images/Hackert_Villa_des_Maecenas.jpg
Villa des Maecenas with the Waterfalls in Tivoli, a painting by Jacob Philipp Hackert (1737–1807).
ഭയമെന്ന രാജ്യം
സാബു ഹരിഹരൻ
ഒന്നു്

താനൊരു പിടിവാശിക്കാരനല്ലെന്നു് തെളിയിക്കാനൊരു അവസരം—എവിടേക്കാണു് പോകേണ്ടതെന്ന ചോദ്യം വിധുവിനോടു് ചോദിക്കുമ്പോൾ മധുവിനു് അങ്ങനെയൊരു മുൻവിചാരമുണ്ടായിരുന്നു. സ്ത്രീകൾക്കു് പരിഗണനയും പ്രാധാന്യവും കൊടുക്കുന്നൊരാളാണു് താനെന്നു് ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്കു് ബോധ്യപ്പെട്ടിട്ടുണ്ടാവണം. മൂന്നാർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ കൊടൈക്കനാൽ. എന്നാൽ ഒട്ടുംതന്നെ പ്രതീക്ഷിക്കാത്തൊരു സ്ഥലപ്പേരാണു് വിധു പറഞ്ഞതു്. ഒരിക്കൽ താൻ പോകണമെന്നു് സ്വപ്നം കണ്ടിരുന്നൊരിടം—മധു ഓർത്തു. മറവിയിലേക്കു് മനപൂർവ്വം ചവിട്ടിത്താഴ്ത്തിയ അസുഖകരമായ ഓർമ്മകൾ അടുത്ത നിമിഷം പൊടുന്നനെ പൊന്തി വന്നു. കോളേജ് ടൂറിനു്, ബാച്ചിലെ സകലരും മണാലിയിലേക്കു് പുറപ്പെടുമ്പോൾ ചുട്ടുപൊള്ളുന്ന പനിയുമായി വിറച്ചു് കിടന്ന ആ നശിച്ച ദിവസങ്ങൾ… അന്നു് പനിക്കിടയിൽ കിടന്നുകൊണ്ടു് പ്രതിജ്ഞ ചെയ്തതാണു് എന്നെങ്കിലുമൊരിക്കലവിടം സന്ദർശിക്കുമെന്നു്. ഇപ്പോഴിതാ ഒരു നിയോഗം പോലെ ആ ആഗ്രഹം യാഥാർത്ഥ്യമാവാൻ പോകുന്നു!

തോളിലും കൈയ്യിലും ബാഗുകളുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ, ‘മോളെ… മോള് ഇവനെയൊന്നു് നോക്കിക്കോണെ… അധികോന്നും യാത്ര ചെയ്തു് പരിചയമില്ലാത്തതാ…’ വിധുവിനെ നോക്കി മധുവിന്റെ അമ്മ അങ്ങനെ പറഞ്ഞതു് അയാൾക്കൊരു ക്ഷീണമായി. ‘ഈ അമ്മയ്ക്കു് ഞാനിപ്പോഴും ചെറിയ കുട്ടിയാണെന്നാ!’ അങ്ങനെ പറഞ്ഞു് വിളറിപ്പോയ ചിരിയും ജാള ്യത നിറഞ്ഞ മുഖവുമൊളിപ്പിക്കാൻ മധുവൊരു ദുർബ്ബലശ്രമം നടത്തി. എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ അയാൾ ചിരിച്ചു കൊണ്ടു് പറഞ്ഞു,

‘മധുവും വിധുവും—ലൈഫ് ലോങ്ങ് ഹണിമൂൺ—അതാണിപ്പോ എവിടെ ചെന്നാലും കേൾക്കുന്ന ജോക്ക്!’

‘ഞാനുമതു് ആലോചിക്കാതിരുന്നില്ല! ങാ… മധു, ഹണിമൂൺ കഴിഞ്ഞു് വന്നാ പിന്നെ രണ്ടാഴ്ച്ച എനിക്കു് നിന്നു് തിരിയാൻ സമയമുണ്ടാവില്ല കേട്ടോ. ഹൈദ്രാബാദിൽ നിന്നൊരു ക്ലൈന്റ് വരുന്നുണ്ടു്… അതു് കൊണ്ടു് വേറെയൊന്നും പ്ലാൻ ചെയ്തേക്കല്ലെ’

‘ഞാനതങ്ങോട്ടു് പറയാനിരുന്നതാ… ഇത്രയും ദിവസം ലീവ് കിട്ടിയതു് തന്നെ കാലു് പിടിച്ചിട്ടാ… ഒരു മേജർ റിലീസുണ്ടു്…’

വിധുകൃഷ്ണയെ മധുപാൽ കണ്ടുമുട്ടിയതു് ഇൻഫോ പാർക്കിലെ ക്യാന്റീനിൽ വെച്ചായിരുന്നു. വിധു തന്റെ ‘കൂട്ടത്തിൽപെട്ട’ ആള് തന്നെയാണോയെന്നു് അറിയുക—അതായിരുന്നു ഇഷ്ടം തോന്നിയപ്പോൾ മധു ആദ്യം ചെയ്തതു്. കൂട്ടിക്കെട്ടാവുന്ന ‘വാലുകൾ’ തന്നെയാണെന്നൊരു ഉറപ്പാക്കൽ. ശേഷമായിരുന്നു ഇഷ്ടമറിയിക്കലും, വിവാഹാഭ്യർത്ഥനയും. എല്ലാം കരുതലോടെ, കണക്കുകൂട്ടിയുള്ള കരുനീക്കങ്ങൾ. പ്രതീക്ഷിച്ചതു് പോലെ, വീട്ടിൽ കാര്യമവതരിപ്പിച്ചപ്പോൾ ഒരുഭാഗത്തു് നിന്നും ഒരനിഷ്ടവും ഉണ്ടായില്ല. ജീവിതത്തിൽ താൻ ജയങ്ങൾ മാത്രം പ്രതീക്ഷിക്കുന്നുള്ളൂ. മധു അന്നും സ്വന്തം തോളിൽ തട്ടിയഭിനന്ദിച്ചു.

രണ്ടു്

പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു മണാലിയിലേക്കുള്ള യാത്ര. മഞ്ഞുവീഴ്ച്ച കാരണം റിസോർട്ടിലെത്തിച്ചേരാനല്പം വൈകിയെങ്കിലും വഴിയോരക്കാഴ്ച്ചകൾ ആസ്വദിച്ചു് ഇരുന്നതു് കൊണ്ടു് മുഷിവുണ്ടായില്ല. വെബ്സൈറ്റിൽ നിരത്തിയിരുന്ന ഫോട്ടോകളിൽ കണ്ടതിനേക്കാൾ കമനീയമായിരുന്നു റിസോർട്ട്. താഴ്‌വരയിലേക്കു് തല നീട്ടിപ്പിടിച്ചു നില്ക്കുന്നൊരു ചുവന്ന കെട്ടിടം. മുറിയിലെ ബാൽക്കണിയിൽ നിന്നു് നോക്കിയാൽ അല്പം അകലെയായി, ഹരിതവർണ്ണം കോരിയൊഴിച്ചതു പോലെ തോന്നിപ്പിക്കുന്ന കുന്നിൻചെരിവു് കാണാം. ചെരുവിനെ തഴുകിയൊഴുകുന്ന നദി. അകലെയായി മഞ്ഞിൽ മറഞ്ഞുകിടക്കുന്ന മലനിരകൾ. അവ വെളിച്ചം വിതറുകയാണെന്നു് തോന്നിപ്പിച്ചു. അത്രയും പ്രകൃതിഭംഗി നിറഞ്ഞ ഒരിടം മുൻപു് കണ്ടിട്ടില്ലെന്നു് ഇരുവർക്കും തോന്നി. ചൂടും തണുപ്പും കെട്ടുപിണഞ്ഞു് കിടക്കുന്ന അഞ്ചു് ദിവസങ്ങളാണിനിയിവിടെ!

images/Hills_Ba.jpg

കമ്പിളിപ്പുതപ്പുകൾ അടുക്കിവെച്ച പതുപതുത്ത മെത്തയിലേക്കു് ക്ഷീണമിറക്കി വെയ്ക്കുമ്പോൾ മധു ചോദിച്ചു,

‘നമുക്കാദ്യം എവിടെ പോണം?’

