images/Mountain_Landscape_Trust.jpg
Travellers in a Mountain Landscape, a painting by George Arnald (1763–1841).
യാത്രയിലെ രസഗുള
സതീഷ് തോട്ടശ്ശേരി

പടിപ്പെര വീട്ടിൽ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മർ വെക്കേഷൻ അടിച്ചു പൊളിക്കാൻ നഗരത്തിൽ നിന്നും നാട്ടിലെത്തി. ഉത്സവകാലമായതിനാൽ പ്രത്യേകം സജ്ജമാക്കിയ സർവ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികൾക്കു് ഒന്നിനും മുട്ടില്ലായിരുന്നു.

images/Incidents_of_travel.jpg

“നാട്യപ്രധാനം നഗരം ദരിദ്രം

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം”

എന്നു് “ക്ഷ” ബോധ്യപ്പെട്ടു. ഇതെഴുതിവെച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കുറ്റിപ്പുറത്തു് കേശവൻ നായരെ കുറിച്ചു് അറിഞ്ഞവർ വിരളം. ഞങ്ങൾ ബെടക്കൂസ് തോട്ടശ്ശേരിക്കാർക്കു മൂന്നു കേശവന്മാരെ മാത്രമേ അറിയുകയുള്ളൂ. ഒന്നു് എന്റെ ശിഷ്യൻ ചേറൂരെ വീട്ടിൽ കേശവൻ. രണ്ടാമതു് ചെരിഞ്ഞ ഗുരുവായൂർ കേശവൻ. ലാസ്റ്റിലിമ്മടെ അമ്മമ്മടെ നായരു് കേശവൻ നായരു്. എന്തായാലും പിന്നീടു് കുറ്റിപ്പുറത്തെ കൂടുതൽ അറിഞ്ഞപ്പോൾ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കുവാൻ തോന്നി. എനി ഹൌ, കു. ല. അമ്മയ്ക്കു് മൂന്നു നാലു ദിവസത്തെ നില്പും നടപ്പും കാരണം മുട്ടുങ്കാലിനു് താഴെ ചെറിയ നീരുണ്ടായി എന്നതൊഴിച്ചാൽ ഔർ സബ് ടീക് ഹെ.

ഒരാഴ്ച നാക്കിനു റെസ്റ്റ് കൊടുക്കാതെ കൂട്ടം കൂടുവാനുള്ള വിഭവങ്ങൾ സ്റ്റോക്കിലായപ്പോൾ തിരിച്ചു നഗരത്തിലേക്കുള്ള യാത്രയ്ക്കു് കോപ്പുകൂട്ടി. ശുദ്ധാശുദ്ധിയിൽ കടുകിട കോംപ്രമൈസില്ലാത്തതിനാൽ ദിവസം രണ്ടു ജോഡി വസ്ത്രങ്ങൾ ആളൊന്നുക്കു് കണക്കുവെച്ചു ചക്രങ്ങൾ പിടിപ്പിച്ച നാലു വലിയ പെട്ടികളും അകമ്പടിക്കു് മൂന്നു വൻ ചരക്കുകൊള്ളി സഞ്ചികളും (ബിഗ് ഷോപ്പേർ) കയറ്റി ടാസ്കി, വണ്ടി കയറാനായി തീവണ്ടിയാപ്പീസിലെത്തി.

അവിടെ മൊബൈൽ മന്നൻ സെൽഫി ഗോബാലേട്ടനും കെട്ടിയോൾ പൊട്ടിച്ചിരിച്ചേച്ചിയും ഹാജർ ഉണ്ടായിരുന്നു. ചേച്ചി ഡ്രസ്സ് ചേഞ്ച് ചെയ്താൽ ഉടൻ ഒരു സെൽഫി എടുത്തു പോസ്റ്റിയില്ലെങ്കിൽ ഗോബാലേട്ടനു് എന്തോ ഒരു ഇതാണത്രേ.

