കുറച്ചു നാളുകൾക്കു് മുൻപു് മലയാളത്തിലെ ഒരു പ്രമുഖ മാഗസിനിൽ നിന്നാണന്നു പറഞ്ഞു് ഒരാൾ എന്നെ വിളിച്ചു. ഓണപ്പതിപ്പിലേയ്ക്കു് കഥ വേണമെന്നായിരുന്നു ആവശ്യം. ആനുകാലിക പ്രസക്തിയുള്ളതും എന്നാൽ മലയാളത്തിന്റെ വേരിൽ പിടിച്ചു് കയറുന്നതും ആയിരിക്കണം കഥ എന്നാണു് അദ്ദേഹം പറഞ്ഞതു്. എനിക്കു വളരെ സന്തോഷമായി. മലയാളത്തിന്റെ വേരു് എന്താണന്നു് പിടികിട്ടിയില്ലായെങ്കിലും കഥയെഴുതാനുള്ള അവസരം കളയണ്ട എന്നുതന്നെ ഞാൻ തീരുമാനിച്ചു.
നാടുവിട്ടുപോയ വീരമുത്തുവിന്റെ കഥ എഴുതാമെന്നാണു ഞാൻ വിചാരിച്ചതു്. ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. അവന്റെ കുടുംബം ഞങ്ങളുടെ നാട്ടിൽ താമസത്തിനായി എത്തുന്നതു് എന്റെ കുഞ്ഞുന്നാളിൽ ആണു്. തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തിൽ നിന്നു് വന്നവരായിരുന്നു അവർ. പട്ടണത്തിലെ ഒരു മുതലാളി ആയിരുന്നു അവരെ നാട്ടിൽ കൊണ്ടു വന്നു പാർപ്പിച്ചതു്. അവന്റെ കുടുംബത്തെക്കുറിച്ചു് വേറേ വലിയ അറിവുകളൊന്നും ആർക്കും ഇല്ലായിരുന്നു.
നിലാവുള്ള ഒരു രാത്രിയിൽ ആയിരുന്നു ഞാൻ വീരമുത്തുവിന്റെ കഥ എഴുതാൻ തുടങ്ങിയതു്. പതിവു പോലെ രാത്രി അല്പം വൈകി വീട്ടിൽ എല്ലാവരും നല്ല ഉറക്കമായി എന്നു് ബോധ്യം വരുത്തിയതിനു് ശേഷമാണു് ഞാൻ വരാന്തയിലെ കോച്ചിയിൽ എഴുതാനായി ഇരുന്നതു്. കാറ്റുപോലും നിലച്ച രാത്രിയ്ക്കു് ഗന്ധരാജപ്പൂവിന്റെ മണമുണ്ടായിരുന്നു. എഴുത്തു് എപ്പോഴും എനിക്കു് ഒരു ലഹരിയാണു്. സുഖകരമായ ഒരു ലോകത്തിലേയ്ക്കുള്ള കൂപ്പുകുത്തലാണതു്. എഴുതാനിരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോരുത്തരായി എന്റെ മുന്നിൽ വന്നു് നിൽക്കും. ഞാനവർക്കു് ഓരോരോ ജോലികൾ നൽകും. ചോദ്യങ്ങൾ ചോദിക്കും. ശാസിക്കും. ഉപദേശിക്കും ചിലപ്പോൾ ശിക്ഷിക്കും. എഴുത്തിലേയ്ക്കു് ശരിക്കും ഞാൻ ലയിച്ചു് വരിക ആയിരുന്നു. അപ്പോഴാണു് എന്നെ തികച്ചും വിഷമസ്ഥിതിയിലാക്കിയ ആ സംഭവം ഉണ്ടായതു്. പ്രധാന കഥാപാത്രമായ വീരമുത്തു എവിടെ നിന്നോ എന്റെ മുന്നിലേയ്ക്കു് കടന്നു വന്നു. വന്നപാടെ വീരമുത്തു എന്നോടു് കയർക്കാനും ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി. ഒരു നിഷേധിയുടെ ഭാവമായിരുന്നു അവനു്. അനുവാദമില്ലാതെ അവന്റെ കഥ ഞാൻ എഴുതുന്നതിലായിരുന്നു അമർഷം മുഴുവനും എന്നു് തോന്നി. അവിചാരിതമായ ആ വരവിൽ അല്പം പരിഭ്രമം ഉണ്ടായെങ്കിലും