“നമ്മള് കാട്ടിലോട്ടു് കേറുകയാണന്നു് തോന്നുന്നു. പിന്നേ മോൾക്കൊന്നു്…” ഒന്നാം കല്ലിൽ വണ്ടിയെത്തിയപ്പോൾ ബിജി ബാലചന്ദ്രന്റെ കൈയിൽ നുള്ളി. ബാലചന്ദ്രൻ വണ്ടി വശത്തോട്ടൊതുക്കി. റോഡിലൂടെ പോകുന്നവർക്കു് പെട്ടെന്നു് കാണാൻ കഴിയാത്ത വിധം കുറ്റിച്ചെടികൾ കൊണ്ടു് മറയുള്ള ഒരു സ്ഥലത്തു് കാർ നിർത്തി പുറത്തേയ്ക്കിറങ്ങി പരിസരമൊക്കെ വിശദമായി നോക്കിയിട്ടു് ഇടതു വശത്തെ രണ്ടു് ഡോറും അയാൾ മുഴുവനായി തുറന്നിട്ടു.
“വന്യമൃഗങ്ങളുള്ള സ്ഥലമാണു്. വേഗമാവട്ടെ. ഡോറിനിടയിലേയ്ക്കു് ഇരുന്നോളൂ തൽക്കാലം. ആരും കാണാനില്ലിവിടെ.”
അമ്മയും മോളും കാറിൽ നിന്നുമിറങ്ങി. സിഗററ്റിനു് തീകൊളുത്തി ബാലചന്ദ്രൻ റോഡരുകിലേയ്ക്കു് നടന്നു. കറുത്ത കാടിനോടു് ലയിച്ചു് കിടന്ന റോഡിന്റെ വശങ്ങൾ വെള്ള ഫ്ലൂറസന്റ് പെയിന്റിൽ തിളങ്ങി. കോളേജ് വിദ്യാർത്ഥികളേയും വഹിച്ചുകൊണ്ടുള്ള ഒരു ടൂറിസ്റ്റ് ബസ്സ് കാടിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ടു് പാഞ്ഞുപോയി. ഒന്നാം കല്ലിൽ ഒറ്റയ്ക്കു് ഇറങ്ങി നിൽക്കുന്നതിന്റെ ഭീതി ബാലചന്ദ്രനിലേയ്ക്കു് പതുക്കെ അരിച്ചിറങ്ങി.
അന്നേരം മോളുടെ ഉച്ചത്തിലുള്ള നിലവിളി ഉണ്ടായി. സിഗററ്റ് വലിച്ചെറിഞ്ഞു് ബാലചന്ദ്രൻ വണ്ടിക്കരുകിലേയ്ക്കു് ഓടിയെത്തി. അമ്മയും മോളും വണ്ടിയ്ക്കകത്തു് കയറി ഡോർ അടച്ചിരിക്കുന്നു. പൊടിഞ്ഞു വരുന്ന വിയർപ്പുകണങ്ങൾ നെറ്റിയുടെ വശങ്ങളിലൂടെ താഴോട്ടു് ഒഴുകിയതു് മോൾ കൈലേസു കൊണ്ടു് തുടയ്ക്കുന്നുണ്ടായിരുന്നു.
“വേഗം വണ്ടിയെടുക്കു്…” ബിജിയുടെ ശബ്ദത്തിലെ പകർച്ച കണ്ടു് എന്താണു് സംഭവിച്ചെതെന്നു് ചോദിക്കാതെ ബാലചന്ദ്രൻ വണ്ടി ഇരപ്പിച്ചു് റോഡിലേയ്ക്കു് കയറ്റി.
‘വന്യമൃഗങ്ങളുണ്ടു് സൂക്ഷിക്കുക’ എന്നെഴുതിയ ബോർഡിൽ ഇടിച്ചു് ഒരു ജീപ്പ് തൊട്ടുമുന്നിൽ റോഡിലേയ്ക്കു് ചരിഞ്ഞു് കിടക്കുന്നു. ബാലചന്ദ്രൻ വണ്ടി ധൃതിയിൽ വെട്ടിച്ചു. സുരക്ഷിതമായൊരു ദൂരം പിന്നിട്ടപ്പോൾ അയാൾ ചോദിച്ചു.
