കൂട്ടരേ, നിങ്ങളാരെങ്കിലും ഒരു വിവരമറിഞ്ഞുവോ? ഈയിടെയായി നമ്മുടെ മലയാളഗദ്യത്തിൽ ഒരു പുതിയ ശൈലി കടന്നുകൂടീടുണ്ടു്. ഈ ശൈലിയിൽ രണ്ടാളുകൾ എഴുതിയ രണ്ടു പുസ്തകങ്ങൾ വായിക്കുവാനുള്ള മഹാഭാഗ്യം എനിയ്ക്കുണ്ടായി. പുസ്തകങ്ങളുടെ പേരു പറഞ്ഞിട്ടാവശ്യമില്ല; ഗ്രന്ഥകർത്താക്കളുടെ പേരു് ഞാൻ പോലീസു് സ്റ്റേഷനിൽ വെച്ചുകൂടി പറയുകയില്ല. അവിടെ വെച്ചു പറയാത്ത കാര്യമില്ലെന്നാണ പൊതുജനാഭിപ്രായം. ഹേഡിന്റെ കണ്ണു കാണുമ്പോൾ ചെയ്യാത്ത കുറ്റംകൂടി സമ്മതിച്ച്, സന്തോഷസമേതം ജോലിൽ പോകാമെന്നു തോന്നിപ്പോകുമത്രേ.
അതിരിക്കട്ടെ, പുതിയ ശൈലിയെക്കുറിച്ചാണല്ലോ നമ്മൾ പറയുന്നതു്. പ്രസ്തുതശൈലിക്കു ചില വിശേഷങ്ങളെക്കെയുണ്ടു്. അതു് ചിലർക്കു പിടിക്കും, ചിലർക്കു പിടിക്കില്ല. അതു പഞ്ചസാരയാണെന്നു പറയുന്നവരുണ്ടെങ്കിൽ, അതിനെ കാഞ്ഞിരക്കായായി കരുതുന്നവരുമുണ്ടു്. കവികൾക്കുമാത്രമേ അതെഴുതിക്കൂടു; പണ്ഡിതന്മാർക്കുമാത്രമേ അതു മനസ്സി
ലാവുകയുള്ളു. ഗദ്യം പോലെയാണു് അതെഴുതപ്പെടുന്നതെങ്കിലും പദ്യം പോലെയാണു് അതിന്റെ സ്വഭാവം. അതിൽ ഉപമയും ഉൽപ്രേക്ഷയും അത്രയുണ്ടായിരിക്കും. അതു മുഴുവൻ വിരാമചിഹ്നമയമാണു്. ഓരോ വാക്കുമാത്രം അടങ്ങിയ വാചകങ്ങൾ, തീവണ്ടിയുടെ എഞ്ചിൻ തനിച്ചു പോകുന്നതുപോലെ, അതിൽക്കൂടി പോകുന്നതു കാണാം. ചില വാചകങ്ങൾ, ശ്രീരാമൻകാച്ചിക്കളഞ്ഞ സിദ്ധസമാജസന്ന്യാസിയെപ്പോലെ, തലകീഴായി തൂങ്ങിനില്ക്കുന്നതു കാണാം, ചില ചില്ലറക്കവികളുടെ പ്രസംഗങ്ങളിലും, ചില പത്രങ്ങളിലെ ലേഖന—(പണ്ഡിതന്മാരുടെ നെററിചുളി കണ്ടിട്ടു്) ലേഖനങ്ങളിലും ഈ ശൈലി പ്രത്യക്ഷപ്പെടാറുണ്ടു്.
