images/The_Vampire.jpg
The Vampire, a painting by Philip Burne-Jones (1861–1926).
ഡ്രാക്കുള
സന്തോഷ് ഏച്ചിക്കാനം

താൻസാനിയൻ പെണ്ണുങ്ങളുടെ മുടി കണ്ടാൽ തലയിൽ കാപ്പിക്കുരു ഉണക്കാൻ ഇട്ടിരിക്കുന്നതു പോലെ തോന്നും. ബാർ കൗണ്ടറിനരികിൽ ഇരിക്കുന്ന ഇവൾ പക്ഷേ, അങ്ങനെയല്ല. മുടി പരമാവധി നീട്ടി വളർത്തി മാംബോ ട്വിസ്റ്റ് ചെയ്തു് ഒരു തെങ്ങിൽ പൂക്കുല പോലെ കെട്ടിവെച്ചിരിക്കുകയാണു്. ഈ ഒരു പ്രത്യേകതയാണു് അവളെ ജയമോഹനിലേക്കു് ആകർഷിച്ചതു്. പിങ്ക് നിറത്തിലുള്ള സ്കാർഫും വലിയ കണ്ണുകളും ഒതുങ്ങിയ അരക്കെട്ടുമെല്ലാം കാഴ്ചക്കാർക്കു വിട്ടു കൊടുത്തു് ഒരു ഹനിക്കൻ ബിയറുമായി അവൾ ഹിൽട്ടൺ ഹോട്ടലിന്റെ ഓപ്പൺ ബാറിൽ ഇരിക്കാൻ തുടങ്ങിയിട്ടു് നേരം കുറേയായി. ബെയറർ അടുത്ത റൗണ്ട് മദ്യവുമായി വന്നു. ഹെന്നസി പകർന്ന അഞ്ചു ഗ്ലാസുകൾ മേശപ്പുറത്തു വെച്ചു് അയാൾ കാലിയായ ഐസ് ബൗൾ നിറക്കാനായി തിരിച്ചു പോയി. മാർട്ടിനും വേണുവും ഹസൻ ഭായിയും ചൈനക്കാരൻ ലിയാങ്ങുമായി ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുവാൻ മരപ്പാലത്തിൽ കേറിയിട്ടു് മണിക്കൂർ ഒന്നായി. അതിന്റെ കാലുകൾക്കു് താഴെ കടൽ വെള്ളത്തിനു മേൽ നിലാവു് വീണുകിടക്കുന്നതും നോക്കി ഞാൻ ഇരുന്നു.

ഹസൻ ഭായി ഡാർ എസ് സലാമിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണു്. പ്രസിഡണ്ട് സാമിയ സുലുഹു അടക്കം ഭരണകക്ഷിയിലെ വമ്പൻ പാർട്ടികളൊക്കെ അദ്ദേഹത്തിന്റെ അടുത്ത ആളുകളാണു്. ഒരു കണക്കിനു് അവരുടെയൊക്കെ ഒരു ബിനാമി ആണെന്നു പറയാം. ഹസൻ ഭായിയുടെ നാലു് ഭാര്യമാരിൽ ഒരുത്തി ബീജിംഗ്കാരിയാണു്.

images/African-mask.jpg

താൻസാനിയയ്ക്കു് മേൽ ചൈനയുടെ പിടിവീണു തുടങ്ങിയെന്നു് ഇന്നലെ ഒന്നു രണ്ടു് സ്ഥലങ്ങളിൽ കറങ്ങിയപ്പോൾ തന്നെ എനിക്കു് മനസ്സിലായി.

ഒമാനിൽ വെച്ചാണു് ഹസൻ ഭായിയ വേണു പരിചയപ്പെടുന്നതു്. സലാലക്കാരിയായ അമ്മയുടെ വെളുപ്പും കാപ്പിരിയായ അപ്പന്റെ മൂക്കുമുള്ള ഹസൻ ഭായി വഴിയാണു് ഞങ്ങൾ ഇപ്പോൾ താൻസാനിയയിൽ എത്തിയിരിക്കുന്നതു്.

ഇക്കൂട്ടത്തിൽ ബിസിനസ്സുമായി ഒരു ബന്ധവുമില്ലാത്തതു് എനിക്കു് മാത്രം.

“ഞങ്ങൾ താൻസാനിയയിൽ. മാർബിൾ മൈനിങ് തൊടങ്ങാൻ പോവ്വാ. ഒരു പത്തു് ദിവസം അടിച്ചു് പൊളിച്ചിട്ടു് വരാം. പോരുന്നോ.” എന്നു് വേണു ചോദിച്ചതിന്റെ പിന്നാലെ സ്കൂളീന്നു് പതിനഞ്ചു് ദിവസത്തെ ലീവും ഒപ്പിച്ചു് ഒരു ബാഗും തോളിലിട്ടു് നേരെ വിട്ടു് പോന്നതാണാൻ.

“ഒരു മലയാളം മാഷ് കൂടെയുള്ളതു് കൊണ്ടു് നമുക്കു് ഒരു യാത്രാവിവരണം എഴുതാം. അല്ലേടാ വേണു.” ഫ്ലൈറ്റിൽ വെച്ചു് സെൽഫിക്കു് പോസ് ചെയ്യുന്നതിനിടയിൽ മാർട്ടിൻ ഉറക്കെച്ചിരിച്ചു.

കൊച്ചിയിലെ പേരു കേട്ട ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണു് കക്ഷി. സിമന്റിനും മെറ്റലിനും കമ്പിക്കും അപ്പുറം ഈ പ്രപഞ്ചത്തിൽ സ്ഥായിയായി വേറെ ഒന്നും തന്നെയില്ല എന്നു വിശ്വസിക്കുന്നവൻ.

ഇവരുടെ ബിസിനസ്സിന്റെ കണക്കും കാര്യങ്ങളുമെല്ലാം നോക്കുന്നതു് അടിച്ചു് കോണം തെറ്റി എന്റെ മുമ്പിൽ ഇരിക്കുന്ന ഈ ജയമോഹനാണു്. ഏതു യാത്രയിലും വേണുവിന്റെ കൂടെ ജയനുണ്ടാവും. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ മറ്റുള്ളവരുമായി സംസാരിച്ചു് അതു മുന്നോട്ടു കൊണ്ടു പോണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നതു് ഈ സി. എ. ക്കാരനാണു്. എത്ര വലിയ ഡിസ്കഷനായാലും എട്ടു മണി അടിച്ചാൽ പുള്ളി ഷട്ടറിട്ടും… പിന്നെ കുളിയൊക്കെ കഴിഞ്ഞു് നേരെ ബാറിലേക്കു്. വിദേശ യാത്രകളിൽ ഹെന്നസിയാണു് ജയന്റെ ഫേവറേറ്റ്.

