images/greenman.jpg
The Green Man, a photograph by Andy Mitchell .
മനുഷ്യനാണത്രേ…
സാബു ഹരിഹരൻ

ചപ്രു—അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നതു്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേരു്. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണു് ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേതു് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിനു് ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്കു് തന്നെയാണു്. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവനു് ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നതു്. ജന്മനാ കിട്ടിയതു് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നതു് പലവട്ടം ഞാൻ കണ്ടിട്ടുണ്ടു്. അരിശം തീർക്കാൻ മൂന്നു് അടി എന്ന പരിധി വിട്ടു് മാഷു് അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ടു് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ടു്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ചു് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ടു് കൊരുത്തു് ഉത്തരത്തിൽ പൊക്കിപ്പിടിച്ചു് നില്ക്കും.

images/sabu-manushyan-01.png

അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ടു് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്കു് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവു് വളച്ചു വെച്ചാണു് അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്നു് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ടു്, നാരങ്ങാമിഠായി കൊടുത്തു് പ്രലോഭിപ്പിച്ചിട്ടുണ്ടു്, ഉച്ചക്കു് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ടു്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ടു് ചെവി പൊത്തിക്കൊണ്ടു് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.

‘മീനുകൾക്കൊന്നും ചെവിയില്ലെടാ’

ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവനു് എങ്ങനെ അറിയാമെന്നു് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നതു് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ടു് മുകളിലേക്കു് കണ്ണും തുറന്നു് പിടിച്ചു്, വായും പൊളിച്ചു് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവനു് ഹൃദയസ്ഥമായിരുന്നു!

images/sabu-manushyan-02.png

‘പഠിക്കാനുള്ള പദ്യം സിനിമേല് ചേർത്താലെന്താ?’

‘സിനിമാ പാട്ടു് പഠിച്ചാലെന്താ കൊഴപ്പം?’

ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!

ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ടു് എന്റെ വീട്ടിലേക്കു് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ടു് അവന്റെ പിന്നാലെ ഓടി.

‘നീ തൊട്ടു് നോക്കു്. ഇതു് കടിക്കൂല്ല’

അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നതു്. മെഴുമെഴാന്നു്… അതിന്റെ വാലു് എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ടു് കൈയ്യിലിരുന്നു് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്നു് സംശയിച്ചു. പക്ഷേ, അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണു് നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയതു്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്തു്, പുഴു, ആടു്, പ്രാവു്, മൈന, കുയിൽ, കാക്കക്കുഞ്ഞു്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്തു് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ടു് എല്ലാത്തിനും നേർക്കു് അവന്റെ പേരു് കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേൾ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ടു് എന്നു് എനിക്കു് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നതു് സമരം എന്നും പറഞ്ഞു് സ്കൂളിൽ ഒരു കൊടിയും പിടിച്ചു് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണു്. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പു് കുറച്ചു് കൂടി കൂർത്തിരുന്നു അക്കാലത്തു്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചതു്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ടു്.

‘നീ ഏതു പാർട്ടിയാടാ?’

പ്രധാനധ്യാപകൻ ചൂരൽത്തുമ്പു് വിറപ്പിച്ചു് കൊണ്ടു് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.

‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്നു് തിരിച്ചതുപോലെ തന്നെ അലറി.

അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്നു് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്നു് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരടു് ആരോ പൊട്ടിച്ചു, പെമ്പിള്ളേരു് കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾ ഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.

images/sabu-manushyan-03.png

എന്തായിരുന്നു സമരത്തിനു കാരണം?

മർദ്ദനം!

മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാലു് പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപു് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നതു്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്തു്.

‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.

‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവനു്. ‘കപ്പ കഴിച്ചാൽ മതിയെടാ’—മസിലു വരാൻ അവൻ പറഞ്ഞു തന്നതാണു്. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്കു് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്നു് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷേ, അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോടു് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ടു് അവന്റെ പേരു് നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.

