‘ഭർത്തൃസ്ഥാനാർഥികളുടെ ഇടയിൽ ‘സ്വ. ലേ.’ കൂടി പ്രത്യക്ഷപ്പെട്ട സ്ഥിതിക്കു് എന്തുകൊണ്ടു് പത്രാധിപരെക്കണ്ടില്ല?’ എന്നു് ഒരാൾ ഈയെടെ ചോദിക്കുകയുണ്ടായി.
ശരിയാണു്. അതു് ഒരു മറവി തന്നെ. പത്രാധിപർ സൗഭാഗ്യവതിക്കയച്ച പ്രണയലേഖനം താഴെ ചേർക്കുന്നു.
‘ശ്രീമതി,
കേരളീയ വനിതകൾ മേലിൽ ഭർത്താക്കന്മാരെ സ്വീകരിക്കേണ്ടതു് ഏതു പദ്ധതിയെ അവലംബിച്ചായിരിക്കണം, എന്നുള്ള വിഷമപ്രശ്നത്തെ അധികരിച്ചു നിങ്ങൾ ഈയെടെ ചെയ്തതായി ഞങ്ങളുടെ റിപ്പോർട്ടർ പറയുന്ന പ്രസംഗത്തിന്റെ ഒരു രത്നസംഗ്രഹം ഞങ്ങൾ അന്യത്ര ചേർത്തിട്ടുണ്ടു്. നിങ്ങളുടെ പ്രസംഗവിഷയത്തിലേക്കു് ആയിരക്കണക്കായെണ്ണാവുന്ന ഞങ്ങളുടെ വായനക്കാരുടെ സവിശേഷമായ ശ്രദ്ധയെ ഞങ്ങൾ ഒരു ഗംഭീരമുഖപ്രസംഗം വഴിയായി ആകർഷിക്കുകയും ചെയ്തിട്ടുണ്ടു്.
നിങ്ങളുടെ പ്രസംഗത്തിൽ ചില്ലറ വ്യാകരണസ്ഖാലിത്യങ്ങളും ശൈലീ ഭംഗങ്ങളും യുക്ത്യാഭാസങ്ങളും ഞങ്ങൾക്കു് അവിടവിടെയായി കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നില്ല. പക്ഷേ, ഒരു കേരളീയമഹിളയുടെ ഏതാദൃശമായ സമുദായപരിഷ്കരണസംരംഭത്തെ, ഭാഷാവിഷയകമായ അപഭ്രംശങ്ങൾ നിർദേശിച്ചു നിരുത്സാഹപ്പെടുത്തുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ, പ്രസംഗകര്‍ത്ത്രിയോടു്—അതായതു നിങ്ങളോടു— രണ്ടു വാക്കു പറയാതിരിക്കുവാൻ ഞങ്ങൾക്കു നിർവ്വാഹമില്ല; ഞങ്ങളും സമുദായപരിഷ്കരണത്തിനു ബദ്ധകച്ഛന്മാരായി ശ്രമിക്കുന്നവരാണു്. ആ സ്ഥിതിക്കു ഞങ്ങളുമായി വിവാഹബന്ധത്തിലേർപ്പെടുന്നതു, മറ്റേതു കാര്യത്തിലും സുഖപ്രദമാകുവാൻ വഴിയില്ലെന്നു സമ്മതിപ്പിക്കപ്പെട്ടാൽക്കൂടി, ഇക്കാര്യത്തിൽ ആശ്വാസ്യമായിത്തീരുമെന്നാണു് ഞങ്ങളുടെ പൂർണ്ണബോധവും വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും.
ഒരു കാര്യവുംകൂടി ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. അതു മേലെഴുതിയ കുറിപ്പിൽ ‘ഞങ്ങൾ എന്നുള്ള പ്രയോഗം കണ്ടു് ’ എഡിറ്റോറിയൽ സ്റ്റാഫിന്റെ മുഴുവൻ ഭാര്യാപദം സ്വീകരിച്ചു് ഒരഭിനവ പാഞ്ചാലിയായിത്തീരുവാനാണു് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നതെന്നു തെറ്റിദ്ധരിക്കരുതെന്നുള്ളതാണു്. മുഖപ്രസംഗമെഴുതുന്ന പേന ഒന്നുതന്നെയായിരിക്കുമ്പോഴും പ്രാതിനിധ്യബോധം ഉത്തമപുരുഷൈകവചനത്തെ ബഹുവചനമാക്കാറുണ്ടെന്ന വസ്തുത സർവ്വവിദിതമാണല്ലോ.
ഇതിനുള്ള മറുപടി കടലാസ്സിന്റെ ഒരു വശത്തുമാത്രം വ്യക്തമായി മഷികൊണ്ടെഴുതിയിരിക്കേണ്ടതാണെന്നും, നിങ്ങളുടെ പേരും പൂർണ്ണമായ മേൽവിലാസവും (പ്രസിദ്ധീകരണത്തിനാവേണമെന്നില്ല) അതിൽ ചേർത്തിരിക്കേണ്ടതാണെന്നുംകൂടി നിങ്ങളെ അനുസ്മരിപ്പിച്ചുകൊള്ളുന്നു.
എന്നു, നിങ്ങളുടെ വിധേയൻ.
