നഗരത്തിന്റെ തിന്മകളിൽ നിന്നു്
റെയ്നർ മരിയ റിൽക്കെ

നഗരത്തിന്റെ തിന്മകളിൽ നിന്നവരെയകറ്റൂ, ദൈവമേ-

അവർക്കു മല്ലു പിടിക്കേണ്ടി വരുന്ന

കലുഷവും രുഷ്ടവുമായ പരിസരങ്ങളിൽ നിന്നു്,

മുറിപ്പെട്ട ക്ഷമയോടെ കാത്തിരിക്കുമ്പോഴും

അവരെ കാർന്നുതിന്നുന്ന ക്ഷുബ്ധജീവിതത്തിൽ നിന്നു്.

ഭൂമിയിൽ പാവങ്ങൾക്കൊരിടവുമില്ലേ?

കാറ്റു് തേടുന്നതാരെ?

ചോലയുടെ തെളിമ മൊത്തുന്നതാരു്?

തടാകത്തിന്റെ കയങ്ങളിലൊരിടവുമില്ലേ,

അവരുടെ ജനാലപ്പടിയെ, വാതിലിനെ പ്രതിഫലിപ്പിക്കാൻ?

പാവങ്ങൾക്കൊരു പഴുതേ വേണ്ടൂ,

തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ,

മരങ്ങളെപ്പോലെ.

മനുഷ്യരുടെ വാക്കുകളെ ഞാൻ പേടിക്കുന്നു…
റെയ്നർ മരിയ റിൽക്കെ

മനുഷ്യരുടെ വാക്കുകളെ ഞാൻ പേടിക്കുന്നു;

എത്ര വ്യക്തമാണവരുടെ വിവരണങ്ങൾ!

ഇതൊരു നായ, അതൊരു വീടു്,

ഇവിടെ തുടക്കം, അവിടെയൊടുക്കവും.

വാക്കുകൾ കൊണ്ടവരമ്മാനമാടുമ്പോഴെനിക്കു പേടിയാവുന്നു,

വരാനുള്ളതും വന്നുപോയതുമവർക്കറിയാം,

ഒരു മലയും അവർക്കിപ്പോഴൊരത്ഭുതമല്ല,

അവരുടെ വീടും പറമ്പും ദൈവത്തിനു തൊട്ടയലത്തുമാണു്!

ഞാനവരെ താക്കീതു ചെയ്യുന്നു: മാറിനില്ക്കൂ!

എന്തു രസമാണു്, വസ്തുക്കൾ പാടുന്നതു കേൾക്കാൻ!

നിങ്ങൾക്കു പക്ഷേ, തൊടാതെ പറ്റില്ല;

തൊടുമ്പോഴവ കല്ലിക്കുന്നു, മിണ്ടാതാവുന്നു-

നിങ്ങളവയെ കൊല്ലുകയാണു്!

(1898)

വായനക്കാരൻ
റെയ്നർ മരിയ റിൽക്കെ

ഈ അപരിചിതനെ ആരറിയാൻ,

മറ്റൊരു ജീവിതം ജീവിക്കാൻ ഈ ജീവിതത്തിൽ നിന്നു മുഖം തിരിച്ചവനെ-

അച്ചടിത്താളുകൾ മറിച്ചുതള്ളുന്നതല്ലാതെ മറ്റൊന്നും

അവന്റെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുമില്ല.

ഒരമ്മയ്ക്കും ഇങ്ങനെയൊരു മകനെ കണ്ടാലറിയില്ല,

തനിയ്ക്കു മുന്നിലെ ലോകത്തിൽ പോയി മറഞ്ഞവനെ,

തന്റെ തന്നെ നിഴലിൽ മുങ്ങിത്താണവനെ.

എങ്കിൽ, മണിക്കൂർ കണക്കിനു ജീവിതം ജീവിക്കുന്ന നാമെന്തറിയാൻ,

തന്റെ പുസ്തകത്തിലുണ്ടായിരുന്നതിന്റെയൊക്കെ ഭാരത്താൽ

കനം വെച്ച തലയുയർത്തി അവൻ നോക്കുമ്പോൾ

അവൻ ജീവിച്ചതും നഷ്ടപ്പെടുത്തിയതുമായ മറ്റു ജീവിതങ്ങളെക്കുറിച്ചു്?

കുട്ടികൾ കളി നിർത്തി ചുറ്റും നോക്കുമ്പോലെ

അവന്റെ കണ്ണുകളിപ്പോൾ പുറത്തേക്കു തിരിയുന്നു,

വീണ്ടും രൂപം വെച്ചു നില്ക്കുന്ന ലോകത്തേക്കു്;

എന്നാലവന്റെ വടിവൊത്ത മുഖലക്ഷണങ്ങൾ

അവനു ജീവനുള്ള കാലം പഴയ രൂപം വീണ്ടെടുക്കുകയുമില്ല.

