images/gandhi-charcoal.png
Flood in the Village, a painting by Arseny Meshchersky (1834–1902).
പൂർവ്വരംഗം പൊയ്മുഖങ്ങൾ
കെ. സച്ചിദാനന്ദന്‍
images/madhu-gandhi-5.jpg

(രംഗപശ്ചാത്തലത്തിൽ വടിയൂന്നി നിൽക്കുന്ന ഒരു ഗാന്ധി പ്രതിമ. ഒരു പീഠത്തിലാണു് ‘പ്രതിമ’ യുടെ നിൽപു്. ഒരു വടിയുടെ രണ്ടറ്റത്തുമായി ഗാന്ധിപ്പൊയ്മുഖങ്ങൾ തൂക്കിയിട്ടു് ചുമലിലേറ്റി ഒന്നാമൻ വലതുവശത്തു നിന്നു പ്രവേശിക്കുന്നു. തോൾ ഭാണ്ഡത്തിൽ കുറേ ഗാന്ധിത്തൊപ്പികളുമായി രണ്ടാമൻ ഇടത്തുനിന്നു പ്രവേശിക്കുന്നു. ഗാന്ധി ‘പ്രതിമ’യുടെ ഇരുവശവുമായി അവർ നിലയുറപ്പിക്കുന്നു. ഇരുവരുടെയും വേഷം സർക്കസ്സ് കോമാളികളുടേതാണു്.)
ഒന്നാമൻ:
(ഒരു പൊയ്മുഖമെടുത്തു് മുഖത്തിൽ ചേർത്തുപിടിച്ചു്) ഗാന്ധിമുഖങ്ങൾ!
രണ്ടാമൻ:
(കോമാളിത്തൊപ്പി മാറ്റി ഗാന്ധിത്തൊപ്പി ധരിച്ചു്) ഗാന്ധിത്തൊപ്പികൾ!
ഇരുവരും ഒന്നിച്ച്:
ആർക്കും വാങ്ങി ഗാന്ധിയാകാം!
രണ്ടാമൻ:
ഗാന്ധിത്തൊപ്പിവെച്ചാലോ
ഒന്നാമൻ:
(നേതാവിന്റെ ‘പോസി’ൽ) പിന്നെ നേതാവാകാലോ!
രണ്ടാമൻ:
നേതാവായാലോ?
ഒന്നാമൻ:
പിന്നെ എന്തുമാകാലോ—തനിപ്പൊന്നുരുക്കാലോ!
രണ്ടാമൻ:
പൂച്ചകളെ മാറ്റിനിർത്തിപ്പൊന്ന്, കള്ളപ്പൊന്നുരുക്കാലോ!
(ഇരുവരും ഗാന്ധി ‘പ്രതിമ’യെ വലം വെച്ചു് കയ്യടിച്ചുപാടി നടക്കുന്നു:)
1:
ഗാന്ധിക്കാറിൽ ഗമയിലേറി
2:
ഗാന്ധിബാറിൽ വീര്യമേറി
1:
ഗാന്ധിനഗർ കൊട്ടാരത്തിൽ
2:
ഗാന്ധിയുടെ പടം തൊഴുതു് പള്ളിക്കുറുപ്പ്
1:
വീടുകൊള്ള, കാടുകൊള്ള,
2:
പള്ളികൊള്ള, പാലംകൊള്ള
1:
പണം മുഴുവൻ മുടിച്ചുതീർന്നാൽ
2:
മണ്ണുപണയം, പെണ്ണുപണയം
1:
കടലുപണയം, കൊടലുപണയം
2:
പണയം വെച്ചു പലിശ വീട്ടി
1:
തൊപ്പിനീട്ടിയുലകു നീളെപ്പിച്ചതെണ്ടാലോ
2:
തൊപ്പിയിട്ടു തൊപ്പിയിട്ടു തലകുനിക്കാലോ!
(സിൽക്കു ജുബ്ബയണിഞ്ഞ ഒരു പെരുവയറൻ പൊയ്മുഖത്തിനു കൈ നീട്ടുന്നു. ഗാന്ധി ‘പ്രതിമ’ വടി നീട്ടി അയാളുടെ വയറിലൊന്നു തൊഴിക്കുന്നു. അയാൾ പരിഭ്രമിച്ചു തിരിഞ്ഞു നോക്കുമ്പോൾ ‘പ്രതിമ’ പൂർവ്വസ്ഥിതിയിൽ)
ഒന്നാമൻ:
(പൊയ്മുഖം നീട്ടി) കള്ളപ്പണം മറച്ചുവെയ്ക്കാനിതു മതിയാകും.
(ഒരു കഷണ്ടിക്കാരൻ കടന്നുവന്നു് തൊപ്പിക്കു കൈ നീട്ടുന്നു. ‘പ്രതിമ’ അയാളുടെ തലയിലടിക്കുന്നു. അയാൾ ഞെട്ടിത്തിരിയുമ്പോൾ പഴയപടി)
രണ്ടാമൻ:

തലയിലൊന്നുമില്ലെങ്കിൽ (തൊപ്പി നീട്ടി)

ഇതുകൊണ്ടു മറച്ചുവെയ്ക്കാം

മുഖം മുഴുവൻ വായയാക്കി

മുഖപ്രസംഗം തട്ടിവിടാം.

(സൂട്ടിട്ട ഒരു മുതലാളി പൊയ്മുഖം വാങ്ങി അണിയുന്നു.)

ഒന്നാമൻ:

പണിയന്റെ കരളെനിക്കത്താഴം

പണിയന്റെ ചോരയതെൻ വീഞ്ഞും

സമരമിരമ്പി വരുമ്പോഴോ

ജയജയ, ജയജയ, ജയ ഗാന്ധി!

(പ്രതിമപൊട്ടിച്ചിരിക്കുന്നു. എല്ലാവരുംതിരിഞ്ഞുനോക്കുമ്പോൾ ‘പ്രതിമ’ നിശ്ശബ്ദം)

(കുടുമവെച്ചുകെട്ടി ഒരാൾ വന്നു് തൊപ്പി വാങ്ങി അണിയുന്നു/‘പ്രതിമ’ ചിറികോട്ടി പുറം തിരിഞ്ഞു നിൽക്കുന്നു)
രണ്ടാമൻ:

പശുവിനെ വന്ദിച്ചേ പോകാവൂ

പറയനെപ്പടിയിലേ നിർത്താവൂ

മനുവിന്റെ കാലത്തേ കഴിയാവൂ

പെരുവിരലേ ഗുരുദക്ഷിണ വാങ്ങാവൂ.

ജുബ്ബ:
ബോലോ, ഭാരത്മാതാ കീ ജയ്!
കുടുമ:
രാമരാജ്യം വരികയായി!
സൂട്ട്:
ഓ, അതു് അമേരിക്കയിൽ നിന്നു പുറപ്പെട്ടിട്ടുണ്ട്.
കുടുമ:
ജയ്റാം, ശ്രീറാം! വിമാനത്തിൽതന്നെയല്ലേ! പുഷ്പകം?
സൂട്ട്:
(കീശയിൽ നിന്നു് ഒരമേരിക്കൽ പതാകയെടുത്തു വീശിക്കൊണ്ടു്)

പോരാ പോരാ നാളിൽ നാളിൽ

ദൂര ദൂരമുയരട്ടെ

ഭാരതാംബ വാങ്ങിയോരിപ്പൊൻ പതാകകൾ!

കഷണ്ടി:
(‘പ്രതിമ’യ്ക്കു മുന്നിൽ മുട്ടുകുത്തി): ഡോളറിന്റെ രാജ്യം വരേണമേ (പ്രതിമ മുഖം തിരിക്കുന്നു)
സൂട്ട്:
(മുട്ടുകുത്തി): അവിടത്തേപ്പോലെ ഇവിടേയും വരേണമേ! (‘പ്രതിമ’സൂട്ടിന്റെ മുതുകിൽ ചവിട്ടുന്നു. കുടുമയോടു്) താനെന്നെ ചവിട്ടിയോ?
കുടുമ:
ഞാനോ? തോന്നിയതാവും, കണ്ടോ! (അരയിൽ നിന്നു് ഒരു കാവിക്കൊടി വലിച്ചെടുക്കുന്നു. അതിൽ പൊതിഞ്ഞുവെച്ചിരുന്ന ഒരു കഠാരി താഴെ വീഴുന്നു. കുടുമ അതെടുത്തു മറച്ചുവെച്ചു് പച്ചച്ചിരി ചിരിക്കുന്നു.)
ഒന്നാമൻ:
ഔ! (‘പ്രതിമ’യെച്ചൂണ്ടി:) ഈ പഹയൻ ചത്തുപോയതെത്ര നന്നായി!
രണ്ടാമൻ:
ഗാന്ധിയെങ്ങാൻ തിരിച്ചുവന്നാൽ! (ഭയപ്പാടോടെ ചുറ്റും നോക്കി പാടുന്നു:) ഗാന്ധിയെങ്ങാൻ തിരിച്ചു വന്നാൽ!
1:
തേരിലേറി വരും ഗോദ്സേ! രാവണന്റെ തേരിലേറി!
2:
ങാ, അതുമതി, അതുമതി!
1:
തൊപ്പി വെച്ചുവരും ഗോദ്സേ!
സൂട്ട്:
ഷെയറുകളും കൊണ്ടുവരും!
(ഗാന്ധി പിന്നിൽ നിന്നിറങ്ങിവന്നു് വടിയോങ്ങുമ്പോൾ എല്ലാവരും ചിതറിയോടുന്നു. ‘പ്രേതം’, ‘പ്രേതം’ എന്നലറുന്നു. തെറിച്ചു വീണ പൊയ്മുഖങ്ങൾക്കും ഗാന്ധിത്തൊപ്പികൾക്കും ഉടുപ്പുകൾക്കുമിടയിൽ ഗാന്ധി അല്പനേരം കുനിഞ്ഞു് തളർന്നിരിക്കുന്നു. കയ്യിൽ കുറച്ചു പൊയ്മുഖങ്ങളുമായി ഉയരുന്നു. താണസ്ഥായിയിൽ വിഷാദഗീതം.)
ഗാന്ധി:
ഈ പൊയ്മുഖങ്ങൾക്കിടയിൽ എനിക്കെന്റെ മുഖം നഷ്ടപ്പെട്ടു പോയിരിക്കുന്നു. (പൊയ്മുഖങ്ങൾ താഴെയിട്ടു് സ്വന്തം മുഖം ഉഴിഞ്ഞുകൊണ്ടു്) ഏതാണു് എന്റെ മുഖം? ആരാണു് ഞാൻ?… പറയാം. ഗാന്ധിമാർ ഒന്നല്ല, അനേകമുണ്ടു്. പല ഭാഷകൾ സംസാരിച്ചവർ. പരസ്പരം പൊരുതിയവർ. ആ ഭാഷകളുടെ നൂറ് നൂറ് വഴികളിലൂടെ ഞാനലഞ്ഞു, സത്യമായ എന്നെത്തേടി… സമരങ്ങളുടെ അന്ത്യത്തിൽ ഇരുട്ടു്, തളർച്ച, ഏകാന്തത, എന്നെക്കാത്തിരുന്നു. ശിഷ്യന്മാർ ഓരോരുത്തരായി എന്നെ കൈവെടിഞ്ഞു. ഇരുട്ടായിരുന്നു എമ്പാടും. ഇരുട്ടിൽ ഞാൻ നിലവിളികൾ കേട്ടു. ഹിന്ദുക്കളും മുസ്ലീങ്ങളും നിലവിളിക്കുന്നതു് ഒരുപോലെ തന്നെയാണെന്നു് നിങ്ങൾ മറന്നു പോയിരിക്കും. ജനിക്കുമ്പോഴും മരിക്കുമ്പോഴും മനുഷ്യർ മുഴുവൻ ഒരൊറ്റ ഭാഷയിൽ നിലവിളിക്കുന്നു. ഒരുപോലെ, ഒരേപോലെ തന്നെ. ആ അഭയാർത്ഥികളുടെ രാത്രിയിൽ ഒരിക്കൽക്കൂടി ഇന്ത്യയ്ക്കു് എന്നെ ആവശ്യമായിവന്നു. ഞാൻ ചെന്നു, കണ്ണീരിലേയ്ക്ക്, നവഖാലിയുടെ രക്തത്തിലേയ്ക്ക്, എന്റെ അവസാനത്തെ പരീക്ഷയായിരുന്നു അതു്. അവസാനത്തെ… (ശബ്ദം താഴുന്നു, ഒപ്പം വെളിച്ചവും മങ്ങുന്നു) അവസാനത്തെ…
(വീണ്ടും കുനിഞ്ഞിരിക്കുന്നു, വേദി ഇരുളിൽ.)
വിത്തുകൾ
പാട്ടു്:
(പിറകിൽ നിന്നു് ഗായകസംഘം ചൊല്ലുന്നു):

നാല്പത്തിയേഴിൻ നവവത്സരദിനം, തെരു-

വൊക്കെയും രക്തം—പൂവിൽ,

ഇലയിൽ, പുതുമഞ്ഞിൽ

രക്തത്തിൻ മണം;

വാക്കിനൊക്കെയും കിനാവുകൾ-

ക്കൊക്കെയും, രക്തത്തിന്റെ രുചി;

ചെന്നായെപ്പോലെ-

യെത്തുന്നു നവഖലിഗ്രാമത്തിൽ മുരളുന്ന

മൃത്യു; മൃത്യുവെ വെല്ലും ദുഃഖം പോൽ,

വാത്സല്യം പോ-

ലെത്തുന്നിതവിടത്തിലൊറ്റയ്ക്കു ധീരം ഗാന്ധി.

കവിതയ്ക്കൊപ്പം പിൻതിരശ്ശീല സജീവമാകുന്നു. ഗാന്ധിയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പൂർവ്വരംഗങ്ങളും പ്രൊജക്റ്റ് ചെയ്യപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രക്ഷോഭവും മർദ്ദനവും, ജാലിയൻവാലാബാഗ്, വിദേശവസ്ത്രം തീയ്യിടൽ, ദണ്ഡിമാർച്ച്, രണ്ടാം ലോകമഹായുദ്ധം, ക്വിറ്റിന്ത്യാ പ്രക്ഷോഭം, 42-ലെ ഏ. ഐ. സി സി., ഗാന്ധിയുടെ ജയിൽ ജീവിതം, ജിന്ന ലീഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്, തുടങ്ങിയ ദൃശ്യങ്ങളും പ്രധാന ദിവസങ്ങളിലെ പത്രങ്ങളും പോസ്റ്ററുകളും, ഒടുവിൽ “ഓഗസ്റ്റിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം, ഇപ്പോൾ ഡൊമീനിയൻ പദവി”, “ഇന്ത്യ കോമൺവെൽത്തിൽ തുടരും, ചർച്ചിൽ എതിർപ്പുപേക്ഷിക്കുന്നു”, “ജിന്നയ്ക്കു പാകിസ്ഥാൻ വേണം, ഗാന്ധി എതിർക്കുന്നു”. “കാശ്മീർ പാകിസ്ഥാനു കൊടുക്കില്ലെന്നു നെഹ്രു” എന്നീ ശീർഷകങ്ങളും ഗാന്ധി, നെഹ്രു, ചർച്ചിൽ, ജിന്ന എന്നിവരുടെ ചിത്രങ്ങളും; തുടർന്നു് വർഗ്ഗീയകലാപങ്ങൾ. സ്ക്രീനിൽ ആളിപ്പടരുന്ന തീയിൽ പ്രൊജെക്‍ഷൻ തീരുന്നു. പ്രകാശം ഇപ്പോൾ അരങ്ങിനു നടുവിൽ: ഗാന്ധി ബൈബിൾ വായിച്ചു കൊണ്ടിരിക്കുന്നു. പിൻതിരശ്ശീലയിൽ “ശ്രീറാംപൂർ, 1947 ജനുവരി” എന്നു തെളിയുന്നു. തുടർന്നുള്ള രംഗങ്ങളിലും രംഗശീർഷകങ്ങളും സ്ഥലകാല സൂചനകളും പിൻതിരശ്ശീലയിലാണു്. രണ്ടു് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഓടിവരുന്നു.

ഒന്നാം ആൺകുട്ടി:
ബാപ്പൂ, ബാപ്പൂ, എന്താ വായിക്കുന്നതു്? കഥയാണോ?
പെൺകുട്ടി:
ഞങ്ങൾക്കും കഥ പറഞ്ഞുതരുമോ?
ഗാന്ധി:
ങാ, കഥകളുണ്ടു്, ഈ പുസ്തകത്തിൽ. ഒന്നു കേട്ടോളൂ. ഒരു കൃഷിക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയരികിൽ വീണു. പക്ഷികൾ വന്നു് അവ കൊത്തിത്തിന്നു. മറ്റു ചില വിത്തുകൾ അധികം മണ്ണില്ലാത്ത പാറപ്പുറത്തുവീണു. മണ്ണിനു് ആഴമില്ലാതിരുന്നതുകൊണ്ടു് അവ വേഗം മുളച്ചുപൊന്തി. പക്ഷേ, സൂര്യനുദിച്ചപ്പോഴേ അവ വാടി—വേരില്ലായിരുന്നല്ലോ, അതാണു് അവ കരിഞ്ഞതു്. കുറേ വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്നു് അവയെ ഞെരിച്ചുകളഞ്ഞു.
രണ്ടാം ആൺകുട്ടി:
ഒറ്റ വിത്തും മുളച്ചില്ലേ? പാവം കൃഷിക്കാരൻ!
ഗാന്ധി:
ഉവ്വുവ്വ്. കുറച്ചു വിത്തുമാത്രം നല്ല മണ്ണിൽ വീണു. അവ വളർന്നു. ചിലതു മുപ്പതു മേനി വിളഞ്ഞു, ചിലതു് അറുപത്, ചിലതു് ശരിക്കും നൂറുമേനി. ആട്ടെ, വിത്തുകളെക്കുറിച്ചു് യേശു വേറൊരു കഥ പറഞ്ഞിട്ടുണ്ടു്. അതാർക്കു പറയാം?
പെൺ:
(കൈ പൊക്കി) ഞാൻ കേട്ടിട്ടുണ്ടു്. ഞങ്ങടെ സിസ്റ്റർ പറഞ്ഞതാ.
ഗാന്ധി:
പറയൂ, കേൾക്കട്ടെ.
പെൺ:
ഒരാൾ അയാളുടെ വയലിൽ നല്ല വിത്തു വിതച്ചു. ആളുകളൊക്കെ ഉറക്കമായപ്പോൾ ശത്രു വന്നു് ഗോതമ്പിന്നിടയിൽ കളകൾ വിതച്ചു. ഞാറു വളർന്നപ്പോൾ കളയും വളർന്നു. എന്നാലും കള പറിക്കാൻ അയാൾ വേലക്കാരെ അനുവദിച്ചില്ല. കള പറിക്കുമ്പോൾ ഗോതമ്പും പിഴുതുപോയാലോ? എന്നിട്ടു്… എന്നിട്ടു്…
ഒന്നാം ആൺ:
എനിക്കറിയാം. കൊയ്ത്തുകാലത്തു് കൊയ്ത്തുകാർ കളയൊക്കെ ആദ്യം തന്നെ പിഴുതു കളഞ്ഞു. ഗോതമ്പു് അറയിൽ നിറച്ചു.
ഗാന്ധി:
നിങ്ങളാണു് വയലുകൾ, ഞാൻ വിത്തു വിതയ്ക്കുന്നവനും.
രണ്ടാം ആൺ:
ബാപ്പു ദൈവപുത്രനാണോ?
ഗാന്ധി:
(ചിരിച്ചു്) അല്ലേ അല്ല. വെറും മനുഷ്യപുത്രൻ. അതാ കുരിശൊരുങ്ങുന്നതു കേൾക്കുന്നില്ലേ? (പിറകിൽ നിന്നു് കുരിശിൽ ആണിയടിക്കുന്ന ശബ്ദങ്ങൾ. ക്രമേണ ആ ശബ്ദങ്ങൾ “ഗാന്ധി തിരിച്ചുപോവുക! ഗാന്ധി ഹിന്ദുക്കളുടെ ശത്രു! ഗാന്ധി തിരിച്ചുപോവുക!” എന്നായി മാറുന്നു. പിറകേ ഒരു ചെറിയ ആൾക്കൂട്ടം പ്രവേശിക്കുന്നു. അവരിൽ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടു്. കുട്ടികൾ അമ്പരന്നു് ഓടിപ്പോകുന്നു.)
ഗാന്ധി:
ഞാനിവിടെ വന്നതു് പ്രായശ്ചിത്തം ചെയ്യാനാണു്. എന്നോടു തന്നെ പകവീട്ടാൻ. കഴിഞ്ഞ ഓഗസ്റ്റിൽ കൽക്കത്തയിൽ സംഭവിച്ചതു് ഇവിടെ സംഭവിച്ചുകൂടാ. (കണ്ണടച്ച്, വിറയലോടെ) സ്വന്തം റിക്ഷാത്തണ്ടുകൾക്കിടയിൽ അടി കൊണ്ടു തല തകർന്നു വീണ കൂലിക്കാർ, സ്വന്തം വീട്ടിൽ മാനം നഷ്ടപ്പെട്ട സ്ത്രീകൾ. ഹൂഗ്ലിയിലൂടെ കടലിലേയ്ക്കൊഴുകിപ്പോയ പേരില്ലാത്ത ശവങ്ങൾ. ഒന്നും രണ്ടുമല്ല, ആറായിരം ശവങ്ങൾ. തലയറ്റവ, കയ്യും കാലും അറുത്തു മാറ്റിയവ…, അയൽക്കാരായിരുന്നവർ ഒറ്റദിവസം കൊണ്ടു് അന്യരായി മാറി. മനുഷ്യരായിരുന്നവർ ഹിന്ദുക്കളും മുസ്ലീങ്ങളുമായി മാറി.
(പിൻതിരശ്ശീലയിൽ ലഹളയുടെ ദൃശ്യങ്ങൾ—ഇതു് നിഴൽനാടക രൂപത്തിലുമാകാം. ഒപ്പം അണിയറയിൽ നിന്നു് ആഴമേറിയ ശബ്ദത്തിൽ: “ഓ, ശപിക്കപ്പെട്ട പതിനാറാം തിയ്യതി. കഴുകന്മാരുടെ കൽക്കത്ത! രക്തത്തിന്റെ കൽക്കത്ത! … വരൂ കാണു, ഈ തെരുവിലെ രക്തം കാണൂ, വരൂ, രക്തം കാണൂ, ഈ തെരുവുകളിലെ രക്തം!” ഇതു പറയുമ്പോൾ രംഗം മുഴുവൻ ചുവന്ന വെളിച്ചത്തിൽ.)
ആൾക്കുട്ടത്തിൽ നിന്നു് ഒരാൾ:
പോവൂ! ഡൽഹിയിൽ പോവൂ! ആ ജിന്നയോടു പറയൂ ഇന്ത്യയെ ഭാഗം വെയ്ക്കാൻ പറ്റില്ലെന്നു്. ഇവിടത്തെക്കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. നിങ്ങൾ വേണ്ടതു് അവിടെയാണു്.
മറ്റൊരാൾ:
ഗാന്ധി ഹിന്ദുക്കളുടെ ശത്രു! (മറ്റു രണ്ടുപേർ ഏറ്റുവിളിക്കുന്നു. തുടർന്നു് കൂക്കിവിളികൾ. ഗാന്ധിയുടെ മുമ്പിൽ ചെരിപ്പുകൾ വന്നു വീഴുന്നു.) ഗാന്ധി ഗോ ബാക്ക്!
ഗാന്ധി:
ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യയെ വിഭജിക്കാൻ അവർക്കാവില്ല. പക്ഷേ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതു് മുകളിൽ നിന്നല്ല, അടിയിൽ നിന്നാണു്. ആദ്യം നിങ്ങൾ, ഈ ശ്രീറാംപൂരിലെ ജനങ്ങൾ, ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റുള്ളവരും, ഒന്നിച്ചു ജീവിക്കാൻ പഠിക്കൂ. എങ്കിൽ ഇന്ത്യയെ ഒരാൾക്കും വിഭജിക്കാനാവില്ല.
ഒരാൾ:
ഞങ്ങളെങ്ങനെ ഒന്നിച്ചു കഴിയാനാണു്? എന്റെ അമ്മയെ മുസ്ലിങ്ങൾ എന്റെ കൺമുന്നിൽ വെച്ച്, റാം, റാം!
ഒരു മുസ്ലീം സ്ത്രീ:
ന്റെ കുട്ട്യോളെ തുണ്ടം തുണ്ടമാക്കി ഓടയില് ബലിച്ചെറിഞ്ഞ ഹിന്ദുക്കൾക്കു് ഞാൻ മാപ്പുകൊടുക്കണോ? യാ, ഖുദാ!
ഗാന്ധി:
രാമനെയും ഖുദായെയും ചേറിലേയ്ക്കും ചോരയിലേയ്ക്കും വലിച്ചിഴയ്ക്കാതിരിക്കൂ! (മൗനം) നാമിവിടെ ഒരു പ്രാർത്ഥനായോഗം നടത്താൻ പോവുകയാണു്. (ബൈബിളിൽ നിന്നു് ഒരു ഭാഗം വായിക്കുന്നു:) “നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. നിങ്ങൾ തീർച്ചയായും നോക്കും. പക്ഷേ, ഒരിക്കലും കാണുകയില്ല. എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം നിർജ്ജീവമായിരിക്കുന്നു. അവരുടെ കാതുകൾക്കു് കേൾവി കുറഞ്ഞിരിക്കുന്നു. അവർ തങ്ങളുടെ കണ്ണുകൾ അടച്ചിരിക്കുന്നു. (ബൈബിൾ അടച്ചു വെയ്ക്കുന്നു. ഇതു് വായിക്കുമ്പോൾ പിൻ തിരശ്ശീലയിൽ കാൽവരി കയറുന്ന യേശുവിന്റെ ചിത്രമാകാം.) ഇനി ഞാനൊരു കഥ പറയാം. ഒരു ധ്യാനബുദ്ധകഥയാണിതു്. ഒരു കൃഷിക്കാരന്റെ ഭാര്യ മരിച്ചു. അവൾക്കു വേണ്ടി മന്ത്രം ചൊല്ലണമെന്നു് ഒരു ബുദ്ധ സന്യാസിയോടു് കൃഷിക്കാരൻ അപേക്ഷിച്ചു. സന്യാസി മന്ത്രം ചൊല്ലിക്കഴിഞ്ഞപ്പോൾ അതുകൊണ്ടു് ഭാര്യയ്ക്കെന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നായി കൃഷിക്കാരൻ. സന്യാസി പറഞ്ഞു, ഭാര്യയ്ക്കു മാത്രമല്ല, ജീവജാലങ്ങൾക്കെല്ലാം അതുകൊണ്ടു് ഗുണമുണ്ടാവുമെന്നു്. അതുകേട്ടപ്പോൾ കൃഷിക്കാരനു് സങ്കടമായി. ഭാര്യ മെലിഞ്ഞു ക്ഷീണിച്ചായിരുന്നതുകൊണ്ടു് മന്ത്രത്തിന്റെ ഗുണം അധികവും മറ്റുള്ളവർക്കാണു് ലഭിക്കുക എന്നായിരുന്നു അയാളുടെ വിഷമം. എല്ലാ ജീവജാലങ്ങളെയും അനുഗ്രഹിക്കാനാണു് ബുദ്ധന്റെ ഉപദേശമെന്നു് സന്യാസി പറഞ്ഞു. അപ്പോൾ കൃഷിക്കാരൻ പറഞ്ഞു: തന്റെ കൊള്ളരുതാത്ത അയൽക്കാരനെയെങ്കിലും ‘ജീവജാല’ങ്ങളുടെ കൂട്ടത്തിൽ നിന്നു് ഒഴിവാക്കണമെന്നു്. (ആളുകൾ ചിരിച്ചു പോകുന്നു.)
ഒരാൾ:
(തലകുനിച്ചു്) മനസ്സിലായി. (സാവധാനം) ഞങ്ങൾ… അയൽക്കാരോടു്… തെറ്റാണു ചെയ്തത്.
ഒരു മുസ്ലീം:
(തലകുനിച്ചു്). ഞങ്ങളും. എന്തു് പ്രായശ്ചിത്തമാണു് ബാപ്പൂ വിധിക്കുന്നതു്?
ഗാന്ധി:
നിങ്ങളിരുവരും ഒരൊറ്റ കൂരയ്ക്കു കീഴിൽ സഹോദരരെപ്പോലെ കഴിയണം. മുസ്ലിങ്ങൾ ഹിന്ദുക്കളെ ആക്രമിച്ചാൽ നിങ്ങൾ (മുസ്ലിമിനെ ചൂണ്ടി) മരണം വരെ നിരാഹാരം തുടരണം. മറിച്ചായാലോ, നിങ്ങളും (ഹിന്ദുവിനെ ചൂണ്ടി) അതുതന്നെ ചെയ്യണം.
രണ്ടുപേരും:
(അന്യോന്യം നോക്കി) ചെയ്യാം. ഞങ്ങൾ വാക്കു തരുന്നു.
ഗാന്ധി:
(ഖുർ-ആൻ പകുത്തു്) ആകാശഭൂമികളെ സൃഷ്ടിച്ചിരിക്കുന്ന അല്ലാഹുവിന്റെ നേരെ ഋജുമനസ്സോടെ, ‘അനുസരണയോടെ, ഞാനിതാ എന്റെ മുഖം തിരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ യാതൊന്നും പങ്കുചേർക്കുന്നവനല്ല ഞാൻ’ (അകത്തേയ്ക്കു് നോക്കി) മനു, ഗീതയൊന്നുവായിക്കൂ.
മനു:
(പ്രവേശിച്ച്, ഗീതയെടുത്തു് പകുത്തു്)

‘ദുഃഖേഷു അനുദ്വിഗ്ന മനാ

സുഖേഷു വിഗതസ്പുറുഹാ

വത രാഗ ഭയ ക്രോധ

സ്ഥിതധീർ മുനിരുച്യതേ’

ഗാന്ധി:
ദുഃഖത്തിൽ കുലുങ്ങാതെ, സുഖത്തിൽ കൊതിയില്ലാതെ, രാഗവും ഭയവും കോപവുമില്ലാതെ… ഇല്ല. ഞാൻ സ്ഥിതപ്രജ്ഞനായിട്ടില്ല, മുനിയുമായിട്ടില്ല. സുഖത്തിലെനിക്കു് കൊതിയില്ല. പക്ഷേ ദുഃഖം എന്നെ അസ്വസ്ഥനാക്കുന്നു. മറ്റുള്ളവരുടെ ദുഃഖം എന്റേതായിപ്പോകുന്നു. (ആളുകൾ പിരിയുന്നു. ഗാന്ധി കത്തുകൾ എഴുതാനിരിക്കുന്നു—കുറ്റിപ്പെൻസിൽ കൊണ്ടു്, ഒരു പുറത്തു് അച്ചടിയുള്ള കടലാസ്സുകളിൽ, പെട്ടിപ്പുറത്തു് വച്ചാണു് എഴുത്തു്. കടലാസ്സുകളെടുത്തു വെച്ചു കൊടുത്തു് മനു പോകുന്നു. നിശ്ശബ്ദതയിൽ സംഗീതം മാത്രം.)
ഒരാൾ (ഓടിക്കിതച്ചുവരുന്നു):
ബാപ്പു, അക്കാണുന്ന പാലം കടക്കരുതേ. പാലത്തിന്റെ കാലുകളൊക്കെ ലഹളക്കാർ വലിച്ചു കളഞ്ഞിരിക്കയാണു്. ഷെയ്ഖുമാർ അങ്ങയെ പ്രസംഗിക്കാനും ആളുകളെ കാണാനും വിടില്ലെന്നു്. വഴിനീളെ പോസ്റ്ററുകളാണ്—അങ്ങ് പാകിസ്ഥാൻ സ്ഥാപിക്കാൻ അനുവദിക്കണമെന്നും ഉടൻ നവഖലി വിട്ടു പോവണമെന്നും. അല്ലെങ്കിൽ ജീവനോടെ തിരിച്ചു് വിടില്ലത്രേ. വഴി നീളെ കുപ്പിച്ചില്ലുകളും വൃത്തികേടുകളും വിതറിയിരിക്കയാണു്.
ഗാന്ധി (ശാന്തം):
ഓ, സാരമില്ല. ബ്രിട്ടീഷുകാർ കൈ തല്ലിയൊടിച്ചിട്ടും വാരിയെടുത്ത ഉപ്പു് കൈവിട്ടുകളയാൻ തയ്യാറാകാതിരുന്ന മനുഷ്യർ ഇപ്പോഴും ഇന്ത്യയിൽ ഉണ്ടു്. അല്ല, ഒരനുയായിയുമില്ലെങ്കിലും എനിക്കീയാത്ര തുടരാതെ വയ്യ. (അകത്തേയ്ക്കു നോക്കി) മനു… ആ ടാഗൂർ കവിതയൊന്നു പാടൂ.
(അകത്തുനിന്നു പാട്ടുയരുന്നു. ഗാന്ധി കത്തെഴുത്തിൽ മുഴുകുന്നു. പിൻതിരശ്ശീലയിൽ ഗാന്ധിയുടെ നവഖലി യാത്രയുടെ ദൃശ്യങ്ങൾ തെളിയുന്നു.)

നിൻ വിളിയാരും കേൾപ്പിലെങ്കിൽ…

പോവുക ഒറ്റയ്ക്കൊറ്റയ്ക്ക്,

ഭീകരമാം മതിൽ കണ്ടു ഭയന്നവർ

മൂകം നിന്നു വിറയ്ക്കുന്നെങ്കിൽ,

ഭാഗ്യം കെട്ടവനേ

നീ നിന്നുള്ളു തുറക്കുക

സംസാരിക്കുക, ഒറ്റയ്ക്കൊറ്റയ്ക്ക്,

മുഖം തിരിച്ചിടുമവരെങ്കിൽ,

വിജനത താണ്ടും നേരം സകലരു-

മോടിപ്പോമെങ്കിൽ,

ഭാഗ്യം കെട്ടവനേ,

നിൻ കാൽക്കീഴിലെ മുള്ളുകളൊക്കെയു-

മാഞ്ഞുചവിട്ടിയരച്ചാച്ചോര-

ത്തുള്ളികളെഴുതും വഴിയിൽക്കൂടി-

ച്ചെല്ലുകയൊറ്റയ്ക്കൊറ്റയ്ക്ക്.

ഇരവിൽ ചുഴലികൾ ചീറിയടിക്കെ-

ത്തിരികൾ കൊളുത്താനാളില്ലെങ്കിൽ,

ഭാഗ്യം കെട്ടവനേ,

വേദനതന്നിടിമിന്നൽപ്പിണരാൽ

ആളിക്കത്തിക്കുക നിൻ ഹൃദയം

നാളമതെരിയട്ടേ, ഒറ്റയ്ക്കൊറ്റയ്ക്കു,

ഒറ്റയ്ക്കൊറ്റയ്ക്കു,

ഒറ്റയ്ക്കൊറ്റയ്ക്കു,

(ശബ്ദം താണുനിലയ്ക്കുന്നു. പിൻതിരശ്ശീല നിശ്ചലം. വെളിച്ചം മങ്ങുന്നു. ഗാന്ധി കത്തെഴുത്തു് നിർത്തി ചിന്താധീനനാകുന്നു. പതുക്കെ, ഇരുട്ട്.)

ഭങ്ഗി കോളനി
(പിൻ തിരശ്ശീലയിൽ ദളിതർക്കിടയിലുള്ള ഗാന്ധിയുടെ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും ‘ഹരിജ’ന്റെ ലക്കങ്ങളും വൈക്കം സത്യാഗ്രഹവും മറ്റും തെളിയുന്നു. ഒപ്പം ഈ വാചകവും “ഹിന്ദുജനത അയിത്തത്തെ വേരോടെ പിഴുതു് വലിച്ചെറിയാൻ ഇനിയും തയ്യാറല്ലെങ്കിൽ ഒരു മടിയും കൂടാതെ അതു് എന്നെ ബലിയാക്കണം” (ഗാന്ധി, 1932) ഈ സമയത്തു് അണിയറയിൽ നിന്ന്:)

വേനലിൽ കത്തുന്ന ദില്ലിയിലെത്തി

വേവും ഹൃദയവുമായി ഗാന്ധി

ഈച്ചകൾക്കൊപ്പമൊരീച്ചയെപ്പോലെയീ-

ത്തോട്ടികൾക്കൊപ്പം കഴിഞ്ഞു ഗാന്ധി.

ഞെട്ടീ പൂണുനൂലിട്ടവ,രിന്നാടു

കുട്ടിച്ചോറാക്കുമിവനെന്നായ്

ചണ്ഡാലികയുടെ മക്കളിലിന്ത്യയെ

ക്കണ്ടവനുണ്ടോ കൂസുന്നു!

പിന്നാലെ വന്നു ഖദറിട്ട ശിഷ്യന്മാർ,

ഉള്ളിലോ കോട്ടും പാപ്പാസും,

“ഇന്ത്യ സ്വതന്ത്രയാമിപ്പോ,ളതിൽ ഞങ്ങൾ

മന്ത്രിമാർ” എന്നു നുണച്ചിരുന്നോർ.

മുപ്പതു വെള്ളിയ്ക്കൊരാശാനെ വിറ്റതു

നിക്ഷേപമാക്കിപ്പലിശവാങ്ങി

കാറിൽ പറക്കുവാൻ കാത്തിരുന്നോർ—അതി-

നേതൊരുവേഷവും കെട്ടുന്നോർ.

(അർദ്ധനഗ്നനായ ഗാന്ധി “ഭങ്ഗി”കളുടെ കോളനിയിൽ. ചുറ്റിലും ഒരു കൂട്ടം ഖദർ ധാരികൾ. എല്ലാവരും ഗാന്ധിത്തൊപ്പിയണിഞ്ഞിട്ടുണ്ടു്. ഗാന്ധിയെപ്പോലെ കണ്ണടയും മീശയും വെച്ചിരിക്കുന്നു.)

ഗാന്ധി:
ഇല്ലില്ല. ഞാൻ സമ്മതിക്കില്ല. എന്റെ ശവത്തിനു മീതെ മാത്രമേ ഇന്ത്യ രണ്ടായി പകുക്കപ്പെടുകയുള്ളു. അതു തടയാൻ ഒരൊറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ. ഇന്ത്യയുടെ ഭരണം മുസ്ലീങ്ങളെ ഏല്പിക്കുക. ജിന്നയെ പ്രധാനമന്ത്രിയാക്കുക. അതാണു് മൗണ്ട്ബാറ്റനു് ഞാൻ നൽകിയ നിർദ്ദേശം.
ഒരു ഖദർധാരി:
പ്രഭു എന്തു പറഞ്ഞു?
ഗാന്ധി:
അയാൾക്കു് ഇന്ത്യയെ വിഭജിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞു. ജിന്നയുടെ നിർബ്ബന്ധമാണത്രേ അതു്. എന്റെ നിർദ്ദേശം പരിഗണിക്കാമെന്നു് അയാൾ പറഞ്ഞു. പക്ഷേ, നിങ്ങളതു സമ്മതിക്കില്ലെന്നാണു് അയാളുടെ ഭയം.
രണ്ടാം ഖദർ:
പ്രഭുവിന്റെ ഭയം ശരിയാണു്. എങ്ങനെ നാം ഇന്ത്യയെ ലീഗിന്റെ കയ്യിലേൽപിക്കും? കോൺഗ്രസ്സാണു് ഇന്നോളം സ്വാതന്ത്ര്യസമരം നയിച്ചതു്. കോൺഗ്രസ്സാണു് ജയിലിൽ കിടന്നതു്. കോൺഗ്രസ്സാണു് ത്യാഗം സഹിച്ചതു്. എന്നിട്ടൊടുവിൽ സ്വയംഭരണം കിട്ടുമ്പോൾ ഭരിക്കാൻ ലീഗും!
മൂന്നാം ഖദർ:
ജിന്ന നമ്മുടെ ശത്രുവാണു്. ഇന്ത്യയുടെ ശത്രു.
ഗാന്ധി:
അങ്ങനെ പറയരുതു്. വളരെക്കാലം ഹിന്ദു–മുസ്ലീം മൈത്രിയ്ക്കുവേണ്ടി നിലകൊണ്ടയാളാണു് ജിന്ന. മുപ്പത്തേഴിൽ പ്രവിശ്യകളുടെ ഭരണത്തിൽ ലീഗിനെ പങ്കാളിയാക്കാത്തതാണു് കോൺഗ്രസ്സിനു് പറ്റിയ തെറ്റ്. കോൺഗ്രസ്സ് ഹിന്ദുക്കളുടേതാണെന്നു് മുസ്ലിങ്ങൾ കരുതാൻ അതിടയാക്കി.
ഒന്നാം ഖദർ:
ബാപ്പൂ ജിന്നയ്ക്കു വേണ്ടി വാദിയ്ക്കയാണോ? അങ്ങയെ കള്ളക്കുറുക്കനെന്നും ഹിന്ദുപുനരുത്ഥാനവാദിയെന്നും വിളിച്ച ജിന്നയ്ക്കു വേണ്ടി?
രണ്ടാം ഖദർ:
ആ ജിന്ന ഖുർ-ആൻ കണ്ടിട്ടു തന്നെയുണ്ടാവില്ല. വെള്ളിയാഴ്ച ഒരാളും അയാളെ പള്ളിയിൽകണ്ടിട്ടില്ല. കള്ളും കുടിച്ചു് പോർക്കിറച്ചിയും തിന്നു നടക്കുന്ന അയാൾ മുസ്ലിങ്ങളുടെ നേതാവായതെങ്ങനെയാണാവോ? അത്തരക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ!
ഗാന്ധി:
നാലു നേരവും കുളിച്ചു കുറിയിടുന്ന ഒരു ബ്രാഹ്മണൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ പ്രശ്നം തീരുമോ? ആ രാജ്യം മുസ്ലീം സഹോദരങ്ങൾക്കു് സ്വന്തം രാജ്യമായി തോന്നുമോ? ഇല്ല. ഇനിയും ഇന്ത്യയിൽ ചോരപ്പുഴകളൊഴുകുന്നതു കാണാൻ ഞാൻ ജീവിച്ചിരിക്കില്ല. എന്റെ സ്വപ്നത്തിന്റെ ഒടുവിലത്തെ ഇഷ്ടികയും ഇന്ത്യയിൽ ഇടിഞ്ഞുവീഴുന്നതു കണ്ടു നിൽക്കാൻ … ഇല്ല. പൊയ്ക്കൊള്ളു. എനിക്കറിയാം. നിങ്ങൾ രഹസ്യമായി വിഭജനമാഗ്രഹിക്കുന്നു. നിങ്ങൾക്കു് സ്ഥാനങ്ങളാണു വേണ്ടതു്. ഞാനോ നിസ്വൻ. ഞാനെന്തിനു നിങ്ങളെ ഭയപ്പെടണം. കോൺഗ്രസ്സിൽ ഒരണാ മെമ്പർ പോലുമല്ലാത്ത ഞാൻ?
ഖദറുകൾ ഒന്നിച്ച്, താളത്തിൽ:
അയ്യോ ബാപ്പൂ, അങ്ങു ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കയാണു് (കയ്യുകളുയർത്തി, പ്രസംഗശൈലിയിൽ) ഈ നാടിനുവേണ്ടി ജീവിച്ചു് ഈ നാടിനു വേണ്ടി മരിക്കാൻ…
ഗാന്ധി:
(ചെവിപൊത്തി, അസഹ്യതയോടെ) കടന്നുപോവൂ. സ്വയംഭരണം കിട്ടിയാലുടൻ കോൺഗ്രസ്സ് പിരിച്ചു വിടണമെന്നു് ഞാൻ പറയാൻ പോവുകയാണു് (ഖദറുകൾ ഭയന്നു് അന്യോന്യം നോക്കുന്നു, മൂക്കത്തു് വിരൽ വെയ്ക്കുന്നു.) ഈ കോളണിയിലെ ഭങ്ഗികൾക്കു് നിങ്ങളെക്കാൾ നന്നായി എന്നെ അറിയാം.
(ഖദറുകൾ അൽപം പരുങ്ങിനിന്ന ശേഷം തലതാഴ്ത്തി പിരിയുന്നു. മുഷിഞ്ഞ തറ്റുടുത്ത ഒരു കറുത്ത കുട്ടി ഓടി വന്നു് ഗാന്ധിയുടെ മടിയിലിരിക്കുന്നു.)

അല്ലേ, മോനേ?

കുട്ടി:
ബാപ്പൂ, ബാപ്പൂ, അച്ഛൻ ഒരാമയെ പിടിച്ചുകൊണ്ടു വന്നിട്ടുണ്ടു്. ആമയിറച്ചി എനിക്കു വല്യേ ഇഷ്ടമാ. ബാപ്പു ആമയെ തിന്നുമോ?
ഗാന്ധി:
മോൻ ആനയിറച്ചി തിന്നിട്ടുണ്ടോ? രാജാക്കന്മാരൊക്കെ ആനകളെയാ തിന്നുക! (ചിരിക്കുന്നു) ഒരു രാജാവിന്റെ കഥ പറയട്ടെ?
കുട്ടി:
ങാ, കഥയിൽ ആനയുണ്ടോ?
ഗാന്ധി:
ശുദ്ധോദനൻ എന്നായിരുന്നു രാജാവിന്റെ പേരു്. ശുദ്ധോദനന്റെ മകൻ സിദ്ധാർത്ഥനു് ഒരു ദിവസം അമ്പേറ്റു വീണ ഒരു പക്ഷിയെക്കിട്ടി.
കുട്ടി:
പക്ഷിയോ? കാടയാണോ? എന്നിട്ടതിനെ പൊരിച്ചു തിന്നില്ലേ?
ഗാന്ധി:
ഇല്ലല്ലോ. സിദ്ധാർത്ഥൻ അതിന്റെ നെഞ്ചിലെ അമ്പു് ഊരിക്കളഞ്ഞു് മരുന്നുവെച്ചു് മുറിവുണക്കി. അമ്പെയ്തതാരായിരുന്നെന്നോ? ദേവദത്തൻ. അതും രാജകുമാരൻ. അവൻ പറഞ്ഞു പക്ഷി അവന്റേതാണെന്നു്. രാജാവു് പക്ഷിയെ ആർക്കുകൊടുത്തെന്നോ?
കുട്ടി:
അമ്പെയ്തവന്!
ഗാന്ധി:
അല്ല. മുറിവുണക്കിയ സിദ്ധാർത്ഥനു്. സിദ്ധാർത്ഥൻ അതിനെ ആകാശത്തേയ്ക്കു പറത്തിവിട്ടു.
കുട്ടി:
ഓ, ഞാനിന്നലെ കണ്ടു! നീലപക്ഷി, ആകാശത്തിൽ. താഴെ മുഴുവൻ ചോര!
ഗാന്ധി:
(മെല്ലെമെല്ലെ, വിഷാദിയായി) ഹേ ഭഗവാൻ… താഴെ മുഴുവൻ ചോര…! എനിക്കു് മുറിവുണക്കാൻ കഴിയുമോ? (കുട്ടിയെ തലോടുന്നു. കുട്ടി ഗാന്ധിയുടെ ചുമലിൽ ശിരസ്സു ചായ്ചു് ചിരിക്കുന്നു. മെല്ലെ, ഇരുട്ട്.)
വിഭജനം—ഒന്നു്
(വൈസ്റോയിയുടെ കൊട്ടാരം. ചുവരിൽ റോബർട്ടു് ക്ലൈവിന്റെ വലിയ ഛായാചിത്രം. മൗണ്ട്ബാറ്റൻ സിംഹാസനം പോലുള്ള ഒരു കസേരയിൽ. ഇരുവശത്തുമായി ഉപദേശകരായ ഇസ്മേ പ്രഭുവും, സർ എറിക്‍ മീവിലും. മുമ്പിൽ ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ, ജിന്ന, ലിയാഖത് അലിഖാൻ, റബ്ബ്നിഷ്താർ, ബൽദേവ് സിങ്ങ്. മൗണ്ട്ബാറ്റനു മുന്നിലെ മേശപ്പുറത്തു ഇന്ത്യയുടെ ഒരു ഭുപടമുണ്ടു്. പിൻതിരശ്ശീലയിൽ മൗണ്ടു് ബാറ്റന്റെയും പ്രഭ്വിയുടേയും ഇന്ത്യൻ ജീവിതത്തിലെ ചില പ്രധാന സന്ദർഭങ്ങൾ—ആദ്യ സ്വീകരണം, പ്രഭ്വി അഭയാർത്ഥി ക്യാമ്പിൽ, ഗാന്ധിയുമായുള്ള കൂടിക്കാഴ്ച, ജിന്നയോടൊത്തു് പ്രഭു തുടങ്ങിയവ—തെളിയുന്നു. മൗണ്ട്ബാറ്റൻ ഓരോ കടലാസ്സുചുരുൾ അതിഥികൾ ക്കോരോരുത്തർക്കും നൽകുന്നു.)

