images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

വിശ്വാമിത്രപുത്രൻ മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

സോമമേ, ഇന്ദ്രന്നു കുടിപ്പാൻ പിഴിയപ്പെട്ട ഭവാൻ ഇനിപ്പേറിയ, മത്തുണ്ടാക്കുന്ന ധാരയായി ഒഴികിയാലും! 1

എല്ലാം ദർശിയ്ക്കുന്ന രക്ഷോഹന്താവു കനകത്താൽ കുഴിയ്ക്കപ്പെട്ട കലശസമേതമായ സ്വസ്ഥാനത്തെയ്ക്കു ചെല്ലുന്നു. 2

അങ്ങ് വളരെദ്ധനം തരിക – വലിയ ദാതാവാവുക; ശത്രുക്കളെ തുലോം ഹനിയ്ക്കുക; ആ ധനവാന്മാരുടെ ധനം (ഞങ്ങൾക്കു) നല്കുക! 3

അങ്ങ് ഭക്ഷ്യങ്ങളോടേ മഹാന്മാരായ ദേവന്മാരുടെ അമീത്തിൽ വരിക; ബലവും അന്നവും കൊണ്ടുവരിക! 4

ഇന്ദോ, ഞങ്ങൾ ഭവാങ്കലെയ്ക്കു നടക്കാം: നാളിൽ നാളിൽ അതൊന്നേ വേണ്ടു; ഭവാങ്കൽത്തന്നെയാണു്, ഞങ്ങളുടെ ആശകൾ! 5

സോമമേ, അങ്ങയുടെ നീർ സൂര്യപുത്രി നിവുർത്തിയ ഈടുറ്റ രോമംകൊണ്ടരിയ്ക്കും. 6

ഇദ്ദേഹത്തെ യാഗത്തിൽ അഭിഷവദിനത്തിൽ, സോദരിമാരായ പത്തു പെണ്ണുങ്ങൾ – കരാംഗുലികൾ – എടുക്കും. 7

വിരലുകൾ ഇദ്ദേഹത്തെ – ഒരു ഭാസുരമായ തോൽത്തുരുത്തിയെ – കൊണ്ടുചെന്നു പിഴിയും; (ശത്രു)നിവാരകമായ നീർ മൂന്നുപാത്രങ്ങളിലാക്കും. 8

ഈ കിടാവായ സോമത്തിൽ, അവധ്യകളായ പൈക്കൾ, ഇന്ദ്രന്നു കുടിപ്പാൻ, പാൽ കൂട്ടും. 9

ഇതിന്റെ ലഹരിയിലത്രേ, ശൂരനായ ഇന്ദ്രൻ വൈരികളെയെല്ലാം വധിയ്ക്കുന്നതും (യജമാനർക്കു) ധനങ്ങൾ കല്പിച്ചുകൊടുക്കുന്നതും! 10

കുറിപ്പുകൾ: സൂക്തം 1.

[1] ഈ 9-ാം മണ്ഡലത്തിൽ മുഴുവൻ പവമാനസോമസ്തുതിയാണു്. ദേവന്മാരുടെ – വിശേഷിച്ചും ഇന്ദ്രന്റെ – ഗുണങ്ങളെല്ലാം സോമത്തിൽ ഉപചരിയ്ക്കപ്പെട്ടിരിക്കുന്നു. പിഴിയപ്പെട്ടതെന്നോ അരിയ്ക്കപ്പെട്ടതെന്നോ ആണു്, പവമാനപദത്തിനർത്ഥം.

[2] രക്ഷോഹന്താവു് – സോമം. കനകത്താൽ – പരന്ന പൊന്മോതിരമിട്ട കരത്താൽ; പൊന്നണിഞ്ഞ കൈകൊണ്ടു വേണമത്രേ, കുഴിയ്ക്കുക. സ്വസ്ഥാനം – പിഴിയുന്ന സ്ഥലം.

[3] ആ ധനവാന്മാർ – ശത്രുക്കൾ.

[4] ദേവന്മാരുടെ അമീത്ത് – യാഗം; അമീത്തും അമറേത്തും ഒന്നുതന്നെ.

[5] അത് – ഭവത്സേവനം.

[6] സൂര്യപുത്രി – ശ്രദ്ധ എന്നവൾ. രോമംകൊണ്ടു് – ആട്ടിൻരോമംകൊണ്ടുള്ള അരിപ്പയാൽ.

[7] ഇദ്ദേഹം – സോമം. അഭിഷവദിനം = പിഴിയുന്ന ദിവസം.

[8] സോമത്തെ വെള്ളം നിറച്ച തോൽത്തുരുത്തിയാക്കിയിരിയ്ക്കയാണു്.

[9] കിടാവായ – തള്ള കുട്ടിയ്ക്കു പാൽ കൊടുക്കുന്നതുപോലെ.

സൂക്തം 2.

കണ്വപുത്രൻ മേധാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

സോമമേ, ദേവകാമനായ ഭവാൻ വേഗത്തിൽ വിശുദ്ധമാം വണ്ണം ഒഴുകുക; ഇന്ദോ, വൃഷാവായ ഭവാൻ ഇന്ദ്രങ്കൽ ചെല്ലുക! 1

ഇന്ദോ, മഹാനായ, വൃഷാവായ, യശസ്സേറിയ, ധർത്താവായ നിന്തിരുവടി പാനീയം കൊണ്ടുവന്നാലും; സ്വസ്ഥാനത്തിരുന്നാലും! 2

പിഴിയപ്പെട്ട യാതൊരഭീഷ്ടദായിയുടെ ധാര അരിമപ്പെട്ട മധുവിനെ ചുരത്തിയോ, ആ സുകർമ്മാവു തണ്ണീരുകളുടുത്തു! 3

അങ്ങ് ഗോരസമുടുപ്പിയ്ക്കപ്പെടുന്നതെപ്പൊഴോ, അപ്പോൾ പെരിയ തണ്ണീരുകൾ പെരിയ ഭവാങ്കലെയ്ക്കു് ഒഴുകിവരും! 4

രസഭരിതനും, വിണ്ണിനെ താങ്ങുന്ന ഊന്നും, നമ്മെ സ്നേഹിയ്ക്കുന്നവനുമായ സോമം അരിപ്പയിൽ വെള്ളത്തിലെയ്ക്കരിയ്ക്കപ്പെടുന്നു. 5

ഒലിക്കൊള്ളുന്ന, പച്ചനിറമിയന്ന, ഒരു മിത്രമെന്നപോലെ ദർശനീയനായ, മഹാനായ വൃഷാവ് സൂര്യനോടുകൂടി വാനിൽ വിളങ്ങുന്നു! 6

ഇന്ദോ, കർമ്മേച്ഛയുടെ കഥനങ്ങൾ അങ്ങയുടെ ഓജസ്സിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്നു: ഇവയാണല്ലോ, മത്തുപിടിപ്പിയ്ക്കുന്ന ഭവാനെ അണിയിയ്ക്കുന്നതു്! 7

നിന്തിരുവടിയുടെ പെരിയ പ്രശസ്തികൾ ധർഷകന്നുതന്നെയാണല്ലോ; ആ ലോകകർത്താവായ നിന്തിരുവടിയോടു ഞങ്ങൾ മത്തിന്നായി യാചിയ്ക്കുന്നു. 8

ഇന്ദോ, ഇന്ദ്രനെ കാംക്ഷിയ്ക്കുന്ന ഭവാൻ, പർജ്ജന്യൻ മഴയെന്നപോലെ, ഞങ്ങൾക്കു മധുധാര പൊഴിച്ചാലും! 9

ഇന്ദോ, പണ്ടേ യാഗത്തിന്റെ ആത്മാവായ നിന്തിരുവടി ഗോക്കളെ തരും, ആൾക്കാരെ തരും, അശ്വങ്ങളെ തരും, അന്നങ്ങളെ തരും! 10

കുറിപ്പുകൾ: സൂക്തം 2.

[2] ധർത്താവു് = ധാരകൻ, ലോകത്തെ താങ്ങുന്നവൻ. പാനീയം – പേയവസ്തു.

[3] മധു – മധുരരസം. തണ്ണീരുകളുടുത്തു – വെള്ളത്തിലൊഴിയ്ക്കപ്പെട്ടു എന്നു സാരം.

[4] സോമരസത്തിൽ പാലും വെള്ളവും ചെർക്കുന്നു.

[6] വൃഷാവു് – അഭിഷ്ടവർഷിയായ സോമം.

[7] കർമ്മേച്ഛയുടെ കഥനങ്ങൾ – സ്തുതികൾ.

[8] ധർഷകൻ – ത്വൽപ്രസാദത്താൽ ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ, യജമാനൻ.

സൂക്തം 3.

അജീഗർത്തപുത്രൻ ശുനശ്ശേപൻ ഋഷി; ചന്ദോദേവതകൾ മുമ്പേത്തവ.

ഈ മരണമില്ലാത്ത ദേവൻ ദ്രോണകലശത്തിലിരിപ്പാൻ, ഒരു പക്ഷിപോലെ പോകുന്നു ! 1

വിരലുകളാൽ ഉൽപാദിപ്പിയ്ക്കപ്പെട്ട ഈ പവമാനദേവൻ അഹിംസ്യനായിട്ട്, അരാതികളുടെ നേരെ പായുന്നു! 2

ഈ പവമാനദേവനെ യജ്ഞകാമന്മാർ, യുദ്ധത്തിന്നു് ഒരശ്വത്തെയെന്നപോലെ, സ്തുതികൾകൊണ്ടു ചമയിയ്ക്കുന്നു! 3

ഈ പവമാനശൂരൻ ബലത്താൽ നടന്നുകൊണ്ടെന്നപോലെ, എല്ലാദ്ധനങ്ങളും നേടിവെപ്പാൻ നോക്കുന്നു! 4

ഈ പവമാനദേവൻ തേർ തേടുന്നു; തരുന്നു; ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 5

മേധാവികളാൽ ചുറ്റും സ്തുതിയ്ക്കപ്പെട്ട ഈ ദേവൻ ഹവിർദ്ദാതാവിന്നു രത്നങ്ങൾ നല്കിക്കൊണ്ടു വെള്ളത്തിലിറങ്ങുന്നു! 6

ധാരയോടുകൂടിയ ഈ പവമാനൻ ഒച്ചയിട്ടുകൊണ്ടു, ലോകങ്ങളെ തിരസ്കരിച്ചു നാകത്തിലെയ്ക്കോടുന്നു! 7

ഈ ശോഭനയജ്ഞനായ പവമാനൻ അഹിംസിതനായിട്ടു, ലോകങ്ങളെ തിരസ്കരിച്ചു, നാകത്തിലെയ്ക്കു നടകൊള്ളുന്നു ! 8

പണ്ടേ പിറന്ന ഈ പച്ചനിറം പൂണ്ട ദേവൻ ദേവന്മാർക്കായി പിഴിയപ്പെട്ടു്, അരിപ്പയിലണയുന്നു. 9

ഈ ബഹുകർമ്മാവു, പിറന്നപ്പോൾത്തന്നേ അന്നങ്ങളുളവാക്കിക്കൊണ്ടു, പിഴിയപ്പെട്ടു നീരൊഴുക്കുന്നു! 10

കുറിപ്പുകൾ: സൂക്തം 3.

[1] ദേവൻ – സോമം.

[2] ഉൽപ്പാദിപ്പിയ്ക്കപ്പെട്ട – പിഴിയപ്പെട്ട.

[5] തേർ തേടുന്നു – നമ്മുടെ യജ്ഞത്തിൽ വരാൻ. തരുന്നു – വന്നിട്ടു നമുക്ക് അഭീഷ്ടം നല്കുന്നു. ശബ്ദം – പിഴിയുമ്പോൾ.

സൂക്തം 4.

അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

പവമാനസോമമേ, മഹത്തായ അന്നമേ, ഭവാൻ ചെല്ലുക; വെല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 1

സോമമേ, അങ്ങു് തേജസ്സു തരിക; സ്വർഗ്ഗവും സർവ്വസൗഭാഗ്യങ്ങളും തരിക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 2

സോമമേ, ഭവാൻ ബലവും ജ്ഞാനവും തരിക; ദ്രോഹികളെ കൊല്ലുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 3

പിഴിയുന്നവരേ, നിങ്ങൾ ഇന്ദ്രന്നു കുടിപ്പാൻ സോമം അരിയ്ക്കുവിൻ. അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 4

ഭവാൻ ഭവാന്റെ കർമ്മംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങളെ സൂര്യങ്കലണയ്ക്കുക; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 5

ഭവാന്റെ ജ്ഞാനംകൊണ്ടും ഭവാന്റെ രക്ഷകൾകൊണ്ടും ഞങ്ങൾ സൂര്യനെ നീണാൾ കാണുമാറാകണം; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 6

നല്ല ആയുധങ്ങളുള്ള സോമമേ, അങ്ങു് രണ്ടിടങ്ങളിലെയും മുന്തിയ സമ്പത്തു കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 7

യുദ്ധങ്ങളിൽ പരിക്കുപറ്റാതെ കീഴമർത്തുന്ന നിന്തിരുവടി ധനം കിട്ടിച്ചാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 8

പവമാനമേ, അങ്ങയെ (ആളുകൾ) നിലനില്പിന്നായി യജ്ഞങ്ങൾകൊണ്ടു വളർത്തുന്നു; അങ്ങനെ ഭവാൻ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 9

ഇന്ദോ, അവിടുന്നു ഞങ്ങൾക്കു നാനാരൂപവും അശ്വസമേതവും വിശ്വവ്യാപിയുമായ ധനം കൊണ്ടുവന്നാലും; അങ്ങനെ ഞങ്ങൾക്കു ശ്രേയസ്സു വരുത്തുക! 10

കുറിപ്പുകൾ: സൂക്തം 4.

[1] ചെല്ലുക – ദേവന്മാരുടെ അടുക്കൽ. വെല്ലുക – യാഗം മുടക്കുന്ന രാക്ഷസരെ.

[9] ആളുകൾ – യജമാനർ.

സൂക്തം 5.

കശ്യപഗോത്രൻ അസിതനോ, ദേവലനോ ഋഷി; ഗായത്രിയും, അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സർവത്ര അധിപതിയും വൃഷാവുമായ സമിദ്ധപവമാനം പ്രീണിപ്പിച്ചുകൊണ്ടും ഒച്ച പുറപ്പെടുവിച്ചുകൊണ്ടും വിളങ്ങുന്നു! 1

തനൂനപാൽപവമാനം ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു്, അന്തരിക്ഷത്തിലൂടേ ഒളി വീശി നടകൊള്ളുന്നു! 2

ഈഡ്യപവമാനം അഭീഷ്ടദാതാവും ദീപ്തവുമായിത്തീർന്നു, ജലധാരകളോടേ ബലത്താൽ വിളങ്ങുന്നു! 3

പച്ചനിറം പൂണ്ട പവമാനദേവൻ യാഗങ്ങളിൽ ദർഭ തുമ്പു കിഴക്കോട്ടാക്കി വിരിപ്പിച്ചുകൊണ്ടു, ബലത്തോടേ നടക്കുന്നു! 4

കനകമയികളായ പെരിയ ദ്വാരദേവിമാർ പവമാനത്തോടു കൂടി, സ്തുതിയ്ക്കപ്പെട്ടു, ദിക്കുകളിൽനിന്നുയരുന്നു! 5

സുരൂപകളായ, മുന്തിയ മഹതികളായ, ഇപ്പോൾ ദർശനീയളായ രാത്ര്യുഷസ്സുകളെ പവമാനം കാമിയ്ക്കുന്നു! 6

മനുഷ്യരെ നോക്കുന്ന രണ്ടു ദേവഹോതാക്കളായ ദേവന്മാരെ ഞാൻ വിളിയ്ക്കുന്നു. ഉജ്ജ്വലവും വൃഷാവുമാകുന്നു, പവമാനം! 7

ഭാരതി, സരസ്വതി, മഹതിയായ ഇള എന്നീ മൂന്നു സുരൂപമാരായ ദേവിമാർ നമ്മുടെ പവമാനത്തിന്റെ ഈ യജ്ഞത്തിൽ എഴുന്നള്ളട്ടെ! 8

മുമ്പേ ജനിച്ച, ജഗദ്രക്ഷകനായ, മുന്നിൽ നടക്കുന്ന ത്വഷ്ടാവിനെ ഞാൻ വിളിയ്ക്കുന്നു. പച്ചനിറം പൂണ്ട പവമാനസോമം ഇന്ദ്രനാണു്, വൃഷാവാണു്, പ്രജാപതിയാണു്! 9

പവമാനമേ, പച്ചനിറത്തിലും സ്വർണ്ണവർണ്ണത്തിലും വിളങ്ങുന്ന, ആയിരം കൊമ്പുകളുള്ള വനസ്പതിയെ അങ്ങു് മധുധാരയാടിച്ചാലും! 10

വായു, ബൃഹസ്പതി, സൂര്യൻ, അഗ്നി, ഇന്ദ്രൻ എന്നീ ദേവന്മാരേ, നിങ്ങളെല്ലാവരും ഒന്നിച്ചു പവമാനത്തിന്റെ സ്വാഹാകാരത്തിന്നു വന്നെത്തുവിൻ! 11

കുറിപ്പുകൾ: സൂക്തം 5.

[1] ഈ സൂക്തത്തിൽ, പവമാനസോമത്തെ നരാശംസനൊഴിച്ചുള്ള അഗ്നികളാക്കിയിരിയ്ക്കുന്നു. സമിദ്ധൻ – ഒരഗ്നിയുടെ പേർ. പ്രീണിപ്പിച്ചുകൊണ്ടും – ദേവന്മാരെ.

[2] തനൂനപാത്ത് – പേർ. ഇരുകൊമ്പുകൾ – രണ്ടായി ഒഴുകിയ്ക്കപ്പെടുന്ന നീര്. നടകൊള്ളുന്നു – ദ്രോണകലശത്തിലെയ്ക്ക്.

[3] ഈഡ്യൻ – പേർ.

[9] മുന്നിൽ – ദേവന്മാരുടെ.

[10] വനസ്പതി – ഒരു ദേവൻ. മധുധാര – മധുരസപ്രവാഹം.

[11] സ്വാഹാകാരം – യജ്ഞകർമ്മം.

സൂക്തം 6.

അസിതനോ, ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

സോമമേ, ദേവന്മാരിലും ഞങ്ങളിലും കൂറുറ്റ വൃഷാവായ ഭവാൻ മത്തുണ്ടാക്കുന്ന നീർ ആട്ടിൻരോമങ്ങളിൽ ഒഴുക്കിയാലും! 1

ഇന്ദോ, അങ്ങ് ഇന്ദ്രനാകകൊണ്ടു്, ആ മദകരമായ മധുവിനെയും, കരുത്തുള്ള കുതിരകളെയും നേരേ ഒഴുക്കിയാലും! 2

പിഴിയപ്പെടുന്ന ഭവാൻ ആ പുരാതനമായ മധു അരിപ്പയിൽ വീഴ്ത്തുക; ബലം, അന്നം എന്നിവയെയും ഒഴുക്കുക! 3

തെരുതെരെ വീഴുന്ന സോമരസങ്ങൾ, തണ്ണീരുകൾ താന്നേടത്തൂടെയെന്നപോലെ പാഞ്ഞ്, ഇന്ദ്രങ്കലണയുന്നു! 4

ആട്ടിൻരോമത്തിൽപ്പെടാതെ കാട്ടിൽ വിളയാടുന്ന യാതൊന്നിനെ പത്തു മങ്കമാർ, ഒരു കെല്പുറ്റ കുതിരയെയെന്നപോലെ തുടയ്ക്കുന്നുവോ; 5

ദേവന്മാർക്കു കുടിച്ചു മത്താടാൻ പിഴിയപ്പെട്ട ആ വൃഷാവായ നീരിൽ ഭവാൻ യുദ്ധത്തിന്നായി ഗോരസങ്ങൾ പകരുക. 6

ഇന്ദ്രദേവന്നായി പിഴിയപ്പെട്ട തെളിസോമം, തന്തിരുവടിയെ സംതൃപ്തനാക്കുന്ന പയസ്സിനെ ധാരയായൊഴുക്കുന്നു. 7

യജ്ഞത്തിന്റെ ആത്മാവു പിഴിയപ്പെട്ടു്, (അഭീഷ്ടങ്ങളെ) അയച്ചുകൊണ്ടു, വിരഞ്ഞൊഴുകുന്നു; പുരാതനമായ കവിത്വത്തെ പുലർത്തുകയും ചെയ്യുന്നു! 8

അതിമാദകമേ, അങ്ങു് ഇന്ദ്രന്നു കുടിപ്പാൻ ഇപ്രകാരം മധു പൊഴിയ്ക്കുന്നു; മറവിൽ ഒലികളും കൂട്ടുന്നു! 9

കുറിപ്പുകൾ: സൂക്തം 6.

[1] ആട്ടിൻരോമങ്ങൾ – കമ്പിളിയരിപ്പ.

[2] ഒഴുക്കിയാലും – ഞങ്ങൾക്കായി.

[5] പ്രത്യക്ഷോക്തി: പത്തു മങ്കമാർ – പത്തു കൈവിരലുകൾ. തുടയ്ക്കുന്നു – പരിചരിയ്ക്കുന്നു എന്നർത്ഥം.

[7] പയസ്സ് – പാൽ, നീര്.

[8] യജ്ഞത്തിന്റെ ആത്മാവു് – സോമം. അയച്ചുകൊണ്ടു് – യഷ്ടാക്കൾക്കു. കവിത്വം – ഋഷിത്വം.

[9] പ്രത്യക്ഷോക്തി: മറവിൽ – യാഗശാലയിൽ.

സൂക്തം 7.

അസിതനോ, ദേവലനോ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

നല്ല കൂട്ടുകളോടുകൂടിയ, തന്തിരുവടിയുടെ ചാർച്ചയറിയുന്ന സോമങ്ങൾ കർമ്മത്തിൽ യജ്ഞമാർഗ്ഗത്തിലൂടേ കൊണ്ടുപോകപ്പെടുന്നു. 1

ഹവിസ്സുകളിൽ സ്തുത്യമായ യാതൊരു ഹവിസ്സു പെരിയ തണ്ണീരുകളിലിറങ്ങുമോ, ആ മധുവിന്റെ ധാരകൾ മുഖ്യങ്ങളാകുന്നു. 2

സത്യഭൂതവും അഹിംസവും മുഖ്യവുമായ വൃഷാവു് യജ്ഞത്തെ നോക്കി വെള്ളത്തിൽ തക്ക ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 3

സമ്പത്തുടുക്കുന്ന കവി കാവ്യങ്ങളിൽ ചുറ്റിനടക്കുന്നതെപ്പൊഴോ, അപ്പോൾ വിണ്ണിലെക്കുതിര യാത്രയ്ക്കൊരുങ്ങും! 4

കർമ്മികളാൽ പ്രേരിപ്പിയ്ക്കപ്പെട്ടാലപ്പോൾ, ഈ പവമാനം ഒരു രാജാവെന്നപോലെ മുടക്കികളെ മുടിയ്ക്കും! 5

അരുമപ്പെട്ട പച്ചനിറക്കാരൻ തണ്ണീരോടു ചേർന്നിട്ടു, കമ്പിളിയിലിരിയ്ക്കുന്നു; ഒലി കൂട്ടിക്കൊണ്ടു സ്തുതിയ്ക്കപ്പെടുകയും ചെയ്യുന്നു. 6

ഇതിന്റെ കർമ്മങ്ങളിൽ ആർ രമിയ്ക്കുമോ, അവൻ വായുവിന്റെയും ഇന്ദ്രന്റെയും അശ്വികളുടെയും അടുക്കൽ ലഹരിയോടേ ചെന്നെത്തും! 7

എവരുടെ മധുവീചികൾ മിത്രവരുണഭഗന്മാരെ നീരാടിയ്ക്കുമോ, അവർ ഇതിനെ അറിഞ്ഞു, സുഖയുക്തരായിത്തീരും! 8

ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങൾക്കു, മത്തുപിടിപ്പിയ്ക്കുന്ന സോമം കിട്ടാൻ ധനവും അന്നവും ജംഗമസ്വത്തുക്കളും ഉളവാക്കുവിൻ! 9

കുറിപ്പുകൾ: സൂക്തം 7.

[1] കൂട്ടുകൾ – പാലും മറ്റും. തന്തിരുവടി – ഇന്ദ്രൻ. അറിയുന്ന – അനുഭവിയ്ക്കുന്ന എന്നർത്ഥം.

[2] ആ മധു – സോമം.

[3] അഹിംസം = ഹിംസാരഹിതം. വൃഷാവു് – സോമം.

[4] സമ്പത്തുടുക്കുന്ന – യജമാനർക്കു കൊടുക്കാൻ ധനമെടുക്കുന്ന. കവി – സോമം. കാവ്യങ്ങൾ – സ്തോതാക്കളുടെ സ്തുതികൾ. വിണ്ണിലെ കുതിര – ഇന്ദ്രാശ്വം. യാത്രയ്ക്കു – യാഗത്തിനു പോരാൻ.

[5] മുടക്കികൾ – യജ്ഞവിഘ്നകാരികളായ കൂട്ടർ.

[6] അരുമപ്പെട്ട – ദേവകൾക്കു പ്രിയനായ. പച്ചനിറക്കാരൻ – സോമം. കമ്പിളി – കമ്പിളിയരിപ്പ.

[7] കർമ്മങ്ങൾ – പിഴിയുകയും മറ്റും.

[8] എവരുടെ മധുവീചികൾ – എവർ പിഴിഞ്ഞ സോമത്തിന്റെ നീരലകൾ. അവർ – ആ യജ്ഞമാനർ. ഇതിനെ അറിഞ്ഞു – സോമത്തിന്റെ പ്രഭാവം അറിഞ്ഞു്.

[9] ജംഗമസ്വത്തുകൾ – ഗവാശ്വാദികൾ.

സൂക്തം 8.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ സോമങ്ങൾ ഇന്ദ്രന്നു വീര്യം വളർത്താൻ, അവിടെയ്ക്കു കാമ്യവും പ്രിയവുമായ (നീർ) പൊഴിയ്ക്കുന്നു. 1

പിഴിയപ്പെട്ടു ചമസങ്ങളിലിരുന്നു വായുവിങ്കലും അശ്വികളിലും ചെല്ലുന്ന അതുകൾ നല്ല വീര്യത്തെ ഉളവാക്കട്ടെ! 2

സോമമേ, കൊതിച്ചു പിഴിയപ്പെട്ട ഭവാൻ ഇന്ദ്രനെ ആരാധിപ്പാൻ യജ്ഞസ്ഥാനത്തു വിളിച്ചിരുത്തിയാലും! 3

അങ്ങയെ പത്തുപിരലുകൾ തുടയ്ക്കുന്നു; ഏഴുധീമാന്മാർ പ്രീണിപ്പിയ്ക്കുന്നു; മേധാവികൾ മത്തും പിടിപ്പിയ്ക്കുന്നു! 4

ദേവന്മാരുടെ മത്തിന്നു, വെള്ളത്തിലും കമ്പിളിയിലുമിട്ട ഭവാങ്കൽ ഞങ്ങൾ ഗോരസങ്ങൾ പകരുന്നു. 5

പച്ചനിറം പൂണ്ട സുപ്രഭൻ അരിച്ചു കുടങ്ങളിലാക്കപ്പെട്ടിട്ടു, ഗോരസങ്ങളുടുക്കുന്നു! 6

ഇന്ദോ, അവിടുന്നു ധനവാന്മാരായ ഞങ്ങൾക്കായി നീരൊഴുക്കിയാലും; വിദ്വേഷികളെയെല്ലാം ആട്ടിപ്പായിച്ചാലും; സഖാവിങ്കൽ ചെന്നാലും! 7

സോമമേ, ഭവാൻ വാനിൽനിന്നു മഴ പൊഴിയ്ക്കുക; ഭൂമിയിൽ അന്നമുണ്ടാക്കുക; ഞങ്ങൾക്കു യുദ്ധങ്ങളിൽ കെല്പും ഉളവാക്കുക! 8

മനുഷ്യരെ നോക്കുന്ന, ഇന്ദ്രൻ നുകരുന്ന, എല്ലാമറിയുന്ന ഭവാനെക്കൊണ്ടു ഞങ്ങൾ സന്തതിയും അന്നവും നേടുമാറാകണം! 9

കുറിപ്പുകൾ: സൂക്തം 8.

[2] അതുകൾ – സോമങ്ങൾ.

[4] ഏഴു ധീമാന്മാർ – ഹോത്രകന്മാർ. മത്തും പിടിപ്പിയ്ക്കുന്നു – സ്തുതിച്ച് ഇമ്പപ്പെടുത്തുന്നു.

[6] സുപ്രഭൻ – സോമം.

[7] ധനവാന്മാർ – ഹവിസ്സാകുന്ന ധനമുള്ളവർ. സഖാവു് – ഇന്ദ്രൻ.

സൂക്തം 9.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ക്രാന്തകർമ്മാവായ കവി, പിഴിയാൻ ഇരുപലകകളിൽ വെയ്ക്കപ്പെട്ടു, വിണ്ണിന്നാരോമലായ അമ്മിമേൽ ചെല്ലുന്നു. 1

ത്രാണിയുള്ള ഭവാൻ, ഭവാന്റെ ഇരിപ്പിടമായിത്തീർന്ന, അദ്രോഹിയായ സ്തോതാവിന്നു ഭക്ഷിപ്പാൻ ധാരാളം അന്നവുമായി വന്നാലും! 2

പിറന്നു പരിശുദ്ധി പൂണ്ട ആ മഹാനായ മകൻ മഹതികളും യജ്ഞത്തെ വളർത്തുന്നവരും ജനയിത്രികളുമായ ഇരുതായകളെ വിളങ്ങിയ്ക്കുന്നു! 3

മുഖ്യമായ അതു് അംഗുലികളാൽ പിടിയ്ക്കപ്പെട്ടിട്ടു്, ഏഴുനദികളെ – അതിനെ ചടവുപറ്റാതെ വളർത്തിപ്പോന്ന ദ്രോഹവർജ്ജിതകളെ – പ്രീണിപ്പിയ്ക്കുന്നു! 4

ഇന്ദ്ര, അങ്ങയ്ക്കുള്ള വലിയ കർമ്മത്തിന്നാണു്, ആ അംഗുലികൾ ഹിംസിയ്ക്കപ്പെടാത്ത, യുവാവായ ഇന്ദുവിനെ എടുത്തത്. 5

ഏറ്റവും മതി വരുത്തുന്ന, മരണമില്ലാത്ത ഭാരവാഹി ഏഴുദേവിമാരെ നോക്കുന്നു, ഒരു കിണറായിത്തീർന്നു സംതൃപ്തകളാക്കുന്നു! 6

ഒരു പുരുഷനായ പവമാനസോമമേ, യജ്ഞദിവസങ്ങളിൽ ഭവാൻ ഞങ്ങളെ രക്ഷിച്ചാലും; ആ പൊരുതപ്പെടേണ്ടുന്ന തമസ്സുകളെ തകർത്താലും! 7

ശ്ലാഘ്യമായ പുത്തൻസൂക്തത്തിന്നു നിന്തിരുവടി വെക്കം വഴിയിലിറങ്ങിയാലും; മുമ്പേത്തെപ്പോലെ വെളിച്ചവും വീശിയാലും! 8

പവമാനമേ, മഹത്തായ അന്നത്തെയും ഗോവിനെയും അശ്വത്തെയും പുത്രനെയും നിന്തിരുവടി നല്കാറുണ്ടല്ലോ; ആ നിന്തിരുവടി മേധ തരിക – എല്ലാം തരിക! 9

കുറിപ്പുകൾ: സൂക്തം 9.

[1] കവി – സോമം. വിണ്ണിന്നാരോമലായ – സോമം പിഴിയാനുള്ള ഉപകരണം വിണ്ണിന്നു (ദേവന്മാർക്കു്) പ്രിയപ്പെട്ടതായിരിയ്ക്കുമല്ലോ.

[3] മകൻ – സോമം. ജനയിത്രികൾ – ഭുതജാതത്തെ ജനിപ്പിച്ചവർ. ഇരുതായകളെ – ദ്യാവാപൃഥിവികളെ.

[4] അതു് – സോമം. ദ്രോഹവർജ്ജിതകൾ – സ്നേഹശാലിനികൾ.

[6] മതി – ദേവന്മാർക്കു്. ഭാരവാഹി – യജ്ഞത്തിന്റെ ഭാരം വഹിയ്ക്കുന്ന സോമം. ഏഴുദേവിമാർ – സപ്തനദികൾ. കിണറായിത്തീർന്നു – വലിയ കുട്ടകത്തിൽ നിറഞ്ഞുനിന്നു, ദേവന്മാരാൽ കുടിയ്ക്കപ്പെട്ടു്. സംതൃപ്തകളാക്കുന്നു – മഴ പെയ്യിച്ചു്.

[7] തമസ്സുകൾ – രക്ഷസ്സുകൾ.

[8] സൂക്തത്തിന്നു – സ്തോത്രം കേൾപ്പാൻ. വഴിയിലിറങ്ങിയാലും – ഇങ്ങോട്ടു പുറപ്പെട്ടാലും.

[9] നല്കാറുണ്ടല്ലോ – ഞങ്ങൾക്കു്.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

തേരുകൾപോലെയും കുതിരകൾപോലെയും ഒലിയിടുന്ന സോമങ്ങൾ അന്നത്തിന്നും സ്വത്തിന്നും വന്നെത്തുന്നു! 1

തേരുകൾപോലെ വരുന്ന സോമങ്ങൾ, ചുമട്ടുകാരുടെ ചുമടുകൾപോലെ ഇരു കൈകളിൽ എടുക്കപ്പെടുന്നു. 2

രാജാവിനെ സ്തുതിപോലെയും, യജ്ഞത്തെ സപ്തഹോത്രകൾപോലെയും, സോമത്തെ ഗോരസം പൂശിയ്ക്കുന്നു. 3

പിഴിയപ്പെടുന്ന സോമം മഹത്തായ സ്തുതിയോടേ പിഴിയപ്പെട്ടു, മത്തിന്നായി ധാരാരൂപേണ ചുറ്റും നടക്കുന്നു. 4

ഇന്ദ്രന്നു കുടിപ്പാനുള്ളതും, ഉഷസ്സിന്നു ശോഭയുണ്ടാക്കുന്നതുമായ സോമം ഒഴുകിക്കൊണ്ടു് ഒച്ച പുറപ്പെടുവിയ്ക്കുന്നു! 5

പഴയ സ്തുതികാരന്മാരും, വൃഷാവിനെ കൊണ്ടുവരുന്ന മനുഷ്യരും (യജ്ഞത്തിന്റെ) കതകുകൾ തുറക്കുന്നു! 6

നല്ലവരായ, ചാർച്ചക്കാരായ ഏഴുഹോത്രകർ ഒന്നിന്റെ അടുക്കൽ തിക്കിക്കൊണ്ടിരിയ്ക്കുന്നു! 7

നാഭിയെ ഞാൻ നാഭിയിലാക്കുന്നു; കണ്ണു സൂര്യങ്കലും ചേരുന്നു. കവിയുടെ കുഞ്ഞിനെ ഞാൻ വളർത്തുന്നു! 8

വിണ്ണിന്റെ അരിയ ഇരിപ്പിടം അധ്വര്യുക്കളാൽ ഗുഹയിലടയ്ക്കപ്പെട്ടതും ഇന്ദ്രൻ തൃക്കണ്ണുകൊണ്ടു നോക്കുന്നു! 9

കുറിപ്പുകൾ: സൂക്തം 10.

[1] അന്നത്തിന്നും സ്വത്തിന്നും – ശത്രുക്കളിൽനിന്നു് അന്നവും സ്വത്തും കവർന്നു യജമാനർക്കു കൊടുക്കാൻ.

[2] വരുന്ന – യാഗശാലയിലെയ്ക്കു്. ഇരുകൈകളിൽ – ഋത്വിക്കുകളുടെ.

[3] പൂശിയ്ക്കുന്നു – കർമ്മികൾ.

[4] മത്തിന്നായി – ദേവന്മാരെ മത്തു പിടിപ്പിയ്ക്കാൻ. ചുറ്റും നടക്കുന്നു – യാഗശാലയിലെങ്ങും കൊണ്ടുപോകപ്പെടുന്നു.

[6] വൃഷാവു് – സോമം. കതകുകൾ – ദ്വാരങ്ങൾ.

[7] ചാർച്ചക്കാർ – പരസ്പരസ്നേഹികൾ. ഒന്ന് – സോമം.

[8] നാഭിയെ – യജ്ഞത്തിന്റെ പൊക്കിളായ സോമത്തെ. നാഭിയിലാക്കുന്നു – കുടിയ്ക്കുന്നു എന്നർത്ഥം; സോമം കുടിച്ചാൽ സൂര്യനെ നോക്കാൻ കെല്പുണ്ടാകും. കവിയുടെ കുഞ്ഞു് – സോമവല്ലിത്തയ്യു്.

[9] വിണ്ണിന്റെ അരിയ ഇരിപ്പിടം – സോമം. ഗുഹയിലടയ്ക്കുക – വയറ്റിലാക്കുക, കുടിയ്ക്കുക.

സൂക്തം 11.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവന്മാരെ യജിപ്പാൻതുടങ്ങുന്ന ഈ പവമാനസോമത്തെപ്പറ്റി, നേതാക്കളേ, നിങ്ങൾ ഗാനംചെയ്യുവിൻ! 1

ദേവ, ഭവാന്റെ ദേവകാമമായ (നീരിൽ) ദേവന്നായി അഥർവാക്കൾ ഗോക്ഷീരം പകരുന്നു. 2

രാജാവേ, ആ തിരുമേനി ഗോവിന്നു സുഖമാംവണ്ണവും, ആളുകൾക്കു സുഖമാംവണ്ണവും, അശ്വത്തിന്നു സുഖമാംവണ്ണവും, സസ്യങ്ങൾക്കു സുഖമാംവണ്ണവും നീരൊഴുക്കിയാലും! 3

തവിട്ടുനിറം തടവുന്ന, തുടുപ്പിയന്ന, സ്വർഗ്ഗത്തെ തലോടുന്ന, സ്വതവേ ബലവത്തായ സോമത്തിന്നു നിങ്ങൾ സ്തോത്രം ചൊല്ലുവിൻ. 4

അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞ സോമം നിങ്ങൾ അരിയ്ക്കുവിൻ; ഈ മധുവിൽ പശുവിൻപാലും പകരുവിൻ. 5

ഇന്ദുവിനെ നിങ്ങൾ വണങ്ങി സമീപിയ്ക്കുവിൻ; തയിർതന്നേ ചേർക്കുവിൻ; ഇന്ദ്രന്നു വെയ്ക്കുവിൻ. 6

സോമമേ, വഴിപോലെ കാണുന്ന, വൈരികളെ വധിയ്ക്കുന്ന, ദേവന്മാർക്കഭിമതം നല്കുന്ന നിന്തിരുവടി ഗോവിന്നു സുഖമാംവണ്ണം നീരൊഴുക്കിയാലും! 7

സോമമേ, മനസ്സറിയുന്ന മനസ്പതിയായ ഭവാൻ ഇന്ദ്രന്നു കുടിച്ചു ലഹരിക്കൊള്ളാനായി പകർന്നുവെയ്ക്കപ്പെടുന്നു. 8

ഇന്ദോ, പവമാനസോമമേ, അങ്ങു് ഞങ്ങൾക്കു, ഞങ്ങളുടെ ഇന്ദ്രന്റെ തുണയാൽ നല്ല വീര്യവും ധനവും തന്നാലും! 9

കുറിപ്പുകൾ: സൂക്തം 11.

[1] ഋത്വിക്കുകളോട്:

[2] ദേവന്നായി – ഇന്ദ്രാർത്ഥം. അഥർവാക്കൾ – ഋഷിമാർ.

[4] സ്തോതാക്കളോടു്.

[5] ചിലപ്പോൾ തവിട്ടുനിറം, ചിലപ്പോൾ തുടുപ്പു്. സ്വർഗ്ഗത്തെ തലോടുന്ന – സ്വർഗ്ഗത്തിൽ പെരുമാറുന്ന എന്നർത്ഥം.

[6] ഋത്വിക്കുകളോടു്:

സൂക്തം 12.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇനിപ്പേറിയ ഇന്ദുക്കളായ സോമങ്ങൾ യാഗശാലയിൽ ഇന്ദ്രന്നായി പിഴിഞ്ഞുവെയ്ക്കപ്പെടുന്നു. 1

സോമം കുടിപ്പാൻ ഇന്ദ്രനെ മേധാവികൾ, കന്നിനെ തള്ളപ്പൈക്കൾപോലെ വിളിയ്ക്കുന്നു. 2

മനീഷിയായ, മത്തൊഴുക്കുന്ന സോമം സ്ഥാനത്തു വസിയ്ക്കുന്നു – നദീതരംഗത്തിൽ, വാക്കിൽ മേവുന്നു. 3

വഴിപോലെ കാണുന്ന, ശോഭനയജ്ഞനായ, കവിയായ സോമം അന്തരിക്ഷത്തിന്റെ നാഭിയായ കമ്പിളിയരിപ്പയിൽ ആരാധിയ്ക്കപ്പെടുന്നു! 4

യാതൊന്നിനെ അരിപ്പയിലും കുടങ്ങളിലും പകർന്നുവോ, ആ സോമത്തെ ഇന്ദു പുണരുന്നു! 5

ഇന്ദു മഴ പൊഴിയ്ക്കുന്ന മേഘത്തെ രസിപ്പിച്ചുകൊണ്ടു്, അന്തരിക്ഷപാദത്തിൽ ഒലിക്കൊള്ളുന്നു! 6

സദാ സ്തുതിയ്ക്കപ്പെടുന്ന, അമൃതു ചുരത്തുന്ന വനസ്പതി മാനുഷദിനങ്ങളെ പ്രീണിപ്പിച്ചുകൊണ്ടു കർമ്മങ്ങളിൽ പെരുമാറുന്നു! 7

കവിയായ സോമം അന്തരിക്ഷത്തിൽനിന്നയയ്ക്കപ്പെട്ടിട്ടു മേധാവിയുടെ പ്രിയസ്ഥാനങ്ങളിലെയ്ക്കു് ഒഴുകിച്ചെല്ലുന്നു! 8

പവമാനസോമമേ, അങ്ങു് അത്യുജ്ജ്വലമായ നല്ല ഭവനവും ധനവും ഞങ്ങളിൽ പകർന്നാലും! 9

കുറിപ്പുകൾ: സൂക്തം 12.

[3] നദീതരംഗം – വസതീവരീജലം. വാക്കിൽ മേവുന്നു – ശബ്ദം പുറപ്പെടുവിയ്ക്കുന്നു.

[4] നാഭിയായ – മധ്യസ്ഥിതമായ എന്നർത്ഥം.

[5] സോമത്തെ – തന്റെ ഒരംശമായ നീരിനെ.

[7] വനസ്പതി – സോമം.

[8] മേധാവിയുടെ (യഷ്ടാവിന്റെ) പ്രിയസ്ഥാനങ്ങൾ – യജ്ഞസദനങ്ങൾ.

സൂക്തം 13.

അസിതനോ ദേവലനോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

ആയിരം ധാരകളോടുകൂടിയ പവമാനസോമം വായുവിന്നും ഇന്ദ്രന്നുമായി, കമ്പിളിയിൽനിന്നു പാത്രത്തിലെയ്ക്കിറങ്ങുന്നു. 1

രക്ഷാകാംക്ഷികളേ, നിങ്ങൾ ദേവന്മാർക്കു കുടിപ്പാൻ പിഴിയപ്പെടുന്ന മേധാവിയായ പവമാനത്തെപ്പറ്റി ഉറക്കെപ്പാടുവിൻ! 2

ഒരായിരം കരുത്തുള്ള, സ്തുതിയ്ക്കപ്പെടുന്ന സോമങ്ങൾ യജ്ഞസിദ്ധിയ്ക്കും അന്നസിദ്ധിയ്ക്കുമായി നീരൊഴുക്കുന്നു. 3

ഇന്ദോ, നിന്തിരുവടി ഞങ്ങൾക്കു് അന്നം കിട്ടാൻ, വളരെ നീരും തിളങ്ങുന്ന സുവീര്യവും ഒഴുക്കിയാലും! 4

ആ പിഴിയപ്പെടുന്ന ഇന്ദുദേവന്മാർ നമുക്ക് ഒരായിരം ധനവും നല്ല വീര്യവും ഒഴുക്കട്ടെ! 5

യുദ്ധത്തിന്നു തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ ശീഘ്രഗാമികളായ (സോമങ്ങൾ) ആളുകളാൽ കമ്പിളിയിറക്കപ്പെടുന്നു! 6

കൈകളിലെടുക്കപ്പെട്ട സോമങ്ങൾ, ഉമ്പയിടുന്ന പൈക്കൾ കന്നിന്റെ അടുക്കലെയ്ക്കെന്നപോലെ, പാത്രത്തിലെയ്ക്കു പോകുന്നു. 7

ഇന്ദ്രന്നു് അരിമപ്പെട്ടതാണല്ലോ, സോമം: പവമാനമേ, ഭവാൻ, ഒച്ചയിട്ടു ദ്രോഹികളെയെല്ലാം ഓടിച്ചാലും! 8

പവമാനങ്ങളേ, അദാതാക്കളെ ഹനിയ്ക്കുന്ന അഖിലദർശികളായ നിങ്ങൾ യജ്ഞസ്ഥാനത്തിരുന്നാലും! 9

കുറിപ്പുകൾ: സൂക്തം 13.

[1] കമ്പിളി – അരിപ്പ.

[2] ഉദ്ഗാതാക്കളോടു്:

[5] ഇന്ദുദേവന്മാർ – സോമങ്ങൾ.

[9] അദാതാക്കൾ – യജ്ഞമനുഷ്ഠിയ്ക്കാത്തവർ. അഖിലദർശികൾ = എല്ലാം കാണുന്നവർ.

സൂക്തം 14.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കവി നദീവീചിയിൽ നീന്തി, ബഹുകാമ്യമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു, നാലിടത്തും നീരൊഴുക്കുന്നു.1

ഒരേനിയന്ത്രണം പൂണ്ട പഞ്ചജനങ്ങൾ കർമ്മത്തിനായി ഈ ധർത്താവിനെ സ്തുതിയണിയിയ്ക്കുകയും, 2

ഗോരസമുടുപ്പിയ്ക്കുകയും ചെയ്യുന്നതോടേ, ദേവന്മാരെല്ലാം ഈ കരുത്തന്റെ നീരിൽ മത്തടിയ്ക്കുകയായി! 3

ഇതു് അരിപ്പത്തുളകളിലൂടേ കീഴ്പാട്ടോടുന്നു; ഇവിടെവെച്ചു സഖാവിനോടു ചേരുന്നു! 4

ഈ യുവാവു്, ഒരുജ്ജ്വലാശ്വംപോലെ, പരിചാരകന്റെ പൗത്രിമാരാൽ തുടയ്ക്കപ്പെടുന്നു; രൂപം തെളിഞ്ഞു, ഗോരസങ്ങളോടിണങ്ങുന്നു! 5

ഇതു വിരലുകളാൽ (പിഴിയപ്പെട്ടു), ഗവ്യങ്ങൾ ചേർക്കപ്പെട്ടു, വിലങ്ങനെ നടകൊള്ളുന്നു; അറിയാവുന്ന ഒരു ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 6

വിരലുകൾ അന്നപതിയെ തലോടാൻ സമീപിയ്ക്കുന്നു; ബലവാന്റെ മുതുകത്തു പിടിയ്ക്കുന്നു. 7

സോമമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി, വിണ്ണിലും മന്നിലുമുള്ള സകലധനങ്ങളും എടുത്തു വന്നുചേർന്നാലും! 8

കുറിപ്പുകൾ: സൂക്തം 14.

[1] കവി – സോമം. നദീവീചി – വസതീവരി.

[2] ഈ ധർത്താവിനെ – ലോകത്തെ താങ്ങുന്ന സോമത്തെ.

[3] ഈ കരുത്തൻ – സോമം.

[4] ഇവിടെ – യജ്ഞത്തിൽ. സഖാവു് – ഇന്ദ്രൻ.

[5] ഈ യുവാവു് – സോമം. പൗത്രിമാർ – പുത്രരായ കരങ്ങളുടെ പുത്രിമാർ, വിരലുകൾ.

[6] അറിയാവുന്ന – യജമാനന്നു മനസ്സിലാവുന്ന.

[7] അന്നപതി – സോമം. ബലവാന്റെ – സോമത്തിന്റെ.

സൂക്തം 15.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ ശൂരൻ വിരലുകളാൽ പിഴിയപ്പെട്ടിട്ടു്, ഓടുന്ന തേരുകളിലൂടേ ഇന്ദ്രന്റെ ഇരിപ്പിടത്തിലെയ്ക്കു പോകാൻ, കർമ്മത്താൽ പുറപ്പെടുന്നു! 1

ഇതു്, അമരന്മാരിരിയ്ക്കുന്ന മഹത്തായ യജ്ഞത്തിന്നായി വളരെ കർമ്മം കാംക്ഷിയ്ക്കുന്നു.2

ഒരുക്കിവെയ്ക്കപ്പെട്ട ഇതിനെ ഭാരവാഹികൾ ഇടയിലെ ശുചിയായ മാർഗ്ഗത്തിലൂടേ, കൊടുപ്പാനായി കൊണ്ടുപോകുന്നു. 3

ബലത്താൽ ധനങ്ങളെടുത്തിട്ടുള്ള ഇതു്, ഒരു കൂട്ടത്തലവനായ കാള കൊമ്പണയ്ക്കുന്നതുപോലെ, തുമ്പുകൾ കുലുക്കുന്നു. 4

ഈ വേഗവാനായ നീരരചൻ തിളങ്ങുന്ന പൊൻകതിരുകളോടേ എഴുന്നള്ളുന്നു! 5

ഇതു കമ്പുകൊണ്ടു്, ഒളിച്ച പീഡിതരെ കടന്നുപോന്നു, പീഡിപ്പിയ്ക്കേണ്ടുന്നവറ്റിൽ ചെല്ലുന്നു! 6

വളരെയന്നമുളവാക്കുന്ന ഇതിനെ ആളുകൾ ദ്രോണകലശങ്ങളിൽ ഞെക്കിപ്പിഴിയുന്നു. 7

നല്ല ആയുധങ്ങളുള്ള ഈ മികച്ച മദകാരിയെ ഏഴു് ഋത്വിക്കുകൾ പത്തു കൈവിരലുകൾകൊണ്ടു് പരിചരിയ്ക്കുന്നു! 8

കുറിപ്പുകൾ: സൂക്തം 15.

[1] ഈ ശൂരൻ – സോമം. തേരുകൾ – ഇന്ദ്രൻതന്നെ അയച്ച രഥങ്ങൾ. കർമ്മം – ഹോമം.

[2] ഇതു് – സോമം.

[3] ഇതിനെ – സോമരസത്തെ. ഇട – ഹവിർദ്ധാനത്തിന്റെയും ആഹവനീയത്തിന്റെയും മധ്യം. കൊടുപ്പാനായി – ദേവന്മാർക്കു ഹോമിപ്പാൻ.

[4] എടുത്തിട്ടുള്ള – നമുക്കു തരാൻ. ഇതു് – സോമം. അണയ്ക്കുക = മൂർച്ചകൂട്ടുക.

[5] നീരരചൻ – രസങ്ങളുടെ രാജാവു്, സോമം.

[6] ഇതു് – സോമം. ഒളിച്ച പീഡിതരെ – സോമത്താൽ പീഡിപ്പിയ്ക്കപ്പെട്ടു് ഒളിച്ച രാക്ഷസരെ. പീഡിപ്പിയ്ക്കേണ്ടുന്നവറ്റിൽ – ബാക്കിയുള്ള പീഡനീയരിൽ.

[7] അന്നം – ആസ്വാദ്യമായ നീര്. ഇതിനെ – സോമത്തെ.

[8] മദകാരി – സോമം.

സൂക്തം 16.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അങ്ങയുടെ നീർ, വാനൂഴികളുടേതുപോലെ, ധർഷകമായ മദത്തിന്നായി പിഴിയപ്പെടുന്നു; അതു, നനയ്ക്കപ്പെട്ട കുതിരപോലെ നടകൊള്ളുന്നു. 1

തണ്ണീരുടുത്ത, അന്നസഹിതമായ, ഗോക്കളെ ഒഴുക്കുന്ന ബലനേതാവിനെ നാം കർമ്മംകൊണ്ടു കൈവിരലുകളിൽ ചേർക്കുക! 2

അധർഷിതമായ, അധൃഷ്യമായ സോമനീർ ഇന്ദ്രന്നു കുടിപ്പാനായി ഭവാൻ അരിപ്പയിൽ പകർന്നു് അരിച്ചാലും! 3

സ്തുതിച്ചുകൊണ്ടു് അരിയ്ക്കപ്പെടുന്ന സോമനീർ അരിപ്പയിലണയുന്നു; പിന്നീടു് കർമ്മത്താൽ ഇരിപ്പിടം പൂകുന്നു. 4

ഇന്ദ്ര, സ്തുതിയ്ക്കപ്പെട്ട ഇന്ദുക്കൾ – സോമങ്ങൾ – പെരുംപോരിന്നു കരുത്തുണ്ടാക്കാൻ ഭവാങ്കലണയുന്നു!5

കമ്പിളിത്തുണിയിൽ അരിയ്ക്കപ്പെട്ടു ശോഭയെല്ലാം നേടിയ (സോമം), ഒരു ശൂരൻ ഗോക്കൾക്കായിട്ടെന്നപോലെ സ്ഥിതിചെയ്യുന്നു! 6

പിഴിയപ്പെട്ട വിധാതാവിന്റെ പോഷകമായ ധാര, വാനിൽ നിന്നു മഴയെന്നപോലെ നിഷ്പ്രയാസം അരിപ്പയിൽ വീഴുന്നു. 7

സോമമേ, മനുഷ്യരിൽവെച്ചു മനീഷിയാൽ തുണികൊണ്ടരിയ്ക്കപ്പെടുന്ന ഭവാൻ കമ്പിളിയരിപ്പയിലെയ്ക്കു കുതിച്ചുപായുന്നു! 8

കുറിപ്പുകൾ: സൂക്തം 16.

[1] പ്രത്യക്ഷോക്തി: വാനൂഴികളുടേതു – വാനൂഴികളിലെ വെള്ളം. മദത്തിന്നായി – ഇന്ദ്രന്റെ മത്തിന്നായി. നടകൊള്ളുന്നു – പാത്രത്തിലെയ്ക്കു്.

[2] അന്നം – കൂട്ടുദ്രവ്യം. ഒഴുകുന്ന – നല്കുന്ന. ബലനേതാവു് – സോമം.

[3] അധ്വര്യുവിനോടു്:

[4] ഇരിപ്പിടം – ദ്രോണകലശം.

[6] ഗോക്കൾക്കായിട്ടെന്നപോലെ – ജയിച്ചു ശത്രുക്കളുടെ ഗോക്കളെ നേടാനെന്നപോലെ.

[7] വിധാതാവു് – ബലകരമായ സോമം.

[8] മനീഷി – അധ്വര്യു.

സൂക്തം 17.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വൈരികളെ വധിയ്ക്കുന്നവയും, ശീഘ്രഗാമികളും, വ്യാപ്തങ്ങളുമായ സോമങ്ങൾ, താന്നേടത്തൂടേ പുഴകൾപോലെ പായുന്നു! 1

പിഴിയപ്പെടുന്ന സോമങ്ങളുടെ നീര്, മഴ ഭൂമിയിലെയ്ക്കെന്നപോലെ, ഇന്ദ്രങ്കലെയ്ക്കൊഴുകുന്നു! 2

മത്തുണ്ടാക്കുന്ന സോമമധു ഓളംവെട്ടിക്കൊണ്ടു, രക്ഷസ്സുകളെ ഹനിപ്പാൻ, ദേവന്മാരെ കാംക്ഷിച്ചു് അരിപ്പയിൽ വീഴുന്നു: 3

അരിപ്പയിൽ ഒഴിയ്ക്കപ്പെടുന്നു; കലശങ്ങളിലെയ്ക്കോടുന്നു; യജ്ഞങ്ങളിൽ സ്തോത്രങ്ങളാൽ വർദ്ധിയ്ക്കുന്നു! 4

സോമമേ, അങ്ങ് മൂവുലകം കടന്നു കേറിച്ചെന്നു വിണ്ടലത്തെ വിളങ്ങിയ്ക്കുന്നു; പോയി സൂര്യനെയും പ്രേരിപ്പിയ്ക്കുന്നു! 5

മേധാവികളായ കർമ്മികൾ യജ്ഞശിരസ്സിൽ, ദ്രഷ്ടാവിനെ പ്രീതിപൂർവം സ്തുതിച്ചുപോരുന്നു. 6

ആ വേഗശാലിയായ ഭവാനെ, മേധാവികളായ നേതാക്കന്മാർ അന്നത്തിന്നും യജ്ഞത്തിന്നുമായി, അരിച്ചു വെടുപ്പുവരുത്തുന്നു. 7

അങ്ങു് മധുധാര തൂകുക: കൊടുമയോടേ നടന്നു, യജ്ഞത്തിന്നു, കുടിപ്പാൻ സ്വസ്ഥാനത്തണയുക. 8

കുറിപ്പുകൾ: സൂക്തം 17.

[1] പായുന്നു – ദ്രോണകലശത്തിലെയ്ക്കു്.

[6] യജ്ഞശിരസ്സ് – അഭിഷവദിനം. ദ്രഷ്ടാവു് – സോമം.

[7] പ്രത്യക്ഷോക്തി:

[8] കുടിപ്പാൻ – ദേവന്മാർക്ക്.

സൂക്തം 18.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അമ്മിയിൽ പിഴിയപ്പെടുന്ന സോമം അരിപ്പയിലെയ്ക്കൊഴുകുന്നു: പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 1

ഭവാൻ വിപ്രനാണു്; ഭവാൻ കവിയാണു്; ഭവാൻ അന്നത്താൽ മധുവുളവാക്കുന്നു. പിഴിയുന്നവർക്കു് ഭവാൻ സമസ്തവും നല്കും! 2

ഭവാനെ കുടിപ്പാൻ, ദേവന്മാരെല്ലാം ഒരേപ്രീതിയോടേ വന്നെത്തുന്നു. പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 3

വരണീയമായ ധനമെല്ലാം ഭവാൻ ഇരുകൈകളിലും വെച്ചു കൊടുക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 4

ഈ പെരിയ വാനൂഴികളെ ഭവാൻ, ഇരുതള്ളകളെയെന്നപോലെ കറക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 5

വാനൂഴികൾ രണ്ടിനെയും ഭവാൻ ഉടനടി അന്നംകൊണ്ടും കുറയ്ക്കാറുണ്ടല്ലോ; പിഴിയുന്നവർക്കു ഭവാൻ സമസ്തവും നല്കും! 6

ആ ബലവാൻ അരിയ്ക്കപ്പെട്ടു കലശങ്ങളിൽ ഒലിക്കൊള്ളുന്നു. പിഴിയുന്നവർക്കു് ഭവാൻ സമസ്തവും നല്കും! 7

കുറിപ്പുകൾ: സൂക്തം 18.

[1] രണ്ടാംവാക്യം പ്രത്യക്ഷോക്തി.

[2] വിപ്രൻ – വിവിധം പ്രീണിപ്പിയ്ക്കുന്നവൻ. അന്നം – സ്വന്തം. മധു – മധുരമായ പേയം.

[4] ഇരുകൈകളിലും – സ്തോതാവിന്റെ.

[5] ഇരുതള്ളകളെയെന്നപോലെ – ഒരു പൈക്കുട്ടി രണ്ടു പൈക്കളുടെ പാൽ കുടിയ്ക്കുന്നതുപോലെ. കറക്കുക – സാരാംശമെടുക്കുക എന്നർത്ഥം.

[6] അന്നംകൊണ്ടു നിറയ്ക്കുക – ധാരാളം അന്നം കൊടുക്കുക.

[7] ആദ്യവാക്യം പരോക്ഷം.

സൂക്തം 19.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സോമമേ, വിണ്ണിലും മന്നിലും വിചിത്രവും സ്തുത്യവുമായ യാതൊരു ധനമുണ്ടോ, അതു് അരിയ്ക്കപ്പെടുന്ന ഭവാൻ ഞങ്ങൾക്കു കൊണ്ടുവന്നാലും! 1

സോമമേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിന്റെ പെരുമാക്കളും ഗോപതികളുമാണല്ലോ! ഈശ്വരന്മാരായ നിങ്ങൾ കർമ്മങ്ങളെ തഴപ്പിച്ചാലും! 2

പച്ചനിറമിയന്ന വൃഷാവു മനുഷ്യരുടെ ഇടയിൽ അരിയ്ക്കപ്പെട്ട്, ഒലിക്കൊണ്ടു, ദർഭവിരിയിൽ സ്വസ്ഥാനത്തിരിയ്ക്കുന്നു. 3

കുടിയ്ക്കപ്പെടുന്ന തണ്ണീരുകൾ – മകനായ കന്നിന്റെ തള്ളമാർ – വൃഷഭനെ സ്വകീയമായ സത്തുകൊണ്ടു വീണ്ടും വീണ്ടും വളർത്താൻ നോക്കുന്നു!4

അരിയ്ക്കപ്പെടുന്ന സോമം, വൃഷഭനെ ഇച്ഛിച്ചു വെൺപാൽ ചുരത്തുന്നവയെ പലവുരു ഗർഭം ധരിപ്പിയ്ക്കുന്നു! 5

പവമാനമേ, അങ്ങ് ദൂരസ്ഥങ്ങളെ അടുപ്പിച്ചാലും: കൂടലരെ പേടിപ്പിച്ചാലും; ധനം നേടിയാലും! 6

സോമമേ, അങ്ങു് ദൂരത്തോ ചാരത്തോ വർത്തിയ്ക്കുന്ന വൈരിയുടെ കെല്പൊടുക്കുക, പ്രതാപമൊടുക്കുക, കൊറ്റും ഒടുക്കുക! 7

കുറിപ്പുകൾ: സൂക്തം 19.

[2] കർമ്മങ്ങളെ – ഞങ്ങളുടെ.

[3] പരോക്ഷം: വൃഷാവ് – സോമം.

[4] വസതീവരികളെന്ന തണ്ണീരുകൾ സ്വപുത്രനായ വൃഷഭനെ (സോമത്തെ), തള്ളപ്പൈക്കൾ കന്നിനെയെന്നപോലെ വളർത്താനിച്ഛിയ്ക്കുന്നു. സത്ത് – സാരാംശം, പാൽ.

[5] വൃഷഭശബ്ദത്തിന്നു വർഷകനായ സോമം എന്നും വൃഷമെന്നും രണ്ടർത്ഥം. ചുരത്തുന്നവയെ – തണ്ണീരുകളെ, പൈക്കളെ. കാളയാൽ പൈക്കളെന്നപോലെ, സോമത്താൽ ഗർഭിണികളാക്കപ്പെട്ട തണ്ണീരുകൾ സസ്യങ്ങളെ പ്രസവിയ്ക്കുന്നു എന്നു വ്യംഗ്യം.

[6] ദൂരസ്ഥങ്ങൾ – ദൂരസ്ഥിതങ്ങളായ ഞങ്ങളുടെ അഭീഷ്ടങ്ങൾ. ധനം – ശത്രുക്കളുടെ. നേടിയാലും – ഞങ്ങൾക്കു തരാൻ.

[7] വൈരി – ഞങ്ങളുടെ ശത്രു.

സൂക്തം 20.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അമിത്രരെയെല്ലാം ചെറുത്തു കീഴമർത്തുന്ന കവി ദേവന്മാർക്കു കുടിപ്പാൻ കമ്പിളിയരിപ്പയിൽ കടക്കുന്നു. 1

ആ പവമാനം സ്തോതാക്കൾക്കു കിട്ടിയ്ക്കുമല്ലോ, വളരെഗ്ഗോക്കളെയും ആയിരമന്നവും! 2

സോമമേ, അവിടുന്നു മനസ്സോടേ എല്ലാം കിട്ടിയ്ക്കുന്നു; സ്തുതിയാൽ നീരൊഴുക്കുന്നു. ആ ഭവാൻ ഞങ്ങൾക്കു് അന്നം തന്നാലും! 3

നിന്തിരുവടി ഹവിർദ്ധന്മാർക്കു് അനല്പമായ യശസ്സും അക്ഷയമായ ധനവും കിട്ടിച്ചാലും; സ്തോതാക്കൾക്കു് അന്നവും കൊണ്ടുവന്നാലും! 4

വോഢാവും മഹാനുമായ സോമമേ, അരിയ്ക്കപ്പെട്ട സുകർമ്മാവായ ഭവാൻ ഒരു രാജാവിനെപ്പോലെ സ്തുതികളിൽ പൂകുന്നു! 5

ആ വോഢാവും അന്തരിക്ഷസ്ഥവും ദുസ്തരവുമായ സോമം കൈകളാൽ വെടുപ്പുവരുത്തപ്പെട്ടിട്ടു, പാത്രങ്ങളിൽ ഇരിയ്ക്കുന്നു. 6

സോമമേ, യജ്ഞംപോലെ ദാനേച്ഛുവായി വിളയാടുന്ന ഭവാൻ സ്തോതാവിന്നു നല്ല വീര്യം നല്കിക്കൊണ്ടു്, അരിപ്പയിൽ ചെല്ലുന്നു! 7

കുറിപ്പുകൾ: സൂക്തം 20.

[1] കവി – സോമം.

[4] സ്തോതാക്കൾക്കു് – സ്തുതിയ്ക്കുന്ന ഞങ്ങൾക്കു്.

[5] സ്തുതികളിൽ പൂകുന്നു – ചുറ്റും സ്തുതിയ്ക്കപ്പെടുന്നു.

സൂക്തം 21.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കീഴമർത്തുന്ന, മത്തുപിടിപ്പിയ്ക്കുന്ന, സ്വർഗ്ഗം കിട്ടിയ്ക്കുന്ന ഈ ഇന്ദുക്കളായ സോമങ്ങൾ ഇന്ദ്രങ്കലെയ്ക്കു പായുന്നു: 1

ചെല്ലുന്നു, ചേർക്കുന്നു, പിഴിയുന്നവന്നു ധനം കിട്ടിയ്ക്കുന്നു, സ്തോതാവിന്നു സ്വയം അന്നമുളവാക്കുന്നു! 2

അനായാസേന കളിയാടുന്ന ഇന്ദുക്കൾ ഒരേസ്ഥലത്തു നീരൊഴുക്കുന്നു; പുഴയലയിൽ നീരൊഴുക്കുന്നു. 3

ഈ പവമാനങ്ങൾ, തേരിന്നു പൂട്ടിയ കുതിരകൾപോലെ എല്ലാദ്ധനവും കൊണ്ടുവരുന്നു! 4

ഇന്ദുക്കളേ, നിങ്ങൾ പലതരം സ്പൃഹണീയം ഇദ്ദേഹത്തെ കല്പിച്ചേല്പിയ്ക്കുവിൻ: ഇല്ലെങ്കിൽ ഇദ്ദേഹം ഞങ്ങൾക്കു തരില്ലല്ലോ! 5

ഒരു മഹാൻ മിടുക്കനായ സാരഥിയെയെന്നപോലെ, നിങ്ങൾ ഈ നാഥങ്കൽ പ്രജ്ഞാനത്തെ പ്രതിഷ്ഠിയ്ക്കുവിൻ; ജലത്താലൊളിതിരണ്ടു നീരൊഴുക്കുവിൻ! 6

ഇതാ, ആ ബലിഷ്ഠർ കാമിച്ചു പാർപ്പിടം നിർമ്മിച്ചു; നല്ലവന്റെ സ്തുതിയും തുടങ്ങിച്ചു! 7

കുറിപ്പുകൾ: സൂക്തം 21.

[2] ചെല്ലുന്നു – പിഴിയുന്നവന്റെ അടുക്കൽ. ചേർക്കുന്നു – ഹവ്യാദികളെ.

[3] ഒരേസ്ഥലത്തു – ദ്രോണകലശത്തിൽ. പുഴയലയിൽ – വെള്ളത്തിൽ.

[4] കൊണ്ടുവരുന്നു – ഞങ്ങൾക്കു്.

[5] സ്പൃഹണീയം – ധനം. കല്പിച്ച് – ‘ഇവർക്കും കൊടുക്കണ’മെന്നു നിർദ്ദേശിച്ചു്. തരില്ലല്ലോ – യജമാനന്നു മതിയാവോളം കിട്ടിയാലേ, അദ്ദേഹം ഋത്വിക്കുകൾക്കു കൊടുക്കൂ.

[6] സാരഥിയെയെന്നപോലെ – സാരഥിയെ തേരിൽ മുമ്പിലിരുത്തുന്നതുപോലെ ഈ നാഥങ്കൽ (ഞങ്ങൾക്കു തരുന്നവനായ യജമാനങ്കൽ) പ്രജ്ഞാനത്തെ പ്രതിഷ്ഠിയ്ക്കുവിൻ – പ്രജ്ഞാനം നല്കുവിൻ എന്നർത്ഥം.

[7] ബലിഷ്ഠർ – സോമങ്ങൾ. കാമിച്ചു – യജ്ഞത്തെ; പാർപ്പിടം നിർമ്മിച്ചു – പാത്രങ്ങളിൽ പൂകി. നല്ലവൻ – യഷ്ടാവോ, സ്തോതാവോ.

സൂക്തം 22.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഈ സോമങ്ങൾ, തെളിയ്ക്കപ്പെട്ട തേരുകൾപോലെയും, അഴിച്ചുവിടപ്പെട്ട കുതിരകൾപോലെയും പാഞ്ഞു, ശബ്ദം മുതിർക്കുന്നു! 1

ഇവ വൻകാറ്റുകൾപോലെയും, പർജ്ജന്യന്റെ മഴകൾപോലെയും, തിയ്യിന്റെ പടർച്ചകൾപോലെയും അനായാസേന (ഒഴുകുന്നു)! 2

അരിച്ചു തയിർ ചേർക്കപ്പെട്ട ഈ വിജ്ഞരായ സോമങ്ങൾ വിജ്ഞാനത്താൽ കർമ്മങ്ങളിൽ പെരുമാറുന്നു! 3

ഈ അരിയ്ക്കപ്പെട്ട അമർത്ത്യർ പുറപ്പെട്ടു, വഴികളിലും ഉലകങ്ങളിലും തളരാതെ നടക്കുന്നു! 4

ഇവ നാനാമട്ടിൽ നടന്നുകൊണ്ടു്, അന്തരിക്ഷത്തിന്റെ മുകളിലും ഈ ഉത്തമലോകത്തിലും ചെല്ലുന്നു! 5

യജ്ഞത്തെ പരത്തുന്ന ഉത്തമനെ നദികൾ പുണർന്നു; ഇതു് ഉത്തമവുമാക്കപ്പെട്ടു! 6

സോമമേ, അവിടുന്നു പിശുക്കന്മാരിൽനിന്നു ധനത്തെയും ഗോഗണത്തെയും കയ്യടക്കുന്നു; യാഗത്തിൽ പരക്കെ ഒച്ചയുമിടുന്നു! 7

കുറിപ്പുകൾ: സൂക്തം 22.

[3] കർമ്മങ്ങളിൽ – നമ്മുടെ.

[4] അമർത്ത്യർ – അനശ്വരസോമങ്ങൾ. പുറപ്പെട്ടു – ഹവിർദ്ധാനത്തിൽ നിന്നു്.

[5] ഉത്തമലോകം – സ്വർഗ്ഗം.

[6] ഉത്തമൻ – ശ്രേഷ്ഠസോമം. നദികൾ – ജലങ്ങൾ. ഇതു് – കർമ്മം.

സൂക്തം 23.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ശീഘ്രഗാമികളായ സോമങ്ങൾ എല്ലാസ്തോത്രങ്ങളുടെയും നേർക്കു, മത്തുണ്ടാക്കുന്ന മധുധാര തൂകുന്നു! 1

പഴയ കുതിരകൾ പുതിയ നട നടക്കുന്നു; വെളിച്ചത്തിന്നു സൂര്യനെ ഉദിപ്പിയ്ക്കുന്നു! 2

പവമാനമേ, അങ്ങ് പിശുക്കനായ ശത്രുവിന്റെ ധനം ഞങ്ങൾക്കു കൊണ്ടുവന്നാലും; സന്തതി, അന്നം എന്നിവയും തന്നാലും! 3

ആശുഗാമികളായ സോമങ്ങൾ മത്തുണ്ടാക്കുന്ന നീർ മധുസ്രാവിയായ കലശത്തിലെയ്ക്കൊഴുക്കുന്നു. 4

നല്ല വീര്യമുള്ള, അഭിശാപം പോക്കുന്ന, ഇന്ദ്രിയപോഷകമായ നീർ വഹിയ്ക്കുന്ന, ഒരൂന്നായ സോമം (കലശത്തിലെയ്ക്കു) പോകുന്നു! 5

ഇന്ദോ, സോമമേ, യജ്ഞാർഹനായ ഭവാൻ ഇന്ദ്രന്നും ദേവന്മാർക്കുമായി നീരൊഴുക്കുന്നു; അന്നം തരാനും തുടങ്ങുന്നു! 6

തുലോം മദകരമായ ഇതു കുടിച്ചിട്ടാണല്ലോ, ഇന്ദ്രൻ എതിരില്ലാതെ വൈരികളെ വധിച്ചതു്; ഇനിയും വെക്കം വധിയ്ക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 23.

[1] സ്തുത്യവസരത്തിൽ മധു(മധുര)നീർ തൂകുന്നു.

[2] പഴയ കുതിരകൾ – സോമങ്ങൾ.

[4] മധുസ്രാവി – തേനൊഴുകുന്നതു്; ഈ ഗുണം കലശത്തിന്നു സിദ്ധിച്ചതു, സോമരസസമ്പർക്കത്താലാണെന്നു ഹൃദയം.

[5] അഭിശാപം – അപവാദം. ഒരൂന്നായ – ലോകത്തെ നിലനിർത്തുന്ന.

[6] തരാൻ – ഞങ്ങൾക്ക്.

സൂക്തം 24.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അരിയ്ക്കപ്പെട്ട ഇന്ദുക്കളായ സോമങ്ങൾ പാഞ്ഞു, ഗോരസത്തോടു ചേർന്നു, വെള്ളത്തിൽ കഴുകപ്പെട്ടു. 1

ഗന്താക്കൾ, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ഇറങ്ങി; അരിയ്ക്കപ്പെട്ടിട്ട്, ഇന്ദ്രങ്കലണഞ്ഞു! 2

പവമാനസോമമേ, ഇവിടുന്നു്, ഇന്ദ്രന്നു കുടിപ്പാൻ നടകൊള്ളുന്നു – നേതാക്കളാൽ എടുത്തു കൊണ്ടുപോകപ്പെടുന്നു. 3

സോമമേ, ആളുകളെ മത്തുപിടിപ്പിയ്ക്കുന്ന ഭവാൻ അരിന്ദമന്നായി നീരൊഴുക്കിയാലും: വിശുദ്ധനും സ്തുത്യനുമാണല്ലോ, ഇവിടുന്ന്! 4

ഇന്ദോ, അമ്മിക്കുഴകൊണ്ടു പിഴിയപ്പെട്ട ഭവാൻ അരിപ്പയിലെയ്ക്കോടിയാൽ, ഇന്ദ്രന്നു തിരുവയർ നിറയുകയായി! 5

വലിയ ശത്രുഹന്താവേ, ഉഥകങ്ങൾകൊണ്ടു സ്തുത്യനും, വിശുദ്ധനും, പരിപാവനനും മഹാനുമായ നിന്തിരുവടി നീരൊഴുക്കിയാലും! 6

മധുരനീരിയന്ന സോമം വിശുദ്ധനും, പരിപാവനനും, അമരതർപ്പകനും, അസുരമർദ്ദകനുമാണെന്നു പറയപ്പെടുന്നു! 7

കുറിപ്പുകൾ: സൂക്തം 24.

[3] നേതാക്കൾ – ഋത്വിക്കുകൾ.

[4] അരിന്ദമൻ – ഇന്ദ്രൻ.

[7] അമരതർപ്പകൻ – ദേവന്മാർക്കു തൃപ്തി വരുത്തുന്നവൻ.

സൂക്തം 25.

