images/Multicolored.jpg
Blue over Multicolored, a painting by Wassily Kandinsky (1866–1944).
സദ്യനിരൂപണം
സഞ്ജയൻ

പത്രാധിപന്മാരെ സദ്യയ്ക്കു ക്ഷണിച്ചാൽ അവർ മറ്റുള്ള അതിഥികളെപ്പോലെ ഊണു കഴിഞ്ഞ്, കൈ കഴുകി, ഗൃഹസ്ഥനോട് യാത്രയും പറഞ്ഞ് പടിയിറങ്ങി സദ്യയുടെ കഥതന്നെ മറന്നുകളയുന്നതിന്റെ രഹസ്യം എനിക്കു മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ അവർക്കു ചില ബാധ്യതകളും ഉത്തരവാദിത്വവും ഒക്കെയുണ്ടെന്ന് അവർ എന്തുകൊണ്ടാണ് ആലോചിക്കാത്തത്? തങ്ങൾക്ക് വെറുതേ അനുഭവിക്കുവാൻ ആളുകൾ സമ്മാനിക്കുന്ന ഏതു വസ്തുവിന്റെയും നിഷ്പക്ഷമായ ഒരു ഗുണദോഷനിരൂപണം അവരുടെ പത്രങ്ങൾ മുഖേന വായനക്കാർക്ക് പ്രതീക്ഷിക്കുവാൻ അധികാരമുണ്ടെന്നുള്ള കഥ അവരറിയുകയില്ലേ? ഇല്ലെങ്കിൽ എന്തിനാണ് അവരെ പത്രാധിപന്മാരാക്കിയിരിക്കുന്നത്?

നിങ്ങളുടെയും എന്റെയും കാര്യം എടുക്കണ്ട. നമ്മളെ ഒരു സദ്യയ്ക്കു ക്ഷണിച്ചാൽ, സമയത്തിനുമുൻപ്, അവിടെ ഹാജരായി, കുറെ ആളുകളോടൊക്കെ മന്ദഹസിച്ചു ‘വന്നിട്ട് കുറച്ചു നേരമായി-ഇല്ലേ?’ എന്നോമറ്റോ അർഥമില്ലാത്ത കുറെ ‘ലോഗ്യം’ പറഞ്ഞ്, ഊണും കഴിഞ്ഞ് ഇറങ്ങിയാൽ കൈ തോർത്തുന്നത് പടി കടന്നിട്ടു മതി. നമ്മൾക്ക് ആരെങ്കിലും അവരവർ ഉണ്ടാക്കിയ കവിതയോ നോവലോ അയച്ചുതന്നാലും പതിവ് ഇതുതന്നെ. സമയമുണ്ടെങ്കിൽ വായിക്കും; വല്ല അഭിപ്രായവും തോന്നിയിട്ടുണ്ടെങ്കിൽ, അതു ഭാര്യയോടോ ഒന്നോ രണ്ടോ സ്നേഹിതന്മാരോടോപറയും; നമ്മളാരും സദ്യയേയോ പുസ്തകത്തേയോ കുറിച്ചുള്ള നമ്മുടെ അഭിപ്രായം കൊട്ടിഘോഷിക്കാറില്ല: ഉണ്ടോ?