സകലതിനോടും പ്രതിഷേധിച്ചു്, പ്രതിരോധം തീർത്തു് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു.

‘നിനക്കു് പഠിക്കണ്ടേടാ?’

‘നീയൊക്കെ പഠിക്കയല്ലെ?… എല്ലാരും കൂടെ പഠിച്ചിട്ടു് എന്തു ചെയ്യാനാ?’

അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേതു് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേതു് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തതു് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തതു് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്കു് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്കു് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തതു് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്കു് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പു് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.

‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്നു് ഒന്നും വാങ്ങരുതു്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.

‘നീ ഈ ബീഡിവലി ഒന്നു് കുറയ്ക്കു്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.

‘ഉം…’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ചു് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അതു്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്കു് കയറി വന്നതു് അവന്റെ മേത്തേന്നു് ഉയർന്ന മണ്ണു് മണമായിരുന്നു.

ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്കു് തോന്നിയിട്ടുള്ളതു്. ചിലർ മനസ്സു് കൊണ്ടു്, ചിലർ ശരീരം കൊണ്ടു്. പക്ഷേ, എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ടു്. സത്യം.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്കു് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്കു് പറയാൻ പറ്റില്ലല്ലോ! പക്ഷേ, എന്റെ നിവൃത്തികേടു് മനസ്സിലാക്കി വീട്ടുകാരെനിക്കു് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണു് ജീവിതം’ എന്നു്. പിന്നീടു് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്നു്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണു് ജീവിതം’ എന്നു് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?

images/sabu-manushyan-04.png

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തിലു് വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തതു് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടതു് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ടു് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷേ, നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പുപാട പിടിച്ച മേത്തു് തൊട്ടു നോക്കാം. അവന്റെ അടുത്തു് നില്ക്കുമ്പോൾ മണ്ണു് മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ടു് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്കു് കയറ്റം കയറിയും, ഇടയ്ക്കു് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ടു് പോയി. ആയിടയ്ക്കാണു് പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നതു്. അവിടെ പണിക്കു് നില്ക്കണ ഒരു വേലക്കാരി കൊച്ചു്, ഒരു തമിഴത്തി പെണ്ണു്, കണ്ണും തുറിച്ചു്, നാവും കടിച്ചു പിടിച്ചു്, മേലു് മുഴുവൻ മാന്തിപ്പൊളിച്ചു് പേരമരത്തിൽ തൂങ്ങിയാടുന്നതു് എല്ലാരും കണ്ടതു്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു.

പെങ്കൊച്ചിന്റെ അമ്മ വന്നു് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ് കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ചു് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവു് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീടു് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ചു് ദിവസങ്ങൾ കഴിഞ്ഞു് ഒരു വെളുപ്പാൻകാലത്തു്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്തു് ഔസേപ്പു് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണു് സ്റ്റേഷനിൽ പോയതു്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂരു് പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്നു് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചതു്?’ എനിക്കു് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു.

images/sabu-manushyan-05.png

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ് പോകുന്നതു് പോലെ. നാടു് നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ടു് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ടു് നഗരമാവാൻ കിണഞ്ഞു് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചതു് മനുഷ്യരു് വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്കു് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞു് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്കു് ഇറങ്ങി പോയി. മനുഷ്യരു് തന്നെ മണ്ണിട്ടു് മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്കു് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്കു് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാടു് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്നു് ഒന്നും വാങ്ങരുതു്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ് വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്നു് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ് കൂടി വാങ്ങി. ഒരു കാറ് കൊണ്ടു് മാത്രം എനിക്കു് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്നു് തോന്നിയതു് കൊണ്ടാണു്.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ടു്. മുകളിലേക്കു് ചകിരിനാരു് പോലെ ഇരിക്കുന്ന മുടി. പക്ഷേ, ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാലു് ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളതു് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്തു് മുറ്റത്തു് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ടു് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്തു് വന്നിരിക്കുന്നതു് കാക്കകളാണു്. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ടു് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയതു് ഓർത്തു. എന്തൊരു മിനുസമായിരുന്നതിനു്! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