‘കേരളകാഹളം’ പത്രാധിപർ
- മജിസ്ട്രേട്ട്:
- പ്രതി തന്നെ ആഭാസനെന്നും, വങ്കനെന്നും, വിഡ്ഢിയെന്നും, പെറുക്കിയെന്നും, എരപ്പാളിയെന്നും, തെമ്മാടിയെന്നും, ചതിയനെന്നും, കള്ളനെന്നും, ചവിട്ടു് ഇരന്നുവാങ്ങുന്ന മരക്കഴുതയുടെ മകനെന്നും വിളിച്ചു. ഇല്ലേ?
- അന്യായക്കാരൻ:
- അതേ, യജമാനനേ.
- മജിസ്ട്രേട്ട്:
- പ്രതി പിന്നെ എന്തെങ്കിലും പറഞ്ഞുവോ?
- അന്യായക്കാരൻ:
- പിന്നെ അവൻ എന്നെ ചീത്ത പറഞ്ഞു.
(സ)
- ആപ്പീസിൽ എത്തിച്ചേർന്ന വൃദ്ധൻ മാനേജരോടു്:
- സർ, ഇവിടെ ഗോപാലൻ എന്നു പേരായ ഒരു ചെറുക്കൻ പ്രവൃത്തിയെടുക്കുന്നില്ലേ? എനിക്കു് അവനെ ഒന്നു കാണേണ്ടിയിരിക്കുന്നു. ഞാൻ അവന്റെ വലിയച്ഛനാണു്.
- മാനേജർ:
- നിങ്ങൾ അല്പം വൈകിപ്പോയല്ലോ—നിങ്ങളുടെ പുലകുളിക്കു് നാട്ടിലെത്തണമെന്നു പറഞ്ഞു രണ്ടു ദിവസത്തെ കല്പന വാങ്ങി അവൻ കഴിഞ്ഞ ബസ്സിലാണു് നാട്ടിലേക്കു പുറപ്പെട്ടതു്.
(സ)
‘ഒരഞ്ചുറുപ്പിക കടമായെടുക്കാനുണ്ടോ?’
‘ഞാൻ നിങ്ങളെ അറിയുകയില്ലല്ലോ!’
‘ആ ധൈര്യംകൊണ്ടല്ലേ ചോദിച്ചതു്?’
(സ)
(ഒരു സഞ്ജയബന്ധുവിനുള്ള മറുപടിയിൽ)
‘കേരളപത്രിക’യുടെ എട്ടാം പേജിൽ, ദുർലഭം ചില അവസരങ്ങളിൽ, മറ്റു ചില സാങ്കല്പികനാമധേയങ്ങൾ സ്വീകരിച്ചെഴുതുന്ന ലേഖകന്മാർ സഞ്ജയന്റെ മൂർത്തിഭേദങ്ങൾമാത്രമാണെന്നു തെറ്റിദ്ധരിക്കുന്ന മർമ്മജ്ഞന്മാരെപ്പറ്റി, എന്റെ പേരിലുള്ള ദയാതിരേകത്താൽ മതിമറന്നു്, അവർ ആ മാന്യലേഖകന്മാരെ അവമാനിക്കുന്നു എന്നാണു് എനിക്കാദ്യമായി പറയുവാനുള്ളതു്. ഏതാനും ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും സാമാന്യസാന്നിധ്യമാണു് അവരുടെ ഈ അനുമാനത്തിനു് ആസ്പദമായിരിക്കുന്നതു്; ശൈലിയുടെ സ്വഭാവവിശേഷങ്ങൾ കണ്ടറിയുവാനുള്ള സാമർഥ്യം അവർക്കില്ലെന്നു തീർച്ചതന്നെ; അല്ലെങ്കിൽ, ആരെങ്കിലും പി. എസ്സിന്റെ കുരുത്തംകെട്ട ശൈലിയെ ആ പത്രികാബന്ധുക്കളുടെ പ്രസന്നഗംഭീരങ്ങളായ ശൈലികളുമായി ഘടിപ്പിക്കുവാൻ ശ്രമിക്കുമോ?
പക്ഷേ, ‘സഞ്ജയ’നിൽ പ്രസിദ്ധപ്പെടുത്തുന്ന പ്രബന്ധങ്ങളെ സംബന്ധിച്ചു് ഒരു കാര്യം പറയുവാനുണ്ടു്. ഈ ഉപന്യാസങ്ങൾ മൂന്നിനത്തിൽ പെടുന്നവയാണെന്നു സ്പഷ്ടമാണല്ലോ.
- i
- പി. എസ്. എന്ന അക്ഷരങ്ങളോടുകൂടിയവയും, പത്രാധിപക്കുറിപ്പുകളും;
- ii
- ‘സഞ്ജയൻ എന്നല്ലാതെയുള്ള കല്പിതനാമധേയങ്ങളോടും, ലേഖകന്മാരുടെ ആദ്യാക്ഷരങ്ങളോടും കൂടിയവ;
- iii
- കർത്തൃനിർദ്ദേശം തീരെയില്ലാത്തവ.
മാറ്റം വരുത്തിയ ഉപന്യാസങ്ങളിൽ പി. എസ്സിന്റെ പങ്കു പകുതിയിൽ കുറവാണെങ്കിൽ, അവയുടെ ചോടെ ലേഖകന്മാരുടെ ആദ്യക്ഷരങ്ങളോ, കല്പിതനാമധേയങ്ങളോ ചേർത്തു കാണാം; പകുതിയിലധികത്തിനോ, വിഷയമൊഴിച്ചു് ബാക്കിയെല്ലാറ്റിനുമോ പി. എസ്സാണു് ഉത്തരവാദിയെങ്കിൽ, കർത്തൃനിർദേശം ചെയുന്ന പതിവില്ല.
