നഗരം അലങ്കരിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ടു് ഡിസംബർ 8 ശനിയാഴ്ച രാത്രി കോഴിക്കോട്ടെ പൌരാവലി ഉറങ്ങീട്ടില്ല. ചിലർ തോരണങ്ങൾ കെട്ടുന്നു; ചിലർ ഈന്തിൻപട്ടകൾകൊണ്ടു കമാനങ്ങൾ നിർമ്മിക്കുന്നു; ചിലർ ‘വെൽകം’ മുറിച്ചുപറ്റിക്കുന്നു; ചിലർ വാഴക്കുരളിൽ ‘ഉറക്കം ഒഴിച്ചുകൊണ്ടുള്ള കൺഫ്യൂഷന്റെ ഫലമായി’ തേങ്ങാക്കുല വെച്ചുപിടിപ്പിക്കുവാൻ ഭഗീരഥപ്രയത്നം ചെയ്യുന്നു. എന്തൊരു ബഹളവും ഉത്സാഹവുമായിരുന്നു. ‘
കൂലിക്കാരേ, ജോലിക്കാരേ, വേലയ്ക്കാളുകളിനിയും വേണം; പന്തല്പ്പണിയിതു തീർക്കണമെന്നാലീന്തിൻപട്ടകൾ മതിയായില്ല വാഴകളിനിയുമൊരെൺപതു വന്നേ കാണുന്നോർക്കൊരു കൺതെളിവാകു; വർണക്കടലാസമ്പതു കെട്ടുകൾ നിർണയമിങ്ങു വരുത്തീടേണം; ചൊല്ലേറുന്നൊരു കേരളഭൂവിൽ നല്ല കുരുത്തോലയ്ക്കൊരു പഞ്ചം ഇല്ലെന്നിങ്ങനെ മദ്രാസിലുമൊരു ചൊല്ലുണ്ടായതു പാഴാക്കരുതേ!
മാലകൾ കെട്ടും കൂട്ടികൾ റോട്ടിൽക്കാലും നീട്ടിയുറങ്ങിടരുതേ! കാറുകളനവധി രാവും പകലും ജോറുകുറയ്ക്കാതോടുന്നേരം കാതോ തലയോ പോയാലതിനൊരു വാലോ തുമ്പോ കാണുകയില്ല. കൈയും വീശി നടന്നാൽപ്പോരാ മെയ്യൊന്നുലയണമെന്നേ തീരു; നാളെപ്പത്തു വെളുപ്പിനുമുൻപേ നീളേ നഗരം ശോഭിക്കേണം. ജുബിലിയായി വരുന്നൊരു ദേഹം ബോബിലിയല്ലതു ബോധിക്കേണം എന്നൊക്കെ കൂലിക്കാർ തമ്മിൽ പറഞ്ഞുകൊണ്ടു ജാഗ്രതയായി പ്രവൃത്തി ചെയ്യുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു.’
- പത്രാധിപർ:
- എന്റെ ഈശ്വരാ! താൻ പച്ചക്കളവു പറയാനും തുടങ്ങിയോ? ഇങ്ങനെയൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ?
- സഞ്ജയൻ:
- മൂസ്സത് മുഷിയരുതു്! എനിക്കു് അല്പമൊരബദ്ധം പറ്റിപ്പോയതാണു്. കോഴിക്കോട്ടെ നിലനികുതിസമ്മേളനത്തിനു കൊല്ലങ്കോട്ടു് രാജാ സർ വാസുദേവരാജാ, കടത്തനാട്ടെ തമ്പുരാക്കന്മാർ മുതലായ വലിയ പ്രമാണികൾ വരാൻ പോകുന്നുണ്ടെന്നു കേട്ടപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു് ‘ഇമാജിൻ’ ചെയ്തു സഞ്ജയൻ ഇതൊക്കെ എഴുതിപ്പോയതാണു്. അങ്ങുന്നേ അബദ്ധം ആർക്കും വരാം. സഞ്ജയൻ ഇങ്ങനെ വല്ല വിഡ്ഢിത്തവും പ്രകടിപ്പിക്കുമെന്നു മനസ്സിലാക്കി കോഴിക്കോട്ടെ പൌരാവലി സഞ്ജയനെ കരുതിക്കൂട്ടി ബ്ലീച്ചടിപ്പിച്ചതാണെന്നുകൂടി സഞ്ജയനു് അഭിപ്രായമുണ്ടു്. അല്ലാതെ ഇതു വരാൻ തരമില്ല. കഥാനായകന്മാരെപ്പോലെയുള്ള സ്വരാജ്യസ്നേഹികൾ വരുമ്പോൾ ഇതും ഇതിലപ്പുറവും ഉണ്ടാകുമെന്നു വിചാരിച്ചാൽ എന്താണു് അബദ്ധം; ആട്ടെ, ഏതായാലും സഞ്ജയൻ പഠിക്കേണ്ടതു പഠിച്ചു. ഇനി കാര്യം കഴിയുന്നതിനു മുൻപു റിപ്പോർട്ടെഴുതുകയെന്നുള്ള ഭീമവങ്കത്തം സഞ്ജയനു പിണയുകയില്ല.
