നിശ്ചലം ജലാശയം
മുറ്റിനിന്നീടുന്നതിൽ
കെട്ടടങ്ങാത്ത ദാഹം
ഒഴുക്കിൻ കനപ്പുകൾ
പച്ചച്ച
കായൽപ്പോള
ഓളത്തിൻ തരിപ്പിനെ
ധ്യാനത്താലെതിരേറ്റു്
കാലുകൾ നീട്ടിത്താഴ്ത്തി
നിർവൃതി നേടീടുന്നു.
തിട്ടമേലള്ളിക്കേറി മതിലേൽ
ചാരി നിൽക്കും വരത്തൻ പൊന്തക്കു്
നാടേതോ മലമ്പാത
വന്നടിഞ്ഞിടും തീരം
വീടെന്നു കരുതുമ്പോൾ
വേരുകളെങ്ങോട്ടെന്ന സങ്കടം
ബാക്കിയുണ്ടു്
കനാലിൻ പറ്റെ നിന്നു്
ചിലപ്പിൻ വാദ്യമേളം
അതിൽ നിന്നുയിർകൊള്ളും
ഭാഷ തൻ അർത്ഥം തേടി
കണ്ണുകൾ മേപ്പോട്ടോടി
ഉടലിൽ ചെണ്ടു കുത്തി
ശോകമൊട്ടില്ലെന്ന മട്ടിൽ
അശോകം വിളിക്കുന്നു
തളിർപ്പിൻ ലാസ്യ ഭാവം,
ചെറുനാവുകൾ താഴ്ത്തി
സാരള ്യഭാവം പൂണ്ടു്.
പുലരി നടപ്പുകാർ
യന്ത്രത്തിൽ കുടുങ്ങുന്നു
ചുവടിൻ എണ്ണം തേടി
കാഴ്ചകൾ മറക്കുന്നു.
മുളങ്കാടേറ്റുവാങ്ങും
കാറ്റിൻ ശിലായ്മയിൽ
അനക്കം തട്ടുന്നുണ്ടു്
പോളകൾ മിണ്ടുന്നുണ്ടു്
മാനത്തുകണ്ണിം മറ്റും
ഊളിയിട്ടുയരുന്നു
പരപ്പിൻ തട്ടിന്മേലെ
വിരികൾ മാറുന്നുണ്ടോ
വെട്ടങ്ങൾ തെളിഞ്ഞുവോ
നോക്കീട്ടു് മടങ്ങുന്നു
ആയതിൻ മാറിൽ കാണാം
വരഞ്ഞു കീറിയപോൽ
ജെറ്റിന്റെ കിതപ്പുകൾ
ദൂരത്തിൻ കീറലൊന്നു്
മുറി കൂടും മുൻപു്
കാഴ്ചയെ കവർന്നു ഞാൻ
മുന്നോട്ടു് നടക്കട്ടെ.
പണിയായുധങ്ങളെല്ലാം
പഴകി ദ്രവിച്ചു
മൂർച്ച കുറഞ്ഞതായി കാണപ്പെടുന്നു.
ഇടം വലം ഉരച്ചു
രാകി മിനുക്കാൻ
ഈ ഭൂപ്രദേശത്തു് അരമുള്ള കല്ലുകളുമില്ല.
കൊയ്ത്തിനായ് വരുന്നവരെ,
കൊളുന്തുകൾ വേഗം
നുള്ളിയെടുത്തോളു.
തളിരിലകൾ ഊർത്തിയെടുക്കുക.
വിളവുകൾ മെല്ലെ പൊട്ടിച്ചെടുക്കുക.
