വായിച്ചു, വായിച്ചു! ‘മിതവാദി’യിലെ ‘ഒരു തിയ്യ’ന്റെ ആക്ഷേപത്തെക്കുറിച്ചല്ലേ പറയുന്നതു് ? അതു വായിക്കുക മാത്രമല്ല, അതിന്റെ അകവും പുറവും മനസ്സിലാവുകയും ചെയ്തു. സഞ്ജയൻ ധിക്കാരിയാണു്, അധികപ്രസംഗിയാണു്, അസൂയാലുവാണു്, ആഭാസനാണു്, സവർണ്ണനാണു് എന്നൊക്കെയാണു് മി. തിയ്യൻ പറയുന്നതു്. മി. ‘തിയ്യനെ’ക്കുറിച്ചു സഞ്ജയന്റെ അഭിപ്രായം നേരെ മറിച്ചാണു്; അദ്ദേഹം വിനയിയാണു്, നിഷ്പക്ഷകനാണു്, സമദൃഷ്ടിയാണു്, അവർണ്ണനാണു്, ന്യായസ്ഥനാണു്, ഇരുപുറവും നോക്കി, എല്ലാ സംഗതികളും ആലോചിച്ചു, വിദ്വേഷമില്ലാതെ, മാത്സര്യമില്ലാതെ, കാര്യം മാത്രം മിതസ്വരത്തിൽ പറയുവാൻ പണിപ്പെട്ടു് അഭ്യസിച്ച ഒരു തികഞ്ഞ ‘ജന്റിൽമേനാ’ണു്. ഈശ്വരോ, രക്ഷതു!
സഞ്ജയനെപ്പറ്റിയുള്ള മിസ്റ്റർ തിയ്യന്റെ ചാർജുകളെല്ലാം സഞ്ജയൻ സമ്മതിച്ചിരിക്കുന്നു. ഒന്നു മാത്രം സമ്മതിച്ചിട്ടില്ല; അദ്ദേഹം എന്തെഴുതിയാലും അതു സമ്മതിക്കുകയുമില്ല. അതു്. ‘തിയ്യസമുദായാംഗങ്ങൾ സാഹിത്യവിഷയത്തിൽ അഭിവൃദ്ധിപ്പെടുന്നതിൽ അത്യധികമായ അസൂയയുള്ള ഒരു വ്യക്തിയാണു്’ സഞ്ജയൻ, എന്നു പറഞ്ഞതാണു്. അതു വേണ്ടിയിരുന്നില്ല, മിസ്റ്റർ തിയ്യൻ! ഈ പറഞ്ഞതു നിങ്ങളുടെ യഥാർത്ഥാഭിപ്രായമാണെങ്കിൽ, സഞ്ജയൻ വ്യസനിക്കുന്നു; സത്യമായി വ്യസനിക്കുന്നു. ഇങ്ങനെ ഒരു തെറ്റിദ്ധാരണ സഞ്ജയനെ പരിചയമില്ലാത്തവരുടെ ഇടയിൽ ഉണ്ടാക്കിത്തീർത്തിട്ട് എന്തൊരു കൃതാർത്ഥതയാണു സഞ്ജയനെ പരിചയമുള്ള അങ്ങയ്ക്കു കിട്ടുന്നതു്?
