images/Mblanchard3.jpg
Compositioncubiste, a painting by María Blanchard (1881–1932).
ഒരു റിപ്പോർട്ട്
സഞ്ജയൻ
പൂർവഭാഗം

പറയാം: എന്നുവെച്ചാൽ, അതു പറയാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു എന്നേ അർഥമുള്ളു; പരലബ്ധമായ അനുവാദത്തെ കുറിക്കുന്നില്ലെന്നു്. ആന്തരവിവക്ഷ. പച്ചമലയാളപദങ്ങൾക്കും സംസ്കൃതത്തിൽ വ്യാഖ്യാനിക്കുമ്പോൾ ഒരന്തസ്സു വരുന്നു—ഇല്ലേ? അതു പോട്ടെ. അതു സാഹിത്യവിഷയമാണു്. ഞാൻ അഭ്യാസവിഷയത്തെക്കുറിച്ചാണിവിടെ പറയുവാൻ പോകുന്നതു്. ഞാനതു് അടുത്തു പറയാമെന്നു കുറച്ചുമുമ്പൊരു വാഗ്ദാനം ചെയ്തിരുന്നു. അതു് അഭ്യാസികളുടെ അടവോടുകൂടി തെറ്റിക്കുന്നതു്, വാളിനു ചേർന്നതായിരിക്കാമെങ്കിലും, പേനയ്ക്കു ചേർന്നതല്ലല്ലോ! പോരെങ്കിൽ ഞങ്ങളുടെ ഡിപ്പോമാനേജർ അതുതന്നെ ആലോചിച്ചുകൊണ്ടിരുന്ന എന്നെ അതിനെപ്പറ്റി ഓർമപ്പെടുത്തുകയും ചെയ്തിരിക്കുന്നു! (അദ്ദേഹത്തിനെ മാനേജരാക്കിയ ഓചിത്യബോധത്തെപ്പറ്റി എന്തു പറയുന്നു?)

ഡിപ്പോമാനേജരുവാച:

‘കുക്കുടക്രോഡനഗരേ സമവേതാ യുയുത്സവഃ

നാരായണോ ശ്രീധരശ്ച കിമകുർവത സഞ്ജയ?’

എന്നുവെച്ചാൽ, യുദ്ധം ചെയ്വാൻ ഓത്സുക്യത്തോടുകൂടിയവരായി കോഴിക്കോട്ടുനഗരത്തിൽ സമ്മേളിച്ച മി. ശ്രീധരൻനായരും മി. നാരായണൻനായരും ഹേ, സഞ്ജയ, അല്ലേ, സഞ്ജയ, കിമകുർവത? എന്തു ചെയ്തു?

സഞ്ജയൻ പറഞ്ഞു:

