images/rnp-5-cover.jpg
The Talisman, also known as Landscape at the Bois d’Amour, a painting by Paul Sérusier (1864–1927).
അദ്ധ്യായം
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

ഇദ്ദേഹം 1020 കുംഭം 10-ാനു പൂയം നക്ഷത്രത്തിൽ ജനിച്ചു. മാതാവു് ദേവി അംബത്തമ്പുരാട്ടിയും പിതാവു് തളിപ്പറമ്പത്തു മുല്ലപ്പള്ളി നാരായണൻനമ്പൂരിയും ആയിരുന്നു. സകലശാസ്ത്രപാരാവാരപാരംഗതനായിരുന്ന പിതാവു് സ്വപുത്രന്റെ വിദ്യാഭ്യാസവിഷയത്തിൽ സദാ ശ്രദ്ധാലുവായി വർത്തിച്ചു. അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ രാമവാരിയർ ബാലനെ എഴുത്തിനിരുത്തി. പ്രഥമപാഠങ്ങളെല്ലാം അദ്ദേഹം പഠിപ്പിച്ചുവെങ്കിലും കാവ്യപരിശീലനം പിതാവിന്റെ മേൽനോട്ടത്തിലാണു് നടന്നതു്. നാലു കൊല്ലംകൊണ്ടു് ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ അദ്ദേഹം വായിച്ചുകഴിഞ്ഞു.

കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാൻ മൂലംതിരുനാൾ തിരുമേനിയുടെ പിതാവായിരുന്നു. അദ്ദേഹം ഭാഗിനേയനെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു പോയി. മഹാവിദ്വാനായിരുന്ന അദ്ദേഹം മരുമകന്റെ പഠിത്തത്തിൽ പ്രത്യേകം നിഷ്കർഷിച്ചതിനാൽ നാലു കൊല്ലംകൊണ്ടു് രാജകുമാരൻ നാടകാലങ്കാരങ്ങളിലും, വ്യാകരണം, തർക്കം, മീമാംസ ഇത്യാദി ശാസ്ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം സമ്പാദിച്ചു. 1034-ൽ പ്രിയമാതുലനു് ദേഹവിയോഗം സംഭവിച്ചു. ഇതിനിടയ്ക്കു് പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യവും പഠിച്ചുകൊണ്ടിരുന്നു. അതേ കൊല്ലത്തിൽതന്നെ അദ്ദേഹത്തിനു് ഉപനയനം നടത്തിയിട്ടു് അദ്ദേഹത്തിനെക്കൊണ്ടു് മഹാരാജാവു് മഹാവിദുഷിയും സംഗീതകുശലയും ആയ ലക്ഷ്മീറാണിയുടെ പള്ളിക്കെട്ടു നടത്തിച്ചു.

വിവാഹത്തിനു ശേഷവും വിദ്യഭ്യാസം തുടർന്നുകൊണ്ടിരുന്നു. സുബ്ബയ്യാദീക്ഷിതർ, ശീനുഅയ്യങ്കാർ ഇവരുടെ അടുക്കൽ “ശബ്ദേന്ദുശേഖര”പര്യന്തം വ്യാകരണവും, ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വേദാന്തവും, മറ്റൊരു രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ തർക്കവും പഠിച്ചു് അവിടുന്നു അഭിജ്ഞോത്തമനായിത്തീർന്നു. ഇതിനോടുകൂടി ഇംഗ്ലീഷു്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളും തക്ക ഗുരുക്കന്മാരിൽനിന്നും പഠിച്ചുകൊണ്ടിരുന്നു. ‘സുസ്ഥമായ ശരീരത്തിൽ സുസ്ഥമായ മനസ്സു്’ എന്നൊരു യവനപഴമൊഴിയുണ്ടു്. ചെറുപ്പത്തിൽതന്നെ വലിയകോയിത്തമ്പുരാൻ മൃഗയാവിനോദത്തിലും കായികവിദ്യയിലും ഏർപ്പെട്ടു് ശരീരത്തിനു നല്ല ദൃഢതയും മെയ്വഴക്കവും സമ്പാദിച്ചു. അദ്ദേഹത്തിനു് എട്ടടി ഉയരമുള്ള മതിൽ ചാടിക്കടപ്പാൻ കഴിയുമായിരുന്നത്രേ. മൃഗയാവിനോദത്തിൽ തനിക്കു് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്നു് അദ്ദേഹം ‘എന്റെ മൃഗയാസ്മരണകൾ’ എന്ന ലേഖനം വഴിക്കും,

“കുന്നിന്നങ്ങേപ്പുറമടവിയൊന്നായതിൽ പോയതന്ദ്രം
കുന്നിച്ചീടും കുതുകമൊടു ഞാൻ കൂട്ടി നായാട്ടുകാരെ
പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം
കൊന്നിട്ടുണ്ടൊന്നതിലൊരുരസം സ്വല്പമായല്ല ബാലേ”

എന്നു് മയൂരസന്ദേശപദ്യംവഴിക്കും പ്രകാശിപ്പിച്ചിരിക്കുന്നു.

അതിബാല്യംമുതല്ക്കുതന്നെ അദ്ദേഹം സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടു. മിക്ക കവിതകളും സംസ്കൃതത്തിലായിരുന്നു. അങ്ങിനെയിരിക്കേയാണു് ആയില്യംതിരുനാൾ മഹാരാജാവു് 1042–ൽ അദ്ദേഹത്തിനെ ബുക്കുകമ്മറ്റിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതു്. പാഠപുസ്തകമ്മറ്റിയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ, മറ്റാരും മലയാളത്തിൽ കൂട്ടിച്ചേർത്തു വായിപ്പാൻ പോലും വശമുള്ളവരായിരുന്നില്ല. അണ്ണാജിരായർ ഇംഗ്ലീഷിലും, സുബ്ബാദീക്ഷിതർ സംസ്കൃതത്തിലും പാണ്ഡിത്യമുള്ളവരായിരുന്നു എങ്കിൽ മുൻഷി രാമൻതമ്പിക്കു് Lying in hospital എന്നതിനെ ആശുപത്രിയിൽ കിടമുറി കിടക്കുന്ന എന്നു തർജ്ജമ ചെയ്യത്തക്ക പരിചയമേ ഇംഗ്ലീഷുമായുണ്ടായിരുന്നുള്ളു. അങ്ങിനെയായിരുന്നു കമ്മറ്റിയുടെ സ്വഭാവം. അണ്ണാജിരായരുടെ അപേക്ഷ അനുസരിച്ചാണു് വലിയകോയിത്തമ്പുരാൻ കമ്മറ്റിയുടെ അദ്ധ്യക്ഷപദത്തിൽ അവരോധിക്കപ്പെട്ടതു്.

ആ നിലയിൽ പല ഗദ്യപുസ്തകങ്ങൾ എഴുതുന്നതിനു് വലിയ കോയിത്തമ്പുരാൻ നിർബന്ധിതനായി. വിജ്ഞാനമഞ്ജരി, സന്മാർഗ്ഗപ്രദീപം, മഹച്ചരിതസംഗ്രഹം, സന്മാർഗ്ഗസംഗ്രഹം മുതലായ നല്ല നല്ല പുസ്തകങ്ങൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസാധിതങ്ങളായി. ഞാൻ ഇംഗ്ലീഷ് സ്ക്കൂളിൽ II ഫാറത്തിൽ പഠിക്കുന്ന കാലംവരെ ഈ പുസ്തകക്കമ്മറ്റിവക ഒന്നു മുതൽ മൂന്നുവരെയുള്ള പാഠപുസ്തകങ്ങളാണു നടപ്പിൽ ഇരുന്നിരുന്നതു്.

മലയാളത്തിലെ പറയത്തക്ക അന്നത്തെ പദ്യകൃതികൾ ആട്ടക്കഥകളും ചില സ്തോത്രങ്ങളുമായിരുന്നു. അക്കാലത്തെ പ്രസിദ്ധ പണ്ഡിതകവികളെല്ലാം കഥകളി രചിച്ചിട്ടുള്ളവരായിരുന്നു. മാതുലന്റെ ശിക്ഷണത്തിൽ അദ്ദേഹം മുദ്രക്കൈകൾ നല്ലപോലെ വശമാക്കിയിരുന്നു. ഹനുമദുൽഭവം, മത്സ്യവല്ലഭവിജയം, പ്രലംബവധം, ധ്രുവചരിതം, പരശുരാമവിജയം എന്നീ കഥകൾ അദ്ദേഹം രചിച്ചിട്ടുള്ളവയാണു്. മാതുലൻ എഴുതി പൂരിപ്പിക്കാതെ ഇട്ടിരുന്ന സോമവാരവ്രതം ആട്ടക്കഥ പൂർത്തിയാക്കിയതും അദ്ദേഹമായിരുന്നു.

ഈ കഥകൾ ഒരുപോലെ ശബ്ദാർത്ഥസുന്ദരങ്ങളാണെങ്കിലും ധ്രുവചരിതമാണു് ഏറ്റവും പ്രൗഢം. പ്രസിദ്ധഗായകനായിരുന്ന ഹരിഹരശാസ്ത്രികളുടെ ഉപദേശം അനുസരിച്ചു് സാർവത്രികമായി അന്ത്യപ്രാസം ഘടിപ്പിച്ചിട്ടുള്ളതിനാൽ പാടിക്കേൾപ്പാൻ രസമുള്ളവയാകുന്നു. അശ്വതിയും, ഇരയിമ്മനും ആയിരുന്നു ആട്ടക്കഥകളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആദർശങ്ങൾ.

ഹനുമദുൽഭവം 1039-ൽ അരങ്ങേറ്റം കഴിഞ്ഞു.

ഘനാഘന ഭയാവഹ ത്രിദശശാത്രവാനീകിനീ
ഘനാഘന പരമ്പരാച്ഛിദുരഘോരവാതായിതം
ഘനാഘനമുഖം ചരാചരശരണ്യമേകം മഹോ
ഘനാഘനരകവ്യഥാ ഹരണ ധീരമാരാധ്നുമഃ
വേണീധൂതഘനാഘനതരശ്രേണീ സരോജാസന
പ്രാണീഭൂതമുദുസ്മിതാ നതജനശ്രേണീ വ്യഥാഹാരിണീ
വാണീ മഞ്ജിമ പുഞ്ജനിർജ്ജിതസുധാവേണീ കൃപാധോരണീ
വാണീവാഞ്ഛിതപൂരണീ മമ ഹൃദി പ്രീത്യാ നരീനൃത്യതാം!’

ഈ ശ്ലോകങ്ങൾ പതിനെട്ടു വയസ്സുള്ള ഒരു ബാലൻ എഴുതിയതാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?

‘ഭിന്ദാനേ യുവലോകധൈര്യധമനീ സന്ദാരണേ ദാരുണൈഃ
ഖിന്ദാനസ്യ ഹൃദന്തരം വിരഹിണഃ കന്ദായുധേ സായകൈഃ
മന്ദാന്ദോളിതമഞ്ജരീ മധുകരീ വൃന്ദാകുലം പ്രാച്യത-
ന്മന്ദാരോപവനം ബഭാണരമണീം വൃന്ദാരക ഗ്രാമണീഃ’

എന്ന ശ്ലോകം ‘മാകന്ദോൽക്കരമഞ്ജരീ മധുഝരീ മത്താന്യപുഷ്ടാംഗനാ’ എന്ന അശ്വതിയുടെ ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.

മത്സ്യവല്ലഭവിജയം—ഇതു് അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാകുന്നു. ഈ രണ്ടു കൃതികളിലും കഥാസന്ദർഭത്തിന്റേയും രംഗവിഭാഗത്തിന്റേയും സമ്പ്രദായം ഏറെക്കുറെ തൃപ്തികരമല്ലാത്തതിനാൽ, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു് എഴുതപ്പെട്ട കൃതിയാണു് പ്രലംബവധം.

പ്രലംബവധം—പാട്ടുകൾ പാടിക്കേൾപ്പാൻ വളരെ സുഖമുള്ളവയാണു്. ഒരു പാട്ടുദ്ധരിക്കാം.

“നന്ദഗോപകുമാര നന്ദനീയചരിത
നിന്ദിതനീലമേഘ സുന്ദരാംഗ
കുന്ദരഭ കിം ഗോപവൃന്ദ സമേതനര-
വിന്ദനേത്ര ഭവാനമന്ദം വനേ ചരതി?
കാനനനിവാസിൻ ഞാനൊരു സീമന്തിനി
മാനനീയ ചരിത്ര മാധവ കേൾ
ആനന്ദമെന്നുടയ സത്മനി വന്നു നിങ്ങൾ
നാനാഫലമൂലങ്ങൾ നലമോടു ഭുജിച്ചാലും”

പരശുരാമചരിതം നാലാമത്തെ ആട്ടക്കഥയാണു്. ഇതിലേ ശ്ലോകങ്ങളും ഗാനങ്ങളും പ്രായേണ ലളിതങ്ങളായിരിക്കുന്നു. അർത്ഥഗാംഭീര്യം കുറയും.

ധ്രുവചരിതം–1043-ൽ ഒൻപതുദിവസംകൊണ്ടു രചിച്ചതാണു് ഇക്കൃതി. ഹരിഹരഭാഗവതരുടെ നിർദ്ദേശപ്രകാരം എല്ലാ പാട്ടുകളിലും അന്ത്യപ്രാസം ഘടിപ്പിച്ചിരിക്കുന്നു.

“ശ്യാമാം കൈരവചാരുതഹാസലഹരീ വിഭ്രാജിതാമുൽബണ
ശ്രീമത്താമരസേതരാം പ്രണയിനീമഭ്യുല്ലതാ താരകാം
സ്ഫയദ്രാഗഭരോ യദാ ഹിമകരോ ഭേജേ ത്രിയാമാം തദാ
കശ്ചിദ്യക്ഷകുലേശ്വരസ്തമനുകൃത്യാപ സ്വജീവേശ്വരം”

എന്ന ശ്ലോകം ‘ഉന്മീലത് പത്രവല്ലീം’ എന്ന ശ്ലോകത്തിന്റെ സന്താനംപോലെയിരിക്കുന്നു.

“മതിമുഖിമാരണിയുമ്മണിമാലേ മദകളകുഞ്ജരഗാമിനി ബാലേ,
മധുരിമകലരും മാധവകാലേ മടിയരുതേ തവ മഞ്ജുളശീലേ
ശീതഗു തന്നുടെ രാജതിബിംബം ധൂതമനേന തമോ നികുരംബം
ജാതവികാസം കുമുദകദംബം പ്രീതിമതീവ ചകോരകുടുംബം”

ഇങ്ങനെ സാർവത്രികമായി അന്ത്യപ്രാസം കാണുന്നുണ്ടു്.

ഈ കഥകളിലൊന്നും ഇപ്പോൾ ആടാറുണ്ടെന്നു തോന്നുന്നില്ല. വായിച്ചു രസിക്കാൻ കൊള്ളാവുന്നവയാണു മിക്കവയും. ഹനുമദുൽഭവവും ധ്രുവചരിതവും മദ്രാസ് സർവ്വകലാശാലക്കാർ പലപ്പൊഴും പാഠപുസ്തകമായി സ്വീകരിച്ചിട്ടുമുണ്ടു്. ഞാൻ ബി. ഏ.-യ്ക്കു വായിക്കുന്ന കാലത്തു് ധ്രുവചരിതം പാഠ്യപുസ്തകമായിരുന്നു. അവിടുത്തെ പ്രിയശിഷ്യനും ഭാഗിനേയനുമായ ഏ. ആർ. തമ്പുരാനായിരുന്നു പഠിപ്പിച്ചതും.

1046-ൽ മഹാരാജാവു തിരുമനസ്സിലെ തുലാഭാരത്തെ സംബന്ധിച്ചു് ഒരു ശതകം സംസ്കൃതത്തിൽ രചിച്ചു് മഹാരാജഹസ്തേന ആറു കല്ലു പതിച്ച ഒരു വൈരമോതിരം സമ്പാദിച്ചു. അതേ വർഷംതന്നെ ആ തിരുമേനിക്കു് ഒരു സ്വർണ്ണഡപ്പിയും അവിടുന്നു സമ്മാനിച്ചു.

പലപ്പോഴും രാജ്യകാര്യങ്ങളെ സംബന്ധിച്ചു് മഹാരാജാവു് അദ്ദേഹത്തിനെ റസിഡണ്ടിന്റെ അടുക്കൽ അയയ്ക്കുക പതിവായിരുന്നു. ഇങ്ങനെ പല വിധത്തിൽ രാജപ്രീതിക്കു പാത്രമായിരുന്ന കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് എങ്ങനെ അവിടുത്തെ ശത്രുത്വത്തിനു പാത്രീഭവിച്ചു എന്നുള്ളതു് അജ്ഞാതമായിരിക്കുന്നു. ഒരു പക്ഷേ വിശാഖംതിരുനാൾ തിരുമനസ്സിനോടുള്ള വലുതായ അടുപ്പം ഒരു കാരണമായിരുന്നിരിക്കാം. ഒരിക്കൽ ചങ്ങനാശ്ശേരി രാമവർമ്മകോയിത്തമ്പുരാൻ തിരുവെഴുത്തിൽ,

ശ്രീമത്തയാ വിഭാത്യേഷഃ സർപ്പരാഡിവ പർപ്പരാഡ്.

എന്നൊരു സമസ്യ ചേർത്തിരുന്നതിനെ, വലിയകോയിത്തമ്പുരാൻ,

ദ്വിജിഹാസ്യ ഭുജംഗസ്യ വക്രൈവാസ്യഗതിഃ സദാ

എന്നു പൂരിപ്പിച്ചയയ്ക്കുകയുണ്ടായിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു് മഹാരാജാവിനോടുണ്ടായിരുന്ന മനോഭാവം വ്യക്തമാകുന്നുണ്ടു്.

ആയില്യംതിരുനാൾ ഉഗ്രശാസനനായിരുന്നു. കേരളവർമ്മദേവന്റെ യൗവനസഹജമായ ചോരത്തിളപ്പിന്റെ ഫലമായുണ്ടായ വല്ല ചാപല്യവും അവിടുത്തെ ക്ഷോഭിപ്പിച്ചു കാണണം. എന്നാൽ ആന്തരമായ ഹേത്വന്തരമുണ്ടായിരുന്നു എന്നു് വിശാഖം തിരുനാൾ തന്റെ ജീവചരിത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. കാരണമെന്തെങ്കിലുമാവട്ടെ; 1050 കർക്കടകം 21-ാംതീയതി അവിടുന്നു് ബന്ധനസ്ഥനാക്കപ്പെട്ടു. ബന്ധിക്കാൻ നിയുക്തനായതു് വിക്രമൻതമ്പിയായിരുന്നു. അദ്ദേഹത്തിന്റെ സാമർത്ഥ്യം ഒന്നുകൊണ്ടു മാത്രമാണു് മഹാബലിഷ്ഠനും അഭ്യാസിയുമായിരുന്ന വലിയകോയിത്തമ്പുരാനെ നിഷ്പ്രയാസം ബന്ധിക്കുവാൻ സാധിച്ചതു്. മഹാരാജാവു് തിരുമനസ്സുകൊണ്ടു് തമ്പിയെ വിളിച്ചു് “നീ വിക്രമനായ ത്രിവിക്രമനാണു്” എന്നു കല്പിച്ചുപോലും. ഈ വിക്രമൻതമ്പിയായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന തസ്കരപ്രമാണിയെ പിടിച്ചു ബന്ധനസ്ഥനാക്കിയതും.

ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ക്ഷമാപണം ചെയ്യുന്നതിനു് കോയിത്തമ്പുരാനോടു് ഉപദേശിച്ചുനോക്കിയെങ്കിലും അവിടുന്നു് അതിനു വഴിപ്പെട്ടില്ല. മഹാറാണി തന്റെ പ്രിയതമനെ വിടുവിക്കുന്നതിനു കഴിയുന്നതും ശ്രമിച്ചുനോക്കി; എന്നാൽ മറ്റൊരു വരനെ സ്വീകരിക്കുന്നപക്ഷം അങ്ങിനെ ചെയ്യാമെന്നായിരുന്നു തിരുമനസ്സിലെ മറുപടി. അതിനു് ഭർത്തൃപ്രണയപരവശനായ മഹാറാണി വഴിപ്പെട്ടതുമില്ല.

വലിയകോയിത്തമ്പുരാനാകട്ടെ കാരാഗൃഹത്തിൽ ഇരുന്നുകൊണ്ടു് ക്ഷമാപണസഹസ്രം രചിച്ചു. ഉഗ്രശാസനനായ മഹാരാജാവിന്റെ ഹൃദയം അതുകൊണ്ടും കുലുങ്ങുന്നില്ലെന്നു കണ്ടു്, കോയിത്തമ്പുരാൻ യമപ്രണാമശതകം രചിച്ചു. അതും പ്രയോജകീഭവിച്ചില്ല. ഒടുവിലാണു് വരാനുള്ളതു വഴിയിൽ തങ്ങുകില്ലെന്നു് അവിടുന്നു് സമാധാനപ്പെട്ടതു്.

ഏതായിരുന്നാലും ഈ ദാരുണസംഭവം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരമായിട്ടാണു തീർന്നതു്. കോയിത്തമ്പുരാനെ അചിരേണ ഹരിപ്പാട്ടു കൊട്ടാരത്തിലേക്കു മാറ്റി പാർപ്പിച്ചു.

‘കളിയും ചിരിയും പോയിക്കുളിയും ജപവും മുറയ്ക്കു വർദ്ധിച്ചു
നളിനദളാക്ഷിക്കുന്നാൾ വെളിയിലിറങ്ങിസ്സവാരിയും നിന്നു
ഭൂർഷാമണിഗണമെല്ലാം യോഷാമണിയാൾ വെടിഞ്ഞിതക്കാലം
ഭോഷാകരമുഖി ഹന്ത വിശേഷാംബരവും ത്യജിച്ചു സന്താപാൽ.’

ഈ നിലയിൽ വാണിരുന്ന പ്രാണപ്രേഷ്ഠ പ്രണയിനിക്കു് അയച്ച എന്ന നിലയിൽ രചിക്കപ്പെട്ട കൃതിയാണു് മയൂരസന്ദേശം. ദിവസേന ഒന്നും രണ്ടും പദ്യങ്ങൾ വീതമേ അവിടുന്നു രചിച്ചിരുന്നുള്ളു. ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്ന വിചാരപരമ്പരയെ ഒരുമാതിരി മുട്ടിട്ടു നിർത്തിക്കൊണ്ടാണു് ഇക്കാവ്യം രചിച്ചതെന്നു് അതിലെ ശൈലി നോക്കിയാൽ അറിയാം.

മലയാളഭാഷയിൽ ഇക്കാലത്തുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ അഗ്രഗണ്യസ്ഥാനം മയൂരസന്ദേശത്തിനാണു്. പാമ്പിനെ ചേരയെന്നു പറഞ്ഞു ശീലമില്ലാത്ത ആളും,

‘മണിപ്രവാളവ്യാപാരി മന്നിലിക്കവിപുംഗവൻ
നോട്ടക്കാരിലുമവ്വണ്ണം നാട്ടോടേ ചന്തുമേനവൻ’

എന്നു കീർത്തിതനും ആയ ആ രസികശിരോമണിക്കു്,

‘പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടിൽത്തിരുകമതിനെത്തീർച്ചയായ് ഭക്തദാസൻ.’

എന്ന പദ്യം വായിച്ചപ്പോൾ രോമാഞ്ചമുണ്ടായത്രേ. അദ്ദേഹമായിരുന്നല്ലോ അതിനെ ‘നാനാചിത്രോപശോഭിതങ്ങളായ പത്രങ്ങളിൽ സവിശേഷമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തതും’. അഭിജ്ഞാനശാകുന്തളം പ്രസിദ്ധീകൃതമായപ്പോൾ അതിനെ നിഷ്ക്കരുണം വിമർശിച്ചവരുടെ കൂട്ടത്തിൽ ചന്തുമേനോനും ഉൾപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രശംസ പ്രസ്തുത കാവ്യത്തിന്റെ മഹിമാതിശയത്തെ പ്രത്യക്ഷപ്പെടുത്തുക തന്നെ ചെയ്യുന്നു. അതുപോലെതന്നെയാണു് ‘വിദ്യാവിനോദിനി’ പത്രാധിപരായിരുന്ന സി. അച്യുതമേനോന്റെ പ്രശംസയും.

“മയൂരസന്ദേശത്തിനു് മേഘസന്ദേശത്തെക്കാൾ ഒരു മാറ്റു കൂടുകയില്ലയോ എന്നാണു് എന്റെ തർക്കം. പ്രാചീന കാളിദാസൻ ശബ്ദഭംഗിയിൽ ലേശം മനസ്സു വച്ചിട്ടില്ല. നവീനകാളിദാസന്റെ സൂക്തികളിലാകട്ടെ ശബ്ദമോ അർത്ഥമോ സരസതരമെന്നു്, ഒരുവന്നും പരിഛേദിക്കാൻ പാടില്ല” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിട്ടുള്ളതു് ഗുരുജനപക്ഷപാതത്താലുണ്ടായ വ്യാമോഹംകൊണ്ടല്ലെന്നു് നിഷ്പക്ഷപാതികൾ സമ്മതിക്കുമെന്നു തോന്നുന്നു. അതിൽ,

‘രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടും കൊണ്ടച്ചെറുപുഴകൾതൻ തീരമാർഗ്ഗേണ പോക.’

എന്ന മാതിരി ശബ്ദമാത്രഗതമായ ചമൽക്കാരത്തോടുകൂടിയ പദ്യങ്ങളും,

‘ഹന്താനന്താപരിർവൃഢമഹൈശ്വര്യ സത്തേപ്യപസ്സാ
ഹന്താദന്താവളഗതി പ്രൗഢചേതാവിനീതാ
സന്താപന്താർമധുമൊഴിയകറ്റീയഭീഷ്ടങ്ങളെല്ലാം
സന്താനന്താനടിമലർ പണിഞ്ഞീടുവോർക്കേകിടുന്നു.’

എന്നിങ്ങനെ ശബ്ദാർത്ഥോഭയചമൽകൃതമെങ്കിലും സംസ്കൃതപദബഹുലമായ പദ്യങ്ങളും അവിടവിടെക്കാണ്മാനുണ്ടെന്നു വരികിലും,

“ഓമൽപ്പിച്ചിച്ചെടിലതമരുല്ലോളിതാ വർഷബിന്ദു-
സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ.
മല്ലീജാതിപ്രഭൃതികുസുമസ്മേരമായുല്ലസിക്കും
സല്ലീലാഭി! കിസലയകരംകൊണ്ടു നിന്നെത്താലാടും
വല്ലീനാം നീ പരിചയരസം പൂണ്ടു കൗതുഹലത്താ-
ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലേ”

എന്നിങ്ങനെയുള്ള സഹൃദയഹൃദയാഹ്ലാദകരങ്ങളായ ശ്ലോകങ്ങളാണു ബാഹുല്യേന കാണപ്പെടുന്നതു്. പരമാർത്ഥത്തിൽ വെണ്മണിക്കവികളുടെ മൂരിശ്ശൃംഗാരപദ്യങ്ങൾ വായിച്ചുചെടിച്ചിരിക്കുന്നവർക്കു് രസരാജനെന്ന അഭിധാനത്തിനെ സർവ്വഥാ ഇദംപ്രഥമമായി അനുഭവപ്പെടുത്തിക്കൊടുത്ത ആദ്യത്തെ സ്വതന്ത്രമലയാളകൃതി മയൂരസന്ദേശംതന്നെയാണു്.

‘വീറ്റോ നുവോവാ’ എന്ന പ്രാചീന റോമൻകാവ്യത്തിൽ പരിശുദ്ധമായ പ്രേമത്തെ സ്വർഗ്ഗത്തിലേക്കുള്ള രാജവീഥിയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നതു്. തന്റെ കാമുകി ചവിട്ടുന്ന മണ്ണും അവൾ ശ്വസിക്കുന്ന വായുവും അവളെ പ്രശംസിച്ചു് ആരെങ്കിലും ഉരിയാടുന്ന വാക്കുകളും കാമുകനു സ്വർഗ്ഗാനുഭൂതിയുണ്ടാക്കുന്ന വസ്തുക്കളായി ഡാൻടിക്കു തോന്നി. അവളുടെ ദർശനമാത്രത്താൽ ദുർവിചാരങ്ങളും ദുർവികാരങ്ങളും മാഞ്ഞുപോകുന്നതായി അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:“അവൾ ഈ ലോകം വിട്ടു പോകുമ്പോൾ അവളുടെ ആകാരസുഷമയിൽനിന്നുണ്ടാകുന്ന ആനന്ദം നമ്മുടെ ദൃഷ്ടിയിൽനിന്നു മറയുന്നുവെന്നിരുന്നാലും അതൊരു് ആദ്ധ്യാത്മിക സൗന്ദര്യമായി പരിണമിച്ചു് ദേവദൂതന്മാരെ അഭിവാദനംചെയ്യുന്ന പ്രേമനിർവൃതിയെ സ്വർഗ്ഗലോകത്തിൽ എല്ലായിടത്തും പരത്തുന്നു.” ഈ മഹാകാവ്യമെവിടെ? സ്ത്രീ ജനങ്ങളെ കാമോപാസനയ്ക്കുള്ള ഉപകരണങ്ങളായി മാത്രം ദർശിച്ചു് അവരെ നീചനീചമായി ചിത്രണംചെയ്വാൻ പ്രേരിപ്പിച്ച വെണ്മണിപ്രഭൃതികളുടെ മനോഭാവമെവിടെ?

വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഒരു പുതിയ ലോകത്തെ നമുക്കു് ഉൽഘാടനം ചെയ്തുതന്നു. സംസ്കാരസമ്പന്നനായ അദ്ദേഹത്തിന്റെ കവിതകളിൽ ഒരിടത്തും മൂരിശ്ശൃംഗാരത്തിന്റെ സ്പർശംപോലും കാണുന്നില്ല.

“ശ്രീലാസ്യത്താലഴുകദഞ്ചിച്ചുമുൾപുക്കു വാഴും”

എന്നു തുടങ്ങുന്ന സ്യാനന്ദൂരവർണ്ണന കവിയുടെ കല്പനാശക്തിക്കും ചിത്രരചനാപാടവത്തിനും നികഷോപലങ്ങളായി വിളങ്ങുന്നു. അതിനു മുൻപും പിമ്പും ഭാഷയിൽ സന്ദേശകാവ്യങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും കാവ്യശുദ്ധി തികഞ്ഞ കൃതി ഇതു മാത്രമേയുള്ളു.

ശാകുന്തളം തർജ്ജിമയ്ക്കു് എന്തെല്ലാം ദൂഷ്യങ്ങളുണ്ടായിരുന്നാലും അതു് അനേകം ഭാഷാനാടകങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായിത്തീർന്നു. കുംഭാണ്ഡന്റെ പ്രഹരമേറ്റിട്ടു് അവയിൽ ഒട്ടു മുക്കാലും കല്പിതാംകോട്ടേക്കു് ഓടിപ്പോയിരിക്കുന്നു. എന്നാൽ ലക്ഷ്മീകല്യാണം, ചന്ദ്രിക, മധുരമംഗലം എന്നിങ്ങനെ പറയത്തക്ക മൂന്നു നാലു കൃതികൾ എങ്കിലും നമുക്കു ലഭിച്ചതു ഭാഗ്യമല്ലയോ.

കാളിദാസരുടെ കൃതികൾ പ്രത്യേകിച്ചു് ധ്വനിപ്രധാനമായ ശാകുന്തളം തർജ്ജിമ ചെയ്യുന്നതു് സുകരമായ കാര്യമല്ല. വലിയകോയിത്തമ്പുരാൻ അന്നു് അത്രയെങ്കിലും സാധിച്ചതു് വലിയ കാര്യമായി. ഇപ്പോൾ നാലഞ്ചു തർജ്ജിമകൾ ആവിർഭവിച്ചുകഴിഞ്ഞു. അവയിൽ പി. ജി. രാമയ്യരുടെ തർജ്ജിമയൊഴിച്ചാൽ ശേഷമെല്ലാം ഓരോ നിലയിൽ കൊള്ളാവുന്നവ തന്നെ. അന്യൂനമെന്നു പറയാവുന്നതായി ഒന്നുമില്ലതാനും. അതു് തർജ്ജിമക്കാരന്റെ ദോഷമല്ല. മൂലകവിതയുടെ സ്വഭാവമാണു് അതിനു ഹേതു. സംസ്കൃതബഹുലങ്ങളായ ചില ഭാഗങ്ങളെ വലിയകോയിത്തമ്പുരാൻ തന്നെ പിൽക്കാലത്തു മാറ്റുകയുണ്ടായിട്ടുണ്ടു്.

‘മാനോടൊത്തു വളർന്നു മന്മഥകഥാ-
ഗന്ധം ഗ്രഹിക്കാത്തൊരാൾ
താനോ നാഗരികാംഗനാരസികനാ-
മെന്നെ ഭ്രമിപ്പിക്കുവാൻ
ഞാനോരോന്നു വൃഥി പറഞ്ഞു പരിഹാസാ-
ർത്ഥംപരം തോഴരേ
താനോ ശുദ്ധനതൊക്കേയിന്നു പരമാ-
ൎത്ഥ ത്ത്വേന ബോധിക്കൊയാ.
മുന്നിടമഭ്യുന്നതരായ് സന്നതരായ് പിന്നിടം ജഘനഭാരാൽ
പെണ്മണിയുടെ ചുവടിവിടേ വെണ്മണിയിൽക്കാണ്മതുണ്ടു നവമാരാൽ
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം രണ്ടേ കുലത്തിന്നു മമ പ്രതിഷ്ഠകൾ
ഒന്നാമതേഴാഴികൾ ചൂഴുമുഴിയും രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും.
“പുല്ലിനെ മാൻ തുപ്പുന്നൂ, നല്ലിളമയിൽ നർത്തനം നിറുത്തുന്നു
വള്ളികളുൾത്താപത്താൽ വെള്ളില കണ്ണീർകണക്കു ചൊരിയുന്നു.”

ഇത്തരം പദ്യങ്ങൾ തർജ്ജിമകളാണെന്നു തോന്നിക്കയേ ഇല്ല. എന്നാൽ

‘ശാലയെച്ചൂഴവേ ക്ഞപ്തധിഷ്ണ്യാസമിൽഭിഃ സമിദ്ധാ’
‘അത്യന്തം വേപമാനാം സ്പൃശസി തരളിതാപാംഗമാലോകമാനഃ’
‘തന്നാളാലകൃതാം ത്വയി പ്രണയിതാമസ്യാഃ’

ഇങ്ങനെയുള്ള പദ്യങ്ങൾ മൂലശ്ലോകങ്ങളെക്കാൾ കഠിനങ്ങളാണു്.

‘അംഭോബിന്ദുതുഷാരമന്ദമരുതാ ദേഹക്ലമച്ഛേദിയാ
മംഭോജച്ഛദ താലവൃന്തമതുകൊണ്ടമ്പോടു വീശട്ടായോ?
രംഭോരുപ്രചുരാദരം മടിയിൽവച്ചിഷ്ടാനുരോധേനഞാ-
നംഭോജാരുണമാം ഭവൽപദയുഗം ബാലേ തലോടട്ടയോ?’

എന്ന ശ്ലോകം ശ്രവണസുഭഗംതന്നെ എന്നുള്ളതിൽ സംശയമേയില്ല. എന്നാൽ മൂലശ്ലോകവുമായി ചേർത്തു വച്ചുനോക്കുക. ‘അംഭോ രംഭോരു്’ എന്നിങ്ങനെയുള്ള പടങ്ങൾ ശകുന്തളയുടെ ചെവിയിൽ ബംഭരാസ്ത്രങ്ങൾപോലെ ആയിരിക്കണം പതിഞ്ഞതു്.

ഇങ്ങനെയുള്ള ന്യൂനതകൾ പലതും പുരോഭാഗികൾക്കു ചൂണ്ടിക്കാണിക്കാൻ കഴിയും. പക്ഷേ ഏതെങ്കിലും തർജ്ജിമ അന്യൂനമായിട്ടുണ്ടോ? അതു സാധ്യമായ കാര്യമേ അല്ലല്ലോ.

അക്ബർതർജ്ജിമ ഇന്നു് അധികം ആളുകൾ വായിക്കുന്നില്ലെങ്കിൽ അതു് പ്രഥമാദ്ധ്യായം തരണംചെയ്വാനുള്ള ഭയംകൊണ്ടു മാത്രമാണു്. അടുത്ത അദ്ധ്യായത്തിലേക്കു കടന്നാൽ ഭാഷ ഒരുവിധം​ ലളിതമായിട്ടുണ്ടു്. എന്നാൽ ഒന്നാമദ്ധ്യായത്തിലെ വ്യാഘ്രത്തിന്റെ കിടപ്പിനെ ശുദ്ധമലയാളത്തിൽ ഇത്ര ഭംഗിയായി വർണ്ണിപ്പാൻ ആർക്കെങ്കിലും കഴിയുമോ എന്നൊന്നു പരിശോധിച്ചു നോക്കുക. വൈഷമ്യം അപ്പോൾ വെളിപ്പെടും. 1070-ൽ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടു.

അമരുകശതകംതർജ്ജിമ ശാകുന്തളത്തേക്കാൾ ലളിതമാണു്. രസഭാവാദിസുരഭിലമായ ഈ കാവ്യവും എളുപ്പത്തിൽ തർജ്ജിമ ചെയ്യാവുന്നതല്ല.

‘മുദ്രാഹീനാദരം പുല്കിയമുലകളമർന്നേറെ രോമാഞ്ചമാർന്നും
സദ്രാഗോദ്രേകമൂലം കടിരുടമതിൽനിന്നംശുകംസ്രംസിയായും
ഭദ്രാ സാ വേണ്ടവേണ്ടെന്തിതു മതിമതിയെന്നകേലാലാപിനീ കിം
നിദ്രാണാ മൂർച്ഛിതാ കിം മമമനസിലയിച്ചോ ദ്രവത്വം ഭവിച്ചോ?’

ഇതാണു തർജ്ജിമയുടെ രീതി. ചമ്പുക്കളിലെ പദ്യംപോലിരിക്കുന്നു. സജാതീയദ്വിതീയാക്ഷരപ്രാസനിർബന്ധം ഉണ്ടെന്നൊരു വ്യത്യാസമേയുള്ളു.

ഈ സജാതീയ ദ്വിതീയാക്ഷരപ്രാസനിർബന്ധം എത്ര കവികളെ വഴി തെറ്റിച്ചിരുന്നു എന്നു് അക്കാലത്തുണ്ടായിട്ടുള്ള കവിതകൾ വായിച്ചാൽ അറിയാം. ദ്വിതീയാക്ഷരപ്രാസം ദ്രാവിഡർക്കൊക്കെ പ്രിയമായിട്ടുള്ളതാണു്. തമിഴു്, തെലുങ്ക്, കന്നടം ഈ ഭാഷകളിലെല്ലാം ദ്വിതീയാക്ഷരപ്രാസം നിർബന്ധവുമുണ്ടു്. സംസ്കൃതപ്രാഭവകാലത്താണു മണിപ്രവാളകവികളിൽ ചിലർ ചില ദിക്കുകളിൽ മാത്രം ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കാതെ ഇരുന്നതു്. എന്നാൽ ഒരു കാര്യം നാം ഓർക്കണം. അനേകം പ്രാസങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളു ദ്വിതീയാക്ഷരപ്രാസം. ചെറിയ വൃത്തങ്ങളിൽ അതു ശ്രവണസുഖപ്രദമാണെങ്കിൽ ദീർഘവൃത്തങ്ങളിൽ ഇതരപ്രാസങ്ങളാണു് സുഖകരങ്ങളായിരിക്കുന്നതു്.

ദ്വിതീയാക്ഷരപ്രാസംതന്നെയും സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടിയിരുന്നാൽ ഭംഗി കൂടുമെന്നു് പൂർവ്വകവികൾക്കും അറിയാമായിരുന്നു. പ്രാസം ഉപേക്ഷിച്ചാലും വേണ്ടില്ല; അർത്ഥത്തിനു പുഷ്ടിയുണ്ടായിരിക്കണമെന്നു് ഏ. ആർ. തമ്പുരാൻ വാദിച്ചതും കേ. സി. കേശവപിള്ള ആ വാദത്തെ പിൻതാങ്ങിയതും ചില അല്പബുദ്ധികൾ വിചാരിക്കുംപോലെ അവർക്കു പ്രാസപ്രയോഗത്തിൽ അശക്തതയുണ്ടായിരുന്നിട്ടല്ല. കേ. സി-യ്ക്കു പ്രാസപ്രയോഗത്തിൽ കെല്പില്ലായിരുന്നെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സദുദ്ദേശത്തോടു കൂടിയാണു് ഏ. ആർ ഈ വാദം സമാരംഭിച്ചതു്. കുടിലമതികളും അസൂയാലുക്കളുമായ ചില കർണ്ണേജപന്മാർ അവരുടെ ശ്രമം കേരളവർമ്മ വലിയകോയിത്തമ്പുരാനെ അധിക്ഷേപിക്കാനാണെന്നു് അദ്ദേഹത്തിനെ ധരിപ്പിച്ചു. ഇങ്ങനെയാണു് പ്രാസവഴക്കിന്റെ ആരംഭം. ഏ. ആറും, കേ. സിയും ദിവംഗതരായിട്ടും ആ കുടിലമതികളുടെ പക തീർന്നിട്ടില്ല.

അന്യാപദേശശതകതർജ്ജിമയാണു് അദ്ദേഹത്തിന്റെ തർജ്ജിമകളിൽ ഏറ്റവും ഉൽകൃഷ്ടം. ഭാഷ അതിലളിതം. സാർവ്വത്രികമായി സജാതീയദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കാൻ യാതൊരു ക്ലേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

മൂലം—നാംഭോജായ ശശീ ന ചാപി ശശിനേ യദ്രോച തേഽഭോരുഹാം
കിം തേ ന ക്ഷതമസ്തികിഞ്ചന ജഗത്യേതസ്യവാ തസ്യവാ
ലോകാനന്ദകയോഃ പരന്ത്വിഹതയോ, പ്രേമ്ണൈവ ഭാവ്യം മിഥ-
സ്തച്ചേന്ന ജനി തൽപ്രരൂഢമയശഃ സ്ഫാരം വിധേഃ കേവലം.
തർജ്ജിമം—താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമമെന്നതുനിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളിൽ
കാമമിന്നതുളവായിടായ്കിയിലയശസ്സതീവ നിയതിക്കുതാൻ.
ശ്വാനസ്സന്ത്യഭിതോഽപി ദന്തമുകുള വ്യാവർത്തനോദ്ഘാടിത
സ്വൈരോത്താനിത വിഡ്വരാഹപൃഥുകാഃ കിംതൈഃസ്ഥിതൈർവാമുതൈഃ
വർത്തവ്യം ഗിരിരാരജമൗലിഷു വിഹർത്തവ്യം പുനഃസ്വേച്ഛയാ
ഹന്തവ്യാഃ കരിണോ മുഗേന്ദ്ര ഇതി ച പ്രാപ്തവ്യമുച്ചൈര്യശഃ
തർജ്ജിമ—പല്ലണച്ചു ചെറുവിട്ചരങ്ങളെയുപദ്രവിച്ചു വിളയാടുവാൻ
വല്ലഭത്വമെഴുമെത്ര പട്ടികളിരിയ്ക്കിലെന്തിഹ മരിക്കിലും
നല്ലവന്മലയിലേറിവാണിടണമിച്ഛപോലെ വിഹരിക്കണം
കൊല്ലണം മദഗജങ്ങളെ ശ്രുതിമൃഗേന്ദ്രനെന്നിഹ പരത്തണം’

വലിയകോയിത്തമ്പുരാൻ ഒരു അസാധാരണ മനുഷ്യനായിരുന്നു. ദ്വിതീയാക്ഷരപ്രാസമില്ലാതെയും നല്ല കവിതകൾ എഴുതാമെന്നു് അദ്ദേഹം വെളിപ്പെടുത്താതിരുന്നില്ല. ദ്വിതീയാക്ഷരപ്രാസവഴക്കിന്റെ ശരിയായ ഒരു ചരിത്രം ഞാൻ എഴുതി വരുന്നതുകൊണ്ടു് ഇവിടെ അധികമായി ഒന്നും അതിനെപ്പറ്റി പറയുന്നില്ല. ഒരു സംഗതിമാത്രം പറയാം. എത്രതന്നെ അർത്ഥമുണ്ടായിരുന്നാലും പ്രാസമില്ലാതിരുന്നാൽ മാധുര്യം കുറയും; നേരേമറിച്ചു് അർത്ഥം കുറഞ്ഞ കവിതയും പ്രാസബഹുളമായിരുന്നാൽ കേൾക്കാൻ ഇമ്പമുണ്ടു്. പ്രാസം വർജ്ജിക്കുന്നതു് അത്യന്തം പരിതാപകരമാണു്; എന്നാൽ പ്രാസം ദ്വിതീയാക്ഷരപ്രാസം മാത്രമല്ലതാനും. കവികൾ എല്ലാം ശബ്ദസുഖത്തിനു വേണ്ടി ഓരോ മാതിരി പ്രാസങ്ങൾ അവസരോചിതം പ്രയോഗിക്കാറുണ്ടു്. സാർവത്രികമായ നിയമം ഏർപ്പെടുത്താവുന്നതേയല്ല.

‘വാസന്തീ മധുവാർന്ന വാക്കിനു സജാതീയദ്വിതീയാക്ഷര-
പ്രാസം തീർപ്പതു കൈരളീമഹിളതൻ മംഗല്യമാണോർക്കണം.
ഹാ! സംസത്തിലസംശയം പഴിയതിൽ പാഴായ്പറഞ്ഞാൽപരീ-
ഹാസം സത്തുകളുൾത്തടത്തിലതിയായ് ചെയ്യുന്നതാശ്ചര്യമോ?’

എന്ന ശ്ലോകത്തിലുള്ള ചമൽക്കാരം മുഴുവനും ശബ്ദഗതമാകുന്നു. ദ്വി. പ്രാസം സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടി നാലു വരികളിലും നിബന്ധിച്ചിട്ടുള്ളതുകൊണ്ടാണോ? അതു ശ്രവണസുഖദമായിരിക്കുന്നതു്. തീർച്ചയായും അല്ല. പൂർവാർദ്ധത്തിൽ ദ്വിതീയതൃതീയാക്ഷരങ്ങൾക്കും ഉത്തരാർദ്ധത്തിൽ ആദ്യത്തെ നാലക്ഷരങ്ങൾക്കും പ്രാസമുണ്ടു്. എന്നാൽ അതിനെക്കാൾ കൂടുതൽ സുഖം കൊടുക്കുന്നതു്,

‘വാസന്തീ മധുവാർന്ന വാക്കിനു് എന്നും,
മഹിളതൻ മംഗല്യമാണോർക്കണം എന്നും,
പഴിയതിൽ പാഴായ് പറഞ്ഞാൽ പരീഹാസം,’

എന്നും കാണുന്ന ആദ്യക്ഷരപ്രാസവും, സജാതീയദ്വിതീയാക്ഷരപ്രാസം എന്നതിൽ കാണുന്ന അനുപ്രാസവും ആകുന്നു. ഇങ്ങനെ പ്രാസബർഹുളമായിരിക്കുന്നതിനാൽ ഭാഷ വശമില്ലാത്തവനുപോലും അതു കേൾക്കുമ്പോൾ ഏതാണ്ടൊരു സുഖം തോന്നും. അർത്ഥത്തിനു് എന്തെങ്കിലും ചമൽക്കാരമുണ്ടോ? ഇല്ലെന്നു സത്യംചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.

“മാംദൂരാദരവിന്ദസുന്ദരസ്മേരാനനാ സമ്പ്രതി
ദ്രാഗുത്തുംഗഭരസ്തനാംഗണഗളച്ചാരൂത്തരീയാഞ്ചലാ
പ്രത്യാസന്ന ജനപ്രതാരണപരാ പാണിം പ്രസാര്യാന്തികേ
നേത്രാന്തേസ്യ ചിരം കരംഗനയനാ സാകൂതമാലോകതേ.”

എന്ന സംസ്കൃതപദ്യത്തിലോ,

‘കാളിദാസകവീന്ദ്രന്റെ കാൽനഖേന്ദു മരീചികൾ
കാവ്യാധ്വാവിൽസ്സഞ്ചരിക്കുമെനിക്കു വഴികാട്ടണം.’

എന്ന മലയാള പദ്യത്തിലോ സജാതീയദ്വിതീയാക്ഷരപ്രാസം ഇല്ലാത്തതുകൊണ്ടു ശ്രവണസുഖം കുറഞ്ഞുപോയിട്ടുണ്ടോ?

ഏ. ആർ. കോയിത്തമ്പുരാൻ ഈ വസ്തുതയാണു ചൂണ്ടിക്കാണിച്ചതു്. അനേകം കവിമല്ലന്മാരോടൊപ്പം കവിതാപരീക്ഷയ്ക്കിരുന്നു ക്ഌപ്തസമയത്തിനുള്ളിൽ കവിത എഴുതിത്തീർത്തു് ഒന്നാംസമ്മാനം നേടിയ മഹാകവി പ്രാസപ്രയോഗത്തിൽ കെല്പില്ലാത്തവനാണെന്നു പറയുന്നതു് വെറും കുറുമ്പുകൊണ്ടല്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണെന്നറിയുന്നില്ല. ആ ദ്രുതകവിതയിൽപോലും സജാതീയദ്വിതീയാക്ഷരപ്രാസം അദ്ദേഹം നിയമേന ദീക്ഷിച്ചു കാണുന്നു.

ശ്രീപത്മനാഭപദപദ്മശതകം—അദ്ദേഹത്താൽ വിരചിതമായ അതിമനോഹരമായ ഒരു സ്തോത്രമാണു്. സംസ്കൃതത്തിൽ അദ്ദേഹം രചിച്ചിട്ടുള്ള കൃതികളെപ്പറ്റി ഇവിടെ ഒന്നും വിവരിക്കുന്നില്ല.

ഒരു മഹാകവി, ഗദ്യകാരൻ, ബുക്കുകമ്മിറ്റി പ്രസിഡണ്ടു് എന്നീ നിലകളിൽ കേരളവർമ്മവലിയകോയിത്തമ്പുരാൻ ഭാഷയുടെ ഉന്നമനത്തിനു വേണ്ടി ചെയ്തിട്ടുള്ള യത്നങ്ങൾ വിലമതിക്കാവുന്നതല്ല. എന്നാൽ ആ വഴിക്കെല്ലാം ചെയ്തിട്ടുള്ളതിൽ പതിന്മടങ്ങു ഗുണം വേറൊരു വഴിക്കു് അദ്ദേഹം ചെയ്തിട്ടുണ്ടു്. കവിയുടെ നിലയിൽ അദ്ദേഹം കേരളകാളിദാസനാണെങ്കിൽ ശബ്ദശുദ്ധിയെ സംബന്ധിച്ചിടത്തോളം Dryde സാഹിതീസമാരാധകന്മാരുടെ പ്രോത്സാഹകൻ എന്ന നിലയിൽ ജാൺസനും ആകുന്നു. യഥാർത്ഥകവികളെ കണ്ടുപിടിച്ചു് അവരെ മുന്നോട്ടു തള്ളിവിടുന്ന കാര്യത്തിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. പൊട്ടക്കവിത എഴുതിക്കൊണ്ടു ചെന്നാലും അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചു് ഒരു തോർത്തെങ്കിലും സമ്മാനം കൊടുക്ക പതിവായിരുന്നു. ഒരു കറുത്ത വാക്കു് അദ്ദേഹം ഒരു കവിയശഃപ്രാർത്ഥിയോടും പറഞ്ഞിട്ടില്ല. ക്ഷുദ്രകവികൾക്കുപോലും അദ്ദേഹം സർട്ടിഫിക്കറ്റുകൾ കൊടുത്തു വന്നതിനെപ്പറ്റി ചിലർ പരിഹസിക്കാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഒന്നു വായിച്ചു നോക്കേണ്ടതാണു്. “നിങ്ങളുടെ വ്യവസായം അഭിനന്ദനീയമായിരിക്കുന്നു.” വാസ്തവമല്ലേ? ഈ ലോകത്തിൽ എന്തെല്ലാം പ്രലോഭനങ്ങൾക്കിടയിലാണു മനുഷ്യൻ ജീവിക്കുന്നതു്. അവയ്ക്കൊന്നിനും വഴിപ്പെടാതെ ഒരാൾ അല്പം കവിത എഴുതിക്കളയാമെന്നു വിചാരിക്കുന്നു. അയാളുടെ പ്രയത്നം സഫലമായില്ലെന്നു വരാം. എന്നാൽ അതു് അഭിനന്ദനീയമല്ലെന്നു് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? ഒരിക്കൽ നാഗൻ വേലായുധൻ എന്നൊരു കവി യശഃപ്രാർത്ഥി മൂലംതിരുനാൾ മഹാരാജാവിന്റെ വൈയ്ക്കത്തെഴുന്നള്ളത്തിനെ സംബന്ധിച്ചു് ഒരു വഞ്ചിപ്പാട്ടെഴുതി പണ്ടു് മാർത്താണ്ഡവർമ്മ മഹാരാജാവു് രാമപുരത്തു വാരിയരോടെന്നപോലെ ഈ മഹാരാജാവു തന്നോടു വർത്തിക്കാതിരിക്കയില്ലെന്നായിരുന്നു കവിയുടെ വിശ്വാസം.

‘കണ്ണുണ്ടു രണ്ടു ചെവിയുണ്ടൊരു മൂക്കുമുണ്ടു്
വായുണ്ടു വായിലകമേ പല പല്ലുമുണ്ടു്
കാലുണ്ടു രണ്ടു കരമുണ്ടു്......’

അതിനാൽ രണ്ടു പേരും മനുഷ്യരാണു് എന്ന യുക്തിയനുസരിച്ചു് ഈ കൃതിയും ഒരു വഞ്ചിപ്പാട്ടെന്നു പറയാം. അതിൽക്കവിഞ്ഞൊരു സാദൃശ്യവും അവയ്ക്കു തമ്മിലില്ല.

കവി തന്റെ പുസ്തകത്തെ അച്ചടിക്കുംമുമ്പുതന്നെ വലിയകോയിത്തമ്പുരാനെ വായിച്ചു കേൾപ്പിച്ചു. എന്തൊരു ക്ഷമ! ആലോചിച്ചു നോക്കുക. ഒടുക്കം അവിടുന്നു് ഒരു സർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു.

‘നിങ്ങടെ ഭക്തി പ്രശംസാവഹമായിരിക്കണം’ എന്നാണു് അതിന്റെ ചുരുക്കം. കവിതയെപ്പറ്റി ഒരക്ഷരം അതിൽ മിണ്ടീട്ടില്ല.

വലിയകോയിത്തമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പവൃക്ഷം തന്നെയായിരുന്നു. എത്ര എളിയവനു വേണ്ടിയും ഹൃദയപൂർവ്വം പ്രയത്നിക്കുന്നതിനു് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. വെറുതേയല്ല ഭാഷാസാഹിത്യസാമ്രാട്ടു് എന്ന മഹനീയപദത്തിൽ അദ്ദേഹം അധിഷ്ഠിതനായതു്. അദ്ദേഹത്തിനെക്കാൾ കവിത്വശക്തിയുണ്ടായിരുന്ന ചിലർ മുമ്പും ജീവിച്ചിരുന്നു. പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാൻ എനിക്കു ധൈര്യമില്ല. എന്നാൽ അവർക്കാർക്കും ഈ അഭികാമ്യമായ പദവി ലഭിച്ചിട്ടില്ല; ലഭിക്കയുമില്ല. അത്രമാത്രമോ? കേരളവർമ്മ വലിയകോയിത്തമ്പുരാനെപ്പോലെ ഒരു സർവ്വകലാവല്ലഭൻ ഇനിയുണ്ടാകുമോ? ആധുനിക വിദ്യഭ്യാസത്തിന്റെ ഗതി കണ്ടാൽ അങ്ങിനെ ഒരു പ്രത്യാശയ്ക്കു വഴിയില്ല.

1090-ാമാണ്ടു് കന്നിമാസം കേരളീയരുടെ ജീവിതത്തിൽ ഒരു ദുർദ്ദശാസന്ധിയായിരുന്നു. വലിയകോയിത്തമ്പുരാൻ പതിവുപോലെ വൈയ്ക്കത്തെഴുന്നെള്ളിയിട്ടു് കന്നിമാസം 2-ാം തീയതി ഹരിപ്പാട്ടെത്തി. അവിടെനിന്നും കന്നി 4-ാം തീയതി മോട്ടാറിൽ തിരുവനന്തപുരത്തേക്കു തിരിച്ചു. പ്രിയഭാഗിനേയനായ ഏ. ആർ. തിരുമേനിയുമുണ്ടായിരുന്നു. കായംകുളത്തിനു സമീപത്തു വച്ചു് വലിയകോയിത്തമ്പുരാൻ കേറിയിരുന്ന വണ്ടി മറിഞ്ഞു. തൽക്കാലം മരണം സംഭവിച്ചില്ലെങ്കിലും ചികിത്സകളൊന്നും ഫലിക്കായ്കയാൽ കന്നി 8-ാംതീയതി അദ്ദേഹം നാടുനീങ്ങി. കാട്ടുതീപോലെ ഈ സംഭവം കേരളം മുഴുവനും വ്യാപിച്ചു. കൈരളിയുടെ കരൾ വാടി. കവികൾ വാവിട്ടു കരഞ്ഞു. കുറേക്കാലത്തേക്കു് മാസികകളിലും പത്രങ്ങളിലും വിലാപകാവ്യങ്ങളേ കാണ്മാനുണ്ടായിരുന്നുള്ളു.

‘അപ്പാണ്ഡിത്യവിശേഷമാവിനയമഗ്ഗാംഭീര്യമദൈദ്ധര്യമാ
തൃപ്പാദംശ്രിതവത്സലത്വമികവാലോകോപകാരവ്രതം
അപ്പാരായണയോഗ്യ സൽക്കവനമാദ്ദാക്ഷിണ്യമസ്സൗഹൃദം
പർപ്പാധീശ! ഭവൽഗുണങ്ങളിൽ മറന്നേക്കാവതെന്തെന്തുവാൻ.’

വലിയകോയിത്തമ്പുരാന്റെ കൃതികൾ

സംസ്കൃതം–(1) തിരുനാൾ പ്രബന്ധം. (2) നക്ഷത്രമാല. (3) ശൃംഗാരമഞ്ജരീഭാണം. (4) പാദാരവിന്ദശതകം. (5) ചിത്രശ്ലോകാവലി (6) അമൃതാമഥനം. (7) ഗുരുവായുപുരേശസ്തവം. (8) സ്കന്ദശതകം. (9) ക്ഷമാപണസഹസ്രം. (10) ദണ്ഡകാരീസ്തോത്രസഞ്ചയം. (11) കംസവധ ചമ്പു. (12) യമപ്രണാമശതകം. (13) ശോണാദ്രീശസ്തോത്രം. (14) വിശാഖവിജയം (15) വിക്ടോറിയാചരിതം. (16) തുലാഭാരശതകം. (17) വഞ്ചീശശതകം. (18)വ്യാഘ്രാലയേശസ്തോത്രം. (19) നാരദമഹിമാനവർണ്ണനം. (20) നൃസിംഹാവതാരം. (21) പ്രക്രിയാസർവ്വസ്വവ്യാഖ്യാ. (22) സന്മാർഗ്ഗസംഗ്രഹം ഗദ്യം. (23) ശുകസന്ദേശവ്യാഖ്യാ. (24) ശാകുന്തളപാരമ്യം. (25) ശ്രീമൂലരാജപദപദ്മശതകം. (26) ദാനവവർണ്ണനം. (27) സംസ്കൃതലേഖമാല. (28) ജാതിനിരൂപണം (29) ലളിതാംബാദണ്ഡകം.

മലയാളം പദ്യം (സ്വതന്ത്രകൃതികൾ)–(1) ശ്രീപത്മനാഭപദപത്മശതകം. (2) മയൂരസന്ദേശം. (3) മത്സ്യവല്ലഭവിജയം. (4) ഹനുമദുദ്ഭവം. (5) സ്തുതിശതകം. (6) ദേവയോഗം. (7) പ്രലംബവധം. (8) ധ്രുവചരിതം. (9) പരശുരാമവിജയം. (10) സോമവാരവ്രതമാഹാത്മ്യം (11) കേരളപ്രസ്ഥാനം.

തർജ്ജിമകൾ–(1) ശാകുന്തളം. (2) അരുമകശതകം. (3) അന്യാപദേശശതകം.

ഗദ്യം–(1) ഒന്നാംപാഠം. (2) രണ്ടാംപാഠം. (3) മൂന്നാംപാഠം. (4) വിജ്ഞാനമഞ്ജരി. (5) സന്മാർഗ്ഗപ്രദീപം. (6) ധനതത്വനിരൂപണം. (7) ലോകത്തിന്റെ ശൈശവാവസ്ഥ. (8) ഇൻഡ്യാചരിത്രം. (9) തിരുവിതാംകൂർ ചരിത്രം. (10) മഹച്ചരിതസംഗ്രഹം. (11) സന്മാർഗ്ഗവിവരണം. (12) അക്ബർ. (13) വിജ്ഞാനസംഗ്രഹം.

കറുത്തപാറ നമ്പൂതിരി

വെട്ടത്തുനാട്ടിനു സമീപം ആലത്തയൂർ ഗ്രാമത്തിൽ രാമൻ ചോമാതിരിപ്പാട്ടിലെ പുത്രനായി 1021-ൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ കാവ്യനാടകാലംകാരാദികളും, തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വൈദുഷി സമ്പാദിച്ചു. വെണ്മണിക്കവിയോഗത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹം നിരവധി ഒറ്റശ്ലോകങ്ങളും, അക്ഷയപാത്രം, അഭിമന്യുദ്ഭവം, കംസവധം എന്നിങ്ങനെ പലേ ഭാഷാന്തരങ്ങളും, രുഗ്മിണീസ്വയംവരം മണിപ്രവാളകാവ്യവും രചിച്ചു പ്രസിദ്ധി നേടി. വള്ളത്തോളിനെ കവിതക്കളരിയിൽ പയറ്റുന്ന വിഷയത്തിൽ പ്രേരിപ്പിച്ച മഹാശയന്മാരിൽ ഒരാൾ അദ്ദേഹമായിരുന്നത്രേ. കവി ഭാരതത്തിൽ ഇദ്ദേഹത്തിനെ ഇങ്ങനെ വിവരിച്ചുകാണുന്നു.

‘ഇയ്യൂഴത്തിലണഞ്ഞിടുന്ന കവനക്കാരായ പോരാളിമാർ
പെയ്യും പദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടും സഹിക്കാതഹോ
മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ
കയ്യൂന്നുന്നു കറുത്തപാറകൃതിയിൽ ചൊല്ലാർന്ന ശല്യൻ ദൃഢം.’

കിളിമാനൂർ തമ്പുരാക്കന്മാർ

കിളിമാനൂർ രാജകുടുംബം 880-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്നു തുടങ്ങിയ നെടുവിരിപ്പു പറപ്പൂർ രാജവംശമായിരുന്നു. 903-ൽ ജീവിച്ചിരുന്ന രവിവർമ്മകോയിത്തമ്പുരാന്റേയും, അതിനെത്തുടർന്നു് കേരളവർമ്മകോയിത്തമ്പുരാന്റേയും വീരകൃത്യങ്ങളേയും, രാജസ്ഥാനത്തിനു വേണ്ടി ചെയ്തിട്ടുള്ള സ്വർത്ഥത്യാഗത്തേയും ഓർത്തു് ശ്രീവീരമാർത്താണ്ഡവർമ്മ മഹാരാജാവു് 925-ൽ നൽകിയ നീട്ടായിരുന്നു ഇന്നത്തെ കിളിമാനൂർ ഇടവകയ്ക്കു് അടിസ്ഥാനമിട്ടതു്. ഈ രാജവംശം, തിരുവിതാംകൂറിൽ സമാധാനം സംസ്ഥാപിതമായതിനോടുകൂടി, സംഗീതസാഹിത്യാദികലകളിലുള്ള നൈപുണ്യത്തിനു പ്രസിദ്ധമായിത്തീർന്നു. വിദ്വാൻ കോയിത്തമ്പുരാന്റേയും തന്മാതാവായിരുന്ന ഉമാദേവിത്തമ്പുരാട്ടിയുടേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും ചരിത്രം അന്യത്ര ചേർത്തിട്ടുണ്ടല്ലോ. 982 ഇടവം 31-ാംതീയതി ജനിച്ചു് 1045 തുലാമാസത്തിൽ തീപ്പെട്ട പുണർതം തിരുനാൾ രാമവർമ്മകോയിത്തമ്പുരാൻ മഹാപ്രതാപശാലിയും നല്ല ഉറച്ച പണ്ഡിതനും സംഗീതകലയിൽ അദ്വിതീയനും ആയിരുന്നു. സീതാവിജയം ആട്ടക്കഥ അവിടുത്തേ കൃതിയാണു്. അവിടുത്തേക്കു് വലിയകൊട്ടാരത്തിൽനിന്നു് 100 രൂപ അടുത്തൂൺ അനുവദിച്ചിരുന്നു.

987 തുലാം ഭരണിനക്ഷത്രത്തിൽ മകംതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1059-ൽ തീപ്പെട്ട ഭരണിതിരുനാൾ രാജരാജവർമ്മ ശബ്ദശാസ്ത്രപാരാവാരപാരംഗതനായിരുന്നതിനു പുറമേ വിഷവൈദ്യം, തച്ചുശാസ്ത്രം, രസവാദം, ജാലവിദ്യ ഇവയിലും വിശേഷിച്ചു ചിത്രമെഴുത്തിലും അതിവിദഗ്ദ്ധനായിരുന്നു. മൃഗങ്ങളെ വരുത്തി വെടിവയ്ക്ക, പാമ്പിനെ വരുത്തി വിഷമിറക്കുക ഇത്യാദി പലേ അത്ഭുതക്രിയകളും അദ്ദേഹം ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാനാൽ “മൃഗയാവിനോദങ്ങൾ” എന്ന ലേഖനത്തിൽ ‘കുഞ്ഞുണ്ണിഅമ്മാവൻ’ എന്ന പേരിൽ ഭക്തിപൂർവം സ്മരിക്കപ്പെട്ടിരുന്ന ഈ മഹാനുഭാവന്റെ ഭാഗിനേയനായി ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാനും, പുത്രന്മാരായ കിളിമാനൂർ ശേഖരവാരിയർ, മാധവവാരിയർ ഇവരും അവിടുത്തേ അടുക്കൽ ആണു് ചിത്രമെഴുത്തു പഠിച്ചു വിശ്വവിഖ്യാതരായിത്തീർന്നതു്. അവിടുത്തെ നോട്ടത്തിനു് ഒരുമാതിരി ആകർഷണശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദാരികോത്ഭവം ആട്ടക്കഥ, ചില ഗദ്യപ്രബന്ധങ്ങൾ, അനേകം ഒറ്റശ്ലോകങ്ങൾ മുതലായവ അവിടുന്നു രചിച്ചിട്ടുണ്ടു്.

984 കന്നിമാസത്തിൽ ജനിച്ചു് 1045-ൽ തീപ്പെട്ട സ്വാതിതിരുനാൾ ഗോദവർമ്മതമ്പുരാൻ മഹാവിദ്വാനായിരുന്നതിനു പുറമേ കരകൗശലവിദ്യയിലും മൃഗയാവിനോദത്തിലും അസാധാരണ വൈദഗ്ദ്ധ്യമുള്ള ആളായിരുന്നു. വലിയ കൊട്ടാരത്തിൽനിന്നു് പ്രതിമാസം 70രൂപ അടുത്തൂൺ അനുവദിച്ചിരുന്നതുകൂടാതെ പുറമേ വിശിഷ്ടരീതിയിലുള്ള ഒരു നാഴികമണി ഉണ്ടാക്കിയതിനു് പാരിതോഷികമായി മഹാരാജാവു തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും കല്പിച്ചുകൊടുത്തു. അവിടുത്തേ കൃതിയാണു് മുചുകന്ദമോക്ഷം ആട്ടക്കഥ.

995 തുലാംമാസത്തിൽ രോഹിണിതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1044-ൽ തീപ്പെട്ട ഭരണിതിരുനാൾ ഗോദവർമ്മതമ്പുരാൻ പ്രൗഢവിദ്വാനും മഹാവൈദ്യനും ചതുരംഗപ്പോരിൽ അതിവിദഗ്ദ്ധനും ആയിരുന്നു. അവിടുന്നു് ചില തുള്ളൽകഥകളും നിരവധി ഒറ്റശ്ലോകങ്ങളും രചിച്ചിട്ടുണ്ടു്. പാലാഴിമഥനം തുള്ളൽ അവിടുത്തേ കൃതിയാണു്.

‘അറ്റമില്ലാതൊരു ദാരിദ്ര്യമൊക്കെയും
തെറ്റെന്നൊഴിച്ചു സമ്പത്തു നൽകീടണം
ചെറ്റുനിൻകാരുണ്യമുണ്ടായ്മനക്കാമ്പി-
ലേറ്റം തെളിഞ്ഞെന്നെയൊന്നു നോക്കീടണം’

എന്നു തുടങ്ങുന്ന അകാരാദി കീർത്തനം അവിടുത്തേ വകയാണു്. അവിടുന്നു് സ്വന്തം കൈയ്യക്ഷരത്തിൽ പകർത്തിവച്ചിട്ടുള്ള കൃഷ്ണഗാഥ ഞാൻ കണ്ടിട്ടുണ്ടു്.

പുണർതംതിരുനാൾ രാമവർമ്മ കോയിത്തമ്പുരാന്റേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും സഹോദരനായിരുന്ന വിശാഖംതിരുനാൾ ഇത്തമ്മർതമ്പുരാൻ 991 മുതൽ 1042-വരെ ജീവിച്ചിരുന്നു. ‘നാലുകെട്ടിലമ്മാവൻ’ എന്നു് അറിയപ്പെട്ടിരുന്ന ഈ തമ്പുരാൻ പാർവതീപരിണയം തുള്ളൽ മുതലായ കൃതികൾ രചിച്ചിട്ടുണ്ടു്.

1005 തുലാമാസത്തിൽ ജനിച്ചു് 1060-വരെ ജീവിച്ചിരുന്ന തൃക്കേട്ടതിരുനാൾ തമ്പുരാട്ടി മഹാവിദുഷിയായ ഒരു കവയിത്രിയായിരുന്നു. അവിടുന്നു് നളചരിതം തിരുവാതിരപ്പാട്ടു്, അനേകം സ്തോത്രങ്ങൾ മുതലായവ രചിച്ചിട്ടുണ്ടു്. കഥകളിയുടെ കൈകൾ എല്ലാം നല്ലപോലെ വശമാക്കിയിരുന്നു. ആ തമ്പുരാട്ടിയുടെ ദൗഹിത്രിയും ഡാക്ടർ ഗോദവർമ്മ തമ്പുരാന്റെ മാതാവും ആയിരുന്ന രോഹിണിതിരുനാൾ തമ്പുരാട്ടിയും ചില കീർത്തനങ്ങളും തിരുവാതിരപ്പാട്ടുകളും പല ഖണ്ഡകവനങ്ങളും എഴുതിയിട്ടുണ്ടു്.

1018 മേടത്തിൽ സ്വാതിനാളിൽ ജനിച്ചു് 1078 മേടത്തിൽ തീപ്പെട്ടു പോയ രാജരാജവർമ്മകോയിത്തമ്പുരാൻ ‘രാസക്രീഡ’ എന്ന മനോഹരമായ ആട്ടക്കഥയുടെ കർത്താവായിരുന്നു. അതിൽനിന്നു മാതൃകയ്ക്കായി ഒരു പദം ഉദ്ധരിക്കാം.

സാരി—എരിക്കിലക്കാമോദരി
‘താവത്തദ്വേണുനാദാമതമൃധുലഹരീപാര്നമത്താ സ്മരാർത്താ-
സ്സംഭ്രാന്താസ്ത്യക്തബന്ധുപ്രിയതമതനയാ വിസ്മൃതാശേഷകൃത്യാഃ
വ്യത്യത്തന്യസ്തഭൂഷാ സുഭഗതനുലതാസ്സ്രസ്കനീവീകലാപാ
ഗോപ്യശ്ശ്രീകൃഷ്ണമാപുർഗ്ഗമനവിലസിതൈരാത്തഹംസീവിലസാഃ
കോമളാംഗിമാരായീടും ഗോപികമാർവന്നു
ശ്യാമളാംഗൻ കൃഷ്ണൻതന്റെ ചാരത്തപ്പോൾ
സ്വർണ്ണസമാനസുവർണ്ണകളർണ്ണവവർണ്ണന്തന്നെ ചേർന്നാ-
രാർണ്ണോദാന്തരവിലസിത വിഭ്യുജ്ജാതംപോലെ
പിഞ്ഛാഭാരശോഭിതനാം ദേവൻതന്നെയവർ
സഞ്ചലിതബന്ധകേശപാശത്തോടെ
പൂർണ്ണനിശാകരവദനവിനിസ്സൃതമന്ദഹാസം കൃഷ്ണം
ചണ്ഡസുമാസ്ത്രശരാർത്തിവിവർണ്ണിതഹാസത്തോടും
സാരഗന്ധവനമാലാ ഭൂഷിതാംഗൻതന്നെ
ഹാരഭൂഷി തോരുകുചഭാരത്തോടും
വേണുനിനാദവിമോഹിത സകലദിഗന്തരാളം സൂന-
ബാണകൃതാധികവിവശവിലാപവിലാസത്തോടും
ശസ്ത്രമാകും കാഞ്ചീബദ്ധപിതാംബരം തന്നെ
സ്രസ്തകാഞ്ചിനീവിമാരാം ഗോപിമാരും
നാളീകാസനവന്ദ്യപാദാബ്ജ മുകുന്ദൻതന്റെ ചാരേ
കേളീഗമനവിനിർജ്ജിതഹംസികൾവന്നുസ്വൈരം.’

ഈ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാന്റെ സഹോദരനായിരുന്നു 1025-ാമാണ്ടു് ഇടവമാസത്തിൽ ജാതനായ ചതയം തിരുനാൾ ഇത്തമ്മർ കോയിത്തമ്പുരാൻ. അവിടുന്നു് നാട്ടുനടപ്പനുസരിച്ചു് പ്രാഥമികവിദ്യഭ്യാസം പൂർത്തിയാക്കീട്ടു് ജ്യേഷ്ഠനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അടുക്കൽ കാവ്യാലങ്കാരങ്ങളും ശാസ്ത്രങ്ങളും അനന്തപുരത്തുകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും നല്ലപോലെ അഭ്യസിച്ചു. വലിയകോയിത്തമ്പുരാനു് അവിടുത്തേ ഗുരുസ്ഥാനം ഉണ്ടായിരുന്നു. വിനോദരസികനായിരുന്ന അവിടുന്നും കാർത്തികതിരുനാൾ രാമവർമ്മത്തമ്പുരാനും കൂടെയാണു് രാമയ്യവിജയം എന്ന ഫലിതമയമായ ആട്ടക്കഥ രചിച്ചതു്. ചിത്രമെഴുത്തു കോയിത്തമ്പുരാൻ ബറോഡയിൽനിന്നു വന്നപ്പോൾ, രാമയ്യൻ എന്നൊരു പട്ടരെക്കൂടെ കൊണ്ടുവന്നിരുന്നു. ആ ബ്രാഹ്മണനു് മരാമത്തിൽ ഒരു ജോലിയും കൊടുത്തു. അയാൾ ഭർത്തൃഹരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൗഢവിദ്വാനും കിളിമാനൂർ കൊട്ടാരം അദ്ധ്യാപകനും ആയിരുന്ന കോട്ടൂർ നീലകണ്ഠപ്പിള്ള ആശാന്റെ പുത്രിയിൽ അനുരക്തനായി. ഒരു കൂനൻ നമ്പ്യാർക്കും അവളിൽ അഭിലാഷം ജനിച്ചു. അവർ തമ്മിലുണ്ടായ മത്സരം ആണു് കഥയുടെ വിഷയം. ഒടുവിൽ രാമയ്യൻ തന്നെ ജയിച്ചു. കൂനൻനമ്പ്യാർക്കു പറ്റിയ അമളിയെ,

‘ഇത്ഥംരാമയ്യബാഹുപ്രഹരണവിവശോ ദീനദീനസ്തദാനീം
നമ്പ്യാരമ്പോടുചാടി ദ്രുതമഥഭവനപ്രാപ്യ ബാഹ്യം [1] ചകൃത്വാ.’

എന്നു തുടങ്ങുന്ന ശ്ലോകത്തിലും,

‘ആശാന്റെ മകളെ എനിക്കു തരണം അല്ലെങ്കി-
ലാശാന്റെ മുമ്പിൽതന്നെ മരണം.’

എന്നും മറ്റുമുള്ള ഗാനങ്ങളിലും സരസമായി ചിത്രീകരിച്ചിരിക്കുന്നു..

അവിടുന്നു് ശ്രീമൂലരാജ ഷഷ്ഠിപൂർത്തിപ്രബന്ധം എന്നൊരു ചമ്പുവും, അനേകം സ്തോത്രരത്നങ്ങളും, സുകന്യാചരിതം നാടകവും, മുപ്പതുകൊല്ലത്തെ യുദ്ധം എന്ന ഗദ്യഗ്രന്ഥവും രചിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം. ഘോഷയാത്രയ്ക്കു വന്നുകൂടിയ പെണ്ണുങ്ങൾ തമ്മിലുള്ള സംഭാഷണമാവിതു്:

‘അക്കാ നോക്കിൻ അതാരു? നമ്മുടെ ദിവാനങ്ങുന്നു പിന്നാപ്പുറ-
ത്തക്കാണുന്നതു മേനവൻ ജഡിജിയദ്ദേഹം മഹാബുദ്ധിമാൻ
കേൾക്കിൻ കേട്ടതുചൊല്ലിൻ അക്കറുകറെക്കണ്ണും മിഴിച്ചന്തികേ
നില്ക്കുന്നാരതു? കാലനും ഭയമെഴും രത്നയ്യരക്കൗണ്ടർപോൽ.’

ശ്രീവരാഹക്ഷേത്രത്തിൽ മഹാരാജാവു വന്ദിക്കുന്നതു്.

‘പാരാവാരഗഭീരവാരിണിപുരാ ഘോരാന്ധകാരാവൃതാ
കാരാഗാരനിയന്ത്രിതാവസുമതീ മുസ്തേവയേനോദ്ധ്യതാ
ദംഷ്ട്രാനിഷ്ഠ, രകോടികട്ടനരടദ്ബ്രഹ്മാണ്ഡചണ്ഡാകൃതീം
സ്രഷ്ടാഭിഷ്ടുതമഭ്യഗാന്നൃപവരോ ഭൂഭാരഭൂദാരകം.’

വേണീസംഹാരം നാടകം ഏതാനും ഭാഗം അവിടുന്നും ബാക്കി കാർത്തികതിരുനാൾ വിദ്വാൻ രാമവർമ്മകോയിത്തമ്പുരാനും ആണു് രചിച്ചതു്. കാർത്തികതിരുനാൾ തമ്പുരാൻ 1031 കർക്കടകത്തിൽ ജനിച്ചു. 1074 കർക്കടകത്തിൽ തീപ്പെട്ടു.

അശ്വതിതിരുനാൾ യുവരാജാവിന്റെ പ്രൈവറ്റു് സെക്രട്ടറിയും സീനിയർ മഹാറാണി തിരുമനസ്സിലെ പിതാവും ആയിരുന്ന കിളിമാനൂർ കുട്ടൻതമ്പുരാൻ ബി. ഏ. 1120-ൽ അന്തരിച്ചു. നല്ല വിദ്വാനായിരുന്നു. അമരപദാർത്ഥപ്രകാശിക, പുരാണനിഘണ്ടു എന്നിങ്ങനെ ചില കൃതികൾ രചിച്ചിട്ടുണ്ടു്. പുരാണനിഘണ്ടു അച്ചടിച്ചിട്ടില്ല.

വൈപള്ളി സുബ്രഹ്മണ്യൻപോറ്റി

993-ൽ ജനിച്ചു. കുമാരനല്ലൂർ ശങ്കരമൂത്തതിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. 1015-ൽ വിദ്യഭ്യാസം പൂർത്തിയായി. കോട്ടയം സിറിയൻകോളേജിൽ വളരെക്കാലം പണ്ഡിതനായിരുന്നു. ആറു് ആട്ടക്കഥകളോളംരചിച്ചിട്ടുണ്ടു്. പാർവതീപരിണയവും നരകാസുരവധവും മാത്രമേ എന്റെ കൈവശമുള്ളു. കഥകൾ നന്നായിട്ടുണ്ടു്. പക്ഷേ അഭിനയിക്കാറില്ല. രണ്ടും മനോരമ പ്രസ്സിൽ അച്ചടിക്കപ്പെട്ടവയാണു്. അദ്ദേഹം 1052-ൽ മരിച്ചു.

വില്വവട്ടത്താശാൻ
‘അച്ഛത്വം പൂണ്ടിടും വായ്ക്കുരകവികിഴവൻ വില്ലുവട്ടം തുടങ്ങീ-
ട്ടച്ഛന്നംപണ്ടു കൂത്താടിയ കവിവരരുണ്ടിന്നുമെല്ലാരുമല്ലോ’

എന്നു് 1073 മകരം 3-ാംതീയതി കുഞ്ഞിക്കുട്ടൻതമ്പുരാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്കു അയച്ച കത്തിൽ ‘കവി കിഴവനായി’ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന വില്വവട്ടത്തു രാഘവൻ നമ്പ്യാർ 997-ൽ തിരുവല്ലാ വില്വവട്ടത്തു ജനിച്ചു. കോട്ടയത്തു സുറിയാനി സിംമ്നാരിയിൽ സംസ്കൃതമുൻഷിയായിരുന്നു. മലയാളമനോരമയുടെ പോഷകന്മാരിൽ ഒരാളായിരുന്നു. നിരവധി പദ്യങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ജ്യോതിഷം, തച്ചുശാസ്ത്രം ഇവയിലും പാണ്ഡിത്യമുണ്ടായിരുന്നു. ഖണ്ഡകവനങ്ങളല്ലാതെ പുസ്തകങ്ങളായി ഞാൻ ഒന്നും കണ്ടിട്ടില്ല. എൺപത്തിയൊന്നുവയസ്സുവരെ ജീവിച്ചിരുന്നിട്ടു് ഈയിടയ്ക്കാണു് മരിച്ചുപോയതു്.

ഒയ്യാരത്തു ചന്തുമേനോൻ

1022 ധനു 10-ാംതീയതി കുറുമ്പ്രനാട്ടിൽ ചേർന്ന നടുവണ്ണൂരിൽ കുളങ്ങരക്കുഞ്ഞിമഠത്തിൽ ജനിച്ചു. അച്ഛനായ എടവാട്ടിൽ ചന്തുനായർ തഹസിൽദാരായിരുന്നു. മാതാവായ ചിറ്റേഴത്തു പാർവ്വതിയമ്മയും സാമാന്യം നല്ല വിദുഷിയായിരുന്നു. 1032-ൽ പിതാവു മരിച്ചുപോയി. പഴയ സമ്പ്രദായമനുസരിച്ചു് കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികപാഠങ്ങൾ പഠിച്ചശേഷം ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ചേർന്നു. മെട്രിക്കുലേഷൻപരീക്ഷയിൽ പാസ്സായി. സംസ്കൃതവും നല്ലപോലെ അഭ്യസിച്ചു. പതിനേഴാം വയസ്സിൽ അൺകവനന്റഡ് സിവിൽസർവ്വീസു് പരീക്ഷയിൽ പാസ്സായി. നല്ല ഒത്ത ശരീരം, പ്രസന്നമായ മുഖം, മധുരമായ കണ്ഠം, വാലിട്ടു പുറകോട്ടു കെട്ടിവച്ചിരിക്കുന്ന തലമുടി, വിനോദരസികത—ഇങ്ങനെയൊരു യുവാവാണു്, ഒരുദിവസം ഷാർപ്പുസായ്പിന്റെ മുമ്പിൽ ഉദ്യോഗപ്രാർത്ഥിയായി ചെന്നുനിന്നതു്. സായ്പു് യുവാവിനെ ആപാദചൂഡം ഒന്നു നോക്കീട്ടു് ചില ചോദ്യങ്ങൾ ചെയ്തു. തൃപ്തികരമായ ഉത്തരം ലഭിക്കയാൽ പ്രസന്നനായി അദ്ദേഹം “ഇന്നുതന്നെ ജോലിയിൽ പ്രവേശിച്ചോളു” എന്നു കുടുമയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ഇതു് 1039-ൽ ആയിരുന്നു.

ചന്തുമേനോൻ ജോലിയിൽ പ്രവേശിച്ചതുമുതൽക്കു് കച്ചേരിയെന്നതിന്റെ ഗൗരവം എല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തിനു സംഗീതത്തിലും ചെണ്ടകൊട്ടിലും നല്ല വാസനയ്ക്കു പുറമേ സരസഭാഷണത്തിലും ഫലിതോക്തിയിലും അസാമാന്യമായ ചാതുരിയുമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാർ തങ്ങളുടെ കസാല വിട്ടു വെളിയിൽപോയെന്നു കണ്ടാൽ മേനോൻ വിനോദത്തിനു വട്ടംകൂട്ടുകയായി. ചിലപ്പോൾ ഫലിതംപറഞ്ഞും മറ്റു ചില അവസരങ്ങളിൽ വല്ല പെൻസിലോ റൂൾത്തടിതന്നെയോ എടുത്തു മേശപ്പുറത്തു താളം തകർത്തും തത്രസ്ഥരായ ക്ലാർക്കന്മാരുടെ ഇടയ്ക്കു് ഹാസോല്ലാസം ജനിപ്പിച്ചു വന്നു. ചിലപ്പോൾ ചെണ്ടയുടെ സ്ഥാനത്തു് മേശയ്ക്കു പകരം സ്നേഹിതന്മാരുടെ പുറമോ കഷണ്ടിത്തലയോ കിട്ടിയാൽ അതായിരിക്കും ഉപയോഗിക്കുന്നതു്. ചന്തുമേനോൻ സായ്പിന്റെ വാത്സല്യഭാജനമായിരുന്നതിനാൽ ശിരസ്തദാർ പാവം എല്ലാം സഹിച്ചുപോന്നു.

സ്മാൾകാസ്കോടതിയിൽ ഇങ്ങനെ മൂന്നു കൊല്ലം ക്ലാർക്കായിരുന്നപ്പോഴേയ്ക്കു്, അതായതു് 1042-ൽ തലശ്ശേരി സബ്കളക്ടരായിരുന്ന ലോഗൻ ഈ യുവാവിനെ തന്റെ കച്ചേരിയിൽ മൂന്നാംഗുമസ്തനായി നിയമിക്കയും, അവിടെ നിന്നു് ക്രമേണ ഉയർത്തിക്കൊണ്ടുവന്നിട്ടു്, 1045-ൽ താൻ കളക്ടരായിത്തീർന്ന ഉടനെ പോലീസ് മുൻഷിയാക്കുകയും ചെയ്തു. അടുത്ത കൊല്ലം ഹെഡ്മുൻഷിസ്ഥാനം ഒഴിവു വന്നു. ഉടനെ ആ സ്ഥാനത്തു് ചന്തുമേനോൻ തന്നെയാണു് നിയമിക്കപ്പെട്ടതു്.

ഈ കളിയും ചിരിയും കോലാഹലവും എല്ലാം സഹജമായിരുന്ന അദ്ദേഹത്തിന്റെ സരസതയുടെ ബഹിഃസ്ഫുരണം മാത്രമായിരുന്നു. അദ്ദേഹം തന്റെ ജോലിയിൽ ഒരിക്കലും ശുഷ്കാന്തിക്കുറവു കാണിച്ചിരുന്നില്ല. ഏതു കാര്യത്തിലും ശ്രദ്ധയും ചുറുചുറുപ്പും കാണിച്ചു വന്നതിനാലാണു് അദ്ദേഹം രണ്ടു പ്രധാന ആംഗലോദ്യോഗസ്ഥന്മാരുടെ പ്രീതിക്കു പാത്രീഭവിച്ചതു്. കൃത്യനിഷ്ഠയില്ലാത്തവരോടു സായ്പന്മാർക്കു് പൊതുവേ വെറുപ്പാണു്. ഷാർപ്പു് സത്യനിഷ്ഠയുള്ള ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു. ലോഗൻ മലബാറിലെ സകല ജാതിമതസ്ഥന്മാരുടേയും കണ്ണിനുണ്ണിയായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതായുമില്ല. മലബാർ മാന്വൽ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾവഴിക്കു് അദ്ദേഹത്തിന്റെ യശസ്സു് ഇപ്പോഴും നിലനില്ക്കുന്നു.

1047-ൽ ചന്തുമേനോൻ കാത്തോളിൽവീട്ടിൽ ലക്ഷ്മിയമ്മ എന്ന സുകൃതിനിയെ വിവാഹം ചെയ്തു.

‘എന്നില്ലത്തിനു ലക്ഷ്മീ മമ നയനങ്ങൾക്കു പീയുഷധാരാ’

എന്ന മട്ടിലാണു് ആ മഹതി പരിശോഭിച്ചതു്. “ഇന്ദുലേഖാപുസ്തകത്തിൽ തിളങ്ങിക്കാണുന്ന ശൃംഗാരത്തെ സൃഷ്ടിച്ച ചന്തുമേനവന്റെ ധർമ്മപത്നിയായിരുന്ന ആ ലക്ഷ്മിഅമ്മയുടെ വിശേഷബുദ്ധിയും ലോകപരിഞ്ജാനവും ക്ഷമാശീലവും അത്യന്തം ആദരണീയമായിരുന്നു.” ആ സ്ത്രീരത്നത്തിന്റെ അപേക്ഷയനുസരിച്ചായിരുന്നു വലിയകോയിത്തമ്പുരാൻ അമരുകശതകം തർജ്ജമ ചെയ്തതെന്നുള്ളതിനു്,

“സുമതികൾ മണിചന്തുമേനവന്റെ
കമനിമനീഷണി ലക്ഷ്മി ചൊല്കയാലേ
അമരുകശതകം മണിപ്രവാളം
കിമപിലമച്ചിതു ഭാഷയായിഞാനും”

എന്ന പദ്യം സാക്ഷ്യം വഹിക്കുന്നു.

ഈ ലക്ഷ്മിയമ്മ ചന്തുമേനവന്റെ സാഹിത്യയത്നങ്ങളിലെല്ലാം മനഃപൂർവം സഹായിച്ചുകൊണ്ടുതന്നെയായിരുന്നു. ‘ഒരു പൂച്ച വന്നുകേറിയാലും അറിയാം’ എന്നൊരു പഴമൊഴിയുണ്ടല്ലൊ. ലക്ഷ്മിയമ്മ സഹധർമ്മിണീപദത്തിൽ പ്രതിഷ്ഠിതയായിട്ടു് അധികം കഴിയുംമുമ്പെ അദ്ദേഹം ഷാർപ്പിന്റെ കോടതിയിൽ ഹെഡ്റൈട്ടരായും അചിരേണ മുൻസിഫായും നിയമിക്കപ്പെട്ടു.

1049-ൽ മഞ്ചേരി മുൻസിഫായി സ്ഥലം മാറ്റപ്പെട്ടു. അവിടെനിന്നും 1051-ൽ പാലക്കാട്ടു മുൻസിഫായി മാറി. പാലക്കാട്ടു് ആറു കൊല്ലം ജോലിയിൽ ഇരുന്നു. 1057-ൽ കോഴിക്കോട്ടേയ്ക്കു വന്നു. അവിടെത്തന്നെ നാലു കൊല്ലം ഇരുന്നതിനിടയ്ക്കു് സർക്കാരിൽനിന്നും ശമ്പളം വർദ്ധിപ്പിക്കയും ചെയ്തു. അദ്ദേഹത്തിനെ ഒന്നാംക്ലാസു് മുൻസിഫായി ഉയർത്തുകയും ചെയ്തു. അപ്പോൾ കോഴിക്കോട്ടു സബ്ജഡ്ജിയായിരുന്ന ഈ. കെ. കൃഷ്ണൻ ചന്തുമേനോന്റെ ഉത്തമമിത്രമായിത്തീൎന്നു. അദ്ദേഹവും ചന്തുമേനോനെപ്പോലെ മൃഗയാതല്പരനായിരുന്നുതാനും. ഡിസ്ട്രിക്ട്ജഡ്ജിയായിരുന്ന വിഗ്രാംസായ്പിനു് രണ്ടു പേരിലും തൃപ്തിയും വിശ്വാസവും ഉണ്ടായിരുന്നു.

1061-ൽ ഒറ്റപ്പാലത്തേയ്ക്കും അടുത്ത വർഷം പരപ്പനങ്ങാടിയിലേയ്ക്കും അദ്ദേഹം സ്ഥലംമാറ്റപ്പെട്ടു. പരപ്പനങ്ങാടിയിൽ താമസിക്കുന്ന കാലത്തു് അദ്ദേഹം ബേക്കൺസ് ഫീൽഡു് പ്രഭുവിന്റെ ഫെൻറീത്താ ടെമ്പിൾ എന്ന നോവൽ പുസ്തകം വായിക്കാനിടയാവുകയും, അതുപോലെ ഉത്തരകേരളീയരുടെ ജീവിതരീതികളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവൽ എഴുതാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. അങ്ങിനെ അവിടെ വച്ചു് ഏതാനും മാസങ്ങൾകൊണ്ടു് എഴുതിത്തീർത്ത കഥയാണു് ഇന്ദുലേഖ. അച്ചടിച്ചു് ഒരു വർഷം തികയുംമുമ്പു് പുസ്തകമെല്ലാം വിറ്റുതീർന്നതിൽനിന്നും മലായാളികൾ അതിനെ എങ്ങനെയാണു സ്വീകരിച്ചതെന്നു് ഊഹിക്കാമല്ലോ. അതിലെ ഓരോ പാത്രവും സജീവമായിരിക്കുന്നു. പഴയ നായർകുടുംബങ്ങളിൽ മാധവനേയും മാധവിയേയുംപോലുള്ളവരെ അധികമായി കിട്ടുമായിരുന്നില്ലെങ്കിലും മുൻകോപിയും ശുദ്ധഗതിക്കാരനും കുടംബസ്നേഹവാരാശിയും ആയിരുന്ന പഞ്ചുമേനോന്മാരെ എവിടെയും കാണാമായിരുന്നു. സ്ത്രീവിദ്യാഭ്യാസംകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ ഉദാഹരിക്കാനായിട്ടാണു് അദ്ദേഹം മാധവിയെ സൃഷ്ടിച്ചതു്. ഏതാണ്ടു മാധവിയുടെ രീതിയിൽതന്നെയാണു് ചന്തുമേനോൻ തന്റെ പുത്രിയെ വളർത്തിയതും. യാഥാസ്ഥിതികന്മാർക്കു് ഇന്ദുലേഖയുടെ സൃഷ്ടി അത്ര പിടിച്ചിരുന്നില്ലെന്നു് ചക്കീചങ്കരം നാടകം വായിച്ചിട്ടുള്ളവർക്കറിയാം. മൂക്കില്ലത്തെ മനയ്ക്കൽ നമ്പൂരിപ്പാടിന്റെ സ്വഭാവചിത്രണം ഒരു കടുത്ത കയ്യായിപ്പോയെന്നും തെക്കൻദിക്കിൽ ഉള്ളവർ വിചാരിച്ചേക്കാം. എന്നാൽ നമ്പൂരിസമുദായത്തിനു് അത്തരം വിദായവിഹീനരും വികലാചാരന്മാരുമായ ആളുകൾ വരുത്തിവച്ചിട്ടുള്ള ഹാനിയെ പരിഹരിക്കുന്നതിന്നു വിശാലഹൃദയന്മാരായ ഉണ്ണിനമ്പൂരിമാർ എത്രകാലം ശ്രമിക്കേണ്ടിവന്നു! ഇപ്പോഴും ആ ന്യൂനത സമുദായമദ്ധ്യത്തിൽനിന്നും നിശ്ശേഷം നിർമ്മാർജ്ജനം ചെയ്തുതീർന്നിട്ടുണ്ടെന്നു പറയാറായിട്ടുമില്ല. കേസരി ഈ സംഗതിയെപ്പറ്റിയെഴുതീട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.

“ഇപ്പോൾ നമുക്കു വേണ്ടി ദേവാലയങ്ങളിൽ പല സൽക്കർമ്മങ്ങളും ചെയ്യുന്നവരാണല്ലൊ ബ്രാഹ്മണർ. ഭൂദേവന്മാരാണെന്നുകൂടി പറയാൻ മടിയില്ലാത്ത ആ യോഗ്യന്മാരുടെ നടപ്പും മര്യാദയും കണ്ടിട്ടാണല്ലോ ഈയുള്ളവർ നടക്കേണ്ടതു്. അവരുടെ സ്ഥിതി ഒന്നാലോചിക്കുക. അനവധി ഭാര്യമാരെ വേൾക്കുന്നു; എന്നു മാത്രമല്ല എത്ര പേർ പരസ്യമായി രഹസ്യത്തിനും പോകുന്നു! അതൊരു പാപമാണെന്നു് അവർക്കാകട്ടെ മറ്റുള്ളവർക്കാകട്ടെ ലേശംപോലും വിചാരമില്ല. അവർക്കിതുകൊണ്ടു സംഘവിരോധമോ ലഘുത്വമോ ഒന്നും തന്നെയില്ല. ഏതു പംക്തിയിലും പന്തലിലും പോകാം. ശാപ്പിടാം. യാതൊരശുദ്ധിയുമല്ല. ഗോമൂത്രമാകട്ടെ പഞ്ചഗവ്യമാകട്ടെ ഒന്നും സേവിക്കേണ്ട. പരസ്ത്രീസേവയുണ്ടായാൽ പ്രായശ്ചിത്തംതന്നെ വേണ്ട. ഒരു ക്രൈസ്തവദേവാലയത്തിലെ ഒരു പാതിരിയുടെ ഈവിധം ശങ്കാലേശമുണ്ടായാലത്തെ കഥ എന്തായിരിക്കും?”