പത്രികയിൽ രാവണായനത്തെ പരിഹസിക്കുമ്പോൾ സവർണ്ണപത്രമായതുകൊണ്ടാണു് അങ്ങിനെ ചെയുന്നതെന്ന് മി. തിയ്യൻ പറയും. പക്ഷേ, മഹാകവി പള്ളത്തിന്റെ ചില അഭിപ്രായങ്ങളേയും രാവണായനോദ്യമത്തേയും സഞ്ജയൻ ആക്ഷേപിച്ചതിനെക്കാൾ ഭംഗിയായി, പൂർണ്ണമായി, കർക്കശമായി, കഠിനമായി, പത്രലോകത്തിൽ പേരെടുത്ത (മി. തിയ്യന്റെ ഭാഷയിൽ പറയുകയാണെങ്കിൽ) ‘അവർണ്ണ പത്രത്തിലും ആക്ഷേപിച്ചിരുന്നുവല്ലോ! അതു കണ്ടതായി മി. തിയ്യൻ നടിക്കുന്നേയില്ല. അദ്ദേഹം അതൊന്നും കണ്ടിട്ടുണ്ടായിരിക്കുകയില്ല. ഉണ്ടെങ്കിൽ, ഇങ്ങനെയൊരസംബന്ധം ആ നിർമത്സരൻ പറയുമോ?
ജാതിയില്ലാത്തേടത്തു ജാതിയെ വലിച്ചിഴച്ചുകൊണ്ടുവന്നു മാത്സര്യം വർദ്ധിപ്പിക്കുവാൻവേണ്ടി മാത്രമാണു് മി. തിയ്യന്റെ സംരംഭമെന്ന് അദ്ദേഹത്തോടു പറഞ്ഞാൽ, അദ്ദേഹം മുഷിയുമോ ആവോ? വർഗ്ഗീയവിദ്വേഷാഗ്നിയുടെ മുൻപിലിരുന്ന് അതിൽ സത്യത്തേയും, ന്യായത്തേയും ഹോമിച്ചു കൊണ്ടിരിക്കുന്ന സ്വാമിൻ, അങ്ങയ്ക്കിതാ വീണ്ടും, വീണ്ടും, നമസ്കാരം.
ഭഗവൻ, അങ്ങയുടെ ദാസനായ സഞ്ജയൻ ഒന്നുണർത്തിച്ചു കൊള്ളട്ടെ? ജാതികളെ അകറ്റിനിർത്തി, സവർണ്ണരുടെ അനാചാരങ്ങളെ സമ്മതിച്ചു് അവയൊക്കെ ശരിവെച്ചു കൊടുക്കുകയാണോ ഈ ‘സവർണ്ണപത്ര’മായ ‘കേരളപത്രിക’ ചെയ്യുന്നതു്? ‘അതേ!’ എന്ന് അവിടുന്നു പറഞ്ഞാൽ പത്രികാവായനക്കാർ ഒരു സമയം അങ്ങയെ പുച്ഛിച്ചു്, പരിഹസിച്ചു, ചിരിച്ചേക്കും. അതിന്റെ ഉത്തരവാദിത്വവും അങ്ങുന്ന് സഞ്ജയനിൽ സമർപ്പിക്കുകയില്ലല്ലോ!
‘അവർണ്ണനായ ഒരാൾ എന്തുപറഞ്ഞാലും—രാവണായനം എഴുതുമെന്നു പറഞ്ഞാലും—നിങ്ങൾ അതിനെപ്പറ്റി ഒരക്ഷരം മിണ്ടരുതു്. മിണ്ടിയാൽ ജാതിദ്വേഷമാണെന്നു പറഞ്ഞു ഞാൻ ആഭാസമായി ശകാരിക്കും!’ എന്നല്ലേ ചുരുക്കത്തിൽ—അവിടുന്നു പറയുന്നതിന്റെ അർത്ഥം? സാർ ശകാരിക്കണം! ഇഷ്ടംപോലെ, തളരുന്നതുവരെ, ശകാരിക്കണം! മഹാകവി പള്ളത്തു് അവർണ്ണനായതുകൊണ്ടോ, അതല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സഞ്ജയൻ പരിഹസിക്കുന്നതെന്നു സഞ്ജയന്റെ വായനക്കാർ തീർച്ചപ്പെടുത്തിക്കൊള്ളും.