അതു് അങ്ങനെയായില്ലേ? എനി എനിക്കു് ഒരു സംഗതികൂടി പറയുവാനുണ്ടു്. അതു മേപ്പടി സഞ്ജയസുഹൃത്തിന്റെ വാചകങ്ങളിലൊന്നു് എന്നെ അദ്ഭുതപ്പെടുത്തുകയും അൽപമൊന്നു വ്യസനിപ്പിക്കുകയും ചെയ്യുന്നു, എന്നുള്ളതാണു്. ‘…താങ്കളെ വെറും ഒരു കോമാളിയാണെന്നേ അവർ കരുതുന്നുള്ളു…’ എന്നു് അദ്ദേഹം (എന്റെ പേരിലുള്ള വാത്സല്യാതിരേകം കൊണ്ടുതന്നെ) ആവലാതിപ്പെടുന്നു. ആയുഷ്മൻ, ആ ‘വെറും’ പി. എസ്സിനത്ര പിടിച്ചില്ല. കോമാളിപദത്തിന്റെ നേരെ അങ്ങേക്കു് ഇത്രയും അവജ്ഞയുണ്ടാക്കിത്തീർത്ത കോമാളികൾ ആരാണെന്നു ഞാനറിയുകയില്ല. തീർച്ചയായും അവരിലൊരാൾ കേരളവാണിയോടു്.
‘ഈ മാനം കലരുന്ന നിൻ മൃദുലമാം
രോമാളി കോമാളിയാം
നാമാവാം; മമ വാണി!
നിന്മഹിമയെന്തേതാണ്ടുമോതേണ്ടു ഞാൻ?’
എന്നു ചോദിച്ച കെ. സി. നാരായണൻ നമ്പ്യാരായിരിക്കുവാൻ ഇടയില്ല.
വിദൂഷകപദത്തെയും, അതിന്റെ തനിപ്പച്ച മലയാളതർജ്ജമയായ കോമാളിപദത്തെയും വ്യഭിചരിപ്പിച്ച കൂട്ടർ കേരളത്തിൽ ഉണ്ടായിരിക്കാം. തമിഴു നാടകവേദിയിൽ അസംഖ്യമുണ്ടെന്നു ഞാൻ അറിയും. പക്ഷേ. കൊള്ളരുതാത്ത കവികൾ നാട്ടിലുള്ളതുകൊണ്ടു കവിത്വത്തിനു ക്ഷതി പറ്റുമോ, എന്നു ഞാൻ ചോദിച്ചുകൊള്ളട്ടെ? കവിതയെഴുതുവാൻ പരിശ്രമിക്കുന്ന ഒരാളോടു് ‘നിങ്ങളെ വെറും ഒരു കവിയാണെന്നേ ആളുകൾ കരുതുന്നുള്ളു’ എന്നു് ആവലാതിപ്പെടേണ്ടുന്ന ആവശ്യമുണ്ടോ?
അങ്ങുന്നേ, തത്ത്വവും സത്യവും ഇന്ന വേഷക്കാരന്റെ മുഖത്തുകൂടിയേ നിർഗ്ഗളിക്കാവു എന്നില്ല. യാതൊരു സ്ഥിരസത്തയും ശൈലിഭേദത്തേയോ, ഭാഷാഭേദത്തേയോ ആസ്പദിക്കുന്നുമില്ല. ‘പ്രഭോ, ഒരു ഗായകന്റെ നിലയിൽ മാത്രമേ അങ്ങയുടെ സന്നിധിയിൽ വരുവാൻ എനിക്കവകാശമുള്ളു എന്നെനിക്കറിയാം’ എന്നു മഹാകവി ടാഗോറാണു് പറഞ്ഞതു്. ആ വാചകത്തിൽ സ്ഫുരിക്കുന്ന വിനയത്തോടും അഭിമാനത്തോടും കൂടിത്തന്നെ, ‘പടച്ചവനേ, ഒരു കോമാളിയുടെ വേഷത്തിൽ മാത്രമേ തിരുമുമ്പിൽ ഹാജരാകുവാൻ അടിയൻ ധൈര്യപ്പെടുകയുള്ളു’ എന്നു് ഒരുകോമാളിക്കും പറഞ്ഞുകൂടേ? അതുകൊണ്ടു് സഞ്ജയബന്ധോ, സഞ്ജയൻ ഒരു കോമാളിയാണെന്നു് ആളുകൾ ധരിക്കുന്നുണ്ടെങ്കിൽ, അതിൽപ്പരമൊരു കൃതാർഥത പി. എസ്സിനു വന്നുചേരുവാനില്ല തന്നെ. പക്ഷേ, തമിഴുസ്റ്റെയ്ജിന്മേലുള്ള കോമാളിയാണെന്നു മാത്രം ആളുകൾ തെറ്റിദ്ധരിക്കാതിരുന്നാൽ മതി!