നമ്പൂരിമാർക്കു് ഈ പുസ്തകത്തോടുണ്ടായ വിദ്വേഷം അർത്ഥശൂന്യമാകുന്നു. രാജ്യത്തുള്ള ഇന്ദുലേഖാപുസ്തകങ്ങളൊക്കെ ചുട്ടു ഭസ്മമാക്കി അറബിക്കടലിൽ താക്ക​ണം എന്നു് ഒരു നമ്പൂരി പത്രത്തിൽ എഴുതിയിരുന്നു. എന്നാൽ അന്നുജീവിച്ചിരിക്കുന്നവരെ പേരു പറഞ്ഞു തെറിശ്ലോകങ്ങളുണ്ടാക്കിയ വെണ്മണിയുടേയും കൂട്ടുകാരുടേയും പുസ്തകങ്ങളെ അവരോടൊത്തു് ‘ഇറാൻ മൂളുന്ന’ ശൂദ്രപ്പരിഷകൾക്കാകട്ടെ തോന്നിയില്ല. അവർ വെണ്മണിപ്രസ്ഥാനത്തിന്റെ പുനരുൽഘാടനകർമ്മം നിർവ്വഹിക്കാനാണു നോക്കുന്നതു്. ഇത്തരം ആളുകളോടു് മി. മൂർക്കോത്തു കുമാരൻ പറയുന്നതിങ്ങനെയാണു്:

“ഇന്ദുലേഖാപുസ്തകങ്ങളൊക്കെ, നമ്പൂരിമാർ വിലകൊടുത്തു വാങ്ങി ദഹിപ്പിക്കുന്നതു നല്ലതുതന്നെ. പക്ഷെ അതിന്റെ ഭാഷ അറബിക്കടലിൽ കലക്കിനശിപ്പിക്കുകയല്ല വേണ്ടതു്; ശുദ്ധജലങ്ങളിൽ കലക്കി ഓരോ യാഥാസ്ഥിതിക നമ്പൂരിയും സേവിക്കുകയാണു വേണ്ടതു്. നാല്പതു കൊല്ലത്തിനിടയ്ക്കു് നമ്പൂരിമാരുടെ ഇടയിൽ അത്യധികം സാവധാനത്തിലെങ്കിലും ദൃഢമായ പദ്ധതിയിൽക്കൂടി വന്നുകൊണ്ടിരിക്കുന്നതും അഞ്ചു പത്തു കൊല്ലമായി ഗതിക്കു വേഗം കൂടിയതും ആയ പരിഷ്കാരത്തിന്റെ അസ്ഥിവാരം ഇന്ദുലേഖാപുസ്തകമാണെന്നു പറവാൻ ഞാൻ അശേഷം മടിക്കുന്നില്ല.”

ചന്തുമേനോനു് നമ്പൂരിമാരോടു യാതൊരു വെറുപ്പുമില്ലായിരുന്നു എന്നുള്ളതിനു് ചെറുശ്ശേരിയുടെ സൃഷ്ടി തന്നെ ഒരു സാക്ഷിയാണു്. നമ്പൂരിസമുദായത്തെ വെറുക്കാൻ ഏതു മലയാളിക്കു സാധിക്കും? ശ്രീശങ്കരാചാര്യരേയും നാരായണഭട്ടതിരിയേയും പൂന്താനത്തേയും ബഹുസഹസ്രം മറ്റു യോഗ്യപുരുഷന്മാരേയും സൃഷ്ടിച്ച ആ സമുദായത്തോടു് ആർക്കും വിദ്വേഷം ഉണ്ടാവുന്നതല്ല. പരിഹാസ്യമായ ആചാരങ്ങൾ സമുദായത്തിനുള്ളിൽ കടന്നുകൂടിയിരിക്കുന്നു എന്നു സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുന്നതു വിദ്വേഷമായി വ്യാഖ്യാനിക്കുന്നവരാണു പരമാർത്ഥത്തിൽ സമുദായശത്രുക്കൾ.

1066-ൽ ചന്തുമേനോൻ വീണ്ടും കോഴിക്കോട്ടേക്കു തിരിച്ചു. അതിനുശേഷമാണു് ശാരദ എഴുതി പ്രസിദ്ധീകരിച്ചതു്. ആ പുസ്തകം പൂർത്തിയാക്കുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ജോലിത്തിരക്കും ശരീരാസ്വാസ്ഥ്യവും നിമിത്തം തനിക്കു് അതിനു സാധിക്കാതെ വന്നിരിക്കുന്നു എന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ഹാ! ആ ആഗ്രഹം പൂർത്തിയായിരുന്നു എങ്കിൽ ശാരദയുടെ സമീപത്തു് ഇന്ദുലേഖ അസ്തപ്രഭമായിത്തീരുമായിരുന്നു.

ഇതേ കാലഘട്ടത്തിൽ സർ. സി. ശങ്കരൻനായർ മദ്രാസ് നിയമസഭയിൽ അവതരിപ്പിച്ച വിവാഹബില്ലിനെപ്പറ്റി അന്വേഷിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തപ്പെട്ട മുത്തു സ്വാമിഅയ്യർകമ്മിറ്റിയിൽ ചന്തുമേനോനും ഒരംഗമായി.

1067-ൽ അദ്ദേഹം തിരുനൽവേലി ആക്ടിംഗു് അഡീഷണൽ സബ്ജഡ്ജിയായി ഉയർത്തപ്പെടുകയും അടുത്തകൊല്ലം ആ ജോലി സ്ഥിരപ്പെടുകയും ചെയ്തു. സ്ഥിരം സബ്ജഡ്ജിയായി ആദ്യം ജോലി നോക്കിയതു് മംഗലാപുരത്തുവച്ചായിരുന്നതിനാൽ അദ്ദേഹത്തിനു് മയൂരസന്ദേശംകാവ്യത്തെ കമനീയമായി അച്ചടിപ്പിച്ചു പ്രസാധനം ചെയ്യുന്നതിനു സാധിച്ചു. ആ വിശിഷ്ടകാവ്യത്തെപ്പറ്റി അദ്ദേഹം എഴുതി വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചിരുന്ന മണ്ഡനം ആണു് ആ കാവ്യത്തിനു വലുതായ പ്രചാരം നൽകിയതെന്നു പറയാം.

1070-ൽ മംഗലാപുരത്തു വച്ചു് അദ്ദേഹത്തിനു പക്ഷവാതം പിടിപെടുകയാൽ അവധിയെടുത്തു് തലശ്ശേരിയിലുള്ള തന്റെ ഗൃഹത്തിൽ ചെന്നു പാർത്തു. രണ്ടു കൊല്ലം കഴിഞ്ഞാണു് വീണ്ടും ജോലിയിൽ പ്രവേശിച്ചതു്. 1072-ൽ വീണ്ടും കോഴിക്കോട്ടു സബ്ജഡ്ജിയായി ചാർജ്ജെടുത്തു. 1073 ധനു പതിനാറാംതീയതി പൂരുട്ടാതി നക്ഷത്രത്തിൽ ജന്മനാൾ ആഘോഷപൂർവ്വം കൊണ്ടാടി. ശരീരത്തിനു പൂർണ്ണസ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. 1075 ചിങ്ങം 23-ാം തീയതി കോടതിയിൽ പതിവുപോലെ പോയിരുന്നു. കോടതിയിൽനിന്നും തിരിച്ചുവന്നപ്പോൾ പെട്ടെന്നു രോഗം ഒന്നു കടുത്തു. പിറ്റേദിവസം അതിരാവിലെ ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ വാർത്തയെപ്പറ്റി വലിയകോയിത്തമ്പുരാൻ കടത്തനാട്ടു രാജാവിനു് എഴുതിയ എഴുത്തിൽ,

“ഹന്ത! ഹന്ത! കൃതാന്തേന നിതാന്തം നിഷ്കൃപതാപ്രദർശിതാ. മയ്യസമ്മുഖസമീക്ഷിത തത്താദൃഗ്രസികാഗ്രേസരാന്തരംഗമിത്രം ചന്തുമേനവമേവമകസ്മാപേഹൃതവിത്താ തദ്വാർത്താവഗമാൽ പ്രഭൃതിർഭ്യുശമപാ-സ്തോവിമതായ മാനശ്ചവർത്തതേഽസൗ.” എന്നു പ്രസ്താവിച്ചിരിക്കുന്നതിൽനിന്നും അവിടുത്തേക്കു് അദ്ദേഹത്തിനോടുണ്ടായിരുന്ന സ്നേഹാതിരേകം വെളിപ്പെടുന്നുണ്ടല്ലോ.

ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചന്തുമേനോൻ അവ്യഭിചരിതമായ നീതിനിഷ്ഠയുള്ളവനായിരുന്നു. ഒരിക്കൽ ഒരടിയന്തിരം പ്രമാണിച്ചു് അദ്ദേഹവും സന്നിഹിതനായിരുന്നു. ഊണിനിരുന്നപ്പോൾ ഒരാൾ കൈക്കൂലിയെപ്പറ്റി സംസാരിച്ചു. വലിയ കൈക്കൂലിക്കാരനെന്നു പൊതുവേ എല്ലാവർക്കും അറിയാമായിരുന്ന ഒരു ഉദ്യോഗസ്ഥൻ അതു കേട്ടിട്ടു് “ചക്കരപ്പാടത്തു കൈകടത്തിയാൽ ഒന്നു നക്കിനോക്കാത്തവരാരുണ്ടു്” എന്നു ചോദിച്ചു. അപ്പോൾ ചന്തുമേനോൻ കൈയിൽ വാരിയിരുന്ന ചോറു് ഇലയിൽത്തന്നെ ഇട്ടിട്ടു് നിവർന്നിരുന്നുകൊണ്ടു് “ഉണ്ടു്, ഞാനുണ്ടു്. ഒയ്യാരത്തു ചന്തുവുണ്ടു്” എന്നഭിമാനപൂർവ്വം പറഞ്ഞു. എല്ലാവരും മൗനം പൂണ്ടുപോയി.

ഇനിയൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്.

‘കോഴിക്കോട്ടു വരക്കൽ എന്ന ഒരു തീയക്ഷേത്രത്തിലെ ചിറപ്പിനു് പ്രസിദ്ധചെണ്ടകൊട്ടുകാരൻ മാരാരെ ക്ഷണിച്ചിരുന്നു. ചിറപ്പു തീർന്നപ്പോൾ മൂന്നാംതരക്കാർക്കു കൊടുക്കാറുള്ള പ്രതിഫലമാണു് ക്ഷേത്രാധികാരികൾ അയാൾക്കു കൊടുത്തതു്. അയാൾ തർക്കിച്ചിട്ടൊന്നും ഫലിക്കായ്കയാൽ ചന്തുമേനോന്റെ കോടതിയിൽ കേസ്സൊന്നു ഫയലാക്കി. ക്ഷേത്രത്തിൽ ചിറപ്പിനു ചെന്നിരുന്നവരാരും അയാൾക്കു സാക്ഷി പറവാൻ തയ്യാറായില്ല. ഒന്നു രണ്ടു കൃത്രിമസാക്ഷികളെ മാരാർ ഹാജരാക്കിയെങ്കിലും ചന്തുമേനോൻ ചോദ്യങ്ങൾ ചോദിച്ചു് അവർക്കു ചെണ്ടകൊട്ടിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നു വരുത്തി. മാരാർ പരുങ്ങി. എന്നാൽ ചെണ്ടകൊട്ടിൽ അയാൾക്കു യഥാർത്ഥമായ പാഠവമുണ്ടോ എന്നു പരീക്ഷിക്കാതെ കേസു വിധിക്കുന്നതു ശരിയല്ലെന്നു് ചന്തുമേനോന്റെ മനസ്സാക്ഷി ഉപദേശിച്ചു. ഒടുവിൽ അദ്ദേഹം ചോദിച്ചു:“കോടതി മുമ്പാകെ ചെണ്ട കൊട്ടിക്കാണിക്കാൻ തയ്യാറുണ്ടോ?” മാരാർ അതു സമ്മതിച്ചു. മാരാർ വേഗം ചെണ്ടയുമായി കോടതിയിൽ എത്തി. മേളം കൊണ്ടുപിടിച്ചു. മേനോൻ രസിച്ചുതുടങ്ങി. എന്നാൽ ഡേവിഡ്ധ്വരയ്ക്കു് ചെണ്ടമേളം കണ്ഠകഠോരമായിട്ടാണു തോന്നിയതു്. അദ്ദേഹം ചെണ്ടകൊട്ടു നിറുത്താൻ പറയുന്നതിനായി തന്റെ ഡുഫേ്ദാരെ അയച്ചു. അയാൾ വന്നുചേരുമെന്നു നേരത്തെ അറിയാമായിരുന്ന ചന്തുമേനോൻ ഡുഫേ്ദാരുടെ തലപ്പാവു് കണ്ടുതുടങ്ങിയ മാത്രയിൽ ഗൗരവഭാവമവലംബിച്ചു് ഇരിപ്പായി. ആ ഗംഭീരഭാവം ഡഫേ്ദാരെ തടഞ്ഞുനിർത്തിയതിൽ അത്ഭുതപ്പെടാനില്ല. മാരാർ ഇതിനിടയ്ക്കു തകർത്തുകൊണ്ടുതന്നെ ഇരുന്നു. ഡേവിഡ്ധ്വരയുടെ അപ്പോഴത്തെ മനോഭാവം സങ്കടദൃഷ്ടികൊണ്ടു കാണാൻ സാധിച്ച ചന്തുമേനോന്റെ മുഖത്തു് ഒരു പ്രസന്നത കളിയാടി. ഇതു് തന്റെ ചെണ്ടകൊട്ടിലുള്ള താല്പര്യാതിശയം കൊണ്ടായിരിക്കണമെന്നു തെറ്റിദ്ധരിച്ച മാരാർ മേളം ഒന്നുകൂടി കൊഴുപ്പിച്ചു. ധ്വര ഒരാളെക്കൂടി അയച്ചു. അയാൾ വരുന്നതു കണ്ടപ്പോൾ ഡഫേ്ദാരും ധൈര്യമവലംബിച്ചു മുന്നോട്ടു കാൽ വയ്ക്കാൻ തുടങ്ങി.

വിനോദരസികനായ ചന്തുമേനോനാകട്ടെ യാതൊന്നും കേൾക്കുന്ന ഭാവമേ പ്രകാശിപ്പിക്കാതെ ചെണ്ടകൊട്ടിൽ ലയിച്ചു് കണ്ണു ചിമ്മി താളത്തിനൊത്തു തലയും കുലുക്കിക്കൊണ്ടു് അങ്ങിനെയിരുന്നു. ഡഫേ്ദാർ വിഷമിച്ചു. അയാൾക്കു് ഒരു യുക്തി തോന്നി. യജമാനന്റെ അടുക്കൽ സമയം നോക്കാതെ ചെല്ലാൻ അധികാരമുണ്ടെന്നു സ്വയം അഭിമാനിച്ചിരുന്ന ഒരു ഭൃത്യനുണ്ടായിരുന്നു. അയാളെ തള്ളിവിട്ടു. എന്നാൽ ചന്തുമേനോന്റെ അടുക്കൽ ആരടുക്കും? ഡഫേ്ദാർ ബഞ്ചിനു അടുത്തചെന്നു് “ജഡ്ജിസായ്പിന്റെ.....” എന്നിത്രയും പറഞ്ഞതും അദ്ദേഹം സംഹാരരുദ്രനെപ്പോലെ “തനിക്കു മൂന്നു രൂപാ പ്രായശ്ചിത്തം” എന്നു ഗർജ്ജിച്ചതും ഒരുമിച്ചുകഴിഞ്ഞു. സംഹാരരുദ്രന്റെ ആ ഭാവം കണ്ടു് ഡിസ്ട്രിക്ട്ജഡ്ജിയുടെ ദൂതഗണം പമ്പകടന്നു.

കുറേനേരംകൂടി ചെണ്ടകൊട്ടിച്ചു കേട്ടശേഷം ചന്തുമേനോൻ അന്യായത്തിനു അനുസരിച്ചു് വാദിക്കനുകൂലമായി വിധി പറഞ്ഞു. മാരാർ സംതൃപ്തനായി കോടതി വിട്ടു. അന്നു കാപ്പികുടിസമയത്തു് “ഡേവിഡ്സായു” ഇതെന്തൊരു മാതിരി? മറ്റുള്ളവർക്കു് ചെവി കേട്ടിരിക്കണ്ടേ? എന്നു ചോദിച്ചതിനു്, “ന്യായം നടത്തുന്നതിനുള്ള എന്റെ ഉദ്യമം താങ്കൾക്കു് അസഹ്യതയുണ്ടാക്കിയാൽ ഞാൻ അതിനു ക്ഷമായാചനം ചെയ്തുകൊള്ളുന്നു” എന്നദ്ദേഹം മറുപടിയും പറഞ്ഞു.

ഫലിതം പറയുന്നതിൽ മാത്രമല്ല അതു കേട്ടു രസിക്കുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഒരിക്കൽ ഒരു നമ്പൂരി ‘മകൾ ഇപ്പോൾ പാട്ടത്തിലാ’ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുവത്രേ. വേറൊരിക്കൽ ഇദ്ദേഹത്തിനു് ഒരു കോട്ടു തയ്പിക്കേണ്ട ആവശ്യം നേരിട്ടു. ചന്തുമേനോന്റെ ദേഹം ആറടിയിൽ കവിഞ്ഞിരുന്നെങ്കിലും അതിനൊത്ത വണ്ണവുമുണ്ടായിരുന്നു. എന്നാൽ പൊക്കത്തേയും വണ്ണത്തേയും അതിശയിക്കുമാറായിരുന്നു കുടവയറിന്റെ സ്ഥിതി. തയ്യൽക്കാരൻ വയറിന്റെ അളവു പിടിക്കാൻ ഭാവിച്ചിട്ടു് ടേപ്പിന്റെ ഒരുഭാഗം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ടു്, ‘ഇതൊന്നു പിടിച്ചോളണം, ഞാൻ മറുവശം ഒന്നു ചുറ്റിവരാം’ എന്നു പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടു് കീശയിൽ അഞ്ചുറുപ്പികയുടെ ഒരു നോട്ടെടുത്തു സമ്മാനിച്ചു.

ചന്തുമേനോന്റെ ഗദ്യശൈലി ഇംഗ്ലീഷിൽ ജയിൻആസ്റ്റിന്റേതുപോലെ അനുകരിക്കാൻ വിഷമമായിട്ടുള്ളതാണു്. അനാവശ്യമായി സംസ്കൃതപദങ്ങളെ പ്രയോഗിച്ചിട്ടില്ലെന്നു മാത്രമല്ല ഭാഷയിൽ പ്രചുരപ്രചാരംവന്നിട്ടുള്ള ‘മനോസാക്ഷി, അഹോവൃത്തി’ എന്നീ അപശബ്ദങ്ങളെ കൂസൽ കൂടാതെ ഉപയോഗിച്ചുവന്നു. ഈ പ്രയോഗങ്ങളുടെ സാധുത്വത്തെപ്പറ്റി വലിയ വാദപ്രതിവാദം അന്നു നടന്നിരുന്നു. ഒടുവിൽ ചന്തുമേനോന്റെ പക്ഷമാണു് ജയിച്ചതെന്നു പറയാം.

ഇന്ദുലേഖ

മാധവൻ ആധുനികരീതിയിൽ അഭ്യസ്തനായ ഒരു കോമളയുവാവാണു്. അയാൾ തന്റെ ജ്യേഷ്ഠനേയും അനുജനേയും ഇംഗ്ലീഷ് പഠിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു. കല്യാണിഅമ്മയോടും മക്കളോടും മാതുലനായ പഞ്ചുമേനോൻ പെരുമാറുന്ന രീതി അയാൾക്കു രസിക്കുന്നില്ല. കുമ്മിണിഅമ്മയുടെ മകനായ ചിത്തനേയും അയാൾ സ്വന്തചെലവിൽ പഠിപ്പിക്കണമെന്നു വിചാരിക്കുന്നു. ഇളയമ്മാമനായ ശങ്കരമേനോൻ വൃദ്ധനായ മാതുലനോടു പിണങ്ങുന്നത്ര ശരിയല്ലെന്നു പറഞ്ഞിട്ടു് “എത്ര പണം നിനക്കുവേണ്ടി അദ്ദേഹം ചെലവുചെയ്തു” എന്നു ചോദിച്ചതിനു്, ‘വലിയ അമ്മാവൻ ദേഹാധ്വാനം ചെയ്തു സമ്പാദിച്ചതിൽ ഒരു കാശുപോലും ചെലവിടാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല’ എന്നായിരുന്നു മറുപടി. ഇങ്ങനെ പാശ്ചാത്യ പൗരസ്ത്യപരിഷ്കാരങ്ങളുടെ പ്രഥമസംഘട്ടനത്തിനു പാത്രമായ ഒരു കുടുംബത്തിലെ കഥയാണു് ഇന്ദുലേഖ.

മാധവനും ഇന്ദുലേഖയുമായി ഗാന്ധർവമായി വിവാഹം നടത്തീട്ടു കാലം കുറെ ആയിരിക്കുന്നു. ഇന്ദുലേഖയെ വല്യച്ഛനായ പഞ്ചുമേനോന്റെ ജ്യേഷ്ഠപുത്രനും തന്റെ അമ്മാവനുമായ കൊച്ചുകൃഷ്ണമേനോൻ സംസ്കൃതകാവ്യനാടകാലങ്കാരപര്യന്തവും സംഗീതത്തിൽ പല്ലവിരാഗവിസ്താരംവരെയും പഠിച്ചിരുന്നതിനാൽ അവൾ പരിഷ്കൃതാശയസമ്പന്നയും അതിബുദ്ധിശാലിനിയും മാധവനെ തന്റെ ഇഷ്ടപ്പടി തുള്ളിക്കുന്നതിനു കെൽപ്പുള്ളവളും സുശീലയും ദൃഢവ്രതയുമാണു്. വലിയഅച്ഛനോടും അമ്മയോടുംകൂടി പൂവരംഗത്തുവീട്ടിൽ തന്നെയാണു താമസം. അവൾക്കു യാതൊരു കാരണവശാലും ബുദ്ധിമുട്ടു വരുത്തിക്കൂടാ എന്നാണു് പഞ്ചുമേനോന്റെ ദൃഢനിശ്ചയം.

മാധവൻ ബി.ഏ̇. പരീക്ഷയ്ക്കു പോയി തിരിച്ചുവന്നിട്ടു് മാധവിയുമായി നടത്തുന്ന പ്രഥമസന്ദർശനത്തിന്റെ വർണ്ണന ചന്തുമേനോന്റെ രസികത്വത്തെ പരിപൂർണ്ണമായി പ്രകാശിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ മാധവിയുടെ പ്രഗത്ഭത നല്ലപോലെ തെളിഞ്ഞുകാണാം. മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യം അനുഷ്ഠിക്കുന്നില്ലെന്നു് മാധവൻ സംഗതിവശാൽ പറഞ്ഞപ്പോൾ അവൾ അതിദീർഘമായും പ്രൗഢമായും ഒരു പ്രസംഗം നടത്തുന്നു. ഇവിടെ ചന്തുമേനോന്റെ ജാത്യഭിമാനമോ ദേശാഭിമാനമോ ആണു് മാധവിവഴിക്കു വെളിപ്പെടുന്നതു്. മാധവീമാധവന്മാരുടെ അന്തഃകരണവിവാഹം നടന്നുവെങ്കിലും മാധവനു സ്വൈരക്കേടിനു് വകയുണ്ടാകുന്നു. പഞ്ചുമേനോൻ യാഥാസ്ഥിതികനെന്നു മാത്രമല്ല മഹാ പിശുക്കനുമാണു്. തന്റെ മകളായ ലക്ഷ്മിക്കുട്ടിഅമ്മയ്ക്കും അവളുടെ അമ്മയും തന്റെ ഭാര്യയുമായ കുഞ്ഞുകുട്ടിഅമ്മയ്ക്കും കൂടി മുപ്പത്തയ്യായിരം ഉറുപ്പികയുടെ വസ്തുക്കൾ ദാനംചെയ്ത അവസരത്തിൽ മാത്രമേ അയാൾ മുക്തഹസ്തത അവലംബിച്ചിട്ടുള്ളു. ആൾ നന്നാ വെളുത്തു മുണ്ടനായി കുറെ തടിച്ച ആളാണു്. ഇദ്ദേഹത്തിന്റെ സൗന്ദര്യവർണ്ണനയാണെങ്കിൽ തലയിൽ കഷണ്ടി, വായിൽ മീതേവരിയിൽ മൂന്നും, ചുവട്ടിലേ വരിയിൽ അഞ്ചും പല്ലുകൾ ഇല്ല. കണ്ണു ചോരക്കട്ട പോലെ. മുണ്ടിന്നു മീതെ കട്ടിയായ ഒരു പൊന്നുനൂലും, കഴുത്തിൽ ഒരു സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാലയും തലയിൽ ഒരു കടലാസ് തൊപ്പിയും, കയ്യിൽ വെള്ളി കെട്ടി വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാൽ മതിയാകുന്നതാണു്. ശുദ്ധനെങ്കിലും മഹാ കോപിഷ്ഠനാണു്. ഇന്ദുലേഖയോടു മാത്രമേ കോപിക്കാതുള്ളു. അങ്ങിനെയിരിക്കുന്ന ഈ കാരണവർ, തന്നെ മാധവൻ അപമാനിച്ചു എന്ന കാരണത്താൽ ഇന്ദുലേഖയെ അയാൾക്കു കൊടുക്കുകയില്ലെന്നു ശപഥം ചെയ്യുന്നു. എന്നാൽ ഉത്തരക്ഷണത്തിൽ തന്നെ വ്യസനമുണ്ടാകുന്നു. എന്തുകൊണ്ടെന്നാൽ ഇന്ദുലേഖ ഒരു കാരണവശാലും തന്റെ നിശ്ചയത്തിൽനിന്നും പിൻമാറുകയില്ലെന്നു് അദ്ദേഹത്തിനറിഞ്ഞുകൂടെ? ഇങ്ങനെയിരിക്കുമ്പോൾ ഈ ശപഥം എത്രയ്ക്കു സഫലമാകും? സഫലമായിലെങ്കിൽ തന്നെ എത്ര കുറവാണു? ഇങ്ങനെ വിചാരമഗ്നനായി പുറത്തിറങ്ങുമ്പോൾ ലക്ഷ്മിഅമ്മയുടെ ഭർത്താവായ കേശവൻനമ്പൂതിരിയെ കാണുകയും മൂർക്കില്ലത്തു നമ്പൂരിപ്പാട്ടിലെ വരുത്താൻ അദ്ദേഹത്തിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.

മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിക്കർ നല്ല ബുദ്ധിശാലിയും കാര്യസ്ഥനുമാണു്. അദ്ദേഹം മാധവന്റെ ഇഷ്ടത്തിനു വഴിപ്പെട്ടു ചിന്നനെക്കൂടി മദ്രാശിക്കു കൊണ്ടു പോകാൻ അനുവദിക്കുന്നു. ഉറക്കെ ശകാരിക്കലും പാടുള്ളേടത്തു പ്രഹരവും തുടങ്ങുന്നു. അങ്ങിനെയിരിക്കേയാണു് ചാത്തര പഞ്ചപുച്ഛവുമടക്കി ദയാപരവശനായി മാതുലസന്നിധിയിൽ ഹാജരാകുന്നതു്. അയാളോടു് കാരണവർ:“എടാ കുരുത്തംകെട്ട കഴുവേറി, തെമ്മാടി, ചിന്നനെ മദ്രാശിക്കു് അയച്ചുവോ?” എന്നു ചാടിവീഴുന്നു. വലിയമ്മാവനോടു് അച്ഛൻ ചോദിച്ചു സമ്മതം വാങ്ങീട്ടാണല്ലോ അയച്ചതെന്നു് അയാൾ മറുപടി പറഞ്ഞപ്പോൾ, “ഏതച്ഛൻ? കോമട്ടിയോ? ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടിൽ കയറ്റിയതുമുതൽക്കു് ഇവിടെ കുരുത്തക്കേടേ ഉണ്ടായിട്ടുള്ളു.”

അച്ഛനെ ഇത്ര കഠിനമായിട്ടു ശകാരിച്ചിട്ടും സാധുവും ക്ഷമാഗുണശാലിയും ആയ ചാത്തരമേനോൻ ഒന്നും മിണ്ടുന്നില്ല. “ഗോപാലനാണു പറഞ്ഞതു്” എന്നു മാത്രം പറഞ്ഞു.

ഗോപാലൻ ചാത്തരനെപ്പോലെയല്ല. “നിന്നോടു് നിന്റെ അച്ഛൻ കോമട്ടിയെന്താണെടാ പറഞ്ഞതു്. ചിന്നനെ അയയ്ക്കാൻ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞോ”? എന്നു കാരണവർ ചോദിച്ചതിനു്, ‘എന്റെ അച്ഛൻ കോമട്ടിയല്ല; പട്ടരാണു്’ എന്നായിരുന്നു അയാളുടെ മറുപടി. പഞ്ചുമേനോൻ എണീറ്റു രണ്ടു മൂന്നു പ്രഹരിക്കുന്നു. അപ്പോൾ “എന്നെ വെറുതേ തല്ലേണ്ട” എന്നായി ഗോപാലൻ. മൂപ്പർ വിടുമോ? “തല്ലിയാൽ എന്താണെടാ. ഇപ്പോൾ തല്ലിയില്ലേ, എന്നിട്ടു് എന്താണു്; നീ കൊണ്ടില്ലേ?”

ശങ്കരമേനോൻ ഓടിയെത്തി ഗോപാലനെ പിടിച്ചു് അകറ്റി തന്റെ മുന്നിൽ നിറുത്തുന്നു. ചീനുപട്ടരുടെ മകനാണു ചിന്നൻ. ചീന നല്ല കൗശലക്കാരനാണു്. മകളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അനുവാദം വാങ്ങുന്നതിലേക്കു് പഞ്ചുമേനോന്റെ അടുക്കൽ ചെല്ലുന്ന ഘട്ടം അതിസരസമായിരിക്കുന്നു.

പ:മേ:
–ആരാണവിടെ?
ശീ:
–ഞാൻതന്നെ, ശീനുപട്ടർ.
പ:മേ:
–നിങ്ങൾ എന്താണു വന്നതു്?
ശീ:
–ഒന്നു പറയാനുണ്ടായിരുന്നു.
പ: മേ:
–എന്താണു് പറയൂ?
ശീ:
–എന്റെ മകൻ ചിന്നനെ ഞാൻ ഇംകിരിയസ് പഠിപ്പിക്കാൻ പോകുന്നു.
പ: മേ:
–നിങ്ങൾക്കു് ഇംകിരയസ് അറിയാമോ?
ശീ:
–ഞാൻ ചിലവിട്ടു പഠിപ്പിക്കും.
പ:
–പഠിപ്പിച്ചോളു.
ശീ:
–മദിരാശിക്കു അയയ്ക്കാനാണു പോകുന്നതു്.
പ: മേ:
–ഏതു രാശിയിലെങ്കിലും അയച്ചോളു. ഏതു കഴുവുമേലെങ്കിലും കൊണ്ടുപോയി കയറ്റിക്കൊള്ളു.
ശീ:
–കഴുവിൻമേൽ കയറ്റീട്ടില്ല ഇംകിരിയസ് പഠിപ്പിക്കാറു്.
പ: മേ
എന്താണു കോമട്ടിപ്പട്ടരേ! അധികപ്രസംഗീ, പറഞ്ഞതു്? ആ കുരുത്തംകെട്ട മാധവൻ പറഞ്ഞിട്ടു് ഇവിടെ എന്നെ അപമാനിക്കാൻ വന്നതോ? എറങ്ങു താഴത്തു്; എറങ്ങു്. ആരെടാ അവിടെ? ഈയാളെ പിടിച്ചു പുറത്തുതള്ളട്ടെ. കോമട്ടിയാണെങ്കിൽ പെങ്ങൾക്കു് എന്നെ സംബന്ധത്തിനു് ആക്കുമോ? എന്നു കുറേ പതുക്കെ പറഞ്ഞുകൊണ്ടു് പട്ടർ ഓടി താഴത്തു ഇറങ്ങുന്നു.

പഞ്ചുമേനോന്റെ സ്വഭാവത്തെ ഈ സംഭാഷണംവഴിക്കു് എത്ര വ്യക്തമായി നമുക്കു കാണിച്ചുതന്നിരിക്കുന്നു.

പഞ്ചുമേനോന്റെ കോപം ഇതുകൊണ്ടും ശമിക്കുന്നില്ല. തന്റെ സമ്മതംകൂടാതെ മാധവൻ, ചിന്നനെ മദിരാശിക്കു കൂട്ടിക്കൊണ്ടുപോയതുകൊണ്ടും ശീനുപട്ടരുടെ ധിക്കാരപൂർവമായ വാക്കുകൊണ്ടും സഹിച്ചുകൂടാത്ത കോപത്തിനു വശനായിട്ടു് അദ്ദേഹം കാണുന്ന ജനങ്ങളെ ഒക്കെ ശകാരിക്കുന്നു.

ചന്തുമേനോന്റെ വിപുലമായ മനുഷ്യഹൃദയജ്ഞാനം നിമിത്തം കഴിയുന്നത്ര സംഭാഷണദ്വാരേണയാണു് ഓരോ പാത്രങ്ങളുടേയും സ്വഭാവം വെളിപ്പെടുത്തിയിരിക്കുന്നത്. നോക്കുക.

പഞ്ചുമേനോൻ ശീനുപട്ടരോടു് തന്റെ വീട്ടിൽ കടക്കരുതെന്നു പറയുമ്പോൾ ആ പട്ടർ പറയുന്നു. “ഓഹോ എനിക്കു പൂർണ്ണസമ്മതം. കടക്കുന്നില്ല.”

“ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുതു്”

“അതു നിങ്ങടെ കല്പനയല്ല. ഏതു് ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം”

“എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതം കൂടാതെ താൻ കടക്കുമോ? കാണട്ടെ എന്നാൽ”.

“എന്താണു കാണാൻ? ശരിയായിട്ടു കടക്കും. വിരോധിച്ചാൽ ഞാൻ നിങ്ങടെ മേൽ അന്യായം കൊടുക്കും.”

“എന്തു പറഞ്ഞു കോമട്ടി?”

എന്താ! ഇതിൽനിന്നും മുമ്പുണ്ടായ സംഭാഷണങ്ങളിൽ നിന്നും ചീനുവിന്റെ സ്വഭാവം വ്യക്തമാകുന്നില്ലേ?

പഞ്ചുമേനവന്റെ കോപം ഒന്നു രണ്ടുദിവസംകൊണ്ടു ശമിക്കുന്നു. അപ്പോഴേയ്ക്കു കുണ്ഠിതം തൽസ്ഥാനം പ്രാപിക്കുന്നു. ഇന്ദുലേഖയോടു നമ്പൂരിപ്പാട്ടിലെ വിവാഹാലോചന അറിയിപ്പാൻ ലക്ഷ്മിക്കുട്ടിയോടു പറയുന്നെങ്കിലും പഞ്ചുമേനോൻ തന്നെയാണു് ഒടുവിൽ വിവരം ധരിപ്പിക്കുന്നതു്.

“ഞങ്ങൾ രണ്ടാളുംകൂടി നിന്നോടു് ഒരു കാര്യം പറവാനാണു് വന്നതു്” എന്നു് ആരംഭിക്കുന്നു. പക്ഷേ അവളോടു തർക്കിച്ചു ജയിപ്പാൻ കഴിവില്ലാതെ വരികയാൽ കേശവൻ നമ്പൂരിയോടു കാര്യം തുറന്നു പറയുവാൻ പറയുന്നു.

കേ: ന:ഇന്ദുലേഖയ്ക്കു് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.

ഇന്ദു:ആരു നിശ്ചയിച്ചു?

“ഇന്ദുലേഖയുടെ വലിയഅച്ഛൻതന്നെയാണു നിശ്ചയിച്ചതു്.”

“ശരി, നിശ്ചയിച്ചോട്ടെ.”

“ഇതു് ഇന്ദുലേഖയ്ക്കു സമ്മതമല്ലേ?”

“നിശ്ചയിച്ച കാര്യത്തിനു സമ്മതം വേണമോ?”

“ഇന്ദുലേഖയ്ക്കു സമ്മതമുണ്ടോ എന്നു് ഞങ്ങൾക്കറിയണം.”

“എന്നാൽ അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടതു്?”

“ഇന്ദുലേഖയെ അറിയിച്ചിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല അതു്.”

“ഇതു് മഹാ വിഷമംതന്നെ. പിന്നെ എന്തിനാണു് എന്നോടിപ്പോൾ ചോദിക്കുന്നതു്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല. നടക്കുമ്പോൾ മാത്രം അറിയേണ്ട കാര്യമാണു്. നിശ്ചയിച്ചും കഴിഞ്ഞു. പിന്നെ എന്തു സമ്മതം ചോദിക്കലാണു്?

വിഷമിക്കയില്ലേ? ഇന്ദുലേഖയല്ലായിരുന്നെങ്കിൽ പഞ്ചുമേനോന്റെ കോപം പരാകോടിയെ പ്രാപിക്കുമായിരുന്നു. “നാളെ ലക്ഷ്മിക്കുട്ടിതന്നെ ചോദിക്കട്ടെ” എന്നു പറഞ്ഞിട്ടു് അദ്ദേഹം അവിടെനിന്നും പോകുന്നു.

ലക്ഷ്മിക്കുട്ടിഅമ്മ ബുദ്ധിമതിയാണു്. കിളിമാനൂർതമ്പുരാന്റെ പത്നിയും മാതാവുമായിരുന്നതിനാൽ ലോകവ്യവഹാരജ്ഞാനവും സാമാന്യം സമ്പാദിച്ചിരുന്നു. ദ്വിതീയഭർത്താവായ കേശവൻനമ്പൂരി അങ്ങിനെയല്ല. പറയത്തക്ക സ്വഭാവദൂഷ്യം ഒന്നും ഇല്ല. പരമശുദ്ധനാണു്. ‘മഹാനുഭാവോ വിഡ്ഢിശ്ചേൽ ശുദ്ധ ഇത്യഭിധീയതേ’ എന്ന പ്രമാണം വെടുപ്പായി ചേരുന്നവിധമുള്ള ശുദ്ധനാണു്. ഭാര്യയെ വലിയ കാര്യമാണു്. തന്റെ ഭാഗ്യംകൊണ്ടു ലഭിച്ച ഒരു സ്ത്രീരത്നമായിട്ടാണു് അവരെക്കരുതിയിരിക്കുന്നതു്. ആരെന്തു പറഞ്ഞാലുംം വിശ്വസിച്ചുകൊള്ളും. ഇന്ദുലേഖ തീവണ്ടി ഓടുന്ന ക്രമത്തെക്കുറിച്ചു് വെടുപ്പായി തനിക്കു പറഞ്ഞുതന്നു എന്നു് ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞപ്പോൾ ആ ശുദ്ധക്കാരൻ പറയുന്നതിങ്ങനെയാണു്. “എന്നാൽ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ.” എന്താ പോരെയോ? ഒരു നാഗസ്വരക്കാരൻ നാഗസ്വരം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരുവൻ “വായന നന്നായില്ല” എന്നു പറഞ്ഞതിനു മറുപടിയായി; “എന്നാൽ താൻ ആ കുഴൽ വാങ്ങി ഒന്നു വായിക്കു, അപ്പോൾ കാണാം” എന്നു മറുപടി പറഞ്ഞ രസികനെ അനുസ്മരിപ്പിക്കുന്നില്ലേ ഇതു്.

“ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്നു് ഇവർ പുറത്തേയ്ക്കു പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടേയ്ക്കു പോയപ്പോൾ ഒരു രാജാവിന്റെ കൂടെ വണ്ടിയിൽ കടപ്പുറത്തു സവാരിക്കുപോയി. കടപ്പുറത്തിനു സമീപം ഒരു ചെറിയ ബംഗ്ലാവു കണ്ടു. അതു് എന്താണെന്നു ചോദിച്ചപ്പോൾ സായിപ്പന്മാർ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു് രാജാവു് പറഞ്ഞു. തല വെട്ടിപ്പള്ളി എന്നാണത്രെ അതിന്റെ പേരു്. ആ പള്ളിയിൽ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പറഞ്ഞാൽ അവന്റെ തല വെട്ടിക്കളവാനാണത്രേ വെള്ളക്കാരന്റെ കല്പന. ഈ ശാക്തേയം അവരു ചെയ്തു് ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നമ്മുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കിയിട്ടു. എന്നിട്ടും നമ്മളോടു് ഒക്കെ യാതൊരു തന്ത്രവും മന്ത്രവും ഇല്ലെന്നു പറയുന്നു. ഇതു നല്ല മാതിരി അല്ല.”

ഇതാണു് ആ ശുദ്ധാത്മാവിന്റെ വിചാരഗതി. പാവം ഈ പ്രസംഗത്തിന്റെ ആവേശത്തിൽ ലക്ഷ്മിക്കുട്ടിയെക്കൊണ്ടു് ഇന്ദുലേഖയുടെ അടുക്കൽ വിവാഹക്കാര്യത്തെപ്പറ്റി പറയിക്കണമെന്നുള്ള തന്റെ ഉദ്ദേശം നിശ്ശേഷം മറന്നുപോകുന്നു. മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂരിപ്പാടു് അഴകിയ രാവണന്റെ വേഷം ധരിച്ചു് പൂവരംഗത്തു വന്നിട്ടു് ലക്ഷ്മിക്കുട്ടി അമ്മയുടെ രൂപലാവണ്യം കണ്ടു വല്ലാതെ ഭ്രമിച്ചപ്പോൾ, കറുത്തേടത്തിന്റെ നില പരുങ്ങലിലാകുന്നു. ഇത്ര ദീർഘകാലത്തെ പരിചയമുണ്ടായിട്ടും ആ സ്ത്രീരത്നത്തിന്റെ മിടുക്കും തന്റേടവും ധരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. “ഈ ശനിയൻ തന്റെ കാര്യം പൊക്കമാക്കുമോ” എന്നു് അദ്ദേഹം പരിഭ്രമിക്കുന്നു. ഒടുവിൽ നമ്പൂരിപ്പാടു് കല്യാണിക്കുട്ടിയേയുംകൊണ്ടു കടന്നപ്പോഴാണു് വാസ്തവത്തിൽ നമ്പൂരിക്കു ശ്വാസം ശരിക്കു വീഴുന്നതു്.

ഇങ്ങനെ വിവാഹാലോചന പൊടിപൊടിച്ചു നടന്നുകൊണ്ടിരിക്കട്ടെ. നമുക്കു നമ്പൂരിപ്പാട്ടിലെ അടുക്കലേയ്ക്കു കടക്കാം. അദ്ദേഹം വലിയൊരു ജന്മി. അഫൻനമ്പൂരിപ്പാടു ജീവിച്ചിരിക്കുന്നെങ്കിലും മനവക കാര്യങ്ങൾ നോക്കിവരുന്നതു് അദ്ദേഹമാണു്. നല്ല വെള്ളനിറം. പക്ഷെ മുഖത്തിനു യാതൊരു ശ്രീയുമില്ല. വൈരൂപ്യമുണ്ടെന്നും പറഞ്ഞുകൂട. “എന്നാൽ ഇദ്ദേഹത്തിന്റെ ദേഹസ്വഭാവത്തിലും പ്രകൃതങ്ങളിലും രണ്ടു മൂന്നു സംഗതികൾ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ടു്. ഇദ്ദേഹം ചിരിക്കുമ്പോൾ വായ് രണ്ടു കവിൾത്തടങ്ങളിലെത്തി അവിടെന്നും കവിഞ്ഞു നീണ്ടുനില്ക്കുന്നുണ്ടോ എന്നു കാണുന്നവർക്കൊക്കെ തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നതെങ്കിലും ആ മുഖത്തിനു മതിയാകില്ല എന്നു തോന്നും. നടക്കുന്നതു ചാടിച്ചാടി കാക്കകളെപ്പോലെയോ എന്നു തോന്നും.”

ചന്തുമേനോന്റെ വർണ്ണനാകൗശലത്തിനു് ഇതൊരു ദൃഷ്ടാന്തമാണു്. വൎണ്ണ്യവസ്തു നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുന്നുവോ എന്നു തോന്നിക്കുമാറു് യാഥാർത്ഥ്യത്തോടു കൂടിയേ അദ്ദേഹം വർണ്ണിക്കു. നിത്യപരിചിതമായ വാക്കുകൾ അതും മിതമായി ഉപയോഗിച്ചു കൃത്രിമാലങ്കാരങ്ങളുടെ സഹായംകൂടാതെ അദ്ദേഹം വർണ്യത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നു. വാക്യങ്ങൾക്കു വളവോ തിരിവോ ഇല്ല. ചില പൊടിക്കൈകളാൽ വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.

സൂരിനമ്പൂരിപ്പാടിനു പഠിപ്പൊന്നുമില്ല. എന്നാൽ ഉണ്ടെന്നാണു ഭാവം. തന്നെപ്പോലെ കാര്യനിർവ്വഹണചതുരതയുള്ളവർ ചുരുങ്ങുമെന്നു സ്തുതിപാഠകന്മാർ പറഞ്ഞുകേട്ടു പരിപൂർണ്ണമായി അദ്ദേഹം വിശ്വസിച്ചിരിക്കുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സ്ത്രീജനഗതമായ ചാപല്യത്തെ ആയുധമാക്കി പണം പിടുങ്ങാൻ ഒരുമ്പെട്ടുവന്ന വ്യഭിചാരിണികളുടെ സ്തുതിഗീരുകൾ കേട്ടുകേട്ടു് താൻ മന്മഥസുഭഗനാണെന്നു് അദ്ദേഹം ധരിച്ചിരിക്കുന്നു. സ്ത്രീകളെ ഒഴിച്ചാൽ പിന്നെ കഥകളികളിലാണു് അധികം മോഹം. വല്ലിടത്തും അടിയന്തിരമായി പോകേണ്ടിവന്നാൽ പകൽതന്നെ കഥകളി നടത്തും. നമ്പൂരിപ്പാട്ടിലെ ഭരണത്തിന്റെ ഫലമായി മനയ്ക്കലേ പോക്കു് എങ്ങോട്ടാണെന്നു നീളെപ്പരക്കുന്ന സംഭാഷണംകൊണ്ടു ഗ്രഹിക്കാം. വ്യവഹാരകാര്യസ്ഥനായ താശ്ശൻ മേനോൻ ഒരു കടലാസുകെട്ടുംകൊണ്ടു് നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തുന്നു.

നമ്പൂ:
എനിക്കു് ഇന്നു കാര്യം നോക്കാൻ ഒന്നും എടയില്ല. താച്ചു, നീ പൊയ്ക്കോ.
താശ്ശൻമേനോൻ:
–ഇതു് അസാരമെന്നു നോക്കാതെ കഴിയുകയില്ല.
നമ്പൂ:
–ഇന്നു നീ എന്തു പറഞ്ഞാലും എനിക്കു് എടയില്ല.
താ:
–മറ്റെന്നാൾ നമ്പ്ര വിചാരണയാണു്. അടിയനു് ആ വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അതു് ഇപ്പോൾ ഉണർത്തിക്കാതെ കഴിയുകയില്ല.
നമ്പൂ:
–എന്തു വിചാരണയായാലും വേണ്ടില്ല. ഇന്നു് എനക്കു് ഒരു കാര്യവും കേൾക്കാൻ എടയില്ല.
താ:
–ഒരാധാരം ഫയലാക്കേണ്ടതുണ്ടു്. അതിനു് ഒരു ഹർജി കൊടുക്കണം. ഹർജി എഴുതി കൊണ്ടുവന്നിട്ടുണ്ടു്. അതിൽ ഒന്നു തൃക്കൈ വിളയാടിത്തന്നാൽ മതി.
നമ്പൂ:
–ഇന്നു ശനിയാഴ്ചയാണു്. ശനിയാഴ്ച ഞാൻ ഒരു കടലാസ്സിനും ഒപ്പിടാറില്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിനു് എന്നെ വന്നുപദ്രവിക്കുന്നു?
താ:
–ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പറു് ദോഷമായിത്തീരും.
നമ്പൂ:
–എങ്ങനെയെങ്കിലും തീരട്ടെ. അപ്പീൽകോടതിയില്ലെ?
താ:
–ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽകോടതിയിലും തോല്ക്കും.
നമ്പൂ:
–ഇതു വലിയ അനർത്ഥം തന്നെ. താച്ചുവിനെ ഒരു കാര്യം ഏല്പിച്ചാൽ പിന്നെ എന്നെ വന്നു ബുദ്ധിമുട്ടിക്കുന്നതു് എന്തിനാണു്?
താ:
–ഹർജിയിൽ അടിയനു് ഒപ്പിട്ടുകൊടുക്കാൻ പാടുണ്ടോ?
നമ്പൂ:
–ഇന്നു ശനിയാഴ്ച. ഞാൻ ഒരു ഹർജിയിലും ഒപ്പിടുകയില്ല. പണ്ടു് ഒരന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ടു. ഒരു നമ്പ്ര തോറ്റുപോയതു് താച്ചുവിനു് ഓർമ്മയില്ലേ?
താ:
–ഇതു് അന്യായമല്ല ഹർജിയല്ലേ?
നമ്പൂ
:എന്തായാലും ഞാൻ ഇന്നു് ഒപ്പിടുകയില്ല; നിശ്ചയം. താച്ചു പോയി കുളിക്കൂ.

ഒരു കേസ്സിൽ പ്രതിഭാഗത്തുനിന്നു് ഒരു ബാരിസ്റ്റർ സായ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നു് താശ്ശൻ പറഞ്ഞപ്പോൾ നമ്പൂരി “സായ്പു വന്നാലെന്തു്?”

“അയാൾ വലിയ കേമനാണു്.”

നമുക്കും ഒരു സായ്പിനെ ഏല്പിക്കണം. ഏലമലക്കാരൻ മക്ഷാമൻ ആയാൽ മതി. ഞാനും അയാളും വലിയ സ്നേഹമാണു്.

അത്രയ്ക്കു കാര്യജ്ഞാനമാണു് അദ്ദേഹത്തിനുള്ളതു്. കേസ്സു കോടതിയിൽ വ്യവഹരിക്കുന്നതിനു് തേയിലത്തോട്ടക്കാരനായാലും മതിയെന്നാണു് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതു്. ഈ മാക്ഷാമനോടു് എന്താണെന്നോ ഇത്രം ഇഷ്ടം? നമ്പൂരിപ്പാടുതന്നെ പറയട്ടെ.

“ഞാൻ ഇന്നാൾ മലവാരത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാൻ ഒരു ദിവസം മാക്ഷാമൻ സായ്പിനെ കാണ്മാൻ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ (മെതാമ്മ സായ്പ് എന്നാണു് പേരു് എന്നു് ഗോവിന്ദൻ പറഞ്ഞു) ഞാൻ ചെല്ലുമ്പോൾ സായ്പു് ഇരിക്കുന്നതിന്റെ കുറേ ദൂരെ ഒരു കസാലമേൽ ഒരു കടലാസു വായിച്ചുകൊണ്ടു് ഇരുന്നിരുന്നു. ഞാൻ അവിടെ ചെന്നു സായ്പിന്റെ അടുക്കെ ഇരുന്നമുതൽ എണീറ്റു പോരാറാവുന്നതുവരെ എന്നെ ആ സ്ത്രീ കൂടെക്കൂടെ കടാക്ഷിച്ചുകൊണ്ടിരുന്നു.”

ഇത്രയും ആയപ്പോൾ പരിഹാസരസികനായ ചെറുശ്ശേരി കടന്നു പറഞ്ഞു. “ഭ്രമിച്ചുപോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ, കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തിയെന്തു്?” ചെറുശ്ശേരി ഇങ്ങനെ പലപ്പോഴും പരിഹസിക്കാറുണ്ടെങ്കിലും തൊലിപ്പുറത്തു വിജയം പ്രാപിക്കുന്നതല്ലാതെ ബുദ്ധിശൂന്യനായ വങ്കപ്രഭുവിന്റെ ഉള്ളിലേയ്ക്കു കടക്കാറില്ല. അദ്ദേഹം തുടരുന്നു. “ഒടുവിൽ മെതാമ്മസായ്പിന്റെ കടാക്ഷവും മറ്റു കണ്ടിട്ടോ എന്നറിയുന്നില്ല. മാക്ഷാമൻ ഇംകിരിയസ്സിൽ മെതാമ്മസായ്പോടു് ചിരിച്ചുംകൊണ്ടു പറഞ്ഞു. മെതാമ്മാസായ്പു് ചിരിച്ചുംകൊണ്ടു മാക്ഷാമനോടു് എന്തോ മറുപടി പറഞ്ഞു. ഉടനെ വിഡ്ഢി മാക്ഷാമൻ കാര്യം ഒന്നും മനസ്സിലാവാകെ എന്നോടു് ഇങ്ങിനെ പറഞ്ഞു. (എന്റെ ഭാര്യയെ താങ്കളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു. താങ്കൾക്കു സന്തോഷമുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു.) “എനിക്കു വല്ലാതെ ചിരി വന്നു. എങ്കിലും ചിരിച്ചില്ല. മനസ്സിൽ അടക്കി. ഓഹോ എനിക്കു ബഹുസന്തോഷം തന്നെ എന്നു് ഞാൻ പറഞ്ഞു. വേഗം മക്ഷാമൻ എണീറ്റു പോയി അവളെ കൂട്ടിക്കൊണ്ടു വന്നു് എന്റെ അടുക്കെ നിർത്തി. ഞാൻ എണീറ്റില്ല. പിന്നെ അവൾ എന്റെ അടുക്കെയിരുന്നു. സായ്പു നീട്ടുംപോലെ കൈ എന്റെ സമീപത്തേക്കു നീട്ടി. ഞാനും കൈ നീട്ടി മെതാമ്മസായ്പു് എന്റെ കൈപിടിച്ചു. എന്റെ ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.”

ഈ സൂരിനമ്പൂരിപ്പാടു കറുത്തേടത്തിന്റെ കത്തു കിട്ടിയതിൽപ്പിന്നെ ഉറങ്ങീട്ടുണ്ടോ എന്നു സംശയമാണു്. രണ്ടു കുട്ടിപ്പട്ടന്മാരും കാര്യസ്ഥൻ നാരായണൻ അമാലന്മാരു്–ഗോവിന്ദൻ, പല്ലക്കു് ഇവരെ ഒക്കെ ചട്ടംകെട്ടുന്നു. അപ്പോഴാണു് രസികനായ ചെറുശ്ശേരി ഒരു കഥ ഓർമ്മിക്കുന്നതു്. അദ്ദേഹം ചോദിക്കുന്നു.

“അപ്പോൾ നാളെ എങ്ങനെ പോവുന്നു? നാളെ ഇവിടെ രാമപ്പണിക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ?”

നമ്പൂരി
–നാളെക്കാണോ? ശരി. വേണ്ടികില്ല. കളിച്ചോട്ടെ. നോക്കു പോവക. ഉണ്ണികൾ കാണട്ടെ. മടങ്ങിവന്നിട്ടു രണ്ടു മൂന്നരങ്ങു് കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമല്ലൊ.
ചെറു
–രാമപ്പണിക്കർക്കു മറ്റന്നാൾ നിശ്ചയമായും പോണമെന്നാണു് പറഞ്ഞതു്.
നമ്പൂ
–എന്നാൽ യാത്ര മറ്റന്നാളാക്കിയാലോ?
ചെറു:
–അതാണു നല്ലതെന്നു തോന്നുന്നു.
നമ്പൂ:
–കളിക്കാരു എനിയത്തെ കൊല്ലം വരുമല്ലോ.
ചെറു:
–ഇഷ്ടംപോലെ; വിവരം കളിക്കാരോടു പറയാം.

പക്ഷെ ചെറുശ്ശേരിയുടെ സാമർത്ഥ്യത്തിൽ ഒടുവിൽ,

“ശരിതന്നെ. എന്നാൽ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങനെ ഉറച്ചു. എന്നാൽ അഫനോടു് ഇപ്പോൾത്തന്നെ അറിയിച്ചു മറുപടി പറയൂ” എന്നായി നമ്പൂരിപ്പാടു്.

നമ്പൂരിപ്പാട്ടിലെ എഴുന്നള്ളേത്തും കണ്ടുകൊണ്ടു് പഞ്ചുമേനോനും കറുത്തേടവും കാര്യസ്ഥരും എല്ലാം ഇരിക്കവേ ഇന്ദുലേഖയുടെ അമ്മാവനായ ഗോവിന്ദൻകുട്ടിമേനോൻ മദിരാശിയിൽനിന്നും വന്നു. ഇന്ദുലേഖയുടെ അറയിലേയ്ക്കു കടക്കുന്നു. അദ്ദേഹം പഞ്ചുമേനോന്റെ ശപഥത്തേയും നമ്പൂതിരിപ്പാട്ടിലെ സംബന്ധാലോചനയെപ്പറ്റിയും ഗോവിന്ദപ്പണിക്കർ മാധവനു് അയച്ചിരുന്ന കത്തിൽനിന്നു ഗ്രഹിച്ചിട്ടുണ്ടു്. അതിനാൽ അദ്ദേഹം വാത്സല്യപൂർവം ഭാഗിനേയിയോടു ചോദിക്കുന്നു.

“എന്താണു് ഇത്ര ബുദ്ധിയില്ലേ നിണക്കു്. ഗോഷ്ടി കാണിക്കുന്നതു കണ്ടാൽ ചിരിക്കുകയല്ലേ വേണ്ടതു്. നീ എന്തു ഗോഷ്ടിയാണു് കാണിക്കുന്നതു്. ഇനിയും കരയാൻ ഭാവമാണെങ്കിൽ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.”

ഗോവിന്ദൻകുട്ടിമേനവന്റെ വരവും അദ്ദേഹത്തിന്റെ വാക്കുകളും ഇന്ദുലേഖയ്ക്കു വലുതായ ധൈര്യം നൽകി. കഥകളി മുഴുവനാകുംമുമ്പേ തന്നെ നമ്പൂരിപ്പാടു പുറപ്പെടാൻ വിഷമിച്ചുതുടങ്ങി. വെളിച്ചായിട്ടു പുറപ്പെട്ടാൽ മതി എന്നു ചെറുശ്ശേരി പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.

“ചെറുശ്ശേരിക്കു മഞ്ചലിൽ കിടന്നുറങ്ങാമെടോ. വഴിയിന്റെ ദുർഘടം ആമാലന്മാർക്കല്ലെ. നല്ല ദീവട്ടി നാലാൾ പിടിക്കട്ടെ” എന്നായി അദ്ദേഹം. “ഇരിക്കട്ടേ, ഈ കമ്പത്തിനു് ഇന്നുരാത്രി പുറപ്പെടാൻ സമ്മതിക്കുകയില്ല” എന്നു ബുദ്ധിമാനായ ചെറുശ്ശേരിയും ഉറയ്ക്കുന്നു. നമ്പൂരിപ്പാടു് ഒരുക്കങ്ങൾ എല്ലാം മുറയ്ക്കു തുടങ്ങുന്നു. അക്കൂട്ടത്തിൽ ചെറുശ്ശേരി ആയിരം പ്രാവശ്യം കണ്ടിട്ടുള്ള വെള്ളിച്ചെല്ലം വെളിക്കു എടുത്തിട്ടു് അദ്ദേഹം ഇങ്ങനെ തുടരുന്നു: “ചെറുശ്ശേരി! അതു നോക്കു, ഒരു വെള്ളിച്ചെല്ലം. ഇതു മുമ്പു ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.”

ചെറു:
–എനിക്കു കണ്ടതായി നല്ല ഓർമ്മ തോന്നുന്നില്ല. പണിവിശേഷംതന്നെ. ഈ ദിക്കിൽ പണിഞ്ഞതോ! (വാസ്തവത്തിൽ ആ ചെല്ലം സമീപത്തിൽ ഉള്ള ഒരു തട്ടാൻ തീർത്തതാണെന്നു ചെറുശ്ശേരിക്കു അറിയാമായിരുന്നു.
നമ്പൂ:
–അല്ല. ഇവിടെ പണിയെടുത്തതല്ല. ഈ ദിക്കിൽ ഇതിനെ ആരു പണി എടുക്കൂ. മൈസൂർക്കാരൻ ഒരു മൊതല എനിക്കു സമ്മാനമായിത്തന്നതാണു് മലവാരം പാട്ടത്തിനു കൊടുത്തപ്പോൾ.
ചെറു:
–മൈസൂർക്കാരൻ മൊതലയോ?
നമ്പൂ:
–അതേ. അതേ. മൊതല. മൊതല എന്നാണവനെ പറയാറു്.
ചെറു:
–മുതലിയാരു ആയിരിക്കാം.
നമ്പൂ:
–മുസലിയാരു എന്നു പറയും. ആ കസവുവച്ച തുപ്പട്ടാ ഒന്നു നോക്കു. ബഹുവിശേഷങ്ങൾ ബംദ്രാസ് എന്നു പറഞ്ഞ ദിക്കിൽ ഉണ്ടാക്കുന്നതാണു്. ബഹു വില പിടിച്ചതാണു്. എനിക്കു് അതു് മേഘദന്തൻ എന്നു പേരായി ഏലമല പാട്ടത്തിലും വാങ്ങിയ സായിപ്പു നെയ്യിച്ചു്
ചെറു:
–(ആശ്ചര്യഭാവത്തിൽ) ഇതു് എവിടെ നെയ്യുന്നതാണെന്നാണു പറഞ്ഞതു്?
നമ്പൂ:
–ബംദ്രാസ് എന്നു പറയുന്ന രാജ്യത്തു്.
ചെറു:
–ആ രാജ്യം എവിടെയാ?
നമ്പൂ:
–അതു ബിലാത്തിയിൽനിന്നും പിന്നെയും ഒരു പതിനായിരം നാഴിക തെക്കുപടിഞ്ഞാറാണത്രേ. ആ ദിക്കിൽ ആറു മാസം പകലും ആറു മാസം രാത്രിയുമാണെന്നു് മേഘദത്തൻ എന്നോടു പറഞ്ഞു.

അനന്തരം നമ്പൂരിപ്പാടു് ഒരു കണ്ണാടി എടുത്തു കാണിച്ചു. അതു കണ്ട ചെറുശ്ശേരി–

“വിശേഷമായ കണ്ണാടി തന്നെ” എന്നു പറഞ്ഞിട്ടു് കൈകൊണ്ടു് തന്റെ താടി ഒന്നു തടവിക്കൊണ്ടു് മന്ദഹാസം ചെയ്യുന്നു. രാത്രി യാത്ര മുടക്കാൻ അദ്ദേഹത്തിനു് അവസരം ലഭിക്കുന്നു.

നമ്പൂ:
–എന്താണു ചെറുശ്ശേരി ചിരിച്ചതു്. പറയൂ പറയൂ.
ചെറു
–സാരമില്ല. പറയാൻ മാത്രമൊന്നുമില്ല. ക്ഷൗരം ഇന്നലെ കഴിച്ചുകളയാമായിരുന്നു. അതു കഴിഞ്ഞില്ല. എന്നാൽ എന്റെ ഈ യാത്രയിൽ അതിനെക്കുറിച്ചു് അത്ര ആലോചിപ്പാനില്ലല്ലോ. ക്ഷൗരവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടതു് ഇന്ദുലേഖയുടെ ഭർത്താവല്ലേ. കൂടെയുള്ളവർ എങ്ങനെ പുറപ്പെട്ടാലും വിരോധമില്ലല്ലോ എന്നോർത്തു ചിരിച്ചതേയുള്ളു.

ഇതു കേട്ടപ്പോഴാണു് താൻ ക്ഷൗരം ചെയ്യാൻ ദിവസങ്ങൾ കുറെ അധികമായിരിക്കുന്നതും കുറേശ്ശ നരച്ച രോമങ്ങൾ ഉള്ള കഥയും നമ്പൂരിപ്പാട്ടിലേയ്ക്കു് ഓർമ്മ വരുന്നതു്.

“അല്ല ശിക്ഷ. കമ്പം തന്നെ. ചെറുശ്ശേരി ഓർമ്മയാക്കിയതു നന്നായി. അബദ്ധമാകുമായിരുന്നു. ശിവശിവ! നര കൂടിയുണ്ടു്. ഞാൻ വയസ്സനായി ചെറുശ്ശേരി!

ചെറു:
–അതു മാത്രം ഞാൻ സമ്മതിക്കയില്ല.
നമ്പൂ:
–എന്നാൽ ക്ഷൗരം വേണ്ടാ.
ചെറു:
–അതു മനസ്സുപോലെ.
നമ്പൂ:
–വെളക്കത്തു വച്ചു് ഇപ്പോൾത്തന്നെ ചെയ്യിച്ചാലോ.
ചെറു:
–രാത്രി ക്ഷൗരം വിധിച്ചിട്ടില്ല. വിശേഷിച്ചു് നാം ശുഭകാര്യത്തിനു പോകുന്നതല്ലേ. അതു വയ്യാ എന്നു് എനിക്കു തോന്നുന്നു. പക്ഷേ ക്ഷൗരം വേണ്ടെന്നു വച്ചാലും കൊള്ളാം.
നമ്പൂ:
–അതു പാടില്ല. വെളിച്ചായി ക്ഷൗരം കഴിച്ചിട്ടു പുറപ്പെടാനേ പാടുള്ളു. ക്ഷൗരം കഴിഞ്ഞാൽ കുളിക്കാതെ പുറപ്പെടാൻ പാടുണ്ടോ?
ചെറു:
–കുളിക്കാതെ പുറപ്പെടരുതു്.
നമ്പൂ:
–കുളിച്ചു പുറപ്പെടാം.
ചെറു:
–എന്നാൽ പ്രാതൽ കൂടികഴിഞ്ഞിട്ടല്ലേ നല്ലതു്?
നമ്പൂ:
–അങ്ങനെതന്നെ.

ഇങ്ങനെ ചെറുശ്ശേരി കാര്യം പറ്റിച്ചതുകൊണ്ടാണു് പഞ്ചുമേനോനും കൂട്ടരും കാത്തിരിക്കേണ്ടതായി വന്നതു്. ആ വൃദ്ധന്റെ ഹൃദയം പര്യാകുലമായിരിക്കുന്നു. ഒടുവിൽ “നമ്പൂതിരിപ്പാടു് ശാഠ്യം കളഞ്ഞു ഭാര്യയാക്കി എടുത്തോട്ടേ. ശാഠ്യം തീർന്നില്ലെങ്കിൽ ഉത്തരവാദിത്വം ഒന്നുമില്ല. നമ്പൂതിരിപ്പാടു കൊള്ളരുതാഞ്ഞിട്ടു ശാഠ്യം തീർത്തില്ലെന്നു ഞാൻ പറയും. അല്ലാതെ എന്തു്? മാധവനു് ഈ പെണ്ണിനെ കൊടുക്കയില്ലെന്നാണു് ഞാൻ സത്യം ചെയ്തതു്. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു ഞാൻ സത്യം ചെയ്തിട്ടില്ലല്ലോ” എന്നു് ആ ശുദ്ധൻ സമാധാനപ്പെടുന്നു. നമ്പൂരിപ്പാട്ടിലെ ഘോഷയാത്ര പലരും കാണുന്നു. അദ്ദേഹത്തിന്റെ വേഷവും പകിട്ടും ഒക്കെ കണ്ടപ്പോൾ “ഓഹോ! കേശവൻനമ്പൂതിരി പറഞ്ഞതു സൂക്ഷ്മം തന്നെ. ഇന്ദുലേഖ ഈ നമ്പൂരിയുടെ പുറകെ ഓടും സംശയമില്ല; സംശയമില്ല” എന്നു പഞ്ചുമേനോനും തീർച്ചപ്പെടുത്തുന്നു. ലക്ഷ്മിക്കുട്ടി അമ്മയ്ക്കാകട്ടെ ആൾ ഒരു കമ്പമാണെന്നാണു് തോന്നിയതു്. അവർക്കു് തന്റെ മകളെ നല്ലപോലെ അറിയാമായിരുന്നു. അതിനാൽ മുത്തശ്ശി വന്നു്,

“നിണക്കു ഇപ്പോൾ വന്ന ഭർത്താവിനെപ്പോലെ നന്നായിട്ടു് ഒരു സംബന്ധവും ഇതുവരെ നമ്മളെ തറവാട്ടിൽ ഉണ്ടായിട്ടില്ല. നമ്മുടെ ഭാഗ്യം” എന്നു പറഞ്ഞപ്പോൾ അവൾ മന്ദഹാസം തൂകിയതു്. അവരുടെ മനോഭാവം ഈ സംഭാഷണത്തിൽനിന്നും ഗ്രഹിക്കാം.

ല–അ:
–ആ നമ്പൂരിപ്പാട്ടിലെ വരവു് ബഹുഘോഷമായി. ആൾ മഹാ വിഡ്ഢിയാണെന്നു തോന്നുന്നു. ഇനി മേൽ മുകളിലേയ്ക്കു വരവു കാണും.
ഇന്ദു:
–വരട്ടെ.
ല:
–ബാന്ധവിക്കണമെന്നു പറയും.
ഇന്ദു:
–ആരെ?
ല:
–നിന്നെ.
ഇന്ദു:
–വന്നുകേറിയ ഉടനെയോ?
ല:
–(ചിരിച്ചുംകൊണ്ടു്). ഒരു സമയം ഉടനെത്തന്നെ പറയും എന്നു തോന്നുന്നു.
ഇന്ദു:
–അങ്ങനെ പറഞ്ഞാൽ അതിന്റെ ഉത്തരം എന്റെ ദാസി അമ്മു പറഞ്ഞോളും.
ല:
–മാധവൻകൂടി ഇപ്പോൾ ഉണ്ടായിരുന്നാൽ നല്ല നേരം പോക്കായിരുന്നു.

മാധവൻ എന്ന ശബ്ദശ്രവണമാത്രത്താൽ ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായുണ്ടായ വികാരങ്ങളെ കണ്ടിട്ടു്,

“ഓഹോ! എന്റെ കുട്ടി! നിന്റെ പ്രാണൻ ഇപ്പോൾ മദിരാശിയിൽ തന്നെയാണു്, സംശയമില്ല. നിണക്കു് ഇങ്ങനെ ഇരിക്കുന്നതിന്നു് മനസ്സിൽ വളരെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ആട്ടെ! ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.”

കുറച്ചു കഴിഞ്ഞപ്പോൾ മാധവനു് ഉദ്യോഗം കിട്ടിയതായും മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തിരിച്ചുവരുന്നതായും കത്തു കിട്ടുകയാൽ രണ്ടു പേരും പ്രസന്നരാകുന്നു. ഇന്ദുലേഖ മദ്രാസിലേയ്ക്കു പുറപ്പെടാൻ ഇച്ഛ പ്രകാശിപ്പിക്കുന്നു. തത്സമയം അവിടെ കടന്നുവന്ന ഗോവിന്ദൻകുട്ടിമേനോൻ യാത്രയ്ക്കു വേണ്ട ഒരുക്കമെല്ലാം ചെയ്തുകൊള്ളാനും പറയുന്നു.

കാര്യങ്ങൾ ഇത്രത്തോളം അനുകൂലമായിരിക്കേ ഇന്ദുലേഖയുടെ വിവാഹാലോചനയെപ്പറ്റി ശങ്കരശാസ്ത്രികൾ അറിയുന്നു. അദ്ദേഹം വലിയ വിദ്വാനും മാധവന്റെ പേരിൽ അളവറ്റ വാത്സല്യമുള്ളവനും ആണു്. വിവരങ്ങൽ ശരിക്കു് അറിഞ്ഞിട്ടു് അവിടെനിന്നു കടക്കുന്നു.

നമ്പൂരിപ്പാടും ഇന്ദുലേഖയുമായുള്ള പ്രേമസംഭാഷണത്തിൽ നമ്പൂരിപ്പാടുവിഡ്ഢിയാകുന്നു.

“ഞാൻ വന്നപ്പോൾ താഴെയുണ്ടായിരുന്നു, ഇല്ലേ? കണ്ടതുപോലെ തോന്നി.

ഇന്ദു:ഞാൻ അപ്പോൾ താഴത്തില്ല.

ഞാൻ എന്നു പറഞ്ഞപ്പോൾതന്നെ നമ്പൂതിരിപ്പാടു് ഒന്നു ഞെട്ടി. പക്ഷെ ഉളളിലെ സ്തോഭത്തെ മറച്ചുവച്ചുകൊണ്ടു പറഞ്ഞു.

“താഴത്തു വന്നതേയില്ലേ?”

‘വന്നതേയില്ല.’

“അതെന്തോ?”

‘ഒന്നും ഉണ്ടായിട്ടല്ല.’

“ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവശാൽ പുറപ്പെടാൻ തരമായില്ല. ആ വിവരത്തിനു് എഴുത്തയച്ചു. എഴുത്തു കണ്ടില്ലേ?”

‘ഞാൻ കണ്ടിട്ടില്ല.’

“കറുത്തേടം കാണിച്ചില്ലേ?”

“നമ്പൂരി എന്നെ കാണിച്ചിട്ടില്ല.”

“കറുത്തേടം മഹാവിഡ്ഢിതന്നെ. അന്നു ഞാൻ പുറപ്പെട്ട ദിവസം ഒരു ഏലമലക്കാരൻ മാക്ഷാമൻസായ്പു വന്നിരുന്നു. എൺപതിനായിരം ഉറുപ്പികയ്ക്കു മല കരാർ കൊടുത്തു.” എന്നിങ്ങനെ പച്ചപ്പൊളി തട്ടിവിട്ടതു് തന്റെ പ്രഭാവത്തെ ഇന്ദുലേഖയ്ക്കു മനസ്സിലാക്കിക്കൊടുപ്പാൻ മാത്രമാണു്.

ഒടുവിൽ,

“ഇന്ദുലേഖ കറുത്തേടത്തിനു അമ്മയ്ക്കു ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കും.”

“ആരുടെ മകൾ. കറുത്തേടത്തു നമ്പൂരിയുടേയോ?

അല്ല. ഞാൻ നമ്പൂരിയുടെ മകളല്ല. രാമവർമ്മരാജാവിന്റെ മകളാണു്.”

“അതേ അതേ! അതാണു ഞാൻ പറഞ്ഞതു്.”

“എന്നാൽ ശരി.”

“ഇന്ദുലേഖയുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടുകേട്ടു് എനിക്കു നിവൃത്തിയില്ലാതെ ആയി. ഇന്ദുലേഖയുടെ വർത്തമാനം കേട്ടുകേട്ടു് മനവക കാര്യങ്ങൾ യാതൊന്നും ഞാൻ നോക്കാതെയായി.”

“ഇതു മഹാ കഷ്ടം. ഞാൻ മനവക കാര്യങ്ങൾക്കു് ഇത്ര വിരോധിയോ? ഇതിനു് എന്താണു സംഗതി?”

ആകപ്പാടെ തന്റെ പുറപ്പാടു ശരിയായില്ലെന്നു വിഡ്ഢിയായ നമ്പൂരിപ്പാടും ഗ്രഹിക്കാതിരുന്നില്ല. അതിനാൽ ശൃംഗാരശ്ലോകം ചൊല്ലി വശപ്പെടുത്താമെന്നു നിശ്ചയിച്ചുകൊണ്ടു തുടങ്ങുന്നു.

“ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അതു് ഇന്ദുലേഖയോടു ചൊല്ലണം എന്നു് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്കു സംസ്കൃതത്തിൽ വില്പത്തി അല്ല ഇംകിരിയസ്സു പഠിപ്പാണു് ഉള്ളതെന്നു കേട്ടു. സംസ്കൃതശ്ലോകം ചൊല്ലയാൽ അർത്ഥം മനസ്സിലാവുമോ?”

“നല്ലവണ്ണം മനസ്സിലാക്കുവാൻ പ്രയാസം.”

“കുറെ വായിച്ചു വില്പത്തിയായിരുന്നു വേണ്ടതു്.”

“ശരി.”

“ഞാൻ ഒരു ശ്ലോകം ചൊല്ലം. അർത്ഥം മനസ്സിലാവുമോ എന്നു നോക്കു.”

“ആസ്താം പീയൂഷലാഭഃ സുമുഖിഗരജരാ മൃത്യുഹാരീപ്രസിദ്ധ-
സ്തല്ലാഭോപായ ചിന്താപിച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ
നോചേദാലോലദൃഷ്ടിപ്രതിളയഭുജശീദഷ്ടമർമ്മാ മുഹുസ്തേ
യാമേവാലംബ്യജീവേ കഥമധരസുധാമാധുരീമപ്യജാനൻ”

എന്ന പ്രസിദ്ധശ്ലോകത്തിനെ അദ്ദേഹം,

ആസ്താം പീയുഷഭാവഃ സുമതി ഗരജരളഹാരീപ്രസിദ്ധഃ എന്നു ചൊല്ലിയിട്ടു തോന്നാതെ വിഷമിക്കുന്നതു് കണ്ടിട്ടു് ഇന്ദുലേഖ സസ്മിതം പറയുന്നു. “ബുദ്ധിമുട്ടേണ്ട. ശ്ലോകം പിന്നെ ഓർമ്മയാക്കിയിട്ടു ചൊല്ലാമല്ലോ.”

നമ്പൂരി:അതു പോരാ. ഞാൻ ഒന്നാമതു് ഇന്ദുലേഖയോടു ചൊല്ലിയ ശ്ലോകം മുഴുവനാക്കാഞ്ഞാൽ പോരാ. നോക്കട്ടെ. ആസ്താംപീയഷഭാവഃ സുമതിഗരജരളതിപ്രസിദ്ധഃ ഓഹോ തോന്നി തോന്നി. തല്ലാഭോപായഖിന്നാപിചഗരഹരോഹേതുരുല്ലാസഭാവഃ എനിയത്തെ രണ്ടു പാദം അശേഷം തോന്നുന്നില്ല. മുമ്പുതന്നെ തോന്നുന്നില്ല. വിചാരിച്ചിട്ടും ഫലമില്ല. ‘ആസ്താം പീയുഷഭാവഃ’ ഓ പിന്നെയും മറന്നോ. ഇതു വലിയ വിഷമം. ഓഹോ ഇല്ല തോന്നി. ‘ ആസ്താംപീയുഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധ തല്ലാഭേപോയഖിന്നാപി ച ഗരളഹരോ ഹേതുരുല്ലാസഭാവഃ’ ഇത്രത്തോളം ചൊല്ലി. ഒടുവിൽ കറുത്തേടത്തെ വിളിച്ചു ചെറുശ്ശേരിയുടെ അടുക്കെ പോയി. ‘ആസ്താം പീയുഷ’ എന്ന ശ്ലോകം മുഴുവനും ഒരു ഓലയിൽ എഴുതിച്ചു ഇങ്ങട്ടു കൊണ്ടുവരു. വേഗം വേണം എന്നുപറഞ്ഞയയ്ക്കുന്നു. പാവംതന്നെ. ‘ആസ്താം’ എന്നു തുടങ്ങുന്ന എത്രയോ ശ്ലോകങ്ങൾ ഉണ്ടെന്നുള്ളതു കൂടി അറിവില്ല. കേശവൻനമ്പൂതിരിയോ അതിലും മിടുക്കൻ. ഒടുവിൽ ചെറുശ്ശേരിയെ കണ്ടു് ‘ആസീൽ’ എന്നു തുടങ്ങുന്ന ശ്ലോകം കുറിച്ചുതരാൻ പറഞ്ഞിരിക്കുന്നതായിട്ടാണു് അറിയിക്കുന്നതു്. അദ്ദേഹം ‘ആസീദ്ദശരഥോനാമ’ എന്നു ശ്ലോകം കുറിച്ചയയ്ക്കയും ചെയ്യുന്നു. വേറെ വല്ലവരുമായിരുന്നെങ്കിൽ അപ്പോഴേ ആ വീട്ടിൽനിന്നു കടക്കുമായിരുന്നു. പക്ഷേ സൂരിനമ്പൂരിപ്പാടു് അത്തരക്കാരനല്ല. വീരനാണു്. കേശവൻ നമ്പൂരിയും പിന്നാലെ ഭാസി അമ്മുവും കടന്നു പോകുന്നതു കണ്ടിട്ടു് ദാസിയോടായി,

അവിടെ നിക്കു, അവിടെ നിക്കു, ഒരു വിവരം ചോദിക്കട്ടെ–ഇന്ദുലേഖയുടെ വിഷളിയാണു് അല്ലേ? രസികത്തിയാണു നീ. നീ വിഷളിയായിരിക്കേണ്ടവളല്ല. നീ മഹാസുന്ദരിയാണു്. പോവാൻ വരട്ടെ. നിക്കു. നിക്കു” എന്നു പറയുന്ന നമ്പൂരിപ്പാട്ടിന്റെ വിഡ്ഢിത്തങ്ങൾ നോക്കണേ. അദ്ദേഹം തുടരുന്നു.

“നിനക്കു സംബന്ധം ആരെങ്കിലും ഉണ്ടോ?”

“ഇല്ല.”

“കഷ്ടം! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്തു് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു. ഇല്ലേ? ഇങ്ങട്ടു വരൂ. എന്താണു് കയ്യിൽ മുറുക്കാനോ?

“മുറുക്കാനല്ല. അടയ്ക്കാ കഷണിച്ചതാണു്.”

“ഇന്ദുലേഖയ്ക്കു മുറുക്കുണ്ടോ?”

“ചിലപ്പോൾ മുറുക്കാറുണ്ടു്.”

“ഇന്ദുലേഖയ്ക്കു് ആരെങ്കിലും ചുറ്റമുണ്ടോ? സ്വകാര്യമായിട്ടു്. നീ എന്നോടു പറ.”

“ചുറ്റമോ?”

“ഒളിസ്സേവ, ഒളിസ്സേവ.”

“രഹസ്യം രഹസ്യം”

“അടിയൻ ഒന്നും അറിയില്ല.”

ഇന്ദുലേഖയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമ്പോൾ നീ കൂടെത്തന്നെ വരണം” എന്നു കൂടി നമ്പൂരിപ്പാടു ചട്ടംകെട്ടുന്നു.

അടുത്ത നിമിഷത്തിലാണു് അദ്ദേഹം ലക്ഷ്മിക്കുട്ടിഅമ്മയെ കാണുന്നതു്. അവരിലും ഭ്രമിച്ചു വശാകുന്നു. “അത്ഭുതം, അത്ഭുതം, അതിശം, അതിശംതന്നെ. കറുത്തേടത്തിന്റെ ഭാഗ്യവിശേഷംതന്നെ. അതിസുന്ദരി. എന്നാൽ കറുത്തേടം നന്നാ ഭ്രമിച്ചിട്ടാണു് അല്ലേ? അതിനു സംശയമുണ്ടോ? ആരു ഭ്രമിക്കാതിരിക്കും. സാക്ഷാൽ ലക്ഷ്മീദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ” എന്നിങ്ങനെയാണു് തുടസ്സം. അവരുടെ മുമ്പിലും ചെറുശ്ശേരിയെക്കൊണ്ടു്

‘കിംബ്രു വസ്തവപൂർണ്ണചന്ദ്രമഹതീം നിർലജ്ജതാമീദൃശം
യത്ത്വസ്യാമുഖമണ്ഡലേ സത് ഭവാനപ്യുജ്ജിനീതേപുരഃ
ആവിസ്മൃത്യകിമേതദുക്തമധുനാ യത്ത ദൃശീം സുന്ദരീം
ഭുഞ്ജാനസ്യ പുരോവ യഞ്ച പുരുഷാ ഇത്യസ്മേഹേ നിസ്പൃഹാഃ’

എന്ന ശൃംഗാരശ്ലോകം ചൊല്ലിക്കുന്നു. ലജ്ജാഹീനതയ്ക്കും ചാപല്യത്തിനും ഒരു സീമ വേണ്ടേ? ഇതു കണ്ടിട്ടാണു് നമ്പൂരിമാരിൽ ചിലർ ക്ഷോഭിച്ചു് ഈ ഗ്രന്ഥത്തെ തീയിലിട്ടു ചുടണമെന്നു് അഭിപ്രായപ്പെട്ടതു്. വാസ്തവത്തിൽ ചന്തുമേനോൻ പരമാർത്ഥം പറഞ്ഞുവെന്നേയുള്ളു. ഇത്തരക്കാർ അന്നും ഇന്നും ധാരാളമുണ്ടു്. ഒരു കേ–ഭട്ടതിരിപ്പാടു് കുഞ്ഞുക്കുട്ടൻ തമ്പുരാനെക്കൊണ്ടു എഴുതിപ്പിച്ചു് ഒരു സ്ത്രീക്കു് അയപ്പിച്ച കത്തു് അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു നോക്കുക.

……നിനക്കുതക്കപുരുഷൻ സംബന്ധമായ്വന്നതു
നമ്മൾക്കിഷ്ടനിലയ്ക്കുയർച്ച വരുവാനാണെന്നു കാണുന്നുഞാൻ
മൻമുഖ്യപ്രണയം നമുക്കിതുവരെ കൂട്ടിപ്പിണച്ചല്ലയോ
നന്മയ്ക്കിന്നുവരേയ്ക്കുമിന്ദുവദനേ നീളുന്നു നാളിങ്ങനെ.’

ഇതിനെ കുത്തീട്ടാണു് അച്ചടിപ്പിച്ചിട്ടുള്ളതെങ്കിലും പേരു മനസ്സിലാക്കാൻ പ്രയാസമില്ല. രണ്ടു പദ്യങ്ങൾ മുഴുവൻ പുഴുക്കുത്തു പിടിച്ചിരിക്കുന്നതിനാൽ പച്ചത്തെറിയായിരിക്കണമെന്നു തോന്നുന്നു. വേറൊരു വിദ്വാൻ അദ്ദേഹത്തിനെക്കൊണ്ടുതന്നെ എഴുതിച്ച പദ്യങ്ങൾ കുത്തിടാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അഞ്ചാംഭാഗം ൧൫൧ മുതല്ക്കു ൧൫൩-ാം വശംവരെ വായിച്ചുനോക്കുക. ഇത്തരം ലജ്ജാഹീനതയേയാണു് ചന്തുമേനോൻ കഠിനമായി അധിക്ഷേപിച്ചിരിക്കുന്നതു്.

പഞ്ചുമേനോനു പോലും നമ്പൂരിപ്പാട്ടിലെ മട്ടുകൾ രസിക്കാതായി.

“പഞ്ചു അതിഭാഗ്യവാൻ തന്നെ. ഇന്ദുലേഖയേയും പഞ്ചുവിന്റെ മകൾ ലക്ഷ്മിക്കുട്ടിയേയും കണ്ടു. തമ്മിൽ ഞാനോ നീയോ സുന്ദരി എന്നു തിരക്കുംപോലെ തോന്നും അവരുടെ സൗന്ദര്യം കണ്ടാൽ. കറുത്തേടത്തിന്റെ ഭാഗ്യം. രണ്ടാളും അതിസുന്ദരിതന്നെ.”

എന്നിങ്ങനെ നമ്പൂരിപ്പാടു പറഞ്ഞതു് അദ്ദേഹത്തിനു് എങ്ങനെ രസിക്കും? പഞ്ചുമേനോനും കറുത്തേടവും തമ്മിലുള്ള സംഭാഷണത്തിൽ നിന്നു് മേനോന്റെ അപ്പോഴത്തെ മനോഭാവം നിർണ്ണയിക്കാം.

പഞ്ചു:
–എന്താണു് ഇന്ദുലേഖയ്ക്കു ബോധ്യമായോ?
കറു:
–ബോധ്യമാവും. ബോധ്യമാവാതെയിരിക്കയില്ല.
പഞ്ചു:
–ആവുന്നതു പിന്നെ പറയാം; ആയോ.
കറു:
–അതിപ്പോൾ നിശ്ചയിക്കാറായിട്ടില്ല. ബോധ്യമാവും, അതിനു സംശയമില്ല.
പ:
–തിരുമനസ്സിലെവാക്കു് എനിക്കശേഷം വിശ്വാസമാവുന്നില്ല. തേണുതേണു വരവു കണ്ടപ്പോൾ ഞാൻ വല്ലാതെ ഭ്രമിച്ചു. നമ്പൂരിപ്പാടു് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്കു്.
കറു:
–മഹാ ധനവാനല്ലേ, അതു നോക്കണ്ട.
പ:
–ഇന്ദുലേഖ അതൊന്നും നോക്കുന്ന കുട്ടിയല്ല. നമ്മളുടെ മോഹം വെറുതേ എന്നു തോന്നുന്നു. നമ്പൂരിപ്പാട്ടിലേക്കു വിശേഷം പറവാൻതന്നെ വശമില്ല. ഇന്ദുലേഖയുടേയും ലക്ഷ്മിക്കുട്ടിയുടേയും സൗന്ദര്യം എന്നോടു് എന്തിനാണു് ഇങ്ങനെ വർണ്ണിക്കുന്നതു്? തുമ്പില്ലാത്ത വാക്കു പറയുന്നു ഇദ്ദേഹം.
കറു:
–വലിയ ആളുകളല്ലേ. അവർക്കു് എന്തും പറയാമല്ലോ.
പ:
–എന്തും പറഞ്ഞാൽ ചിലപ്പോൾ എന്തും കേൾക്കേണ്ടിവരും. എനിക്കിതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു?
കറു:
–വിശേഷിച്ചു് ഒന്നും പറഞ്ഞില്ല.
പ:
–പിന്നെ മാളികയിൽ പോയിട്ടു് നമ്പൂരിപ്പാടു് എന്തു ചെയ്തു?
കറു:
–വിശേഷിച്ചു ഒന്നും ചെയ്തില്ല. എനിക്കു് ഊക്കു കഴിക്കാൻ വൈകുന്നു. ഞാൻ ഊക്കു കഴിച്ചുവന്നിട്ടു് എല്ലാം പറയാം.
പ:
–ഒന്നും പറയാനില്ല. ഇക്കാര്യം മാനിക്കുകയില്ല. പിന്നെ എന്തിനാണു് ഈ ഗോഷ്ടികൾ കാണിക്കുന്നതു്. നമ്പൂരിപ്പാട്ടിലെ ലജ്ജാഹീനതയുടെ പാരമ്യം അന്നുതന്നെ കളപ്പുരയ്ക്കു പോകുംവഴിക്കു ചെറുശ്ശേരിയുമായുണ്ടായ സംഭാഷണത്തിൽ നാം കാണുന്നു.
നം:
–ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു് ഒന്നു ഭ്രമിച്ചിട്ടുണ്ടു്.
ചെറു:
–അതിൽ എനിക്കു സംശയമില്ല.
നം:
–എന്നാൽ അതിനെന്തു വിദ്യ?
ചെറു:
–ഏതിനു്?
നം:
–ആ ഭ്രമം നിവൃത്തിക്കാൻ.
ചെറു:
–അതിനു പലേ വിദ്യകളും ഇല്ലേ? ഇനി ലക്ഷ്മിക്കുട്ടിയെ കാണേണ്ട എന്നു വച്ചേയ്ക്കണം.
നം:
–എന്തു കഥയാണു് ചെറുശ്ശേരി പറയുന്നതു്? അങ്ങിനെ ഭ്രമം മാറ്റുന്നതായാൽ ഇവിടെ നാം ഇപ്പോൾ വരണോ?
ചെറു:
–ഇവിടെ വന്നതു് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലയോ?
നം:
–അതേ, വന്നതിന്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.
ചെറു:
–എന്നാൽ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ? അതു വെടുപ്പുണ്ടോ?
നം:
–ബാന്ധവം ഇന്ദുലേഖയെത്തന്നെ.

എന്താ പോരേ! രണ്ടാമത്തെ സന്ദർശനത്തോടുകൂടി നമ്പൂരിപ്പാട്ടിലേക്കു് ഇന്ദുലേഖയെ ലഭിക്കുന്ന കാര്യം സാധ്യമല്ലെന്നു ബോധ്യപ്പെട്ടു. ഒടുവിൽ, ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച അധികപ്രസംഗിയെ തനിക്കു വേണ്ടെന്നും പറഞ്ഞിട്ടു് ശീനുവിന്റെ മകൾ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തുകൊണ്ടു് അവിടെനിന്നു കടക്കാമെന്നായി അദ്ദേഹത്തിന്റെ ആലോചന. സമ്മതം ചോദിപ്പാനായി ഗോവിന്ദനെയാണു നിയോഗിച്ചതു്.

കുഞ്ഞുക്കുട്ടിയമ്മ ഭർത്താവിനെ വിളിച്ചുണർത്തിയപ്പോൾ,

പഞ്ചു:
–അസത്തേ! എന്തിനു് എന്നെ ഉപദ്രവിക്കുന്നു?
കുഞ്ഞി
:നംപൂരിപ്പാടു് വിളിക്കുന്നുണ്ടുപോൽ.
പ:
–നംപൂരിപ്പാടു്! വിഡ്ഢി നംപൂരിപ്പാടു്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. ഈ അസത്തിനു കടന്നു പോവരുതോ? ഒന്നിനും കൊള്ളാത്ത മനുഷ്യൻ. ആ കേശവൻനമ്പൂരിയെപ്പോലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.

ഈ മനോഭാവത്തോടുകൂടിയിരുന്ന പഞ്ചുമേനോൻ സൊല്ല ഒഴിയട്ടെ എന്നു വിചാരിച്ചാണു് കല്യാണിക്കുട്ടിയുമായുള്ള ബാന്ധവത്തിനു സമ്മതം നൽകിയതു്. ഈ ആലോചന ഒന്നും കറുത്തേടം അറിയുന്നില്ല. സംബന്ധം നടക്കാൻ പോകുന്നു എന്നു കേട്ട മാത്രയിൽ അദ്ദേഹം കുഴങ്ങുന്നു. ലക്ഷ്മിക്കുട്ടിക്കുതന്നെ എന്നു് അദ്ദേഹം തീർച്ചപ്പെടുത്തുന്നു. അദ്ദേഹം ചെറുശ്ശേരിയോടു് “ചെറുശ്ശേരീടെ ബുദ്ധിയിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ ആപത്തൊന്നും എനിക്കു വരുന്നതല്ലായിരുന്നു.

ചെറു:
–ആട്ടെ! താന്താങ്ങൾക്കു് ആവശ്യമില്ലാത്ത കാര്യത്തിൽ പ്രവേശിച്ചാൽ ഇങ്ങനെയെല്ലാം വ്യസനിക്കേണ്ടി വരുമെന്നു് ഇപ്പോൾ ബോധ്യമായോ?
കേ:നം:
–നല്ല ബോധ്യമായി. ചെറുശ്ശേരി! ഞാൻ ഇനി പോവുന്നു. ഞാൻ ഈ സംബന്ധവും കണ്ടുംകൊണ്ടു് ഇവിടെ ഇരിക്കയില്ല. ഞാൻ വാല്യക്കാരെ വിളിക്കട്ടെ.
ചെറു:
–എന്താണു് ഈ സംബന്ധം കണ്ടാൽ കറുത്തേടത്തിനു വിരോധം?
കേ:
–നല്ല ശിക്ഷ! ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്നു താൻ വിചാരിക്കണ്ട. ഞാൻ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹു യോഗ്യത അല്ലേ?
ചെറു:
–ഇതെന്തു കഥയാണു ഹേ! നംപൂരി! കല്യാണിക്കുട്ടിക്കു സംബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാൽ കറുത്തേടം ശപ്പനായിപ്പോവുമോ? കേശവൻനമ്പൂരിക്കു് ഇപ്പോഴാണു് ജീവൻ വീണതു്.
കേ:
–കല്യാണിക്കുട്ടിക്കോ? കല്യാണിക്കുട്ടിക്കാണു സംബന്ധം?
ചെറു:
–അതേ! കല്യാണിക്കുട്ടിക്കാണു സംബന്ധം.
കേ:
–ശിവ! ശിവ! നാരായണ! ഞാൻ വല്ലാതെ അന്ധാളിച്ചു. ശിവ! ശിവ! ചെറുശ്ശേരി കഠിനമായി എന്നെ വ്യസനിപ്പിച്ചു.

ഈ നിലയിൽ വിവാഹം ആർക്കാണു നടന്നതെന്നു ചുറ്റുപാടുമുള്ളവർ ഗ്രഹിക്കാത്തതിൽ അത്ഭുതമുണ്ടോ? ഹഹഹ! നടത്തുന്നതു് ഇന്ദുലേഖയ്ക്കാണെന്നു് എല്ലാവരും വിശ്വസിച്ചു. ശങ്കരശാസ്ത്രികളും വിവരം അറിഞ്ഞു. മാധവൻ വണ്ടിയിറങ്ങിയപ്പോൾ കേട്ട വർത്തമാനം ഇതായിരുന്നു. ശാസ്ത്രികൾ ആ വാർത്ത ശരിവച്ചപ്പോൾ മാധവന്റെ സംശയമൊക്കെ തീർന്നു. അപ്പോൾതന്നെ ഒരെഴുത്തെഴുതിവച്ചിട്ടു് അയാൾ തിരിച്ചുപോകുന്നു. സായ്പിനോടു് ഒരു കൊല്ലത്തെ അവധിയും വാങ്ങി അയാൾ ദേശസഞ്ചാരത്തിനു പോകുന്നു. ഇന്ദുലേഖയുടെ അവസ്ഥ വർണ്ണിക്കാതിരിക്കയല്ലേ നല്ലതു്? സഞ്ചാരത്തിനിടയിൽ ലോകപരിചയക്കുറവുകൊണ്ടു് മാധവനു പലേ അപകടങ്ങളും പറ്റുന്നു. കൽക്കത്തയിൽ വച്ചു് ഒരു ചെറു നരിയെ വെടിവെച്ചു് ബാബുഗോവിന്ദസേനന്റെ ജീവനെ രക്ഷിക്കുന്നു. ആ വർത്തകന്റെ അതിഥിയായി കുറേക്കാലം കുറേക്കാലം ജീവിക്കുന്നു. മാധവനെ തേടിപ്പുറപ്പെട്ട ഗോവിന്ദപ്പണിക്കർ പല ദിക്കിലും സഞ്ചരിച്ചു വിഷമിച്ചു് ഒടുവിൽ കൽക്കത്തയിൽ എത്തുന്നു. അപ്പോഴേയ്ക്കു മാധവൻ ഗോവിന്ദസേനനോടു യാത്ര പറഞ്ഞിട്ടു് തീവണ്ടി കേറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ മാധവൻ പുറപ്പെട്ടിരിക്കുന്നതു് ഗോവിന്ദസേനന്റെ മിത്രമായ ഗോപീനാഥബാനർജിയുടെ ഗൃഹത്തിലേയ്ക്കാണു്. മാർഗ്ഗമധ്യേ പീയർ ആലിഖാൻ എന്നൊരാൾ അയാളോടു പരിചയപ്പെടുന്നു. ആൾ പരിഷ്കാരി! ഗംഭീര പുരുഷൻ. സബ്ജഡ്ജിയാണെന്നു സംഭാഷണത്തിൽനിന്നു മനസ്സിലായി. ഇയാൾ വലിയ തസ്കരനായിരുന്നു. മിരട്ടി മാധവന്റെ സർവ്വസ്വവും അപഹരിച്ചുകൊണ്ടു പോകുന്നു. മാധവൻ വിവരം സ്റ്റേഷൻമാസ്റ്റരേയും പോലീസിനേയും അറിയിക്കുന്നു. പോലീസുദ്യോഗസ്ഥൻ ഹോട്ടിലിലെ ബട്ളരെ പിടിപ്പിച്ചു് കഠിനമായി ദേഹദണ്ഡം ഏല്പിച്ചതു് മാധവനു തീരെ രസിക്കുന്നില്ല. ഗോപീനാഥബാനർജി വന്നു് മാധവനെ ആശ്വസിപ്പിച്ചു് വിവരത്തിനു ഗോവിന്ദസേനനു് കമ്പി അടിക്കുന്നു. അദ്ദേഹം വഴിച്ചിലവിനു് രണ്ടായിരം ഉറുപ്പിക അയച്ചിട്ടു് മാധവന്റെകൂടെ ബാബുരാം എന്ന മല്ലനെക്കൂടെ അയയ്ക്കണമെന്നു ശുപാർശ ചെയ്യുന്നു. എന്നാൽ മാധവൻ നന്ദി പറഞ്ഞിട്ടു് മദ്രാസിലേയ്ക്കുള്ള യാത്രച്ചിലവു മാത്രംമതി എന്നു പറയുന്നു. അങ്ങനെതന്നെയാണെന്നു സമ്മതിച്ചിട്ടു് ബാനർജി അദ്ദേഹത്തിനെ നാലഞ്ചുദിവസം തന്റെകൂടെ പാർപ്പിക്കുന്നു.

നരിയുടെ ആക്രമണത്തിൽനിന്നു മാധവൻ രക്ഷിച്ച നാലഞ്ചു പേരുടെ കൂട്ടത്തിൽ കേശബ്ചന്ദ്രസേനൻ എന്നൊരാൾകൂടി ഉണ്ടായിരുന്നു. അയാൾ ബാംബയിലെ ഒരു ഉദ്യോഗസ്ഥനാണു്. ഒരു ദിവസം ഗോവിന്ദപ്പണിക്കരോടുകൂടി മാധവനെ തേടിപ്പുറപ്പെട്ടിരുന്ന ഗോവിന്ദൻകുട്ടിമേനോൻ ബാംബേ എസ്പ്ലനേഡിനു സമീപം കാറ്റുകൊണ്ടോണ്ടു നിൽക്കവേ ചന്ദ്രസേനൻ കടന്നുപോകുന്നു. അയാൾക്കു ഗോവിന്ദൻകുട്ടി മേനോന്റെ മുഖം കണ്ടപ്പോൾ മാധവന്റെ മുഖച്ഛായ തോന്നി. അടുത്തു ചെന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കീട്ടു് അവരെ രണ്ടുപേരെയും സ്വഗൃഹത്തിൽ കൊണ്ടുപോകയും ഗോവിന്ദസേനനു കമ്പി അടിക്കയും ചെയ്യുന്നു. മറുപടിക്കമ്പിയിൽനിന്നു മാധവൻ ബാനർജിയുടെ കൂടെയാണെന്നു് മനസ്സിലാക്കുന്നു. ബാനർജിയുടെ മറുപടിക്കമ്പിയിൽനിന്നു് അദ്ദേഹം ബാബെയിലേയ്ക്കു തിരിച്ചിരിക്കുന്നതായി അറിയുന്നു. ഇങ്ങനെ അവർക്കു മാധവനെ കണ്ടുപിടിക്കാൻ സാധിക്കുന്നു.

ആലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞിട്ടു് ഗോവിന്ദപ്പണിക്കർ പറയുന്നു.

‘ഗോവിന്ദൻകുട്ടി! ഉടനെ നാട്ടിലേയ്ക്കു് ഒരു കമ്പി അടിയ്ക്കണം. ഇവന്റെ അമ്മയും ആ പെണ്ണും വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ല.’

മാധവൻ:ഏതു പെണ്ണു്! ഏതു പെണ്ണാണു് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാൻ?

ഈ ചോദ്യത്തിനുള്ള മറുപടി ഗോവിന്ദൻകുട്ടിമേനോനാണു പറയുന്നതു്.

“എന്റെ മരുമകൾ ഇന്ദുലേഖ. ഭ്രാന്ത! എന്തൊരു കഥയാണിതെല്ലാം? എന്തെല്ലാം ഗോഷ്ടിയാണു് ഈ കാണിച്ചതു്?”

മാധവന്റെ സർവ്വാംഗം കമ്പിതമായി.

ഗോ-പ:എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തതു്? നിന്റെ അമ്മയേയും ആ പെണ്ണിനേയും ഞങ്ങളേയും നീ ഇങ്ങനെ വ്യസനിപ്പിച്ചുവല്ലോ. നീ വീട്ടിൽ വന്നിട്ടു് ഒരു പൊളിയും കേട്ടു് ഓടിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു. കഷ്ടം! നിണക്കു് എന്തോ ഒരു ശനിപ്പിഴയുണ്ടായിരുന്നു. അതു തീർന്നുവായിരിക്കും.

ഇവിടെയാണു് പ്രസിദ്ധമായ പതിനെട്ടാം അദ്ധ്യായം തുടങ്ങുന്നതു്. പതിനെട്ടാം അദ്ധ്യായം എന്നാൽ അരസികത എന്നർത്ഥം വരത്തക്കവണ്ണം ആയിട്ടുണ്ടു് അതിലേ സംഭാഷണം.

മാധവന്റെ സഞ്ചാരത്തിനിടയ്ക്കു് ഇന്ദുലേഖ ജ്വരബാധിതയായിത്തീരുന്നു. അവൾ സ്വപ്നത്തിൽ നിലവിളിക്കുന്നതുകേട്ടു് പഞ്ചുമേനോൻ കോണിയുടെ പടിക്കൽ എത്തുന്നു. ലക്ഷ്മിക്കുട്ടിഅമ്മ കരഞ്ഞുകൊണ്ടു് അവിടെനിന്നു് എറങ്ങി വരുന്നതു കണ്ടിട്ട് ചോദിക്കുന്നു.

പ–മേ:
–എന്താണു കുട്ടി നിലവിളിച്ചതു്?
ലക്ഷ്മി:
–(കരഞ്ഞുകൊണ്ടു്) അവൾ സ്വപ്നത്തിൽ മാധവനെ ആരോ വഴിയാത്രചെയ്യുമ്പോൾ കുത്തിക്കൊന്നതായി കണ്ടുവത്രേ. അപ്പോൾ കലശലായ വ്യസനം തോന്നി നിലവിളിച്ചു. ഇപ്പോൾ വല്ലാതെ പനിക്കുന്നു. ഞാൻ മുകളിലേയ്ക്കു പോവട്ടെ.
പ–മേ:
–ഛീ! സ്വപ്നം എന്തെല്ലാം കാണുന്നു. മാധവന്റെ നേരെ ഈ പെണ്ണിനു് ഇത്ര പ്രീതിയോ? ശിവശിവ! ഞാനിതൊന്നും അറിഞ്ഞില്ല. അന്നു ഞാൻ ഒരു സത്യം ചെയ്തുപോയതു് കുട്ടി അറിഞ്ഞിരിക്കുന്നുവോ?
ലക്ഷ്മി:
–അറിഞ്ഞിരിക്കുന്നു.
പ–മേ:
–എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കും.
ലക്ഷ്മി:
–വളരെ വ്യസനമുണ്ടു് അതുകൊണ്ടും എന്നു തോന്നുന്നു.
പ–മേ:
–എന്നാൽ ആ വ്യസനമെങ്കിലും ഇപ്പോൾ തീർത്താൽ കുറെ സുഖമായിരിക്കും.

എന്നു പറഞ്ഞിട്ടു് കേശവൻനമ്പൂരിയെ വിളിപ്പിച്ചു് അദ്ദേഹം ചെന്നപ്പോൾ പഞ്ചുമേനോൻ പറയുന്നു.

“എന്റെ കൊച്ചുകൃഷ്ണൻ പോയതു് ഞാൻ അറിയാതെ ഇരിക്കുന്നതു് ഈ കുട്ടി ഉണ്ടായിട്ടാണു്.” എന്നു പറഞ്ഞിട്ടു് ശുദ്ധനായ വൃദ്ധൻ വല്ലാതെ ഒന്നു കരഞ്ഞുപോയി.

കേ-നം:
–ഛേ! ഛേ! കരയരുതു്. ഇത്രയും പറഞ്ഞപ്പോൾ ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു. ഒടുവിൽ സത്യലംഘനത്തിനു പ്രായശ്ചിത്തം ചെയ്തശേഷം വൃദ്ധൻ ഇന്ദുലേഖയുടെ അടുത്തു ചെന്നു. “എന്റെ മകൾ എനി ഒന്നുകൊണ്ടും വ്യസനിക്കേണ്ട. മാധവൻ എത്തിയ ക്ഷണം അടിയന്തിരം ഞാൻ നടത്തും.”
ഇന്ദു:
–എല്ലാം വലിയ അച്ഛന്റെ ശുദ്ധമനസ്സുപോലെ സാധിക്കട്ടെ.

അനന്തരം അതിന്റെ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അല്പം ശമിച്ചെങ്കിലും ഒരുമാതിരി കുരയും സർവാംഗം വേദനയും ആരംഭിച്ചു. എന്തൊക്കെ ചെയ്തുനോക്കീട്ടും രോഗശമനം കാണാതായപ്പോൾ പഞ്ചുമേനോൻ ശപഥത്തിന്റെ സ്വർണ്ണനിർമ്മിതമായ അക്ഷരപ്രതിമകൾ തയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലേഖയെ കാണിച്ചപ്പോൾ അവൾ വ്യസനത്തിൽ മുഴുകിയും നന്നേ ക്ഷീണിച്ചിരുന്നിട്ടും ചിരിച്ചുപോയി. അതു കണ്ടിട്ടു് പഞ്ചുമേനോൻ പറയുന്നു.

“എന്റെ മകൾക്കു സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിനു് ആശ്വാസമുണ്ടാവും.”

ഇന്ദു:
–അതേ വലിയച്ഛാ! സന്തോഷമായി. എന്റെ വലിയച്ഛന്റെ മനസ്സാണു് എല്ലാം സന്തോഷമായി വരുത്തുന്നതു്. ഇങ്ങനെയിരിക്കവേ “മാധവനെ ഇവിടെവച്ചു കണ്ടു. സുഖക്കേടൊന്നുമില്ല. ഞങ്ങൾ എല്ലാവരുംകൂടി ഇന്നത്തെ വണ്ടിയ്ക്കു് അങ്ങോട്ടു പുറപ്പെടുന്നു” എന്നു് കമ്പി കിട്ടുകയും ഇന്ദുലേഖ ഇരുന്നു വായിക്കയും ചെയ്യുന്നു. അവളുടെ സന്തോഷാതിരേകം കണ്ടിട്ടു് ശുദ്ധഗതിക്കാരനായ വൃദ്ധൻ നമ്പൂരിയോടു പറയുന്നു.
പ-മേ:
–നോക്കു തിരുമനസ്സിന്നേ! ഞാൻ സത്യം ചെയ്തു പോയതിൽ വന്ന ആപത്തു്. അതിനു് ഇപ്പോൾ പ്രായശ്ചിത്തം ചെയ്യാൻ പ്രതിമയുണ്ടാക്കി എത്തിയപ്പോഴേയ്ക്കുതന്നെ വന്നു സന്തോഷവും.
കേ-നം:
–അതിനെന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവും തന്നെ. സത്യത്തിന്റെ പ്രായശ്ചിത്തവും കമ്പിവർത്തമാനവും തമ്മിലുള്ള സംബന്ധം എന്തെന്നു് അറിയാതെ ഇന്ദുലേഖ ചിരിച്ചുപോയി. അവിടെ കൂടിയിരുന്നവരിൽ ലക്ഷ്മിക്കുട്ടി അമ്മ ഒഴിച്ചു് എല്ലാവരും പഞ്ചുമേനോന്റെ പ്രായശ്ചിത്തം ശരിവച്ചു. ക്രമേണ ഇന്ദുലേഖയുടെ സുഖക്കേടു ശമിച്ചു തുടങ്ങി. നായികാനായകന്മാരുടെ സമാഗമത്തോടുകൂടി കഥ അവസാനിക്കുന്നു.
മാധ:
–കഷ്ടം! ദേഹം ഇത്ര പരവശമായിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്നു വിശ്വസിക്കുന്നു.
ഇന്ദു:
–കഴിഞ്ഞു എന്നുതന്നെ ഞാൻ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?
മാധ:
–കണ്ടു. സന്തോഷമായിട്ടു് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കുവേണ്ടി ചെയ്തതെല്ലാം ഞാൻ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛൻ ആവശ്യപ്പെട്ടപ്രകാരവും ഞാൻ അദ്ദേഹത്തിന്റെ കാലിൽ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിനു വളരെ സന്തോഷമായി.
ഇന്ദു:
–മാധവൻ ചെയ്ത കാര്യങ്ങളിൽ എനിക്കു വളരെ ബോധ്യമായതു് ഇപ്പോൾ ചെയ്തു എന്നു പറഞ്ഞ കാര്യമാണു്. വലിയച്ഛൻ പരമശുദ്ധാത്മാവാണു്. അദ്ദേഹത്തിന്റെ കാലിൽ നമസ്കരിച്ചതു് വളരെ നന്നായി. നമ്മൾ രണ്ടുപേർക്കും നിഷ്കന്മഷഹൃദയമാകയാൽ നല്ലതുതന്നെ ഒടുവിൽ വന്നുകൂടുകയുള്ളു.

ശാരദ, ഈ കഥയെക്കാൾ കുറേക്കൂടി നന്നായിരിക്കുന്നു. ഭാഗ്യദോഷത്താൽ പൂർത്തിയായില്ല. അന്തപ്പായി അതിനെ പൂരിപ്പിച്ചു എങ്കിലും കഥ ആകപ്പാടെ ഒരു കണിതുള്ളലായിപ്പോയി. പരുത്തിക്കാട്ടു ഗോപാലപിള്ളയുടെ പൂരണം അല്പം വേണ്ടുകില്ലെന്നു പറയാം.

രാമക്കുറുപ്പു മുൻഷി

ഇദ്ദേഹം 1022-ൽ ആലപ്പുഴയ്ക്കു സമീപം കൈതവനെ പ്ലാപ്പറമ്പിൽ ജനിച്ചു. മാതുലനായ പപ്പുക്കുറുപ്പിന്റെ അടുക്കൽ നൈഷധംവരെയുള്ള കാവ്യം പരിശീലിച്ചശേഷമാണു് അദ്ദേഹം ഇംഗ്ലീഷുപഠിക്കാൻ തുടങ്ങിയതു്. ബി. ഏ. പാസ്സായ ശേഷം അദ്ദേഹം തിരുവനന്തപുരം മഹാപാഠശാലയിൽ മുൻഷിയായി നിയമിക്കപ്പെട്ടു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, പി. കെ. നാരായണപ്പിള്ള, കെ. രാമകൃഷ്ണപിള്ള, ഉള്ളൂർ, മള്ളൂർ ഇവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണു്. അദ്ദേഹത്തിന്റെ അധ്യാപനരീതി പ്രത്യേകതരത്തിലായിരുന്നു. കഥകളിയും മറ്റും പഠിപ്പിക്കുമ്പോൾ പാടുകയും ആടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ താളമേളങ്ങൾ ഉണ്ടായിരിക്കും. രാമക്കുറുപ്പിന്റെ ക്ലാസു് ഒരിക്കലും വിരസമാവുക പതിവില്ലായിരുന്നു. സാഹിതീമർമ്മജ്ഞനും രസികാഗ്രഗണ്യനുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ എല്ലായ്പോഴും വിദ്യാർത്ഥികൾക്കു് ആകർഷകങ്ങളായി തോന്നി. പഠിക്കാതെ ക്ലാസിൽ വരുന്നവരെ കളിയാക്കുന്നതിൽ ബഹു വിരുതനായിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥിയെപ്പറ്റി

“കയ്യാലക്കുഴികാക്കുമ്മിപ്പുരുഷനോ ബി. ഏ.-യ്ക്കു നൊട്ടുന്നതു്”

എന്നൊരു പദ്യം എഴുതി ചൊല്ലുകയും അയാൾ ലജ്ജിതനായി തീരുകയും ചെയ്തു.

പരിശോധനയ്ക്കായി തെരുതെരെ നാടകങ്ങൾ വന്നു ചേർന്നുകൊണ്ടിരുന്നതിനാൽ ആ ശല്യം ഒഴിയുന്നതിലേയ്ക്കായിട്ടായിരുന്നു അദ്ദേഹം ‘ചക്കീചങ്കരം’ എന്ന ഫലിതമയമായ നാടകം രചിച്ചതു്.

കുംഭാണ്ഡൻ പ്രവേശിച്ചു നാടകക്കാരെ കല്പിതാംകോട്ടേയ്ക്കു് ആട്ടിപ്പായിക്കുന്ന കഥയാണു് അതിലെ വിഷയം.

“പണ്ടത്തെക്കൃതി ഭാഷയാക്കിയവരെ തല്ലീടുവോനല്ലഞാൻ” എന്നാൽ
“വേണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ
വണ്ടിക്കാളകണക്കുവന്ന കവി മണ്ടന്മാർക്കു മണ്ടയ്ക്കടി.”

എന്നായിരുന്നു കുംഭാണ്ഡന്റെ പ്രമാണം. അയാൾ നാടകക്കാരെ തേടിപ്പിടിക്കാൻ തുടങ്ങവേ വെറും വേലക്കാരനായ ചങ്കരനേയും പിടികൂടി. “എടാ നീ എത്ര നാടകം എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.

“അയ്യോ അടിയൻ വെറും പാചകനാണേ. എഴുത്തു പോലും വശമില്ല” എന്നു് അവൻ പറഞ്ഞപ്പോൾ “അതു ശരി: എന്നാലും നാടകം എത്ര എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.

നാടകക്കാരെല്ലാം

‘അയ്യയ്യോ ഞങ്ങളെ തല്ലല്ലേ കൊല്ലല്ലേ
പാവങ്ങളാണേ പരമേശ്വര
പാവങ്ങളായുള്ള നാടകക്കാർ ഞങ്ങൾ
കല്പിതാംകോട്ടയ്ക്കു പൊയ്ക്കൊള്ളാമേ!’

എന്നു വിലപിച്ചുംകൊണ്ടു നാട്ടിൽനിന്നും കടന്നുവത്രേ. ഈ നാടകത്തിൽ,

‘ചക്കിക്കുള്ളൊരു ചട്ടിമുഞ്ഞി പലനാൾ കണ്ടേൻ വെളിച്ചത്തുഞാൻ
മൂക്കും താണു കഴിഞ്ഞകണ്ണു കവിളും പപ്രച്ഛമാം കേശവും
ഒക്കെപ്പാടെ വെറുപ്പുതോന്നി നിറമാക്കാക്കയ്ക്കു തുല്യം മണം
മുക്കോത്തിക്കെതിരേതു നായ്ക്കളിവളേ കണ്ടാൽ കരയ്ക്കാത്തതും.’

ഇത്തരത്തിൽ നല്ല ചിത്രപദ്യങ്ങൾ പലതുമുണ്ടു്. ഇന്ദുലേഖയേയും മന്ദമായി ഇതിൽ ഉപഹസിച്ചു കാണുന്നു.

കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാന്റെ ഒരു നാടകമായിരുന്നു, ചക്കീചങ്കരം നാടകത്തിന്റെ ആവിർഭാവത്തിനു് നിമിത്തകാരണം. ആ കവീന്ദ്രൻ രാമക്കുറുപ്പു ജീവിച്ചിരിക്കവേ തന്നെ തുപ്പൽകോളാമ്പി എഴുതി പക വീട്ടുകയും ചെയ്തു. രാമക്കുറുപ്പു വലിയ മുറുക്കുകാരനായിരുന്നു എന്നു പ്രസിദ്ധമായിരുന്നല്ലോ.

എഴുത്തച്ഛനേപ്പറ്റി ഈ കവി അതിപ്രൗഢമായ ഒരു പ്രബന്ധം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ അനുബന്ധമാണു് അന്യത്ര ചേർത്തിട്ടുള്ള തെങ്ങുമാഹാത്മ്യം കിളിപ്പാട്ടു്. 1074-ൽ അദ്ദേഹം മരിച്ചു എന്നു തോന്നുന്നു.

ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ

ഇദ്ദേഹം രാമക്കുറുപ്പുമുൻഷിയുടെ സമവയസ്കനും മിത്രവുമായിരുന്ന ബി. ഏ. ബിരുദധാരിയും സാമാന്യം നല്ല പാണ്ഡിത്യം ഉള്ളവനുമായിരുന്നു. ഭാഷാചരിത്രം രണ്ടു ഭാഗങ്ങായി പ്രസിദ്ധപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളതു്. അനേകം അപ്രകാശിതങ്ങളായ കിളിപ്പാട്ടുകളെ അദ്ദേഹം പ്രകാശദശയിൽ കൊണ്ടുവന്നിട്ടുമുണ്ടു്.

ഭാഷാചരിത്രത്തെ ഇന്നു പലരും ദുഷിക്കുന്നുണ്ടു്. ചിലർ അതിനെ അബദ്ധപഞ്ചാംഗം എന്നുപോലും പറഞ്ഞിട്ടുള്ളതായി എനിക്കറിയാം. ഇതിൽപരം പാതകം മറ്റൊന്നില്ല. മുദ്രാലയങ്ങളോ മാസികകളോ വിരളങ്ങളായിരുന്ന കാലത്തു് വടക്കൻകവികളെ തെക്കർക്കും തെക്കൻ കവികളെ വടക്കർക്കും കേട്ടറിവുപോലുമില്ലായിരുന്നു. അക്കാലത്തു് പുസ്തകങ്ങളിൽ ഏറിയകൂറും നാണംകുണുങ്ങികളെപ്പോലെ ഗ്രന്ധപ്പുരകളുടെ കവാടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന ആ കാലത്തു് ഇങ്ങനെ ഒരു പുസ്തകം രചിക്കാമെന്നു് ആർക്കു ധൈര്യമുണ്ടാവും? അദ്ദേഹം എഴുതിവച്ചിട്ടുള്ളതെല്ലാം അബദ്ധപ്പഞ്ചാംഗമെന്നുതന്നെ വച്ചുകൊള്ളുക. എന്നാൽ തന്നെയും പിൽക്കാലത്തുള്ളവർക്കു ചരിത്രചിത്രണംചെയ്യാനുള്ള ചുവരു് അദ്ദേഹമല്ലേ നിർമ്മിച്ചുതന്നിരിക്കുന്നതു്? അഹോ! ഇങ്ങനെയുണ്ടോ കാർത്തഘ്ക്യം! എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽപോലും ഇത്രമാത്രം ചെയ്വാനേ എനിക്കു സാധിച്ചിട്ടുള്ളല്ലോ എന്നു വിചാരിക്കുമ്പോൾ ഞാൻ ലജ്ജിതനായിത്തീർന്നുപോകുന്നു. “സമ്പൂർണ്ണമായ ഒരു ഭാഷാചരിത്രം ഇതാ വരുന്നു. ഗോവിന്ദപ്പിള്ളയുടേയും പണിക്കരുടേയും ചരിത്രങ്ങൾ സാരമില്ല” എന്നൊരു മഹാൻ ഈയിടയ്ക്കു കോട്ടയത്തുനിന്നു തന്നെക്കാണ്മാൻ വന്ന ചിലരോടു പറയുകയുണ്ടായി. എനിക്കു പൂർണ്ണതയിൽ വിശ്വാസമില്ല. പൂർണ്ണമായി ഒരു വസ്തു മാത്രമേയുള്ളുവെന്നാണു് ഞാൻ ധരിച്ചുവച്ചിരിക്കുന്നതു്. പൂർണ്ണമായി ഒരു ചരിത്രം നിർമ്മിച്ചുവച്ചിരിക്കുന്നു എന്നു് ആരെങ്കിലും പറഞ്ഞാൽ അതു് ഔദ്ധത്യലക്ഷണം മാത്രമാണു്. അതു കേട്ടു വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവരുടെ മൗഢ്യത്തിനു് കോടിനമസ്കാരം പറയാം! നമ്മുടെ കണ്ണുകൾക്കു് മുമ്പിൽ നടക്കുന്ന സംഭവങ്ങളുടെ ചരിത്രം സമഗ്രമായി എഴുതിവയ്ക്കുന്ന കാര്യംതന്നെ സാദ്ധ്യമല്ല. ആ സ്ഥിതിക്കു് ഭൂതകാലസംഭവങ്ങളുടെ ചരിത്രത്തിനു് എങ്ങനെ സമഗ്രതയുണ്ടാകും? എന്റെ അഭിപ്രായത്തിൽ നമ്മുടെ ഭാഷയ്ക്കുവേണ്ടി ഗുണ്ടർട്ട്സായ്പും, പി. ഗോവിന്ദപ്പിള്ളയും ചെയ്തിട്ടുള്ളിടത്തോളം ഉപകാരം അടുത്തകാലത്തു് ആരും ചെയ്തിട്ടില്ലെന്നാണു്. അദ്ദേഹം ഒരു ഇംഗ്ലീഷ്—മലയാളം നിഘണ്ടു രചിച്ചുകൊ​ണ്ടിരുന്നു. എന്നാൽ അതു പൂർത്തിയാക്കുംമുമ്പുതന്നെ അദ്ദേഹം മരിച്ചുപോയി.

നെയ്യൂർ കുമാരപ്പിള്ള

997-ൽ നെയ്യൂർ ഇലങ്കംവീടെന്ന സുപ്രസിദ്ധ നായർ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായിരുന്നു മേക്കോട്ടു നാഗൻതമ്പി അന്നത്തെ ജ്യൗതിഷികന്മാരിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം കുമാരസംഭവത്തെ കിളിപ്പാട്ടായിട്ടും ലീലാവതി എന്ന ഗണിതഗ്രന്ഥത്തെ ശ്ലോകരൂപത്തിലും തർജ്ജമചെയ്തിരുന്നു. രണ്ടു ഗ്രന്ഥങ്ങളും ഗ്രന്ഥപ്പുരയിൽ നിന്നു വെളിക്കു വന്നിട്ടില്ല. ഇരയിമ്മൻതമ്പിയുടെ സമകാലികനായിരുന്ന ഈ കവിയുടെ കൃതികൾ തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതിൽ ദക്ഷിണതിരുവിതാംകൂറിലെ ധനാഢ്യരായ ഈ കുടുംബക്കാർ കാണിച്ചുവരുന്ന അനാസ്ഥ ശോചനീയമായിരിക്കുന്നു.

നാഗൻതമ്പിക്കു് ആറു പുത്രന്മാരും രണ്ടു പുത്രികളുമുണ്ടായിരുന്നു. അവരിൽ മൂത്തയാളാകുന്നു കുമാരപ്പിള്ള. അദ്ദേഹത്തിന്റെ അനുജനായിരുന്നു നാണുപിള്ള ദിവാൻജി എന്നു പ്രസിദ്ധിപെറ്റ ദിവാൻജി. നാണുപിള്ളദിവാൻജിയുടെ ഒരു ചരിത്രസംക്ഷേപം ഇലങ്കംവീട്ടുകാരിൽ ഒരാൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. നാഗൻ നാരായണൻ എന്ന ഈ മന്ത്രിസത്തമൻ വിശാഖംതിരുനാൽ മൂപ്പേറ്റു് ഏതാനും മാസക്കാലം ജോലിയിൽ ഇരുന്നു. 1056 കന്നി 26-നു ആണു് ഉദ്യോഗത്തിൽനിന്നു പിരിഞ്ഞതു്. ആ മഹാശയൻ തിരുവിതാംകൂറിന്റെ വിശ്വാസയോഗ്യമായ ഒരു നല്ല ചരിത്രം എഴുതിവച്ചിരുന്നു. ഭാഗ്യദോഷത്താൽ അച്ചടിച്ചിട്ടില്ല. അതിന്റെ ഒരു ഭാഗം ഇപ്പോൾ ശ്രീചിത്തിരതിരുനാൾ വായനശാലയിൽ ഉണ്ടെന്നറിയാം.

പിതാവുതന്നെയാണു് സന്താനങ്ങളെ വിദ്യ അഭ്യസിപ്പിച്ചതു്. കുമാരപ്പിള്ള ചെറുപ്പത്തിൽതന്നെ സർക്കാർഉദ്യോഗത്തിൽ പ്രവേശിച്ചു. ആദ്യം രായസംപിള്ളയായിരുന്നു. അനന്തരം സർക്കാർ വക്കീലായി നിയമിക്കപ്പെട്ടു. അതിനുശേഷം കുറേക്കാലം പോലീസാമീനായിരുന്നിട്ടു് തഹശീൽദാർ ഉദ്യോഗത്തിൽ പ്രവേശിച്ചു. 1057-ൽ പെൻഷൻ പറ്റിയിട്ടു് അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിൽ സദാ വ്യാപൃതനായി ജീവിച്ചു. കേരളചരിത്രം ഗദ്യം അദ്ദേഹത്തിന്റെ കൃതിയാണു്. അതു കൂടാതെ ഭഗവദ്ഗീത, കൈവല്യനവനീതം, ഭർത്തൃഹരി ഈ ഗ്രന്ഥങ്ങളും ഗദ്യമാക്കീട്ടുണ്ടു്.

പദ്യകൃതികളെല്ലാം ഭക്തിവിഷയകങ്ങളാണു്. അവയിൽ പ്രധാനം വേദാന്തം, തുള്ളൽപ്പാട്ടു്, കൈവല്യഭാഷാഗാനം, ഹരിനാമകീർത്തനം, ശിവരാമകീർത്തനം ഇവയാകുന്നു. 1076-ാമാണ്ടിടയ്ക്കു് അദ്ദേഹം ദിവംഗതനായി.

മാക്കോത്തു കൃഷ്ണമേനോൻ

ഭാഷാകവികുലഗുരുവായ എഴുത്തച്ഛന്റെ കാവ്യസരണിയിൽ ബഹുദൂരം സഞ്ചരിച്ചു പ്രസിദ്ധി സമ്പാദിച്ച അപൂർവ്വം ചില കവികളുള്ളതിൽ ഒരാളാണു് മാക്കോത്തു കൃഷ്ണമേനോൻ. അദ്ദേഹം ചിറ്റൂർദേശത്തു മാക്കോത്തു ഗൃഹത്തിൽ 1024-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. ലക്ഷ്മിഅമ്മ എന്നായിരുന്നു മാതാവിന്റെ പേർ. പിതാവായ കുറിച്ചിയത്തു ഗോവിന്ദമേനോൻ പരമഭക്തനും വിദ്വാനുമായിരുന്നു. ലളിതോപാഖ്യാനം കിളിപ്പാട്ടിൽ കവി തന്റെ മാതാപിതാക്കന്മാരെ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു എന്നു നോക്കുക.

“മുറ്റീടും ഗർഭഭാരപീഡയും പത്തുമാസം
ചെറ്റുമേ സഹിച്ചുകൂടാത്തതാമീറ്റനോവും
മുറ്റുമീവക സഹിച്ചെത്രയുമാർത്തിയോടും
പെറ്റെന്നെ പ്രതിദിനമിച്ഛയ്ക്കൊത്തതുപോലെ
കൊറ്റുകൾ തീറ്റിപ്പോറ്റി വളർത്തി വേണ്ടുംവിധ-
മുറ്റവാത്സല്യമോടു വിദ്യയും പഠിപ്പിച്ചു
പിരിഞ്ഞെന്നെയും ഹരിപദത്തെ പ്രാപിച്ചെരു
വരലക്ഷ്മിയാം ലക്ഷ്മീനാമ്നിയാം ജനനിയും
സ്വച്ഛചിത്തനായ് നിത്യമച്യുതസങ്കീർത്തന-
മുച്ചരിച്ചനാരതം തൽപാദഭക്തിയോടും
വർത്തിച്ചു വൈകുണ്ഠത്തെ പ്രാപിച്ചമനീഷികൾ-
ക്കുത്തംസമായ ഗോവിന്ദാഖ്യനാം മൽപിതാവും
… … …
… … …
മാലണയാതെ സദാ പാലിച്ചീടുകവേണം.”

പിതാവുതന്നെയായിരുന്നു പ്രഥമഗുരു. പിന്നീടു് കാവ്യനാടകാലങ്കാരങ്ങൾവരെ രാമശാസ്ത്രിയുടെ അടുക്കലും ജ്യോതിഷം പാലക്കാട്ടു വിദ്വാൻ കോമ്പിയച്ചന്റെ അടുക്കലും അഭ്യസിച്ചു. 1056-ൽ അദ്ദേഹം കൊച്ചി വക്കീൽപരീക്ഷയ്ക്കു ജയിച്ചു് തൃശ്ശിവപേരൂർ ജില്ലാകോടതിയിൽ പ്രാക്ടീസു തുടങ്ങി. എന്നാൽ ആ ജോലികൾക്കൊക്കെ ഇടയിലും സാഹിത്യപരമായ പ്രയത്നങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. സാവിത്രി ചരിതം, ധ്രുവചരിതം എന്നിങ്ങനെ രണ്ടു ആട്ടക്കഥകൾ, സീതാവിവാഹം തുള്ളൽ, ലളിതോപാഖ്യാനം മുതലായ കിളിപ്പാട്ടുകൾ, ചണ്ഡകൗശികം, പ്രസന്നരാഘവം ഇത്യാദി നാടകങ്ങൾ ഇങ്ങനെ പലേ കൃതികൾ രചിച്ചു് അദ്ദേഹം ഭാഷയെ പരിപോഷിപ്പിച്ചിട്ടുണ്ടു്.

ലളിതോപാഖ്യാനം കിളിപ്പാട്ടു് കൊടുങ്ങല്ലൂർ പെരിയ കൊച്ചുണ്ണിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ,

“ഭക്തന്മാർക്കിതുദേവീവൃത്തമാകയാൽ, കാവ്യ
സക്തന്മാർക്കതിരമ്യം ശബ്ദാർത്ഥം പെടുകയാൽ
ശക്തിയാൽ ഗീതാകാമമുള്ളോർക്കു മഞ്ജുസ്വരം
വ്യക്തഗാനമാകയാലെത്രയും നന്നീ ഗ്രന്ഥം.”

മാതൃകയ്ക്കായി ദേവിയുടെ പാദാദികേശവർണ്ണനയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.

“കാലത്തുദിച്ചുയർന്നീടുന്ന സൂര്യന്റെ
കോലംകണക്കെ തുടുത്തോരു വർണ്ണവും
വേലയെക്കൈവിട്ടു മേലായ്വരുന്നോരു
ലീലാനുകൂലമാം യൗവനദർപ്പവും
ചൊല്ലുള്ള പത്മരാഗത്തിൻപ്രഭകളെ
വെല്ലുന്ന കാൽത്താർ നഖച്ഛടാശോഭയും
ചൊവ്വോടിഹപരസൗഖ്യങ്ങളേകുന്ന
ചേവടി രണ്ടുമവാങ്മനോഗോചരം
ചെമ്പഞ്ഞിനീരണിഞ്ഞീടാതെ സർവദം
ചെമ്പരുത്തിപ്രസൂനാഭമാം പാദവും
മഞ്ജുളാരാവമാം കാൽച്ചിലമ്പിൽത്തൂങ്ങി
മഞ്ജുരണത്തായ കിങ്ങിണിഭൂഷയും
തണ്ടാർശരൻതന്റെ തൂണിരദർപ്പത്തെ
രണ്ടായ്പിളർക്കുന്ന ജംഘതൻശോഭയും
… … …
… … …ഇത്യാദി
… … …
ശൃംഗാരസർവസ്വമായുള്ള വേഷവും
തിങ്ങിവിളങ്ങുന്ന ലാവണ്യപൂരവും
പന്തണിക്കൊങ്കയുമാഭരണങ്ങളും
ചന്തമായാടുന്ന മട്ടിലടിക്കുന്ന
പന്തിന്റെ ഭംഗിയുമീവകയൊക്കെയും
അന്തകവൈരി മഹേശ്വരൻ കണ്ടുടൻ
ചെന്താർശരാർത്തി പിടിപെട്ടകമെരി-
ഞ്ഞന്തികേ വാഴുന്ന പാർവതിതന്നെയും
പിന്തിരിഞ്ഞേതുമേ നോക്കാതെതന്നെയ-
ച്ചെന്താമരാക്ഷിതന്നന്തികേ ചെന്നുടൻ
ചെന്താർശരാരി വളരെപ്പണിപ്പെട്ടു
പൂന്തേൻമൊഴിയെപ്പിടിച്ചു പുല്കീടിനാൻ.”

ജയദേവകൃതിയുടെ തർജ്ജമയും,

“ഒഴുക്കിന്നില്ലൊട്ടും കുറവഴകെഴും തർജ്ജിമയിതിൽ
പഴക്കം രീതിക്കുണ്ടുടനെയറിയാം ഭാവമഖിലം
വഴക്കില്ലാതർത്ഥം മുഴുവനുമഹോമൂലസദൃശം
കുഴക്കിങ്ങില്ലേതും തിരുകൃതിയാണീ ശുഭകൃതി”

എന്നിങ്ങനെ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പ്രശംസയ്ക്കു പാത്രീഭൂതവുമായ പ്രസന്നരാഘവം നാടകത്തിന്റെ നാന്ദീശ്ലോകത്തെ ഉദ്ധരിക്കുന്നു.

“മട്ടേറും മേഘനാഭപ്പെരുമപരിഹരിച്ചേകി മത്തേഭരാജി-
ക്കൊട്ടേറെ കുംഭകർണ്ണവ്യഥദശമുഖദിക്ചക്രമൊട്ടുക്കുമുട്ടി
മട്ടോലും മട്ടിലേന്തും മുരരിപൂമുഖവായുക്കളാൽ ഭംഗിചേരും
പുഷ്ടശ്രീ പാഞ്ചജന്യദ്ധ്വനിസുഖമരുളീടട്ടെ കല്പംവരേയ്ക്കും.”

ചെങ്ങാരപ്പള്ളിൽ ദാമോദരശർമ്മ

കാർത്തികപ്പള്ളിത്താലൂക്കിൽ ചെങ്ങരപ്പള്ളി ഇല്ലത്തു് 1018-ൽ ജാതനായി. ബാല്യത്തിൽ കാവ്യ നാടകാലങ്കാരങ്ങളും മന്ത്രതന്ത്രാദികളും നല്ലപോലെ അഭ്യസിച്ചു. ചതുരംഗത്തിൽ അദ്വിതീയനായിരുന്നു. ഭദ്രാംഗീപരിണയം നാടകവും, ഗജേന്ദ്രമോക്ഷം, സ്വാഹാസുധാകരം എന്നീ ഗാനങ്ങളും. കുമാരസ്വരൂപാദികീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. 1083-ൽ മരിച്ചു.

പേട്ടയിൽ രാമൻപിള്ള ആശാൻ

1026-ാമാണ്ടു് തിരുവനന്തപുരത്തു് പേട്ട എന്ന സ്ഥലത്തു ജനിച്ചു. 90-ൽപരം വർഷം ജീവിച്ചിരുന്നു. വിപുലമായ ശിഷ്യസമ്പത്തും നല്ല കവിയശസ്സും സമ്പാദിച്ചു. മരിക്കുംവരെ അരോഗദൃഢഗാത്രനായിരുന്നു. അദ്ദേഹത്തിനു മരണകാലം ആസന്നമായിരുന്ന ഘട്ടത്തിൽ ഞാൻ സന്ദർശിക്കയുണ്ടായി. അന്നും ശിശുസഹജമായ ഉത്സാഹത്തോടുകൂടിയാണു് കാണപ്പെട്ടതു്. സോപാനരീതിയിൽ പാടുന്നതിനു് അദ്ദേഹത്തിനു നല്ല വശമായിരുന്നു. 1099-ാമാണ്ടിടയ്ക്കു് എന്തോ കാരണവശാൽ അദ്ദേഹം എനിക്കാളയച്ചു. അന്നു സംഭാഷണം അവസാനിച്ചശേഷം നളചരിതം ആട്ടക്കഥയിലെ ഏതാനും ഗാനങ്ങൾ എന്നെ പാടിക്കേൾപ്പിച്ചു. ശ്ലേഷ്മത്തിന്റെ ആധിക്യത്താൽ കണ്ഠത്തിനു സ്നിഗ്ദ്ധത കുറവായിരുന്നെങ്കിലും പാട്ടുകൾ മധുരമായിട്ടാണു് എനിക്കു തോന്നിയതു്. അദ്ദേഹം അനേകം ഭാഷാകൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ പ്രധാനമായിട്ടുള്ളവ ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ കഥകളും ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ രജതജുബിലിഘോഷം വഞ്ചിപ്പാട്ടുമാകുന്നു.

ഹരിശ്ചന്ദ്രചരിതത്തിലേയും വഞ്ചിപ്പാട്ടിലേയും ഏതാനും വരികൾ ഉദ്ധരിക്കാം.

ഹരിശ്ചന്ദ്രചരിതം
ശങ്കരാഭരണം അടന്ത
പ. ചൊല്ലെടോ കോസലാധിപ ചൊല്ലെടോ
അ. പ. ചൊല്ലിനാലെന്നെ മറിപ്പാനല്ലയോ നീ തുടങ്ങുന്നു.
ച. സാരജ്ഞനെന്നോർത്തു നിന്റെ മുമ്പിൽ
നേരെവന്നീടിനോരെന്നെ
ചാരുഗായകിമാരാം പുത്രിമാരെ
പാരം താഡിച്ചോടിച്ച കാരണമൊക്കയും ചൊല്ലെടീ.

“ഭാഷാകവിതയുടെ രീതിക്കു വേണ്ടുന്ന സന്ദർഭശുദ്ധിയും ഗുണപൂർത്തിയും അതിൽ നല്ലപോലെ സ്ഫുരത്തായിരിക്കുന്നതു കൂടാതെ ആ പുസ്തകത്തിനു് ശ്രീമധുരപേട്ടികം എന്ന നാമധേയം യോജിപ്പിക്കാമെന്നു് ഞാൻ അഭിപ്രായപ്പെട്ടുകൊള്ളുന്നു” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിരിക്കുന്നു.

വഞ്ചിപ്പാട്ടിലെ ആദ്യശ്ലോകം
വെള്ളിത്താരമുദിച്ചകമ്പടിവരുന്നേരം സരോജങ്ങൾപേ-
ത്തുള്ളിൽ സൂര്യസമാഗമേ കൊതിപെറും ചഞ്ചൽപ്രജാസഞ്ചയം
വെള്ളിജ്ജൂബിലിതന്നകമ്പടിപുറപ്പാടിങ്ങുകണ്ടാശയേ
പള്ളിക്കാഞ്ചനമധ്യജൂബിലിയെഴുന്നള്ളാൻ കൊതിക്കുന്നിതാ.
പാട്ടു്:ചിങ്ങം മൂന്നിലുദയത്തിലിങ്ങമരുന്നോരെല്ലാരും
ഭംഗിയായിക്കുളിച്ചു ഭസ്മലേപനം ചെയ്തു്
ശൃംഗാരചിന്തനങ്ങളെങ്ങാനും ത്യജിച്ചചേതോ-
രംഗാന്തരംഗങ്ങളുടെ ശുദ്ധിവരുത്തി
മംഗലാംബരധാരണംചെയ്തു നാം ശ്രീകണ്ഠേശ്വര-
ത്തങ്ങമരും ഗംഗാധരനാമുമേശനെ
പൃത്ഥ്വീപാലായുരാരോഗ്യവർദ്ധനയ്ക്കായർത്ഥിച്ചിടാൻ
ഭക്തിയോടങ്ങൊരു ഘോഷയാത്ര ചെയ്യണം.’

കാരായ് കൃഷ്ണക്കുരുക്കൾ

മലബാർജില്ലയുടെ ഉത്തരഭാഗത്തു് ചിറയ്ക്കൽ താലൂക്കിൽപെട്ട കണ്ണൂർദേശത്തു് 1030-ാമാണ്ടിടയ്ക്കു് ജനിച്ചു. കുശാഗ്രധീയും ദൃഢവ്യുല്പന്നനുമായിരുന്നെങ്കിലും ജന്മനാ രോഗിയായിരുന്നതിനാൽ മുപ്പതു കൊല്ലമേ ജീവിച്ചിരുന്നുള്ളു. രുഗ്മിണീപരിണയം, രാമായണം എന്നീ മണിപ്രവാളങ്ങളും ലക്ഷണാസ്വയംവരം തുള്ളലും അദ്ദേഹം രചിച്ചിട്ടുണ്ടു്. ലക്ഷണാസ്വയംവരത്തിലെ ഏതാനും വരികളെ ഉദ്ധരിക്കുന്നു.

‘ചിന്തുകൾ പാടിക്കൊണ്ടു കുമാരീ
ചന്തംചിന്തിന സരോരുഹനയനം
പന്തടി കൂട്ടിടുന്നതുകണ്ടാ-
ലെന്തൊരു കൗതുകം ഉളവാകുന്നു!
കുഞ്ജരഗാമിനിയാളാമവളുടെ
കുന്തളബന്ധമഴിഞ്ഞിടുന്നു.
പൂമാലകളും തുടുതുടെയപ്പോൾ
ഭൂമിയിൽ വീണു കൊഴിഞ്ഞിടുന്നു.
നിശ്വാസം നെടുതായിവരുന്നു
നിശ്ചലമായീടുന്നിതു നയനം!’

മടവൂർ കേശവനാശാൻ

1030-ാമാണ്ടു് കിളിമാനൂരിനടുത്തു് മടവൂർദേശത്തു ജനിച്ചു. ജ്യോതിഷം, വൈദ്യം, മന്ത്രം എന്നീ ശാസ്ത്രങ്ങളിൽ അത്ഭുതകരമായ സിദ്ധിയുണ്ടായിരുന്നു. ഈ പണ്ഡിതൻ അനേകം ഒറ്റശ്ലോകങ്ങളും വർക്കലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചിട്ടുള്ളതായറിയാം.

ചെന്നിത്തല വാസുദേവഭട്ടതിരി

1032-ാമാണ്ടു് ചെങ്ങന്നൂർ ചെന്നിത്തല പെരുമ്പാറ മഠത്തിൽ ജനിച്ചു. നല്ല വ്യുല്പന്നനായിരുന്നതിനു പുറമെ മന്ത്രപ്രയോഗത്തിലും വിഷചികിത്സയിലും നിപുണനുമായിരുന്നു. സന്താനഗോപാലം, ത്രയോദശിമാഹാത്മ്യം മുതലായ തിരുവാതിരപ്പാട്ടുകളും വൈശാഖപുരാണം തുള്ളലും, ഉത്തൃട്ടാതിചരിതം വഞ്ചിപ്പാട്ടും രചിച്ചിട്ടുണ്ടു്.

അമ്പലപ്പുഴ കേരളവർമ്മൻ തിരുമുല്പാടു്

നല്ല വിദ്വാനും വാസനാസമ്പന്നനായ കവിയുമായിരുന്നു. ഞാൻ നാലാംഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്. അന്നു് ഞാൻ സംസ്കൃതം പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം എനിക്കു പലേ ഉപദേശങ്ങളും നൽകീട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘കാളീയമർദ്ദനം’ കഥകളി അക്കാലത്തു നല്ല പ്രചാരത്തിലിരുന്നു. മദ്ധ്യവയസ്സിലെത്തിയതിനോടുകൂടി ഉന്മാദം പിടിപെട്ടു. ആ അവസ്ഥയിലും ചില ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്.

ആറ്റുപുറത്തു് കൃഷ്ണൻനമ്പൂരി

അമ്പലപ്പുഴ ക്ഷേത്രത്തിനു പടിഞ്ഞാറുവശം കോമനമുറിയിൽ ആറ്റുപുറം എന്നൊരു ഇല്ലം ഉണ്ടു്. ആ ഗൃഹം ഇപ്പോൾ ഒരു നായരുടെ കൈവശത്തിലിരിക്കുന്നു. 1091-ാ മാണ്ടിടയ്ക്കുവരെ അവിടെ താമസിച്ചിരുന്നതു് ‘ആറ്റുപുറത്തു വൈദ്യൻ’ എന്നു പ്രസിദ്ധനായ കൃഷ്ണൻ നമ്പൂരിയായിരുന്നു. അദ്ദേഹം പുരാണപാരായണത്തിലും കാവ്യരചനയിലും വൈദ്യശിക്ഷണത്തിലും ചികിത്സയിലും ജീവിതം നയിച്ചുവരവേ കുഷ്ഠരോഗബാധിതനായി. ഭാര്യാഗൃഹത്തിൽനിന്നു പകർന്ന ഈ രോഗം അന്ത്യദശയിൽ അദ്ദേഹത്തിനെ അത്യന്തം ക്ലേശിപ്പിച്ചു.

മഹാപണ്ഡിതനായിരുന്ന ഈ വൈദ്യൻനമ്പൂരിയുടെ ചികിത്സാനൈപുണ്യം അസാധാരണമായിരുന്നു. 1086-ാമാണ്ടിടയ്ക്കാണെന്നു തോന്നുന്നു–അദ്ദേഹം ശാകുന്തളത്തെ നാലു ദിവസത്തെ കഥകളായി രചിച്ചു. കവി തന്നെ എന്നെ അതു മുഴുവനും ചൊല്ലിക്കേൾപ്പിക്കയുണ്ടായിട്ടുണ്ടു്. ശ്ലോകങ്ങളും പദങ്ങളും അത്യന്തം ഹൃദ്യമായിരിക്കുന്നു. അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

ദാമോദരൻകർത്താവു്

മൂവാറ്റുപുഴ വടക്കുംചേരി അകത്തൂട്ടു ദാമോദരൻകർത്താവു് പ്രസിദ്ധ പണ്ഡിതനായിരുന്നു. ശ്രീനിവാസയ്യരുടെ ശിഷ്യനായിരുന്നു. വിശാഖംതിരുനാൾ തമ്പുരാന്റെ ആശ്രിതനായി തിരുവനന്തപുരത്തു വന്നു് വലിയ ശ്രീനാരായണൻതമ്പിയുടേയും പിന്നീടു് കൊച്ചു ശ്രീനാരായണൻതമ്പിയുടേയും ഗുരുവായി കുറേക്കാലം ഇരുന്നു. പിന്നീടു് ഗേൾസ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഏറിയ കാലം മുൻഷിയുദ്യോഗം വഹിച്ചിട്ടു് പെൻഷൻ പറ്റുകയും ജീവിതശേഷം രാമായണാദി പുരാണവായനയിലും അർത്ഥംപറച്ചിലുമായി കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം ഭഗവദ്ഗീത കിളിപ്പാട്ടു്, ഭർത്തൃഹരി തർജ്ജിമ, യോഗവാസിഷ്ഠം കിളിപ്പാട്ടു്, വരാഹാവതാരം ആട്ടക്കഥ, ഇന്ദുമതീസ്വയംവരം ആട്ടക്കഥ മുതലായ സൽകൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. പത്രാധിപർ ഏ. ബാലകൃഷ്ണപിള്ള ബി. ഏ. ബി. എൽ. അദ്ദേഹത്തിന്റെ പുത്രനാണു്. ഭഗവദ്ഗീത പദാനുപദതർജ്ജിമയല്ല. ചില ഭാഗങ്ങളിൽ ശാങ്കരഭാഷ്യത്തിലെ ആശയങ്ങൾ കൂടി ചേർത്തിരിക്കുന്നു. മാതൃക കാണിക്കാനായി ഒരു ഭാഗം ഉദാഹരിക്കാം.

“എണ്ണമില്ലാതെയുള്ള ഘടാദിവികാരങ്ങൾ
മണ്ണിനെയൊഴിച്ചു മറ്റൊന്നിനില്ലെന്നപോലെ
പരമാത്മാവിനെയൊന്നൊഴിച്ചിട്ടന്യങ്ങളാം
സുഖദുഃഖാദി വികാരങ്ങളുമില്ലേതുമേ.
അസത്താംഗംഭീരാദിവികാരസംഘാതത്തി-
നൊരിക്കൽപോലുമില്ല നിത്യത്വമത്രയല്ല
ധരിക്ക സത്തായുള്ളോരാത്മാവിന്നൊരുനാളു-
മനിത്യത്വവും ഭവിക്കുന്നില്ലെന്നറിക നീ.”
“ഇല്ലാത്തതൊരുനാളുമിരിക്കയില്ലപുന-
രുള്ളതുനശിക്കയുമില്ലൊരിക്കലും നൂനം
തത്വദർശികളായ വിദ്വാന്മാരിവയുടെ
തത്വമാം നിർണ്ണയത്തെ ബുദ്ധിയാലറിയുന്നു.”

ഈ ഗ്രന്ഥം 1070 കുംഭത്തിൽ രചിക്കപ്പെട്ടു. യോഗവാസിഷ്ഠം 46അദ്ധ്യായങ്ങളുള്ള ഒരു ബൃഹൽഗ്രന്ഥമാണു്. ഇതു് 1079-ൽ പ്രസിദ്ധപ്പെടുത്തി.

‘ചിന്തിച്ചാലാർദ്രങ്ങളാംമന്ത്രിതന്ത്രികൾകൊണ്ടു
ബന്ധിച്ചു ഗഹനമായെപ്പോഴും വികാരിയായ്
സന്താപസംയുക്തമാമിശ്ശരീരത്തെക്കൊണ്ടു
സംസാരദുഃഖംമാത്രമല്ലാതെന്തുപയോഗം
അല്പംകൊണ്ടിശ്ശരീരമാനന്ദം പ്രാപിക്കുന്ന-
തല്പം കൊണ്ടതുപോലെ ദുഃഖവും പ്രാപിക്കുന്നു
നശ്വരമായിഗ്ഗുണമില്ലാതെ നീചമായോ-
രിശ്ശരീരംപോൽ ശോചനീയമായ് മറ്റൊന്നില്ല.’

വരാഹാവതാരം:
കാമോദരി—ചെമ്പട
‘കൂജൽകോകിലകാകളീരവമിളദ്ഗാനാദിരമ്യാകൃതീ
ഭ്രാജൻമല്ലികകുഡ്മളാവലിലസദൂന്താളിസംരാജിനീഃ
വീജദ്വായുചലൽപയോജമുകുളാ ധൂതസ്തനോല്ലാസിനീ
വീക്ഷ്യാരാമരമാസ്വരാട് സ്വതരുണീ വാണീമഭാണിമിമാം
അതിമൃദുമോഹനഗാനവിശേഷം
രതിപതി കേളിതുടർന്നു സതോഷം
പരഭൃതമാനിനിമാർ സഹകാരേ
പതികളൊടു വിലസുന്നിഹചാരേ.
മഞ്ജുളവിഗളിത കുസുമാസ്തീർണ്ണം
രഞ്ജിതമുകുളസംഹാരവികീർണ്ണം
കുഞ്ജനികേതനകാലമളിനാഭൈഃ
കുഞ്ജശരോത്സവമതിനാഹ്വയതി.
അഞ്ചിതമലയമരുദ്ഗജപോതഃ
സഞ്ചിതവിശിഖഗണസ്സമുപേതഃ
സംഭൃതസുഖമധിരുഹ്യസമാരൻ
സമ്പ്രതിപഥികവധൂജനമാരൻ’

അദ്ദേഹം വളരെക്കാലം തിരുവനന്തപുരം കൊട്ടാരത്തിൽ അധ്യാപകനായിരുന്നു.

രണ്ടു ശങ്കരകവികൾ

ആദി ശങ്കരാചാര്യരുടെ കാലശേഷം കേരളത്തിന്റെ പ്രശസ്തി കാശ്മീരപര്യന്തം പ്രചരിപ്പിക്കുന്നതിനു ഭാഗ്യം സിദ്ധിച്ചതു് ‘ശങ്കരനാഥ്’ എന്ന രഞ്ജിത്സിംഹന്റെ സദസ്സിൽ പ്രഖ്യാതനായിത്തീർന്ന ശങ്കരനാഥജ്യോത്സ്യർക്കു മാത്രമായിരുന്നു. ഉത്തരമലയാളത്തിൽ ചിറയ്ക്കൽ താലൂക്കിലുള്ള കരിവെള്ളൂരംശത്തിൽ വങ്ങോട്ടുമഠത്തിൽ ‘ശുചിധീ’ എന്ന 985-ാമാണ്ടു് മിഥുനമാസം 32-ാനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. മാതാവു് പാർവതിപ്പിള്ളയാർ നിതയമ്മയും പിതാവു് പട്ടോടംഇല്ലത്തു് അഗ്നിശർമ്മാവും ആയിരുന്നു. ദൈവപ്രീതികരമായ പല കർമ്മങ്ങളുടേയും തപസ്സിന്റെയും ഫലമായി മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ലഭിച്ച സന്താനമായിരുന്നതിനാൽ മാതാവു് വാത്സല്യപൂർവം ശിശുവിനെ വളർത്തി. ഈ സന്തതിയേയാണു് പുത്രനായ ആറ്റുകാൽ ശങ്കരപ്പിള്ള,

‘ജനകൻ ജന്മസ്ഥാനം കോലാക്ഷ്മാസമസ്ഥാനം
ജനനമാസം യുഗ്മം [2] (1)(മിഥുനം) ശുചിധീകാലം(2) ഫാലം (3)
ജനനീപിതാമഹി പെറ്റൊളെൻപിതാവിനെ
ഗുണശാലിനി കൊല്ലം മുപ്പതു ചെന്നകാലം.’

പിതാവു് നല്ല വേദഭക്തനും കർമ്മഠനുമായിരുന്നു. അദ്ദേഹംതന്നെയായിരിക്കണം ശങ്കരനാഥന്റെ ഗുരുവും. കാവ്യനാടകാദികളിലും ജ്യോതിഷത്തിലും വേദാന്തത്തിലും പാണ്ഡിത്യം സമ്പാദിച്ചശേഷം ശങ്കരനാഥൻ ‘ശിവോഹമെന്നെണ്ണി’ കാശിക്കു പുറപ്പെടുകയും യാത്രാമദ്ധ്യേ വരാഹാചാര്യൻ എന്ന വിശിഷ്ടപുരുഷന്റെ അന്തേവാസിത്വം കൈക്കൊണ്ടു് സമസ്താത്മജ്ഞാനവും സമ്പാദിച്ചശേഷം കുടകു്, മൈസൂർ മുതലായ ദേശങ്ങളിൽക്കൂടെ കാഞ്ചീപുരത്തു ചെന്നു് അവിടെ ‘കാഞ്ചികാമാക്ഷിദേവി പാദപങ്കജദ്വയം നെഞ്ചകം തന്നിൽ ചേർത്തു’ കൊണ്ടു് ഒരു മണ്ഡലം ഭജനമായിരുന്നു. അക്കാലത്തു്,

‘തഞ്ചത്തിലൊരുദിനം ക്ഷീരവാ [3] ഹിനീതീരത്തി-
ലഞ്ചിതഗുണശാലി സ്നാനാർത്ഥം ഗമിച്ചഹോ
ആഗ്രഹപൂർവമവഗാഹനംചെയ്തു ദേവീ-
വിഗ്രഹമൊന്നുകണ്ടു സാനന്ദംകൈയിലാണ്ടു.
നിഗ്രഹാനുഗ്രഹത്തിന്നുറപ്പുവരുത്തിത്തൻ-
വ്യഗ്രതയെല്ലാം പോയി വിശിഷ്ടനായിത്തീർന്നു
ജ്യോതിഷശാസ്ത്രംകൊണ്ടും പക്ഷിശാസ്ത്രത്തെക്കൊണ്ടു-
മോതിന വാക്യമെല്ലാം വേദവാക്കായിത്തീർന്നു.’

ഇങ്ങനെ അദ്ദേഹത്തിന്റെ പ്രശസ്തി അതിശീഘ്രം നാടൊട്ടുക്കു പരക്കുകയും രാജാക്കന്മാർപോലും സസൈന്യം ചെന്നു വന്ദിച്ചു് “ബ്രൂഹി മൽഫലം സർവ”മെന്നപേക്ഷിക്കയും അവരെയെല്ലാം അദ്ദേഹം സംതൃപ്തരാക്കി വിടുകയും ചെയ്തുവത്രേ.

അവിടെനിന്നു ദിവ്യക്ഷേത്രങ്ങളോരോന്നായി ദർശിച്ചു ദർശിച്ചു് കാശിയിൽ എത്തി, ഗയാസ്നാനവും പിതൃകർമ്മങ്ങളും കഴിച്ചു്, സംതൃപ്തനായിരിക്കവേ ഹിമവൽപാർശ്വത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുരാജ്യത്തിന്റെ അധിപതിയായ ഷംഷേർചന്ദ് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ കേട്ടും കണ്ടും അറിഞ്ഞും തന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ രാജാവു് സന്താനശൂന്യനായിരുന്നു. എന്നാൽ ശങ്കരനാഥജ്യോത്സ്യർ ചാർത്തിക്കൊടുത്ത ഗർഭജാതകത്തിൽ പറഞ്ഞിരുന്ന പ്രകാരം അനുഷ്ഠിച്ചപ്പോൾ പത്നി ഗർഭം ധരിച്ചു് ക്രമേണ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. അങ്ങിനെ ഈ പണ്ഡിതവര്യൻ രാജപ്രീതിക്കും ബഹുമാനത്തിനും പാത്രമായി. എന്നാൽ അദ്ദേഹം തനിക്കു ലഭിച്ച ധനമെല്ലാം തൃണവൽഗണിച്ചു് അതുകൊണ്ടു ദാനധർമ്മാധികൾ നടത്തീട്ടു്,

‘മണികർണ്ണികാരത്തിൽ വസിച്ചു ചിരകാലം
സത്രവുംതീർത്താനതിവിപുലം മനോഹരം
വിപ്രഭോജനം തത്ര സുലഭമദ്യാപികേൾ.’

അക്കാലത്തു് പഞ്ചാബിലെ സിംഹം എന്നു ചരിത്രവിഖ്യാതനായ രഞ്ജിത്സിംഗ് ഇംഗ്ലീഷുകാരെ പഞ്ചാബിലെങ്ങും പ്രവേശിപ്പിക്കാതെ നാടു വാണുകൊണ്ടിരിക്കയായിരുന്നു. അവിടെ പ്രവേശിച്ച ഒരു ആംഗ്ലേയനെ ബന്ധനസ്ഥനാക്കി. ഈ വിവരം അറിഞ്ഞു് ഇംഗ്ലീഷുകാർ യുദ്ധത്തിനു് ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. ഷംഷേർചന്ദ് ഈ വിവരം രാജാവിനെ ധരിപ്പിക്കാനായി അങ്ങോട്ടു നിയോഗിച്ചതു് അന്നു് ഇരുപത്തിഒൻപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ശങ്കരനാഥനെ ആയിരുന്നു എന്നുള്ള സംഗതി മാത്രം ആലോചിച്ചാൽ ആ മണ്ഡലാധിപതിക്കു് അദ്ദേഹത്തിന്റെ പേരിൽ എത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്നൂഹിക്കാം. ജ്യോത്സ്യരുടെ ഉപദേശാനുസാരം, രഞ്ജിത്സിംഗ് മുൽക്രാപ്റ്റു് എന്ന ഐരോപ്യനെ ബന്ധനവിമുക്തനാക്കിയെന്നു മാത്രമല്ല സന്ദേശവാഹകനെ അദ്ധ്യാത്മഗുരുവും മന്ത്രിസഭാംഗവുമായി സ്വീകരിക്കയും ചെയ്തു. രാജാവു് അദ്ദേഹത്തിനു്,

‘എമ്പാടുമുപകാരം ചെയ്തതു മാത്രമല്ല
സമ്പത്തുമമോഘമായ് നൽകിനനാതുകാലം’

ഇങ്ങനെ രണസിംഹരാജധാനിയിൽ അദ്ദേഹം വസിക്കുന്ന കാലം സർദാർ മുഹമ്മദു് അക്ബർഖാനെന്ന പ്രാന്തീയ സേനാപതി പഞ്ചാബ് ആക്രമിച്ചു. അതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ,

‘ലക്ഷ്മീശൻ ശ്രീവത്സംപോൽ ലക്ഷണമായ്ഖഡ്ഗ-
ലക്ഷ്മാവു കപോലത്തിലന്ത്യകാലത്തോളം.’

അതുകൊണ്ടു കോപാക്രാന്തനായ രാജസിംഹം ഗർജ്ജിച്ചുകൊണ്ടു് യവനന്മാരോടു് ഏറ്റു് ആ മുഷ്കരനേയും കൂട്ടരേയും കൊന്നൊടുക്കീട്ടു് ജ്യോത്സ്യരെ മുറിവേല്പിച്ച ഖഡ്ഗം കൈവശപ്പെടുത്തുകയും അതിനെ തന്റെ മന്ത്രിസത്തമനുദാനം ചെയ്കയും ചെയ്തു. ആ വാളിനെ പിൽക്കാലത്തു് അദ്ദേഹം സ്വപുത്രനായി നൽകിയത്രെ.

ജ്യോത്സ്യർ ഒൻപതുകൊല്ലം ലാഹൂറിൽ പാർത്തു. അതിനിടയ്ക്കു് രണ്ടു പ്രാവശ്യം ചാന്ദ്രായണവ്രതം അനുഷ്ഠിക്കയും തദവസരത്തിൽ അൻപതിനായിരം ഉറുപ്പികയോളം സർവസ്വദാനം ചെയ്കയും ഉണ്ടായി. എന്നാൽ രാജാവു് അദ്ദേഹത്തിനു് രണ്ടു ഗ്രാമങ്ങൾ കരമൊഴിവായി കൊടുത്തിരുന്നതുകൊണ്ടു് ജീവിതം ഒരുവിധം സുഖമായി കഴിഞ്ഞുകൂടി.

ഇംഗ്ലീഷുകാരും രഞ്ജിത്സിംഗും തമ്മിൽ മൈത്രീബന്ധം സ്ഥാപിച്ചതിനു് ഏകകാരണഭൂതൻ ശങ്കരനാഥജ്യോത്സരായിരുന്നു. അതിനാൽ ലാർഡ് വില്യം ബന്റിക് അദ്ദേഹത്തിനു് ‘ഉത്തമപുരഷ് ജോഷി ശങ്കർനാഥു് ദി സ്പിരിച്യൽ അഡ്വൈസർ ആഫ് ഹിസ് ഹൈനസ് രഞ്ജിത് സിംഗ് ദി ലയൺ ആഫ് ലാഹൂർ’ എന്ന ബിരുദം നൽകി. ഇക്കാലത്തിനിടയ്ക്കു് സ്വമാതാവിനു് ഇരുപതിനായിരം ഉറുപ്പികയും കാഞ്ചിയിലെ ഭജനകാലത്തു് തനിക്കു നിവേദ്യച്ചോറു നൽകി സഹായിച്ച ദേവദാസിക്കു് അയ്യായിരം ഉറുപ്പികയും അയച്ചുകൊടുത്തു.

ഇങ്ങനെയിരിക്കേയാണു് ശ്രീമാനായ സ്വാതിതിരുനാൾ അദ്ദേഹത്തെ തന്റെ രാജകീയസദസ്സിലേയ്ക്കു ക്ഷണിച്ചതു്. ആ വിവരം അദ്ദേഹം രഞ്ജിത്സിംഗിനെ അറിയിച്ചപ്പോൾ, വൈമനസ്യത്തോടുകൂടിയെങ്കിലും ആ രാജശ്രേഷ്ഠൻ അനുവാദം നൽകിയെന്നു മാത്രമല്ല യാത്രയ്ക്കു വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. ജ്യോത്സ്യരാകട്ടെ തന്റെ വസ്തുക്കളെ 5200 രൂപാ പാട്ടത്തിനു് ഒരു വർത്തകനെ ഏല്പിക്കയും കൈവശമുണ്ടായിരുന്ന അയ്യായിരം ഉറുപ്പിക ലൂദിയാനാ ഭണ്ഡാരത്തിൽ നിക്ഷേപിക്കയും ചെയ്തിട്ടു് തിരുവനന്തപുരത്തേക്കു തിരിച്ചു. യാത്രയ്ക്കു വേണ്ട സുഖസൗകര്യങ്ങളെല്ലാം ബന്റിങ്പ്രഭുതന്നെ ചെയ്തുകൊടുത്തു. ആയിടയിൽ കൊണ്ടുവന്നതാണു് ദേവീഭാഗവതം മൂലം.

തിരുവനന്തപുരത്തെത്തിയ ഉടൻതന്നെ മഹാരാജാവിനെ സന്ദർശിച്ചു. പഞ്ചാബിൽനിന്നും കൊണ്ടുവന്നിരുന്ന,

‘മാന്തളിർപട്ടും മണിമാലയും മരതകം
പൂന്തിന നൽപേടകം സുന്ദരം വെൺചാമരം
നവരത്നവും നവകേസരം രജോജാതം
നവനീതമാം മൃഗനാഭിയും രുദ്രാക്ഷവും
നവധാന്യവും വിധുഖണ്ഡവുമിത്യാദിയും’

ദിവ്യവസ്തുക്കളെ കാഴ്ച വച്ചു. സമ്പ്രീതനായ മഹാരാജാവു് അദ്ദേഹത്തിനെ സദിർ കോടതിയിലെ പ്രധാന പ്രാഡ്വിപാകനായി നിയമിക്കയും ചെയ്തു.

ഇങ്ങനെ തിരുവനന്തപുരത്തേക്കു താമസം തുടങ്ങി അധികകാലം കഴിയുംമുമ്പേ നെല്ലമൺഅധികാരത്തിൽ ആറ്റുകാൽ പ്രദേശത്തു് ചെറുകരവീട്ടിലെ അംഗമായിരുന്ന ലക്ഷ്മിഅമ്മയെ വിവാഹം ചെയ്തു. ഈ കുടുംബക്കാർ ത്യാഗപൂർവമായ രാജസേവയിൽ തഴച്ചുവന്നവരായിരുന്നു. ഇന്നും ഉന്നതസ്ഥാനത്തെ അലങ്കരിക്കുന്ന പലരും ആ വംശത്തിൽപെട്ടവരായിട്ടുണ്ടു്.

ജ്യോത്സ്യരുടെ സേവനം അധികകാലത്തേയ്ക്കു് തിരുവിതാംകൂറിനു ലഭിച്ചില്ല. അസൂയാലുക്കളായ പ്രമാണികൾ ദുഷ്പ്രവാദം പരത്തിത്തുടങ്ങി. അതിനാൽ വിവരം രാജസന്നിധിയിൽ അറിയിച്ചിട്ടു് അദ്ദേഹം ഉദ്യോഗം രാജിവച്ചശേഷം കോലത്തുനാട്ടിലേയ്ക്കു പോയി. കുറേക്കാലം അവിടെ താമസിച്ചതിൽ പിന്നെ അദ്ദേഹം വീണ്ടും ലാഹൂറിൽ എത്തി, പൂർവ്വസ്ഥാനത്തു നിയമിക്കപ്പെട്ടു. ഇതു് 1010-ൽ ആയിരുന്നു. അവിടെയും അദ്ദേഹത്തിനു് അധികകാലം താമസിക്കാനിടയായില്ല. 1839 ജൂൺ 27-ാം തീയതി രഞ്ജിത്സിംഗ് മരിച്ചപ്പോൾ സിംഹാസനാരോഹണം ചെയ്ത രാജാവു് ബുദ്ധിശൂന്യനും ചപലനും ആയിരുന്നു. അതിനാൽ ഇനി അവിടത്തെ താമസം ശുഭമല്ലെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. പഞ്ചാബിന്റെ സ്വാഛന്ദ്യം ശരിയാകാറായി എന്നു് ജ്യോത്സ്യൻ ദീർഘദർശനം ചെയ്തു. അതുകൊണ്ടു് 1840-ൽ അദ്ദേഹം പഞ്ചാബു് വിട്ടു. അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ആ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ വന്നുകൂടിയ കഥ ചരിത്രപ്രസിദ്ധവുമാണല്ലോ.

സ്വാതിതിരുനാൾ ഇക്കുറി അദ്ദേഹത്തെ ഫൗസ്ദാരികമ്മിഷണരായിട്ടാണു നിശ്ചയിച്ചതു്. അതിനെത്തുടർന്നു് അദ്ദേഹം ശ്രീകണ്ഠേശ്വരംക്ഷേത്രത്തിനു സമീപം ഒരു ഭവനം നിർമ്മിച്ചു് അവിടെത്തന്നെ പാർപ്പും തുടങ്ങി.

പഞ്ചാബിൽ അദ്ദേഹത്തിനുണ്ടായിരുന്ന ജാഗീരുളാകട്ടെ ലൂദിയാനാഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന പണമാകട്ടെ കമ്പനിക്കാർ അദ്ദേഹത്തിനു തിരിച്ചുകൊടുത്തില്ല. മഹാരാജ്ഞിയുടെ സന്നിധിവരെ പരാതി പറഞ്ഞിട്ടും ബോഡ് ആഫ് ഡയറക്റ്റേഴ്സ് മുഖേന പരിഹാരം നേടിക്കൊള്ളാമെന്നായിരുന്നു പ്രധാനമന്ത്രിയായിരുന്ന പാൽമേർസ്തൺ പ്രഭുവിന്റെ മറുപടി. പക്ഷേ ഒരു പരിഹാരവും ഉണ്ടായില്ല.

സ്വാതിതിരുനാൾ തിരുമനസ്സിലെ നിർദ്ദേശമനുസരിച്ചു് ജ്യോത്സ്യർ ഈയിടയ്ക്കു ദേവീഭാഗവതം തർജ്ജമ ചെയ്യാനാരംഭിച്ചു. അതനുസരിച്ചു് അദ്ദേഹം അഷ്ടമസ്കന്ധംവരെ തർജ്ജമചെയ്തെങ്കിലും 1022-ൽ മഹാരാജാവു് നാടുനീങ്ങിയതുകൊണ്ടു് അതു തൃക്കൺപാർക്കാനിടയായില്ല.

ഉത്രംതിരുനാൾ മഹാരാജാവിന്റെയും പ്രീതിഭാജനമായിട്ടുതന്നെ അദ്ദേഹം കഴിഞ്ഞുകൂടി. അവിടുന്നു സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാല, വലംപിരിശംഖു്, ദന്തപ്പല്ലക്കു്, മേനാവു് മുതലായ പല പാരിതോഷികങ്ങൾ അദ്ദേഹത്തിനു കല്പിച്ചുകൊടുത്തു.

ഒരിക്കൽ ഒരു പ്രധാന ഉദ്യോഗസ്ഥൻ രാജസന്നിധിയിൽവച്ചു് വിനോദരസത്തിൽ ‘പ്രായമായില്ലേ? ഇനി മരിക്കരുതോ?’ എന്നു ചോദിച്ചതിനു്,

ജ്യോ:“അതു് നിങ്ങളെ അയച്ചിട്ടേയുള്ളുവെന്നു്” അദ്ദേഹം മറുപടി പറഞ്ഞുവെന്നും അതിൽ വാസ്തവമുണ്ടോ എന്നു് അടുത്ത ദിവസം ചോദിച്ചപ്പോൾ “പുണ്യകർമ്മങ്ങൾ വല്ലതും ചെയ്വാനുണ്ടെങ്കിൽ ഒരു വാരത്തിനുള്ളിൽ ചെയ്തുകൊള്ളു” എന്നുപദേശിച്ചുവെന്നും, അദ്ദേഹം പരലോകം പ്രാപിച്ചുവെന്നും, വിവരം ധരിച്ച മഹാരാജാവു് അത്ഭുതപ്പെട്ടുപോയെന്നും അറിയുന്നു.

1034 തുലാം 28-നു അറുപത്തിഒൻപതാമത്തെ വയസ്സിൽ ഈ മഹാനുഭാവൻ ശ്രീകണ്ഠേശ്വരത്തെ സ്വഗൃഹത്തിൽവച്ചു കാലധർമ്മം പ്രാപിച്ചു.

ആറ്റുകാൽ ശങ്കരപ്പിള്ള

1012 ഇടവം സ്വാതിനക്ഷത്രത്തിലാണു് ജനിച്ചതു്. അഞ്ചാംവയസ്സിൽ പഴവങ്ങാടി പള്ളിക്കൂടത്തിൽ ചേർന്നു പഠിത്തം തുടങ്ങി. കാലടി കൊച്ചുവീട്ടിൽ ഉടയാൻപിള്ളയായിരുന്നു ആദ്യത്തെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കീട്ടു് പാലക്കാട്ടു് അപ്പാശാസ്ത്രികളുടെ അടുക്കൽനിന്നു് കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. ഈ ശാസ്ത്രികളെ തിരുവനന്തപുരത്തു വരുത്തി താമസിപ്പിച്ചതു് ശങ്കരനാഥജ്യോത്സ്യനായിരുന്നു. ശാസ്ത്രികൾ സ്വദേശത്തേക്കു മടങ്ങിയതിനു ശേഷം ശങ്കരപ്പിള്ള ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അലങ്കാരം, വൃത്തശാസ്ത്രം, വ്യാകരണം, വേദാന്തം മുതലായവ നിഷ്കർഷിച്ചു പഠിച്ചു. അദ്ദേഹം ഗുരുവിന്റെ വാത്സല്യഭാജനമായിരുന്നു. “ശാസ്ത്രികളുടെ കാലശേഷം പേരെടുക്കാനാരുണ്ടു്?” എന്നു് ഒരിക്കൽ ഉത്രംതിരുനാൾ തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചതിനു് ‘അപ്പയ്യൻപോറ്റിയെന്നും ശങ്കരപ്പിള്ളയെന്നും രണ്ടു പുത്രന്മാരുണ്ടു്’ എന്നത്രേ ആ മഹാശയൻ മറുപടി പറഞ്ഞതു്.

ശങ്കരപ്പിള്ള ജ്യോതിഷത്തിലും സാമാന്യം നല്ല പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ആ വിഷയത്തിലും ഹിന്ദുസ്ഥാനിയിലും ഗുരുസ്ഥാനം വഹിച്ചതു് പിതാവുതന്നെയായിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം റസിഡണ്ടു് കല്ലൻധ്വര കുട്ടിയെ ഇംഗ്ലീഷുകൂടി പഠിപ്പിക്കണമെന്നു ശങ്കരനാഥ ജ്യോത്സ്യനോടു് ഉപദേശിച്ചു. തദനുസാരം ശങ്കരസുബ്ബയ്യർ അതിലേക്കു നിയോഗിക്കപ്പെട്ടു. അന്നു് അദ്ദേഹം ഫ്റീസ്ക്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിനെ അദ്ധ്യാപനചാതുരി കണ്ടു സംപ്രീതനായ ജ്യോത്സ്യർ ഒരു കസാല സമ്മാനിച്ചിട്ടു് ‘ഇതു് ശങ്കരസുബ്ബയ്യർക്കിരിക്കട്ടെ; ഇതു ദിവാൻ കസേലയാണു്’ എന്നു് പറഞ്ഞുവത്രേ. ആ പ്രവചനം പിൽക്കാലത്തു ഫലിച്ചുവെന്നു പറയേണ്ടതില്ലല്ലോ.

ഇംഗ്ലീഷുപഠിത്തം തീർന്ന ഉടനേതന്നെ ശങ്കരപ്പിള്ളയ്ക്കു് ഹജൂരിൽ ഒരു ഉദ്യോഗം കിട്ടി. പിന്നീടു് അധികകാലം ചെല്ലുംമുമ്പു് അദ്ദേഹം വിവാഹബന്ധത്തിൽ ഏർപ്പെട്ടു. അമ്പലപ്പുഴത്താലൂക്കിൽ കള്ളർകോട്ടു് എന്ന സ്ഥലത്തു് കരീപ്പുറത്തുകൃഷ്ണപ്പിള്ള എന്നൊരു ഭക്തനായ മാന്ത്രികനുണ്ടായിരുന്നു. അദ്ദേഹം പരവൂർ തെക്കുംഭാഗത്തു് തണ്ണീർപന്തൽ വീട്ടിൽ നാരായണിഅമ്മ എന്നൊരു സ്ത്രീരത്നത്തെ വിവാഹം ചെയ്തിട്ടു് തിരുവനന്തപുരത്തു് ശ്രീപത്മനാഭക്ഷേത്രം സംബന്ധിച്ച ഒരു ഉദ്യോഗത്തിൽ ഇരിക്കവേ 1018-ൽ ജനിച്ച പുത്രി ലക്ഷ്മിഅമ്മയായിരുന്നു ശങ്കരപ്പിള്ളയുടെ സഹധർമ്മിണീപദം പ്രാപിച്ചതു്.

1034-ൽ ശങ്കരപ്പിള്ളയ്ക്കു് ഭരണിതിരുനാൾ ലക്ഷ്മീഭായി ആറ്റിങ്ങൾ മൂത്തതമ്പുരാൻ തിരുമനസ്സിലെ പള്ളിക്കെട്ടു സംബന്ധിച്ചു രചിച്ച കല്യാണശതകത്തിനു് ഉത്രം തിരുനാൾ മഹാരാജാവിന്റെ തൃക്കയ്യിൽനിന്നു് ഒരു സുവർണ്ണകങ്കണം സമ്മാനം ലഭിച്ചു.

ഹജൂരിൽനിന്നു് അദ്ദേഹം സദിർക്കോടതിയിലെ ഭാഷാന്തരീകൃത്തായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിൽ പ്രകാശിപ്പിച്ച സാമർത്ഥ്യത്താൽ അദ്ദേഹം അചിരേണ തിരുവല്ലാ മുൻസിഫായി ഉയർത്തപ്പെടുകയും മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴു്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ ഉദ്യോഗം വഹിക്കയും ചെയ്തു. ഈ ഉദ്യോഗത്തിൽ ഇരിക്കുന്ന കാലത്തു് സദാശിവൻപിള്ള, വേദാദ്രീശമുതലിയാർ, അരുമനായകംപിള്ള മുതലായ പ്രസിദ്ധ ഹൈക്കോടതി ജഡ്ജിമാരുടെ അഭിനന്ദനത്തിനു് പാത്രീഭവിച്ചു.

ആയില്യംതിരുനാൾ മഹാരാജാവിനും അദ്ദേഹത്തിന്റെ പേരിൽ വലിയ പ്രീതിയായിരുന്നു. 1057 തുലാത്തിൽ അദ്ദേഹം പെൻഷൻ പറ്റി പുന്നപുരത്തു താമസമുറപ്പിച്ചു. വിശാഖംതിരുനാൾ അദ്ദേഹത്തിനെ പാഠപുസ്തകക്കമ്മിറ്റിയിലെ ഒരംഗമായി നിയമിച്ചുവെങ്കിലും, ദേവീഭാഗവതം പൂരിപ്പിക്കുന്നതിനുള്ള താല്പര്യാതിരേകത്താൽ അദ്ദേഹം ആ ജോലി രാജിവച്ചു.

തുറവൂർ നാരായണശാസ്ത്രികൾ, കരമന കേശവശാസ്ത്രികൾ, പുരുഷോത്തമശാസ്ത്രികൾ, മുൻഷി രാമക്കുറുപ്പു്, പേട്ടയിൽ രാമൻപിള്ള ആശാൻ, വെളുത്തേരി കേശവനാശാൻ, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ മുതലായ വിദ്വാന്മാർ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശുഭകാംക്ഷികളും ആയിരുന്നു.

ഫലിതം പറയുന്നതിൽ അതിചതുരനായിരുന്നതിനാൽ അദ്ദേത്തിന്റെ ഗൃഹത്തിൽ ഇവരൊക്കെ, പലരും കൂടാറുണ്ടായിരുന്നു. അദ്ദേഹം രോഗഗ്രസ്തനായിരുന്ന അവസരത്തിൽ, മുൻസിഫ് നാരായണൻതമ്പി, അന്വേഷിച്ചു് അദ്ദേഹത്തിന്റെ ഗൃഹത്തിൽ ചെന്നിട്ടു്, “ആശ്വാസമുണ്ടോ” എന്നു ചോദിച്ചു. അതിനു് “ആശ്വാസമുണ്ടു്; ആ ശ്വാസമായില്ല” എന്നായിരുന്നു് അദ്ദേഹത്തിന്റെ മറുപടി. അവിടെ കൂടിയിരുന്നവരെല്ലാം അതു കേട്ടു പൊട്ടിച്ചിരിച്ചുപോയി.

പിതാവിനെപ്പോലെ പുത്രനും പരോപകാരതൽപരനായിരുന്നു. പല കുട്ടികൾക്കു് അദ്ദേഹം വിദ്യഭ്യാസവിഷയമായ ധനസഹായം ചെയ്തിട്ടുണ്ടു്. പണത്തെ അദ്ദേഹം തൃണംപോലെയാണു ഗണിച്ചുവന്നതു്.

‘പണം തൃണമെന്നു സമചിത്തന്മാരും
തൃണം പണമെന്നങ്ങധമചിത്തനും’

വിചാരിക്കുന്നതായി അദ്ദേഹം വർണ്ണിച്ചിരിക്കുന്നു. ഇതു തന്റെ മനോഭാവത്തിനു് അനുകൂലമായിരിക്കുന്നു. ധനതൃഷ്ണകൊണ്ടുണ്ടാക്കുന്ന അനർത്ഥങ്ങളെ സരസമായി വർണ്ണിച്ചു് ‘പണപ്പർവം’ എന്നൊരു കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഗുരുക്കന്മാരെ ഈശ്വരനു തുല്യം അദ്ദേഹം പൂജിച്ചുവന്നു. ഗ്രന്ഥാരംഭത്തിൽ എല്ലാ ഗുരുക്കന്മാരെയും വന്ദിച്ചിരിക്കുന്ന രീതി നോക്കുക; പിതാവിനെപ്പറ്റി ഒന്നു രണ്ടു വരികളിൽ പറഞ്ഞൊതുക്കാതെ, ചരിത്രം മുഴുവനും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

‘ഉടയാനാദ്യാചാര്യനമലാന്തരാത്മാവോ-
ടുടയോനനേകാന്തേവാസികളോടുമെന്നിൽ
കുടികൊള്ളുമാ ശ്രീമാനാവതും തുണയ്ക്കുവാ-
നടിയേ മുടികൂപ്പിപ്പണിയുന്നേറ്റം ഭക്ത്യാ-’

എന്നു് ഉടയാൻപിള്ളയേയും,

‘ഇപ്പാരിൽ പ്രസിദ്ധികേട്ടെപ്പേരുമുൾബോധമാം
കല്പകത്തൈവിത്തുതൻശിഷ്യഹൃൽകേദാരത്തിൽ
ശില്പമായ് മുളപ്പിച്ചോരെൻഗുരുസ്വാമിയാണാ-
മപ്പാശ്രീശർമ്മാവുതൻതൃപ്പാദം പണിയുന്നേൻ.’

എന്നു് അപ്പാശാസ്ത്രികളേയും,

‘ബലത്തോരൈശന്തേജഃ പ്രസിദ്ധമെല്ലാടവും
മഹത്വമേറുന്നുതൽപ്രത്യക്ഷമായിങ്ങനെ
നരജ്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർബ്രഹ്മജ്യോതിസ്സൊന്നഹോ വിളങ്ങുന്നു
യാതൊന്നിൻഗുണശ്രേണിചൊല്ലുവാനാർക്കും പണി
യാതൊന്നിൻകീർത്തിവല്ലി നിർജ്ജിതാശേഷമല്ലീ
യാതൊന്നിൻവാണീഝരീ പീയൂഷപ്രഭാകരീ
യാതൊന്നിൻ തത്വബോധം ചാർക്കിലോ ഭൂര്യഗാധം
യാതൊന്നിൻധ്യാനരൂപം ചിൽക്കുലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്ദം
യാതൊന്നിൻകൃപാശീലം ചൊല്ലുവാനഹംനാലം
യാതൊന്നിൻ തിരുനാമം രാമശർമ്മാഭിരാമം
യാതൊന്നിൻ സുകിങ്കരൻ പാർക്കിലിന്നീ ശങ്കരൻ.’

എന്നിങ്ങനെ രാമസ്വാമിശർമ്മാശാസ്ത്രികളേയും ഉള്ളഴിഞ്ഞ ഭക്തിയോടാണു് അദ്ദേഹം സ്മരിച്ചുവന്നിരുന്നതു്.

1066 ധനു 24-ാംതീയതി ഏകാദശിനാൾ രാത്രി ഒരു മണിക്കു് ഈ കവികുലചക്രവർത്തിയുടെ ദേഹവിയോഗം സംഭവിച്ചു. ഏകാദശിക്കു മരണവും ദ്വാദശിക്കു സംസ്കാരവും പുണ്യവാന്മാർക്കേ ലഭിക്കയുള്ളു എന്നാണല്ലോ വൃദ്ധവചനം.

ശങ്കരകൃതികൾ എല്ലാം ശബ്ദാർത്ഥസുരഭിലങ്ങളാണു്.

“കച്ചത്തോർത്തിഹ മൂന്നുകുത്തിരുതുലാമിഞ്ചക്കുഴമ്പായതും
കാച്ചിക്കൊണ്ടുവരേണമെന്നവൾമതം കാച്ചക്രവും നാസ്കിമേ
ഏച്ചും പേച്ചുമറിഞ്ഞിടാത്തപരിഷയ്ക്കെന്തും കഴിക്കാമിവൻ
വീഴ്ചയ്ക്കേ ബത പാത്രമാവു പുനരെന്തെല്ലാം കൊടുത്തീടിലും”
ലക്ഷ്മീലക്ഷണമൊത്തൊരുത്തമധധൂരത്നപ്രഭാചാതുരീ
വിക്ഷേപങ്ങളിതല്ലയോ നിജതനൂജന്മാരിവർക്കൊക്കെയും
അക്ഷീണാമലകീർത്തിയും വരുമനന്തൈശ്വര്യസാമ്രാജ്യവും
പക്ഷംരണ്ടിതിനില്ല പക്ഷമധികംകൊണ്ടല്ല ചൊല്ലുന്നതു്.

എന്നിങ്ങനെയുള്ള ദ്രുതകവനങ്ങളിൽപോലും സുഭഗങ്ങളായ ശബ്ദങ്ങളുടേയും സുന്ദരമായ ആശയങ്ങളുടെയും ഹൃദ്യമായ സമ്മേളനം കാണുന്നു.

‘മുദ്രയ്ക്കുത്തമമായിടം മുരരിപോർദാസസ്യ പൊന്മാറിടം
ചിദ്രുപസ്മൃതിസംപുടം ചിരമിരന്നുണ്ടായൊരന്നക്കുടം
ഭദ്രങ്ങൾക്കൊരിരിപ്പിടം ഭഗവതഃപ്രത്യക്ഷലക്ഷ്മീതടം
ശത്രുക്കൾക്കൊരു വൻകുടം ലസതിതേ വഞ്ചീന്ദ്രഭാഗ്യോൽകരം.’

ഇപ്രകാരം അർത്ഥത്തിനു കോട്ടം വരുത്താതെയും വിടവടപ്പാൻ നിരർത്ഥകപദങ്ങൾ പ്രയോഗിക്കാതെയും ശബ്ദഭംഗി വരുത്തി കവിത രചിക്കുന്നതിനു് അദ്ദേഹത്തിനു് ഒരു പ്രയാസവുമുണ്ടായിരുന്നില്ല.

‘പള്ളിപ്പാലാഴിയിൽച്ചെന്നുരുതരകുതുകം ഹന്ത നീരാടിവന്നി-
ട്ടുല്ലാസം പിച്ചകുത്താരഴകൊടുതഴുകിച്ചന്ദ്രികാത്തോഴിയോടും
മെല്ലെന്നാകാശഗംഗാജലമതുമുടനേ പാനവും ചെയ്തുമോദാൽ
തുള്ളിത്തുള്ളിക്കളിക്കുന്നെവിടെയുമോരുകാലത്തിലുർവീന്ദ്രകീർത്തി.’

ശൈലികൊണ്ടു് ഈ പദ്യം വെണ്മണികൃതികളെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ, വാച്യവും വ്യംഗ്യവുമായ അർത്ഥചമൽകൃതിയിൽ അവയെ അതിശയിക്കുന്നുണ്ടെന്നു നിസ്സന്ദേഹം പറയാം.

‘തരണിസ്ത്വംഭവജലനിധിതരണേ
തപനീവല്ലഭശുഭപ്രഭസരണേ
കരുണാസ്യാന്മയി തവ പദശരണേ
തരണേ ലോചനസുഖമയി തരണേ
ഭജതാം സാദരകുശലവിതരണേ
സുസുഷുമ്നാപ്രിയഗിരിശിഖരമണേ
സരസാഭ്യന്തരഭജദനുസരണേ
തരണേലോചന സുഖമയി തരണേ
കുശലോഭ്ബോധിനി സുഹൃദനുഹരണേ
നിപുണോപാശ്രിതദയദരദരണേ
നമതാംകില്ബിഷസംഹുതഗരണേ
തരണേലോചനസുഖമയി തരണേ.’
(സൂര്യകീർത്തനം)
‘നവമണികൃതമാലാ നർത്തകീരത്നഹേലാ
മുദിതഭുവനപാലാ മാധവശ്രീ സലീലാ
കനകമണിസുചേലാ ശോഭിതാനേകബാലാ
ഭവസുഖതതിവേലാ ഭാതികല്യാണശീലാ.’
കല്യാണവർണ്ണന
‘മന്ദാരമാലാലസിതാളകാന്താം വൃന്ദാരകാമ്യർച്ചിതപാദുകാന്താം
കന്മാവഭാതാം ധവളാംശുകാന്താം വന്ദാമഹേ സാരസസൂനുകാന്താം.
ശ്രീമദ്വിശാഖരാജവിജയം

ഇത്യാദി പദ്യങ്ങൾ പ്രാസാനുപ്രാസങ്ങൾകൊണ്ടുമാത്രം ശോഭിക്കുന്നെങ്കിൽ,

‘തട്ടൊത്തത്ത്രാസാലുവീപതി തനിക്കെത്തുമെന്നുള്ളിലോർത്ത-
ക്കുട്ടിപ്പൊന്മാമലപ്പോർ തുടരുമളവിലാപ്പദ്മനാഭപ്രസാദാൽ
തട്ടിത്തട്ടോടുകട്ടിത്തറയിലതുവരുമ്മാറു മാറ്റേതുമോർക്കാ-
തൊട്ടേറെത്താൻനിമിത്താലിതിപറവതിനോ ഹന്തപൊൻകട്ടിമുട്ടി
എന്നിട്ടുംമതിയായതില്ല ഭഗവാനക്കാഞ്ചനക്കുന്നിനെ-
ദ്ദണ്ഡിച്ചഗ്നിയിലിട്ടുചുട്ടുവളരെക്ഖണ്ഡിച്ചതിൽപ്പിന്നെയും
മുന്നിട്ടെൻപ്രിയഭക്തനോടിടയുവാനാഞ്ഞോരവന്നത്തലി-
ന്നെണ്ണട്ടേവരുമെന്നുറച്ചുനിജമുദ്രാംവച്ചു ഭക്തപ്രിയൻ.
പൊന്നിൻസിംഹാസനത്തിൻപുതുമലരൊളിവപ്പൊന്നുപൂമേനിയില്പാ-
ഞ്ഞന്യോന്യംരാഗമോടങ്ങഖിലദിശിപരന്നപ്രഭാജാലമാലാ
തന്നുള്ളിൽച്ചേർന്നകാന്തൻ സരസമുപഗമിക്കുമ്പൊളക്കാന്തപോലെ
നന്നിച്ചോന്നിച്ചുചേർന്നാനവനിപതിയൊടപ്പൂർണ്ണസാമ്രാജ്യലക്ഷ്മീ.
വഞ്ചീന്ദ്രൻ വീരലക്ഷ്മീവടിവിലെവിടെയും തൽപ്രതാപേനസാകം
സഞ്ചാരംചെയ്തുചെയ്തക്തൃതയുഗകുലധർമ്മത്തെ വാഴിച്ചിതെങ്ങും
പഞ്ചംപാരൊക്കെവിട്ടത്തളിനതനുവാഞ്ഞംഗനാമദ്ധ്യദേശ-
ത്തഞ്ചാതേപോയ്മറഞ്ഞോ? കിമുപുനരരചൻ ശത്രുഗേഹത്തിലോതാൻ
നീതിക്കുള്ളൊരുവീഥിയെ പ്രബലമായ് വീതിക്കിരുത്തിപ്രജാ-
ഭൂതിക്കുംപുനരക്കണക്കരചനും ചോദിക്കുമെന്നുള്ളതിൽ
ഭീതിക്കാരഖിലക്ഷമാതലമതിൽ ജീവിക്കുവോരിന്നൊരേ
ജാതിക്കാരിതി ദുർവിചാരമിവിടെബ്ഭേദിക്കുമാറായഹോ.
ചെങ്കോൽസങ്കോചമല്ലാതെവിടെയുമൊരുകാലത്തിലെത്തുന്നതോർത്താൽ
മങ്കയ്ക്കും മാർവിറയ്ക്കും മറവിലപരനെത്തെല്ലു നോക്കീടുവാനും
തങ്കംതാമ്രാധരിക്കുള്ളലർശരവ്യഥയെപ്പോക്കുവാനുള്ളപാത്രം
തങ്കൽപ്രേമാതിരേകത്തൊടുമവൾക്കുള്ള കാന്തന്റെഗാത്രം’
ശ്രീമദ്വിശാഖരാജവിജയം

ഇത്യാദി പദ്യങ്ങളിൽ പ്രാസക്കൊഴുപ്പുകൊണ്ടുള്ള ചമൽകൃതിയും അർത്ഥങ്ങളുടെ മഞ്ജിമകൊണ്ടുള്ള മനോഹാരിതയും ഒരു പോലെ വിളങ്ങുന്നു.

സംസ്കൃതത്തിലും ഇക്കവിക്കു് അനായാസം കവിത രചിക്കാൻ കഴിവുണ്ടായിരുന്നു. ഉദാഹരണാർത്ഥം അദ്ദേഹം ഒരു പണ്ഡിത സുഹൃത്തിനയച്ച പദ്യങ്ങളിൽ ചിലതുദ്ധരിക്കാം.

