
മുഖത്തോടു മുഖം
രണ്ടുപേർ മിണ്ടുമ്പോൾ
ചിതറിത്തെറിക്കുന്നു
ഇരുപതു പേർക്കുള്ള ശബ്ദം.
പാഴായിപ്പോകുന്നു
പതിനെട്ടു പേർക്കുള്ള
പെരുമുഴക്കത്തിൻ മാസ്മരശക്തി.
വെറുതെ,
ഒറ്റക്കൊരുവൻ നടക്കുമ്പോളവനിൽ
കുത്തിത്തറക്കുന്നു
നൂറ്റൊന്നു പേർക്കുള്ള നോട്ടം.
നോട്ടം കൊതിക്കുമിടങ്ങളിൽ
നോട്ടമെത്താത്തതിൻ ശൂന്യത,
ശൂന്യത മാത്രം.
വഴിക്കണ്ണുമായവർ
ദൂരെ ഇരുട്ടിൽ
തെളിയും വിളക്കിൽ,
ചുറ്റുവട്ടങ്ങളിൽ ചലിക്കും ചരങ്ങളിൽ
കണ്ണും കൂർപ്പിച്ചു നിൽക്കും.
സ്പർശം
അതിമൃദുല, അതിലോല ഭാവം
കൊതിക്കുമ്പോൾ
മൃദുരോമപാതയെ
കണ്ടു ത്രസിക്കുമ്പോൾ
ചോരപ്പുഴയുടെ മേൽത്തട്ടിലെന്നപോൽ
ആഴത്തിൽ തുഴയുന്ന
വിരലുകൾ തീർക്കുന്നു
വന്യമാം മാനവ ചോദന.
അള്ളിപ്പിടിച്ചും
തള്ളിയടർത്തിയും
എത്ര വികലമായെത്ര
നിഷ്ടൂരമായ് തൊടലിൻ
ദാരുണ അന്ത്യം.
വിടരുന്നില്ലൊരു പൂവും
അഴുകുന്നില്ലൊരു ജന്മം
ഒറ്റക്കൊരാൾക്കായ് മാത്രം
കാറ്റതു് മേനിയിൽ കോരിയെടുക്കുന്നു
കൈക്കുമ്പിളില്ലാത്ത
ദുഃഖം തീർക്കുന്നു
അളക്കാതെ,
അമർത്തി വടിക്കാതെ
പോകുന്ന ദിശകളിലെല്ലാം കൊടുക്കുന്നു.
വിടരുന്ന, ചുളിയുന്ന
സമ്മിശ്രഭാവങ്ങൾ
കണ്ടു മടുത്തിട്ടും കുടഞ്ഞിട്ടെറിഞ്ഞിട്ടും
ഓടിമറയുന്ന വെമ്പൽ.
രുചിയിൽ
കൊളുത്തിയ
നാവുകൾ തേടുന്നു
സ്വാദിൻ പെരുമകൾ
ജീവിതാന്ത്യം വരെ
ജീവിതമെന്നൊരു
ഒറ്റരുചിക്കായി കിതക്കുന്നു
പിന്നെയണച്ചു നിലക്കുന്നു
മറക്കുന്നു വേഗം.
ആലോചനകൾ മദിക്കും
മനസ്സിനെ
ഒരൊറ്റചിന്തയിൽ
തളക്കുവാനതിലേറെയും
പ്രയാസം.

തിരിച്ചു പോരുന്നതിന്റെ തലേന്നു്
ഒഴിഞ്ഞ വീടിന്റെ
വെറും നിലത്തിരുന്നു്
ചുവരിൽ കാണപ്പെട്ട
ദ്വാരത്തിലൂടെ
തെളിഞ്ഞ ആകാശം
ആദ്യമായെന്നപോലെ കണ്ടു.
