images/Design.jpg
Composition, a painting by Thorvald Hellesen (1888–1937).
ക്ലാസിക് മലയാളപഠനം—ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക
ഡോ. സ്കറിയാ സക്കറിയ

കേരളത്തിൽ സർവകലാശാലാ തലത്തിൽ നടക്കുന്ന പ്രാചീന മലയാള പഠനത്തിന്റെ ഭാഗമായി ദത്തശേഖരണം നടത്തി കമ്പ്യൂട്ടർ ശൃംഖലയിൽ ശേഖരിച്ചു വിതരണം ചെയ്യാൻ സൗകര്യമൊരുക്കിയാൽ നാലഞ്ചു വർഷങ്ങൾകൊണ്ടു പ്രാചീന മലയാളത്തിന്റെ ദത്തശേഖരം ഏറെ സമ്പന്നമാകും. ഓരോ വിദ്യാർത്ഥിയും പ്രാചീന മലയാളപഠനത്തിന്റെ ഭാഗമായി ഒരു പ്രാചീന ഭാഷാഖണ്ഡം തത്ത്വനിഷ്ഠമായി വിശകലനം ചെയ്യണം എന്നു പാഠ്യപദ്ധതിയിൽ നിഷ്കർഷയുണ്ടായാൽ ഇക്കാര്യത്തിൽ വമ്പിച്ച പുരോഗതിയുണ്ടാകും. അങ്ങനെ അപഗ്രഥിക്കുന്ന ഭാഗം വിശദാംശങ്ങളോടുകൂടി വെബ്സൈറ്റിൽ ലഭ്യമാക്കിയാൽ എല്ലാവർക്കും അതു പ്രയോജനപ്പെടും. ഭംഗിയായി ജോലി ചെയ്തവർക്കു് അംഗീകാരം ലഭിക്കുകയും ചെയ്യും.

ശിലാലിഖിതം, ഓലക്കെട്ടു്, ചെമ്പോല, കടലാസ്, അച്ചടി തുടങ്ങിയവ പിന്നിട്ടു ഭാഷയും സാഹിത്യവും കമ്പ്യൂട്ടറിൽ എത്തിനിൽക്കുകയാണല്ലോ. വെറും കമ്പ്യൂട്ടറല്ല, കമ്പ്യൂട്ടർ ശൃംഖല എന്നു പറയണം. ഒരേസമയം ബഹുകേന്ദ്രിതമായി ഏകോപിച്ചു പ്രവർത്തിക്കുന്നതാണു് കമ്പ്യൂട്ടർ ശൃംഖല. ശേഖരിക്കാനും വിതരണം ചെയ്യാനും കഴിയുന്ന അറിവിനു പരിധികളില്ല എന്ന മട്ടിലാണു് കമ്പ്യൂട്ടർ ശൃംഖലയുടെ പ്രവർത്തനം. സ്ഥലത്തിന്റെ പരിധികളെ മാത്രമല്ല, കാലത്തിന്റെ പരിമിതികളെയും ശൃംഖല മറികടക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ് പോലെയുള്ള സാങ്കേതികവിദ്യകൾ രേഖാശേഖരങ്ങളെ ഏറെ സമ്പന്നമാക്കുന്നു. ഭാഷയും സാഹിത്യവും കാലത്തെ മറികടക്കാൻ ലിപിവിദ്യയിലൂടെയാണു് ആദ്യത്തെ മുന്നേറ്റം നടത്തിയതു്. പിന്നീടു് അച്ചടിയും ശബ്ദലേഖനവും ഈ വഴിക്കു രേഖാശേഖരണം കൂടുതൽ സമ്പന്നമാക്കി. വിനിമയവിദ്യയുടെ വളർച്ചയിൽ അച്ചടിച്ച പത്രമാസികകൾ, പുസ്തകങ്ങൾ, റേഡിയോ, ക്യാമറ, ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സോഷ്യൽ നെറ്റ്വർക്ക് എന്നിവ ഭാഷാ സാഹിത്യ വിനിമയവിദ്യയെ തോതിലും തരത്തിലും മാറ്റിമറിച്ചു.[1] ഇതിൽ ഏറ്റവും പുതിയ ഘട്ടത്തെയാണു് ഡിജിറ്റൽ യുഗം എന്നു വിശേഷിപ്പിക്കാറുള്ളതു്. കമ്പ്യൂട്ടറും മാനവിക വിജ്ഞാനങ്ങളും തമ്മിലുള്ള അഭിമുഖീകരണം സമകാലിക വിജ്ഞാനവ്യവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ഭാഷാ നിഷ്ഠമായ വിജ്ഞാന സങ്കല്പനം തന്നെ ഡിജിറ്റൽ യുഗത്തിൽ മാറി മറിയുന്നു. ദത്തമാണു് (data) വിജ്ഞാനം എന്നു കരുതിയിരുന്ന ജ്ഞാനസങ്കല്പം ഇന്നില്ല. എന്നുതന്നെയല്ല, ദത്തത്തിന്റെ വൈപുല്യത്തിനു മുമ്പിൽ പഠിതാവു് ഇപ്പോൾ അമ്പരന്നു നിൽക്കുകയാണു്. പച്ച മലയാളത്തിൽ പറഞ്ഞാൽ, അന്തംവിട്ടുള്ള പഠിതാവിന്റെ നില്പാണു് ഡിജിറ്റൽ യുഗത്തിന്റെ മുഖമുദ്ര. അറിയാൻ കഴിയാത്തവണ്ണം വിപുലമാണു് ഇപ്പോൾ ഉപാദാനങ്ങൾ. ഇന്റർനെറ്റു തുറന്നു ചൊവ്വയോ പനിയോ മസ്തിഷ്കമോ മെറ്റഫറോ പരതി നോക്കുക. ദത്തങ്ങളായി പരിഗണിക്കാവുന്ന അറിവിടങ്ങളുടെ നീണ്ട പട്ടികയാണു് കൺമുമ്പിലെത്തുക. വിഷയം പ്രാചീന മലയാളമാണെങ്കിലും ഇന്നത്തെ കാലത്തു് ഇത്തരം അന്ധാളിപ്പു് ഒഴിവാക്കാനാവില്ല. പ്രാചീനമലയാളത്തിലെ ഭക്തിഭാവമാണു് അന്വേഷണ വിഷയം എന്നു കരുതുക. എന്തെന്തു ദത്തശേഖരങ്ങളാണു് കമ്പ്യൂട്ടർ ശൃംഖലയിൽ അറിവു ശൃംഖലയിൽ തെളിയുക. തെരയാൻ ഉചിതമായ താക്കോൽ വാക്കുകൾ ഉപയോഗിക്കണമെന്നുമാത്രം. അറിവുകൾ ബഹു വിഷയസ്പർശിയായി വ്യാപിച്ചു കിടക്കുന്നു.

മേലുകീഴുബന്ധങ്ങൾക്കല്ല, ഇടംവലം ബന്ധങ്ങൾക്കാണു് ഇവിടെ പ്രസക്തിയും സാധ്യതയും. സതീർത്ഥ്യരുടെ കൂട്ടായ്മയിലൂടെയാണു് ഡിജിറ്റൽ യുഗത്തിൽ വിദ്യാഭ്യാസം. ഇക്കാര്യം തിരിച്ചറിഞ്ഞു് അംഗീകരിക്കാത്തതാണു് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യ ദൗർബല്യം. അറിവു നിർമ്മാണവും സംരംഭകത്വവും പൗരത്വവും തുല്യപ്രാധാന്യം നേടുന്നതാകണം വിദ്യാഭ്യാസരംഗം. ഇതു മലയാളപഠനത്തിൽ പ്രസക്തമാണു്.

