images/ArtsWithoutDetaills.jpg
Exhibition, a painting by Eissa Moussa .
ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്

ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്. ഈ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ ഫെമിനിസത്തിന്റെ മുഖ്യധാരയെ വിമർശനാത്മകമായി പരിശോധിക്കാനാണ് ഞാൻ മുതിരുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സ്ത്രീ സമത്വത്തിനായുള്ള കൂട്ടായ സ്വരങ്ങൾ അടുത്ത കാലങ്ങളിൽ ഉയർന്നു കേട്ടിരുന്നു. തോട്ടം തൊഴിലാളി മേഖലയിലെ പൊമ്പിളെ ഒരുമൈ മുതൽ സിനിമാ രംഗത്തെ വിമൻസ് കളക്ടീവ് വരെ അതിൽ ഉൾപ്പെടുന്നു. ഇതിൽ പൊമ്പിളെ ഒരുമൈയും വസ്ത്ര വ്യാപാര രംഗത്തെ അസംഘടിത സ്ത്രീ തൊഴിലാളികളും ഉൾപ്പെടെയുള്ളവരുടെ സമര മുന്നേറ്റങ്ങൾ അതാതു മേഖലകളിലെ ചൂഷണങ്ങൾക്കെതിരെയുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ, WCC-യുടെ (വുമൺ സിനിമ കളക്റ്റീവ്) മുന്നേറ്റങ്ങൾ സ്ത്രീകളുടെ പൊതു പ്രശ്നങ്ങളെ അഭിസംബോധന ചെയുന്നവയായാണ് പരിഗണിക്കപെട്ടുപോരുന്നത്.

അതിനാൽ തന്നെ WCC-യുടെ നെടും തൂണുകളിലൊരാളായ റിമാ കല്ലിങ്കലിന്റെ ഒരു പ്രസ്താവനയെ മുന്നോട്ടു വക്കുകയാണ്. തന്റെ ചെറുപ്പകാലത്തു വീട്ടിൽ പ്രത്യേക വിഭവങ്ങൾ പാചകം ചെയുമ്പോൾ അതിന്റെ ഭൂരിഭാഗവും വീതിക്കപ്പെട്ടിരുന്നത് സഹോദരന്മാർക്കായിരുന്നു എന്നാണ് റിമ ഒരു പൊതു പരിപാടിയിൽ പറയുകയുണ്ടായത്.

കുടുംബങ്ങളിലെ ആൺ-പെൺ പക്ഷഭേദങ്ങൾക്ക് ഉദാഹരണമായാണ് പ്രസ്തുത സംഭവത്തെ റിമ ഉദ്ധരിച്ചത്. ഇതേ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അവർ വലിയ തോതിൽ അപഹസിക്കപ്പെടുകയുണ്ടായി. സ്ത്രീ വിരുദ്ധമായി വളർന്നുവന്ന ആൺ കൂട്ടങ്ങളുടെ തേജോവധ ശ്രമങ്ങളായി അവയെ കാണുന്നതിൽ തെറ്റുപറയാനാകില്ല. എന്നാൽ റിമയുടെ പ്രസ്താവനയും പൊതുബോധവുമായുള്ള സംഘർഷത്തിന്റെ സാമൂഹിക–സാംസ്കാരിക പശ്ചാത്തലങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

