
എനിക്കു നിത്യസ്മരണീയനായ ഉത്തമസുഹൃത്തായിരുന്നു പരേതനായ സഹോദരനയ്യപ്പൻ. അദ്ദേഹത്തിന്റെ സപ്തതി പ്രമാണിച്ചു് പുറപ്പെട്ട ഉപഹാര ഗ്രന്ഥത്തിൽ ഞാൻ ഒരു ലേഖനമെഴുതിയിരുന്നു. സന്ദർഭോചിതമായ വ്യതിയാനത്തോടെ സ്മരണരൂപത്തിൽ അതു് ഇവിടെ ചേർക്കുകയാണു്. ഏതാണ്ടു് നാൽപ്പത്തഞ്ചുകൊല്ലം മുമ്പാണെന്നു തോന്നുന്നു, ഞാൻ സഹോദരനുമായി ആദ്യം പരിചയപ്പെട്ടതു്; ആലുവാ അദ്വൈതാശ്രമം സംസ്കൃതപാഠശാലയിൽവച്ചു്. അന്നു് ഞാൻ അവിടെ ഒരധ്യാപകനായിരുന്നു. ശ്രീനാരായണഗുരു വിനെ കാണാനും മറ്റുമായി സഹോദരൻ അക്കാലത്തു കൂടെക്കൂടെ ആശ്രമത്തിൽ വന്നുകൊണ്ടിരുന്നു. അന്നത്തെ ഞങ്ങളുടെ അഭിമുഖപരിചയം പിന്നീടു ദീർഘകാലസമ്പർക്കം, ആശയവിനിമയം, അഭിപ്രായൈക്യം മുതലായവവഴി സുദൃഢസുഹൃദ്ബന്ധമായി വികസിച്ചു. ആ ബന്ധം സഹോദരന്റെ മരണം വരെ അഭേദ്യമായി നിലനിന്നു. അദ്ദേഹവുമായുള്ള സംസർഗ്ഗം എന്റെ മതപരവും സാമുദായികവുമായ ചിന്താഗതിയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നുള്ള വസ്തുത ഞാൻ ഇവിടെ കൃതജ്ഞതാപൂർവ്വം സ്മരിക്കട്ടെ. യുക്തിവാദമണ്ഡലത്തിൽ എം. സി.യെപ്പോലെതന്നെ സഹോദരനും എനിക്കു ധാരാളം പ്രചോദനം നൽകിയിട്ടുണ്ടു്. ഞാൻ ആദ്യമായിക്കണ്ട ആ രൂപം—ചൊടിയും ചുണയും ചോരത്തിളപ്പും തത്തിക്കളിച്ചിരുന്ന നീണ്ടുനിവർന്ന ആ വെളുത്ത ശരീരം—ഇന്നും മനസ്സിൽ പതിഞ്ഞുകിടക്കുന്നു.

