images/Military_Camp_in_the_Forest.jpg
Military Camp in the Forest, a painting by Károly Markó (1791–1860).
ജന്നത്ത് കാ ദർവാജാ
സി. സന്തോഷ് കുമാർ

“I am no poet, but if you think for yourselves, as I proceed, the facts will form a poem in your minds.”—Michael Faraday (1791–1867)

തടവിൽ കഴിയുന്ന മനുഷ്യരുടെ മനോനില എന്തായിരിക്കുമെന്നു് പുതിയ ബാച്ചിലെ കേഡറ്റുകളിലൊരാളായ രവി തിരിച്ചറിഞ്ഞതു് സൈനിക അക്കാദമിയ്ക്കു പുറത്തുപോകാൻ അനുവാദമില്ലാതിരുന്ന ആദ്യത്തെ ആറു മാസക്കാലത്തായിരുന്നു.

തടവിൽ കഴിയുന്ന ഒരാൾക്കു് അതിനെ പ്രതിരോധിച്ചു കൊണ്ടല്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ കഴിയുകയില്ല എന്നു രവിക്കു് മനസ്സിലായി. ലഭിക്കാനിടയുള്ള പരോളോ ആത്യന്തികമായ മോചനമോ സ്വപ്നം കണ്ടുകൊണ്ടു മാത്രമായിരിക്കില്ല ഒരു തടവുപുള്ളി ആ പ്രതിരോധം തീർക്കുക. തടവറ ഭേദിച്ചു് രക്ഷപ്പെടാനുള്ള, ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാത്ത ചില രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടു കൂടിയായിരിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിയമപരമായി സ്വതന്ത്രനാകുന്ന നിമിഷമോ മതിൽ ചാടിക്കടന്നു രക്ഷപ്പെടുന്ന നിമിഷമോ പുറം ലോകത്തേയ്ക്കു് ആരുമറിയാതെ ഒരു തുരങ്കം തീർത്ത നിമിഷമോ ആവർത്തിച്ചു് ഭാവന ചെയ്തുകൊണ്ടല്ലാതെ ഒരാൾക്കു് തന്റെ തടവുകാലയളവു് പൂർത്തിയാക്കുക സാധ്യമല്ല. അല്ലാത്തപക്ഷം അയാളെ ഭ്രാന്തു് അനുഗ്രഹിച്ചിട്ടുണ്ടാവണം.

അക്കാദമിയിലെ പരിശീലനത്തിന്റെ ഏറ്റവും കഠിനമായ കാലയളവു കൂടിയായിരുന്നു ആദ്യത്തെ ആറുമാസം. രണ്ടു വർഷം നീളുന്ന പരിശീലനത്തിലെ ശേഷിക്കുന്ന മാസങ്ങൾ കഠിനമായിരുന്നില്ല എന്നു് അതിനർത്ഥമില്ല. ആദ്യത്തെ ആറു മാസം കൊണ്ടു് കേഡറ്റുകൾ ആ കാഠിന്യത്തോടു് പൊരുത്തപ്പെട്ടിട്ടുണ്ടാവും എന്നുമാത്രം.

രാവിലെ നാലുമണിക്കു് ഡ്രിൽ സാർജന്റിന്റെ വിസിൽ മുഴങ്ങുന്നതു മുതൽ രാത്രി പത്തുമണിക്കു ലൈറ്റ് അണയുന്നതു വരെയുള്ള ഓരോ സെക്കന്റും നേരത്തേതന്നെ അളന്നു കുറിക്കപ്പെട്ടിരുന്നു. അതിരാവിലെയുള്ള നാലു കിലോമീറ്റർ ഓട്ടമോ പതിനൊന്നു മണി വരെ നീളുന്ന പരേഡോ ഉച്ചയൂണിനു മുൻപും ശേഷവുമുള്ള ക്ലാസ്സുകളോ വൈകിട്ടത്തെ കളിയും കസർത്തുകളുമോ അത്താഴത്തിനു ശേഷമുള്ള റോൾകോളോ എന്തുമാകട്ടെ, അവയെല്ലാം സിവിലിയൻ ജീവിതത്തിന്റെ ലാഘവത്തെ സൈനിക ജീവിതത്തിന്റെ കാർക്കശ്യത്തിലേക്കു് പരിവർത്തനം ചെയ്യാൻ പോന്നവയായിരുന്നു.

അവയിൽ രവിയെ ഏറ്റവും ബുദ്ധിമുട്ടിച്ചതു് പരേഡായിരുന്നു.

ബാച്ചിലെ ഇരുനൂറു പേർ ഒറ്റ ശരീരവും മനസ്സുമായി ഡ്രിൽ സാർജന്റിന്റെ ആജ്ഞകൾ അനുസരിക്കുക എന്നതായിരുന്നു പരേഡിൽ വേണ്ടിയിരുന്നതു്. അതിനു് ശ്വാസം കൊണ്ടും ചലനം കൊണ്ടും ചിന്തകൾ കൊണ്ടും ഓരോരുത്തരും മറ്റുള്ളവരുമായി അലിഞ്ഞു ചേരേണ്ടിയിരുന്നു. വിവിധ തരക്കാരും ഭാഷക്കാരുമായ അപരിചിതർക്കിടയിൽ സ്വാഭാവികമായി സാധ്യമാകുന്ന ഒരു കാര്യമായിരുന്നില്ല അതു്. ശബ്ദവും വേഗവും തീക്ഷ്ണതയും ഒത്തുചേർന്ന, അമ്പു പോലെ തുളച്ചുകയറുന്ന ആജ്ഞകളിലൂടെയും കഠിനമായ ശിക്ഷാമുറകളിലൂടെയുമായിരുന്നു അതു് സാധ്യമാക്കിയിരുന്നതു്.

ആജ്ഞകൾ ചെവിയിലൂടെ മസ്തിഷ്ക്കത്തിലെത്തുകയും തുടർന്നു് മസ്തിഷ്കം അതനുസരിക്കാനുള്ള നിർദ്ദേശം പേശികൾക്കു നൽകുകയുമായിരുന്നില്ല പരേഡിൽ വേണ്ടിയിരുന്നതു്. മസ്തിഷ്ക്കത്തെ ഒഴിവാക്കി, പേശികളെ നേരിട്ടു പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു സ്വിച്ചാവുക എന്നതായിരുന്നു ഓരോ ആജ്ഞയുടെയും ധർമ്മം. പേശികൾ ആ അനുസരണം ശീലിക്കും വരെ ഓരോ ആജ്ഞയും ആവർത്തിച്ചു പരിശീലിക്കുകയും തെറ്റുകൾക്കു ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിയിരുന്നു. ഒരാൾ തെറ്റു വരുത്തിയാലും അതു് ഇരുനൂറു പേരുടേയും തെറ്റായിത്തന്നെ പരിഗണിക്കപ്പെടുമായിരുന്നു. ഇരുനൂറുപേർക്കും ശിക്ഷ ലഭിക്കുകയും ചെയ്യുമായിരുന്നു. തെറ്റുകൾക്കു് വ്യക്തിയല്ല സംഘമാണു് വിലകൊടുക്കേണ്ടി വരിക എന്ന ബോധമായിരുന്നു പരേഡ് എല്ലാവരിലും സൃഷ്ടിച്ചതു്. അതായിരുന്നു പരേഡിന്റെ ശക്തിയും.