മാനവിക വിജ്ഞാനങ്ങളും കമ്പ്യൂട്ടറും തമ്മിലുള്ള അഭിമുഖീകരണത്തിൽ, എങ്ങനെ അതിവിസ്തൃതമായ ദത്തശേഖരങ്ങളിൽനിന്നു വിവരങ്ങൾ (information) ശേഖരിക്കാം എന്നതാണു പ്രസക്തമായ ചോദ്യം. ദത്താപഗ്രഥന (data analysis) വിദ്യ വിലപ്പെട്ട അറിവുമേഖലയായി വളരുന്നു. ദത്താപഗ്രഥനത്തിലുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചെടുക്കുന്ന ദത്താപഗ്രഥനവിദഗ്ദ്ധർക്കു (data scientists) തൊഴിൽ വിപണിയിൽ മതിപ്പുവില കുത്തനെ ഉയർന്നിരിക്കുന്നു. പ്രാചീന മലയാളദത്തങ്ങളിൽ നിന്നു വിവരങ്ങൾ ക്രോഡീകരിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ എന്തു ചെയ്യണം? കമ്പ്യൂട്ടർ വൈദഗ്ദ്ധ്യവും പ്രാചീന ഭാഷാപരിചയവും ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാൻ എന്തു സംവിധാനമാണു കേരളത്തിൽ വേണ്ടതു്? ലീലാതിലകം, രാമചരിതം, കൃഷ്ണഗാഥ, കണ്ണശ്ശരാമായണം, മണിപ്രവാളകാവ്യങ്ങൾ, എഴുത്തച്ഛൻ കൃതികൾ, ആട്ടപ്രകാരം, ക്രമദീപിക, ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ തുടങ്ങിയ ചില കൃതികളുടെ പദകോശങ്ങൾ പിഎച്ച്. ഡി. ഗവേഷണത്തിന്റെ ഭാഗമായി കേരള സർവകലാശാലാ ഭാഷാശാസ്ത്രവകുപ്പിൽ പട്ടികപ്പെട്ടിട്ടുണ്ടു്. പ്രധാനപ്പെട്ട പ്രാചീന കൃതികളുടെയെല്ലാം പദകോശവും വ്യാകരണവും സാമൂഹികപശ്ചാത്തലവും വിവരിച്ചു കിട്ടിയാൽ അവ ഏകോപിപ്പിച്ചു തത്ത്വനിഷ്ഠമായി മലയാളഭാഷാചരിത്രം നിർമ്മിക്കാം എന്നായിരുന്നു ഭാഷാശാസ്ത്രവിഭാഗം അധ്യക്ഷനായിരുന്ന ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന്റെ സ്വപ്നം. വ്യക്തികൾ തരം തിരിച്ചുവെച്ച ദത്തശേഖരങ്ങൾ ഇപ്പോഴും ഭാഷാ ചരിത്രശില്പിയെ കാത്തുകിടക്കുന്നു. ഇവയെല്ലാം സമുചിതമായി പരിഷ്കരിച്ചു് ഏകോപിപ്പിക്കാൻ ദത്തവിദഗ്ദ്ധർക്കു കഴിഞ്ഞിരുന്നെങ്കിൽ പ്രാചീന മലയാളപഠനത്തിനു വമ്പിച്ച നേട്ടമാകുമായിരുന്നു. മലയാളത്തിന്റെ ദത്തശേഖരം വിപുലമാക്കാൻ ഉതകുന്നതാകണം പ്രാചീന മലയാളപഠനം എന്ന വി. ഐ. സുബ്രഹ്മണ്യത്തിന്റെ സ്വപ്നം ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണു്. കേരളത്തിൽ സർവകലാശാലാ തലത്തിൽ നടക്കുന്ന പ്രാചീന മലയാള പഠനത്തിന്റെ ഭാഗമായി ദത്തശേഖരണം നടത്തി കമ്പ്യൂട്ടർ ശൃംഖലയിൽ ശേഖരിച്ചു വിതരണം ചെയ്യാൻ സൗകര്യമൊരുക്കിയാൽ നാലഞ്ചു വർഷങ്ങൾകൊണ്ടു പ്രാചീന മലയാളത്തിന്റെ ദത്തശേഖരം ഏറെ സമ്പന്നമാകും. ഓരോ വിദ്യാർത്ഥിയും പ്രാചീന മലയാളപഠനത്തിന്റെ ഭാഗമായി ഒരു പ്രാചീന ഭാഷാഖണ്ഡം തത്ത്വനിഷ്ഠമായി വിശകലനം ചെയ്യണം എന്നു പാഠ്യപദ്ധതിയിൽ നിഷ്കർഷയുണ്ടായാൽ ഇക്കാര്യത്തിൽ വമ്പിച്ച പുരോഗതിയുണ്ടാകും. അങ്ങനെ അപഗ്രഥിക്കുന്ന ഭാഗം വിശദാംശങ്ങളോടുകൂടി വെബ്സൈറ്റിൽ ലഭ്യമാക്കിയാൽ എല്ലാവർക്കും അതു പ്രയോജനപ്പെടും. ഭംഗിയായി ജോലി ചെയ്തവർക്കു് അംഗീകാരം ലഭിക്കുകയും ചെയ്യും. ഇത്തരം പങ്കാളിത്തം നൽകുന്ന പഠനപദ്ധതി വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ബൗദ്ധിക വ്യക്തിത്വവും വളർത്തും. പ്രാചീന കൃതികൾ ആധുനിക മലയാളത്തിലേക്കു ലിപ്യന്തരണം ചെയ്യാൻ സ്കൂൾ കുട്ടികളുടെ സേവനം ഇപ്പോൾ പ്രയോജനപ്പെടുത്തുന്ന ജനകീയ സംരംഭങ്ങളുണ്ടെന്നു് ഓർമ്മിക്കുക. (ഒര ആയിരം പഴഞ്ചൊല്ലുകൾ) സ്കൂൾ കോളജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കു് അവസരം നൽകിയാൽ മലയാള ദത്താപഗ്രഥനത്തിനുള്ള സോഫ്റ്റ് വെയറുകൾ അവർ വികസിപ്പിക്കും എന്ന വിശ്വാസം എനിക്കുണ്ടു്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്നപോലെ കേരളത്തിൽ പുതുതലമുറയുടേതു ഡിജിറ്റൽ ഭാഷയാണു്. കമ്പ്യൂട്ടർ വിദ്യയും മാനവികവിജ്ഞാനങ്ങളും കൂട്ടിയിണക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ സജീവ പങ്കാളികളാകാൻ പ്രാചീന മലയാളപഠനത്തിലൂടെ വിദ്യാർത്ഥികളെ ഉത്തേജിപ്പിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ പാഠ്യപദ്ധതിയും അധ്യയനവും മൂല്യ നിർണയനവും പുനർക്രമീകരിക്കണം. പഠനത്തോടൊപ്പം വൈദഗ്ദ്ധ്യവികസനവും (skill development) സാധിക്കുന്നു എന്നതാണു് ഇത്തരം പഠനപദ്ധതിയുടെ മേന്മ. മുൻപു സൂചിപ്പിച്ചതുപോലെ ഇത്തരം പ്രാചീന മലയാളപഠനത്തിൽ വിദ്യാർത്ഥി നിർവാഹകനും സംരംഭകനുമാകും. ബിരുദതലം മുതൽ വിജ്ഞാന സംരംഭകരായിത്തീരുന്ന യുവാക്കൾ പുതുമയുടെ പതാക വാഹകരായിരിക്കും. സാങ്കേതിക വിദ്യയിലും മാനവികവിജ്ഞാനത്തിലും ഇന്നു് അരങ്ങുവാഴുന്ന കേവല സാങ്കേതികവിദ്യയ്ക്കു് അവധി കൊടുക്കാം. പ്രാചീന മലയാളത്തിലെ പാണ്ഡിത്യ പ്രകടനത്തിനും ഒരു ഇടവേള നൽകാം. ഇടനിലക്കാരില്ലാതെ നേരിട്ടു പൂർവമാതൃകകളിൽ നിന്നു പഠിക്കാൻ വിദ്യാർത്ഥികൾക്കു് അവസരം നൽകണം.

വ്യാഖ്യാനവൈചിത്ര്യങ്ങളെ പ്രോത്സാഹിപ്പിക്കണം. അത്തരം തുറവിയുള്ള പൂർവമാതൃകകൾ മലയാളത്തിൽ വിരളമല്ല. എന്തിനും ഏതിനും തെറ്റും ശരിയും വിധിച്ചു താണ്ഡവമാടുന്ന ഭാഷാസാഹിത്യ പാണ്ഡിത്യത്തിനു ഡിജിറ്റൽ യുഗത്തിൽ പ്രസക്തിയില്ല. ഡിജിറ്റൽ യുഗം ജനാധിപത്യപരമാണു്. ബഹുഭാവസമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണു് ഡിജിറ്റൽ സാങ്കേതികത. മേലുകീഴുബന്ധങ്ങൾക്കല്ല, ഇടംവലം ബന്ധങ്ങൾക്കാണു് ഇവിടെ പ്രസക്തിയും സാധ്യതയും. സതീർത്ഥ്യരുടെ കൂട്ടായ്മയിലൂടെയാണു് ഡിജിറ്റൽ യുഗത്തിൽ വിദ്യാഭ്യാസം. ഇക്കാര്യം തിരിച്ചറിഞ്ഞു് അംഗീകരിക്കാത്തതാണു് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുഖ്യ ദൗർബല്യം. അറിവു നിർമ്മാണവും സംരംഭകത്വവും പൗരത്വവും തുല്യപ്രാധാന്യം നേടുന്നതാകണം വിദ്യാഭ്യാസരംഗം. ഇതു മലയാളപഠനത്തിൽ പ്രസക്തമാണു്.[2]

മനസ്സിന്റെ സോഫ്റ്റ്വെയറും ഭാഷാസാഹിത്യസമൂഹത്തിന്റെ പുതുസോഫ്റ്റ്വെയറും പരസ്പരബന്ധിതമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതു് അനുഭവിക്കാൻ കഴിയുന്നതാകണം പ്രാചീന മലയാളപഠനം. ഇത്തരം വിജ്ഞാനികളാണു് ഡിജിറ്റൽ ലോകത്തിലെ ജൈവബുദ്ധിജീവികൾ.

