images/The_Sower.jpg
The Sower, a painting by Jean-François Millet (1814–1875).
images/maniyanthe.png

കൃഷിയിറക്കാൻ തീരുമാനമായി. മൺമനസ്സും മനുഷ്യമനസ്സുമൊരുങ്ങി. അയാൾക്കൊരു ചെറിയ കൂരയുണ്ടു്. മഴ പെയ്താലും വെള്ളമിറങ്ങാത്ത വിധം അടുക്കിനു ഓലകൾ വെച്ചൊരു കൂര. അതിനു മുകളിൽ കാക്കകൾ വന്നിരിക്കാറുണ്ടു്. പലതരം കാക്കകൾ. ചുവന്ന വായുള്ള ചെറിയ കാക്കകൾ, സദാ ഇടം വലം വെട്ടിത്തിരിഞ്ഞു നോക്കുന്ന കറുപ്പും ചാരനിറവും കലർന്ന സാധാരണ കാക്കകൾ, കടുംകറുപ്പിൽ മുങ്ങി നില്ക്കുന്ന ബലികാക്കകൾ. ഈ കാക്കകളിൽ നിന്നാവും കറുപ്പു് നിറം തന്നെ ഉണ്ടായിട്ടുണ്ടാവുക! പറന്നു പോകുന്ന കറുത്ത പൊട്ടുകൾ—അതാവാം ഒരുപക്ഷേ, സൃഷ്ടാവു് മനസ്സിൽ കണ്ടിട്ടുണ്ടാവുക. കർഷകനു ഒരാൺകുട്ടിയുണ്ടു്. അവനും കർഷകനെ പോലെ വിളവുകളാണു് സ്വപ്നം കാണുന്നതു്. കാറ്റിൽ ഒരു വശത്തേക്കു് തല ചെരിച്ചു് നില്ക്കുന്ന കതിരുകളാണു് അവന്റെ സ്വപ്നക്കാഴ്ച്ചകളിൽ മിക്കപ്പോഴും നിറയുന്നതു്. അതിനു നടുവിൽ നിന്നാണവൻ പന്തു കളിക്കുക. ചുവന്ന പന്താണു്. എപ്പോഴും ഒറ്റയ്ക്കാണവൻ കളിക്കുന്നതു്. മേല്പോട്ടുയരത്തിലെറിയുന്ന പന്തു് ചിലപ്പോൾ താഴേക്കു് വരില്ല. വരികയാണെങ്കിൽ തന്നെ ചിലപ്പോൾ വയലിൽ പച്ച നിറത്തിനിടയിൽ പെട്ടു പോകും. പച്ച നിറത്തിനുള്ളിൽ നിന്നും ചുവപ്പു് നിറം കണ്ടെടുക്കാൻ പ്രയാസമൊന്നുമില്ല. അവനു് സ്വപ്നത്തിൽ ഒരുപാടു് ചുവന്ന പന്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടു്. അതൊക്കെയും കൃഷിയിടത്തു് പലയിടത്തായി ചെളിയിൽ പുതഞ്ഞു കിടപ്പുണ്ടാവും. അവന്റെ വീട്ടിനടുത്തുള്ള പീടികയിൽ പന്തുകൾ വാങ്ങാൻ കിട്ടും. പക്ഷേ, അവിടെയൊരിക്കലും ചുവന്ന പന്തുകൾ അവൻ കണ്ടിട്ടില്ല. ചുവന്ന പന്തുകൾ അവന്റെ സ്വപ്നങ്ങളിൽ മാത്രമാണു്. അതെടുത്തവൻ കളിക്കും. ഉയരത്തിലേക്കെറിയും. വയലിൽ നഷ്ടപ്പെടും. അവനതു് തിരഞ്ഞു നടക്കും. ഇതാണു് പതിവു സ്വപ്നങ്ങൾ. ഉണർന്നു് കഴിഞ്ഞാലും അവൻ ചിലപ്പോൾ കൃഷിയിടങ്ങളിൽ പോയി നോക്കാറുണ്ടു്. അവന്റെ പന്തുകൾ പച്ചകൾക്കിടയിൽ തിരയാറുണ്ടു്. ചിലപ്പോളതെല്ലാം ചെളിയിൽ പുതഞ്ഞു പോയിട്ടുണ്ടാവും. മണ്ണു് വിഴുങ്ങിയിട്ടുണ്ടാവും. മണ്ണിരകളുടെ ലോകത്തെത്തിയിട്ടുണ്ടാവും. അവർ അതിനെ സിംഹാസനമോ, ആരാധിക്കുന്ന പ്രതിഷ്ഠയോ ആക്കിയിട്ടുണ്ടാവും. അങ്ങനെയൊക്കെയാണവൻ ആലോചിക്കുക. അവന്റെ ആലോചനകളൊക്കെ അത്രയേ ഉള്ളൂ. ചെറിയ ചുവന്ന പന്തുകളെ പോലെ ചെറിയ ചെറിയ ആലോചനകൾ.