മൗണ്ട്ബാറ്റൻ:
(ഓരോരുത്തരെയും നോക്കി സംബോധന ചെയ്തു കൊണ്ടു്) മി. നെഹ്റു, മി. പട്ടേൽ, മി. ജിന്ന, മി. ലിയാഖത്, മി. നിഷ്താർ, മി. ബൽദേവ്, നാം ഇന്ത്യയിലെത്തിയ ശേഷം ഒട്ടേറെ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടു്. എന്നാൽ അവയൊന്നും ഇത്രത്തോളം പ്രധാനമായി തോന്നിയിട്ടില്ല. ഇന്ത്യയുടെ ഭാവി ഇപ്പോൾ നമ്മുടെയെല്ലാം കൈകളിലാണു്. ഇന്ത്യക്കു് ഡൊമീനിയൻ പദവി നൽകുവാനുള്ള തീരുമാനത്തിനു സർ വിൻസ്റ്റൻ ചർച്ചിൽ സമ്മതം നൽകിക്കഴിഞ്ഞിട്ടുണ്ടു്. ലേബർപാർട്ടിയും കൺസർവ്വേറ്റീവ് പാർട്ടിയും ഇന്ത്യക്കു് സ്വാതന്ത്യം നൽകുന്ന നിയമത്തെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചിരിക്കുന്നു. നാട്ടുരാജ്യങ്ങളുടെ പ്രശ്നവും നാം പരിഹരിച്ചുകൊണ്ടിരിക്കയാണു്. മി. ജിന്ന, താങ്കൾ ഇപ്പോഴും ഇന്ത്യയെ വിഭജിക്കണമെന്ന അഭിപ്രായക്കാരനാണോ?
ജിന്ന:
(എണീറ്റുനിന്നു് മുരടനക്കി):] ‘പാകി-സ്ഥാൻ’ അഥവാ ‘വിശുദ്ധരുടെ ഭൂമി’ മുസ്ലിങ്ങളുടെ ജന്മാവകാശമാണു്. ഈ ആശയം എന്റേതല്ലെന്നു് പ്രഭുവിന്നറിയാമല്ലോ. 1933-ൽ റഹ്മത്ത് അലിയാണു് പാകി-സ്ഥാനെക്കുറിച്ചു് ആദ്യം പറഞ്ഞതു്. ഏറെക്കാലം ഞാനും ലീഗും ഹിന്ദുക്കളുമായി ഒത്തുപോവാൻ നോക്കി. എന്നാൽ കോൺഗ്രസ്സു് ഹിന്ദുദേശീയതയുടെ പാർട്ടിയാണെന്നു് പല സന്ദർഭങ്ങളിലും ഞങ്ങൾക്കു ബോദ്ധ്യമായി. ഹിന്ദുദേശീയതയിൽ സ്വയം ക്രൂശിക്കുവാൻ ഞങ്ങൾ തയ്യാറല്ല. ഹിന്ദുസ്ഥാനിൽ മുസ്ലീങ്ങൾക്കു് നീതി ലഭിക്കുകയില്ല. പഞ്ചാബ്, കാശ്മീർ, സിൻഡ്, അതിർത്തി പ്രദേശം, ബലൂചിസ്ഥാൻ—ഇവിടങ്ങളിലെ മുസ്ലീംജനതയ്ക്കു് ഒരു രാഷ്ട്രം കൂടിയേ തീരൂ. എന്നെസ്സംബന്ധിച്ചിടത്തോളം സുദീർഘമായ ഒരു സമരത്തിന്റെ ഫലപ്രാപ്തിയുമായിരിക്കും പാകി-സ്ഥാൻ. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. എന്നാൽ ഇന്ത്യയെപ്പോലെ പാകി-സ്ഥാനും ബ്രിട്ടീഷ് കോമൺവെൽത്തിന്റെ ഭാഗമായിത്തുടരുമെന്നു് ഞാൻ ഉറപ്പുതരുന്നു.
മൗണ്ട്:
ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്നു് നമുക്കോ ബ്രിട്ടീഷ് ഭരണകൂടത്തിനോ അശേഷവും താത്പര്യമില്ല. എങ്കിലും മറ്റേതു പരിഹാരവും വമ്പിച്ച വർഗ്ഗീയ ലഹളകളിലേയ്ക്കു നയിക്കുമെന്നതുകൊണ്ടു് വിഭജനനിർദ്ദേശം നിങ്ങളെല്ലാവരും പരിഗണിക്കമെന്നാണു് നമ്മുടെ അഭ്യർത്ഥന. നിങ്ങളുടെ തത്ത്വങ്ങൾക്കും മനഃസാക്ഷിക്കുമെതിരായി അതംഗീകരിക്കുവാൻ നാം നിർബ്ബന്ധിക്കുന്നില്ല. എങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കിക്കൊണ്ടു വിഭജനം നടപ്പാക്കാമെങ്കിൽ അതു നിങ്ങൾ അംഗീകരിക്കുന്നതു് നന്നായിരിക്കും. രണ്ടു രാഷ്ട്രങ്ങളോടും നാം തുടർന്നും സഹകരിക്കുന്നതാണു്.
നെഹ്റു:
സ്വാതന്ത്ര്യത്തിന്നായി സമരം ചെയ്തപ്പോൾ, ഞങ്ങൾ സ്വപ്നം കണ്ടിരുന്നതു് അവിഭക്തമായ ഒരു സ്വരാജ്യത്തെയാണു്. എന്നാൽ മി. ജിന്നയും മുസ്ലിംലീഗും വിഭജനം കൊണ്ടു മാത്രമേ തൃപ്തിപ്പെടുകയുള്ളൂ എന്നു് ഇപ്പോൾ ഞങ്ങൾക്കു് ബോദ്ധ്യമായി. ഈ യോഗം വിഭജനത്തെ അനിവാര്യതയെന്ന നിലയ്ക്കു് അനുകൂലിക്കുന്നുവെങ്കിൽ, ലജ്ജയോടെ, വേദനയോടെ, ഞാനും ആ തീരുമാനത്തിനു വഴങ്ങുന്നു.
പട്ടേൽ, കൃപലാനി:
നെഹ്റുവിന്റെ വികാരവും നെഹ്റുവിന്റെ അഭിപ്രായവും ഞങ്ങളും പങ്കിടുന്നു.
മൗണ്ട്:
നിങ്ങളുടെ വികാരം നാം ശരിക്കും മനസ്സിലാക്കുന്നു. മി. ബൽദേവ്, താങ്കളൊന്നും പറഞ്ഞില്ലല്ലോ. ബംഗാളിനോടൊപ്പം പഞ്ചാബും വിഭജിക്കപ്പെടും. അപ്പോൾ നിങ്ങൾ സിഖുക്കാരുടെ അഭിപ്രായം വളരെ പ്രധാനമാണു്.
ബൽദേവ്സിങ്ങ്:
സിഖുകളുടേതു മാത്രമായ ഒരു രാഷ്ട്രമെന്നതു് ഞങ്ങളുടേയും ചിരകാല സ്വപ്നമാണു്. എങ്കിലും ഞാൻ വിലപേശുന്നില്ല. അതിനു് ഇനിയും അവസരമുണ്ടാവും. എങ്ങനെയും ആദ്യം ഇന്ത്യ സ്വതന്ത്രയാകട്ടെ. വിഭജനതീരുമാനം ഞാനും അംഗീകരിക്കുന്നു.
മൗണ്ട്:
ബംഗാളിന്റെയും പഞ്ചാബിന്റെയും ഏതേതു ഭാഗങ്ങൾ ഇന്ത്യയിലും പാകി-സ്ഥാനിലും പോകണമെന്നു് തീരുമാനിക്കാൻ നാം ബാരിസ്റ്റർ സിറിൽ റാഡ്ക്ലിഫ്ഫിനെ നിയമിക്കുന്നുണ്ടു്. പരിചയ സമ്പന്നനായ അദ്ദേഹം ആ ജോലി ഭംഗിയായി ചെയ്യും. ശരി, സുഹൃത്തുക്കളേ, നമുക്കു് പിരിയാം. വളരെ നന്ദി.
(അതിഥികൾ പിരിയുന്നു. ഉപദേശകരും മൗണ്ട്ബാറ്റനും മാത്രം ബാക്കിയാവുന്നു.)
മൗണ്ട്:
അത്ഭുതം തന്നെ. ഇത്രവേഗം മി. നെഹ്റുവും സുഹൃത്തുക്കളും വിഭജനത്തിനു സമ്മതം മൂളുമെന്നു് നാം കരുതിയിരുന്നില്ല.
ഇസ്മേ:
മി. നെഹ്രുവിനു് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഒരു കണ്ണുണ്ടെന്നറിയാമല്ലോ. നമുക്കും അതു് നല്ലതാണു്. ഗാന്ധി അധികാരമോഹിയല്ലാത്തതു് നമ്മുടെ ഭാഗ്യം. ഗാന്ധി ഭരണത്തിൽ വന്നാൽ നമ്മുടെ പദ്ധതികളെല്ലാം പൊളിയും. പിന്നെ ഗ്രാമങ്ങൾക്കും പാവങ്ങൾക്കുമായിരിക്കും പ്രാധാന്യം. സ്വാശ്രയത്വം നടപ്പിലായാൽപ്പിന്നെ നമ്മുടെ കച്ചവടം പൊളിഞ്ഞതു തന്നെ. വിദേശസാധനങ്ങൾക്കൊന്നും ഇവിടെ വിപണിയുണ്ടാവില്ല. ഗാന്ധി ആളുകളെയൊക്കെ ആഗ്രഹ നിയന്ത്രണം പരിശീലിപ്പിച്ചു കളയും. മി. നെഹ്റു അങ്ങനെയല്ല. ഇന്ത്യക്കാരനാണെങ്കിലും വിദേശിയുടെ മനസ്സുണ്ടു് അദ്ദേഹത്തിനു്. അദ്ദേഹം വൻകിടയുടെ ആളാണു്. കൂറ്റൻ വ്യവസായങ്ങൾ, കൂറ്റൻ അണക്കെട്ടുകൾ, പാശ്ചാത്യ പരിഷ്ക്കാരങ്ങൾ… അതു് നമുക്കും ഗുണം ചെയ്യും. നമ്മുടെ മൂലധനം ഇവിടെ സുരക്ഷിതമായിരിക്കും.
മൗണ്ട്:
നമ്മുടെ ശരീരങ്ങൾ പോയാലും ആത്മാക്കൾ ഇവിടെ കാണുമെന്ന്, അല്ലേ? ഹഹഹ. ഇന്ത്യൻ ആത്മീയതയ്ക്കു് പറ്റിയതു തന്നെ. (ചിന്താധീനനായി) പക്ഷേ, ഒരാളുടെ കാര്യത്തിൽ മാത്രമേ എനിക്കു സംശയമുള്ളു. ഗാന്ധി—ഗാന്ധി എന്തു് പറയും? അദ്ദേഹം വിഭജനത്തിനു സമ്മതിക്കുമോ?
മിവിൽ:
ഗാന്ധിയും കോൺഗ്രസ്സും അകന്നു തുടങ്ങിയിട്ടു് നാളുകൾ കുറച്ചായി. ഗാന്ധി ഒരു പഴഞ്ചനാണെന്നു് മി. പട്ടേലും മി. നെഹ്റുവും കരുതുന്നു. അവർ ആഗ്രഹിക്കുന്നതു് ഇംഗ്ലണ്ടോ അമേരിക്കയോ ആകണമെന്നാണു്. വിഭജനപ്രശ്നത്തോടെ ആ അകൽച്ച മുഴുവനാകും.
മൗണ്ട്:
നമുക്കും അതുതന്നെ തോന്നുന്നു.
ഇസ്മേ:
അങ്ങനെ ഹതാശനാകരുതു്. അങ്ങ് സംസാരംകൊണ്ടു് ആരേയും വശീകരിക്കുവാൻ കഴിവുറ്റവൻ. പ്രവിശ്യകൾക്കു് ഇന്ത്യയുടേയോ പാകി-സ്ഥാന്റേയോ കൂടെ നിൽക്കാൻ അവകാശമുണ്ടെന്ന്, പ്രവിശ്യകളിലെ ജനങ്ങളെല്ലാം വിഭജനത്തെ എതിർത്താൽ ഇന്ത്യ വിഭജിക്കപ്പെടില്ലെന്നു് മി. ഗാന്ധിയെ ധരിപ്പിക്കണം. അതു നടക്കാൻ പ്രയാസമാണു്, എങ്കിലും ആ സാദ്ധ്യത തള്ളിക്കളഞ്ഞു കൂടല്ലോ. അപ്പോൾ അതു നുണയാവില്ല. വിഭജനത്തിന്റെ ഉത്തരവാദിത്ത്വം ഇന്ത്യാക്കാരിൽ തന്നെയാണെന്നു് മി. ഗാന്ധിക്കു് ബോധ്യമാവുകയും ചയ്യും. അതു് ഒരു ജനാധിപത്യ പ്രശ്നമെന്നു വന്നാൽ അദ്ദേഹത്തിന്റെ എതിർപ്പിനു മൂർച്ച കുറയുമെന്നു തീർച്ച.
മൗണ്ട്:
ശരിയാണു്. നാളത്തെ കൂടിക്കാഴ്ചയിൽ അതു തന്നെയായിരിക്കും എന്റെ സമീപനം… (നെടുവീർപ്പോടെ ആത്മഗതം) അങ്ങനെ—ഇന്ത്യയെ—അവർ പങ്കിട്ടു! ഇനി ക്രിസ്തു ശിഷ്യർ ചെയ്ത പോലെ ഉടുപ്പുകൾക്കു വേണ്ടി പകിടയെറിഞ്ഞു മാത്രം നോക്കിയാൽ മതി!
(രംഗം ഇരുളുന്നു. ഇരുളിൽ നിന്ന്:)

‘ഊർദ്ധ്വബാഹൂർ വിരൗമ്യേഷ

ന ച കശ്ചിൽ ശൃണോതി മേ’:

കൈകളുയർത്തിത്തലയിൽ വെച്ചിങ്ങനെ

നീറിക്കരയുന്നതാരാരു്?

രണ്ടായ് പിളരുന്ന നാടിനെനോക്കിത്ത-

ന്നുള്ളു വേവുന്നവനാരാരു്?

എല്ലാത്തലയും കുലുങ്ങുമ്പോൾ തൻതല,

ലജ്ജിച്ചുതാഴ്ത്തിയതാരാരു്?

എല്ലാവരും പുത്തനുടുപ്പുകൾ തയ്ക്കുമ്പോ-

ളൊന്നുമിടാത്തൊരാളാരാരു്?

വിചാരണകൾ
(വെളിച്ചം തെളിയുമ്പോൾ ഗാന്ധിയും മനുവും. ഗാന്ധിയുടെ കയ്യിൽ ബൈബിൾ. മനു ഗാന്ധിയുടെ കാലുഴിയുകയാണു്. ഗാന്ധി വായിക്കുന്ന ബൈബിൾ വാക്യങ്ങൾ പുറകിൽ നിന്നു് മുഴങ്ങുന്നു: “അവൻ അവരോടു പറഞ്ഞു: ‘എന്റെ ആത്മാവു മരണവേദനയോടടുത്ത ദുഃഖമനുഭവിക്കുന്നു. ഇവിടെ നിങ്ങൾ എന്നോടൊപ്പം ഉണർന്നിരിക്കുക!’ അവൻ അല്പം മുന്നോട്ടു പോയി കമിഴ്‌ന്നു വീണു പ്രാർത്ഥിച്ചു. ‘എന്റെ പിതാവേ, സാദ്ധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപ്പോകേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.’”)

മനു:
ബാപ്പൂ, തീരുമാനമെടുക്കുന്നവരാരും അങ്ങയെ വിളിക്കുന്നില്ലല്ലോ. അങ്ങയുടെ ആദർശങ്ങൾ എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. നെഹ്റുവും പട്ടേലും വിഭജനത്തിനു സമ്മതിച്ചേക്കുമെന്നു കേൾക്കുന്നു. വേറെ വഴിയില്ലത്രെ!
ഗാന്ധി:
അവർക്കു് എന്റെ ഫോട്ടോകളും പ്രതിമകളും മതി. എന്നെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടു തന്നെ എന്റെ വാക്കുകൾ മുഴുവൻ അവർ കുപ്പത്തൊട്ടിയിലെറിയുകയാണു്.
മനു:
അങ്ങു കൂടി വിഭജനത്തിനു സമ്മതിച്ചാൽ മൗണ്ട്ബാറ്റന്റെ വിജയം പൂർണ്ണമാകും, ജിന്നയുടേയും.
ഗാന്ധി:
ഇല്ല, ഇന്ത്യയെ മുഴുവൻ അഗ്നിപ്രളയം വന്നു വിഴുങ്ങിയാലും ഞാനതിനു വഴങ്ങുകയില്ല. ഇന്ത്യയെ വെട്ടിമുറിച്ചാൽ ആ ചോരയിൽ പഞ്ചാബും ബംഗാളും മാത്രമല്ല ഇന്ത്യയാകെ മുങ്ങിമരിക്കും… ഹും, അവർ കരുതുന്നതു് എനിക്കു് വയസ്സായെന്നും ബുദ്ധിപതറുകയാണെന്നുമാണു്. ഛിന്നൻ പിടിപെട്ട ഒരു പടുകിഴവൻ …! അല്ലെന്നു പറയാൻ ഞാനാരാണു്? അവർ ഇന്ത്യ ഭരിക്കാൻ കാത്തിരിക്കുന്നവർ. അവർ ശരിയാകാതെ വയ്യ. ഞാൻ ഒറ്റയ്ക്കു് ഇരുട്ടിൽ നിലവിളിക്കുകയായിരിക്കാം. ഇന്ത്യയിലെ ജനങ്ങൾ ഞാൻ പറഞ്ഞതു് കേൾക്കുമോ എന്നു പോലും എനിക്കറിയാതെയായിരിക്കുന്നു…
മനു:
അങ്ങനെ പറയരുതു്. ഇന്ത്യ എന്നും ബാപ്പുവിന്റെ ശബ്ദത്തിനു ചെകിടോർത്തിട്ടുണ്ട്.
ഗാന്ധി:
എല്ലാ ഉറപ്പുകളും എന്നെ വിട്ടുപോവുകയാണു്. ഏകാകിയായ ഒരു പാവം വയസ്സൻ മാത്രമാണു ഞാനിപ്പോൾ. ഇന്ത്യയുടെ സ്വാതന്ത്ര്യാഘോഷം കാണാൻ ഞാൻ ജീവിച്ചിരുന്നെന്നു വരില്ല. എങ്കിലും അവസാന നിമിഷങ്ങളിൽ ഈ വൃദ്ധനെ അലട്ടിയിരുന്ന വേദന വരും തലമുറയെങ്കിലും അറിയട്ടെ. ഈ വേദനയുടെ ഓർമ്മയെങ്കിലും അന്യോന്യം പൊരുതുന്ന ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ശുദ്ധീകരിക്കട്ടെ.
ഒരു സ്ത്രീ വോളന്റിയർ (ഓടിയെത്തിക്കൊണ്ടു്):
ബാപ്പൂ, ബാപ്പൂ, വിഭജനം ഉറപ്പായി. മൗണ്ട്ബാറ്റൻ ഇന്നു് എല്ലാവരേയും വിളിച്ചു കൂട്ടിയിരിക്കുന്നു. കോൺഗ്രസ്സ് സമ്മതിച്ചു. ജിന്നയ്ക്കു സന്തോഷമായി. സിഖുകാരും സമ്മതിച്ചത്രെ! നെഹ്റുവും പട്ടേലും, ബൽദേവ് സിങ്ങും ലിയാഖത് ആലിഖാനും കൃപലാനിയുമെല്ലാം യോഗത്തിനെത്തിയെന്നാണു കേട്ടത്.
ഗാന്ധി:
ഈശ്വരൻ അവരെ രക്ഷിക്കട്ടെ… അവർക്കു വഴികാട്ടട്ടെ. (ഒരു നിമിഷം ഇരുട്ടു്. വെളിച്ചമെത്തുമ്പോൾ ഗാന്ധി ഒരാൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയാണു്.) ഇന്ത്യ വിഭജിക്കപ്പെടുന്നതിനു കാരണം ഇന്ത്യാക്കാർ തന്നെയാണെന്നു് വൈസ്രോയിയുമായുള്ള കൂടിക്കാഴ്ച എന്നെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. മറ്റാരേയും നമുക്കു കുറ്റപ്പെടുത്താനില്ല. നമുക്കു് നമ്മുടെ തന്നെ ഹൃദയത്തിലേക്കു നോക്കുക. നമ്മുടെ ചോരയും വാക്കും വിചാരവും വർഗ്ഗീയതയുടെ വിഷം കൊണ്ടു മലിനമായിരിക്കുന്നു. പാകി-സ്ഥാൻ നമ്മുടെ തന്നെ പാപങ്ങളുടെ സന്തതിയാണു്. നമുക്കു് ഉള്ളിലേക്കു് നോക്കി വിലപിക്കുക. ശാന്തിക്കായി പ്രാർത്ഥിക്കുക. ‘വൈഷ്ണവജനതോ’ ആരംഭിക്കുന്നു. പാട്ടുയരുന്നു, പിറകിൽ നിന്നു്:

ലാത്തികൾ കൈകളൊടിച്ചാലും

തോക്കുകൾ ചീറിയടുത്താലും

തൂക്കുമരങ്ങൾ വിളിച്ചാലും

ഒറ്റയ്ക്കു പോകുന്നു ഗാന്ധി,

ഒറ്റ,യ്ക്കൊറ്റ,യ്ക്കൊറ്റയ്ക്ക്!

കാട്ടുതീയിൻ നടുക്കൊറ്റയ്ക്ക്

കൂറ്റനിരുട്ടത്തുമൊറ്റയ്ക്ക്

ആഴക്കടൽ നടുക്കൊറ്റയ്ക്ക്

ചീറും കൊടുങ്കാറ്റിലൊറ്റയ്ക്കു്

ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്ക്.

ആരും വിളികേൾക്കാനില്ലെന്നോ,

ആരുമൊപ്പം വരാനില്ലെന്നോ

ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്ക്!

ചോരപ്പുഴയിലുമൊറ്റയ്ക്ക്

ഭ്രാന്തിൻ മലയിലുമൊറ്റയ്ക്ക്

കാടന്റെ കുന്തത്തിലൊറ്റയ്ക്കു്

കടുവാതൻ കോർമ്പല്ലിലൊറ്റയ്ക്ക്

ഒറ്റയ്ക്കു പോകുന്നു ഗാന്ധി,

ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്ക്!…!

ഒറ്റയ്ക്കൊറ്റയ്ക്കൊറ്റയ്ക്ക്!…!

(പതുക്കെ ഇരുട്ടു്)

(ഗാന്ധി മയക്കത്തിൽ, സ്വപ്നാന്തരീക്ഷം. മൂന്നു രൂപങ്ങൾ പ്രവേശിക്കുന്നു. ഒന്ന് ചുകപ്പിൽ മൂടിയിരിക്കുന്നു, മറ്റേതു് പച്ചയിൽ, മൂന്നാമത്തേതു് കറുപ്പിൽ. മൂവരും ഗാന്ധിയെ മൂന്നുരു വലം വെയ്ക്കുന്നു. പരസ്പരം എന്തോ പിറുപിറുക്കുന്നു. മൂകാഭിനയം. ചുകപ്പു വേഷം, ‘ഞാനാദ്യം പോകാ’മെന്നു കാണിക്കുന്നു. മൂന്നു രൂപങ്ങൾക്കു് ചുകന്നതാടി, പച്ച, കരി എന്നീ കഥകളി വേഷങ്ങളും ആകാവുന്നതാണു്.)
ചുകപ്പു വേഷം:
ഹേ ഗാന്ധീ! നിന്റെ ജീവിതം മുഴുവൻ നീ ജനങ്ങൾക്കു വേണ്ടി തുലച്ചു. നിന്റെ മക്കൾ പോലും നിനക്കെതിരായി. നിന്റെ ശിഷ്യന്മാരെന്നു നീ കരുതിയവർ ഓരോരുത്തരായി നിന്നെ പലവട്ടം തള്ളിപ്പറഞ്ഞു. നിന്റെ ജനങ്ങൾ പോലും നിന്നെ സംശയത്തോടെ നോക്കുന്നു. നീ എന്തു നേടി? വരൂ, എന്റെ കൂടെ വരൂ, ഇന്ത്യയുടെ സിംഹാസനത്തിലേയ്ക്കു്. അതിലാരു് കയറണമെന്നു തർക്കം തുടങ്ങിക്കഴിഞ്ഞു. നീയാണു് അതിനു് തികച്ചും അർഹൻ. നീ അതിലിരുന്നാൽ ഒരാൾക്കും അതു ചോദ്യം ചെയ്യാനാവില്ല. ഇതാണവസരം. വരൂ, ഞാൻ നിന്നെ സിംഹാസനത്തിലിരുത്തും.
ഗാന്ധി:
പോ. പോ. മാലാഖയെയും ചെകുത്താനാക്കുന്ന അഹംഭാവിയായ അധികാരമേ! ഞാനൊരു യോഗിയാണു്. കർമ്മമാണെന്റെ യോഗം. നിഷ്ക്കാമകർമ്മം. നിനക്കെന്നെ പ്രലോഭിപ്പിക്കാനാവില്ല. ചക്രവർത്തിമാരെ ഞാൻ കണ്ടിട്ടുണ്ട്—കിഴക്കും പടിഞ്ഞാറും. എവിടെ ആ ചക്രവർത്തിമാർ? ഉദിച്ചതിനേക്കാൾ വേഗം അവരസ്തമിച്ചു.അവരുടെ കിരീടങ്ങളും ചെങ്കോലുകളും കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. അവരുടെ ക്രൂരത മാത്രം ഓർമ്മിക്കപ്പെട്ടു—അവർ രചിച്ച രക്തത്തിന്റെ വസന്തങ്ങൾ മാത്രം.
ചുകപ്പു വേഷം:
വിഡ്ഢി! വിഡ്ഢി! (ഗാന്ധിയെ വലം വെച്ചു് നിഷ്ക്രമിക്കുന്നു)
പച്ചവേഷം:
ഹേ, ഗാന്ധീ! നീ ജോലി ചെയ്തു തളർന്നിരിക്കുന്നു. നീ കിഴവനായിരിക്കുന്നു. വിശ്രമം പ്രകൃതിയുടെ നിയമമാണു്. പകൽ മുഴുവൻ പറന്നു തളർന്ന പറവകളെ നോക്കൂ! പണിയെടുത്തു ക്ഷീണിച്ച മനുഷ്യരെ നോക്കൂ! സൂര്യൻ പോലും വിശ്രമിക്കുന്നു. നീ ജനങ്ങളെ വേണ്ടത്ര സേവിച്ചു കഴിഞ്ഞു. വരൂ, എന്റെ മടിയിലേയ്ക്കു വരൂ. വിശ്രമിക്കൂ. ശ്രമങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കൂ. വരൂ, ഹിമാലയത്തിന്റെ തണുപ്പിലേയ്ക്കോ ഗംഗയുടെ കുളിരിലേയ്ക്കോ വന്നു ധ്യാനിക്കൂ. ഞാൻ കാണിച്ചു തരാം, മോക്ഷത്തിലേയ്ക്കുള്ള വഴി, എളുപ്പ വഴി.
ഗാന്ധി:
എന്റെ ജനതയാണെന്റെ ഹിമാലയം; എന്റെ ഗംഗയും, അവരുടെ സ്വാതന്ത്ര്യവും സൗഖ്യവുമാണു് എന്റെ മോക്ഷം. എനിക്കൊറ്റയ്ക്കു് മോക്ഷം വേണ്ട. അവസാനത്തെ പ്രാണിക്കും നിർവ്വാണം ലഭിക്കുവോളം വീണ്ടും വീണ്ടും പിറക്കുന്ന ബോധിസത്വനെപ്പോലെ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. എനിക്കു വിശ്രമം മരണത്തിൽ മാത്രം.
(പച്ച വേഷം ഗാന്ധിയെ ചുറ്റുമ്പോൾ കരിവേഷം മുന്നോട്ടായുന്നു)
കരിവേഷം:
ഞാനിവിടെത്തന്നെയുണ്ടു്, ഗാന്ധി! നിന്റെ കൂടെ. നിന്റെ നിഴൽ പോലെ. ഏറെ നാളായി നിന്നെ ഞാൻ പിൻതുടരുന്നു. ഞാനാണു് നിന്റെ യഥാർത്ഥ രക്ഷകൻ, യഥാർത്ഥ ആശ്രയം, നിന്റെ താവളം, നിന്റെ അച്ഛൻ. നിന്നെ ഞാൻ അന്വശ്വരനാക്കാം. വരൂ എന്റെ കൂടെ. ഒറ്റ വെടിയുണ്ടകൊണ്ടു്, ഒറ്റ പിടച്ചിൽ കൊണ്ടു്, ഒരിത്തിരി ചോരകൊണ്ടു്, നിന്നെ ഞാൻ വേദനകളിൽ നിന്നു ദൂരെ കൊണ്ടുപോകാം. ഇനി ജീവിക്കുന്തോറും നീ അപ്രസക്തനാകും. നീ കല്ലെറിയപ്പെടും. നിന്റെ ഏകാന്തതയ്ക്കാഴം കൂടും. വേണ്ട, വരൂ. ഒരൊറ്റ മഹാത്യാഗത്തിലൂടെ നീ പുണ്യവാളനാകും. രക്തസാക്ഷിയായി നീ എന്നെന്നും ഓർമ്മിക്കപ്പെടും.
ഗാന്ധി:
(മെല്ലെ) ഹാ… നിന്നെയാണു ഞാൻ കാത്തു കാത്തിരുന്നതു്. വരൂ, എന്റെ കൈ പിടിക്കൂ. എന്നെ കൊണ്ടുപോകൂ, വെളിച്ചത്തിലേയ്ക്ക്, അനശ്വരതയുടെ മടിയിലേയ്ക്ക്… കിളികൾ! മഴവില്ലുകൾ! മുഴുച്ചന്ദ്രന്റെ വെള്ളക്കുതിര… ഭൂമിയിലില്ലാത്ത പൂക്കളുടെ മണം…
(ഇരുളുന്നു)
വിഭജനം—രണ്ടു്
images/madhu-gandhi-09.png

(സ്ക്രീനിൽ വിഭജനകാല ദൃശ്യങ്ങൾ)

ഗായക സംഘം:

കത്തിക്കൊണ്ടെന്നപോൽ വീടു പിളർന്നപ്പോൾ

അച്ഛൻ മകനോടെന്തു പറഞ്ഞു?

‘ഞാൻ വടക്കേപ്പുറം

നീ തെക്കേപ്പുറം’.

അമ്മായിയമ്മമാരെന്തു പറഞ്ഞു?

‘പോ മരുമക്കളേ,

പുത്തൻവീട്ടിൽ!’

ഭൂമി കുലുങ്ങിയീ നാടു പിളർന്നപ്പോൾ

കാമുകൻ പെണ്ണിനോടെന്തു പറഞ്ഞു

‘ഇനി നമ്മൾ കാണില്ല

കരളേ നീയിവിടെങ്കിൽ!’

പട്ടി തൻ പൂച്ചയോടെന്തു പറഞ്ഞു?

‘ഭൗ, ഭൗ, പോടാ പോ

പാകി-സ്ഥാനിൽ!’

ചട്ടി കലത്തിനോടെന്തു പറഞ്ഞു?

‘തറവാടി ഹിന്ദു ഞാൻ

ഇവിടെ വീണുടയും!’

അവസാനമൊന്നിച്ചു ഫോട്ടോയെടുക്കുവാ-

നയൽവാസികൾക്കൊക്കെയവസരം കിട്ടിയോ?

അയൽവാസിക്കയൽവാസി

ശത്രുവായാൽ പിന്നെ

അയൽവക്കം കടലുവിഴുങ്ങിയാലെന്തു്?

* * *

രണ്ടായ് പിളർന്നു ചുവരുകളെല്ലാം

രണ്ടായ് പിളർന്നു മേൽക്കൂര

രണ്ടായ് പിളർന്നു തലച്ചോറും നട്ടെല്ലും

രണ്ടായ് പിളർന്നു ഹൃദയങ്ങൾ

വലതുകൈ ഇടതുകയ്യോടു പറഞ്ഞു:

‘പോകട്ടെ പോകട്ടുടപ്പിറപ്പേ!’

വലതുകണ്ണിടതുകണ്ണോടു പറഞ്ഞു:

‘ഇതിലേ ഞാ, നതിലേ നീ കൂട്ടുകാരി!’

ഒരു ചെവി മറുചെവിയോടു പറഞ്ഞു:

‘ഇരു ചെവിയറിയാതെ-

യിണ പിരിഞ്ഞാലോ?’

ഒരു കാൽ പടിഞ്ഞാറോ-

ട്ടൊരുകാൽ കിഴക്കോട്ടും,

വഴിതാണ്ടാനാവാതെ

കുഴയുന്നു നാട്ടാർ.

(ഒരു മുസ്ലീം ഭവനം. ഉമ്മയും രണ്ടു മക്കളും.)

ഉമ്മ:
നിങ്ങളെന്തു തീരുമാനിച്ചു മക്കളേ? പറ, ഹബീബേ.
ഹബീബ്:
ഇല്ലുമ്മാ. ഞാനീ നാടുവിട്ടെങ്ങും പോവില്ല. പട്ടാളത്തിലുള്ള ഞങ്ങൾക്കെല്ലാം ഇന്നലെ നോട്ടീസു തന്നിരിക്ക്വാ. ഒന്നൂൽ പാകിസ്ഥാൻ പട്ടാളത്തിൽ ചേരാം, അല്ലേൽ ഇന്ത്യേൽ തന്നെ നിൽക്കാം. ഇത്രേം നാളും ഞാൻ ഇന്ത്യേൽ തന്നെ നിന്നു. ’ന്റെ വീടു് ഇന്ത്യയാ. അങ്ങ് പടിഞ്ഞാറ് മരുഭൂമീല് ജെർമ്മൻകാരുടെ ഷെല്ലുകള് ചുറ്റിലും വീണോണ്ടിരുന്നപ്പോ ഞാൻ സൊപ്പ്നം കണ്ടതു് ഈ ഇന്ത്യയെ. ‘സോമേ’യിലെ ഒരു ട്രെഞ്ചിൽ തണുത്തു് വെറച്ച് മയ്യത്തും കാത്തിരുന്നപ്പോ ’ന്റെ ഖൽബില് ഒരൊറ്റ ആശേ ബാക്കീണ്ടാർന്നുള്ളു—തിരിച്ച് ന്റെ ഇന്ത്യേല് ബരണം. എന്റെ ഉപ്പയും ഉപ്പൂപ്പായും ഇവ്ടെ ജനിച്ച് ഇവിടെ വളർന്നോരാ. അവർക്ക്ടെ ഖബറിടങ്ങളും ഇവ്ടെയാ. അള്ളാ തിരിച്ചുവിളിക്ക്മ്പോ അവർക്ക്ടെയരികിൽ ഒരു ഖബറിൽ’ നിക്കും വിശ്രമിക്കണം.
ഉമ്മ:
നീ പറഞ്ഞതു് നേരു്. ഉമ്മായ്ക്കും പൂതി അതുതന്നെയാ. നിന്റെ തീരുമാനമെന്താ യൂനുസ്സേ?
യൂനൂസ്സ്:
ഞാനില്ല ഇവ്ടെ കെടന്നു് ചാകാൻ. ഇനി നമ്മക്കൊന്നും ഇവ്ടെ രക്ഷേല്ല ഉമ്മാ. ഹറാം പിറന്നോരു് നമ്മളെയൊക്കെ തട്ടികളയ്വോള്ളൂ. എന്നാൽ ജീവൻ രക്ഷപ്പെട്ടാലൊ പട്ടാളത്തിലും ഹിന്ദുക്കള് നൊമ്മടെ കൂട്ടര്ക്കു് കയറ്റം തര്വോ? ബല്ല്യേ പട്ടാളക്കമ്പിനീന്റെ ചൊമതല നൊമ്മളെ വിശ്വസിച്ചേൽപ്പിക്ക്വോ? ഇക്കായ്ക്കും ഉമ്മായ്ക്കും അതൊക്കെപ്പറയാം. നിങ്ങള് കൊറേ ജീവിതം ജീവിച്ചോരാ. എനക്കു് ചെറുപ്പമാ. എന്റെ ഭാവി പാകി-സ്ഥാനിലാ.
ഉമ്മ:
അങ്ങനെ പറേരുതു് യൂനസ്സുകുട്ടി. നൊമ്മളിവിടെ ബന്നിട്ടു് കൊല്ലം ഇരുന്നൂറു മുന്നൂറായി. നൊമ്മള് കാറ്റില് വന്നെറങ്ങ്യോരാ. എന്നിട്ടെന്തെല്ലാം കണ്ടു്! ദില്ലിയില് സുൽത്താമ്മാരുടെ സർക്കാരി അബസാനിച്ചിട്ടും നൊമ്മളിബ്ടെത്തന്നെ നിന്നില്ലെ? ശിപ്പായി ജെഗളേല് ഉപ്പൂപ്പാനെ ബിലാത്തിക്കാരു് കൊന്നു കളഞ്ഞു. എന്നിട്ടു് നൊമ്മളിബിടെ കഴിഞ്ഞില്ലേ നൊമ്മള് ആറ്റുനോറ്റിരുന്നതി എന്നട്ടിപ്പ പാകി-സ്ഥാനീ പോകാനോ? ഗാന്ധിയെവിട്ടു് ജിന്നായുടെ കൂടെ കൂടാനോ?
യൂനൂസ്സ്:
പഴേ കഥേളൊന്നും പറഞ്ഞിര്ന്നിട്ടു് കാര്യമില്ലുമ്മാ. നിങ്ങളും ഇക്കേം വര്ണില്ലെങ്കി വേണ്ടാ. ഞാൻ സ്ഥലം വിട്വാ. അതിലിനി പടച്ചോൻ വിചാരിച്ചാലും മാറ്റോല്യാ.
(ഹബീബ് യൂനുസ്സിനെ വേദനയോടെ ആശ്ലേഷിക്കുന്നു. ഉമ്മ ‘ന്റെ റബ്ബേ!’ എന്നു വിളിച്ചു് തലയിൽ കൈവച്ചു് തറയിൽ കുനിഞ്ഞിരിക്കുന്നു. ഇരുട്ട്.)
വിഭജനം—മൂന്നു്

(ഡെൽഹിയിലെ ഒരു ഗവൺമെന്റോഫീസ്)

ഓഫീസ് മേധാവി:
ഈ ഓഫീസിലുള്ളതെല്ലാം ഇന്ത്യയ്ക്കും പാകിസ്ഥാനുമായി ഒപ്പമൊപ്പം വിഭജിക്കണമെന്നാണു് മി. എച്ച്. എം. പട്ടേലും മി. മുഹമ്മദാലിയും കൂടി തീരുമാനിച്ചിരിക്കുന്നതു്. എല്ലാത്തിന്റെയും കണക്കെടുപ്പും കഴിഞ്ഞിട്ടുണ്ടു്. മേശകൾ 43, ഡസ്ക്കുകൾ 17, കസേരകൾ 61, ടൈപ്പ്റൈറ്ററുകൾ 60, ടേബിൾ ലാമ്പുകൾ 30, ഫാനുകൾ 27, സേയ്ഫുകൾ 13, ക്ലോക്ക് 1, കാറുകൾ 2, മഷിക്കുപ്പികൾ 60, ക്രിക്കറ്റ് ബാറ്റുകൾ…
ഒരു ഗുമസ്ഥൻ:
അപ്പോൾ ഫയലുകളോ?
മറ്റൊരാൾ:
ഈ 43-ഉം 17-മൊക്കെ എങ്ങനെ വിഭജിക്കും?
ഒരു ടൈപ്പിസ്റ്റ്:
എന്റെ റെമിങ്ടൺ ടൈപ്പറൈട്ടർ കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല. അതാ അപ്പുറത്തു് കേടുവന്നതൊരെണ്ണമുണ്ടു്. കുത്തും കോമയുമൊന്നും അടിക്കാൻ പറ്റില്ലെന്നേയുള്ളൂ. പിന്നെ “E” യും “F”-ഉം അടിച്ചാൽ ഒരുപോലിരിക്കും. പക്ഷേ “PAKISTAN” എന്നടിക്കാൻ ആ അക്ഷരമൊന്നും വേണ്ടല്ലോ.
മറ്റൊരു ടൈപ്പിസ്റ്റ്:
ഞാൻ പോകിസ്ഥാനിലേയ്ക്കാ പോകുന്നേ. അവിടെ ഷോർട്ടു് ഹാൻഡോ, ലോങ് ഹാൻഡോ?
ഒരു സ്പോർട്സ് പ്രേമി:
ക്രിക്കറ്റിന്റെ ബാറ്റുകളൊക്കെ ഇന്ത്യക്കു് വേണം. പന്തുകൾ വേണമെങ്കിൽ അവരെടുത്തോട്ടെ. നല്ല ബാറ്റ്സ്മെന്നൊക്കെ നമ്മുടെ കൂടെ നിൽക്കട്ടെ. പിന്നെ ബൗളർമാർ—സ്പിന്നർമാരുടെ കാര്യമാ… ഹോക്കിയുടെ കഥ ഇനിയെന്താവുമോ…!
മറ്റൊരാൾ:
അല്ല. ഡിക്ഷണറി, എൻസൈക്ലോപീഡിയ ഇതൊക്കെ എന്തു ചെയ്യും?
മറ്റൊരാൾ:
അതിനെന്താ വിഷമം? ‘എ’ മുതൽ ‘എം’ വരെ നമുക്കു്. ബാക്കി അവർക്കു്. അവസാനത്തെ മൂന്നക്ഷരത്തിലും അധികം വാക്കുകളൊന്നുമില്ലല്ലൊ.
(രണ്ടുപേർ ഒരു കസേരയിൽ പിടിച്ചു് അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നു)
ഒന്നാമൻ:
ഇതു് അറുപത്തൊന്നാമത്തെ കസേരയാ. ഇതെന്റെയാ. മുപ്പതു വർഷം ഞാനിതിലിരുന്നതാ. എനിക്കിരിക്കാൻ പാകത്തിൽ ഒരു കുഴിയുണ്ടായിട്ടുണ്ടു് ഇതിൽ.
രണ്ടാമൻ:
എന്നാലാ കുഷനെങ്കിലും എനിക്കു് താ. കുഴിയിലേയ്ക്കു പോകുന്നവനെന്തിനാ കുഷൻ?
ഒരു സ്ത്രീ സ്റ്റെനോഗ്രാഫർ:
പുസ്തകങ്ങളുടെ കാര്യം നമ്മളോർത്തില്ല. നമുക്കൊരു കൊച്ചു ലൈബ്രറിയില്ലേ? ‘ഗളിവറുടെ യാത്രകൾ’ ആർക്കാ?
മറ്റൊരു സ്ത്രീ:
അതു് ഇന്ത്യയ്ക്കു തന്നെ വേണം. നമ്മൾ ഗളിവറെ പിടിച്ചുകെട്ടിയതു് ഇവിടെതന്നല്ല്യോ?
ഒരു സ്ത്രീ:
അതു ശരിയാ. ‘ആലീസിന്റെ അത്ഭുതലോകം’ പാകി-സ്ഥാനു് കൊടുക്കാം, അല്ലേ?
ഒരാൾ:
സാർ, അപ്പോൾ ടെലിഫോൺ ഒന്നേയുള്ളല്ലോ?
മറ്റൊരാൾ:
അതു മതിയെടോ. പറയുന്ന ഭാഗം ഇന്ത്യയ്ക്കു്. കേൾക്കുന്നു് ഭാഗം പാകിസ്ഥാനും.
ഒരാൾ:
അയ്യോ, കണ്ണാടിയും ഒരെണ്ണമേയുള്ളു.
മറ്റൊരാൾ:
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാ.
ഒന്നാമൻ:
പക്ഷേ ചങ്ങാതി നന്നല്ലല്ലോ. അല്ലെങ്കിലയാൾ ഈ നാടുവിട്ടുപോകുമോ?
രണ്ടാമൻ:
ഓ, എന്നാൽ നെഴല് നീയെടുത്തോ. കണ്ണാടി ചങ്ങാതിക്കുകൊടുത്തേര്.
ഒരാൾ:
അല്ലല്ല, ക്ലോക്കിന്റെ കാര്യമോ? ഒന്നുമുതൽ ആറുവരെയുള്ള ഭാഗം നമുക്കെടുക്കാം.
മറ്റൊരാൾ:
ങ. ആ ചെറിയ സൂചി മതി. അപ്പോൾ പിന്നെ മിനിറ്റൊന്നും അറിയേണ്ടല്ലോ. അല്ലേലും അപ്പീ, ഈ ആപ്പീസ്സിലൊക്കെ ക്ലോക്കിന്റെ ആവശ്യമെന്തര്? നമുക്കു് തോന്നുമ്പം വരും തോന്നുമ്പം പോകും.
(ഓഫീസിലെ മേശ, ടൈപ്പ്റൈറ്റർ, കസേര, ഷെൽഫ്, തുടങ്ങിയവയിൽ പലരും ചേർന്നു പിടിവലി നടത്തുന്നു. ബഹളത്തിന്റെ മൂർദ്ധന്യത്തിൽ വേദി ഇരുളുന്നു.)
ഖഡ്ഗങ്ങളുടെ രാത്രി
(സ്ക്രീനിൽ തലവാചകങ്ങൾ: “വർഗ്ഗീയ ലഹളകൾപ്പൊട്ടിപുറപ്പെടുന്നു.” “അരങ്ങിനു പിറകിൽ നിന്നു് പല ശബ്ദങ്ങളിൽ: ഗാന്ധി കൽക്കത്തയിലേക്കു്”)

സത് ശ്രീ അകാൽ!

അള്ളാഹു അക്ബർ!

ജയ് ശ്രീറാംജി, ജയ് ശ്രീറാം!

(ആവർത്തിക്കുന്നു)

കോറസ്സ്:

ഓ… ജൂലൈ, ജൂലൈമാസം!

രക്തത്തിൻ ജൂലൈമാസം!