പ്രാചീന മലയാള പഠനത്തിൽ പ്രസക്തമാകുന്ന വിവരങ്ങളുടെ ചില മാതൃകകൾ ഇവിടെ സൂചിപ്പിക്കാം. കേരളപാണിനീയ പീഠികയിൽ വിസ്തരിച്ചതും പിന്നീടു ഭാഷാചരിത്ര പഠനത്തിലുടനീളം പരാമർശിക്കപ്പെടുന്നതുമായ ആറു നയങ്ങൾ വിശേഷിച്ചു പുരുഷഭേദ നിരാസം, അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം തുടങ്ങിയവ എങ്ങനെ ഓരോ പ്രാചീനകൃതിയിലും പ്രവർത്തിക്കുന്നു എന്നു ദത്തത്തിന്റെ സൂക്ഷ്മവിശകലനത്തിലൂടെ കണ്ടെത്തണം. എ. സി. ശേഖർ ശാസന ഭാഷ മുൻനിർത്തി നടത്തിയ ലഘുവിശകലനം ഓർമ്മിക്കുക. ഇന്നത്തെ നിലയിൽ കമ്പ്യൂട്ടർ ദത്തങ്ങളുപയോഗിച്ചു് ആറു നയങ്ങളുടെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്താം. ഓരോ മാതൃകയുടെയും ഭാഷാസാഹിത്യ-സാംസ്കാരിക സാഹചര്യങ്ങൾ കൂടി ദത്തശേഖരത്തിലുണ്ടെങ്കിൽ അതു മഹാവിശകലന (macro analysis) മായി വികസിപ്പിക്കാം.

പ്രാചീന മലയാള പഠനത്തെ മഹാവിശകലനമാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഉള്ളൂർ, ഇളംകുളം കുഞ്ഞൻപിള്ള, എൻ. കൃഷ്ണപിള്ള, കെ. എൻ. എഴുത്തച്ഛൻ തുടങ്ങിയ പണ്ഡിതന്മാർ ആരംഭിച്ചിരുന്നു. ഇളംകുളത്തിന്റെ പ്രാചീനകൃതികളുടെ വ്യാഖ്യാനങ്ങൾ, കേരളചരിത്ര പഠനങ്ങൾ, എൻ. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ, കൈരളിയുടെ കഥ, ഉള്ളൂരിന്റെ പ്രബന്ധങ്ങൾ, കേരളസാഹിത്യചരിത്രം, പ്രാചീനകൃതികളുടെ സംസ്കരണം, എസ്. ഗുപ്തൻ നായരുടെ ലേഖനങ്ങൾ, കെ. എൻ. എഴുത്തച്ഛന്റെ പഠനങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

മലയാള ഭാഷയുടെ വിശകലനത്തിൽ മലയാളിക്കു ലഭിച്ച മഹാമാതൃകയാണു് ഗുണ്ടർട്ട് നിഘണ്ടു. മലയാളത്തിന്റെ കാനോൻ (canon) ആദ്യം പ്രത്യക്ഷപ്പെടുന്നതു ഗുണ്ടർട്ടിന്റെ വ്യാകരണത്തിലും നിഘണ്ടുവിലുമാണു്. വ്യാകരണ രചനയ്ക്കും നിഘണ്ടു നിർമ്മാണത്തിനും ഉപയോഗിച്ച കൃതികളുടെ പട്ടികയായിട്ടാണു് പേരുകൾ നൽകിയിരിക്കുന്നതെങ്കിലും സാഹിത്യത്തിലെ കാനോനീകരണം എന്ന പ്രാധാന്യമുണ്ടു്. കാനോനികരിക്കപ്പെട്ട കൃതികളിൽനിന്നുള്ള ഉദ്ധരണികൾ നിഘണ്ടുവിലുടനീളം കാണാം. അവ ഗുണ്ടർട്ട് നിഘണ്ടുവിനെ പ്രാചീന മലയാളത്തിന്റെ പ്രദർശനശാലയാക്കുന്നു. (വിശിഷ്ടങ്ങളായ മണിപ്രവാളകൃതികൾ ഉൾപ്പെടുത്തിയില്ല എന്നതു ഗുണ്ടർട്ട് നിഘണ്ടുവിന്റെ പരിമിതി).

പ്രദർശനശാല എന്ന വാക്കു് ഇവിടെ ഉപയോഗിച്ചതു മ്യൂസിയത്തെ കുറിക്കാനാണു്. ഇന്നത്തെ നിലയിൽ മ്യൂസിയം വെറും പ്രദർശന സ്ഥലമോ കാഴ്ചബംഗ്ലാവോ അല്ല. വ്യാഖ്യാന കേന്ദ്ര (interpretation centre) മാണു്. ഗുണ്ടർട്ട് നിഘണ്ടു ആ നിലയ്ക്കു പ്രാചീന മലയാള മ്യൂസിയമാണു്. അതിനു സമാന്തരമായി മറ്റൊരു മലയാള മ്യൂസിയം രൂപപ്പെട്ടുവരുന്നുണ്ടു്. അതാണു് മലയാള മഹാനിഘണ്ടു. കേരള സർവകലാശാലയുടെ സംരംഭമായ മലയാള മഹാനിഘണ്ടു മലയാള മ്യൂസിയം എന്ന നിലയിൽ വലിയ പ്രതീക്ഷകൾ ഉയർത്തുന്നു.

വിപുലമായ ദത്തശേഖരം കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ ശൃംഖലകളുടെ സഹായം കൂടിയേ തീരൂ. പല വ്യക്തികൾ പല സ്ഥലത്തിരുന്നു പലപ്പോഴായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു് പൊതുധാരകൾ കണ്ടെത്താൻ കഴിയുക എന്നതു് സാഹിത്യ ചരിത്ര രചനയിൽ പ്രധാനമാണു്.