images/sabu-maniyan-02.png

കൃഷിക്കാരൻ മണ്ണുഴുതു. മനസ്സിലുമയാൾ ഉഴുതു. മകൻ മണ്ണിൽ തന്നെ നോക്കി നിന്നു. അവന്റെ പന്തുകളൊന്നും മണ്ണു തള്ളിമാറ്റി പൊങ്ങി വന്നില്ല. വിത്തെറിയാൻ അച്ഛന്റെ കൂടെ അവനും കൂടി. അവനതൊരു കളിയാണു്. അച്ഛന്റെ ജീവിതമാണു് അവൻ എറിഞ്ഞു കളിക്കുന്നതു്. അച്ഛന്റെ ജീവിതത്തിന്റെ അറ്റത്താണു് അവന്റെ ജീവിതവും അവന്റെ അമ്മയുടെ ജീവിതവും കൂട്ടിക്കെട്ടിയിരിക്കുന്നതു്. അതവനറിയില്ല. അവനൊരു കൊച്ചു കുട്ടിയാണു്. ചെറിയ ചുവന്ന പന്തുകളെ സ്വപ്നം കാണുന്ന ഒരു ചെറിയ കുട്ടി. വിത്തെറിഞ്ഞതു് മണ്ണിലാണെങ്കിലും വിളവു് മനസ്സിലാണു്. ഈ പ്രാവശ്യം നല്ല വിളവു് കിട്ടുമെന്നാണവന്റെ അച്ഛൻ സ്വപ്നം കാണുന്നതു്. ഉറങ്ങുമ്പോൾ അച്ഛനും എന്തൊക്കെയോ സ്വപ്നം കാണാറുണ്ടു്. അതു ചെറിയ ചുവന്ന പന്തുകളല്ല. മറ്റെന്തൊക്കെയോ ആണു്. ആ സ്വപ്നങ്ങളെ കുറിച്ചൊന്നും അവനറിയില്ല. സ്വപ്നങ്ങൾ കോട്ടുവായ പോലെ പകരാറില്ല. അതു കൊണ്ടു് അച്ഛൻ കാണുന്ന സ്വപ്നങ്ങൾ എന്താണെന്നവനറിയില്ല. അവൻ കോട്ടുവായിടുന്നതു് കാണുമ്പോൾ അവന്റെ അച്ഛൻ ക്ഷീണിച്ച കണ്ണു കൊണ്ടവനെ നോക്കും. പാവം അവനും തന്റെയൊപ്പം പണിക്കു് വന്നതു് കൊണ്ടാണു് കോട്ടുവായിടുന്നതു്. അവന്റെ നെറ്റിയിൽ തലോടി കൊണ്ടിരിക്കും ആ മനുഷ്യൻ. അപ്പോഴാണവൻ ഉറങ്ങി പോവുക. അപ്പോഴാണവൻ സ്വപ്നം കാണുക. അപ്പോഴാണവന്റെ കൈയ്യിൽ ചുവന്ന പന്തു് കിട്ടുക.