വിശേഷിച്ചൊന്നുമുണ്ടായില്ല; വിശേഷിക്കാതെ തെല്ലൊന്നുണ്ടുതാനും: എന്നു പറയാവുന്നതുപോലെയാണു് സ്ഥിതി. പത്രിയോഗികൾ അവിടെയുണ്ടു്; അവർ എന്തിനും ഒരുക്കമായിരുന്നു. കമ്മിറ്റി അവിടെയുണ്ടു്; അവർ ചിലതിനൊക്കെ ഒരുങ്ങിയപോലെ തോന്നുന്നുണ്ടു്. ഒന്നിനും ഒരുങ്ങാത്തവൻ റിപ്പോർട്ടറുടെ ദയനീയാവസ്ഥയെ അവലംബിച്ചെങ്കിലും ഈ വൈദഗ്ധ്യപരീക്ഷാഘട്ടത്തിൽ കണ്ണിനു പുണ്യം നേടുവാൻ ഉദ്ദേശിച്ചിരുന്ന നിങ്ങളുടെ ഒബീഡിയന്റ് സർവന്റ് പി. എസ്. മാത്രമായിരുന്നു. ഏതായാലും പിന്നീടുണ്ടായ സംഭവങ്ങൾക്കു ഞാൻ തീരെ ഒരുങ്ങിയിരുന്നില്ല. സാർ കേൾക്കണം: കമ്മിറ്റിയിൽ മാതൃഭൂമി പത്രാധിപർ, വക്കീൽ മി. കെ. എം. നായർ, മി. ഇ. സി. കുഞ്ഞിക്കണ്ണൻനമ്പ്യാർ, കേരളപത്രികാപത്രാധിപർ എന്നിവർ ഉണ്ടായിരുന്നു. വിശ്വവിശ്രുതനായ കുഞ്ഞിക്കണ്ണൻ ടീച്ചർ—അദ്ഭുതത്താൽ കാണികളെ കോൾമയിർ കൊള്ളിക്കുന്നവരെങ്കിലും വിനയാനതശിരസ്കരായ ശിഷ്യരെ ശതക്കണക്കായി ശിക്ഷിച്ചഭ്യസിച്ചു്, അവർ മുഖേന തന്റെ കീർത്തികാഹളത്തിന്റെ പത്രിധ്വനി, അഖിലരാഷ്ട്രസഖ്യത്തേക്കാൾ പ്രാതിനിധ്യമേറിയ ഒരു രാഷ്ട്രമണ്ഡലത്തിൽ മുഴുവൻ മുക്കി മാറ്റൊലിക്കൊള്ളിച്ച, ആ ഏകാന്തതയിലിരിക്കുന്ന അക്ഷോഭ്യനായ അഭ്യാസി ജാംബവാൻ— ടീച്ചർ, അന്നു്, അപായത്തെ തടുക്കുവാനായി, തന്റെ സാന്നിധ്യമാത്രയിൽ മാത്സര്യബുദ്ധിയും അഹങ്കാരവും അദ്ദേഹം ഒതുക്കുമെന്നുള്ള പ്രത്യാശയോടുകൂടി ചെയ്യപ്പെട്ട കമ്മിറ്റിയുടെ അപേക്ഷയെ സ്വീകരിച്ചു, സ്ഥലത്തെത്തിയിരുന്നു. ‘മത്സരം നടക്കും; പക്ഷേ, അതിൽ അഭ്യാസനൈപുണ്യമില്ലാതെ വികാരങ്ങളുടെ അടക്കമില്ലായ്മയാൽ ജനിക്കുന്ന മാത്സര്യം ഉണ്ടാവുകയില്ല. വെള്ളക്കാർ ക്രിക്കറ്റിനോ, ഖഡ്ഗയുദ്ധത്തിനോ, ബോക്സിങ്ങിനോ ഒരുങ്ങുംപോലെ ഉക്കുട്ടർ കൈപിടിച്ചു്, അല്ലെങ്കിൽ, പഴയ സ്രമ്പദായത്തിൽ, പരസ്പരം ആലിംഗനം ചെയ്തു്, ഇരുവരുടെയും ഗുരുനാഥന്മാരെ വന്ദിച്ചു്, അനുഗൃഹീതരായി എഴുന്നേറ്റു്, പയറ്റുമത്സരപ്രദർശനം അല്ലെങ്കിൽ പയറ്റുപ്രദർശനമത്സരം—അല്ലാതെ) മാത്സര്യപ്രദർശനപ്പയറ്റല്ല—നടത്തും. കള്ളക്കോലുകൾ കാട്ടുകയല്ലാതെ കൊള്ളിക്കുകയില്ല; അഥവാ കൊണ്ടാൽത്തന്നെ ഉദ്ദേശ്യശുദ്ധി, കൊള്ളലിന്റെ മാർദവംകൊണ്ടു, ലോകർക്കു പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്ന രീതിയിലായിരിക്കും. ബഹുജോറാവും. സഞ്ജയൻ ഒരിടത്തുനിന്നു്, ഒതേനന്റെ തലവെട്ടിപ്പയറ്റിന്റെ രാക്ഷസത്വം പോക്കി, അതിന്റെ ദൈവികത്വത്തെമാത്രം ആധുനികാദർശങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ആ നവീനകളരിപ്രസ്ഥാനത്തിന്റെ ആഗമത്തെ സകുതുകം വീക്ഷിക്കും.’ ഇങ്ങനെയൊക്കെ, എന്റെ മഹാശുദ്ധതകൊണ്ടു, ഞാൻ വിചാരിച്ചുപോയി ചെറുശ്ശേരി!

അതു നില്ക്കട്ടെ. അതിലിടയ്ക്കു് എനിക്കു മി. ശ്രീധരൻനായരേയും മി. നാരായണൻനായരേയും, കുറിച്ചു രണ്ടു നല്ല വാക്കു പറയാനുണ്ടു്. അതാദ്യം പറയാം. പിന്നീടു ഞാൻ ബഹുമാനപുരസ്സരം, അവരെയൊന്നു കുറ്റപ്പെടുത്തും. അതിലവർ പരിഭവിക്കരുതു്. നല്ല വാക്കിതാണു്: വ്യക്തിപരമായി നോക്കുകയാണെങ്കിൽ അവർ ധീരന്മാരാണു്. അവർ മാത്സര്യത്തിനു വിധേയന്മാരെങ്കിലും ധീരവാന്മാരായിരുന്നു എന്നു പറയണം. അതിന്റെ തീർച്ചയായ ലക്ഷണം. കമ്മിറ്റിയിലൊരാളുടെ വകയായി നിങ്ങളിലൊരാൾ മറ്റെയാൾ ഒരബദ്ധം പ്രവർത്തിച്ചു പോയാൽ— അതിക്രമം പ്രവർത്തിക്കുകയില്ലെന്നു വിചാരിക്കുക—മരിച്ചുപോയേക്കും. അതിനൊരുക്കമുണ്ടോ? എന്ന ഭയങ്കരചോദ്യത്തിനു് ഒരു സെക്കന്റ് നേരം താമസമില്ലാതെ വഴിക്കുവഴി ‘ഉണ്ടു്’ ‘ഉണ്ടു്’ എന്നു ഉറപ്പിച്ച രണ്ടുത്തരങ്ങളായിരുന്നു. കേ. പ. പ. രുടെ മുഖം തെളിഞ്ഞു: രണ്ടു കൂട്ടരുടെയും ധൈര്യം ഇടയ്ക്കൊന്നു നോക്കണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ, അതു് ആ നിമിഷത്തിൽ സാധിച്ചിട്ടുണ്ടായിരിക്കണം. അതുകൊണ്ടാണെന്നു തോന്നുന്നു, അദ്ദേഹം പിന്നീടു് അങ്ങനെയുള്ള പയറ്റു് അനുവദിക്കരുതെന്നു പ്രബലമായി വാദിച്ചതു്. സഞ്ജയന്റെ ദൃഢാഭിപ്രായവും, മരിക്കുവാനൊരുങ്ങിയവന്റെ ധൈര്യം ചത്തുകാണാതെതന്നെ അറിയാമെന്നായിരുന്നതിനാൽ, കേ. പ. പ. രുടെ അഭിപ്രായത്തെ കുഞ്ഞിക്കണ്ണൻ ടീച്ചർ സഗൌരവം അനുഗ്രഹിച്ചപ്പോൾ സഞ്ജയൻ യഥാർഥമായി സന്തോഷിച്ചു.