ഒരു വിദ്വാൻ പണ്ട് ശ്രമിച്ചിരുന്നുപോലും. സാപ്പാട് കഴിച്ചുനില്ക്കുന്ന ഘട്ടത്തിൽ ഒരു ഒന്നാംപന്തിക്കാരനോട് രണ്ടാംപന്തിക്കാരൻ ‘സദ്യ എങ്ങനെ?’ എന്നു ചോദിച്ചുവത്രേ. ‘സദ്യ മഹാ-’ എന്നു പറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ഗൃഹസ്ഥനുണ്ട് ഒരു പച്ചച്ചിരിയോടുകൂടി പിന്നിൽ, നില്ക്കുന്നു! നമ്മുടെ വിമർശകൻ ഭക്ഷിച്ചതു മുഴുവൻ ദഹിച്ചുപോയ് പക്ഷേ, അദ്ദേഹം വിട്ടില്ല: ‘നന്നായിരിക്കുന്നു’ എന്നു വേഗത്തിൽ പറഞ്ഞു തിരിഞ്ഞുനോക്കാതെ നടന്നുകളയുകയാണു ചെയ്തത്. പിന്നീടു് അദ്ദേഹം ആ വീട്ടിൽനിന്ന് ഊണുകഴിച്ചത് ഗൃഹസ്ഥന്റെ ശ്രാദ്ധത്തിനായിരുന്നു. (ഇക്കഥ കുറച്ചു പഴയതാണെന്ന് എനിക്കറിയാം. നിങ്ങൾ മുൻപ് ഇതെവിടെയെങ്കിലും കേട്ട ആളാണെങ്കിൽ ചിരിക്കേണ്ട-തീർന്നില്ലേ?

പ്രസ്തുതവിമർശകന്റെ ചരിത്രപ്രധാനമായ ബ്ലീച്ചടിയുടെ ശേഷമാണ് ആളുകൾ പബ്ലിക്കായി സദ്യകളെ വിമർശിക്കാത്തത്. പക്ഷേ, പത്രാധിപന്മാരെ അങ്ങനെ വിടാമോ? എന്നാണ് സഞ്ജയൻ ചോദിക്കുന്നത് പത്രാധിപന്മാർക്കു ലജ്ജയോ, മര്യാദയോ, ദയയോ ഇല്ലെന്നുള്ളത് ‘ഇന്നുള്ളതല്ലാ ജഗത്പ്രസിദ്ധം ദൃഡം. ‘ഒരു’ പത്രാധിപർക്കു വെറുതേ ഒരു പുസ്തകം അയച്ചുനോക്കുവിൻ

പത്രാധിപർ:
തനിക്കെന്താണു പിടിച്ചുപോയത്?
സഞ്ജയൻ:
എന്തെങ്കിലും ആയിക്കൊള്ളട്ടെ. ഞാൻ എനിയും എന്തൊക്കെ പറയാൻ പോകുന്നു! ഒരു പത്രാധിപർക്ക് ഒരു പുസ്തകം അയച്ചുകൊടുക്കിൻ! ‘വെറുതേ കിട്ടിയതല്ലേ? ആകപ്പാടെ തരക്കേടില്ല! എന്നു പറഞ്ഞേക്കാം’ എന്നൊരു നാട്ടുമര്യാദ ആ മനുഷ്യൻ വിചാരിക്കുമോ? ഈ ജന്മത്തിലില്ല, അതിലെ അച്ചടിപ്പിഴകൾകൂടി ആ മഹാപാപി എണ്ണിപ്പെറുക്കിപ്പറയും. പുസ്തകം അയച്ചുകൊടുത്ത വിഡ്ഡിക്കു കൂടി ‘ഇങ്ങനെ ഒരു വങ്കത്തം ഞാൻ ചെയ്തുപോയല്ലോ!’ എന്നു പശ്ചാത്താപം തുടങ്ങും. ഇത്രത്തോളം അമര്യാദ ‘ഇങ്ങനെയാണ് ‘ഞങ്ങളു’ അഭിപ്രായം എന്നും പറഞ്ഞു പ്രവർത്തിക്കുന്ന കൂട്ടർക്ക് എന്താണ് ചെയ്തുകൂടാത്തത്? ഞങ്ങൾ! ഏതു ’ഞങ്ങൾ?

