ, കൂട്ടുപാൽ ചുരത്തുന്നു!6

ഇന്ദ്രനും ഞാനും സൂര്യന്റെ പാർപ്പിടത്തിൽ ചെന്നാൽ, ഞങ്ങൾ ഒപ്പം മധു കുടിച്ചു, സഖാവിന്റെ ഇരുപത്തൊന്നാം സ്ഥാനത്തു നിവസിയ്ക്കും!7

നിങ്ങൾ അർച്ചിയ്ക്കുവിൻ – മികവിൽ അർച്ചിയ്ക്കുവിൻ! പ്രിയമേധഗോത്രരേ, നിങ്ങൾ അർച്ചിയ്ക്കുവിൻ: പുത്രന്മാരും അർച്ചിയ്ക്കട്ടെ – ഒരു ധർഷകമായ പുരത്തെ എന്നപോലെ അർച്ചിയ്ക്കുവിൻ!8

ഇതാ, ചെല്ലരിപ്പറ മുഴങ്ങുന്നു; ചുറ്റും കയ്യുറ മുരളുന്നു; വിൽ ഞാൻ അലയടിയ്ക്കുന്നു. അതിനാൽ ഇന്ദ്രന്നു മികച്ച സ്തോത്രം ഉച്ചരിയ്ക്കുവിൻ!9

വെളുത്തു തടിച്ച കറവപൈക്കൾ വരുന്നെതെപ്പോഴോ, അപ്പോൾ നിങ്ങൾ ഇന്ദ്രന്നു കുടിപ്പാൻ ധാരാളം സോമമൊരുക്കുവിൻ!10

ഇന്ദ്രൻ കുടിച്ചു; അഗ്നി കുടിച്ചു; ദേവകൾക്കെല്ലാം വയർ നിറഞ്ഞു. വരുണനും ഇവിടെ വസിയ്ക്കട്ടെ. തന്തിരുവടിയെക്കുറിച്ചു തണ്ണീരുകൾ, കുട്ടിയോടു ചേർന്ന പൈക്കൾപോലെ ഇരമ്പുമല്ലോ!11

വരുണ, ഒരു നല്ല ദേവനാണ,വിടന്നു്: അങ്ങയുടെ അണ്ണാക്കിലെയ്കു്, ഒരു ലോഹപ്രതിമയുടെ പഴുതിലെയ്ക്കെന്നപോലെ ഒഴുകുന്നുണ്ടല്ലോ, സപ്തനദികൾ!12

ആർ ഹവിർദ്ദാതാവിന്നു വിചിത്രഗതികളായ തേർക്കുതിരകളെ അയയ്ക്കുമോ, ആ ഗമനശീലനായ, ഉപമാനഭൂതനായ നേതാവു് അപ്പോൾത്തന്നെ തടവു വിട്ടു് മഴപൊഴിയ്ക്കുന്നു!13

ശക്രനായ ഇന്ദ്രൻ പിന്നിട്ടെഴുന്നള്ളും – പറ്റലരെയെല്ലാം പിന്നിടും. മീതേ മേവുന്ന ആ കമനീയൻ മിന്നൽപ്പിണരിന്റെ തല്ലേല്ക്കുന്ന മേഘത്തെ പിളർത്തും!14

തന്തിരുവടി, ഒരു കൊച്ചുകുട്ടിയെപ്പോലെ, സ്തുത്യമായ രഥത്തിലിരിയ്ക്കും; അച്ഛനമ്മമാർക്കുവേണ്ടി, പാഞ്ഞുനടത്തുന്ന പൂരുകർമ്മാവായ പെരുംകാറിനെ വഴിപ്പെടുത്തും!15

നല്ല അണക്കടകളുള്ള സ്വാമിൻ, അവിടുന്നു് ആയിരം വട്ടും നടമിടുക്കും ചേർന്ന, നിരഘമായ, മിന്നിത്തിളങ്ങുന്ന പൊന്നിൻതേരിൽ കേറുക; എന്നിട്ടു, നമുക്കിരുവർക്കും ഒരുമിയ്ക്കാം!16

ആ സ്വയം വിളങ്ങുന്നവനെ (ആളുകൾ) ഇങ്ങനെ സ്തുതിച്ചു സേവിയ്ക്കുന്നു; ഹവിസ്സിനായി കുതിരകൾ കൊണ്ടുവരുമ്പോൾ, തന്തിരുവടിയുടെ ഈടുവെപ്പിൽനിന്നു ധനവും (നേടുന്നു)!17

മികച്ച പ്രദാനത്തിനായി ദർഭ വിരിച്ചു ഹവിസ്സൊരുക്കിയ പ്രിയമേധന്മാർ ഇവരുടെ പുരാതനസ്ഥാനം പ്രാപിച്ചിരിയ്ക്കുന്നു!18

കുറിപ്പുകൾ: സൂക്തം 69.

[1] അധ്വര്യുക്കളോട്: മൂന്നുതരത്തിൽ – ഋഗ്യജൂസ്സാമങ്ങളാൽ.

[2] ഒടുവിലെ വാക്യം യജമാനനോടു്.

[3] വിണ്ണിൽ – യജ്ഞത്തിന്നുപയോഗിയ്ക്കപ്പെട്ട ഗോക്കൾക്കു് സ്വർഗ്ഗം കിട്ടുമല്ലോ. സോമം കൂട്ടുന്നു – സോമത്തിൽ പാൽ ചേർക്കുന്നു.

[4] തന്നോടുതന്നെ: സത്യത്തിന്റെ മകൻ – സത്യസ്നേഹി എന്നു സാരം. കല്പിച്ചറിയുമാറു് – അവിടുന്നു് നിന്നെ അറിയത്തക്കവണ്ണം.

[5] നാം സ്തുതിയ്ക്കുന്നേടത്തു് – ഇന്ദ്രനെ.

[6] കൂട്ടുപാൽ – സോമനീരിൽ പകരാനുള്ള പാൽ.

[7] മധു – മധുരസോമം. സഖാവിന്റെ – സൂര്യന്റെ. ഇരുപത്തൊന്നാം – ദേവലോകത്തിൽ ഇരുപത്തൊന്നാമത്തതത്രേ, സൂര്യന്റെ ഇരിപ്പിടം.

[8] സ്വജനങ്ങളോടു്: അർച്ചിയ്ക്കുവിൻ – ഇന്ദ്രനെ സ്തുതിയ്ക്കുവിൻ.

[9] ചെല്ലരിപ്പറ – ഒരുതരം പടഹം. അതിനാൽ – യുദ്ധം സമീപിച്ചിരിയ്ക്കയാൽ.

[12] അണ്ണാക്ക് – സമുദ്രം.

[13] ഗമനശീലൻ യാഗങ്ങളിലൊക്കെ ചെല്ലുന്നവൻ. നേതാവു് – ഇന്ദ്രൻ, തടവു വിട്ടു – വൃഷ്ടിനിവാരകരിൽനിന്നു വിമുക്തനായിട്ടു്.

[14] മീതേ – മേഘോപരി.

[15] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. വഴിപ്പെടുത്തും – മഴ പെയ്യാൻ.

[16] വട്ട് – ചക്രം. കേറുക – ഹവിസ്സു സ്വീകരിച്ചിട്ടു, തിരിയേ പോകാൻ. ഒരുമിയ്ക്കാം – അവിടുന്നു കേറിയതിന്നുശേഷം ഞാനും കേറാം.

[17] കൊണ്ടു വരുമ്പോൾ – തന്തിരുവടിയെ.

[18] പ്രദാനം – ഹവിരർപ്പണം. ഇവരുടെ – ഇന്ദ്രാദിദേവന്മാരുടെ.

സൂക്തം 70.

അംഗിരോഗോത്രൻ പൂരുഹന്മവു് ഋഷി; ബൃഹതിയും സതോബൃഹതിയും ഉഷ്ണിയ്ക്കും അനുഷ്ടുപ്പും പൂരഉഷ്ണിയ്ക്കും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

മനുഷ്യർക്കു തമ്പുരാൻ, തേരിലെഴുന്നള്ളുന്നവൻ, അജ്ഞാതഗമനൻ, പടകളെയെല്ലാം മറുകരയ്ക്കണയ്ക്കുന്നവൻ, വൃത്രനെ കൊന്നവൻ – ഇങ്ങനെയുള്ള ഉന്നതനെ ഞാൻ സ്തുതിയ്ക്കുന്നു.1

രണ്ടു ഭാവം ആർക്കുണ്ടോ; ആരുടെ കയ്യിൽ മഹത്തായ വജ്രം, അഹസ്സിൽ സൂര്യനെന്നപോലെ കാണപ്പെടുമോ; നിനക്കു താങ്ങായ ആ ഇന്ദ്രനെ പുരൂഹന്മാവേ, നീ രക്ഷയ്ക്കായി ചമയിയ്ക്കുക!2

നിത്യവർദ്ധകനും, വിശ്വസ്തുത്യനും, മഹാനും, അധൃഷ്യനും, ധർഷകബലനുമായ ഇന്ദ്രനെ ആർ യജിയ്ക്കുമോ, അവനെ ആരും എതിർക്കില്ല!3

ആർ ജനിച്ചപ്പോൾ വലിയപൈക്കൾ പാഞ്ഞണഞ്ഞു വഴിപോലെ സ്തുതിച്ചുവോ, വിൺമന്നുകളും സ്തുതിച്ചുവോ, ആ അവിഷഹ്യനെ – പടകളിൽ അടിപ്പെടുത്തുന്ന ഉദഗ്രബലനെ – (ഞാൻ സ്തുതിയ്ക്കുന്നു.)4

ഇന്ദ്ര, അവിടെയ്ക്കു പകരംനില്പാൻ നൂറു വിണ്ണുകളോ നൂറു മന്നുകളോ പോരാ. വജ്രിൻ, ആയിരം സൂര്യന്മാരും അങ്ങയെ വെളിപ്പെടുത്തില്ല. ജനിച്ചതൊന്നും – വാനൂഴികളും – കിടനില്ക്കില്ല!5

ബലിഷ്ഠനായ വൃഷാവേ, അങ്ങ് അനല്പമായ കെല്പുകൊണ്ടു് എല്ലാ ബലങ്ങളെയും നിറയ്ക്കാറുണ്ടല്ലോ. വജ്രിൻ, മഘവാവേ, നിന്തിരുവടി ഞങ്ങളെ പൈത്തൊഴുത്തിന്നായി, വിവിധരക്ഷകളാൽ പാലിച്ചാലും!6

ആർ എഴുന്നള്ളാൻ നാനാവർണ്ണാശ്വങ്ങളെ പൂട്ടുമോ, രണ്ടു ഹരികളെ പൂട്ടുമോ, ആ ദീർഗ്ഘായുസ്സായ ഇന്ദ്രനെ സേവിയ്ക്കാത്ത മനുഷ്യന്നു യാതൊരന്നവും കിട്ടില്ല!7

ആരെ വെള്ളത്തിൽ, ആരെ കരയിൽ വിളിയ്ക്കേണമോ; ആരെ യുദ്ധത്തിൽ വിളിയ്ക്കേണമോ; ആ പൂജനീയനായ ഇന്ദ്രനെ മഹാന്മാരായ നിങ്ങൾ നേട്ടത്തിനായി സേവിയ്ക്കുവിൻ!8

വസോ, ശൂര, അവിടുന്നു് ഞങ്ങളെ വലിയ അന്നത്തിന്നായി ഉയർത്തിയാലും; മഘാവാവേ, വലിയ ധനദാനത്തിന്നായി ഉയർത്തിയാലും; ഇന്ദ്ര, വലിയ യശസ്സിനായി ഉയർത്തിയാലും!9

ഇന്ദ്ര, യജ്ഞകാമനായ ഭവാൻ ഞങ്ങളെ അയഷ്ടാവിന്റെ ധനംകൊണ്ടു സംതൃപ്തരാക്കണം; ബഹുധന, തൃത്തുടകളുടെ ഇടയിൽ നിർത്തണം; ദ്രോഹിയെ ആയുധംകൊണ്ടുകൊല്ലണം!10

അന്യകർമ്മാവിനെ, മനുഷ്യർക്കപ്രിയനെ, അയഷ്ടാവിനെ, അദേവകാമനെ, സഖാവായ പർവതൻ സ്വർഗ്ഗത്തിൽ നിന്നു വീഴ്ത്തും; പർവതൻ പാപിയെ മൃത്യുവിന്നയയ്ക്കും!11

ഇന്ദ്ര, ബലവാനെ, അസ്മൽകാമനായ അവിടുന്നു ഞങ്ങൾക്കു തരാൻ പൈക്കളെ, പൊരിയവിൽപോലെ കയ്യിൽ പിടിച്ചാലും; അസ്മൽക്കാമനായിട്ടു രണ്ടാമതും പിടിച്ചാലും!12

സഖാക്കളേ, യജ്ഞത്തിന്നൊരുങ്ങുവിൻ: നിഹന്താവിനെ നാം എങ്ങനെ സ്തുതിയ്ക്കേണ്ടൂ? ഊട്ടുന്നവനും, പുറപ്പെടുവിയ്ക്കുന്നവനും, തലകുനിയ്ക്കാത്തവനുമാണല്ലോ, അദ്ദേഹം!13

സർവാരാധ്യ, യജമാനരായ വളരെ ഋഷിമാർ അങ്ങയെ സ്തുതിയ്ക്കുന്നുണ്ടു്. നിഹന്താവേ, അവിടുന്നു് ഇങ്ങനെ ഒന്നൊന്നായി പൈക്കിടാങ്ങളെ കല്പിച്ചുകൊടുക്കുന്നു!14

മഘവാവു മൂന്നു ശൂരയോദ്ധാക്കളുടെ പൈക്കളെയും കിടാവിനെയും, ഇടയൻ കറക്കാൻ പെണ്ണാടിനെയെന്നപോലെ, ചെവിമേൽ പിടിച്ചു നമുക്കായി കൊണ്ടുവരട്ടെ!15

കുറിപ്പുകൾ: സൂക്തം 70.

[1] ഉന്നതൻ – ഗുണാധികൻ, ഇന്ദ്രൻ.

[2] തന്നോടുതന്നെ: രണ്ടുഭാവം – നിന്റെ ശത്രുക്കളെ നിഗ്രഹിയ്ക്കുന്നതിൽ ക്രൂരത; നിന്നെ അനുഗ്രഹിയ്ക്കുന്നതിൽ സൗമ്യത. ചമയിയ്ക്കുക – ഹവിർദ്ദാനാദിയാലണിയിയ്ക്കുക.

[3] എതിർക്കില്ല – പീഡിപ്പിയ്ക്കാൻ ശക്തനാകില്ല.

[4] അടിപ്പെടുത്തുന്ന – എതിരാളികളെ.

[6] ബലങ്ങൾ – ശത്രുബലങ്ങൾ. കെല്പുകൊണ്ടു നിറയ്ക്കുക – സ്വബലം ശത്രുബലങ്ങളിലെങ്ങും വ്യാപിപ്പിച്ചു്, അവയെ അടിപെടുത്തുക എന്നർത്ഥം. പൈത്തൊഴുത്തിന്നായി – ശത്രുക്കളുടെ ഗോശാല പിടിച്ചടക്കാൻ.

[7] എഴുന്നള്ളാൻ – യാഗങ്ങളിൽ പോകാൻ. ദീർഗ്ഘായുസ്സ് – മരണരഹിതൻ.

[8] ഋത്വിക്കുകളോടു്: നേട്ടം – ധനലാഭം.

[10] സന്തൃപ്തരാക്കണം – യജ്ഞരഹിതന്റെ സമ്പത്തു കൈലാക്കി. ഞങ്ങൾക്കു തരണം; എന്നാൽ ഞങ്ങൾ യജ്ഞം ചെയ്തുകൊണ്ടിരിയ്ക്കുമെന്നു് ധ്വനി. നിർത്തണം – അപായം വരാതിരിയ്ക്കാൻ.

[11] സഖാവായ പർവതൻ – ഇന്ദ്രന്റെ സഖാവായിബ്ഭവിച്ച പർവതനെന്ന ഋഷി. മറ്റു ദേവനെ യജിച്ചു സ്വർഗ്ഗത്തിൽച്ചെന്നവനെയും പർവ്വതൻ പിടിച്ചുതള്ളും!

[13] ഋത്വിക്കുകളോടു നിഹന്താവു് – ശത്രുക്കളെ കൊല്ലുന്നവൻ, ഇന്ദ്രൻ. ഊട്ടുന്നവൻ – അന്നദാതാവു്. പുറപ്പെടുവിയ്ക്കുന്നവൻ – പ്രാണികളെ വ്യാപരിപ്പിയ്ക്കുന്നവൻ.

[14] നിഹന്താവേ – രിപുഘ്ന. പൈക്കിടാങ്ങളെ എന്നതിൽ പൈക്കളും ഉൾപ്പെട്ടിരിയ്ക്കുന്നു. കൊടുക്കുന്നു – സ്തോതാക്കൾക്കു്.

[15] മൂന്നു – ഒരു ശൂരയോദ്ധാവിന്റേതു പോരാ.

സൂക്തം 71.

സുദീതിയോ പുരുമീള് ഹനോ ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, തേജോയുക്തനായ നിന്തിരുവടി ഞങ്ങളെ എല്ലാപ്പിശുക്കങ്കൽനിന്നും, ദ്രോഹിയ്ക്കുന്ന മനുഷ്യങ്കൽനിന്നും രക്ഷിയ്ക്കണം!1

പ്രിയജന്മാവേ, ആണിന്റേതായ അങ്ങയുടെ അരിശം കുറയില്ല; ഭവാന്റെതന്നെയാണല്ലോ, രാത്രി!2

ബലപുത്ര, സ്തുത്യപ്രകാശ, ആ നിന്തിരുവടി എല്ലാദ്ദേവന്മാരോടുംകൂടി, ഞങ്ങൾക്കു വിശ്വവരേണ്യമായ ധനം കല്പിച്ചുതന്നാലും!3

അഗ്നേ, യാതൊരു ഹവിർദ്ദാതാവിനെ അങ്ങ് രക്ഷിയ്ക്കുമോ, ആ മനുഷ്യനെ പിശുക്കന്മാർ സമ്പത്തിൽനിന്നു വേർപെടുത്തില്ല!4

മേധാവിൻ, അഗ്നേ, നിന്തിരുവടി യാതൊരുവനെ യജ്ഞാനുഷ്ഠാനത്തിലിറക്കുമോ, അവൻ ധനലബ്ധിയ്ക്കു്, അങ്ങയുടെ രക്ഷയാൽ ഗോസാമേതനായിത്തീരും!5

അഗ്നേ, ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നു വളരെ വീരന്മാരെയും സമ്പത്തും നിന്തിരുവടി നല്കാറുണ്ടല്ലോ; ഞങ്ങൾക്കും ധനം കൊണ്ടുവരിക!6

ജാതവേദസ്സേ, അവിടുന്നു ഞങ്ങളെ രക്ഷിയ്ക്കണം: ദ്രോഹിയ്ക്കാൻ നോക്കുന്ന ദുരാശനായ മനുഷ്യന്നു വിട്ടുകൊടുക്കരുതു്!7

അഗ്നേ, ദേവനായ ഭവാന്റെ ദാനം ഒരദേവൻ വേർപെടുത്തരുതു്; ധനങ്ങളുടെ അധിപതിയാണല്ലോ, അവിടുന്നു്!8

സഖേ, ബലപുത്ര, വസോ, ആ നിന്തിരുവടി സ്തോതാക്കളായ ഞങ്ങൾക്കു വമ്പിച്ച ധനം കിട്ടിയ്ക്കാറുണ്ടല്ലോ!9

കിടക്കുന്ന ജ്വാലകളുള്ള ദർശനീയങ്കൽ, പുരുധനങ്കൽ, പുരുസ്തുതങ്കൽ ചെന്നെത്തെട്ടേ, നമ്മുടെ സ്തുതികളും യജ്ഞങ്ങളും ഹവിസ്സുകളും രക്ഷയ്ക്കു് – 10

ബലപുത്രങ്കൽ, ജാതവേദസ്സിങ്കൽ, അഗ്നിയിൽ ചെന്നെത്തട്ടേ, വേണ്ടതൊക്കെ കിട്ടാൻ: അമർത്ത്യൻ, മർത്ത്യരിൽ ചേർന്നവൻ, എന്നീ രണ്ടവസ്ഥയുണ്ട,വിടെയ്ക്കു്: അവിടുന്നു പ്രജകളിൽ ഹോതാവായിട്ടു്, അത്യന്തം ആഹ്ലാദിപ്പിയ്ക്കുന്നുണ്ടല്ലോ!11

നിങ്ങളുടെ ദേവയജനത്തിന്നു ഞാൻ അഗ്നിയെ, യാഗം തുടങ്ങുമ്പോൾ അഗ്നിയെ, കർമ്മങ്ങളിൽ മുമ്പേ അഗ്നിയെ, വിഘ്നം വന്നാൽ അഗ്നിയെ, വയൽ കിട്ടാൻ അഗ്നിയെ (സ്തുതിയ്ക്കാം).12

അഗ്നി സഖാവായ എനിയ്ക്കു് അന്നം തരട്ടെ: സ്വത്തുകളുടെ അധിപതിയാണല്ലോ, അവിടുന്നു് ഞങ്ങൾ അഗ്നിയോടു – വസുവായി വർത്തിയ്ക്കുന്ന തനൂനപാത്തിനോടു – പുത്രനും പൗത്രനുംവേണ്ടി വളരെ (ധനം) യാചിയ്ക്കുന്നു.13

പുരുമീള്ഹ, നീ രക്ഷയ്ക്കു, കിടക്കുന്ന ജ്വാലകളുള്ള അഗ്നിയെ, നീ ധനത്തിന്നു് അഗ്നിയെ, പാടിസ്തുതിയ്ക്കുക; നേതാക്കളാൽ പുകഴ്ത്തപ്പെടുന്ന അഗ്നിയോടു സുദീതിയ്ക്കായി ഗൃഹം യാചിയ്ക്കുക.14

നാം, നമ്മുടെ ശത്രുക്കളെ അകറ്റാൻ അഗ്നിയെ, സുഖം തരാനും അഗ്നിയെ സ്തുതിയ്ക്കുക: പ്രജകൾക്കെല്ലാം രാജാവെന്നപോലെ, ഋഷികൾക്കു വാസയിതാവും ആഹ്വാതവ്യനുമായിബ്ഭവിയ്ക്കട്ടേ, അവിടുന്നു്!15

കുറിപ്പുകൾ: സൂക്തം 71.

[2] അരിശം – ഔജ്ജ്വല്യം. കുറയില്ല – ഞങ്ങൾ രക്ഷിയ്ക്കുന്നതിനാൽ, പകൽനേരത്തും മങ്ങില്ല. രാത്രിയാകട്ടേ, ഭവാന്റെ തന്നെയാണല്ലോ: രാത്രിയിൽ ഏറെ ജ്വലിയ്ക്കും.

[4] പിശുക്കന്മാർ – ലുബ്ധരായ ശത്രുക്കൾ.

[6] വീരന്മാർ – പുത്രാദികൾ.

[8] അദേവൻ – ദേവനില്ലാത്തവൻ, മനുഷ്യനും മറ്റും.

[11] പ്രജകളിൽ – യാഗംചെയ്യുന്ന ആളുകളിൽ.

[12] യജമാനരോടു്.

[13] തനൂനപാത്ത് – ദേഹരക്ഷകൻ; അഗ്നിയുടെ ഒരു പര്യായമാണതു്.

[14] പുരുമീള്ഹനും, സുദീതിയും, ഈ സൂക്തത്തിന്റെ ഋഷിമാർ.

[15] ഋഷികൾക്കു് – നമുക്കു്.

സൂക്തം 72.

പ്രഗാഥപുത്രൻ ഹര്യതൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ഇങ്ങെഴുന്നള്ളിനാനല്ലോ – ഹവിസ്സുണ്ടാക്കിവെയ്ക്കുവിൻ:
ഇതേകാൻ പോരുമധ്വര്യ പേർത്തും പരിചരിയ്ക്കയായ്!1
ഹോതാവിരുത്തുന്നു, കടുംതേജസ്സിയലുമഗ്നിയെ,
ഇദ്ദേഹത്തിന്റെ ചങ്ങാത്തം മനുഷ്യന്നു വരുത്തുവാൻ.2
നരന്നുവേണ്ടി മുൻഭാഗത്തിരുത്താനായ് മനീഷികൾ
ചെന്നെടുക്കുന്നു, നാക്കാലാപ്പള്ളികൊള്ളുന്ന രുദ്രനെ.3
സർവോപരിസ്ഥമാം വാനം ചുടുവിയ്ക്കുന്നു, നിർഭരം;
നാക്കാൽക്കല്ലുമുടയ്ക്കുന്നൂ, വനത്തിൽക്കേറിയന്നദൻ!4
നിർത്തപ്പെടില്ലി,ങ്ങാരാലുമോടും കാളക്കിടാവിനിൻ;
സ്തുതിയ്ക്കുവോനെയോ, വാഴ്ത്താൻ കൊതിയ്ക്കുന്നു, സിതപ്രഭൻ!5
ചിക്കെന്നിവന്റെ തേരിന്നു ചീർത്ത വൻതുരഗങ്ങളെ
പൂട്ടുന്നതും, തൃക്കടിഞ്ഞാൺചാർത്തും കാണായ്വരുംവിധൗ6
കറക്കുമൊന്നിനെ മുറയ്ക്കേഴുപേ; – രണ്ടു രണ്ടുപേർ
ഐവരെപ്പേർത്തേർപ്പെടുത്തുമൊലികൊണ്ട നദീതടേ!7
പരിചര്യാപരനുടെ പത്തെണ്ണംമൂലമുമ്പർകോൻ
വാനിൽപ്പെട്ടി തുറക്കുന്നൂ, മുമ്മട്ടാകിയ രശ്മിയാൽ!8
നവീനമാം ജ്വാലയുമായ്, മുന്നിറം പൂണ്ട വേഗവാൻ
യാഗത്തിലെത്തവേ തൂനൈ തേപ്പിപ്പൂ, ഹോമകാരികൾ!9
വായ്മീതെ, വട്ടു മുകളിലിമ്മട്ടാക്കിത്തിരിച്ചിവർ
സശേഷമീടുറ്റ കലം കുനിയ്ക്കുന്നു തൂകുവാൻ.10
നേരേ ചെന്നാസ്ഥയൊടവരേറെയുള്ള ഹവിസ്സിനെ
പുഷ്കരത്തിലൊഴിക്കുന്നൂ, മൺകലം താഴെ വെയ്ക്കുവാൻ.11
യജ്ഞേ മന്ത്രത്തൊടു കറക്കേണ്ടും നല്ലിരുപാലിനായ്
പൊൻകാതു രണ്ടുള്ള കലം പ്രാപിപ്പിൻ, നിങ്ങൾ പൈക്കളേ!12
കറന്നതിൽപ്പകരുകവി, – നൂഴിവാനിൽത്തഴച്ച പാൽ;
എന്നിട്ടു നിങ്ങളസ്സത്തിൽ വൃക്ഷാവിനെയിരുത്തുവിൻ.13
സ്വാവാസമറിയും ബന്ധുയുതമാരായ ഗോവുകൾ
വെവ്വേറെ ചേർന്നിടുകയായ്, കന്നു തള്ളയൊടാംവിധം.14
വാനത്തതിൻകിറികളിൽത്തൂകീ, ജീവനമൂട്ടുവാൻ
അന്നമൊക്കെയുമിന്ദ്രന്നുമഗ്നിയ്ക്കും തൂകിനാരവർ.15
ചുറ്റിമേയുന്ന ഗോവിങ്കൽനിന്നേഴുരവിരശ്മിയാൽ
കറന്നരുളിനാൻ, വായു പോഷകാന്നരസങ്ങളെ.16
സോമം കൈക്കൊണ്ടുപോരുന്നത,ർക്കന്റെയുദയത്തിലാം;
അതു മിത്രാവരുണരേ, രോഗിയ്ക്കൊരു മരുന്നുതാൻ!17
യാതൊന്നോ, ദാനപരനാമിവൻ വെയ്ക്കുന്നതാമിടം;
അതിങ്കൽ വാണു വാനത്തെ നക്കിനാനഗ്നി നാക്കിനാൽ!18
കുറിപ്പുകൾ: സൂക്തം 72.

[1] ഹവിഷ്കർത്താക്കളോടു്: എഴുന്നള്ളിനാൻ – അഗ്നി. പോരും – ത്രാണിയുള്ള.

[2] മനുഷ്യന്ന് – യജമാനന്ന്.

[3] നരൻ – യജമാനൻ. നാക്കാൽ – ജിഹ്വാജനിതമായ. സ്തുതിയാൽ; ഇവിടെ സ്തുതികളെ കൈവിരലുകളാക്കിക്കല്പിച്ചിരിയ്ക്കുന്നു. പള്ളികൊള്ളുന്ന – ഉറങ്ങി(കത്താതെ)ക്കിടക്കുന്ന. രുദ്രനെ – ദുഃഖനാശനനായ അഗ്നിയെ.

[4] നക്കാൽ – ജ്വാലകൾകൊണ്ടു്. അന്നദൻ – അന്നദാതാവ്, അഗ്നി.