‘അതൊക്കെ മധു പ്ലാൻ ചെയ്താ മതി. ഇപ്പൊ ഞാൻ നല്ല ടയേർഡാ… നമുക്കു്… എല്ലാ ദിവസവും കറങ്ങാൻ പോണ്ട…’

‘ങെ അതെന്താ?… പിന്നെ കഷ്ടപ്പെട്ടു് എന്തിനാ ഇത്രേം ദൂരം വന്നേ?!’

‘നമുക്കു് ഇവിടെ ഈ തണുപ്പത്തു്, കമ്പിളീം പുതച്ചു് ബാൽക്കണീലു്, നല്ല ചൂടു് മസാല ടീയും ഊതിക്കുടിച്ചു് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം…’

ഓഹോ! ഇത്രയും വലിയ സ്വപ്നജീവിയായിരുന്നു എന്നറിഞ്ഞില്ല… എന്ന മട്ടിൽ ആശ്ചര്യത്തോടെ മധു അവളെ നോക്കി ഇരുന്നു.

‘എന്താ മധു… ഓക്കെയല്ലെ?’

മധു സമ്മതപൂർവ്വം തലയാട്ടിക്കൊണ്ടു് പറഞ്ഞു,

‘എന്നാ നമുക്കൊരു കാര്യം ചെയ്യാം… ഇവിടെ അഞ്ചു് ദിവസമുണ്ടല്ലോ… ഇന്നു് മുഴുവൻ നമുക്കു് ഇവിടെ തന്നെ ഇരിക്കാം… തന്റെ ഇഷ്ടം പോലെ… നാളെ നമുക്കു് കറങ്ങാൻ പോവാം… ഇതുവരെ വന്നതല്ലെ?’

അവൾക്കു് താനേതോ സുന്ദരസ്വപ്നം കാണുകയാണെന്നു് തോന്നി. തന്റെ വാക്കുകൾക്കും ആഗ്രഹങ്ങൾക്കും വില കൽപ്പിക്കുന്നൊരാൾ. ഇതുവരെയും തന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല. എന്നുമെപ്പോഴും കാവൽദൈവങ്ങൾ തനിക്കു് തുണ നിന്നിട്ടേയുള്ളൂ.

അന്നേദിവസം അവർ ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു. പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചു് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു, ഇഷ്ടമുള്ള നിറം, സിനിമകൾ, പാട്ടുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ… എക്കാലവും ഓർത്തുവെയ്ക്കാനുള്ള കാര്യങ്ങൾ. പരസ്പരം കൊളുത്തിയിടുന്ന ചങ്ങലക്കണ്ണികൾ. അവൾ തന്റെ അടുത്തസുഹൃത്തുക്കളുടെ കാര്യങ്ങൾ പറഞ്ഞു. അവരോടൊപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ, യാത്രകൾ, ചെറുതമാശകൾ… വിധു തന്റെ ഓർമ്മകളുടെ ശേഖരത്തിൽ നിന്നു് ഒന്നൊന്നായെടുത്തു് അയാളുടെ മുന്നിൽ നിരത്തി വെച്ചുകൊണ്ടിരുന്നു. മധു ആശ്ചര്യപ്പെടുകയായിരുന്നു, തനിക്കുമുണ്ടല്ലോ പങ്കുവെയ്ക്കാനൊരുപാടു് കഥകൾ!

അനുഭവിച്ചതുമാസ്വദിച്ചതുമല്ലാതെ ഒന്നുമിതുവരെ ആരുമായും വിശദമായി പങ്കുവെയ്ക്കാൻ അവസരം കിട്ടിയിരുന്നില്ല. തന്റെ കാര്യങ്ങൾ ഒന്നൊന്നായി വെളിവാക്കും തോറും മധുവിനു് തോന്നി, സ്വയം അറിയുകയാണെന്നു്, ഉള്ളിൽ താൻ സന്ദർശിക്കാൻ മറന്നുപോയ വലിയൊരു ലോകമുണ്ടെന്നു്!

മൂന്നു്

പിറ്റേന്നു് പ്രഭാതഭക്ഷണത്തിനു് ശേഷം റിസോർട്ട് മാനേജർ ഏർപ്പാടാക്കിയ വാഹനത്തിൽ സ്ഥലങ്ങൾ കാണാനവർ പുറപ്പെട്ടു. നല്ല സുഖമുള്ള തണുപ്പു്! ഓരോ ഉച്ഛ ്വാസവും നേർത്തപുകയുടെ ചെറുപടലങ്ങൾ തീർക്കുന്നു!

സ്കീയിംഗ് ചെയ്യാൻ തക്കവണ്ണം മഞ്ഞുനിറഞ്ഞൊരു താഴ്‌വരയിലേക്കാണവരെ ഡ്രൈവർ കൂട്ടിക്കൊണ്ടു് പോയതു്. അനേകം യുവദമ്പതികളെ അവരവിടെ കണ്ടു. കണ്ടാലറിയാം, മിക്കവരും നവദമ്പതികൾ. ദൂരെയായി ആകാശത്തു് പാരാഗ്ലൈഡിംഗ് ചെയ്യുന്നവർ. സാഹസികരായ മനുഷ്യപറവകൾ.

പ്രശസ്തമായ ഹഡിംബ ക്ഷേത്രം കണ്ടപ്പോൾ, മധു അത്ഭുതപ്പെട്ടു.

‘എത്ര ചെറിയ ക്ഷേത്രം!’

വിധുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു.

‘എന്തിനാ വലിയ ക്ഷേത്രം?… അല്ലെ?’

വൈകുന്നേരത്തോടെയാണവർ തിരികെ റിസോർട്ടിൽ മടങ്ങിയെത്തിയതു്. ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു വന്ന വിധു, ‘നല്ല ക്ഷീണം… എനിക്കൊന്നു് കിടക്കണം’ എന്നു് പറഞ്ഞു് കിടക്കയുടെ നേർക്കു് നടന്നു. മധു ബാൽക്കണിയിലേക്കു് നടന്നു. എത്ര മനോഹരമാണിവിടം! പ്രകൃതിയിലെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചെടുത്ത പോലെയുണ്ടു്. അല്പനേരം അവിടെ നിന്ന ശേഷം അയാൾ മുറിക്കകത്തേക്കു് പോയി ഹാൻഡിക്യാമുമായി തിരികെ വന്നു. ദൂരെ മലനിരകളിലേക്കു് സൂം ചെയ്തു. സായാഹ്നത്തിലെ സ്വർണ്ണവെയിലിൽ വെട്ടിത്തിളങ്ങുന്ന, മഞ്ഞുപുതച്ചു് കിടന്നുറങ്ങുന്ന മലനിരകൾ. അവിടെങ്ങും ഒരു മനുഷ്യലക്ഷണവും കാണാനായില്ല. മധു താഴ്‌വരയിലേക്കു് ക്യാമറ തിരിച്ചു. ദൂരെയായി ട്രെക്കിംഗ് കഴിഞ്ഞു് വരുന്നവർ. കൈകളിൽ നീണ്ട വടികൾ. ചുമലിൽ ബാഗ്. എല്ലാവരും ചെവി മൂടുന്ന കമ്പിളിത്തൊപ്പികൾ ധരിച്ചിട്ടുണ്ടു്. കൂട്ടത്തിൽ വിദേശികളേയും കാണാനായി.

