ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഹരിയും വൃക്ഷാവുമായ ശൂചി, ഉഷസ്സിന്റെ ജാരൻപോലെ വിപുലമായ തേജസ്സു വഹിയ്ക്കുന്നു – കത്തുന്നു, ജ്വലിയ്ക്കുന്നു, തിളങ്ങുന്നു; കർമ്മങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രഭയാൽ പ്രകാശിയ്ക്കുന്നു; പ്രജകളെ ഉണർത്തുന്നു!1
അഗ്നി അഹസ്സിൽ, ഉഷസ്സിന്നുമുമ്പിൽ, സൂര്യൻപോലെ ശോഭിയ്ക്കുന്നു: യജ്ഞമനുഷ്ടിക്കുന്ന ഭക്തന്മാർ സ്തുതിയ്ക്കുകയുംചെയ്യുന്നു. ജനനങ്ങളറിയുന്ന, ദൂതനായി ദേവന്മാരുടെ അടുക്കലേയ്ക്കു പോകുന്ന, അതിദാതാവായ ദേവൻ പലതരത്തിൽ പായുന്നു!2
ദേവകാമങ്ങളായ സ്തുതിവാക്യങ്ങൾ ദ്രവ്യമിരന്നുകൊണ്ടു, ശുഭദ്രർശനും, സുരൂപനം, സുഷ്ഠഗമനനും, ഹവ്യവാഹനും, മനുഷ്യരുടെ നാഥനുമായ അഗ്നിയുടെ മുമ്പിലെയ്ക്കു നടന്നുകൊള്ളുന്നു!3
അഗ്നേ, അങ്ങ് ദേവന്മാരോടു ചേർന്ന് ഇന്ദ്രനെയും, രുദ്രന്മാരോടു ചേർന്നു മഹാനായ രുദ്രനെയും, ആദിത്യരോടു ചേർന്ന് വിശ്വജനീനയായ അദിതിതിയെയും, സ്തുത്യരായ അംഗിരസ്സുകളോടു ചേർന്നു വിശ്വവരേണ്യനായ ബൃഹസ്പതിയെയും ഞങ്ങൾക്കുവേണ്ടി കൊണ്ടുവന്നാലും!4
ആഹ്ലാദകരനും അഹ്വാതാവും അതിയുവാവുമായ അഗ്നിയെ ഭക്തജനങ്ങൾ യാഗങ്ങളിൽ സ്തുതിച്ചുപോരുന്നു: ഹവിർദ്ധനന്മാർക്കു ദേവന്മാരെ യജിപ്പാൻ മടികൂടാതെ ദൂതനായിച്ചമഞ്ഞവനാണല്ലോ, രാത്രിയിൽ പൂജിയ്ക്കപ്പെടുന്ന തന്തിരുവടി!5
[1] ഹരി – ഹവിസ്സുകൾ കൊണ്ടു പോകുന്നവൻ – ഉഷസിന്റെ ജാരൻ – സൂര്യൻ.
[2] ജനനങ്ങൾ – ദേവകളുടെ ഉൽപത്തികൾ. പായുന്നു – ജ്വാലകളുടെ പാളലിനെ പാച്ചിലാക്കിയിരിയ്ക്കുന്നു.
[3] സ്തുതികൾ അഗ്നിയുടെ അടുക്കലെയ്ക്കു പോകുന്നു.
[5] ആഹ്വാതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. രാത്രിയിൽ – രാത്രിയിലാണ്, അഗ്നിയ്ക്കു് അഗ്നിഹോത്രം.