“എന്താ വല്ല പുലിയോ കരടിയോ വന്നോ? രണ്ടുപേരും ഇത്രയ്ക്കു് പേടിക്കാൻ…”
“പൊന്തക്കാടിനിടയിൽ ഒരു പെണ്ണു് കിടക്കുന്നതുപോലെ…” മോളുടെ ശബ്ദത്തിനു് വിറയലുണ്ടായിരുന്നു.
“ആരൊക്കെയോ ഓടുന്നതുപോലെ എനിക്കും തോന്നി.” ബിജിയും പറഞ്ഞു.
മഴ ചാറാൻ തുടങ്ങിയിരുന്നു. സാപൂത്തരയിലേയ്ക്കുള്ള വഴി കാണിച്ചുകൊണ്ടുള്ള പച്ച ബോർഡ് റോഡിനു മുകളിൽ കണ്ടു. “ഇനീം അൻപതു് കിലോമീറ്ററുണ്ടു് സാപൂത്തരയ്ക്കു്.” ബാലചന്ദ്രൻ ബോർഡിലേയ്ക്കു് കൈ ചൂണ്ടി. “അമ്മ കണ്ടാരുന്നോ ആ ഇലകൾക്കിടയിലെ കണ്ണുകൾ…”
“മലയും കൊക്കയുമൊക്കെ ഉള്ള സ്ഥലമാണു് കുട്ടീ. ശ്രദ്ധ തെറ്റിയാൽ തീർന്നു മൂന്നു് പേരും. നമ്മുക്കു് വേറെയെന്തെങ്കിലും സംസാരിക്കാം.” ബിജി കാറിന്റെ ഗ്ലാസ് താഴ്ത്തി. കാടിന്റെ മണമുള്ള തണുത്ത കാറ്റപ്പോൾ വണ്ടിയ്ക്കുള്ളിലേയ്ക്കു് അടിച്ചു് കയറി.
സ്റ്റിയറിങ്ങ് വീലിൽ വിരൽ തട്ടി ബാലചന്ദ്രൻ വിഷയം മാറ്റാനുള്ള ശ്രമം തുടങ്ങി. “ഞാൻ നല്ലൊരു കഥ പറയാം. തനി നാടൻ കഥ. രണ്ടാൾക്കും ഒരു ചെയ്ഞ്ച് ആകും. എന്തേ…?”
“പേടിച്ചു് ശ്വാസം മുട്ടുമ്പോഴാണു് നിങ്ങൾടെ ഒരു ഫണ്ണി നൊസ്റ്റാൾജിയ…”
“എങ്കിൽ അമ്മയും മോളും കൂടി എന്നെ വെറും ഡ്രൈവറാക്കിക്കോളൂ” ബാലചന്ദ്രൻ ആക്സിലറേറ്ററിൽ അമർത്തി ചവിട്ടി.