ഉത്തരവുകൾ ചിന്തിക്കാതെ തന്നെ അനുസരിക്കാൻ ഒരു കേഡറ്റ് പ്രാപ്തനാകുന്ന ഘട്ടം വരെ തുടരുന്ന ഒന്നായിരുന്നു പരേഡിന്റെ പരിശീലനം. യുദ്ധമുഖത്തു് ശത്രുവിനെ നേരിടുമ്പോൾ പ്രയോജനപ്പെടുക ഉത്തരവിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളേക്കാൾ ആ ഉത്തരവു് എത്രയും പെട്ടെന്നു് അനുസരിക്കാനുള്ള കഴിവായിരിക്കുമെന്നതായിരുന്നു അതിനു കാരണം. ഉറച്ച ശബ്ദത്തിലുള്ള ഒരു ആജ്ഞയും അതിനനുസരിച്ചു് ഉടനടിയുള്ള ചലനവും ആയിരക്കണക്കിനു് തവണ ആവർത്തിക്കുന്നതിലൂടെ പേശികൾ മസ്തിഷ്ക്കത്തെ ഒഴിവാക്കിക്കൊണ്ടു് ഒരു കുറുക്കുവഴി കണ്ടെത്തിക്കൊള്ളുമായിരുന്നു. ശബ്ദത്തിലെ ആഴക്കുറവോ അവ്യക്തതയോ ഒക്കെ പേശികളിൽ സംശയം ജനിപ്പിക്കുമെന്നതിനാൽ ആജ്ഞകൾ എല്ലായ്പോഴും സ്ഫടികസ്ഫുടമാവേണ്ടിയുമിരുന്നു. ചുരുക്കിപ്പറഞ്ഞാൽ പരേഡ് എന്നതു് ഒരു കേഡറ്റിന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയെ മായ്ചു കളയുന്നതും അവനെ ഒരു വലിയ യന്ത്രത്തിന്റെ ഭാഗമായി പ്രവർത്തിപ്പിക്കാൻ സജ്ജമാക്കുന്നതുമായ ഒരു പ്രക്രിയ ആയിരുന്നു. പരേഡിൽ മണിക്കൂറുകളോളം ഒരേ ചലനം തന്നെ ആവർത്തിപ്പിക്കുന്നതിലൂടെ തന്റെ ശരീരം തന്റെ സ്വന്തമല്ലെന്നും മേലധികാരിയുടെ കല്പനയ്ക്കനുസരിച്ചു് ചലിക്കേണ്ട ഒരു ഉപകരണമാണതെന്നുമുള്ള ബോധ്യത്തിൽ ഒരു കേഡറ്റ് എത്തിച്ചേരുകയും ചെയ്യുമായിരുന്നു.

വളവുകളും ക്രമമില്ലായ്മയുമാണു് പ്രകൃതിയിൽ ജൈവികതയുടെ അടയാളങ്ങളെങ്കിൽ പരേഡിലെ ചലനങ്ങളിൽ അവ രണ്ടും ഇല്ലായിരുന്നു. നേർരേഖകളും കൃത്യമായ കോണുകളും മാത്രമാണു് അവിടെ ഉണ്ടായിരുന്നതു്. കേഡറ്റ് ആജ്ഞയ്ക്കനുസരിച്ചു് പ്രവർത്തിക്കേണ്ട ഒരു യന്ത്രമാകണമെങ്കിൽ പ്രകൃതിയിൽ സ്വാഭാവികമായുള്ള ജൈവികതയെ പരേഡിൽ നിരാകരിക്കേണ്ടതുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പരേഡിൽ മുന്നിലും വശങ്ങളിലുമുള്ളവരുമായി കൃത്യമായ അകലവും ശ്രേണിയിലെ തന്റെ നിർദ്ദിഷ്ട സ്ഥാനവും പാലിച്ചു്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന വായ്ത്താരിയോടെ മുന്നോട്ടു ചുവടു വയ്ക്കുമ്പോൾ കേഡറ്റുകൾക്കു് ഉന്മേഷദായകമായ ഒരു വികാരം അനുഭവപ്പെടുമായിരുന്നു. താളത്തോടെയും ഏകോപനത്തോടെയുമുള്ള, കൂട്ടമായിട്ടുള്ള ചലനം ഒറ്റക്കെട്ടു് എന്ന തോന്നൽ ഉണ്ടാക്കുന്നതും കൂടെയുള്ളവരോടുള്ള മാനസികമായ അകലം കുറയുന്നതും വിശ്വാസം ഉടലെടുക്കുന്നതുമായിരുന്നു അതിനു കാരണം. കേഡറ്റ് സ്വയം ചലിക്കുക എന്നതിനേക്കാൾ സംഘത്തിന്റെ താളം അയാളെ ചലിപ്പിക്കുക എന്ന അദ്ഭുതവും അപ്പോൾ സംഭവിക്കുമായിരുന്നു. ചിട്ടയില്ലാത്ത ഒരാൾക്കൂട്ടത്തേക്കാൾ ഏകോപനത്തോടെ, താളാത്മകമായി നീങ്ങുന്ന ഒരു സംഘം വലുതും കൂടുതൽ പ്രഹരശേഷിയുള്ളതുമായി തോന്നിപ്പിക്കുമെന്നതിനാൽ ശത്രുവിനെ ഭയപ്പെടുത്താനും കഴിയുമായിരുന്നു.

പരേഡ് ഗ്രൗണ്ടിലെ ശിക്ഷകൾ പിന്നീടു് ഒരു ശീലമായെങ്കിലും ആദ്യം ലഭിച്ച ശിക്ഷ രവിയെ തകർത്തു കളയുക തന്നെ ചെയ്തു. അതു് രവി എന്നും ഓർത്തിരിക്കുന്ന ഒരു കാര്യം കൂടിയായിരുന്നു. ആദ്യത്തെ കവിൾ പട്ടാളമദ്യം പോലെ തന്നെയാണു് ഒരു കേഡറ്റിനു് ആദ്യം ലഭിക്കുന്നത്തെ ശിക്ഷയും. രണ്ടും അയാൾ ഒരിക്കലും മറക്കുകയില്ല.

പരേഡിന്റെ പ്രാരംഭ പാഠമായ അറ്റൻഷൻ പരിശീലിക്കുമ്പോഴായിരുന്നു അതു്.

ഡ്രിൽ സാർജന്റിന്റെ തൊണ്ടയിൽ നിന്നു് ‘അറ്റൻഷൻ’ എന്ന കമാന്റ് പുറപ്പെടുമ്പോൾ തന്നെ എല്ലാവരും സഹജമായ ശരീരഭാഷ വെടിഞ്ഞു് സന്നദ്ധതയുടെ ഒരു ജ്യാമിതിയിലേക്കു് സ്വന്തം ശരീരങ്ങളെ പുനഃസൃഷ്ടിക്കണമായിരുന്നു. കാരണം അറ്റൻഷൻ എന്നതു് പുതിയ ഒരു ദൗത്യം ഏറ്റെടുക്കാനുള്ള ശാരീരികവും മാനസികവുമായ മുന്നൊരുക്കമായിരുന്നു.

വിരിഞ്ഞ നെഞ്ചും ഉയർന്ന തലയും അനന്തതയിലുറച്ച നോട്ടവുമായി, ഭൂഗുരുത്വാകർഷണത്തെ തള്ളിക്കളഞ്ഞു കൊണ്ടു്, ആകാശത്തേക്കു് കുതിക്കാൻ വെമ്പുന്ന ഊർജ്ജത്തിന്റെ ഒരു നേർരേഖ കണക്കുള്ള നില്പായിരുന്നു അറ്റൻഷനിൽ വേണ്ടിയിരുന്നതു്. ആ നില്പിലായിരുന്നു രവി പരേഡ് ഗ്രൌണ്ടിനു ചുറ്റുമുള്ള യൂക്കാലി മരങ്ങൾക്കിടയിലെ, അതു വരെ കേൾക്കാതിരുന്ന കാറ്റിന്റെ മർമ്മരം കേൾക്കുകയും ഘ്രാണത്തിന്റെ പരിധിയിലില്ലാതിരുന്ന യൂക്കാലിമണം അറിയുകയും ചെയ്തിരുന്നതു്.