‘ദർശന്ദർശമമന്ദമോദജനകം പത്രംത്വദീയംചിരാ-
ല്ലബ്ധംഹൃദ്യമണിപ്രവാളഘടിതം മോമോത്തിമേമാനസം
മൈത്രീകല്പലതാഭവത്യദിജനേ നിത്യാനുരാഗോൻമുഖീ
ക്ഷിപ്രംസാത്വിതരേഷുജീര്യതഇതി പ്രോക്താത്തവിദ്ഭിഃകിമു
മുർന്നാമാമയപീഡയാ നയനയോർമ്മാലിന്യപങ്കേജ ച
സ്വേച്ഛാസഞ്ചരണേ നിരുദ്ധവിഭവഃ ശ്രീപത്മനാഭാ ഭജൻ
ദേവീഭാഗവതാർത്ഥചിന്തനരസൈർവിദ്വജ്ജനാഭാഷണൈഃ
കാലംബാലക കേളിദർശനസൈർന്നേനീയന്ദേഽയംജനഃ
വ്യാഖ്യാതാഖലു കേരളീയവിദുഷാം വാചാം ഭവാൻ ത്വൽകൃതം
വേകംപുസ്തകമപ്യുദീർണ്ണമനസാനപ്രേഷിതം മേ ത്വയം
ക്രേതായംനബവേദ്ധ്രുവം യദിതദാമൂല്യാർത്ഥനാലൌകികീം
ത്യാശംക്യാത്മനി കിംഭവാനുഭജർദേവം മൗനമസ്മാൻജനേ
ശ്രീവിദ്യാകലശാബ്ധികൗസ്തുഭരണിഃശ്രീരാമവർമ്മാ ഗുരു
ശ്രീരാജ്ഞിപുരമാത്മകീന മഹശഭ്ഭുക്ത്വാചഭോഗംസമം
യപ്ലോകാന്തരനിർഗ്ഗമേന ലഭ്യത ഭണ്ഡാസുരീയാവനീ
സംജ്ഞാംരാജകവിപ്രസംഗവിഷയേ ശ്രീജൈഹ്മിഗീയം പൂരി.’

ഈ മഹാകവിക്കു് സർവവിദ്വജ്ജനസമ്പൂജിതനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘കവിസമ്രാട്’ എന്ന വിശിഷ്ടബിരുദം കല്പിച്ചു നൽകി.

ശങ്കരകൃതികളിൽ പ്രധാനമായുള്ളവയുടെ പേരുകൾ ചുവടെ ചേർക്കുന്നു.

(1) ഹിന്ദുശാസ്ത്രസാരസംഗ്രഹം– 1050-ൽ അച്ചടിക്കപ്പെട്ടു. കോട്ടയം സി. എം. എസ്. പ്രസ്. (2) നവരാത്രി മാഹാത്മ്യം കിളിപ്പാട്ടു്–1053-ൽ തിരുവനന്തപുരത്തു കേരളവർമ്മവിലാസം പ്രസ്സിൽ മുദ്രിതമായി. (3) ശ്രീമദ്വിശാഖരാജവിജയം മണിപ്രവാളം–1060-ൽ തിരുവനന്തപുരം സെന്റ്ജോസഫ് പ്രസ്സിൽ അച്ചടിക്കപ്പെട്ടു. (4) ദേവീഭാഗവതം കിളിപ്പാട്ടു്–1077-ൽ പ്രസാധിതം (5) കല്യാണശതകം. (6) പണപ്പർവം. (7) തിരുവാതിരപ്പാട്ടുകൾ (8) കീർത്തനങ്ങൾ (9) ഹരിപ്പാട്ടുത്സവക്കുമ്മി. (10) കല്യാണോത്സവം. (11) തുലാഭാരം. (12) അതിർത്തിത്തർക്കം. (13) കാശിയിലെഴുന്നള്ളത്തു്. (14) രാമേശ്വരത്തെഴുന്നള്ളത്തു്. (15) ശുകസന്ദേശം വഞ്ചിപ്പാട്ടു് (16) പ്രഹ്ളാദചരിതം കിളിപ്പാട്ടു്. (17) വന്ധ്യാമർദ്ദനവും മനുവൃത്തവും.

5 മുതല്ക്കു 17 വരെയുള്ള കൃതികൾ 1078-ൽ കവിയുടെ പുത്രനായ ശ്രീമാൻ കുഞ്ഞുകൃഷ്ണപിള്ളയാൽ ശങ്കരകൃതി എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ദേവീഭാഗവതത്തെപ്പറ്റി കേരളകാളിദാസനും ഇലത്തൂർ രാമസ്വാമിശാസ്ത്രികളും രേഖപ്പെടുത്തീട്ടുള്ള അഭിനന്ദനത്തെ ഉദ്ധരിച്ചുകൊണ്ടു പ്രകൃത്തതിൽനിന്നു വിരമിക്കുന്നു.

‘ദേവീഭാഗവതം പുരാണമഖിലം ശ്രേയോ നിദാനം നൃണാം
ദുർബോധം വിബുധേതരൈർവിരചിതം ശ്രീവാസവീസുനുനാ
സർവൈസ്സ്യാൽ സുഗമംയഥേതിമതിമാനാലോച്യുതദ്ഭാഷയാ
പ്രാണൈഷീ നിജയൈഷകേരളജനക്ഷേമംകരശ്ശങ്കര;
ഭുവി സമ്പ്രതി കേരളീയഭാഷാ-
കവിസംഘേ പ്രഥമംഗണേയനാമാ
അവിസമ്മതിലേശമേഷഭാഷാ-
കവിസമ്രാഡിഹ ശങ്കരസ്സമിർത്ഥേ
ഇലത്തൂർ
അലങ്കാരൈർഹൃദ്യൈർദ്വിഗുണരമണീയംഗുണവതീ
രസവ്യക്തിംവാക്യൈർമ്മധുരപദവർണ്ണൈവിദധതീ
സ്ഫുരദ്ഭാവാശയ്യാമധിഗതവതീ ശങ്കരകൃതിർ-
ബുധേ കസ്മൈപ്രീതിംന ദിശതി ഗഭീരേവ വനിതാ.
വലിയകോയിത്തമ്പുരാൻ

ചട്ടമ്പിസ്വാമികൾ അഥവാ കുഞ്ഞൻപിള്ളച്ചട്ടമ്പി

തിരുവനന്തപുരം നഗരത്തിൽനിന്നു മൂന്നു നാഴിക വടക്കു മാറി കൊല്ലൂർ എന്നൊരു ദേശമുണ്ടു്. അവിടെ വച്ചു് 1029 ചിങ്ങത്തിലെ ഭരണിനക്ഷത്രത്തിൽ ഭൂജാതനായി. സ്വാമികളുടെ പൂർവകുടുംബം നെയ്യാറ്റിൻകരെയായിരുന്നു. പൂർവികന്മാർ പരമ്പരയാ മഹാപണ്ഡിതന്മാരായിരുന്നു. അവരിൽ ഒരാൾ ആയില്യം തിരുനാൾ തമ്പുരാൻപോലും പൂജിക്കപ്പെട്ടുവന്ന ഹരിഹരശാസ്ത്രികളുടെ പ്രിയ ശിഷ്യനായിരുന്നു. ഈശ്വരപ്പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. അദ്ദേഹം മഹാ തപസ്വിയായിരുന്നത്രേ. “ഒരു സായം സന്ധ്യയിൽ അദ്ദേഹം ബ്രഹ്മനിഷ്ഠയിൽ ഇരുന്നുവെന്നും അതേ ഇരിപ്പിൽതന്നെ ബ്രഹ്മരന്ധ്രം ഭേദിച്ചു് ഊർദ്ധ്വരേതസ്സായ അദ്ദേഹത്തിന്റെ ദേഹി [4] കൈവല്യം പ്രാപിച്ചുവെന്നും പറയപ്പെടുന്നു.

‘നാരായണമൗനി’യായിരുന്നു മറ്റൊരു പൂർവികൻ. അദ്ദേഹത്തിനെപ്പറ്റിയും അനേകം അത്ഭുതകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു്. സ്വാതിതിരുനാൾ തമ്പുരാന്റെ സവിശേഷമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭൂതനായ ‘ഉമ്മിണിനായനാചാര്യർ’ അദ്ദേഹത്തിന്റെ അടുത്ത പൂർവികനായിരുന്നു. സദ്ഗുരുസർവസ്വത്തിൽ ഈ രണ്ടു മഹാന്മാരെയും ഇപ്രകാരം കീർത്തിച്ചിരിക്കുന്നു.

‘സംഗീതസാഹിത്യസുധാബ്ധ്യഗസ്ത്യ
സ്ഥാനീഭജശ്രീ കുലശേഖരാഹ്വാൽ
വൈദുഷ്യസംഭാവനയാത്തവൃത്തിഃ
സ്വാനന്ദസന്തുഷ്ടമയാഗുണാബ്ധിഃ
ശ്രീമാൻ സുധീരമ്മിണിനായനാചാർ
സംജ്ഞാഗ്രഗണ്യോ നിയതേന്ദ്രിയാണാം
യസ്യാന്വയം പൂർവമലംചകാര
നാരായണാഹ്വോഽഥ ച സിദ്ധമൗനീ’

ജ്യേഷ്ഠനായ കൊല്ലൂർ കൃഷ്ണപിള്ളയായിരുന്നു ചട്ടമ്പിസ്വാമികളെ പ്രഥമ പാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് വടിവീശ്വരത്തു ചെന്നു കുറേക്കാലം പഠിച്ചു. അതിനുശേഷം കല്ലടക്കുറിച്ചിയിൽ ഒരു ഗുരുവിനെ ആശ്രയിച്ചു് സംസ്കൃതവും തമിൾ ഇലക്കണവും അഭ്യസിച്ചു. പരദേശിഗുരുക്കന്മാരിൽ പ്രധാനി പ്രശസ്ത വിദ്യാശ്രുതചഞ്ചുവായ സുബ്ബാജഠാപാടി ആയിരുന്നു.

സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം വശപ്പെടുത്തിയശേഷം അദ്ദേഹം പൂർവവാസനയാൽ പ്രേരിതനായിട്ടു് ഒരു അവധൂതനെ ശരണം പ്രാപിച്ചു്, യോഗവിദ്യയുടെ മറുകര കണ്ടു. ആ അവധൂതൻ സ്വാമിക്കു് മഹാവാക്യാർത്ഥാനുസാരമായ ആത്മസാക്ഷാൽക്കാരം നല്കിയിട്ടു മറഞ്ഞുവത്രേ. ഈ അവധൂതനിൽനിന്നും ലഭിച്ച മന്ത്രോപദേശമാണു് തന്റെ ഭാവിശ്രേയസ്സിനെല്ലാം നിദാനമെന്നു് ആ മഹാത്മാവു പലപ്പോഴും പറയാറുണ്ടായിരുന്നു. ആ മന്ത്രം ഉപേദശിച്ചാണു് ചട്ടമ്പിസ്വാമികൾ പിന്നീടു് നാണുഗുരുസ്വാമികളുടെ ഗുരുവായിത്തീർന്നതു്.

വടിവീശ്വരത്തു താമസിച്ചുകൊണ്ടിരിക്കവേയാണു് കുഞ്ഞൻപിള്ളയ്ക്കു് അവധൂതനെ കാണാനിടയായതു്. അതിനുശേഷം അദ്ദേഹം പരദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ചു.

‘ഇതസ്തതോ ഭാരതഭൂമിഭാഗാൻ
ഭോഗാനുരാഗേണ വിനാ മനീഷീ
സപര്യടൻ സഞ്ചിതപൂർവ്വപുണ്യ
പൂരശ്ചിതം സാധുനിനായകാലം.’

ഇക്കാലങ്ങളിൽ അദ്ദേഹത്തിനു ചില കഷ്ടാനുഭവങ്ങളും ഉണ്ടാകാതിരുന്നില്ല. ഇരുപത്തഞ്ചാം വയസ്സിൽ പിതാവു മരിച്ചു. സഞ്ചാരക്കാലത്തു് മാതാവു രോഗാവസ്ഥയിലാണിരുന്നതു്. എന്നാൽ ആ സുകൃതിനി മരിക്കുന്നതിനുമുമ്പു് ചട്ടമ്പിസ്വാമികൾ ഗൃഹത്തിലെത്തി അവരുടെ അന്ത്യശുശ്രൂഷകൾ നിർവഹിച്ചു. മാതാവിന്റെ മരണാനന്തരം സംസ്കാരകർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചതിൽ പിന്നെ അദ്ദേഹം സ്വഗൃഹത്തിൽ കാൽ വച്ചിട്ടില്ല.

സഞ്ചാരമദ്ധ്യേ അദ്ദേഹത്തിനു ലഭിച്ച ചില വട്ടെഴുത്തു ഗ്രന്ഥങ്ങളിൽനിന്നാണു് ‘പ്രാചീനമലയാളം’ എന്ന വിശിഷ്ടഗ്രന്ഥത്തിനു് ആധാരമായ പ്രമാണങ്ങൾ ലഭിച്ചതു്. ഈ പ്രാചീനചരിത്രം അദ്ദേഹം പൂർത്തിയാക്കിവച്ചിരുന്നതായിട്ടാണു് അറിവു്. സ്വാർത്ഥലോലുപന്മാരായ ചിലർ അവയെ കൈവശപ്പെടുത്തി പ്രസിദ്ധീകരിക്കാതെ വച്ചിരിക്കുകയാണു്.

വിദേശസഞ്ചാരം കഴിഞ്ഞു് അദ്ദേഹം കേരളമൊട്ടുക്കു ചുറ്റിത്തിരിഞ്ഞു. അക്കാലത്താണു് ‘ക്രിസ്തുമതച്ഛേദനം’ എന്ന ഗ്രന്ഥം രചിച്ചതു്. ആ ഗ്രന്ഥം എഴുതുന്നതിനുള്ള കാരണം ക്രിസ്ത്യൻ പാതിരിമാരാണു്. ചട്ടമ്പിസ്വാമികൾ ഏറ്റുമാനൂർ സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്തു് അവിടുത്തെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ആളുകൾ കൂടിയിരിക്കുന്ന ഒരു ദിക്കിൽ ഒരു ക്രിസ്ത്യൻ പാതിരി ‘പാപികളേ’ എന്നു തുടങ്ങുന്ന പ്രസംഗം ആരംഭിച്ചു. ആ പ്രസംഗം ചട്ടമ്പിസ്വാമികളുടെ ശ്രവണപുടത്തിലും പതിഞ്ഞു. അങ്ങിനെ പ്രസ്തുത പുസ്തകമെഴുതാൻ അദ്ദേഹം നിർബന്ധിതനായി. താർക്കികയുക്തികളെ ദൃഢമായി അവലംബിച്ചു് അദ്ദേഹം പാതിരിമാരെ ജയിച്ചിരിക്കുന്നു എന്നു പറയാം.

സ്വാമികൾ രചിച്ച അടുത്ത പ്രബന്ധം മോക്ഷപ്രദീപത്തിന്റെ ഖണ്ഡനമാണു്. ഇതിനിടയ്ക്കു് സ്വാമിയുടെ പേരും അത്ഭുതക്രിയകളെപ്പറ്റിയുള്ള വിവരങ്ങളും നാടൊട്ടുക്കുപരന്നുകഴിഞ്ഞു. ആദ്യത്തെ ശിഷ്യൻ നാണുഗുരുസ്വാമികൾ ആയിരുന്നു. ഇങ്ങനെയൊരു ശിഷ്യനെ അദ്ദേഹം കൈവരിക്കാൻ പലേ കാരണങ്ങളുമുണ്ടായിരുന്നു. ഈഴവരേയും നായന്മാരേയും കൂട്ടിയിണക്കി ഒരു വിശിഷ്ടസമുദായം സൃഷ്ടിക്കണമെന്നായിരുന്നു സ്വാമികളുടെ ഉദ്ദേശം. അതിനു പറ്റിയ ആൾ നാണുഗുരുവാണെന്നു് അദ്ദേഹം ദിവ്യദൃഷ്ടികൊണ്ടറിഞ്ഞു.

നാണുഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു എന്നു വിചാരിക്കുന്നതിൽ വിപ്രതിപത്തിയുള്ള ചില ഈഴവരെ അവിടവിടെ കണ്ടേക്കാം. എന്നാൽ നാരായണഗുരുസ്വാമിതന്നെ തന്റെ കൃതിയായ നവമഞ്ജരിയുടെ പ്രാരംഭത്തിൽ

‘ശിശുനാമഗുരോരാജ്ഞാം കരോമി ശിരസാവഹൻ
നവമഞ്ജരികാംശുദ്ധീകർത്തുമർഹന്തികോവിഭാഃ’

എന്നു സമ്മതിച്ചിരിക്കയാൽ ആ വിഷയത്തിൽ സംശയത്തിനു് അവകാശമേ ഇല്ല. ചട്ടമ്പിസ്വാമികളും ഒരു കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

“ഞാനും മുൻപു് യോഗവിഷയത്തിൽ എന്റെ ശിഷ്യരായിരുന്നതുകൊണ്ടു് നാണുഗുരുസ്വാമി എന്നയാളും ഈഴവരിൽ ചിലരും പരിചയക്കാരാണു്.”

കേരളചിന്താമണിയിൽ ഈ നവമഞ്ജരി പ്രസിദ്ധീകരിച്ചപ്പോൾ, ‘ശിശുനാമ’ എന്നു തുടങ്ങുന്ന പദ്യത്തെ വിട്ടുകളഞ്ഞുകൊണ്ടു് ഈ രണ്ടു മഹാശയന്മാർ തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മാഞ്ഞുപോകുന്നതേയല്ല. ക്ഷേത്രപ്രതിഷ്ഠാപനവിഷയത്തിൽ മാത്രമേ ഈ ഗുരുശിഷ്യന്മാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളു. ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം സമ്പാദിക്കുന്നതിനു ശ്രമിക്കുന്നതിനുപകരം, ഈഴവക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനു ശ്രമിച്ചാൽ ആ സമുദായത്തിലും കാലക്രമേണ ചാതുർവർണ്യം കടന്നുകൂടുമെന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ അഭിപ്രായം. കേരളത്തിൽ ജാതിവ്യത്യാസത്തെ ഉണ്ടാക്കിത്തീർത്തതു ക്ഷേത്രങ്ങളും അവയിൽ നിന്നുത്ഭവിച്ച മറ്റു നിരർത്ഥങ്ങളായ ആചാരങ്ങളും ആണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ഇക്കാര്യത്തിലല്ലാതെ മറ്റെല്ലാ സംഗതികളിലും ഗുരുശിഷ്യന്മാർ ഏക മനസ്സായി പ്രവർത്തിച്ചുവന്നു.

‘പെണ്ണുണ്ണെലകിലില്ല കാമമകവും ചിദഭ്രനിലയിൽ കട-
ന്നൊന്നുരണ്ടുശിവമന്ദിരങ്ങളുമിരുത്തിഞാനമിതകൗതുകം
എന്നമുറ്റിയൊരഹന്തനിന്നിലറിയാതിരുന്നതിവിദഗ്ദ്ധനാം
നിന്നെയിങ്ങനെ ചുഴറ്റുമെന്നറിക പമ്പരഭ്രമണമെന്നപോൽ.’

എന്ന പദ്യത്തിൽ ചട്ടമ്പിസ്വാമികൾ ശിഷ്യന്റെ പുതുക്കുന്ന ക്ഷേത്രപ്രതിഷ്ഠാപനകർമ്മത്തെ ആണു് ഉപഹസിച്ചിരിക്കുന്നതു്. വാസ്തവത്തിൽ ചട്ടമ്പിസ്വാമികൾക്കു ജാതിവ്യത്യാസമേ ഇല്ലായിരുന്നു. സ്വാമികൾ പറവൂർ ഒരു ഗൃഹസ്ഥന്റെ അതിഥിയായി താമസിച്ചിരുന്ന കാലത്തു് നാണുഗുരു സന്യാസിവേഷത്തിലുള്ള ഏതാനും ശിഷ്യന്മാരോടുകൂടി അദ്ദേഹത്തിനെ സന്ദർശിപ്പാനായി ചെന്നു. വടക്കൻദിക്കുകളിൽ തീണ്ടൽ തൊടീൽ കലശലായിരുന്ന കാലമായിരുന്നു അതു്. വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ഗുരു ശിഷ്യനെ ദൂരത്തു വച്ചു തന്നെ കണ്ടു. അദ്ദേഹം അടുത്തു വന്നപ്പോൾ “നാണു ഇവിടെ വരാം” എന്നു് അരുളിച്ചെയ്തു. നാണുഗുരു പരുങ്ങി. എങ്ങനെ ശിഷ്യഗണങ്ങളോടുകൂടി അകത്തു കടക്കും? ഒടുവിൽ അദ്ദേഹം ശിഷ്യന്മാരോടായിട്ടു പറഞ്ഞു. “നിങ്ങളവിടെ നില്ക്കുക. ഞാൻ പോയിട്ടു വരാം.” അദ്ദേഹം അകത്തു കടന്നപ്പോൾ, ഗുരു പറഞ്ഞു:“നീ ഇങ്ങു പോന്നു. അനുചരന്മാർ ഇളംവെയിൽ കൊള്ളുന്നു. അല്ലേ! അതു ശരിയാണു്. നീ അങ്ങു പോകും. അനുചരന്മാർ ഇവിടെ കിടക്കയും ചെയ്യും. ആത്മശുദ്ധി വന്നിട്ടില്ലാത്ത ഇവരെ വിശുദ്ധനായ നിന്നെ പൂജിക്കുംപോലെ ആരും പൂജിക്കാനുണ്ടാകയില്ല.”

രണ്ടാമത്തെ പ്രധാനശിഷ്യൻ നീലകണ്ഠതീർത്ഥപാദർ എന്നു വിശ്വവിശ്രുതനായിത്തീർന്ന മഹാനുഭാവനാണു്. ശ്രീഹരിനവകം, ആചരപദ്ധതി, ദേവാർച്ചാപദ്ധതി, ബ്രഹ്മാഞ്ജലി മുതലായ കൃതികളുടെ കർത്താവെന്ന നിലയിൽ അദ്ദേഹം അതേ ഖണ്ഡമൊട്ടുക്കു സുപ്രസിദ്ധനായിത്തീർന്നു. പി. കെ പിള്ള അവർകൾ പ്രസ്ഥാവിച്ചിട്ടുള്ളതുപോലെ ത്തിനു് ഉപരിസ്ഥിതനെങ്കിലും ടി രംഗത്തിൽ അവതരിച്ചാൽ ജംഗമമായ ഗ്രന്ഥശാലയെന്നോ സ്ഥാവരനായ സമുദായസാരഥിയെന്നോ വർണ്ണിക്കപ്പെടാവുന്ന ഇദ്ദേഹം ‘മലയാളത്തിലെ മാനുഷനൊരുവൻ’ ആണല്ലോ എന്നുള്ളതാണു് നീരന്ധ്രമായ സന്തോഷത്തിനു കാരണം.”

നീലകണ്ഠതീർത്ഥപാദർ മൂവാറ്റുപുഴത്താലൂക്കിൽ തിരുമാറാട്ടി എന്ന ദേശത്തു പ്രസിദ്ധമായിരുന്ന വാളാനിക്കോട്ടു് എന്ന നായർകുടുംബത്തിലെ അംഗമായിരുന്നു. ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിൽ മികച്ച പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനുപുറമേ വിഷവൈദ്യത്തിലും മാന്ത്രികവിദ്യയിലും വലിയ നൈപുണ്യവും നേടിയിരുന്നു. എന്നാൽ വേദവേദാംഗാദി പ്രമാണഗ്രന്ഥങ്ങൾ പഠിച്ചതു് ചട്ടമ്പിസ്വാമികളുടെ ശിഷ്യനായതിൽ പിന്നീടാണു്. അദ്ദേഹം അദ്വൈതപാരിജാതം, സൗഭാഗ്യലഹരി, ശ്രീ സ്തവരത്നാകരം, സങ്കല്പകല്പലതികം, സ്വാരാജ്യസർവസ്വം, ശ്രീകണ്ഠാമൃതലഹരി, യോഗാമൃതതരംഗിണി, കർണ്ണാമൃതതരംഗിണി, കർണ്ണാമൃതാർണ്ണവം, കൈവല്യകന്ദളി, ശിശുഭഗവൽ കഞ്ചിക, വിധുനവസുധാഝരി, വിധുസ്തവമധുദ്രവഃ, സ്വാത്വസുധാകരം, ഹരിഭക്തിമരന്ദം ആത്മാദർശം, ലക്ഷ്മീകടാക്ഷമാല, അച്യുതാനന്ദലഹരി, അംബാകൃപാംബുവാഹം, പ്രശ്നോത്തരമഞ്ജരി എന്നിങ്ങനെ 19 സംസ്കൃതഗ്രന്ഥങ്ങളും, ആചാരപദ്ധതി, ദേവർച്ചാപദ്ധതി, അദ്വൈതസ്തവകം, കണ്ഠാമൃതം, ഹഠയോഗപ്രദീപിക കിളിപ്പാട്ടു്, വേദാന്തമണിവിളക്കു്, വേദാന്തമാലിക, ബ്രഹ്മാഞ്ജലി എന്നിങ്ങനെ എട്ടു മലയാളപുസ്തകങ്ങളും രചിച്ചിട്ടുണ്ടു്. മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ജീവചരിത്രഗ്രന്ഥം—1000—ത്തിൽപരം വശങ്ങൾ വരും—തീർത്ഥപാദരുടെ ചരിത്രമാണു്.

നീലകണ്ഠതീർത്ഥപാദർ ആധുനിക ഗ്രന്ഥനിരൂപകന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നുവെന്നുള്ള സംഗതി പലർക്കും അറിവില്ലാത്ത കാര്യമാണു്. കൊച്ചീ രാജ്യചരിത്രം, മൂർക്കോത്തു കുമാരന്റെ അമ്പുനായർ, വഞ്ചീശവംശം, നെയ്യൂർ പത്മനാഭപിള്ളയുടെ കൃശോദരി മുതലായ പലേ ഭാഷാകൃതികളും, ഹരവിജയം, സഹൃദയാനന്ദം, ഗാഥാസപ്തശതി, ആര്യാസപ്തശതി, നളചമ്പു, സേതുബന്ധമാലാകാവ്യം അദ്വൈതസിദ്ധി, ഖണ്ഡനഖണ്ഡവിദ്യ, ഭാരതമഞ്ജരി, യുധിഷ്ഠിരവിജയം, വിശ്വഗുണാദർശം ചമ്പു, ന്യായസുധ ശാസ്ത്രദീപിക എന്നിങ്ങനെ അനവധി സംസ്കൃതകൃതികളും അദ്ദേഹത്തിന്റെ ഖണ്ഡനമണ്ഡനരൂപമായ നിരൂപണത്തിനു വിഷയമായിട്ടുണ്ടു്. ഐറോപ്യൻ സർവകലാശാലകളിലെ സംസ്കൃതാചാര്യന്മാർക്കു് തീർത്ഥപാദർ പരിചിതനായിരുന്നുവെന്നു് അവർ അദ്ദേഹത്തിനയച്ചിട്ടുള്ള കത്തുകളിൽനിന്നു തെളിയുന്നു.

നീലകണ്ഠതീർത്ഥപാദർക്കു പരിവ്രാജകന്മാരായും അല്ലാതെയും അനേക ശിഷ്യന്മാരുണ്ടു്. അവരിൽ പ്രധാനികൾ പ്രസിദ്ധ വാഗ്ഭടനായ പന്നിശ്ശേരി നാണുപിള്ളയും, മകയിരംതിരുനാൾ ബ്രഹ്മശ്രീ തച്ചുടയതമ്പുരാനും ആയിരുന്നു. പന്നിശ്ശേരി മഹാവിദ്വാനും താർക്കികനും ആയിരുന്നതിനു പുറമേ നാട്യകലാസ്വാദകനും ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു് അധികകാലമായിട്ടില്ല. പരേതനായ വി. കൃഷ്ണൻതമ്പി അവർകളെപ്പോലെ അദ്ദേഹം രാമനാട്ടത്തെ ഉദ്ധരിക്കുന്നതിനു് തീവ്രയത്നം ചെയ്തുകൊണ്ടിരുന്നു. നിഴൽക്കൂത്തു്, ഭദ്രകാളീമാഹാത്മ്യം, പാദുകപട്ടാഭിഷേകം എന്നിങ്ങനെ രണ്ടു മൂന്നു മനോഹരങ്ങളായ ആട്ടക്കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.

നിഴല്ക്കൂത്തു് 1100 കർക്കടകം 21-ാംതീയതിക്കകം തീർന്നു. അതിലെ ഒരു ഗാനം ഉദ്ധരിക്കാം.

പാടി–ചെമ്പട
‘വദനജിതചന്ദിരേ മദനരസമന്ദിരേ
മമ രമണിവൈരസ്യമിദമിവനൊടെന്നുമോ-
ർത്തനതുലിതമന്ദിരേ പ്രണയകോപത്തിനി-
ന്നന്നവളവുകാരണം നിനവിലറിവില ഞാൻ.
വിനയേതു ചെയ്യുകിലുമനുകനൊടുനീരസം
മനസികരുതാവതോ മനതി സഖിമാർക്കഹോ!
മധുരജന വധുവിതാ മധുപരവകൈതവാൽ
വിധുപതിയെ വാഴ്ത്തിടുന്നധികതരസൗഹൃദം
മധുരമൊഴിതൂകിവന്നധരമധുതന്നുമേ
വിധുരതശമിപ്പിക്കമേ കളഭഗതേമുദാ.
അടലിലിടരറ്റ മുമദൃഢതനുവിരദ്യതവ
കടുനയനമുനയേറ്റു ഝടിതി തളരുന്നതേ
ചടുലമിഴിയൊളിചിന്നുമുടലുടനണച്ചൊന്നു
വടിവൊടു പുണർന്നാലുമടിയിണതൊഴാമഹം.’

ഈ കൃതിയിൽ കഥകളിക്കാരെയും അവ്യുൽപന്നന്മാരായ അനുവാചകന്മാരെയും വിഷമിപ്പിക്കുന്ന ചില പ്രയോഗങ്ങൾ ഉണ്ടു്. പാദുകാപട്ടാഭിഷേകം വി. കൃഷ്ണൻതമ്പി അവർകളുടെ അപേക്ഷാനുസൃതം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഭിനയിച്ചു തീരത്തക്കവണ്ണം രചിക്കപ്പെട്ടതാണു്.

ചട്ടമ്പിസ്വാമികളുടെ മൂന്നാമത്തെ പരിവ്രാജകശിഷ്യൻ ബ്രഹ്മശ്രീ തീർത്ഥപാദ പരമഹംസസ്വാമികളാകുന്നു. അദ്ദേഹം അനേകം ആശ്രമങ്ങളും മഠങ്ങളും സ്ഥാപിച്ചിട്ടുണ്ടു്. അദ്ദേഹം പതിനാറാംവയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. സംസ്കൃതത്തിൽ അഗാധവും തമിഴിൽ സാമാന്യവും ആയ ജ്ഞാനമുണ്ടു്. അദ്ദേഹത്തിന്റെ വകയായി ചൂഡാലാശിഖിധ്വജം നാടകം, വേദാന്തചിന്താശതകം, ശ്രീകുമാരാഭരണശതകം, സർവേശ്വരാഷ്ടകം (പച്ചമലയാളം) എന്നീ പദ്യകൃതികളും, ഹിന്തുമതഗ്രന്ഥങ്ങൾ, ലേഖനമാലിക എന്നീ രണ്ടു ഗദ്യകൃതികളും ഭാഷയിലുണ്ടു്. സംസ്കൃതകവനങ്ങൾ വിഷ്ണുസ്തോത്രശതകം, ശ്രീനവാലയേശ്വരീസ്തോത്രം, അമൃതാനന്ദലഹരി എന്നിവയാണു്. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു

ചൂഡാലാശിഖിധ്വജം:
‘ചൊൽക്കൊണ്ടിടുന്ന ഷഡ്ജസ്വരമതുസരസം പേടചാടുന്നനേര-
‘ത്തുൾക്കൊണ്ടീടും മദത്താൽ പുതുമലർകലരും പൂങ്കടമ്പിന്റെ കൊമ്പിൽ
പിൽകൊണ്ടീടുന്ന പീലിപ്രകരമതുരസത്തിൽതരത്തിൽപരത്തീ-
ട്ടിക്കണ്ടീടും മയൂരപ്രവരതരുണരും മോടിയോടാടീടുന്നു.
വേദാന്തചിന്താശതകം:
ചിത്തംനാനാപ്രകൃതിവികൃതിച്ചിത്രമാമിത്രിലോകം
സത്യംതാനീയറിവിലറിവായ് നിന്നുമിന്നുന്നതൊന്നും
വ്യർത്ഥംതാനിഭ്രമണഗണമെന്നുൾത്തടത്തിങ്കലോരും
മർത്ത്യൻതാനീത്തെളിവുവെളിവായ് കണ്ടുകൊണ്ടാടിടുന്നു.’
സർവേശ്വരാഷ്ടകം:
അടിമുടിനടുവെന്നതൊന്നുമില്ലാ-
തടിമുടിയുള്ളവയൊക്കെയുള്ളിലാക്കി
വടിവൊടുവെളിവായ്വിളങ്ങിവിണ്ണിൽ-
പടിയവിടുന്നഖിലേശ നിന്നിടുന്നു.’

ഈ കവിതകളിൽ മിക്കവയും നന്നേ ചെറുപ്പത്തിൽ രചിച്ചവയാണെന്നോർക്കുമ്പോൾ നമുക്കു വിസ്മയം തോന്നാതിരിക്കുന്നതെങ്ങിനെ?

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ വേദാധികാരനിരൂപണം, പുനർജ്ജന്മനിരൂപണം, ചിദാകാശലയം, ക്രിസ്തുമതഛേദനം, പ്രാചീനമലയാളം, അനേകം ഒറ്റശ്ലോകങ്ങൾ, ചില ഗാനങ്ങൾ ഇവയാകുന്നു. അദ്ദേഹത്തിന്റെ കവനകലാകൗശലത്തെ കാണിക്കുന്ന ഏതാനും ശ്ലോകങ്ങളും താഴെ ചേർക്കുന്നു.

‘ലോലക്കണ്ണാംസുമത്തിൻചെറുമുനയണുവോളം ചുളിച്ചൊന്നുനോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമരനൊടിയിടയിൽ തോന്നിനിന്നങ്ങുമായും
കൂലംവിട്ടോരുശക്തിക്കുടയവളവളെൻചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടിതവമനമാം മാരുവിൽ ചുറ്റിടട്ടേ.
മേലേമേലേപയോധൗതിരനിരയതുപോൽ ഗദ്യപദ്യങ്ങളോർക്കും-
കാലേ കാലേഭവിപ്പാൻ ജഗമതിലൊളിവായ് ചിന്നിടും തേൻകഴമ്പേ
ബാലേ ബാലേ മനേജ്ഞേ പരിമൃദുലതനോ യോഗിമാർനിത്യമുണ്ണും
പാലേ ലീലേ വസിക്കെൻമനസിസുകൃതസന്താനവല്ലീ സുചില്ലീ!’

പന്തുവരാടി—ആദി
പ. സ്മരരേ ശ്രീശങ്കരമഖിലസുരേശം
അ.പ. മാകുരുമാകരുമൂഢചാപല്യം
ത്യക്ത്വാസംഗം തത്വാതീത (സ്മര)
ച. യമിനാംമനഃപത്മവിരാജിതഹംസം
ധൃതചന്ദ്രോത്തംസം മാനിന്യാ
ശോഭിതശുഭസമ്യാംഗം
ഭവപരപവിഭംഗം—ഗിരിജാലോല
സദാനന്ദമീശം—ചിൽപുരുഷഗഗനനഭേശം. (സ്മര)
ചാലേ നാലഞ്ചുലോലപ്രസവശരമെടുത്തംഗജന്മാവടുത്താൽ
പാലഞ്ചും വാണിമാർതൻമുലമലമുകളിൽചെന്നൊളിക്കാംകളിക്കാം
കാലൻകാളുന്ന കാളായസമുസലവുമായാഞ്ഞടുക്കുന്നതാമ-
ക്കാലംസ്ത്രീതന്റെ കൊങ്കത്തടവുമധരവും കണ്ടിരിക്കാംമരിക്കാം.

എന്ന പദ്യം അദ്ദേഹത്തിന്റെ ഒരു ദ്രുതകവനമാണു്.

ചട്ടമ്പിസ്വാമികൾക്കു പാട്ടിലും കൊട്ടിലും നൃത്തത്തിലും വലിയ താല്പര്യമായിരുന്നു. അപൂർവരാഗങ്ങൾപോലും അദ്ദേഹത്തിനു വിസ്തരിക്കാൻ കഴിമായിരുന്നുവത്രെ. പാടിപ്പാടി മതിമറന്നു് അദ്ദേഹം പലപ്പോഴും നൃത്തംചെയ്തുപോയിട്ടുണ്ടു്. പലപ്പോഴും നിഷ്കാപട്യശാലിയായ ശിശുവിനെപ്പോലെ അദ്ദേഹം പെരുമാറി. വാദപ്രതിവാദത്തിലേർപ്പെടുമ്പോൾ മാത്രം വിധമെല്ലാം മാറും. അപ്പോൾ ആർക്കും അദ്ദേഹത്തിനോടു് എതിരിടാൻ സാധിക്കുമായിരുന്നില്ല. സ്വാമികൾക്കു പലേ സിദ്ധികളും ലഭിച്ചിരുന്നെങ്കിലും, അവയെ അപൂർവമായിട്ടേ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. സിദ്ധികളെല്ലാം ധ്യാനത്തിന്റെ ഫലമാണെന്നു് അദ്ദേഹം നല്ല പോലെ ധരിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച അവസരത്തിൽ സ്വാമിയെ രണ്ടു പ്രാവശ്യം സന്ദർശിച്ചു് ദീർഘമായ സംഭാഷണം നടത്തിയിരുന്നു.

സ്വാമികൾക്കു് അറുപതു തിരുവയസ്സു തികഞ്ഞ അവസരത്തിൽ കേരളത്തിൽ പലേ ദിക്കുകളിലും അതിനെ ആഘോഷിച്ചു. അതിനുശേഷം അദ്ദേഹം പത്തു വർഷമേ ജീവിച്ചിരുന്നുള്ളു. മരണദിവസം അദ്ദേഹം നേരത്തെ അറിഞ്ഞുവച്ചിരുന്നു. കുമ്പളത്തു് മി. ശങ്കുപ്പിള്ള മുതലായ ഭക്തന്മാരുടെ അപേക്ഷ അനുസരിച്ചു അദ്ദേഹം പൊന്മന എന്ന ദിക്കിൽ ഒരു ആഴ്ചവട്ടം താമസിച്ചു. അവിടം വിടുന്ന അവസരത്തിൽ അദ്ദേഹം മി. ശങ്കുപിള്ളയോടു് അരുളിച്ചെയ്തു. “കാരണവരെ ഞാൻ ചാകാറാകുമ്പോൾ ഇതിലേ വരാം” 1099-ാമാണ്ടു് മീനമാസത്തിൽ അദ്ദേഹം പൊന്മനയ്ക്കു ചെല്ലുന്നതായി മി. ശങ്കുപിള്ളയ്ക്കു് ഒരു കത്തയച്ചു. 1099 മേടം 23-ാം തീയതി അദ്ദേഹം അന്ത്യസമാധി പ്രാപിച്ചു. 1106-ൽ അദ്ദേഹം സമാധി ഇരുന്ന ദിക്കിൽ ഒരു ക്ഷേത്രം നിർമ്മിക്കപ്പെട്ടു.

വെളുത്തേരി കേശവൻ വൈദ്യനും പെരുനെല്ലി കൃഷ്ണൻ വൈദ്യനും അദ്ദേഹത്തിന്റെ പ്രിയസുഹൃത്തുക്കളായിരുന്നു. 67-ാമാണ്ടു് മണക്കാട്ടു് ഒരു പെൻഷൻ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരു ബ്രാഹ്മണൻ ഭാഗവതം വായിച്ചു് അർത്ഥം പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം ഗൃഹനായകൻ കേശവൻവൈദ്യനെക്കൂടി ക്ഷണിച്ചു. സ്വാമിയും അദ്ദേഹത്തിനോടു കൂടി പോയി വായന തീർന്നു മടങ്ങിവന്നു. സ്വാമി ചാവടിയിലും കേശവൻവൈദ്യൻ മാളികയിലും കിടന്നുറങ്ങി. പിറ്റേദിവസം സംഭാഷണമദ്ധ്യേ സ്വാമി പറഞ്ഞു:“ചുണയുണ്ടെങ്കിൽ ഇന്നലെ കേട്ട ഭാഗവതശ്ലോകങ്ങൾ കാണാപ്പാഠം പറയുക.” കേശവനാശാൻ ചൊല്ലിത്തുടങ്ങി. ഇടയ്ക്കിടയ്ക്കു തടസ്സം വരുമ്പോൾ, സ്വാമി പൂരിപ്പിച്ചുകൊടുക്കും.

സ്വാമിക്കു കവിത മുഖസ്ഥമായിരുന്നു.

[5] ‘മാണിക്യമാമലയിൽമണ്ടും ജലക്കുളത്തിൽ
കോണിൽക്കുരുത്തപുതുതായൊരുതാഴതന്മേൽ
കാണക്കൊതിക്കെ വിലസുന്ന സുമത്തെവെല്ലും
കായത്തെയൊന്നുതഴുകാനിടയെന്നുകിട്ടും.’

എന്ന പദ്യം നാണുഗുരുവിനെക്കണ്ടു് പെട്ടെന്നു ചൊല്ലിയതാണു്.

പെരുനെല്ലി കൃഷ്ണൻവൈദ്യനേയും വെളുത്തേരി കേശവൻ വൈദ്യനേയും കാവ്യരചനയിൽ പ്രേരിപ്പിച്ചുകൊണ്ടിരുന്നതു് സ്വാമിയായിരുന്നു. സ്വാമിയും പെരുനെല്ലിയും കൂടി കാമിനീഗർഹണം എന്നൊരു കൂട്ടുകവിതയുണ്ടാക്കിയിട്ടുണ്ടു്. അതിൽനിന്നു് സ്വാമിയുടെ ഒരു ശ്ലോകം താഴെ ചേർക്കുന്നു.

‘കയ്യും പിടിച്ചുകണവന്നൊടുറങ്ങുമപ്പോൾ
പയ്യെത്തദീയകരമങ്ങിനെമാറ്റിവച്ചു
കയ്യാലതൻ പൊളിയിൽവന്നൊളികാന്തനെക്ക-
ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും?’

ഒരിക്കൽ നാണുഗുരുവും സ്വാമികളും ഒരുമിച്ചു് പല ദിക്കുകളിലും സഞ്ചരിക്കുന്നതിനിടയ്ക്കു് രാത്രി നെടുമങ്ങാട്ടുള്ള റോഡിന്റെ ഇരുവക്കുകളിലായി ക്ഷീണം തീർക്കാനായി കിടന്നു. യാത്രക്കാരിൽ ചിലർ കുടിയന്മാരെന്നു പറഞ്ഞു് അവരെ ആക്ഷേപിച്ചിട്ടു പോയപ്പോൾ സ്വാമി,

‘കഷ്ടംനിലാവെങ്ങുനീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രൻമറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പുരവെളിയതിലാക്കീടുവാൻ പിന്നെയാട്ടേ.’

എന്നു രണ്ടു വരി ചൊല്ലി. ഉടനെ നാണുഗുരു അതിനെ,

‘കഷ്ടംദീനം പീടിച്ചോ മദിരയതുകടിച്ചോ കിടന്നുപോൽ നാമു-
ത്തിഷ്ഠോത്തിഷ്ഠ ശീഘ്രം നദിയിൽമുഴുകുവാൻ കാലമായ്വന്നതിപ്പോൾ.’

സ്വാമികൾക്കു് ഗുസ്തിമുറകളെല്ലാം നല്ലപോലെ പരിചിതമായിരുന്നു. അവയിൽ പലതും അദ്ദേഹം വെളുത്തേരിയെ പഠിപ്പിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ വ്യായാമം ചെയ്യുമ്പോൾ എടുത്തു പൊക്കാറുണ്ടായിരുന്ന ഗുണ്ടു് (ഇരുമ്പുണ്ട) പൊക്കാൻ സ്വാമിയ്ക്കും വൈദ്യനും മാത്രമേ കഴിയുമായിരുന്നുള്ളു.

ഒരിക്കൽ കൊല്ലത്തു് ഓലയിൽ എന്ന സ്ഥലത്തു് ചില നായന്മാർ ഗുസ്തി പഠിച്ചു താമസിച്ചിരുന്നു. ഒരു ദിവസം രാത്രികാലത്തു് അവർ വഴിയിൽ കൂട്ടംകൂടി നില്ക്കുന്നതിനിടയ്ക്കു് സ്വാമികൾ അകപ്പെട്ടു പോയി. ആ മുട്ടാളന്മാരുടെ ഇടയിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തന്റെ മർമ്മവിദ്യകളിൽ ചിലതു സ്വാമിക്കു പ്രയോഗിക്കേണ്ടതായി വന്നു. അവിടെ കൂടിയിരുന്നവരെല്ലാം നിലം പതിച്ചു. അല്പം കഴിഞ്ഞു് അവർ എണീറ്റു് സ്വാമിയെ നമസ്കരിച്ചു.

വേറൊരവസരത്തിൽ ചില പഞ്ചാബിമല്ലന്മാർ തിരുവനന്തപുരത്തു വന്നു. അവരോടു മല്ലിടുന്നതിനു് ഇവിടെ ആരുമില്ലല്ലോ എന്നു് വിശാഖംതിരുനാൾതമ്പുരാൻ കുണ്ഠിതപ്പെട്ടു. അങ്ങിനെയിരിക്കെ, ‘പേട്ടയിൽ ചട്ടമ്പി’ എന്നൊരാൾ ഉണ്ടെന്നു് ആരോ അവിടുത്തെ അടുക്കൽ ഉണർത്തിച്ചു. ചട്ടമ്പിയ്ക്കു് ആൾ പോയി. താൻ ഈയിടെ ഗുസ്തിക്കു പോകാറില്ലെന്നും തന്റെ ശിഷ്യനായ കേശവൻവൈദ്യനെ അയയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യൻ രണ്ടു പഞ്ചാബികളേയും തോല്പിച്ചുവത്രെ.

ജസ്റ്റീസ് ഗോവിന്ദപ്പിള്ള

തിരുവനന്തപുരത്തു് ആറ്റുകാൽദേശത്തുള്ള ഒരു ദരിദ്രകുടുംബത്തിൽ 1024-ാമാണ്ടു് ജനിച്ചു. അദ്ദേഹത്തിന്റെ കാരണവന്മാരിൽ പലരും ടിപ്പുവിന്റെ പടവെട്ടുകാലത്തു് രാജ്യത്തിനും രാജാവിനും വേണ്ടി തങ്ങളുടെ ജീവനെ മാത്രമല്ല തറവാട്ടുസ്വത്തുക്കളേയും ബലി കഴിച്ചിരുന്നു. അതിനാൽ താനും രണ്ടു സഹോദരന്മാരും മാതാവും കഷ്ടിച്ചു നിത്യം കഴിഞ്ഞുകൂടിയെന്നേ പറയേണ്ടു. മാതാവിന്റേയും ജ്യേഷ്ഠസഹോദരന്റേയും ധൈര്യവും തന്റേടവും ഒന്നുകൊണ്ടുമാത്രമായിരുന്നു പട്ടിണി ഗൃഹദ്വാരത്തിനുള്ളിൽ പ്രവേശിക്കാതിരുന്നതു്. അഞ്ചാംവയസ്സിൽ ഒരാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിത്തം തുടങ്ങി. ഏലാനടിയും നുള്ളും കിഴുക്കും ചൂരൽപ്രയോഗവുമായിരുന്നു ആശാന്റെ ശിക്ഷണോപകരണങ്ങൾ. പള്ളിക്കൂടം വിട്ടാലും ആശാനാകുന്ന ബാധ പിൻതുടരുന്നോ എന്നു ഭയപ്പെടുകയാൽ ബാലനു് സ്വഗൃഹത്തിൽ ഇരിക്കാൻപോലും ധൈര്യമില്ലാതെ വന്നു. അതിനാൽ ഒരു ദിവസം വീടു വിട്ടു് ഓടിപ്പോവുകയും ഒരു ബന്ധു പിടിച്ചുകൊണ്ടുവന്നു മാതാവിനെ ഏല്പിക്കയും ചെയ്തു.

ഈ സംഭവത്തിനുശേഷം കുട്ടിയെ എന്തു ചെയ്യേണ്ടൂ എന്നായി ആലോചന. ഉപജീവനമാർഗ്ഗം കണ്ടുപിടിക്കുന്നതിനു് ഉതകുന്ന സാമാന്യവിദ്യഭ്യാസം മതിയെന്നു ചിലർ ഉപദേശിച്ചു. പഠിത്തത്തിൽ അതിതാല്പര്യവും പടുതയും പ്രകാശിപ്പിക്കുന്ന ഈ കുട്ടിയെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കുന്നതു് പാതകമാണെന്നു മറ്റു ചിലരും ഇങ്ങനെ ബന്ധുജനങ്ങൾ രണ്ടുപക്ഷക്കാരായി നിൽക്കവേ നരസിംഹൻപിള്ള എന്നൊരാൾ മറ്റൊരു തായ്വഴിയിലെ സഹോദരൻ ഇംഗ്ലീഷ് പഠിപ്പിക്കയാണു വേണ്ടതെന്നു ബലമായി അഭിപ്രായപ്പെട്ടു. ഈ നരസിംഹൻപിള്ള അന്നൊരു ക്ലാർക്കായിരുന്നെങ്കിലും ക്രമേണ സബ്രജിസ്ട്രാരായിത്തീർന്നു. മൂത്ത സഹോദരനായ കൊച്ചുകൃഷ്ണപിള്ള നരസിംഹൻപിള്ളയുടെ അഭിപ്രായത്തെ സ്വീകരിച്ചു. ആ യുവാവു് അന്നു് ഏതാനും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ അടുക്കൽനിന്നും ഉള്ള പഠിത്തം പൂർത്തിയാക്കീട്ടു് ആ ബാലൻ തിരുവനന്തപുരത്തെ ഏക ഇംഗ്ലീഷ് വിദ്യാലയമായിരുന്ന ഫ്രീസ്ക്കൂളിൽ ചേരാൻ ശ്രമിച്ചു. രണ്ടു പ്രാവശ്യം പ്രവേശനം ലഭിച്ചില്ല. മൂന്നാം പ്രാവശ്യം കുട്ടിയുടെ ഭാഗ്യം തെളിഞ്ഞു. അന്നു് ഹെഡ്മാസ്റ്റരായിരുന്നതു് ബൻസിലി സായ്പായിരുന്നു. ഓരോ ക്ലാസ്സിലും ഒന്നാമതായി പടിപടിയായി ഉയർന്ന ഗോവിന്ദപിള്ള തന്റെ അദ്ധ്യാപകനും പിന്നീടു് തിരുവിതാംകൂർ ദിവാൻജിയും ആയിത്തീർന്ന ശങ്കരസുബ്ബയ്യന്റെ ശുപാർശയനുസരിച്ചു് മഹാരാജാവിന്റെ വേതനവും കരസ്ഥമാക്കിക്കൊണ്ടു് പത്തൊൻപതാംവയസ്സിൽ മദ്രാസിലേയ്ക്കു പുറപ്പെട്ടു. ആ വേതനം പറ്റിക്കൊണ്ടുപോയിരുന്ന ചാലേ പപ്പുപിള്ള ബി. ഏ. പാസ്സായി കഴിഞ്ഞിരുന്നതു് ഗോവിന്ദപ്പിള്ളയുടെ ഭാഗ്യമായി. മി. പപ്പുപിള്ളയായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരി. 1041-ൽ മെട്രിക്കുലേഷനും, 1043-ൽ എഫ്. ഏ-യും, 1045-ൽ ബി. ഏ.-യും നമ്മുടെ യുവാവു് ഒന്നാം ക്ലാസ്സായിത്തന്നെ പാസ്സായി. അദ്ദേഹം പ്രസിഡൻസിയിൽ നാലാമനായിരുന്നു എന്നുള്ളതും സ്മരണീയമാണു്. മദ്രാസ്സിൽ വച്ചുണ്ടായ ഒരു സംഭവം ഗോവിന്ദപ്പിള്ളയുടെ ഉൽക്കർഷസോപാനത്തിലേക്കുള്ള വഴിതെളിച്ചു. അന്നു യുവരാജാവായിരുന്ന വിശാഖംതിരുനാൾ തമ്പുരാൻ മദ്രാസ് സന്ദർശിച്ചു. പ്രസിദ്ധ നിയമാഭിജ്ഞനും ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ഹാളോവേയുടെ അദ്ധ്യക്ഷതയിൽ സമ്മാനദാനയോഗം നടന്നു. മി: ഗോവിന്ദപ്പിളളയും സമ്മാനത്തിനു് അർഹനായിരുന്നു. അന്നു സഭയിൽ ഹാജരായിരുന്ന വിശാഖംതിരുനാൾ തമ്പുരാനോടു് സായ്പു് രഹസ്യമായി ഈ യുവാവിനെപ്പറ്റി പ്രശംസിച്ചു സംസാരിക്കയുണ്ടായി. 1058-ൽ ദിവാൻപേഷ്കാരായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം മഹാരാജാവു തിരുമനസ്സിൽനിന്നു തന്നെയാണു് ഈ വസ്തുത ഗ്രഹിക്കയുണ്ടായതു്.

21-ാം വയസ്സിൽ വിദ്യഭ്യാസം പൂർത്തിയാക്കീട്ടു് അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കാളേജിന്റെ അദ്ധ്യക്ഷനായിരുന്ന റാസ്സായ്പിന്റെ രണ്ടാം അസിസ്റ്റന്റു് എന്ന ഉദ്യോഗത്തിൽ പ്രവേശിച്ചു. നാലു കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തിനെ നാട്ടുഭാഷാ ഡയറക്ടരായി നിയമിക്കാൻ ഗവൺമെന്റു നിശ്ചയിച്ചപ്പോൾ റാസ്സായ്പു് ഇത്ര സമർത്ഥനായ ഒരസിസ്റ്റന്റിനെ വിട്ടുകൊടുക്കുന്നതു് കാളേജിന്റെ അഭ്യൂദയത്തിനു് ഹാനികരമാണെന്നു വാദിച്ചു. പിന്നീടു് ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ലബ്ഷാഡിയർ സായ്പു്, ഫിലാസഫി പ്രൊഫസറായിത്തീർന്ന സുന്ദരംപിള്ള, ചീഫ് സെക്രട്ടറിയായിത്തീർന്ന താണുപിള്ള, പ്രസ്സൂപ്രണ്ടായിത്തീർന്ന സി. വി. രാമൻപിള്ള, വിദ്യാഭ്യാസകാര്യദർശിയായിത്തീർന്ന അയ്യപ്പൻപിള്ള, ജഡ്ജിയായിത്തീർന്ന കുഞ്ഞുണ്ണിമേനോൻ, അല്പകാലം ദിവാൻജോലി നോക്കാൻ ഭാഗ്യമുണ്ടായ എസ്. പത്മനാഭയ്യർ ഇവരെല്ലാം ഗോവിന്ദപ്പിള്ളയുടെ ശിഷ്യന്മാരായിരുന്നു.

1049-ൽ അദ്ദേഹം നിയമപരീക്ഷയിൽ പാസ്സായി. പപ്പുപിള്ള തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരിയായിരുന്നെങ്കിൽ ആദ്യത്തെ ബി. എൽ. ബിരുദധാരി ഗോവിന്ദപ്പിള്ളയായിരുന്നു. ബി. എൽ. ഡിഗ്രി കരസ്ഥമാക്കീട്ടു് അദ്ദേഹം തിരുനൽവേലി, തലശ്ശേരി ഈ സ്ഥലങ്ങളെ സന്ദർശിച്ചു. അവിടത്തെ ജഡ്ജിമാർ അദ്ദേഹത്തിനു സന്നദു കൊടുക്കാമെന്നു പറഞ്ഞെങ്കിലും മഹാരാജാവിന്റെ ആജ്ഞാനുസാരം അദ്ദേഹം ഉടൻതന്നെ മുൻസിഫ് ഉദ്യോഗത്തിൽ പ്രവേശിച്ചു. ആറുമാസം നാഗർകോവിലിലെ അഡീഷണൽ മുൻസിഫായിരുന്ന ശേഷം അദ്ദേഹം ആലപ്പുഴ ഡിസ്ട്രിക്ട് കോർട്ടിലെ അഡീഷണൽ ജഡ്ജിയായും അവിടെനിന്നു ക്രമേണ ഉയർന്നുയർന്നു് 1057-ൽ പറവൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻജഡ്ജിയായും നിയമിക്കപ്പെട്ടു. അവിടെവച്ചു് വാതരോഗം ബാധിക്കയാൽ അദ്ദേഹത്തിനെ ദിവാൻ രാമയ്യങ്കാർ പത്മനാഭപുരം ദിവാൻപേഷ്കാരായി നിയമിച്ചു. 1058-ൽ ആ ഉദ്യോഗം സ്ഥിരപ്പെട്ടു. 1061 വരെ അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെ ഇരുന്നു. അന്നു് മൂലംതിരുനാൾ യുവരാജാവിന്റെ അദ്ധ്യാപകനായിരുന്ന രഘുനാഥരായർക്കു് ഒരുദ്യോഗം കൊടുക്കേണ്ടതായി വരികയാൽ ഗോവിന്ദപ്പിള്ളയ്ക്കു വീണ്ടും തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായി പോകേണ്ടിവന്നു. ഈ അനീതി അദ്ദേഹത്തിനെ കുണ്ഠിതപ്പെടുത്തിയെന്നു മാത്രമല്ല ഉദ്യോഗം രാജിവച്ചു് പ്രാക്ടീസു് തുടങ്ങുവാൻ പോലും അദ്ദേഹം ഉദ്ദേശിച്ചു. ദിവാൻപേഷ്കാർ ശങ്കുണ്ണിമേനോന്റെ രീതിയിൽ വേഷം മാറി നടന്നും മറ്റും കുറ്റക്കാരെ കണ്ടുപിടിക്കുക മുതലായ പല അത്ഭുതക്രിയകളും അക്കാലത്തു് അദ്ദേഹം നടത്തിയിരുന്നു. സത്യനിഷ്ഠയും ഗോവിന്ദപ്പിള്ളയും പര്യായശബ്ദങ്ങളെന്നാണു് ജനങ്ങൾ വിശ്വസിച്ചുപോന്നതു്. ഈ സത്യനിഷ്ഠ ജീവിതാവസാനംവരെ അദ്ദേഹം പരിപാലിച്ചുവന്നു എന്നുള്ളതും പ്രസിദ്ധമാണു്. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനോടാണു് ഗവണ്മെന്റ് അനീതി പ്രവർത്തിച്ചതെന്നുള്ള കാര്യം ആലോചിക്കുമ്പോഴാണു് അതിന്റെ കാഠിന്യം നാം മനസ്സിലാക്കുന്നതു്. വാസ്തവം പറകയാണെങ്കിൽ വിശാഖംതിരുനാൾ മഹാരാജാവു് ബ്രാഹ്മണപക്ഷപാതിയായിരുന്നു. അവിടുത്തെ കാലത്തുണ്ടായ രായർപ്രവാഹംകൊണ്ടുള്ള സങ്കടം പിന്നീടു് മൂലംതിരുനാൾ മഹാരാജാവിനാണു് അനുഭവിക്കേണ്ടിവന്നതു്. തിരുവിതാംകൂറിലെ സകല ജാതിമതസ്ഥന്മാരും ചേർന്നു് അവിടുത്തെ ഭരണദശ വലുതായ ഒരു പ്രക്ഷോഭണം നടത്തിയ കഥ പ്രസിദ്ധമാണല്ലോ.

ഈ അനീതിക്കു താമസിയാതെ പരിഹാരമുണ്ടാക്കാമെന്നു് തമ്പുരാൻ അരുളിച്ചെയ്കയാൽ ഗോവിന്ദപ്പിള്ള അവർകൾ ഉദ്യോഗം രാജിവച്ചില്ല. തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന കാലത്തു് ലാക്കാളേജിൽ ഡാ. ഓറംസ്ബിയുടെ ഒഴിവിൽ അദ്ദേഹം ലാ പ്രൊഫസരായി നിയമിക്കപ്പെട്ടു. സംസ്കൃതത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഹിന്ദുലാപ്രസംഗങ്ങൾ അത്യന്തം വിജ്ഞാനപ്രദങ്ങളായിരുന്നു. സ്മൃതികളെല്ലാം അദ്ദേഹത്തിനു മുഖസ്ഥമായിരുന്നു എന്നാണു് അറിവു്. പിന്നീടു് ചീഫ്ജസ്റ്റീസ് ഉദ്യോഗം വഹിച്ച വീരരാഘവ അയ്യങ്കാരും ഹെഡ്സർക്കാർ വക്കീലായിത്തീർന്ന വി. സുബ്ബയ്യരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. അല്പകാലത്തേക്കു മാത്രമേ അദ്ദേഹം ഈ ഉദ്യോഗം വഹിക്കുകയുണ്ടായുള്ളു. വീണ്ടും പത്മനാഭപുരം ഡിവിഷൻപേഷ്കാരായി നിയമിക്കപ്പെട്ടു. കുറേക്കാലം കഴിഞ്ഞു് കൊല്ലം ദിവാൻ പേഷ്കാരായി സ്ഥലംമാറ്റപ്പെട്ടു. ഈ ഉദ്യോഗത്തിൽ ഇരുന്ന കാലത്തു് അദ്ദേഹം ദുഷ്ടന്മാർക്കും അക്രമികൾക്കും കാലനെപ്പോലെ ഭീകരനായിരുന്നുവത്രെ. അന്നത്തെ ദിവാൻപേഷ്കാർ ഒരുമാതിരി കുട്ടിദിവാൻതന്നെ ആയിരുന്നു. എക്സയിസ്, ദേവസ്വം എന്നുവേണ്ട സകല വകുപ്പുകളും ദിവാൻപേഷ്കാരുടെ കീഴിലാണല്ലോ ഇരുന്നിരുന്നതു്. കൈക്കൂലി, അഴിമതി, അക്രമം ഇവയെ അമർച്ചചെയ്യുന്നതിനു് അദ്ദേഹം തന്റെ സർവ്വശക്തികളും പ്രയോഗിച്ചുകൊണ്ടിരുന്നു. താലൂക്കുതോറും സഞ്ചരിച്ചു് ജനങ്ങളുമായി പരിചയപ്പെട്ടു് അവരുടെ ആവശ്യങ്ങൾ നേരിട്ടറിയുക, കീഴുദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള പരാതികൾ കേൾക്കുക ഇങ്ങനെയുള്ള കാര്യശതങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു. ചിലപ്പോൾ കാൽനടയായും ചിലപ്പോൾ ചവിട്ടുവണ്ടിയിലും ചിലപ്പോൾ വണ്ടിയിലും എന്നുവേണ്ട ഏതു യാനപാത്രം കിട്ടുന്നുവോ അതിൽ കയറി അദ്ദേഹം സഞ്ചരിച്ചുവന്നു. രാത്രികാലത്തു് വേഷപ്രച്ഛന്നത്വവും കൈക്കൊള്ളാറുണ്ടായിരുന്നു.

1071-ൽ ഹൈക്കോടതിയിലെ പ്യൂണിജഡ്ജിയായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം വേറൊരു മനുഷ്യനായിട്ടാണു കാണപ്പെട്ടതു്. നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ആശാഭംഗങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ ആഡംബരവും പ്രൗഢിയും എല്ലാം അസ്തമിച്ചിരുന്നു. ന്യായമായി ലഭിക്കേണ്ട കയറ്റങ്ങൾ തുടരെ ലഭിക്കാതെ വന്നാൽ ആരാണു് നിരാശപ്പെടാത്തതു്? ഈ നിരാശ അദ്ദേഹത്തിന്റെ നീതിനിഷ്ഠയേയും സത്യവ്രതത്തേയും മാത്രം ബാധിച്ചില്ല. 1084-വരെ അദ്ദേഹം ഹൈക്കോടതി പ്യൂണിജഡ്ജിയായി ഉദ്യോഗം വഹിച്ചു. അനന്തരം പെൻഷ്യൻ പറ്റിയിട്ടു പൊതുകാര്യ പ്രസക്തനായും സാമുദായികമായും സാഹിത്യപരമായുമുള്ള വ്യവസായങ്ങളിൽ ഏർപ്പെട്ടും ജീവിതം നയിച്ചു.

സാമുദായികമായും സാമ്പത്തികമായുമുള്ള അധഃപതനത്തിൽ നിന്നു നായന്മാരെ സമുദ്ധരിക്കുന്നതിനു വേണ്ടി സി. കൃഷ്ണപിള്ള പ്രയത്നിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതു്. ആ ആന്ദോളത്തിൽ ഗോവിന്ദപിള്ളയും മനഃപൂർവ്വം പ്രവേശിച്ചു. നായന്മാരുടെ നിയമങ്ങളെ പരിശോധിച്ചു് അവയെ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചെയ്യാനായി നിയമിക്കപ്പെട്ട കമ്മറ്റിയിൽ പ്രസിഡന്റായി നിയമിക്കപ്പെട്ടതു് അദ്ദേഹമായിരുന്നു. പ്രസ്തുത കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ചാണു് 1088-ലെ നായർ റഗുലേഷൻനടപ്പാക്കപ്പെട്ടതു്. അന്നത്തെ ദിവാൻജിയായിരുന്ന സ. പി. രാജഗോപാലാചാരി ഗോവിന്ദപ്പിള്ളയുടെ ഏതദ്വിഷയകമായ പ്രയത്നങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ടു്.

ഈ നിയമം നായന്മാരെ തൃപ്തിപ്പെടുത്തിയില്ല. അവർ വീണ്ടും പ്രക്ഷോഭണമാരംഭിച്ചു. അതിലും അദ്ദേഹം പങ്കുകൊള്ളുകയും തൽഫലമായി 1100-ലെ നായർ റഗുലേഷൻ നടപ്പിൽ വരികയും ചെയ്തു. സാഹിത്യപരമായി അദ്ദേഹം ചെയ്തിട്ടുള്ള ബഹുമുഖമായ പ്രയത്നങ്ങളെ അന്നുള്ളവർ വേണ്ട പോലെ ആദരിച്ചിരുന്നോ എന്നു സംശയമാണു്. അദ്ദേഹത്തിനു് ഇംഗ്ലീഷ്, സംസ്കൃതം, തമിഴു്, മലയാളം ഈ ഭാഷകളിലെല്ലാം വിപുലമായ പാണ്ഡിത്യമുണ്ടായിരുന്നു. ഒടുവിൽ ഗീതാഞ്ജലി തർജ്ജമ ചെയ്യാൻവേണ്ടി ബംഗാളിപോലും പഠിച്ചു. സംസ്കൃതത്തിൽ ഭംഗിയായി പ്രസംഗിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ജാൺസൻ എന്നൊരു സായ്പു് ഒരിക്കൽ ഭഗവദ്ഗീതയെ അധിക്ഷേപിച്ചു് സംസ്കൃതത്തിൽ നടത്തിയ പ്രസംഗത്തിനു് സംസ്കൃതത്തിൽത്തന്നെ മറുപടി പറഞ്ഞു് അദ്ദേഹം സായ്പിനെ കൊമ്പു കുത്തിക്കയുണ്ടായി. തമിഴിൽനിന്നും തിരുക്കുറളും, ഇംഗ്ലീഷിൽ നിന്നു വെനീസിലെ വ്യാപാരി, മാക്ബത്തു്, ഹാംലറ്റു്, കിംഗ് ലീയർ ഒഥല്ലോ മുതലായ നാടകങ്ങളും, എഡ്വേർഡ് സ്മൈലിന്റെ Character (����) ഇവയും 12-ൽ പരം ഖണ്ഡകാവ്യങ്ങളും ബംഗാളിയിൽനിന്നു ഗീതാഞ്ജലിയും, സംസ്കൃതത്തിൽനിന്നു ഭഗവദ്ഗീത, ദായഭാഗം (സ്മൃതി), സനൽസുജാതീയം, അണുഗീത, ബ്രഹ്മഗീത, അഭിജ്ഞാനശാകുന്തളം ഇവയും തർജ്ജമ ചെയ്തിട്ടുള്ളതിനു പുറമേ മരുമക്കത്തായസംഗ്രഹം (പദ്യം), മാധവീനാടകം എന്ന സ്വതന്ത്ര കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവയ്ക്കു പുറമേ പാൾ ഡ്യൂസന്റെ ഒരു അദ്വൈതഗ്രന്ഥത്തിന്റെ പദ്യരൂപമായ സംസ്കൃതവിവർത്തനവും അദ്ദേഹം എഴുതി അച്ചടിപ്പിച്ചു. ആ സംസ്കൃതവിവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാന്റേയും ഡാക്ടർ പാൾ ഡ്യൂസൺ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരുടേയും പ്രശംസയ്ക്കു പാത്രീഭവിച്ചു.

അദ്ദേഹത്തിന്റെ കൃതികൾ പൊതുജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കാതിരിക്കുന്നതിനു് പലേ കാരണങ്ങളുണ്ടു്. ഒന്നാമതായി അദ്ദേഹം പ്രചരിപ്പിക്കാൻ ശ്രമിച്ച ആശയങ്ങൾ നാട്ടുകാർക്കു വിദേശീയങ്ങളായി തോന്നി. രണ്ടാമതായി ശബ്ദത്തിനെക്കാൾ അർത്ഥത്തിനു പ്രാധാന്യം നല്കുന്നതും, അഗാധമായ ചിന്തയെ പരിമിതമായ വാക്കുകളെക്കൊണ്ടു പ്രകാശിപ്പിക്കുന്നതിനു് ഉദ്യമിക്കുന്നതുമായ വാക്യരചനാരീതി ശബ്ദകോലാഹലത്തിൽ ഭ്രമിച്ചിരുന്ന അന്നത്തെ ജനങ്ങൾക്കു രുചിച്ചില്ല. മൂന്നാമതായി ഇംഗ്ലീഷ് നാടകതർജ്ജമകൾക്കു് ഇംഗ്ലീഷിലെ ബാംക്വേൾസിന്റെ രീതിയാണു് അദ്ദേഹം അവലംബിച്ചതു്. അതും മലയാളികൾക്കു തീരെ രുചിക്കാത്ത ഒരു മാറ്റമായിരുന്നു. നാലാമതായി അദ്ദേഹം വിദേശഭാഷകളിൽനിന്നു നിരവധി പദങ്ങൾ കടം വാങ്ങി യാതൊരു കൂസലും കൂടാതെ പ്രയോഗിച്ചു. എന്തൊക്കെയായിരുന്നാലും വംഗഭാഷ ഇന്നെത്തിയിരിക്കുന്ന നിലയിൽ മലയാളഭാഷയും എത്തണമെന്നുണ്ടെങ്കിൽ ധീരന്മാരായ കവികൾ ഗോവിന്ദപ്പിള്ള അവർകൾ നിർദ്ദേശിച്ച വഴിയേ ബഹുദൂരം സഞ്ചരിച്ചേ മതിയാവൂ എന്നാണെന്റെ അഭിപ്രായം.

സാഹിത്യവ്യവസായങ്ങളുടേയും പൊതുജനങ്ങളുടേയും ഭാഷാഭിവൃദ്ധിക്കുവേണ്ടി ഈ മഹാനുഭാവൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഏതു പൊതുയോഗത്തിലും അദ്ദേഹത്തിനെ കാണാമായിരുന്നു. ഇടുങ്ങിയ ദേശീയമനഃസ്ഥിതിയോ വർഗ്ഗീയമനോഭാവമോ ഇല്ലാതിരുന്നതുകൊണ്ടു് എല്ലാ ജാതിക്കാരും മതക്കാരും അദ്ദേഹത്തിനെ പ്രസംഗത്തിനായി ക്ഷണിച്ചുവന്നു. അതിനാൽ വൈ. ഏം. സി. ഏ-യിൽ ക്രൈസ്തവധർമ്മത്തെപ്പറ്റിയും, ഹിന്ദുമതക്കാരുടെ യോഗങ്ങളിൽ സനാതനധർമ്മത്തേയും, ശൈവപ്രകാശസഭയിൽ തിരുക്കുറളിനേയും, മഹമ്മദീയയോഗങ്ങളിൽ ഇസ്ലാംധർമ്മത്തേയുംപറ്റി വിശാലമനോഭാവത്തോടുകൂടി അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിഞ്ഞു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയവും സാമുദായികവും ധർമ്മപരവും ആയ എല്ലാ കാര്യങ്ങളിലും പുരോഗമനമായിരുന്നു അദ്ദേഹത്തിന്റെ ആദർശം. യാതൊരു സ്വഭാവവൈകല്യവും കൂടാതെ വിശുദ്ധമായ ജീവിതം നയിച്ച ഒരാൾ തിരുവനന്തപുരത്തെന്നല്ല തിരുവിതാംകൂറിൽ അന്നുണ്ടായിരുന്നെങ്കിൽ അതു് ജസ്റ്റീസു് ഗോവിന്ദപ്പിള്ളയായിരുന്നു. അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി സ്വഗൃഹത്തിനുസമീപം ഒരു നിശാപാഠശാല വച്ചു് അതിൽ പുലയർക്കായി അദ്ദേഹം ഗീതാതത്വങ്ങൾ ഉപദേശിച്ചുവന്നതും സ്മരണീയമാകുന്നു.

1069-ൽ എഫ്. എം. യൂ. സ്ഥാനവും 1086-ൽ ദിവാൻ ബഹദൂർ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചു. 1100-ൽ പരിപൂർണ്ണഭാഗ്യത്തോടുകൂടി ഇരിക്കവേ തന്നെ അദ്ദേഹം അനായാസേന മരണം പ്രാപിച്ചതിന്റെ രഹസ്യം അറിയണമെന്നുള്ളവർ അദ്ദേഹത്തതിന്റെ ജീവിതരീതിയെ അന്വേഷിച്ചറിയണം. അദ്ദേഹം ശാരീരികമായും മാനസികമായും ആത്മീയമായും പരിശുദ്ധിയുള്ള ഒരു മഹാപുരുഷനായിരുന്നു. ശാലീനവും അനാഡംബര യുക്തവുമായ ജീവിതം, തുറന്ന ഹൃദയം, ആത്മാർത്ഥതയും ആർജ്ജവവും നിറഞ്ഞ പെരുമാറ്റം, അത്ഭുതാവഹമായ വിപദിധൈര്യം, സുഖം വാ ദുഃഖം വാ, ഏതൊരവസ്ഥയിലും അക്ഷോഭ്യമായ മനഃസ്ഥിതി, വെസ്റ്റ് എൻഡു് ഘടികാരത്തപ്പോലും ജയിക്കുന്ന സമയനിഷ്ഠ, അചഞ്ചലമായ സദാചാരബോധം, സർവ്വോപരി ദൃഢമായ ഈശ്വരഭക്തി ഇവയായിരുന്നു അദ്ദേഹത്തിന്റെ ജീവതവിജയത്തിനുള്ള ഹേതുക്കൾ. അദ്ദേഹത്തിന്റെ കൃതികളിൽനിന്നും ചില മാതൃകകൾ ഉദ്ധരിക്കാം.

തിരുക്കുറൾ
മൂലം— വാനിൻറുലകം വഴങ്കിവരുതലാ-
ററാനമിഴ്തമെൻറുണരർപാററു.
തർജ്ജിമ— തെററാതുലകിനെത്താങ്ങും
മഴപാർത്താൽ സുധോപമം.
മൂലം— തുപ്പാക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു-
ത്തുപ്പായതുഉമഴൈ.
തർജ്ജിമ— അതൂണാകന്നുണ്ണുവോർക്കു
നല്ലൂണുണ്ടാക്കിടുന്നതു്.
മൂലം— വിണ്ണിൻറുപോയ്പ്പിൻ വിരിനിർവിയനുലക-
ത്തുണ്ണിൻറുടററുംപശി.
തർജ്ജിമ— മഴവിട്ടാലാഴിചൂഴും
ക്ഷത്താൽ ലോകം വലഞ്ഞുപോം.
മൂലം— ഏരിനുഴാ അരുഴ്‌വർപൂയലെന്നും
വാരിവളങ്കൻറിക്കാലു്.
തർജ്ജിമ— വർഷർത്ഥലോപമുഴവ-
ർക്കുഴവില്ലാതെയാക്കിട്ടം.

ഈ മാതിരി തർജ്ജമയ്ക്കു പറയത്തക്ക യാതൊരു ദൂഷ്യവും ഞാൻ കാണുന്നില്ല.

ഭഗവത്ഗീത–സന്യാസം കർമ്മണാം കൃഷ്ണ പുനർയോഗംച ശംസസി
യഛ്ശ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം.
തർജ്ജമ–മുന്നം സന്യാസമിങ്ങോതി പിന്നീടക്കർമ്മയോഗവും
ചൊന്നുരണ്ടിലുറപ്പായിദ്ധന്യമേതെന്നു ചൊല്ലുക

ശ്രീഭഗവാനുവാച:
മൂലം— സന്യാസഃ കർമ്മയോഗശ്ച നിഃശ്രേയസകരാവുഭൗ
തയോസ്തു കർമ്മസന്യാസാൽ കർമ്മയോഗേം വിശിഷ്യതേ
ജ്ഞേയഃ സനിത്യസന്യാസി യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർദ്വന്ദ്വോഹി മഹാബാഹോ സുഖം ബന്ധാൽപ്രമുച്യതേ
സാംഖ്യയോഗോ പൃഥഗ്ബാലാഃ പ്രവദന്തിനപണ്ഡിതാ
ഏകമപ്യംസ്ഥിതഃസമ്യുഗുഭയോർവിന്ദതേ ഫലം.
ശ്രീഭഗവാൻ പറയുന്നു:
തർജ്ജമ— കർമ്മം സന്യാസമീരണ്ടും ചെമ്മേ ശ്രേയസ്ക്കരങ്ങളാം
കർമ്മം സന്യാസമീരണ്ടിൽ കർമ്മംതന്നെ വിശിഷ്ടമാം
രാഗദ്വേഷങ്ങളെപ്പോക്കും യോഗിസന്യാസി സർവദാ
പോകിൽദ്വന്ദ്വമെളുപ്പത്തിൽ പോക്കു ബന്ധങ്ങളൊക്കയും
പണ്ഡിതർ യോഗസാംഖ്യങ്ങൾ രണ്ടായ് ചൊല്ലാം യഥാക്രമം
രണ്ടിലേതാചരിച്ചാലുമുണ്ടാം രണ്ടിന്റെയും ഫലം.
ലീയർനാടകം:
മൂലം— Enter Edmund with a letter.
Edm–Thou, nature, art my goddess, to thy law.
My services are bound. Wherefore shoulded.
Stand in the plague of Custom and permit.
The curiosity of nations, to deprive me.
For that I am some twelve or fourteen moonshine.
Lag of a brother? Why bastard? Wherefore base?
When my dimensions are as well compact.
My mind as generous, and my shape as true.
As honest madam’s issue? Why brand they us?
With base? with baseness? bastardy? base base?
well, then,
Legitimate Edgar, I must have your land.
Our father’s love is to the bastard Edmund.
As to legitimate; fine word–legitimate.
Well, my legitimate if this letter speed.
And my invevtion thrive, Edmund the base,
Shall top the legitimate. I grow, I prosper,
Now, god, stand up for bastards,

തർജ്ജമ—(ഒരെഴുത്തോടുകൂടി എഡ്മണ്ട് പ്രവേശിക്കുന്നു)

എഡ്— തുടർന്നുനിൻനീതികളാചരിച്ചു
നടന്നിടുന്നേൻ പ്രകൃതീശ്വരീ! ഞാൻ
കടുത്തൊരന്യായനടുപ്പി, ലിത്ഥ-
മടങ്ങി ഞാൻ നിൽക്കുവതെന്തിനാണു്?
എൻ ജ്യേഷ്ഠനേക്കാളൊരുവർഷമീഞാ-
നിളപ്പമാണെങ്കിലുമിന്നുലോക-
ക്കടുംകറാലെന്നവകാശവാദം
തടുപ്പതൊട്ടും സഹിയാവതാണോ?
പതിവ്രതാ പുത്രനുതുല്യമായി-
പ്പിതാവിനൊപ്പം ദൃഢപുഷ്ടഗാത്രൻ
ഉദാരഹൃത്താകൃതിമാനുമാം ഞാൻ
നികൃഷ്ടനോ? ധർമ്മജനല്ലയോ ഞാൻ?
ഉറക്കമൊട്ടൊട്ടൊരുണർച്ച-രണ്ടി–
ന്നിടയ്ക്കുശീലാലരസംതളർന്നും
പടുത്വമില്ലാത്തതുമായസംഗേ
ജനിച്ചിടും, ഉള്ളുപെരുത്തിടുന്ന
ശിശുക്കളേക്കാൾ, ബലമേറീടുന്ന
സ്വഭാവഗൂഢക്രിയയാൽ, പിതാവി-
ന്നകക്കുരുന്നാകൃതിയെന്നിവറ്റെ
ഗ്രഹിച്ചുനിൽക്കുന്നവരായിടുന്ന
നമുക്കു ഹീനത്വമധർമ്മജത്വം
വിധിക്കുമാറായതു ചേർച്ചയാണോ?
എനിക്കുനിൻഭൂമിതരേണമിന്നി-
സ്ഥിതിക്കെന്നോ ധർമ്മതനൂജനെഡ്ഗാർ!
പിതുഃ കൃപാവിത്തമെനിക്കുമിന്നീ-
മുറയ്ക്കുനിൽക്കും സുതനും, സരംതാൻ,
നിനയ്ക്കിലോ ധർമ്മജനെന്ന വാക്യ-
മതിക്രമം! ധർമ്മസുതൻ മദീയം
മതിക്കരുത്തിനു ചമച്ഛ കത്തു
ഫലിക്കിലോ ധർമ്മസുതന്റെ മുമ്പിൽ
കടക്കുമീനിന്ദിതനായൊരെഡ്മണ്ടു്.
ജയിക്ക ഞാൻ തേറുക ഞാനധർമ്മ-
സുതർക്കുരക്ഷാംകുത ദേവരാശേ!

ആംഗലനാമങ്ങൾക്കു ഭാരതീയമായ പേരുകൾ കൊടുത്തു സ്വതന്ത്രമായി ചെയ്യുന്ന തർജ്ജമകൾ മാത്രമേ ഇക്കാലത്തുള്ളവർക്കുപോലും രസിക്കാറുള്ളു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ അവരുടെ ചിന്തയിൽ പെടുന്നതേയില്ല. ആംഗ്ലേയരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും മറ്റും നമ്മുടേതിൽ നിന്നു് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു! ഷേക്സ്പിയർ നാടകങ്ങളിൽ അന്നത്തെ ആംഗലാചാരങ്ങൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നു. എഡ്മണ്ടിനെ ‘എടമണ്ടനും’ എഡ്ഗാറിനെ ‘ഉദ്ഗാരകനും’ ആക്കിയാൽ ആ പാത്രങ്ങൾ മലയാളികളുമായിരിക്കയില്ല, ആംഗ്ലേയരുമായിരിക്കയില്ല. കാലസ്ഥിതി ഒന്നുകൊണ്ടു മാത്രമാണു് ഗോവിന്ദപ്പിള്ളഅവർകളുടെ തർജ്ജമകൾക്കു് പ്രചാരം സിദ്ധിക്കാതെ വന്നതു്. ഷേക്സ്പീയർനാടകങ്ങൾ വായിച്ചു് അവയുടെ രസികത്വം ഒരുവിധമെങ്കിലും ഗ്രഹിക്കുന്നതിനു സിദ്ധിച്ച നല്ല അവസരത്തെ മലയാളികൾ പാഴാക്കിക്കളഞ്ഞു.

ലാങ്ഫെല്ലോവിന്റെ ജീവിതധർമ്മം
വയർനടന്നവഴിപാർക്കിലിഹത്രവാഴ്ച
ഗംഭീരമാക്കി വയമീ പൃഥിവീതലത്തിൽ
കാലംചൊരിഞ്ഞമണലിൽ ചുവടിൻതടങ്ങൾ
ചാലപ്പതിച്ചു നടകൊൾവതു സാദ്ധ്യമത്രേ!
സത്യത്തിലങ്ങുദിതമാം സുഖമച്ഛ സൗഖ്യം
മർത്ത്യർക്കു വച്ച ഗതിയും വിധിയും നിനച്ചാൽ
അന്നന്നവർക്കു പടിയൊന്നുയരും പ്രകാര-
മെന്നുംപ്രവൃത്തിതുടരുന്നതുതന്നെ രണ്ടും.
പാരായൊരീവിപുലജീവരണാങ്കണത്തിൽ
പോരിന്നുജാഗരണരായ് നിവസിപ്പതിങ്കൽ
തല്ലേറ്റു മൗനമുഴലാതെ പശുക്കളെപ്പോൽ
വെല്ലാനെതിർത്തുപൊരുതീടുക വീര്യവാനായ്.

സാമുവൽ ഡാനിയലിന്റെ ഒരു ഖണ്ഡകൃതിയുടെ തർജ്ജമയിൽനിന്നു്:
ബലപതിയുടെശൗര്യം പോർക്കളംതാൻകഥിക്കും
തരുചരകുശലത്വം ദൃശ്യമാമുഗ്രവാതെ
സ്വഭവിതഗുണമോരോ മാനുഷങ്കൽ മഹത്താം
വിപദിവിശദമായ് നാം കണ്ടുകൊള്ളാമനന്യം.

ഡീമയ്ക്കേയുടെ ഒരു ഖണ്ഡകൃതി
മഹൽകൃതം രൂപിതമാക്കി മാനസം
പൊഴിക്കിലും ചോര, തദർത്ഥസംഗരേ
കരുത്തിയറ്റീടുകിലന്തമോളവും
തടസ്സമോരോന്നു ബലത്തുനിൽക്കിലും
നിനക്കു നൂനം ജയകാലമുത്ഥമാ-
മിളയ്ക്കിലോ, സത്യമനസ്ത, നിൻശ്രമം
നിനക്കു സമ്മാനമശങ്കമാപ്തമാ-
മൊടുക്കമുദ്ദിഷ്ടഫലം കരസ്ഥമാം.

ജെ പി. ലവ്വൽ
നൊന്തെത്ര കാമുകരുഴുന്നുയിരെണ്ണയേറെ-
ഗ്ഗ്രന്ഥങ്ങളിൽ ചെലവഴിച്ചു ഋതോത്തമയ്ക്കായ്
തന്മോചിതം വസനമാത്രമതിശ്രമത്തിൽ
സമ്മാനമായഥ ലഭിച്ചു സുതൃപ്തരായാർ!
സശ്രദ്ധമാർത്തവളെച്ചിലർനാട്ടി, ദീർഘം
സശ്വാസബദ്ധകരമന്യരുപാസചെയ്താർ-
എന്നാലൊടുക്കമുദിതം വരമാനുഷൗഘം
തന്നേ തദർത്ഥമമർ ചെയ്തതിനോടുകൂടി
നന്നായപായകരമാം പണിചെയ്തവൾക്കായ്
പിന്നെത്തദീയമഹദൈശ്വരപൂർണ്ണരൂപം
മിന്നീടുമാഞ്ഞൊരതിമോദമൊടാസ്വദിച്ചി-
ജ്ജന്മംത്യജിച്ചതനുരാഗവിവൃദ്ധിയാലേ.

വോട്ടൻ
പരേച്ഛാധീനനാകാതെ നെറിയാം കൗശലത്തൊടും
സന്മനോവർമ്മധൃക്കാവോൻ ധന്യജാതൻ സുശിക്ഷിതൻ
രഹഃസ്തുതിജനഖ്യാതിസ്പൃഹയാലനിബദ്ധമായ്
രാഗജിത്താം തദാത്മാ സ്വത്യാഗേ സന്നദ്ധമാംസദാ
ഭൃംശഭീത്യുദ്ഗതീച്ഛാർത്ഥം കെഞ്ചിപ്പണികയില്ലവൻ
ഭൂമിയില്ലാ സ്വരാട്സർവസ്വാമിയായ് നിസ്വനാമവൻ.

ഭർത്തൃഹരി തർജ്ജമ
തപ്തായസ്സിലൊഴിക്കിലപ്പതിനെഴും പേർപോലുമജ്ഞാതമാം
മുക്താകാരമണിഞ്ഞുപുഷ്കരദളേ ശോഭിപ്പതാമജ്ജലം
മുത്തും, ചോതിയിലംബുധൗകഴിയുകിൽ ചിപ്പിക്കകം, പ്രയേശോ-
മത്ത്യർക്കുത്തമമധ്യമാധമഗുണാവേശം സ്വ സംസർഗ്ഗജം.
നന്ദിച്ചിടട്ടെ നയബോധി, പഴിച്ചിടട്ടെ
വന്നാർന്നിടട്ടെ ധനദേവി ഗമിച്ചിടട്ടെ
ഇന്നോ വരട്ടെ മൃതി, വേദയുഗത്തിലോവാൻ
തന്ന്യായമായ നിലവിട്ടിളകില്ല ധീരൻ

മാധവീനാടകം:
ഏതോ പ്രേമസ്വരൂപം മനുജയുടെതനൗ ചേർത്തുയർത്തുന്നുനമ്മേ
മാത്രാകാരങ്ങളാകെബ്ഭുവി വിവിധമഹാത്മാക്കളെപ്പെറ്റതേതോ
ഏതോ സീതാദിയായ് തീർന്നതുലഗുണയുതംഭർത്തൃശുശ്രൂഷണംചെ-
യ്താത്തേജസ്സുജ്ജ്വലിച്ചുൾത്തളിരുകളിലിവർക്കേകണം നിത്യസൗഖ്യം
ഗാർഹസ്ഥ്യത്തിനുശേഷിയും ബഹുവിധജ്ഞാനാർജ്ജനേ ശക്തിയും
കാര്യാഗ്രാഹിതയും പരർക്കു വിവിധം സാഹായകം ചെയ്യുവാൻ
കൂറേറും ഹൃദയത്തൊടാളുമളവളെക്കാമർത്ഥഭോഗത്തിനും
പേറിന്നും കൃതയന്ത്രമാത്രമറിവുള്ളോരെണ്ണുകില്ലാ ദൃഢം,

സ്ത്രീമാഹാത്മ്യത്തെ ഉദാഹരിക്കുന്ന ഒരു നാടകമാണു് മാധവീമാധവം.

ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ

അദ്ദേഹം 1028-ാമാണ്ടു മിഥുനമാസം ഉത്തൃട്ടാതി നക്ഷത്രത്തിൽ അംബികാദേവിത്തമ്പുരാട്ടിയുടേയും അരൂർ മാധവഭട്ടതിരിയുടേയും പുത്രനായി ജനിച്ചു. പപ്പുപിള്ള ആശാന്റെയും തിരുവല്ലാ ചേകോട്ടു കൊച്ചുപിള്ള ആശാന്റേയും അടുക്കൽ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു് അദ്ദേഹം എണ്ണയ്ക്കാട്ടു കേരളവർമ്മത്തമ്പുരാന്റെ അടുക്കൽനിന്നു് അലങ്കാരം, തർക്കം, വ്യാകരണം, വേദാന്തം മുതലായവയും, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും അഭ്യസിച്ചു. കുചേലവൃത്തം, മണിപ്രവാളം, അന്യാപദേശമാല, രസനിരൂപണം, മീനകേതനചരിത്രം, ചമ്പു മുതലായി പലേ സരസകൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം 1091-ൽ മരണം പ്രാപിച്ചു.

108 പദ്യങ്ങളേ ഉള്ളുവെങ്കിലും, കുചേലവൃത്തം ഭാഷാസാഹിത്യത്തിലെ ഒരു അമൂല്യനിധിയാണെന്നു നിസ്സംശയം പറയാം. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം:

“ചൊല്ലാർന്നുള്ളർത്ഥജാലം പൊഴിയണമതുതന്നല്ല കേൾക്കുന്നനേര-
ത്തുല്ലാസം മാനസത്തിൽ സഹൃദയജനതയിക്കേറെയുണ്ടായ്വരേണം
നല്ലോണം ചേർന്നുവന്നീടണമിഹവഴിപോലുള്ളസന്ദർഭവുംതൃ-
ക്കൊല്ലൂരദ്രൗവസിക്കും ഭഗവതി, യതിനായ് നിൻപദം കുമ്പിടുന്നേൻ.
നീലക്കാർക്കൂന്തൽകെട്ടിത്തിരുകിയതിൽമയിൽപീലിയും ഫാലമേശേ
ചാലേതൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാർത്തടത്തിൽ
തോളിൽചേർത്തുള്ളൊരോടക്കുഴലുമണികരേ കാലിമേയ്ക്കുന്നകോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്റെസത്തേ നമസ്തേ.”

കുചേലപത്നിയുടെ പ്രാർത്ഥന
“നിത്യം നൽസച്ചിദേകസ്വരസനവസുധാ തൃപ്തികോലും ഭവാനി-
ക്ഷുത്തിന്നാസ്ഥാനമാകുന്നിവളുടെ
വിവശത്വത്തെയോർക്കാത്തേമതമന്ത?
നിൽക്കട്ടക്കാര്യമിക്കുട്ടികളയിസഹിയാതുള്ള പൈദാഹമുൾക്കൊ-
ണ്ടാർത്തന്മാരായ് മുടങ്ങാതുഴറിമുറവിളിക്കുന്നതും കേൾപ്പതില്ലേ?
ഇല്ലിത്തെനിക്കുടുതുണിക്കിണയെന്നുമല്ലീ-
യെല്ലാമറിഞ്ഞുമറിയാതിനിയേറെയില്ലാ
കല്യാണമൂർത്തി കമലാമണവാളനല്ലാ-
തില്ലാരുമിക്കഠിനദുഃഖമകറ്റിവെയ്പാൻ.
രണ്ടാളും നിങ്ങൾപണ്ടഗ് ഗുരുഗ്യഹമതിൽനിന്നിട്ടുവേർപെട്ടതിൽപി-
ന്നുണ്ടോകണ്ടിട്ടു രണ്ടാമതുകരിമുകിൽനേർവർണ്ണനാം തമ്പുരാനേ
ഉണ്ടാകില്ലൊന്നുമാർക്കും പ്രിയതമ വേറുതേ കണ്ടു മിണ്ടാതിരുന്നാൽ
കണ്ടാലും യത്നമല്ലോ വിധിയുടെ വഴിയേതെന്നു കാട്ടിത്തരുന്നു.

കുചേലന്റെ ഭക്തിപാരവശ്യം
ഉത്തുംഗശ്രീവിളങ്ങും പരപുരുഷപുരീഗോപുരം കണ്ടനേര-
ത്തത്യാനന്ദമൃതാബ്ധിത്തിരകളുടടിയേറ്റാടിയാടിക്കുഴഞ്ഞും
ആർത്തും വീർത്തും ചിരിച്ചും ധരണിസുരവരൻതന്നെയുംതാൻമറന്നും
മത്തോന്മത്തപ്രമത്തക്രമവുമനുഭവിച്ചെത്തിപിന്നെപ്പുറത്തിൽ.
ഊഴിദേവവരനേവമങ്ങതുലചിത്രഭക്തിമയമായിടു-
ന്നാഴമറ്റകടൽതന്നിൽ നീർക്കുഴികുളിച്ചുനീന്തിയഥമുങ്ങിയും
ആഴിവർണ്ണനെഴുനെള്ളിവാഴുമതിതുംഗമായമണിമേടതൻ-
താഴെനല്ലഴകിയന്നരത്നരഥവീഥിമധ്യമതിചേർത്തിനാൻ.

ശ്രീകൃഷ്ണന്റെ സ്വീകരണം
ചിക്കന്നങ്ങുപരിഭ്രമിച്ചു മണിമഞ്ചത്തീന്നെഴുന്നേറ്റു പി-
ന്നക്കണ്ണൻതിരുമേനി സഞ്ചിതദയാദാക്ഷിണ്യചിത്രത്തൊടും
അക്കാലത്തിലടുക്കലുള്ള പരിവാരത്തോടുമൊന്നിച്ചുതൻ-
സൽക്കാരത്തിനു കൗതുകാൽ
തെരുതെരെത്താഴേക്കെഴുന്നള്ളിനാൻ.
ചേരും ഭക്തികലർന്നുനല്ലൊരുചപാരത്തോടുമത്തൊദരം
പൗരന്മാർ ഭടരെന്നുവേണ്ടഖിലരും വന്നെത്തിപിന്നെത്തതിൽ
പാരിരേഴിനുമീശനായ ഭഗവാൻ താരൊത്തപാദത്തെവെ-
ച്ചാരാൽചെന്നതിരേറ്റിതാദരവൊടും മങ്ങാതെചങ്ങാതിയെ.
പാലാഴിമങ്കപതിവായ് വിളയാടിടുന്ന
നീലോപലത്തളമതാം തിരുമാറുചേർത്തു്
ആലിംഗനംസപടിചെയ്തുവിയർത്തൊലിച്ച
മാലിന്യമേറിനകുചേലനെയംബുജാക്ഷൻ.
അല്ലല്ലെന്തൊരുവിസ്മയം ത്രിഭുവനത്രാതാവു ബിഭൽസനാ-
യെല്ലുംകോലുമെഴുന്നിരന്നുവരുമീ നൽപട്ടിണിക്കാരനെ
അല്ലൽപ്പെട്ടെഴുനെള്ളി കാൽനടയതായ് കെട്ടിപ്പിടിക്കുന്നുവെ-
ന്നെല്ലാലോകരുമൊന്നുപോലവിടെനിന്നുൾത്താരിലോർത്തീടിനാർ.
വൃദ്ധൻതൻകൈപിടിച്ചിട്ടജിതൻപരിപോയ് പള്ളിമഞ്ചത്തിലേറ്റി-
മുദ്ധാതൃക്കൈകൾകൊണ്ടപ്പദമതുകഴുകിച്ചീടുവാനായ് തുടർന്നാൻ
ബദ്ധപ്പാടോടുകൂടമ്മലർമകളതുനേരത്തു ഭള്ളെന്നിയേമേൽ
വർദ്ധിപ്പാനെന്നവണ്ണം തിരുവുളമൊടുമങ്ങും ബുവീഴ്ത്തീചുവട്ടിൽ.

