ഏതാനും വർഷങ്ങൾക്കു മുമ്പു്, ഞാൻ ഇംഗ്ലീഷ് സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്തു്, മുഖ്യപരീക്ഷാവിജിഗീഷുക്കളായ ചില അദ്ധ്യാപകശിഷ്യന്മാർ എന്നും വൈകുന്നേരത്തു് പള്ളിക്കൂടത്തിൽ വന്നുകൂടുക പതിവായിരുന്നു. അവരുടെ ആവശ്യത്തിലേക്കു് അപ്പൊഴപ്പോൾ പറഞ്ഞുകൊടുത്തിരുന്ന നോട്ടുകളെ “സാഹിത്യചരിത്രസംഗ്രഹം” എന്ന പേരിൽ പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നു് ആ ശിഷ്യന്മാരിൽ ഒരാൾ എന്നോടു് അപേക്ഷിച്ചുവെങ്കിലും, എന്റെ ഗുരുജനങ്ങളിൽ ചിലർ സാഹിത്യചരിത്രം എഴുതിവരുന്നുണ്ടെന്നു് അറിവുകിട്ടിയതിനാൽ ഞാൻ ആ അപേക്ഷയെ തിരസ്കരിക്കയാണു ചെയ്തതു്. പണ്ഡിതകേസരികൾക്കു സ്വച്ഛന്ദം വിഹരിക്കാനുള്ള പുണ്യഭൂമിയിൽ കാലെടുത്തു വെയ്ക്കുന്നതിനു് അസ്മാദൃശന്മാർക്കു് ഒരു അവകാശവുമില്ലല്ലോ. എന്നാൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം തീർന്നുപോകയും തൽസ്ഥാനത്തു് ഇതേവരെ വേറൊരു പുസ്തകവും ഇല്ലാതെ വരികയും ചെയ്തതു നിമിത്തം ഒരു സാഹിത്യചരിത്രം എഴുതിക്കണമെന്നു് “വിദ്യാവിലാസിനി ബുക്ക്ഡിപ്പോ” ഉടമസ്ഥനു ആഗ്രഹമുണ്ടായതിന്റെ ഫലമായിട്ടാണു് ഞാൻ ഈ സാഹസത്തിനായി ഒരുമ്പെടേണ്ടിവന്നതു്. ഇതിന് ആവശ്യമുള്ള ഒട്ടു വളരെ ഗ്രന്ഥങ്ങൾ തന്നു് അദ്ദേഹം വളരെ സഹായിച്ചിട്ടുമുണ്ടു്.
സാഹിത്യചരിത്രസംഗ്രഹം നേരത്തേ ഞാൻ എഴുതിവെച്ചിരുന്നതുകൊണ്ടു്, അതിനെ അങ്ങനെതന്നെ പകർത്തിക്കൊടുക്കാമെന്നു വിചാരിച്ചു് ഞാൻ അദ്ദേഹവുമായി ഒരു കരാറും എഴുതി. എന്നാൽ സംഗ്രഹം പോരെന്നും, ദേശചരിത്രവും ഭാഷാചരിത്രവുംകൂടി ചേർത്തു് അതിനെ ഒന്നു വികസിപ്പിക്കണമെന്നും അദ്ദേഹം പിന്നീടു നിർബന്ധിക്കയാൽ ഞാൻ അനല്പം ബുദ്ധമുട്ടേണ്ടതായി വന്നു. ആറു മാസങ്ങൾകൊണ്ടു് എഴുത്തും അച്ചടിവേലയും സമവേഗത്തിൽ നടന്നതുകൊണ്ടു് ഇപ്പോൾ ഇതാ ഈ ഒന്നാം പുസ്തകത്തെ സജ്ജനസമക്ഷം സമർപ്പിക്കുന്നതിനു സാധിച്ചിരിക്കുന്നു. കേരളത്തിന്റേയും കേരളഭാഷയുടേയും ചരിത്രം ഏറെക്കുറെ ഇതിൽ സ്പർശിച്ചിട്ടുള്ളതിനാലാണു് കേരളഭാഷാസാഹിത്യചരിത്രം എന്ന വ്യാപകമായ പേരു് നല്കിയിരിക്കുന്നതെന്നു കൂടി ഈ അവസരത്തിൽ വായനക്കാരെ അറിയിച്ചുകൊള്ളുന്നു.
വിഷയത്തിന്റെ സ്വഭാവം കൊണ്ടും ഗ്രന്ഥകാരന്റെ പാണ്ഡിത്യക്കുറവുകൊണ്ടും ഈ ഗ്രന്ഥം അസമഗ്രമായേ ഇരിക്കുകയുള്ളൂ; എന്നു വരികിലും പണ്ഡിതന്മാരായ ഗുരുജനങ്ങളിൽ നിന്നു് കരുണാകടാക്ഷത്തിനല്ലാതെ സാചീവിലോകത്തിനു ഇതു് ഒരിക്കലും പാത്രമാവുകയില്ലെന്നു് എനിക്കു ധൈര്യമുണ്ടു്. നേരെമറിച്ചു് ‘കുറവും കുറ്റവും നോക്കിപ്പറവാ’നായി ‘തുറുകണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്ന’ ജ്ഞാനലവദുർ വിദഗ്ദ്ധന്മാർ എന്തുതന്നെ പറഞ്ഞാലും ഒരു ചേതവും വരാനില്ലതാനും. അവർ തങ്ങളുടെ ധർമ്മം നിറവേറ്റി കൃതകൃത്യരാവുന്നതു കണ്ടു് സന്തോഷിക്കാനേ ഈയുള്ളവനു് അവകാശമുള്ളു.
ഗ്രന്ഥകർത്താ