ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഗവ്യം ചേത്ത തെളിസോമം പിഴിഞ്ഞുകഴിഞ്ഞു: ഇതിൽ പ്രകൃത്യാ സംബന്ധിയ്ക്കുന്നവനാണല്ലോ, ഇന്ദ്രൻ. ഹര്യശ്വ, ഞങ്ങൾ അങ്ങനെയെ യജ്ഞംകൊണ്ട് ഉണർത്തുന്നു: അങ്ങ് സോമത്തിന്റെ മത്തിൽ ഞങ്ങളുടെ സ്തോത്രം ചെവിക്കൊണ്ടാലും!1
(യഷ്ടാക്കൾ) യജ്ഞത്തിലെത്തുന്നു; ദർഭ വിരിയ്ക്കുന്നു; യാഗത്തിൽ അമ്മികൾ കനത്ത ശബ്ദം പുറപ്പെടുവിയ്ക്കുന്നു. ദൂരത്തും കേൾക്കുമാറു ശബ്ദിക്കുന്ന, പുകഴ്‌ന്ന അമ്മിക്കുഴകൾ നേതാക്കളാൽ ഗൃഹത്തിൽ നിന്നു് എടുക്കപ്പെടുന്നു.2
ശൂരനായ ഇന്ദ്ര, അങ്ങ് വൃത്രനാൽ ആക്രമിയ്ക്കപ്പെട്ട വളരെ ജലങ്ങളെ ഒഴുകാൻ വിട്ടു; അവിടുന്നുമൂലം നദികൾ, തേരാളികൾപോലെ നടകൊണ്ടു. ഉലകൊക്കെ പേടിച്ചു വിറച്ചു!3
ഇന്ദ്രൻ മനുഷ്യർക്കു വേണ്ടതെല്ലാമറിഞ്ഞിട്ട്, ആയുധങ്ങളാൽ ഭയംകരനായി അവരെ വളഞ്ഞു; നേരിട്ടു വിറപ്പിച്ചു; ഇമ്പം പൂണ്ടു മഹിമയോടെ വജ്രമെടുത്തു വധിച്ചു!4
ഇന്ദ്ര, രക്ഷസ്സുകൾ ഞങ്ങളെ ദ്രോഹിയ്ക്കില്ല; മഹാബല, രാക്ഷസർ ഞങ്ങളെ ആൾക്കാരിൽനിന്നകറ്റില്ല; നെറികെട്ട പ്രാണിയെ തന്തിരുവടി അടക്കിക്കൊള്ളും. ശിശ്നദേവന്മാർ ഞങ്ങളുടെ യാഗം പോക്കിക്കളയരുത്!5
ഇന്ദ്ര, അങ്ങ് കർമ്മംകൊണ്ടു മന്നിനെ കീഴടക്കിയിരിയ്ക്കുന്നു: അങ്ങയുടെ മഹിമാവു ലോകങ്ങൾക്കു ലഭ്യമല്ല. അങ്ങ് സ്വന്തം ബലം കൊണ്ടാണല്ലോ, വൃത്രനെ കൊന്നത്; യുദ്ധത്തിൽ അങ്ങയെ ഹനിപ്പാൻ ശത്രു ആളായതുമില്ല!6
അസുരന്മാരുടെപോലും കെല്പും കൊലയും അളവിൽ അങ്ങയുടെ ബലത്തിനൊത്തില്ല! ഇന്ദ്രൻ പൊരുതി ധനം നല്കും; അന്നം കിട്ടാൻ ആളുകൾ ഇന്ദ്രനെ വിളിച്ചുവരുന്നു.7
ഇന്ദ്ര, സ്തോതാവു രക്ഷയ്ക്കായി, ഈശ്വരനായ നിന്തിരുവടിയെ വിളിച്ചു; ഞങ്ങൾക്കു വളരെസ്സൗഭാഗ്യം നിന്തിരുവടി തരികയും ചെയ്തു. ഒരുനൂറു രക്ഷകളുള്ളവനേ, നിന്തിരുവടിയെപ്പോലുള്ള ഒരുവൻ ദ്രോഹിപ്പാൻ വന്നാൽ, അവനെ തടുക്കുകകൂടിച്ചെയ്താലും!8
ഇന്ദ്ര, അങ്ങയെ സ്തുതികൊണ്ടു വളർത്തുന്ന ഞങ്ങൾ എന്നും സഖാക്കളാകണം! മഹിമകൊണ്ടു മറുകരയണയ്ക്കുന്നവനേ, അങ്ങയുടെ രക്ഷയാൽ (സ്തോതാക്കൾ) യുദ്ധത്തിൽ ഹിംസകരായ ശത്രുക്കളുടെ എതിർപ്പും കെല്പും കെടുത്തട്ടെ!9
ഇന്ദ്ര, അങ്ങയുടെ ചോറുണ്ണുന്നവരാകണം, ഞങ്ങളും, അങ്ങയ്ക്കു സ്വയം ഹവിസ്സയയ്ക്കുന്നവരും; അങ്ങയെ സ്തുതിയ്ക്കുന്നവന്നു ശേഷിയും ഉണ്ടായിവരട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 10