റിമാ കല്ലിങ്കൽ അപ്പർ ക്ലാസ്/അപ്പർ മിഡിൽ ക്ലാസ് പശ്ചാത്തലത്തിൽ ഉൾപ്പെടുന്ന ഒരാളാണെന്നാണ് ഞൻ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു അടിസ്ഥാനവർഗ കുടുംബത്തിലെ സമാനമായ വിവേചനത്തിന്റെ രാഷ്ട്രീയ വ്യവസ്ഥ അവർക്ക് മനസിലാകുക ശ്രമകരവുമാണ്. വർക്കിംങ്ങ് ക്ലാസ് ആൺകുട്ടികൾക്ക് വളരെ ചെറിയ പ്രായം മുതൽക്കുതന്നെ അധിക പരിഗണന (താരതമ്യേന) ലഭിക്കുന്നുണ്ടെകിൽ അതിന്റെ പ്രധാന കാരണം അവർ കുടുംബ ഭാരം ചുമക്കേണ്ടവരാണ് എന്ന വ്യവസ്ഥാപിത ചിന്തയുടെ പിൻതുടർച്ച മൂലമാണ്. കേരളത്തിലെ അസമ്പന്ന കുടുംബങ്ങളിലേ മിക്കവാറും ആൺക്കുട്ടികൾ തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കാനോ ഉപജീവനാധിഷ്ഠിതമായി സ്വന്തം ചിന്തകളെ പരുവപ്പെടുത്താനോ പ്രധാന കാരണം, മേൽ പറഞ്ഞതുപോലെ ബാല്യം മുതൽ അടിച്ചേൽപിക്കപ്പെടുന്ന ബാധ്യതാ ബോധങ്ങൾ മൂലമാണ്. വേണ്ടത്ര വാർദ്ധക്യകാല പെൻഷനുകളോ വയോജന സംരക്ഷണ പദ്ധതികളോ രാജ്യത്ത് നിലവിലില്ല എന്നത് മാതാപിതാക്കളുടെ അരക്ഷിതാവസ്ഥകൾക്കും അമിതമായ ആശ്രിത അനോഭാവത്തിനും (നിർബന്ധിതമായ) ഒരു കാരണമാണെന്നും വരാം.

മലയാള മനോരമ ദിനപത്രത്തിലെ ‘വാചക മേള’ എന്ന പംക്തിയിൽ പ്രൊഫ. എം. ലീലാവതിയുടേതായി വന്ന ഒരു പ്രസ്താവന ഇന്നും ഓർത്തുവക്കുന്നുണ്ട്.

“അടിസ്ഥാനവർഗ/അവശജാതി സ്ത്രീകൾ സർഗാത്മകാരായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്തത് എങ്ങനെ ഒരു പൊതു സമൂഹത്തിന്റെ പിഴവാകും?” — എന്നതാണ് അതിന്റ ഏകദേശ സാരം. തൊഴിലെടുത്ത് കുടുംബം പോറ്റേണ്ടതിനായി വളർത്തപ്പെടുന്ന ആൺകുട്ടികൾക്ക് സ്വന്തം സർഗാത്മകജീവിതമോ പ്രത്യേക കഴിവുകളോ പരിപാലിക്കാനോ, അവ തിരിച്ചറിയാൻ പോലുമോ സാധ്യതയില്ല എന്ന വസ്തുതയാണ് ലീലാവതിയുടെ വരേണ്യ സ്ത്രീ യുക്തി മനഃപൂർവ്വമോ അല്ലാതെയോ മറന്നു കളയുന്നത്.

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലികഴിച്ചു ബാധ്യതകളുടെ തലമുറാനന്തര ഗമനത്തിന്റെ ഭാഗമാകുന്ന, അതിലേയ്ക്കായി ബാല്യം മുതൽ അധിക പരിഗണനകൾ ‘ഏറ്റുവാങ്ങേണ്ടി വരുന്ന’, അസമ്പന്ന പുരുഷന്റെ ഗതികേടുകളെയാണ് റിമ വർഗവ്യത്യാസങ്ങളെ അവഗണിച്ചുകൊണ്ട് പുരുഷാധിപത്യമെന്ന നിലയിൽ സാമാന്യവത്ക്കരിക്കുന്നത്.

