
പുലർച്ചെ ഒന്നു് മുപ്പതിനാണു്
എന്റെ ഉറക്കത്തിനുമേലെ
ആ തീവണ്ടി ശബ്ദം
കൂകി പാഞ്ഞു കടന്നു പോകുന്നതു്.
ഞാനപ്പോൾ രാവെന്നോ പകലെന്നോ
നിശ്ചയമില്ലാത്തൊരു അവസ്ഥയിൽ നിന്നു്
എന്നെ ഊരിയെടുത്തു്
ഇരുട്ടിന്റെ കുപ്പായത്തിൽ
തണുപ്പും പുതച്ചു കൊണ്ടു്
ആ രാത്രിവണ്ടിയുടെ
അവസാന ബോഗിയിലെങ്കിലും
ഇടം പിടിക്കും.
ആ സമയം
സുബോധത്തോടെ
പകലിലേക്കുള്ള പ്രയാണത്തിൽ
ഇരുട്ടിനെ തുളച്ചു കീറി
രാത്രി വണ്ടി പായുകയാവും.
തിങ്ങി നിറഞ്ഞ തീവണ്ടിയിൽ
എന്നെ പോലെ പലരുണ്ടു്.
പല ഇടങ്ങളിൽ നിന്നു്
കുതറി മാറി ബോഗികളിൽ
കയറി പറ്റിയവർ.
ഇരുന്നുറങ്ങുന്നവരിൽ നിന്നു്
എത്രയോ പേർ ഞങ്ങളെപ്പോലെ
എങ്ങോട്ടോ ഇറങ്ങിപോയിട്ടുണ്ടു്?
എന്തിനെന്നോ, എങ്ങോട്ടെന്നോ
അറിയില്ലാത്ത യാത്രയിൽ
യാത്രികർക്കെല്ലാം ഒരേ മുഖമാണു്.
പോകുന്നതെല്ലാം ഒരേ വഴിയാണു്
പുലരുന്നതെല്ലാം ഒരേ രാവിലാണു്.
ഏകാകിനിയായി തിരിച്ചുള്ള വരവിൽ,
ഉറക്കമെണീറ്റ ഒരുവൾ
ആലസ്യത്തോടെ വീട്ടിലുണ്ടാവും.
പുതപ്പു് മടക്കികൊടുത്തു കൊണ്ടു്
ഒന്നുമറിയാത്ത പോൽ
അവളിലേക്കു് കടന്നുകൂടും.
കിടക്കവിരിയുടെ നാലുമൂലകളും
വലിച്ചൊതുക്കി നിരപ്പാക്കി
കൈകോർത്തുകൊണ്ടു്
പകലിലേക്കു ഇറങ്ങും.
പിന്നെയങ്ങോട്ടു്
പുലരിയുടെ കലപിലകളും
കടുകു് വറുക്കുന്ന മണവും
ആവി പറക്കുന്ന പ്രാതലും
വീടിനെ ഉണർത്തുമ്പോൾ
കുറ്റബോധത്തോടെ ഞാനെന്റെ
കണ്ണുകൾ താഴ്ത്തും.
അപ്പോൾ
ഏറെ തല്ലു വാങ്ങി പതം
വന്നൊരു പുൽച്ചൂൽ
എന്നെയുമെടുത്തു്
പരിഹാര പ്രദക്ഷിണം
തുടങ്ങിയിട്ടുണ്ടാവും.
തൂത്തു വാരിക്കൂട്ടിയതൊക്കെയും
തന്റേതല്ലെന്ന കൈമലർത്തലിൽ
ആ ശ്രേഷ്ഠ ജന്മം
വേഗം പണി തീർത്തു്
ഒരു മൂലയിലേക്കു്
ഒതുങ്ങി മാറും.
എങ്കിലും താണ്ടിയ ദൂരങ്ങളും
യാത്രയുടെ ലഹരിയും
പിന്നെയും രാത്രിവണ്ടിയേൽ
കേറിപ്പറ്റാൻ പ്രേരിപ്പിച്ചു
കൊണ്ടേയിരിക്കും.

അപ്പോൾ
തുറന്ന ആകാശത്തോടു്
നദി സമ്മതം ചോദിച്ചു.