പിന്നെ, ഞാനെങ്ങനെ ഇവന്മാരുടെ ഇടയിൽ പെട്ടു എന്നാവും നിങ്ങളുടെ സംശയം. സത്യം പറയാമല്ലോ ഞാൻ ചില്ലറ എഴുത്തും വായനയുമൊക്കെയായി പോകുന്ന ആളാണെങ്കിലും എനിക്കു് എഴുത്തുകാരേക്കാൾ ഇങ്ങനെ ചിലരുമായിട്ടാണു് കൂടുതൽ അടുപ്പം. എഴുത്തുകാരാകുമ്പോ അവരിലധികം പേരും സദാസമയവും അതിനെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരിക്കും. തെറ്റാണോ ശരിയാണോ എന്നറിയില്ല. എഴുത്തു് എഴുതാനുള്ളതാണു് പറയാനുള്ളതല്ല എന്നൊരു തോന്നൽ പണ്ടേ എനിക്കുണ്ടു്. എഴുത്തിന്റെ ഗുട്ടൻസൊക്കെ ഏതാണ്ടു് നമുക്കറിയാവുന്ന കാര്യമാണല്ലോ. പക്ഷേ, ഇതുപോലെ ചില ഗ്യാങ്ങിന്റെ കൂടെ കറങ്ങുമ്പോൾ കിട്ടുന്ന അനുഭവം ഒന്നു വേറെത്തന്നെയാണു്. അവന്മാരു് നമ്മളെ അതുവരെ കാണാത്ത ഏതൊക്കെയോ സ്ഥലങ്ങളിൽ കൊണ്ടെത്തിക്കും. എനിക്കു് പരിചയമുള്ള എഴുത്തുകാരെക്കാളൊക്കെ ജീവിതാനുഭവങ്ങളുള്ളവരാണു് ഇവരിൽ പലരും. ഈ വേണുവിന്റെയൊക്കെ അനുഭവം കേട്ടാ വൈക്കം മുഹമ്മദ് ബഷീറുപോലും ഞെട്ടും. പക്ഷേ, ഇവർക്കൊന്നും എഴുതാൻ കഴിവില്ലാതായിപ്പോയി. ഉണ്ടായിരുന്നേ ഇവിടെ ഒരു കൂട്ടം മഹത്തായ കൃതികൾ പിറന്നേനെ. പക്ഷേ, ഇതൊന്നും വലിയ അനുഭവങ്ങളായിട്ടു് ഇവർക്കു് തോന്നുന്നില്ല എന്നതാണു് മറ്റൊരു കാര്യം.

ചുണ്ടിൽ നുരയിട്ട ബിയറിനെ നാക്കിന്റെ അറ്റം കൊണ്ടു് ഒപ്പിയെടുക്കുന്നതിനിടയിൽ ഞങ്ങളുടെ ടേബിളിലേക്കു് പെൺകുട്ടി തറപ്പിച്ചൊന്നു നോക്കി.

പിന്നെ അങ്ങനെ ഒന്നും ചെയ്തിട്ടേ ഇല്ല എന്ന മട്ടിൽ ബെയറർ സൗജന്യമായി നൽകിയ നിലക്കടലയിൽ നിന്നും ഒരു നുള്ള് എടുത്തു് വായിലിട്ടു. അതും ചവച്ചു കൊണ്ടു് കടലിനെ നോക്കിയിരുന്നു. അവളുടെ വശ്യമായ നുണക്കുഴികളിൽ നിലാവു വീണു നിറയുന്നതു് മദ്യലഹരിക്കിടയിലും ജയമോഹൻ കണ്ടുപിടിച്ചു.

“She looked at u. വേണേ ചെന്നു് മുട്ടടാ സുധീ. കാശൊക്കെ ഞാൻ നമ്മുടെ ബഡ്ജറ്റിൽ കേറ്റിയേക്കാം.”

“എടാ അവൾ നോക്കിയതു് എന്നെയല്ല”

മേശപ്പുറത്തെ ഗ്ലാസ് അവനു നേരെ ഉയർത്തിക്കൊണ്ടു് ഞാൻ പറഞ്ഞു:

“ഇതിനെയാണു്.”

ഒരു ബോട്ടിൽ ഹെന്നസിക്കു് ഒരു ലക്ഷം ഷില്ലിങിനു മുകളിലാണു് വില. കൗണ്ടറിലിരിക്കുന്നവൻ ഒരു മേശയിലേക്കു തന്നെ നിർത്താതെ പകർന്നു കൊടുക്കുന്ന വില കൂടിയ മദ്യം ചുമ്മാ പച്ചവെള്ളം പോലെ മടമടാന്നടിക്കുന്നവരെ ഡാർ എസ് സലാമിലെ ഏതു പെണ്ണും ആരാധനയോടെ ഒന്നു നോക്കിപ്പോവും.

അപ്പോഴേക്കും വെയ്റ്റർ ബൗളുമായി തിരിച്ചു വന്നു. ഐസ് കഷണങ്ങൾ കോരിയെടുത്തു് ഹെന്നസിക്കുമേൽ നിരത്തുന്ന അവനോടു് പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ടു് ജയമോഹൻ ചോദിച്ചു:

“What’s her name?”

“Glory”

“How much she demands for a night?”

“Boss, better u ask her straight.”

മേശപ്പുറത്തു വീണ വെള്ളത്തുള്ളികൾ ടിഷ്യു പേപ്പർ കൊണ്ടു തുടച്ചെടുത്തശേഷം പോകാൻ നേരത്തു് അവൻ പറഞ്ഞു: “ലേറ്റ് ആകും തോറും റേറ്റ് കുറയും. പക്ഷേ, അവള് ഒരു പ്രത്യേക ജാതിയാ…”

“അപ്പൊ പുലർച്ചക്കു് നോക്കാം.” ജയമോഹൻ ഉറക്കെച്ചിരിച്ചു. പറയുന്നതല്ലാതെ ജയനു് ഈ വക വിഷയങ്ങളിലൊന്നും ഒരു താല്പര്യവുമില്ലെന്നു് ഞങ്ങൾക്കെല്ലാവർക്കുമറിയാം.

എന്നാൽ ബാക്കിയുള്ളവരെക്കൊണ്ടു് ഉള്ള പോക്രിത്തരങ്ങളൊക്കെ ചെയ്യിപ്പിക്കാൻ വളരെ ഉത്സാഹമാണു താനും.

