- പത്രാധിപർ:
- തന്നെപ്പറ്റി വായനക്കാരുടെ ഇടയിൽ വലിയ ആക്ഷേപമായിരിക്കുന്നു.
- സഞ്ജയൻ:
- എന്നെപ്പറ്റിയോ?
- പ:
- എന്താണു് താൻ ഇത്ര ആശ്ചര്യസ്വരത്തിൽ ചോദിക്കുന്നതു്? താനാരാണു്? ബോബിലിരാജാവോ മറ്റോ ആണോ? തന്നെപ്പറ്റി ആക്ഷേപിച്ചുകൂടെ?
- സ:
- എന്തുകാരണം കൊണ്ടാണുപോലും എന്നെ കുറ്റപ്പെടുത്തുന്നതു്?
- പ:
- തന്നെപ്പോലെ ഒരു വികൃതിയും, ഭാഗംപിടിയനും, ദുർമ്മാർഗ്ഗിയും, വിരസനും, സങ്കുചിതമനസ്ഥിതിക്കാരനും, നിർലജ്ജനും, അഹങ്കാരിയും, അധികപ്രസംഗിയും, അസൂയക്കാരനും ഏഷണിപറയുന്നവനും, കലഹപ്രിയനും, സജ്ജനദ്വേഷിയും ദുർജ്ജനസഹായിയും, മത്സരിയും, മദാന്ധനും ലോകത്തിലില്ലെന്നാണു് പറയുന്നതു്.
- സ:
- നിങ്ങൾ അതൊക്കെ വിശ്വസിച്ചുവോ?
- പ:
- ഇല്ല; ഇതൊക്കെ പറയുന്നവൻ തന്നേക്കാൾ കുറച്ചധികം ഇങ്ങനെയൊക്കെ ഉള്ളവരായതുകൊണ്ടു് മുഴുവനും വിശ്വസിച്ചിട്ടില്ല. ഏതായാലും താൻ സൂക്ഷിക്കണം. ആട്ടെ. ഇന്നെന്താണു് കൊണ്ടുവന്നിരിയ്ക്കുന്നതു്?
- സ:
- ഒരു പാന.
- പ:
- പാനയോ?
- സ:
- അതെ.
- പ:
- ആരെയൊക്കെ ശകാരിച്ചിട്ടുണ്ടു്?
- സ:
- ഒരാളെയും ശകാരിച്ചിട്ടില്ല. ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ അതു് വെറും മായകൊണ്ടാണു്. ഇതിന്റെ ആന്തരാർത്ഥം മുഴുവൻ ഈശ്വരസ്തുതിയാണു്. ഞാൻ വായിക്കാം.
⋄ ⋄ ⋄
[അനന്തരം സഞ്ജയൻ നിലത്തു പുല്ലുപായിൽ നിലവിളക്കിന്നു മുമ്പിലിരുന്നു. ഒരു പഴയ പിച്ചളക്കൂടുള്ള കണ്ണട നൂലുകൊണ്ടു് തലയുടെ പിൻവശത്തു ബന്ധിച്ചു. പുതുമഴക്കാലത്തെ ഭേകന്റെ സ്വരത്തിൽ വായിയ്ക്കുന്നു.]
കീർത്തിയൊന്നിലേ മർത്ത്യന്നു പാർത്തലേ
പൂർത്തിയാകാത്ത മോഹം വളരുന്നു:
കൗൺസിലർക്കൊരു ചേയർമാനാവണം;
കൗൺസിൽച്ചേർമാന്നസംബ്ലിയിൽപ്പോകണം,
മെമ്പറായാൽ മതിയല്ലെനിക്കിനി,
മുമ്പനായ പ്രസിഡണ്ടുമാകണം;
വീണ്ടുമെന്നെത്തിരഞ്ഞെടുത്തീടുവാൻ
വേണ്ടും വേലകളോരോന്നു ചെയ്യണം;
വോട്ടർമാരുടെ പട്ടികയിൽച്ചില
മാറ്റമൊക്കെ വരുത്തിവെച്ചീടണം.