അമൃതസരസ്സിനെ

മൃതിയുടെ മരുവായ് മാറ്റിയ ജൂലൈ!

അറ്റ ശിരസ്സുകളുരുളുന്നു

പാതിരയും പകലാക്കിത്തെരുവിൽ

വാളുകൾ, വാളുകൾ, മിന്നുന്നു!

(വെളിച്ചം തെളിയുമ്പോൾ ഒരുകൂട്ടം സിഖുക്കാരെ അഭിസംബോധന ചെയ്യുന്ന മാസ്റ്റർ താരാസിങ്.)

താരാസിങ്:
ഹേ, ഖൽസയിലെ സിംഹങ്ങളേ, ഗുരുഗോബിന്ദ് സിങ്ങിന്റെ പ്രിയ ശിഷ്യരേ! ചാലിയൻ വാലയിൽ ബ്രിട്ടീഷ് പട്ടാളത്തെ തുരത്തിയോടിച്ച ധീരരേ! നിങ്ങളുടെ കൃപാണങ്ങൾ ഉറയിൽ നിന്നൂരുവാൻ സമയമായി. സുവർണ്ണക്ഷേത്രത്തിന്റെ ചുവരുകളെയോർക്കുക! വാൾകൊണ്ടു് അറുത്തുമുറിക്കപ്പെട്ടിട്ടും മതം മാറാൻ തയ്യാറാകാതിരുന്ന നിങ്ങളുടെ പിതാമഹന്മാരെ ഓർമ്മിക്കുക! അമ്മമാരുടെ കൺ മുന്നിൽ വെച്ചു് മുകിലന്മാർ കുന്തത്തിൽ തറച്ച കുഞ്ഞുങ്ങളെ ഓർമ്മിക്കുക. ഇതാ അവർ വീണ്ടും വന്നിരിക്കയാണു്. പോയ മാർച്ച് മാസത്തിൽ അവർ നമ്മുടെ പിതാക്കന്മാരേയും സോദരരേയും കൊന്നു കളഞ്ഞു. ഇനി നമുക്കു് ക്ഷമിക്കാനാവില്ല. മാതൃഭൂമിയെ കാക്കാനായി ജീവൻ കൊടുക്കുക! മാനം കാക്കാനായി രക്തം ചിന്തിക്കുക! ഒരൊറ്റ മുസ്ലീമും ജീവനോടെ രക്ഷപ്പെട്ടുകൂട, സതു് ശ്രീ അകാൽ! പാകിസ്ഥാൻ മൂർദ്ധാബാദ്!
ആൾക്കൂട്ടം:
മാസ്റ്റർ താരാസിങ്ങ് സിന്താബാദ്! സതു് ശ്രീ അകാൽ!
(കൃപാണങ്ങളുയർത്തി പല ദിശകളിൽ ഓടി പോകുന്നു. പ്രസംഗകനും ഓടിപ്പോകുന്നു.)
(ഒഴിഞ്ഞ രംഗത്തുകൂടി ഒരു മുസ്ലീം കുടുംബം നടന്നു വരുന്നു. ഒരു വൃദ്ധൻ, മകൻ, മകന്റെ ഭാര്യ, കുട്ടി എല്ലാവരും ഭയചകിതരാണു്.)
വൃദ്ധൻ:
നീയെന്തു തീരുമാനിച്ചു. മോനേ? പാകിസ്ഥാനിൽ പോകാൻ ഉറച്ചോ?
മകൻ:
അതേ ബാപ്പാ. ഇനി ഇവിടെ കഴിയുന്നതു് പന്തിയല്ല. ഹിന്ദുക്കളും സിഖുകാരും നമ്മുടെ കൂട്ടക്കാർക്കെതിരെ തിരിഞ്ഞിരിക്ക്വാണു്. മുസ്ലീങ്ങളെ കണ്ടാലപ്പോ ഒരു ചോദ്യോമില്ലാതെ വെട്ടിക്കൊല്ല്വാണു്. നമ്മുടെ അയൽവാസ്യോള് അധികോം പോയി. പിടിച്ചു നിന്നോരൊക്കെ വാളിൽ കുടുങ്ങി. ആണുങ്ങളെയൊക്കെ പിടിച്ചു് സിഖുകാരു് അവയവം മുറിച്ചെടുക്ക്വാണു്. എന്നിട്ടു് അതു് അവരുടെതന്നെ വായിൽ… അല്ലെങ്കിൽ അവരുടെ ഉമ്മമാരേയും ഇത്താത്തമാരേയും കഴുത്തു ഞെരിച്ചുകൊന്നു് അവരുടെ … ഇന്നലെ നമ്മുടെ കരീം സാഹിബ്ബിന്റെ ചായക്കടയിലേയ്ക്കു് ഒരു സിക്കുകാരൻ ഒരു പാൽകൂജ വലിച്ചെറിഞ്ഞു. തുറന്നുനോക്ക്യേപ്പോ അതിൽ നിറയേ മുറിച്ചെടുത്ത… പിന്നെ ഖാദീർ സാഹിബ്ബിന്റെ ബീവിയെ അവർ ഉടുതുണിയില്ലാതെ കുന്തത്തിന്റെ മുകളീ നാട്ടി. ഇനി ഒരൊറ്റ തീവണ്ടിയും പാകിസ്ഥാനിലേയ്ക്കു വിടില്ലെന്നാണവരു് പറേണതു്. വഴിക്കു് വണ്ടി മറിക്കും. അല്ലെങ്കി വണ്ടീലുള്ളോരെ മുഴ്‌വൻ കൊല്ലും…
വൃദ്ധൻ:
കൊല്ലട്ടെ മോനേ, കൊല്ലട്ടെ! ഇതെല്ലാം ആ ജിന്നയുടെ പണ്യാണു്. ഇന്നലെവരെ നമ്മളും ഹിന്ദുക്കളും സിഖുകാരുമൊക്കെ ഒരൊറ്റ കുടുംബം പോലെ കഴിഞ്ഞിരുന്നോരെല്ലെ? റാംസിങ്ങും ഹവേലിറാമുമൊക്കെ ഇല്ലാര്ന്നെങ്കി നമ്മുടെ മോൾടെ നിക്കാഹ് നടക്കുമായിർന്നോ? നമ്മള് പഷ്ണികെടന്നു് ചാകില്ലായിർന്നില്ലേ? എല്ലാം പോയില്ലേ…
മകന്റെ ഭാര്യ:
ബാപ്പ വര്ന്നില്ലേ ഞങ്ങടെ കൂടെ?
വൃദ്ധൻ:
ഇല്ല മക്കളേ. ബാപ്പായുടെ കാലം കഴിയാറായി. ബാപ്പായുടെ കൂട്ടുകാരൊക്കെ ഇവിടെത്തന്നെയാ. ഈ പഞ്ചാബിലു് ബാപ്പാ ജനിച്ചു. ഇബ്ടെത്തന്നെ ഖബറടക്കണം. ഇന്ത്യവിട്ടു് ബാപ്പ എങ്ങോട്ടും വരൂല്ല.
(പെട്ടെന്നു് രണ്ടു് സിഖ് യുവാക്കൾ കൃപാണവുമായി അവർക്കു മുമ്പിൽ ചാടി വീഴുന്നു.)
ഒന്നാം സിഖ്:
നിൽക്കവിടെ കിഴവാ! നിന്റെ കോലാടിൻ താടി ഞങ്ങൾ അരിഞ്ഞു കളയുന്നുണ്ടു്! (താടി അരിയുന്നു, വൃദ്ധൻ യുവാവിനെ തുറിച്ചുനോക്കുന്നു)
വൃദ്ധൻ:
നീ… നീ… രാംസിങ്ങിന്റെ പേരക്കുട്ടിയല്ലേ?
(ബോധമറ്റുവീഴുന്നു)
രണ്ടാം സിങ്:
(സ്ത്രീയോടു്): വാടീ, ഇങ്ങോട്ടു്. നീ ജീവിച്ചിരുന്നാൽ ഇനിയും രാജ്യദ്രോഹികളെ പെറ്റുകൂട്ടില്ലേ (തലയിലെ ബുർഖാ വലിച്ചഴിച്ചു് വയറ്റിൽ ചവിട്ടുന്നു. അവൾ വീഴുന്നു. അവളെ വലിച്ചിഴയ്ക്കുന്നു.)
ഒന്നാം സിഖ്:
(പുരുഷനോട്—കഴുത്തിൽ വിരലോടിച്ചു്): ഹാ, നല്ല മിനുസമുള്ള കഴുത്തു്! ഇതുതന്നെയാവട്ടെ ആദ്യത്തേതു് !
(വാളോങ്ങുന്നു, ഇരുട്ടു്)
കാളീഘട്ടം
(സ്ക്രീനിൽ: “ഓഗസ്റ്റ് 15-നു് ഇന്ത്യ സ്വതന്ത്രയാകുന്നു” “ഗാന്ധി ലഹളകളൊതുക്കാൻ ശ്രമിക്കുന്നു” “വിഭജനം തന്നെ ദുഃഖിപ്പിക്കുന്നുവെന്നു് നെഹ്റു” “വർഗ്ഗീയകലാപങ്ങൾ അവസാനിപ്പിക്കണമെന്നു് നേതാക്കൾ”—കലാപ ദൃശ്യങ്ങൾ.)

പിന്നിൽ നിന്ന്:

രണ്ടു നാളുകൾ മാത്രം സ്വാതന്ത്ര്യത്തിലേയ്ക്കിനി-

യിന്ത്യക്ക്—പൊങ്ങും ശവക്കൂനയ്ക്കുമീതേ സൂര്യൻ

എത്തുകയായീ കാളീഘട്ടത്തിൽ ഗാന്ധി;

മാറിൽ

രക്തമിറ്റിടും ശിരസ്സുകൾ മാലയായ് കോർത്തും.

നേത്രത്തിൽ തീപാറിയും വാൾചുഴറ്റിയും, നിണ-

ദംഷ്ട്രയും നാവും നീട്ടി കൽക്കത്തയെതിരേറ്റു.

(കൽക്കത്ത. ഹൈദരീ ഹൗസ്. കാറിൽ നിന്നിറങ്ങി ഹൈദരീ ഹൗസിലേയ്ക്കു പോകുന്ന ഗാന്ധി. ഗാന്ധിയുടെ നേരെ പാഞ്ഞുവരുന്ന കല്ലുകളും ചെരുപ്പുകളും പഴത്തൊലികളും. ആൾക്കൂട്ടത്തിന്റെ ശബ്ദങ്ങൾ.)

ഗാന്ധി തിരിച്ചുപോവുക!

ഗാന്ധി ഹിന്ദുക്കളുടെ ഘാതകൻ!

ഗാന്ധി മുസ്ലീങ്ങളുടെ രക്ഷകൻ!

പോവുക പോവുക ഹിന്ദുക്കൾതൻ

ജീവൻ കാക്കാൻ, നവഖലിയിൽ!

ഞങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം

വേണ്ടാ കിഴവാ സുവിശേഷം!

(ഗാന്ധി ഒരു കയ്യുയർത്തുന്നു. പിന്നീടു് ജനക്കൂട്ടത്തെ തൊഴുന്നു. ശബ്ദങ്ങൾ താണുവരുന്നു.)

ഗാന്ധി:
സഹോദരൻമാരേ! ഓഗസ്റ്റ് പതിനഞ്ചിനു് നവഖലിയിലെ ഹിന്ദുക്കൾക്കു് ഒരു പോറൽ പോലുമേൽപ്പിക്കില്ലെന്നു് അവിടത്തെ മുസ്ലീം സോദരരിൽ നിന്നു് ഉറപ്പു വാങ്ങിയിട്ടാണു് ഞാനിവിടെ വന്നിരിക്കുന്നതു്. (ശബ്ദങ്ങളും ഏറും നിലയ്ക്കുന്നു.) അവർ വാക്കു പാലിച്ചില്ലെങ്കിൽ ഞാൻ മരണം വരെ ഉപവസിക്കും. ഇവിടെ, ഈ കൽക്കത്തയിൽ ഒരൊറ്റ മുസ്ലീം സഹോദരനെ നിങ്ങൾ ഉപദ്രവിച്ചാലും ഞാൻ അതു തന്നെ ചെയ്യും. എന്റെ ജീവൻ ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണു്. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഹിന്ദുവായ ഞാൻ എങ്ങിനെയാണു് ഹിന്ദുക്കളുടെ ശത്രുവാകുന്നതു്? എല്ലാ മതത്തിൽപ്പെട്ടവരേയും സ്നേഹിച്ചാദരിക്കാനാണു് എന്റെ ഹിന്ദുത്വം എന്നെ പഠിപ്പിച്ചതു്. നിങ്ങൾ ദയവായി മടങ്ങിപ്പോവുക. ഞാൻ ഈ ഹൈദരീ ഹൗസിലുണ്ടാകും. നിങ്ങളുടെ പ്രതിനിധി സംഘത്തെ ഇങ്ങോട്ടയക്കുക. നിങ്ങളുടെ സുഹൃത്തായി സുഹ്രവർദ്ദിയും എന്റെ കൂടെ കാണും.
(സുഹ്രവർദ്ദി കടന്നുവരുന്നു. ആൾക്കൂട്ടം വീണ്ടും പ്രകോപിതരാകുന്നു. കല്ലുകൾ ജനലുകളിൽ വീഴുന്ന ശബ്ദങ്ങൾ. ഒപ്പം മുദ്രാവാക്യങ്ങൾ: ‘സുഹ്രവർദ്ദി ഹിന്ദുക്കളുടെ ശത്രു! സുഹ്രവർദ്ദി പാക്ചാരൻ! കരിഞ്ചന്തക്കാരൻ സുഹ്രവർദ്ദി തിരിച്ചുപോവുക!’)
ഗാന്ധി:
സുഹ്രവർദ്ദി വന്നിരിക്കുന്നതു് പ്രായശ്ചിത്തം ചെയ്യാനാണു്. പശ്ചാത്തപിക്കുന്ന ഒരാളെ ഉപദ്രവിക്കാൻ മാത്രം കാടന്മാരാണോ നമ്മൾ? ദയവായി ശാന്തരാവുക! കൽക്കത്തയ്ക്കു് ഭ്രാന്തുപിടിച്ചാൽ ഇന്ത്യയ്ക്കു മുഴുവൻ ഭ്രാന്തു് പിടിക്കും. കൽക്കത്തയാണു് ഇന്ത്യയ്ക്കു് മുഴുവൻ വഴികാട്ടേണ്ടതു്. നിങ്ങൾ നിങ്ങളുടെ സംസ്കാരം നിലനിർത്തണം. നാളെ മുതൽ ബ്രിട്ടീഷുകാരിൽ നിന്നു നാം സ്വതന്ത്രരാവും. സ്വാതന്ത്ര്യത്തിന്റെ ശിശുവിനെ നിങ്ങൾ ചോരയിൽ മുക്കിക്കൊല്ലുമോ? (ആൾക്കൂട്ടം നിശ്ശബ്ദം) പോവൂ, നൂൽ നൂൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്യൂ. വിഭജനത്തിന്റെ വേദനയുമായി ഉപവസിക്കൂ! അതു നമ്മുടെ മുഴുവൻ പാപത്തിന്റെ സന്തതിയാണു്. “നിന്റെ വാൾ ഉറയിലിടുക. കാരണം, വാളെടുക്കുന്നവരെല്ലാം വാളാൽ തന്നെ നശിക്കും.” (ആൾക്കൂട്ടം ക്രമേണ പിരിയുന്നു.)
(ഇരുട്ടു്)
വഴി
(അരങ്ങിൽ പുലരി വെളിച്ചം)

ഗായകസംഘം പാടുന്നു:

‘നേരം പുലർന്നുവോ?’ ചോദിപ്പൂ പാടത്തു

ചേറിൽ നിന്നും തളർന്നായിരം മൈനകൾ.

‘നേരം പുലർന്നതാർക്കെ’ന്നു ചോദിച്ചു

പാറുന്നു യന്ത്രശാലയ്ക്കകം കാക്കകൾ.

‘വയ്യ വയ്യിന്നിയും ഭാരം’, അമറുന്നു

എല്ലുന്തി വേർത്താർത്തുവേച്ചു പോം കാളകൾ.

ഏറെയുണ്ടേറെക്കിനാക്കൾ: ഉദിക്കുന്ന-

താരാണു ധീരർതൻ ചോരയിൽ, രാത്രിയോ?

ഈ നാടകത്തിന്റെ നായകനാരിതിൻ

സാരമെ,ന്തെന്തിതിന്നന്ത്യത്തിൽ, മൃത്യുവോ?

(ഒരു ഗ്രാമീണകുടുംബം വഴിയോരത്തെ ഒരു കലുങ്കിൽ)

കാരണവർ:
അവസാനം ബിലാത്തികൾ പോവാൻ തന്നെ തീരുമാനിച്ചു. ദില്ലിയിലെ ഉത്സവം കേമമായിരിക്കും. വെടിക്കെട്ടുകാണുമോ?
കുട്ടിയെ എളിയിൽ വച്ച ഒരു യുവതി (മരുമകൾ):
ഹൗ. നടന്നു നടന്നു വലഞ്ഞു. ബീഹാറിൽ നിന്നു് ദില്ലിക്കു് ഇത്ര ദൂരമോ? എന്നാൽ ഞാൻ വരില്ലായിരുന്നു. പുറപ്പെട്ടിട്ടു് ആറു പകലും ആറു രാത്രിയും കഴിഞ്ഞു. അതിനിടയ്ക്കു് നശിച്ച മഴയും. കുഞ്ഞിനാണെങ്കിൽ വയറിനു സുഖമില്ല. പതിനാലാന്തി നമ്മളെത്തുമോ?
കുട്ടിയുടെ അച്ഛൻ:
(കാരണവരുടെ മകൻ): തളർച്ചയൊന്നും സാരമാക്കേണ്ടെന്നേ. നമ്മള് യുദ്ധം ജയിച്ചില്ലേ? അതാ കാര്യം. ഇനി നമ്മുടെയാ ഭരണം. നെഹ്റുവാണത്രെ പ്രധാനമന്ത്രിയാകുന്നതു്. നെഹ്റു നല്ലവനാണെന്നാ കേൾക്കുന്നേ. അങ്ങേരു വന്നാ പാവങ്ങൾക്കൊക്കെ ഗതി പിടിക്കുമെന്നാ.
കാരണവർ:
അപ്പോ നമ്മളു കൃഷി ചെയ്യണ കണ്ടമൊക്കെ നമ്മുടെയാക്വോ?
മകൻ:
അതു തീർച്ചയല്ലേ? സമീന്ദാരി സമ്പ്രദായമെല്ലാം അവസാനിപ്പിക്കുമെന്നാ കോംഗ്രസ്സുകാരു് പറേന്നേ. പിന്നെ പഞ്ചായത്തു നമ്മുടെയാ. നമ്മള് തന്നെ എല്ലാം തീരുമാനിക്കും. വിത്തും വളോം ഒക്കെ സർക്കാരു് തരും. അണക്കെട്ടു് വരും. രണ്ടും മൂന്നും പൂവു് വെളവെടുക്കാം.
കാരണവർ:
എന്തോ എനിക്കങ്ങു വെശ്വാസം വര്ണില്ല. ഗാന്തി ജയിക്കുമെന്നു കണ്ടപ്പളേ സമീന്ദാരും മാഹന്തും മുഖിയയുമൊക്കെ കൂട്ടത്തോടെ ഖദറിട്ടു് കോംഗ്രസ്സി ചേർന്നിരിക്യല്ലേ? ഇന്നലെ വരെ സായിപ്പന്മാരുടെ വാലാട്ടികളായിരുന്നു് അവരൊക്കെ. ഇനി അവരു് നേതാക്കന്മാരാവും.
മരുമകൾ:
അതാ കാര്യം. ഞാൻ വെള്ളം കോരാൻ പോയപ്പോ കവലയോഗത്തിലു് സെമീന്ദാരു് ഗാന്തിയെപ്പൊക്കിപ്പറേണതു് കേട്ടു. ഇപ്പൊ അതിനല്ലേ വെല. പ്രമാണിമാരൊക്കെ ഉണ്ടേരുന്നു.
കാരണവർ:
ആരു ഭരിച്ചാലും ഭരിക്കുന്നോര്ടെ കൂടെ ഈ കള്ളന്മാരു് കൂടും. കാശും പണോം ഭൂമീം അവര്ടേലല്ലേ? നമ്മള് പാവങ്ങള് ഇതു പോലെയൊക്കെയങ്ങ് കഴിയും.
മകൻ:
ആയ്. അങ്ങനെ വരില്ല. പിന്നെന്തിനാ നമ്മളീ കഷ്ടപ്പെട്ടു് സ്വാതന്ത്ര്യം കാണാൻ ദില്ലിക്കു പോകുന്നേ? നമ്മക്കും കൊറച്ചെങ്കിലും സ്വാതന്ത്ര്യം തരാതിരിക്കില്ല നെഹ്റു.
നാലു വയസ്സുകാരൻ കുട്ടി:
അപ്പോ, ഈ സ്വോതന്ത്ര്യോന്നു പറേണതെന്താ? അതു് കറുത്തതോ വെളുത്തതോ?
മകൻ:
വെളുത്തോരു പോയി കറുത്തോരു വരുന്നതാ സ്വാതന്ത്ര്യം.
കുട്ടി:
അപ്പോ എനിക്കു് അയൽപക്കത്തെ കുട്ട്യോളെ തൊടാൻ പറ്റ്വോ? വിപൂന്റേം ശിവുന്റേം കൂടെ കളിക്കാൻ പറ്റ്വോ?
കാരണവർ:
ഇല്ല മോനേ. സ്വാതന്ത്ര്യം വന്നാലും അവർണ്ണരു് സവർണ്ണരാക്വോ?
മകൻ:
നെഹ്രൂനു് ജാതിയില്ലെന്നാ കേട്ടെ. മനുഷേരൊക്കെ ഒരൊറ്റ ജാതിയാണു്. ഇനി എല്ലാവർക്കും വോട്ടു ചെയ്യാം. എല്ലാവർക്കും റൊട്ടികിട്ടും. കുട്ട്യോൾക്കു് പാലും കിട്ടും. വീടും കെടപ്പാടോം തുണീം…
കുട്ടി:
അപ്പോ നമ്മക്കു് സൊന്തം വീട്ണ്ടാക്വോ? മ്മിണിവല്യേവീടു്! അപ്പോ—എനിക്കൊരു മുറിതരണേ. അതില് നെറയെ പാവക്കുട്ട്യോളും ഹൽവേം ലഡുവും… വല്യവരു് കഴിക്ക്ണ പോലെ നാലഞ്ചു കറി കൂട്ടി റൊട്ടീം ചോറും… മൂന്നു നേരോം പാല്… ഹായ്!
മരുമകൾ:
ഹതൊന്നും വേണ്ടപ്പാ. രണ്ടുനേരം റൊട്ടീം പരിപ്പും തന്നെ ധാരാളം. കേറിക്കെടക്കാൻ സൊന്തമൊരു കുടീം പണിയാനിത്തിരി നെലോം… അതു മതി നമ്മക്ക്.
മകൻ:
ഒക്കെക്കിട്ടുമെടീ മണ്ടീ. നീ നോക്കിക്കോ. പതിനാലാന്തിയൊന്നു കഴിഞ്ഞോട്ടെ. എന്നിട്ടു വേണം നിനക്കിത്തിരി പൊന്നു് വാങ്ങാൻ. പിന്നെ ഒരു ജോഡി നല്ല കാള…
മരുമകൾ (പാടുന്നു):

കരിയുറുമ്പണി ചേർന്നു് പോയ് പടയ്ക്ക്

കരയിലും കടലിലും പൊരുതി നിന്നൂ

കരളിലും കുടലിലും പൊരുതി നിന്നു

കുടിയും വയലും തിരിച്ചെടുത്തു

തുടിയും ചുവടും തിരിച്ചെടുത്തു

മലയും പുഴയും തിരിച്ചെടുത്തു

മഴയും മൊഴിയും തിരിച്ചെടുത്തു

കുളമേഴിലും പോയ് കുളിച്ചുവന്നു

അഴകിൽ കിരീടമണിയുവാനായ്

കരിയുറുമ്പണിചേർന്നു ചെന്ന നേരം…

മകൻ:
മതി നിന്റെ പാട്ടു്. നമുക്കിനി നടക്കാം.
കാരണവർ:
പാടിക്കോട്ടെ, പാടിക്കോട്ടെ. ക്ഷീണം കൊറയും.
മരുമകൾ:

കരിയുറുമ്പണിചേർന്നു ചെന്ന നേരം

കളവുപോയ് കളവുപോയാക്കിരീടം

ചതിയിലെതിരാളി കൈക്കലാക്കി…

(തലകുനിച്ചു് നടക്കുന്നു. മറ്റുള്ളവരും. ഇരുട്ട്.)

കൈമാറ്റം
images/madhu-gandhi-2.jpg

(സ്ക്രീനിൽ “ന്യൂഡെൽഹി, ഓഗസ്റ്റ് 14, 1947.” കമന്റേറ്ററുടെ ശബ്ദം: ഇതാ നാം കാത്തിരുന്ന ചരിത്രപ്രധാനമായ ആ അർദ്ധരാത്രി വന്നെത്തിയിരിക്കുന്നു. ത്യാഗസുരഭിലമായൊരു സമരത്തിന്റെ ആഹ്ലാദകരമായ പര്യവസാനമാണിന്നു്. ആനന്ദവും ഓഗസ്റ്റ് നിലാവും അണപൊട്ടിയൊഴുകുകയാണു്. ഇന്ത്യയുടെ പഴയ സാരഥികളും പുതിയ സാരഥികളും അണിനിരന്നു കഴിഞ്ഞു. സൈന്യവിഭാഗങ്ങൾ ഇന്ത്യയുടെ അതിർത്തി കാക്കുവാൻ ദൃഢനിശ്ചയം ചെയ്തു് വർണ്ണശബളമായ പരേഡു നടത്തുകയാണു്. ഇതിഹാസം ഉറങ്ങിക്കിടക്കുന്ന ഈ ലാൽ ഖിലായുടെ മുകളിൽ ഇന്ത്യയുടെ പ്രിയപ്പെട്ട ത്രിവർണ്ണ പതാക ഉയരാൻ പോവുകയാണു്. ചുറ്റും കണ്ണെത്താത്ത ജനസമുദ്രമാണു്. രാജസ്ഥാനിലെ മരുഭൂമിയിൽ നിന്നു്, വീരഭൂമിയായ പഞ്ചാബിൽ നിന്നു്, ബീഹാറിലെ നാട്ടിൻ പുറങ്ങളിൽ നിന്നു്, എന്തിനു് ഹരിതാഭയാർന്ന വിദൂരകേരളത്തിൽ നിന്നു പോലും ഈ അസുലഭ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ വന്നെത്തിയവരാണു് സാധാരണക്കാരിൽ സാധാരണക്കാരായ ഈ ജനങ്ങൾ. എട്ടും പത്തും ദിവസം നടന്നെത്തിച്ചേർന്ന ദേശാഭിമാനികൾ വരെ ഇക്കൂട്ടത്തിലുണ്ടു്. അവരുടെ മഹാസ്വപ്നം ഇതാ പൂവണിയുകയാണു്.)
ആൾക്കൂട്ടത്തിൽ നിന്നു് ഒരാരവം:
ഗാന്ധിയെവിടെ? ഗാന്ധിയെവിടെ?
കമന്റേറ്റർ:
അവർ അവരുടെ കണ്ണിലുണ്ണിയായ നേതാവിനെ അന്വേഷിക്കുകയാണു്. അഹിംസാ സൈന്യത്തിന്റെ പടത്തലവനായ ഗാന്ധിയെ. ഗാന്ധി മാത്രം ഇവിടെയില്ല. ഗാന്ധി–മാത്രം–ഇവിടെ–ഇല്ല.
(വെളിച്ചംതെളിയുന്നു. ശംഖും ബ്യൂഗിളും. കൊടിമരത്തിൽനിന്നു് യൂണിയൻ ജാക്ക് ഇറങ്ങുന്നു. ത്രിവർണ്ണപതാക കയറുന്നു… വന്ദേമാതരം. മൗണ്ട്ബാറ്റനും ജവഹർലാൽ നെഹ്റുവും കൊടിയുയർത്തൽ കഴിഞ്ഞു് ഒരു സിംഹാസനത്തിന്നു് ഇരുവശവും നിന്നു് വൈൻ ഗ്ലാസ്സുയർത്തി ടോസ്റ്റു ചെയ്യുന്നു.)
നെഹ്റു:
ടു കിങ് ജോർജ് ദ സിക്സ്ത്ത്.
മൗണ്ട്ബാറ്റൻ:
ടു ദ ഹെൽത്ത് ഓഫ് ദ ഇന്ത്യൻ നേഷൻ ബീയിങ് ബോൺ റ്റുഡേ.
(ഇതേ സമയം ഒരു വശത്തു് യാഗാഗ്നി എരിയുന്നുണ്ടു്. പുരോഹിതർ ‘അഗ്നയേ സ്വാഹാ’ എന്ന മന്ത്രം ചൊല്ലുന്നു. മണിയടികൾ. നെഹ്റു സിംഹാസനത്തിലിരിക്കുന്നു. ‘ജവഹർ ലാൽ നെഹ്റു കീ ജയ്’ എന്ന ആരവങ്ങൾ. പുരോഹിതൻ വന്നു് അദ്ദേഹത്തെ ഭസ്മം തൊടുവിച്ചു് ഒരു മൊന്തയിലെ ജലം (തഞ്ചാവൂരിൽ നിന്നു് കൊണ്ടുവന്നതു് എന്നു രേഖകൾ) കുടിപ്പിക്കുന്നു. ഒരു വെള്ളിത്തളികയിൽ നിന്നു് മഞ്ഞപ്പട്ടെടുത്തു് നെഹ്റുവിനെ പുതപ്പിക്കുന്നു; കൊണ്ടുവന്നിരുന്ന ചെങ്കോൽ നെഹ്റുവിന്റെ കയ്യിൽ കൊടുക്കുന്നു. ഈ സമയത്തുതന്നെ തൊട്ടടുത്ത ഫോൺ ബെല്ലടിക്കുന്നു.)
നെഹ്റു:
(ചെങ്കോൽ താഴെയിട്ടു് ഫോണെടുക്കുന്നു. ഫോണിൽ): ലാഹോറിൽ നിന്നോ? തീവെപ്പൂ നടക്കുന്നുവെന്നോ? കുത്തിക്കൊലകളോ? മൈ ഗോഡ് (മൗണ്ടു് ബാറ്റനോടു്) ലാഹോറിൽ ഹിന്ദുക്കളും സിഖുകാരും താമസിക്കുന്ന ഭാഗത്തേയ്ക്കുള്ള പൈപ്പുലൈനുകൾ വിഛേദിച്ചിരിക്കുന്നു. ചൂടും ദാഹവും സഹിക്കാതെ പുറത്തുവരുന്ന കുട്ടികളെയും സ്ത്രീകളെയും കൂടി മുസ്ലീങ്ങൾ കുത്തിക്കൊല്ലുകയാണത്രെ. പത്തുപന്ത്രണ്ടിടങ്ങളിൽ തീവെപ്പും നടക്കുന്നുവെന്നു്.
മൗണ്ട്:
ഭയപ്പെടാതിരിക്കൂ മി. നെഹ്റു. അവിടെ ക്യാപ്റ്റൻ ആറ്റ്കിൻസുണ്ടു്. അതിർത്തി സേനയിലെ ഭടന്മാരുണ്ടു്. സമാധാനമായി ചടങ്ങുകൾ മുഴുവനാക്കൂ.
നെഹ്റു:
ഞങ്ങളുടെ മനോഹരമായ ലാഹോർ മുഴുവൻ കത്തുമ്പോൾ എനിക്കെങ്ങനെ സന്തോഷമഭിനയിക്കാൻ കഴിയും? എങ്ങിനെ സ്വാതന്ത്ര്യപ്രഭാഷണം നടത്താൻ കഴിയും? (തല കുനിച്ചിരിക്കുന്നു)
ഒരംഗരക്ഷകൻ (നെഹ്റുവിനെ ഉണർത്തുന്നു):
സർ, പ്രസംഗത്തിനു സമയമായി.
(നെഹ്റു പ്രസംഗമാരംഭിക്കുന്നു. പിറകിലെ സ്ക്രീനിൽ ആ രംഗം വലുതായി കാണിക്കാവുന്നതാണു്)
നെഹ്റു:
“ഏറെ സംവത്സരങ്ങൾക്കുമുമ്പു് നാം വിധിയുമായി ഒരു കരാറുണ്ടാക്കി. ഇതാ നമ്മുടെ ശപഥം നിറവേറ്റാനുള്ള സമയം ആഗതമായിരിക്കുന്നു—മുഴുവനായല്ല, നിറവോടെയല്ല, എങ്കിലും കാര്യമായിത്തന്നെ. പാതിരാത്രി പന്ത്രണ്ടടിക്കുമ്പോൾ, ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ, ഇന്ത്യ ജീവിതത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും ഉണർന്നെണീക്കും. ഒരു നിമിഷം വന്നെത്തുന്നു, ചരിത്രത്തിൽ അപുർവ്വമായി മാത്രം വന്നെത്തുന്ന ഒരു മുഹൂർത്തം, പഴയതിൽ നിന്നു പുതിയതിലേയ്ക്കു് നാം പ്രവേശിക്കുന്ന സുമുഹൂർത്തം. ഒരു യുഗത്തിന്റെ പര്യവസാനം. അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവു് വാക്കുകൾ കണ്ടെത്തുന്ന മുഹൂർത്തം… ചരിത്രത്തിന്റെ പുലരിയിൽ ഇന്ത്യ അവളുടെ അനന്തമായ അന്വേഷണമാരംഭിച്ചു. വഴിയറ്റുപോയ നൂറ്റാണ്ടുകൾ അവളുടെ പ്രയത്നം കൊണ്ടു്, അവളുടെ ജയപരാജയങ്ങളുടെ ഗാംഭീര്യം കൊണ്ടു്, നിറഞ്ഞു കിടക്കുന്നു… ഭാഗ്യനിർഭാഗ്യങ്ങളിലൂടെ ഒരുപോലെ അവൾ തന്റെ അന്വേഷണം അഭംഗുരം തുടർന്നു പോന്നു. അവൾക്കു കരുത്തു് പകർന്നേകിയ ആദർശം അവളൊരിക്കലും വിസ്മരിച്ചിട്ടില്ല. ഇതാ ഇന്നു നാം ദൗർഭാഗ്യത്തിന്റെ ഒരു കാലഘട്ടത്തിനു് അറുതി കുറിക്കയാണു്. ഇന്ത്യ പിന്നെയും അവളെത്തന്നെ കണ്ടെത്തുകയാണു്. നിസ്സാരവും വിനാശകരവുമായ വിമർശനത്തിനുള്ള സമയമല്ല ഇതു്. പകയ്ക്കും പഴി പറച്ചിലിനുമുള്ള സമയവുമല്ല. സ്വതന്ത്രഭാരതത്തിന്റെ തറവാടു് നമുക്കു് പണിതുയർത്തണം; അവളുടെ മക്കൾക്കു് മുഴുവൻ താമസിക്കാനുള്ള തറവാടു്.”
(പന്ത്രണ്ടു മണി അടിക്കുന്നു. ഒരു ശംഖുവിളി ഉയരുന്നു. ഒപ്പം ‘ഭാരതമാതാ കീ ജയ്’ ‘ജയ് ജയ് ഹിന്ദുസ്ഥാൻ’ എന്നീ വിളികളും)
നെഹ്റു:
(തല കയ്യിൽ താങ്ങി താഴെ വന്നിരിക്കുന്നു) ഹൊ, അതു തീർന്നു. ഒരു യുഗം അവസാനിച്ചു. എന്റെ മുമ്പിലെ ചോരക്കടൽ ഞാനെങ്ങനെ താണ്ടും? ഹേ, മഹാത്മാവേ, അങ്ങെവിടെയാണു്? ഞാനിവിടെ തനിച്ചാണല്ലോ.
(രംഗത്തെ വെളിച്ചം നെഹ്റുവിൽ മാത്രം, ക്രമേണ നെഹ്റുവും ഇരുട്ടിൽ.)

അതിർത്തി
(സ്ക്രീനിൽ: “കാശ്മീരിൽ സംഘർഷം, അതിർത്തി സൈന്യങ്ങൾ ഏറ്റുമുട്ടുന്നു” “കാശ്മീർ ഇന്ത്യയുടെ പൂന്തോപ്പാണെന്നു് ഇന്ത്യൻ പ്രധാനമന്ത്രി”.) (കാശ്മീർ. ഒരു മുൾക്കമ്പിവേലി. മുമ്പൊരു രംഗത്തിൽ കണ്ട യൂനുസ് പാകിസ്ഥാൻ പട്ടാളവേഷത്തിൽ കവാത്തു നടത്തുന്നു. ഒരു നിഴൽ അരികിലൂടെ കടന്നുപോകുന്നു.)

യൂനുസ്സ്:
ആരു് ? ആരാടാ അതു്? ചിനാറിന്റെ ചോട്ടിൽ പതുങ്ങിയതു് ആരെന്നാ ചോദിച്ചതു്? (ജാഗ്രതയോലെ തോക്കു നീട്ടിപ്പതുങ്ങുന്നു. നിഴൽ വീണ്ടും) എടാ ഇന്ത്യൻ നായേ, ഇത്രധൈര്യമോടാ നിനക്കു്? ആഗസ്റ്റ് പതിനഞ്ചിനു തന്നെ പാകിസ്ഥാന്റെ മണ്ണിലേയ്ക്കു് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നോ? എന്റെ ജീവൻ പോയാലും ഈ നാടു ഞാൻ കാക്കും. (തോക്കിന്റെ കാഞ്ചി വലിക്കുന്നു. വെടിപൊട്ടുന്ന ശബ്ദം) ഒരു ശത്രുവിന്റെ കഥ കഴിഞ്ഞു… എന്നാലും ഇത്ര ധൈര്യം കാട്ടിയവൻ ആരാണു് പടച്ചോനേ! (പതുക്കെ നടന്നു് സ്റ്റേജിന്റെ ഒരറ്റത്തു് മരിച്ചു കിടക്കുന്നു. ഇന്ത്യൻ ഭടന്റെ അരികിൽ കുനിഞ്ഞിരിക്കുന്നു. അയാളുടെ മുഖത്തു് വീണുകിടന്നിരുന്ന കൈ പതുക്കെ മാറ്റുന്നു. പെട്ടെന്നു് അലറി നിലവിളിക്കുന്നു) ഇക്കാ! എന്റെപൊന്നിക്കാ! ഹബീബിക്കാ! (സ്വന്തം കയ്യിലേയ്ക്കു് നോക്കികൊണ്ടു്) ഹൊ, ഞാനെന്റെ ഇക്കയെകൊന്നു… ഉമ്മാ, ഉമ്മാ! (കുനിഞ്ഞിരുന്നു തേങ്ങുന്നു. പിറകിൽ നിന്നു പാട്ടുയരുന്നു യൂനുസ്സ് ഹബീബിനരികിൽ തളർന്നിരിക്കുന്നു. ഫ്രീസ്.)
പാട്ടു്:

നിന്നെയൊരു നോക്കു കാണുവാനേ

പൊന്നനിയാ ഞാൻ വിരുന്നു വന്നു.

നിന്നെച്ചുമന്ന തയമ്പു കാണു-

മെന്റെ ചുമലെല്ലിലിന്നു പോലും.

നമ്മളൊരാപ്പിളിനായ് വഴക്കി-

ട്ടന്നു കടിച്ചു നീയെന്നെ യാപ്പാ-

ടിന്നുമുണ്ടെന്റെയിടതുകയ്യിൽ.

പിന്നെയവയോർത്തെത്ര നീ കരഞ്ഞു!

ഒന്നിച്ചു നാമെത്ര കുന്നുകേറി!

ഒന്നിച്ചു താഴെപ്പുഴയിൽ നീന്തി!

ഉമ്മയ്ക്കു കണ്ണായ് നീ, ഞാൻ വലതു-

കയ്യായി; പിന്നെപ്പിരിഞ്ഞു നമ്മൾ.

ഭാഗം പിരിഞ്ഞാലും കുഞ്ഞനിയൻ

പോകുമോ ചേട്ടന്റെ നെഞ്ചിൽ നിന്നും?

മുൾവേലിക്കെട്ടിനു സോദരരെ-

ത്തമ്മിലകറ്റുവാനാകുമെന്നോ?

നീയുണ്ടതിർത്തിയിലെന്നു കേട്ടേ

ഞാനെത്തി മഞ്ഞിൻ മലകൾ താണ്ടി.

ചീനാർ മരത്തിന്റെ ചോട്ടിൽ നിന്നു

നീ തന്നെയെന്നു ഞാൻ തീർച്ചയാക്കി.

പിന്നിൽ നിന്നെത്തി ഞാൻ കണ്ണുപൊത്താൻ

കുഞ്ഞായിരുന്നപ്പോഴെന്ന പോലെ.

നിന്നെയൊന്നാഞ്ഞു പുണരുവാനേ

പൊന്നനിയാ ഞാൻ വിരുന്നു വന്നു.

എൻ നെഞ്ചിൽ നിന്നുമൊഴുകി വീഴും

ചെഞ്ചോര നിന്നെ പുണർന്നിടട്ടെ.

മൃത്യുവിൽ നീലിച്ച ചുണ്ടുകൊണ്ടാ

നെറ്റിയൊന്നേട്ടൻ മുകർന്നിടട്ടെ.

(പിന്നിൽ നിന്നു് ഒരുപാടു പട്ടാളബൂട്ടുകളുടെ ശബ്ദം. അതു് ഉച്ചസ്ഥായിയിലെത്തിയപ്പോൾ, ഇരുട്ടു്.)

സ്വസ്തിക
(ബാന്റും ബ്യൂഗിളും. പട്ടാളബൂട്ടുകളുടെ ശബ്ദം—മുൻ രംഗത്തിന്റെ തുടർച്ചപോലെ, ഗായകസംഘം പാടുന്നു:)

പൂനയിലന്നേരമെന്തു നടന്നു?

പൂനയിൽ മറ്റൊരു മേള നടന്നു.

മേളയിലാരാരു വന്നു നിരന്നു?

മാളത്തിൽ നിന്നു കരിമൂർഖൻ വന്നു.

കണ്ണീരൊഴുക്കി മുതലകൾ വന്നു

പൊന്തയിളക്കിക്കുറുക്കന്മാർ വന്നു.

ചീങ്കണ്ണി സ്രാവിനോടെന്തു പറഞ്ഞു?

‘ഈ രാജ്യം നമ്മുടെ മാത്രം’

അപ്പോൾ പെരിച്ചാഴിയെന്തു പറഞ്ഞു?

‘നമ്മൾ മനുവിൻ ശരിപ്പിന്മുറക്കാർ’.

ചാണകപ്പുഴുവപ്പോഴെന്തുമൊഴിഞ്ഞു?

‘ചാണക്യസൂത്രം നടപ്പാക്കും നമ്മൾ’.

കാട്ടെലി കോക്കാനോടോതി: ‘ഞാനിപ്പോൾ

ഹിറ്റ്ലറെപ്പോലെ പറന്നുകാണിക്കാം’.

വെറ്റിലപ്പാമ്പും മുസ്സോലിനിയായി,

കുട്ടിത്തേവാങ്കുകൾ മീശപിരിച്ചു.

(പൂനയിലെ ഒരു രഹസ്യ കേന്ദ്രം. കാക്കി നിക്കറും ഷർട്ടുമിട്ടു് കയ്യിൽ ലാത്തികളുമായി ഒരു കൂട്ടമാളുകൾ ഡ്രിൽ നടത്തുന്നു. ഡ്രിൽ അവസാനിക്കുമ്പോൾ ഗോദ്സേ കൊടിമരത്തിൽ പതാകയുയർത്തുന്നു. പതാകയുടെ നിറം ഓറഞ്ചു് സ്വസ്തിക.)

