“കീമണ്ടാനി’ എന്നാൽ എന്തു്?” സഞ്ജയൻ തന്റെ ശിഷ്യന്മാരായ കുട്ടികളോടു് ചോദിക്കുന്ന ചോദ്യമാണിതു്. അവർ ഉത്തരം പറയട്ടെ!
‘അതു് ഒരു ലെജിസ്ലേറ്റീവു് കൌൺസിൽ മെമ്പറുടെ പേരാണു് സർ!’
അല്ല; മറ്റവൻ!
‘കീമണ്ടകം’ എന്ന നപുംസകപദത്തിന്റെ പ്രഥമബഹുവചനമാണു്, സർ! കീമണ്ടം—കീമണ്ടേ—കീമണ്ടാനി.
തെറ്റു്; നെക്സ്റ്റ്!
‘സർ, ഒരു പച്ചമരുന്നാണു്, സർ! ചങ്ങലംപരണ്ടയെപ്പോലെ.’
പച്ചമരുന്നു്! നീലമരുന്നാണു്. ആർക്കും ഉത്തരം പറയുവാൻ കഴിയുകയില്ലേ?
‘ഞാൻ പറയാം സർ! ഇതു് മാസ്റ്റർ ഞങ്ങളെ പറ്റിയ്ക്കുവാൻ കണ്ടുപിടിച്ച ഒരു കുസൃതിവാക്കാണു്, സർ! അതിന്നു് യാതൊരർത്ഥവുമില്ല.’
ഇരിക്കൂ, അവിടെ! അധികപ്രസംഗി!
⋄ ⋄ ⋄
ശരിയായിട്ടുള്ള ഉത്തരം ആരും പറഞ്ഞിട്ടില്ല. എന്നാൽ ഞാൻ പറയട്ടെ? ‘കീമണ്ടാനി’ എന്നു പറഞ്ഞാൽ ഒരു സ്ഥലമാണു്.
“സത്യം വദാമ്യഹം, സത്യം വദാമ്യഹം
സത്യം മയോക്തം മറിച്ചു രണ്ടായ്വരാ!”
ചിറയ്ക്കൽ താലൂക്കിലാണു് ഈ സ്ഥലമെന്നു് തോന്നുന്നു. പക്ഷേ, ഇതു് എന്റെ അനുമാനം മാത്രമാണു്. അങ്ങനെയൊരു സ്ഥലമുണ്ടു്; അതിനെക്കുറിച്ചു് സംശയമില്ല പ്രശസ്തരീതിയിൽ നടത്തപ്പെടുന്ന നിങ്ങളുടെ മാന്യസഹജീവിയുടെ കഴിഞ്ഞ ഒരു ലക്കത്തിലാണു് ഞാൻ ഈ പേർ കണ്ടതു്. അതിൽ “കീമണ്ടാനി” എന്നു് സാമാന്യം വലിയ ടൈപ്പിൽ ഈ സ്ഥലപ്പേരും, അതിന്നുചോടെ ഒരു വർത്തമാനക്കത്തും ചേർത്തിട്ടുണ്ടു്. 1935 ഫിബ്രവരി 24-നു ഒരു സംഘത്തിന്റെ ഒരു പൊതുയോഗം സ്ഥിരം പ്രസിഡണ്ടിന്റെ അധ്യക്ഷത്തിൽ പ്രസ്തുത കീമണ്ടാനിയിൽ വെച്ചു കൂടുകയും, ആ പൊതുയോഗത്തിൽ രണ്ടു പ്രമേയങ്ങൾ സർവ്വസമ്മതമായി പാസ്സാക്കപ്പെടുകയും ചെയ്തിട്ടുണ്ടു്. വർത്തമാനക്കത്തു് എഴുതിയയച്ചതു് മറ്റാരുമല്ല. ഈ സംഘത്തിന്റെ സെക്രെട്ടറി തന്നെയാണു്. ഇതിലധികം നിങ്ങൾക്കു് എന്തു തെളിവാണു് വേണ്ടതു്? ഇത്രയും മൊഴികൊടുത്തതിന്നുശേഷം ഏതു മുൻസീഫാണു് “കീമണ്ടാനി” എന്നു പേരുള്ള ഒരു സ്ഥലമുണ്ടാവുകയില്ലെന്നു പറയുക?