പക്ഷേ, മാ. ഭൂ. പ. അങ്ങനെ വിചാരിച്ചില്ലെന്നാണു് തോന്നുന്നതു്. ‘നേരിടു പയറ്റിയാലേ ചുവടറിയു’ എന്നദ്ദേഹം വാദിച്ചു. ‘നെഞ്ഞിനു ചൂണ്ടിയേ കുറിയറിയൂ?’ എന്നു കേ. പ. പ. ചോദിച്ചു. അങ്ങനെ കമ്മിറ്റിയിലെ ചെറുകശപിശ തുടങ്ങി. (അഭ്യാസികളുടെ വൻകശപിശ വരാൻ പോകുന്നു) വക്കീൽ മി. കെ. എം. നായരുടെ ‘ഓപ്യം’ നിയമതടസ്സത്തെസംബന്ധിച്ചിടത്തോളം കേ. പ. പ. രുടേതിനോടു കർത്തവ്യത്തിൽ യോജിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ അഭിപ്രായാനുകൂലും മി. കേളപ്പനോടായിരുന്നു. ചുരുക്കി പറയുന്നതായാൽ ‘അന്യോന്യം പയറ്റുകയാണു് വേണ്ടതു്;’ പക്ഷേ, അതു് വയ്യെന്നു മി. കെ. എമ്മെൻ; സാധിക്കുമെങ്കിൽത്തന്നെ, ഈ ബുദ്ധിയോടുകൂടി, ഈ മനഃസ്ഥിതിയോടുകൂടി വയ്യെന്നു മി. എമ്മാറെൻ. ‘മനഃസ്ഥിതി വീരവാദത്തിനൊരുങ്ങുമ്പോൾ തീർച്ചപ്പെടുത്തേണ്ടതായിരുന്നു. അപായമുണ്ടാകുമെന്നു കുരിക്കന്മാർ ഇപ്പോളാണോ കാണുന്നത്?’ എന്നു മി. കേളപ്പൻ. പക്ഷേ, ഈ കശപിശ ക്ഷണികമാത്രജീവിതമായിരുന്നു. ടീച്ചർ എഴുന്നേറ്റുനിന്നു ‘നിങ്ങൾ കലശൽ കൂട്ടേണ്ട. വെവ്വേറെ പയറ്റിയാലും ഞാൻ യോഗ്യത നിശ്ചയിക്കാ’മെന്നു പറഞ്ഞു. മറിച്ചലും തിരിച്ചലും നോക്കി അര നൂറ്റാണ്ടു പഴക്കമുള്ള കണ്ണാണു് നോക്കാമെന്നേല്ക്കുന്നത്—കേ. പ. പ. മാ. ഭൂ. പ.രെ ഓർമപ്പെടുത്തി. സഞ്ജയൻ താനൊരു റിപ്പോർട്ടർമാത്രമാണെന്ന കഥ വിസ്മരിച്ചു മി. കേളപ്പനോടു സ്വാഭിപ്രായം പറഞ്ഞാലോ, എന്നു വിചാരിക്കുമ്പോഴേക്കും, നമ്മുടെ ബ്രാഞ്ച് ഡിപ്പോ മാനേജർ സഞ്ജയനെ നോക്കി ഒന്നു ചിരിച്ചതിനാൽ സഞ്ജയൻ പത്രികാപത്രാധിപർക്കു തന്റെ വക്കാലത്തു കൊടുത്തു ചുമ്മാ ഇരുന്നു. സഞ്ജയനെ ഒന്നു മിണ്ടിക്കുവാൻ ചിലർ ചെയ്ത ശ്രമം ഏറ്റവും പര്യാപ്തമായിരുന്നു. പക്ഷേ, പലതും, വേറെ ചിലതുമാലോചിച്ചു സഞ്ജയൻ ‘വിഭൂഷണം മനമപണ്ഡിതാനാം’ എന്ന നിലയ്ക്കിരുന്നു. ഒടുക്കം ടീച്ചറുടെ നിർദേശപ്രകാരമുള്ള ഒരു കാര്യപരിപാടി തയ്യാറാക്കി, അഭ്യാസികളെക്കൊണ്ടു സമ്മതിപ്പിച്ചതിനു ശേഷമാണു് കമ്മിറ്റി പിരിയാഞ്ചകാരയായതു്. തീർപ്പുകളുടെ ചുരുക്കം താഴെ ചേർക്കുന്നു; പയറ്റണം. വെവ്വേറെ പയറ്റിയാൽ മതി; ഉള്ള വിദ്യ മുഴുവൻ അതിൽ കാണിക്കണം; ഒന്നും ബാക്കി വെക്കേണ്ട. ശിഷ്യനോടു പയറ്റുന്നതാകകൊണ്ടു ‘മറ്റെ മർമം എനിക്കറിയാമെന്നു കാണിക്കാൻ പത്രിയോഗി അവസരം തന്നില്ല’ എന്നൊന്നും പറയേണ്ടിവരില്ല. സർവമർമക്കൈകളും യഥേച്ഛം കളരിയിൽ കാണിച്ചുകൊടുക്കുമ്പോലെ കാണിച്ചു ജഡ്ജിമാരെ തൃപ്തിപ്പെടുത്താം. മർമജ്ഞന്മാരെക്കൊണ്ടു ‘ബലെ!’ പറയിക്കാം. കാണികളെ സാമാന്യമായി ആഹ്ലാദിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യാം. ഓരോ ഇനത്തിൽ ഓരോ പ്രശംസാപത്രവും വലിയ ശതമാനപത്രക്കാരനുമെഡലും കൊടുക്കാം. എന്താണു് മിസ്റ്റർ ശ്രീധരൻ നായർ ഒരുക്കമല്ലേ? അത്തേ അല്ലേ മിസ്റ്റർ നാരായണൻ നായർ? അതേ! കമ്മിറ്റിയുടെ നാവു് ചോദിച്ചു. അഭ്യാസികളുടെ നാവു് ഉത്തരം പറഞ്ഞു. ഇക്കഥ ഓർമയിൽ വെക്കണേ! ഇനിയൊരു ചെറിയ വിഷകംഭം ഇതിനിടയിൽ കഴിയുവാനുണ്ടു്. അതും ഇതുമായി സംബന്ധമൊന്നുമില്ല. കമ്മിറ്റി ഏല്പിച്ചു; അഭ്യാസികൾ ഏറ്റു. ശ്രീ. സി. എൻ. എ. രാമയയശാസ്ത്രി പറഞ്ഞതുപോലെ.