രസ സ്വരൂപനിരൂപണം
ചെമ്പഞ്ഞിച്ചാറുചാർത്തിത്തെളിവൊളിതിരളും പാടചെന്താമരപ്പൂ-
വൻപോടെൻറമേറ്റീട്ടുരുതരകപടം തലോടിത്തലോടി
തുമ്പിക്കയ്യൊത്തൊരൂതദ്വന്തനികടമതിൽചേർത്തനേരംകരത്തെ-
ക്കമ്പംകൈക്കൊണ്ടുബാലാപുടകയുടെമടിക്കുത്തമർത്തിപ്പിടിച്ചാൾ.
സ്മരനുടെ സമരത്തിൽ ചെയ്തൊരാസാഹസത്താൽ
പരവശതരയായ് ഞാൻചേർന്നുറങ്ങുന്നനേരം
പരിചൊടുകവിൾതന്നിൽ കാന്തനൊന്നുമ്മവെച്ചാൽ
പരഭൃതമൊഴിഞാനും കാമനുംകൂടുണർന്നു.

മീനകേതനചരിത്രം:ആയില്യംതിരുനാൾ തമ്പുരാൻ അറബിക്കഥകളിലൊന്നായ Cameral zaman and Princess Budur എന്നതിനെ ഗദ്യരൂപേണ പരാവർത്തനംചെയ്തിരുന്നതിനെ ചമ്പൂരൂപത്തിലാക്കിയതാണു്. ഒരു ശ്ലോകവും ഗദ്യഖണ്ഡവും ഉദ്ധരിക്കുന്നു.

‘വിദ്യുല്ലതാപടുതപോയതിനോടുകൂടെ-
ബ്ഭൂഭൃൽഘനംലഘുതയെപ്പരിചോടണഞ്ഞു
ആശ്ചര്യമല്ലിതുവരാമിരവിങ്കലുംതാൻ
തീരെത്തെളിച്ചമുന കാഞ്ഞു മതിക്കതെന്നോ?’

“അനന്തരം പൂർണ്ണചന്ദ്രങ്കൽനിന്നു നിരന്തരമാംവണ്ണം നിർഗ്ഗളിക്കുന്ന വിഷധാരപോലെയിരിക്കുന്ന പ്രിയതനയവചനത്തെ സമാകർണ്ണനംചെയ്തുള്ള സ്വർണ്ണദ്വീപവിണ്ണവർനാഥനാകട്ടെ പിന്നെയും പിന്നെയും തന്നുടെ നന്ദനനുടെ മനസ്സിനെ ന്യായോപന്യാസംകൊണ്ടു വശീകരിപ്പാനായി ഇപ്രകാരം പറഞ്ഞു.”

ആർ. ഈശ്വരപിള്ള

തെക്കൻകോട്ടയത്തു് ഒളശ്ശയിൽ നാലാങ്കൽ എന്ന ഗൃഹത്തിൽ 1029 കർക്കടകത്തിൽ രോഹിണിനക്ഷത്രജാതനായി. കുഞ്ഞിയമ്മയും ഗോവിന്ദൻനായരും ആയിരുന്നു മാതാപിതാക്കന്മാർ. അഞ്ചുവയസ്സിൽ നാരായണൻഇളയതു് എഴുത്തിനിരുത്തി. പത്തു വയസ്സാകുംവരെ അദ്ദേഹത്തിന്റെ കളരിയിൽത്തന്നെ വിദ്യഭ്യാസം നടത്തി. മാതുലനായ ഗോവിന്ദപ്പിള്ള കരുനാഗപ്പള്ളി തഹസിൽദാരായിരുന്നതിനാൽ ഈ കുട്ടിയെ കായംകുളം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു. 1044-ൽ മാതുലന്റെ ചേർത്തലയ്ക്കുള്ള സ്ഥലംമാറ്റം നിമിത്തം പഠിത്തം നിറുത്തേണ്ടി വന്നു. എന്നാൽ 1045-ൽ വീണ്ടും ആലപ്പുഴ ഇംഗ്ലീഷു പള്ളിക്കൂടത്തിൽ ചേർത്തു. 47-ൽ തിരുവനന്തപുരം കാളേജിനോടു ചേർന്ന ഹൈസ്ക്കൂളിൽ പഠിച്ചു് മെട്രിക്കുലേഷൻ പരീക്ഷയെ ഉത്തരണം ചെയ്തു. 1053-ാമാണ്ടു് ബി. ഏ. പരീക്ഷയും ജയിച്ചു. പ്രസിദ്ധ വിദ്യാഭ്യാസധുരന്ധരന്മാരായ റാസ്, ഹാർവി ഇവർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.

അതേ വർഷത്തിൽത്തന്നെ മാവേലിക്കര സ്പെഷ്യൽ സ്ക്കൂളിൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനു് അദ്ദേഹം നിയുക്തനായി. 1059-ൽ ആലപ്പുഴ ഇംഗ്ലീഷ്സ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. അതിന്റെ ശേഷം മൂന്നാംകൊല്ലത്തിൽ ആ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1066-ൽ കോട്ടാർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി സ്ഥലംമാറ്റപ്പെട്ടുവെങ്കിലും അടുത്ത കൊല്ലത്തിൽ ആലപ്പുഴയ്ക്കു വീണ്ടും വന്നു. 1076-വരെ അദ്ദേഹം ആ സ്ക്കൂളിൽത്തന്നെ ജോലി നോക്കി. അക്കാലം ആലപ്പുഴസ്ക്കൂളിന്റെ ശുക്രദശയായിരുന്നു എന്നു പറയാം. ഇടയ്ക്കു് അല്പകാലംകൊണ്ടു് ഇൻസ്പെക്ടർ ഉദ്യോഗം വഹിച്ചശേഷം അദ്ദേഹം 77-ൽ പറവൂർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 78-ൽ വീണ്ടും ഇൻസ്പെക്ടരായിട്ടു് കോട്ടയത്തും പിന്നീടു് കൊല്ലത്തും ജോലി നോക്കി. ആ അവസരത്തിൽ ഞാൻ അമ്പലപ്പുഴ ഇംഗ്ലീഷ് സ്ക്കൂളിൽ നാലാം ഫാറത്തിൽ പഠിക്കയായിരുന്നു. അദ്ദേഹം സ്ക്കൂൾ പരിശോധിക്കാൻ വന്നതു് എനിക്കു നല്ലപോലെ ഓർമ്മയുണ്ടു്. 1081-ൽ അദ്ദേഹം പരവൂരിലേക്കു പഴയ ലാവണത്തിൽ പോന്നുവെങ്കിലും 83-ൽ പിന്നെയും ഇൻസ്പെക്ടർ ഉദ്യോഗത്തിൽ നിയമിക്കപ്പെടുകയും 1084 മകരത്തിൽ പെൻഷൻ പറ്റി പിരിയുംവരെ ആ ഉദ്യോഗത്തിൽതന്നെ ഇരിക്കയും ചെയ്തു.

ഹെഡ്മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിടത്തോളം യശസ്സു് അതിനു മുമ്പും പിമ്പും മറ്റാരും ആർജ്ജിച്ചിട്ടില്ല. കൃത്യനിഷ്ഠയിലും, ശിക്ഷണപാടവത്തിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന നിലയിലാണു് അദ്ദേഹത്തിന്റെ യശസ്സു് നിലനില്ക്കുന്നതു്.

പെൻഷൻ പറ്റിയ ശേഷം 31 കൊല്ലത്തെ വിശ്രമത്തിനിടയിൽ അദ്ദേഹം പലവിധത്തിൽ ഭാഷയെ പോഷിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗദ്യശൈലിക്കുള്ള പ്രധാന ഗുണങ്ങൾ, ആർജ്ജവവും ശാലീനതയുമാണു്. ശ്രീരാമൻ, ഉൽക്കർഷസോപാനം, എഴുത്തച്ഛൻ, രാജാകേശവദാസു്, ഹേമദത്തൻ, സുനന്ദ, ചിന്താസന്താനം അഞ്ചു ഭാഗങ്ങൾ, സ്മരണകൾ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം തന്റെ വിപുലമായ ആശയസമ്പത്തിനെ ആ ഗ്രന്ഥങ്ങൾ വഴിക്കു് മലയാളികൾക്കു് അനുഭവഗോചരമാക്കിക്കൊടുത്തിരിക്കുന്നു.

വിപുലമായ ആശയസമ്പത്തു്—കാവ്യരസാസ്വാദനനിപുണമായ സഹൃദയത്വം—സരളവും പ്രസന്നവുമായ ഭാഷാരീതി—ഇത്യാദി ഗുണങ്ങളാൽ അനുഗൃഹീതനായിരുന്നതിനാൽ ഈശ്വരപിള്ളയുടെ കൃതികൾ എല്ലാം വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽപെടുന്നു. അദ്ദേഹത്തിനു് നാലു പെൺമക്കളും മൂന്നു ആൺമക്കളും ഉണ്ടായി. അവരെല്ലാം ഇപ്പോൾ നല്ലനിലയിൽ ഇരിക്കുന്നു. 1115-ൽ അദ്ദേഹം ദിവംഗതനായി.

കൊട്ടാരത്തിൽ ശങ്കുണ്ണി

ഇദ്ദേഹം 1030 മീനം 28-ാംതീയതി വിശാഖം നക്ഷത്രത്തിൽ കോട്ടയത്തുള്ള സ്വഭവനത്തിൽ ജനിച്ചു. അലസനായിരുന്നതിനാൽ ബാല്യകാലം മുഴുവൻ കളിച്ചു കഴിച്ചുകൂട്ടി. പതിനാറാംവയസ്സിനു ശേഷമാണു് സംസ്കൃതം പഠിക്കാനാരംഭിച്ചതു്. പണ്ഡിതവരേണ്യനായിരുന്ന പന്തളം കൃഷ്ണവാരിയരുടെ പിതാവായ ശങ്കുവാരിയരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും, വയസ്കര ആര്യനാരായണൻമൂസ്സതിന്റെ അടുക്കൽ ആയുർവേദശാസ്ത്രവും അഭ്യസിച്ചു. നന്നേ ചെറുപ്പത്തിലേ അദ്ദേഹം കവിത എഴുതിത്തുടങ്ങി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റേയും വർഗ്ഗീസു മാപ്പിളയുടേയും പ്രോത്സാഹനം നിമിത്തം അദ്ദേഹം തെരുതെരെ കവിതകൾ രചിച്ചുകൊണ്ടിരുന്നു. കേരളത്തിൽ അദ്ദേഹത്തിനു പരിചിതമല്ലാത്ത ഐതിഹ്യമൊന്നുമുണ്ടായിരുന്നില്ല. എം. ഡി. സിമ്മനാരിയിലും, സി. എം. എസു്. ഹൈസ്ക്കൂളിലും മലയാളപണ്ഡിതരായിരുന്നു് ധാരാളം ശിഷ്യസമ്പത്തു സമ്പാദിച്ചിരുന്നു. ഭാഷാപോഷിണിയും മനോരമയും അദ്ദേഹത്തിനോടു കടപ്പെട്ടിട്ടുള്ളിടത്തോളം മറ്റാരോടും കടപ്പെട്ടിട്ടില്ലെന്നാണു് തോന്നുന്നതു്. ദ്രുതകവിയായിരുന്നതിനാലും പ്രാസത്തിൽ നിർബന്ധം ഉണ്ടായിരുന്നതുകൊണ്ടും ശങ്കുണ്ണിയുടെ കവിതകളിൽ നിരർത്ഥപദങ്ങൾ ധാരാളം കടന്നുകൂടിയിരുന്നു. അദ്ദേഹം കവിത്വശക്തിസമ്പന്നനല്ലായിരുന്നുവെന്നു് ആർക്കും പറയാവുന്നതല്ല. അദ്ദേഹത്തിനു് പലേ അവസരങ്ങളിലായി തിരുവിതാകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാരിൽനിന്നു് പാരിതോഷികങ്ങൾ ലഭിച്ചിട്ടുണ്ടു്. 1094-ൽ കൊച്ചീ മഹാരാജാവു് അദ്ദേഹത്തിനു് കവിതിലകബിരുദവും മെഡലും സമ്മാനിച്ചു. 1102 കർക്കടകം 7-ാംതീയതി അദ്ദേഹം ഇഹലോകവാസം കൈവെടിഞ്ഞു.

കൃതികൾ:കേശവദാസചരിതം, കേരളവർമ്മ ശതകം, സുഭദ്രാഹരണം, ലക്ഷ്മീഭായി ശതകം, മാടമഹീശശതകം, അത്തച്ചമയ സപ്തതി, യാത്രാചരിതം, മുറജപചരിതം, ഹരിവംശസംഗ്രഹം, വിക്ടോറിയാ ചരിതം (തർജ്ജമ) എന്നീ മണിപ്രവാളകൃതികളും, മാലതീമാധവം (തർജ്ജമ), വിക്രമോർവശീയം (തർജ്ജമ), രവിവർമ്മവിജയം, കുചേലഗോപാലം, മദനസേനചരിതം മുതലായ നാടകങ്ങളും, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം, ഭൂസുരഗോഗ്രഹണം, കിരാതസൂനുചരിതം, ശ്രീരാമാവതാരം മുതലായ ആട്ടക്കഥകളും, ശ്രീ ഭൂതനാഥോത്ഭവം, വിനായക മാഹാത്മ്യം, കല്യാണമഹോത്സവം (വഞ്ചിപ്പാട്ടു്), സീതാസ്വയംവരം (വഞ്ചിപ്പാട്ടു്) മുതലായ അനേകം ഗാനങ്ങളും നിരവധി ഗദ്യലേഖനങ്ങളും, ഐതിഹ്യമാല എട്ടു ഭാഗങ്ങളും അർജ്ജുനൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ഗദ്യപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.

ഹരിവംശസംഗ്രഹം
സർവവന്ദ്യനവൽപിന്നെസ്സർവജിത്തായ് ഭവിച്ചുടൻ
നിർവികാരം തപം ചെയ്വാൻ നിർവിശങ്കം തുടങ്ങിനാൻ
ആയിരത്താണ്ടനേകങ്ങളായിരുന്നാമഹസ്സിനാൽ
അവ്യാജശോഭയുണ്ടായി ദിവ്യൗഷധ സുധാദികൾ.

മാലതീമാധവം
ധന്യൻതൻകാന്തനെശ്ശോനേയവൾകുമുദത്തെശ്ശരൽജ്യോൽസ്നപോലേ
നന്ദിപ്പിക്കട്ടെ തുഷ്ട്യാ തരുണനവനുച്ചൊരിതാർത്ഥ്യംവരട്ടെ
അന്യോന്യം വാച്ചിടുംസൽഗുണനിരകൾ ചമയ്ക്കുന്നതിൽബ്രഹ്മനേറ്റം
കന്നിക്കും കൗശലത്തിൻ ഫലവുമിഹ മനോജ്ഞത്വവും വന്നിടട്ടേ.
പാടേനാളംവിരിഞ്ഞുള്ളൊരു സരസിജമൊക്കുന്നമുഗ്ദ്ധാനനത്തെ
കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ ദക്ഷയാം പക്ഷ്മളാക്ഷീ
ബാഢം പീയുഷവും വൻവിഷവുമധികമായ് തേച്ചെടുത്താക്കടാക്ഷം
ഗാഢ​ മന്മാനസത്തിൽ കഠിനമിഹകഴിച്ചിട്ടതിൻമട്ടിലാക്കി.

ശ്രീരാമാവതാരം ആട്ടക്കഥ
ഇന്ദിര—മുറിയടന്ത
ആളീജനനോമധികാ.ണാ-
മാളീദിരേതാശു തദജനന്യഃ
നാളീകനേത്രാൻ തനയാൻഗൃഹീത്വാ
കേളീരസാദേവമലാളസംസ്താൻ
ച. 1. താലോലാശ്രീരാമചന്ദ്രബാല-
താലോലം ഭൂലോകചന്ദ്ര.
2. താലോലം തലോദരതബാല
താലോലം ചാരുചരിത.
3. താലോലം ലക്ഷണയുക്തബാല
താലോലം ലക്ഷ്മണശക്ത!
4. താലോലം സൽഗുണപാത്രബാല
താലോലം ശത്രുഘ്ന! പുത്ര!
സീതാവിവാഹം
എരിക്കില—ചെമ്പട
പ. കല്യാണഗുണമന്ദിര കേൾക്ക മേ വാച.
കല്യമാനസസുന്ദര!
അ. നല്ലകാനനമിദമില്ല സംശയംതെല്ലും
വല്ലികളൊടുതരുതല്ലജഗണമപി
വല്ലരിയാണ്ടിഹ പല്ലവഭരിതാ. (കല്യാ)
ച. കേളികളാടാനുചിതം, കാനനമിഭം.
കേളിഹ മമതചിതം,
നാളീകരിപുകരപാളിയാൽ കമുദിനീം
വേളികഴിച്ചെഴുമാളതുപോലിഹ
നാളിഹകലയതിലാളനമധികം (കല്യാ)
ശ്രീരാമപട്ടാഭിഷേകം
ബലഹരി–ചെമ്പട
പ. ആതുരഭാവം വേണ്ടിഹമനമതിലേതും ധീവര തേ
അ. ഏതൊരുശഠമതിയാകിലുമിഹനഹി
ചേതസി ദയ ചവലേശമിദാനീം. (ആതു)
ച. തക്കമൊടുടനേ ഗമിക്കുവാൻ വല്ല
മർക്കടമൂഢനെപ്പിടിക്കുവൻ
തർക്കമതില്ലിഹ നയിയ്ക്കുവൻപുന-
രിഗ്ഗൃഹസീമനി തളയ്ക്കുവൻ. (ആതു)

ഈ നാലാട്ടക്കഥകളും,

ചൊൽക്കൊള്ളുന്നൊരു ‘കീഴണിപ്പുറ’മതാം പൂർവാശ്രമംവിട്ടഹോ
തൃക്കൈക്കാട്ടുമഠത്തിൽവാണതളിടും വന്ദ്യൻ യതീന്ദ്രോത്തമൻ

ആജ്ഞാപിച്ചതനുസരിച്ചും അഞ്ചാമത്തെ കഥ കൊച്ചി നാലാംമുറയായ കേരളവർമ്മത്തമ്പുരാന്റെ ആജ്ഞാനുസരണവും നിർമ്മിക്കപ്പെട്ടവയാണു്.

കേശവദാസചരിത്രം
കല്ലുംകാടുകളും തകർത്തു കടുവാ പായുന്നൊരായത്തൊടേ
കല്യൻകേശവപിള്ള രാപകലിളച്ചീടാതെയോടിദ്രുതം
കൊല്ലത്തിന്നുകുറച്ചുതെക്കുപരവൂയായപ്പൊളാവിയനെ-
ക്കല്യാണാംഗി കരുത്തൊടൊത്തു സവിധേ കണ്ടെത്തി കണ്ഠേതരം.
പടുത്വമേറുന്നൊരു വിപ്രനെക്ക.
ണ്ടടുത്തു ചെന്നപ്പോഴുതുൽപലാക്ഷി
കടുത്തകോപത്തൊടു മാർഗ്ഗമദ്ധ്യേ
തടുത്തുവച്ചാനഥ കേശവാഖ്യൻ.
തരത്തിലായിപ്രനെയൊട്ടുപാകും-
വശത്തിവേഗത്തൊടുമാപ്രമാണം
കരത്തിൽവാങ്ങിച്ചുതിരിച്ചുപോന്നാൻ
കരുത്തെഴും മന്ത്രീവരീഷ്ഠനപ്പോൾ

വിക്രമോർവശീയം നാടകം
ബാലേ!ബാലമൃണാളകോമളമതാം പൂമേനിയിന്നീവ്രജ-
ത്താലേ വാട്ടിവരട്ടിടുന്നു വെറുതേ പെട്ടെന്നു കഷ്ടം പ്രിയേ
കാലംപാർത്തു തവപ്രസാദമനിശം പ്രാർത്ഥിച്ചുമുൽക്കണ്ഠയുൾ-
ക്കോലും മാസജനപ്രസാദനവിധൗനീയെന്തുചെയ്യേണ്ടതും.

കിരാതസൂനുചരിതം ആട്ടക്കഥ
ശങ്കരാഭരണം—ചെമ്പട
മല്ലീശരന്തേകസുതോ മഹിതോ വിശാഖ
സല്ലീലയോ പുരുസുഖം രമയൻ സ്വകാന്താം
ചില്ലീവിലാസജിതമന്മഥചാപവല്ലീം
വല്ലീം ജഗാദ തദനുനിന്ദിതഹേമവല്ലീം
പല്ലവി. പങ്കജദളനയനേ! പ്രാണനായികേ
പാർവണവിധുവദനേ.
അ. പ. തിങ്കളുദിച്ചു വാനിങ്കൽ വിലസീടുന്നു
മങ്കേ കാൺക നീ ഗജമന്ഥരഗമനേ.
ച. മന്ദതയേറ്റം കലർന്നു നല്ല മലയമാരുതൻ വരുന്നു
സുന്ദരിപാരമതിന്നു മമ സുഖമിഹ തരുന്നു.
കുന്ദലതാദികളുടെനികരം കുസുമിതമായിതു ഹന്തപുരം
വന്നുനിരന്നിതു സരസതരം വണ്ടുകളനവധിമധുമധുരം
നന്ദികലർന്നുനുകർന്നുമുദാമുര-
ളുന്നുപരന്നരമിന്നിഹരുചിദം. (പങ്കജ)
ഭൂസുരഗോഗ്രഹണം
ഭൈരവി—ചെമ്പട
പ. സൽഗുണവസതേ ഫൽഗുന തേ ശുഭമസ്തു
മൽഗിരംകേട്ടാലും സുമതേ—ദുഃഖമിതിനാ-
ലുൾക്കാമ്പിൽവേണ്ടിന്നതെല്ലുമേ.
അ. പ. മുഷ്കരവരരാമക്കുരുവരരിഹ
തസ്കരരായതുമോർക്കിൽവിചിത്രം. (സൽഗു)
ച. ആർത്താലോകത്രാണമിതുക്ഷാത്രധർമ്മമല്ലോ—പാർത്താൽ
ധാത്രീദേവരക്ഷചെയ്യാതെ—പാർത്തിവന്മാർക്കു
പാർത്തിടാവല്ലിഹ സോദര!
വൃത്തവലാന്തകപുത്രഭവാന്നി-
ക്കൃത്യമിതോർത്താലെത്രയുമുചിതം. (സൽഗു)

ഈ വരികളിൽനിന്നു് ശങ്കുണ്ണിയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങൾ വായനക്കാർക്കു് ഏറെക്കുറെ ഗ്രഹിക്കാമല്ലൊ. നല്ല ഒഴുക്കും, പ്രസാദവും, ശയ്യാഗുണവും ഈ കവിയുടെ എല്ലാ കൃതികളിലും കാണ്മാനുണ്ടു്.

പുന്നശ്ശേരി നമ്പി

‘പുന്നശ്ശേരി നമ്പി’ എന്ന പേർ കേൾക്കാത്തവരായി മലയാളക്കരയിൽ ആരും ഇല്ലെന്നു പറയാം. കൈക്കുളങ്ങര വാരിയരെപ്പോലെതന്നെ ഈ മഹാത്മാവും അഗാധപണ്ഡിതനായിരുന്നു. അദ്ദേഹം വള്ളുവനാട്ടു പെരിമുടിയൂരംശത്തിൽ പുന്നശ്ശേരിയിൽ 1033 മിഥുനം 5-ാം തീയതി ജനിച്ചു. നാരായണൻ നമ്പി എന്നായിരുന്നു പിതാവിന്റെ പേർ. 1051-വരെ സ്വഗൃഹത്തിൽതന്നെ പാർത്തുകൊണ്ടു് ചേലൂർ ഇട്ടിക്കേളപ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന കേരളവർമ്മൻ ഉണിത്തിരിയുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും ജ്യോതിശ്ശാസ്ത്രവും അഭ്യസിച്ചു. പിന്നീടു് തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു കുഞ്ഞുണ്ണിമൂസ്സതു് എന്നു വിളിക്കാറുണ്ടായിരുന്ന ശങ്കരമൂസ്സതിന്റെ അടുക്കൽ വ്യാകരണം, വൈദ്യം മുതലായ ശാസ്ത്രങ്ങൾ പഠിച്ചു.

1062-ൽ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ആധിപത്യം കയ്യേറ്റു. എന്നാൽ ഒരു കൊല്ലം തികഞ്ഞപ്പോഴേയ്ക്കും ഗുരുവായ ശങ്കരൻ മൂസ്സതു് വാതപീഡിതനായിതീരുകയാൽ അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി പത്രാധിപത്യം മറ്റൊരാളെ ഏല്പിക്കേണ്ടിവന്നു. ഗുരുനാഥൻ 1068 മകരം 13-ാം തീയതി ഇഹലോകവാസം വെടിഞ്ഞുവെങ്കിലും, നീലകണ്ഠൻശർമ്മാ പത്രാധിപത്യം വീണ്ടും കയ്യേല്ക്കുക ഉണ്ടായില്ല. ബാക്കി ജീവിതം സംസ്കൃതവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായും മറ്റും അദ്ദേഹം വിനിയോഗിച്ചു. പട്ടാമ്പി സംസ്കൃതപാഠശാല, ആയുർവേദവൈദ്യശാല, അനാഥരക്ഷാശാല—എന്നിങ്ങനെ പലേ ധർമ്മസ്ഥാപനങ്ങൾ അദ്ദേഹം നടത്തിവന്നു.

നീലകണ്ഠശർമ്മയുടെ കൃതികൾ മിക്കവയും സംസ്കൃതത്തിലാണു്. ഭാഷയിൽ രാമകൃഷ്ണവിലോമകാവ്യത്തിനു് സുബോധിനിവ്യാഖ്യയും, ജ്യോതിശ്ശാസ്ത്രപ്രവേശികം, ചമൽക്കാര ചിന്താമണി വ്യാഖ്യാ, പ്രശ്നമാർഗ്ഗവ്യാഖ്യാ—എന്നിങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ചമച്ചിട്ടുളളതേയുള്ളു. മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിയുമായിരുന്നു. ഭാഷാപോഷിണിസഭയ്ക്കും സാഹിത്യപരിഷത്തിനും അദ്ദേഹം ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.

രണ്ടായിരംരസനകണ്ഠതലത്തിലുള്ള
തണ്ടാർദളാക്ഷനുടെതല്പമതാംഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരൊക്കെ-
ക്കൊണ്ടാടുമാറൊരുനിരർഗ്ഗളവാഗ്വിലാസം

എന്നു് ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതു് വെറും പരമാർത്ഥം മാത്രമാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് അദ്ദേഹത്തിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

മന്നെല്ലാംനിജകീർത്തിപൂർത്തിയതിനാൽ പാരിച്ചുപാലിക്കുമീ-
പ്പുന്നശ്ശേരിയിൽനമ്പിതന്റെ സരസച്ചൊല്ലിന്നു കില്ലെന്നിയേ
നന്ദ്യാനാടുജയിച്ചുവെന്നറികയാൽ വന്നെന്നെയുംവെന്നുപോ-
മെന്നോർത്താഗ്ഗുരുചിത്തവും കിടുകിടുന്നീടുന്നു വാടുന്നുപോൽ.

ജീവിതകാലം മുഴുവനും അഖണ്ഡബ്രഹ്മചര്യം അനുഷ്ഠിച്ചുപോന്ന ഈ മഹാശയൻ ശിഷ്യസമ്പത്തിൽ ഒരു ദ്രോണാചാര്യർ തന്നെയായിരുന്നു. പൂർവ്വാചാരങ്ങളെ മുറുകെപ്പിടിച്ചിരുന്നതിനാൽ ആധുനിക പരിഷ്കാരികളിൽ ചിലർ അദ്ദേഹത്തിനെ യാഥാസ്ഥിതികശിരോമണിയായി ചിത്രണം ചെയ്തുവന്നുവെങ്കിലും അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മാഹാത്മ്യത്തിനു് ഒരു കുറവും വന്നിട്ടില്ല. ആ മരണം വിദ്യാവിതരണത്തെ ജീവിതവ്രതമായി കരുതിപ്പോന്ന ആ മഹാത്മാവിനെ മലയാളികൾ ഒരിക്കലും വിസ്മരിക്കുകയില്ല.

കോട്ടയത്തു് അനിഴംതിരുനാൾ തമ്പുരാൻ

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തു് വടക്കുനിന്നും വന്നു് തിരുവിതാംകൂർ മഹാരാജാവിനെ അഭയം പ്രാപിച്ച കോട്ടയം രാജകുടുംബം തെക്കൻകോട്ടയത്തു നിലയുറപ്പിച്ചു. ആ ശാഖയിൽ 1028-ാമാണ്ടു് ജനിച്ച കവിയായിരുന്നു അനിഴം തിരുനാൾ തമ്പുരാൻ. അദ്ദേഹത്തിന്റെ താമസം ചങ്ങനാശ്ശേരി വാഴ കൊട്ടാരത്തിൽ ആയിരുന്നു. ‘ദൂതവാക്യം’ ആട്ടക്കഥ മുതലായി ചില കൃതികൾ രചിച്ചിട്ടുണ്ടു്.

ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ

ചിറ്റൂർ ചമ്പത്തുവീടു് തുഞ്ചത്തുഗുരുക്കളുടെ പാദരേണുക്കളെക്കൊണ്ടു പരിപൂതമായിട്ടുള്ള ഒരു പ്രസിദ്ധകുടുംബമാണു്. സൂര്യനാരായണൻ എഴുത്തച്ഛനു് ചിറ്റൂർ മഠമിരിക്കുന്ന സ്ഥലം ദാനംചെയ്തതു് അന്നത്തെ ചമ്പത്തു കാരണവരും മറ്റംഗങ്ങളും ചേർന്നാണു്. ചാത്തുക്കുട്ടിമന്നാടിയാർ അമ്മ മന്നാടിസ്യാരുടേയും കോനാത്തു ശാമുമേനോന്റെയും പുത്രനായി 1032 മീനം 5-ാംതീയതി ഭൂലോകജാതനായി. ബാല്യത്തിൽ നല്ല ആരോഗ്യം ഇല്ലാതിരുന്നതിനാൽ പത്തു പതിനെട്ടു വയസ്സായതിനുശേഷമേ വിദ്യാഭ്യാസം ചെയ്ക ഉണ്ടായുള്ളു. കോനാത്തു രാമമേനോനായിരുന്നു ആദ്യത്തെ ഗുരു. 1053-ൽ തിരുവിതാംകൂർ വക്കീൽപരീക്ഷയിൽ ജയിച്ചിട്ടു് മൂവാറ്റുപുഴെ പ്രാക്റ്റീസു് തുടങ്ങി. അക്കാലത്തു് അദ്ദേഹം ആയില്യം തിരുനാൾ മഹാരാജാവിനെ മുഖം കാണിച്ചു് ചില പാരിതോഷികങ്ങൾ വാങ്ങി.

ഹാലാസ്യമാഹാത്മ്യം എന്ന കിളിപ്പാട്ടു് എഴുതാൻ തുടങ്ങിയതു് മൂവാറ്റുപുഴവച്ചായിരുന്നു. അറുപത്താറു് അദ്ധ്യായങ്ങളോളം പൂർത്തിയാക്കിയിട്ടു് അദ്ദേഹം കൊച്ചിയിലെ വക്കീൽപരീക്ഷയും ജയിച്ചു് തൃശ്ശിവപേരൂരേയ്ക്കു താമസം മാറ്റി. 1063-ൽ ജാനകീപരിണയം നാടകം ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. അതിനുശേഷം 1064 മകരം 15-ാം തീയതിയാണു് ഹാലാസ്യം പൂർത്തിയാക്കിയതു്. ഭാഷയിൽ ഇതേവരെയുണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽ എഴുത്തച്ഛന്റെ കൃതികളൊഴിച്ചാൽ പിന്നെ ഉത്തമമായിട്ടുള്ളതു് ഹാലാസ്യമാണെന്നു പറഞ്ഞാൽ അതിശയോക്തിയാവുന്നതല്ല. തർജ്ജമയാണെന്നു തോന്നിക്കുന്ന ഒറ്റ വരിപോലും അതിലില്ല. അതുപോലെതന്നെ നാടകതർജ്ജമകളുടെ കൂട്ടത്തിൽ ഉത്തരരാമചരിതത്തിനാണു് മലയാളികൾ പ്രാധാന്യം കല്പിച്ചുവരുന്നതു്. ജാനകീപരിണയവും നന്നായിട്ടുണ്ടെന്നാണു് എന്റെ അഭിപ്രായം.

തങ്കക്കൈതപ്പൂവിനു സങ്കാശനിറംകലരുന്ന ജാനകിയെ
ശങ്കവെടിഞ്ഞിഹകാണാം ശങ്കരജടയിൽ ശശാങ്കകലപോലെ.

ഇത്യാദി ചില ജാനകീപരിണയപദ്യങ്ങളിൽ പുരോഭാഗികൾക്കു പലേ ന്യൂനതകൾ ചൂണ്ടിക്കാണിപ്പാൻ കഴിയും. ഒന്നാമതായി ‘സങ്കാശ’പദം ഒരു സ്വതന്ത്രപദമായി സംസ്കൃതകവികൾ പ്രയോഗിക്കാറില്ല; രണ്ടാമതായി ‘ശങ്കവെടിഞ്ഞഹ’ എന്നതു് പ്രാസത്തിനുവേണ്ടി പ്രയോഗിക്കപ്പെട്ട നിരർത്ഥകശബ്ദങ്ങളാകുന്നു. ഇത്തരം ന്യൂനതകളിൽനിന്നു വിമുക്തമായ ഏതെങ്കിലും ഒരു കാവ്യം — പ്രത്യേകിച്ചു തർജ്ജമ —​ എവിടെയെങ്കിലും കാണ്മാനുണ്ടോ? ഉത്തരരാമചരിതത്തിലും അത്തരത്തിലുള്ള ചില ന്യൂനതകൾ കണ്ടുവെന്നു വരാം.

“ചൂടേറ്റിട്ടൊട്ടുഞെട്ടറ്റലർനിരയെമദിച്ചാനഗണ്ഡങ്ങൾതേച്ചി-
ട്ടാടുമ്പോളാശുഗോദാവരിയിലിഹപൊഴിക്കുന്നു തീരദ്രുമങ്ങൾ
കൂടേറിപ്രാവുപൂങ്കോഴികൾ കരയുമിവറ്റിന്റെതോലിൽ ചരിക്കും
കീടത്തെച്ചെന്നുകൊത്തുന്നിതുനിഴലിലിരുന്നൂഴിമാന്തുംഖഗങ്ങൾ.”
“തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലതൂക്കുന്നതിന്നാ-
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെയ്യുന്നയത്നങ്ങളെല്ലാം
വെള്ളത്തിൻവേഗമേറുംഗതിമണലണയെത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പറത്തുന്നിഹബതവലുതായുള്ള ചേതോവികാരം”
ന് ലാവെൻകണ്ണിന്നുനീതാൻ മമതനുവിനുനിനല്ലപീയുഷമാണെൻ
ജീവൻനീതാൻ ദ്വിതീയം മമഹൃദയമതാകുന്നുനീസുന്ദരാംഗീ
ഏവംനീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചുവാണി-
പ്പാവത്തെത്തന്നെ കഷ്ടം ശിവശിവ! ഇനിഞാനെന്തിനോതുന്നുശേഷം
ഒട്ടേറഗ്ഘോരമാകും ഘടഘടരവമോടഗ്രഭാഗങ്ങൾചുറ്റി-
ക്കെട്ടീട്ടാടുന്ന ഞാണിൻനടുവുടനെവളഞ്ഞീടുമിച്ചാപദണ്ഡം
ഒട്ടുക്കൊന്നായ്ഗ്രസിപ്പാനലറിരസനയെദംഷ്ട്രമുട്ടുന്നമട്ടിൽ
പെട്ടെന്നാട്ടിപ്പിളർക്കും വികടയമമുഖത്തോടുനേരായിടട്ടെ.
പേടിച്ചദ്രിഗുഹാന്തരത്തിലലറും കംഭീന്ദ്രകർണ്ണങ്ങളെ-
ക്കുടിദ്ദുന്ദുഭിഘോഷമിശ്രഗുണനാദത്താൽ തകർത്തിശ്ശിശു
ഓടുംഘോരകബന്ധമുണ്ഡനിരയെത്തൃപ്താന്ത കൻതന്റെവാ-
യാടുമ്പോളതുതിരുവിധംദ്രുതമറുത്തിപ്പാരിൽ വീഴ്ത്തുന്നിതാ.
ഇല്ലത്തിൽപ്രിയവാഴ്കയെന്നതുഭവാന്മാർക്കിഷ്ടമില്ലായ്കയാൽ
പുല്ലായിട്ടുകളഞ്ഞുശൂന്യഭവനേ പശ്ചാത്തപിച്ചില്ലഞാൻ
വല്ലാതുള്ളുരുകുന്നു മുൻപരിചയിച്ചോരോന്നുമീക്ഷിക്കയാൽ
തെല്ലാഹന്തകരഞ്ഞിടട്ടെയതിനായെങ്കൽ പ്രസാദിക്കുവിൻ.
കഷ്ടിച്ചെട്ടുവയസ്സുതൊട്ടിതുവരെക്കൗതുഹലത്താൽവള-
ർത്തിഷ്ടംപാരമുദിക്കയാൽ ഹൃദയമൊന്നായുള്ളമൽക്കാന്തയെ
കഷ്ടം ശൗനികനാലയത്തിൽവളരും പെൺപക്ഷിയെപ്പോലെയി-
ദുഷ്ടൻഞാൻ കനിവെന്നിയേ കപടമായ് കാലന്നുനൽകുന്നിതാ.

ഈമാതിരി സരസപദ്യങ്ങളാണു് ഉത്തരരാമചരിതത്തിൽ അധികമായി കാണുന്നതു്. തർജ്ജിമയായിരുന്നിട്ടുപോലും രസാനുഗുണമായ ശബ്ദങ്ങളെ പ്രയോഗിക്കുന്ന വിഷയത്തിൽ കവി വേണ്ടിടത്തോളം നിഷ്കർഷിച്ചുകാണുന്നു. ഇക്കവി സ്വതന്ത്രമായിട്ടു് യാതൊന്നും രചിച്ചിട്ടില്ലല്ലൊ എന്നൊരു മനസ്താപത്തിനു് മലയാളികൾക്കു വകയുണ്ടു്. പൂർവ്വകവികളോടുള്ള ബഹുമാനാതിരേകത്താലാണു് താൻ അതിലേക്കു ശ്രമിക്കാതിരിക്കുന്നതെന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് സ്മരണീയമാകുന്നു. യൗവനാവസ്ഥയിൽതന്നെ അദ്ദേഹം ദിവംഗതനാകാതിരുന്നുവെങ്കിൽ ഒരുപക്ഷേ സ്വതന്ത്രകാവ്യങ്ങൾ വല്ലതും നമുക്കു സമ്മാനിക്കുമായിരുന്നു. 1080 വൃശ്ചികം 14-ാം തീയതി അദ്ദേഹം പരലോകം പ്രാപിച്ചതു് മലയാളത്തിനു് ഒരു തീരാനഷ്ടം തന്നെ.

ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി

കൊച്ചിശ്ശീമയിൽ പൂവന്നിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തായിരുന്നു നീലകണ്ഠൻനമ്പൂതിരിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവായ ശങ്കരൻ നമ്പൂതിരി നല്ല മന്ത്രവാദിയും ‘ചാത്ത’സേവകനുമായിരുന്നു. നീലകണ്ഠൻ നമ്പൂതിരിയുടെ ജനനത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശങ്കരൻനമ്പൂതിരിയുടെ സേവാമൂർത്തിയായ ചാത്തൻ, തന്റെ ഭക്തന്റെ സംശയനിവാരണാർത്ഥം അന്തർജ്ജനത്തിന്റെ വയറു കീറി പുരുഷപ്രജയെ എടുത്തു് അദ്ദേഹത്തിനു കാണിച്ചുകൊടുത്തു എന്നും നമ്പൂതിരി പരിഭ്രമിച്ചു് കുട്ടിയെ കൊന്നുകളയരുതേ എന്നു പ്രാർത്ഥിച്ചുവെന്നും അടുത്ത അഞ്ചാറുദിവസത്തോളം ഗർഭസ്ഥമായ ശിശുവിനു് സ്പന്ദനം ഉണ്ടായില്ലെന്നും ആണു് കഥ.

നീലകണ്ഠൻനമ്പൂതിരി 1032 ഇടവം 25-ാം തീയതി തൃക്കേട്ടനക്ഷത്രത്തിൽ ജനിച്ചു. പിതാവിനു് രണ്ടു വേളികളുണ്ടായിരുന്നു. അവരിൽ മൂത്തപത്നിയുടെ ജ്യേഷ്ഠപുത്രനായിരുന്നു നീലകണ്ഠൻനമ്പൂതിരി. ദ്വീതീയപത്നിയുടെ പ്രഥമപുത്രനായ ശങ്കരൻനമ്പൂതിരിയുടെ അടുക്കലായിരുന്നു ഈ ബാലൻ വിദ്യാഭ്യാസം ചെയ്തതു്. ഉപനയനാനന്തരം ആലുവായ്ക്കുസമീപമുള്ള കടുങ്ങല്ലൂർ മാവേലിമനയ്ക്കൽ താമസിച്ചു്, കാപ്ര ഇല്ലത്തെ ഓതിക്കൻനമ്പൂതിരിയുടെ അടുക്കൽ വേദാഭ്യസനം നടത്തി. 1047-ൽ സമാവർത്തനം നടന്നു. തദനന്തരം കൊടുങ്ങല്ലൂർ വിദ്വാൻ കുഞ്ഞുരാമവർമ്മ ഇളയതമ്പുരാന്റെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും സിദ്ധാന്തകൗമുദിയുടെ പൂർവ്വാർദ്ധവും തർക്കസംഗ്രഹവും പഠിച്ചു. അവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരു അനധ്യായദിവസം അദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു് ഇല്ലത്തെ തളത്തിൽ കിടന്നുമയങ്ങിക്കൊണ്ടിരിക്കേ അതിലാവണ്യവതിയായി ഒരു സ്ത്രീ അടുത്തുചെന്നു് സൗന്ദര്യലഹരിയിലെ,

“കവീന്ദ്രാണം”

എന്ന ശ്ലോകം ചൊല്ലിക്കൊടുത്തിട്ടു് അതു് ചൊല്ലി പഠിച്ചുകൊള്ളാൻ ഉപദേശിച്ചതായി അദ്ദേഹം സ്വപ്നം കണ്ടുവത്രേ. ആ ഉപദേശം അനുസരിച്ചു് അദ്ദേഹം പ്രസ്തുത ശ്ലോകത്തെ ഒരു മണ്ഡലക്കാലം ഉരുക്കഴിക്കയും പിന്നീടു് കൊടുങ്ങല്ലൂർ ശ്രീകുരുംബാക്ഷേത്രത്തിൽ സംവത്സരഭജനം നടത്തുകയും ചെയ്തു. ഭജനം അവസാനിപ്പിക്കുന്ന ഒടുവിലത്തെ മണ്ഡലക്കാലത്തു് അദ്ദേഹം മൗനവ്രതം അനുഷ്ഠിച്ചുവെന്നുമാത്രമല്ല അത്താഴപ്പൂജയ്ക്കു നിവേദിപ്പിച്ചിരുന്ന നാഴിപ്പാൽ അല്ലാതെ മറ്റൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു. അങ്ങിനെയാണു് അദ്ദേഹം കവിയായതെന്നു പറയപ്പെടുന്നു. വെണ്മണി നമ്പൂരിപ്പാടന്മാർ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ, കാത്തൊള്ളി അച്യുതമേനോൻ മുതലായവരുടെ നിരന്തരസാഹചര്യം അദ്ദേഹത്തിന്റെ കവിതാവാസനയെ പരിപോഷിപ്പിച്ചു.

1037 മുതല്ക്കു് 1040-വരെ നീലകണ്ഠൻനമ്പൂതിരി, കൊച്ചിവീരെളയതമ്പുരാൻ തിരുമനസ്സിലേയും, വിഷവൈദ്യൻ കൊച്ചുണ്ണിത്തമ്പുരാന്റേയും ഈശ്വരസേവകനായിരുന്നു. 1055-ൽ അദ്ദേഹം വിദ്യാഭ്യാസം നിറുത്തിയിട്ടു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ധർമ്മപത്നി ഒരുകൊല്ലമേ ജീവിച്ചിരുന്നുള്ളു. ഒരിക്കൽ ഇല്ലത്തിനു് അക്കരയുള്ള ശ്രീകണ്ഠേശ്വരംക്ഷേത്രത്തിലേക്കു് തോണിയിൽ കയറി പോകവേ, വഞ്ചി മറിഞ്ഞെങ്കിലും ഈശ്വരകടാക്ഷത്താൽ അദ്ദേഹത്തിനു ജീവാപായം നേരിട്ടില്ല.

ആ സംഭവത്തെയാണു് താഴെ ചേർത്തിരിക്കുന്ന സംസ്കൃതശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതു്.

ചോതം നയതി തേ രാജ്ഞി നദ്യാമുദ്യോഗശാലിനീ!
ആജഗാമാപദാംഹംസരാജഗാമിനിസഞ്ചയഃ
സുമനസ്കേകോളംബേ-മിഥുനേ മാസ്യേവവാസരേസൗരേ-
കോപി വിശേഷോജാതഃ—ശിവപദസേവാർത്ഥമുദ്യതസ്യമമ.
ഭിക്ഷാതണ്ഡുലനാമകേതികുടിലേ തീവ്രപ്രവാഹധ്വനി
ശ്രോത്രംഗോചരിതാംബുവാഹപടലധ്വാനേമിളൽകണ്ഠകേ
ഘോരസ്രോതസി വർഷവാതപടലീ മജ്ജാൽക്ഷമാമണ്ഡലേ
കാലേമഗ്നനതതഃക്ഷണം പ്രിയതമേ സന്ത്രസ്തചിത്തോഭവ.
ശരദഖണ്ഡസുധാകരസുന്ദരം തവമുഖംമൃദുഹാസപരിപ്ളതം
അപരിദൃശ്യമിതഃപരമിത്യഹോ ക്ഷണമചിന്തയമന്തരഹംതദാ
ലീലായമൃദുതരാധരസ്രവ—ല്ലീലയാ ച ഹസിതേനഹാരിണാ
സുന്ദരേണവദനേന്ദുനാ ച തേ നന്ദനീനനുദുഗുത്സവായതേ,

1082 ൽ നീലകണ്ഠൻനമ്പൂതിരി ഐരാണിക്കുളത്തില്ലത്തെ മൂപ്പീന്നിന്റെ പേരിൽ ജീവനാംശത്തിനായി ഒരു വ്യവഹാരംകൊടുത്തു. ആ കേസ്സു നിമിത്തം കുറേക്കാലത്തേക്കു് അദ്ദേഹത്തിനു വലിയ വലച്ചിൽ നേരിട്ടു. അതിനെയാണു്.

നീതിശ്രീശക്തിവിദ്യാപ്രണയിനികൾവളർന്നേറെവായ്ക്കുംത്വദീയ-
ഖ്യാതിയ്ക്കീപ്പത്മജാണ്ഡം ഗുഡുസമതിലിവൾക്കുൽക്കുടത്തിങ്കലാതി
ഹാ തുമ്പുംവാലുമില്ലാതിവൾപരവിധിഗോളങ്ങൾപൂകുന്നുദീന-
ത്രാതാവേ പൂർവജോപേക്ഷയിലശരണനായ് വന്നഞാനെന്നപോലെ

പദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഈ പദ്യം സ്ഥാനത്യാഗംചെയ്ത കൊച്ചീ മഹാരാജാവിനു് കവി അയച്ചതായ സമർപ്പണപദ്യങ്ങളിലൊന്നാണു്.

1090 മകരത്തിൽ മൂലംതിരുനാൾ മഹാരാജാ തിരുമനസ്സിലെ അമ്മച്ചിയ്ക്കു പിടിപെട്ട രോഗംനിമിത്തം ചില മന്ത്രവാദങ്ങളും ഭഗവതീ സേവയും നടത്തുന്നതിലേക്കു് നീലകണ്ഠൻനമ്പൂതിരി തിരുവനന്തപുത്തു വരികയും ആ അവസരത്തിൽ മഹാരാജാവു് നമ്പൂതിരിക്കു് ഒരു കല്ലുവച്ച മോതിരം സമ്മാനിക്കയും ചെയ്തു.

1091-ൽ അദ്ദേഹത്തിനു നേരിട്ട ശരീരാസ്വാസ്ഥ്യം ക്രമേണ വർദ്ധിച്ചുവന്നു. 1092 ചിങ്ങം 12-ാംതീയതി അദ്ദേഹം ചരമഗതിയേ പ്രാപിക്കയും ചെയ്തു.

എന്താഹസ്സുളവാകിലും കെടുവതിന്നല്ലോജനംസന്തതം
നിൻതൃക്കാലിണയാശ്രയിപ്പതുപുകഴ്‌ന്നീടും ജഗന്നായികേ
എന്തിക്കാണ്മതുമേ മദീയതനുവിൽക്ഷിപ്രംപ്രസീദാമയീ
ചിന്തിപ്പാനരുതേ ഭയം മനസിമേ വായ്ക്കുന്നുവേയ്ക്കുന്നു ഞാൻ.

ഇതാണു് അദ്ദേഹം രചിച്ച അവസാനപദ്യം. അതു് മരിക്കുന്നതിനു നാലഞ്ചു ദിവസങ്ങൾക്കു മുമ്പുണ്ടാക്കിയതാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് ഒറവങ്കര നമ്പൂരിയെക്കുറിച്ചു് ഒരു ച്ഛായാശ്ലോകം നിർമ്മിച്ചിട്ടുണ്ടു്.

അപ്പംപോലെവിടുർന്നപൊക്കിളുരസിത്തല്ലുന്നവൻചന്തിമെ-
യ്യല്പംപിൻഞെളിവാക്കുവിൾത്തടമതിൽ ചേരുന്നതോടൊത്തഹോ
ശില്പംപൊന്നനടിസ്വഭാവഗുണമിജ്ജാതിത്തവാക്കേവമായ്-
ത്തുപ്പിത്തുപ്പിവരുന്നതുംഗകവിയാമിയ്യാളിതയ്യാരസം.

ഒറവങ്കര നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്നാണു് എല്ലാവരും വിളിച്ചുവന്നതു്. ആ പേരു് എങ്ങനെ വന്നുചേർന്നുവെന്നു് കവി തന്നെ വ്യക്തമാക്കീട്ടുണ്ടു്.

രാജശബ്ദമവനീസുരസ്യ തേ ഭോ ജനിപ്പതിനു വന്നകാരണം
വ്യാജഹീനമുരചെയ്തുകേൾപ്പതിന്നീജനത്തിനഭിലാഷമേധതെ.

എന്നു വലിയകോയിത്തമ്പുരാൻ ചോദിച്ച ചോദ്യത്തിനു് കവി പറഞ്ഞ സമാധാനമാണു് താഴെ ചേർക്കുന്നതു്.

നേരോടിന്നെന്റെ രാജാഭിധയുടെ വിവരം ചൊല്ലിടാംതെല്ലുകേൾപ്പിൻ
നേരമ്പോക്കുണ്ടൊരണ്ണൻ മമ മഹിതകവേ മുന്നമുണ്ടായിരുന്നൂ
പാരംഭ്രാന്തായി‘രാജാവഹ’മിദമുരചെയ്തക്രമത്തെത്തുടർന്നൂ
കാരാഗാരേകിടന്നൂ ചിലദിനമൊടുവിൽ ദേവലോകേനടന്നൂ
ചാലേ തദ്രാജശബ്ദം തദവരജനായ് പിന്തുടർച്ചാവകാശ-
ത്താലേവന്നൂനമുക്കെന്നിഹചിലപരിഹാസജ്ഞരോതിത്തുടങ്ങി
മാലോകർക്കുള്ളൊരിഷ്ടത്തിനുശമഗുണവാനായ ഞാൻ സമ്മതിച്ചു
കാലത്താൽപേരുറച്ചൂ കവിവരിഗുണമായെന്നു ഞാനും നിനച്ചൂ

നമ്പൂതിരി പരമശാന്തനും സുശീലനും പരോപകാരിയുമായിരുന്നു. പ്രാണൻപോയാലും അസത്യം പറകയില്ലെന്നൊരു ദൃഢവ്രതക്കാരനായിരുന്നതിനാൽ ചില അപകടങ്ങൾ പറ്റീട്ടില്ലെന്നില്ല. ഒരിക്കൽ അദ്ദേഹം ഒരു (Nuisance Case)-ൽ അകപ്പെട്ടു. ആ സംഭവത്തെ കവിതന്നെ വർണ്ണിയ്ക്കട്ടേ.

ഇക്കാവമ്മയൊടൊത്തിരുന്നുകുശലംഭാഷിച്ചുമശ്യാഹ്നമാ-
മക്കാലംകഴിവോളമൊന്നഥപുറത്തേക്കായ് പുറപ്പെട്ടുഞാൻ
നിഷ്കർഷിച്ചതുകേൾക്കകൊക്കരണിതൻ നേരേ കിഴക്കിപ്പൊഴും
നില്ക്കുംകുറ്റിവടക്കുടക്കുറുവനേ സാധിച്ചുസംശോധന.
വന്നൂപോലീസുകാരങ്ങിരുവർ “ഭവാനൊന്നിനോരണ്ടിനോപോ”
യെന്നായി “രണ്ടിനെന്നാ” യഹമവരുടനാസ്റ്റേഷനിൽകൊണ്ടുകേറ്റീ
അന്നിൻസ്പെക്ടരോടും നയകുലരിപുവാം സ്റ്റേഷനാഫീസരോടും
പിന്നെയും പിന്നെയും ഞാനവതകളുരചെയ്തിട്ടുവിട്ടില്ല നമ്മെ.
ആരായാലുംമലോത്സർജ്ജനമതിനിവിടത്തിങ്കലെങ്ങാനിരുന്നാ-
ലാരാജദ്വേഷിയെക്കൊണ്ടിവിടെവരണമെന്നിന്നുമെന്നോടമന്ദം
നേരേകല്പിച്ചു പേഷ്കാരവർകളതുമിതും ചൊല്ലിനിൽക്കേണ്ടജാമ്യ-
ക്കാരുണ്ടെന്നാൽവരട്ടേ വിടുവനിതിതമാ സ്റ്റേഷനാഫീസർചൊന്നാൻ.
സർക്കാരുണ്ടോ വിവേകസ്ഥലമിതുപണിചെയ്യിച്ചുഞാനേതുമുണ്ടോ
ധിക്കാരം ചെയ്തുപാസ്സാക്കിനനുടവടികൾക്കിന്നൊരേർപ്പാടിതെന്നാൽ
അക്കാര്യത്തിൽപരസ്യം പദവികളിലണയ്ക്കേണ്ടതല്ലേനിനച്ചാ-
ലിക്കൈപേസ്സാണുകച്ചേരിയിലിതിസദയം ചൊല്ലിനേൻനല്ലവണ്ണം.
തദനുപനയഞ്ചേരിക്കൃഷ്ണാഖ്യനാം പുതുവാളിനെ-
പ്പതിയനിയമക്കാർക്കായ് ജാമ്യം കൊടുത്തുപിരിഞ്ഞുഞാൻ
വിതതകുതുകം തയ്ക്കാട്ടെത്തിത്തകർത്തുവസിച്ചുകോ-
ടതിയെമതിമാൻ പിറ്റേപ്പക്കം ഭജിച്ചുഭുജിച്ചുഞാൻ.

ന്യായാധിപതിക്കു് രാജൻനമ്പൂരിയെ നല്ല പരിചയമായിരുന്നു. അദ്ദേഹത്തിനെ രക്ഷപ്പെടുത്തിയാൽ കൊള്ളാമെന്നുള്ള മോഹത്തിനാൽ, അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. ഒരു കള്ളം പറഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ നമ്പൂതിരി ഉണ്ടായ പരമാർത്ഥമൊക്കെയും തുറന്നുപറഞ്ഞു. ന്യായാധിപതി വിഷമിച്ചു; ഒടുവിൽ ഒരു ഒഴികഴിവുണ്ടാക്കി അദ്ദേഹത്തിനെ വെറുതേ വിട്ടു.

“എന്നെക്കോടതിവിസ്തരിച്ചസമയത്തിക്കാര്യമുണ്ടായതാ-
ണെന്നും നീതിനിഷിദ്ധമായവിധമാണെന്നും വിശേഷാലിതിൽ
ഇന്നുണ്ടുത്തരവെങ്കിലായതറിവാൻ ദൂരസ്ഥനാലാവത-
ല്ലെന്നു ഞാനവനെന്നതും വരികയാൽ പേസ്സായികേസ്സാകവേ.”

നമ്പൂതിരിയുടെ മറ്റൊരു ഗുണം ഫലിതമാണു്. ഫലിതസമ്മിശ്രമായ കവിതാനിർമ്മാണത്തിനു് അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം അന്യാദൃശമായിരുന്നു.

ലാളിത്യം ചേർന്നിടും സൽകവിതകൾനടുവം തീർക്കുമീയപ്യുതൻമു-
ക്കോളംപ്രാസംനിറയ്ക്കും ഫലിതമധികമായ് രാജവിപ്രൻചമയ്ക്കും.

എന്നിങ്ങനെ കൊച്ചുണ്ണിത്തമ്പുരാനും,

‘ദോഷംകൂടാതെ തീർപ്പാൻ പടുമതിഫലിതത്തിന്നു രാജാവും—’

എന്നു വെണ്മണി മഹൻനമ്പൂരിപ്പാടും പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.

നീലകണ്ഠൻനമ്പൂരി സ്വയമേവ വിരക്തനും യശസ്സിൽ താല്പര്യമില്ലാത്തവനും ആയിരുന്നു. പ്രപഞ്ചത്തിന്റെ ക്ഷണികതയെപ്പറ്റി ദൃഢബോധമുണ്ടായിരുന്ന കവി,

സമ്പത്തേകേണമെന്നോ സപദിമമവിപ-
ത്തുണ്ടു പോക്കേണമെന്നോ
വമ്പത്വംനൽകുവാനോ വലിയൊരുവിജയം
മേൽക്കുമേൽചേർക്കുവാനോ’

പ്രാർത്ഥിക്കാതെ,

“നിൻപത്തച്ചിക്കുവാൻ മേ വരമരുളുകയേ വേണ്ടനാൾനീണ്ടിടാതെ”

എന്നാണു് ദേവിയോടു യാചിക്കുന്നതു്.

ഞാനെന്നോചേർന്നുമായേ! ഹഹതവകളിയോഗത്തിലെന്നൊക്കെവേഷം
മാനംകൂടാതെകെളീ ശിവ ശിവ! പദാമതൊക്കെയും ചൊല്ലിയാടീ
തന്നായാസാൽതളർന്നേൻ നടനരസമൊടിക്ഖണ്ഡവുംകൂടിയാടി-
പ്പാനോർക്കല്ലേ ശിവേ തക്കിടകിടതികിടാതിത്തിമേ നൃത്തമെല്ലാം.
താനാരാണെങ്ങുനിന്നാണിഹവരവെവിടെയ്ക്കാണിനിപ്പോക്കുസാധി-
പ്പാനെന്തെല്ലാമെനിക്കുണ്ടവിടമതിൽമമപ്രേരണക്കാരനാരോ
സ്ഥാനംപാർത്താലിതേതാണൊരുവിവരവുമില്ലിത്തിരക്കിത്തിരിക്കൊ-
ണ്ടൂനംകല്പിച്ചിതന്നപ്പുറമതുമമകാണിക്കുകാണിക്കുതായേ.

ഈമാതിരി പദ്യങ്ങളിൽ പരിസ്ഫുരിക്കുന്ന നിർവേദമാണു് നമ്പൂതിരിയെ വെണ്മണിപ്രഭൃതികളിൽനിന്നു വേർതിരിച്ചുനിർത്തുന്നതു്.

തിരുവനന്തപുരത്തുവച്ചു് രാജർഷിയായ ശ്രീമൂലംതിരുനാൾ തമ്പുരാനു് അടിയറ വച്ചതായ

മർത്ത്യാകാരേണഗോപീവസനനിരകവർന്നോരു ദൈത്യാരിയെത്തൻ
ചിത്തേബന്ധിച്ചവഞ്ചീശ്വേരതവനൃപനീതിയ്ക്കുതെറ്റില്ലപക്ഷേ
പൊൽത്താർമാതാവിതാ തൻകണവനെവിടുവാനാശ്രയിക്കുന്നദാസീ-
വൃത്യാനിത്യം ഭവാനെക്കുനിവവളിലുദിക്കൊല്ല കാരുണ്യരാശേ.

എന്ന പദ്യത്തിൽപോലും കവിയുടെ നിർവേദമാണു് കൂടുതൽ പ്രകാശിക്കുന്നതു്. ഈ പദ്യം മാത്രമേ എഴുതീട്ടുണ്ടായിരുന്നുള്ളുവെങ്കിലും രാജൻനമ്പൂതിരി മഹാകവിബിരുദത്തിനു് അർഹനായിത്തീരുമായിരുന്നു.

രാജൻനമ്പൂതിരിയുടെ കൃതികൾ:

അനാഗസ്തോത്രം, ഭൈമീകല്യാണം നാടകം, അഴകാപുരിവർണ്ണന, സ്വയംവരസ്തോത്രം, ഒരു ഭാണം, ഗുരുസ്തോത്രപഞ്ചകം, കുചേലവൃത്തംപാട്ടു്, അംബോപദേശം, ശീട്ടുകളി, ദേവീസ്തവങ്ങൾ നാലു്, ദേവീവ്യപാശ്രയസ്തോത്രം, അംബികാവിംശതി, സ്ത്രീസ്തവം, അംബാസ്തവം, രാമനാമമാഹാത്മ്യം, കൃഷ്ണാവരാഷ്ടകം, ഇന്ദ്രദ്യുമ്നൻ (മൂന്നു സർഗം), കുമാരസംഭവം നാലാംസർഗ്ഗം, ആരോഗ്യസ്തവം, ലക്ഷ്മീസ്തവം, ഒരു പ്രാർത്ഥന, കൊച്ചീത്തീവണ്ടി, കാളീസ്തവം, ചെങ്ങല്ലൂർമന, ദേവീമാഹാത്മ്യം, നാരദചിന്ത(പാട്ടു്), കാളിയമർദ്ദനം (പാട്ടു്) സരസ്വതി സ്തുതി (പാട്ടു്), രുഗ്മിണീസ്വയംവരം വഞ്ചിപ്പാട്ടു്, സ്വയംവരസ്തോത്രം, ബാലോപദേശം, നാരദോപഖ്യാനം, കുചേലവൃത്തം ഓട്ടൻതുള്ളൽ, ഒരു കൊലക്കേസു്, ഗജേന്ദ്രമോക്ഷം (ഒരുഭാഗം)എഴുത്തുകൾ, ഒറ്റശ്ലോകങ്ങൾ.

അദ്ദേഹത്തിന്റെ പലേ കൃതികൾ ജീവിതദശയിൽത്തന്നെ നഷ്ടപ്പെട്ടുപോയിട്ടുണ്ടു്. പരമസാത്വികനായ ഈ മഹാകവിപോലും അംബോപദേശം എഴുതി തന്റെ തൂലികയേ മലിനപ്പെടുത്തിയതു് കലികാലവിലസിതമാണെന്നു വിചാരിക്കാനേ നിവൃത്തിയുള്ളു.

ഒറവങ്കര ഒരു നിമിഷകവിയായിരുന്നില്ല; അതിൽ അദ്ദേഹത്തിനു ഭ്രമവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ കവിതാസരണി ഒന്നു പ്രത്യേകംതന്നെ. ഉചിതമായ ശബ്ദങ്ങൾ പ്രയോഗിച്ചു് രമണീയമായ അർത്ഥത്തെ പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിനു് കഴിവുണ്ടായിരുന്നു.

‘മിതം ച സാരഞ്ച വചോഹി വാഗ്മിതാ’ എന്ന പഴമൊഴി അനുസരിച്ചു നോക്കിയാൽ അദ്ദേഹം മഹാവാഗ്മിയായിരുന്നു എന്നു് നിസ്സംശയം പറയാം. മിതമായ ശബ്ദങ്ങളെക്കൊണ്ടു് വിപുലമായ അർത്ഥത്തെ പ്രകാശിപ്പിക്കുക, മൂക്കോളം പ്രാസം നിറയ്ക്കാതെയും എന്നാൽ ശബ്ദഭംഗിക്കു കോട്ടം തട്ടാതെയും പദങ്ങൾ പ്രയോഗിക്ക, സ്ഥായിയായ രസത്തിനു വിച്ഛിത്തിവരുത്താതെ ഫലിതം തട്ടിവിടുക–ഇവയൊക്കെയും ഒറവങ്കരയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങളാണു്. അദ്ദേഹത്തിന്റെ കൃതികൾ മിക്കവയും അർത്ഥഗർഭങ്ങളായിരിക്കുന്നതിനാൽ, ചില ശ്ലോകങ്ങൾ വായിക്കുന്ന മാത്രയിൽതന്നെ അർത്ഥബോധമുണ്ടായില്ലെന്നു വരാം. മാതൃകയ്ക്കായി സംസ്കൃതവൃത്തത്തിലും ഭാഷാവൃത്തത്തിലും ഉള്ള ഏതാനും വരികൾ ഉദ്ധരിക്കുന്നു.

കുചേലവൃത്തം തുള്ളൽ
ഈവിധമുള്ളമനോരാജ്യത്താലാവൃതമതിയായ് വന്ന കുചേലൻ
ആവഴിയകലവുമാതപമതിനെഴുമാവതിബലവുമറിഞ്ഞീടാതെ
തിരകളടിച്ചതിനിർമ്മലമാക്കിന ചരമപയോനിധിതീരമണഞ്ഞു
തരണിസഹസ്രമുദിച്ചതുപോലക്കരയിൽ വിളങ്ങും ദ്വാരകകണ്ടു
വിരവൊടുകൊടിമരമുടിയിൽച്ചെമ്പടിനിരകൾമരുത്തേറ്റാടീടുന്നു
കരുണാനിധിയെക്കാണ്മാനിക്കരെ വരുമൊരുഭക്തജനങ്ങളെയെല്ലാം
വരു വരുവെന്നിഹ കൈകാട്ടിവിളിച്ചരികിലണപ്പാനെന്നതുതോന്നും
അക്കടലങ്ങുകടന്നുമഹീസുരനക്കരപറ്റിയസമയംതന്നെ
ഉൽക്കടപരമാനന്ദമഹാബ്ധിയിലേക്കടിതെറ്റിമറിഞ്ഞു കുചേലൻ.

കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ടു്
(ഗോപകുമാരക–എന്ന മട്ടു്)
അക്കടൽവർണ്ണനന്നക്കടൽവാരത്തിലുൽക്കടകോപത്തോടും–തന്റെ
തീക്കട്ടദൃഷ്ടിയാൽ ഗോകുലശല്യത്തെ നോക്കിടുംനേരത്തിങ്കൽ
കാളസർപ്പപ്പെരുമാളായിവാഴുന്ന കാളിയനെന്നവന്റെ–പാരം
കാളുംവിഷത്താലേ കാളിന്ദിയിൽജലം നീളെത്തിളച്ചീടുന്നു.
മീനാദിയായൊരു നാനാജലജന്തു ദീനതമൂക്കയാലേ–ശിവ
മാനമകന്നുമരിച്ചൊലിച്ചീടുന്നു ഫേനനിരകളോടും
മാനത്തുകൂടിപ്പറന്നുനടക്കുന്ന ശ്യേനാദിപക്ഷികളും–കൂടി
താനേ ചിറകുകരിഞ്ഞുപതിക്കുന്നിതാനദീതോയംതന്നിൽ
ആയതിൽതട്ടിയ വായുകരകേറിപ്പോയൊരു മാർഗ്ഗംതോറും–ബഹു
കായും കുസുമവും ചേരും മരങ്ങൾ നൂറായിരം കുറ്റിയായി
തീരങ്ങളിലുള്ളോരാരാമജാലത്തിൽ ചേരുന്ന വല്ലികളും–കടു
സാരങ്ങളേറുന്ന വൃക്ഷങ്ങളുംകൂടി പാരം കരിഞ്ഞുപോയി
ഏറിയജീവജാലങ്ങളെ രക്ഷിക്കുമാറുള്ളൊരിപ്പുഴയിൽ–പെരു-
മാറരുതിന്നുമുതല്ക്കിവനെന്നകതാരിലുറച്ചു കൃഷ്ണൻ
പൊക്കമോടായതിൻവക്കിൽകരിഞ്ഞങ്ങുനില്ക്കും കടമ്പുതന്റെ–മോളിൽ
ചിക്കെന്നുകേറിക്കുലുക്കിക്കുതിച്ചുകനക്കവെച്ചാടീടിനാൻ
കുന്നിനേക്കാളും ഗുരുത്വമേറുന്ന മുകുന്ദന്റെ കായമതി–ലുടൻ
ചെന്നങ്ങുവീണോരുനേരത്തു തീരത്തുചെന്നങ്ങുകേറിവെള്ളം
രണ്ടാമതുമതുപോലെ മരത്തിന്റെ മണ്ടയിലേറിച്ചെന്നു–പുതു-
ക്കൊണ്ടലണിനിറൻകൊണ്ടുപിടിച്ചായംകൊണ്ടു കുതിച്ചുചാടി
പിന്നെയുംപിന്നെയുമുന്നതമാം മരം തന്നിൽക്കരേറിയുടൻ–നന്ദ-
നന്ദനൻ മാർത്താണ്ഡനന്ദിനീതോയത്തിൽച്ചെന്നാശുചാടീടിനാൻ
ആറുകലങ്ങിമറിഞ്ഞുകരകളിൽ കേറിയലഞ്ഞീടുന്ന–തണ്ണി-
നീരിൽ മറിഞ്ഞും തുഴഞ്ഞും തുടിച്ചുമാദ്ധീരൻ കുളിച്ചു പാരം.
മൂലാധാരമണഞ്ഞുമൂന്നരവളച്ചുറ്റിൽച്ചുരുണ്ടായതി-
ന്മേലേ പത്തിപരത്തിവച്ചു പരമാം പന്താവിലന്തഃസുഖം
ചാലേ നിത്യമുറങ്ങിടുന്ന ഭുജഗപ്പെണ്ണാണുണർന്നാത്മ സ-
ത്മാലോകത്തിനെളുപ്പമായ വഴിയേകട്ടേ നമുക്കാദരാൽ.

നരിക്കുഴി ഉണ്ണീരിക്കുട്ടിവൈദ്യൻ

ഇദ്ദേഹം ശ്രീകൃഷ്ണചരിതത്തിന്റെ രീതിപിടിച്ചു് ഹരിശ്ചന്ദ്രചരിതത്തെ പത്തു സർഗ്ഗത്തിലുള്ള ഒരു മണിപ്രവാളകാവ്യമായി രചിച്ചിട്ടുണ്ടു്. 1071-ൽ അച്ചടിച്ചു. “സരളങ്ങളായ സംസ്കൃതപദങ്ങളേയും മലയാളപദങ്ങളേയും ഭംഗിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കൃതിയെ ശ്ലേഷാദ്യലങ്കാരങ്ങൾകൊണ്ടും പ്രാസങ്ങൾകൊണ്ടും നല്ലവണ്ണം ഭൂഷിപ്പിച്ചിട്ടുള്ളതുകൊണ്ടു് വായിക്കുന്നവർക്കു് അനല്പമായ സന്തോഷം ജനിക്കുന്നതാകുന്നു.” എന്നു് ചാത്തുക്കുട്ടി മന്നാടിയാർ ഈ പുസ്തകത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

“ത്വരിതം കേറിഗ്ഗമിച്ചു മാനവേന്ദ്രൻ”
“ഉർവ്വീപതീന്ദ്രനെ ദഹിക്കുകിലഗ്നി”
“ആഗസ്സു തെല്ലുമിഹ ചെയ്തില പൈതലന്യം”
“ഇത്രിലോകിയിൽ ഭുവൽസമാനനായ്”

എന്നിങ്ങനെ പലേടത്തും കവി ദുസ്സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടെന്നിരുന്നാലും,

തെളിഞ്ഞു മേവും സരയൂദരത്തിൽ വിളങ്ങിനോരപ്പുരി കണ്ടനേരം
ജലത്തിലസ്വപൂപുരീ സുവപ്രാ ജ്വലിച്ചുബിംബിച്ചതിതെന്നുതോന്നി
അനന്തരത്നപ്രഭയാ മനോജ്ഞം നിരന്തരശ്രീകമനന്തസൗഖ്യം
പുരന്തദാഭാതി സതാന്നിഷേവ്യമുരാന്തകൻതൻ തിരുമേനിപോലെ
വിശാംപതേസ്സൗധശിരോഗൃഹാഗ്രേ ശശാകമാചുംബതി തന്നിശാന്തം
ശശാങ്കചൂഡത്വമുപൈതിചിത്രം വൃഷാങ്കനാമീശ്വരനെന്നപോലെ
അനന്തശോഭം മണിസൗധജാലം തരന്തരം വീടുകളും വിശാലം
നിരന്തരശ്രീകമമാത്യഗേഹം സമന്തതോ നില്പതുമത്ര കണ്ടാർ.

ഇങ്ങനെയുള്ള നല്ല വർണ്ണനകളും,

മുദഞ്ചഖേദഞ്ചതദാന്തരാത്മാ പ്രദായ കോകായ ച പേചകായ ച
പ്രകാശകാലേ പകലെന്ന ശങ്കായ ചകാസഖേ ചഞ്ചലയായ ചഞ്ചലാ.

ഈമാതിരി യമകപ്പണികളും ഇതിൽ കാണ്മാനുണ്ടു്.

കല്ലമ്പള്ളി വിഷ്ണുനമ്പൂതിരി

തൊടുപുഴ കല്ലമ്പള്ളി വിഷ്ണുനമ്പൂതിരി നല്ല വാസനാകവിയായിരുന്നു. അദ്ദേഹം ഭാരതം സ്വർഗ്ഗാരോഹണം, കൈകൊട്ടിക്കളിപ്പാട്ടു്, തിരുനാൾപ്രബന്ധം, പാതാളരാവണവധം ആട്ടക്കഥ, ചന്ദ്രാംഗദചരിതം ആട്ടക്കഥ മുതലായി പലേ കൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. ഭാരതം സ്വർഗ്ഗാരോഹണം 1055-ൽ അച്ചടിക്കപ്പെട്ടു. ആട്ടക്കഥകൾ ശ്രീരാമവിലാസക്കാർ 111ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്.

കൈകൊട്ടിക്കളിപ്പാട്ടു്
ചൊല്ലുചൊല്ലിന്നിയും സൽക്കഥ മെല്ലവേ
മംഗലശീലേ കിളിക്കിടാവേ
സ്വാദുകരമായ ക്ഷീരാദിവസ്തുക്കൾ
മോദേന പാനംചെയ്തിട്ടു നീയും
നല്ല കഥാശേഷമിന്നിയും ചൊല്ലിടു
കല്മഷനാശത്തിനിന്നു ബാലേ
എന്നതുകേട്ടു കിളിമകളാദരാൽ
തൻഗുരുഭൂതരെ വന്ദിച്ചങ്ങു
കുന്തീസുതന്റെ കഥയൊട്ടു മെല്ലവേ
പാപവിമോചനം ചൊല്ലീടിനാൾ
ഭക്തരിൽ ശ്രേഷ്ഠനാം ധർമ്മജൻതന്നുടെ-
യാനനപത്മത്തെ നോക്കിനോക്കി
ഇന്ദ്രദൂതൻതാനിവണ്ണം ചൊല്ലീടിനാ-
നെത്രയുമത്ഭുതമെന്നേ വേണ്ടു
വൃത്രാരിയാജ്ഞയാൽ വന്നിതു ഞാനിപ്പോൾ
സ്വർഗ്ഗം ഗമിക്കേണമിന്നു ഭവാൻ
വന്നിങ്ങു കേറുക ദേവയാനമിതി-
ലൊട്ടും മടിക്കേണ്ട വൈകീടാതെ.

ചന്ദ്രാംഗചരിതം ആട്ടക്കഥ
ശങ്കരാഭരണം–ചെമ്പട
രാകേശാംശുകരാജിതാം സുമലസന്മാലാം തമാലദ്രുവേ-
ണീകാമുൽകശിലീമുഖൈർമ്മധുരസാൽ പുഷ്പേഷുസക്തൈസ്സദാ
ഏകാഗ്രൈഃ കളകണ്ഠഗാനമധുരാം സീമന്തിനീമണ്ഡിതാ-
മാകല്യസ്ഫുടിതാന്തരം മുദിതവാൻ ഭൂഭൃദ്ഭുവം ഭൂപതിഃ.
പ. സാരസനേർമിഴി ബാലേ മമ ദയിതേ
ചാരുമനോഹരശീലേ.
അ. പ. ഉദ്യാനതലം രമണീയം ഹൃദ്യാമോദമയം
അദ്യാവലോകയ ഹൃദ്യാമോദമയേ.
ച. മന്ദസമീരണപാരമീദമിന്ദുകരാധികവിശദം
നന്നിഹ ബഹുകൗതുകദം—ഉന്നതഭൂരിലസന്നഉദം
കുന്ദശരോത്സവസാരപദം നന്ദനവന്ദിതമഞ്ജുപദം
ക്രന്ദിതകളഗ വൈരിപദം നന്ദിതമധുയുവരതിനിനദം
ഇന്നുവിരഹിമതിദാരുവികരുണവിദാരണ
വിശ്വശിത ദാരുണസമദം
അളിനീവിലസിതകനകാ നളിനീഗുണഗണനിധികാ
കളിനീരസമിഹ സാരസികാ
കളിനീരസമിതസാരസികാ ലളിതലതാനുതസുരഭിശരീരം
കിളിമൊഴിചേർത്തയി കുചഭാരം
തളിരൊളിമധുരസമധരഗളിതത്രപമരുളിമുദാരം
മിളിതസുഖേന രമിച്ചൊരുമിച്ചു രസിച്ചു വസിക്ക സാദരം.

പാതാളരാവണവധം
കേദാരഗൗഡം–ചെമ്പട
പ. അഗ്രജ തവ വന്ദേ–പദാംബുജമഗ്രജ തവ വന്ദേ.
അ. പ. വ്യഗ്രതയെന്തിവിടയിതേ പഴുതേ
നിഗ്രഹമവനുടെ സുകരം സുമതേ. (അഗ്ര)
ച. 1 ഹരിഹയസുതമുഖവിക്രമിഹനനം
വാരിധിമദ്ധ്യേ ചിറയിട്ടയനം
ഭൂരിശ്രമമിത്യാദ്യനുഗമനം
ത്വരിതമിയന്നയി ചിതമോ ചലനം. (അഗ്ര)
2. പ്രതിപക്ഷകനുടെ നിധനംകൃതവാൻ
ക്ഷിതിജാരാധിയെ ജവമൊടുകളവാൻ
മതിമയികരുസച്ചിന്മയഭഗവൻ
ധൃതിമൻപണിതവമഹികളറിവാൻ.

മടവൂർകാവിൽ കാളു ആശാൻ

ചിറയിൻകീഴു് താലൂക്കിൽ കിളിമാനൂരിനുസമീപം മടവൂർ കാവിൽവീട്ടുകാർ പുരാതനകാലം മുതല്ക്കേ വൈദ്യം, മന്ത്രം മുതലായ ശാസ്ത്രങ്ങളിൽ സിദ്ധിയുള്ളവരായിരുന്നു. അവരിൽ ത്രിവിക്രമൻ എന്നു് ഒരാൾ 700-ാമാണ്ടിടയ്ക്കു വെട്ടൂർ പെരുമൺ എന്ന സ്ഥലത്തുവച്ചു് ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയത്രേ. ആ ത്രിവിക്രമൻ കാളീപരനായി ചിലകവനങ്ങൾ രചിച്ചിട്ടുമുണ്ടു്. 998-ാമാണ്ടിടയ്ക്കു കാളിയെ മടവൂർ കൊണ്ടുവന്നു് പ്രതിഷ്ഠിച്ചു. ആ ദേവി ഇപ്പോഴും കാവിൽവീട്ടുകാരുടെ കുടുംബദേവതയായിരിക്കുന്നു. മാർത്താണ്ഡനാശാൻ 990-ൽ ജനിച്ചു. അദ്ദേഹം മഹാപണ്ഡിതനായിരുന്നു. ജ്യോതിഷം, മന്ത്രവാദം, വൈദ്യം, വിഷചികിത്സ ഇവയിൽ നിപുണനായിരുന്ന ഈ വിദ്വാൻ സീതാസ്വയംവരം ഊഞ്ഞാൽപാട്ടും ഭദ്രോല്പത്തി തുള്ളലും രചിച്ചിട്ടുള്ളതായി അറിയുന്നു. മാർത്താണ്ഡനാശാന്റെ സഹോദരിയായ നാരായണിഅമ്മയിൽ ചെറുകരെ ബാലകൃഷ്ണപ്പിള്ളയ്ക്കു് കൊല്ലം 1032 ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ഒരു ശിശു ജനിച്ചു. ജനനകാലത്തെ ഗ്രഹസ്ഥിതി കണ്ടിട്ടു് അവൻ ഒരു മഹാപണ്ഡിതനും കവിയുമായിത്തീരുമെന്നു് ബാലകൃഷ്ണപിള്ളആശാൻ തീർച്ചപ്പെടുത്തി.

വിശ്വംഭരാഭഗവതീ ഭഗതീ മസൂത
രാജാപ്രജാപതിസമോ ജനകഃ പിതാതേ
തേഷാംവധൂസ്ത്വമസിനന്ദിനി പാർത്ഥിവാനാം
യേഷാംഗൃഹേഷ്ടസവിതാ ച ഗുരുർവയം ച.

എന്നു ഭഗവാൻ വസിഷ്ഠമഹർഷി അരുളിച്ചെയ്തതുപോലെ ഈ ശിശുവിന്റെ കുടുംബം—പൂർവകാലത്തു് ജഗദീശ്വരിയായ ശ്രീ ഭദ്രകാളിയിൽ പരമ്പരാസിദ്ധമായ വൈദുഷ്യലാഭത്തിനു വരപ്രസാദം നൽകപ്പെട്ട വിശുദ്ധകുടുംബം—തദനുസാരം നാലഞ്ചു ശതവർഷക്കാലമായി നിരന്തരം അനേകം പണ്ഡിതന്മാർ അലങ്കരിക്കപ്പെട്ട വിദ്വൽകുടുംബം—പിതാവു് ജ്യോതിശ്ശാസ്ത്ര വിദഗ്ദ്ധനും മഹാബുദ്ധിമാനുമായ വീരപുരുഷൻ—മാതാവു നല്ല വിദ്യാഭ്യാസവും സൗശീല്യാദിഗുണങ്ങളുമുള്ള സതീരത്നം—ജനനകാലം വിദ്യാകാരകനായ ബുധൻ സ്വനക്ഷത്രമായ കന്നിരാശിയിൽ ഉച്ചംഗതനായി പണ്ഡിതയോഗപ്രദനായി ഭാഗ്യസ്ഥാനത്തു സ്ഥിതിചെയ്യുന്ന വിശിഷ്ടസമയം—സുദുർല്ലഭമായ ഏതാദൃശഭാഗ്യസമുച്ചയങ്ങളുടെ നിദാനമായ ശിശു, ഭാവിയിൽ ഒരു പണ്ഡിതനായി ഭവിക്കുമെന്നു തീർച്ചപ്പെടുത്തിയ ബാലകൃഷ്ണനാശാന്റെ ദീർഘദർശനം സുസ്ഥാനഗതമാണെന്നു് അവിതർക്കിതമായി അനുമാനിക്കാം. [6]

ഈ ശിശു കുന്നത്തുകളരിയിൽ ഭഗവതീക്ഷേത്രത്തിൽവച്ചു യഥാകാലം ‘കാളിദാസൻ’ എന്നു നാമകരണം ചെയ്യപ്പെട്ടു. ‘കാളിദാസൻ’ എന്നു വിളിക്കാൻ വിഷമമാകയാൽ വീട്ടുകാർ ബാലനെ ‘കാളു’ എന്നു വിളിച്ചുവന്നു. അങ്ങനെയാണു കാളുവാശാൻ എന്ന പേർ പ്രസിദ്ധമായതു്. ‘അക്ഷരം വിപ്രഹസ്തേന’ എന്ന പ്രമാണപ്രകാരം മൂന്നാംവയസ്സിൽ ഒരു ബ്രാഹ്മണനെക്കൊണ്ടു് ബാലനെ എഴുത്തിനിരുത്തി. ബാലകൃഷ്ണപിള്ളആശാൻ തന്നെ പഠിത്തക്കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്നു. മാതാവു് അതിനിടയ്ക്കു മരിച്ചുപോകയാൽ, അദ്ദേഹം മാതാവിന്റെ ചുമതലകൾകൂടി വഹിക്കേണ്ടതായിവന്നു.

ബാലകൃഷ്ണപിള്ള രാമായണവായനയിൽ അതിസമർത്ഥനായിരുന്നതിനാൽ ബാലനെ സോപാനരീതിയിൽ രാമായണം വായിച്ചു് അർത്ഥം പറയുന്നതിനു് അഭ്യസിപ്പിച്ചു. ആറേഴുവയസ്സുപ്രായമുള്ള കുട്ടി രാമായണം വായിച്ചു് വിശദമായി അർത്ഥം പറയുന്നതുകേട്ടു് പലരും അത്ഭുതപ്പെടാറുണ്ടായിരുന്നു. അചിരേണ ബാലൻ സിദ്ധരൂപം, ക്രിയാപദം, ബാലപ്രബോധം മുതലായവ പഠിച്ചു വിഭക്തിജ്ഞാനം സമ്പാദിച്ചശേഷം ഗണനക്രിയ പഠിക്കാൻ തുടങ്ങി. അല്പകാലംകൊണ്ടു് ലാടം, വൈധൃതം മുതലായ ഗണനക്രിയകൾ പരിശീലിക്കുകയും ഹോര, ജാതകപാരിജാതം, സാരാവലി മുതലായവ ഉരുവിടുകയും ചെയ്തു. എന്നാൽ ജ്യോതിഷപഠനം പൂർത്തിയാകുംമുമ്പു് ബാലകൃഷ്ണപിള്ള ദിവംഗതനായി.

അങ്ങനെ പഠിത്തം പെട്ടെന്നു നില്ക്കേണ്ടതായി വന്നുകൂടുകയാൽ, കാളു വീട്ടിനു വെളിയിൽ യഥോരം സഞ്ചരിച്ചുതുടങ്ങി. തുള്ളലും ആട്ടവും ഉള്ള ദിക്കിലെല്ലാം കാളുവും എത്തും എന്ന മട്ടു വന്നുചേർന്നു. എന്നാൽ സ്വഗൃഹത്തിലുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങൾ ഒന്നുവിടാതെ എല്ലാം വായിച്ചു പഠിക്കുന്ന വിഷയത്തിൽ അവൻ ജാഗരൂകനായിത്തന്നെ വർത്തിച്ചു.

ഒരിക്കൽ സമീപസ്ഥനായ ഒരാൾ, കാളുവിന്റെ വലിയ കാരണവരായ കൊച്ചുകുഞ്ഞുപിള്ളയുടെ കൃതിയായ ഒരു കുത്തിയോട്ടപ്പാട്ടു് അവനെ പാടിക്കേൾപ്പിച്ചു. അമ്മാവനെപ്പോലെ തനിക്കും ഒരു കുത്തിയോട്ടപ്പാട്ടു് എഴുതണമെന്നു് ഈ ബാലനും നിശ്ചയിച്ചു. ദേവീപ്രസാദം ഉണ്ടായാൽ ഏതാണു സാധിക്കാത്തതു്? അവൻ അന്നു് എഴുതിയ കവിതയിൽ ഒരു ഭാഗം ഉദ്ധരിക്കാം.

തൃക്കുന്നത്തെന്നുവിത്തേ ജഗതികളരിയാം മംഗലക്ഷേത്രവര്യേ-
യുൾക്കാമ്പിൽപ്രീതിയോടും വിലസിനകരുണാവാരിധേ ഭദ്രകാളീ!
തൃക്കാൽത്താരിൽസുഭക്ത്യാനതിയനുദിവസംചെയ്തുമേവീടുമീയെൻ
ദുഷ്ക്കാലത്തെശ്ശമിപ്പിച്ചടിയനുകുശലംനല്കി രക്ഷിച്ചിടേണം.
അക്കടൽവർണ്ണനുമക്കനൽക്കണ്ണനുമക്കമലത്തിലിരിപ്പവനും
മുക്കണ്ണർതന്നുടെ പുത്രരും സന്തതമക്കമലാസനപത്നിതാനും
ശക്രാദിയാകിയോരാശാപതികളും, ശക്രപുത്രാദിയാംദേവകളും
അക്കലശത്തിൽപിറന്നവൻമുമ്പായ നിഷ്കന്മഷരായതാപസരും
ഉല്ലാസമോടെൻഗുരുവരനും പുനരെല്ലാമറിവുറ്റെഴും പിതാവും
കല്യാണമുൾക്കൊണ്ടുകാത്തരുളീടണമെല്ലാവരേയും നമസ്കരിച്ചേൻ.

ഇങ്ങനെ എഴുതിത്തീർന്ന പാട്ടുകേട്ടു് സന്തുഷ്ടരായ കൂട്ടുകാർ അവനു ബാലകവി എന്നു പേരു നൽകി. അതിനെത്തുടർന്നു് വേറെയും ചില കുത്തിയോട്ടപ്പാട്ടുകൾ അദ്ദേഹം എഴുതി.

ഈ ഗാനം കാളുവാശാന്റെ ഉന്നതിക്കു വഴിതെളിച്ചു. മടവൂർ സി. നാരായണപിള്ള എന്ന പ്രസിദ്ധസാഹിത്യകാരന്റെ മാതുലനായ കൃഷ്ണപിള്ള ആ ഗാനങ്ങൾ ചൊല്ലിക്കേട്ടിട്ടു് തൽക്കർത്താവിനെ തന്റെ ഗൃഹത്തിൽ വരുത്തിത്താമസിപ്പിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു് ഐവർകളിക്കാരുടെ അപേക്ഷയനുസരിച്ചു് പാഞ്ചാലീസ്വയംവരം ഐവർകളിപ്പാട്ടും അവൻ എഴുതി.

കൃഷ്ണപിള്ളയ്ക്കു തുള്ളൽപാട്ടിൽ വലിയ ഭ്രമമായിരുന്നു. ഒരുദിവസം “തനിക്കു് ഒരു തുള്ളൽക്കഥ എഴുതാമോ?” എന്നു് അദ്ദേഹം പ്രസ്തുത ബാലനോടു ചോദിച്ചു. “ആവാം” എന്നു പറഞ്ഞുകൊണ്ടു് അവൻ സീമന്തിനീചരിതം തുള്ളൽ ഒരാഴ്ച കൊണ്ടു് എഴുതിത്തീർത്തു.

“അയ്യയ്യോ മമ ശങ്കര കിമഹം ചെയ്യുന്നതുകരുണാമൃതസിന്ധോ!
വൈധവ്യത്തിനു ലക്ഷണമെന്നുടെ സാധുസുഭാഷിണിമകളുടെ ജാതേ-
യുണ്ടെന്നാൽമ്മരാജ്യാദികളെക്കൊണ്ടുസുഖിപ്പാനിച്ഛയുമില്ല.”

ഈ തുള്ളൽ നഷ്ടപ്പെട്ടുപോയിരിക്കുന്നു.

പിന്നീടു് കുറത്തിപ്പാട്ടിലാണു് ഈ ബാലകവി കൈവച്ചതു്.

പാരിനെമുടിച്ചീടുന്ന ദാരികനെക്കൊൽവാൻ
മാരവൈരീതമ്പുരാന്റെ ചാരുനയനത്തിൽ
ഭൈരവതരമതായോരാകൃതിധരിച്ചു്
ദാരുണങ്ങളായിടുന്ന പാണികളിലോരോ
രിഷ്ടിമുഖഭീമതരശസ്ത്രചയമേന്തി
എട്ടുദിക്കുംപൊട്ടുമാറുള്ളട്ടഹാസമോടും
വന്നവതരിച്ചൊരുജഗന്മയേ തായേ നീ
നന്ദിയോടനുഗ്രഹിക്ക ഭദ്രകാളിയംബേ.

അടുത്ത കൃതി ശൂർപ്പണഖാവൈരൂപ്യം കൈകൊട്ടിക്കളിപ്പാട്ടാണു്. പല വൃത്തങ്ങളിലായി ഇരുപതിൽപ്പരം ഗാനങ്ങളുണ്ടു്.

ഇപ്രകാരം കാളു പാട്ടും വായനയും കവിതയുമായി വസിക്കുന്ന കാലത്തു് കിളിമാന്നൂർ കോട്ടൂർ നീലകണ്ഠപ്പിള്ള അവിടെ ചെന്നുചേരുകയും, “ഇവന്റെ പാട്ടുകൾ വായിച്ചുനോക്കിയാൽ അവ ഒരു വ്യുത്പന്നനായ വാസനാകവികളുടെ കൃതികളാണെന്നുതന്നെ തോന്നും. ഇവൻ സംസ്കൃതകൃതികളൊന്നും വായിച്ചിട്ടില്ലെന്നും പറയുന്നു. ഇതു വലിയ വിസ്മയമായിരിക്കുന്നു. ഇവനു ജന്മാന്തരസിദ്ധമായ ബുദ്ധിസാമർത്ഥ്യവും തീക്ഷ്ണമായ കവിതാവാസനയും ഉണ്ടെന്നു കാണുന്നു. ഈ സ്ഥിതിക്കു് ചില സംസ്കൃതകാവ്യങ്ങളും മറ്റും വായിച്ചാൽ ഇവൻ ഒരു മഹാകവിയായി ഭവിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല” എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടതനുസരിച്ചു് കാളു അദ്ദേഹത്തിന്റെകൂടെ താമസമാക്കി. നീലകണ്ഠപ്പിള്ളആശാൻ കിളിമാന്നൂർ കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകനും ജ്യോത്സ്യനുമായിരുന്നു.

കിളിമാനൂർകൊട്ടാരത്തിലെ താമസംവഴിക്കു ലഭിച്ച മഹൽസംസർഗ്ഗം അവന്റെ കുശാഗ്രബുദ്ധിയെ വികസിപ്പിക്കയും അതു ഭാവിശ്രേയസ്സുകൾക്കെല്ലാം നിദാനമായിത്തീരുകയും ചെയ്തു. രണ്ടു മൂന്നു മാസങ്ങൾക്കിടയിൽ രഘുവംശം, മാഘം, നൈഷധം ഈ കാവ്യങ്ങളിലെ പലേ സർഗ്ഗങ്ങൾ അവൻ പഠിച്ചുതീർത്തു. അവന്റെ സംസ്കൃതഭാഷാപരിചയവും ശബ്ദകോശനിർണ്ണയവും ഊഹാപോഹശക്തിയും കണ്ടു വിസ്മിതനായ ഗുരു “നീ ഇനി കാവ്യശ്ലോകങ്ങൾ ഉരുവിട്ടു ക്ലേശിച്ചിട്ടാവശ്യമില്ല” എന്നുപറഞ്ഞു് നാടകങ്ങളും അലങ്കാരങ്ങളും പഠിപ്പിച്ചുതുടങ്ങി. ഉപരിഗണിതക്രിയകളും അതിനോടുകൂടി അവൻ പരിശീലിച്ചുവന്നു. അക്കാലത്തു് ബുദ്ധിമാനായ ഗുരു അവന്റെ കവിതാവാസനയേയും പോഷിപ്പിക്കാതിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം അവൻ അയ്യപ്പൻകാവിൽവച്ചു് നിമിഷത്തിൽ രചിച്ച ശ്ലോകത്തെ താഴെ ചേർക്കുന്നു.

കൈയൊപ്പംചേർത്തുചെമ്മേ കഴലിണയതിൽ-
വീണാനമിക്കും ജനാനാം
പയ്യെപ്പങ്കങ്ങൾപോക്കിപ്പരിചിനൊടവനം-
ചെയ്തുകൊണ്ടാദരേണ
അയ്യപ്പൻകാവിലോമൽകിളിമൃഗനഗരീ-
ശം കടാക്ഷിച്ചിരിപ്പോ-
രയ്യപ്പൻകൗതുകത്തോടടിയനു കുശലം
നൽകുമാറാകവേണം.

ഇങ്ങനെ കാളു അനേകം ഒറ്റശ്ലോകങ്ങൾ ഗുരുവിന്റെ ആജ്ഞാനുസരണം നിർമ്മിച്ചിട്ടുണ്ടു്. കുവലയാനന്ദം പഠിച്ചുകൊണ്ടിരിക്കേ, ഓരോ അലങ്കാരത്തേയും ഉദാഹരിക്കുന്ന ഓരോ ഭാഷാശ്ലോകങ്ങൾ രചിച്ചുവന്നു. അങ്ങനെ രചിച്ച ഭാഷാശ്ലോകങ്ങളിൽ ഒന്നാണു് താഴെ ചേർത്തിരിക്കുന്നതു്.

കല്യേകല്യാണശീലേ കളകളഭഗതേ കൺചകോരപ്രമോദം
കില്ലില്ലാതേകിടും തേ മുഖവിധമധുനാ നീയുയർത്തുന്നുവെന്നാൽ
ചൊല്ലാമാകാശദേശേ മതിമുഖിശശിരണ്ടെന്നു സൂക്ഷിച്ചുപാർത്താ-
ലില്ലേതുംസാമ്യമല്ലേ സുമുഖിഭവതിയിൽ തെല്ലുമില്ലേകളങ്കം.

അഞ്ചാറുമാസക്കാലമേ നമ്മുടെ ബാലൻ ഈവിധം ഗുരുകുലവാസം ചെയ്തുള്ളു. അതിനിടയ്ക്കു് അവന്റെ പാണ്ഡിത്യതരു തഴച്ചു വളർന്നുകഴിഞ്ഞു.

