ഭൌമൻ: ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പർജ്ജന്യന്‍ ദേവത.
യാതൊരു ക്ഷിപ്രപ്രദാനനായ വൃഷഭന്‍ മുക്രയിട്ടുകൊണ്ട് ഓഷധികളെ ജലമാകുന്ന ഗർഭം ധരിപ്പിയ്ക്കുന്നുവോ, ആ ബലവാനായ പർജ്ജന്യനോടു താങ്കൾ നേരിട്ടു പ്രാർത്ഥിയ്ക്കുക; ഈ വാക്കുകൾകൊണ്ടുസ്തുതിയ്ക്കുക ഹവിസ്സുകൊണ്ടു പരിചരിയ്ക്കുക. 1
പർജ്ജന്യന്‍ വൃക്ഷങ്ങളെ ഒടിയ്ക്കുന്നു; രക്ഷസ്സുകളെ മുടിയ്ക്കുന്നു. ഉലകെല്ലാം ഈ പെരുംകൊലയനെ പേടിയ്ക്കുന്നു – നിരപരാധൻപോലും പായുന്നു. ഈ വർഷകർമ്മാവ് ഇടിമുഴക്കി പാപികളെ മുടിയ്ക്കുന്നു! 2
ചമ്മട്ടികൊണ്ട് അശ്വങ്ങളെ തെളിക്കുന്ന ഒരു തേരാളിപോലെ, പർജ്ജന്യൻ വർഷകരായ ദൂതരെ വെളിയ്ക്കു വരുത്തുന്നു: അദ്ദേഹം അന്തരിക്ഷത്തിൽ മഴയേർപ്പെടുത്തിയാല്‍, അകലത്തുനിന്നു സിംഹഗർജ്ജിതങ്ങൾ പൊങ്ങുകയായി! 3
പർജ്ജന്യൻ പൃഥിവിയെ ജലംകൊണ്ടു രക്ഷിയ്ക്കുമ്പോൾ, കാറ്റ് ഊക്കിൽ വീശും; മിന്നലുകൾ പാറും; ഓഷധികൾ ഉയരും; അന്തരിക്ഷം ചോരും; ഭൂമി ഭുവനത്തിനെല്ലാം ഹിതയായിത്തീരും! 4
ആരുടെ കർമ്മത്തിൽ പൃഥിവി കനിയുന്നുവോ, ആരുടെ കർമ്മത്തിൽ ഗോക്കൾ പുഷ്ടിപ്പെടുന്നുവോ, ആരുടെ കർമ്മത്തിൽ ഓഷധികൾ നാനാരൂപങ്ങളായിത്തീരുന്നുവോ; പർജ്ജന്യ, ആ ഭവാന്‍ ഞങ്ങൾക്കു മഹത്തായ സുഖം തന്നാലും! 5
മരുത്തുക്കളേ, നിങ്ങൾ ഞങ്ങൾക്കു വാനത്തുനിന്നു മഴ തരുവിൻ – വർഷകമായ മേഘത്തിന്റെ വെള്ളം തൂകുവിൻ! ബലവാനായ, ഞങ്ങക്ക് ഒരച്ഛനായ ഭവാന്‍ ഈ കാര്‍മുകിലൊനോടൊന്നിച്ചു, തണ്ണീർവീഴ്ത്തിക്കൊണ്ട് ഇങ്ങോട്ടു വന്നാലും!6
ഭവാന്‍ നേരിട്ട് ഇരയ്ക്കുക – ഇടിമുഴക്കുക; ഗർഭം ധരിപ്പിയ്ക്കുക; തണ്ണീര്‍ത്തേരിൽ ചുറ്റി നടക്കുക; തോൽത്തുരുത്തി കെട്ടി, കമിഴ്ത്തി, നന്നായി വലിയ്ക്കുക – കുന്നും കുഴിയും സമനിരപ്പിലായിത്തീരട്ടെ! 7
ഭവാന്‍ വലിയ കുട്ടകം പൊക്കുക; തൂകുക; നദികൾ തുന്നിച്ചേർക്കപ്പെട്ടു കിഴക്കോട്ടൊഴുകട്ടെ. വാനൂഴികളെ വെള്ളംകൊണ്ടു കുതിർക്കുക: ഗോക്കൾ നല്ല പാനീയം ചുരത്തട്ടെ! 8
പർജ്ജന്യ, ഭവാന്‍ അട്ടഹസിച്ച് ഇടിവെട്ടിക്കൊണ്ടു ദുശ്ചേഷ്ടിതരെ പിളർത്തുന്നതെപ്പൊഴോ, അപ്പോൾ ഭൂമിയിലെ ഈ ചരാചരങ്ങളെല്ലാം ആഹ്ലാദിക്കുന്നു! 9
അങ്ങ് മഴ പെയ്തു; പെരുമാരി നിർത്തുക. അങ്ങ് നിർജ്ജലപ്രദേശങ്ങളെ പിന്നിടാവുന്നവയാക്കി; ആഹാരത്തിന്നു സസ്യങ്ങളെ ഉല്‍പാദിപ്പിച്ചു; പ്രജകളാൽ സ്തുതനുമായി! 10
[1] സ്തോതാവിനോട്: വൃഷഭന്‍ – കാള, വർഷകന്‍. മുക്രയിടുക – ഇടിമുഴക്കുക. ഓഷധികൾക്കു ഗോത്വം കല്പിച്ചിരിയ്ക്കുന്നു. വാക്കുകൾ – സ്തുതികൾ.
[2] പെരുംകൊലയൻ – മഹാവധന്‍.
[3] വർഷകരായ ദൂതരെ – മേഘങ്ങളെ. സിംഹഗർജ്ജിതങ്ങൾ – ഇടിയൊച്ചകൾ.
[4] ഉയരും – തഴച്ചുപൊന്തും. ചോരും – വെള്ളത്തെ വീഴ്ത്തും.
[6] മൂന്നാംവാക്യം പർജ്ജന്യനോട്:
[7] നേരിട്ട് – ഭൂമ്യഭിമുഖനായി. ധരിപ്പിയ്ക്കുക – ഓഷധികളെ. തോല്‍ത്തുരുത്തി – മേഘം.
[8] കുട്ടകം – മേഘം. തൂകുക – വെള്ളം.