സഞ്ജയന്നു് ഈ ഗദ്യം കണ്ടിട്ടു് അതിനോടു് ഒരു പ്രേമം വന്നുപോയി. അതിന്റെ മാധുര്യം അത്രയുണ്ടു്. മൂന്നു് ദിവസം രാത്രി ഉറക്കൊഴിഞ്ഞു ശ്രമിച്ചതിന്റെ ഫലമായി ഈ പുതിയ രീതിയിൽ സഞ്ജയൻ കുറെ ഉപന്യാസങ്ങൾ എഴുതിയിട്ടുണ്ടു്. ഈ വഴിയിൽ വളരെ കടന്നുപോയിട്ടുള്ള ഗുരുക്കന്മാരുടെ “ലെവൽ” എത്തീട്ടില്ലെങ്കിലും, അതിന്റെ ഒരു “പോക്ക്” കാണിക്കുവാൻമാത്രമൊക്കെ സാദൃശ്യം ഇവയ്ക്കുണ്ടെന്നു്, അവതാരിക എഴുതിത്തരാൻ വിചാരിക്കുന്ന ആളോടു്, വിട്ടുപോകാതെ എഴുതുവാൻ ഗ്രന്ഥകർത്താവു് പ്രൈവററായി അപേക്ഷിക്കുന്നു.
ഒന്നാമത്തെ ഉപന്യാസം ദൈവത്തെക്കുറിച്ചാണു്. ഇങ്ങനെ തുടങ്ങുന്നു:—
“ദൈവം. സച്ചിദാനന്ദസ്വരൂപം. അഖണ്ഡം. അനന്തം. ശിവോഹം. സ്വസ്ത്യസ്തു. ചതുകുപ്പ.
മനുഷ്യൻ ഒന്നിനെ—ഒരാളെ—ആരാധിയ്ക്കുന്നുണ്ടു്. ആരെ? ദൈവത്തിനെ. എന്തിനു്? അവർക്കു വേറെ പണിയൊന്നുമില്ലാഞ്ഞിട്ടു്.
കുട്ടിച്ചാത്തൻ, ഗുളികൻ, കണ്ടൂർക്കോട്ടു് വാണവൻ, മുനിസിപ്പാൽ കമ്മീഷണർ, ഭൈരവൻ—ഇവരും ദൈവങ്ങൾതന്നെ. പക്ഷേ, അവരും ദൈവവും!!—നക്ഷത്രങ്ങളും ചന്ദ്രനും—കൗൺസിലർമാരും ചെയർമാനും—നീരീശ്വരന്മാരും സർദാർ—(വേണ്ട; ഞാൻ പറയുന്നില്ല; അല്ലെങ്കിൽത്തന്നെ അദ്ദേഹം സഞ്ജയന്റെ നേരെ കാരണമില്ലാതെ പരിഭവിച്ചിരിയ്ക്കുന്നു.)
ദൈവം ഭക്തിവീചിയുടെ സമുദ്രമാണു്. മോക്ഷാഗ്നിയുടെ പുകയാണു്, ഉപനിഷൽപ്പാലിലെ വെണ്ണയാണു്. വേദാന്തമദ്യത്തിന്റെ ലഹരിയാണു്, ജെംബിസ്കററാണു്, മരമുരിങ്ങയാണു്, കുതിരവട്ടമാണു്.”
ഇതിനെപ്പററി നിങ്ങൾ എന്തു വിചാരിയ്ക്കുന്നു? ഇതിന്റെ ഗുണഗണങ്ങൾ നിങ്ങൾ മനസ്സിരുത്തി ‘നോട്ടു’ ചെയ്യണം. ചില വാചകങ്ങൾ, ഒരൊററ വാക്കോടുകൂടി, കതിനവെടിപോലെ, ഗംഭീരമായി മുഴങ്ങി അവസാനിക്കുന്നതു കണ്ടുവോ? മററു ചിലതു്, കോഴപ്പടകംപോലെ, അർദ്ധവിരാമങ്ങളോടുകൂടി പൊട്ടിത്തെറിയ്ക്കുന്നതു് കേട്ടുവോ? ഇതിലെ ഉപമകൾ ഒരു മഹാകവിക്കല്ലാതെ എഴുതുവാൻ കഴിയുമോ? ഇവിടെ ഗദ്യമെഴുതീട്ടാണു് മഹാകവിയെന്ന സ്ഥാനം സമ്പാദിയ്ക്കാൻ പോകുന്നതു്. സൂക്ഷിച്ചോളിൻ!