[5] ഓടും – അങ്ങിങ്ങു പായുന്ന. കാളക്കിടാവു് – തത്തുല്യൻ. ഇവൻ – അഗ്നി. എന്നാൽ, സ്തുതിയ്ക്കുന്നവനെ വാഴ്ത്താൻ (കൊണ്ടാടാൻ) കൊതിയ്ക്കുന്നു – സ്തോതാവിന്റെ പിടിയിൽനില്ക്കും എന്നർത്ഥം. സീതപ്രഭൻ = ധവളവർണ്ണൻ.

[6] പ്രവർഗ്ഗ്യയജ്ഞത്തെപ്പറ്റി: ചീർത്ത = തടിച്ച.

[7] ഒന്നിനെ – ഒരു പയ്യിനെ. ഏഴുപേർ – ഏഴ് ഋത്വിക്കുകൾ. അങ്ങു – അവരിൽവെച്ചു് രണ്ടുപേർ – അധ്വര്യുവും പ്രസ്ഥാതാവും. ഐവരെ – യജമാനൻ, ബ്രഹ്മാവു്, ഹോതാവ്, ആഗ്നീധ്രൻ, പ്രസ്തോതാവ് എന്നിവരെ. ഏർപ്പെടുത്തും – അതതു കർമ്മത്തിന്ന്. ഒലികൊണ്ട – ജനഘോഷമുയർന്ന. നദീതടേ – യജ്ഞയോഗ്യമായ നദീതീരത്തു്.

[8] പരിചര്യാപരനുടെ പത്തെണ്ണം മൂല – യജമാനൻ പത്തുവിരലുകൾ കൊണ്ടു തൊഴുതു യാചിച്ചതിനാൽ. ഉമ്പർകോൻ – ഇന്ദ്രനോ, അഗ്നിയോ, സൂര്യനോ. വാനിൽപെട്ടി – മേഘം. തുറക്കുന്നു – മഴപെയ്യിയ്ക്കുന്നു. മുമ്മട്ടാകിയ – തുടുപ്പും വെളുപ്പും, കറുപ്പും ചേർന്ന.

[10] വായ് (ദ്വാരം) ചുവട്ടിലും, വട്ടു മുകളിലുമാക്കിത്തിരിച്ചു് – വട്ടം ചുറ്റിച്ച്. ഇവർ – ഹോതാക്കൾ. സശേഷം – ഹവ്യാവശിഷ്ടത്തോടുകൂടിയതു്. കലം – മഹാവീരം. തൂകുവാൻ – അഗ്നിയിൽ പകരാൻ. മഹാവീരംകൊണ്ടത്രേ; ആഹവനീയാഗ്നിയിൽ ഹോമം.

[11] പുഷ്കരം – ഉപനയമനീപാത്രം. മൺകലം – മഹാവീരം.

[12] പൈക്കളേയും പെണ്ണാടുകളെയും കറക്കാൻ വിളിയ്ക്കുന്നു: മന്ത്രത്തൊടു – മന്ത്രം ചൊല്ലിക്കൊണ്ടു്. പൊൻകാതു രണ്ടുള്ള – എന്നാൽ ഒരു കാതു സ്വർണ്ണവും, മറ്റതു വെള്ളിയുമത്രേ. കലം പ്രാപിപ്പിൻ – മഹാവീരത്തിനടുക്കൽ വരുവിൻ.

[13] അധര്യുക്കളോടു്: കറന്നതിൽ – കറന്ന പശുവിൻപാലിൽ. ഊഴിവാനിൽത്തഴച്ച പാൽ – അത്രയ്ക്കു തിളച്ചുപൊങ്ങിയ ആട്ടിൻപാൽ. അസ്സത്തിൽ – ആട്ടിൻപാലിൽ. വൃക്ഷാവിനെ – അഗ്നിയെ.

[14] സ്വാവാസമറിയും – തങ്ങൾ മഹാവീരത്തിന്നടുക്കൽ നില്ക്കണമെന്നറിയുന്ന, ബന്ധുയുതമാർ – രക്ഷകരോടുകൂടിയവർ. ചേർന്നിടുകയാൽ – മഹാവീരത്തിന്നടുക്കൽ.

[15] അതിൻ – മഹാവീരത്തിന്റെ. കിറികൾ = കടവായ്ക്കൾ. ജീവനം – അന്നം, പാൽ. ഊട്ടുവാൻ – അഗ്നിയെയും ഇന്ദ്രനെയും. ഇതു് ഉത്തരാർദ്ധത്തിൽ എടുത്തു പറയുന്നു: അന്നമൊക്കെയും – പശുവിൻപാലും ആട്ടിൻപാലും മുഴുവൻ. അവർ – അധ്വര്യുക്കൾ.

[16] ഗോവു് – മാധ്യമികവാക്കു് (ഇടിയൊച്ച) ആകുന്ന പയ്യ്. മഴപെയ്യിച്ചു എന്നു സാരം.

[17] മിത്രാവരുണരോടു്: സോമയാഗം രോഗശാന്തി വരുത്തും.

[18] ഇവൻ – ഞാൻ. വെയ്ക്കുന്നതാം – ഹവിസ്സുകൾ വെയ്ക്കുന്നതായ. വാനത്തെ നക്കിനാൻ – ഉജ്ജ്വലിച്ചുയർന്നു. നാക്കു് – ജ്വാല.

സൂക്തം 73.

അത്രിഗോത്രൻ ഗോപവനനോ, സപ്തവധ്രിയോ ഋഷി; ഗായത്രി ഛന്ദസ്സ്; അശ്വികൾ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

യജ്ഞോൽക്കന്നുവേണ്ടിയെഴു –
ന്നേറ്റീടുവിനശ്വികളേ;
നിങ്ങൾ പൂട്ടീടുവിൻ, തേരും.
നില്ക്ക, ഭവദ്രക്ഷ ചാരേ!1
ഏകനിമിഷത്തെക്കാളും
വേഗമുള്ള തേരിലൂടെ
നിങ്ങൾ വരിക,ശ്വികളേ.
നില്ക്കു, ഭവദ്രക്ഷ ചാരേ!2
അത്രിയ്ക്കായിട്ടശ്വികളേ,
നൽത്തണ്ണീരുകൊണ്ടു നിങ്ങൾ
അക്കടുംതീ കെടുത്തല്ലോ
നില്ക്ക, ഭവദ്രക്ഷ ചാരേ!3
എങ്ങിരിപ്പൂ, പോവതെങ്ങോ –
ട്ടെ,ങ്ങു പരുന്തുകൾപോലേ
വെക്കം പറക്കുന്നു, നിങ്ങൾ?
നില്ക്ക, ഭവദ്രക്ഷ ചാരേ!4
ഇപ്പോഴുതിലെങ്ങായാലു, –
മെപ്പോഴുതായാലും നിങ്ങൾ
കേൾക്കുകീ,യെങ്ങൾതൻ വിളി.
നില്ക്ക, ഭവദ്രക്ഷ ചാരേ!5
നേരത്താഹ്വാതവ്യരശ്വി –
മാരെയും തന്മൈത്രിയെയും
ഉൾക്കൊണ്ടണയുന്നേനിവൻ.
നില്ക്ക, ഭവദ്രക്ഷ ചാരേ!6
അത്രിയെസ്സംരക്ഷിയ്ക്കുവാ –
നൊത്തൊരില്ലമശ്വികളേ,
നിർമ്മിച്ചേകിയല്ലോ, നിങ്ങൾ;
നില്ക്ക, ഭവദ്രക്ഷ ചാരേ!7
നല്ലമട്ടിൽ സ്തവങ്ങളെ-
ചൊല്ലുമത്രിയ്ക്കുടൻ നിങ്ങൾ
അഗ്നിച്ചൂടു നീക്കിയല്ലോ.
നില്ക്ക, ഭവദ്രക്ഷ ചാരേ!8
ക്നുപ്തമായ നുതിമൂലം
സപ്തവധ്രി തീമഴയെ
ഉൾക്കൊള്ളിച്ചുറക്കിയല്ലോ
നില്ക്ക, ഭവദ്രക്ഷ ചാരേ!9
നന്നായ്ദ്ധനം പൊഴിപ്പോരേ,
വന്നെത്തുവിനി,ങ്ങു നിങ്ങൾ;
കേൾക്കുവിനീ,യെന്റെ വിളി.
നില്ക്ക, ഭവദ്രക്ഷ ചാരേ!10
എന്തിതു: വൃദ്ധരായ്ച്ചെര
പൊന്തിയ രണ്ടാൾപോലല്ലോ,
നിങ്ങൾ വിളിയ്ക്കപ്പെടുന്നു?
നില്ക, ഭവദ്രക്ഷ ചാരേ!11
ഒന്നേ, നിങ്ങളുടെ ജാതി; –
യൊന്നുതന്നെ,യിണങ്ങനും;
ഇക്കണക്കുള്ളശ്വികളേ,
നില്ക്ക, ഭവദ്രക്ഷ ചാരേ!12
ലോകത്തും വാനൂഴിയിലു-
മാകെച്ചരിയ്ക്കുവൊന്നല്ലോ,
നിങ്ങൾതൻ തേരശ്വികളേ.
നില്ക്ക, ഭവദ്രക്ഷ ചാരേ!13
നൂറുനൂറശ്വങ്ങളോടും,
നൂറുനൂറുഗോക്കളോടും
നിങ്ങൾ വത്തെത്തുകെ,ങ്ങളിൽ.
നില്ക്ക, ഭവദ്രക്ഷ ചാരേ!14
നൂറുനൂറശ്വങ്ങളെയും
നൂറുനൂറുഗോക്കളേയും
നിങ്ങൾ, വിലക്കൊല്ലെ,ങ്ങൾക്കു;
നില്ക, ഭവദ്രക്ഷ ചാരേ!15
ശുദ്ധമായ നിറം പൂണ്ട
സത്യവതിയുഷസ്സിതാ,
നൽക്കാന്തിയെപ്പരത്തുന്നു
നില്ക, ഭവദ്രക്ഷ ചാരേ!16
അശ്വികളേ, മഴുക്കാരൻ
വൃക്ഷത്തെപ്പോല,ത്യുജ്ജ്വലൻ
ഒക്കെ വെട്ടിമുറിയ്ക്കുന്നു.
നില്ക്ക, ഭവദ്രക്ഷ ചാരേ!17
ധൃഷ്ട, കരിംപെട്ടിയ്ക്കുള്ളിൽ –
പ്പെട്ട ഭവാൻ, പുരിപോലെ
ഒക്കെത്തല്ലിപ്പൊളിച്ചാലും.
നില്ക്ക, ഭവദ്രക്ഷ ചാരേ!18
കുറിപ്പുകൾ: സൂക്തം 73.

[1] യജ്ഞോൽക്കുന്നു – യാഗേച്ഛുവായ എനിയ്ക്കു്. ഭവദ്രക്ഷ = നിങ്ങളുടെ രക്ഷ. ചാരേ നില്ക്ക – ഞങ്ങളുടെ അരികിൽ നില്ക്കുമാറാകട്ടെ.

[3] അത്രിയ്ക്കായിട്ടു് – അസുരന്മാരാൽ തിയ്യിലടപ്പെട്ട അത്രിമഹർഷിയെ രക്ഷിപ്പാൻ.

[4] നിങ്ങൾ എവിടെയാണെന്ന് എനിയ്ക്കറിഞ്ഞുകൂടാ; സദയം ഇങ്ങോട്ടു വരുവിൻ.

[6] തന്മൈത്രി = അവരുടെ ബന്ധുത്വം.

[9] ക്നുപ്തം = ചെയ്യപ്പെട്ട. നുതി – അശ്വിസ്തുതി. ഉൾക്കൊള്ളിച്ചുറക്കി – പെട്ടിയിലാക്കി, കെടുത്തു. ഇക്കഥ അഞ്ചാംമണ്ഡലത്തിലുണ്ടു്.

[11] ചെര = ജര. എത്ര വിളിച്ചാലും വരില്ലല്ലോ കിഴവന്മാർ.

[12] ഇണങ്ങനും, ചാർച്ചക്കാരനും, ഒന്നു(ഞാൻ)തന്നെ!

[13] ആ തേരിലൂടെ വെക്കം വരുവിൻ.

[15] വിലക്കൊല്ല – തരാതിരുയ്ക്കരുതു്.

[16] ശുദ്ധം = സ്വച്ഛം. പുലർകാലത്താണല്ലോ, അശ്വികളെ യജിയ്ക്കുക.

[17] അത്യുജ്ജ്വലൻ – സൂര്യനോ, അഗ്നിയോ. ഒക്കെ – ഇരുട്ടിനെയെല്ലാം.

[18] ഋഷി, തന്നോടുതന്നെ പറയുന്നു: ധൃഷ്ട – ധർഷകനായ സപ്തവധ്രേ, ഒരു ശത്രുപുരി തല്ലിപ്പൊളിയ്ക്കുന്നതുപോലെ, നീ കരിംപെട്ടിയിൽ നിന്നു് പുറത്തുപോന്നു്, അതൊക്കെത്തല്ലിപ്പൊളിച്ചാലും.

സൂക്തം 74.

ഗോപനവൻ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അന്നം കാംക്ഷിയ്ക്കുന്ന നിങ്ങൾ മനുഷ്യന്നു മനുഷ്യന്ന് അതിഥിയും ബഹുപ്രിയനുമായ അഗ്നിയെ (പരിചരിയ്ക്കുവിൻ); ഞാനും നിങ്ങൾക്കുവേണ്ടി സുഖത്തിന്നു രഹസ്യമന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കാം.1

നെയ്യു ഹോമിയ്ക്കപ്പെടുന്ന തന്തിരുവടിയെ, ആളുകൾ ഹവിസ്സൊരുക്കി, ഒരു മിത്രത്തെയെന്നപോലെ വാഴ്ത്തി സ്തുതിയ്ക്കുന്നു.2

കൊണ്ടാടുന്ന ജാതവേദസ്സിനെ (ഞാൻ സ്തുതിയ്ക്കുന്നു): അവിടുന്നാണല്ലോ, യജ്ഞത്തിലെ ഹവിസ്സുകൾ സ്വർഗ്ഗത്തിലെയ്ക്കയയ്ക്കുന്നതു്!3

ഞങ്ങൾ പാപങ്ങളെ പെരികെ നശിപ്പിയ്ക്കുന്നവനും, മികച്ചവനും, മനുഷ്യഹിതനുമായ അഗ്നിയെ പ്രാപിയ്ക്കുന്നു: തന്റെ ജ്വാലാഗണത്തിലാണല്ലോ, മഹാനായ ഋക്ഷപുത്രൻ ശ്രുതർവാവു വളരുന്നതു്!4

മരണരഹിതനും, തമോനാശനനും, നെയ്യു ഹോമിയ്ക്കപ്പെടുന്നവനും, സ്തുത്യനുമാനല്ലോ, ജതവേദസ്സ്!5

ആ അഗ്നിയെ ഇതാ, യാഗത്തിന്നു സ്രവമെടുത്ത ആളുകൾ ഹവിസ്സോടെ ഊന്നിയൂന്നി സ്തുതിയ്ക്കുന്നു!6

അഗ്നേ, മോദിയ്ക്കുന്നവനേ, സുജന്മാവേ, സുകർമ്മാവേ, വിദ്വൻ, ദർശനീയ, അതിഥേ, ഇതാ, അങ്ങയ്ക്കു് ഒരതിനൂതനസ്തവം ഞങ്ങൾ എടുത്തിരിയ്ക്കുന്നു.7

അഗ്നേ, അതു് അവിടെയ്ക്കു തുലോം സുഖകരവും അന്നസമൃദ്ധവും പ്രിയവുമായി ഭവിയ്ക്കട്ടെ: ഭവാൻ അതുകൊണ്ടു് വഴിപോലെ സ്തുതിയ്ക്കപ്പെട്ടു വളർന്നാലും!8

അതു തിളങ്ങുന്ന അന്നങ്ങളോടുകൂടി, യുദ്ധത്തിൽവെച്ചു്, അന്നത്തിന്മേൽ വലിയ അന്നം ചാർത്തിയ്ക്കട്ടെ!9

ഒരശ്വമെന്നപോലെ നടക്കുന്ന, തേരുകളെ നിറയ്ക്കുന്ന ഉജ്ജ്വലനെ നിങ്ങൾ സൽപതിയായ ഇന്ദ്രനെയെന്നപോലെ (പരിചരിയ്ക്കുവിൻ): ആളുകളേ, അവിടുത്തെക്കൊണ്ടാണല്ലോ, നിങ്ങൾ (ശത്രുക്കളുടെ) അന്നങ്ങളും മറ്റു ശ്ലാഘ്യവസ്തുക്കളും നശിപ്പിയ്ക്കുന്നതു്!10

അഗ്നേ, അങ്ങയെ ഗോപവനൻ സ്തുതികൊണ്ടു തുലോം അന്ന ദാതാവാക്കിയല്ലോ; അംഗിരസ്സേ, പാവക, അതിനാൽ അവിടുന്നു വിളികേട്ടാലും!11

അങ്ങയെ ആളുകൾ അന്നലബ്ധിയ്ക്കായി ഊന്നിയൂന്നി സ്തുതിയ്ക്കുന്നുണ്ടല്ലോ; അതിനാൽ അങ്ങ് യുദ്ധത്തിനുണർന്നാലും!12

കുറുമ്പകറ്റുന്ന ഋക്ഷപുത്രനായ ശ്രുതർവാവിനാൽ ക്ഷണിയ്ക്കപ്പെട്ട ഞാൻ കുറിയാട്ടിൻരോമങ്ങൾപോലെ, നാലെണ്ണത്തിന്റെ തലകൾ കൈക്കൊണ്ടു തലോടുകയായി:13

അന്നസമൃദ്ധന്റെ നടമിടുക്കുള്ള നാലു ശോഭനരഥാശ്വങ്ങൾ എന്നെ അന്നത്തിലെയ്ക്കു, തോണികൾ ഭുജ്യുവിനെയെന്നപോലെ കൊണ്ടുനടക്കുകയായി!14

ഹേ മഹാനദിയായ പരൂഷ്ണി, നിന്നോടു നേരുതന്നെ ഞാൻ പറയാം: ജലമേ, ഈ ബലിഷ്ഠനെക്കാൾ മീതെ, അശ്വദാതാവായ ഒരു മനുഷ്യനില്ല!15

കുറിപ്പുകൾ: സൂക്തം 74.

[1] ഋത്വിഗ്യജമാനരോടു്: സുഖത്തിനു് – സുഖം കിട്ടാൻ.

[3] കൊണ്ടാടുന്ന – യജമാനന്റെ സ്തുതിയെ ശ്ലാഘിയ്ക്കുന്ന.

[4] ശ്രുതർവാവു് എന്ന രാജാവിന്റെ അടുക്കൽ ഭിക്ഷയ്ക്കുചെന്ന ഋഷി, ഗോപവനൻ അഗ്നിയെ സ്തുതിയ്ക്കുന്നു: തന്റെ – അഗ്നിയുടെ വളരുന്നതു് – കർമ്മമനുഷ്ഠിയ്ക്കുന്നതെന്നർത്ഥം.

[7] എടുത്തിരിയ്ക്കുന്നു – ചൊല്ലാൻ തുടങ്ങുന്നു.

[9] അതു – സ്തുതി. അന്നത്തിന്മേൽ – മുമ്പുള്ളതിന്മേൽ വീണ്ടും.

[10] കൂട്ടുകാരോടു്: തേരുകളെ നിറയ്ക്കുന്ന – നമ്മുടെ രഥങ്ങളെ ധനങ്ങൾകൊണ്ടു നിറയ്ക്കുന്ന. ഉജ്ജ്വലൻ – അഗ്നി.

[12] യുദ്ധത്തിന്നു് – പൊരുതി ശത്രുക്കളുടെ അന്നം കൈക്കലാക്കാൻ.

[13] കുറുമ്പു് – ശത്രുക്കളുടെ ഗർവ്. ക്ഷണിയ്ക്കപ്പെട്ട – യാഗത്തിന്ന് നാലെണ്ണത്തിന്റെ – ശ്രുതർവാവു തന്ന നാലു കുതിരകളുടെ. തലകൾ – കുഞ്ചിരോമങ്ങളെന്നർത്ഥം.

[14] അന്നസമൃദ്ധന്റെ – വലിയ ധനവാനായ ശ്രുതർവാവിനാൽ നല്കപ്പെട്ട. ശോഭനരഥാശ്വങ്ങൾ – നല്ല തേരിന്നു പൂട്ടിയ കുതിരകൾ. തോണികൾ – അശ്വികളയച്ച നാലു തോണികൾ.

[15] പരൂഷ്ണീനദിയുടെ തീരത്തായിരുന്നു, ശ്രുതർവാവിന്റെ യാഗം. ജലമേ – ഹേ നദി. ഈ ബലിഷ്ഠൻ ശ്രുതർവാവു്.

സൂക്തം 75.

അംഗിരോഗോത്രൻ വിരൂപൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ആഗ്നേ, ദേവാഹ്വാതാക്കളാ –
മശ്വങ്ങളെ രഥിപോലേ
പൂട്ടി, ഹോതാവായ ഭവാൻ
ശ്രേഷ്ഠസ്ഥാനത്തിരുന്നാലും!1
ദേവ, വിദ്വദ്വരൻ ഭവാൻ
ദേവന്മാരിൽച്ചൊല്കെ,ങ്ങളെ;
സത്യമാക്കുകയുംചെയ്യു, –
കർത്ഥനീയമഖിലവും!2
സർവത്ര ഹോമിയ്ക്കപ്പെടും
സദ്യുവാവേ, ബലസൂനോ,
സത്യസമ്പന്നനും യജ്ഞ –
കൃത്യാർഹനുമല്ലോ, ഭവാൻ!3
നൂറായിരവുമന്ന –
പൂരത്തിന്നും ധനങ്ങൾക്കും
നാഥനും, ശിരസ്സായോനും,
മേധാവിയുമാണീ, യഗ്നി!4
അംഗിരസ്സേ, സഹാഹ്വാന –
സംഘമോടൊത്തധ്വരത്തെ
ചാരത്തേയ്ക്കടുപ്പിയ്ക്ക, നീ,
തേരിനെയൃഭുക്കൾപോലെ!5
ഹേ വിരൂപ, ഭവാനിപ്പോ –
ളാ വൃക്ഷാവാം തേജസ്വിയെ
ഹൃദ്യമായി സ്തുതിച്ചാലും,
കൃത്രിമമല്ലാത്ത വാക്കാൽ!6
അസ്തോകപ്രകാശനാമീ –
യഗ്നിയുടെ തൃപ്പടയാൽ,
ഏതൊരു പിശുക്കനെ നാം
ഗോതതിയ്ക്കായ് വധിയ്ക്കേണ്ടൂ!7
ദേവർതന്നാൾക്കാരാം നമ്മെ, –
പ്പാൽ വർഷിയ്ക്കും ഗോവെപ്പോലെ
കൈവിടായ്ക്ക,ത്തിരുവടി,
ഗോവുകൾ കുഞ്ഞിനെപ്പോലെ!8
വിദ്വേഷിയാമേതു ദുഷ്ട –
ചിത്തന്റെയുമുപദ്രവം
തഞ്ചിയ്ക്കൊല്ലാ, മാലെങ്ങൾക്കു,
വഞ്ചിയ്ക്കാഴിത്തിരപോലെ!9
അഗ്നേ, ദേവ, നരർ കെല്പി –
ന്നങ്ങയ്ക്കായി നമസ്കാരം
പാടുന്നുണ്ടു: ഭവാൻ ബലാൽ –
പ്പീഡിപ്പിയ്ക്കു, കൂടലരെ!10
ആഗ്നേ, ഗോകാമരാമെങ്ങൾ –
ക്കർത്ഥം തുലോമെത്തിയ്ക്ക, നീ:
ഏറെച്ചെയ്തരുൾകെ,ങ്ങളി, –
ലേറെച്ചെയ്യുവോനാം ഭവാൻ!11
യുദ്ധമിതി,ലൊരു ഭാര –
ഭൃത്തു ചുമടിനെപ്പോലേ
ഇട്ടെറിയൊല്ലെ,ങ്ങളെ നീ;
വെട്ടിപ്പിടിയ്ക്കുക, ധനം!12
നിന്നർദ്ദനം ഞങ്ങളിൽനി –
ന്നന്യനെച്ചെന്നഞ്ചിയ്ക്കുട്ടേ;
വർദ്ധിപ്പിയ്ക്ക, ഞങ്ങൾക്കു നീ
ശക്തിയുമൊരുക്കുമഗ്നേ!13
യാതൊരു സന്നതന്റെയോ
പൂതയജ്ഞന്റെയോ കർമ്മം
കൊണ്ടാടിനാ,നവങ്കലേ
മണ്ടിച്ചെല്ലും, ശരിയ്ക്കഗ്നി!14
അപ്പരാനീകത്തിൽനിന്നു
ദുർബലരെക്കരേറ്റുക –
പാലിച്ചരുൾകെ,ന്നുടെ കീ –
ഴാളുകളെത്തിരുമേനി!15
അച്ഛൻപോലെയല്ലോ മുമ്പു
രക്ഷിച്ചു, ഞങ്ങളെബ്ഭവാൻ;
ഇന്നുമമ്മട്ടെങ്ങൾ യാചി –
യ്ക്കുന്നു, ഭവത്സുഖമഗ്നേ!16
കുറിപ്പുകൾ: സൂക്തം 75.

[1] ദേവാഹ്വാതാക്കൽ = ദേവന്മാരെ വിളിയ്ക്കുന്നവ. രഥി = തേരാളി.

[2] എങ്ങനെ ദേവന്മാരിൽച്ചൊല്ക – ഞങ്ങളുടെ യാഗം നന്നായി എന്നു ദേവന്മാരുടെഅടുക്കൽ പറഞ്ഞാലും. അർത്ഥനീയമഖിലവും – ദേവകളുടേതായ ധനമെല്ലാം. സത്യമാക്കുകയും ചെയ്യുക – ഞങ്ങൾക്കു തരുവിയ്ക്കുക എന്നു താൽപര്യം.

[3] യജ്ഞകൃത്യാർഹൻ = യജനീയൻ.

[4] പൂരം – സമൂഹം. ശിരസ്സായോൻ – ഉന്നതൻ, ശ്രേഷ്ഠൻ.

[5] സഹാഹ്വാനസംഘം – ഒപ്പം വിളിയ്ക്കപ്പെടുന്നവരുടെ, ദേവന്മാരുടെ, ഗുണം. തേരിനെ – ഋഭൂക്കളുടെ രഥകാരത്വം ഓർക്കുക.

[6] തന്നോടുതന്നെ: കൃത്രിമമല്ലാത്ത വാക്കാൽ – മന്ത്രംകൊണ്ടു്.

[7] തൃപ്പട – ജ്വാലാവലി. ഗോമതിയ്ക്കായ് – അവന്റെ ഗോവൃന്ദത്തെ കൈക്കലാക്കുവാൻ.

[8] ഗോവെപ്പോലെ – പാൽ ധാരാളമുള്ള പൈക്കളെ ആരും കൈവിടില്ലല്ലോ; പൈക്കൾ കുട്ടിയെയും ത്യജിയ്ക്കാറില്ല.

[10] കെല്പിന്ന് – ബലം കിട്ടാൻ.

[11] അർത്ഥം – ധനം.

[12] ഒരു ഭാരഭൃത്തു് (ചുമട്ടുകാരൻ) ചുമടിനെ ഇട്ടെറിയുന്നതുപോലെ, യുദ്ധമിതിൽ (ഈ യുദ്ധത്തിൽ) എങ്ങളെ ത്യജിയ്ക്കരുതു്; നേരേമറിച്ചു, ധനം (ശത്രു സമ്പത്തു) വെട്ടിപ്പിടിയ്ക്കുക, ഞങ്ങൾക്കു തരാൻ.

[13] അർദ്ദനം = പീഡനം. അഞ്ചിയ്ക്കട്ടെ – നടുങ്ങിയ്ക്കട്ടേ; ഞങ്ങളെ നടുങ്ങിയ്ക്കരുതു്.

[14] സന്നതൻ = നമസ്കരിച്ചവൻ. നമ്മൾ നമസ്കാരശീലരും പൂതയജ്ഞന്മാരുമാകണമെന്നു ധ്വനി.

[15] പരാനീകം – ശത്രുസൈന്യം, ദുർബലരെ – ബലഹീനരായ എന്റെ ആൾക്കാരെ. എടുത്തുപറയുകയാണു്, ഉത്തരാർദ്ധതിൽ.

[16] ഭവത്സുഖം – ഭഗവാന്റെ പക്കലുള്ള സുഖം.

സൂക്തം 76.