മധു, മരങ്ങൾ നിറഞ്ഞ ചെറുകുന്നുകളിലേക്കാണു് പിന്നീടു് ക്യാമറ തിരിച്ചതു്. മരങ്ങൾക്കിടയിലൂടെ നടന്നു പോകുന്ന രണ്ടു പേർ. അയാൾ ക്യാമറ അവരിലേക്കു് സൂം ചെയ്തു. കണ്ടാലറിയാം, നവദമ്പതികൾ. തങ്ങളെ പോലെ. ഒന്നുകൂടി സൂം ചെയ്തു നോക്കി. വടക്കേന്ത്യയിൽ നിന്നുള്ളവരാവണം. ചെമ്പിച്ച മുടിയും വിളറിയ ചർമ്മവും. ഒരു വലിയ കമ്പിളി കൊണ്ടു് മൂടിപൊതിഞ്ഞാണവർ നടക്കുന്നതു്. താൻ അവരെ നോക്കിക്കൊണ്ടിരിക്കുന്നതു് അവർക്കു് കാണാനാവുമോ? തന്റെ പ്രവൃത്തി ആരെങ്കിലും കാണുന്നുണ്ടോ? മധു ജാള ്യതയോടെ ചുറ്റിലും നോക്കി. അടുത്ത ബാൽക്കണികൾ ഒഴിഞ്ഞു കിടക്കുകയാണു്. എല്ലാവരും മുറിക്കുള്ളിലായിരിക്കണം. മധു ബാൽക്കണിയിലിട്ടിരുന്ന കസേര വലിച്ച് ചുവരിനോടു് ചേർത്തിട്ടു് അതിലിരുന്നു. എന്നിട്ടു് അവരെ തന്നെ ക്യാമറക്കണ്ണിൽ ഉറപ്പിച്ചു നിർത്തി. അപ്പോൾ കണ്ടു, ആ ദമ്പതികളുടെ അരികിലേക്കു് മൂന്നു് ചെറുപ്പക്കാർ നടന്നടുക്കുന്നതു്. മധു ക്യാമറ വീണ്ടും സൂം ചെയ്തു.

നാലു്

ഇരുവർക്കും വേണ്ട രാത്രിഭക്ഷണം മധു മുറിയിലേക്കു് വരുത്തി. തണുപ്പത്തു് പുറത്തെ ഹോട്ടലിൽ പോകാൻ വയ്യ. മഞ്ഞു് പൊഴിയുന്നുണ്ടു്. ഭക്ഷണം കഴിക്കുമ്പോൾ വിധു മധുവിനെ ശ്രദ്ധിച്ചു. സ്വൈര്യക്കേടു് നിറഞ്ഞ ചിന്തകൾ അലട്ടുന്നതു് പോലെ.

‘എന്താ മധു… ഒരു മൂഡൗട്ട് പോലെ?’

‘ഏയ് ഒന്നുമില്ല… ഈ തണുപ്പു് കാരണമാവും ചെറിയൊരു തലവേദന…’

മണാലി എന്നു് സ്ഥലം നിർദ്ദേശിച്ചതു് താനാണല്ലോ… ഒരുതരത്തിൽ മധുവിന്റെ തലവേദനയ്ക്കു് ഉത്തരവാദി താനാണു്.

‘എന്നാലിന്നു് നേരത്തെ കിടക്കാം… രാവിലെ എഴുന്നേൽക്കുമ്പോൾ ഉഷാറാവും…’

കുറ്റബോധം നിറഞ്ഞ മുഖത്തോടെയവൾ പറഞ്ഞു.

ഉറങ്ങാൻ കിടന്നെങ്കിലും മധുവിനു് ഉറങ്ങാനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നയാൾ ഉറങ്ങാൻ ശ്രമിച്ചു. അർദ്ധരാത്രി കഴിഞ്ഞു് ക്ഷീണം കാരണം എങ്ങനെയോ മയങ്ങിപ്പോയി.

പിറ്റേന്നു് കണ്ണു് തുറക്കുമ്പോൾ മധു കണ്ടതു്, മുന്നിൽ കസേരയിലിരുന്നു് ചൂടു് ചായ ഊതി കുടിച്ചു കൊണ്ടു് തന്നെ നോക്കി ചിരിക്കുന്ന വിധുവിനെയാണു്.

‘എന്തു് പറ്റി? രാവിലെ തന്നെ കറങ്ങാൻ പോണം എന്നു് പറഞ്ഞ ആളെന്താ ഇത്രേം നേരം കിടന്നുറങ്ങിയതു?’

‘തലവേദന…’

‘ആണോ?… ഇതുവരെ മാറിയില്ലെ? നല്ല ചൂടു് ചായയുണ്ടു്. ഞാനിപ്പൊ തന്നെ എടുത്തു് തരാം. അതു് കുടിക്കുമ്പോ എല്ലാം മാറും… സോറി മധു… നമുക്കു് ജയ്പൂരിലോ മറ്റോ പോയാ മതിയായിരുന്നു… അല്ലെ?’

‘ഏയ്…’

‘മധൂനു് തീരെ വയ്യെങ്കിൽ നമുക്കു് തിരികെ പോവാം… ഈ വെതറ് എല്ലാർക്കും പിടിക്കൂല്ല…’

‘ശ്ശെ… അതൊന്നും വേണ്ട… ഇതു് താനെ മാറിക്കൊള്ളും… ഞാൻ കുറച്ചു് നേരം കൂടിയൊന്നു് കിടക്കട്ടെ…’

‘എന്നാ കുറച്ചു് നേരം കൂടി കിടന്നോ…’

മധുവിനെ കിടക്കാൻ വിട്ടിട്ടു് വിധു ബാൽക്കണിയിലേക്കു് നടന്നു.

അല്പനേരം കഴിഞ്ഞു് അവൾ തിരികെ വന്നു.

‘ദാ… അവിടെ എന്തോ പ്രശ്നമുണ്ടു്… പോലീസും ആംബുലൻസുമൊക്കെ ഉണ്ടു്…’

വിധുവിന്റെ ആധി നിറഞ്ഞ ശബ്ദം കേട്ടു് മധു പുതപ്പു് മാറ്റിക്കൊണ്ടു് ചോദിച്ചു,

‘എവിടെ?… എന്തു് പ്രശ്നം?’

‘ദാ… അവിടെ ആ കുന്നിന്റെ അടുത്തു്… ആൾക്കാരൊക്കെ അങ്ങോട്ടു് പോകുന്നുണ്ടു്… ഞാൻ താഴെ ചെന്നു് തെരക്കീട്ടു് വരട്ടെ?’

‘ഈ തണുപ്പത്തോ?… എന്തിനു്? അതു് ട്രെക്കിംഗിനു് പോയ ആർക്കെങ്കിലും എന്തേലും പറ്റിയതായിരിക്കും…’

‘അതിനു് പോലീസൊക്കെ വരേണ്ട കാര്യമുണ്ടോ?’