‘കഫർണൗം’ എന്ന ലബനീസ് ചിത്രത്തിൽ, തന്നെ ജനിപ്പിച്ചു എന്ന കാരണത്തിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കോടതിയിൽ വാദിക്കുന്ന ‘സെയ്ൻ’ എന്ന ബാലനെ കാണാം. ബാല്യ വിവാഹത്തിനിരയായി മരണപ്പെട്ട സ്വന്തം സഹോദരിയെപ്പോലെത്തന്നെ, നിത്യ ദാരിദ്ര്യത്തിന്റെ സമ്മർദ്ദങ്ങളോട് ജനനം മുതൽ പൊരുതേണ്ടിവരുന്ന തന്റെ ജീവിതാവസ്ഥയും കുറ്റകരമാണെന്ന അവന്റെ തിരിച്ചറിവ് അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധങ്ങളുടെ ആഴത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ കഥാകൃത്തും സഹ തിരക്കഥാകൃത്തും സംവിധായികയുമായ നാദിൻ ലബാകിയിൽ നിറഞ്ഞുനിൽക്കുന്നതും, നമ്മുടെ മുഖ്യധാരാ സ്ത്രീ വിമോചകരിൽ ഒട്ടുമേയില്ലാത്തതും ഈ നിലയിലുള്ള ആഴമേറിയ സാമൂഹ്യാവബോധമാണ്. ‘ഫെമിനിസത്തിന്റെ ബൈബിൾ’ എന്ന പേരിൽ അറിയപ്പെടുന്ന ‘സെക്കൻഡ് സെക്സ് ’ എന്ന പുസ്തകത്തിൽ സിമോൺ ദി ബുവ്വ സ്ത്രീ വിമോചനത്തെ സംബന്ധിച്ചു പറയുന്ന ഒരു വാചകം ഈ അവസരത്തിൽ എടുത്തുപറയേണ്ടതാണ്. “സ്ത്രീ സമത്വമെന്നാൽ സ്ത്രീക്കും പുരുഷനും ഇടയിലുള്ള സമത്വം മാത്രമല്ല, ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീക്കും ഇടയിലുള്ള തുല്യത കൂടിയാണ്”—എന്നാണ് സിമോൺ നിരീക്ഷിക്കുന്നത്. ഫെമിനിസം എന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ വിമോചനമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സങ്കുചിതവും, സമ്പന്ന യുക്തി കേന്ദ്രിതവുമായ സ്ത്രീപക്ഷ ചിന്തകൾ സ്ത്രീ വിമോചനത്തിന്റെ മുഖ്യധാരയായി പരിഗണിക്കപ്പെടുന്ന കാലത്ത് എതിർ സ്വരങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിലാണ് ഇതെഴുതുന്നത്.

ജനാധിപത്യവിരുദ്ധമായ സമൂഹശരീരവും ഭരണഘടന എന്ന ഉടയാടയും

“ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല അതൊരു ജീവിതശൈലിയാണ്. സത്യസന്ധതയോട് കൂറില്ലാത്ത ഒരു സമൂഹത്തിൽ ഭരണഘടനയ്ക്ക് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല. അത്തരം സമൂഹങ്ങളിൽ ജനാധിപത്യം ദീർഘനാൾ പുലരുകയുമില്ല.”