***
ചുവന്ന മണ്ണുള്ള വേനലിൽ നിന്നും മൺസൂണിലേയ്ക്കെത്തിയാൽ സാപൂത്തരയ്ക്കു് പുതിയൊരു ഭാവമാണു്. ഭർത്താവിന്റെ വീട്ടിലേയ്ക്കു് പോകാൻ തയ്യാറെടുക്കുന്ന പ്രണയിനിയെപ്പോലെ പ്രകൃതി മാറും. മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന നാമ്പുകൾ പച്ചപ്പു് പുറത്തേയ്ക്കു് നീട്ടും. വേനൽ എടുത്തുകൊണ്ടുപോയ നീരുറവകളൊക്കെ മനോഹരമായ വെള്ളിച്ചാലുകളായി റോഡിനിരുവശവും മലനിരകളിൽ നിന്നും താഴേക്കു് പതിക്കുന്ന ദൃശ്യം അതിമനോഹരമാണു്. പച്ചപുതയ്ക്കുന്ന മലനിരകളിൽ വീഴുന്ന മഴത്തുള്ളികളിലൂടെ നടന്നു് മലയുടെ മുകളിലെത്തുമ്പോൾ ശുദ്ധവായുവിന്റെ ശക്തിയെന്താണന്നു് അറിയാൻ കഴിയും. ശരീരത്തിനു് പുതിയൊരു ഉണർവുണ്ടാകും. മഴമേഘങ്ങൾ സാപൂത്തര മലനിരകളെ തൊട്ടുരുമ്മി നീങ്ങുന്ന ഒരു മൺസൂൺ കാലത്തായിരുന്നു ആദ്യമായി ബിജിയുമായി അവിടെ എത്തിയതു്. മോളുണ്ടാവുന്നതിനു് മുന്നേയായിരുന്നു അതു്. മലയുടെ ആളൊഴിഞ്ഞൊരു തട്ടിൽ പലനിറത്തിലുള്ള ബെറികൾ കുലച്ചു് നിൽക്കുന്ന ഒരു ഭാഗത്തായിരുന്നു അന്നു് അവരിരുന്നതു്. തണുത്ത കാറ്റടിച്ചു് ശരീരം കുളിർന്നപ്പോൾ ബാലചന്ദ്രനു് വല്ലാത്ത മൂത്രശങ്ക തോന്നി.
“എന്താ ചെയ്ക… ഈ മലയുടെ മുകളിൽ…? താഴെ വരെ പോണേലു് ഒരു പണി ആകും.”
“മഴയല്ലേ, ആരുമറിയില്ല അവിടെ നിന്നങ്ങ് സാധിച്ചോളൂ.” ബിജി ധൈര്യം കൊടുത്തു. ചുറ്റുപാടുമൊക്കെ നോക്കി ബെറിച്ചെടികളുടെ ഞാന്നു് കിടക്കുന്ന കൊമ്പുകളിൽ പിടിച്ചു് താഴേക്കിറങ്ങി. ആശ്വാസം കൊണ്ടു് തിരിച്ചെത്തിയിട്ടു് പറഞ്ഞു, “നിങ്ങള് പെണ്ണുങ്ങളെ സമ്മതിക്കണം. വീട്ടീന്നു് ഇറങ്ങിയാൽ പിന്നെ തിരികെ എത്തുന്നതുവരെ ഇതൊക്കെ പിടിച്ചു് നിർത്തുക എന്നു് പറഞ്ഞാൽ ഭയങ്കര സംഭവം തന്നെ!”
“ആണുങ്ങൾക്കൊക്കെ എന്തുമാകാമല്ലോ… ഇപ്പോ ഞാനാണവിടെ ഇരുന്നിരുന്നെങ്കിലു് എത്ര കണ്ണുകൾ കൂടെ എത്തുമായിരുന്നെന്നറിയുമോ…?”
അന്നാണു് ബാലചന്ദ്രൻ ആദ്യമായി റാണിയുടെ കഥ പറയുന്നതു്. റാണിയെക്കുറിച്ചു് ബിജിയോടു് പറയണമെന്നു് വിചാരിച്ചിരുന്നതല്ല. അറിയാതെ നാവിൽ നിന്നും വീണു പോയതാണു്. ഒഴുക്കിൽ ചാടി ഉയരുന്ന മീനെ വലയിലാക്കാൻ കാത്തിരിക്കുകയായിരുന്നു ബിജി. “ആരാണു് റാണി? സത്യം പറ.”
“പേടിക്കേണ്ട. റാണി എന്റെ കാമുകിയല്ല. ഗോപീടെ ഭർത്താവാണവൾ.”
“റാണി ആണാണോ പെണ്ണാണോ?”