എനി സാക്ഷാൽ പടച്ചവന്റെ കാര്യംതന്നെ എടുക്കുക. അദ്ദേഹത്തിന്റെ സന്ദേശം വഹിച്ചുവരുന്നവരായ സ്വന്തം പ്രതിനിധികൾകൂടി ചിലപ്പോൾ ഒരു പരിഹാസച്ചിരി ചിരിക്കാറുണ്ടെന്നുള്ളതിനു് എനിക്കു് മതിപ്പെട്ട തെളിവു ഹാജരാക്കുവാനുണ്ടു്.
പശ്യ:
സഞ്ജയ ഉവാച:
‘തമുവാച ഹൃഷീകേശഃ
പ്രഹസന്നിവ, ഭാരത! സേനയോരുഭയോർമധ്യേ
വിഷീദന്തമിദം വചഃ’
നോക്കിയോ? ‘പ്രഹസന്നിവ!’ ഗൌരവമേറിയ കാര്യങ്ങളാണു് പറയുവാൻ പോകുന്നതു്. പക്ഷേ, നമ്മുടെ വിഷാദാത്മകന്മാരെപ്പോലെ, കണ്ണിൽ വെള്ളം നിറച്ചും മൂക്കു പിഴിഞ്ഞും, നെടുവീർപ്പിട്ടുംകൊണ്ടല്ല; ‘പ്രഹസന്നിവ’. അതു പരിഹാസച്ചിരിതന്നെയായിരുന്നു എന്നുള്ളതിനു തെളിവു് അടുത്ത ശ്ലോകത്തിൽ കിടക്കുന്നു.
ശൃണു:
‘അശോച്ചാനമ്പശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ!’
ഗീതയ്ക്കു ഭാഷ്യമെഴുതിയ ശങ്കരാചാര്യർക്കു സന്ന്യാസത്തിന്റെ കൂടെ ഒരു തുള്ളി കോമാളിത്തവും കൂടിയുണ്ടായിരുന്നുവെങ്കിൽ, അദ്ദേഹം, ‘പ്രഹസന്നിവ’ എന്ന പദത്തെ ആസ്പദമാക്കി, ഈ വരികളെ എങ്ങനെ വ്യാഖ്യാനിക്കുമെന്നാണു് അങ്ങുന്നു് ആലോചിക്കുന്നതു്?
‘അർജ്ജുന, പൊന്നുചങ്ങാതി, യാതൊരു വിധത്തിലും വ്യസനിച്ചിട്ടു് ആവശ്യമോ പ്രയോജനമോ ഇല്ലാത്തവരെക്കുറിച്ചു നീ വ്യസനിക്കുന്നു: അതേ സമയത്തു വലിയ യുക്തിവാദങ്ങളൊക്കെ എടുത്തു വിളമ്പുകയും ചെയ്യുന്നു. നമ്മുടെ സാഹിത്യവിപ്ലവക്കാർകൂടി കലിയുഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഇങ്ങനെയൊരു കലർപ്പില്ലാത്ത പൂർവ്വാപരവിരോധപ്രതിപത്തി കാണിക്കുമെന്നു തോന്നുന്നില്ലല്ലോ! നിന്റെ തലയ്ക്കെന്തു പറ്റിപ്പോയി?’ എന്നോ മറ്റോ അദ്ദേഹം എഴുതിയിരുന്നുവെങ്കിൽ, അതിൽ സഞ്ജയൻ അസാംഗത്യമോ, അനൗചിത്യമോ കാണുകയില്ല. ‘പ്രഹസന്നിവ, ഭാരത!’
എവിടെവിടെ പൂർവ്വാപരവിരോധവും യുക്തിഭംഗവും ബുദ്ധിവിപ്ലവവും പൊങ്ങച്ചവും മിഥ്യാചാരവും സൊള്ളും ഭള്ളും കാണുന്നുവോ, അവിടവിടെ, അതതിന്റെ നേർക്കു, മുൻചൊന്ന പരിഹാസച്ചിരി പകർത്തുകയാണു് ഈ കോമാളിയുടെ ഉദ്ദേശ്യം. അതുകൊണ്ടു്, ശ്രീമൻ, ‘അശോച്യയാനമ്പശോചസ്ത്വം!’ ആരെപ്പറ്റി ആളുകൾ കോമാളിയാണെന്നു പറയുമ്പോൾ, ആർക്കുവേണ്ടി അങ്ങുന്നു് അനുശോചിക്കുന്നുവോ, ആ ഞാൻ മേപ്പടി വിശേഷണത്തെ രത്നമകുടംപോലെ ധരിക്കുവാനായിക്കൊണ്ടു തലതാഴ്ത്തി നിൽക്കുന്നവനാണു്: അതിനുള്ള എന്റെ അർഹതയെപ്പറ്റി മാത്രമേ തൽക്കാലം അനിവാര്യമായ ഒരു ശങ്ക എന്നെ ബാധിക്കുന്നുള്ളു. ഏതായാലും, അങ്ങയുടെ അകൈതവമൈത്രിക്കു വീണ്ടും വീണ്ടും നമസ്കാരം.
‘സലാം, മിസ്റ്റർ ഗോവിന്ദമേനോൻ!’
‘ഓ, സലാം, മിസ്റ്റർ ചക്രപാണിവാരിയർ!’
‘എന്റെ പേർ ചക്രപാണിവാരിയരെന്നല്ല.’
‘സാരമില്ല. എന്റെ പേർ ഗോവിന്ദമേനോൻ എന്നുമല്ല.’