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് ജെ. ചെലമേശ്വർ നടത്തിയ നിരീക്ഷണമാണ് ഇത്. വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച് അടുത്തിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും സൂക്ഷ്മവും സത്യസന്ധവുമായ അഭിപ്രായപ്രകടനം ആയി ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിക്കാവുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യങ്ങളിലൊന്നായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനാപരമായ വിലയിരുത്തലുകളുടെ ഫലമായാണ് ഭാരതം ഒരു ജനാധിപത്യ രാജ്യം എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെടുന്നത്. എന്നാൽ ഭരണഘടനയിൽ ഉൾച്ചേർന്നിരിക്കുന്ന മൂല്യങ്ങളെ സ്വായത്തമാക്കാൻ മാറിമാറി ഭരിച്ച ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കു തന്നെയോ ഇക്കാലം വരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. രാജഭരണവും നാടുവാഴിത്തവും ജാതി വിവേചനവും പിന്നീടുള്ള കോളനി ഭരണവും നിർമ്മിച്ചെടുത്ത സാമൂഹിക ബോധത്തിൽ വാർത്തെടുക്കപ്പെട്ട ജനസാമാന്യത്തിന്റെ മുമ്പിൽ അധികാര കൈമാറ്റത്തിന് ശേഷം (സ്വാതന്ത്ര്യത്തിനു ശേഷം) അവതരിപ്പിക്കപ്പെട്ട ഒന്നാണ് ഭരണഘടന. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നു വന്ന ചൂഷണാധിഷ്ഠിതമായ സാമൂഹിക സംവിധാനത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യ-ഭരണ സംവിധാനങ്ങളിലേക്ക് ചുവടുമാറുക എന്നത് സ്വാഭാവികമായും വളരെ ശ്രമകരമായിരുന്നിരിക്കാമെന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെയും അതിന്റെ മറ്റെല്ലാ സംവിധാനങ്ങളുടെയും കാര്യക്ഷമമായ ശ്രമങ്ങളിലൂടെ മാത്രം സാധിക്കുന്ന ഒന്നായിരുന്നു ഭരണഘടനാ മൂല്യങ്ങളുടെ സാമൂഹിക വിതരണം. എന്നാൽ ഇന്നോളം ഉണ്ടായ ഭരണകൂടങ്ങൾ അധികാരം നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യമായി കണ്ടത്. നരേന്ദ്രമോദിക്കും സംഘപരിവാറിനും പുറകിൽ നിലയുറപ്പിക്കുന്ന മനുഷ്യ സമുദ്രം ഈ വസ്തുതയെ ശരിവെയ്ക്കുന്നതാണ്. മതഭ്രാന്തിനേയും ഭാരതീയ ഭൂതകാലത്തെ പ്രതിയുള്ള അമിതാഭിമാനത്തെയും മുൻനിർത്തി ഒരു രാഷ്ട്രീയ സംഘടന രാജ്യം ഭരിക്കുന്ന സ്ഥിതി ജനസാമാന്യത്തിന്റെ തന്നെ ജനാധിപത്യവിരുദ്ധ മനോനിലയുടെ സുവ്യക്തമായ തെളിവാണ്. ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലികളിൽ നിർബന്ധമായി വായിച്ചു കേൾപ്പിക്കേണ്ടതുണ്ടെന്ന കേരള സർക്കാരിന്റെ നിലപാട് ഈ അവസരത്തിൽ എടുത്തുപറയേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്.

ജനാധിപത്യത്തെ സംബന്ധിച്ചുള്ള പ്രാഥമികമായ ധാരണകളിൽ തന്നെ പൊരുത്തക്കേടുകൾ കാണാൻ കഴിയും. ഭരണകൂടത്തിന്റെ ഭൂരിപക്ഷ താത്പര്യപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ മുഖമുദ്രയായി കരുതപ്പെടുന്നത്. ജനാധിപത്യത്തിനെ സംബന്ധിച്ചുള്ള നമ്മുടെ നിർവചനം പോലും ഈ നിലയിൽ തെറ്റിദ്ധാരണാജനകമാണ്. “ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്നതാണ് ജനാധിപത്യം” എന്ന നിർവചനം സത്യത്തിൽ ജനാധിപത്യത്തെ ന്യൂനീകരിക്കുകയാണ്. ഭരണപരമായ ജനാധിപത്യ ഘടന ജനാധിപത്യ നിർവചനത്തിന്റെ കാതലായി മാറുന്നത് തീർത്തും അസംബന്ധമാണ്. നമ്മുടെ ജനാധിപത്യം നിർവചനം ശരിവെയ്ക്കുകയാണെങ്കിൽ ഇന്ത്യ നിലവിൽ ഒരു സമ്പൂർണ ജനാധിപത്യ രാജ്യം തന്നെയാണ്. ഭരണഘടനാപരമായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമാണ് ഇവിടെ നിലവിലുള്ളത്. ജനാധിപത്യം ഒരു ജീവിതശൈലി ആണെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വാക്കുകളെ പരിഗണിച്ചാൽ ഇന്ത്യ തീർത്തും ജനാധിപത്യവിരുദ്ധമായ ഒരിടമാണെന്ന നിഗമനത്തിൽ നിർഭാഗ്യവശാൽ എത്തിച്ചേരേണ്ടിവരും. ഭരണകൂടം ജനങ്ങളോട്, പണം ഉള്ളവൻ ഇല്ലാത്തവനോട്, അച്ഛനമ്മമാർ മക്കളോട്, തൊഴിലുടമ തൊഴിലാളിയോട്, അധ്യാപകൻ വിദ്യാർത്ഥികളോട്, ഉന്നത ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനോട്, പൊതുബോധം കറുത്തവനോട്, പുരുഷൻ സ്ത്രീകളോട്, സവർണ്ണൻ അവർണ്ണനോട്, പ്രായത്തിൽ മുതിർന്നവർ ഇളയവരോട്, ശക്തി കൂടിയവർ കുറഞ്ഞവരോട്, ഭൂരിപക്ഷം ന്യൂനപക്ഷത്തോട്, എന്നു തുടങ്ങി സമസ്ത മേഖലകളിലും ജനാധിപത്യവിരുദ്ധമായ ആധിപത്യം ഇന്നും തുടരുന്ന രാജ്യമാണ് ഇന്ത്യ. മേൽപ്പറഞ്ഞവയെല്ലാം സ്വാഭാവിക സാമൂഹിക നിയമങ്ങളായി കണക്കാക്കപ്പെടുന്ന രാജ്യത്ത് ഭരണകൂടങ്ങൾ എത്ര മാറി മറിഞ്ഞാലും ജനാധിപത്യമോ തുല്യതയോ സ്ഥാപിക്കപ്പെടില്ല. അതുകൊണ്ടു തന്നെ നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ബി ജെ പി ഭരണം അട്ടിമറിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വിപുലപ്പെടേണ്ടതുണ്ട്. രാജ്യത്തെ ജനാധിപത്യവത്കരിക്കാനുള്ള പുതിയകാല നീതി ബോധത്തിന്റെ പോരാട്ടങ്ങൾ എന്ന നിലയിൽ അവ വളർന്നാൽ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ സ്ഥാപനത്തിലേക്ക് വിദൂരമായെങ്കിലും ചെന്നെത്താൻ നമുക്ക് കഴിയും.