കഴിഞ്ഞ ദിവസം രാത്രി ഒരു പബ്ബിൽ കേറിയതും ഇതുപോലെ ഒരുത്തി ഇവന്റെ അരികിൽ വന്നിരുന്നു് കോക്ടെയിൽ ആവശ്യപ്പെട്ടു.

അപ്പൊത്തന്നെ അവൾക്കു വേണ്ടി അതു് ഓർഡർ ചെയ്തു് മൊബൈലുമായി വെളിയിലിറങ്ങിയ ജയൻ തിരിച്ചു വന്നതു് ആ പെണ്ണു് അടുത്ത ടേബിളിൽ ഇരുന്നവന്റെ ബഡ്വൈസറും വാങ്ങിക്കുടിച്ചു് അവന്റെ ചുണ്ടുകൾ നുണയാൻ തുടങ്ങിയപ്പോഴാണു്.

കടൽ പാലത്തിൽ നിന്നും ഹസൻ ഭായി താഴേക്കിറങ്ങി. ചർച്ച അവസാനിച്ചു കാണണം.

അദ്ദേഹത്തിനു പിന്നാലെ വരുന്ന കൂട്ടുകാരുടെ മുഖത്തെ ഉന്മേഷം കണ്ടപ്പോൾ കാര്യങ്ങൾ നല്ല നിലയിൽ ചെന്നെത്തിയിട്ടുണ്ടെന്ന ഒരു തോന്നൽ എനിക്കുണ്ടായി.

ഹസൻ ഭായിയോടു് സംസാരിച്ചപ്പോൾ അതു് ശരിയാണെന്നു് ബോധ്യപ്പെട്ടു.

ലിയാങ്ങുമായി ചേർന്നു് ജോയിന്റ് വെൻച്വർ ആയിട്ടാണു് മൈനിങ് സ്റ്റാർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതു്. മിനിസ്റ്റ്രിയിൽ ഉള്ള ഒരാളുടെ അളിയന്റെ പേരിലാണു് കോഫിയിലെ സ്ഥലം കിടക്കുന്നതു്.

അതൊക്കെ ഹസൻ ഭായ് ശരിയാക്കിത്തരും. പക്ഷേ, 25 കൊല്ലത്തെ ലീസിനു് 40 കോടിയാണു് അവന്മാരു് ചോദിക്കുന്നതു്. അതിൽ ഇരുപത്തിയഞ്ചു് ലിയാങ്ങ് ഇടാമെന്നു സമ്മതിച്ചിട്ടുണ്ടു്.

മൈനിങ് തുടങ്ങിയാൽ ലാഭത്തിന്റെ 25 ശതമാനം വേറെയും കൊടുക്കണം. എന്നാലും അഡാറ് ലാഭമാണന്നാ മാർട്ടിൻ പറയുന്നേ.

സാംപിൾ നോക്കാൻ വന്ന ജിയോളജിക്കാരുടെ റിപ്പോർട്ടിൽ ആ മണ്ണിനകത്തെ മാർബിൾ പോലെ വേറെയൊരെണ്ണം ഈ ഉലകത്തിൽ വേറെ കിട്ടില്ലത്രേ. പറഞ്ഞ പോലെയാക്കെ സംഭവിച്ചാ സംഗതി ലോട്ടറിയാണു്.

ഹസൻ ഭായി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ആകാശം നോക്കി ജയമോഹൻ കസേരയിൽ മലർന്നു കിടക്കുന്നതു കണ്ടപ്പോൾ വേണുവിനു കുരു പൊട്ടി.

“മതി. മതി. നിർത്താം. കാലത്തെണീക്കണ്ടേ”

അതു കേൾക്കേണ്ട താമസം മാർട്ടിനൊഴിച്ചുവെച്ച ഗ്ലാസെടുത്തു് ജയമോഹൻ ഒറ്റവലി വലിച്ചു.

എന്നിട്ടു് ലിയാങ്ങിനു നേരെ ചെന്നു.

“ഇവിടെ എവിടെയാ നല്ല നായാട്ടിനു പോകാൻ പറ്റിയ സ്ഥലം?”

“നിങ്ങൾക്കു് വേട്ട ഇഷ്ടമാണോ?” ലിയാങ്ങ് ചോദിച്ചു.

“കേരളത്തിലൊക്കെ മുയലിനെ കൊന്നാപ്പോലും കേസാ. സിംഹത്തെ കിട്ടുമോ?”

ജയമോഹൻ ലിയാങ്ങിന്റെ കവളിലെ മഞ്ഞത്തൊലിയിൽ പിടിച്ചു് മൃദുവായി ഞെക്കി.

“ഭാഗ്യമുണ്ടെങ്കിൽ നാളെ നമുക്കൊരു നല്ല മൃഗത്തെ കിട്ടും.”

ലിയാങ്ങ് ചുണ്ടിലേക്കു് ഒരു സിഗരറ്റ് എടുത്തു വെച്ചു. കബുക്കിലേക്കു് പോകാനുള്ള വണ്ടി കാലത്തു് 6 മണിക്കു് ഹോട്ടലിന്റെ മുമ്പിൽ വരും. ഡാർ എസ് സലാമിൽ നിന്നും പത്തു് നൂറ്റമ്പതു് കിലോമീറ്റർ ദൂരമുണ്ടെന്നാണു് ഗൂഗ്ൾ നോക്കിയപ്പോൾ കണ്ടതു്. അവിടെ നിന്നു് കോഫിയിലേക്കു് പിന്നെയുമുണ്ടു്. പത്തിരുപത്തഞ്ചു് കിലോമീറ്റർ.

നാളെ രാത്രി ബ്ലോക്ക് വുഡ്ഡിൽ ഒരു പാർട്ടി വെച്ചിട്ടുണ്ടെന്നു് അറിയിച്ചിട്ടാണു് ലിയാങ്ങ് പോയതു്.

അതുകൊണ്ടു് രാവിലെ തന്നെ പുറപ്പെടണം. ഇല്ലെങ്കിൽ തിരിച്ചു് എത്തുമ്പോൾ പാതിരയാവും. പാർട്ടി മിസ് ചെയ്യരുതെന്നു് കാറിൽ കയറുന്നതിനിടയിൽ ലിയാങ്ങ് ഒന്നുകൂടി ഓർമ്മപ്പെടുത്തി.

ബില്ല് പറയാൻ തുടങ്ങിയ വേണുവിനെ തടഞ്ഞു കൊണ്ടു് ജയമോഹൻ ഹസൻ ഭായിയുടെ അരികിലേക്കു് കസേര വലിച്ചിട്ടു.