വയസ്സു് പതിനഞ്ചുതികഞ്ഞപ്പോൾ, കാളു ഗൃഹത്തിൽ താമസം തുടങ്ങി. എന്നാൽ പഠിത്തം വിട്ടുകളഞ്ഞില്ല. പ്രതാപരുദ്രീയം, കാവ്യപ്രകാശം, ശാകുന്തളം മുതലായ കൃതികൾ സശ്രദ്ധം വായിച്ചു പഠിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കേയാണു മടവൂരിൽ ഒരു സർക്കാർ പള്ളിക്കൂടം സ്ഥാപിതമായതു്. ഒന്നാം വാദ്ധ്യാരായ ഹരിഹരയ്യന്റെ ഉപദേശപ്രകാരം കാരണവൻ ഈ ബാലനെ പള്ളിക്കൂടത്തിൽ അയച്ചു. പക്ഷേ പഠിക്കേണ്ടതായി വന്നില്ല. ഒന്നാംവാദ്ധ്യാർക്കു് അവനെ പഠിപ്പിക്കാനായി ഒന്നും കണ്ടില്ല; നേരേമറിച്ചു് അവനു് അദ്ദേഹത്തിനെ പഠിപ്പിക്കാൻ പലതുമുണ്ടായിരുന്നുതാനും. അങ്ങനെ ശിഷ്യൻ ഗുരുവിനു ലീലാവതിയിലെ പലേ കണക്കുകൾ എഴുതിക്കൊടുത്തു പഠിപ്പിച്ചുവത്രേ.

ഒരുദിവസം സ്ക്കൂൾഇൻസ്പെക്ടർ തോപ്പിൽ ഗോപാലപിള്ള കിളിമാനൂരിനടുത്തുവച്ചു് അദ്ദേഹത്തിനോടു പരിചയപ്പെടുകയും അദ്ദേഹത്തിന്റെ പാണ്ഡിത്യം കണ്ടു് സർക്കാർ ജോലിക്കായി ക്ഷണിക്കയും ചെയ്തു. അങ്ങനെ അദ്ദേഹം പരവൂർ കിഴക്കനേലാപ്രവൃത്തിപ്പള്ളിക്കൂടം രണ്ടാംവാദ്ധ്യാരായി നിയമിക്കപ്പെട്ടു. എന്നാൽ ആ ഉദ്യോഗം നാലഞ്ചുദിവസത്തേക്കു മാത്രമേ അദ്ദേഹം വഹിക്കയുണ്ടായുള്ളു. ഒന്നാം വാദ്ധ്യാർ “ഇൻസ്പെക്ടർ യജമാനൻ അവർകൾ സമക്ഷമം മുമ്പിലേക്കു്” എഴുതിയ ഒരു റിപ്പോർട്ടു് അദ്ദേഹം കാണുകയും ‘സമക്ഷം’ എന്നു വേണ്ടതാണെന്നും ‘മുമ്പാകെ’ എന്നതു് എടുത്തുകളയേണ്ടതാണെന്നും വാദിക്കയും ചെയ്തു. പക്ഷേ ഒന്നാംവാദ്ധ്യാർ സമ്മതിച്ചില്ല. അതിനാൽ ഈ നിരക്ഷരകക്ഷിയുടെ കീഴിലിരിക്കാൻ കഴികയില്ലെന്നുപറഞ്ഞു് അദ്ദേഹം രാജി എഴുതിക്കൊടുത്തുകളഞ്ഞു. അനന്തരം അദ്ദേഹം മാമണ്ണൂർമഠത്തിലെ കുഞ്ഞുണ്ണികളെ പഠിപ്പിക്കാൻ നിയുക്തനായി. ഇങ്ങനെ നമ്മുടെ കാളു കാളുവാശാനായി. അക്കാലത്തു് രചിച്ച ഒരു കീർത്തനത്തിന്റെ ഒന്നുരണ്ടുവരി താഴെ ചേർക്കുന്നു.

അംഭോരുഹനന്ദിനിസുമധുരഭാഷിണി സുലളിതകുളുർകുചകുംഭദ്വയസു കുതുകഭൃശപരിരംഭപ്രിയ പടുവക്ഷഃസ്ഥലജംഭദ്വിഷിവരദമുരഹര.

അംഭോധരനിഭകമലേക്ഷണഗുരുവായു-
പുരാധിപമാധവ കരുണാലയ പരിപാലയമാം.

ആശാൻ പതിവായി പ്രദോഷവ്രതം അനുഷ്ഠിച്ചുവന്നു. ഒരുദിവസം ശിവക്ഷേത്രത്തിൽവച്ചു് ‘ശംഭോമഹാദേവ ശങ്കരശ്രീനീലകണ്ഠാ’ എന്നിങ്ങനെ ഒരു പഴയ കീർത്തനം ചൊല്ലുന്നതു കേട്ടു് ഒരു പണ്ഡിതബ്രാഹ്മണൻ ‘ആശാൻ ഇങ്ങനെ പഴയ കീർത്തനം ചൊല്ലാൻ പാടില്ല’ എന്നു പറഞ്ഞുവത്രേ. ഉടനെ അദ്ദേഹം ഉണ്ടാക്കിച്ചൊല്ലിയ കീർത്തനത്തിന്റെ ഒരു ഭാഗമാണു് താഴെ ചേർത്തിരിക്കുന്നതു്.

ശൂലിനേ കപാലിനേതുഭ്യം നിത്യംദയോർമ്മിമാലിനേ നമഃ ദേവദേവ! ഭൂതനായകപാലയനാഥ ദേവരാജമുഖ്യവന്ദിത ഗ്രാവഗൃഹദയംഭാവമതുഹൃദി ഭാവയ ഗിരിജ ദേവ മാംപ്രതി ദർപ്പക പേശലദർപ്പവിനാശന മുപ്പുരഹരജയ സർവവിഭൂഷണ.

ശൂലിന

കാലകിങ്കരന്മാർവരുമ്പോൾ പ്രാണാവസാനേ കാലകാലാലംബനം നീയേ ഉള്ളിലവിരളമുള്ളകൃപയൊടു വെള്ളിമലയതിനുള്ളിലമരിന നല്ലൊരു ദൈവതമേബത ഞങ്ങടെയല്ലലശേഷമകറ്റുക നാഥ.

ശൂലിന

ഇക്കാലത്താണു് പെരുനെല്ലി കൃഷ്ണൻവൈദ്യൻ എന്നും വെളുത്തേരി കേശവനാശാനെന്നും രണ്ടു് ഈഴവയുവാക്കന്മാർ കാവ്യനാടകാലങ്കാരങ്ങൾ വായിച്ചു് സമുദ്ധതരായി പ്രശോഭിച്ചു കൊണ്ടിരുന്നതു്. അവർ കാളുവാശാനോടു് ഒരു കവിതാസമരത്തിൽ ഏർപ്പെട്ടു. സമരം മൂന്നുമാസക്കാലത്തോളം നീണ്ടുനിന്നു. ഒടുവിൽ അവർ കാളുവാശാന്റെ “പദ്യമയവും മർമ്മഭേദകവുമായ വാഗ്വിശിഖങ്ങളാൽ വ്യഥിതഹൃദയരായിട്ടു്” വിരമിച്ചുവത്രേ.

മറ്റൊരവസരത്തിൽ, ഒരു അദ്ധ്യാപകൻ കാളുവാശാനെ ആക്ഷേപിച്ചു് ഒരു ശ്ലോകം എഴുതിയയച്ചു. അതിനു മറുപടിയായി ആശാൻ നൂറു ശ്ലോകങ്ങൾ അയച്ചുകൊടുത്തു് അയാളുടെ തേജോവധംചെയ്തു.

പെരുനെല്ലി വാദമുഖത്തിൽ തന്റെ തെറ്റു സമ്മതിച്ചതിനോടുകൂടി കാളുവാശാന്റെ ഉത്തമ സുഹൃത്തായിത്തീർന്നു. എന്നാൽ പണയിൽ കുഞ്ചുവൈദ്യൻ എന്നൊരാൾ ആക്ഷേപസ്വരത്തിൽ ആശാനു ചില പദ്യങ്ങൾ അയച്ചു. അതിനു മറുപടിയായി ആശാൻ എഴുതി അയച്ച പദ്യങ്ങളിൽ ഒന്നു താഴെ ചേർക്കുന്നു.

മഞ്ജ്വഭ്യാസൈകപുഷ്ട്യാ ചിലർ കവിത ചമയ്ക്കുന്നതേറ്റംവിശേഷം
മഞ്ജുശ്രീവാസനോദ്യന്മതികൾ ചിലർ ചമയ്ക്കുന്നുസന്ദിഗ്ദ്ധദോഷം
മഞ്ജുത്വംപൂണ്ടുമേവും ചിലയിതരജനം പദ്യമുണ്ടാക്കിയാലോ
ഞഞ്ഞാമിഞ്ഞാഞമഞ്ഞാ ഞണങിണഞമണഞ്ഞങ്ങണോമിഞ്ഞണേതി.

കാളുവാശാൻ വേറെ പലരേയും ഇതുപോലെ തോല്പിച്ചിട്ടുണ്ടു്.

കിളിമാനൂർ നീലകണ്ഠപ്പിള്ള ആശാന്റെ വംശ്യനും ശിഷ്യനുമായിരുന്ന കൊച്ചുവീട്ടിൽ കേശവനാശാൻ കാളുവാശാന്റെ ഒരു സ്നേഹിതനായിരുന്നു. അവർ തമ്മിൽ സ്നേഹപൂർവമായ ഒരു വാദകോലാഹലത്തിൽ ഏർപ്പെട്ടു. കേശവനാശാൻ ‘നവസർഗ്ഗഗതേ മാഘേ നവശബ്ദേനവിദ്യതേ’ എന്നു സ്വയം അഭിമാനിച്ചുപോന്നു. അവർ തമ്മിൽ മത്സരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് കാളുവാശാൻ അയച്ച പദ്യങ്ങളിലൊന്നാണു്,

മാഘമാലോകിതും മാഘം വ്യഥാ മാഘരതേദ്യ മേ
മാഘനൈപാഠ്യഹുങ്കാരം മോഘം തേനോദ്ധധീതവ.

എന്ന ശ്ലോകം ഒരിക്കൽ ഈ രണ്ടു സ്നേഹിതന്മാരും കൂടിയിരുന്ന അവസരത്തിൽ കേശവനാശാൻ പറഞ്ഞു:ഞാൻ ഒരു സംസ്കൃതശ്ലോകം എഴുതിവയ്ക്കാം. അതിൽ നോക്കിക്കൊണ്ടു തർജ്ജമ പറയാമോ?

കാളുവാശാൻ
:ഞാൻ ഒരു ശ്ലോകം എഴുതിവച്ചാൽ നിങ്ങൾക്കു് അതിന്റെ ഭാഷാന്തരം പറയാൻ സാധിക്കുമോ?
കേശവനാശാൻ
:ഇല്ല. എന്നെക്കൊണ്ടു സാധിക്കയില്ല.
കാളു
:എന്നാൽ നിങ്ങൾ എഴുതു. ഞാൻ പറയാം.

കേശവനാശാൻ:

ഇന്ദുംകൈരവിണീവകോകപടലീവാംഭോംജിനീവല്ലഭം
മേഘംചാതകമണ്ഡലീവ മധുപശ്രേണീവപത്മാകരം
മാകന്ദപികസുന്ദരീ വരമണിവാത്മേശ്വരംപ്രോചിതം
ചേതോവൃത്തിരിയം സദാ ഗുരുനിധേ ത്വാംദ്രഷ്ടുമുൽക്കണ്ഠതേ.

എന്ന ശ്ലോകം എഴുതിവച്ചു. അതു നോക്കിക്കൊണ്ടു് കാളുവാശാൻ,

തേന്മാവൃക്ഷംകുയിലുമളിയത്താമരപ്പൊയ്കയേയും
ചെമ്മേകോകം രവിയെ മുകിലെത്തന്നെവേഴാമ്പൽതാനും
അമ്മാൻകണ്ണാൾപതിയെയതുപോലാമ്പലച്ചന്ദ്രനേയും
കാണ്മാനോർക്കുംവിധമയിഭവദൃർശനം ഞാൻ കൊതിപ്പൂ.

എന്നു നിഷ്പ്രയാസം ചൊല്ലി.

ഇതുകേട്ടു് കേശവനാശാൻ പറഞ്ഞു:നാം തമ്മിലുള്ള മത്സരമെല്ലാം ഇതിനോടു തീർന്നു. ഇനി ആശാൻ എന്നെ എത്ര പരിഹസിച്ചാലും എനിക്കു് ഒരു കൂസലുമില്ല.

കാളു:“അതിപ്പോൾ കാണാമല്ലോ” എന്നു പറഞ്ഞിട്ടു്,

“അമ്പമ്പാ കൊച്ചുവീട്ടിൽ ബഹുകൊതി-
ചൊറിയൻ കേശവക്കമ്പമാണെ”

എന്നവസാനിക്കുന്ന ഒരു ശ്ലോകം പെട്ടെന്നു ചൊല്ലുകയും അതിനു മറുപടിയായി കേശവനാശാനും,

കാളിദാസപരിഹാസവാക്കിനെ-
ക്കാളുമില്ല മമ മോദമൊന്നിലും

എന്നു തുടങ്ങുന്ന ഒരു പദ്യം നിർമ്മിക്കയും ചെയ്തു. തത്സമയം കാളുവാശാൻ സ്നേഹിതനെ സ്തുതിച്ചു് ഒരു സംസ്കൃതപദ്യം രചിക്കയും ഉണ്ടായി.

കിളിമാന്നൂർ അയ്യപ്പൻകാവിൽ തെക്കേമഠത്തിൽ പത്മനാഭയ്യർ എന്നൊരു സരസനായ സ്ക്കൂൾഇൻസ്പെക്ടർ താമസിച്ചിരുന്നു. അദ്ദേഹം ക്ഷേത്രപ്രദക്ഷിണം വച്ചുകൊണ്ടിരുന്ന അമ്മതമ്പുരാനെ നോക്കി അവിടുത്തെക്കൊണ്ടു് പത്മബന്ധത്തിൽ ഒരു ശ്ലോകമുണ്ടാക്കാനായി ആശാനോടു് അപേക്ഷിച്ചു. അപ്പോൾ ആശാൻ ചൊല്ലിയ ശ്ലോകമാണിതു്:

രാജതേഖിലരാജേന്ദു ശേഖരായിതഭാസുരാ
രാമാഭിവന്ദ്യാ രാജ്ഞീയം സുഹാരകാപി ഹാ വരാ.

കാലക്രമേണ കാളുവാശാന്റെ വിഖ്യാതി നാടെങ്ങും പരന്നു. പലരും അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി പൂജിച്ചുതുടങ്ങി. ഒരിക്കൽ ആശാനും മടവൂർ സി. നാരായണപിള്ളയുംകൂടി തിരുവനന്തപുരത്തു വന്നു്, കോട്ടയ്ക്കു സമീപത്തെത്തിയപ്പോൾ, ആശാൻ പറഞ്ഞു: “ഇവിടെ ഒരു പിഷാരടിആശാൻ ഉണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ കൈവശം കൗമുദി മുഴുവനും ഉള്ളതായിട്ടറിയാം. നമുക്കു് അങ്ങോട്ടു കയറാം.” ആശാൻ പിഷാരടിയോടു് ഒരുമാസത്തേക്കു് കൗമുദി കടം ചോദിച്ചു. “ഈ പുസ്തകം ബഹുദുർല്ലഭമാണു്. കൊടുത്താൽ തിരിച്ചുകിട്ടുകയില്ലെന്നു് എനിക്കറിയുകയും ചെയ്യാം.” എന്നു പറഞ്ഞു് അദ്ദേഹം ആ അപേക്ഷയെ നിരസിച്ചുകളഞ്ഞു. ആശാൻ വെളിയിൽ വന്നപ്പോൾ സ്ക്കൂൾകുട്ടികൾ പള്ളിക്കൂടത്തിലേക്കു പോകുന്നതു കണ്ടിട്ടു് അവരിൽ ഒരാളുടെ പക്കൽനിന്നു് ഒരു ഓലത്തുണ്ടുവാങ്ങി ഒരു ശ്ലോകം കുറിച്ചയച്ചു. അതു വായിച്ചുനോക്കിയ ഉടനെ പിഷാരടി വെളിയിൽവന്നു് ഹസ്തഗ്രഹണപൂർവം സ്വീകരിച്ചു് അകത്തു കൊണ്ടുപോയി പുസ്തകവും കൊടുത്തിട്ടു്,

തവവർത്മനിവർത്തതാംശിവം പുനരസ്തുത്വരിതം സമാഗമഃ
അയി സാധയ സാധയേപ്സിതാ സ്മരണിയാസ്സമയേ വയം സഖേ.

എന്നു ആശംസിച്ചുവത്രേ.

ഈയിടയ്ക്കാണു് ഗുരുവിന്റെ ആജ്ഞാനുസാരം ആശാൻ ശങ്കരാചാര്യചരിതം കിളിപ്പാട്ടായി തർജ്ജമചെയ്തുതുടങ്ങിയതു്. ഗ്രന്ഥം പൂർത്തിയായിട്ടുണ്ടെന്നു തോന്നുന്നില്ല.

യാതൊരുദേവൻതന്റെ നിർമ്മലപ്രസാദമാ-
മാദിത്യോദയംമൂലമന്തരായാന്ധകാരം
നിശ്ശേഷം നശിക്കുന്നു നിശ്ശേഷകർമ്മണമേ-
ശശ്വദാനന്ദമൂർത്തിയാകിയ ഹേരംബ്ബന്റെ
ശ്രീമൽപാദാംഭോരുഹദ്വന്ദ്വത്തിനായിക്കൊണ്ടു
താമസഭാവമെന്യേ തൊഴുന്നേനാവോളവും.

ഈ കൃതിയിൽ കവി തന്റെ ഗുരുവിനെ ഇങ്ങനെ സ്മരിച്ചു കാണുന്നു.

അജ്ഞാനാമയഃതമഃപടലം നിരസിച്ചു
സംജ്ഞേയപദാർത്ഥങ്ങൾ ദർശിപ്പിച്ചിയങ്ങുന്ന
മദ്ഗുരുവരനായ മംഗലമണിദീപം
സദ്ഗുണാകരൻ ക്രോഡഗ്രാമനാമകധാമാ
മേദുരിതോരുഹോരാതത്വാർത്ഥസാരതന്ത്ര-
യാദസാംപതിലോപമുദ്രാസുനാഥൻ ശുഭൻ
ദേവബ്രാഹ്മണസാധുപൂജനരതൻ സർവ
കോവിദാവലിമുഖകൗരവരാകാചന്ദ്രൻ
നീലകണ്ഠാഭിധാനൻ തന്തിരുപ്പാദംനിത്യ-
മാലംബിച്ചിതാവീണുവണങ്ങീടുന്നേനഹം.

പിന്നീടു നാം ആശാനെ കാണുന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെയും തർക്കശാസ്ത്രപണ്ഡിതനായ തഹശീൽദാർ നാണുശാസ്ത്രികളുടേയും പ്രസിദ്ധ ജ്യൗതിഷികനായ കരുങ്കുളം കൃഷ്ണജ്യോത്സ്യരുടേയും ശിഷ്യനായിട്ടാണു്. നീലകണ്ഠപ്പിള്ളയുടെ ഗുരുവും,

“ശ്രീനീലകണ്ഠാഖ്യൻതന്റെ സൽഗുരുവരൻ വഞ്ചിഭൂപാലബഹുമതൻ ശാന്തഭാവനായ് കുമുദാതുംഗസൗമംഗല്യകാന്തിപോഷണരതനായ് കലാനിധിയായ്, ഏറ്റവും യശഃകരമായുള്ള ദീപ്തികൊണ്ടു് കുറ്റംകൂടാതെ ജര്ഗത്തൊക്കവേ വെളുപ്പിച്ചു”കൊണ്ടു വിളങ്ങുന്നതായി ആശാനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന മഹാത്മാവും ആയ കിളിമാനൂർ വിശാഖംതിരുനാൾ തമ്പുരാൻ,

“ഈ വരുന്ന കാളു എന്റെ പ്രിയശിഷ്യനാണു്. ആ വാത്സല്യംകൊണ്ടല്ല അവനെ അയയ്ക്കുന്നതു്. ഇവനു കവിതയിൽ അസാമാന്യമായ വാസന കാണുന്നു. ഇവന്റെ സാഹിത്യസാമർത്ഥ്യം നേരിട്ടുകണ്ടു് ബോധ്യപ്പെടുത്തുന്നതിനായി അയയ്ക്കുന്നതാകുന്നു.” എന്നൊരു കത്തുമുഖേന അദ്ദേഹത്തിനെ കേരളവർമ്മവലിയകോയിത്തമ്പുരാനു് പരിചയപ്പെടുത്തിക്കൊടുത്തു. ആശാന്റെ പ്രൗഢസംസ്കൃതപദ്യങ്ങൾ കണ്ടു സന്തുഷ്ടനായ വലിയകോയിത്തമ്പുരാൻ പലേ പാരിതോഷികങ്ങൾ കൊടുത്തതിനു പുറമേ,

“അമ്മാവൻ ഇവിടെ അയച്ച കാളുവിന്റെ സാമർത്ഥ്യം എത്രയോ അഭിനന്ദനീയവും അതിശയനീയവുമായിരിക്കുന്നു. അവന്റെ താമസം ഈ തലസ്ഥാനനഗരിയിൽ ആയിരുന്നെങ്കിൽ അവന്റെ യോഗ്യത ശതഗുണം പ്രകാശിക്കുമായിരുന്നു” എന്നു മറുപടിയും കൊടുത്തയച്ചു.

തിരുവനന്തപുരത്തുവച്ചു് കാളുവാശാൻ സർവാധി പി. ഗോവിന്ദപ്പിള്ള, ആറ്റുകാൽ ശങ്കരപ്പിള്ള, മുൻഷി രാമക്കുറുപ്പു് മുതലായവരുടെയൊക്കെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.

ആശാന്റെ സംസ്കൃതകവനങ്ങൾ എല്ലാം അതിപ്രൗഢങ്ങളാണു്.

അടുത്തു് ആശാനെ നാം കാണുന്നതു് വർക്കല സംസ്കൃതവിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനെന്ന നിലയിലാണു്. ജോലി നിർവ്വഹിച്ചുകൊണ്ടിരിക്കേ, ചവറയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ജ്യോത്സ്യൻ ചാർത്തിക്കൊടുത്ത മുഹൂർത്തത്തേപറ്റി ഒരു തർക്കം ഉത്ഭവിച്ചു. അടിയന്തിരവീട്ടുകാർ നീലകണ്ഠപ്പിള്ള ആശാനേ കണ്ടു ചോദിച്ചു. മുഹൂർത്തം ശരിയല്ലെന്നു് അദ്ദേഹം വിധിച്ചു. എന്നാൽ കൃഷ്ണനാശാനെ തെറ്റു മനസ്സിലാക്കിക്കൊടുക്കുന്നതിലേക്കു് ചവറവരെ ചെല്ലണമെന്നു് അവർ അപേക്ഷിച്ചപ്പോൾ, തനിക്കു വരാൻ നിവൃത്തിയില്ലെന്നും തന്റെ ശിഷ്യനായ കാളുവാശാനെ അയയ്ക്കാമെന്നു് അദ്ദേഹം പറകയാൽ ആശാനു് ഒരു വലിയ വാദത്തിൽ ഏർപ്പെടേണ്ടതായിവന്നു. കാളുവാശാൻ യുക്തികൊണ്ടും പ്രമാണശതങ്ങളെക്കൊണ്ടും കൃഷ്ണനാശാന്റെ വാദമുഖങ്ങളെ എല്ലാം ഖണ്ഡിച്ചു.

ഒരിക്കൽ തിരുവല്ലാ നെടുമ്പുറത്തു കോയിക്കലെ പണ്ഡിതനായ ഒരു തമ്പുരാൻ കിളിമാന്നൂർ കൊട്ടാരത്തിൽ വന്നിരുന്നു. കലഹപ്രിയനായ ‘കൂനൻനമ്പ്യാർ’ എന്നൊരാൾ തിരുവല്ലാരാജാവിന്റെ വാദഘോഷങ്ങളാൽ നീലകണ്ഠപ്പിള്ളആശാൻ സ്തബ്ധനായിപ്പോയെന്ന അർത്ഥംവരുന്ന ഒരു ശ്ലോകം ആരെക്കൊണ്ടോ എഴുതിവാങ്ങിപ്പിച്ചു്, ആശാന്റെ കൈയിൽ കൊടുത്തു. നിർമ്മത്സരനായിരുന്ന നീലകണ്ഠപ്പിള്ളആശാൻ ‘തനിക്കു വാദമൊന്നുമില്ലെ’ന്നു പറഞ്ഞുകൊണ്ടു് ഓലയെ കുടയിൽ തിരുകി വച്ചു. കാളുവാശാൻ ആ ശ്ലോകം കണ്ടു്, ഗുരുവിനെ ധിക്കരിച്ചവനെ കൊമ്പുകുത്തിക്കാൻ അവസരം തേടിക്കൊണ്ടു് ഒരു ഖണ്ഡനപദ്യം എഴുതി നമ്പ്യാരെ ഏല്പിച്ചു. കിളിമാനൂർ കൊട്ടാരത്തിലുള്ള തമ്പുരാക്കന്മാരെല്ലാംകൂടി കാളുവാശാന്റെ വാദചാതുരി കാണാൻ ആഗ്രഹിച്ചു്, ഖണ്ഡനത്തിനു ഖണ്ഡനം എഴുതി അയച്ചുകൊടുത്തു. വാദം കുറേനാൾ നീണ്ടുനിന്നു. ഒടുവിൽ ഇതിനെല്ലാം കൂനൻനമ്പ്യാരുടെ കൃത്രിമമാണെന്നു ഗ്രഹിച്ച കവി അദ്ദേഹത്തിനെ ആക്ഷേപിച്ചു് ‘ശ്വകാകസല്ലാപം’ എന്നൊരു പ്രബന്ധം എഴുതി അയച്ചുകൊടുത്തു.

കാളുവാശാൻ വർക്കല താമസംതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ, കുഴിവിളാകത്തു നാരായണിഅമ്മയെ വിവാഹം കഴിച്ചു. അവിടെവച്ചു ഗുരുവിന്റെ ആജ്ഞാനുസാരം രചിക്കപ്പെട്ട ആട്ടക്കഥയാണു് പ്രഹ്ളാദചരിതം. ആ കൃതിയെപ്പറ്റി കിളിമാന്നൂർ വിശാഖംതിരുനാൾ വലിയതമ്പുരാൻ അയച്ച അനുമോദനശ്ലോകം താഴെ ചേർക്കുന്നു.

കാളിദാസകവിദർശതോക്തജനകാമവിശ്രമജനാശ്രയഃ
കാളികാസുകരുണൈധമാനബഹുദിവ്യനവ്യകവിതാഗതിഃ
കാളവർത്മജകലാവിലാസപടുരാത്മസാരരസികോനിശം
കാളുനാമകവികുഞ്ജരോജയതി ബാലകൃഷ്ണരുചിരാകൃതിഃ.

ഇപ്രകാരം ശിഷ്യഗണപരിസേവിതനായ ആശാൻ വർക്കലെ താമസിച്ചുകൊണ്ടിരിക്കെ ഒരുദിവസം സന്നിഹിതമായിരുന്ന സ്വദേവിയുടെ ഉത്സവത്തിനു ഭാഗഭാക്കാകുന്നതിനുവേണ്ടി മടവൂർ എത്തി. അവിടെവച്ചു് ഗ്രഹണിരോഗം ആരംഭിച്ചു. പലേ ചികിത്സകൾ ചെയ്തുനോക്കി. ഫലിച്ചില്ല. 1063 കുംഭം 10-ാം ൹ രോഹിണിനക്ഷത്രത്തിൽ ഈ അഭിനവകാളിദാസൻ ദിവംഗതനായി.

അദ്ദേഹത്തിന്റെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള കൃതികളെയെല്ലാം ശേഖരിച്ചു് പ്രസിദ്ധീകരിക്കുന്നതു ലോകോപകാരപ്രദമായിരിക്കും. കഷ്ടിച്ചു് മുപ്പത്തിഒന്നു വയസ്സുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളുവെങ്കിലും, അതിനിടയ്ക്കു് അദ്ദേഹം ശാശ്വതമായ യശഃസ്തംഭം നാട്ടിക്കഴിഞ്ഞു.

പ്രഹ്ളാദചരിതത്തിലെ ഒരു ശ്ലോകവും ഗാനവും മാത്രം ഉദ്ധരിക്കുന്നു:

തോടി–ചെമ്പട
സന്താനദ്രുമരാജിരാജിതലതാ സൗഗന്ധിസൂനസ്രവ-
ന്മധ്വാസ്വാദനലാലസഭ്രമരവിഭ്രാമ്യൻസുബാലാനിലം
ജ്യോൽസ്നാചാരുനിശാന്തരേ ദയിതയാ സാപ്രാപൂവാൻനന്ദനം
ദൃഷ്ട്വാ രാമരുചിംശചീംസുമധുരാം ഭാഷാം ബഭാഷേഹരിഃ.
പ. മോഹനീയശീലേബാലേ മോഹനാംഗീമൗലെ
ഏഹി മത്സമീപംശിശു രോഹിണിനായകഫാലെ
കണ്ടാലുംനന്ദനോദ്യാനം കൊണ്ടാടുംവിഹംഗോദ്യാനം
കുണ്ഠതാവിഹീനമാനം പൂണ്ടുവിലസുന്നൂ നൂനം. (മോഹ)
മാലതീമല്ലികാസുമ ജാലമതു കണ്ടിതോ നീ
ചേലിയന്നീടുന്നോരുഡുമാലകൾപോൽശോഭിക്കുന്നൂ. (മോഹ)
ശിഷ്ടരാംജനങ്ങളുടെയിഷ്ടദാനംചെയ്തീടുന്ന
പുഷ്ടശംഖമന്ദാരങ്ങൾ സ്പഷ്ടമേനില്പതുംകാൺക. (മോഹ)
സൂര്യബിംബംപോയ്മറഞ്ഞു വാരിജാതങ്ങൾകരിഞ്ഞു
സാരകാന്തവിയോഗേന നാരിതന്റെമുഖംപോലെ. (മോഹ)
താരേശനുദിച്ചുയർന്നൂ കൈരവങ്ങൾ തെളിയുന്നൂ
ചാരുനിന്മുഖശ്രീകൊണ്ടു പാരമെന്മാനസംപോലെ. (മോഹ)
അഞ്ചിതകോകിലവൃന്ദം പഞ്ചമങ്ങൾപാടീടുന്നൂ
പിഞ്ഛവുവിരുത്തുശിഖിസഞ്ചയങ്ങളാടീടുന്നൂ. (മോഹ)
വണ്ടുകളുംമധുരസമുണ്ടുഷഡ്ജംപാടീടുന്നു
സതണ്ടലർയേകൻതന്റെ കൊണ്ടാടുംഞാണൊലിപോലെ. (മോഹ)
മന്ദവായുസഞ്ചലിതമന്ദാരവല്ലികൾകാൺക
മെല്ലെനമ്മെവിളിക്കുന്നിതെന്നുതന്നെതോന്നീടുന്നു. (മോഹ)
മാരനായവീരൻവന്നു കൂരമ്പുകൾചൊരിയുന്നു
വാരണഗമനേ മനതാരിൽമാൽപെരുകീടുന്നു. (മോഹ)
നല്ലൊരുരജനിയിതു മുല്ലബാണകേളിചെയ്വാൻ
ചൊല്ലിയലുമധരംതന്നല്ലൽതീർക്ക വല്ലഭേ നീ. (മോഹ)

എരിക്കിലക്കാമോദരി—ചെമ്പട
സുരനാഥസുകീർത്തേരമണശൃണുസുകൃതൈധിതമൂർത്തേ
പ്രതിഭടപടലീപാടനപാടവശ്രിതജനതാഹരിചന്ദനപാദപ. (സുര) സുരവരതടിനീമജ്ജനലോലം ഹരികരുണംധുതദുഷ്കൃതജാലം
സുരവനിതാജനമിഹതവകോലം സുരുചിരമിദമനുദിനമതിവേലം. (സുര)
കരളിൽനിനച്ചിട്ടൊരുനിശിയണവാൻ തരമതുവാരാഞ്ഞുരുതരഗുണവാൻ
വരസരസിജശരജൂർത്തിയതണവൻ പരിഗതമരിശരകൃതവ്രണകിണവാൻ. (സുര)
പ്രിയതമതവമുഖവിധുസുകൃതരതേ പ്രിയമൊടുതെളിയണമിഹസുരതരതേ
സ്മയമയചന്ദ്രികവിലയാഞ്ഞയിതേ തപതിമമാക്ഷിചകോരികസുമതേ. (സുര)
വിരവൊടുജിതകരികുലവരകുംഭം സരസിജശരരസപൂരിതകുംഭം
വരകരപരിലാളിതകുചകുംഭം സരസമണച്ചുവിതനുപരിരംഭം. (സുരനാഥ)

ശബ്ദാർത്ഥങ്ങളുടെ സൗകുമാര്യവും പരിപാകവും മാധുര്യവും സന്ദർഭശുദ്ധിയും നോക്കിയാൽ ആട്ടക്കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ സ്ഥാനം ഇതിനു കൽപ്പിക്കാവുന്നതാകുന്നു. കവി പിതാവിൽനിന്നു സോപാനരീതിയിലുള്ള ഗാനരീതിയും ചില ഭാഗവതന്മാരിൽനിന്നു ദേശീയ സമ്പ്രദായവും നല്ലപോലെ അഭ്യസിച്ചിരുന്നതിനാലും നല്ല കണ്ഠമാധുരി ഈശ്വരദത്തമായിട്ടുതന്നെ ഉണ്ടായിരുന്നതുകൊണ്ടും, ഈ കൃതിയിലെ ഗാനങ്ങൾക്കു് ഇരയിമ്മന്റെ ഗാനങ്ങൾക്കുള്ളതുപോലുള്ള മാധുരീവിശേഷം കാണുന്നു. കാളുവാശാന്റെ സംസ്കൃതരചനാവൈഭവത്തേയും സംസ്കൃതരചനാപാടവത്തേയും താരതമ്യപ്പെടുത്തി നോക്കുന്നതായാൽ അവ രണ്ടും ശ്രേഷ്ഠങ്ങളായിരിക്കുന്നു എന്നു ശ്വാകാകസല്ലാപത്തിലെ പ്രൗഢഗദ്യങ്ങളും പ്രഹ്ളാദചരിതത്തിലെ പ്രൗഢപദ്യങ്ങളും നിർവിശങ്കം സാക്ഷ്യം വഹിക്കുന്നതായി ഒരു പണ്ഡിതാഗ്രണി അഭിപ്രായപ്പെട്ടിരിക്കുന്നു. ദ്രുതകവിതയിലായിരുന്നു അദ്ദേഹത്തിനു വാസന. ശ്വാകാകസല്ലാപം ഒരു പകൽകൊണ്ടു രചിച്ചതാണു്. പ്രഹ്ളാദചരിതം എഴുതുന്നതിനു രണ്ടുമൂന്നാഴ്ചവട്ടങ്ങളേ വേണ്ടിവന്നുള്ളു.

ആശാൻ പ്രകൃത്യാ സുശീലനും ശാന്തനുമായിരുന്നെങ്കിലും ആരെങ്കിലും ആക്ഷേപിച്ചാൽ വിധമൊക്കെ മാറുമായിരുന്നു. അദ്ദേഹം മാമണ്ണൂർ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് ചാത്തന്നൂർ വാദ്ധ്യാരായിരുന്ന ഒരു ചാക്കോമാപ്പിള കുറേ യുക്തിക്കണക്കുകൾ എഴുതി ഏതാനും പദ്യങ്ങളോടുകൂടി രചിച്ചുകൊടുത്തു. ആ പദ്യങ്ങളിൽ ഔദ്ധത്യം നല്ലപോലെ സ്ഫുരിച്ചിരുന്നു. ആശാനാകട്ടെ ചോദ്യങ്ങൾക്കു് ഉത്തരം എഴുതിയിട്ടു് പദ്യങ്ങൾ അബദ്ധപ്രചുരങ്ങളായിരിക്കുന്നുവെന്നും സംസ്കൃതജ്ഞാനശൂന്യന്മാർക്കു് അങ്ങനെ അബദ്ധംവരുന്നതിൽ അതിശയിപ്പാനില്ലെന്നും ഉള്ള ഒരു കുറിപ്പോടുകൂടി സ്വയംകൃതങ്ങളായ ഏതാനും യുക്തിക്കണക്കുകളോടുകൂടി അയച്ചുകൊടുത്തു. ഈ കത്തു് ചാക്കോമാപ്പിളയുടെ ഉത്സാഹശക്തിയെ ഉത്തേജിപ്പിക്കയും അചിരേണ നീലകണ്ഠപ്പിള്ളയാശാനു ശിഷ്യപ്പെട്ടു സംസ്കൃതം അഭ്യസിക്കയും ചെയ്തുവത്രേ. അതിൽപിന്നീടു് ആശാനും ചാക്കോമാപ്പിളയും പ്രിയസുഹൃത്തുക്കളായിത്തീർന്നു. “എന്റെ പ്രിയശിഷ്യൻ ചാക്കോ കാളുവാശാന്റെ കവനഗ്രന്ഥമാണെന്നു നീലകണ്ഠപ്പിള്ളയും,” “കാളുവാശാൻ അവർകളുടെ ആക്ഷേപശ്ലോകങ്ങളും അനന്തരകാലത്തെ സഹായസഹകരണങ്ങളുമാണു് എന്റെ ഭാവിശ്രേയസ്സുകൾക്കെല്ലാം ഹേതുഭൂതമായ സംസ്കൃതാഭ്യസനത്തിനു് എന്നെ പാത്രീഭവിപ്പിച്ചതെന്നു്” ചാക്കോമാപ്പിളയും പറയാറുണ്ടായിരുന്നു.

കാളുവാശാൻ ജാതിവ്യത്യാസത്തിനു ബദ്ധവിരോധിയായിരുന്നു. എല്ലാ ജാതിക്കാരോടും മതക്കാരോടും അദ്ദേഹം സമഭാവനയോടാണു് പെരുമാറിവന്നതും. അദ്ദേഹത്തിന്റെ കവനചാതുരിയെപ്പറ്റി അഭിജ്ഞോത്തമനായ രാമക്കുറുപ്പുമുൻഷി ഒരു കഥ പറഞ്ഞിട്ടുള്ളതു രസാവഹമാണു്. ഒരിക്കൽ മടവൂർ സി. നാരായണപിള്ള ഭാഷാചരിത്രകാരനായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരെ കാണാൻ ചെന്നിരുന്നു. അവിടെ രാമക്കുറുപ്പുമുൻഷിയും ഉണ്ടായിരുന്നു. ഗോവിന്ദപ്പിള്ള അദ്ദേഹത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു് അന്നത്തെ നിമിഷകവിയുടെ സഹോദരനെന്നായിരുന്നു. ഉടൻതന്നെ രാമക്കുറുപ്പുമുൻഷി നാരായണപിള്ളയെ അടുത്തുവിളിച്ചു നിങ്ങളുടെ കാളിദാസനു സൗഖ്യംതന്നെയല്ലേ എന്നു ചോദിച്ചു. സൗഖ്യംതന്നെ എന്നു മറുപടി പറഞ്ഞപ്പോൾ അദ്ദേഹം തുടർന്നു: ഞാൻ ആളിനെ ഈയിടെ ഇവിടെവച്ചാണു കണ്ടതു്. നിങ്ങളുടെ പേരെന്തെന്നു ഞാൻ ചോദിച്ചപ്പോൾ, കാളിദാസൻ എന്നു പറഞ്ഞു. അതുകേട്ടു് എനിക്കു പുച്ഛരസം തോന്നി. കുറേ വല്ല കാവ്യശ്ലോകങ്ങളും പഠിച്ചു് മുറിപ്പദ്യങ്ങളുമുണ്ടാക്കി കാളിദാസനെന്നു സ്വയം അഭിമാനിക്കുന്ന ആൾ എന്നാണു് ഞാൻ വിചാരിച്ചതു്. നിങ്ങളുടെ പേർ അസാധാരണം തന്നെയെന്നു ഞാൻ പറഞ്ഞപ്പോൾ ഇദ്ദേഹം, മി. ഗോവിന്ദപ്പിള്ള “അതിരിക്കട്ടെ; കാളിദാസന്റെ നിമിഷകവനസാമർത്ഥ്യം ഒന്നു പരിശോധിച്ചുനോക്കുക” എന്നു പറഞ്ഞു. ഉടനേ ഞാൻ നിങ്ങളുടെ കവനപരിചയം സംസ്കൃതത്തിലോ മലയാളത്തിലോ എന്നു ചോദിച്ചു. ‘രണ്ടിലുമാകാം’ എന്നു മറുപടി കിട്ടിയപ്പോൾ, ഒരു പെൻസിലും കടലാസും കൊടുത്തിട്ടു്, കാളിദാസനെപ്പറ്റി ഒരു പദ്യം സംസ്കൃതത്തിലെഴുതാൻ ഞാൻ ആവശ്യപ്പെട്ടു. വിദ്വാൻ പെട്ടെന്നു് ഒരു ശ്ലോകം എഴുതിവച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. പദ്യം വായിച്ചുനോക്കിയപ്പോൾ അത്ഭുതം ദ്വിഗുണീഭവിച്ചു. പദ്യം അത്രയ്ക്കു രസാവഹമായിരുന്നു. കവിയെ ഒന്നു പരീക്ഷിക്കാൻ വേണ്ടി അതിലെ ചില പ്രയോഗങ്ങൾ തെറ്റാണെന്നു ഞാൻ വാദിച്ചു. വിദ്വാന്റെ ഭാവം പകർന്നു–എന്തിനു്? എന്നോടു കൊണ്ടുപിടിച്ചു തർക്കിച്ചു. കാളിദാസപ്രയോഗങ്ങൾ തന്നെ ഉദ്ധരിച്ചു് വിദ്വാൻ അവയുടെ സാധുത്വം സമർത്ഥിച്ചു. ഞാൻ സന്തോഷിച്ചു. ആൾ ഒരു കൊച്ചുകാളിദാസൻതന്നെ; സംശയമില്ല.”

കാളുവാശാൻ നല്ല ഗായകനായിരുന്നു എന്നു പ്രസ്താവിച്ചല്ലോ. അദ്ദേഹം അനേകം മനോഹരഗാനങ്ങൾ വിവിധരാഗങ്ങളിൽ എഴുതീട്ടുണ്ടു്. പക്ഷേ എന്തു കവിതയായിരുന്നാലും എഴുതിക്കഴിഞ്ഞാൽ പിന്നെ സൂക്ഷിക്കണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ യാതൊരു ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടു് പല കൃതികളും നഷ്ടപ്പെട്ടുപോയിട്ടുണ്ടു്.

ഒരിക്കൽ നെടുമ്പുറത്തു കോയിത്തമ്പുരാൻ തിരുവനന്തപുരത്തു പോയിട്ടു് തിരിച്ചു പോരുംവഴി കിളിമാനൂർ കൊട്ടാരത്തിൽ ചെന്നുചേർന്നു. അദ്ദേഹം മഹാരാജാ തിരുമനസ്സിലേക്കു സമർപ്പിച്ച ചക്രബന്ധത്തിലുള്ള ഒരു പദ്യം കാണിച്ചിട്ടു് അതിന്റെ അർത്ഥകല്പനകളേപ്പറ്റി പ്രശംസിച്ചു. ഒടുവിൽ “ഈമാതിരി പദ്യം എഴുതത്തക്ക വല്ലവരും ഇവിടെ ഉണ്ടോ” എന്നു ചോദിച്ചപ്പോൾ കിളിമാന്നൂർവലിയകോയിത്തമ്പുരാൻ പറഞ്ഞു:“ഉണ്ടു്, എന്റെ ശിഷ്യൻ കാളുവുണ്ടു്.”

കാളുവിനെ വരുത്തിയിട്ടു് ഈവിധം അർത്ഥാന്തരങ്ങളോടുകൂടിയ പദ്യം എഴുതാമോ എന്നു തമ്പുരാൻ ചോദിച്ചു.

ആശാൻ
–എഴുതാം.
തമ്പുരാൻ
–ഞാൻ പോകുംമുമ്പേ എഴുതിക്കാണിക്കാമോ?
ആശാൻ
–ഇപ്പോൾതന്നെ എഴുതിത്തരാം.
തമ്പു
–എത്ര സമയം വേണ്ടിവരും?
ആശാൻ
–ഒരു മണിക്കൂർ.
തമ്പു
–കൊള്ളാം; ഒരു മണിക്കൂറോ? എന്നാൽ എഴുതികാണിക്കുക.

കാളുവാശാൻ അടുത്ത മുറിയിൽ ചെന്നിരുന്നു് ഒരു ചക്രബന്ധം രചിച്ചു. അദ്ദേഹം പോയപ്പോൾ തമ്പുരാൻ പറഞ്ഞു:

“ഇദ്ദേഹം ബുദ്ധിമാനാണെന്നു തോന്നുന്നു. എങ്കിലും അഹങ്കാരം കുറെ അധികമാണു്.”

വലിയതമ്പുരാൻ—അങ്ങനെ അല്ല. അവൻ മഹാ സമർത്ഥനാണു്.

കാളുവാശാൻ പറഞ്ഞ സമയത്തിനുള്ളിൽ ശ്ലോകം എഴുതികൊണ്ടുവന്നു. ആ പദ്യം രാജാവിന്റെ പദ്യത്തെക്കാൾ പതിന്മടങ്ങു പ്രൗഢവും ഹൃദ്യവുമായിരുന്നു. തമ്പുരാൻ അദ്ദേഹത്തിനു് ഒരു തുപ്പട്ടി നേര്യതു സമ്മാനിച്ചു. അദ്ദേഹം അവിടെനിന്നു പോയപ്പോൾ തമ്പുരാൻ പറഞ്ഞു:

“ഈ ആളിന്റെ അഗാധബുദ്ധിയും ദ്രുതകവനവൈദഗ്ദ്ധ്യവും അതിവിസ്മയനീയമായിരിക്കുന്നു. അതു വിചാരിച്ചാൽ ആൾ അല്പായുസ്സാണെന്നു തോന്നുന്നു.”

ഈ സംഭവത്തിനുശേഷം കാളുവാശാൻ അധികനാൾ ജീവിച്ചിരുന്നില്ല. അന്നു രചിച്ച ചക്രബന്ധപദ്യം താഴെ ഉദ്ധരിക്കുന്നു.

ജന്യംചിന്തയവക്ഷസിത്യചതുരം പ്രാംശുപ്രതാപദ്യുതേ
ലബ്ധ്വാവർത്തത ഭർത്തുരക്ഷ്ണിചപലാ വാസ്തുക്രിയാമിന്ദിരാ-
യത്തേഭൂതിമൃതേവധിം രചയതേ ഭൂഭൃംഗപാതേന തേ-
താം പത്മാലയതാം ജഗാമ യദയം രാജ്ഞാം ചതേഽബ്ജാക്ഷതാം.

കാളുവാശാനെപ്പറ്റിയുള്ള ഈ വിവരണത്തിനു നാം മടവൂർ സി. നാരായണപ്പിള്ള അവർകളോടു കടപ്പെട്ടിരിക്കുന്നു.

കാത്തുള്ളി അച്യുതമേനോൻ

കാത്തുള്ളിത്തറവാടു് കൊടുങ്ങല്ലൂർ പട്ടണത്തിൽ മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ആ പ്രസിദ്ധഗൃഹത്തിൽ ആയിരുന്നു അച്യുതമേനോന്റെ ജനനം. അദ്ദേഹം 1026 മകരം 28-ാംതീയതി ജനിച്ചു. പിതാവു് കൊടുങ്ങല്ലൂർ പുല്ലൂറ്റു് അംശത്തിലുള്ള മാമ്പറ്റെ നാരായണൻനമ്പൂതിരി എന്ന ഭാഷാകവിയായിരുന്നു. അഞ്ചാംവയസ്സിൽ ശൃംഗപുരത്തു വാരിയത്തെ അച്യുതവാരിയർ എഴുത്തിനിരുത്തി. എട്ടുപത്തു വയസ്സുവരെ എഴുത്തും വായനയും പഠിച്ചിട്ടു് ബാലൻ കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ ഇവരോടൊപ്പം വിദ്വാൻ കുഞ്ഞുരാമവർമ്മത്തമ്പുരാന്റെ അടുക്കൽ സംസ്കൃതം പഠിച്ചു തുടങ്ങി. പ്രധാന കാവ്യങ്ങളും വ്യാകരണം അലങ്കാരം മുതലായവയും എല്ലാം ഈ ഗുരുവിൽനിന്നാണു് പഠിച്ചതു്. പതിനാറുവയസ്സായപ്പോഴേക്കും അദ്ദേഹം സാമാന്യം നല്ല വ്യുത്പത്തി സമ്പാദിച്ചുകഴിഞ്ഞു.

ചെറുപ്പത്തിലേ നല്ല കവിതാവാസന പ്രകാശിപ്പിച്ചു തുടങ്ങി. എന്നാൽ ശബ്ദത്തിലുള്ളതുപോലുള്ള നിഷ്ക്കർഷ അർത്ഥവിഷയത്തിൽ ഉണ്ടായിരുന്നില്ല. കവിതകളെല്ലാം പ്രാസാനുപ്രാസങ്ങൾ നിറഞ്ഞിരിക്കുന്നു. ഛായാശ്ലോകങ്ങൾ രചിക്കാൻ നല്ല വിരുതനായിരുന്നു.

വട്ടത്തിൽച്ചേർന്നചപ്രത്തലമുടിചിതറിബ്ഭ്രാന്തനെപ്പോലെയേറ്റം
വിഡ്ഢിത്തംകാട്ടിയോരോ ഫലിതവുമിടയിൽ തർക്കവാക്കുംതകർത്തു്
മട്ടെല്ലാമൊന്നുമാറിച്ചിലരെയഥദുഷിച്ചേവമാത്മാഭിമാനം-
വിട്ടുത്സാഹിച്ചു കൂസാതടവിലിഹനടക്കുന്നതാരെന്നറിഞ്ഞോ?

അദ്ദേഹം ജൈമിനീയാശ്വമേധം കിളിപ്പാട്ടു്, അംബോപദേശം, സതീദർശനം മണിപ്രവാളം, രുക്മിണീസ്വയംവരം (അപൂർണ്ണം), ആനന്ദരാമായണം കിളിപ്പാട്ടു്, കവിപുഷ്പമാല എന്നീ കൃതികളും അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്.

ഒറ്റശ്ലോകങ്ങൾ
താരമ്പൻതാരമാർന്നുനിന്നൊരുശരം കൈവിട്ടതിൽക്രുദ്ധനായ്
നീറീടും നിടിലാക്ഷിതന്നിലവനെപ്പെട്ടെന്നു ചുട്ടെങ്കിലും
സാരംകൂടിയവില്ലുകൊണ്ടു തലയിൽതാഡിച്ച പാർത്ഥന്നുവ-
മ്പേറും പാശുപതംകൊടുത്ത ഭഗവാനീശൻ നമുക്കാശ്രയം.

രുക്മിണീസ്വയംവരം
അല്ലേ കല്യാണരാശേ സുജനമഹിതമാമാത്മധർമ്മം ചരിക്കു-
ന്നില്ലേ സന്തോഷപൂർണ്ണാശയമുടയഭവാനെപ്പൊഴും വിപ്രമൗലേ
എല്ലാക്കാമങ്ങളേയും ജഗതിതടവുകൂടാതെ വർഷിപ്പതോർത്താ-
ലുല്ലാസാലാരണന്മാരുടയശുഭമെഴും ധർമ്മമാംകർമ്മമല്ലോ.
അഹീനധർമ്മംപരമാചരിക്കും
മഹീസുരൻ ഹന്തജനത്തിനെല്ലാം
മഹീതലേ കാമിതമൊക്കെ വിണ്ണോർ
മഹീരുഹംപോലെ കൊടുക്കുമല്ലോ
തൃഷ്ണയുള്ളവനു സർവ്വദിക്കിലും
കൃഷ്ണമേറ്റമുളവായ്വരുംദൃഢം
തൃഷ്ണവിട്ടവനുതെല്ലുമെങ്ങുമേ
കഷ്ണമില്ലിതു സമസ്തസമ്മതം.

കവി പുഷ്പമാലയാണു് വെണ്മണി മകൻനമ്പൂരിപ്പാട്ടിലെ ‘കാത്തുള്ളിലച്യുത’ എന്നു തുടങ്ങിയ പ്രസിദ്ധ പദ്യങ്ങൾക്കു് അവസരം നല്കിയതു്.

കവിഭാരതത്തിൽ കാത്തുള്ളിലച്യുതമേനോനെപ്പറ്റി ഇങ്ങനെ ഒരു ശ്ലോകം ചേർത്തിരിക്കുന്നു.

പുഷ്ടശ്രീ കവിതാബലാധിപതിയാംദ്രോണന്റെശിഷ്യേന്ദ്രനാ-
യിഷ്ടംപാർത്ഥനിലാർന്നുതൽപ്രിയതമാസോദര്യനായ് പ്രാദരം
ശിഷ്ടന്മാർക്കു ഗുണംവരുത്തുവതിനായ് പ്രാണപ്രയത്നപ്പെടും
ധൃഷ്ടദ്യുമ്നനതാണുധൃഷ്ടതമനാം കാത്തുള്ളിലുള്ളച്യുതൻ.

കാത്തുള്ളിലച്യുതമേനോൻ 1085 തുലാം 15-ാംതീയതി പരലോകം പ്രാപിച്ചു.

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ളതും നൂറിൽപരം ഉപകുടുംബങ്ങളായ് പിരിഞ്ഞു പാർത്തുവരുന്നതുമായ ഒരു പ്രസിദ്ധ ക്രിസ്ത്യൻ കുടുംബമാണു് കണ്ടത്തിൽ. ഈ കുടുംബത്തിന്റെ യഥാർത്ഥ സ്ഥാപകൻ മാത്തുള്ളമാപ്പിളയായിരുന്നു. അദ്ദേഹം കല്ലൂപ്പാറയിൽ നിന്നു തിരുവല്ലായിൽ വന്നു്, അവിടുത്തെ പ്രധാനപ്പെട്ട നസ്രാണികുടുംബങ്ങളിൽ ഒന്നായ കാഞ്ഞിരക്കാട്ടു കുര്യന്റെ മൂത്തപുത്രിയായ മറിയാമ്മയെ വിവാഹം ചെയ്തു. മഹാ ബുദ്ധിശാലിയായ മാത്തുള്ള പുകയിലവ്യാപാരത്തിലും മറ്റും ഏർപ്പെട്ടു് ഒട്ടുവളരെ പണം സമ്പാദിച്ചു് നല്ല ധനികനായി. 995-ൽ ആണു് കണ്ടത്തിൽ ഭവനം സ്ഥാപിക്കപ്പെട്ടതു്. അദ്ദേഹത്തിനു ബലിഷ്ഠകായന്മാരായ ആറു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായി. മൂത്തമകനായ കറുത്താലിൽ ഈപ്പൻ 1008-ൽ അയിരൂർ കുറുംതോട്ടത്തു നിന്നു ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ഉണ്ടായ നാലാമത്തെ പുത്രനായിരുന്നു വർഗ്ഗീസ് മാപ്പിള. അദ്ദേഹം 1032-ൽ ജനിച്ചു. കണ്ടത്തിൽവീട്ടുകാരെല്ലാം വിദ്യാഭ്യാസവിഷയത്തിൽ അനല്പമായ താല്പര്യമുള്ളവരായിരുന്നു. പിതാവായ ഈപ്പനു് ജ്യോതിശ്ശാസ്ത്രത്തിലും മറ്റും സാമാന്യം ജ്ഞാനമുണ്ടായിരുന്നത്രേ.

വർഗ്ഗീസ്മാപ്പിളയുടെ ഓമനപ്പേർ വരിച്ചൻ എന്നായിരുന്നു. ഗീവർഗ്ഗീസ് പാതിരിയുടെ ഉപദേശമനുസരിച്ചു് ഈപ്പൻ തന്റെ കുട്ടികളെ തുകലശ്ശേരി ബംഗ്ലാവിലും അവിടെനിന്നു് സി. എം. എസ് കാളേജിലും അയച്ചു് ഇംഗ്ലീഷ് പഠിപ്പിച്ചു. വർഗ്ഗീസിനു ചെറുപ്പത്തിലേതന്നെ എഴുത്തച്ഛന്റെ കൃതികളും നമ്പ്യാരുടെ തുള്ളലുകളും വായിക്കുന്നതിൽ വലിയ പ്രതിപത്തിയുണ്ടായിരുന്നു. നാട്ടാശാനിൽനിന്നു ലഭിച്ച സംസ്കൃതപരിചയം കഥകളികൾ വായിച്ചു രസിക്കുന്ന വിഷയത്തിൽ സഹായകമായും ഭവിച്ചു. ഇങ്ങനെ മലയാളത്തിലെ ഉത്തമകൃതികളുമായി അദ്ദേഹത്തിനു ലഭിച്ച പരിചയദാർഢ്യമാണു് ഭാഷാപോഷണവിഷയത്തിൽ അദ്ദേഹത്തിനെ മുന്നോട്ടു തള്ളിവിട്ടതു്. കോട്ടയത്തെ പഠിത്തം പൂർത്തിയാക്കീട്ടു് വർഗ്ഗീസുമാപ്പിള തിരുവനന്തപുരം കാളേജിൽ പഠിത്തം തുടങ്ങി. എന്നാൽ കണക്കുവിഷയത്തിൽ പിന്നോക്കമായിരുന്നതിനാൽ അദ്ദേഹം പഠിത്തം നിർത്തീട്ടു് വീട്ടിലേക്കു പോന്നുകളഞ്ഞു. അന്നുമുതല്ക്കു രാജ്യത്തിനും, സമുദായത്തിനും, സ്വഭാഷയ്ക്കുംവേണ്ടി അദ്ദേഹം നാനാമുഖമായ പ്രവർത്തനപരിപാടി സമാരംഭിച്ചു. 1056-ൽ അദ്ദേഹം കൊച്ചിയിലെ കേരളമിത്രം പ്രസ്സിന്റെ ഉടമസ്ഥനായ ദേവജി ഭീമജിയെ പ്രോത്സാഹിപ്പിച്ചു് ഒരു പത്രം പുറപ്പെടുവിക്കയും രണ്ടുകൊല്ലം അതിന്റെ ആധിപത്യം വഹിച്ചുകൊണ്ടു് കൊച്ചിയിൽതന്നെ താമസിക്കയും ചെയ്തു. കേരളമിത്രമെന്നുതന്നെയായിരുന്നു പത്രത്തിന്റെയും പേർ. ഈ പത്രപ്രവർത്തനംവഴിക്കു് വർഗ്ഗീസുമാപ്പിളയ്ക്കു കൊച്ചിയിലേയും തിരുവിതാംകൂറിലേയും അഭ്യസ്തവിദ്യരുടെയെല്ലാം പരിചയവും സ്നേഹവും സമ്പാദിക്കാൻ സാധിച്ചു. അക്കാലത്തു് അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽമാത്രം തൂലികാവ്യവസായത്തിൽ ഏർപ്പെട്ട പലരും പിൽക്കാലത്തു നല്ല ലേഖകന്മാരായും ഗ്രന്ഥകാരന്മാരായും തീർന്നിട്ടുണ്ടു്.

രണ്ടുകൊല്ലത്തിനുശേഷം വർഗ്ഗീസുമാപ്പിള പിതാവിന്റെ നിർബന്ധത്താൽ സർക്കാർ ജോലിയിൽ പ്രവേശിച്ചുവെങ്കിലും അതിൽനിന്നു് അചിരേണ പിരിഞ്ഞു് അല്പകാലം സി. എം. എസ് കാളേജിൽ മുൻഷിപ്പണി വഹിച്ചു. 1065-ൽ മലയാളമനോരമക്കമ്പനിയും മനോരമപ്പത്രവും സ്ഥാപിക്കപ്പെട്ടു. മലയാളമനോരമയുടെ ഒരു വശം മുഴുവനും ഭാഷാപോഷണവിഷയത്തിനായി ഒഴിച്ചിട്ടിരുന്നു. അങ്ങനെ മലയാളക്കരയിലെ പ്രധാന കവികളുടെയെല്ലാം കേളീരംഗമായിത്തീർന്ന മനോരമ, അചിരേണ പത്രങ്ങളുടെ കൂട്ടത്തിൽ അഗ്രിമസ്ഥാനം സമ്പാദിച്ചു.

ആദ്യത്തെ കവിസമാജം മനോരമ ആഫീസിൽവച്ചാണു നടന്നതു് ഈ കവിസമാജം ക്രമേണ ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ മനോരമ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ സാഹിത്യകുശലന്മാരുടെ വാത്സല്യത്തിനു പാത്രമായി. കേരളകാളിദാസൻ മനോരമയെ ആദ്യമായി സ്വീകരിച്ച അവസരത്തിൽ പത്രാധിപർക്കു് അയച്ച പദ്യം താഴെ ചേർക്കുന്നു.

നല്ലോരച്ചടികൊണ്ടുകണ്ണിനുടനേ കല്ലോലയന്തീ രസം
സല്ലോകത്തിനു സാരവാർത്തയതിനാലുല്ലാസമുൾത്താരിനും
ചൊല്ലാർന്നോരു മനോരമേയമണുവും വല്ലായ്മയില്ലാതെയി-
ന്നെല്ലാരോടുമണഞ്ഞു തുല്യമനിശം കല്യാണമാർന്നീടണം.

ഉത്തമരീതിയിൽ പത്രപ്രവർത്തനം നടത്തേണ്ടതെങ്ങനെയെന്നു് മലയാളികൾക്കു് കാണിച്ചുകൊടുത്ത രണ്ടു മഹാത്മാക്കൾ വർഗ്ഗീസുമാപ്പിളയും, സി. കുഞ്ഞുരാമൻ നായരുമായിരുന്നു. എന്നാൽ വർഗ്ഗീസുമാപ്പിളയെപ്പോലെ ഇത്ര വളരെ ചെറുപ്പക്കാരെ സാഹിത്യപരിശ്രമങ്ങളിലേക്കു് ഉന്തിത്തള്ളിവിട്ടു്, അവരെ അടിക്കടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നവർ തുലോം വിരളമാണു്. ഒ. എം. ചെറിയാൻ, കട്ടക്കയത്തിൽ ചെറിയാൻമാപ്പിള, കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, അമ്പലപ്പുഴ മാധവപ്പുതുവാൾ, എം. പി. വർക്കി എന്നിങ്ങനെ പിൽക്കാലത്തു പ്രസിദ്ധിപെറ്റ പലർക്കും മലയാളമനോരമയോടുണ്ടായിരുന്ന കടപ്പാടു പറഞ്ഞറിയിക്കാവുന്നതല്ല.

‘ന ജാതോയേന ജാതേന യാതി വംശസമുന്നതിം.’

എന്ന വാക്യത്തെ അനുസ്മരിപ്പിച്ചു്,

കണ്ടത്തിലുള്ളവരെയൊക്കെയുമേകയോഗ-
ക്കണ്ടത്തിലാക്കിയതുമീവരനായിരുന്നു.

എന്നു നിസ്സംശയം പറയാം. കോട്ടയം എം. ഡി. സിമ്മനാരി, തിരുവല്ലാ എം. ജി. എം. ഹൈസ്ക്കൂൾ, തിരുമൂലപുരം ബാലികാമഠം എന്നീ വിദ്യാലയങ്ങളും, തിരുമൂലപ്പള്ളിയും അദ്ദേഹത്തിന്റെ ഉത്സാഹഫലങ്ങളാണു്.

ഒരു ഗ്രന്ഥകാരന്റെ നിലയിലും വർഗ്ഗീസുമാപ്പിളയ്ക്കു് ഒരു മാന്യസ്ഥാനം ഉണ്ടായിരുന്നു. എബ്രായിക്കുട്ടി, കലഹിനീദമനം എന്നീ നാടകങ്ങളും, യദുകുലരാഘവം, പോർഷ്യാസ്വയംവരം എന്നീ ആട്ടക്കഥകളും, സച്ചരിത്രശതകവും, വിസ്മയജനനം പത്തുവൃത്തവും, ഇഷ്ടസോദരീവിലാപം, കീർത്തനമാല, വിക്ടോറിയാ ചരിത്രസംഗ്രഹം മുതലായ കൃതികളും അദ്ദേഹത്തിനാൽ നിർമ്മിക്കപ്പെട്ടവയാണു്.

ദർപ്പവിച്ഛേദം അഥവാ രഘുകുലരാഘവം എന്ന കൃതിയെപ്പറ്റി മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. കലഹിനീദമനകം ഷേക്സ്പീയരുടെ Taming of the Shrew എന്ന നാടകത്തിന്റെ അനുകരണമാകുന്നു. മാതൃകയ്ക്കായി രണ്ടു പ്രാകൃതപാത്രങ്ങളുടെ സംഭാഷണത്തിൽ ഒരംശവും ഒന്നുരണ്ടു ശ്ലോകങ്ങളും അതിൽ നിന്നു് ഉദ്ധരിക്കുന്നു.

ചാരായക്കടയുടെ മുൻവശം. വർക്കിയും ചോകോത്തിയും പ്രവേശിക്കുന്നു.

വർക്കി:
അപ്പനാണെ നീ എന്റെ ഒരടിക്കില്ലേ.
ചോകോത്തി:
ഛേന്നേ! ഇതെവിടെക്കെടന്ന എരപ്പാളി. താനാരാ?
വർക്കി:
ക–ക-ക–കവളുമ്മടലേ! ചെരട്ടയ്ക്കകത്തു മാപ്പിളയാണോടീ എരപ്പാളീ! ഞങ്ങൾ കിനായിക്കിരിയാച്ചന്റെകൂടെ വന്നവരാ. അല്ലെങ്കിൽ ആയക്കെട്ടെടുപ്പിച്ചു നോക്കു്. ഒരിക്കൽ പറഞ്ഞതു് അങ്ങനെ ഇരിക്കട്ടേ. ഇനി ഉരിയാടിയേക്കരുതു്.
ചോ:
താൻ പൊട്ടിച്ച പിഞ്ഞാണിക്കു് വില കൊടുക്കത്തില്ല. അല്ലേ?
വർക്കി:
ഇല്ല. ഒരീയക്കാശു കൊടുക്കേല. പുണ്യാളച്ചനാണ വേഗം പൊയ്ക്കോ. അതാ നിനക്കു നല്ലതു്.
ചോ:
ഇനിക്കറിയാമല്ലോ. ഞാൻ ചെന്നു് എട്ടുകോനട്ടനെ വിളിച്ചോണ്ടു വരും. (പോകുന്നു)
വർക്കി
:എട്ടുകോനട്ടനോ പത്തുകോനട്ടനോ പന്ത്രണ്ടുകോനട്ടനോ വരട്ടേ. ഞാൻ അവനോടു ചട്ടംപിടിച്ചുതന്നെ ഉത്തരട്ട പറയും. ഇതൊന്നുംകൊണ്ടു് വർക്കി കൂട്ടാക്കുന്നോനല്ല. അല്ലെങ്കിൽ അതുതന്നെ ഒന്നു കാണാമല്ലൊ. വരട്ടേ. ആരെങ്കിലും വരട്ടേ. (നിലത്തുകിടന്നുറങ്ങുന്നു.) “ഇവിടെത്തന്നെ കാണാമല്ലോ.”
കാന്താരംപൂക്കുറങ്ങും പ്രിയയുടെ വസനം പാതിഖണ്ഡിച്ചുടുത്തും
താൻതാനേ പിന്തിരിഞ്ഞും പുനരരികിലണഞ്ഞശ്രു പാരം ചൊരിഞ്ഞും
സ്വാന്തം വെന്തങ്ങുനില്ക്കും നളനെയുമവനോ കാന്തനെന്നോർത്തുറക്ക-
ഭ്രാന്ത്യാ ചുംബിച്ചിടും തൽക്കമനിയുടെ മുഖത്തേയുമത്യാഭയോടും.

1079-ൽ ആയിരുന്നു വർഗ്ഗീസുമാപ്പിളയുടെ ചരമം. ‘വർഗ്ഗീസുമാപ്പിളയുടെ ചരമംമൂലം എന്റെ വലതുകൈ ഒടിഞ്ഞുപോയി’ എന്നാണു് ആ ദുഃഖവാർത്ത അറിഞ്ഞ അവസരത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അരുളിച്ചെയ്തതു്.

നാരായണഗുരുസ്വാമികൾ

തിരുവനന്തപുരത്തുനിന്നും ഏഴെട്ടുനാഴിക വടക്കുകിഴക്കായി ചെമ്പഴന്തി എന്നൊരു ദേശമുണ്ടു്. അവിടെ നായരീഴവമൈത്രിയുടെ സജീവോദാഹരണമെന്നപോലെ വർത്തിക്കുന്ന മണയ്ക്കൽ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുമാറി വയൽവാരം എന്നൊരു കുടിൽ കാണാം. ആ കുടിഞ്ഞിലിനെയാണു് നായരീഴവമൈത്രിയുടെ സംസ്ഥാപനത്തിനും അധഃകൃതസമുദ്ധാരണത്തിനും വേണ്ടി 103 ചിങ്ങമാസം ചതയം നക്ഷത്രത്തിൽ സ്വജനനംകൊണ്ടു ശ്രീനാരായണഗുരു അനുഗ്രഹിച്ചതു്. കുട്ടിയെന്നും മാടനാശാനെന്നും ആയിരുന്നു മാതാപിതാക്കന്മാരുടെ പേരു്. നാരായണനെന്നായിരുന്നു മാതാപിതാക്കന്മാർ നല്കിയ നാമം. എന്നാൽ അവർ വിളിച്ചുവന്നതു് നാണു എന്നായിരുന്നു.

നാണുവിനു മൂന്നു സഹോദരിമാരല്ലാതെ സഹോദരന്മാർ ആരും ഉണ്ടായിരുന്നില്ല. മാടനാശാനും നാണുവിന്റെ മാതുലന്മാരായ രാമൻവൈദ്യൻ, കൃഷ്ണൻവൈദ്യൻ ഇവരും സാമാന്യം നല്ല വ്യുത്പത്തിയുള്ളവരായിരുന്നു എന്നാണറിവു്. അമ്മയുടെ മാതുലനായിരുന്ന കൊച്ചനാശാനും നല്ല യോഗ്യനായിരുന്നത്രേ.

നാണു നല്ല ചൊടിചൊടിപ്പുള്ളവനും, വീട്ടിൽ പൂജയ്ക്കു് ഒരുക്കിവയ്ക്കുന്ന പഴവും പലഹാരവും പൂജകഴിയുംമുമ്പുതന്നെ എടുത്തു തിന്നുകളയുക മുതലായ കുസൃതികളിൽ വിരുതനും ആയിരുന്നെങ്കിലും മറ്റു ബാലകന്മാരെ ബാധിക്കാറുണ്ടായിരുന്ന വലിയ ദൂഷ്യങ്ങളൊന്നും ഈ കുട്ടിയെ ബാധിച്ചിരുന്നില്ല.

ചെമ്പഴന്തി മൂത്തപിള്ളയുടെ അടുക്കലാണു് നാണു എഴുത്തിനിരുന്നു പ്രാഥമിക പാഠങ്ങൾ പഠിച്ചതു്. അന്നേ നല്ല ഗ്രഹണപാടവം പ്രകാശിപ്പിച്ചിരുന്നു. എന്നാൽ നിർദ്ധനത്വം നിമിത്തം പഠിത്തം ദീർഘകാലം തുടരുന്നതിനു സാധിച്ചില്ല. കന്നുകാലികളെ മേയ്ക്കുന്ന ജോലികൂടി ഈ കുട്ടി വഹിക്കേണ്ടതായിവന്നു. പക്ഷെ ആ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വൃക്ഷശാഖകളിൽ കയറി ഇരുന്നു ശ്ലോകങ്ങൾ ഉരുവിടുക പതിവായിരുന്നത്രേ. ഇതിനിടയ്ക്കു പ്രാതഃസ്നാനം, ജപം, ക്ഷേത്രദർശനം മുതലായ കാര്യങ്ങളിൽ അവൃതിചലിതമായ നിഷ്ഠ കാണിച്ചുവന്നതിനാൽ നാണുഭക്തൻ എന്ന പേരു് അദ്ദേഹത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു. ഒരിക്കൽ മസൂരിരോഗം പിടിപെട്ടു് ഈ ഭക്തൻ വീട്ടുകാരെ അറിവിക്കാതെ ദേവിക്ഷേത്രത്തിൽ പോയി 18 ദിവസം ഭജനമിരുന്നു. രോഗശമനമുണ്ടായതിനുശേഷമേ സ്വഗൃഹത്തിൽ ചെല്ലുകയുണ്ടായുള്ളു.

20 വയസ്സു തികഞ്ഞതിന്റെശേഷം ആണു് ഉപരിവിദ്യാഭ്യാസത്തിനു് അവസരം ലഭിച്ചതു്. ഓമംപിള്ളി രാമൻപിള്ള ആശാനായിരുന്നു ഗുരു. വാരണപ്പിള്ളിൽ താമസിച്ചുകൊണ്ടു് 1051 മുതൽ 1057 വരെ കാവ്യനാടകാലങ്കാരാദികൾ അഭ്യസിച്ചു. മണമ്പൂർ കേശവൻ, ഉടയാൻകുഴി കൊച്ചുരാമനാശാൻ മുതലായവർ നാണുഭക്തന്റെ സതീർത്ഥ്യന്മാരായിരുന്നു. 1057-ൽ അർശോരോഗം ബാധിക്കയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു് മടങ്ങുകയും കുറേക്കാലം കടയ്ക്കാവൂർ, അഞ്ചുതെങ്ങു തുടങ്ങിയ സ്ഥലങ്ങളിൽ കുടിപ്പള്ളിക്കൂടം നടത്തുകയും ചെയ്തു. ഇങ്ങനെയാണു് ഭക്തൻനാണു ആശാനായിത്തീർന്നതു്.

അഞ്ചുതെങ്ങിൽ കുട്ടികളെ പഠിപ്പിച്ചുപോന്നിരുന്നകാലത്തു് ധ്യാനവും ഉറക്കവും ഒക്കെ ഇപ്പോഴത്തെ ജ്ഞാനേശ്വരം ക്ഷേത്രത്തിന്റെ കിഴക്കേവശത്തുള്ള ക്ഷേത്രമണ്ഡപത്തിലായിരുന്നു. 25-ാംവയസ്സിൽ ഗുരുജനങ്ങളുടെ നിർബന്ധാനുസരണം വർക്കലയ്ക്കടുത്തു നെടുങ്കണ്ടയുള്ള ഒരു സ്ത്രീയെ (പിതാവിന്റെ ഭാഗിനേയി) വിവാഹം നടത്തിയെങ്കിലും ആ സ്ത്രീയെ അദ്ദേഹം സ്പർശിച്ചിട്ടില്ല. സ്വാമികളെ ബ്രഹ്മചര്യത്തിൽനിന്നു തെറ്റിക്കാൻ ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരുന്നു എന്നു്,

“നരഹരിമൂർത്തി നമിച്ചിടുന്ന നെറ്റി-
ത്തിരുമിഴിത്തന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണംപൊരിച്ചീ-
ടെരിമിഴിതന്നിലൊരോന്നുകൂടിയിന്നും.”

എന്നുള്ള സ്തോത്രത്തിൽനിന്നും മനസ്സിലാക്കാം. ബ്രഹ്മചര്യത്തിലുള്ള ദൃഢനിഷ്ഠ അദ്ദേഹത്തിനെ ഗൃഹത്തിൽനിന്നും അകറ്റി. അങ്ങനെ ഇരിക്കവേയാണു് കുഞ്ഞൻപിള്ളച്ചട്ടമ്പി എന്ന യോഗീന്ദ്രന്റെ പരിചയം സിദ്ധിച്ചതു്. അദ്ദേഹം യോഗവിദ്യയിലെ പ്രഥമപാഠങ്ങൾ നാണുവാശാനു് ഉപദേശിച്ചു. ചട്ടമ്പിസ്വാമികൾ തന്നെയാണു് അദ്ദേഹത്തിനെ തയ്ക്കാട്ട് അയ്യാവുമായി പരിചയപ്പെടുത്തിക്കൊടുത്തതു്. അയ്യാവു് യോഗവിഷയകമായ ഉപരിവിദ്യകളെല്ലാം അദ്ദേഹത്തിനു് ഉപദേശിച്ചതിൽ പിന്നീടു് അദ്ദേഹം മരുത്വാമലയിൽചെന്നു് ഏറിയകാലം തപസ്സുചെയ്തു. അദ്ദേഹം തൃണപർണ്ണാശനനായിട്ടാണു കഴിച്ചുകൂട്ടിയതു്. ഈ തപസ്സിനുശേഷം അദ്ദേഹം ദക്ഷിണതിരുവിതാംകൂറിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കയും “അവധൂതൻ വന്നിരിക്കുന്നു എന്നു്” ആ ദിക്കുകളിലുള്ള നായന്മാരും ചെട്ടികളും വിശ്വസിക്കയും അതിനനുരൂപമായി അദ്ദേഹത്തിനെ പൂജിക്കയും ചെയ്തു. പലേ ദിവസങ്ങൾ മുക്കോക്കുടികളിൽ കഴിച്ചുകൂട്ടീട്ടുണ്ടു്. അന്നൊക്കെ ഭക്തന്മാർ എന്തു കൊടുത്താലും അദ്ദേഹം ഭക്ഷിക്കുമായിരുന്നു.

1060-ൽ പൂവാറിന്റെ പതനത്തിനടുത്തുള്ള അരുവിപ്പുറത്തു താമസിച്ചുതുടങ്ങി. 1065-ൽ അവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ക്രമേണ അവിടെ ഒരു ക്ഷേത്രവും മഠവും പള്ളിക്കൂടവും ഉണ്ടായി. അതിനോടുകൂടി പലരും ക്ഷേത്രപ്രതിഷ്ഠയ്ക്കായി അദ്ദേഹത്തിനെ ക്ഷണിച്ചുതുടങ്ങി. അങ്ങനെ ചിറയിൻകീഴിൽ ഒരു ദേവേശ്വരക്ഷേത്രവും കുളത്തൂരിൽ കോലത്തുകര ഭഗവതിക്ഷേത്രം നിന്നിരുന്നിടത്തു ഒരു ശിവപ്രതിഷ്ഠയും അദ്ദേഹം നടത്തി. ഇക്കാലത്തു കുമാരനാശാൻ സ്വാമിയോടുകൂടി താമസിക്കയായിരുന്നു.

1070-ൽ ചിദംബരം, മധുര മുതലായ ദിക്കുകളിൽ സഞ്ചരിച്ചു് ബാംഗ്ലൂരിൽ പബ്ളിക്കു് ഹെൽത്തു് ഡയറക്ടരായിരുന്ന ഡാക്ടർ പപ്പുവിന്റെ ക്ഷണമനുസരിച്ചു് അദ്ദേഹം ബാംഗ്ളൂരിൽ പോയിരുന്ന അവസരത്തിലാണു് കുമാരനാശാനെ പഠിപ്പിക്കുന്ന ജോലി അദ്ദേഹത്തിൽ ചുമത്തിയതു്. ഈ സഞ്ചാരത്തിന്റെ ശേഷം സ്വാമിയുടെ പ്രസിദ്ധി പതിന്മടങ്ങു വർദ്ധിച്ചു. അനന്തരം ഈഴവരുടെ ഇടയ്ക്കുള്ള അനാചാരങ്ങളെ ധ്വംസിക്കുന്നതിനായി അദ്ദേഹം പ്രയത്നം തുടങ്ങുകയും കേരളത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കയും ചെയ്തു. 1078-ൽ ശ്രീനാരായണധർമ്മപരിപാലനയോഗം സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ കാര്യദർശി കുമാരനാശാനായിരുന്നു.

അനന്തരം വർക്കലക്കുന്നിൽ ഒരു കുടിൽകെട്ടി താമസംതുടങ്ങി. താമസിയാതെ അവിടെ ഒരു പാഠശാലയും ഒരു ശിവക്ഷേത്രവും ഉണ്ടായി. 1089-ൽ എസ്. എൻ. ഡി. പി. യോഗം അവിടെവച്ചു നടത്തുന്നതിനു് ഏർപ്പാടുചെയ്തു. തദവസരത്തിൽ ആയിരുന്നു സ്വാമികൾ ശിവഗിരി ശാരദാപ്രതിഷ്ഠ നടത്തിയതു്.

1093-ൽ തലശ്ശേരി സന്ദർശിച്ചു് അവിടത്തെ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രത്തിൽ ഇപ്പോൾ സ്വാമികളുടെ വിഗ്രഹവും വച്ചു പൂജിച്ചുവരുന്നു. 1099-ൽ സർവ്വമതസമ്മേളനം വിളിച്ചുകൂട്ടീട്ടു് ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യനു് എന്ന ശ്രീനാരയണധർമ്മത്തിനെ അദ്ദേഹം പ്രഖ്യാപനം ചെയ്തു.

സ്വാമികളുടെ പരിശ്രമത്താൽ ഈഴവരുടെ ഇടയ്ക്കുള്ള താലികെട്ടു മുതലായ അനാചാരങ്ങളും ദുർദ്ദേവതാരാധനകളും അവാന്തരജാതിവിഭാഗവും നിശ്ശേഷം നിന്നുപോയി. ഇടക്കാലത്തു്—വിപുലമായ മതപരിവർത്തനോദ്യോഗം നടന്ന കാലത്തു്—സ്വാമികളുടെ സ്മരണ ഒന്നുമാത്രമാണു് ഈഴവരെ അതിൽനിന്നും രക്ഷിച്ചതു്.

1102-ൽ എഴുപതാംതിരുനാൾ കഴിഞ്ഞു് സ്വാമികൾ തെക്കേ ഇന്ത്യാ, സിലോൺ മുതലായ ദിക്കുകളിൽ സഞ്ചരിച്ചു. ഈ സഞ്ചാരത്തിനിടയ്ക്കു സുഖക്കേടു ബാധിക്കയാൽ മദ്രാസിലും മറ്റും നടത്തിയ ചികിത്സ ഫലിക്കാതെ ശിവഗിരിക്കുതന്നെ അദ്ദേഹം മടങ്ങി. 1105 കന്നിമാസത്തിൽ അദ്ദേഹം സമാധിയടഞ്ഞു. ആ ദിവസം ഇന്നും തിരുവിതാംകൂറിൽ ഒരു പൊതുഒഴിവുദിവസമാണു്.

സ്വാമി നല്ല ഫലിതക്കാരനായിരുന്നു. ഒരിക്കൽ ഒരാൾ സ്വാമിയോടു പശുവിന്റെ പാൽ കുടിക്കാമെങ്കിൽ അതിന്റെ മാംസം തിന്നാലെന്തു്? എന്നു ചോദിച്ചതിനു്, അപ്പോൾ നിങ്ങൾക്കു് അമ്മയുണ്ടോ? എന്നു ചോദിച്ചു. ‘ഇല്ല’ എന്നു് അയാൾ പറഞ്ഞപ്പോൾ ‘അവരെ സംസ്കരിച്ചോ തിന്നോ’ എന്നുമാത്രം അദ്ദേഹം ചോദിച്ചു. കൊളമ്പിൽ ഒരു ഹിന്ദുക്ഷേത്രത്തിൽ പൂജചെയ്തുകൊണ്ടിരുന്ന പൂജാരിയോടു്—സ്വാമികൾ—ശൈവം തന്നല്ലോ. (മത്സ്യം ഉപയോഗിക്കുന്ന ആൾ എന്നർത്ഥം.)

പൂജാരി:
മിക്കവാറും ശൈവംതന്നെ.
സ്വാമി:
ചിലപ്പോൾ തിന്നും അല്ലേ.
പൂജാരി:
അതേ, നിർബന്ധമില്ല. ആടിയാൽ തിന്നും എന്നു മാത്രം.
സ്വാമി:
തിന്നാതിരിക്കാൻ നാക്കു സമ്മതിക്കയില്ല, അല്ലേ? (ചിരിക്കുന്നു)
പൂജാരി:
(വീണ്ടും) കിട്ടിയാൽ തിന്നും.
സ്വാമി:
കല്ലുകിട്ടിയാൽ തിന്നുമോ?

ചെത്തുകാരനായ ഒരു സാധു ഈഴവൻ ഭാര്യയോടു കലഹിച്ചു്, ‘ഇനി സന്യസിച്ചുകളയാ’മെന്നു തീർച്ചപ്പെടുത്തിക്കൊണ്ടു് സ്വാമിയോടു വിവരം ധരിപ്പിച്ചു. സ്വാമികൾ മന്ദഹസിച്ചുംകൊണ്ടു്,

“കൊള്ളാം; ചെത്തിന്റെ അയോദ്ധ്യാകാണ്ഡം സന്യാസിയാണോ?” എന്നു ചോദിച്ചിട്ടു് അയാളെ പറഞ്ഞയച്ചു.

പള്ളത്തുരാമന്റെ മിശ്രകാന്തി എന്ന ഖണ്ഡകാവ്യം വായിച്ചുകേട്ടിട്ടു് സ്വാമികൾ രാമനോടു പറഞ്ഞു:

നായിക മുക്കവത്തിയും, നായകൻ ഈഴവനും; കൊള്ളാമല്ലോ. “മീനും കള്ളും നല്ലവണ്ണം ഇണങ്ങുമല്ലെ?” സ്വാമികൾ ഒരിക്കൽ തീവണ്ടിയിൽ സഞ്ചരിക്കവേ (929) അതേ മുറിയിൽ തന്നെ ഒരു രാജാവും ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ സംഭാഷചാതുരി കേട്ടു ബഹുമാനമുള്ളവരായിത്തീർന്നു.

രാജാവു ചോദിച്ചു:‘നിങ്ങളുടെ പേരെന്താണു്?’

‘നാരായണൻ.’

‘ജാതിയിൽ ആരാണു്’

‘കണ്ടാലറിഞ്ഞുകൂടെ?’

‘അറിഞ്ഞുകൂട.’

‘കണ്ടാലറിഞ്ഞുകൂടെങ്കിൽപിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?’

സ്വാമിയുടെ കൃതികൾ
1. അദ്വൈതസിദ്ധി 10 പദ്യങ്ങൾ
ഉണ്ടില്ലയെന്നുമതിമാറിയസത്യസത്തു-
രണ്ടുംപ്രതീതമിതനാദിതമസ്സ്വഭാവം
രണ്ടുംതിരിഞ്ഞിടുകിലേകമഹീന്ദ്രരെങ്ങും
കണ്ടീലകാണ്മതു കയറ്റിനെമാത്രമോർത്താൽ.

2. സദാശിവദർശനം 8 പദ്യങ്ങൾ
മണംതുടങ്ങിയെണ്ണിമണ്ണിലുണ്ണുമെണ്ണമോ മായ-
ക്കിണങ്ങിനില്ക്കുമുൾക്കുരുന്നുരുക്കിനെക്കിനെക്കിടും
ഗുണം നിറഞ്ഞു കോമളക്കുടത്തിലന്നു മിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.
ഗളംകറുത്തകൊണ്ടലുണ്ടിരുണ്ടുകൊണ്ടുകണ്ടെഴും
കളങ്കമുണ്ടുകുണ്ഠനെങ്കിലും കനിഞ്ഞുകൊള്ളുവാൻ
ഇളംപിറക്കൊഴുത്തിരുന്നുമിന്നുമുന്നതത്തല-
ക്കളം കവിഞ്ഞ കോമളക്കുടം ചുമന്നു കണ്ഠരാം.

3. ചിദംബരാഷ്ടകം
ബ്രഹാമുഖാമരവന്ദിതലിംഗം ജന്മജരാമരണാന്തകലിംഗം
കർമ്മനിവാരണകൗശലലിംഗം തൻമൃദുപാദുചിദംബരലിംഗം
കല്പകമൂലപ്രതിഷ്ഠിതലിംഗം ദർപ്പകനാശയുധിഷ്ഠിരലിംഗം
അപ്രകൃതിപ്രകരാന്തകലിംഗം തൻമൃദുപാതു ചിദംബരലിംഗം

4. കുണ്ഡലിനീപാട്ടു്
ആടുപാമ്പേ പുനം തേടുപാമ്പേ
അരുളാനന്ദക്കൂത്തുകണ്ടീടുപാമ്പേ
തിങ്കളും കൊന്നയും ചൂടുമീശൻ
തിരുച്ചെങ്കഴൽചേർന്നുനിന്നാടുപാമ്പേ.
വെണ്ണീറണിഞ്ഞുവിളങ്ങും തിരുമേനി
കണ്ണീരൊഴുക്കി നിന്നാടുപാമ്പേ
പേയും പിണവും പിറക്കും ചുടു-
കാടുമേലും പരംപൊരുളാടുപാമ്പേ.

5. വൈരാഗ്യദശകം
കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കഴിയുന്നു
പെരുംകരുണയാറണിയുമാര്യനെ മറന്നി-
ത്തുരുമ്പനിഹയെന്തിനുയിരോടുമരുവുന്നു.
മരുന്നുതിരുനാമമണിനീറൊടിതുമന്നിൽ
തരുന്നുപലനമ്മ തടവീടുമടിരണ്ടും
വരുന്നപല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നുകളയായ് വതിനടുത്തേൻ.

6. ജീവകാരുണ്യപഞ്ചകം
എല്ലാവരുമാത്മസഹോദരരെ-
ന്നല്ലോ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളേ-
ത്തെല്ലുംകൃപയറ്റു ഭുജിക്കയതും.

7. ദത്താപഹാരം 3 പദ്യങ്ങൾ
ഒന്നുണ്ടുനേരു, നേരല്ലിതൊന്നും മർത്യർക്കു സത്യവും
ധർമ്മവുംവേണമായുസ്സുനില്ക്കുകില്ലാർക്കുമോർക്കുക.

8. മുനിചര്യാപഞ്ചകം (സംസ്കൃതം)
9. ശിവശതകം
ചെറുപിറചെഞ്ചിടയിങ്കലാഭയേറും
നിറമിയലുംഫണിമാലയുംത്രിപുണ്ഡ്റം
കഠികളുമാമദനൻ ദഹിച്ചകണ്ണും
പുരികവുമെന്നുമെനിക്കുകാണണംതേ.
ദിനമണിതിങ്കളണിഞ്ഞകണ്ണുരണ്ടും
മണിമയകുണ്ഡലകർണ്ണയുഗ്മവുംതേ
കനൽതിലകക്കുസുമം കനിഞ്ഞുകൂപ്പി-
ദ്ദിനമനുസേവകൾ ചെയ്തിടുന്ന മൂക്കും
പഴവിനയൊക്കെയറുത്തിടുന്നതൊണ്ടി-
പ്പഴമൊടുപോരിലെതിർത്തിടുന്നചുണ്ടും
കഴുകിയെടുത്തൊരുമുത്തൊടൊത്തപല്ലും
മുഴുമതിപോലെ കവിൾത്തടങ്ങളുംതേ.
അമൃതൊഴുകും തിരമാലപോലെതള്ളും
തിമൃതിയുതത്തിരുവാക്കുമെൻചെവിക്കു
കമറിയെരിഞ്ഞു കവിഞ്ഞെഴുംമനത്തീ-
യ്ക്കമൃതുചൊരിഞ്ഞതുപോലെയുള്ളനോക്കും
കവലയമൊക്കെവിളങ്ങിടുന്ന പുത്തൻ
പവിഴമലയ്ക്കു മുളച്ചെഴുംനിലാവും
തഴുവിനവെണ്മണിതാരകങ്ങളുംനി-
ന്നൊഴിവറരക്ഷകൾ ചെയ്യുവാൻ തൊഴുന്നേൻ.

10. സുബ്രഹ്മണ്യസ്തോത്രം 44 പദ്യങ്ങൾ
അത്തിപ്പൂത്തിങ്കളൂന്നിത്തിരുമുടിതിരുകി-
ച്ചൂടിയാടുംഫണത്തിൽ
ചന്തംചിന്തുംനിലാവിന്നൊളിവെളിയിൽവിയൽ-
ഗംഗപൊങ്ങിക്കവിഞ്ഞും
ചന്തംചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരാനകറ്റി-
ചിന്താസന്താനമേനിൻ തിരുവടിയടിയൻ
സങ്കടം പോക്കിടേണം.

11. നവമഞ്ജരി
നാടീടുമീവിഷയമോടീദൃശംതടവുമാടീടുവാനരുതിനി-
ക്കാടീവയോവിതരനീടീയിടയ്ക്കിവനു കൂടീയമായിതിലും
കാടീയുമീകരണമുടീയെരിപ്പതിനൊരേടീകരിഞ്ഞനിടില-
ച്ചൂടീദമീയമയിലോടീടുവാനരുൾക മോടീയുതംമുരുകനെ.

12. കാളീനാടകം
നമോനാദവിന്ദാത്മികേ നാശഹീനേനമോ
നാരദാദീഢ്യപാദാരവിന്ദേനമോ നാന്മഠയ്ക്കെഴും
മണിപ്പൂവിളക്കേനമോ നാന്മുഖാദിപ്രിയാംബേ
നമസ്തേ സമസ്തപ്രപഞ്ചംസ്രജിച്ചും
ഭരിച്ചുംമുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാ ഘോരഘോരംവിളിച്ചും
മഹാനന്ദദേശേ കളിച്ചും തെളിഞ്ഞും പറഞ്ഞും
തുളുമ്പുംപ്രപഞ്ചം തുളഞ്ഞുള്ളിലെന്നോള-
മുള്ളോരിരുന്നുംതിരിഞ്ഞും പിരിഞ്ഞും മഹാനന്ദ-
ധാരാംചൊരിഞ്ഞും പദാംഭോജഭക്തർക്കുനിത്യം
വരുന്നോരുതുമ്പങ്ങളെല്ലാമറിഞ്ഞും കരിഞ്ഞീടു-
മാറായിതാതങ്കബീജം കുറഞ്ഞോരുനേരം
നിനയ്ക്കുന്ന ഭക്തർക്കറിഞ്ഞീല മറ്റുള്ളകൈവല്യരൂപം.

എരുവയിൽ ചക്രപാണിവാരിയർ

1040-ാമാണ്ടിടയ്ക്കു ജനിച്ചു. നല്ല സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു. സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുന്നകാലത്തുതന്നെ കൃഷ്ണാർജ്ജുനവിജയം എന്നൊരു ആട്ടക്കഥ എഴുതി.

ശാസ്ത്രാർത്ഥപ്രവിബോധനായധരണീദേവസ്യതാംഭൂമികാ-
മാദായാവിരഭൂൽഗിരാംപ്രണയിനീ നാരായണാഖ്യാജുഷഃ
തൽക്കാരുണ്യകടാക്ഷഭാരലഹരീമത്തസ്യ കിം ദുഷ്കരം
തസ്യാഹം ക്രയശൂന്യപദഭാക്കർവ്വേഽധുനാ നാടകം.

എന്നിങ്ങനെ നാരായണാഖ്യനായ ഭൂസുരോത്തമനെ അഭിവന്ദിച്ചു് ഏതാണ്ടൊരു ആത്മവിശ്വസത്തള്ളിച്ചയോടു് കാവ്യാധ്വാവിൽ സഞ്ചരിച്ചുതുടങ്ങിയ ഈ കവി ഹരിശ്ചന്ദ്രചരിതം സംഗീതനാടകം വഴിക്കു പ്രഖ്യാതനായിത്തീർന്നു. ഈ നാടകത്തിലെ ഒരു പദ്യമെങ്കിലും അറിയാത്തവരായി മലയാളത്തിൽ ആരും ഉണ്ടായിരിക്കയില്ല. കാലചക്രംപോയ പോക്കിൽ സംഗീതനാടകങ്ങളും വിസ്മൃതിയിൽ ലയിച്ചു. അങ്ങനെ ഇപ്പോൾ ഹരിശ്ചന്ദ്രചരിതം ആരും അഭിനയിക്കാറില്ലാതെ വന്നു.

ഒരു ശ്ലോകവും പാട്ടും ഉദ്ധരിക്കാം.

ശങ്കരാഭരണം–ചെമ്പട
ആരാമഭൂമിമലപുഞ്ജിതചൂതവല്ലീ-
സംസക്തചാരുയുവകോകിലവൃന്ദഘോഷാം
ശ്ലിഷ്യദ്വസന്തപരിമർദ്ദനശോഭിഗുച്ഛം
വക്ഷോരുഹാമഹരദേഷഹരിസേഭാര്യഃ.
പ. മല്ലവിലോചനേ വന്നാലും ചാരേ കല്യാണികളഭഗമനേ.
അ. പ. നല്ലസമയമിതു വല്ലാതെയാക്കിടൊല്ല
കല്യേ മദനോത്സവേ മാമകജായേ (മല്ല)
ച. 1. തുല്യരഹിതമാരാമംകാൺക പല്ലവിതാഖിലാഗമം
വല്ലാതെനവസൂഷമം നൂനമുല്ലസിക്കുന്നു നികാമം
ഫുല്ലസകലകുസുമമണ്ഡിതേ മുല്ലമുഖവ്രതതിശോഭിതേ
വല്ലഭകോകിലകൂജിതേ ചൊല്ലെഴുമമോദപത്രിതേ
മുല്ലവിശിഖനായ മല്ലനോടിതിൻമധു
മെല്ലേവിലസുവതു–എല്ലാം കാമോദ്ദീപകം.

അല്പം മുടന്തിയാണു കവിതയുടെ പോക്കു്. പല്ലവിയിലുള്ള കല്യേശബ്ദം സംബോധനയാക്കിയാൽ വിപരീതാർത്ഥവും വന്നുകൂടും.

വാരിയരുടെ പാണ്ഡവാശ്വമേധം അഥവാ പ്രമീളാവിവാഹം എന്നൊരു ആട്ടക്കഥയ്ക്കു് ഒരു വിശേഷമുള്ളതു് അതിലെ ഗാനങ്ങൾ ത്യാഗരാജാദിഗായകന്മാരുടെ കീർത്തനങ്ങളുടെ മട്ടിൽ രചിക്കപ്പെട്ടവയാണെന്നുള്ളതാകുന്നു. മാതൃകയ്ക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം.

ദേവഗാന്ധാരം—ആദി (ക്ഷീരസാഗരശയന—എന്ന മട്ടു്.)
ദാമാദാമോദരായോധനവിശമിതദോർദണ്ഡവീര്യേ സ്വ താതേ
നിര്യാതേ ശാർങ്ഗിദത്താം നരകദനുജദുഃ പ്രാപതദ്രാജ്യലക്ഷ്മീം
തൽസൂനുർവജ്ഠദത്തക്ഷിതിപതിരതുലോദ്ദാമശൗര്യപ്രതാപീ
രേമേരാമാസഹസ്രൈരധികുസുമവനം ഗാനനൃത്തപ്രഭേദൈഃ
പ. പ്രേമമനോജ്ഞനിലയകളാം കാമിനികളേ വന്നാലും.
അ. പ. മാനസാനന്ദംനൽകീടുംവേളയെ മാ മാ വൃഥാ കുരുതം.
ച. 1. ഭൂമീഭരണവിശ്രമംതീർപ്പതു കാമിനിമാരത്രേ
പ്രേമഭാജനമാകുന്നനിങ്ങളും കാമമിന്നെല്ലാം സജ്ജ മേ
നാമിനിക്കേളിയിൽ വൈമുഖ്യമെന്നിയേ കാമപൂർത്തിനേടണം
ഈമധുവിനെമാനിച്ചുവേണ്ടതുസമയേ ചെയ്കവേണം.