കൂട്ടക്കൊലകളോളം എത്തുന്ന വർഗ്ഗ പ്രതിസന്ധികൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് ഇവിടെ പറയാൻ മുതിരുന്നത്. ആദ്യമായും അവസാനമായും പ്രശ്നവൽക്കരിക്കുന്നത് അവർ മറച്ചു വെക്കുന്ന അവരുടെ തന്നെ വർഗ്ഗപരമായ സ്വത്വത്തെയുമാണ്.

ജോളി ഒരു എൻഐടി പ്രൊഫസർ ആയിയാണ് സമൂഹത്തിനു മുൻപിൽ സ്വയം അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവരൊരു ബ്യൂട്ടിപാർലർ ജീവനക്കാരിയായിരുന്നു എന്നും ഇതിനാൽ ആത്യന്തികമായി അവരൊരു തൊഴിലാളി ആയിരുന്നു എന്ന് തന്നെ കരുതാം. (അവരുടെ കുടുംബപശ്ചാത്തലത്തെ പ്രശ്നാധിഷ്ഠിതമായി അവഗണിക്കേണ്ടതുണ്ട്.)

ഒരാൾക്ക് അയാളുടെ വർഗ്ഗസ്വത്വത്തിൽ തെളിമയോടെ ഉറച്ചുനിൽക്കാൻ പ്രാപ്തമായ ഒരു സാമൂഹിക സാഹചര്യമല്ല നമ്മുടേത് എന്നത് തർക്കരഹിതമായ വസ്തുതയാണ്. ഒരാൾ അയാൾ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിഗണനക്ക് വിധേയമാകുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയിലെമ്പാടുമുണ്ട്. അത് ഇന്ത്യൻ ജാതിവ്യവസ്ഥയുടെ അബോധ മൂല്യക്രമങ്ങളായും വ്യാഖ്യാനിക്കാവുന്നതാണ്. ആയിരക്കണക്കിന് വർഷങ്ങളോളം തൊഴിൽപരമായി സാമൂഹിക വിഭജനം (ജാതി വിഭജനം) നടന്ന ഒരു ദേശം എന്ന നിലയിലുള്ള എല്ലാ ഹാങ്ങ് ഓവറുകളും ഇന്നും ഇന്ത്യക്കുണ്ട്. തൊഴിൽ ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് ലഭിക്കുന്ന മൂല്യത്തിൽ പ്രധാന പങ്കുവഹിക്കുന്നതിന്റെ അടിസ്ഥാന കാരണവും.