images/sabu-manushyan-06.png

വെളുത്ത സൂര്യനു താഴെ നിന്നു് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്നു് തോന്നി. ഏ സി മുറിക്കുള്ളിലിരുന്നു് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണു് എപ്പോഴാണു് കറുപ്പിനോടെനിക്കു് വിരോധം തോന്നി തുടങ്ങിയതു്? അറിയില്ല. വെയിലേറ്റു് കറുത്തവരും തണലേറ്റു് വെളുത്തവരും—അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്കു് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്തു് നിന്നും വന്നവർ നിറഞ്ഞതു് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണു് ? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ടു് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നതു് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറു് സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ടു്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്നു്. പിറ്റേന്നു് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്നു് ഞാൻ ചപ്രുവിനെ കുറിച്ചു് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീടു്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്നു് നില്ക്കുന്നതു് കണ്ടു. പുറത്തേക്കു് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടതു് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവു് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ.

ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്തു് തടവുകാർ. ഒരുതരത്തിൽ… ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ… ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ… ചപ്രു… അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു… ഞാൻ സന്ദർശകനായി അകത്തേക്കു് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷേ, ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്നു്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ടു് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്നു് താഴേക്കു് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ചു് അവൻ വളർത്തിയെടുത്ത മസിലുകൾ… മണ്ണു് മണമുള്ള ശരീരം…

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണു്?—‘ആരേയാണു് കാണേണ്ടതു്?’ എന്നു് ചോദ്യം വന്നപ്പോഴാണു് അതോർത്തതു് തന്നെ. സ്കൂൾ ഹാജർവിളികളാണു് രക്ഷിച്ചതു്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേരു് എന്റെ നേർക്കു് നീക്കിവെച്ചു മാനം രക്ഷിച്ചു.

പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,

‘നിങ്ങൾ അയാളുടെ ആരാണു്?’

ഞാൻ… അവന്റെ സുഹൃത്തു്… ബാല്യകാലസുഹൃത്തു്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്നു് പഠിച്ച സുഹൃത്തു്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്തു്.

ഞാൻ സ്വയം പരിചയപ്പെടുത്തി.

‘നിങ്ങൾ ഇപ്പോഴെന്താ വന്നതു്?’

സന്ദർശനോദ്യേശ്യം… എന്തിനാണു്? വെറുതെ കാണാൻ. ഒരാളെ ഒരുപാടു് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണു്. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?

ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്കു് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,

‘നിങ്ങൾ പറയുന്ന ആൾ മൂന്നു് മാസങ്ങൾക്കു് മുൻപു് മരിച്ചു പോയി… ഹാർട്ട് അറ്റാക്ക് എന്നാണു് റെക്കോർഡിൽ കാണുന്നതു്’

ദൈവം മരിച്ചു.

ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ചു് നേരമിരുന്നിട്ടു് പതിയെ പുറത്തേക്കു് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു… അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്തു്… ചപ്രു… വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്തു് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു… എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു… ഞാൻ… ഞാൻ മനുഷ്യനാണത്രെ…

സാബു ഹരിഹരൻ
images/sabu_hariharan.jpg

ജനനം: 1972-ൽ.

സ്വദേശം: തിരുവനന്തപുരം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹരിഹരൻ

കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം.

താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്.

മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്), മാതൃഭൂമി, ജനയുഗം, കേരളകൗമുദി, കേരളഭൂഷണം (വാരാന്തപ്പതിപ്പു്), അകം, കേരള കൗമുദി (ഓണപ്പതിപ്പു്).

രണ്ട് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.

  1. ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
  2. ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)

കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂസീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Manushyananathre... (ml: മനുഷ്യനാണത്രേ...).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-21.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Manushyananathre..., സാബു ഹരിഹരൻ, മനുഷ്യനാണത്രേ..., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Green Man, a photograph by Andy Mitchell . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.