ഇരിപ്പിടങ്ങൾ ഓരോന്നും
ചാഞ്ഞും ചെരിഞ്ഞും
ആനന്ദനൃത്തമാടി
ആരുടെയോ കൂടെ പോയിരുന്നു.
അവയുടെ കാൽപ്പാടുകളിൽ
വർഷങ്ങളുടെ രോഷം പറ്റിപ്പിടിച്ചിരിക്കുന്നു
ജാഗ്രതയുടെ
തിരിവുകളില്ല
താക്കോൽക്കൂട്ടങ്ങളുടെ കിലുക്കവും
ഒളിച്ചു കളികളുടെയും
കണ്ടുപിടുത്തത്തിന്റെയും
തന്ത്രങ്ങൾ ഒരോ മുറിക്കും
പറയാനുണ്ടു്.
ബന്ധങ്ങളുടെ രീതിശാസ്ത്രവും
യോജിപ്പിന്റെ സമവാക്യവും
ആവശ്യങ്ങളുടെ വകഭേദവും
അവയ്ക്കു് നന്നായി അറിയാം.
ഭിത്തിമേൽ കവിളൊന്നു ചേർത്തു് വെച്ചു.
ആ തണുപ്പു് ജൈവചോദനകളുടെ
ചുടുനിശ്വാസം തട്ടി ഉറഞ്ഞു കൂടിയതാണു്.
തള്ളിതുറക്കപ്പെട്ട ജനാലകൾ
ആകാശം തൊട്ട നെടുവീർപ്പുകൾ
വ്യവസ്ഥിതിയുടെ ചട്ടക്കൂടുകൾ
വീടിനെ അമ്പരപ്പിച്ചില്ല പോലും.
ശൂന്യതയിൽ അനാവൃതമാകുന്ന
നഗ്നതയിൽ വീടു് സത്യമാകുന്നു.
വീട്ടിൽ വെളിച്ചം നിറയുന്നു.
ഒളിച്ചിരിക്കുന്ന ഇരുൾ പൊടിപ്പുകളെ
അതു് കൈയോടെ പിടികൂടുന്നു.
വർഷങ്ങൾ പോയതറിയാതെ
ആരെയോ ഉറ്റുനോക്കിയിരിക്കുന്ന
കലണ്ടർ ചിത്രങ്ങൾ രഹസ്യങ്ങളുടെ
കുമ്പിളു് കുത്തി കയ്യിൽ
ഇരുന്നു നാണിപ്പിച്ചു.
അതിലെ കണക്കുകൂട്ടലുകളിൽ
വീടു് വലുതാകാതെ നിന്നു.
ജീവിതത്തിന്റെ സമ്മിശ്രഭാവങ്ങൾ
മുഴുവൻ ആഞ്ഞു തറച്ചതാണു്
ആ വട്ടത്തിലുള്ള ക്ലോക്കിൽ.
പലരുടെയും നോട്ടം കൊണ്ടു്
അതിന്റെ ചില്ലുകളുടെ
നിറം മങ്ങിപ്പോയിരിക്കുന്നു.
എങ്കിലും ഉള്ളിലിരുന്നൊരു മിടിപ്പു്
ജീവിതം ചലനാത്മകമാണെന്നു്
ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
മക്കളുടെ ബാല്യം ഫ്രെയിമുകളിൽ
ഭിത്തിമേൽ ബലം പ്രയോഗിച്ചു
പ്രതിരോധിച്ചു നിന്നു.
സൂക്ഷ്മതയോടെ അവ ഓരോന്നും
ഇളക്കി മാറ്റുമ്പോൾ വിരൽത്തുമ്പത്തുനിന്നും
ഒരു തുള്ളി ചോര
കടന്നു പോകലിന്റെ
മുദ്ര അവിടെ ചാർത്തി.
വീണ്ടും ഞാൻ മുകളിലേക്കു് നോക്കി.
അതു് സ്വപ്നങ്ങൾ തമ്പടിക്കുന്ന ഇടം.