ഗോദ്സേ:
(പതാക ഉയർത്തിക്കഴിഞ്ഞു്, അണികളോടു്) നമ്മൾ, ആര്യവംശത്തിന്റെ അനന്തരാവകാശികൾ. ഇന്ന്, ഇവിടെ ശക്തവും മഹത്തുമായ ഒരു ഹിന്ദുരാഷ്ട്രത്തിനു് അടിത്തറ പാവുകയാണു്. സിന്ധുനദി മുതൽ ബർമ്മവരെ, ടിബെറ്റു മുതൽ കന്യാകുമാരി വരെ, പരന്നുകിടക്കുന്ന വിശാലമായ ഹൈന്ദവ സാമ്രാജ്യം പുനഃസ്ഥാപിക്കും വരെ നമുക്കു വിശ്രമമില്ല. (കയ്യടി) ഒരിക്കൽ ഈ നാടു മുഴുവൻ നമ്മുടെതായിരുന്നു. മുഗളരും ബ്രിട്ടീഷുകാരും സാമ്രാജ്യങ്ങൾ സ്ഥാപിച്ചതു് പിന്നീടാണു്. ആ സാമ്രാജ്യങ്ങൾ തകർന്നു. എങ്കിലും അവയുടെ അവശിഷ്ടങ്ങൾ ഇവിടെയുണ്ടു്. നമ്മുടെ ആർഷഭാരത സംസ്കൃതിയിൽ അവർ വിദേശ മതങ്ങളുടെ വിഷം കലർത്തിയിരിക്കുന്നു. ഈ നാടിനെ നമുക്കു ശുദ്ധീകരിക്കണം. ഗംഗയൊഴുകുന്ന ഈ പുണ്യഭൂമി നമുക്കു് തിരിച്ചു പിടിക്കണം. (‘ഹിയർ, ഹിയർ, സുണോ, സുണോ!) അതിനു നാമാദ്യം വേണ്ടതു് വീരസാവർക്കർ കാട്ടിത്തന്ന പാതയിൽ അണിനിരക്കുകയാണു്. (‘വീരസാവർക്കർ സിന്ദാബാദ്!’) നമ്മുടെ സജ്ജനങ്ങളെ മുഹമ്മദീയർ വേട്ടയാടുമ്പോൾ, നമ്മുടെ ഭാരതീയ വനിതകളെ അവർ തെരുവിലിട്ടു മാനം കെടുത്തുമ്പോൾ, നമ്മുടെ രാജ്യത്തു നിന്നു ഭാഗം വാങ്ങിപ്പിരിഞ്ഞുപോയ ജിന്നയുടെ കൂട്ടരെ ഇവിടെ ഇനിയും നമുക്കു പൊറുപ്പിക്കാനാവില്ല. അടിമുടി ആയുധമണിഞ്ഞ ഒരു രാഷ്ട്രത്തിനു മാത്രമേ ഇന്നു് ലോകത്തിൽ തലയുയർത്തി നിന്നു് അവകാശങ്ങൾക്കു വേണ്ടി പോരാടാനും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും കഴിയുകയുള്ളൂ. ഗാന്ധി ഹിന്ദുക്കളുടെ ഒന്നാം നമ്പർ ശത്രുവാണു്. (‘ഗാന്ധി മൂർദ്ദാബാദ്!’) അയാൾ മുസ്ലീങ്ങൾക്കു വേണ്ടി വാദിക്കുന്നു, മുസ്ലീങ്ങൾക്കു വേണ്ടി സത്യാഗ്രഹം നടത്തുന്നു. നവഖലിയിലും ലാഹോറിലും ഹിന്ദുക്കളെ സംരക്ഷിക്കേണ്ട സമയത്തു് അയാൾ കൽക്കത്തയിൽ വന്നു് മുസ്ലീങ്ങളെ സംരക്ഷിക്കുന്നു. (‘ഷെയിം, ഷെയിം!’ ‘ബെശരം, ബേശരം’) ഗാന്ധി സ്വപ്നം കാണുന്ന അഹിംസാത്മകമായ രാഷ്ട്രം ദുർബ്ബലമായ രാഷ്ട്രമായിരിക്കും. ഭീരുക്കളുടെ രാഷ്ട്രം. ഷണ്ഡന്മാരുടെ രാഷ്ട്രം. നമുക്കു വേണ്ടതു് അതല്ല. വീരമാതാവിന്നുവേണ്ടി പൊരുതി മരിക്കാൻ തയ്യാറുള്ള ധീരസന്തതികളുടെ രാഷ്ട്രമാണു്. നമ്മൾ വേദങ്ങളുടെയും ആരണ്യകങ്ങളുടെയും ബ്രാഹ്മണങ്ങളുടെയും യജമാനന്മാരാണെങ്കിൽ, നാം വീരശിവജിയുടെ സേനാഗണങ്ങളും കാളിമാതാവിന്റെ പൂജാരികളുമാണെങ്കിൽ, നമ്മിലൊഴുകുന്നതു് വീരഹിറ്റ്ലറുടെ ചൂടുറ്റ ആര്യരക്തമാണെങ്കിൽ, വിദേശികളുടെ ഉച്ചിഷ്ടങ്ങൾ ഈ മണ്ണുവിട്ടു പോകും വരെ സ്വസ്തിക ഉയർത്തിപ്പിടിച്ചു് നാം പോരാട്ടം തുടരും. നമ്മുടെ പുതിയ യജ്ഞം വിജയിപ്പിക്കുക തന്നെ ചെയ്യും. ‘ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസീ’: ജയ ഹിന്ദുസ്ഥാൻ!
അണികൾ (ഒന്നിച്ചു്):
ജയഹിന്ദുസ്ഥാൻ! ജയ ആര്യസ്ഥാൻ! വീരസാവർക്കർ സിന്ദാബാദ്! ധീര ഗോദ്സേ സിന്ദാബാദ്!
ഗോദ്സേ:
ഇന്നു് നമുക്കൊരു കരിദിനമാണു്. നമ്മുടെ പത്രമായ ‘ഹിന്ദു രാഷ്ട്ര’ത്തിൽ മുഖപ്രസംഗത്തിനു പകരം കറുത്ത കോളം ഞാനൊഴിച്ചിട്ടതു് അതുകൊണ്ടാണു്. ആയിരക്കണക്കിനു ഹിന്ദുക്കൾ കൊല്ലപ്പെടുന്നതു് കാണാതിരിക്കാൻ വേണ്ടിയാണു് ഇന്നു് എങ്ങും കൊടികളും തോരണങ്ങളും ഉയർത്തിയിരിക്കുന്നതു്. ആയിരക്കണക്കിനു ഹിന്ദു സ്ത്രീകളുടെ നിലവിളികൾ കേൾക്കാതിരിക്കാൻ വേണ്ടിയാണു് അവർ വാദ്യഘോഷങ്ങൾ മുഴക്കി ആർപ്പു വിളിക്കുന്നതു്. ഇന്ത്യയുടെ ഈ വിഭജനത്തിനുത്തരവാദി കോൺഗ്രസ്സ് പാർട്ടിയും അതിന്റെ നേതാവായ ഗാന്ധിയുമാണു്. അവരാണു് പാകിസ്ഥാനു ജന്മം നൽകിയത്.
അണികൾ:
കോൺഗ്രസ്സ് പാർട്ടി മൂർദ്ദാബാദ്! ഗാന്ധി പോയിത്തുലയട്ടെ. ഗോദ്സേ നാടു ഭരിക്കട്ടെ! (അവർ കൈനീട്ടി പ്രതിജ്ഞയെടുക്കുന്നു) ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രത്തിനു വേണ്ടി മരിക്കാൻ തയ്യാറാണു്. ഈ നാടിനെ അന്യമതസ്ഥരിൽ നിന്നു മോചിപ്പിച്ചു് ശക്തമായ ഒരു ഹൈന്ദവ സാമ്രാജ്യമാക്കും വരെ ഞങ്ങൾ ആയുധം താഴെ വെയ്ക്കുകയില്ല. ഇതു സത്യം, സത്യം, സത്യം. (വടി ചുഴറ്റി മാർച്ചു ചെയ്തു് പിരിയുന്നു.)
വറ്റിയ നദി

(പിന്നിലത്തെ സ്ക്രീനിൽ: ‘ഹൈദരീ ഹൗസ്,

കൽക്കത്ത’ പുലരി.)

ഗായകസംഘം:

എല്ലാവീട്ടിലും ദീപാവലി,യെന്നാ-

ലിങ്ങൊരു വീട്ടിലിരുട്ടെന്നോ?

എല്ലാ ഹൃദയവുമൂഞ്ഞാലിലാടുമ്പോ-

ഴിങ്ങൊരു നെഞ്ചം കുരിശിലെന്നോ?

എമ്പാടും ചെണ്ടയും പൂരക്കൊടികളു-

മിങ്ങൊരാൾക്കില്ലെന്തേ മിണ്ടാട്ടം?

(ഗാന്ധി ഗീത വായിച്ചുകൊണ്ടിരിക്കുന്നു. ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ… കിമകൂർവത സഞ്ജയ?’ മൂന്നു കോൺഗ്രസ്സ് വോളന്റിയർമാർ ധൃതിയിൽ കടന്നുവരുന്നു.)

ഒന്നാമൻ:
കൽക്കത്തയിൽ ഒരൊറ്റയിടത്തും ലഹളയുണ്ടായില്ല ബാപ്പൂ. ഓ, അങ്ങു വന്നില്ലായിരുന്നുവെങ്കിൽ! എല്ലാവരും അങ്ങയെത്തന്നെ സ്തുതിക്കുകയാണു്.
ഗാന്ധി:
(ആത്മഗതം) സ്തുതിക്കുന്നവരെല്ലാം എന്നെ ഒറ്റിക്കൊടുക്കുമെന്നാണെന്റെ ഭയം. (പ്രകാശം) പറയൂ, മറ്റിടങ്ങളിലെ വിവരങ്ങളെന്തെങ്കിലുമുണ്ടോ?
ഒന്നാമൻ:
(രണ്ടാമനെച്ചൂണ്ടി) ഇതാ, ഇയാൾ ഡെൽഹിയിൽ നിന്നാണു് വരുന്നതു്.
രണ്ടാമൻ:
ഡെൽഹിയിൽ ആഘോഷങ്ങൾ കേമമായിരുന്നു. മൗണ്ട്ബാറ്റൻ ഗവർണ്ണർ ജനറലായി സത്യപ്രതിജ്ഞ ചെയ്തു. നെഹ്റുവിന്റെ മന്ത്രിസഭയും ചാർജ്ജെടുത്തു. മഴയായിരുന്നു. എന്നിട്ടും പതിനായിരക്കണക്കിനാളുകൾ കൊടിയും വീശി എല്ലാം കണ്ടുനിന്നു. ബീഹാറിൽ നിന്നു നടന്നു വന്ന കൃഷിക്കാർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്സികൾ, മുസ്ലീങ്ങൾ എല്ലാവരും തോളുരുമ്മിനിന്നു് ജയ്ഹിന്ദ് വിളിക്കുകയായിരുന്നു.
മൂന്നാമൻ:
കറാച്ചിയിൽ ജിന്നയെ കൊല്ലാൻ ഹിന്ദുക്കൾ പ്ലാനിട്ടിരുന്നത്രേ. മൗണ്ട്ബാറ്റനും ജിന്നയുടെ കൂടെയുണ്ടായിരുന്നതു കൊണ്ടു് അവർക്കു് ബോംബെറിയാൻ ധൈര്യം വന്നില്ലെന്നാണു പറയുന്നതു്. ബോംബേയിലും വലിയ ആഘോഷമായിരുന്നു.
ഗാന്ധി:
പഞ്ചാബ്, പഞ്ചാബിലോ? ലാഹോർ? അമൃത്സർ? പെഷവാർ? റാവൽപിണ്ടി?
മൂന്നാമൻ:
(അറച്ചറച്ച്, മറ്റു രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടു്) ഞാൻ… അതെങ്ങനെ പറയും ബാപ്പൂ? ലാഹോറിലെ ഓടകളിൽ ചോര ഒഴുകുകയാണു്. ആറ്റ്കിൻസും ഗൂർഖകളും എത്ര ശ്രമിച്ചിട്ടും ലഹള നിയന്ത്രിക്കാനായില്ല. റോഡിൽ ശവങ്ങൾ കിടന്നഴുകുകയാണു്. ആകാശത്തു നിറയെ കഴുകന്മാർ. ലിയാൻപൂരിൽ ഒരു തുണിമില്ലിലെ മുസ്ലീം തൊഴിലാളികൾ അവിടത്തെ സിഖുതൊഴിലാളികളെ മുഴുവൻ കൊന്നു് തറികൾക്കിടയിൽ തുണ്ടം തുണ്ടമാക്കിയിട്ടു. തെരുവുകളിൽ മുളവടികളും ലാത്തികളും വാളുകളും ഭരണമേറ്റെടുത്തിരിക്കുന്നു. സിഖുകാർ കൃപാണങ്ങളുമായി മുസ്ലീങ്ങളെ വേട്ടയാടുന്നു. മുസ്ലീങ്ങൾ തലേന്നു വരെ ചായ കുടിച്ചിരുന്ന കടയിൽച്ചെന്നു് കടക്കാരൻ നിരജ്ജൻ സിങ്ങിനെ വെട്ടിക്കൊന്നു. ലാഹോറിൽ മുസ്ലീങ്ങൾ പുതിയ മുദ്രാവാക്യം മുഴക്കുകയാണു്. ‘ഹസ് കേ ലിയാ പാകിസ്ഥാൻ, ലഡ് കേ ലേംഗേ ഹിന്ദുസ്ഥാൻ!’
നാലാമൻ:
(പ്രവേശിച്ചു്) നാലു മുസ്ലീം കുട്ടികളെ സിഖുകാർ തീയിൽ പൊരിക്കുന്നതു ഞാൻ കണ്ടു. ലാഹോറിലെ ഗുരുദ്വാരയ്ക്കു് മുസ്ലീങ്ങൾ തീവെച്ചു. അകത്തുണ്ടായിരുന്ന സിഖുകാരെല്ലാം ജീവനോടെ ദഹിച്ചു. സ്ത്രീകളെയൊക്കെ മാനം കെടുത്തിയ ശേഷം വെട്ടിക്കൊല്ലുകയാണ്; അല്ലെങ്കിൽ വെടിവെച്ചു വീഴ്ത്തുന്നു. മതം മാറാൻ കൂട്ടാക്കാത്ത ഹിന്ദുക്കളെ മണ്ണെണ്ണയൊഴിച്ചു തീയിടുന്നു. ബ്രാഹ്മണരെ പശുവിറച്ചി തീറ്റിക്കുന്നു. പല ബ്രാഹ്മണരും അതൊഴിവാക്കാൻ വീട്ടുകാരെ വിഷം കൊടുത്തു് കൊന്നു കളഞ്ഞു് ആത്മഹത്യ ചെയ്യുകയാണു്.
മൂന്നാമൻ:
മാനം കെടുത്തുമെന്നു ഉറപ്പാകുമ്പോൾ സ്ത്രീകൾ കുട്ടികളെ പുരമുകളിൽനിന്നു് താഴെയെറിഞ്ഞു കൊല്ലും. എന്നിട്ടു് തീയിൽ ചാടി മരിക്കും.
നാലാമൻ:
അമൃത്സറിൽ വന്നു നിന്ന ഒരു തീവണ്ടിയിൽ നിന്നു് ഒരാൾ പോലും ഇറങ്ങിയില്ല. ഗാർഡ് ചെന്നു നോക്കിയപ്പോഴാണ്—അതിൽ നിറച്ചും ശവങ്ങളായിരുന്നു. അതിന്റെ പിറകിലെഴുതിയിരുന്നു. ‘ഇന്ത്യയിലെ ഹിന്ദുക്കൾക്കു് പാകിസ്ഥാനിലെ മുസ്ലീങ്ങളുടെ സമ്മാനം’ എന്നു്. ഹിന്ദുക്കളും സിഖുക്കാരും പകരം വീട്ടാൻ സ്റ്റേഷനിൽ കാത്തിരിക്കുകയാണു്. ഇന്നലെവരെ പശുക്കളെപ്പോലെ ശാന്തരായിരുന്നവർ ഇന്നു് കടുവകളെപ്പോലെ മനുഷ്യരുടെ മേൽ ചാടി വീഴുന്നു. അഞ്ചു നദികളും രക്തമായി മാറിക്കഴിഞ്ഞു.
ഗാന്ധി:
(സാവധാനം) അതെ. ആറാമത്തെ നദി, സ്നേഹത്തിന്റെ നദി വറ്റിവരണ്ടു പോയിരിക്കുന്നു. പഞ്ചാബ്! നിനക്കെന്നും ചോരയൊലിപ്പിച്ചു കഴിയാനാണോ വിധി? എന്റെ വാക്കുകൾക്കു് മാന്ത്രിക ശക്തിയുണ്ടെന്നു് ഞാനഹങ്കരിച്ചു. എന്റെ മനഃസാക്ഷിയുടെ ശബ്ദം എന്നും എനിക്കും എന്റെ നാട്ടുകാർക്കും നേർവഴി കാട്ടുമെന്നു ഞാൻ വ്യാമോഹിച്ചു. ഹേ ഭഗവാൻ! നീയും എന്നെ കൈവിടുകയാണോ? (തല താഴ്ത്തി ഇരിക്കുന്നു. സ്ക്രീനിൽ തെരുവു രംഗങ്ങൾ തെളിയുമ്പോൾ, മുമ്പിൽ ഗായകസംഘം പാടുന്നു. ബ്രേക്ക് ഡാൻസും ഉണ്ടു്:)

ബുദ്ധനെ നാടുകടത്തി ഞങ്ങൾ–ഓഹൊ!

ക്രിസ്തുവിനേകി പിറന്നാൾ സമ്മാനം-

ഒരു പുത്തൻ കുരിശ്!—ഓഹൊ!

എന്തിനുപോയീ ബനിയാ-നീ

ആഫ്രിക്കൻ കാട്ടിൽ?-ആവോ!

എന്തിനു ചുമലിൽ വലിച്ചു കയറ്റി

സ്വാതന്ത്ര്യത്തിൽ സമരം-ആവോ!

നിന്റെ കുലത്തൊഴിൽ കച്ചവടം-അതുപോരേ?

പണ്ടം പണയം വാങ്ങി,പ്പലിശയുമെണ്ണി-

ക്കാൽപ്പെട്ടിയ്ക്കരികിലിരുന്നാൽ പോരേ!

അല്ലേൽ വക്കീൽപ്പണിചെയ്തീ നാട്ടിൽ

കള്ളമാരെക്കാത്താൽപ്പോരേ?

ഛായ്, പൊല്ലാപ്പ്.

നിന്നെത്തട്ടാൻ നല്ലൊരു വഴി

കാണാതെ, കണ്ടെത്താതെ,യിരുന്നിടുമെന്നോ

അദ്വൈതത്തിൻ നാട്ടാർ?

വിഷം-അല്ലെങ്കിൽ കുരിശു്.

കുരിശല്ലെങ്കിൽ കയറു്

കയറല്ലെങ്കിൽ തോക്ക്! ഹാ, നിറതോക്കു്!

(വെളിച്ചം മങ്ങുന്നു)

ഉപവാസത്തിലേയ്ക്കു്
(സ്ക്രീനിൽ: “കൽക്കത്ത. 47 ഓഗസ്റ്റ് 31”. തുടർന്നു് ശീർഷകങ്ങൾ: “ഹിന്ദുതീവ്രവാദം ശക്തിപ്പെടുന്നു.” “കൽക്കത്തയിൽ ലഹള പടർന്നു പിടിക്കുന്നു”.) (റോഡിലൂടെ രണ്ടു മദ്ധ്യവയസ്കർ നടന്നു പോകുന്നു. പിറകേ ‘മുസ്ലീം, മുസ്ലീം’ എന്നലറികൊണ്ടു് കാക്കി നിക്കറണിഞ്ഞ ഒരു കൂട്ടം ഹിന്ദുയുവാക്കൾ അവരെ വളയുന്നു. ഒരാളുടെ ശിരസ്സിൽ ഒരു മുറിവു കെട്ടിയിട്ടുണ്ട്.)

യാത്രക്കാർ:
ഞങ്ങൾ മുസ്ലീങ്ങളല്ലേ!
ഒന്നാം യാത്രക്കാരൻ:
രാം, രാം! എന്റെ പേരു് സത്യേന്ദ്രനാഥ് എന്നാണേ!
രണ്ടാം യാത്രക്കാരൻ:
ഞാൻ സന്തോഷ്ചൗധൂരിയാണേ!
യുവാക്കളുടെ തലവൻ:
(ഒരു അനുചരനോടു്) കൊണ്ടുപോയി നോക്കെടാ ശരിയാണോ എന്നു്.
അനുചരൻ:
(ഇരുവരേയുംകൂട്ടി കർട്ടനു പിറകിൽ പോയി തിരിച്ചുവന്ന്) കള്ളം, പച്ചക്കള്ളം! രണ്ടും ജിന്നയുടെ ആൾക്കാരാ! വിഘടന വാദികൾ!
(യുവാക്കൾ ‘കാളീ മാ കീ ജയ്’ എന്നലറുന്നു. ഒരാൾ യാത്രക്കാരുടെ കൈകൾ കൂട്ടിക്കെട്ടുന്നു. മറ്റുള്ളവർ ലാത്തിയും ഇരുമ്പുവടിയും കൊണ്ടു് അവരുടെ തലയ്ക്കടിക്കുന്നു. അവർ ബോധമറ്റു വീഴുന്നു)
തലവൻ:
മതിയെടാ. ഇനി അവരെ ഹൂഗ്ലിയിലേയ്ക്കു കൊണ്ടുപോവാം. പുഴയിലിട്ടു് തലവെട്ടി കാളിക്കു ബലി കൊടുക്കാം.
(ഇരുവരേയും വലിച്ചിഴച്ചു കൊണ്ടുപോകുന്നു…)
തലവൻ:
ഇനി നമുക്കു് ആ കള്ളൻ ഗാന്ധിയെക്കാണണം. നീയും കൂടെ വേണം (മുറിവുകെട്ടിയ ആളോടു്) നിന്നെ മുസ്ലീങ്ങൾ ചെയ്തതെന്തന്നു് അയാളറിയട്ടെ.
(ഒന്നു് ഇരുണ്ടു തെളിയുമ്പോൾ സ്ക്രീനിൽ “ഹൈദരീ ഹൗസ്” ഹൗസിന്റെ മുമ്പിൽ ഒരാൾക്കൂ ട്ടം)
ആൾക്കൂട്ടം:
ഗാന്ധി ഗോബാക്ക്! ഗാന്ധി മുസൽമാന്മാരുടെ നേതാവു് ! ഗാന്ധി പാകിസ്ഥാന്റെ പിതാവു്! (ആളുകൾ കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുന്നു. കല്ലുകൾ വീഴുകയും ചില്ലുകൾ പൊട്ടുകയും ചെയ്യുന്ന ശബ്ദങ്ങൾ)
ഗാന്ധി:
(മനുവിന്റെയും ആഭയുടേയും ചുമലിൽ പിടിച്ചു് ഇറങ്ങിവന്നു്) ഇതെന്തു് ഭ്രാന്താണു്? വീടിനു കല്ലെറിയുന്നതു നിർത്തൂ! എന്നെ എറിഞ്ഞു കൊല്ലൂ!
ഗാന്ധി:
ഞാൻ സനാതനിയായ ഒരു ഹിന്ദുവാണു്. എന്റെ മതം എന്നെ പഠിപ്പിച്ചതു് മറ്റു മതങ്ങളെ ബഹുമാനിക്കുവാനാണു്. ഉപനിഷത്തുക്കൾ നിങ്ങൾ മറിച്ചു നോക്കിയിട്ടുണ്ടോ? ഹിന്ദുവിന്റെ യഥാർത്ഥ പാരമ്പര്യം സർവ്വ ജീവജാലങ്ങളോടുമുള്ള പാരമ്പര്യത്തിന്റേതാണു്. രാമകൃഷ്ണനും വിവേകാനന്ദനും രമണ മഹർഷിയും എന്നെ പഠിപ്പിച്ചതു് അതാണു്. നിങ്ങൾ ഹിന്ദുക്കളല്ല. ഹിന്ദുമതത്തിന്റെ കളങ്കങ്ങളാണു്. (ആൾക്കൂട്ടം ക്രമേണ നിശ്ശബ്ദമാകുന്നു. ഒരു കൂട്ടം പോലീസെത്തുന്നതോടെ ജനങ്ങൾ നാലുപാടും ചിതറി ഓടുന്നു. പോലീസുകാർ തിരിച്ചുപോവുമ്പോൾ)
ഗാന്ധി:
കൽക്കത്തയ്ക്കു് വീണ്ടും ഭ്രാന്തു പിടിച്ചിരിക്കുന്നു… ഒൻപതു ദിവസത്തെ അത്ഭുതം ഇതാ അവസാനിച്ചു… (ഇപ്പോഴും പിറകിൽ നിൽക്കുന്ന ചോരയൊലിക്കുന്ന മുസൽമാനോടു്:) താങ്കൾക്കെന്താണു പറ്റിയതു് ?
മുസൽമാൻ:
ബാപ്പു പറഞ്ഞതനുസരിച്ചു് ഞങ്ങൾ കുടികളിലേയ്ക്കു തിരിച്ചുപോയി. അവിടെ കുറേ കാക്കിനിക്കറുകാർ വന്നു് ഞങ്ങളെ വെട്ടി.
മറ്റേയാൾ:
പേടിച്ചു് ഒരു ട്രക്കിൽ കയറി തിരിച്ചുപോവുന്ന ഞങ്ങളുടെ കൂട്ടർക്കു നേരെ അവർ കൈബോംബെറിഞ്ഞു. മരിച്ചതു് രണ്ടു കൂലിക്കാരായിരുന്നു.
ഗാന്ധി:
നീചന്മാർ! പരിഭ്രമിക്കാതെ പോകൂ. ഞാൻ അവിടെ വരാം. (മുസ്ലീങ്ങൾ തൊഴുതു് പോകുന്നു)
മനു:
അങ്ങേയ്ക്കല്പം വിശ്രമമാണാവശ്യം, ബാപ്പൂ.
ഗാന്ധി:
മനസ്സു് അസ്വസ്ഥമാവുമ്പോൾ ശരീരം എങ്ങിനെ വിശ്രമിക്കാനാണു്?
(വെളിച്ചം മങ്ങുന്നു. പിന്നെ വെളിച്ചം വരുമ്പോൾ ഗാന്ധി ഒറ്റയ്ക്കു് അസ്വസ്ഥനായി ഉലാത്തുകയാണു്.)
മനു:
(പ്രവേശിച്ചു്): ബാപ്പൂ, അത്താഴത്തിനു സമയമായി.
ഗാന്ധി:
ഇല്ല, ഞാൻ കണ്ട രംഗം എന്നെ വേട്ടയാടുകയാണു്. ചോരയിൽ കുളിച്ചുകിടക്കുന്ന ഒരു ശവമാണു് എന്റെ മനസ്സിൽ. അയാളുടെ കീറത്തുണികളിൽ നിന്നു വീണുരുണ്ടു പോയ ഒരു നാലണത്തുട്ടു്, രക്തത്തിൽ പറ്റിപ്പിടിച്ചു പിടയ്ക്കുന്ന ഈച്ചകൾ… ഒരു പോംവഴിയേ ഇനി ബാക്കിയുള്ളൂ—അഹിംസാ സൈനികന്റെ അവസാനത്തെ ആയുധം.
മനു:
(ഞെട്ടി) നിരാഹാരമോ? എഴുപത്തെട്ടു വയസ്സായ ഈ ശരീരത്തെ ഇനിയും ശിക്ഷിക്കാനോ?
ഗാന്ധി:
ശരീരത്തോടുള്ള മമത ഞാനെന്നേ കൈവെടിഞ്ഞു കഴിഞ്ഞു. ആത്മബലത്തിനു മാത്രമേ എന്റെ ജനങ്ങളെ സാഹോദര്യം പഠിപ്പിക്കാൻ കഴിയൂ. ഒന്നുകിൽ ഞാൻ മരിക്കും; അല്ലെങ്കിൽ കൽക്കത്തയ്ക്കു് സമാധാനം തിരിച്ചുകിട്ടും. (അകത്തേയ്ക്കു നോക്കി) പ്യാരേലാൽ! (പ്യാരേലാൽ പ്രവേശിക്കുന്നു)
ഈ പ്രസ്താവന പത്രങ്ങൾക്കു കൊടുത്തേക്കൂ. (പറയുന്നു, പ്യാരേലാൽ കുറിച്ചെടുക്കുന്നു) “സെപ്റ്റംബർ ഒന്നു മുതൽ ഞാൻ മരണം വരെ ഉപവാസവ്രതം ആരംഭിക്കുകയാണു്. കൽക്കത്തയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും മതകലഹം അവസാനിപ്പിക്കുകയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞുകൊള്ളാമെന്നു ഉറപ്പു തരികയും ആ ഉറപ്പു പാലിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഞാൻ ഉപവാസം അവസാനിപ്പിക്കുകയുള്ളൂ” (പ്യാരേലാൽ കുറിപ്പുമായി അകത്തു പോകുന്നു)
ഗാന്ധി:
(മനുവിനോടു്): ഇന്നലെ എനിക്കു് അത്താഴം കഴിക്കാനായില്ല. അപ്പൊഴേ ഞാൻ ഉപവാസമാരംഭിച്ചു കഴിഞ്ഞു.
മനു:
സോഡാവെള്ളം കൊണ്ടുവരട്ടെ?
ഗാന്ധി:
ധൃതിയില്ല. ഒരു കബീർകവിത ചൊല്ലൂ. മനസ്സു ശാന്തമാകട്ടെ.
മനു (ചൊല്ലുന്നു):

പള്ളിയിലാണു ദൈവം,

പാർക്കുവതെങ്കിൽ പാരി-

ലുള്ള മറ്റിടങ്ങളി-

ലാരുവാൻ പാർത്തീടുന്നു?

വിഗ്രഹം തന്നിൽ പുണ്യ-

സ്ഥലത്തിലേവം രാമൻ

ഉണ്ടാവില്ലൊരേനേരം

രണ്ടിടത്തൊരേമട്ടിൽ.

ഹരിയോ കിഴക്കുതാൻ,

‘അള്ളാ’യോ പടിഞ്ഞാറും-

പൊളിയാണിതു, തേടു

നിൻ കരൾക്കകം തന്നിൽ

രാമനും റഹിമാനും

നിത്യമായ് വസിക്കുന്ന-

തേതിടത്തെന്നോ? നിന്റെ

പാവനഹൃദയത്തിൽ.

(വെളിച്ചം മങ്ങുന്നു.)

പടരുന്ന തീ
(വെളിച്ചം തെളിയുമ്പോൾ ഗാന്ധി വൈക്കോൽ തലയിണ വെച്ചു് ഒരു ബെഞ്ചിൽ കിടക്കുകയാണു്. ചുറ്റും ആളുകൾ. പ്യാരേലാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന ഗാന്ധിയുടെ അടുത്തെത്തുന്നു.)

പ്യാരേലാൽ:
രാജാജി വന്നിരുന്നു.
ഗാന്ധി:
(ക്ഷീണിച്ച സ്വരം)എന്തു പറഞ്ഞു?
പ്യാരേ:
ഗുണ്ടകൾക്കെതിരെ ഉപവസിച്ചിട്ടു് കാര്യമെന്താണു്…
ഗാന്ധി:
ഗുണ്ടകൾക്കു പിന്നിലുള്ളവരുടെ ഹൃദയം മാറ്റിയെടുക്കാനാണു് എന്റെ ഉപവാസം.
പ്യാരേ:
അങ്ങേക്കെന്തെങ്കിലും സംഭവിച്ചാൽ കൂടുതൽ വലിയ കലാപമുണ്ടാകില്ലേ എന്നും ചോദിക്കുന്നു.
ഗാന്ധി:
സാരമില്ല. അതു കാണാൻ ഞാൻ ജീവിച്ചിരിക്കുകയില്ലല്ലോ. ആട്ടെ, കൽക്കത്തയുടെ പ്രതികരണമെങ്ങിനെ?
പ്യാരേ:
നമ്മുടെ ശാന്തിസേനയിൽപെട്ട സച്ചിൻ മിത്രയുടെയും സ്മൃതീഷ് ബാനർജിയുടെയും രക്തസാക്ഷിത്വം ആളുകളെ ദുഃഖിപ്പിച്ചിട്ടുണ്ടു്. അവരെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ കുറ്റബോധം ഇരുഭാഗത്തുമുണ്ടു്. എങ്ങും സമാധാന റാലികൾ നടക്കുന്നു. സമാധാനക്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ടു്. അങ്ങ് മരിച്ചാൽ മുസ്ലീങ്ങൾ തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നാണു് ഹിന്ദുക്കളുടെ ഭയം.
കൂട്ടത്തിൽ നിന്നൊരാൾ:
അതെ ബാപ്പൂ. അങ്ങ് പറഞ്ഞതുകൊണ്ടു മാത്രമാണു് ഞങ്ങൾ അങ്ങോട്ടാക്രമിച്ചിട്ടും അവർ പകരം വീട്ടാത്തതു്. അങ്ങേക്കെന്തെങ്കിലും പറ്റിയാൽ…
ഗാന്ധി:
ഞങ്ങൾ… അവർ… ആരാണീ ഞങ്ങളും അവരും? ഈ ഭേദവിചാരമാണു് ഇന്ത്യയെ വിഭജിച്ചതു്. എന്റെ മുന്നിൽ ഇന്ത്യാക്കാർ മാത്രമേയുള്ളൂ.
(ഒരു മുസ്ലീം ഓടിക്കിതച്ചെത്തി ഗാന്ധിയുടെ കാൽക്കൽ വീഴുന്നു, വികാരധീനനായിപ്പറയുന്നു)

അങ്ങു മരിക്കരുത്, ബാപ്പു, അങ്ങു മരിച്ചാൽ പിന്നെ ഞങ്ങൾക്കാരുണ്ടു്? ഹിന്ദുക്കൾ ഞങ്ങളെ ജീവനോടെ വച്ചേക്കുമോ?(കുട്ടികളേപ്പോലെ വിതുമ്പുന്നു.)

ഗാന്ധി:
സമാധാനമായിരിക്കു സഹോദരാ… ആടുകൾ ഇടയന്റെ വിളികേൾക്കാത്തത്ര ദൂരത്തിലായിട്ടില്ല.
(വെളിച്ചം മങ്ങിത്തെളിയുമ്പോൾ തെരുവു്, ആൾക്കൂട്ടം)
ഒരു മുസ്ലീം നേതാവു്:
പ്രിയ സുഹൃത്തുക്കളേ, നമ്മുടെ രക്ഷകനായ മഹാത്മാവു് നിരാഹാരവ്രതം തുടങ്ങിയിട്ടു് മൂന്നു് ദിവസം കഴിഞ്ഞു. നമുക്കു് വേണ്ടിയാണു് അദ്ദേഹം ഉപവസിക്കുന്നതു്. അദ്ദേഹത്തിനിപ്പോൾ സംസാരിക്കാൻ തന്നെ പ്രയാസമായിരിക്കുന്നു. നാഡിമിടിപ്പു് വളരെ താഴ്‌ന്നു കഴിഞ്ഞു. നില ഗുരുതരമാണെന്നു് ഡോക്ടർമാർ പറയുന്നു.
ഒരു ഹിന്ദു നേതാവു്:
പ്രിയപ്പെട്ട മുസ്ലീം സഹോദരരേ, ഇനി നിങ്ങൾക്കെതിരായി യാതൊരക്രമവുമുണ്ടാവില്ലെന്നു് ഞാനുറപ്പു നൽകുന്നു. നമ്മുടെ ബാപ്പുവിനെ മരിക്കാൻ വിട്ടുകൂടാ. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാൽ കൽക്കത്തയിൽ ചോരപ്പുഴകളായിരിക്കും. ഹിന്ദുക്കളും മുസ്ലീങ്ങളും അങ്ങോട്ടുമിങ്ങോട്ടും വെട്ടിമരിച്ചാൽ പിന്നെ കൽക്കത്തയുണ്ടാവില്ല, ഇന്ത്യയുമുണ്ടാവില്ല.
ആൾക്കൂട്ടം:
ബാപ്പു മരിച്ചുകൂടാ! ബാപ്പു മരിച്ചുകൂടാ! വരൂ നമുക്കൊന്നിച്ചു് ഹൈദരീ ഹൗസിൽപോയി ഇനി ലഹളയുണ്ടാവില്ലെന്നു് അദ്ദേഹത്തിന്നുറപ്പുകൊടുക്കാം.
(വെളിച്ചം മങ്ങിത്തെളിയുന്നു. ‘ഹൈദരീ ഹൗസ്’. സെപ്റ്റംബർ 4 എന്നു് സ്ക്രീനിൽ) (ഒരു കൂട്ടം ഗുണ്ടകൾ ആയുധങ്ങളുമായി പ്രവേശിക്കുന്നു. ഓരോരുത്തരായി ആയുധങ്ങൾ ഗാന്ധിയുടെ കാൽക്കൽ വെച്ചു് ഗാന്ധിയെ വണങ്ങുന്നു. ഗാന്ധി ബെഞ്ചിൽ എണീറ്റിരിക്കാൻ ശ്രമിക്കുന്നു. കഴിയുന്നില്ല.)
ഒരു നേതാവു്:
ബാപ്പു ഞങ്ങൾക്കു് തെറ്റൂ പറ്റി. മാപ്പു തരൂ. ഇനി കൽക്കത്തയിൽ ലഹളയുണ്ടാവില്ല. അങ്ങ് ആഹാരം കഴിക്കൂ. ഞങ്ങളുടെ കുട്ടികളെ രക്ഷിക്കൂ. ഞങ്ങളുപയോഗിച്ചിരുന്ന ആയുധങ്ങളാണിവ ബാക്കിയുള്ളവർ പുറത്തു നിൽപ്പുണ്ടു്, ഒരു ട്രക്ക് നിറയെ ആയുധങ്ങളും കൊണ്ടുവന്നിരിക്കുന്നു.
ഗാന്ധി:
(കിടന്നുകൊണ്ടുതന്നെ അനുഗ്രഹഭാവത്തിൽ കയ്യുയർത്തി) എല്ലാവരും വന്നോ?
കുറേപ്പേരൊന്നിച്ച്:
ഉവ്വു് ബാപ്പു, ഇനി ആരുമില്ല.
ഗാന്ധി:
സിഖുകാർ?
ഒരു സിഖ് മുന്നോട്ടു വന്ന്:
ഞങ്ങളുമുണ്ടു് ബാപ്പു. ഇനി ലഹളയുണ്ടാവില്ല.
ഗാന്ധി:
ഇന്ത്യയുടെ മുഴുവൻ സമാധാനത്തിന്റേയും താക്കോൽ കൽക്കത്തയുടെ കയ്യിലാണു്. ഇവിടെ ഒരു ചെറിയ അക്രമം മതി, ഇന്ത്യയിലാകെ അതു് ആളിപ്പടരും, എല്ലാ മതങ്ങളിൽപ്പെട്ടവരേയും ദഹിപ്പിക്കും. നാട്ടിൻപുറങ്ങൾക്കു് തീപിടിച്ചാലും കൽക്കത്തയിൽ തീ പടരാൻ നിങ്ങളനുവദിക്കരുത്.
ആൾക്കൂട്ടം:
ഇല്ല, ഇല്ല, ഇല്ല ഞങ്ങൾ ശപഥം ചെയ്യുന്നു.
(പ്രതിനിധികൾ ഒരു കടലാസ്സിൽ ഒപ്പിട്ടുകൊടുക്കുന്നു)
ഗാന്ധി:
കടലാസിലല്ല എനിക്കു വിശ്വാസം. നിങ്ങളുടെ ഹൃദയങ്ങളിലെ തീരുമാനങ്ങളിലാണു്. ഞാൻ ഈശ്വരന്റെ ഒരു ഉപകരണം മാത്രം. സുഹൃത്തു് സുഹ്രവർദ്ദിയിൽനിന്നു് വെള്ളം വാങ്ങിക്കുടിച്ചുകൊണ്ടു് ഞാൻ ഉപവാസം അവസാനിപ്പിക്കാം.
(സുഹ്രവർദ്ദി കടന്നുവരുന്നു, വെള്ളം കൊടുക്കുന്നു)
ആൾക്കൂട്ടം:
(ആശ്വാസനിശ്വാസങ്ങളോടെ) മഹാത്മാ ഗാന്ധി കീ ജയ്!ഗാന്ധി ഇന്ത്യയുടെ രക്ഷകൻ!
ഗാന്ധി:
(വെള്ളം കുടിച്ചുകഴിഞ്ഞു്) ഇനി പഞ്ചാബിൽ പോകാനാണെന്റെ തീരുമാനം.
പ്യാരേലാൽ:
ഡെൽഹിയിൽ നിന്നു് രണ്ടു് വോളന്റിയർമാർ കാണാൻ വന്നിരിക്കുന്നു.
ഗാന്ധി:
വരാൻ പറയൂ.
(വോളന്റിയർമാർ പ്രവേശിക്കുന്നു)
ഒന്നാമൻ:
നല്ല വാർത്തകളല്ല ബാപ്പു.
ഗാന്ധി:
അറിയാം. നല്ല വാർത്തകളുടെ കാലം അവസാനിച്ചു. (മൗനം)
ഒന്നാമൻ:
ഇന്നലെ രാവിലെ മുതൽ ഡെൽഹിയിൽ ബഹളമാണു്. റെയിൽവേ സ്റ്റേഷനിൽ അകാലികളും ഹിന്ദു തീവ്രവാദികളും ഒരു ഡസൻ മുസ്ലീം ചുമട്ടുതൊഴിലാളികളെ കൊലപ്പെടുത്തിയതായിരുന്നു തുടക്കം. പിന്നെ ഗ്രീൻ മാർക്കറ്റിനു തീവെച്ചു. ലോഡി കോളനിയിൽ സിഖുകാർ കടന്നു ചെന്നു് മുസ്ലീം ഉദ്യോഗസ്ഥരുടെ വീടുകളാക്രമിച്ചു, കണ്ടവരെയൊക്കെ അവർ കൊന്നു.
രണ്ടാമൻ:
റോഡിൽ നിറയെ ശവങ്ങളാണു്. പഴയ ഡെൽഹിയിൽ സിഖുകാർ ‘അള്ളാഹു അക്ബർ’ എന്നു് ഉറക്കെ വിളിച്ചു നടക്കുകയാണ്—അതുകേട്ടു് മറുവിളി വിളിക്കുന്ന മുസ്ലീങ്ങളെയൊക്കെ കൊല്ലാൻ.
ഒന്നാമൻ:
നെഹ്റു മുസ്ലീങ്ങളുടെ ഭാഗത്താണെന്നാണു് ഹിന്ദുക്കളുടെ ആരോപണം. യോർക്ക് റോഡിൽ നെഹ്റുവിന്റെ വീടിനു മുന്നിൽ വെച്ചു് ഹിന്ദുതീവ്രവാദികൾ ഒരു മുസ്ലീം സ്ത്രീയെ പെട്രോളൊഴിച്ചു് തീയിട്ടു. മുസ്ലീം സ്ത്രീകളൊക്കെ നെഹ്റുവിന്റെ വളപ്പിൽ അഭയം തേടിയിരിക്കുകയാണു്. ഗൂർഖകൾ കാവലിനുണ്ട്.
രണ്ടാമൻ:
മുസ്ലീങ്ങൾക്കു് അഭയം കൊടുത്താൽ ആ വീടു തീവെയ്ക്കുമെന്നാണു് സിഖുകാരുടെ ഭീഷണി. അതു് കേട്ടു് ഹിന്ദുക്കളും പാഴ്സികളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം മുസ്ലീം വേലക്കാരെ പറഞ്ഞയയ്ക്കുകയാണു്. അവരെയധികവും സിഖുകാർ കൃപാണം കൊണ്ടു് വെട്ടിക്കൊല്ലുന്നു. ചിലർ അഭയാർത്ഥി ക്യാമ്പുകളിലെത്തുന്നുണ്ട്.
ഗാന്ധി:
ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ലേ?
ഒന്നാമൻ:
മൗണ്ട്ബാറ്റൻ തിരിച്ചു വന്നിട്ടുണ്ടു്. നെഹ്റുവും പട്ടേലുമൊക്കെച്ചേർന്നു് ഒരു കമ്മിറ്റിയുണ്ടാക്കിയിരിക്കുകയാണു്. പഞ്ചാബിന്റെ പാകിസ്ഥാനി ഭാഗത്തു നിന്നു ഹിന്ദുക്കളും ഇന്ത്യൻ ഭാഗത്തു നിന്നു മുസ്ലീങ്ങളും ഒഴിഞ്ഞു പോയിരിക്കയാണു്. പട്ടാളവും റെയിൽവേയും മെഡിക്കൽ സർവ്വീസുമൊക്കെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടു്. റെഡ്ക്രോസ്സ് വോളന്റിയർ സേനകളും സഹായത്തിനുണ്ടു്. ഇതൊക്കെയായിട്ടും ഒരുപാടുപേർ വഴിയിൽ മരിച്ചു വീഴുന്നുണ്ട്.
ഗാന്ധി:
കൽക്കത്തയുടെ രോഗം മാറിയപ്പോൾ അതു ഡൽഹിയിലേയ്ക്കു പടർന്നു പിടിച്ചു, അല്ലേ! ഈ പാപത്തിൽ നിന്നു് എന്നാണു് ഇന്ത്യ കരകേറുക? എന്നാണെനിക്കു് പഞ്ചാബിൽ പോകാൻ കഴിയുക?
(വെളിച്ചം മങ്ങുന്നു.)
അഭയാർത്ഥികൾ
images/santhosh-gandhi-1.png

(സ്ക്രീനിനു പിറകിൽ, നിഴൽനാടകരൂപത്തിൽ, കുട്ടികളെ എടുത്ത സ്ത്രീകളും, മാറാപ്പേറ്റിയ പുരുഷന്മാരും, വൃദ്ധരും കുഞ്ഞുങ്ങളും വീട്ടു മൃഗങ്ങളും തുടർച്ചയായി അങ്ങോട്ടുമിങ്ങോട്ടും പ്രവഹിച്ചു കൊണ്ടിരിക്കുമ്പോൾ ഗായകസംഘം പാടുന്നു:)

പനിനീരിലാദ്യം കിളിർത്ത മൊട്ടു

വിരിയുവാനവർ കാത്തുനിന്നതില്ല

വയലിൽ നീർതേവി നനച്ച നെല്ലിൽ

കതിരിൻ കനകം വിളഞ്ഞതില്ല

കടുകിന്റെ പാടങ്ങൾ പൂത്തതില്ല

മധുരം കരിമ്പിൽ നിറഞ്ഞതില്ല

അതിനുമുമ്പല്ലോ മരണമെത്തി

അയൽ കത്തി, തീ സ്വന്തം പുരയിലെത്തി

ഇടതു കൈവെള്ളയിൽ പ്രാണനേറ്റി

വലതുകയ്യിൽ പൊന്നുമോളെയേറ്റി

പടിപൂട്ടിയൊന്നു തിരിഞ്ഞുനോക്കി-

ച്ചെറുമുറ്റത്തൊരു കണ്ണീർ തുള്ളി വീഴ്ത്തി

വഴിയിൽകഴിക്കാനുണക്കറൊട്ടി-

പ്പൊതിയും ലൊടുക്കും തടുക്കുമേറ്റി

ഹൃദയത്തിൽ സ്വപ്നത്തിൻ ചിതകളേറ്റി

നിണമൊലിക്കും വേരറുത്തുമാറ്റി

സ്മരണയിൽ താരാട്ടുപൂത്തിറങ്ങി

എവിടേയ്ക്കെന്നില്ലാതെയിവരിറങ്ങി.

ഒരു കത്തിമുനയിലൂടിവർനടപ്പാ-

ണൊരു തണൽ തേടി, വെയിലിലൂടെ

അവമതിതൻ ചോരകഴുകുവാനാ-

യൊരു പുഴതേടി മണലിലൂടെ.

അങ്ങോട്ടുപോകുവോർ കേട്ടുനില്പാ-

ണിങ്ങോട്ടുപോരുവോർ തൻ കരച്ചിൽ

ഇങ്ങോട്ടുപോരുവോർ കണ്ടു നില്പാ-

ണങ്ങോട്ടുപോകുവോർ തൻ പിടച്ചിൽ.