കണ്വഗോത്രൻ കുരുസുതി ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

കൊന്നൊടുക്കാൻ വിളിയ്ക്കുന്നേ –
നിന്നേരം ഞാൻ മരുത്ത്വാനെ,
കെല്പാൽപെരുമാളാകിയ
സുപ്രജ്ഞാനാമീയിന്ദ്രനെ.1
വൃത്രാനുടെ തല മരു –
ന്മിത്രാനാമീയിന്ദ്രൻ ചെമ്മേ
വെട്ടിയിട്ടാനല്ലോ, നൂറു
മൊട്ടിണങ്ങും വജ്രത്തിനാൽ!2
എത്രയും വളർന്നു മരു –
ന്മിത്രനിന്ദ്രൻ മുകിലിനെ
കുത്തിക്കീറിയല്ലോ, വിയ –
ദ്വർത്തിയായ ജലം തൂകാൻ!3
ആ മരുത്തുക്കളോടൊത്തു,
സോമനീരു നുകരാനായ്
ഇന്നാകമണ്ഡലമെല്ലാം
വെന്നടക്കിയോനാണി,ന്ദ്രൻ!4
ഉന്നതനും, മരുത്തുക്ക –
ളൊന്നിച്ചോനു, മൃജീഷിയും,
അത്യേജസ്സുമാമിന്ദ്രനെ
സ്തുത്യാ വിളിയ്ക്കുന്നു, ഞങ്ങൾ.5
ആ മരുത്ത്വാനാമിന്ദ്രനെ
സ്സോമമിതു കുടിപ്പാനായ്,
പണ്ടേത്തതാമൊരു സൂക്തം –
കൊണ്ടു വിളിയ്ക്കുന്നു, ഞങ്ങൾ.6
ഇന്ദ്ര, പുരുസ്തുത, വൃഷ്ടി –
സന്ദായക,ശതക്രതോ,
നീ മരുത്തുക്കളോടൊത്തു
സോമമുണ്ണുകീ, യജ്ഞത്തിൽ!7
സോമം പിഴിഞ്ഞതു മരുൽ –
സ്തോമവാനാം ഭവാന്നുതാൻ
ഉക്ഥം ചൊല്ലി ഹോമിയ്ക്കുന്നു,
ഭക്തജനമിന്ദ്ര, വജ്രിൻ.8
ഇന്ദ്ര, ഭവാൻ മരുത്തുക്ക –
ളൊന്നിച്ചുഷഃകാലങ്ങളിൽ
കല്പിച്ചശിയ്ക്കുക, സോമം;
കെല്പാലണയ്ക്കുക, വജ്രം!9
രണ്ടുപലകയാൽ വാറ്റി –
ക്കൊണ്ട സോമം കുടിച്ചിന്ദ്ര,
കെല്പോടെണീറ്റ,ണക്കട-
യൊപ്പം കുലുക്കുക, ഭവാൻ!10
ദുഷ്ടന്മാരെക്കൊന്നു കുഴി
വെട്ടുംസമയത്തു നിന്നെ
ഇന്ദ്ര, ചമയിയ്ക്കുമല്ലോ,
നന്നായ് വാനൂഴികൾ രണ്ടും. 11
ദിക്കെട്ടിലുമൊമ്പതിലും
തിക്കും യജ്ഞസ്തുതിയ്ക്കു ഞാന്‍
ഇന്ദ്രനുടെ പൂർണ്ണതയില്‍ –
നിന്നിത്തിരിയെടുക്കുന്നേൻ! 12
കുറിപ്പുകൾ: സൂക്തം 76.

[1] കൊന്നൊടുക്കാൻ – ശത്രുക്കളെ.

[2] മരുന്മിത്രൻ = മരുത്തുക്കളാകുന്ന സഖാക്കളോടുകൂടിയവൻ.

[3] വിയദ്വർത്തി = അന്തരിക്ഷസ്ഥം. തൂകാൻ – വർഷിപ്പാൻ.

[4] നാകമണ്ഡലം = സ്വർഗ്ഗരാജ്യം.

[5] ഉന്നതൻ – മഹാൻ. സ്തുത്യാ = സ്തുതികൊണ്ടു്.

[6] സൂക്തം – സ്തോത്രം.

[7] വൃഷ്ടിസന്ദായക – മഴ തരുന്നവനേ.

[8] മരുൽസ്തോമവാൻ = മരുദ്ഗണോപേതൻ.

[9] അണയ്ക്കുക – ശത്രുവധത്തിന്നു മൂർച്ചപ്പെടുത്തുക.

[10] കുലുക്കുക – വകതശൂദ്ധിയ്ക്കു്.

[11] ചമയിയ്ക്കും – കൊണ്ടാടുമെന്നു സാരം.

[12] ഒമ്പതിലും – മീതെ സൂര്യപദത്തിലും. തിക്കും – ചെന്നുരുമ്മുന്ന. ഇത്തിരി – ഇന്ദ്രന്റെ സംപൂര്‍ണ്ണത മുഴുവന്‍ വര്‍ണ്ണിയ്ക്കാവതല്ലെന്നർത്ഥം.

സൂക്തം 77.

കുരുസുതി ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും ഛന്ദസ്സകൾ; ഇന്ദ്രന്‍ ദേവത.

ജനിച്ചപ്പോൾത്തന്നെ ശതക്രതു അമ്മയോട് ഇങ്ങനെ ചോദിച്ചു: – ‘എവർക്കുള്ളൂ, വലിയ ബലം? വിളിപ്പെട്ടവര്‍ എവർ?’ 1

ഉടനേ അമ്മ പറഞ്ഞു: – ‘ഔർണ്ണവാഭന്‍, അഹീശുവൻ – മകനേ, നിനക്കു പിന്നിടാവുന്നവരായിത്തീരട്ടെ!’ 2

വൃത്രഘ്യന്‍ അവരെ ഒപ്പം, ചക്രകൂടത്തില്‍ ഏർക്കാലുകളെ കയർകൊണ്ടെന്നപോലെ വലിച്ചുമുറുക്കി; ദസ്യുക്കളെ വധിച്ചു, വളര്‍ച്ചയും പൂണ്ടു! 3

അഴകുറ്റ മുപ്പതു സോമനീര്‍പ്പൊയ്കുകൾ ഒപ്പം ഇന്ദ്രന്‍ ഒരു മോന്തല്‍കൊണ്ടു കുടിച്ചുതീർത്തു! 4

കാല്‍വെപ്പാനിടമില്ലാത്ത പ്രദേശത്തു നീര്‍മുകിലിനെ ഇന്ദ്രന്‍ ബ്രാഹ്മണാഭിവൃദ്ധിയ്ക്കായി പിളർത്തി: 5

ഇന്ദ്രന്‍ അന്നം വിളയിപ്പാൻ, ശരം വിരിയെത്തൊടുത്തു, മേഘങ്ങളെ ആഞ്ഞെയ്തു! 6

ഇന്ദ്ര, ഭവാന്‍ യാതൊന്നിനെ കൂട്ടകാരനാക്കിയോ, ഭവാനന്റെ ആ ഒറ്റശ്ശരത്തിന്നു നൂറ മുനയുണ്ടു്; ആയിരം ചിറകുണ്ട്! 7

ജനിച്ചപ്പോൾത്തന്നെ വളർന്ന് ഉറപ്പുനേടിയ ഭവാന്‍ ആ ശരംകൊണ്ടു, സ്നോതാക്കൾക്കും മക്കൾക്കും സ്ത്രീകൾക്കും ആഹാരത്തിന്നു മതിയാകുന്ന ധനം കൊണ്ടുവന്നാലും! 8

അങ്ങ് നിനച്ചുറച്ചതിന്‍വണ്ണം, അങ്ങയാല്‍ നിർമ്മിയ്ക്കപ്പെട്ട പാരിച്ചവയും പരിണതങ്ങളുമായ ബലങ്ങളാണിവ! 9

അങ്ങയാല്‍ അയയ്ക്കപ്പെട്ട ഉരുക്രമനായ വിഷ്ണു അവയെല്ലാം – നൂറുപോത്തുകളെയും പാല്‍പായസവും – കൊണ്ടുപോന്നു; ഇന്ദ്രന്‍ മോഷ്ടാവായ വരാഹനെ (പിളർത്തി)! 10

ഭവാന്റെ വില്ലു പലതരത്തിലെയ്യുന്നതും ഭംഗിയില്‍ നിർമ്മിയ്ക്കപ്പെട്ടതും സുഖഭരിതവുമാകുന്നു; സ്വർണ്ണമയമാണ്, സാധചമായ സായകം. ഭവാന്റെ ഇരുകൈകൾ രമണീയങ്ങളാണ്, സുഭൂഷിതങ്ങളാന്ന്, അടിച്ചുനോവിയ്ക്കുന്നവയാണ്, മര്‍മ്മത്തെയ്യുന്നവയാണു്! 11

കുറിപ്പുകൾ: സൂക്തം 77.

[2] മറ്റുള്ളവരും പിന്നിടാവു(ജയിയ്ക്കാവു)ന്നവരായിത്തീരട്ടെ. ഔര്‍ണ്ണവാരാദികളെയെല്ലാം നീ ജയിയ്ക്കണം.

[5] പ്രദേശത്ത് – അന്തരിക്ഷത്തില്‍.

[6] ആഞ്ഞെയ്തു – അങ്ങനെ മഴ പെയിച്ചു.

[8] വളർന്ന് – ഞങ്ങളുടെ സോമംകൊണ്ട്. ഉറപ്പ് യുദ്ധസ്ഥൈര്യം.

[9] ഇവ – ഭൂമിയെത്താങ്ങുന്ന പര്‍വ്വതങ്ങളും മറ്റും.

[10] അയയ്ക്കപ്പെട്ട – വരാഹാസുരന്‍ കട്ടുവെച്ച ധനങ്ങൾ എടുത്തുകൊണ്ടു വരാന്‍. അവയെല്ലാം – ധനങ്ങളൊക്കെ. വരാഹവധേതിഹാസത്തിന്‍െറ ചുരുക്കമാണിത്.

[11] സാധകം – കാര്യം സാധിയ്ക്കുന്നത്. അടിച്ചുനോവിയ്ക്കുന്നവ – ശത്രുക്കളെ.

സൂക്തം 78.

കുരുസുതി ഋഷി; ഗായത്രിയും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, ശൂര, അവിടുന്നു ഞങ്ങളുടെ പുരോഡാശം ഭക്ഷിച്ചു്, ആയിരവും നൂറും ഗോക്കളെ കൊണ്ടുവന്നലും!1

അവിടുന്നു ഞങ്ങൾക്കു കറിയും എണ്ണയും ഗോവിനെയും അശ്വത്തെയും കൊണ്ടുവന്നാലും; ഒപ്പം കാമ്യങ്ങളായ കനകോപകരണങ്ങളും!2

ധർഷക, ഞങ്ങൾക്കു വളരെ കർണ്ണാഭരണങ്ങളും കൊണ്ടുവരിക: വസോ, പുകൾപ്പെട്ടവനാണല്ലൊ, അവിടുന്നു്!3

ഇന്ദ്ര, ശൂര, അവിടുന്നല്ലാതെ ഒരു വർദ്ധകനില്ല, ഒരു സുസ്ഥിതനില്ല, ഒരു ശോഭനദാനനില്ല, ഒഋത്വിക്കില്ല!4

ഇന്ദ്രങ്കൽ മുഷ്കു പറ്റില്ല; ശക്രനെ തോല്പിയ്ക്കവയ്യാ; താൻ എല്ലാം കേൾക്കുന്നു, കാണുന്നു!5

അദ്ദേഹം മനുഷ്യന്റെ അരിശത്തിന്ന്, അഹിംസിതനായിട്ടു പകരം ചെയ്യും; നിന്ദനത്തിന്നു മുമ്പുതന്നെ പകരം ചെയ്യും!6

വെമ്പലോടേ സോമം കുടിയ്ക്കുന്ന വൃത്രഹന്താവിന്റെ തിരുവയർ പരിചാരകന്റെ കർമ്മംകൊണ്ടേ നിറയുകയുള്ളു!7

സോമവാനേ, ഭഗവാങ്കൽ ചേർന്നുനില്ക്കുന്നു, സമ്പത്തുകളും സർവ്വസൗഭാഗ്യങ്ങളും, നിർവ്യാജങ്ങളായ ശോഭനദാനങ്ങളും!8

എന്റെ അഭിലാഷം യവത്തിനും ഗോവിന്നും പൊന്നിന്നും അങ്ങയെ തേടുന്നു; അശ്വത്തിന്നും അങ്ങയെത്തന്നെ!9

ഇന്ദ്ര, അങ്ങയോടുതന്നേ നേർന്നുകൊണ്ടു ഞാൻ അരിവാളും കയ്യിലെടുക്കുന്നു; മഘവാവേ, കൊയ്തതോ കൂട്ടിയതോ ആയ യവത്തിന്റെ ഒരു മുടികൊണ്ടു പൂർത്തിപ്പെടുത്തിയാലും!10

കുറിപ്പുകൾ: സൂക്തം 78.

[1] കൊണ്ടുവന്നാലും – ഞങ്ങൾക്ക്.

[3] പുകൾപ്പെട്ടവൻ – ദാനശീലനെന്നു്.

[4] സുസ്ഥിതൻ – യുദ്ധത്തിലും മറ്റും വഴിപോലെ വർത്തിയ്ക്കുന്നവൻ.

[7] സോമംകൊണ്ടുമാത്രം ഇന്ദ്രൻ തൃപ്തനാകില്ല; യഥാവിധി പരിചരണവും വേണം.

[8] സോമവാനേ – ഇന്ദ്ര.

[9] എന്റെ അഭിലാഷം നിറവേറ്റാൻ അവിടുന്നേ ഉള്ളൂ.

[10] മുടി – ഒരു കൈപ്പിടിയിലൊതുങ്ങുന്ന കറ്റ. പൂർത്തിപ്പെടുത്തിയാലും – നേർച്ച.

സൂക്തം 79.

ഭൃഗുഗോത്രൻ കൃത്നു ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സോമം ദേവത.

കർത്താവും, പിടിയിൽപ്പെടാത്തതും, വിശ്വജിത്തും, ഉദ്ഭിത്തും, ജ്ഞാനിയും, മേധാവിയും, സ്തുത്യവുമാണു്, ഈ സോമം!1

ഇതു നഗ്നത്തെ പുതപ്പിയ്ക്കും; എല്ലാ രോഗിയെയും ചികിത്സിയ്ക്കും. കണ്ണില്ലെങ്കിലും കാണും; കാലില്ലെങ്കിലും നടക്കും!2

സോമമേ, നീ മാറ്റാന്റെ മെലിയിയ്ക്കുന്ന മാട്ടുകളിൽ നിന്നു മഹത്തായ രക്ഷ നല്കും!3

ഋജീഷിൻ, നീ നിന്റെ ബുദ്ധികൊണ്ടും ശക്തികൊണ്ടും ദ്രോഹിയുടെ മാട്ടിനെ വാനിൽനിന്നും മന്നിൽനിന്നും തട്ടിനീക്കിയാലും!4

അർത്ഥികൾ ധനത്തിന്നായി ചെല്ലും; ദാതാവിന്റെ ദാനവും നേടും; (നീ അനുഗ്രഹിച്ചാൽ) യാചകന്റെ അഭിലാഷം നിറവേറും!5

മുമ്പു പോയതു കിട്ടിയാൽ, അതവനെ യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കും; യജ്ഞം തുടങ്ങിയവന്നു് ആയുസ്സു വർദ്ധിയ്ക്കും!6

സോമമേ, സുസുഖമായ—സുഖകരമായ—നീ ഞങ്ങളുടെ ഹ്യദയത്തിൽ ബുദ്ധിപ്രമാദമെന്നിയേ ഇളകാതെനിന്നു സുഖം കിട്ടിച്ചാലും!7

സോമമേ, അവിടുന്നു ഞങ്ങൾക്കു മൈവിറയലുണ്ടാക്കരുതു്; രാജാവേ, ഭീതി വരുത്തരുതു്; കത്തൽകൊണ്ടു ഞങ്ങളുടെ കരൾ വേവിയ്ക്കരുതു്!8

രാജാവേ, ഞാൻ സ്വന്തം പാർപ്പിടത്തിൽ ദേവകളുടെ ദുർബുദ്ധി കാണുന്നതെപ്പൊഴോ, അപ്പോൾ അവിടുന്നു ദ്രോഹികളെ തട്ടിനീക്കണം – വർഷക, ഹിംസകരെ തട്ടിനീക്കണം!9

കുറിപ്പുകൾ: സൂക്തം 79.

[1] വിശ്വജിത്തും, ഉദ്ഭിത്തും – ഇവ സോമയാഗങ്ങളാകുന്നു; ഇവയെ നിഷ്പാദിപ്പിയ്ക്കുന്നതു്.

[3] മാട്ടുകൾ – ആഭിചാരപ്രയോഗങ്ങൾ.

[4] ഋജീഷിൻ – സോമമേ.

[6] പോയതു – പോയ ധനം.

[8] ചന്ദ്രപര്യായമായ രാജശബ്ദം സോമത്തിന്റെയും പര്യായംതന്നെ.

[9] ദുർബുദ്ധി – ദ്വേഷപ്രസക്തി.

സൂക്തം 80.

നോധസ്സിന്റെ പുത്രൻ എകദ്യൂവ് ഋഷി; ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ദേവന്മാരും ദേവത.

ശതക്രതോ, സത്യം: മറ്റൊരു സുഖപ്രദനെ ഞാൻ കണ്ടിട്ടില്ല; ഇന്ദ്ര, അങ്ങ് ഞങ്ങളെ സുഖിപ്പിയ്ക്കുക!1

ഭവാൻ മുമ്പു ഞങ്ങളെ കഷ്ടപ്പെടുത്താതെ അന്നം തന്നു രക്ഷിച്ചുപോന്നുവല്ലോ; ഇന്ദ്ര, അതുപോലെ എന്നും ഞങ്ങളെ സുഖിപ്പിയ്ക്കുക!2

ഹേ ഇന്ദ്ര, ആരാധകനെ പ്രേരിപ്പിയ്ക്കുന്ന നിന്തിരുവടിതന്നെയാണു്, പിഴിയുന്നവന്നു രക്ഷിതാവ്; അതിനാൽ ഞങ്ങളിൽ തുലോം ത്രാണി കാണിച്ചാലും!3

ഇന്ദ്ര, വജ്രിൻ, ഞങ്ങളുടെ രഥം അവിടുന്നു രക്ഷിയ്ക്കണം: എന്റെ തേർ പിന്നിലായിപ്പോയാലും, അവിടുന്നു മുന്നിലാക്കണം!4

ഹേ, അവിടുന്നു മിണ്ടാതിരിയ്ക്കുന്നതെന്താണു്? ഞങ്ങളുടെ രഥം ഒന്നാമത്തതാക്കുക: ഇതാ, ആഹാരകാംക്ഷിയായ അന്നം(അങ്ങയുടെ)അരികിൽ!5

ഞങ്ങളുടെ ആഹാരകാംക്ഷിയായ രഥം നിന്തിരുവടി രക്ഷിയ്ക്കണം: എങ്ങും എന്തും, സുകരമാണല്ലോ, അവിടെയ്ക്ക്; ഞങ്ങളെ നന്നായി ജയിപ്പിച്ചാലും!6

ഇന്ദ്ര, ഭവാൻ ഉറച്ചുനില്ക്കുക: ഒരു പുരിയാണ,വിടുന്നു്. പകരം, ഇതാ, നല്ല യഥാകാലകർമ്മം ഭവാങ്കലണയുന്നു!7

(ഞങ്ങൾക്കു്) ഒരേടത്തും തിന്മ പറ്റരുതു്. അപ്പുറത്തു പരപ്പിൽ വെയ്ക്കപ്പെട്ടിട്ടുണ്ടു്, ധനം; ശത്രുക്കൾ തിരിഞ്ഞോടട്ടെ!8

അവിടുന്നു യജ്ഞസംബന്ധിയായ നാലാമത്തെപ്പേർ വഹിയ്ക്കുണമെന്നു ഞങ്ങൾ ആഗ്രഹിയ്ക്കുന്നതെപ്പൊഴോ, അപ്പോൾത്തന്നെ, രക്ഷിതാവായ നിന്തിരുവടി ഞങ്ങൾക്കു കിട്ടിയ്ക്കാറുണ്ടു്!9

മരണമില്ലാത്ത ദേവന്മാരേ, നിങ്ങളെയും ദേവിമാരെയും ഏകദ്യുവ് വർദ്ധിപ്പിയ്ക്കുന്നു, തൃപ്തിപ്പെടുത്തുന്നു; അവന്നു നിങ്ങൾ സമ്പത്തു പെരുപ്പിയ്ക്കുവിൻ! കർമ്മധനൻ പ്രഭാതത്തിൽ വെക്കം വന്നെത്തട്ടെ!10

കുറിപ്പുകൾ: സൂക്തം 80.

[3] പിഴിയുന്നവന്നു് – സോമം. ത്രാണി – രക്ഷണശക്തി.

[4] രക്ഷിയ്ക്കണം – യുദ്ധത്തിൽ.

[5] അഹാരകാംക്ഷിയായ അന്നം – ഞങ്ങൾക്കാഹാരം കിട്ടണമെന്നു കാംക്ഷിയ്ക്കുന്ന ഞങ്ങളുടെ ഹവിസ്സ്.

[7] നില്ക്കുക – യുദ്ധത്തിൽ. പുരി – പുരിപോലെ നിശ്ചലൻ. കർമ്മം – ഞങ്ങളുടെ.

[8] ധനം – ശത്രുക്കളുടെ; അവരെ ഓടിച്ച്, അതു ഞങ്ങൾക്കു തന്നാലും.

[9] നാലാമത്തെപ്പേര് – സോമയാജി എന്നതു്. കിട്ടിയ്ക്കാറുണ്ടു് – സോമയാജിത്വം.

[10] ഏകദ്യുവു് – ഞാൻ. വർദ്ധിപ്പിയ്ക്കുന്നു – സ്തുതികൊണ്ടു്. തൃപ്തിപ്പെടുത്തുന്നു – സോമംകൊണ്ടു്. കർമ്മധനൻ – ഇന്ദ്രൻ.

സൂക്തം 81.

കണ്വപുത്രൻ കസൂദി ഋഷി, ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, നിന്തിരുവടി ഉടൻതന്നെ ഞങ്ങൾക്കായി, സ്തുത്യവും മഹനീയവുമായ ഗ്രാഹ്യം വലിയ വലത്തുകയ്യിലെടുത്താലും!1

ഞങ്ങൾക്കറിയാം: അവിടെയ്ക്കു വളരെ കർമ്മമുണ്ടു്, വളരെ പ്രദേയമുണ്ടു്, വളരെ ധനമുണ്ടു്, വളരെ വലുപ്പമുണ്ടു്, രക്ഷകളുണ്ടു്!2

ശൂര, ദാനോദ്യതനായ അങ്ങയെ, ഒരു ഭയംകരവൃഷഭത്തെയെന്നപോലെ, ദേവന്മാരോ മനുഷ്യരോ തടുക്കുകയില്ല!3

നിങ്ങൾ വെക്കം വരുവിൻ: നാം ധനാധിപതിയായി വിണ്ണിൽ വിളങ്ങുന്ന ഇന്ദ്രനെ സ്തുതിയ്ക്കുക; ഒരു ധനവാൻ നമ്മെ എതിർക്കരുതു്.4

കൊണ്ടാടട്ടെ, ഏറ്റുപാടട്ടെ; സാമഗാനം ശ്രവിയ്ക്കുട്ടെ. ധനയുക്തനായി (നമ്മെ) സ്വീകരിയ്ക്കട്ടെ!5

ഇന്ദ്ര, ഭവാൻ ഞങ്ങൾക്കു കൊണ്ടുവരിക; വലംകൈകൊണ്ടും ഇടംകൈകൊണ്ടും തരിക. ഞങ്ങൾക്കു് സമ്പത്തിൽ ഇടിവു വരുത്തരുതു്!6

ധർഷക, ഭവാൻ ഒരുങ്ങുക: ആളുകളിൽ അറുപിശുക്കൻ ആരോ, അവന്റെ മുതൽ കൂസാതെ കൊണ്ടുവരിക!7

ഇന്ദ്ര, മേധാവികളാൽ സേവനീയമായ അന്നമുണ്ടല്ലോ, ഭവാന്റെപക്കൽ; അതു ഞങ്ങൾക്കു തന്നരുളുക!8

അങ്ങയുടെ സർവാഹ്ലാദകങ്ങളായ അന്നങ്ങൾ ഇപ്പോൾത്തന്നെ ഞങ്ങളിലെത്തട്ടെ: ഇച്ഛയേറിയവർ വെക്കം സ്തുതിയ്ക്കുന്നുണ്ടു്!9

കുറിപ്പുകൾ: സൂക്തം 81.

[1] ഗ്രാഹ്യം – ധനമെന്നർത്ഥം.

[2] പ്രദേയം—വിഭവം.

[3] ഒരു കൂറ്റൻകാള തീറ്റയ്ക്കിറങ്ങിയാൽ, അതിനെ ആർ തടുക്കും?

[4] സ്വജനങ്ങളോടു്: എതിർക്കരുതു് – ധനവാന്മാരിൽ മീതെയാകണം, നാം.

[5] ഇന്ദ്രൻ എന്നധ്യാഹരിയ്ക്കണം. കൊണ്ടാടട്ടെ – നമ്മുടെ സ്തുതിയെ. ധനയുക്തനായി – നമുക്കു തരാൻ ധനം കയ്യിലെടുത്തു്.

[6] കൊണ്ടുവരിക – ധനം.

[7] ഒരുങ്ങുക – ധനം കൈവശപ്പെടുത്താൻ.

[9] ഇച്ഛയേറിയവർ – ഞങ്ങളുടെ ആളുകൾ.

സൂക്തം 82.

കസീദി ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

വൃത്രഹന്താവേ, അവിടുന്നു യജ്ഞത്തിലെ സോമത്തിന്നു, ദൂരത്തുനിന്നോ ചാരത്തുനിന്നോ പാഞ്ഞുവന്നാലും!1

വരിക: മത്തുപിടിപ്പിയ്ക്കുന്ന കടുംസോമം പിഴിഞ്ഞിരിയ്ക്കുന്നു; കല്പിച്ചു നുകർന്നാലും. മിടുക്കോടെ എടുക്കാറുണ്ടല്ലോ, അവിടുന്ന്!2

ഇന്ദ്ര, ഭവാൻ അന്നംകൊണ്ടാഹ്ലാദിച്ചാലും: അപ്പോളടങ്ങും, അങ്ങയുടെ മികച്ച അരിശം; തിരുമനസ്സിൽ സുഖം ഉളവാകട്ടെ!3

നിസ്സപത്ന, ഭവാൻ സ്വർഗ്ഗത്തിൽനിന്നു വെക്കം വന്നാലും: അങ്ങയെ തിളങ്ങുന്ന യജ്ഞത്തിലെ ഉക്ഥങ്ങൾക്കു വിളിയ്ക്കുന്നുണ്ടു്!4

ഇന്ദ്ര, ഇതാ, അമ്മികൊണ്ടു പിഴിഞ്ഞു ഗവ്യം പകർന്നു സോമം അങ്ങയുടെ മത്തിന്നായി സുഖേന ഹോമിയ്ക്കപ്പെടുന്നു. 5

ഇന്ദ്ര, അവിടുന്നു് എന്റെ വിളി നന്നായി കേൾക്കുക: ഞങ്ങൾ പിഴിഞ്ഞു ഗവ്യം ചേർത്തതു മതിയാവോളം കുടിച്ചാലും!6

ഇന്ദ്ര, ഇതാ, അങ്ങയ്ക്കായി ചമസങ്ങളിലും ചമൂക്കളിലുമെല്ലാം പിഴിഞ്ഞുവെച്ചിരിയ്ക്കുന്നു: ഈ സോമം കുടിച്ചാലും; അവിടുന്നാണല്ലോ, ഇതിന്റെ ഉടമസ്ഥൻ!7

യാതൊന്നു, ചന്ദ്രൻ വെള്ളത്തിലെന്നപോലെ ചമൂവിൽ കാണപ്പെടുന്നുവോ; ആ സോമം കുടിച്ചാലും; അവിടുന്നാണല്ലോ, ഇതിന്റെ ഉടമസ്ഥൻ!8

ശത്രുക്കൾ തീണ്ടിയിട്ടില്ലാത്ത യാതൊന്നിനെ, പരുന്തു് അങ്ങയ്ക്കായി ആൾക്കാരെ തട്ടിനീക്കി റാഞ്ചി ക്കൊണ്ടുപോന്നുവോ; അതു കുടിച്ചാലും. അവിടുന്നാണല്ലോ, ഇതിന്റെ ഉടമസ്ഥൻ!9

കുറിപ്പുകൾ: സൂക്തം 82.

[2] എടുക്കാറുണ്ടുല്ലോ—സോമം.

[3] അന്നം – സോമം. ഉളവാകട്ടേ – സോമപാനത്താൽ.

[4] ഉക്ഥങ്ങൾക്കു – ശസ്ത്രസ്തോത്രങ്ങൾ കേൾപ്പാൻ വിളിയ്ക്കുന്നുണ്ടു് – സ്തോതാക്കൾ.

[6] ചേർത്തതു – ചേർത്ത സോമം.

[7] ചമൂക്കൾ – പാത്രവിശേഷങ്ങൾ.