പൂക്കൾ തല്ലിക്കൊഴിക്കാതെയും
ഫലങ്ങൾ എറിഞ്ഞു വീഴ്ത്താതെയും നിങ്ങളുടെ
ക്ഷമ എന്റെ ഉടൽക്കാമ്പിനെ
നേരിട്ടു്
അറിയിക്കുക
പുതിയ കുപ്പായങ്ങൾ
എന്നെ അലോസരപ്പെടുത്തുന്നു
ആയതിനാൽ
തല്ലി നിവർന്നു്
ആടിയുലഞ്ഞു ശ്വസിക്കുന്ന തരം നൂലുകൾ
തലങ്ങും വിലങ്ങും വന്നെന്നെ മൂടട്ടെ
കരിങ്കൽ ഭിത്തികളുടെ തണുപ്പു്
അസ്ഥിയെ തൊട്ടുണർത്തുമ്പോൾ
അഴികളുള്ള കൂടുകളും
തുറസ്സിലേക്കു് മുഖം നോക്കുന്ന
കൂടാരങ്ങളും മോഹിപ്പിക്കുന്നുവല്ലോ
വെളിമ്പ്രദേശത്തു് രാപ്പകൽ വയറ്റാട്ടിയുടെ
സൂക്ഷ്മതയോടെ ഞാൻ
ഉറക്കമൊഴിഞ്ഞിരിക്കും
വിരിപ്പുകൾ വെളുപ്പിലും കറുപ്പിലും
താനേ നിവരുമ്പോൾ
കൈകുമ്പിളിൽ നിന്നു്
ഊർന്നിറങ്ങുന്ന ആത്മസത്തയെ
ഞാൻ പുനരാഗമനത്തിനായി
മണ്ണിലേക്കു് പറഞ്ഞു വിടും
ശ്വാസം പോലും നേർത്തതാണെനിക്കു്
വേണ്ടതു്
അഗ്രാഹ്യമായ ഇരുണ്ടപ്രദേശങ്ങളിലൂടെ
കുന്നും മലയും കേറിയിറങ്ങുമ്പോൾ
അതല്ലേ ഉചിതം.
അവസാനം
“വീടെത്തിയെന്നുള്ള ആശ്വാസം”
തോളുകൾ കുലുക്കി
ഒട്ടും കിതപ്പില്ലാതെ
പറയണമെന്നുമുണ്ടു്.
അന്നൊക്കെ
ഊഹം വച്ചു്
കമ്മലിടുമ്പോഴും
സേവനാഴിയിൽ
മാവു് നിറച്ചു അടപ്പു് തിരിക്കുമ്പോഴും
അമ്മ പറയാറുണ്ടായിരുന്നു.
“പിരിവെട്ടാതെ സൂക്ഷിക്കണം” എന്നു്
എത്ര സൂക്ഷിച്ചിട്ടും
പിരിവെട്ടിയിട്ടുണ്ടു്
അപ്പോൾ വലത്തോട്ടു്
വാശിയോടെ മുറുക്കില്ല
ഒന്നയഞ്ഞു നിന്നു് ശ്വസിച്ചു
ഇടത്തോട്ടു് മെല്ലെ തിരിച്ചു
പുറത്തു വരും
അറിവു് തിരിച്ചറിവാകും.
ഒരൊറ്റ വെട്ടിൽ ചുറ്റിക്കറങ്ങി
തുരങ്കങ്ങൾക്കുള്ളിലേക്കു്
അമർന്നു പോയൊരു ആണി
എന്തിന്റെയൊക്കെയോ ഉറപ്പാണു്
താനെന്നു് അവകാശപ്പെടുന്നു.
എങ്കിലും
രേഖപ്പെടുത്താനാവാത്ത
ചെറുപ്രകമ്പനങ്ങൾ പോലും
അതിനെയും ഭയപ്പെടുത്തുന്നുണ്ടു്.
ഉച്ചസമയത്തു്
ചോറ്റുപാത്രത്തിന്റെ
പിരിവെട്ടുന്നതു് ദുരന്തമാണു്
അതു് സമവാക്യങ്ങളെയും
നീതിസാരങ്ങളെയും
ജഡരാഗ്നിയാൽ ഭസ്മമാക്കും
പുക പിടിച്ചൊരു ആത്മാവു്
പടരാനുള്ള വെമ്പലുമായി
വിടുതലിന്റെ മുഴക്കത്തിനു്
ചെവികൂർപ്പിച്ചു എവിടെയോ
ചിന്നിച്ചിതറും
അപ്പോഴും
ആന്തരികമായ ചുറ്റുവളയങ്ങളിൽ
ബോദ്ധ്യങ്ങളോരോന്നും
പിരിവെട്ടാതെ തിരിഞ്ഞു കൊണ്ടിരിക്കും
ജാഗ്രത്തിലും സൂക്ഷ്മത്തിലും
നടക്കുന്നതാകയാൽ
അതു് ദൃശ്യലോകത്തിനു്
നിഷേധിക്കപ്പെടുന്ന ഒന്നാണു്.
