images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 97.

വസിഷ്ഠനും, വസിഷ്ഠഗോത്രരായ ഇന്ദ്രപ്രമതിയും, വൃഷഗണനും, മന്യുവും, ഉപമന്യുവും, വ്യാഘ്രപാത്തും, ശക്തിയും, കർണ്ണശ്രുത്തും, മൃളീകനും, വസുക്രനും, പരാശരനും, അംഗിരോഗോത്രൻ കുത്സനും ഋഷിമാർ; ഛന്ദോദേവതകൾ മുമ്പേത്തവ.

ഇട്ടിളക്കുന്ന സ്വർണ്ണത്താൽ ശുചീകരിയ്ക്കപ്പെടുന്ന ഈ ദേവൻ നീര് ദേവന്മാരിൽ ചേർക്കുന്നു: പിഴിയപ്പെട്ട താൻ, ഹോതാവു ശാലയിലെ പശുബന്ധനസ്ഥലത്തെന്നപോലെ, ഒലിയിട്ടുകൊണ്ടു് അരിപ്പയിൽ ചുറ്റിനടക്കുന്നു. 1

മഹാനും കവിയും വിചക്ഷണനും ജാഗരൂകനുമായ ഭവാൻ പരിചൊത്ത പടയുടുപ്പിട്ട്, സ്തവങ്ങളെ പ്രശംസിച്ചുകൊണ്ടു, യജ്ഞത്തിൽ പിഴിയപ്പെടാൻ ഇരുപലകകളിൽ പ്രവേശിച്ചാലും! 2

പുകൾപ്പെട്ടവരിൽവെച്ചു പുകളേറിയവനും, ഭൂമിയിൽവെച്ചു പ്രിയനുമായ ഭവാൻ ഞങ്ങൾക്കായി ഉയർകമ്പിളിയിൽ അരിയ്ക്കപ്പെടുന്നു; അരിയ്ക്കപ്പെട്ട ഭവാൻ അന്തരിക്ഷത്തിലെങ്ങും ഇരമ്പിയാലും. നിങ്ങൾ ‘സ്വസ്തിയിൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 3

നിങ്ങൾ ഉറക്കെപ്പാടുവിൻ: നാം ദേവന്മാരെ പൂജിയ്ക്കുക. ധാരാളം ധനം കിട്ടാൻ സോമം കൊണ്ടുവരുവിൻ. ആ രുചികരനായ നമ്മുടെ ദേവകാമൻ കമ്പിളിയിൽനിന്നൊഴുകി, കലശത്തിൽ കടക്കുകയായി! 4

ദേവന്മാരുടെ സഖ്യം നേടിയ സോമം മത്തുപിടിപ്പിയ്ക്കാൻ ആയിരംധാരകളോടേ ഒഴുകുന്നു; നേതാക്കളാൽ സ്തുതിയ്ക്കപ്പെട്ടുകൊണ്ടു പുരാതനസ്ഥാനത്തെയ്ക്കു – വലിയ സൗഭാഗ്യത്തിന്ന് ഇന്ദ്രങ്കലെയ്ക്കു – പോകുന്നു! 5

സ്തുതിച്ചരിയ്ക്കപ്പെടുന്ന ഹരിതവർണ്ണനായ ഭവാൻ ധനത്തിന്നായി ഗമിച്ചാലും: അങ്ങയുടെ നീര് ഇന്ദ്രനെ യുദ്ധത്തിന്നു മത്തുപിടിപ്പിയ്ക്കട്ടെ; പിന്നീടു ഭവാൻ ദേവന്മാരോടുകൂടി ഒരേ തേരിൽ സമ്പത്തു കൊണ്ടുവരിക. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 6

ഉശനസ്സുപോലെ കവിത പാടുന്ന (ഈ) സ്തോതാവു ദേവന്മാരുടെ ജനനങ്ങൾ വർണ്ണിയ്ക്കും: മഹാകർമ്മാവും ദീപ്തതേജസ്കനുമായ പാവകൻ, ഒരു പന്നിപോലെ മുരണ്ടുംകൊണ്ടു പാത്രങ്ങളിൽ പൂകുന്നു! 7

ഹംസരായ വൃഷഗണന്മാർ ബലം (പേടിച്ചു) ക്ഷിപ്രപ്രഹാരിയായ പ്രധർഷകനെ നോക്കി, ശാലയിലെയ്ക്കു പോകുന്നു; സ്തോതവ്യനും ദുസ്സഹനുമായ പവമാനത്തെപ്പറ്റി സഖാക്കൾ ഒപ്പം വാണവും മീട്ടുന്നു. 8