അന്നു് പൊരിവെയിലിൽ വളരെ നേരമെടുത്തു് പരിശീലിച്ചിട്ടും ഇരുനൂറു പേരുടെ ആ സംഘത്തിനു് എന്തുകൊണ്ടോ അറ്റൻഷൻ വഴങ്ങിയില്ല. രവിക്കു് അന്നു് കാറ്റിന്റെ മർമ്മരം കേൾക്കാനും യൂക്കാലിമണം അറിയാനും കഴിഞ്ഞതുമില്ല. ചിലരുടെ ഉപ്പൂറ്റികൾ തമ്മിൽ മുപ്പതു ഡിഗ്രി കോണളവിൽ ചേരാതിരുന്നപ്പോൾ മറ്റു ചിലരുടെ നെഞ്ചിൻ കൂടു് വേണ്ടുംവണ്ണം വിരിയാതെയും തല ഉയരാതെയുമിരുന്നു. ഇനിയും ചിലർക്കാകട്ടെ കണ്ണുകൾ അനന്തതയിൽ ഉറച്ചതുമില്ല.

ഒടുവിൽ ഡ്രിൽ സാർജന്റ് അനിവാര്യമായ ശിക്ഷാവിധി നടപ്പാക്കുക തന്നെ ചെയ്തു. എല്ലാവരും കൈമുട്ടിലും കാൽമുട്ടുകളിലുമായി പരേഡ് ഗ്രൗണ്ടിന്റെ നീളം പത്തു തവണ ഇഴയുക എന്നതായിരുന്നു ശിക്ഷ. നിശ്ചിത സമയത്തിനുള്ളിൽ തീർക്കാത്ത പക്ഷം ശിക്ഷ ഇരട്ടിക്കുകയും ചെയ്യുമായിരുന്നു.

ശിക്ഷ അവസാനിക്കുമ്പോൾ ഇരുനൂറു കേഡറ്റുകളുടേയും കൈമുട്ടുകളിലേയും കാൽമുട്ടുകളിലേയും തൊലി അപ്രത്യക്ഷമാവുകയും വെയിലിൽ തിളങ്ങിക്കിടന്ന പരേഡ് ഗ്രൗണ്ടിന്റെ കോൺക്രീറ്റ് പ്രതലം ചോര പുരണ്ടു് മലിനമാവുകയും ചെയ്തിരുന്നു.

അന്നു രാത്രി നീറുന്ന ശരീരവും മനസ്സുമായി ഉറക്കം വരാതെ കിടന്നപ്പോളാണു് അക്കാദമിയിൽ നിന്നു് രക്ഷപ്പെടുന്ന നിമിഷത്തെക്കുറിച്ചു് രവി ആദ്യമായി ഭാവന ചെയ്യാൻ തുടങ്ങിയതു്.

പരിശീലനം ആദ്യത്തെ ആറുമാസക്കാലം പിന്നിടുന്നതോടെ പുറത്തു പോകുന്ന കാര്യത്തിൽ കേഡറ്റുകൾക്കു് ഇളവു് ലഭിക്കുമായിരുന്നു. അവധിദിവസങ്ങളിൽ വൈകിട്ടു് നാലു മുതൽ എട്ടുമണിവരെയുള്ള സമയത്തു് കേഡറ്റുകൾക്കു് പുറത്തുപോകാൻ അനുമതിയുണ്ടായിരുന്നു. അതിനു പക്ഷേ, ചില നിബന്ധനകളുണ്ടായിരുന്നു. അവയിൽ പ്രധാനം യൂണിഫോം ധരിച്ചു വേണം പുറത്തുപോകാനെന്നതായിരുന്നു. കൂടാതെ സായുധ ഭടന്മാർ കാവലുള്ള കവാടത്തിൽ സൂക്ഷിച്ചിട്ടുള്ള ചെക്ക് ഔട്ട് രജിസ്റ്ററിൽ പോകുന്നയിടം രേഖപ്പെടുത്തി ഒപ്പുവയ്ക്കുകയും വേണമായിരുന്നു.

അപ്പോഴും കേഡറ്റുകൾക്കു് തങ്ങൾക്കിഷ്ടമുള്ളിടത്തെല്ലാം പോകാൻ സാധിക്കുമായിരുന്നില്ല. വേശ്യാത്തെരുവുകൾ, ചൂതാട്ടകേന്ദ്രങ്ങൾ, മദ്യശാലകൾ തുടങ്ങിയവ വിലക്കപ്പെട്ട ഇടങ്ങളായിരുന്നു. പുറത്തുപോകുന്ന കേഡറ്റുകളുടെ നീക്കങ്ങൾ സൈനിക രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നതിനാൽ അനുമതിയില്ലാത്തിടത്തു് പോകുന്നവർ തൽക്ഷണം പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ അങ്ങനെ പുറത്തുപോയ ഒരു സന്ദർഭത്തിൽ എതിരെ വന്ന സുന്ദരികളായ രണ്ടു പെൺകുട്ടികളിലൊരാൾ മറ്റെയാളോടു് രവിയുടെ വലതു നെഞ്ചിലെ നെയിം ടാബ് ചൂണ്ടി “സീ, ഹിസ് നെയിം ഈസ് റിട്ടൺ ഓൺ ഹിസ് ചെസ്റ്റ്” എന്നു പറഞ്ഞതു് സൈനിക രഹസ്യപ്പോലീസിന്റെ പിടിയിൽ പെടുന്നതിനേക്കാൾ അയാൾക്കു് ജാള ്യതയുണ്ടാക്കിയ ഒരു സംഭവവുമായിരുന്നു.

ഇങ്ങനെ അനുവദനീയമായ മാർഗ്ഗത്തിലൂടെ പുറത്തുപോകുന്നതിൽ നിന്നു് സാഹസികരായ ചില കേഡറ്റുകൾ പക്ഷേ, വിട്ടു നിന്നു. അവർ അവലംബിച്ചതു് ‘ജന്നത്ത് കാ ദർവാജാ’ അഥവാ സ്വർഗ്ഗ കവാടം എന്നു പേരുള്ള, ചുറ്റുമതിലിൽ ഒരിടത്തെ ഒരു രഹസ്യ ദ്വാരത്തിലൂടെ ഇരുട്ടിന്റെ മറവു പറ്റി പുറത്തുകടക്കുക എന്ന മാർഗ്ഗമായിരുന്നു. രണ്ടാൾ പൊക്കവും മുകളിൽ മുൾക്കമ്പിവേലിയുമുള്ള ചുറ്റുമതിലിലെ, കാട്ടുപൊന്തകൾ മൂടിയ ആ ദ്വാരം ഒരു സമയം ഒരാൾക്കുമാത്രം നൂണ്ടിറങ്ങാൻ മാത്രം വലിപ്പമുള്ള ഒന്നായിരുന്നു. ചുറ്റുമതിലിനോരം പറ്റി നിശ്ചിത അകലത്തിൽ സ്ഥിതി ചെയ്ത വാച്ച് ടവറുകളിലും താഴെ ഗാർഡ് പോസ്റ്റുകളിലുമുള്ള സുരക്ഷാ ഭടന്മാരുടെ കണ്ണിൽ പെടാതെ വേണമായിരുന്നു ആ സാഹസത്തിനു മുതിരാൻ. അതിനാൽ അതുവഴി പുറത്തുപോകുന്നവർ സുരക്ഷാ ഭടന്മാരുടെ ശ്രദ്ധ പതിയാത്ത ഒരു സമയമായിരുന്നു തെരഞ്ഞെടുത്തിരുന്നതു്. ഇരുട്ടിയതിനു ശേഷമുള്ള, ഗാർഡ് കമാന്ററുടെ അല്ലെങ്കിൽ ഓർഡർലി ഓഫീസറുടെ അതുമല്ലെങ്കിൽ സെക്യൂരിറ്റി ഓഫീസറുടെ ആദ്യ സുരക്ഷാ പരിശോധനയുടെ സമയമായിരുന്നു അതു്. തങ്ങളുടെ ജാഗ്രതയും വിധേയത്വവും പരിശോധകരെ ബോധ്യപ്പെടുത്താനും അവരുടെ വാഹനം സമീപിക്കുന്നതു കാത്തുനിന്നു് അവരെ അഭിവാദ്യം ചെയ്യാനുമുള്ള വ്യഗ്രതയിൽ സുരക്ഷാ ഭടന്മാരുടെ ശ്രദ്ധ മറ്റൊന്നിലും പതിയുമായിരുന്നില്ല. ഒരർത്ഥത്തിൽ നോക്കിയാൽ അതൊരു തമാശയുമായിരുന്നു. സുരക്ഷാ ഭടന്മാർ പാലിക്കാൻ വിധിക്കപ്പെട്ട അച്ചടക്കവും വിധേയത്വവും അവരെത്തന്നെ ഒറ്റുകൊടുക്കുന്ന സന്ദർഭം കൂടിയായിരുന്നു അതു്.