ഗുണ്ടർട്ട് നിഘണ്ടുവിനും മലയാള മഹാനിഘണ്ടുവിനും മുമ്പു് ഒരു മലയാള മ്യൂസിയം മലയാളിക്കു ലഭിച്ചിട്ടുണ്ടു്. പതിന്നാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ വിരചിതമായ ലീലാതിലകം. മലയാളഭാഷാപരിണാമം, സംസ്കൃത സമ്പർക്കം, സാഹിത്യ വികാസം, കേരള സമൂഹ രൂപീകരണം, വൃത്താലങ്കാര പദ്ധതികൾ, സാഹിത്യ മീമാംസ എന്നിവയെല്ലാം ദത്താപഗ്രഥനത്തിലൂടെ വ്യാഖ്യാനിക്കുന്ന മലയാള മ്യൂസിയമാണു് ലീലാതിലകം. ലീലാതിലകത്തിലെ വൈജ്ഞാനിക ശൃംഖല തിരിച്ചറിഞ്ഞു സംസ്കാരവിനിമയമാതൃകയായി അതിനെ ഉപയോഗിക്കാൻ ഇനിയും മലയാളി ശീലിച്ചിട്ടില്ല. ലീലാതിലകത്തിന്റെ പ്രാധാന്യം അതു കണ്ടുകിട്ടിയ കാലത്തുതന്നെ കേരളപാണിനി തിരിച്ചറിഞ്ഞിരുന്നു. കേരളപാണിനീയത്തിന്റെ ഒന്നാം പതിപ്പിനെ അടിമുടി മാറ്റിമറിച്ചു് ഇന്നത്തെ കേരളപാണിനീയമാക്കുന്നതിൽ ലീലാതിലകത്തിനു വലിയ പങ്കുണ്ടു്. മലയാളസാഹിത്യ ചരിത്രങ്ങളും ഭാഷാചരിത്രങ്ങളും മലയാളവിജ്ഞാനത്തിന്റെ അസ്തിവാരമായി ലീലാതിലകത്തെ പരിഗണിക്കുന്നു. പാശ്ചാത്യ ഭാഷാശാസ്ത്രവുമായി മലയാളത്തെ കൂട്ടിയിണക്കിയ എൽ. വി. രാമസ്വാമി അയ്യർ ലീലാതിലകപാഠങ്ങളുടെ ശാസ്ത്രീയതയും സമകാലികതയും ഇംഗ്ലീഷ് ലേഖനങ്ങളിലൂടെ അന്യഭാഷക്കാരെ ബോധ്യപ്പെടുത്തി. കേരള സർവകലാശാലാ ഭാഷാശാസ്ത്രവകുപ്പിൽ എ. ആർ. ഗോപാലപിള്ള നടത്തിയ വിശദപഠനം ലീലാതിലകത്തിന്റെ അറിവുചിട്ടകൾ വെളിപ്പെടുത്തുന്നു. ഗോപാലപിള്ളയുടെ പഠനങ്ങൾ പുസ്തകരൂപത്തിൽ ഇന്റർ നാഷനൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് (ISDL) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ലീലാതിലകത്തിനു് ഇളംകുളം കുഞ്ഞൻപിള്ളയും ശൂരനാടു കുഞ്ഞൻപിള്ളയും തയ്യാറാക്കിയ വ്യാഖ്യാനപഠനങ്ങൾ അറിവുവഴികൾ കൂടുതൽ വിശാലമാക്കി. തമിഴ് പണ്ഡിതനും ഭാഷാശാസ്ത്രജ്ഞനുമായ എസ്. വി. ഷണ്മുഖം സാമൂഹിക ഭാഷാശാസ്ത്ര ദൃഷ്ടിയിൽ ലീലാതിലകം അപഗ്രഥിക്കുന്നു. ചുരുക്കത്തിൽ, പ്രാചീന മലയാളത്തിന്റെ അറിവു മണ്ഡലത്തിലേക്കുള്ള മഹാകവാടമാണു് ലീലാതിലകം. ലീലാതിലകം ഒരു ഇന്ററാക്ടീവ് മ്യൂസിയം (interactive museum) പോലെ പ്രവർത്തിക്കുന്നു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ചിട്ടകൾ ഗ്രഹിക്കാൻ ലീലാതിലകവുമായി വൈജ്ഞാനികബന്ധം സ്ഥാപിക്കേണ്ടിയിരിക്കുന്നു. വെറും അറിവു ബന്ധം പോരാ, അനുഭവ ബന്ധം വേണം. ലീലാതിലകത്തിലെ ഒറ്റയൊറ്റ ശ്ലോകങ്ങളിലൂടെ ലീലാതിലകം ഭൂമിശാസ്ത്രമനുസരിച്ചു സഞ്ചരിക്കാൻ ശീലിച്ചാൽ പഴയ മലയാളം പരിചിത മേഖലയാകും. അത്തരമൊരു അനുഭവ മേഖലയായി പ്രാചീന മലയാളത്തെ മാറ്റാൻ ക്ലാസിക് മലയാള പഠനത്തിനു കഴിയണം. പാഠ്യപദ്ധതിയുടെ കേന്ദ്രം, ലീലാതിലകമായാൽ എല്ലാറ്റിനും ഒരറിവുചിട്ടയുണ്ടാവും. ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും പ്രാധാന്യം ലഭിക്കുകയും ചെയ്യും. ഇവിടെ സൂചിപ്പിച്ചതുപോലെ കർമ്മ പരിപാടികളായി പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കാം. പഠനം തുടങ്ങുമ്പോൾ മുതൽ എന്തെങ്കിലുമൊക്കെ ചെയ്തു പഠിക്കാനും പ്രദർശിപ്പിക്കാനും കഴിയും. മലയാളപഠനത്തിന്റെ കേന്ദ്രത്തിലേക്കു് പുതുതലമുറക്കാരെ (ജനപ്രിയസംസ്കാരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ന്യൂ ജനറേഷൻ) എത്തിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യക്കു സാധിക്കും. അതിനു സാങ്കേതികവിദ്യ, ലിപി പരിചയം, വൃത്താലങ്കാര നിശ്ചയം എന്നിവയൊക്കെ പഠിച്ചു പാസ്സായിട്ടാവാം കർമ്മകാണ്ഡം എന്നുവച്ചാൽ ഇന്നത്തെ മട്ടിൽ അറുബോറായി പ്രാചീന മലയാള പഠനം മാറും. പ്രാചീന മലയാളത്തെ ക്ലാസിക് മലയാളമാക്കാൻ അതിനു് അർത്ഥപുഷ്ടി നൽകണം.[3] ഇക്കാര്യത്തിൽ സാഹിത്യചരിത്ര വിജ്ഞാനപരമായ തിരിച്ചറിവുകൾക്കു് വലിയ പ്രാധാന്യമുണ്ടു്. ഒരുദാഹരണം കൊണ്ടു് ഇക്കാര്യം വിശദീകരിക്കാം. എന്താണു ക്ലാസിക് മലയാളമെന്നു സാമാന്യമായി വിശദീകരിക്കേണ്ടിവരുമ്പോൾ ഘട്ട വിഭജനം വലിയ പ്രശ്നമായിത്തീരുന്നു. ഏതു പ്രശ്നത്തെയും സാധ്യതയാക്കി വിവർത്തനം ചെയ്യുക എന്നതാണു പഠനതന്ത്രം. മലയാളത്തിന്റെ ഭാവത്തിലും ഭാഷയിലും നിർണായകമായ മാറ്റമുണ്ടായ ഘട്ടമേതു്? പാശ്ചാത്യന്റെ വരവോടുകൂടിയാണു് സാംസ്കാരിക ജീവിതത്തിൽ വലിയ കോളിളക്കങ്ങൾ ഉണ്ടായതെന്നു് ഒരു സാമാന്യവിശ്വാസമുണ്ടു്. ഈ പൊതുബോധത്തെ പുനരവലോകനം ചെയ്യാതെ ഭാഷാസാഹിത്യചരിത്രങ്ങൾ വീണ്ടും വീണ്ടും രചിക്കുന്നതു് പോലെയാണു്. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ വലിയ സാംസ്കാരിക ഭൂകമ്പത്തിന്റെ ഭാഗമായി ആധുനിക മലയാളം രൂപപ്പെട്ടു എന്നു കരുതാനാണു് പൊതുവേ താൽപര്യം. എഴുത്തച്ഛൻ നൽകിയ ചരിത്രപരമായ സംഭാവന പരിഗണിക്കുമ്പോൾ അങ്ങനെ കരുതാനുള്ള പ്രലോഭനം വർദ്ധിക്കും. ജനങ്ങൾക്കു സ്വീകാര്യമായ ശൈലിയിൽ രാമായണവും മഹാഭാരതവും മലയാളത്തിനു സംഭാവന ചെയ്തുവെന്നതു് മഹാകാര്യംതന്നെ. എന്നാൽ പ്രൊഫ. കൃഷ്ണപിള്ളയും മറ്റും കണ്ണശ്ശ കൃതികൾ മുൻനിർത്തി നടത്തിയ ചർച്ചകളിൽ വ്യക്തമാക്കിയതുപോലെ ഒരു സുദീർഘ പാരമ്പര്യത്തിന്റെ ഉല്പന്നങ്ങളായിരുന്നു എഴുത്തച്ഛന്റെ കൃതികൾ.[4] ഭക്തിഭാവത്തിന്റെ പരകോടിയിൽ ഭാഷയെ പുതിയ മൊഴി വഴക്കങ്ങൾകൊണ്ടു് അദ്ദേഹം പുനർനിർമ്മിച്ചു. ഇതിഹാസ പാരമ്പര്യവും പാശ്ചാത്യ കൊളോണിയൽ പാരമ്പര്യവും കേരള സംസ്കാരത്തിലുണ്ടാക്കിയ കോളിളക്കങ്ങളും വിഭ്രാന്തികളും ചരിത്രാത്മകമായി വിശകലനം ചെയ്യാൻ ആർക്കും സാവകാശമുണ്ടായിരുന്നില്ല. ഉപാദാനങ്ങൾ കഴിയുന്നിടത്തോളം ശേഖരിച്ചു് ഉള്ളൂർ കേരളസാഹിത്യ ചരിത്രം നിർമ്മിച്ചു. പി. കെ. നാരായണപിള്ളയെപ്പോലുള്ള പണ്ഡിതന്മാർ മലയാള ക്ലാസിക്കുകളുടെ ഭാവഭംഗികൾ കാട്ടിത്തന്നു. എഴുത്തച്ഛന്റെ മുന്നിലും പിന്നിലും ചെറുശ്ശേരിയേയും കുഞ്ചൻ നമ്പ്യാരെയും പ്രതിഷ്ഠിച്ചു. പ്രാചീന കവിത്രയ സങ്കല്പത്തിലെ പുതുമ മലയാളികൾ വേണ്ടും വണ്ണം ഗ്രഹിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ബഹുകേന്ദ്രിതത്വം എന്ന ആശയംതന്നെ പി. കെ. വാദിച്ചുറപ്പിച്ചു. എവിടെയും ഏകനായകനെ തേടുന്ന മലയാളി മനസ്സിനെ കുറേക്കൂടി പക്വവും വൈജ്ഞാനികവുമാക്കാൻ സാഹിത്യചരിത്രത്തിലെ ത്രയസങ്കല്പത്തിനു കഴിഞ്ഞു. ഭാഷയുടെയും സാഹിത്യത്തിന്റെയും കുതിച്ചുചാട്ടം ശരിയായി മനസ്സിലാക്കാൻ പ്രാചീന കവിത്രയം വേണമെന്നു നിർദ്ദേശിച്ച സാഹിത്യപഞ്ചാനനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കുറേക്കൂടി തെളിച്ചു പറഞ്ഞാൽ മലയാള ഭാഷയും സാഹിത്യവും ഇന്നത്തെ നിലയിൽ നോക്കുമ്പോൾ ദൃഢത പ്രാപിക്കുന്നതു് പതിനെട്ടാം നൂറ്റാണ്ടിലാണു്. ഇതു മലയാളസാഹിത്യത്തിന്റെ ഘട്ടവിഭജനത്തെക്കുറിച്ചുളള ഒരു പ്രമേയം മാത്രം. ഇത്തരം പ്രമേയങ്ങൾ പലതുണ്ടാവാം. അവയെല്ലാം പരീക്ഷിച്ചു നോക്കാൻ ഉതകുന്ന തുറവിയുളളതായിരിക്കണം പാഠ്യപദ്ധതി.