ഇനി നിലനികുതിസമ്മേളനത്തെപ്പറ്റി കുറച്ചു പറയാം:
കോലത്തിരിയെന്നു കേളികേട്ടുള്ളൊരാ
ശ്രീലസ്വരുപത്തിനീശനാംതമ്പുരാൻ;
കാലത്തിനൊത്തങ്ങു മാറിടാതുള്ളൊരു
ശീലം കലർന്ന ഗംഭീരധീരാശയൻ,
രാജഭക്തന്മാരിൽ മുൻപൻ, ജനങ്ങളിൽ
വ്യാജമറ്റുള്ളോരു വാത്സല്യമാർന്നവൻ,
ആധ്യക്ഷഭാഷണം കേമമായ്ച്ചെയ്തുപോൽ;
ബദ്ധമോദം ജനം കേട്ടുരസിച്ചുപോൽ.
രത്നച്ചുരുക്കമായിന്നതിൻ ‘സമ്മറി’,
യത്നിച്ചു ചൊല്ലുവൻ, പത്രികാവല്ലഭ!
‘അറിയുക സദസ്യരേ, രാജഭക്തിക്കു ഞാൻ
കുറയുമവനല്ലയെന്നോർത്തു കണ്ടീടുവിൻ.
പലപൊഴുതു നിങ്ങളീ ഹാളിലും മറ്റുമായ്-
ച്ചിലസഭകൾ മുൻപിലും കൂടിയതില്ലയോ?
അവയിലൊരു പാർട്ടു ഞാൻ സ്വീകരിച്ചില്ലെനി-
ക്കവനിപതിയോടെഴും ഭക്തിമൂലം ദൃഢം.
അവനതജനങ്ങൾതൻ വർധമാനങ്ങളാ-
മവശതകൾ നീക്കുമെന്നോർത്തുപോയേനഹം.
ശിവ, ശിവ! നിരാശനായ്ത്തീർന്നു ഞാൻ; മേലിലും
ലവഗുണമിതിങ്കലുണ്ടെന്നു ഹോപ്പില്ല മേ.’
ഇതു രത്നച്ചുരുക്കമല്ല, ഫുൾ റിപ്പോർട്ടാണെന്നു പത്രാധിപർ ശാസിക്കുന്നു. അതു ‘ഞങ്ങൾ അന്യത്ര ചേർത്തിട്ടുണ്ടു്’ പോലും! പോട്ടെ. അധ്യക്ഷനവർകൾ നിർദേശിച്ച പദ്ധതിയിലൂടെ, (ചൂണ്ടിക്കാണിച്ച വഴിയിലൂടെ, എന്നു പടുഭാഷ) സമ്മേളനങ്ങളുടെ നിഷ്പ്രയോജനതയെക്കുറിച്ചും, പണമിടപാടുകാരുടേയും ബാങ്കുകളുടേയും പടിക്കൽച്ചെന്നു കൃഷിക്കാരും ദരിദ്രന്മാരും ചെയ്യുന്ന അഭ്യർഥനകളുടെ വ്യർഥതയെക്കുറിച്ചും സഞ്ജയന്റെ സ്വന്തം ‘സോളിലോക്വി’ (ആത്മഗതം) നിങ്ങൾ എവിടേയും ചേർത്തിരിക്കുവാൻ ഇടയില്ലല്ലോ! ഇനി അതു പറയുന്നു:
(സഞ്ജയൻ പരിഭവിച്ചു മട്ടുമാറ്റുന്നു)
പുല്ലെണ്ണയ്ക്കൊരു കുമ്പിൾ പിടിച്ചാൽ
വല്ലെണ്ണയുമതിൽ വീഴുവതുണ്ടോ?