അഗസ്ത്യപുത്രൻ ദൃള്ഹച്യുതൻ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

നീരൊഴുക്കു, കെല്പും മത്തു-
മാരചിയ്ക്കും ശ്യാമളൻ നീ
വാനോർക്കും, മരുത്തുക്കൾക്കും
വായുവിന്നും കുടിയ്ക്കുവാൻ! 1

കൈവിരലിലുൾച്ചേർന്നൊലി
താവിന നീ പൂകുകി, ടം-
പൂവുക, പവമാനമേ,
നീ വായുവിൻ ഭാജനത്തിൽ! 2

സ്വസ്ഥാനത്തു ദേവന്മാരോ-
ടൊത്തു വിളങ്ങുന്നൂ പ്രിയൻ,
വൃത്രമാഥി, തുലോം ദേവ-
സക്തൻ, കവി, സുവർഷകൻ. 3

നില്ക്കാതെല്ലാരൂപത്തിലും
പുക്കരിയ്ക്കപ്പെട്ട രമ്യൻ,
വാനവന്മാരുടെ വാസ-
സ്ഥാനത്തെയ്ക്കായ്ഗ്ഗമിയ്ക്കുന്നു. 4

ഉന്നാദമായൊഴുക്കുന്നു
തൻനീർ നിരന്തരം സോമം,
ഇന്ദ്രങ്കൽച്ചെന്നണയുവാ-
നു,ന്നിദ്രാഭനു,രുപ്രജ്ഞൻ. 5

നീരരിപ്പയിങ്കൽനിന്നു
ധാരയായൊഴുക്കുക നീ,
ഇന്ദ്രനുടെ പദം പൂകാൻ,
നന്നായ് മത്തുണ്ടാക്കും കവേ! 6
കുറിപ്പുകൾ: സൂക്തം 25.

[1] ആരചിയ്ക്കും = ഉണ്ടാക്കുന്ന. ശ്യാമളൻ = പച്ചനിറൻ.

[2] ഇടം – പാത്രം. വായുവിൻ – വായുവിന്നായി വെച്ച.

[3] പ്രഥമാന്തപദങ്ങളെല്ലാം സോമവിശേഷണങ്ങൾ. ദേവസക്തൻ – ദേവകാമൻ.

[4] എല്ലാരൂപത്തിലും പുക്ക് – സർവരൂപവ്യാപിയായി. രമ്യൻ – രമണീയസോമം.

[5] ഉന്നാദമായ് – ശബ്ദത്തോടേ.

[6] പദം – പാർപ്പിടം.

സൂക്തം 26.

ദൃള്ഹച്യുതപുത്രൻ ഇധ്മവാഹൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഭൂവിൻമടിത്തടത്തിൽവെ-
ച്ചാ വാജിയെത്തിരുമ്മിനാർ,
ധീവിലാസവിശിഷ്ടന്മാർ
കൈവിരലാൽ,സ്തവനത്താൽ. 1

ആയിരം ധാരകളോലു-
മാ വിൺതാങ്ങാമിന്ദുവിനെ
വാഴ്ത്തുകയായ്, വചനങ്ങൾ
വാട്ടം പിണയാത്തവനെ. 2

അപ്പവമാനനെ,ത്താങ്ങായ്-
നില്പവനെ,ദ്ധാതാവിനെ
നാകത്തിലെയ്ക്കയയ്ക്കുന്നു,
നൈകകർമ്മാവിനെ പ്രാജ്ഞർ. 3

ഹസ്താംഗുലികളാൽസ്സേവാ-
കർത്താക്കന്മാരയയ്ക്കുന്നു,
സുസ്ഥിതനായ്, സ്തുതീശനായ്,-
ദുർദ്ധർഷനാമദ്ദേഹത്തെ! 4

പച്ചനിറം പൂണ്ട പുരു-
ദൃശ്വാവാമസ്സുരമ്യനെ
വെച്ചമ്മിയാൽപ്പിഴിയുന്നു-
ണ്ടു,ച്ചസ്ഥാനേ വിരലുകൾ. 5

ഇന്ദോ, പവമാന, കർത്താ-
വിന്ദ്രന്നായിട്ടയയ്ക്കുന്നു,
മത്തുദിപ്പിപ്പോനും സ്തുതി-
വർദ്ധിതനുമായ നിന്നെ. 6
കുറിപ്പുകൾ: സൂക്തം 26.

[1] വാജിയെ – സോമമാക്കുന്ന കുതിരയെ. ധീവിലാസവിശിഷ്ടന്മാർ – മേധാവികളായ അധ്വര്യുക്കൾ. കൈവിരലുകൾകൊണ്ടും സ്തുതികൊണ്ടും തിരുമ്മിനാർ – സംസ്കാരപ്പെടുത്തി.

[2] വിൺതാങ്ങാം‌ = സ്വർഗ്ഗത്തിന്നാധാരമായ. വചനങ്ങൾ – സ്തുതികൾ; സ്തോതാക്കൾ എന്നർത്ഥം.

[3] താങ്ങായ് നില്പവനെ – ജഗദാധാരഭൂതനെ. ധാതാവ് – ഫലകർത്താവു്. നൈകകർമ്മാവു് = അനേകകർമ്മകാരി.

[4] മുൻഋക്കിലെ പ്രതിപാദ്യംതന്നെ: സേവാകർത്താക്കന്മാർ – ഋത്വിക്കുകൾ. സുസ്ഥിതൻ – പാത്രസ്ഥൻ. സ്തുതീശൻ = സ്തുതികളുടെ ഉടമ. അദ്ദേഹത്തെ – പവമാനസോമത്തെ.

[5] പുരുദൃശ്വാവ് = ബഹുദർശി. ഉച്ചസ്ഥാനേ = ഉയർന്ന സ്ഥലത്തു്. അമ്മിമേൽവെച്ചു പിഴിയുന്നുണ്ടു്.

[6] കർത്താവു് = ഋത്വിക്ക്.

സൂക്തം 27.

അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, മാറ്റാരെ മണ്ടിയ്ക്കും പവമാനമഭിഷ്ടുതം
അരിപ്പയിലമർക്കപ്പെട്ടരുളുന്നു, മഹാമതി, 1

ഇതാ, വിണ്ണുലകത്തെക്കീഴണച്ച ബലകാരിയെ
അരിപ്പയിലൊഴിയ്ക്കുന്നൂ, ശക്രന്നും വായുവിന്നുമായ് 2

ഇതാ, വിൺതലയും വിശ്വവിത്തുമായ വൃഷേന്ദുവെ
പിഴിഞ്ഞു, വേണ്ടിടത്തെയ്ക്കു കൊണ്ടുപോകുന്നു, കർമ്മികൾ 3

ഇതാ, വമ്പരെ വെല്ലുന്ന പവമാനേന്ദു ദുർദ്ദമൻ
ഒരു ശബ്ദം മുതിർക്കുന്നു, പൊന്നും പൈക്കളെയും തരാൻ! 4

ഇതാ മത്തുപിടിപ്പിയ്ക്കും പവമാനേന്ദുനീരിനെ
അരിപ്പയാം വിഹായസ്സിൽപ്പകരുന്നു, പകൽപ്പുരാൻ! 5

ഇതാ, പച്ചനിറം പൂണ്ട കെല്പാളും പവമാനനീർ
വാനിടത്തിലൊലിയ്ക്കുന്നൂ; ചെല്വൂ വർഷകമിന്ദ്രനിൽ! 6
കുറിപ്പുകൾ: സൂക്തം 27.

[1] അമർക്കുക = ഞെക്കുക.

[2] ബലകാരിയെ ബലമുണ്ടക്കുന്ന സോമത്തെ. ഒഴിയ്ക്കുക = പകരുക.

[3] വിൺതല – സ്വർഗ്ഗപ്രധാനഭൂതൻ. വിശ്വവിത്ത് = സർവജ്ഞൻ. വൃഷേന്ദു = അഭീഷ്ടവർഷിയായ സോമം. കർമ്മികൾ – ഋത്വിക്കുകൾ.

[4] വമ്പരെ – വലിയ ശത്രുക്കളെയും. തരാൻ – നമുക്കു്.

[5] പകൽപ്പുരാൻ = ദിനാധിപൻ, സൂര്യൻ. അരിപ്പയെ വിഹായസ്സും (അന്തരീക്ഷവും), അധ്വര്യുവെ സൂര്യനുമാക്കിയതു വീര്യാതിശയത്തിന്നാകുന്നു.

[6] വർഷകം – അഭിഷ്ടങ്ങളെ വർഷിയ്ക്കുന്നതു്; നീരിന്റെ വിശേഷണം.

സൂക്തം 28.

പ്രിയമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, നേതാക്കൾ സൂക്ഷിച്ച വാജി, സർവവിചക്ഷണൻ
തൃക്കമ്പിളിയരിപ്പിൻനേർക്കോടുന്നു, കരളിൻപുരാൻ! 1

ഇതാ, ദേവഗണത്തിന്നായ്പ്പിഴിയപ്പെട്ട സോമനീർ
അരിപ്പയിങ്കലൊഴുകീ, മെയ്യിലെല്ലാം കടക്കുവാൻ! 2

ഇതാ, വിളങ്ങുന്നു നിജസ്ഥാനത്തു മൃതിവർജ്ജിതൻ,
അതീവ ദേവപരനാം ദേവൻ, വിമതസൂദനൻ! 3

ഇതാ, പത്തംഗുലികളാലെടുക്കപ്പെട്ട വർഷകൻ
ഒലിയും കൂട്ടിയോടുന്നു, മരപ്പാത്രങ്ങൾ പൂകുവാൻ. 4

ഇതാ, വിളങ്ങിയ്ക്കുകയായ്, പവമാനം ദിനേശനെ;
സർവതേജസ്സുകളെയും സർവജ്ഞൻ, സാധുദർശനൻ ! 5

ഇതാ, ബലിഷ്ഠനാം സോമമസുരഘ്ന,നധർഷിതൻ
അരിയ്ക്കപ്പെട്ടൊലിയ്ക്കുന്നു, വാനോരെത്തൃപ്തരാക്കുവാൻ! 6
കുറിപ്പുകൾ: സൂക്തം 28.

[1] സൂക്ഷിച്ച – പാത്രത്തിൽ പകർന്നുവെച്ച. വാജി – വേഗവാനായ സോമം. കരളിൻപുരാൻ = മനസ്സിന്റെ സ്വാമി: സോമ(ചന്ദ്ര)ന്റെ മനോധിപത്വം പ്രസിദ്ധം.

[2] മെയ്യ് – ദേവന്മാരുടെ ശരീരം. കടക്കുവാൻ – അവരാൽ കുടിയ്ക്കപ്പെടാൻ.

[3] മൃതിവർജ്ജിതൻ = മരണരഹിതൻ. ദേവപരൻ = ദേവകാമൻ. ദേവൻ – സോമം. വിമതസൂദനൻ = ശത്രുനാശനൻ.

[4] വർഷകൻ – സോമം.

[5] സൂര്യനെമാത്രമല്ല, സർവതേജസ്സുകളെയും വിളങ്ങിയ്ക്കുകയായ്. സാധുദർശനൻ = വഴിപോലെ കാണുന്നവൻ.

സൂക്തം 29.

അംഗിരോഗോത്രൻ നൃമേധൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇപ്പിഴിഞ്ഞ വൃഷാവിൻനീർ
കെല്പിനോടേ ദേവന്മാർക്കായ്
സ്വല്പേതരമൊഴുകുന്നു,
സുപ്രഭാവം ലഭിയ്ക്കുവാൻ! 1

മേധകർമ്മകരർ നുതി-
ഗാഥകൊണ്ടു തുടയ്ക്കുന്നു,
ജ്യോതിസ്സോടേ തഴയ്ക്കുമീ
സ്തോതവ്യമാം തുരഗത്തെ! 2

ശ്രീ മുഴുത്ത പവമാന-
സോമമേ, നിൻതേജോഭരം
എത്രയും ധർഷകമല്ലോ:
സ്തുത്യമാഴി നിറയ്ക്ക, നീ! 3

സോമമേ, സ്വത്തെല്ലാം നേടി,
നീർ മികവിൽപ്പൊഴിച്ചാലും;
ആട്ടിപ്പായിച്ചാലും ഭവാൻ
ദ്വേഷ്ടാക്കളെയൊപ്പംതന്നേ. 4

എല്ലാലുബ്ധന്റെയും കെടു-
ചൊല്ലു,മേതോരുത്തന്റെയും
പൊല്ലാപ്പും വിടുർത്തെ,ങ്ങളെ
നല്ലവണ്ണം രക്ഷിയ്ക്ക, നീ! 5

ഒന്നായൊഴുക്കീടുക, നീ-
രി; – ന്ദോ, കൊണ്ടുവരിക, നീ
ഭൗമദിവ്യധനത്തെയും,
ശ്രീമത്തായ ബലത്തെയും! 6
കുറിപ്പുകൾ: സൂക്തം 29.

[1] സുപ്രഭാവം ലഭിയ്ക്കുവാൻ – ദേവന്മാരുടെയിടയിൽ മേന്മ നേടാൻ.

[2] മേധകർമ്മകരർ – അധ്വര്യുപ്രഭൃതികൾ. നുതിഗാഥ = സ്തുതിഗാനം. തുടയ്ക്കുന്നു – ശുദ്ധീകരിയ്ക്കുന്നു. തുരഗത്തെ – സോമത്തെ.

[3] ശ്രീ = സമ്പത്ത്. സ്തുത്യമാഴി – സ്തുത്യമായ ദ്രോണകലശം. കലശം നിറയുമാറു നീരൊഴുക്കുക.

[4] നേടി – ഞങ്ങൾക്കു തരാൻ. ദ്വേഷ്ടാക്കൾ – ദ്രോഹികൾ.

[5] കെടുചൊല്ല് = ദുർഭാഷണം. പൊല്ലാപ്പ് = വൃഥാ പഴിയ്ക്കൽ.

[6] ഒന്നായ് – ധാരമുറിയാതെ. ശ്രീമത്ത് = ശോഭയേറിയതു്.

സൂക്തം 30.

അംഗിരോഗോത്രൻ ബിന്ദു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇപ്പവമാനത്തിന്റെ നീർ
നില്പുപെടാതരിപ്പയിൽ
നിഷ്പ്രയാസം പൊഴിയുന്നു;
കെല്പനെന്തോ മൊഴിയുന്നു! 1

സോതാക്കൾ കൈക്കൊണ്ടരിയ്ക്കും-
പോതൊലിക്കൊണ്ടരുളുന്നു-
ഇന്ദ്രന്റേതാം നിനാദത്തെ-
യുന്നമിപ്പിയ്ക്കുന്നു, സോമം. 2

വൈരികളെക്കീഴമർത്തും
ഭൂരികാമ്യബലത്തെയും
ധാരയായ്ത്തൂകുകെ,ങ്ങൾക്കു
വീരരെയും സോമമേ, നീ! 3

നിന്നിടാതെയരിപ്പയിൽ-
നിന്നു പവമാനസോമം
ധാരയായിട്ടൊഴുകുന്നു,
ദാരുപാത്രങ്ങളിൽപ്പൂകാൻ. 4

പച്ചനിറ,മിനിപ്പിന്റെ
മെച്ചമിവ ചേർന്ന നിന്നെ
വെൺനീരിലിടുന്നു, ചത-
ച്ചിന്ദ്രന്നു കുടിപ്പാനിന്ദോ. 5

മത്തുണ്ടാക്കും മാധുര്യവാ-
യ്പൊത്ത മഞ്ജുസോമം നിങ്ങൾ
കെല്പു കിട്ടാൻ പിഴിയുവിൻ,
വജ്രഭൃത്താമിന്ദ്രന്നായി! 6
കുറിപ്പുകൾ: സൂക്തം 30.

[1] നില്പുപെടാതെ – ധാരയായി. കെല്പൻ – സോമം. എന്തോ മൊഴിയുന്നു – ഒരൊച്ച പുറപ്പെടുവിയ്ക്കുന്നു.

[2] ഉത്തരാർദ്ധത്തിൽ എടുത്തുപറയുന്നു: ഇന്ദ്രന്റേതാം – ഇന്ദ്രന്റെ ശബ്ദംപോലെ ലോഭനീയമായ.

[3] വീരർ – പുത്രന്മാർ.

[4] ദാരുപാത്രങ്ങൾ = മരപ്പാത്രങ്ങൾ.

[5] ചതച്ച് – അമ്മിമേൽ.

[6] ഋത്വിക്കുകളോടു്: കെല്പു കിട്ടാൻ – നമുക്കു്.

സൂക്തം 31.

രഹൂഗണപുത്രൻ ഗോതമൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

പോവുകയായ് നേരേ സുക-
ർമ്മാവിപ്പവമാനസോമം:
കൈവരുത്തും, (നമുക്കി)തു,
കേൾവിപ്പെടത്തക്ക ധനം! 1

മന്നിലും വിണ്ണിലുമിന്ദോ,
പൊന്നുവെള്ളി വളർത്താലും-
അന്യൂനമായ് വളർത്താലു,-
മന്നപ്പെരുമാളാം ഭവാൻ! 2

അങ്ങയെസ്സുഖിപ്പിപ്പൂ, കാ;-
റ്റങ്ങയ്ക്കായൊലിപ്പൂ, നദി;
സോമമേ, വളർത്തുന്നു, നിൻ
ഭൂമാവിനെയവരണ്ടും! 3

വർദ്ധിയ്ക്കുക, സോമമേ, നീ:-
യെത്തട്ടേ, കെല്പെല്ലാം നിങ്കൽ;
സംഗരത്തിലന്നങ്ങളെ-
സ്സംഘടിപ്പിച്ചരുൾക, നീ! 4

തുംഗവളർനിലത്താളു-
മങ്ങയ്ക്കായിബ്ബഭ്രുദ്യുതേ,
ധാരാളമായ്ച്ചുരത്തുന്നൂ,
ക്ഷീരവും തൂനെയ്യും പൈക്കൾ! 5

മംഗളായുധനായ്മേവു-
മങ്ങയുടെ ചങ്ങാതിത്തം
കാമിച്ചുപോരുന്നു, ഞങ്ങൾ
സോമമേ, വിശ്വാധിപതേ! 6
കുറിപ്പുകൾ: സൂക്തം 31.

[2] വളർത്താലും – ഞങ്ങൾക്കായി.

[3] നദി – ജാത്യേകവചനം: നദികൾ. ഭൂമാവ് = മഹത്ത്വം. അവ രണ്ടും – കാറ്റും നദിയും.

[4] സംഘടിപ്പിച്ചരുൾക – ഞങ്ങൾക്കു കിട്ടിച്ചാലും.

[5] തുംഗവളർനിലത്താളും = ഉയർന്ന പ്രവൃദ്ധപ്രദേശത്തു വസിയ്ക്കുന്ന. ബ്ബഭ്രുദ്യുതേ = തവിട്ടുനിറമൊത്തവനേ.

സൂക്തം 32.

അത്രിപുത്രൻ ശ്യാവാശ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

സത്രത്തിൽപ്പിഴിയപ്പെട്ട,
മത്തു പൊഴിയ്ക്കുന്ന സോമം
അത്യന്തമൊലിപ്പൂ, ഹവി-
സ്സൊത്ത നമുക്കന്നത്തിന്നായ് ! 1

അങ്ങനെതാൻ, ത്രിതനുടെ-
യംഗുലികൾ ചതയ്ക്കുന്നു,
പച്ചയാമിസ്സോമത്തെ ഹ-
ര്യശ്വന്നുണ്ണാനരകല്ലാൽ. 2

ചെല്വൂ, ഹംസം പരിഷയിൽ-
പ്പോലി,തേവന്റെയുമുള്ളിൽ;
അശ്വത്തിനെപ്പോലിതിനെ-
യംഭസ്സിനാൽ നനയ്ക്കുന്നു. 3

രണ്ടിനെയുമുറ്റുനോക്കി-
ക്കൊണ്ടൊ,രു മാൻപോലിന്ദോ, നീ
തേപ്പിയ്ക്കപ്പെട്ട,ധ്വരത്തിൻ
പാർപ്പിടത്തെയ്ക്കാഗമിപ്പൂ! 4

നല്ലാർ പൊന്നുജാരനെപ്പോ-
ലല്ലോ വാഴ്ത്തീ, ചൊല്കൾ (നിന്നെ;)
ചെല്ലുകയാ(യവിടുന്നു,)
നല്ല പോരിൽശ്ശൂരൻപോലേ! 5

തന്നാലും നീ, ഹവിസ്സർപ്പി-
യ്ക്കുന്ന ഞങ്ങൾക്കീ,യെനിയ്ക്കും
ദ്യോതമാനമന്നം, ധനം,
മേധ, യശസ്സെന്നിവയെ! 6
കുറിപ്പുകൾ: സൂക്തം 32.

[1] സത്രം – യാഗം.

[2] ത്രിതൻ – ഋഷി. ഹര്യശ്വന്നുണ്ണാൻ = ഇന്ദ്രന്നു കുടിപ്പാൻ.

[3] ഇത് – സോമം. ഏവന്റെയുമുള്ളിൽ ചെല്വൂ – എല്ലാവർക്കും പ്രിയമായിത്തീരുന്നു.

[4] രണ്ടിനെയും – വാനൂഴികളെ. തേപ്പിയ്ക്കപ്പെട്ട് – ഗോരസങ്ങൾ പുരട്ടിയ്ക്കപ്പെട്ട്. ഒരു മാൻപോലെ – വളർത്തുമാനിനെ എണ്ണയോ മറ്റോ തേപ്പിയ്ക്കുമല്ലോ. അധ്വരത്തിൻ പാർപ്പിടം – യാഗശാല.

[5] പൊന്നുജാരൻ – പ്രിയപ്പെട്ട ജാരൻ. ചൊല്കൾ – സ്തുതികൾ. ഉത്തരാർദ്ധം പരോക്ഷകഥനം: നല്ല – ധനം കിട്ടിയ്ക്കുന്ന എന്നു താൽപര്യം. ചെല്ലുകയായ് – പാത്രത്തിൽ.

[6] പ്രത്യക്ഷോക്തി: ദ്യോതമാനം = ഉജ്ജ്വലം.

സൂക്തം 33.

ത്രിതൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

സൂരികളാമിസ്സോമങ്ങൾ
നീരലകൾപോലോടുന്നു,
ആരണ്യപ്രദേശത്തെയ്ക്കു
സൈരിഭങ്ങൾപോലെയുമേ! 1

തൂമ പൂണ്ട കുരാൽനിറ-
(സ്സോമം) കുടങ്ങളിലെയ്ക്കായ്
ധാരയായിട്ടൊഴുകുന്നു,
ചോറും ഗോക്കളെയും തരാൻ! 2

സോമം പിഴിഞ്ഞതിന്ദ്രന്നു,-
മാ മാരുതവരുണർക്കും,
വായുവിന്നും, വിഷ്ണുവിന്നു-
മായൊഴുകിഗ്ഗമിയ്ക്കുന്നു! 3

മുച്ചൊല്ലുയരുന്നു; മോദി-
പ്പിച്ചു പൈക്കളുമ്പ കൊൾവൂ;
ഒച്ചയിട്ടുൾപ്പൂകീടുന്നു,
പച്ചനിറമാർന്ന (സോമം). 4

ബ്രഹ്മേരിതമാർ, മഖത്തി-
ന്നമ്മമാരാം മഹതികൾ
എമ്പാടും പുകഴ്ത്തുകയായ്;
വിൺപൈതലെത്തുടയ്ക്കയായ്! 5

സോമ, തിരുമേനി സമ്പൽ-
സ്തോമത്തിൻ നാലാഴിയെയും,
ആയിരങ്ങളെയും ഞങ്ങൾ-
ക്കായൊഴുക്കുകെ,മ്പാടുമേ! 6
കുറിപ്പുകൾ: സൂക്തം 33.

[1] ഓടുന്നു – പാത്രങ്ങളിലെയ്ക്കോടുന്നു. സൈരിഭങ്ങൾ = പോത്തുകൾ.

[2] തരാൻ – നമുക്കു്.

[3] മാരുതർ – മരുത്തുക്കൾ.

[4] മുച്ചൊല്ല് – ഋഗ്യജുസ്സാമസ്തുതികൾ. ഉൾപ്പൂകിടുന്നു – കലശങ്ങളിൽ.

[5] ബ്രഹ്മേരിതമാർ = ബ്രാഹ്മണരാൽ ഉച്ചരിയ്ക്കപ്പെട്ട. മഖത്തിന്നമ്മമാരാം മഹതികൾ – സ്തുതികൾ. വിൺപൈതൽ – സോമം. അമ്മമാർ കുട്ടിയെ സ്തുതിയ്ക്കും, ശുശ്രൂഷിയ്ക്കും.

[6] സമ്പൽസ്തോമം = ധനസമൂഹം. നാലാഴി എന്ന പദം ചതുസ്സമുദ്രാന്ത ഭൂമിയെക്കുറിയ്ക്കുന്നു; ഭുസ്വാമിത്വമെന്നർത്ഥം. ആയിരങ്ങൾ – അനേകാഭിമതങ്ങൾ.

സൂക്തം 34.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

പുഷ്ടമായ്പ്പിഴിഞ്ഞൊഴുക്ക-
പ്പെട്ട,രിപ്പ പൂകും സോമം
കെട്ടുറപ്പുള്ളവയെയും
തട്ടിയുടയ്ക്കുമേ, കെല്പാൽ! 1

ഇന്ദ്രന്നും, മരുത്തുക്കൾക്കും,
വായുവിന്നും, വരുണന്നും,
വിഷ്ണുവിന്നുമായ്ച്ചെല്ലുന്നി-
തി,പ്പിഴിയപ്പെട്ട സോമം! 2

നീരൊഴുക്കുമിന്ദുവിനെ
നീരൊഴുക്കുമമ്മികളിൽ
നേരേ കുത്തിപ്പിഴിയുന്നൂ;
ക്ഷീരം കറന്നെടുക്കുന്നു; 3

ശോധിതമായ് ത്രിതർഷിയാൽ,-
പ്പീതമായീ മഘവാവാൽ,
പാൽ – തയിർ തേപ്പിയ്ക്കപ്പെടും
മാദകം, ശ്യാമളവർണ്ണം. 4

യാഗത്തിന്നൊരാസ്പദമീ-
യാകമ്രമം പ്രിയഹവ്യം
ആകെക്കറന്നെടുക്കുന്നു,
നാകപ്പയ്യിൻ തനൂജന്മാർ. 5

ചെന്നവിടുത്തോടു ചേർന്നീ-
ടുന്നു, സത്യപ്രിയോക്തികൾ:
കാമമൊലിക്കൊണ്ടി,വയെ-
ക്കാമിയ്ക്കുന്നുമുണ്ട,ദ്ദേഹം! 6
കുറിപ്പുകൾ: സൂക്തം 34.

[1] കെട്ടുറപ്പുള്ളവയെയും – സുദൃഢങ്ങളായ ശത്രുപുരങ്ങളെപ്പോലും.

[3] ക്ഷീരം – രസം. അധ്വര്യുപ്രഭൃതികൾ എന്നധ്യാഹരിയ്ക്കണം.

[4] ശോധിതം = ശുദ്ധീകൃതം. പീതം – കുടിയ്ക്കപ്പെട്ടതു്. മാദകം – സോമം.

[5] പ്രിയഹവ്യം – സോമം. നാകപ്പയ്യിൻ തനൂജന്മാർ – പൃശ്നിപുത്രന്മാരായ മരുത്തുക്കൾ.

[6] അവിടുത്തോടു – സോമത്തോടു്. സത്യപ്രിയോക്തികൾ – നമ്മുടെ സ്തുതികൾ. കാമം = ഏറ്റവും.

സൂക്തം 35.

അംഗിരോഗോത്രൻ പ്രഭുവസു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ധാരയായിട്ടൊഴുക്കുക,
വാരാളും സ്വത്തെങ്ങൾക്കു നീ,
ഹേ പവമാനമേ, യജ്ഞ-
ലാഭമെങ്ങൾക്കുണ്ടാകാനായ്! 1

ആരെയും വിറപ്പിപ്പോനേ,
മാരിപെയ്യിപ്പോനാമിന്ദോ,
നീരൊഴുക്കുകെ,ങ്ങൾക്കർത്ഥ-
പൂരം കെല്പാലെടുത്തു നീ! 2

വീരനാം ഭവാനെക്കൊണ്ടു
വൈരികളെ വെല്ലുകെ,ങ്ങൾ:
നേരേ പൊഴിയ്ക്കുക ധനം,
വീരവാനേ, ഞങ്ങൾക്കു നീ! 3

അന്നദാതാവൃഷി സോമ-
(മധ്വരിയെ) പ്രാപിപ്പാനായ്
കല്പിച്ചയയ്ക്കുമേ, ഭോജ്യം
കർമ്മായുധവിചക്ഷണൻ! 4

ഉൽപ്പാദിതവചനനാ-
മപ്പവമാനേന്ദുവിനെ-
ആൾകളുടെ ഗോപതിയെ-
ച്ചൊല്ക,ളുടുപ്പിപ്പൂ, ഞങ്ങൾ. 5

ഇദ്ധധനൻ, ധർമ്മത്രാതാ-
വി, പ്പവമാനത്തിനുടെ
കർമ്മത്തിങ്കലല്ലോ വെപ്പൂ,
തന്മനസ്സാളുകളെല്ലാം! 6
കുറിപ്പുകൾ: സൂക്തം 35.

[1] യജ്ഞലാഭം = യാഗസിദ്ധി.

[2] ആരെയും – ഏതൊരു ശത്രുവിനെയും. അർത്ഥപൂരം – ധനസമൂഹം.

[3] വെല്ലുക – ജയിയ്ക്കുമാറാകട്ടെ. വീരവാനേ = വീരസമേത.

[4] അധ്വരി = യജമാനൻ. കർമ്മായുധവിചക്ഷണൻ = കർമ്മങ്ങളും ആയുധങ്ങളും അറിയുന്നവൻ.

[5] ഉൽപ്പാദിതവചനൻ – വചനങ്ങളെ (സ്തുതികളെ) ഉളവാക്കുന്നവൻ, സ്തുതിപ്പിയ്ക്കുന്നവൻ. ചൊല്കൾ – സ്തോത്രങ്ങൾ; സ്തോത്രങ്ങൾകൊണ്ടു മൂടുന്നു.

[6] ഇദ്ധധനൻ – സമ്പത്തേറിയവൻ. ആളുകൾ – യജമാനർ.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേരശ്വംപോലി,രുദാരു-
നീരരിപ്പിൽ വിടപ്പെട്ടൂ:
പാറുകയായ,ത്തുരഗം
വീരാകർഷകത്തിലെങ്ങും! 1

ദേവകാമൻ, ജാഗരൂക-
നാവഹിപ്പോനാ നീയിന്ദോ,
മട്ടുതിർക്കുമരിപ്പയെ
വിട്ടൊഴുകീടുക, നേരേ! 2

ജ്യേഷ്ഠ, പവമാന, കതിർ-
ക്കോട്ടകളാ നീയെങ്ങളെ
കാട്ടുകി; – റക്കുകെ,ങ്ങളെ
വാട്ടം പോക്കും ക്രതുവിങ്കൽ! 3

കൈകളാലേ ശുചിയാക്കി-
ശ്ശ്രീ കലർത്തിക്കൊണ്ടിതിനെ
കർമ്മപരരരിയ്ക്കുന്നു,
കമ്പിളിയരിപ്പതന്നിൽ. 4

അസ്സോമംതാനൊഴുക്കട്ടെ,-
യധ്വരകാരന്നു ധനം,
മന്നിലും വിണ്ണിലും വാനം-
തന്നിലുമുള്ളതെല്ലാമേ! 5

അന്നപാല, സോമമേ, നീ
വിണ്ണുലകിൽക്കേറീടുന്നു,
അശ്വത്തെയും ഗോവിനെയും
പുത്രനെയും കൊടുക്കുവാൻ! 6
കുറിപ്പുകൾ: സൂക്തം 36.

[1] ഇരുദാരുനീര് – രണ്ടു പലകകൾക്കിടയിലെ സോമരസം. അരിപ്പയിൽ, ഒരു തേർക്കുതിരപോലെ അഴിച്ചുവിടപ്പെട്ടു; അപ്പോൾ അത്തുരഗം – സോമം – വീരാകർഷകത്തിലെങ്ങും പാറുകയായി. വീരാകർഷകത്തിന്നു രണ്ടർത്ഥം: വീരന്മാരെ ആകർഷിയ്ക്കുന്ന യുദ്ധം; ദേവന്മാരെ ആകർഷിയ്ക്കുന്ന യജ്ഞം.

[2] ആവഹിപ്പോൻ – ചുമതലയേയ്ക്കുന്നവൻ. മട്ട് = തേൻ; അരിപ്പയിൽ നിന്നു ചോരുന്ന സോമരസംതന്നെ, തേൻ. നേരേ – കലശത്തിലെയ്ക്കു്.

[3] ജ്യേഷ്ഠ – പുരാതന. കതിർക്കോട്ടകൾ – ജ്യോതിർഗ്ഗോളങ്ങൾ; വെളച്ചം. വാട്ടം പോക്കും – ബലകരമായ. ക്രതുവിങ്കൽ ഇറക്കുക – യജ്ഞം ചെയ്യിച്ചാലും.

[4] ശ്രീ കലർത്തിക്കൊണ്ടു് – മോടിപ്പെടുത്തിക്കൊണ്ടു്. ഇതിനെ – സോമത്തെ. കർമ്മപരർ – ഋത്വിക്കുകൾ.

[5] അധ്വരകാരൻ – യജമാനൻ. വാനം – അന്തരിക്ഷം.

[6] കൊടുക്കുവാൻ – സ്തോതാക്കൾക്കു്.

സൂക്തം 37.

രഹൂഗണൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ദേവകാമൻ, പിഴിയപ്പെ-
ട്ടാ, വൃഷാവാം പേയസോമം
പൂവുകയായ,രക്കർതൻ
ജീവൻ കവർന്നരിപ്പയിൽ! 1

സ്വച്ഛദ്രഷ്ടാവു,റ്റതാങ്ങാ-
പ്പച്ചനിറമാർന്ന സോമം
ഉൾച്ചേരുന്നിതരിപ്പയി,-
ലൊച്ചയിട്ടു കുടത്തിലും! 2

സ്വർപ്പദത്തെശ്ശോഭിപ്പിയ്ക്കു-
മപ്പവമാനമാമശ്വം
കമ്പിളിയരിപ്പിലെയ്ക്കു
വെമ്പിച്ചെല്വൂ, രക്ഷോഹരൻ! 3

പാഥസ്സുതനുടെ പെരും-
മേധത്തിലപ്പവമാനം
ജാതപ്രഭനാക്കിയല്ലോ,
ജ്ഞാതിലളോടൊത്തർക്കനെ! 4

വൃത്രഘാതി, പിഴിയപ്പെ-
ട്ട,ർത്ഥം കിട്ടിയ്ക്കുമസ്സോമം
യുദ്ധത്തിൽപ്പോലിറങ്ങിനാൻ,
ദുർദ്ധർഷൻ, വർഷണശീലൻ! 5

ബുദ്ധിമാനാലയയ്ക്ക്പ്പെ-
ട്ടുത്തമനീസ്സോമദേവൻ
ഇന്ദ്രന്നായി മരപ്പാത്ര-
വൃന്ദത്തിലെയ്ക്കോടീടുന്നു! 6
കുറിപ്പുകൾ: സൂക്തം 37.

[1] പേയം – ദേവന്മാർക്കു കുടിപ്പാനുള്ള.

[2] സ്വച്ഛദ്രഷ്ടാവു് – സ്പഷ്ടമായി കാണുന്നവൻ.

[3] സ്വർപ്പദം – സ്വർഗ്ഗം. വെമ്പിച്ചെല്വൂ – പായുന്നു. രക്ഷോഹരൻ = രക്ഷസഘ്നൻ.

[4] പാഥസ്സുതൻ – ത്രിതനെന്ന ഋഷി. ജാതപ്രഭനാക്കി – പ്രകാശിപ്പിച്ച ജ്ഞാതികൾ – സ്വന്തം തേജസ്സുകൾ എന്നർത്ഥം.

[5] അർത്ഥം = ധനം. ഇറങ്ങിനാൻ – കലശത്തിൽ.

[6] ബുദ്ധിമാൻ – അധ്വര്യു.

സൂക്തം 38.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേർക്കൊപ്പമാ വൃഷാവിതാ,
നൂൽക്കമ്പിളിയരിപ്പയിൽ
കേറി നടകൊണ്ടീടുന്നു,
നൂറുനൂറന്നങ്ങൾ നേടാൻ! 1

പച്ചയാകുമിസ്സോമത്തെ
വജ്രവാന്നു കുടിപ്പാനായ്,
അമ്മികളാൽ ത്രിതനുടെ-
യംഗുലികൾ ചതയ്ക്കുന്നു! 2

ആയതിനെയിതാ, ക്രിയ-
യ്ക്കായിത്തുമപ്പെടുത്തുന്നു,
മത്തുണ്ടാക്കാനരിയ്ക്കുന്ന
പത്തു കരവിരലുകൾ! 3

ആയതിതാ, പെൺപക്കലെ-
യ്ക്കായിപ്പോകും ജാരൻപോലേ
ചെന്നു വസിയ്ക്കുന്നു, പരു-
ന്തെന്നവണ്ണമാളുകളിൽ 4

നന്മാദകരസമോലും
വിൺമകനസ്സോമമിതാ,
കമ്പിളിയരിപ്പയുൾപ്പു-
ക്കെമ്പാടും കൺ നടത്തുന്നു! 5

ആസ്വദിപ്പാൻ പിഴിയപ്പെ- ട്ടാ, ശ്യാമനാം ധർത്താവിതാ,
ഇഷ്ടസ്ഥാനത്തിലെയ്ക്കൊലി-
യിട്ടുകൊണ്ടു ഗമിയ്ക്കുന്നു! 6
കുറിപ്പുകൾ: സൂക്തം 38.

[1] നേടാൻ – യജമാനന്നായി.

[2] പച്ചയാകും – പച്ചനിറമിയന്ന. വജ്രവാൻ = ഇന്ദ്രൻ.

[3] ക്രിയ – ഹോമം. മത്തുണ്ടാക്കാൻ – ഇന്ദ്രന്ന്.

[4] പെൺപക്കലെയ്ക്കായി – സങ്കേതം കുറിച്ച കാമിനിയുടെ അടുക്കലെയ്ക്കു്. പരുന്തെന്നവണ്ണം – ഒരു പരുന്തു പക്ഷിക്കൂട്ടത്തിലിരിയ്ക്കുന്നതുപോലെ. ആളുകളിൽ – യഷ്ടാക്കളുടെ ഇടയിൽ.

[6] ആസ്വദിപ്പാൻ – ദേവന്മാർക്കു കുടിപ്പാൻ. ശ്യാമൻ = ഹരിദ്വർണ്ണൻ. ധർത്താവ് – ഭുവനധാരകൻ.

സൂക്തം 39.

അംഗിരോഗോത്രൻ ബൃഹന്മതി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

നീ വേഗത്തിൽബ്ബൃഹന്മതേ,
പോവുകോമലുടലോടേ,
‘ദേവന്മാർതൻ ചാരത്തെയ്ക്കെ’-
ന്നേവമുരിയാടിക്കൊണ്ടേ! 1

ശുദ്ധി വന്നിട്ടില്ലാത്തേടം
ശുദ്ധമാക്കിക്കൊണ്ടു ഭവാൻ
വാനിൽനിന്നു മഴ പെയ്ക,
മാനുഷർക്കു കൊറ്റു കിട്ടാൻ! 2

ഉൾപ്പൂകുന്നു, പിഴിയപ്പെ-
ട്ടുൽപ്രഭനായ് വിചക്ഷണൻ
കെല്പിനോടേ വിളക്കമൊ-
ന്നർപ്പിച്ചുംകൊണ്ടരിപ്പയിൽ. 3

വിണ്ണിൻമുകൾവശത്തെയ്ക്കു
തിണ്ണം പോകുമവനിതാ,
ചോരുമരിപ്പയിൽപ്പൂകി
നീരലയിലെയ്ക്കൊഴുകീ! 4

ദൂരത്തും ചാരത്തുമിരി-
പ്പോരെപ്പരിചരിയ്ക്കുവാൻ
സ്ഥാനേ പിഴിഞ്ഞൊരു സോമ-
ത്തേനിന്ദ്രന്നായ്പ്പകരുന്നു! 5

അർച്ചിയ്ക്കുന്നൂ, സമേതന്മാർ;
പച്ചവർണ്ണമാർന്നതിനെ
അമ്മികളാൽച്ചതയ്ക്കുന്നു-
സമ്മേളിപ്പിൻ, മഖസ്ഥാനേ! 6
കുറിപ്പുകൾ: സൂക്തം 39.

[1] ബൃഹന്മതേ – ബുദ്ധിയേറിയ സോമമേ. ഋഷിയുടെ പേരും വരുത്തിയിരിയ്ക്കുന്നു. ഓമലുടൽ – ദേവന്മാർക്കു പ്രിയപ്പെട്ട രസധാര. ‘ഞാൻ ദേവന്മാരുടെ അടുക്കലെയ്ക്കു പോവുകയാണെ’ന്നു പറഞ്ഞുംകൊണ്ടു പോയ്ക്കൊൾക.

[3] പരോക്ഷകഥനം: ഉൽപ്രഭൻ = പ്രഭയുയർന്നവൻ. വിളക്കമൊന്നർപ്പിച്ചുംകൊണ്ടു് – ഒരു പ്രകാശം വിരിച്ചുംകൊണ്ടു്. അരിപ്പയിൽ ഉൾപ്പൂകുന്നു.

[4] തിണ്ണം = വെക്കം. അവൻ – സോമം. നീരല – ജലസംഘാതം.

[5] ഇരിപ്പോരെ – വസിയ്ക്കുന്ന ദേവന്മാരെ. സ്ഥാനേ – നിശ്ചിതസ്ഥലത്തുവെച്ചു്. പകരുന്നു – ഋത്വിക്കുകൾ.

[6] ദേവന്മാരോടു്: അർച്ചിയ്ക്കുന്നു – സ്തുതിയ്ക്കുന്നു. സമേതന്മാർ – ഒത്തൊരുമിച്ച സ്തോതാക്കന്മാർ. മഖസ്ഥാനേ സമ്മേളിപ്പിൻ – നിങ്ങൾ യജ്ഞസദനത്തിൽ ഒന്നിച്ചിരിയ്ക്കുവിൻ.

സൂക്തം 40.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തേർച്ചക്കാരെയെല്ലാം വെന്നാൻ,
കാഴ്ചയേറും പവമാനം;
ആ വിപ്രനെ സ്തുതികളാ-
ലാഡംബരപ്പെടുത്തുന്നു. 1

ആരക്താഭൻ, പിഴിയപ്പെ-
ട്ടാസ്പദം പുക്കാ വർഷകൻ
ഇന്ദ്രങ്കൽച്ചെന്ന,നശ്വര-
മന്ദിരത്തിൽ മരുവുന്നു. 2

ഇന്ദോ, സോമ, തിരുവടി
മന്ദിയാതേ ഞങ്ങൾക്കായി
ഒന്നിച്ചൊഴുക്കുകെ,മ്പാടു-
മുന്നതസ്വത്തോരായിരം! 3

ഇന്ദോ, പവമാന, കൊണ്ടു-
വന്നാലും നീ നാനാധനം;
അഷ്ടിക്കോപ്പുമോരായിരം
കിട്ടിയ്ക്കുക, സോമമേ, നീ! 4

ആനയിയ്ക്ക, വാഴ്ത്തുമെങ്ങൾ-
ക്കായ് നീ സുവീര്യമാം ധനം;
വായ്പിച്ചാലും, സ്തുതിപ്പോന്റെ
വാക്യം പവമാനമേ, നീ! 5

ഇന്ദോ, പവമാനസോമ,
സന്നുത്യർഹം ധനം – വർഷിൻ,
രണ്ടിടത്തുള്ളതും – ഭവാൻ,
കൊണ്ടുവരി,കെങ്ങൾക്കിന്ദോ! 6
കുറിപ്പുകൾ: സൂക്തം 40.

[1] തേർച്ചക്കാർ – എതിരാളികൾ. കാഴ്ചയേറും = സമ്യഗ്ദ്രഷ്ടാവായ. ആ വിപ്രനെ – മേധാവിയായ സോമത്തെ. ആഡംബരപ്പെടുത്തുന്നു – സ്തോതാക്കൾ അലങ്കരിയ്ക്കുന്നു.

[2] ആരക്താഭൻ = അരുണവർണ്ണൻ. ആസ്പദം – കലശം. ആ വർഷകൻ – സോമം. അനശ്വരമന്ദിരം – സ്വർഗ്ഗം.

[3] ഉന്നതസ്വത്ത് = ഉത്തമധനം.

[4] അഷ്ടിക്കോപ്പു് – അന്നങ്ങൾ.

[6] സന്നുത്യർഹം = സ്തുത്യം. രണ്ടിടം – ദ്യോവും ഭൂവും. ഇന്ദുപദത്തെ ആർത്തിച്ചതു് ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.

സൂക്തം 41.

കണ്വഗോത്രൻ മേധ്യാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ക്ഷിപ്രഗതിശീലരാമി-
സ്സുപ്രകാശർ, ഗോക്കൾപോലെ
വെക്കം വന്നുചേർന്നുവല്ലോ,
ദുഷ്കരിംതോലിനെപ്പോക്കി! 1

ശിഷ്ടന്റെ തുറുങ്കിനെയും,
ദുഷ്ടഹതിരതിയെയും
വാഴ്ത്തുന്നു, നിഷ്കർമ്മാവായ
ശാത്രവനെയമർത്തെങ്ങൾ. 2

ശക്തപവമാനത്തിന്റെ
ശബ്ദം, മഴയുടെപോലെ
ഉണ്ടു കേൾക്കാകുന്നു; മേയു-
ന്നുണ്ടു, വാനിൽ വാർമിന്നലും! 3

ഇന്ദോ, പിഴിയപ്പെട്ട നീ-
യൊന്നായൊഴുക്കുക, പൊന്നും
അസ്കോകാന്നങ്ങളും കെല്പു-
മശ്വത്തെയും ഗോവിനെയും! 4

നീരുതിർക്ക: കാണ്മോനേ, നീ
പാരിച്ച വാനൂഴികളെ
പൂരിപ്പിയ്ക്ക, കതിർകളാൽ
സ്സൂരൻ ദിനങ്ങളെപ്പോലെ! 5

സോമമേ, നീയെങ്ങൾക്കേറ്റം
ക്ഷേമമേകും നീരൊഴുക്കാൽ
പായുകെ,മ്പാടുമേ താന്ന
പാരിലെയ്ക്കു പുഴപോലെ! 6
കുറിപ്പുകൾ: സൂക്തം 41.

[1] സുപ്രകാശർ – സോമങ്ങൾ. ദുഷ്കരിംതോലിനെ – കെട്ട രാക്ഷസവർഗ്ഗത്തെ.

[2] ശിഷ്ടൻ – ശോഭനമായ സോമം. തുറുങ്ക് – രാക്ഷസബന്ധനമെന്നർത്ഥം. ദുഷ്ടഹതിരതി = ദുഷ്ടവധതാൽപര്യം. നിഷ്കർമ്മാവു് = കർമ്മരഹിതൻ. ശാത്രവൻ = ശത്രു.

[3] ശക്തപവമാനത്തിന്റെ – ബലവാനായ പവമാനസോമത്തിന്റെ. മേയുന്നുണ്ടു് – ചുറ്റിനടക്കുന്നുണ്ടു്. വാർമിന്നൽ – സോമത്തിന്റെതന്നെ തിളക്കങ്ങൾ.

[4] അസ്തോകം = അനല്പം.

[5] കാണ്മോനേ – വിശ്വദ്രഷ്ടാവേ. പൂരിപ്പിയ്ക്ക – നീരുകൊണ്ടു നിറച്ചാലും. ദിനങ്ങൾ = പകലുകൾ.

[6] പാരിലെയ്ക്കു – നിലത്തെയ്ക്ക്.

സൂക്തം 42.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

തീർത്തൂ വിണ്ണിൽത്തിളക്കങ്ങൾ;
തീർത്തൂ വാനിൽപ്പകലോനെ,
പായും ജലച്ചാർത്തുടുത്തൂ,
പച്ചനിറം താവുമെവൻ; 1

അദ്ദേവൻ പുരാണസ്തവ-
മൊത്തു പിഴിയപ്പെട്ടിതാ,
നീരൊഴുക്കീടുന്നു, ദേവ-
ന്മാരെയുദ്ദേശിച്ചെമ്പാടും! 2

ധാരാളമായന്നം തെല്ലും
പാരാതേ കൈവരുത്താനായ്
നീരൊഴുക്കീടുന്നു, കരു-
ത്തോരായിരമുള്ള സോമം! 3

പണ്ടേത്തെ നീർതാൻ ചുരത്തി-
ക്കൊണ്ട,രിപ്പയുൾപ്പൂകുന്നു;
നാദംകൊണ്ടു ദേവന്മാരെ-
പ്രാദുഷ്കരിയ്ക്കയുംചെയ്വൂ! 4

സോമം പവമാനമിതു
കാമയോഗ്യങ്ങളിലെല്ലാം
നേരേ ചെല്വൂ, സവനത്തെ
പ്പാരിപ്പിയ്ക്കും സുരരിലും! 5

സോമമേ, പിഴിയപ്പെട്ട
നീ മഹത്താം കൊറ്റും കെല്പും
നേർക്കൊഴുക്കുകെ,ങ്ങൾക്കശ്വ-
ഗോക്കളെയും വീരരെയും! 6
കുറിപ്പുകൾ: സൂക്തം 42.

[1] തീർത്തൂ – നിർമ്മിച്ചു. തിളക്കങ്ങൾ – നക്ഷത്രങ്ങൾ. പായും – കീഴ്പോട്ടൊലിയ്ക്കുന്ന. അവൻ – സോമം.

[2] പുരാണസ്തവം = പണ്ടേത്തെ സ്തോത്രം.

[3] തെല്ലും പാരാതേ = ഒട്ടും വൈകാതെ, അതിവേഗത്തിൽ. കരുത്ത് – ഗതിവേഗം.

[4] പ്രാദുഷ്കരിയ്ക്ക – പ്രത്യക്ഷരാക്കുക. സോമം പിഴിയുന്നേടത്തു തീർച്ചയായും ആവിർഭവിയ്ക്കുമല്ലോ, ദേവന്മാർ.

[5] കാമയോഗ്യങ്ങൾ – കാമ്യങ്ങൾ, ധനങ്ങൾ. സവനം = യാഗം. പാരിപ്പിയ്ക്കും = വളർത്തുന്ന.

സൂക്തം 43.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ആരെ മത്തിന്ന,ശ്വത്തെപ്പോ-
ലാജ്യാദികൾ തേപ്പിപ്പിതോ;
ആ രമ്യനെ സ്തുതികളാ-
ലാട ചാർത്തിയ്ക്കുന്നു, ഞങ്ങൾ. 1

ആയിന്ദുവെപ്പുരന്ദര-
ന്നാസ്വദിപ്പാൻ മുന്നെപ്പോലെ
മോടിപ്പെടുത്തുമേ, രക്ഷ
തേടുമസ്മൽസ്തുതിയെല്ലാം! 2

ശ്രീമാനായ പവമാന-
സോമമെഴുന്നള്ളീടുന്നു,
ധീ മെത്തും മേധ്യാതിഥിതൻ
സ്തോമങ്ങളാലണി ചാർത്തി! 3

ഇന്ദോ, പവമാനസോമ,
തന്നരുൾകെ,ങ്ങൾക്കു ഭവാൻ,
ഓരായിരം തിളക്കവും
ചാരുശ്രീയും ചേർന്ന ധനം! 4

നീരരിപ്പിലെയ്ക്കൊഴുകും-
നേരം; ദേവേച്ഛുവാം സോമം
പാരമൊലി കൂട്ടീടുന്നു,
പോരിൽച്ചെന്നൊരശ്വംപോലെ. 5

പാടിവാഴ്ത്തും പ്രാജ്ഞന്നന്നം
നേടുവാനും വളരാനും
നീരൊഴുക്കൂ; തരൂ, നല്ല
വീരനെയും സോമമേ, നീ! 6
കുറിപ്പുകൾ: സൂക്തം 43.

[1] മത്തിന്ന് – ദേവന്മാരുടെ മത്തിന്ന്. ആ രമ്യനെ – സോമത്തെ. സ്തുതികളാലാട ചാർത്തിയ്ക്കുന്നു – സ്തോത്രവസ്ത്രമുടുപ്പിയ്ക്കുന്നു.

[3] ശ്രീമാൻ = സുന്ദരൻ. എഴുന്നള്ളീടുന്നു – കലശത്തിലെയ്ക്ക്. ധീ മെത്തും – മേധാവിയായ. സ്തോമങ്ങളാലണി ചാർത്തി – സ്തോത്രമാകുന്ന ആഭരണമണിഞ്ഞ്.

[5] ദേവേച്ഛു = ദേവകാമം.

[6] പ്രാജ്ഞന്ന് – എനിയ്ക്ക്.

സൂക്തം 44.

അംഗിരോഗോത്രൻ അയാസ്യൻ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (കേക.)

നിയ്യിന്ദോ, ഗമിയ്ക്കുന്നു, ഞങ്ങൾക്കു വൻസ്വത്തിന്നായ്;
നിന്നലയെടുത്തിന്നുമ്പരിലെയ്ക്കയാസ്യനും. 1

സൂരിയാൽ സ്തുത്യാ വെയ്ക്കപ്പെട്ടിട്ടു, ദൂരത്തെയ്ക്കേ
പ്രേരിതനാകുന്നു, നീർ തൂകിന കവി, സോമം. 2

ഉമ്പർക്കായ്പ്പിഴിയപ്പെട്ടെങ്ങും വാർന്ന,രിപ്പിലെ-
യ്ക്കിമ്പമോടിതാ, ചെല്വൂ കാഴ്ചകൂടിയ സോമം. 3

ഋത്വിക്സേവിതനാ നീയന്നമെങ്ങൾക്കു തരാ-
ന,ധ്വരം ശുഭമാക്കിക്കൊണ്ടു നീർ പൊഴിച്ചാലും! 4

മേധാഢ്യർ ഭഗവായുക്കൾക്കയച്ചൊരസ്സോമം
നാൾതോറും വളർന്നെങ്ങൾക്കേകട്ടെ, ദേവദ്രവ്യം! 5

കർമ്മദൻ, വന്മാർഗ്ഗജ്ഞനബ്ഭവാനിന്നെങ്ങൾക്കു
നന്മുതൽ കിട്ടാൻ നേടുകേ,റിയ കൊറ്റും കെല്പും! 6
കുറിപ്പുകൾ: സൂക്തം 44.

[1] അല – നീരു് അയാസ്യനും, ഞാനും.

[2] സ്തുത്യാ = സ്തുതിയോടുകൂടി. ദൂരത്തെയ്ക്കേ പ്രേരിതനാകുന്നു – അരിപ്പയിൽനിന്നു് അകലത്തെയ്ക്കുതന്നെ അയയ്ക്കപ്പെടുന്നു.

[3] ഇമ്പം – ഉന്മേഷം.

[5] മേധാഢ്യർ – ഋത്വിക്കുകൾ. ദേവദ്രവ്യം – ദേവന്മാരിലിരിയ്ക്കുന്ന സമ്പത്ത്.

[6] കർമ്മദൻ – കർമ്മം നിറവേറ്റുന്നവൻ. വന്മാർഗ്ഗജ്ഞൻ – വലിയ, മികച്ച മാർഗ്ഗജ്ഞൻ.

സൂക്തം 45.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ഇന്ദോ, നീരൊഴുക്കുക, സുഖമായ് മഖത്തിങ്ക-
ലിന്ദ്രന്നു കുടിച്ചു മത്താടുവാൻ നൃദർശി, നീ! 1

ദൂതനാകെ,ങ്ങൾക്കാ നീ; – യിന്ദ്രന്നായ് നിഷേവ്യൻ നീ;-
യാദിത്യരോടർത്ഥിയ്ക്ക, നീ വരം സഖാക്കൾക്കായ്! 2

തുടുത്ത നിങ്കൽഗ്ഗവ്യം കൂട്ടുന്നു, മത്തിന്നെങ്ങൾ:
തുറക്കുകെ,ങ്ങൾക്കർത്ഥലബ്ധിയ്ക്കബ്ഭവാൻ വാതിൽ! 3

വഴിയിൽബ്ഭരമൊഴിഞ്ഞശ്വംപോല,രിപ്പ വി-
ട്ടൊഴുകീടുന്നൂ, സോമം ദേവപംക്തിയിലെയ്ക്കായ്! 4

കമ്പിളി വിട്ടംഭസ്സിൽക്കളിയ്ക്കുമിസ്സോമത്തെ-
ത്തൻപ്രിയർ വാഴ്ത്തിക്കൊണ്ടാർ; പുകഴ്ത്തീ, മൊഴികളും! 5

യാതൊന്നു കുടിയ്ക്കുകിൽസ്സദ്ദ്വീര്യം വിദഗ്ദ്ധനാം
സ്തോതാവിനുണ്ടാ,മാ നീർ തൂകുക, ഭവാനിന്ദോ! 6
കുറിപ്പുകൾ: സൂക്തം 45.

[1] നൃദർശി = നേതാക്കന്മാരെ നോക്കുന്നവൻ.

[2] ഇന്ദ്രന്നായ് നിഷേവ്യനാണ്, കുടിയ്ക്കപ്പെടേണ്ടവന്നാണു്, നീ. ആദിത്യർ = ദേവന്മാർ. വരം = ശ്രേഷ്ഠവസ്തു, ധനം. സഖാക്കൾക്കായ് – ഞങ്ങൾക്കുവേണ്ടി.

[3] ആ ഭവാൻ അർത്ഥ (ധന)ലബ്ധിയ്ക്കു വാതിൽ തുറന്നാലും.

[4] ഭരമൊഴിഞ്ഞ – അഴിച്ചുവിടപ്പെട്ട.

[5] തൻപ്രിയർ – സ്തോതാക്കൾ. മൊഴികളും – സ്തോത്രങ്ങളും. ഭക്തന്മാർ സ്തുതിച്ചു; സ്തോത്രങ്ങളും ചൊല്ലി.

സൂക്തം 46.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ (കേക.)

യാഗത്തിൽപ്പിഴിയുവാനയപ്പൂ, കർമ്മപ്രൗഢ-
മാകിയ ഹയത്തെപ്പോല,ചലപ്രഭൂതത്തെ. 1

അണിഞ്ഞ കുളിർസോമ,മച്ഛനുള്ളൊരു മങ്ക-
കണക്കേ നടകൊൾവൂ, വായുവിൻചാരത്തെയ്ക്കായ്! 2

ഇയ്യിരുപലകയാൽപ്പിഴിഞ്ഞ കുളിർസോമ-
മിന്ദ്രനെ വളർത്തുന്നൂ, ക്രതുവാലന്നോപേതം! 3

പാഞ്ഞുവന്നെടുക്കുവി,നിന്ദുവും കടകോലും:
പാൽ പകരുവിൻ, ശുഭഹസ്തരേ, മധുവിങ്കൽ. 4

സോമമേ, ധനഞ്ജയ, നീരൊഴുക്കുക്കെ,ങ്ങൾക്കു
വാർമുതലരുളുവോൻ, വഴികാണിപ്പോൻ ഭവാൻ! 5

അരിച്ചു നന്നാക്കുന്നു പത്തുകൈവിരൽ, മത്തു
പെറുമിപ്പവമാനസോമത്തെയിന്ദ്രന്നായി. 6
കുറിപ്പുകൾ: സൂക്തം 46.

[1] അചലപ്രഭൂതം – മലയിൽ വളർന്ന സോമം.

[2] മങ്കകണക്കേ – അച്ഛൻ വരന്റെ അടുക്കലെയ്ക്ക് അയച്ച കന്യക പോലെ.

[3] അന്നോപേതം = അന്നത്തോടുകൂടിയതു്; സോമവിശേഷണം.

[4] ഋത്വിക്കുകളോട്: മധു – മദകരമായ സോമനീരു്.

[5] ധനജ്ഞയ – ശത്രുസമ്പത്തടക്കുന്നവനേ. വാർമുതൽ = വിപുലമായ ധനം.

സൂക്തം 47.

ഭൃഗുപുത്രൻ കവി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

വമ്പരെയുദ്ദേശിച്ചിശ്ശുഭകർമ്മത്താൽ വള-
ർന്നിമ്പമാണ്ടൊരു കൂറ്റൻകാളപോലായീ, സോമം! 1

ദസ്യുനാശകമെന്നു വിജ്ഞാത,മാർതൻകർമ്മ,-
മസ്സുധൃഷ്ടാത്മാവിവൻ വീട്ടുന്നു, കടങ്ങളും! 2

ഇന്ദ്രനെസ്തുതിപ്പതോടൊത്തു തൽപ്രിയം, വജ്ര-
സന്നിഭം, ബലി സോമമായിരം തരുമല്ലോ! 3

വിരൽകൊണ്ടരിയ്ക്കുന്ന വിപ്രന്നിക്കവി താൻതാൻ
വരധാരിയെക്കൊണ്ടേകിയ്ക്കുവാൻനോക്കും, രത്നം! 4

പോരിങ്കൽക്കുതിരകൾക്കെന്നപോല,ടർവെല്പോർ-
ക്കേറിയ വിത്തം വീതിച്ചരുളാനിച്ഛിപ്പോൻ, നീ! 5
കുറിപ്പുകൾ: സൂക്തം 47.

[1] വമ്പർ – വലിയവർ, ദേവന്മാർ. ശുഭകർമ്മം – പിഴിയലും മറ്റും. കൂറ്റൻകാളപോലായീ – കാള മുക്രയിടുന്നതുപോലെ, ശബ്ദം പുറപ്പെടുവിച്ചു.

[2] കടങ്ങളും വീട്ടുന്നു – യജമാനർക്കു ഫലം നല്കുക എന്ന കടം കൊടുത്തു തീർക്കുന്നു. സുധൃഷ്ടാത്മാവു് – തെല്ലും കൂസലില്ലാത്ത ഹൃദയത്തോടുകൂടിയവൻ.

[3] തൽപ്രിയം – ഇന്ദ്രന്നു പ്രിയപ്പെട്ട. വജ്രസന്നിഭം – അജേയം എന്നർത്ഥം. ബലി = ബലവാൻ. ആയിരം – വളരെദ്ധനം.

[4] വിപ്രൻ = മേധാവി. ഇക്കവി – സോമം. വരധാരി – ഇന്ദ്രൻ. രത്നം – രമ്യധനം.

[5] പ്രത്യക്ഷോക്തി: കുതിരകൾക്കു തീറ്റ കൊടുക്കുന്നതുപോലെ, ഭവാൻ യുദ്ധവിജയികൾക്കു ധാരാളം ധനം വീതിച്ചുകൊടുക്കും.

സൂക്തം 48.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പെരുവിൺപ്രദേശത്തു, ഭദ്രനായ്ദ്ധനം കൈക്കൊ-
ണ്ടരുളും നിന്നോടർത്ഥിയ്ക്കുന്നു, സുവ്രതരെങ്ങൾ: 1

എതിർക്കുന്നോരെക്കൊയ്വോൻ, മഹിതബഹുവ്രതൻ
മദദൻ, സ്തുത്യൻ, നൂറുപുരികൾ തകർപ്പോൻ, നീ! 2

കൊണ്ടുവന്നാനാ വിണ്ണിൽനിന്നു സുക്രതോ, പരു-
ന്തിണ്ടലേശാതേ സമ്പൽത്തമ്പുരാനാകും നിന്നെ – 3

സർവവിണ്ണോർക്കും സാധാരണനെ, നീർ പെയ്വോനെ,-
സ്സത്രപാലനെക്കൊണ്ടുവന്നാനി,ങ്ങൊരു പക്ഷി! 4

പില്പാടു, പുകഴ്ത്തേണ്ടും പെരുമയാർജ്ജിയ്ക്കയായ്,
കെല്പു കാണിച്ചീ,ക്കാഴ്ചയേറിയ ഫലപ്രദൻ! 5
കുറിപ്പുകൾ: സൂക്തം 48.

[1] പ്രത്യക്ഷോക്തി: ഭദ്രൻ = മംഗളരൂപൻ. അർത്ഥിയ്ക്കുന്നു – ധനം യാചിയ്ക്കുന്നു. സുവ്രതർ = ശോഭനകർമ്മാക്കൾ.

[2] സോമത്തിന്റെ ധനപ്രദാനസാമർത്ഥ്യം പ്രതിപാദിയ്ക്കുന്നു: കൊയ്വോൻ – തലവീശിക്കൊല്ലുന്നവൻ. പുരികൾ – ശത്രുനഗരങ്ങൾ.

[3] സുക്രതോ = ശോഭനകർമ്മൻ. ഇണ്ടലേശാതേ – നിരപായം. സമ്പൽത്തമ്പുരാൻ = ധനങ്ങളുടെ രാജാവു്.

[4] സാധാരണൻ = പൊതുവിലുള്ള ആൾ. സത്രപാലൻ = യജ്ഞരക്ഷകൻ.

[5] പരോക്ഷോക്തി: ഈ ഫലപ്രദൻ – സോമം.

സൂക്തം 49.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുക, മഴ – വാനിൽനിന്നു നീരല – നീളേ,
രോഗഹീനമാമനല്പാന്നവുമെങ്ങൾക്കു നീ! 1

എതിർനാട്ടിലെഗ്ഗോക്കളിങ്ങെങ്ങളുടെയില്ല-
ത്തെതിനാലെത്തിച്ചേരു; മാ നീരു പൊഴിയ്ക്ക, നീ! 2

യാഗത്തിൽത്തുലോം ദേവകാമനാം നീയെങ്ങൾക്കു
തൂകുക, ജലധാര – പെയ്യുക, മഴയെങ്ങും! 3

ഞങ്ങൾക്കു കൊറ്റിന്നാ നീ കമ്പിളിയരിപ്പയിൽ-
ബ്ഭംഗമറ്റോടിച്ചെല്ലൂ: കേൾക്കട്ടെ, ഗാനം വാനോർ! 4

അരക്കന്മാരെ വധിച്ചൊ,ളിയും മുന്നേപ്പോലേ
പരത്തി,പ്പവമാനം നീരൊഴുക്കുകയായി! 5
കുറിപ്പുകൾ: സൂക്തം 49.

[1] പ്രത്യക്ഷോക്തി: രോഗഹീനം – രോഗജനകമല്ലാത്ത, ആരോഗ്യകരമായ.

[2] എതിനാൽ (യാതൊന്നുകൊണ്ടു) ശത്രുക്കളുടെ ഗോക്കളെ പിടിച്ചു കൊണ്ടുപോരാമോ, ആ നീരു്.

[4] ഭംഗമറ്റ് – മുറിയാതെ, ധാരയായി. ഗാനം – ഭവാന്റെ ശബ്ദം.

[5] പരോക്ഷോക്തി: ഒളി – സ്വന്തം തേജസ്സ്.

സൂക്തം 50.

അംഗിരോഗോത്രൻ ഉചത്ഥ്യൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പൊങ്ങുന്നു നിന്നൂക്കാ,ഴിത്തിരതന്നിരമ്പംപോ-
ല; – ങ്ങുന്നു പുറപ്പെടുവിയ്ക്കുകൊ,രമ്പിൻചീറ്റം! 1

ഉയർകമ്പിളിയിങ്കൽപ്പുക്കു നീ നീർ തൂകുമ്പോൾ-
സ്സയജ്ഞനുടെ മൂന്നു ചൊല്ലുകൾ മുതിരുന്നു! 2

ഓമലാം പച്ചപ്പവമാനത്തെച്ചതകല്ലാൽ-
ത്തൂമധു തൂകിച്ചാ,ട്ടിൻരോമത്തിൽപ്പകരുന്നു. 3

നീരരിപ്പയിൽനിന്നു ധാരയായ്പ്പൊഴിയ്ക്ക, നീ-
യേറെ മത്തേകും കവേ, പൂജ്യന്റെ പദം പൂകാൻ! 4

നന്നെ മത്തേകുന്നോനേ, ഗവ്യങ്ങൾ പൂശിയ്ക്കപ്പെ-
ട്ടി,ന്ദ്രന്നു കുടിപ്പാനായ് നീരൊഴുക്കുകി,ന്ദോ, നീ! 5
കുറിപ്പുകൾ: സൂക്തം 50.

[1] പ്രത്യക്ഷോക്തി: ഊക്ക് = വേഗം. അമ്പിൻചീറ്റം – ഒഴുകുമ്പോഴത്തെ ശബ്ദം. വേഗേന പ്രവഹിയ്ക്കുക എന്നർത്ഥം.

[2] ഉയർകമ്പിളി – ഉയർന്ന കമ്പിളിയരിപ്പ. സയജ്ഞൻ = യജമാനൻ. മൂന്നു ചൊല്ലുകൾ – ഋഗ്യജുസ്സാമസ്തുതികൾ.

[3] പരോക്ഷം; ഓമലാം പച്ചപ്പവമാനത്തെ – ദേവന്മാർക്കരുമപ്പെട്ട പച്ചനിറസ്സോമത്തെ. തൂമധു തൂകിച്ചു് – പിഴിഞ്ഞ്. ആട്ടിൻരോമത്തിൽ – കമ്പിളിയരിപ്പയിൽ. പകരുന്നു – ഋത്വിക്കുകൾ.

[4] പ്രത്യക്ഷം: പൂജ്യൻ – ഇന്ദ്രൻ. പദം – വാസസ്ഥാനം.

[5] നന്നെ = ഏറ്റവും.

സൂക്തം 51.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

അമ്മിയാൽപ്പിഴിഞ്ഞ സോമത്തെ നേർക്കരിപ്പയി-
ലധ്വര്യോ, പകർന്നരിയ്ക്കുക, നീയിന്ദ്രന്നുണ്മാൻ! 1

എത്രയുമിനിപ്പൊത്ത, വിണ്ണമൃതാകും സോമ-
മുത്തമം പിഴിയുവിൻ, വജ്രിയാമിന്ദ്രന്നായി! 2

സോമമേ, പവമാനമായ നിൻ മധുനീരി-
ലാ മരുത്തുക്കളൊടും വന്നുചേരുന്നൂ, വാനോർ! 3

പിഴിയപ്പെട്ടു വളർത്തിന്ദോ, നീ സ്തുതിപ്പോനിൽ-
പ്പൊഴിപ്പൂ, രക്ഷിയ്ക്കുന്നൂ, ക്ഷിപ്രമാം മത്തേറ്റുന്നു! 4

പിഴിയപ്പെട്ട ഭവാൻ നീർദ്ധാരയരിപ്പയിൽ-
പ്പൊഴിയ്ക്ക, പുകളന്നമിവയും കണ്ണുള്ളോനേ. 5
കുറിപ്പുകൾ: സൂക്തം 51.

[2] അധ്വര്യുക്കളോടു്:

[3] മധുനീർ = മദകരമായ രസം.

[4] വളർത്ത് – ദേവന്മാരെ തൃപ്തരാക്കി. പൊഴിപ്പൂ – അഭീഷ്ടം വർഷിയ്ക്കുന്നു. ക്ഷിപ്രം – സദ്യഃഫലം

[5] ഇവയും പൊഴിയ്ക്ക. കണ്ണുള്ളോനേ – സമ്യഗ്ദ്രഷ്ടാവേ.

സൂക്തം 52.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

കെല്പുകൊറ്റെങ്ങൾക്കേകു,ദ്ദീപ്തൻ ദ്രവിണദൻ;
ഉൾപ്പൂകുക,രിപ്പയിൽപ്പിഴിയപ്പെട്ട ഭവാൻ! 1

അൻപേകിപ്പരന്നു നിന്നനേകരസധാര
കമ്പിളിയരിപ്പ പൂകുന്നു, മുൻമാർഗ്ഗത്തൂടേ. 2

ചരുപോലുള്ളൊന്നെത്തിയ്ക്കെ,ത്തിയ്ക്കുകിന്ദോ, ദാനം-
ചതയ്ക്കപ്പെട്ടെത്തിയ്ക്ക, ചതച്ചാലൊലിപ്പോനേ! 3

ഞങ്ങളെ വലയ്ക്കുവാൻ വിളിയ്ക്കുമെതിർകെല്പി-
ന്നിങ്ങിടിവരുളേണ,മിന്ദോ, നീ പുരുഹുത! 4

നൂറുമായിരവും തൂനീരൊഴുക്കുക, സമ്പൽ-
പൂരകനവിടുന്നു ഞങ്ങൾക്കു രക്ഷയ്ക്കിന്ദോ! 5
കുറിപ്പുകൾ: സൂക്തം 52.

[1] കെല്പുകൊറ്റ് = ബലവും അന്നവും. ദ്രവിണദൻ – ധനദാതാവായ സോമം. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[2] അൻപേകി – ദേവന്മാരെ പ്രീതരാക്കിക്കൊണ്ടു്. മുൻമാർഗ്ഗം – പതിവു വഴി.

[3] ചരുപോലുള്ളൊന്ന് – അന്നപൂർണ്ണപാത്രം. ദാനം – ദേയവസ്തു.

[4] ഞങ്ങളെ വെല്ലുവിളിയ്ക്കുന്ന ശത്രുക്കളുടെ ബലത്തിന്ന് ഇവിടെ ഇടിവ് (നാശം) വരുത്തണം. പുരുഹൂത = വളരെയളുകളാൽ വിളിയ്ക്കപ്പെടുന്നവനേ.

[5] സമ്പൽപൂരകൻ – സ്തോതാക്കളെ സമ്പത്തുകൊണ്ടു നിറയ്ക്കുന്നവൻ.

സൂക്തം 53.

കശ്യപഗോത്രൻ അവത്സാരൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

പൊങ്ങിനില്ക്കുന്നൂ, രക്ഷോഭേദികൾ നിൻവേഗങ്ങ;
ളങ്ങാട്ടിയോടിച്ചാലു,മശ്മവൻ, വിപക്ഷരെ! 1

ഇബ്ബലാൽക്കൊല്ലുന്നോനാമങ്ങയെപ്പുകഴ്ത്തുന്നേൻ
നിർഭയനായ് ഞാൻ, തേർ പൂട്ടാനും സ്വത്തടക്കാനും! 2

ദുർദ്ധർഷമല്ലോ, പവമാനവിക്രമം ദുഷ്ട-
ർക്ക; – ത്തിരുവടി തുലച്ചരുളുകെ,തിർപ്പോനെ! 3

ആ മധുസ്രവാൽ മത്തേകുന്ന കെല്പാളും പച്ച-
സ്സോമത്തെയിന്ദ്രന്നായിത്തണ്ണീരിൽപ്പകരുന്നു. 4
കുറിപ്പുകൾ: സൂക്തം 53.

[1] രക്ഷോഭേദികൾ = രാക്ഷസരെ പിളർത്തുന്നവ. അശ്മവൻ – കല്ലിനോടു അമ്മിയോടു, കൂടിയവനേ; അമ്മിമേൽ ചതയ്ക്കപ്പെടുന്നവനേ. വിപക്ഷരെ = ശത്രുക്കളെ.

[2] കൊല്ലുന്നോനാം – ശത്രുക്കളെ. തേർ പൂട്ടാനും – ഞങ്ങൾ തേർ പൂട്ടി യുദ്ധത്തിലിറങ്ങാനും. സ്വത്ത് – ശത്രുധനം.

[4] മധുസ്രവാൽ – മധുരനീരൊഴുക്കിനാൽ. പച്ച – പച്ചനിറം പൂണ്ട. കരുന്നൂ – ഋത്വിക്കുകൾ.

സൂക്തം 54.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ (കേക.)

കറന്നാരി,തിൻ പൂർവദീപ്തമേനിയിൽനിന്നു
പെരികെത്തരുമൃഷിത്തെളിനീരനൂചാനർ!1

ഇവനീക്ഷിപ്പോന,ർക്കൻപോ; – ലിവൻ സരോഗാമി;
നിവസിപ്പവൻ, വിണ്ണിന്നായേഴുനദികളിൽ! 2

മേവുന്നൂ, പവമാനമിസ്സോമം, പകലോനാം
ദേവനെപ്പോലെ സർവവിഷ്ടപങ്ങൾക്കും മീതേ. 3

ഇന്ദ്രേച്ഛു പവമാനം നീ മഖത്തിനായ് ഞങ്ങൾ-
ക്കിന്ദുവേ, ചുറ്റും തുകുക,ന്നവും ഗോക്കളെയും! 4
കുറിപ്പുകൾ: സൂക്തം 54.

[1] ഇതിൻ – സോമത്തിന്റെ. പൂർവ്വദീപ്തമേനി = പുരാതനവും ഉജ്ജ്വലവുമായ ദേഹം. പെരികെത്തരുമൃഷിത്തെളിനീർ = ഭൂരിദാതാവും ഋഷിയും (അതീന്ദ്രീയദ്രഷ്ടാവും) ആയ വിശുദ്ധരസം. അനൂചാനർ = വേദവേദാംഗജ്ഞർ.

[2] ഇവൻ – സോമം. അർക്കൻപോലേ (ലോകത്തെ) ഈക്ഷിയ്ക്കുന്നവനാണു്; കർമ്മസാക്ഷിയാണു്. സരോഗാമി – സരസ്സുകളിൽ, ജലങ്ങളിൽ, ചെല്ലുന്നവൻ. വിണ്ണിന്നായി – സ്വർഗ്ഗത്തെ (ദേവന്മാരെ) ഊട്ടാൻ. ഏഴുനദികളിൽ നിവസിയ്ക്കുന്നവനാണു്: നദീതീരങ്ങളിലാണല്ലോ, സോമം തഴച്ചുനില്ലുക.

[3] വിഷ്ടപങ്ങൾ = ലോകങ്ങൾ.

[4] ഇന്ദുവേ = സോമമേ.