“പെണ്ണു്… നല്ല തനി നാടൻ പെണ്ണു്… കൂർത്തു് മുഴുത്ത മുലയും ചുവന്ന ചുണ്ടുകളുമുള്ള സുന്ദരി.” മഴയിൽ കുതിർന്ന ബിജിയുടെ മുഖം ചുവന്നു് തുടുത്തു. ചുണ്ടുകൾ വിറച്ചു. ആ ഭാവത്തിൽ അവൾക്കു് സാപൂത്തര മലനിരകളേക്കാൾ ഭംഗിയുണ്ടായിരുന്നു. തണുപ്പേറിയൊരു മേഘം അവർക്കിടയിലൂടെ അനുവാദം ചോദിക്കാതെ കടന്നു പോയി. കൈകൾ ചുരുട്ടി ബിജി ബാലചന്ദ്രന്റെ മുതുകിൽ ഇടിച്ചു. “ഒരു നാണവുമില്ലാതെ… എന്തൊക്കെയാണു് അന്യപെണ്ണുങ്ങളെക്കുറിച്ചു് പറയണതു്. റാണി ലെസ്ബിയനായിരിക്കും. അല്ലേ…?”
ബാലചന്ദ്രനു് ചിരി വന്നിട്ടു് വയ്യാതായി. ചിരിച്ചു് ചിരിച്ചു് കണ്ണിൽ വെള്ളം വന്നപ്പോൾ അയാൾ താഴോട്ടിരുന്നു. “എന്റെ പെണ്ണേ, ഞാൻ പറയണ റാണിയുടെ കാലത്തു് അങ്ങനൊന്നുമില്ലായിരുന്നു. നാട്ടിൻപുറത്തു് അങ്ങനൊക്കെ അക്കാലത്തു് നടക്കുമോ? ഗോപി ആണു് തന്നെയാണു്.”
“പിന്നെ റാണിയെങ്ങനാണു് ഭർത്താവാകുന്നതു്?”
“ഭർത്താവായതല്ല. ആക്കിയതാണു്.”
“ആരു്?”
“ഞങ്ങടെ നാട്ടുകാർ.”
കേസിന്റെ അവസാന തുമ്പും കണ്ടെത്താൻ പണിപ്പെടുന്ന പോലീസ് ഓഫീസറെപ്പോലെ ബിജിയുടെ ചോദ്യങ്ങൾ ഓരോന്നായി വന്നുകൊണ്ടിരുന്നു.
“ചേട്ടായി കണ്ടോ റാണി നിന്നു് മുള്ളുന്നതു്?”
“പിന്നില്ലേ, ഞാനെന്റെ കണ്ണുകൊണ്ടു് കണ്ടതാണതു്.”
“ഇതൊക്കെത്തന്നെയാണു് ശരിക്കുമുള്ള പ്രശ്നം. പെണ്ണുങ്ങള് നിന്നു് മുള്ളിയാലും ഇരുന്നു് മുള്ളിയാലും നിങ്ങടെയൊക്കെ കണ്ണവിടെയെത്തും.”
“റാണിയെപ്പോലെ നടുറോഡിൽ നിവർന്നു് നിന്നു് മൂത്രമൊഴിക്കാൻ ധൈര്യമില്ലാത്തതിനു് ഞങ്ങള് ആണുങ്ങളെ കുറ്റം പറയരുതു്.” ബാലചന്ദ്രൻ മല മുകളിൽ നിന്നും താഴോട്ടു് ഓടി.
“നല്ല അടികിട്ടാത്തതിന്റെ അസുഖാ ഇതൊക്കെ.” കൈയോങ്ങിക്കൊണ്ടു് ബിജി പുറകെ പാഞ്ഞു. ഇടയ്ക്കു് തിരിഞ്ഞു് നിന്നു് മുടിയിലൂടെ ഒലിച്ചിറങ്ങി ചുണ്ടുകളിലെത്തിയ മഴവെള്ളം കൈകൊണ്ടു് ഉഴിഞ്ഞു് മാറ്റി ബാലചന്ദ്രൻ ചോദിച്ചു, കാടു് പോലും മടിച്ചു് നിൽക്കുന്ന നിലാവുള്ള രാത്രീടെ നിശബ്ദതയിൽ തറയിലേയ്ക്കു് തെറിച്ചു് വീഴുന്ന മൂത്രത്തിന്റെ ശബ്ദം നീ ശ്രദ്ധിച്ചിട്ടുണ്ടോ?” മുട്ടിൽ കൈയൂന്നി നിന്ന ബിജിയുടെ അണപ്പല്ലിന്റെ ശബ്ദം മഴയിലും അയാൾ തിരിച്ചറിഞ്ഞു.