- പത്രാധിപർ:
- ആരാണിങ്ങിനെ ചെയ്തതു്?
- സഞ്ജയൻ:
- എന്തൊരു കുഴക്കാണീശ്വരാ ഇതു്! ഇതൊക്കെ വെറും “ഇമാജിനേഷ”നാണു്, സർ! കവിത നിങ്ങളുടെ രാജ്യത്തുകൂടി പോയിട്ടില്ലെന്നു തോന്നുന്നല്ലോ!
- പ:
- മതി, മതി. വായിക്കൂ.
⋄ ⋄ ⋄
- സഞ്ജയൻ:
വോട്ടിന്നായി ശ്രമിയ്ക്കണം തമ്പാന്നു;
വോട്ടു നല്കിടുമാറോന്നു ഞാൻ ദൃഢം;
കൊല്ലങ്കോടിനുവേണ്ടി നടക്കണം
(തെല്ലുപോലും ഗ്രഹിയ്ക്കരുതാരുമേ);
ഷൺമുഖത്തിനെ പഞ്ചാസ്യനാക്കണം.
- പത്രാധിപർ:
- എന്നുവെച്ചാൽ?
- സഞ്ജയൻ:
- പഞ്ചാസ്യൻ = സിംഹം. സിംഹത്തെപ്പോലെ കീർത്തിമാനാക്കണം എന്നർത്ഥം.
വെൺമതിപോലെ ശോഭിതനാക്കണം;
പത്രത്തിൽച്ചിലതെല്ലാമെഴുതണം,
സൂത്രത്തിൽപ്പല ബാണമയക്കണം,
സാഹിത്യപരിഷത്തു തുലയ്ക്കണം;
സാഹിതീകാരനെന്നു നടിയ്ക്കണം;
രാവണായനമൊന്നഴുതീടണം;
രാമദേവന്റെ കീർത്തി കുറയ്ക്കണം;
ഇത്ഥമോരോന്നു ചിന്തിച്ചിരിയ്ക്കവേ,
ചത്തുപോകുന്നു പാവം! ശിവ, ശിവ!
- പത്രാധിപർ:
- ഇതു് ജ്ഞാനപ്പാനയിലുള്ളതല്ലേ?
- സഞ്ജയൻ:
- ജ്ഞാനപ്പാന നിങ്ങളുടെ പകർപ്പവകാശമാണോ? അന്യരുടെ വരികൾ മോഷ്ടിച്ച കവികളുടെ പേരുകൾ നിങ്ങൾക്കു കേൾക്കണോ?
- പ:
- വേണ്ട.
⋄ ⋄ ⋄
- സഞ്ജയൻ:
- ഇങ്ങനെയൊക്കെയാണു് ആളുകളുടെ ചിന്തകൾ: എനി അവരുടെ പ്രവർത്തികളെക്കുറിച്ചു കുറച്ചു പ്രസ്താവിക്കാം.
ഊരുമാറി വസിക്കുന്നിതു ചിലർ;
പേരുമാറ്റി നടക്കുന്നിതു ചിലർ;
ഹിന്ദുധർമ്മത്തെപ്പുച്ഛിച്ചു പുച്ഛിച്ചു
ജന്തുധർമ്മവും വിസ്മരിപ്പൂ ചിലർ;
ഈശനെത്തന്നെ ബ്ലീച്ചടിപ്പിക്കുവാ-
നാശയാർന്നു നടക്കുന്നിതു ചിലർ;
സോഷ്യലിസ്റ്റെന്നു ഭാവിച്ചു ഗർവിച്ചു
റഷ്യനോക്കി നടന്നിടുന്നൂ ചിലർ;
കള്ളസ്സന്യാസി താനെന്ന സംതൃപ്തി-
യുള്ളിൽവെച്ചു നടക്കുന്നിതു ചിലർ.