എനിയൊരുപന്യാസമുണ്ടു്, കവിതയെപ്പററി, അതും ഒരുവിധം പാസ്സാക്കാവുന്നതാണു്.
“ഒരു പൊൻവീണയുണ്ടു്. ഒരു സ്വാതന്ത്ര്യമുരളിയുണ്ടു്. ഒരു ഡബ്ൾറീഡ് ഹാർമ്മോണിയമുണ്ടു്. ഒരു പോലീസ്സു് വിസിലുണ്ടു്. എന്താണതു? കവിത. ആരു പറയുന്നു? ഞാൻ.
അതിൽകൂടി നിർഗ്ഗളിക്കുന്നതോ? സ്വാതന്ത്ര്യമധു, ആനന്ദധാര, സമത്വം, സൗഭ്രാത്രം, സോഡ, ലെമനെഡ്, അമരകോശം, പഞ്ചതന്ത്രം, ബോബിലിപുരാണം.
ഇതൊന്നാണു് ഭൂമിയെ സ്വർഗ്ഗമാക്കുന്നതു്. ഇതു് വടക്കുംകൂർ രാജരാജവർമ്മ രാജാവിന്നില്ലാത്തതും, ഉള്ളൂരിന്നു് ഉള്ളതുമാകുന്നു. ഇതില്ലെങ്കിൽ നക്ഷത്രം പ്രകാശിയ്ക്കുകയില്ല: ഇലൿട്രിക്ക് ലൈററു് കത്തുകയില്ല; മോട്ടോർകാർ സ്റ്റാർട്ടാവുകയില്ല; ഞാനെഴുതുകയില്ല. പത്രാധിപർ സ്വീകരിയ്ക്കുകയില്ല; നിങ്ങൾ വായിയ്ക്കുകയില്ല.
കവിത! ഹാ! ഹൂ! കവിത!”
കവിതയെപ്പററി ഒന്നാന്തരമൊരറിവു് വായനക്കാർക്ക് ഇതിൽനിന്നു കിട്ടിയല്ലോ. അതാണു് ഈ ശൈലിയുടെ ഒരു ഗുണം. വായിച്ചാൽ പിന്നെ ആ വിഷയത്തെക്കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടാവുകയില്ല. മായാത്ത ചിത്രങ്ങളുംകൊണ്ടു് പുലിവാലു പിടിച്ചു കിടക്കുന്ന നിങ്ങളുടെ സാഹിത്യദാസനോടു് സമയമുള്ളപ്പോൾ ഇതൊക്കെ ഒന്നു വായിച്ചു നോക്കി ഒരു “അപ്രീസേഷ്യൻ” എഴുതുവാൻ പറയണം.
എനി ഞാൻ ഒരുദാഹരണം കൊടുക്കുന്നതു് തലകീഴായ് നിൽക്കുന്ന രീതിക്കാണു്. ഈ രോഗം അധികവും പ്രാസംഗികന്മാരെയാണു് ബാധിച്ചുകാണുന്നതു്; ചിലപ്പോൾ ഇതു് സമയംപോരാത്ത ചില പത്രലേഖകന്മാർക്കും പിടിച്ചുകാണാറുണ്ടു്. ഇതു് ഒരുതരം വാതഗോഷ്ടിയാണെന്നു് പറയുന്നവരുണ്ടു്. കാടാച്ചിറ കണ്ണൻ വൈദ്യരവർകളുടെ അഭിപ്രായം അറിഞ്ഞിട്ടില്ല. ചോദിക്കണം. ഈ ശൈലിയിലും ഞാൻ ചിലതെഴുതീട്ടുണ്ടു്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളെപ്പററി ഒരു വോട്ടു പിടിയന്റെ വോട്ടർമാരോടുള്ള പ്രസംഗമാണു് താഴെ ചേർക്കുന്നതു്.