ഇത്രയും പറഞ്ഞതുകൊണ്ട് അങ്ങുന്നു ശകാരിക്കുന്നതിനെക്കുറിച്ചു സഞ്ജയൻ പരിഭവിക്കുന്നുണ്ടെന്നു കരുതരുതേ. അങ്ങയുടെ ശകാരം സഞ്ജയനു പുഷ്പാഞ്ജലിയാണു്. ‘സഞ്ജയൻ ആരായാലും…’ എന്നു തുടങ്ങുന്നതും പലേ വിധത്തിലുള്ള മര്യാദകളും തുള്ളിത്തുളുമ്പുന്നതുമായ ഒരു വാചകം മി. തിയ്യൻ എഴുതിയിട്ടും അതു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ടു്. ശ്രീമൻ സഞ്ജയന്റെ മര്യാദകളെല്ലാം സഞ്ജയനും വിസ്മരിക്കുകയാണെങ്കിൽ, അങ്ങയെ തന്മയത്വത്തോടുകൂടി അനുകരിക്കുന്നതു് അസാദ്ധ്യമാണെങ്കിലും, ഏതാണ്ടു് ഇങ്ങനെയുള്ള ഒരു വാചകം, കുറച്ചൊന്നു ശ്രമിച്ചാൽ, സഞ്ജയനും എഴുതുവാൻ കഴിഞ്ഞു എന്നു വന്നേക്കാം. പക്ഷേ, നമ്മുടെ സ്കൂളുകൾ രണ്ടും രണ്ടായിപ്പോയല്ലോ, മി. തിയ്യൻ!
തിയ്യസമുദായാംഗങ്ങളുടെ ഇടയിൽ സഞ്ജയന്റെ അകൈതവമായ. ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭവിച്ച പല മാന്യന്മാരുമുണ്ടു്. സഞ്ജയൻ ജാതിവിദ്വേഷം ഉള്ളിൽവെച്ചുകൊണ്ടാണു് ‘രാവണായനം’ എഴുതിയതെന്നു തെറ്റിദ്ധരിക്കുവാൻ മാത്രമുള്ള—ഞാൻ എന്താണു പറയേണ്ടതു്?—കഠിനബുദ്ധി അവർക്കാർക്കും ഉണ്ടാവുകയില്ലെന്നു സഞ്ജയനു നല്ലവണ്ണമറിയാം. സഞ്ജയൻ പലവിധത്തിലും, പല ഘട്ടങ്ങളിലും ജാതിവ്യത്യാസത്തെക്കുറിച്ചു പറഞ്ഞതെന്തെന്നും പറയുന്നതെന്തെന്നും അവർ അറിഞ്ഞിരിക്കും. ജാതിക്കാര്യത്തിൽ സഞ്ജയൻ വർഗ്ഗീയവിദ്വേഷവും, അസൂയയുമുള്ള ഒരു യാഥാസ്ഥിതികനാണെന്ന് അവർ അഭിപ്രായപ്പെടുന്ന കാലത്തു്, അവർണ്ണരിൽ ആരെന്തു പറഞ്ഞാലും, ‘ഭേഷായിട്ടുണ്ടു്! ഒന്നാന്തരമായിട്ടുണ്ടു്! ശരിയാണു് അങ്ങനെയാണു് വേണ്ടതു്. രാവണായനമാണു് എഴുതേണ്ടത്’ എന്നൊക്കെ സഞ്ജയൻ പറഞ്ഞേക്കാം. ആ കാലം വരെ രാവണായനക്കാരേയും, ബകായനക്കാരേയും, പുതിയ ഗദ്യശൈലിക്കാരേയും, പഴയ പ്രതിഷേധക്കാരേയും, ആവുംപോലെ അനുകരിക്കുവാനുള്ള സ്വാതന്ത്ര്യം സഞ്ജയൻ ഉപേക്ഷിക്കുവാൻ ഒരുങ്ങീട്ടില്ലെന്നു മാത്രം പറഞ്ഞു്, ഈ വിഷയത്തിൽനിന്നു സഞ്ജയൻ വിരമിക്കുന്നു.
5-12-1934