ഞാൻ ആലോചിക്കുകയായിരുന്നു
സമയത്തെക്കുറിച്ചു
അതിന്റെ പിരി എപ്പോഴും
മുന്നോട്ടു് തന്നെയാണല്ലോ
തിരിച്ചിറക്കി വിടില്ലാന്നുള്ള
ഉത്തമബോധ്യത്താലല്ലേ
വെട്ടിലൊന്നും വീഴ്ത്താതെ
മർത്യരെ ഇങ്ങനെ
എങ്ങോട്ടോ
‘യേതുമൊന്നുമറിയാതെ’
കൊണ്ടു് നടക്കുന്നതു്.
ആർക്കറിയാം.
രണ്ടായിരത്തിപ്പത്തിൽ ഒക്കിനാവോയിലെ തുറമുഖത്തു് നിന്നു്
പുറപ്പെട്ടപ്പോൾ
ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ
എല്ലാം കൃത്യമായി എഴുതിയിട്ടിരുന്നു.
വിശാലലോകത്തിലേക്കുള്ള
പ്രവേശനപാത
ശാന്ത സമുദ്രത്തിന്റെ സൗമ്യതയിലൂടെ
ചെറി വസന്തവും നീലപൊൻവെട്ടവും
ഓർമ്മകൾക്കു് വിട്ടു കൊടുത്തു.
കടന്നു പോകലിന്റെ മുദ്ര പതിപ്പിച്ചു
പസിഫിക്കിനെ നൊമ്പരപ്പെടുത്തിയുമില്ല
പൊടുന്നനെ മുറികൂടിയ ജലപ്പിളർപ്പു്.
മേലെ പറക്കുന്ന ദേശാന്തരഗാമികൾ
വാലു് കുത്തി മറിയുന്ന ഡോൾഫിനുകൾ
പ്രയാണത്തിനു് സാക്ഷിയായി
ഇരുളും വെളിച്ചവും.
സൗത്ത് ചൈന വഴി
മലാക്ക കടലിടുക്കു് കടന്നു്
ഇന്ത്യൻ മഹാസമുദ്രത്തിന്റെ
ആലിംഗനത്തിലമർന്നു്
അങ്ങനെ
പേർഷ്യൻ ഗൾഫിന്റെ തീരത്തു്.
ഒരിടത്തു്
ഒന്നിരിക്കാൻ കൊതിച്ചു.
ഒറ്റയിരുപ്പിനു് അനുവദിച്ചു കിട്ടിയതു്
പത്തു് വർഷം.
കോർണിഷിലെക്കു് തുറക്കുന്ന
പച്ച ജനാലകളുള്ള വീടു്.
അറേബ്യൻ ഊദിന്റെയും
ലെബനീസ് ഫലഫിലിന്റെയും
ഗന്ധം പേറുന്ന വഴികൾ
അടുക്കളയോടു് ചേർന്നു്
വീടെന്ന കൂട്ടിച്ചേർക്കലിൽ
അലക്കെന്ന മഹാദൗത്യം.
അതിൽ ഉടൽമർമ്മരം ആടിയുലഞ്ഞു
15,
30,
45
അക്കങ്ങളിൽ ജലനിരപ്പു്
ക്രമീകരിച്ചിരുന്നു
അതിൽ കർത്തവ്യങ്ങൾ
വെളിപ്പെട്ടു.
ചെറുതു്
വലുതു്
മിനുസമുള്ളതു്
പരുപരുത്തതു്
കടും നിറങ്ങൾ
ഇളം നിറങ്ങൾ
സന്ദർഭമനുസരിച്ചു ആടിത്തീർത്തും
കറങ്ങിയടിച്ചും
കിതച്ചൂതിയും
ഒറ്റബിന്ദുവിൽ
വിശ്രാന്തി.