ഒരുപാടു് തവണ പകലും രാത്രിയും പരസ്പരം മുന്നിൽ വന്നു നില്ക്കാൻ മത്സരിച്ചു. പകലും രാത്രിയും വിചാരിക്കുന്നതു് അവർ ഏതോ വരിയിൽ നില്ക്കുകയാണെന്നാണു്. ആരാണു് മുൻപിൽ എന്നു് അവരിരുവരും മത്സരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, ഏതു വരിയിൽ എന്തു കാത്താണു് നില്ക്കുന്നതെന്നു് പകലിനോ രാത്രിക്കോ അറിയില്ല. ഒരാൾ മുന്നിൽ നില്ക്കുമ്പോൾ മറ്റൊരാൾ പിന്നിൽ. ഇതൊക്കെ കണ്ടു് സൂര്യൻ ചിരിക്കും. ചന്ദ്രൻ വെളുക്കെ ചിരിക്കും. നക്ഷത്രങ്ങൾ കണ്ണു ചിമ്മി ചിരിക്കും.

ഇപ്പോൾ പാടം നിറയെ പച്ച നിറമാണു്. ജീവന്റെ നിറമാണു്. വിശപ്പിന്റെ നിറവും ഒരു പക്ഷേ, അതാവും. കൃഷിക്കാരന്റെ മകനു വിശപ്പു് വേദനയാണു്. വയറു് വേദനിക്കുന്നു എന്നാണവൻ പറയുക. അവനു വിശപ്പും വേദനയും തമ്മിലുള്ള വ്യത്യാസമറിയില്ല. അതു അവൻ വളർന്നു വലുതാവുമ്പോഴേ അറിയൂ. പിന്നീടു് അവനറിയും വേദനകൾ തന്നെ പലവിധമുണ്ടെന്നു്. വിശപ്പും പലവിധമുണ്ടെന്നു്. അതറിയുമ്പോഴാണു് അവൻ വലിയ കൂട്ടത്തിന്റെ ഭാഗമാവുക. അതു വരെ അവൻ ചുവന്ന പന്തു് വെച്ചു കളിക്കും. വലുതാവുമ്പോൾ ആരും പന്തു കളിക്കാറില്ല. അപ്പോൾ ദീർഘചതുരത്തിലുള്ള കടലാസുകൾ നിലത്തെറിഞ്ഞാണു് കളിക്കുക. അതുമൊരു കളിയാണു് !

പകൽ സമയം അവൻ വരമ്പത്തു് കൂടി നടക്കും. തലയുയർത്തി പിടിച്ചാണവൻ നടക്കുക. അവൻ എറിഞ്ഞ വിത്തുകളും മുളപൊട്ടി മണ്ണു തുളച്ചു് വന്നിട്ടുണ്ടു്. ഇപ്പോൾ പച്ച നാമ്പുകൾക്കവനെ കാണാം. അവനു പച്ചനാമ്പുകളെ കാണാം. അവൻ അവരുടെ കവിളിൽ വിരലോടിച്ചു കൊണ്ടു് വരമ്പത്തൂടെ ഓടും. അവർ അവനെ നോക്കി തലയാട്ടി നില്ക്കും. നാളുകൾ കഴിഞ്ഞപ്പോൾ അവർ അവനു കതിരുകൾ കാണിച്ചു കൊടുത്തു. അച്ഛൻ ഒരു പേക്കോലമുണ്ടാക്കിയതു് അന്നായിരുന്നു. വൈക്കോൽ നിറച്ചാണതു് ഉണ്ടാക്കിയതു്. അച്ഛന്റെ കീറിയ കുപ്പായമാണതിനു ഇട്ടു കൊടുത്തതു്. കരിപിടിച്ച, പൊട്ടലുള്ളൊരു പഴയ മൺകലം കമഴ്ത്തിയപ്പോൾ കോലത്തിനു മുഖമായി. മൂക്കും വായും ചുണ്ണാമ്പു് കൊണ്ടു് വരച്ചു വെച്ചു. കണ്ണു വരച്ചതു അമ്മയുടെ കൺമഷി വെച്ചാണു്. വലിയ കണ്ണുകൾ. കണ്ടാൽ പേടിയാവും. പക്ഷേ, അമ്മ അതു നോക്കി നിർത്താതെ ചിരിച്ചു. അമ്മയുടെ ചിരി കാണാൻ നല്ല രസമാണു്. മഴ പെയ്യുന്നതു് പോലെയാണു്. അച്ഛനു ആ ചിരി കാണുമ്പോൾ അരി തിളയ്ക്കുന്നതാണു് ഓർമ്മ വരിക. അപ്പോഴേക്കും അമ്മ കൈ കൊണ്ടു് ചിരി മൂടി കളയും. അരി അപ്പോഴും തിളയ്ക്കും. അയാൾക്കപ്പോഴും അരി തിളയ്ക്കുന്ന ശബ്ദം കേൾക്കാനാവും.