സൂക്തം 55.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുക, ബഹുബഹു ചേർന്നചേർന്നന്നം ഞങ്ങൾ-
ക്കാകമാനമാം സ്വത്തും സോമമേ, തിരുവടി! 1

നിന്നെ വാഴ്ത്തുന്നുണ്ടല്ലോ, ഭോജ്യവുമുണ്ടായല്ലോ,
നിന്നിൽനിന്നി – ന്ദോ, വാഴ്കീ,യരുമക്രതുവിൽ നീ! 2

ഞങ്ങൾക്കു ഗോദാതാവു വാജിദാതാവു ഭവാ-
നിങ്ങന്നം പൊഴിയ്ക്കി,ന്ദോ: പാഞ്ഞുപോമല്ലോ, പകൽ! 3

കൊല്ലും – ചെന്നരാതിയെജ്ജയിയ്ക്കും – തോല്മപ്പെടു-
കില്ലൊ; – ഴുകുകി,ത്രയ്ക്കു സഹസ്രജിത്താം ഭവാൻ! 4
കുറിപ്പുകൾ: സൂക്തം 55.

[1] ബഹു എന്നും ചേർന്ന എന്നും ആവർത്തിച്ചതു സ്തോതാവിന്റെ തൃഷ്ണാധിക്യത്താലത്രേ. ചേർന്ന – ഭവാങ്കൽ വന്നണഞ്ഞ. ആകമാനമാം സ്വത്തും = സമസ്ത സമ്പത്തും തൂകുക.

[2] നീ വാഴ്ത്തപ്പെടുന്നവനാണു്, അന്നോൽപാദകനുമാണു്. അതിനാൽ, നീ ഈ അരുമക്രതുവിൽ (പ്രിയയഞ്ജത്തിൽ) വാഴ്ക, ഇരുന്നാലും.

[3] പറഞ്ഞുപോമല്ലോ, പകൽ – സമയം കളഞ്ഞുകൂടാ.

[4] സഹസ്രജിത്ത് – ഒരായിരം ശത്രുക്കളെ ജയിച്ചവൻ.

സൂക്തം 56.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ദേവേച്ഛു, വെക്കംചെയ്വോനിസ്സോമമരിപ്പയിൽ
മേവി, രാക്ഷസരെക്കൊന്നൊ,ഴുക്കും, പെരുതന്നം! 1

നൂറുധാരകൾ കർമ്മത്തിന്നിന്ദ്രസഖികളായ്-
ത്തീരുമ്പൊളന്നം പുറപ്പെടുവിയ്ക്കുമേ, സോമം! 2

ഈരഞ്ചുവിരൽ നിന്നെക്കൊഞ്ചിക്കൊണ്ടരിയ്ക്കുന്നു,
ജാരനെപ്പെൺതൈപോലെ സോമമേ, നേട്ടത്തിന്നായ്! 3

ഉതിർക്ക, നൽത്തേനിന്ദോ, വിഷ്ണുവിന്നിന്ദ്രന്നും നീ;
സ്തുതിയ്ക്കും നേതാക്കളെപ്പാലിയ്ക്ക, പാപം പോക്കി! 4
കുറിപ്പുകൾ: സൂക്തം 56.

[1] വെക്കംചെയ്വോൻ = ക്ഷിപ്രകാരി.

[2] പുറപ്പെടുവിയ്ക്കുമേ – നമുക്കു്.

[3] പെൺതൈ (കന്യക) കൊഞ്ചിക്കൊണ്ടു ജാരനെ ശുശ്രൂഷിയ്ക്കുന്നതുപോലെ, പത്തുകൈവിരൽ നിന്നെ ശുദ്ധീകരിയ്ക്കുന്നു. കൊഞ്ചുക – ശബ്ദം പുറപ്പെടുവിയ്ക്കുക. നേട്ടം – ഞങ്ങൾക്കു ധനം കിട്ടാൻ.

[4] നൽത്തേൻ – തേൻപോലെ മധുരമായ നീർ.

സൂക്തം 57.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

നിന്നുടെ തടവില്ലാദ്ധാരകളൊരായിര-
മന്നമിങ്ങുണ്ടാക്കുന്നു, വാനിൽ വൃഷ്ടികൾപോലെ! 1

പ്രേയസ്സാകിയ കർമ്മമൊക്കവേ നോക്കിക്കൊണ്ടു,-
മായുധം ചാട്ടിക്കൊണ്ടുമെത്തുന്നൂ, ഹരിദ്വർണ്ണൻ! 2

നരരാലരിയ്ക്കപ്പെട്ട, രചൻപോലംഭസ്സിൽ-
ച്ചരിപ്പൂ, പരുന്തെന്നപോലെയുമസ്സദ്വൃത്തൻ! 3

വാനൂഴികളിലുള്ള സർവസമ്പത്തും പവ-
മാനമാമാ നീ കൊണ്ടുവന്നാലു,മെങ്ങൾക്കിന്ദോ! 4
കുറിപ്പുകൾ: സൂക്തം 57.

[2] പ്രേയസ്സ് = പ്രിയം. ചാട്ടിക്കൊണ്ടും – രക്ഷസ്സുകളുടേനേരെ. ഹരിദ്വർണ്ണൻ – സോമം.

[3] നരർ – ഋത്വിക്കുകൾ.

സൂക്തം 58.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂകുന്നൂ, കടത്താനാ മാദകനഭിഷുതൻ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം. 1

സ്വത്തുറവാമദ്ദേവി മർത്ത്യരക്ഷാഭിജ്ഞതാൻ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 2

നൂറുനൂറെങ്ങൾക്കേകീ, സധ്വസ്രൻ പുരുഷന്തി-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 3

മുപ്പതായിരം തന്നൂ, വസ്ത്രവുമെങ്ങൾക്കവർ-
തൂകുന്നൂ, കടത്താനാ മാദകനിരയേറ്റം! 4
കുറിപ്പുകൾ: സൂക്തം 58.

[1] മാദകനഭിഷുതൻ – പിഴിയപ്പെട്ട സോമം. കടത്താൻ – സ്തോതാക്കളെ പാപം കടത്തിയയപ്പാൻ. ഇര (അന്നം) ഏറ്റം തൂകുന്നു.

[2] സ്വത്തുറവാമദ്ദേവി – സമ്പത്തിന്റെ ഉറവായ സോമരസധാര. മർത്ത്യരക്ഷാഭിജ്ഞതാൻ – മനുഷ്യരെ രക്ഷിപ്പാൻ അറിയുന്നവൾതന്നെ; ആ ദേവിയ്ക്കറിയാം, മനുഷ്യരെ രക്ഷിപ്പാൻ.

[3] സധ്വസ്രൻ പുരുഷന്തി – ധ്വസ്രനോടുകൂടിയ പുരുഷന്തി; ഇവരിരുവരും സ്നേഹിതന്മാരായ രാജാക്കന്മാരാണു് രണ്ടുപേരും വളരെ വളരെ ധനം ഞങ്ങൾക്കു തന്നു.

സൂക്തം 59.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

തൂവുക, ഗവാശ്വത്തെ, വിത്തത്തെ, വിശ്വത്തെയും
കീഴ്‌വെച്ച നീ; – യെത്തിയ്ക്ക, രത്നപുത്രരെയിന്ദോ! 1

ഒഴുകൂ ജലത്തിൽനിന്ന,ങ്ങു നാർകളിൽനിന്നു,-
മൊഴുകൂ സസ്യത്തിൽനിന്നൊ,ഴുകൂ കല്മേൽനിന്നും!2

കവി നീ പവമാനസോമമേ, ദുരിതങ്ങൾ
കടത്തിവിടുകെല്ലാ; – മിരിയ്ക്ക, ദർഭപുല്ലിൽ!3

പവമാനേന്ദോ, നല്കുകൊക്കയും, പിറപ്പിലേ
ഭുവനങ്ങളെക്കീഴിലാക്കിയ മഹാനാം നീ!4
കുറിപ്പുകൾ: സൂക്തം 59.

[1] തൂവുക – നീരൊഴുക്കിയാലും. ശത്രുക്കളുടെ ഗോക്കളെയും അശ്വങ്ങളെയും ധനത്തെയും, വിശ്വത്തെയും കീഴ്‌വെച്ച, കീഴടക്കിയ, നീ ഞങ്ങൾക്കു പുത്രരെ (രമ്യധനത്തെയും പുത്രനെയും) എത്തിയ്ക്ക, കൊണ്ടുവന്നാലും.

[2] അങ്ങു – ഭവാൻ. നാർകൾ – ലതയുടെ സൂക്ഷ്മതന്തുക്കൾ. കല്മേൽനിന്നും – അമ്മിമേൽനിന്നും.

[4] ഒക്കയും നല്കുക – യജമാനന്ന് എല്ലാ അഭീഷ്ടവും കൊടുത്താലും.

സൂക്തം 60.

അവത്സരൻ ഋഷി; ഗായത്രിയും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (കേക.)

ആയിരം കണ്ണാൽകാണുമപ്പവമാനേന്ദുവി-
ന്നായിട്ടു ഗാനംചെയ്വിൻ, ഗായത്രസാമം നിങ്ങൾ!1

ആയിരം ഭരണവുമായിരം കണ്ണും ചേർന്നോ-
നായ നീയരിപ്പയിലരിയ്ക്കപ്പെട്ടീടുന്നു. 2

അപ്പവമാനമരിപ്പയിൽനിന്നൊഴുകി,പ്പാ
ഞ്ഞുൾപ്പൂകിടുന്നൂ ദ്രോണ,മിന്ദ്രന്റെയുള്ളിൽച്ചെല്ലാൻ! 3

ഇന്ദ്രനെക്കിട്ടാനിന്ദോ, തൂകുക, സുഖം; കൊണ്ടു-
വന്നാലും, പ്രജയെയുമന്നവും കണ്ണുള്ളോനേ! 4
കുറിപ്പുകൾ: സൂക്തം 60.

[1] സ്തോതാക്കളോട്:

[2] ആയിരം ഭരണം – വളരെയാളുകളെ ഭരിയ്ക്കൽ.

[3] ദ്രോണം – കലശം. ഉള്ളിൽ – വയറ്റിൽ.

[4] കിട്ടാൻ – വശത്താക്കാൻ. സുഖം – സുഖകരമായ നീര്. കൊണ്ടുവന്നാലും – ഞങ്ങൾക്ക് പ്രജ = സന്തതി.

സൂക്തം 61.

അംഗിരോഗോത്രൻ അമഹീയു ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത. (കേക.)

തൊണ്ണൂറ്റൊമ്പതുപുരി തകർത്തുവല്ലോ, പോരിൽ;
നിന്നുടെയാ നീർ തൂകുകിന്ദോ, നീയമീത്തിന്നായ്! 1

സത്യകർമ്മാവാം ദിവോദാസന്നായ്പ്പുരികളും
ശംബരനെയുമൊപ്പം യദുതുർവശരെയും! 2

അശ്വത്തെ,പ്പശുവിനെപ്പൊഴിയ്ക്ക, പൊന്നും ഞങ്ങൾ-
ക്കശ്വദൻ ഭവാനിന്ദോ, നൂറുനൂറന്നങ്ങളും! 3

അരിപ്പ കുതിർക്കുന്ന പവമാനമാം നിന്റെ-
യരികിലപേക്ഷിച്ചീടുന്നു, ചങ്ങാതം ഞങ്ങൾ! 4

ധാരയായരിപ്പതന്നുള്ളിലെയ്ക്കോഴുകും നിൻ-
നീരലകളാൽസ്സോമ, നല്കുകെ,ങ്ങൾക്കു സുഖം! 5

അപ്പവമാനം, പാരിൻതമ്പുരാൻ ഭവാൻ സോമ,
സൽപുത്രനെയുമെങ്ങൾക്കെത്തിയ്ക്ക, കൊറ്റും സ്വത്തും! 6

പത്തുകൈവിരലിനാലരിയ്ക്കപ്പെടും നദീ-
പുത്രനാമിവൻ ചെന്നുചേരുന്നു, ദേവന്മാരിൽ: 7

ചേരുന്നു, പിഴിയപ്പെട്ടരിപ്പിലിന്ദ്രനൊടും,
സൂരരശ്മികളൊടും, വായുവിനൊടും ചെമ്മേ; 8

അഴകൊത്തിനിയ നീയെങ്ങൾതന്നനിലന്നാ-
യൊഴുകൂ, ഭഗപൂഷവരുണമിത്രക്കായും! 9

നിൻനീർതന്നുയർജന്മം, വിണ്ണിലെപ്പെരുംശർമ്മം,
കുന്നിച്ചൊരന്നമിവ കൈക്കലാക്കുന്നൂ, ഭൂമി! 10

ഇവനാൽ മനുഷ്യർതൻ സർവാന്നങ്ങളിലും ചെ-
ന്ന,വ കൈവരുത്തുവാൻ ഭജിച്ചീടുന്നൂ, ഞങ്ങൾ. 11

പരക്കെയൊഴുകുകെ,ങ്ങൾക്കീജ്യനാമിന്ദ്രന്നും,
മരുത്തുക്കൾക്കും, വരുണന്നുമായ്ദ്ധനദ, നീ! 12

സുഷ്ഠുജാതമായ്ത്തണ്ണീർ വിട്ടതായ്ഗ്ഗവ്യം ചേർക്ക-
പ്പെട്ടതായ്, പ്രഹർത്താവാം സോമത്തിലെത്തും, വാനോർ! 13

ഇന്ദ്രന്റെയുള്ളിൽച്ചെലുമതിനെ വളർത്തട്ടേ,
കന്നിനെക്കറക്കാപ്പൈപോലെ, നമ്മുടെ ഗീതി! 14

ഒഴുക്കൂ സുഖം സോമ, ഞങ്ങൾതൻ ഗോവിന്നു നീ;
പൊഴിയ്ക്ക, പെരുതന്നം; വായ്പിയ്ക്ക, വർണ്ണ്യം തണ്ണീർ! 15

പവമാനത്താലത്രേ, വൻവൈശ്വാനരജ്യോതി-
സ്സവക്ലപ്തമായ്, വാനിൽ വിചിത്രാശനിപോലെ! 16

പവമാനമാം നിന്റെ മധുനീരരക്കരെ-
ക്കവിച്ചു പെരുമാളേ, കമ്പിളിയുൾപ്പൂകുന്നു! 17

പവമാനമേ, വളർന്നൊളിമിന്നുന്നൂ, നിൻനീർ;
പരന്ന തേജസ്സിനെയൊക്കയും തെളിയിപ്പൂ! 18

ദേവകാമവും രക്ഷോഘാതിയുമല്ലോ, നിൻനീ;-
രാ വരേണ്യമാമന്നമിങ്ങൊഴുക്കുക, ഭവാൻ! 19

നീ കൊല്ലു,മമിത്രനാം വൃത്രനെ; – ദ്ദിനേദിനേ
പോർകളിൽച്ചെല്ലും; ഗോവെത്തരു,മശ്വത്തെത്തരും! 20

അദ്യ ശോഭനങ്ങളാം ഗവ്യങ്ങൾ ചേർന്ന ഭവാൻ
സ്വസ്ഥാനേ പരുന്തുപോലണഞ്ഞു ശോഭിച്ചാലും! 21

ഒഴുകൂ: ഭവാനല്ലോ വജ്രിയെസ്സഹായിച്ചൂ,
മുഴുതണ്ണീർകൾ നിരോധിച്ച വൃത്രനെക്കൊല്വാൻ! 22

സ്വത്തടക്കാവൂ, വർഷിൻ, സോമ, സത്സുതരെങ്ങൾ:
മെത്തിയ്ക്ക, പവമാനമായ നീയസ്മൽസ്തോത്രം! 23

ചെന്നു കൊല്ലാവൂ, നിന്നാൽ ത്രാതർ, നിൻത്രാണാലെങ്ങൾ;
നിർന്നിദ്രനാക, ഭവാൻ സോമമേ, കർമ്മങ്ങളിൽ! 24

അഴൽ ചേർപ്പോരെക്കൊന്നും, പിശുക്കന്മാരെക്കൊന്നു-
മൊഴുകീടുന്നൂ, സോമമിന്ദ്രന്റെ പദം പൂകാൻ! 25

പവമാനേന്ദോ, ഞങ്ങൾക്കെത്തിയ്ക്കൂ, പെരുംമുതൽ;
പരരെക്കൊല്ലൂ; നൽകൂ, വീരവദ്യശസ്സും നീ! 26

ദാനതൽപരനായ് സ്വത്തെടുക്കാൻനോക്കും പവ-
മാനമാം നിന്നെത്തടുക്കില്ല, നൂറെതിരാളും! 27

നീർ പൊഴിയ്ക്കുക വർഷിൻ, പിഴിയപ്പെട്ടിന്ദോ, നീ:
പേർ പാകുകെ,ങ്ങൾക്കൂരിൽ; ക്കൊല്ക, മാറ്റരെയെല്ലാം! 28

ഇന്നിന്റെ സഖ്യംമൂലം നിന്നുത്തമാന്നം നേടി
വെന്നമർത്താവൂ, ഞങ്ങളെതിരാളരെയിന്ദോ! 29

വീക്കുവാൻ നിനക്കുള്ള തീക്ഷ്ണോഗ്രായുധങ്ങളാൽ-
ക്കാക്കുകെ,ങ്ങളെ നീയേവന്റെയും പഴി പോക്കി! 30
കുറിപ്പുകൾ: സൂക്തം 61.

[1] ഇന്ദ്രൻ ചെയ്ത പുരഭഞ്ജനം നീരിൽ ഉപചരിച്ചിരിയ്ക്കയാണു്. അമീത്തിന്നായ് – ഇന്ദ്രന്നു കുടിപ്പാൻ.

[2] മുൻപദ്യത്തിലെ തകർത്തു എന്ന ക്രിയാപദം ഇതിലും ചേർക്കണം.

[4] ചങ്ങാതം = സഖ്യം.

[7] പരോക്ഷോക്തി: ഇവൻ – സോമം.

[9] പ്രത്യക്ഷോക്തി: ഞങ്ങൾതൻ – ഞങ്ങളുടെയാണു്, അനിലനും( = വായുവും) മറ്റും.

[10] ഉയർജന്മം = ഉൽക്കൃഷ്ടജനനം. വിണ്ണിലെ – ഇതൊക്കെ സ്വർഗ്ഗത്തിലാണിരിയ്ക്കുന്നതെങ്കിലും, ഭൂമി കൈക്കലാക്കുന്നു.

[11] ഇവനാൽ – സോമത്തെക്കൊണ്ടു ഞങ്ങൾ മനുഷ്യഭോജ്യങ്ങളെല്ലാം നേടുമാറാകണം.

[12] എങ്ങൾക്കീജ്യൻ – ഞങ്ങളാൽ യജിയ്ക്കപ്പെടേണ്ടവൻ.

[13] തണ്ണീർ വിട്ടതു് – വെള്ളത്തിൽനിന്നെടുക്കപ്പെട്ടതു്. പ്രഹർത്താവാം – ശത്രുക്കളെ പരിക്കേല്പിയ്ക്കുന്നതു്. സോമത്തിലെത്തും – സോമത്തിന്റെ പക്കൽ വന്നുചേരും.

[14] അതിനെ – സോമത്തെ. കറക്കാപ്പൈ – കറക്കാഞ്ഞതിനാൽ കിട്ടിൽ പാൽ കെട്ടിനില്ക്കുന്ന പയ്യ്. ഗീതി – സ്തുതി.

[15] വർണ്ണ്യം = വർണ്ണിയ്ക്കേണ്ടുന്ന.

[16] അവക്ലപ്തമായ് = ഉണ്ടാക്കപ്പെട്ട. അശനി = ഇടിവാൾ.

[17] കവിച്ചു – പിന്നീട്ട്.

[18] തെളിയിപ്പൂ – കാണുമാറാക്കുന്നു.

[20] അമിത്രനാം വൃത്രനെ – ദ്രോഹിയ്ക്കുന്ന ശത്രുവിനെ.

[21] അദ്യ = ഇപ്പോൾ. പരുന്തുപോലെ – പരുന്തു്, അതിന്റെ കൂട്ടിലെന്നപോലെ.

[23] സത്സുതർ – നല്ല പുത്രരോടുകൂടിയവരായ എങ്ങൾ സ്വത്ത് (ശത്രുധനം) അടക്കാവൂ. മെത്തിയ്ക്ക – വർദ്ധിപ്പിച്ചാലും.

[24] ചെന്നു കൊല്ലാവൂ – ശത്രുക്കളെ ചെറുത്തു വധിയ്ക്കുമാറാകണം. നിർന്നിദ്രൻ – ഉണർവുറ്റവൻ. കർമ്മങ്ങളിൽ – ഞങ്ങളുടെ.

[25] അഴൽ ചേർപ്പോർ – ഉപദ്രവിയ്ക്കുന്നവർ.

[26] പരർ = ശത്രുക്കൾ. വീരവദ്യശസ്സ് = വീരരോടുകൂടിയ യശസ്സ്; പുത്രരെയും യശസ്സും.

[27] ദാനതൽപരനായ് – ഞങ്ങൾക്കു തരാൻവേണ്ടി. നൂറെതിരാളും അനേകവിരോധികളും

[28] എങ്ങൾക്കു് ഊരിൽ (നാട്ടിൽ) പേർ പാകുക – യശസ്സുണ്ടാക്കിയത്.

[29] ഇന്നിന്റെ = ഈ നിന്റെ.

[30] വീക്കുവാൻ – ശത്രുക്കളെ പ്രഹരിപ്പാൻ, കൊല്ലാൻ. ഏവന്റെ പഴി പോക്കി – ഏതൊരുത്തന്റെയും നിന്ദനത്തിൽനിന്നു കാക്കുക, രക്ഷിച്ച.

സൂക്തം 62.

ഭൃഗുപുത്രൻ ജമദഗ്നി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ശീഘ്രമാം പവമാനനീരിതാ, ധനമെല്ലാം
നോക്കിക്കൊണ്ടരിപ്പയിൽ നിറയെത്തൂകപ്പെട്ടൂ:1

വിസ്തീർണ്ണദുരിതഘ്നം, കുഞ്ഞിന്നും കുതിരയ്ക്കും
വിത്തവും സുഖങ്ങളും നല്കുവൊന്നോ,ജോയുക്തം! 2

ഗോവിനും നമുക്കും കീഴ്‌നിർത്തുന്ന കൊറ്റും സ്വത്തും
കൈവരുത്താനായ് വന്നുചേരുന്നു, നൽസ്തോത്രത്തിൽ! 3

മത്തിനായ്പ്പിഴിയപ്പെട്ടം,ഭസ്സാൽത്തഴപ്പിയ-
ന്ന,ദ്രിജം സോമം, പരുന്തെന്നപോലെത്തീ, സ്ഥാനേ! 4

ഗോവുകൾ പാലാലിനിപ്പിപ്പതാം ശുഭമായ
ദേവാന്നം നരർ പിഴിഞ്ഞംഭസ്സിലരിയ്ക്കുന്നു; 5

പിന്നീടൊരശ്വത്തെപ്പോലണിയിയ്ക്കുന്നൂ, യജ്ഞം-
തന്നിലീ മധുവിനെ ഹോതാക്കളമൃതാർത്ഥം! 6

ഇന്ദോ, തേനൊഴുക്കുന്ന, രക്ഷയ്ക്കായ്പ്പിഴിയുന്ന
നിൻനീർദ്ധാരകളാൽ നീ പുക്കാലുമരിപ്പയിൽ! 7

കമ്പിളിയരിപ്പ വിട്ടാ,സ്പദേ പാത്രങ്ങളിൽ-
സ്സമ്പതിച്ചരുളേണ,മിന്ദ്രന്നു കുടിപ്പാൻ നീ! 8

മുഴുമാധുരിയുള്ളോൻ മുതൽ കിട്ടിപ്പോൻ ഭവാൻ
പൊഴിയ്ക്ക, പാലും നെയ്യുമംഗിരസ്സുകൾക്കിന്ദോ! 9

ശരിയായ്ക്കാണ്മോനാമീ നിഹിതം പവമാന-
മറിയപ്പെടുന്നുണ്ടു, പുരുനീർ പൊഴിയ്ക്കയാൽ! 10

വൃഷകർമ്മാവാം വൃഷാവിപ്പവമാനം സമ്പ-
ത്ത,ശുഭന്മാരെക്കൊന്നു ഹവ്യദന്നരുളുന്നു! 11

നീയൊഴുക്കുക, ഗോക്കളൊടുമശ്വങ്ങളൊടു-
മായിരം വിത്തം, പുരുഹർഷകം, പുരുകാമ്യം! 12

ആളുകളിതാ, ശരിയ്ക്കരിച്ചു പകരുന്നൂ,
നീളമുള്ളറിവാളുമപ്പുരുഗാതവ്യനെ! 13

നൂർ ധന,മൊരായിരം രക്ഷയുമിയന്നോനാം
പാർ തീർത്ത കവി സോമമിന്ദ്രന്നായൊഴുകുന്നു! 14

ദൃഷ്ടമായ് സ്തുതം സോമമിവിടെ സ്ഥാനേ വെയ്ക്ക-
പ്പെട്ടിരിയ്ക്കുന്നൂ, കൂട്ടിൽപ്പക്ഷിപോലിന്ദ്രന്നായി! 15

നരന്മാർ പിഴിഞ്ഞൊരു പവമാനമാം സോമ-
മിറങ്ങീ, പോരിൽപ്പോലേ, പാത്രത്തിൽബ്ബലാൽ വാഴ്‌വാൻ 16

അതിനെച്ഛന്ദസ്സേഴാൽക്കേറ്റുന്നു പോകാൻ, മൂന്നു
മുതുകും മൂന്നു നുകത്തണ്ടുമുള്ളൃഷിത്തേരിൽ! 17

കരുത്തു, ഗതിവേഗം, സമ്പത്തെന്നിവയുള്ളാ
ഹരിയെപ്പോരിൽച്ചെല്ലാൻ തെളിപ്പിൻ, പിഴിവോരേ! 18

പിഴിയപ്പെട്ടു കുടമുൾപ്പുക്കു, ധനമൊട്ടു-
ക്കൊഴുകി നിലക്കൊൾവൂ, ഗോക്കളിൽശ്ശൂരൻപോലെ! 19

സോമമേ, നറുതേനാം നിൻനീരു കറക്കുന്നൂ,
സ്തോമകാരികൾ നരർ വാനോർക്കു മത്തിന്നായി! 20

അരിപ്പിൽപ്പകരുവിനമരർക്ക,മരരാൽ-
പ്പെരികെക്കേൾക്കപ്പെടും നമ്മുടെ നൽത്തേൻസോമം! 21

ഏറെ മത്തുളവാക്കും സ്തുതമാം സോമമിതാ,
ധാരയായ്പ്പകരുന്നൂ, പെരുതാമന്നത്തിന്നായ്! 22

ഭുക്തിയ്ക്കു ഗോസമ്പത്തിൽച്ചെന്നെത്തിയല്ലോ, ഭവാൻ:
സ്വത്തേകാനൊഴികീടുക,പ്പവമാനം ഭവാൻ! 23

ജമദഗ്നിയാൽ സ്തുയമാനൻ നീ സുശ്ലാഘ്യമാം
സമസ്താന്നവുമെങ്ങൾക്കേകുക, ഗോക്കളെയും! 24

വാക്കിലെയ്ക്കെ – ല്ലാക്കാവ്യത്തിലെയ്ക്കും – മുമ്പൻ ഭവാൻ
നേർക്കൊഴുകേണം, സോമ, ചിത്രരക്ഷകളോടും! 25

വാക്കുകൾ പുറപ്പെടുവിച്ചു, വാനിലെ വെള്ളം
നേർക്കൊഴുക്കുക, വിശ്വം കുലുക്കും മുമ്പൻ ഭവാൻ! 26

നിന്മഹിമയ്ക്കേ നില്പൂ, ലോകമിതിന്ദോ; ക്രാന്ത-
കർമ്മാവേ, സരിത്തുകളങ്ങയ്ക്കായൊഴുകുന്നു! 27

നിൻനീർദ്ധാരകൾ, വാനിൽനിന്നു മാരികൾപോലേ
നിന്നിടാതൊഴുകുന്നു, ശുഭ്രമാമരിപ്പയിൽ! 28

ഇന്ദ്രന്നായരിയ്ക്കുവിൻ നിങ്ങൾ, കെല്പുളവാക്കു-
മിന്ദുവെ,സ്സുതീവ്രനെ, സ്വത്തേകും പെരുമാളെ! 29

സദ്വീര്യം സ്തുതികൃത്തിന്നേകിക്കൊണ്ടരിപ്പയിൽ
വർത്തിപ്പൂ, യഥാർത്ഥനാം പവമാനേന്ദു, കവി! 30
കുറിപ്പുകൾ: സൂക്തം 62.

[1] ധനമെല്ലം നോക്കിക്കൊണ്ടു് – സർവധനേച്ഛയോടേ. ഋത്വക്കളാൽ എന്നു, കർത്തൃപദം അധ്യാഹരിയ്ക്കണം.

[2] നീരിന്റെ വിശേഷണങ്ങൾ: കുഞ്ഞ് – നമ്മുടെ മകൻ.

[3] കീഴ്‌നിർത്തുന്ന – നമ്മെ അടക്കിബ്ഭരിയ്ക്കുന്ന. നൽസ്തോത്രത്തിൽ – നമ്മുടെ നല്ല സ്തുതിയിൽ. കർത്തൃപദം, പവമാനനീർതന്നെ.

[4] തഴപ്പിയന്ന് = വർദ്ധിച്ച്. അദ്രിജം = മലയിലുണ്ടായതു്.

[5] ഇനിപ്പിപ്പതാം = മധുരിപ്പിയ്ക്കുന്നതായ. ദേവാന്നം – സോമം. നരർ – ഋത്വിക്കുകൾ.

[6] അമൃതാർത്ഥം = മരണമില്ലായ്മയ്ക്കുവേണ്ടി, അമർത്ത്യത്വം ലഭിപ്പാൻ.

[7] പിഴിയുന്ന – ഋത്വിക്കുകൾ.

[8] ആസ്പദേ = സ്വസ്ഥാനത്ത്. പാത്രങ്ങളിൽ സമ്പതിച്ചരുളേണം – പാത്രങ്ങളിലെയ്ക്ക് ഒഴുകിയാലും.

[9] മുഴുമാധുരി = പൂർണ്ണമാധുര്യം.

[10] നിഹിതം – പാത്രങ്ങളിൽ വെയ്ക്കപ്പെട്ട. അറിയപ്പെടുന്നുണ്ടു – സർവ്വരാലും: മറ്റാർ ഇത്ര നീർ പൊഴിയ്ക്കും?

[11] വൃഷകർമ്മാവു് – വർഷണശീലൻ. അശുഭന്മാർ – അരക്കന്മാർ. ഹവ്യദന്ന് – യജമാനന്ന്. അരുളുന്നു – കല്പിച്ചുകൊടുക്കുന്നു.

[13] പരോക്ഷോക്തി: പകരുന്നൂ – പാത്രങ്ങളിൽ. അപ്പുരുഗാതവ്യനെ ബഹുസ്തുത്യനായ സോമത്തെ.

[14] പാർ തീർത്ത = വിശ്വവിധാതാവായ.

[15] ദൃഷ്ടം – ആവിർഭൂതം. ഇവിടെ – യജ്ഞത്തിൽ.

[17] പോകാൻ – ദേവന്മാരുടെ അടുക്കലെയ്ക്ക്. മൂന്നു മുതുക് – സവനത്രയം. മൂന്നു നുകത്തണ്ടു് – വേദത്രയം. ഋഷിത്തേരിൽ – യജ്ഞമാകുന്ന തേരു കേറ്റുന്നു.

[18] ഹരി – സോമമാകുന്ന അശ്വം. പോരിൽ – യജ്ഞമാകുന്ന യുദ്ധത്തിൽ.

[19] ഒഴുക്കി – നമുക്കായി. ഗോക്കളിൽ – ശത്രുക്കളുടെ ഗോക്കളെ പിടിച്ചടക്കാൻ, അവയുടെയിടയിൽ.

[20] സ്തോമകാരികൾ = സ്തോതാക്കൾ.

[21] ഋത്വിക്കുകളോടു്: നൽത്തേൻസോമം – അതിമധുരമായ സോമരസം.

[22] പകരുന്നൂ – ഋത്വിക്കുകൾ.

[23] ഗോസമ്പത്ത് – ക്ഷീരാദി.

[24] ജമഗ്നിയാൽ – എന്നാൽ.

[25] വാക്കിലെയ്ക്ക് – ഞങ്ങളുടെ സ്തുതിയിലെയ്ക്കു്; കാവ്യവും സ്തുതിതന്നെ. ഞങ്ങളുടെ സ്തുതികളിൽ സന്നിഹിതനാവുക എന്നർത്ഥം.

[26] വാക്കുകൾ – ശബ്ദം.

[27] നിന്മഹിമയ്ക്കേ നില്പൂ – അങ്ങയെത്തന്നേ പുരസ്ക്കരിയ്ക്കുന്നു.

[28] നിന്നിടാതെ – തടവു പെടാതെ.

[29] ഋത്വിക്കുകളോട്:

[30] സ്തുതികൃത്ത് = സ്തോതാവു്. യഥാർത്ഥൻ = സത്യഭൂതൻ

സൂക്തം 63.

കശ്യപഗോത്രൻ നിധ്രുവി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ആയിരമൊഴുക്കുക, സദ്വീര്യമായ ധനം;
നീയരുളേണം, സോമ, ഞങ്ങളിലന്നങ്ങളും! 1

ഇന്ദ്രന്നായൊഴുക്കുന്നൂ, രസവുമന്നങ്ങളും;
ചെന്നു മേവുന്നൂ ചമസങ്ങളിൽ, മത്തേറ്റും നീ! 2

ഇന്ദ്രവിഷ്ണ്വനിലർക്കായ്പ്പിഴിയപ്പെട്ടു കുടം
ചെന്നു പൂകിയ സോമനീരേറ്റമിനിയ്ക്കട്ടേ! 3

ഇക്കുരാൽസ്സോമം രസധാരകളുതിർക്കുന്നു;
വെക്കം ചെന്നെതിർക്കുന്നു, രാക്ഷസപ്പരിഷയെ! 4

ഇന്ദ്രനെ വളർത്തുന്നു; തൂകുന്നു, തണ്ണീരെ; – ല്ലാം
നന്നാക്കിവെച്ചീടുന്നു; കൊല്ലുന്നു, ലുബ്ധന്മാരെ! 5

പിഴിയപ്പെട്ട കുരാൽസ്സോമങ്ങളിന്ദ്രങ്കൽച്ചെ-
ന്നെ,ഴുനള്ളുന്നൂ, പിന്നെ സ്വന്തമാം സ്ഥാനത്തെയ്ക്കായ്! 6

മർത്ത്യർക്കായ് മഴ പെയ്തു, യാതൊന്നാൽക്കതിരോനെ
പ്രത്യക്ഷനാക്കീ ഭവാ,നാ നീരു പൊഴിച്ചാലും! 7

ഭാനുവിൽ കുതിരയെപ്പൂട്ടുന്നൂ, പവമാനം
മാനുഷർക്കായിട്ടന്തരിക്ഷത്തിലൂടേ പോകാൻ – 8

‘ഇന്ദ്ര’നെന്നുരചെയ്തുംകൊണ്ടു പൂട്ടുന്നൂ, പത്താ-
കുന്ന ദിക്കിലും പോകാൻവേണ്ടിയർക്കനു സോമം! 9

വായുവിന്നിന്ദ്രന്നുമായ്പ്പിഴിഞ്ഞ മധുവെടു-
ത്തീയാട്ടുരോമച്ചാർത്തിലൊഴിപ്പിൻ, സ്തോതാക്കളേ. 10

തരിക, പവമാനസോമമേ, ഞങ്ങൾക്കു നീ
പരനു പോക്കാവതല്ലാത്ത ദുസ്തരവിത്തം! 11

നീയിങ്ങു കിട്ടിച്ചാലും, ഗോക്കളൊത്തശ്വങ്ങളൊ-
ത്തായിരം ധനത്തെയും, കെല്പ,ന്നമിവയെയും! 12

അമ്മിയാൽപ്പിഴിയപ്പെട്ടമരപ്രഭം സോമം,
തൻമധുവൊരു കുടത്തിങ്കലെയ്ക്കൊഴുക്കുന്നു.13

നല്ലൊളിപെറുമിതു നീർദ്ധാരകൊണ്ടാര്യന്റെ-
യില്ലത്തെയ്ക്കൊഴുക്കുന്നൂ, ഗോസമേതമാമന്നം! 14

വജ്രിയാമിന്ദ്രന്നായിപ്പിഴിഞ്ഞു, തയിർ ചേർത്തു-
വെച്ചതാം സോമമരിപ്പയിൽനിന്നൊഴുകുന്നു. 15

സോമമേ, സ്വത്തിന്നായ് നീ പൊഴിയ്ക്ക, തുലോം ദേവ-
കാമവും മധുരവുമായ നീരരിപ്പയിൽ! 16

മത്തേറ്റും കരുത്തുള്ളാപ്പച്ചയിന്ദുവെയിതാ,
മർത്ത്യരിന്ദ്രനുവേണ്ടി വെള്ളത്തിൽക്കഴുകുന്നു. 17

സോമമേ, പൊഴിയ്ക്കുക,ശ്വത്തെ, വീരനെ,പ്പൊന്നും;
ഗോമണ്ഡലാന്നങ്ങളും കൊണ്ടുവന്നാലും, ഭവാൻ! 18

ഇന്ദ്രന്നായ്പ്പകരുവിൻ കമ്പിളിയിങ്കൽ,പ്പോരി-
ലെന്നപോലി,നിപ്പേറും പോർക്കൊതിയനെ നിങ്ങൾ! 19

അവനൈഷികൾ വിപ്രർ വിരലാൽ വെടുപ്പേറ്റും
കവിയാം വൃഷാവൊച്ചയിട്ടുകൊണ്ടൊഴുകുന്നു! 20

നീർ തൂകും വൃഷാവായ സോമത്തെജ്ജലധാരാ-
ധൗതമാക്കുന്നൂ, ധീരർ വിരലാൽ സ്തുതിപൂർവ്വം. 21

നീയൊഴുകുകി: – ന്ദ്രങ്കൽച്ചെല്ലട്ടെ, മേന്മേൽ നിൻനീർ;
വായുവിങ്കലും ദേവ, കേറുക, ധർമ്മത്താൽ നീ! 22

പേർ കേട്ട ധനത്തെ നോവിപ്പോനാം ഭവാൻ പ്രീത്യാ
പൂകുക, പവമാനസോമമേ, സമുദ്രത്തിൽ! 23

മാറ്റരെക്കൊന്നുംകൊണ്ടു ബുദ്ധി തന്നൊഴുകുന്ന
മാദകൻ ഭവാൻ സോമ, മണ്ടിയ്ക്കുക,രക്കരെ! 24

എല്ലാ സ്തോത്രങ്ങളിലുമിണക്കപ്പെടുന്നുണ്ടു,
നല്ലൊളിയോടേ മിന്നും പവമാനമാം സോമം. 25

ദ്രുതഗാമിയായ് മിന്നും പവമാനമാം സോമം
പ്രതിപക്ഷരെയെല്ലാം കൊന്നുകൊണ്ടൊഴുകുന്നു! 26

ഉന്നതസ്ഥാനത്തങ്ങുമൊലിപ്പൂ, പവമാനം
വിൺനാട്ടിൽനിന്നും, വാനിൽനിന്നു, മൂഴിയിൽനിന്നും! 27

നീർ പൊഴിച്ചരിയ്ക്കപ്പെട്ടിന്ദോ, നീ സുകർമ്മാവേ,
പാപരെയെല്ലാം കൊല്ക, രാക്ഷസരെയും സോമ! 28

അരക്കന്മാരെത്തുലച്ചൊലിക്കൊണ്ടൊഴുക്കുക,
പെരികെത്തിളങ്ങുന്ന നൽബ്ബലം ഭവാൻ സോമ! 29

എത്തിച്ചുതരികിന്ദോ, സോമമേ, നീയെങ്ങൾക്കു
പൃത്ഥ്വി, വിണ്ണിവയിലെക്കാമ്യമാം ധനമെല്ലാം! 30
കുറിപ്പുകൾ: സൂക്തം 63.

[1] സദ്വീര്യം = നല്ല വീര്യത്തോടുകൂടിയതു്.

[3] ഇനിയ്ക്കട്ടേ – മധുരീഭവിയ്ക്കട്ടേ.

[5] എല്ലാം – കർമ്മത്തിനുള്ളതു്.

[8] ഭാനു = സൂര്യൻ.

[9] ആവർത്തനമാണു്: അർക്കനു പൂട്ടുന്നു – സൂര്യരഥത്തിൽ കുതിരയെ പൂട്ടുന്നു. ഇന്ദ്രനെന്നുരചെയ്തുംകൊണ്ടു് – ‘ഇന്ദ്രൻ ആജ്ഞാപിയ്ക്കുന്നു: പുറപ്പെടുക’എന്നു പറഞ്ഞുംകൊണ്ട്.

[10] ആട്ടുരോമച്ചാർത്തിൽ – കമ്പിളിയരിപ്പയിൽ. ഒഴിപ്പിൻ = പകരുവിൻ.

[13] അമരപ്രഭം = ഒരു ദേവന്നൊത്ത ശോഭയുള്ളത്. മധു – മധുരനീർ.

[14] ആര്യന്റെ – യജമാനന്റെ. ഗോസമേതമാമന്നം – ഗോക്കളെയും അന്നവും.

[16] സ്വത്തിന്നായ് – ഞങ്ങൾക്കു സമ്പത്തുണ്ടാകാൻ.

[18] ഗോമണ്ഡലാന്നങ്ങളും – ഗോവൃന്ദം, അന്നം എന്നിവയും.

[19] ഋത്വിക്കുകളോടു്: പോർക്കൊതിയനെ – യുദ്ധമിച്ഛിയ്ക്കുന്ന സോമത്തെ.

[20] അവനൈഷികൾ = രക്ഷ തേടുന്നവർ. വിപ്രർ – ഋത്വിക്കുകൾ. വെടുപ്പേറ്റും = ശുദ്ധീകരിയ്ക്കുന്ന

[21] ജലധാരാധൗതമാക്കുന്നൂ – വെള്ളം പകർന്നു കഴുകുന്നു. ധീരർ = ബുദ്ധിമാന്മാർ, ഋത്വിക്കുകൾ.

[22] ധർമ്മത്താൽ – ധാരകമായ നീർകൊണ്ടു്. വായുവിങ്കലും ചെല്ലട്ടെ, നിൻനീരെന്നർത്ഥം.

[23] ധനത്തെ നോവിപ്പോനാം – ശത്രുധനത്തെ പീഡിപ്പിയ്ക്കുന്ന (പിടിച്ചെടുക്കുന്ന)വനായ. സമുദ്രം – കുണ്ടേറിയ കലശം.

[25] ഇണക്കപ്പെടുന്നുണ്ട് – ഋത്വിക്കുകളാൽ.

[26] പ്രതിപക്ഷർ = ശത്രുക്കൾ.

[27] വാന് – അന്തരിക്ഷം.

[28] പാപർ – ദ്രോഹികൾ.

[29] ഒഴുക്കുക – ഞങ്ങൾക്ക്.

സൂക്തം 64.

മരീചിപുത്രൻ കശ്യപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കേക.)

ധാമവാൻ, വൃഷാവാം നീ; വർഷണൻ, വൃഷാവാം നീ;
സോമമേ, വൃഷാവാം നീ ധർമ്മധാരകൻ, ദേവ! 1

വർഷണം, വൃഷാവാം നിൻകെല്പു; വർഷണം, സേവ;
വർഷണം, നീരും – നേർതാൻ: വർഷണൻ, വൃഷാവേ, നീ! 2

അശ്വംപോലൊലിയിടും, വർഷി നീ; – യിന്ദോ, ഗോദ-
നശ്വദൻ തുറക്കുകെങ്ങൾക്കു നീ സ്വത്തിൻവാതിൽ! 3

വെക്കവും കെല്പും പൂണ്ട സോമത്തെത്തിളങ്ങിച്ചു-
വെയ്ക്കുന്നു, ഗോകാമാശ്വകാമസത്സുതകാമർ. 4

ഇഷ്ടികാമർതൻകയ്യാൽ നന്നാക്കിച്ചമയിയ്ക്ക-
പ്പെട്ടു, കമ്പിളിയരിപ്പയിലെയ്ക്കൊഴുകുന്നൂ 5

അസ്സോമം ഹവിർദ്ദതാവിന്നൊഴുക്കട്ടേ, ദ്യോവി
ല,ന്തരിക്ഷത്തിൽ, ബ്ഭൂവിങ്കലുമുള്ളെല്ലാസ്വത്തും! 6

സർവജ്ഞ, പവമാനമായ നിൻ നീർദ്ധാരകൾ
സമ്പ്രതി പൊഴിയുന്നു, സൂര്യരശ്മികൾപോലെ. 7

കൊടി കാട്ടിക്കൊണ്ടാകാശത്തിൽനിന്നു നീ നാനാ-
വടിവിലൊഴുകുന്നൂ; നല്കുന്നൂ, പയോധി നീ! 8

ഉന്നദിയ്ക്കുന്നൂ, പവമാനമേ, രവിദേവ-
നെന്നപോലവേ, നിൻനീരരിപ്പിൽപ്പൂകുമ്പോൾ നീ. 9

സൂരീന്ദ്രസ്തുതികളാൽ, ജ്ഞാപകനോമൽസ്സോമം
തേരിനെ രഥിപോലെ, നീരിനെയൊഴുക്കുന്നു: 10

വനോരെക്കൊതിയ്ക്കുമീത്തവ നീരല യജ്ഞ-
സ്ഥാനത്തിലണഞ്ഞരിപ്പയിലെയ്ക്കൊഴുകുന്നു. 11

അങ്ങിന്ദോ, മദകൃത്താണെ,ത്രയും ദേവേച്ഛുവാ-
ണെ;-ങ്ങൾതന്നരിപ്പയിലൊഴുകുകി,ന്ദ്രന്നുണ്മാൻ! 12

സ്തൂരികളരിയ്ക്കും നീയൊഴുക്കുകെങ്ങൾക്കന്നം;
ധാരയാൽപ്പശുക്കൾക്കും സോമമേ, നല്കാ,ഹാരം! 13

ആളിനു കൊറ്റും സ്വത്തും നല്കുക, നുതിസേവ്യ,
പാലിലെയ്ക്കരിയ്ക്കപ്പെട്ടീടും നീ ഹരിദ്വർണ്ണ! 14

അധ്വരത്തിനായ്ക്കെല്പന്മാരെടുത്തരിയ്ക്കുന്ന
സുദ്യുതിയായ ഭവാൻ ചെന്നെത്തുകിന്ദ്രോപാന്തേ! 15

വിരലാൽ ഞെക്കിപ്പിടിച്ചൊഴുകിയ്ക്കുന്നൂ, വേഗം
തിരളുമിസ്സോമത്തെ വാനിലെയ്ക്കയയ്ക്കുവാൻ. 16

അരിയ്ക്കപ്പെടും സോമം ചെന്നുചേരുന്നൂ, നട-
ന്നരിപ്പം കൂടാതന്തരിക്ഷത്തിൽ,ജ്ജലസ്ഥാനേ! 17

എങ്ങൾതൻ സ്വത്തിൻചുറ്റും ലാത്തുകെ;-ങ്ങളിൽക്കൂറു-
ള്ളങ്ങു കാക്കുകെ,ങ്ങൾതൻ പുത്രവദ്ഗേഹം കെല്പാൽ! 18

ഒച്ചയിട്ടൃ,ത്വിക്സ്തോത്രത്തിന്നെത്തും ധുരീണമാ-
മശ്വമങ്ങിറക്കപ്പെട്ടീടുന്നു, തണ്ണീരിങ്കൽ! 19

യാഗത്തിൻ ഹിരണ്മയസ്ഥാനത്തിലെഴുന്നള്ളും;
വേഗവാൻ വെടിയുമേ, വിജ്ഞാനഹീനന്മാരെ! 20

വേണ്ടുവോർ പുകഴ്ത്തീടും; യജിപ്പാൻ നോക്കും, ശിഷ്ട;-
രാണ്ടുമുങ്ങിപ്പോമല്ലോ, സദ്ബുദ്ധിരഹിതന്മാർ! 21

സോമമേ, മരുത്ത്വാനാമിന്ദ്രന്നായൊഴുകുക,
തൂമധു തഴച്ച നീ യജ്ഞത്തിൻപദേ വാഴ്‌വാൻ! 22

ആ നിന്നെ സ്തുതികൾകൊണ്ടണിയിയ്ക്കുന്നൂ, പ്രാജ്ഞ-
രായ കർമ്മികൾ; നിന്നെയാളുകളരിയ്ക്കുന്നു. 23

ക്രാന്തകർമ്മാവേ, പവമാനമാകിയ നിൻ നീർ
മോന്തുന്നൂ, വരുണമിത്രാര്യമമരുത്തുക്കൾ! 24

നീയിന്ദോ, പവമാനസോമമേ, കിളിർത്താറു
ണ്ടാ,യിരംപേരെബ്ഭരിയ്ക്കുന്നൊരാര്യമാം ശബ്ദം; 25

ആയിരംപേരെബ്ഭരിയ്ക്കുന്നൊരർത്ഥൈഷിവച-
സ്സാനയിച്ചാലും, സോമ, പവമാനേന്ദോ, ഭവാൻ! 26

ഈയാളുകൾക്കാരോമലായ്ത്തീർന്നു, പവമാന-
മായ നീ പുരുഹൂത, പൂകുക, കലശത്തിൽ!27

വാരൊളി മിന്നി,ച്ചുറ്റുമൊലിക്കൊണ്ടൊലിയ്ക്കുന്ന
നീരുമായ് ക്ഷീരത്തോടു ചേരുന്നൂ, തെളിസോമം! 28

വാഴ്ത്തുമാളുകൾ വശപ്പെടുത്തിത്തെളിയ്ക്കുന്ന
വാജി യുദ്ധത്തിൽക്കേറീ, ഭടർ ചെല്വതുപോലേ! 29

വായ്പിപ്പാനനഞ്ഞു സദ്വീര്യൻ നീ കവേ, സോമ,
വാനിൽനിന്നൊഴുകുക, നന്മയ്ക്കു, കാഴ്ചയ്ക്കായും! 30
കുറിപ്പുകൾ: സൂക്തം 64.

[1] ധാമവാൻ – തേജസ്വിയാകുന്നു. ധർമ്മധാരകൻ – ദേവ – മനുഷ്യഹിതങ്ങളായ കർമ്മങ്ങളെ താങ്ങുന്നവനാകുന്നു.

[2] നേർതാൻ വർഷണൻ – വാസ്തവത്തിൽ വർഷണൻതന്നെ.

[4] ഗോകാമരും അശ്വകാമരും സൽപുത്രകാമരും സോമത്തെ ശുദ്ധീകരിച്ചുവെയ്ക്കുന്നു.

[5] ഇഷ്ടികാമർ = യജ്ഞതൽപരർ. നന്നാക്കി – വെടുപ്പു വരുത്തി. സോമം എന്ന പദം അധ്യാഹരിയ്ക്കണം.

[8] കൊടി – നീർദ്ധാരയെ കൊടിയാക്കിയിരിയ്ക്കയാണു്. പയോധി = പയസ്സിന്റെ (നീരിന്റെ) ഇരിപ്പിടം. നല്കുന്നൂ – ഞങ്ങൾക്കു നാനാധനങ്ങൾ തരുന്നു.

[9] രവിദേവൻ അന്തരിക്ഷത്തിലെന്നപോലെ, നിന്റെ നീർ അരിപ്പയിൽ കടക്കുമ്പോൾ, നീ ഉന്നദിയ്ക്കുന്നു, ഒച്ച പുറപ്പെടുവിയ്ക്കുന്നു.

[10] സൂരീന്ദ്രർ = മികച്ച സ്തോതാക്കൾ. തേരിനെ രഥിപോലെ – ഒരു തേരാളി തേരിനെ ഓടിയ്ക്കുന്നതുപോലെ.

[11] പ്രത്യക്ഷോക്തി:

[12] മദകൃത്ത് = മത്തുണ്ടാക്കുന്നവൻ.

[13] സൂരികൾ – ഋത്വിക്കുകൾ.

[14] ആളിനു – യജമാനന്ന്.

[15] കെല്പന്മാർ – യജമാനന്മാർ. സുദ്യുതി = ശോഭനപ്രഭൻ.

[16] കർത്തൃപദം, ഋത്വിക്കുകൾ; അധ്യാഹരിയ്ക്കണം.

[17] അരിപ്പം = പ്രയാസം.

[18] പ്രത്യക്ഷോക്തി: സ്വത്തിൻചുറ്റും ലാത്തുക – തദ്രക്ഷയ്ക്ക്. അങ്ങ് = ഭവാൻ. പുത്രവദ്ഗേഹം = പുത്രനോടുകൂടിയ ഗൃഹം.

[19] ഋത്വിക്സ്തോത്രത്തിന്ന് – ഋത്വിക്കുകളുടെ സ്തുതി കേൾപ്പാൻ. ധുരീണം = ഭാരവാഹി. അശ്വം – അശ്വസദൃശമായ സോമം.

[20] ഹിരണ്മയസ്ഥാനത്തിൽ – പൊന്മോതിരമിട്ട കൈകൊണ്ടു കുഴിച്ച സ്ഥലത്ത്. വിജ്ഞാനഹീനന്മാരെ വെടിയുമേ – കഥയില്ലാത്തവരുടേ യാഗത്തിൽ പോകില്ല.

[21] വേണ്ടുവോർ – വേണമെന്നുള്ള സ്തോതാക്കൾ. ശിഷ്ടർ = സജ്ജനങ്ങൾ. ആണ്ടുമുങ്ങിപ്പോം – നരകത്തിൽ.

[24] മോന്തുന്നു – കുടിയ്ക്കുന്നു.

[25] ഭരിയ്ക്കുന്ന – പോറ്റുന്ന. ആര്യം – പരിശുദ്ധം. ശബ്ദം കിളിർത്താറുണ്ടു് – ഒച്ച പുറപ്പെടുവിയ്ക്കാറുണ്ടു്.

[26] അർത്ഥൈഷിവചസ്സ് = ധനകാമമായ ശബ്ദം. ആനയിച്ചാലും – ഞങ്ങൾക്കു കൊണ്ടുവരിക. അങ്ങയുടെ ശബ്ദം അനേകമാളുകളെപ്പുലർത്താനുള്ള ധനം തരുമെന്നർത്ഥം.

[27] ഈയാളുകൾക്ക് – യജ്ഞപ്രവൃത്തർക്കു്.

[29] വാജി – സോമമാകുന്ന അശ്വം. യുദ്ധം – യാഗമാകുന്ന യുദ്ധം.

[30] വായ്പിപ്പാൻ – ഞങ്ങളെ വളർത്താൻ.

സൂക്തം 65.

വരുണപുത്രൻ ഭൃഗുവോ, ജമദഗ്നിയോ ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.

പണിയെടുക്കുന്ന ചാർച്ചക്കാരായ വിരലുകൾ അഭിലാഷം പൂണ്ടു സുവീര്യനും മഹാനും സ്വാമിയുമായ സോമത്തെ പിഴിയുന്നു. 1

പവമാനമേ, ഓരോ പ്രഭകൊണ്ടും തിളങ്ങുന്ന ഭവാൻ ദേവകൾക്കായി പാത്രങ്ങളിലെല്ലാം പ്രവേശിച്ചാലും! 2

പവമാനമേ, ദേവകളെ പരിചരിപ്പാൻ നല്ല സ്തുതിയും, അന്നത്തിന്ന് അച്ചടക്കമുള്ള മഴയും ഭവാൻ പൊഴിച്ചാലും! 3

പവമാനമേ, വൃഷാവാണല്ലോ, അവിടുന്ന്: തേജസ്സാൽ തിളങ്ങുന്ന നിന്തിരുവടിയെ ഞങ്ങൾ വഴിപോലെ ധ്യാനിച്ചു വിളിയ്ക്കുന്നു. 4

ശോഭനായുധ, ഭവാൻ സന്തുഷ്ടനായി നല്ല വീര്യത്തെ ഒഴുക്കിയാലും; ഇന്ദോ, ഇങ്ങോട്ടുതന്നെ എഴുനള്ളിയാലും! 5

കൈകൾ അങ്ങയെ മേൽത്തേപ്പിച്ചു വെള്ളം പകരുന്നു; ഉടനേ അങ്ങു് മരപ്പാത്രത്തിലൂടേ സ്വസ്ഥാനം പ്രാപിയ്ക്കും. 6

ആയിരം കണ്ണുകളുള്ള മഹാനായ പവമാനസോമത്തെകുറിച്ചു നിങ്ങൾ വ്യശ്വനെപ്പൊലെ പാടുവിൻ: 7

ഇതാ, നിവാരകനായ, മധു തൂകുന്ന, പച്ചനിറം പൂണ്ട സോമത്തെ, ഇന്ദ്രന്നു കുടിപ്പാൻ, അമ്മിക്കുഴകൊണ്ടു ചതയ്ക്കുന്നു. 8

അന്നവാന്മാരായ ഞങ്ങൾ ആ സമ്പത്തെല്ലാം കീഴടക്കുന്ന നിന്തിരുവടിയുടെ സഖ്യം വരിച്ചുകൊള്ളുന്നു! 9

എല്ലാം ബലത്താൽ നല്കിപ്പൊരുന്ന വൃഷാവായ ഭവാൻ നീരൊഴുക്കുക; മരുത്ത്വാനെ മത്തും പിടിപ്പിയ്ക്കുക! 10

പവമാനമേ, സർവദ്രഷ്ടാവായ, വാനൂഴികളെത്താങ്ങുന്ന, ബലവാനായ ഭവാനെ ഞാൻ അന്നത്തിന്നു പ്രേരിപ്പിയ്ക്കുന്നു! 11

ഈ നടക്കുന്ന വിരലുകളാൽ പിഴിയപ്പെട്ട ഭവാൻ നീർ ധാരയായി ഒഴുക്കുക; സഖാവിനെ സമരത്തിന്നിറക്കുക! 12

ഇന്ദോ, ഏവർക്കും ദർശനീയനായ ഭവാൻ ഞങ്ങൾക്കു ധാരാളം അന്നമൊഴുക്കുക; സോമമേ, അങ്ങു് ഞങ്ങൾക്കു വഴി കാട്ടിത്തരിക! 13

ഇന്ദോ, ബലവാനായ ഭവാന്റെ നീർ നിറച്ച കലശം സ്തുതിയ്ക്കപ്പെടുന്നു: ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ ചെന്നാലും! 14

അങ്ങയുടെ മത്തുപിടിപ്പിയ്ക്കുന്ന കടുംനീർ അമ്മികൾകൊണ്ടു കറക്കപ്പെടുന്നുണ്ടല്ലോ; ആ ഭവാൻ ശത്രുക്കളെ ഹനിപ്പാൻ ഒഴുകിയാലും! 15

പാമാനസോമം യജ്ഞത്തിൽ, അന്തരിക്ഷത്തിലൂടേ പോകാൻ, സ്തുതികളോടുകൂടി നടക്കുന്നു. 16

ഇന്ദോ, അവിടുന്നു നൂറുഗോക്കളെയും തീറ്റയും, നല്ല അശ്വങ്ങളെയും, ധനവും ഞങ്ങൾക്കു രക്ഷയ്ക്കായി കൊണ്ടുവന്നാലും! 17

സോമമേ, ദേവകൾക്കു കുടിപ്പാൻ പിഴിയപ്പെടുന്ന ഭവാൻ ഞങ്ങൾക്കു തടവില്ലാത്ത ബലവും ഒളിവീശുന്ന വടിവും കൊണ്ടുവന്നാലും! 18

സോമമേ, മിന്നിത്തിളങ്ങുന്ന ഭവാൻ, ഒരു പരുന്തു കുട്ടിലെയ്ക്കുപോകുന്നതുപോലെ, ഒച്ച പുറപ്പെടുവിച്ചുകൊണ്ടു കലശത്തിലെയ്ക്കൊഴുകിയാലും! 19

വെള്ളമുൾപ്പുക്ക സോമം ഇന്ദ്രന്നും വായുവിന്നും വരുണന്നും മരുത്തുക്കൾക്കും വിഷ്ണുവിന്നുമായി ഒഴുകുന്നു. 20

സോമമേ, അവിടുന്നു ഞങ്ങളുടെ മകന്ന് അന്നം തന്നുകൊണ്ടു, ഞങ്ങൾക്കും നീളെ ആയിരമൊഴുക്കുക! 21

യാതൊരു സോമം അകലത്തും, യാതൊന്നരികത്തും, യാതൊന്ന് ആ ശര്യണാവത്തിലും പിഴിയപ്പെടുന്നുവോ; 22

യാതൊന്ന് ആർജ്ജീകത്തും, കൃത്വാവിലും, യാതൊന്നു നദികൾക്കിടയിലും, യാതൊന്നു പഞ്ചജനങ്ങളിലും പിഴിയപ്പെടുന്നുവോ; 23

ആ പിഴിയപ്പെടുന്ന സമുജ്ജ്വലമായ ഇന്ദു നമുക്ക് അന്തരിക്ഷത്തിൽനിന്നു മഴയും സുവീര്യവും ഒഴുകട്ടെ! 24

കാമിയ്ക്കുന്ന ഹരിതവർണ്ണൻ കാളത്തോലിലാക്കപ്പെട്ടു, ജമദഗ്നിയാൽ സ്തുതിയ്ക്കപ്പെട്ട്, ഒഴുകുന്നു. 25

അന്നമയയ്ക്കുന്ന ഇന്ദുക്കൾ (ക്ഷീരാദികളോടു)ചേർന്നു, തെളിയ്ക്കപ്പെടുന്ന കുതിരകൾപോലെ വെള്ളത്തിൽ കഴുകപ്പെടുന്നു. 26

അങ്ങയെ സവനത്തിൽ ഋത്വിക്കുകൾ ദേവന്മാർക്കായി പിഴിയുന്നു; ആ ഭവാൻ ഈ ശോഭയോടേ ഒഴുകിയാലും! 27

സുഖകരവും, കൊണ്ടുവരുന്നതും, രക്ഷകവും, പുരുകാമ്യവുമായ അങ്ങയുടെ ബലത്തെ ഇന്നു ഞങ്ങൾ വരിയ്ക്കുന്നു – 28

മദകരനെ, വരണീയനെ, മേധാവിയെ, മനീഷിയെ, രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 29

സുകർമ്മാവേ, പുത്രന്മാർക്കായി ധനത്തെയും നല്ല ജ്ഞാനത്തെയും (ഞങ്ങൾ വരിയ്ക്കുന്നു); രക്ഷകനെ, പുരുകാമ്യനെ (ഞങ്ങൾ വരിയ്ക്കുന്നു). 30

കുറിപ്പുകൾ: സൂക്തം 65.

[1] ചാർച്ചക്കാർ – ഒരേകയ്യിന്മേൽ ജനിച്ചവർ.

[3] അച്ചടക്കം – ഒതുങ്ങിനില്ക്കൽ.

[6] മേൽത്തേപ്പിച്ചു – വെടുപ്പു വരുത്താൻ.

[7] സ്തോതാക്കളോടു്: വ്യശ്വൻ – ഋഷി.

[8] നിവാരകൻ – ശത്രുക്കളെ തടുക്കുന്നവൻ.

[9] അന്നവാന്മാർ – ഹവിസ്സമേതർ. സമ്പത്ത് – ശത്രുധനം.

[10] എല്ലാം – സമസ്തസമ്പത്തും. നല്കിപ്പോരുന്ന – സ്തോതാക്കൾക്ക്. മരുത്ത്വാൻ = ഇന്ദ്രൻ.

[11] അന്നത്തിന്നു പ്രേരിപിയ്ക്കുന്നു – എനിയ്ക്കന്നം തന്നാലും.

[12] നടക്കുന്ന – കർമ്മങ്ങളിൽ പെരുമാറുന്ന. സഖാവ് – ഇന്ദ്രൻ.

[14] ചെന്നാലും – ചമസങ്ങളിൽ.

[16] പോകാൻ – കലശത്തിലെയ്ക്ക്. സ്തുതികളോടുകൂടി – സ്തുതിയ്ക്കപ്പെട്ടുകൊണ്ടു്.

[18] ഒളിവീശുന്ന വടിവ് – ഉജ്ജ്വലമായ ആകൃതി.

[21] ആയിരം – വളരെദ്ധനം.

[23] ആർജ്ജീകവും കൃത്വാവും ദേശനാമങ്ങളത്രേ.

[25] കാമിയ്ക്കുന്ന – ദേവന്മാരെ. ജമദഗ്നി – ഞാൻ.

[27] പ്രത്യക്ഷോക്തി: സവനം – സോമയാഗം. ഒഴുകിയാലും – കലശത്തിലെയ്ക്ക്.

[28] കൊണ്ടുവരുന്നതും – ധനാദികളെ.

സൂക്തം 66.

നൂറുവൈഖാനസന്മാർ ഋഷികൾ; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും ദേവതകൾ.

എല്ലാം കാണുന്നവനേ, സഖാവായ ഭവാൻ സ്തുത്യനായിട്ടു, സഖാക്കളായ ഞങ്ങൾക്കായി സർവസ്തോത്രങ്ങളിലും സമാഗമിച്ചാലും! 1

പവമാനസോമമേ, ഇരുപേരുകളുണ്ടല്ലോ, തിരുമുമ്പിൽ വന്നു നില്ക്കുന്നു; അവമൂലം ഉലകിന്നൊക്കെ അരചനാണ്, നിന്തിരുവടി! 2

കവേ, പവമാനസോമമേ, എങ്ങുമുണ്ടല്ലോ, ഭവാന്റെ തേജസ്സുകൾ; അതിനാൽ ഭവാൻ ഋതുക്കളോടുകൂടി എല്ലാടത്തും വർത്തിയ്ക്കുന്നു. 3

സഖാവായ ഭവാൻ സഖാക്കൾക്കു ജീവിപ്പാൻ അന്നമുളവാക്കിക്കൊണ്ടു്, എല്ലാ സ്തുതികളിലും സമാഗമിച്ചാലും! 4

സോമമേ, തേജസ്വിയായ ഭവാന്റെ തെളിരശ്മികൾ ദ്യോവിന്നുതാഴേ തണ്ണീർ പരത്തുന്നു! 5

സോമമേ, ഈ സപ്തനദികൾ അങ്ങയുടെ ശാസനം അനുസരിച്ചുപോരുന്നു; കറവപ്പൈക്കൾ അങ്ങയ്ക്കായി പാഞ്ഞണയുന്നു! 6

സോമമേ, പിഴിയപ്പെട്ട ഭവാൻ ഇന്ദ്രന്നു മത്തുളവാക്കാനും, (ഞങ്ങൾക്ക്) അക്ഷയമായ അന്നം തരാനും ധാരയായൊഴുകുക! 7

മേധാവിയായ അങ്ങയെത്തന്നെയാണല്ലോ, സേവകന്റെ യജ്ഞത്തിൽ ഏഴുചാർച്ചക്കാർ സ്തോത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നതു്! 8

അങ്ങ് ഒച്ചയിട്ടു വെള്ളത്തിൽ നനയുന്നതോടേ, ഭവാനെ വിരലുകൾ തുലോം ഒലിക്കൊള്ളുന്ന, കല്മഷഘ്നമായ കമ്പിളിയിൽ വഴിപോലെ അരിയ്ക്കുന്നു. 9

കവേ, അന്നവാനേ, അരിയ്ക്കപ്പെടുന്ന ഭവാന്റെ നീരുകൾ അന്നം നല്കാനായി, കുതിരകൾപോലെ പുറപ്പെടുന്നു! 10

തേൻ തൂകുന്ന (സോമത്തെ) കലശത്തിലാക്കാൻ കമ്പിളിയിൽ പകരുന്നു; കൈവിരലുകൾ കൊതിയ്ക്കുന്നു! 11

സോമനീരുകൾ കലശത്തിലെയ്ക്കു, കറവപ്പൈക്കൾ തൊഴുത്തിലെയ്ക്കെന്നപോലെ ഗമിയ്ക്കുന്നു; യജ്ഞസ്ഥാനത്തുമെത്തുന്നു. 12

ഇന്ദോ, ഭവാനെ ഗോരസങ്ങളുടുപ്പിയ്ക്കുമ്പോഴെയ്ക്കും, ഞങ്ങളുടെ പെരിയ യജ്ഞത്തിന്ന്, ഒഴുകുന്ന തണ്ണീരുകൾ വരികയായി! 13

ഇന്ദോ, യജിപ്പാൻവേണ്ടി ഈ ഭവാന്റെ സഖ്യത്തിൽ നില്ക്കുന്ന ഞങ്ങൾ ഭവാന്റെ രക്ഷണത്താൽ സഖ്യം കാംക്ഷിയ്ക്കുന്നു. 14

സോമമേ, ഭവാൻ ഗോക്കളെ തിരഞ്ഞുപിടിച്ച മനുഷ്യദ്രഷ്ടാവായ മഹാന്നായി ഒഴുകിയാലും; എന്നിട്ട് ഇന്ദ്രന്റെ തിരുവയറ്റിൽ പ്രവേശിച്ചാലും! 15

സോമമേ, ഇന്ദോ, അവിടുന്നു മഹാനാണു്, മുതിർന്നവനാണു്, ബലിഷ്ഠരിൽവെച്ചു ബലിഷ്ഠനാണു്: അവിടുന്നു യുദ്ധംചെയ്ത് എന്നും ജയിച്ചിരിയ്ക്കുന്നു! 16

കരുത്തരെക്കാൾ പെരുംകരുത്തനും, ശൂരരെക്കാൾ തുലോം ശൂരനും, വളരെക്കൊടുക്കുന്നവരെക്കാൾ അത്യുദാരനുമത്രേ, അവിടുന്നു് ! 17

സോമമേ, സുവീര്യനായ ഭവാൻ അന്നങ്ങൾ കൊണ്ടുവന്നാലും; പുത്രപൗത്രന്മാർക്കും തന്നാലും: ഞങ്ങൾ (അങ്ങയെ) സഖ്യത്തിനു വരിയ്ക്കുന്നു; സാഹായ്യത്തിന്നു വരിയ്ക്കുന്നു! 18

അഗ്നേ, അവിടുന്നു ഞങ്ങൾക്കു ജീവനെ രക്ഷിപ്പാൻ അന്നരസങ്ങൾ അയച്ചാലും; രക്ഷസ്സുകളെ ദൂരത്തുവെച്ചുതന്നേ പീഡിപ്പിച്ചാലും! 19

ഋഷിയും, പഞ്ചജനഹിതനും പുരോഹിതനുമാണു്, പവമാനാഗ്നി: ആ മഹൽസ്തുത്യനോടു ഞങ്ങൾ യാചിയ്ക്കുന്നു! 20

അഗ്നേ, സുകർമ്മാവായ ഭവാൻ ഞങ്ങൾക്കു നല്ല വിര്യമുള്ള തേജസ്സു കിട്ടിച്ചാലും; എനിയ്ക്കു ധനവും പുഷ്ടിയും തന്നാലും! 21

പവമാനം പരിപന്ഥികളെ പിൻതള്ളുന്നു; നല്ല സ്തുതിയിലെയ്ക്കെഴുന്നള്ളുന്നു. സൂര്യൻപോലെ എല്ലാം കാണുന്നു! 22

മനുഷ്യരാൽ വെടുപ്പുവരുത്തപ്പെടുന്ന, അന്നവാനായ, ഹവിസ്സിന്നു ഹിതനായ, വിചക്ഷണനായ ആ ഇന്ദു പോയിക്കൊണ്ടിരിയ്കും! 23

പവമാനം കറുത്ത ഇരുട്ടിനെ അറുത്തു, യഥാർത്ഥ്യവും മഹത്തുമായ വെളുത്ത തേജസ്സിനെ ഉൽപാദിപ്പിച്ചു! 24

അറുത്തുവിടുന്ന, ഒളി വിതറുന്ന പച്ചപ്പവമാനത്തിന്റെ ഇമ്പപ്പെടുത്തുന്ന നീരുകൾ തെരുതെരെ ഒഴുകുന്നു! 25

മുന്തിയ തേരാളിയും, നിർമ്മലങ്ങളെക്കാൾ നിർമ്മലതരവും, പച്ചനിറം തിളങ്ങുന്നതും, മരുത്തുക്കളുടെ മിത്രവുമാണു്, പവമാനം; 26

ആ മികച്ച അന്നദാതാവായ പവമാനം സ്തോതാവിന്നു സുവീര്യം നല്കിക്കൊണ്ടു, രശ്മികൾ പരത്തട്ടെ! 27

പിഴിയപ്പെട്ട സോമം കമ്പിളിയരിപ്പയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അരിയ്ക്കപ്പെട്ട സോമം ഇന്ദ്രങ്കലണയുന്നു! 28

ഇതാ, സോമം ഇന്ദ്രനെ മത്തിന്നു വിളിച്ചുകൊണ്ടു, കാളത്തോലിൽ അമ്മിക്കുഴയുമായി കളിയാടുന്നു! 29

പവമാനമേ, അങ്ങയുടേതാണല്ലോ, സ്വർഗ്ഗത്തിൽനിന്ന് ആഹൃതമായ കീർത്തിപ്പെട്ട പാൽ; അതു ദീർഘായുസ്സിന്നായിത്തന്നു ഞങ്ങളെ സുഖിപ്പിച്ചാലും! 30

കുറിപ്പുകൾ: സൂക്തം 66.

[2] ഇരുപേരുകൾ – അംശു(ലത), സോമൻ; അങ്ങ് ലതയായി ഭൂമിയെയും, സോമ (ചന്ദ്ര)നായി ആകാശത്തെയും ഭരിയ്ക്കുന്നു.

[4] സഖാക്കൾക്കു – ഞങ്ങൾക്ക്.

[5] തണ്ണീർ പരത്തുന്നു – മഴ പെയ്യിയ്ക്കുന്നു.

[6] അങ്ങയ്ക്കായി – അങ്ങയുടെ നീരിൽ പാൽ പകരാൻ.

[8] സേവകൻ – യജമാനൻ. ഏഴുചാർച്ചക്കാർ – സപ്തഹോത്രകന്മാർ.

[10] നല്കാനായി – യഷ്ടാക്കൾക്ക്. കുതിരകൾപോലെ – കുതിരകൾ ലായത്തിൽനിന്നെന്നപോലെ.

[11] കൊതിയ്ക്കുന്നു – വീണ്ടും വീണ്ടും ശുദ്ധീകരിപ്പാൻ.

[16] മഹാൻ – ഇന്ദ്രൻ.

[18] തന്നാലും – അന്നാദികൾ.

[20] മഹൽസ്തുത്യൻ – മഹാന്മാരായ ദേവന്മാരാൽപ്പോലും സ്തുതിയ്ക്കപ്പെടേണ്ടവൻ. യാചിയ്ക്കുന്നു – ധനവും മറ്റും.

[23] പോയിക്കോണ്ടിരിയ്ക്കും – ദേവന്മാരുടെ അടുക്കലെയ്ക്ക്.

[25] അറുത്തുവിടുന്ന – ഇരുട്ടിനെ നശിപ്പിയ്ക്കുന്ന. പച്ച – പച്ചനിറം. ഇമ്പപ്പെടുത്തുന്ന – ദേവന്മാരെ.

[30] ആഹൃതമായ – പരുന്തിനാൽ കൊണ്ടുവരപ്പെട്ട. പാൽ – സോമരസം.

സൂക്തം 67.

ഭരദ്വാജൻ, കശ്യപൻ, ഗോമതൻ, അത്രി, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ, അംഗിരഃപുത്രൻ പവിത്രൻ എന്നിവർ ഋഷികൾ; ഗായത്രിയും ദ്വിപദാഗായത്രിയും അനുഷ്ടുപ്പും പുരഉഷ്ണിക്കും ഛന്ദസ്സുകൾ; പവമാനസോമവും പവമാനാഗ്നിയും പവമാനസവിതാവും വിശ്വേദേവകളും പവമാനമണ്ഡലാധ്യേതൃസ്തുതിയും ദേവതകൾ.