മനഃസാന്നിദ്ധ്യം വിടാതിരിക്കാൻ ഞാൻ പരമാവധി പണിപ്പെട്ടു. കഴിയാവുന്നത്രയും അവനെ അനുനയിപ്പിക്കുവാൻ ഞാൻ ശ്രമിച്ചെങ്കിലും അവൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. നിവർത്തിയില്ലാതെ വന്നപ്പോൾ അവൻ പറയുന്നതൊന്നും കാര്യമാക്കാതെ ഞാൻ കഥയെഴുത്തു് തുടർന്നു. അപ്പോൾ അവനു് ഒന്നുകൂടി ദേഷ്യമായി. കലിപൂണ്ടു് വിറച്ചുകൊണ്ടു് അവൻ പറഞ്ഞു,“ഞാനില്ലാതെ നീ എങ്ങനെ എന്റെ കഥയെഴുതുമെന്നു് ഒന്നു കാണണം… ” അന്നേരം ശക്തമായ ഒരു കാറ്റു് ആഞ്ഞു് വീശുകയും ഗന്ധരാജപ്പൂവിന്റെ മണം എങ്ങോ പോയി മറയുകയും ചെയ്തു. അതിശയകരമെന്നോണം എന്റെ മനസ്സിൽ നിന്നും അവന്റെ കഥയും അതോടെ ഇല്ലാതായി. പിന്നീടു് എത്ര ശ്രമിച്ചിട്ടും എനിക്കു് കഥ തുടരാൻ കഴിഞ്ഞില്ല. ഞാൻ മാഗസിൻകാരോടു് ഇക്കാര്യം പറഞ്ഞു. ‘വിഷയ ദാരിദ്ര്യമുണ്ടെങ്കിൽ എന്തിനാണു് കഥ എഴുതാമെന്നു് ഏറ്റതു്’ എന്നായി അവർ. വളരെ സങ്കടം തോന്നി. പക്ഷേ, ആരോടു് … എങ്ങനെ പറഞ്ഞു് മനസ്സിലാക്കിക്കാൻ … എഴുതിയത്രയും കഥ തൽക്കാലം ഇവിടെ കൊടുക്കുകയാണു്.
സ്വന്തം,
ദേവ് നാരായൺ.
ബീമൻ പട്ടർ തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയും കാത്തു് നിന്നിരുന്ന സായന്തനത്തിലാണു് കൊങ്ങിണിപ്പൂവിന്റെ മണമുള്ള ഒരു പത്തു വയസ്സുകാരി പെൺകുട്ടി പ്ലാറ്റ്ഫോമിലേയ്ക്കു് ഓടി വന്നതു്. “അയ്യാ, ട്രെയിനെപ്പൊ വരും?” ഓടി വന്നപാടെ അവൾ പട്ടരോടു് ചോദിച്ചു. അവളുടെ കുപ്പായം കീറിയും ശരീരമാകെ കരിപുരണ്ടുമിരുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തവും വലുതുമായിരുന്നു അവളുടെ പൊക്കിൾക്കൊടി. അതു് കുപ്പായത്തിന്റെ വിടവിലൂടെ വെളിയിലേയ്ക്കു് തള്ളി നിന്നിരുന്നു. പട്ടർ മറുപടി പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ പ്ലാറ്റ്ഫോമിന്റെ അഴുക്കുപുരണ്ട കോണിൽ നിന്നും മുഴിഞ്ഞ വേഷത്തിലുള്ള ഒരു സ്ത്രീ പരിഭ്രമിച്ചുകൊണ്ടു് അവിടേയ്ക്കു് ഓടിയെത്തി. അവർ പെൺകുട്ടിയുടെ കൈയ്യിൽ കടന്നു് പിടിച്ചിട്ടു് ചോദിച്ചു, “എൻ മുത്തേ ഇന്ത മൂളൈ ഉനക്കു് യാർ സൊന്നതു്?”
നിർത്താതെ പാഞ്ഞു പോയൊരു ഗുഡ്സ് വണ്ടിയുടെ കാറ്റിൽ പെൺകുട്ടിയുടെ മുടിയിഴകൾ വിടർന്നു പറന്നു. പട്ടർ കുട്ടിയുടെ നിഷ്കളങ്കമായ മുഖത്തോട്ടു നോക്കി. അന്നേരം അവൾ ചോദിച്ചു,
“അയ്യാ, ഉങ്കൾ എൻ തന്തൈയാക ഇരിക്ക മുടിയുമാ? എനക്കു് ദോശൈ വാങ്ങി തരും തന്തൈയാക ഉങ്കൾ ഇരിക്ക മുടിയുമാ?”