***
തെങ്ങോലകൾ നിഴൽ വീഴ്ത്തുന്ന നിലാവുള്ള ഒരു രാത്രിയിലാണു് റാണി നിന്നു് മുള്ളുന്നതു് ബാലചന്ദ്രൻ കണ്ടതു്. കൈലിമുണ്ടു് മടക്കിക്കുത്തി റോഡിൻ നടുവിൽ തലയിലൊരു വലിയ പുൽക്കെട്ടുമായി കാലു് കവച്ചു് വെച്ചു് നിൽക്കുകയായിരുന്നു റാണി. കുറച്ചു് മുന്നിലായി ഗോപിയും കുട്ടികളും ഉണ്ടായിരുന്നു. നിശബ്ദതയിലേയ്ക്കു് തെറിച്ചു് വീഴുന്ന മൂത്രത്തിന്റെ ശബ്ദം കേട്ടു് പൂഴിയിട്ട തറയിലേയ്ക്കു് പടർന്നു് കയറുന്ന നനവിലേയ്ക്കു് അറിയാതെ നോക്കിപ്പോയി.
“എന്താടാ പെണ്ണുങ്ങള് മുള്ളണതു് കണ്ടട്ടില്ലേടാ…?”
റാണിയുടെ പരുക്കൻ ശബ്ദം ഇതിനു് മുൻപു് കേട്ടിട്ടുള്ളതു് കടവിൽ വെച്ചായിരുന്നു. തോട്ടിറമ്പിലെ ഗുണ്ടയെ വീഴ്ത്തിയ വൈകുന്നേരമായിരുന്നു അതു്. റാണി പുല്ലു് വിറ്റു് തീർത്തിട്ടും ചീട്ടുകളി മുഴുമിക്കാതെ തെങ്ങിൻ തോപ്പിലിരിക്കുകയായിരുന്നു ഗോപി.
“ഇങ്ങനെ കുത്തിയിരുന്നോളും… നാട്ടുകാരെക്കൊണ്ടു് ഓരോന്നു് പറയിക്കാൻ… നടന്നേ വേഗം വീട്ടിലേയ്ക്കു്…” ചാർമിനാർ സിഗററ്റ് മണ്ണിൽ കുത്തിക്കെടുത്തി പുക ഊതിവിട്ടു് ഗോപി എണീറ്റു.
“നീയിങ്ങനെ വെറും പെൺകോന്തനാകാതെ അവിടിരുന്നു് കളിയെടാ ഗോപിയേ… ആണുങ്ങളായാൽ കൊറച്ചു് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ടു് പെണ്ണുങ്ങളേം പേടിച്ചു്…” ഒറ്റക്കണ്ണൻ സൈനുവിനെ ശ്രദ്ധിക്കാതെ റാണി ഗോപിയുടെ കൈയ്ക്കു് പിടിച്ചു് വലിച്ചു.
“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കും കേട്ടു് നിക്കാതെന്റെ മനുഷ്യാ…”
“ആരാണടി അലവലാതി? നിന്നെ ഞാൻ…” സൈനു ചാടി എണീറ്റു.
“എന്തോന്നാ മനുഷ്യാ നോക്കി നിൽക്കുന്നതു്…? പൊക്കിയെടുത്തു് അലക്കു് കഴുവേറിയെ…” കൈലിമുണ്ടു് മടക്കിക്കുത്തി റാണി ഉത്തരവിട്ടൂ.
“എന്നിട്ടു്…?”