അതു് കേട്ട യുവാവായ
തോണിക്കാരൻ
കരയിലേക്കു് ആഞ്ഞു തുഴഞ്ഞു.
അവർ നാലു പേരുണ്ടായിരുന്നു.
വട്ടത്തിലുള്ള കടത്തു തോണിയെ
നാലായ് പകുത്തു് കണ്ണുകൾ കൊണ്ടു്
ഓരോരുത്തരുടെയും അളവെടുത്തു്
അയാൾ ഇരിപ്പിടങ്ങൾ
കാണിച്ചു കൊടുത്തു.
മെടച്ചിൽപ്പണികളുടെ
ചേർപ്പിൽ ജലോപരിതലത്തിൽ
നാലു ജോഡി കാൽപാദങ്ങൾ
മദ്ധ്യബിന്ദുവിൽ എട്ടായി ഇരട്ടിച്ചു
ചേർന്നിരുന്നു.
തോണിക്കാരൻ ഇരിക്കാൻ
തനിക്കു് യുക്തമെന്നു തോന്നിയൊരു
വക്കത്തു് പങ്കായമെടുത്തു്
ചെരിഞ്ഞിരുന്നു.
കരയിൽ നിന്നു്
അകലുന്തോറും
നദിയുടെ വിരിവു്
കൂടുന്നതായി അവർക്കു്
തോന്നി.
വിരൽത്തുമ്പിൽ
ആഴത്തിന്റെ തണുപ്പു്.
ആഴത്തിലേക്കു്
ജീവിതത്തിന്റെ തരിപ്പു്.
പൊടുന്നനെ
അയാൾ ചോദിച്ചു.
തുഴയുന്നുവോ
ആരെങ്കിലും?
കൂട്ടത്തിലെ ചെറിയ പെൺകുട്ടി
വേഗം
അതിനു ഉത്തരമേകി.
പിഞ്ചു കൈകൾ
പങ്കായം കൊണ്ടു് നദിയെ
ഇക്കിളി കൂട്ടി.
ആകാശവാതിലുകൾ
അപ്പോഴും
തുറന്നു് തന്നെ കിടന്നിരുന്നു.
ഓരോരുത്തരും
അപ്പോഴത്തെ തങ്ങളുടെ
മനസ്സു്
പങ്കായം കൊണ്ടു്
നദിയിൽ ഏഴുതി.
ഓളങ്ങളുടെ
ഇളക്കങ്ങളിലൂടെ നദി
പല താളുകളുള്ളൊരു
പുസ്തകമായി.
അവസാനം അവരുടെ
ഊഴം
വന്നെത്തി.
ആഴം ഒത്തിരി ഉണ്ടോ?
വിറയ്ക്കുന്ന കരങ്ങളോടൊപ്പം
ആ ചോദ്യത്തിൽ
ചുണ്ടുകളും വിതുമ്പി.
നാല്പത്തിയൊമ്പതു് അടി!!
തോണിക്കാരൻ ചിരിച്ചു
കൊണ്ടു് ആ വിതുമ്പൽ
മേലേവീട്ടിലേക്കു്
എറിഞ്ഞു കൊടുത്തു.
നദിയുടെ ഒത്ത നടുക്കായിരുന്നു
വഞ്ചി അപ്പോൾ.
ഒരു നിമിഷത്തിൽ
തോണിക്കാരൻ
പമ്പരം പോലെ വഞ്ചിയെ
ചുറ്റിച്ചു.
പിന്നെയതു്
തൊട്ടിൽ പോലെ
രണ്ടു് വശങ്ങളിലേക്കും
ഇളകിയാടി.
നദിയുടെ മാറിൽ വാത്സല്യം
നുരഞ്ഞു പൊങ്ങി
അനന്തതയെയും
ആഴത്തെയും
സാക്ഷിയാക്കി തോണി
തീരത്തോടു് അടുത്തു.
ഇനി വാതിലടച്ചോളു
എന്നൊരു നോട്ടം
ആകാശത്തിനു കൊടുത്തിട്ടു്
ആ നാലു് പേരെയും
കരയെ ഏല്പിച്ചു
തോണിക്കാരൻ
ഉള്ളിൽ ഒരു പാട്ടു് മൂളി.