പെയ്ന്റിംഗുകൾ: പോൾ ക്ലീ

റെയ്നർ മരിയ റിൽക്കെ

റെയ്നർ മരിയ റിൽക്കെ ( Rainer Maria Rilke) 1875 ഡിസംബർ 4-നു് അന്നു് ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗിൽ ഒരു ജർമ്മൻ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാലജീവിതം ഫ്രോയിഡിന്റെ കേസു് ഡയറിയിലെ ഒരു പേജിനെ ഓർമ്മിപ്പിക്കും. അത്ര സന്തുഷ്ടമല്ലാത്ത ഒരു ദാമ്പത്യത്തിലെ ഏകസന്തതിയായിരുന്നു റിൽക്കെ. അച്ഛൻ യോസെഫ് റിൽക്കെ സൈനികസേവനം മതിയാക്കി റയിൽവേയിൽ ഒരിടത്തരം ജോലിയുമായി കഴിയുകയായിരുന്നു. ധനികനായ ഒരു വ്യാപാരിയുടെ മകളായ അമ്മ തന്റെ അന്തസ്സിനു ചേരാത്ത ഒന്നായിട്ടാണു് യോസെഫുമായുള്ള വിവാഹത്തെ കണ്ടിരുന്നതു്. കലഹക്കാരിയായ അവർ 1884-ൽ ഭർത്താവിനെ ഉപേക്ഷിച്ചു് വിയന്നയിലേക്കു പോയി. സ്വാഭാവികമായും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ റിൽക്കേയുടെ പില്ക്കാലജീവിതത്തിൽ മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ സ്വാധീനിച്ചിട്ടുള്ളതായി വായിക്കപ്പെടുന്നു. നിരവധി പ്രണയങ്ങളും വളരെ ഊഷ്മളമായ ചില ബന്ധങ്ങളും ഉണ്ടായിട്ടും ഒരു ഗാർഹസ്ഥ്യജീവിതവുമായി ധാരണയിലെത്താൻ അദ്ദേഹത്തിനു് ഒരിക്കലും കഴിഞ്ഞിട്ടില്ല.

അഞ്ചു വയസ്സു വരെ പെൺകുട്ടികളെപ്പോലെ, അവരുടെ വേഷവും അവരുടെ കളിപ്പാട്ടങ്ങളുമായി, വളർന്ന റിൽക്കെ പ്രാഗിലെ പിയാറിസ്റ്റു് അച്ചന്മാർ നടത്തിയിരുന്ന ഒരു സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസത്തിനു ചേർന്നു. പിന്നീടു് അദ്ദേഹം സാൻക്റ്റു് പോൾട്ടെനിലെ ഒരു സൈനികസ്കൂളിലാണു് വിദ്യാഭ്യാസം തുടർന്നതു്. റിൽക്കേയെപ്പോലൊരു ബാലന്റെ വൈകാരികവും ബൗദ്ധികവുമായ ആവശ്യങ്ങൾക്കു നേരേ വിപരീതമായിരുന്നു, പട്ടാള ഓഫീസർമാരെ വാർത്തെടുക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ആ വിദ്യാലയങ്ങളിലെ പഠനരീതി. എന്തായാലും അവിടെ തുടരാതിരിക്കാൻ അനാരോഗ്യം അദ്ദേഹത്തിനു തുണയായി. പിൽക്കാലത്തു് റിൽക്കെ ഈ വർഷങ്ങളെ ഓർത്തെടുക്കുന്നതു് “ഭീതിയുടെ ബാലപാഠം” എന്ന നിലയ്ക്കാണു്. ബിസിനസു് അഡ്മിനിസ്ട്രേഷൻ പഠിക്കാൻ തുലച്ചുകളഞ്ഞ ഒരു കൊല്ലം കൂടി കഴിഞ്ഞിട്ടാണു് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം അതിന്റെ ശരിയായ ചാലിലേക്കു വീഴുന്നതു്. അച്ഛന്റെ കുടുംബത്തിൽ നിന്നുള്ള ഒരമ്മാവന്റെ ഊർജ്ജസ്വലമായ സഹകരണം ഇക്കാര്യത്തിൽ അദ്ദേഹത്തിനു സഹായകമായി. ഇക്കാലമായപ്പോഴേക്കും അച്ഛനും അമ്മയും ബന്ധം വേർപെടുത്തിക്കഴിഞ്ഞിരുന്നു. 1895-ൽ പ്രാഗിന്റെ പ്രാന്തപ്രദേശത്തുള്ള ന്യൂസ്റ്റാഡ്റ്റിലെ ഒരു ജർമ്മൻ ജിംനേഷ്യത്തിൽ നിന്നു് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്കൂൾ വിടുമ്പോഴേക്കും റിൽക്കെ ഒരു കവിതാസമാഹാരം (Leben und Lieder: Bilder und Tagebuchblatter—ജീവിതവും ഗീതങ്ങളും: ചിത്രങ്ങളും ഡയറിക്കുറിപ്പുകളും) പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. സാഹിത്യത്തിലാണു് തന്റെ ഭാവിജീവിതമെന്ന ലക്ഷ്യബോധവും അദ്ദേഹത്തിനു വന്നുകഴിഞ്ഞിരുന്നു. 1895-ൽ അദ്ദേഹം പ്രാഗ് യൂണിവേഴ്സിറ്റിയിൽ ജർമ്മൻ ഭാഷയും കലാചരിത്രവും പഠിക്കാൻ ചേർന്നു. എന്നാൽ പഠനവുമായി പൊരുത്തപ്പെടാനാവാതെ 1896-ൽ അദ്ദേഹം മ്യൂണിച്ചിലേക്കു പോയി. ആ നഗരത്തിന്റെ ബൗദ്ധികവും സാഹിത്യപരവുമായ അന്തരീക്ഷം അദ്ദേഹത്തിന്റെ അഭിരുചികൾക്കു ചേരുന്നതായിരുന്നു. Larenopfer, Traumgelkront എന്നീ കവിതാസമാഹാരങ്ങൾ ഇക്കാലത്തു് അദ്ദേഹം പ്രസിദ്ധീകരിച്ചു. ചില നാടകങ്ങളും എഴുതി അവതരിപ്പിച്ചു. തന്റെ ആദ്യകാലവളർച്ചയിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ ഡാനിഷ് എഴുത്തുകാരൻ ജൻസു് പീറ്റർ ജേക്കബ്സെന്നിന്റെ (Jens Peter Jacobsen) കൃതികളുമായി പരിചയപ്പെടുന്നതും ഇക്കാലത്താണു്.