ചുറ്റുമതിലിലെ രഹസ്യദ്വാരത്തിലൂടെ പുറത്തുകടക്കുന്നതുകൊണ്ടുള്ള മെച്ചം യൂണിഫോം ധരിക്കാതെ, രഹസ്യപ്പോലീസിനെ പേടിക്കാതെ കേഡറ്റുകൾക്കു് ഇഷ്ടമുള്ളിടത്തെല്ലാം പോകാമെന്നതായിരുന്നു. പക്ഷേ പിടിക്കപ്പെട്ടാൽ അതു് സൈന്യത്തിൽ നിന്നു് പുറത്താക്കുന്നതുൾപ്പടെയുള്ള, കർശനമായ ശിക്ഷാവിധികളിലേക്കു് നയിക്കുകയും ചെയ്യുമായിരുന്നു. പിന്നാലെ ആ രഹസ്യദ്വാരം എന്നെന്നേയ്ക്കുമായി അടച്ചു് മുദ്രവയ്ക്കപ്പെടുകയും ചെയ്യും. പക്ഷേ, അധികം വൈകാതെ ചുറ്റുമതിലിൽ മറ്റൊരിടത്തു് മറ്റൊരു രഹസ്യദ്വാരം പ്രത്യക്ഷപ്പെടുമായിരുന്നു. സൈനിക നേതൃത്വം അതു് അറിയാതിരുന്നില്ല. എന്നാൽ അടുത്ത കേഡറ്റ് പിടിക്കപ്പെടും വരെ ആരും അതു കണ്ടതായി ഭാവിച്ചില്ല. കഠിനമായ അച്ചടക്കം നിലനിൽക്കുന്ന ഇടങ്ങളിൽ ഒരു പൊട്ടിത്തെറി തടയുക അത്തരം സമ്മർദ്ദ നിവാരണ മാർഗ്ഗങ്ങളാണെന്ന തിരിച്ചറിവു് നേതൃത്വത്തിനുണ്ടായിരുന്നു. അതേസമയം പിടിക്കപ്പെടുന്നവർ യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതുമില്ലായിരുന്നു. മാത്രല്ല, ഇതു് സൈനികപരിശീലനത്തിന്റെ ഒരു ഭാഗമായിക്കൂടി നേതൃത്വം പരിഗണിച്ചിരുന്നു. ഒരു സുരക്ഷാ പഴുതു് കണ്ടെത്തുകയും അതിലൂടെ ആരാലും പിടിക്കപ്പെടാതെ വിജയകരമായി പുറത്തുപോവുകയും ചെയ്യണമെങ്കിൽ ആസൂത്രണ മികവും വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവും രഹസ്യാത്മകതയും ഒരു കേഡറ്റ് സ്വായത്തമാക്കേണ്ടിയിരുന്നു. യുദ്ധമുഖത്തു് ശത്രുപാളയത്തിലേക്കു് വിജയകരമായി നുഴഞ്ഞുകയറാൻ വേണ്ടതും ഇതേ ഗുണങ്ങളായിരുന്നു.

പരിശീലനം ആദ്യത്തെ ആറുമാസം പിന്നിട്ടതോടെ രവി അനുവദനീയമായ മാർഗ്ഗത്തിലൂടെ പുറത്തുപോകാൻ ആരംഭിച്ചിരുന്നുവെങ്കിലും ചുറ്റുമതിലിലെ രഹസ്യ ദ്വാരത്തിലൂടെ ആദ്യമായും അവസാനമായും അവൻ പുറത്തുകടന്നതു് രണ്ടു വർഷത്തെ പരിശീലനം അവസാനിക്കുന്നതിനു് ഏതാനും ആഴ്ചകൾ മുമ്പുള്ള ഒരു സന്ധ്യയ്ക്കായിരുന്നു. പരിശീലനകേന്ദ്രമാകെ പാസ്സിങ്ങ് ഔട്ട് പരേഡ് റിഹേഴ്സലിന്റേയും ഫൈനൽ പരീക്ഷകളുടേയും ചൂടിലായിരുന്ന ദിവസങ്ങളായിരുന്നു അതു്. രവിയും അതിൽ നിന്നു് മുക്തനായിരുന്നില്ല. ആ സമ്മർദ്ദത്തിൽ നിന്നു് ഒരു വിടുതൽ എന്ന നിലയ്ക്കാണു് സുഹൃത്തുക്കളിലൊരാളായ സ്റ്റീഫൻ ‘ബങ്ക് ഔട്ടി’നു ക്ഷണിച്ചപ്പോൾ—ചുറ്റുമതിലിലെ രഹസ്യ ദ്വാരത്തിലൂടെ പുറത്തു പോകുന്നതിനു് കേഡറ്റുകൾ ആ വാക്കായിരുന്നു ഉപയോഗിച്ചിരുന്നതു്—രവി പൊടുന്നനെ സമ്മതിക്കുകയുണ്ടായതു്. അത്ര നാളും രവി തടുത്തു നിർത്തിയിരുന്ന ഒരാഗ്രഹം കൂടിയായിരുന്നു അതു്. മാത്രമല്ല പരിശീലനം തീരുംമുമ്പ് അത്തരം ഒരനുഭവത്തിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ അതു് ഒരു കുറവായിരിക്കുമെന്നുകൂടി രവിക്കു് തോന്നുകയും ചെയ്തിരുന്നു.

സ്റ്റീഫൻ ഇത്തരം കാര്യങ്ങളിൽ പരിചയസമ്പന്നനായ ഒരാളാണെന്നതായിരുന്നു രവിയുടെ ധൈര്യം. കേഡറ്റുകൾക്കിടയിൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ തവണ ബങ്ക് ഔട്ട് നടത്തിയിട്ടുള്ളയാളും സ്റ്റീഫനായിരുന്നു.