സ്ത്രീ പെട്ടെന്നു് മുത്തുവിന്റെ വായ് പൊത്തിപ്പിടിച്ചു.
“മന്നിക്കവും അയ്യാ… ചിന്ന കൊഴന്തൈ… ”
“എന്തു പറ്റി മുത്തുവിന്റെ അച്ഛനു്?” പട്ടർ ചോദിച്ചു.
“അവർ ഒരു കൊടൂരമാന മനിതൻ… ”
മുത്തുവിനെ പ്രസവിക്കുന്നതിന്റെ അന്നു് അടിവയറ്റിൽ ഒരു തൊഴി കിട്ടിയതു് ഓർമ്മയുണ്ടു് വീരമ്മയ്ക്കു്. എപ്പോഴോ ബോധം വീഴുമ്പോൾ തൊഴുത്തിൽ കാലികൾക്കിടയിൽ ആയിരുന്നു. കൈയ്യിൽ കിട്ടിയൊരു കല്ലെടുത്തു് പൊക്കിൾക്കൊടി മുറിച്ചു് ബാക്കിയുള്ള ജീവനുമായി രക്ഷപെട്ടു. അന്നു് വീരമ്മയ്ക്കു് പ്രായം പതിനഞ്ചു്! അച്ഛൻ വാങ്ങിക്കൊടുക്കുന്ന പലഹാരവുമായി റെയിൽവേ കോളനിയിലെ മറ്റു കുട്ടികൾ എത്തുമ്പോൾ മുത്തു എന്നും കൊതിയോടെ നോക്കി നിന്നിട്ടുണ്ടു്. അച്ഛനില്ലാത്തതിന്റെ പേരിൽ ഓരോരോ കളിയാക്കൽ നേരിടേണ്ടി വരുമ്പോഴും അപമാന ഭാരത്താൽ അവൾ തലകുനിച്ചു് നിന്നു.
ട്രാക്കിൽ തലയറ്റു കിടക്കുന്ന ശരീരങ്ങൾ മുത്തു പല തവണ കണ്ടിട്ടുണ്ടു്. ജീവിതത്തിന്റെ ബുദ്ധിമുട്ടലുകളിൽ നിന്നു് രക്ഷപ്പെടാനുള്ള എളുപ്പവഴിയാണു് മരണമെന്നതു് ട്രാക്കിലേയ്ക്കു് ഓടിക്കൂടുന്നവർ പറഞ്ഞിരുന്നതു് അവൾ ഓർമ്മയിൽ സൂക്ഷിച്ചിരുന്നു.
അപ്പോൾ ഞരക്കത്തോടെ ഒരു തീവണ്ടി അവർ നിന്ന പ്ലാറ്റ്ഫോമിലേക്കെത്തി നിന്നു. വണ്ടിയിലേയ്ക്കു് കയറുമ്പോൾ പട്ടർ മുത്തുവിന്റെ കൈയിൽ പിടിച്ചു, “പോരുന്നോ നീ.” ഇറങ്ങുമ്പോൾ മുത്തുവിനോടൊപ്പം അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു.
⋄ ⋄ ⋄
പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞുള്ള ശക്തമായൊരു മഴക്കാലത്തായിരുന്നു ബീമൻ പട്ടർ സ്വർണ്ണപ്പണിക്കാരെ തിരക്കി ഉദുമൽപേട്ടയ്ക്കു് അടുത്തുള്ള തട്ടാന്മാരുടെ ഗ്രാമത്തിലേയ്ക്കു യാത്ര പോയതു്. പണിക്കാരുടെ കുറവു കാരണം ബിസിനസിനു് മാന്ദ്യം വന്ന സമയമായിരുന്നു അതു്. മഴക്കാലമാണെന്നൊന്നും കണക്കാക്കാതെ ബീമൻ പട്ടർ മറയൂർ വഴി യാത്ര തിരിച്ചു.
“ഉരുൾ പൊട്ടി റോഡ് ഒലിച്ചു പോയിട്ടുണ്ടു്. വഴി വളരെ അപകടം പിടിച്ചതാണു് സാർ. വണ്ടി ഒന്നും പോകില്ല.” ചന്ദനമണമുള്ള ചിന്നാർ കാടു് താണ്ടാൻ മറയൂരിലെ ലോഡ്ജിൽ നിന്നും ഇറങ്ങിയപ്പോൾ ലോഡ്ജുടമ പട്ടരെ താക്കീതു് ചെയ്തു.