images/sabu-maniyan-03.png

അച്ഛനും മകനും കൂടിയാണു് പാടത്തു് കോലം കൊണ്ടു് കുത്തിയതു്. ഒരു വലിയ കോലിലാണതു് കെട്ടിയുറപ്പിച്ചതു്. രണ്ടു കൈകളും വിടർത്തി അതു നിന്നു. മകനു് ആ നില്പ്പു കണ്ടിട്ടു് കോലത്തിനെ ഇക്കിളിയിടണമെന്നു തോന്നി. അവൻ കോലത്തിനെ ചിരിപ്പിക്കാൻ ശ്രമിച്ചു. കോലം കണ്ണും മിഴിച്ചു് നിന്നതേയുള്ളൂ. പക്ഷേ, ഒറ്റയ്ക്കായപ്പോൾ കോലം ചിരിച്ചു. എന്തിനാണു് ചിരിച്ചതെന്നു് കോലത്തിനു മാത്രമേ അറിയൂ. മകൻ കോലത്തിനു ഒരു പേരിട്ടു—മണിയൻ. അച്ഛനും അമ്മയ്ക്കും പേരിഷ്ടപ്പെട്ടു. കഴുത്തിൽ ഒരു മണികൂടി കെട്ടിത്തൂക്കാരുന്നു—തിളയ്ക്കുന്ന ചിരി സ്വന്തമായുള്ള അമ്മ അഭിപ്രായപ്പെട്ടു. അതാവാമല്ലോ എന്നു് അപ്പോൾ അവനും അതു തോന്നി. അടുത്തുള്ള അമ്പലത്തിൽ നിറയെ മണികളുണ്ടു്. പക്ഷേ, അതൊക്കെ ദൈവങ്ങളുടെ സ്വന്തമാണു്. മനുഷ്യർക്കെന്തിനാ മണി? അവൻ ചെറിയ കുട്ടിയാണു്. അവനു മണികളെ കുറിച്ചറിയില്ല. അവനു പന്തുകളെ കുറിച്ചു് മാത്രമേ അറിയൂ.