സെലക്ഷൻ സമയത്തെ വൈദ്യപരിശോധനയ്ക്കു് വൈകിവന്നതിനു് മെഡിക്കൽ ഓഫീസറുടെ ശകാരമേറ്റുവാങ്ങുകയും ഗുഹ്യരോഗ പരിശോധനകൾക്കായി മറ്റെല്ലാ കേഡറ്റുകളും നിന്നിടത്തു തന്നെ നിന്നു് വസ്ത്രങ്ങളഴിച്ചു പൂർണ്ണനഗ്നരായപ്പോൾ വസ്ത്രമഴിക്കാൻ ചെയ്ഞ്ചിങ്ങ് റൂം അന്വേഷിച്ചു നടന്നു് പ്രശസ്തനാവുകയും ചെയ്ത വ്യക്തിയായിരുന്നു സ്റ്റീഫൻ.

അതിലും പ്രശസ്തി നേടിയ സംഭവം പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുടെ നിർണ്ണയത്തിനായി കുനിഞ്ഞു നിന്നു് ചുമയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടു് പിന്നിൽ നിന്നു് പരിശോധിക്കുന്ന വേളയിൽ, മെഡിക്കൽ ഓഫീസർ സ്റ്റീഫനോടു് “ഡൂ യു സ്മോക്ക്?” എന്നു ചോദിച്ചതും അതിനു മറുപടിയായി സ്റ്റീഫൻ “എന്താ, സർ അതിലേ പുക വരുന്നുണ്ടോ?” എന്നു് തിരിച്ചു ചോദിച്ചതുമായിരുന്നു.

പിന്നീടു് സ്റ്റീഫനെ അടുത്തറിഞ്ഞപ്പോൾ അച്ഛനുപേക്ഷിച്ചു പോയ, സ്വന്തമായി വീടില്ലാത്ത, അമ്മയും മൂന്നു സഹോദരിമാരും ഒരു കന്യാസ്തീ മഠത്തിന്റെ തണലിൽ കഴിയുന്ന ഒരാൾക്കു് കാര്യങ്ങളെ ലഘുവായി കണ്ടുകൊണ്ടല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്നു രവിക്കു് മനസ്സിലായി.

“തൃപ്തിയില്ലാത്ത, അഭിമാനം തോന്നാത്ത, ജീവിത സാഹചര്യങ്ങൾ ഒരാളെ ദോഷൈകദൃക്കും വാക്കുപാലിക്കാത്തവനും കള്ളം പറയുന്നവനുമാക്കും. അല്ലെങ്കിൽ തമാശക്കാരനാക്കും. എന്റെ ജീവിതം കൊണ്ടു് ഞാൻ മനസ്സിലാക്കിയതാണു്. ഞാൻ ഇതിൽ രണ്ടാമത്തേതു് തിരഞ്ഞെടുത്തുവെന്നു മാത്രം,” ഒരിക്കൽ സ്റ്റീഫൻ രവിയോടു പറഞ്ഞു.

“ശിവാജി നഗറിലെ ഇംപീരിയൽ ബാറിൽ പോയി കാബറെ കാണണം, ചില്ലിചിക്കൻ ഉപദംശമാക്കി രണ്ടു് ബിയർ കുടിക്കണം”, സ്റ്റീഫൻ ബങ്ക് ഔട്ട് പോയാലുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി.

രവി ഒന്നു ഞെട്ടി. മാസാവസാനമാണു്. പണത്തിനു് ഞെരുക്കമുണ്ട്. കിട്ടിയ സ്റ്റൈപ്പന്റെല്ലാം ഏതാണ്ടു് തീർന്നിരിക്കുന്നു.

അതു മനസ്സിലാക്കിയിട്ടെന്നോണം സ്റ്റീഫൻ പറഞ്ഞു, “എന്റെ കൈയിലും ഒന്നുമില്ല. നമുക്കു വഴിയുണ്ടാക്കാം.”

അക്കാദമിയിൽ സ്റ്റീഫൻ അതീവ രഹസ്യമായി തുടർന്നു പോന്നിരുന്ന ഒരു വിനോദമുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില പോസ്റ്റുകളിൽ ഗാർഡ് ഡ്യൂട്ടി ലഭിക്കുന്ന കേഡറ്റുകളെ കണ്ടുപിടിച്ചു് അവിടെ പണ്ടു് ഒരാത്മഹത്യ നടന്നിട്ടുള്ളതാണെന്നും അതിനാൽ പ്രേതബാധയുള്ളയിടമാണെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു അതിന്റെ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടം പാതിരാത്രി പിന്നിടുമ്പോൾ കേഡറ്റുകൾക്കു് ക്ലോത്തിങ്ങിനൊപ്പം ലഭിക്കുന്ന വെളുത്ത ബെഡ്ഷീറ്റ് തല വഴി പുതച്ചു് ആ പോസ്റ്റുകളുടെ കാഴ്ചവട്ടത്തിലെത്തി ഡ്യൂട്ടി ചെയ്യുന്നവരുടെ ശ്രദ്ധ പതിയും വരെ ഉലാത്തുന്നതായിരുന്നു. മൂന്നാം ഘട്ടത്തിൽ സ്റ്റീഫനു് ഒന്നും ചെയ്യേണ്ടതുണ്ടായിരുന്നില്ല.രാത്രി മുഴുവൻ ഡ്യൂട്ടി ചെയ്തവർ സ്വമേധയാ പിറ്റേന്നു രാവിലെ തന്നെ സ്റ്റീഫനെ കാണാനെത്തിക്കൊള്ളുമായിരുന്നു.

ഭയവും വിശ്വാസവും കലർന്ന ഒരു വികാരത്തോടെ അവർ തലേ രാത്രി നടന്നതെല്ലാം സ്റ്റീഫനു മുന്നിൽ വിവരിക്കുകയും സ്റ്റീഫൻ അവരുടെ തലയിൽ കൈവച്ചു കൊണ്ടു് “ഭരോസാ രഖോ. ഇസ് ദുനിയാ മേം ഐസാ ബഹുത് കുഛ് ഹേ ജോ ഹം നഹീം ജാൻതേ.”—ഈ പ്രപഞ്ചത്തിൽ നമുക്കറിയാത്ത പലതുമുണ്ടെന്നു് ഇനിയെങ്കിലും വിശ്വസിക്കൂ എന്നു പറയുകയും ചെയ്യുന്നതായിരുന്നു അതിന്റെ പര്യവസാനം. അതിനകം അവരിൽ ചിലരെങ്കിലും സ്റ്റീഫന്റെ അനുയായികളായി മാറിക്കഴിഞ്ഞിട്ടുമുണ്ടാവും.

സ്റ്റീഫൻ രവിയേയും കൂട്ടി പോയതു് അങ്ങനെയുള്ള ഒരനുയായിയുടെ അടുത്തേയ്ക്കായിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ നേരമായിരുന്നു അതു്. പരേഡ് ഗ്രൌണ്ടിനെച്ചുറ്റിയുള്ള ടാർ നിരത്തിലൂടെ അവർ ആ അനുയായി താമസിക്കുന്ന ഹോസ്റ്റലിലേക്കു നടന്നു. അക്കാദമിയിലെ ഏറ്റവും വലിയ തുറസ്സായിരുന്നു പരേഡ് ഗ്രൌണ്ട്. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ നാലിരട്ടിയോളം വലിപ്പമുള്ള, ദീർഘചതുരാകൃതിയിൽ കോൺക്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ള അവിടം കേഡറ്റുകളെ സംബന്ധിച്ചിടത്തോളം ദിവ്യബലിയർപ്പിക്കപ്പെടുന്ന അൾത്താരയായിരുന്നു. വ്യക്തികൾ ഇല്ലാതാവുകയും പറ്റങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നതു് അവിടെ വച്ചായിരുന്നു.അവിടെ ഒഴുക്കുന്ന ഓരോ തുള്ളി വിയർപ്പും യുദ്ധമുഖത്തു് ലാഭിക്കുന്ന ഓരോ തുള്ളി ചോരയായിരുന്നു. പരേഡ് ഗ്രൌണ്ടിന്റെ അതിരുകൾ വീതിയുള്ള ചുണ്ണാമ്പു വരകൾ കൊണ്ടു് അടയാളപ്പെടുത്തിയിരുന്നു. ആ വരകൾ ഒരു അറവുകത്തിയുടെ വായ്ത്തല പോലെ കണിശമായതും സന്ധിക്കുന്ന നാലു മൂലകളിലും ഒരു മട്ടകോണിന്റെ അളവു് കടുകിട തെറ്റാതെ പാലിക്കുന്നതുമായിരുന്നു. പരേഡിനല്ലാതെ അതിനുള്ളിൽ പ്രവേശിക്കുന്നതോ അതു് വിലങ്ങിക്കടക്കുന്നതോ നിഷിദ്ധമായിരുന്നു. ഉച്ചവെയിൽ മരീചിക സൃഷ്ടിച്ചു കൊണ്ടിരുന്ന അവിടം ചാര നിറമുള്ള ഒരു മരുഭൂമിയുടെ ജലബിംബം പോലെ കിടന്നു.