പെട്ട കടക്കാർ പട്ടിണിയായാൽ
ചെട്ടിസ്രാപ്പു വിടുന്നവനാണോ?
മൂഷികനേറ്റം വിലപിച്ചെന്നാൽ-
പ്പുശകനതുകൊണ്ടാർദ്രതയുണ്ടോ?
തരിമണൽകൊണ്ടൊരു കയറുപിരിച്ചാൽ-
പ്പിരിയുടയാതതു നില്ക്കുവതാണോ?
മണലണകൊണ്ടൊരു ചിറ കെട്ടീടുകി-
ലണയും വാർധി മടങ്ങുവതാണോ?
പണമുള്ളവർ പണമില്ലാത്തവരെ-
ത്തുണചെയ്യാതെയിരിക്കുന്നാകിൽ
നാട്ടിലിരിക്കും പരിഷയ്ക്കിനിമേൽ
കാട്ടിലിരിപ്പതു ഗുണമായ്ത്തീരും.
താടിക്കാർക്കതു ചേരും; പക്ഷേ,
മോടിക്കാർക്കതു പറ്റുകയില്ല.
ക്ഷാമത്തെക്കുറിച്ചു പറയുകയാണെങ്കിൽ:
നെല്ലിനു വിലയില്ലായതുകൊണ്ടിഹ
തെല്ലും വിന കുറയുന്നതുമില്ല.
ചോറും തിന്നൊരു മുക്കിലിരുന്നാൽ
വേറെ ജ്ജോലികൾ നോക്കുവതാമോ?
തെങ്ങും പനയും തങ്ങളിലോർത്താ-
ലിങ്ങൊരു ഭേദവുമില്ലാതായി.
കുരുമുളകുള്ളതു വാങ്ങുവതിന്നാ-
യൊരുവനുമില്ലതു പൂത്തുകിടക്കും;
നികുതിപിരിപ്പാനധികാരത്തൊടു
നിയമവുമേന്തിനടന്നീടും ചിലർ,
വാറണ്ടും ചില ജപ്തിയുമായി-
ക്കൂററ്റുള്ളവർ വന്നുകരേറും,
വെക്കം ചെമ്പുകളുരുളികൾ കിണ്ടിക-
ളൊക്കെ വലിച്ചവർ വില്ക്കുന്നേരം
സന്ന്യാസംതാൻ നല്ലൊരു തൊഴിലിനി-
യെന്നു ഗൃഹസ്ഥനു ബോധവുമുണ്ടാം.
വാസ്തവത്തിൽ അതാണു നല്ലതെന്നു സഞ്ജയനും തോന്നുന്നു. ഈ തോന്ന്യവാസമൊക്കെ ശുദ്ധ ‘പുറാട്ടി’ന്റെ രീതിയിൽ പറഞ്ഞാലും, ഇന്നത്തെ സ്ഥിതിയിൽ, സഞ്ജയനും സന്ന്യാസവുമായി ലക്ഷോപലക്ഷം ബ്രിട്ടീഷുമൈൽ അന്തരമുണ്ടെങ്കിലും, സഞ്ജയൻ സന്ന്യാസത്തെക്കുറിച്ചു വലിയ ബഹുമാനമാണു്. പക്ഷേ, അവിടേയും കള്ളന്മാർ കടന്നു സ്ഥലം പിടിച്ചു് ഇലയും വെച്ചു് ഇരുന്നുപോയി. കപടസന്ന്യാസിമാരെക്കുറിച്ചു്, ആരുമാരും ‘ഇതു് എന്നെപ്പറ്റി എഴുതിയതാണു്. ഇങ്ങനെയുള്ള വിദ്യകൾ ഞാനും കാണിച്ചിട്ടുണ്ടു്. ആ വിദ്വാൻ ഈർഷ്യവെച്ചു് എഴുതിയതു കണ്ടില്ലേ?’ എന്നൊക്കെപ്പറഞ്ഞു് പരിഭവിക്കുകയില്ലെന്നു മുൻകൂട്ടി പ്രോമിസ് ചെയ്യുകയും, പത്രാധിപർ സ്ഥലമനുവദിക്കുകയും ചെയ്യുന്നപക്ഷം, അടുത്ത ലക്കത്തിൽച്ചിലതു പറയാമെന്നു വിചാരിക്കുന്നു.