മഹിതകളെ, മഹാന്മാരേ,
എനിക്കറിയാം, നിങ്ങളിൽ അധികംപേരും ഇവിടെ വന്നു നിൽക്കുന്നതു് നിങ്ങൾക്കു മററു യാതൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാണെന്നു്. അതു് കേട്ടു് മുഷിയരുതു് നിങ്ങൾ. ആർക്കെങ്കിലും കൊടുക്കാം വോട്ടു്. ആലോചിച്ചുവേണം പക്ഷേ, ഉപയോഗിക്കുവാൻ ആ അധികാരം. ഞാൻ പറയുന്നു, നിങ്ങൾ വോട്ടു് രാജശ്രീപാതാളരാജാവിന്നു കൊടുക്കണമെന്നു്. അതാണു് ഒരു മാർഗ്ഗം, നന്മയുള്ള. പറയാമോ എന്നോടു് ധൈര്യസമേതം നിങ്ങൾ അങ്ങനെ ചെയ്യുമെന്നു്?”
ഇതു് മതി. തളർച്ച വരുന്നു. ഈ പുതിയ സർക്കസ്സിന്റെ ഉദ്ദേശ്യം ഫോഴ്സു് (ശക്തി, ബലം, ഊക്ക്, കരുത്തു്) ആണു്. “ഞാൻ യാതൊരു സംശയവുമില്ലാതെ എഴുതും” എന്നു് പഴയ സമ്പ്രദായം; “എഴുതും ഞാനില്ലാതെ യാതൊരു സംശയം.” എന്നു് പുതിയ രീതി വാസ്തവത്തിൽ, നിർമ്മത്സരമായി ആലോചിയ്ക്കുകയാണെങ്കിൽ, രണ്ടാമത്തേതിനു് ആദ്യത്തേതിനേക്കാൾ കുറച്ചൊരു ബലം ജാസ്തിയില്ലേ? ഈ കാരണംകൊണ്ടാണു് നമ്മുടെ പ്രാസംഗികന്മാർ ഈ രീതിയെ അവലംബിച്ചിരിക്കുന്നതു്. മലയാളഭാഷ യൂനിവർസിററിയുടെ രക്ഷണത്തിൻ കീഴിൽ, നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചുവരുന്നുണ്ടെന്നതിന്നു് ഇതിലധികം എന്തൊരു “എവിഡൻസാ”ണു് നിങ്ങൾക്ക് വേണ്ടതു? ഈ ശൈലിയിൽ ചില പണ്ഡിതന്മാർ വിദ്യാർത്ഥികൾക്ക് ഡിക്റ്റേറ്റു ചെയ്തു കൊടുത്ത നോട്ടുകൾ ഞാൻ കണ്ടിട്ടുണ്ടു്. ഇതിന്റെയൊക്കെ ഫലം യാതൊന്നുമറിയാതെ—ആ പച്ചപ്പാവങ്ങൾ—നമ്മുടെ വിദ്യാർത്ഥികൾ—(എന്താണു് നിങ്ങൾക്കൊരു ചിരി?—അതൊക്കെ പഠിച്ചു വശമാക്കും. ക്രമേണ അവർ വീടുകളിലും ഈ സംഭാഷണരീതി പ്രചരിപ്പിക്കും.
അപ്പോഴാണു് രസം. പിന്നെ കേൾക്കാം ചില സംഭാഷണങ്ങളിങ്ങനെ. “മകനേ, വരാൻ സ്ക്കൂളിൽനിന്നു് താമസിച്ചതിന്നു് ഇത്രയധികം കാരണമെന്തു് നീ?” “അച്ഛാ, ഭാഷയിൽ മറുപടി ഞാൻ പറഞ്ഞാൽ മനസ്സിലാക്കും എങ്ങിനെ നിങ്ങൾ?” ഇതൊക്കെ അന്വയിച്ച് അർത്ഥം കണ്ടുപിടിക്കുമ്പോഴേയ്ക്ക് മകന്നു് കിട്ടേണ്ടതു് കിട്ടിക്കഴിഞ്ഞിട്ടുണ്ടായിരിക്കും.
31-10-’34