1897-ൽ വെനീസു് സന്ദർശിക്കുമ്പോഴാണു് ലൂ അന്ദ്രിയാസു്-സലോമിയെ (Lou Andreas-Salome) റിൽക്കെ ആദ്യമായി കാണുന്നതു്. അന്നു് 36 വയസ്സുള്ള അവർ ഒരു ജർമ്മൻ ജനറലിന്റെയും ഒരു റഷ്യൻ സ്ത്രീയുടേയും മകളായിരുന്നു. ചെറുപ്പത്തിൽ ഫ്രീഡ്രിഷ് നീച്ച (Friedrich Nietzsche) അവരോടു പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നു. റിൽക്കേയെ കാണുന്നതിനു പത്തു കൊല്ലം മുമ്പേ അവർ ഒരു ജർമ്മൻ പ്രൊഫസ്സറെ വിവാഹം ചെയ്തിരുന്നു. ലൂവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാമുകി മാത്രമല്ല, റിൽക്കെ കൊതിച്ചിരുന്ന മാതൃസാന്നിദ്ധ്യം കൂടിയായിരുന്നു അവർ. ഇതിനൊക്കെപ്പുറമേ അദ്ദേഹത്തിനു് റഷ്യയെ പരിചയപ്പെടുത്തുന്നതും അവരാണു്.