സഹോദരനു പുലയനയ്യപ്പനെന്നും ഒരു പേരു് പ്രസിദ്ധമായിരുന്നുവല്ലോ—സഹോദരപ്രസ്ഥാനം ആരംഭിച്ചുകാലത്തു സ്വസമുദായത്തിൽനിന്നുതന്നെ ആക്ഷേപസൂചകമായി പുറപ്പെട്ട പേരാണു് അതു്. ആ പേരിൽ അഭിമാനം കൊള്ളുകയാണു് അദ്ദേഹം ചെയ്തിരുന്നതു്. എന്നാൽ സഹോദരനയ്യപ്പൻ എന്ന പേരു് കുറെകൂടി ആലോചനാമൃതമാണു്. പുലയപ്പേരിനില്ലാത്ത വിശ്വവിശാലത സഹോദരനാമത്തിനുണ്ടല്ലോ. ഏതുദേശത്തും ഏതു കാലത്തും മനുഷ്യവർഗ്ഗമുള്ളിടത്തെല്ലാം ആ സഹോദര്യമാധുര്യം ആസ്വാദ്യമായിരിക്കും. ജാതിയുടേയോ മതത്തിന്റേയോ വർഗ്ഗത്തിന്റേയോ പേരിൽ എവിടെ മനുഷ്യൻ താഴ്ത്തപ്പെട്ടുകിടക്കുന്നുവോ അവിടെ ആ നാമധേയം ഒരു ഉത്തേജകശക്തിയായി പ്രവർത്തിക്കും. സഹോദരൻ ജാതി ധ്വംസനത്തിനായി പുറപ്പെട്ടു് പുലയനെ ആശ്ലേഷിച്ച കാലം ഏതാണെന്നു് ആലോചിക്കണം. ഒരു പരിവർത്തനഘട്ടമായി കേരളചരിത്രത്തിൽ അതു് എന്നെന്നും സ്മരിക്കപ്പെടും. നായരും നമ്പൂതിരിയും ഈഴവനും മറ്റും അതതു ജാതിക്കകത്തുതന്നെ വേർതിരിഞ്ഞു നിന്നു് ഉച്ചനീചത്വം പുലർത്തിയിരുന്ന കാലമായിരുന്നു അതു്. ജാതിനശിക്കണമെന്നു് ഉദ്ഘോഷിക്കാൻ അന്നു് ആർക്കാണു് ധൈര്യം ഉണ്ടാവുക. സാമൂഹ്യപരിഷ്ക്കർത്താക്കളിൽ അഗ്രേസരന്മാർപോലും അന്നു് അത്രത്തോളം ചിന്തിച്ചില്ല. സഹോദരൻമാത്രം ഇടയ്ക്കെങ്ങും തങ്ങിനിൽക്കാതെ മനുഷ്യത്വത്തിന്റെ പരമോന്നത ശൃംഗത്തിലേയ്ക്കു പാഞ്ഞുകയറി. സമഗ്രവും സർവ്വങ്കഷവുമായിരുന്നു ഈ ധീരനേതാവിന്റെ ജാതിനാശകസമരം. മറ്റു ചില പരിഷ്കൃതാശയന്മാർ ജാതി വൃക്ഷത്തിന്റെ കുറെ പുറം പടർപ്പുകൾമാത്രം നീക്കം ചെയ്യാനൊരുങ്ങിയപ്പോൾ സഹോദരൻ അതിന്റെ നാരായവേരുതന്നെ മുറിച്ചു. മിശ്രവിവാഹം കൊണ്ടു വിരോധമില്ല എന്നു സൗമ്യസ്വരത്തിലേ ശ്രീനാരായണഗുരു ഉപദേശിച്ചുള്ളു. എന്നാൽ മിശ്രവിവാഹംകൊണ്ടേ ജാതി നശിക്കു. അതു പ്രചരിപ്പിക്കുക തന്നെ വേണം എന്നു വിധിരൂപത്തിൽ ഇടിനാദം മുഴക്കിയതു സഹോദരനാണു്. ആബ്രാഹ്മണചണ്ഡാലം ആർക്കും ഞെട്ടലുണ്ടാക്കുന്ന ഒരു വീരാട്ടഹാസമായിരുന്നു അതു്. ജാതി, മതം, വർഗ്ഗം മുതലായ ഏതിന്റെയെങ്കിലും പേരിൽ മനുഷ്യൻ ആഢ്യതാനാട്യം നടത്തുന്ന കാലത്തോളം ആ നാദത്തിനു പുതുമ ഉണ്ടായിരിക്കും. അതൊരു വിപ്ലവ കാഹളമായിരിക്കയും ചെയ്യും. ജാതി വേണ്ടെന്നു പറയുന്നവർ ഇന്നു ധാരാളമുണ്ടു്. എന്നാൽ സഹോദരനെപ്പോലെ വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും മാത്രമല്ല വൈകാരികമായിട്ടുപോലും ജാതിയില്ലാതെ ജീവിക്കാൻ എത്രപേർക്കു കഴിയുന്നുണ്ടെന്നു നിശ്ചയമില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ അകത്തു് ഇഴുകിപ്പിടിച്ചിരിക്കുന്ന ജാതിപ്പശ മുഴുവൻ തുടച്ചു നീക്കുക അത്ര എളുപ്പമല്ല. അതിന്റെ മുര, സൂക്ഷിച്ചുനോക്കിയാൽ ഇനിയും നമ്മളിൽക്കാണാം. മഹാത്മാഗാന്ധിയുടെ ഉപബോധമനസ്സിൽപ്പോലും ജാതി ഭേദം ഒളിച്ചുകളിനടത്തിയിരുന്നു. വർണ്ണ വ്യവസ്ഥയെ തത്ത്വദൃഷ്ട്യാ സാധൂകരിക്കാൻ അദ്ദേഹം പണിപ്പെടുകയുണ്ടായി. അന്നൊക്കെ ഒരു വിട്ടു വീഴ്ചയുംകൂടാതെ സഹോദരൻ, ഗാന്ധിജിയെ എതിർത്തിരുന്നു. അതൊരു ധിക്കാരമായിട്ടുപോലും അക്കാലത്തു പലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്.

മഹാത്മാഗാന്ധി യും ജവഹർലാൽനെഹ്റു വും തമ്മിലുണ്ടായിരുന്ന ബന്ധം സർവവിദിതമാണല്ലോ. ഏകദേശം അതുപോലെയുള്ള ഒരു ബന്ധമായിരുന്നു ശ്രീനാരായണഗുരുവും സഹോദരനയ്യപ്പനും തമ്മിലുണ്ടായിരുന്നതു്. വേണ്ടിവന്നാൽ ഗുരുവിന്റെ അഭിപ്രായങ്ങളെ നിരൂപണം ചെയ്യാൻ ശിഷ്യൻ മടിച്ചിരുന്നില്ല. ശിഷ്യന്റെ ആത്മാർത്ഥതയും അഭിപ്രായധീരതയും സ്വതന്ത്രചിന്തയും ഗുരുവിനെ സന്തോഷിപ്പിച്ചതേ ഉള്ളൂ. യുക്തിവാദത്തിൽ കൂടി നിർമ്മതത്വത്തിലേയ്ക്കും നിരീശ്വരത്വത്തിലേയ്ക്കും സഹോദരൻ ചെന്നെത്തിയപ്പോഴും സ്വാമിക്കു് അപ്രീതിയല്ല ഉണ്ടായതു്. മതഗ്രന്ഥങ്ങൾക്കും ആചാര്യന്മാർക്കും അടിമയാകാതെ യുക്തിമാർഗ്ഗത്തെ അവലംബിച്ചുള്ള സഹോദരന്റെ സ്വതന്ത്രചിന്താശീലത്തെ ഗുരു ഏറ്റവും വിലമതിച്ചിരുന്നു. ഈഴവസമുദായനേതാക്കളിൽ മറ്റാരോടും തോന്നാത്ത സ്നേഹവാത്സല്യങ്ങൾ സ്വാമിക്കു് ഈ ശിഷ്യനോടുണ്ടായിരുന്നു. സഹോദരൻ സന്ന്യാസം സ്വീകരിച്ചു തന്റെ പിൻഗാമിയായിത്തീരണമെന്നുകൂടി ഗുരു പാദർക്കു അഭിലാഷമുണ്ടായിരുന്നുവത്രേ. കേരളീയരുടെ ഭാഗ്യംകൊണ്ടു് അങ്ങനെ സംഭവിച്ചില്ല. ഏറെക്കാലം അഗേഹനായി ചുറ്റിസഞ്ചരിച്ച സഹോദരൻ ഒടുവിൽ ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. മനോഹരവും മാതൃകാപരവുമായ ഒരു കുടുംബജീവിതം അതിൽനിന്നു പൊന്തിവന്നു. അവിടെ നിറഞ്ഞുതുളുമ്പിയിരുന്ന ശാന്തിസന്തോഷസൗഭാഗ്യങ്ങൾ നേരിട്ടു കണ്ടാഹ്ലാദിക്കാനും സ്നേഹമധുരമായ ആതിഥ്യം ആസ്വദിക്കാനും എനിക്കു പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ടു്. ദാമ്പത്യത്തിന്റെ പരാജയപതാകയല്ല, വിജയപതാകയാണു് അവിടെ പാറിക്കളിച്ചിരുന്നതു്. ഗൃഹസ്ഥർക്കു പലതും കണ്ടു പഠിക്കാനുള്ള ഒരു വിദ്യാലയമായിരുന്നു ആ കുടുംബം. ശ്രീമതി പാർവ്വതിഅയ്യപ്പനും ഭർത്താവിനെപ്പോലെതന്നെ സദാപി പ്രവർത്തനനിരതയാണു്. സാമൂഹികസേവനത്തിൽ അവരും തന്റേതായൊരു മാർഗ്ഗം വെട്ടിത്തുറന്നിരിക്കുന്നു.