അതുകൊണ്ട് എനിക്കു തോന്നുന്നത് പത്രാധിപന്മാരെക്കൊണ്ട് മേലിൽ സദ്യകളുടെ നിരൂപണങ്ങൾ എഴുതിക്കണമെന്നാണ്. സദ്യ പബ്ലിക് ഫ്രങ്ഷനായതുകൊണ്ട് അതിനെ വിമർശിക്കുന്നത് പബ്ളിക് ഡ്യൂട്ടിയാണ്. നതിനെ സ്തുതിക്കണം; ചീത്തയെ ഇടിക്കണം.:

‘പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം സദൃസംസ്ഥാപനാർഥായ.’

നല്ലതും ചീത്തയും ഇടകലർന്നുള്ളതിനെ സ്തുതിക്കുകയും ഇടിക്കുകയും വേണം. ഗൃഹസ്ഥന്റെയോ ‘ദേഹണ്ണക്കാരന്റെയോ മുഖം നോക്കരുത്. വിമർശനം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്കു ഗൃഹസ്ഥനെ കാണുമ്പോൾ വഴിമാറി പോയ്ക്കൊള്ളണം. ക്രമേണ അയാളുടെ ദേഷ്യം തണുക്കും. അടുത്തുപെരുമാറ്റം പിന്നീടു മതി. ധൈര്യമായിട്ടെഴുതണം. ‘ഞങ്ങൾ’ എഴുതുന്നതല്ലേ? ‘ഞങ്ങൾക്ക് ആരോട് സ്നേഹം?

‘സമോഹം സർവഭുതേഷു ന മേ ദേഷ്യോസ്തി ന പ്രിയഃ’

പത്രാധിപന്മാർ എന്തു വിചാരിക്കുന്നു? ‘ഞങ്ങൾ’ക്ക് സമ്മതമാണോ? ആണെങ്കിൽ, രണ്ടുമൂന്ന് സാമ്പിളുകൾ സഞ്ജയൻ എഴുതി സമർപ്പിക്കുന്നത് അനുചിതമായിപ്പോകുമോ? നിങ്ങളുടെ കടലാസിന്റെ അഖിലമലബാർ സ്വന്തം സദ്യറിപ്പോർട്ടരുടെ സ്ഥാനം യോഗ്യത നോക്കി കൊടുക്കുമോ? എന്നെ നിശ്ചയിച്ചാൽ യാതൊരു പ്രതിഫലവുമില്ലാതെ ഞാൻ ജോലിയെടുക്കാം. പൊതുജനസേവനമാണ് എന്റെ ആദർശം. ദൈവത്താണേ നേർ! അതിന്-മേപ്പടി പൊതുജനസേവനത്തിന്-വേണ്ടി എന്തു കഷ്ടപ്പാടും ഞാൻ സഹിക്കുവാൻ തയ്യാറാണ്. സദ്യയല്ല സർവാണികൂടി സ്വീകരിക്കേണ്ടിവരും എന്നു പറഞ്ഞാൽക്കൂടി ഞാൻ പിൻവാങ്ങുകയില്ല.

ആദ്യം ഞാൻ ഖണ്ഡനനിരുപണത്തിന്റെ ഒരു മാതൃക ചേർക്കുന്നു:

‘പുവലാടത്ത് ഇട്ടിരാരിശ്ശൂമേനവനവർകളുടെ ക്ഷണം സ്വീകരിച്ചു ഞങ്ങൾ (1) അദ്ദേഹത്തിന്റെ ഇരുപത്തൊന്നു വയസ്സ് തികയുന്ന പിറന്നാൾസദ്യയ്ക്കു ഹാജരായി. സദ്യ നടത്തുന്നതിൽ ഇത് മി. മേനവന്റെ ഇദംപ്രഥമമായ ശ്രമമാണെന്ന് അവിടെയുള്ള ബഹളവും ലഹളയും പാച്ചലും വീഴലുംകൊണ്ട് ധാരാളം തെളിയുന്നുണ്ട്. ഈ യുവ സദ്യകാരന്റെ വാസനയും പരിശ്രമശീലവും ഞങ്ങൾ അനുമോദിക്കുന്നവരല്ലെന്നില്ല. അതിഥികളെ മുഴുവൻ പുല്പായകളിൽ നിലവിളക്കിനു ചുറ്റും ഇരുത്തിയത് പഴയ പ്രസ്ഥാനത്തിനു യോജിച്ചതുതന്നെയെങ്കിലും പുതിയ പ്രസ്ഥാനക്കാർക്കു പിടിക്കുന്ന കാര്യം നന്നേ സംശയത്തിലാണ്. നേരെമറിച്ച്, ചോറും കറികളും ബസ്സികളിലാക്കി മേശപ്പുറത്ത് ഏർപ്പാടു ചെയ്തത് പുതിയ പ്രസ്ഥാനത്തിന് അനുയുക്തമെങ്കിലും പഴമക്കാർക്ക് അതു രുചിക്കുകയില്ലെന്നു ധൈര്യസമേതം പറയാം. ആകപ്പാടെ ഈ വിഷയത്തിൽ കുറെ പരിചയം സിദ്ധിച്ച വല്ലവരുടേയും സഹായത്തെ മി. മേനോൻ അപേക്ഷിക്കേണ്ടതായിരുന്നു എന്നാണ് ഞങ്ങൾക്കു തോന്നുന്നത്. മി. മേനോന്റെ അടുത്ത ഉദ്യമത്തിന് ഞങ്ങൾ സർവവിജയങ്ങളും ആശംസിച്ചുകൊള്ളുന്നു.’

എനി സമ്മിശ്രനിരൂപണത്തിന്റെ ഒരു സാമ്പിൾ പശ്യ:

പൊന്ത്യാമ്പള്ളി ത്രിവിക്രമൻ തിരുമുൽപ്പാട് ഈ മാസം 1ാംനു–നടത്തിയ മകന്റെ ചോറുണുസദ്യയാണ്, ഇക്കൊല്ലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയ സദ്യകളിൽ പ്രാഥമ്യം വഹിക്കുന്നത്. ഇദ്ദേഹം ഇതിനു മുൻപ് അനേകം വമ്പിച്ച സദ്യകൾ രചിച്ചു പേരെടുത്തിട്ടുള്ള ഒരു സഹൃദയനും സദ്യരസികനുമാകയാൽ, ഈ ലഘുസദ്യയിന്മേലല്ലാ അദ്ദേഹത്തിന്റെ കീർത്തി നില്ക്കുന്നതെന്ന് എളുപ്പത്തിൽ പറയാം. പക്ഷേ, ഒരു മഹാസദ്യയായില്ലെങ്കിലും, ഒരു യഥാർഥസദ്യകാരന്റെ യോഗ്യത അയാളുടെ ഖണ്ഡസദ്യകളിലും കാണപ്പെടുമെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.

അതിഥികളെ സ്വീകരിക്കുന്ന രീതിയിലും, അവരോടു കുശലം പറയുന്ന സമ്പ്രദായത്തിലും ഈ സുപ്രസിദ്ധ സദ്യകാരന്റെ ആശയശുദ്ധിയും സാരസ്യവും നൈപുണ്യവും ഒഴുക്കും തഴക്കവും തെളിഞ്ഞുകാണ്മാനുണ്ടു്.

മി. അയ്യോസ്വാമിയായിരുന്നു വെപ്പുകാരൻ. പേരെടുത്ത ഒരു പാചക പ്രമാണിയെന്ന നിലയിൽ മി. അയ്യോസ്വാമി ഞങ്ങളുടെ വായനക്കാരിൽ അധികം പേർക്കും സുപരിചിതനായിരിക്കണം. ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം നേരിട്ടനുഭവിക്കാത്തവരായി ഈ പ്രദേശക്കാരിൽ ആരും ഉണ്ടെന്നു തോന്നുന്നില്ല.