ഗുഡ്മോർണിങ്! അല്ലെങ്കിൽ ഗുഡീവിനിങ്!
16-12-1934
- ഭാര്യ:
- അല്ല—അവിടെ വർത്തമാനക്കടലാസിൽ ഒരു വിവരം കണ്ടുവോ? സുമാത്ര എന്ന ദിക്കിൽ അഞ്ചുറുപ്പികയ്ക്കു് ഒരു ഭാര്യയെ വിലയ്ക്കു വാങ്ങാൻ കിട്ടുമത്രേ. എന്തു കഠിനമാണു്. അല്ലേ?
- ഭർത്താവു്:
- എന്തോ! ഒരുസമയം ചില ദിക്കുകളിലുള്ളതുപോലെ, അവിടെ എല്ലാറ്റിനും വില ജാസ്തിയായിരിക്കും. ആരു കണ്ടു?
- ഒരാൾ:
- നിങ്ങൾ കല്യാണം കഴിക്കുവാനാഗ്രഹിക്കുന്നതു് അധികം സംസാരിക്കുന്ന സ്ത്രീകളേയോ, അല്ല, മറ്റേ ജാതിയേയോ?
- മറ്റെയാൾ:
- ഏതു മറ്റേ ജാതി?
- ഒരാൾ:
- സ്വാമി, എനിക്കിപ്പോൾ വളരെ കഷ്ടകാലമാണു്. ഏഴരശ്ശനിയുടെ വരവാണു്.
- സ്വാമി:
- ഭാഗ്യവാൻ, ഭാഗ്യവാൻ! ഏഴരശ്ശനിയാനാലും ‘വരവു?’ താനേ! (കേ. പ.)
നിങ്ങളുടെ സ്വന്തം ലേഖകന്മാർ പറയുന്നതുപോലെ, മുൻകൂട്ടി അച്ചടിച്ചു വിതരണംചെയ്ത നോട്ടീസുപ്രകാരം, സഞ്ജയൻ സന്ന്യാസിമാരെപ്പറ്റി ഉപന്യസിക്കുവാൻ പോകുന്നു. അറ്റൻഷൻ!
സന്ന്യാസിയായാലേേേ!—എന്തു സുഖമാണു്! എന്താനന്ദമാണു്? എന്തവസ്ഥയും പ്രതാപവുമാണു്! എന്തു ഗ്ലോറിയും ഡിഗ്നിറ്റിയുമാണു്? എവിടെയും പോകാം; എന്തും പറയാം; എന്തും ചെയ്യാം; ആഹാരം നിവേദ്യമാക്കാം (ഇടയ്ക്കു നിവേദ്യം ആഹാരമാക്കുകയും ചെയ്യാം); ഉറക്കം സമാധിയാക്കാം; കൺകെട്ടു് മൂർത്തിസേവയാക്കാം; തോന്ന്യവാസം യോഗസിദ്ധിയാക്കാം; ജയിലിൽ പോകാതെ പിടിച്ചുപറിക്കാം; ഭൂമിയെ സ്വർഗമാക്കാം; കാടു വീടാക്കാതെ, തീർച്ചയായും വീടു കാടാക്കാം; ഇഷ്ടംപോലെ ജീവിക്കാം; കടമില്ലാതെ മരിക്കാം.