“ഹസൻ ഭായി. ആ ഇരിക്കുന്നവളെ നിങ്ങൾ ഇന്നു രാത്രി ഇവനൊന്നു് ശരിയാക്കിക്കൊടുക്കണം.”

“എനിക്കൊന്നും വേണ്ട.”

ഞാൻ ജയമോഹന്റെ കൈ എന്റെ തോളിൽ നിന്നെടുത്തു് താഴെയിട്ടു.

“പ്ലീസ് ഹസൻ ഭായി… നിങ്ങൾ അവളെ ചെന്നൊന്നു വിളി. ചുമ്മാ കുറച്ചു നേരം വർത്താനം പറഞ്ഞിരിക്കാലോ?”

അവളോടു് സംസാരിച്ചാൽ കൊള്ളാമെന്നു് എനിക്കും തോന്നി. പക്ഷേ, പുറത്തു പറയാൻ പറ്റില്ലല്ലോ. അടക്കിപ്പിടിച്ച ആഗ്രഹമേ നിന്റെ പേർ മലയാളി എന്നാകുന്നു. ഹസൻ ഭായി കൗണ്ടറിനരികിലേക്കു് ചെന്നതും വേണുവും മാർട്ടിനും ഇടപെട്ടു.

ഹസൻ ഭായിയെ വെറുമൊരു കൂട്ടിക്കൊടുപ്പുകാരനെപ്പോലെ കാണുന്നതു തെറ്റാണെന്ന രീതിയിൽ കള്ളു് തലയിൽ കേറുമ്പോഴുള്ള ജയമോഹന്റെ ഇമ്മാതിരി അവിഞ്ഞ സ്വഭാവത്തെ കണക്കിനു് കുറ്റപ്പെടുത്താൻ തുടങ്ങി. പക്ഷേ, അതൊന്നും ജയമോഹൻ മൈന്റ് ചെയ്തില്ല. ഒരു ഹെന്നസി കൂടി ഓർഡർ ചെയ്തു് അവൻ പറഞ്ഞു:

“ഓ പിന്നേ, അവൻ വല്യ പുണ്യാളനല്ലേ? എടാ അവൻ പെണ്ണിനെയല്ല ഒരു രാജ്യത്തെ മൊത്തത്തിലാണു് കൂട്ടിക്കൊടുക്കുന്നതു്.”

ഗ്ലോറിയോടു് എന്തൊക്കെയോ സംസാരിച്ച ശേഷം ചെറിയൊരു ചമ്മലോടു കൂടി ഹസൻ തിരിച്ചു വന്നു.

“ഇന്നത്തെ കാര്യം വിടു്. നേരം ഇത്രയായില്ലേ. നാളെ പാർട്ടിയുണ്ടല്ലോ. ഇതിലും വലിയ ഇടിവെട്ടു് ഐറ്റത്തിനെ നമുക്കിറക്കാം. എന്താ”

കാര്യം നടത്തിക്കൊടുക്കാൻ പറ്റാത്തതിന്റെ ചമ്മൽ മറക്കാനായി ഹസനും ഒരു ഡ്രിങ്ക് പറഞ്ഞു.

“അവടെ അപ്പൻ വലിയ റവലൂഷണറിയൊക്കെയായിരുന്നു. CCM പാർട്ടീടെ ആളാ. കഴിഞ്ഞ കൊല്ലം സാൻസിബാറിൽ വെച്ചുണ്ടായ കശപിശക്കിടയിൽ വെടിയേറ്റു് മരിച്ചു. കൊന്നതാവും. എതിർക്കുന്നവന്മാരെ പിന്നെന്തു് ചെയ്യാൻ പറ്റും.

ഇതൊക്കെ ഇവിടത്തെ സ്ഥിരം പരിപാടിയാണു്. അവളുടെ അപ്പൂപ്പനും എന്റെ അപ്പനും വലിയ ചങ്ങാതിമാരായിരുന്നു. അവരു് 64-ലെ സാൻസിബാർ വിമോചനസമരത്തിലൊക്കെ പങ്കെടുത്തവരാ. അതിന്റെ ചില പ്രശ്നങ്ങളൊക്കെ അവൾക്കുണ്ടു്. ചോരയുടെ ഗുണം പറയാതിരിക്കില്ലല്ലോ? അവൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ പ്രസിഡന്റ് വന്നാൽ പോലും അവളനങ്ങില്ലെന്നൊക്കെയാ ആ കൗണ്ടറിലിരിക്കുന്നവൻ പറയുന്നേ.”

images/Mask-with-large-mouth.jpg

“മെരുങ്ങാത്തതിനേയാ എനിക്കിഷ്ടം.” മാർട്ടിൻ പ്ലേറ്റിലെ ടി-ബോണിൽ നിന്നു് ഒരു കഷ്ണം കടിച്ചെടുത്തു.

പിറ്റേന്നു് കാലത്തു് ആറ് മണിക്കു തന്നെ വണ്ടി വന്നു. ഞങ്ങൾ തലേദിവസത്തെ കള്ളടിയുടെ ക്ഷീണവും തലവേദനയുമൊക്കെയായി സ്വയം പഴിച്ചു് കൊണ്ടു് താഴെ വന്നപ്പൊ അതാ ലോഞ്ചിൽ മൊബൈലും നോക്കിക്കൊണ്ടു് ജയമോഹൻ ഇരിക്കുന്നു…! ഇത്രയൊക്കെ വലിച്ചു് കേറ്റിയതിന്റെ ഒരു ലക്ഷണവും മുഖത്തില്ല എന്നു മാത്രമല്ല പതിവിലധികം ഉന്മേഷവാനുമാണു്.

ഇവൻ ഒരു പ്രത്യേക ജനുസ്സാണെന്നു് പണ്ടേ അറിയാവുന്നതു കൊണ്ടു് ഞങ്ങൾക്കതിൽ വലിയ ആശ്ചര്യമൊന്നും തോന്നിയില്ല.

“മാൻസയിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തു കേട്ടോ.”

മറ്റന്നാൾ മാൻസയ്ക്കു് അടുത്തുള്ള ഷരംഗട്ടി നാഷണൽ പാർക്കിലേക്കു് പോകാനാണു പ്ലാനിട്ടേക്കുന്നതു്.

“ഒരു സൂര്യകാലടി വിട്ടാലോ”

ജയമോഹൻ ചോദിച്ചു. സൂര്യൻ ഉദിച്ചു് വരുന്നതിനു മുമ്പ് ഒരു കാൽ, അതായതു് മുപ്പതു് മില്ലി വിസ്കി ഡ്രൈയായി അടിക്കുന്നതിനു് അവൻ കണ്ടെത്തിയ പേരാണു് സൂര്യകാലടി.