(ഇന്ത്യയിലേയ്ക്കു വരുന്ന ഒരു പുരുഷനും സ്ത്രീയും കുട്ടിയും, പാകിസ്ഥാനിലേയ്ക്കു് പോകുന്ന ഒരു പുരുഷനേയും സ്ത്രീയേയും കണ്ടു മുട്ടുന്നു.)
ഹിന്ദു സ്ത്രീ:
എത്രനാളായി പുറപ്പെട്ടിട്ടു്?
മുസ്ലീം സ്ത്രീ:
മൂന്നു ദെവസമായി. ആഹാരമൊക്കെത്തീർന്നു. മോൻ… വഴീല് വെച്ചു്… മയ്യത്തായി…
ഹിന്ദു പുരുഷൻ:
ഇതാ, ഞങ്ങളുടെ കയ്യിൽ അഞ്ചാറു ചപ്പാത്തി ബാക്കിയുണ്ടു്. പകുതി നിങ്ങളെടുത്തോളൂ.
മുസ്ലീം പുരുഷൻ:
അള്ളാ നിങ്ങളെ അനുഗ്രഹിക്കട്ടെ. എവിടെയായിരുന്നു വീടു്?
ഹിന്ദു പുരുഷൻ:
അതൊക്കെപ്പറഞ്ഞിട്ടെന്താകാര്യം? … സിൻഡിലായായിരുന്നു. എന്റെ മൂന്നു മക്കളെ ലഹളക്കാർ തട്ടിക്കൊണ്ടു പോയി. വീടും തീയ്യിട്ടുകളഞ്ഞു. നിങ്ങളോ?
മുസ്ലീം പുരുഷൻ:
അപ്പുറത്തും ഇപ്പുറത്തും സ്ഥിതിയെല്ലാം ഒന്നുതന്നെ. ഞങ്ങൾ ഗുരുദാസ്പൂരിലായിരുന്നു. സിഖുകാര് ബന്ന്… യാ ഖുദാ… എന്റെ ഉപ്പയെയും ഉമ്മയെയും കൊന്നു്. ഞാനപ്പോ പണി സ്ഥലത്തായിരുന്നു, കെട്ട്യോളും. പിന്നെ ഞങ്ങള് കുടിയിലേയ്ക്കേ പോയില്ല. മോൻ ഇവളുടെ കയ്യിലായിരുന്നു്. ഓടിപ്പോന്നു് ബഴീല് ബച്ച് മോനു് ഛർദ്ദീം വയറെളെക്കോം വന്നു്. എന്താ ചെയ്ക? ഞങ്ങള് നോക്കി നോക്കി നിൽക്കുമ്പ അബനെ പടച്ചോൻ ബിളിച്ച്. ഞമ്മളെങ്ങട്ടാ പോണേന്നു് അവനെപ്പഴും ശോദിച്ചോണ്ടിരുന്നു്. ഞാനെന്തുപറയാനാ?
ഹിന്ദു സ്ത്രീ:
ഈശ്വരൻ നിങ്ങളെ കാക്കട്ടെ.
മുസ്ലീം സ്ത്രീ:
പടച്ചോൻ വഴി കാട്ടട്ടെ.
(എതിർ ദിശകളിൽ പിരിഞ്ഞു പോകുന്നു. രണ്ടുപേർ തോളിൽ ഒരു വടി വെച്ചു് അതിൽ കെട്ടിയ തൂക്കുമായി വരുന്നു.)
ഒന്നാമൻ:
കാലു കുഴഞ്ഞു. ഇത്തിരി ഇരുന്നു പോകാം.
രണ്ടാമൻ:
ശരിയാ ബാബാ, ഞങ്ങൾ ഇതൊന്നു നിലത്തിറക്കുന്നുണ്ടേ. (തൂക്കിൽ നിന്നു് വൃദ്ധന്റെ മൂളൽ. തൂക്കു് ഇറക്കിവെയ്ക്കുന്നു.)
ഒന്നാമൻ:
എന്നാലും മരിക്കാൻ കിടക്കുന്ന ബാബയെ അവർ വെറുതെ വിടുമെന്നാ കരുതിയതു്. അങ്ങേരേയും വെടിവെച്ചല്ലോ.
ഒരു സിഖുകാരൻ:
(അവിടെയെത്തി) നിങ്ങളുടെ കയ്യിൽ വിൽക്കാൻ വല്ലതുമുണ്ടോ?
രണ്ടാമൻ:
ഉണ്ടായിരുന്നു. കോടാലിയും കൈക്കോട്ടും ഗോതമ്പ് ചാക്കും രണ്ടു കാളകളും. എല്ലാം കൊടുത്തു. ഇന്നലെ ബാബയുടെ സ്വർണ്ണം കെട്ടിയ ഹുക്കാ വിറ്റതു് ഒരു പാത്രം വെള്ളത്തിനാണു്. ഇനിയും മതിയായില്ലേ നിങ്ങൾക്കു് ! ഇനിയുള്ളതു് ഈ വയസ്സനാണു്. ഞങ്ങളുടെ അച്ഛൻ. എന്താ നോട്ടമുണ്ടോ?
സിഖുകാരൻ:
നിങ്ങൾക്കു് അച്ഛനെങ്കിലും ബാക്കിയുണ്ടല്ലോ. എനിക്കു് എല്ലാവരും നഷ്ടപ്പെട്ടു.
ഒന്നാമൻ:
ക്ഷമിക്കണം ചങ്ങാതി, ദുരിതം വാക്കുകളിൽ മുള്ളു തിരുകുന്നു.
സിഖ്:
സാരമില്ല. ഒരു നായ കടിച്ചുകൊണ്ടുപോയ ചപ്പാത്തി തിരിച്ചെടുക്കാൻ ആളുകൾ അതിനെ തല്ലിക്കൊല്ലുന്നതു ഞാൻ ഇന്നലെ കണ്ടു.
രണ്ടാമൻ:
വഴിയിൽവെച്ചു പ്രസവിച്ച കുഞ്ഞിന്റെ ശവം അവിടെത്തന്നെ കുഴിച്ചുമൂടി വേച്ചുവേച്ചു പോകുന്ന ഒരമ്മ…
ഒന്നാമൻ:
ചുമക്കാൻ വയ്യാതായ അച്ഛന്മാർ വഴിയിലുപേക്ഷിച്ചതു കൊണ്ടു് ഒരിത്തിരി ചോറിനു് ഇരക്കുന്ന കുട്ടികൾ.
സിഖ്:
വിശന്നു കരയുന്ന ചോരക്കുട്ടിയെ എതിരെ വരുന്ന ജീപ്പിലേക്കു് എറിഞ്ഞുകൊടുത്തു് നരച്ച താടിയിലൂടെ കണ്ണീരൊഴുക്കുന്ന മുത്തച്ഛൻ…
രണ്ടാമൻ:
വഴിയിലുടനീളം ശവങ്ങൾ…
ഒന്നാമൻ:
കശാപ്പു ചെയ്യപ്പെട്ടവരുടെ കൈകാലുകൾ…
സിഖ്:
കോളറാ പിടിച്ചു് വഴിയിൽ നിരങ്ങി നിരങ്ങി വീണവർ…
രണ്ടാമൻ:
കഴുകന്മാർക്കു് വയറു നിറഞ്ഞിട്ടു് പറക്കാൻ വയ്യാതായി…
ഒന്നാമൻ:
നായ്ക്കൾ ശവങ്ങളുടെ കരളുമാത്രമേ തിന്നു എന്നായി…
സിഖ്:
ഒരാടിനെ സ്വന്തമാക്കാൻ അതിന്റെ ഉടമയായ കിഴവിയെ ശിരസ്സറുത്തു കൊന്നു എന്റെ കൂട്ടക്കാർ…
രണ്ടാമൻ:
കാളവണ്ടിച്ചക്രങ്ങളുടെ ശബ്ദം
ഒന്നാമൻ:
മരിക്കുന്ന കുട്ടികളുടെ ശബ്ദം
സിഖ്:
അഴുകുന്ന ജഡങ്ങളുടെയും വിയർപ്പിന്റേയും വിസർജ്ജനങ്ങളുടെയും ദുർഗ്ഗന്ധം…
രണ്ടാമൻ:
ഈച്ചകൾ, ഈച്ചകളുടെ വമ്പൻ കാർമേഘങ്ങൾ
ഒന്നാമൻ:
ഇവിടെ ഹിന്ദുവും മുസൽമാനും സിഖുകാരനുമെല്ലാം ഒരേയൊരാൾ മാത്രം.
രണ്ടാമൻ:
പേരില്ലാത്ത ഒരാൾ.
സിഖ്:
അല്ല അഭയാർത്ഥി. (മൗനം)
(മദൻലാൽ പ്രവേശിക്കുന്നു)
മദൻലാൽ:
അവർ പാകിസ്ഥാന്റെ അതിർത്തിയിൽ വെച്ചു് എന്റെ സകല സ്വത്തുക്കളും പിടിച്ചെടുത്തു. ഞങ്ങളുടെ ബസ്സ് അവർ സ്വന്തമാക്കി. സ്വർണ്ണം, വസ്ത്രങ്ങൾ, ശിവന്റെ ചിത്രങ്ങൾ പോലും. ഒന്നുമില്ലാതെയാണു് ഞാൻ ഇന്ത്യയിലെത്തിച്ചേർന്നതു്. ഇന്ത്യയിലെ ഓരോ മുസൽമാനേയും ഇതുപോലെ നിസ്സഹായനാക്കി ഞാൻ പാകിസ്ഥാനിലേക്കോടിയ്ക്കും.
ഒന്നാമൻ, രണ്ടാമൻ, സിഖ്:
ഒറ്റയ്ക്കോ? അത്രയ്ക്കു് വേണോ? അപ്പോൾ നമ്മൾ ചെയ്ത അതിക്രമങ്ങളോ? പ്രതികാരത്തിനു് ഒരർത്ഥവുമില്ല സുഹൃത്തേ. പക എല്ലാം നശിപ്പിക്കുകയേയുള്ളൂ.
മദൻലാൽ:
ഓർത്തുവെച്ചോളൂ! എന്റെ പേരു് മദൻലാൽ. ഈ പേരു് ഒരു ദിവസം ഇന്ത്യയിൽ മുഴുവൻ മുഴങ്ങി കേൾക്കും. ആക്രമിക്കപ്പെട്ട തീവണ്ടിയിൽ നൂറു മുറിവുകളിൽ നിന്നു് ചോരയൊലിച്ചു വിളറി ഞരങ്ങുന്ന എന്റെ അച്ഛൻ. അതാണെന്റെ ഇന്ത്യ. ഞാൻ പകരം വീട്ടുകതന്നെ ചെയ്യും.
ഒന്നാമൻ:
ഇത്രയേറെ കണ്ടുകഴിഞ്ഞിട്ടും പകവീട്ടലിനെക്കുറിച്ചു് പറയാൻ നിങ്ങൾക്കെങ്ങിനെ നാവു പൊന്തുന്നു? നമ്മുടെ ദുരിതങ്ങൾക്കു് ജാതിയും മതവും ദേശവുമില്ലെന്നു് ഇനിയും മനസ്സിലായില്ലേ?
മദൻലാൽ:
ഞാൻ ഒറ്റയ്ക്കല്ല. ഞങ്ങൾ പകരം വീട്ടും. ഞങ്ങളുടെ സംഘം ഇന്ത്യയെ ഒരു ദിവസം ഹിന്ദുവിന്റേതുമാത്രമാക്കും.
(മുഷ്ടി ചുരുട്ടുന്നു. വെളിച്ചം മങ്ങുന്നു)
ഡെൽഹി

(സ്ക്രീനിൽ: “ന്യൂ ഡെൽഹി, 1947 സെപ്തം. 9”)

പാട്ടു്:

കത്തുന്നു ദില്ലി, ഗാന്ധി

വിതുമ്പും മനസ്സുമാ-

യെത്തുന്നു കൊലക്കൊതി-

യലറും വഴികളിൽ.

വിഷമേ വെള്ളത്തിലും

കാറ്റിലും; വിദ്വേഷത്തിൽ,

വിഷമേ വിചാരത്തിൽ,

വാക്കിലും കർമ്മത്തിലും.

(ഗാന്ധി കൂക്കിവിളിക്കുന്ന ഒരാൾക്കൂട്ടത്തിനു നടുവിൽ)

ഗാന്ധി:
ദയവായി ഞാൻ പറയുന്നതൊന്നു കേൾക്കൂ. എനിക്കു് എല്ലാ മതക്കാരും ഒരുപോലെയാണു്. എല്ലാവരുടെയും ദൈവം ഒന്നാണു്.
ഒരു ഹിന്ദു:
അഹിംസ ഉപദേശിക്കാനെളുപ്പമാണു്. പഞ്ചാബിൽ ഹിന്ദുക്കളെക്കണ്ടാലുടൻ മുസ്ലിങ്ങൾ അവരെ കൊന്നു കളയുകയാണു്. എന്താ ഞങ്ങൾ ആടുകളെപ്പോലെ ചത്തു കൊടുക്കണമെന്നാണോ? ആയുധം കൂടി ഉപേക്ഷിച്ചാൽ ഞങ്ങളെങ്ങിനെ ജീവിച്ചുപോവും?
ഗാന്ധി:
ഒരാളെയും കൊല്ലാതെ എല്ലാ പഞ്ചാബികളും മരിച്ചു പോയാൽ പഞ്ചാബ് അനശ്വരയാവും ശാന്തിക്കു വേണ്ടി അഹിംസയുടെ ഭടന്മാരാവുക. നിങ്ങളെത്തന്നെ ബലി കൊടുക്കുക.
(ആൾക്കൂട്ടത്തിൽ നിന്നു് ആർപ്പുവിളികളും കുക്കലുകളും: “പഞ്ചാബിലൊന്നു പോയിനോക്കടോ കിഴവാ” “കഴുത്തറ്റം ചോരയിൽ മുങ്ങിയിട്ടും അഹിംസ പ്രസംഗിക്കുന്നോ?”)
ഗാന്ധി:
സമാധാനമായിരിക്കൂ. ഹിംസ ഇന്നോളം ഒന്നും നേടിയിട്ടില്ല. നേടിയതായി തോന്നിയിട്ടുണ്ടെങ്കിൽ അതു് പെട്ടെന്നുതന്നെ ഇല്ലാതായിട്ടുമുണ്ടു്. ഒരാളെ കൊല്ലുമ്പോൾ അയാൾക്കു് മനസ്സു മാറാനുള്ള അവസരം നിങ്ങൾ നിഷേധിക്കുകയാണു്.
ആൾക്കൂട്ടത്തിൽ നിന്നു്:
മനം മാറ്റമോ? മൃഗങ്ങൾക്കോ? ഹൃദയം ചൂഴ്‌ന്നെടുക്കുകയാണു് വേണ്ടതു്.
ഗാന്ധി:
ചോര കൊണ്ടു് ചോര കഴുകിക്കളയാനാവില്ല.
(ആളുകൾ പിറുപിറുത്തു പിരിയുന്നു)
ഒരു മുസ്ലീം:
(ഒരു കൊച്ചുകുട്ടിയെ എടുത്തു് ഓടിവന്നു്): ദാ, പുടിച്ചോ, ഇദിന്റെ ഉമ്മാനേം ബാപ്പാനേം ജഗളക്കാര് കൊന്നുകളഞ്ഞു. ഇദുപോലെ ആയിരക്കണക്കിനാ മുസ്ലീം കുട്ട്യോള്. ന്താ, നിങ്ങ ഇബരെയൊക്കെ നോക്കി ബലുതാക്ക്വോ?
ഗാന്ധി:
കുട്ടികളെയെങ്കിലും ഹിന്ദുവെന്നും മുസ്ലീമെന്നും വേർതിരിക്കാതിരിക്കൂ. ഒരാൾ ഒരു മതത്തിൽ ജനിക്കുന്നതു് തീർത്തും യാദൃച്ഛികമാണു്. ഈ കുട്ടി ഹിന്ദുവോ സിഖോ ആയിരുന്നെങ്കിൽ അനാഥത്വത്തിനു വേദന കുറയുമായിരുന്നോ? ദുഃഖത്തിനു മതമില്ല. ആർക്കു മുറിവേറ്റാലും വരുന്ന ചോര ഒന്നു തന്നെ.
മുസ്ലീം:
ഒരു ഞൊടി ഞാൻ പ്രവാചകനെ മറന്നു് പോയി ബാപ്പൂ. ബാള് കൊണ്ടല്ലാ സ്നേഹം കൊണ്ടാണു് യുദ്ധം ജയിക്കേണ്ടതെന്നു്… പടച്ചോനെ, മാപ്പു്, മാപ്പു്. യത്തീങ്ങളെ തൊണയ്ക്കണേ!
(വെളിച്ചം മങ്ങുന്നു)
(സ്ക്രീനിൽ: “ഒക്ടോബർ 2, 1947” ഒരു പ്രാർത്ഥനായോഗം. ഒരു കുട്ടി വന്നു് ഗാന്ധിയെ ഒരു പൂമാല ഇടുവിക്കുന്നു.)
കുട്ടി:
ഇന്നു് ബാപ്പുവിന്റെ പിറന്നാളല്ലേ?
ഗാന്ധി:
(കുട്ടിയെ നിറുകയിൽ ഉമ്മവച്ചു്) ഓ, ഞാനതു മറന്നുപോയി.
(പാടുന്നു)

രഘുപതി രാഘവരാജാറാം

പതീത പാവന സീതാറാം.

ഈശ്വര് അള്ളാ തേരേ നാം

സബ്കോ സൻമതി ദേ ഭഗവാൻ.

(കുറേപ്പേർ ഏറ്റു പാടുന്നു)

ഗാന്ധി:
ആരാണു് സോറാസ്ട്രിയൻ പ്രാർത്ഥന വായിക്കുന്നതു്?
ഒരു സ്ത്രീ:
“ഹേ, ആഹൂറാ മസ്ദാ, ഏറ്റവും മഹത്തായ മതത്തിന്റെ വചനവും കർമ്മങ്ങളും എനിക്കു് വെളിപ്പെടുത്തിയാലും. ധർമ്മത്തിന്റെ പാതയിലുറച്ചു നിന്നു് ഞാൻ അങ്ങേയ്ക്കു സ്തുതി പാടട്ടെ.”
ഒരാൾ:
(ബൈബിൾ തുറന്നു്) എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു്? നീ എന്നെ സഹായിക്കുന്നതിൽ എന്റെ അലമുറയിൽ നിന്നും ഇത്രമേൽ ദൂരെയായിരിക്കുന്നതെന്തു്? (പേജു മറിച്ചു്) നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു. ദുഷ്ടരുടെ സംഘം എന്നെ അകപ്പെടുത്തിയിരിക്കുന്നു. അവരെന്റെ കൈകാലുകൾ തുളച്ചു കീറിയിരിക്കുന്നു. അവർ എന്റെ വസ്ത്രങ്ങൾ പങ്കിടുന്നു. എന്റെ ഉടുപ്പിനായി നറുക്കിടുന്നു. എങ്കിലും എന്നിൽ നിന്നകന്നു പോകരുതേ, ഹേ സർവ്വേശ്വരാ…
ഗാന്ധി:
മനു, കൊറാൻ
മനു:
(വായിക്കുന്നു) ആകാശഭൂമികളെ സൃഷ്ടിച്ചിരിക്കുന്ന അല്ലാഹുവിന്റെ നേരെ ഋജുമനസ്സോടെ, അനുസരണയോടെ, ഞാനിതാ എന്റെ മുഖം തിരിച്ചിരിക്കുന്നു.
ഒരു കേൾവിക്കാരൻ:
അതു വായിക്കരുതു്.
മറ്റൊരാൾ:
അതു് വായിച്ചിട്ടാണു് മുസ്ലീങ്ങൾ ഞങ്ങളുടെ പെങ്ങന്മാരെ മാനം കെടുത്തിയതു്, ഞങ്ങളുടെ ജേഷ്ഠന്മാരെ കൊന്നതു്.
വേറൊരാൾ:
ഗീത വായിക്കൂ, ഗീത, കണ്ണിനു കണ്ണു്, ജീവനു ജീവൻ. ഇതു് കുരുക്ഷേത്രമാണു്. ധർമ്മം രക്ഷിക്കാൻ യുദ്ധമാകാം.
ഗാന്ധി:
നിങ്ങൾ രക്ഷിക്കുന്ന ധർമ്മം ഏതാണു്? ഹിന്ദുവിനു മാത്രമായി ഒരു ധർമ്മമുണ്ടോ? ഹിന്ദുക്കൾ പഞ്ചാബിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തപ്പോൾ ആ ധർമ്മം എവിടെയായിരുന്നു. ഗീത പഠിപ്പിക്കുന്നതു പ്രതികാരം തന്നെയാണോ? യുദ്ധക്കളത്തിൽ അഴുകുന്ന ശവങ്ങൾക്കിടയിൽ നിന്നു് വ്യാസൻ കയ്യുയർത്തി നിലവിളിച്ചതെന്തിനായിരുന്നു?
ഒരാൾ:
(അതു് മദൻലാലാണു്) എന്റെ അച്ഛനെ അവർ കൊന്നു. ഞാൻ പകരം വീട്ടും. ഗാന്ധി പാകിസ്ഥാൻ ചാരൻ! ഗാന്ധി മൂർദാബാദ്! (കുറേപ്പേർ അയാളോടു ചേർന്നു് മുദ്രാവാക്യം വിളിച്ചു് ഇറങ്ങിപ്പോകുന്നു.)
ഗാന്ധി:
(മനുവിന്റെ ചുമലിൽ കൈവെച്ചെണീറ്റു്) ആദ്യമായി എന്റെ പ്രാർത്ഥനായോഗം ഇന്നു മുടങ്ങി. ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കക്കാരും എന്നോടു ചെയ്യാത്തതു് എന്റെ നാട്ടുകാർ എന്നോടു ചെയ്തു.
മനു:
ക്ഷമിക്കൂ ബാപ്പൂ. വികാരത്തിനു മുന്നിൽ അങ്ങയുടെ യുക്തികൾ നിഷ്പ്രയോജനമാണു്.
ഗാന്ധി:
യുക്തിയോ? കൂടുതൽ വലിയ വികാരത്തിനു വേണ്ടിയാണു് ഞാൻ വാദിക്കുന്നതു്. ഹോ, ഈശ്വരാ, നിന്റെ പരീക്ഷണങ്ങൾ ഇനിയും തീർന്നില്ലെന്നോ?
(തലകുനിച്ചിരിക്കുന്നു, പിറകിൽ പാട്ടു്)

ഒലിവുമലകളിലൊരുനാൾകണ്ണീ-

രൊഴുക്കിയൊരുവൻ പ്രാർത്ഥിച്ചൂ

തിരിച്ചെടുക്കുക തിരിച്ചെടുക്കുക

ചവർപ്പു മുറ്റിടുമീക്കോപ്പ.

തിരിച്ചെടുക്കുകയെനിക്കുവേണ്ടി

നിറച്ചുവെച്ച വിഷക്കോപ്പ…

(സ്ക്രീനിൽ ഒലിവുമലയിലെ ക്രിസ്തുവിന്റെ ചിത്രം)

(നെഹ്റുവും പട്ടേലും പ്രവേശിക്കുന്നു, കയ്യിൽ പൂച്ചെണ്ടുകൾ)

നെഹ്റു:
അങ്ങു് പതിവിലേറെ ദുഃഖിതനായിരിക്കുകയാണല്ലോ.
ഗാന്ധി:
(ചർക്കതിരിച്ചുകൊണ്ടു്) എന്താ, ഞാൻ ആഹ്ലാദിക്കണമെന്നാണോ ജവഹർ പറയുന്നതു്? ആദ്യമായിട്ടാണു് എന്റെ ഒരു പ്രാർത്ഥനായോഗം ബഹളം മൂലം മുടങ്ങിപ്പോകുന്നതു്.
നെഹ്റു:
അവർ അങ്ങയെ തിരിച്ചറിയാൻ കാലമെടുക്കും. അതു് മനസ്സിലാക്കാവുന്നതല്ലേയുള്ളൂ?
ഗാന്ധി:
കൽക്കത്തയിൽ പോലും ഒടുവിൽ അവർ കീഴടങ്ങി. പക്ഷേ, ഇവിടെ.
നെഹ്റു:
ഞാൻ ഉറങ്ങിയിട്ടു് ഏറെ നാളായി. നരകത്തിന്റെ പ്രധാന മന്ത്രിയായിരിക്കുന്നതു് ഒരനുഗ്രഹമല്ല.
ഗാന്ധി:
(മുഖം ശ്രദ്ധിക്കുന്നുണ്ടു്) പെട്ടെന്നു് നിങ്ങൾ വൃദ്ധനായ പോലെ.
നെഹ്റുവും പട്ടേലും:
അങ്ങേയ്ക്കു് ജന്മദിനാശംസകളുമായാണു് ഞങ്ങൾ വന്നതു്. (പൂച്ചെണ്ടുകൾ നീട്ടുന്നു)
ഗാന്ധി:
(അവ വാങ്ങി വിളിക്കുന്നു) ആവൂ ഇതാ പൂക്കൾ. (തുടക്കത്തിൽ കണ്ട കുട്ടി വന്നു് ചെണ്ടുകൾ കൊണ്ടുപോകുന്നു. ‘ഹായ്’, എന്നാസ്വദിച്ചുകൊണ്ടു്) ഓർമ്മിക്കണമെന്നു കരുതിയതല്ല. പക്ഷേ, കത്തുകളും കമ്പികളും ആളുകളും അതോർക്കുന്നു. ഒരു കാലത്തു് ഞാൻ 125 വയസ്സു വരെ ജീവിച്ചിരിക്കണം എന്നാശിച്ചിരുന്നു. ലോകത്തെ മുഴുവൻ അഹിംസ പഠിപ്പിക്കാൻ. എന്നാലിന്നു് (ഇടർച്ച) എന്റെ സ്വന്തം ജനങ്ങളെ അതു പഠിപ്പിക്കാനാവുന്നില്ല. എന്റെ തോൽവിയുടെ പിറന്നാളാണിന്നു്. ഇനി എനിയ്ക്കു് പിറന്നാളുകൾ വേണ്ടാ. ഇന്നു് എനിയ്ക്കു് ഉപവാസമാണു്. ആളുകൾ എന്നെ അഭിനന്ദിക്കുന്നതെന്തിനെന്നു് എനിക്കു് മനസ്സിലാകുന്നില്ല. അനുശോചിക്കുകയാണു് വേണ്ടതു്.
പട്ടേൽ:
അങ്ങയുടെ വിഷമം ഞങ്ങൾക്കു മനസ്സിലാകുന്നുണ്ടു്. പക്ഷേ, അങ്ങയുടെ നേതൃത്വമാണു് ഇന്ത്യയെ ഇവിടെ കൊണ്ടെത്തിച്ചതെന്നു് മറക്കാൻ കഴിയുന്നില്ല.
ഗാന്ധി:
(പൊട്ടിച്ചിരിച്ചു്) ശരിക്കും! ഗാന്ധി ഒരു കഴുത തന്നെ. ഇംഗ്ലീഷുകാർ പോയാൽ പ്രശ്നമൊക്കെ തീരുമെന്നാണു് അയാൾ കരുതിയതു്. ഇന്ത്യാക്കാർക്കു് പരസ്പരം കൊല്ലാനും തിന്നാനുമുള്ള സ്വാതന്ത്ര്യമാണു് കിട്ടിയതെന്നു് ഇപ്പോഴല്ലേ മനസ്സിലായതു്!
പട്ടേൽ:
(ഇളിഭ്യത മറച്ചു്) അതല്ല… ഇന്ത്യയ്ക്കു് സ്വരാജ്യം കിട്ടിയതു് അങ്ങയുള്ളതുകൊണ്ടു മാത്രമാണു്.
ഗാന്ധി:
ഞാനങ്ങനെ കരുതുന്നില്ല. തെറ്റുകളുടെ ഉത്തരവാദിത്തം ഞാനേൽക്കാം. പക്ഷേ, ഊരും പേരുമറിയാത്ത ലക്ഷക്കണക്കിനു മനുഷ്യരുടെ ത്യാഗമാണു് ഇന്ത്യയെ സ്വതന്ത്രയാക്കിയതു്. വിശേഷിച്ചും നിസ്വരായ മനുഷ്യർ. പണിശാലകളിൽ ജോലി നിർത്തിവെച്ചു് കുടുംബത്തെ പട്ടിണിക്കിട്ടു് തടവറയുടെയും മരണത്തിന്റെയും ഇരുട്ടിലേയ്ക്കു് നെഞ്ചു വിരിച്ചു് കടന്നുപോയ ദേശസ്നേഹികൾ.
നെഹ്റു:
എങ്കിലും അങ്ങു് കാണിച്ച വെളിച്ചമില്ലായിരുന്നെങ്കിൽ…
ഗാന്ധി:
(വിലക്കി) മതി. പ്രശംസകളെന്നെ ഭയപ്പെടുത്തുന്നു. പ്രശംസിച്ചവർ തന്നെയാണെന്നെ വഞ്ചിച്ചതു്. ജവഹർ, ക്ഷമിക്കൂ. നിങ്ങളുടെ ആസൂത്രണത്തോടു് എനിയ്ക്കു തെല്ലും യോജിക്കാൻ കഴിയുന്നില്ല. അതു് ഗ്രാമങ്ങളെ തകർത്തു് പട്ടണങ്ങളെ വളർത്തും. തൊഴിലാളികൾ വൻയന്ത്രങ്ങളുടെ അടിമകളാവും. അവരെ പിഴിഞ്ഞൂറ്റി ഒരു ന്യൂനപക്ഷം തടിച്ചു കൊഴുക്കും. തൊഴിലില്ലായ്മ പെരുകും. സ്വാശ്രയത്വം നഷ്ടപ്പെട്ടാൽ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. ഇനി വിദേശികൾ വരുന്നതു് നേരിട്ടാവില്ല. അവർ നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കും. അവരുടെ ഉത്പന്നങ്ങൾക്കു് നമ്മുടെ നാടു് ഒരങ്ങാടിയാക്കും. നമുക്കു് പദ്ധതിച്ചെലവുകൾക്കു് അവരിൽ നിന്നും കടം വാങ്ങേണ്ടിവരും. ഒടുവിൽ പലിശ കൊടുക്കാൻ നമുക്കു് അഭിമാനം പണയപ്പെടുത്തേണ്ടി വരും. അവർ കൊട്ടുന്ന താളത്തിനു് നാം തുള്ളേണ്ടിവരും.
നെഹ്റു:
കൈത്തൊഴിലുകൾക്കും ഗ്രാമീണ വ്യവസായങ്ങൾക്കും പ്രത്യേക സംരക്ഷണം നൽകുന്നുണ്ടല്ലോ. ബാപ്പൂ.
ഗാന്ധി:
ആ സംരക്ഷണം ആവശ്യമാക്കുന്ന ദുരവസ്ഥയെ കുറിച്ചാണു് ഞാൻ പറയുന്നതു്. (ശബ്ദം താഴ്ത്തി) ക്ഷമിക്കണം ജവഹർ. നിങ്ങൾക്കാർക്കും എന്നെ മുഴുവൻ മനസ്സിലായിട്ടില്ല. നിങ്ങൾക്കാവശ്യം കൂറ്റൻ അണക്കെട്ടുകളും വമ്പൻ ഫാക്ടറികളും വിപണി നിറയെ സുഖഭോഗ വസ്തുക്കളുമാണു്. പ്രകൃതി, മനുഷ്യൻ, ആനന്ദം ഇവയെക്കുറിച്ചൊന്നും നിങ്ങൾ ചിന്തിക്കുന്നില്ല. എന്റെ മനസ്സിലുള്ളതു് ഇന്ത്യയിലെ നിരക്ഷരനും ഭൂമിയില്ലാത്തവനുമായ ഗ്രാമീണ കർഷകൻ മാത്രമാണു്. അവന്റെ കയ്യിൽ അധികാരം എത്താത്തിടത്തോളം കാലം നമ്മുടെ ജനാധിപത്യം കാമ്പില്ലാത്ത വെറും പുറന്തോടായിരിക്കും.
പട്ടേൽ:
നമ്മുടെ ദരിദ്രരിൽ ഒരു വലിയ വിഭാഗം അധഃകൃതരാണല്ലോ.
ഗാന്ധി:
അതെ, മൂവ്വായിരം വർഷമായി മൃഗങ്ങളെപ്പോലെ കഴിയുന്ന ആ മനുഷ്യരിലാണെന്റെ വിശ്വാസം. എല്ലാം സൃഷ്ടിച്ചു് ഒന്നുമില്ലാതെ കഴിയുന്ന അവരാണു് എന്റെ ജനാധിപത്യത്തിന്റെ അടിത്തറ.
പട്ടേൽ:
അപ്പോൾ അംബേദ്കറുമായി അഭിപ്രായവ്യത്യാസം എവിടെയാണു്?
ഗാന്ധി:
ഞങ്ങളുടെ സമീപനങ്ങൾ പരസ്പരവിരുദ്ധമല്ല, പരസ്പരപൂരകമാണു്. അംബേദ്കർ വിശ്വസിക്കുന്നതു് നിയമനിർമ്മാണത്തിലൂടെ അധഃസ്ഥിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണു്. അദ്ദേഹം ഭരണകൂടത്തെയാണു് പ്രധാനമായും ആശ്രയിക്കുന്നതു്. എന്നാൽ അതുകൊണ്ടു് തീരുന്നതല്ല അധഃകൃതരുടെ പ്രശ്നങ്ങൾ. അവരെ ഭരണകൂടത്തിന്റെ ആശ്രിതരാക്കുകയല്ല വേണ്ടതു്; അധികാരം അവരിലെത്തുംവിധം വികേന്ദ്രീകരണം വേണം, ഞാൻ അധികാരകേന്ദ്രീകരണത്തിനെതിരാണു്, പട്ടാളവും പോലീസും കയ്യിലുള്ള വൻഭരണകൂടങ്ങൾ നമുക്കു് വേണ്ടാ; ഉദ്യോഗസ്ഥപ്രഭുക്കളും വേണ്ടാ, അവർണ്ണജനത എത്രമാത്രം സാമ്പത്തിക പദവി നേടിയാലും ഇന്ത്യയിലെ സവർണ്ണർ അവരോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ അവർക്കു് ഇന്ത്യൻ സമൂഹം പീഡകരുടേതായിത്തോന്നും. അവർ അന്യരായിത്തുടരും. സവർണ്ണരുടെ സമീപനം മാറ്റിയെടുക്കാനാണു് എന്റെ ശ്രമം. പന്തിഭോജനവും ഭങ്ഗികോളണികളിലെ താമസവുമെല്ലാം അതാണു് ലക്ഷ്യമാക്കുന്നതു്. അയിത്തം ആഫ്രിക്കയിൽ ഞാൻ കണ്ട അപ്പാർത്തെയ്റ്റിനെക്കാൾ മനുഷ്യത്വഹീനമാണു്.
നെഹ്റു:
എങ്കിലും അങ്ങു് മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നുവെന്നു് ചിലർ പറഞ്ഞാൽ…
ഗാന്ധി:
ആത്മീയതയില്ലാത്ത രാഷ്ട്രീയം അധികാരലീല മാത്രമായിരിക്കും.
നെഹ്റു:
അങ്ങു് മഹാത്മാവാണു്. അങ്ങേയ്ക്കു് മതം കൊണ്ടു് രാഷ്ട്രീയത്തെ മൂല്യവത്താക്കാൻ കഴിഞ്ഞെന്നിരിക്കും. പക്ഷേ, വെറും വർഗ്ഗീയവാദികളുടെ കയ്യിൽ മതരാഷ്ട്രീയം ഒരായുധമായി മാറും. വർഗ്ഗീയത വളർത്തിയാണു് ബ്രിട്ടീഷുകാർ നമ്മെ വിഭജിച്ചു ഭരിച്ചതു്. ഒടുവിലതു നാടിനെത്തന്നെ പിളർന്നു. മതത്തെ നാം രാഷ്ട്രീയത്തിൽ നിന്നു വേർപെടുത്തിയില്ലെങ്കിൽ ഇന്ത്യയെ ഇനിയും പലകുറി വിഭജിക്കേണ്ടിവരും.
ഗാന്ധി:
വർഗ്ഗീയത മതത്തിന്റെ നേർവിപരീതമാണു്. എന്റെ മാതൃകകൾ ബുദ്ധനും കബീറും നാനാക്കും ബസവയും രാമകൃഷ്ണനും വിവേകാനന്ദനുമാണു്. അവരുടെ ആത്മീയത സാമ്പ്രദായിക മതങ്ങളിൽ നിന്നെത്രയോ ഉയരത്തിലായിരുന്നു. അതു് ഇന്ത്യൻ സമൂഹത്തെ വിഘടിപ്പിക്കയല്ല ഒന്നിപ്പിക്കയാണു് ചെയ്തതു്.
പട്ടേൽ:
നിർഭാഗ്യവശാൽ ജിന്നമാരും സവർക്കർമാരും അങ്ങയേപ്പോലുള്ള യോഗീവര്യന്മാരല്ല. അവർക്കു് സ്ഥാപിതതാത്പര്യങ്ങളുണ്ടു്. അവർക്കു് മതം തികച്ചും ഭൗതികമായ, ചൂഷണം ചെയ്യുന്ന, ഒരു സംഘശക്തിയാണു്.
ഗാന്ധി:
എന്തോ… ഇനി എന്നെക്കൊണ്ടു് നിങ്ങൾക്കോ ഇന്ത്യക്കോ ഒരു പ്രയോജനവുമില്ലെന്നെനിക്കു തോന്നുന്നു. നിങ്ങൾ അധികാരികളായിക്കഴിഞ്ഞു. ഭരണം നിറയെ അഴിമതിയാണു്. കോടിക്കണക്കിനാളുകൾ പട്ടിണി കിടക്കുന്ന ഒരു നാട്ടിൽ നിങ്ങളുടെ മന്ത്രിമാർ ഡിന്നറുകളും സദ്യകളും നടത്തുന്നു. പടിഞ്ഞാറൻ സമ്പദ്വ്യവസ്ഥയുടെ പ്രലോഭനത്തിൽ നിങ്ങൾ കുരുങ്ങിക്കഴിഞ്ഞു. നെഹ്റുവിന്റെ ക്ഷേമരാഷ്ട്രം അധികാരകേന്ദ്രീകരണത്തിനൊരു മറ മാത്രമാണു്.
നെഹ്റു:
ഇടയന്മാരില്ലെങ്കിൽ…
ഗാന്ധി:
ഇടയന്മാർ ചെന്നായ്ക്കളായി മാറുന്നതു ഞാൻ കണ്ടിട്ടുണ്ടു്; നയിക്കുന്ന കാലിക്കോൽ കൊല്ലുന്ന ഇരുമ്പുദണ്ഡായി മാറുന്നതും… നിങ്ങൾ നാഗരികവരേണ്യ വർഗ്ഗങ്ങൾ ഒരു പുതിയ ചൂഷക വർഗ്ഗമായി മാറുകയാണു്… കുറേക്കാലം നിങ്ങൾ നാട്ടിൻ പുറങ്ങളിൽ താമസിക്കണം. അവർ കാലികളെ കഴുകുന്ന കുളത്തിലെ വെള്ളം കുടിക്കണം. വെയിലിൽ കുനിഞ്ഞുനിന്നു് പണിയെടുക്കണം, എന്നിട്ടു് ആട്ടും ചവിട്ടുമേറ്റ് പട്ടിണി കിടക്കണം… നിങ്ങൾ ഇന്ത്യയെ ശരിക്കും കണ്ടെത്തിയോ, മിസ്റ്റർ നെഹ്റൂ?
നെഹ്റു:
ശരിയാകാം… ഞാനൊരു കാല്പനികൻ മാത്രമായിരിക്കാം… (ഗാന്ധിയെ തൊഴുതു്) ശരി, ബാപ്പൂ. അങ്ങെന്നെ ഏല്പിച്ച മുൾക്കിരീടം എന്നെ വിളിക്കുന്നു…
ഗാന്ധി:
(തൊഴുതു്) നന്ദി. (പട്ടേലും ഗാന്ധിയെ തൊഴുന്നു. നെഹ്റുവും പട്ടേലും പോകുന്നു.)
(വെളിച്ചം മങ്ങുന്നു)
ഗാന്ധി:
(ഇരുട്ടിലിരുന്നു്) ഈശ്വരാ, ഒരടി, ഒരടി മാത്രം, എന്നെ മുന്നോട്ടു നയിക്കൂ.
ലേലം

(ഗായകസംഘം പാടുന്നു)

പടയോട്ടമെല്ലാം, ജയിക്കുന്നതാരു്?—ആണു്

കനകസിംഹാസനം കയറുന്നതാരു്?—ആണു്, ആണു്

പടകളെപ്പാലൂട്ടിപ്പോറ്റിയതാരു്?—പെണ്ണു്

പണയമായ് പലകമേൽ വീഴുന്നതാരു്?

—പെണ്ണു്, പെണ്ണു്.

നായകൻ വീരപ്പതക്കങ്ങൾ വാങ്ങാൻ

രാജകൊട്ടാരത്തിൻ കോണി കേറുമ്പോൾ

താഴെ വിധവതൻ വെള്ളവസ്ത്രത്തിൽ

മൂടിത്തലതാഴ്ത്തിത്തേങ്ങുന്നതാരു്?—പെണ്ണു്, പെണ്ണു്

പ്രണയവും യാചിച്ചുവന്നെത്തുവോൾതൻ

മുലകളും മൂക്കും മുറിക്കുന്നതാരു്?—ആണു്, ആണു്

അരചനാം പുരുഷന്റെയന്തസ്സു് കാക്കാൻ

നിറവയറായ് കാട്ടിലലയുന്നതാരു്?—പെണ്ണു്, പെണ്ണു്.

മുറുകുന്നോരടരിന്റെ കഥകേട്ടു കേട്ടു്

പുളകമണിയാൻ മനയിലാർ നിന്നു?—ആണു്, ആണു്

ചുടുചോരയിൽ വീണു മക്കൾ പിടഞ്ഞ

പടനിലപ്പൊടിയിലുരുണ്ടവളാരു്?—പെണ്ണു്, പെണ്ണു്

കണവി മരിച്ചാലാരെരിയുന്നു ചിതയിൽ?

—പെണ്ണതു പെണ്ണു്

കണവൻ മരിച്ചാലാരെരിയുന്നു ചിതയിൽ?

പെണ്ണതു പെണ്ണു്

ലഹളയിൽ മാനംകെട്ടുഴലുന്നതാരു്?

—പെണ്ണാണു്, പെണ്ണു്

അവളെ വിലകെട്ടി വാങ്ങുന്നതാരു്?

—ആണാ,ണൊരാണു്.

(സ്ക്രീനിൽ: ‘ലാഹോർ’ ഒരു നാൽക്കവല. ഒരു യുവതിയെ തൂണിൽ ചേർത്തു കെട്ടിയിട്ടിരിക്കുന്നു. യുവതി തലകുനിച്ചാണു് നിൽപു്.)
ലേലക്കാരൻ:
ഇതാ ഹിന്ദുവായിരുന്ന ഇവൾ ഇപ്പോൾ നമ്മുടെ മതക്കാരിയായിരിക്കുന്നു. ഇവളുടെ പുതിയ പേരു് ‘അള്ളാരാഖി’ എന്നാണു്. (ആളുകൾ ‘ഹായ്, നല്ല പേരു്’ എന്നാർത്തു വിളിക്കുന്നു) ‘പടച്ചവൻ രക്ഷിച്ചവൾ’ എന്നർത്ഥം. ഇന്നു രാവിലെ ഇവളെ നമ്മൾ പശുവിറച്ചി തീറ്റി. (വീണ്ടും ആർപ്പുവിളി) ഇതാ ഇവളിപ്പോൾ വില്പനയ്ക്കാണു്. നോക്കൂ. തൊട്ടാൽ ചോര തെറിക്കുന്ന പ്രായം. പട്ടുപോലുള്ള തൊലി. നല്ല മുടി. നിറഞ്ഞ ഉടൽ. ആർക്കും വില തന്നു കൊണ്ടുപോവാം.
(യുവതി പല്ലിറുമ്മുന്നു)
ഒരാൾ:
പത്തുരൂപാ.
മറ്റൊരാൾ:
അമ്പതുരൂപാ.
ലേലം:
അമ്പതുരൂപാ, അമ്പതു രൂപാ.
മൂന്നാമതൊരാൾ:
നൂറുരൂപാ.
ലേലം:
നൂറു രൂപാ, ഒരു വാക്കു്.
നാലാമതൊരാൾ:
നൂറ്റിയമ്പതുരൂപാ.
ലേലം:
നൂറ്റിയമ്പതു്, ഒരുവാക്കു്, ഒരു വാക്കു്… (മറ്റാരും വിളിക്കുന്നില്ല) നൂറ്റിയമ്പതു്—രണ്ടുവാക്ക്—നൂറ്റിയമ്പതു്… നൂറ്റിയമ്പതു്… ലേലമുറപ്പിക്കട്ടെ?… മൂന്നുവാക്കു്… (യുവതിയുടെ കെട്ടഴിച്ചു്) നിനക്കു് ഭാഗ്യമുണ്ടു്. ഇയാൾ നല്ലവനാ. നന്നായി തീറ്റിപ്പോറ്റും.
(യുവതി കുതറുന്നു, ഓടിപ്പോകാൻ ശ്രമിക്കുന്നു, എല്ലാവരും കൂടി അവളെ തിരികെ കൊണ്ടുവന്നു് നാലാമനെ ഏല്പിക്കുന്നു.)
ലേലം:
അങ്ങനെ നമ്മൾ കടം വീട്ടി. എന്റെ പെങ്ങള് സൈനബായെ അവരു് പിടിച്ചു് ഒരു സിക്കുകാരൻ കിഴവനു വിറ്റതു് ഇന്നലെയാ.
ഒരു കിഴവൻ:
മോനേ, നീയൊരു മിടുക്കനാണല്ലോ. എനിക്കു് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റാ ഇതു്. (കീശയിൽ നിന്നു് കടലാസ്സെടുത്തു്) ഒരു പശുവും കിടാവും, ഒരു കട്ടിലും കിടക്കയും, പാത്രങ്ങൾ, ഒരലമാര, ഒരു വീടു്. അഞ്ചുസെന്റ് പുരയിടം… എല്ലാം കൂടി ഏഴായിരം രൂപാ വരും. സർക്കാർ ഈ പണം എനിയ്ക്കു തരില്ലേ? ആട്ടെ, ഈ സർക്കാരെവിടെയാ ഇരിക്കുന്നേ?
ലേലം:
(പരിഹാസം) സർക്കാരോ, ദാ, അവിടെ.
കിഴവൻ:
(പുരികത്തിൽ കൈവെച്ചു് ദൂരേയ്ക്കു നോക്കി) ഒന്നും കാണാനില്ലല്ലോ മോനേ. അവിടെ ഒരു മരമാ.
ലേലം:
അതു തന്നെയാ നമ്മുടെ സർക്കാർ, തത്കാലം വേനലാ. ഉണങ്ങിയിരിക്കയാ. മഴപെയ്യട്ടെ, തളിരിടും. (ഉറക്കെച്ചിരിക്കുന്നു, കുറെ ആളുകളും. കിഴവൻ അമ്പരന്നു നിൽക്കുന്നു. ഒരു സിഖുകാരി ഓടി വരുന്നു)
സിഖ്കാരി:
ഭായി സാബ്, എന്റെ അച്ഛനെയും ആങ്ങളയെയും നിങ്ങളുടെ കൂട്ടർ കൊന്നു കളഞ്ഞു. ഞാനൊറ്റക്കായി. എന്നെ അവർ… (മുഖം പൊത്തുന്നു) ഞാൻ… മരിക്കാൻ നോക്കി. ധൈര്യം വരുന്നില്ല. എന്നെ ഒന്നു കൊന്നുതരാമോ?
ലേലം:
നിനക്കു നല്ലൊരു കുഞ്ഞുണ്ടാകും. അതിനെ എനിക്കു തന്നാൽ മതി. എനിക്കു കുട്ടികളില്ല. എന്റെ വീട്ടിലേക്കു പോരൂ.
ഒരാൾ:
എന്റെ വീട്ടിൽ വേലയ്ക്കൊരാൾ വേണം… പോരുന്നോ?
ലേലം:
ആദ്യത്തെ അവകാശം എനിക്കാണു്. ഞാൻ നിനക്കു് ഇവളെ പണയമായി തരാം. പ്രസവം കഴിഞ്ഞു് തിരിച്ചു തരണം. എന്തു തരും?
അയാൾ:
തീറ്റിപ്പോറ്റിയാൽ മുതലാവുമോ?
ലേലം:
ഓ, തൊഴുത്തിൽ കെട്ടിയാൽ മതി. (ചിരിക്കുന്നു. ഇരുവരും പണം കൈമാറുന്നു)
യുവതി:
(പേടിച്ചു വിറച്ചു്) ഇയാൾ ശരിക്കും എന്നെ തൊഴുത്തിൽ കെട്ടുമോ?
ലേലം:
ഏയ്, ഗുരുനാനാക്കിനോടു് ഞങ്ങൾക്കൊക്കെ വലിയ ബഹുമാനമാ. അതുകൊണ്ടു് മാത്രം
(ഗുരുനാനാക്കിന്റെ പദ്യശകലം ഉച്ചരിക്കുന്നു)

ഖിമ വിഹുനെ ഖാപ് ഗായെ

ഖുഹനീ ലാഖ് അസംഖ്…

ക്ഷമകൈവിട്ടവർ നാശമടഞ്ഞവർ അസംഖ്യലക്ഷങ്ങൾ;

പരമാത്മാവിനെയറിഞ്ഞ മുക്തർ ബന്ധനമറിയാത്തോർ…

യുവതി:
(വെറുപ്പോടെ): സാത്താൻ വേദഗ്രന്ഥം ഉദ്ധരിക്കുന്നുവെന്നു് കേട്ടിട്ടുണ്ടു്.
ലേലം:
(പതുക്കെ, സ്വയമുണർന്നവനെപ്പോലെ) ഞാൻ സാത്താനല്ല. ഞാൻ കണ്ട കാഴ്ചകളാണു് എന്നെ ഇങ്ങനെയാക്കിയതു് (തല കുനിക്കുന്നു)
യുവതി:
ക്ഷമിക്കൂ ഭായിസാബ്.
ലേലം:
എന്താണു് വിളിച്ചതു്? ഭായിസാബ്… ഒന്നുകൂടി വിളിക്കൂ. ഒന്നുകൂടി. ഓ. ബഹൻജീ… എന്നെ നിന്റെ ഇക്കാക്കയായി കരുതിക്കോളൂ. നീ ആരുടേയും കൂടെ പോകുന്നില്ല. എന്റെ വീട്ടിലേയ്ക്കു പോന്നോളൂ. എന്റെ അനിയത്തിയായി.
യുവതി:
ഭായിസാബ്… ഭായിസാബ് (കരച്ചിലും ചിരിയും)
(ആൾക്കൂട്ടം പിരിയുന്നു)
കത്തികൾ
images/santhosh-gandhi-2.png

(സ്ക്രീനിൽ: പൂന, 47 നവംമ്പർ 1)

പാട്ടു്:

കത്തിരാവുകയാണു നാടിൻ

ശത്രു: കരുതിയിരിക്കുക!