തന്നെ എന്തിനാണു് കുത്തി നിർത്തിയിരിക്കുന്നതെന്നു് മണിയനറിയില്ല. നിയോഗമെന്തെന്നറിയാതെ മണിയൻ കണ്ണും മിഴിച്ചു് പിടിച്ചു് അവിടേക്കു് വന്ന കാക്കകളെ നോക്കി വെളുക്കെ ചിരിച്ചു. കാക്കകൾ തിരിച്ചും. പകൽ സമയം ചില നേരങ്ങളിൽ മണിയന്റെ പുറത്തു് കാക്കകൾ വന്നിരിക്കാറുണ്ടു്. പറന്നു് തളരുമ്പോഴാണു് അവറ്റകൾ വന്നിരിക്കാറു്. അപ്പോൾ മണിയന്റെ മുഖത്തു് ഒരു അഭിമാനഭാവം വരും. കാറ്റടിക്കുമ്പോൾ മണിയൻ ഇരുവശത്തേക്കും ചെറുതായി ചായും. പതിയെ ഇടംവലം ആടും. അപ്പോൾ മണിയനെ കണ്ടാൽ വാസുവിനെ പോലെയിരിക്കും. മരിച്ചു പോയ വാസു. മഴക്കാലത്തു് ജ്വരം വന്നു്, പിച്ചു പേയും പറഞ്ഞു്, കൈകാലിട്ടടിച്ചു് മരിച്ചു പോയ വാസു. ചിലപ്പോൾ വാസുവിന്റെ പുനർജ്ജന്മമായിരിക്കും മണിയൻ. ആ കാര്യം വാസുവിനും അറിയില്ല. മണിയനും അറിയില്ല. വൈകുന്നേരം കൃഷിക്കാരൻ വരമ്പു വഴി പോകുമ്പോൾ മണിയനെ നോക്കും. മണിയനും തിരിച്ചു നോക്കും. മകൻ കുറച്ചു് നേരം മണിയനോടു് എന്തൊക്കെയോ സംസാരിച്ചു നില്ക്കുന്നതു് അയാൾ കാണാറുണ്ടു്. അവൻ ഇപ്പോഴും കുട്ടി തന്നെ. അതു കാണുമ്പോൾ അയാൾക്കു് നല്ല സന്തോഷം തോന്നും. അവൻ മണിയനോടു് ചോദിക്കുന്നതു് അവനറിയാത്ത കാര്യങ്ങളൊക്കെയാണു്. അവന്റേതു് കുഞ്ഞു കുഞ്ഞു സംശയങ്ങളാണു്. ചോദ്യം കുഞ്ഞാണെങ്കിലും ഉത്തരം വലുതായതു കൊണ്ടാവും, മണിയൻ ഒന്നും പറയാതെ നില്ക്കുകയേ ഉള്ളൂ. പക്ഷേ, അവനറിയാം മണിയനു എല്ലാം അറിയാമെന്നു്. മണിയൻ എല്ലാം അത്ഭുതത്തോടെ നോക്കി നില്ക്കും. കാക്കകൾ മണിയന്റെ ചെവിയിൽ ലോകകാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കാറുണ്ടു്. അതു കൊണ്ടു് മണിയനു ഒരിടത്തും പോവണ്ട. ഒരിടത്തും പോവാതെ എല്ലാം അറിയാൻ പറ്റും. എല്ലാം അറിയാവുന്നതു് കൊണ്ടു് മണിയനു ഒന്നും പറയേണ്ട കാര്യവുമില്ല.

രാത്രി മഴ വന്നു. അതു പ്രതീക്ഷിച്ചതല്ല. പക്ഷേ, പ്രതീക്ഷിക്കുമ്പോൾ പെയ്യുന്നതല്ലല്ലോ മഴ. മണ്ണു ദാഹിച്ചു നിലവിളിക്കുമ്പോഴാണു് സാധാരണ മഴ പെയ്യുക. പക്ഷേ, ഇതങ്ങനെയല്ല, ആർക്കോ വാക്കു കൊടുത്തതു് പോലെയാണു് പെയ്തതു്. നല്ലോണം പെയ്തു. കൊടുത്ത വാക്കു മുഴുവനും പാലിച്ചു. ഇപ്പോൾ കൃഷിക്കാരന്റെ പുര ചോർന്നു തുടങ്ങിയിരിക്കുന്നു. കാറ്റിൽ ചില ഓലകൾ കെട്ടിന്റെ കൈ വിട്ടു് പോയി. അതു വഴി മഴ അകത്തു് കയറി മുറി മുഴുവനും പരതി. കുപ്പായങ്ങളൊക്കെ നനഞ്ഞു. പായും വിരിയുമൊക്കെ നനഞ്ഞു. എല്ലാം നനച്ചു് കുതിർത്തിട്ടേച്ചു് മഴ പുറത്തേക്കിറങ്ങി പോയി. കുട്ടി തണുത്തു് വിറച്ചു് ഒരു മൂലയിൽ ചുരുണ്ടിരുന്നു. അവന്റെ അച്ഛനും അമ്മയും അവന്റെ ഒപ്പമുണ്ടായിരുന്നു. അച്ഛന്റെ സ്വപ്നത്തിലും മഴ പെയ്തിട്ടുണ്ടാവും. അയാൾ തല കുനിച്ചിരുന്നു. മകൻ മണിയനെ കുറിച്ചോർത്തു. മണിയൻ അവിടെ ഒറ്റയ്ക്കാണു്. മണിയന്റെ കുപ്പായമൊക്കെ നനഞ്ഞു കുതിർന്നു കാണും. അവനു കഷ്ടം തോന്നി. നേരം വെളുക്കാനായിട്ടു് അവൻ കാത്തിരുന്നു. അച്ഛൻ തണുത്ത കൈകൊണ്ടവന്റെ നെറ്റിയിൽ തലോടിക്കൊണ്ടിരുന്നു. അവൻ ഇരുന്നുറങ്ങി പോയി. ആ രാത്രി അവൻ സ്വപ്നമൊന്നും കണ്ടില്ല. സ്വപ്നങ്ങൾക്കും മഴ കാരണം പുറത്തിറങ്ങാനായിട്ടുണ്ടാവില്ല.