കീമണ്ടാനി! എന്തൊരു പേരാണു്! “സിംപ്ലി ബ്യൂട്ടിഫുൾ! ലവ്ലി” എന്നുകൂടി പറയാം ആദ്യത്തെ കണ്ഠ്യമൊഴിച്ചു ബാക്കിയെല്ലാം അനുനാസികശബ്ദങ്ങളാണു്. ക്രിസ്തീയദേവാലയങ്ങളിലെ സാവധാനമായ മണിയടിയുടെ ഒരു മുഴക്കം നിങ്ങൾ ആ പേരിൽ കേൾക്കുന്നില്ലേ? നിങ്ങ പഴയ ചൊക്ലിയുടെ താക്കോൽ പൂട്ടിൽ തിരിയുന്നതുപോലെയോ, പൂച്ച പാലു കുടിയ്ക്കുന്നതുപോലെയോ, ടിക്കറ്റിന്നു് തിയ്യതി അടിക്കുമ്പോലെയോ ഉള്ള ശബ്ദം ഈ കീമണ്ടാനിയുടെ ഗംഭീരാരവത്തിൽ ആണ്ടുലയിച്ചുപോകുന്നില്ലേ? ഇനിമേലിൽ ബാന്റുവാദ്യക്കാർ ആ വലിയ വള്ളുവനാടൻപറപോലെയുള്ള ചെണ്ടയും ഭേസി നടക്കേണമെന്നില്ല. നമ്മുടെ സംഗീതരാക്ഷസന്മാരിൽ ആരെയെങ്കിലും പിടിച്ചു് മുമ്പിൽ നടത്തി ആ വിദ്വാനെക്കൊണ്ടു് “കീമണ്ടാനി—കീമണ്ടാനി—കീമണ്ടാനി” എന്നു് ഇടവിടാതെ പറയിച്ചാൽ മതി. താളം കൃത്യമായിരിക്കും; മേളം കുറയുകയുമില്ല. ചങ്ങലംപരണ്ടയുടെ പ്രകാശംകൂടി, ഈ കീമണ്ടാനിയുടെ പ്രഭാധോരണിയിൽ പെറ്റ്റോമാക്സിന്റെ പ്രദീപ്തിയിൽ കൈത്തിരിയുടെ വെളിച്ചംപോലെ മങ്ങിപ്പോകുന്നു.
എനിക്കു് കീമണ്ടാനിയെക്കുറിച്ചു് അധികം വിവരം കിട്ടണം. തീർച്ചയായും കിട്ടണം. അവിടുത്തെ പോസ്റ്റാഫീസ് ഏതാണു്? കീമണ്ടാനി തന്നെയാണോ? “പോസ്റ്റ്-കീമണ്ടാനി,” എന്നെഴുതിയാൽ പോസ്റ്റ്മാസ്റ്റർ ആരോ തന്നെ ചെണ്ടകൊട്ടിക്കുകയാണെന്നു കരുതി കവർ ചീന്തിക്കളയുകയില്ലല്ലോ? ഏതാണു് അടുത്ത റെയിൽവേസ്റ്റേഷൻ? അതിന്റെ പേരു് കീമണ്ടാനിയുടെ അടുത്തു് നിൽക്കുവാൻമാത്രം യോഗ്യതയുള്ളതാണോ; കീമണ്ടാനിക്കു ഓവർലോഡായിപ്പോകുന്ന ബസ്സുകൾ എത്രയുണ്ടു്? “കിം തത്രാസ്തി?” (അവിടെ എന്തൊക്കെയുണ്ടു്?) വായനശാലയുണ്ടോ? എന്തെങ്കിലും ദായിനീ-വർദ്ധിനീ— പോഷിണീ-സേവക്‍സേവികാ-വിലാസിനി-വിനോദിനി-രഞ്ജിനി-സഭയോ, സമാജമോ, സംഘമോ, സമിതിയോ, യൂനിയനോ, അസോസിയേഷനോ, അവിടെ രൂപവൽക്കരിക്കപ്പെട്ടിട്ടുണ്ടോ? അവിടെവെച്ചു് ആഴ്ചതോറും അനർഗ്ഗളമായി നിർഗ്ഗളിക്കുന്നതോ, ശ്രദ്ധേയമോ, സുദീർഘമോ, വിജ്ഞേയമോ, ഉജ്ജ്വലമോ, സരസമോ, സാരസമ്പൂർണ്ണമോ, ഫലിതമിളിതമോ, ഇവയെല്ലാമോ ആയ ഭാഷണമോ, പ്രഭാഷണമോ, പ്രസംഗമോ നടക്കാറുണ്ടോ? എയിഡഡ് സ്ക്കൂൾ അദ്ധ്യാപകന്മാരുടെ ഒരു ബ്രാഞ്ച് സംഘം അവിടെയുണ്ടോ? എത്ര ഉൽഘാടനങ്ങൾ അവിടെവെച്ചു നടന്നു? കീമണ്ടാനിക്കാർ എന്തിനെയെല്ലാം പ്രതിഷേധിച്ചു? എത്ര പ്രമേയങ്ങൾ അവിടെവെച്ചു് സ. സ. പ.-യാക്കി? നമ്മുടെ സഖാക്കളും ചിന്തകന്മാരും കൃത്യം നാലുമണിക്കു് സ്ഥലം സന്ദർശിച്ചു. മുൻകൂട്ടി അച്ചടിച്ചു വിതരണംചെയ്ത നോട്ടീസ് പ്രകാരം സ്ഥലം എലിമെണ്ടറി സ്ക്കൂളിൽവെച്ചു കൂടിയ വമ്പിച്ച പൊതുയോഗത്തിൽവെച്ചു് സംഘടനയുടെ ഗുണഗണങ്ങളെപ്പറ്റി കീമണ്ടാനിക്കാരോടു് ഒന്നും പറഞ്ഞിട്ടില്ലേ? ഇതൊക്കെയാണു് എനിക്കു അറിയേണ്ടതു്—അടിയന്തിരമായി അറിയേണ്ടതു്.