ആ പുരുഗേയൻ, തന്റെ ഗതിയ്ക്കൊത്തു പായുന്നു: അനായാസേന വിളയാടുന്ന അദ്ദേഹത്തെ ആരും അനുഗമിയ്ക്കില്ല. തീക്ഷ്ണതേജസ്കൻ പലതരത്തിൽ വിളങ്ങുന്നു: പകൽനേരത്തു പച്ചയാണു്, തന്റെ നിറം; രത്രിയിൽ നേരേ തെളിഞ്ഞുകാണാം! 9

ഇന്ദുവായ കെല്പുറ്റ സോമം ഇന്ദ്രന്നു കരുത്തുണ്ടാക്കാൻ, മത്തുപിടിപ്പിയ്ക്കാൻ നീർദ്ധാരകൾ കീഴ്പോട്ടൊഴുക്കുന്നു. ഈ ധനദനായ ബലപ്പെരുമാൾ രക്ഷസ്സിനെ ഹിംസിയ്ക്കും, മാറ്റലരെ എമ്പാടും മുടിയ്ക്കും! 10

അമ്മികൊണ്ടു പിഴിയപ്പെട്ട സോമം മധുധാര (ദേവന്മാരിൽ) ചേർപ്പാൻ കമ്പിളിയിൽനിന്ന് ഒഴുകുന്നു: മദകരമായ (ഈ) ദേവൻ ഇന്ദ്രദേവന്റെ സഖ്യം നേടി, മത്തുപിടിപ്പിയ്ക്കുന്നു. 11

കാലംതോറും അരുമത്തേജസ്സുടുക്കുന്ന ഇന്ദുദേവൻ, തന്റെ നീർ ദേവന്മാരിൽ ചേർപ്പാൻ, പത്തുവിരലുകളാൽ ഉയർന്ന കമ്പിളിയിൽ പകർന്നരിയ്ക്കപ്പെട്ടിട്ട്, ഒഴുകുന്നു. 12

ഒരു ചെങ്കാള പൈക്കളുടെ നേർക്കു മുക്രയിടുന്നതുപോലെ, താൻ ഒലി പുറപ്പെടുവിച്ചുകൊണ്ടു മന്നിലും വിണ്ണിലും ഗമിയ്ക്കുന്നു: തന്റെ ഒച്ച യുദ്ധത്തിൽ, ഇന്ദ്രന്റേതുപോലെ കേൾക്കാം; ഒരടയാളമായി, ആ ശബ്ദത്തെ പരത്തുന്നു. 13

സോമമേ, ആസ്വാദ്യനായ അവിടുന്നു പാൽകൊണ്ടു തഴച്ചു ശബ്ദിച്ചുകൊണ്ട്, ഒരു മധുരരസമായിത്തീരുന്നു; കഴുകിയരിയ്ക്കപ്പെട്ടിട്ടു, മുറിയാതൊഴുകി, ഇന്ദ്രങ്കലെയ്ക്കു പോകുന്നു. 14

സോമമേ, മദകരനായ നിന്തിരുവടി മഴക്കാറിനെ കൊലയായുധംകൊണ്ടു കുമ്പിടുവിച്ചു, മത്തിന്നായി ഇങ്ങനെ ഒഴുകിയാലും; തെളിവെണ്മ പൂണ്ട, അരിപ്പയിലൊഴിയ്ക്കപ്പെട്ട നിന്തിരുവടി ഞങ്ങൾക്കു ഗോക്കളെത്തരാൻ ചുറ്റിനടന്നാലും! 15

ഇന്ദുവേ, അങ്ങ് പ്രസാദിച്ചു, ഞങ്ങൾക്കു സന്മാർഗ്ഗവും സമ്പത്തും സുലഭമാക്കാൻ കലശത്തിലെയ്ക്കൊഴുകിയാലും; എമ്പാടും രക്ഷസ്സുകളെ മുൾത്തടികൊണ്ടെന്നപോലെ ചതയ്ക്കാൻ, ഉയർന്ന കമ്പിളിയിൽ പ്രവഹിച്ചാലും! 16

ഇന്ദുവേ, അവിടുന്നു ഞങ്ങൾക്ക് അന്നോപേതവും സുഖത്തിനിരിപ്പിടവും ക്ഷിപ്രം (ഫലം) നല്കുന്നതുമായ മഴ വാനിൽനിന്ന് എല്ലാടത്തും പൊഴിച്ചാലും; സമീപിയ്ക്കുന്ന ഈ എളിയ ബന്ധുക്കളെ, അരുമക്കിടാങ്ങളെയെന്നപോലെ തിരഞ്ഞുവരികയുംചെയ്താലും! 17

സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ (എന്റെ) ബന്ധനം ഒരു കുടുക്കുപോലെ അഴിച്ചാലും; നേർവഴിയും ബലവും കിട്ടിച്ചാലും. പകർന്നുവെയ്ക്കുമ്പോൾ അങ്ങ്, ഒരു നടക്കുതിരപോലെ ശബ്ദിയ്ക്കുന്നു; ദേവ, ആ പച്ചനിറം പൂണ്ട മനുഷ്യഹിതനായ ഭവാൻ ഗൃഹത്തിൽ വന്നാലും! 18

ഇന്ദുവേ, മത്തിന്നു പോന്ന ഭവാൻ യജ്ഞത്തിൽ, ഉയർന്ന കമ്പിളിയിൽ എമ്പാടും ഒഴുകുക; ഒരായിരം ധാരകളുള്ള സുഗന്ധിയായ ഭവാൻ അഹിംസിതനായിട്ട്, അന്നലാഭത്തിന്നുള്ള യുദ്ധത്തിൽ ചുറ്റി നടന്നാലും! 19

കടിഞ്ഞാണില്ലാതെ തേരില്ലാതെ പൂട്ടപ്പെടാതെ ആജിയിലിറക്കപ്പെടുന്ന അശ്വങ്ങൾപോലെ, ഇതാ, തെളിസോമങ്ങൾ ഉൾപ്പൂകുന്നു; ദേവന്മാരെ, നിങ്ങൾ അവയെ പ്രാപിയ്ക്കുവിൻ, കുടിപ്പാൻ! 20

ഇന്ദുവേ, അവിടുന്ന് ഇപ്രകാരം, യജ്ഞത്തിന്നു വാനത്തുനിന്ന് ഉദകം ചമസങ്ങളിലൊഴുക്കുക. സോമം നമുക്കു സ്പൃഹണീയവും മഹത്തും ബലിഷ്ഠവുമായ ധനവും വീരന്മാരെയും തരട്ടെ! 21

കാമയമാനനായ സ്തോതാവ്, ഒരു വിളിയ്ക്കുന്ന തൊഴിലാളി മേലാളിയെയെന്നപോലെ സ്തുതിച്ചുതുടങ്ങുന്നതോടേ, ഈ വരണീയനായ, പോന്നവനായ പാലകങ്കൽ – കലശസ്ഥനായ ഇന്ദുവിങ്കൽ – പൈക്കൾ കൊതിച്ചെത്തും! 22

ദാതാക്കൾക്കു നല്കുന്ന – ദാതാക്കൾക്കു പെയ്തുകൊടുക്കുന്ന – ദിവ്യനായ സുമേധസ്സ് സത്യരൂപന്നായി സത്യം ഒഴുക്കുന്നു. നല്ല കെല്പുള്ള ഈ രാജാവു പത്തുവിരലുകളാൽ പെരിക എടുക്കപ്പെടുന്നു! 23

നരരെ നോക്കുന്നവൻ, ദേവന്മാർക്കും മനുഷ്യർക്കും, രണ്ടുകൂട്ടർക്കും, രാജാവ്, സമ്പത്തിന്റെ, സമ്പത്തുകളുടെ, ഉടമസ്ഥൻ – ഇങ്ങനെയുള്ള ഇന്ദു അരിപ്പകളിൽ അരിയ്ക്കപ്പെടുന്നു; നല്ല വെള്ളം ശരിയ്ക്കു സംഭരിച്ചുവെച്ചിരിയ്ക്കുന്നു. 24

സോമമേ, അന്നത്തിന്നായി ഒരശ്വമെന്നപോലെ, നേട്ടത്തിന്നായി ചെന്നു ഭവാൻ ഇന്ദ്രവായുക്കളാൽ കുടിയ്ക്കപ്പെട്ടാലും. ആ ഭവാൻ ഞങ്ങൾക്കു് ഒരായിരം അന്നങ്ങൾ ധാരാളം തന്നാലും; അരിയ്ക്കപ്പെട്ട ഭവാൻ ധനം കിട്ടിച്ചാലും! 25

പകർന്നുവെയ്ക്കപ്പെട്ട ദേവതർപ്പകങ്ങളായ സോമങ്ങൾ നമുക്കു സൽപുത്രോപേതമായ ഗൃഹം അയച്ചുതരട്ടെ: യഷ്ടവ്യങ്ങളും, സർവവരണീയങ്ങളും, ഹോതാക്കൾപോലെ സ്വർഗ്ഗത്തെ യജിയ്ക്കുന്നവയുമായ ആ മാദകതമങ്ങൾക്കു നന്മനസ്സുണ്ടാകട്ടെ! 26