മി. സ്വാമിയുടെ രചനാഗുണം അന്നന്നു കൂടിവരികയാണ്. വിശേഷിച്ച് ഈയിടെയായി സാമ്പാറിന് എരുവ് ചേർക്കുന്ന വിഷയത്തിൽ ഇദ്ദേഹംശ്രദ്ധവെക്കുന്നുണ്ടെന്നു കണ്ടതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു. ചെറുപ്പകാലത്ത് ഇദ്ദേഹം ഇക്കാര്യത്തിൽ കടുപ്പുക്കൈ കാണിച്ച ഒരാളാണെന്ന് ഞങ്ങൾ നേരിട്ടറിഞ്ഞ സംഗതിയാണ്. (അക്കാലത്ത് ഒരു ദിവസം സാമ്പാർ കൂട്ടി കണ്ണിൽ വെള്ളം നിറഞ്ഞുപോയതിനാൽ ഞങ്ങളാണ് ഇയാൾക്ക് ‘അയ്യോ! സ്വാമി!’ എന്ന സ്ഥാനപ്പരു കൊടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം ശുപ്പണ്ണാവെന്നാണ്.)

കൂട്ടുകറിയും മറ്റു കറികളും പതിവുപോലെയുള്ള പദാർഥവിജ്ഞാനത്തോടുകൂടിത്തന്നെയാണ് മി. സ്വാമി രചിച്ചിട്ടുള്ളത്.

പക്ഷേ, ചില ദോഷങ്ങൾ ഞങ്ങൾ അവിടവിടെയായി കണ്ടെത്തിയിട്ടില്ലെന്നു വിചാരിച്ച് മി. സ്വാമി അധികം ഞെളിയുകയും വേണ്ട. ഉപ്പേരി സാധാരണ പച്ചമലയാളികൾക്കു കടിച്ചാൽപൊട്ടാത്തവിധത്തിൽ കഠിനമായിപ്പോയില്ലേ എന്നു ഞങ്ങൾ സംശയിക്കുന്നു. പ്രകൃത്യാ ലളിതമായിരിക്കേണ്ടുന്ന ചേന ഉപ്പേരിയുടെ കാര്യത്തിലിതൊരു ഗണ്യമായ ദോഷംതന്നെയാണ്. പരിപ്പുപ്രഥമൻ എന്തിനാണ് ഇത്ര മാധുര്യം? വറവ് സ്വല്പ? കരിക്കുന്നത് കൂട്ടാന്റെ രുചിയെ വർധിപ്പിക്കുമെന്നു ചില സദ്യമർമജന്മാർക്കും അഭിപ്രായമുള്ളതായി ഞങ്ങൾ അറിയും. പക്ഷേ, ഞങ്ങൾ ആ അഭിപ്രായക്കാരല്ല. അതായിരിക്കാം മി. സ്വാമിയുടെ വറുത്തെരുശ്ശേരി അദ്ദേഹത്തിന്റെ ഓലനെപ്പോലെ ഞങ്ങൾക്കു പിടിക്കാഞ്ഞത്. ഒരു സംഗതികൂടി ഞങ്ങൾ വെറും സ്നേഹബുദ്ധ്യാ മി. സ്വാമിയോടു പറഞ്ഞുകൊള്ളട്ടെ ‘അവിയലിൽ എന്തും ചേരും’ എന്നുള്ള പഴമൊഴിയെ കണ്ണടച്ചു വിശ്വസിച്ച് ‘എന്തും’ ചേർക്കുന്നത് കഷ്ടമാണ്. അവിയലാണെന്നു വിചാരിച്ച്, അതിൽ അജാളിയും ചതകുപ്പയും ആവണക്കെണ്ണയും കിരിയാത്തും ചേർത്താലോ?