1899 വസന്തകാലത്തും 1900 വേനല്ക്കാലത്തും റിൽക്കെ അവരോടൊപ്പം റഷ്യ സന്ദർശിച്ചു. അദ്ദേഹത്തിന്റെ “ആർജ്ജിതജന്മദേശ”ങ്ങളിൽ ആദ്യത്തേതും പ്രധാനവുമായിരുന്നു റഷ്യ. തന്റെ അനുഭൂതികളുടെ, തന്റെ ആന്തരയാഥാർത്ഥ്യത്തിന്റെ പ്രതീകമായ ഒരു ബാഹ്യയാഥാർത്ഥ്യമാണു് റിൽക്കെ അവിടെ കണ്ടതു്. റഷ്യ അദ്ദേഹത്തിനു് ആദിമസത്തയുടെ ഒരു പ്രതിനിധാനമായിരുന്നു, ദൈവവും മനുഷ്യനും പ്രകൃതിയും അകലുഷമായി ലയിക്കുന്ന ഒരു മണ്ഡലം. ഇവിടെ വച്ചു് അദ്ദേഹം ലിയോ ടോൾസ്റ്റോയു്, ലിയനിദു് പാസ്റ്റർനാക്കു് (ബോറിസു് പാസ്റ്റർനാക്കിന്റെ പിതാവു്), കർഷകജീവിതത്തിന്റെ കവിയായ സ്പിരിഡോൺ ഡ്രോഷിൻ തുടങ്ങിയവരെ പരിചയപ്പെട്ടു. തന്നിൽ മുള പൊട്ടുകയായിരുന്ന, കലയെ മതവിശ്വാസമായി കാണുക എന്ന ആശയത്തിനു പ്രചോദകമായ കാവ്യസാമഗ്രികൾ അദ്ദേഹത്തിനു് ഈ യാത്രകളിൽ നിന്നു ലഭിച്ചു. അതിന്റെ പ്രതിഫലനമാണു് 1899–1903 കാലത്തു് എഴുതിത്തീർത്ത മൂന്നു ഭാഗങ്ങളുള്ള Das Stundenbuch enthaltend die drei Bücher: Vom moenchischen Leben; Von der Pilgerschaft; Von der Armuth und vom Tode (The Book of Hours) എന്ന കവിതാപരമ്പര. ആശ്രമജീവിതത്തിന്റെ പുസ്തകം, തീർത്ഥാടനത്തിന്റെ പുസ്തകം, ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും പുസ്തകം ഇങ്ങനെ മൂന്നു ഭാഗങ്ങളായി ഒരു കൂട്ടം പ്രാർത്ഥനകൾ ആണവ. “ക്രൈസ്തവസന്ന്യാസിമാരുടെ കീർത്തനപുസ്തകത്തിൽ നിന്നു കീറിയെടുത്ത പോലെ”യുണ്ടെന്നാണു് ഇതിനെക്കുറിച്ചു് ഹെസ്റ്റർ പിക്ക്മാൻ പറയുന്നതു്. “എന്നാൽ ഒരു കീഴ്മറിച്ചിൽ നടക്കുന്നുണ്ടു്. ദൈവം ഇവിടെ വെളിച്ചമല്ല, ഇരുട്ടാണു്-പിതാവല്ല, പുത്രനാണു്, സ്രഷ്ടാവല്ല, സൃഷ്ടിയാണു്. മനുഷ്യനല്ല, അവനാണു് നമ്മുടെ ഏറ്റവും അടുത്ത അയല്ക്കാരൻ; കാരണം, മനുഷ്യർ തമ്മിൽത്തമ്മിൽ അത്രയ്ക്കകന്നുപോയിരിക്കുന്നു. അവർ ദൈവത്തെ തേടിപ്പിടിക്കണം, അവന്റെ പേരു പറഞ്ഞു് ആളുകൾ കൂടിനില്ക്കുന്നിടത്തല്ല, അവനവൻ ഒറ്റയ്ക്കു്.”

റിൽക്കേയുടെ ദൈവം സാമ്പ്രദായികാർത്ഥത്തിലുള്ള ഒരു ഈശ്വരനല്ല; അദ്ദേഹം ആ പദം ഉപയോഗിക്കുന്നതു് ഒരു ജീവച്ഛക്തിയെ അല്ലെങ്കിൽ പ്രകൃതിയെ, അല്ലെങ്കിൽ സ്വന്തം അസ്തിത്വത്തെക്കുറിച്ചു് സാവധാനം ബോധമുദിക്കുന്ന ഒരു ബ്രഹ്മാണ്ഡസത്തയെ കുറിക്കാനാണു്. പരിണാമസിദ്ധാന്തത്തിന്റെയും അതിമാനുഷനെ കുറിച്ചുള്ള നീച്ചയുടെ സങ്കല്പത്തിന്റെയും വിചിത്രമായ ഒരു സങ്കലനത്തിലൂടെ റിൽക്കെ ചെന്നെത്തുന്നതു് പ്രപഞ്ചമെന്ന പ്രക്രിയയുടെ ആദികാരണമായ ഒരു ദൈവത്തിലല്ല, അതിന്റെ അന്തിമഫലമായ ഒരു ദൈവത്തിലാണു്. ഈ പുസ്തകത്തിലെ മുഖ്യമായ മറ്റൊരു പ്രമേയം കലയെക്കുറിച്ചുള്ള കവിയുടെ വീക്ഷണമാണു്. “സർഗ്ഗാത്മകത ഇല്ലാത്തവരുടെ കലയാണു് മതം” എന്നു് റിൽക്കെ ഒരിടത്തു പറഞ്ഞിട്ടുണ്ടു്.

രണ്ടാമത്തെ റഷ്യൻ യാത്ര കഴിഞ്ഞയുടനേ റിൽക്കെ ബ്രെമെനിനടുത്തുള്ള വോർപ്സ്വീഡിൽ കലാകാരന്മാരുടെ ഒരു കോളണിയിൽ ചേർന്നു. 1901-ൽ അദ്ദേഹം ക്ലാര വെസ്റ്റ്ഹോഫിനെ (Clara Westhoff) വിവാഹം ചെയ്തു; ഫ്രഞ്ചു് ശില്പിയായ ഓഗസ്റ്റു് റോദാങ്ങിന്റെ (August Rodin) ശിഷ്യയായിരുന്നു ക്ലാര. 1901-ൽ അവർക്കു് ഒരു മകൾ ജനിച്ചു; വൈകാതെ അവർ പിരിയുകയും ചെയ്തു. തങ്ങളുടെ പ്രവർത്തനമേഖലകളിൽ സ്വതന്ത്രമായി വ്യാപരിക്കുന്നതിനായി സൗഹൃദപരമായ ഒരു വേർപിരിയലായിരുന്നു അതു്.