ദേവ, സോമമേ, ദേവപാനമായ ഭവാൻ ദേവയജനത്തിൽ പെരിയ അമറേത്തിന്ന് ഇപ്രകാരം ഒഴുകിയാലും: എന്നാൽ, യുദ്ധത്തിലിറക്കപ്പെട്ട ഞങ്ങൾ വമ്പന്മാരെയും കീഴമർത്തുമല്ലോ. അരിയ്ക്കപ്പെട്ട നിന്തിരുവടി വാനൂഴികളെ സുഖവാസയോഗ്യങ്ങളാക്കിയാലും! 27

ഇന്ദോ, പിഴിയുന്നവരാൽ ചേർക്കപ്പെടുന്ന ഭവാൻ ഒരശ്വംപോലെ ശബ്ദിയ്ക്കുന്നു: സിംഹംപോലെ ഭയങ്കരനും, മനസ്സിനെക്കാൾ വേഗവാനുമായ നിന്തിരുവടി ഇങ്ങോട്ടുള്ള നേർവഴികളിലൂടേ ഞങ്ങൾക്കു മനസ്സ്വാസ്ഥ്യം കൊണ്ടുവന്നാലും! 28

ദേവന്മാർക്കായി നൂറുനീർദ്ധാരകൾ പിഴിഞ്ഞിട്ടു കവികൾ ഇവയ്ക്കു ആയിരംമട്ടിൽ വെടുപ്പു വരുത്തുന്നു. ഇന്ദുവേ, അങ്ങ് സ്വർഗ്ഗത്തിൽനിന്നു ധനം കൊണ്ടുവന്നാലും: വമ്പിച്ച സമ്പത്തിന്റെ മുമ്പിൽ നടക്കുന്നവനാണല്ലോ, അവിടുന്ന്. 29

പകൽസ്സമയത്തു സൂര്യന്റെ രശ്മികൾപോലെ, (നീർദ്ധാരകൾ) പ്രസരിയ്ക്കുന്നു. ഈ ധീരനായ രാജാവ് സഖാവിനെ ദ്രോഹിയ്ക്കില്ല. കർമ്മങ്ങളിൽ യത്നിയ്ക്കുന്ന മകൻ അച്ഛന്നെന്നപോലെ, അങ്ങ് ഈ മനുഷ്യന്നു വിജയം കിട്ടിച്ചാലും! 30

പവമാനമേ, അരിയ്ക്കപ്പെട്ട ഭവാൻ കമ്പിളി വിടുമ്പോൾ, ഭവാന്റെ തേൻധാരകൾ പ്രകർഷേണ പൊഴിയും; അങ്ങ് പൈക്കളുടെ പാലിലെയ്ക്കൊഴുകും. പിറപ്പിൽത്തന്നേ തേജസ്സുകൊണ്ടു സൂര്യനെ നിറയ്ക്കും! 31

താൻ യജ്ഞമാർഗ്ഗത്തെ നോക്കി ഒലികൊള്ളും. അമൃതത്തിന്റെ ഇരിപ്പിടമായ ഭവാൻ വെണ്മ പൂണ്ടു വിശേഷേണ ശോഭിയ്ക്കുന്നു. ആ മാദകരസനായ അങ്ങ് സ്തോതാക്കളുടെ സ്തുതികളോടുകൂടി ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇന്ദ്രന്നായി ഒഴുകുന്നു! 32

സോമമേ, വാനിലെ സുപർണ്ണനായ ഭവാൻ യജ്ഞത്തിൽ നീരൊഴുക്കാൻ കീഴ്പോട്ടു നോക്കിയാലും. ഇന്ദോ, അവിടുന്നു സോമകലശം പൂകിയാലും. ശബ്ദിച്ചുകൊണ്ടു സൂര്യരശ്മിയിൽ ചെന്നാലും! 33

ഭാരവാഹി മൂന്നു സൂക്തികളും, ബ്രഹ്മത്തെപ്പറ്റി യജ്ഞരക്ഷകമായ സ്തോത്രവും ഉച്ചരിയ്ക്കുന്നു; പൈക്കൾ കാളയെ പ്രാപിയ്ക്കുന്നതു പോലെ, കാമയമാനകളായ സ്തുതികൾ സോമത്തെ തേടിക്കൊണ്ടു പ്രാപിയ്ക്കുന്നു. 34