ഓരോരുത്തരേയും അവരായി
കാണുന്നൊരു മേൽനോട്ടം
അവിടെ നിന്നുണ്ടു്
ഒന്നായ രാജ്യങ്ങളുടെ
പലതായ ചിന്തകൾ
ഊരിയെടുക്കാൻ പറ്റാതിരുന്ന
തൊട്ടിൽകൊളുത്തിൽ
ഇനിയും ആട്ടം കാണാനുള്ള
വ്യഗ്രത കണ്ടു.
ഏറ്റവും ദിവ്യമായ നിസ്സഹായതയിൽ
പിഞ്ചു പാദങ്ങൾ
കൈവെള്ളയിൽ അമർത്തി ചവിട്ടി
സുരക്ഷിതത്വം അനുഭവിച്ചു കൊണ്ടു്
അന്നം നുകരുന്ന നിമിഷങ്ങൾ
ഇനി എന്നു്?
കുടുക്കിടാൻ മറന്നു പോയ
ഉടുപ്പിൽ അനാവൃതമായ നെഞ്ചുമായി
പാതി മയക്കത്തിൽ
ഒരുവളുടെ താരാട്ടു് പാട്ടിൽ
വിരലീമ്പി ചെറുപൈതൽ
സ്നേഹചോദനകളെ
ശമിപ്പിച്ചു കൊണ്ടു്
രാത്രിയെ പൂർണ്ണമാക്കുന്ന
ആ കാഴ്ച്ച ഇനി എന്നു്?
വീണ്ടും വെള്ളപൂശി വെടിപ്പാക്കിയ
ഭിത്തിമേൽ പഴയ ജീവിതം
പിന്നെയും മായാതെ നിൽക്കുന്നു.
ഓർമ്മകളുടെ ഭാണ്ഡക്കെട്ടു്
ഇരു തോളിലുമുണ്ടു്
ശേഷിപ്പുകളെല്ലാം
വീടിനുള്ള സമ്മാനമാണു്
നിലത്തെ വലിയ കളങ്ങൾ
പുതു ചുവടുകളുടെ താളം
പതിയാൻ അരികു് നിവർത്തുന്നു
കടന്നു പോകലിന്റെ ചീട്ടുമായി
വിമാനങ്ങളുടെ ഇരമ്പലിനു്
കാതോർക്കുകയെ ഇനി വേണ്ടൂ.

പിച്ച വച്ച മണ്ണിലെ
പുറ്റുമണ്ണിൻ പശിമയിൽ
ബാല്യ കൗതുകങ്ങളാലൊരാൾ
വാർത്തെടുത്ത ശില്പങ്ങൾ.
തകർന്നുടഞ്ഞു പോയിട്ടുമതു്
ഓർമ്മകളിൽ പുനർജനിച്ചു
നിന്നനില്പിൽ
പിൻനടത്തം സാധ്യമാക്കുന്നതെത്ര
സമർത്ഥമായിട്ടാണു പോൽ.
പത്തുമാസം ചുമന്നതും
പതിനെട്ടു മുന്നെ കായ്ച്ചതും
പിന്നെ, ഒപ്പമൊപ്പം നിന്നവരും
ശിഖരമൊന്നായ് കോതിയോരും.
കാറ്റു് വന്നു് വീഴ്ത്തിയപ്പോൾ
പിടഞ്ഞെണീറ്റു് മുട്ടു് കുത്തി
താങ്ങു പോലെയായവരും.
കഥകൾ കേട്ട നടക്കല്ലുകൾ
സമനിരപ്പിലേക്കു പോയി
കഥ പറഞ്ഞയാളുകൾ
പ്രാപ്യമല്ലാ ദേശത്തും.
ജാതിമര കൊമ്പുകളിൽ
ചിറകടിയുടെ ശബ്ദമില്ല
മിന്നായം പോൽ പാഞ്ഞു പോകും
കാട്ടു മുയലിൻ ദൃശ്യവും.