[9] ആൾക്കാരെ – കാവല്ക്കാരായ ഗന്ധർവന്മാരെ. പരുന്തിന്റെ സോമാഹരണം മുമ്പു പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ടു്. പക്ഷിരൂപംധരിച്ച ഗായത്രിയത്രേ, ഈ പരുന്തു്.

സൂക്തം 83.

കുസീദി ഋഷി; ഗായത്രി ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത.

വൃഷാക്കളായ ദേവന്മാരുടെ മഹത്തായ രക്ഷ യാതൊന്നോ, അതിനെത്തന്നെ ഞങ്ങൾ, ഞങ്ങളെ കാത്തരുളാൻ വരിച്ചുകൊള്ളുന്നു.1

ആ പ്രകൃഷ്ടജ്ഞാനന്മാരായ വരുണനും മിത്രനും ആര്യമാവും ഞങ്ങളെ സദാ തുണയ്ക്കട്ടെ; വളർത്തുകയും ചെയ്യട്ടെ!2

യജ്ഞത്തിന്റെ തേരാളികളേ, നിങ്ങൾ ഞങ്ങളെ, തോണികൊണ്ടു വെള്ളത്തിന്റെയെന്നപോലെ, ബഹുകർമ്മങ്ങളുടെ മറുകരയിലണയ്ക്കുവിൻ!3

അര്യമാവേ, ഞങ്ങൾക്കു ധനം കൈവരട്ടെ: വരുണ, സ്തുത്യമായ ധനം കൈവരട്ടെ: ധനം യാചിയ്ക്കുന്നുണ്ടല്ലോ, ഞങ്ങൾ!4

പ്രകൃഷ്ടജ്ഞാനന്മാരേ, വിദ്വേഷികളെ തട്ടിനീക്കുന്ന നിങ്ങൾ തന്നെയാണല്ലോ, ധനത്തിന്റെ അധിപതികൾ; ആദിതേയരേ, പാപത്തിന്റെ പണം ഇവന്നു വേണ്ടാ!5

ശോഭനദാനരായ ദേവന്മാരേ, ഗൃഹസ്ഥരായ ഞങ്ങൾ, വഴിയിൽ നടക്കുമ്പോഴും, നിങ്ങളെത്തന്നെ, അഭിവൃദ്ധിയ്ക്കായി വിളിയ്ക്കുന്നു!6

ഹേ ഇന്ദ്ര, വിഷ്ണോ, മരുത്തുക്കളേ, അശ്വികളേ, നിങ്ങൾ ഞങ്ങളെ, ഈ സജാതീയരിൽവെച്ചു, സമീപിച്ചാലും!7

ശോഭനദാനന്മാരേ, സാമാന്യമായും ഈ രണ്ടായും മാതൃഗർഭത്തിൽ ഭവിച്ച (നിങ്ങളുടെ) ഭ്രാതൃത്വത്തെ ഞങ്ങൾ വെളിപ്പെടുത്തുന്നു!8

ശോഭനദാനന്മാരേ, തേജസ്സു പൂണ്ട നിങ്ങൾ ഇന്ദ്രനെപ്പിൻതുടർന്നു വന്നെത്താറുണ്ടല്ലോ; ഉടനേ ഞാൻ പേർത്തുപേർത്തു സ്തുതിയ്ക്കും!9

കുറിപ്പുകൾ: സൂക്തം 83.

[5] പാപത്തിന്റെ പണം – ദുഷ്കർമ്മാർജ്ജിതമായ ധനം. ഇവന്നു – എനിയ്ക്കു്.

[7] സജാതീയർ – ഭ്രാതൃരിത്രാദികൾ.

[8] സാമാന്യമായും ഈരണ്ടാലും – ആദ്യം സാമാന്യമായിട്ട്, പിന്നെ ഈരണ്ടായിട്ട്. ദേവന്മാർ ഇരട്ടയിരട്ടയായിട്ടത്രേ, മാതൃ(അദിതി) ഗർഭത്തിൽ നിന്നു് ജനിച്ചതു്.

സൂക്തം 84.

കവിപുത്രൻ ഉശനസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ)

വാഴ്ത്തുന്നേൻ, ഭവാന്മാർക്കായ് ഞാൻ –
പ്രേഷ്ഠാതിഥിയാമഗ്നിയെ,
മിത്രംപോലൻപണപ്പോനെ,
നൽത്തേർപോലെ ലാഭദനെ.1
വിദ്യോദാരകവിയെപ്പോ –
ലി,ദ്ദേഹത്തെയമരന്മാർ
രണ്ടുമട്ടിൽ നിയമിച്ചു.
കൊണ്ടാർ, മർത്ത്യപ്പരിഷയിൽ:2
സത്താരുണ്യ, രക്ഷിയ്ക്ക, നീ
ദത്താന്നരാം നേതാക്കളെ;
ശ്രദ്ധയാ കേൾ, നുതി; താൻതാൻ
പുത്രനെയും പാലിയ്ക്ക, നീ!3
എങ്ങനെ പുകഴ്ത്തേണ്ടൂ, ഞാ –
നംഗിരസ്സാമഗ്നേ, ദേവ,
അന്നപുത്ര, വരേണ്യനും
പിന്നിടുന്നോനുമാം നിന്നെ?4
ഏതൊരു യഷ്ടാവിനുടെ
ചേതസ്സോടെ തരേണ്ടൂ, ഞാൻ?
എന്നാളിൽ ഞാനി,താ, നമ –
സ്സെന്നോതേണ്ടൂ, ബലസൂനോ?5
അങ്ങുന്നുതാനരുളേണം,
ഞങ്ങൾതൻ സ്തവത്തിന്നെല്ലാം
ധന്യമായ ഗൃഹത്തെയു,-
മന്നത്തെയും ധനത്തെയും!6
ആർതൻ പുരുകർമ്മങ്ങൾക്കാം
പ്രീതി ചേർപ്പതി,പ്പോൾ ബ്ഭവാൻ?
ഗോതതിയുണ്ടാമല്ലോ, നിൻ
സ്തോതാവിന്നു ഗൃഹപതേ!7
പോരിൽ മുന്നിൽച്ചെല്ലും ബലോ –
ദാരനാമസ്സുപ്രജ്ഞനെ
പാരം മോടിപ്പെടുത്തുന്നു,
(ധീരർ) നിജഗൃഹങ്ങളിൽ!8
സാരക്ഷേമം വാഴു,മവ; –
നാരും കൊല്ലില്ല,വൻ കൊല്ലും;
പാരം വളരുമേ, നല്ല
വീരന്മാരൊത്തവനഗ്നേ!9
കുറിപ്പുകൾ: സൂക്തം 84.

[1] യജമാനരോടു്: പ്രേഷ്ഠാതിഥി = ഏറ്റവും പ്രിയനായ അതിഥി. നൽത്തേർപോലെ – തേർ ധനലാഭമുണ്ടാക്കുമല്ലോ.

[2] വിദ്യോദാരകവിയെ – ഉൽക്കൃഷ്ടജ്ഞാനനായ ഒരു ക്രാന്തകർമ്മാവിനെ ഇരുകാര്യങ്ങളിൽ ഏർപ്പെടുത്താറുണ്ടല്ലോ. അതുപോലെ അഗ്നിയെ രണ്ടുമട്ടിൽ ഗാർഹപത്യൻ, ആഹവനീയൻ എന്ന നിലകളിൽ – നിയമിച്ചു.

[3] സത്താരുണ്യ = നല്ല യൗവ്വനത്തോടുകൂടിയവനേ. ദത്താന്നരാം നേതാക്കളെ – ഹവിസ്സർപ്പിച്ച യജമാനരെ. പുത്രൻ – ഞങ്ങളുടെ മകൻ.

[4] അന്നപുത്ര – അന്നം (ഹവിസ്സു)കൊണ്ടു വളരുന്നവനാകയാലാണു്, അന്നപുത്രത്വം കല്പിച്ചിരിയ്ക്കുന്നതു്. പിന്നീടുന്നോനും – ശത്രുക്കളെ.

[5] തരേണ്ടൂ – ഹവിസ്സ് ഞാൻ എങ്ങനെ യജിയ്ക്കും, എന്നു വണങ്ങി സ്തുതിയ്ക്കും?

[6] സ്തുതിയ്ക്കുന്ന ഞങ്ങൾക്കു നല്ല ഗൃഹവും അന്നവും ധനവും അരുളണം (തരണം) എന്നർത്ഥം.

[7] പ്രീതി ചേർപ്പത് – അഗ്നി സന്നിഹിതനായാൽ, കർമ്മങ്ങൾക്ക് പ്രീതിയായി. ഭവാൻ ഇപ്പോൾ ഏതൊരു കർമ്മവാന്റെ അടുക്കലായിരിയ്ക്കാം? നിന്നെ സ്തുതിച്ചാൽ ഗോക്കളെ കിട്ടുമല്ലോ; ഞങ്ങളും സ്തുതിയ്ക്കുന്നു. ഗൃഹപതേ – ഗാർഹപത്യരൂപിൻ.

[8] സുപ്രജ്ഞനെ – അഗ്നിയെ. മോടിപ്പെടുത്തുന്നു – പരിചരിയ്ക്കുന്നു. ധീരർ – ധീമാന്മാർ, യജമാനന്മാർ.

[9] അവൻ – ആർ അങ്ങയെ സ്തുതിയ്ക്കുമോ, അവൻ. സാരക്ഷേമം – പ്രബലമായ ക്ഷേമത്തോടെ. കൊല്ലൂം – ശത്രുക്കളെ. വീരന്മാർ – പുത്രാദികൾ.

സൂക്തം 85.

അംഗിരോഗോത്രൻ കൃഷ്ണൻ ഋഷി; ഗായത്രി ഛന്ദസ്സ്; അശ്വികൾ ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

അശ്വികളേ, മമ വിളി
(തൃച്ചെവിക്കൊണ്ടി)രുവരും
ആഗമിപ്പിൻ, നാസത്യരേ,
സോമമധു കുടിയ്ക്കുവാൻ.1
എന്നുടെയിസ്തുതിയെയു, –
മെന്നുടെയീ വിളിയെയും
ആകർണ്ണിപ്പിന,ശ്വികളേ,
സോമമധു കുടിയ്ക്കുവാൻ.2
അന്നധനസമേതരാ –
മശ്വികളേ, കൃഷ്ണനിതാ,
നിങ്ങളെ വിളിച്ചിടുന്നു,
സോമമധു കുടിയ്ക്കുവാൻ3
നേതാക്കളെ, നുതി ചൊല്ലും
സ്തോതാവായ കൃഷ്ണനുടെ
ആഹ്വാനം കേൾക്കുവിൻ, നിങ്ങൾ
സോമമധു കുടിയ്ക്കുവാൻ!4
മേധാവിയാം സ്തോതാവിന്നു,
ബാധയേശാത്തൊരു ഗൃഹം
നേതാക്കളെ, തന്നരുൾവിൻ,
സോമമധു കുടിയ്ക്കുവാൻ!5
ഇപ്രകാരം സ്തുതിപ്പോനാ –
മർപ്പകന്റെ ഗൃഹത്തിങ്കൽ
ആഗമിപ്പി,നശ്വികളേ,
സോമമധു കുടിയ്ക്കുവാൻ!6
വിത്തവർഷികളേ, നിങ്ങ –
ളത്രയ്ക്കുറപ്പൊത്ത തേരിൽ
രാസഭത്തെപ്പൂട്ടിയാലും,
സോമമധു കുടിയ്ക്കുവാൻ!7
മുമ്മറകൾ, മുന്നുകത്ത –
ണ്ടി – മ്മട്ടൊത്ത തേരിലൂടെ
ആഗമിപ്പിന,ശ്വികളേ,
സോമമധു കുടിയ്ക്കുവാൻ!8
അശ്വികളേ, നാസത്യരേ,
തൽക്ഷണമെൻനുതികളെ
ക്ഷേമപ്പെടുത്തുവിൻ, നിങ്ങൾ
സോമമധു കുടിയ്ക്കുവാൻ!9
കുറിപ്പുകൾ: സൂക്തം 85.

[3] അന്നധനസമേതർ = അന്നത്തോടും ധനത്തോടും കൂടിയവർ. കൃഷ്ണൻ – ഞാൻ.

[4] ആഹ്വാനം – വിളി.

[5] സോമമധു കുടിയ്ക്കുവാൻ – എനിയ്ക്കു ഗൃഹം തന്നാൽ, ഞാൻ നിങ്ങൾക്കു സോമം നിവേദിയ്ക്കും.

[6] അർപ്പകൻ – ഹവിർദ്ദാതാവു്.

[7] രാസഭം – അശ്വത്തിന്റെ പേര്.

[8] മൂന്നു മറകളും, മൂന്നു നുകത്തുണ്ടുകളുമുള്ള.

[9] ക്ഷേമപ്പെടുത്തുവിൻ – സ്വീകരിയ്ക്കുവിൻ എന്നു സാരം.

സൂക്തം 86.

കൃഷ്ണപുത്രൻ വിശ്വകനോ, കൃഷ്ണൻതന്നെയോ ഋഷി; ജഗതി ഛന്ദസ്സ്; അശ്വികൾ ദേവത.

ദസ്രരേ, സുഖമുളവാക്കുന്ന വൈദ്യന്മാരായ നിങ്ങളിരുവരും ദക്ഷന്റെ സ്തുതിയിൽ സംബന്ധിച്ചുവല്ലോ; ആ നിങ്ങളെ വിശ്വകൻ പുത്രലാഭത്തിനായി വിളിയ്ക്കുന്നു. നമ്മുടെ സഖ്യം നിങ്ങൾ വിടുർത്തരുതു് (കടിഞാണ)ഴയ്ക്കുവിൻ!1

എങ്ങനെയായിരിയ്ക്കാം, നിങ്ങളെ പണ്ടു വിമനസ്സു സ്തുതിച്ചതു് ? മികച്ച ധനം നേടാൻ ബുദ്ധികൊടുത്തുവല്ലോ, നിങ്ങൾ. ആ നിങ്ങളെ വിശ്വകൻ പുത്രലാഭത്തിന്നായി വിളിയ്ക്കുന്നു. നമ്മുടെ സഖ്യം നിങ്ങൾ വിടുർത്തരുതു്; കടിഞാണഴയ്ക്കുവിൻ!2

വളരെയാളുകളെ ഊട്ടുന്നവരേ, നിങ്ങൾതന്നെയാണല്ലോ, വിഷ്ണാപൂവിന്നു മികച്ച ധനം നേടാൻ ഈ വളർച്ചയുണ്ടാക്കിയതു്; ആ നിങ്ങളെ വിശ്വകൻ പുത്രലാഭത്തിന്നായി വിളിയ്ക്കുന്നു. നമ്മുടെ സഖ്യം നിങ്ങൾ വിടുർത്തരുതു്; കടിഞാണഴയ്ക്കുവിൻ!3

ആ ദൂരത്തുതന്നെ മേവുന്ന വീരനെ, സമാർജ്ജതധനനെ, ഋജീഷിയെ ഞങ്ങൾ രക്ഷയ്ക്കായി വിളിയ്ക്കുന്നു: അവന്റെ നല്ല സ്തുതി, അച്ഛന്റേതുപോലെ മധുരതരമാണല്ലോ. നമ്മുടെ സഖ്യം നിങ്ങൾ വിടുർത്തരുതു്; കടിഞാണഴയ്ക്കുവിൻ!4

സവിതാവായ ദേവൻ സത്യകൊണ്ടടങ്ങുന്ന; സത്യത്തിന്റെ കൊടുമുടിയെ വിശാലമാംവണ്ണം പരത്തുന്നു. യുദ്ധോദ്യതന്റെ കനത്ത ബലത്തെയും സത്യം കീഴമർത്തുന്നു. നമ്മുടെ സഖ്യം നിങ്ങൾ വിടുർത്തരുതു്; കടിഞാണഴയ്ക്കുവിൻ!5

കുറിപ്പുകൾ: സൂക്തം 86.

[1] ദക്ഷൻ – ദക്ഷപ്രജാപതി. സഖ്യം – സേവ്യസേവകത്വജനിയമായ മൈത്രി. കടിഞാണഴയ്ക്കുവിൻ – ഇങ്ങോട്ടു പോരാൻ തേരിൽക്കേറി, കുതിരകളുടെ കടിഞ്ഞാൺ (അവ വേഗത്തിലോടാൻ) അഴച്ചുപിടിയ്ക്കുവിൻ.

[2] വിമനസ്സ് – ഒഋഷി. കൊടുത്തുവല്ലോ – വിമനസ്സിന്ന്.

[3] വിഷ്ണാപൂവ് – വിശ്വകന്റെ പുത്രൻ.

[4] വീരനെ—വിഷ്ണാപൂവിനെ.

[5] അടങ്ങുന്നു – സായംകാലത്തു ശാന്തകിരണനായിത്തീരുന്നു. പരത്തുന്നു – പ്രാതഃകാലത്തു് ഇത്ര മഹത്തായ സത്യത്തെ നിങ്ങളും അനുവർത്തിയ്ക്കണം – സേവ്യൻ സേവകന്റെ സഖാവായിനില്ക്കണം.

സൂക്തം 87.

വസിഷ്ഠപുത്രൻ ദ്യുമ്നീകനോ, അംഗിരോഗോത്രൻ പ്രിയമേധനോ, കൃഷ്ണൻതന്നെയോ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

അശ്വികളേ, നിങ്ങളെ സ്തുതിയ്ക്കുന്നതിനാൽ ദ്യുമ്നീകൻ, മഴയാൽ കിണറുപോലെ (വളരും) നിങ്ങൾ സോമനീരിന്നെഴുന്നള്ളുവിൻ: അവൻ യജ്ഞത്തിൽ അരിമപ്പെടും. നേതാക്കളേ, നിങ്ങൾ, ജലാശയത്തിൽ രണ്ടു ഗൗരമൃഗങ്ങൾപോലെ പാനംചെയ്യുവിൻ!1

അശ്വികളേ, മഹാവീരത്തിലെ മധു കുടിയ്ക്കുവിൻ; നേതാക്കളേ, ദർഭയിലിരിയ്ക്കുവിൻ. ആ നിങ്ങൾ മനുഷ്യന്റെ ഗൃഹത്തിൽ മത്തു പൂണ്ടു, ധനവും ആയുസ്സും രക്ഷിച്ചരുളുവിൻ!2

നിങ്ങളെയും എല്ലാ രക്ഷകളെയും പ്രിയമേധൻ വിളിച്ചുവല്ലോ; അതിനാൽ നിങ്ങൾ ദർഭ മുറിച്ചവന്റെ തികഞ്ഞ ഹവിസ്സിനായി പുലർകാലത്തു ഗൃഹത്തിലെഴുന്നള്ളുവിൻ!3

അശ്വികളേ, നിങ്ങൾ സോമമധു നുകരുവിൻ; അഴകോടേ ദർഭയിലിരിയ്ക്കുവിൻ. അങ്ങനെ വളർച്ചകൊള്ളുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ നിന്നു ശോഭാനസ്തുതിയിലെയ്ക്കു, രണ്ടു ഗൗരമൃഗങ്ങൾ ജലാശയത്തിലെയ്ക്കെന്നപോലെ വരുവിൻ!4

അശ്വികളേ, നിങ്ങൾ ഉടനേ ദേഹത്തിൽ എണ്ണയിഴുകിയ കുതിരകളിലൂടെ വന്നെത്തുവിൻ: ദസ്രരേ, പൊന്നിൻതേരുള്ളവരേ, ഉദകരക്ഷികളേ, സത്യവർദ്ധകരേ, സോമം കുടിയ്ക്കുവിൻ!5

അശ്വികളേ, സ്തുതിയ്ക്കുന്ന മേധാവികളായ ഞങ്ങൾ അന്നം കിട്ടാൻ നിങ്ങളെത്തന്നെ വിളിച്ചുകൊള്ളുന്നു: ദസ്രരേ, മിടുക്കോടേ നടക്കുന്നവരും ബഹുകർമ്മാക്കളുമായ നിങ്ങൾ സ്തുതി കേട്ടു വെക്കം വന്നെത്തുവിൻ!6

കുറിപ്പുകൾ: സൂക്തം 87.

[1] അവൻ (ദ്യുമ്നീകൻ) അടിമപ്പെടും – സ്തോതൃത്വത്താൻ നിങ്ങൾക്കു പ്രിയനായിവരും. പാനം ചെയ്യുവിൻ – സോമം.

[2] മധു – പാലും സോമവും. ധനവും ആയുസ്സും – അവന്റെ.

[3] ദർഭ മുറിച്ചവന്റെ—യജമാനന്റെ.

[5] ദേഹത്തിൽ എണ്ണയിഴുകിയ – സ്നിഗ്ദ്ധവപുസ്സുകളായ.

സൂക്തം 88.

ഗോതമഗോത്രൻ നോധസ്സ് ഋഷി; പ്രഗാഥം ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

പാത്രത്തിലെ സോമംകൊണ്ടു മത്തുപിടിയ്ക്കുന്നവനും, അമിത്രരെ അമർത്തുന്നവനും, ദർനീയനുമായ നിങ്ങളുടെ ആ ഇന്ദ്രനെ ഞങ്ങൾ അഹസ്സുകളിൽ, പൈക്കൾ കുട്ടിയെയെന്നപോലെ, നോക്കി സ്തുതിച്ചുകൊള്ളുന്നു.1

ബലങ്ങളാൽച്ചുറ്റപ്പെട്ടു മലപോലിരിയ്ക്കുന്നവനും, വളരെയാളുകളാൽ ഊട്ടപ്പെടേണ്ടവനും, വിണ്ണിൽ വാഴുന്നവനുമായ ശോഭനദാനനോടു് ഞങ്ങൾ ഒച്ചപ്പെട്ട, നൂറായിരം ധനത്തോടും ഗോക്കളോടും കൂടിയ അന്നം ചിക്കെന്നു യാചിയ്ക്കുന്നു.2

ഇന്ദ്ര, നിന്തിരുവടിയെ ഉറപ്പുറ്റ പെരുമലകൾ പോലും തടുക്കുകയില്ല – അങ്ങ് എന്നെപ്പോലെയുള്ള ഒരു സ്തോതാവിന്നു കൊടുക്കാൻ നിശ്ചയിച്ചാൽ, ആ ധനം ആരും തട്ടിക്കളയില്ല!3

ഭവാൻ പഠിപ്പും കെല്പുമുള്ള ഒരു പടയാളിയാണു്. നിലവിളിപ്പിയ്ക്കുന്ന വിക്രമംകൊണ്ടു സകലരെയും കീഴമർത്തും. ഗോതമരാൽ ആവിഷ്കൃതനായ ആ നിന്തിരുവടിയെ ഈ സ്തോതാവ് രക്ഷയ്ക്കായി ഇങ്ങോട്ടു തിരിയിയ്ക്കുന്നു!4

ഇന്ദ്ര, അവിടുന്നു് ഓജസ്സുകൊണ്ടു സ്വർഗ്ഗത്തിന്റെ ചുറ്റളവിനെക്കാൾ കവിഞ്ഞിരിയ്ക്കുന്നു; ഭൂലോകവും അങ്ങയോടൊക്കില്ല. ആ നിന്തിരുവടി അന്നം തരാനുറച്ചാലും!5

മഘവാവേ, അവിടുന്ന് ഹവിർദ്ദാതാവിന്നു കല്പിച്ചുകൊടുക്കുമ്പോൾ, അങ്ങയുടെ ആ ധനത്തെ ആരു വിലക്കില്ല. അയച്ചുകൊടുക്കുന്ന അത്യുദാരനായ ഭവാൻ, ഞങ്ങളുടെ സ്തുതി അന്നം കിട്ടാനാണെന്നറിഞ്ഞാലും!6

കുറിപ്പുകൾ: സൂക്തം 88.

[1] ഋത്വിഗ്യജമാനരോട്: പൈക്കൾ കുട്ടിയെ എന്നപോലെ—പെറ്റ പൈകൾ തൊഴുത്തിൽ കുട്ടിയെനോക്കി ഉമ്പയിടുന്നതുപോലെ.

[2] ഊട്ടപ്പെടേണ്ടവൻ – ഹവിസ്സർപ്പിയ്ക്കപ്പെടേണ്ടവൻ.

[4] ഗോതമർ – ഗോതമഗോത്രക്കാർ. ആവിഷ്കൃതനായ – യജ്ഞത്തിൽ പ്രത്യക്ഷനാക്കപ്പെട്ട. ഈ സ്തോതാവ്-ഞാൻ.

[6] അയച്ചുകൊടുക്കുന്ന – സ്തോതാക്കൾക്കു് ധനം.

സൂക്തം 89.

അംഗിരോഗോത്രരായ നൃമേധനും പുരുമേധനും ഋഷികൾ; പ്രഗാഥവും അനുഷ്ടപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

മിതസ്വരന്മാരേ, തുലോം പാപനാശനമായ ബൃഹത്സാമം നിങ്ങൾ ഇന്ദ്രനായി പാടുവിൻ: ഇതുകൊണ്ടാണല്ലോ യജ്ഞവർദ്ധകന്മാർ ദേവന്നുവേണ്ടി, ഉണർവേകി വിളങ്ങുന്ന ജ്യോതിസ്സിനെ ആവിർഭവിപ്പിച്ചതു്!1

അസ്തോതാക്കളെ ഹനിയ്ക്കുന്ന ഇന്ദ്രൻ ശത്രുബാധകൾ പോക്കി തിളങ്ങുന്ന പുകൾ നേടിയിരിയ്ക്കുന്നു. ഇന്ദ്ര, തേജസ്സേറിയവനേ, മരുത്ത്വാനേ, ദേവന്മാർ സഖ്യത്തിന്ന് അങ്ങയെ പിടിച്ചുനിർത്തുന്നു!2

മിതസ്വരന്മാരേ, നിങ്ങളുടെ മഹാനായ ഇന്ദ്രന്നു നിങ്ങൾ ബൃഹത്തു ചൊല്ലുവിൻ: ആ പാപനാശനനായ ശതക്രതു നൂറുമൊട്ടുള്ള വജ്രംകൊണ്ടു വൃതനെ വധിയ്ക്കട്ടെ!3

കീഴമർത്തലിൽ മനസ്സുപതിഞ്ഞവനേ, വളരെ അന്നമുണ്ടല്ലോ, ഭവാന്റെപക്കൽ; അതു കൂസാതെ കൊണ്ടു വന്നാലും. അമ്മമാരായ തണ്ണീരുകൾ വേഗത്തിൽ ഇറങ്ങിവരട്ടെ: ഭവാൻ മേഘത്തെ പിളർത്തുക; സകലത്തെയും ജയിയ്ക്കുക!4

ഒന്നാമനായ മഘവാവേ, വൃത്രവധത്തിന്നാണല്ലോ, ഭവാൻ പിറന്നതു്; അതോടേ, മന്നിനെ ഉറപ്പിച്ചു; വിണ്ണിന്നൂന്നും കൊടുത്തു!5

അതോടെ യജ്ഞം പിറന്നു: മന്ത്രവും പുഞ്ചിരിയിട്ടു. ജനിച്ചതും, ജനിപ്പാനിരിയ്ക്കുന്നതുമായ ജഗത്തെല്ലാം അവിടുന്നു കീഴടക്കി!6

നിന്തിരുവടി ഇളംപൈക്കളിൽ കൊഴുത്ത പാൽ വെച്ചു. സൂര്യനെ വാനിൽ കേറ്റി. നിങ്ങൾ (ഇന്ദ്രനെ) നല്ല സ്തുതികൾകൊണ്ടു, സാമങ്ങൾകൊണ്ടു മഹാവീരത്തെയെന്നപോലെ ചൂടുപിടിപ്പിയ്ക്കുവിൻ – സ്തുതിസേവ്യനായി ബൃഹത്തു (പാടുവിൻ)!7

കുറിപ്പുകൾ: സൂക്തം 89.

[1] സ്തോതാക്കളോടു്: യജ്ഞവർദ്ധകന്മാർ – ദേവന്മാർ. ദേവൻ – ഇന്ദ്രൻ. ജ്യോതിസ്സിനെ—സൂര്യനെ.

[2] ഉത്തരാർദ്ധം പ്രത്യക്ഷം:

[3] സ്തോതാക്കളോടു്: ബൃഹത്ത് – ബൃഹത്സാമം.

[4] കീഴമർത്തലിൽ – ശത്രുക്കളെ കീഴമർത്തുന്നതിൽ. അമ്മമാർ – പോറ്റി വളർത്തുന്നവ.

[6] പുഞ്ചിരിയിട്ടു – സന്തോഷിച്ചു.

[7] സൂര്യനെ വാനിൽ കേറ്റി – അസുരന്മാർ ഗോക്കളെ ഒളിപ്പിച്ച, ഇരുളടഞ്ഞ സ്ഥലം കണ്ടുപിടിപ്പാൻ. ഉത്തരാർദ്ധം സ്തോതാക്കളോടു്: ചൂടുപിടിപ്പിയ്ക്കുവിൻ – ഉശിർപിടിപ്പിയ്ക്കുവിൻ.

സൂക്തം 90.

നൃമേധനും പുരുഷമേധനും ഋഷികൾ; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ: ഇന്ദ്രൻ ദേവത.