‘ശ്രീമൂലകനേൽപിച്ചാൻ ശ്രീമൂലം റാണിയേല്ക്കയും ചെയ്തു.’

അതു മറക്കേണ്ട.

മി. കേളപ്പൻ, ‘അതു പോട്ടെ, വടികൊണ്ടു മത്സരിക്കേണ്ട. എന്നാൽ ഒരു വെറും കൈത്തല്ലെങ്കിലും നടത്തിക്കൂടേ?’ എന്നു ചോദിച്ചു. പലരും ഇതു കേട്ടപ്പോൾ ചിരിച്ചു. അത്രയൊക്കെ അതിൽ ചിരിക്കുവാനുണ്ടോ എന്നു സഞ്ജയനു തോന്നി. വടിയില്ലാത്ത അഭ്യാസി മറ്റുള്ളവരുടെ അടി കൊണ്ടുകൊള്ളണമെന്നാണു് അഭ്യാസമുറയെങ്കിൽ, അഭ്യാസികളൊക്കെ നാലു ദിവസംകൊണ്ടു നശിക്കും. ഒരഭ്യാസിയുടെ ചെകിടത്തു വേറൊരഭ്യാസി രണ്ടു പൊട്ടിച്ചാൽ ‘ഛീ; താനെന്തൊരു വഷളനാണു്; എന്റെ കൈയിൽ ഒരു ഒറ്റക്കോലുണ്ടായിരുന്നുവെങ്കിൽ ഞാൻ പറഞ്ഞുതരാമായിരുന്നു!’ എന്നാണോ പറയുക? അല്ല ഒരിക്കലുമല്ല. അത്ര പച്ചപ്പയ്യായ ഒരഭ്യാസിയുണ്ടെങ്കിൽ അയാൾ, ഈശ്വരനാണേ, ഇന്നാട്ടിലെങ്ങുമല്ല. വടിയുണ്ടായാലും ഇല്ലെങ്കിലും അഭ്യാസി തടുക്കണ്ടേ? പ്രതിയോഗി സമനാണെങ്കിൽ അങ്ങോട്ടു കൈകൊണ്ടടിക്കും, അല്ലെങ്കിൽ കാലുകൊണ്ടടിക്കും. ശരി. അഭ്യാസി അടിക്കുമ്പോൾ അടവിൽ അടിക്കണ്ടേ? വേണം. എൺപതു റാത്തൽ ദേഹംകൊണ്ടു് എണ്ണൂറു റാത്തൽ തുടങ്ങുന്ന അടി അടിയ്ക്കണ്ടേ? തീർച്ചയായും വേണം. അതിനടവു വേണ്ടേ? ചുവടു വേണ്ടേ? കണ്ണു വേണ്ടേ? കണ്ണുകളുടെ പിന്നിൽ തലച്ചോർ, മോട്ടോർസൈക്കിളെഞ്ചിൻ പോലെ, പ്രവർത്തിക്കണ്ടേ? മർമവിജ്ഞാനം വേണ്ടേ? അക്ഷോഭ്യത വേണ്ടേ? വേണോ? വേണം! അടിക്കപായം ഇല്ലേ? (എന്റെ ഈശ്വരാ) ഇവയുടെയൊക്കെ ഉത്തരം ഞാൻ പറഞ്ഞതു നിങ്ങളും സമ്മതിക്കണ്ടേ? സമ്മതിക്കണമെങ്കിൽ, മി. കേളപ്പൻ ഈ പറഞ്ഞതിനെപ്പറ്റി മി. ബാലകൃഷ്ണൻനായർ ക്ഷോദഭിച്ചതിനെപ്പറ്റി മി. സന്ദർശകൻ ‘മാതൃഭൂമി’യിൽ റിപ്പോർട്ടു ചെയ്തതിനെവപ്പറ്റി (മൂന്നു ‘പറ്റി’കളായി, കേട്ടോ?) മി. ബാലകൃഷ്ണൻനായർ എന്തു പറയുന്നു? എന്നു സഞ്ജയൻ ചോദിക്കുന്നു. അദ്ദേഹം ക്ഷോഭിച്ചതു നന്നായില്ല. പോലീസ് ലാത്തിധാരികളെ ഡസൻകണക്കായി വെറും ഫൗണ്ടൻപെൻകൊണ്ടു് ഉന്തിത്തള്ളിയിട്ടു പാളിസാക്കുവാൻ അദ്ദേഹം തയ്യാറില്ലാത്തതുകൊണ്ടുമാത്രം പ്രസ്തുതലാത്തിക്കാർ തടി പോറ്റുകയാണെന്നു ധ്വനിപ്പിച്ച ആ അധൃഷ്യൻ, ഇങ്ങനെ മനഃക്ഷോഭം കാണിക്കുന്നതിൽ അല്പമൊരപഹാസ്യതയുണ്ടെന്നു മി. എമ്മാറൻ സൂചിപ്പിച്ചു. മി. ബാലകൃഷ്ണൻനായർ, പല സഖ്യങ്ങളും വിസ്മരിച്ചു മി. എമ്മാറെനോടും ക്ഷോഭിച്ചു സംസാരിച്ചു. വാസ്തവത്തിൽ ആ പാവം പത്രാധിപരായിട്ടാണു്. ഈ പറയുന്ന ഞാനാണു് കമ്മിറ്റിയിലുണ്ടായിരുന്നതെങ്കിൽ, തീർച്ചയായും മറ്റുള്ളവരെ ചിരിപ്പിക്കുവാൻ സാധിച്ചില്ലെങ്കിൽ, ഞാനെങ്കിലും ഒന്നു പൊട്ടിച്ചിരിച്ച് ആ സദസ്സിൽ ഒരു ചിരിപ്പയറ്റു് നടത്തി, കടന്നുപോകുമായിരുന്നു. ‘എന്റെ അനുജൻ പറത്തല്ലു തല്ലാൻ വന്നിടില്ലി’ എന്നതു മി. ശ്രീധരൻനായരുടെ ജ്യേഷ്ഠന്റെ നിലയിൽ, ഘനപ്പെടു് അഭിമാനത്തോടുകൂടിയ ഒരു ‘വാശാങ്കം’ തന്നെ; പക്ഷേ, സംയുക്തികമായി, വിവേകികളെക്കൊണ്ടു ശിരഃകമ്പം ചെയ്യിക്കുന്ന ഒരു മറുപടിയായോ മി. ബാലകൃഷ്ണൻ നായരേ? അങ്ങനെ മാർക്കടിച്ച ഒരു ചോദ്യം സദസ്യരിലാരോ ചോദിച്ചു; ‘അടികൊണ്ടു മരിച്ചുകൂടേ? പരസ്പരം ഒറ്റപ്പയറ്റി വേണ്ടെന്നുവെക്കുവാനുള്ള കാരണം ഇതിനും ബാധകമല്ലേ?’ എന്ന ചോദ്യങ്ങൾ വന്നുകൂടിയ ഒരു മാന്യനാണു് ചോദിച്ചതു്. അതായിരുന്നു മി. ബാലകൃഷ്ണൻനായരും ചോദിക്കേണ്ടിയിരുന്നതു്. അല്ലാതെ—പോട്ടെ!

കമ്മിറ്റിയുടെ മുമ്പാകെ പിറ്റെ ദിവസം പ്രദർശനമത്സരം നടത്തുവാൻ അഭ്യാസികൾ വരാമെന്നേറ്റു; അതു പോര, ഒരു കൈത്തല്ലുകൂടിയുണ്ടായാൽ അബദ്ധമില്ലെന്നു് ഒരു കമ്മിറ്റിമെമ്പർ പറഞ്ഞു: അതു വേണ്ടെന്നും വെച്ചു, അല്ലേ? ആളുകൾ പുറത്തെത്തിയപ്പോൾ കേട്ടു ആദ്യം ഒരശരീരി; ഒടുക്കം ഒരു സർവശരീരി: ‘ഞങ്ങൾ ഒത്തിരിക്കുന്നു; മത്സരവും വേണ്ടാ, പ്രദർശനവും വേണ്ടാ; ഞങ്ങൾ വരില്ല!’ എന്നു്. പെട്ടെന്നു് എനിക്കു തോന്നി, വാഗ്ദാനത്തിന്റെ കഴുത്തിൽ നിപതിച്ച ഈ ചവിട്ടു് ഒതേനനെപ്പെറ്റ നാട്ടിൽ പിറന്ന കാലിൽനിന്നു വരാനിടയില്ലാത്തതിനാൽ, ഈ കേൾക്കുന്നതു് അസത്യമാണെന്നു്, ഈ സമയത്തു് ഇതിന്റെ മറിമായം തിരിയാതെ അമ്പരന്നു നിന്ന പത്രികാപത്രാധിപർ മാത്രമേ ഇവരുടെ നടുവിലുണ്ടായിരുന്നുള്ളു.