ചുവപ്പിന്റെ നേർത്ത സൂചിമുനകൾ
കടും പച്ച താലത്തിൽ
കടുംകെട്ടിട്ടു് കുത്തിക്കെട്ടി
തുന്നിയിരിക്കുകയാണു്.
പേരു് ചോദിച്ചപ്പോൾ
പൗഡർ പഫ് എന്നു് പറഞ്ഞു ചിരിച്ചു.
കണ്ണുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന
ഭൂമിയിലെ ആ വിളംബരം ഓർമ്മ വന്നു.
ജനനം!!
തൊട്ടിൽ, പാൽമണം
പിന്നെ, അടപ്പുള്ള ഡപ്പയിലെ
പൗഡർ പഫും, ചെറു പിടച്ചിലുകളും.
കണ്ണു് രജിസ്റ്റർ ചെയ്തു വയ്ക്കുന്ന
മറ്റൊരു കാഴ്ചയും ഇല്ലേ?
മരണം!
നിശ്ചലതയിൽ
മേനി പുൽകും പൂക്കളുടെ തലോടൽ.
അവസാനം വരെ ദേഹിയെ
പുണർന്നിരിക്കാൻ പുതപ്പാവുന്നവർ.
പൗഡർ പഫ്!!
ആ വിളിയിൽ
ലെയ്സ് വച്ച താലത്തിലിരുന്നു
പൂവു് നടുങ്ങി, കാറ്റു്
വന്നു് പൂവിനെ തൊട്ടിലാട്ടി.
ഒരു പേരിലെന്തിരിക്കുന്നു?
ഏറെ ഉണ്ടെന്നു് ഉത്തരം.
പതിച്ചു കിട്ടിയ പേരുമായി
പൂവു് ചെടിവിട്ടിറങ്ങുകയായി.
പൂവു് വീടിനെ ചാരുകയായി
വീടു് പൂവിനെ ചേർത്തു് പിടിക്കുന്നു
വീടിന്റെ സ്വരം, വീടിന്റെ നിറം
പിറവികൾ, കടന്നു പോവലുകൾ
ആഹ്ലാദങ്ങൾ ഒക്കെയും.
മഴ വരുന്നുണ്ടെന്നു് പൂ പറയുന്നു
കിളി വന്നുവെന്നും കൂടുകൂട്ടിയെന്നും
ഒരു കുടുംബം പറന്നു പോയെന്നും
പറഞ്ഞവർ വാചാലരാവുന്നു.
മുറ്റത്തെ വറ്റലിൻ ഉപ്പു്
നോക്കാൻ കാക്ക വന്നുവെന്നും
ചരലിൽ ഒരു കുഴി കുഴിച്ചു
ലജ്ജയോടെ പൂച്ച നടന്നു പോയെന്നും
പറഞ്ഞവർ കൈ ചൂണ്ടുന്നു.
സന്തോഷത്തിന്റെ രഹസ്യങ്ങൾ
തുന്നിപ്പിടിപ്പിച്ച ചേല നിവർത്തിയിട്ടു്
പൗഡർ പഫ് ഉന്മാദിനിയാകുന്നു.
പിന്നെ ഒരു നെടുവീർപ്പിൽ
വീടു് വിട്ടു് പറന്നു പോയവരുടെ
ആത്മാക്കളെ തലോടിക്കൊണ്ടു്
പൗഡർ പഫ് ദുഖത്തിന്റെ
രഹസ്യങ്ങൾ ഉരുവിടുന്നു.
അതിനുശേഷം കുടഞ്ഞു ചിരിച്ചുകൊണ്ടു്
വീടിനെ ആഞ്ഞു പുണരുന്നു.

അന്നേ ദിവസം
ചുവന്ന വെൽവെറ്റു പുതപ്പിച്ച
തട്ടു പലകയിലേക്കാണു്
അവൾ ആനയിക്കപ്പെട്ടതു്.
കാലം അതായിരുന്നു.