അപ്പോഴേക്കും മുണ്ടിന്റെ കുത്തു് വയറിനു മേലെ കേറ്റിക്കുത്തി കൊച്ചു മണിയേട്ടനും കെട്ടിയോളും പൂരം കഴിഞ്ഞു മടങ്ങുന്ന മദ്ദളം കൊട്ടുകാരെപ്പോലെ രണ്ടു വണ്ടൻ ചക്കയും പാക്ക് ചെയ്തു എത്തിപ്പെട്ടു. കംപാർട്മെന്റ് എവിടെ വരുമെന്നു് അറിയിക്കുന്ന ഉച്ചഭാഷിണി കമാന്നു മിണ്ടാത്ത കാരണം അടുത്തു കണ്ട റൂമിൽ ഇടിച്ചുകയറി അന്വേഷിച്ചു. നീചൻ ലാപ്ടോപ്പിൽ എന്തോ തിരഞ്ഞു. ഒന്നും കാണാതെ ദൂരവാണി കയ്യിലെടുത്തു രണ്ടുമൂന്നു കുത്തുകുത്തി. അമ്മ വീട്ടിൽ കുട്ടിപ്പൊങ്ങൻ അളവിൽ കവിഞ്ഞു ചക്കപ്പഴം തിന്നു് വയറുവേദനിച്ചു തൊള്ള തുറക്കുമ്പോൾ കുട്ടിക്കു് കൊതി പെട്ടതാണെന്നും പറഞ്ഞു ഭസ്മം തലയിലിട്ടു് ഊതുമ്പോൾ അമ്മമ്മ കുശുകുശുക്കുന്നപോലെ ദൂരവാണിയുടെ വയ്ക്കഷണത്തിലേക്കു് എന്തോ മർമർ ചെയ്തു. പിന്നെ കൊതി കൺഫേം ചെയ്യാൻ “പുഹാ…യ്” എന്നു് അമ്മമ്മ കോട്ടുവായ ഇടുമ്പോലെ ഒന്നു് വായപൊളിച്ചു കൂക്കിയ ശേഷം സ്ഥലം വെളിപ്പെടുത്തി. അവിടെ തീവണ്ടിപ്പുരക്കു് മേൽക്കൂര ഇല്ലായിരുന്നു. ഇതിനിടക്കു് വണ്ടിയും ഒപ്പം അയിലൂർ വേലക്കു് രാത്രി പൊട്ടിക്കുന്ന ആലുഴി അമിട്ടുപോലെ പാർർർർ… ന്നു പറഞ്ഞു തകർപ്പൻ മഴയും തുടങ്ങി. മഴനനഞ്ഞു കുളിച്ചു്, ഞങ്ങളുടെ ലഗേജുകളും താങ്ങി ഓടി വണ്ടിയിൽ കയറ്റി ഗോബാലേട്ടനും സംഘവും വെള്ളത്തിൽ വീണ ചാത്തൻ കോഴിയെപ്പോലെ അവരുടെ മദിരാശി വണ്ടിക്കു നേരെ പാഞ്ഞു. എ. സി. കംപാർട്മെന്റിൽ മഴയും നനഞ്ഞു കയറിയ ഞങ്ങൾ ടോയ്ലെറ്റിൽ കയറി കുപ്പായമെല്ലാം മാറി. കുഞ്ഞു ലക്ഷ്മി അമ്മ തണുത്തു വിറച്ചു മുഷ്ടി ചുരുട്ടി റെയ്ൽവേയ്ക്കും മഴക്കും മൂർദ്ദാബാദ് വിളിക്കാനും, അതിശൈത്യം കൊണ്ടു് ഒറ്റയ്ക്കു് വസ്ത്രം മാറാൻ പറ്റാത്ത അത്രയ്ക്കു് അവശയായി വെളിച്ചപ്പാടു് തുള്ളാനും പല്ലു കൊണ്ടു് ചെണ്ട കൊട്ടാനും തുടങ്ങി. അപ്പോൾ സഹയാത്രികയായ തുളുനാടൻ പ്രൗഢ പ്രതിസന്ധിക്കു പരിഹാരം കണ്ടു. വിരിക്കാൻ വെച്ചിട്ടുള്ള വെള്ള വിരി എടുത്തു കഥകളിക്കു തിരശീല പിടിക്കുന്നതുപോലെ മറ പിടിച്ചാൽ രണ്ടു പേരു് ചേർന്നു് വസ്ത്രം മാറാൻ സഹായിക്കാമെന്നു് പറഞ്ഞു. “നോ ആർമി ക്യാൻ സ്റ്റോപ് ആൻ ഐഡിയ ഹൂസ് ടൈം ഹാസ് കം” എന്നു് വിക്ടർ ഹ്യൂഗോ തമാശയ്ക്കു പറഞ്ഞതല്ല എന്നു് അപ്പോളാണു് പിടി കിട്ടിയതു്.