(സ)
രണ്ടു പരമവിരോധികൾ ഒരിടുങ്ങിയ ഇടവഴിയിൽ എതിർമുട്ടി.
‘ഞാനൊരു തെമ്മാടിക്കു വഴി മാറിക്കൊടുക്കില്ല’ എന്നു പറഞ്ഞു് ഒരാൾ നിന്നേടത്തുതന്നെ നിന്നു.
മറ്റേ ആൾ: ‘സർ, ഞാൻ മാറിക്കൊടുക്കും. കടന്നുപോവിൻ!’
(സ)
അതെ; കാളിദാസന്റെ ചിരിതന്നെ. ഇല്ല; ഒരു കൈത്തെറ്റും പറ്റിപ്പോയിട്ടില്ല. സംസ്കൃതക്കാർക്കു ചിരി പതിവില്ലെന്നോ കുറവാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ ചിലർക്കല്ല പലർക്കുമുണ്ടു്. അവരാണു് ഈ തലക്കുറിപ്പു നോക്കി അദ്ഭുതപ്പെടുക. ‘എന്തു്! കാളിദാസൻ ചിരിക്കുകയോ? ഈ ചങ്ങാതിക്കെന്താണു് ഭ്രാന്തുണ്ടോ?’ എന്നു് അവരാണു് ചോദിക്കുക. പക്ഷേ, അവരെന്തു ചോദിച്ചാലും ശരി, പറഞ്ഞാലും ശരി, കാളിദാസൻ ചിരിച്ചിട്ടുണ്ടെന്നും, ചിലപ്പോൾ കലശലായി ചിരിച്ചിട്ടുണ്ടെന്നും, ആ ചിരിയൊക്കെ അദ്ദേഹം തന്റെ കവിതയിൽ പലേടത്തുമായി ഒതുക്കിയിട്ടുണ്ടെന്നുമാണു് എന്റെ വാദം. പക്ഷേ, ഒരു ഫർലോങ് ദൂരെ നിന്നു കാണത്തക്കവിധത്തിൽ, അര നാഴിക ദൂരെ കേൾക്കുന്ന വിധത്തിൽ, അദ്ദേഹം കവിതയിൽ, നമ്മുടെ കുഞ്ചമ്മാമൻ ചെയ്തതുപോലെ, പൊട്ടിച്ചിരിച്ചിട്ടില്ലെന്നതു വാസ്തവമാണു്. മാറത്തടിച്ചു കരച്ചിലും വയറുപിടിച്ചു ചിരിയും സാഹിത്യത്തിലെ ഉത്കൃഷ്ടസ്ഥാനങ്ങളിൽ അനുവദിക്കുവാൻ സംസ്കൃതകവികൾ തയ്യാറായിരുന്നില്ല.
ഉദാഹരണമായിട്ടാണു് ഞാൻ കാളിദാസനെ എടുക്കുന്നതു്. അദ്ദേഹം പൊട്ടിച്ചിരിക്കുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ നിങ്ങളുടെയും എന്റെയും ചെവിയടപ്പിക്കുവാൻ പര്യാപ്തമായ കോലാഹലത്തോടുകൂടി അദ്ദേഹത്തിനു് അതു സാധിക്കുമായിരുന്നു. അതിന്റെ ലക്ഷണങ്ങൾ ഒന്നല്ല, രണ്ടല്ല, കാളിദാസകൃതികളിൽ എത്രയെങ്കിലുമുണ്ടു്. പുറമേക്കു പ്രശാന്തതയോടുകൂടി പ്രസന്നമായി എഴുതിയ ആ കവിതാപ്രവാഹത്തിന്റെ അടിയിൽ തല കറക്കുന്ന വികാരഗർത്തങ്ങളുണ്ടെന്നു നിങ്ങൾ മനസ്സിലാക്കീട്ടുണ്ടോ? സ്ഥാനം നോക്കി ചാടി മുങ്ങിയവനെ പിന്നീടു വളരെ വളരെ നേരത്തേക്കു പൊങ്ങിവരാൻകൂടി അവ സമ്മതിക്കുകയില്ല. പക്ഷേ, അവയുടെ മീതെയുള്ളു ആ അക്ഷോഭ്യത—അതാണു് പലരേയും വഞ്ചിച്ചതു്. ‘എന്റെ ഈശ്വരാ, അവരെന്തു കണ്ടു?’ എന്നാണു് ഞാൻ ചോദിക്കുന്നതു്.