കേവൽ കിഷൻ എന്നായിരുന്നു സ്റ്റീഫന്റെ ആ അനുയായിയുടെ പേരു്. ഞായറാഴ്ച മെസ്സിൽ ബഡാ ഖാനയുടെ ദിവസമായിരുന്നതിനാൽ ഹോസ്റ്റലിൽ എല്ലാവരും മയക്കത്തിലായിരുന്നു, കേവൽ കിഷൻ ഒഴികെ. അയാൾ ‘ഫണ്ടമെന്റൽസ് ഓഫ് ഇലക്ട്രിക്കൽ ടെക്നോളജി’ എന്ന ടെക്സ്റ്റ് ബുക്കും കൈയിൽ പിടിച്ചു് ഉറങ്ങാതിരുന്നു. എത്ര പഠിച്ചാലും അയാളുടെ തലയിൽ കയറാത്ത വിഷയമായിരുന്നു അതു്. പോരാത്തതിനു് ഫൈനൽ പരീക്ഷയും അടുത്തിരിക്കുന്നു.

“വരൂ. ഇരിക്കൂ,” കേവൽ കിഷൻ സ്റ്റീഫനോടും രവിയോടും പറഞ്ഞു, “വൈകിട്ടു് ഒരു സത്സംഗമുണ്ടു്. പോണം. അതിനു മുമ്പ് പരീക്ഷയ്ക്കുള്ള എന്തെങ്കിലും വായിച്ചേക്കാമെന്നു കരുതി.”

കേവൽ കിഷൻ അവധി ദിവസങ്ങളിലെ അനുവദിക്കപ്പെട്ടിട്ടുള്ള സമയങ്ങളിൽ പുറത്തുപോകുന്നതു തന്നെ സത്സംഗങ്ങൾ എവിടെയുണ്ടെന്നു് കണ്ടുപിടിച്ചു് അതിൽ പങ്കെടുക്കാനാണു്.

“ഒരു തരത്തിൽ പറഞ്ഞാൽ ഈ വിഷയം വളരെ രസകരമാണു്,” ‘ഫണ്ടമെന്റൽസ് ഓഫ് ഇലക്ട്രിക്കൽ ടെക്നോളജി’ എന്ന പുസ്തകം കേവൽ കിഷന്റെ പക്കൽ നിന്നു് വാങ്ങി പേജുകൾ മറിച്ചു കൊണ്ടു് സ്റ്റീഫൻ പറഞ്ഞു, “പ്രപഞ്ചം നിശ്ചലതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിനു് ഒരു ഉദാഹരണമാണു് അനക്കമില്ലാത്ത ഒരു കാന്തത്തിനു് സമീപമുള്ള അനക്കമില്ലാത്ത കമ്പിച്ചുരുൾ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നില്ല എന്നതു്. അതിനു് കമ്പിച്ചുരുളോ കാന്തമോ ഏതെങ്കിലും ഒന്നു് ചലിക്കേണ്ടതായിട്ടുണ്ടു്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്റെ ആധാരം തന്നെ ചലനമാണു്. ഊർജ്ജവും ചൈതന്യവും സൃഷ്ടിക്കപ്പെടുക ചലനത്തിലൂടെയും ഘർഷണത്തിലൂടെയുമാണു്. ഒപ്പം, പരസ്പരം സ്പർശിച്ചുകൊണ്ടല്ലാതെ കാന്തിക മണ്ഡലത്തിലെ വ്യതിയാനം കൊണ്ടു മാത്രം കമ്പിച്ചുരുളിൽ വൈദ്യുതി സന്നിവേശിക്കുന്നതു് പ്രപഞ്ചത്തിലെ ഒരു വസ്തുവും ഒറ്റപ്പെട്ട ഒന്നല്ലെന്നും അവയെല്ലാം അപാരമായ ഒരു സമഗ്രതയാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വസ്തുക്കളുടെ ഭൌതികമായ അതിരുകൾ എന്നതു് വെറും മായയാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നതുമാണു്.

ഒരു കാന്തം കമ്പിച്ചുരുളിലേക്കു് കയറ്റുമ്പോൾ അതിൽ വിദ്യുതു് പ്രവാഹം ഉണ്ടാകുന്നതോടൊപ്പം കാന്തത്തിന്റെ പ്രവേശനത്തെ തടയാൻ കമ്പിച്ചുരുൾ പെട്ടെന്നു് ഒരു കാന്തികബലം കൂടി സൃഷ്ടിക്കുന്നുണ്ടു്. ഇനി കാന്തം പിന്നോട്ടു് വലിച്ചാലോ, അതിനെ തിരികെ പിടിച്ചുനിർത്താൻ പാകത്തിൽ കമ്പിച്ചുരുൾ വിദ്യുത്പ്രവാഹത്തിന്റെ ദിശ മാറ്റി കാന്തിക ബലം വിപരീതമാക്കുകയും ചെയ്യും. ഇതു് പ്രപഞ്ചം അതിന്റെ സന്തുലിതാവസ്ഥയ്ക്കുണ്ടാകുന്ന ഭംഗങ്ങളെ സ്വാഭാവികമായി പ്രതിരോധിക്കുന്നതിന്റേയും അതു് നിലനിർത്താനായി തുല്യവും വിപരീതവുമായ ഒരു ആന്തരിക പ്രതികരണത്തെ സൃഷ്ടിക്കുന്നതിന്റേയും ഫലമാണു്. മാറ്റങ്ങളെ നിഷ്ക്രിയമായി അനുവദിച്ചു കൊടുക്കുന്ന ഒന്നല്ല പ്രപഞ്ചം. അതു് എപ്പോഴും ഒരു സംവാദം ആവശ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫാരഡേയുടെ നിയമം നമ്മോടു പറയുന്നതു് വൈദ്യുതി എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിനേക്കാൾ പ്രപഞ്ചം എന്നതു് തുടർന്നുകൊണ്ടേയിരിക്കുന്ന ഒരു സംവാദവും അതേത്തുടർന്നു് പുനഃസ്ഥാപിക്കപ്പെടുന്ന ഒരു സംതുലനവുമാണെന്നാണു്.”

സ്റ്റീഫൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ—ഒരു തവണ കൂടി ബങ്ക് ഔട്ട് പോകാൻ പറ്റുന്നത്ര—പണം കേവൽ കിഷൻ കടമായി നല്കി. സത്സംഗത്തിൽ പ്രഭാഷണം നടത്തിയ ഒരു ഗുരുവിനു് ദക്ഷിണ നല്കും മട്ടിലായിരുന്നു അതെന്നു മാത്രം.