നേരം വെളുത്തപ്പോൾ അവനാദ്യം ചെന്നതു് മണിയനെ കാണാനായിരുന്നു. മണ്ണു് വീണ്ടും മണ്ണായിരിക്കുന്നു. പച്ച നിറമല്ല ഇപ്പോൾ. മുഴുവനും ചെളിയാണു്. വരമ്പു കുഴഞ്ഞു കിടക്കുന്നു. നല്ല വഴുക്കലുണ്ടു്. ദൂരെയായി ഇരു കൈകളും തലയ്ക്കു് വെച്ചു് ഒരു രൂപം കണ്ടു. അച്ഛന്റെ രൂപം പോലെ അവനു തോന്നി. അവൻ അടുത്തു് ചെന്നു. മണിയനാണു്. മണിയൻ ചാഞ്ഞു കിടപ്പാണു്. മണിയൻ കരഞ്ഞിട്ടുണ്ടു്. കൺമഷി കൊണ്ടു് വരച്ച കണ്ണിൽ നിന്നും കറുത്ത ചാലുകൾ താഴേക്കൊഴുകി പോയിട്ടുണ്ടു്. രാത്രി മുഴുവൻ മണിയൻ കരഞ്ഞിട്ടുണ്ടാവും. പാവം പേടിച്ചു് പോയിട്ടുണ്ടാവും. അവൻ ചാഞ്ഞു പോയ മണിയനെ പിടിച്ചു് നേരെ നിർത്തി. കൈകൾ നിവർത്തി. ‘ഇനി പേടിക്കണ്ട മഴയൊക്കെ പോയി’ എന്നു പറഞ്ഞു. മണിയന്റെ കുപ്പായത്തിലപ്പിടി ചെളിയായിട്ടുണ്ടു്. കുപ്പായത്തിന്റെ കുടുക്കു് ചിലതു് പൊട്ടി പോയിട്ടുണ്ടു്. മണിയന്റെ കണ്ണിൽ അപ്പോൾ അത്ഭുതമല്ലായിരുന്നു. പേടി മാത്രമായിരുന്നു. എല്ലാമറിയുന്ന മണിയനും പേടിച്ചു പോയതെന്തെന്നു് അവനു മനസ്സിലായില്ല.