‘ചിലപ്പോ ആർക്കെങ്കിലും വഴി തെറ്റിക്കാണും… ആരെങ്കിലും മിസ്സിംഗ് ആയതായിരിക്കും…’

‘ഉം…’

വിധു വീണ്ടും ബാൽക്കണിയിലേക്കു് പോയി. അവളുടെ ഫോണിലേക്കൊരു ടെക്സ്റ്റ് മെസേജ് വന്ന ശബ്ദം മധു കേട്ടു. കുറച്ചു് നേരം കഴിഞ്ഞു് വിധു മധുവിന്റെ അടുത്തേക്കു് വന്നു.

‘ഞാൻ താഴെ വരെയൊന്നു് പോയിട്ടു് വരാം. മധു കിടന്നോ’

മധുവിന്റെ സംശയം നിറഞ്ഞ നോട്ടത്തിനു് മറുപടിയെന്നോണം അവൾ പറഞ്ഞു,

‘നമ്മളിന്നലെ കണ്ട തെലുഗു കപ്പിൾസ് ഇല്ലെ? അനന്യയും കാർത്തിക്കും… അവൾക്കു് ഒരു ചെറിയ ഷോപ്പിങ്ങ്. എന്നെ കമ്പനിക്കു് വിളിച്ചു. മധു ഫുൾ റെസ്റ്റല്ലെ?… ഇന്നു് ലേഡീസ് ഡേ ഔട്ട്!’ അവൾ ആവേശത്തോടെ പറഞ്ഞു.

‘ഓക്കെ…’ ചിരിച്ചു കൊണ്ടയാൾ പുതപ്പിനുള്ളിലേക്കു് വലിഞ്ഞു.

അഞ്ചു്

മൂന്നാലു് മണിക്കൂറുകൾ കഴിഞ്ഞാണു് വിധു തിരികെ മുറിയിലെത്തിയതു്. വിധു മുറി തുറന്നു് കയറുമ്പോൾ മധു ബാൽക്കണിയിൽ നിൽക്കുന്നതാണു് കണ്ടതു്.

വിധുവിനെ കണ്ടപ്പോൾ മധു പറഞ്ഞു,

‘ഉറങ്ങി എണീറ്റപ്പോ ഒരു സുഖം. ഞാനൊരു കോഫി ഉണ്ടാക്കി കുടിച്ചു. കൊറച്ചു് സമാധാനമായി…’

വിധു എന്തോ വലിയ ആലോചനയിലായിരുന്നു.

‘ഉം?… എന്തു് പറ്റി? ഷോപ്പിങ്ങ് നടന്നില്ലെ?’

‘ഷോപ്പിങ്ങൊക്കെ നടന്നു… അവിടെ പോലീസും ആംബുലൻസും ഒക്കെ വന്നതു്… ട്രെക്കിങ്ങിനു് പോയി മിസ്സായ ആരേം തെരക്കിയല്ല…’

എന്താ പറയാൻ പോകുന്നതെന്നു് മധു ആകാംഷയോടെ നോക്കുമ്പോൾ അവൾ തുടർന്നു,

‘അവിടെ… ആ കുന്നിന്റെ അടുത്തു് വെച്ചു്… ഹണിമൂണിനു് വന്ന ഒരു യങ്ങ് കപ്പിൾനെ ആരൊക്കെയോ ഉപദ്രവിച്ചെന്നാ കേട്ടതു്. അയാൾടെ കാര്യം അല്പം സീരിയസ്സാ… തലയ്ക്കു് നല്ല അടി കിട്ടിയെന്നാ… ആ പെണ്ണു്… ഇപ്പോഴും മിസ്സിങ്ങാണു്… ഇതു്… നല്ല സേഫായ പ്ലേസ്സാണെന്നാ ഞാൻ വിചാരിച്ചതു്…’

‘അതു്… വിധു… എല്ലായിടവും എപ്പോഴും സേഫ് ആണെന്നു് പറയാൻ പറ്റില്ലല്ലോ… നമ്മുടെ നാട്ടിലും ഇപ്പോ ക്രൈം കൂടി വരികയല്ലെ?’

‘ആ പാവം പെൺകുട്ടി… അവരുടെ ഏറ്റവും മെമ്മറബിളായ ഒരു ട്രിപ്പ് ആകേണ്ടതായിരുന്നു…’

വിധു പറഞ്ഞതിലൊന്നും താത്പര്യമില്ലാത്ത മട്ടിൽ മധു തിരിഞ്ഞു നടന്നു.

‘തനിക്കു് ഞാൻ കോഫി റെഡിയാക്കി വെച്ചിട്ടുണ്ടു്’

അതിനു് മറുപടിയായി അവളൊന്നു് മൂളിയതേയുള്ളൂ. മേശപ്പുറത്തു് മൂടി വെച്ച കോഫി ചെന്നെടുക്കാതെ ബാൽക്കണിയിലേക്കവൾ നടന്നു. ദൂരെയായി ഒന്നു് രണ്ടു് പോലീസ് വാഹനങ്ങൾ കിടക്കുന്നതു് കാണാൻ കഴിഞ്ഞു. മധു അവൾക്കു് പിന്നാലെ ബാൽക്കണിയിലേക്കു് നടന്നു.

‘ഏയ്… വിധു, താനതൊക്കെ കേട്ടു് വെറുതെ അപ്സറ്റാകാതെ… ചീർ അപ്പ്…’

‘അല്ല മധു… ഒന്നാലോചിച്ചു് നോക്കു്… ആ പെൺകുട്ടി ഇപ്പോ എവിടെയായിരിക്കും?… അവൾക്കെന്തായിരിക്കും…’

‘താനോരോന്നു് ആലോചിച്ചിരുന്നു് ടെൻഷനടിക്കാതെ… ഉച്ച കഴിഞ്ഞു് നമുക്കൊന്നു് കറങ്ങാൻ പോകാം. ആ ലേക്കിന്റെ സൈഡിലൊക്കെയൊന്നു് പോയിട്ടു് വരാം… അപ്പോ ഈ മൂഡൗട്ടൊക്കെയങ്ങ് മാറും’

വിധു മധുവിനെ തറപ്പിച്ചു് നോക്കി.

‘മധു എന്താ ഈ പറയുന്നതു?… ആ ന്യൂസ് അറിഞ്ഞതിന്റെ ഷോക്കെനിക്കിതു് വരെ മാറീട്ടില്ല… അറിയോ?’

‘ങാ… അതു തന്നാ ഞാൻ പറഞ്ഞതു്… ഒന്നു് പുറത്തു് പോയി വരുമ്പോഴെക്കും താൻ കൂൾ ഡൗൺ ആവും…’

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.

‘ഇല്ല മധു… ഞാനില്ല ഒരിടത്തേക്കും… സത്യം പറഞ്ഞാ… എനിക്കീ ട്രിപ്പിന്റെ എല്ലാ ത്രില്ലും പോയി… ഇനി ഹണിമൂണിനെ കുറിച്ചു് ഓർക്കുമ്പോഴൊക്കെ ഈയൊരു സംഭവമേ ഓർമ്മ വരൂ…’

മധു ഒന്നും മിണ്ടാതെ നിന്നു.

‘പിന്നെ… ഇനി എന്തു ചെയ്യാനാ പോണതു?’ ആ ചോദ്യത്തിൽ അല്പം ഈർഷ്യയും, അസഹ്യതയും കലർന്നിരുന്നു.