കറവപ്പൈക്കൾ സോമത്തെ കാമിയ്ക്കുന്നു. മേധാവികൾ സ്തുതികളാൽ സോമത്തെ തേടുന്നു; സോമത്തെ പിഴിഞ്ഞു കലർത്തി അരിയ്ക്കുന്നു; ത്രിഷ്ടുപ്പ്മന്ത്രങ്ങൾ സോമത്തോടു ചേരുന്നു! (35)

സോമമേ, അരിച്ചു പകർന്നുവെയ്ക്കപ്പെട്ട ഭവാൻ ഇങ്ങനെ ഞങ്ങൾക്കു സ്വസ്തി കിട്ടിച്ചാലും; ഒച്ച മുഴക്കി ഇന്ദ്രങ്കൽ ചെന്നാലും; സ്തുതി വളർത്തിയാലും; ബുദ്ധിയുണ്ടാക്കിത്തന്നാലും! 36

കാമയമാനരായ നേതാക്കൾ – ശോഭനഹസ്തരായ അധ്വര്യക്കൾ – ഒത്തൊരുമിച്ച് ആരെ എടുക്കുന്നുവോ; ആ സത്യസ്തവജ്ഞനായ ഉണർവുറ്റ സോമം അരിയ്ക്കപ്പെട്ടു ചമസങ്ങളിൽ ഇരിയ്ക്കുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ)ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. 37

താൻ അരിയ്ക്കപ്പെട്ടു, സംവത്സരം സൂര്യങ്കലെന്നപോലെ (ഇന്ദ്രങ്കൽ) ചെല്ലുന്നു. വാനൂഴികൾ രണ്ടിനെയും നിറയ്ക്കുന്നു; ഇരുട്ടകറ്റുന്നു. പ്രിയനായ ആരുടെ അരുമനീരുകളോ, രക്ഷകങ്ങൾ; അദ്ദേഹം ഉടനേ, ഭൃത്യന്നു കൂലിപോലെ, ധനം തരുമാറാകട്ടെ! 38

വളർത്തുന്നവനും വളരുന്നവനും വൃഷാവുമായ പവമാനസോമം തേജസ്സുകൊണ്ടു നമ്മെ കാത്തരുളട്ടെ: ഇദ്ദേഹത്തെക്കൊണ്ടാണല്ലൊ, നമ്മുടെ സർവജ്ഞരായ പൂർവപിതാക്കൾ സ്ഥലമറിഞ്ഞു ഗോക്കളെ മലയിൽനിന്നു കൊണ്ടുപോന്നതു്! 39

മഴ പെയ്യിയ്ക്കുന്ന രാജാവു വിശാലമായ ജലാസ്പദത്തിൽ പ്രജകളെ ഉൽപാദിപ്പിച്ചുകൊണ്ടു വ്യാപിയ്ക്കുന്നു. പിഴിയപ്പെട്ടു വിളങ്ങുന്ന വൃഷാവായ സോമം ഉയർന്ന കമ്പിളിയരിപ്പയിൽ പെരികെ വളരുന്നു. 40

മഹാനായ സോമം ചെയ്തതു മഹത്തുതന്നെ: താൻ തണ്ണീരുകളുടെ ഗർഭമായിട്ടു ദേവന്മാരെ പ്രാപിച്ചുവല്ലോ. പവമാനേന്ദു ഇന്ദ്രന്നു ബലം ഉളവാക്കി; സൂര്യന്നു പ്രകാശം വരുത്തി! 41

ദേവ, പവമാനസോമമേ, അങ്ങ് അന്നത്തിന്നും അർത്ഥത്തിന്നും വായുവിനെ മത്തുപിടിപ്പിയ്ക്കുക; മിത്രാവരുണന്മാരെ മത്തുപിടിപ്പിയ്ക്കുക; മരുദ്ഗണത്തെ മത്തുപിടിപ്പിയ്ക്കുക; ദേവന്മാരെ മത്തുപിടിപ്പിയ്ക്കുക; ദ്യാവാപൃഥിവികളെയും മത്തുപിടിപ്പിയ്ക്കുക! 42

നിന്തിരുവടി ഉപദ്രവം പോക്കി, രോഗത്തെയും ദ്രോഹികളെയും നശിപ്പിച്ചു, നേരേ ഒഴുകിയാലും; നീര് പൈക്കളുടെ പാലോടു ചേർത്താലും. ഇന്ദ്രന്റെ സഖാവാണു്, നിന്തിരുവടി; ഞങ്ങൾ നിന്തിരുവടിയുടെയും! 43