പ്രാചീന മലയാള പഠന പദ്ധതി, വിദ്യാർത്ഥികേന്ദ്രിതവും അയവുള്ളതും വൈവിധ്യപൂർണവുമായിരിക്കണം. വിദ്യാർത്ഥി ഏറ്റെടുക്കുന്ന പഠനസംരംഭം അനുസരിച്ചു് വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യവുമുണ്ടാവണം. വിദ്യാർത്ഥികളുടെ പഠനഫലങ്ങൾ ഒരു ശ്ലോകത്തിന്റെ സാഹിത്യവ്യാഖ്യാനമോ ചരിത്ര വിശകലനമോ അലങ്കാര നിർണയനമോ സംസ്കാര പഠനമോ വ്യാകരണ വിശകലനമോ എന്തുമാകട്ടെ, അതു ബ്ലോഗിൽ പ്രദർശിപ്പിക്കണം. പൊതുസമൂഹത്തിനു് അതു ലഭ്യമാക്കണം. ഇന്റർനെറ്റിൽ നിന്നു മറ്റുള്ളവരുടെ ഉല്പന്നങ്ങൾ അടിച്ചുമാറ്റാനല്ല, സ്വന്തം വൈജ്ഞാനികോല്പന്നങ്ങൾ ഇന്റർനെറ്റിലേക്കെത്തിക്കാനാണു് വിദ്യാർത്ഥികൾക്കു കഴിയേണ്ടതു്. അതിനുള്ള ശേഷി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നതാണു് അധ്യാപനത്തിന്റെ ഉന്നം. ഇങ്ങനെ ഉത്പന്നങ്ങളുടെ പ്രദർശനമൊരുക്കുന്നതിൽ പരിമിതപ്പെടുന്നില്ല ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പങ്കു്. വിദ്യാർത്ഥികൾക്കു് ഒറ്റയ്ക്കോ കൂട്ടായോ ഇത്തരം പ്രോജക്ടുകൾ ഏറ്റെടുക്കാൻ സ്വാതന്ത്ര്യമുണ്ടാവണം. താരതമ്യം, പ്രകടനം, തർജമ തുടങ്ങിയവയെല്ലാം ഈ ഘട്ടത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണു്. പ്രാചീനകൃതികളുടെ പ്രകടനം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ചൊൽവടിവു്, നാട്യം, നൃത്തം, സിനിമ, ആനിമേഷൻ, ഇൻസ്റ്റലേഷൻ തുടങ്ങിയ സാധ്യതകളെല്ലാം തുറന്നിടാൻ കഴിയണം. വിദ്യാർത്ഥിയുടെ സർഗാത്മക ഭാവനയ്ക്കായിരിക്കണം പരമാവധി പ്രോത്സാഹനം. ചിലരെങ്കിലും ശബ്ദകോശങ്ങൾ തയാറാക്കുന്നതിലോ വ്യാകരണ വിധികൾ ക്രോഡീകരിക്കുന്നതിലോ ഉത്സാഹിച്ചേക്കാം. ഭിന്നരുചികളുള്ളവർ സഹകരിച്ചു് അന്തർവൈജ്ഞാനികമായ പരിശ്രമങ്ങളിൽ ഏർപ്പെട്ടെന്നും വരാം. ഇപ്പോൾത്തന്നെ ചരിത്രവും പ്രകടനവും സിനിമയും മറ്റും സാഹിത്യ പഠനത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ടല്ലോ. പ്രാചീന മലയാള പഠനത്തിനു് കൂടുതൽ മേഖലകളിലേക്കു കടന്നുചെല്ലാം. അത്തരം അതിരുവിട്ടുള്ള സംരംഭങ്ങളെല്ലാം പ്രാചീന മലയാളപഠനത്തെ പുഷ്ടിപ്പെടുത്തും.

അറിവുനിർമ്മാണത്തിലെ കുത്തകകൾ അവസാനിച്ചിരിക്കുന്നു. പ്രാചീന മലയാളവും ഗോളാന്തരയാത്രയും പൊതുഇടത്തിലെ വിഷയങ്ങളായി മാറുന്നു, വിശ്വാസങ്ങളും ആചാരങ്ങളും സിദ്ധാന്തങ്ങളുമെല്ലാം വിജ്ഞാന പ്രവാഹത്തിന്റെ കുത്തൊഴുക്കിൽ ഉലയുകയാണു്. പരമാവധി അഭിപ്രായങ്ങളെ ഉൾക്കൊള്ളുന്നതാണു് കേമത്തം.

പഠന മേഖലയിൽ വരുന്ന ഭാഷാ സാഹിത്യ വിഭവങ്ങളുടെ വിവരങ്ങൾ അറിവുകളാക്കി മാറ്റാൻ കഴിയണം. ഉദാഹരണത്തിനു്, പതിനെട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയങ്ങളായ സാഹിത്യകൃതികളെക്കുറിച്ചു് സാഹിത്യചരിത്രാദികളിൽ ലഭ്യമായ വിവരങ്ങൾ കമ്പ്യൂട്ടർ ശൃംഖലയിലെ അറിവുകളാക്കി മാറ്റാൻ കഴിയണം. പതിനെട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയങ്ങളായ സാഹിത്യ കൃതികളെക്കുറിച്ചുള്ള പുത്തൻ അറിവുകളും സാഹിത്യ ചരിത്രാദികളിൽ ലഭ്യമായ വിവരങ്ങളും കമ്പ്യൂട്ടറിൽ ഏകോപിപ്പിക്കാം. അവയുടെ പിൻബലത്തോടുകൂടി പതിനെട്ടാം നൂറ്റാണ്ടിന്റെ മലയാള സാഹിത്യ ചരിത്രപരിസ്ഥിതി നിർണയിക്കാൻ കഴിയും.[5] ഇവിടെ സാഹിത്യവിജ്ഞാനം പുതുമ നേടുന്നു.

ദത്താധിഷ്ഠിതമായ അപഗ്രഥനത്തിലൂടെ രൂപപ്പെടുത്തിയ വിവരശേഖരമാണു് ഇവിടെ അറിവിന്റെ വഴി തുറക്കുന്നതു്. തോതും തരവും പരിഗണിക്കുന്നതായിരിക്കും ഡിജിറ്റൽ മാനവികവിജ്ഞാനം. കുഞ്ചൻനമ്പ്യാരുടെ കൃതികൾ മാത്രമല്ല, ‘വർത്തമാനപ്പുസ്തക’വും പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്പന്നമാണു്. ആത്മഭാവങ്ങൾ പ്രദർശിപ്പിക്കുന്ന ആദ്യത്തെ മലയാളഗദ്യകൃതി എന്നാണു് എൻ. കൃഷ്ണപിള്ള ‘വർത്തമാനപ്പുസ്തക’ത്തെ വിശേഷിപ്പിക്കുന്നതു്. സാഹിത്യചരിത്രത്തിലെ കാനോനും ഘട്ടവും പ്രസ്ഥാനവും ഇസവുമെല്ലാം നിർമ്മിതികളാണെന്നു വാദമുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ ദത്താധിഷ്ഠിതമായും തത്ത്വനിഷ്ഠമായും സാഹിത്യ ചരിത്ര സംവാദങ്ങളിലേർപ്പെടാൻ പ്രാചീന മലയാള വിദ്യാർത്ഥികൾ പ്രാപ്തരാകും. വിപുലമായ ദത്തശേഖരം കൈകാര്യം ചെയ്യാൻ കമ്പ്യൂട്ടർ ശൃംഖലകളുടെ സഹായം കൂടിയേ തീരൂ. പല വ്യക്തികൾ പല സ്ഥലത്തിരുന്നു പലപ്പോഴായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു് പൊതുധാരകൾ കണ്ടെത്താൻ കഴിയുക എന്നതു് സാഹിത്യ ചരിത്ര രചനയിൽ പ്രധാനമാണു്.

അങ്ങനെ കേരളോൽപ്പത്തിയും ഓണപ്പാട്ടും ജൂതസ്ത്രീകളുടെ പെൺപാട്ടും റമ്പാൻ പാട്ടും മാപ്പിളപ്പാട്ടും മലയാളിക്കു് ഓരോരോ അനുഭവങ്ങളായി രൂപാന്തരപ്പെടുന്നു. ഇവയുടെ വൈവിധ്യ സമൃദ്ധി നശിപ്പിക്കാതെ പുതുവ്യവഹാരത്തിലേക്കു് ഏകോപിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കു കഴിയും.