ആ താളത്തോടു് ജീവിതം സമരസപ്പെട്ടു
മനോവിചാരങ്ങൾക്കൊത്തു്
കേൾവിയെ മുറിക്കാതെ
ചരടു് പൊട്ടാതെ
കൊളുത്തുകൾ കുരുങ്ങാതെ
നാണയങ്ങൾ ചളുക്കാതെ…
ഔപചാരികമായതൊക്കെ വിട്ടു നിന്നു.
മേന്മയേറിയതു് അകന്നും.
മരുക്കാറ്റു് വെള്ളയെ
ചുവപ്പിച്ചു
നേർത്തതിനെ എതിർദിശയിലേക്കു് പറത്തി
ക്ലിപ്പുകളിൽ നിന്നു്
വേർപ്പെടാതെ നിന്നവയെ
ഒരുവൾ “സ്വന്തം” എന്നു് വിളിച്ചു.
പെട്ടന്നൊരു ദിനം
അറബിക്കടലിന്റെ തീരത്തു്
പലവകയിൽ ഒന്നായി
ട്രാൻസ്ഫർ ഓഫ് റെസിഡൻസ്
എന്നൊരു മുദ്രയിൽ
ദൂരങ്ങൾ, വർഷങ്ങൾ
ജീവിതാവേഗങ്ങളുടെ ചുവടുകൾ വച്ചു.
ക്ഷീണം, ഞരക്കം,
കാര്യക്ഷമതയിൽ പിന്നോക്കം
ഓർമ്മക്കുറവു്
അവർ അമർത്തുന്ന അക്കങ്ങളിൽ
എന്നിലെ പ്രവാഹം നിലക്കുന്നു
എനിക്കാവുന്ന അക്കങ്ങളിലേക്കു്
അവരിറങ്ങാൻ മടിക്കുന്നു
ലോകം ഉറങ്ങട്ടെ.
കളി എത്ര കണ്ടിരിക്കുന്നു.
പാറ്റകൾ വട്ടം ചേർന്നു.
പെട്ടെന്നു്,
വളരെ പെട്ടെന്നു്
ഒക്കിനാവോയിലെ തലച്ചോറിൽ
കിരുകിരുപ്പു്, മന്ദത
പ്രതിനിധി ബുള്ളെറ്റിനിൽ കുറിച്ചിട്ടു.
നാഡീശോഷണം
ചാവേർ ആയവരെപ്പറ്റിയുള്ള ഓർമ്മ
അലമാരകൾക്കുള്ളിലിരുന്നവരെ
വിറപ്പിച്ചു,
എങ്കിലും
രാത്രിയാകാൻ, സംഘം കൂടാൻ
അവർ പകൽപ്പോളകൾക്കുള്ളിൽ
പതുങ്ങിയിരുന്നു.
നൊടിയിടയിൽ ചിതറാൻ പാകത്തിൽ
ജാഗ്രതയോടെ
പ്രപഞ്ചത്തെ തൂണിലും തുരുമ്പിലും
അറിഞ്ഞു കൊണ്ടു്
ഇപ്പോഴും
തന്നാലാവുന്നതു് ചെയ്തു കൊടുത്തു്
ഊരിയും പിഴിഞ്ഞും
ഒറ്റയ്ക്കൊരു മൂലയിൽ
പതുങ്ങുന്ന 15 എന്ന അക്കത്തിൽ
നിലംപറ്റിച്ചേർന്നു് മുതുകു് കൂനിയ ബാലൻ.