സ്വസ്തികക്കൊടി പൊക്കിയാദൂർ-

ബുദ്ധി: കരുതിയിരിക്കുക!

മൂടുമേ മിഴി വീരഗാഥകൾ

പാടി: കരുതിയിരിക്കുക!

ഗീതയോതി വിഷം നിറയ്ക്കും

ചോര: കരുതിയിരിക്കുക!

പൂണുനൂലാൽ കുരലറുക്കും

ജാതി: കരുതിയിരിക്കുക!

(‘ഹിന്ദുരാഷ്ട്രം’ എന്ന ബോർഡ് അലങ്കരിച്ചു തൂക്കിയിരിക്കുന്നു. പത്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു. ഒരു മേശപ്പുറത്തു് കുറച്ചു് മധുരപലഹാരങ്ങൾ, കാപ്പിക്കെറ്റിൽ. അരികിൽ ഒരു കസേരയിൽ ഗോദ്സേ. നാരായൺ ആപ്തേ പ്രവേശിക്കുന്നു. വർണ്ണശബളമായ ഹേമന്തവേഷം. മുപ്പത്തിനാലു വയസ്സുണ്ടു്. ഗോദ്സേയും ആപ്തേയും പരസ്പരം കൈകൂപ്പുന്നു.)
ഗോദ്സേ:
ഗാന്ധി പറഞ്ഞതു് അയാളുടെ ശവത്തിനു മുകളിലേ ഇന്ത്യയെ പങ്കുവെയ്ക്കൂ എന്നല്ലേ? എന്നിട്ടെന്തായി? ഇന്ത്യ രണ്ടായി. ഹിന്ദുസ്ത്രീകളെ അവർ മാനം കെടുത്തുന്നു. പുരുഷന്മാരെ വെട്ടിനുറുക്കുന്നു. അപ്പോഴാണയാളുടെ ഒരഹിംസാ പ്രസംഗം! ഇരയാണത്രേ ജയിക്കുന്നതു്! സഹനമാണത്രേ ശക്തി! കോൺഗ്രസ്സുകാർ ഹിന്ദുക്കൾക്കു വേണ്ടി ഒരു ചെറുവിരലനക്കുന്നുണ്ടോ? … ആട്ടെ, നിങ്ങളെന്തേ വൈകാൻ? പത്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു് ആളുകളൊക്കെ പിരിഞ്ഞല്ലോ?
ആപ്തേ:
ഞാൻ വീരസവർക്കറെ കാണാൻ പോയിരുന്നു. അദ്ദേഹവും പറയുന്നതു് ഇതുതന്നെ-ഗാന്ധിയുടെ അഹിംസകൊണ്ടു് കാര്യം നടക്കില്ലെന്നു്.
ഗോദ്സേ:
അതു പിന്നെ പറയാതിരിക്കുമോ? സവർക്കർ വിപ്ലവകാരിയല്ലേ? ലണ്ടനിൽവെച്ചു് ഒരു ബ്രിട്ടീഷ് ഓഫീസറെ കൊല്ലാനേർപ്പാടുചെയ്തതിനാണദ്ദേഹം തടവിലായതു്. ആൻഡമാനിൽ നിന്നു വിട്ടയച്ചപ്പോൾ പഞ്ചാബുഗവർണ്ണറെ ശരിപ്പെടുത്താൻ ഏർപ്പാടാക്കി, ബോംബേഗവർണ്ണരേയും കാച്ചാൻ ശ്രമിച്ചു. നമ്മുടെ വഴികാട്ടി മറ്റാരാണു്?
ആപ്തേ:
ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഒരു ഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്നാണു് സവർക്കർ പറയുന്നതു്. ഹിന്ദുത്വമാണു് ഇന്ത്യയുടെ ആത്മാവു്. ഹിന്ദുക്കളെ എന്നും നയിച്ചിട്ടുള്ള നാം ബ്രാഹ്മണർ തന്നെ വേണം ഈ പ്രസ്ഥാനം നയിക്കാൻ. നമുക്കാണല്ലോ അധികാരം നഷ്ടപ്പെട്ടതു്. താഴെക്കിടക്കാർ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതു് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല.
ഗോദ്സേ:
സവർക്കർ തന്ന പതിനയ്യായിരം രൂപയില്ലെങ്കിൽ നമുക്കീ പത്രം തുടങ്ങാൻ കഴിയുമായിരുന്നോ? ഇനി നാം കരുത്തരാണു്. ഗാന്ധിയുടെ സ്വാധീനം തകർക്കലാണു് നമ്മുടെ ആദ്യത്തെ ലക്ഷ്യം. അയാളുടെ മുസ്ലീം മൈത്രിയും മിശ്രഭോജനവും…
ആപ്തേ:
ഇരിക്കട്ടെ. പെരിമേസൺ പുതുതു വല്ലതുമുണ്ടോ?
ഗോദ്സേ:
ഇല്ലല്ലോ. തിയ്യേറ്ററിലൊരു സിനിമ കളിക്കുന്നുണ്ടു്. “സ്കാർ ഫെയ്സ്” അപാരത്രില്ലറാണു്. വരുന്നോ?
ആപ്തേ:
ഇല്ല. ഒരപ്സരസ്സു് പുറത്തു കാത്തിരിക്കുകയാണു്. (കണ്ണിറുക്കിക്കാട്ടുന്നു.)
ഗോദ്സേ:
ഈ പോക്കു് ശരിയല്ല കെട്ടോ. മദ്യസേവയും സ്ത്രീസേവയുമൊന്നും നമുക്കു ചേർന്നതല്ല. (തല കയ്യിൽ താങ്ങി) ഹൊ!
ആപ്തേ:
തലവേദന തുടങ്ങിയോ? ഇക്കുറിയും ഞാൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവരുമോ? എന്റെ അപ്സരസ്സു്…
ഗോദ്സേ:
ഹും! പൊയ്ക്കോളൂ. പൊയ്ക്കോളൂ. തലവേദന കുറഞ്ഞു കൊള്ളും.
ആപ്തേ:
ഇനി നേരു പറയാമല്ലോ. അപ്സരസ്സൊന്നുമല്ല എന്നെ കാത്തിരിക്കുന്നതു്. ദിഗംബറിനെ ഇന്നു കാണാമെന്നു പറഞ്ഞിട്ടുണ്ടു്. ഇനി നമുക്കു് ആയുധങ്ങൾ സംഭരിക്കാതെ പറ്റില്ലല്ലോ.
ഗോദ്സേ:
അങ്ങിനെ പറയൂ. ജിന്നയെ നരകത്തിലയയ്ക്കാൻ നമുക്കായില്ല. നൈസാമിനെ ശരിപ്പെടുത്താനുള്ള താങ്കളുടെ പരിപാടിയും ശരിയായില്ലല്ലോ.
ആപ്തേ:
നമുക്കു് വേരിൽതന്നെ വെട്ടിയേ തീരു. അതിന്നു് പിസ്റ്റളുകൾ വേണം.
ഒരു ചർച്ച
(റോഡരികിലെ ഒരു കലുങ്കിൽ മൂന്നു പേർ. ഒരാളുടെ കയ്യിൽ അന്നത്തെ പത്രമുണ്ടു്.)

പത്രം കയ്യിലുള്ളയാൾ:
(ഉറക്കെ അല്പം തപ്പിത്തപ്പി വായിക്കുന്നു) ഡെൽഹി, ജനുവരി 13: മഹാത്മാ ഗാന്ധി നിരാഹാരസത്യാഗ്രഹമാരംഭിച്ചിരിക്കുന്നു.
രണ്ടാമൻ:
നിരാഹാരമോ? എന്താണിപ്പോഴുണ്ടായതു്? അക്രമങ്ങളൊക്കെ കുറയുകയാണല്ലോ…
മൂന്നാമൻ:
ഒന്നും കാണാതെ ഗാന്ധി ഒരുപവാസത്തിനൊരുങ്ങില്ല. വലിയൊരു പൊട്ടിത്തെറി വരാൻ പോകുന്നെന്നു് അങ്ങേർക്കു് തോന്നിയിരിക്കണം.
രണ്ടാമൻ:
ആട്ടെ, ഗാന്ധി വല്ലതും പറഞ്ഞിട്ടുണ്ടോ?
ഒന്നാമൻ:
അഭയാർത്ഥികൾ പിടിച്ചെടുത്ത മുസ്ലീം വീടുകളും പള്ളികളും മുസ്ലീങ്ങൾക്കു തിരിച്ചുകൊടുക്കണമെന്നതാണു് ഒന്നാമത്തെ ആവശ്യം.
രണ്ടാമൻ:
എന്നിട്ടു്, അവരൊക്കെ ആ ഈച്ചയാർക്കുന്ന ക്യാമ്പുകളിലേയ്ക്കു തിരിച്ചുപോകണമെന്നോ?
ഒന്നാമൻ:
വിഭജനക്കരാറനുസരിച്ചു് ഇന്ത്യ പാകിസ്ഥാനു കൊടുക്കേണ്ട അമ്പത്തഞ്ചുകോടി രൂപാ ഗവൺമെന്റ് ഉടൻ തന്നെ കൊടുക്കണമെന്നാണു് രണ്ടാമത്തെ ഡിമാന്റ്.
രണ്ടാമൻ:
ഓഹൊ. അപ്പോ മുസ്ലീങ്ങൾക്കു വേണ്ടിത്തന്നെയാണീ നിരാഹാരം, അല്ലേ? ഹിന്ദുക്കൾ എന്തും സഹിച്ചുകൊള്ളുമല്ലോ!
മൂന്നാമൻ:
അതെ, അതാണു് ശരിയായ ഹിന്ദു പാരമ്പര്യം. ഗാന്ധി ശരിയായ ഹിന്ദുപാരമ്പര്യമാണു് ഉയർത്തിപ്പിടിക്കുന്നതെന്നു് ഞാൻ പറയും.
രണ്ടാമൻ:
എനിക്കു ബോദ്ധ്യമാവുന്നില്ല. ഹിന്ദുവാണെങ്കി ഹിന്ദുക്കളുടെകൂടെ നിൽക്കണം. നമ്മുടെ ഈ സഹിഷ്ണുതയാണു് നമ്മുടെ നാടു കുട്ടിച്ചോറാക്കിയതു്. ലന്തക്കാർ, പറങ്കികൾ, അറബികൾ, ബിലാത്തിക്കാർ—എല്ലാവരേം നമ്മൾ നിറപറവെച്ചു സ്വീകരിച്ചു. അവർ നമ്മുടെ തലയിൽ കേറുകയും ചെയ്തു. ഈ പാരമ്പര്യം വലിച്ചെറിഞ്ഞേ നാമും നാടും രക്ഷപ്പെടു.
ഒന്നാമൻ:
വീരസവർക്കറും ആറെസ്സെസ്സുകാരും പറയുന്നതും ഇതുതന്നെ. ഇസ്ലാമും ക്രിസ്തു മതവും പോലെ ഒരുമയും അച്ചടക്കവുമുള്ള മതമായി മാറണം ഹിന്ദുമതവും എന്നാണു് അവരുടെ വാദം. ഹിന്ദുക്കളായി ജീവിക്കാൻ തയാറുള്ളവരേ ഇന്ത്യയിൽവേണ്ടൂ എന്നാണവർ പറയുന്നതു്.
രണ്ടാമൻ:
എന്താണതിൽ തെറ്റു്? നമുക്കുമില്ലേ കൃഷ്ണനെപ്പോലൊരു പ്രവാചകൻ? ഗീത ഒരു വെളിപാടുതന്നെയല്ലേ? നമുക്കുമില്ലേ പൊതുവായ ചില വിശ്വാസങ്ങളും ആചാരങ്ങളും പുണ്യഗ്രന്ഥങ്ങളും? നമുക്കെന്താ സംഘടിച്ചാൽ?
മൂന്നാമൻ:
ഹിന്ദുക്കൾ എന്നാണു് ഒന്നായിരുന്നിട്ടുള്ളതു്? ശാക്തേയരും ശൈവരും വൈഷ്ണവരും കാപാലികരുമൊക്കെയായിരുന്നില്ലേ നമ്മൾ? അല്ലെങ്കിൽ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും? ജാതികളും ഉപജാതികളും വേറെയും. ഇതൊന്നും കൂടാതെ വർണ്ണങ്ങൾക്കെല്ലാം പുറത്തുള്ള മഹാഭൂരിപക്ഷം വേറെയും, ഇതിലേതാണു ഹിന്ദുമതം? നിങ്ങൾ ബ്രാഹ്മണനാണല്ലോ. അപ്പോൾ ബ്രാഹ്മണമതമാണു് ഹിന്ദുമതമെന്നു തോന്നും.
ഒന്നാമൻ:
അംബേദ്കർ ഗാന്ധിയെ എതിർത്തതു് ഗാന്ധി വർണ്ണാശ്രമധർമ്മം ഉയർത്തിപ്പിടിച്ചതുകൊണ്ടല്ലേ?
മൂന്നാമൻ:
ജാതി പ്രശ്നത്തിൽ അംബേദ്കറും ഗാന്ധിയും ഒരേ ഭാഗത്താണെന്നാണു് എന്റെ പക്ഷം. വഴക്കുകൾ തൊലിപ്പുറമേയുള്ളതുമാത്രം.
ഒന്നാമൻ:
അതെങ്ങനെ?
മൂന്നാമൻ:
ഹരിജനപ്രശ്നത്തെ മൂല്യത്തിന്റെ പ്രശ്നമായിട്ടാണു് രണ്ടുപേരും കാണുന്നതു്. കമ്മ്യൂണിസ്റ്റുകാർ അതൊരു സാമ്പത്തികപ്രശ്നമായിക്കാണുന്നു. ഹരിജനങ്ങൾക്കു് പട്ടയം കൊടുത്താൽ തീരുന്നതാണോ അവരുടെ പ്രശ്നം?
ഒന്നാമൻ:
പ്രശ്നത്തിനു് ഒരു സാമ്പത്തികവശവും ഉണ്ടു്. ഭൂരിപക്ഷം ഹരിജനങ്ങളും ഭൂരഹിതരുമാണു്. പക്ഷേ, അയിത്തത്തിനും സാംസ്കാരികമായ ഉച്ചനീചത്വത്തിനുമെതിരെ കൂടി സമരം ചെയ്തേ തീരു. അതു ചെയ്യാത്തതു് കമ്മ്യൂണിസ്റ്റുകാരുടെ തെറ്റുതന്നെ. ഇതാണു് വർഗ്ഗസിദ്ധാന്തത്തിന്റെ ഒരുപരിമിതി. ദളിതൻ എന്നാൽ അപമാനിക്കപ്പെട്ടവനെന്നാണർത്ഥം, അടിച്ചമർത്തപ്പെട്ടവനു് ആത്മാഭിമാനം നൽകാനും ദൈവത്തിന്റെ പ്രിയപുത്രരാക്കി മാറ്റാനുമാണു് ഗാന്ധി ശ്രമിച്ചതു്. ഹിന്ദുമതത്തിൽ നിന്നാൽ സവർണ്ണർ എന്നും അവരെ അടിച്ചമർത്തുമെന്നു് അംബേദ്കർ കരുതി, പക്ഷേ, രണ്ടുപേരും ഊന്നിയതു് ധാർമ്മികവശത്തിൽ തന്നെ.
മൂന്നാമൻ:
ലോഹ്യയും അവരോടൊപ്പമാണെന്നാണെനിക്കു തോന്നുന്നതു്.
രണ്ടാമൻ:
അവരേയും ശരിയായ ഹിന്ദുക്കളാക്കുകയല്ലേ ആവശ്യം? അല്ലാതെങ്ങനെയാ അവർക്കു് അന്തസ്സു കിട്ടുക? പിന്നെ വർണ്ണവ്യവസ്ഥ—അതൊന്നും നമുക്കു മാറ്റാനാവില്ല. സമൂഹത്തിനൊരു ചിട്ടവേണ്ടേ? എല്ലാതൊഴിലിനും ആൾ വേണ്ടേ?
ഒന്നാമൻ:
കൊള്ളാം. അപ്പോൾ ബ്രാഹ്മണർക്കെന്താണാവോ തൊഴിൽ? ദാനം വാങ്ങുകയോ? പൂജനടത്തുകയോ? സദ്യയുണ്ണുകയോ?
രണ്ടാമൻ:
ബ്രാഹ്മണരില്ലെങ്കിൽ കാണാമായിരുന്നു. പിന്നെ ആരാ വിദ്യ പ്രചരിപ്പിച്ചതു്? ആരാ കലയും സാഹിത്യവുമൊക്കെ ഉണ്ടാക്കിയതു്?
മൂന്നാമൻ:
ഒന്നു ചുമ്മാതിരിയെടോ. കലയുണ്ടാക്കിയതേ ആശാരീം മൂശാരീം കൊല്ലനും തട്ടാനും കണിയാനും വേലനും പറയനുമെല്ലാം കൂടിയാ. പിന്നെ സാഹിത്യം. വാല്മീകി നായാടിയല്ലായിരുന്നോ? വ്യാസൻ മുക്കുവച്ചെറുക്കൻ. കാളിദാസൻ ആട്ടിടയൻ. പിന്നെയിങ്ങോട്ടു വന്നാലോ കബീർ നെയ്ത്തുകാരൻ. നാമദേവൻ തയ്യൽക്കാരൻ. ഗോര കുശവൻ. ചൊക്കാമേള ഇഷ്ടികപ്പണിക്കാരൻ. തുക്കാറാം അരിച്ചുമടുകാരൻ… ബ്രാഹ്മണരുടെ പണി എന്നും കൗശലം കാട്ടി നേതാവാകലും സ്തുതികൾ കെട്ടിച്ചമച്ചു് സ്ഥാനമുറപ്പിക്കലും മന്ത്രമുരുവിട്ടു് പശുവിനെയും ഭൂമിയുമൊക്കെ തട്ടിയെടുക്കലും…
രണ്ടാമൻ:
(കലികയറി) ഹും! വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണങ്ങൾ…
ഒന്നാമൻ:
നമ്മളെന്തിനാ വഴക്കിടുന്നേ? ഗാന്ധിയെപ്പറ്റി പറഞ്ഞുപറഞ്ഞു നമ്മൾ എവിടെയെത്തിയെന്നു നോക്കണേ. ഏതായാലും നിരാഹാരത്തിന്റെ ഫലമെന്തെന്നു് നോക്കാം…
സത്യാഗ്രഹം—ഒന്നു്
(ബിർളാഹൗസിനു മുന്നിലെ പുൽത്തകിടി. ഗാന്ധി ഒരുയർന്ന തറയിൽ. സമീപത്തു് മൈക്ക്; പിത്തളകോളാമ്പി, ഗീത, ഒരു നോട്ടു പുസ്തകം. ഗാന്ധി പതുക്കെ ‘വൈഷ്ണവജനതോ തേനേ കഹിയേ’ ചൊല്ലുന്നു. മറ്റൂള്ളവർ ഏറ്റു ചൊല്ലുന്നു) (മൂലം പിന്നിൽ നിന്നു പ്ലേ ചെയ്യാം. പരിഭാഷ മുന്നിൽ:)

അപരരുടെ വേദനകളവനവന്റേതെന്നു

കരുതുന്നതാർ, ആരു ദുരിതങ്ങൾ പേറുന്ന

മനുജരെയഹംഭാവമില്ലാതെ സേവിപ്പ-

തവനീശ്വരന്നുപ്രിയങ്കരൻ, വൈഷ്ണവൻ.

ഒരുവനെയുമവമതിയ്ക്കാത്തതാർ, അതിരറ്റ

വിനയമാകുന്നതാർ, സാത്വികൻ, സ്ഥിരവാക്കു,

സ്ഥിരചിത്തനാർ-ഇത്തരം മർത്ത്യരെപ്പെറ്റ

ജനനിമാരേ ഭാഗ്യവതികളീയൂഴിയിൽ

അവനില്ല ലോഭം; എല്ലാ സ്ത്രീയുമവനമ്മ.

അവനാണു നേരിന്റെ വഴിയിൽചരിപ്പവൻ

അപരന്റെ സ്വത്തിൽ തൊടാത്തവൻ, നിർമ്മമൻ,

ഇഹലോകമധുരങ്ങളിൽ മയങ്ങാത്തവൻ

അവനാഗ്രഹങ്ങളെ ജയിച്ചവ, നൊരാളെയും

ചതിയിൽ വീഴ്ത്താത്തവൻ, രാഗവും കോപവും

അവനി,ല്ലവൻ ദൈവചിന്തയിൽ ലയിച്ചവൻ

പറയുന്നു നരസിംഹ, മവനിലെപുണ്യവും

പരിശുദ്ധിയും വീണ്ടുമുണരുന്നു, ദൈവത്വ-

മുടലാർന്നതാണവൻ അവനെ ദർശിപ്പതേ-

യനുഭൂതി, വംശാവലിയ്ക്കുബോധോദയം

ഗാന്ധി:
(ക്ഷീണശബ്ദത്തിൽ) പ്രിയ ജനങ്ങളേ, ഡെൽഹി ഇപ്പോൾ ഒരഗ്നിപരീക്ഷയിലൂടെ കടന്നു പോവുകയാണു്. പഞ്ചാബും ബംഗാളും തരണം ചെയ്ത അതേ പരീക്ഷ. ഈ കൊടുങ്കാറ്റിൽ കുലുങ്ങാതിരിക്കാൻ, ഈ ഭ്രാന്തിൽ സുബോധം പുലർത്താൻ, നിങ്ങൾക്കു കഴിയണം. പാകിസ്ഥാനിലെ മുഴുവൻ ഹിന്ദുക്കളും സിഖുകാരും വധിക്കപ്പെട്ടാൽ പോലും ഇന്ത്യയിലെ ഒരു മുസ്ലീം കുട്ടിയ്ക്കു പോലും ഒരു പോറലും ഏൽക്കരുതു്. ചുറ്റും മനുഷ്യർ മൃഗങ്ങളായി മാറുമ്പോൾ നമ്മളാണു് മനുഷ്യർക്കു് മാതൃകകാട്ടേണ്ടതു്. ഇങ്ങനെ പറയുമ്പോൾ ഞാനെന്റെ മതത്തെ സംരക്ഷിക്കുകയാണു്. മനുഷ്യരുടെയെല്ലാം സാഹോദര്യമാണു് എന്റെ മതം.
മനു:
(കൂട്ടത്തിലുണ്ടായിരുന്നു) ബാപ്പു. മകൻ ദേവദാസിന്റെ കത്തുണ്ടു് (വായിക്കുന്നു) “ജീവിച്ചിരിക്കുമ്പോൾ നേടാവുന്നതു് മരിച്ചുകൊണ്ടു് നേടാൻ അങ്ങേയ്ക്കാവില്ല.”
ഗാന്ധി:
മറുപടി എഴുതിക്കോളൂ (മനു എഴുതിയെടുക്കുന്നു) ഈ ഉപവാസം ഈശ്വരൻ കല്പിച്ചതാണു്. ഇതേറ്റെടുക്കാൻ കല്പിച്ചയാൾക്കേ ഇതുപേക്ഷിക്കാൻ എന്നെ പ്രേരിപ്പിക്കാനും കഴിയൂ. ഈശ്വരൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണോ അതോ എന്നെ അതിജീവിക്കാൻ അനുവദിക്കുകയാണോ എന്നതു് ഒരേപോലെ അപ്രധാനമാണു്. നീയും മറ്റുള്ളവരും അതു് മനസ്സിലാക്കണം. എനിക്കു് ഒരു പ്രാർത്ഥനയേയുള്ളു. “ഈശ്വരാ എന്നെ ഈ ഉപവാസത്തിൽ ഉറപ്പിച്ചു നിർത്തുക. ജീവിക്കാനുള്ള പ്രലോഭനം കൊണ്ടു് ഞാനിതു് തിരക്കിട്ടു് അവസാനിപ്പിക്കാതിരിക്കെട്ടെ.” (ഗാന്ധി കത്തു വാങ്ങി ഓടിച്ചു നോക്കി ഒപ്പിടുന്നു)
സുശീലാനയ്യാർ (കടന്നുവന്നു്):
ബാപ്പൂ, കൽക്കത്തയിലെ നിരാഹാരം അങ്ങയുടെ വൃക്കകളെ തീരെ തളർത്തിയിട്ടുണ്ടു്. രക്തസമ്മർദ്ദം മാറിമാറിക്കൂടുകയും കുറയുകയും ചെയ്യുന്നു. സർപ്പഗന്ധി കഷായവും അങ്ങു വിലക്കിയില്ലേ. ഈ ഒറ്റദിവസം കൊണ്ടു് തൂക്കം രണ്ടു പൗണ്ടു് കുറഞ്ഞിരിക്കുന്നു. ശരീരത്തിൽ കൊഴുപ്പു് തീരെയില്ല. മാംസ്യം കൂടി ശരീരം എടുത്തുപയോഗിച്ചു തുടങ്ങിയാൽ-
ഗാന്ധി:
സാരമില്ല ഈ വയസ്സനു് ഇനി ഏറെനാൾ വിധിച്ചിട്ടില്ല. എന്റെ മരണം കൊണ്ടെങ്കിലും ഇന്ത്യയിലെ രക്തച്ചൊരിച്ചിലവസാനിച്ചാൽ ജീവിതത്തിനു് അത്രയെങ്കിലും പ്രയോജനമായല്ലോ. (നെഹ്റുവും പട്ടേലും കടന്നുവരുന്നു; ഗാന്ധി മുഖം തിരിക്കുന്നു.)
പട്ടേൽ:
ബാപ്പൂ ഇങ്ങോട്ടു തിരിയൂ. പാകി-സ്ഥാനു് അമ്പത്തഞ്ചുകോടി രൂപാ ഉടൻ നൽകണമെന്ന നിർബന്ധം അങ്ങുപേക്ഷിക്കണം.
(ഗാന്ധി നിശ്ശബ്ദം)
നെഹ്റു:
നമുക്കു് നമ്മുടെ കാര്യങ്ങൾക്കു തന്നെ പണമില്ല. പതുക്കെപ്പതുക്കെ തവണകളായി കൊടുത്തു തീർക്കാം.
ഗാന്ധി:
(കുറച്ചു മൗനത്തിനു ശേഷം, മുഖം തിരിച്ചു്) നിങ്ങളെല്ലാം മാറിപ്പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത പട്ടേലും നെഹ്റുവുമല്ല നിങ്ങൾ. നിങ്ങളിപ്പോൾ സംസാരിക്കുന്നതു് സർക്കാർ ഭാഷയാണു്. ഉം… കടന്നുപൊയ്ക്കോളൂ. (മുഖം തിരിയ്ക്കുന്നു: പുറത്തു് വലിയൊരാരവം) പ്യാരേലാൽ, പ്യാരേലാൽ!
പ്യാരേലാൽ:
എന്താ ബാപ്പൂ? (പ്രവേശിക്കുന്നു)
ഗാന്ധി:
എന്താണാ ശബ്ദം? എന്താണവർ പറയുന്നതു്? ഞാൻ കൽക്കത്തയിൽ കേട്ട മുദ്രാവാക്യം തന്നെയാണോ? എന്റെ ജീവൻ രക്ഷിക്കണമെന്നാണോ അവർ പറയുന്നതു്? അവർ ലഹള നിർത്തുമോ, ആയുധം താഴെ വെയ്ക്കുമോ? സർക്കാർ പാകി-സ്ഥാനു പണം കൊടുക്കണമെന്നാണോ ആവശ്യം? പറയൂ, പ്യാരേലാൽ പറയൂ.
പ്യാരേലാൽ:
(പരിഭ്രാന്തി, പരുങ്ങൽ) അതു്… കുറേ അഭയാർത്ഥികളുടെ പ്രകടനമാണു് ബാപ്പൂ.
ഗാന്ധി:
ഓഹോ, വലിയ പ്രകടനമാണോ?
പ്യാരേലാൽ:
ഇല്ല (പരുങ്ങി) അത്രയധികം പേരൊന്നുമില്ല.
ഗാന്ധി:
അവർ വിളിച്ചുപറയുന്നതു് എനിക്കു് തിരിയുന്നില്ലല്ലോ.
പ്യാരേലാൽ:
(നിശ്ശബ്ദം)
ഗാന്ധി:
പറയൂ. എന്തായാലും പറയൂ. എനിക്കു് സത്യത്തെ ഭയമില്ല.
പ്യാരേലാൽ:
(പതുക്കെ ഗാന്ധിയുടെ കൈപിടിച്ചു്, വിലാപസ്വരത്തിൽ) ഗാന്ധി… ഗാന്ധി മരിക്കട്ടെ എന്നു്… (വീണ്ടും മൗനം) സത്യം എങ്ങനെ മറച്ചുവെയ്ക്കും ബാപ്പൂ. ഇക്കുറി പ്രതീക്ഷിച്ച പോലെയല്ല പ്രതികരണം. അങ്ങു് മുസ്ലീങ്ങളെ സഹായിക്കാനായി നടത്തുന്ന ഒരു തട്ടിപ്പാണു് ഈ ഉപവാസമെന്നാണു് അധികം ഹിന്ദുക്കളും പറയുന്നതു്.
ഗാന്ധി (തലയ്ക്കടിച്ചുകൊണ്ടു്):
ഹേ, കിഴവാ, നീയെന്തേ ചാകാതിരിക്കുന്നു! (വയ്ക്കോൽ കിടക്കയിൽ വീഴുന്നു).
നാലു സർപ്പങ്ങൾ
പാട്ടു്:

കുളിരിന്റെ കൊമ്പുള്ള ജനുവരിക്കാറ്റിന്റെ

മുതുകേറിയണയുന്നു മരണം

യമദൂതുമായൊത്തു കൂടുന്നു നാലുപേർ

തലവന്റെ സന്നിധാനത്തിൽ

ഹരിതമാം ശാന്തിതൻ സ്വപ്നങ്ങളരിയുന്ന

കരവാൾ തിളക്കിക്കിലുക്കി.

പിറുപിറുക്കുന്നു പ്രണയികൾ പോലവർ-

മരണസല്ലാപമെന്താവാം?

എന്താവാം?

(ബോംബെ. സവർക്കറുടെ ഭവനം, ‘സവർക്കർസദൻ’. കേലുസ്കർ റോഡ്—ടേബിൾ കലണ്ടറിൽ തീയ്യതി ജനുവരി 14. മദൻലാൽ, നാരായൺ ആപ്തേ, നാഥൂറാം ഗോദ്സേ, കാർക്കറേ എന്നിവർ ഓരോരുത്തരായി വന്നു് സവർക്കറുടെ കാലിൽ ചുംബിക്കുന്നു. ആപ്തേയുടെ കയ്യിലൊരു തബലയുണ്ടു്. സവർക്കറുടെ മുഖം മുഴുവൻ ഇരുട്ടിലാണു്. മുഴങ്ങുന്ന ശബ്ദമേ കേൾക്കാവൂ.)

സവർക്കർ:
ഗാന്ധിയെ നശിപ്പിക്കാതെ നമുക്കു് ഇന്ത്യയെ രക്ഷിക്കാനാവില്ല. ഇന്ത്യ എന്താകണമെന്നു് നാമാഗ്രഹിക്കുന്നുവോ അതിനു് നേർവിപരീതമാണു് ഗാന്ധിയുടെ സങ്കല്പങ്ങൾ. ഇന്ത്യയ്ക്കു് സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ കഴിയണമെന്നു്, പാകി-സ്ഥാനും ലങ്കയും നേപ്പാളും ബർമ്മയുമുൾപ്പെട്ട ശക്തമായ ഒരു സാമ്രാജ്യമായി നമ്മുടെ രാജ്യം വികസിക്കണമെന്നു്, അതു് ഏഷ്യയിലെ ഏറ്റവും വലിയ സൈനികശക്തിയായി മാറണമെന്നു് നാം ആഗ്രഹിക്കുന്നു. എന്നാൽ ഗാന്ധി പറയുന്നതു് ഇന്ത്യയ്ക്കു് ഒരു സൈന്യം തന്നെ വേണ്ടെന്നാണു്. ഇന്ത്യ അഹിംസാവാദിയായ ഒരു രാഷ്ട്രമാകണംപോലും! ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാകണമെന്നു് നാമാഗ്രഹിക്കുന്നു. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളും സഹവർത്തിക്കണമെന്നു് ഗാന്ധി പറയുന്നു. ഇന്ത്യ ഇനിയും വിഭജിക്കപ്പെടുകയാവും അതിന്റെ ഫലം.
ഗോദ്സേ:
ഞങ്ങൾ ഗാന്ധിയിൽ നിന്നു് ഇന്ത്യയെ രക്ഷിക്കാൻ തന്നെ തീരുമാനിച്ചാണു് വന്നിരിക്കുന്നതു്, ഗുരോ.
സവർക്കർ:
തബലയിലെന്താണു്?
ആപ്തേ:
(തബലയുടെ മൂടി മാറ്റി ആയുധങ്ങൾ പുറത്തെടുത്തു് കാണിക്കുന്നു)
സവർക്കർ:
(പരിശോധിച്ചു്) ദിഗംബറിന്റെ വ്യവസായം ഭംഗിയായിത്തന്നെ നടക്കുന്നുണ്ടു്. അല്ലേ?
കാർക്കറേ:
അതെ, നമുക്കു് അയാൾ വലിയ സഹായമാണു്. (മദൻലാലിനെ ചൂണ്ടി) ഇതാരെന്നു ചോദിച്ചില്ലല്ലോ?
മദൻലാൽ:
ഞാൻ മദൻലാൽ
കാർക്കറേ:
മദൻ നമ്മുടെ ധീരനായ പോരാളിയാണു്. സ്വന്തം കുടുംബത്തിൽ മുസ്ലീങ്ങളുടെ വിളയാട്ടം കണ്ടു് കണ്ണു തുറന്നയാളാണു്. എന്നും നമ്മുടെ കൂടെയുണ്ടാവും.
മദൻലാൽ:
എന്റെ ശപഥം രക്തത്തിലാണു്. അതു മാഞ്ഞുപോവില്ല.
സവർക്കർ:
(മദൻലാലിന്റെ കൈ തലോടുന്നു) ഈ കൈ ഒരിക്കലും വിറക്കാതിരിക്കട്ടെ. (തിരിഞ്ഞു് ഗോദ്സേയോടു്) പത്രമെങ്ങനെ?
ഗോദ്സേ:
അങ്ങയുടെ കൃപകൊണ്ടു് നന്നായി നടക്കുന്നു. പ്രചാരം കൂടുന്നുണ്ടു്. ഗാന്ധിയോടു് ഹിന്ദുക്കൾക്കു് വെറുപ്പു് കൂടിയിട്ടുണ്ടു്. ‘ഗാന്ധി മരിക്കട്ടെ’ എന്നാണു് ഇപ്പോഴവരുടെ മുദ്രാവാക്യം. നാം അതേറ്റു പറയുന്നുവെന്നേയുള്ളൂ.
സവർക്കർ:
ഇതുതന്നെയാണു് പറ്റിയ സമയം. ഈ സമീപനം മാറുംമുമ്പു് അതു് നടന്നിരിക്കണം. ആദ്യം ഗാന്ധി. പിന്നെ നെഹ്റുവും സുഹ്രവർദ്ദിയും.
ഗോദ്സേ, ആപ്തേ:
അങ്ങയുടെ ആശിസ്സുകൾ മാത്രം മതി.
സവർക്കർ:
പണത്തിന്റെ ആവശ്യമെന്തെങ്കിലും?
ആപ്തേ:
ഡെൽഹിക്കു് രണ്ടു വിമാന ടിക്കറ്റുകൾ ബുക്കുചെയ്യുകയേ വേണ്ടൂ. അതിനുള്ള പണമുണ്ടു്.
സവർക്കർ:
എന്നു പോകുന്നു?
ആപ്തേ:
പതിനേഴാം തീയ്യതി, ശനിയാഴ്ച ഉച്ചയ്ക്കു്. ഡി.സി. 3-ആം നമ്പർ ഫ്ലൈറ്റിൽ.
സവർക്കർ:
ദിഗംബറിനെക്കൂടി കൂട്ടുകയല്ലേ നല്ലതു്?
ആപ്തേ:
ശരിയാണു്. ആയുധവിദ്യ അറിയാവുന്ന ഒരാൾ വേണം.
ഗോദ്സേ:
എന്റെ അനിയൻ ഗോപാൽ കൂടി ഡെൽഹിയിൽ വരട്ടെ. മദൻലാലും കാർക്കറെയും ആയുധങ്ങളുംകൊണ്ടു് ആദ്യം ഫ്രോണ്ടിയർ മെയിലിൽ പോകട്ടെ. ഗോപാലും ദിഗംബറും രണ്ടുനാൾ കഴിഞ്ഞു് വന്നാൽ മതി. വേറെ വേറെ വണ്ടികളിൽ. (ആപ്തേയോടു്) നമുക്കു് പതിനേഴാം തീയ്യതി വിമാനത്തിൽ പോകാം. ഹിന്ദുമഹാസഭയുടെ ലോഡ്ജിൽ വന്നാൽ മതി. അതു് ബിർളാമന്ദിരത്തോടു തൊട്ടുതന്നെയാണല്ലോ.
സവർക്കർ:
ആസൂത്രണത്തിൽ പിഴവൊന്നും വരില്ലെന്നു് എനിക്കറിയാം.
(എല്ലാവരും സന്തുഷ്ടരായി സവർക്കറുടെ കാൽതൊട്ടു് വന്ദിക്കുന്നു. സവർക്കർ ‘വിജയീഭവ’ എന്നാശംസിക്കുന്നു. സന്ദർശകർ പിരിയുന്നു.)
സത്യാഗ്രഹം—രണ്ടു്
images/santhosh-gandhi-6.png

(വെളിച്ചം തെളിയുമ്പോൾ ഗാന്ധി തികച്ചും പരിക്ഷീണനായി കിടക്കയിൽ. അരികിൽ സുശീലാ നയ്യാർ)
സുശീല:
(പരിശോധിക്കുന്നതിനിടയിൽ) ബാപ്പൂ, അങ്ങയുടെ അവസ്ഥ പിന്നെയും വഷളായിരിക്കുന്നു. ഈ പരീക്ഷണത്തെ അതിജീവിക്കാൻ അങ്ങേയ്ക്കു വിഷമമായിരിക്കും. മൂത്രത്തിൽ അസിറ്റോണിന്റെ അളവ് വളരെ കൂടിയിരിക്കുന്നു. ഹൃദയവും തളർന്നിട്ടുണ്ടു്.
ഗാന്ധി:
എന്റെ രാമഭക്തി ഇപ്പോഴും പൂർണ്ണമല്ലാത്തതുകൊണ്ടാണതു്.
സുശീല:
മൂത്രത്തിലെ അസിറ്റോണുമായി രാമനു ബന്ധമൊന്നുമില്ല. വൃക്കകൾ ശരിക്കു പ്രവർത്തിക്കാത്തതാണു പ്രശ്നം.
ഗാന്ധി:
നിങ്ങളുടെ ശാസ്ത്രത്തിനു് എല്ലാം അറിയാമെന്നാണു് നിങ്ങളുടെ ഭാവം. ഈ ലോകമാകെ തന്റെ നന്നേച്ചെറിയ ഒരംശത്തിൽ താൻ വഹിക്കുന്നുവെന്നു് കൃഷ്ണൻ പറയുന്നു.
സുശീല:
രണ്ടു് ഓറഞ്ച്നീരെങ്കിലും കഴിക്കണം. വൃക്കകൾക്കു മീതെ കപ്പു പിടിപ്പിക്കാനും സമ്മതിക്കണം.
ഗാന്ധി:
ഓറഞ്ചുനീരോ? മഹാപാപം. അതുചെയ്താൽ പ്രായശ്ചിത്തമായി ഞാൻ ഇരുപത്തിയൊന്നുദിവസം ഉപവസിക്കേണ്ടിവരും. ദൈവം മാത്രമാണിനി എന്റെ ഡോക്ടർ. (അക്ഷമനായി)മനൂ, മനൂ.
മനു:
(അകത്തുനിന്നു്) ഇതാവരുന്നു ബാപ്പൂ.
ഗാന്ധി:
ചൂടുവെള്ളമെവിടെ? (അരിശം) ഹും! ആർക്കും ഒന്നിലും ശ്രദ്ധയില്ലാതായി.
സുശീല:
ബാപ്പൂ, ഈയ്യിടെ അങ്ങു് പെട്ടെന്നു് കോപിക്കുന്നു. എല്ലാവരെയും ശകാരിക്കുന്നു. ചിലപ്പോൾ വല്ലാതെ വികാരാധീനനാവുന്നു. ഇതു് അങ്ങു് അറിയുന്നുണ്ടോ?
ഗാന്ധി:
ഞാനൊരു സാധാരണ മനുഷ്യനാണെന്നു് ഞാൻ പറഞ്ഞിട്ടില്ലേ? ദൈവത്തിന്റെ ക്ഷമയൊന്നും എന്നിൽനിന്നാരും പ്രതീക്ഷിക്കേണ്ടാ. (ശാന്തനായി) ഹൊ, ഉപവാസം പോലെ ഒരഗ്നിപരീക്ഷയിലാണു് മനുഷ്യന്റെ എല്ലാ ദൗർബല്യങ്ങളും പുറത്തുവരുന്നതു്.
(മനു പ്രവേശിക്കുന്നു. സുശീല പോകുന്നു. ചുരുണ്ടുകൂടിക്കിടക്കുന്ന ഗാന്ധിയെക്കണ്ടു് പരിഭ്രമത്തോടെ മനു ‘ബാപ്പൂ, ബാപ്പൂ’ എന്നു് വിളിക്കുന്നു.)
ഗാന്ധി:
ഇല്ല. ഞാൻ മരിച്ചിട്ടില്ല. എന്റെ സാന്നിദ്ധ്യം ഭൂമിയിൽ ഈശ്വരൻ ആഗ്രഹിക്കുന്നെങ്കിൽ, എന്നെ അവൻ ജീവിപ്പിക്കുകതന്നെ ചെയ്യും.
ഒരു വോളന്റിയർ:
(ഓടിവന്നു്) ബാപ്പൂ, ഒരു നല്ല വാർത്ത അറിയിക്കാനുണ്ടു്.
ഗാന്ധി:
നല്ല വാർത്തയോ? ആശ്ചര്യമാണല്ലോ.
വോളന്റിയർ:
ഇന്നലെ ചെങ്കോട്ടയിൽ മീറ്റിങ്ങുണ്ടായിരുന്നു. പതിനായിരമാളുകളെങ്കിലും പങ്കെടുത്തുകാണും. നെഹ്റു പ്രസംഗിച്ചു.
ഗാന്ധി:
നെഹ്റു അവരോടെന്താണു് പറഞ്ഞതു്?
വോളന്റിയർ:
മഹാത്മാഗാന്ധിയുടെ ജീവൻ നഷ്ടപ്പെട്ടാൽ ഇന്ത്യയുടെ ആത്മാവുതന്നെ നഷ്ടമാകുമെന്നു് നെഹ്റു പറഞ്ഞു.
ഗാന്ധി:
ജനങ്ങൾ?
വോളന്റിയർ:
ജനങ്ങൾക്കു് വിഷമമുണ്ടു്.
ഗാന്ധി:
പതിനായിരമാളെന്നല്ലേ പറഞ്ഞതു്? അതു പോരാ. ഓഗസ്റ്റ് പതിനഞ്ചിനു് അവിടെ കൂടിയതു് അഞ്ചുലക്ഷമായിരുന്നു.
വോളന്റിയർ:
മൗണ്ട്ബാറ്റൺ പ്രഭു സ്വീകരണങ്ങളും വിരുന്നുകളുമൊക്കെ വേണ്ടെന്നുവെച്ചിരിക്കുകയാണു്. സമാധാനജാഥകൾ നടക്കുന്നുണ്ടു്.
മനു:
എങ്കിലും കൽക്കത്തയിലെ ഉപവാസത്തിന്റെ…
വോളന്റിയർ:
അത്ര പ്രതികരണമില്ല. പക്ഷേ, സ്ഥിതിമാറിവരുന്നുണ്ടു്.
മനു:
ബാപ്പൂ, ഡെൽഹി അങ്ങയെ മരിക്കാൻ വിടുമോ?
ഗാന്ധി:
ദൈവേച്ഛ ആർക്കും തടയാനാവില്ല.
സുശീല (പ്രവേശിച്ചു്):
ലാഹോറിൽനിന്നു് ഒരു കമ്പിയുണ്ടു്. ‘ഗാന്ധിയുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ എന്തു ചെയ്യണം’ എന്നാണു് ചോദിക്കുന്നതു്. പാകി-സ്ഥാനിലെ പള്ളികളിലെല്ലാം അങ്ങേയ്ക്കുവേണ്ടി പ്രാർത്ഥനകൾ നടക്കുന്നുണ്ടെന്നു്. മുസ്ലീം സ്ത്രീകളും പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടത്രേ. സാഹോദര്യത്തിന്റെ മാലാഖയെന്നാണു് മുസ്ലീം ലീഗ് അങ്ങയെ വിശേഷിപ്പിക്കുന്നതു്.
ഗാന്ധി:
അവർക്കെങ്കിലും എന്റെ ഉദ്ദേശ്യം മനസ്സിലാകുന്നുണ്ടല്ലോ. (മൗനം) എനിക്കു വലിയ ക്ഷീണം തോന്നുന്നു. ഉറങ്ങാൻ പറ്റുമോ എന്നു നോക്കട്ടെ. പൊയ്ക്കോളൂ.
(ഇരുട്ടു്, ഗാന്ധി ഉറക്കത്തിൽ, വെളിച്ചം ഗാന്ധിയുടെമേൽ മാത്രം. താഴ്‌ന്ന സ്ഥായിയായുള്ള സംഗീതം ക്രമേണ ഒരു അപരലോക സ്വഭാവം കൈവരിക്കുന്നു. പല നിറത്തിലുള്ള വെളിച്ചങ്ങൾ മാറിമാറി പ്രത്യക്ഷപ്പെടുന്നു. വെളിച്ചം വീഴുന്നിടത്തു മുഴുവൻ വെള്ളയിൽ മൂടിയ പ്രേതരൂപങ്ങൾ കൈനീട്ടി പ്രത്യക്ഷപ്പെടുന്നു. അവയുടെ നിഴലുകൾ പിൻകർട്ടനിൽ. അവർ മുഴക്കത്തോടെ സംസാരിക്കാൻ തുടങ്ങുമ്പോൾ സംഗീതം താണുവരുന്നു.)
ഒന്നാംരൂപം:
You, you half-naked fakir! I will have nothing to do with you, nothing, nothing!
(ഗാന്ധി എണീറ്റു് തപ്പി നടക്കുന്നു)
ഗാന്ധി:
ഹലോ, ഹലോ മിസ്റ്റർ ചർച്ചിൽ! താങ്കളെന്താണിത്ര ഉറക്കെ സംസാരിക്കുന്നതു്. താങ്കളുടെ ഫക്കീർ ഇവിടെത്തന്നെയുണ്ടല്ലോ.
രണ്ടാംരൂപം:
(സ്ത്രീശബ്ദം): നിങ്ങളെന്നെ പലതവണ കൊന്നു. എന്നെ നിങ്ങൾ ഒരു വെറും ബൊമ്മയാക്കി. നിങ്ങളുടെ വിശ്വാസങ്ങൾ കുത്തിനിറയ്ക്കാനൊരു ബൊമ്മ. നിങ്ങളുടെ ബ്രഹ്മചര്യത്തിനുവേണ്ടി നിങ്ങളെന്നിലെ സ്ത്രീയെ ശ്വാസംമുട്ടിച്ചുകൊന്നു. പിന്നെ നിങ്ങളെന്നെ ശരിക്കും കൊന്നു.
ഗാന്ധി:
ഇല്ല. ഞാൻ നിന്നെ വിശുദ്ധയാക്കുകയായിരുന്നു.
രണ്ടാംരൂപം:
(സ്ത്രീശബ്ദം): ഹാഹാ വിശുദ്ധ! അതിനാണോ നിങ്ങളെന്നെ കുഞ്ഞുനാളിലേ വിവാഹം കഴിച്ചതു്? അവസാനനിമിഷം ഞാൻ ശ്വാസംമുട്ടി പിടഞ്ഞുകൊണ്ടിരുന്നപ്പോൾ നിങ്ങളെനിക്കു പെൻസിലിൻ പോലും നിഷേധിച്ചു. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഞാനാണു് ശ്വാസംമുട്ടി പിടഞ്ഞതു്. ഇപ്പോഴിതാ ബ്രഹ്മചര്യം പരീക്ഷിക്കാൻ മനുവിനേയും ആഭയേയും നിങ്ങൾ പാവകളാക്കുന്നു. വികാരം കൊണ്ടാണോ പരീക്ഷണം നടത്തുന്നതു്? അതും മറ്റുള്ളവരുടെമേൽ? ഈ വാർദ്ധക്യത്തിൽപ്പോലും—കഷ്ടം! നിങ്ങളൊരു കള്ള പ്രവാചകനാണു്. കള്ളപ്രവാചകൻ! (പ്രതിധ്വനികൾ.)
മൂന്നാംരൂപം:
You cunning Hindu fox! Divide India! Divide or Die!
ഗാന്ധി:
ഇല്ല. ഞാൻ വിഭജനത്തിനു് സമ്മതിക്കില്ല. താങ്കൾക്കു് പ്രധാനമന്ത്രിയാകാം. ജിന്നാ. എന്നാലും ഞാനതിനു് സമ്മതിക്കില്ല.
മൂന്നാംരൂപം:
Then listen, it is done, done (പ്രതിനിധികൾ, പൊട്ടിച്ചിരിക്കുന്നു)
നാലാംരൂപം:
നിങ്ങളെന്റെ അച്ഛനാണുപോലും അച്ഛൻ! എനിക്കെന്തു സ്നേഹമാണു് നിങ്ങൾ തന്നതു്? എന്റെ അമ്മയെ നിങ്ങൾ പീഡിപ്പിച്ചുകൊന്നു. എന്നെ നിങ്ങൾ അനാഥനാക്കി. വലിയ വലിയ കാര്യങ്ങൾക്കിടയിൽ നിങ്ങൾ ഈ ചെറിയ ചുമതലകൾ ചെയ്യാൻ മറന്നു. അങ്ങിനെയാണു് ഞാൻ കുടിയനായതു്. ഞാൻ മരിച്ചതു്, ഇഞ്ചിഞ്ചായി…
ഗാന്ധി:
(കിതക്കുന്നു) ഇന്ത്യാക്കാർ മുഴുവൻ എന്റെ മക്കളാണു്. മനുഷ്യർ മുഴുവൻ എന്റെ മക്കളാണു്.
അഞ്ചാംരൂപം:
താനൊരു തനി ബ്രാഹ്മണനാണു് മിസ്റ്റർ ഗാന്ധി. ഞങ്ങളെ താൻ ‘ഹരിജന’ങ്ങളെന്നു് വിളിച്ചു. അതുകൊണ്ടു് ഞങ്ങൾക്കെന്തു പ്രയോജനം! വെറും ജാടയാണു് തന്റെ ദളിതപ്രേമം. അല്ലെങ്കിലെന്തിനീ ചാതുർവർണ്യവും സനാതനധർമ്മവും ഇനിയും കൊണ്ടുനടക്കുന്നു? ഞങ്ങളെ ആട്ടിത്തുപ്പി അടിമകളാക്കിയ ഒരു ധർമ്മവും ഉയർത്തിപ്പിടിച്ചു് ഞങ്ങളെ മോചിപ്പിക്കാൻ വരുന്നോ? ദർബാനിൽ താൻകണ്ട കറുത്തവരേക്കാൾ നിന്ദിതരാണു് ഞങ്ങൾ. ഞങ്ങൾക്കു് കാരുണ്യം വേണ്ട. സ്വാതന്ത്ര്യമാണു് വേണ്ടതു്. സ്വാതന്ത്ര്യം.
ഗാന്ധി:
ആർ. ആർ. ആരാണു് നിങ്ങൾ?
(ഇരുട്ടിൽ നിന്നു് ശബ്ദങ്ങൾ മാത്രം):
നിന്റെ രാമരാജ്യത്തിൽ തപസ്സുചെയ്തതിനു തലയറുക്കപ്പെട്ട ശംബുകന്മാർ! ചതിച്ചു കൊല്ലപ്പെട്ട ബാലിമാർ! തെറ്റുചെയ്യാതെ കാട്ടിലെറിയപ്പെട്ട സീതമാർ. നിമിഷംതോറും വേഷം മാറുന്ന പൂച്ചസന്യാസിയാണു നീ! അവസരവാദി! കോഴികളെപോറ്റാൻ കുറുക്കനെ ഏല്പിക്കുന്നവൻ! ബിർളയുടെ ബംഗ്ലാവിലിരുന്നു് പാവങ്ങളെ സേവിക്കുന്നവൻ! You boot licker! Agent of the bourgeoisie! You reactionary cur! Fundamentalist!
(ഒന്നിച്ചു്):
ഗാന്ധി ഹിന്ദുവിന്റെ ശത്രു. ഗാന്ധി ഇസ്ലാമിന്റെ ശത്രു. ഗാന്ധി വികസനത്തിന്റെ ശത്രു. കർഷകന്റെ ശത്രു. തൊഴിലാളിയുടെ ശത്രു, ശത്രു, ശത്രു, ശത്രു. (പ്രതിധ്വനികൾ; ഗാന്ധി ചെവിപൊത്തുന്നു. വിയർക്കുന്നു. ഇതിനിടെ അദ്ദേഹം കട്ടിലിലെത്തിയിരിക്കുന്നു. അവിടെക്കിടന്നു് ഉറക്കെ നിലവിളിക്കുന്നു. പ്രകാശം യഥാതഥം.)
സുശീലയും മനുവും (പ്രവേശിച്ചു്):
ബാപ്പൂ, ബാപ്പൂ, അങ്ങു് സ്വപ്നം കണ്ടോ?
സുശീല:
അങ്ങു് വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. തളർച്ച കൊണ്ടാണു് ദുഃസ്വപ്നങ്ങൾ കാണുന്നതു്.
ഗാന്ധി:
(തളർന്നു്) അതു് സ്വപ്നമായിരുന്നോ? അതോ സത്യമോ? എന്റെ മനഃസാക്ഷിയുടെ തന്നെ ശബ്ദങ്ങളായിരുന്നോ ഞാൻ കേട്ടതു്? ഞാനാരാണു്? ഈശ്വരാ! ഈ അനേകം ഗാന്ധിമാർക്കിടയിൽ ഏതാണു് ശരിയായ ഞാൻ? (പതുക്കെ കണ്ണടക്കുന്നു. പാട്ടു്)
ഒന്നാംശബ്ദം:

ഗുരുവായി മറ്റാരുമില്ലാത്തോ-

നൊരു ഗുരു സ്വന്തം മനസ്സല്ലോ.

അനുയായിയായാരുമില്ലാത്തോ-

നനുയായി തന്റെ കാലടിയല്ലോ

രണ്ടാം ശബ്ദം:

വാക്കിനു മുന്നാലെ ചിന്തിച്ചാൽ

വാക്കൊഴിവാക്കുവാൻ കഴിയില്ല

വാക്കിനുപിന്നാലെ ചിന്തിച്ചാൽ

വാക്കുമാറ്റാതെയും വഴിയില്ലാ

മൂന്നാംശബ്ദം:

തെറ്റുകളൊന്നും പറയാത്തോ-

രൊന്നും പറയാത്തോരാണല്ലോ.

ഒന്ന്:

തെറ്റുകളൊന്നുമേ ചെയ്യാത്തോ-

രൊന്നുമേ ചെയ്യാത്തോരാണല്ലോ

രണ്ടു്:

അമ്മ പെറ്റുള്ളവനാണല്ലോ ഗാന്ധിയും

മണ്ണിൽ മുതിർന്നവനാണല്ലോ

മൂന്ന്:

ഏറെക്കുറവുള്ളോനാണെന്നാൽ

ഏറെ നിറവുള്ളോനാണല്ലോ

ഒന്ന്:

ഒരു കണ്ണീർക്കടലുകുടിച്ചോനായ്

ഒരുതുള്ളിക്കണ്ണീർ പൊഴിച്ചാലും!

രണ്ടു്:

ഒരു കാട്ടുതീയിലെരിഞ്ഞോനായ്

ഒരു കൊള്ളി ഉള്ളിലെരിച്ചാലും!

ഒന്ന്:

എത്രയെളുപ്പം വിമർശിക്കാൻ!

രണ്ടു്:

എത്ര പ്രയാസം പ്രവർത്തിക്കാൻ!

(മൂവരും ചേർന്നു് അവസാനത്തെ രണ്ടു് വരി ആവർത്തിക്കുന്നു)
(രംഗം ഒന്നു മങ്ങിത്തെളിയുമ്പോൾ കുറച്ചുവോളന്റിയർമാർ നെഹ്റുവിനോടോപ്പം പ്രവേശിക്കുന്നു)
ഒരു വോളന്റിയർ:
(ഗാന്ധിയെ സമീപിച്ചു്) ബാപ്പൂ, ബാപ്പൂ! ഇന്ത്യാ ഗവൺമെന്റ് പാകി-സ്ഥാനു് അമ്പത്തഞ്ചുകോടി രൂപ ഉടൻ കൊടുക്കാൻ ഉത്തരവിട്ടിരിക്കുന്നു.
മറ്റൊരാൾ:
ഡെൽഹിയിൽ മുഴുവൻ മതസൗഹാർദ്ദ റാലികൾ നടക്കുകയാണു്.
നെഹ്റു:
പതിനായിരക്കണക്കിനാളുകൾ അങ്ങയോടു് ഉപവാസമവസാനിപ്പിക്കാനാവശ്യപ്പെടുന്ന അഭ്യർത്ഥനയിൽ ഒപ്പുവെച്ചുകഴിഞ്ഞു. സ്കൂളും കോളേജുമെല്ലാം അടച്ചു. എല്ലാവരും അങ്ങയുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുകയാണു്.
ഒരാൾ:
പഞ്ചാബിൽ കൊല്ലപ്പെട്ടവരുടെ വിധവകളും മക്കളും അങ്ങയോടു് സഹതപിച്ചു് ഉപവാസം തുടങ്ങിയിരിക്കുന്നു.
ഗാന്ധി:
എനിക്കു് ഉപവാസമവസാനിപ്പിക്കാൻ തീരെ ധൃതിയില്ല. ഇന്ത്യയിലും പാകി-സ്ഥാനിലും മുഴുവൻ സമാധാനവും മതമൈത്രിയുമുണ്ടാവണം. ഡെൽഹിയിൽ നിന്നു് ഓടിപ്പോയ മുസ്ലീങ്ങൾക്കു് സുരക്ഷിതരായി തിരിച്ചുവരാൻ കഴിയണം.
നെഹ്റു:
ഹിന്ദുക്കളും സിഖുകാരും സ്വന്തം വീടുപോലും അവർക്കുവിട്ടുകൊടുക്കാൻ തയ്യാറായിക്കഴിഞ്ഞു. അവരുടെ കുട്ടികൾ തെരുവിൽ തണുപ്പിൽ കഴിഞ്ഞാലും സാരമില്ല. മുസ്ലീം സഹോദരർക്കു് മടങ്ങിവരാം എന്നാണവർ പറയുന്നതു്.
ഗാന്ധി:
ഹിന്ദുമഹാസഭയുൾപ്പെടെ എല്ലാ കക്ഷികളുടേയും പ്രതിനിധികൾ എന്റെ ഏതു വ്യവസ്ഥയും പാലിക്കാൻ തയ്യാറാണെന്നു് ഒപ്പിട്ടുതരട്ടെ.
നെഹ്റു:
അതുണ്ടാവും. വൈകില്ല. (പുറത്തേക്കു് നോക്കി) അതാ, വലിയൊരു ജനസമുദ്രം. അവരിങ്ങോട്ടാണു്. (മൈക്കിലൂടെ) പ്രിയപ്പെട്ട ജനങ്ങളേ, ഇന്ത്യയുടെ സ്വാതന്ത്യം ഞാൻ കണ്ടതു് ഒരു സ്വപ്നത്തിലാണു്. ഏഷ്യയുടെ ഭാവി ഞാനെന്റെ ഹൃദയത്തിൽ വരച്ചിട്ടു. എനിക്കു് ആ സ്വപ്നം നൽകിയതു് ഈ മനുഷ്യനാണ്: അർദ്ധനഗ്നനായ, പരുക്കനായ ഗാന്ധിയെന്ന ഈ കുറിയ മനുഷ്യൻ. ഗാന്ധിയെ സൃഷ്ടിച്ച ഇന്ത്യയുടെ മണ്ണു മഹത്താണു്. ഈ ജീവൻ രക്ഷിക്കാൻ നാം എന്തുവിലയും നൽകിയേ തീരൂ.
മദൻലാൽ:
(ആൾക്കൂട്ടത്തിൽനിന്നു ചാടി മുന്നോട്ടുവന്നു്) ഇല്ല. ഇല്ല. മുസ്ലീങ്ങളുമായി ഒരു ഒത്തുതീർപ്പുമില്ല! ഗാന്ധി മുസ്ലീം ചാരൻ! മുസ്ലീം ചാരൻ തുലയട്ടെ! (മറ്റാളുകൾ വന്നു് മദൻലാലിനെ പിടിച്ചുമാറ്റുന്നു.)
ഗാന്ധി:
അവസാനത്തെ ശിലാഹൃദയവും അലിയുംവരെ ഞാൻ ഉപവാസം തുടരും.
നെഹ്റു:
അയാളൊരു ഭ്രാന്തനാണു് ബാപ്പൂ. ആ ആൾക്കൂട്ടത്തെ നോക്കൂ. അവരാണു് യഥാർത്ഥ ഇന്ത്യ: ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, കാവിയണിഞ്ഞ സന്യാസിമാർ, ഭങ്ഗികോളനിയിലെ തൂപ്പുകാർ… അതാ ആറെസ്സെസ്സുകാരുപോലും വന്നു. ഇനി ആരും വരാനില്ല. (ഗാന്ധി അബോധാവസ്ഥയിലാണെന്നു കണ്ടു് നെഹ്റു, സുശീല, മനു എന്നിവരൊന്നിച്ചു് പരിഭ്രമത്തോടെ): ബാപ്പൂ, ബാപ്പൂ! ബോധമില്ലല്ലോ…
(രാജേന്ദ്രപ്രസാദും സംഘടനകളുടെ പ്രതിനിധികളും പ്രവേശിക്കുന്നു.)
രാജേന്ദ്രപ്രസാദ്:
(ഗാന്ധി പതുക്കെ കണ്ണുതുറന്നു് മുഖം തിരിക്കുന്നു) അങ്ങയുടെ എല്ലാ വ്യവസ്ഥകളും സ്വീകരിച്ചു് എല്ലാ സംഘടനാ പ്രതിനിധികളും ഒപ്പിട്ടിരിക്കുന്നു. (ഒരു കടലാസ്സു് ഗാന്ധിയെ കാണിച്ചു്) ഉപവാസം അവസാനിപ്പിക്കൂ.
(ഗാന്ധി മനുവിനെ മാടിവിളിച്ചു് ചെവിയിൽ സംസാരിക്കുന്നു. മനു ആ വാക്കുകൾ കുറിച്ചെടുത്തു് പ്യാരേലാലിനെ വായിക്കാനേല്പിക്കുന്നു. എല്ലാവരും ഉൽകണ്ഠയിൽ)
പ്യാരേലാൽ:
(വായിക്കുന്നു) ഞാൻ ഉപവാസം അവസാനിപ്പിക്കണമെങ്കിൽ… (തൊണ്ട ഇടറുന്നു) ഒരു വ്യവസ്ഥകൂടി… (വായിക്കാനാകാതെ കടലാസ്സു് സുശീലയെ ഏല്പിക്കുന്നു.)
സുശീല:
(വായിക്കുന്നു) “ഡെൽഹിയിൽ നിങ്ങൾ നേടിയ സമാധാനം ഇന്ത്യ മുഴുവൻ നേടാനായി നിങ്ങൾ പ്രവർത്തിക്കുമെന്നു് ഉറപ്പു നൽകണം. ഡെൽഹിയിലെ ശാന്തികൊണ്ടു മാത്രം നിങ്ങൾ തൃപ്തിപ്പെടുമെങ്കിൽ ഈ പ്രതിജ്ഞയ്ക്കർത്ഥമില്ല. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമായിക്കൂടാ, പാകി-സ്ഥാൻ മുസ്ലീങ്ങളുടെ മാത്രമായിക്കൂടാ. ഇന്ത്യയേയും പാകി-സ്ഥാനേയും വീണ്ടും രൂപീകരിക്കാൻ നമുക്കു് കഴിയില്ലായിരിക്കാം. പക്ഷേ, ഇന്ത്യയിലെ മുസ്ലീങ്ങൾക്കും പാകി-സ്ഥാനിലെ ഹിന്ദുക്കൾക്കും ആപത്തുണ്ടാവില്ലെന്നു് ഉറപ്പുവരുത്താൻ കഴിയും. ഇതു് നിങ്ങൾ ചെയ്യുമെന്നു് എനിക്കു് ഉറപ്പുതരണം.”
പ്രതിനിധികൾ:
(ഗാന്ധിക്കരികിലെത്തി) ഞങ്ങൾ ഉറപ്പുതരുന്നു.
ഗാന്ധി:
(മനുവിനോടു് വീണ്ടും മന്ത്രിക്കുന്നു)
മനു:
ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയാണു്. അദ്ദേഹം ഈശ്വരേച്ഛയ്ക്കു വഴങ്ങുന്നു.
(നെഹ്റു ഗാന്ധിജിയ്ക്കു് ഓറഞ്ചു നീരു് നൽകുന്നു. ‘മാഹാത്മാഗാന്ധി കീ ജയ്’ എന്ന വിളികൾ മുഴങ്ങുന്നു. ചിലർ പൊട്ടിക്കരയുന്നു. മനു ഒരു ട്രേയിൽ ഓറഞ്ചിന്റെ അല്ലികൾ കൊണ്ടുവരുന്നു. ഗാന്ധി അതിൽ കൈവയ്ക്കുന്നു. മനു ഓറഞ്ചല്ലികൾ കൂടിനിന്നവർക്കു് വിതരണം ചെയ്യുന്നു.)
താക്കീതു്

(ബിർളാമന്ദിരം ഒരു പ്രാർത്ഥനായോഗം ഗാന്ധിജി ഒരു കമ്പിളി പുതച്ചു് കസേരയിലിരിക്കുന്നു.)

ഗാന്ധിജി:
നിങ്ങൾ എന്നോടു് എന്നും കാട്ടിപ്പോന്നിട്ടുള്ള കാരുണ്യത്തിനു് ഞാൻ നന്ദി പറയുന്നു. നിങ്ങളിൽ ഹിന്ദുവായി ജനിച്ചവർ ഖുർ-ആൻ വായിക്കണം. മുസ്ലീങ്ങൾ ഗീതയും ഗ്രന്ഥസാഹെബ്ബും വായിക്കണം. അപ്പോൾ മനസ്സിലാകും എല്ലാം ഒരേ സത്യം പല ഭാഷയിൽ പറയുകയാണെന്നു്. എല്ലാ മതങ്ങളിലും ജീവിച്ച ശ്രീരാമകൃഷ്ണൻ കണ്ടെത്തിയ സത്യം ഇതുതന്നെയായിരുന്നു. സത്യം ഏകമാണെന്നും പണ്ഡിതന്മാർ അതിനെ പലതായി പറയുന്നുവെന്നേയുള്ളുവെന്നും ഋഗ്വേദം പഠിപ്പിക്കുന്നു. ‘ന തത്ര ചക്ഷുർഗച്ഛതി, ന വാഗ്ഗച്ഛതി, ന മനഃ/ന വിദ്മോ ന വിജാനീമോ യഥൈ തദനുശിഷ്യാതു്’ ഇങ്ങിനെയാണു് കേനോപനിഷത്ത് ബ്രഹ്മത്തെ നിർവചിക്കുന്നതു്. കണ്ണും മനസ്സും വാക്കും അവിടെയെത്തുന്നില്ല. അതു പഠിപ്പിക്കാനാവില്ല. അതു് എങ്ങിനെയാണോ ആ രൂപത്തിൽ ശിഷ്യർക്കു് പഠിപ്പിക്കാനുമാവില്ല. ഇങ്ങനെയുള്ള ബ്രഹ്മത്തിനു് മതവും ജാതിയുമുണ്ടെന്നു് വിഡ്ഢികൾ മാത്രമേ കരുതുകയുള്ളു. ശ്വേതാശ്വരോപനിഷത്തു പറയുന്നു: എള്ളിൽ എണ്ണപോലെ, തൈരിൽ വെണ്ണപോലെ, പൂഴിയിൽ ജലം പോലെ, വിറകിൽ തീ പോലെ, ആത്മാവു് ജീവനിൽ ഉറങ്ങിക്കിടക്കുന്നു. ധർമ്മം കൊണ്ടും ധ്യാനം കൊണ്ടും വേണം അതിനെ സാക്ഷാത്കരിക്കാൻ. ഇവിടെ ‘ധർമ്മ’ത്തിനു് മതം എന്നർത്ഥമില്ല. അതു പിന്നെവന്നുപെട്ട അർത്ഥമാണു്. ജലാലുദ്ദീൻ റൂമിയുടേയും കബീറിന്റെയും കവിതകളിലും ഇതേ ആശയങ്ങൾ കാണാം. ഉദാഹരണത്തിനു് കബീർ.
മനു (ചൊല്ലുന്നു):

“എങ്ങനെ ഞാനതു ചൊല്ലുന്നു വ്യക്തമായ്

എങ്ങും നിഗൂഢമായ് വർത്തിക്കുമാപ്പദം

ഇങ്ങനെയല്ലപോൽ, ഇങ്ങനെയാണുപോൽ,

ഇങ്ങനെയെല്ലാം പറയുന്നതെങ്ങനെ!

എന്നിലാണുള്ളതെന്നോതിയാലപ്പോഴേ

നിർണ്ണയം നാണിച്ചുപോമീ പ്രപഞ്ചവും.

എന്നിലല്ലെൻ പുറത്താണെന്നു

ചൊൽകിൽ, അ-

തൊന്നാന്തരം നുണയാണെന്നു വന്നിടും…

ലീനവുമല്ല, വിശദവുമല്ലതു

നൂനം വെളിപ്പെടി,ല്ലല്ലാ മറഞ്ഞൂമേ.”

(മൂലം പിന്നിൽ നിന്നു് പതുക്കെ ചൊല്ലുകയോ, പിൻകർട്ടനിൽ കാണിക്കുകയോ ആവാം.)
ഗാന്ധി:
ഏറെനാളുകൾക്കുശേഷം എനിക്കല്പം സന്തോഷമുള്ള ദിവസമാണിന്നു്. എന്റെ പാകിസ്ഥാൻ യാത്രയ്ക്കു് ജിന്ന സമ്മതം നൽകിയിരിക്കുന്നു. അതാണെന്റെ അവസാനത്തെ നിയോഗം. പാകിസ്ഥാനിൽ വീടുപേക്ഷിച്ചു് ഓടിപ്പോന്ന ഹിന്ദുക്കളെയും സിഖുകാരെയും കൊണ്ടു് പഞ്ചാബിലൂടെ നടന്നു് ഞാൻ പാകിസ്ഥാനിൽ പോകും. ഇന്ത്യയിൽ നിന്നോടിപ്പോയ മുസ്ലീങ്ങളേയും കൊണ്ടു് ഇങ്ങോട്ടു് തിരിച്ചുവരും. ഫെബ്രുവരി നാലിനാവും എന്റെ പാകിസ്ഥാൻ യാത്ര. ദൈവാനുഗ്രഹത്താൽ അന്നേയ്ക്കു് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ…
(ഒരു ബോംബു പൊട്ടുന്ന ശബ്ദം. ആൾക്കൂട്ടം ചിതറിയോടുന്നു.)
ഗാന്ധി:
ശാന്തരായിരിക്കൂ. അതു് പട്ടാളം പരിശീലനം നടത്തുന്നതാണു്. പരിഭ്രമിക്കാനൊന്നുമില്ല. (ആൾക്കൂട്ടം പതുക്കെ തിരിച്ചുവരുന്നു. ശാന്തരാകുന്നു.) മുസ്ലീങ്ങളുടെ ശത്രുക്കൾ ഇന്ത്യയുടെ ശത്രുക്കളാണു്. സർക്കാരും ഡോക്ടർമാരും സമ്മതിച്ചാൽ ഞാനിപ്പോൾ തന്നെ പാകിസ്ഥാനിലേയ്ക്കു പുറപ്പെടാം.
ഒരു വോളന്റിയർ (ഓടിവന്നു്):
ബാപ്പൂ, എന്തെങ്കിലും പറ്റിയോ?
ഗാന്ധി:
പറ്റാൻ ഒന്നുമുണ്ടായില്ലല്ലോ?
വോളന്റിയർ:
ഹാവൂ. ഒരാൾ ബോംബെറിഞ്ഞു. ഒരു കുട്ടി പോലീസിനു് അയാളെ കാട്ടിക്കൊടുത്തു.
(ഫോൺ ബെല്ലടിക്കുന്നു. സുശീല അകത്തു് ഫോണിൽ: “നന്ദി, നന്ദി. ഇല്ല. അദ്ദേഹം സുരക്ഷിതനാണു്. ”)
സുശീല:
(പ്രവേശിച്ചു്) ബാപ്പൂ, പട്ടേലും നെഹ്റുവും മൗണ്ട്ബാറ്റനും എഡ്വിനായും അങ്ങയെ അഭിനന്ദിക്കാൻ വരുന്നു. അങ്ങയുടെ ധീരതയ്ക്കു്—
ഗാന്ധി:
അഭിനന്ദനമോ! ഞാൻ ധീരതയൊന്നും കാണിച്ചില്ലല്ലോ… ഞാൻ ശരിക്കും കരുതിയതു് അതു് പട്ടാളക്കാർ പരിശീലനം നടത്തുന്നതാണെന്നാണു്. എന്റെ നേരെ മുന്നിൽ നിന്നു് ആരെങ്കിലും നിറയൊഴിച്ചാൽ, അപ്പോഴും ഞാൻ ചിരിച്ചുകൊണ്ടു് രാമ നാമം ജപിച്ചാൽ, അപ്പോൾ എന്നെ അഭിനന്ദിച്ചാൽ മതിയാകും.
(പോലീസ് ഓഫീസർ മെഹ്റ പ്രവേശിക്കുന്നു):
ബാപ്പൂജീ, ഇനിമേൽ പ്രാർത്ഥനായോഗത്തിനു വരുന്നവരെ പരിശോധിക്കാൻ അങ്ങു അനുവദിക്കണം. അങ്ങയുടെ ജീവൻ നാടിനു് വിലപ്പെട്ടതാണു്.
ഗാന്ധി:
(കോപത്തോടെ) പള്ളിയിലോ അമ്പലത്തിലോ പ്രാർത്ഥിക്കാൻ പോകുന്നവരെ ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? എന്റെ കവചം രാമനാണു്, രാമൻ മാത്രം. എന്റെ ജീവിതമവസാനിപ്പിക്കാൻ ഈശ്വരൻ തീരുമാനിച്ചാൽ പോലീസിനതു തടയാൻ കഴിയുമൊ? ഇല്ല. എന്റെ യോഗത്തിനു വരുന്നവരെ തടഞ്ഞു നിർത്തി പരിശോധിച്ചാൽ ഞാൻ ഡെൽഹിക്കു പോകും. പോകാൻ കാരണം നിങ്ങളാണെന്നും ഞാൻ പറയും.
മെഹ്റ:
(നിരാശയോടെ) നിത്യവും അങ്ങയുടെ പ്രാർത്ഥനാ യോഗത്തിനു വരാനെങ്കിലും അങ്ങെന്നെ അനുവദിക്കൂ.
ഗാന്ധി:
ഒരു വ്യക്തിയെന്ന നിലയിൽ വരാം. യൂണിഫോമിടരുതു്. ആ ബോംബെറിഞ്ഞയാളെ വിട്ടയക്കുകയും വേണം. ഏതെങ്കിലും അഭയാർത്ഥിയായിരിക്കും. നാം ദുഷ്ടനെന്നു കരുതിയവരെ ശിക്ഷിക്കാൻ നമുക്കവകാശമില്ല.
മെഹ്റ:
ചോദ്യം ചെയ്യൽ കഴിഞ്ഞാൽ വിട്ടയയ്ക്കും.
എൻ. വി. ജി.
(ഡെൽഹി പോലീസ് സ്റ്റേഷനിലെ ഒരു മുറി. മെഹ്റയും മറ്റൊരു പോലീസുദ്യോഗസ്ഥനും മാത്രം)

മെഹ്റ:
ബോംബെറിഞ്ഞയാളുടെ പേരു് മദൻലാൽ എന്നല്ലേ പറഞ്ഞതു്?
ഉദ്യോ:
അതെ സർ. മദൻലാൽ പാഹ്വ. പഞ്ചാബിയാണു സാർ.
മെഹ്റ:
ചോദ്യം ചെയ്യലെങ്ങിനെ?
ഉദ്യോ:
ആദ്യം അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല സർ. പിന്നീടു് സാർ പറഞ്ഞ ചില പ്രയോഗങ്ങളൊക്കെ നടത്തിയപ്പോൾ കുറേ വിവരങ്ങൾ കിട്ടി. ഗാന്ധിജിയെ കൊല്ലാൻ തന്നെയായിരുന്നു അയാളുടെ പ്ലാൻ. അവർ അഞ്ചു പേരുണ്ടായിരുന്നു. വിഷ്ണു കാർക്കറേ ഗാന്ധിജിയുടെ മുന്നിൽ ഗ്രനേഡുമായി നിന്നിരുന്നു. എൻ. വി. ഗോദ്സേ, നാരായൺ ആപ്തേ എന്നിവരായിരുന്നു തലവന്മാർ. ആപ്തേ പറയുമ്പോൾ മദൻലാൽ ബോംബ് ഡിറ്റൊണേറ്റ് ചെയ്യാനായിരുന്നു തീരുമാനം. അപ്പോൾ ആപ്തേ ഗ്രനേഡെറിയും. ഗോപാൽ ഗോദ്സേ പ്രാർത്ഥനാമന്ദിരത്തിനു പിന്നിൽ വേലക്കാർ താമസിക്കുന്നിടത്തു് പിസ്റ്റളുമായി കാത്തു നിൽക്കുമെന്നായിരുന്നത്രേ നിശ്ചയിച്ചുറപ്പിച്ചതു്. മദൻലാൽ ബോംബെറിയുമ്പോൾ ആളുകൾ പരിഭ്രമിക്കും. തിരക്കിനിടയിൽ ഗോപാൽ ഗോദ്സേ പിന്നിൽ നിന്നു് വെടി വെയ്ക്കും. ഇതായിരുന്നു പ്ലാൻ.
മെഹ്റ:
എന്നിട്ടു്?
ഉദ്യോ:
മദൻലാൽ ബോംബെറിഞ്ഞു. പക്ഷേ, ആപ്തേ ഗ്രനേഡെറിഞ്ഞില്ല. ഗോപാൽ ഗോദ്സേ വെടിവെച്ചുമില്ല. എന്താണു പറ്റിയതെന്നു് മദൻലാലിനു് അറിയില്ലത്രേ.
മെഹ്റ:
ഓഹോ. അവരെവിടെയായിരുന്നു താമസം?
ഉദ്യോ:
മരീനാ ഹോട്ടലിൽ, 40-ആം നമ്പർ മുറിയിൽ.
മെഹ്റ:
അവിടം പരിശോധിച്ചോ?
ഉദ്യോ:
ഉവ്വു് സാർ. ഹിന്ദുമഹാസഭയുടെ ഒരുദ്യോഗസ്ഥൻ, അശുതോഷ് ലാഹിരി, ഒപ്പുവെച്ച ഒരു പ്രസ്താവന കിട്ടി. ഗാന്ധിയുടെ നിരാഹാരം അവസാനിപ്പിക്കുവാനായി സർക്കാരുണ്ടാക്കിയ കരാറിനെ വിമർശിക്കുന്നതായിരുന്നു അതു്. പക്ഷേ, പ്രതികൾ സ്ഥലം വിട്ടിരുന്നു. സാർ. അലക്കാൻ കൊടുത്തിരുന്ന കുറച്ചു തുണികൾ കിട്ടി. എല്ലാറ്റിലും ‘എൻ. വി. ജി’ എന്ന അടയാളമുണ്ടു്.
മെഹ്റ:
എൻ. വി. ജി.?
ഉദ്യോ:
നാഥൂറാം–വിനായക്–ഗോദ്സേ.
പിന്നെയും

(പിൻതിരശ്ശീലയിൽ, ‘താനാ, ബോംബേ’)

പാട്ടു്:

പല്ലുകൊഴിഞ്ഞോ കടുവകൾ,ക്കിന്നിയീ

പ്പൊല്ലാപ്പുവേണ്ടെന്നു വെച്ചെന്നോ?

ഇല്ലില്ലം ചോരക്കൊതിയുമായ് പിന്നെയും

കൊല്ലാനവരൊത്തു ചേർന്നല്ലോ

ഇക്കുറി തോൽക്കില്ല തോൽക്കില്ലയെന്നവർ

രക്തപ്രതിജ്ഞയെടുത്തല്ലോ.

ഒറ്റയ്ക്കു വീരപുരുഷനാകാനൊരാൾ

തറ്റുമുടുത്തു കുതിച്ചല്ലോ

എല്ലാപ്പയറ്റിലും തോറ്റവനീക്കുറി

വെള്ളിവാളേറ്റിയുറഞ്ഞല്ലോ.

(ഇരുണ്ട ഒരു മുറി. ഗോപാൽ ഗോദ്സേ, നാഥൂറാം ഗോദ്സേ, വിഷ്ണുകാർക്കറേ, നാരായൺ ആപ്തേ എന്നിവർ കൂടിയിരിക്കുന്നു.)
നാഥൂറാം:
നമ്മുടെ ആദ്യപരിശ്രമം പാളിപ്പോയി. ആപ്തേയുടെ കണക്കുകൂട്ടൽ അല്പം പിഴച്ചുപോയതാണു് പറ്റിയതു്. വേലക്കാർ താമസിക്കുന്ന കുശിനിയുടെ തറ പ്രാർത്ഥനാഹാളിന്റെ തറയേക്കാൾ ഏറെ താഴ്‌ന്നതായിരുന്നു.
ഗോപാൽ:
ഞാനൊരു കയറ്റുകട്ടിൽ വലിച്ചിട്ടു കയറി നിന്നുനോക്കി. പക്ഷേ, കട്ടിൽ താഴേയ്ക്കു വളഞ്ഞുപോയതുകൊണ്ടു് മൂന്നിഞ്ചു് ഉയരമേ കൂടുതൽ കിട്ടിയുള്ളൂ. കുശിനിപ്പുരയുടെ ജനലിലൂടെ മാത്രമേ എനിക്കു് ഗാന്ധിയെ കാണാൻ കഴിയുമായിരുന്നുള്ളു. എത്ര ശ്രമിച്ചിട്ടും ആ പൊക്കത്തിലെത്താൻ എനിയ്ക്കു് കഴിഞ്ഞില്ല. ആ സ്ഥിതിയിൽ ഗ്രനേഡ് എറിഞ്ഞാൽ ഗാന്ധി രക്ഷപ്പെടും, മറ്റാരെങ്കിലും മരിച്ചെന്നിരിക്കും. എന്നിട്ടും ഗ്രനേഡ് തള്ളിയിടാൻ ഞാൻ നോക്കി. പക്ഷേ, കാർക്കറേയുടെ ഗ്രനേഡ് പൊട്ടുന്ന ശബ്ദം കേട്ടില്ല. അപ്പോൾ എന്തോ തകരാറുണ്ടെന്നു മനസ്സിലായി. ആരും പരിഭ്രമിക്കരുതെന്നു് ഗാന്ധി പറയുന്നതും കേട്ടു.
കാർക്കറേ:
ഞാൻ ഗാന്ധിയുടെ പതിനഞ്ചടി അടുത്തെത്തിയതായിരുന്നു. ഗ്രനേഡ് പൊട്ടിക്കും മുമ്പു് കുശിനിയുടെ ജനലിൽ പിസ്റ്റളോ ഗ്രനേഡോ കാണുന്നുണ്ടോ എന്നു ഞാൻ നോക്കി. കാണാതായപ്പോഴാണു് ഞാൻ പരിപാടി ഉപേക്ഷിച്ചതു്. ദിംഗംബർ നമ്മളെ സഹായിക്കുമെന്നു കരുതി. അയാളും ഒന്നും ചെയ്യാതെ ആൾക്കൂട്ടത്തിൽ പോയി മറഞ്ഞു.
നാഥുറാം:
ഏതായാലും നമുക്കബദ്ധം പറ്റി. അഞ്ചു പേരുൾപ്പെട്ടതായിരുന്നു കുഴപ്പം. അതു് ഒരാൾ ഒറ്റയ്ക്കു ചെയ്യണം. (ബാക്കി മൂവരും മുഖത്തോടു മുഖം നോക്കുന്നു.)
നാഥുറാം:
(തുടരുന്നു) ഞാൻ തന്നെയായിരിക്കും ആ ആൾ. എന്റെ മനസ്സു് പ്രതികാരത്തിനുവേണ്ടി ഉഴറുകയാണു്. ഇന്ത്യൻ ജനതയെ മുസ്ലീങ്ങൾക്കു് അടിയറവെച്ച ഗാന്ധി ഇനി ഒരു നിമിഷം പോലും ജീവിച്ചു കൂടാ. ഇതു് എന്റെ തന്നെ തീരുമാനമാണു്. എങ്കിലും ആപ്തേ, കാർക്കറേ, നിങ്ങളെന്നെ സഹായിക്കണം.
കാർക്കറേ:
തീർച്ച. സവർക്കറുടേയും നമ്മുടെ അണികളുടെയും മുമ്പിൽ നമുക്കു തലകുനിക്കേണ്ടിവരരുതു്.
നാഥുറാം:
എങ്കിൽ ആദ്യം താങ്കൾ ഡെൽഹിക്കു പോകൂ. ഞാനും ആപ്തേയും ഒന്നിച്ചുവരാം. പഴയ ദില്ലി റെയിൽവേ സ്റ്റേഷനു പുറത്തു് ഒരു വാട്ടർ ടാപ്പുണ്ടല്ലോ, എല്ലാ ദിവസവും ഉച്ചയ്ക്ക അവിടെ വന്നു നിൽക്കുക. ഞങ്ങൾ ഡെൽഹിയിലെത്തിയാലുടൻ അവിടെ വരും. നമുക്കൊന്നിച്ചു തന്നെ പോകാമായിരുന്നു, പക്ഷേ, ഒരു നല്ല പിസ്റ്റൾ സംഘടിപ്പിക്കണം. സമയം കുറവാണു്. മർദ്ദനമേറ്റാൽ മദൻലാൽ എല്ലാം തുറന്നു പറഞ്ഞേക്കും. പോലീസിന്റെ വല മുറുകും മുമ്പു് നമുക്കു് നമ്മുടെ ജോലി തീർക്കണം.
മൂവരും:
(കൈചേർത്തുയർത്തി) ഭരതമാതാകീ ജയ്! വീരസവർക്കർ സിന്ദാബാദ്!
പെരുന്നാൾ
images/santhosh-gandhi-4.png

പാട്ടു് (മന്ത്രം പോലെ):

ഉമ്മവെയ്ക്കുക മൂർദ്ധാവിൽ

നിന്നയൽക്കാരെയൊക്കെയും

ക്രിസ്ത്യൻ, മുസ്ലിം, ശിഖൻ, ബുദ്ധൻ,

ഹിന്ദു, പാഴ്സി, നിരീശ്വരൻ,

ഒരേ തായ്ത്തടിയിൽനിന്നു

വിരിഞ്ഞുണ്ടായ ചില്ലകൾ

ഒരേ മണ്ണിൻ നൂറൊരൊറ്റ

ക്കടലിന്നുപ്പുമുണ്ണുവോർ.

ഇതൈക്യത്തിൻ പെരുന്നാൾ, നാം

മാറു മാറോടണയ്ക്കുക.

സ്നേഹത്തിൻ മിഴിനീർപെയ്താ-

ച്ചോരക്കറകൾ മായ്ക്കുക

ഒരേ രക്ത,മൊരേ സ്വപ്നം

ഒരേചുവ,ടൊരേ സ്വരം

ഒരേ മന,മൊരേ ഗാനം

നമുക്കെന്നു സ്മരിക്കുക!

ഇതൈക്യത്തിൻ തിരുനാൾ, നാം

തോളുതോളോടുചേർക്കുക.