ഇന്ദുവേ, അരിയ്ക്കപ്പെടുന്ന ഭവാൻ ധനത്തിന്റെ തേനോലുന്ന ഉറവു പൊഴിച്ചാലും: ഞങ്ങൾക്കു പുത്രനെയും വിത്തത്തെയും കിട്ടിച്ചാലും; ഇന്ദ്രന്നു സ്വാദു തോന്നിച്ചാലും; അന്തരിക്ഷത്തിൽനിന്നു ഞങ്ങൾക്കു ഗോവിനെയും കൊണ്ടുവന്നാലും! 44

പിഴിയപ്പെട്ട ബലവാനായ സോമം ധാരയായി ഒരശ്വംപോലെ നടകൊണ്ടു, നദിപോലെ താഴത്തെയ്ക്കൊഴുകുന്നു: അരിയ്ക്കപ്പെട്ട ഇന്ദു മരപ്പറയിൽ മേവുന്നു; ഗോരസങ്ങളോടും തണ്ണീരുകളോടും മേളിയ്ക്കുന്നു. 45

സർവദർശിയും സത്യബലനുമായ യാതൊരു രഥികൻ, യഷ്ടാക്കളുടെ അഭിലാഷമെന്നപോലെ നിവേദിയ്ക്കപ്പെട്ടുവോ; ഇന്ദ്ര, ആ ധീരനായ, വേഗവാനായ സോമം ഇതാ, കൊതിയ്ക്കുന്ന നിന്തിരുവടിയ്ക്കായി ചമസങ്ങളിലെയ്ക്കൊഴുകുന്നു! 46

പുരാതനമായ അന്നത്തോടേ ഒഴുകി, ഭൂമിയുടെ അംഗങ്ങൾ മറച്ചു, മൂന്നിനെയും തടുക്കുന്ന ഗൃഹമണഞ്ഞു, വെള്ളത്തിൽ വാണതന്തിരുവടി യജ്ഞങ്ങളിൽ ഹോതാവുപോലെ ശബ്ദിച്ചുകൊണ്ടു ചെല്ലുന്നു! 47

ദേവ, സോമമേ, രഥവാനായ ഭവാൻ ഞങ്ങളുടെ ഇരുപലകകളിൽ പിഴിയപ്പെട്ടിട്ടു തണ്ണീരുകളിലെയ്ക്കു തിണ്ണം ഒഴുകിയാലും; മാധുര്യശാലിയും തുലോം ആസ്വാദ്യനും യജ്ഞവാനും സവിതൃദേവൻപോലെ സത്യസ്തവനുമാണല്ലോ, അങ്ങ്! 48

സ്തുതിയ്ക്കപ്പെട്ട പവമാനമായ ഭവാൻ വായുവിന്നും, മിത്രാവരുണന്മാർക്കും, തേരിൽ മേവുന്ന മനോജവരായ ഇരുനേതാക്കൾക്കും, വൃഷാവും വജ്രപാണിയുമായ ഇന്ദ്രന്നും കുടിപ്പാനായി ചെന്നാലും! 49

ദേവ, പവമാനസോമമേ, നിന്തിരുവടി ഞങ്ങൾക്കു നന്നായി ചുറ്റാവുന്ന വസ്ത്രങ്ങളും, സുദുഘകളായ പൈക്കളെയും, പൊറുപ്പിന്ന് ഇമ്പപ്പെടുത്തുന്ന പൊന്നുകളും, കുതിരകളെയും, തേരുകളും കൊണ്ടു വന്നാലും! 50

പവമാനമേ, അങ്ങ് ഞങ്ങൾക്കു വിണ്ണിലും മന്നിലുമുള്ള വിത്തമെല്ലാം കൊണ്ടുവന്നാലും; ഞങ്ങൾക്കു ധനാർജ്ജനസാമർത്ഥ്യവും, ജമദഗ്നിയ്ക്കെന്നപോലെ ഋഷിയോഗ്യവും കൊണ്ടുവന്നാലും ! 51

ഇന്ദോ, അങ്ങ് ഈ നീരുകൊണ്ട് ഈ ധനങ്ങൾ ഒഴുക്കുക; ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന സരസ്സിൽ ചെല്ലുക. ആദിത്യനും, വായുപോലെ വേഗം പൂണ്ടു ശതക്രതുവും പ്രപന്നന്നു നേതാവിനെ തന്നരുളട്ടെ! 52

അങ്ങ് ഞങ്ങളുടെ ശബ്ദം മുഴങ്ങുന്നേടത്ത് ഈ നീരുതന്നെ ഒഴുക്കിയാലും. ആ പരിപന്ഥിഹന്താവു പടയ്ക്കായി അറുപതിനായിരം നാണ്യങ്ങൾ, മരത്തിന്റെ പഴങ്ങൾപോലെ കൊതിച്ചുതന്നുവല്ലോ! 53