സോമമേ, തുലോം മത്തുപിടിപ്പിയ്ക്കുന്നവനും, തുലോം ബലിഷ്ഠനും, അധ്വരത്തിൽ ഒഴുകാനിച്ഛയ്ക്കുന്നവനുമാണല്ലോ, ഭവാൻ; അവിടുന്നു ധനം നല്കിക്കൊണ്ടു് അരിയ്ക്കപ്പെട്ടാലും! 1

നേതാക്കളെ ഇമ്പപ്പെടുത്തുന്ന, ദാതാവായ, പ്രാജ്ഞനായ ഭവാൻ പിഴിയപ്പെട്ട്, ഇന്ദ്രനെ അന്നംകൊണ്ടു് അത്യന്തം മത്തുപിടിപ്പിച്ചാലും! 2

അമ്മിക്കുഴകൊണ്ടു പിഴിയപ്പെടുന്ന ഭവാൻ ഒച്ചമുഴക്കിക്കൊണ്ട് തിളങ്ങുന്ന മികച്ച കെല്പെടുത്താലും! 3

പിഴിയപ്പെടുന്ന പച്ചസ്സോമം കമ്പിളിയിൽനിന്നു നിർഗ്ഗളിയ്ക്കുന്നു; അന്നത്തെ ശബ്ദിപ്പിയ്ക്കുന്നു! 4

ഇന്ദോ, സോമമേ, ഭവാൻ കമ്പിളിയിലണയുന്നു; അന്നങ്ങളിലണയുന്നു; ധനങ്ങളിലണയുന്നു; പശുക്കളിലും ബലങ്ങളിലുമണയുന്നു! 5

ഇന്ദുവേ, സോമമേ, അവിടുന്നു ഞങ്ങൾക്കു നൂറുഗോക്കളോടും മാടുകളോടും അശ്വങ്ങളോടുംകൂടിയ ആയിരം ധനം കൊണ്ടുവന്നാലും! 6

പവമാനസോമം അരിപ്പയിൽനിന്നു ചിക്കെന്നൊഴുകി, ഇന്ദ്രങ്കൽ ചെന്നെത്തുന്നു! 7

സർവോൽക്കൃഷ്ടമായ ഇന്ദു – പണ്ടേ ഉള്ള സോമരസം – സഞ്ചരിഷ്ണുവായ ഇന്ദ്രങ്കൽ ചെല്ലാൻ അരിയ്ക്കപ്പെടുന്നു! 8

മധു തൂകുന്ന സുവീര്യമായ പവമാനത്തെ വിരലുകൾ പിഴിയുന്നു; സ്തോതാക്കൾ വഴിപോലെ സ്തുതിയ്ക്കുന്നു. 9

മേഷവാഹനനായ പൂഷാവു യാത്രയിൽ ഞങ്ങളെ രക്ഷിയ്ക്കട്ടെ; കന്യകന്മാർ ഞങ്ങളോടു ചേരുമാറാകട്ടെ! 10

ഇതാ, സോമം കപർദ്ദിയ്ക്കായി, മത്തുണ്ടാക്കുന്ന നെയ്യുപോലെ ഒഴുകുന്നു. കന്യകന്മാർ ഞങ്ങളോടു ചെരുമാറാകട്ടെ! 11

എങ്ങും വിളങ്ങുന്നവനേ, ഇതാ, അങ്ങയ്ക്കയി പിഴിഞ്ഞതു, പരിശുദ്ധമായ നെയ്യുപോലെ ഒഴുകുന്നു. കന്യകമാർ ഞങ്ങളോടു ചേരുമാറാകട്ടെ! 12

സോമമേ, കവികൾക്കു വാക്കുളവാക്കുന്ന ഭവാൻ ധാരയായൊഴുകിയാലും: ദേവന്മാർക്കു രത്നം കൊടുക്കുന്നവനാണല്ലോ, അവിടുന്നു്! 13

കലശങ്ങലിലെയ്ക്കു പായുന്നു: പരുന്തുകൂട്ടിൽ കടക്കുന്നു – ഒച്ച മുഴക്കിക്കൊണ്ടു ദ്രോണത്തിൽ പൂകുന്നു! 14

സോമമേ, കലശത്തിൽ പിഴിഞ്ഞ ഭവാന്റെ നീരു് പകർന്നു വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ഇതു പരുന്തുപോലെ പറന്നുചെല്ലട്ടെ! 15

സോമമേ, ഇനിപ്പേറിയ ഭവാൻ ഇന്ദ്രന്നായി, ഇമ്പപ്പെടുത്തിക്കൊണ്ടൊഴുകിയാലും! 16

അന്നദാനപരം ദേവകൾക്കു കുടിപ്പാൻ, തേർപോലെ അയയ്ക്കപ്പെടുന്നു. 17

ആ പിഴിയപ്പെട്ടു തിളങ്ങുന്ന അതിമാദകം ഒച്ച പുറപ്പെടുവിയ്ക്കുന്നു! 18

സോമമേ, അമ്മിക്കുഴകൊണ്ടു ചതയ്ക്കപ്പെട്ട ഭവാൻ സ്തുതനായി, സ്തോതാവിന്നു സുവീര്യം നല്കാൻ, അരിപ്പയിലെയ്ക്കു പോകുന്നു. 19

ഇതാ, ചതച്ചു സ്തുതിയ്ക്കപ്പെട്ട രക്ഷോഹന്താവു കമ്പിളിയരിപ്പവിട്ട് ഉൾപ്പൂകുന്നു. 20

ഇവിടെ അരികത്തോ, അകലത്തോ യാതൊരു ഭയം എന്നെ ബാധിയ്ക്കുമോ; പവമാനമേ, അതിനെ ഭവാൻ നശിപ്പിയ്ക്കണം! 21

സർവദ്രഷ്ടാവായ നമ്മുടെ പവമാനൻ തേജസ്സുകൊണ്ടു നമ്മെ ഇപ്പോൾത്തന്നെ വിശുദ്ധിപ്പെടുത്തട്ടെ: പരിശുദ്ധനാണല്ലോ, താൻ! 22

അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളുടെ ഇടയിൽ പരന്നിരിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളുടെ ദേഹം വിശുദ്ധിപ്പെടുത്തിയാലും! 23

അഗ്നേ, അങ്ങയുടെ യാതൊരു തേജസ്സു ജ്യോതിസ്സുകളിൽ വർത്തിയ്ക്കുന്നുവോ; അതുകൊണ്ടു ഭവാൻ ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും – സോമാഭിഷവങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 24

സവിതാവേ, ദേവ, നിന്തിരുവടി തേജസ്സുകൊണ്ടും സവനം കൊണ്ടും – രണ്ടു കൊണ്ടും – എന്നെ എങ്ങും വിശുദ്ധിപ്പെടുത്തിയാലും! 25

ദേവ, സവിതാവേ, സോമമേ, അഗ്നേ, അവിടുന്നു ത്രാണിയുള്ള തടിച്ച, മൂന്നു ശരീരങ്ങൾകൊണ്ടു ഞങ്ങളെ വിശുദ്ധിപ്പെടുത്തിയാലും! 26

ദേവന്മാർ എന്നെ വിശുദ്ധനാക്കട്ടെ; വസുക്കൾ കർമ്മത്താൽ വിശുദ്ധനാക്കട്ടെ; വിശ്വേദേവകളേ, നിങ്ങൾ എന്നെ വിശുദ്ധനാക്കുവിൻ; ജാതവേദസ്സേ, ഭവാൻ എന്നെ വിശുദ്ധനാക്കുക! 27

സോമമേ, അവിടുന്നു തുലോം വർദ്ധിപ്പിച്ചാലും – എല്ലാ ലതകൾക്കൊണ്ടും ദേവന്മാർക്കു് ഉത്തമഹവിസ്സ് ഒഴുക്കിയാലും! 28

ഒച്ചമുഴക്കുന്ന, ആഹുതിവർദ്ധനീയനായ പ്രിയയുവാവിനെ നാം നമസ്സോടേ സമീപിയ്ക്കുക! 29

ദേവ, സോമമേ, എതിരിടുന്നവന്ന് ഒരു കോടാലിയായ ഭവാൻ അവനെത്തന്നെ – ദേവ, സോമമേ, ആ ദ്രോഹിയെത്തന്നെ – നശിപ്പിച്ചാലും; ഇങ്ങോട്ടെഴുനള്ളിയാലും! 30

ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം യാവചിലർ ജപിയ്ക്കുമോ, അവർക്കെല്ലാം വായുവിനാൽ മധുരിതമായ പരിശുദ്ധാന്നം കിട്ടും! 31

ഋഷിമാർ സംഭരിച്ച സത്തായ പാവമാനസൂക്തം ആർ ജപിയ്ക്കുമോ, അവന്നു പാലും നെയ്യും മധുരസവും സരസ്വതി കറന്നുകൊടുക്കും! 32

കുറിപ്പുകൾ: സൂക്തം 67.

[2] അന്നം – നീരാകുന്ന ഹവിസ്സ്.

[4] അന്നത്തെ – തന്റെ നീരിനെ.

[5] അന്നാദികൾ ഞങ്ങൾക്കു കിട്ടിച്ചാലുമെന്നു ഹൃദയം.

[10] ചേരുമാറാകട്ടെ – ഞങ്ങൾക്കു നല്ല കന്യകമാരെയും തരിക എന്നർത്ഥം.

[11] കപർദ്ദി – പൂഷാവ്.

[12] പൂഷാവിനോടു്: പിഴിഞ്ഞതു – സോമരസം.

[13] കവികൾ – സ്തോത്രകാരർ. ദേവന്മാർ – കർമ്മികൾ.

[14] സോമം കലശങ്ങളിലെയ്ക്കു പായുന്നതു, പരുന്തു കൂട്ടിൽക്കടക്കുന്നതു പോലെയാണെന്നു, ലുപ്തോപമ. ദ്രോണം – മൂന്നു പാത്രങ്ങളിലൊന്ന്.

[15] വെയ്ക്കപ്പെട്ടിരിയ്ക്കുന്നു – ചമസങ്ങളിൽ. പറന്നുചെല്ലട്ടെ – ദേവന്മാരുടെ അടുക്കൽ.

[17] അന്നദാനപരം – സോമം. അയയ്ക്കപ്പെടുന്നു – ഋത്വിക്കുകളാൽ.

[18] അതിമാദകം – സോമം.

[20] രക്ഷോഹന്താവ് – സോമം. ഉൾപ്പൂകുന്നു – കലശത്തിൽ.

[23] പവമാനാഗ്നിയോടു്:

[25] സവിതാവേ, ദേവ – സർവപ്രേരകനായ സോമമേ.

[28] വർദ്ധിപ്പിച്ചാലും – ഞങ്ങളെ ഹവിസ്സ് – നീര്.

[29] പ്രിയയുവാവ് – സോമം.

[30] കോടാലിയായ – കോടാലിപോലെ ശത്രുവിനെ വെട്ടിവീഴ്ത്തുന്ന അവനെത്തന്നെ – അനപരാധരായ ഞങ്ങളെയല്ല.

[31] സത്ത് – വേദങ്ങളുടെ സാരം. വായു – അരിപ്പ. മധുരിതം = സ്വാദൂകൃതം.

[32] മധുരസം – മദകരമായ സോമനീർ.

സൂക്തം 68.

ഭലന്ദനപുത്രൻ വത്സപ്രി ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സോമങ്ങൾ ഇന്ദ്രന്നായി, മത്തുപിടിപ്പിയ്ക്കുന്ന നീർ, കറവപ്പൈക്കൾപോലെ ഒഴുകുന്നു; ദർഭയിൽ നില്ക്കുന്ന ഗോക്കൾ ഉമ്പയിട്ടുകൊണ്ടു്, അകിടുകളിൽ പരിശുദ്ധമായ രസം വഹിയ്ക്കുന്നു. 1

ആ ഒച്ചമുഴക്കുന്ന, പച്ചനിറം പൂണ്ട ദേവൻ മുഖ്യസ്തുതികളെക്കുറിച്ചു ശബ്ദം പുറപ്പെടുവിയ്ക്കുന്നു; മുളച്ചുപൊന്തിയവയെ വിടർത്തി സ്വാദുപിടിപ്പിയ്ക്കുന്നു; അരിപ്പ വിട്ട്, അതിവേഗത്തിൽ ഒഴുകുന്നു; ഹന്തവ്യരെ തട്ടിനീക്കുന്നു; വരം നല്കുന്നു. 2

ഈ സോമം തമ്മിൽച്ചേർന്ന ഇരുവരെ വിനിർമ്മിച്ചു; ഒപ്പം വളർന്ന അവരെ, ശക്തകളാക്കാൻ പാൽകൊണ്ടു നനച്ചു; അറ്റമില്ലാത്ത വലുപ്പമുള്ള ഈ ദ്യാവാപൃഥിവികളെ വേർതിരിച്ചു, ചുറ്റും നടന്ന്, അക്ഷയമായ ബലം കൈക്കൊണ്ടു! 3

ആ മേധാവിയായ സോമം ഇരുമാതാക്കളിൽ സഞ്ചരിച്ചു, ജലം പൊഴിച്ച്, അന്നത്തോടുകൂടി സ്വസ്ഥാനം തടിപ്പിയ്ക്കുന്നു; നേതാക്കളാൽ എടുത്തു യവത്തോടു ചേർക്കപ്പെടുന്നു; വിരലുകളോടു ചേരുന്നു; ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു! 4

വളർന്ന മനസ്സോടേ. പിറന്ന കവി, തണ്ണീരിന്റെ ഗർഭമായി മുകളിൽ നിയമപൂർവം നിർത്തപ്പെട്ടു. യുവാക്കളായ രണ്ടു പേരും മുമ്പു തന്നെ അറിയപ്പെട്ടിരിയ്ക്കുന്നു: പകുതി ജനനം ഒളിവിലും പകുതി വെളിയിലുമാക്കുന്നു. 5

മനീഷികൾക്കറിയാം, മാദകമായ സോമത്തിന്റെ രൂപം: പരുന്തു ദൂരത്തുനിന്നു യാതൊരന്നം കൊണ്ടുവന്നുവോ, അതിനെ – വഴിപോലെ വളർന്ന, ദേവകാമമായ, ചുറ്റും നടക്കുന്ന, സ്തുത്യമായ സോമത്തെ – തണ്ണീരുകളിൽ കഴുകുന്നു. 6

സോമമേ, ഋഷിമാർ പിഴിഞ്ഞുവെച്ച അങ്ങയെ സ്തുതിയോടും കർമ്മത്തോടുംകൂടി പത്തുവിരലുകൾ കമ്പിളിയിൽ അരിയ്ക്കുന്നു; ദേവന്മാരെ വിളിയ്ക്കുന്ന നേതാക്കന്മാരാൽ എടുക്കപ്പെട്ട ഭവാൻ ദാനത്തിന്ന് അന്നം തുറക്കുകയും ചെയ്യുന്നു! 7

ചുറ്റും നടക്കുന്ന, കാമ്യമാനമായ, ശോഭനാഗമമായ സോമത്തെ മനീഷികൾ സ്തുതിയ്ക്കുന്നു: ഈ മധുമാൻ തണ്ണീരലയോടുകൂടി വാനിൽനിന്നു പൊഴിയുന്നു; സമ്പത്തടക്കുന്ന ഈ അമർത്ത്യൻ ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 8

ഈ സോമം വാനിൽനിന്നു വെള്ളമെല്ലാം ഇങ്ങോട്ടയയ്ക്കുന്നു; അരിയ്ക്കപ്പെട്ടു കലശങ്ങളിൽ കടക്കുന്നു. അമ്മികളിൽ പിഴിഞ്ഞ് അരിയ്ക്കപ്പെട്ട ഇന്ദു തന്നീരുകൾകൊണ്ടും ഗോരസങ്ങൾകൊണ്ടും ചമയിയ്ക്കപ്പെടുന്നു; അരിയ ധനം കിട്ടിയ്ക്കുന്നു! 9

സോമമേ, കയ്യിലെടുത്തിട്ടുള്ള ഭവാൻ, സേചിയ്ക്കപ്പെടുമ്പോൾത്തന്നെ, ഞങ്ങൾക്കു വിചിത്രമായ ധനം ഒഴുക്കിയാലും! ഞങ്ങൾ ദ്വേഷമില്ലാത്ത ദ്യാവാപൃഥിവികളെ വിളിയ്ക്കാം. ദേവന്മാരേ, നിങ്ങളും ഞങ്ങൾക്കു ധനവും നല്ല വീരരെയും തരുവിൻ! 10

കുറിപ്പുകൾ: സൂക്തം 68.

[1] കറവപ്പൈക്കൾപോലെ – പൈക്കൾ കുട്ടിയ്ക്കു പാൽ ഒഴുക്കുന്നതുപോലെ. രസം – പാലായിത്തീർന്ന സോമരസം. വഹിയ്ക്കുന്നു – ഇന്ദ്രന്നായി.

[2] ശബ്ദം പുറപ്പെടുവിയ്ക്കുന്നു – സ്തുതി നന്നായി എന്നു പറകയാണെന്നു തോന്നും. മുളച്ചുപൊന്തിയവയെ – യ്സസ്യങ്ങളെ. ഹന്തവ്യർ – രാക്ഷസർ. വരം – ധനം. നല്കുന്നു – യജമാനന്മാർക്കു.

[3] ഇരുവർ – ദ്യാവാപൃഥിവികൾ. വിനിർമ്മിയ്ക്കുക – വിശേഷേണ നിർമ്മിയ്ക്കുക. ശക്തകൾ = ത്രാണിയുള്ളവർ. പാൽ – സ്വന്തം നീര്.

[4] ഇരുമാതാക്കൾ – ദ്യാവാപൃഥിവികൾ. യവം – യവമലർപ്പൊടി. ശിഥിലങ്ങളെ രക്ഷിയ്ക്കുന്നു – ന്തളർച്ച പെട്ടവയ്ക്കു സ്വന്തം നീരുകൊണ്ടു വളർച്ച വരുത്തുന്നു.

[5] മുകളിൽ – അന്തരിക്ഷത്തിൽ. നിർത്തപ്പെട്ടു – ദേവന്മാരാൽ. രണ്ടുപേരും – സോമസൂര്യന്മാർ. ഒളിവിലും – രാത്രിയിലും. വെളിവിലും – പകലിലും. സോമൻ രാത്രിയിൽ; സൂര്യൻ പകലിൽ.

[8] കാമ്യമാനം – ദേവന്മാരാൽ കാംക്ഷിയ്ക്കപ്പെടുന്നതു്. പോഴിയുന്നു – കലശത്തിലെയ്ക്ക്. സമ്പത്ത് – ശത്രുധനം.

[10] കയ്യിലെടുത്തിട്ടുള്ള – ധനം.

സൂക്തം 69.

അംഗിരോഗോത്രൻ ഹിരണ്യസ്തൂപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

സ്തുതി, വില്ലിന്മേൽ അമ്പുപോലെ വെയ്ക്കപ്പെടുന്നു; തള്ളയുടെ അകിട്ടിലെയ്ക്കു കന്നെന്നപോലെ അയയ്ക്കപ്പെടുന്നു. തന്തിരുവടി, ഒരു പയസ്വിനിപോലെ, മുമ്പിൽച്ചെന്നു ചുരത്തും. തനിയ്ക്കുള്ള കർമ്മങ്ങളിലും വേണമല്ലോ, സോമം. 1

സ്തുതി ചേർക്കപ്പെടുന്നു; മധു സേചിയ്ക്കപ്പെടുന്നു. മത്തുപിടിപ്പിയ്ക്കുന്ന നീര് തിരുവായിൽ വീഴ്ത്തപ്പെടുന്നു. മത്തുണ്ടാക്കുന്ന പവമാനം, യോദ്ധാക്കളുടെ ശരംപോലെ, പാഞ്ഞു കമ്പിളിയിലണയുന്നു. 2

പച്ചനിറം പൂണ്ട യഷ്ടവ്യനായ സോമം വധൂക്കളോടുകൂടി കമ്പിളിയിൽ ചുറ്റി നടക്കുന്നു; പൃഥിവിയിൽ പിറന്ന മക്കളെ യഷ്ടാവിന്നായി വിടർത്തുന്നു; എടുക്കപ്പെട്ടു കേറുന്നു; കെല്പു മൂർച്ചപ്പെടുത്തി, ഒരു മഹാൻപോലെ ശോഭിയ്ക്കുന്നു! 3

കൂറ്റൻ മുക്രയിടുന്നു, പൈക്കൾ പിറകേ ചെല്ലുന്നു – അതുപോലെ ദേവിമാർ ദേവനെ സമീപിയ്ക്കുന്നു. ആ സോമം വെള്ളക്കമ്പിളി വിട്ടിറങ്ങി, ഒരു കവചമെന്നപോലെ കൂട്ടുപദാർത്ഥം ധരിയ്ക്കുന്നു! 4

പച്ചവർണ്ണമിയന്ന അമർത്ത്യൻ നീരാടിയ്ക്കപ്പെട്ടിട്ട്, അലക്കാഞ്ഞാലും നിറപ്പൊലിമയുള്ള പുടവകൊണ്ടു പുതയ്ക്കുന്നു. പാപങ്ങളെ കഴുകാൻ ആദിത്യനെയും, ദ്യാവാപൃഥിവികൾക്കുടുക്കാൻ തത്തേജസ്സിനെയും താൻ നിർമ്മിച്ചു! 5

സൂര്യരശ്മികൾപോലെ ഒഴുകുന്ന, മത്തുണ്ടാക്കുന്ന, ഉറക്കുന്ന, വ്യാപിയ്ക്കുന്ന സോമനീരുകൾ വസ്ത്രം ഒപ്പമുടുക്കുന്നു: ഇന്ദ്രനൊഴിച്ചു മറ്റൊരു ശരീരത്തിലെയ്ക്കും അവ പോകാറില്ല! 6

ഋത്വിക്കുകളാൽ ഒഴുക്കപ്പെട്ട മദകരങ്ങൾ, നദീജലങ്ങൾ നിമ്നസ്ഥലത്തെയ്ക്കെന്നപോലെ നടകൊള്ളുന്നു; സോമമേ, അങ്ങ് ഞങ്ങളിൽ എഴുന്നള്ളി, ഇരുകാലികൾക്കും നാല്ക്കാലികൾക്കും സുഖം വരുത്തുക; അന്നങ്ങളും ആളുകളും ഞങ്ങളുടെ അടുക്കൽ സ്ഥിതിചെയ്യട്ടെ! 7

അങ്ങ് ഞങ്ങൾക്കു സ്വർണ്ണവും, അശ്വവും, ഗോവും, യവവുമാകുന്ന സുവീര്യമായ ധനം ഒഴുക്കിയാലും: സോമമേ, സ്വർഗ്ഗത്തിന്റെ തലകളും കർമ്മൈകതാനരും ഹവിസ്സുണ്ടാക്കുന്നവരുമായ എന്റെ അച്ഛന്മാരാണല്ലോ, നിങ്ങൾ! 8

ഈ പവമാനസോമങ്ങൾ ഇന്ദ്രങ്കലെയ്ക്കു, തേരുകൾ പോരിലെയ്ക്കെന്നപോലെ പായുന്നു; പിഴിയപ്പെട്ടു, കമ്പിളിയരിപ്പയിൽ കേറിയിറങ്ങുന്നു; ജര വെടിഞ്ഞു, പച്ചക്കുതിരകളായിച്ചമഞ്ഞു മഴയ്ക്കു ചെല്ലുന്നു! 9

ഇന്ദോ, അതീവ സുഖകരനും അനവദ്യനും അരിന്ദമനുമായ ഭവാൻ പെരിയ ഇന്ദ്രന്നായി ഒഴുകിയാലും; സ്തോതാവിന്ന് ഇമ്പപ്പെടുത്തുന്ന സമ്പത്തു കൊണ്ടുവന്നാലും. ദ്യാവാപൃഥിവികളേ, നിങ്ങളും ഞങ്ങളെ ധനംകൊണ്ടു കാത്തരുളുവിൻ! 10

കുറിപ്പുകൾ: സൂക്തം 69.

[1] വെയ്ക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. അയയ്ക്കപ്പെടുന്നു – ഇന്ദ്രങ്കലെയ്ക്ക്. പയസ്വിനിപോലെ – പാലേറിയ പയ്യു കുട്ടിയ്ക്കു പാൽ ചുരത്തിക്കൊടുക്കുന്നതുപോലെ, തന്തിരുവടി (ഇന്ദ്രൻ) സ്തോതാക്കളുടെ മുമ്പിൽ ചെന്ന് അഭീഷ്ടങ്ങൾ നല്കും തനിയ്ക്ക് – ഇന്ദ്രന്ന്.

[2] ചേർക്കപ്പെടുന്നു – പവമാനരൂപനായ ഇന്ദ്രങ്കൽ. മധു – മദകരമായ സോമം. തിരുവായിൽ – ഇന്ദ്രന്റെ.

[3] വധൂക്കൾ – തണ്ണീരുകൾ. മക്കളെ – ഓഷധികളെ. വിടർത്തുന്നു – ഫലവതികളാക്കാൻ തുമ്പത്ത് വിടർത്തുന്നു. കേറുന്നു – പാത്രങ്ങളിൽ.

[4] ദേവിമാർ – സ്തുതികൾ. ദേവനെ – സോമത്തെ. കൂട്ടുപദാർത്ഥം – ക്ഷീരാദി.

[5] നീരാടിയ്ക്ക – കഴുകുക. പുടവ – പാൽ. താൻ – സോമം.

[6] ഉറക്കുന്ന – ശത്രുക്കളെ ദീർഘനിദ്രയിൽ കിടത്തുന്ന, കൊല്ലുന്ന. വസ്ത്രം – അരിപ്പ.

[7] ആളുകൾ – പുത്രാദികൾ. സ്ഥിതിചെയ്യട്ടെ – ഉണ്ടായിവരട്ടെ എന്നർത്ഥം.

[8] തലകൾ – പ്രധാനഭൂതർ. എന്റെ അച്ഛന്മാർ – അംഗിരസ്സുകൾ. നിങ്ങൾ – അങ്ങും അങ്ങയുടെ വർഗ്ഗക്കാരും.

[9] തേരുകൾ – ഇന്ദ്രന്റെതന്നെ. ജര വെടിഞ്ഞു – യുവാക്കളായി (കരുത്തരായി)ത്തീർന്ന്. മഴയ്ക്കു – മഴപെയ്യിയ്ക്കാൻ. പച്ചക്കുതിരകൾ – നിറംകൊണ്ടും, വേഗംകൊണ്ടും.

സൂക്തം 70.

വിശ്വാമിത്രപുത്രൻ രേണു ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

പുരാതനമായ അന്തരിക്ഷത്തിൽ വർത്തിയ്ക്കുന്ന ഇദ്ദേഹത്തിന്നായി ഇരുപത്തൊന്നു കറവപ്പൈക്കൾ യഥാർത്ഥമായ കൂട്ടുപദാർത്ഥം ചുരത്തുന്നു; യജ്ഞത്താൽ വർദ്ധിയ്ക്കുമ്പോൾ ഇദ്ദേഹം വേറേ നാലു മനോജ്ഞജലങ്ങളെ ശുദ്ധീകരണത്തിന്നായി നിർമ്മിയ്ക്കുന്നു. 1

മനോജ്ഞമായ ജലം യാചിയ്ക്കപ്പെട്ടാൽ ദേവൻ വാനൂഴികൾ രണ്ടിനെയും മേധാവ്യാപാരംകൊണ്ടു തുറക്കും; തന്റെ ഇരിപ്പിടം അന്നയുക്തന്മാർ കണ്ടെത്തുന്നതോടേ, അവിടുന്നു തിളങ്ങുന്ന തണ്ണീരുകളെ മഹത്ത്വംകൊണ്ടു മൂടും! 2

തന്തിരുവടിയുടെ അനശ്വരങ്ങളും അഹിംസ്യങ്ങളുമായ രശ്മികൾ ഇരുജഗത്തുകളെയും രക്ഷിയ്ക്കട്ടെ: അവകൊണ്ടാണല്ലോ, താൻ ബലങ്ങളെയും ദേവാന്നങ്ങളെയും പുറപ്പെടുവിയ്ക്കുന്നതു് ഉടൻതന്നെ സ്തുതികൾ ഈ രാജാവിനെ സമീപിയ്ക്കും! 3

നല്ലതു ചെയ്യുന്ന പത്തിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്ന ആ മനുഷ്യദർശി സഹായഭൂതനായി അളക്കാൻ നടുവിലെ അമ്മമാരിൽ സ്ഥിതിചെയ്യുന്നു; മനോജ്ഞമായ ജലത്തിന്നായി കർമ്മങ്ങളെ രക്ഷിച്ചുകൊണ്ട്, ഇരുപ്രജകളെയും ഭരിച്ചുപോരുന്നു! 4

അരിയ്ക്കപ്പെടുന്ന ആ വൃഷാവു (ലോകത്തെ) താങ്ങുന്ന ഇന്ദ്രബലത്തിന്നായി വാനൂഴികളുടെ ഇടയിൽ വർത്തിച്ച്, എങ്ങും നടക്കുന്നു;

കെല്പിനാൽ ദുഃഖകാരികളായ ദുരാത്മാക്കളെ വിളിച്ചു വിളിച്ച്, ഒരെയ്ത്തുകാരൻപോലെ പീഡിപ്പിയ്ക്കുന്നു! 5

അവിടുന്ന് ഇരുമാതാക്കളെ നോക്കി നോക്കി, ഒരു കന്നെന്നപോലെ തുലോം ഒച്ചയിടുന്നു – മരുദ്ഗണംപോലെ ഇരമ്പുന്നു. വെള്ളം സവർഹിതവും പ്രധാനവുമാണെന്നറിയുന്ന ആ സുകർമ്മാവ് പ്രശസ്തിയ്ക്കായി ആരിൽ ചെല്ലും? 6

പേടിപ്പെടുത്തുന്ന വൃഷഭം – സുഷ്ഠുദർശിയായ സോമം – കെല്പിന്നായി, പച്ചനിറമാർന്ന ഇരുകൊമ്പുകളെ മൂർച്ചകൂട്ടിക്കൊണ്ടു മുക്രയിടും; വഴിപോലെ നിർമ്മിയ്ക്കപ്പെട്ട സ്ഥാനത്തു വാണരുളും. തന്തിരുവടിയ്ക്കു കാളത്തോലിലും കമ്പിളിയിലുമത്രേ, ശുചീകരണം. 7

അനഘമായ ദേഹത്തെ ശുചീകരിച്ചു തിളക്കം പൂണ്ട ശ്യാമളവർണ്ണൻ ഉയർന്ന കമ്പിളിയിൽ ഒഴിയ്ക്കപ്പെടുന്നു. പിന്നീടു, സുകർമ്മാക്കൾ മിത്രവരൂണവായുക്കൾക്കു മതിയാവോളം മധു മൂന്നുംകൂട്ടി വെയ്ക്കുന്നു. 8

സോമമേ, വൃഷാവായ ഭവാൻ ദേവകൾക്കു കുടിപ്പാനായി ഒഴുകുക; ഇന്ദ്രന്നു പ്രിയപ്പെട്ട സോമപാത്രം പൂകുക. ഉപദ്രവം വരുന്നതിന്നുമുമ്പു ഞങ്ങളെ അരക്കരുടെ അപ്പുറത്താക്കുക: മാർഗ്ഗജ്ഞൻ ചോദിയ്ക്കുന്നവന്നു വഴികൾ പറഞ്ഞുകൊടുക്കുമല്ലോ! 9

ഇന്ദോ, തെളിയ്ക്കപ്പെട്ട കുതിരപോലെ ഭവാൻ കലശത്തിലെയ്ക്കു നടക്കുക; ഇന്ദ്രന്റെ വയറ്റിൽ കടക്കുക. അറിവുള്ള ഭവാൻ ഞങ്ങളെ തോണികൊണ്ടു പുഴയെന്നപോലെ കടത്തണം – ഒരു ശൂരനെന്നപോലെ പൊരുതി, ഞങ്ങളെ നിന്ദകർക്കപ്പുറത്താക്കണം! 10

കുറിപ്പുകൾ: സൂക്തം 70.

[1] ഇദ്ദേഹം – പവമാനസോമം. കൂട്ടുപദാർത്ഥം – പാൽ. നാലു മനോജ്ഞജലങ്ങൾ – മൂന്നു വസതീവരികളും ഒരു ഏകധനയും.

[2] ദേവൻ – സോമം. മേധാവ്യാപാരം – ബുദ്ധിയെ വ്യാപരിപ്പിയ്ക്കൽ, വിചിന്തനം. അന്നയുക്തന്മാർ – ഋത്വിക്കുകൾ. തുറക്കും – വെള്ളംകൊണ്ടു നിറയ്ക്കുമെന്നർത്ഥം.

[3] ഇരുജഗത്തുകൾ – ചരങ്ങളും അചരങ്ങളും. അവ – രശ്മികൾ. ഉടൻതന്നെ – പിഴിഞ്ഞു കഴിഞ്ഞതോടേ. രാജാവ് – സോമം.

[4] പത്തിനാൽ – പത്തുവിരലുകളാൽ. അളക്കാൻ – ലോകങ്ങളെ. നടുവിലെ അമ്മമാർ – തണ്ണീരുകൾ. ഇരുപ്രജകൾ – ദേവന്മാരും മനുഷ്യരും.

[5] വൃഷാവ് – സോമം. ഇന്ദ്രബലത്തിന്നായി – ഇന്ദ്രന്നു ബലമുണ്ടാക്കാൻ. ദുരാത്മാക്കൾ – അസുരന്മാർ. വിളിച്ച് – യുദ്ധത്തിന്ന്. എയ്ത്തുകാരൻ – ശരപ്രയോഗകുശലനായ ശൂരൻ.

[6] ആ സുകർമ്മാവ് – സോമം. പ്രശസ്തിയ്ക്കായി – സ്തുതി കേൾപ്പാൻ. ആരിൽച്ചെല്ലും? – നമ്മളിലല്ലാതെ അന്യരിൽ പോകില്ല!

[7] പേടിപ്പെടുത്തുന്ന – ശത്രുക്കളെ. വൃഷഭം – അഭീഷ്ടവർഷിയായ സോമം; കാളയെന്നും. ഇരുകൊമ്പുകൾ – രണ്ടു നിർദ്ധാരകൾ. സ്ഥാനത്തു – കലശത്തിൽ.

[8] ഒഴിയ്ക്കപ്പെടുന്നു – ഋത്വിക്കുകൾ പകരുന്നു. സുകർമ്മാക്കൾ – ഋത്വിക്കുകൾ. മധു – മദകരമായ സോമരസം. മൂന്നുംകൂട്ടി – വെള്ളവും തയിരും പാലും ചേർത്ത്.

[10] കുതിരപോലെ – അശ്വം യുദ്ധത്തിലെയ്ക്കെന്നപോലെ. കടത്തണം എന്നതിന്റെ വിവരണമാണ്, അനന്തരവാക്യം.

സൂക്തം 71.

വിശ്വാമിത്രപുത്രൻ ഋഷഭൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ദക്ഷിണ കൊടുക്കപ്പെടുന്നു: പച്ചനിറമിയന്ന ബലവാൻ കലശം പൂകുന്നു; ദ്രോഹിയായ രക്ഷസ്സിൽനിന്ന് ഉണർവോടേ രക്ഷിയ്ക്കുന്നു; അന്തരിക്ഷത്തിൽ ജലം നിർത്തുന്നു; വാനൂഴികൾക്ക് ആച്ഛാദനത്തിന്നും, ശുചീകരണത്തിന്നും മേലാളെ വെയ്ക്കുന്നു! 1

ശത്രുകർശനൻ, ഒരു പടയാളിപോലെ അലറിക്കൊണ്ടു പായുന്നു; തന്റെ ആ അസുരപീഡകമായ പച്ചനിറം പുറപ്പെടുവിയ്ക്കുന്നു. ജര വെടിയുന്നു: അന്നഭൂതൻ ദ്രോണകലശം പ്രാപിയ്ക്കുന്നു; ദേഹം അരിപ്പയിലണയ്ക്കുന്നു! 2

താൻ അമ്മികൾകൊണ്ടും കൈകൾകൊണ്ടും പിഴിയപ്പെട്ട്, ഒരു കാളപോലെയായിച്ചമയുന്നു; സ്തുതിയ്ക്കപ്പെട്ട് അന്തരിക്ഷത്തിലൂടേ ലാത്തുന്നു; മോദിയ്ക്കുന്നു; ചേരുന്നു; സ്തോതാവിന്നു കിട്ടിയ്ക്കുന്നു; വെള്ളംകൊണ്ടു ശുദ്ധിപ്പെടുന്നു; യജ്ഞത്തിൽ പൂജിയ്ക്കപ്പെടുന്നു! 3

കെല്പുറ്റ മദകരങ്ങൾ സ്വർഗ്ഗത്തിൽ വാഴുന്ന മേഘവർദ്ധകനായ പുരന്ദരനെ സേചിയ്ക്കുന്നു; ഹവിസ്സു ഭുജിയ്ക്കുന്ന പൈക്കളാൽ മുന്തിയ അകിട്ടിലെ മുഖ്യവസ്തു മഹത്ത്വംമൂലം ഇന്ദ്രങ്കൽ കലർത്തപ്പെടുന്നു! 4

തന്തിരുവടിയെ ഇരുകൈകളിലെ പത്തുസോദരിമാർ പൃഥിവീ സമീപത്തെയ്ക്ക് ഒരു തേരിനെയെന്നപോലെ തെളിയ്ക്കുന്നു. ഗാഥാകാരന്മാർ അവിടെയ്ക്ക് ഇരിപ്പിടം നിർമ്മിച്ചുകഴിഞ്ഞാൽ, താൻ (പാത്രങ്ങളിൽ) പൂകുന്നു; പയ്യിന്റെ പാലോടും ചേരുന്നു! 5

ദേവൻ സ്വകർമ്മലബ്ധമായ സ്വർണ്ണാസനത്തിലെയ്ക്ക്, ഒരു പരുന്തു പാർക്കുന്ന കൂട്ടിലെയ്ക്കെന്നപോലെ ചെല്ലുന്നു. അപ്പോൾ യജ്ഞത്തിൽ ഈ അരിയ യഷ്ടവ്യൻ സ്തുതിയ്ക്കപ്പെടുന്നു; ഒരു കുതിരപോലെ, ദേവന്മാരുടെ അടുക്കലെയ്ക്കു പായുകയുംചെയ്യുന്നു! 6

വെളിപ്പെട്ടു വിളങ്ങിയ കവി അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു; മൂന്നു മുതുകുള്ള കാള സ്തുതികൾ കേട്ടു മൂളുന്നു. ഒരായിരം കൊണ്ടു പോകലുള്ളവൻ ചെന്ന് ഉൾപ്പൂകുന്നു. വളരെ ഉഷസ്സുകളിൽ ഒരു സ്തോതാവുപോലെ വിളങ്ങുന്നു! 7

തന്തിരുവടിയുടെ വർണ്ണം തിരുമെയ്യിനെ തിളങ്ങിയ്ക്കുന്നു! അതു, ചെന്ന യുദ്ധത്തിൽ പറ്റലരെ തട്ടിനീക്കും. ആ ജലപ്രദൻ ഹവിസ്സുമായി ദേവന്മാരുടെ ഇടയിലെയ്ക്കു പോകുന്നു; നല്ല സ്തുതിയോടും ഗോപ്രാർത്ഥനയോടും ചേരുന്നു! 8

സോമം, ഒരു കാള പൈക്കൂട്ടത്തിലെന്നപോലെ ചുറ്റിനടന്ന് ഒച്ചയിടുന്നു; സൂര്യന്റെ തേജസ്സിനെ വഹിയ്ക്കുന്നു. ഈ ദിവ്യനായ സുപർണ്ണൻ ഭൂമിയെ തൃക്കൺപാർക്കുന്നു; പ്രജകളെ അറിഞ്ഞുനോക്കുന്നു! 9

കുറിപ്പുകൾ: സൂക്തം 71.

[1] ദക്ഷിണ – ഋത്വിക്കുകൾക്കു ഞങ്ങൾ ദക്ഷിണ കൊടുക്കുന്നു. ബലവാൻ – സോമം. മേലാളെ – സൂര്യനെ.

[2] ശത്രുകർശനൻ, അന്നഭൂതൻ എന്നിവ സോമവിശേഷണങ്ങൾ.

[3] ചേരുന്നു – പാത്രങ്ങളോട്. കിട്ടിയ്ക്കുന്നു – ധനാദി.

[4] മദകരങ്ങൾ – സോമങ്ങൾ. മുഖ്യവസ്തു – പാൽ. ഇന്ദ്രൻ – പവമാനേന്ദ്രൻ.

[5] സോദരിമാർ – വിരലുകൾ. പൃഥിവീസമീപം – യജനസ്ഥലം. ഗാഥാകാരന്മാർ – സ്തോതാക്കൾ.

[6] ദേവൻ – സോമം.

[7] കവി – സോമം: അന്തരിക്ഷത്തിൽനിന്നിറങ്ങുന്നു – അരിപ്പയിൽനിന്നു കലശത്തിലെയ്ക്കൊഴുകുന്നു. മൂന്നു മുതുക് – സവനത്രയം. കാള – സോമം. മൂളുന്നു – ശബ്ദം പറപ്പെടുവിയ്ക്കുന്നു. ഒരായിരം – വളരെ ചമസങ്ങളിലെയ്ക്കും മറ്റും. ഉൾപ്പൂകുന്നു – പാത്രങ്ങളിൽ. സ്തോതാവുപോലെ – സശബ്ദനായി.

[8] ഗോപ്രാർത്ഥന – ‘ഞങ്ങൾക്കു ഗോക്കളെയും മറ്റും തരേണമേ’ എന്ന സ്തോതൃയാചനം.

[9] ചുറ്റിനടന്ന് – സ്തുതികളിൽ. വഹിയ്ക്കുന്നു – ആകാശത്തു സൂര്യാത്മനാ സ്ഥിതിചെയ്യുന്നു. സുപർണ്ണൻ – ശോഭനഗമനനായ സോമം.

സൂക്തം 72.

അംഗിരോഗോത്രൻ ഹരിമന്തൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

അരിയ്ക്കപ്പെടുന്ന പച്ചസ്സോമം, ഒരശ്വംപോലെ ചെന്നുചേരുന്നു; കലശത്തിൽ ഗോരസങ്ങൾ തേപ്പിയ്ക്കപ്പെടുന്നു. അവിടുന്ന് ഒലിയുതിർക്കുമ്പോൾ, സ്തോത്രങ്ങളും മുഴങ്ങുന്നു; വളരെ സ്തോത്രം ചൊല്ലുന്നവന്നവന്ന് അദ്ദേഹം അരിമപ്പെട്ട ചിലതു കൊടുക്കും! 1

സോമത്തെ ഇന്ദ്രന്റെ വയറ്റിൽ പകരുമ്പോഴും, ശോഭനഭുജരായ നേതാക്കൾ ആ സ്പൃഹണീയമായ മാദകത്തെ ഒരിടത്തിലെപ്പത്തുകൊണ്ടു് അരിയ്ക്കുമ്പോഴും, പ്രാജ്ഞരായ വളരെപ്പേർ ഒപ്പം ഉരുവിടും! 2

അവിടുന്ന് ഇളവില്ലാതെ ഗവ്യങ്ങളിലെയ്ക്കു കേറും. സൂര്യപുത്രിയുടെ ഓമനസ്വനം മറയ്ക്കും: പുണ്യവചനനാൽ പുകഴ്ത്തപ്പെടും; രണ്ടിടത്തിലെ ചാർച്ചക്കാരായ സോദരിമാരോടിടചേരും! 3

ഋതുവിൽ ജനിച്ചു, നേതാക്കളാൽ അമ്മിമേൽ പിഴിഞ്ഞരിയ്ക്കപ്പെട്ടു വിശുദ്ധമായ, ഗോപതിയായ, പുരാതനമായ ഇന്ദു – മനുഷ്യന്നു യജ്ഞസാധനവും ബഹുകർമ്മയുക്തവുമായ അരുമസ്സോമം – ഇന്ദ്ര, യജ്ഞത്തിൽ അങ്ങയ്ക്കായി മുറിയാതെ ഒഴുക്കുന്നു! 4

ഇന്ദ്ര, നേതാക്കളാൽ കൈക്കൊണ്ടു പിഴിയപ്പെട്ട സോമം അങ്ങയ്ക്കു നുകരാനായി ഒഴുകുന്നു: അങ്ങ് യാഗം മുഴുമിപ്പിയ്ക്കുന്നതും, യജ്ഞത്തിൽ ഊറ്റക്കാരെ തോല്പിയ്ക്കുന്നതും ആരെക്കൊണ്ടോ, ആ ശ്യാമളവർണ്ണൻ, ഒരു പക്ഷി മരത്തിന്മേലെന്നപോലെ ഇരുപലകകളിൽ ഇരിയ്ക്കുന്നു! 5

ശബ്ദിയ്ക്കുന്ന, വാട്ടമില്ലാത്ത, കവിയായ സോമത്തെ കവികളും ബുദ്ധിമാന്മാരുമായ കർമ്മികൾ കറക്കുന്നു: പുനർഭൂക്കളായ പശുക്കളും സ്തുതികളും ഒത്തൊരുമിച്ചു, യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഇതിനോടു ചേരുന്നു. 6

വലിയ വിണ്ണിന്നു താങ്ങായ യാതൊന്നു ഭൂമിയുടെ നാഭിയിൽ, നദീജലൗഘത്തിൽ നനയ്ക്കപ്പെട്ടുവോ; ഇന്ദ്രന്നു വജ്രവും, വൃഷാവും, സമ്പത്തേറിയതുമായ ആ സോമം തിരുവുള്ളത്തിൽ മത്തുണ്ടാക്കാൻ അഴകിൽ ഒഴുകുന്നു! 7

സുകർമ്മാവേ, ആ ഭവാൻ സ്തോതാവിന്നും പകരുന്നവന്നും (ധനം) നല്കാനായി, ഭൂമിയിലെയ്ക്കെമ്പാടും ചിക്കെന്നൊഴുകുക; അങ്ങ് ഞങ്ങളെ തറവാടു പുലർത്തുന്ന ധനത്തിൽനിന്നു വേർപെടുത്തരുത്; മഞ്ഞച്ച വളരെ ദ്രവ്യം ഞങ്ങൾ ഉടുക്കുമാറാകണം! 8

ഇന്ദുവേ, അങ്ങ് ഞങ്ങൾക്കു ഒരുനൂറശ്വങ്ങളെയും ഒരായിരം പശുക്കളെയും പൊന്നും ക്ഷിപ്രം തന്നരുളുക; വളരെ അന്നവും സ്വത്തും ഉളവാക്കുക. പവമാനമേ, ഞങ്ങളുടെ സ്തോത്രത്തിന്നു വന്നാലും! 9

കുറിപ്പുകൾ: സൂക്തം 72.

[1] ചെന്നുചേരുന്നു – ഇന്ദ്രാദികളോട് കലശത്തിൽ – കലശമുൾപ്പുക്കാൽ. ചിലതു – ധനങ്ങൾ.

[2] ഇന്ദ്രന്റെ വയർ – ദ്രോണകലശം. മാദകം – സോമം. ഒരിടത്തിലെപ്പത്തുകൊണ്ടു് – ഒരേകുലത്തിൽ (കൈകളിൽ) പിറന്ന പത്തു വിരലുകൾ. ഉരുവിടും – മന്ത്രങ്ങൾ ജപിയ്ക്കും.

[3] സൂര്യപുത്രി – ഉഷസ്സ്. മറയ്ക്കും – പിഴിയുമ്പോഴത്തെ ശബ്ദാധിക്യം കൊണ്ടു്. പുണ്യവചനനാൽ – സ്തോതാവിനാൽ. രണ്ടിടത്തിലെ (ഇരുകൈകളിലെ) സോദരിമാർ – വിരലുകൾ.

[5] ഊറ്റക്കാർ – ഗർവിഷ്ഠരായ ശത്രുക്കൾ.

[6] പുനർഭൂക്കൾ – വീണ്ടും ജനിച്ചവപോലെ ചൈതന്യം പൂണ്ടവ. യജ്ഞത്തിന്റെ ഉൽപ്പത്തിസ്ഥാനം ഉത്തരവേദി.

[7] ഭൂമിയുടെ നാഭി – ഉത്തരവേദി. വജ്രം – വജ്രംപോലെ വിജയസാധനം. തിരുവുള്ളത്തിൽ – ഇന്ദ്രന്റെ മനസ്സിൽ.

[8] സോമത്തോട്: പകരുക – നീർ പാത്രത്തിലെയ്ക്കൊഴിയ്ക്കുക. മഞ്ഞച്ച – സ്വർണ്ണമയമായ. ഉടുക്കുമാറാകണം – ലഭിയ്ക്കണമെന്നു സാരം.

സൂക്തം 73.

അംഗിരോഗോത്രൻ പവിത്രൻ ഋഷി. ഛന്ദോദേവതകൾ മുമ്പേത്തവ.

കിറിയിൽ പിഴിയുന്ന സോമലതകൾ ശബ്ദം പുറപ്പെടുവിച്ചു; നീരുകൾ യജ്ഞത്തിന്റെ ഉൽപത്തിസ്ഥാനത്ത് ഒത്തുചേർന്നു! പ്രാണദാതാവായ അവിടുന്നു മൂന്നുതലകളെ സഞ്ചാരത്തിന്നുണ്ടാക്കി. സത്യഭൂതന്റെ തോണികൾ സുകർമ്മാവിനെ പൂരിപ്പിച്ചു! 1

കാമയമാനന്മാരായ മഹാന്മാർ ഒത്തൊരുമിച്ചു വഴിപോലെ പിഴിഞ്ഞു; തണ്ണീരുകളിൽ പകർന്നിളക്കി. ആ മധുധാരകളാൽ, സ്തോത്രം ചൊല്ലിക്കൊണ്ടു് ഇന്ദ്രന്റെ അരുമത്തിരുവുടൽ തടിപ്പിച്ചു! 2

വാക്കിങ്കൽ വർത്തിയ്ക്കുന്ന പാവനരശ്മികളൂടെ നാഥനായ പുരാതനൻ കർമ്മത്തെ രക്ഷിയ്ക്കുന്നു: മഹത്തായ അന്തരിക്ഷത്തെ മറച്ച ആ വരുണനെ നിഷ്പ്രയാസം വെള്ളത്തിൽ പകരുവാൻ പ്രാജ്ഞന്മാർ ശക്തരായിത്തീരുന്നു! 3

തന്തിരുവടിയുടെ ആ കാതൽക്കതിരുകൾ വൃഷ്ടിപദത്തിൽ കുനിഞ്ഞുനിന്ന് ഒച്ച മുഴക്കുന്നു. സ്വർഗ്ഗത്തിന്റെ മുകളിൽ, തുമ്പത്തു മധുവുമായി വെവ്വേറെ പാഞ്ഞുനടക്കുന്ന അവ ഇമവെട്ടാറില്ല: ഓരോ സ്ഥലത്തും ചെന്നെത്തി, വലയെറിയും! 4

അച്ഛനമ്മമാരിൽനിന്നു പുറപ്പെട്ട ആ രശ്മികൾ ഋക്കുകളാൽ തിളങ്ങി, കർമ്മഹീനരെ ചുട്ടെരിയ്ക്കും; ഇന്ദ്രനെ ദ്വേഷിച്ച രാത്തൊലിയെ ബുദ്ധികൗശലംകൊണ്ടു മന്നിൽനിന്നും വിണ്ണിൽനിന്നും ആട്ടിപ്പായിയ്ക്കും! 5

സ്തുതിയ്ക്കു വഴങ്ങുന്നവയും, വേഗമേറിയവയുമായി അന്തരിക്ഷത്തിൽനിന്ന് ഒപ്പം പുറപ്പെട്ട ഇവയെ കുരുടരും ചെകിടരുമേ കൈവെടിയൂ: സത്യമാർഗ്ഗത്തിൽ കേറില്ലല്ലോ, പാപികൾ! 6

ആയിരം ജലധാരകളുള്ള പരന്ന പരിപാവനത്തിന്റെ വാക്കിനെ മനീഷികളായ കവികൾ പുകഴ്ത്തിപ്പോരുന്നു; അവർക്കു വശരായിത്തീരുന്നു, ശോഭനമാംവണ്ണം സഞ്ചരിയ്ക്കുന്ന ഗമനശീലരും, അഹിംസ്യരും, നല്ല കാഴ്ചയുള്ളവരും, നേതാക്കളെ നോക്കുന്നവരുമായ രുദ്രപുത്രന്മാർ. 7

അടക്കിനിർത്താവുന്നവനല്ല, യാഗത്തിന്റെ കാവല്ക്കാരനായ സുകർമ്മാവ്: താൻ മൂന്നു പരിശുദ്ധരെ നെഞ്ചിൽ ചേർത്തിരിയ്ക്കുന്നു. അദ്ദേഹം ലോകത്തെയെല്ലാം അറിഞ്ഞുകൊണ്ടു നോക്കുന്നു; കർമ്മിയ്ക്കുവേണ്ടി, അപ്രിയരായ കർമ്മരഹിതരെ മണ്ണുകപ്പിയ്ക്കുന്നു! 8

അരിപ്പയിൽ പരത്തപ്പെട്ട യജ്ഞനൂലു നീണ്ടു വരുണന്റെ നാവിൻതുമ്പത്തെത്തി. ധീമാന്മാർമാത്രം അതിനെ ചെന്നു ചുഴന്നു. കർമ്മത്തിന്നാളല്ലാത്തവൻ ഇവിടെത്തന്നേ വീണടിയും! 9

കുറിപ്പുകൾ: സൂക്തം 73.

[1] കിറി – യജ്ഞത്തിന്റെ ഓഷ്ഠപ്രാന്ത്രം, പലക. അവിടുന്നു – സോമം. മൂന്നുതലകൾ – മൂവുലകങ്ങൾ. സഞ്ചാരത്തിന്ന് – മനുഷ്യദേവാദികൾക്കു സഞ്ചരിപ്പാൻ. സത്യഭൂതന്റെ തോണികൾ – നാലു തളികകൾ. സുകർമ്മാവിനെ പൂരിപ്പിച്ചു – യജമാനന്നു സർവാഭീഷ്ടങ്ങളും നല്കി.

[2] കാമയമാനന്മാർ – സ്വർഗ്ഗാദിഫലകാംക്ഷികൾ. മഹാന്മാർ – ഋത്വിക്കുകൾ.

[3] വാക്ക് – അന്തരിക്ഷശബ്ദം. പുരാതനൻ – സോമം. കർമ്മം – വെളിച്ചം പരത്തുകയാകുന്ന കർമ്മം. രക്ഷിയ്ക്കുന്നു – അനുഷ്ഠിച്ചുപോരുന്നു. മറച്ച – രശ്മികൾകൊണ്ടു മൂടിയ. വരുണൻ – മറയ്ക്കുന്ന സോമം.

[4] കാതൽക്കതിരുകൾ – സാരഭൂതങ്ങളായ രശ്മികൾ. വൃഷ്ടിപദം – അന്തരിക്ഷം. ഒച്ച മുഴക്കുന്നു – മഴ പെയ്യിയ്ക്കുന്നു എന്നു സാരം. തുമ്പത്തു മധുവുമായി – സോമരശ്മികളുടെ അഗ്രഭാഗത്തുനിന്നാണല്ലോ, മധുവുണ്ടാകുന്നത്. ഇമവെട്ടാറില്ല – സദാ പാപികളെയും സുകൃതികളെയും ഉറ്റുനോക്കും. വലയെറിയും – പാപികളെ കുടുക്കാൻ.

[5] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. ഋക്കുകൾ – ഋത്വിക്കുകളുടെ സ്തുതികൾ. രാത്തൊലിയെ – കറുത്ത രക്ഷസ്സിനെ, രാക്ഷസ്സരെ.

[6] ഇവയെ – സോമരശ്മികളെ കണ്ണും ചെവിയുമുള്ളവർ കൈവെടിയില്ല, സ്തുതിയ്ക്കയേ ചെയ്യൂ.

[7] പരിപാവനത്തിന്റെ – ശുദ്ധികരമായ സോമത്തിൽ വർത്തിയ്ക്കുന്ന.

[8] സുകർമ്മാവ് – സോമം. മൂന്നു പരിശുദ്ധർ – അഗ്നിവായുസൂര്യന്മാർ.

[9] യജ്ഞനൂല് – യാഗവസ്ത്രം നെയ്യാനുള്ള നൂലായ സോമം. വരുണന്റെ നാവിൻതുമ്പത്തു – വെള്ളത്തിൽ. അതിനെ – വെള്ളത്തെ. വീണടിയും – ഉദ്ഗതി നേടില്ല.

സൂക്തം 74.

ദീർഗ്ഘതമഃപുത്രൻ കക്ഷീവാൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

ഒരു പെറ്റുവീണ പൈതൽപോലെ, ആർ ജലത്തിൽ ഒലിയിടുമോ; ഒരു കുതിരപോലെ പായുന്ന ആർ സ്വർഗ്ഗത്തിലെയ്ക്കു നടകൊള്ളുമോ; ആർ പാൽ വളർത്തുന്ന വെള്ളവുമായി വാനിൽനിന്നു വന്നെത്തുമോ; അവനോടു ഞങ്ങൾ നല്ല സ്തുതിയാൽ വമ്പിച്ച ഗൃഹം യാചിയ്ക്കുന്നു. 1

വിണ്ണിന്നൂന്നും (മന്നിന്നു) താങ്ങുമായി, പാരം പരന്നു നിറഞ്ഞ ആർ സർവത്ര ചുറ്റിനടക്കുന്നുവോ; ആർ ഈ വലിയ വാനൂഴികളെ വഴിപോലെ യജിച്ചു, കൂട്ടിയിണക്കിനിർത്തിയോ; ആ കവി അന്നങ്ങൾ കല്പിച്ചുനല്കട്ടെ! 2

വെടുപ്പുവരുത്തപ്പെട്ട വളരെസ്സോമമധു, ഭൂമിയുടെ വിശാലമാർഗ്ഗത്തിലൂടേ യജ്ഞത്തിലെഴുന്നള്ളുന്ന നേതാവിന്നു കുടിപ്പാനുള്ളതാണ്: ഈ മഴയുടെ ഉടയോനും, ജലവർഷിയും, ഗോഹിതനുമാണല്ലോ, അവിടുന്ന്; ഇങ്ങാഗമിയ്ക്കുന്ന സ്തുത്യനുമാണല്ലോ, അവിടുന്നു്! 3

സാരവത്തായ പാലും നെയ്യും വാനിങ്കൽനിന്നു കറന്നെടുക്കുന്നു. യജ്ഞത്തിന്റെ നാഭിയായ ജലവും ഉണ്ടാകുന്നു. ആ (സോമത്തെ) ശോഭനദാനന്മാർ ഒത്തൊരുമിച്ചു പ്രീതിപ്പെടുത്തുന്നു. നേതാക്കളായ, രക്ഷിതാക്കളായ അതിന്റെ രശ്മികൾ സംഭൃതമായ ജലം കീഴ്പോട്ടു പൊഴിയ്ക്കുന്നു! 4

സോമം ജലത്തോടു ചേരുമ്പോൾ ശബ്ദിയ്ക്കുന്നു; ദേവരക്ഷകമായ ദേഹത്തെ മനുഷ്യന്നുവേണ്ടി ഒഴുക്കുന്നു. ഭൂമിയുടെ സമീപത്തു ഗർഭം ധരിപ്പിയ്ക്കുന്നു: ഇതിൽനിന്നാണല്ലോ, നമുക്കു പുത്രപൗത്രന്മാരെ കിട്ടുന്നതു്! 5

ആയിരം ജലധാരകളുള്ള മൂന്നാംലോകത്തിൽ വെവ്വേറെ സ്ഥിതിചെയ്യുന്ന പ്രജാവതികളായ നാലു കലകൾ താഴത്തെയ്ക്കു വരട്ടെ: ഇവയാണല്ലോ, ദ്യോവിന്നു താഴേ നിർത്തപ്പെട്ടു വെള്ളം പൊഴിച്ചു, ഹവിസ്സും പയസ്സും ഉളവാക്കുന്നതു്! 6

സ്വർഗ്ഗത്തിലെയ്ക്കു പോകുമ്പോൾ ധവളരൂപം ധരിയ്ക്കുന്നവനും, (അഭീഷ്ട)വർഷിയും ബലവാനുമായ സോമത്തിന്നറിയാം, വളരെദ്ധനം കൊടുപ്പാൻ. തന്തിരുവടി പ്രജ്ഞാനത്താൽ, മികച്ച കർമ്മമനുഷ്ഠിയ്ക്കുന്നു; വാനിൽനിന്നു നീർമുകിലിനെ തുറക്കുന്നു! 7

പില്പാട്, ആ വാജി വെളുത്ത ജലകലശം പൂകാൻ താവളത്തിൽ കേറുന്നു; ദേവകാമന്മാർ മനംകൊണ്ടു സ്തുതികൾ അയയ്ക്കുന്നു; താൻ നൂറുഹേമന്തം കണ്ട കക്ഷീവാന്നു ഗോക്കളെയും! 8

പവമാനസോമമേ, വെള്ളത്തോടു ചേർന്ന ഭവാന്റെ നീര് കമ്പിളിയരിപ്പയിലെയ്ക്കോടുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന പവമാനമേ, അങ്ങനെ കവികളാൽ അരിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രന്നു കുടിപ്പാൻ രുചികരമായിത്തീർന്നാലും! 9

കുറിപ്പുകൾ: സൂക്തം 74.

[1] പൈതൽപോലെ – കുട്ടി കരയുന്നതുപോലെ. ജലത്തിൽ – വെള്ളത്തിൽ പതിയ്ക്കുമ്പോൾ.

[2] ആ കവി – സോമരസം. നല്കട്ടെ – സ്തോതാക്കൾക്കു്.

[3] വിശാലമാർഗ്ഗം – നൂറും ആയിരവും അശ്വങ്ങളോടുകൂടിയ ഇന്ദ്രന്നെഴുന്നള്ളാൻ വഴി വിസ്തീർണ്ണമായിത്തീരുന്നു എന്നർത്ഥം. നേതാവ് – ഇന്ദ്രൻ. ഇങ്ങാഗമിയ്ക്കുന്ന – നമ്മുടെ യജ്ഞത്തിൽ വരുന്ന.

[4] നാഭി – പ്രധാനാംഗം. ശോഭനദാനന്മാർ – ഹവിസ്സു നല്കുന്ന യജമാനന്മാർ. കീഴ്പോട്ടു – ഭൂമിയിലെയ്ക്ക്.

[5] ഒഴുക്കുന്നു – പാത്രങ്ങളിലെയ്ക്ക്. ഗർഭം ധരിപ്പിയ്ക്കുന്നു – ഓഷധികളെ.

[6] മൂന്നാംലോകം – സ്വർഗ്ഗം. പ്രജാവതികൾ – സന്താനദായിനികൾ എന്നർത്ഥം. കലകൾ – തേജോംശങ്ങൾ. പയസ്സും – പാലും.

[8] ആ വാജി – സോമമാകുന്ന അശ്വം. ദേവകാമന്മാർ – ഋത്വിക്കുകൾ താൻ – സോമം. നൂറുഹേമന്തം കണ്ട – ശതവയസ്കനായ. കക്ഷീവാൻ – ഞാൻ.

സൂക്തം 75.

ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

അന്നഹിതനായ മഹാൻ, തന്നെ വളർത്തിയ അരുമത്തണ്ണീരിലെയ്ക്കൊഴുകുന്നു; ശരിയ്ക്കു നോക്കിക്കാണാനായി, – പെരിയ പകലോന്റെ ചുറ്റിനടക്കുന്ന പെരുംതേരിൽ കേറുന്നു! 1

യാഗത്തിന്റെ നാവും ഈ കർമ്മത്തിന്റെ പാലകനുമായ അഹിംസ്യൻ മൂളിക്കൊണ്ട് അരുമമധു ഒഴുക്കുന്നു: സ്വർഗ്ഗത്തിന്റെ തിളക്കത്തിലത്രേ, അച്ഛനമ്മമാർ അറിഞ്ഞിട്ടില്ലാത്ത മൂന്നാംപേര് മകന്നുണ്ടാകുന്നതു്! 2

നേതാക്കളാൽ പൊന്നണിത്തോലിലാക്കപ്പെട്ട ദീപ്തിമാൻ കലശത്തെക്കുറിച്ച് ഒലിക്കൊള്ളുന്നു: തന്തിരുവടിയെ യജ്ഞക്കറവുകാർ പുകഴ്ത്തുന്നു. മൂന്നു മുതുകുകളുള്ള അവിടുന്ന് ഉഷസ്സുകളിൽ വിശേഷേണ വിളങ്ങുന്നു! 3

സ്തുതിപൂർവം അമ്മിയിൽ പിഴിയപ്പെട്ട വിശുദ്ധനായ അന്നഹിതൻ ഇരുതായമാരായ വാനൂഴികളെ പ്രശോഭിപ്പിച്ചുകൊണ്ടു, കമ്പിളിയിലെയ്ക്കൊഴുകുന്നു: തഴച്ച മധുധാരകൾ നാളിൽ നാളിൽ ഒഴുകുന്നു. 4

സോമമേ, അവിടുന്നു സ്വസ്തിയ്ക്കായി ചുറ്റും നടന്നാലും: നേതാക്കളാൽ അരിയ്ക്കപ്പെട്ടു, കൂട്ടുദ്രവ്യം ഉടുത്താലും. കേറിത്തല്ലുന്ന പെരിയ മധുക്കളുണ്ടല്ലോ, അങ്ങയ്ക്ക്; അവകൊണ്ട് ഇന്ദ്രനെ ധനം തരാൻ പ്രേരിപ്പിച്ചാലും! 5

കുറിപ്പുകൾ: സൂക്തം 75.

[1] അന്നഹിതൻ – അന്നവർദ്ധകൻ. മഹാൻ – സോമം. നോക്കിക്കാണ്മാൻ – ലോകത്തെ.

[2] നാവ് – പ്രധാനാംഗം. അഹിംസ്യൻ – സോമം. മൂളിക്കൊണ്ട് – സ്തോതാക്കളുടെ സ്തുതികളെ അഭിനന്ദിയ്ക്കയാണെന്നു തോന്നുമാറു ശബ്ദിച്ചുകൊണ്ട്. മധു – മത്തുണ്ടാക്കുന്ന നീർ. സ്വർഗ്ഗത്തിന്റെ തിളക്കത്തിൽ – സോമം പിഴിയുമ്പോൾ. മൂന്നാംപേർ – ഇട്ട പേരിന്നും വിളിയ്ക്കുന്ന പേരിന്നും പുറമേ, സോമയാജി എന്ന പേർ. മകന്ന് – യജമാനന്ന്. മകൻ സോമയാജിയാകുമെന്ന് അച്ഛനമ്മമാർ നാമകരണാവസരത്തിൽ അറിയില്ലല്ലോ.

[3] പൊന്നണിത്തോൽ – പൊന്മോതിരമിട്ട കയ്യിലെടുത്ത കാളത്തോൽ. ദീപ്തിമാൻ – തിളങ്ങുന്ന സോമം. കലശത്തെക്കുറിച്ച് – കലശത്തിലെയ്ക്കിറങ്ങുമ്പോൾ. യജ്ഞക്കറവുകാർ – യജ്ഞം കറന്നെടുക്കുന്നവർ, ഋത്വിക്കുകൾ. ഉഷസ്സുകൾ – യാഗദിവസങ്ങൾ.

[4] അന്നഹിതൻ – സോമം. തഴച്ച – വെള്ളം കൂട്ടിയതിനാൽ. നാളിൽ നാളിൽ – ദീർഘസത്രങ്ങളിൽ.

[5] നടന്നാലും – പാത്രങ്ങളിലെയ്ക്ക്. കൂട്ടുദ്രവ്യം – ക്ഷീരാദി. കേറിത്തല്ലുന്ന – ശത്രുക്കളെ ചെറുത്തു ഹനിയ്ക്കുന്ന. മധുക്കൾ – മദകരനീരുകൾ. തരാൻ – ഞങ്ങൾക്ക്.

സൂക്തം 76.

ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

താങ്ങായ, ദേവകൾക്കു ബലകരനായ, നേതാക്കളാൽ അഭിനന്ദ്യനായ ഹരിദ്വർണ്ണൻ വാനിൽനിന്ന്, അരിയ്ക്കപ്പെടേണ്ടുന്ന നീരൊഴുക്കുന്നു; സലിലസിക്തനായിട്ട്, ആളുകളാൽ തെളിയ്ക്കപ്പെടുന്ന ഒരു കുതിരപോലെ നിഷ്പ്രയാസം കെല്പെടുക്കുന്നു! 1

ഇന്ദു, ഒരു ശൂരൻപോലെ ഇരുകൈകളിലും ആയുധമെടുക്കുന്നു; ഗോക്കളെത്തിരയുമ്പോൾ, സ്വർഗ്ഗത്തിലെയ്ക്കു പോകാൻ തേരിൽ കേറുന്നു; ഇന്ദ്രന്നു ബലം കൂട്ടുന്നു. കർമ്മകാംക്ഷികളായ മനീഷികളാൽ പിഴിയപ്പെടുന്നു, തേപ്പിയ്ക്കപ്പെടുന്നു. 2

പവമാനസോമമേ, അങ്ങ് ഇന്ദ്രന്റെ വയറ്റിലെയ്ക്കു, തടിപ്പിയ്ക്കാൻ ഓളംവെട്ടി കടന്നാലും! ഞങ്ങൾക്കായി, മിന്നൽമേഘങ്ങളെയെന്നപോലെ വാനൂഴികളെ കറന്നാലും: ഇപ്പോൾ വളരെയന്നം അവിടുന്നു കല്പിച്ചുണ്ടാക്കാറുണ്ടു്! 3

അതുല്യകർമ്മാവായ യാതൊരു സ്തുതിപാലകൻ സൂര്യരശ്മിയാൽ തുടയ്ക്കപ്പെടുന്നുവോ, ആ ഋഷിശ്രേഷ്ഠനായ വിശ്വപ്പെരുമാൾ വിണ്ണുതൃക്കൺപാർക്കുന്ന സത്യരൂപനെ ആരാധിപ്പാനായി നീരൊഴുക്കുന്നു! 4

അന്തരിക്ഷത്തിൽ ഒച്ചയിടുന്ന വൃഷഭനായ ഭവാൻ, ഒരു വൃഷഭം കൂട്ടത്തിലെയ്ക്കെന്നപോലെ, കലശത്തിലെയ്ക്കിറങ്ങുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന ആ ഭവാൻ ഇന്ദ്രന്നായിട്ടാണല്ലോ, നീരൊഴുക്കുന്നതു്; അങ്ങയുടെ രക്ഷയാൽ ഞങ്ങൾ യുദ്ധത്തിൽ ജയിയ്ക്കുമാറാകണം! 5

കുറിപ്പുകൾ: സൂക്തം 76.

[1] താങ്ങ് – എല്ലാറ്റിന്നും. ഹരിദ്വർണ്ണൻ – സോമം. വാന് – അരിപ്പ. ആളുകൾ – സാദികൾ.

[2] ഗോക്കളെ – യജമാനന്നു കൊടുക്കാൻ. തേപ്പിയ്ക്കപ്പെടുന്നു – ഗോരസങ്ങൾകൊണ്ടു്.

[3] വാനൂഴികളെ കറന്നാലും – വേണ്ടതൊക്കെ കറന്നുതന്നാലും.

[4] വിശ്വപ്പെരുമാൾ – സോമം. സത്യരൂപൻ – ഇന്ദ്രൻ.

[5] കൂട്ടം – പൈക്കൂട്ടം.

സൂക്തം 77.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, ഇന്ദ്രന്ന് ഒരു വജ്രവും, വപ്താവെക്കാൾ മുന്തിയ വപ്താവുമായ മധുമാൻ കലശത്തിൽ ഒലിമുഴക്കുന്നു: ഈ സത്യരൂപന്റെ നന്നായി ചുരത്തുന്ന, തണ്ണീരുതിർക്കുന്ന (ധാരകൾ), ഉമ്പയിടുന്ന കറവപ്പൈക്കൾപോലേ നേരിട്ടുചെല്ലുന്നു. 1

അയയ്ക്കപ്പെട്ട പരുന്തു (മൂന്നാം) ലോകത്തെ വകവെയ്ക്കാതെ യാതൊരുവനെ കവർന്നുവോ, ആ പുരാതനൻ വാനിൽനിന്നൊഴുകുന്നു: കീഴ്പോട്ടിറങ്ങിയ അവിടുന്നുതന്നെയാണു്, കൃശാനുവിന്റെ എയ്ത്തു പേടിച്ചു മധുരനീർ വേർപെടുത്തിയതു്! 2

മന്ത്രത്തെ മന്ത്രത്തെ, ഹവിസ്സിനെ ഹവിസ്സിനെ ആർ കൈക്കൊള്ളുന്നുവോ, പണ്ടും ഇന്നുമുള്ള ആ ദർശനീയൻ – ഒരു സ്ത്രീപോലെ അഴകുറ്റ ഇന്ദു – നമുക്കു വളരെ അന്നത്തിന്നും ഗോക്കൾക്കുമായി വന്നെത്തട്ടെ! 3

ഈ പുരുസ്തുതനായ ഇന്ദു നമ്മെ ദ്രോഹിയ്ക്കൻ നോക്കുന്നവരെ, കൂടെ നടക്കുന്ന മനസ്സുകൊണ്ടറിഞ്ഞു നിഹനിയ്ക്കട്ടെ: അവിടുന്നാണെല്ലോ, അഗ്നിസദനത്തിൽ വർത്തിച്ചു ഗർഭം ധരിപ്പിയ്ക്കുന്നതും, വളരെപ്പാലുള്ള പൈക്കൂട്ടത്തിൽ ചെല്ലുന്നതും! 4

കർത്താവും, കർമ്മപടുവും, മഹാനും, അഹിംസ്യനുമായ വരുണൻ പരിചാരകന്നായി നീർ വാനിൽനിന്നൊഴുക്കുന്നു: ഒരശ്വം കാമത്താൽ കൂട്ടത്തിലെന്നപോലെ ഒച്ചയിടുന്ന ഈ സുഹൃത്തായ യജ്ഞാർഹനെ പിഴിഞ്ഞതു്, അരിഷ്ടശാന്തിയ്ക്കാണല്ലോ! 5

കുറിപ്പുകൾ: സൂക്തം 77.

[1] വപ്താവ് – ബീജാവാപം ചെയ്യുന്നവൻ. മധുമാൻ – സോമം. ഈ സത്യരൂപൻ – സോമം.

[2] അയയ്ക്കപ്പെട്ട – തന്റെ അമ്മയാൽ. മൂന്നാംലോകം – സ്വർഗ്ഗം. ആ പുരാതനൻ – സോമം. കൃശാനു – സോമക്കാവല്ക്കാരനായ വില്ലാളി. വേർപെടുത്തിയതു് – സ്വർഗ്ഗത്തോടു്; സ്വർഗ്ഗത്തിൽനിന്നു കൊണ്ടുപോന്നതു്.

[4] അഗ്നിസദനം – വേദി. ധരിപ്പിയ്ക്കുന്നതും – ഓഷധികളെ. പൈക്കൂട്ടത്തിൽ – ശത്രുക്കളാൽ അപഹൃതമായ നമ്മുടെ ഗോവൃന്ദത്തെ വീണ്ടെടുക്കാൻ.

[5] വരുണൻ – ശത്രുനിവാരകനായ സോമം. വാന് – അരിപ്പ. കൂട്ടത്തിൽ – പെൺകുതിരകളുടെ ഇടയിൽ. സുഹൃത്ത് – സർവാനുകൂലൻ.

സൂക്തം 78.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അരചൻ അരുളപ്പാടോടേ ഒഴുകുന്നു; തണ്ണീരുടുത്തു സ്തുതികളിലെയ്ക്കെഴുന്നള്ളുന്നു. ഇദ്ദേഹത്തിന്റെ കരടുകളെ കമ്പിളിത്തുണിയിലെടുക്കുന്നു; അദ്ദേഹം ശുചിയായിട്ടു ദേവന്മാരുടെ വിശുദ്ധസ്ഥാനത്തണയുന്നു! 1

സോമമേ, മനുഷ്യരെ നോക്കുന്ന മഹാനും കവിയുമായ ഭവാനെ നേതാക്കൾ ഇന്ദ്രന്നായി പിഴിയുന്നു, വെള്ളത്തിൽ പകരുന്നു: ഇരുപലകകളിൽ മേവുന്ന ഭവാനു വളരെ വഴികളും, ഒരായിരം പച്ചക്കുതിരകളുമുണ്ടല്ലോ, യാത്രയ്ക്കു്! 2

അന്തരിക്ഷത്തിലെ അപ്സരസ്സുകൾ അകത്തിരുന്നു, മനീഷിയായ സോമത്തിന്റെ നേർക്കൊഴുകുന്നു; അവർ ഈ ഹർമ്മ്യസേക്താവിനെ – പവമാനത്തെ – പോഷിപ്പിയ്ക്കുന്നു; അക്ഷീണമായ സുഖവും അർത്ഥിയ്ക്കുന്നു! 3

നമുക്കായി ഗോക്കളെ അടക്കുന്ന, തേരുകളടക്കുന്ന, പൊന്നടക്കുന്ന, വിണ്ണടക്കുന്ന, വെള്ളമടക്കുന്ന – ഒരായിരമടക്കുന്ന – സോമം അരിയ്ക്കപ്പെടുന്നു: മത്തുപിടിപ്പിയ്ക്കുന്ന, മധുരതരമായ, സുഖകരമായ ഈ തുടുനീരിനെയാണല്ലോ, ദേവന്മാർ കുടിപ്പാൻ വെച്ചിരിയ്ക്കുന്നതു്! 4

പവമാനസോമമേ, ഞങ്ങളിൽ കൂറുള്ള ഭവാൻ ഈ ധനങ്ങളെ തന്നരുളാനാണല്ലോ, ഒഴുകുന്നതു്: അങ്ങ് അരികത്തും അകലത്തുമുള്ള ശത്രുവിനെ ആട്ടിപ്പായിയ്ക്കുക; ഞങ്ങൾക്കു വാരുറ്റ വഴിയും അഭയവും ഉളവാക്കുക! 5

കുറിപ്പുകൾ: സൂക്തം 78.