“എന്നിട്ടെന്താകാനാ… റാണി പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റൂമോ? ഗോപിയുടെ ഒറ്റ ഇടിയിൽ തോട്ടിറമ്പിലെ ഗുണ്ട അനക്കമില്ലാതെ മലർന്നു് കിടന്നു. റാണി ഗോപിയെ കെട്ടിപ്പിടിച്ചു് ചുണ്ടിൽ അമർത്തി ചുംബിച്ചു.”
“അതു് മോശായിപ്പോയി.”
“മനക്കരുത്തൊള്ളൊരു പെണ്ണിന്റെ ചുംബനം ആവർത്തിക്കാൻ നിനക്കു് ധൈര്യമുണ്ടോ?” ബാലചന്ദ്രന്റെ ശ്വാസം ബിജിയുടെ മുഖത്തടിച്ചു. “ഛേ, എന്തായിതു്? നാണക്കേടു്… ആൾക്കാരു് കാണും.”
***
കാലം മാറ്റം വരുത്താത്ത സാപൂത്തര മലനിരകളിലൂടെ വണ്ടി കയറുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. തുറന്ന ഗ്ലാസ്സിലൂടെ അടിച്ചുകയറിയ ചാറ്റൽ മഴ മനസ്സിനെ കുളിർപ്പിച്ചു. ഉയരത്തിന്റെ ഓർമ്മപ്പെടുത്തലെന്നോണം അനേകം വാഹനങ്ങൾ മലയുടെ താഴ്വാരത്തിൽ പൊട്ടുപോലെ ചലിച്ചു. മോൾ അപ്പോഴും നടുക്കം വിട്ടുമാറാതെ പുറത്തെ തണുപ്പിലേയ്ക്കു് നോക്കിയിരിക്കുകയായിരുന്നു.
“ഇവളെ റാണിയുടെ കഥ കേൾപ്പിക്കാതെ രക്ഷയില്ലായെന്നു് തോന്നുന്നു.”
“നടു റോഡിൽ നിന്നു് മുള്ളുന്ന, ഏതോ ഒരു പൊട്ടക്കണ്ണനുമായി കൈയ്യാങ്കളി നടത്തുന്ന ഒരു പെണ്ണിന്റെ നാണം കെട്ട കഥയാണു് നിങ്ങള് കൊച്ചിനെ കേൾപ്പിക്കാൻ പോണതു്. വേറേ പണിയില്ല.” ബിജി ദേഷ്യപ്പെട്ടു. മലമുകളിലെ പുതിയ പാർക്കിങ്ങ് ഏരിയായിൽ വണ്ടി നിർത്തി പുറത്തിറങ്ങി കാറ്റിനു് പഴയ ഊർജ്ജം തന്നെ ഉണ്ടല്ലോ എന്നു് ചിന്തിച്ചുകൊണ്ടു് ബെറിച്ചെടികൾക്കിടയിലേയ്ക്കു് ബാലചന്ദ്രൻ നടന്നു. മോളും അമ്മയും മലയുടെ മറുവശത്തു് പരന്നു് കിടക്കുന്ന സാപൂത്തര ഗ്രാമത്തിന്റെ പൊട്ടുപോലുള്ള കാഴ്ചകളും നോക്കി നിന്നു. മലമുകളിലെ ഒരു ദിനവും കഴിഞ്ഞു് വൈകിട്ടു് ഹോട്ടലിലേയ്ക്കു് പ്രവേശിക്കാനായ് വണ്ടി പാർക്ക് ചെയുമ്പോൾ തൊട്ടടുത്തു് കിടന്ന ജീപ്പ് ബാലചന്ദ്രൻ ശ്രദ്ധിച്ചു. ഒന്നാം കല്ലിൽ ചരിഞ്ഞു് കിടന്നിരുന്ന അതേ ജീപ്പ്. കമനും, ലോച്ചയും, ശ്രീകണ്ഡുമൊക്കെയടങ്ങിയ* രുചി വൈവിദ്ധ്യങ്ങളിലൂടെയുള്ള സായാഹ്നം സാപൂത്തര യാത്രയെ അർത്ഥപൂർണ്ണമാക്കിയെന്നു് വിചാരിക്കുമ്പോഴും