എനിയും കേൾക്കുവിൻ! ഈ വേലയ്ക്കു ഗവർമ്മേണ്ടുദ്യോഗത്തിനു വേണ്ടതുപോലെ ഒരു പാസ്സും വേണ്ട; കമ്പനിപ്രവൃത്തിക്കു വേണ്ടുന്നതുപോലെ, പരിചയം വേണ്ട. ലേഖകപ്രവൃത്തിയുൾപ്പെടെ മറ്റു ചില പ്രവൃത്തികൾക്കു വേണ്ടുന്നതുപോലെ ബുദ്ധി വേണ്ട. (വായനക്കാരനോടു്: എന്തിനാണു് മിസ്റ്റർ, ഒരുൾച്ചിരി? എല്ലാവർക്കും അവരവരുടെ തൊഴിലിനെ പുകഴ്ത്താമെങ്കിൽ…?) ആരുടെയും ശിപാർശിക്കു പോകേണ്ട! മേലധികാരി കണ്ണുരുട്ടുകയോ, ഓഫീസ്നോട്ടെഴുതുകയോ, ‘ഡേം ഫൂൾ’ വിളിക്കുകയോ, ഇൻക്രിമെന്റ് സ്റ്റോപ്പാക്കുകയോ ചെയ്യുമെന്നു പേടിക്കേണ്ട; ഇൻസ്പെക്ഷൻ വിചാരിച്ചു് ഉറക്കമൊഴിയേണ്ട. വായനക്കാർ പല്ലുകടിക്കുന്നുണ്ടോ? ഇന്ന ദിക്കിലെ സ്വന്തം ലേഖകൻ എഴുതിയതു് അങ്ങനെ തന്നെയാണോ? കുംഭോദരൻ താനാണെന്നു് ഇനിയും എത്രയാളുകൾ വിചാരിക്കും? മിസ്റ്റർ—ആക്ഷേപിച്ചതുപോലെ വേറെ ആരെങ്കിലും ആക്ഷേപിക്കുന്നുണ്ടോ? ഇന്നു മലമ്പനിയാണെന്നു കരുതി ചികിത്സ തുടങ്ങിയ കേസ് ടൈഫോയിഡാണോ? അവീൻചേർന്ന മരുന്നു് ക്ഷീണിച്ച രോഗിക്കു കൊടുത്തുകൊണ്ടു് അയാൾ ‘ഗുഡ്നൈറ്റായി’പ്പോകുമോ? ഈ കമ്മീഷൻ മുൻസിഫ് ആർക്കു കൊടുക്കും; നാളത്തെ അപ്പീൽ ഏതു ഭാഗം വിധിക്കും? ആ കക്ഷി വിശ്വസിക്കാൻ കൊള്ളുന്നവനാണോ: കണ്ടുപിടിക്കുമോ? എക്സ്പ്ലനേഷൻ ചോദിക്കുമോ? എൻക്വയറി ഉണ്ടാവുമോ? ഡിസ്മിസ്സാക്കുമോ? പ്രോസിക്യൂട്ട് ചെയ്യുമോ? പേരു പറയുമോ? പത്രാധിപർ ചതിക്കുമോ? ഇതു് എന്നെപ്പറ്റിയാണോ? എന്നൊന്നും വിചാരിച്ചു തടിയുരുകേണ്ട? ഉറക്കമിളയ്ക്കേണ്ട; പമ്പരം തിരിയേണ്ട; കാലു പിടിക്കേണ്ട; അമ്പലത്തിൽ നേർച്ചയായി നിറമാല കഴിക്കേണ്ട; ആരെയും കാണുമ്പോൾ നെഞ്ഞിടിപ്പു വേണ്ട; താണുവലിച്ചു സലാം കൊടുക്കേണ്ട; നാലുപുറവും നോക്കേണ്ട; ഉടമസ്ഥൻ വരുന്നുണ്ടോ എന്നു പരിശ്രമിക്കേണ്ട; മറുപടിയെഴുതുവാൻ കഷ്ടപ്പെടേണ്ട; തെറ്റിദ്ധരിക്കേണ്ട; (അധികമായിപ്പോയോ? എനിയും എത്ര പറയാനുണ്ടു്? ‘നാസ്ത്യന്തോ വിസ്തരസ്യമേ’)
കരുണാനാടകത്തിലെ ഉപഗുപ്തൻ വാസവദത്തയുടെ സഖിയോടു പറഞ്ഞതുപോലെ, ‘ധർമം-ം-ം-ം ശരണം! ആര്യേ, ഭവതിയോടു് ഇതൊക്കെ ആരു പറഞ്ഞു?’ എന്നു ചില വായനക്കാർ, വേണ്ടുന്ന മാറ്റങ്ങളോടുകൂടി ഒരുസമയം സഞ്ജയനോടു ചോദിക്കുവാനിടയുണ്ടു്. സന്ന്യാസമെന്നാൽ ‘കർമണാം ന്യാസ’മല്ലേ? അതു് പേനയുടെ തുമ്പത്തെ മഷി പോകുന്ന വഴിയിൽക്കൂടി തനിക്കു തോന്നുന്നതു പറയുമ്പോലെ എളുപ്പവിദ്യയാണോ? മേലിൽ ഇങ്ങനെ വങ്കത്തം പറയരുതു്, താൻ പറയുന്നതു് ഈയിടെയായി കുറേ കവിഞ്ഞുപോകുന്നു!— (സഞ്ജയനെ ശകാരിക്കേണമെന്നുള്ളവരോടു് ഈ വഴിയാണു നല്ല വഴിയെന്നു സസ്നേഹം ഉപദേശിച്ചുകൊള്ളുന്നു.) നിങ്ങൾ ഇതൊക്കെയല്ലേ പറയുക? ശൃണു!