എന്റെ വ്യക്തിപരമായ ഒരു അനുഭവവും ഇവിടെ പങ്കുവെക്കേണ്ടതുണ്ടെന്നു തോന്നുന്നു. എന്റെ സീനിയർ ആയി പഠിച്ച ഒരാൾ അയാളുടെ ബന്ധുവിനെ കുറിച്ച് നടത്തിയ വിവരണം ആണിത്. രാവിലെ കുളിച്ചു വെള്ളയും വെള്ളയും ധരിച്ചു എക്സിക്യൂട്ടീവായ ബാഗും തൂക്കി ബുള്ളറ്റിൽ പോകുന്ന ഒരാളെ നിങ്ങൾ സങ്കൽപ്പിക്കുക. അയാളുടെ ബാഗിൽ മേസ്തിരിപ്പണിയുടെ ആയുധങ്ങൾ ആണെന്നും. അതിൽ സ്വാഭാവികത തോന്നുന്നില്ല എന്നാണെങ്കിൽ, അയാളുടെ തൊഴിലിനെ കുറിച്ച് അവർ കുടിയേറിയ ആ നാട്ടിലെ ആർക്കും വ്യക്തമായ ധാരണയില്ല എന്ന വസ്തുത നിങ്ങൾക്കു മുൻപിൽ നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. വർഗ്ഗപരമായ/തൊഴിൽപരമായ അപകർഷതയെ മറികടക്കാനായി സാധാരണ മനുഷ്യർ നടത്തുന്ന കൗശലപൂർവ്വമായ ഇടപെടലുകളെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. മാരകമായ വർഗ സ്വത പ്രതിസന്ധിയായി അതിനെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പല രീതിയിലാകും നടക്കുക. സമർത്ഥമായി സ്വത്വം മറക്കുന്നവർക്കുള്ളിൽ അത്യുഗ്രമായ പ്രഹരശേഷിയുള്ള ഒരു ജോളി വളരാൻ സാഹചര്യ സമ്മർദ്ദങ്ങളോ മാനസിക വ്യതിയാനങ്ങളോ ധാരാളമാണ്. ഉപരിവർഗ്ഗ/മേൽജാതി പ്രിവിലേജുകൾ നൽകുന്ന സ്വതന്ത്രവും സുഖാസാധ്യവുമായ ജീവിത കാമനകളുമാണ് മനുഷ്യരെ കാപട്യത്തിന്റെ പുലിത്തോലണിയാണ് പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം.

അപകർഷതയെന്ന അടിസ്ഥാന പ്രശ്നത്തിലാണ് ഇവയെല്ലാം വിരൽ ചൂണ്ടുന്നത്. ജോളി നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിലെ ഉദ്ദേശം പണവും സമ്പത്തും ആണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ, അവരുടെ തൊഴിൽ സ്വത്വപരമായ പ്രതിസന്ധി: കുമിഞ്ഞുകൂടാനിരിക്കുന്ന സമ്പത്തുകൊണ്ട് അട്ടിമറിക്കപ്പെടാം എന്ന ധാരണയാണ് അവരെ നയിച്ചതെന്ന് കരുതാവുന്നതാണ്.

സാഹിത്യം പലപ്പോഴായി ഇതിനെ തീവ്രമായിതന്നെ ആവിഷ്കരിച്ചിട്ടുള്ളതായി കാണാം. ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന നോവലിൽ നായകനും ഐഎഎസ് ഉദ്യോഗസ്ഥനും നായാടിയുമായ ധർമ്മപാലൻ ഒരു സവർണ്ണ സ്ത്രീയെ വിവാഹം ചെയ്യുന്നത് അവർ അയാളെ അവരുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും എന്ന് കരുതിയാണ്. തന്റെ അപകർഷതകൾ ആ രീതിയിൽ അപ്രത്യക്ഷമാകും എന്ന അയാളുടെ ഈ പ്രതീക്ഷ നോവലുടനീളം പരിഹാസ്യമാക്കുന്നുണ്ട്. എസ് ഹരീഷ് എഴുതിയ മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ എന്ന കഥയിലും മേൽജാതിയാകാൻ ശ്രമിക്കുന്ന കീഴ്ജാതി ജീവിതങ്ങളെ കാണാം.