1902-ൽ ഒരു ജർമ്മൻ പ്രസാധകന്റെ താല്പര്യാർത്ഥം റോദാങ്ങിനെക്കുറിച്ചു് ഒരു പഠനമെഴുതാൻ റിൽക്കെ പാരീസിലേക്കു പോയി. അടുത്ത പന്ത്രണ്ടു കൊല്ലത്തേക്കു് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു ആ നഗരം. മറ്റു നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ വേണ്ടി അദ്ദേഹം പലപ്പോഴും പാരീസു് വിട്ടുപോയിട്ടുണ്ടു്; 1903-ൽ ഇറ്റലിയിലെ വിയറെഗ്ഗിയൊ, 1903–04-ൽ റോം, 1904-ൽ സ്വീഡൻ, 1906–08-ൽ കാപ്രി; കൂടാതെ ദക്ഷിണ ഫ്രാൻസു്, സ്പെയിൻ, ടുണീഷ്യ, ഈജിപ്തു്. പുറമേ ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കാനായി ജർമ്മനിയിലേക്കും ഓസ്ട്രിയായിലേക്കുമുള്ള യാത്രകൾ. പക്ഷേ, പാരീസായിരുന്നു റഷ്യയെപ്പോലെതന്നെ അദ്ദേഹത്തിന്റെ രണ്ടാം വീടു്.

റിൽക്കേയുടെ പാരീസു് സുഖജീവിതത്തിന്റെ തലസ്ഥാനമായിരുന്നില്ല. നരകീയജീവിതത്തിന്റെ, മുഖമില്ലാത്തവരുടെ, അഗതികളുടെ, വൃദ്ധരുടെ, രോഗികളുടെ, മരണത്തിന്റെ നഗരവുമായിരുന്നു അതു്. ഭീതിയുടേയും ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും തലസ്ഥാനം. അതേല്പിച്ച ആഘാതത്തിനൊപ്പം പുതിയൊരു കവിയെ രൂപപ്പെടുത്തിയ മറ്റൊന്നുണ്ടായിരുന്നു: റോദാങ്ങുമായുള്ള സഹവാസത്തിൽ നിന്നു കിട്ടിയ കലയെക്കുറിച്ചുള്ള പുതിയൊരു അവബോധം. കലാകാരൻ പ്രചോദനത്തിനു വേണ്ടി കാത്തിരിക്കുക എന്ന സാമ്പ്രദായികപാഠത്തിനു പകരം റോദാങ്ങ് അദ്ദേഹത്തെ പഠിപ്പിച്ചതു് നിരന്തരം പ്രവൃത്തി ചെയ്യുക, കലയെ ഒരു പ്രവൃത്തിയായി കാണുക എന്ന സ്വന്തം രീതിയാണു്. വിശദാംശങ്ങൾക്കും അർത്ഥഛായകൾക്കും പ്രാധാന്യം കൊടുക്കുക, മറ്റെന്തിലുമുപരി വിഷയത്തിന്റെ രൂപത്തെ തേടിപ്പോവുക, പ്രമേയത്തിനു് തൊട്ടറിയാവുന്ന ഒരു രൂപം നല്കുക. ലൂവ്രിലെയും നോത്രുദാം കത്രീഡ്രലിലേയും കലാശേഖരങ്ങളിലേക്കു് കവിയ്ക്കു് ഒരുൾക്കാഴ്ച നല്കിയതും റോദാങ്ങ് ആയിരുന്നു. ഷാൾ ബോദ്ലേർ (Charles Baudelaire) ആയിരുന്നു പാരീസു് റിൽക്കേയ്ക്കു നല്കിയ കാവ്യമാതൃക.

ഈ പാരീസു് ജീവിതത്തിൽ നിന്നാണു് റിൽക്കെ തന്റെ പുതിയ കവിതാരീതി മെനഞ്ഞെടുക്കുന്നതു്. ഇതിനെ അദ്ദേഹം വസ്തു-കവിത എന്നു വിളിച്ചു. ദൈനന്ദിനജീവിതത്തിൽ കാണുന്ന മൂർത്തവസ്തുക്കളെ ലളിതമായ ഒരു പദസഞ്ചയം കൊണ്ടു് അനുഭവവേദ്യമാക്കുക എന്നതാണു് ഈ കവിതകൾ കൊണ്ടു് റിൽക്കെ ഉദ്ദേശിച്ചതു്. 1907–08 കാലത്തു് രണ്ടു ഭാഗങ്ങളായി ഇറങ്ങിയ Neue Gedichte (പുതിയ കവിതകൾ) എന്ന സമാഹാരമാണു് ഈ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതു്. ഇതിലെ പല കവിതകളും, ശില്പങ്ങളുടേയും ചിത്രങ്ങളുടേയും ഭാവനാപൂർണ്ണമായ ഭാഷാപരിവർത്തനങ്ങളാണു്. മറ്റു ചില കവിതകൾ ഭൂദൃശ്യങ്ങളേയും ബൈബിൾ, മിത്തോളജിക്കൽ പ്രമേയങ്ങളേയും ഒരു ചിത്രകാരനെപ്പോലെ ആലേഖനം ചെയ്യുന്നു. സൂക്ഷ്മതയുടേയും സ്വച്ഛതയുടേയും പരമസീമയിലെത്തുന്ന ഭാഷ നിലവിലെ ഭാഷയിൽ നിന്നു ഭിന്നമായ മറ്റൊരു ഭാഷ തന്നെയാകുന്നു. അതേ സമയം രൂപപരമായ ഈ ഭദ്രതയും ചാരുതയും അവയിൽ നിഹിതമായ വൈകാരികവും നൈതികവുമായ വ്യാപാരങ്ങളെ മറച്ചുപിടിക്കുന്നുമില്ല. ലൂ സലോമിക്കെഴുതിയ ഒരു കത്തിൽ റിൽക്കെ തന്റെ കവിതാരീതിയെ ഇങ്ങനെ സംക്ഷേപിക്കുന്നുണ്ടു്: “ഭീതിയിൽ നിന്നു് വസ്തുക്കൾ സൃഷ്ടിക്കുക.”