സന്ന്യാസിയാകുവാൻ ആഗ്രഹിക്കുന്ന ആൾ യാതൊന്നും വിടേണ്ട. ഞാനല്ലേ പറയുന്നതു്? ഒരു വസ്തു വിടേണ്ട; അഥവാ, വല്ലതും വിട്ടേ കഴിയു എന്നുണ്ടെങ്കിൽ ലജ്ജമാത്രം വിട്ടാൽ മതി. നിങ്ങൾ എങ്ങനെ നടന്നാലും, എന്തുടുത്താലും, ആരെ വഞ്ചിച്ചാലും, എന്തു ചെയ്താലും അതിനൊക്കെ വകുപ്പുകളും, വ്യാഖ്യാനങ്ങളും, യോഗ്യതകളും, പേരും, ലക്ഷണവും ഉണ്ടായിരിക്കും. ഭയപ്പെടേണ്ട. സന്ന്യാസിമാരുടെ ഇടയിൽ മഹാബുദ്ധിമാന്മാരുണ്ടു്; പടുവങ്കന്മാരുണ്ടു്; കുഴിമടിയന്മാരുണ്ടു്; വെറും തെമ്മാടികളുണ്ടു്, നിരന്തരം ശാസ്ത്രവാദം ചെയ്യുന്നവരുണ്ടു്; വായ തുറന്നു വെള്ളത്തിനുകൂടി ചോദിക്കാത്തവരുണ്ടു്; കുപ്പായവും, തലേക്കെട്ടും, പാസും, പാപ്പാസും ഉള്ളവരുണ്ടു്; സ്ഥാനികളുണ്ടു്; പെൻഷൻ ഉദേയാഗസ്ഥന്മാരുണ്ടു്; വ്യവഹാരക്കാരുണ്ടു്; പണംപിരിവുകാരുണ്ടു്; തനി ശൃംഗാരികളുണ്ടു്; കടാക്ഷപടുക്കളുണ്ടു്; മന്ദസ്മിതവിദഗ്ധന്മാരുണ്ടു്; ഗുസ്തിക്കാരുണ്ടു്; സദാ മത്തന്മാരുണ്ടു്; അറമുറിയന്മാരുണ്ടു്; കോൺഗ്രസ്സുകാരുണ്ടു്; സി. ഐ. ഡിക്കാരുണ്ടു്; പത്രാധി—(ഞാൻ എന്തോ പറയാൻ വിചാരിക്കുകയായിരുന്നു; മറന്നു, പത്രാധിപരേ)
പത്രാധിപർ: ശരി!
ഇവരുടെ നിറവും, തരവും, ജാതിയും (മറ്റേ ജാതിയല്ലേ!—മുഷിയേണ്ട.) വകുപ്പും, ലക്ഷണങ്ങളും, ചികിത്സയും ഒക്കെ പറഞ്ഞുതതീർക്കുവാൻ സഞ്ജയനു ഭുമിയിലെ പത്രങ്ങളെല്ലാം വേണം: വായനക്കാരനു ഭുമിയുടെയും, മലബാറിൽ നിലനികുതി കൊടുക്കുന്നവന്റെയും. സ്വത്തു കുറഞ്ഞ തറവാട്ടിലെ കാരണവരുടേയും സ്വത്തധികമായ തറവാട്ടിലെ അനന്തരവന്റേയും മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന എഴുത്തുകാരന്റെയും ക്ഷമവേണം. എനിക്കതുമില്ല, നിങ്ങൾക്കു് ഇതുമില്ല. അതുകൊണ്ടു കിളിമകൾ പാലും പഞ്ചസാരയും കദളിപ്പഴവും തേനുമൊക്കെ ഭക്ഷിച്ചു. ഭാരതയുദ്ധം പറഞ്ഞപോലെ, സംക്ഷേപിച്ചു പറഞ്ഞേക്കാം.