മുഖാരി—ആദി(എപ്പുഡകൃപാ—എന്ന മട്ടു്.)
സിംഹാസംഹനന സംഹനനം തേ
സിംഹസംഹനന സംഹിതഭാവം
സംഹതിർ ഹി മഹസോ ഹഹ ഭൂഭൃൽ
സിംഹസം ഹസതി ഹംസമഹാംസി.
പ. ദീനദയാലുതാനിധേ ദിതികുലതിലക. (ദീന)
അ. പഃ മാനസശാലിയാമങ്ങേ മാനിനിമാരാം ഞങ്ങൾ
മാനസപ്രീത്യാവാഴാൻ മാനദ നീകാരണം. (ദീന)
ച. 1. മീനകേതനബാണ ദീനചതുർഗുണം
മാനവരേക്കാൾ നാരീജാതികൾക്കെന്നുസിദ്ധം
യേനകേനോന്മാദനിദാനമാമീവേലയിൽ
മൗനമോ? നൽപീയൂഷപാനമോ? സുഖാവഹം. (ദീന)
2. ഏതെങ്കിലുമങ്ങേക്രീതേതരദാസികൾ
പൂതേ ഭവദിംഗിതജാതേ കുതുകികളേ
പ്രീതേമനോജന്മനി ജാതം ജനനിഫലം
മാതേവിശങ്കം സുരാരാതേ ജീവനായക. (ദീന)

വനിതാനടനം—ചെഞ്ചുരുട്ടി—ചായ്പു് (മിഞ്ചിനീർകുന്തളം കാവടിച്ചിന്തു്)
  1. മന്മഥന്റെ ജൈത്രയാത്രയിൽ മംഗളമാശുമാധ്വീ പാനംചെയ്തു ഭൃംഗകുലംപൊഴിക്കുന്നു ഫുല്ലസൂനപരാഗസംഗസുഗന്ധിയായ് പവമാനനൊരുവഴി മെല്ലെമെല്ലെയണഞ്ഞുവിലസുന്നു നല്ലവസരം നാം ത്രപാഭാരം നീക്കിനിഭൃതം വാഴണ സുചിരം.
  2. അത്രപ്രാഗ്ജ്യോതിഷാധിശന്റെ മാനസാനന്ദം നല്കിയമന്ദം വിത്രപം കൃതകൃത്യരാകേണം എന്തുസുഭഗതയിൻഫലം കമിതാന്തരംഗസുഖത്തിനെന്നും കിന്തുനാമവകാശിയായല്ലയാകിൽ ലോകഗർഹിതം ആക സാധിതം–ഹന്ത നാം ഹതരാക നിന്ദിതം.

മാധവീശേഖരം ഭാണം

ഈ കൃതിയെപ്പറ്റി പുന്നശ്ശേരി നീലകണ്ഠശർമ്മാ ഇങ്ങനെ പറയുന്നു.

ശൃംഗാരംരസമാണുമുഖ്യമതിനെച്ചീത്തപ്പെടുത്താതെനൽ-
ഭംഗ്യാ ഭക്തിവെളിപ്പെടുത്തിയൊടുവിൽ ശാന്തത്തിലെത്തുംവിധം
അംഗംചേർത്തുവിചിത്രവൃത്തമിതുതാനൊന്നാമതാം ഭാഷയിൽ
ഭംഗംവിട്ടൊരുഭാണമാണഖിലരും വായിക്കുവൻ കേൾക്കുവിൻ.

പി. സി. മാനവിക്രമൻ തമ്പുരാൻ 1068 ധനു 6-ാംതീയതി പുന്നശ്ശേരിക്കയച്ച ഒരു കത്തിൽ ഇതിനെപ്പറ്റി ഇങ്ങനെ കാണുന്നു.

ചൊൽപ്പൊങ്ങുന്നൊരു ചക്രപാണികവിയാലല്പേതരപ്രൗഢികൊ-
ണ്ടിപ്പോൾകല്പിതമായഭാണമിതഹോ ശ്രീമാധവീശേഖരം
ഉൾപ്പൂവിൽസുമനോജനങ്ങളധികം ലാഭിക്കുമെന്നുള്ളതിൽ
സ്വല്പംപോലുമിനിക്കുസംശയമതില്ലെല്ലാംമനോമോഹനം.

ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതിനെയാണു്.

കേടറ്റീടിനനാടകംപലതുമുണ്ടീഭാഷയിൽതീർത്തതാ-
യീടറ്റുംരസമാർന്നുഭാണമൊരുവൻ തിർത്തീലയിന്നേവരെ
പ്രോഢശ്രീകവിചക്രപാണിസരസം നിർമ്മിച്ച ഭാണത്തിനെ
ഗാഢപ്രീതിയൊടേപുകഴ്ത്തുമതുകൊണ്ടിപ്പാരിലെപ്പേരുമേ.

തിരുവല്ലാ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരാനിപ്രകാരം പ്രശംസിക്കുന്നു.

ഭേഷായുള്ളപദക്രമം ധ്വനികലർന്നുള്ളോരലങ്കാരവും
ശ്ലേഷാദ്യങ്ങളതാം ഗുണങ്ങളിവയാലെന്നും കവിപ്രൗഢരിൽ
തോഷംപാരമുളാക്കിടുന്ന നവമാമിമ്മാധവീശേഖരം
ഭാഷാഭാണമനല്പകാലമവനൗ മാഴ്കാതെ വാഴ്കാദരാൽ.

ഈമാതിരി പ്രശംസകൾക്കു പ്രസ്തുത കൃതി ശരിയായി അർഹിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതല വായനക്കാർക്കു വിടുകയേ നിർവ്വാഹമുള്ളു. ഒന്നാമങ്കത്തിൽ പ്രസ്താവനാനന്തരം വിടൻ പ്രവേശിച്ചു് ആനന്ദപാരവശ്യത്തോടുകൂടി പറയുന്നു.

അങ്കത്തുങ്കലിരുത്തിവീടികപകർന്നാക്കാമിനീതൻകുച-
ത്തങ്കക്കുംഭമണച്ചുചുംബി നയനംചിമ്മിത്തുറന്നേൻതദാ
തങ്കപ്പെൺകൊടിരാത്രിപോയിവെളിവായ്പോകെന്നുചൊല്ലുംവിധൗ
പൂങ്കോഴിക്കുരൽധൂമകേതുവതുപോലുണ്ടായി കുണ്ഠേതരം.
മട്ടോലുംകിളികിഞ്ചിതക്കയറുകൊണ്ടെൻമാനസക്കള്ളനെ
കെട്ടിത്തൻമുഖമായബന്ധനഗൃഹംതന്നിൽക്കരേറ്റിക്ഷണം
മുട്ടിപ്പിച്ചുവെളിക്കുസഞ്ചരണവും കാവൽക്കരോജങ്ങളെ-
ശ്ശട്ടംകെട്ടിതദാധരാമൃതമഹോവൃത്തിക്കുമേകീടിനാൾ.

ഇതിൽ ‘കെട്ടിതദാ’ എന്നതു വിസന്ധി ഉണ്ടെങ്കിലും അർത്ഥത്തിനു് അല്പം സ്വാരസ്യം ഇല്ലെന്നു പറവാൻ നിവൃത്തിയില്ല.

അനന്തരം നായികയുടെ ഭർത്താവിൽ അസൂയ പ്രകാശിപ്പിച്ചുകൊണ്ടു്, വിടൻ പൂന്തോപ്പിൽകടന്നു ചുറ്റിനടക്കവേ മാധവിയെ വാസന്തികനോടു സംഘടിപ്പിക്കാമെന്നുള്ള പ്രതിജ്ഞയെ നിറവേറ്റുന്നതിനും നഗരവിശേഷങ്ങളെക്കണ്ടാനന്ദിക്കുന്നതിനും നിശ്ചയിക്കുന്നു. അപ്പോഴേയ്ക്കു പ്രഭാതമായിരിക്കുന്നു.

പാടുന്നൂ ഹരികീർത്തനം പ്രതിഗൃഹംകൂടുന്നു മോദാൽതണു-
പ്പാടുന്നൂ പവമാനപോതനിലിതും തേടുന്നുനൽസൗരഭം
ഓടുന്നൂ തിമിരം നഭസ്സുവെളിവായീടുന്നു കേടെന്നിയേ-
ക്കോടുന്നൂ ശശികാന്തി താരകൾ മയങ്ങീടുന്നു മൂടുന്നുടൻ.

അനന്തരം പത്തുപതിനഞ്ചു ശ്ലോകങ്ങൾകൊണ്ടു വിടൻ പ്രകൃതിയെ വർണ്ണിക്കുന്നു. ഈ ശ്ലോകങ്ങളിലും കുസന്ധിവിസന്ധ്യാദികളുണ്ടെങ്കിലും അവ സാമാന്യം ഭംഗിയായിട്ടുണ്ടെന്നു പറയാം.

അയാൾ ചുറ്റിനടക്കവേ ഒരു സ്ത്രീ “ഏത്താപ്പിട്ടുടൽമൂടി വരുന്നതു” കണ്ടു് ആൾ ആരെന്നു ചോദിച്ചറിവാൻ നിശ്ചയിക്കയും,

ആരാമലക്ഷ്മിക്കു വയസ്യയാംനീ-
യാരോമനപ്പെൺമണിമൗലിമാലേ
ആരേതുധന്യൻ തവ ഹാവഭാവ
സാരസ്യസിന്ധൗവിളയാടിടുന്നു.

എന്നു ചോദിക്കവേ അവൾ കണക്കിനു ശകാരിക്കയും ചെയ്തപ്പോൾ,

ജീർണ്ണിച്ചുള്ളബലാജനങ്ങൾ മധുതൂകുംവാക്കിനേക്കാൾ ജനം
വർണ്ണിക്കുന്നവിശിഷ്ടരാം തരുണിമാരാട്ടും ശകാരങ്ങളെ

എന്നു് ആശ്വസിച്ചിട്ടു നിരത്തിൽകൂടി ഓരോ കാഴ്ചകൾ കണ്ടുകൊണ്ടു താനും പോകുന്നു. കണ്ട കാഴ്ചകളുടെ കൂട്ടത്തിൽ ചിലതിനെ ഇവിടെ എടുത്തുപറയാം.

കൂനിക്കോലംവരപ്പാനൊരുതരുണിയൊരുങ്ങുന്നനേരത്തുകൊമ്പു-
ള്ളാനത്തുമ്പിക്കരംതോറ്റുരസിജയുഗളം വീണഴിക്കാതിരിപ്പാൻ
താനേ ബാലദ്വയംവന്നവകളിരുപുറം തൊട്ടുനീട്ടീട്ടു താങ്ങീ-
ശ്യേനൻപക്ഷംവിരിച്ചുള്ളൊരുനിലയതുപോൽ കൗതുകംപെയ്തിടുന്നു.
ശൃംഗാരംരൗദ്രമെന്നീരസമൊരുഘനപാത്രത്തിലൊന്നിച്ചുകൂട്ടി-
ബ്ഭംഗ്യാമേളിച്ചു ഭൂമീശ്വരനുടെ തിരുമെയ് തീർത്തുവച്ചബ്ജയോനി
എങ്ങുംചേരാത്തവസ്തുദ്വയവുമതിരസാൽ ചേർത്തുവയ്പാൻവിശേഷാ-
ലിങ്ങേറുംസൂത്രമെന്നുള്ളറിവുപലരെയും ബോധ്യമാക്കുന്നുവോ താൻ.
കോന്ത്രപ്പല്ലൂന്നിമൂക്കിൽ മുതുകവരെവളഞ്ഞാഴമേറുന്നകണ്ണാ-
മന്ധുദ്വന്ദ്വങ്ങൾമധ്യത്തൊരു നുകമതുപോലുണ്ടുമൂക്കിന്റെ പാലം
ചെന്തീതോല്ക്കുന്നചപ്രത്തലമുടികൾ ഭുജത്തോളവും നീളമുണ്ടീ-
ച്ചന്തംകണ്ടാലനംഗൻ തിരുവടിയുമടിക്കൊന്നുകൈതാണുകൂപ്പും.
ചിക്കിപ്പൂഞ്ചായൽകെട്ടിക്കുസുമഗണമണിഞ്ഞഞ്ജനം തേച്ചുതേച്ചാ-
ക്കൊങ്കയ്ക്കിട്ടകൂർപ്പാസകമരയിൽഞൊറിഞ്ഞിട്ടു പാവാടകെട്ടി
ബുക്കെല്ലാംകൈയിലേന്തീട്ടഭിനവസുഷമാവൈഭവത്താൽ ജനാനാം
ദിക്കും വാക്കും മറിപ്പിച്ചിടുമിവരരികത്തെത്തിഹൃത്തിന്നുമുത്തായ്.
വായിച്ചും ചിലപുസ്തകങ്ങളിടയിൽക്കുത്തിക്കുറിച്ചുംഗിരാ
പായിച്ചും ചില സാരമാം കഥകളാൽ വാദിച്ചുമല്പേതരം
ചെയ്യിച്ചും പുതുപുഞ്ചിരിപ്പുതുമ ചാഞ്ചാടുന്നഭാവങ്ങളാൽ
കൊയ്യിച്ചുംയുവമാനസങ്ങളെ ബലാൽപൂകുന്നു പാഠാലയം.
മാറിൽക്കുത്തിയിടറ്റിവാഹകശരീരം ചീന്തിരണ്ടായെറി-
ഞ്ഞേറെച്ചോരയണിഞ്ഞകൊമ്പുകൾകുലുക്കിക്രൂരനോട്ടത്തൊടും
നീറിത്തുള്ളിയടിച്ചുകർണ്ണയുഗളംവട്ടംപിടിച്ചും മുദാ
കേറിപ്പൊട്ടിയൊലിച്ച കൊമ്പനണയുന്നയ്യോ മഹാദുർഘടം.

ആ മദയാനയൊറ്റയ്ക്കണഞ്ഞപ്പോൾ ഇഷ്ടസഖിയായ ചിത്രസേനയുടെ ഗൃഹം കാണുന്നു. അനന്തരം അയാൾ ആ ഗൃഹത്തിൽ കടന്നു ഭിത്തിയിൽ വരച്ചിരിക്കുന്ന രാസക്രീഢാചിത്രങ്ങൾ കണ്ടു രസിക്കുന്നു. അതിനിടയ്ക്കു ചിത്രസേന അരികിലെത്തിക്കഴിയുന്നു. ആ ദിവസം അവിടെ കഴിച്ചുകൂട്ടാൻ അവൾ ക്ഷണിക്കുന്നുവെങ്കിലും, തിരിയെ വരാമെന്നുപറഞ്ഞിട്ടു് അവിടെ നിന്നും പോകുന്നു. വഴിയിൽ ചില ബി. ഏ.–ക്കാരെ കണ്ടുമുട്ടുന്നു. അവരുമായി തർക്കത്തിൽ ഏർപ്പെടുന്നു. അവിടെനിന്നു പിന്നെയും പലേവിശേഷങ്ങൾ കണ്ടുംകൊണ്ടു നടക്കവേ രണ്ടു പട്ടാണികൾ ഒരുത്തനെ പിടിച്ചുവലിച്ചു് തെരുവീഥിയിൽ തള്ളുന്നതു കാണുന്നു. അതു വസന്തകന്റെ തോഴനായ മാകന്ദനാണെന്നും, അവൻ വസന്തകനുവേണ്ടി പ്രയത്നിക്കവേ ഈ അബദ്ധം പിണഞ്ഞതാണെന്നും ഗ്രഹിച്ചിട്ടു് “തന്നെ വിശ്വസിക്കാതെ ഇപ്രകാരം പ്രവർത്തിച്ചതിനു് ഇങ്ങനെതന്നെ പറ്റണം” എന്നു വിചാരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വസന്തകൻ വന്നുചേരുന്നു. മാധവിയായി ഘടിപ്പിച്ചു വിടൻ കൃതാർത്ഥനാകുന്നു. ഇതാണു കഥ.

കുമ്മമ്പിള്ളി രാമൻപിള്ള ആശാൻ

ഇദ്ദേഹം 1037-ൽ കൃഷ്ണപുരത്തു കുമ്മമ്പിള്ളിവീട്ടിൽ ജനിച്ചു. അതിബാല്യത്തിൽതന്നെ രാഘവപ്പിഷാരടി എന്ന പണ്ഡിതനടനവര്യന്റെ കഥകളിയോഗത്തിൽ ചേർന്നു നടനവിദ്യ അഭ്യസിച്ചു. പിഷാരടി അന്നു വർക്കലെ താമസിച്ചുകൊണ്ടിരിക്കയായിരുന്നു. കുറേക്കാലം കഴിഞ്ഞു രാമൻപിള്ള സ്വദേശത്തേയ്ക്കു മടങ്ങി. അനന്തരം പാണ്ഡ്യദേശീയനായ കൈലാസനാഥശാസ്ത്രികളുടെ അടുക്കൽ കാവ്യനാടകാദികളും, ജ്യോതിഷം, തർക്കം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വ്യുല്പത്തിദാർഢ്യം സമ്പാദിച്ചു. ഈ ഗുരുവിനേയാണു്,

അവിദ്യാനിവൃത്തിയെ വരുത്തി മമ ചിത്തേ-
സുവിദ്യാജ്ഞാനമുപദേശിച്ചഗുരുനാഥൻ
പവിത്രൻ യോഗിശ്രേഷ്ഠൻ ശ്രീമൽകൈലാസനാഥൻ
കവിപ്രൗഢൻ കൃപയോടനുഗ്രഹിക്കേണം.

എന്നു് കവി വർക്കലമാഹാത്മ്യത്തിൽ വർണ്ണിച്ചിരിക്കുന്നതു്.

അനന്തരം വക്കീൽപരീക്ഷയിൽ ജയിച്ചു് കായംകുളം മുനിസിപ്പുകോടതിയിൽ പ്രാക്റ്റീസ് തുടങ്ങി. മുപ്പതുകൊല്ലത്തോളം ഈ ജോലിയിൽ ഇരുന്നു ധാരാളം ധനവും അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ചു ശിഷ്യസമ്പത്തും സമ്പാദിച്ചു. പ്രസിദ്ധഭാഷാകവികളായ സി. കുഞ്ഞൻവൈദ്യൻ പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി, ശ്രീനാരായണഗുരു മുതലായവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽപ്പെട്ടവരായിരുന്നു. അദ്ദേഹം 1087 വൃശ്ചികം 18-ാംതീയതി പരലോകം പ്രാപിച്ചു. ചരമത്തെപ്പറ്റി കെ. സി. കുഞ്ഞൻവൈദ്യൻ രചിച്ച പദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ജ്യോതിഷംതദനുവാഗ്ഭടശാസ്ത്രം ഭൂതിദം ഭുവനമോഹനകാവ്യം
നീതിശാസ്ത്രമളവറ്റപുരാ​ണം ഖ്യാതിപൂണ്ടപുരുസാഹിതിയേയും
ഭൂവിലിങ്ങനെയനേകപഥത്തിൽ താവിടുംകലകളിൽക്കളിയാടി
ഈവിധത്തിലിവിടമ്പതുകൊല്ലം മേവിയെന്റെ ഗുരുരാമസുനാമാ.

അദ്ദേഹം 1050-ൽ സത്യാസ്വയംവരം ആട്ടക്കഥയും, 1053-ൽ സുഭദ്രാഹരണം തുള്ളക്കഥയും 1058-ൽ ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടും, 1077-ൽ വർക്കല സ്ഥലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചു. വർക്കലസ്ഥലമാഹാത്മ്യത്തിൽനിന്നു് ഏതാനും വരികളെ ഉദ്ധരിക്കുന്നു.

കണ്ടാലുമിന്നിദംക്ഷേത്രം പവിത്രവൈ-
കണ്ഠോപമം വിശാലം നാമ പാവനം
രക്ഷോനഗരിതൻ തെക്കുപടിഞ്ഞാറു
രക്ഷോഗിരീശദിക്കിങ്കൽഭവിക്കയാൽ
രാക്ഷസേശൻ മുഖദ്വേഷിയസൽക്രതു
രക്ഷാവിഘാതം വരുത്തീടുകയാൽ
ആയതുമല്ലവൻ സീതയെച്ചിന്തിച്ചു
പേയനായേറ്റവും മന്ദിച്ചിരിക്കയാൽ
മായയൊഴിഞ്ഞുനാം ചെയ്യുന്നൊരുപുണ്യ-
മായയാഗത്തിനെച്ചിന്തിക്കയുമില്ല
സർവ്വപ്രകാരവുമോർത്തുകണ്ടാലിപ്പോ-
ളുർവിയിൽപൂർവ്വകാലേ പുണ്യംപുരാതനം
പർവതവൃക്ഷലതാപരിശോഭിതം
ഗർവ്വഹീനാനേകജന്തുവൃന്ദാവൃതം
ഖർവ്വേതരപാപജാലമാകും മഹാ-
പർവ്വതത്തിന്നുദംഭോജി പുണ്യാവഹം
സർവ്വസമ്പൽപ്രദം ശ്രീവല്ക്കലാഹ്വയ-
മുർവ്വരാഭൂഷണം ക്ഷേത്രംപ്രവേശിച്ചു
ദിവ്യയജ്ഞത്തെവഹിക്കണം നിങ്ങളു-
മവ്യയം നാരായണം ജയിച്ചീടണം.

കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ

കൊടുങ്ങല്ലൂർ രാജസ്വരൂപം പണ്ടേക്കുപണ്ടേ പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. 1026-ൽ തീപ്പെട്ട വിദ്വാൻ ഇളയതമ്പുരാനെപ്പറ്റി അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. 1090 മകരം 18-ാംതീയതി തീപ്പെട്ട ശ്രീ രാമവർമ്മ വലിയതമ്പുരാൻ മഹാകവികളുടേയും മഹാശാസ്ത്രജ്ഞന്മാരുടേയും കാരണവസ്ഥാനം വഹിച്ചുകൊണ്ടു് 83 വർഷത്തോളം ജീവിച്ചിരുന്നു. സകല ശാസ്ത്രങ്ങളിലും കലകളിലും കൊടുങ്ങല്ലൂർ രാജകുടുംബം അടുത്തകാലംവരെ മുന്നണിയിൽ തന്നെ ഇരുന്നു. ഈ വിശിഷ്ടകുടുംബത്തിലാണു് ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ 1033-ൽ ജനിച്ചതു്. അഞ്ചാം വയസ്സിൽ ആശാൻ എഴുത്തിനിരുത്തി. 1049-ാമാണ്ടു് മൂന്നാംമുറ രാജാവായ ഗോദവർമ്മതമ്പുരാൻ തീപ്പെടുംവരെ ഈ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. പിന്നീടു സ്വമാതുലനായ കുഞ്ഞുരാമവർമ്മൻതമ്പുരാന്റേയും കൃഷ്ണശാസ്ത്രികളുടേയും അടുക്കൽ വ്യാകരണവും കുഞ്ഞൻതമ്പുരാന്റെ അടുക്കൽ തർക്കവും വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ ജ്യോതിഷവും വൈദ്യവും അഭ്യസിച്ചു. 16-ാംവയസ്സിൽ കലാപൂർണ്ണനായിത്തീർന്ന ഈ രാജേന്ദുവിൽ നിന്നു കാവ്യസുധ തെരുതെരെ പ്രവഹിക്കാൻ തുടങ്ങി. പ്രസിദ്ധിയിൽ താല്പര്യമില്ലാതിരുന്നതിനാൽ അദ്ദേഹം രചിച്ചിട്ടുള്ളതിൽ പത്തിലൊരുഭാഗം പോലും സൂര്യപ്രകാശം കണ്ടിട്ടില്ല. സംസ്കൃതത്തിൽ കാവ്യം രചിക്കുന്നതിനായിരുന്നു അദ്ദേഹത്തിനു് അധികം താല്പര്യം.

അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിന്റെ ഫലം പശുപക്ഷ്യാദികൾപോലും അനുഭവിച്ചുപോന്നു. അത്രയ്ക്കു വിശാലമായിരുന്നു അദ്ദേഹത്തിന്റെ ജീവകാരുണ്യം. ഗജങ്ങളും പശുക്കളും അദ്ദേഹത്തിന്റെ ചൊൽപടിക്കു വർത്തിച്ചുവത്രേ.

കുലദൈവതമായ ശ്രീകുരുംബേശ്വരി ഈ പരമഭക്തനു് പ്രത്യക്ഷ എന്നപോലെയാണു് വർത്തിച്ചിരുന്നതു്.

പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം പെരുമ്പടക്കോപ്പുകൾകൂട്ടിടുന്നു
ഒരുമ്പെടേണം പട നീതടുപ്പാൻ കുരുംബയമ്മേ മമ തമ്പുരാട്ടി.

എന്നു പ്രാർത്ഥിച്ചു വിജയംനേടിയ രാജർഷിയുടെ കാലശേഷം പ്രസ്തുത സ്വരൂപത്തിൽ ഉണ്ടായിട്ടുള്ള ഭക്തന്മാരിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.

കൂനേഴത്തു പരമേശ്വരമേനോൻ അവർകൾ പറയുംപോലെ കവിഭാരതത്തിലെ ഭീഷ്മരായ വെണ്മണി അച്ഛന്റെ ഉപദേശവും ദ്രോണാചാര്യനായ വെണ്മണി മകന്റെ ശിക്ഷണവും വേദവ്യാസരായ കൃഷ്ണശാസ്ത്രികളുടെ ആർഷസംസ്കാരവും സിദ്ധിച്ച കൊച്ചുണ്ണിത്തമ്പുരാൻ സവ്യസാചിയായിത്തീർന്നു. ഇദ്ദേഹത്തിനെപ്പോലെ ഇത്ര വളരെ കാവ്യതല്ലജങ്ങൾ ഭാഷാദേവിക്കു സമർപ്പിച്ചിട്ടുള്ള ധന്യന്മാർ വളരെ കുറവാണു്. ഉമാവിവാഹം, കല്യാണീ കല്യാണം, മധുരമംഗലം ഭാണം, ഭദ്രോത്സവം, എന്നീ നാടകങ്ങളും, നിരവധി സ്തോത്രങ്ങളും, പാണ്ഡവോദയം വഞ്ചീശവംശം എന്നീ മഹാകാവ്യങ്ങളും അവയിൽ പ്രാധാന്യം വഹിക്കുന്നു. മലയാളഭാഷയിൽ പ്രാചീനരീതി അനുസരിച്ചുണ്ടായിട്ടുള്ള ഇരുനൂറിൽപരം നാടകങ്ങളുടെ കൂട്ടത്തിൽ കല്യാണീനാടകത്തിനുള്ള സ്ഥാനം അത്യുത്തമമാണു്. കല്പിതകഥയെന്നൊരു മെച്ചവും അതിനുണ്ടു്.

നാടകമെന്ന നിലയിൽ വലിയ മെച്ചമൊന്നും ഇല്ലെങ്കിലും ഉമാവിവാഹം വായിച്ചു രസിക്കാൻകൊള്ളാവുന്ന ഒരു കൃതിയാണു്.

കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെക്കണ്ടുകിട്ടാഞ്ഞുകൂട്ടം-
കൂടിക്കൊണ്ടങ്ങുഗോപീജനമഥ പുളിനേ വാണുടൻകേണിടുമ്പോൾ
കോടിക്കാമപ്രകാശം തടവിടുമുടലിൽധാടിയോടെത്തിയോരാ
കോടക്കാർവർണ്ണനെന്നെക്കരുണയൊടുകടാക്ഷിച്ചു രക്ഷിച്ചിടേണം.
പട്ടൊന്നമ്പോടുടുക്കും പുനരതുതെളിയാഞ്ഞിട്ടഴിക്കുംകചത്തെ-
ക്കെട്ടുംപെട്ടെന്നഴിക്കുംകുറിയിടുമുടനേ മായ്ക്കുമീവണ്ണമായി
കഷ്ടക്കാലംകഴിക്കുന്നിതു കഠിനമെടോ നേരമോ പാതിരാവാ-
യൊട്ടുംനില്ലാതെ വേഗാലിനി വരിക ചലാപാംഗിനീ രംഗദേശേ.
മഞ്ഞോലുംമതിബിംബകാന്തിനികരം തട്ടീട്ടലിഞ്ഞീടുമീ
മഞ്ജുശ്രീശശികാന്തരത്നമിതൊലിപ്പിക്കുംജലശ്രേണിയും
മഞ്ഞുംചന്ദനചന്ദ്രപൂർണ്ണമിളിതശ്രീയന്ത്രവാതങ്ങളും
ഭഞ്ജിക്കാതെഴുമിസ്ഥലത്തിലരുകിൽ തീയുംതണുത്തീടുമേ.

ഇങ്ങനെയുള്ള നല്ല നല്ല ശ്ലോകങ്ങൾ പലതും ഇതിലുണ്ടു്.

മധുരമംഗലം ഹാസ്യരസപ്രധാനമായ ഒരു നാട്യപ്രബന്ധമാണു്. അതു്

“കുഞ്ഞുണ്ണിരവിയതെന്നും
കുഞ്ഞേട്ടൻ കൊച്ചുതമ്പുരാനെന്നും
കേടറ്റപേരുകളെഴും.”

മാടോർവ്വീശന്റെ ആജ്ഞാനുസരണം എഴുതപ്പെട്ടതത്രെ.

“പിട്ടുകൾപറഞ്ഞുപരനുടെ
ചട്ടറ്റപണംകരസ്ഥമാക്കുന്ന
പട്ടന്മാരുടെ നടുവിൽ.”

വസിച്ചു നട്ടംതിരിയുന്ന പൊട്ടൻ കോന്തക്കുറുപ്പിന്റെ ജളതകൾ നിമിത്തം കൊമരപ്പറമ്പു തറവാടു് നശിക്കാൻ പോകുന്നതുകണ്ടിട്ടു് ആ കുടുംബത്തിലെ അംഗമായ കൃഷ്ണക്കുറുപ്പിന്റെ ഉപദേശാനുസാരം മധുരമംഗലം നമ്പൂരി കാരണവരെക്കൊണ്ടു് പലതരം വിഡ്ഢിത്തങ്ങൾ കാട്ടി ജയിക്കുന്നതും ഒടുവിൽ കുടുംബത്തെ കൊടിയ കടസമുദ്രത്തിൽനിന്നും ഉദ്ധരിക്കുന്നതുമാണു കഥ.

മലയാംകൊല്ലം 1082 ചിങ്ങത്തിൽ കവി പേരുവയ്ക്കാതെ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. പന്ത്രണ്ടുമാസങ്ങളിൽ ഓരോന്നിനേയും സരസമായി വിവരിച്ചിരിക്കുന്നു.

“തുംഗശ്രീസിംഹ’വാഹേ തുഹിനശിഖരിതൻ
‘കന്യകെ’ നി‘സ്തുലം’ഭേ
‘ഭൃംഗാ’ളീ കേശി‘ചാപ’ഭ്രുകടി‘മൃഗ’സമാ-
നാക്ഷിം‘കുംഭ’സ്തനാഢ്യേ
ഭൃംഗം‘മീനാ’ക്ഷി തീർത്തീടുകമധുമഥന-
‘ജാ’ദിസേവ്യേ ‘വൃഷാ’ങ്കോ-
ത്സംഗശ്രീ ‘സൗമ്യഗേഹേ’ ഭഗവതികടകോ-
ല്ലാസിഹസ്തേ നമസ്തേ.”

എന്ന പന്ത്രണ്ടു മാസങ്ങളുടേയും പേരുകൾ ഘടിപ്പിച്ചിരിക്കുന്നു. ചിങ്ങമാസവർണ്ണനയിൽ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കാം.

ചേരുന്നുസിംഹമയി സിംഹകടിപ്രദേശേ
നീരുള്ള നീരദഗജങ്ങൾ നശിച്ചിടുന്നു
താരങ്ങളെന്നുപറയും മണിമൗക്തികങ്ങൾ
പാരാതനേകദിശിചേർന്നു വിളങ്ങിടുന്നു.
ചൊല്ലാർന്നവായുരജകൻ ഘനവസ്ത്രജാല-
മെല്ലാടവും ജലകണം ചിതറുംപ്രകാരം
കല്ലൊത്തകാന്തികലരും ഗഗനത്തിലിട്ടു
തല്ലീഭൂതിന്നിഹ വെളുപ്പുവരുത്തിടുന്നു.
പാരിൽസമസ്തതരുഗുല്മലതാഗണങ്ങൾ
വേരൊത്തുറച്ചതിഗുണങ്ങളിണങ്ങിടുന്നു
ചാരുപ്രകാശനിധിയായിടുമോഷധീശൻ
ഭൂരിപ്രമോദമൊടുയർന്നു വിളങ്ങിടുന്നു.

പാണ്ഡവോദയം മഹാകാവ്യം

ഇതു് 1087 മീനം 9-ാംതീയതി കുറതീർന്നു. 32 സർഗ്ഗങ്ങളിലായി 2084 ശ്ലോകങ്ങൾ ഉണ്ടു്. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭംമുതൽക്കു് ഉത്തരാസ്വയംവരംവരെയുള്ള കഥകൾ ഇതിൽ വിവരിച്ചിരിക്കുന്നു. ഒന്നാംസർഗ്ഗത്തിൽ ജ്യേഷ്ഠപാണ്ഡവൻ അജ്ഞാതവാസഭംഗം നേരിടാതിരിക്കുന്നതിനായി,

കൊണ്ടാടിടും ഭക്തരിൽവത്സലത്വം കൊണ്ടാടിടുന്നുൾത്തളിരുള്ളദുർഗ്ഗേ!
കൊണ്ടൽകരിംകാർനിറമുള്ളതൃക്കൺകൊണ്ടുൽക്കടം താപമകറ്റണം നീ
ലീലേച്ഛയാലീബ്ഭുവനങ്ങളെല്ലാം പാലിച്ചിടുംനിർജരസഞ്ചയത്തെ
പാലിച്ചിടുംനീയടികൂപ്പുമെന്നെപ്പാലിച്ചിടേണം ജനനീപ്രസീദ.

എന്നിങ്ങനെയാണു ദുർഗ്ഗയെ സ്തുതിക്കുന്നതു്. ഭഗവതി പ്രത്യക്ഷപ്പെട്ടു.

സ്വൈരംഭവിക്കും ജയമങ്ങുനേർക്ക-
ന്നേരംഭവാന്മാർക്കു മമപ്രസാദാൽ

എന്നു് ആശംസിച്ചിട്ടു്,

“വിരാടഭൂപന്റെപുരത്തിലിന്നീ
നിരാകലം നിങ്ങൾ വസിച്ചിടുമ്പോൾ
ഒരാളെയുംകേളറിയുന്നതല്ല-
ങ്ങൊരാളുമീയെന്നുടെ വൈഭവത്താൽ.”

എന്ന വരം നല്കുന്നതും ആണു് വിഷയം. രണ്ടും മൂന്നും സർഗ്ഗങ്ങളിൽ ധർമ്മജാദികൾ വിരാടനഗരത്തിൽ ചെല്ലുന്നതും അവർക്കു രാജാവും രാജ്ഞിയും ഓരോ ജോലികൾ നല്കുന്നതും വിവരിച്ചിരിക്കുന്നു.

നാലാംസർഗ്ഗത്തിലെ വിഷയം സമയപാലനമാണു്.

പ്രതിഭടപടലോച്ചണ്ഡരാം പാണ്ഡവന്മാർ

‘അന്യോന്യംനൽസഹായം പ്രണയഭരമെഴുംചേതസാചെയ്തുകൊണ്ടും’

കൃഷ്ണന്തന്നെത്തരമൊടുസന്തതം പാർത്തുപാലിച്ചുകൊണ്ടും മത്സ്യക്ഷിതിപനഗരിയിൽ വസിച്ചുകൊണ്ടിരിക്കേ,

തുടുത്തനൽത്താമരസത്തിനുള്ളംമടുത്തകൈകൊണ്ടൊരുചൂലുകൃഷ്ണ
പിടിച്ചനേരത്തിതയോഗ്യമെന്നോർത്തടിച്ചമട്ടായവിടം സമസ്തം.
മാണിക്യരത്നോപമകാന്തിചിന്തും പാണിദ്വയത്താൽദ്രുപദേന്ദ്രപുത്രി
ചേണാർന്നഭംഗ്യാ മെഴുകുംദശായാം ചാണംചിരം കുങ്കുമമായ് ചമഞ്ഞു.
ഘടങ്ങൾതൻനന്മുതൽനഷ്ടമാക്കിക്കടങ്ങൾകൂട്ടും മുലയുള്ള കൃഷ്ണ

കുടങ്ങളെടുത്തു് വൃക്ഷലതാദികൾക്കു വെള്ളംകൊടുക്കയാൽ,

‘ഞായത്തിൻനൽപൂവനമങ്ങുപാരം ശ്രീയൊത്തുടൻനന്ദനതുല്യമായി.’
‘ചൊല്പൊങ്ങിടുംപാർഷതിതൻകുചത്തിൻനൽഭംഗികാട്ടിക്കളിയാടിയേറ്റം
പുഷ്പങ്ങൾതൻഗന്ധരസങ്ങൾതേടി നൽഭൃംഗപോതാളിമദിച്ചുമോദാൽ.
അതിപ്രമാണാശനമങ്ങുചെയ്തു മതിപ്രമോദാലിളകി ദ്വിജൗഘം
രുതപ്രഭേദാലഥകൃഷ്ണതൻനൽസ്തുതിപ്രയോഗങ്ങൾ തുടങ്ങിമെല്ലേ.
പുത്തൻമഴക്കാർകുഴൽദേവികൃഷ്ണയെത്തുംവിധൗകോകിലഗാനമോടേ
അത്യന്തമാൺമൈലുകളങ്ങുചെയ്താർ നൃത്തംതദാ നർത്തകരെന്നപോലെ.

ഇങ്ങനെ അഞ്ചാംസർഗ്ഗത്തിലും സമയപാലനവൃത്തംതന്നെയാണു വിഷയം.

ജീമൂതനും ഭീമനും തമ്മിൽ നടന്ന മല്ലയുദ്ധമാണു് ആറാംസർഗ്ഗത്തിലെ വിഷയം.

മടിച്ചൊട്ടുനിന്നിട്ടുടൻസൂതഭാവം
നടിച്ചോരുഭീമൻകളത്തിൽകടന്നു
അടിച്ചിട്ടുവന്നോരായാളെയുള്ളിൽ
പിടിച്ചീലതിൻകാലമക്കാലമാർക്കും.
കടക്കൊള്ളിയുന്തുന്നൊരിപ്പൊണ്ണനോ നേ-
ർത്തടിക്കുന്നതെന്നോടുചിത്രം വിചിത്രം!
മിടുക്കുള്ളജീമൂതനീമട്ടുഹാസ്യം
നടിക്കുംമുഖം തെല്ലുചാച്ചൊന്നുനോക്കി.
മുറയ്ക്കൊന്നടിക്കാനരക്കച്ചഭീമൻ
മുറുക്കുന്നൊരാഭാവവും മട്ടുമെല്ലാം
തുറിച്ചങ്ങുനോക്കുന്നലോകങ്ങൾകണ്ടി-
ട്ടുറച്ചാനിവൻ തല്ലുവാൻപോരുമെന്നു്.
പുളച്ചോരുഗർവ്വത്തിനാൽകൂടുതല്ലി-
പ്പൊളിച്ചോരു ശാർദ്ദൂലരാജൻകണക്കേ
കളിച്ചാർത്തുപാടീട്ടു ജീമൂതനെത്താൻ
വിളിച്ചാനടിപ്പോരിനായ് ഭീമസേനൻ.
ജവം നാഭിയോളം ഭുജം മുട്ടിനോളം
രവംകാലരുദ്രന്റെ രൂപം തഥൈവ
ഇവൻനന്നു തല്ലിന്നു സാമാന്യനല്ലെ-
ന്നിവണ്ണംവിച രിച്ചു ജീമൂതമല്ലൻ
മദാലാഞ്ജനേയാനുജക്രീഡകണ്ടി-
ട്ടുദാസീനനായ്ത്തത്രനിന്നില്ലൊരാളും
തദാ മല്ലവാദ്യൗഘഘോഷംതകർത്തു
മുദാകണ്ടലോകങ്ങൾ കൈകൊട്ടിയാർത്തു
വളർന്നോരമർഷേണ ജീമൂതനാദ്യം
പിളർന്നൊന്നുരണ്ടാർത്തുപാഞ്ഞെത്തി നേർത്തു
തുളുമ്പും രസാൽ ഭീമനും നേർത്തടുത്തു
കളംപാരമപ്പോൾ കലങ്ങിച്ചമഞ്ഞു.
കടത്തിൽപരംനീർനിറഞ്ഞിട്ടമർഷം
കടുത്തിട്ടു രണ്ടാന നേർക്കുന്നപോലെ
പടുത്വേന ജീമൂതനും ഭീമനും നേ-
ർത്തടുത്തീടിനാർ തങ്ങളിൽ സ്പർദ്ധയോടെ.

[7] “കയ്യാംകളിയുടെ മാതിരി കണ്ടിട്ടില്ലാത്തവർക്കു മല്ലയുദ്ധം വർണ്ണിച്ചിട്ടുള്ള ഇതിലെ ആറാംസർഗ്ഗം ഒന്നു വായിച്ചാൽ അതെല്ലാം അറിയാം.”

ഏഴാംസർഗ്ഗത്തിൽ കീചകൻ സൈരന്ധ്രിയുടെ രൂപസാരം കണ്ടു സ്മരപരവശനാകുന്നതിനെ വർണ്ണിക്കുന്നു.

ചരണമിവൾപതിക്കുന്നീയുഴിഞ്ഞാൽപടിക്കു-
ള്ളൊരുസുകൃതവിശേഷം പോഷിതാശേഷതോഷം
പരമിഹ മമ നെറ്റിയ്ക്കറ്റമേറ്ററ്റമുണ്ടായ്-
വരണമതിനിദാനീം ഹന്ത ഞാനെന്തുചെയ്വൂ.
നലമൊടഖിലലോകേ മാനസത്തിങ്കലെല്ലാം
ചലമിഴിമണിയാമിത്തന്വിതൻപാദപദ്മം
കലിതരുചിവിളങ്ങുന്നുണ്ടഹോ രാജഹംസാ-
വലിയതു കരുതിത്താൻ മാനസം സ്ഥാനമാക്കി

എട്ടാം സർഗ്ഗത്തിൽ കീചകന്റെ കാമപീഡാനുഭവം വർണ്ണിക്കപ്പെട്ടിരിക്കുന്നു.

നന്നായിപ്പെണ്ണിനൊപ്പം പറവതിനൊരുപെണ്ണില്ല വല്ലാതിളപ്പം
വന്നീടുന്നുണ്ടനല്പം പരയുവതിജനത്തിന്നഹോ നിർവികല്പം
അന്യൂനശ്രീവലിപ്പം കലരുമമരിമാരിങ്ങുനൽകുന്നുകപ്പം
പിന്നെപ്രായം ചെറുപ്പംമിനുസമിനി പറഞ്ഞാൽ പുഷ്പബാണപ്പെരുപ്പം.

എന്നു തുടങ്ങുന്ന മൂന്നുനാലു പദ്യങ്ങൾ അതിമനോഹരങ്ങളാകുന്നു. സൈരന്ധ്രി ചൊല്ലുന്നതും കീചകൻ ഒളിച്ചുനിന്നു കേൾക്കുന്നതുമായ സരസകോമളപദ്യബന്ധത്തെ ഉദ്ധരിക്കാതിരിക്കാൻ മനസ്സുവരുന്നില്ല.

മന്ദിച്ചീടാതെകണ്ടിക്കുടവയറിൽമുലപ്പാൽനിറച്ചിട്ടുപൂർണ്ണാ-
നന്ദാലങ്കേകിടക്കും പരമപുരുഷനാകുന്ന തന്നന്ദനന്റെ
കുന്ദശ്രീമന്ദഹാസോല്ലസിതമുഖശരച്ചന്ദ്രനെക്കണ്ടുകണ്ടാ-
നന്ദിക്കും നന്ദജായാനയനകുവലയത്തിന്റെപുണ്യം ന ഗണ്യം.
അത്യന്തംശുഭമുള്ള ഗോപികൾമഹാഭക്തിപ്പുഴക്കുത്തിനാൽ
നൃത്തംതത്തിരസിച്ചുകൃഷ്ണചരിതത്തെപ്പാടുമമ്പാടിയിൽ
സത്യംകെട്ടവനെന്നുപേരതുസഹിച്ചുകൊണ്ടു ഭക്തപ്രിയൻ
നിത്യംകട്ടിടുമുണ്ടവെണ്ണ തരണം സൗഭാഗ്യഭാഗ്യങ്ങൽ മേ.
വിണ്ണിൽബ്ഭംഗിയിൽ വാഴ്ത്തിയും പുകളെഴുംകണ്ണൻകളിച്ചങ്ങനെ
മണ്ണപ്പങ്ങളെവാർത്തുതിന്നുതളിരോടൊക്കുന്ന തൃക്കൈകളാൽ
പുണ്യപ്പെൺകൊടിലക്ഷ്മിതൻ കുളുർമുലപ്പന്തങ്ങുവിട്ടേന്തിടും
വെണ്ണപ്പത്തിനു കൈതൊഴുന്നു ബത ഞാൻ ചാവോളമാവോളവും.
നീലക്കാർവെന്നപീലിത്തിരുമുടിവടിവിൽ ഗോപിഗോരോചനത്താൽ
കാലിക്കോലൊത്തൊരോടക്കുഴൽതളവളയിത്യാദിപൂണ്ടാദരേണ
ലീലയ്ക്കൊക്കുംതരക്കാരൊടുമുടനിടചേർന്നങ്ങു പാൽവെണ്ണകക്കാൻ
ശീലിക്കും ബാലഗോപാകൃതി ഹരിവികൃതിത്തം പവിത്രം വിചിത്രം.

സൈരന്ധ്രിയുമായുള്ള കീചകന്റെ ആദ്യസംഭാഷണവും ഹൃദ്യമായിരിക്കുന്നു.

ഒൻപതാംസർഗ്ഗം സന്ധ്യാവർണ്ണനയോടുകൂടി ആരംഭിക്കുന്നു. ഈ വർണ്ണന സന്ദർഭത്തിനു വളരെ യോജിക്കുന്നുമുണ്ടു്. അതിനെത്തുടർന്നു് കീചകന്റെ മാലിനീധ്യാനവും സുദേഷ്ണയുടെ ഉപദേശവും സാമാന്യം ദീർഘമായി വിവരിച്ചിരിക്കുന്നു.

പത്താംസർഗ്ഗത്തിൽ സുദേഷ്ണ സൈരന്ധ്രിയെ കീചകന്റെ അടുക്കലേയ്ക്കു് അന്നപാനാദികളുംകൊണ്ടു പോകാൻ ആജ്ഞാപിക്കുന്നതും, അവൾ,

അന്നപാനമിഹ കൊണ്ടുവന്നിടാതെന്നെമാത്രമവിടേയ്ക്കയയ്ക്കുകിൽ
കുന്നുപോലെവലുതാംവിപത്തുടൻ വന്നുകൂടുമതിനില്ലസംശയം
എന്നിലുൽക്കടതരാഗ്രഹം മനം തന്നിലുണ്ടു പൃതനാപതിക്കയേ!
ഉന്നതപ്രതിഭയുള്ളവർക്കുമീഛന്നവൃത്തമറിയാമശേഷവും.

എന്നു പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതും രാജ്ഞി,

ശങ്കവിട്ടു ഭവതിക്കുപോകുവാൻ കിങ്കരപ്രവരർതന്നെപോരുമോ
തിങ്കളൊത്തകുടചാമരങ്ങൾമറ്റങ്കവും മമ തവാർഹമല്ലയോ?

എന്നു പരിഹസിച്ചിട്ടു്,

മാത്രനേരമിഹ നിന്നിടേണ്ട നൽപാത്രമൊന്നു മടിവിട്ടെടുക്കനീ
സൂത്രമൊക്കയുമറിഞ്ഞുഞാൻ മമ ക്ഷാത്രമപ്രതിമമോർത്തു പോവണം.

എന്നിങ്ങനെ നിഷ്ഠൂരമായി ആജ്ഞാപിച്ചതിനാൽ അവൾ,

വിശ്വനാഥപദപങ്കജംപരം വിശ്വസിച്ചു നിരൂപിച്ചു തൽക്ഷണം
നിശ്വസിച്ചു ബഹുഭക്തിപൂണ്ടു തെല്ലാശ്വസിച്ചുനടകൊ” ള്ളുന്നതുമാണു വിവരിച്ചിരിക്കുന്നതു്.

സൈരന്ധ്രി വിരാടരാജസദസ്സിൽ വന്നു ശരണം പ്രാപിക്കുന്നതിനെ വർണ്ണിക്കുന്ന പതിനൊന്നാംസർഗ്ഗം യമകം ഏകാക്ഷരപ്രാസം തുടങ്ങിയ ശബ്ദചിത്രങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.

യമകം
ഹരശിരോമണികാന്തിവരുംവിധൗ പരമഹോ തൊലിചുട്ടെരിയുന്നു മേ
ചിരമിതെങ്ങനെ ഹന്ത സഹിപ്പൂഞാൻ? സരസസാരസസാരഹരേക്ഷണേ.

ഏകാക്ഷരം
നന്നെന്നോനിന്നനിന്നോ നീ നിന്നുനൂനാനനേനനു
നാന്നനാ നിനോ നിന്നിനിന്നന്നനൂനന്നനോനന.

പന്ത്രണ്ടും പതിമൂന്നും സർഗ്ഗങ്ങൾ കരുണരസപ്രധാനങ്ങളാണു്. പാഞ്ചാലി ഭീമസേനനോടു പറയുന്ന വാക്കുകൾ കേൾക്കുക.

ജനകൻ മമ സോമകോത്തമൻ ജനനംവഹ്നിയിൽനിന്നുവിസ്മയം
വിനയാദികൾപൂണ്ടപാണ്ഡുവിൻതനയന്മാരസുനാഥരായവർ
പരനവ്യയനബ്ധിനന്ദിനീവരനീശൻ ഹരിബന്ധുവായവൻ
പരമിങ്ങനെയൊക്കെയാകിലും ചിരമാപത്തുപിണഞ്ഞുകേണുഞാൻ
ശ്വസനാത്മജ!നാടുദുർജ്ജനം ഹസനംചെയ്തുചതിച്ചിടുന്നതും
വസനം മമ ഹാ ഹരിച്ചതും വ്യസനം പൂണ്ടുസഹിച്ചുപണ്ടുഞാൻ
ജളനായ ജയദ്രഥൻപുരാ കളവായെന്നെ വരിച്ചിടുംവിധൗ
ഉളവാകിയ ദുഃഖസംഭ്രമം തളരുംമെയ്യോടഹോ സഹിച്ചുഞാൻ
ഖലനായ ജടാസുരൻമഹാബലവാൻ ഞങ്ങളെ നാലുപേരെയും
ഛലമോടുഹരിച്ചിടുംവിധൗനിലവിട്ടത്തൽസഹിച്ചുഭീമ! ഞാൻ
കടുകണ്ടകശർക്കരാഗണം കടുവാ പാമ്പുകൾ കീടമെന്നിവ
പെടുമുഗ്രവനത്തിൽവാസവും നെടുവീർപ്പിട്ടുകഴിച്ചുകൂട്ടിഞാൻ
ക്ഷിതിനാഥരശേഷമാദരാൽ സ്തുതിചെയ്യുന്നമഹാൻയുധിഷ്ഠിരൻ
പതിവായിവിടെസ്സദസ്യനായ് സ്തുതിചെയ്യുന്നു വിരാടഭൂപനെ
പരിചിൽസ്മരവിക്രമാഗ്നികൊണ്ടരിതൻപാചകനായിടുംഭവാൻ
അരിവേവിനു കൊള്ളികൊണ്ടുനീയെരിയിക്കുന്നു വിരാടമന്ദിരേ.
പുരുഹൂതസുതൻധനാഞ്ജയൻ പുരുഷന്മാർകളിലുത്തമോത്തമൻ
മരുവുന്നുബൃഹന്ദളാഖ്യപൂണ്ടുരുശോകത്തൊടു ഷണ്ഡനായിഹ
നയശാലികൾ നൽസുഖാർഹരാകിയമാദ്രീസുതരാർത്തിപൂണ്ടിഹ
ഹയഗോകുലസാധുപാലനക്രിയചെയ്യുന്നു മുടക്കമെന്നിയേ.
അഴലീവിധമേറ്റവുംകലർന്നുഴലും മൽപ്രിയരായനിങ്ങളെ
അഴകറ്റിഹകാണുമെൻഗ്രഹപ്പിഴദോഷങ്ങൾ സഹിച്ചിടുന്നു ഞാൻ
അതിദുഃസഹദുഃഖമീവിധം ധൃതികൈക്കൊണ്ടുസഹിക്കുമെന്നുടെ
മൃതിയിങ്ങുവരുത്തുമാശുദുർമ്മതിയാം കീചകനില്ലസംശയം.

കീചകവധത്തിനു സങ്കേതം കുറിക്കുന്നതിനു പതിമൂന്നാം സർഗ്ഗത്തിന്റെ ഒടുവിൽ വിവരിച്ചിരിക്കുന്നു.

അടുത്ത സർഗ്ഗങ്ങളിലെ വിഷയം ഗോഗ്രഹണമാണു്. “ആകപ്പാടെ കൊച്ചുണ്ണിത്തമ്പുരാന്റെ വാസനാശക്തിയും ശേഷിയും നോക്കുമ്പോൾ പ്രസ്തുത കാവ്യം അതിന്റെ ഒരു മാനദണ്ഡമായി കരുതത്തക്ക സ്ഥിതിയിലായിട്ടില്ലെങ്കിലും ഒരുസമയം അതിനെ അപേക്ഷിച്ചു കുറേ താണനിലയിൽ ഇരിക്കുന്നതാണെന്നുവന്നാൽ കൂടിയും ഒരു മാസികയിൽ പ്രസിദ്ധംചെയ്തിരുന്ന കാവ്യമെന്ന നിലയിൽ ഇതു് ഏറ്റവും ഉത്തമമായിട്ടുണ്ടെ”ന്നു് ഏ. ആർ. തിരുമേനി പറഞ്ഞിട്ടുള്ളതു് പരമാർത്ഥമാണു്.

വഞ്ചീശവംശം മഹാകാവ്യം

കൊല്ലവർഷം ആരംഭിച്ചു് ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംമുതല്ക്കു മൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ഠിപൂർത്തിമഹോത്സവംവരെയുളള ചരിത്രത്തെ കാവ്യരൂപേണ രചിച്ചിട്ടുള്ള ഈ കൃതി കാവ്യഗുണംകൊണ്ടു നോക്കിയാൽ പാണ്ഡവോദയത്തെ അതിശയിക്കുന്നുവെന്നു പറയാം. സ്വാതിതിരുനാൾ തമ്പുരാനെ വർണ്ണിക്കുന്ന രണ്ടുമൂന്നു പദ്യങ്ങൾ മാതൃകയ്ക്കായി താഴെ ചേർക്കുന്നു.

സാമാന്യാധികസുകൃതങ്ങൾപൂണ്ടുഗർഭ-
ശ്രീമാനെന്നഖിലജഗത്തിനും പ്രസിദ്ധൻ
ധീമാൻ സൽക്കവിമണിരാമവർമ്മനെന്നീ-
നാമാഢ്യൻ നരപതിനാടുവാണുപിന്നെ.
ഭാവംതൻമകളിൻവളർത്തമന്മഥാഹം
ഭാവംതീർപ്പതിനു പയോജയോനിദേവൻ
ഏവംചീർത്തഴകൊഴുകുന്നരാമവർമ്മ
ശ്രീവഞ്ചിക്ഷിതിപതിയെച്ചമച്ചുനൂനം
താഴുന്നൂമതികടലിൽ സകജ്ജളാസ്രം
കേഴുന്നൂനൃവരനിവൻജനിക്കമൂലം
നൂഴന്നൂ ഘനപടലാന്തരേണ ഹാഹാ
വാഴുന്നൂ വിപിനതലേ വസന്തമെന്നും
മൂടീടാത്തഴകെഴുമാനൃപന്റെവക്ത്റം
കൂടീടും ഭയമൊടുകാൺകകാരണത്താൽ
ആടീകണ്ണിഹമുകുരത്തിനാകയാൽക-
ണ്ണാടീയെന്നതിനൊരുനാമമുത്ഭവിച്ചു.

സജാതീയദ്വിതീയാക്ഷരപ്രാസം എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചുകാണുന്നു. പ്രാസത്തിൽ ഖഡ്ഗബന്ധം, ശൂലബന്ധം മുതലായ കൃത്രിമപ്പണികളുമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ,

ശാസ്ത്രംകാവ്യംപുരാണാദികളഴകിയലുന്നോരു മീനധ്വജശ്രീ
ശാസ്ത്രംകേൾവൈദ്യമെന്നുള്ളതിലതിനിപുണൻ നിർമ്മലൻധർമ്മശീലൻ
ഗാത്രംകൊണ്ടിന്ദുതുല്യൻ മധുരകൃതിസുധാസത്തുതങ്കുന്നതങ്കു-
പ്പാത്രംകൊച്ചുണ്ണിഭൂപൻ ഭുമിവിരവിൽവിളങ്ങുന്നുവിങ്ങുന്നകീർത്യാ.

എന്നൊരു കവി വർണ്ണിച്ചിട്ടുള്ളതു പരമാർത്ഥമാണു്. കൊച്ചുണ്ണിത്തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ ചില ഘട്ടങ്ങളിൽ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്നുവെന്നു സംശയം കൂടാതെ പറയാം. ഇവകൂടാതെ ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു്, രാമാശ്വമേധം കിളിപ്പാട്ടു്, ശ്രീമഹാഭാഗവതം ഗാഥ മുതലായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. കവിഭാരതത്തിൽ അദ്ദേഹത്തിനെ സവ്യസാചിയായി പറഞ്ഞിരിക്കുന്നു.

സ്വച്ഛന്ദംഭാഷകൊണ്ടും സുരുചിരതരമാം
സംസ്കൃതംകൊണ്ടുമുപ്പാർ
മെച്ചംതേടുംപ്രകാരം ബഹുവിധകവിതാ-
സൂക്തിവഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൗഢരിൽമികവുടയോൻ
കോടിലിംഗാധിനാഥൻ
കൊച്ചുണ്ണിക്ഷോണിപാലൻ കൊടിയ കവിവരൻ
ദിവ്യനാം സവ്യസാചി.

അദ്ദേഹം 1101-ാമാണ്ടു് കർക്കടകം 11-ാം തീയതി തീപ്പെട്ടു.

‘ജന്മത്രസ്തോഗജായാഃ’ കലികലുഷഹരാ
പാദമഭ്യർച്യ നിത്യം
തിഷ്ഠൻ ശ്രീകോടിലിംഗാഹ്വയനിജനിലയേ
പണ്ഡിതഃസൽകവീന്ദ്രഃ
വൈദ്യഃകൊച്ചുണ്ണിഭൂപഃസ ഭുവി ബുധജന-
ശ്ലാഘ്യമനോപ്യകസ്മാൽ
കസ്മാദസ്മിൻനിശീഥേ ദിവി വിബുധജന-
ശ്ലാഘ്യതാം ഹന്തഭേജേ.

എണ്ണയ്ക്കാട്ടു തമ്പുരാൻ

എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽ കുഞ്ഞാരുരാജാവു് എന്നുകൂടി പേരുള്ള രാജരാജവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. അവിടുത്തെ അടുക്കലാണു് അദ്ദേഹം സംസ്കൃതവും ഇംഗ്ലീഷും പഠിച്ചതു്. അവിടുത്തെ ധർമ്മപത്നി പരവൂർ കോങ്ങാൽച്ചേരിയിലെ പ്രസിദ്ധ നായർഭവനങ്ങളിൽ ഒന്നായിരുന്ന പടിഞ്ഞാറേവീട്ടിലെ ഒരംഗമായിരുന്നു. ആ വീട്ടിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അക്കാലത്തു സാമാന്യം നല്ല വൈദുഷ്യമുണ്ടായിരുന്നു; എന്നുമാത്രമല്ല, അവർ ദാനധർമ്മാദികളിൽ തീവ്രമായ നിഷ്ഠയുള്ളവരുമായിരുന്നു. തമ്പുരാന്റെ പത്നിയുടെ അനുജത്തിയും സാമാന്യം നല്ല കവയിത്രിയുമായിരുന്ന ഒരു മഹിളാരത്നത്തെയാണു മഹാകവി കെ. സി. കേശവപിള്ള ആദ്യമായി വിവാഹം കഴിച്ചതു്. ആ മഹതി ചെറുപ്പത്തിലേ മരിച്ചുപോയി.

എണ്ണക്കാട്ടുതമ്പുരാൻ സിദ്ധാന്തകൗമുദി മുഴുവനും പദ്യരൂപേണ സംഗ്രഹിച്ചിരുന്നു. പ്രസിദ്ധപ്പെടുത്തിയതായി അറിവില്ല. അതിനും പുറമേ ലക്ഷണാസ്വയംവരം ചമ്പു, വിഷ്ണുകേശാദിപാദസ്തവം, മേഘസന്ദേശം ഭാഷ, രുക്മിണീസ്വയംവരം നാടകം, അലങ്കാരദീപിക എന്നിങ്ങനെ അനേകം ഭാഷാകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്.

അദ്ദേഹത്തിന്റെ ശ്ലോകങ്ങളെല്ലാം അക്ലിഷ്ടരമണീയങ്ങളാകുന്നു. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കുന്നു.

നീരിത്താർമങ്കതങ്കക്കുളുർമുലയിലണച്ചുള്ള നേരത്തതിങ്കൽ
ചേരുംകർപ്പൂരധൂളീപരിമിളിതമതായുള്ള സിന്ദൂരമെന്നായ്
ആരുംശങ്കിക്കമാറന്നഖരുചികലരുന്നോരു ഗോവിന്ദപാദ-
ത്താരിൻനല്കാന്തിപൂരം മമസുഖമനിശം ഭൂരിപൂരിച്ചിടേണം.
മുല്ലേ നിനക്കു രസമാർന്നൊരു പൂക്കളുള്ള
വേളയ്ക്കവയ്ക്കെതിരിടാൻ ബഹുകൂട്ടരുണ്ടാം
വേനല്ക്കുനീ വെയിലുകൊണ്ടുവലഞ്ഞുനില്ക്കു-
ന്നേരത്തുവന്നമൃതു പെയ്തിടുവാൻ ഘനം താൻ.
ആനന്ദമൂർത്തി മഥുരയ്ക്കുവരുന്നനേര-
ത്താരോമലാളൊരുവൾ കണ്ടു മനംമയങ്ങി
സാഷ്ടാംഗമായുടനെ വീണുനമസ്കരിച്ചി-
ട്ടാമാരമാലിനെ മറച്ചവൾ ഭക്തികാട്ടി.
കാറൊത്തവർണ്ണനണിയുന്നൊരു മുത്തുമാല
മാറത്തുനീലമണിമാലയൊടൊത്തിടുന്നൂ
ചാരത്തുപുഞ്ചിരിപൊഴിഞ്ഞുകലർന്നിടുന്ന-
നേരത്തുവീണ്ടുമതു മുത്തണിയായ്വരുന്നു.
മതിർത്തിടാം പാലതിലും മതിക്കും
താർത്തേനതേക്കാളമൃതം മതിക്കും
കവീടെവാക്കായതിലും ഹരീടെ
ചരിത്രമോർത്താലതിലും മതിക്കും.

സാഹിത്യകുശലൻ സി. വി. രാമൻപിള്ള

തെക്കൻതിരുവിതാംകൂറിൽ, നെയ്യാറ്റുങ്കരത്താലൂക്കിൽപെട്ട ആറൂർ ദേശത്തു് ധനസ്ഥിതിയെ സംബന്ധിച്ചിടത്തോളം മധ്യമനിലയിലിരുന്ന പുന്നത്താനത്തു് എന്ന ഒരു നായർകുടുംബമുണ്ടു്. ആ ഗൃഹത്തിൽപെട്ട പാർവതിപ്പിള്ള എന്നൊരു യുവതിയെ വേലാംപിള്ള എന്നൊരു നാട്ടാശാൻ വിവാഹംചെയ്തിരുന്നു. ഈ ആശാൻ കുട്ടികളെ പഠിപ്പിച്ചു്, അതിൽനിന്നു ലഭിക്കുന്ന ‘നക്കാപിച്ച’കൊണ്ടു ജീവിക്കയല്ല ചെയ്തതു്. ഗ്രന്ഥങ്ങൾ പകർത്തുക എന്ന ആദായകരമായ തൊഴിലിൽ ഏർപ്പെട്ടിരുന്നതിനാൽ ദമ്പതിമാർ സാമാന്യം സുഖമായിത്തന്നെ കഴിഞ്ഞുകൂടി. അങ്ങനെ ഇരിക്കെ അവർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവർ താമസിച്ചിരുന്നതു വലിയ ദിവാൻജി രാജാകേശവദാസന്റെ വകയായിരുന്ന കോട്ടയ്ക്കകം വലിയകോയിക്കലായിരുന്നു.

അവിടെ പാർത്തിരുന്നകാലത്തു് പാർവ്വതിഅമ്മ രണ്ടു് ആൺകുട്ടികളെ ഇരട്ടപെറ്റു. അവരുടെ ചരിത്രം വളരെ രസാവഹമാണു്. ശങ്കരപ്പിള്ള, നാരായണപ്പിള്ള എന്നിവർ ഒരേകാലത്തു് ഉദ്യോഗത്തിൽ പ്രവേശിച്ചു; ഒരേകാലത്തു് അവർക്കു പ്രമോഷനും ലഭിച്ചുവന്നു. ഒരാൾക്കു് എന്തെങ്കിലും സുഖക്കേടു വന്നാൽ മറ്റെ ആൾക്കും അതേസമയത്തുതന്നെ ശരീരാസ്വാസ്ഥ്യം വന്നുകൊണ്ടിരുന്നു. അവർ രണ്ടുപേരും പല താലൂക്കുകളിൽ തഹശീൽദാരുദ്യോഗംവഹിച്ചു് വിപുലമായ യശസ്സു നേടി.

പാർവ്വതിഅമ്മ പിന്നീടു് അടുത്തടുത്തുതന്നെ മൂന്നു പെൺകുട്ടികളെ പ്രസവിച്ചു എങ്കിലും അവരിൽ ഒരാൾ അല്പായുഷ്മതിയായിപ്പോയി. അനന്തരം ആ സുകൃതിനി 1033 ഇടവം 7-ാം തീയതി ആയില്യം നക്ഷത്രത്തിൽ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. ആ ശിശുവായിരുന്നു സി. വി. എന്ന രണ്ടക്ഷരത്തിൽ സർവകേരളപ്രഥിതനായിത്തീർന്ന രാമൻപിള്ള. പാർവതിഅമ്മ പിന്നെയും നാലു സന്താനങ്ങളെക്കൂടി പ്രസവിച്ചു.

രാമൻകുട്ടി പ്രഥമപാഠങ്ങൾ പഠിച്ചുതീരുംമുമ്പേ പിതാവു പരലോകം പ്രാപിക്കയാൽ കേവലം അനാഥാവസ്ഥയിലായി. എന്നാൽ “അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം” എന്ന ആപ്തവാക്യത്തിനെ സാധൂകരിപ്പാനെന്നപോലെ അവിചാരിതമായി ഒരു ആപദ്ബന്ധു വന്നുചേർന്നു. തിരുവിതാംകൂർ സർവ്വീസിൽ ഉയർന്ന ഉദ്യോഗങ്ങൾ വഹിച്ചശേഷം പെൻഷൻപറ്റി പിരിഞ്ഞ കെ. പത്മനാഭൻതമ്പി. ബി. ഏ. ബി. എൽ., ഡാക്ടർ രാമൻ തമ്പി ഇവരുടെ പിതാവും ചരിത്ര പ്രഥിതമായ അരമന തങ്കക്കോയിക്കലെ അംഗവും അന്നു തിരുവനന്തപുരം ഭജനപ്പുരക്കാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്നയാളും ആയ കേശവൻ തമ്പി എന്ന വിദ്വൽകുലാവതംസം ഈ കുട്ടിയുടെ ഭാവി അതിശോഭനമായിരിക്കുമെന്നു കണ്ടിട്ടു് അയാളെ തന്റെ പുത്രന്മാരോടൊപ്പം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാൻ നിശ്ചയിച്ചു. അങ്ങനെ പ്രസ്തുത ബാലൻ ബെൻസിലി സായ്പിന്റെ ആധ്യക്ഷത്തിൽ നടന്നിരുന്ന ഫ്രീ സ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിത്തം തുടങ്ങി. ആ പള്ളിക്കൂടത്തെ ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കാളേജിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റിയപ്പോഴും സി. വി. അതിലെ വിദ്യാർത്ഥിയായിരുന്നു. അവിടെ നിന്നാണു് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായതു്.

അനന്തരം എഫ്. ഏ. ക്ലാസ്സിൽ ചേർന്നു. അക്കാലത്തു് ഏതു പുസ്തകങ്ങൾ കിട്ടിയാലും അദ്ദേഹം വായിച്ചു നോട്ടെടുക്കുമായിരുന്നു. ചരിത്രം, ആഖ്യായിക ഇവയിലായിരുന്നു അധികഭ്രമം. മലയാളഭാഷയിൽ അന്നു ഗ്രന്ഥങ്ങൾ അധികമുണ്ടായിരുന്നില്ല. എഴുത്തച്ഛൻ, നമ്പ്യർ, ചെറുശ്ശേരി എന്നിവരുടെ ഗ്രന്ഥങ്ങൾ, പ്രധാന ആട്ടക്കഥകൾ ഇവയൊക്കെ വായിച്ചുതീർത്തു എന്നു മാത്രമല്ല നല്ലനല്ല ഭാഗങ്ങളൊക്കെ കാണാതെ പഠിക്കയുംചെയ്തു. അൻപത്താറു ദിവസത്തെ ആട്ടക്കഥകളുടെ ഒരു പ്രതി അദ്ദേഹം കരസ്ഥമാക്കി. അവയുടെ നേർക്കു് അദ്ദേഹത്തിനുള്ള താല്പര്യാതിശമാണു് രാമാവെങ്കിടൻവഴി പിൽക്കാലത്തു വെളിയിൽ ചാടിയതു്.

അന്നു് കാളേജ് പ്രിൻസിപ്പാൽ ഉദ്യോഗം വഹിച്ചിരുന്ന റാസ്സായ്പു് അന്നത്തെ വിദ്യാഭ്യാസധൂർവ്വഹന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നു. എന്നാൽ രാമക്കുറുപ്പുമുൻഷിയായിരുന്നു ഒന്നാംതരം ഭാഷാസാഹിത്യകാരനാവുന്നതിനുള്ള കരുക്കൾ എല്ലാം സി. വിക്കു സമ്പാദിച്ചുകൊടുത്തതു്. അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ആരും ഭാഷാപരിജ്ഞാനവിഷയത്തിൽ പിന്നോക്കമായിട്ടില്ലെന്നുള്ളതു സുപ്രസിദ്ധമാണു്.

സ്വസ്ഥമായ ശരീരത്തിൽ സ്വസ്ഥമായ മനസ്സു്; ഇതാണു് വിദ്യഭ്യാസത്തിന്റെ ആദർശം എന്നു പാശ്ചാത്യന്മാർ പറയുന്നു. സി. വി. ഈ തത്വത്തെ അനാദരിച്ചില്ല. കായികവിനോദങ്ങളിലെല്ലാം പങ്കെടുത്തു് അദ്ദേഹം നല്ല ദൃഢസംഹതകായനായിത്തീർന്നു.

കാളേജിൽ ഇടയ്ക്കിടെ നടന്നുവന്ന നാടകാഭിനയങ്ങളിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹത്തിന്റെ നടന കൗശലത്തെ അന്നുള്ളവരെല്ലാം പുകഴ്ത്താറുണ്ടായിരുന്നു. അന്നു തത്വശാസ്ത്രാചാര്യനായിരുന്ന പണ്ഡിതൻ കൈമടക്കു നിവർത്ത മഹാപിശുനനെങ്കിലും തരംകിട്ടുമ്പോഴൊക്കെ ജീവിതത്തിന്റെ ക്ഷണികതയേയും ഭൗതികൈശ്വര്യത്തിന്റെ അനർത്ഥകാരിതയേയും പറ്റി ഉച്ചൈസ്തരം പ്രസംഗിക്കുന്ന ആളായിരുന്നു. വാക്കിനും പ്രവൃത്തിക്കും തമ്മിൽ ഉള്ള ഈ പൊരുത്തമില്ലായ്മ വിദ്യാർത്ഥികളുടെ ദൃഷ്ടിയിലും പെട്ടിരുന്നു. ഒരുദിവസം സി. വി. ചില സതീർത്ഥ്യന്മാരുമായി യോജിച്ചു് അദ്ദേഹത്തിനെ ഒന്നു ചെണ്ടകൊട്ടിക്കാൻ ഒന്നു തീർച്ചപ്പെടുത്തി. സന്ധ്യയാവാറായപ്പോൾ സി. വി. ഒരു കാഷായവേഷധാരിയായി, ദണ്ഡും കമണ്ഡലുവുമേന്തി, ഭക്തിപരമായ തമിൾഗാനങ്ങളും പാടിക്കൊണ്ടു് ആചാര്യരുടെ പടിക്കൽ എത്തി. അദ്ദേഹം ശകാരംകൊണ്ടു ഭിക്ഷുവിനെ അഭിഷേചിച്ചു. അദ്ദേഹം പോകുന്ന മട്ടു കാണിക്കാതെ ജീവിതത്തിന്റെ അസ്ഥിരതയേയും ഔദാര്യത്തിന്റെ മഹിമയേയുംപറ്റി പ്രസംഗിക്കാൻ തുടങ്ങുകയും അതിൽ ആചാര്യരുടെ ചില ആശയവിശേഷങ്ങളെക്കൂടി കടത്തിവിടുകയും ചെയ്തു. ആചാര്യർ വടിയുമായി വെളിയിൽ ചാടിയതും ഭിക്ഷുകൻ തിരോധാനം ചെയ്തതും ഒന്നിച്ചുകഴിഞ്ഞു. എന്നാൽ വൃക്ഷത്തിന്റെ മറവിൽനിന്നു് ഈ വിനോദംകണ്ടു് രസിച്ചുകൊണ്ടിരുന്ന യുവാക്കന്മാരുടെ ചിരിയാൽ അന്തരീക്ഷം മുഖരിതമായി.

1056-ൽ അദ്ദേഹം ബി. ഏ. പരീക്ഷയിൽ ജയിച്ചുവെങ്കിലും സർക്കാർ സർവ്വീസിൽ പ്രവേശം ലഭിക്കുന്നതിനു മൂന്നുകൊല്ലം കാത്തിരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കൂടെ പാസ്സായ ആർ. മഹാദേവയ്യർ മുതൽപേരെല്ലാം നേരത്തെ ഉദ്യോഗം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. 1059-ൽ ജ്യേഷ്ഠസഹോദരനായിരുന്ന സി. വി. നാരായണപിള്ളയുടെ ശുപാർശ അനുസരിച്ചു് എസ്. പ്ത്മനാഭയ്യർ എം. ഏ. രാമൻപിള്ളയ്ക്കു ഹൈക്കോടതിയിൽ ഒരു ക്ലാർക്കുപണി നല്കി.

അധികകാലം കഴിയുംമുമ്പു് ഈ യുവാവു് പെരുന്താന്നി കീഴേവീട്ടിലെ കാർത്ത്യായനിപ്പിള്ള ഭാഗീരഥിപ്പിള്ളയെ വിവാഹം ചെയ്തു. കാർത്തകപ്പള്ളി കോയിക്കലേത്തു എന്ന പ്രഭുകുടുംബത്തിലെ കാരണവരായിരുന്ന കൊച്ചുകൃഷ്ണപിള്ളയുടെ പുത്രിയായ ഈ സ്ത്രീരത്നം സാമാന്യം നല്ല വൈദുഷ്യമുള്ളവരായിരുന്നതിനാൽ, അവർ പില്ക്കാലത്തു് തന്റെ ഭർത്താവിന്റെ സാഹിത്യവ്യവസായത്തിനു പ്രതിബന്ധമായി നിന്നില്ല എന്നു മാത്രമല്ല കഴിയുന്നത്ര പ്രോത്സാഹനങ്ങൾ ചെയ്തുകൊണ്ടുമിരുന്നു.

തിരുവനന്തപുരത്തുവച്ചു് ഇദംപ്രഥമമായി അഭിനയിക്കപ്പെട്ട ഗദ്യനാടകം ‘ചന്ദ്രമുഖീവിലാസ’മായിരുന്നു. അതു കാളേജിൽ അഭിനയിക്കുന്നതിനുവേണ്ടി സി. വി. എഴുതിക്കൊടുത്ത ആദ്യത്തെ കൃതിയാണെന്നാണു് അറിവു്. അതിന്റെ അഭിനയത്തിൽ ബി. ഏ. വിദ്യാർത്ഥികൾ മാത്രമല്ല, പിൽക്കാലത്തു സുപ്രസിദ്ധരായിത്തീർന്ന സി. കൃഷ്ണപിള്ള ബി. ഏ., പി. അയ്യപ്പൻപിള്ള ബി. ഏ., പി. താണുപിള്ള എം. ഏ., കപ്പാഴം രാമൻപിള്ള ബി. ഏ., ആലപ്പുഴ പാച്ചുപിള്ള ബി. ഏ., രാമക്കുറുപ്പു് ബ. ഏ. മുതലായവരും ഓരോ പാർട്ടെടുത്തിരുന്നു. നടന്മാരെല്ലാം സഭാകമ്പം ഉള്ളവരായിരുന്നതുകൊണ്ടു് അതു തീർക്കാനായി സി. വി. ഒരു വിദ്യ പ്രയോഗിച്ചതു കണക്കിനുപറ്റി. അദ്ദേഹം സ്റ്റേജിൽ ഒരു നാല്ക്കാലിപിടിച്ചിട്ടു്, അതിന്മേൽ ഉറങ്ങുന്ന മട്ടിൽ നിവർന്നുകിടന്നു. എന്തൊക്കെയോ എഴുതി ഒട്ടിച്ചിരുന്ന ചില പേസ്റ്റ് ബോഡുകൾ കൈയിൽ പിടിച്ചിരുന്നു. കർട്ടൻ പൊക്കിയ മാത്രയിൽ പെട്ടെന്നു് ഉറക്കം ഉണർന്ന ഒരുവന്റെ മട്ടിൽ അദ്ദേഹം പിച്ചും ഭ്രാന്തും പറഞ്ഞുതുടങ്ങി. അനന്തരം ഇംഗ്ലീഷിൽ ഒരു പ്രസംഗവും അതിനെത്തുടർന്നു മലയാളത്തിൽ കഥാസംക്ഷേപവിവരണവും തട്ടിമൂളിച്ചു. അവിടെ കൂടിയിരുന്നവരിൽ, അശ്വതിതിരുനാൾ യുവരാജാവുൾപ്പടെ എല്ലാവരും ചിരിച്ചു ചിരിച്ചു മണ്ണുകപ്പുമാറായി. അതിനോടുകൂടി മറ്റു നടന്മാരുടെ സഭാകമ്പവും അസ്തമിച്ചു. ചന്ദ്രമുഖിയുടെ മാതുലിപ്പാർട്ടും, മാദ്യപന്റെ പാർട്ടും സി. വി. യും, ചന്ദ്രമുഖിയുടെ പാർട്ടു് ദിവാൻപേഷ്കാരായിരുന്നു പെൻഷൻ പറ്റി ഇപ്പോൾ വിശ്രമസുഖം അനുഭവിക്കുന്ന കെ. നാരായണൻ പണ്ടാലയും, വിവാഹത്തിനു ജാതകപരിശോധന നടത്തുന്ന കണിയാന്റെ പാർട്ടു് രാമക്കുറുപ്പുമുൻഷിയും തന്മയത്വത്തോടുകൂടി അഭിനയിച്ചു. സമുദായ പരിഷ്കരണത്തെ ത്വരിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട ഒന്നാമത്തെ ഭാഷാനാടകം ഇതുതന്നെയാണെന്നു പറയാം. മംഗല്യധാരണാദി നിരർത്ഥകങ്ങളായ അടിയന്തിരങ്ങൾക്കായി കണക്കില്ലാതെ പണം ചെലവഴിച്ചു തറവാട്ടുസ്വത്തിനെ അന്യാധീനപ്പെടുത്തിവരുന്നതിന്റെ അനൗചിത്യത്തെ പ്രേക്ഷകന്മാർക്കു് ഈ കഥമുഖേന സി. വി. പ്രത്യക്ഷപ്പെടുത്തിക്കൊടുത്തു. നാടകാഭിനയത്തിനു സർക്കാർ തന്നെയാണു് സ്റ്റേജ് ഇടുവിച്ചുകൊടുത്തതെന്നും സ്മരണീയമാണു്.

ചന്ദ്രമുഖീവിലാസത്തിന്റെ ആവിൎഭാവത്തിനുശേഷമാണു് വലിയകോയിത്തമ്പുരാൻ ശാകുന്തളം ഭാഷാന്തരീകരിച്ചതെന്നുള്ള വസ്തുത അറിയാത്തവരാണു്, ഭാഷയിൽ ആദ്യമായുണ്ടായ നാടകം അഭിജ്ഞാനശാകുന്തളമാണെന്നുപറയുന്നതു്. കുറേക്കാലത്തേക്കു ശാകുന്തളം അഭിനയിക്കാൻ ആരും തയ്യാറായില്ല. ചന്ദ്രമുഖീനാടകത്തിൽ പങ്കുകൊണ്ടു പേരെടുത്ത ചിലരെല്ലാംകൂടിയാണു് ആ നാടകത്തെ പിന്നീടു് അഭിനയിച്ചതും. സ്റ്റേജിടുന്ന ചിലവെല്ലാം ഇക്കുറിയും സൎക്കാർതന്നെ വഹിച്ചു.

പ്രസിദ്ധ ഹൈക്കോൎട്ടുജഡ്ജിയായിരുന്ന കുഞ്ഞുരാമൻനായരെ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടു ജന്മികുടിയാൻ കമ്മിറ്റിയുടെ അധിപനായി നിശ്ചയിച്ചപ്പോൾ, മി. നായർ തന്റെ ഗുമസ്തനായി കൂടെക്കൊണ്ടുപോയതു് സി. വി. യെ ആയിരുന്നു. അതുനിമിത്തം അദ്ദേഹത്തിനു തിരുവിതാംകൂറിന്റെ പലേഭാഗങ്ങൾ നേരിട്ടു കാണുന്നതിനും അവിടവിടെയുള്ള ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങൾ സന്ദൎശിച്ചു് നാട്ടുകാരുടെ ജീവിതരീതികളും മറ്റും ഗ്രഹിക്കുന്നതിനും ഐതിഹ്യങ്ങൾ ശേഖരിക്കുന്നതിനും കഴിഞ്ഞു. ഇതു ഭാവിയിൽ ചരിത്രാഖ്യായികാകാരനായിത്തീരുവാൻ പോകുന്ന ആ യുവാവിനു് എത്രകണ്ടു് ഉപയോഗപ്രദമായിത്തീൎന്നു എന്നു പറയേണ്ടതില്ലല്ലോ.

1060-ൽ അദ്ദേഹം ഹൈക്കോടതി ഹെഡ്ഗുമസ്തനായും രണ്ടു കൊല്ലങ്ങൾക്കുശേഷം ഇൻഡക്സർ ആൻഡു് പബ്ലിഷർ ആയും ഉയർത്തപ്പെട്ടു. എന്നാൽ നിയമപരീക്ഷയിൽ പാസ്സാകാത്ത ഒരാൾക്കു് ഹൈക്കോടതിയിൽ യാതൊരു പ്രമോഷനും വഴിയില്ലെന്നു കാണുകയാൽ അദ്ദേഹം 1063-ൽ ബി. ഏൽ-നു പഠിക്കാനായി മദ്രാസിലേക്കു പോയി. മദ്രാസിൽ അദ്ദേഹത്തിനു കൂട്ടുകാരായി തിരുവനന്തപുരത്തുകാരായ പലരും ഉണ്ടായിരുന്നു. അവൎക്കെല്ലാം പില്ക്കാലത്തു വലിയവലിയ ഉദ്യോഗങ്ങൾ വഹിക്കാൻ ഇടവന്നിട്ടുണ്ടു്. എൻ. രാമൻപിള്ള എക്സൈസ് കമ്മീഷണരായിട്ടാണു് പെൻഷൻപറ്റിയതു്. മുണ്ടനാട്ടു നാരായണപിള്ള ദിവാൻപേഷ്കാർ ആയി. പന്നിയറത്തല കൃഷ്ണപിള്ള ഡാക്ടർഉദ്യോഗം പ്രശസ്തമായി വഹിച്ചു. ജി. ശങ്കരപ്പിള്ള ഹൈക്കോൎട്ടുജഡ്ജി ഉദ്യോഗംവരെ ഉയൎന്നു. പി. എൻ. രാമൻപിള്ള മദ്രാസ് സ്റ്റാൻഡാൎഡിന്റെ പത്രാധിപരായി പ്രസിദ്ധിനേടി. സി. വി. യുടെ സാന്നിദ്ധ്യംനിമിത്തം മദ്രാസിലെ ജീവിതം അവർക്കു സുഖപ്രദമായിത്തീർന്നു.

ഇതിനിടയ്ക്കു് ഈ യുവാവു് ബാരിസ്റ്റർ ജി. പി. പിള്ളയുമായി പരിചയപ്പെടുകയും പ്രസിദ്ധപ്പെട്ട മലയാളിമെമ്മോറിയൽ തയ്യാറാക്കുന്ന വിഷയത്തിൽ മനഃപൂൎവം ഉത്സാഹിക്കയും ചെയ്തു. മലയാളിമെമ്മോറിയലിന്റെ ഉത്ഭവം രസകരമാണു്. അക്കാലത്തു് ഉയർന്ന ഉദ്യോഗങ്ങളെല്ലാം ബ്രാഹ്മണർക്കു കുത്തകയായിരുന്നു. ജസ്റ്റീസ് ഗോവിന്ദപ്പിള്ളയ്ക്കു തന്റെ പേഷ്കാരുദ്യോഗം ഒരു ബ്രാഹ്മണനുവേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന കഥ അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ പലേ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. അതിനാൽ ഈ നാട്ടുകാരുടെ പ്രമാണികളെല്ലാം ചേർന്നു മദിരാശിയിൽ പ്രാക്ടീസുചെയ്തുകൊണ്ടിരുന്ന ആളും ശങ്കുണ്ണിമേനോൻ പേഷ്കാരുടെ പുത്രനും ആയിരുന്ന കെ. പി. ശങ്കരമേനോന്റെ നേതൃത്വത്തിൽ ഒരു ബ്രഹ്മാണ്ഡമെമ്മോറിയൽ മഹാരാജാവു തിരുമനസ്സിലേക്കും രാമരായർ ദിവാൻജിക്കും സമൎപ്പിച്ചു. അതിന്റെ ഫലമായി ബ്രാഹ്മണരല്ലാത്തവൎക്കു ചില ആനുകൂല്യങ്ങൾ തൽക്കാലം ലഭിക്കയും ചെയ്തു.

സി. വി. മദ്രാസിൽ താമസിക്കുന്ന കാലത്തായിരുന്നു ഓ. ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചതു്. അതു കണ്ടപ്പോൾ ഒരു നോവൽ എഴുതിയാൽകൊള്ളാമെന്നു സി. വി. ക്കും മോഹം ഉദിച്ചു. യുവമിത്രങ്ങളുടെ പ്രേരണയും ആ വിഷയത്തിൽ ഉണ്ടായിരുന്നിരിക്കണം;–ഏതായാലും മാൎത്ത ാണ്ഡവർമ്മ എന്ന പ്രസിദ്ധ ആഖ്യായികയ്ക്കു് മദ്രാസിൽവച്ചു് അദ്ദേഹം ആസൂത്രണംചെയ്തു. 1065-ൽ അതു് അഡിസൺകമ്പനിയുടെ പ്രസാധകത്വത്തിൽ ലോകരംഗത്തു പ്രവേശിച്ചപ്പോൾ സി. വി–യുടെ പേരു നാടൊക്കെ മുഴങ്ങാൻ തുടങ്ങി. ഒന്നാമത്തെ കൃതിയായ ഈ ആഖ്യായികയിൽ സ്കാട്ടിനെ അതിശയിക്കുന്ന കല്പനാശക്തിയും രചനാപാടവവും പാത്രനിൎമ്മാണചാതുരിയും തെളിഞ്ഞുകണ്ടതിൽ, ഈ നാട്ടുകാർ അത്ഭുതപരതന്ത്രരായിത്തീൎന്നു.

മാൎത്ത ാണ്ഡവൎമ്മയുടെ നിർമ്മാണവിഷയത്തിൽ സി. വി-യെ മനഃപൂൎവം സഹായിക്കയും ഭാഷാപരമായ പരിഷ്കാരങ്ങൾ പലതും നിർദ്ദേശിക്കയും ചെയ്തതു് എൻ. രാമൻപിള്ള അവർകളായിരുന്നു. അതിനാൽ ചിലർ അതിന്റെ കർതൃത്വംപോലും അദ്ദേഹത്തിൽ ആരോപിക്കാൻ മുതിൎന്നിട്ടുണ്ടു്.

1066-ൽ സി. വി. അവധികഴിഞ്ഞു വീണ്ടും ജോലിയിൽ പ്രവേശിക്കയും അചിരേണ തിരുമലദേവസ്വം കേസ്സ് സംബന്ധിച്ചു് പരിഭാഷകനായി നിയമിക്കപ്പെടുകയും ചെയ്തു. 1070-ൽ ഹൈക്കോടതി മാനേജരായി. ഈ ജോലി വഹിച്ചുകൊണ്ടിരുന്ന കാലത്തു് 1076-ൽ ശിരസ്തദാരുമായി. അക്കാലത്തു് പാൽക്കുളങ്ങര, പെരുന്താന്നി മുതലായ സ്ഥലങ്ങളിൽ ചില ദുർബുദ്ധികളുടെ പ്രേരണാഫലമായി ഒരുമാതിരി ശാക്തേയമതപ്രചാരണം ഉണ്ടായതിനെ തടയണമെന്നുള്ള ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണു് മതിവിലാസം എന്ന പ്രഹസനം.

1076-ൽ തിരുവനന്തപുരത്തുവച്ചു കൂടിയ ഭാഷാപോഷിണിസഭയ്ക്കു കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വലിയ കവികൾ പലരും വന്നുചേൎന്നിരുന്നു. അക്കൂട്ടത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും ഉൾപ്പെട്ടിരുന്നു. അദ്ദേഹം തേവാരത്തു കോയിക്കലാണു താമസിച്ചിരുന്നതു്. ആ മഹാകവിയെ സന്ദൎശിച്ചു് സി. വി. അവിടുത്തെ ആജന്മമൈത്രി സമ്പാദിച്ചു. തദവസരത്തിൽ സി. വി. സമ്മാനിച്ച വിചിത്രമായ ദന്തവടിയെപ്പറ്റി മഹാകവി പെട്ടെന്നു്,

വടിവൊടുകേരളഭാഷാ-
കടലുകടഞ്ഞിട്ടു സാരപീയുഷ-
പടുതയൊടെടുക്കുവാനീ-
വടിയൊരുകടകോലുപോലെയോർക്കുന്നേൻ.

എന്നൊരു ശ്ലോകം ചൊല്ലി. സംസ്കൃത സാഹിത്യവാരാന്നിധിയിലെ അനൎഘരത്നങ്ങളെ ഭാഷയിലേക്കു വിവൎത്ത നംചെയ്യണമെന്നുള്ള ഉൽബോധനത്തോടുകൂടിയാണു് സി. വി. ആ വടി സമ്മാനിച്ചതു്. അതിനു മറുപടിയായിരുന്നു പ്രസ്തുത പദ്യം.

ഈ കാലഘട്ടത്തിൽ സി. വിയുടെ പ്രിയസുഹൃത്തുക്കളും നിത്യസഹചാരികളും ആയിരുന്നവർ സിക്രട്ടറി അയ്യപ്പൻപിള്ള, നായർ സമുദായോദ്ധാരകനെന്നനിലയിൽ പ്രാതഃസ്മരണീയനായിത്തീർന്ന സി. കൃഷ്ണപിള്ള, ദിവാൻപേഷ്കാർ വി. ഐ. കേശവപിള്ള, ചീഫ് സെക്രട്ടറി പി. താണുപിള്ള എന്നിവരായിരുന്നു. അത്ഭുതകരമായ മേധാശക്തിയിലും അസാധാരണമായ ആംഗലഭാഷാപാണ്ഡിത്യത്തിലും താണുപിള്ള മറ്റുള്ളവരെ അതിശയിച്ചുവെങ്കിൽ, പി. അയ്യപ്പൻപിള്ള ‘കൊടയിൽ, കർണ്ണനായിരുന്നു. പി. അയ്യപ്പൻപിള്ളയുടെ സഹായത്തോടുകൂടി പഠിച്ചു് ഉന്നതപദവിയിലെത്തിയവർ അന്നു പലരുമുണ്ടായിരുന്നത്രേ. സംഭാഷണ ചതുരനും സംഗീതരസികനും സുന്ദരഗാത്രനുമായ സി. കൃഷ്ണപിള്ളയുടെ നിത്യചിന്തയ്ക്കു വിഷയീഭവിച്ചിരുന്നതു് നായർ സമുദായോന്നമനത്തിനുള്ള മാൎഗ്ഗങ്ങളായിരുന്നു. താണുപിള്ള തെക്കൻ ഡിവിഷൻപേഷ്കാരായിരുന്നകാലത്തു്, അവിടെ മറവരുടെ ശല്യം കൂടക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. അവർ സംഘംചേർന്നു തീവെട്ടിക്കൊള്ളപോലും നടത്തിവന്നു. ജനങ്ങൾ ഭയപരവശരായിട്ടാണു് ദിനങ്ങൾ നയിച്ചുവന്നതു്. അങ്ങനെയിരിക്കെ ഒരു രാത്രി പേഷ്കാർ ഗൃഹത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ ഏതാനും ആളുകളോടുകൂടി ഒരു കൊള്ളത്തലവൻ അവിടെ കടന്നുചെന്നിട്ടു് “വീട്ടുക്കുള്ളെയാറിരിക്കറതു. സാമാനങ്കൾ അങ്കെ വച്ചുപോട്ടു മാറിപോങ്കൾ, പയപ്പെടാതുങ്കൾ, അല്ലാവഴിക്കിരുന്നാൽ ആപത്തു വരപ്പോകിറതു, ശീക്കിറം, ശീക്കിറം” എന്നു് ഉൽക്കോശിച്ചു. താണുപിള്ളയുടെ പത്നി ഗൎഭിണിയായിരുന്നു. അവരും വേലക്കാരും വല്ലാതെ ഭയപ്പെട്ടു. ആ പരിഭ്രമം കണ്ടു മറവവേഷധാരികൾ വെളിയിൽവന്നിട്ടു് തങ്ങളുടെ സാക്ഷാൽരൂപം ധരിച്ചുകൊണ്ടു് വീണ്ടും അകത്തുകടന്നു. അപ്പോൾ കാണപ്പെട്ടതു് സി. വി. യും കൂട്ടരും ആയിരുന്നു. ഗൃഹനാഥനെ അറിയിച്ചുപോകരുതേ എന്നു് അദ്ദേഹം പ്രാർത്ഥിച്ചുവെങ്കിലും, താണുപിള്ള തിരിച്ചുവന്നപ്പോൾ ആദ്യമേ അറിഞ്ഞതു് ഈ വാർത്തയായിരുന്നു. സി. വി. ക്കു നല്ല സമ്മാനം കിട്ടി എന്നു പറയേണ്ടതില്ലല്ലോ.

ഈ മാതിരി വിനോദങ്ങൾ പലപ്പോഴും നടന്നിട്ടുണ്ടു്. താണുപിള്ള ചീഫ്സിക്രട്ടറിസ്ഥാനം വഹിച്ചു് അതിപ്രശസ്തമായരീതിയിൽ രാജ്യസേവനം ചെയ്തുകൊണ്ടിരിക്കവേ ഒരുദിവസം രാത്രി അദ്ദേഹം അത്താഴം ഉണ്ണാൻ ഇരുന്നു. ഊണു പകുതിയായില്ല, അപ്പോഴേക്കും ഒരു പട്ടക്കാരൻ ഹാജരായി. കൊട്ടാരത്തിൽ നിന്നു് അടിയന്തിരമായി ഒരു തിരുവെഴുത്തുംകൊണ്ടു വന്നിരിക്കയാണെന്നും ഉടൻതന്നെ മറുപടിവാങ്ങി ചെല്ലാൻ കല്പിച്ചിരിക്കുന്നു എന്നും അയാൾ വെളിയിൽനിന്നുകൊണ്ടുതന്നെ അറിവിച്ചു. ഉരുട്ടിയ ഉരുള ഇലയിൽതന്നെ വച്ചിട്ടു് ‘എവിടെ ഇങ്ങോട്ടു് വാങ്ങിക്കൊണ്ടുവാ’, എന്നു് അദ്ദേഹം ഭൃത്യനോടു് ആജ്ഞാപിച്ചു. ‘യജമാനന്റെ കൈയിൽതന്നെ ഏല്പിക്കാനാണു കല്പന, എന്നു പട്ടക്കാരൻ മറുപടി പറയുകയാൽ, ഏതു പട്ടക്കാരനാണതു്? അകത്തുവരാൻപറയൂ എന്നു് അദ്ദേഹം പറഞ്ഞതനുസരിച്ചു് അയാൾ ഉള്ളിൽക്കടന്നു. താണുപിള്ളയ്ക്കു് ആ പട്ടക്കാരൻ അപരിചിതനായി കാണപ്പെട്ടു. എങ്കിലും രാജകല്പനയല്ലേ? കാലതാമസം വരുത്തിക്കൂടല്ലോ. അതിനാൽ ജീരകവെള്ളത്തിൽ കൈകഴുകിക്കൊണ്ടു് എഴുത്തുവാങ്ങിച്ചു. എഴുത്തു വയലറ്റു മഷിയിൽതന്നെ. പക്ഷേ ഒന്നുരണ്ടു വായിച്ചപ്പോഴേക്കും അദ്ദേഹത്തിനു് കാൎയ്യം മനസ്സിലായി. പട്ടക്കാരനെ അടുത്തുവിളിച്ചിട്ടു് വിനോദഭാവത്തിൽ ചെകിട്ടത്തു് ഒരടികൊടുത്തശേഷം അടുത്തൊരു ഇലകൂടി ഇടുവിച്ചു് തന്റെകൂടെ അയാളെ ഉണ്ണാനിരുത്തി. വേലക്കാരൻ അമ്പരന്നുപോയി. എന്നാൽ അതു സി. വി. ആയിരുന്നുവെന്നു ബുദ്ധിമതിയായ ഗൃഹനായിക ഗ്രഹിക്കാതിരുന്നില്ല.