തന്തിരുവടിയുടെ വലിയ വർഷിയ്ക്കലും വണങ്ങിയ്ക്കലും സുഖകരങ്ങളാകുന്നു: ഇവ കുതിരപ്പടയിലും കൈപ്പോരിലും കൊന്നുകളയും. താൻ പറ്റലരെ ഉറക്കി; ആട്ടിപ്പായിച്ചു. നിന്തിരുവടി രിപുക്കളെയും, അഗ്നിചയനം ചെയ്യാത്തവരെയും ഇവിടെനിന്നോടിച്ചാലും! 54

പരന്ന മൂന്നരിപ്പകളിൽ വഴിപോലെ ചെല്ലുന്ന നിന്തിരുവടി അരിയ്ക്കപ്പെടുമ്പോൾ ഒന്നിലെയ്ക്കോടുന്നു. നിന്തിരുവടി ഭജനീയനാണു്, കൊടുക്കേണ്ടതു കൊടുക്കുന്നവാനാണ്: ഇന്ദോ, ധനവാന്മാരെക്കാൾ ധനവാനാണല്ലോ, നിന്തിരുവടി! 55

ഇതാ, എല്ലാമറിയുന്ന മനീഷിയായ, പാരിന്നെല്ലാമരചനായ, ഇന്ദുവായ സോമം ഒഴുകുന്നു – യജ്ഞത്തിൽ നീർത്തുള്ളികളുതിർത്തുകൊണ്ടു, കമ്പിളി രണ്ടുപാടും വെടിഞ്ഞു, നടകൊള്ളുന്നു! 56

അഹിംസിതരായ മഹാന്മാർ ഇന്ദുവിനെ നുകരുന്നു; ധനകാമരായ കവികൾപോലെ അരികിൽ ഒച്ചയും മുതിർക്കുന്നു. കർമ്മകുശനന്മാർ പത്തുവിരലുകളാൽ കൊണ്ടുപോകുന്നു; ചെടി വെള്ളംകൊണ്ടു കഴുകുന്നു.57

പവമാനസോമമേ, അങ്ങ് യുദ്ധത്തിൽ വളരെ ചെയ്തതു ഞങ്ങൾ അനുഷ്ഠിയ്ക്കുമാറാകണം:

(കേക.)

അതിനെ മാനിയ്ക്കട്ടേ, മിത്രനും വരുണനും
ക്ഷിതിയുമാകാശവും സിന്ധുവുമദിതിയും! 58
കുറിപ്പുകൾ: സൂക്തം 97.

[2] പടയുടുപ്പിട്ട് – സ്വതേജസ്സാൽ ആച്ഛാദിതനായി.

[4] സ്തോതാക്കളോട്:

[5] സൗഭാഗ്യത്തിന്നു് – യഷ്ടാക്കൾക്കു സൗഭാഗ്യം വരുത്താൻ.

[6] ഗമിച്ചാലും – ഇന്ദ്രന്റെ അടുക്കലെയ്ക്ക്.

[7] ഈ സ്തോതാവ് – വൃഷഗണൻ. പാവകൻ – പാപം നീക്കുന്ന സോമം,

[8] ഹംസർ – ഹംസതുല്യർ. ബലം – ശത്രുക്കളുടെ ആക്രമണം. പ്രധർഷകൻ – സോമം. ദുസ്സഹൻ – ശത്രുക്കൾക്ക്. സഖാക്കൾ – സ്തോതാക്കൾ. വാണം – ഒരുതരം വീണ. മീട്ടുന്നു – മീട്ടിക്കൊണ്ടു പാടുന്നു.

[9] ആരും അനുഗമിയ്ക്കില്ല – ഒപ്പം നടക്കാൻ ആരും ആളാവില്ല. പച്ചയാണു് – മന്ദപ്രഭമാണു്.

[10] ബലപ്പെരുമാൾ – ബലത്തിന്റെ രാജാവായ സോമം.

[11] ഒഴുകുന്നു – കലശത്തിലെയ്ക്ക്.

[13] പരത്തുന്നു – വ്യാപിപ്പിയ്ക്കുന്നു.

[15] കുമ്പിടുവിച്ചു – മഴ പെയ്യാൻ.

[17] ഈ എളിയ ബന്ധുക്കളെ – ഞങ്ങളെ. തിരഞ്ഞ് – അഭീഷ്ടങ്ങൾ നല്കാൻ അന്വേഷിച്ച്.

[18] ബന്ധനം – പാപബന്ധം. ഗൃഹത്തിൽ – എന്റെ.

[19] മത്തിന്നു പോന്ന – ലഹരിപിടിപ്പിയ്ക്കാൻ ത്രാണിയുള്ള.

