പലതരം ചരക്കുകൾ! മിതമായ വില! വരുവിൻ! വാങ്ങുവിൻ!
ക്രിസ്മസും നവവത്സരവും പ്രമാണിച്ചു് തുണിക്കച്ചവടക്കാരും, പലവക വത്തകന്മാരും, വമ്പിച്ച സഹായവില്പന നടത്തുന്ന ഈ ശുഭമുഹൂർത്തത്തിൽ, കൊല്ലം മുഴുവൻ ശ്രമിച്ചിട്ടും അഴിച്ചലാവാത്ത സാമാനങ്ങൾ ഒരടിക്കു ഷോപ്പുകളിൽനിന്നു വീടുകളിലേക്കു സ്ഥലം മാറുന്ന ഈ സുവർണാവസരത്തിൽ, സാഹിത്യവ്യാപാരികൾ മാത്രം പഴയ സ്റ്റോക്കു വെച്ചു കൊണ്ടിരിക്കുന്നതു് എത്രയും അനാശാസ്യമാകയാൽ സഞ്ജയൻ ഈ കാര്യത്തിൽ ചൂട്ടുപിടിയനായി മുൻപേ നടക്കുവാൻ ആലോചിക്കുന്നു. ചങ്ങലംപരണ്ടയിൽവെച്ചു് ഇപ്പോൾ ബഹുജോറായി നടന്നുകൊണ്ടിരിക്കുന്ന അഖിലലോക സാമാന്യവസ്തുപ്രദർശനത്തിന്റെ കൂടെ സഞ്ജയന്റെ വകയായി ഒരു സാഹിത്യസഹായവിലപനയും നടത്തുവാൻ പോകുന്നു. പത്രപംക്തികളിൽ അഴിച്ചലാക്കുവാൻ സാധിക്കാതിരുന്ന കവിതകൾ, രസശലകങ്ങൾ, മുഖപ്രസംഗങ്ങൾ, വിമർശനങ്ങൾ മുതലായവ സഞ്ജയന്റെ പുതിയ സ്റ്റോക്കിനു സ്ഥലമുണ്ടാക്കേണ്ടുന്ന ഒരൊറ്റ ഉദ്ദേശ്യത്തെ മുൻനിർത്തി എത്രയും സഹായവില്പനയ്ക്കു വില്ക്കുന്നു!. ലേഖകന്മാർ, യുവസാഹിത്യ ബോറന്മാർ, കൊച്ചുകവികൾ, പത്രാധിപസ്ഥാനാർഥികൾ മുതലായവർക്കു് ഇത്ര നല്ല ഒരവസരം വേറെ കിട്ടുന്ന കാര്യം നന്നേ സംശയത്തിലാണു്. ഞങ്ങളുടെ കാറ്റ്ലോഗിന്റെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
മുഖപ്രസംഗങ്ങൾ—ഏതവസരത്തിലും ഉപയോഗിക്കാവുന്ന, സംസ്കൃതപദബഹുലങ്ങളായവ, പച്ചമലയാളത്തിൽ എഴുതപ്പെട്ടവ, അങ്ങുമിങ്ങും തൊടാത്തവ, ഇങ്ങനെ പലതരത്തിലും വലിപ്പത്തിലുമുള്ള മുഖപ്രസംഗങ്ങൾ വില്ക്കുവാൻ തയ്യാറുണ്ടു്. കെണിയാവിലെ ഇന്ത്യക്കാർ, മലബാറിലെ നിലനികുതി, കേരളസർവകലാശാല, കേരളത്തിന്റെ ഏകീകരണം, ചൈനയിലെ അവീൻ വ്യാപാരം, സ്ത്രീവിദ്യാഭ്യാസം, മുൻസിപ്പാലിറ്റി ഭരണം, പ്രാഥമികവിദ്യാഭ്യാസം—മുതലായി ഒരിക്കലും പഴകാത്ത വിഷയങ്ങളെക്കുറിച്ചു് ഏതു രുചിക്കും, പാണ്ഡിത്യത്തിനും പറ്റിയ വിധത്തിൽ എഴുതപ്പെട്ട ഈ മുഖപ്രസംഗങ്ങൾ ഒന്നു വായിച്ചുനോക്കുവിൻ! കുറച്ചു സാമ്പിളുകൾ താഴെ ചേർക്കുന്നു;