ഉറക്കം വന്നു് സ്പർശിക്കാത്തൊരാളെ
രാത്രി
അതിന്റെ പണിശാലയിലേക്കു്
കൂട്ടിക്കൊണ്ടു പോകുന്നു
ഒരു സംഘമായിരുന്നാണു് അവർ ഇരുട്ടിനെ
രാകി രാകി മിനുക്കുന്നുന്നതു്
പകലിന്റെ
അലകുകൾ തെളിയും വരെ
അതു് തുടരേണ്ടതുണ്ടു്
പൂക്കാൻ ഒരു മരം
പൊഴിയാനൊരു പടം
വിണ്ടുപൊട്ടി മണ്ണിൽ പുതയാൻ
ഒരു വിത്തു്
പിടിവള്ളികൾക്കായ് ഒരു തലപ്പു്
തൊട്ടിലിൽ, കട്ടിലിൽ
വെറും നിലങ്ങളിൽ
വിയർപ്പൊട്ടുന്ന
വാഴ്വിന്റെ
വെമ്പലുകൾ
ഷിഫ്റ്റുകൾ
മാറിക്കൊണ്ടിരിക്കുന്നു
മനുഷ്യ നിർമ്മിതി
പ്രപഞ്ച നിർമ്മിതി
യന്ത്ര നിർമ്മിതി
ആത്മാവിഷ്കാരങ്ങൾ
മൂർത്തം
അമൂർത്തം
തീർപ്പുകൾ പലതാണു്
മേലേക്കു് ഉയരണം
താഴേക്കു് നിലം പറ്റണം
മടിയിൽ ഭാരമുള്ളവൻ
ഒരല്പം നിദ്ര കടം ചോദിക്കുന്നു
നെടുവീർപ്പോടെ
പ്രതീക്ഷയുടെ വെറുംനിലത്തേക്കു്
കണ്ണുകൾ പായിക്കുന്നു.
പരിത്യക്തനായ ഒരുവനിൽ
നിദ്ര
വാഴ്ചയുടെ മൂർദ്ധന്യതയിൽ
വീണ്ടും മൂർച്ച കൂട്ടുകയാണു്
അവനെ രാത്രിയുടെ രാജാവായി
വാഴിക്കുകയാണു്.
വരുന്നവരും പോകുന്നവരെയും
രാത്രി വളരെ സമർത്ഥമായി
തന്നിൽ ഒളിപ്പിക്കുന്നു
അവർ പരസ്പരം
അറിയാതിരിക്കേണ്ടതാകയാൽ…
പകലിന്റെ ചെളിപിടിച്ച വസ്ത്രം
രാവിൽ അഴിച്ചു വച്ചു് ആരോ കരയുന്നു
ശരീരഘടികാരങ്ങളിൽ
ചുവപ്പിന്റെ മഷി
ജീവിതനിരാസത്തോടെ
ഭാഷയില്ലാത്ത
ഒന്നു് തിരികെ മടങ്ങുന്നു
അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ
ലക്ഷ്യം തെറ്റിയ പോലെ
മഴമേഘങ്ങൾ
ആരെയോ
വേർപിരിയലിന്റെ വിഷാദം
പൊതിയുന്നു
എവിടെ നിന്നോ നിലക്കാത്ത കണ്ണുനീർ
ദിക്കുകളിൽ നിന്നു് വലയം ചെയ്യുന്ന സങ്കടത്തിന്റെ കാൽപ്പാടുകൾ
മനസ്സിനെ ശുദ്ധീകരിക്കുന്ന
കതാർസിസ്
തീർച്ചയായും
ലോകത്തിനു് അകത്തും പുറത്തുമുള്ള
ചിലതൊക്കെ കണ്ടു തീർക്കെ
ഉറക്കം വന്നു് തൊടുന്നു
മടക്കം അതിവേഗത്തിലാവുന്നു.
ചെന്തീ പോലൊരു മാലാഖ
കൂട്ടിക്കൊണ്ടു് പോയ
ആളെ കാണുവാൻ
അന്നൊരിക്കൽ നട കയറി
ബലമുള്ള കൈകളിൽ
മുറുക്കെപ്പിടിച്ചു
മരണത്തെ കാണുവാൻ
ബാലികയുടെ ചെറു ചുവടുകൾ
കുത്തനെയുള്ള പടവുകൾ
പായൽപച്ച
പന്നൽവിശറികൾ
പാതി വഴിയിൽ അധികനിരപ്പു്
അതു് ശ്വാസത്തെ
കിതപ്പിച്ചു നേർപ്പിച്ചാറ്റി.
പടവുകൾ അവസാനിക്കുന്നിടത്തു്
നടുമുറ്റത്തു്
പേടകത്തിനുള്ളിൽ
മരണം.