മോളുടെ മനോനില സാപൂത്തര മലനിരകളിലേയ്ക്കു് അനുവാദമില്ലാതെ പ്രവേശിക്കുന്ന കാർമേഘങ്ങൾ പോലെ ഇരുണ്ടു് പരന്നു. മടക്കയാത്രയിലും കിലുകിലെ ഉണ്ടാകാമായിരുന്ന വർത്തമാനമൊക്കെ നിർത്തി അവൾ പുറത്തേയ്ക്കു് നോക്കി ഇരിന്നു. വണ്ടി ഒന്നാം കല്ലിൽ എത്തി. കാടു് അനങ്ങാതെ കിടന്നു. മലയിടുക്കിൽ തട്ടി തിരികേ വന്ന വണ്ടിയുടെ ഇരമ്പൽ മാത്രം കേൾക്കാം. യാത്ര തുടരുന്തോറും പച്ചപ്പിന്റെ വിസ്തൃതി കുറഞ്ഞു് കുറഞ്ഞു് വന്നു. പുല്ലുകൾ നിറഞ്ഞൊരു വഴിയരുകിൽ നിന്നും മൂത്രം കുടഞ്ഞു് കളഞ്ഞു് ആശ്വസിച്ചു് വണ്ടിയിലേയ്ക്കു് തിരികേ കയറുന്ന ചെറുപ്പക്കാരെ കടന്നു് നീങ്ങിയപ്പോൾ മോളുടെ ശബ്ദം വീണ്ടുമുണ്ടായി, “അച്ഛാ, വല്ല ഹോട്ടലോ പെട്രോൾ പമ്പോ ഉണ്ടേലു് ഒന്നു് നിർത്തണേ…”
***
രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം സോഫായിൽ കിടന്നു് ടെലിവിഷനിലെ വാർത്ത കാണുകയായിരുന്നു ബാലചന്ദ്രൻ. ദിവസങ്ങൾക്കു് മുൻപു് ഒന്നാം കല്ലിൽ പെൺകുട്ടിയെ ആക്രമിച്ചു് കൊന്ന പുലിയുടെ വാർത്ത അപ്പോൾ ബ്രേക്കിങ്ങ് ന്യൂസായി സ്ക്രീനിൽ തെളിഞ്ഞു.
“ദേ, ഈ വാർത്ത നോക്കിക്കേ… നമ്മള് കണ്ട അതേ വണ്ടി…” സോഫായിൽ നിന്നും ചാടി എണീറ്റ് ബാലചന്ദ്രൻ ബിജിയെ വിളിച്ചു.
പോലീസ് ജീപ്പിൽ നിന്നുമിറങ്ങി വന്ന പുലിയെ കണ്ടു് ബിജി പല്ലു് കൂട്ടിക്കടിച്ചു, “ദ്രോഹി…”
“ഇലകൾക്കിടയിൽ കണ്ട അതേ കണ്ണുകൾ…” മോൾ പുറകിൽ വന്നതു് ബാലചന്ദ്രൻ കണ്ടില്ലായിരുന്നു.
അയാൾ തിരിഞ്ഞു. അവളുടെ കണ്ണിലെ ഭീതി അയാളിലേയ്ക്കും പടർന്നു.
***
ആലപ്പുഴ കോമളപുരം സ്വദേശി. Mechanical Engineering Diploma കഴിഞ്ഞു് 1998 മുതൽ കേരളത്തിനു പുറത്തും വിദേശത്തുമായി പല കമ്പനികളിൽ ജോലി നോക്കുന്നു. ഇപ്പോൾ ഗുജറാത്തിലെ സൂറത്തിൽ ഒരു ഇന്തോ ജർമ്മൻ കമ്പനിയിൽ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ആയി ജോലി ചെയ്യുന്നു. രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. അപ്പുക്കുട്ടൻ കഥകൾ, തൻഹ. ബ്ലോഗ്: എന്റെ ചില കുറിപ്പുകൾ.