“നല്ല സമയത്തിനുവേണ്ടി നോക്കി നിന്നാലു് ബിസിനസ്സും ഒലിച്ചു പോകും.” വെള്ള ഷാൾ കഴുത്തിൽ ചുറ്റി, ജുബ്ബായുടെ പോക്കറ്റിൽ കൈയിട്ടു്, തേഞ്ഞ റബ്ബർ ചെരുപ്പു് റോട്ടിലെ കലക്ക വെള്ളത്തിൽ കഴുകി ബീമൻ പട്ടർ ചിന്നാറിലേയ്ക്കുള്ള ദൂരമത്രയും നടന്നു. അവിടുന്നു് ജീപ്പിൽ ഉദുമൽപേട്ടയിലേയ്ക്കും. ചിന്നയ്യനെ കണ്ടുമുട്ടുമ്പോൾ അയാൾ അത്യധികം വിഷമ സ്ഥിതിയിൽ ആയിരുന്നു. അയാളുടെ ഭാര്യ മരിച്ചിട്ടു് അധിക ദിവസമായിരുന്നില്ല അന്നു്.
“വേല വേണം അയ്യാ… കുഴന്തൈൻ തായ്… നാൻ എന്നാ സെയ്യാ മുടിയും?” താടിയിൽ പിടിച്ചു വലിക്കുന്ന കുഞ്ഞിളം കൈയുടെ തണുപ്പിൽ ചിന്നയ്യൻ പട്ടരുടെ മുന്നിൽ കുമ്പിട്ടു.
“ആണൊരുത്തനു് എളുപ്പമുള്ള കാര്യമല്ല എന്നു് അറിയാഞ്ഞിട്ടല്ല ചിന്നയ്യൻ. എന്റെ കൂടെ പോരൂ… ഇവനു് അമ്മയില്ലാത്ത കുറവു് ഒരിക്കലും ഉണ്ടാവില്ല. രണ്ടമ്മമാരുണ്ടാവും ഇവനു്… വീരമ്മയും മുത്തമ്മയും… ”
ബീമൻ പട്ടർ വെച്ചുകൊടുത്ത തോട്ടിറമ്പിലെ വീട്ടിൽ ചിന്നയ്യൻ രണ്ടു് സ്ത്രീകളും കുഞ്ഞുമായി താമസം തുടങ്ങി. അയാൾ ദിവസവും പട്ടണത്തിലെ ഒരു കടയിൽ ജോലിയ്ക്കു് പോകും. വൈകീട്ടു തിരിച്ചു വരും. ചിന്നയ്യൻ നാട്ടുകാരോടു് ഒന്നും സംസാരിച്ചില്ല. അയാളുടെ രണ്ടു പെണ്ണുങ്ങളും ആരോടും സംസാരിച്ചില്ല. അവർ ഒരിക്കലും പുറത്തോട്ടു് ഇറങ്ങിയില്ല. ചിന്നയ്യനെയും പെണ്ണുങ്ങളേയും ചേർത്തു് നാട്ടുകാരിൽ ചിലർ ഓരോരോ കഥകൾ ഉണ്ടാക്കി. രണ്ടു പെണ്ണുങ്ങളുള്ള ചിന്നയ്യനെ ആളുകൾ ‘രണ്ടാളൻ’ എന്നു് പറഞ്ഞുതുടങ്ങി. ചിന്നയ്യന്റെ ഭാര്യമാരെ ‘രണ്ടാളന്റെ പെണ്ണുങ്ങൾ’ എന്നും. കുളിക്കടവിലും കിണറ്റിൻ കരയിലും നിന്നു് ചിന്നയ്യന്റെ ഭാര്യമാരെക്കുറിച്ചു് പെണ്ണുങ്ങൾ പറഞ്ഞു, “നാണമില്ലാത്ത വർഗ്ഗങ്ങൾ… ”
⋄ ⋄ ⋄
ഇരുപതു വയസ്സിനു് ഒരുമാസം കൂടി ബാക്കിയുള്ള, മഴയുടെ തണുപ്പും പാട്ടുമുള്ള ഇടവത്തിന്റെ സന്ധ്യയ്ക്കാണു് വീരമുത്തുവിനു് നേരേ അവസാനമായി ആ ചോദ്യമുണ്ടായതു്.