‘ഞങ്ങൾ യോജിച്ചിരിക്കുന്നു’ എന്നു പ്രഖ്യാപനം ചെയ്ത അഭ്യാസികൾ, ഓരോരുത്തർ നില്ക്കാത്തതു മറ്റവരുടെ അസന്നദ്ധതകൊണ്ടുമാത്രമാണെന്നു് അദ്ദേഹത്തിന്റെ മുഖത്തു നോക്കിപ്പറഞ്ഞു! അദ്ദേഹം ഒരഭ്യാസിയുടെ ഒരു കൈയും മറ്റേ അഭ്യാസിയുടെ മറ്റേ കൈയും പിടിച്ചു പറയുന്നതുകേട്ടു: ‘നിങ്ങൾ പരസ്പരം യോജിച്ചതു സന്തോഷാവഹംതന്നെ.

പക്ഷേ, നിങ്ങൾ എന്തിനു ടൂർണമെന്റും മെഡലും വേണ്ടെന്നുവെക്കണം?’ എന്നു്. അവർ ‘മെഡൽ വേണ്ട; ഞങ്ങൾ വെറുതെ വന്നു പയറ്റാ’മെന്നു പറഞ്ഞു. കേ. പ. പ. കൂപ്പുകൈയോടുകൂടി, ‘സന്തോഷം’ എന്നുപറഞ്ഞു. ഇതൊക്കെ ഹാളിന്റെ വരാന്തയിൽ വെച്ചു നടന്നു. പറയുന്നതിനിടയ്ക്കു് ഇപ്പോൾ അവർ എത്രപ്രാവശ്യം വാക്കു മാറ്റിയെന്നോർമയുണ്ടോ? (എണ്ണണം?) മൂന്നുപ്രാവശ്യം; സൂക്ഷിച്ചുനോക്കിയാൽ നാലു പ്രാവശ്യം! വാക്കുമാറ്റം പിന്നെയുമുണ്ടായി. പക്ഷേ, ഈ ലക്കത്തിൽ സ്ഥലമവസാനിക്കാറായെന്നു തോന്നുന്നു. അതുകൊണ്ടു ബാക്കി അടുത്ത ലക്കത്തിലേക്കു നിർത്തിവെക്കാം. സഞ്ജയൻ ഗദ്യമെഴുതി നന്നെ മടുത്തിരിക്കുന്നതിനാൽ എനിയങ്ങോട്ടുള്ള റിപ്പോർട്ട് തനി തച്ചോളിപ്പാട്ടുമട്ടിൽ പറയാം.

22—3—.36

ഉത്തരഭാഗം

അങ്ങനെ, അഭ്യാസികളുടെ മൂന്നാമത്തെ (അല്ലെങ്കിൽ, നാലാമത്തെ) വാക്കുമാറ്റം കഴിഞ്ഞതോടുകൂടി എല്ലാവരും ബ്രഹ്മസമാജം ഹാളിൽനിന്നു പാളയം നിരത്തിലേക്കിറങ്ങി. നിരത്തിന്മേലെത്തിയപ്പോൾ ആരോ പണത്തിന്റെ ചോദ്യമെടുത്തിട്ടു. ‘അതെയതെ! പണത്തിന്റെ കാര്യം പറഞ്ഞില്ല. ഞങ്ങൾക്കു പണം തരണം. പ്രശംസാപത്രവും മെഡലും ഞങ്ങൾക്കു വേണ്ടാ. അമ്പതുറുപ്പിക ഓരോ സെറ്റിനുവീതം മൂന്നു സെറ്റിനുതന്നെ ഞങ്ങൾ പയറ്റുകയുള്ളു’ എന്നായി. വാക്കുമാറ്റം നമ്പർ ‘ഫോർ’. പക്ഷാന്തപ്രകാരം നമ്പർ ‘ഫൈവ്’ ‘അതെങ്ങനെ വാഗ്ദാനം ചെയ്യാം? പിരിഞ്ഞതിൽനിന്നു ചെലവു കഴിച്ചു ബാക്കി മൂന്നോഹരിയാക്കിത്തരാം.’ എന്നു കേ. പ. പ. പറഞ്ഞു. അവർ കൂടിയാലോചിച്ചു; ദൂരത്തുപോയാലോചിച്ചു.

‘ആവാമെ’ന്നനുവാദം മൂളിയവർ വാഗ്ദാനമഞ്ചെന്നുമാറനെന്നുമാം. അവിടുന്നും പോരുന്നു പത്രാധിപർ (റിപ്പോർട്ടർ സഞ്ജയൻ കൂടെയുണ്ടേ)

എനിയും പെരുത്തു രസമുണ്ടാമെന്നവനൊരു നിഴൽനോക്കിപ്പോന്നതാണേ?