ബഷീറിനെ കുറിച്ച് എം എൻ വിജയൻ പറയുന്നത് നോക്കുക: “സാഹിത്യമതല്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള സാഹിത്യമാണ് ബഷീർ എഴുതിയത്. ഇതിലെ ഒരു കാര്യം ബഷീറിന് പലപണികൾ അറിയാം എന്നുള്ളതാണ്. മീൻപിടിക്കാനറിയാം, കുശിനിപ്പണിയറിയാം, പാത്രം കഴുകാനറിയാം എന്നൊക്കെ ബഷീർ പറയുന്നുണ്ട്. ഇത് അറിവിന്റെ ജനാതിപത്യവൽക്കരണമാണ്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളും മൂല്യവത്താണെന്ന് മാത്രമല്ല, ഒരു പ്രവർത്തനവും സാഹിത്യത്തെക്കാൾ ഒട്ടും കുറഞ്ഞതല്ല എന്ന ബോധം ഇതോടെ ഉണ്ടായിത്തീരുന്നു.”

തൊഴിലിനെക്കുറിച്ചും, തൊഴിൽപരമായി ലഭിക്കുന്ന സ്വീകാര്യതകളുടെ നിരർത്ഥതയെ കുറിച്ചുമുള്ള വിജയന്മാഷിന്റേയും, ബഷീറിന്റെയും ഒരേപോലെയുള്ള ജീവിതബോധമാണ് ഇവിടെ തെളിയുന്നത്. വിശാലവും ജനാധിപത്യപരവുമായ ഈ നിസ്സാര യുക്തിയുടെ അഭാവമായിരിക്കാം ഒരുപക്ഷെ ജോളിമാരെ സൃഷ്ടിക്കുന്നത് എന്നും വരാം. ബഹുസ്വരതകളെന്നാൽ ജാതി, മത, ദേശ, വേഷങ്ങൾ മാത്രമല്ല വർഗ്ഗപരവും, വംശപരവുമായ വൈവിദ്ധ്യങ്ങളെ കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

“നിങ്ങൾ എന്താണെന്ന് നിങ്ങൾ കരുതുന്നോ അതല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നോ അതുമല്ല നിങ്ങൾ. നിങ്ങൾ എന്താണെന്ന് മറ്റുള്ളവർ കരുതുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നോ അതാണ് നിങ്ങൾ” എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മറ്റുള്ളവർ എന്ത് കരുതും എന്ന മലയാള യുക്തി വർഗപരമായ അസംതുലിതാവസ്ഥകളെ അപകടകരമാംവിധം പാലൂട്ടി വളർത്തുകയും ചെയ്യുന്നു.

സനൽ ഹരിദാസ്

തൃശൂർ സ്വദേശി.

തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് ബിരുദാനന്തര ബിരുദം.

പ്രദീപൻ പാമ്പിരികുന്നിന്റെ ‘എരി’ എന്ന നോവലിനെ അധികരിച്ച് എം. എ. ഫൈനൽ പ്രൊജക്ട് (History and approach in the novel, ‘Eri’). എം. പി. പോൾ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ, ഡോ. എം. ജി. എസ്. നാരായണൻ ഡയറക്ടറായ വിധികർതൃസമിതി ഇതിന് A+ നൽകി.

എംഇഎസ് മമ്പാടു് കോളേജിൽ താൽക്കാലിക അധ്യാപകനായിരുന്നു (2019 കാലയളവിൽ). നിലവിൽ വിവർത്തനം, പ്രൂഫ് റീഡിംഗ് എന്നിവ സ്വതന്ത്രമായി ചെയ്തു പോരുന്നു.

Colophon

Title: Oru Sabalten Yuvavinte Vanithadinakkurippu (ml: ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്).

Author(s): Sanal Haridas.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-18.

Deafult language: ml, Malayalam.

Keywords: Article, Sanal Haridas, Oru Sabalten Yuvavinte Vanithadinakkurippu, സനൽ ഹരിദാസ്, ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 4, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Exhibition, a painting by Eissa Moussa . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.