“ആരാണടാ സത്യത്തിൽ നിന്റെ തള്ള?”
മൂപ്പന്റെ ഷാപ്പിന്റെ കോണിൽ കാലൊടിഞ്ഞ ബഞ്ചിലിരുന്നു് വറുത്ത കാരി പൊളിച്ചു് തിന്നാൻ തുടങ്ങുമ്പോഴാണു് വീരമുത്തുവിനോടു് ആ ചോദ്യമുണ്ടായതു്. പൗരുഷത്തത്തിന്റെ ഓർമ്മപ്പെടുത്തലുമായി തളിർത്തു വന്ന മീശ മൂക്കിനു് താഴെ വിറച്ചു. ചെറുപ്പത്തിൽ ഒത്തിരി തവണ വീരമുത്തു ആ ചോദ്യം കേട്ടിട്ടുള്ളതാണു്. അന്നു് മറുപടിയായി ആ കുഞ്ഞു വായിൽ നിന്നുമുതിർന്ന എടുത്താൽ പൊങ്ങാത്ത വാക്കുകൾ കേൾക്കുന്നവർക്കു് നല്ല രസമായിരുന്നു. വളർന്നപ്പോൾ കുരുത്തം കെട്ട ചോദ്യങ്ങൾക്കു് കരുത്തുള്ള കൈകൾ മറുപടി പറയാൻ തുടങ്ങി. സംശയങ്ങൾ നാവിൻ തുമ്പിൽ ഒളിപ്പിച്ചു വെച്ചിരുന്നവർ ഇടവഴിയിലും പാടവരമ്പിലും വീരമുത്തുവിനെ നോക്കി ചോദ്യങ്ങൾ ചിരിയിൽ മാത്രമായി ഒതുക്കി.
പുറംകാലിനാൽ ബെഞ്ചിൽ ചവുട്ടിത്തള്ളി വീരമുത്തു എഴുന്നേറ്റു. കാലിളകിയ ബെഞ്ചു് ഇളകിയാടി. പിന്നെ സൈക്കിളെടുത്തു് നിന്നു ചവിട്ടി.
“ഇനീം എന്നെ കളിപ്പിക്കരുതു്. പറ… ആരാ എന്റെ അമ്മ?” സൈക്കിളിൽ നിന്നിറങ്ങാതെ വീരമുത്തു അതു് ചോദിക്കുമ്പോൾ ചിന്നയ്യൻ മുറ്റത്തെ കയർ കട്ടിലിൽ കിടക്കുകയായിരുന്നു.
ശബ്ദം കേട്ടു് വീരമ്മയും മുത്തമ്മയും പുറത്തു വന്നു. അവരെ ചൂണ്ടി ചിന്നയ്യൻ പറഞ്ഞു, “എത്ര തവണ പറഞ്ഞിട്ടുള്ള കാര്യമാണു് മോനേ. നിനക്കു് രണ്ടമ്മമാരുണ്ടു്. അത്രമാത്രം അറിഞ്ഞാൽ മതി. നീ ഭാഗ്യമുള്ളവനാണു്. അതിനു് നീ ദൈവത്തോടു് നന്ദി പറയുക.”
“നശിച്ച ഭാഗ്യം. അനുഭവിച്ചാലേ നെഞ്ചിന്റെ വേദന മനസ്സിലാവൂ… ” വീരമുത്തു സൈക്കിൾ തിരിച്ചു. പിന്നെ പുറകിലേയ്ക്കു് തിരിഞ്ഞു് നോക്കാതെ സൈക്കിളിൽ നിന്നുചവുട്ടി.