സന്ന്യാസിമാരുടെ ഇടയിൽ ലോകത്തിലുള്ള എല്ലാതരം ആളുകളേയും കാണാമെന്നു ധ്വനിപ്പിച്ചുവല്ലോ. ചിലർ താടി നീട്ടിയവരാണെങ്കിൽ ചിലർ തലകൂടി വടിച്ചവരാണു്; ചിലർ കാഷായമുടുത്തു് പുലിത്തോലിൽ കിടക്കുന്നവരാണെങ്കിൽ ചിലർ പട്ടുടുത്തു കിടക്കയിലും. മറ്റു ചിലർ ഒന്നുമുടുക്കാതെ വെറും നിലത്തും, കിടക്കുന്നവരാണു്. ചിലരുടെ കൂടെ ധൂമകേതുവിന്റെ വാലുപോലെ വിട്ടുപോകാത്ത ശിഷ്യന്മാരുണ്ടായിരിക്കും; മറ്റു ചിലരാകട്ടെ, ആൾത്തുണയില്ലാതെ ഒറ്റയായി ലോകവഞ്ചന ചെയ്യുന്നു. ചിലർ മഠങ്ങളിൽ ഉറച്ചവരാണു്; മറ്റു ചിലർ വീടുകൾതോറും ഇളകിക്കൊണ്ടിരിക്കുന്നവരാണു്; ചിലർക്കു ഗണപതിഹോമം പ്രധാനമാണെങ്കിൽ മറ്റു ചിലർ ഭഗവതിസേവയിൽ സിദ്ധന്മാരാണു്. ചിലർ മരുന്നുകൊണ്ടും, ചിലർ മന്ത്രംകൊണ്ടും, ചിലർ വെറും ഒരു നോട്ടംകൊണ്ടും രോഗങ്ങൾ മാറ്റുന്നു. ചിലർ സ്ത്രീകളുടെ മുഖത്തു നോക്കുകയില്ല; മറ്റു ചിലരാകട്ടെ, അവരുടെ മുഖത്തല്ലാതെ നോക്കുകയില്ല; പാലും പഴവും മാത്രം ഭക്ഷിക്കുന്ന രസികന്മാരുണ്ടെങ്കിൽ, മത്സ്യവും മാംസവും വർജിക്കാത്ത വിരുതന്മാരുണ്ടു്. ഒരാൾക്കു യാചിക്കുന്നതു കിട്ടണം; മറ്റൊരാൾക്കു യാചിച്ചുതിലും അധികം കിട്ടണം; അപരനു യാചിക്കാത്തതു കിട്ടണം; വേറെയൊരുവനു യാചിക്കാതെ കിട്ടണം—എല്ലാവർക്കും വല്ലതും കിട്ടണം (അതു കൊടുക്കാൻ ആളുകളില്ലാത്തതാണു് കഷ്ടം!)
സന്ന്യാസിമാരുടെ ശിഷ്യന്മാർ ഗുരുനാഥന്മാരെപ്പറ്റി പറയുന്നതു വിശ്വസിക്കാൻ കൊള്ളുകയില്ലെങ്കിലും കേൾപ്പാൻ രസമുള്ളതാണു്. ‘സ്വാമികളോ? സ്വാമിയുടെ കഥ നിങ്ങൾ അറിയില്ല. ഒരു ദിവസം സ്വാമി ഇരുന്നേടത്തുനിന്നു പ്രാണനെ വലിച്ചുകയറ്റി ഒരൊറ്റ പൊന്തൽ! കേട്ടാൽ കളവാണെന്നു തോന്നുകയില്ലേ? സ്വാമിയുടെ തല തടവിനോക്കിൻ! മൂർധാവിൽ ഒരു മുറിക്കല കാണാം. അതു് അന്നു് അങ്ങനെ പൊത്തിപ്പോയി മച്ചോടുചെന്നടിച്ചു പറ്റിയതാണു്’ എന്നു് അഭേദാനന്ദന്റെ ശിഷ്യൻ കിട്ടാനന്ദൻ പറയുന്നു. അയ്യോ! ഗുരുഭൂതരോ! പറയരുതേ! അദ്ദേഹത്തെപ്പറ്റി പറഞ്ഞാൽ പാപമാണു്. അദ്ദേഹത്തിനു നാലു സംബന്ധമുണ്ടു്. രണ്ടു വീടുണ്ടു്, ഒരു കാറുണ്ടു്, കൃഷിയുണ്ടു്, ഇടപാടുണ്ടു്, കോടതിയിൽ കേസുണ്ടു്—ശരിതന്നെ. പക്ഷേ, ഇതൊന്നും നിങ്ങളുടേയും എന്റെയും കാര്യത്തിൽപ്പോലെ അദ്ദേഹത്തിന്റെ തടിക്കു പിടിക്കില്ല, സർ! എന്നു ബ്രഹ്മഗിരിയുടെ 4564-ാമത്തെ ശിഷ്യനായ ചാത്തുഗിരി വാദിക്കുന്നു. ‘ഇതാ, ഏഴുമണിക്കു കാപ്പി കൊടുത്തില്ലെങ്കിൽ സ്വാമി കോപിക്കും. ദോശയാണു സ്വാമിക്കിഷ്ടം; നെയ്യും പഞ്ചസാരയും കുറച്ചധികമായാലും തരക്കേടില്ലെന്നു പറഞ്ഞിരിക്കുന്നു. തീണ്ടൽജാതിക്കാർ സ്വാമിയെ ദൂരത്തുനിന്നു നോക്കിത്തൊഴുതു് പണംവെച്ചു പോയാൽ മതി, സ്വാമിക്കു ബ്രഹ്മസമാജക്കാരെ കണ്ടുകൂടാ; ബഹുവാശിയാണു് എന്നൊക്കെ പരബ്രഹ്മദാസിന്റെ ശിഷ്യനായ ചന്തുദാസ് താക്കീതു ചെയ്യുന്നു. ഭഗവൻ! ജഗന്നിയന്താവേ! നിരീശ്വരന്മാർ എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ, അവിടുന്നു കൃപാലുതന്നെയാണെന്നു സഞ്ജയൻ സർട്ടിഫിക്കറ്റു തരുന്നു. ഈ കൂട്ടരെ അവിടുന്നു ബാക്കിവെച്ചേക്കുന്നല്ലോ!’