ശാകുന്തളത്തിലെ മാഢവ്യന്റെ ചിത്രം നിങ്ങളുടെ മനസ്സിൽ വരുന്നുണ്ടായിരിക്കും. അല്ലേ? എന്നാൽ ഞാൻ മാഢവ്യനെപ്പറ്റിയല്ല പറയാൻ പോകുന്നതു്. മാഢവ്യനെ എണ്ണമൊപ്പിക്കുവാൻ വേണ്ടിമാത്രം കാളിദാസൻ അരങ്ങത്തു കൊണ്ടുവന്നു നിർത്തിയതാണെന്നും, മാഢവ്യനെ നോക്കിച്ചിരിക്കുന്നവരുടെ കൂടെ കാളിദാസൻ ചിരിക്കുവാനിടയില്ലെന്നും എനിക്കു തോന്നുന്നു. കാളിദാസന്റെ വമ്പിച്ച ചിരികൾ അടക്കിയ അറകളുടെ താക്കോലുകൾ അവിടെയൊന്നുമല്ല കിടക്കുന്നതു്. യാതൊരു ചിരിയും ഇല്ലാത്തവയെന്നു പണ്ഡിതന്മാരിൽ പലരും ഒരുപക്ഷേ, സാധിച്ചേക്കാവുന്ന മഹാകാവ്യങ്ങളിൽ ഒന്നായ കുമാരസംഭവത്തിലേക്കു ഞാൻ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതിലെ ചില ശ്ലോകങ്ങളിലെ ചില പ്രയോഗങ്ങളുടെ പിന്നിലുള്ള ചിരിയുടെ ആഴം അളന്നു നോക്കുവാൻതന്നെ എനിക്കു കഴിഞ്ഞിട്ടില്ല. ചില ദൃഷ്ടാന്തങ്ങൾ നോക്കുവിൻ സാക്ഷാൽ മുക്കണ്ണൻ തപസ്സു ചെയ്യുകയാണു്. പാർവതി ഒരു മാലയും കയ്യിലേന്തി, ആ ജിത്തേന്ദ്രിയന്റെ എളിയ ഒരു പരിചാരികയുടെ നിലയിൽ അടുത്തു നില്ക്കുന്നു.
‘പ്രതിഗ്രഹീതും പ്രണയിപ്രിയത്വാ-
ത്ത്രിലോചനസ്താമുപചക്രമേ ച
സംമോഹനം നാമ ച പുഷ്പധന്വാ
ധനുഷ്യമോഘം സമധത്ത ബാണം.’
എന്നുവെച്ചാൽ മേപ്പടി മാലയെ ആശ്രിതവാത്സല്യംകൊണ്ടു മാത്രം…[1] അതേസമയത്തു തഞ്ചവും പാർത്തിരിക്കുന്ന നമ്മുടെ ശ്രീ. മദനമോഹൻജി ‘സംമോഹനം’ എന്നു പേരായ വലിയ ഗുലുമാൽ പിടിച്ച അസ്ത്രത്തെ വില്ലിൽ തൊടുത്തുവെന്നുമാണു് അർത്ഥം. അനന്തരം നമ്മുടെ മഹാവികൃതിയായ കാളിദാസൻ പറയുന്നതു കേൾക്കുക:
‘ഹരസ്തു കിഞ്ചിൽ പരിലുപ്തധൈര്യ-
ശ്ചന്ദ്രോദയാരംഭ ഇവാംബുരാശിഃ
ഉമാമുഖേ ബിംബഫലാധരോഷ്ഠേ
വ്യാപാരയാമാസ വിലോചനാനി.’
ഈ ശ്ലോകം വായിക്കുമ്പോഴൊക്കെ ഞാൻ പൊട്ടിച്ചിരിച്ചിട്ടുണ്ടു്. എനിയും എത്ര പ്രാവശ്യം വായിക്കുമോ അത്ര പ്രാവശ്യം പൊട്ടിച്ചിരിക്കുകയും ചെയ്യും. ഇതിലെന്താണു് ചിരിക്കു വകയുള്ളതെന്നോ? പറയാം. ഹരനാകട്ടേ, പൂന്തിങ്കളിന്റെ ഉദയവേളയിൽ കടലെന്നപോലെ, തെല്ലൊന്നു് ഉള്ളൊതുക്കം കുറഞ്ഞവനായി ചമഞ്ഞിട്ടും ചെന്തൊണ്ടിച്ചുണ്ടിണയോടുകൂടിയ ശ്രീമതി ഉമയുടെ മുഖത്തേക്കൊന്നു നോക്കി എന്നാണല്ലോ ഇതിന്റെ അർത്ഥം. ഇവിടെ ‘നോക്കി’ എന്ന അർത്ഥം കിട്ടുവാൻ കാളിദാസൻ പ്രയോഗിച്ചിരിക്കുന്ന വാക്കുകൾ നോക്കുക. ‘വ്യാപാരയാമാസവിലോചനാനി’ ആ പ്രയോഗത്തിന്റെ കുസൃതി നിങ്ങൾ കാണുന്നില്ലേ? മുഖത്തൊരു ഭാവഭേദം കാണിക്കാതെ കാളിദാസൻ പറയുന്ന ആ വാക്കുകളുടെ പിന്നിലുള്ള ചിരി നിങ്ങൾ കേൾക്കുന്നില്ലേ? കണ്ണുകളെ ‘വ്യാപാരയാമാസ’ പോലും! വ്യാപരിപ്പിച്ചു. വെറുതെ ഒന്നു നോക്കി മടങ്ങുകയല്ല; പത്തായത്തിന്നകത്തു കൂറകൾ പായുംപോലെ, വ്യാപാരയാമാസ. ഈ അർഥത്തിൽ ഇതിലും നീണ്ട. ഇതിനെക്കാൾ ‘ഭേജാറടങ്ങിയ ഒരു ക്രിയാപദം വേറെ പ്രയോഗിക്കുവാൻ സംസ്കൃതഭാഷയിലുണ്ടോ? മാന്യരേ. ഉണ്ടെന്നു നമന്യേ, ഞാൻ വിചാരിക്കുന്നില്ല.
[1] ഇവിടെ ‘മുക്കണ്ണൻ കൈക്കൊള്ളുവാൻ ഒരുമ്പെട്ടു്—എന്നർത്ഥത്തിൽ കുറച്ചു വാക്കുകൾ വിട്ടുപോയി Ed.