“പുതിയ കവിതകളു”ടെ ഗദ്യരൂപത്തിലുള്ള സമാന്തരമാണു് 1904-ൽ റോമിൽ വച്ചെഴുതിത്തുടങ്ങിയ Die Aufzeichnungen des Malte Laurids Brigge (മാൾട്ടെ ലൂറിഡ്സു് ബ്രിഗ്ഗേയുടെ നോട്ട്ബുക്കുകൾ) എന്ന നോവൽ. കവിതകളിൽ പശ്ചാത്തലത്തിൽ നിന്നതു് നോവലിൽ മുന്നിലേക്കു വരുന്നു: പാരീസിലെ ഒരു ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ വൈയക്തികമായ പ്രശ്നങ്ങൾ, “വസ്തുക്കളു”ടെ സൃഷ്ടിക്കു പ്രചോദനമായ ആ “ഭീതി.” കവിതകൾ സിംബലിസ്റ്റുകൾ സ്വപ്നം കണ്ട “ശുദ്ധകവിത” യുടെ ഉജ്ജ്വലമായ മാതൃകയാണെങ്കിൽ മാൾട്ടെ അസ്തിത്വവാദസാഹിത്യത്തിന്റെ ഒന്നാന്തരം ആദ്യകാലരൂപമാണു്. മനുഷ്യനെക്കാൾ, അവന്റെ ലോകത്തെക്കാൾ ഉന്നതമായതെന്തെങ്കിലും നിലനില്ക്കുന്നുണ്ടോയെന്ന കവിയുടെ സംശയങ്ങൾ കൂടിവരുന്നു. ആ സന്ദേഹം കവിതയെഴുതുന്നതിനു് കവിക്കുള്ള ന്യായീകരണമായി മാറുകയും ചെയ്യുന്നു: കലയിലൂടെ ജീവിതത്തിന്റെ ആന്തരാർത്ഥം തേടുക.

ഈ നോവലിനു ശേഷം റിൽക്കേയുടെ രചനാജീവിതത്തിൽ ഒരു സ്തംഭനാവസ്ഥ തന്നെ ഉണ്ടായി. 1913-ൽ ഇറങ്ങിയ ചെറിയ ഒരു കവിതാസമാഹാരമല്ലാതെ പതിമൂന്നു കൊല്ലത്തേക്കു് അദ്ദേഹം മറ്റൊന്നും തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായില്ല. 1912-ൽ വിലാപഗീതങ്ങളുടെ ശൈലിയിൽ അദ്ദേഹം രണ്ടു കവിതകൾ എഴുതി. പക്ഷേ അവ പ്രസിദ്ധീകരിക്കാൻ ഒരുമ്പെട്ടില്ല. കാരണം, പുതിയൊരു കവിതാപരമ്പരയുടെ ആദ്യകവിതകൾ ആണവയെന്നു് അദ്ദേഹത്തിനു തോന്നി. ട്രീറ്റ്സിയിലെ ഡ്യൂണോ കാസിലിൽ താമസിക്കുമ്പോഴാണു് റിൽക്കെ ഈ കവിതകൾ എഴുതുന്നതു്.

ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോൾ അദ്ദേഹം മ്യൂണിച്ചിൽ ആയിരുന്നു. 1915 ഡിസംബറിൽ അദ്ദേഹത്തെയും നിർബ്ബന്ധമായി ഓസ്ട്രിയൻ സൈന്യത്തിലെടുത്തു. എന്തായാലും 1916 ജൂണിൽ അദ്ദേഹത്തിനു് സിവിലിയൻ ജീവിതത്തിലേക്കു മടങ്ങിപ്പോരാൻ കഴിഞ്ഞു. ഇക്കാലത്തെ സാമൂഹ്യാന്തരീക്ഷം അദ്ദേഹത്തിന്റെ ജീവിതത്തിനും കവിതയ്ക്കും ചേർന്നതായിരുന്നില്ല. യുദ്ധം അവസാനിച്ചപ്പോഴേക്കും മരവിച്ച ഒരവസ്ഥയിലായിരുന്നു അദ്ദേഹം. കാര്യമായി എഴുതിയതു് 1915 ശരത്ക്കാലത്തു് ഡ്യൂണോ വിലാപത്തിന്റെ നാലാം ഭാഗം മാത്രം.