അന്നു രാത്രി അച്ഛനും അമ്മയും ഒന്നും കഴിച്ചില്ല. അമ്മ ചിരിച്ചില്ല. അച്ഛൻ ചിരിയും കരച്ചിലും കളഞ്ഞു പോയതു് പോലെ ഇരുന്നു. മകൻ മുകളിലേക്കു് നോക്കി കിടന്നു. ഇപ്പോൾ മുകളിൽ നക്ഷത്രങ്ങളെ കാണാം. നക്ഷത്രങ്ങൾ എന്തിനാണു് ഇങ്ങനെ മിന്നുന്നതു്? അവനു അച്ഛനോടു് അതു് ചോദിക്കണമെന്നുണ്ടായിരുന്നു. ചിലപ്പോൾ അച്ഛനു ഉത്തരമറിയുന്നുണ്ടാവില്ല. മണിയനോടു് ചോദിക്കണം. അവൻ ചോദ്യം ഓർത്തു വെച്ചു. ഉറങ്ങി പോയാലും മറന്നു പോകാത്തിടത്തു് അതു സൂക്ഷിച്ചു വെച്ചു. മഴ പെയ്താലും നനഞ്ഞു പോകാത്തിടത്തു്. അന്നു രാത്രിയും മണിയൻ പതിവു പോലെ ഒറ്റയ്ക്കായിരുന്നു. നല്ല നിലാവുണ്ടായിരുന്നു. നിലാവെളിച്ചം തലയിലടിച്ചപ്പോൾ, മണിയൻ തല തിരിച്ചു ചുറ്റിലും നോക്കി. പാടം മുഴുവൻ ചെളി നിറഞ്ഞിരിക്കുന്നു. ഇനി എന്തിനാണു് ഇങ്ങനെ നില്ക്കുന്നതു്? മണിയനു സംശയമായി. ആരേയും ഭയപ്പെടുത്താനില്ല. ആരും വരാനുമില്ല. അന്നാണു് മണിയൻ ശരിക്കും കരഞ്ഞതു്. മഴയത്തു പോലും മണിയൻ കരഞ്ഞിട്ടില്ല. കരഞ്ഞു കരഞ്ഞു മണിയന്റെ തല കുനിഞ്ഞു. പിറ്റേന്നു് പകൽ മകൻ പിന്നേയും വരമ്പത്തൂടെ ഓടി വന്നു. ചെളിയിൽ പുതഞ്ഞു കിടക്കുന്ന ചുവന്ന പന്തുകളെ അവൻ കണ്ടു. ഇനി എന്തിനാണീ പന്തുകൾ? അതൊക്കെ സ്വപ്നത്തിലായിരുന്നില്ലെ? അവൻ മണിയന്റെ അടുത്തു് ചെന്നു് നോക്കി. മണിയന്റെ തല പിടിച്ചുയർത്തി. കൈവശം കൊണ്ടു വന്ന കരിക്കട്ട കൊണ്ടു് കണ്ണെഴുതി കൊടുത്തു. ഒരു ചിരിയും വരച്ചു കൊടുത്തു. അവൻ വരമ്പത്തൂടെ നടന്നു പോയി. അവൻ ഇപ്പോൾ കുട്ടിയല്ല എന്നു മണിയൻ കാറ്റിനോടും പറന്നു പോയ കാക്കകളോടും പറഞ്ഞു.

images/sabu-maniyan-01.png

ഉച്ചയായപ്പോൾ കാക്കകൾ വന്നു മണിയന്റെ കൈയ്യിലിരുന്നു കരഞ്ഞു. മണിയന്റെ ചെവിയിൽ എന്തോ പറഞ്ഞു. മണിയൻ ഒന്നും പറഞ്ഞില്ല. കാറ്റടിച്ചപ്പോൾ മണിയൻ തല കുലുക്കി. കാക്കകളിൽ ഒന്നു് മണിയന്റെ ഉള്ളിൽ നിന്നും ഒരു വൈക്കോൽ കഷ്ണം കൊക്കു് കൊണ്ടു് വലിച്ചെടുത്തു് ദൂരേക്കു് പറന്നു. മണിയൻ അന്നാദ്യമായി ചിരിച്ചു. ചിരിച്ചു കൊണ്ടിരുന്നു. അരി തിളയ്ക്കും പോലെ ചിരിച്ചു കൊണ്ടിരുന്നു.

സാബു ഹരിഹരൻ
images/SabuHariharan.jpg

ജനനം: 1972-ൽ.

സ്വദേശം: തിരുവനന്തപുരം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹരിഹരൻ

കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്.

മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്), ജനയുഗം, കേരളഭൂഷണം (വാരാന്തപ്പതിപ്പു്), അകം, കേരള കൗമുദി (ഓണപ്പതിപ്പു്).

രണ്ടു് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.

  1. ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
  2. ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)

പുരസ്കാരം: നന്മ സി വി ശ്രീരാമൻ കഥാമത്സരം 2019 ഒന്നാം സമ്മാനം.

കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Maniyante Chiri (ml: മണിയന്റെ ചിരി).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-23.

Deafult language: ml, Malayalam.

Keywords: Short story, Sabu Hariharan, Maniyante Chiri, സാബു ഹരിഹരൻ, മണിയന്റെ ചിരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Sower, a painting by Jean-François Millet (1814–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.