[1] അരചൻ – സോമം. അരുളപ്പാടോടേ – ശബ്ദിച്ചുകൊണ്ടു്. അരിച്ചു കരടു നീക്കുന്നു എന്നു, മൂന്നാംവാക്യത്തിന്റെ അർത്ഥം.

[2] വഴികൾ – അരിപ്പയുടെ സുഷിരങ്ങൾ. പച്ചക്കുതിരകൾ – ശ്യാമളരസധാരകൾ. യാത്രയ്ക്ക് – ഇന്ദ്രങ്കലെയ്ക്കു പോകാൻ.

[3] അപ്സരസ്സുകൾ – തണ്ണീരുകൾ. അകത്ത് – യാഗശാലയിൽ. അവർ – അപ്സരസ്സുകൾ. ഹർമ്മ്യസേക്താവു് – മാളികപോലെ സുഖകരമായ യജ്ഞഗൃഹത്തെ തൂത്തുതളിയ്ക്കുന്നവൻ, യാഗശാലയിൽ അഭീഷ്ടങ്ങളെ ഉതിർക്കുന്നവൻ.

[5] ഈ ധനങ്ങളെ – മുൻഋക്കിൽ പറഞ്ഞവയെ.

സൂക്തം 79.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യജ്ഞങ്ങളിൽ പിഴിയപ്പെടുന്ന പച്ചസ്സോമങ്ങൾ സ്വയം നമ്മളിൽ വന്നെത്തട്ടെ: നമുക്കു ചോറു തരാത്തവർ നശിച്ചുപോകട്ടെ; ശത്രുക്കളും ഒടുങ്ങട്ടെ; നമ്മുടെ കർമ്മങ്ങളിൽ (ദേവന്മാർ) സംബന്ധിയ്ക്കട്ടെ! 1

മദം പൊഴിയ്ക്കുന്ന സോമവും ധനവും നമ്മളിൽ വന്നണയട്ടെ: എന്നാൽ, നമുക്കു കരുത്തരെ ചെറുക്കാമല്ലോ. നാം ഏതൊരു മനുഷ്യന്റെയും ദ്രോഹം തട്ടിനീക്കി, സദാ സമ്പത്തു സംഭരിയ്ക്കുമാറാകണം! 2

തന്റെ വൈരിയെ നേരിടുന്നവനാണല്ലോ, അവിടുന്ന്; മറ്റു വൈരിയെയും മർദ്ദിയ്ക്കുമല്ലോ, അവിടുന്ന് പവമാനസോമമേ, മരുഭൂമിസ്ഥരെ ദാഹമെന്നപോലെ, ഭവാൻ ആ ദുരാത്മാക്കളെ ആക്രമിച്ച് ഓടിച്ചാലും! 3

സ്വർഗ്ഗത്തിലെ പ്രധാനസ്ഥാനത്തത്രേ, (ഹവിസ്സു) കൈക്കൊള്ളുന്ന ഭവാന്റെ മുഖ്യാംശങ്ങൾ; അവ ഭൂമിയുടെ ഉന്നതപ്രദേശത്തു വിതറപ്പെട്ടിട്ടു മുളയ്ക്കുന്നു. അമ്മികൾ അങ്ങയെ കാളത്തോലിൽ ഉണ്ണുന്നു; മനീഷികൾ അങ്ങയെ കൈകൾകൊണ്ടു വെള്ളത്തിൽ കറക്കുന്നു. 4

ഇന്ദോ, ഇപ്രകാരം സുഭവനവും സുരൂപവുമായ അങ്ങയുടെ നീരിനെ പ്രധാനർ വന്നുചേർന്നു നിർഗ്ഗളിപ്പിയ്ക്കുന്നു. പവമാനമേ, നിന്ദകനെ നിന്ദകനെ അവിടുന്നു നശിപ്പിയ്ക്കണം. ഭവാന്റെ ബലകരവും പ്രിയവുമായ മധു വെളിപ്പെടുമാറാകട്ടെ!5

കുറിപ്പുകൾ: സൂക്തം 79.

[1] സ്വയം – പരപ്രേരണയെന്നിയേ.

[2] കരുത്തർ – ബലവാന്മാരായ ശത്രുക്കൾ.

[3] മറ്റുവൈരിയെയും – ഞങ്ങളുടെ ശത്രുവിനെയും.

[4] ഉന്നതപ്രദേശത്തു – മലയിലും മറ്റും. വെള്ളത്തിൽ – മുക്കിയിട്ട്.

[5] പ്രധാനർ – അമ്മികളോ, അധ്വര്യുക്കളോ. നിന്ദകൻ – ഞങ്ങളെ നിന്ദിയ്ക്കുന്നവൻ. മധു – മത്തുപിടിപ്പിയ്ക്കുന്ന നീര്.

സൂക്തം 80.

ഭരദ്വാജപുത്രൻ വസു ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

നേതാക്കളെ നോക്കുന്ന സോമത്തിന്റെ നീരുകൾ ഒഴുകുന്നു; സമുദ്രങ്ങൾപോലെ സവനങ്ങളിൽ പരക്കുന്നു. അദ്ദേഹം യജ്ഞംകൊണ്ടു സ്വർഗ്ഗത്തിലെ ദേവന്മാരെ വിളിയ്ക്കുന്നു; മന്ത്രരക്ഷകന്റെ സ്തോത്രത്താൽ ഉജ്ജ്വലിയ്ക്കുന്നു! 1

അന്നവാനേ, പൈക്കൾ അങ്ങയെ പുകഴ്ത്തുന്നു. അങ്ങ് സ്വർണ്ണസംസ്കൃതമായ സ്ഥാനത്തു കേറി വിളങ്ങുന്നു. സോമമേ, വൃഷാവായ, മദകരനായ ഭവാൻ ഹവിഷ്മാന്മാർക്ക് ആയുസ്സും വലിയ യശസ്സും വളർത്തിക്കൊണ്ടു്, ഇന്ദ്രന്നായി അരിയ്ക്കപ്പെടുന്നു! 2

തുലോം മത്തുപിടിപ്പിയ്ക്കുന്ന, നീരുടുക്കുന്ന സുമംഗളനെ അന്നത്തിന്നായി ഇന്ദ്രന്റെ വയറ്റിൽ പകരുന്നു. ആ പച്ചനിറമിയന്ന വൃഷാവു ലോകത്തെയെല്ലാം തഴപ്പിയ്ക്കുന്നു; കളിച്ചുനടന്നൊഴുകുന്നു! 3

അതിമാധുരിയും ഒരായിരം നീർദ്ധാരകളുമുള്ള ആ അങ്ങയെ ദേവന്മാർക്കായി നേതാക്കളുടെ പത്തുവിരലുകൾ കറക്കുന്നു: സോമമേ, ആളുകൾ അമ്മിമേലിട്ടു പിഴിഞ്ഞ ഭവാൻ ആയിരമടക്കാനായി, എല്ലാ ദേവന്മാരിലെയ്ക്കും ഒഴുകിയാലും! 4

ആ മാധുര്യമാർന്ന വൃഷാവായ അങ്ങയെ ശോഭനഹസ്തന്റെ പത്തുവിരലുകൾ അമ്മികൊണ്ടു വെള്ളത്തിൽ കറക്കുന്നു; പവമാനസോമമേ, അവിടുന്ന് ഇന്ദ്രനെയും ദേവന്മാരെയും മത്തുപിടിപ്പിയ്ക്കാൻ, കടൽത്തിരപോലെ പോകുന്നു! 5

കുറിപ്പുകൾ: സൂക്തം 80.

[1] മന്ത്രപാലകൻ – സ്തോതാവ്.

[2] പൈക്കൾ – നീരിലെയ്ക്കു പാൽ തരാൻ നില്ക്കുന്ന പൈക്കൾ. സ്തുതിയ്ക്കുന്നു – ഉമ്പയിടുന്നു. സ്വർണ്ണസംസ്കൃതം – പൊന്മോതിരമിട്ട കൈകൊണ്ടു ശുചീകൃതം. ഹവിഷ്മാന്മാർ – യജമാനന്മാർ.

[3] സുമംഗളൻ – സോമം. പകരുന്നു – കർമ്മികൾ.

[4] ആയിരം – ധനം.

സൂക്തം 81.

ഋഷിദേവതകൾ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ.

പവമാനസോമത്തിന്റെ അഴകൊത്ത നീരലകൾ ഇന്ദ്രന്റെ തിരുവയറ്റിലെയ്ക്കോടുന്നു: പൈക്കളുടെ ബലകരമായ തയിരിനാൽ ഉയർത്തപ്പെട്ട ഈ നീരുകൾ ദാനത്തിന്നു ശൂരനെ മത്തുപിടിപ്പിയ്ക്കുന്നു! 1

തേർ വലിയ്ക്കുന്ന കുതിരപോലെ പായുന്ന വൃഷാവായ സോമം കലശത്തിലെയ്ക്ക് ഒഴുകുന്നു. അങ്ങുനിന്നും ഇങ്ങുനിന്നും (യജ്ഞത്തിൽ) വന്നുചേരുന്ന ദേവന്മാരുടെ രണ്ടുതരം പിറവിയും അവിടെയ്ക്കറിയാം! 2

പവമാനസോമമേ, അങ്ങ് ഞങ്ങൾക്കു സമ്പത്തെമ്പാടും വിതറുക; ഇന്ദോ, മഘവാവായ ഭവാൻ മഹത്തായ ധനം തരിക. അന്ന കർത്താവേ, അവിടുന്നു പരിചാരകന്ന് അറിഞ്ഞു സുഖം വരുത്തിയാലും; ഞങ്ങൾക്കു തരേണ്ടുന്നതു ഞങ്ങളിൽനിന്നു ദൂരത്തെയ്ക്കയയ്ക്കരുതേ! 3

സുദാനരായ പൂഷാവും, മിത്രനും, വരുണനും, ബൃഹസ്പതിയും, മരുത്തുക്കളും, വായുവും, അശ്വികളും, ത്വഷ്ടാവും, സവിതാവും, സുന്ദരിയായ സരസ്വതിയും ഒപ്പം നമ്മുടെ പവമാനത്തിൽ വന്നെത്തട്ടെ: 4

എങ്ങും വ്യാപിച്ച ഇരുവാനൂഴികളും, ദേവൻ അര്യമാവും, അദിതിയും, വിധാതാവും, നേതൃസ്തുത്യനായ ഭഗനും, പരന്ന അന്തരിക്ഷവും – ദേവന്മാരെല്ലാവരും പവമാനത്തിൽ സംബന്ധിയ്ക്കും! 5

കുറിപ്പുകൾ: സൂക്തം 81.

[1] ഉയർത്തപ്പെട്ട – വളർത്തപ്പെട്ട. ദാനത്തിന്നു – യജമാനന്ന് അഭീഷ്ടങ്ങൾ കൊടുപ്പാൻ. ശൂരനെ – ഇന്ദ്രനെ.

[2] അങ്ങുനിന്നും ഇങ്ങുനിന്നും – വിണ്ണിൽനിന്നും മന്നിൽനിന്നും.

[3] പരിചാരകന്ന് – പരിചരിയ്ക്കുന്ന എനിയ്ക്ക്.

[4] പവമാനം – അരിയ്ക്കപ്പെട്ട സോമനീർ.

സൂക്തം 82.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പച്ചനിറം പൂണ്ടു പരിലസിയ്ക്കുന്ന സോമം പിഴിയപ്പെട്ടു: ഈ വൃഷാവ്, ഒരു രാജാവിനെപ്പോലെ ദർശനീയനായിട്ടു, വെള്ളത്തിന്നു നേരേ ശബ്ദിയ്ക്കുന്നു; അരിയ്ക്കപ്പെടുമ്പോൾ കമ്പിളിയിൽ ചുറ്റിനടക്കുന്നു; ഒരു പരുന്തുപോലെ, സജലമായ സ്വസ്ഥാനത്തണയുന്നു. 1

സോമമേ, കവിയായ ഭവാൻ കർമ്മേച്ഛയാൽ പൂജനീയമായ അരിപ്പയിൽ കേറുന്നു; വെള്ളമുടുത്തു ചുറ്റിനടക്കുന്നു. പിന്നെ, ഒരു നനയ്ക്കപ്പെട്ട കുതിരപോലെ, യുദ്ധത്തിന്നു പോകുന്നു. അവിടുന്നു ദുരിതം നീക്കി സുഖിപ്പിച്ചാലും! 2

ഇല പടർന്ന ആരുടെ അച്ഛനാണോ പർജ്ജന്യൻ, ആ മഹാൻ ഭൂമിയുടെ നാഭിയിലും മലകളിലും കുടികൊള്ളുന്നു; കൈവിരലുകളാലും, തണ്ണീരുകളാലും അഭിസരിയ്ക്കപ്പെടുന്നു; മനോജ്ഞമായ മഖത്തിൽ കല്ലുകളോടും ചേരുന്നു! 3

സോമമേ, ഭാര്യ ഭർത്താവിനെന്നപോലെ, ഭവാൻ സുഖം വരുത്തുന്നു. മന്നിന്റെ കുഞ്ഞേ, ഞാൻ ചൊല്ലുന്നതു കേട്ടാലും: അവിടുന്നു ജീവനം തരാൻ സ്തുതികൾക്കിടയിൽ ലാത്തുക; സ്തുത്യനായ നിന്തിരുവടി ആപത്തിൽ ഉണർവുകൊള്ളേണമേ! 4

ഇന്ദുവേ, അഹിംസ്യനായ നിന്തിരുവടി പണ്ടുള്ളവർക്കു നൂറും ആയിരവും നല്കിക്കൊണ്ടു, യുദ്ധത്തിൽ ചുറ്റിനടന്നുവല്ലോ; അതുപോലെ, അതിനൂതനമായ അഭ്യുദയത്തിന്നായി ഒഴുകിയാലും! തണ്ണീരുകൾ അങ്ങയുടെ കർമ്മത്തെ സേവിയ്ക്കുന്നു. 5

കുറിപ്പുകൾ: സൂക്തം 82.

[2] യുദ്ധത്തിന്നു – യുദ്ധത്തിൽ ശത്രുക്കളെ ജയിച്ച്, അവരുടെ ധനം ഞങ്ങൾക്കു തരാൻ. ദുരിതം – ഞങ്ങളുടെ.

[3] അച്ഛൻ – പർജ്ജന്യന്റെ വൃഷ്ടിയാണല്ലോ, സോമത്തെ ഉൽപാദിപ്പിയ്ക്കുന്നതു്. ആ മഹാൻ – സോമം. ഭൂമിയുടെ നാഭി – പ്രധാനദേശം. കല്ലുകൾ – അമ്മികൾ.

[4] സുഖം വരുത്തുന്നു – യജമാനന്ന്. ചൊല്ലുന്നതു – സ്തുതികൾ. ആപത്തിൽ – ഞങ്ങൾക്കു ശത്രുബാധ വരുമ്പോൾ, അതു നീക്കാൻ.

സൂക്തം 83.

അംഗിരോഗോത്രൻ പവിത്രൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

ബ്രഹ്മണസ്പതേ, അങ്ങയ്ക്ക് അരിപ്പ നിവുർത്തപ്പെട്ടിരിയ്ക്കുന്നു. പ്രഭുവായ ഭവാൻ അവയവങ്ങളിലെല്ലാം ചുറ്റിനടക്കും. അതു ചൂടേല്ക്കാത്ത അപക്വന്നു കിട്ടില്ല; പാകം വന്ന നിർവാഹകർക്കേ അതു കൈ വരൂ! 1

പരന്തപന്റെ അരിപ്പ സ്വർഗ്ഗപദത്തിൽ നിവുർത്തപ്പെട്ടിരിയ്ക്കുന്നു; അതിന്റെ മിന്നുന്ന നാരുകൾ പലമട്ടിൽ കിടക്കുന്നു. തന്തിരുവടിയുടെ നീരൊഴുക്ക് അരിച്ചവനെ രക്ഷിയ്ക്കും; ഇച്ഛയോടേ സ്വർഗ്ഗത്തിൻമുകളിൽ ചെന്നെത്തും. 2

ഉഷസ്സിന്റെ സൂര്യനായ മുഖ്യൻ ഒളി വീശുന്നു; അന്നത്തിന്നായി വെള്ളം പൊഴിച്ചു ഭുവനത്തെ ഭരിയ്ക്കുന്നു. ഇദ്ദേഹത്തിന്റെ പ്രജ്ഞയാലത്രേ, പ്രജ്ഞാശാലികൾ സൃഷ്ടിയ്ക്കുന്നതും, മനുഷ്യദർശികളായ പിതാക്കൾ ഗർഭം ധരിപ്പിയ്ക്കുന്നതും! 3

സത്യം: ഇദ്ദേഹത്തിന്റെ ഇരിപ്പിടത്തെ ഗന്ധർവൻ കാക്കുന്നു. ഈ മഹാൻ ദേവവർഗ്ഗത്തെ പാലിയ്ക്കുന്നു. ഈ പാശാധിപതി പരിപന്ഥിയെ പാശത്തിൽ കുടുക്കുന്നു. ഇദ്ദേഹത്തിന്റെ മധു അതിസുകൃതികൾക്കേ കുടിയ്ക്കാൻ കിട്ടൂ! 4

ഉദകവൻ, അങ്ങ് ഹവിസ്സായ ഉദകമുടുത്തു, വലിയ ദേവസദനമായ അധ്വരത്തിൽ ചുറ്റിനടക്കുന്നു; അരചനായി അരിപ്പത്തേരിലൂടേ അടരിൽക്കേറുന്നു; ഒരായിരം ആയുധങ്ങൾകൊണ്ടു പെരിയ അന്നം കീഴടക്കുന്നു! 5

കുറിപ്പുകൾ: സൂക്തം 83.

[1] ബ്രഹ്മണസ്പതേ – ഹേ മന്ത്രനാഥ. അവയവങ്ങൾ – കുടിയ്ക്കുന്നവന്റെ. അതു – അരിപ്പ. ചൂടേല്ക്കാത്ത – തപോവ്രതങ്ങളാൽ തപ്തനല്ലാത്ത. നിർവാഹകർ – യജ്ഞം നടത്തുന്നവർ. തപശ്ശക്തിയുള്ളവർക്കേ അങ്ങയെ അരിപ്പാൻ ഭാഗ്യമുണ്ടാകൂ.

[2] അരിച്ചവനെ – യജമാനനെ. ഇച്ഛയോടേ – ദേവന്മാരുടെ അടുക്കൽ പോകാനിച്ഛിച്ച്. ചെന്നെത്തും – ഹോമദ്വാരാ.

[3] സൂര്യാത്മാവായ സോമത്തെ സ്തുതിയ്ക്കുന്നു: മുഖ്യൻ – സോമം. അന്നത്തിന്നായി – ഭുവനത്തിന്നു ഭക്ഷണം കിട്ടാൻ. വെള്ളം പൊഴിച്ചു – മഴ പെയ്ത്. പ്രജ്ഞാശാലികൾ – ദേവന്മാർ; ഇവർക്കു ബലമുണ്ടാകുന്നതു സോമപാനത്താലാണല്ലോ. പിതാക്കൾ – രക്ഷകങ്ങളായ രശ്മികൾ. ഗർഭം ധരിപ്പിയ്ക്കുന്നതും – ഓഷധികളെ.

[4] ഗന്ധർവൻ – ഗന്ധർവനത്രേ, സോമത്തിന്റെ കാവല്ക്കാരൻ. പരിപന്ഥിയെ – നമ്മുടെ ശത്രുവിനെ.

[5] അന്നം – ഞങ്ങൾക്കു തരാൻ.

സൂക്തം 84.

വാക്കിന്റെ പുത്രൻ പ്രജാപതി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.

ദേവന്മാരെ മത്തുപിടിപ്പിയ്ക്കുന്ന, നല്ല കാഴ്ചയുള്ള, ജലദാതാവായ ഭവാൻ ഇന്ദ്രന്നും വരുണന്നും വായുവിന്നുമായി നീരൊഴുക്കിയാലും; ഇന്നു ഞങ്ങൾക്ക് അനശ്വരമായ ധനം ഉളവാക്കിയാലും; പരന്ന നിലത്തു, ദേവന്മാരെക്കുറിച്ച് പാടിയാലും! 1

അമർത്ത്യനായ യാതൊരു സോമം ഭുവനങ്ങളിലെല്ലാം ചെല്ലുകയും, അവിടങ്ങളിൽ ചുറ്റിനടക്കുകയുംചെയ്യുന്നുവോ; ആ ഇന്ദു ചേർത്തുകൊണ്ടും വിടുർത്തുകൊണ്ടും, സൂര്യൻ ഉഷസ്സിനെയെന്നപോലെ, യജ്ഞത്തെ പ്രാപിയ്ക്കുന്നു! 2

ഇച്ഛയാൽ സമ്പത്തടക്കിയ യാതൊരുവൻ ദേവന്മാരെ സുഖിപ്പിയ്ക്കാൻ ഓഷധികളുടെയിടയിൽ രശ്മികളാൽ സൃഷ്ടിയ്ക്കപ്പെടുന്നുവോ; ആ സോമം പിഴിയപ്പെട്ട്, ഇന്ദ്രനെയും ദേവന്മാരെയും മത്തുപിടിപ്പിച്ചുകൊണ്ടു, മിന്നുന്ന നീരൊഴുക്കുന്നു! 3

ഇതാ, ആയിരത്തെ വെന്ന ആ ഇന്ദുവായ സോമം, ഉഷസ്സിലുണർന്നണയുന്ന സ്തുതി ചൊല്ലിച്ചുംകൊണ്ടു നീരൊഴുക്കുന്നു – കാറ്റേറ്റുനീർ പുറപ്പെടുവിയ്ക്കുന്നു; ഇന്ദ്രന്നു സുഖം തോന്നുമാറു കലശങ്ങളിലിരിയ്ക്കുന്നു! 4

സ്തോതാവിന്നെന്തും കിട്ടിയ്ക്കുന്ന, തണ്ണീരിനെ തഴപ്പിയ്ക്കുന്ന ആ സോമനീരിൽ പൈക്കൾ പാൽ കൂട്ടുന്നു; ധനജ്ഞയനും, കർമ്മപടുവും, മേധാവിയും, സർവാന്നസഹിതനുമായ കവിയുടെ നീർ കർമ്മികളാൽ അരിയ്ക്കപ്പെടുന്നു. 5

കുറിപ്പുകൾ: സൂക്തം 84.

[1] പ്രത്യക്ഷോക്തി: പരന്ന നിലത്തു – യാഗശാലയിൽ. പാടിയാലും – ഒച്ച പുറപ്പെടുവിച്ചാലും: അതു കേട്ടു ദേവന്മാർ വന്നെത്തട്ടെ.

[2] ചേർക്കുക – യജമാനനെ ഫലങ്ങളോട്. വിടുർത്തുക – ദുഃഖങ്ങളിൽ നിന്ന്.

[3] ഇച്ഛയാൽ – ദേവപ്രാപ്തികാംക്ഷയാൽ.

[4] ആയിരത്തെ – വളരെ വൈരികളെ. ചൊല്ലിച്ചുംകൊണ്ട് – ഋത്വിക്കുകളെക്കൊണ്ടു്.

സൂക്തം 85.

ഭൃഗുഗോത്രൻ വേനൽ ഋഷി; ജഗതിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

സോമമേ, അങ്ങ് വഴിപോലെ സ്തുതിയ്ക്കപ്പെട്ട്, ഇന്ദ്രന്നായി നീരൊഴുക്കിയാലും: രോഗവും രക്ഷസ്സും വിട്ടുപോകട്ടെ. ഇരുതരക്കാർ അങ്ങയുടെ നീരാൽ മത്തടിച്ചുകൂടാ; ഇന്ദുക്കൾ ഇവിടെ ധനം വളർത്തട്ടെ! 1

പവമാനമേ, അങ്ങ് ഞങ്ങളെ പടയിലിറക്കുക: ദേവന്മാർക്കരികപ്പെട്ട മദകരിയാണല്ലോ, കഴിവുറ്റ ഭവാൻ അങ്ങ് കൂടലരെ ഓടിച്ചാലും; സ്തുതികാമരിൽ വന്നുചേർന്നാലും. ഇന്ദ്ര, നിന്തിരുവടി സോമം കുടിയ്ക്കുക. ഞങ്ങളെ രക്ഷിയ്ക്കുക; ദ്രോഹികളെ പോക്കുക! 2

ഇന്ദുവേ, തുലോം മത്തുപിടിപ്പിയ്ക്കുന്ന അഹിംസിതനായ ഭവാൻ അരിയ്ക്കപ്പെടുന്നു: ഇന്ദ്രന്റെ ആഹാരമാണല്ലോ, സ്വതവേ ശ്രേഷ്ഠനായ ഭവാൻ! ഈ ഭുവനത്തിന്റെ രാജാവിനെ വളരെ മനീഷികൾ സ്തുതിയ്ക്കുന്നു, ഭജിയ്ക്കുന്നു. 3

ആയിരംമട്ടിൽ നയിയ്ക്കുന്ന, നൂറുധാരകളുള്ള, അത്ഭുതകരനായ ഇന്ദു ഇന്ദ്രന്നായി കാമ്യമായ മധു പൊഴിയ്ക്കുന്നു. സോമമേ, നനയ്ക്കുന്നവനേ, അവിടുന്നു നിലമടക്കി, ജലമടക്കി, കേറിയാലും; ഞങ്ങൾക്കു വിശാലമായ മാർഗ്ഗം അരുളിയാലും! 4

സോമമേ, ഒച്ചയിടുന്ന ഭവാൻ കലശത്തിൽ ഗവ്യം തേപ്പിയ്ക്കപ്പെടുന്നു; അരികേ കമ്പിളിയിൽ പൂകുന്നു. അരിയ്ക്കപ്പെടുന്ന ഭവാൻ, ഒരു കുതിരപോലെ ചെന്ന്, ഇന്ദ്രന്റെ വയറ്റിലെയ്ക്കൊഴുകുന്നു! 5

മധുവോലുന്ന അഹിംസ്യനായ ഭവാൻ ദേവഗണത്തിന്നു മധുരിയ്ക്കുമാറ്, ശോഭനാഹ്വാനനാമാവായ ഇന്ദ്രന്നു മധുരിയ്ക്കുമാറ്, മിത്രന്നും വരുണന്നും വായുവിന്നും ബൃഹസ്പതിയ്ക്കും മധുരിയ്ക്കുമാറ് നീരൊഴുക്കിയാലും! 6

അശ്വത്തെ കലശത്തിൽ പത്തുവിരലുകൾ തിരുമ്മുന്നു; മേധാവികൾ സ്തുതി മുഴക്കുന്നു. മത്തുപിടിപ്പിയ്ക്കുന്ന പവമാനസോമം ശോഭനസ്തവത്തിലണയുന്നു; ഇന്ദ്രങ്കൽ പൂക്കുന്നു! 7

പവമാനസോമമേ, അങ്ങ് നല്ല വീര്യവും പരന്ന മേച്ചിൽപ്പുറവും, വിശാലമായ വലിയ ഗൃഹവും കിട്ടിച്ചാലും. ഞങ്ങളുടെ ഈ (കർമ്മം) മുടക്കാൻ ആരും ആളാകരുത്. ഞങ്ങൾ അങ്ങയെക്കൊണ്ടു് ഓരോ ധനവും വെന്നടക്കുമാറാകണം! 8

വിശേഷേണ വീക്ഷിയ്ക്കുന്ന വൃഷാവു വിണ്ണിൽ വാണരുളി; വിണ്ണിന്റെ വിളക്കങ്ങളെ വിവിധമായി പ്രകാശിപ്പിച്ചു. കവിയായ രാജാവു ശബ്ദിച്ചുകൊണ്ടു് അരിപ്പ വിടുന്നു; മനുഷ്യരെ തൃക്കൺപാർത്തു, വിണ്ണിലെ അമൃതൊഴുകുന്നു! 9

മലയിൽ വാണ വർഷകനെ യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ മധുരഭാഷികളായ വേനന്മാർ വെവ്വേറെ പിഴിയുന്നു: വെള്ളത്തിൽ വളർന്ന ആ ഇനിയ നീരിനെ അരിപ്പയിലും, കലശത്തിൽ തണ്ണീരലയിലും പകരുന്നു. 10

സ്വർഗ്ഗത്തിലെയ്ക്കു പറക്കുന്ന സുപർണ്ണനെ വേനന്മാരുടെ വളരെ വാണികൾ മോടിപ്പെടുത്തുന്നു – ഒലിയിട്ടുകൊണ്ടു നിലത്തിരിയ്ക്കുന്ന പൊൻപറവക്കുഞ്ഞിനെ സ്തുതിക്കൾ നക്കുന്നു! 11

ഉയർന്ന ഗന്ധർവൻ ആദിത്യന്റെ രൂപമെല്ലാം നോക്കിക്കൊണ്ടു്, അദ്ദേഹത്തിന്റെ കുടികൊള്ളുന്നു; മിന്നിത്തിളങ്ങുന്ന സൂര്യൻ തെളിഞ്ഞ തേജസ്സുകൊണ്ടു്, അമ്മമാരായ വാനൂഴികളെ വിളങ്ങിയ്ക്കുന്നു! 12

കുറിപ്പുകൾ: സൂക്തം 85.

[1] ഇരുതരക്കാർ – പുറത്തു സത്യം, അകത്തു കപടം എന്ന മട്ടുകാർ, വഞ്ചകർ; ഇവർക്കു കുടിപ്പാൻ കിട്ടരുത്, അങ്ങയുടെ നീർ. ബാക്കി പരോക്ഷം:

[2] സ്തുതികാമരിൽ – സ്തുതിപ്പാനിച്ഛിയ്ക്കുന്ന ഞങ്ങളുടെ അടുക്കൽ.

[3] ഒടുവിലെ വാക്യം പരോക്ഷം: രാജാവിനെ – സോമത്തെ.

[4] നയിയ്ക്കുന്ന – യജമാനരെ കൊണ്ടുനടക്കുന്ന. നിലം – വയൽ. അടക്കി – ഞങ്ങൾക്കുവേണ്ടി കീഴ്പ്പെടുത്തി. കേറിയാലും – അരിപ്പയിൽ.

[6] ശോഭനാഹ്വാനനാമാവായ – ഇന്ദ്രനെ വിളിയ്ക്കുന്നതും, പേരുച്ചരിയ്ക്കുന്നതും ശ്രേയസ്കരമാണല്ലോ.

[7] അശ്വത്തെ – സോമത്തെ.

[9] വീക്ഷിയ്ക്കുന്ന – ലോകത്തെ. വിളക്കങ്ങൾ – നക്ഷത്രാദികൾ. അമൃത് – തന്റെ അതിമധുരമായ നീര്.

[10] യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ – ഹവിർദ്ധാനസ്ഥലത്ത്. മധുരഭാഷികളായ – മധുരമായി സ്തുതിയ്ക്കുന്ന. വേനന്മാർ – എന്റെ കൂട്ടർ.

[11] സുപർണ്ണനെ – സോമത്തെ: പർണ്ണത്തിന്ന് ഇല എന്നും ചിറകെന്നും അർത്ഥമുണ്ടു്. വാണികൾ – സ്തുതികൾ. നിലത്ത് – ഹവിർദ്ധാനസ്ഥലത്ത്. നക്കുന്നു – സുഖിപ്പിയ്ക്കുന്നു.

[12] ഗന്ധർവൻ – സോമം.

സൂക്തം 86.

ആകൃഷ്ട – മാഷർ, സികത – നീവാവരികൾ, പൃശ്ന്യ – നുജർ, എന്നീ ഗണങ്ങളും, ഭൂമിപുത്രൻ അത്രിയും, ഗൃത്സമദനും ഋഷികൾ; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.

പവമാനസോമമേ, അങ്ങയുടെ പരന്ന മനോവേഗികളായ നീരുകൾ, കുതിരക്കുട്ടികൾപോലെ നിഷ്പ്രയാസം ചാടിയോടുന്നു; വാനിൽനിന്നു് അഴകിലൊഴുകുന്ന, തുലോം മത്തുപിടിപ്പിയ്ക്കുന്ന മധുരനീരുകൾ കലശത്തിൽ കടക്കുന്നു. 1

അങ്ങയുടെ പരന്ന മദകരങ്ങളായ രസങ്ങൾ, തേർക്കുതിരകൾപോലെ അഴിച്ചുവിടപ്പെടുന്നു: ആ ഇനിയ സോമനീരുകൾ, കറവപ്പൈക്കൾ കന്നിങ്കലെയ്ക്കെന്നപോലെ, വജ്രിയായ ഇന്ദ്രങ്കലെയ്ക്ക പായുന്നു. 2

ഒരു തെളിയ്ക്കപ്പെടുന്ന കുതിര യുദ്ധത്തിലെന്നപോലെ, സർവജ്ഞനായ ഭവാൻ വാനിൽനിന്നു ജലജനകമായ കലശത്തിലിറങ്ങിയാലും! വൃഷാവായ സോമം താങ്ങായ ഇന്ദ്രന്നുവേണ്ടി, ഉയർന്ന കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെടുന്നു. 3

പവമാനമേ, ഭവാന്റെ പരന്ന, മനോവേഗമിയന്ന ദിവ്യ (ധാരകൾ) പാലോടു ചേർന്നു കലശത്തിലെയ്ക്കിറങ്ങുന്നു: ഋഷിസേവിത, അങ്ങയെ പിഴിഞ്ഞ കർമ്മികളായ ഋഷിമാർ സ്ഥൂലങ്ങളായ അവയെ പാത്രങ്ങളിൽ പകരുന്നു. 4

വിശ്വദർശിൻ, പ്രഭുവായ അങ്ങയുടെ പെരിയ അടയാളം എല്ലാത്തേജസ്സുകളിലും ചുറ്റിനടക്കുന്നു. സോമമേ, വ്യാപിയായ ഭവാൻ ധർമ്മമൊഴുക്കുന്നു. ഉലകിന്നൊക്കെ ഉടമയായ പെരുമാളാണ്, ഭവാൻ! 5

സുസ്ഥിരമായി വർത്തിയ്ക്കുന്ന സോമത്തിന്റെ അടയാളമായ രശ്മികൾ ഇങ്ങും അങ്ങും ചുറ്റിനടക്കുന്നു. അരിപ്പയിൽ അരിയ്ക്കപ്പെട്ടു കഴിഞ്ഞാൽ, ഈ ശ്യാമളവർണ്ണൻ, തന്റെ ഇരിപ്പിടത്തിൽ – കലശങ്ങളിൽ – അടങ്ങിയിരിയ്ക്കും. 6

യാഗത്തിന്റെ അടയാളമായ, സുയജ്ഞമായ സോമം പിഴിയപ്പെടുന്നു; ദേവന്മാരുടെ വെടുപ്പാർന്ന സ്ഥലത്തെയ്ക്കു പോകുന്നു. ആയിരംധാരകളോടുകൂടിയ വൃഷാവ് ഒലിയിട്ടുകൊണ്ട് അരിപ്പ വിട്ടിറങ്ങുന്നു, കലശം പൂക്കുന്നു. 7

രാജാവ് അന്തരിക്ഷത്തിൽ അംഭസ്സുകളിലിറങ്ങുന്നു; വെള്ളത്തിൽ വർത്തിച്ചു നീരലയൊഴുക്കുന്നു; സ്വർഗ്ഗത്തിന്റെ വലിയ താങ്ങായ പവമാനൻ ഭൂമിയുടെ നാഭിയിൽ, ഉയർന്ന കമ്പിളിയിൽ കേറുന്നു. 8

സോമം സ്വർഗ്ഗത്തിന്റെ മേൽവശത്തെ ഒലിക്കൊള്ളിപ്പാനെന്നപോലെ ഒച്ചയിടുന്നു. താനാണല്ലോ, വിണ്ണിന്നും മന്നിന്നും താങ്ങ്! താൻ ഇന്ദ്രന്റെ സഖ്യം നണ്ണി, നീരൊഴുക്കുന്നു; അരിയ്ക്കപ്പെട്ടിട്ടു കലശങ്ങളിലിരിയ്ക്കുന്നു. 9

യാഗത്തിന്റെ വെളിച്ചവും, ദേവന്മാരുടെ രക്ഷിതാവും, ഉൽപാദകനും, ബഹുധനനുമായ സോമം അരിയ മധുവൊഴുക്കുന്നു; തുലോം മത്തുപിടിപ്പിയ്ക്കുന്ന, ഇന്ദ്രനെ തടിപ്പിയ്ക്കുന്ന ആ നീർ വാനൂഴികളിൽ മറഞ്ഞുകിടക്കുന്ന രത്നം (സ്തോതാക്കളിൽ) നിക്ഷേപിയ്ക്കുന്നു! 10

നൂറുധാരകളുള്ള, വിണ്ണുടമയായ, വിചക്ഷണനായ വാജി ശബ്ദിച്ചുകൊണ്ടു കലശത്തിലെയ്ക്കിറങ്ങുന്നു; കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെട്ട, പച്ചനിറം പൂണ്ട വൃഷാവു മിത്രസദനങ്ങളിലിരിയ്ക്കുന്നു. 11

അഗ്ര്യനായ പവമാനൻ തണ്ണീരുകളുടെ മുകളിൽ ചെല്ലുന്നു, വാക്കിന്റെ മുകളിൽ ചെല്ലുന്നു, രശ്മികളുടെ മുകളിൽ ചെല്ലുന്നു; അന്നത്തിന്ന് അടരിലണയുന്നു. ആ ശോഭനായുധനായ വൃഷാവു പിഴിഞ്ഞവരാൽ അരിയ്ക്കപ്പെടുന്നു. 12

ഇതാ, കൊണ്ടാടപ്പെട്ട പവമാനസോമം, ഒരു വിമുക്തപക്ഷിപോലെ, നീരൊഴുക്കിക്കൊണ്ടു കമ്പിളിയിലെയ്ക്കു പോകുന്നു. കവേ, ഇന്ദ്ര, നിന്തിരുവടിയുടെ കർമ്മത്താലും, നിന്തിരുവടിയുടെ ബുദ്ധിയാലും വാനൂഴികളുടെ ഇടയിൽ പരിശുദ്ധം അരിയ്ക്കപ്പെടുന്നു ! 13

വാനിലുരുമ്മുന്ന കവചം ധരിച്ച, യജനീയനായ അന്തരിക്ഷപൂരകൻ അംഭസ്സിൽ അർപ്പിയ്ക്കപ്പെടുന്നു; സ്വർഗ്ഗത്തെ വെളിപ്പെടുത്തിക്കൊണ്ടു, വെള്ളത്തിലൂടേ നീന്തിച്ചെന്ന്, ഇതിന്റെ പുരാതനരക്ഷിതാവിനെ പരിചരിയ്ക്കുന്നു! 14

യാതൊന്നു് അദ്ദേഹത്തെ മുല്പാടു പ്രാപിച്ചുവോ, യാതൊന്ന് അത്യുന്നതമായ ആകാശത്തു കുടികൊള്ളുന്നുവോ, യാതൊന്നിനാൽ അദ്ദേഹം എല്ലാ യുദ്ധങ്ങളിലും ചെന്നണയുന്നുവോ, അത് അദ്ദേഹത്തിന്നു പ്രവേശിപ്പാൻ വലിയ സുഖം ഉളവാക്കുന്നു! 15

ഇന്ദു ഇന്ദ്രന്റെ ഉള്ളറയിൽ കേറുന്നു: സഖാവു സഖാവിന്റെ തിരുവയറിനെ നോവിയ്ക്കാറില്ല. പുരുഷൻ യുവതികളോടേന്നപോലെ, സോമം ഒരു നൂറു തുളകളുള്ള വഴിയിലൂടേ കലശത്തിൽ (തണ്ണീരുകളോടു) ചേരുന്നു! 16

അങ്ങയെ ധ്യാനിയ്ക്കുന്ന സ്തോതാക്കൾ മത്തുണ്ടാക്കുന്ന ശബ്ദത്തിന്നും സ്തുതിയ്ക്കുംവേണ്ടി യാഗശാലകളിൽ പെരുമാറുന്നു – മനസ്സടക്കിയ സ്തോതാക്കൾ സോമത്തെ സ്തുതിയ്ക്കുന്നു; പൈക്കൾ ഇതിൽ പാൽ ചേർക്കുന്നു. 17

ഇന്ദുവേ, പവമാനസോമമേ, യാതൊന്നു ഞങ്ങൾക്ക്, ഒരു നാളിൽ മൂന്നുരു തടവില്ലാതെ, യശസ്സും ഓജസ്സും മാധുര്യവുമുള്ള സുവീര്യത്തെ ചുരത്തുമോ, ആ സൂക്ഷിയ്ക്കപ്പെട്ട അന്നം ഭവാൻ ഞങ്ങൾക്കു ധാരാളം അക്ഷീണം ഒഴുക്കിയാലും! 18

സ്തോതാക്കൾക്ക് അഭീഷ്ടം വർഷിയ്ക്കുന്ന, നല്ല കാഴ്ചയുള്ള, പകലിനെയും ഉഷസ്സിനെയും ദ്യോവിനെയും കൈവളർത്തുന്ന സോമം മനീഷികളാൽ അരിയ്ക്കപ്പെടുന്നു; ഈ ഉദകോൽപാദകൻ ഇന്ദ്രന്റെ ഉള്ളിൽ കടക്കാൻ കലശം പൂകുകയുമായി – 19

പുരാതനനായ കവി മനീഷികളാൽ അരിയ്ക്കപ്പെടുന്നു; നേതാക്കളാൽ പിടിയ്ക്കപ്പെട്ടു കലശത്തിലെയ്ക്കു ശബ്ദിയ്ക്കുന്നു; യഷ്ടാവിന്നു ജലമുളവാക്കിക്കൊണ്ട്, ഇന്ദ്രനോടും വായുവിനോടും സഖ്യം ചെയ്യാൻ മധുവൊഴുക്കുന്നു! 20

ഈ സോമം അരിയ്ക്കപ്പെട്ടിട്ട് ഉഷസ്സുകളെ ഉദ്ഭാസിപ്പിയ്ക്കുന്നു. ഈ ജഗൽകർത്താവു തണ്ണീരുകളാൽ തഴയ്ക്കുന്നു. ഈ മദകരൻ മുവ്വേഴുരുകൂട്ടുദ്രവ്യം കറന്നെടുത്തു, മനം പൂകാൻ അഴകിൽ ഒഴുകുന്നു. 21

സോമമേ, ഇന്ദുവേ, അരിപ്പയിലും കലശത്തിലും വീഴ്ത്തപ്പെട്ട ഭവാൻ ദിവ്യപദങ്ങളിലെയ്ക്കൊഴുകിയാലും: ശബ്ദിച്ചുകൊണ്ടു് ഇന്ദ്രന്റെ വയറ്റിലെയ്ക്കു പോകുന്ന ഭവാനാണല്ലോ, നേതാക്കളാൽ എടുക്കപ്പെട്ടിട്ടു, സൂര്യനെ നഭസ്സിൽ കേറ്റിയത്! 22

ഇന്ദോ, അമ്മികൊണ്ടു പിഴിയപ്പെട്ട ഭവാൻ, ഇന്ദ്രന്റെ കുമ്പയിൽ കടക്കാൻ, അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. വിചക്ഷണ, സോമമേ, അങ്ങു് മനുഷ്യരെ നോക്കുന്നു: അതാണല്ലോ, അംഗിരസ്സുകൾക്കു മല തുറന്നുകൊടുത്തത്! 23

പവമാനസോമമേ, സുകർമ്മാക്കളായ മേധാവികൾ രക്ഷയ്ക്കായി അങ്ങയെ സ്തുതിയ്ക്കുന്നു: ഇന്ദുവേ, സ്വർഗ്ഗത്തിൽനിന്നു പരുന്തു കൊണ്ടു വന്നവനാണല്ലോ, എല്ലാ സ്തോത്രവുമണിഞ്ഞ ഭവാൻ! 24

നീർ കമ്പിളിയിൽ അരിയ്ക്കപ്പെട്ട ഹരിതവർണ്ണനെ ഏഴു ധേനുക്കൾ സമീപിയ്ക്കുന്നു; ആ കവിയെ മഹാന്മാരായ മനുഷ്യർ അന്തരിക്ഷത്തിന്റെ മടിയിൽ, വെള്ളത്തിലിടുന്നു. 25

സോമം അരിയ്ക്കപ്പെട്ടു യഷ്ടാവിന്നു വഴിയെല്ലാം നന്നാക്കാൻ ശത്രുക്കളെ പിന്നിട്ടെഴുന്നള്ളുന്നു: തന്റെ രൂപത്തെ പാലാക്കുന്ന, കമനീയനായ കവി, ഒരശ്വംപോലെ കളിയാടിക്കൊണ്ടു കമ്പിളിയിലിറങ്ങുന്നു. 26

വെവ്വേറെ ചുഴന്ന് ആ ശതധാരകൾ വെള്ളത്തിന്നായി ഹരിതവർണ്ണങ്കലണയുന്നു. ദ്യോവിന്റെ രോചനത്തിൽ, മൂന്നാം മുകളിൽ, വസിയ്ക്കുന്ന ഗോപരീതനെ വിരലുകൾ ശുചീകരിയ്ക്കുന്നു. 27

പവമാനേന്ദുവേ, ഭവാന്റെ ദിവ്യരേതസ്സിൽനിന്നത്രേ, ഈ പ്രജകൾ (ജനിച്ചത്). പാരിന്നെല്ലാം പെരുമാളാണ്, ഭവാൻ. ഈയുലകം ഭവാന്റെ കീഴിലാകുന്നു. മുഖ്യനായ ഭവാനാണ്, ഓരോ ഇടത്തിന്നും താങ്ങ് ! 28

കവേ, ഒരു സമുദ്രമാകുന്നു, സർവജ്ഞനായ ഭവാൻ. ഈ അഞ്ചുപ്രദിക്കുകൾക്കും ഭവാനാണ്, താങ്ങ്: വിണ്ണിനെയും മന്നിനെയും ഭവാൻ ഭരിയ്ക്കുന്നു. ഭവാന്റെ തേജസ്സുകളെയത്രേ, സൂര്യൻ തഴപ്പിയ്ക്കുന്നതു് ! 29

പവമാനസോമമേ, അങ്ങ് ദേവന്മാർക്കുവേണ്ടി, പാരിന്നു താങ്ങായ അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. അങ്ങയെ കാമയമാനരായ പ്രധാനർ കൈക്കൊള്ളുന്നു. അങ്ങയ്ക്കായിട്ടത്രേ, ഈ ജഗത്തെല്ലാം അടങ്ങിനില്ക്കുന്നത്! 30

പച്ചനിറം പൂണ്ട വൃഷാവു ശബ്ദിച്ചുകൊണ്ടു കമ്പിളിയിൽ കേറുന്നു; വെള്ളത്തിൽ ഒലിക്കൊള്ളുന്നു. ധ്യാതാക്കൾ കാംക്ഷിച്ചു സ്തുതിയ്ക്കുന്നു: നിലവിളിയ്ക്കുന്ന കുഞ്ഞിനെ സ്തുതികൾ നക്കുന്നു! 31

ആ പ്രജാപാലകൻ സൂര്യരശ്മികൊണ്ടു പുതയ്ക്കുന്നു. മൂവിഴനൂലിനെ മുഴുമിപ്പിയ്ക്കാൻ പരത്തുന്നു. സത്യകർമ്മാവിന്ന് അതിനൂതനാഭീഷ്ടങ്ങൾ കിട്ടിയ്ക്കാൻ, വെടുപ്പാർന്ന പാത്രത്തിൽ ചെല്ലുന്നു! 32

അംഭസ്സുകളുടെ അരചൻ നീരൊഴുക്കുന്നു; വിണ്ണിന്റെ ഉടയവൻ ഒലിയിട്ടുകൊണ്ടു യജ്ഞമാർഗ്ഗങ്ങളിലൂടേ നടക്കുന്നു; അരിയ്ക്കപ്പെട്ട, ആയിരംധാരകളോടുകൂടിയ, ധനസമേതനായ ഹരിതവർണ്ണൻ ശബ്ദിച്ചുകൊണ്ടു പകർന്നു വെയ്ക്കപ്പെടുന്നു. 33

പവമാനമേ, അങ്ങ്, പൂജനീയനായ സൂര്യൻപോലെ വളരെ വെള്ളം പൊഴിയ്ക്കുന്നു; കമ്പിളിയരിപ്പയിൽ പൂകുന്നു; നേതാക്കളാൽ അമ്മികൊണ്ടും കൈകൾകൊണ്ടും പിഴിഞ്ഞരിയ്ക്കപ്പെട്ടിട്ടു, ധനം നേടാൻ പെരുംപോരിന്നെഴുന്നള്ളുന്നു! 34

പവമാനമേ, അങ്ങ് അന്നവും ബലവും വഹിയ്ക്കുന്നു; ഒരു പരുന്തു കൂട്ടിലെന്നപോലെ, കലശത്തിലിരിയ്ക്കുന്നു. ഇന്ദ്രനെ മത്തുപിടിപ്പിയ്ക്കുന്നതും, സ്വർഗ്ഗത്തിന്ന് ഒരു മികച്ച തൂണും, വിചക്ഷണവുമാകുന്നു, പിഴിയപ്പെട്ട മാദകരസം! 35

വിദ്വാൻ, ജലോൽപാദകൻ, ഗന്ധർവൻ, ദിവ്യൻ, മനുഷ്യദർശി – ഇങ്ങനെ പുതുതായിപ്പിറന്ന ഒരു പൈതലായ സോമത്തെ, അമ്മമാരായ ഏഴു സഹോദരിമാർ, ഭുവനത്തിന്നെല്ലാം ശോഭ വരുത്താൻ (പരിചരിയ്ക്കുന്നു). 36

ഇന്ദോ, ഈശനായ നിന്തിരുവടി പച്ചപ്പെൺകുതിരകളെ പൂട്ടി ഈ ഭുവനങ്ങളിൽ സഞ്ചരിയ്ക്കുന്നു: അവ അങ്ങയുടെ മധുരമായ തെളിനീർ പൊഴിയ്ക്കട്ടെ; സോമമേ, മനുഷ്യർ ഭവാന്റെ കർമ്മത്തിൽ നില്ക്കട്ടെ! 37

പവമാനസോമമേ, ഭവാൻ സർവത്ര മനുഷ്യരെ നോക്കുന്നു; ജലം വർഷിച്ച്, അതിൽ നീന്തുന്നു. ആ നിന്തിരുവടി ഞങ്ങൾക്കു സ്വത്തും സ്വർണ്ണവും ഒഴുക്കുക: ഞങ്ങൾ ലോകത്തിൽ ജീവിച്ചുകൊള്ളട്ടെ! 38

ഇന്ദോ, അംഭസ്സിലർപ്പിയ്ക്കപ്പെട്ട ഭവാൻ ഗോക്കളെ കിട്ടിച്ച്, സ്വത്തു കിട്ടിച്ച്, സ്വർണ്ണം കിട്ടിച്ച്, രേതസ്സു കിട്ടിച്ച് ഒഴുകിയാലും. സോമമേ, സുവീര്യനും സർവജ്ഞനുമാണല്ലോ, അവിടുന്ന്; ആ നിന്തിരുവടിയെ ഇതാ, മേധാവികൾ സ്തുതിച്ചുപാസിയ്ക്കുന്നു! 39

മധുരനീര് സ്തുതികളെ പൊങ്ങിയ്ക്കുന്നു; മഹാൻ തണ്ണീരുടുത്ത് ഇറങ്ങുന്നു. അരിപ്പത്തേരിൽ കേറിയ രാജാവു പോരിലെഴുന്നള്ളുന്നു; വളരെ വളരെ ചുറ്റിനടന്നു വലിയ അന്നം കീഴടക്കുന്നു! 40

ആ സർവഗന്താവു സുഭൃതങ്ങളും സന്താനദായകങ്ങളുമായ സ്തവങ്ങളെയെല്ലാം ഇരവുപകൽ മുഴങ്ങിയ്ക്കുന്നു. ഇന്ദുവേ, കുടിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടു ഞങ്ങൾക്കുവേണ്ടി പ്രജാസമേതമായ അന്നവും, വിശാലഗൃഹസഹിതമായ ധനവും യാചിച്ചാലും! 41

ആ പച്ചനിറമിയന്ന മദകരനായ മനോജ്ഞൻ പകൽപ്പിറപ്പിൽ പണ്ഡിതന്മാരുടേ സ്തുതികളാൽ പള്ളിയുണരുന്നു; രണ്ടുപേരെയും കൊണ്ടുനടന്ന്, മാനുഷവും ദൈവ്യവും നിർവാഹകന്നരുളി, നടുവിലെയ്ക്കു ഗമിയ്ക്കുന്നു! 42

ബലകരനെ തേപ്പിയ്ക്കുന്നു, പലമട്ടിൽ തേപ്പിയ്ക്കുന്നു, വഴിപോലെ തേപ്പിയ്ക്കുന്നു, ഗവ്യംകൊണ്ടു തേപ്പിയ്ക്കുന്നു. വെള്ളത്തിൻമുകളിൽ നീന്തുന്ന ഉക്ഷാവായ പശുവിനെ, അതിൽ സ്വർണ്ണംകൊണ്ടു ശുചീകരിച്ചെടുക്കുന്നു. 43

നിങ്ങൾ പണ്ഡിതനായ പവമാനന്നായി പാടുവിൻ: അദ്ദേഹം, മഹത്തായ മഴപോലെ അന്നം വളർത്തുന്നു. പച്ചനിറം പൂണ്ട വൃഷാവ്, ഒരു പാമ്പുപോലെ ഉറയൂരുന്നു; ഒരു കുതിരപോലെ കളിയാടിക്കൊണ്ടു നടകൊള്ളുന്നു! 44

മുമ്പേ നടക്കുന്ന രാജാവ്, വെള്ളത്തിൽ ശുചീകരിയ്ക്കപ്പെട്ട സോമം, ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ സ്തുതിയ്ക്കപ്പെടുന്നു: ഹരിതവർണ്ണനും, ജലമുതിർക്കുന്ന ഉദകവാനും, ശുഭദർശനനും, നിവാസഹിതനുമായ ആ ജ്യോതീരഥൻ ധനം കിട്ടിപ്പാൻ ഒഴുകുന്നു! 45

വിണ്ണിന്നു നാട്ടിയ ഒരൂന്നായ മദകരൻ പിഴിയപ്പെടുന്നു; മൂന്നിടങ്ങളുള്ള താൻ വെള്ളത്തിലിറങ്ങുന്നു. സ്തോതാക്കളാൽ സ്തുതിക്കപ്പെടുമ്പോൾ ഒലിക്കൊള്ളുന്ന സുരൂപനായ സോമത്തെ പൂജകന്മാർ നുകരുന്നു! 46

ഇന്ദോ, ഭവാന്റെ അരിയ്ക്കുമ്പോൾ നിർത്തപ്പെട്ട ധാരകൾ കമ്പിളിയിൽനിന്നു പാഞ്ഞൊഴുകുന്നു. സോമമേ, ഇരുപലകകളിൽ വെള്ളം തളിച്ചു പിഴിയപ്പെട്ട ഭവാൻ കലശങ്ങളിൽ ഇരിയ്ക്കുന്നു. 47

സോമമേ, സ്തുത്യനും സ്തുതിജ്ഞനുമായ ഭവാൻ ഒഴുക്കിയാലും – കമ്പിളിയിൽ അരുമത്തേൻ ഒഴുക്കിയാലും. ഇന്ദോ, അങ്ങ് തിന്മന്മാരായ രാക്ഷസരെയെല്ലാം പായിയ്ക്കുക. ഞങ്ങൾ സൽപുത്രസമേതരായി യാഗത്തിൽ വളരെച്ചൊല്ലുമാറാകണം! 48

കുറിപ്പുകൾ: സൂക്തം 86.

ആകൃഷ്ടർ എന്നും മാഷർ എന്നും രണ്ടു പേരുകളുള്ള ഒരു ഗണവും, സികതർ എന്നും നീവാരികൾ എന്നും രണ്ടു പേരുകളുള്ള മറ്റൊരു ഗണവും, പൃശ്നികൾ എന്നും അനുജർ എന്നും രണ്ടു പേരുകളുള്ള വെറേ ഒരു ഗണവുമാണു്, ഈ സൂക്തത്തിൽ ആദ്യംമുതൽ പതിപ്പത്ത് ഋക്കുകൾക്കു യഥാക്രമം ഋഷികൾ. 31 മുതൽ 10 ഋക്കുകൾക്കും, ആകൃഷ്ട – മാഷർതന്നെ ഋഷികൾ. 41 മുതൽ 5 ഋക്കുകൾക്ക് അത്രി; ബാക്കി മൂന്നിന്നു ഗൃത്സമദൻ.

[1] വാനിൽനിന്ന് – അരിപ്പയിൽനിന്ന്.

[2] രണ്ടാംവാക്യം പരോക്ഷം:

[3] ദ്വിതീയവാക്യം പരോക്ഷം:

[4] അവ – ധാരകൾ.

[5] അടയാളം – രശ്മികൾ.

[6] ഇങ്ങും അങ്ങും – ഭൂമിയിലും, ആകാശത്തും.

[8] രാജാവ് – സോമം. ഭൂമിയുടെ നാഭി – ഹവിർദ്ധാനസ്ഥലം.

[10] ഉൽപാദകൻ – സർവസ്രഷ്ടാവ്. നിക്ഷേപിയ്ക്കുന്നു – കൊടുക്കുന്നു.

[11] മിത്രസദനങ്ങൾ – യജ്ഞഗൃഹങ്ങൾ.

[12] വാക്ക് – അന്തരിക്ഷശബ്ദം. വൃഷാവ് – സോമം.

[13] വിമുക്തപക്ഷിപോലെ – വിട്ടയയ്ക്കപ്പെട്ട പക്ഷി വെക്കം പറന്നുപോകുന്നതുപോലെ. പരിശുദ്ധം – സ്വതശ്ശുദ്ധമായ സോമം.

[14] കവചം – തേജസ്സ് എന്നർത്ഥം. അന്തരിക്ഷപൂരകൻ – അന്തരിക്ഷത്തെ വെള്ളംകൊണ്ടു നിറയ്ക്കുന്ന സോമം. ഇതിന്റെ – വെള്ളത്തിന്റെ. പുരാതന രക്ഷിതാവിനെ – ഇന്ദ്രനെ.

[15] അദ്ദേഹത്തെ – ഇന്ദ്രനെ. മുല്പാടു – മറ്റു ദേവന്മാരെ പ്രാപിയ്ക്കുന്നതിന്നുമുമ്പു്. അതു് – ആ സോമം.

[16] ഉള്ളറ – ഉദരമെന്നർത്ഥം. സഖാവിന്റെ – ഇന്ദ്രന്റെ.

[17] പ്രത്യക്ഷോക്തി: ഇതിൽ – സോമനീരിൽ.

[18] സുവീര്യത്തെ – സത്സന്താനത്തെ.

[20] കലശത്തിലെയ്ക്കു – കലശം പൂകാൻ.

[21] മുവ്വേഴുരു – ഇരുപത്തൊന്നു പൈക്കളിൽനിന്ന്. കൂട്ടുദ്രവ്യം – പാൽ. കറന്നെടുത്തു – ഋത്വിക്കുകളുടെ കറക്കൽ സോമത്തിന്റെതാക്കി ഉപചരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മനം – ഇന്ദ്രഹൃദയം.

[22] വീഴ്ത്തുക = പകരുക. ദിവ്യപദങ്ങളിലെയ്ക്ക് – ദേവന്മാരുടെഇടയിലെയ്ക്ക്. എടുക്കപ്പെട്ടിട്ടു – ഹോമിയ്ക്കപ്പെട്ടിട്ട് എന്നർത്ഥം.

[23] മല – പൈക്കളെ ഒളിപ്പിച്ച പർവതഗുഹ.

[25] ധേനുക്കൾ – കറവപൈക്കൾ; അല്ലെങ്കിൽ നദികൾ.

[26] പാലാക്കുന്ന – സ്വാദൂകരിയ്ക്കുന്ന.

[27] ശതധാരകൾ – സൂര്യരശ്മികൾ. മൂന്നാം മുകളിൽ – സ്വർഗ്ഗത്തിൽ. ഗോപരീതനെ – പൈക്കളാൽ പരിവൃതനായ സോമത്തെ.

[29] സമുദ്രം – വൃഷ്ടിഹേതു എന്നർത്ഥം. അഞ്ചുപ്രദിക്കുകൾ – നാലു ദിക്കുകളും, ആകാശവും. സൂര്യൻ തഴപ്പിച്ചുപോരുന്ന തേജസ്സ് ഭവാന്റേതാകുന്നു.

[30] പാരിന്നു താങ്ങായ – സോമനീരരിയ്ക്കുക എന്നതില്ലെങ്കിൽ, ലോകം നീരാധാരമായിപ്പോകും! പ്രധാനർ – ഋത്വിക്കുകൾ.

[31] കാംക്ഷിച്ചു – യജ്ഞകാമരായി. നക്കുന്നു – പൈക്കൾപോലെ എന്ന് ഉപമ വ്യഞ്ജിയ്ക്കുന്നു.

[32] പ്രജാപാലകൻ – സോമം. മൂവിഴനൂൽ – സവനത്രയോപേതമായ യജ്ഞം. പരത്തുന്നു – നെയ്യുന്നു. സത്യകർമ്മാവ് – യജ്വാവ്.

[35] ഇന്ദ്രനെ എന്നാദിയായ വാക്യം പരോക്ഷം: വിചക്ഷണം – നന്നായി കാണുന്നതു്.

[36] ഗന്ധർവൻ – ഉദകധരൻ. ഏഴു സഹോദരിമാർ – സപ്തനദികൾ.

[37] പച്ചപ്പെൺകുതിരകൾ – തന്റെ ചെടികൾ.

[40] പരോക്ഷോക്തി: മഹാൻ – സോമം. ഇറങ്ങുന്നു – കലശത്തിൽ.

[41] ആ സർവഗന്താവ് – എല്ലാവരിലും ചെല്ലുന്ന സോമം. രണ്ടാംവാക്യം പ്രത്യക്ഷം:

[42] രണ്ടുപേരെയും – സ്തോതാവിനെയും യഷ്ടാവിനെയും. മാനുഷവും ദൈവ്യവും – മനുഷ്യരുടെ ധനവും, ദേവന്മാരുടെ ധനവും. നിർവാഹകന്നരുളി – യജമാനന്നു കൊടുത്ത്: നടുവിലെയ്ക്കു – വാനൂഴിമധ്യത്തിലെയ്ക്ക്.

[43] ഉക്ഷാവ് – സേക്താവ് എന്നും, കാള എന്നും രണ്ടർത്ഥം. പശു – ദ്രഷ്ടാവ്, സോമം.

[44] ഋത്വിക്കുകളോട്: ഉറ – തൊലി. നടകൊള്ളുന്നു – കലശത്തിലെയ്ക്ക്.

[45] ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ – സോമ (ചന്ദ്ര)ക്ഷയവൃദ്ധികൾക്കധീനങ്ങളാണല്ലോ, ദിവസങ്ങൾ. ജ്യോതീരഥൻ = ജ്യോതിസ്സാകുന്ന രഥത്തോടുകൂടിയവൻ.

[48] ചൊല്ലുമാറാകണം – സ്തോത്രങ്ങൾ.

സൂക്തം 87.

കവിപുത്രൻ ഉശനസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.

അങ്ങ് വെക്കം പായുക: കലശത്തിലിരിയ്ക്കുക. നേതാക്കന്മാരാൽ അരിയ്ക്കപ്പെട്ട നിന്തിരുവടി അന്നമൊഴുക്കിയാലും. ബലവാനായ ഭവാനെ, ഒരശ്വത്തെയെന്നപോലെ തുടച്ചു, കടിഞ്ഞാണുകൾകൊണ്ടു യജ്ഞത്തിലെയ്ക്കു കൊണ്ടുപോകുന്നു! 1

ശോഭനായുധനായി, രക്ഷോഹന്താവായി, ഉപദ്രവശമനനായി, ദേവന്മാർക്കു പാലകനും ജനകനുമായി, സുബലനായി, ദ്യോവിന്നൂന്നും ഭൂവിന്നു താങ്ങുമായ ഇന്ദുദേവൻ നീരൊഴുക്കുന്നു! 2

മേധാവിയും, ആളുകൾക്ക് ഒരു പുരോഗാമിയും, അതിഭാസുരനും, ധീരനുമായ ഉശനസ്സ് എന്ന ഋഷി ഈ പൈക്കളിൽ മറച്ചുവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗോപ്യമായ ജലം കാവ്യംകൊണ്ടു കൈവരുത്തുന്നു! 3

ഇന്ദ്ര, ഇതാ, വൃഷാവായ നിന്തിരുവടിയ്ക്കു വൃഷാവും മധുരവുമായ സോമം അരിപ്പയിൽ ഒഴുകുന്നു: നൂറും ആയിരവും അധികവും നല്കുന്ന ഈ ബലവാൻ എന്നെന്നും യജ്ഞത്തിൽ സ്ഥിതിചെയ്യും! 4

ഇതാ, അനേകഗവ്യങ്ങൾ ചേർക്കാൻ അരിപ്പയിൽ അരിച്ച സോമങ്ങളെ വലിയ അന്നത്തിന്നും അമൃതിന്നുമായി, തീറ്റ തേടുന്ന യുദ്ധവിജയികളായ അശ്വങ്ങളെയെന്നപോലെ അയയ്ക്കുന്നു. 5

ഈ അരിയ്ക്കപ്പെട്ട പുരുഹൂതൻ ആളുകൾക്ക് എല്ലാ ഭോജനവും പരത്തുന്നു. പരുന്തു കൊണ്ടുവന്നവനേ, അങ്ങ് അന്നങ്ങൾ കൊണ്ടുവന്നാലും: ധനദാതാവായ ഭവാൻ അന്നമൊഴുക്കിയാലും! 6

ഇതാ, പിഴിയപ്പെട്ട, നടമിടുക്കും നിലയുറപ്പുമുള്ള സോമം, ഒരു വിടപ്പെട്ട കുതിരപോലെയും, മൂർച്ചയുള്ള കൊമ്പുകൾ അണയ്ക്കുന്ന ഒരു പോത്തുപോലെയും, ഗോക്കളെത്തേടുന്ന ഒരു ശൂരൻപോലെയും അരിപ്പയിലെയ്ക്കു പായുന്നു! 7

സോമനീര് മുകളിൽനിന്നു പോന്നു, മലയുടെ ഏതോ സ്ഥലത്തുനിന്നിരുന്ന ഗോക്കളെ കണ്ടുപിടിച്ചു. ഇന്ദ്ര, ഇതു, വാനിൽനിന്നു കാർമിന്നൽപോലെ ശബ്ദിച്ചുകൊണ്ട്, അങ്ങയ്ക്കായി ഒഴുകുന്നു! 8

സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടൊന്നിച്ച് ഒരേ തേരിൽ ഗോഗണത്തിലെയ്ക്കു പോവുകയുംചെയ്യുന്നു. ക്ഷിപ്രദാതാവേ, അന്നയുക്ത, സ്തുതിയ്ക്കപ്പെടുന്ന നിന്തുരവടി, നിന്തിരുവടിയുടെ ആ പെരിയ അങ്ങങ്ങൾ ധാരാളം തന്നാലും! 9

കുറിപ്പുകൾ: സൂക്തം 87.

[1] തുടച്ചു – ശുദ്ധീകരിച്ച്. കടിഞാണുകൾ – കൈവിരലുകൾ. കൊണ്ടു പോകുന്നു – അധ്വര്യപ്രഭൃതികൾ.

[3] ഋഷി – ഞാൻ. ജലം – പാൽ. കാവ്യം – സ്തോത്രം.

[6] രണ്ടും മൂന്നും വാക്യം പ്രത്യക്ഷം:

[7] അണയ്ക്കുന്ന – മൂർച്ചകൂട്ടുന്ന.

[8] ഗോക്കളെ – അസുരന്മാരാൽ അപഹരിയ്ക്കപ്പെട്ടവയെ.

[9] ഗോഗണം – അസുരാപഹൃതമായ ഗോവൃന്ദം.

സൂക്തം 88.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്ര, ഇതാ, സോമം അങ്ങയ്ക്കായി പിഴിയുന്നു, അങ്ങയ്ക്കായി അരിയ്ക്കുന്നു: ഇതു ഭവാൻ കുടിച്ചാലും. അങ്ങാണല്ലോ, ഈ ഇന്ദുവിനെ നിർമ്മിച്ചതു്; അങ്ങാണല്ലോ, സോമത്തെ മത്തിന്നും തുണയ്ക്കുമായി വരിച്ചതും! 1

ഇതാ, ഒരു തേരുപോലെ വളരെച്ചുമക്കുന്ന ആ മഹത്തായ സോമം പെരുതു ധനം തരാൻ പൂട്ടപ്പെടുന്നു: പൊരുതേണ്ടുന്ന പോരിൽ മനുഷ്യജാതിയെല്ലാം ഉന്മുഖമായി ഇതിനെ പ്രാപിയ്ക്കട്ടെ! 2

സോമമേ, ഭവാൻ, നിയുത്ത്വനായ വായുപോലെ യഥേഷ്ടം നടകൊള്ളുന്നു; വിളിയ്ക്കപ്പെട്ടാൽ, അശ്വികൾപോലെ സുഖമുളവാക്കുന്നു; ദ്രവിണോദസ്സുപോലെ സകലരാലും വരിയ്ക്കപ്പെടുന്നു; സവിതാവുപോലെ കർമ്മങ്ങൾ നടത്തിയ്ക്കുന്നു! 3

സോമമേ, അങ്ങ് ഇന്ദ്രൻപോലെ വലിയ കർമ്മങ്ങൾ ചെയ്യും: വൃത്രരെ കൊല്ലും; പുരികൾ പിളർത്തും. സോമമേ, അങ്ങു് അശ്വംപോലെ അഹികളെയും, എല്ലാദ്ദസ്യുക്കളെയും നിഹനിയ്ക്കും! 4

കാട്ടിൽ കൊളുത്തപ്പെട്ട തിയ്യെന്നപോലെ, പവമാനസോമം നദികളിൽ നിഷ്പ്രയാസം കെല്പെടുക്കും; ഒരു പടയാളിപോലെ കേമനെ നിലവിളിപ്പിച്ചുകൊണ്ടു നീർ ചൊരിയും! 5

ഈ സോമനീരുകൾ, വാനിൽനിന്നു മേഘം പെയ്യുന്ന ജലങ്ങൾപോലെ അരിപ്പയിൽനിന്നു പൊഴിയുന്നു; അനായാസേന നദികൾ സമുദ്രത്തിലെയ്ക്കെന്നപോലെ, കീഴ്പോട്ടായി കലശത്തിലെയ്ക്കു പോകുന്നു! 6

ബലവാനായ ഭവാൻ, നിന്ദിയ്ക്കപ്പെടാത്ത സ്വർഗ്ഗപ്രജയായ മരുദ്ബലംപോലെ നീരൊഴുക്കിയാലും; വെള്ളംപോലെ, വെക്കം ഞങ്ങളിൽ പ്രസാദിച്ചാലും! സൈന്യത്തെ അമർത്തുന്നവൻപോലെ യജനീയനാണല്ലോ, ബഹുരൂപനായ ഭവാൻ. 7

സോമമേ, വരുണരാജാവായ ഭവാന്നു ഞാൻ കർമ്മങ്ങൾ വെക്കം (ചെയ്യാം). മഹത്തും ഗഭീരവുമാണ്, അങ്ങയുടെ തേജസ്സ്. അങ്ങ്, പ്രിയനായ മിത്രൻപോലെ പരിശുദ്ധനാകുന്നു; അര്യമാവുപോലെ ഔദാര്യവാനുമാകുന്നു! 8

കുറിപ്പുകൾ: സൂക്തം 88.

[2] വളരെ – ബഹുഭാരം. പ്രാപിയ്ക്കട്ടേ – സോമത്തേര്, അതിൽ കേറിയവർക്കു യുദ്ധത്തിൽ വിജയം വരുത്തും.

[4] വൃത്രർ – വൈരികൾ. അഹികൾ – ഒരുകൂട്ടം അസുരന്മാർ.

[5] നദികളിൽ – വെള്ളത്തിൽ. കേമനെ – വമ്പിച്ച വൈരിയെപ്പോലും.

[7] പ്രത്യക്ഷോക്തി: സൈന്യത്തെ അമർത്തുന്നവൻ – ഇന്ദ്രൻ.

[8] വരുണൻ – ശത്രുനിവാരകൻ.

സൂക്തം 89.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആ വോഢാവായ പവമാനസോമം വഴികളിലൂടേ ഒഴുകുന്നു; വാനിൽനിന്നുള്ള മഴപോലെ പരക്കുന്നു; ആയിരംധാരകളോടേ നമ്മളിലും, അമ്മയുടെ മടിയിലും, വെള്ളത്തിലും ഇരിയ്ക്കുന്നു! 1

രാജാവു തണ്ണീരാടയുടുത്തു, നേരെ പോകുന്ന യജ്ഞത്തോണിയിൽ കേറുന്നു: പരുന്തു കൊണ്ടുവന്ന നീര് വെള്ളത്തിൽ വളരുന്നു. ഈ സ്വർഗ്ഗജാതനെ ഉടമസ്ഥൻ കറക്കുന്നു – കറക്കുന്നു! 2

പച്ചനിറത്തിൽ വിളങ്ങുന്ന സിംഹത്തെ – മധുവൊഴുക്കൂന്ന വിണ്ണരചനെ – (കർമ്മികൾ) ഭജിയ്ക്കുന്നു: ഈ ഒന്നാമനായ രണശൂരൻ ഗോക്കളെ ചോദിയ്ക്കുകയായി; ഇദ്ദേഹത്തിന്റെ പടുത്വത്താലത്രേ, വൃഷാവു രക്ഷിച്ചുപോരുന്നതു്! 3

മുതുകിൽ മധുവോലുന്ന, ഘോരമായ, ഗന്താവായ, അഴകുറ്റ കുതിരയെ വലിയ ചക്രങ്ങളുള്ള തേരിൽ പൂട്ടുന്നു: ഈ വാജിയെ ചാർച്ചക്കാരായ, സജാതീയകളായ സഹോദരിമാർ തിരുമ്മുന്നു; കെല്പുപിടിപ്പിയ്ക്കുന്നു. 4

ഒരേതൊഴുത്തിന്നുള്ളിൽ പാർക്കുന്ന നാലു പയസ്വിനികൾ ഇദ്ദേഹത്തെ സേവിയ്ക്കുന്നു: അവ ശുചീകരിയ്ക്കപ്പെട്ട് അന്നവുമായി ഇദ്ദേഹത്തെ പ്രാപിയ്ക്കുന്നു. വേറേ വളരെപ്പൈക്കളും ഇദ്ദേഹത്തെ എമ്പാടും ചുഴലുന്നു! 5

വിണ്ണിന്നൂന്നും, മന്നിന്നു താങ്ങുമാണു്, സോമം: തന്റെ കയ്യിലത്രേ, പ്രജകളെല്ലാം. ഇന്ദ്രന്നായി മധുവൊഴുക്കുന്ന ഈ ഉറവ് സ്തുതിയ്ക്കുന്ന ഭവാന്നു കുതിരകളെ തരട്ടെ! 6

സോമമേ, അരാതികളാൽ അമർത്തപ്പെടാത്ത ഭവാൻ യജ്ഞത്തിൽ വന്നാലും: ശത്രുക്കളെ വധിച്ച് ഇന്ദ്രന്നായി നീരൊഴുക്കിയാലും. അങ്ങ് ശക്തനാണ്, മഹാനാണ്: ഏറ്റവും ആഹ്ലാദിപ്പിയ്ക്കുന്ന, സുവീര്യമായ ധനത്തിന്റെ ഉടമകളാകണം, ഞങ്ങൾ! 7

കുറിപ്പുകൾ: സൂക്തം 89.

[1] വഴികൾ – യജ്ഞമാർഗ്ഗങ്ങൾ. അമ്മയുടെ മടി – ഭൂമിയുടെ മടി, വേദി.

[2] രാജാവു് – സോമം. സ്വർഗ്ഗജാതൻ – സോമം. ഉടമസ്ഥൻ – യഷ്ടാവ്.

[3] സിംഹം – സോമം. ഗോക്കളെ ചോദിയ്ക്കുകയായി – അസുരന്മാർ കൊണ്ടുപോയ ഗോക്കൾ എവിടെ എന്നന്വേഷിയ്ക്കയായി. വൃഷാവ് = ഇന്ദ്രൻ. രക്ഷിച്ചുപോരുന്നതു് – ഭുവനത്തെ.

[4] കുതിര – സോമം. തേർ – യജ്ഞം. സഹോദരിമാർ – വിരലുകൾ. തിരുമ്മുന്നു – ശുചീകരിയ്ക്കുന്നു.

[5] ഒരേതൊഴുത്ത് – അന്തരിക്ഷം. പയസ്വിനികൾ – കറവപ്പൈക്കൾ, രസധാരകൾ.