മധുവിന്റെ ഭാവവ്യത്യാസം കണ്ടു് വിധു വിശ്വാസം വരാത്ത പോലെ ഒരു നിമിഷം നോക്കി നിന്ന ശേഷം മുഖം തിരിച്ചു് ബെഡ്റൂമിലേക്കു് പോയി. അബദ്ധം പറ്റിയവനെ പോലെ മധു ബാൽക്കണിയിൽ തന്നെ നിന്നു.

വൈകുന്നേരം വരെ അവരിരുവരും ഒന്നും തന്നെ സംസാരിച്ചില്ല.

രാത്രി ഉറങ്ങും മുൻപു് വിധു ചോദിച്ചു,

‘മധു… നമുക്കു്… തിരികെ പോയാലോ?’

‘എന്തിനു്?! ഇതുവരെ കഷ്ടപ്പെട്ടു് വന്നതല്ലെ?… ഇനി ടിക്കറ്റൊക്കെ മാറ്റി എടുക്കണമെന്നു് വെച്ചാ… അതുമല്ല… നമ്മള് നേരത്തെ തിരിച്ചു ചെന്നാ… എല്ലാരും എന്തു് വിചാരിക്കും?’

വിധു മറുപടിയൊന്നും പറഞ്ഞില്ല.

മധു വിധുവിനെ ആലിംഗനം ചെയ്യും മട്ടിൽ കൈ കൊണ്ടു് പൊതിയാൻ ശ്രമിച്ചു.

‘എനിക്കു്… വല്ലാത്തൊരു ഹെഡേക്ക്…’ അതു് പറഞ്ഞു് വിധു മധുവിന്റെ കൈ പതിയെ പിടിച്ചു് മാറ്റി.

ആറു്

പിറ്റേന്നു് വിധു എഴുന്നേൽക്കാൻ താമസിച്ചു. ഉണർന്നു് നോക്കുമ്പോൾ സമീപം മധു ഉണ്ടായിരുന്നില്ല. തലേന്നത്തെ തന്റെ പെരുമാറ്റം മധുവിനു് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടാവും. ഒരല്പം ബോറായി പോയില്ലെ? ഹണിമൂണിനു് വന്നു് ഇങ്ങനെ മുഷിയും വിധം പെരുമാറേണ്ടിയിരുന്നില്ല. മോശമായി പോയി. എങ്ങനെയാണു് മധുവിനെ ഒന്നു് സന്തോഷിപ്പിക്കുക? മധുവുമൊത്തു് ഒരു മോണിങ്ങ് വാക്കിനിറങ്ങിയാലോ? പുകമഞ്ഞിലൂടെ കൈകോർത്തു് നടക്കുന്നതെത്ര സുഖമുള്ള അനുഭവമാണു്! വിധു കട്ടിലിൽ നിന്നെഴുന്നേറ്റു.

നോക്കുമ്പോൾ മധു ബാൽക്കണിയിൽ ഇരുപ്പുണ്ടു്. കസേരയിൽ പുറം തിരിഞ്ഞു് മുഖം കുനിച്ചു് ഇരിക്കുകയാണു്. പുസ്തകവായന ആവും. അല്ലെങ്കിൽ പതിവു് പോലെ ഫോണിൽ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയൊരു ഓട്ടപ്രദക്ഷിണം. അവൾ ശബ്ദമുണ്ടാക്കാതെ മധുവിന്റെ സമീപത്തേക്കു് നടന്നു. മധു ഹാൻഡിക്യാമിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയാണു്. വിധു പിന്നിൽ ചെന്നു് നിന്നു് അതെന്താണെന്നു് നോക്കി നിന്നു. അവരുടെ ബാൽക്കണിയിൽ നിന്നുമുള്ള ദൃശ്യമാണു്. സൂം ചെയ്തു് നിന്നതു് ദൂരെയുള്ള കുന്നിൻചെരുവിൽ ഒരു മരത്തിനു് താഴെ രണ്ടു പേർ ഇരിക്കുന്നതിലാണു്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞു് അവിടേക്കു് മൂന്നു് പേർ വരുന്നതു് കണ്ടു, അവർ ദമ്പതികളോടു് എന്തോ പറയുന്നതും. ക്യാമറ ഷേക്ക് ആവുന്നുണ്ടു്. ദൃശ്യം ഒന്നു കൂടി സൂം ആയി. അപ്പോൾ ആ മൂവരുടെയും മുഖങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞു. അവരിൽ ഒരാൾ യുവാവിനെ ചവിട്ടി വീഴ്ത്തുന്നതും മറ്റൊരുവൻ അയാളെ എഴുന്നേൽക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ചവിട്ടുന്നതും കണ്ടു. ഇടയ്ക്കു് ‘ഓ ഗോഡ്…’ എന്ന മധുവിന്റെ ശബ്ദം. യുവതി അവരെ തടയാനൊരു ശ്രമം നടത്തി. മൂന്നാമൻ വന്നു് അവളുടെ വാ പൊത്തിപ്പിടിക്കുന്നതു് ക്യാമറയുടെ പ്രിവ്യൂവിൽ തെളിഞ്ഞു. വീണുകിടക്കുന്നയാളിൽ നിന്നും യുവാക്കളുടെ ശ്രദ്ധ യുവതിയിലേക്കു് തിരിഞ്ഞു. ഇരുവരും വന്നു് അവളെ പിടിച്ചുയർത്തി.

‘അയ്യോ!’ വിധു അറിയാതെ വിളിച്ചു പോയി.

ശബ്ദം കേട്ടു് മധു ഞെട്ടിത്തിരിയുമ്പോഴേക്കും ക്യാമറ കൈയ്യിൽ നിന്നും വീണു പോയിരുന്നു. വിധു കണ്ടു, മധുവിന്റെ വെളുത്തു വിളറിയ മുഖം.

‘മധു, നമുക്കിതു് ഇപ്പോത്തന്നെ പോലീസിനെ ഏൽപ്പിക്കണം’ ക്യാമറ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു.

തൊട്ടടുത്ത നിമിഷം അവൾ ചോദിച്ചു,

‘ഇതു്… ഇത്രേം നേരം ഇതു്… മധുവിന്റെ കൈയ്യിലുണ്ടായിരുന്നു… അല്ലെ?’

ഒന്നും മിണ്ടാതെ മധു തലയാട്ടിയതേയുള്ളൂ.

‘എന്നിട്ടെന്താ എന്നോടു് പറയാത്തതു?’ അല്പം അധികാരം കലർന്ന ശബ്ദത്തിലവൾ ചോദിച്ചു.

‘പറഞ്ഞിട്ടു്?’

‘പറഞ്ഞിട്ടോ?! പോലീസിൽ അറിയിക്കണ്ടേ? ആ പെൺകുട്ടി മിസ്സിംഗ് ആയിട്ടു് എട്ട്പത്തു് മണിക്കൂറായി. അവളെ കണ്ടുപിടിക്കണ്ടേ? അയാളാണേൽ ഇപ്പോഴും ഹോസ്പിറ്റലിലാണു്. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല അറിയോ?’ ‘അപ്പോ താനീ ന്യൂസ് ഫോളോ ചെയ്തോണ്ടിരിക്കാണോ?!’