അറാത്ത വിൽ ഞാണുള്ളവൻ, സ്തുതികൊണ്ടു് അഭിമുഖനാക്കപ്പെടേണ്ടവൻ, ആഹവങ്ങളിലെല്ലാം ആഹ്വാതവ്യൻ – ഇങ്ങനെയുള്ള വൃത്രഘ്നനായ ഇന്ദ്രൻ നമ്മുടെ സ്തോത്രങ്ങളെയും സവനങ്ങളെയും സമാസ്വദിയ്ക്കട്ടെ!1

ഒന്നാമനായ ധനദാതാവണു്, നിന്തിരുവടി; ഐശ്വര്യം നല്കുന്ന സത്യമർമ്മാവുമാണു് അതിനാൽ, ബഹുധനനും ബലസുതനുമായ മഹാനോടു ഞങ്ങൾ തക്കവ യാചിച്ചുകൊള്ളുന്നു.2

ഇന്ദ്ര, സ്തുതികൊണ്ടു വശീകരിയ്ക്കപ്പെടേണ്ടവനേ, അങ്ങയെക്കുറിച്ചു് അത്യുക്തിയില്ലാത്ത സ്തോത്രം ചമയ്ക്കപ്പെട്ടിരിയ്ക്കുന്നു: ഇന്ദ്ര, അങ്ങയ്ക്കു യോഗ്യമായ അതു ഞങ്ങൾ ചൊല്ലാം; ഹര്യശ്വ, കേട്ടാലും!3

മഘവാവേ, തലകുനിയ്ക്കാത്ത സത്യകർമ്മാവായ ഭവാൻ വളരെ രക്ഷസ്സുകളെ കുമ്പിടുവിച്ചിരിയ്ക്കുന്നുവല്ലോ; ബലിഷ്ഠ, വജ്രപാണേ, ആ നിന്തിരുവടി ഹവിർദ്ദാതാവിന്നു ധനം ഇങ്ങോട്ടയച്ചാലും!4

ഇന്ദ്ര, ബലപാലക, ഋജീഷവാനായ ഭവാൻ പുകൾപ്പെട്ടിരിയ്ക്കുന്നു: അകറ്റാൻ വയ്യാത്ത, എതിരില്ലാത്ത രക്ഷസ്സുകളെ അവിടുന്നു തനിയേ മനുഷ്യരക്ഷിയായ (വജ്രംകൊണ്ടു) വധിച്ചുവല്ലോ!5

ബലവാനേ, പ്രകൃഷ്ടജ്ഞാനനായ നിന്തിരുവടിയോടു ഞങ്ങൾ, ഭാഗമെന്നപോലെ ധനം യാചിയ്ക്കുന്നു. ഇന്ദ്ര, വലിയ യശസ്സുപോലെ ഗൃഹവുമുണ്ടല്ലോ, അങ്ങയ്ക്ക്; അങ്ങയുടെ ആ സുഖങ്ങളും ഞങ്ങളിലെത്തട്ടെ!6

കുറിപ്പുകൾ: സൂക്തം 90.

[2] പ്രത്യക്ഷോക്തി: തക്കവ – ധനങ്ങൾ.

[6] ഭാഗമെന്നപോലെ – മക്കൾ അച്ഛന്റെ സ്വത്തിൽ തങ്ങൾക്കുള്ള പങ്ക് അപേക്ഷിയ്ക്കുന്നതുപോലെ.

സൂക്തം 91.

അത്രിപുത്രി അപാല ഋഷി; പംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

വെള്ളത്തിന്നുപോയ സ്ത്രീയ്ക്കു വഴിയിൽവെച്ചു് ഒരു സോമലത കിട്ടി; അതു ഗൃഹത്തിലെയ്ക്കു കൊണ്ടുപോരുമ്പോൾ അവൾ പറഞ്ഞു:-‘നിന്നെ ഞാൻ ഇന്ദ്രന്നായി പിഴിയാം – നിന്നെ ഞാൻ ശക്രന്നായി പിഴിയാം!’1

വീരനായി വിളങ്ങുന്ന ഭവാൻ ഗൃഹത്തിൽ ചെല്ലാറുണ്ടല്ലോ; ആ ഭവാൻ, പല്ലുകൾകൊണ്ടു പിഴിഞ്ഞു സ്തോത്രം ചൊല്ലപ്പെട്ട ഇതു പൊരിയവിലിനോടും മലർപ്പൊടിയോടും അപ്പങ്ങളോടുംകൂടി കുടിച്ചാലും!2

ഞങ്ങൾക്കു് അങ്ങയെ അറിയേണമെന്നുണ്ടു്: അങ്ങ് ആരാണെന്നു മനസ്സിലായില്ല. ‘സോമമേ, നീ ഇന്ദ്രന്നായി പതുക്കെയും വേഗത്തിലും നീരൊഴുക്കുക!’3

ഇന്ദ്രൻ ഞങ്ങളെ വളരെയുരു ശക്തിപ്പെടുത്തട്ടെ – വളരെ ചെയ്യട്ടെ; വളരെയുരു ധനികരാക്കട്ടെ. വളരെയുരു, ഭർത്താവു ദ്വേഷിച്ചതിനാൽ വിട്ടുപോന്ന ഞങ്ങൽ ഇന്ദ്രനോടു ചേരുമാറാകണം!4

‘ഇന്ദ്ര, ഇതാ, മൂന്നു സ്ഥാനങ്ങൾ: അച്ഛന്റെ തല, തരിശു നിലം, എന്റെ ഗുഹ്യാംഗം; അവയിൽ ഭവാൻ മുളപ്പിച്ചാലും – 5

ഞങ്ങളുടെ ഈ തരിശുനിലം, എന്റെ ഈ അവയവം, അച്ഛന്റെ തല ഇവയിലെല്ലാം രോമം മുളപ്പിച്ചാലും!6

ഇന്ദ്ര, ശതക്രതോ, അവിടുന്നു് അപാലയെ തേരിന്റെ തുളയിലും, അച്ചുതണ്ടിന്റെ തുളയിലും, നുകത്തിന്റെ തുളയിലും മൂന്നുപ്രാവശ്യം ഇട്ടു വലിച്ചു, സൂര്യവർണ്ണയാക്കിത്തീർത്തു!7

കുറിപ്പുകൾ: സൂക്തം 91.

[1] ഒരു ത്വഗ്രോഗം ബാധിച്ചതിനാൽ ഭർത്തൃപരിത്യക്തയായ അപാല അച്ഛന്റെ (അത്രിയുടെ) ആശ്രമത്തിൽ വസിച്ചു് ഇന്ദ്രനെ തപസ്സുചെയ്യുകയായി. അന്നൊരിയ്ക്കൽ പുഴയിൽ കുളിപ്പാൻ പോന്ന അവൾക്ക് ഒരു സോമലത കിട്ടി: അതു് അവൾ വഴിയിൽവെച്ചുതന്നേ കടിച്ചുതിന്നാൻ തുടങ്ങി. കടിയ്ക്കുമ്പോഴത്തെ പല്ലൊച്ച കേട്ടിട്ട്, അമ്മിമേൽ സോമലത ചതയ്ക്കുയാണെന്നു വിചാരിച്ചു് ഇന്ദ്രൻ വന്നെത്തി, ‘ഇവിടെ സോമം പിഴിയുന്നുണ്ടോ’ എന്നു ചോദിച്ചു. അപാല പറഞ്ഞു: – ‘ഇല്ല: ഒരു സ്ത്രീ സോമലത തിന്നുന്നുണ്ടു്; അതിന്റെ ശബ്ദമാണിതു്.’ ഇതു കേട്ട് ഇന്ദ്രൻ മടങ്ങി. അതു കണ്ടു് അവൾ വീണ്ടും പറഞ്ഞു: – ‘പോകേണ്ടാ: എന്റെ ഗൃഹത്തിലെയ്ക്കു പോന്നാൽ ഞാൻ സൽക്കരിയ്ക്കാം’. ഇന്ദ്രനാകട്ടേ, കൊതിമൂലം അപാലയുടെ വായിൽനിന്നുതന്നേ സോമനീർ കുടിച്ചു; സംതൃപ്തിയടഞ്ഞു! എന്നിട്ടദ്ദേഹം, ‘നിനക്കെന്തുവരം വേണം?’എന്നു ചോദിച്ചു. അവൾ സ്വാഭീഷ്ടം അറിയിച്ചു; ഇന്ദ്രൻ അവളെ ദുഃഖവിമുക്തയുമാക്കി.

[2] പല്ലൊച്ച കേട്ടു വന്നണഞ്ഞ ഇന്ദ്രനോടു് അപാല പറയുന്നു: ചെല്ലാറുണ്ടല്ലോ – സോമം കുടിപ്പാൻ. ഇതു – സോമനീർ. അവൾ സോമനീരോടുകൂടി പൊരിയവിൽ മുതലായവയും നിവേദിച്ചു, സ്തുതിച്ചു എന്നർത്ഥം.

[3] പതുക്കെയും വേഗത്തിലും – യാഗത്തിൽ അമ്മിക്കുഴകൊണ്ടു ചതയ്ക്കുമ്പോളെന്നപോലെ.

[4] ഞങ്ങളെ – എന്നെ. വളരെചെയ്യട്ടെ – വളരെ ഗുണം വരുത്തട്ടെ. ഞങ്ങൾ – ഞാൻ.

[5] ‘നിനക്കെന്തു വരം വേണ?’മെന്നു ചോദിച്ച ഇന്ദ്രനോടു്: തല—കഷണ്ടിത്തല.

[6] ത്വഗ്രോഗംമൂലമാണു്, ഗുഹ്യാംഗം രോമവർജ്ജിതമായതു്.

[7] ത്വഗ്ദോഷശമനമത്രേ, ഈ സൂക്തം.

സൂക്തം 92.

അംഗിരോഗോത്രൻ ശ്രുതകക്ഷമോ, സുകക്ഷനോ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

നിങ്ങളുടെ സോമം കുടിയ്ക്കുന്ന ഇന്ദ്രനെക്കുറിച്ചു – സകലരെയും കീഴമർത്തുന്നവനും, മനുഷ്യർക്കു ധാരാളം കൊടുക്കുന്നവനുമായ ശതക്രതുവിനെക്കുറിച്ചു് – നിങ്ങൾ കേമമായി പാടുവിൻ!1

പുരുഹൂതൻ, പുരുസ്തുതൻ, പാടിവാഴ്ത്തപ്പെടേണ്ടവൻ, പണ്ടേ പുകൾപ്പെട്ടവൻ – ഇങ്ങനെയുള്ള ആൾ, ഇന്ദ്രനാണെന്നു നിങ്ങൾ കീർത്തിയ്ക്കുവിൻ!2

മുന്തിയ അന്നങ്ങൾ നല്കുന്ന, നൃത്തംചവുട്ടിയ്ക്കുന്ന, മഹാനായ ഇന്ദ്രൻതന്നേ നമുക്കു മുട്ടിന്നുനേരെ നിന്നു തന്നരുളട്ടെ!3

തൊപ്പിയണിഞ്ഞ ഇന്ദ്രൻ കേമമായി ഹോമിയ്ക്കുന്ന സുദക്ഷന്റെ യവമിട്ടു കുറുക്കിയ സോമരസം കുടിച്ചുവല്ലോ;4

ആ ഇന്ദ്രനെത്തന്നേ സോമപാനത്തിന്നു നിങ്ങൾ സ്തുതിയ്ക്കുവിൻ: അതു തന്തിരുവടിയെ തടിപ്പിയ്ക്കുമല്ലോ!5

ഈ തിളങ്ങുന്ന മധു കുടിച്ചിട്ടാണല്ലോ, ദേവൻ കെല്പുകൊണ്ടു ഉലകൊക്കെ കീഴടക്കിയതു്!6

ചെന്നു കീഴമർത്തുന്നവനും, നിങ്ങളുടെ എല്ലാ സ്തുതികളിലും വ്യാപിച്ചവനുമായ തന്തിരുവടിയെത്തന്നേ ഭവാൻ രക്ഷയ്ക്കായി ഇങ്ങോട്ടിറക്കുക – 7

എതിരറ്റ അഹിംസിതനായ പടയാളിയെ, സോമപായിയെ, അനിവാര്യകർമ്മാവിനെ, നേതാവിനെ!8

ഇന്ദ്ര, സർവസംപ്രാപ്യാ, വിദ്വാനായ നിന്തിരുവടി ഞങ്ങൾക്കു വളരെദ്ധനം തന്നാലും – ശത്രു സമ്പത്തുകൊണ്ടു ഞങ്ങളെ രക്ഷിച്ചാലും! 9

ഇന്ദ്ര, ഭവാൻ അവിടെനിന്നുതന്നേ, നൂറുമായിരവും കരുതിയെന്ന അന്നരസത്തോടുകൂടി ഞങ്ങളിൽ എഴുന്നള്ളിയാലും!10

ശക്ര, പർവതങ്ങളെപ്പിളർത്തവനേ, വജ്രിൻ, കർമ്മികളായ ഞങ്ങൾ കർമ്മമനുഷ്ഠിയ്ക്കുകയും, യുദ്ധങ്ങളിൽ അശ്വങ്ങളെക്കൊണ്ടു് ജയിയ്ക്കുകയും ചെയ്യുമാറാകണം!11

ശതക്രതോ, ഞങ്ങൾ അങ്ങയെത്തന്നേ, മാടുകളെ പുല്ലുകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു രമിപ്പിയ്ക്കുന്നു.12

ശതക്രതോ, എല്ലാ മനുഷ്യരുടെയും സ്വഭാവമാണല്ലോ, ആഗ്രഹിയ്ക്കൽ; വജ്രിൻ, ഞങ്ങളും ആശകളുൾക്കൊള്ളുന്നു!13

ബലപുത്ര, ഭവാങ്കലാണു്, അഭിലാഷാശംസികൾ നില്ക്കുന്നതു്: ഇന്ദ്ര, അങ്ങയ്ക്കുമീതേ ആരുമില്ല!14

വൃഷാവേ, ആ നിന്തിരുവടി അത്യുദാരവും, പോഷകവും, ഘോരവും, പായിയ്ക്കുന്നതുമായ കർമ്മംകൊണ്ടു ഞങ്ങളെ കാത്തരുളണം!15

ഇന്ദ്ര, ശതക്രതോ, ഇതാ, മുമ്പേത്തെപ്പോലെ ഭവാന്നു മിന്നിത്തിളങ്ങുന്ന മധു; ഇപ്പോഴും ഭവാൻ ഇതുകൊണ്ടു് ഇമ്പംപൂണ്ടു (ഞങ്ങളെ) ഇമ്പപ്പെടുത്തുക:16

ഇന്ദ്ര, ഏറ്റവും വിചിത്രകീർത്തിയുള്ളതും, ഏറ്റവും പാപനാശനവും, ഏറ്റവും ബലകരവുമാണല്ലോ, ഈ മധു!17

വജ്രവൻ, സത്യകർമ്മാവേ, സോമപായിൻ, ദർശനീയ, ഞങ്ങൾക്കറിയാം, അവിടുന്നു് ആളുകൾക്കെല്ലാം കല്പിച്ചുകൊടുത്തിട്ടുള്ളതു്!18

മത്തടിച്ചുപോരുന്ന ഇന്ദ്രന്നായി പിഴിഞ്ഞതിനെ നമ്മുടെ സ്തുതികൾ ചുഴലട്ടെ; പൂജനീയത്തെ സ്തോതാക്കൾ പൂജിയ്ക്കട്ടെ!19

എല്ലാശ്ശോഭയും ആരിലോ ഏറെ; സപ്തഹോതാക്കൾ ആരെ സ്തുതിയ്ക്കുന്നുവോ ആ ഇന്ദ്രനെ ഞങ്ങൾ പിഴിഞ്ഞുവെച്ചു വിളിയ്ക്കുന്നു. 20

ദേവന്മാർ യാതൊരു ജ്ഞാനസാധനത്തെ ത്രികദ്രുകങ്ങളിൽ വിപുലീകരിച്ചുവോ; ആ യജ്ഞത്തെത്തന്നേ നമ്മുടെ സ്തുതികൾ വർദ്ധിപ്പിയ്ക്കട്ടെ!21

ഇന്ദ്ര, നദികൾ സമുദ്രത്തിലെന്നപോലെ, സോമരസങ്ങൾ ഭവാനിൽ കടക്കട്ടെ: ആരുമില്ല, അങ്ങയ്ക്കു മീതെ!22

ഇന്ദ്ര, വൃഷാവേ, ഉണർവുറ്റവനേ, അങ്ങയുടെ വയറ്റിൽ യാതൊന്നോ, ആ സോമം കുടിപ്പാൻ അവിടുന്നു മഹത്ത്വത്താൽ എങ്ങും വ്യാപിച്ചിരിയ്ക്കുന്നു!23

ഇന്ദ്ര, വൃത്രഹന്താവേ, സോമം തിരുവയറ്റിന്നു തികയട്ടെ – സോമനീർ അങ്ങയുടെ ശരീരങ്ങൾക്കു തികയട്ടെ!24

ശ്രുതകക്ഷൻ അശ്വലാഭത്തിന്നു മതിയാവോളം, ഗോലാഭത്തിന്നു മതിയാവോളം, ഗൃഹലാഭത്തിന്നു മതിയാവോളം ഇന്ദ്രനെപ്പറ്റി പാടുന്നു.25

ഇന്ദ്ര, ഞങ്ങൾ പിഴിഞ്ഞ സോമങ്ങൾക്കു് അവിടുന്നുതന്നെ, പോന്നവൻ; ശക്ര, ദാതാവായ ഭവാന്നു തികയട്ടെ!26

വജ്രിൻ, ഞങ്ങളുടെ സ്തുതികൾ അതിദൂരത്തുനിന്നുതന്നെയും ഭവാങ്കലെത്തട്ടെ: അപ്പോൾ, ഭവാങ്കൽനിന്നു മതിയാവോളം കിട്ടുമല്ലോ, ഞങ്ങൾക്കു്!27

വീരന്മാരെ തേടുന്നവനും, ശൂരനും, സ്ഥിരനുമാണല്ലോ, അവിടുന്നു്; അങ്ങയുടെ മനസ്സ് ആരാധനീയം തന്നെ!28

ബഹുധന, ഇന്ദ്ര, എല്ലാക്കർമ്മികൾക്കും അവിടുന്നു കൊടുത്തു പോരുന്നുണ്ടല്ലോ; എന്നെയും സഹായിയ്ക്കുക!29

ബലപതേ, അവിടുന്നു് ഒരു മടിയനായ ബ്രാഹ്മണനെപ്പോലെയാകരുതു്; ഗവ്യമിശ്രിതമായ സോമംകൊണ്ടു മത്തുപൂണ്ടാലും!30

ഇന്ദ്ര, രാത്രികളിൽ രക്ഷസ്സുകൾ ആയുധം ചാട്ടിക്കൊണ്ടു ഞങ്ങളെ എതിർക്കരുതു്; അവരെ അങ്ങയുടെ തുണയാൽ ഞങ്ങൾ ഹനിയ്ക്കുമാറാകണം!31

ഇന്ദ്ര, അങ്ങയുടെ തുണയാൽത്തന്നെ, ഞങ്ങൾ മാറ്റലരോടു മറുപടി പറയുമാറാകണം: അങ്ങ് ഞങ്ങളുടെയാണു്; ഞങ്ങൾ അങ്ങയുടെതാണു്! 32

ഇന്ദ്ര, ഭവൽക്കാമന്മാരായി പേർത്തും പേർത്തും സ്തുതിയ്ക്കുന്ന സഖാക്കളായ സ്തോതാക്കൾ അങ്ങയെത്തന്നേ പരിചരിയ്ക്കുമാറാകട്ടെ!33

കുറിപ്പുകൾ: സൂക്തം 92.

[1] ഋത്വിക്കുകളോടു്:

[3] നൃത്തംചവുട്ടിയ്ക്കുന്ന – പ്രാണികളെ ചേഷ്ടിപ്പിയ്ക്കുന്ന. മുട്ടിന്നുനേരേ നിന്നു് – മുൻഭാഗത്തു വർത്തിച്ചു്. തന്നരുളട്ടെ – ധനം.

[4] സുദക്ഷൻ – ഒരു ഋഷി.

[5] അതു—സോമപാനം.

[6] മധു – മദകരമായ സോമം. ദേവൻ – ഇന്ദ്രൻ.

[7] സ്തോതാവിനോടു്:

[8] മുൻ ഋക്കിലെ തന്തിരുവടിയെ എന്നതിന്റെ വിശേഷണങ്ങൾ.

[10] അവിടെനിന്നു – സ്വർഗ്ഗത്തിൽനിന്നു.

[14] അഭിലാഷശംസികൾ = അഭിലാഷങ്ങൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നവർ. മറ്റാരെ അറിയിയ്ക്കും, ഞങ്ങളുടെ അഭിലാഷങ്ങൾ?

[15] പായിയ്ക്കുന്നതും – ശത്രുക്കളെ ധാരാളം ധനം തന്നും, ശത്രുക്കളെ പേടിപ്പിച്ചോടിച്ചും ഞങ്ങളെ രക്ഷിയ്ക്കണം.

[18] ആളുകൾ – യഷ്ടാക്കൾ. കൊടുത്തിട്ടുള്ളതു്–ധനം.

[19] പിഴിഞ്ഞിട്ടുള്ളതിനെ—സോമത്തെ.

[21] ത്രികദ്രുകങ്ങൾ – കർമ്മവിശേഷങ്ങൾ.

[24] സോമം – ഞങ്ങളുടെ, ശരീരങ്ങൾക്കു് – ബഹുരൂപനാണല്ലോ, ഇന്ദ്രൻ.

[26] സോമങ്ങൾക്കു് – സോമം മുഴുവൻ കുടിപ്പാൻ.

[27] കിട്ടുമല്ലോ—ധനം.

[28] തേടുന്നവനും – പൊരുതിജ്ജയിപ്പാൻ. സ്ഥിരൻ – യുദ്ധത്തിൽ ഉറച്ചു നില്ക്കുന്നവൻ. മനസ്സ് – ശത്രുവധോത്സാഹവും ധീരതയും മറ്റും.

[30] മടിയനായ – യാതൊരു വേലയും ചെയ്യാത്ത.

സൂക്തം 93.

സുകക്ഷൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

സൂര്യനായുള്ളോവേ, നിന്തിരുവടിതന്നെയാണല്ലോ, വിശ്രുതധനനും വൃഷാവും മനുഷ്യഹിതകർമ്മാവും, അത്യുദാരനുമായി ഉദിയ്ക്കുന്നതു്!1

യാതൊരുവൻ കൈക്കരുത്തുകൊണ്ടു തൊണ്ണൂറ്റൊമ്പതു പുരികൾ പൊളിച്ചുവോ, ആ വൃത്രഘ്നൻ മേഘത്തെയും പിളർത്തി!2

ആ സുമംഗളനും സഖാവുമായ ഇന്ദ്രൻ നമുക്കു് കുതിരകളെയും മാടുകളെയും യവത്തെയും, ഒരു പാലൊഴുക്കുന്ന പയ്യുപോലെ ചുരത്തിത്തരട്ടെ!3

വൃതഹന്താവായ സൂര്യ, ഭവാൻ ഇന്നു് എന്തെന്തിന്നായി ഉദിച്ചുവോ; ഇന്ദ്ര, അതൊക്കെ അങ്ങയുടെ വരുതിയിൽത്തന്നെ!4

വർദ്ധിച്ചിയങ്ങുന്നവനേ, സൽപതേ, നിന്തിരുവടി, ‘ഞാൻ മരിയ്ക്കില്ലെ’ന്നു വിചാരിച്ചാൽ, അതും യഥാർത്ഥംതന്നെ!5

ഇന്ദ്ര, തുലോം അകലത്തും, തുലോം അരികത്തും യാവചില സോമങ്ങൾ പിഴിയപ്പെടുമോ, അവയിലെല്ലാം അവിടുന്നു ചെന്നെത്തും!6

കൂറ്റനായ വൃത്രനെക്കൊല്ലാൻ ആ ഇന്ദ്രനെ നാം ബലപ്പെടുത്തുക: ആ വൃഷാവു ചൊരിഞ്ഞുതരട്ടെ!7

ആ ഇന്ദ്രൻ ദാനത്തിനു സൃഷ്ടിക്കപ്പെട്ടവനാണു്; ആ ബലിഷ്ഠൻ മധുവിന്നു നിയമിയ്ക്കപ്പെട്ടവനാണ്; യശസ്വിയും സ്തുതനും സോമാർഹനുമാണ,വിടുന്ന്!8

വജ്രമെന്നപോലെ സ്തുതികൊണ്ടു മൂർച്ചകൂട്ടപ്പെട്ട ബലവാനും, അധർഷിതനും, അഹിംസിതനും, കൊണ്ടുവരാനിച്ഛിയ്ക്കുന്നവനുമാണ്, ആ മഹാൻ!9

ഇന്ദ്ര, സ്തോത്രസേവ്യ, സ്തുതിയ്ക്കപ്പെടുന്ന ഭവാൻ ഞങ്ങൾക്കു ദുർഗ്ഗമവും സുഗമവുമാക്കുക; മഘവാവേ, മനസ്സുംവെയ്ക്കുക!10

നിന്തിരുവടിയുടെ ആജ്ഞയെയും സ്വരാജ്യത്തെയും ഒരു ദേവനോ, അജ്ഞാതഗമനനോ, മനുഷ്യനോ അന്നും ഇന്നും ലംഘിച്ചിട്ടില്ല!11

നല്ല തൊപ്പിയിട്ടവനേ, ദ്യാവാപൃഥിവികളാകുന്ന ഇരുദേവിമാരും അങ്ങയുടെ അനിരോധ്യമായ ബലത്തെ ആരാധിച്ചുപോരുന്നു:12

അവിടുന്നാണല്ലോ, കറുത്ത പൈക്കളിലും ചെമന്ന പൈക്കളിലും ഈ വെളുത്ത പാൽ വെച്ചതു്!13

വൃത്രന്റെ ചെന്തീക്കൂർക്കത്താൽ ദേവകളെല്ലാം അലഞ്ഞു നടക്കുകയുണ്ടായല്ലോ: ആ മൃഗരൂപന്റെ ബലം അവരെ ആക്രമിച്ചുമിരുന്നു.14

അനന്തരം എന്റെ (ഇന്ദ്രൻ) വൃത്രനെ തടുത്തു കൊന്നു; ബലം ഉറപ്പിച്ചു; നിസ്സപത്നനും അഹിംസിതനുമായിത്തീർന്നു!15

തുലോം വൃത്രഹന്താവായ പുകൾപ്പെട്ട ബലവാനെക്കൊണ്ടു ഞാൻ മനുഷ്യരായ നിങ്ങൾക്കു വമ്പിച്ച സമ്പത്തു തരുവിയ്ക്കാം!16

ബഹുനാമാവേ, ബഹുസ്തുത, അവിടുന്നു സോമത്തിൽ സംബന്ധിയ്ക്കുമല്ലോ; അപ്പോൾ ഞങ്ങൾക്കു ഗോകാംക്ഷ നിറവേറുമാറാകട്ടെ!17

വളരെയെണ്ണം ഹോമിയ്ക്കപ്പെടുന്ന വൃത്രഘ്നൻ നമ്മുടെ മനസ്സറിയട്ടെ; ശുക്രൻ സ്തോത്രം ശ്രവിയ്ക്കട്ടെ!18

വൃഷാവേ, അവിടുന്നു് എതൊരാഗമനം കൊണ്ടു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കും? എപ്പോൾ സ്തോതാക്കൾക്കു കൊണ്ടുവരും?19

വർഷകനായ വൃഷാവ്, നിയുത്തുക്കളോടുകൂടിയ വൃത്രാഹന്താവു്, ആരുടെ യജ്ഞത്തിലായിരിയ്ക്കും, സോപാനത്തിന്നു വിളയാടുന്നതു്?20

നിന്തിരുവടി ഇമ്പം പൂണ്ടു ഞങ്ങൾക്കു് ഒരായിരം ധനംകൊണ്ടുവന്നാലും: അവിടുന്നു യഷ്ടാവിന്നു ദാതാവാണെന്നോർത്താലും!21

ഇതാ, വെള്ളം കൂട്ടിപ്പിഴിഞ്ഞതു് അമറേത്താശിച്ചു ചെല്ലുന്നു; ചണ്ടി ജലത്തിലെയ്ക്കും പോകുന്നു.22

അധ്വരത്തിൽ വളർത്തിക്കൊണ്ടു യജിയ്ക്കുന്ന ഹോത്രകന്മാർ തേജസ്സു പൂണ്ടു്, ഇന്ദ്രനെ അവഭൃഥത്തിൽ തിരിച്ചയയ്ക്കുന്നു.23

ഒപ്പം മത്താടുന്ന ആ പൊൻകുഞ്ചിരോമങ്ങളുള്ള ഹരികൾ ഇവിടെ വെയ്ക്കപ്പെട്ടിട്ടുള്ള അന്നത്തിന്റെ അടുക്കലെയ്ക്കു കൊണ്ടുവരട്ടെ!24

വിഭാവസോ, ഇതാ, അങ്ങയ്ക്കായി സോമം പിഴിഞ്ഞിരിയ്ക്കന്നു; ദർഭയും വിരിച്ചിരിയ്ക്കുന്നു. ഭവാൻ സ്തോതാക്കൾക്കായി ഇന്ദ്രനെ കൊണ്ടുവന്നാലും!25

ഹവിസ്സു നല്കുന്ന ഭവാന്ന് ഇന്ദ്രൻ തിളങ്ങുന്ന ബലവും രത്നങ്ങളും കല്പിച്ചുതരും; സ്തോതാക്കളേ, പൂജിച്ചുകൊള്ളുവിൻ!26

ശതക്രതോ, ഞാൻ നിന്തിരുവടിയ്ക്കു വീര്യവത്തായ (സോമവും), എല്ലാ സ്തോത്രങ്ങളും ഒരുക്കുന്നു; ഇന്ദ്ര, സ്തോതാക്കളെ സുഖിപ്പിയ്ക്കുക!27

ശതക്രതോ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ, ഞങ്ങൾക്കു നല്ല നല്ല (ധനവും) ബലവത്തായ അന്നവും കൊണ്ടുവന്നാലും!28

ശതക്രതോ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ, ഞങ്ങൾക്കു എല്ലാ അഭ്യുദയങ്ങളും കൊണ്ടുവന്നാലും !29

മികച്ച വൃത്രഹന്താവേ, ഇന്ദ്ര, അവിടുന്നു ഞങ്ങളെ സുഖിപ്പിയ്ക്കുമെങ്കിൽ ഞങ്ങൾ സോമം പിഴിഞ്ഞു് അങ്ങയെത്തന്നെ വിളിയ്ക്കാം.30

സോമങ്ങളുടെ രാജാവേ,അവിടുന്നു ഹരികളോടുകൂടി ഞങ്ങളുടെ സമത്തിന്നു – ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിനു – വന്നാലും!31

രണ്ടുതരത്തിൽ അറിയപ്പെട്ടവനാണല്ലോ, മികച്ച വൃത്രഹന്താവും ശതക്രതുവുമായ ഇന്ദ്രൻ; ആ നിന്തിരുവടി ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിന്നു വന്നാലും!32

വൃത്രഹന്താവേ, ഈ സോമങ്ങൾ നുകരുന്നവനാണല്ലോ, അങ്ങ്; ഹരികളോടുകൂടി ഞങ്ങളുടെ സോമത്തിന്നു വന്നാലും!33

മഹാനും ദാതാവുമായ ഋഭുവിനെ ഇന്ദ്രൻ നമുക്കു് അന്നത്തിന്നായി തരട്ടെ; വാജനെയും ബലവാൻ തരട്ടെ!34

കുറിപ്പുകൾ: സൂക്തം 93.