ഗുരുവായൂരപ്പാ, ഇങ്ങിനെയൊരു സ്ഥലമുണ്ടായിട്ടു് നിങ്ങളാരെങ്കിലും ഒരു വാക്കു് എന്നോടു പറഞ്ഞുവോ? അല്ലെങ്കിൽ, എത്ര ചിന്തകന്മാരുണ്ടു്. മണിമണിപോലെയുള്ള തങ്ങളുടെ സ്വതന്ത്രചിന്തകളെ വിതരണം ചെയ്യുവാൻ പറ്റിയ ഒരു പ്രദേശം കാണാതെ, സ്വന്തം വാസനകൊണ്ടു് പിരാന്തുപിടിച്ചു പായുന്ന കസ്തൂരിമൃഗങ്ങളെപ്പോലെ നാടെങ്ങും പാഞ്ഞുനടക്കുന്നു! ദൈവമല്ല പരിണാമമാണു് ലോകത്തെ സൃഷ്ടിച്ചതെന്നും മറ്റുമുള്ള തത്ത്വങ്ങൾ അറിയാതെയല്ലേ കീമണ്ടാനിക്കാർ ഇപ്പോഴും ജീവിക്കുന്നുണ്ടായിരിക്കുക? ഇതാ, നിങ്ങൾ വല്ല ചിന്തകന്മാരേയും കണ്ടാൽ അവരെ കീമണ്ടാനിക്കു് അയച്ചേയ്ക്കണേ! വണ്ടിക്കൂലി, എന്തായാലും ഞാൻ കൊടുത്തേയ്ക്കാം. ഒരു പബ്ലിക്കു് സർവീസ് ചെയ്തു തുലയുകയാണെങ്കിൽ തുലയട്ടെ. പണം ആരും അങ്ങോട്ടുപോകുമ്പോൾ കൂടെക്കൊണ്ടുപോകുന്ന സാധനമല്ലല്ലോ.
ഒരു പുതിയ സ്ഥലപ്പേരു പഠിപ്പിച്ചുതന്നതിന്നു മുൻപറഞ്ഞ പത്രത്തോടു് സഞ്ജയൻ കടപ്പെട്ടിരിക്കുന്നു. എന്റെ സർ, നിങ്ങൾ അവിടെ ഒരു സ്വ. ലേഖകനെ നിയമിക്കണം. കീമണ്ടാനിയിലെ കാലാവസ്ഥ; നെല്ലു് (വണ്ടിക്കും) കുരുമുളകു് (കണ്ടിക്കും) തേങ്ങ (ആയിരത്തിന്നും) വെളിച്ചെണ്ണ (ചോതനയ്ക്കും) കീമണ്ടാനിയിലുള്ള നിലവാരം: ഇതൊക്കെ നിങ്ങൾക്കു് അറിയേണമെന്നില്ലെങ്കിൽ സഞ്ജയന്നു് അറിയേണമെന്നുണ്ടു്.
“അയ്യോ, അവിടെ യാതൊരു വിശേഷവാർത്തയും ഉണ്ടാകാറില്ല. പിന്നെ എങ്ങിനെയാണു് സ്വ. ലേഖകനായിരിക്കുക?” എന്നു് നിങ്ങൾ പറയരുതു്, ഒരു വർത്തമാനക്കത്തിന്നാവശ്യമായ സംഭവങ്ങൾ എവിടേയും, എപ്പോഴും ഉണ്ടാകാറുണ്ടെന്നാണു്, സഞ്ജയൻ മനസ്സിലാക്കിയിരിക്കുന്നതു് (കുറച്ചു് ഇടത്തോട്ടു് മാറിനില്ക്കിൻ! കവിത വരുന്നു!)