അതിരു വിട്ടു കേറി വന്ന
പെരുവെള്ളം, ജലഘോഷമേളിപ്പുകൾ,
തിമർത്താടി പൈതങ്ങളും
നനഞ്ഞൊട്ടി തൊടികളും.
വിരൽത്തുമ്പിലെത്തി നിൽക്കും
കിണറിന്റെ ഉൾത്തണുപ്പു്
കപ്പിയിന്മേൽ ഉരയാനായ്
കയറിന്റെ നെടുവീർപ്പു്.
കാപ്പി വേരിനോടു് ചേർന്ന
പുറ്റുമണ്ണിൻ കൂമ്പാരത്തിൽ
ആർത്തിരമ്പി ചിതലുകൾ
ഫണമുയർത്തി സർപ്പങ്ങൾ
തോലടർന്ന മരത്തിന്മേൽ
പതിയിരിക്കും ചീവീടുകൾ.
കാത്തു വച്ചു പൂഴ്ത്തി വച്ചു
പതിയിരുന്നു വെളിപ്പെട്ടു്
ഓർമ്മകളാൽ കാർന്നു തിന്നും
ജീവിതത്തിൻ പശിമകൾ.
കാലു് മാറ്റി ചവിട്ടിയാലും
പിന്നിലേക്കും മുന്നിലേക്കും
ചെറുതായി വളർന്നീടാൻ
ഇനിയെത്ര ദൂരമുണ്ടു്?

ഏറെ നാളു കൂടി കണ്ടപ്പോൾ
‘അമ്മ ചുരുങ്ങി,
ചുളുങ്ങിപ്പോയിരുന്നു,
വിടർത്തിയെടുത്തു്,
തേച്ചു മിനുക്കാൻ
പറ്റാത്തതു പോലെ.
അമ്മയുടെ വട്ടപ്പൊട്ടു്
അതേ പോലെ തന്നെ
വലുതായി നിന്നു
അമ്മയെപ്പോലെ.’
കുപ്പായത്തിന്റെ ഇഴകൾ ഉലഞ്ഞിരുന്നു
കാലത്തിന്റെ പഴക്കത്തിൽ
അടുക്കാനാവാത്ത അകൽച്ചയിൽ
തോർത്താനാവാത്ത നോവിൽ
തടുക്കാനാവാത്ത ചിന്തയിൽ.
അമ്മയ്ക്കു് പുതിയ കുപ്പായം
മേടിക്കാൻ ഇറങ്ങിത്തിരിച്ചു
ഏറ്റവും ചെറുതു്,
ചെറുതു്,
ഇടത്തരം,
വലുതു്, പിന്നെ അതിനുമപ്പുറം.
‘ഏറ്റവും ചെറുതു്’ പോലും
അമ്മയ്ക്കു് അധികമായി.
നീളം അമ്മയെ വിട്ടു് ഓടി
വീതി അമ്മയെ കവിഞ്ഞു ഒഴുകി
‘അമ്മ എന്നിട്ടും
വലുതാകാൻ കൂട്ടാക്കാതെ
ചെറുതായി, ഏറ്റവും ചെറുതാകാൻ ആഗ്രഹിച്ചു
മെരുങ്ങാതെ നിന്നു.
കുപ്പായത്തിന്റെ അടിവട്ടം ഉള്ളിലേക്കു്
മടങ്ങി,
മടക്കുകളുടെ കനത്തിൽ
അമ്മയുടെ കാൽപ്പാദത്തിനു് മേളിൽ
അതു് ഉരുമ്മി നിന്നു.
അമ്മയേ കവിഞ്ഞൊഴുകിയ വീതിയിൽ
കരകൾ ഉണ്ടായി, അമ്മക്കിരിക്കാൻ
അമ്മയ്ക്കു് ചായാൻ, ഇരുകരകൾ.
