വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.
വാനൂഴികളുടെ ജനിതാവ്, ഒരു തെളിയ്ക്കപ്പെടുന്ന തേർപോലെ അന്നം തരാൻ വന്നെത്തി: ഇന്ദ്രങ്കൽ പോകാൻ ആയുധങ്ങൾ നന്നായി മൂർച്ചകൂട്ടിയിരിയ്ക്കുന്നു; ധനമെല്ലാം കയ്യിലെടുത്തിട്ടുമുണ്ടു് ! 1
മൂന്നു മുതുകുള്ള വൃഷാവായ അന്നദാതാവിനെ സ്തോതാക്കളുടെ സ്തുതിഘോഷം ഇരമ്പിയ്ക്കുന്നു. വരുണൻ സമുദ്രങ്ങളെന്നപോലെ തണ്ണീരുകളുടുത്ത രത്നപ്രദൻ വേണ്ടുന്നവ കല്പിച്ചുകൊടുക്കും! 2
ശൂരരോടും എല്ലാ വീരരോടും കൂടിയവനും, സഹിഷ്ണുവും, ധനദാതാവും, തീക്ഷ്ണായുധനും, ക്ഷിപ്രധന്വാവും, യുദ്ധങ്ങളിൽ ചെറുക്കപ്പെടാത്തവനും, പടകളിൽ പറ്റലരെ അമർത്തുന്ന വിജയിയുമായ നിന്തിരുവടി നീരൊഴുക്കിയാലും! 3
വിശാലമാർഗ്ഗനായ, അഭയപ്രദനായ, വാനൂഴികളെ ചേർത്തുവെച്ച നിന്തിരുവടി നീരൊഴുക്കിയാലും: ഉദകത്തെയും ഉഷസ്സുകളെയും രവിയെയും രശ്മികളെയും പ്രാപിയ്ക്കുന്ന ഭവാൻ ഞങ്ങൾക്കു വളരെ അന്നം (തരാൻ) ഒലികൂട്ടുന്നു! 4
ഇന്ദോ, പവമാനസോമമേ, അങ്ങ് വരുണനെ മത്തിന്നായി തർപ്പിച്ചാലും; മിത്രനെ തർപ്പിച്ചാലും; ഇന്ദ്രനെയും വിഷ്ണുവിനെയും തർപ്പിച്ചാലും; മരുദ്ബലത്തെ തർപ്പിച്ചാലും; ദേവന്മാരെ തർപ്പിച്ചാലും; ഇന്ദോ, മഹാനായ ഇന്ദ്രനെ തർപ്പിച്ചാലും! 5
ഇങ്ങനെ, സയജ്ഞനായ ഭവാൻ, ഒരു രാജാവുപോലെ ബലം കൊണ്ടു സകലദുരിതങ്ങളെയും നശിപ്പിച്ചു നീരൊഴുക്കിയാലും; ഇന്ദോ, നല്ല സ്തോത്രം ചൊല്ലിയതിന്ന് അന്നം തന്നാലും! നിങ്ങൾ ‘സ്വസ്തിയാൽ പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 6
[1] ജനിതാവ് – ഉൽപാദകൻ, രക്ഷിതാവ്, സോമം. ഇന്ദ്രങ്കൽ പോകാൻ – ഇന്ദ്രന്നു സഹായമായി പോകാൻ. കയ്യിലെടുത്തിട്ടുണ്ട് – നമുക്കു തരാൻ.
[2] അന്നദാതാവിനെ – സോമത്തെ.
[3] പ്രത്യക്ഷോക്തി: ക്ഷിപ്രധന്വാവ് – തെരുതെരെ അമ്പെയ്യുന്നവൻ.
[5] തർപ്പിയ്ക്കുക – തൃപ്തിപ്പെടുത്തുക. ഇന്ദ്രനെ രണ്ടുപ്രാവശ്യം പറഞ്ഞതു, പ്രാധാന്യത്താലാകുന്നു. വരുണാദികൾ മതിയാവോളം കുടിയ്ക്കട്ടെ, അങ്ങയുടെ നീർ.