[1] ഉദിയ്ക്കുന്നതു് – യജ്ഞത്തിൽ ആവിർഭവിയ്ക്കുന്നതു്.

[3] പയ്യുപോലെ – പയ്യു കുട്ടിയ്ക്കു പാലെന്നപോലെ.

[4] അതൊക്കെ—ജഗത്തെല്ലാം.

[5] സൽപതേ = നക്ഷത്രാധിപ. യഥാർത്ഥംതന്നെ – അവിടെയ്ക്കു മരണമില്ലല്ലോ.

[7] ചൊരിഞ്ഞുതരട്ടെ—ധനം.

[8] സൃഷ്ടിയ്ക്കപ്പെട്ടവനാണു് – പ്രജാപതിയാൽ മധു – മാദകമായ സോമം.

[9] കൊണ്ടുവരാൻ – സ്തോതാക്കൾക്കു ധനവും മറ്റും.

[10] മനസ്സുംവെയ്ക്കുക – ഞങ്ങളിൽ താൽപര്യവും കൊള്ളുക.

[11] അജ്ഞാതഗമനൻ – യുദ്ധത്തിൽ സത്വരനായ വീരൻ എന്നു നിഷ്കൃഷ്ടാർത്ഥം.

[14] ചെന്തീകൂർക്കം – തീ പാറുന്ന കൂർക്കംവലി. ആ മൃഗരൂപന്റെ – ദേവന്മാരെ പേടിപ്പിയ്ക്കാൻ മൃഗരൂപം ധരിച്ച വൃത്രന്റെ.

[16] ഋത്വിഗ്യജമാനരോടു്:

[18] ഋത്വിക്കുകളോടു്:

[19] സ്തോതാക്കൾക്കു – സ്കൃതിയ്ക്കുന്ന ഞങ്ങൾക്കു ധനം കൊണ്ടുവരും.

[20] വൃഷാവ് = ഇന്ദ്രൻ. നിയുത്തുക്കളോടുകൂടിയ – വായു, തന്റെ കുതിരകളായ നിയുത്തുക്കളെ ഒരു യുദ്ധത്തിൽ സഹായിപ്പാൻ ഇന്ദ്രന്നു കൊടുക്കുകയുണ്ടായി.

[21] ഇമ്പം പൂണ്ട് – ഞങ്ങളുടെ സോമം കുടിച്ചു്.

[22] പിഴിഞ്ഞതു് – സോമം. അമറേത്താശിച്ചു – ഇന്ദ്രൻ കുടിയ്ക്കട്ടേ എന്നിച്ഛിച്ചു്. ചെല്ലുന്നു – ഇന്ദ്രന്റെ അടുക്കൽ. ചണ്ടി – ഋജിഷം; ഇതു വെള്ളത്തിലെറികയാണത്രേ, പതിവു്.

[23] അവഭൃഥം (യാഗാന്തസ്നാനം) വരെ ഇന്ദ്രനെ യജിയ്ക്കുമെന്നർത്ഥം. തേജസ്സ് – യജ്ഞാനുഷ്ഠാനജനീതമായ തേജസ്സ്.

[24] ഒപ്പം – ഇന്ദ്രനോടുകൂടി. അന്നം – ഹവിസ്സ്. കൊണ്ടുവരട്ടെ – ഇന്ദ്രനെ.

[25] വിഭാവസോ – അഗ്നേ.

[26] യഷ്ടാവിനോടും മറ്റും: സ്തോതാക്കളേ – നിങ്ങൾക്കും തരുമെന്നർത്ഥം.

[32] പൂർവാർദ്ധം പരോക്ഷം: രണ്ടുതരത്തിൽ – വൃത്രവധാദിയിൽ ഉഗ്രനായും, വിശ്വരക്ഷണത്തിൽ സൗമ്യനായും.

[34] ഋഭുക്കൾ മൂന്നുപേരിൽ ജ്യേഷ്ഠന്റെയും ഇളയവന്റെയും പേരുകളേ ഇതിലുള്ളൂ; എന്നാൽ മധ്യമനായ വിഭ്വാവിനെയും ഗ്രഹിച്ചുകൊള്ളണം. അന്നത്തിന്നായി – അന്നം കിട്ടാൻ.

സൂക്തം 94.

അംഗിരോഗോത്രൻ ബിന്ദുവോ, പൂതദക്ഷനോ ഋഷി; ഗായത്രി ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (‘താമരക്കണ്ണൻ’)പോലെ)

ശ്രീ തഴച്ച മരുത്തുക്കളുടെ
മാതാവാം ഗോവന്നത്തിന്നായ്
പാൽ കുടിപ്പിച്ചീടുന്നു; സംപൂജ്യ
തേർകളും നടത്തിയ്ക്കുന്നു.1
തത്സമീപത്തനുഷ്ഠിച്ചീടുന്നു,
വിശ്വദേവന്മാർ കർമ്മങ്ങൾ;
സത്സുഖത്തോടെ മേവുന്നു, കാഴ്ച –
യ്ക്കിസ്സൂര്യചന്ദ്രന്മാർകളും.2
ഞങ്ങൾതൻ സ്തോത്രകാരരെപ്പേരു –
മങ്ങിങ്ങു നടന്നെപ്പോഴും
പാടിവാഴ്ത്തുന്നുണ്ടി,ന്ദുനീർ നുക –
ർന്നീടാനാ മരുത്തുക്കളെ.3
സോമം പിഴിഞ്ഞിട്ടുണ്ടിതാ: നിജ –
ശ്രീ മിന്നും മരുത്തുക്കളും,
ആവിധംതന്നെയശ്വികളുമി –
താസ്വദിച്ചരുൾവോരല്ലോ!4
മിത്രവരുണാര്യമാവുമേ,
സ്തുത്യർഹജനയുക്തമായ്
നേർക്കരിച്ചഥ മൂന്നുപാത്രത്തി –
ലാക്കിയതാസ്വദിയ്ക്കുമേ!5
അത്രതന്നെയല്ലി,ന്ദ്രനും ഗവ്യ –
യുക്തമിസ്സോമമജ്ഞസാ
പ്രാതഃകാലത്തു പാനംചെയ്യുവാൻ
ഹോതാവുപോലേ കാംക്ഷിപ്പൂ!6
തണ്ണീർപോലേ വിലങ്ങത്തിൽപ്പാഞ്ഞാ, –
പ്പണ്ഡിതന്മാരാം ശോഷകർ
എന്നുദ്ഭാസിയ്ക്കും, വാനിങ്ക? – ലെന്നു
വന്നെത്തും, ശുദ്ധൗജസ്സുകൾ?7
ജാത്യൈവ ദർശനീയതേജസ്സു
ചാർത്തിയ ദേവന്മാരായി,
ഉന്നതരായ നിങ്ങൾതൻ ത്രാണ –
മെന്നെനിയ്ക്കിഹ കൈവരും?8
മന്നിന്റേതെല്ലാമാർ പരത്തിയോ,
വിണ്ണിലെ ജ്യോതിർവൃന്ദവും;
ആ മരുത്തുക്കൾ (വന്നെത്തേണമേ,)
സോമനീരാസ്വദിയ്ക്കുവാൻ!9
പുണ്യമാകിയൊരോജസ്സു പൂണ്ട
വിണ്ണോരാം മരുത്തുക്കളേ,
തിണ്ണമബ്ഭവാന്മാരെയിസ്സോമ –
മുണ്ണാനായ് വിളിയ്ക്കുന്നേൻ ഞാൻ.10
ഏവരംബരമേദിനികളെ –
ക്കേവലമുറപ്പിച്ചുവോ,
അമ്മാരുതരെത്തിണ്ണമിസ്സോമ –
മുണ്മാനായ് വിളിയ്ക്കുന്നേൻ, ഞാൻ.11
വന്മലകളിൽ വാണരുളുവോ, –
രംബുവർഷകന്മാരെ,വർ;
അമ്മാരുതരെത്തിണ്ണമിസ്സോമ –
മുണ്മാനായ് വിളിയ്ക്കുന്നേൻ, ഞാൻ.12
കുറിപ്പുകൾ: സൂക്തം 94.

[1] ശ്രീ = സമ്പത്തു്. പാൽ കുടിപ്പിച്ചീന്നു – സ്വപുത്രരായ മരുത്തുക്കളെ. സംപൂജ്യ = പൂജനീയ; ഗോവിന്റെ വിശേഷണം. തേർകളും – മരുത്തുക്കളുടെ രഥങ്ങളും.

[2] തത്സമീപത്ത് – ഗോവിന്റെ അടുക്കൽ. വിശ്വദേവന്മാർ – എല്ലാദ്ദേവന്മാരും, കാഴ്ചയ്ക്കു് – ജഗൽപ്രകാശനത്തിന്ന്.

[3] ഇന്ദുനീർ = സോമരസം.

[4] നിജശ്രീ മിന്നും – സ്വയം വിളങ്ങുന്ന.

[5] സ്തുത്യർഹജനയുക്തം = സ്തുത്യരായ ആളുകളോടെ, കർമ്മികളോടു് കൂടിയതു്. മൂന്നുപാത്രം – ദ്രോണകലശം, അധാവനീയം, പൂതഭൃത്തു്. ആക്കിയത് – പകർന്നുവെച്ച സോമം.

[6] ഹോതാവുപോലെ – ഹോതാവു പ്രാതഃകാലത്തു ദേവന്മാരെ സ്തുതിപ്പാൻ കാംക്ഷിയ്ക്കുന്നതുപോലെ.

[7] ശോഷകർ – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്ന (നശിപ്പിയ്ക്കുന്ന) മരുത്തുക്കൾ. ഉദ്ഭാസിയ്ക്കും – കാണായിവരും എന്നർത്ഥം. വന്നെത്തും – നമ്മുടെ യജ്ഞത്തിൽ. ശുദ്ധൗജസ്സുകൾ = വിശുദ്ധബലന്മാർ.

[8] ജാത്യൈവ = പ്രകൃത്യാതന്നെ, മോടികൂട്ടാതെതന്നെ. ഉന്നതർ – മഹാന്മാർ. ത്രാണം = രക്ഷ.

[9] മന്നിന്റേതു് – ഭൂമിയിലെ ഭൂതജാലം.

[10] പുണ്യം = പരിശുദ്ധം. തിണ്ണം = ശീഘ്രം.

[11] അംബരമേദിനികളെ – വാനൂഴികളെ. കേവലം = ഏറ്റവും. മാരുതർ = മരുത്തുക്കൾ

[12] അംബുവർഷകർ – മഴപെയ്യുന്നവർ.

സൂക്തം 95.

അംഗിരോഗോത്രൻ നിരശ്ചീ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (പാന.)

നീരൊഴുക്കിയപോതിന്ദ്ര, ഗാഥകൾ
തേരുകാർപോലെ നിങ്കലെയ്ക്കോടുന്നു;
സന്നുതിസേവ്യ, നിൻനേർക്കൊലിക്കൊൾവൂ,
കന്നിനെപ്പാർത്തു തള്ളകൾ പോലവേ!1
ഇന്ദ്ര, നിന്നുടെ ചാരത്തണയട്ടേ,
സന്നുതിസേവ്യ, സോമം പിഴിഞ്ഞ നീർ:
സ്വച്ഛമീയന്നമിന്ദ്ര, ഭുജിയ്ക്ക,നീ;
വെച്ചിരിയ്ക്കും, നിനക്കിതെല്ലാടവും!2
ഉണ്ണുകി,ന്ദ്ര മദത്തിനായ്സ്സോമനീർ,
വിണ്ണിൽനിന്നു പരുന്തിനാലാഹൃതം:
നിന്തിരുവടിയല്ലോ, ബഹുജന –
സന്തതിയ്ക്കധിനാഥനാം തമ്പുരാൻ!3
ഇന്ദ്ര, കേൾക്ക, നീ, നിന്നെപ്പരിചരി –
യ്ക്കുന്നവനാം തിരശ്ചീയുടെ വിളി:
ഉത്തമവീര്യഗോയുക്തസമ്പത്താൽ –
ത്തൃപ്തി നല്കുക; മീതെയല്ലോ ഭവാൻ!4
മത്തവിടെയ്ക്കിയറ്റുവാനെത്രയും
പുത്തനാം സ്തവം നിർമ്മിച്ചവന്നിന്ദ്ര,
സിദ്ധമാക്കുക,തീന്ദ്രിയദർശകം
സത്യപുഷ്ടം സനാതനജ്ഞാനം നീ!5
സ്തോത്രശസ്ത്രങ്ങളാരെ വളർത്തിയോ,
വാഴ്ത്തുക, നമ്മളായിന്ദ്രനെത്തന്നെ;
ആയവന്റെയനേകമാം വിക്രമ –
മാസ്വാദിപ്പാൻ ഭജിയ്ക്കുയുംചെയ്ക, നാം.6
വിദ്രുതമാഗമിപ്പിൻ: സ്തുതിയ്ക്ക, നാം
ശുദ്ധസാമവിശുദ്ധനാമിന്ദ്രനെ;
ശുദ്ധശസ്ത്രങ്ങൾകൊണ്ടും വളർന്നോനു
ശുദ്ധമാം കൂട്ടുനീരിമ്പമേകട്ടേ!7
ശുദ്ധിയാൽശ്ശുദ്ധനായ നീ വന്നാലും,
ശുദ്ധരാം മരുത്തുക്കളൊത്തെങ്ങളിൽ:
ശുദ്ധനാം ഭവാൻ നല്കിന്ദ്ര, വിത്തവും;
ശൂദ്ധനാം ഭവാൻ മോദിയ്ക്കു, സോമത്താൽ!8
ശുദ്ധനാം ഭവാൻ സ്വത്തു നല്കെങ്ങൾക്കു,
ശുദ്ധനാം ഭവാൻ രത്നങ്ങൾ കർമ്മിയ്ക്കും;
ശുദ്ധനാം ഭവാൻ മാറ്റരെക്കൊല്ലുമേ;
ശുദ്ധനാം ഭവാൻ കിട്ടിയ്ക്കുമന്നവും!9
കുറിപ്പുകൾ: സൂക്തം 95.

[1] നീരൊഴുക്കിയപോതു് – സോമം പിഴിഞ്ഞപ്പോൾ. ഗാഥകൾ – സ്തുതികൾ. തേരുകാർപോലെ – തേരിൽക്കേറിയവർ സ്വോദ്ദിഷ്ടപ്രദേശത്തെന്നപോലെ. കന്നു് = പൈക്കുട്ടി. ഒലിയ്ക്കൊൾവൂ – ശബ്ദിയ്ക്കുന്നു, സ്തുതിയ്ക്കുന്നു.

[2] അന്നം – സോമം. വെച്ചിരിയ്ക്കും – വെച്ചിട്ടുണ്ടാവും; എന്നാലും, അങ്ങ് ഞങ്ങളുടെ സോമംതന്നെ ഭുജിയ്ക്കുക.

[3] ആഹൃതം = കൊണ്ടുവരപ്പെട്ടതു്; ആഹൃതമായ സോമനീർ. സന്തതി = സമൂഹം.

[4] തിരശ്ചീയുടെ – എന്റെ. നല്കുക – ഞങ്ങൾക്കു്. മീതെ – ദേവകളിൽ വെച്ചു ശ്രേഷ്ഠൻ.

[5] അതീന്ദ്രിയദർശകം = ഇന്ദ്രിയവിഷയമല്ലാത്തതിനെയും ദർശിക്കുന്നതു്. സത്യപുഷ്ടം = സത്യംകൊണ്ടു വർദ്ധിച്ചതു്.

[6] ഋഷിമാർ തമ്മിൽ പറയുന്നു.

[7] ഇന്ദ്രനെ വൃത്രാദിവസം മൂലം ബ്രഹ്മഹത്യ ബാധിച്ചു; അതിൽനിന്നദ്ദേഹം വിമുക്തനായതും, യജ്ഞാർഹനായിത്തീർന്നതും ഋഷിമാരുടെ പരിപാവനസാമ – ശസ്ത്രങ്ങൾകൊണ്ടത്രേ. ഈ ഇതിഹാസാംശമാണു്, ശുദ്ധസാമവിശുദ്ധനെന്ന വിശേഷണത്താൽ സൂചിയ്ക്കുന്നതു്. വളർന്നോനു – പാപം തീർന്ന ഇന്ദ്രന്ന്. കൂട്ടുനീർ – പാലും മറ്റും കൂട്ടിയ സോമം.

[8] പ്രത്യക്ഷോക്തി: ശുദ്ധിയാൽ – ഞങ്ങളുടെ ശുദ്ധികർമ്മംമൂലം.

സൂക്തം 96.

മരുൽപുത്രനെ ദ്യുതാനനോ, തിരശ്ചീയോ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രനും മരുത്തുക്കളും ബൃഹസ്പതിയും ദേവത.

ഈ ഇന്ദ്രന്നുവേണ്ടി ഉഷസ്സുകൾ നിത്യം വന്നുതുടങ്ങി; രാത്രികൾ ഒടുവിൽ നല്ല ശബ്ദം പുറപ്പെടുവിച്ചു; അവിടെയ്ക്കുവേണ്ടി, വിശാലങ്ങളായ ഏഴു നദീമാതാക്കൾ മനുഷ്യർക്കു സുഖേന കടക്കാവുന്നവയായി നിന്നു!1

കൂടിച്ചേർന്ന ഇരുപത്തൊന്നു പർവതസാനുക്കളെ തനിയെ വജ്രംകൊണ്ടു അങ്ങോളം പിളർത്തി: ആ വളർന്ന വൃഷഭൻ ചെയ്തവ ഒരു ദേവനോ മനുഷ്യനോ സാധിയ്ക്കില്ല!2

ഇന്ദ്രന്റെ മുറുകെപ്പിടിച്ച വജ്രം ഇരിമ്പാണ്; ഇന്ദ്രന്റെ കൈകൾക്കു വളരെയുണ്ടു്, ബലം. ഇന്ദ്രൻ പുറപ്പെടുമ്പോൾ തലയും വായും ജോലിചെയ്യും; കേൾപ്പാൻ (ആൾക്കാർ) അരികത്തുനില്ക്കും!3

എനിയ്ക്കറിയാം: യജ്ഞാർഹരിൽവെച്ചു യജ്ഞാർഹനണ,വിടുന്നു്, എനിയ്ക്കറിയാം: വീഴാത്തവരെയും വീഴിയ്ക്കുന്നവവാണ,വിടുന്നു്; എനിയ്ക്കറിയാം: ഇന്ദ്ര, സേവകർക്കു് ഒരു കൊടിമരമാണ,വിടുന്നു്; എനിയ്ക്കറിയാം: മനുഷ്യർക്ക് അഭീഷ്ടവർഷിയാണ,വിടുന്നു്!4

ഇന്ദ്ര, നിന്തിരുവടി അഹിയെ ഹനിപ്പാൻ, കുറുമ്പകറ്റുന്ന വജ്രം തൃക്കയ്യിലെടുത്തപ്പോൾ, മേഘങ്ങളും ജലങ്ങളും ഇരമ്പി; ബ്രാഹ്മണർ ഇന്ദ്രന്റെ ചുറ്റും കൂടി!5

ഇവയെ ഉൽപാദിപ്പിച്ച ഇന്ദ്രനെത്തന്നെ നാം സ്തുതിയ്ക്കുക: ജഗത്തെല്ലാം, തനിയ്ക്കു താഴെയാണ് നമുക്കു സ്തുതികളാൽ അവിടുത്തോടു സഖ്യം ചെയ്യാം; നമസ്സുകളാൽ വൃഷാവിനെ ആഭിമുഖ്യപ്പെടുത്താം!6

ഇന്ദ്ര, സഖാക്കളായിരുന്ന ദേവന്മാരെല്ലാം വൃത്രന്റെ കൂർക്കം മൂലം പാഞ്ഞ്, അങ്ങയെ വെടിഞ്ഞുവല്ലോ; എന്നാൽ അങ്ങയ്ക്കു മരുത്തുക്കളോടു് സഖ്യമുണ്ടാകട്ടെ. അതോടേ, ഈ സൈന്യത്തെ മുഴുവൻ അവിടുന്നു ജയിയ്ക്കും!7

അറുപത്തിമൂന്നു മരുത്തുക്കൾ അങ്ങയെ കൂട്ടമിട്ട ഗോക്കൾ പോലെ ശക്തിപ്പെടുത്തിയതിനാൽ യജ്ഞാർഹരായിത്തീർന്നു; ഞങ്ങൾ ആ ഭവാങ്കലണയുന്നു. ഞങ്ങൾക്കു ധനം തരിക: ഞങ്ങളും ഈ ഹവിസ്സുകൊണ്ടു ഭവാനു ബലമുണ്ടാക്കാം! 8

ഇന്ദ്ര, ഭവാന്റെ തിളങ്ങുന്ന വില്ലിനെയും മരുത്സംഘത്തെയും വജ്രത്തെയും ആരെതിർക്കും? ഋജീഷിൻ, ആയുധമില്ലാത്ത ദേവദ്വേഷികളായ അസുരന്മാരെ നിന്തിരുവടി ചക്രംകൊണ്ടു് ആട്ടിപ്പായിച്ചാലും!9

മഹാനും ഉഗ്രനും പ്രവൃദ്ധനുമായ സുമംഗളനെപ്പറ്റി ഭവാൻ ഗോവിന്നുവേണ്ടി നല്ല സ്തുതി ചൊല്ലുക – സ്തോത്രവാഹ്യനായ ഇന്ദ്രന്നു വളരെ സ്തവങ്ങൾ രചിയ്ക്കുക: വെക്കം പുത്രനു ധാരാളം കിട്ടിയ്ക്കട്ടെ!10

ഉക്ഥവാഹ്യനായ വിഭൂവിന്നു ഭവാൻ, തോണികൊണ്ടു പുഴ കടത്തുന്നതുപോലെ, സ്തുതിയയച്ചാലും; തുലോം പ്രീതിപ്പെടുത്തുന്ന വിശ്രുതന്റെ (ധനം) കർമ്മത്താൽ പുത്രന്നായി കൈവരുത്തിയാലും. വെക്കം ധാരാളം കിട്ടിയ്ക്കട്ടെ!11

ഇന്ദ്രൻ സ്വീകരിയ്ക്കുന്നതു ഭവാൻ ഒരുക്കിവെയ്ക്കുക: ശോഭന സ്തോത്രനെ ഹവിസ്സുകൊണ്ടു പരിചരിയ്ക്കുക. സ്തോതാവേ, ഭവാൻ അണിഞ്ഞുകൊൾക – കരയേണ്ടാ; സ്തുതി കേൾപ്പിയ്ക്കു; വെക്കം ധാരാളം കിട്ടിയ്ക്കട്ടെ!12

ദ്രുതസഞ്ചാരിയായ കൃഷ്ണൻ പതിനായിരമാളുകളോടുകൂടി അംശുമതീതീരത്തു പാർത്തിരുന്നു: അതറിഞ്ഞു മനുഷ്യസ്നേഹിയായ ഇന്ദ്രൻ അട്ടഹാസമിടുന്ന അവങ്കൽ ചെന്നെത്തി, കൊലപടകളെ കൊന്നൊടുക്കി!13

‘അംശുമതീനദിയുടെ ഒരു വിപുലമായ നിഗൂഢസ്ഥലത്തു്, ആകാശത്തെന്നപോലെ, നിവസിയ്ക്കുന്ന ദ്രുതസഞ്ചാരിയായ കൃഷ്ണനെ ഞാൻ കണ്ടെത്തി: വൃഷാക്കളേ, ഞാൻ നിങ്ങളെ തേടുകയായിരുന്നു; നിങ്ങൾ പോരിൽ പൊരുതുവിൻ.’!14

ദ്രുതസഞ്ചാരി അംശുമതീസമീപത്തു മിന്നിത്തിളങ്ങിക്കൊണ്ടുദ്ദേഹം തടിപ്പിച്ചുപോന്നു. ഇന്ദ്രനാകട്ടേ, ബൃഹസ്പതിയോടൊന്നിച്ചു്, എതിർത്തെത്തിയ അസുരപ്പടകളെ നിഹനിച്ചു!15

അതേ: നിന്തിരുവടി ജനിച്ചപ്പോൾത്തന്നേ, ശത്രുവില്ലാത്ത ഏഴു ശത്രുക്കൾക്കു ശത്രുവായിത്തീർന്നുവല്ലോ! ഇന്ദ്ര, ഇരുളടഞ്ഞ വാനൂഴികളെ അവിടുന്നു കണ്ടുപിടിച്ചു; വലിയ ലോകങ്ങളെ ആഹ്ലാദിപ്പിച്ചു!16

അതേ: വജ്രിൻ, അവിടുന്നു വജ്രംകൊണ്ടു ശുഷ്ണന്റെ നിസ്തുല്യമായ ബലം കൂസാതെ നശിപ്പിച്ചുവല്ലോ; അവിടുന്ന് ആയുധങ്ങൾ കൊണ്ടു കൊന്നു. ഇന്ദ്ര, അവിടുന്നു് ബുദ്ധികൊണ്ടു ഗോക്കളെ നേടി!17

അതേ: വൃഷാവേ, അവിടുന്നു മനുഷ്യർക്കു് ഉപദ്രവം പോക്കി, വളർന്നുവല്ലോ;: അവിടുന്നു നിരോധിയ്ക്കപ്പെട്ട നദികളെ ഒഴുക്കി; അവിടുന്നു ശത്രുക്കളുടെ കയ്യിലായിരുന്ന തണ്ണീരുകളെ വെന്നടക്കി! 18

സോമം പിഴിഞ്ഞാൽ വിളിയാടുന്ന ശോഭനപ്രജ്ഞൻ, ആരോ; അനിർവ്വാര്യക്രോധനും, അഹസ്സുപോലെ ധനവാനും, ആരോ; അർ ഒറ്റയ്ക്കു നേതാവിങ്കൽ കർമ്മം നടത്തുമോ; ആ വൃത്രഘ്നനെ പരാസ്കന്ദി എന്നു പറഞ്ഞുവരുന്നു!19

ആ വൃത്രഘ്നനായ ഇന്ദ്രൻ മനുഷ്യരെ പോറ്റിപ്പോരുന്നു. ആ ആഹ്വാതവ്യനെ നാം വഴിപോലെ സ്തുതിച്ചു വിളിയ്ക്കുക: ആ മഘവാവു നമ്മെ സംരക്ഷിയ്ക്കും; കൂട്ടിപ്പറയും; അദ്ദേഹം യശോജനകമായ അന്നം തരും!20

ഋഭൂക്കളൊടുകൂടി മേവുന്ന വൃത്രഘ്നനായ ഇന്ദ്രൻ, പിറന്നപ്പോൾത്തന്നേ അഹ്വാതവ്യനായിത്തീർന്നു – മനുഷ്യഹിതങ്ങളായ വളരെക്കർമ്മങ്ങൾ ചെയ്യുന്നതിനാൽ, കുടിയ്ക്കപ്പെട്ടസോമംപോലെ, സഖാക്കൾക്കു് ആഹ്വാതവ്യനായിത്തീർന്നു!21

കുറിപ്പുകൾ: സൂക്തം 96.