images/railroad_routes.jpg

അങ്ങനെ രണ്ടുപേർ തിരശ്ശീല കൊണ്ടു മറപിടിച്ചു സ്ത്രീ ജനങ്ങൾ അമ്മയുടെ തുണി മാറ്റിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ ഒരു സഹൃദയൻ അകത്തു ഡോക്ടറുണ്ടല്ലോ എന്നു് തിരക്കി. വേറൊരാൾ ചൂടുവെള്ളം വേണോ എന്നും ചോദിച്ചു. മൂന്നാമതൊരു മനുഷ്യസ്നേഹി അപ്പാപ്പൻ, നവാഗത ശിശുവിന്റെ ആദ്യരോദനം കേൾക്കാൻ ചെവി കൂർപ്പിക്കാൻ പേനാക്കത്തിയെടുത്തു. കേന്ദ്ര കഥാപാത്രം പരുക്കുകളൊന്നും ഇല്ലാതെ മറനീക്കി പുറത്തുവന്നപ്പോൾ ഏതാണ്ടു് അഞ്ചു മിനിട്ടോളം ജനത്തെ മുൾമുനയിൽ നിർത്തിയ സംഭവം അങ്ങനെ ശുഭപര്യവസാനിയായി കലാശിച്ചു.

അന്തരീക്ഷം ശാന്തമായപ്പോൾ സുഖവിവരം തിരക്കാൻ ഗോബാലേട്ടനെ വിളിച്ചു. അങ്ങേ തലക്കൽ പൊട്ടിച്ചിരിച്ചേച്ചി. ഗോബാലേട്ടൻ എവിടെ എന്നു് ചോദിച്ചപ്പോൾ ഫാനിന്റെ ചോട്ടിൽ ഉണക്കാൻ ഇട്ടിരിക്കുകയാണെന്നു പറഞ്ഞു തുടങ്ങിയ ചിരിക്കു് ബ്രേക്ക് ഫെയിലിയർ മണത്തപ്പോൾ സംഭാഷണം മുറിച്ചു.

സംഭവം കേട്ട ശേഷം ഡ്രൈവർ ശശി “ഓരോ യാത്രയും അനുഭവങ്ങളുടെ മുതൽകൂട്ടാണെന്നു്”വളരെ ദാർശനികമായി പറഞ്ഞപ്പോൾ അതിൽ കുറച്ചു സത്യത്തിന്റെ മധുരമുണ്ടെന്നു തോന്നി.

സതീഷ് തോട്ടശ്ശേരി
images/satheesh.jpg

സ്വദേശം: പാലക്കാടു് ജില്ലയിലെ നെമ്മാറക്കടുത്തുള്ള അയിലൂർ.

പാലക്കാടു് തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസം. വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഹെവല്റ്റ് പക്കാർഡിൽ നിന്നും (H. P.) അഡ്മിൻ. മാനേജരായി വിരമിച്ചു. ബംഗലൂരു ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ്. കേരളസമാജം ബംഗലൂരു സൗത്ത് വെസ്റ്റിന്റെ സ്ഥാപക സെക്രെട്ടറി, മുൻ പ്രസിഡന്റ്. കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കൗൺസിൽ ചെയർമാൻ. പുരോഗമന കലാസാഹിത്യ സംഘം (പു. ക. സ.) കർണാടക ഘടകം ജോയിന്റ് സെക്രട്ടറി.

നാടക രംഗത്തു സജീവമായിരുന്നു. മത്സര നാടകങ്ങളിലും അമേച്ചർ നാടകങ്ങളിലും അഭിനയിക്കുകയും സവിധാനം നിർവ്വഹിക്കുകയുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥയും, കവിതയും, ലേഖനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു. മലയാളം മിഷൻ പ്രസിദ്ധീകരണം “പൂക്കാല”ത്തിൽ രണ്ടു വർഷമായി ബാലസാഹിത്യ കഥകളും കവിതകളും എഴുതിക്കൊണ്ടിരിക്കുന്നു.

യുണൈറ്റഡ് റൈറ്റേർസ് ബാംഗ്ലൂർ ചെറുകഥാ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമികവിത പുരസ്കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടു്.

പ്രഥമ പുസ്തകം “അനുഭവ നർമ്മ നക്ഷത്രങ്ങൾ”.

ഭാര്യ: പ്രമീള

മകൻ: പ്രശാന്ത്

Colophon

Title: Yathrayile Rasagula (ml: യാത്രയിലെ രസഗുള).

Author(s): Satheesh Thottassery.

First publication details: Sayahna Foundation; Trivandrum, Kerala; 2022-12-20.

Deafult language: ml, Malayalam.

Keywords: Short Story, Satheesh Thottassery, Yathrayile Rasagula, സതീഷ് തോട്ടശ്ശേരി, യാത്രയിലെ രസഗുള, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Travellers in a Mountain Landscape, a painting by George Arnald (1763–1841). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.