അടുത്ത ഏഴു കൊല്ലം റിൽക്കെ സ്വിറ്റ്സർലന്റിൽ തന്നെയായിരുന്നു. റോൺ നദിയുടെ കരയിലുള്ള ഷാറ്റു ഡി മ്യൂസോട്ടു് (Château de Muzot) എന്ന കാസിലിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നതു്. 1922 ഫെബ്രുവരിയിൽ വർഷങ്ങൾക്കു മുമ്പു് തുടങ്ങിവച്ച Duineser Elegien (ഡ്യൂണോ വിലാപഗീതങ്ങൾ) അദ്ദേഹം പൂർത്തിയാക്കി. മാത്രമല്ല, പ്രമേയത്തിലും ഭാവത്തിലും ആ കവിതകളോടു സമാനമായ മറ്റൊരു 55 കവിതകൾ, Sonette an Orpheus (ഓർഫ്യൂസു് ഗീതകങ്ങൾ), അപ്രതീക്ഷിതമായും അയത്നമായും അദ്ദേഹത്തിനു ‘വന്നുചേരുക’യും ചെയ്തു. “ആധുനികകാലത്തു് എഴുതപ്പെട്ട ഏറ്റവും മഹത്തായ കവിതാപരമ്പര” എന്നാണു് കോളിൻ വിൽസൺ ഡ്യൂണോ കവിതകളെ വിശേഷിപ്പിക്കുന്നതു്. എലിയട്ടിന്റെ ‘തരിശുഭൂമി’ക്കു് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉണ്ടായ സ്വാധീനത്തിനു സമാനമാണു് ഡ്യൂണോ വിലാപങ്ങൾക്കു് ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിൽ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

റിൽക്കേയുടെ കവിതയുടെ ഉച്ചനിലയാണു് ഡ്യൂണോ. Stundenbuch (Book of Hours) ൽ ദൈവത്തിനോടുള്ള ഒരു മിസ്റ്റിക്കിന്റെ ഭക്തിയായി തുടങ്ങിയ ജീവിതാരാധന മാൾട്ടെയിൽ “ഒരു ഗർത്തത്തിനു മേൽ തൂങ്ങിക്കിടക്കുന്ന ഈ ജീവിതം യഥാർത്ഥത്തിൽ അസാദ്ധ്യമാണ്” എന്ന സന്ദേഹത്തിലൂടെ ഡ്യൂണോയിലെത്തുമ്പോൾ സംശയങ്ങളൊഴിഞ്ഞ ഒരു സ്തുതിയായി മാറുന്നു. ആധുനികമനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു മിത്തായി ഈ കവിതകളെ കാണാം. ഈ മിത്തിൽ ലോകത്തിലാകെ വ്യാപകമോ അതിനതീതമോ ആയ ഒരു സത്തയില്ല; പകരം ജീവിതത്തെയും മരണത്തെയും ഭൂമിയേയും ആകാശത്തെയും കാലത്തെയും ഒരുമിച്ചുൾക്കൊള്ളുന്ന ഒരുൾപ്രപഞ്ചത്തെക്കുറിച്ചാണു് റിൽക്കെ പറയുന്നതു്. ബിംബബഹുലമായ ഒരു പ്രപഞ്ചശാസ്ത്രത്തിലൂടെയാണു് റിൽക്കെ തന്റെ മിത്തിനെ വിശദീകരിക്കുന്നതു്. മൃഗം മുതൽ മാലാഖ വരെയുൾക്കൊള്ളുന്ന ഒരു ശ്രേണീബന്ധമാണു് ആ സത്ത. ഇവിടെ മനുഷ്യൻ നിയുക്തനായിരിക്കുന്നതു് ദൃശ്യമായതിനെയെല്ലാം അദൃശ്യമാക്കുക എന്ന ദൗത്യത്തിന്റെ നിർവ്വഹണത്തിനാണു്. “അദൃശ്യത്തിന്റെ തേനീച്ചകളാണു് നാം.” മനുഷ്യന്റെ ഈ വിധി മൂർത്തരൂപം പ്രാപിക്കുന്നതു് “പാടുന്നതിൽ”, “സ്തുതിക്കുന്നതിൽ” ആണു്. അങ്ങനെ കവി മാലാഖയ്ക്കു (ദൈവത്തിന്റെ പര്യായമാണതു്) മുന്നിൽ മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയാകുന്നു. റിൽക്കേയുടെ ഈ സന്ദേശം ചിലർ പുതിയൊരു മതമായി കാണുമ്പോൾ അനിയന്ത്രിതമായ സൗന്ദര്യവാദമായും ഒരു കവി തന്റെ സിദ്ധികൾ ഉപയോഗപ്പെടുത്തി സ്വയം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളായും അതിനെ തള്ളിക്കളയുന്നവരുമുണ്ടു്.