“സ്റ്റീഫൻജീ, എക്സാം സേ പെഹലേ ഹം ഏക് ബാർ ഫിർ ബൈഠേംഗേ,” ഇറങ്ങാൻ നേരം കേവൽ കിഷൻ സ്റ്റീഫനോടു് പറഞ്ഞു.

“തീർച്ചയായും. പരീക്ഷയ്ക്കു് മുമ്പ് നമുക്കു് ഒരിക്കൽ കൂടി ഇരിക്കാം”, സ്റ്റീഫൻ അയാൾക്കു് ഉറപ്പു കൊടുത്തു.

ആദ്യമായി ബങ്ക് ഔട്ട് പോകും മുമ്പു് ഒരുങ്ങിത്തന്നെ പോകാൻ രവി തീരുമാനിച്ചു. യൂണിഫോമിന്റെ ബാധ്യതയില്ല എന്ന തിരിച്ചറിവു് അവനെ ആഹ്ലാദിപ്പിച്ചു. തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ കാര്യങ്ങളെല്ലാം എളുപ്പമാണെന്നു് അവനു തോന്നി. തീരുമാനമെടുക്കുക എന്നതാണു് ഏറ്റവും ബുദ്ധിമുട്ടു്.

ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ചു് രവി കണ്ണാടിക്കു മുമ്പിൽ നിന്നു. വലതു നെഞ്ചിൽ നെയിം ടാബ് ഇല്ല എന്നതു ശരി തന്നെ. പക്ഷേ, തന്റെ രൂപം, മുഖത്തെ ഭാവം ഒക്കെ അവനെ നിരാശപ്പെടുത്തി. തലയിലെ കുറ്റിമുടി, പുറത്തേയ്ക്കുന്തിയ ചെവികൾ, ക്ലീൻ ഷേവ് ചെയ്ത യന്ത്രമനുഷ്യന്റേതു പോലെയുള്ള മുഖം—ആകെ നോക്കിയാൽ ഒരു പ്രതിമയുടെ കല്ലിച്ച ഭാവം. എല്ലാ കേഡറ്റുകൾക്കും ഇതേ രൂപവും ഭാവവുമാണെന്നു് രവി ഓർത്തു; അക്കാദമിയിലെത്തി ആദ്യമായി മുടി വെട്ടുന്നതോടെയാണു് അതു സംഭവിക്കുന്നതു് എന്നും.

ടാൽക്കം പൗഡറിന്റേയും ആന്റിസെപ്റ്റിക് ലോഷന്റേയും മണം നിറഞ്ഞുനിന്ന, ചുവരിൽ വലിയ നിലക്കണ്ണാടികളുള്ള അക്കാദമിയിലെ ബാർബർ ഷോപ്പിൽ ആദ്യമായി മുടിവെട്ടിയ സന്ദർഭം രവിക്കു് ഓർമ്മ വന്നു.

ഒരു ഡസനോളം വരുന്ന ഉയരമുള്ള മരക്കസേരകൾക്കു പിന്നിൽ ക്ഷുരകന്മാർ നിസ്സംഗരായി കാത്തുനിന്നിരുന്നു. അവരുടെ വേഗവും കൈത്തഴക്കവും അസാമാന്യമായിരുന്നു. കത്രികയും ചീപ്പുമല്ല, കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ട്രിമ്മറായിരുന്നു അവരുടെ ആയുധം. അതു് ഏതാനും നിമിഷങ്ങൾ പ്രവർത്തിച്ചു കഴിയുന്നതോടെ തലയുടെ പിന്നിലും വശങ്ങളിലും അര മില്ലീമീറ്റർ നീളത്തിലും മുകളിൽ രണ്ടു മില്ലീമീറ്റർ നീളത്തിലും മാത്രം മുടി ബാക്കിവച്ചു കൊണ്ടു് സീറോ കട്ട് നടപ്പിലാക്കപ്പെടുമായിരുന്നു. കേഡറ്റുകൾക്കു് പറഞ്ഞിട്ടുള്ള മുടിവെട്ടുരീതിയായിരുന്നു അതു്.

മുടി വെട്ടിക്കഴിയും വരെ രവി മുന്നിലെ കണ്ണാടിയിലേക്കു് നോക്കിയതേയില്ല. പുതപ്പിച്ച വെള്ളത്തുണിക്കുമേൽ പറ്റം പറ്റമായി ഉതിർന്നിറങ്ങുന്ന നീളൻ മുടിച്ചുരുളുകളിൽ മാത്രം അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു. അപ്പോൾ അവനു് അവസാനമെടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ ഓർമ്മ വന്നു. ബിരുദ പഠനത്തിന്റെ ആദ്യവർഷം യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു സാഹിത്യ ക്യാമ്പിലേക്കു് അപേക്ഷിക്കാൻ വേണ്ടിയായിരുന്നു അതു്. ആ ഫോട്ടോ തന്നെയായിരുന്നു സൈന്യത്തിലെ ജോലിക്കു് അപേക്ഷിക്കാൻ വേണ്ടി അവൻ ഉപയോഗിച്ചതും. ആ ഫോട്ടോ എടുത്ത ദിവസം കൃത്യമായി അവന്റെ ഓർമ്മയിലുണ്ടായിരുന്നു. കോളജിനു മുന്നിലെ ഒരു ചെറിയ സ്റ്റുഡിയോ ആയിരുന്നു അതു്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയായിരുന്നു. സാഹിത്യ ക്യാമ്പിനു് അപേക്ഷിക്കാനുള്ള അവസാന ദിവസവുമായിരുന്നു.

“ഫോട്ടോ ഇന്നുതന്നെ വേണം. ഒരു കോളജിൽ നിന്നു് ഒരാളാണു് പങ്കെടുക്കുക. നമ്മുടെ കോളജിൽ നിന്നു് നീയാണു്,” അവന്റെ മലയാളം അദ്ധ്യാപകൻ അന്നു രാവിലെ പറഞ്ഞിരുന്നു.

കറുത്ത തുണി കൊണ്ടു് പാർട്ടീഷൻ ചെയ്ത അനാർഭാടമായ ഒരിടമായിരുന്നു സ്റ്റുഡിയോയുടെ ഡ്രെസ്സിങ് റൂം. ക്യുട്ടിക്കൂറയുടെ ഒരു ടിന്നു പൗഡറും ഒരു പഫ് ബോക്സും ഒരു പ്ലാസ്റ്റിക് ചീപ്പും കണ്ണാടിയുമായിരുന്നു ആകെയുളള സാമഗ്രികൾ. വാട്ടേജ് കുറഞ്ഞ ഒരു ബൾബിന്റെ മഞ്ഞ വെളിച്ചം അവിടെ പനിച്ചു നിന്നിരുന്നു. ആ വെളിച്ചത്തിൽ നിന്നുകൊണ്ടു് അവൻ കണ്ണാടിയിൽ നോക്കി. എണ്ണയും വിയർപ്പും ചേർന്നു് തിളക്കം വരുത്തിയ മുഖം അവനു് ഒട്ടും തൃപ്തികരമായി തോന്നിയില്ല. മുഖക്കുരു പടർന്ന തുടുപ്പില്ലാത്ത കവിളുകൾ. ആവശ്യത്തിലുമധികം വലിപ്പമുള്ള ചുണ്ടുകൾ. (കവിളുകൾ തുടുക്കുമ്പോൾ ചുണ്ടുകളുടെ വലിപ്പം അനുപാതത്തിലാകും എന്നാണവന്റെ പ്രതീക്ഷ). കനം വയ്ക്കാനിരിക്കുന്ന മീശ. വിഷാദത്തിന്റെ ഉറവ കിനിയുന്ന കണ്ണുകൾ.