[6] ഋഷി, തന്നോടുതന്നെ പറയുന്നു:

സൂക്തം 90.

വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.

വാനൂഴികളുടെ ജനിതാവ്, ഒരു തെളിയ്ക്കപ്പെടുന്ന തേർപോലെ അന്നം തരാൻ വന്നെത്തി: ഇന്ദ്രങ്കൽ പോകാൻ ആയുധങ്ങൾ നന്നായി മൂർച്ചകൂട്ടിയിരിയ്ക്കുന്നു; ധനമെല്ലാം കയ്യിലെടുത്തിട്ടുമുണ്ടു് ! 1

മൂന്നു മുതുകുള്ള വൃഷാവായ അന്നദാതാവിനെ സ്തോതാക്കളുടെ സ്തുതിഘോഷം ഇരമ്പിയ്ക്കുന്നു. വരുണൻ സമുദ്രങ്ങളെന്നപോലെ തണ്ണീരുകളുടുത്ത രത്നപ്രദൻ വേണ്ടുന്നവ കല്പിച്ചുകൊടുക്കും! 2

ശൂരരോടും എല്ലാ വീരരോടും കൂടിയവനും, സഹിഷ്ണുവും, ധനദാതാവും, തീക്ഷ്ണായുധനും, ക്ഷിപ്രധന്വാവും, യുദ്ധങ്ങളിൽ ചെറുക്കപ്പെടാത്തവനും, പടകളിൽ പറ്റലരെ അമർത്തുന്ന വിജയിയുമായ നിന്തിരുവടി നീരൊഴുക്കിയാലും! 3

വിശാലമാർഗ്ഗനായ, അഭയപ്രദനായ, വാനൂഴികളെ ചേർത്തുവെച്ച നിന്തിരുവടി നീരൊഴുക്കിയാലും: ഉദകത്തെയും ഉഷസ്സുകളെയും രവിയെയും രശ്മികളെയും പ്രാപിയ്ക്കുന്ന ഭവാൻ ഞങ്ങൾക്കു വളരെ അന്നം (തരാൻ) ഒലികൂട്ടുന്നു! 4

ഇന്ദോ, പവമാനസോമമേ, അങ്ങ് വരുണനെ മത്തിന്നായി തർപ്പിച്ചാലും; മിത്രനെ തർപ്പിച്ചാലും; ഇന്ദ്രനെയും വിഷ്ണുവിനെയും തർപ്പിച്ചാലും; മരുദ്ബലത്തെ തർപ്പിച്ചാലും; ദേവന്മാരെ തർപ്പിച്ചാലും; ഇന്ദോ, മഹാനായ ഇന്ദ്രനെ തർപ്പിച്ചാലും! 5

ഇങ്ങനെ, സയജ്ഞനായ ഭവാൻ, ഒരു രാജാവുപോലെ ബലം കൊണ്ടു സകലദുരിതങ്ങളെയും നശിപ്പിച്ചു നീരൊഴുക്കിയാലും; ഇന്ദോ, നല്ല സ്തോത്രം ചൊല്ലിയതിന്ന് അന്നം തന്നാലും! നിങ്ങൾ ‘സ്വസ്തിയാൽ പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 6

കുറിപ്പുകൾ: സൂക്തം 90.

[1] ജനിതാവ് – ഉൽപാദകൻ, രക്ഷിതാവ്, സോമം. ഇന്ദ്രങ്കൽ പോകാൻ – ഇന്ദ്രന്നു സഹായമായി പോകാൻ. കയ്യിലെടുത്തിട്ടുണ്ട് – നമുക്കു തരാൻ.

[2] അന്നദാതാവിനെ – സോമത്തെ.

[3] പ്രത്യക്ഷോക്തി: ക്ഷിപ്രധന്വാവ് – തെരുതെരെ അമ്പെയ്യുന്നവൻ.

[5] തർപ്പിയ്ക്കുക – തൃപ്തിപ്പെടുത്തുക. ഇന്ദ്രനെ രണ്ടുപ്രാവശ്യം പറഞ്ഞതു, പ്രാധാന്യത്താലാകുന്നു. വരുണാദികൾ മതിയാവോളം കുടിയ്ക്കട്ടെ, അങ്ങയുടെ നീർ.

സൂക്തം 91.

കശ്യപൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത. (കാകളി.)

പോർത്തേരിലാംമട്ടണപ്പൂ, മനം തയ്ചു
ചേർത്ത ധീമാനെ,സ്സശബ്ദനെ,ദ്ധുര്യനെ;
പത്തുസഹോദരിമാരുയർകമ്പിളി-
ക്കുത്തിൽപ്പകരുന്നു, യജ്ഞാർത്ഥമഗ്ര്യനെ. 1

തൂമയിൽ വാഴ്ത്തും മനുഷ്യർ പിഴിയുന്ന
സോമമണയുന്നു, വാനവർക്കുണ്ണുവാൻ:
മർത്ത്യനേതാക്കളീ മൃത്യുവിഹീനനെ-
ശ്ശുദ്ധിപ്പെടുത്തുന്നു, നീർപാലരിപ്പയാൽ! 2

ആ വൃഷാവിന്നായ്, വൃഷാവാം പവമാന-
മാർത്തു പുല്കുന്നു, പയ്യിന്റെ വെൺപാലിനെ;
മാലറ്റ നൂറോട് പൂകിയരിപ്പ വി-
ട്ടോലുന്നു, ചോദകൻ, ചൊല്ലറിവോൻ, നുതൻ. 3

കെല്പനരക്കപ്പുരയും പൊളിയ്ക്ക: കൊ-
റ്റഭ്യാഹരിയ്ക്ക, പവമാനസോമ, നീ;
മേലെയും ദൂരത്തുമിങ്ങുമുള്ളോരുടേ
മേലാളെ മൂരുക, നിൻകൊലയായുധം! 4

കല്പിയ്ക്ക, മുൻമട്ടിൽ വിശ്വവരേണ്യ, നീ
നല്പുതുസ്തോത്രകാരന്നു തക്ക വഴി;
താവകദുസ്സഹഹിംസ്രമഹാംശങ്ങൾ
കൈവരികെങ്ങൾക്കി,രമ്പും പുരുക്രതോ! 5

ഏവം പവമാനസോമ, നല്കെ,ങ്ങൾക്കു
നീ വിൺനഭോഭൂമിഭൂരിപ്രജകളെ:
നന്നാക്കുകൂഴി, വിരിയ്ക്ക, താരങ്ങളെ;-
ത്തന്നരുൾകേ,റെനാൾ കാഴ്ചയ്ക്കു സൂര്യനെ! 6
കുറിപ്പുകൾ: സൂക്തം 91.

[1] അണപ്പൂ – യുദ്ധരഥത്തിൽക്കേറ്റുന്നതുപോലെ, പാത്രങ്ങളിലൊഴിയ്ക്കുന്നു. മനം തയ്പു ചേർത്ത – ദേവന്മാർ സ്വമനസ്സിനെ സോമത്തിൽ തുന്നിച്ചേർത്തിരിയ്ക്കുന്നു! ധുര്യൻ = ധുരന്ധരൻ. സഹോദരിമാർ – വിരലുകൾ. ഉയർകബിളിക്കുത്തിൽ – ഉയർന്ന അരിപ്പയ്ക്കുള്ളിൽ. അഗ്ര്യനെ – മുഖ്യനെ, സോമത്തെ.

[2] അണയുന്നു – യജ്ഞത്തിൽ. മർത്ത്യനേതാക്കൾ – മനുഷ്യരായ ഋത്വിക്കുകൾ. നീർപാലരിപ്പയാൽ – വെള്ളം, പാൽ, അരിപ്പ എന്നിവകൊണ്ടു്.

[3] വൃഷാവിന്നായ് = ഇന്ദ്രന്നായ്. ആർത്തു – ഉച്ചശബ്ദത്തോടേ. പാലിനെ പുല്കുന്നു – പാലോടു ചേരുന്നു. മാലറ്റ – നിർബാധമായ. ചോദകൻ – എല്ലാവരെയും കർമ്മങ്ങളിൽ പ്രേരിപ്പിയ്ക്കുന്നവൻ. ചൊല്ലറിവോൻ – സ്തുതിജ്ഞൻ.

[4] കെല്പനരക്കപ്പുരയും – അരക്കരുടെ ഉറപ്പുറ്റ പുരപോലും. അഭ്യാഹരിയ്ക്ക – കൊണ്ടുവന്നാലും. ഉള്ളോരുടെ – ഉള്ള അരക്കരുടെ. മൂരുക – മുറിയ്ക്കട്ടെ, കൊല്ലട്ടെ.

[5] നല്പുതുസ്തോത്രകാരന്ന് – എനിയ്ക്ക് താവകദുസ്സഹഹിംസ്രമഹാംശങ്ങൾ – രാക്ഷസർക്കു ദുസ്സഹങ്ങളും അവരെ ഹിംസിയ്ക്കുന്നവയുമായ അങ്ങയുടെ വലിയ അംശങ്ങൾ, ഭാഗങ്ങൾ. പുരുക്രതോ = ബഹുകർമ്മാവേ.

[6] നഭസ്സ് – അന്തരിക്ഷം. പ്രജകൾ = മക്കൾ. ഊഴി – കൃഷിനിലം. വിരിയ്ക്ക – പരത്തിയാലും. തന്നരുൾക – സൂര്യനെ വളരെക്കാലം കാണുമാറാക്കുക. വെളിച്ചവും ദീർഘായുസ്സും തരിക.

സൂക്തം 92.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

തേരുപോലേ, ധനാപ്തിയ്ക്കു ഹരിത്സോമ-
നീരിറക്കുന്നു, കർത്താക്കളരിപ്പയിൽ:
ഇന്ദ്രാർഹമാം ഗാഥ കേട്ടു, ഹവിസ്സുമായ്-
ച്ചെന്നണയുന്നു, പവമാനമുമ്പരിൽ! 1

സ്വസ്ഥാനമാകുമരിപ്പിൽച്ചരിയ്ക്കുന്നു,
മർത്ത്യരെ നോക്കും മനീഷി ധൃതാംബുവായ്;
അധ്വരേ ഹോതാവുപോലിവൻ പാത്രത്തിൽ
വർത്തിയ്ക്കെ, വിപ്രർ ഭജിപ്പു, സപ്തർഷിമാർ! 2

നേർക്കരിയ്ക്കപ്പെട്ടണവൂ ധ്രുവാസ്പദം,
മാർഗ്ഗജ്ഞനിന്ദു സുമേധസ്സുരൂപ്രഭൻ;
സ്തോത്രത്തിലെല്ലാം രസിയ്ക്കുന്നു, പണ്ഡിതൻ;
പേർത്തിണങ്ങീടുന്നു, പഞ്ചജനങ്ങളിൽ! 3

നിന്നുമ്പർ മുപ്പത്തിമുവ്വരവരൊക്കെ
വിണ്ണിലുണ്ടല്ലോ, പവമാനസോമമേ;
പത്താളുയർകമ്പിളിയിൽപ്പയസ്സിനാൽ-
ശ്ശുദ്ധി ചേർപ്പൂ, നിനക്കേഴുവാരാർകളും! 4

സ്തുത്യുൽക്കരേവരുമെങ്ങെത്തുമോ; ദ്രുതം
ലബ്ധമാക,പ്പവമാനസത്യാസ്പദം.
കാത്തൂ, പകല്ക്കു വെളിച്ചമേകും ദ്യുതി-
ച്ചാർത്താ മനുവെ;ച്ചെറുത്തൂ, മുടിയനെ! 5

ഗോമൽഗൃഹത്തെയ്ക്കു ഹോതാവുപോലെയും,
പോർമന്നിലെയ്ക്കൃജു രാജാവുപോലെയും
കുംഭത്തിലെയ്ക്കു ഗമിയ്ക്കുന്നു, പോത്തുപോ-
ലംഭസ്സിലാണ്ട പവമാനസോമനീർ! 6
കുറിപ്പുകൾ: സൂക്തം 92.

[1] ഇറക്കുന്നു – പകരുന്നു. കർത്താക്കൾ – ഋത്വിക്കുകൾ. ഗാഥ – സ്തോത്രം.

[2] മനീഷി – സോമം. ധൃതാംബുവായ് – ജലത്തെ ധരിച്ച്, ജലത്തോടു ചേർന്ന്. വിപ്രർ – മേധാവികൾ. സപ്തർഷിമാർ – ഭരദ്വാജൻ, കശ്യപൻ, ഗോതമൻ, അത്രി, വിശ്വാമിത്രൻ, ജമദഗ്നി, വസിഷ്ഠൻ.

[3] ധ്രുവാസ്പദം = അനശ്വരസ്ഥാനം, ദ്രോണകലശം.

[4] അവർ – പ്രസിദ്ധർ. പത്താൾ – പത്തുപേർ, കൈവിരലുകൾ. പയസ്സ് = വെള്ളം. വാരാർകൾ – മഹാനദികൾ.

[5] സ്തുത്യുൽക്കർ – സ്തോതാക്കൾ. ലബ്ധമാക – നമുക്കു കിട്ടട്ടെ. ദ്യുതിച്ചാർത്തു (സോമത്തിന്റെ തേജസ്സു) മനുവിനെ കാത്തു; മുടിയനെ (ധ്വംസകനായ അസുരനെ) ചെറുത്തൂ – നശിപ്പിച്ചു.

[6] ഗോമൽഗൃഹം = ഗോക്കളോടുകൂടിയ ഗൃഹം; ഹോതാവിന്നു ഗോക്കളും ഗൃഹവും ഉണ്ടായിവരുമെന്നാശയം. ഋജു – സത്യകർമ്മാവ്. കുംഭം = കലശം.

സൂക്തം 93.

ഗോതമപുത്രൻ നോധസ്സ് ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഒത്തു നനച്ചു തുടച്ചൂ, സഗർഭ്യമാർ-
പത്തംഗുലികൾ പിഴിഞ്ഞൂ, വിദഗ്ദ്ധനെ;
എത്തി, ചുറ്റും ഹരിദ്വർണ്ണൻ ദിശകളിൽ;-
സ്സപ്തിതുല്യനകംപൂകീ, കുടങ്ങളിൽ! 1

തായ് കുഞ്ഞിനെപ്പൊലെടുത്തു, തണ്ണീർ ശരി-
യ്ക്കാകാംഷി ഭൂരിവരേണ്യൻ വൃഷാവിനെ;
നാരിയെപ്പൂരുഷൻപോലിടം പുക്കവൻ
ഗോരസത്തോടു ചേരുന്നൂ ഘടാന്തരേ! 2

വീർപ്പിപ്പു പൈതന്നകിടിനെ; സ്സന്മതി-
വായ്പാർന്ന സോമം പൊഴിയ്ക്കുന്നു ധാരകൾ;
പാത്രസ്ഥനാമീയുദഗ്രനെപ്പൈക്കൾ പാൽ
ചാർത്തിച്ചിടുന്നു, ധൗതാംബരംപോലവേ! 3

ഇന്ദോ, പവമാന, ദേവരൊത്തെങ്ങൾക്കു
തന്നരുൾകി,ച്ഛയാ സാശ്വമാം സ്വത്തു നീ:
തേരാളിപോലുള്ള വിത്തമേകാൻ കൊതി
ചേരുന്ന നിൻമനസ്സെത്തട്ടെ ഞങ്ങളിൽ! 4

ആൾക്കാരെയും സ്വത്തുമേകുകെ,ങ്ങൾക്കുട-
നാർക്കുമിമ്പം പെറും വെള്ളവും സോമ, നീ;
നീളുകായുസ്സു, ഭക്തന്നു പവമാന:-
കാലേ വരട്ടെ, കർമ്മാപ്തവിത്തൻ ദ്രുതം! 5
കുറിപ്പുകൾ: സൂക്തം 93.

[1] വിദഗ്ദ്ധനെ – ത്രാണിയുള്ള സോമത്തെ. സപ്തിതുല്യൻ = അശ്വസദൃശൻ.

[2] ആകാംക്ഷി – ജലസമ്പർക്കം, കുഞ്ഞിന്റെ പക്ഷത്തിൽ മുലപ്പാൽ, ഇച്ഛിയ്ക്കുന്നവൻ. വൃഷാവിനെ – സോമത്തെ. ഇടം – ഹവിദ്ധാനസ്ഥലം. ഘടാന്തരേ = കലശത്തിന്നുള്ളിൽ.

[3] വീർപ്പിപ്പു – തീറ്റകൊടുത്ത്. ഉദഗ്രൻ – ഉന്നതൻ, മഹാൻ. ധൗതാംബരം = അലക്കിയ വസ്ത്രം.

[4] സാശ്വം = അശ്വസഹിതം. തേരാളിപോലുള്ള – ബലവത്തായ എന്നർത്ഥം.

[5] ഭക്തന്നു – അങ്ങയെ സ്തുതിയ്ക്കുന്നവന്ന്. കാലേ – പ്രഭാതത്തിൽ.

സൂക്തം 94.

അംഗിരോഗോത്രൻ കണ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

താനൊരശ്വംപോലണിഞ്ഞാലി,നൻപോലെ
ഭാനു പൂണ്ടാലി,ണക്കുത്തായ്, വിരൽകളിൽ!
തണ്ണീരുടുത്തു ഗമിയ്ക്കും കവിപ്രിയൻ,
ഗണ്യമാമാലയിൽഗ്ഗോരക്ഷിപോലവേ. 1

ദിവ്യാസ്പദം രണ്ടുപാടും മറയ്ക്കുന്ന
സർവവിജ്ഞന്നായ്പ്പരക്കുന്നു, പാരുകൾ;
പൈക്കൾ തൊഴുത്തു പാർത്തെന്നപോലിന്ദുവിൻ-
നേർക്കൊലിക്കൊൾവൂ, മഖത്തിനായ്സ്സൂക്തികൾ! 2

ശൂരന്റെ തേർ പടയിങ്കലൊട്ടുക്കുപോ-
ലേറിച്ചുഴലുന്നു, കാവ്യങ്ങളിൽക്കവി;
ദേവവിത്തം നരർക്കേകാൻ മുതിർന്നവൻ
ശ്രീ വളർക്കുന്നൂ, ബഹുത്ര നുത്യർഹനായ്! 3

ശ്രീയ്ക്കായ്പ്പിറന്നവൻ, ശ്രീയ്ക്കായിറങ്ങിയോൻ
ശ്രീയുമായുസ്സും സ്തുതിപ്പോർക്കിയറ്റുമേ:
ശ്രീയുടുത്തോർ മൃതിഹീനരായാർ; മിത-
യായിയ്ക്കു നിഷ്ഫലമാകില്ല, സംഗരം! 4

കിട്ടിയ്ക്ക ഭോജ്യപേയാശ്വധേനുക്കളെ,-
പ്പുഷ്ടവെളിച്ചവും; തർപ്പിയ്ക്കുക,മ്പരെ.
ആരെയും കീഴാക്കുമല്ലോ, സുഖേന നീ:
വൈരിയെപ്പോക്കൂ, പവമാനസോമമേ! 5
കുറിപ്പുകൾ: സൂക്തം 94.

[1] താൻ – സോമം. ഇനൻ = സൂര്യൻ. ഭാനു = രശ്മി. വിരൽകളിൽ ഇണക്കുത്തായ് – ശുദ്ധീകരിപ്പാൻ, ‘ഞാൻ മുമ്പേ, ഞാൻ മുമ്പേ’ എന്നു വിരലുകൾ സ്പർദ്ധിച്ചുതുടങ്ങും. ഗമിയ്ക്കും – പാത്രങ്ങളിൽ പൂകും. കവിപ്രിയൻ – സ്തോതൃതൽപരൻ. ഗണ്യം – ശ്രദ്ധവെയ്ക്കപ്പെടേണ്ടതു്. ഗോരക്ഷി = ഇടയൻ.

[2] ദിവ്യാസ്പദം – അന്തരിക്ഷം. മറയ്ക്കുന്ന – സ്വതേജസ്സുകൊണ്ടു മൂടുന്ന. പരക്കുന്നു – ആ തേജസ്സിന്നു സഞ്ചരിപ്പാൻ വിശാലങ്ങളായിത്തീരുന്നു. സൂക്തികൾ – സ്തുതികൾ.

[3] പട – സൈന്യം. ഏറി – കേറി. കാവ്യങ്ങൾ – സ്തോത്രങ്ങൾ. ദേവവിത്തം – ദേവന്മാരുടെ ധനം. ശ്രീ – സ്വദത്തമായ സമ്പത്ത്. ബഹുത്ര – വളരെ യാഗശാലകളിൽ.

[4] ഇറങ്ങിയോൻ – പുറപ്പെട്ട സോമം. ശ്രീയുടുത്തോർ – സോമംകൊടുത്ത സമ്പത്തു ധരിച്ചവർ. മിതയായി = മിതമാകുംവണ്ണം യാനംചെയ്യുന്നവൻ, മിതഗമനൻ. സംഗരം നിഷ്ഫലമാകില്ല – യുദ്ധത്തിൽ ജയംതന്നെ കിട്ടും.

[5] ആരെയും – സർവരക്ഷസ്സുകളെയും.

സൂക്തം 95.

പ്രസ്കണ്വൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ (കാകളി.)

ശബ്ദം മുതിർപ്പൂ, പിഴിയപ്പെടും ഹരി,
ശുദ്ധീകൃതനായ്ക്കുടത്തിൽ മേവുമ്പൊഴും.
നേതാക്കൾ കൈക്കൊണ്ടു പാലുടുപ്പിയ്ക്കുന്നു-
ഗാഥകൾ തീർക്കുവിൻ, നിങ്ങളന്നങ്ങളും! 1

തോണി കടത്തുകാരൻപോലെ, യജ്ഞാധ്വ-
വാണിയിറക്കുന്നു, നീരൊഴുക്കും ഹരി;
ദേവൻ വെളിപ്പെടുത്തുന്നു, ഗുഹ്യങ്ങളാം
ദേവനാമങ്ങളും സ്തോതാവിനധ്വരേ. 2

അംഭസ്സിലെത്തിരമാലപോലെത്രയും
വെമ്പിപ്പുറപ്പെടും സൂക്തികൾ സാദരം
സോമത്തെ നോക്കിഗ്ഗമിയ്ക്കുന്നു, ചേരുന്നു-
കാമേന പൂകുന്നു, കാമയമാനനിൽ! 3

പോത്തുപോലുച്ചത്തിൽ മേവും വൃഷേന്ദുവെ-
പ്പേർത്താദരിച്ചു കറക്കുന്നു, കല്ലിനാൽ;
സൂക്തികൾ ചെല്വൂ, സകാമങ്കൽ; വാനത്തു
ശാത്രവരോധിയെക്കൈക്കൊൾവു, മുപ്പുരാൻ! 4

ഹോതാവിനേറ്റോതുവോൻപോലെ ചൊൽ പെറും
നീ തിരിയൊല്ലാ, പവമാനസോമമേ:
ഇന്ദ്രനും നീയുമിരിയ്ക്കെ,സ്സുവീര്യത്തി-
നിന്ദ്രരാകെങ്ങൾ; നേടാവു, സൗഭാഗ്യവും! 5
കുറിപ്പുകൾ: സൂക്തം 95.

[1] സ്തോതാക്കളോട്: ഹരി – പച്ചനിറം പൂണ്ട സോമം. നേതാക്കൾ – ഋത്വിക്കുകൾ. പാൽ – ക്ഷീരാദിഗോരസം. നിങ്ങൾ ഗാഥ(സ്തുതി)കളും, അന്നങ്ങളും (ഹവിസ്സുകളും) തീർക്കുവിൻ, നിർമ്മിയ്ക്കുവിൻ.

[2] കടത്തുകാരൻ തോണിയിറക്കുന്നതുപോലെ, ഹരി യജ്ഞാധ്വവാണി ( = യജ്ഞമാർഗ്ഗവാക്ക്, സ്തുതി) പുറപ്പെടുവിയ്ക്കുന്നു. ദേവൻ – സോമം. ദേവനാമങ്ങൾ – ഇന്ദ്രാദികളുടെ നാമങ്ങൾ, ശരീരങ്ങൾ.

[3] സോമത്തെ നോക്കി – സോമസന്നിധിയിലേയ്ക്ക്. കാമേന (കാമത്തോടേ) കാമയമാനനിൽ പൂകുന്നു – കാമിയ്ക്കുന്ന സോമത്തെ പ്രാപിയ്ക്കുന്നു.

[4] ഉച്ചത്തിൽ – ഉന്നതസ്ഥലത്ത്. വൃഷേന്ദു = വൃഷാവായ സോമം. കറക്കുന്നു – പിഴിയുന്നു. കല്ല് – അമ്മി. ശാത്രവരോധി = ശത്രുക്കളെത്തടുക്കുന്നവൻ, ഇന്ദ്രൻ. മുപ്പുരാൻ – മൂന്നു കലശങ്ങളിൽ വാഴുന്ന സോമം.

[5] ഏറ്റുചൊല്ലുന്നവൻപോലെ, ഹോതാവിനു ചൊൽ പെറുന്ന (സ്തുതി പുറപ്പെടുവിയ്ക്കുന്ന) നീ തിരിയൊല്ലാ – ഞങ്ങൾക്കഭീഷ്ടം തരുന്നതിൽ പരാങ്മുഖനാകരുത്. ഇന്ദ്രന്റെയും നിന്റെയും സാഹായ്യത്താൽ ഞങ്ങൾ സുവീര്യത്തിന്ന് ഇന്ദ്ര (അധിപ)രാകണം; സൗഭാവ്യവും നേടുമാറാകണം.

സൂക്തം 96.

ദിവോദാസപുത്രൻ പ്രതർദ്ദനൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

തേർമുന്നിലായ് നടക്കുന്നു, ഗോലബ്ധിയ്ക്കു
സാമോദസൈന്യനായ്ശ്ശൂരൻ ചമൂപതി;
ഇന്ദ്രഹവത്തെസ്സഖാക്കൾക്കു സത്യമാ-
ക്കുന്നു; സോമം തുകിൽ ചുറ്റുന്നു, സത്വരം! 1

ഹസ്താംഗുലികൾ പിഴിഞ്ഞ ഹരിൽപ്രഭൻ
വിദ്രുതശൂരാശ്വഹീനമാം തേരതിൽ
കേറിയിരുന്ന,തിലൂടെ പോകും, സ്തുതി-
കാരങ്കലെയ്ക്കറിവാളുമിന്ദ്രസഖൻ! 2

ദേവ, പവമാനസോമ, വൻഭുക്തിയ്ക്കു
നീർ വീഴ്ത്തുകി,ന്ദ്രന്റെ പേയമാം നീ മഖേ;
ദ്യോവിതിൽത്തണ്ണീർ ചമച്ചു പെയ്യിയ്ക്കുമാ
നീ വാനിൽനിന്നെത്തി മാനിയ്ക്കുകെ,ങ്ങളെ! 3

തോല്വി പറ്റായ്വാൻ, കൊലപ്പെടായ്വാൻ, നശി-
യ്ക്കായ്വാൻ, മഖം വലുതാവാൻ വരിക, നീ:
വാഞ്ച്ഛിപ്പതുണ്ട,തിക്കൂറ്റുകാരേവരും;
വാഞ്ച്ഛിപ്പു, ഞാനും പവമാനസോമമേ! 4

സോമമൊഴുകുന്നു, സൂക്തിയെത്തീർത്തവൻ,
ഭൂമിയെത്തീർത്തവൻ, ദ്യോവിനെത്തീർത്തവൻ,
അഗ്നിയെത്തീർത്തവന,ർക്കനെത്തീർത്തവൻ,
ശക്രനെത്തീർത്തവൻ, വിഷ്ണുവെത്തീർത്തവൻ! 5

ഉമ്പർക്കരചൻ, മൃഗങ്ങൾക്കു പോത്തു, ധീ-
മുമ്പർക്കൃഷി, കവികൾക്കു തിരുത്തുവോൻ,
ഗൃധ്രരിൽത്താർക്ഷ്യൻ, മുറിപ്പോർക്കു വെണ്മഴു-
ശബ്ദിച്ചണയുന്നു, സോമമരിപ്പയിൽ! 6

സിന്ധുവിരമ്പൽപോലു,ൾ കവരും സ്തുതി
പൊന്തിയ്ക്കുമേ, പവമാനസോമം തുലോം;
ഇദ്ദുർന്നിവാരപ്പടകളിൽച്ചെന്നേറു,-
മുൾത്തട്ടു നോക്കി വൃഷാവു ഗോകാംക്ഷയാൽ! 7

പോരിലെതിർക്കപ്പെടാതെ കൊല്ലും ശത-
ധാരൻ മദകരൻ നീ ചെല്ക, സേനയിൽ;
നീരുകൾ പെയ്ക, കൂറ്റിട്ടുകൊണ്ടിന്ദ്രന്നു,
സൂരിയാകും നീ പവമാനസോമമേ! 8

സുന്ദരൻ ദേവോപയാതൻ മഹാബല-
നിന്ദു സോമം പ്രിയനിന്ദ്രന്റെ മത്തിനായ്
ധാരാശതത്തോടിറങ്ങുന്നു കുംഭത്തി,-
ലാരോഗ്യവാനശ്വമാജിയിൽപ്പോലവേ. 9

വെള്ളത്തിൽ മുന്നേ കഴുകിപ്പുരാണനെ-
ക്കല്ലിൽപ്പിഴിഞ്ഞു കർമ്മത്തിന്നരിയ്ക്കവേ
നേർവഴി കാട്ടുന്നു, മാറ്റാരിൽനിന്നു കാ-
ത്താ വിഷ്ടപേശ്വരൻ, സ്വത്തു കിട്ടിയ്ക്കുവോൻ! 10

അങ്ങയാലല്ലോ സയജ്ഞരായ്, ധീരർ പ-
ണ്ടെങ്ങൾതൻതാതർ പവമാനസോമമേ:
പായിയ്ക്ക,രക്കരെ; – ക്കൊല്പോനവാരിതൻ
നീയേകുകെ,ങ്ങൾക്കു സാശ്വവീരം ധനം! 11

വന്നുവല്ലോ, നീ മനുവിന്നമിത്രരെ-
ക്കൊന്നന്നവും സ്വത്തുമേകാൻ, ഹവിസ്സുമായ്;
വന്നാലുമമ്മട്ടിൽ വിത്തമെടുത്തുകൊ-
ണ്ടി; – ന്ദ്രങ്കൽ നില്ക്കുക, കാണിയ്ക്കുകാ,യുധം! 12

തൂകുക, നീരുയർകമ്പിളിയിൽ,ജ്ജല-
മാകുമുടുപ്പിട്ടി,നിപ്പാർന്ന യജ്ഞി നീ;
ചെന്നു വസിയ്ക്കുക തണ്ണീർക്കുടത്തിലു,-
മിന്ദ്രൻ കുടിയ്ക്കും മദാഹ്ളാദകാരി നീ! 13

വാനിൽനിന്നു മഴ പെയ്ക, ധാരാശത-
വാനായ്, മഖത്തിൽസ്സഹസ്രാന്നദായി നീ;
തോയഗവ്യോപേതനാക കലശത്തി-
ലാ,യുസ്സു ഞങ്ങൾക്കുയർത്താൻ കനിഞ്ഞു നീ! 14

സ്തോതാക്കളാലീയരിയ്ക്കപ്പെടുമിന്ദു
വാതാശ്വരീത്യാ കടക്കും, സപത്നരെ;
ഗോവിന്റെ കാമ്യമാം പാലുപോലാ,മിവൻ
വാർവഴിപോലാം, ഹയംപോലെ വശ്യനാം‌! 15

സോമമേ, തൂകൂ പിഴിഞ്ഞരിയ്ക്കപ്പെടും
ശ്രീമദസ്ത്രൻ നീ നിഗൂഢമാം രമ്യനീർ;
അശ്വതുല്യൻ ഭവാൻ കിട്ടിയ്ക്ക, വേണ്ടപ്പൊ-
ഴന്നവും, പ്രാണനും, ദേവ, ഗോക്കളെയും! 16

സുന്ദരക്കുഞ്ഞായ വഹ്നിയാം സോമത്തെ
നന്നായ്ത്തുടച്ചണിയിപ്പൂ, മരുദ്ഗണം;
എന്നിട്ടൊലിക്കൊണ്ടരിപ്പയിൽനിന്നൊഴു-
കുന്നു, കാവ്യത്താൽപ്പുകഴ്ത്തേണ്ടുമക്കവി! 17

സൂരഗനാ,ർഷസ്വഭാവൻ, സുദർശനൻ,
ഭൂരിസ്തവൻ, കവികൾക്കു തിരുത്തുവോൻ
സോമം, മഹാൻ സ്തുതനായി മൂന്നാമതാം
ധാമം ഗമിപ്പാൻ വരുത്തുന്നു ശക്രനെ! 18

സ്തുത്യൻ, സമർത്ഥൻ, ചമൂപാത്രസംസ്ഥിതൻ
ശസ്ത്രവാൻ, ഗോപ്രദാതാവു, സോമം മഹാൻ,
ദത്താംബുവാമന്തരിക്ഷത്തിൽ മേവുവോ;-
നെത്തിവാഴു,മവൻ നാലാമതാം പദേ! 19

കോപ്പണിഞ്ഞ നരൻപോലുടല്ക്കച്ഛത
ചേപ്പോൻ, ധനാപ്തിയ്ക്കു വാജിപോലോടുവോൻ,
ആർപ്പിട്ടു കാള പൈക്കൂട്ടംകണക്കിനേ
തോല്പറ പൂകാൻ കരേറീ, ചമൂക്കളിൽ! 20

അർച്ചകന്മാർ പിഴിയുന്ന നീ നീർ തൂകു-
കൊ; – ച്ചയിട്ടിന്ദോ, കരേറുക,രിപ്പയിൽ;
ഇച്ചമൂയുഗ്മേ കളിച്ചു ചെല്കേ; – കട്ടെ-
യച്ഛമാം നിന്മധുവിന്ദ്രന്നു തുഷ്ടിയെ! 21

നീരു ധാരാളമൊഴുക്കിയിപ്പണ്ഡിതൻ
ഗോരസാഭ്യക്തനായ്പ്പുക്കാൻ, കുടങ്ങളിൽ;
കല്യതരൻ പാട്ടു പാടി വിളിച്ചഥ
ചെല്ലുന്നു, തോഴന്റെ ജായയിൽപ്പോലവേ! 22

വൈരിയെപ്പോക്കിപ്പവമാനസോമമേ,
ജാരൻ ദയിതയിൽപ്പോലണയുന്നു, നീ;
പാറുന്ന പക്ഷി തരുക്കളിൽപ്പോലവേ
പാർക്കുന്നു, പാവിതനിന്ദു കുടങ്ങളിൽ! 23

ഇന്ദോ, വരുന്നു, പവമാന, പെൺപോലെ,
നന്നായ്ച്ചുരത്തുന്ന നിൻദീപ്തധാരകൾ;
ഭൂരിവരേണ്യനാനീതൻ ഹരിൽപ്രഭൻ
നീരിലൊലിക്കൊൾവു, യഷ്ടൃഘടത്തിലും! 24
കുറിപ്പുകൾ: സൂക്തം 96.

[1] ചമൂപതി, സേനാപതിയായ സോമം, ഗോലബ്ധിയ്ക്ക്, ശത്രുക്കളുടെ ഗോക്കളെ കീഴടക്കാൻ, സാമോദസൈന്യനായ്, സഹർഷരായ സൈനികരോടു കൂടി, തേർമുന്നിലായ് നടക്കുന്നു – യുദ്ധത്തിലെയ്ക്ക് സഖാക്കൾക്കു, യജമാനർക്ക്, ഇന്ദ്രഹവത്തെ, ഇന്ദ്രാഹ്വാനത്തെ, സത്യമാക്കുന്നു – സഫലീകരിയ്ക്കുന്നു; ഇന്ദ്രനെ യജ്ഞത്തിൽ കൊണ്ടുവരുന്നു. തുകിൽ – പാലും മറ്റും.

[2] വിദ്രുതശൂരാശ്വഹീനമാം തേരതിൽ – വേഗികളായ ശൂരാശ്വങ്ങളെ പൂട്ടിയിട്ടില്ലാത്ത ആ തേരിൽ, അരിപ്പയിൽ.

[3] വൻഭുക്തിയ്ക്കു – ഇന്ദ്രന്റെ അമറേത്തിന്ന്. വീഴ്ത്തുക – ഒഴുക്കിയാലും. ദ്യോവിതിൽ – ഇക്കാണുന്ന ആകാശത്ത്. എത്തി – വന്നുചേർന്ന്. എങ്ങളെ മാനിയ്ക്കുക – ഞങ്ങൾക്കു ധനാദികൾ തന്നാലും.

[4] അങ്ങ് വന്നാലേ, ഞങ്ങൾക്കു ശത്രുക്കളിൽനിന്നു തോൽവിയോ വധമോ നാശമോ പറ്റാതെ, ഞങ്ങളുടെ യാഗം മഹത്താകൂ. അതു് – ഭവദീയമായ രക്ഷണം. കൂറ്റുകാർ – സ്തോതാക്കൾ.

[5] സ്തുതികളുടെയും മറ്റും ഉൽപാദകൻ, സോമമാണെന്നു്.

[6] ധീമുമ്പർ – മേധാവികൾ താർക്ഷ്യൻ = ഗരുഡൻ.

[7] സിന്ധു = നദി. പൊന്തിയ്ക്കുമേ – ആളുകളാൽ സ്തുതിയ്ക്കപ്പെടും. ഉൾത്തട്ട് = ഉള്ള്, മറവിലിരിയ്ക്കുന്നത്. ഗോകാംക്ഷയാൽ – ശത്രുക്കളുടെ ഗോക്കളെ അടക്കാൻ.

[8] കൊല്ലും – ശത്രുക്കളെ വധിയ്ക്കുന്ന. ശതധാരൻ = വളരെ നീർദ്ധാരകളുള്ളവൻ. സേന – ശത്രുബലം. പെയ്ക – പൊഴിച്ചാലും. കൂറ്റിടുക – ശബ്ദിയ്ക്കുക.

[9] ദേവോപയാതൻ – ദേവന്മാരാൽ സമീപിയ്ക്കപ്പെട്ടവൻ.

[10] പുരാണനെ – പുരാതനനായ സോമത്തെ. കല്ല് – അമ്മി. കാട്ടുന്നു – യജമാനന്ന്. വിഷ്ടപേശ്വരൻ – ലോകനാഥൻ.

[11] സയജ്ഞരായ് – യജ്ഞമനുഷ്ഠിച്ചു. എങ്ങൾതൻതാതർ – അംഗിരസ്സുകൾ. കൊൽവോൻ – ശത്രുഹന്താവു്.

[13] യജ്ഞി = യജ്ഞവാൻ.

[14] തോയഗവ്യോപേതനാക – ജലത്തോടും ഗോരസങ്ങളോടും ചേർന്നാലും.

[15] വാതാശ്വരീത്യാ – കാറ്റിന്നൊത്ത വേഗമുള്ള കുതിരപോലെ. സപത്നരെ കടക്കും = ശത്രുക്കളെ പിന്നിടും, തോല്പിയ്ക്കും. പാലുപോലാം – ക്ഷീരംപോലെ പരിശുദ്ധനാണു്. വാർവഴിപോലാം – വിശാലമാർഗ്ഗംപോലെ അശ്രയണീയനാണു്. വശ്യനാം – പാട്ടിൽ നിർത്താവുന്നവനാണു്.

[16] ശ്രീമദസ്ത്രൻ = ശോഭനായുധൻ. നിഗൂഢം = മറഞ്ഞിരിയ്ക്കുന്നതു്. കിട്ടിയ്ക്ക – ഞങ്ങൾക്ക്. പ്രാണൻ – ആയുസ്സ്.

[17] വഹ്നി – ഭാരവാഹി. തുടച്ച് – ശുദ്ധീകരിച്ച്. അക്കവി – സോമം.

[18] സൂരഗൻ – സൂര്യസേവി. ആർഷസ്വഭാവൻ – അതീന്ദ്രിയജ്ഞൻ. സുദർശനൻ = നല്ല കാഴ്ചയുള്ളവൻ. മൂന്നാമതാം ധാമം – സ്വർഗ്ഗം. വരുത്തുന്നു – യജ്ഞത്തിൽ ആവിർഭവിപ്പിയ്ക്കുന്നു.

[19] ചമൂ = ചമസം. ശസ്ത്രവാൻ – ആയുധധാരി. ദത്താംബു – മഴ പെയ്യുന്നതു്. നാലാമതാം പദേ – ചന്ദ്രലോകത്ത്.

[20] അച്ഛത – വെടുപ്പ്. ആർപ്പിട്ടു – മൂക്രയിട്ട്. തോല്പറ – തോലുകൊണ്ടുണ്ടാക്കിയ പറ, കുട്ടകം. ചമൂക്കളിൽ – ഇരുപലകകളിൽ.

[21] അർച്ചകന്മാർ – ഋത്വിക്കുകൾ. ചമൂയുഗ്മേ – ഇരുപലകകളിൽ. അച്ഛം – നിർമ്മലം, അരിയ്ക്കപ്പെട്ടത്. മധു – മദകരമായ നീര്.

[22] ഇപ്പണ്ഡിതൻ – സോമം. കല്യതരൻ – ഗാനത്തിൽ അതികുശലൻ. വിളിച്ച് – ദേവന്മാരെ. ചെല്ലുന്നു – പാത്രങ്ങളിൽ.

[23] ദയിത – പ്രേമഭാജനമായ സ്ത്രീ. അണയുന്നു – പാത്രങ്ങളിൽ. ഉത്തരാർദ്ധം പരോക്ഷം: പാവിതൻ = അരിയ്ക്കപ്പെട്ടവൻ.

[24] പൂർവാർദ്ധം പ്രത്യക്ഷം: ചുരത്തുന്ന – യജമാനർക്കു ധനാദിയെ നല്കുന്ന. ആനീതൻ = കൊണ്ടുവരപ്പെട്ടവൻ. യഷ്ടൃഘടം – യജമാനന്റെ കലശം.

സൂക്തം 97.

വസിഷ്ഠനും, വസിഷ്ഠഗോത്രരായ ഇന്ദ്രപ്രമതിയും, വൃഷഗണനും, മന്യുവും, ഉപമന്യുവും, വ്യാഘ്രപാത്തും, ശക്തിയും, കർണ്ണശ്രുത്തും, മൃളീകനും, വസുക്രനും, പരാശരനും, അംഗിരോഗോത്രൻ കുത്സനും ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇട്ടിളക്കുന്ന സ്വർണ്ണത്താൽ ശുചീകരിയ്ക്കപ്പെടുന്ന ഈ ദേവൻ നീര് ദേവന്മാരിൽ ചേർക്കുന്നു: പിഴിയപ്പെട്ട താൻ, ഹോതാവു ശാലയിലെ പശുബന്ധനസ്ഥലത്തെന്നപോലെ, ഒലിയിട്ടുകൊണ്ടു് അരിപ്പയിൽ ചുറ്റിനടക്കുന്നു. 1

മഹാനും കവിയും വിചക്ഷണനും ജാഗരൂകനുമായ ഭവാൻ പരിചൊത്ത പടയുടുപ്പിട്ട്, സ്തവങ്ങളെ പ്രശംസിച്ചുകൊണ്ടു, യജ്ഞത്തിൽ പിഴിയപ്പെടാൻ ഇരുപലകകളിൽ പ്രവേശിച്ചാലും! 2

പുകൾപ്പെട്ടവരിൽവെച്ചു പുകളേറിയവനും, ഭൂമിയിൽവെച്ചു പ്രിയനുമായ ഭവാൻ ഞങ്ങൾക്കായി ഉയർകമ്പിളിയിൽ അരിയ്ക്കപ്പെടുന്നു; അരിയ്ക്കപ്പെട്ട ഭവാൻ അന്തരിക്ഷത്തിലെങ്ങും ഇരമ്പിയാലും. നിങ്ങൾ ‘സ്വസ്തിയിൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 3

നിങ്ങൾ ഉറക്കെപ്പാടുവിൻ: നാം ദേവന്മാരെ പൂജിയ്ക്കുക. ധാരാളം ധനം കിട്ടാൻ സോമം കൊണ്ടുവരുവിൻ. ആ രുചികരനായ നമ്മുടെ ദേവകാമൻ കമ്പിളിയിൽനിന്നൊഴുകി, കലശത്തിൽ കടക്കുകയായി! 4

ദേവന്മാരുടെ സഖ്യം നേടിയ സോമം മത്തുപിടിപ്പിയ്ക്കാൻ ആയിരംധാരകളോടേ ഒഴുകുന്നു; നേതാക്കളാൽ സ്തുതിയ്ക്കപ്പെട്ടുകൊണ്ടു പുരാതനസ്ഥാനത്തെയ്ക്കു – വലിയ സൗഭാഗ്യത്തിന്ന് ഇന്ദ്രങ്കലെയ്ക്കു – പോകുന്നു! 5

സ്തുതിച്ചരിയ്ക്കപ്പെടുന്ന ഹരിതവർണ്ണനായ ഭവാൻ ധനത്തിന്നായി ഗമിച്ചാലും: അങ്ങയുടെ നീര് ഇന്ദ്രനെ യുദ്ധത്തിന്നു മത്തുപിടിപ്പിയ്ക്കട്ടെ; പിന്നീടു ഭവാൻ ദേവന്മാരോടുകൂടി ഒരേ തേരിൽ സമ്പത്തു കൊണ്ടുവരിക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 6

ഉശനസ്സുപോലെ കവിത പാടുന്ന (ഈ) സ്തോതാവു ദേവന്മാരുടെ ജനനങ്ങൾ വർണ്ണിയ്ക്കും: മഹാകർമ്മാവും ദീപ്തതേജസ്കനുമായ പാവകൻ, ഒരു പന്നിപോലെ മുരണ്ടുംകൊണ്ടു പാത്രങ്ങളിൽ പൂകുന്നു! 7

ഹംസരായ വൃഷഗണന്മാർ ബലം (പേടിച്ചു) ക്ഷിപ്രപ്രഹാരിയായ പ്രധർഷകനെ നോക്കി, ശാലയിലെയ്ക്കു പോകുന്നു; സ്തോതവ്യനും ദുസ്സഹനുമായ പവമാനത്തെപ്പറ്റി സഖാക്കൾ ഒപ്പം വാണവും മീട്ടുന്നു. 8

ആ പുരുഗേയൻ, തന്റെ ഗതിയ്ക്കൊത്തു പായുന്നു: അനായാസേന വിളയാടുന്ന അദ്ദേഹത്തെ ആരും അനുഗമിയ്ക്കില്ല. തീക്ഷ്ണതേജസ്കൻ പലതരത്തിൽ വിളങ്ങുന്നു: പകൽനേരത്തു പച്ചയാണു്, തന്റെ നിറം; രത്രിയിൽ നേരേ തെളിഞ്ഞുകാണാം! 9

ഇന്ദുവായ കെല്പുറ്റ സോമം ഇന്ദ്രന്നു കരുത്തുണ്ടാക്കാൻ, മത്തുപിടിപ്പിയ്ക്കാൻ നീർദ്ധാരകൾ കീഴ്പോട്ടൊഴുക്കുന്നു. ഈ ധനദനായ ബലപ്പെരുമാൾ രക്ഷസ്സിനെ ഹിംസിയ്ക്കും, മാറ്റലരെ എമ്പാടും മുടിയ്ക്കും! 10

അമ്മികൊണ്ടു പിഴിയപ്പെട്ട സോമം മധുധാര (ദേവന്മാരിൽ) ചേർപ്പാൻ കമ്പിളിയിൽനിന്ന് ഒഴുകുന്നു: മദകരമായ (ഈ) ദേവൻ ഇന്ദ്രദേവന്റെ സഖ്യം നേടി, മത്തുപിടിപ്പിയ്ക്കുന്നു. 11

കാലംതോറും അരുമത്തേജസ്സുടുക്കുന്ന ഇന്ദുദേവൻ, തന്റെ നീർ ദേവന്മാരിൽ ചേർപ്പാൻ, പത്തുവിരലുകളാൽ ഉയർന്ന കമ്പിളിയിൽ പകർന്നരിയ്ക്കപ്പെട്ടിട്ട്, ഒഴുകുന്നു. 12

ഒരു ചെങ്കാള പൈക്കളുടെ നേർക്കു മുക്രയിടുന്നതുപോലെ, താൻ ഒലി പുറപ്പെടുവിച്ചുകൊണ്ടു മന്നിലും വിണ്ണിലും ഗമിയ്ക്കുന്നു: തന്റെ ഒച്ച യുദ്ധത്തിൽ, ഇന്ദ്രന്റേതുപോലെ കേൾക്കാം; ഒരടയാളമായി, ആ ശബ്ദത്തെ പരത്തുന്നു. 13

സോമമേ, ആസ്വാദ്യനായ അവിടുന്നു പാൽകൊണ്ടു തഴച്ചു ശബ്ദിച്ചുകൊണ്ട്, ഒരു മധുരരസമായിത്തീരുന്നു; കഴുകിയരിയ്ക്കപ്പെട്ടിട്ടു, മുറിയാതൊഴുകി, ഇന്ദ്രങ്കലെയ്ക്കു പോകുന്നു. 14

സോമമേ, മദകരനായ നിന്തിരുവടി മഴക്കാറിനെ കൊലയായുധംകൊണ്ടു കുമ്പിടുവിച്ചു, മത്തിന്നായി ഇങ്ങനെ ഒഴുകിയാലും; തെളിവെണ്മ പൂണ്ട, അരിപ്പയിലൊഴിയ്ക്കപ്പെട്ട നിന്തിരുവടി ഞങ്ങൾക്കു ഗോക്കളെത്തരാൻ ചുറ്റിനടന്നാലും! 15

ഇന്ദുവേ, അങ്ങ് പ്രസാദിച്ചു, ഞങ്ങൾക്കു സന്മാർഗ്ഗവും സമ്പത്തും സുലഭമാക്കാൻ കലശത്തിലെയ്ക്കൊഴുകിയാലും; എമ്പാടും രക്ഷസ്സുകളെ മുൾത്തടികൊണ്ടെന്നപോലെ ചതയ്ക്കാൻ, ഉയർന്ന കമ്പിളിയിൽ പ്രവഹിച്ചാലും! 16

ഇന്ദുവേ, അവിടുന്നു ഞങ്ങൾക്ക് അന്നോപേതവും സുഖത്തിനിരിപ്പിടവും ക്ഷിപ്രം (ഫലം) നല്കുന്നതുമായ മഴ വാനിൽനിന്ന് എല്ലാടത്തും പൊഴിച്ചാലും; സമീപിയ്ക്കുന്ന ഈ എളിയ ബന്ധുക്കളെ, അരുമക്കിടാങ്ങളെയെന്നപോലെ തിരഞ്ഞുവരികയുംചെയ്താലും! 17

സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ (എന്റെ) ബന്ധനം ഒരു കുടുക്കുപോലെ അഴിച്ചാലും; നേർവഴിയും ബലവും കിട്ടിച്ചാലും. പകർന്നുവെയ്ക്കുമ്പോൾ അങ്ങ്, ഒരു നടക്കുതിരപോലെ ശബ്ദിയ്ക്കുന്നു; ദേവ, ആ പച്ചനിറം പൂണ്ട മനുഷ്യഹിതനായ ഭവാൻ ഗൃഹത്തിൽ വന്നാലും! 18

ഇന്ദുവേ, മത്തിന്നു പോന്ന ഭവാൻ യജ്ഞത്തിൽ, ഉയർന്ന കമ്പിളിയിൽ എമ്പാടും ഒഴുകുക; ഒരായിരം ധാരകളുള്ള സുഗന്ധിയായ ഭവാൻ അഹിംസിതനായിട്ട്, അന്നലാഭത്തിന്നുള്ള യുദ്ധത്തിൽ ചുറ്റി നടന്നാലും! 19

കടിഞ്ഞാണില്ലാതെ തേരില്ലാതെ പൂട്ടപ്പെടാതെ ആജിയിലിറക്കപ്പെടുന്ന അശ്വങ്ങൾപോലെ, ഇതാ, തെളിസോമങ്ങൾ ഉൾപ്പൂകുന്നു; ദേവന്മാരെ, നിങ്ങൾ അവയെ പ്രാപിയ്ക്കുവിൻ, കുടിപ്പാൻ! 20

ഇന്ദുവേ, അവിടുന്ന് ഇപ്രകാരം, യജ്ഞത്തിന്നു വാനത്തുനിന്ന് ഉദകം ചമസങ്ങളിലൊഴുക്കുക. സോമം നമുക്കു സ്പൃഹണീയവും മഹത്തും ബലിഷ്ഠവുമായ ധനവും വീരന്മാരെയും തരട്ടെ! 21

കാമയമാനനായ സ്തോതാവ്, ഒരു വിളിയ്ക്കുന്ന തൊഴിലാളി മേലാളിയെയെന്നപോലെ സ്തുതിച്ചുതുടങ്ങുന്നതോടേ, ഈ വരണീയനായ, പോന്നവനായ പാലകങ്കൽ – കലശസ്ഥനായ ഇന്ദുവിങ്കൽ – പൈക്കൾ കൊതിച്ചെത്തും! 22

ദാതാക്കൾക്കു നല്കുന്ന – ദാതാക്കൾക്കു പെയ്തുകൊടുക്കുന്ന – ദിവ്യനായ സുമേധസ്സ് സത്യരൂപന്നായി സത്യം ഒഴുക്കുന്നു. നല്ല കെല്പുള്ള ഈ രാജാവു പത്തുവിരലുകളാൽ പെരിക എടുക്കപ്പെടുന്നു! 23

നരരെ നോക്കുന്നവൻ, ദേവന്മാർക്കും മനുഷ്യർക്കും, രണ്ടുകൂട്ടർക്കും, രാജാവ്, സമ്പത്തിന്റെ, സമ്പത്തുകളുടെ, ഉടമസ്ഥൻ – ഇങ്ങനെയുള്ള ഇന്ദു അരിപ്പകളിൽ അരിയ്ക്കപ്പെടുന്നു; നല്ല വെള്ളം ശരിയ്ക്കു സംഭരിച്ചുവെച്ചിരിയ്ക്കുന്നു. 24

സോമമേ, അന്നത്തിന്നായി ഒരശ്വമെന്നപോലെ, നേട്ടത്തിന്നായി ചെന്നു ഭവാൻ ഇന്ദ്രവായുക്കളാൽ കുടിയ്ക്കപ്പെട്ടാലും. ആ ഭവാൻ ഞങ്ങൾക്കു് ഒരായിരം അന്നങ്ങൾ ധാരാളം തന്നാലും; അരിയ്ക്കപ്പെട്ട ഭവാൻ ധനം കിട്ടിച്ചാലും! 25

പകർന്നുവെയ്ക്കപ്പെട്ട ദേവതർപ്പകങ്ങളായ സോമങ്ങൾ നമുക്കു സൽപുത്രോപേതമായ ഗൃഹം അയച്ചുതരട്ടെ: യഷ്ടവ്യങ്ങളും, സർവവരണീയങ്ങളും, ഹോതാക്കൾപോലെ സ്വർഗ്ഗത്തെ യജിയ്ക്കുന്നവയുമായ ആ മാദകതമങ്ങൾക്കു നന്മനസ്സുണ്ടാകട്ടെ! 26

ദേവ, സോമമേ, ദേവപാനമായ ഭവാൻ ദേവയജനത്തിൽ പെരിയ അമറേത്തിന്ന് ഇപ്രകാരം ഒഴുകിയാലും: എന്നാൽ, യുദ്ധത്തിലിറക്കപ്പെട്ട ഞങ്ങൾ വമ്പന്മാരെയും കീഴമർത്തുമല്ലോ. അരിയ്ക്കപ്പെട്ട നിന്തിരുവടി വാനൂഴികളെ സുഖവാസയോഗ്യങ്ങളാക്കിയാലും! 27

ഇന്ദോ, പിഴിയുന്നവരാൽ ചേർക്കപ്പെടുന്ന ഭവാൻ ഒരശ്വംപോലെ ശബ്ദിയ്ക്കുന്നു: സിംഹംപോലെ ഭയങ്കരനും, മനസ്സിനെക്കാൾ വേഗവാനുമായ നിന്തിരുവടി ഇങ്ങോട്ടുള്ള നേർവഴികളിലൂടേ ഞങ്ങൾക്കു മനസ്സ്വാസ്ഥ്യം കൊണ്ടുവന്നാലും! 28

ദേവന്മാർക്കായി നൂറുനീർദ്ധാരകൾ പിഴിഞ്ഞിട്ടു കവികൾ ഇവയ്ക്കു ആയിരംമട്ടിൽ വെടുപ്പു വരുത്തുന്നു. ഇന്ദുവേ, അങ്ങ് സ്വർഗ്ഗത്തിൽനിന്നു ധനം കൊണ്ടുവന്നാലും: വമ്പിച്ച സമ്പത്തിന്റെ മുമ്പിൽ നടക്കുന്നവനാണല്ലോ, അവിടുന്ന്. 29

പകൽസ്സമയത്തു സൂര്യന്റെ രശ്മികൾപോലെ, (നീർദ്ധാരകൾ) പ്രസരിയ്ക്കുന്നു. ഈ ധീരനായ രാജാവ് സഖാവിനെ ദ്രോഹിയ്ക്കില്ല. കർമ്മങ്ങളിൽ യത്നിയ്ക്കുന്ന മകൻ അച്ഛന്നെന്നപോലെ, അങ്ങ് ഈ മനുഷ്യന്നു വിജയം കിട്ടിച്ചാലും! 30

പവമാനമേ, അരിയ്ക്കപ്പെട്ട ഭവാൻ കമ്പിളി വിടുമ്പോൾ, ഭവാന്റെ തേൻധാരകൾ പ്രകർഷേണ പൊഴിയും; അങ്ങ് പൈക്കളുടെ പാലിലെയ്ക്കൊഴുകും. പിറപ്പിൽത്തന്നേ തേജസ്സുകൊണ്ടു സൂര്യനെ നിറയ്ക്കും! 31

താൻ യജ്ഞമാർഗ്ഗത്തെ നോക്കി ഒലികൊള്ളും. അമൃതത്തിന്റെ ഇരിപ്പിടമായ ഭവാൻ വെണ്മ പൂണ്ടു വിശേഷേണ ശോഭിയ്ക്കുന്നു. ആ മാദകരസനായ അങ്ങ് സ്തോതാക്കളുടെ സ്തുതികളോടുകൂടി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇന്ദ്രന്നായി ഒഴുകുന്നു! 32

സോമമേ, വാനിലെ സുപർണ്ണനായ ഭവാൻ യജ്ഞത്തിൽ നീരൊഴുക്കാൻ കീഴ്പോട്ടു നോക്കിയാലും. ഇന്ദോ, അവിടുന്നു സോമകലശം പൂകിയാലും. ശബ്ദിച്ചുകൊണ്ടു സൂര്യരശ്മിയിൽ ചെന്നാലും! 33

ഭാരവാഹി മൂന്നു സൂക്തികളും, ബ്രഹ്മത്തെപ്പറ്റി യജ്ഞരക്ഷകമായ സ്തോത്രവും ഉച്ചരിയ്ക്കുന്നു; പൈക്കൾ കാളയെ പ്രാപിയ്ക്കുന്നതു പോലെ, കാമയമാനകളായ സ്തുതികൾ സോമത്തെ തേടിക്കൊണ്ടു പ്രാപിയ്ക്കുന്നു. 34

കറവപ്പൈക്കൾ സോമത്തെ കാമിയ്ക്കുന്നു. മേധാവികൾ സ്തുതികളാൽ സോമത്തെ തേടുന്നു; സോമത്തെ പിഴിഞ്ഞു കലർത്തി അരിയ്ക്കുന്നു; ത്രിഷ്ടുപ്പ്മന്ത്രങ്ങൾ സോമത്തോടു ചേരുന്നു! (35)

സോമമേ, അരിച്ചു പകർന്നുവെയ്ക്കപ്പെട്ട ഭവാൻ ഇങ്ങനെ ഞങ്ങൾക്കു സ്വസ്തി കിട്ടിച്ചാലും; ഒച്ച മുഴക്കി ഇന്ദ്രങ്കൽ ചെന്നാലും; സ്തുതി വളർത്തിയാലും; ബുദ്ധിയുണ്ടാക്കിത്തന്നാലും! 36

കാമയമാനരായ നേതാക്കൾ – ശോഭനഹസ്തരായ അധ്വര്യക്കൾ – ഒത്തൊരുമിച്ച് ആരെ എടുക്കുന്നുവോ; ആ സത്യസ്തവജ്ഞനായ ഉണർവുറ്റ സോമം അരിയ്ക്കപ്പെട്ടു ചമസങ്ങളിൽ ഇരിയ്ക്കുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ)ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ) ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. പ്രിയനായ ആരുടെ അരുമനീരുകളോ, രക്ഷകങ്ങൾ; അദ്ദേഹം ഉടനേ, ഭൃത്യന്നു കൂലിപോലെ, ധനം തരുമാറാകട്ടെ! 38

വളർത്തുന്നവനും വളരുന്നവനും വൃഷാവുമായ പവമാനസോമം തേജസ്സുകൊണ്ടു നമ്മെ കാത്തരുളട്ടെ: ഇദ്ദേഹത്തെക്കൊണ്ടാണല്ലൊ, നമ്മുടെ സർവജ്ഞരായ പൂർവപിതാക്കൾ സ്ഥലമറിഞ്ഞു ഗോക്കളെ മലയിൽനിന്നു കൊണ്ടുപോന്നതു്! 39

മഴ പെയ്യിയ്ക്കുന്ന രാജാവു വിശാലമായ ജലാസ്പദത്തിൽ പ്രജകളെ ഉൽപാദിപ്പിച്ചുകൊണ്ടു വ്യാപിയ്ക്കുന്നു. പിഴിയപ്പെട്ടു വിളങ്ങുന്ന വൃഷാവായ സോമം ഉയർന്ന കമ്പിളിയരിപ്പയിൽ പെരികെ വളരുന്നു. 40

മഹാനായ സോമം ചെയ്തതു മഹത്തുതന്നെ: താൻ തണ്ണീരുകളുടെ ഗർഭമായിട്ടു ദേവന്മാരെ പ്രാപിച്ചുവല്ലോ. പവമാനേന്ദു ഇന്ദ്രന്നു ബലം ഉളവാക്കി; സൂര്യന്നു പ്രകാശം വരുത്തി! 41

ദേവ, പവമാനസോമമേ, അങ്ങ് അന്നത്തിന്നും അർത്ഥത്തിന്നും വായുവിനെ മത്തുപിടിപ്പിയ്ക്കുക; മിത്രാവരുണന്മാരെ മത്തുപിടിപ്പിയ്ക്കുക; മരുദ്ഗണത്തെ മത്തുപിടിപ്പിയ്ക്കുക; ദേവന്മാരെ മത്തുപിടിപ്പിയ്ക്കുക; ദ്യാവാപൃഥിവികളെയും മത്തുപിടിപ്പിയ്ക്കുക! 42

നിന്തിരുവടി ഉപദ്രവം പോക്കി, രോഗത്തെയും ദ്രോഹികളെയും നശിപ്പിച്ചു, നേരേ ഒഴുകിയാലും; നീര് പൈക്കളുടെ പാലോടു ചേർത്താലും. ഇന്ദ്രന്റെ സഖാവാണു്, നിന്തിരുവടി; ഞങ്ങൾ നിന്തിരുവടിയുടെയും! 43

ഇന്ദുവേ, അരിയ്ക്കപ്പെടുന്ന ഭവാൻ ധനത്തിന്റെ തേനോലുന്ന ഉറവു പൊഴിച്ചാലും: ഞങ്ങൾക്കു പുത്രനെയും വിത്തത്തെയും കിട്ടിച്ചാലും; ഇന്ദ്രന്നു സ്വാദു തോന്നിച്ചാലും; അന്തരിക്ഷത്തിൽനിന്നു ഞങ്ങൾക്കു ഗോവിനെയും കൊണ്ടുവന്നാലും! 44

പിഴിയപ്പെട്ട ബലവാനായ സോമം ധാരയായി ഒരശ്വംപോലെ നടകൊണ്ടു, നദിപോലെ താഴത്തെയ്ക്കൊഴുകുന്നു: അരിയ്ക്കപ്പെട്ട ഇന്ദു മരപ്പറയിൽ മേവുന്നു; ഗോരസങ്ങളോടും തണ്ണീരുകളോടും മേളിയ്ക്കുന്നു. 45

സർവദർശിയും സത്യബലനുമായ യാതൊരു രഥികൻ, യഷ്ടാക്കളുടെ അഭിലാഷമെന്നപോലെ നിവേദിയ്ക്കപ്പെട്ടുവോ; ഇന്ദ്ര, ആ ധീരനായ, വേഗവാനായ സോമം ഇതാ, കൊതിയ്ക്കുന്ന നിന്തിരുവടിയ്ക്കായി ചമസങ്ങളിലെയ്ക്കൊഴുകുന്നു! 46

പുരാതനമായ അന്നത്തോടേ ഒഴുകി, ഭൂമിയുടെ അംഗങ്ങൾ മറച്ചു, മൂന്നിനെയും തടുക്കുന്ന ഗൃഹമണഞ്ഞു, വെള്ളത്തിൽ വാണതന്തിരുവടി യജ്ഞങ്ങളിൽ ഹോതാവുപോലെ ശബ്ദിച്ചുകൊണ്ടു ചെല്ലുന്നു! 47

ദേവ, സോമമേ, രഥവാനായ ഭവാൻ ഞങ്ങളുടെ ഇരുപലകകളിൽ പിഴിയപ്പെട്ടിട്ടു തണ്ണീരുകളിലെയ്ക്കു തിണ്ണം ഒഴുകിയാലും; മാധുര്യശാലിയും തുലോം ആസ്വാദ്യനും യജ്ഞവാനും സവിതൃദേവൻപോലെ സത്യസ്തവനുമാണല്ലോ, അങ്ങ്! 48

സ്തുതിയ്ക്കപ്പെട്ട പവമാനമായ ഭവാൻ വായുവിന്നും, മിത്രാവരുണന്മാർക്കും, തേരിൽ മേവുന്ന മനോജവരായ ഇരുനേതാക്കൾക്കും, വൃഷാവും വജ്രപാണിയുമായ ഇന്ദ്രന്നും കുടിപ്പാനായി ചെന്നാലും! 49

ദേവ, പവമാനസോമമേ, നിന്തിരുവടി ഞങ്ങൾക്കു നന്നായി ചുറ്റാവുന്ന വസ്ത്രങ്ങളും, സുദുഘകളായ പൈക്കളെയും, പൊറുപ്പിന്ന് ഇമ്പപ്പെടുത്തുന്ന പൊന്നുകളും, കുതിരകളെയും, തേരുകളും കൊണ്ടു വന്നാലും! 50

പവമാനമേ, അങ്ങ് ഞങ്ങൾക്കു വിണ്ണിലും മന്നിലുമുള്ള വിത്തമെല്ലാം കൊണ്ടുവന്നാലും; ഞങ്ങൾക്കു ധനാർജ്ജനസാമർത്ഥ്യവും, ജമദഗ്നിയ്ക്കെന്നപോലെ ഋഷിയോഗ്യവും കൊണ്ടുവന്നാലും ! 51

ഇന്ദോ, അങ്ങ് ഈ നീരുകൊണ്ട് ഈ ധനങ്ങൾ ഒഴുക്കുക; ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന സരസ്സിൽ ചെല്ലുക. ആദിത്യനും, വായുപോലെ വേഗം പൂണ്ടു ശതക്രതുവും പ്രപന്നന്നു നേതാവിനെ തന്നരുളട്ടെ! 52

അങ്ങ് ഞങ്ങളുടെ ശബ്ദം മുഴങ്ങുന്നേടത്ത് ഈ നീരുതന്നെ ഒഴുക്കിയാലും. ആ പരിപന്ഥിഹന്താവു പടയ്ക്കായി അറുപതിനായിരം നാണ്യങ്ങൾ, മരത്തിന്റെ പഴങ്ങൾപോലെ കൊതിച്ചുതന്നുവല്ലോ! 53

തന്തിരുവടിയുടെ വലിയ വർഷിയ്ക്കലും വണങ്ങിയ്ക്കലും സുഖകരങ്ങളാകുന്നു: ഇവ കുതിരപ്പടയിലും കൈപ്പോരിലും കൊന്നുകളയും. താൻ പറ്റലരെ ഉറക്കി; ആട്ടിപ്പായിച്ചു. നിന്തിരുവടി രിപുക്കളെയും, അഗ്നിചയനം ചെയ്യാത്തവരെയും ഇവിടെനിന്നോടിച്ചാലും! 54

പരന്ന മൂന്നരിപ്പകളിൽ വഴിപോലെ ചെല്ലുന്ന നിന്തിരുവടി അരിയ്ക്കപ്പെടുമ്പോൾ ഒന്നിലെയ്ക്കോടുന്നു. നിന്തിരുവടി ഭജനീയനാണു്, കൊടുക്കേണ്ടതു കൊടുക്കുന്നവാനാണ്: ഇന്ദോ, ധനവാന്മാരെക്കാൾ ധനവാനാണല്ലോ, നിന്തിരുവടി! 55

ഇതാ, എല്ലാമറിയുന്ന മനീഷിയായ, പാരിന്നെല്ലാമരചനായ, ഇന്ദുവായ സോമം ഒഴുകുന്നു – യജ്ഞത്തിൽ നീർത്തുള്ളികളുതിർത്തുകൊണ്ടു, കമ്പിളി രണ്ടുപാടും വെടിഞ്ഞു, നടകൊള്ളുന്നു! 56

അഹിംസിതരായ മഹാന്മാർ ഇന്ദുവിനെ നുകരുന്നു; ധനകാമരായ കവികൾപോലെ അരികിൽ ഒച്ചയും മുതിർക്കുന്നു. കർമ്മകുശനന്മാർ പത്തുവിരലുകളാൽ കൊണ്ടുപോകുന്നു; ചെടി വെള്ളംകൊണ്ടു കഴുകുന്നു.57

പവമാനസോമമേ, അങ്ങ് യുദ്ധത്തിൽ വളരെ ചെയ്തതു ഞങ്ങൾ അനുഷ്ഠിയ്ക്കുമാറാകണം:

(കേക.)

അതിനെ മാനിയ്ക്കട്ടേ, മിത്രനും വരുണനും
ക്ഷിതിയുമാകാശവും സിന്ധുവുമദിതിയും! 58
കുറിപ്പുകൾ: സൂക്തം 97.

[2] പടയുടുപ്പിട്ട് – സ്വതേജസ്സാൽ ആച്ഛാദിതനായി.

[4] സ്തോതാക്കളോട്:

[5] സൗഭാഗ്യത്തിന്നു് – യഷ്ടാക്കൾക്കു സൗഭാഗ്യം വരുത്താൻ.

[6] ഗമിച്ചാലും – ഇന്ദ്രന്റെ അടുക്കലെയ്ക്ക്.

[7] ഈ സ്തോതാവ് – വൃഷഗണൻ. പാവകൻ – പാപം നീക്കുന്ന സോമം,

[8] ഹംസർ – ഹംസതുല്യർ. ബലം – ശത്രുക്കളുടെ ആക്രമണം. പ്രധർഷകൻ – സോമം. ദുസ്സഹൻ – ശത്രുക്കൾക്ക്. സഖാക്കൾ – സ്തോതാക്കൾ. വാണം – ഒരുതരം വീണ. മീട്ടുന്നു – മീട്ടിക്കൊണ്ടു പാടുന്നു.

[9] ആരും അനുഗമിയ്ക്കില്ല – ഒപ്പം നടക്കാൻ ആരും ആളാവില്ല. പച്ചയാണു് – മന്ദപ്രഭമാണു്.

[10] ബലപ്പെരുമാൾ – ബലത്തിന്റെ രാജാവായ സോമം.

[11] ഒഴുകുന്നു – കലശത്തിലെയ്ക്ക്.

[13] പരത്തുന്നു – വ്യാപിപ്പിയ്ക്കുന്നു.

[15] കുമ്പിടുവിച്ചു – മഴ പെയ്യാൻ.

[17] ഈ എളിയ ബന്ധുക്കളെ – ഞങ്ങളെ. തിരഞ്ഞ് – അഭീഷ്ടങ്ങൾ നല്കാൻ അന്വേഷിച്ച്.

[18] ബന്ധനം – പാപബന്ധം. ഗൃഹത്തിൽ – എന്റെ.

[19] മത്തിന്നു പോന്ന – ലഹരിപിടിപ്പിയ്ക്കാൻ ത്രാണിയുള്ള.

[20] ഉൾപ്പൂകുന്നു – കലശത്തിൽ.

[21] വാനം – അരിപ്പ. ഉദകം – നീര്.

[22] കൊതിച്ചെത്തും – നീരിൽ പാൽ ചേർക്കാൻ.

[23] ദാതാക്കൾക്കു നല്കുന്ന – യജമാനർക്ക് അഭീഷ്ടങ്ങൾ നല്കുന്ന. സുമേധസ്സ് – സോമം, സത്യരൂപൻ – ഇന്ദ്രൻ. സത്യം – തന്റെ നീരു്.

[26] സ്വർഗ്ഗത്തെ – ദേവന്മാരെ. മാദകതമങ്ങൾ = അതിമാദകങ്ങൾ, സോമങ്ങൾ.

[27] പെരിയ അമറേത്തിന്നു – ദേവകൾക്കു കുടിപ്പാൻ. ഇറക്കപ്പെട്ട – അങ്ങയാൽ.

[30] ഒന്നും രണ്ടും വാക്യങ്ങൾ പരോക്ഷങ്ങൾ: സഖാവു് – യജമാനൻ.

[32] അമൃതത്തിന്റെ ഇരിപ്പിടം – മരണരഹിതൻ.

[34] ഭാരവാഹി – യജമാനൻ. മൂന്നു സൂക്തികൾ – ഋഗ്യജുസ്സാമസ്തുതികൾ. ബ്രഹ്മം – സോമം.

[35] കലർത്തി – ഗോരസങ്ങൾ.

[36] സ്തുതി – ഞങ്ങളുടെ.

[38] നിറയ്ക്കുന്നു – സ്വമഹിമാവിനാൽ. തരുമാറാകട്ടെ – നമുക്ക്.

[39] പൂർവപിതാക്കൾ – അംഗിരസ്സുകൾ.

[40] രാജാവു് – സോമം. ജലാസ്പദം – അന്തരിക്ഷം.

[42] അന്നത്തിന്നും അർത്ഥത്തിന്നുമായി – ഞങ്ങൾക്ക്.

[44] ഉറവ് – നീര്.

[45] താഴത്തെയ്ക്ക് – കലശത്തിലെയ്ക്കു്. മരപ്പറ – ദ്രോണകലശം.

[46] രഥികൻ – രഥവാൻ. നിവേദിയ്ക്കുക – അങ്ങയ്ക്കു നല്കുക.

[47] മറച്ചു – സ്വതേജസ്സുകൊണ്ടു മൂടി. മൂന്നിനെയും – ശീതാതപവർഷങ്ങളെ. ഗൃഹം – യാഗശാല. ശബ്ദിച്ചുകൊണ്ടു് – ഹോതാവു സ്തുതിയ്ക്കുന്നതുപോലെ ശബ്ദിച്ചുകൊണ്ടു്.

[49] ഇരുനേതാക്കൾ – അശ്വികൾ.

[50] പൊറുപ്പ് – നിതൃവൃത്തി.

[51] ഋഷിയോഗ്യം – മന്ത്രം. കുത്സന്റേതാണു്, ഈ പ്രാർത്ഥന.

[52] ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന – നാസ്തികർക്കു ദുഃഖകരമായ. സരസ്സിൽ – വെള്ളത്തിൽ. പ്രപന്നന്ന് – എനിയ്ക്ക്. നേതാവിനെ – കർമ്മനേതാവായ പുത്രനെ.

[53] രണ്ടാം വാക്യം പരോക്ഷം: പരിപന്ഥിഹന്താവു് = വൈരിഘ്നൻ, സോമം.

[54] വർഷിയ്ക്കലും, വണങ്ങിയ്ക്കലും – ശരവൃഷ്ടിയും, ശത്രുക്കളെ കുമ്പിടുവിയ്ക്കലും. കുതിരപ്പട = അശ്വയുദ്ധം. കൈപ്പോർ = ബാഹുയുദ്ധം. കൊന്നുകളയും – എതിരാളികളെ. ഉറക്കി – മൃതിപ്പെടുത്തി. അന്തിമവാക്യം പ്രത്യക്ഷം:

[55] മൂന്നരിപ്പകളിൽ – അഗ്നിവായുസൂര്യരിൽ. ഒന്നിലെയ്ക്ക് – കമ്പിളിയരിപ്പയിലെയ്ക്കു്.

[57] മഹാന്മാർ – ദേവന്മാർ. കവികൾ – സ്തോതാക്കൾ. ചെടി – സോമലത.

സൂക്തം 98.

വൃഷാഗീര് എന്ന രാജാവിന്റെ പുത്രൻ അംബരീഷനോ, ഭരദ്വാജപുത്രൻ ഋജിശ്വാവോ, ഇരുവരുമോ ഋഷികൾ; അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (അന്നനട.)