‘നോക്കി’ എന്നു പറയുവാൻ ചെറിയ ക്രിയാപദം ഉപയോഗിക്കുവാൻ അങ്ങോർക്കറിയായ്കയല്ല. അതാ, രണ്ടു ശ്ലോകം അപ്പുറത്തു. തന്നെ ആരാണു് കുളത്തിലിറക്കിയതെന്നറിയുവാൻ കാർണോപ്പാട നോക്കിയതെങ്ങനെയെന്നു കാളിദാസൻ വിവരിക്കുന്നുണ്ടു്:
‘ദിശാമുപാന്തേഷ്ട സസർജ ദൃഷ്ടിം.’
‘സസർജ’ കണ്ടുവോ? കവിണയിൽനിന്നു കല്ലെറിയുന്നതുപോലെ. ദൃഷ്ടിയെ സർജിച്ചുവെന്നാണു് പറയുന്നതു്. മുൻചൊന്ന ‘വ്യാപാരയാമാസയുടെ അടിയിലുള്ള ചിരി, സഞ്ജയൻ ബഹുമാനം കുറഞ്ഞ ഒരു പരിഹാസിയായതുകൊണ്ടു മാത്രം കേട്ടതല്ലെന്നും, കാളിദാസൻ കല്പിച്ചുകൂട്ടിത്തന്നെ അതു് അവിടെ കൊള്ളിച്ചതാണെന്നും നിങ്ങൾക്കിപ്പോൾ ബോധ്യമായോ? അടുത്തടുത്തു നിൽക്കുന്ന ‘വ്യാപാരയാമാസ വിലോചനാനി’ എന്നും ‘സസർജ ദൃഷ്ടിം’ എന്നുമുള്ള പ്രയോഗങ്ങൾ തമ്മിലുള്ള അന്തരം ചിരിയുടേയും ചിരി ഇല്ലായ്മയുടെയും അങ്ങേ അറ്റങ്ങൾ തമ്മിലുള്ള അന്തരമാണു്.
ആ ശ്ലോകത്തിലെ ചിരി അവിടെ അവസാനിച്ചിട്ടില്ല. ‘ഉമാമുഖേ’ എന്ന പ്രയോഗത്തിലും കാളിദാസൻ ഒരു പുഞ്ചിരി അടക്കിയിട്ടുണ്ടു്. ആരുടെ മുഖത്താണു് ആ ഗ്രഹപ്പിഴ പിടിച്ച താടിക്കാരൻ മേപ്പടി വിലോചനങ്ങളെ ‘വ്യാപാരയാമാസ’യാക്കിയതെന്നുകൂടി ഒന്നാലോചിക്കണമെന്നാണു് കാളിദാസൻ പറയുന്നതു്. ‘ഉമാമുഖേ’യുടെ ഉമയുടെ മുഖത്തിൽ, ആരാണു് ഉമ? ഒന്നാംസർഗ്ഗത്തിൽത്തന്നെ കാളിദാസൻ ഒരു മുന്നറിയിപ്പു തരുന്നുണ്ടു്:
‘ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാം സുമുഖീ ജഗാമ’
‘ഉമാ’—തപസ്സു് അരുതു്—എന്നിങ്ങനെ അമ്മയാൽ തപസ്സുചെയ്യുന്നതിൽനിന്നു വിലക്കപ്പെട്ടതുകൊണ്ടു് ആ സുമുഖി പിന്നീടു് ഉമ എന്ന പേരിനെ പ്രാപിച്ചു എന്നാണു് അദ്ദേഹം പറഞ്ഞതു്. പേരിന്റെ അർത്ഥംതന്നെ ‘തപസ്സ് അരുതു്’ എന്നാണു്. അങ്ങനെയുള്ള ഒരു പെണ്ണിന്റെ മുഖത്തു്—അവിടെയുള്ള മറ്റൊരു വമ്പിച്ച തകരാറിനെ ‘ബിംബഫലാധരോഷ്ഠേ’ എന്ന പ്രയോഗംകൊണ്ടു നമ്മുടെ മഹാകവി കെ. ഡി. (എന്നുവെച്ചാൽ കാളിദാസൻ എന്നതിന്റെ ഇംഗ്ലീഷുചുരുക്കം) സൂചിപ്പിക്കുന്നുണ്ടു്—ഇരുകണ്ണന്മാർ വേണ്ട, ഒറ്റക്കണ്ണന്മാരോ, അരക്കണ്ണന്മാർപോലുമോ നോക്കിയാൽത്തന്നെ അപകടത്തിലാവാനിടയുള്ള ഒരു മുഖത്തു്—ഈ മൂന്നു കണ്ണൻ (‘വിലോചനാനി’ എന്ന ബഹുവചനപ്രയോഗം പശ്യ.) നോക്കുക മാതമല്ല ആ കണ്ണുകളെ ‘വ്യാപാരയാമാസ’യാക്കിയാലുള്ള കഥ എന്താണ്? എന്നു ചോദിക്കുന്ന ആൾ എത്രയോ പണിപ്പെട്ടിട്ടാണു് കവി സങ്കേതങ്ങളെ ബഹുമാനിച്ചു ചിരി അടക്കിനിർത്തിയിരിക്കുന്നതു് എന്നു തെളിയിക്കുവാൻ ഞാൻ എനി വാദിക്കണോ? വേണമെങ്കിൽ പറഞ്ഞാൽ മതി. വാദിക്കുവാൻ ഈ അറ്റത്തു് തയ്യാറാണു്.
