ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സോമമേ, വിണ്ണിലും മന്നിലും വിചിത്രവും സ്തുത്യവുമായ യാതൊരു ധനമുണ്ടോ, അതു് അരിയ്ക്കപ്പെടുന്ന ഭവാൻ ഞങ്ങൾക്കു കൊണ്ടുവന്നാലും! 1
സോമമേ, നിങ്ങൾ – അങ്ങും ഇന്ദ്രനും – വിണ്ണിന്റെ പെരുമാക്കളും ഗോപതികളുമാണല്ലോ! ഈശ്വരന്മാരായ നിങ്ങൾ കർമ്മങ്ങളെ തഴപ്പിച്ചാലും! 2
പച്ചനിറമിയന്ന വൃഷാവു മനുഷ്യരുടെ ഇടയിൽ അരിയ്ക്കപ്പെട്ട്, ഒലിക്കൊണ്ടു, ദർഭവിരിയിൽ സ്വസ്ഥാനത്തിരിയ്ക്കുന്നു. 3
കുടിയ്ക്കപ്പെടുന്ന തണ്ണീരുകൾ – മകനായ കന്നിന്റെ തള്ളമാർ – വൃഷഭനെ സ്വകീയമായ സത്തുകൊണ്ടു വീണ്ടും വീണ്ടും വളർത്താൻ നോക്കുന്നു!4
അരിയ്ക്കപ്പെടുന്ന സോമം, വൃഷഭനെ ഇച്ഛിച്ചു വെൺപാൽ ചുരത്തുന്നവയെ പലവുരു ഗർഭം ധരിപ്പിയ്ക്കുന്നു! 5
പവമാനമേ, അങ്ങ് ദൂരസ്ഥങ്ങളെ അടുപ്പിച്ചാലും: കൂടലരെ പേടിപ്പിച്ചാലും; ധനം നേടിയാലും! 6
സോമമേ, അങ്ങു് ദൂരത്തോ ചാരത്തോ വർത്തിയ്ക്കുന്ന വൈരിയുടെ കെല്പൊടുക്കുക, പ്രതാപമൊടുക്കുക, കൊറ്റും ഒടുക്കുക! 7
[2] കർമ്മങ്ങളെ – ഞങ്ങളുടെ.
[3] പരോക്ഷം: വൃഷാവ് – സോമം.
[4] വസതീവരികളെന്ന തണ്ണീരുകൾ സ്വപുത്രനായ വൃഷഭനെ (സോമത്തെ), തള്ളപ്പൈക്കൾ കന്നിനെയെന്നപോലെ വളർത്താനിച്ഛിയ്ക്കുന്നു. സത്ത് – സാരാംശം, പാൽ.
[5] വൃഷഭശബ്ദത്തിന്നു വർഷകനായ സോമം എന്നും വൃഷമെന്നും രണ്ടർത്ഥം. ചുരത്തുന്നവയെ – തണ്ണീരുകളെ, പൈക്കളെ. കാളയാൽ പൈക്കളെന്നപോലെ, സോമത്താൽ ഗർഭിണികളാക്കപ്പെട്ട തണ്ണീരുകൾ സസ്യങ്ങളെ പ്രസവിയ്ക്കുന്നു എന്നു വ്യംഗ്യം.
[6] ദൂരസ്ഥങ്ങൾ – ദൂരസ്ഥിതങ്ങളായ ഞങ്ങളുടെ അഭീഷ്ടങ്ങൾ. ധനം – ശത്രുക്കളുടെ. നേടിയാലും – ഞങ്ങൾക്കു തരാൻ.
[7] വൈരി – ഞങ്ങളുടെ ശത്രു.