കീമണ്ടാനിയിലുള്ളൊരു വാർത്തകളീ
മണ്ടന്മാരറിയുന്നില്ലേ?
നാനാവിധമായുള്ള പകർച്ചവ്യാധിക-
ളവിടെപ്പുലരുന്നില്ലേ?
നികുതിപിരിപ്പാൻ വട്ടംകൂട്ടും
ശകുനികളവിടെ നടക്കുന്നില്ലേ?
വെള്ളം കുടിയാതാളുകളനവധിയുള്ളം
നീറിനടപ്പവരല്ലേ?
കന്നികൃഷിയും മകരകൃഷിയും
മുന്നേപ്പോലെ തുലഞ്ഞിട്ടില്ലേ?
നെല്ലില്ലാത്തതുകൊണ്ടു കൃഷിക്കാർ
പുല്ലുവിരിച്ചു കിടപ്പവരല്ലേ?
ദേവസ്വംവക നികുതിക്കായിദ്ദേവനു
ജപ്തി നടത്തീട്ടില്ലേ?
ഏങ്ങിമരിപ്പാൻ മടിയുള്ളാളുകൾ
തൂങ്ങിമരിച്ചതു കേട്ടിട്ടില്ലേ?
ഇടയിടെയോരോ വെട്ടുംകൊലയും
തടവില്ലാതെനടക്കുന്നില്ലേ?
ചക്കയുമനവധി മാങ്ങയുമൊക്കെ-
ക്കക്കാനാരുമൊരുങ്ങീട്ടില്ലേ?
ഇവയെപ്പറ്റിപ്പുതിയേമക്കാർ ജവമൊടു
ജോറുകൾ കാട്ടാറില്ലേ?
മുൻപതിവൊത്താക്കാവിൽ-
ത്തിറയാഡംബരമോടു കഴിഞ്ഞിട്ടില്ലേ?
അതുസംബന്ധിച്ചൊരുവക
കശപിശയതുലാമോദമൊടുണ്ടായില്ലേ?
ഗുരജനയോഗം മാസംതോറും
ഗുരുതരമിവിടെക്കൂടാറില്ലേ?
വിദ്യാർത്ഥികളുടെവകയായി-
ച്ചിലസദ്യോഗങ്ങൾനടക്കാറില്ലേ?
ഉണ്ടെങ്കിൽ, അവിടെ ഒന്നല്ല, രണ്ടു സ്വന്തം ലേഖകന്മാർക്കു് എഴുതുവാൻ കോളുണ്ടല്ലോ? സഞ്ജയൻ ചങ്ങലംപരണ്ടയിൽനിന്നു് കീമണ്ടാനിയിലേക്കു് സ്ഥലമേശ കൊടുത്തു് മാറി നിങ്ങളുടെ “സ്വന്തം കീമണ്ടാനി ലേഖകനാ”യിരുന്നുകൊള്ളട്ടെയോ? ഞാൻ ഒന്നാന്തരം തടിവിറപ്പിക്കുന്ന വർത്തമാനക്കത്തുകളെഴുതി അയയ്ക്കാം. ഈശ്വരനാണേ, അഹമ്മതിപറയുകയല്ല. ഭാഷണങ്ങളുടെ ഫുൾറിപ്പോർട്ടു വേണമെങ്കിൽ അങ്ങിനെ; രത്നച്ചുരുക്കം മതിയെങ്കിൽ അങ്ങിനെ; ഏതു സ്റ്റൈലിൽ വേണമെങ്കിലും സഞ്ജയൻ എഴുതാം. സാമ്രാജ്യനിയമസഭാപ്രസംഗശൈലിമുതൽ കീഴ്പോട്ടു് പഞ്ചായത്തുകോടതിവാഗ്വാദശൈലിവരെയുള്ള എല്ലാ ശൈലികളുടെയും സാമ്പിളുകൾ സഞ്ജയന്റെ മേശയിൽ പല കള്ളികളിലുമായി ശേഖരി—സംഭരിച്ചിട്ടുണ്ടു്. മാതൃകാവർത്തമാനക്കത്തുകൾ ഞാൻ ഇനിയൊരു ദിവസമയയ്ക്കാം. നിങ്ങൾക്കു പിടിച്ച മാതൃകയുടെ പുറത്തു് ഒരു ക്രോസ് അടയാളത്തോടുകൂടി മടക്കിയയച്ചാൽ മതി. ഞാൻ കീമണ്ടാനിക്കു് ഊണും കഴിഞ്ഞു് പുറപ്പെടുകയായി; നിങ്ങൾ വരുന്നോ?
20.3.1935