അതിനൊന്നും ചെവി കൊടുക്കാതെ വേണു ജയനെ പിടിച്ചു് വണ്ടിയിൽ കയറ്റി. ലിയാങ്ങിന്റെ ലാന്റ് ക്രൂയിസറിനു പിന്നാലെ ഞങ്ങളുടെ ഇന്നോവ നീങ്ങിത്തുടങ്ങിയതും പൊടുന്നനെ എല്ലാവരും ഉറക്കമായി. ശരിക്കും ഒറ്റപ്പെട്ടതുപോലെ എനിക്കു് തോന്നി.

ഇനി എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഈ ഡ്രൈവർ മാത്രമാണുള്ളതു്.

കാഴ്ചയിൽ പരുക്കനാണെങ്കിലും കുട്ടിക്കാലത്തു് പലരേയും അയാളിലേക്കു് ആകർഷിച്ചിരുന്ന നിഷ്കളങ്കമായ ചിരി അയാൾക്കൊപ്പം വളരാതെ തടിച്ച ചുണ്ടുകളിൽ പിച്ചവെയ്ക്കുന്നതു് ഞാൻ കണ്ടു. ഡാർ എസ് സലാമിന്റെ നഗരാതിർത്തി വിട്ടു് വണ്ടി ഓടി തുടങ്ങിയപ്പോഴേക്കും ജോനാഥൻ അയാളെ എനിക്കു മുന്നിൽ തുറന്നിട്ടു കഴിഞ്ഞിരുന്നു.

ഒരു മകനും മകളും ഭാര്യയും അടങ്ങുന്നതാണു് ജോനാഥന്റെ കുടുംബം. ഭാര്യക്കു് ഡാർ എസ് സലാമിൽ കിഴങ്ങുവർഗ്ഗങ്ങൾ വിൽക്കുന്ന ചെറിയൊരു പെട്ടിക്കടയുണ്ടു്. കുട്ടികളിൽ മൂത്തവന്റെ പഠിപ്പു് കഴിഞ്ഞു.

പെൺകുട്ടി പ്ലസ് ടൂ ഈ വർഷം പൂർത്തിയാക്കും. “മക്കളെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചിട്ടു വേണം എനിക്കു് ഈ ആക്സിലേറ്ററിൽ നിന്നും കാലെടുക്കാൻ.” വണ്ടിയോടിക്കുന്നതിനിടയിൽ ജോനാഥൻ തന്റെ കീറിയ ജീൻസിന്റെ അറ്റം പൊക്കി കാണിച്ചു. കടുംകെട്ടുകെട്ടിയ വെരിക്കോസ് ഞരമ്പുകളിൽ നിന്നും അയാൾക്കു് ഒരിക്കലും തന്റെ കാലുകളെ അഴിച്ചെടുക്കാൻ പറ്റില്ലെന്നു് എനിക്കു് തോന്നി.

“നിങ്ങൾ എന്തിനാ ഇതൊക്കെ വിചാരിച്ചു് ടെൻഷനടിക്കുന്നേ. അവർ അവരുടെ ജോലി കണ്ടെത്തിക്കോളും.”

“സർ ഇതു് നിങ്ങടെ കേരളം അല്ല”

ജോനാഥൻ പറഞ്ഞു.

“ആഫ്രിക്കയാണു്. ഇവിടെത്തെ ചെറുപ്പക്കാരിൽ മിക്കതിന്റേയും ജോലിയെന്താണെന്നറിയാമോ…? ആണിനു് മോഷണം… പെണ്ണിനു് പ്രോസ്റ്റിറ്റ്യൂഷൻ… നിങ്ങൾ ഒരാഴ്ചയായില്ലേ ഇവിടെ വന്നിട്ടു്…”

അയാൾ പറഞ്ഞതു് ശരിയാണു്. ചുരുങ്ങിയ ദിവസത്തിനിടയിൽ ഞാൻ ഇതൊക്കെ നേരിട്ടു് കണ്ടു് കൊണ്ടിരിക്കുകയാണു്.

സന്ധ്യമയങ്ങിയാൽ അവരവരുടെ കൂരകളിൽ നിന്നു് കൂട്ടത്തോടെ നഗരങ്ങളിലേക്കു് വരുന്ന പെൺകുട്ടികൾ. ഹോട്ടലിന്റെ ലോബികളിൽ ഇറുകിയ ഉടുപ്പും ചുണ്ടിൽ കടുത്ത ലിപ്സ്റ്റിക്കും തേച്ചു് ഊഴം കാത്തിരിക്കുന്നവർ.

പബ്ബിനു വെളിയിൽ ഒരു തണുത്ത ബിയറിനു പകരം എന്തും തരാമെന്നു് ഒരു നാണവുമില്ലാതെ വിളിച്ചു പറയുന്നവർ.

ഇവിടെ മോഷണമില്ലെങ്കിൽ പിന്നെ ഹോട്ടലിനു വെളിയിലിറങ്ങുമ്പോഴൊക്കെ ഹസൻ ഭായി ഞങ്ങൾക്കൊപ്പം തടിമാടന്മാരായ ബോഡി ഗാർഡിനെ വിടുന്നതെന്തിനാണു്?

“നിങ്ങൾ ഡ്രാക്കുള വായിച്ചിട്ടുണ്ടോ?”

ഞാൻ ചോദിച്ചു.

“അതിലെ നായകനു് നിങ്ങടെ പേരാണു്. ജോനാഥൻ. ജോനാഥൻ ഹാർക്കർ.”

“പുസ്തകമൊന്നും വായിച്ചിട്ടില്ല സർ. സിനിമയും കണ്ടിട്ടില്ല. ആളെ എനിക്കറിയാം. പറഞ്ഞു കേട്ടിട്ടുണ്ടു്.”

ജോനാഥൻ എന്റെ നേരെ നോക്കി ചിരിച്ചു.

സാമാന്യം വലിയ ഒരു സൂപ്പർമാർക്കറ്റിന്റെ മുന്നിൽ ലിയാങ്ങിന്റെ വണ്ടി നിന്നു.

ഡാർ എസ് സലാം സിറ്റി ഇവിടെ അവസാനിക്കുകയാണു്.