⋄ ⋄ ⋄
കോവിഡ് ലോക്ക്ഡൗണിനെത്തുടർന്നു് കൂലിപ്പണിക്കാരുടെ കൂട്ട പലായനമാണു് വടക്കേ ഇന്ത്യയിലേയ്ക്കു് ഉണ്ടായതു്. വടക്കൻ സംസ്ഥാനങ്ങളിലേയ്ക്കു് പോയിരുന്നവർക്കു് ഒരു എളുപ്പമാർഗമായിരുന്നു ഒറീസയിലെ ബിസ്രായിലൂടെയുള്ള യാത്ര. ആനുകാലിക പ്രസക്തിയുള്ള വിഷയം വേണമെന്നു് മാഗസിനിൽ നിന്നു് ആവശ്യപ്പെട്ടിരുന്നതു് പറഞ്ഞല്ലോ. കോവിഡല്ലാതെ എന്തു വിഷയം? വീരമുത്തുവിന്റെ നാടുവിട്ടുള്ള യാത്ര ബിസ്രായിലേയ്ക്കു് ആവട്ടെ എന്നു് ഞാനും കരുതി. കഥ തുടരാം. “ഔരത് ലോഗ് ഐസാ ഭീ ഹൈ ക്യാ?” ബിസ്രാ ഹോസ്പിറ്റലിനു മുന്നിലുള്ള കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്തേയ്ക്കു് ഓടിക്കൂടിയവരെല്ലാം ഒറ്റച്ചോദ്യവുമായി പിടിച്ചു് നിർത്തിയതുപോലെ നിന്നു. കുറ്റിക്കാട്ടിൽ ചോരമണം മാറാത്ത ഒരു കുഞ്ഞു്! ഓടി എത്തിയവരുടെ കൂട്ടത്തിൽ വീരമുത്തുവും ഉണ്ടായിരുന്നു. അയാൾ ആൾക്കൂട്ടത്തിനിടയിലൂടെ വന്നു് ആ കുഞ്ഞിനെ കൈയിലെടുത്തു. ആരൊക്കെയോ അയാളോടു് പറഞ്ഞു, “കൊറോണക്കാലമാണു് സൂക്ഷിച്ചാൽ നന്നു്.” ഉറുമ്പു കടി കൊണ്ടു് തിണർത്ത ശരീരവുമായി കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ കൈകളിലേറ്റി കാറ്റിലാടിക്കുമ്പോൾ വീരമുത്തുവിന്റെ മനസ്സു് കുളിർന്നു. “ജീവിച്ചിരിക്കുന്ന പിശാചുക്കളേക്കാൾ ഭേദം അദൃശനായ കൊറോണ തന്നെ.”
ലോക്ഡൗണിന്റെ എട്ടാം നാളിലാണു് തെക്കൻ നാടുകളിലെവിടെയോ നിന്നു് കുറച്ചുപേർ ബിസ്രായിൽ എത്തിയതു്. പാറ്റ്നായുടെ പ്രാന്തപ്രദേശത്തെവിടെയോ ഉള്ള സ്വന്തം ഗ്രാമത്തെ ലക്ഷ്യമാക്കി ആയിരുന്നു അവരുടെ യാത്ര. സംഘത്തിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. ഒരു സ്ത്രീ പൂർണ്ണ ഗർഭിണിയും തുടർച്ചയായുള്ള നടത്തം മൂലം വളരെ അവശ നിലയിലുമായിരുന്നു. അഞ്ജലി എന്നായിരുന്നു അവരുടെ പേരു്. ഗർഭിണിയേയും കൊണ്ടു് തുടർന്നുള്ള നടത്തം പ്രായോഗികമല്ല എന്ന തോന്നലുണ്ടായപ്പോഴാണു് അഞ്ജലിയെ ബിസ്രാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതു്. പക്ഷേ, ആശുപത്രിയിൽ പ്രവേശനത്തിനായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റു് വേണമായിരുന്നു. അക്കാര്യമറിയാതെ അഞ്ജലിയുടെ ഉള്ളിലിരുന്ന കുഞ്ഞു് അടിവയറ്റിൽ ആഞ്ഞു് ആഞ്ഞു ചവിട്ടി. പിന്നെ പതിയെ തലനീട്ടി ഗതികെട്ട ലോകത്തിന്റെ അവശതയോർത്തു് കരഞ്ഞു.
കുഞ്ഞിനെ ഉപേക്ഷിച്ചു് സംഘം പാറ്റ്നായ്ക്കു് സമീപമുള്ള സ്വന്തം ഗ്രാമത്തിലേയ്ക്കു നടന്നു. അഞ്ജലി കരഞ്ഞു. കൂടെയുള്ളവർ അവരെ ആശ്വസിപ്പിച്ചു. “രോനാ നഹീൻ ബേട്ടീ… വോ ബച്ചാ കോ ഭഗവാൻ ദേഖ് ലേഗാ… ഭൂഖ് ലഗ്കേ മർനേ സേ അച്ചാ ഹൈ… ” വെള്ളവും ആഹാരവുമില്ലാതെ മുലപ്പാൽ വറ്റിയ അമ്മയുടെ കൂടെ ചേരുന്നതിലും നല്ലതു് കുട്ടിയെ പരമകാരുണികനായ ഭഗവാനു് വിട്ടുകൊടുത്തുള്ള യാത്രയാണു്.