മൂന്നു കണ്ണു കൊണ്ടു നോക്കിപ്പോയതിനാൽ ശങ്കരമ്മാൻ കുറേകവിഞ്ഞ നിലയിൽത്തന്നെ പെട്ടുപോയിട്ടുണ്ടെന്നുള്ള വസ്തുത കാളിദാസനു മറക്കാൻ കഴിയുന്നില്ല.
‘അത്രേന്ദ്രിയക്ഷോഭമയുഗ്മനേത്രഃ
പുനർവശിത്വാദ് ബലവന്നിഗൃഹ്യ’
എന്ന അടുത്ത വരികളിലെ ‘അയുഗ്മനേത്രഃ’ എന്ന പദം നോക്കിയാൽ മതി. ഇത്ര ബുദ്ധിമുട്ടി രണ്ടല്ലാത്ത കണ്ണോടുകൂടിയവൻ എന്നൊന്നും കാളിദാസൻ കാര്യം കാണാതെ പറയുന്ന ആസാമിയല്ല. അതുമാത്രം ഇവിടെ പറഞ്ഞേക്കാം.
ഇതൊരുദാഹരണമായി മാത്രം സഞ്ജയൻ പറഞ്ഞതാണു്. വിക്രമോർവശീയത്തിൽ
‘വേദാഭ്യാസജഡഃ കഥം നു വിഷയ-
വ്യാവൃത്തുകാതൂഹലോ
നിർമാതും പ്രഭവേന്മനോഹരമിമം
രൂപം പുരാണോ മുനിഃ’
എന്ന ശ്ലോകാർധത്തിലെ ‘വേദാഭ്യാസജഡ’നെക്കുറിച്ചും അതിലും അധികമായി ‘പുരാണോ മുനിഃ’ എന്ന പ്രയോഗത്തെപ്പറ്റിയും, രഘുവംശത്തിൽ അജവിലാപസർഗത്തിന്റെ അന്ത്യത്തിലുള്ള
‘സ തഥേതി വിനേതുരുദാരമതിഃ’
ഇത്യാദി ശ്ലോകത്തെക്കുറിച്ചും എനിക്കു് ഒരുപാടു പറയാനുണ്ടു്. അവയിലൊക്കെ കാളിദാസൻ അടക്കീട്ടുള്ള ചിരിയെ പുറത്തു തുറന്നുവിടുകയാണെങ്കിൽ ഒരു രാജ്യം മുഴുവൻ മൂടുവാനുണ്ടായിരിക്കും. പക്ഷേ, അതൊക്കെ ഇവിടെ വിവരിക്കുവാൻ സ്ഥലമില്ല; സമയവുമില്ല. ഇതെല്ലാം ഒന്നു കണ്ണു തുറന്നുനോക്കിയാൽ ആർക്കും കാണാവുന്നതാണു്. സംസ്കൃതക്കാർക്കു് ചിരി പതിവില്ലെന്നോ, കാളിദാസൻ കുഞ്ചനെപ്പോലെ ചിരിക്കാൻ സാധിക്കാത്ത ആളാണെന്നോ പറയരുതു്. അതുമാത്രം ഞാൻ സമ്മതിക്കില്ല. നവജീവൻ, 1936.
- മകൻ:
- അച്ഛാ, ആ മേശപ്പുറത്തു നാലു് ഈച്ചുകളുണ്ടു്. അവയിൽ രണ്ടെണ്ണം ആണീച്ചകളും രണ്ടെണ്ണം പെണ്ണീച്ചകളുമാണു്.
- അച്ഛൻ:
- (സാദ്ഭുതം) നീ എങ്ങനെ മനസ്സിലാക്കി?
- മകൻ:
- അതോ? രണ്ടെണ്ണം സിഗരറ്റുടിന്നിന്മേലാണു്! രണ്ടെണ്ണം കണ്ണാടിയിന്മേലും.
(സ)
‘സ്ത്രീനിയോജകമണ്ഡലത്തിലും ലഹള’ എന്നു മറ്റൊരു സഹജീവിയിൽ ഒരു ശിരോലിഖിതം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അവിടെ അതുണ്ടാവുകയില്ലെന്നു പ്രതീക്ഷിച്ച ശുദ്ധാത്മാവു് ആരായിരുന്നു?
(സ)

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണു് സഞ്ജയൻ. സഞ്ജയൻ എന്നതു് തൂലികാനാമമാണു്, യഥാർത്ഥനാമം മാണിക്കോത്തു് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണു്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്തു് 1903 ജൂൺ 13-൹ ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി. എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ടു്.
1903 ജൂൺ 13-൹ തലശ്ശേരിക്കടുത്തു് ഒതയോത്തു് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണു് സഞ്ജയൻ ജനിച്ചതു്. പിതാവു് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവു് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ടു് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം. ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയവീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണു് പഠിച്ചതു്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നതു്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണു് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നതു്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ടു് ഭാഗങ്ങൾ), സഞ്ജയൻ (ആറു് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണു്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണു്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണു് സഞ്ജയൻ അറിയപ്പെടുന്നതു്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-൹ കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ചു് അന്തരിച്ചു.