ഈ മാന്യസുഹൃത്തു് 1077 മേടത്തിൽ മരണം പ്രാപിച്ചു. ഈ മരണം സി. വി.–ക്കു് എത്രമാത്രം ദുസ്സഹമായിരുന്നു എന്നു് പറഞ്ഞറിയിക്കാൻ പ്രയാസമാണു്. വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ സാഹിത്യോദ്യമങ്ങളെല്ലാം നിലച്ചുപോയതിന്റെ രഹസ്യം ഇതായിരുന്നു.

1079-ൽ സി. വി. സൎക്കാർഅച്ചുകൂടം സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അച്ചുക്കൂടക്കാൎയ്യങ്ങൾ അന്നു് അഴിഞ്ഞുകുഴഞ്ഞ നിലയിലാണിരുന്നതു്. അതിനെ നല്ല നിലയിൽ എത്തിക്കുന്നതിൽ ഭഗീരഥപ്രയത്നം ചെയ്യേണ്ടിവന്നു. അല്പകാലത്തിനുള്ളിൽ എല്ലാക്കാൎയ്യങ്ങൾക്കും ഒരു ചിട്ടവരുത്തി. അതുപോലൊരു ശോഭനനില സർക്കാർ അച്ചുകൂടത്തിനു് അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാം. എന്നാൽ ഇക്കാലത്തു് അദ്ദേഹത്തിന്റെ ധൎമ്മപത്നിയുടെ ദേഹവിയോഗം സംഭവിച്ചു.

1084-ൽ കുറുപ്പില്ലാക്കളരി പ്രസിദ്ധപ്പെടുത്തി. പാശ്ചാത്യപരിഷ്കാരഭ്രമം കേരളീയവനിതകളെ വഴിപിഴപ്പിക്കുന്നു എന്നു കണ്ടു് തൽപരിഹാരാൎത്ഥ ം രചിക്കപ്പെട്ടതാണു് പ്രസ്തുത കൃതി. നായർസമുദായത്തിന്റെ താല്ക്കാലിക ദശാവിശേഷങ്ങളെ ആ കൃതിയിൽ സജീവമായി ചിത്രീകരിച്ചിട്ടുണ്ടു്.

സി. വി.–യുടെ കുട്ടികളെ പോറ്റിവളൎത്തു ന്നതിനായി, തൽഗൃഹത്തിൽ എത്തിയ കാൎത്ത ്യായനിപ്പിള്ള ജാനകിപ്പിള്ള ഇതിനിടയ്ക്കു് അദ്ദേഹത്തിന്റെ പത്നീഭാവം കൈക്കൊണ്ടുകഴിഞ്ഞിരുന്നു. പ്രഥമപത്നിയുടെ ജ്യേഷ്ഠസഹോദരിയായ ഈ ‘ജാനമ്മ’യുടെ ഉത്സാഹമില്ലായിരുന്നുവെങ്കിൽ ധർമ്മരാജ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾ നമുക്കു ലഭിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഗീരഥിപ്പിള്ളയുടെ ആറു സന്താനങ്ങളേയും അവരാണു വളൎത്ത ിക്കൊണ്ടുവന്നതു്.

1088-ൽ സർക്കാരുദ്യോഗത്തിൽനിന്നു പെൻഷൻ പറ്റി. ഈ വിശ്രമാവസരത്തെ സമുദായസേവനത്തിനും ഭാഷാപരിപോഷണത്തിനുംവേണ്ടി അദ്ദേഹം വിനിയോഗിച്ചു. ഉദ്യോഗത്തിൽ ഇരുന്ന കാലത്തുതന്നെ അദ്ദേഹം സി. കൃഷ്ണപിള്ളയുടെ സമുദായസേവനോദ്യമങ്ങളിൽ ഭാഗഭാക്കായി സജീവപ്രയത്നം ചെയ്തുകൊണ്ടാണിരുന്നതു്. കേരളീയനായർസമാജം സ്ഥാപിതമായപ്പോൾ ആ സംഘത്തിന്റെ കാൎയ്യാന്വേഷകനായിരുന്നതു് അദ്ദേഹമാണു്. കേരളത്തിലെ നായന്മാരെ എല്ലാം ഒരു ചരടിൽ കോർത്തിണക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി തിരുവിതാംകൂറിന്റെ പലേ ഭാഗങ്ങളിൽ അദ്ദേഹം വിളിച്ചുകൂട്ടിയ നായർമഹായോഗങ്ങൾക്കു് ആദ്ധ്യക്ഷ്യം വഹിക്കുന്നതിനു മലബാറിലേയും കൊച്ചിയിലേയും നേതാക്കന്മാരെ ക്ഷണിച്ചുവരുത്തി. സമുദായപരിഷ്കരണവിഷയത്തിൽ കൊച്ചിക്കും മലബാറിനും മാതൃകയായിരുന്നു പ്രവർത്തിച്ചിട്ടുള്ളതു തിരുവിതാംകൂറാണല്ലോ. തിരുവിതാംകൂറിനു് ആ നില വന്നുകൂടിയതു് കാവാലം നീലകണ്ഠപ്പിള്ള, സി. കൃഷ്ണപിള്ള, സി. വി. മുതലായവരുടെ നേതൃത്വം ലഭിച്ചതുകൊണ്ടുമാകുന്നു.

നായന്മാരുടെ രാഷ്ട്രീയമായ അവകാശങ്ങളുടെ സ്ഥാപനാർത്ഥം അദ്ദേഹം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നു ചിലർ വിചാരിച്ചേക്കാം. മലയാളിമെമ്മോറിയൽകാൎയ്യം മുൻപു പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ മദ്രാസിലെ സ്റ്റാന്റാർഡുപത്രത്തിൽ തിരുവിതാംകൂറിനെപ്പറ്റി കാണാറുണ്ടായിരുന്ന ലേഖനങ്ങളിൽ അധികകൂറും സി. വി–യുടേതായിരുന്നു. പി. രാജഗോപാലാചാരിയുടെ വാത്സല്യഭാജനമായിരുന്നിട്ടും അദ്ദേഹത്തിന്റെ ചില ചെയ്തികൾ രസിക്കായ്കയാൽ ആണു് അദ്ദേഹം ജോലി വിട്ടുപിരിവാൻ നിർബന്ധിതനായിബ്ഭവിച്ചതു്. ധർമ്മരാജാവിൽ ചന്ത്രക്കാരനെ ആകാശവൃത്തത്തിൽ ശിരോഗോളംകൊണ്ടു് ക്രാന്തവൃത്തലേഖനംചെയ്തു്, അട്ടഹസിക്കുന്നവനായി ചിത്രണം ചെയ്തതുതന്നെ, പി. രാജഗോപാലാചാൎയ്യരെ സ്മരിച്ചുകൊണ്ടായിരുന്നു. എന്നാൽ രാജ്യത്തെപ്പോലെതന്നെ രാജാവിനേയും ഭക്തിപൂർവ്വം ആരാധിച്ചുവന്ന സി. വി–ക്കു രാജശക്തിയെ പാടെ നിഷേധിച്ചും അവഹേളിച്ചും പുറപ്പെട്ട ചില പ്രക്ഷോഭണങ്ങളിൽ പങ്കുകൊള്ളാൻ സാധിച്ചില്ല. രാജാവിനെ രാജ്യത്തിൽനിന്നു ഭിന്നനായി കാണിക്കുന്ന വീക്ഷണഗതി അദ്ദേഹത്തിന്റെ ചിന്താപഥത്തിനു ബാഹ്യമായിരുന്നു. അതിനാലത്രേ അനന്തപത്മനാഭന്റെ പ്രണയകഥയ്ക്കു മാർത്താണ്ഡവർമ്മ എന്നും രാജാകേശവദാസന്റെ പ്രതികാരത്തെ ചിത്രണം ചെയ്യുന്ന കഥയ്ക്കു ധർമ്മരാജാവെന്നും ആ മന്ത്രിസത്തമന്റെ അപദാനശതങ്ങളെ വിവരിക്കുന്ന കഥയ്ക്കു രാമരാജബഹദൂർ എന്നും അദ്ദേഹം പേർ നല്കിയതു്. എന്നാൽ നായന്മാരുടെ അവകാശങ്ങളെ അദ്ദേഹം വിസ്മരിച്ചുകളഞ്ഞുവെന്നോ, അവയെ സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി ഉദ്യോഗലബ്ധിക്കുശേഷം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നോ പറയാവുന്നതല്ല. അദ്ദേഹത്തിന്റെ എല്ലാ കഥകളും നായന്മാരുടെ നിഃസ്വാർത്ഥമായ രാജ്യസേവനത്തിന്റെ ചരിത്രമാണല്ലോ. മാർത്താണ്ഡവർമ്മയിൽ എട്ടുവീടരുടെ ചരിത്രത്തെ മലിനമായി ചിത്രണംചെയ്തതു് തെറ്റായിപ്പോയെന്നു് അദ്ദേഹത്തിനു പിന്നീടാണു് ബോധംവന്നതു്. ആ അഷ്ടഗൃഹാധീശന്മാർ രാജ്യത്തിന്റെ എട്ടു സ്തംഭങ്ങളായിരുന്നുവെന്നും അവർ സംഗതിവശാൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ശത്രുഭാഗത്തു ചേർന്നു പോയതാണെന്നും ഉള്ള പരമാർത്ഥം ഗ്രഹിച്ചപ്പോൾ, താൻ ചെയ്തുപോയ പാപത്തിന്റെ പരിഹാരമെന്നോണം അദ്ദേഹം ധർമ്മരാജാ തുടങ്ങിയ കഥകൾ രചിച്ചു.

ധർമ്മരാജാ എഴുതിത്തീർന്നു. ഗ്രന്ഥകാരന്റെ ഗൃഹത്തിൽ കൂടാറുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ അതു വായിച്ചുകേട്ടപ്പോൾ, പുരികം ചുളിച്ചു. മാർത്താണ്ഡവർമ്മയിലെ സരസമായ ഭാഷാരീതി അതിൽ കാണ്മാനേ ഇല്ലായിരുന്നു. പക്ഷേ അന്നത്തെ സി. വി. അല്ല ഈ ഗ്രന്ഥം രചിച്ചതെന്നുള്ള കാൎയ്യം അവർ വിസ്മരിച്ചുകളഞ്ഞു. മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനും ധർമ്മരാജാവിലെ പടത്തലവനും തമ്മിലും, ആദ്യകൃതിയിലെ പാറുക്കുട്ടിക്കും ദ്വിതീയകൃതിയിലെ പ്രൗഡഗൃഹനായികയായ പാർവ്വതിപ്പിള്ളയ്ക്കും തമ്മിലും ഉള്ള അന്തരം അന്നത്തേയും ഇന്നത്തേയും സി. വി–കൾക്കു തമ്മിലും ഉണ്ടായിരുന്നു. അന്നത്തേ വിനോദരസികനായ സി. വി. ഇപ്പോൾ ലോകാനുഭവജ്ഞാനസമ്പന്നനായ പ്രൗഢചിന്തകനായി മാറിപ്പോയിരുന്നു. മാർത്താണ്ഡവർമ്മയിൽ സി. വി–യുടെ ഭാവനാശക്തിയുടെ ഉറവകളേയാണു നാം കാണുന്നതു്. ധർമ്മരാജാവിലും, രാമരാജബഹദൂരിലും, ആ ഉറവുകൾ ചേർന്നു മഹാനിർഝരിണിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ധർമ്മരാജാവിലെ ഭാഷാരീതിയോടു വിപ്രതിപത്തി പ്രകാശിപ്പിച്ച യുവപണ്ഡിതകേസരികൾക്കു്, അതിനെ യഥേച്ഛം മാറ്റിക്കൊള്ളുന്നതിനു് അദ്ദേഹം സസ്മിതം അനുവാദം നല്കി. ഒരു പ്രചണ്ഡപണ്ഡിതർ അർത്ഥത്തിനും രസത്തിനും ലോപം വരാതെ വല്ല മാറ്റവും ചെയ്യാമോ എന്നു പരീക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ ഒരു വാക്കുപോലും മാറ്റാവുന്നതല്ലെന്നു് അപ്പോഴാണു് അവർക്കു ബോധ്യപ്പെട്ടതു്. സി. വി–ക്കു് ആട്ടക്കഥകളിൽ നിന്നും രാമായണത്തിൽനിന്നും മറ്റും ലഭിക്കാവുന്നതിൽ കവിഞ്ഞു സംസ്കൃതപരിചയം ഇല്ലായിരുന്നു. എന്നിട്ടും യാതൊരു കൂസലും കൂടാതെ സംസ്കൃതപദങ്ങൾ പ്രയോഗിക്കുമായിരുന്നു. അബദ്ധപ്രയോഗങ്ങളും ധാരാളമായി കാണാം. എന്നാൽ ആ അബദ്ധപ്രയോഗങ്ങളെ ആർക്കും മാറ്റാൻ കഴിയുമായിരുന്നില്ല. ആ സ്ഥാനങ്ങളിൽ ആ ശബ്ദങ്ങളല്ലാതെ മറ്റൊന്നും യോജിക്കയില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.

ധർമ്മരാജാവിനെ തുടർന്നു് രാമരാജബഹദൂർ രണ്ടു ഭാഗങ്ങളും പ്രേമാമൃതം എന്ന സാമൂഹ്യനോവലും കയ്മളശ്ശന്റെ കടശ്ശിക്കൈ, ചെറുതേൻകൊളംബസു്, ഡാക്ടർക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചൻ എന്നീ പ്രഹസനങ്ങളും വെളിക്കുവന്നു. ഈ ആഖ്യായതികളും പ്രഹസനങ്ങളും നാടൊട്ടുക്കു് എത്രപ്രാവശ്യം അഭിനയിക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ പ്രയാസം.

1090 ഇടവത്തിൽ സി. വി–യുടെ ജന്മനക്ഷത്രം കേരളമൊട്ടുക്കു് ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു. അന്നേദിവസം അദ്ദേഹം മഹാരാജാതിരുമനസ്സിലെ മുഖംകാണിക്കയും താൻ എഴുതീട്ടുള്ള പുസ്തകങ്ങളുടെ ഓരോ പ്രതി തിരുമുല്ക്കാഴ്ചവയ്ക്കയും ചെയ്തു. അവിടുന്നു് ഒരു സാൽവയും, സ്വർണ്ണം കെട്ടിയ ഒരു രുദ്രാക്ഷമാലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു. ഷഷ്ടിപൂർത്തിയടിയന്തിരത്തിനുവേണ്ട കെട്ടിടങ്ങളെല്ലാം സർക്കാരിൽനിന്നുതന്നെയാണു് കെട്ടിച്ചുകൊടുത്തതെന്നും പ്രസ്താവയോഗ്യമാണു്. അതിനേ സംബന്ധിച്ചു വൈകുന്നേരത്തു് തിരുവനന്തപുരം ജൂബിലി ഠൗൺഹാളിൽവച്ചുകൂടിയ മഹായോഗത്തിൽ ദിവാൻ കൃഷ്ണൻനായർ ആദ്ധ്യക്ഷം വഹിക്കയും പൊതുജനങ്ങളുടെ വകയായി ഒരു മംഗളപത്രം സി. വി–ക്കു സമൎപ്പിക്കയും ചെയ്തു.

കൊച്ചീമഹാരാജാവു് ഈ അവസരത്തിൽ അദ്ദേഹത്തിനു സാഹിത്യകുശലൻ എന്ന ബിരുദം നൽകി. ആ ബിരുദദാനപത്രം സ്വീകരിപ്പാനായി അദ്ദേഹം കൊച്ചിക്കു പോയി മഹാരാജാവിനെ മുഖംകാണിച്ചു. അവിടുന്നു് ബിരുദപത്രത്തിനു പുറമേ ഒരു വീരശൃംഖലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു.

സി. വി-യുടെ വസതിയെപ്പറ്റി ഇവിടെ രണ്ടുവാക്കു പറയാതിരിക്കാൻ നിവൃത്തിയില്ല. തിരുവനന്തപുരത്തു വെള്ളയമ്പലം റോഡിനരികെ സ്ഥിതിചെയ്യുന്ന യൂറോപ്യൻക്ലബ്ബിനു് എതിരേ പച്ചച്ചായമിട്ട ഗേറ്റോടുകൂടിയ സാമാന്യം നല്ല ഒരു ഗൃഹം കാണാം. ‘റാസ് കാട്ടേജ്’ എന്നാണു് അതിനു പേർ. അതായിരുന്ന സി. വി–യുടെ വസതി. ഗുരുനാഥനായിരുന്ന ജാൺറാസ്സിന്റെ സ്മാരകമായിട്ടാണു് ഈ ഗൃഹം നിർമ്മിക്കപ്പെട്ടതു്. ഗേറ്റും അടിച്ചുകൂട്ടുപുരയും കടന്നു ചെന്നാൽ പ്രധാന കെട്ടിടത്തിന്റെ മുൻവശത്തുള്ള പ്രധാന മുറി നേത്രഗോചരമാവും. അതായിരുന്നു സി. വി-യുടെ ഇരിപ്പുമുറി. ആ മുറി ഇപ്പോൾ പ്രായേണ ശൂന്യമായിരിക്കുന്നുവെങ്കിലും, അന്നു് എല്ലായ്പോഴും സി. വി-യുടെ സുഹൃജ്ജനങ്ങളാൽ നിബിഡമായി കാണപ്പെട്ടിരുന്നു. വിദ്യഭ്യാസവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഏ. ഗോപാലമേനോൻ, ഏ. ശങ്കരപ്പിള്ള ​എം. എ., മള്ളൂർ ഗോവിന്ദപ്പിള്ള, ടി. കെ വേലൂപ്പിള്ള, ആറ്റൂർ കൃഷ്ണപ്പിഷാരടി മുതലായ സാഹിത്യകാരന്മാരിൽ ഒന്നുരണ്ടുപേരെയെങ്കിലും എപ്പോഴും അവിടെ കാണുമായിരുന്നു. വൃദ്ധനെങ്കിലും നവനവോന്മേഷശാലിയായിരുന്ന സി. വി-യുടെ ഫലിതോക്തികളും ദേശചരിത്രശകലങ്ങളും കേൾപ്പാനുള്ള ആഗ്രഹമായിരുന്നു അവരെ അങ്ങോട്ടു് ആകൎഷിച്ചുവന്നതു്. 1097 മീനം 10-ാം ൹ സംഭവിച്ച അത്യാഹിതം ആ സുഹൃൽ സമ്മേളനങ്ങൾക്കെല്ലാം വിരാമമിട്ടു. മരിക്കുന്ന അവസരത്തിൽ വേലുത്തമ്പിദളവ, ദിഷ്ടദംഷ്ട്രം, പ്രേമാരിഷ്ടം എന്നു മൂന്നു കൃതികൾ പൂൎത്ത ിയാകാത്ത നിലയിൽ ഇരുന്നു.

മീനമാസം 11-ാം തീയതി വിക്ടോറിയാ ജൂബിലി ഠൗൺ ഹാളിൽവച്ചു് നടന്ന അനുശോചനയോഗത്തിന്റെ നിശ്ചയങ്ങളിൽ ഒന്നു് സ്മൎയ്യപുരുഷന്റെ ഒരു എണ്ണച്ഛായാപടം എഴുതിച്ചുവയ്ക്കണമെന്നുള്ളതായിരുന്നു. ആയിരത്തഞ്ഞൂറോളം രൂപ ചെലവിട്ടു് ഒരു ച്ഛായാപടം എഴുതിച്ചു് കാഴ്ചബംഗ്ലാവിലെ ലൈബ്രറിയിൽ വയ്പിക്കയും ചെയ്തു. എന്നാൽ ആ മഹാനുഭാവന്റെ സ്മരണയ്ക്കു് ഈമാതിരി സ്മാരകങ്ങളൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. മലയാളഭാഷ നശിക്കാതിരിക്കുന്നിടത്തോളം കാലം കേരളസ്ക്കാട്ടിന്റെ നാമവും വർദ്ധിതയശസ്സോടുകൂടിത്തന്നെ നിലനില്ക്കും.

സി. വി–യുടെ കൃതികളെ സ്ഥൂലമായിട്ടുപോലും വിമർശിക്കുന്നതിനു് ഇവിടെ സൗകൎയ്യമില്ല. അതിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആഖ്യായികകൾ വായിച്ചിട്ടില്ലാത്തവരായി കേരളത്തിൽ ആരുണ്ടു്? പാത്രസൃഷ്ടിയിൽ കാണുന്ന അനിതരസാധാരണമായ പാടവം, വർണ്യവസ്തുക്കളെ നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുംപോലെ തന്മയത്വത്തോടുകൂടി ചിത്രണം ചെയ്യുന്ന മനോധർമ്മവിലാസം, വിഷയത്തിനു യോജിച്ച രീതിയിലുള്ള ഭാഷാപ്രയോഗകൗശലം, അവസരോചിതമായ ഫലിതോക്തിപ്രസരം, കഥാഘടനയുടെ വൈചിത്ര്യം ഇവയെല്ലാം സി. വി–യുടെ കൃതികൾക്കുള്ള വിശിഷ്ടഗുണങ്ങളാണു്. മാർത്താണ്ഡവർമ്മയിലെ ഭ്രാന്തൻചാന്നാൻ, വേലുക്കുറുപ്പു്, മങ്കോയിക്കൽ കുറുപ്പു്, ശങ്കുആശാൻ, ശ്രീപത്മനാഭൻ തമ്പി, സുന്ദരയ്യൻ എന്നീ പുരുഷപാത്രങ്ങളും കാർത്ത്യായനിഅമ്മ, പാറുക്കുട്ടി, സുഭദ്ര ഈ സ്ത്രീപാത്രങ്ങളും വായനക്കാരുടെ സ്മരണമണ്ഡലങ്ങളിൽനിന്നു മാഞ്ഞുപോകുവാൻ പ്രയാസം. എന്നാൽ ബീഭത്സപാത്രങ്ങളുടെ സൃഷ്ടിയിലാണു് അദ്ദേഹം അതിശയിക്കുന്നതെന്നു് ശങ്കു ആശാന്റേയും സുന്ദരയ്യന്റേയും സൃഷ്ടി നല്ലപോലെ വെളിപ്പെടുത്തിത്തരുന്നു. ഈ വാസന മറ്റു കൃതികളിലും സുതരാം തെളിഞ്ഞുകാണുന്നുണ്ടു്. ധർമ്മരാജാവിലെ പവരിക്കോച്ചിയേയും ഉമ്മിണിപ്പിള്ളയേയും ആൎക്കു മറക്കാൻ കഴിയും?

പരവൂർ കേശവൻ ആശാൻ

പരവൂർ കൊച്ചമ്പാളിആശാൻ എന്നൊരു കവിയുണ്ടായിരുന്നു. പാവള്ളിക്കളിക്കും കമ്പടികളിക്കും മറ്റും ഉപയോഗിക്കുന്നതിനായി അനേകം പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവയിൽ പലതും പരവൂരിലുള്ള ചിലർക്കൊക്കെ ഇപ്പോഴും അറിയാം. അദ്ദേഹത്തിന്റെ ഭാഗിനേയനായ എഴിയത്തു വൈരവൻവൈദ്യൻ അന്നത്തെ ഈഴവനേതാക്കന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നു പറയാം. അദ്ദേഹം പരവൂർ തയ്യിൽ കുഞ്ഞിക്കുറുമ്പ എന്ന സ്ത്രീരത്നത്തെ വിവാഹം ചെയ്തു. അതിൽ 1034 കുംഭം 17-ാംതീയതി പൂർവ്വാഷാഡാ നക്ഷത്രത്തിൽ സഞ്ജാതനായ ഏകപുത്രനായിരുന്നു കേശവനാശാൻ. ഈ ബാലൻ മൂന്നുവയസ്സുവരേയ്ക്കെ മാതൃലാളന അനുഭവിക്കാൻ ഇടവന്നുള്ളു. 1036-ലോ മറ്റോ ആ സ്ത്രീരത്നം പരലോകം പ്രാപിച്ചു. വൈദ്യന്റെ ദ്വിതീയപത്നിയായിരുന്ന കാർത്തിക്കഴികത്തു കുഞ്ഞിക്കുറുമ്പയാണു്, ഈ ബാലനെ ശുശ്രൂഷിച്ചു വളർത്തിയതു്. കലാൽകുത്തകയിലും പലമാതിരി കൺട്രാക്ടുകളിലും ഏർപ്പെട്ടു് വൈരവൻവൈദ്യൻ ധാരാളം പണം സമ്പാദിച്ചിരുന്നതിനാൽ യാതൊരു ജീവിതക്ലേശവും ബാലൻ അറിഞ്ഞിരുന്നില്ല.

അഞ്ചാംവയസ്സിൽ എഴുത്തിനിരുന്നിട്ടു് പ്രാഥമികപാഠങ്ങളും ചികിത്സാനൂലുകളും പിതാവിന്റെ അടുക്കൽനിന്നും അനായാസേന പഠിച്ചുതീർത്തു. എന്നാൽ പിതാവു് അതുകൊണ്ടു് തൃപ്തിപ്പെടാതെ പരവൂർ ഇടത്തറഴികത്തു ഗോവിന്ദനാശാന്റെ അടുക്കൽ സംസ്കൃതം പഠിക്കാനായി വിട്ടു. ശ്രീരാമോദന്തം രഘുവംശം കുമാരസംഭവം യുധിഷ്ഠിരവിജയം ഈ കാവ്യങ്ങളെല്ലാം പ്രസ്തുതബാലൻ പഠിച്ചതു് ഈ ഗുരുനാഥനിൽനിന്നായിരുന്നു. അനന്തരം അദ്ദേഹം അഴകത്തു വിദ്വാൻകുറുപ്പെന്ന പ്രസിദ്ധപണ്ഡിതന്റെ പുത്രനും അന്നത്തെ വിദ്വാന്മാരുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനത്തിനു് എല്ലാവിധത്തിലും അർഹനുമായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണപിള്ളയുടെ അടുക്കൽചെന്നു മാഘവും, കിരാതാർജ്ജുനീയവും വായിച്ചു. അവിടെ പഠിച്ചുകൊണ്ടിരിക്കവേ ഗുരുവും ശിഷ്യന്മാരുംകൂടി ഭരണിക്കാവിൽ ഉത്സവത്തിനു പോയിരുന്നു. അവിടെനിന്നും മടങ്ങിവരുംവഴിക്കു് ഗുരുനാഥൻ ശിഷ്യന്മാരോടു ദേവിയെപ്പറ്റി ഓരോ ശ്ലോകങ്ങളുണ്ടാക്കിച്ചൊല്ലാൻ ആവശ്യപ്പെട്ടു. തൽക്ഷണം കേശവനാശാൻ ഉണ്ടാക്കിച്ചൊല്ലിയ—

കല്യാണീ കമലാലയേ ഭഗവതീ നീലാരവിന്ദേക്ഷണേ
കല്യേ! കല്മഷനാശിനീ ഭവഹരേ മുഗ്ദ്ധേന്ദുചൂഡപ്രിയേ
ബ്രഹ്മേന്ദ്രാദിമുനീന്ദ്രവന്ദിതപദേ വിശ്വേശ്വരീ സന്മയേ
മേന്മേൽ മംഗളമാശു ദേഹി ഭരണിക്കാവലയേ കൈതൊഴാം.

എന്ന ശ്ലോകം കേട്ടിട്ടു്—‘കേശവനു നല്ല വാസനയുണ്ടു്. നന്നായ്വരും’ എന്നു് അദ്ദേഹം അനുഗ്രഹിച്ചു.

കാവ്യപഠനം കഴിഞ്ഞു് ഈ ഗുരുവിന്റെ അടുക്കൽനിന്നും തന്നെ ജ്യോതിഷം ആയുർദായഗണിതംവരെ അഭ്യസിക്കയും, ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്തമാധവീയം ഇവയെ പരിശീലിപ്പിക്കയും ചെയ്തു. ഈ കൃഷ്ണനാശാനുമായിട്ടാണു് കാളുവാശാൻ ഒരു മുഹൂർത്തത്തെ സംബന്ധിച്ചു വാദിച്ചതായി മുൻപു പറഞ്ഞിട്ടുള്ളതു്. അദ്ദേഹം സമർത്ഥനായ ഒരു ജ്യോത്സ്യനായിരുന്നു.

1054-ൽ വൈരവൻവൈദ്യൻ സ്വപുത്രനെ അന്നത്തെ പണ്ഡിതന്മാരുടെ കൂട്ടത്തിൽ എല്ലാവിധത്തിലും അഗ്രഗണ്യനായിരുന്ന ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ അയച്ചു് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു. എന്നാൽ അതിനിടയ്ക്കു ശാസ്ത്രികൾക്കു ശരീരാസ്വാസ്ഥ്യം നേരിടുകയാൽ തച്ഛിഷ്യനായ അയ്യാസ്വാമിശാസ്ത്രികളാണു് ആശാനെ ശാസ്ത്രഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചതു്. വൈരവൻവൈദ്യൻ ഈ ശാസ്ത്രികളെ പരവൂർ വരുത്തി സ്വന്തചിലവിൽ താമസിപ്പിച്ചു.

പഠിത്തം പൂർത്തിയാക്കിയശേഷം പിതാവിന്റെ ഒത്താശയോടുകൂടി മുദ്രണം, പ്രസിദ്ധീകരണം, പത്രപ്രവർത്തനം എന്നീ ഉദ്ദേശ്യങ്ങളുടെ നിർവ്വഹണാർത്ഥം പതിനായിരം രൂപം മൂലധനമുള്ള കേരളഭൂഷണം എന്ന കൂട്ടുയാദാസ്തുകമ്പനി സ്ഥാപിച്ചു. ഈ കമ്പനിയിൽനിന്നാണു് സുജനാനന്ദിനി എന്ന പത്രം ആശാൻ നടത്തിവന്നതു്.

മൂലൂർ പത്മനാഭപ്പണിക്കർ എന്ന പേരുകണ്ടു് അന്നത്തെ സവർണ്ണകവികളിൽ ചിലർ–

പണിക്കനേയൊന്നു പരിഷ്കരിച്ചാൽ
പണിക്കരാമോ ……

എന്നൊരു ചോദ്യവും ആയി ചാടിവീണതു് ഈ പത്രത്തിലായിരുന്നു. എന്നാൽ നയജ്ഞനായ ആശാൻ സവർണ്ണരോടു ചാഞ്ഞാണു് സുജനാനന്ദിനിയിൽ ലേഖനങ്ങൾ എഴുതിയതു്. ഈ വാദകോലാഹലം സുജനാനന്ദിനിയുടെ പ്രചാരത്തിനു വളരെ സഹായിച്ചു. പ്രസിദ്ധ പത്രാധിപരായ കെ. രാമകൃഷ്ണപിള്ള അവർകൾ കുറെക്കാലം പരവൂർ താമസിച്ചു് ഈ പത്രത്തിന്റെ ആധിപത്യം വഹിച്ചിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണു്.

അത്യന്തം പ്രശസ്തമായ രീതിയിൽ നടന്നുകൊണ്ടിരുന്ന ഈ പത്രം കുറേക്കാലംകഴിഞ്ഞപ്പോൾ നിന്നുപോയെങ്കിലും ആശാൻ 1078-ൽ അതിനെ വീണ്ടും പുനർജീവിപ്പിച്ചു. വാസ്തവം പറയുന്നതായാൽ മനോരമയും സുജനാനന്ദിനിയും ആണു് അന്നത്തെ കവിമല്ലന്മാരെ രംഗപ്രവേശം ചെയ്യിച്ചതു്.

വിദ്യഭ്യാസവിഷയകമായും മറ്റുമുള്ള ഈഴവരുടെ അവശതകൾ നീക്കുന്നതിനുവേണ്ടി ആശാൻ ശക്തിയേറിയ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതിസരസമായ ഒരു ഗദ്യരീതി അദ്ദേഹത്തിനു സ്വാധീനമായിരുന്നു. അതിലെ ഒരു മുഖപ്രസംഗത്തിൽനിന്നും ഏതാനും വരികൾ ഉദ്ധരിക്കാം.

“ധർമ്മരാജ്യമെന്നുള്ള നാമധേയത്തെ ധരിച്ചും മിക്കവാറും സംഗതികളിൽ തന്നാമധേയത്തെ സാർത്ഥമാക്കിച്ചെയ്തും വരുന്ന ഈ ഗവൺമെന്റിൽനിന്നും വിദ്യാവകുപ്പിൽ ചെയ്തുവരുന്ന ഔദാൎയ്യത്തിന്നു വഞ്ചിഭൂപതിയുടെ പ്രജകളായ സകല ജനങ്ങളേയും അവകാശികളാക്കിത്തീർക്കുന്നില്ലെന്നുള്ള കേൾവി ഞങ്ങൾക്കെന്നു മാത്രമല്ല, പരിഷ്കാരേഛ്ശുക്കളായ സകല ജനങ്ങൾക്കും വളരെ വ്യസനകരമായിട്ടുള്ളതാണു്. തിരുവിതാംകൂർ സംസ്ഥാനത്തുള്ള മിക്കവാറും പ്രവൃത്തിപ്പള്ളിക്കൂടങ്ങളിലും കായംകുളംമുതൽ വടക്കോട്ടുള്ള ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിലും വഞ്ചിരാജ്യത്തെ സ്വദേശീയരിൽ വളരെ ജനവർദ്ധനയുള്ള ഒരു സമുദായക്കാരും തിരുമനസ്സിലെ പ്രജകളുമായ തിയ്യന്മാരെ ചേർത്തു പഠിപ്പിക്കാറില്ല എന്നുള്ള കേൾവി ആരുടെ ശ്രവണേന്ദ്രിയത്തെയാണു് വേദനപ്പെടുത്താത്തതു്? തിരുവിതാംകൂർ രാജ്യത്തെ വിദ്യാവകുപ്പു് ഈദൃശമായ ഒരു വ്രതത്താൽ പാലിക്കപ്പെട്ടുവരുന്നു എന്നുള്ള പ്രസ്താവം സഹൃദയന്മാരായ ആരുടെ മനസ്സിനെയാണു് വ്യാകുലപ്പെടുത്താത്തതു്? ഈ കഴിഞ്ഞ ഒരിടയ്ക്കു ബ്രിട്ടീഷ് റസിഡന്റു് തന്റെ സഞ്ചാരത്തിൽ ചെങ്ങന്നൂരിനു സമീപമുള്ള സർക്കാർവക പാഠശാലയിൽ പ്രവേശിക്കയും അവിടെ തീയ്യന്മാരായ വിദ്യാർത്ഥികൾ അദൃശ്യന്മാരായിരുന്നതിനാൽ വിവരം ചോദിച്ചപ്പോൾ തീയ്യന്മാർ വിദ്യാഭ്യാസത്തിൽ അഭിരുചിയുള്ളവരല്ലെന്നു പരമാർത്ഥത്തിനു വിരോധമായി ഒരു വാദ്ധ്യാർ സായിപ്പവർകളെ ധരിപ്പിക്കയും ചെയ്തപ്രകാരം ഒരു പ്രസ്താവം കേൾക്കുന്നതിനിടയായിരിക്കുന്നു. ഈ കേൾവി യഥാർത്ഥമല്ലാതെ വരുവാൻ ആശംസിക്കുന്നു.”

ഇങ്ങനെ ശക്തിയുക്തമായും എന്നാൽ സർക്കാരിനെപ്പറ്റി വിദ്വേഷജനകമല്ലാത്തവിധത്തിൽ ശാന്തമായും സ്വസമുദായത്തിന്റെ അവകാശങ്ങളെ സ്ഥാപിക്കുന്നതിനാണു് ആശാൻ ശ്രമിച്ചുവന്നതു്.

ആശാൻ ചികിത്സയിലും അതിനിപുണനായിരുന്നു. ഡാക്ടർ പുന്നനെ അദ്ദേഹം അഷ്ടാംഗഹൃദയം പഠിപ്പിക്കയും ഡാക്ടരിൽനിന്നും ശരീരശാസ്ത്രതത്വങ്ങളും ശസ്ത്രക്രിയയും പരിശീലിക്കയും ചെയ്തിരുന്നതായി അറിയുന്നു. ഡാക്ടർ പുന്നനു് ആശാനെപ്പറ്റിയുള്ള ബഹുമാനം എത്രയാണെന്നു താഴെ പറയുന്ന കത്തിൽനിന്നും അറിയാം.

“ഒരു കുട്ടിയെ ഇന്നു പേനായ് കടിച്ചു. ഇതിനു ചികിത്സ എനിക്കറിയാമെങ്കിലും ആശാനോടുകൂടി ആലോചിച്ചതിന്റെ ശേഷമേ എനിക്കു് എന്തെങ്കിലും ചെയ്യുന്നതിനു ധൈൎയ്യമുള്ളു. അതിനാൽ ഈ എഴുത്തുകിട്ടിയാൽ ഉടൻതന്നെ ആശാൻ ഇങ്ങോട്ടു വരണം. ഒരുപ്രകാരത്തിലും താമസിക്കരുതു്.”

ജീവകാരുണ്യത്തിലും ചികിത്സാവൈദഗ്ദ്ധ്യത്തിലും അദ്വിതീയനായിരുന്ന ഡാക്ടർ പുന്നൻ ആശാന്റെ ആതിഥ്യം സ്വീകരിച്ചു് പരവൂരിൽ ഏതാനും ദിവസം കഴിച്ചുകൂട്ടീട്ടുമുണ്ടു്.

1072-ൽ സർക്കാരിൽനിന്നു് ആശാന്റെ വൈദ്യശാലയ്ക്കു് ഗ്രാന്റു നൽകി. 1082-ാമാണ്ടുവരെ പ്രസ്തുത വൈദ്യശാല പ്രശസ്തമായി നടന്നുവന്നു.

ജ്യോതിഷത്തിലും ആശാന്റെ സാമർത്ഥ്യം അന്യാദൃശമായിരുന്നുവത്രേ.

ഇതിനിടയ്ക്കു് ആശാനു് ശിഷ്യസമ്പത്തു വർദ്ധിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാരിൽ എല്ലാവിധത്തിലും പ്രസിദ്ധനായിരുന്നതു് സരസഗായകകവിമണിയായ കെ. സി. കേശവപിള്ള അവർകളായിരുന്നു. ജന്മവാസനയാ കവിയായിത്തീർന്ന ഈ ബാലൻ സംസ്കൃതം പഠിക്കുംമുമ്പേതന്നെ ആട്ടക്കഥ എഴുതി ഇടത്തറ ആശാനെ വായിച്ചു കേൾപ്പിച്ചു. ആശാൻ വളരെ പുച്ഛരസത്തിൽ അതിനെപ്പറ്റി സംസാരിച്ചു. അനല്പമായ കുണ്ഠിതത്തോടുകൂടി തിരിച്ചുപോന്ന ബാലൻ നേരേ കേശവനാശാന്റെ അടുക്കലേയ്ക്കാണു തിരിച്ചതു്. ഗംഭീരാശയനും മനോഗുണസമ്പന്നനുമായ ആ മഹാനുഭാവൻ ബാലകവിയെ ഭഗ്നാശയനാക്കാതെ ഗുണദോഷിച്ചുവത്രേ. അതിനുശേഷമാണു് കെ. സി. ആശാന്റെ അടുക്കൽ സംസ്കൃതം പഠിച്ചുതുടങ്ങിയതു്. ഈ മഹാകവി ഒരിടത്തു തന്റെ ഗുരുനാഥനെപ്പറ്റി–

ചൊൽപ്പൊങ്ങും വൈദ്യശാസ്ത്രം ഗണിതവുമതുപോൽ
സാഹിതീശാസ്ത്രവുംകൊ-
ണ്ടെപ്പേർക്കും മോദമേകും മമ ഗുരുവിലസീ-
ടുന്നു വൈ കേശവാഖ്യൻ.

ഇപ്രകാരം വാഴ്ത്തിയിരിക്കുന്നു.

മറ്റൊരു പ്രസിദ്ധ ശിഷ്യൻ മൈസൂർ സർവ്വീസിൽ ഇരുന്ന ഡാക്ടർ പപ്പുവിന്റെ സഹോദരനും വംഗവൈദ്യശിരോമണിയായ ഡാക്ടർ ഗണനാഥസേനന്റെ സർവതോമുഖമായ പ്രശംസയ്ക്കു പാത്രവുമായ പി. മാധവൻവൈദ്യനായിരുന്നു.

ചിറയിൻകീഴ് കൊച്ചുശങ്കരൻജ്യോത്സ്യർ, രാമൻകുട്ടിജ്യോത്സ്യർ ഇവരാണു് ആശാന്റെ മറ്റു ശിഷ്യപ്രധാനികൾ.

ആൎയ്യവൈദ്യാഭിവൃദ്ധിക്കായി ആശാൻ ചെയ്തിട്ടുള്ള പ്രയത്നങ്ങൾ ചില്ലറയായിരുന്നില്ല. തിരുവനന്തപുരത്തു് ഒരു സർക്കാർ വൈദ്യപാഠശാല നടത്തിവന്നിരുന്നു. അതിലെ പഠനരീതി ആശാനു തൃപ്തികരമായി തോന്നാഞ്ഞതിനാൽ സ്വന്തം ചെലവിൽ ഒരു ആയുർവേദവിദ്യാമന്ദിരം സ്ഥാപിക്കണമെന്നുപോലും അദ്ദേഹം ഉറച്ചിരുന്നു. പലേ വൈദ്യസമാജങ്ങളിൽ ആദ്ധ്യക്ഷം വഹിച്ചു് ആൎയ്യവൈദ്യത്തിന്റെ മഹിമയെപ്പറ്റി അദ്ദേഹം വാഴ്ത്തുകയും അതിന്റെ പുരോഗമനമാർഗ്ഗങ്ങൾ നിർദ്ദേശിക്കയും ചെയ്തിട്ടുണ്ടു്. ശ്രീമൂലം പ്രജാസഭാസാമാജികനെന്ന നിലയിലും അദ്ദേഹം ആയുർവേദോന്നമനത്തിനായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരുന്നു.

ആശാൻ മാധവനിദാനത്തിനു് സാരചന്ദ്രികയെന്നൊരു വ്യാഖ്യാനവും, വൈദ്യസംഗ്രഹവും അച്ചടിപ്പിച്ചിട്ടുണ്ടു്. ശാർങ്ഗധരസംഹിത, ഭൈഷജ്യരത്നാവലി, ഭാവപ്രകാശം ഇവയുടെ വ്യാഖ്യാനങ്ങൾ അപൂർണ്ണാവസ്ഥയിൽ ഇരിക്കുന്നു. പാതാളരാവണവധം ആട്ടക്കഥ, കല്യാണസൗഗന്ധികം അമ്മാനപ്പാട്ടു്, പതിവ്രതാധർമ്മം കിളിപ്പാട്ടു്, ഭജനകീർത്തനം, അനേകം ഒറ്റശ്ലോകങ്ങൾ ഇവയാണു് ആശാന്റെ മറ്റു ഭാഷാകൃതികൾ.

ഒരു മലയാളഭാഷാനിഘണ്ടു നിർമ്മിച്ചുവന്നിരുന്നു എന്നു് 1894 ഏപ്രിൽ 27-ാം തീയതി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആശാനയച്ചതും താഴെ ഉദ്ധരിക്കുന്നതുമായ കത്തിൽനിന്നും മനസ്സിലാക്കാം.

“സുജനാനന്ദിനി പത്രാധിപർ കേശവനാശാൻ 25-ാം തീയതി അയച്ച എഴുത്തു കിട്ടി. നിങ്ങൾ ശ്രമപ്പെട്ടുണ്ടാക്കിയ മലയാളഭാഷാനിഘണ്ടു കേവലം നിഷ്പ്രയോജനമായിരിക്കാൻ പാടില്ലെന്നാണു് എന്റെ വിശ്വാസം. ഭാഷാപോഷിണിപോലെതന്നെ കേരളഭൂഷണംകമ്പിനിക്കു് ഒരു പ്രമാണം ഉണ്ടാക്കാമല്ലോ. ഞാനൊരുത്തൻ തനിച്ചു് എന്തുചെയ്യാൻ കഴിയും? ശ്രീവിശാഖവിജയംപോലെ വല്ലതും തീർക്കാം. ഇതിനെ പരിഭാഷപ്പെടുത്താനായി നിങ്ങൾ വൃഥാ കാലംകളയേണ്ടാ. അതിനാൽ ലോകോപകാരം സിദ്ധിക്കുമോ? നിഘണ്ടുവിനായി ശ്രമിക്കുന്നതുതന്നെ നന്നെന്നു തോന്നുന്നു.”

എസ്. എൻ. ഡി. പി. യോഗാംഗമെന്നും ഡയറക്ടർ എന്നും ഉള്ള നിലകളിൽ ആശാൻ ഈഴവരുടെയിടയിൽ നടപ്പിലിരുന്ന താലികെട്ടു മുതലായ അനാചാരങ്ങളെ പരവൂരിൽനിന്നും ആട്ടിയോടിക്കാൻ നിരന്തരം പ്രയത്നംചെയ്തുകൊണ്ടിരുന്നു. തന്റെ കാരണവന്മാർ ചിലർപോലും പൂർവ്വാചാരസംരക്ഷണപ്രിയരായി കാണപ്പെട്ടിട്ടും അദ്ദേഹം തന്റെ ഉദ്യമങ്ങളിൽനിന്നും തെല്ലുപോലും വ്യതിചലിച്ചില്ല.

ആശാന്റെ സ്വഭാവശുദ്ധി അത്യന്തം പ്രശംസനീയമായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്നതിൽ ശതാംശംപോലും പാണ്ഡിത്യമില്ലാത്ത എത്രയോ ആളുകൾ കുംഭമാസത്തിലെ അമ്പഴത്തിന്റെ മട്ടിൽ വെറും തണ്ടന്മാരായി “അമ്പടാ ഞാനേ” എന്ന ഭാവേന വർത്തിച്ചുപോരുന്നു. തങ്ങളുടെ കാലശേഷം മലയാളഭാഷ പാതാളത്തിൽ ആണ്ടുപോകുമെന്നു വിശ്വസിക്കയും പരസ്യമായി പ്രസംഗിക്കയും ചെയ്യുന്നവരെ നാം ഇന്നു ധാരാളം കാണാറുണ്ടല്ലോ. ആശാൻ മനുഷ്യരൂപം ധരിച്ച വിനയംതന്നെ ആയിരുന്നു. 1091-ാമാണ്ടിടയ്ക്കു ഞാൻ പരവൂർ ഇംഗ്ലീഷ്സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്താണു് അദ്ദേഹത്തെ ഇദംപ്രഥമമായി സന്ദർശിച്ചതു്. പരവൂർ കൊച്ചനന്തൻവൈദ്യന്റെ ഗൃഹത്തിൽവച്ചായിരുന്നു സന്ദർശനം. കേവലം ബാലനായിരുന്ന എന്നോടു് അദ്ദേഹം പെരുമാറിയ രീതി കണ്ടപ്പോൾ ‘പണ്ഡിതാഃ സമദർശിനഃ’ എന്ന അഭിജ്ഞോക്തിയുടെ സ്വാരസ്യം എനിക്കു പ്രത്യക്ഷപ്പെട്ടു.

ആശാനുണ്ടായിരുന്ന മറ്റൊരു ഗുണം അവ്യഭിചരിതമായ സത്യനിഷ്ഠയും സ്വാഭിപ്രായത്തെ തുറന്നു പറയുന്നതിനുള്ള ധീരതയുമായിരുന്നു. അദ്ധ്യാപനവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ചാതുരി അന്യാദൃശമായിരുന്നു എന്നു പറയാം. അദ്ദേഹം മരിക്കുന്നതിനു് ഒന്നു രണ്ടാഴ്ചവട്ടങ്ങൾക്കു മുമ്പിൽ ഞാൻ മുരാരിയുടെ അനർഘരാഘവം വായിച്ചുകൊണ്ടിരിക്കയായിരുന്നു. എനിക്കു് ഒരു ശ്ലോകത്തെ സംബന്ധിച്ചു സംശയം നേരിട്ടു. എന്റെ എളിയ ബുദ്ധിക്കു തൽപുസ്തകത്തിൽ ചേർത്തിരുന്ന വ്യാഖ്യാനം തൃപ്തികരമായി തോന്നിയില്ല. അന്നു പരവൂരിൽനിന്നും നാലഞ്ചുമൈൽ അകലെയുള്ള കരിമ്പാലൂർ എന്ന സ്ഥലത്താണു് ആശാൻ താമസിച്ചിരുന്നതു്. ഞാൻ അവിടംവരെ നടന്നു. അദ്ദേഹം ശയ്യാവലംബിയായിരുന്നു. ഇഹലോകത്തോടു യാത്ര പറയാറായ ഒരു ഘട്ടത്തിലാണു് അദ്ദേഹം വർത്തിച്ചിരുന്നതെന്നു് എനിക്കു മനസ്സിലായതേയില്ല. ഞാൻ സംശയനിവാരണാർത്ഥം ശ്ലോകം ചൊല്ലി. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിനു് ഒരു കുറവും ഞാൻ കണ്ടില്ല. ഇത്ര വിശദമായ ഒരു വ്യാഖ്യാനം ഞാൻ എന്റെ ജീവിതദശയിൽ കേട്ടിട്ടില്ലെന്നു തന്നെ പറയാം. ഞാൻ കൃതജ്ഞത പ്രകാശിപ്പിച്ചിട്ടു് അവിടെ നിന്നും പോന്നു. 1092 ധനുമാസത്തിലായിരുന്നു ഇതു സംഭവിച്ചതു്. 1092 ധനു 27-ാം൹ അദ്ദേഹം അനായാസേന ഈ ലോകരംഗത്തിൽനിന്നും മറഞ്ഞു.

ആശാന്റെ കുടുംബജീവിതം സുഖദുഃഖസമ്മിശ്രമായിരുന്നു. 1076-ൽ പിതാവു മരിച്ചു. ഈമാതിരി ഒരു പിതാവിന്റെ പുത്രനാകുന്നതിനുള്ള ഭാഗ്യം അപൂൎവ്വം ചിലൎക്കേ ലഭിച്ചിട്ടുള്ളു. 1053-ൽ ദാമ്പത്യജീവിതത്തിൽ ഏൎപ്പെട്ടു. കിളികൊല്ലൂർ കാമനാട്ടു കുഞ്ഞുകുഞ്ഞമ്മയായിരുന്നു പത്നി. ആ സ്ത്രീരത്നം തന്റെ വാത്സല്യഭാജനമായ പുത്രനെ ഭൎത്തൃ ഹസ്തത്തിൽ ഏല്പിച്ചിട്ടു് 1058-ൽ പരലോകം പ്രാപിച്ചു. പ്രസ്തുത പുത്രനായിരുന്നു പരവൂർ ചിരകാലം വിജയപൂൎവ്വം മെഡിക്കൽ പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന കൃഷ്ണൻവൈദ്യൻ. 1059-ൽ ആശാൻ പരവൂർ കുന്നത്തു കുഞ്ഞുകുഞ്ഞമ്മയെ വിവാഹം ചെയ്തു. അവരിൽ ആശാനു് ഒരു പുത്രനും പുത്രിയും ജാതരായി. അപ്പോഴേയ്ക്കും അവർ കാസരോഗപീഡിതയാവുകയാൽ ഭൎത്ത ാവിൽനിന്നു പിരിഞ്ഞുപാൎക്കാൻ നിൎബ ന്ധിതയാകകൊണ്ടു് ഭൎത്തൃ ശുശ്രൂഷണാൎത്ഥ ം പ്രഥമപത്നിയുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിനു് ആശാനു് അനുമതി നല്കി. എന്നാൽ ആ സ്ത്രീയും 1065-ൽ അകാലമൃത്യു പ്രാപിച്ചു. നാലാമത്തെ ഭാൎയ്യ കാൎത്ത ിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരന്റെ പുത്രി അമ്മക്കുഞ്ഞമ്മയായിരുന്നു. അവരിൽ ആശാനു് ആറു സന്താനങ്ങൾ ലഭിച്ചു. ആ സന്താനങ്ങളിൽ മൂത്തപുത്രിയും അദ്ദേഹത്തിന്റെ ഭാഗിനേയനും അടുത്തടുത്തു് മരിച്ചതു് അദ്ദേഹത്തിനെ അത്യധികം ദുഃഖിപ്പിച്ചു. മറ്റൊരു പുത്രിയെയാണു് റിട്ടയാൎഡ് ജസ്റ്റീസു് എൻ. കുമാരൻ വിവാഹംകഴിച്ചതു്. അവർ സന്താനസമ്പത്തിയോടും മറ്റു സകലവിധ സൗഭാഗ്യങ്ങളോടുംകൂടി ജീവിക്കുന്നു. ഒരു പുത്രൻ കെ. ദാമോദരൻ അഡ്വൊക്കേറ്റായി തിരുവനന്തപുരത്തു താമസിക്കയാണു്. ഭാഗിനേയന്മാരും നല്ല നിലയിലാണു് ഇരിക്കുന്നതു്. ബി. നീലകണ്ഠൻ നാഗർകോവിൽ വൈദ്യശാല സ്ഥാപിച്ചു് വിജയപൂൎവ്വം നടത്തിവരുന്നു. മറ്റൊരു ഭാഗിനേയൻ എന്റെ മാന്യസുഹൃത്തായ മി. ബി. പരമുവാണു്. അദ്ദേഹം കോട്ടയം പേഷ്കാരുദ്യോഗം വഹിക്കുന്നു.

കോമരത്തു് അമ്മുണ്ണിമേനോൻ

ഇദ്ദേഹം വിദ്വാൻ വടക്കേക്കുറുപ്പത്തു രാമുണ്ണിമേനോന്റെ പുത്രനാണു്. വടക്കുംനാഥക്ഷേത്രമാഹാത്മ്യം കിളിപ്പാട്ടായിട്ടു രചിച്ചിട്ടുണ്ടു്.

ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ

കൊല്ലവൎഷം 1040 മീനത്തിൽ സ്വഗൃഹമായ മാവേലിക്കരെ ചുനക്കര വാരിയത്തു ജനിച്ചു. അമ്മാവനായ ശങ്കുവാരിയർ തന്നെയാണു് പതിനാലാംവയസ്സുവരെ പഠിപ്പിച്ചതു്. അതിനിടയ്ക്കു കാവ്യങ്ങളിൽ പ്രധാനമായുള്ളവയെല്ലാം പഠിച്ചുതീൎത്തു. അനന്തരം മാതാമഹനായ കൊച്ചുകൃഷ്ണവാരിയരുടെ അടുക്കൽ സിദ്ധാന്തകൗമുദിയും മനോരമയും അല്പം ജ്യോതിഷവും അഭ്യസിച്ചു. തദനന്തരം അഭിനവവാഗ്ഭടൻ എന്നു പ്രസിദ്ധിനേടിയ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ ശിഷ്യപ്പെട്ടു വൈദ്യം പഠിക്കയും അതിനോടുകൂടി പ്രസ്തുത കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകജോലി നിൎവ്വഹിക്കയും ചെയ്തു. 1073-വരെ ഈ നിലയിൽ ഹരിപ്പാട്ടുതന്നെ താമസിച്ചു. അപ്പോഴേയ്ക്കും ബാധിൎയ്യാദിരോഗപീഡിതനായിത്തീരുകയാൽ അദ്ദേഹം ചുനക്കര സ്വഗൃഹത്തിലേക്കു മടങ്ങിപ്പോന്നു.

1099-ൽ മാതുലൻ ദിവംഗതനാവുകയാൽ കുടുംബഭരണം കൈയേറ്റു.

അദ്ദേഹത്തിന്റെ കൃതികളെല്ലാം സംസ്കൃതത്തിൽനിന്നും തൎജ്ജ ിമകളാണു്. മേല്പത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അജാമിളമോക്ഷം, കിരാതം, ദൂതവാക്യം, നൃഗമോക്ഷം, നിരനുനാസികം, രാജസൂയം, ദ്രൗപതീപരിണയം, കുചേലവൃത്തം, കൈലാസവൎണ്ണന, ഭക്തിസംവൎദ്ധനശതകം ഇവയും, വാസന്തികസ്വപ്നം, സൗന്ദൎയ്യലഹരി (കിളിപ്പാട്ടു്), കംസവധം ചമ്പു, രഘുവംശം (മൂന്നു സർഗ്ഗം), ഭാരതചമ്പു, ഭോജചമ്പു ഇവയും മലയാളത്തിൽ തൎജ്ജ ിമചെയ്തിട്ടുണ്ടു്. വാസന്തികസ്വപ്നം ഷേക്സ്പിയരുടെ നാടകമായ Mid Summer nights dream–ന്റെ സംസ്കൃതതർജ്ജമയെ മലയാളീകരിച്ചിട്ടുള്ളതാകുന്നു. കംസവധം ചമ്പു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകൃതിയുടെ ഭാഷാന്തരീകരണമാണു്. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു.

സാധിക്കയാംസുകൃതസംഗ്രഹമെന്നുഹൃത്തിൽ
ബോധിച്ചുതമ്മിൽ മിഥുനങ്ങളിണങ്ങിടുന്നു
ആധിക്കുഞങ്ങളുടെ ജന്മശതാന്തരത്തിൽ
ബാധിച്ചൊരിദ്ദുരിതസംഗ്രഹമുൽഭവിച്ചു.
വന്നീടൊല്ലനമുക്കു നാശമൊരുമിച്ചെന്നോൎത്തു ഭീരുക്കൾപ-
ണ്ടിന്നാട്ടാരൊരുമിച്ചൊരിക്കൽ വളരെ പ്രാർത്ഥിച്ചുറപ്പിച്ചപോൽ
എന്നും പൂരുഷനേകനെ പ്രതിദിനം കുന്നോളമുള്ളന്നവും
മന്ദിക്കാതെ മുറയ്ക്കുവന്നു ബലിയായ് നല്കുന്നതിന്നാളുകൾ.

അമ്പലപ്പുഴ മാധവപ്പുതുവാൾ

ഇദ്ദേഹം ഒരു സരസകവിയാണു് ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹത്തിന്നു മദ്ധ്യവയസ്സു് അതിക്രമിച്ചിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള കളിത്തട്ടിൽ സായാഹ്നമാകുമ്പോൾ അദ്ദേഹം വന്നിരിക്കും. ഞാൻ പലപ്പോഴും അടുത്തുകൂടി അദ്ദേഹത്തിനെക്കൊണ്ടു് ശ്ലോകങ്ങൾ ചൊല്ലിച്ചിട്ടുണ്ടു്. മനോരമയിൽ കൂടക്കൂടെ കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ആ കവിതകളെല്ലാം ചേൎത്തു പ്രസിദ്ധപ്പെടുത്താൻ ആ കുടുംബത്തിൽ ആരും തയ്യാറില്ലാതിരുന്നതു ഭാഗ്യദോഷമെന്നേ പറയേണ്ടു.

ശ്രീമൂലംതിരുനാൾ മഹാരാജാവു് 1000-ാമാണ്ടു് കന്നിമാസത്തിൽ വൈക്കത്തുവച്ചു നടത്തിയ സഹസ്രകലശത്തെ അധികരിച്ചു്, നല്ല ഭാഷാകവിയും ചതുൎദ്ദാരികാശതകം മുതലായ സൽകൃതികളുടെ കൎത്ത ാവും ആയിരുന്ന സി. എൻ. രാമൻപിള്ളയും, മാധവപ്പുതുവാളുംകൂടി എഴുതിയ ശ്രീമൽ സഹസ്രകലശം ശീതങ്കൻതുള്ളലിൽനിന്നും ഏതാനും വരികളെ ഉദ്ധരിക്കുന്നു.

ശീവേലികാണുവാൻ വന്നുനിന്നീടുന്ന
പൂവേണിമാരുടെ മോടികളത്ഭുതം!
പട്ടണിക്കൊങ്കകളൊക്കവേ നല്ലൊരു
പട്ടുറവുക്കയാൽ മൂടിപ്പൊതിഞ്ഞതു
പൊട്ടീട്ടുതാനേ വെളിക്കുചാടുംമുല-
മൊട്ടുകൾകാണുന്ന കാണികൾമാനസേ
മട്ടലർബാണാരിതന്റെ ശീവേലിയി-
ങ്ങൊട്ടു ഞങ്ങൾക്കു കണ്ടേറ്റം രസിക്കുവാൻ
വട്ടംപിടിച്ചു മുലമൊട്ടുനോക്കുന്ന
മട്ടുതോന്നിപ്പോകുമില്ലൊരുസംശയം.
ശൎവഭക്തന്മാരിലുത്തമരാകുന്ന
ഭവ്യനാണ്ടിപ്പിള്ളയാകുംമജിസ്ട്രേട്ടും
സർവ്വദിക്കിങ്കലുമെത്തുമെന്നാകിലും
നിർവാഹമുള്ളപ്പോഴെല്ലാംതിരുമുമ്പി-
ലവ്യാജഭക്ത്യാ ഭജിച്ചുനിൽക്കുന്നതു
നിർവ്വേദമാനസന്മാരു കാണേണ്ടതാം.
താടിനീട്ടിത്തലനീട്ടി ബീയേയ്ക്കുള്ള
മോടികൂട്ടും മുഖക്ഷൗരവുംകൂടാതെ
നാടൻനനച്ചുടുത്തീറനതിനുടെ
കൂടെ നനച്ചൊരു കച്ചമുണ്ടുംചുറ്റി
പാടേ ഭസിതമണിഞ്ഞുനെറ്റിത്തടേ
ചോടേ മലയജപങ്കമണിഞ്ഞിട്ടു
കൂടുന്നസന്ധിയിലൊക്കയും ചാമ്പലാ-
റാടിനിന്നീടും മജിസ്ട്രേട്ടു തന്നുടെ
മോടികണ്ടാൽ ചിരിയാം ചിലർക്കെങ്കിലും
മോടിഭക്തർക്കിതുനന്നെന്നു മന്മതം.

പുതുവാളിനു് ഇപ്പോൾ എൺപതിൽപരം വയസ്സുണ്ടെന്നാണു തോന്നുന്നതു്.

മുരിങ്ങൂർ ശങ്കരൻ പോറ്റി

ഈഴവകവികൾ വിദ്യാവിനോദിനിയിൽ വിഹരിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഇനി അതിൽ കടപ്പാൻ നിൎവ്വാഹമില്ലെന്നും,

“ജാതിശ്ലാഘ്യതയും വലിപ്പവുമിയന്നുള്ളോരുചേർന്നെങ്കിലേ
ജാതീയെന്നുപറഞ്ഞിടാവു വിലയേറീടുന്ന പത്രത്തിനേ.”
“ബലിപുഷ്ടകലാന്തരേമരാളം വിലസീടുന്നതു യോഗ്യമല്ലനൂനം.”

എന്നു പറഞ്ഞു ചാടിവീണതും,

ജാതിശ്ലാഘ്യതയെന്നപദ്യഗതമാം ജാതീപദംജാതിയോ?
ജാതിശ്ലാഘ്യതകൊണ്ടു വല്ലവിധവും നീതീകരിക്കാവതോ?
ഖ്യാതിക്കല്ല വയസ്സിനല്ല പൊരുളിന്നല്ലല്ല നാമത്തിനും
ബോധിച്ചീടുക സൽഗുണം പെരിയവൎക്കാവൂ മഹത്വം വിഭോ.

എന്നു പെരുന്നല്ലിക്കൂട്ടർ എതിർത്തതും ചരിത്രപ്രസിദ്ധമാണല്ലോ.

മുരിങ്ങൂരിന്റെ കുചേലവൃത്തം ആട്ടക്കഥ ഇപ്പോഴും ആടിവരുന്നു.

ഗൗരീം ലോഹിതശൈലരാജവസതീം നാരായണാഖ്യംഗുരും
വന്ദേ ശ്രാദ്ധതടാകകൂലനിലയാധീശം നൃകണ്ഠീരവം

എന്നിങ്ങനെ ചെങ്ങന്നൂർ ഭഗവതിയേയും ചാത്തൻകുളങ്ങരെ നരസിംഹമൂർത്തിയേയും നാരായണാഖ്യഗുരുവിനേയും വന്ദിച്ചിട്ടു കഥ ആരംഭിക്കുന്നു. മനോഹരങ്ങളായ ചില ശ്ലോകങ്ങളും പദങ്ങളും അതിലുണ്ടു്.

നവരസം: മന്ദാരദ്രുമസിന്ദുവാരഗണികാ ഗോവന്ദിനീ നീലികാ

കുന്ദാശോകവനോൽഭവാദി ലതികാസൂനാളിരാരാജിതാം
മന്ദാനിഷ്ടകുടവീഥികാം സുരഭിലാമാസാദ്യ പൂർവ്വാചലേ
ചന്ദ്രംപൂർണ്ണമുദീക്ഷ്യ വാചമവദദ്ദാരാൻ സ ദാമോദരഃ
നല്ലാരിൽമണിമാരേ സല്ലാപം കേൾക്കനിങ്ങൾ
ഉല്ലാസേന സവിധേ മെല്ലവേ വന്നീടുവിൻ
നല്ലവസന്തകാലമല്ലയോ വിലസുന്നു
മല്ലീശരാരാധനമല്ലേ നമുക്കുചിതം
ജാതിമാഗധീമുഖനൂതന പൂലതികാ
ജാതികൾപൂത്തു സൂനമധുമാധുരി ചൊരിയുന്നു.
സാദമേകുന്ന മന്ദവാതവും പുഷ്പവാടീ
വീഥിയിൽപരക്കുന്നു—ബാധകളിവയെല്ലാം
വലമഥനാശയാകും ചലമിഴിതന്റെയാ
ഫാലതിലകംപോലെവിലസുന്നു ഹരിണാങ്കൻ.
സുലളിതതരകോകിലാലാപം കേട്ടീടുന്നു
കാലോചിതമാം മാരലീലയെച്ചെയ്ക്കനിങ്ങൾ.
മുഖനികരം വോ വിഗതകളങ്കം
സുഖകരമങ്ങുനിരീക്ഷ്യ ശശാംകൻ
വിധുമണിഗളിതകബന്ധവ്യാജാൽ
നയനജനാവലി ബതതൂകുന്നു.
മുകളിതനീരജജാലമിദംവോ
സുലളിതവദനരുചീം ന സമീക്ഷ്യ
വിലസതിമോഹനരൂപിണിമാരേ
വിരചിതലജ്ജാഭരമിവനീരേ
പങ്കേരുഹദളലോചനമാരേ
അങ്കേവരിക കുചങ്ങളിദാനീം
ശങ്കേതരമിഹ മാൎവ്വിൽ ചേൎത്ത ഥ
പങ്കേരുഹശനകേളികൾ ചെയ്വിൻ.

മൂത്തേടത്തു പോറ്റിമാർ

മൂത്തേടത്തു വാസുദേവഗീൎവാണകവിരാജനെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിൽ കാണുകയില്ല. അദ്ദേഹം ചെറുപ്പത്തിലേ സംസ്കൃതത്തിൽ കവനം ചെയ്തു പ്രസിദ്ധിനേടി. ബാല്യത്തിലെ മാംസചക്ഷുസ്സു തിമിരബാധിതമായിരുന്നെങ്കിലും ജ്ഞാനചക്ഷുസ്സിനു് ഉത്തരോത്തരം പ്രകാശം കൂടിക്കൂടി വന്നു. കൗമാരദശയിൽ ഒരിക്കൽ പ്രസിദ്ധനായ പൊതിയിൽ നാരായണചാക്യാരുടെ കൂത്തു കേൾപ്പാൻ അദ്ദേഹം പോവുകയും, ചാക്യാർ അദ്ദേഹത്തിനെ പ്രസംഗവശാൽ പരിഹസിക്കയും ചെയ്തു. അദ്ദേഹം ചാക്യാർക്കു്–

പ്രാപ്താ ദോഷേണ പിത്രോരധികതരജൂഗു-
പ്സാഭിപന്നാമവസ്ഥാം
കൈവല്യാൎത്ഥ ം തതസ്തൈഃ പുനരപിഭഗവ-
ച്ചേഷ്ടിതോക്തൗ നിയുക്താഃ
ആരബ്ധാഃ സൽകഥായൈ ദ്വിജവരപരിഷദ്-
ഭർത്സനം തത്രസമ്യക്
കൃത്വാ സമ്പാദയന്തേ ദ്രവിണമപി കഥം
ജായതേ പുണ്യമേഷാം?

എന്നൊരു ശ്ലോകം എഴുതി അയച്ചു. ചാക്യാർ ക്ഷമായാചനം ചെയ്കയും അടുത്തദിവസം കൂത്തുരംഗത്തുവച്ചുതന്നെ പരിഹാരം ചെയ്കയും ചെയ്തു. അതിനുശേഷം അവർ മിത്രങ്ങളായിട്ടാണു് വൎത്ത ിച്ചതു്. പള്ളിക്കൂടം ഇൻസ്പെക്ടരായിരുന്ന എൻ. വേലുപ്പിള്ള ഒരു സാഹിത്യരസികനായിരുന്നു. അദ്ദേഹത്തിനു് ഒരിക്കൽ ഗീൎവ്വാണകവി അയച്ച പദ്യം താഴെ ചേർക്കുന്നു.

ശ്രുതാഃ ശ്രുതാഭിജ്ഞസുതാസ്യതോ മയാ
ഗണാ ഗുണാനാമഗണേയപുണ്യ തേ
തദാദിവർഷാസു മരാളവംശവൽ
സദാ ഭവാൻ മാനസ ഏവ വർത്തതേ.

പോറ്റി ജ്യോതിശ്ശാസ്ത്രത്തിലും അതിനിപുണനായിരുന്നു. ഒരിക്കൽ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെക്കുറിച്ചെഴുതിയ—

ധർമ്മജ്ഞോ ഭുവി കർമ്മസാരധിഷണോ ജീയാത്തുലായദ്ധരിർ-
ദ്ധീഭോഗീസഹജാ സിതസ്മരസിതഃ കുംഭാംഗപീയുഷഗൂഃ
വർഷേ ഹീരനയേഷ്ടമേഹ്നി ജനിതോ ധന്യോ ബുധാനന്ദകൃത്
കാലേയോ ദശമീഭഗണ്ഡവസുഭിഃ ശ്രീവഞ്ചിസിന്ധുദ്വിജം.

എന്ന ശ്ലോകത്തിൽ പണ്ടാരത്തിലെ ജാതകസംബന്ധമായ ഗ്രഹസ്ഥിതികളെക്കൂടി ഘടിപ്പിച്ചിരിക്കുന്നു.

ഗീർവ്വാണകവിയുടെ സഹോദരനായ മൂത്തേടത്തു കുഞ്ചുപ്പോറ്റിയും ചില ഭാഷാകവിതകൾ എഴുതീട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല.

രണ്ടുമൂന്നു് ഒറ്റശ്ലോകങ്ങൾ ഉദ്ധരിക്കുന്നു:

ഏകസ്സാർദ്ധദ്വിതീയസ്ത്രീ ഗുരപിചതുരർത്ഥപ്രദഃ പഞ്ചവക്ത്രഃ
ഷഡ്വക്ത്രേഭാനനാദിസ്ഫുരിതപരിസരസ്സപൂമൂർദ്ധാഷ്ടമൂർത്തിഃ
സന്തപൂസ്വർണ്ണവർണ്ണസ്സകലസുരസഭാൎയ്യസ്സഭാൎയ്യസ്സഭാൎയ്യഃ
സ്വാൎയ്യശ്രേണീനിവാസസ്സദിശതു സതതം സർവസമ്പൽസമൃദ്ധിം.

ഇതു് ചെന്നിത്തലെ അയ്യക്കശേരിശ്ശിവനെക്കുറിച്ചു് പോറ്റി അവർകൾ എഴുതീട്ടുള്ളതാണു്.

യസ്സേവ്യസ്സുമനോഗണൈരമൃതഗുസ്സൎവജ്ഞചൂഡാമണി-
ൎയ്യസ്യോച്ചോവൃഷരാശിരേഷകമുദാഭോഗപ്രദസ്സൎവദാ
സദ്വൃത്തശ്ചതമോഹരോഹരിപദാലംബീകലാവല്ലഭഃ
സ്വച്ഛാത്മാനഘതാരകോ വിജയതേ രാജാ സ ലക്ഷ്മീവരഃ.

ഇതു് അദ്ദേഹം കേരളകാളിദാസന്നു് ഒരിക്കൽ അയച്ചുകൊടുത്തതാകുന്നു.

മണ്ണടിബ്ഭഗവതിയേപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം.

കല്യാണീ വിബുധോത്തമൈരപിജനിൎയ്യത്സേവിതാംമന്യതേ
യല്ലീലാമരവൈരിണാം രണകലാരംഭേഷ്വലംഭൈരവീ
സാരംഗാഞ്ചിതകുണ്ഡലാ ത്രിജഗതാ മൃൽപാദതല്പാജനേ
സംഭൂകല്പിതശങ്കരാഭരണകൃദ് ഭദ്രായഭദ്രാസ്തുവഃ.

ചിറയിൻകീഴു് ആറ്റുപുറത്തു് ഗോവിന്ദപ്പിള്ള ചട്ടമ്പി

ഇദ്ദേഹം 1034-ാമാണ്ടു് മീനമാസം 2-ാംതീയതി പൂയംനക്ഷത്രത്തിൽ ചിറയിൻകീഴു് ആറ്റുപുറത്തുവീട്ടിൽ ജനിച്ചു. ബാല്യത്തിൽ തന്നെ മാതുലനും വിദ്വാനുമായിരുന്ന കാളിപ്പിള്ള ആശാനിൽനിന്നും സിദ്ധരൂപം, കാവ്യങ്ങൾ മുതലായവ വായിക്കുകയും ജ്യോതിഷം അഭ്യസിക്കുകയും ചെയ്തു. അനന്തരം പ്രശസ്തപണ്ഡിതനായിരുന്ന കിളിമാനൂർ അമ്പുങ്കൽ കേശവനാശാനിൽനിന്നും സംസ്കൃതത്തിൽ ഉപരിപഠനവും, ജ്യോത്സ്യം, വൈദ്യം, മന്ത്രവാദം എന്നിവയിൽ ദൃഢമായ വ്യുൽപത്തിയും സമ്പാദിച്ചു. അക്കാലത്തുതന്നെ തൎക്കം, വ്യാകരണം, വേദാന്തം മുതലായവയും അദ്ദേഹം നിഷ്ക്കൎഷിച്ചു പഠിച്ചിരുന്നു. യൗവ്വനാരംഭത്തിനുമുമ്പേ അദ്ദേഹം മൂകാംബി മുതലായ ക്ഷേത്രങ്ങളിൽ കാൽനടയായിപോയി ഭജനംപാൎക്കുകയും മറ്റു പുണ്യസ്ഥലങ്ങളിൽ തീൎത്ഥ ാടനം ചെയ്യുകയും ചെയ്തു. അനന്തരം സ്വന്തം കുടുംബത്തിൽ നടത്തിപ്പോന്നിരുന്ന പള്ളിപ്പുരയിൽ വാദ്ധ്യാരായി ജോലിനോക്കിയിട്ടുണ്ടു്. അന്നു് അറിയപ്പെട്ടിരുന്ന ചട്ടമ്പി എന്ന പേരിലാണു് അദ്ദേഹം അനന്തരകാലത്തു പ്രഖ്യാതനായതു്. കുറച്ചുകാലം പള്ളിപ്പുരയിൽ വാദ്ധ്യാരായിരുന്നതിനുശേഷം രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കയും വളരെക്കാലം രജിസ്ട്രേഷൻ ഡയറക്ടരാഫീസിൽ ക്ലാൎക്കായി ഇരുന്നശേഷം 1088 തുലാമാസം 12-ാംതീയതി തന്റെ 55-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിയുകയും ചെയ്തു. പതിനെട്ടിൽപരം വൎഷങ്ങൾ അദ്ദേഹം തിരുവനന്തപുരത്തു് ദിവാൻബഹദൂർ ഗോവിന്ദപ്പിള്ളയുടെ ആശ്രിതനായി അദ്ദേഹത്തിന്റെവക വീട്ടിൽ കരമനെ താമസിക്കുകയും അക്കാലത്തു് പല പണ്ഡിതന്മാരുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കെ. സി. കേശവപിള്ള, പേട്ടയിൽ രാമൻപിള്ള ആശാൻ എന്നിവരുമായി സ്മൎയ്യപുരുഷൻ സ്നേഹബന്ധത്തിൽ വർത്തിച്ചിരുന്നു. കുഞ്ഞൻപിള്ളച്ചട്ടമ്പിസ്വാമിയിൽനിന്നും യോഗാഭ്യാസവഴികളും അദ്ദേഹം മനസ്സിലാക്കിയിരുന്നതായി അറിയുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ അദ്ദേഹത്തിനു് അനല്പമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന സംഗതി വിശ്രുതമാണു്.

ബാല്യംമുതൽതന്നെ ചട്ടമ്പി അനല്പമായ കവിതാവാസന പ്രദൎശിപ്പിച്ചു. അനേകം ഒറ്റശ്ലോകങ്ങൾ, കുമ്മിപ്പാട്ടുകൾ, തുള്ളലുകൾ, ഊഞ്ഞോൽപാട്ടുകൾ മുതലായവ അദ്ദേഹം അക്കാലത്തു രചിച്ചിട്ടുണ്ടു്. അവ മിക്കവയും ഇപ്പോൾ നാമാവശേഷമായിതീൎന്നു പോയി. രമാഗൗരീസംവാദം കുമ്മിപ്പാട്ടും ശീലാവതി ഊഞ്ഞോൽപാട്ടും ചതുരുപായപ്രകരണം പാനയും രാമനാമാക്ഷരമാലയും നായർകമ്മറ്റി ഓട്ടൻതുള്ളലും അച്ചടിപ്പിച്ചിട്ടുണ്ടു്. ഇവ കൂടാതെ അദ്ദേഹത്തിന്റെ കൃതികളായി രുഗ്മിണീസ്വയംവരം സംഗീതനാടകം, രുഗ്മാംഗദവിജയം സംഗീതനാടകം, ഭാഷാരാമായണം നാടകം, സതീവിജയം കഥകളി, കൗമുദീസുധാകരം നാടകം, കുഞ്ഞുരാമൻ എന്ന പ്രഹസനം, കിളിപ്പാട്ടുരീതിയിൽ കഥാമാലിക എട്ടു ഭാഗങ്ങൾ, പ്രഹ്ളാദചരിതം ശതകം, സമുദ്രവൎണ്ണനാശതകം, ജീവിതോദന്തശതകം, രുഗ്മാംഗദവിജയം ശതകം, സദാചാരമാലിക എന്ന പദ്യഗ്രന്ഥം, ഉർവശീശാപം വള്ളപ്പാട്ടു് എന്നിവ കാണുന്നുണ്ടു്. കൂടാതെ പലവക ഒറ്റശ്ലോകങ്ങളും അദ്ദേഹം പലപ്പോഴായി രചിച്ചിട്ടുണ്ടു്. ഇവ എല്ലാംതന്നെ അക്കാലത്തെ വിദ്വജ്ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിച്ചിരുന്നു. നാലാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുള്ള ചതുരുപായം പാന ഇദ്ദേഹത്തിന്റേതാണെന്നു് ഇപ്പോൾ അറിയുന്നു. വാസനാഭാസുരനായ ഈ കവിയുടെ ഒറ്റശ്ലോകങ്ങൾക്കുള്ള ശയ്യാരീതി അന്യാദൃശമാണു്.

ചട്ടമ്പിയുടെ കൃതികൾ സമാഹരിച്ചു ചേൎത്തു ് പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിന്റെ ദൗഹിത്രനും ഒരു ഭാഷാഭിമാനിയുമായ അഡ്വക്കേറ്റു് ചിറയിൻകീഴു് കെ. ഭാസ്കരപിള്ള ശ്രമിച്ചുവരുന്നതായി അറിയുന്നു. അദ്ദേഹത്തിന്റെ കവിതാരീതിക്കു് ചില ഉദാഹരണങ്ങൾ ചേൎക്കുന്നു.

‘ജീവിതോദന്തശതകത്തിൽ’ അന്നത്തെ ആശാന്മാരെപ്പറ്റിയുള്ള ഭയത്തെ വൎണ്ണിച്ചിരിക്കുന്നു.

“പള്ളിക്കൂടമിതെന്നുകേൾക്കുമളവിൽതോന്നുംവ്രണത്തിന്നുതീ-
ക്കൊള്ളിപ്പാച്ചിൽകണക്കു ദേശികജനം സംഹാരരുദ്രോപമം
വള്ളിക്കെട്ടിനകത്തുമാളുകൾകടക്കാതുള്ള വൻകാട്ടിലും
തള്ളിക്കേറിയൊളിച്ചിരുന്നു ദിനമൊട്ടേറെക്കഴിച്ചന്നുഞാൻ.”
“ഗദ്യത്തിൽ ചിലതൊക്കെ ഞാനെഴുതിനേൻ മുന്നേ കഥാരൂപമായ്
പദ്യത്തിൽ ചില നാടകങ്ങൾ ശതകക്കൂട്ടങ്ങൾസങ്കീർത്തനം
മൊത്തത്തിൽ ചിലവിട്ടീവറ്റിനുതുലോം കാലങ്ങൾ ഞാനെങ്കിലും
സത്യത്തിൽ ജനതുഷ്ടിയോ കവിയശസ്സ്വത്തോ കൊതിപ്പീല ഞാൻ.”
“തുള്ളപ്പാട്ടിനു കഞ്ചനും ഭുവി കിളിപ്പാട്ടിന്നെഴുത്തച്ഛനും
വള്ളപ്പാട്ടിനു വാരരും കഥകളിപ്പാട്ടിങ്കലുണ്ണായിയും
പുള്ളിപ്പെട്ടുവിളങ്ങിടുന്ന കളരിക്കുള്ളിൽ പ്രകാശിക്കുമോ
കള്ളപ്പിട്ടുകൾ വല്ലതും ഫലിതമായ്ത്തീർന്നിടുമോ വേണ്ടപോൽ”

വൈക്കത്തപ്പനെക്കുറിച്ചെഴുതിയ കീൎത്ത നത്തിൽ ഒരു ശ്ലോകം.

അർക്കകോടികളൊത്തുദിച്ചകണക്കെഴും തിരുമേനിയും
തൃക്കരങ്ങളിലസ്ഥിമാല കപാലശൂലമൃഗങ്ങളും
ഭക്തരിൽ കൃപപൂണ്ടുദിക്കുമമേയദിവ്യകടാക്ഷവും
ഹൃക്കുരുന്നിലുദിക്ക വൈക്കമമർന്നശങ്കരപാഹിമാം.

രുഗ്മാംഗദവിജയം നാടകത്തിലെ ചില ശ്ലോകങ്ങൾ.

അങ്ങോട്ടെന്നെവലിച്ചിടുന്നു മദനൻ കൂരമ്പുടക്കീട്ടു നി-
ല്ലിങ്ങോട്ടെന്നുവിലക്കിടുന്നു വിശദം മൽപൗരുഷം ഗൗരവാൽ
എങ്ങോട്ടേയ്ക്കുഗമിപ്പതാണുചിതമെന്നുൾശങ്കയെന്നെബ്ബലാ-
ലെങ്ങോട്ടേയ്ക്കുമയച്ചിടാതെ വിഷമിപ്പിക്കുന്നു ഹാ! സങ്കടം!
പന്താടുന്നളവോമനക്കുളുർമുലപ്പന്തുന്തിയാടുന്നതും
ചെന്താർബാണശരപ്രയോഗസദൃശാപാംഗം തലോടുന്നതും
പന്തേലുംമുലയാളതീവരസമായ് രാഗങ്ങൾ പാടുന്നതും
സന്താപത്തിനുമൂലമായ് പരിണമിച്ചീടുന്നുമേ ദൈവമേ!
എന്താണെന്താണിതെന്താണിടിരവമിടയും നാദമാഹന്തകേൾക്കു-
ന്നെന്തോപെട്ടെന്നുരാജ്യത്തൊരുപുതുമനടക്കുന്നു സന്ദേഹമില്ലാ
എന്തായാലും തിരക്കേണ്ടതുവിഹിതമുടൻ ചാരനെച്ചൊല്ലിവിട്ടി-
ട്ടെന്തെന്നാരാഞ്ഞറിഞ്ഞീടണമതിനരുതേ താമസം പ്രേമസിന്ധോ!
മാധവമഹീധവ മഹാഭുജപരാക്രമ മഹാരാജരാജവിഷ്ണോ
മാതുലരിപോ മധുരിപോ മദനതാതാ മഹിതാനന്ദരൂപഗോപാ
മാനസവിലാസ മുനിമാനസനിവാസ മറയാലുമറിയാതദേവാ
മാനസമലങ്ങളണയാതെപരിപാഹിപുരുഹൂതമുഖവന്ദിതഹരേ.
അന്തണചിരന്തനപരന്തപനിരന്തരവരംതരിക വാസുദേവ
അണുവിലണുവായഖിലവിഭുവായ് നിറഞ്ഞപരമാനന്ദവിഗ്രഹഹരേ
സന്തതസുഖംതരുമനന്തകൃപനിൻതണലിലെൻതനുവിനുണ്ടുഭഗവൻ
സദയമിവനരുൾകവരമരിയതവ വികൃതിയുടെതകരാറുതീണ്ടായുവാൻ

ജാർജ്ജുപഞ്ചമന്റെ കിരീടധാരണത്തെക്കുറിച്ചെഴുതിയ ഒരു ശ്ലോകം.

ഇൻഡ്യാസാമ്രാജ്യലക്ഷ്മീകരകലിതലസച്ചാതേഹൈരണ്യപൂൎണ്ണാ
ഖണ്ഡാനന്ദക്കൊഴുന്നാകിയ മഹിതമഹാൻ പഞ്ചമൻ ജാർജ്മഹീന്ദ്രൻ
കൊണ്ടാടത്തക്കചക്രേശ്വരമകുടമണിഞ്ഞിപ്പൊഴാ ഡൽഹിയിങ്കൽ
പൂർണ്ണാനന്ദംവിളങ്ങുന്നിവിടെ വിലസുമിബ്ബിംബസമ്രാട്സ്വരൂപീ.

ശ്രീമൂലംതിരുനാളിന്റെ 56-ാം തിരുനാൾ മംഗളാശംസയിൽ ഒരു ശ്ലോകം.

അമ്പത്തഞ്ചേ! മടങ്ങീടുക തവബഹുമാനങ്ങൾ പൊയ്പോയിതാനോ-
ക്കമ്പത്താറായഞാനുണ്ടിനിയിഹ ബഹുമാനങ്ങൾ കൊണ്ടാടുവാനായ്
വമ്പിത്ഥംചൊല്ലിവഞ്ചീശ്വരനുടെ തിരുനാളുത്സവത്തിങ്കലേറും
സമ്പത്തെക്കണ്ടുസംഖ്യായുഗമടിപിടികൂടുന്നു വായ്ക്കുന്നരോഷാൽ.

സദാചാരമാലികയിലെ ചില ശ്ലോകങ്ങൾ 500-ൽ പരം ഉണ്ടു്.

ധർമ്മസാധനമാം ദേഹം ചെമ്മേ രക്ഷിച്ചുകൊള്ളണം
ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനെളുതായ്വരൂ.
തുനിഞ്ഞിറങ്ങിയെന്നാൽപിൻ തിരിഞ്ഞീടരുതൊന്നിലും
നായ്ക്കോലംകെട്ടിയാൽപിന്നെ കുരച്ചീടാൻ മടിക്കൊലാ.
തനിക്കുകാൎയ്യമില്ലാത്ത വഴിക്കാരുമിറങ്ങൊലാ
പൊന്നുരുക്കുന്നിടത്തെന്തുകാൎയ്യം പൂച്ചയ്ക്കു പോകുവാൻ?

കൗമുദീസുധാകരം ഒരു സാമുദായിക നാടകമാണു്. തിരുവനന്തപുരത്തെ പല പണ്ഡിതസദസ്സുകളിലും ഇതു് അഭിനയിച്ചിട്ടുണ്ടു്.

സതീവിജയം കഥകളി ശീലവതികഥയെ അധികരിച്ചു് എഴുതിയിട്ടുള്ള ഒരു കഥകളിയാണു്. ഇതു് പല സ്ഥലത്തും ആടിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ–

വന്ദനശ്ലോകങ്ങൾ
വീണാഗാനവിനോദജാതപരമാനന്ദാനുഭൂതേശുഭേ
വാണീനിൻകരുണാസുധാരസഝരീ കല്ലോലധൂളീലവാൽ
ക്ഷോണീഭൂതബുധാഢ്യപദ്ധതിയിൽ മേ നാട്യപ്രബന്ധോദ്യമേ
കാണാറായ്വരണം കനിഞ്ഞു തവകല്യാണപ്രദാനുഗ്രഹം.

തോടി–ചെമ്പട
ശാന്തേശശാങ്കപരിപൂർണ്ണകലാവതംസേ
ധ്വാന്തേഗതേ പരമപൂരുഷനബ്ജനാഭൻ
കാന്തേനുകൂലരമണീയ ഗുണാഭിരാമേ
സ്വാന്തേകനിഞ്ഞുവശിനാം വരനേവമൂചേ.

പാടി—ചെമ്പട
സ്വേനോത്ഭാസേനനാനാജനഹൃദയഘനദ്ധ്വസ്തലാവണ്യപൂർണ്ണാം
ഗാനാനന്ദാമൃതാസ്വാദിതമദവിവശാം പാനസക്താംവിദഗ്ദ്ധാം
മ്ലാനാംഗീം മന്മഥാർത്ത്യാരിപുകുലവനദാവാനലോ ഭദ്രസേന-
സ്സാനന്ദം പ്രാഹ രാജാന്വയമകുടമണിസ്സ്വർവധൂസന്നിഭാം താം.
ഉദ്യച്ഛാന്തമുനീന്ദ്രമണ്ഡലയുതേ ദിവ്യാശ്രമേ സ്വാശ്രമേ
വിദ്യോതോഗ്രതപോഗ്രരോഷകലുഷീ കുഷ്ഠീവ്രണൈർദൂഷിതഃ
ഹൃദ്യാം കാന്തിമതീം നിജാത്മദയിതാം ശീലവതീമത്യരം
കൃത്യാക്ഷേപതയാ ശഠിച്ചു പലതും ചൊന്നാനവാച്യോക്തികൾ.

ഭാഷാരാമായണനാടകം—മനോഹരമായ ഒരു നാടകമാണു്. ഇതിലെ ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഒരുപോലെ സുന്ദരമാണു്. ഈ നാടകം അനേകം സ്ഥലങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കു് അയച്ചുകൊടുക്കണമെന്നു് ദശരഥമഹാരാജാവിനോടു് അപേക്ഷിച്ചപ്പോൾ ദശരഥമഹാരാജാവിന്റെ മറുപടിയാണു താഴെ ചേൎക്കുന്നതു്.

“കുഞ്ഞല്ലേ രാമനയ്യോ! കഠിനമയിമുനേ ക്ഷുൽപിപാസാദിതാങ്ങാ
കുഞ്ഞല്ലേ ലക്ഷ്മണൻ, ത്വൽക്ഷണനമുചിതമാകാവതാണോ നിനച്ചാൽ?
പഞ്ഞപ്പെട്ടുള്ളകാലത്തിനിയ തനയരായ് ദൈവമർപ്പിച്ചൊരോമൽ-
കുഞ്ഞുങ്ങൾക്കായപേക്ഷിക്കരുതവരെയയയ്ക്കീല്ല, മറ്റെന്തുവേണം?”

ദ്രുതകവിതാരചനയിലും ചട്ടമ്പി അവർകൾ അദ്വിതീയനായിരുന്നു. ഒരു വെളുത്ത വാവുന്നാൾ സന്ധ്യാസമയം ശംഖുമ്മുഖം കടപ്പുറത്തു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ, പേട്ടയിൽ രാമൻപിള്ള ആശാൻ, ദിവാൻബഹദൂർ ഗോവിന്ദപ്പിള്ള, ഗോവിന്ദപ്പിള്ളച്ചട്ടമ്പി മുതലായവർ സാഹിത്യവിനോദങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു. അപ്പോൾ അസ്തമനം കഴിഞ്ഞതേയുള്ളു. പൂൎണ്ണചന്ദ്രൻ ഉദിച്ചു. ചട്ടമ്പിയോടു് ആ സന്ദൎഭത്തെക്കുറിച്ചു് ഒരു ശ്ലോകമുണ്ടാക്കാൻ വലിയകോയിത്തമ്പുരാൻ കല്പിച്ചു. ഉടൻതന്നെ ചട്ടമ്പി താഴെപ്പറയുന്ന ശ്ലോകം ചൊല്ലി അവിടെ സന്നിഹിതരായ സഹൃദയന്മാരുടെ അഭിനന്ദനത്തിനു് പാത്രവാനായി. ആ ശ്ലോകം താഴെ ചേൎക്കുന്നു.

“സന്ധ്യാഭ്രച്ചഞ്ചലഞ്ചിച്ചരമരവിമയൂഖങ്ങൾ ചിന്തിത്തിളയ്ക്കും
സിന്ധുശ്രീ സഞ്ചരിക്കും പുളിനമഭിനയിക്കും മണൽകുന്നിദാനീം
വെൺതിങ്കൾപൂനിലാവൊന്നിളകുമളവിലക്കാന്തിയുംകൂടിമേളി-
ച്ചന്തിക്കുന്തിക്കളിക്കുന്നനുപമസുഷമാ ഹന്ത! ശംഖുമ്മുഖശ്രീ.

ചട്ടമ്പിഅവർകളുടെ സരസ്വതീവീലാസം അദ്ദേഹത്തിന്റെ ഏതു ശ്ലോകത്തിലും തെളിഞ്ഞുകാണാം. അദ്ദേഹം പലൎക്കുമായി അനേകം കൃതികൾ എഴുതിക്കൊടുത്തിട്ടുണ്ടു്. അവയെ തേടിപ്പിടിച്ചു് അച്ചടിപ്പിക്കാൻ ശ്രമം ചെയ്തുവരുന്നു.

തരവത്തു് അമ്മാളുഅമ്മ

പാലക്കാട്ടു് വടക്കുംതറ തരവത്തുഭവനത്തിനു ലക്ഷ്മീദേവിയും മലയാളത്തിലെ വാഗ്ദേവിയും ആൎത്ത ത്രാണത്തിൽ ശ്രീപാൎവതിയും ആയിരുന്ന അമ്മാളുഅമ്മ 1038-ാമാണ്ടു് ജനിച്ചു. ഇവർ വിശ്വവിഖ്യാതനായ ഡാക്ടർ ടി. എം. നായരുടെ ഏക സഹോദരിയായിരുന്നു. ബാല്യംമുതല്ക്കേ ഭക്തിസംവൎദ്ധകങ്ങളായ ഗ്രന്ഥങ്ങൾ പരിശീലിച്ചു് തപസ്വിനിയെപ്പോലെ ജീവിച്ചു. ഈ മഹതി നാടുകടത്തപ്പെട്ട കെ. രാമകൃഷ്ണപിള്ളയുടെ രണ്ടാംമാതാവായി വൎത്ത ിച്ച കഥ സൎവവിദിതമാണല്ലോ. വലിയ പാണ്ഡിത്യമൊന്നും ഇല്ലായിരുന്നെങ്കിലും ജനസാമാന്യത്തിനു ഭക്തിയും വിജ്ഞാനവും വൎദ്ധിപ്പിക്കുന്നതിനുപകരിക്കുന്ന ഗദ്യഗ്രന്ഥങ്ങൾ പലതും അവർ രചിച്ചിട്ടുണ്ടു്. ജസ്റ്റീസ് പാൎട്ടിയുടെ സ്ഥാപകനായിരുന്ന ടി. എം. നായർ ശീമയിൽവച്ചു് പരലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ അസ്ഥികൾ ഈ സുകൃതിനിക്കു് അയച്ചുകൊടുത്തു. ആ അസ്ഥികളെ ഗംഗയിൽ നിക്ഷേപിക്കുന്നതിനായി പോകുംവഴിക്കു് മദ്രാസിലെ ജസ്റ്റീസ് കക്ഷിക്കാർ അവരെ യഥോചിതം സ്വീകരിച്ചു സൽക്കരിക്കയുണ്ടായി. സഹോദരസ്നേഹത്തിനു് ഇവരെപ്പോലുള്ള ഉത്തമമായ ഒരു മാതൃക ലോകത്തിൽ സുദുർല്ലഭം തന്നെയാണു്. ഈ മഹതി അദ്ദേഹത്തിന്റെ സ്മാരകാൎത്ഥ ം T. M. Memorial Girls School എന്നൊരു വിദ്യാലയം സ്ഥാപിച്ചു് ഭംഗിയായി നടത്തിക്കൊണ്ടിരുന്നു. ഭക്തജനങ്ങളെ ഈശ്വരൻ കഠിനമായി പരീക്ഷിക്കുക സാധാരണമാണു്. ഈ സുകൃതിനിയുടെ പുത്രൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്നു. ആ സമൎത്ഥ നായ യുവാവു് അകാലമരണം പ്രാപിച്ചിട്ടും ഈ മനസ്വിനി,

“കർമ്മണ്യേവാധികാരസ്തേ മാഫലേഷുകദാചന”

എന്ന ഭഗവദ്വാക്യത്തെ അനുസ്മരിച്ചു് ലോകസേവനം ചെയ്തുകൊണ്ടേയിരുന്നു.

തൃശ്ശിവപേരൂർ വച്ചു നടന്ന സാഹിത്യപരിഷത്തുസമ്മേളനത്തിൽ ഈ മഹതി ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.

ഈ വിദുഷി അനേകം തുള്ളലുകളും ഗാഥകളും കുറത്തിപ്പാട്ടുകളും രചിച്ചിട്ടുള്ളതായി അറിയുന