വീരമുത്തു കുഞ്ഞിനേയും എടുത്തു് സൈക്കിളിൽ കയറി. ആരും അയാളെ തടഞ്ഞില്ല. എങ്ങോട്ടേക്കാണന്നു് ആരും ചോദിച്ചില്ല. തുരുമ്പു പിടിച്ച സൈക്കിളിന്റെ ഞരക്കത്തോടൊപ്പം കുഞ്ഞിന്റെ കരച്ചിൽ സംഗീതമായി അയാളോടൊപ്പം കൂടി. നീണ്ട പത്തുവർഷങ്ങൾക്കു ശേഷം വീരമുത്തുവിനു് അതൊരു തിരിച്ചു പോക്കായിരുന്നു. വളർന്ന നാട്ടിലേയ്ക്കു്.
⋄ ⋄ ⋄
ചിന്നയ്യനും വീരമ്മയും മുത്തമ്മയും എന്തുകൊണ്ടാണു് അമ്മ ആരാണന്നുള്ള സത്യം അറിയിക്കാതെ വീരമുത്തുവിനെ വളർത്തിയതു? കഥയുടെ മുന്നോട്ടുള്ള പോക്കിനു് ആ ചോദ്യത്തിനു് ഉത്തരം വളരെയേറെ അവശ്യമായിരുന്നു. അനക്കമില്ലാത്ത രാത്രിയിൽ കോച്ചിയിൽ കിടന്നു് ഞാൻ പല പല ആവിഷ്കാര സാദ്ധ്യതകളും മനസ്സിൽ കണ്ടു. അമ്മയില്ലാത്ത വീരമുത്തുവിനു് അമ്മയുടെ മുഴുവൻ സ്നേഹവും വാത്സല്യവും നൽകാനായി ജീവൻ ഉഴിഞ്ഞുവെച്ച മുത്തമ്മയേയും, സ്വന്തം വിവാഹ ജീവിതത്തിലേറ്റ ആഴമേറിയ മുറിവുകൾ മകൾക്കുണ്ടാകരുതെന്നു് കരുതി വിവാഹത്തിനു് നിർബന്ധിക്കാത്ത വീരമ്മയേയും മുന്നിൽ കണ്ടുകൊണ്ടു് ഞാൻ കഥ തുടരാൻ പോകുമ്പോഴായിരുന്നു വീരമുത്തു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതു്.
എന്റെ ഭാവനയിൽ വന്ന കഥയും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലായെന്നതായിരുന്നു അവനുന്നയിച്ച ഏറ്റവും വലിയ പരാതി. അതിനോടു് എനിക്കു് യോജിപ്പില്ലായിരുന്നു.
“വീരമ്മയുടെ മോളായിട്ടാണു് മുത്തമ്മയെ നീ കഥയിൽ കാണിക്കുന്നതു്. എന്നാൽ സത്യമതല്ല. വീരമ്മയും മുത്തമ്മയും എന്റെ അച്ഛൻ ചിന്നയ്യന്റെ ഭാര്യമാർ തന്നെയാണു്. അമ്മയും മോളും എങ്ങനെയാണു് ഒരാളുടെ ഭാര്യമാരാകുന്നതു്? കഥ വളച്ചൊടിക്കാൻ നിനക്കെന്തവകാശം?” അവൻ ചോദിച്ചു. ഞാൻ കഥാകാരന്റെ സർവ്വ സ്വാതന്ത്ര്യത്തോടെയും തർക്കിച്ചു. ഭാവനയുടെ ലോകത്തു് അലയാനുള്ള എന്റെ സ്വാതന്ത്ര്യത്തെ ഒരു വീരമുത്തുവിനും ചോദ്യം ചെയ്യാൻ സാധ്യമല്ല. ഞാനതൊട്ടും അനുവദിച്ചില്ല. അതോടെ അവൻ എന്നെ വിട്ടുപിരിഞ്ഞു. ഞങ്ങൾ തമ്മിൽ പിരിഞ്ഞതിൽ പിന്നെ കഥയും എന്നെ വിട്ടു പോയെന്നു് പറഞ്ഞിരുന്നല്ലോ. എഴുതിയത്രയും കഥ അടുത്ത ചില കൂട്ടുകാർക്കു് ഞാൻ ഷെയർ ചെയ്തു.