‘മനുഷ്യരുടെ സമവിഷമ ദശാവിശേഷപരിണതികശൾ അലക്ഷിതോപനിപാതങ്ങളായിരിക്കുന്നു. ധനാഢ്യയമെന്ന സാർഥകമായ ഒരു നാമവിശേഷണത്താൽ അലംകൃതമാകുവാൻ അർഹതയോടുകൂടിയ ഈ കേരളഭൂമി അഭൂതപൂർവമായ കാർഷികോല്പന്നവൈരള ്യത്താലും, സാമ്പത്തികാധഃപതനത്തിനാലും, ദാരിദ്ര്യഗർത്തത്തിലേക്കു നിപതനോന്മുഖമായി നില്ക്കുന്നു. ഈ വിഷമഘട്ടത്തിലാണു വർധിച്ച ഭൂനികുതി കർഷകന്മാരെയും ജന്മിമാരെയും ദീനാക്രാന്ദതുന്ദിലന്മാരാക്കിത്തീർത്തെന്ന ദുഃഖവാർത്ത ഞങ്ങൾ നയനദ്വമ്പത്തിൽ കങ്കണത്തോടുകൂടി അധികൃതസമക്ഷം നിവേദനം ചെയ്തുകൊള്ളട്ടയോ?’
ഇതു തനി ഗീർവാണസമ്പ്രദായമാണു്. എനി പച്ചമലയാളത്തിൽ പ്രക്ഷോഭജനകമായ രീതിയുടെ ഒരു മാതൃക ചേർക്കാം:
മുതലാളികൾ പോകാതെ കഴിയുകയില്ല. ഈ തെമ്മാടികളുടെ അധികപ്രസംഗം എത്രത്തോളമാണു നമ്മൾ സഹിക്കുക; ക്ഷമയക്കു് അതിരില്ലേ? ഇപ്പോൾത്തന്നെ തൊഴിലാളികൾ ഉണർന്നെഴുന്നേറ്റു കാലിൽ ചെരിപ്പുകളോടുകൂടി ഈ മുതലാളിക്കോട്ടയെ ചവിട്ടിത്തകർക്കേണ്ടതാണെന്നു ഞങ്ങൾ ലവലേശം പേടിയില്ലാതെ ഉറപ്പിച്ചു പറയുന്നു! എഴുന്നേല്പിൻ! മുന്നോട്ടു പായുവിൻ! എന്നാണു ഞങ്ങൾക്കു് കുതിരകയറപ്പെട്ട തൊഴിലാളികളോടു പറയുവാനുള്ളതു്.
എനിയുള്ളതു് അങ്ങുമിങ്ങും തൊടാത്ത രീതിയാണു്. ഈ രീതി വളരെ ബുദ്ധിമുട്ടുള്ളതാണു്. വരിക്കാർ അധികമില്ലാതിരിക്കുക; ഉള്ള വരിക്കാർ പല അഭിപ്രായക്കാരായിരിക്കുക—ഈ ഘട്ടത്തിലാണു് ഇത്തരം മുഖ്രപസംഗങ്ങളുടെ ആവശ്യം. ഒരു സാമ്പിൾ താഴെ ചേർക്കുന്നു:
ഭരണപരിഷ്ക്കാരങ്ങളെപ്പറ്റി പലരും പലതും പറയുന്നുണ്ടു്. ചിലരുടെ അഭിപ്രായത്തിൽ ഇതു് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിലേക്കുള്ള നടവഴിയാണു്. മറ്റു ചിലർ പറയുന്നതു് ഇതു് ‘പാരതന്ത്രത്തിലേക്കുള്ള പിടിച്ചുതള്ളലാണെന്നാണു്.’ ഈ ഘട്ടത്തിൽ ഒരഭിപ്രായം പ്രകടിപ്പിക്കുന്നതു വളരെ സൂക്ഷിച്ചു വേണ്ടതാണു്. എന്നാലും ഇന്ത്യയുടെ താല്ക്കാലിക സ്ഥിതിയെക്കുറിച്ചു് ആലോചിച്ചുനോക്കുന്ന പക്ഷം ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യേച്ഛയെ തൃപ്തികരമാകും വണ്ണം നിറവേറ്റുവാൻ പര്യാപ്തമല്ലെന്നുള്ളതിൽ വാസ്തവമില്ലാതെയല്ലെന്നുള്ള അഭിപ്രായത്തിന്റെ നിരാകരണം അസാധുവല്ലെന്നുള്ള തീർപ്പോടു യോജിക്കാതിരിക്കുവാനാണു് അധികം യുക്തിയെന്നു ചിലർ പറയുന്നുണ്ടെങ്കിൽ അവരുടെ വീക്ഷണകോണം പിഴച്ചുപോയിട്ടില്ലേ എന്നു ഞങ്ങൾ ശങ്കിക്കാതിരിക്കുകയും ചെയ്യുന്നില്ലെന്നില്ല. ഈ അഭിപ്രായം കുറെ കടന്നുപോയിട്ടുണ്ടെന്നു വല്ല വായനക്കാരും വിചാരിക്കുന്നുണ്ടെങ്കിൽ, അവരുടെ സിദ്ധാന്തത്തിലും ന്യായമുണ്ടെന്നു ഞങ്ങൾ സമ്മതിക്കുന്നതുമുണ്ടു്…
മേല്പറഞ്ഞ സാമ്പിളിൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ചു പത്രാധിപരുടെ യഥാർത്ഥമായ അഭിപ്രായം ആദ്യത്തെ വായനയിൽ കണ്ടുപിടിക്കുവാൻ സാധിക്കുന്നവർക്കു് അഞ്ഞൂറുപ്പിക ഇനാം കൊടുക്കുവാൻ സഞ്ജയൻ തീർച്ചപ്പെടുത്തീട്ടുണ്ടു്.
വില: പറ (പത്തിടങ്ങഴി) ഒന്നുക്കു്—ടക.
പത്തു പറ ഒന്നായി എടുക്കുന്നവർ എട്ടിന്റെ വില കൊടുത്താൽ മതി.
ഇവ കൂടാതെ താഴെ പറയുന്ന ചരക്കുകൾകൂടി വില്പാനുണ്ടു്.
- 1.
- കവിതകൾ: പല വൃത്തത്തിലും, രീതിയിലുമുള്ളവ. പേരു ചേർക്കുവാൻ സ്ഥലമൊഴിച്ചുവെച്ചിട്ടുള്ള സഭാമംഗളങ്ങൾ, വിവാഹമംഗളങ്ങൾ മുതലായവകൂടി ഇവയിൽ ഉൾപ്പെടുന്നതാണു്. ഗാലൻ ഒന്നിനു 3ക.
- 2.
- ചെറുകഥകൾ, പലതരം ഉപന്യാസങ്ങൾ മുതലായവ: വാര ഒന്നിനു 3ണ. 6പേ. ഒരു ഫർലോണങ് ഒന്നായി എടുക്കുന്നവർക്കു വാര ഒന്നിനു 6പ.
- 3.
- രസശകലങ്ങളും (കെട്ടിൽ പഴകിയതു്) വിജ്ഞാനശകലങ്ങളും ഡസൻ ഒന്നിനു 1ക. 4ണ.
പേക്കിങ് ചാർജും തപാൽക്കൂലിയും ഇതിൽ ഉൾപ്പെടുന്നതല്ല. ആവശ്യക്കാർ ഉടനെ താഴെ കാണുന്ന മേൽവിലാസത്തിൽ അപേക്ഷിക്കേണ്ടതാണു്.
പി. സഞ്ജയൻ ആണ്ട് കമ്പനി.
എ. എൽ. എസ്. വി. പ്രദർശനപന്തൽ, ചങ്ങലംപരണ്ട.
30-12-1934