അറിവിന്റെ ലോകം വിജ്ഞാനയുഗത്തിൽ അതിരുകളില്ലാതെ വിടരുകയാണു്. ഹാർവാർഡ് സർവകലാശാലയിലെ ഡേവിഡ് വൈൻ ബർഗർ ഇതേക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ ശീർഷകം Too Big to Know എന്നാണു്. അറിയാൻ കഴിയാത്തവണ്ണം പരിധിയറ്റ വിജ്ഞാനം—അതാണു് ഇന്നത്തെ അറിവുലോകം. ഇതെങ്ങനെ സംഭവിച്ചു? വസ്തുതകൾ വസ്തുതകളല്ലെന്നും അഭിപ്രായങ്ങൾ മാത്രമാണെന്നും തിരിച്ചറിയുന്നതോടെ അനേകം നാവുകളിൽനിന്നു് ഭിന്നാഭിപ്രായങ്ങൾ ആധികാരികതയുടെ ബലത്തിൽ പുറപ്പെടുന്നു. ഓരോരുത്തർക്കും ഏതെങ്കിലും ചില കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുണ്ടെന്നു് തിരിച്ചറിയുന്നു. അറിവിന്റെ പ്രവാഹം കെട്ടിനിർത്തി മനുഷ്യോപകാരപ്രദമായി വിനിയോഗിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപകരിക്കുമെന്ന വിശ്വാസം പ്രബലമാകുന്നുണ്ടു്. അറിവിന്റെ എല്ലാ ഉറവിടങ്ങളെയും വിജ്ഞാനപദ്ധതികൾ അംഗീകരിച്ചു തുടങ്ങിയതോടെ പണ്ഡിത ഗർവ്വു് ശമിക്കാൻ തുടങ്ങി. അറിവിന്റെ ലോകത്തു സമത്വബോധം വളരുകയാണു്. മാധ്യമലോകത്തെ സംവേദനതന്ത്രങ്ങൾ പരിഗണിച്ചാൽ ഇക്കാര്യം പെട്ടെന്നു ബോധ്യമാകും. അറിവുനിർമ്മാണത്തിലെ കുത്തകകൾ അവസാനിച്ചിരിക്കുന്നു. പ്രാചീന മലയാളവും ഗോളാന്തരയാത്രയും പൊതുഇടത്തിലെ വിഷയങ്ങളായി മാറുന്നു, വിശ്വാസങ്ങളും ആചാരങ്ങളും സിദ്ധാന്തങ്ങളുമെല്ലാം വിജ്ഞാന പ്രവാഹത്തിന്റെ കുത്തൊഴുക്കിൽ ഉലയുകയാണു്. പരമാവധി അഭിപ്രായങ്ങളെ ഉൾക്കൊള്ളുന്നതാണു് കേമത്തം. ഓരോരുത്തരും അവരവരുടെ അറിവു വഴികൾ സാധൂകരിക്കുന്ന ഉപപാദനങ്ങൾ നിർമ്മിക്കുകയാണു്. അറിവു ശേഖരിക്കുമ്പോൾ അറിവിന്റെ ഉപപാദനവഴികൾ കൂടി രേഖപ്പെടുത്തേണ്ടിവരുന്നു. ഉദാഹരണത്തിനു്, സർവസാധാരണമായ ഒരു പഴഞ്ചൊല്ലുതന്നെയെടുക്കുക. എന്താണതിന്റെ പൊരുളെന്നു് ഗുരുജനങ്ങൾ ചൊല്ലിക്കൊടുത്തു. ശിഷ്യർ അതു് ഏറ്റുവാങ്ങി. ഇന്നു പഴഞ്ചൊല്ലു പഠിക്കുന്നവർ വ്യത്യസ്ത വ്യക്തികൾ വ്യത്യസ്ത സന്ദർഭങ്ങളിൽ പഴഞ്ചൊല്ലുകൊണ്ടു് എന്തു ചെയ്യുന്നു എന്നു നോക്കും. പഴഞ്ചൊല്ലുകൊണ്ടുള്ള കളിയിലാണവരുടെ ശ്രദ്ധ. പഴഞ്ചൊല്ലിന്റെ പൊരുൾ മാറിക്കൊണ്ടേയിരിക്കുന്നു. ഈ വൈവിധ്യവും അനിശ്ചിതത്വവുമാണു് പഴഞ്ചൊല്ലറിവിന്റെ വ്യതിരിക്തത. ‘ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു് ഇലയിൽ വീണാലും കേടു് ഇലയ്ക്കു തന്നെ’ എന്ന ചൊല്ലു് എന്തെന്തു വൈജാത്യത്തോടുകൂടിയാണു് കേരളസമൂഹത്തിൽ വ്യാപിക്കുന്നതു്. ദേശനാമങ്ങളെടുത്താൽ ഓരോ ദേശനാമത്തിനുമുണ്ടു് പലതരം ആഗമവിചാരങ്ങൾ. ജാതിപ്പേരുകളിലും കാണാം ഇതേ വൈജാത്യം. നാട്ടുചരിത്രം ഭാഷയിലും ഭാവനയിലുമാണു് ഖനനം നടത്തുന്നതു്. മണ്ണിൽത്തന്നെ കുഴിക്കണമെന്നു നിർബ്ബന്ധമില്ല. ഭാഷയുടെ തുരുമ്പുകളിൽനിന്നു് പാരമ്പര്യവഴികളിലൂടെ സഞ്ചരിച്ചു് അവർ പൈതൃകം സൃഷ്ടിക്കുന്നു. വെറുതെ സൃഷ്ടിക്കുകയല്ല അനുഭവിക്കുകകൂടി ചെയ്യുന്നു. അങ്ങനെ കേരളോൽപ്പത്തിയും ഓണപ്പാട്ടും ജൂതസ്ത്രീകളുടെ പെൺപാട്ടും റമ്പാൻ പാട്ടും മാപ്പിളപ്പാട്ടും മലയാളിക്കു് ഓരോരോ അനുഭവങ്ങളായി രൂപാന്തരപ്പെടുന്നു. ഇവയുടെ വൈവിധ്യ സമൃദ്ധി നശിപ്പിക്കാതെ പുതുവ്യവഹാരത്തിലേക്കു് ഏകോപിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്കു കഴിയും. ചുരുക്കിപ്പറഞ്ഞാൽ, വിവിധ ആഖ്യാനങ്ങളെ പ്രമേയമോ ആഖ്യാന ശൈലിയോ ഭാഷയോ മുൻനിർത്തി വിജ്ഞാന ചിത്രമാക്കി മാറ്റാൻ കമ്പ്യൂട്ടർ സാങ്കേതികവിദ്യയ്ക്കു കഴിയും. തലച്ചോറിന്റെ പ്രവർത്തനത്തോടു സാമ്യമുള്ള കൃത്രിമബുദ്ധി (AI) വികസിപ്പിക്കുന്നതിലാണു് ഇപ്പോൾ ന്യൂറോ ശാസ്ത്രജ്ഞരുടെ ശ്രദ്ധ. ഭാഷയും മസ്തിഷ്കവും തമ്മിലുള്ള ഉറ്റചാർച്ച എന്നും സജീവ ചർച്ചാ വിഷയമായിരുന്നു. വാമൊഴി ചരിത്രത്തിലും നാടോടികലകളിലും ആ ബന്ധം പ്രയോജനപ്പെടുത്താൻ ഫോക്ലോർ പഠനം ഇപ്പോൾ ശ്രമം നടത്തുന്നു. മലയാള പഠനത്തിലാകട്ടെ, ഇത്തരം അഭിമുഖീകരണത്തിനു് ബൃഹദ്പദ്ധതികളൊന്നും നിലവിൽ വന്നിട്ടില്ല. മലയാളത്തെ മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കുന്നവർ അറിയാതെതന്നെ അതിനെ ഭൂതകാലത്തിന്റെ കുറ്റിയിൽ കെട്ടിയിടുകയാണു്. ഉദാഹരണത്തിനു് വൃത്തം, അലങ്കാരം തുടങ്ങിയവയെല്ലാം പഴഞ്ചരക്കുകളായിട്ടാണു് ഇന്നു സാഹിത്യപഠനത്തിന്റെ മാർക്കറ്റിൽ വിപണനം ചെയ്യപ്പെടുന്നതു്. പ്രാചീന ഘട്ടം മുതൽ ഇന്നോളം ഭാഷകൊണ്ടു കളിക്കുന്ന മനുഷ്യർ നവലോകനിർമ്മാണത്തിനു് എങ്ങനെ ഭാഷ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കാൻ പുതുവഴികൾ തുറന്നുകിട്ടിയിട്ടുണ്ടു്. അനുദിനജീവിതത്തിലെ രൂപകങ്ങളെക്കുറിച്ചു് ഇന്നു ധാരാളം പഠനങ്ങൾ നടക്കുന്നുണ്ടു്. വൈജ്ഞാനികതയുടെ മൂർത്തരൂപമായി രൂപക ശൃംഖലയെ തിരിച്ചറിയാറുമുണ്ടു്. മണിപ്രവാളത്തിലെ അലങ്കാരങ്ങളെ അപഗ്രഥിക്കുമ്പോൾ അതു് അന്നത്തെ ജ്ഞാനവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നു പഠിക്കാൻ കഴിഞ്ഞാൽ പുതുവഴി തുറക്കാമായിരുന്നു. ഇന്നു കാവ്യഭാഷയിൽനിന്നു് അലങ്കാരങ്ങളും വൃത്തങ്ങളും കുടിപറിഞ്ഞു പോവുകയാണു്. ഒഴിവായ സ്ഥലത്തു് രൂപകങ്ങൾ കുടിയേറുന്നു. സാമ്യോക്തിയും അതിശയോക്തിയും രൂപക പരമ്പരയുടെ ഘടനയുമായി എങ്ങിനെ പൊരുത്തപ്പെടുന്നു? മനുഷ്യ മസ്തിഷ്കത്തിനു തന്നെ ചിന്തയിലും പ്രവർത്തനത്തിലും ഒരു രൂപകാഭിമുഖ്യമുണ്ടു്. രൂപകങ്ങൾക്കു് ദേശ-വംശ-ലിംഗ നിർണയനങ്ങൾ കല്പിക്കാമോ? സാമൂഹിക ഭാഷാശാസ്ത്രം കണ്ടതിനുമപ്പുറമുള്ള കാര്യങ്ങളാണിതു്. ധൈഷണിക ഭാഷാശാസ്ത്രം കടന്നുചെല്ലേണ്ട മേഖലയാണിതു്. കൃതികളുടെ പാഠലോകത്തെക്കുറിച്ചുള്ള ഇത്തരമന്വേഷണം തത്ത്വനിഷ്ഠമാക്കാൻ പാഠാപഗ്രഥനവും വ്യവഹാരാപഗ്രഥനവും സംഭാഷണാപഗ്രഥനവും വേണ്ടിവരും. ഇവയെല്ലാം സൂക്ഷ്മതയോടെ നിർവഹിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയേ ശരണം. മനസ്സിന്റെ സോഫ്റ്റ്വെയറും ഭാഷാസാഹിത്യസമൂഹത്തിന്റെ പുതുസോഫ്റ്റ്വെയറും പരസ്പരബന്ധിതമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതു് അനുഭവിക്കാൻ കഴിയുന്നതാകണം പ്രാചീന മലയാളപഠനം. ഇത്തരം വിജ്ഞാനികളാണു് ഡിജിറ്റൽ ലോകത്തിലെ ജൈവബുദ്ധിജീവികൾ.