ഒറീസയിൽ നിന്നുമുള്ള ഒരു സുഹൃത്തു് എനിക്കു് ഒരു ലോക്കൽ പത്രത്തിന്റെ വാർത്താശകലം അയച്ചു തന്നതു് ഈയടുത്ത കാലത്താണു്. ബിസ്രായിലെ പോലീസ് ചെക്ക് പോസ്റ്റ് തകർത്തു് പാഞ്ഞ ഒരു ലോറിയിടിച്ചു മരിച്ച അജ്ഞാത യുവാവിന്റേയും ചോരമണമുള്ള കുഞ്ഞിന്റേയും വാർത്തയായിരുന്നു അതിൽ.
‘ഇതു് നിന്റെ വീരമുത്തു ആണോ’ സുഹൃത്തു ചോദിച്ചു. അതുകേട്ടു് ഞാൻ കുറേ ചിരിച്ചു. എന്റെ കഥയിൽ വീരമുത്തു എന്നു് പേരിട്ട കഥാപാത്രത്തിന്റെ ശരിക്കുമുള്ള പേരു് മറ്റൊന്നായിരുന്നു. എങ്കിലും ഒരു കാര്യം എന്നെ അതിശയിപ്പിക്കുകയോ അതിലേറെ വിഷമിപ്പിക്കുകയോ ചെയ്തു. വീരമുത്തു എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അതേ രാത്രി തന്നെയായിരുന്നു പത്രവാർത്തയിൽ കണ്ട അപകടവും നടന്നതു്.
⋄ ⋄ ⋄
തൊട്ടടുത്ത ദിവസം ഞാൻ വീരമുത്തുവിന്റെ വീട്ടിലേയ്ക്കു ചെന്നു. അവൻ നാടു വിട്ടു് പോയതിനു ശേഷം ഞങ്ങൾ കൂട്ടുകാരാരും അങ്ങോട്ടേയ്ക്കു് അധികം പോകാറില്ലായിരുന്നു. കഴിഞ്ഞ പത്തു് വർഷത്തിനുള്ളിൽ ഞാൻ തന്നെ ഏറ്റവും കൂടിയാൽ രണ്ടോ മൂന്നോ തവണ പോയിട്ടുണ്ടാവും. ചിന്നയ്യൻ മുറ്റത്തെ കയർ കട്ടിലിൽ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടൻ അയാൾ വളരെയേറെ സന്തോഷത്തോടെ എണീറ്റു നിൽക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ, പറ്റിയില്ല. പ്രായം തളർത്തിയ ശരീരത്തിൽ നിന്നും വിറയ്ക്കുന്ന ശബ്ദം. “ദേവാ, നീ വരുമെന്നു് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവൻ വന്നെന്നറിഞ്ഞാൽ പിന്നെ നിങ്ങളിവിടെ നിന്നു് മാറില്ലല്ലോ?”
“അവൻ വന്നോ…? എന്നിട്ടു് എവിടെ അവൻ…?” ഞാൻ അത്ഭുതപ്പെട്ടു ചോദിച്ചു.
“ദേവാ, മോൻ സൈക്കിളിൽ തിരിച്ചു് വരുന്നതായി അച്ഛൻ സ്വപ്നം കണ്ടിട്ടു് കുറച്ചു ദിവസങ്ങളായി. അന്നു് മുതൽ തുടങ്ങിയതാണിതു്.” മുത്തമ്മയാണു് ഉത്തരം നൽകിയതു്. വാതിൽപ്പടിയ്ക്കു് പിന്നിൽ നിന്നിരുന്ന അവരെ സത്യത്തിൽ ഞാൻ കണ്ടിരുന്നില്ല. അപ്പോൾ ശക്തമായ ഒരു കാറ്റടിച്ചു. ആ കാറ്റിനു് ഗന്ധരാജപ്പൂവിന്റെ മണമുണ്ടായിരുന്നു.
ആലപ്പുഴ കോമളപുരം സ്വദേശി. Mechanical Engineering Diploma കഴിഞ്ഞു് 1998 മുതൽ കേരളത്തിനു പുറത്തും വിദേശത്തുമായി പല കമ്പനികളിൽ ജോലിനോക്കുന്നു. ഇപ്പോൾ ഗുജറാത്തിലെ സൂറത്തിൽ ഒരു ഇന്തോ ജർമ്മൻ കമ്പനിയിൽ വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ആയി ജോലി ചെയ്യുന്നു. രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. അപ്പുക്കുട്ടൻ കഥകൾ, തൻഹ. ബ്ലോഗ്: എന്റെ ചില കുറിപ്പുകൾ.