[20] ഉൾപ്പൂകുന്നു – കലശത്തിൽ.

[21] വാനം – അരിപ്പ. ഉദകം – നീര്.

[22] കൊതിച്ചെത്തും – നീരിൽ പാൽ ചേർക്കാൻ.

[23] ദാതാക്കൾക്കു നല്കുന്ന – യജമാനർക്ക് അഭീഷ്ടങ്ങൾ നല്കുന്ന. സുമേധസ്സ് – സോമം, സത്യരൂപൻ – ഇന്ദ്രൻ. സത്യം – തന്റെ നീരു്.

[26] സ്വർഗ്ഗത്തെ – ദേവന്മാരെ. മാദകതമങ്ങൾ = അതിമാദകങ്ങൾ, സോമങ്ങൾ.

[27] പെരിയ അമറേത്തിന്നു – ദേവകൾക്കു കുടിപ്പാൻ. ഇറക്കപ്പെട്ട – അങ്ങയാൽ.

[30] ഒന്നും രണ്ടും വാക്യങ്ങൾ പരോക്ഷങ്ങൾ: സഖാവു് – യജമാനൻ.

[32] അമൃതത്തിന്റെ ഇരിപ്പിടം – മരണരഹിതൻ.

[34] ഭാരവാഹി – യജമാനൻ. മൂന്നു സൂക്തികൾ – ഋഗ്യജുസ്സാമസ്തുതികൾ. ബ്രഹ്മം – സോമം.

[35] കലർത്തി – ഗോരസങ്ങൾ.

[36] സ്തുതി – ഞങ്ങളുടെ.

[38] നിറയ്ക്കുന്നു – സ്വമഹിമാവിനാൽ. തരുമാറാകട്ടെ – നമുക്ക്.

[39] പൂർവപിതാക്കൾ – അംഗിരസ്സുകൾ.

[40] രാജാവു് – സോമം. ജലാസ്പദം – അന്തരിക്ഷം.

[42] അന്നത്തിന്നും അർത്ഥത്തിന്നുമായി – ഞങ്ങൾക്ക്.

[44] ഉറവ് – നീര്.

[45] താഴത്തെയ്ക്ക് – കലശത്തിലെയ്ക്കു്. മരപ്പറ – ദ്രോണകലശം.

[46] രഥികൻ – രഥവാൻ. നിവേദിയ്ക്കുക – അങ്ങയ്ക്കു നല്കുക.

[47] മറച്ചു – സ്വതേജസ്സുകൊണ്ടു മൂടി. മൂന്നിനെയും – ശീതാതപവർഷങ്ങളെ. ഗൃഹം – യാഗശാല. ശബ്ദിച്ചുകൊണ്ടു് – ഹോതാവു സ്തുതിയ്ക്കുന്നതുപോലെ ശബ്ദിച്ചുകൊണ്ടു്.

[49] ഇരുനേതാക്കൾ – അശ്വികൾ.

[50] പൊറുപ്പ് – നിതൃവൃത്തി.

[51] ഋഷിയോഗ്യം – മന്ത്രം. കുത്സന്റേതാണു്, ഈ പ്രാർത്ഥന.

[52] ധാടിക്കാരെ പീഡിപ്പിയ്ക്കുന്ന – നാസ്തികർക്കു ദുഃഖകരമായ. സരസ്സിൽ – വെള്ളത്തിൽ. പ്രപന്നന്ന് – എനിയ്ക്ക്. നേതാവിനെ – കർമ്മനേതാവായ പുത്രനെ.

[53] രണ്ടാം വാക്യം പരോക്ഷം: പരിപന്ഥിഹന്താവു് = വൈരിഘ്നൻ, സോമം.

[54] വർഷിയ്ക്കലും, വണങ്ങിയ്ക്കലും – ശരവൃഷ്ടിയും, ശത്രുക്കളെ കുമ്പിടുവിയ്ക്കലും. കുതിരപ്പട = അശ്വയുദ്ധം. കൈപ്പോർ = ബാഹുയുദ്ധം. കൊന്നുകളയും – എതിരാളികളെ. ഉറക്കി – മൃതിപ്പെടുത്തി. അന്തിമവാക്യം പ്രത്യക്ഷം:

[55] മൂന്നരിപ്പകളിൽ – അഗ്നിവായുസൂര്യരിൽ. ഒന്നിലെയ്ക്ക് – കമ്പിളിയരിപ്പയിലെയ്ക്കു്.

[57] മഹാന്മാർ – ദേവന്മാർ. കവികൾ – സ്തോതാക്കൾ. ചെടി – സോമലത.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 4; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.