ഇതുവരെ നടത്തിയ ചർച്ചയുടെ വെളിച്ചത്തിൽ ഡിജിറ്റൽ മാനവികതയ്ക്കു് മലയാളപഠനത്തിൽ എന്തു പ്രസക്തി എന്നു ചുരുക്കിപ്പറയാം.

ഒന്നു്
പാഠം (text), അതാണല്ലോ ഇക്കാലമത്രയും ഭാഷാസാഹിത്യപഠനത്തിനുള്ള പ്രാഥമിക സാമഗ്രി. മറ്റേതൊരു രീതിശാസ്ത്രത്തെക്കാളും കാര്യക്ഷമമായി പാഠാപഗ്രഥനം നടത്താൻ ഡിജിറ്റൽ മാനവിക വിജ്ഞാനത്തിനു കഴിയും. വ്യാകരണം, ശൈലീവിജ്ഞാനം, വൃത്തശാസ്ത്രം തുടങ്ങിയ മേഖലകളിൽ പരമ്പരാഗത രീതിയിൽ പാഠവിശകലനം നടത്തിയിരുന്നു. മലയാള ഗവേഷണത്തിൽ നല്ലൊരു ഭാഗം പാഠഗവേഷണമാണല്ലോ. അതു കൂടുതൽ കാര്യക്ഷമമാക്കാൻ ഡിജിറ്റൽ മാനവിക വിജ്ഞാനത്തിനു കഴിയും.
രണ്ടു്
രചന നടത്താനും പരിഷ്കരിക്കാനും മോടി പിടിപ്പിക്കാനും ഡിജിറ്റൽ മാനവികത ഉപയോഗിക്കാം. ദൃശ്യ, ശ്രാവ്യ സങ്കേതങ്ങൾ ഫലപ്രദമായി സംയോജിപ്പിക്കാം. പാഠഭേദങ്ങൾ ഏകോപിപ്പിക്കാം. സാഹിത്യത്തെ പ്രകടനമാക്കി മാറ്റാം.
മൂന്നു്
വിഷയനിഷ്ഠ പഠനങ്ങൾ ഉദ്ഗ്രഥിച്ചു പഠിക്കാൻ ഡിജിറ്റൽ മാനവിക വിജ്ഞാനം ഉപകരിക്കും. ഇലക്ട്രോണിക് ആർക്കൈവുകൾ, എത്രയോ സമ്പന്നമാണു്. ഓരോ ദിവസവും ഒരേ സംഭവത്തെ വിവരിക്കാൻ മലയാള പ്രസിദ്ധീകരണങ്ങളിൽ വൈവിധ്യമാർന്ന പ്രയോഗവിശേഷങ്ങൾ ഉണ്ടാകുന്നു. അവ ക്രോഡീകരിച്ചു് മലയാളചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാം. ഡിജിറ്റൽ മാനവികത കാര്യ ക്ഷമമായിരുന്നെങ്കിൽ ‘മുന്നോക്കം’, ‘പിന്നോക്കം’ തുടങ്ങിയ രൂപങ്ങളെ ഒറ്റയടിക്കു തെറ്റെന്നു വിധിച്ചു് പുറംതള്ളാൻ മലയാള മാധ്യമങ്ങൾ തയ്യാറാകുമായിരുന്നില്ല. പുതിയ സങ്കല്പനങ്ങളും താക്കോൽ വാക്കുകളും പങ്കു വച്ചനുഭവിക്കാൻ മാധ്യമങ്ങൾക്കു ഡിജിറ്റൽ മാനവിക വിജ്ഞാനം വഴിയൊരുക്കും.
നാലു്
സംബന്ധപാഠ (hypertext) മായി, ശൃംഖലിതമായി പ്രവർത്തിക്കുന്ന പാഠലോകം ഡിജിറ്റൽ മാനവിക വിജ്ഞാനത്തിന്റെ സാധ്യതയാണു്, അതിരുകളില്ലാത്ത ബഹുകേന്ദ്രിതമായ വിജ്ഞാനമണ്ഡലമാണു് ഇവിടെ തെളിഞ്ഞുവരുന്നതു്.
അഞ്ചു്
ഡിജിറ്റൽ വായന, ഡിജിറ്റൽ പഠനം, വിദൂരവായന, ഇ-ബുക്ക് തുടങ്ങിയവയെല്ലാം പ്രാചീന മലയാള പഠനത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ഭാഷയുടെ വാമൊഴിച്ചന്തം നിലനിർത്താൻ കഴിയുമെങ്കിൽ വലിയ കാര്യമാണു്. പ്രാചീന മലയാളകൃതികളുടെ വൈവിധ്യവും വൈചിത്ര്യവും അനുഭവവേദ്യമാകുന്നതാണു് ഡിജിറ്റൽ മാനവിക വിജ്ഞാനം. ചമ്പുക്കളിലെ ഗദ്യമോ ചെങ്ങന്നൂരാതിയിലെ സംഭാഷണഭാഗങ്ങളോ സാധ്യമായ വൈവിധ്യത്തോടും വൈചിത്ര്യത്തോടും കൂടി അനുഭവിക്കാൻ കഴിയുന്നതു് വലിയ ഭാഗ്യമാണു്. തരിസാപ്പള്ളി ശാസനത്തിലെ ലിപി മേളനത്തിന്റെ സൗന്ദര്യവും ഹോർത്തൂസ് മലബാറിക്കൂസിലെ ലിപി വൈവിധ്യവും ഭാഷാകൗടലീയത്തിലെ അവ്യവസ്ഥകളും കണ്ടറിവുകളാക്കി മാറ്റാൻ ഡിജിറ്റൽ മാനവിക വിജ്ഞാനം ഉപകരിക്കും. കണ്ടറിവിനും കൊണ്ടറിവിനും വഴിതുറക്കുന്നതാവണം പ്രാചീന മലയാളപഠനം.

മേൽ വിവരിച്ച കാര്യങ്ങളെല്ലാം സഹകരണബുദ്ധിയും സംരംഭകത്വവും പുതുമയും വളർത്തുന്ന വിജ്ഞാനസംരംഭങ്ങളാണു്. രാപകൽ ഭേദമില്ലാതെ ആഴ്ചയിലെ എല്ലാ ദിവസവും സജീവമായി നിൽക്കുന്ന അറിവുശൃംഖലയിൽ കണ്ണി ചേരാനുള്ള ആഹ്വാനമാണു് ഡിജിറ്റൽ മാനവിക വിജ്ഞാനം.[6] ഇത്തരമൊരു സൗകര്യം നമ്മുടെ പ്രാചീന മലയാളപഠനത്തിനു ഗുണകരമാകില്ലേ? എങ്കിൽ കേരളത്തിൽ ഡിജിറ്റൽ മാനവിക വിജ്ഞാന പഠനത്തിനു തുടക്കം കുറിക്കാൻ മലയാള സർകലാശാലയ്ക്കു കഴിയട്ടെ.