സഹോദരൻ ഒരു കടുത്ത വർഗ്ഗീയവാദിയായിരുന്നുവെന്നു് ആക്ഷേപിക്കുന്ന ചില ദേശീയവാദികളുണ്ടു്. അവർക്കു് അവരുടെ നാണയത്തിൽതന്നെ ചുട്ടമറുപടി കൊടുക്കാൻ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. അതു കേൾക്കാൻ രസമുണ്ടു്; ആലോചനയ്ക്കും വകനൽകും. ഇക്കൂട്ടരുടെ സങ്കുചിതമായ ദേശീയവാദത്തിന്റെ തനിനിറം വെറും വർഗ്ഗീയമാണെന്നും ശാസ്ത്രീയമായ ദേശീയവാദമാണു് തന്റേതെന്നും അദ്ദേഹം യുക്തിയുക്തം സമർത്ഥിച്ചിരുന്നു. അതു ഖണ്ഡിക്കാൻ അത്ര എളുപ്പവുമല്ല. അവശ സമുദായങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പരാധീനത നിശ്ശേഷം നീങ്ങിയെങ്കിലേ ശുദ്ധദേശീയഭാവം സാർവ്വത്രികമായി പുലരുകയുള്ളു എന്നതു് ആർക്കും നിഷേധിക്കവയ്യാ. അധഃകൃത നേതാവായിരുന്ന ഡോ. അംബേദ്കറും ഇത്തരം ആക്ഷേപങ്ങൾക്കു് പാത്രമായിട്ടുണ്ടു്. ഒടുവിൽ അദ്ദേഹത്തിന്റെ നിലപാടാണു് ശരിയെന്നു പലർക്കും ബോധ്യമായി. ഇതേ രീതിയിലായിരുന്നു സഹോദരന്റെ സാമുദായിക വീക്ഷണവും. ഏതായാലും അദ്ദേഹത്തിന്റെ ഏതാദൃശവാദങ്ങൾ മലയാളഭാഷയിലെ പദസമ്പത്തു വർദ്ധിപ്പിച്ചിട്ടുണ്ടു്. കുറിക്കുകൊള്ളുന്ന അർത്ഥശക്തിയുള്ള പല പുതിയ പ്രയോഗങ്ങളും ആ തൂലിക സൃഷ്ടിച്ചു നടപ്പാക്കിയിരിക്കുന്നു. ജാതിക്കുശുമ്പു്, കുത്തകസമുദായം തുടങ്ങിയ പ്രയോഗ വിശേഷങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടവയത്രേ. സഹോദരമുദ്രപതിഞ്ഞിട്ടുള്ള ഇത്തരം പദങ്ങൾ ഇപ്പോൾ പ്രചുര പ്രചാരത്തിലായിട്ടുണ്ടു്. ആവശ്യമാണെന്നു വന്നാൽ വ്യാകരണനിയമത്തേയും ലംഘിച്ചു് ആശയപ്രകാശനത്തിനു പറ്റുന്ന ഒരു പുതിയ വാക്കു വാർത്തെടുക്കാൻ സഹോദരൻ മടിക്കാറില്ല. ശാബ്ദികന്മാർ ഇതൊരു ദുസ്സ്വാതന്ത്ര്യമാണെന്നു ശഠിച്ചേയ്ക്കാം. എന്നാലും ഭാഷയിലെ ശബ്ദശക്തി വികസിക്കാൻ ഇത്തരം നിയമരഹിതമായ ഗതിയും ഒരളവുവരെ അനുവദനീയമാണെന്നു സമ്മതിക്കണം.
എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതു സഹോദരന്റെ സ്വതന്ത്ര ചിന്താശീലവും യുക്തിവാദവുമാണു്. അതോടൊപ്പംതന്നെ അദ്ദേഹത്തിന്റെ എന്തും തുറന്നു പറയുന്ന സ്വഭാവവും. മറ്റുള്ളവരെപ്പോലെ സഹോദരനും സംഭാഷണത്തിലും പ്രസംഗത്തിലും മറ്റും വികാരഭരിതനായി കാണപ്പെട്ടേയ്ക്കാം. എന്നാൽ വികാരത്തിന്റെ വേലിയേറ്റം വിചാരശക്തിയെ ദുർബ്ബലമാക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടു്. സംശയിക്കുക, ചോദ്യം ചെയ്യുക, ചിന്തിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവു്. ആലോചിക്കാതെ ഒരഭിപ്രായം ഒന്നിനെപ്പറ്റിയും സഹോദരൻ പറയുകയില്ല. ഏതിലും തുളച്ചുകയറുന്ന യുക്തിവാദം അദ്ദേഹത്തിൽ മുന്നിട്ടുനിന്നിരുന്നു. മനുഷ്യന്റെ ചിന്താവ്യാപാരത്തെ പിടിച്ചുവളയ്ക്കുന്ന മാനസിക പ്രവണതകളെപ്പറ്റി സഹോദരനു നല്ല ബോധമുണ്ടായിരുന്നു. അതുകൊണ്ടു്, വാദപ്രതിവാദവേളയിൽ അവയുടെ പിടിയിൽ നിന്നു് ഒഴിഞ്ഞുമാറാനും പ്രതിയോഗികളുടെ വാദവൈകല്യങ്ങൾ കണ്ടുപിടിച്ചു വെളിച്ചത്തുകൊണ്ടുവരുവാനും അദ്ദേഹത്തിനു നിഷ്പ്രയാസം സാധിച്ചിരുന്നു. പ്രാമാണികനായ രാഷ്ട്രീയചിന്തകൻ എന്ന നിലയിലും സഹോദരൻ അടുത്ത കാലത്തു പൂർവ്വാധികം പ്രശസ്തി നേടിയിരുന്നു. ഇത്രത്തോളം നിഷ്പക്ഷമായും നിർബാധമായും നിർഭയമായും രാഷ്ട്രീയ നിരൂപണം നിർവ്വഹിക്കുന്നവർ കേരളത്തിൽ ചുരുക്കമാണെന്നുവേണം പറയാൻ. അദ്ദേഹത്തിന്റെ ആഴ്ച്ചക്കുറിപ്പുകൾക്കു പത്രലോകത്തിൽ പ്രമുഖസ്ഥാനം ലഭിച്ചിരുന്നതു് ഈ ഗുണം കൊണ്ടത്രേ. ഒരു രാഷ്ട്രീയപാർട്ടിയിലും അദ്ദേഹം ഒട്ടിനിന്നിരുന്നില്ല. എല്ലാ പാർട്ടികളിലും ഉള്ള ഗുണവും ദോഷവും അദ്ദേഹം നിരൂപണ വിഷയമാക്കിയിരുന്നു.