[1] ഒടുവിൽ – അന്തിമയാമത്തിൽ. നല്ല ശബ്ദം – മനുഷ്യാദികളുടെ. ഇതൊക്കെ ഇന്ദ്രശാസനത്താലാണെന്നർത്ഥം.

[2] വൃഷഭൻ = വൃഷാവ്.

[3] പുറപ്പെടുമ്പോൾ – യുദ്ധത്തിന്ന്. തലയുടെ ജോലി – തൊപ്പിവെയ്ക്കുലും മറ്റും, വായയുടെ ജോലി – ആജ്ഞ നല്കൽ, കേൾപ്പാൻ – ആജ്ഞ കേട്ടനുഷ്ഠിപ്പാൻ.

[4] വീഴാത്തവരെയും – സ്ഥിരപ്രതിഷ്ഠരായ വീരന്മാരെപ്പോലും. സേവകർക്ക് – ഭടന്മാർക്കു്.

[5] അഹി – അസുരൻ. കുറുമ്പകറ്റുന്ന – ശത്രുക്കളുടെ. ഒടുവിലെ വാക്യം പരോക്ഷം: ചുറ്റും കൂടി – പരിചരിച്ചു.

[6] സ്തോതാക്കൾ തമ്മിൽ: ഇവ – ചരാചരങ്ങൾ നമസ്സുകൾ = നമസ്കാരങ്ങൾ, ഹവിസ്സുകൾ.

[7] പാഞ്ഞു് – പേടിച്ചോടി. ഈ സൈന്യത്തെ – ശത്രുസേനയെ.

[9] ചക്രം – ചക്രരൂപമായ വജ്രം.

[10] സ്തോതാവിനോട്: സുമംഗളൻ – ഇന്ദ്രൻ. ഗോവിന്നുവേണ്ടി – ഇരുകാൽ-നാല്കാലിനന്മയ്ക്കായി. വളരെ – ബഹുധം. കിട്ടിയ്ക്കട്ടെ – ഇന്ദ്രൻ.

[11] കടത്തുന്നതുപോലെ – നാവികൻ പഥികനെ കടത്തിയയയ്ക്കുന്നതു പോലെ. കർമ്മം – സ്തുതി.

[12] ഋത്വിക്കിനോടു്: അണിഞ്ഞുകൊൾക – ആഭരണങ്ങൾ. കരയേണ്ടാ – സ്വന്തം ദാരിദ്ര്യമോർത്തു ദുഃഖിയ്ക്കേണ്ട. കേൾപ്പിയ്ക്ക – ഇന്ദ്രനെ.

[13] കൃഷ്ണൻ – ഒരസുരൻ. അംശുമതി – ഒരു നദി. കൊലപടകൾ – കൃഷ്ണന്റെ ഹിംസകസൈന്യങ്ങൾ.

[14] ഇന്ദ്രൻ മരുത്തുക്കളോടു്: വൃഷാക്കളേ. പൊരുതുവിൻ – കൃഷ്ണനോട്.

[15] ദ്രുതസഞ്ചാരി – കൃഷ്ണാസുരൻ തടിപ്പിച്ചുപോന്നു. പോഷകാഹാരങ്ങളാൽ.

[16] ശത്രുവില്ലാത്ത – അത്ര പ്രബലന്മാരായ. ഏഴു ശത്രുക്കൾ – കൃഷ്ണൻ, വൃത്രൻ മുതലായവർ.

[17] കൊന്നു – ശുഷ്ണനെ.

[19] പരോക്ഷം: അഹസ്സുപോലെ – പകൽസ്സമയത്താണല്ലോ, ആളുകൾ ധനമാർജ്ജിയ്ക്കുക. പരാസ്കന്ദി – ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ.

[21] സോമംപോലെ – ദേവന്മാർക്കു് ആഹ്വാതവ്യമാണല്ലോ, സോമം, സഖാക്കൾക്കു് – ഋത്വക്കുകൾക്കു്.

സൂക്തം 97.

കശ്യപപുത്രൻ രേഭൻ ഋഷി; ബൃഹതിയും അതിജഗതിയും ഉപരിഷ്ടാൽ ബൃഹതിയും ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, വിണ്ണിൽ വാഴുന്ന ഭവാൻ അസുരന്മാരിൽ നിന്നു ഭോഗ്യങ്ങൾ കൊണ്ടുപോന്നിട്ടുണ്ടല്ലോ; മഘവാവേ, അവകൊണ്ടു സ്തോതാവിനേയും, അങ്ങയ്ക്ക് ദർഭ വിരിച്ചവരെയും അഭിവൃദ്ധിപ്പെടുയാലും!1

ഇന്ദ്ര, അശ്വങ്ങളും പൈക്കളുമാക്കുന്ന അനശ്വരസമ്പത്തു് അങ്ങയുടെ പക്കലുണ്ടല്ലോ; അതു, ആ പിഴിഞ്ഞു ദക്ഷിണകൊടുക്കുന്ന യഷ്ടാവിങ്കൽ വെച്ചാലും – ലുബ്ധങ്കലരുതു് ! 2

ഇന്ദ്ര, യാതൊരുവൻ ദേവന്മാരിൽ ഭക്തിയില്ലാതെയും കർമ്മം ചെയ്യാതെയും സ്വപ്നം കണ്ടുകൊണ്ടുറങ്ങുന്നുവോ, അവന്റെ പോഷണീയമായ ധനം അവന്റെ നടപ്പുകൊണ്ടുതന്നേ നശിച്ചുപോകട്ടെ; പിന്നീട് അവനെ നിന്തിരുവടി മറയത്തെങ്ങാനും ഇരുത്തിയാലും!3

ശക്ര, ഭവാൻ അകലത്തായിരിയ്ക്കാം; വൃത്രഹന്താവേ, അരികത്തായിരിയ്ക്കാം; ഇന്ദ്ര അവിടെനിന്നു ഭവാനെ, സോമം പിഴിഞ്ഞവൻ വിണ്ണിലേയ്ക്കു പോകുന്ന, ഹരികൾ പോലുള്ള സ്തോത്രങ്ങളാൽ ഇങ്ങോട്ടു കൊണ്ടുപോരുന്നു!4

വൃത്രഹന്താവേ, നിന്തിരുവടി സ്വർഗ്ഗത്തിലെ രോചനത്തിലായിരിയ്ക്കാം; സമുദ്രത്തിലൊരേടത്തായിരിയ്ക്കാം; ഭൂമിയിലെങ്ങാനുമായിരിയ്ക്കാം; അന്തരിക്ഷത്തിലായിരിയ്ക്കാം. അവിടെനിന്നു് ഇങ്ങെഴുന്നള്ളിയാലും!5

ബലരക്ഷക, സോമം കുടിയ്ക്കുന്നവനേ, ഇന്ദ്ര, സോമം പിഴിഞ്ഞ ഞങ്ങളെ ആ നിന്തിരുവടി നിഷ്കപടമായ അന്നം കൊണ്ടും, വിപുലമായ ധനംകൊണ്ടും ഇമ്പപ്പെടുത്തിയാലും! 6

ഇന്ദ്ര, അവിടുന്നു് ഞങ്ങളെ കൈവിടരുതേ: ഞങ്ങളുടെ ഇടയിൽ ഒപ്പം മത്തടിയ്ക്കുക. ഇന്ദ്ര, അവിടുന്നാണു്, ഞങ്ങൾക്കു രക്ഷിതാവ്; ബന്ധുവും അവിടുന്നുതന്നെ ഇന്ദ്ര ഞങ്ങളെ കൈവിടരുതേ! 7

ഇന്ദ്ര, ഞങ്ങൾ ഒന്നിച്ചു പിഴിഞ്ഞതിനാൽ, അവിടുന്നു് മധുനുകരാനിരുന്നാലും; മഘമാവേ, ഇന്ദ്ര, ഞങ്ങൾ ഒന്നിച്ചു പിഴിഞ്ഞതിനാൽ, അവിടുന്നു സ്തോതാവിനു വലിയ രക്ഷ നൽകിയാലും!8

വജ്രിൻ, അവിടുത്തോടടുക്കില്ല, ദേവകൾ – മനുഷ്യരുമില്ല: എല്ലാജ്ജീവികളെയും അവിടുന്നു കെല്പാൽ കീഴടക്കിയിരിയ്ക്കുന്നു; അവിടുത്തോടടുക്കില്ല, ദേവകൾ! 9

പടകളെയെല്ലാം കീഴമർത്തുന്ന നേതാവിനെ – കർമ്മത്തിന്റെ മികവും, കനത്ത കെല്പും, ഓജസ്സും, വളർച്ചയും, വെമ്പലുമിയന്ന നിഹന്താവായ ഇന്ദ്രനെ – (ആളുകൾ) ധനത്തിന്നു് ഉത്തേജിപ്പിച്ചു; വെളിച്ചത്തിന്നുദിപ്പിച്ചു!10

ഇന്ദ്രനെ രേഭന്മാർ സോമപാനത്തിനു വഴിപോലെ സ്തുതിച്ചു: വർദ്ധിപ്പിയ്ക്കപ്പെടുമ്പോൾ, കർമ്മവാനായ ഈ സ്വർഗ്ഗപ്പെരുമാൾ കരുത്തോടും മരുത്തുക്കളോടും ചേരുന്നു.11

ഉരുൾച്ചുറ്റിനെ കണ്ടാൽ നമസ്കരിയ്ക്കുന്നു: ആടിനെ മേധാവികൾ പുകഴ്ത്തുന്നു. ദ്രോഹിയ്ക്കാത്ത ശോഭനതേജസ്കരായ നിങ്ങൾ സത്വരം തൃച്ചെവിയിൽ മന്ത്രം ചൊല്ലുവിൻ!12

ആ ഇന്ദ്രനെ – ഉഗ്രനും, യഥാർത്ഥബലനും അനിവാര്യനുമായ മഘവാവിനെ – ഞാൻ വീണ്ടും വീണ്ടും വിളിയ്ക്കുന്നു: പരമപൂജ്യനായ യജ്ഞാർഹൻ സ്തുതികളാൽ ഇങ്ങോട്ടു തിരിയട്ടെ; വജ്രി നമുക്കു ധനത്തിനു നല്ല വഴിയെല്ലാം വെട്ടട്ടെ!13

ഇന്ദ്ര, കെല്പും കഴിവുമേറിയവനേ, അങ്ങയ്ക്കറിയാം, ഈ പുരികൾ ബലംകൊണ്ടു മുടിയ്ക്കാൻ. വജ്രിൻ, സർവഭൂവനങ്ങളും വാനൂഴികളും ഭവാനെപ്പേടിച്ചു് വിറകൊള്ളുന്നു!14

ഇന്ദ്ര, ശൂര, നാനാരൂപ, ഭവാന്റെ ആ സത്യം എന്നെ രക്ഷിയ്ക്കട്ടെ: വജ്രിൻ, അവിടുന്നു ബഹുപാപങ്ങൾ, പുഴപോലെ കടത്തിയാലും. ഇന്ദ്ര, തമ്പുരാനേ, അവിടുന്നു ഞങ്ങൾക്കു സ്പൃഹണീയമായ വിവിധസമ്പത്തു് എന്നു തന്നരുളും!15

കുറിപ്പുകൾ: സൂക്തം 97.

[1] ദർഭ വിരിച്ചവർ – യജമാനർ.

[3] നടപ്പു് – അമാർഗ്ഗ സഞ്ചാരം.

[4] സോമവാൻ സ്തോത്രം സ്വർഗ്ഗത്തിലെയ്ക്കയയ്ക്കുന്നു. നിന്തിരുവടി വന്നെത്താൻ.

[10] വെമ്പൽ – ശത്രുവധത്വര. നിഹന്താവു്—വൈരിഘ്നൻ. വെളിച്ചത്തിന്നുദിപ്പിച്ചു എന്നതു് ഇന്ദ്രന്റെ സൂര്യാത്മത്മകത്വത്തെ വ്യഞ്ജിപ്പിയ്ക്കുന്നു.

[11] രേഭന്മാർ – കശ്യപപുത്രന്മാർ കരുത്തോടും – സ്തുതിയാൽ ബലവും മരുത്തുക്കളാൽ രക്ഷയും നേടുന്നു എന്നു സാരം.

[12] ഉരുൾച്ചുറ്റിനെ – തേരിന്റെ ഉരുൾച്ചുറ്റ് ഏർക്കാലുകളിലെല്ലാം വ്യാപിച്ചിരിയ്ക്കുമല്ലോ; അതുപോലെ സർവവ്യാപ്തനായിരിയ്ക്കുന്ന ഇന്ദ്രനെ, ആദിനെ – മേധാതിഥിയെ സ്വർഗ്ഗത്തിലെയ്ക്കു കൊണ്ടുപോകാൻ ആടിന്റെ രൂപം ധരിച്ച ഇന്ദ്രനെ. ബാക്കി സ്തോതാക്കളോടു് യജമാനവാക്യം: ദ്രോഹിയ്ക്കാത്ത – ഉപകാരപരരായ, തൃച്ചെവിയിൽ – ഇന്ദ്രന്റെ കർണ്ണത്തിൽ.

[13] സ്തുതികളാൽ – നമ്മുടെ.

[14] പുരികൾ – ശംബരന്റെ നഗരികൾ.

സൂക്തം 98.

അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഉഷ്ണിക്കും കകുപ്പും പുരഉഷ്ണിക്കും ചന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

മേധാവിയും, മഹാനും, ധർമ്മകർത്താവും, വിദ്വാനും, സ്തോത്രതൽപരനുമായ ഇന്ദ്രന്നു ബൃഹത്സാമം പാടുവിൻ!1

ഇന്ദ്ര, അവിടുന്നു കീഴമർത്തുന്നവനാണു്; അവിടുന്നു് സൂര്യനെ ഉദ്ഭാസിപ്പിച്ചു. വിശ്വകർമ്മാവും, വിശ്വദേവനും മഹാനുമാണ,വിടുന്നു്!2

ഇന്ദ്ര അവിടുന്നു് തേജസ്സിനാൽ, സൂര്യപ്രകാശകമായ സ്വർഗ്ഗത്തെ വിളങ്ങിച്ചുംകൊണ്ടെഴുന്നള്ളി; ദേവന്മാർ ഭവാന്റെ സഖ്യത്തിന്നുഴറി.3

ഇന്ദ്ര, പ്രിയനും, മഹാന്മാരെ ജയിയ്ക്കുന്നവനും, പിടിയിൽപ്പെടാത്തവനും, ഒരു പർവ്വതംപോലെ എമ്പാടും വിശാലനും, വിൺപെരുമാളുമായ നിന്തിരുവടി ഞങ്ങളിൽ വന്നാലും!4

സത്യസ്വരൂപ, സോമപായിൻ, അവിടുന്നു് വാനൂഴികൾ രണ്ടിനേയും കീഴടക്കിയിരിയ്ക്കുന്നുവല്ലോ; ഇന്ദ്ര, ആ നിന്തിരുവടി പിഴിയുന്നവനെ തഴപ്പിയ്ക്കുന്നവനും, വിൺപെരുമാളുമാകുന്നു!5

ഇന്ദ്ര, അങ്ങ് വളരെപ്പുരികൾ പിളർത്തിയിരിയ്ക്കുന്നുവല്ലോ; ദസ്യുഹന്താവും, മനുഷ്യവർദ്ധകനും, വിൺപെരുമാളുമാണ,വിടുന്നു്!6

ഇന്ദ്ര, സ്തുതിസേവ്യ, ഞങ്ങൾ വലിയ സ്തോത്രങ്ങൾ ഭവാങ്കൽ വീഴ്ത്തുന്നു: വെള്ളത്തിലൂടേ പോകുന്നവർ വെള്ളം കോരിയൂക്കുന്നതുപോലെ.7

വജ്രിൻ, ശൂര, വെള്ളം വേണ്ടുന്ന നിലത്തെ നദികളെന്നപോലെ, വളർന്നവൻതന്നെയായ ഭവാനെ സ്തോത്രങ്ങൾ നാളിൽ നാളിൽ വളർത്തുന്നു!8

ഗമനശീലനായ ഇന്ദ്രന്റെ പെരുംനുകമുള്ള പെരുംതേരിൽ, കേവലം വാക്കുകൊണ്ടു പൂട്ടാവുന്ന രണ്ടു പള്ളിക്കുതിരകളെ (സ്തോതാക്കൾ) സ്തുതിയാൽ പൂട്ടുന്നു!9

ഇന്ദ്ര, ശതക്രതോ, ശരിയ്ക്കു കാണുന്നവനേ, പടകളെ കീഴമർത്തുന്ന വീരനായ നിന്തിരുവടി ഞങ്ങൾക്കു് ബലവും ധനവും കൊണ്ടുവന്നാലും!10

വസോ, അങ്ങ് ഞങ്ങൾക്കച്ഛനാണു്; ശതക്രതോ, അങ്ങ് അമ്മയുമാണു്. അതിനാൽ ഞങ്ങൾ അങ്ങയുടെ സുഖം യാചിയ്കന്നു.11

ബലവാനേ, പുരുഹൂത, ശതക്രതോ, കെല്പിച്ഛിയ്ക്കുന്ന ഭവാനെ ഞാൻ പുകഴ്ത്തുന്നു; ഭവാൻ ഞങ്ങൾക്കു നല്ല വീര്യമുള്ള (ധനം)കല്പിച്ചുതന്നാലും!12

കുറിപ്പുകൾ: സൂക്തം 98.

[1] ഉദ്ഗാതാക്കളോട്:

[3] സൂര്യപ്രകാശകം‌ = സൂര്യനെ വെളിപ്പെടുത്തുന്നതു്.

[5] പിഴിയുന്നവനെ – സോമം പിഴിയുന്ന യജമാനനെ.

[7] കോരിയൂക്കുന്നതുപോലെ – കളിയായി സമീപസ്ഥരിൽ.

[12] കെല്പ് – സ്തുതിജന്യമായ ബലം.

സൂക്തം 99.

നൃമേധൻ ഋഷി; ബൃഹതിയും സതോബൃഹതിയും, ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (പാന)

തന്നുവല്ലോ,കുടിപ്പാൻ നിനക്കിന്നു –
മിന്നലെയുമൊരുക്കിയ നേതാക്കൾ:
ഇന്ദ്ര, കേളി,ഹ സ്തോത്രങ്ങളബ്ഭവാൻ;
വന്നുചേരുക, വജ്രവൻ, ഗേഹത്തിൽ!1
ഇന്ദ്ര, ഹര്യശ്വ, സേവകർ നിങ്കലെ –
ത്തുന്നു; നീ മദം കൊൾകെ,ങ്ങളർത്ഥിപ്പൂ:
സ്തുത്യമാമുപമാനാന്നമാക, തേ
നുത്യവാപ്യ, സുഹനോ, പിഴിഞ്ഞ നീർ!2
അർക്കനെക്കിരണങ്ങൽപോലേ നിഷേ –
വിയ്ക്കുവി,നിന്ദ്രവിത്തത്തെയൊക്കെയും:
ശക്തിമാൻ ജനിച്ചോർക്കും ജനിപ്പോർക്കും
വെയ്ക്കു,മർത്ഥം; ലഭിയ്ക്ക, നാം തദ്ഭാഗം.3
വാഴ്ത്തുക, പൂതദാനനാം ശ്രീദനെ: –
ച്ചാർത്തു,മിന്ദ്രന്റെ ദാനങ്ങൾ നന്മയെ;
തട്ടുകില്ലി,സ്സപര്യാകരനുടെ –
യിഷ്ടമദ്ദാനചോദിതമാനസൻ!4
പോർക്കളങ്ങളിലിന്ദ്ര, രിപുഘ്ന, നീ
ബാക്കിവെയ്ക്കാതമർത്തും, പടകളെ;
നീക്കു,മുണ്ടാക്കിവെയ്ക്ക,മമംഗളം;
തീർക്കു,മാരെയും; ദ്രോഹിയെ ദ്രോഹിയ്ക്കും!5
നിൻതരസ്സിടിപ്പോനെ വാനൂഴികൾ
പിന്തുടരുമേ, കുഞ്ഞിനെത്തായ്പോലെ;
ഇന്ദ്ര,വൃത്രനെക്കൊന്ന നിൻ ക്രോധത്തി-
ലൊന്നൊഴിയാതുഴന്നുപോം, മാറ്റലർ!6
നിർജ്ജരനന,ധീന,നോടിയ്ക്കുവോ, –
നുജ്ജവഗതൻ, ജേതാ,വഹിംസിതൻ –
അജ്ജലവർദ്ധനാനാം രഥീന്ദ്രനെ –
സ്സജ്ജനാക്കുവിൻ, രക്ഷയ്ക്കിഹ നിങ്ങൾ!7
സംസ്കൃതാഹിതൻ, സാധാരണൻ, സ്വയം
സംസ്കൃതൻ, ശതരക്ഷകൻ, ശതക്രതു,
വന്നിധി വെച്ച വിത്തദൻ, ശക്തിജ –
നിന്ദ്രനെ ത്രാണനാർത്ഥം വിളിയ്ക്ക, നാം!8
കുറിപ്പുകൾ: സൂക്തം 99.

[1] കുടിപ്പാൻ – സോമ. സ്തോത്രങ്ങൾ – ഞങ്ങളുടെ.

[2] ഉപമാനാന്നമാക = ഉപമാനഭൂതമായ ആഹാരമായിബ്ഭവിയ്ക്കട്ടെ. നുത്യവാപ്യ = സ്തുതിപ്രാപ്യ.

[3] സ്വജനങ്ങളോടു്: നിഷേധിയ്ക്കുവിൻ = ഭജിയ്ക്കുവിൻ. ശക്തിമാൻ – ഇന്ദ്രൻ. അർത്ഥം = ധനം. വെയ്ക്കും – വിഭജിച്ചുകൊടുക്കാൻ. തദ്ഭാഗം അതിന്റെ പങ്കു്. നാം ലഭിയ്ക്ക – നേടുമാറാകണം; നമുക്കു് കിട്ടട്ടെ.

[4] സ്തോതാവിനോടു്: ശ്രീദനെ – ധനപ്രദനായ ഇന്ദ്രനെ. നന്മയെ ചാർത്തും – ശ്രേയസ്സുളവാക്കും. തട്ടുകില്ല = തള്ളില്ല. സപര്യാകരൻ – പരിചരിയ്ക്കുന്നവൻ. ദാനചോദിതമാനസൻ = മനസ്സിനെ ദാനത്തിന്നു പ്രേരിപ്പിയ്ക്കുന്നവൻ, ദാന ശീലൻ. സേവകന്നു് അഭീഷ്ടം നല്കുകതന്നെ ചെയ്യും.

[5] ദേവകൾക്കു് അമംഗളം നീക്കും; അസുരർക്കു് അമംഗളം ഉണ്ടാക്കിവെയ്ക്കം. ആരെയും, ഏതൊരു ശത്രുവിനെയും തീർക്കും = നശിപ്പിയ്ക്കും.

[6] തരസ്സ് = ബലം. ഇടിപ്പോന – എതിരാളിയെ. പിന്തുടരും – പിന്നാലെ ചെന്നു ശിക്ഷിയ്ക്കും; ഉപമ പിന്തുടരലിനു മാത്രമാണു്.

[7] സ്വജനങ്ങളോടു്: അനധീനൻ – ആരുടെയും വരുതിയിലല്ലാത്തവൻ. ഓടിയ്ക്കുവോൻ – ശത്രുക്കളെ ആട്ടിപ്പായിയ്ക്കുന്നവൻ. ഉജ്ജവഗതൻ = സവേഗഗമനൻ. രഥീന്ദ്രനെ – മഹാരഥനായ ഇന്ദ്രനെ. നമ്മുടെ രക്ഷയ്ക്കു സജ്ജനാക്കുവിൻ – ഒരുങ്ങിയ്ക്കുവിൻ.

[8] സംസ്കൃതാഹിതൻ = അഹിതരെ (ശത്രുക്കളെ) സംസ്കരിച്ചവൻ, കുഴിച്ചിട്ടവൻ: ശത്രുമാരകൻ. സാധാരണൻ = സർവസമാനൻ. സംസ്കൃതൻ – ലബ്ധസംസ്കാരൻ. വെച്ച – മറവിൽ സൂക്ഷിച്ച. ശക്തിജൻ = ബലോല്പന്നൻ. ത്രാണനാർത്ഥം = രക്ഷയ്ക്കു്.

സൂക്തം 100.

ഭൃഗുഗോത്രൻ നേമൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.

ഇന്ദ്ര, ഞാനിതാ, പുത്രനോടുകൂടി ഭവാന്റെ മുമ്പിൽ നടകൊള്ളുന്നു: ദേവകളൊക്കെ എന്റെ പിന്നാലെ വരും: അവിടുന്നു് എനിയ്ക്കു പങ്കു കരുതുന്നുണ്ടെങ്കിൽ, എന്നോടുകൂടി പൗരുഷം കാണിച്ചാലും!1

അവിടെയ്ക്കുമറേത്തിനു മധു ഞാൻ മുമ്പേ വെയ്ക്കുന്നു: സേവ്യമായ പിഴിഞ്ഞ സോമം ഭവാനിൽ വെയ്ക്കപ്പെടട്ടെ. അവിടുന്നു സഖാവായി എന്റെ വലത്തു നില്ക്കുക: എന്നാൽ, നമുക്കു വളരെശ്ശത്രുക്കളെ വധിയ്ക്കാം!2

പടയ്ക്കു പുറപ്പെടുന്ന നിങ്ങൾ ഇന്ദ്രന്നു – സത്യമാണെങ്കിൽ – സത്യമായ സ്തോത്രം സംഭരിയ്ക്കുവിൻ! ഇന്ദ്രനെന്നൊരാളില്ലെന്നു് നേമൻതന്നെ വാദിയ്ക്കുന്നു: ആർ കണ്ടു, അദ്ദേഹത്തെ? ആരെ നാം സ്തുതിയ്ക്കും?3

‘ഇതാ, ഞാനുണ്ടു്: സ്തോതാവേ, ഇവിടെ എന്നെ നോക്കൂ. ഞാൻ മഹത്ത്വംകൊണ്ടു ഭുവനമെല്ലാം കീഴടക്കിയിരിയ്ക്കുന്നു: യജ്ഞോപദേഷ്ടാക്കൾ എന്നെ വളർത്തുന്നു. ആദരവുള്ള ഞാൻ അരാതികളെ പിളർത്തിപ്പോരുന്നു.4

യജ്ഞകാമന്മാർ അന്തരിക്ഷത്തിന്റെ മുകളിൽ തനിയേ ഇരിയ്ക്കുന്ന എങ്കൽ കേറിയാൽ, എന്റെ മനസ്സു് ഹൃദയത്തോടു പറയും: – ‘കുഞ്ഞുങ്ങളോടുകൂടിയ സഖാക്കൾ നിലവിളിയ്ക്കുന്നു!’5

മഘവാവേ, ഇന്ദ്ര, സവനങ്ങളിൽ പിഴിഞ്ഞവന്നു നിന്തിരുവടി ചെയ്തിട്ടുള്ളതെല്ലാം വർണ്ണനീയമാകുന്നു: പരാവാന്റെ പെരികെക്കൂട്ടിവെച്ചിരുന്ന ധനം ഭവാൻ ശരഭനെന്ന ഋഷിയ്ക്കു തുറന്നുകൊടുത്തുവല്ലോ!6

യാവനൊരുത്തൻ കിടന്നോടിയിരുന്നുവോ, യാവനൊരുത്തൻ വിടാതെ നിങ്ങളെ വളഞ്ഞിരുന്നുവോ, ആ വൃത്രന്റെ മർമ്മത്ത് ഇന്ദ്രൻ വജ്രം ആഞ്ഞെറിഞ്ഞു!7

ഗരുഡൻ മനോവേഗത്തിൽ നടകൊണ്ടു്, ഇരിമ്പുപുരി കടന്നു്, സ്വർഗ്ഗത്തിൽ ചെന്നു്, വജ്രധരന്നു സോമം കൊണ്ടുവന്നു!8

യാതൊന്നു സമുദ്രത്തിന്റെ അടിയിൽ ജലാവൃതമായിരുന്നുവോ, ആ വജ്രത്തിന്നു യുദ്ധത്തിലെ മുന്നണിക്കാർ ബലിയർപ്പിയ്ക്കുന്നു!9

ദേവന്മാരെ ഇമ്പപ്പെടുത്തുന്ന ദേവിയായ വാക്കു് എന്തൊക്കെയോ പേശിക്കൊണ്ടിരുന്നു, നാലിടത്തും അന്നജനകങ്ങളായ തണ്ണീരുകൾ തൂകുന്നു; എവിടെപ്പോയി, അവളുടെ മേന്മ!10

യാതൊരു ദേവിയായ വാക്കിനെ ദേവകൾ ഉൽപാദിപ്പിച്ചുവോ, അതിനെ എല്ലാ പ്രാണികളും ചൊല്ലിപ്പോരുന്നു; ആ വാക്കു ഞങ്ങളെ അഹ്ലാദിപ്പിച്ചുകൊണ്ട്, അന്നവും രസവും ചുരത്തുന്ന ഒരു പയ്യായി, വഴിപോലെ സ്തുതിയ്ക്കപ്പെട്ടു, ഞങ്ങളിലെത്തട്ടെ!11

സഖേ, വിഷ്ണോ, ഭവാൻ അത്യന്തം വിക്രമിച്ചാലും; ദ്യോവേ, നീ വജ്രത്തിന്നു പായുവാൻ ഇടം കൊടുക്കുക. നമുക്കിരുവർക്കും കൂടി വൃത്രനെക്കൊല്ലാം, നദികളെ വിടുവിയ്ക്കാം; വിട്ടയയ്ക്കപ്പെട്ട ഇവ വരുതിയിൽ നടകൊള്ളട്ടെ!12

കുറിപ്പുകൾ: സൂക്തം 100.