ഹസൻ ഭായി ഷോപ്പിനകത്തേക്കു് കയറിപ്പോകുന്നതു് കണ്ടു് ഇന്നോവ ഒതുക്കി ജോനാഥനും ഇറങ്ങി. മാർട്ടിന്റെ കൂർക്കംവലിയിൽ നിന്നുയർന്ന നീരാവി വണ്ടിയുടെ ചില്ലുകളെ മൂടൽമഞ്ഞു് പോലെ വെളുപ്പിച്ചു. കുറച്ചു് കഴിഞ്ഞപ്പോൾ നാലഞ്ചു് കാരിബാഗുകൾ നിറയെ സോഫ്റ്റ് ഡ്രിംഗ്സിന്റെ ബോട്ടിലുകളും റൊട്ടികളുമൊക്കെയായി ഹസൻ ഭായിക്കൊപ്പം ഇറങ്ങി വന്ന ജോനാഥൻ അതൊക്കെ ലാന്റ് ക്രൂയിസറിലിട്ടു് ഇന്നോവയിൽ കയറി.

“എന്തിനാ ഇത്രേം. ഇതൊക്കെ ആരു് കഴിക്കാനാ.”

ഞാൻ ചോദിച്ചു. “ഇവിടെ മുഴുവൻ വിശക്കുന്നവരാണു് സർ” ജോനാഥൻ വണ്ടി മുന്നോട്ടെടുത്തു. ആകാശത്തിന്റെ അറ്റം വരെ എത്തുന്ന കൃഷിയിടങ്ങൾ. പശുക്കളും പോത്തും മേയുന്ന ബോ ബാബും അക്കേഷ്യയും കിഷേലിയയും വളർന്നു നിൽക്കുന്ന പുൽമേടുകൾ… “ജോനാഥനു കൃഷിയുണ്ടോ?” ഞാൻ ചോദിച്ചു. അയാൾ അതിനു മറുപടി പറയാതെ സ്വയം ഒന്നു ചിരിച്ചു. പിന്നെ പറഞ്ഞു.

“അതൊക്കെ നിങ്ങൾ ഇന്ത്യക്കാർക്കല്ലേ?” പിന്നിലുള്ളവരെ ഉണർത്താൻ വേണ്ടി മനപ്പൂർവ്വം വണ്ടി അയാൾ ഒരു ഗട്ടറിലിട്ടു. മേലോട്ടു് പൊങ്ങിയ വേണു ഒരു നിലവിളിയോടെ സീറ്റിൽ വീണു. ജോനാഥൻ ഭവ്യതയോടെ സോറി പറഞ്ഞു. പിന്നെ നിഷ്കളങ്കമായ ചിരിയോടെ അയാൾ എന്നെ നോക്കി.

റോഡ് വക്കിലൊക്കെ ഷീറ്റിട്ട ചെറിയ വീടുകൾ…

മുറ്റത്തെ വെയിലിൽ ഉണങ്ങിക്കൊണ്ടിരിക്കുന്ന പിഞ്ഞിയ കുപ്പായങ്ങൾ. ഉമ്മറത്തു് കാലും നീട്ടിയിരുന്നു് മുറത്തിലെ ധാന്യത്തിൽ നിന്നു് പതിരുകൾ എടത്തു മാറ്റുന്ന പ്രായംചെന്ന പെണ്ണുങ്ങൾ.

അവരുടെ കൺവെട്ടത്തിനു ചുറ്റും സ്വന്തമായി ഉണ്ടാക്കിയ കളിപ്പാട്ടങ്ങളുമായി ഓടി നടക്കുന്ന കുട്ടികൾ. അമ്മ ഒന്നാണെങ്കിലും അവർ ഓരോരുത്തർക്കും വെവ്വേറെ തന്തമാരാണു്. അവരെ അവർക്കറിയില്ല. ആരാണെന്നവർ ചോദിക്കാറുമില്ല. മിക്കവാറും പേരക്കുട്ടികളെ നോക്കി വളർത്തുന്നതു് മുത്തശ്ശിമാരാണു്.

കോഫിയിലെത്തും വരെ ജോനാഥൻ തന്റെ നാട്ടിലെ ഓരോരോ കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു.

“സൗത്ത് സുഡാനും സോമാലിയയും പോലെയല്ല… പട്ടിണി കിടന്നു് ചാവാതിരിക്കാൻ സാമിയ സുലുഗു ഞങ്ങൾക്കിത്തിരി ഭക്ഷണം തരും. ഭക്ഷണം മാത്രം.”

കോഫി ചെറിയൊരു കവലയാണു്. അഞ്ചെട്ടു് കെട്ടിടങ്ങൾ. ഞങ്ങളെത്തുമ്പോൾ ധാരാളം ആളുകൾ അവിടെ കൂടിനിൽക്കുന്നുണ്ടു്. വണ്ടികൾ കണ്ടതും എന്തോ വലിയ അത്ഭുതം സംഭവിച്ചതുപോലെ അവർ അതിനു ചുറ്റും ഓടിക്കൂടി. വണ്ടിയുടെ ചില്ലിനപ്പുറം തഴമ്പിച്ചതും ചേറുപിടിച്ചതുമായ കൈകൾ എന്തൊക്കെയോ സംസാരിക്കാൻ തിരക്കുകൂട്ടി.

യാചനയും പരിഭവങ്ങളും പരാതികളും…

ലിയാങ്ങും ഹസൻ ഭായിയും നേരത്തേ വാങ്ങിയ പാനീയത്തിന്റെ കുപ്പികൾ അവർക്കു് എറിഞ്ഞു കൊടുക്കാൻ തുടങ്ങി. റൊട്ടി കഷണങ്ങൾക്കുമേൽ അവർ നായ്ക്കളെപ്പോലെ ചാടിവീണു.

കൊടുക്കുന്നതായി ആംഗ്യം കാണിച്ചു് കൊടുക്കാതെ അവരെയിട്ടു കളിപ്പിക്കുന്നതു കണ്ടപ്പോൾ ലിയാങ്ങിനോടു് എനിക്കു് ദേഷ്യം തോന്നി. അതിനിടയിൽ മാർട്ടിൻ ഹസൻ ഭായിയുടെ കൈയിൽ നിന്നും ഒരു ബോട്ടിൽ വാങ്ങി ദൂരേക്കെറിഞ്ഞു. ഒരു കൂട്ടം ആളുകൾ വലിയ ആരവത്തോടെ കുട്ടിക്കു് പിന്നാലെ ഓടുകയും അതവസാനം ഒരു പൊരിഞ്ഞ അടിയിൽ കലാശിക്കുകയും ചെയ്തു.

ഞങ്ങൾക്കായി സവിശേഷമായ ഒരു കായിക വിനോദം തരപ്പെടുത്തിയതുപോലെ ഹസനും ലിയാങ്ങും അവരുടെ ആഹ്ലാദത്തിലേക്കു് ഞങ്ങളേയും വലിച്ചിട്ടു.