പത്രാധിപർ: എന്നുമാത്രമല്ല, സഞ്ജയന്റെ തോന്ന്യാസപ്പേനയിലെ മഷിയിൽക്കൂടി അങ്ങ് അന്തർലീനനായി കിടക്കുന്നല്ലോ!
സഞ്ജയൻ ഇതൊക്കെ എഴുതിയതുകൊണ്ടു ദ്വേഷമില്ലാത്തവരും, സഞ്ജയന്റെ ചെകിടത്തു രണ്ടു കൊടുക്കേണ്ടിയിരുന്നു എന്നു കാംക്ഷിക്കാത്തവരുമായ സന്ന്യാസിമാർ യഥാർഥ സന്ന്യാസിമാരാണു്. പ്രമാണം കേൾക്കുക. ‘
ജേഞയഃ സ നിത്യസന്ന്യാസീയോ ന ദ്വേഷ്ടി, ന കാങ്ക്ഷതി’
(ആർ ദ്വേഷിക്കുന്നില്ലയോ, ആർ കാംക്ഷിക്കുന്നില്ലയോ, അവൻ നിത്യസന്ന്യാസിയെന്നു് അറിയപ്പെടേണ്ടവനാണു്?)

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണു് സഞ്ജയൻ. സഞ്ജയൻ എന്നതു് തൂലികാനാമമാണു്, യഥാർത്ഥനാമം മാണിക്കോത്തു് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണു്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്തു് 1903 ജൂൺ 13-൹ ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി. എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ടു്.
1903 ജൂൺ 13-൹ തലശ്ശേരിക്കടുത്തു് ഒതയോത്തു് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണു് സഞ്ജയൻ ജനിച്ചതു്. പിതാവു് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവു് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ടു് ഒതയോത്തേക്കു തിരിച്ചുപോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം. ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയവീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണു് പഠിച്ചതു്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നതു്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണു് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നതു്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ടു് ഭാഗങ്ങൾ), സഞ്ജയൻ (ആറു് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണു്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണു്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണു് സഞ്ജയൻ അറിയപ്പെടുന്നതു്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-൹ കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ചു് അന്തരിച്ചു.