‘എനിക്കു് ഒറങ്ങാൻ കൂടി പറ്റണില്ല… ഈ വീഡിയോ നമുക്കു് ഇപ്പോ തന്നെ കൊണ്ടുപോയി കൊടുക്കാം’

ഒരു നിമിഷം വിധുവിനെ തന്നെ നോക്കി ഇരുന്ന ശേഷം മധു പറഞ്ഞു,

‘അതു്… ഒരു നല്ല ഐഡിയ ആണെന്നെനിക്കു് തോന്നണില്ല… ആ മൂന്നു് പേരു്… അവന്മാരു് ആരു്… എങ്ങനെയുള്ള ആൾക്കാരു്… അതൊന്നും നമുക്കറിയില്ല… ഇനി അവന്മാര് വല്ല ക്വൊട്ടേഷൻ ടീമിലും ഉള്ളവരാണെങ്കിലോ?… അതല്ലെങ്കിൽ ഏതെങ്കിലും പൊളിറ്റിക്കൽ പാർട്ടീടെ ആൾക്കാരോ മറ്റോ… അവർക്കു് ഏതു് ലെവലിലുള്ള ആൾക്കാരുമായിട്ടു് എന്തൊക്കെ കണക്ഷനുണ്ടെന്നു് ആർക്കറിയാം?’

‘ഉണ്ടെങ്കിലെന്താ… ക്രിമിനൽസല്ലെ?’

‘താനെന്താ ഈ പറയുന്നതു?… അവന്മാര് നമ്മുടെ വീടു് തേടിപ്പിടിച്ചു് വന്നു് കൊല്ലും… നമ്മളെ മാത്രമല്ല വീട്ടിലുള്ളവരേയും ഉപദ്രവിച്ചെന്നു് വരും… ചിലപ്പോ ഒരു ബുള്ളറ്റിൽ തീരും എന്റേം തന്റേം കാര്യം… നമ്മളിതിലൊന്നും കേറി എടപെടാതിരിക്കുന്നതാണു് സേഫ്…’

‘അപ്പൊ ആ ക്രിമിനലുകളെ പേടിച്ചു് ആരോടും ഒന്നും പറയാതെ ഇരിക്കണമെന്നാണോ മധു പറയുന്നതു?’

images/River_Wye.jpg

ദീർഘമായി നിശ്വസിച്ച ശേഷം മധു അനുനയസ്വരത്തിൽ പറഞ്ഞു,

‘വിധു, നമ്മളിവിടെ ഹണിമൂണിനു് വന്നതാണു്… ജസ്റ്റ് ഫോർ ഫൈവ് ഡെയ്സ്! എന്തിനു് വെറുതെയൊരു ഊരാക്കുടുക്കിൽ ചെന്നു് ചാടണം? പോലീസിൽ അറിയിച്ചാൽ അവര് നമ്മളോടു് കേസ് തീരും വരെ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞാലോ? അല്ലെങ്കിൽ ഇടയ്ക്കിടെ ഇവിടെ വരാൻ പറഞ്ഞാലോ?… ഈ കാര്യം പുറത്തു് പറഞ്ഞാൽ ഞാനാവും പ്രൈം വിറ്റ്നസ്! ഇനി അവന്മാരെ പിടിച്ചാലോ? എന്താവാനാണു്? കോടതീടെ കസ്റ്റഡിയിലുള്ള എവിഡൻസ് പോലും ടാമ്പർ ചെയ്യുന്ന കാലമാണു്… അവന്മാര് പുഷ്പം പോലെ ഇറങ്ങും… പിന്നെ നമ്മുടെ പെറകെ വരും… ഒരു കേസ് കോടതീലെത്തിയാൽ അടുത്തെങ്ങാനും തീരുമെന്നാണോ വിചാരിച്ചിരിക്കുന്നതു? നമ്മുടെ നെക്സ്റ്റ് ജെനറേഷൻ വരെ കേസ് നീണ്ടു് പോവും… നമ്മുടെ കരിയർ… ഫാമിലി ലൈഫ്… എല്ലാം അതോടെ തീരും… ബീ പ്രാക്ടിക്കൽ വിധു…’

അവൾ അയാളെ തന്നെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി നിന്നു.

‘എല്ലാരും ഇങ്ങനെ ബീ പ്രാക്ടിക്കൽ ആയി ചിന്തിച്ചോണ്ടു് ഇരുന്നിരുന്നെങ്കിൽ ഇന്ത്യക്കു് സ്വാതന്ത്ര്യം കൂടി കിട്ടില്ലായിരുന്നു…’

അതു് പറഞ്ഞ ശേഷം അവൾ ചെന്നു് കട്ടിലിലിരുന്നു.

മധു പിന്നെയും തന്റെ വാദങ്ങൾ നിരത്താൻ ശ്രമിച്ചു.

‘അവന്മാരൊക്കെ ഡേഞ്ചറസ് ക്രിമിനൽസായിരിക്കും വിധൂ… അവരുടെ പിന്നിൽ ആരൊക്കെ ഉണ്ടെന്നു് നമുക്കറിയില്ല… അങ്ങനെയുള്ളവന്മാരോടൊക്കെ… ഫൈറ്റ് ചെയ്യാൻ പോയാ… എനിക്കറിയില്ല…’ അതും പറഞ്ഞു് ഒരു നിസ്സഹായനെ പോലെ അയാൾ ഇടംവലം തലയാട്ടി.

‘അനുവാദമില്ലാതെ ആരെങ്കിലും കേറിപ്പിടിച്ചാൽ ഒരു പെണ്ണിനെന്താ തോന്നണതെന്നു് അറിയോ മധൂനു്?… ബസ്സിലു്… ട്രയിനിലു്… സിനിമാ തിയറ്ററിലു്… മൈതാനത്തു്… ഏതു് പബ്ലിക്ക് പ്ലെയ്സ്സിൽ വെച്ചും… ഇവർക്കൊക്കെ ഭ്രാന്താണോ?’ മധുവിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടു് വിധു ചോദിച്ചു.

ചോദ്യം കേട്ടു് മധു അവളുടെ നേർക്കു് തന്നെ കുറച്ചു് നേരം നോക്കിയ ശേഷം എഴുന്നേറ്റു് അരികിൽ പോയി ഇരുന്നു. അവൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതു് ശ്രദ്ധിച്ചു.

‘ഇനി ഇതും പറഞ്ഞു് നമ്മള് പെണങ്ങണ്ട… ആ വീഡിയോ അങ്ങു് ഡിലീറ്റ് ചെയ്താ തീരുമല്ലോ ഈ ടെൻഷനെല്ലാം… ഞാനതപ്പഴേ ചെയ്യേണ്ടതായിരുന്നു… ഫൂൾ!’

അതും പറഞ്ഞു് മധു ക്യാമറ കൈയ്യിലെടുത്തു.

‘നോ!… മധു… നോ… പ്രോമിസ് ചെയ്യ്… ആ വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്നു്…’

‘ഞാൻ ചെയ്യും… ചെയ്താലെന്താ?… ഈ സാധനം കൈയ്യിൽ വെച്ചോണ്ടിരിക്കുന്നതേ റിസ്ക്കാണു്… വെറുതെ മനസ്സമാധാനം കളയാൻ…’ മധു അൽപം വാശിയോടെ പറഞ്ഞു.

‘മധു… അതു് ഡിലീറ്റ് ചെയ്താൽ ഞാനീ നിമിഷം തിരിച്ചു പോകും… പ്രോമിസ്’

അവളുടെ ശബ്ദത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.

അയാൾ അവളുടെ നേർക്കു് അവിശ്വസനീയതയോടെ നോക്കി.