അരികുപറ്റി അമ്മയിലേക്കുള്ള വഴികളും
അളവുകൾക്കുള്ളിൽ അളവില്ലാത്ത
പ്രവാഹം പോലെ’ അമ്മ
കവിഞ്ഞൊഴുകി.

രണ്ടു പേർ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ
ജീവിതം
അതിലൊരാളുടെ
അവസാന ദൂതിൻ കാഹളം
കേൾക്കാത്ത മട്ടിൽ മുഖം തിരിക്കുന്നു.
അവരറിയാതെ
അതിലൊരാളുടെ
പുതിയ കുപ്പായത്തിന്റെ
മിനുസമുള്ള അരികുകൾ
ഉരുട്ടി തയ്ച്ചുകൊണ്ടു്.
അയാളുടെ വിചാരപ്പലകമേൽ
ബോദ്ധ്യങ്ങളുടെ മിനുമിനുപ്പുകൊണ്ടും
കണ്ണുകളിൽ തീക്ഷ്ണമായ ഉൾകാഴ്ചകൊണ്ടും
കടുംകെട്ടിട്ടു മുറുക്കുകയാവും.
അടുത്തുള്ളതു പോലും
ദുർഗ്രഹമാക്കിക്കൊണ്ടു്
അടുത്ത നിമിഷങ്ങളും
നാളെകളും ഉണ്ടെന്നു്
ഉറപ്പുകൊടുത്തുകൊണ്ടു്
കബളിപ്പിക്കുകയാവും
ജീവിക്കാനായി
നറുക്കു വീണവന്റെ
ഭാണ്ഡത്തിൽ
ഉപ്പിലിട്ടു വച്ചതും,
വീഞ്ഞായി മാറിയതും
കോർക്കിട്ടു് അടച്ചു വെക്കുന്നു.
നുരഞ്ഞു കവിഞ്ഞു പോകാതെ
ഇറുക്കെ അടക്കാതെ
ആരുമറിയാതെ
അയാളിൽ ചേർത്തു് കെട്ടി
വാഴ്‌വിന്റെ മന്ത്രവടി ചുഴറിവീശുന്നു.
ചുരുട്ടിപ്പിടിച്ച മുഷ്ടി മെല്ലെ നിവർത്തി
അവരിലൊരാളുടെ
ഇഹലോകബന്ധനങ്ങളുടെ കെട്ടുകൾ
വേഗം അഴിക്കുന്നു
കടന്നുപോകലിന്റെ
വഴിയൊരുക്കാൻ ജാഗ്രത്തോടെ
ശ്വാസം നേർപ്പിച്ചു കൊടുക്കുന്നു
ശേഷം
ഒരു രേഖ പോലും അവശേഷിപ്പിയ്ക്കാതെ
മാഞ്ഞു പോയവർ
വെളിപ്പെടലുകളുടെ സാധ്യതകൾ
തേടി സൂക്ഷ്മത്തിൽ വന്നടിയുന്നു
ഒറ്റക്കാവുന്നവന്റെ അലച്ചിൽ പരതലുകൾ
ജാഗ്രതയിൽ
ചെന്നു മുട്ടുമ്പോൾ
അരുളുകളുടെ ഗർഭഗൃഹം രഹസ്യ സ്രവങ്ങളാൽ
അവനെ പൊതിയുന്നു
പുനർജ്ജനിയുടെ വികൃതി കണ്ടു്
ആകാശത്തു് ഉടമ്പടിയുടെ
മഴവില്ലു്.

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിൽനിന്നും പൊളിറ്റിക്കൽ സയൻസിൽ. എം. ഫിൽ. Bitter Almonds, Ether Ore എന്നീ English ആന്തോളജികളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. നവമാധ്യമങ്ങളിൽ എഴുതുന്നു. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.
ചിത്രങ്ങൾ: മോഹനൻ