തിരുമേനി കൊണ്ടുവരികിന്ദോ, ഞങ്ങൾ-
ക്കൊരായിരംപേരേപ്പുലർത്താവും ധനം,
പുരുസ്(അന്നനടപൃഹണീയം, തുലോമോജസ്കരം,
പെരിയോരെയമർത്തുവൊന്ന,നല്പാന്നം! 1

അരിപ്പപൂകുന്നു പിഴിയപ്പെട്ടിന്ദു,-
വൊരു രഥി ചട്ടയിടുന്നതുപോലെ;
മുറിയാതേ കുടത്തിലെയ്ക്കൊഴുകുന്നു
നിറയുമാറ,ഭിഷ്ടുതനാമദ്ദേഹം.2

പിഴിഞ്ഞോരാൽ മത്തിന്നയയ്ക്കപ്പെട്ടവ-
നൊഴുകുന്നൂ, നല്ക്കമ്പിളിയിലെമ്പാടും;
എഴുന്നൾവൂ, ഗവ്യം കൊതിച്ചൊ,ളിപോലെ-
യെഴുന്ന നീർദ്ധാരയൊടും മഖോന്നതൻ! 3

ഹവിസ്സർപ്പിയ്ക്കുന്ന കുടുംബിയാം നര-
ന്നവിടുന്നു കല്പിച്ചയയ്ക്കാറുണ്ടല്ലോ,
ഒരുനൂറുമൊരായിരവുമായിട്ടു,
പൊറുക്കുവാൻ വേണ്ടും ധനമിന്ദോ, ദേവ! 4

ഇവണ്ണമുള്ള നിന്നുടെയല്ലോ, ഞങ്ങ-
ളവിദിതഗതേ, വസോ, വൃത്രഘാതിൻ:
അവിരളകാമ്യം ധന,മന്നം,സുഖ-
മിവയുടെയതിസമീപത്താകെങ്ങൾ! 5

ഇരുനാലും രണ്ടും വിരലുകളിന്ദ്ര-
ന്നരുമയായ്പ്പുകളിയന്ന കാമ്യനെ
തിരയടിയ്ക്കും നീർനിരയൊഴുകുമാ-
റരകല്ലാൽപ്പിഴിഞ്ഞമൃതമാടിപ്പൂ. 6

കുരാൽ – പച്ചനിറം പെറുമാ രമ്യനെ-
യരിയ്ക്കുന്നു, നൂല്ക്കമ്പിളിയിലെമ്പാടും:
തിരുവടി പിന്നെ നടകൊള്ളുമല്ലോ,
സുരന്മാരെയെല്ലാം ലഹരിക്കൊള്ളിപ്പാൻ! 7

കരുത്തുളവാകാൻ നുകർന്നുവല്ലോ, ത-
ന്തിരുവടിയുടെ സുരക്ഷയാൽ നിങ്ങൾ:
പെരുതാകുമന്നം സ്തുതികാരന്മാരി-
ലുറപ്പിപ്പോനല്ലോ, രവിരമ്യനിവൻ! 8

മനുവിന്റെ വിയന്മഹീദേവികളേ,
ജനിച്ചാനിദ്ദേവൻ ഭവദ്യജ്ഞങ്ങളിൽ;
അരകല്ലിലിരുന്നിടുമസ്സോമത്തെ
(നരർ) ചതയ്ക്കയായ്, ക്രതുനിർഗ്ഘോഷത്തിൽ! 9

പകരുന്നൂ, വൃത്രരിപുവാമിന്ദ്രന്നു
നുകരുവാനായിബ്ഭവാനെയിന്ദുവേ,
ഹവിസ്സദ്ദേവന്നു സമർപ്പിപ്പാൻ യജ്ഞ-
ഭവനത്തിൽ മേവും സദക്ഷിണന്നുമേ! 10

വെളിവില്ലാത്തോരാമൊളികള്ളന്മാരെ-
പ്പുലർകാലത്തെവയടിച്ചോടിയ്ക്കുമോ;
അഹപ്പിറപ്പിലപ്പുരാണസോമങ്ങ-
ളരിപ്പയിങ്കലെയ്ക്കൊഴുകുകയായി! 11

കരുത്തേകും നറുമണത്തൊടേ മുന്നിൽ-
പ്പരിലസിപ്പതാമതിനെ മിത്രരേ,
ഭുജിയ്ക്ക, വിജ്ഞർ നിങ്ങളുമെങ്ങളുമേ;
ഭജിയ്ക്ക, ഭോജ്യവൽഭവനദായിയെ! 12
കുറിപ്പുകൾ: സൂക്തം 98.

[1] പെരിയോരെ – വലിയ വൈരികളെ. ഉത്തരാർദ്ധം മുഴുവൻ ധനവിശേഷണം.

[2] അഭിഷ്ടുതൻ = സ്തുതിയ്ക്കപ്പെട്ടവൻ.

[3] അയയ്ക്കപ്പെട്ട് – ദേവന്മാർക്കു്. ഒളിപോലെയെഴുന്ന – ഒരു പ്രഭപോലിരിയ്ക്കുന്ന. മഖോന്നതൻ – യാഗത്തിൽ പ്രധാനഭൂതൻ.

[5] അവിദിതഗതേ = ഹേ അജ്ഞാതഗമന. അവിരളകാമ്യം = ബഹുസ്പൃഹണീയം. ഞങ്ങൾ ധനാദികളോടു ചേരുമാറാകട്ടെ.

[6] ഇരുനാലും രണ്ടും – പത്ത്. അമൃതം = ജലം.

[7] കുരാൽ – പച്ചനിറം – തവിട്ടുനിറവും പച്ചനിറവും.

[8] കർമ്മികളോടു്: നുകർന്നു – സോമനീർ. രവിരമ്യൻ = സൂര്യൻപോലെ രമണീയൻ. ഇവൻ – സോമം.

[9] മനുവിന്റെ – മനുവിന്റെ സ്വന്തമായ. വിയന്മഹീദേവികൾ – വാനൂഴികളാകുന്ന ദേവികൾ. ഇദ്ദേവൻ – സോമം. ഭവദ്യജ്ഞങ്ങൾ – നിങ്ങളുടെ യാഗങ്ങൾ.

[10] അദ്ദേവൻ – ഇന്ദ്രൻ. സദക്ഷിണന്നുമേ – ദക്ഷിണ കൊടുക്കുന്ന യജമാനന്നു ഫലം നല്കാനും. പാത്രങ്ങളിൽ പകരുന്നു.

[11] വെളിവ് – അറിവു്. ഒളികള്ളന്മാർ – നിഗൂഢചോരന്മാർ. അഹപ്പിറപ്പ് – പ്രഭാതം. പുരാണം = പുരാതനം.

[12] സ്തോതാക്കളോടു്: അതിനെ – സോമത്തെ. ഭോജ്യവൽഭവനദായിയെ – അന്നസമേതമായ ഗൃഹം തരുന്ന സോമത്തെ.

സൂക്തം 99.

കശ്യപഗോത്രർ രേഭനും സൂനുവും ഋഷികൾ; ബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (താമരക്കണ്ണൻ’ പോലെ.)

ആണ്മ കാട്ടുന്ന വില്ലിൽ ഞാണിടും,
കാമ്യനാം ധർഷകന്നായി-
വെള്ളരിപ്പു നിവുർത്തും, പൂജോൽക്കർ
കല്യന്നായ് വാനോർതൻ മുന്നിൽ! 1

സേവാപരന്റെ കൈവിരലുകൾ
പോവതിന്നയച്ചാലപ്പോൾ
അന്നങ്ങൾ പാർത്തിറങ്ങുമേ, ശ്യാമൻ
മണ്ഡിതൻ പുലർവേളയിൽ! 2

അത്യന്തമിന്ദ്രൻ സേവിയ്ക്കുമിതിൻ-
മത്തുനീരരിയ്ക്കാവൂ, നാം:
ഗോക്കലിതിനെപ്പണ്ടുമിപ്പോഴും
വായ്ക്കൊള്ളുമല്ലോ, വിജ്ഞരും! 3

പണ്ടേത്തെപ്പാട്ടാലപ്പവമാന-
മുണ്ടു, വാഴ്ത്തപ്പെട്ടീടുന്നു;
കൈവിരൽകളും കുമ്പിട്ടുകൊണ്ടു
ദേവന്മാർക്കായിട്ടർപ്പിപ്പൂ! 4

അംഭസ്സു പകർന്ന,ത്താങ്ങായോനെ-
കമ്പിളികൊണ്ടരിയ്ക്കുന്നു;
മുമ്പറിയിപ്പും ദൂതങ്കൽപ്പോലേ
സമ്പ്രാർത്ഥിയ്ക്കുന്നൂ, ധീമാന്മാർ. 5

മത്തേറ്റമേകുമപ്പൂതസോമം
വർത്തിപ്പൂ, ചമസങ്ങളിൽ:
വാഴ്ത്തപ്പെടുന്നൂ, നീർ ഗോവിൽപോലേ
ചേർത്തിടും കർമ്മപാലകൻ. 6

നേർക്കരിയ്ക്കുന്നു, സുവ്രതർ ദേവ-
ന്മാർക്കായ്പ്പിഴിഞ്ഞദ്ദേവനെ;
സന്ദാതാവിവർക്കെന്നു വിജ്ഞാതൻ
വൻതണ്ണീർകളിൽപ്പൂകുന്നു. 7

ഇന്ദോ, പിഴിഞ്ഞെടുത്തരിപ്പിൽത്തൂ-
കുന്നു, നേതാക്കളങ്ങയെ;
ഇന്ദ്രന്നായ്ച്ചമസങ്ങളിൽ വാഴ്‌വൂ,
നന്നെ മത്തേകുവോനാം നീ. 8
കുറിപ്പുകൾ: സൂക്തം 99.

[1] ആണ്മ കാട്ടുന്ന = പൗരുഷത്തെ വെളിപ്പെടുത്തുന്ന. പൂജോൽക്കർ – ഋത്വിക്കുകൾ. കല്യന്നായ് – കരുത്തനായ സോമത്തിന്നായ്.

[2] സേവാപരൻ – യജമാനൻ. പോവതിന്നയച്ചാൽ – പാത്രങ്ങളിൽ പകർന്നാൽ. ശ്യാമൻ – പച്ചനിറസ്സോമം. മണ്ഡിതൻ = അലംകൃതൻ.

[3] മത്തുനീർ = മദകരമായ രസം. ഇതിനെ – ചെടിയായി നില്ക്കുന്ന സോമത്തെ. വിജ്ഞർ (സ്തോതാക്കൾ) ഇതിന്റെ നീർ വായ്ക്കൊള്ളും – ഭക്ഷിയ്ക്കും.

[4] പണ്ടേത്തെപ്പാട്ട് – പുരാതനസ്തുതി. അർപ്പിപ്പൂ – സോമരസമാകുന്ന ഹവിസ്സ്.

[5] അത്താങ്ങായോനെ – സർവാധാരമായ സോമത്തെ. മുമ്പറിയിപ്പും സമ്പ്രാർത്ഥിയ്ക്കുന്നു – ദേവന്മാരെ മുൻകൂട്ടി അറിയിയ്ക്കേണമേ എന്നു, ദൂതനോടെന്ന പോലെ സോമത്തോടപേക്ഷിയ്ക്കുകയും ചെയ്യുന്നു. ധീമാന്മാർ – യജമാനർ.

[6] പൂതം = വിശുദ്ധം, അരിയ്ക്കപ്പെട്ടതു്. ഗോവിൽപ്പോലെ – ഒരു കാള ഗോക്കളിൽ രേതസ്സ് ആധാനംചെയ്യുന്നതുപോലെ. നീർ ചേർത്തിടും – നീർ ചമസങ്ങളിൽ പകരുന്ന. കർമ്മപാലകൻ – സോമം വാഴ്ത്തപ്പെടുന്നു.

[7] സുവ്രതർ – ഋത്വിക്കുകൾ. അദ്ദേവനെ – സോമത്തെ. ഇവർക്കു സന്ദാതാവ്, അഭീഷ്ടപ്രദൻ, എന്നു വിജ്ഞാതൻ, അറിയപ്പെട്ട സോമം. വൻതണ്ണീർകളിൽ (മഹാജലങ്ങളിൽ) പൂകുന്നു.

[8] നന്നെ = ഏറ്റവും.

സൂക്തം 100.

ഋഷിദേവതകൾ മുമ്പേത്തവ; അനുഷ്ടുപ്പ് ഛന്ദസ്സ് (‘താമരക്കണ്ണൻ’പോലെ.)

ചെന്നണയുന്നു, കൂറുറ്റ തണ്ണീ-
രിന്ദ്രന്നിഷ്ടനാം കാമ്യങ്കൽ,
ഒന്നാംവയസ്സിൽപ്പെറ്റ കന്നിനെ
നന്നായ് നക്കുവാൻ തായ്പോലേ! 1

കൊണ്ടുവരിക,രിയ്ക്കപ്പെട്ട നീ
രണ്ടിടസ്വത്തും സോമമേ:
ദാതാവിൻ ഗൃഹേ സർവാർത്ഥപുഷ്ടി
സാധിപ്പോനല്ലോ, നീയിന്ദോ! 2

നീർ മനോജവമായുതിർക്ക നീ,
കാർമുകിൽ മഴപോലിന്ദോ:
വിണ്ണുലകിലും മന്നിലുമുള്ള
പൊന്നു വളർപ്പോനല്ലോ, നീ! 3

ഏവം പിഴിയപ്പെട്ട ഭവാന്റെ
സേവനാർഹമാം നീർ വെക്കം
കമ്പിളിയിലെയ്ക്കോടുന്നു, വെന്ന
വമ്പന്റെ വാജിപോലവേ! 4

ഞങ്ങൾക്കു ബലത്തിന്നറിവിന്നു-
മിങ്ങൊഴുക്കുക നീർ കവേ,
ഇന്ദ്രവരുണമിത്രർക്കുണ്ണുവാ-
നിന്ദോ, പിഴിയപ്പെട്ട നീ 5

നീരൊഴുക്കുക,രിപ്പിലന്നദ-
വീരൻ പിഴിയപ്പെട്ട നീ:
ഇന്ദ്രന്നും വിഷ്ണുവിന്നുമുമ്പർക്കും
നന്നായിനിയ്ക്ക, സോമമേ! 6

പച്ചവർണ്ണനാം നിന്നെയരിപ്പിൽ,-
ക്കൊച്ചുകന്നിനെപ്പൈപോലേ
മാൽ തട്ടിയ്ക്കാതേ, നക്കുന്നൂ, തായാർ
മേധത്തിൽപ്പവമാനമേ! 7

നാനാംശു പാകിച്ചുറ്റുന്നൂ, പെരും-
വാനിൽ നീ പവമാനമേ;
അല്ലിനെയൊട്ടുക്കോടിപ്പൂ ശീഘ്ര,-
മധ്വരിഗൃഹേ വാണു നീ! 8

വാനൂഴികളെത്താങ്ങിപ്പോരുന്നൂ,
നാനാകർമ്മാവേ, നീ തുലോം;
പേർത്തു മഹത്ത്വത്താലേ തൃച്ചട്ട
ചാർത്തുന്നൂ, പവമാനമേ! 9
കുറിപ്പുകൾ: സൂക്തം 100.

[1] കാമ്യൻ – സോമം. തായ് – തള്ളപ്പയ്യ്.

[2] രണ്ടിടസ്വത്തും – ദിവ്യസമ്പത്തും, ഭൗമസമ്പത്തും. ദാതാവ് – ഹവിസ്സു നല്കുന്നവൻ, യജമാനൻ. അർത്ഥം = ധനം.

[3] പൊന്നു – ധനം. വളപ്പോൻ – ഞങ്ങൾക്കായി വർദ്ധിപ്പിയ്ക്കുന്നവൻ.

[4] സേവനാർഹം = സേവ്യം. വെന്ന വമ്പന്റെ – യുദ്ധത്തിൽ ജയിച്ച വീരന്റെ.

[6] അന്നദവീരൻ – മികച്ച അന്നദാതാവ്. ഇനിയ്ക്ക = മധുരിച്ചാലും.

[7] മാൽ തട്ടിയ്ക്കാതേ – സുഖമാംവണ്ണം. തായാർ – തണ്ണീരുകൾ.

[8] നാനാംശു = വിവിധരശ്മി. ചുറ്റുന്നൂ – ചുറ്റിനടക്കുന്നു. അല്ലിനെയൊട്ടുക്ക് – തമോരൂപരായ രാക്ഷസരെയെല്ലാം. അധ്വരിഗൃഹേ = യജമാനന്റെ ഗൃഹത്തിൽ.

[9] തൃച്ചട്ട – തണ്ണീരാകുന്ന കവചം.

സൂക്തം 101.

ശ്യാവാശ്വപുത്രൻ അന്ധീഗുവും, നഹുഷപുത്രൻ യയാതിയും, മനുപുത്രൻ നഹുഷനും, സംവരണപുത്രൻ മനുവും, വാക്പുത്രനോ വിശ്വാമിത്രപുത്രനോ ആയ പ്രജാപതിയും ഋഷികൾ; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’ പോലെ.)

വെറ്റി മുൻനില്ക്കും മാദകമായ
കൊറ്റിന്റെ നീരിൽനിന്നാരാൽ
പോക്കുവിൻ, നിങ്ങൾ ചങ്ങാതിമാരേ,
നാക്കു നീട്ടിയ നായയെ! 1

ശുദ്ധിപ്പെടുത്തും നീർദ്ധാരകളോ-
ടൊത്തൊഴുകുന്നു ചുറ്റുമേ,
നേരേ പിഴിയപ്പെട്ടതാം സോമം,
പോരുന്നൊരശ്വംപോലവേ! 2

ആ യഷ്ടവ്യവും ദുർന്നിവാരവു-
മായ സോമത്തെ നേതാക്കൾ
അമ്മിയാൽച്ചതയ്ക്കുന്നു, സർവാശാ-
സമ്മിളിതാന്തരംഗരായ്! 3

വാർമാധുരിയാൽ മത്തുളവാക്കും
സോമം പിഴിഞ്ഞരിയ്ക്കവേ
ഇന്ദ്രന്നായൊഴുകുന്നു: നിൻനീർകൾ
ചെന്നണയട്ടേ, വാനോരിൽ! 4

‘ഇന്ദ്രന്നായൊഴുകുന്നു, സോമനീ’-
രെന്നു വാഴ്ത്തികൾ വർണ്ണിയ്ക്കെ,
ഉച്ഛബ്ദൻ കെല്പാലൊക്കയ്ക്കും പുരാ-
നർച്ചിതാനാകാനിച്ഛിപ്പൂ! 5

നൂറുനൂർദ്ധാരയൊത്തൊഴുകുമേ,
നീരാഴി, നുതി ചൊല്ലിപ്പോൻ,
വിത്തങ്ങളുടെ നാഥനി,ന്ദ്രന്റെ
മിത്രമാം സോമം നാൾതോറും! 6

ശ്രീമുരടായോൻ, പൂഷാവു, ഭഗൻ
സോമമരിയ്ക്കപ്പെട്ടിതാ,
പൂകുന്നു, സർവഭൂതേശനി,രു-
നാകോവികളെ മിന്നിപ്പോൻ! 7

മത്തിന്നായ്ശ്ശബ്ദം കൂട്ടുന്നു, തമ്മിൽ
സ്പർദ്ധയോടോമൽഗ്ഗോവുകൾ;
തൂമ വരുത്തപ്പെട്ടൊ,ളിക്കൊണ്ടു
സോമമോ, വഴി തീർക്കുന്നു! 8

യാതൊന്നോ പഞ്ചജാതിയിൽ വാഴ്‌വൂ,
യാതൊന്നോജിഷ്ഠം സുശ്രവം;
അന്നീർ പൊഴിയ്ക്കുകെ,ങ്ങൾക്കു ധനം
വന്നീടാൻ പവമാനമേ! 9

ഇന്ദുവാം സോമം സർവജ്ഞനൊഴു-
കുന്നു, പിഴിഞ്ഞ നമ്മൾക്കായ്,
മിത്രം, നിഷ്പാപൻ, ശോഭനധ്യാന,-
നെത്രയും വഴി കിട്ടിപ്പോൻ! 10

അമ്മികൾകൊണ്ടു മൂരിത്തോലിങ്കൽ-
ച്ചെമ്മേ പിഴിഞ്ഞുവീഴ്ത്തവേ,
നമ്മൾക്കന്നത്തിന്നായൊലിക്കൊൾവൂ,
സ്വമ്മു കിട്ടിപ്പൊന്നെമ്പാടും! 11

കെല്പോടാംഭസ്സിൽപ്പുക്ക ധീമാന്മാ-
രിപ്പവമാനസോമങ്ങൾ
തൈരോടിണങ്ങിദ്ദർശനീയരായ്-
ത്തീരുന്നു, സൂര്യർപോലവേ! 12

കേൾക്കൊലാ, പിഴിയുന്ന സോമത്തിൻ
വാക്കിനെ, മുടക്കുന്ന നായ്:
ഭാർഗ്ഗവർ മഖസംജ്ഞനെപ്പോലാ
മൂർഖനെത്തച്ചുപായിപ്പിൻ! 13

പുത്രൻ തായ്താതപാണിയിൽപ്പോലേ
പുക്കാനരിപ്പിൽബ്ബാന്ധവൻ;
ജാര – വരന്മാർ പെണ്ണിങ്കൽപ്പോലേ,
സ്ഥാനത്തെത്തുവാനോടിനാൻ! 14

ഒപ്പം വാനൂഴികൾക്കു താങ്ങായോൻ
കെല്പുദിപ്പിപ്പോനാ വീരൻ
സൽകർമ്മിപോലേ സ്ഥാനത്തു ചെല്വാൻ
പുക്കാന,രിപ്പിൽ ശ്യാമളൻ. 15

പുംപശുത്തോലിൽശ്ശബ്ദിച്ച സോമം
കമ്പിളി വിട്ടൊലിച്ചുടൻ
ഇന്ദ്രന്റെയിടത്തെയ്ക്കു പോകയാ-
ണി,ഷ്ടവർഷകൻ ശ്യാമളൻ! 16
കുറിപ്പുകൾ: സൂക്തം 101.

[1] സ്തോതാക്കളോടു്: വെറ്റി മുൻനില്ക്കും – പുരസ്ഥിതജയനായ, ഒരിയ്ക്കലും തോൽവി പറ്റാത്ത. മാദകമായ കൊറ്റ് – സോമം. ആരാൽ – അകലെ. സോമനീർ നായ നക്കരുതേ!

[2] ശുദ്ധിപ്പെടുത്തും – പാപനാശികളായ. പോരുന്ന = ത്രാണിയുള്ള.

[3] സർവാശാസമ്മിളിതാന്തരംഗർ – മനസ്സിൽ എല്ലാ ആശകളും ചേർന്നവർ.

[4] നിൻനീർകൾ എന്നാദിയായ വാക്യം പ്രത്യക്ഷം:

[5] ഉച്ഛബ്ദൻ – ശബ്ദമുയർന്നവൻ. കെല്പാലൊക്കയ്ക്കും പുരാൻ – ബലംമൂലം ജഗത്തിന്നെല്ലാം രാജാവായ സോമം.

[6] നീരാഴി – നീരുകളുടെ ഇരിപ്പിടം.

[7] ശ്രീമുരട് – സമ്പത്തിന്റെ മൂലഭൂതൻ. പൂഷാവു് = പോഷകൻ. ഭഗൻ = ഭജനീയൻ. പൂകുന്നു – കലശത്തിൽ. ഇരുനാകോവികളെ – വാനൂഴികളെ രണ്ടിനെയും. മിന്നിപ്പോൻ – സ്വതേജസ്സുകൊണ്ടു്.

[8] സ്പർദ്ധ = ഞാൻ മുമ്പേ, ഞാൻമുമ്പേ എന്ന മത്സരം. ഗോവുകൾ എന്നതിന്നു, വാക്കുകൾ – സ്തുതികൾ – എന്നും അർത്ഥമെടുക്കാം. തൂമ വരുത്തപ്പെട്ട് – അരിയ്ക്കപ്പെട്ട്. വഴി – ഒഴുകാൻ.

[10] മിത്രം – ദേവന്മാരുടെ സഖാവു്.

[11] സ്വമ്മു കിട്ടിപ്പോൻ – സ്വത്തു കിട്ടിയ്ക്കുന്ന സോമം.

[12] കെല്പ് – സ്ഥൈര്യം.

[13] സ്തോതാക്കളോടു്: വാക്കു് – ശബ്ദം. മുടക്കുന്ന – കർമ്മവിഘ്നകാരി. ഭൃഗുഗോത്രക്കാർ പണ്ടു മഖൻ എന്നൊരപരാധിയെ ആട്ടിപ്പായിച്ചുപോൽ. അതുപോലെ, ആ മൂർഖനെ – നായിനെ നിങ്ങൾ തച്ചുപായിപ്പിൻ.

[14] ബാന്ധവൻ – ദേവബന്ധുവായ സോമം. ജാരാവരന്മാർ = ജാരനും വരനും. സ്ഥാനത്ത് – തന്റെ ഇരിപ്പിടമായ കലശത്തിൽ.

[15] ആ വീരൻ – സോമം. സൽക്കർമ്മി – യജമാനൻ.

[16] പുംപശുത്തോലിൽ = വൃഷചർമ്മത്തിൽ. ഒലിച്ച് – കലശത്തിലെയ്ക്കൊഴുകി. ഇടം – വാസസ്ഥാനം.

സൂക്തം 102.

ത്രിതൻ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

കർത്താവായ തണ്ണീർക്കിടാ-
വധ്വരത്തിൽപ്രഭു തൂകി
എത്തുന്നൂ, പ്രിയത്തിലെല്ലാം;
വർത്തിപ്പൂ, രണ്ടിടത്തിലും! 1

ഇത്ത്രിതന്റെ ഹവിർദ്ധാന-
വർത്തിദാരുക്കളിൽച്ചെല്കെ
മിത്രം പുകഴ്ത്തപ്പെടുന്നു,
സപ്തയജ്ഞധാമങ്ങളാൽ! 2

ഊന്നാകി,ത്ത്രിതന്റെ സവം
മൂന്നിനും നീ: സാമങ്ങളിൽ
എത്തിയ്ക്ക, സുവ്രതൻ ചേർച്ച-
യ്ക്കൊത്തുവാഴ്ത്തും വദാന്യനെ! 3

കർത്താവിനെപ്പിറപ്പിൽത്താൻ
സപ്തസംഖ്യജനനിമാർ
ഋദ്ധിയ്ക്കായ്പ്പഠിപ്പിച്ചിട്ടു-
ണ്ടി: – സ്ഥിരൻ വിത്തജ്ഞനല്ലോ! 4

സമ്മിളിതരായിവന്റെ
കർമ്മത്തിങ്കൽ നുകർന്നാലേ
കാമ്യരാകൂ, കളിയാടും
സൗമ്യർ ദേവന്മാരെപ്പേരും! 5

യാഗത്തിൽക്കാഴ്ചയ്ക്കായ് മഖ-
ത്തായ്കൾ പെറ്റ കിടാവല്ലോ,
ഭദ്രരൂപൻ, പുരുകാമ്യ,-
നുത്തമദാതാവിക്കവി! 6

ഒത്തുനില്ക്കും പെരിയ ര-
ണ്ടധ്വരാംബമാരിൽ സ്വയം
ചെലുമേ, യഷ്ടാക്കളിള-
വില്ലാതിടചേർക്കുമിവൻ! 7

തൂമഹസ്സാലറിഞ്ഞുതാൻ
വ്യോമത്തിൽനിന്നിരുളിനെ
പായിച്ചാലും, മഖേ യജ്ഞ-
ശ്രീയൊഴുക്കിക്കൊണ്ടു ഭവാൻ! 8
കുറിപ്പുകൾ: സൂക്തം 102.

[1] തണ്ണീർക്കിടാവ് = ജലപുത്രൻ, സോമം. അധ്വരത്തിൻപ്രഭ – തന്റെ നീര്. പ്രിയം – ഹവിസ്സ്. രണ്ടിടത്തിലും – ദ്യോവിലും ഭൂവിലും.

[2] ഇത്ത്രിതന്റെ – ഈ എന്റെ. ഹവിർദ്ധനവർത്തിദാരുക്കളിൽ – ഹവിർദ്ധാനത്തിലിരിയ്ക്കുന്ന ഇരുപലകകളിൽ. മിത്രം – പ്രിയപ്പെട്ട സോമം. സപ്തയജ്ഞധാമങ്ങളാൽ – ഗായത്ര്യാദിസപ്തച്ഛന്ദസ്സുകളാൽ.

[3] പ്രത്യക്ഷോക്തി: സവം = സവനം. സാമങ്ങൾ – സാമഗാനങ്ങൾ. സുവ്രതൻ – സ്തോതാവ്. വദാന്യനെ = ദാതാവിനെ, ഇന്ദ്രനെ.

[4] കർത്താവിനെ – സോമത്തെ. സപ്തസംഖ്യജനനിമാർ = ഏഴുമാതാക്കൾ, ഗംഗാദിനദികൾ. പിറപ്പിൽത്തന്നേ ഋദ്ധിയ്ക്കായ്, യജമാനന്ന് ഐശ്വര്യം നല്കാൻ, പഠിപ്പിച്ചിട്ടുണ്ടു്. ഇസ്ഥിരൻ – ശാശ്വതനായ സോമം.

[5] ഇവന്റെ – സോമത്തിന്റെ. നുകർന്നാലേ – നീർ കുടിച്ചാലേ, ദേവന്മാർ സ്പൃഹണീയരായിത്തീരൂ.

[6] മഖത്തായ്കൾ = യജ്ഞമാതാക്കൾ, തണ്ണീരുകൾ. ഭദ്രരൂപൻ – മംഗളാത്മാവു്. ഇക്കവി – സോമം.

[7] ഒത്തുനില്ക്കും = ഇണങ്ങിനില്ക്കുന്ന. രണ്ടധ്വരാംബമാർ – ദ്യാവാപൃഥിവികൾ. ഇളവില്ലാതെ – തുടർന്നു, തുടർന്ന്. ഇടചേർക്കും – ജലത്തോടു ചേർക്കുന്നു. ഇവൻ – സോമം.

[8] പ്രത്യക്ഷോക്തി: യജ്ഞശ്രീ = യാഗത്തിന്റെ ശോഭ, സ്വന്തം നീര്.

സൂക്തം 103.

ദ്വിതൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (ദ്വാരകാമന്ദിരം’പോലെ.)

ഗാനപ്രസാദിയാം പവ-
മാനേന്ദുവെ,ദ്ധാതാവിനെ
പ്രൗഢമായ്പ്പുകഴ്ത്താൻ മൊഴി
നേടുക, നീ കൂലിപോലേ! 1

കേറുകയായ് കമ്പിളിയിൽ,-
ഗ്ഗോരസാഭ്യക്തനാം ശ്യാമൻ;
ആ രീതിയിലരിയ്ക്കപ്പെ-
ട്ടാരചിപ്പൂ, മൂന്നിടങ്ങൾ. 2

കമ്പിളിയിൽക്കേറി,ത്തേൻനീർ
കുംഭത്തിലെയ്ക്കുതിർപ്പോനെ
നേരേ പുകഴ്ത്തുന്നുണ്ടൃ,ഷി-
മാരുടെയേഴരുളുകൾ. 3

ശ്യാമവർണ്ണൻ പവമാന-
സോമം സർവദേവോപേതൻ
പുക്കാന,ഹിംസിതൻ, നുതി-
മുഖ്യനിരുപലകയിൽ. 4

പോക, വാനോർപ്പടയിലെ-
യ്ക്കേകത്തേരിലിന്ദ്രനുമായ്,
ഋത്വിക്കുകളരിച്ച നീ
സ്വത്തേകിക്കൊണ്ടനത്യയൻ! 5

വാനോർക്കായ്പ്പിഴിയപ്പെട്ട
വാനവനാം പവമാനം
പാടേ പരന്ന,ടർ തേടി-
പ്പായുകയായ,ശ്വംപോലേ! 6
കുറിപ്പുകൾ: സൂക്തം 103.

[1] ഋഷി, തന്നോടുതന്നെ പറയുന്നു: ധാതാവ് = കർത്താവ്. കൂലിപോലേ – ഒരു തൊഴിലാളി കൂലി വാങ്ങിവെയ്ക്കൂന്നതുപോലെ.

[2] മൂന്നിടങ്ങൾ ആരചിപ്പൂ – ദ്രോണകലശം, ആധവനീയം പൂതഭൃത്ത് എന്നീ ഇരിപ്പിടങ്ങൾ നിർമ്മിയ്ക്കുന്നു, അവയിൽ പൂകുന്നു.

[3] ഉതിർപ്പോനെ – സോമത്തെ. ഏഴരുളുകൾ – സപ്തച്ഛന്ദസ്സുകൾ.

[4] നുതിമുഖ്യൻ – സ്തോത്രനേതാവ്.

[5] പ്രത്യക്ഷോക്തി: ഏകത്തേരിൽ – ഒരേരഥത്തിൽ. സ്വത്തേകിക്കൊണ്ടു് – സ്തുതിയ്ക്കുന്ന യഷ്ടാക്കൾക്ക്. അനത്യയൻ = മരണരഹിതൻ.

[6] പരന്ന് – പാത്രങ്ങളിൽ വ്യാപിച്ച്.

സൂക്തം 104.

കണ്വപുത്രർ പർവതനാരദന്മാരോ, കശ്യപപുത്രിമാരായ ശിഖണ്ഡിനികൾ എന്ന രണ്ടപ്സരസ്ത്രീകളോ ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ഇങ്ങിരിപ്പിൻ: ഗാനംചെയ്വിൻ,
നിങ്ങൾ പവമാനത്തിന്നായ്;
കുഞ്ഞിനെപ്പോലണിയിപ്പിൻ,
മഞ്ജുഹവ്യം സഖാക്കളേ! 1

കന്നിനെപ്പോലമ്മയോടു
നന്നായ്ച്ചേർപ്പിനി,മ്മത്തിനെ,
ദേവരക്ഷകനെ, ഗ്ഗൃഹോൽ-
ഭാവകനെ,ബ്ബലിഷ്ഠനെ! 2

നേർക്കരിപ്പിനൃദ്ധിദനെ,-
യൂക്കിന്നുമമറേത്തിന്നും
മിത്രാവരുണർക്കു സുഖം
മെത്തുവാനുമായി നിങ്ങൾ! 3

ഞങ്ങൾ ധനദനാം നിന്നെ-
യിങ്ങു ചൊല്ലിപ്പുകഴ്ത്തുന്നു;
മൂടാവു, നിൻനീരിനെയെ-
മ്പാടും ഗവ്യങ്ങളാലെങ്ങൾ! 4

അങ്ങുജ്ജ്വലാംഗനാണിന്ദോ,
ഞങ്ങളുടെ മത്തിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങു വഴി കാണിയ്ക്ക, നീ! 5

മുന്മട്ടിണങ്ങുകെങ്ങളിൽ:-
ത്തിന്മൻ കള്ളനരക്കനെ
പോക്കുക, നീയദേവനെ;
നീക്കുകെ,ങ്ങളുടെ പാപം! 6
കുറിപ്പുകൾ: സൂക്തം 104.

[1] സ്തോതാക്കളോട്: പവമാനത്തിന്നായ് – പവമാനസോമത്തെകുറിച്ച്. സോമത്തെ മഞ്ജു(മോടിപ്പെടുത്തുന്ന)ഹവ്യം (ക്ഷീരാദി) അണിയിയ്ക്കുകയും ചെയ്വിൻ.

[2] അമ്മ – തണ്ണീർ; തള്ളപ്പയ്യ് എന്നും ഇമ്മത്തിനെ – ഈ മദകരസോമത്തെ. ഗൃഹോൽഭാവകൻ = ഗൃഹത്തെ ഉണ്ടാക്കുന്നവൻ; ഗൃഹം നിലനില്ക്കുന്നതു സോമസാന്നിധ്യത്താലാണെന്നാശയം.

[3] ഋദ്ധിദനെ, സോമത്തെ, നിങ്ങൾ നേർക്കരിയ്ക്കുവിൻ: എന്തിന്? ഊക്കിന്നും (വേഗത്തിന്നും), അമറേത്തിന്നും (ദേവപാനത്തിന്നും), മിത്രാവരുണർക്കു സുഖം മെത്തുവാനുമായി.

[4] പ്രത്യക്ഷോക്തി:

[5] അങ്ങ് = അവിടുന്ന്. മത്തിൻപതേ – മാദകവസ്തുക്കളുടെ സ്വാമിയായുള്ളോവേ.

[6] കള്ളൻ – കപടശീലൻ. അദേവനെ – ദേവകാമനല്ലാത്തവനെ. പോക്കുക – അകറ്റിയാലും.

സൂക്തം 105.

പർവതനും നാരദനും ഋഷികൾ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

മത്തിന്നപ്പവമാനത്തെ-
പ്പറ്റിപ്പാടുകി,ഷ്ടന്മാരേ;
പൈതലെപ്പോലിനിയിപ്പിൻ,
ഗീതി – ഹവ്യങ്ങളാൽ നിങ്ങൾ! 1

കന്നിനെത്തായ്പോലേ മിനു-
ക്കുന്നു, പിഴിഞ്ഞിന്ദുവിനെ,
ദേവരക്ഷകനെ, സ്തുതി-
ഭാവിതനെ, മാദകനെ! 2

ഇന്നീർ ബലമുളവാക്കു;-
മിന്നീരൂക്കിന്ന,മീത്തിന്നും;
ഇന്നീർ ദേവഗണത്തിന്നു
നന്നായ് മധുരിപ്പതാകും! 3

തന്നാലും, പിഴിഞ്ഞ ഞങ്ങൾ-
ക്കിന്ദോ, ഭവാൻ ഗവാശ്വത്തെ;
എന്നാൽ,ബ്ബലവാനേ, ഞാൻ നിൻ-
വെൺനീർ ഗവ്യത്തോടു ചേർക്കാം! 4

അങ്ങത്യുജ്ജ്വലനാണിന്ദോ,
ഞങ്ങളുടെ മാടിൻപതേ:
ചങ്ങാതി ചങ്ങാതിയ്ക്കുപോ-
ലിങ്ങാളുകൾക്കേകുകൊ,ളി! 5

മുന്മട്ടിണങ്ങുകെങ്ങളിൽ:-
ത്തിന്മൻ കള്ളനദേവനെ
പോക്കുക, കീഴമർത്തിന്ദോ;
നീക്കുക, നീ ദ്രോഹികളെ! 6
കുറിപ്പുകൾ: സൂക്തം 105.

[1] മത്തിന്ന് – ദേവകൾക്കു മത്തുളവാക്കാൻ. ഇഷ്ടന്മാരേ – സഖാക്കളായ ഋത്വിക്കുകളേ. പൈതലെപ്പോലെ – കുഞ്ഞിനെ ആഭരണങ്ങൾകൊണ്ടും ഭോജ്യങ്ങൾകൊണ്ടുമെന്നപോലെ, നിങ്ങൾ പവമാനസോമത്തെ ഗീതിഹവ്യങ്ങളാൽ (സ്തിതിച്ചും ക്ഷീരാദി ചേർത്തും) ഇനിയിപ്പിൻ, മധുരീകരിയ്ക്കുവിൻ.

[2] തായ്, തള്ളപ്പയ്യ്, കുട്ടിയെ നക്കിമിനുക്കുമല്ലോ; അതുപോലെ, തായ് – തണ്ണീർ – പിഴിഞ്ഞ ഇന്ദുവിനെ മിനുക്കുന്നു, മിന്നിയ്ക്കുന്നു. സ്തുതിഭാവിതൻ – സ്തോത്രഭൂക്ഷിതൻ.

[3] ഊക്കിന്നമീത്തിന്നും – വേഗത്തിന്നും ദേവപാനത്തിന്നുമുള്ളതാണു്.

[4] വെൺനീർ – വിശുദ്ധമായ നീർ.

[5] മാടിൻപതേ – മാടുകളുടെ സ്വാമിൻ. ഒളി – വെളിച്ചം.

സൂക്തം 106.

ചക്ഷുഃപുത്രൻ അഗ്നിയും, മനുപുത്രൻ ചക്ഷുസ്സും, അപ്സുപുത്രൻ മനുവും ഋഷികൾ; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ആ വൃഷാവാമിന്ദ്രങ്കലെ-
യ്ക്കായിട്ടെഴുന്നള്ളീടട്ടേ,
ഇപ്പിഴിഞ്ഞ പച്ചസ്സോമം,
ക്ഷിപ്രജാതമഖിലജ്ഞം! 1

ഇന്ദ്രന്നായിപ്പിഴിയപ്പെ-
ട്ടിന്ദുവിതാ, നീർ തൂകുന്നു:
എല്ലാരുംപോലറിയുമേ,
വെല്ലുവോനെ രണസേവ്യം! 2

ഇന്ദ്രനിതിൻമത്തിലത്രേ,
സന്നിഷേവ്യം വില്ലേന്തുന്നു;
വ്യോമജേതാവെടുക്കുമേ,
കാമം പെയ്യും വജ്രത്തെയും! 3

ഇന്ദ്രന്നായുണർന്നോഴുകു-
കിന്ദോ, സോമ, നീയെമ്പാടും;
കൊണ്ടുവരികെ,ല്ലാമേകി-
ക്കൊണ്ടു വിളങ്ങുന്ന കെല്പും! 4

ഇന്ദ്രന്നായിട്ടി,ഷ്ടം വർഷി-
യ്ക്കുന്ന മധു പൊഴിയ്ക്ക നീ,
വിദ്വാൻ, വിശ്വദർശനീയ,-
നധ്വകാരൻ, ബഹുമാർഗ്ഗൻ! 5

ഞങ്ങൾക്കേറ്റം വഴി തീർപ്പോ,-
നുമ്പർക്കേറ്റമിനിപ്പോൻ നീ
ആയിരം മാർഗ്ഗത്തിലൂടേ
പോയാലും, കൂറ്റിട്ടുകൊണ്ടേ! 6

തൂകകിന്ദോ, സോമ, കെല്പാൽ
നീർകളുമ്പർക്കമീത്തിന്നായ്;
വാഴ്കെ,ങ്ങൾതൻ കലശത്തി-
ലാ,കെ മധുവുൾക്കൊണ്ട നീ! 7

ഇന്ദ്രനെ മത്തിന്നായ് വള-
ർത്തുന്നു, നിന്റെ വൃഷാവാം നീർ;
മൃത്യു വിടാൻ കുടിയ്ക്കുന്നു,
ഹൃദ്യനായ നിന്നെ വിണ്ണോർ! 8

ഇന്ദോ, പിഴിഞ്ഞരിച്ച നീ
യിങ്ങെങ്ങുൾക്കെത്തിയ്ക്ക ധനം,
തണ്ണീർ – വാനിൽനിന്നു മഴ-
മന്നിൽ വീഴ്ത്തും സർവദായിൻ! 9

സമ്പൂതം പവമാനേന്ദു
കമ്പിളിയിലെയ്ക്കു നീർകൾ
വെമ്പിയൊഴുക്കുന്നു, വാക്കിൻ
മുമ്പിലൊലിയിട്ടുകൊണ്ടേ! 10

കമ്പിളി വെടിഞ്ഞു കെല്പ-
നംഭസ്സിങ്കൽകളിയ്ക്കവേ,
ത്രിസ്ഥനെ വായ്പിപ്പൂ, സ്തോത്രം-
സ്തുത്യുൽഘോഷം ചുഴലുന്നു! 11

വൻപോരിലെയ്ക്കശ്വംപോലേ
കുംഭത്തിലെയ്ക്കിറങ്ങുന്നു;
പിമ്പൊലിക്കൊണ്ടൊഴുകുന്നു,
സംഭോജ്യൈഷി പവമാനം. 12

ദൃഷ്ടിപ്രിയനരിപ്പകൾ
വിട്ടു ചിക്കെന്നൊഴുകുന്നു,
സ്തോതാക്കൾക്കു സവീരമാം
ഖ്യാതി നല്കിക്കൊണ്ടശ്ശ്യാമൻ! 13

ഏവം മധുധാര തൂകി,-
ദ്ദേവകാമൻ തിരുമേനി
കല്പിച്ചരിപ്പയിലെങ്ങു-
മുൾപ്പൂകുന്നു, സശബ്ദനായ്. 14
കുറിപ്പുകൾ: സൂക്തം 106.

[1] ക്ഷിപ്രജാതം – പുതിയത് എന്നർത്ഥം.

[2] രണസേവ്യം – യുദ്ധത്തിൽ സേവിയ്ക്കേണ്ടതായ സോമം, മറ്റെല്ലാരുമെന്നപോലെ, വെല്ലുവോനെ (ഇന്ദ്രനെ) അറിയും.

[3] സന്നിഷേവ്യം = സംസേവനീയം. വ്യോമജേതാവ് – അന്തരിക്ഷത്തിൽ അഹി എന്നവനെ ജയിച്ചവൻ, ഇന്ദ്രൻ. കാമം പെയ്യും = അഭീഷ്ടവർഷിയായ.

[4] എല്ലാമേകിക്കൊണ്ടു വിളങ്ങുന്ന = സർവസാധകവും ഉജ്ജ്വലവുമായ.

[5] മധു – മദകരമായ നീര്. അധ്വകാരൻ – യഷ്ടാക്കൾക്കു സന്മാർഗ്ഗമുണ്ടാക്കുന്നവൻ.

[6] പോയാലും – കലശത്തിലെയ്ക്ക്.

[8] വൃഷാവ് = മഴ പെയ്യിയ്ക്കുന്നതു്. മൃത്യു വിടാൻ – അമരണത്വത്തിന്ന്.

[9] സർവദായിൻ = എല്ലാം നല്കുന്നവനേ.

[10] സംപൂതം = പരിശുദ്ധം. വാക്കിൻ – സ്തുതിയുടെ.

[11] കെല്പൻ – സോമം. ത്രിസ്ഥനെ – മൂന്നു സവനങ്ങളിലും വർത്തിയ്ക്കുന്ന സോമത്തെ.

[12] സംഭോജ്യൈഷി – യജമാനർക്ക് അന്നമിച്ഛിയ്ക്കുന്നവൻ.

[13] സവീരമാം ഖ്യാതി = വീര(പുത്ര)ന്മാരോടുകൂടിയ യശസ്സ്; വീരന്മാരെയും യശസ്സും.

[14] പ്രത്യക്ഷോക്തി:

സൂക്തം 107.

67-ാം സൂക്തത്തിന്റെ ഭരദ്വാജാദികൾതന്നെ ഋഷികൾ; ബൃഹതിയും സതോബൃഹതിയും ദ്വിപദാഭൂരിഗ്വിരാട്ടും ദ്വിപദാവിരാട്ടും പ്രഗാഥവും ഛന്ദസ്സുകൾ; പവമാനസോമം ദേവത.

ഒരു മികച്ച ഹവിസ്സാണല്ലോ, സോമം: മനുഷ്യരഹിതമായ അതു വെള്ളത്തിൽ പൂകുന്നു; അമ്മികൊണ്ടു പിഴിഞ്ഞ ആ സോമത്തെ നിങ്ങൾ ഇനി എമ്പാടും പകരുവിൻ! 1

അഹിംസിതനായ, അതിസുഗന്ധിയായ ഭവാൻ ഇപ്പോൾ അരിയ്ക്കപ്പെട്ടിട്ടു കമ്പിളിയിൽനിന്നൊഴുകിയാലും: പിഴിഞ്ഞു വെള്ളത്തിൽ പകർന്ന ഉന്നതനായ ഭവാനെ, ഞങ്ങൾ അന്നവും ഗവ്യവും ചേർത്തു സ്തുതിച്ചുകൊള്ളുന്നു. 2

ദേവകളെ മത്തുപിടിപ്പിയ്ക്കുന്ന, വിധാതാവായ വിചക്ഷണനായ ഇന്ദു കാണത്തക്കവണ്ണം ഒഴുകുന്നു! 3

സോമമേ, അരിയ്ക്കപ്പെടുന്ന ഭവാൻ തണ്ണീരുടുത്തു ധാരയായൊഴുകുന്നു. രത്നദാതാവായ അവിടുന്നു യജ്ഞസ്ഥാനത്തിരിയ്ക്കുന്നു. ദേവ, ഒരു പൊന്നുറവാണല്ലോ, നിന്തിരുവടി! 4

വിചക്ഷണൻ അരിയ ദിവ്യമധു അകിട്ടിൽനിന്നു കറന്നുകൊണ്ടു പഴയ സ്ഥാനത്തിരിയ്ക്കുന്നു; അന്നവാൻ നേതാക്കളാൽ എടുക്കപ്പെട്ടു, പ്രഷ്ടവ്യനായ കർമ്മിയുടെ അടുക്കലെയ്ക്കു പോകുന്നു. 5

സോമമേ, അരിയ ഭവാൻ അരിയ്ക്കപ്പെടാൻ ഉണർവോടേ കമ്പിളിയിലെയ്ക്കൊഴുകുന്നു. അംഗിരസ്സുകളിൽ മുമ്പനാണല്ലോ, മേധാവിയായ അവിടുന്നു്, അങ്ങ് ഞങ്ങളുടെ യജ്ഞത്തിൽ തേൻ തളിച്ചാലും! 6

വൃഷാവായ, തുലോം വഴി കിട്ടിയ്ക്കുന്ന, മേധാവിയായ, വിചക്ഷണനായ, ഋഷിയായ സോമം ഒഴുകുന്നു. നിന്തിരുവടി കവിയാണു്, ഏറ്റവും ദേവകാമനാണ് അങ്ങാണല്ലോ, സൂര്യനെ വാനിൽക്കേറ്റിയതു്! 7

സോമമേ, ഋത്വിക്കുകൾ പിഴിഞ്ഞ നിന്തിരുവടി കമ്പിളിയിൽക്കേറുന്നു; പെൺകുതിരപോലുള്ള പച്ചനീരോടേ പോകുന്നു – മത്തുപിടിപ്പിയ്ക്കുന്ന നീരൊടേ പോകുന്നു! 8

മത്തിന്നായി ചതയ്ക്കപ്പെടുന്ന മദകാരി, ഗോസമേതമായ സോമം, ഗവ്യങ്ങളോടുകൂടി ഒഴുകുന്നു – ക്ഷീരാദികളോടുകൂടി ഒഴുകുന്നു; നീരുകൾ സമുദ്രത്തിലെന്നപോലെ പൂകുന്നു. 9

സോമമേ, അമ്മികൊണ്ടു പിഴിയപ്പെട്ട അങ്ങ് കമ്പിളിയെ മൂടുന്നു. ആളുകൾ പുരിയിലെന്നപോലെ, പച്ചനിറൻ ഇരുപലകകളിൽ പ്രവേശിയ്ക്കുന്നു. നിന്തിരുവടി മരപ്പാത്രങ്ങളിൽ മരുവുന്നു! 10

കമ്പിളിയെ മൂടുന്ന അന്നകാമമായ സോമത്തെ, യുദ്ധത്തിൽ കുതിരയെയെന്നപോലെ മോടിപ്പെടുത്തുന്നു: ആ അഭിനന്ദനീയനെ മനീഷികൾ അരിയ്ക്കുന്നു; മേധാവികൾ സ്തുതിയ്ക്കുന്നു. 11

സോമമേ, അവിടുന്നു ദേവകൾക്കു കുടിപ്പാൻ, തണ്ണീർകൊണ്ടു, പുഴപോലെ തഴപ്പിയ്ക്കപ്പെടുന്നു. മദ്യംപോലെ ഉണർവുറ്റ ഭവാൻ ലതയുടെ നീരോടേ മധുവൊഴുക്കിയ്ക്കുന്ന കുടത്തിലെയ്ക്കു പോകുന്നു! 12

മകൻപോലെ വൃത്തിപ്പെടുത്തേണ്ടുന്ന, അരിയ സ്പൃഹണീയൻ വെള്ളരിപ്പയിൽ പരന്നു: അദ്ദേഹത്തെ കൈവിരലുകൾ വെള്ളത്തിലെയ്ക്ക്, ഒരു രഥത്തെപ്പോലെ കൊണ്ടുപോകുന്നു. 13

മനീഷിയായ, മദകാരിയായ, എന്തും കിട്ടിയ്ക്കുന്ന, ഗന്താവായ സോമം മത്തുണ്ടാക്കുന്ന നീരിനെ കലശത്തിന്റെ മുകളിൽ നേരേ ഒഴുക്കുന്നു. 14

തുലോം സത്യഭൂതനായ ദേവൻ, പവമാനസോമം, കലശത്തെ നീരലകൊണ്ടു നിറയ്ക്കുന്നു. തുലോം സത്യഭൂതൻ മിത്രവരുണന്മാർക്കായി കൊണ്ടുപോകപ്പെടുന്നു. 15

സ്പൃഹണീയനും, വിചക്ഷണനും, അന്തരിക്ഷജാതനുമായ സോമദേവൻ നേതാക്കളാൽ എടുക്കപ്പെടുന്നു! 16

സ്പൃഹണീയനും, വിചക്ഷണനും, അന്തരിക്ഷജാതനുമായ സോമദേവൻ നേതാക്കളാൽ എടുക്കപ്പെടുന്നു! 16

പിഴിയപ്പെട്ട മദകാരി മരുത്ത്വാനായ ഇന്ദ്രന്നായി ഒഴുകുന്നു; ആയിരംധാരകളോടേ കമ്പിളിയിൽക്കേറുന്നു; ആ സോമത്തെ ആളുകൾ അരിയ്ക്കുന്നു. 17

ഇരുപലകകളിൽ പിഴിയപ്പെട്ട കവിയായ സോമം സ്തുതി ചൊല്ലിച്ചുകൊണ്ടു ദേവന്മാരിൽ വിളയാടുന്നു; ആ ഉൽകൃഷ്ടൻ തണ്ണീരുടുത്തു, മരപ്പാത്രങ്ങളിലിരുന്നു, ഗോരസങ്ങൾകൊണ്ടു പുതപ്പിയ്ക്കുഅപ്പെടുന്നു! 18

ഇന്ദുവേ, ഭവാന്റെ സഖ്യത്തിൽ നാൾതോറും രമിയ്ക്കുന്നവനാണു്, ഞാൻ: കുരാൽസ്സോമമേ, എന്നെ വളരെ മറിമായക്കാർ ഉപദ്രവിയ്ക്കുന്നു; അവറ്റിനെ അങ്ങ് ആട്ടിപ്പായിച്ചാലും! 19

കുരാൽസ്സോമമേ, ഞാൻ രാവും പകലും അങ്ങയുടെ സഖ്യത്തെ സമീപിയ്ക്കുന്നു: ഉജ്ജ്വലപ്രഭനായി മീതേ വർത്തിയ്ക്കുന്ന സൂര്യങ്കലെയ്ക്കു ഞങ്ങൾ, പക്ഷികൾപോലെ പറക്കുന്നു! 20

നല്ല വിരലുകളോടുകൂടിയവനേ, കരടുനീക്കപ്പെടുന്ന ഭവാൻ കലശത്തിൽ ഒലികൂട്ടുന്നു; പവമാനമേ, അവിടുന്നു പുരുകാമ്യമായ മഞ്ഞച്ച ധനം ധാരാളമൊഴുക്കുന്നു! 21

സോമമേ, വൃത്തിവരുത്തപ്പെടുന്ന, കമ്പിളിയിലരിയ്ക്കപ്പെടുന്ന, വൃഷാവായ ഭവാൻ മരപ്പാത്രത്തിൽ ഒലികൂട്ടുന്നു; പവമാനമേ, ഗോരസം തേപ്പിയ്ക്കപ്പെട്ട അവിടുന്നു ദേവന്മാരുടെ ഇരിപ്പിടത്തിലെയ്ക്കു നടകൊള്ളുന്നു! 22

സോമമേ, അങ്ങ് അന്നലബ്ധിയ്ക്കായി എല്ലാ സ്തോത്രങ്ങളിലെയ്ക്കും ഒഴുകുക: ദേവന്മാരെ മത്തുപിടിപ്പിയ്ക്കാൻ കലശത്തെ കൈകൊള്ളൂന്നവനാണല്ലോ, മുഖ്യനായ ഭവാൻ! 23

സോമമേ, ആ നിന്തിരുവടി മന്നിലെയ്ക്കും വിണ്ണിലെയ്ക്കും ഉടനേ നീരൊഴുക്കുക: വിചക്ഷണ, നിന്തിരുവടിയെ മേധാവികൾ വിരലുകൾകൊണ്ടും സ്തുതികൾകൊണ്ടും വെണ്മപ്പെടുത്തുന്നു. 24

മരുത്സമേതവും, മദകരവും, ഇന്ദ്രസേവിതവും, സ്തുതികളിലെയ്ക്കും അന്നങ്ങളിലെയ്ക്കും ചെല്ലുന്നതുമായ പവമാനം അരിപ്പയിൽനിന്നു നീരുകളൊഴുക്കുന്നു. 25

ആളുകൾ പിഴിഞ്ഞ സോമം തണ്ണീരുടുത്തു കലശത്തിലിറങ്ങുന്നു; വെളിച്ചം വീശി, ഗോരസങ്ങൾ പൂശി, സ്തുതികളിൽ ഇച്ഛവെയ്ക്കുന്നു! 26

കുറിപ്പുകൾ: സൂക്തം 107.

[1] ഋത്വിക്കുകളോടു്: പകരുവിൻ – തണ്ണീരിൽ.

[2] പ്രത്യക്ഷോക്തി: അന്നം – മലർപ്പൊടിയും മറ്റും.

[3] ഒഴുകുന്നു – പാത്രങ്ങളിൽ.

[4] ഒഴുകുന്നു – അരിപ്പയിൽ.

[5] വിചക്ഷണൻ – എല്ലാം വഴിപോലെ കാണുന്ന സോമം. അകിട് – സ്വന്തം ചെടി. പഴയ സ്ഥാനത്ത് – അന്തരിക്ഷത്തിൽ. പ്രഷ്ടവ്യനായ – ‘എന്തുവേണ’മെന്നു ചോദിയ്ക്കപ്പെടേണ്ടവനായ. കർമ്മി – യജമാനൻ.

[6] തേൻ – സ്വന്തം മധുരരസം.

[8] പോകുന്നു – കലശത്തിലെയ്ക്ക്.

[9] പൂകുന്നു – ദ്രോണകലശത്തിൽ.

[10] ആളുകൾ എന്നാദിയായ വാക്യം പരോക്ഷം:

[12] മധുവൊഴുക്കിയ്ക്കുന്ന – സോമരസത്തെ തന്നിലെയ്ക്കു വീഴിയ്ക്കുന്ന.

[13] സ്പൃഹണീയൻ – സോമം.

[19] മറിമായക്കാർ – രക്ഷസ്സുകൾ.

[20] സൂര്യങ്കലെയ്ക്കു – സൂര്യരൂപനായ ഭവാങ്കലെയ്ക്ക്.

[21] മഞ്ഞച്ച – സ്വർണ്ണപ്രചുരമായ

[23] കലശത്തെ കൈക്കൊള്ളുക – കലശത്തിൽ പൂകുക.

സൂക്തം 108.

ശക്തിപുത്രൻ ഗൗരിവീതിയും, വസിഷ്ഠപുത്രൻ ശക്തിയും, അംഗിരോഗോത്രൻ ഊരുവും, ഭരദ്വാജപുത്രൻ ഋജിശ്വാവും, ഈർദ്ധ്വസദ്മാവും, കൃതയശസ്സും (രണ്ടുപേരും അംഗിരോഗോത്രർതന്നെ), ഋണംചയനെന്ന രാജാവും ഋഷികൾ; കകുപ്പും സതോബൃഹതിയും യവമധ്യാഗായത്രിയും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’പോലെ.)

ഇന്ദ്രന്നായ് മത്തു ചേർത്തൊഴുക്കുക,
നിൻനറുംനീരു സോമമേ,
ധീ തുലോം കിട്ടിപ്പോന,തിദീപ്തൻ,
മാദകൻ, മഹനീയൻ നീ്! 1

നിന്നെക്കുടിയ്ക്കയാലൊരു കൂറ്റൻ-
തന്നെയാകുന്നു, വർഷകൻ:
എല്ലാം കാണുമീ നിന്നെ നുകർന്നി-
ട്ടല്ലോ, സുപ്രജ്ഞനദ്ദേഹം
അന്നവർഗ്ഗത്തിൽക്കേറിയത,ടർ-
തന്നിലൊരശ്വംപോലവേ! 2

വിണ്ണിലുള്ളോരെയുദ്ദേശിച്ചു,ദ്യ-
ദ്വർണ്ണനാമവിടുന്നുതാൻ
മൃത്യുരാഹിത്യമുൽഘോഷിയ്ക്കുന്നു,
വിദ്രുതം പവമാനമേ! 3

തന്നാലല്ലോ, നവഗ്വൻ ദധ്യങു
തള്ളിത്തുറന്നാര്യർക്കേകീ;
തന്നാലല്ലോ കൈവന്നൂ നൽത്തണ്ണീ-
രന്നങ്ങൾ ദേവസൗഖ്യത്തിൽ! 4

ചെമ്മേ പിഴിയപ്പെട്ടാ വന്മദ-
നിർമ്മാതാവിതാ, ധാരയായ്
കമ്പിളി വിട്ടോലുന്നു തത്തിക്കൊ-
ണ്ടംഭസ്സിൽതിരപോലവേ! 5

ആരംബരാംബുധാരയെക്കെല്പാൽ-
ക്കാറിങ്കൽനിന്നിറക്കിയോ,
ഗോവാജിവ്യാപ്തനാ നീ ധർഷക,
നോവിയ്ക്ക, യോധൻപോലവേ! 6

വെച്ചുപിഴിവിൻ, സ്തുത്യനെ നിങ്ങ-
ളശ്വത്തെപ്പോലേ സേചിപ്പിൻ,
നീരിൽ നീന്തുന്ന വർഷിയെ,ദ്ദീപ്തി-
കാരിയെ,ജ്ജലഹാരിയെ! 7

ആയിരംധാര ചേർന്ന വർഷകൻ,
തോയവർദ്ധകൻ, വൻസത്യം,
തോയജൻ, നീരാൽ വായ്ക്കുവോൻ, ദേവ-
പ്രേയാനാം ദേവനി,സ്സോമം! 8

മുന്നിൽ വെളിപ്പെടുത്തുകു,ജ്ജ്വല-
മന്നം ധാരാളമന്നേശ:
ദ്യോവിലിരിയ്ക്കും പെട്ടി തുറക്ക,
ദേവകാമനാം നീ ദേവ! 9

തൂകുക, ദാരുദ്വന്ദ്വോത്ഥമാം നീ-
രാ,ൾകളെപ്പോറ്റും ഭൂപൻ നീ;
നാകാൽ വരുത്തുകോജസ്വിൻ, വൃഷ്ടി,
ഗോകാംക്ഷിയ്ക്കിഷ്ടിപൂർത്തിയും! 10

ആ മാദകനെ, ബ്ഭൂരിധാരനെ,
ക്കാമവർഷിയെത്താനിതാ,
ദോഹനം ചെയ്വൂ; നിശ്ശേഷസമ്പ-
ദ്വാഹിയെദ്ദേവകാമന്മാർ. 11

ജ്ഞാതൻ, ശബ്ദംകൊണ്ടവ്യയൻ വർഷി;
ജ്യോതിസ്സാലിരുൾ നീറ്റുന്നു;
ദ്രവ്യം ചാർത്തുന്നിത,ക്കവിസ്തുതൻ;
മുവ്വട്ടം നില്പൂ, തൻകർമ്മം! 12

ആർ ധനങ്ങളെ, യാർ ഗോവൃന്ദത്തെ,-
യാരനേകമാമന്നത്തെ,
ആർ നൽഗ്ഗേഹത്തെക്കൊണ്ടുവന്നീടു;-
മസ്സോമം പിഴിയപ്പെട്ടു! 13

നമ്മിൽനിന്നിതുണ്മോനിന്ദ്രൻ, മിത്ര,-
നമ്മരുൽഭഗരര്യമാ;
സമ്മുഖനാകി,തുണ്ണും വരുണൻ
ചെമ്മേ രക്ഷിപ്പാനിന്ദ്രനും! 14

ഇന്ദ്രന്നുണ്ണുവാൻ തൂകുക, മത്തേ-
റ്റുന്ന മാധുരിവായ്ച നീർ
ഇന്ദോ, നേതാക്കൾ കൈവശംവെച്ച
സുന്ദരായുധനായ നീ! 15

ആഴുകിന്ദ്രന്റെ ഹൃത്താം കുംഭത്തി-
ലാഴിയിൽപ്പുഴപോലവേ,
വായുവരുണമിത്രർക്കു പോന്നോൻ,
വാനത്തിന്നൂന്നു,ൽക്കൃഷ്ടൻ നീ. 16
കുറിപ്പുകൾ: സൂക്തം 108.

[1] ധീ – ബുദ്ധി.

[2] കൂറ്റൻ – കാള. വർഷകൻ – ഇന്ദ്രൻ. അന്നവർഗ്ഗത്തിൽക്കേറിയതു് – ശത്രുക്കളുടെ അന്നങ്ങളടക്കാൻ ചെന്നതു്.

[3] ഉദ്യദ്വർണ്ണൻ = തിളങ്ങുന്ന നിറമുള്ളവൻ. മൃത്യുരാഹിത്യം = മരണമില്ലായ്ക.

[4] തന്നാൽ – സോമത്തെക്കൊണ്ടു്. തള്ളിത്തുറന്ന് – അസുരന്മാർ ഗോക്കളെ ഒളിപ്പിച്ച ഗുഹയുടെ ദ്വാരം. ആര്യർക്ക് – അംഗിരസ്സുകൾക്ക്. ഏകീ – ഗോക്കളെ. ദേവസൗഖ്യത്തിൽ – ദേവന്മാർക്കു സുഖമുണ്ടായപ്പോൾ. നൽത്തണ്ണീരന്നങ്ങൾ – നല്ല ജലവും അന്നവും. കൈവന്നൂ – യജമാനർക്ക്.

[5] വന്മദനിർമ്മാതാവു് = വലിയ മദകരൻ, സോമം. ഓലുന്നു – കലശത്തിലെയ്ക്ക് ഒഴുകുന്നു.

[6] പ്രത്യക്ഷോക്തി: അംബരാംബുധാരെയെ – അന്തരിക്ഷത്തിലെ ജലധാരയെ. ഇറക്കി – മഴ പെയ്യിച്ചു എന്നർത്ഥം. ഗോവാജിവ്യാപ്തൻ = ഗോക്കളിലും അശ്വങ്ങളിലും വ്യാപിച്ചവൻ. നോവിയ്ക്ക – അസുരരെ പീഡിപ്പിച്ചാലും. യോധൻ = പോരാളി.

[7] ഋത്വിക്കുകളോട്: സ്തുത്യനെ – സോമത്തെ. വർഷി = വൃഷ്ടികരൻ. ദീപ്തികാരി – പ്രഭ പരത്തുന്നവൻ. ജലഹാരി – ജലങ്ങളെ ആകർഷിയ്ക്കുന്നവൻ.

[8] വൻസത്യം – മഹാസത്യഭൂതൻ. ദേവപ്രേയാൻ = ദേവന്മാർക്കു പ്രിയൻ.

[9] പ്രത്യക്ഷോക്തി: വെളിപ്പെടുത്തുക – ഞങ്ങൾക്കു്. ദ്യോവിലിരിയ്ക്കുംപെട്ടി – അന്തരിക്ഷസ്ഥമായ മേഘം. തുറക്ക – മഴയ്ക്ക്.

[10] ദാരുദ്വന്ദ്വോത്ഥമാം – ഇരുപലകകളാൽ പിഴിഞ്ഞ. തൂകുക – കലശത്തിൽ. ഭൂപൻ – രാജസദൃശൻ. നാകാൽ = സ്വർഗ്ഗത്തിൽനിന്നു വൃഷ്ടി വരുത്തുക. ഗോകാംക്ഷിയ്ക്ക്, യജമാനന്ന്, ഇഷ്ടി(യജ്ഞ) പൂർത്തിയും വരുത്തുക.

[11] ദോഹനംചെയ്വൂ – പിഴിയുന്നു. ദേവകാമന്മാർ – ഋത്വിക്കുകൾ.

[12] അവ്യയനായ (മരണമില്ലാത്ത) വർഷി(സോമം) ശബ്ദംകൊണ്ടറിയപ്പെടുന്നു. ഇരുൾ നീറ്റുന്നു – ഇരുട്ടിനെ ദഹിപ്പിയ്ക്കുന്നു, നശിപ്പിയ്ക്കുന്നു. ദ്രവ്യം – ക്ഷീരാദി. മുവ്വട്ടം – സവനത്രയത്തിൽ.

[14] ഇന്ദ്രൻ, മിത്രൻ, ആ മരുത്തുക്കൾ, ഭഗൻ, അര്യമാവ് എന്നിവർ നമ്മളിൽനിന്ന് ഇത് (സോമം) ഉണ്ണുന്നവരാകുന്നു. ഇതുണ്ണുന്ന വരുണനും ഇന്ദ്രനും നമ്മെ രക്ഷിപ്പാൻ സമ്മുഖരാകട്ടെ, ആഭിമുഖ്യംകൊള്ളട്ടെ. ഇന്ദ്രനെ രണ്ടാമതും പറഞ്ഞതു പ്രാധാന്യത്താലാകുന്നു.

[15] നേതാക്കൾ – ഋത്വിക്കുകൾ. കൈവശംവെച്ച – വശപ്പെടുത്തിയ.

[16] പോന്നോൻ – പര്യാപ്തൻ.

സൂക്തം 109.

ഈശ്വരപുത്രർ അഗ്നികൾ ഋഷികൾ; ദ്വിപദാവിരാട്ട് ഛന്ദസ്സ്; പവമാനസോമം ദേവത. (മാകുന്ദമഞ്ജരി.)

ഹൃദ്യമാം നീർ തൂകുകിന്ദ്രന്നു സോമമേ,
മിത്രഭഗർക്കും നീ പൂഷാവിന്നും! 1

ഇന്ദ്രൻ കുടിയ്ക്കട്ടേ, വിദ്യയ്ക്കും കെല്പിന്നു-
മിന്ദോ, നിൻനീരുമ്പരെപ്പേരുമേ! 2

ഇത്ഥമൊലിച്ചാലും, തൂവിണ്ണമൃതാം നീ
മൃത്യു വിടാനും, വൻഗേഹത്തിന്നും! 3

വാനോർതൻ മൈകളിലെയ്ക്കെല്ലാമോലുക,
വാരാഴി, രക്ഷകൻ നീ സോമമേ! 4

വാനോർക്കായ്ത്തൂകുക, തൂനീർ നീ സോമമേ:
വാനൂഴിലോകർക്കു നല്ക, സുഖം! 5

ദ്യോവിന്നൊരൂന്നല്ലോ, തൂവമൃതായ നീ:
തൂവുക, നീർ ബലിൻ, സത്യയജ്ഞേ! 6

മുമ്പൻ സുധാരൻ യശസ്വി നീ വാരുറ്റ
കമ്പിളി വിട്ടോലുകിന്ദോ, ക്രമാൽ! 7

മുഖ്യർ പിഴിഞ്ഞരിച്ചേന്തിയ സർവജ്ഞ-
നൊക്കെയൊഴുക്കട്ടേ, സന്തുഷ്ടനായ്! 8

പുത്രരെ നല്കട്ടേ, നമ്മൾക്കു വൻസ്വത്തും
വർദ്ധകമാം പവമാനസോമം! 9

കെല്പറിവർത്ഥമൊഴുക്കുക, വാജിപോ-
ലഭ്യക്തൻ വേഗവാൻ നീ സോമമേ! 10

അത്ത്വദ്രസത്തെപ്പിഴിഞ്ഞവർ സോമമേ,
മത്തിന്നരിയ്ക്കുന്നു, വൻപേരിന്നും! 11

പച്ചക്കുഞ്ഞായ്വന്ന മിന്നുന്ന സോമത്തെ-
സ്വച്ഛമാക്കുന്നൂ, സുരർക്കരിപ്പാൽ! 12

മത്തിന്നും സ്വത്തിന്നുമോലുന്നു, ചേലുറ്റ
ബുദ്ധിമാൻ സോമമരിപ്പയിങ്കൽ! 13

ഇന്ദ്രന്റെ നന്മൈ തടിപ്പിപ്പൊന്നി,സ്സോമം:
കൊന്നല്ലോ, പാപത്തെയൊട്ടുക്കവൻ! 14

നേതാക്കന്മാർ പിഴിഞ്ഞഗ്ഗവ്യം കൂട്ടിയ
നീരിതു സേവിപ്പൂ, വാനോരെല്ലാം! 15

നന്നായരിയ്ക്കുന്ന കമ്പിളി വിട്ടൊഴു-
കുന്നു, പിഴിഞ്ഞത, നേകധാരം! 16

വാരിയാൽ ക്ഷാളിച്ചു ഗവ്യങ്ങൾ ചേർത്തതു
ധാരാശതത്തോടൊലിപ്പൂ ശീഘ്രം! 17

കല്യർ കല്ലിന്മേൽപ്പിഴിഞ്ഞു കൈക്കൊണ്ട നീ
ചെല്ലുകി,ന്ദ്രന്റെ വയറ്റിലിന്ദോ! 18

പാരാതരിപ്പ വിട്ടിന്ദ്രന്നായോലുന്നു,
നൂറുനൂർദ്ധാരകളാർന്ന സോമം! 19

ഈപ്സിതവർഷിയാമിന്ദ്രന്റെ മത്തിനായ്-
ത്തേപ്പിപ്പൂ, തേൻകുഴമ്പിസ്സോമത്തെ! 20

വിണ്ണോർക്കു കെല്പിന്നയത്നമരിയ്ക്കുന്നു,
തണ്ണീരുടുത്ത ഹരിത്താം നിന്നെ! 21

ഇന്ദ്രന്നായ്ക്കുത്തുന്നു, കുത്തുന്നു, നീരൊഴു-
ക്കുന്ന കൂട്ടാർന്ന ബലിഷ്ഠേന്ദുവെ! 22
കുറിപ്പുകൾ: സൂക്തം 109.

[2] വിദ്യ = അറിവു്.

[3] തുവിണ്ണമൃതാം – വിണ്ണിലെ വിശുദ്ധപീയൂഷംപോലുള്ള. മൃത്യു വിടാനും, വൻഗേഹത്തിന്നും – ഞങ്ങൾക്ക് അമർത്ത്യത്വവും വലിയ ഗൃഹവും കിട്ടാൻ.

[4] വാരാഴി – വൻകടൽപോലെ നീർ നിറഞ്ഞവൻ.

[5] വാനൂഴിലോകർ – വാനൂഴികളും പ്രജകളും.

[6] ബലിൻ = ബലവാനേ.

[8] മുഖ്യർ – ഋത്വിക്കുകൾ. ഏന്തിയ = എടുത്ത. സർവജ്ഞൻ – സോമം. ഒക്കെയൊഴുക്കട്ടെ – നമുക്ക് എല്ലാദ്ധനവും നല്കട്ടെ.

[9] വർദ്ധകം – ദേവന്മാരെ വളർത്തുന്നതു്.

[10] കെല്പറിവർത്ഥം – കെല്പും അറിവും അർത്ഥ (ധന)വും. അഭ്യക്തൻ – സലിലസിക്തൻ.

[11] അത്ത്വദ്രസം – അങ്ങയുടെ ആ നീര്. പിഴിഞ്ഞവർ – ഋത്വിക്കുകൾ. മത്തിന്ന് – ദേവന്മാരെ മത്തുപിടിപ്പിയ്ക്കാൻ. വൻപേരിന്നും – തങ്ങൾക്കു വലിയ കീർത്തിയുണ്ടാകാനും.

[12] പച്ചക്കുഞ്ഞായ്വന്ന – പച്ചനിറപ്പൈതലായിപ്പിറന്ന. സുരർക്ക് – ദേവന്മാർക്കുവേണ്ടി. അരിപ്പാൽ = അരിപ്പകൊണ്ടു്. സ്വച്ഛമാക്കുന്നൂ – ഋത്വിക്കുകൾ ശുചീകരിയ്ക്കുന്നു.

[13] ബുദ്ധിമാൻ – ക്രാന്തപ്രജ്ഞൻ.

[14] അവൻ – ഇന്ദ്രൻ.

[16] പിഴിഞ്ഞതു് – സോമരസം.

[17] ചേർത്തതു – ചേർത്ത സോമരസം.

[18] പ്രത്യക്ഷകഥനം: കല്യർ – ഋത്വിക്കുകൾ.

[19] പാരാതെ – വേഗേന.

[20] തേപ്പിപ്പൂ – ഋത്വിക്കുകൾ. തേൻകുഴമ്പ് – മധുരസാന്ദ്രമായ ഗോരസം.

[21] പ്രത്യക്ഷോക്തി: അരിയ്ക്കുന്നു – ഋത്വിക്കുകൾ. ഹരിത്ത് – പച്ചനിറൻ.

[22] കുത്തുന്നു – ചതയ്ക്കുന്നു. ദ്വിരുക്തി ഹർഷത്താലാകുന്നു. കൂട്ടാർന്ന – ഗവ്യം ചെർക്കപ്പെട്ട. ബലിഷ്ഠേന്ദുവെ = ബലമേറിയ സോമത്തെ.