‘ങാ… ഞാൻ സത്യമാ പറയുന്നതു്… മധു അതു് ഡിലീറ്റ് ചെയ്താൽ ഒറപ്പായും ഞാൻ തിരിച്ചു പോകും… ഇന്നു് തന്നെ… ഐ മീനിറ്റ്…’

വിധുവിന്റെ ശബ്ദത്തിൽ അതുവരെയില്ലാതിരുന്ന ദൃഡത പെട്ടെന്നു് കലർന്നതു് മധു ശ്രദ്ധിച്ചു.

‘നിനക്കെന്താ പ്രാന്തു് പിടിച്ചോ?!’ അയാൾ അവളെ നോക്കി ഉറക്കെ ചോദിച്ചു.

കണ്ണുകളടച്ചു്, സ്വയം നിയന്ത്രിക്കാനെന്ന മട്ടിൽ അവൾ ഒന്നുരണ്ടുവട്ടം ദീർഘശ്വാസമെടുത്തു.

അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

‘മധു വെറുതെ പേടിക്കയാണു്… എന്റെ ഹസ്ബന്റ് ഇങ്ങനെ ആരെയൊക്കെയോ പേടിക്കുന്ന ഒരാളാവുന്നതു് എനിക്കിഷ്ടമല്ല…’

‘അതല്ല വിധൂ… തനിക്കു് അതിന്റെ വരുംവരായ്കകൾ അറിയാൻ പാടില്ലാത്തതു് കൊണ്ടാണു്… നമ്മൾ ദിവസോം പത്രത്തിൽ വായിക്കുന്നതല്ലെ?… ഇതു് പോലുള്ള ഏതെങ്കിലും കേസിനു് ആരെങ്കിലും അകത്താവുന്നുണ്ടോ?… ഇനി ശിക്ഷിച്ചാൽ തന്നെ കാലാവധി തീരും മുൻപേ അവരൊക്കെ പുറത്തു് വരും… അവരെയൊക്കെ മാലയിട്ടു് സ്വീകരിക്കാൻ വരെ ആൾക്കാരുള്ള നാടാണു്. കേസും കൂട്ടവുമൊക്കെയായി ഇതിന്റെ പിറകെ നടന്നു് ആയുസ്സു് കളയണോ? ഒന്നാലോചിച്ചു് നോക്കു്’

‘പിന്നെ എന്തു് ചെയ്യണം? വല്ല ക്വൊട്ടേഷൻ ടീമിനും കാശ് കൊടുത്തു് അവന്മാരെ തട്ടിക്കളയണോ?’

മധുവിനു് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു് ശേഷം വിധു തുടർന്നു, ‘എനിക്കു്… ഒരു കാര്യം അറിയണം…’

‘എന്തു?’

‘ആ പെൺകുട്ടിയുടെ സ്ഥാനത്തു് ഞാനായിരുന്നെങ്കിലോ? അപ്പോ മധു എന്തു് ചെയ്യുമായിരുന്നു?… കേസ് കൊടുക്കില്ലെ? കോടതീല് വർഷങ്ങള് കേറി ഇറങ്ങില്ലെ?’

‘വിധു… താനിതു് മനസ്സിലാക്കു്… നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണു്… എന്തോ ഭാഗ്യം കൊണ്ടു് ഒന്നും പറ്റാതെ ജീവിച്ചു പോകുന്നവരാണു് ഞാനും താനുമൊക്കെ… ഇതൊക്കെ തനിക്കു് എങ്ങനെ പറഞ്ഞു തരണമെന്നു് എനിക്കറിഞ്ഞൂടാ…’

‘എനിക്കു് മനസ്സിലായി…’

‘എന്തു് മനസ്സിലായി?’

‘മധൂനു് ഒന്നും ചെയ്യാൻ പറ്റില്ലെന്നു്… ഏതായാലും ഇത്രയൊക്കെ മധു പറഞ്ഞ സ്ഥിതിക്കു്…’

വിധു എന്താണു് പറയാൻ പോകുന്നതെന്നു് ആകാംക്ഷയോടെ അയാൾ കാത്തു.

‘നമുക്കു് തിരികെ പോകാം… ഇവിടെ സേഫല്ലല്ലോ… പുറത്തു് പോകാനും പറ്റില്ലല്ലോ…’

‘താനെന്തിനാണു് അതുമിതും പറഞ്ഞു് നമ്മുടെ ഹണിമൂൺ സ്പോയിൽ ചെയ്യുന്നതു? നമ്മൾ ഇവിടെ ബുക്ക് ചെയ്തതു് അഞ്ചു് ദിവസത്തേക്കല്ലെ? നേരത്തേ തിരിച്ചു് ചെന്നാൽ ഒരുപാടു് ക്വസ്റ്റ ്യൻസ് വരും… എനിക്കതൊന്നും ഫേസ് ചെയ്യാൻ പറ്റില്ല…’

‘മധൂനു്… ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല… തിരികെ പോകാൻ പറ്റില്ല… തിരികെ ചെന്നാൽ ക്വസ്റ്റ ്യൻസ് ഫേസ് ചെയ്യാൻ പറ്റില്ല… സത്യത്തിൽ എനിക്കിപ്പോ പേടി… മധൂനെയാണു്…’

‘താനെന്തിനാ എന്നെ പേടിക്കുന്നതു?…’ മധു ചിരിക്കാൻ ശ്രമിച്ചു.

‘എന്തിനെന്നോ?… ഒന്നും ഹാൻഡിൽ ചെയ്യാനറിയാത്ത ഒരാളുടെ കൂടെ എങ്ങനെ ഞാൻ ജീവിതകാലം മുഴുവൻ കഴിയും എന്നാലോചിച്ചു്…’

‘താനെന്നെ ഇൻസൾട്ട് ചെയ്യരുതു്…’

‘ഞാനാരേയും ഇൻസൾട്ട് ചെയ്തില്ല… ഇങ്ങോട്ടു് പറഞ്ഞതെല്ലാം അങ്ങോട്ടു് തന്നെ പറഞ്ഞെന്നേയുള്ളൂ…’

‘ശരി ശരി… നമ്മൾ വെറുതെ ഇതും പറഞ്ഞു് വഴക്കിടണ്ട… താൻ കുറച്ചു് റെസ്റ്റ് എടുക്കു്… ഈവനിംഗ് നമുക്കു് ഒരു വാക്കിനു് പോകാം… അപ്പൊ എല്ലാം ഓക്കെ ആവും…’

അവൾ ഒന്നും തന്നെ പറഞ്ഞില്ല.

അന്നു് വൈകുന്നേരം ‘നടക്കാനിറങ്ങാം’ എന്ന ആശയം മധു ഒരിക്കൽ കൂടി മുന്നോട്ടു് വെച്ചു.

‘ഞാനൊരിടത്തേക്കുമില്ല’ എന്ന ഉത്തരവും കെട്ടിപ്പിടിച്ചു് വിധു കട്ടിലിൽ തന്നെ കിടന്നു. ഇടയ്ക്കെപ്പൊഴോ, ‘എന്തൊരു ചൂടാണിവിടെ…’ എന്നാരോടെന്നില്ലാതെ അവൾ പറയുന്നതു് മധു കേട്ടു. പുറത്തു് ചെറുതായി മഞ്ഞു് പൊഴിയുന്നതു് മധു ശ്രദ്ധിച്ചു. ഇവൾക്കു് മാത്രമെന്താണിത്ര ചൂടു്?