[1] നടകൊള്ളുന്നു – ശത്രുക്കളെ ആക്രമിപ്പാൻ പോകുന്നു. പങ്കു കരുതുന്നുണ്ടെങ്കിൽ – ശത്രുധനത്തിൽ ഒരംശം തരാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ.

[2] മധു – മത്തുണ്ടാക്കുന്ന സോമം. ഭവാനിൽ – ഭവാന്റെ ഉള്ളിൽ.

[3] സ്വന്തം ആളുകളോടു്: സത്യമാണെങ്കിൽ – ഇന്ദ്രൻ ഉണ്ടെന്നതു നേരാണങ്കിൽ. നേമൻ – ഞാൻ.

[4] നേമന്റെ വാദം കേട്ടിട്ടു് ഇന്ദ്രൻ തത്സമീപത്തിൽ വന്നെത്തി, പറയുന്നു: വളർത്തുന്നു – സ്തുതികളാൽ. ആദരവു് – ജഗദ്രക്ഷണത്തിൽ. അരാതികൾ = ശത്രുക്കൾ.

[5] എങ്കിൽ കേറിയാൽ – എന്നെ പ്രാപിച്ചാൽ. കുഞ്ഞുങ്ങളോടുകൂടിയ സഖാക്കൾ നിലവിളിയ്ക്കുന്നതു, കേണപേക്ഷിയ്ക്കുന്നതു, ഞാനറിയും – അവരുടെ ദുഃഖം ഞാൻ തീർക്കും.

[6] ഇന്ദ്രനെ അരികത്തു കണ്ടിട്ടു സന്തുഷ്ടനായ ഋഷി ഇന്ദ്രനെ സ്തുതിയ്ക്കുന്നു: പരാവാൻ – ഒരു ശത്രു.

[7] നിങ്ങളെ—ദേവന്മാരേ.

[9] ബലിയർപ്പിയ്ക്കുന്നു – ഇരയായിത്തീരുന്നു.

[10] ദേവിയായ = വിളങ്ങുന്ന. വാക്കു – മാധ്യമികവാക്ക്. ഇടിവെട്ടും മഴയുമാണു്, ഈ ഋക്കിലെ പ്രതിപാദ്യം. എവിടെപ്പോയി – വർഷാനന്തരം അവളുടെ മേന്മ കാണപ്പെടുന്നില്ല.

[12] നമുക്കിരുവർക്കുംകൂടി – വിഷ്ണുവിന്നും ഇന്ദ്രന്നും കൂടി.

സൂക്തം 101.

ഭൃഗുഗോത്രൻ ജമദഗ്നി ഋഷി; ബൃഹതിയും സതോബൃഹതിയും ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മിത്രാവരുണന്മാരും ആദിത്യരും അശ്വികളും വായുവും സൂര്യനും ഉഷസ്സും പവമാനനും ഗോവും ദേവതകൾ.

ആർ ഹവിർദ്ദാതാവിന്നു ചിക്കെന്നു് അഭീഷ്ടം സാധിപ്പാൻ മിത്രാവരുണന്മാരെ അഭിമുഖീകരിയ്ക്കുമോ, ആ മനുഷ്യൻ സത്യമായും, യജ്ഞത്തിന്നു് ഇപ്രകാരം (ഹവിസ്സ്) ഒരുക്കിവെയ്ക്കും.1

വളർന്ന കെല്പും, പരന്ന കാഴ്ചയും, ഉയർന്ന വിജ്ഞാനവുമുള്ള, നേതാക്കളായ ആ ഇരുതമ്പുരാന്മാർ, ഇരുകൈകളെന്നപോലെ, സൂര്യരശ്മികളോടുകൂടി കർമ്മങ്ങളിലേർപ്പെടുന്നു!2

മിത്രാവരുണന്മാരേ, നിങ്ങളെ അഭിഗമിയ്ക്കുന്ന യാത്രക്കാരൻ (ദേവ) ദൂതനും, ശിരസ്സിൽപ്പൊന്നണിഞ്ഞവനും, സമ്പത്തിലെത്തുന്നവനുമായിത്തീരും!3

ചോദിപ്പാനോ, സംസാരിപ്പാനോ വീണ്ടും വീണ്ടും ഹോമിപ്പാനോ ആരൊരുങ്ങില്ലയോ, അവന്റെ യുദ്ധത്തിൽ നിന്നു ഞങ്ങളെ ഇന്നു നിങ്ങൾ രക്ഷിയ്ക്കണം – ഇരുകൈകളിൽനിന്നും ഞങ്ങളെ നിങ്ങൾ രക്ഷിയ്ക്കണം.4

ഹേ, യജ്ഞധന, മിത്രവരുണാര്യമാക്കളാകുന്ന തമ്പുരാക്കന്മാരെക്കുറിച്ചു ഭവാൻ സേവനോചിതവും പ്രീതിജനകവുമായ സ്തോത്രം പെരികെപ്പാടുക!5

അവർ മൂവരുടെ ഏകപുത്രനെ – അരുണവർണ്ണനായ വസുവിനെ – ജയത്തിന്നയയ്ക്കുന്നു; ആ അഹിംസിതരായ അമൃതന്മാർ മർത്ത്യരുടെ ഇരിപ്പിടങ്ങൾ നോക്കിക്കാണുന്നു!6

നാസത്യന്മാരേ, നിങ്ങളിരുവരുമൊന്നിച്ചു്, എന്റെ ഉജ്ജ്വലസ്തോത്രങ്ങളിലും കർമ്മങ്ങളിലും വന്നെത്തുവിൻ; ഹവിസ്സുകളുണ്മാനും വന്നെത്തുവിൻ!7

അന്നധനന്മാരേ, ഞങ്ങൾ നിങ്ങളുടെ രക്ഷോബാധയില്ലാത്ത ദാനത്തെ – നിങ്ങളാൽ ചെയ്യപ്പെടുന്ന ദാനത്തെ – യാചിയ്ക്കുന്നു. ജമദഗ്നിയാൽ പാടിപ്പുകഴ്ത്തപ്പെടുന്ന നേതാക്കളായ നിങ്ങൾ, കിഴക്കോട്ടു് നോക്കുന്ന സ്തുതിയെ തഴപ്പിച്ചുകൊണ്ടു വന്നുചേർന്നാലും!8

വായോ, ഭവാൻ ഞങ്ങളുടെ സ്വർഗ്ഗസ്പർശിയായ യജ്ഞത്തിൽ വന്നാലും: നല്ല സ്തുതികളോടെ അരിപ്പയിൽ പകർന്നരിച്ച, സ്വച്ഛമായ ഇതു് അങ്ങയ്ക്കുള്ളതാണ്!9

നിയുത്ത്വാനേ, അധ്വര്യു നേർവഴിയിലൂടെ നടന്നു്, അമറേത്തിന്നു ഹവിസ്സുകൾ കൊണ്ടുവരുന്നു: അവിടുന്നു ഞങ്ങളുടെ രണ്ടുതരം – അരിച്ചതും, ഗവ്യം പകർന്നതുമായ – സോമം നുകർന്നുകൊണ്ടാലും!10

സൂര്യ, സത്യം, അവിടുന്നു മഹാനാണ്; ആദിത്യ, സത്യം, അവിടുന്നു മഹാനാണ്; മഹാനായ ഭവാന്റെ മഹിമ സ്തുതിയ്ക്കപ്പെട്ടു പോരുന്നു; ദേവ, അവിടുന്നു മഹാൻതന്നെ!11

സൂര്യ, സത്യം, കേൾവികൊണ്ടു മഹാനാണു്, ഭവാൻ; ദേവ, സത്യം, ദേവന്മാരിൽവെച്ചു മഹത്വമേറിയവവാണു്, അസുരഹന്താവാണു്. ഹിതോപദേഷ്ടാവുമാണു്, ഭവാൻ. വലുതും അഹിംസ്യവുമാകുന്നു, (ഭവാന്റെ) തേജസ്സ്!12

ഇതാ, പ്രകാശവതിയായി സൃഷ്ടിക്കപ്പെട്ട, താഴത്തെയ്ക്കു നോക്കുന്ന, സ്തുതിയുക്തയായ സുന്ദരി ബ്രഹ്മാണ്ഡത്തിന്റെ പത്തു കൈകളിലും വന്നെത്തി, ഒരു ചിത്രപ്പയ്യുപോലെ കാണപ്പെടുന്നു!13

മൂന്നുപ്രജകൾ അറുതിയടഞ്ഞു; മറ്റവ അഗ്നിയുടെ ചുറ്റുംകൂടി. മഹാൻ ഭുവനങ്ങളുടെ നടുവിൽ വാണരുളി; വായു ദിക്കുകളിൽ ഉൾപ്പൂകി.14

മരുത്തുക്കളുടെ അമ്മ, വസുക്കളുടെ മകൾ, ആദിത്യരുടെ സോദരി, പാലിന്റെ ഇരിപ്പിടം – ഇങ്ങനെയുള്ള അപാപയും അദീനയുമായ ഗോവിനെ വധിയ്ക്കരുതേ എന്ന് അഭിജ്ഞജനങ്ങളോടു ഞാൻ പറയുന്നു.15

വാക്കു കിട്ടിയ്ക്കുന്ന, വാക്കു പുറപ്പെടുവിയ്ക്കുന്ന, സർവ്വവാക്കുകളാലും ഉപാസിയ്ക്കപ്പെടുന്ന, ദേവകൾക്കുവേണ്ടി എങ്കലണയുന്ന ഗോദേവിയെ അല്പബുദ്ധിയായ മനുഷ്യൻ തള്ളിക്കളയുന്നു!16

കുറിപ്പുകൾ: സൂക്തം 101.

[2] ഇരുതമ്പുരാന്മാർ – മിത്രാവരുണന്മാർ. ഇരുകൈകളെന്നപോലെ – കൈകൾ രണ്ടും ഒരുമിച്ചാണല്ലോ, പണിയെടുക്കുക.

[3] യാത്രക്കാരൻ – യജമാനൻ.

[4] യജ്ഞത്തിൽ യാതൊരു ശ്രദ്ധയുമില്ലാത്തവനിൽനിന്നു് ഞങ്ങൾക്കുപദ്രവമുണ്ടാകരുതു്. ഇരുകൈകളിൽനിന്നും—അവന്റെ.

[6] അവർ – ദേവന്മാർ. മൂവ്വരുടെ – മുപ്പാരുകളുടെ. അരുണവർണ്ണനായ വസുവിനെ – സൂര്യനെ. ജയത്തിന്നു് – ഇരുട്ടുകളെ ജയിപ്പാൻ, നശിപ്പിയ്ക്കാൻ.

[8] ജമദഗ്നി – ഞാൻ. കിഴക്കോട്ടു നോക്കുന്ന – പുലർകാലത്തു ചെയ്യുന്ന എന്നർത്ഥം: ഉഷസ്സിലാണല്ലോ, അശ്വീയജനം.

[9] ഇതു് – സോമം.

[13] സുന്ദരി – ഉഷസ്സ്, പത്തുകൈകൾ – പത്തു ദിക്കുകൾ.

[14] മൂന്നു പ്രജകൾ – പ്രജാപതിയാൽ സൃഷ്ടിയ്ക്കപ്പെട്ട പക്ഷികളും ഇഴ ജന്തുക്കളും പാമ്പുകളും. അറുതിയടഞ്ഞു – ആഹാരമില്ലായ്കയാൽ. മറ്റവ – നാലാമതു സൃഷ്ടിയ്ക്കപ്പെട്ടവ. ചുറ്റുംകൂടി – അതിനാൽ അറുതിയടഞ്ഞില്ലെന്നർത്ഥം. ഇങ്ങനെ ഒരിതിഹാസമുണ്ടത്രേ.

[16] ദേവകൾക്കുവേണ്ടി – ദേവന്മാർക്കു ഹവിസ്സു നിർമ്മിയ്ക്കൻ.

സൂക്തം 102.

ഭൃഗുഗോത്രൻ പ്രയോഗൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ദേവ, കവി, ഗൃഹപതി
യൗവനവാൻ ഭവാനഗ്നേ,
കൈവരുത്തുമല്ലോ,സന്ദാ –
താവിന്നനല്പമാമന്നം!1
അബ്ഭവാനറിഞ്ഞെങ്ങൾത –
ന്നഭ്യർച്ചനസ്തുതികളാൽ
ഒപ്പം കൊണ്ടുവരിക,ഗ്നേ,
സുപ്രകാശ, സുരന്മാരെ! 2
അത്യുദാരനായ നിന്റെ
തൃത്തുണയൊന്നിനാൽത്തന്നേ
സദ്യുവാവേ, ഞങ്ങളന്ന –
ലബ്ധിയ്ക്കായ്ക്കീഴമർത്താവൂ!3
ഔർവഭൃഗുവെന്നപോലെ, –
യപ്നവാനൻപോലെയും ഞാൻ
ആഴിയിങ്കൽ വാഴും ശുചി –
യാമഗ്നിയെ വിളിയ്ക്കുന്നേൻ.4
കാറ്റിൻ ചീറ്റം, കാറിരമ്പ –
മേറ്റം കരുത്തിവയോടേ
ആഴിയിങ്കൽ വാഴും കവി –
യാമഗ്നിയെ വിളിയ്ക്കുന്നേൻ.5
സാവിത്രമാം വീര്യം, ഭഗ –
ദേവഭോഗമിവപോലെ
ആഴിയിങ്കൽ വാണരുളു –
മഗ്നിയെ ഞാൻ വിളിയ്ക്കുന്നേൻ.6
അഗ്നിയിങ്കൽച്ചെല്വിൻ, നിങ്ങ –
ളധ്വരത്തിൽ ബന്ധുവിങ്കൽ,
അത്യന്തം പടർന്നവങ്കൽ, –
ക്കത്തുവോങ്കൽ,ക്കരുത്തങ്കൽ;7
തച്ചൻപോലെ രൂപം കൊത്തി –
വെച്ചീടട്ടെ,യിവൻ നമ്മെ;
ഇദ്ദേഹത്തിൻ പ്രജ്ഞാനത്തോ –
ടൊത്തു കീർത്തിപ്പെടാവൂ,നാം!8
ഉമ്പരിൽവെച്ചഗ്നിയല്ലോ,
സമ്പത്തെല്ലാം ഭരിയ്ക്കുന്നു;
അദ്ദേഹം നമ്മളിലന്ന –
യുക്തനായ് വന്നണയട്ടെ! 9
ഹോതാക്കളിലെല്ലാമേറെ
ഖ്യാതിമാനും, ക്രതുക്കളിൽ
ഒന്നാമനുമാമഗ്നിയെ
നന്നായ് സ്തുതിയ്ക്കുകി,ങ്ങു നീ:10
മുമ്പനും, പാവനജ്വാലാ –
സമ്പന്നനും, ശാലകളിൽ
പള്ളികൊണ്ടുജ്വലിപ്പോനു –
മല്ലോ, മഹാപ്രാജ്ഞനിവൻ!11
അശ്വംപോലെ നിഷേവ്യനും,
മിത്രംപോലെ ഹതാരിയും,
ശക്തനുമാമീയഗ്നിയെ –
ബ്ബുദ്ധിമൻ, സ്തുതിയ്ക്ക, ഭവാൻ.12
സാധിതഹവ്യന്റെ നുതി –
ഗാഥകൾ, പെങ്ങന്മാർപോലെ
നിന്നെ നിർദ്ദേശിച്ചുംകൊണ്ടു
നിന്നിടുന്നു, വായുപാർശ്വേ!13
അട്ടിമൂന്നാക്കിയ ദർഭ
കെട്ടും പൂട്ടുമില്ലാതെതാൻ
വർത്തിയ്ക്കുന്നിത,വിടെയ്ക്കായ്;
തൃത്തണ്ണീരും നിലകൊൾവൂ!14
ദുർദ്ധർഷരക്ഷകളുള്ളൊ –
ന്നി,ദ്ദേവന്റെയിരിപ്പിടം;
ഭദ്രം, രവിപോലെ വർഷ –
കർത്താവിന്റെ തൃക്കാഴ്ചയും!15
ദേവ,നൈഹോമത്താൽച്ചൂടു
കൈവളർന്ന ഭവാനഗ്നേ,
ദേവന്മാരെജ്ജ്വാലകൾകൊ –
ണ്ടാവാഹിച്ചു യജിച്ചാലും!16
അവ്യയനായ്ക്കവിയായി
ഹവ്യനാഹനായ നിന്നെ
അംഗിരസ്സേ, ജനിപ്പിച്ചാ –
ര,മ്മമാർപോലമരന്മാർ: 17
അഗ്നേ, കവേ, വരേണ്യനു, –
മഗ്ര്യധീയും, ഹവിർഭൃത്തും,
ദൂതനുമാം നിങ്കൽ സ്ഥിതി –
ചെയ്തുപോരുന്നിതു, സുരർ!18
ഇല്ല, മേ പയ്യൊ;രു മഴു –
വില്ല, ചമതകൾ വെട്ടാൻ;
എന്നാലിതൊക്കെയുമൊരു –
ക്കുന്നതുണ്ടു, ഭവാന്നായ് ഞാൻ!19
നല്ല യുവാവാകുമഗ്നേ,
വല്ല വല്ല മരത്തുണ്ടും
അങ്ങയ്ക്കായ് ഞാനെടുക്കുമ്പോ –
ളങ്ങുന്നതിലിരിയ്ക്കേണം!20
യാതൊന്നിനെച്ചിതൽ തിന്നും;
യാതൊന്നിലെറുമ്പു കേറും;
ആയതെല്ലാമവിടുത്തെ
യ്ക്കാജ്യമായിബ്ഭവിയ്ക്കട്ടേ!21
സശ്രദ്ധമഗ്നിയെജ്ജ്വലി –
പ്പിച്ചു കർമ്മം ചെയ്ക, മർത്ത്യൻ:
ഋത്വിക്കുകളോടുകൂടി –
യത്രേ കത്തിപ്പത,ഗ്നിയെ.22
കുറിപ്പുകൾ: സൂക്തം 102.

[1] യൗവനവാൻ – നിത്യയുവാവ്. സന്ദാതാവ് – ഹവിസ്സു നല്കുന്നവൻ, യജമാനൻ.

[3] സദ്യുവാവേ – നിത്യതരുണ. കീഴമർത്താവൂ—ശത്രുക്കളെ.

[4] ഔർവഭൃഗുവും അപ്നവാനനും ഋഷിമാർ. അഗ്നിയെ – ബഡബാഗ്നിയെ.

[6] സാവിത്രം = സവിതാവിന്റേതു്. ഭഗദേവഭോഗം = ഭഗനെന്ന ദേവന്റെ സുഖോപഭോഗം. ഇവ രണ്ടുംപോലെ. അർത്ഥം ചിന്ത്യം.

[7] ഋത്വിക്കുകളോടു്:

[8] ആശാരി പാവയെയുംമറ്റുമെന്നപോലെ, അഗ്നി നമ്മെ രൂപപ്പെടുത്തട്ടെ.

[10] സ്തോതാവിനോടു്: ഖ്യാതിമാൻ = കീർത്തിമാൻ.

[11] ശാലകൾ – യജ്ഞസദനങ്ങൾ.

[12] ഹതാരി = ശത്രുക്കളെ കൊന്നവൻ.

[13] പ്രത്യക്ഷകഥനം: സാധിതഹവ്യൻ – ഹവിസ്സൊരുക്കിവെച്ചവൻ. നിന്നെ – അങ്ങയുടെ ഗുണങ്ങളെ. വായുപർശ്വേ = വായുവിന്റെ അരികിൽ.

[14] അട്ടിമൂന്നാക്കിയ – മൂന്നട്ടിയായി വെച്ച. കെട്ടും പൂട്ടുമില്ലാതെ താൻ – വിരിയ്ക്കുമ്പോൾ കെട്ടഴിയ്ക്കുമല്ലോ. അവിടെയ്ക്കായ് – ഭവാന്നിരിപ്പാൻ. തൃത്തണ്ണീരും (വിശുദ്ധജലവും) അവിടെയ്ക്കായി അന്തരിക്ഷത്തിൽ നില്ക്കുന്നു.

[15] ഭദ്രം – രവിപോലെ ഭജനീയമാകുന്നു.

[18] ഏതാണ്ടു് മുൻ ഋക്കിന്റെ ഒരു വിവരണം:

[19] മേ – എനിയ്ക്കു്. പയ്യില്ല – അങ്ങയ്ക്കു ഹവിസ്സുണ്ടാക്കാൻ.

[20] മരത്തുണ്ടും – ചമതയ്ക്ക്.

[21] ചിതൽ തിന്നതും എറുമ്പു കേറിയതുമായ വസ്തുപോലും അവിടുത്തെയ്ക്കു ആജ്യം (നെയ്യു) പോലെ പ്രിയമായിച്ചമയട്ടെ!

[22] ചെയ്ക – ചെയ്യണം. ഋത്വിക്കുകളോടുകൂടിവേണം, അഗ്നിയെ കത്തിയ്ക്കുക.

സൂക്തം 103.

കണ്വപുത്രൻ സോദരി ഋഷി; ബൃഹതിയും സതോബൃഹതിയും കകുപ്പും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും മരുത്തുക്കളും ദേവത.

കർമ്മങ്ങളിൽ ആരിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ, ആ മുന്തിയമാർഗ്ഗജ്ഞൻ കാണായിവന്നിരിയ്ക്കുന്നു; വഴിപോലെ വെളിപ്പെട്ട ശ്രേഷ്ഠവർണ്ണവർദ്ധനനായ അഗ്നിയെ പ്രാപിയ്ക്കും, നമ്മുടെ സ്തുതികൾ!1

ദിവോദാസന്റെ അഗ്നിയെ ദേവന്മാർക്കുവേണ്ടി, അമ്മയായ ഭൂമിയിലേയ്ക്കു, ബലംമൂലം ഇറങ്ങിയില്ല; സ്വർഗ്ഗത്തിന്റെ മുകളിലിരുന്നതേ ഉള്ളു.2

കർത്തവ്യമനുഷ്ഠിയ്ക്കുന്നവനെ ആളുകൾ പേടിയ്ക്കുമല്ലോ; അതിനാൽ നിങ്ങൾ ആയിരം നല്കുന്ന അഗ്നിയെ സ്വയം യജ്ഞത്തിൽ കർമ്മങ്ങൾകൊണ്ട് പരിചരിയ്ക്കുവിൻ!3

അഗ്നേ, വസോ, ഭവാൻ ആരെ ധനത്തിന്നു കൊണ്ടുപോകുമോ, യാതൊരു മനുഷ്യൻ ഭവാനു (ഹവിസ്സു) നല്കുമോ; അവന്നു് ഉക്ഥം ചൊല്ലുന്നവനും, സ്വയം ആയിരം പേരെ പോറ്റുന്നവനുമായ പുത്രൻ പിറക്കും!4

സമ്പത്തേറിയവനേ, അവൻ ഉറപ്പുള്ളേടത്തിലെ അന്നവും അശ്വത്താൽ നശിപ്പിയ്ക്കും; അക്ഷീണമായ ഭോജ്യം കൈക്കലാക്കും. ദേവനായ ഭവാങ്കൽനിന്നു് ഞങ്ങൾക്കും വരണീയമെല്ലാം സദാ കിട്ടുമാറാകണം.5

യാതൊരു ഹോതാവു പ്രീതി തോന്നിയാൽ ധനമെല്ലാം ആളുകൾക്കു നൽകുമോ; ആ അഗ്നിയിൽച്ചെല്ലുന്നു, പ്രധാന മധുപാത്രങ്ങൾ പോലെ സ്തോത്രങ്ങൾ!6

ദർശനീയ, പ്രജാപതേ, ശോഭനദാനന്മാരായ ദേവകാമന്മാർ (അങ്ങയെ), ഒരു തേർക്കുതിരയെന്നപോലെ പുകഴ്ത്തിപരിചരിയ്ക്കുന്നുണ്ടല്ലോ; ആ നിന്തിരുവടി പുത്രന്നും പൗത്രന്നും – രണ്ടുപേർക്കും – ധനവാന്മാരുടെ സമ്പത്തു കല്പിച്ചു തന്നാലും !7

സ്തോതാക്കന്മാരേ, നിങ്ങൾ അതിദാതാവും, യജ്ഞവാനും, മഹാനും, ദീപ്തതേജസ്സുമായ അഗ്നിയെപ്പറ്റി പാടുവിൻ!8

ജ്വലിപ്പിച്ചു ഹോമിച്ചാൽ, പുകൾപ്പെട്ട മഘവാവു വീരസമേതമായ അന്നം നല്കുമല്ലോ; അദ്ദേഹത്തിന്റെ അതിനൂതനമായ നന്മനസ്സ് അന്നങ്ങളുമായി പലവുരു നമ്മളിൽ വന്നെത്തട്ടെ!9

സ്തോതാവേ, ഭവാൻ പ്രിയരിൽവെച്ചു പ്രിയതമനും, അതിഥിയും, തേർ തെളിയ്ക്കുന്നവനുമായ അഗ്നിയെ സ്തുതിച്ചാലും: 10

ഉന്നതങ്ങളും വിശ്രുതങ്ങളുമായ വിത്തങ്ങളെ കൊണ്ടുവരുന്നവനാണല്ലോ, ഈ വിപശ്ചിത്തായ യജ്ഞാർഹൻ; യുദ്ധോദ്യതനായ തന്റെ (ജ്വാലകൾ), കീഴ്പോട്ടു പായുന്ന തിരമാലകൾപോലെ ദുസ്തരങ്ങളുമാണല്ലോ!11

അതിഥി, വസു, ബഹുജനസ്തുതൻ, നല്ല ഹോതാവ്, സുയജ്ഞൻ – ഇങ്ങനെയുള്ള അഗ്നി നമുക്കു തടയപ്പെടാതിരിയ്ക്കട്ടെ!12

വസോ, അഗ്നേ, യാവചിലർ നേരേ സ്തുതിയ്ക്കുകയും നേരേ സുഖകരമാംവണ്ണം വരികയും ചെയ്യുന്നുവോ, അവർ ദ്രോഹിയ്ക്കപ്പെടരുതു്; ഹവിസ്സർപ്പിച്ച സുയജ്ഞനായ സ്തോതാവും ദൂതിന്നായി ഭവാനെ പുകഴ്ത്തുന്നു.13

അഗ്നേ, മരുത്തുക്കളുടെ സഖാവായ ഭവാൻ യജ്ഞത്തിൽ സോമം കുടിപ്പാൻ രുദ്രപുത്രന്മാരോടൊന്നിച്ചു വന്നാലും സോഭരിയുടെ ശോഭനസ്തുതി കേട്ടു മത്തടിച്ചാലും!14

കുറിപ്പുകൾ: സൂക്തം 103.

[1] ശ്രേഷ്ഠവർണ്ണവർദ്ധനൻ – ഉത്തമജാതികളെ വളർത്തുന്നവൻ.

[2] ദേവന്മാർക്കുവേണ്ടി – ഹവിസ്സുകൊണ്ടുപോകാൻ. ബലംമൂലം – ദിവോദാസൻ ബലാൽക്കാരേണ വിളിച്ചതിനാൽ. സ്വർഗ്ഗത്തിന്റെ മുകളിൽ – സ്വന്തം ഇരിപ്പിടത്തിൽ.

[3] ആളുകളോടു്:

[5] അവൻ – യജമാനൻ. ഉറപ്പുള്ളേടത്തിലെ – ശത്രുപുരത്തിലെ. അശ്വത്താൽ – കുതിരപ്പോരുകൊണ്ടു്. വരണീയം – ധനം.

[6] ഹോതാവു് – ദേവാഹ്വാതാവു്.

[7] പ്രത്യക്ഷോക്തി:

[9] മഘവാവ് = ധനവാൻ, അഗ്നി.

[11] വിപശ്ചിത്ത് = വിദ്വാൻ.

[12] തടയപ്പെടാതിരിയ്ക്കട്ടെ – ആരാലും നിവാരിതനാകാതെ നമുക്കു് അഭീഷ്ടം നല്കട്ടെ.

[13] ദൂതിന്നായി—ദേവകൾക്കു ഹവിസ്സുകൊണ്ടു പോകാനും മറ്റും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.