കമ്മിറ്റി തന്നിലും ചെല്ലുന്നല്ലോ കശപിശ തീർന്നെന്നും പറഞ്ഞിതങ്ങോർ എല്ലാരുംകൂടിസ്സൊരുമിച്ചിട്ട പിറ്റേന്നാൾ കാലത്തുമന്തിയിലും മെയ്തെളിഞ്ഞഭ്യാസം മെയ്യഭ്യാസം കാലുറച്ചഭ്യാസം വടിയഭ്യാസം കൺതെളിഞ്ഞഭ്യാസം വാളഭ്യാസം കുന്തം ചുരികയും പരപ്പുവെട്ടും വാളും പരിചയും പറന്നുവെട്ടും സർപ്പവടിവും ഗജവടിവും നല്ല വരാഹത്തിൻ മുഞ്ചുവടും സിംഹത്തിൻ തഞ്ചവും ചീന്തിവെട്ടും മാറിത്തടവും തിരിഞ്ഞുനീട്ടും വ്രജാംഗിവീശലും മറ്റുമെല്ലാം കാണിപ്പാൻതന്നെയൊരുങ്ങിയല്ലോ. മാത്സര്യമില്ല പകയുമില്ല. പത്രവും വേണ്ടാ മെഡലും വേണ്ടാ പിരിഞ്ഞപണമതിൽ ചെലവുനീക്കി മൂന്നായ് പകത്തു കൊടുത്താൽ മതി ഒരു ലവം വാഗ്വാദമതിനുവേണ്ടി നടന്നു, കലാശത്തിൽ സമ്മതമായ്.

ഊണും കഴിച്ചു പിരിഞ്ഞു കൂട്ടർ അവിടുന്നും പോരുന്നു പി. എസല്ലോ. (കേ. പ. പ. മുന്നിൽ നടക്കുന്നുണ്ടേ) വീട്ടിലും വന്നു കരേറി കേ. പ. വിളക്കിന്റെ മുമ്പിലും ചെന്നിരുന്നു പി. എസ്. മൂലയിൽച്ചെന്നുനിന്നു. എഴുതിത്തുടങ്ങുന്നു കേ. പ. യല്ലോ മണിയൊരു പന്ത്രണ്ടിന്നടുത്തെത്തുന്നു. സഞ്ജയൻ തെല്ലൊന്നുറക്കം തൂക്കി. അന്നേരം വന്നല്ലോ കുഞ്ഞിക്കണ്ണൻ; ഈ. സി. യാം നമ്പ്യാരു കുഞ്ഞിക്കണ്ണൻ ശ്രീമാൻ കെ. നമ്പ്യാരവർകളുടൻ

‘എല്ലാം കഴിഞ്ഞെന്നു ചൊല്ലുകയായ്

അഭ്യാസിക്കൂട്ടം ചതിച്ചേ ചേട്ടാ.’

‘ആരെച്ചതിച്ചെന്റെ നമ്പിയാരെ!’

‘നമ്മളെ;—വമ്പിച്ച പബ്ലിക്കിനെ’

അന്നേരം കേ. പ. പ. പറയുന്നല്ലോ

‘കരയല്ലോ, വിളിക്കല്ലേ, നമ്പിയാരേ!’

ആരാരു ചൊല്ലിയറിഞ്ഞു നിങ്ങൾ? ശ്രീധരൻനായരവർകളുടെ സെറ്റുകാരല്ലോ പറഞ്ഞറിഞ്ഞു: മറ്റേവർ പോകുന്നു, ഞങ്ങളില്ല, ഒറ്റയ്ക്കു കാണിപ്പാനാരു നില്ക്കും? കേളപ്പൻ (മി)യുണ്ടു് കൂടെത്തന്നെ കേളപ്പോൾ ചൊന്നിതു, പൊന്നുചേട്ടാ! പബ്ലിക്കു നാളെക്കുഴങ്ങുകില്ലേ? മഞ്ചേരിമാപ്പിള വന്നിട്ടുണ്ടു്; കടത്തുവൈനാടൻകുറുപ്പുണ്ടല്ലോ: ‘മംഗളപുർ’ നിന്നു കൊങ്ങിണിയും, വക്കീലന്മാർ ചില ഡോക്ടർമാരും, ‘ഗവർമ്മേണ്ടുസർവീസിൽപ്പെട്ടവരും, പലരുമൊരുമിച്ചു വന്നുചേരും, മനംമടുത്തങ്ങു തിരിച്ചുപോകും’ അത്തരം വാക്കെങ്ങനെ കേൾക്കുന്നേരം പകരം പറയുന്നു പത്രാധിപർ: അതിനു മയിക്കില്ല, കുഞ്ഞിക്കണ്ണൻ—

‘നമ്പ്യാരേ, നിങ്ങള് കേട്ടോണ്ടാലും.

കുളവക്കിൽ കുതിരയെ കൊണ്ടുപോകാ-

നൊരുവൻ മതിയാകും നമ്പിയാരേ!’

ആയിരമാളു നയിച്ചെന്നാലും കുതിരക്കഴുത്തു കുനിച്ചോണ്ടാലും കൂടിക്കാനവർ വേണ്ടേ നമ്പിയാരേ? നമുക്കിതു പബ്ലിക്കോടുരച്ചുകൂടേ; പി. എസ്സിതൊക്കെയും കണ്ടോനല്ലേ;

പി. എസ്സിതൊക്കെയും കേട്ടോനല്ലേ? ഫാണ്ടൻപെൻ പി. എസ്സിൻ കൈയിലില്ല?