പക്ഷേ, എന്തു പറഞ്ഞാലെന്താണ്! ചില്ലറ ദോഷം ഗുണസന്നിപാതത്തിൽ, മഹാസമുദ്രത്തിൽ ചെറുകല്ലിനെപ്പോലെ, നിമജ്ജതി. പാലിലട വന്നപ്പോളാണ് മി. സ്വാമിയുടെ സാക്ഷാൽ സ്വരുപം പ്രത്യക്ഷപ്പെട്ടത്. ജഗദീശ്വരാ! എന്തൊരു ലാളിത്യമായിരുന്നു! എന്തൊരു നിറം! എന്തൊരു മാധുര്യം! ഉദാഹരണത്തിന് ഒന്നുരണ്ടു കയ്യിൽ ഇവിടെ വിളമ്പുവാൻ നിവൃത്തിയില്ലല്ലോ എന്നാണു ഞങ്ങളുടെ ഒരൊറ്റ വ്യസനം. മി. സ്വാമിയുടെ പാൽപ്രഥമൻ, രവിവർമയുടെ കലാകൌശലക്കൊടുമുടികളിൽ എവറസ്റ്റായ ‘മോഹിനി’ എന്ന പടത്തെയാണ് ഞങ്ങളുടെ ഓർമച്ചുമരിൽ ആണിയടിച്ചു തൂക്കുന്നത്. ഞങ്ങൾ എത്ര പ്രാവശ്യമാണ് ഒരിരുപ്പിൽ ഇതിനെ പാരായണം ചെയ്തതെന്നു ഞങ്ങൾക്ക് ഓർമയില്ല. ഊണു കഴിഞ്ഞ് അതിഥികളൊക്കെ പോയതിനുശേഷം സ്വകാര്യമായി ഒരു കോപ്പയിൽ ഞങ്ങൾ ഇതിനെ വീണ്ടും പാരായണം ചെയ്തു. എനിയും ഇതെവിടെയെങ്കിലും കണ്ടാൽ ഞങ്ങൾ എനിയും ഇതിനെ പാരായണം ചെയ്യും. മി. സ്വാമിക്ക് പ്രസാധകനായ മി. തിരുമുല്പാട് കൊടുത്ത പ്രതിഫലം, എത്രയായാലും ഒട്ടും അധികമായിപ്പോവുകയില്ലെന്നാണ് ഞങ്ങളുടെ പൂർണാഭിപ്രായം.

ടീപ്പാർട്ടി, ഗാർഡൻപാർട്ടി, വെറും തമാശച്ചായവിരുന്ന് (ഹാസസദ്യപ്രസ്ഥാനം) മുതലായവയുടെ നിരൂപണപദ്ധതി ഇതിൽനിന്നു കുറച്ചു വ്യത്യസ്തമാണ്. അവയുടെ സാമ്പിളുകൾ കൊടുപ്പാൻ സ്ഥലം മതിയാവുകയില്ല. എങ്കിലും എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കു ബോധ്യമായില്ലേ? വേണമെങ്കിൽ ഗൃഹപ്രവേശങ്ങളേയും, വനിതാസമ്മേളനങ്ങളേയും, പാലം, നിരത്ത്, വായനശാല മുതലായവയുടെ ഉൽഘാടനങ്ങളേയും, സുഗന്ധസോപ്പുകളേയും സഞ്ജയൻ ഇതേ തോതിൽ വിമർശിക്കാം.

പത്രാധിപർ:
വനിതാസമ്മേളനങ്ങളേയോ?
സഞ്ജയൻ:
അതെ, എന്താണ്?
പത്രാധിപർ:
ഒന്നുമില്ല; ഞങ്ങൾ സ്വീകരിക്കുകയില്ല.
സഞ്ജയൻ:
വേണ്ട, ഞാൻ തനിയേ വായിച്ചുരസിക്കും. അതിനു നിങ്ങളുടെ ശിപാർശി വേണ്ടല്ലോ!

സഞ്ജയന്റെ ലഘുജീവചരിത്രം

Colophon

Title: Sadyanirupanam (ml: സദ്യനിരൂപണം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-02.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Sadya nirupanam, സഞ്ജയൻ, സദ്യനിരൂപണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 2, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Blue over Multicolored, a painting by Wassily Kandinsky (1866–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.