സൂക്തം 110.

ത്ര്യരുണൻ, ത്രസദസ്യ, എന്നീ രാജാക്കന്മാർ ഋഷികൾ; പിപീലികമധ്യാനുഷ്ടുപ്പും ഊർദ്ധ്വബൃഹതിയും വിരാട്ടും ഛന്ദസ്സുകൾ; പവമാനസോമം ദേവത. (‘താമരക്കണ്ണൻ’പോലെ.)

കൊറ്റിന്നായ്ശ്ശരിയ്ക്കോലുക: വാട്ട-
മറ്റെതിർക്കുക മാറ്റാരെ-
ഞങ്ങൾക്കു കടം തീർക്കാനായ്ശ്ശത്രു-
ഭംഗത്തിന്നാക്രമിയ്ക്ക, നീ! 1

ഞങ്ങൾ പിഴിഞ്ഞരിച്ചു വാഴ്ത്തുന്നു-
ണ്ടങ്ങയെ ക്രമാൽ സോമമേ:
കെല്പിലെയ്ക്കിറാങ്ങാറുണ്ടല്ലോ, നീ
സപ്രജപ്പെരുംനാടിന്നായ്! 2

വെള്ളത്തിൻവാസസ്ഥാനത്തു നിർത്തി-
യല്ലോ, മിടുക്കാൽസ്സൂര്യനെ
ഗോത്യാഗപ്പഠിപ്പുള്ളവൻ, ദ്രുത-
യാത്രൻ നീ പവമാനമേ – 3

നിർത്തിയല്ലോ നീ മർത്ത്യരെ നോക്കാൻ
സത്യശിവാമൃതാസ്പദേ;
യുദ്ധത്തിലെഴുന്നള്ളാറുണ്ടു, നീ
നിത്യം നേട്ടത്തിന്നവ്യയ! 4

ആൾകൾക്കു കുടിപ്പാനൊരു വറ്റി-
പ്പോകാത്തുറവുപോലവേ
കീറീ കൊറ്റിന്നരിപ്പ, നീർക്കാരൻ
കൈവിരൽകളാൽപ്പോലെ നീ! 5

സൂരനാം ദേവനല്ലിന്റെ മറ
കീറുന്നതിനുമുന്നമേ
വാഴ്ത്തിനാർ, പാർത്തിബ്ബന്ധുവെച്ചിലർ-
വാനിലെ വസുരുക്കുകൾ. 6

വൻബലാന്നാശ നിങ്കലേ വെച്ചാർ,
മുമ്പരാം ദർഭ കൊയ്തവർ:
വീറിന്നിറക്കുകെ,ങ്ങളെയുമാ
വീരനാം ഭവാൻ സോമമേ! 7

ദ്യോവിലെ പ്രത്നസ്തുത്യപീയൂഷം
വാർവിൺകോട്ടയിൽനിന്നുതാൻ
ഇന്ദ്രന്നായിക്കറന്നെടുത്തിട്ടു
നന്നായ് വാഴ്ത്തുന്നിതാ,ളുകൾ! 8

പില്പാടിദ്ദ്യാവാപൃഥ്വികളിലു,-
മിപ്പാരിലെങ്ങും കെല്പിനാൽ
മേലേ വാഴുന്നു, കൂട്ടത്തിൽക്കാള-
പോലെ നീ പവമാനമേ! 9

ശ്രീമത്ത,നേകധാരം, ബഹ്വന്നം
സോമ,മൊരുണ്ണിപോലവേ
കമ്പിളിയരിപ്പിങ്കൽ ക്രീഡിച്ചു,
വൻപ്രഭയോടൊഴുക്കുന്നു! 10

സ്വത്തുമന്നവുമായുസ്സും നല്കും
സത്രവാൻ പവമാനേന്ദു
ഇന്ദ്രാർത്ഥമിതാ, തേനിനിപ്പിയ-
ലുന്ന നീർദ്ധാര തൂകുന്നു! 11

പോരിനേല്ക്കും മാറ്റാരെയും, ദുർഗ്ഗ-
ന്മാരാമരക്കന്മാരെയും
കേറിക്കീഴമർത്തോടിച്ചൊലിയ്ക്കു-
കാ,രമ്യായുധനായ നീ! 12
കുറിപ്പുകൾ: സൂക്തം 110.

[1]പ്രത്യക്ഷോക്തി: കൊറ്റിന്നായ് – ഞങ്ങൾക്കന്നം തരാൻ. ഞങ്ങൾക്കു കടം തീർക്കാനായ് – ഞങ്ങൾക്കു സേവനഫലം തന്നുതീർക്കാൻ. ശത്രുഭംഗം – ശത്രുവധം.

[2] കെല്പിലെയ്ക്ക് – ശത്രുക്കളുടെ ബലത്തിന്റെ നേരെ. സപ്രജപ്പെരും നാടിന്നായ് – പ്രജകളോടുകൂടിയ വലിയ സ്വരാജ്യം രക്ഷിപ്പാൻ.

[3] വെള്ളത്തിൻവാസസ്ഥാനത്ത് – അന്തരിക്ഷത്തിൽ. ഗോത്യാഗപ്പഠിപ്പുള്ളവൻ – സ്തോതാക്കൾക്കു ഗോക്കളെ കൊടുക്കുന്നതിൽ പരിജ്ഞാനമുള്ളവൻ.

[4] നിർത്തിയല്ലോ – സൂര്യനെ. സത്യശിവാമൃതാസ്പദേ – സത്യവും ശുഭവുമായ ജലത്തിന്റെ ഇരിപ്പിടത്തിൽ, അന്തരിക്ഷത്തിൽ.

[5] നീർക്കാരൻ (വെള്ളം സംഭരിയ്ക്കുന്നവൻ) ആളുകൾക്കു കുടിപ്പാൻ വെള്ളത്തിന്നു് ഒരുറവു മാന്തുന്നതുപോലെ, നീ കൊറ്റിന്ന് (മലർപ്പൊടിയോടു ചേരാൻ) അരിപ്പ കീറി, പിളർത്തി. നീർക്കാരൻ ഉറവു മാന്തുന്നതും കൊറ്റിന്ന് – ജീവനാർത്ഥമാണല്ലോ.

[6] അല്ലിന്റെ മറ – ഇരുട്ട്. വാനിലെ വസുരുക്കുകൾ എന്ന ചിലർ ഇബ്ബന്ധുവെ (സോമത്തെ) പാർത്തു സ്തുതിച്ചു, പുലർകാലത്തിനുമുമ്പുതന്നെ.

[7] വൻബലാന്നാശ – വലിയ ബലവും അന്നവും കിട്ടാനുള്ള ആശ. മുമ്പരാം ദർഭ കൊയ്തവർ – പണ്ടേത്തെ യജമാനർ. വീറിന്ന് – യുദ്ധത്തിൽ വീര്യം കാട്ടാൻ.

[8] ദ്യോവ് = സ്വർഗ്ഗം. പ്രത്നസ്തുത്യപീയൂഷം – പുരാതനവും സ്തുത്യവുമായ അമൃത്, സോമം. വാർവിൺകോട്ട – വിണ്ണിലെ മഹാദുർഗ്ഗം.

[9] കൂട്ടത്തിൽ – ഗോവൃന്ദത്തിൽ.

[10] ഒഴുക്കുന്നു – നീർ.

[11] സത്രവാൻ = സയജ്ഞൻ. തേനിനിപ്പ് – തേനിനൊത്ത മാധുര്യം.

[12] പ്രത്യക്ഷോക്തി: ദുർഗ്ഗന്മാർ = ദുരാസദർ.

സൂക്തം 111.

പരുച്ഛേപപുത്രൻ അനാനതൻ ഋഷി; അത്യഷ്ടി ഛന്ദസ്സ്; പവമാനസോമം ദേവത.

പവമാനൻ ഈ പച്ചനീർകൊണ്ടു, സൂര്യൻ സ്വരശ്മികൊണ്ട് – സ്വരശ്മികൊണ്ട് – എന്നപോലെ ദ്രോഹികളെയെല്ലാം നശിപ്പിയ്ക്കുന്നു: പിഴിഞ്ഞ നീർ തിളങ്ങുന്നു; അരിയ്ക്കപ്പെട്ടു വിളങ്ങുന്ന ഹരിതവർണ്ണൻ സ്തുത്യങ്ങളായ – സ്തുത്യങ്ങളായ – സപ്താസ്യങ്ങൾകൊണ്ട് എല്ലാ നക്ഷത്രങ്ങളിലും വ്യാപിയ്ക്കുന്നു! 1

അങ്ങ് പണികളുടെ ആ ധനം കണ്ടുപിടിച്ചു. അങ്ങ് സ്വഗൃഹമായ യജ്ഞഗൃഹത്തിൽ വളർത്തമ്മമാരാൽ വഴിപോലെ കുളിപ്പിയ്ക്കപ്പെടുന്നു. (അങ്ങയുടെ ശബ്ദം), ദൂരത്തുനിന്നുള്ള സാമഗാനംപോലെ കർമ്മികളെ ഇമ്പപ്പെടുത്തുന്നു. മൂവ്വുലകത്തെ ഭരിയ്ക്കുന്ന തേജസ്സുകൊണ്ടു വിളങ്ങുന്നവൻ അന്നം നല്കുന്നു – അന്നം നല്കുന്നു! 2

താൻ അറിഞ്ഞുംകൊണ്ടു കിഴക്കേദ്ദിക്കിൽ പോകുന്നു: ദർശനീയമായ ദേവരഥം – ദർശനീയമായ രഥം – രശ്മികളോടു ചേരുന്നു. ഉടനേ, പൗരുഷപ്രകാശങ്ങളായ സ്തോത്രങ്ങൾ ഇന്ദ്രനെ പ്രാപിയ്ക്കൂന്നു; വജ്രവും ഇമ്പംകൊള്ളിയ്ക്കുന്നു. നിങ്ങളിരുവർക്കുമില്ലല്ലോ, യുദ്ധങ്ങളിൽ അപജയം – അപജയം! 3

കുറിപ്പുകൾ: സൂക്തം 111.

[1] സ്വരശ്മികൊണ്ടു് എന്നപോലെ – തന്റെ രശ്മികൊണ്ടു് ഇരുട്ടിനെ എന്നപോലെ. ദ്വിരുക്തികൾ ആദരാധിക്യത്താലത്രേ. സപ്താസ്യങ്ങൾ – നീരാവികളെ വിഴുങ്ങുന്ന തേജസ്സുകൾ.

[2] പ്രത്യക്ഷോക്തി: പണികളുടെ – പണികളാൽ അപഹൃതമായ. ആ ധനം – ഗോഗണം. വളർത്തമ്മമാരാൽ – തണ്ണീരുകളാൽ. അന്തിമവാക്യം പരോക്ഷം:

സൂക്തം 112.

അംഗിരോഗോത്രൻ ശിശു ഋഷി; പഞ്ചപദാപംക്തി ഛന്ദസ്സ്; പവമാനസോമം ദേവത. (‘ദ്വാരകാമന്ദിരം’പോലെ.)

ഭിന്നംഭിന്നം, നിനവെങ്ങൾ-
ക്ക; – ന്യർക്കുമൊന്നാം, കർമ്മം:
തച്ചൻ ചെത്തൽ, വൈദ്യൻ ഗദം,
തന്ത്രി യഷ്ടാവെയും തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

ശുഷ്കച്ചെടി, പക്ഷിച്ചിറ-
ക,ഗ്നി പാറും കല്ലിവയാൽ
അമ്പുണ്ടാക്കും കരുവാനോ,
വൻപണക്കാരെനെത്തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ ഭവാനെമ്പാടുമേ! 2

ഗായകൻ ഞാന,ച്ഛൻ വൈദ്യൻ,
തായ നെല്ലു വറക്കുവോൾ-
കാശിന്നെങ്ങൾ നാനാതൊഴിൽ-
ക്കാരായ് വാഴ്‌വൂ, പൈക്കൾപോലെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 3

വോഢാവശ്വം നൽത്തേരിനെ,
ക്രീഡാമാത്യൻ കളിമ്പത്തെ,
മേഢ്റം രോമശച്ചാലിനെ-
ബ്ഭേകം വെള്ളത്തെയും തേടും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 4
കുറിപ്പുകൾ: സൂക്തം 112.

[1] ഭിന്നഭിന്നം – നാനാപ്രകാരം. ഒന്നൊന്നാം – വേറെ വേറെയായിരിയ്ക്കും. ചെത്തൽ – മരപ്പണി. ഗദം = രോഗം. തന്ത്രി – യാജകൻ. ആശാരിയ്ക്കു മരപ്പണി കിട്ടണം; വൈദ്യന്നു രോഗിയെ കിട്ടണം; തന്ത്രിയ്ക്കു യഷ്ടാവിനെ കിട്ടണം – ഇങ്ങനെ ഓരോരുത്തനും ഓരോന്നായിരിയ്ക്കും, നിനവ്.

[2] ശുഷ്കച്ചെടി – ഉണങ്ങിയ മരച്ചുള്ളി. അഗ്നി പാറും – തീ പറക്കുന്ന, കല്ല് – മൂർച്ചകൂട്ടുന്ന ചാണ. കരുവാൻ – കൊല്ലൻ.

[3] ഗായകൻ ഞാൻ – ഞാൻ യാഗത്തിൽ സ്തോത്രം ചൊല്ലുന്നവനാണു്. എന്റെ അച്ഛൻ വൈദ്യനാണു്. അമ്മ നെല്ലു വറക്കുന്ന (മലരും മറ്റുമുണ്ടാക്കുന്ന)വളാണു്. കാശിന്ന് – ധനലബ്ധിയ്ക്ക്. പൈക്കൾപോലേ – പൈക്കൾ തൊഴുത്തിൽ നിലകൊള്ളുന്നതുപോലെ.

[4] വോഢാവ് – തേർ വലിയ്ക്കുന്ന. നൽത്തേർ – നിഷ്പ്രയാസം വലിയ്ക്കാവുന്ന തേർ. ക്രീഡാമാത്യൻ = നർമ്മസചിവൻ. കളിമ്പം – വിനോദം. മേഢ്റം = പുരുഷലിംഗം. രോമശച്ചാലു് – സ്ത്രീയുടെ രോമവത്തായ ഗുഹ്യാംഗം. ഭേകം = തവള.

സൂക്തം 113.

മരീചിപുത്രൻ കശ്യപൻ ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)

ശര്യണാവത്തിലെസ്സോമം
ശക്രൻ കുടിയ്ക്ക, വൃത്രഘ്നൻ,
ശക്തി തനിയ്ക്കുണ്ടാകാനും,
ശസ്തവീര്യം കാണിപ്പാനും.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

ശുദ്ധസത്യതപഃശ്രദ്ധാ-
യുക്തർ പിഴിഞ്ഞ നീ വർഷിൻ,
വന്നുചേരുകാ,ർജ്ജീകത്തിൽ-
നിന്നു സോമ, ദിശാംപതേ.
ഇന്ദ്രന്നായൊഴുകിയാലു,
മിന്ദോ, ഭവാനെമ്പാടുമേ! 2

മാരിയാൽ വായ്ച സോമത്തെ-
സ്സൂരപുത്രി കൊണ്ടുപോന്നു;
ഗന്ധർവന്മാരെറ്റെടുത്ത-
ഗ്ഗംഭീരനിൽ നീർ നിറച്ച.
ഇന്ദ്രന്നായൊഴുകിയാലും,-
മിന്ദോ, ഭവാനെമ്പാടുമേ! 3

സത്യം ചൊല്ലും സത്യകീർത്തേ,
സത്യം ചൊല്ലും സത്യകർമ്മൻ,
ശ്രദ്ധ ചൊല്ലും സോമ, രാജൻ,
കർത്തൃഭൂക്ഷിതസോമമേ,
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 4

സത്യൗജസ്സേ, പെരിയ നിൻ-
സദ്രസങ്ങൾ പൊഴിയുന്നു-
മണ്ടുന്നൂ, സ്വാദുവാം നിൻനീർ.
മന്ത്രപൂത, ഹരിദ്ദ്യുതേ,
ഇന്ദ്രന്നായൊഴുകിയാലു,
മിന്ദോ, ഭവാനെമ്പാടുമേ! 5

സോമം കല്ലാൽപ്പിഴിഞ്ഞരി-
ച്ച,സ്സോമത്താൽ തുഷ്ടരാക്കി,
ഛന്ദഃസ്തുതി ചൊല്ലും വിപ്രൻ
വന്ദിയ്ക്കപ്പെടുന്ന ദിക്കിൽ
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 6

ജ്യോതിസ്സെങ്ങുണ്ടെ,ന്നുമെന്നു,-
മേതുലോകത്തർക്കൻ നില്പൂ,
അശ്ശാശ്വതാക്ഷയലോക-
ത്താക്കുകെ,ന്നെപ്പവമാന;
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 7

എങ്ങരചൻ വൈവസ്വത,-
നെങ്ങർക്കന്റെയന്തഃപുരം,
എങ്ങീ മഹാതടിനിക,-
ളങ്ങമൃതനാക്കുകെ, ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 8

എങ്ങു മൂന്നാം വിണ്ണിലർക്ക-
നിംഗിതംപോലുലാത്തുന്നു,
എങ്ങാളുകൾ വെളിച്ചത്തി,-
ലങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 9

എങ്ങിച്ഛയും ദൃഢേച്ഛയു,-
മെങ്ങു സവിതാവിൻ വാസം,
എങ്ങന്നവും സംതൃപ്തിയു,-
മങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 10

എങ്ങാനന്ദമാമോദവു,-
മെങ്ങിമ്പവുമാഹ്ലാദവും,
എങ്ങഭീഷ്ടാഗമം ദേവ-
ന്ന,ങ്ങമൃതനാക്കുകെ,ന്നെ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 11
കുറിപ്പുകൾ: സൂക്തം 113.

[2] ആർജ്ജീകമെന്ന നാട്ടിലെ സോമവും ശ്രേഷ്ഠമത്രേ.

[3] സൂരപുത്രി – സൂര്യന്റെ മകൾ, ശ്രദ്ധ. അഗ്ഗംഭീരനിൽ – മഹാനായ സോമത്തിൽ.

[4] ശ്രദ്ധ ചൊല്ലും – യജമാനർക്കു ശ്രദ്ധ ഉപദേശിയ്ക്കുന്ന. കർത്തൃഭൂഷിത സോമമേ – യജമാനനാൽ അലംകരിയ്ക്കപ്പെട്ട സോമമേ.

[5] സദ്രസങ്ങൾ = നല്ല നീരുകൾ.

[6] കല്ല് – അമ്മി. തുഷ്ടരാക്കി – ദേവന്മരെസ്സന്തോഷിപ്പിച്ച്. ഛന്ദഃസ്തുതി – ഛന്ദോനിബദ്ധമായ സ്തോത്രം.

[7] എന്നുമെന്നും – അനശ്വരമായി.

[8] വൈവസ്വതൻ = വിവസ്വാന്റെ പുത്രൻ, മനു. മഹാതടിനികൾ – ഗംഗാദിമഹാനദികൾ.

[9] താഴെയും നടുവിലും മീതെയുമായി, മൂന്നു സ്വർഗ്ഗങ്ങളുണ്ടു്; മൂന്നാമത്തതുത്തമം. ഇംഗിതംപോലുലാത്തുന്നു – യഥേഷ്ടം സഞ്ചരിയ്ക്കുന്നു.

[10] ഇച്ഛയും ദൃഢേച്ഛയും – ഉന്നതിയ്ക്കുള്ള അഭിലാഷവും, അതു സാധിയ്ക്കണമെന്ന ദൃഢാഭിലാഷവും. സവിതാവ് = സൂര്യൻ. വാസം = പാർപ്പിടം.

[11] ആനന്ദാമോദാദികൾക്ക് അല്പാല്പവ്യത്യാസം കണ്ടുകൊള്ളണം. ദേവന്നഭീഷ്ടാഗമം – ദേവനെ തൃപ്തനാക്കൽ, പൂജിയ്ക്കൽ.

സൂക്തം 114.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’ പോലേ.)

ഇപ്പവമാനേന്ദുവിന്റെ
സുപ്രഭയെബ്ഭജിപ്പോനും,
സോമ, നിന്നെദ്ധ്യാനിപ്പോനും
ശ്രീമൽപ്രജാവാനാമെന്നാർ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 1

മന്ത്രകാരസ്തവാൽ സ്തോത്ര-
തന്തു നീട്ടിക്കശ്യപർഷേ,
സംപൂജിയ്ക്ക, സസ്യങ്ങൾക്കു
തമ്പുരാനാം സോമത്തെ നീ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ, ഭവാനെമ്പാടുമേ! 2

നാനാസൂര്യരേഴാശകൾ,
ഹോതാക്കളേഴൃത്വിക്കുകൾ,
ഏഴാദിത്യദേവരിവ-
രൊത്തുരക്ഷിയ്ക്ക, നീ സോമ.
ഇന്ദ്രന്നായൊഴുകിയാലു,-
മിന്ദോ; ഭവാനെമ്പാടുമേ! 3

കാക്കുകിന്ദോ, നിൻപക്വാന്നം
കൈക്കൊണ്ടു ഞങ്ങളെപ്പുരാൻ:
കൊല്ലായ്കരി ഞങ്ങളെ; – പ്പോ-
ക്കൊല്ലെ,ങ്ങളുടേതൊന്നുമേ.
ഇന്ദ്രന്നായൊഴുകിയാലു-
മിന്ദോ, ഭവാനെമ്പാടുമേ! 4
കുറിപ്പുകൾ: സൂക്തം 114.

[1] സുപ്രഭ – തേജസ്സ്. ശ്രീമൽപ്രജാവാനാമെന്നാർ – നല്ല സന്താനങ്ങളോടുകൂടിയവനായിത്തീരുമെന്ന് അഭിജ്ഞർ പറഞ്ഞിരിയ്ക്കുന്നു.

[2] ഋഷി, തന്നോടുതന്നെ പറയുന്നു: മന്ത്രകാരസ്തവാൽ സ്തോത്രതന്തു നീട്ടി – ഋഷിമാരുടെ സ്തവത്തിൽനിന്നു (സ്തവമവലംബിച്ചു) സ്തോത്രനൂൽ നീട്ടി, സ്തോത്രങ്ങൾ വർദ്ധിപ്പിച്ച്.

[3] നാനാസൂര്യർ = വിവിധസൂര്യരോടുകൂടിയവ. ഏഴാശകൾ – സോമം നില്ക്കുന്ന ദിക്കൊഴിച്ച് ഏഴു ദിക്കുകൾ. ഹോതാക്കളേഴൃത്വിക്കുകൾ – ഏഴു ഹോതാക്കളായ ഋത്വിക്കുകൾ. ഏഴാദിത്യദേവർ – മാർത്താണ്ഡനൊഴിച്ചു, ധാതൃപ്രഭൃതികളായ ഏഴദിതിപുത്രന്മാർ.

[4] നിൻപക്വാന്നം – അങ്ങയ്ക്കായി പചിച്ച ഹവിസ്സ്. പുരാൻ – തമ്പുരാനായ അങ്ങ്. അരി(ശത്രു) ഞങ്ങളെ കൊല്ലരുതു്, ഞങ്ങളുടേതൊന്നും നശിപ്പിയ്ക്കുകയുമരുതു്.

സൂക്തം 1.

ത്രിതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്. അഗ്നി ദേവത. (കാകളി.)

അഗ്നിയെണീറ്റുനിന്നാനുഷസ്സിന്നുമു-
മ്പ; – ല്ലിങ്കൽനിന്നു പോന്നെത്തിനാൻ, ദീപ്തിയിൽ;
കമ്രാംഗനായ്ത്തീർന്നു മൂടിനാൻ, കത്തുന്ന
തന്മഹസ്സാൽ ഗൃഹമൊക്കയുമുന്നതൻ! 1

വാനൂഴികൾതൻ വയറ്റിൽപ്പിറന്നവ-
നാണോ,ഷധീധൃതനഗ്നേ, സുരൂപി നീ:
അത്തൃക്കിടാവു നീ പോക്കുന്നു, രാവിരു-
ട്ടു; ദ്രവമോടുന്നു, തായാരിൽനിന്നു നീ! 2

ഇത്ഥം പിറന്നഭിവ്യാപ്തനായ മഹാ-
നിത്തൃതീയന്നരുളട്ടെ, സംരക്ഷണം:
ചിത്തസാമ്യത്തൊടംഭസ്സിരന്നീ, വിപ-
ശ്ചിത്തിനെയല്ലോ സ്തുതിപ്പതി,ങ്ങാളുകൾ! 3

അന്നം വളർത്തും ഭവാങ്കലണയുന്നി-
തന്നലാഭത്തിനായ്ക്കൊറ്റേകുമമ്മമാർ;
പേർത്തുടൽ മാറുമവരിലും ചെല്വു, നീ;
പാർത്തുപോരുന്നു, ഹോതാവായ് നരരിൽ നീ! 4

ചിത്രരഥൻ, ക്രതുഹോതാവു, ശുഭ്രാഭ-
ന,ധ്വരത്തിന്നധ്വരത്തിന്നൊരു കൊടി,
വന്മയാൽദ്ദേവന്നു ദേവന്നു നേർപാതി
നന്മ നല്കട്ടെ,യിങ്ങഗ്നി, നരാതിഥി! 5

പൊന്നാടകളുടുത്തഗ്നിത്തിരുവടി
മന്നിന്റെ നാഭിയമുത്തരവേദിയിൽ
മിന്നിമേവുന്നു: പുരോഹിതനായിങ്ങു
വിണ്ണോരെയർച്ചിയ്ക്ക, തമ്പുരാനേ, ഭവാൻ! 6

വാനൂഴികളെ വായ്പിപ്പൂ, ബലോത്ഥ, നീ,
സൂനുതായ്താതരെപ്പോലെയഗ്നേ, സദാ:
വന്നാലു,മാ നീ സകാമരി;ലെത്തിയ്ക്ക,
വൃന്ദാരകരെയുമിങ്ങു യുവോത്തമ! 7
കുറിപ്പുകൾ: സൂക്തം 1.

[1] എണീറ്റുനിന്നാൻ – ഉഷസ്സിന്നുമുമ്പു ജ്വലിപ്പിയ്ക്കുമല്ലോ. അല്ല് = ഇരുട്ട്. ഗൃഹം – യജ്ഞസദനം. ഉന്നതൻ – മഹാൻ.

[2] പിറന്നവൻ – സൂര്യനും അഗ്നിയും ഒന്നുതന്നെ എന്നു കാണിയ്ക്കുന്നു. ഔഷധീധൃതൻ – ഔഷധികളാൽ (സസ്യങ്ങളാൽ)ഗർഭത്തിൽ ധരിയ്ക്കപ്പെട്ടവൻ. അത്തൃക്കിടാവ് – ഔഷധികളുടെ പൂജനീയനായ ശിശു, അഗ്നി. രാവിരുട്ട് = രാത്രിപോലെ കറുത്ത ശത്രുക്കളും, ഇരുട്ടും. ഉദ്രവം – ഉയർന്ന ഒച്ചയോടുകൂടുംവണ്ണം. തായാർ – ഔഷധികൾ.

[3] പരോക്ഷകഥനം: അഭിവ്യാപ്തൻ = എങ്ങും വ്യാപിച്ചവൻ. തൃതീയന്ന് – മൂന്നാമനായ ത്രിതന്ന്, എനിയ്ക്ക്. ചിത്തസാമ്യം = ഒരേമനസ്സ്. അംഭസ്സ് – ജലം, മഴ. ഈ വിപശ്ചിത്ത് – വിദ്വാനായ അഗ്നി. ഇങ്ങ് – ഈ ലോകത്തിൽ.

[4] പ്രത്യക്ഷോക്തി: കൊറ്റേകുമമ്മമാർ – ലോകത്തിന്ന് അന്നം നല്കുന്ന ഔഷധികൾ. ഉടൽ മാറും – ആകാരത്തിന്നു വ്യാത്യാസം (ജീർണ്ണത) വരുന്ന. ചെല്വൂ – കാട്ടുതിയ്യായിട്ട്.

[5] ചിത്രരഥൻ = നാനാരൂപമായ രഥത്തോടുകുടിയവൻ. ശുഭ്രാഭൻ = ധവളവർണ്ണൻ. കൊടി = ധ്വജം. നേർപാതി – ഓരോ ദേവന്റെയും പാതിയായി നില്ക്കത്തക്ക വന്മ, മഹത്ത്വമുള്ളവൻ.

[6] പൊന്നാടകൾ – സ്വർണ്ണപ്രഭങ്ങളായ തേജസ്സുകൾ. മന്നിന്റെ നാഭി – ഇളാപദം, ഉത്തരവേദി. പുരോഹിതനായ് എന്നതുമുതൽ പ്രത്യക്ഷോക്തി.

[7] വായിപ്പൂ – വളർത്തുന്നു, വിസ്താരപ്പെടുത്തുന്നു. സകാമർ – അങ്ങയെ കാംക്ഷിയ്ക്കുന്നവർ, യജമാനാദികൾ. വൃന്ദാരകർ = ദേവന്മാർ. ഇങ്ങു – ഈ യജ്ഞത്തിൽ.

സൂക്തം 2.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

സക്തരാം ദേവരെദ്ദിവ്യഋത്വിക്കുക-
ളൊത്തൃതുജ്ഞൻ നീ യജിയ്ക്കി,ങ്ങൃതുപതേ:
അഗ്നേ, യുവോത്തമ, ഹോതാക്കളിൽവെച്ചു
മുഖ്യനാം യജ്ഞകൃത്തല്ലോ, തിരുവടി! 1

മർത്ത്യർതൻ ഹോത്രവും പോത്രവും തേ പ്രിയം;
സത്യവാൻ, മേധാവി, വിത്തപ്രദൻ, ഭവാൻ.
അന്നം ചമയ്ക്ക, നാം സ്വഹാ: സമർഹനാ-
മഗ്നിദേവൻ യജിയ്ക്കട്ടേ, നിലിമ്പരെ! 2

ദേവകൾതൻവഴിതന്നിലണക, നാ-
മാവുന്ന കർമ്മം ക്രമേണ സാധിയ്ക്കുവാൻ!
വിജ്ഞനഗ്നി യജിയ്ക്കട്ടെ: ഹോതാവവൻ;
യജ്ഞവും കാലവും നിശ്ചയിയ്ക്കട്ടെ, താൻ! 3

നിങ്ങളറിയവേ, കർമ്മലോപം ജഡ-
രെങ്ങൾ വരുത്തിയിരിയ്ക്കാ,മമർത്ത്യരേ;
വിജ്ഞനഗ്നി നികത്തട്ടെയതൊക്കയും,
വിണ്ണോർക്കു വീതങ്ങൾ വെയ്ക്കുമൃതുക്കളാൽ. 4

ചേതസ്സിടിഞ്ഞു ചുണ കെട്ട മാനുഷ-
രേതൊരു യജ്ഞകർമ്മത്തെ നണ്ണാതെപോം;
ആയതറിഞ്ഞഗ്നി, ഹോതാവു, കർമ്മജ്ഞ-
നായജിയ്ക്കു,മ്പരെ യഷ്ടാവൃതുക്കളിൽ! 5

ഇഷ്ടികൾക്കെല്ലാം മുഖവും കൊടിയുമായ്-
സ്സൃഷ്ടനല്ലോ, വിചിത്രൻ നീ പിതാവിനാൽ;
ആ നീ തരിക, ജനാഢ്യമാമൂഴിയു,-
മാർക്കും ഹിതമാം പുകഴ്‌ന്ന കാമ്യാന്നവും! 6

ആരെസ്സുജാതൻ പ്രജാപതി സൃഷ്ടിച്ചി-
താരെ വാനൂഴികളാ,രെയംഭസ്സുകൾ;
അഗ്നേ, പിതൃപഥാഭിജ്ഞനാമബ്ഭവാ-
നഗ്ര്യശോഭം വിളങ്ങുന്നു, സമിദ്ധനായ്! 7
കുറിപ്പുകൾ: സൂക്തം 2.

[1] സക്തർ – സ്തുതികാംക്ഷികൾ. ദിവ്യഋത്വിക്കുകൾ – ചന്ദ്രാദിത്യപജ്ജന്യന്മാർ. ഋതുശബ്ദത്തിന്നു യാഗകാലമെന്നർത്ഥം. യജ്ഞകൃത്ത് = യഷ്ടാവ്.

[2] ഉത്തരാർദ്ധം പരോക്ഷം: നിലിമ്പർ = ദേവന്മാർ.

[3] ദേവകൾതൻവഴി – സ്വർഗ്ഗത്തിൽ ചെല്ലാനുള്ള മാർഗ്ഗം, യജ്ഞകർമ്മം. വിജ്ഞൻ – ദേവന്മാരുടെ വഴിയറിയുന്നവൻ. താൻ – അദ്ദേഹം.

[4] ജഡർ – വിമൂഢർ. അതു് – ലുപ്തമായിപ്പോയ കർമ്മം. വീതങ്ങൾ – ഹവിർഭാഗങ്ങൾ. ഋതുക്കൾ – യാഗകാലങ്ങൾ.

[5] ചേതസ്സിടിഞ്ഞു ചുണകെട്ട മാനുഷർ – നിരന്തരമായ യജ്ഞപ്രയത്നംകൊണ്ടു ബുദ്ധിക്ഷയവും നിരുത്സാഹതയും വന്ന ഋത്വിക്കുകൾ. ആയജിയ്ക്ക – പൂജിയ്ക്കട്ടെ.

[6] ഇഷ്ടികൾ = യാഗങ്ങൾ. മുഖം – പ്രധാനഭൂതൻ. വിചിത്രൻ = നാനാരൂപൻ. പിതാവ് – പ്രജാപതി.

[7] പ്രജാപതിയാലും, വാനൂഴികളാലും, അംഭസ്സുകളാലും ഉൽപാദിതനായ ഭവാൻ. പിതൃപഥാഭിജ്ഞൻ – ഹവിർവഹനമാർഗ്ഗമറിയുന്നവൻ. സമിദ്ധനായ് = ജ്വലിപ്പിയ്ക്കപ്പെട്ട്. അഗ്ര്യശോഭം = മികച്ച ശോഭയോടുകൂടുംവണ്ണം.

സൂക്തം 3.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ, (കാകളി.)

ഇദ്ധനീശൻ, നീ പുരാനേ: വെളിപ്പെട്ടു,
വൃദ്ധ്യർത്ഥമുഗ്രൻ, ഗമിപ്പോൻ, ശുഭോദയൻ;
മെത്തിയ ഭാസ്സാൽ വിളങ്ങും വിവേകവാ-
നെത്തുന്നു, രാത്രിയെക്കൈവിട്ടു വെണ്മയിൽ! 1

പോവും കറുമ്പിയെജ്ജ്വാലയാൽക്കീഴമ-
ർത്താവിഷ്കരിപ്പൂ, മഹേശതനൂജയെ;
വാനു മൂടും പ്രഭകൊണ്ടർക്കദീപ്തിയെ
സ്ഥാനേ നിറുത്തി ലസിപ്പൂ, ഗമിപ്പവൻ ! 2

വന്നെത്തിനാൻ, ശുഭശ്രീയൊടൊപ്പം ശുഭൻ;
ചെന്നണഞ്ഞാന,ഥ ജാരൻ ഭഗിനിയിൽ;
ഉന്നിദ്രദീപ്തിയായ് വർത്തിയ്ക്കുമീയഗ്നി
വെൺനിറത്താൽക്കീഴമർത്താനി,രുട്ടിനെ! 3

ഭദ്രൻ സഖാവീ മഹാനഗ്നി വാഴ്ത്തികൾ-
ക്കത്തൽ വരുത്തില്ല, കത്തും കതിർകളാൽ:
സ്തുത്യൻ വൃഷാവു സുവക്ത്രൻ മഹാന്റെ കെ-
ല്പൊത്ത തീക്ഷ്ണാംശു പുകഴ്‌ന്നൂ, മഖങ്ങളിൽ! 4

സുശ്രീകനായിജ്ജ്വലിയ്ക്കുമീ വമ്പന്റെ
രശ്മികൾ പായുന്നു, കാറ്റിരമ്പത്തൊടേ:
വാനിൽപ്പരത്തുവോനല്ലോ, വിളയാടി
വായ്ചു വിളങ്ങും വിശിഷ്ടതേജസ്സിവൻ! 5

വിസ്ഫുടജ്വാലനായ്പ്പോകുമിവനുടെ
കെല്പുണ്ടിരമ്പുന്നു, മാരുതച്ചേർച്ചയാൽ;
ഉന്നാദമാം പ്രത്നവെണ്മയാലേ വിള-
ങ്ങുന്നിതി,ഗ്ഗന്താവു, ദേവവര്യൻ, മഹാൻ! 6

വമ്പരെയെത്തിയ്ക്കുകെങ്ങളിലബ്ഭവാൻ;
വിൺഭൂയുവതിഗൻ നീയുമിരിയ്ക്കണം.
സുപ്രാപനുജ്ജവനഗ്നേ, വരികിങ്ങു,
സുപ്രാപരാമുജ്ജവാശ്വങ്ങളൊത്തു നീ! 7
കുറിപ്പുകൾ: സൂക്തം 3.

[1] വെളിപ്പെട്ടു എന്നതുമുതൽ പരോക്ഷം: വൃദ്ധ്യർത്ഥം – യഷ്ടാക്കൾക്ക് അഭിവൃദ്ധി വരുത്താൻ. ഗമിപ്പോൻ – ഹവിസ്സു വാങ്ങി ദേവലോകത്തെയ്ക്കു പോകുന്നവൻ. വെണ്മയിൽ – ഉഷസ്സിൽ.

[2] കുറുമ്പി – രാത്രി. മഹേശതനൂജയെ – മഹാനായ ഈശന്റെ (രക്ഷകന്റെ)പുത്രിയായ ഉഷസ്സിനെ. സ്ഥാനേ – മുകളിൽ. നിറുത്തി – മുകളിൽ പരന്ന അഗ്നിജ്വാലതന്നെ, അർക്കദീപ്തി (സൂര്യരശ്മി). ഗമിപ്പവൻ – ദേവലോകത്തെയ്ക്ക്.

[3] ശുഭൻ – മംഗളരൂപനായ അഗ്നി. ജാരൻ – ശതുക്കളെ കിഴവ (ദുർബല)രാക്കുന്നവൻ. ഭഗിനി – ഉഷസ്സ്.

[4] വാഴ്ത്തികൾ = സ്തോതാക്കൾ. കെല്പ് – തമോനാശനശക്തി.

[5] സുശ്രീകൻ = നല്ല ശോഭയോടുകൂടിയവൻ. കറ്റിരമ്പം = കാറ്റിന്നൊത്ത ശബ്ദം.

[6] പോകും – ദേവലോകത്തെയ്ക്ക്. മാരുതാച്ചേർച്ച = മരുത്സംഗമം. ഉന്നാദം = ശബ്ദമുയർന്നതു്. പ്രത്നം = പുരാതനം.

[7] വമ്പർ – മഹാന്മാർ, ദേവന്മാർ. വിൺഭൂയുവതിഗൻ – ദ്യോവും ഭൂവുമാകുന്ന യുവതികളെ പ്രാപിയ്ക്കുന്നവൻ. സുപ്രാപൻ – സ്തോതാക്കൾക്കു സുഖേന പ്രാപ്യൻ. ഉജ്ജവൻ = വേഗമേറിയവൻ. അശ്വങ്ങൾ – രോഹിത്തുകളെന്ന കുതിരകൾ.

സൂക്തം 4.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഞങ്ങൾ വിളിച്ചാൽ വരുമാറു വന്ദ്യനാ-
മങ്ങയ്ക്കു നല്കുവന,ങ്ങയെ വാഴ്ത്തുവൻ:
അഗ്നേ, പുരാണ, പുരാനേ, മരുവിലെ-
ത്തണ്ണീർപ്പുരപോലെയല്ലോ, മഖിയ്ക്കു നീ! 1

ആൾക്കാർ ഭവാനെബ്ഭജിപ്പൂ, യുവോത്തമ,
ഗോക്കൾ ചൂടുള്ള തൊഴുത്തിനെപ്പോലവേ:
മർത്ത്യർക്കു മുമ്പർക്കുമുറ്റ ദൂതൻ,ഭവാൻ;
മധ്യേ മഹസ്സിൽച്ചരിപ്പൂ, മഹാൻ ഭവാൻ. 2

ജൈത്രനാം നിന്നെ,യൊരുണ്ണിയെപ്പോലവേ
ധാത്രിയെടുത്തു വളർത്തുന്നു, കൗതുകാൽ:
തൃട്ടാർന്നിറങ്ങും, നഭസ്സിൽനിന്നു; വിട-
പ്പെട്ടാൽ മടങ്ങും, പശുപോലെയബ്ഭവാൻ! 3

മൂഢരെങ്ങളുശിരാളുമമൂഢ, നിൻ
പ്രൗഢിയറിയുവോൻ, നീതാൻ വിശാംപതേ:
തിന്നുനടക്കും; കിടക്കും, കിഴവനായ്;
വൻനാക്കിനാലഗ്നി നക്കും, യുവതിയെ! 4

വന്ദ്യനെയെങ്ങോ പെറുന്നൂ, കിഴവികൾ;
ചെന്നുചേരും, സിതൻ ധൂമധ്വജൻ വനേ;
സ്നാനത്തിനല്ല, നീർ പൂകും, വൃഷംപോലെ;
സാനന്ദനാക്കു,മിവനെസ്സമം നരർ! 5

ചാകാനുറച്ചിരുകാട്ടുകള്ളർകണ-
ക്കാ,രെയെൻകൈകൾ നാർപത്താൽ വരിഞ്ഞുവോ;
അബ്ഭവാനഗ്നേ, നവീനസ്തവമിതാ-
കല്പിച്ചുടൽത്തേരു പൂട്ടുകൊളികളാൽ! 6

ജാതവേദസ്സേ, ഹവിസ്സും നമസ്സുമി-
ഗ്ഗീതിയും നിന്നെ വളർത്തുക,ഗ്നേ, സദാ:
രക്ഷ നല്കെ,ങ്ങൾതൻ പുത്രപൗത്രർക്കു നീ;
രക്ഷ നല്കെ,ങ്ങൾതൻ മെയ്യിനും ശ്രദ്ധയാ! 7
കുറിപ്പുകൾ: സൂക്തം 4.

[1] നല്കുവൻ – ഹവിസ്സ്. മരുവിലെ (നിർജ്ജലപ്രദേശത്തിലെ) തണ്ണീർപ്പുര ആളുകളെ തുലോം ആശ്വസിപ്പിയ്ക്കുമല്ലോ; അതുപോലെ ഭവാൻ മഖിയ്ക്കു (യഷ്ടാവിന്നു) സുഖമുളവാക്കുന്നു.

[2] മധ്യേ – വാനൂഴികൾക്കിടയിൽ. മഹസ്സിൽ – തിളങ്ങുന്ന അന്തരിക്ഷ ലോകത്തിൽ.

[3] ജൈത്രൻ = ജയശീലൻ. ധാത്രി = അമ്മ, ഭൂമി. കൗതുകാൽ – സംപർക്കേച്ഛയാൽ. തൃട്ട് – ഹവിഃപിപാസ. ഇറങ്ങും – യജ്ഞത്തിന്നു ഭൂമിയിലെയ്ക്ക്. വിടപ്പെട്ടാൽ – ഹവിസ്സർപ്പിച്ച യഷ്ടാക്കളാൽ. മടങ്ങും – ദേവസമീപത്തെയ്ക്കു തിരിയ്ക്കും. പശുപോലെ – മാടു തൊഴുത്തിലെയ്ക്കെന്നപോലെ.

[4] മൂഢർ – നിൻപ്രൗഢി (മഹത്ത്വം) ഞങ്ങൾക്കറിഞ്ഞുകൂടാ; അങ്ങയ്ക്കു മാത്രമേ അറിഞ്ഞുകൂടൂ. അമൂഢ = ഹേ വിദ്വാൻ. ഉശിര് = ചൈതന്യം. തിന്നു – ഹവിസ്സു ഭക്ഷിച്ചു. കിഴവനായ് – മന്ദപ്രഭനായി. വൻനാക്കിനാൽ – നീണ്ട ജ്വാലകൊണ്ടു്. യുവതി – ആഹുതി എന്നർത്ഥം.

[5] കിഴവികൾ – രണ്ടരണികൾ. സിതൻ = ശ്വേതവർണ്ണൻ. വനേ = കാട്ടിൽ, അഥവാ മേഘജലത്തിൽ; ദാവാഗ്നിയോ വൈദ്യുതാഗ്നിയോ ആയിത്തീരും. വൃഷം (കാള) നീർ പൂകുന്നതു കുളിപ്പാനല്ല, കുടിപ്പാനാണല്ലോ. സാനന്ദനാക്കും = പ്രീതിപ്പെടുത്തും. സമം – ഒരേമനസ്സോടെ. നരർ – ഋത്വിക്കുകൾ.

[6] ചാകാനുറച്ച് – ‘ചത്താലും ഞങ്ങൾ തട്ടിപ്പറിയ്ക്കും’ എന്നു നിശ്ചയിച്ചു രണ്ടു വനതസ്കരന്മാർ വഴിപോക്കനെ കെട്ടിയിഴയ്ക്കുന്നതുപോലെ, എന്റെ കൈകൾ നാർപത്താൽ (പത്തുവിരൽകൊണ്ടു) ഭവാനെ വരിഞ്ഞു (ബന്ധിച്ചു); യാഗത്തിലെയ്ക്ക് എടുത്തുകൊണ്ടുപോന്നു. ഉടൽത്തേര് ഒളികളാൽ, തേജസ്സുകളാകുന്ന അശ്വങ്ങളെക്കൊണ്ടു, പൂട്ടുക – എന്റെ യാഗത്തിൽ വരാൻ.

[7] ഗീതി – സ്തുതി. ശ്രദ്ധയാ – പ്രമാദമെന്നിയേ.

സൂക്തം 5.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ഏകൻ, ബഹുദ്ഭവനംഭോധി, നമ്മൾത-
ന്നാകാംക്ഷ നേർക്കു കാണുന്നു, ധൃതധനൻ;
സേവിപ്പു, സന്ധ്യാദ്വയിതന്നകിടിനെ;-
പ്പോവുക, കാറിൻനടുക്കാമിടത്തിൽ നീ! 1

ഏകാസ്പദത്തെച്ചുഴന്നു, ഹവിസ്സുകൾ
തുകി, സ്സമേതാശ്വരായാർ, പെരിയവർ;
പാഥഃപദത്തെബ്ഭജിയ്ക്കുന്നു, മേധാഢ്യർ-
ചേതസ്സിൽ വെയ്ക്കുന്നു, മുഖ്യനാമങ്ങളെ. 2

കാലമളന്നു പെറ്റു,ണ്ണിയെക്കൈക്കൊണ്ടു
പാലിപ്പു, രണ്ടുപേർ ബുദ്ധിസത്യാഢ്യമാർ:
ധീബലവാന്റെ ചരാചരവിഷ്ടപ-
നാഭിയാം നൂലിനെ ധ്യാനിപ്പവൻ സുഖി! 3

പണ്ടേ ഭജിപ്പതുണ്ടല്ലോ, ബലേച്ഛയുൾ-
ക്കൊണ്ടസ്സുജാതനെ യജ്ഞപ്രവർത്തകർ;
പാഥോഭവാന്നഘൃതങ്ങളാൽപ്പോറ്റുന്നു,
മീതെ വാഴ്‌വോനെപ്പരന്ന വാനൂഴികൾ!4

പൊക്കും, സുഖേന കാണ്മാനായ് മഖത്തിൽനി-
ന്നുൽക്കീർത്തിതൻ വിജ്ഞനേഴൊളിനാവുകൾ:
അന്തരിക്ഷേ വാണവയെ നിയന്ത്രിച്ചു
ചന്തമേകും, ക്ഷിതിയ്ക്കിച്ഛയാ പൂർവകൻ! 5

ഏഴതിർ വെച്ചിരിയ്ക്കുന്നു മേധാവിക;-
ളാഴു,മതിലൊന്നിലാര,വൻ പാപിയാം;
അന്നരനെത്തടുത്താരാൽ,ക്കതിർ പൊഴി-
യ്ക്കുന്നിടത്തംഭസ്സിൽ മേവും, തിരുവടി! 6

സത്തുമസത്തും പിറന്നൂ ചിദാത്മാവി;-
ലുത്ഥിതനായ്, ക്ഷിതിയ്ക്കന്തികേ ദക്ഷനും.
ആദിമന,ഗ്നിതാൻ കർമ്മമുണ്ണും നമു-
ക്കാ; – ദികാലത്തവൻ കാളയായ്, പയ്യുമായ്! 7
കുറിപ്പുകൾ: സൂക്തം 5.

[1] ബഹൂദ്ഭവൻ – നാനായജ്ഞങ്ങളിൽ ആഹവനീയാദിഭാവേന ആവിർഭവിയ്ക്കുന്നവൻ. അംഭോധി – വർഷജലോപേതൻ. കാണുന്നു – അറിയുന്നു. സന്ധ്യാദ്വയി – പ്രാതസ്സായംസന്ധ്യകൾ. അകിടിനെ – രാത്രിയെ. കാറിൻനടുക്കാമിടം – മേഘമധ്യവർത്തിയായ വിദ്യുൽപദം. നാലാംപാദം പ്രത്യക്ഷോക്തിയാകുന്നു.

[2] ഏകാസ്പദം = ഒരേ സ്ഥാനം, അഗ്നിസമീപം. സമേതാശ്വരായാർ – അഗ്നിപ്രസാഹൂദത്താൽ ബന്ധബകളെ നേടി. പെരിയവർ – യഷ്ടാക്കൾ. പാഥഃപദത്തെ – വെള്ളത്തിന്റെ ഇരിപ്പിടത്തെ, അഗ്നിയെ. മുഖ്യനാമങ്ങൾ – വൈശ്വാ നരൻ, ജാതവേദസ്സ് മുതലായ അഗ്നിയുടെ പ്രധാനപ്പേരുകൾ. ചേതസ്സിൽ വെയ്ക്കുന്നു – ധ്യാനിച്ചു സ്തുതിയ്ക്കുന്നു.

[3] കാലമളന്നു – കാലം തെറ്റാതെ. ഉണ്ണി – അഗ്നി. പാലിയ്ക്കയായ് – പോറ്റിവളർത്തുന്നു. രണ്ടുപേർ, ബുദ്ധിസത്യാഢ്യമാർ – ബുദ്ധിയും സത്യവുമുള്ള ദ്യാവാപൃഥിവികൾ, അഥവാ അരണികൾ. ധീബലവാന്റെ – മേധാവിയായ അഗ്നിയുടെ. നൂൽ – വൈശ്വാനരൻ എന്ന അംശം: ഇതു ചരാചരലോകത്തിന്റെ നാഭി(പൊക്കിൾ, മധ്യം) ആകുന്നു; അതിനെ ധ്യാനിയ്ക്കുന്നവൻ സുഖിയായിത്തീരും. ജഠരാഗ്നിയെപ്പറ്റിയാണിത്.

[4] അസ്സുജാതനെ – അഗ്നിയെ. പാഥോഭവാന്നഘൃതങ്ങൾ – വൃഷ്ടിജലോൽപന്നങ്ങളായ അന്നവും (പുരോഡാശാദിയും) നെയ്യും. മീതെ വാഴ്‌വോനെ – മൂന്നു ലോകത്തിന്റെയും മുകളിൽ വിദ്യുത്തായും സൂര്യനായും സ്ഥിതിചെയ്യുന്ന അഗ്നിയെ.

[5] കാണ്മാനായ് – സർവവസ്തുദർശനത്തിന്ന് ഉൽക്കീത്തിതൻ = ഉറക്കെ സ്തുതുയ്ക്കപ്പെട്ടവൻ, അഗ്നി. ഏഴൊളിനാവുകൾ – കാളി, കരാളി മുതലായ ഏഴുതിളങ്ങുന്ന ജ്വാലകൾ. അവ – ജ്വാലകൾ. ക്ഷിതിയ്ക്കു ചന്തമേകും – ഭൂമിയ്ക്കു സസ്യോൽപാദനത്താൽ അഴകുളവാക്കും ഇച്ഛയാ – യജ്ഞാഭിലാഷത്താൽ. പൂർവകൻ = പുരാതനൻ.

[6] ഏഴതിർ – സുരാപാനം, ചൂതുകളി, സ്ത്രീസേവ, നായാട്ട്, ദണ്ഡം, പാരുഷ്യം, പരദൂഷണം എന്നീ ഏഴു വിലക്കുകൾ; വർജ്ജനീയങ്ങളാണ്, ഈ സപ്തവ്യസനങ്ങളെന്നു വ്യവസ്ഥ ചെയ്തിരിയ്ക്കുന്നു. ആരാൽ – ആ നരന്റെ സമീപത്ത്. കതിർ പൊഴിയ്ക്കുന്നിടം – അന്തരിക്ഷം. മേവും – വിദ്യുത്തായി വർത്തിയ്ക്കുന്നു. തിരുവടി – അഗ്നി.

[7] സത്തും അസത്തും – സദസദാത്മകമായ ജഗത്ത്. ദക്ഷൻ – പ്രജാപതി. അവൻ കാളയായ് പയ്യുമായ് – പുരുഷനും, സ്ത്രീയും, ആദിമനായ അഗ്നിതന്നെയായിരുന്നു.

സൂക്തം 6.

ത്രിതൻ ഋഷി; തിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി.)

വാഴ്ത്തുന്നവൻ യജിച്ചാ,രുടെ രക്ഷയാൽ
വായ്ക്കുന്നു സദ്മത്തില,ഗ്നിയവനിതാ:
മുറ്റിയ സൂര്യാംശുദ്ദീപ്ത്യാ പരീതനായ്-
ച്ചുറ്റിനടക്കുവോനല്ലോ, സമുജ്ജ്വലൻ! 1

കത്തും മഹസ്സാൽത്തിളങ്ങിവിളങ്ങുന്നു,
സത്യസ്വരൂപനാമീയഗ്നി സന്തതം;
സഖ്യം പുലർത്താൻ സഖാക്കളിൽച്ചെല്ലുന്നു,
നില്ക്കാതെ പോം ഹയം പോലെ വാടാതിവൻ! 2

തമ്പുരാനി,ദ്ദേഹമേതധ്വരത്തിനും;
തമ്പുരാൻ, സർവതോഗാമിയുഷസ്സിലും;
കല്യാണിഹവ്യമോരോന്നുമീയഗ്നിയി-
ലല്ലോ പൊഴിപ്പൂ, ബലാഹിംസിതരഥൻ! 3

കെല്പാൽ പ്രവൃദ്ധനായ്സ്സംകീർത്ത്യമാനനായ്
ക്ഷിപ്രം പറന്നുപോ,മുമ്പരിലെത്തുവാൻ:
അജ്ജുഹുസംയുക്തനാമഗ്നി ഹോമകൃ-
ത്തർച്ച ്യൻ സുയഷ്ടാവു പിമ്പൂട്ടു,മുമ്പരെ! 4

പൊന്നുറവാം തത്തുമഗ്നിയ്ക്കു സൂക്തിയു-
മന്നവുമർപ്പിപ്പിനി,ന്ദ്രന്നുപോലവേ:
ധീരരാൽസ്സംസ്തുതനല്ലോ, പ്രധർഷക-
ന്മാരെ വിളിയ്ക്കുന്ന ജാതവേദസ്സിവൻ! 5

നിങ്കലേ വന്നെത്തിയല്ലോ ധനമൊക്കെ,-
യുങ്കൊടോടും ഹയം പോരിങ്കലാംവിധം:
അബ്ഭവാനെങ്ങളിലെയ്ക്കു തിരിയിയ്ക്കു-
കഗ്നേ, പുരന്ദരൻ കൈക്കൊണ്ട രക്ഷയെ! 6

അഗ്നേ, പിറന്നിരുന്നിട്ടുടൻതന്നെ നീ-
യാഹുതിയ്ക്കർഹനായല്ലോ, മഹിമയാൽ;
ആ നിന്റെ ചിഹ്നമണഞ്ഞു ഹവിസ്സേകു-
മാര്യർ വളർച്ചയും നേടുന്നു, രക്ഷയാൽ! 7
കുറിപ്പുകൾ: സൂക്തം 6.

[1] വായ്ക്കുന്നു – അഭിവൃദ്ധി നേടുന്നു. സദ്മം = ഗൃഹം. ഇതാ – വിളിയ്ക്കപ്പെട്ടു. മുറ്റിയ – മികച്ച. സൂര്യാംശുദീപ്ത്യാ – സൂര്യരശ്മിതേജസ്സിനാൽ. സമുജ്ജ്വലൻ – അഗ്നി.

[2] സഖാക്കൾ – യജമാനന്മാർ. വാടാതെ = അപരിശ്രാന്തനായി.

[3] ഉഷസ്സിലും തമ്പുരാൻ – പ്രാതഹോമത്തിലും യഷ്ടാക്കൾക്ക് അധിപതി. കല്യാണഹവ്യം = സുമംഗളമായ ഹർവിസ്സ്. ബലാഹിംസിതരഥൻ – ബലങ്ങളാൽ, ശത്രുസേനകളാൽ, ഉപദ്രവിയ്ക്കപ്പെടാത്ത യജ്ഞരഥത്തോടുകൂടിയവൻ, യജമാനൻ.

[4] കെല്പാൽ – ബലകരമായ ഹവിസ്സിനാൽ അർച്ച ്യൻ – സ്തുത്യൻ. പിമ്പൂട്ടുമുമ്പരെ – ഉമ്പരുടെ അടുക്കലെത്തിയിട്ട്, അവർക്കു ഹവിസ്സു ഭക്ഷിപ്പാൻ കൊടുക്കും.

[5] പൊന്നുറവ് – സമ്പത്തിനെ ഉദ്ഗമിപ്പിയ്ക്കുന്നവൻ, ധനദാതാവ്. തത്തും – ജ്വാലകൾകൊണ്ടു നൃത്തംവെയ്ക്കുന്ന. സൂക്തി – സ്തുതി. അന്നം – ഹവിസ്സ്. ധീരർ = മേധാവികൾ. പ്രധർഷകന്മാരെ – ശത്രുക്കളെ അമർത്തുന്ന ദേവന്മാരെ.

[6] പ്രത്യക്ഷോക്തി: പുരന്ദരൻ കൈക്കൊണ്ട – ഇന്ദ്രന്റെ രക്ഷപോലുള്ള.

[7] നിന്റെ ചിഹ്നമണഞ്ഞു – ഉജ്ജ്വലിയ്ക്കുന്ന നിങ്കലണഞ്ഞ്. ആര്യർ – ശ്രേഷ്ഠന്മാർ, യജമാനന്മാർ. രക്ഷയാൽ – ഭവാനാൽ രക്ഷിതരായിട്ട്.

സൂക്തം 7.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി.)

ദ്യോവൂഴികളിൽനിന്നി,ഷ്ടിയ്ക്കു ഞങ്ങളിൽ-
ദ്ദേവ, നീ ചേർക്ക, സർവാന്നവും സ്വസ്തിയും;
സേവിയ്ക്കുമെങ്ങളെക്കാക്കുക,ഗ്നേ, ഭവാൻ
ദേവ, സുരൂപ, നിൻശ്ലാഘ്യോരുബുദ്ധിയാൽ! 1

അശ്വഗോഭൂതിയെപ്പാടിവർണ്ണിപ്പതു-
ണ്ടഗ്നേ, ഭവാന്നായ്പ്പിറന്നതാമിസ്തവം:
മർത്ത്യൻ, സുജാത, നിൻഭോഗ്യങ്ങൾ നേടവേ,
വിത്തദൻ വാഴ്ത്തപ്പെടുന്നൂ, ഭവാൻ വസോ! 2

അഗ്നിയെനിയ്ക്കച്ഛന,ഗ്നി ബന്ധുവെനി-
യ്ക്ക,ഗ്നി മേ സോദരൻ, സന്തതം തോഴനും:
അമ്മഹാഗ്നിവദനത്തെബഭജിപ്പു, ഞാ-
നംബരേ മിന്നുന്ന യാജ്യനാമർക്കനെ! 3

നൽസ്തവമഗ്നേ, ചമച്ചു ഞങ്ങൾ: ഗൃഹേ
നിത്യഹോതാവു നീയാരെ രക്ഷിയ്ക്കുമോ,
അന്നാഢ്യന,ധ്വരി, രോഹിദശ്വനവൻ;
മിന്നും ദിനങ്ങളിലബ്ഭവാന്നാഹുതി! 4

മിത്രംകണക്കുപസേവ്യന,ഗ്നി മഖ-
സിദ്ധി വരുത്തുമൃത്വിക്കു, പുരാതനൻ-
അദ്ദീപ്തനെജ്ജനിപ്പിച്ചാർ, കരങ്ങളാൽ;
മർത്ത്യർക്കു ഹോതാവുമാക്കിനാരാളുകൾ! 5

വിണ്ണുമ്പരെദ്ദേവ, താൻതാൻ യജിയ്ക്ക, നീ:
പൊണ്ണച്ചെറുക്കനെന്തൊന്നു ചെയ്യും തവ?
കാലങ്ങളിൽ നീ സുരരെ യജിച്ചതു-
പോലേ സുജാത, യജിയ്ക്ക, നീ നിന്നെയും! 6

കാക്കുക, രക്ഷിയ്ക്കുകെ,ങ്ങളെ – സ്സുപ്രഭ;
ചേർക്കുക,ന്നങ്ങളുമായുസ്സുമെങ്ങളിൽ;
നേർക്കേകുകഗ്നേ, ഹവിർദ്ദാനമെങ്ങൾക്കു;
നോക്കുക,ങ്ങെങ്ങൾതൻ ദേഹവും ശ്രദ്ധയാ! 7
കുറിപ്പുകൾ: സൂക്തം 7.

[1] ശ്ലാഘ്യോരുബുദ്ധി – ശ്ലാഘനീയവും വിപുലവുമായ രക്ഷോപായജ്ഞാനം.

[2] പിറന്നതാം – ഉച്ചരിയ്ക്കപ്പെടുന്ന. ഇസ്തവം – ഞങ്ങളുടെ സ്തുതി. അശ്വഗോഭൂതിയെ – ഞങ്ങൾക്കു ഭവാൻ തന്ന അശ്വഗോസമ്പത്തിനെ. നിൻ – അങ്ങ് നല്കുന്ന.

[3] വദനത്തെ – ആഹവനീയാഗ്നിയാകുന്ന മുഖത്തെ. അംബരേ – ആകാശത്ത്. അർക്കനെ – സൂര്യനെപ്പോലിരിയ്ക്കുന്ന വദനത്തെ എന്നു ലുപ്തോപമ.

[4] ഗൃഹേ – യാഗശാലയിൽ. നീ ആരെ രക്ഷിയ്ക്കുമോ, അവൻ അഗ്നി സായൂജ്യം പ്രാപിയ്ക്കും – അഗ്നിയെപ്പോലെ അന്നസമൃദ്ധനും, അധ്വരിയും (യഷ്ടാവും) രോഹിദശ്വനുമായിത്തീരും. മിന്നും ദിനങ്ങളിൽ – സുദിനങ്ങളിൽ എന്നു താൽപര്യം. ആഹുതി – ആഹുതി ഭവിയ്ക്കട്ടെ.

[5] മിത്രം = സ്നേഹിതൻ. മഖസിദ്ധി – യാഗപൂർത്തി. കരങ്ങളാൽ – കൈകൾകൊണ്ട് അരണികടഞ്ഞ്. മർത്ത്യർക്കു – മനുഷ്യാകാരരായ ദേവന്മാർക്കു. ഹോതാവ് = വിളിയ്ക്കുന്നവൻ. ആളുകൾ – യജ്ഞകർത്താക്കൾ.

[6] വിണ്ണുമ്പർ – സ്വർഗ്ഗത്തിലെ ഇന്ദ്രാദിദേവന്മാർ. പൊണ്ണച്ചെറുക്കൻ – ഉൾക്കാതലും അറിവുമില്ലാത്തവൻ.

[7] കാക്കുക – ദൃഷ്ടഭയങ്ങളിൽനിന്ന്. രക്ഷിയ്ക്കുക – അദൃഷ്ടഭയങ്ങളിൽ നിന്ന്. ഹവിർദ്ദാനം നേർക്കേകുക – ഞങ്ങളെ ഹവിർദ്ദാന(യജ്ഞകർമ്മ)ശക്തരാക്കുക. നോക്കുക – പോറ്റിപ്പുലർത്തുക.

സൂക്തം 8.

ത്വഷ്ടാവിന്റെ പുത്രൻ ത്രിശിരസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിയും ഇന്ദ്രനും ദേവത. (കാകളി.)

തൃക്കൊടിക്കാലുയർത്തഗ്നി, വൃഷംപോലെ
മുക്രയിട്ടോടുന്നു, ഭൂവിലും ദ്യോവിലും;
വിണ്ണിന്റെ ചാരത്തുമറ്റത്തുമെത്തുന്നു;
തണ്ണീരിടത്തിൽത്തഴയ്ക്കുന്നു, വമ്പനായ്! 1

ഉൾപ്പുക്കു തുഷ്ടനാം, പൂഞ്ഞ ചീർത്ത വൃഷം;
നൽപ്പശുക്കുട്ടി കർമ്മാർത്ഥമൊലിയിടും;
വാനോർമഖത്തിൽ മുതിർന്നുകൊണ്ടു നിജ-
സ്ഥാനങ്ങളിലെയ്ക്കെഴുന്നള്ളു,മഗ്രിമൻ! 2

മേധത്തിൽ നിർത്തിവരുന്നൂ, സുവീര്യന്റെ
തായ്താതമൂർദ്ധ്നി പുരട്ടും മഹസ്സിനെ;
ഒത്തമറേത്തിനായ്പ്പാറിത്തിളങ്ങുന്ന
തത്തിരുമൈകളെസ്സേവിപ്പു, യജ്ഞഗർ. 3

ചെല്ലു,മുഷസ്സുഷസ്സിന്റെ മുന്നിൽബ്ഭവാ;-
നുല്ലസിയ്ക്കും, വസോ, രണ്ടുനേരത്തിലും;
തന്മെയ്യിൽനിന്നംശുമാനെജ്ജനിപ്പിച്ചു,
കർമ്മത്തിനായിട്ടു കൈക്കൊള്ളു,മേഴിടം! 4

കണ്ണുനീ, കാവലാൾ നീ, മാമഖത്തിന്നു;
തണ്ണീരിനായ്ച്ചെല്ലുമാദിത്യനും, ഭവാൻ;
ജാതവേദസ്സേ, ജലാത്മജസൂനു, നീ;
ദൂതനുമല്ലോ, ഹവിസ്സൂട്ടുവോന്നു നീ! 5

ഭദ്രനിയുദ്വാഹനോടു ചേരുമിട-
ത്തെത്തിയ്ക്കുവോൻ, നീയുദകവും യജ്ഞവും;
അഗ്ര്യനാമർക്കനെ ദ്യോവിൽ നിർത്തുന്നു, നീ;-
യഗ്നേ, ഹവിസ്സു വഹിയ്ക്കുന്നു, നാക്കിനാൽ! 6

സത്രാണനാം ത്രിതൻ വേലയ്ക്കു യജ്ഞാംശ-
മത്തുംഗരക്ഷിതാവോടു വരിച്ചുടൻ
പിത്രംബികാന്തികേ സംസേവ്യമാനനായ്,
നൽസ്തവമുച്ചരിച്ചായുധമേന്തിനാൻ. 7

താതായുധജ്ഞത്തണ്ണീർമകൻ ത്രിതൻ
പോർ തുടങ്ങീ ചെറുത്തി,ന്ദ്രനയയ്ക്കയാൽ;
രജ്ജുവേഴേന്തും ത്രിശീർഷനാം ത്വാഷ്ട്രനെ-
ത്തച്ചു വീഴിച്ചിട്ടടക്കി, ഗോക്കളെയും! 8

ഏറ്റം കരുത്തെടുത്തൂറ്റം നടിയ്ക്കുമി-
ത്ത്വാഷ്ട്രനെക്കീറിനാനി,ന്ദ്രൻ സതാംപതി;
ആർത്താർത്തു പിന്മാറ്റിയാഞ്ഞുകൊയ്താൻ, പശു-
ച്ചാർത്തുള്ള വിശ്വരൂപന്റെ ശിരസ്ത്രയം! 9
കുറിപ്പുകൾ: സൂക്തം 8.

[1] തൃക്കൊടിക്കാൽ – ധൂമമാകുന്ന ധ്വജം. തണ്ണീരിടം – അന്തരിക്ഷം. തഴയ്ക്കുന്നു – വൈദ്യുതാത്മനാ.

[2] ഉൾപ്പുക്കു തുഷ്ടനാം – വാനൂഴികളുടെ ഇടയിൽ പുക്കു മോദിയ്ക്കും. പൂഞ്ഞ – തേജസ്സ്. വൃഷശബ്ദത്തിന്ന് അഭീഷ്ടവർഷി എന്നും അർത്ഥം. നൽപ്പശുക്കുട്ടി – തത്തുല്യനായ അഗ്നി. കർമ്മാർത്ഥം – ഹവിർവഹന – ദേവാഹ്വാനാദിയ്ക്കുവേണ്ടി. വാനോർമഖം = ദേവയജനം. നിജസ്ഥാനങ്ങൾ – ആഹവനീയാദിസ്ഥാനങ്ങൾ. അഗ്രിമൻ – ദേവന്മാരിൽവെച്ചു മുഖ്യനായ അഗ്നി.

[3] മേധം = യാഗം. സൂവീര്യന്റെ – അഗ്നിയുടെ തായ്താതമൂർദ്ധ്നി പുരട്ടും – ദ്യാവാപൃഥിവികളുടെ മുകളിൽ എണ്ണ തേച്ചാലത്തെ മിനുസം വരുത്തുന്ന. അമറേത്ത് – ഹവിർഭുക്തി. തത്തിരുമൈകളെ – അഗ്നിയുടെ ജ്വാലകളെ. യജ്ഞഗർ (യഷ്ടാക്കൾ) എന്ന പദം തന്നെ പൂർവാർദ്ധത്തിലും കർത്താവ്.

[4] പ്രത്യക്ഷോക്തി: ഉഷസ്സുഷസ്സിന്റെ മുന്നിൽ – ഓരോ പുലർകാലത്തിന്റെയും മുന്നിൽ – പ്രഭാതത്തിന്നുമുമ്പേ. ചെല്ലും – യജ്ഞസദനത്തിൽ. ഉല്ലസിയ്ക്കുക – ഉജ്ജ്വലിയ്ക്കുക. രണ്ടുനേരത്തിലും – പ്രഭാത – സായംകാലങ്ങളിൽ. അംശുമാൻ = സൂര്യൻ. ജനിപ്പിച്ചു – പ്രഭാതത്തിൽ അഗ്നി ജ്വലിച്ചതിന്നുശേഷമാണല്ലോ, സൂര്യോദയം. ഏഴിടം – യാഗശാലയിലെ ധിഷ്ണ്യവും മറ്റും.

[5] മാമഖം = മഹത്തായ യാഗം. തണ്ണീരിനായ് – സോമരസമാകുന്ന വെള്ളം കൈക്കെൾവാൻ. ജലാത്മജസൂനു – ജലാത്മജത്തിന്റെ, മേഘത്തിന്റെ പുത്രൻ; വൈദ്യുതാഗ്നി. ഹവിസ്സൂട്ടുവോൻ – യജമാനൻ.

[6] ഭദ്രനിയുദ്വാഹനോടു ചേരുമിടത്ത് – നല്ല നിയുത്തുക്കളാകുന്ന വാഹനങ്ങളുള്ളവനോടു, വായുവിനോടു, ചേരുന്ന ഇടത്ത്, അന്തരിക്ഷത്തിൽ. ഉദകം – വൃഷ്ടിജലം. യജ്ഞം – ഹവിസ്സ്. നാക്ക് – ജ്വാല.

[7] ഈ സൂക്തത്തിന്റെ ഋഷിയായ ത്രിശിരസ്സിനെ വധിപ്പാൻ ഇന്ദ്രൻ ത്രിതനെന്ന ഋഷിയോടു സാഹായ്യം അപേക്ഷിച്ചു. ത്രിതനാകട്ടേ, വേലയ്ക്കു കൂലിയായി യജ്ഞത്തിൽ ഒരു പങ്കു തനിയ്ക്കു കിട്ടണമെന്നായി; ഇന്ദ്രൻ അതു സമ്മതിച്ചു. ത്രിശിരസ്സു സ്വപ്നത്തിൽ കണ്ട ഈ ഭാവികഥയാണ്, ഇതുമുതൽ മൂന്നൃക്കുകളിൽ: സത്രാണൻ – യജ്ഞാംശലാഭത്താൽ രക്ഷയുള്ളവനായിത്തീർന്നവൻ. അത്തുംഗരക്ഷിതാവോടു – ആ ഉൽക്കൃഷ്ടനായ രക്ഷകനോട്, ഇന്ദ്രനോട് പിത്രംബികാന്തികേ – പിതാവിന്റെ(ദ്യോവിന്റെ)യും അംബിക(ഭൂമി)യുടെയും സമീപത്ത്, യജ്ഞത്തിൽ. സംസേവ്യമാനനായ് – ഋത്വിക്കുകളാൽ പരിചരിയ്ക്കപ്പെട്ടുകൊണ്ട് നൽസ്തവമുച്ചരിച്ച് – ഇന്ദ്രനെ വഴിപോലെ സ്തുതിച്ച്. ആയുധമേന്തിനാൻ – എന്നോടു പൊരുതാൻ.

[8] താതായുധജ്ഞൻ – അച്ഛന്റെ പയറ്റു ശീലിച്ചവൻ. തണ്ണീർമകൻ – ഏകത – ദ്വിത – ത്രിതന്മാരുടെ ഉൽപത്തി ഒന്നാംമണ്ഡലത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. രജ്ജു(കയർ) ഏഴേന്തും – എതിരാളികളെ പിടിച്ചുകെട്ടാൻ. ത്രിശീർഷൻ = ത്രിശിരസ്സ്. ത്വാഷ്ട്രനെ – ത്വഷ്ടൃപുത്രനായ എന്നെ. ഗോക്കളെയും – എന്റെ.

[9] ഊറ്റം – ശൗര്യവാനെന്ന ഗർവ്. പശുച്ചാർത്തുള്ള – വളരെ മാടുകളുടെ ഉടമസ്ഥനായ. ത്രിശിരസ്സും വിശ്വരൂപനും ഒരാൾ (ഈ ഋഷി) തന്നെ.

സൂക്തം 9.

അംബരീക്ഷനെന്ന രാജാവിന്റെ പുത്രൻ സിന്ധുദ്വീപനോ, ത്രിശിരസ്സു തന്നെയോ ഋഷി; ഗായത്രിയും വർദ്ധമാനയും പ്രതിഷ്ഠയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; തണ്ണീർ ദേവത.

തണ്ണീർകളേ, സുഖം കിട്ടിപ്പവരാം നിങ്ങളെങ്ങളെ
അന്നത്തിന്നും മഹത്താം നൽക്കാഴ്ചയ്ക്കും യോഗ്യരാക്കുവിൻ! 1

ഇങ്ങേറ്റവും സുഖദമാം നിങ്ങൾതൻ മധു ഞങ്ങളെ
കുടിപ്പിപ്പിൻ, കുതുകമോടമ്മമാരെന്നപോലവേ! 2

തണ്ണീർകളേ, നിങ്ങൾ തഴപ്പിയ്ക്കും കൊറ്റിന്നു നിങ്ങളെ
പ്രാപിയ്ക്കാവൂ, തുലോം ഞങ്ങൾ; നല്കെ,ങ്ങൾക്കു വളർച്ചയും! 3

സുഖവും, മഖവും, പാനം, ശാന്തിയും, പരിഹാരവും
തന്നുകൊണ്ടൊഴുകീടട്ടേ, തണ്ണീർദ്ദേവികളെങ്ങളിൽ! 4

ആർ മർത്ത്യരെപ്പൊറുപ്പിപ്പൂ, ധനങ്ങൾക്കാരധീശ്വരൻ,
അത്തണ്ണീരോടു കുശലമഭിയാചിച്ചിടുന്നു, ഞാൻ. 5

സോമൻ ചൊന്നാനെന്നൊടെ‘ല്ലാമരുന്നും ജലസംസ്ഥിതം,
അഗ്നിയാം വിശ്വശംഭൂവും’; ജലം സകലഭേഷജം! 6

ജലമേ, മമ രോഗത്തെത്തടുക്കുന്ന മരുന്നിനെ
തികച്ചും തന്നരുൾക: ഞാൻ നോക്കാവൂ, സൂര്യനെച്ചിരം ! 7

ജലമേ, നീയൊഴുക്കിപ്പോക്കുക, ഞാൻ ചെയ്ത പാപമോ,
കേറി ദ്രോഹിച്ചതോ, ശാപമിട്ടതോ, നുണ ചൊന്നതോ! 8

ജലത്തിൽ മുങ്ങിനേൻ ഞാനിന്ന; – തിൻസത്തോടിണങ്