ജോനാഥനെ പക്ഷേ, അവിടെയെങ്ങും കണ്ടില്ല. അല്ലെങ്കിലും അയാൾ ഇതൊനൊന്നും ഇങ്ങനെ കണ്ടു നിൽക്കില്ലെന്നെനിക്കറിയാമായിരുന്നു.

ഇതിനിടയിൽ ജയമോഹൻ ഒരു തട്ടുകടയിൽ ചെന്നു് ഗ്രില്ലിൽ വെച്ചു് ചുട്ട നാടൻ കോഴിയുടെ മൂന്നാലു് കഷണങ്ങളുമായി വന്നു.

“പാവങ്ങൾ”

കാരിബാഗിലെ അവസാനത്തെ ബോട്ടിലും എറിഞ്ഞു കൊടുത്തു് ലിയാങ്ങ് എന്റെ നേരെ വന്നു.

ഞാൻ അല്പ സ്വൽപം എഴുതുന്ന ആളാണെന്നറിഞ്ഞതു കൊണ്ടാണോ അയാൾ അങ്ങനെയൊരു ഡയലോഗ് അടിച്ചതു്…?

ഹസൻ ഭായി എല്ലാവരോടും ലാന്റ് ക്രൂയിസറിലോട്ടു് കേറിക്കോളാൻ പറഞ്ഞു. ഇനി അങ്ങോട്ടു് പ്രധാന പാതവിട്ടു് മൺറോഡിലൂടെയാണു് പോകേണ്ടതു്.

മൈനിംഗിനായി കണ്ടെത്തിയ സ്ഥലത്തെത്താൻ പത്തിരുപതു് കിലോമീറ്റർ ദൂരമുണ്ടു്.

images/Three-carved-masks.jpg

സ്റ്റിയറിംഗ് ജോനാഥനെ ഏൽപ്പിച്ചു് ഹസൻ ഭായി ഞങ്ങൾക്കൊപ്പം പിൻസീറ്റിലേക്കു് വന്നു. ജയമോഹനാകട്ടെ 60 വീതം നാലുഗ്ലാസുകളിലാക്കി അതിനു മേൽ വെള്ളം ഒഴിച്ചു.

വലിയൊരു കാലിക്കൂട്ടത്തിനു റോഡ് മുറിച്ചു് കടക്കാൻ ജോനാഥൻ വണ്ടി ഇത്തിരി ഒതുക്കിക്കൊടുക്കുന്നതിനിടയിൽ മാർട്ടിൻ ലിയാങ്ങിനോടു് ചോദിച്ചു.

“എന്തായി നമ്മുടെ വേട്ടയുടെ കാര്യം” ജയമോഹൻ ഞെട്ടലോടെ മാർട്ടിനെ നോക്കി.

“ഞാൻ ഇന്നലെ ചുമ്മാ പറഞ്ഞതാ” ജയമോഹൻ പറഞ്ഞു.

“ഞാൻ ഇന്നു് കാര്യമായിട്ടു് പറഞ്ഞതാ.”

മാർട്ടിന്റെ മറുപടി കേട്ടു് ജോനാഥൻ ഒഴികെ ബാക്കി എല്ലാവരും ഉറക്കെച്ചിരിച്ചു. “വെയ്റ്റ്. ഭാഗ്യമുണ്ടെങ്കിൽ കിട്ടും.”

“അതിനു തോക്കു് വേണ്ടേ?”

വേണു ചോദിച്ചു.

“തോക്കില്ലേ?” ലിയാങ്ങ് വേണുവിനെ നോക്കി ഉറക്കെച്ചിരിച്ചു. “തപ്പി നോക്കു്. അപ്പൊക്കാണും” ഹസൻ ഭായ് വേണുവിന്റെ നാഭിക്കു് താഴെ ഇക്കിളിയിട്ടു.

“ഓ… അങ്ങനെ” വേണുവിനപ്പോഴാണു് കാര്യം പിടികിട്ടിയതു്.

“ഏതാണ്ടു് രണ്ടു് മാസമായിക്കാണും അല്ലേ ഹസൻ…” ലിയാങ്ങ് അവർ നടത്തിയ വേട്ടയുടെ കഥ പറഞ്ഞു തുടങ്ങി. “ഞങ്ങൾ ഇതു വഴി ഇതേ വണ്ടിയിൽ… അന്നു് ഞങ്ങടെ കൂടെ ഹനാഫിയും ജിയാങ്ങുമുണ്ടായിരുന്നു, ഇങ്ങനെ പൊയ്ക്കോണ്ടിരിക്കെ പെട്ടെന്നാണു് ആ മൃഗം കാട്ടിനകത്തു നിന്നും റോഡിലേക്കു് ചാടി വന്നതു്. ഒരു സീബ്രക്കുട്ടി! ക്യൂട്ട്… തീരെ ചെറുതു്. പത്തു് പതിമൂന്നുവയസ്സായിക്കാണും. ഞങ്ങളെ കണ്ടതും തലയിൽ കെടന്ന കപ്പയുടെ കെട്ടു് താഴെയിട്ടു് നിലവിളിയോടെ അവൾ വന്ന വഴി ഒറ്റയോട്ടം. ഹനാഫി വണ്ടി ചവിട്ടിയതും ഞങ്ങളിറങ്ങി സീബ്രക്കുഞ്ഞിനു് പിന്നാലെ ഓടി. കൊച്ചാണെങ്കിലും എന്നാ ഓട്ടമായിരുന്നു. ചീറ്റപ്പുലി തോറ്റു പോകും. ജിയാങ്ങിന്റെ കൈയിൽ പെട്ടതാണു്. ഫ്രോക്കേ പിടി വീണതാ… കീറി നേരെ കൈയിലോട്ടു പോന്നു. പിറന്ന പടി അവൾ കാട്ടിനകത്തേക്കു് മറഞ്ഞു. അവടെ ഷേപ്പൊന്നു കാണേണ്ടതായിരുന്നു. ഹോ! അറിയാതെ വെടി പൊട്ടിപ്പോകും” ലിയാങ്ങ് ഡാഷ്ബോർഡിൽ ആഞ്ഞടിച്ചു. ജോനാഥൻ വണ്ടിയുടെ വേഗത കൂട്ടി. എനിക്കു് പേടിയായി.

