അംഗിരോഗോത്രൻ പവിത്രൻ ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
ബ്രഹ്മണസ്പതേ, അങ്ങയ്ക്ക് അരിപ്പ നിവുർത്തപ്പെട്ടിരിയ്ക്കുന്നു. പ്രഭുവായ ഭവാൻ അവയവങ്ങളിലെല്ലാം ചുറ്റിനടക്കും. അതു ചൂടേല്ക്കാത്ത അപക്വന്നു കിട്ടില്ല; പാകം വന്ന നിർവാഹകർക്കേ അതു കൈ വരൂ! 1
പരന്തപന്റെ അരിപ്പ സ്വർഗ്ഗപദത്തിൽ നിവുർത്തപ്പെട്ടിരിയ്ക്കുന്നു; അതിന്റെ മിന്നുന്ന നാരുകൾ പലമട്ടിൽ കിടക്കുന്നു. തന്തിരുവടിയുടെ നീരൊഴുക്ക് അരിച്ചവനെ രക്ഷിയ്ക്കും; ഇച്ഛയോടേ സ്വർഗ്ഗത്തിൻമുകളിൽ ചെന്നെത്തും. 2
ഉഷസ്സിന്റെ സൂര്യനായ മുഖ്യൻ ഒളി വീശുന്നു; അന്നത്തിന്നായി വെള്ളം പൊഴിച്ചു ഭുവനത്തെ ഭരിയ്ക്കുന്നു. ഇദ്ദേഹത്തിന്റെ പ്രജ്ഞയാലത്രേ, പ്രജ്ഞാശാലികൾ സൃഷ്ടിയ്ക്കുന്നതും, മനുഷ്യദർശികളായ പിതാക്കൾ ഗർഭം ധരിപ്പിയ്ക്കുന്നതും! 3
സത്യം: ഇദ്ദേഹത്തിന്റെ ഇരിപ്പിടത്തെ ഗന്ധർവൻ കാക്കുന്നു. ഈ മഹാൻ ദേവവർഗ്ഗത്തെ പാലിയ്ക്കുന്നു. ഈ പാശാധിപതി പരിപന്ഥിയെ പാശത്തിൽ കുടുക്കുന്നു. ഇദ്ദേഹത്തിന്റെ മധു അതിസുകൃതികൾക്കേ കുടിയ്ക്കാൻ കിട്ടൂ! 4
ഉദകവൻ, അങ്ങ് ഹവിസ്സായ ഉദകമുടുത്തു, വലിയ ദേവസദനമായ അധ്വരത്തിൽ ചുറ്റിനടക്കുന്നു; അരചനായി അരിപ്പത്തേരിലൂടേ അടരിൽക്കേറുന്നു; ഒരായിരം ആയുധങ്ങൾകൊണ്ടു പെരിയ അന്നം കീഴടക്കുന്നു! 5
[1] ബ്രഹ്മണസ്പതേ – ഹേ മന്ത്രനാഥ. അവയവങ്ങൾ – കുടിയ്ക്കുന്നവന്റെ. അതു – അരിപ്പ. ചൂടേല്ക്കാത്ത – തപോവ്രതങ്ങളാൽ തപ്തനല്ലാത്ത. നിർവാഹകർ – യജ്ഞം നടത്തുന്നവർ. തപശ്ശക്തിയുള്ളവർക്കേ അങ്ങയെ അരിപ്പാൻ ഭാഗ്യമുണ്ടാകൂ.
[2] അരിച്ചവനെ – യജമാനനെ. ഇച്ഛയോടേ – ദേവന്മാരുടെ അടുക്കൽ പോകാനിച്ഛിച്ച്. ചെന്നെത്തും – ഹോമദ്വാരാ.
[3] സൂര്യാത്മാവായ സോമത്തെ സ്തുതിയ്ക്കുന്നു: മുഖ്യൻ – സോമം. അന്നത്തിന്നായി – ഭുവനത്തിന്നു ഭക്ഷണം കിട്ടാൻ. വെള്ളം പൊഴിച്ചു – മഴ പെയ്ത്. പ്രജ്ഞാശാലികൾ – ദേവന്മാർ; ഇവർക്കു ബലമുണ്ടാകുന്നതു സോമപാനത്താലാണല്ലോ. പിതാക്കൾ – രക്ഷകങ്ങളായ രശ്മികൾ. ഗർഭം ധരിപ്പിയ്ക്കുന്നതും – ഓഷധികളെ.
[4] ഗന്ധർവൻ – ഗന്ധർവനത്രേ, സോമത്തിന്റെ കാവല്ക്കാരൻ. പരിപന്ഥിയെ – നമ്മുടെ ശത്രുവിനെ.
[5] അന്നം – ഞങ്ങൾക്കു തരാൻ.