ഓർഫ്യൂസു് ഗീതകങ്ങൾ റിൽക്കേയുടെ വിജയഗീതങ്ങൾ ആണെന്നു് സി. എം. ബൗറ (C. M. Bowra) ഒരു പഠനത്തിൽ പറയുന്നു. “കവിത എന്നാൽ എന്താണെന്നും എന്താണു് തനിക്കതിൽ നിന്നു കിട്ടിയതെന്നും എന്താണു് താൻ അതിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും റിൽക്കെ ഈ ഗീതകങ്ങളിൽ കാണിച്ചുതരുന്നു. ആഹ്ളാദമാണു് പ്രബലമായ ഭാവം. ഡ്യൂണോയിലെ വേദനയ്ക്കും ഉത്കണ്ഠയ്ക്കും പൂരകമാണതു്. ഈ രണ്ടു പുസ്തകങ്ങളും ഒന്നായി വേണം കാണേണ്ടതു്; ഒന്നു് മറ്റൊന്നിന്റെ സാന്നിദ്ധ്യത്തിലാണു് പ്രകാശിക്കുന്നതും.”

തന്റെ ജീവിതാവസാനകാലത്തു് റിൽക്കെ പ്രചോദനം കണ്ടതു് വലേറി, കോക്തോ തുടങ്ങിയ ഫ്രഞ്ചു് കവികളിലാണു്. ഇക്കാലത്തെഴുതിയ മിക്ക കവിതകളും ഫ്രഞ്ചിൽ ആയിരുന്നു. എന്നും അനാരോഗ്യവാനായിരുന്ന റിൽക്കെ ജനീവ തടാകത്തിനരികിലുള്ള വാൽമൊണ്ടു് സാനിറ്റോറിയത്തിൽ ചികിത്സയിലിരിക്കെ 1926 ഡിസംബർ 29-നു് ലുക്കീമിയയ്ക്കു കീഴടങ്ങി. സ്ഥാപനവത്കൃതമായ ക്രിസ്തുമതത്തിനെതിരായിരുന്ന അദ്ദേഹം മരണശയ്യയിലും ഒരു പുരോഹിതന്റെ സാമീപ്യം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഒരു കവി എന്ന നിലയിലുള്ള റിൽക്കേയുടെ വികാസത്തെ ഹെർമ്മൻ ഹെസ്സെ ഇങ്ങനെ വിവരിക്കുന്നു: “അസാധാരണമാണു്, ബൊഹീമിയൻ നാടോടിക്കവിതയുടെ തരുണസംഗീതത്തിൽ നിന്നു് ഓർഫ്യൂസിലേക്കുള്ള ആ യാത്ര… രൂപത്തിന്മേലുള്ള അദ്ദേഹത്തിന്റെ പാടവം ഓരോ ഘട്ടം കഴിയുന്തോറും കൂടുകയും അദ്ദേഹത്തിന്റെ പ്രശ്നങ്ങളിലേക്കു് കൂടുതൽ കൂടുതൽ ചുഴിഞ്ഞിറങ്ങുകയുമാണു്! ദിവ്യാത്ഭുതം പോലെ ഉത്കണ്ഠാകുലനായ, സന്ദേഹിയായ, ബലഹീനനായ വ്യക്തി പിന്നിലേക്കു മാറുകയും പ്രപഞ്ചസംഗീതം അയാളിലൂടെ പ്രതിദ്ധ്വനിക്കുകയുമാണു്…” ഒരു മതവിശ്വാസവും സാന്ത്വനമണയ്ക്കാൻ ഇല്ലാതിരുന്ന റിൽക്കെ കലയിൽ ശാന്തി കണ്ടെത്തി. ഹോൾറൈഡ് പറയുന്നപോലെ “സ്വന്തം അനുഭൂതികൾ ആവിഷ്കരിക്കാനും വിപുലമാക്കാനുമായി റിൽക്കെ എഴുതിയ കവിത, താറുമാറായ ഈ ലോകത്തു് സ്വന്തം ദിശ കണ്ടെത്താൻ ആധുനികമനുഷ്യൻ നടത്തിയ ശ്രമങ്ങളിൽ വിജയം കണ്ട ഒന്നാണു്.”

Colophon

Title: Rilke (ml: റിൽക്കേ).

Author(s): Rainer Maria Rilke.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-16.

Deafult language: ml, Malayalam.

Keywords: Poems, Rainer Maria Rilke, Rilke, റെയ്നർ മരിയ റിൽക്കെ, റിൽക്കേ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.