മൈനിംഗ് ഏരിയക്കടുത്തു് അവിടിവിടെയായി അഞ്ചെട്ടു് കുടുംബങ്ങൾ താമസിക്കുന്നുണ്ടു്. മരക്കമ്പും മണ്ണുംകുഴച്ചുണ്ടാക്കിയ തീരെ ചെറിയ കുടിലുകളാണു്. ഇത്രയും വലിയ മനുഷ്യർ അതിനകത്തു് എങ്ങനെ കഴിയുന്നു?

ഒരു കഷ്ണം ചേലയുടെ രണ്ടറ്റവും കഴുത്തിനു പിന്നിൽ കെട്ടിയിട്ടുണ്ടെന്നൊഴിച്ചാൽ സ്ത്രീകൾ ഒട്ടു മുക്കാലും നഗ്നരാണു്. കൈയിൽ ചോളം കുറുക്കിയൊഴിച്ചു് പിഞ്ഞാണങ്ങളുമായി പൊടി മണ്ണിൽ വീണുരുളുന്ന കുട്ടികൾ.

ഹസന്റെ കൈയിൽ റൊട്ടി കണ്ടതും പാത്രങ്ങളൊക്കെ താഴെയിട്ടു് കുട്ടികളും സ്ത്രീകളുമെല്ലാം വണ്ടിക്കു നേരെ ഓടി വന്നു. ഇവർക്കു് കോഫിയിൽ ഉള്ളവരേക്കാൾ വിശക്കുന്നുണ്ടു്. റൊട്ടി പിച്ചിക്കീറി വായിൽ തിരുകിയപ്പോൾ അവരുടെ കണ്ണുകൾ തുറിച്ചു. ചിലർ ഉറക്കെ ചുമച്ചു. വേറെ ചിലർ അമ്മമാരോടു് വെള്ളത്തിനായി കൈ നീട്ടി.

അതു കണ്ടു് ലിയാങ്ങ് എന്റെ ചെവിക്കരികിൽ വന്നു് പതുക്കെ മന്ത്രിച്ചു “ഇവറ്റകൾ ഇതു് തിന്നുകഴിയുമ്പോഴേക്കും നമ്മൾ ഇവിടത്തെ മാർബിൾ മൊത്തം കുഴിച്ചെടുത്തു് സ്ഥലം വിട്ടിരിക്കും.”

കട്ടർ വെച്ചു് പാറകളിൽ നിന്നു് ഒരു കഷ്ണം മാർബിൾ അടർത്തി കൊണ്ടുവരാൻ ലിയാങ്ങ് ജോനാഥനോടു് പറഞ്ഞു.

അയാൾ സ്വന്തം മാംസം പോലെ അതു് മുറിച്ചെടുക്കാൻ തുടങ്ങി.

ഇടയ്ക്കു് അറിയാതെ ഒന്നു് ബ്ലേഡിൽ തട്ടിയതും പൊടിഞ്ഞു തുടങ്ങിയ ചോര വിരലുകളിലൂടെ ഒഴുകി നഖത്തിനു താഴെ തൂങ്ങിക്കിടക്കുന്നതു് ഞാൻ കണ്ടു. അപ്പോൾ വായുടെ ഇരുവശങ്ങളിൽ നിന്നും മെല്ലെ പുറത്തേക്കിറങ്ങി വന്ന കോമ്പല്ലുകൾ കാണാതിരിക്കാൻ ഞാൻ ചുണ്ടുകൾ പരമാവധി അമർത്തിപ്പിടിച്ചു.

(സ്കെച്ചുകൾക്കു് വിക്കീപ്പീഡിയയോടു് കടപ്പാടു്.)

സന്തോഷ് ഏച്ചിക്കാനം
images/santhosh-echikkanam.jpg

നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നു് മലയാളത്തിൽ ബിരുദാനന്തര ബിരുദം, ഒറ്റപ്പാലം ട്രെയ്നിങ്ങ് കോളേജിൽ നിന്നും ബി എഡ്, കൊച്ചി പ്രസ്സ് അക്കാദമിയിൽ നിന്നും പത്രപ്രവർത്തനം എന്നിവയാണു് വിദ്യാഭാസത്തിന്റെ നാൾവഴികൾ. ആദ്യ പ്രവർത്തന മേഖലകളായ പത്രപ്രവർത്തനവും അദ്ധ്യാപനവും വിട്ടു്, പൂർണ്ണസമയ എഴുത്തുകാരനായി മാറി.

1991-ൽ മാതൃഭൂമി വാരാന്ത്യപതിപ്പിലാണു് ആദ്യകഥ. 80-തോളം കഥകൾ, തിരക്കഥകൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയായി 15 പുസ്തകങ്ങൾ. ദൃശ്യമാധ്യമങ്ങളിൽ എട്ടോളം മെഗാസീരിയലുകൾക്കു് തിരക്കഥയെഴുതിയിട്ടുണ്ടു്. 2007-ൽ നവംബർ റെയിൻ എന്ന സിനിമയ്ക്കു് തിരക്കഥ, സംഭാഷണം രചിച്ചു. ബാച്ചിലർ പാർട്ടി, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, ചന്ദ്രേട്ടൻ എവിടെയാ, എബി, ഇടുക്കി ഗോൾഡ് അങ്ങനെ 9 ഓളം സിനിമകളിൽ കഥയും തിരക്കഥയുമെഴുതി.

കൊമാല, ശ്വാസം, ബിരിയാണി, നരനായും പറവയായും, ഒരു ചിത്രകഥയിലെ നായാട്ടുകാർ, ജമന്തികൾ സുഗന്ധികൾ… തുടങ്ങിയവയാണു് പ്രസിദ്ധമായ കഥാസാമാഹരങ്ങൾ. 2008-ൽ കൊമാലയ്ക്കു് കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ അവാർഡ്, ബഷീർ പുരസ്കാരം, കാരൂർ ജന്മശതാബ്ദി അവാർഡ്, ചെറുകാട് അവാർഡ്, കേളി അവാർഡ്, കൽകത്താ ഭാഷാ പരിഷത്ത് അവാർഡ് എന്നിങ്ങനെ 25-ൽ അധികം പുരസ്കാരങ്ങൾ.

കേരള വർമ്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ജൽസ മേനോൻ ആണു് ജീവിത പങ്കാളി. മകൻ മഹാദേവൻ.

Colophon

Title: Dracula (ml: ഡ്രാക്കുള).

Author(s): Santhosh Echikkanam.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-19.

Deafult language: ml, Malayalam.

Keywords: Short Story, Santhosh Echikkanam, Dracula, സന്തോഷ് ഏച്ചിക്കാനം, ഡ്രാക്കുള, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Vampire, a painting by Philip Burne-Jones (1861–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.