(ഡെൽഹിയിൽ നിന്നു ഏഴുനാഴിക അകലെയുള്ള മെഹ്റോളിയിലെ കുവാത്-ഉൽ-ഇസ്ലാം പള്ളി പശ്ചാത്തലത്തിൽ പ്രൊജക്റ്റ് ചെയ്യപ്പെടുന്നു. പള്ളിയിൽ ഒരു ഉത്സവം നടക്കുകയാണ്—പള്ളി പണിത കുത്-ഉദ്-ദീൻ സുൽത്താന്റെ ചരമവാർഷികം. ഹിന്ദുക്കളും മുസ്ലീങ്ങളും ഉത്സവത്തിനെത്തുന്നവരെ കൈപിടിച്ചു കുലുക്കിയും ആശ്ലേഷിച്ചും പൂവിതറിയും മാലയണിയിച്ചും മറ്റും സ്വീകരിക്കുന്നു. സിഖുകാരുടെ കടകളിൽ മുസ്ലീങ്ങൾക്കു് സൗജന്യമായി ചായയും നാരങ്ങാ വെള്ളവും കൊടുക്കുന്നു. ഗാന്ധി ആഭയുടെയും മനുവിന്റേയും തോളിൽ കയ്യിട്ടു് ഈ രംഗം നിരീക്ഷിക്കുന്നു. തുടർന്നു് വികാര തരളിതനായി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു.)
ഗാന്ധി:
പ്രിയജനങ്ങളേ, നിങ്ങളെ ഇങ്ങനെ ശരിക്കും മനുഷ്യരായി കാണുമ്പോൾ എന്റെ മനസ്സു തുള്ളിച്ചാടുന്നു. ഈ സൗഹൃദം നിങ്ങൾ ഇനിയൊരിക്കലും ഭഞ്ജിക്കില്ലെന്നു് ഈ പുണ്യസ്ഥലത്തു വെച്ചു പ്രതിജ്ഞയെടുക്കൂ. ഇന്നലെ ജനുവരി ഇരുപത്തിയാറായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ജനുവരി 26. എങ്കിലും എനിക്കു് കൂടുതൽ ആഹ്ലാദം തോന്നുന്നതു് ഇന്നാണു്. കഴിഞ്ഞുപോയ വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും കാലം ഒരു ദുഃസ്വപ്നം മാത്രമായിരുന്നുവെന്നു് വിശ്വസിക്കുക. മൈത്രിയുടെ ഈ രംഗം കാണാൻ ഞാൻ ജീവിച്ചിരിക്കണമെന്നതു് ദൈവഹിതമായിരുന്നു. ഫെബ്രുവരി 2-നു് പാകിസ്ഥാനിലേയ്ക്കു് യാത്രയാരംഭിക്കണമെന്നു് ഞാനാഗ്രഹിക്കുന്നു. പക്ഷേ, … നാളെ എന്തുണ്ടാവുമെന്നു് ആർക്കറിയാം? എന്തുതന്നെയായാലും ഹക്കുയിനെപ്പോലെ നിർമമനായി ഞാനതു സ്വീകരിക്കുന്നു, ധ്യാനബുദ്ധസന്യാസിയായിരുന്ന ഹക്കുയിനിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? ഹക്കുയിൻ പരിശുദ്ധമായ സന്യാസ ജീവിതം നയിക്കുന്നതിനിടയ്ക്കു് സമീപത്തെ സത്രം നടത്തിപ്പുകാരന്റെ മകൾ ഗർഭിണിയായി. അച്ഛനമ്മമാരുടെ മർദ്ദനം സഹിക്കവയ്യാതെ വന്നപ്പോൾ അവൾ പറഞ്ഞു, ഹക്കുയിൻ സന്യാസിയാണു് കുഞ്ഞിന്റെ അച്ഛൻ എന്നു്. അവർ വന്നു സന്യാസിയെ മുറയ്ക്കു ശകാരിച്ചു. ഹക്കുയിൻ വെറുതേ പുഞ്ചിരിച്ചു ‘ഓഹോ അങ്ങിനെയോ?’ എന്നു ചോദിച്ചതേയുള്ളു. പ്രസവം കഴിഞ്ഞപ്പോൾ കുഞ്ഞിനെ നോക്കുന്ന ചുമതല വീട്ടുകാർ സന്യാസിയെ ഏല്പിച്ചു. കഷ്ടപ്പെട്ടും കടംവാങ്ങിയും അദ്ദേഹം കുഞ്ഞിനെ നോക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ സന്യാസിയുടെ കഷ്ടപ്പാടു് സഹിയ്ക്കവയ്യാതെ കുഞ്ഞിന്റെ അമ്മ നേരു പറഞ്ഞു. ഒരു മീൻ വില്പനക്കാരനായിരുന്നു അതിന്റെ അച്ഛൻ. ഇപ്പോൾ അച്ഛനമ്മമാർക്കു വിഷമമായി. അവർ സന്യാസിയോടു മാപ്പു ചോദിച്ചു് കുഞ്ഞിനെ തിരികേ ചോദിച്ചു. ഹക്കുയിൻ അപ്പോൾ പുഞ്ചിരി വിടാതെ ചോദിച്ചു, ‘ഓഹോ അങ്ങിനെയോ?’ ഞാൻ ഹിന്ദുപക്ഷത്താണെന്നു പറഞ്ഞവരുണ്ടു്. മുസ്ലീം പക്ഷത്താണെന്നു കരുതുന്നവരുമുണ്ടു്. എനിക്കവരോടൊക്കെ ഇതുതന്നെയേ പറയുവാനുള്ളു, ‘ഓഹോ, അങ്ങിനെയോ?’ മനു, ബൈബിൾ വായിക്കൂ.
മനു:
(ബൈബിൾ പകുത്തു് വായിക്കുന്നു.) സർവ്വമനുഷ്യരിൽ നിന്നും സ്വതന്ത്ര്യനെങ്കിലും കൂടുതൽ പേരെ നേടേണ്ടതിന്നു് യഹൂദർക്കു് ഞാൻ യഹൂദനെപ്പോലെയായി. സ്വയം നിയമത്തിനു കീഴിലുള്ളവർക്കു് ഞാൻ നിയമത്തിൻ കീഴിലുള്ളവനേപ്പോലെയായി. നിയമത്തിനു പുറത്തുള്ളവരെ നേടേണ്ടതിനു് നിയമത്തിനു പുറത്തുള്ളവനേപ്പോലെയായി. ഞാൻ ദൈവനിയമത്തിൽ നിന്നു സ്വതന്ത്രനായിരുന്നില്ല, ക്രിസ്തുവിന്റെ നിയമത്തിനു വിധേയനായിരുന്നു. ദുർബലരെ നേടേണ്ടതിനു ദുർബലർക്കു ഞാൻ ദുർബലനായി. എല്ലാ പ്രകാരത്തിലും കുറേപ്പേരെ നേടേണ്ടതിന്നു് എല്ലാവർക്കും ഞാൻ എല്ലാമായി…!! (കൊറിന്ത്യർ 9:13-22) (ഈ സമയത്തു് ബൈബിൾ രംഗങ്ങൾ പ്രൊജക്റ്റ് ചെയ്യാവുന്നതാണു്, തുടർന്നു് കബീർ, തുക്കാറാം, നാനാക്ക്, സൂർദാസ്, മീര, തുടങ്ങിയവരുടെ ചിത്രങ്ങളും ജീവിതരംഗങ്ങളും കാണിക്കാം.)
ഗാന്ധി:
ആഭാ, ഖുർ-ആൻ.
ആഭ:
(ഖുർ-ആൻ പകുത്തു്) “ഒരു വിഭാഗം ജനങ്ങളോടുള്ള വിദ്വേഷം നീതി കാണിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കരുതു്. നിങ്ങൾ നീതി കാണിക്കുക. അതാണു് ഭക്തിയോടു് ഏറ്റവും അടുത്ത മാർഗ്ഗം” (5:9) (പേജുകൾ മറിച്ചു്) “ജനങ്ങളേ, നിങ്ങളെ ഒരേ പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പീഡിതജനവിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയതു് നിങ്ങൾ പരസ്പരം അറിയുന്നതിനു വേണ്ടി മാത്രമാണു്. ” (49:13) (പുസ്തകം അടയ്ക്കുന്നു.)
ഗാന്ധി:
നിങ്ങൾക്കിപ്പോൾ ബോധ്യമായിരിക്കും. ഹിംസ കൊണ്ടു് ഒന്നും നേടാനാവില്ലെന്നു്. റായ്മണ്ട്കാർഷിയേ എന്നൊരു ഫ്രഞ്ചുകാരൻ ഈയ്യിടെ എന്നെ കാണാൻ വന്നിരുന്നു. ഞങ്ങൾ യൂറോപ്പിൽ ഇപ്പോൾ നടക്കുന്ന മഹായുദ്ധത്തെക്കുറിച്ചു സംസാരിച്ചു. ഞാനദ്ദേഹത്തോടു പറഞ്ഞു. ഹിറ്റ്ലറെ നിങ്ങൾ ചെറുക്കുന്നതു് ആയുധബലം കൊണ്ടാണെങ്കിൽ ഒടുവിൽ ജയം നേടുന്നതു് ഹിറ്റ്ലറിസം തന്നെയായിരിക്കുമെന്നു്. ഇല്ല, ഹിംസ കൊണ്ടു നേടുന്ന ഒരു നേട്ടവും സ്ഥായിയായി നിലനിൽക്കില്ല. അതുകൊണ്ടാണു് നീതിക്കു വേണ്ടിപ്പോലും ആയുധമെടുക്കുന്നതിനു് ഞാനെതിരായിയിരിക്കുന്നതു്. മാർഗ്ഗം ലക്ഷ്യത്തെത്തന്നെ പിടികൂടി മറ്റൊന്നാക്കിക്കളയും. ബോൾഷെവിക്കുകളുടെ ലക്ഷ്യത്തോടു് യോജിച്ചപ്പോഴും മാർഗ്ഗത്തോടു് ഞാൻ യോജിക്കാതിരുന്നതു് ഇതു കൊണ്ടാണു്. ആയുധം കൊണ്ടു നേടുന്നതു നിലനിർത്താൻ കൂടുതൽ ആയുധം വേണ്ടിവരും. ആയുധങ്ങൾ പെരുകുമ്പോൾ ഭൂമിയിൽ മനുഷ്യർക്കു് ഇടമില്ലാതാവും. നമുക്കു് എല്ലാത്തരം ഹിംസയിൽ നിന്നും ഭൂമിയെ കാത്തുരക്ഷിക്കുക. (ജനങ്ങൾ കയ്യടിക്കുന്നു. വിവിധമത പ്രതിനിധികൾ ഗാന്ധിയെ ഹാരാർപ്പണം ചെയ്യുന്നു. ഗാന്ധി അവരെ ആശ്ലേഷിക്കുന്നു.)
പള്ളിയുടെ പ്രധാന മൗലവി:
ഇന്ത്യയിലെ മുസ്ലീം ജനത എന്നെന്നും സ്വന്തം രക്ഷകനായി ഗാന്ധിജിയെ ഓർക്കും. ഈ പുണ്യപുരുഷനാണു് ഹിന്ദുമതത്തിന്റെ യഥാർത്ഥ പ്രതിനിധിയെന്നു ഞങ്ങൾ കരുതുന്നു. എല്ലാ മതക്കാരേയും വംശക്കാരേയും ഈ മണ്ണിലേയ്ക്കു സ്വാഗതം ചെയ്തു് എല്ലാവരേയും ഇന്ത്യാക്കാരാക്കിയ മഹത്തായ ഒരു പാരമ്പര്യമാണു് അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളതു്. കബീറിന്റേയും ബാബാ ഫരീദിന്റേയും ബുള്ളേഷായുടേയും മതസമന്വയത്തിന്റെ അവകാശിയാണു് ഗാന്ധിജി. പാകിസ്ഥാനിലേയ്ക്കുള്ള അദ്ദേഹത്തിന്റെ സ്നേഹയാത്രയ്ക്കു് ഞാൻ സർവ്വ മംഗളങ്ങളും നേരുന്നു. അല്ലാഹു ഈ മഹാനെ അനുഗ്രഹിക്കട്ടെ. (കയ്യടി)
ഗാന്ധിജി:
നന്ദി, നന്ദി. (കൈകൂപ്പുന്നു.) നാം ഒരേ വൃക്ഷത്തിന്റെ ഇലകളാണെന്നു് ഒരു സമുദായവും മറക്കാതിരിക്കട്ടെ.
(ആദ്യം ചൊല്ലിയ പാട്ടിന്റെ ഒടുവിലത്തെ ആറുവരികൾ ആവർത്തിക്കപ്പെടുന്നു.)
അവസാനത്തെ അത്താഴം
(പഴയ ദില്ലി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമമുറി, താഴത്തെ തെരുവിൽ നിന്നുള്ള ശബ്ദങ്ങൾ. ഗോദ്സേ ഒരു പെരിമേസൺ നോവൽ വായിച്ചുകൊണ്ടിരിക്കുന്നു. ആപ്തേയും കാർക്കറേയും പ്രവേശിക്കുന്നു.)

ഗോദ്സേ:
അങ്ങനെ പിസ്റ്റൾ റെഡിയായി. (എടുത്തുകാണിക്കുന്നു) നോക്കൂ, “ബെരെറ്റാ” ആണു്. നാളെ ജനുവരി മുപ്പതു്. അഞ്ചു മണിക്കു് ബിർളാ ഹൗസിൽ വെച്ചു തന്നെ.
ആപ്തേ:
ഇക്കുറി താങ്കൾക്കു് തോൽവി പറ്റില്ല. തീർച്ച. ഇന്നലത്തെ പരിശീലനം കണ്ടപ്പോൾ തന്നെ അതു ബോദ്ധ്യമായി. ഗാന്ധിയുടെ ശിരസ്സായി സങ്കൽപിച്ച അതേ സ്ഥാനത്തല്ലേ വെടുയുണ്ടകൾ പതിച്ചതു്? It was perfect.
കാർക്കറേ:
ബിർളാ മന്ദിരത്തിലേയ്ക്കു കടന്നു കിട്ടുന്നതാണു് പ്രശ്നം. അന്നു് മദൻലാൽ ബോബെറിഞ്ഞതു് മണ്ടത്തരമായിപ്പോയി. പോലീസുകാർ ഇപ്പോൾ ജാഗ്രതയായിരിക്കും. ആളുകളെ പരിശോധിച്ചേ പ്രാർത്ഥനായോഗത്തിനു കടത്തിവിടുകയുള്ളൂ.
ഗോദ്സേ:
എനിയ്ക്കു് ഒരാശയം തോന്നുന്നു. നമുക്കു് പഴയ മട്ടിലുള്ള ഒരു മൂന്നുകാലൻപെട്ടി ക്യാമറ സംഘടിപ്പിക്കാം. ഗാന്ധി സംസാരിക്കാൻ തുടങ്ങുമ്പോൾ ഞാനതു മൈക്കിനു മുന്നിൽ വെയ്ക്കാം. ഫോട്ടോ എടുക്കാനാണെന്നേ എല്ലാവരും കരുതൂ. എന്നിട്ടു് ക്യാമറ മൂടുന്ന കറുത്ത തുണിക്കുള്ളിൽ തലകടത്തി പിസ്റ്റൾ തുണിക്കിടയിലൂടെ നീട്ടി ഉപയോഗിക്കാം.
ആപ്തേ:
ആശയം നന്നു്. പക്ഷേ, ഒരു കുഴപ്പം. ഈയ്യിടെയായി അത്തരം ക്യാമറ ആരും ഉപയോഗിക്കാറില്ല. ചെറിയ വിദേശ ക്യാമറകളാണു് ഉപയോഗിക്കാറ്. അപ്പോൾ പോലീസിനു് സംശയമുണ്ടാകാനിടയുണ്ടു്.
കാർക്കറേ:
അതിലും നന്നു് ഗോദ്സേ ഒരു ‘ബുർഖ’ ധരിക്കുകയാണു്. ഗാന്ധിയുടെ പ്രാർത്ഥനാ യോഗങ്ങൾക്കു് ധാരാളം മുസ്ലീം സ്ത്രീകൾ വരാറുണ്ടു്. സ്ത്രീകൾക്കാണെങ്കിൽ ഗാന്ധിയുടെ അടുത്തെത്താൻ പ്രയാസമില്ല. ഒരു മുഖംമുടിയുടെ ഫലവും ചെയ്യും.
ആപ്തേ:
അതുകൊള്ളാം. ഒന്നാംതരം ഐഡിയ.
ഗോദ്സേ:
പക്ഷേ, ഒരു പ്രശ്നമുണ്ടു്. മടക്കുകൾ നിറഞ്ഞ അത്തരം ഉടുപ്പിനുള്ളിൽ കൈകടത്തി പിസ്റ്റെളെടുക്കാൻ വലിയ പ്രയാസമാവും. ഒടുവിൽ ഗാന്ധിയെ വധിക്കാൻ കഴിയില്ലെന്നു തന്നെയല്ല, എന്നെ അവർ മുസ്ലീം സ്ത്രീയുടെ വേഷത്തിൽ അറസ്റ്റു ചെയ്യും. പിന്നെ പിസ്റ്റൾ എന്റെ തന്നെ നെഞ്ചിൽ നിറയൊഴിക്കുകയേ നിവൃത്തിയുള്ളു. അതിലും നല്ലതു് ഇപ്പോൾ ഫാഷനായിട്ടുള്ള ഒരു പട്ടാളക്കോട്ടിടുകയാണു്. അതിന്റെ അടിയിൽ ഷർട്ടും. പിസ്റ്റൾ ഒളിപ്പിക്കാനെളുപ്പമാവും.
കാർക്കറേ:
ഇന്ത്യ മാത്രമല്ല, അമേരിക്കയും അഹിംസാ വ്രതമെടുക്കണമെന്നാണല്ലോ ഗാന്ധി പറയുന്നതു്. കണ്ടില്ലേ! (പത്രം നിവർത്തി വായിക്കുന്നു) ‘മാർഗറററ്ബുർക്കു് വൈറ്റ്’ എന്ന അമേരിക്കൻ വനിതയോടു് അമേരിക്ക അണുബോംബ് ഉണ്ടാക്കരുതെന്നു് ഗാന്ധി നിർദ്ദേശിച്ചിരിക്കുന്നു. ബോംബിനൊന്നും നശിപ്പിക്കാനാകാത്ത ആയുധം അഹിംസ മാത്രമാണെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബാക്രമണമുണ്ടായാൽ തന്റെ ശിഷ്യരോടു് ഭയമില്ലാതെ ഉറച്ചുനിന്നു് മുകളിലേയ്ക്കു നോക്കി ബോംബർ വിമാനത്തിന്റെ പൈലറ്റിനു വേണ്ടി പ്രാർത്ഥിക്കാൻ താനാവശ്യപ്പെടുമെന്നു് ഗാന്ധിജി പറഞ്ഞു.”
ഗോദ്സേ:
(പൊട്ടിച്ചിരിക്കുന്നു) ഹാ ഹാ! ബോംബു വീഴുമ്പോൾ പ്രാർത്ഥന! അതും ശത്രുവിനു വേണ്ടി!
കാർക്കറേ:
തീർന്നില്ല. മറ്റൊരു വാർത്തകൂടിയുണ്ടു്. (വായിക്കുന്നു) “പ്രാർത്ഥനായോഗത്തിൽ വെച്ചു് അതിർത്തിയിൽ നിന്നുള്ള ഹിന്ദുക്കളും സിഖുകാരും ഗാന്ധിജിക്കെതിരെ പ്രതിഷേധമുയർത്തി. ‘നിങ്ങൾ ഞങ്ങളെ നശിപ്പിച്ചു. ഞങ്ങളെ പാട്ടിന്നുവിട്ടു് ഹിമാലയത്തിൽ പോകു’ എന്നു് അവരിലൊരാൾ ഗാന്ധിജിയോടു വിളിച്ചുപറഞ്ഞു.”
ആപ്തേ:
ഗാന്ധി എന്തു് പറഞ്ഞു?
കാർക്കറേ:
ഇതുതന്നെയാണു് എന്റെ ഹിമാലയമെന്നു്.
ഗോദ്സേ:
ശരിതന്നെയാണു്. കിഴവന്റെ നിർവാണം ഇവിടെ വെച്ചുതന്നെയാവും. അതിരിക്കട്ടെ. നമുക്കു് ഇന്നു് ഒന്നാഘോഷിക്കണം. ഇനി നാം എവിടെ വെച്ചുകണ്ടുമുട്ടുമെന്നു് ആർക്കറിയാം.
ആപ്തേ:
ശരിയാണു്. നമുക്കു് ‘ബ്രാന്റൺസി’ൽ നിന്നു് അത്താഴം കഴിക്കാം.
ഗോദ്സേ:
അതു പറ്റില്ല. കാർക്കറേ സസ്യഭുക്കാണല്ലോ. നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ പോകാം. തൈരും മധുര പലഹാരങ്ങളുമെല്ലാം കിട്ടുന്നിടത്തു്.
കാർക്കറേ:
പോകാം. ഒരു സിനിമയും കാണാം. ടാഗൂറിന്റെ ഏതോ കഥ കളിക്കുന്നുണ്ടു്.
ഗോദ്സേ:
നാളെ കാളിയ്ക്കു കാണിയ്ക്കയിട്ടു് വീരശിവാജിയെ വന്ദിച്ചു് ഞാനതുചെയ്യും.
ആപ്തേ (പാടുന്നു):

ചൽ ചൽ ചൽ!

ഊർധ്വഗഗനേ ബാജേ മാദൽ

നിമ്നേ ഉതലാ ധരണീതൽ

അരുൺ പ്രാതേർ തരുൺദൽ

ചർലേ, ചർലേ, ചൽ!

(കൈകോർത്തുപിടിച്ചുപോകുന്നു)

ജനുവരി മുപ്പതു്
images/santhosh-gandhi-5.png

(പിൻ തിരശ്ശീലയിൽ ‘ജനുവരി മുപ്പതു്, 1948’. തുടർന്നു് ചില വാർത്താശീർഷകങ്ങൾ: ‘നെഹ്റുവും പട്ടേലും തെറ്റിപ്പിരിയുന്നു. പട്ടേൽ ഗവൺമെന്റിൽ നിന്നു രാജി വെയ്ക്കുന്നു’. ‘ഡെൽഹിയിൽ തൊഴിലാളികൾ പണിമുടക്കുന്നു’. ‘പ്രാർത്ഥനായോഗത്തിൽ ബോബെറിഞ്ഞ പ്രതി റിമാന്റിൽ’. ‘ഗാന്ധിക്കെതിരെ ഗൂഢാലോചന, സംഘം ഡെൽഹി വിട്ടു’ തുടർന്നു് ക്രിസ്തു കാൽവരി കയറുന്ന ഒരു ഫിലിം ക്ലിപ്പിങ്, പിറകേ അക്ഷരങ്ങൾ, ‘ഞാൻ ഇടയനെ അടിക്കും. ആട്ടിൻ കൂട്ടം ചിതറും’ ഇതെല്ലാം പ്രൊജക്റ്റ് ചെയ്യപ്പെടുമ്പോൾ പിറകിൽ നിന്നു് ബൈബിൾ ഭാഗം മുഴങ്ങുന്നു. (മത്തായി, 27:28–32) “അവർ അവന്റെ വസ്ത്രം അഴിച്ചുമാറ്റി. ഒരു ചുകന്ന പുറം കുപ്പായം അവനെ ധരിപ്പിച്ചു. മുള്ളുകൊണ്ടു് ഒരു കിരീടം മെനഞ്ഞുണ്ടാക്കി അതവന്റെ തലയിൽ വെച്ചു. വലതു കയ്യിൽ ഒരു ഞാങ്ങണക്കോലും പിടിപ്പിച്ചു. പിന്നീടു് അവർ അവന്റെ മുന്നിൽ മുട്ടുകുത്തി പരിഹസിച്ചു പറഞ്ഞു: ‘യഹൂദരുടെ രാജാവേ, സ്വസ്തി!’ അവരവന്റെ മേൽ തുപ്പി; ഞാങ്ങണക്കോൽ വാങ്ങി അവന്റെ തലയ്ക്കടിച്ചു. ഇങ്ങനെ പരിഹസിച്ചശേഷം അവർ പുറങ്കുപ്പായം അഴിച്ചുമാറ്റി. അവന്റെ വസ്ത്രം ധരിപ്പിച്ചു കുരിശിൽ തറയ്ക്കാൻ അവനെ കൊണ്ടുപോയി.”)
പാട്ടു്:

കുളിരിന്റെ കൊമ്പുള്ള ജനുവരിക്കാറ്റിന്റെ

മുതുകേറിയണയുന്നു മരണം

പുതുമണ്ണിൽ, തായ്വേരിൽ, തളിരിലും ചെഞ്ചോര

ചിതറിത്തെറിപ്പിക്കും മരണം.

പുതുമഞ്ഞിൻ പുലരിയിൽ,

സന്ധ്യയിൽ ചാവിന്റെ

മണവുമായണയുന്ന മരണം.

വചനത്തിൽ ഗാനത്തിൽ, മൗനത്തിലും നിറ-

ഞ്ഞുറയും ചിലമ്പുമായ് മരണം.

കുളിരിന്റെ കൊമ്പുള്ള ജനുവരിക്കാറ്റിന്റെ

മുതുകേറിയണയുന്നു മരണം.

(ഗാന്ധി മനുവിന്റെ മടിയിൽ തലവെച്ചു കിടക്കുന്നു. മനു ഗാന്ധിയുടെ നെറ്റി തിരുമ്മുന്നുണ്ടു്.)
ഗാന്ധി:
സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ കോൺഗ്രസ്സ് ഒരു രാഷ്ട്രീയ കക്ഷിയല്ലാതാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതൊരു സേവാസംഘം മാത്രമാകണമായിരുന്നു. പക്ഷേ, അവരാഗ്രഹിക്കുന്നതു് അതല്ല. അവർക്കു് ത്യാഗത്തിന്റെ പ്രതിഫലം കൂടി അനുഭവിക്കണം. ഇന്നലെ രാത്രി മുഴുവൻ ഞാനിരുന്നു് കോൺഗ്രസ്സിന്റെ ഭരണഘടനയുണ്ടാക്കുകയായിരുന്നു. നെഹ്റു ഏല്പിച്ച ജോലിയാണു്. ചെയ്യാതെ പറ്റുമോ? (ചുമയ്ക്കുന്നു).
മനു:
അങ്ങു് വളരെയേറെ ജോലി ചെയ്യുന്നുണ്ടു്. ശരീരത്തെ ഇങ്ങനെ ശിക്ഷിക്കരുതു്.
ഗാന്ധി:
ജീവിച്ചിരിക്കുമ്പോഴല്ലേ പ്രവർത്തിക്കാനൊക്കൂ. എന്നെ വേട്ടയാടുന്ന പ്രശ്നം അതൊന്നുമല്ല. എന്റെ അനുയായികൾ അധികാരക്കൊതിയന്മാരായി മാറിയിരിക്കുന്നു. അവർക്കെന്റെ പേരു മാത്രം മതി; എന്റെ ആദർശങ്ങൾ വേണ്ടാ. സ്വാതന്ത്ര്യത്തിനായി സമരം ചെയ്തവർ തന്നെ അഴിമതിക്കാരായാൽ പിന്നെ ആരാണിന്ത്യയെ രക്ഷിക്കുക? മറ്റു രാഷ്ട്രങ്ങൾക്കു നടുവിൽ എങ്ങനെ ഇന്ത്യ തലയുയർത്തി നടക്കും? (കഠിനമായി ചുമയ്ക്കുന്നു, ചുമ നിലയ്ക്കുന്നില്ല).
മനു:
സുശീല പെനിസിലിൻ ഗുളികകൾ തന്നു പോയിട്ടുണ്ടു്. ഒന്നു തരട്ടേ?
ഗാന്ധി:
വേണ്ടാ (ചുമ) നിനക്കു് രാമനിൽ വിശ്വാസമില്ല അല്ലെ? ഞാൻ രോഗം പിടിപെട്ടാണു് മരിക്കുന്നതെങ്കിൽ ലോകത്തോടു മുഴുവൻ (ചുമ) നീ വിളിച്ചുപറയണം, ഞാനൊരു കപട മഹാത്മാവായിരുന്നെന്നു്. എങ്കിലേ എനിക്കു് ആത്മശാന്തി ലഭിക്കൂ. ഞാൻ വെടിയേറ്റ് ദൈവനാമം ജപിച്ചു് വീണു മരിക്കുന്നുവെങ്കിൽ മാത്രം നീ എന്നെ ഒരു യഥാർത്ഥ മഹാത്മാവെന്നു വിളിക്കുക. അതിനുള്ള ശക്തി എനിക്കു നൽകാൻ പ്രാർത്ഥിക്കൂ. ലോകത്തിന്റെ പൂന്തോട്ടത്തിൽ വസന്തം നീണ്ടു നിൽക്കില്ലെന്നല്ലേ കവി പറയുന്നതു്? ജീവിച്ചിരിക്കുമ്പോൾ നിയന്ത്രണം പാടില്ല. ആ പാട്ടൊന്നു് പാടൂ മനു.
മനു:

വിശ്രമമരുതേ പോരാളി, അതി-

ഹ്രസ്വം ഭൂമിയിൽ വാസം!

വിശ്രമമരുതേ തേരാളി, അതി-

ദീർഘം ദുർഗ്ഗമമീ മാർഗ്ഗം.

ഗാന്ധി:
‘ധർമ്മപദ’ത്തിൽ ബുദ്ധൻ ഇതുപോലെന്തോ പറയുന്നില്ലേ?
മനു:

“രാത്രി കാവൽക്കാരനെത്ര ദീർഘം, ക്ഷീണ

യാത്രികന്നോ പഥം ദീർഘം

ധീരന്നു മിന്നൽപ്പിണർ പോലെ ജീവിതം,

പാതിരാ ഭീരുവിന്നെന്നും!”

ഗാന്ധി:
ഏറെ ജോലികൾ എനിക്കു ബാക്കിയാണു്. അതെല്ലാം ചെയ്തുതീർക്കാൻ ഈശ്വരൻ എന്നെ അനുവദിക്കുമോ? സുശീല പാകിസ്ഥാനിൽ നിന്നു് മടങ്ങിയെത്തില്ല. പട്ടേലിനോടു് നെഹ്റുവുമായി ഒത്തുപോകണമെന്നു് ഞാനുപദേശിച്ചിട്ടുണ്ടു്.
(ഒരു പത്രപ്രവർത്തകൻ കടന്നുവരുന്നു)
പത്രം:
ഒരഭിമുഖത്തിനു സമയമനുവദിച്ചിരുന്നു.
ഗാന്ധി:
അഞ്ചു മിനിറ്റെടുക്കാം.
പത്രം:
അങ്ങു് മുസ്ലീങ്ങളുടെ പക്ഷം ചേരുന്നുവെന്നു് ആരോപണമുണ്ടല്ലോ.
ഗാന്ധി:
ന്യൂനപക്ഷത്തിനു് ഒരു ഭീതിയും കൂടാതെ ജീവിക്കാൻ കഴിയുന്ന രാഷ്ട്രമാണു് ജനാധിപത്യരാഷ്ട്രം. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തിലല്ല ന്യൂനപക്ഷത്തിന്റെ സുരക്ഷിതത്വത്തിലാണു് അതിന്റെ കാതൽ.
പത്രം:
പ്രാർത്ഥനായോഗങ്ങളിൽ അങ്ങു് ഖുർ-ആൻ വായിക്കുന്നതു് ഹിന്ദുക്കളെ വ്രണപ്പെടുത്തുകയില്ലേ?
ഗാന്ധി:
അവർ കപട ഹിന്ദുക്കളാണു്. ഖുർ-ആൻ പദ്യങ്ങളുടെ ഹിന്ദി പരിഭാഷ ചൊല്ലുമ്പോൾ ആരും എതിർക്കുന്നില്ല. അറബിയോടാണു് വിരോധം. ഗുരുനാനാക്ക് സത്യം തേടി അറേബ്യയിൽ പോയ ആളാണു്. നമ്മുടെ നൂറ്റിയെട്ടു് ഉപനിഷത്തുകളിൽ ഒന്നിന്റെ പേരു് ‘ആള്ളോപനിഷതു്’ എന്നാണു്. രാമനും റഹീമും എനിക്കൊന്നു തന്നെ. ഇതു് കബീറിന്റേയും രാമകൃഷ്ണന്റേയും നാടാണെന്നു് നാം മറക്കുന്നു.
പത്രം:
അപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നാണോ പറഞ്ഞുവരുന്നതു്?
ഗാന്ധി:
ഹിന്ദു രാഷ്ട്രമോ? ഇവിടെ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണു്. വാസ്തവത്തിൽ എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുണ്ടു്. മതത്തിനു് ഓരോരുത്തരും നൽകുന്ന അർത്ഥം വ്യത്യസ്തമാണു്. ഓരോരുത്തർക്കും ഇഷ്ടമുള്ള മതം പിന്തുടരാം. മതമില്ലാതെയും ജീവിക്കാം. പൊതുനിയമങ്ങളെ അവർ ലംഘിക്കരുതെന്നു മാത്രം. ഇന്ത്യയിൽ പണ്ടുമുതലേ എത്രയോ ചിന്താധാരകൾ നിലവിലിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ കാതൽ ഈ നാനാത്വമാണു്. അതു നശിച്ചാൽ ജനാധിപത്യം നശിച്ചു.
പത്രം:
ഇന്ത്യൻ സംസ്കാരം ഹൈന്ദവസംസ്കാരം തന്നെയല്ലേ?
ഗാന്ധി:
പ്രശ്നം വാക്കുകളുടെയല്ല. നമുക്കു് ചരിത്രത്തെ പിറകോട്ടു് കൊണ്ടുപോകാനാവില്ല. ഇന്ത്യയിൽ ഒരു മതം മാത്രമുണ്ടായ കാലമേ ഉണ്ടായിട്ടില്ല. ഹിന്ദുരാഷ്ട്രവാദികളുടെ വേഷം കെട്ടി ചരിത്രം തിരുത്താനും അക്രമം നടത്താനും ഒരുങ്ങുന്നവർ ഹിന്ദുമതത്തിനു് തീരാക്കളങ്കമാണു്. (പോക്കറ്റ് വാച്ചുനോക്കി) സമയം കഴിഞ്ഞു. (മനുവിനോടു്) മനു, ഇന്നു വായിക്കുന്ന ബൈബിൾ ഭാഗമേതാണു്?
മനു:
(ബൈബിൾ പകുത്തു് വായിക്കുന്നു) “രണ്ടാം പ്രാവശ്യവും അവൻ പോയി പ്രാർത്ഥിച്ചു. “എന്റെ പിതാവേ, ഞാനിതു കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോവുക സാദ്ധ്യമല്ലെങ്കിൽ നിന്റെ ഇഷ്ടം നിറവേറട്ടെ!” അവൻ വീണ്ടും ശിഷ്യന്മാരുടെ അരികിൽ വന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. കാരണം അവരുടെ കണ്ണുകളിൽ നിദ്രാഭാരം തങ്ങിനിന്നിരുന്നു. അതുകൊണ്ടു് അവൻ അവരെ വിട്ടു് മൂന്നാം പ്രാവശ്യവും പോയി അതേ വാക്കുകൾ തന്നെ ആവർത്തിച്ചു പ്രാർത്ഥിച്ചു. തുടർന്നു് അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു പറഞ്ഞു. ‘നിങ്ങൾ ഇപ്പോഴും ഉറങ്ങിവിശ്രമിക്കുന്നുവോ? ഇതാ സമയമായി. മനുഷ്യപുത്രൻ പാപികളുടെ കയ്യിലേയ്ക്കു് ഒറ്റിക്കൊടുക്കപ്പെടാൻ പോകുന്നു! എഴുന്നേൽക്കൂ. നമുക്കു് പോകാം! ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു.”
ഗാന്ധി:
തുക്കാറാമിന്റെ ചില വരികളാണോർമ്മ വരുന്നതു്.
പാട്ടു്:

നീലവാനു പിളർന്നുവന്നൊരു

ധൂമകേതുവിൽ നിന്റെ വീടു തകർന്നു വീഴുമ്പോൾ,

തീരുമാനിക്കൂ, ദൈവം വരികയായ്

നിന്നരികിലെന്നു്.

വൻദുരന്തമുയർന്നു നിന്നെത്തൂത്തുമായ്ക്കുമ്പോൾ

കേവലം ദൈവവും നീയും ബാക്കിയാകുമ്പോൾ

തീരുമാനിക്കൂ, ദൈവം വരികയായ്

നിന്നരികിലെന്നു്.

നുണകളെന്നെന്നേയ്ക്കുമൂരിയെറിഞ്ഞു നിന്നുടെ

വചനമാകെ നഗ്നമാകുമ്പോൾ

തീരുമാനിക്കൂ, ദൈവം വരികയായ്

നിന്നരികിലെന്നു്.

നൂറുനൂറായ് നിന്റെ ജീവൻ വീണുടഞ്ഞെങ്കിൽ,

വീണ്ടുമൊന്നായ് കൂട്ടിവെയ്ക്കാൻ

വഴിയുമില്ലെങ്കിൽ,

തീരുമാനിക്കൂ, ദൈവം വരികയായ്

നിന്നരികിലെന്നു്.

ആശയൊക്കെയുമറ്റുവെങ്കിൽ,

സ്വന്തമെന്നുപറഞ്ഞിടാനായൊന്നു-

മില്ലാതായിയെങ്കിൽ,

തീരുമാനിക്കൂ, ദൈവം വരികയായ്

നിന്നരികിലെന്നു്.

ഉലകമാകെ നിനക്കു മുമ്പിൽ

പടികൾകൊട്ടിയടച്ചുവെങ്കിൽ

അപ്പൊഴും നിൻ വചനചാതുരി

നിർഭയം നിന്നൊപ്പമെങ്കിൽ,

തീരുമാനിക്കൂ ദൈവം വരികയായ്

നിന്നരികിലെന്നു്.

ഗാന്ധി:
അതെ, ദൈവം എന്റെയരികിൽ വരികയായി.
(രംഗം ഒന്നു മങ്ങിത്തെളിയുമ്പോൾ ഗാന്ധി ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്നു. ഗോദ്സേ, കാക്കിവേഷത്തിൽ, അദ്ദേഹത്തിന്നഭിമുഖമായി നിന്നു് ‘നമസ്തേ ഗാന്ധിജി’ എന്നു പറഞ്ഞു് കുനിയുന്നു.)
മനു:
(മുന്നോട്ടുവന്നു്) സഹോദരാ, ഇപ്പോൾത്തന്നെ ബാപ്പുവിനു് നേരം വൈകി. മാറൂ.
ഗോദ്സേ:
(മനുവിനെ ഇടതുകൈകൊണ്ടു് തള്ളിമാറ്റുന്നു. വലതുകയ്യിൽ കറുത്ത പിസ്റ്റൾ. മൂന്നുതവണ വെടിപൊട്ടുന്നു. ഗാന്ധിയുടെ പുതപ്പിലും നെഞ്ചിലും രക്തം. ഗാന്ധി പതുക്കെ മുന്നോട്ടാഞ്ഞു് ‘ഹേ, റാം!’ എന്നുച്ചരിച്ചുകൊണ്ടു് മുന്നോട്ടു വീഴുന്നു. രംഗം ഇരുട്ടിൽ. പിറകിൽ നിന്നു് ‘ഹേ റാം!’ എന്ന നിലവിളിയുടെ പ്രതിധ്വനികൾ. ‘ഏലി, ഏലി, ലമാസബക്താനി’ എന്ന നിലവിളി അതിൽ കലരുന്നു. തുടർന്ന്: “എടുത്തുഭക്ഷിക്കുക. ഇതെന്റെ ശരീരമാകുന്നു. ഇതിൽ നിന്നു് കുടിക്കുക. ഇതെന്റെ രക്തമാകുന്നു. അനേകർക്കു വേണ്ടി പാപമോചനത്തിനായി ചിന്തപ്പെടുന്നതും പുതിയ ഉടമ്പടിയുടേതുമായ എന്റെ രക്തം.”)
അന്ത്യരംഗം ഉയിർത്തെഴുന്നേല്പു്
(‘പൂർവ്വരംഗ’ത്തിൽ കണ്ട പീഠത്തിൽ ഗാന്ധി ‘പ്രതിമ’. ഇരുട്ടാണു്. പ്രകാശം പ്രതിമയുടെ മുഖത്തു മാത്രം. ക്രമേണ അതു് താഴെ മുട്ടുകുത്തി നിൽക്കുന്ന ഒരാളെ പ്രത്യക്ഷമാക്കുന്നു.)

മുട്ടുകുത്തിനിൽക്കുന്നയാൾ:
(വെളിച്ചത്തിൽനിന്നു് മുഖം മറച്ചുകൊണ്ടു്) വേണ്ട, വേണ്ട. ഞങ്ങൾക്കു് വെളിച്ചത്തെ ഭയമാണു്. ഞങ്ങൾ കൂരിരുളിന്റെ പുരോഹിതർ. മൃത്യുവിന്റെ കാമുകർ. ഞങ്ങളുടെ പൂന്തോപ്പുകളിൽ കറുത്ത പൂക്കൾ മാത്രം വിടരുന്നു. ഞങ്ങൾ കണ്ട മഴവില്ലുകളെല്ലാം കഴുകന്മാരായിരുന്നു. ഞങ്ങളുടെ വഴികാട്ടികൾ ഞങ്ങളെ മരുഭൂമിയിലാണെത്തിച്ചതു്. എല്ലാ ദൈവദൂതരും ചെകുത്താനുമായി രഹസ്യധാരണകളുണ്ടാക്കി കഴിഞ്ഞു. ഇല്ല, പവിത്രമായി ഒന്നുമിവിടെ ബാക്കിയില്ല.
മറ്റൊരാൾ (പ്രവേശിച്ചു്):
വരരുതേ, ബാപ്പൂ. ഞങ്ങൾ ഇരകൾ, കൊടുങ്കാറ്റിൽ ഭൂകമ്പത്തിൽ, പ്രളയത്തിൽ വീണടിയുന്ന ഞങ്ങളുടെ കൂരകളിൽകിടന്നു് ഞങ്ങൾ അഴുകുന്നതു് കാണാൻ വരരുതേ.
ഒരു സ്ത്രീ:
ഭൂപ്രഭുവിനും വ്യവസായിക്കും വെള്ളവും വൈദ്യുതിയും നൽകാനായി അണക്കെട്ടുയരുമ്പോൾ താഴ്‌വരകളിലെ ഞങ്ങളുടെ കൃഷിയിടവും കിടപ്പാടവും ഒലിച്ചുപോകുന്നതു കാണാൻ—വരരുതേ, വരരുതേ.
മറ്റൊരുസ്ത്രീ:
കാടെല്ലാം വെട്ടിനിരത്തി ഞങ്ങളുടെ ചോറും വിറകും തട്ടിപ്പറിച്ച കള്ളന്മാർ ഞങ്ങളുടെ ആത്മാക്കളെ ഒരു കുപ്പി കള്ളിനും പെൺമക്കളെ ഒരു തുണ്ടു തുണിക്കും വാങ്ങുന്നതു കാണാൻ—വരരുതേ, വരരുതേ.
ഒരന്ധൻ:
നിയമപാലകർ കുരുടനാക്കിയ എന്നെ—
മറ്റൊരന്ധൻ:
തൊഴിൽശാലയിലെ വിഷവാതകം കുരുടനാക്കിയ എന്നെ—
ഒരു സ്ത്രീ:
വിഭജനത്തിന്റെ വടുക്കളും പേറി ചേരിയിൽ നിന്നു് ചേരിയിലേക്കു് ആട്ടിപ്പായിക്കപ്പെട്ടു് ഒടുവിൽ ഏതോ ദൈവത്തിന്റെ പേരിൽ എന്റെ കുട്ടികൾ എന്റെ മുന്നിൽ വെച്ചു് മാനഭംഗം ചെയ്യപ്പെടുന്നതു് കണ്ടുനിൽക്കാൻ മാത്രം കണ്ണുകളുണ്ടായ എന്നെ—
ഒരു കർഷകൻ:
യജമാനന്മാർക്കു് ഫാക്ടറി വെയ്ക്കാനായി എന്റെ തുണ്ടു പുരയിടത്തിൽ നിന്നു് തെരുവിലെ വെയിലിലേക്കു് വലിച്ചെറിയപ്പെട്ട എന്നെ—
ഒരുകൈതൊഴിൽകാരൻ:
അതേ ഫാക്ടറി വന്നതുകൊണ്ടു് ആകെ അറിയാവുന്ന കുലത്തൊഴിൽ നഷ്ടപ്പെട്ട എന്നെ—
ഒരു ദളിതൻ:
മൂവായിരം വർഷത്തെ പീഡനത്തിനുശേഷം എണീറ്റുനിൽക്കാനുള്ള ആദ്യത്തെ ശ്രമത്തിൽ തന്നെ തളർന്നുപോകുന്ന എന്നെ—
മുട്ടുകുത്തിനിൽക്കുന്നയാൾ:
വേണ്ടാ, വേണ്ടാ. അങ്ങാരേയും കാണരുതു്. ഈ സ്വരാജിന്റെ മുഖം അങ്ങു കാണരുതു്. വീണ്ടും ലോകം മുഴുവൻ കീഴ്പ്പെടുത്തിയ സാമ്രാജ്യത്വത്തിനെതിരെ ഒരിക്കൽ കൂടി പട നയിക്കാൻ ഞങ്ങളങ്ങയോടാവശ്യപ്പെടുകയില്ല. ഒരിക്കൽ കൂടി നിസ്വനായി ജീവിക്കാൻ, സഹിക്കാൻ, വെടിയേറ്റു മരിക്കാൻ—വേണ്ടാ, വേണ്ടാ.
(ഇരുട്ടു് വീണ്ടും. വെളിച്ചം വരുമ്പോൾ അഞ്ചു കുട്ടികൾ മാത്രം വെളിച്ചത്തിൽ)
കുട്ടികൾ (ഒന്നിച്ചു്):
പോയ തലമുറ അനാഥരാക്കിയ കുഞ്ഞുങ്ങളാണു് ഞങ്ങൾ.
ഒരുകുട്ടി:
മുലപ്പാലിനുപകരം ഉരുകിയ ലോഹം കുടിച്ചുവളർന്നവർ
രണ്ടു്:
പൂക്കൾക്കു പകരം തോക്കുകൾ കളിപ്പാട്ടമായി കിട്ടിയവർ
മൂന്ന്:
മുതുകിൽ കെട്ടിവെച്ച മുലക്കുപ്പിയുമായി ചോരയിൽ വലിച്ചെറിയപ്പെട്ടവർ
നാല്:
അമ്മയുടെ നടുക്കത്തിൽ നിന്നുമാത്രം അച്ഛനാരെന്നു് ഊഹിക്കേണ്ടവർ.
അഞ്ച്:
സ്വാതന്ത്ര്യപ്രേമികളുടെ തടവറകളിൽ പിടഞ്ഞു മരിച്ചവരുടെ കുഞ്ഞുങ്ങൾ
ഒന്ന്:
അധികാരത്തിന്റെ അടർക്കളങ്ങളിൽ നിന്നു കത്തിപ്പിടിച്ച ഉടുപ്പുകളുമായി ഓടിപ്പോന്നവർ
ഒന്നിച്ച്:
ബാപ്പൂ, വരൂ, ഞങ്ങൾക്കു് വിശുദ്ധനായൊരു വഴികാട്ടിയെ ആവശ്യമുണ്ടു്.
(പിറകിൽ: “അവർ ഭയപ്പെട്ടു് മുഖംകുനിച്ചപ്പോൾ ആ പുരുഷന്മാർ പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ മരിച്ചവർക്കിടയിൽ തിരയുന്നതെന്തു്? അവൻ ഇവിടെ ഇല്ല. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.”)

(പ്രകാശം. ‘പ്രതിമ’യുടെ ശൂന്യമായ പീഠം കാണിക്കുന്നു. ‘പ്രതിമ’ ഇപ്പോൾ കുട്ടികളുടെ തോളിൽ കയ്യിട്ടു് പതുക്കെ നടക്കുകയാണു്. പിറകിൽനിന്ന്:)

ഞങ്ങൾ വരും

ഒരു പുതിയ തലമുറ

ചക്രവർത്തിയുടെ മേൽമീശയും യുദ്ധമുദ്രകളുമായല്ല

ഭൂഖണ്ഡങ്ങളിലെ കണ്ണീർ പ്രവാഹങ്ങളിൽനിന്നു്

ഊറ്റിയെടുത്ത രോഷത്തിന്റെ വൈദ്യുതിയുമായി വരും

അയൽക്കാരന്റെ സ്വാതന്ത്ര്യത്തിനുമീതേ

ഉരുളുന്ന പീരങ്കിയായല്ല ഞങ്ങൾ വരിക

നെടുവീർപ്പുകളുടെ കുതിരപ്പുറത്തു്

നീതിയുടെ ദൂതുമായി വരും

കൊലപാതകിയുടെ വാൾത്തിളക്കവും

ചാരന്റെ വിഷം നിറച്ച മൗനവുമായല്ല ഞങ്ങൾ വരിക

അനാഥനിൽ നിന്നു് അനാഥനിലേക്കു്

കൈമാറപ്പെടുന്ന

രഹസ്യസ്വപ്നമായി വരും

കറുത്തവനും കറുത്തവനും ആശ്ലേഷിച്ചുണ്ടാകുന്ന

വർണ്ണമഹിമയെ ചാമ്പലാക്കുന്ന ഇടിമിന്നലായിവരും

സ്ത്രീസ്ത്രീയുടെ കാതിൽ മന്ത്രിക്കുന്ന വൃഥകളുടെ

തിരമാലകളിൽനിന്നു്

ഞങ്ങൾ അമൃതുപോലെ പൊന്തിവരും

വെടിയേറ്റ കുഞ്ഞിന്റെ കയ്യിൽനിന്നു് തെറിച്ചുവീണ

കളിപ്പാട്ടം പോലെ ചിതറിപ്പോയ

ഞങ്ങളുടെ നാടുകളിൽ നിന്നു്

ഞങ്ങൾ പരസ്പരം മൂറിപ്പാടുകൾ നിറഞ്ഞകൈനീട്ടും

ഇല്ല, സ്വർണ്ണത്തിന്റേയും ദുരധികാരത്തിന്റേയും പകൽ

നീണ്ടുനിൽക്കുകയില്ല

അഭയാർത്ഥികളുടേയും അനാഥന്റേയും

രാത്രിയും നീണ്ടുനിൽക്കുകയില്ല

ഞങ്ങൾ ഭൂമിയെ അവകാശമാക്കും

തത്തകൾക്കും മണ്ണിരകൾക്കും

ഒലീവുമരങ്ങൾക്കുമൊപ്പം

ഞങ്ങൾ.

((ഫ്ളൂട്ട്) ഗാന്ധിയോടൊപ്പം കുട്ടികൾ പീഠത്തെച്ചുറ്റി പിൻതിരിഞ്ഞു നിൽക്കുന്നു)

കർട്ടൻ

images/santhosh-gandhi-3.png

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രങ്ങൾ: മധുസൂദനൻ, വി. ആർ. സന്തോഷ്

സച്ചിദാനന്ദന്‍
images/satchi.jpg
സച്ചിദാനന്ദൻ

മലയാളത്തിലെ പ്രമുഖ കവിയായ സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946) തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010–ൽ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് മറന്നു വച്ച വസ്തുക്കൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു.

ജീവിതരേഖ

സച്ചിദാനന്ദന്‍ തർജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങൾ രചിച്ചു. തന്റെ തനതായ ശൈലിയിലൂടെ, വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ, കേരളത്തിലെ സാഹിത്യ പ്രേമികൾക്കു പരിചയപ്പെടുത്തി. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേർസിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസ്സറും വകുപ്പു മേധാവിയും.

കൃതികൾ

എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം, അഞ്ചു സൂര്യൻ, പീഡനകാലം, വേനൽമഴ, തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങൾ; 1965 മുതൽ 2005 വരെ എഴുതിയ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങളായ അകം, മൊഴി എന്നിവ; കവിതയും ജനതയും, അന്വേഷണങ്ങൾ, പാബ്ലോ നെരൂദാ എന്നീ പഠനങ്ങള്‍; കുരുക്ഷേത്രം, സംവാദങ്ങൾ സമീപനങ്ങൾ, സംസ്കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങൾ, മാർക്സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര, തുടങ്ങിയ ലേഖനസമാഹാരങ്ങൾ എന്നിവ പ്രധാന കൃതികളാണ്.

(വിക്കിപ്പീഡിയയോട് കടപ്പാട്)

Colophon

Title: Gandhi (ml: ഗാന്ധി).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-02.

Deafult language: ml, Malayalam.

Keywords: Drama, K. Satchidanandan, Gandhi, കെ. സച്ചിദാനന്ദന്‍, ഗാന്ധി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 17, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Flood in the Village, a painting by Arseny Meshchersky (1834–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.