സഹോദരനുമായി സംഭാഷണത്തിലേർപ്പെടുക എന്നതു് എന്റെ മനസ്സിനൊരു ഔഷധസേവയായിരുന്നു. അതിനുവേണ്ടിത്തന്നെ ഞാൻ ഇടയ്ക്കിടയ്ക്കു് അദ്ദേഹത്തിന്റെ വസതിയിൽ പോകാറുണ്ടായിരുന്നു. ബഹുരസമാണു് അദ്ദേഹവുമായി തർക്കിക്കാൻ. ആ കുശാഗ്രബുദ്ധി കുത്തിക്കുത്തി ചോദിക്കൂന്ന ചോദ്യങ്ങളിൽക്കൂടി അതുവരെ നാം കാണാതിരുന്ന ചില വാദമുഖങ്ങൾ തെളിഞ്ഞുവരും. തികച്ചും ശരിയെന്നു നാം ധരിച്ചുവെച്ചിരുന്ന പല അഭിപ്രായങ്ങളും പുനഃപരിശോധനചെയ്യേണ്ടവയാണെന്നു വെളിപ്പെടും. സംഭാഷണത്തിനിടയിൽ ചിലപ്പോൾ ഒരു വേദാന്തിയോ തത്വജ്ഞാനിയോ അദ്ദേഹത്തിൽ നിന്നു് ഉണർന്നുവരുന്നതു കാണാം. അപ്പോൾ നമ്മളും അദ്ദേഹത്തോടൊപ്പം പ്രൗഢമായ ജീവിതചിന്തയിൽ മുഴുകിപ്പോകുന്നു. പ്രപഞ്ചം, മനുഷ്യൻ, ആത്മാവു് തുടങ്ങിയ ഗഹനവിഷയങ്ങളെപ്പറ്റി എത്രയോ തവണ ഞങ്ങൾ വിചാരണചെയ്തിട്ടുണ്ടു്. ഏതു കാര്യവും വസ്തുനിഷ്ഠമായി വിശകലനംചെയ്തു നോക്കുന്നതിൽ ഈ താർക്കികനു് ഒരു പ്രത്യേക പാടവമുണ്ടായിരുന്നു.
യാവനകാലത്തു്, സാമൂഹികവിപ്ലവത്തിന്റെ ഒരു കൊടുങ്കാറ്റു തന്നെയായിരുന്നു സഹോദരൻ. വാർദ്ധക്യത്തിൽ അതു ശാന്തമായി എങ്കിലും അതിന്റെ ഇരമ്പം ഇന്നും കേരളത്തിൽ മാറ്റൊലിക്കൊള്ളുന്നുണ്ടു്. ഇതിനൊക്കെപ്പുറമേ അദ്ദേഹം നല്ലൊരു കവിയുമായിരുന്നു. പക്ഷേ, എന്തു കൊണ്ടോ സഹോദരന്റെ കവിതകൾക്കു് അവയർഹിക്കുന്ന പ്രചാരം ലഭിച്ചിട്ടില്ല. എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട—പലപ്പോഴും ഞാൻ അയവിറക്കാറുള്ള—അദ്ദേഹത്തിന്റെ രണ്ടു ശ്ലോകംകൂടെ ഉദ്ധരിച്ചിട്ടു് ഈ സ്മരണ അവസാനിപ്പിക്കാം.
എങ്ങുനിന്നോ പുറപ്പെട്ടു
മെങ്ങോട്ടോ മുഖമാക്കിയും
എന്തിനെന്നാരുമോരാതെ
പോകുന്നു ലോകജീവിതം.
അനന്തകോടി ജീവങ്ങ-
ളുൾക്കൊണ്ട യുഗകോടികൾ
കടന്ന പരിണാമത്തിൽ
പ്രവാഹം ലോകജീവിതം.
—സ്മരണമഞ്ജരി.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971