ജീവിതത്തിന്റെ റാമ്പിൽ
ഒരുവളുടെ ഉടയാടകളുടെ
തിരഞ്ഞെടുപ്പു്.
അക്ഷമരായി വിധികർത്താക്കൾ.
അവിടെ രണ്ടു് പ്രദേശങ്ങൾ കൂടിച്ചേരുകയാണു്.
രാജ്യം വികസിക്കുകയാണു്.
അരയിൽ മുറുകിയ നാടയിൽ ആഴ്‌ന്നിറങ്ങാൻ
തയ്യാറെടുത്തു നില്ക്കുന്ന ഞൊറിവുകൾ.
ആറു മുഴം ചേലയിൽ
ക്ഷണനേരം കൊണ്ടു്
ശരീരത്തെ പകുത്തെടുത്തു്
തോളിലേക്കു് ചായുന്ന
മാന്ത്രിക വിദ്യ.
നിരവധി സൂക്ഷിപ്പുകളുടെ
മേൽപ്പാളി.
പുരാതനമെന്നോ
പരമ്പരാഗതമെന്നോ
ആധുനികമെന്നോ
എഴുതിവച്ച കണ്ണാടിക്കൂടുകളിലേക്കു്
പായുന്ന കണ്ണുകൾ
അവയിലേക്കു് നീണ്ടു ചെല്ലുന്ന വിരലുകൾ.
ഒരുവൾക്കു വേണ്ടി
ആരോ നിറങ്ങൾ തിരയുന്നു.
ഒരുവൾക്കു് വേണ്ടുന്നതൊക്കെയോ
ആരാലോ നിശ്ചയിക്കപ്പെടുന്നു.
അന്തരംഗത്തിനുമേൽ
പുതിയൊരു പാളി വന്നു വീഴുകയാണു്.
കടലിന്റെ നീല,
രാജകീയതയുടെ ചുവപ്പു്
വീഞ്ഞിന്റെ, വാടാമുല്ലയുടെ,
പിസ്തയുടെ, നാരങ്ങയുടെ
തത്തമ്മയുടെ,
ഇഷ്ടികയുടെ നിറങ്ങൾ.
ഗ്യാലറിയിൽ ഇറുകി അടയുന്ന
കണ്ണുകൾ
മിന്നൽ ചിരികൾ,
ചൂണ്ടു വിരലിൽ ഉരയുന്ന
തള്ളവിരൽ.
ചരക്കുകളുടെ സമ്മതപത്രം
ഒപ്പിടുവിക്കുന്ന കാതുകൾ.
തൃപ്തി മൊത്തിക്കുടിച്ചു
ദേശങ്ങൾ വിശ്രമിക്കവേ
മണ്ണിന്റെ, ചെളിയുടെ,
വിളർച്ചയുടെ ഇരുട്ടിന്റെ
നിറങ്ങളുടെ ശബ്ദം അവൾ കേട്ടു.
അരക്കെട്ടിലെ നാടയിൽ നിന്നു്
മുക്തി നേടും മുൻപേ
അവൾ ദൂരേക്കു് കൈ ചൂണ്ടി.
“ഒനിയൻ പിങ്ക്.”
അല്ലെങ്കിലും
നേർത്ത മേലുടുപ്പിൽ നിന്നു്
അടരുകളായി വഴുതി മാറി
അകക്കാമ്പിൽ തന്നെ കണ്ടെത്താൻ
അങ്ങനെയൊരു തീരുമാനത്തിനു്
മനക്കെട്ടിട്ടു് അവൾ വേദി വിട്ടിറങ്ങി.

1972-ല്‍ കോട്ടയം ജില്ലയില്‍ ജനനം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസിൽനിന്നും പൊളിറ്റിക്കല്‍ സയന്‍സിൽ എംഫില്‍. ഏറെ നാളത്തെ വിദേശവാസത്തിനും അധ്യാപനത്തിനും ശേഷം ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസം. Bitter Almonds, Ether ore എന്നീ English ആന്തോളജികളിൽ കഥയെഴുതി മഹാമാരിക്കാലത്തു് ഇഷ്ടമേഖലയിലേയ്ക്കു് പ്രവേശം. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.
ചിത്രങ്ങൾ: മോഹനൻ