മുഖത്തിന്റെ ആ കുറവുകളേയും അനുപാതമില്ലായ്കകളേയും ഒരു പരിധിവരെ പരിഹരിച്ചിരുന്നതു് ചെവി മൂടുംവിധം നീട്ടിവളർത്തി, തലയുടെ ഇടതു വശത്തെ വകച്ചിലിൽ നിന്നു് ഇരുവശങ്ങളിലേക്കുമായി ചീകി വച്ച, ഉള്ളുള്ള, തിളങ്ങുന്ന മുടിയായിരുന്നു. അതു് തന്നെ സുന്ദരനാക്കുകകൂടി ചെയ്യുന്നുണ്ടെന്നു് ചിലപ്പോഴെങ്കിലും അവനു തോന്നാതിരുന്നുമില്ല. അതുകൊണ്ടു തന്നെ ഫോട്ടോ എടുക്കുംമുമ്പു്, കോട്ടൺ പഫ് പൗഡറിൽ മുക്കി മുഖത്തെ തിളക്കം ഒപ്പിയെടുത്തതിനു ശേഷം അവനു് ആകെ ചെയ്യാനുണ്ടായിരുന്നതു് ഉലഞ്ഞ, ഇഴകൾ സ്ഥാനം തെറ്റിക്കിടന്ന മുടി വീണ്ടും വീണ്ടും ചീകുക മാത്രമായിരുന്നു.

അന്നു് ആ ഫോട്ടോയിൽ പതിഞ്ഞ, ഇത്രയും കാലം താൻ കാര്യമായി പരിപാലിച്ചു പോന്ന മുടിയാണല്ലോ ഇപ്പോൾ പുതപ്പിന്മേലും നിലത്തും ചുരുളുകളായി വീണുകിടക്കുന്നതെന്ന ചിന്ത അവനെ വേദനിപ്പിക്കുകയും നിരാശനാക്കുകയും ചെയ്തു.

മുടിവെട്ടു് പൂർത്തിയായി ക്ഷൗരക്കസേരയിൽ നിന്നിറങ്ങാൻ നേരം അവൻ തലയുയർത്തി കണ്ണാടിയിൽ നോക്കി.

തലയോട്ടിയും താടിയെല്ലും കവിളെല്ലും അവയെ പൊതിയുന്ന ചർമ്മവും മാംസവുമല്ല, മുടിയാണു് ഒരു മനുഷ്യന്റെ മുഖത്തെ നിർവ്വചിക്കുന്നതെന്നു് അവൻ തിരിച്ചറിയുകയായിരുന്നു. മുടിയുടെ ചലനം, ഏതു നിമിഷവും സംഭവിക്കാവുന്ന അതിന്റെ ക്രമരാഹിത്യം, ഏതു ബലിഷ്ഠതയ്ക്കു മേലും വളർന്നു് അതിനെ തരളമാക്കുന്ന അതിന്റെ വൈഭവം എന്നിവയാണു് ഒരു മുഖത്തെ ജീവസ്സുറ്റതും സ്വാഭാവികവുമാക്കുക എന്നു് അവനു തോന്നി. എല്ലുകളുടെ ചട്ടക്കൂടിനേയും ചർമ്മത്തിന്റേയും മാംസത്തിന്റേയും അതിരുകളേയും ലംഘിച്ചുകൊണ്ടു് ശരീരം നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണു് മുടി. ഒരാളുടെ സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു എന്നു് അയാളെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം അയാളുടെ മുടിമുറിച്ചു കളയുക എന്നതാണെന്നു് അവൻ അന്നു മനസ്സിലാക്കി.

ശിവാജിനഗറിലെ ഇംപീരിയൽ ബാറിനുള്ളിൽ ഒരു മേശയ്ക്കിരുപുറവുമായി രവിയും സ്റ്റീഫനും ഇരുന്നു. ചില്ലുഗ്ലാസിലെ ബിയറിൽ കാബറേ നടക്കുന്ന വേദിയിൽ നിന്നുള്ള ചുവപ്പു വെളിച്ചം മിന്നിമറഞ്ഞു കൊണ്ടിരുന്നു. മദ്യത്തിന്റേയും സിഗരറ്റ് പുകയുടേയും വിയർപ്പിന്റേയും വിലകുറഞ്ഞ അത്തറിന്റേയും ഗന്ധങ്ങളും കാബറേയുടെ തളച്ചു കയറുന്ന സംഗീതവും അവിടെ നിറഞ്ഞു നിന്നു. മിന്നിത്തിളങ്ങുന്ന നാമമാത്രമായ വസ്ത്രങ്ങളും ചടുലമായ ചലനങ്ങളുമായി ഒരു നർത്തകി വേദിയിൽ ചുവടു വച്ചുകൊണ്ടിരുന്നു. അവളുടെ ചുവന്ന കുട്ടിപ്പാവാടയുടെ ഓരോ കറക്കവും മദ്യപന്മാരുടെ കണ്ണുകളെ തുറിപ്പിച്ചു കൊണ്ടിരുന്നു.

“രാത്രിയിലെ റോൾ കോളിനു് ഇനി ഒരു മണിക്കൂറേയുള്ളൂ,” സ്റ്റീഫൻ രവിയോടു് പറഞ്ഞു, “മടങ്ങുന്നെങ്കിൽ ഇപ്പോൾ മടങ്ങണം. അല്ലെങ്കിൽ രണ്ടു് ആബ്സെന്റി റിപ്പോർട്ട് ചെയ്യപ്പെടും.”

സർവ്വ ഊർജ്ജത്തേയും തന്നിലേക്കു് വലിച്ചെടുക്കുന്ന ഒരു ഗ്രഹത്തെപ്പോലെ വേദിയിൽ വട്ടം ചുറ്റിക്കൊണ്ടിരുന്ന നർത്തകിയിൽ കണ്ണുകളർപ്പിച്ചിരുന്ന രവി താൻ പറഞ്ഞതു കേട്ടില്ല എന്നായിരുന്നു സ്റ്റീഫൻ വിചാരിച്ചതു്.

“നീ മടങ്ങുന്നോ?” രവി സ്റ്റീഫനോടു് ചോദിച്ചു.

പെട്ടെന്നു് വേദിയിലെ സംഗീതം കാതടപ്പിക്കുന്ന ശബ്ദത്തിൽ അതിന്റെ പാരമ്യത്തിലെത്തി നിലച്ചു. കൈകൾ ഇരുവശത്തേക്കും വിടർത്തി, കിതച്ചുകൊണ്ടു് നർത്തകി നിശ്ചലയായി.

“നീയോ?” അപ്പോൾ സ്റ്റീഫൻ തിരിച്ചു ചോദിച്ചു.

സി. സന്തോഷ് കുമാർ
images/csanthoshkumar-new.jpg

എയർഫോഴ്സ് വെറ്റെറനും ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും.

ചതുരമുല്ല (സാഹിത്യ പ്രവർത്തക സഹകരണ സംഘം), കാറ്റുമാളിക (ഡി. സി. ബുക്സ്) എന്നിങ്ങനെ രണ്ടു് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Jannath Ka Darwasa (ml: ജന്നത്ത് കാ ദർവാജാ).

Author(s): C. Santhosh Kumar.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Jannath Ka Darwasa, സി. സന്തോഷ് കുമാർ, ജന്നത്ത് കാ ദർവാജാ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 18, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Military Camp in the Forest, a painting by Károly Markó (1791–1860). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.