ചുറ്റും
പരിമള ധൂപങ്ങളുടെ ഗന്ധം
പ്രത്യാശയുടെ ഗീതങ്ങൾ
കൂമ്പിയ കണ്ണുകളുടെ നിര
അതു് വിരഹം, വേർപാടു്, ശൂന്യത
എന്നീ വാക്കുകൾ പഠിപ്പിച്ചു.
മഹിമ പുതപ്പിച്ച അന്തിവെട്ടം
ജപങ്ങളിൽ പെരുക്കങ്ങൾ
ആവർത്തനങ്ങളുടെ ദീർഘദൂരങ്ങൾ
കോട്ടുവായകൾ
പുഷ്പചക്രങ്ങളിൽ നിന്നു്
പറന്നു് പൊങ്ങി
ദുഃഖത്തിന്റെ അളവെടുക്കുന്ന
കരിവണ്ടു്.
മുനിഞ്ഞു കത്തുന്നവയെ
കെടാതെ സൂക്ഷിക്കുന്ന
കൈക്കുമ്പിൾ കരുതലുകൾ
ജീവനിൽ നിന്നേ ജീവനുള്ളൂ.
ബോധത്തിൽ
ആരോ പറഞ്ഞു തരുന്നു…
പടിയിറങ്ങുമ്പോൾ
പേരറിയാത്ത പൈതങ്ങൾ
കൽകെട്ടുകളുടെ കൈവരികളിലൂടെ
ഊർന്നിറങ്ങുന്ന കാഴ്ച്ച
മൂടു് പോയ കളസങ്ങൾ
തൊലിപ്പുറത്തെ തിണർപ്പുകൾ
അവർ ആർപ്പുവിളിക്കുന്നു
ഒന്നിന്റെ മറുവശം
തീർച്ചയായും ആ കരിവണ്ടു്
അതും കണ്ടിട്ടുണ്ടു്
പൂക്കളുടെ നെഞ്ചകങ്ങളിൽ
പതിയിരിക്കുന്ന അരിവിത്തുകൾ
അതു് കേട്ടിട്ടുമുണ്ടാവും.
അതിലൊരാൾ
വിധവയെന്ന നാമം
മരണം മുദ്രകുത്തി കൊടുത്തവൾ
പാതി കൂമ്പിയ കണ്ണുകൾ
പിറ്റേന്നത്തേക്കു് വിടർത്തുവാൻ
ജാഗ്രത്തോടെ സൂക്ഷിച്ചു.
ക്ഷണികമാണു് എല്ലാം
എന്നറിഞ്ഞു കൊണ്ടുതന്നെ
ഒരു പിടി കുന്തിരുക്കം
മണ്ണിലേക്കെറിഞ്ഞു തീർത്തു
ശേഷം
ഓർമ്മയെ നിശ്ചയത്തിന്റെ
അടപ്പിട്ടു മുറുക്കി.
ശേഷം
പെയ്തടങ്ങാത്ത മഴ
ഇതെപ്പോൾ തോർന്നു കിട്ടും?
പടിവാതിൽക്കൽ നിന്നു്
അവർ മാനത്തോടു് ആരാഞ്ഞിട്ടുണ്ടോ?
ഇതെങ്ങനെ കടിച്ചമർത്തും എന്നു്
ചുണ്ടുകളോടു്,
ഇതും കൂടി ഒഴുക്കിലേക്കു്
കലർത്തട്ടെ എന്നു് പുഴയോടു്.
പിന്നെയുമുണ്ടു്…
അവ്യക്തമായ നിരവധി
അനുമാനങ്ങൾക്കപ്പുറത്തു്
നിന്നും ജീവിതം
കൺമിഴിക്കുന്നു.

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസില്നിന്നും പൊളിറ്റിക്കൽ സയന്സിൽ എം. ഫിൽ. Bitter Almonds, Ether Ore എന്നീ English ആന്തോളജികളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഡോക്ടർ മിനി ബാബുവിന്റെ ഷോർലൈൻസ് എന്ന ആംഗലേയ കാവ്യസമാഹാരത്തിന്റെ സ്വതന്ത്ര വിവർത്തനം ‘ഒരേ പകൽ’ എന്ന പുസ്തകത്തിലൂടെ നിർവ്വഹിച്ചിട്ടുണ്ടു്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.