- പത്രാധിപർ:
- ഇതിൽ ആരെയോ കൊള്ളിച്ചിട്ടുണ്ടു്.
- സഞ്ജയൻ:
- ഈശ്വരനാണേ, ഇല്ല. ഞാൻ കണ്ണടച്ചു് എറിഞ്ഞതാണു്. പക്ഷേ, ചിലരുടെയെല്ലാം മർമ്മത്തിൽ കൊണ്ടിട്ടുണ്ടായിരിക്കും. അതിനു് ഞാനാണോ ഉത്തരവാദി?
⋄ ⋄ ⋄
രാത്രി വോട്ടു തിരഞ്ഞു നടക്കയാ-
ലത്ര കൂപത്തിൽച്ചാടുന്നിതു ചിലർ.
- പത്രാധിപർ:
- വാസ്തവമാണോ?
- സഞ്ജയൻ:
- മുള്ളിയാംകുറിശ്ശി അംശത്തിൽ രാത്രിയിൽ നടന്നിരുന്ന ഒരു സബ്ബ് ഏജണ്ട് തപ്പിത്തടഞ്ഞു് ഒരു പൊട്ടക്കിണറ്റിൽ വീഴുകയും, ആളുകളൊക്കെ ഓടിയെത്തി പിടിച്ചുകയറ്റുകയും ചെയ്തു എന്നു നിങ്ങളുടെ വള്ളുവനാടു് ലേഖകൻ എഴുതിയതു വായിച്ചുനോക്കാതെയാണോ നിങ്ങൾ പ്രസ്സിലേയ്ക്കയച്ചതു്?
- പ:
- അധികപ്രസംഗം പറയേണ്ട.
- സ:
- ശരി.
മറ്റു ജോലികളില്ലാത്ത കാരണാൽ
ടെൿസ്റ്റ്ബുക്കു ചമയ്ക്കുന്നിതു ചിലർ.
സൂത്രത്തിൽച്ചില വാർത്തകൾ സൃഷ്ടിച്ചു
പത്രലേഖനവൃത്തി ചെയ്വൂ ചിലർ;
രണ്ടുനാലു ദിനംകൊണ്ടൊരുദ്യോഗ-
മണ്ടയിൽച്ചെന്നു കേറിയിരിക്കയാൽ,
പണ്ടുപണ്ടുള്ള ചങ്ങാതിമാരെത്താൻ
കണ്ടില്ലെന്നു നടിക്കുന്നിതു ചിലർ.
⋄ ⋄ ⋄
കൗൺസിൽദ്രവ്യത്തെ ഭക്ഷിക്കഹേതുവായ്
മൻസുഖമെന്ന്യേ വാഴുന്നിതു ചിലർ.
- പത്രാധിപർ:
- “മൻസുഖ”മോ?
- സഞ്ജയൻ:
- അതെ, ഇതു പോയറ്ററിയാണു്; പ്രോസല്ല. ഞങ്ങൾക്കു്—കവികൾക്കു്—പത്രാധിപന്മാർക്കില്ലാത്ത ചില ലൈസൻസൊക്കെയുണ്ടു്.
- പ:
- ശരിയാണു്; പക്ഷേ, ലേഖകന്മാർക്കില്ലാത്ത ചില സ്വാതന്ത്ര്യങ്ങൾ ഞങ്ങൾക്കും—പത്രാധിപന്മാർക്കും—ഉണ്ടു്. ആ സ്വാതന്ത്ര്യമുപയോഗിച്ചു പലർക്കും അപകീർത്തികരങ്ങളായ പ്രസ്താവങ്ങൾ അടങ്ങിയ ഈ പാനയുടെ ബാക്കിഭാഗം ഉപേക്ഷിക്കേണ്ടിവന്നതിൽ “ഞങ്ങൾ നിർവ്യാജം വ്യസനിക്കുന്നു.”
4-11-’34