രാത്രി വരെയും, മധു ചോദിച്ചതിനെല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞതല്ലാതെ വിധു ഒന്നും മിണ്ടിയതേയില്ല. മധു സംഘർഷം നിറഞ്ഞ മനസ്സുമായി ബാൽക്കണിയിൽ ഉലാത്തിക്കൊണ്ടിരുന്നു. കിടക്കുംനേരം വിധുവിനെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ, ‘ഇന്നെനിക്കു് വയ്യ’ എന്നവൾ ഒഴിവു് പറഞ്ഞു.

‘വിധു… നമ്മളിവിടെ ഹണിമൂണിനാണു് വന്നതു്…’

‘എനിക്കൊരു മൂഡില്ല…’

‘തനിക്കു് പിന്നെ എപ്പഴാ മൂഡ് വരുന്നതു?’ മധുവിന്റെ സ്വരത്തിൽ അനിഷ്ടവും അക്ഷമയും നിറഞ്ഞിരുന്നു.

‘അറിയില്ല മധു… ഐ നീഡ് ടൈം…’ അതു് പറഞ്ഞവൾ കണ്ണുകളിറുക്കിയടച്ചു.

അസ്വസ്ഥമായ ചിന്തകൾ അലട്ടിയതു് കാരണം മധു വൈകിയാണു് ഉറക്കത്തിലേക്കു് പോയതു്.

ഏഴു്

പിറ്റേന്നു് രാവിലെ ഉണർന്നു് നോക്കുമ്പോൾ സമീപം വിധുവിനെ കാണാനുണ്ടായിരുന്നില്ല. അയാൾ രണ്ടുമൂന്നു വട്ടം അവളുടെ പേര് വിളിച്ചു നോക്കി. എഴുന്നേറ്റു് ചെന്നു് നോക്കുമ്പോൾ ബാത്ത്റൂം വാതിൽ തുറന്നു് കിടക്കുന്നതു് കണ്ടു. ‘എവിടെയാണു് ഇത്ര രാവിലെ എഴുന്നേറ്റു് പോയതു?’ ഉറക്കെ ചോദിച്ചു കൊണ്ടയാൾ ബാൽക്കണിയിലേക്കു് നടന്നു. അവിടെയും അവൾ ഉണ്ടായിരുന്നില്ല. ഇന്നലെ താനുയർത്തിയ വാദങ്ങൾ ബാലിശങ്ങളായി പോയോ? താൻ വെറുമൊരു ഭീരുവാണെന്നവൾ കരുതിയിട്ടുണ്ടാവുമോ? ഏതു വാക്കുകൾ എപ്രകാരം പ്രയോഗിച്ചാലാണു് അവളെയൊന്നു് അനുനയിക്കാൻ ആവുക?

അല്ലെങ്കിൽ… എന്തിനവളെ ബോധ്യപ്പെടുത്തണം? താൻ പറഞ്ഞതൊക്കെയും അവളുടെയും തന്റെയും സുരക്ഷിതത്വം മനസ്സിൽ കണ്ടാണു്. അവൾക്കതു് ബോധ്യപ്പെട്ടില്ലെങ്കിൽ അതെങ്ങനെ തന്റെ കുറ്റമാവും? ലോകപരിചയവും സമൂഹത്തിനെക്കുറിച്ചുള്ള ധാരണയും അവൾക്കു് തന്റെയത്രയും ഉണ്ടാവില്ല. അതാണവൾ വരുംവരായ്കകളെക്കുറിച്ചാലോചിക്കാതെ ഒരോന്നും പ്രവർത്തിക്കാൻ ഒരുമ്പെടുന്നതു്.

അയാൾ താഴെ കുന്നിൻചെരുവിലേക്കു് നോക്കി. ഇപ്പോഴവിടെ ആൾക്കൂട്ടമോ പോലീസ് വാഹനങ്ങളോ കാണുന്നില്ല. എല്ലാം പഴയതു് പോലെ. സർവ്വതും ശാന്തം. മലയും പുഴയും എല്ലാം. എല്ലാം ഇത്രയേ ഉള്ളൂ… വെറും രണ്ടു് ദിവസത്തെ കോലാഹലങ്ങൾ. അതിനു് ശേഷം വാർത്തകളിൽ നിന്നു് പോലും ഈ സംഭവം പാടെ ഒഴിഞ്ഞു് പോകും. ഒരാഴ്ച്ചയ്ക്കു് ശേഷം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാരും ഓർക്കുക പോലുമില്ല. ഇവിടെ സഞ്ചാരികൾ ഇനിയും വരും, മധുവിധു ആഘോഷിക്കാൻ ഇനിയും നവദമ്പതികൾ വന്നിറങ്ങും. തണുപ്പിൽ കമ്പിളി വസ്ത്രങ്ങളണിഞ്ഞു് കൈ കോർത്തു് നടക്കും. എല്ലാം മഞ്ഞു പോലെ തണുക്കും. ഈ മലകളും ഇവിടുള്ളവരുടെ മനസ്സുകളും. ഇന്നു് വിധുമൊത്തു് ഒരു ഡ്രൈവിനു് പോയാലോ? പുതിയ ചില ഇടങ്ങളിലേക്കുള്ള യാത്ര, പുത്തനുണർവ്വുണ്ടാക്കാൻ സഹായകമാവും.

നോട്ടം റോഡിലേക്കു് നീണ്ടു. ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നതു് കാണാനായി. അതു് വിധുവാണോ? താൻ വാങ്ങി കൊടുത്ത ഷാളാണു് ആ സ്ത്രീ കഴുത്തിൽ ചുറ്റിയിരിക്കുന്നതു്. അതു് അവൾ തന്നെ! ഉറക്കെ വിളിച്ചാലോ? ഇല്ല, അവളുടെ അടുക്കലേക്കെത്താൻ തന്റെ ശബ്ദത്തിനു് ശക്തിയുണ്ടാവില്ല.

‘എവിടെക്കാണിവള് ഈ മഞ്ഞത്തു് ഇത്ര തെരക്കു് പിടിച്ചു്…’

അടുത്ത നിമിഷം അയാൾ തലയിൽ കൈ വെച്ചു ‘ഓ ഷിറ്റ്!’

അയാൾ ഓടിച്ചെന്നു് ബാഗ് തുറന്നു് നോക്കി.

ആ ഹാൻഡിക്യാം—അതവിടെ ഉണ്ടായിരുന്നില്ല.

സാബു ഹരിഹരൻ
images/sabu_hariharan.jpg

ജനനം: 1972 ൽ.

സ്വദേശം: തിരുവനന്തപുരം.

അമ്മ: പി. ലളിത.

അച്ഛൻ: എം. എൻ. ഹരിഹരൻ.

കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ എഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം.

പുസ്തകങ്ങൾ
  1. ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015).
  2. ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017).
  3. ‘ഓർവ്വ്’ (ധ്വനി ബുക്സ്, 2022).

പുരസ്കാരം: നന്മ സി വി ശ്രീരാമൻ കഥാമത്സരം 2020 ഒന്നാം സമ്മാനം.

കഴിഞ്ഞ പത്തു് വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

Colophon

Title: Bhayamenna Rajyam (ml: ഭയമെന്ന രാജ്യം).

Author(s): Sabu Hariharan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Bhayamenna Rajyam, സാബു ഹരിഹരൻ, ഭയമെന്ന രാജ്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 5, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Villa des Maecenas with the Waterfalls in Tivoli, a painting by Jacob Philipp Hackert (1737–1807). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.