അവനിതു റിപ്പോർട്ടു ചെയ്യുകില്ലേ? ‘അവരാരും വന്നില്ല, പയറ്റുമില്ലാ,’ നോട്ടീസ്സൊന്നിട്ടേക്കിൻ നമ്പിയാരേ! അന്നേരം നമ്പ്യാരു ചോദിക്കുന്നു ഏഴരക്കെല്ലാരുമെത്തിയാലോ? കേ. പ. പ. ചാടിയെഴുന്നേല്ക്കുന്നു ആരു വിലവെക്കും നമ്പിയാരേ? ഏഴാംവാക്കല്ലയോ തെറ്റ്യതിപ്പോൾ എനിയുമവരെ ഞാൻ നമ്പിയെന്നോ? കോളേജു മിറ്റത്തു കടന്നുനിന്നാൽ വയറ്റുമവരെന്നു തീർച്ചയുണ്ടോ? ആളുകൾ പണത്തിനു ചോദിക്കില്ലേ? എങ്ങനെ വീതിക്കും നമ്പിയാരേ? രണ്ടണ നാലണ തിരിച്ചു വാങ്ങാൻ മാലോകർ തിക്കിത്തിരക്കുകില്ലേ? കൈകൊട്ടി ലോകം ചിരിക്കുകില്ല്ലേ? അഭ്യാസിയായാലുമല്ലെങ്കിലും, വാക്കു പറഞ്ഞാലൊരർഥം വേണം. നിങ്ങൾ പോയുറങ്ങുവിൻ നമ്പിയാരേ എനിക്കൊരുലേശമെഴുതാനുണ്ടു് അവിടുന്നും പോകുന്നു നമ്പിയാർ; നോട്ടീസ്സിടുവാനും പോകുന്നുണ്ടേ.

മൂന്നുമണിവരെയെഴുതി കേ. പ. മൂന്നുമണിവരെയിരുന്നു പി. എസ്.

കേ. പ. പ. യന്നേരം ചോദിക്കുന്നു.

‘പി. എസ്സേ, സഞ്ജയ, പൊന്നനുജ,

നീയിതു ലോകരോടോതുകില്ലേ? ഞാനതു ചൊൽവതു ഭംഗിയല്ലാ! അതുകൊണ്ട നിന്നെ ഞാനേൽപിക്കുന്നു. ഒന്നുംവിടാതെ നീ കേട്ടോനല്ലേ? പക്ഷം പിടിക്കാതെ, ക്ഷോഭിക്കാതെ, ആരുടെ കണ്ണേറും കണ്ടിടാതേ, ആരുടെ ദ്വേഷവും മാനിക്കാതേ, നിലതെറ്റിച്ചീത്ത പറഞ്ഞിടാതെ, ആരുടെ നന്മയും മൂടിടാതെ, ആരുടെ തിന്മയും കൂട്ടിടാതെ, നിയ്യിതു റിപ്പോർട്ടു ചെയ്യുകില്ലേ? ഇയ്യൊരുപകാരം ചെയ്തുകൂടേ? നേരു നീ ചൊല്ലി പലർക്കും വേണ്ടി; നേരൊന്നെനിക്കാര്യം ചൊല്ലിക്കൂടേ?’ അത്തുരം വാക്കിങ്ങിനെ കേൾക്കുന്നേരം

പകരം പറയുന്നു പി. എസ്സല്ലോ: ‘പത്രാധിപച്ചേട്ടാ, പൊന്നുചേട്ടാ, സത്യത്തിൽ പക്ഷം ഞാൻ നോക്കാറില്ലാ. വേണ്ടാതെ ചീത്ത പറയാറില്ല. മര്യാദ കാണിക്കും കൂട്ടരോടു് മര്യാദതന്നേ ഞാൻ കാട്ടീട്ടുള്ളു.’

‘ടി. ബി. കെ. നായർതൻ പെന്നിനേക്കാൾ അടവു ചുരുങ്ങിയ പുത്തൻപേന ഒന്നീ വലംകൈയിലേന്തുവോളമിതിനുടെ നേരു ഞാനേട്ടിലാക്കും’ അപ്പറഞ്ഞമ്പായി മൂടുംമുമ്പവേ പുങ്കോഴിയുച്ചത്തിൽ കുകുന്നുണ്ടേ.

പിറ്റേദിവസം, അവസാനം മാറ്റിപ്പറഞ്ഞ വാക്കിൽക്കൂടി തങ്ങളുടെ പ്രവൃത്തി ഭിന്നമാണെന്നു കാണിക്കുവാൻ ഒരുങ്ങിയവരെന്നപോലെ, അഭ്യാസികൾ ഏഴരമണിക്കു് കോളേജ് ഗെയിറ്റിൽ ഹാജരായത്രേ; ഹാജരായി കമ്മറ്റിയെ ചീത്ത പറഞ്ഞുവത്രേ; നമ്മുടെ മി. ശങ്കരമേനോൻ—കൂടിക്കഴിഞ്ഞ നിലയ്ക്കു് അതു് ഒരു ചെറിയ ചതിയായിപ്പോയി മിസ്റ്റർ ശങ്കരമേനോൻ!—കമ്മറ്റിയെ മാത്രം ഇക്കാര്യത്തിൽ ആക്ഷേപിച്ചുകൊണ്ടും അഭ്യാസികൾ ഏഴുപ്രാവശ്യം വാക്കു മാറ്റുവാൻ ഉപയോഗിച്ച അടവിനെ വിസ്മരിച്ചുകൊണ്ടും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്രേ!

വാശ്ശതുമീപ്പെൻവിരമിക്കട്ടിനി ‘യീശ്വരവിലസിതമാർക്കറിയാവു!’

25—3—36

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Oru Report (ml: ഒരു റിപ്പോർട്ട്).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-06-12.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Oru Report, സഞ്ജയൻ, ഒരു റിപ്പോർട്ട്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Compositioncubiste, a painting by María Blanchard (1881–1932). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.