ഗ്രന്ഥ/ലേഖന സൂചി
 • എഴുത്തച്ഛൻ, കെ. എൻ., 1990. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരള സാഹിത്യ അക്കാദമി. തൃശൂർ.
 • ഗോപാലകൃഷ്ണൻ നായർ, എം., 1993. സാഹിത്യപഞ്ചാനനന്റെ കൃതികൾ, (നാലുഭാഗം), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് (സമ്പാ.). തിരുവനന്തപുരം.
 • രാജരാജവർമ്മ, എഴുമറ്റൂർ, 2014. എൻ. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ സമ്പൂർണം, (എഡി.) കറന്റ് ബുക്സ്, കോട്ടയം.
 • സക്കറിയ, സ്കറിയ, 2013. പൈതൃകപഠനം, താപസം, വാല്യം IX, ഇഷ്യൂ. 1–4, പു. 37–53.
 • സാം, എൻ. (എഡി.), 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, കേരള സർവകലാശാല, കാര്യവട്ടം.
 • സാഹിത്യ പഞ്ചാനനൻ, 1992. പഞ്ചാനനന്റെ വിമർശത്രയം, കേരള സാഹിത്യ അക്കാദമി: തൃശൂർ.
 • Bellinger, Gene; Durval Castro 2014 Data, Information, Knowledge and Wisdom, https:// www.systems-thinking.org/dikw/dikw.htm
 • Hirsch, Brett D. (ed.), 2012. Digital Humanities Pedagogy: Practices, Principles and Politics, Kindle Version:
 • Matthew K (ed.), 2012. Debates in the Digital Humanities, University of Minnesotta Press: Kindle Version:
 • Matthew L. Jockers, 2013. Macro analysis, University of Illinois.
 • Weinberger, David, 2011. Too big to Know, Basic Books: New York.
 • Unsworth, John, 2009. New Methods for Humanities Research, http://www3. isrl.illinois. edu/ ~unsworth/lyman.htm.
 • Unsworth, John, Gillbert, Jane, 2006. Knowledge, The Disciplines, and Learning in the Digial Age, Apera Conference 2006 (Internet).
കുറിപ്പുകൾ

[1] ഇന്നത്തെ നിലയിൽ പഠനഗവേഷണങ്ങളിലെ ഏറ്റവും വലിയ പ്രശ്നം അറിവുനടത്തിപ്പാണു് (knowledge management). അറിവിന്റെ ഉറവിടങ്ങൾ എന്ന നിലയിൽ ആൾക്കൂട്ടം (crowd) തിരിച്ചറിയപ്പെടുന്നതോടെ അറിവുനടത്തിപ്പു് തികച്ചും ക്ലേശകരമാകുന്നു. പഴഞ്ചൊല്ലും നാടോടിപ്പാട്ടും നാടോടിക്കഥയും നാട്ടാചാരങ്ങളും സമസ്ത വൈചിത്ര്യങ്ങളോടുംകൂടി വിജ്ഞാനമണ്ഡലത്തിലേക്കു കയറിവരുന്നു. അറിവു നിർമ്മാണത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചുള്ള ചിന്ത ഇപ്പോൾ അറിവു നടത്തിപ്പിനു കൂടിയേ തീരൂ. അറിവു നിർമ്മിക്കാനുള്ള വിദ്യയായി രീതിശാസ്ത്രം തിരിച്ചറിയപ്പെടുന്നു. ആശയാവലി (paradigm), സങ്കല്പനം (concept), സിദ്ധാന്തം എന്നിവയെ മുൻനിർത്തിയുള്ള രീതിശാസ്ത്ര വിചാരം രീതിശാസ്ത്രവും ‘സത്യ’വും തമ്മിലുള്ള ബന്ധം വെളിവാക്കുന്നുണ്ടു്. വീണ്ടുവിചാര(reflexivity)ത്തിലൂടെ നിരന്തരം പരീക്ഷിച്ചു് പരിഷ്കരിക്കേണ്ടതാണു് ധാരണകളെന്നു് ബോധ്യമുണ്ടു്. ഇത്തരം തിരിച്ചറിവുകളെ സാധ്യമായ വൈചിത്ര്യത്തോടുകൂടി രേഖപ്പെടുത്തി പാകം ചെയ്യാൻ ഡിജിറ്റൽ സാങ്കേതികവിദ്യ കൂടിയേ തീരൂ. ഭാരതീയ പാരമ്പര്യത്തിൽ ജ്ഞാനവഴികളെക്കുറിച്ചു് ലഭിച്ചിട്ടുള്ള ഉൾത്തെളിവുകൾകൂടി ഇന്നത്തെ നിലയിൽ പരിശോധിക്കാവുന്നതാണു്. പ്രത്യക്ഷം, അനുമാനം, അനുപലബ്ധി, ഉപമ തുടങ്ങിയ ജ്ഞാനവഴികൾ മുൻനിർത്തി അറിവു നടത്തിപ്പു് കാര്യക്ഷമമാക്കാവുന്നതാണു്. അറിവു നിർമ്മാണം പഠനത്തിന്റെ കേന്ദ്രമാകുന്നതോടെ രീതിശാസ്ത്രവും അറിവുനടത്തിപ്പും സുപ്രധാനമായിത്തീരുന്നു. ഡിജിറ്റൽ മാനവിക വിജ്ഞാനം പ്രാഥമികമായി ഒരു രീതിശാസ്ത്രമാണെന്നു് ഓർമ്മിക്കുക.

[2] എല്ലാ പഠനങ്ങളുടെയും ലക്ഷ്യം ധാരണ (understanding) വളർത്തുക എന്നാണു്. ധാരണയെന്നാൽ ദത്ത (data) മെന്നാണു് പലരും ധരിച്ചിരിക്കുന്നതു്. ദത്ത ഖനനത്തിലൂടെ വിവരം (information) ശേഖരിക്കേണ്ടിയിരിക്കുന്നു. വിവര ശേഖരം ഉപയോഗിച്ചു വേണം അറിവു (knowledge) ണ്ടാക്കാൻ. അറിവിൽനിന്നു് സിദ്ധാന്തവും പ്രയോഗവും കൊണ്ടു് വിജ്ഞാന (wisdom) മുണ്ടാകുന്നു. ഇത്തരം പടവുകളെക്കുറിച്ചുള്ള ധാരണ ആഴപ്പെടുകയാണു്. വിശേഷിച്ചു് ഡിജിറ്റൽ മാനവിക വിജ്ഞാനത്തിൽ ദത്താപഗ്രഥനത്തിന്റെ പ്രാധാന്യം ഇവിടെയാണു്. ദത്തത്തിൽ നിന്നു് വിജ്ഞാന (wisdom) ത്തോളമുള്ള തുടർപ്രവർത്തനത്തെ ‘DIKW’ എന്ന ചുരുക്കപ്പേരിൽ സമകാലിക വ്യവഹാരങ്ങളിൽ പരാമർശിക്കാറുണ്ടു്. പ്രാചീന മലയാളപഠനത്തെ എങ്ങനെ ‘DIKW’ ഈ ശൃംഖലയിലേക്കു വിജ്ഞാനമായി വികസിപ്പിക്കാമെന്നു് മലയാളപഠിതാക്കൾ ആലോചിക്കട്ടെ.

[3] പാഠ്യപദ്ധതിയെ പഠനപദ്ധതി (study project) കളുടെ സമാഹാരമായിട്ടാണു് ഇവിടെ വിഭാവന ചെയ്യുന്നതു്. അധ്യാപകന്റെ കേമത്തമല്ല, വിദ്യാർത്ഥികളുടെ ഊർജ്ജസ്വലതയാണു് ഇവിടെ നിർണായകം. അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു് വിമർശന ബുദ്ധിയോടെ മാർഗ ദർശനം നൽകുന്നതിലാണു് ഡിജിറ്റൽ യുഗത്തിലെ അധ്യാപകന്റെ കേമത്തം. പഴമക്കാർക്കു് ഇതു് അസ്വീകാര്യമായി തോന്നിയേക്കാം. ക്ലാസ് മുറി പരീക്ഷണമുറിയാകാതെ പുതുമകൾ ഉണ്ടാവില്ല. പ്രാചീന മലയാളം പഠിപ്പിക്കുന്ന കൊച്ചു ക്ലാസുമുറികളിൽ നിന്നാവാം തുടക്കം. ബഹുവിജ്ഞാനീയ സമീപനത്തിനു് വാതിലുകൾ തുറന്നുകൊടുക്കുകയും വേണം. അല്ലെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു മർദ്ദനോപകരണമായി മാറും. ഡിജിറ്റൽ ഭൂകമ്പത്തിൽ വേരു പറിഞ്ഞു് ഒഴുകി നടക്കുന്ന അധ്യാപകന്റെ പ്രസക്തിനഷ്ടം ഇവിടെ ചർച്ച ചെയ്യേണ്ട വിഷയമാണു്. ഗവേഷകനും എഴുത്തുകാരനും ഉണ്ടാകുന്നു സദൃശമായ അനുഭവം. കമ്പ്യൂട്ടർ ശൃംഖലയിൽ കണ്ണി ചേർക്കപ്പെടുന്നതോടെ ഗവേഷകനു തനിമച്ചോർച്ചയുണ്ടാകുന്നു. അലിഞ്ഞുപോകുന്ന ഉടമസ്ഥത അധ്യാപകനെയും ഗവേഷകനെയും പ്രബന്ധ രചയിതാവിനെയും അലോസരപ്പെടുത്തും. ഗവേഷണം മാർഗദർശിയും ഗവേഷകനും തമ്മിലുള്ള രഹസ്യ ഇടപാടായി കൊണ്ടുനടക്കുന്ന പരമ്പരാഗത ശൈലിക്കാർക്കു് ബ്ലോഗിലും ട്വിറ്ററിലും ഇന്റർനെറ്റിലും ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കാം എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന വ്യാകുലതകൾ അവർണനീയമാണു്. നിയമനം, പ്രമോഷൻ തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടി കുത്തിക്കുറിച്ചു പ്രബന്ധാഭാസങ്ങൾ രചിക്കുന്നവർക്കു് ഡിജിറ്റൽ മാനവിക വിജ്ഞാനം പേടിസ്വപ്നമാണു്. പൊതുസമൂഹത്തിന്റെ കൺമുന്നിൽ നടക്കുന്ന വിജ്ഞാന പരിശ്രമമായി അധ്യയനം മാറുന്നു എന്നതാണു് ഡിജിറ്റൽ യുഗത്തിന്റെ മൗലിക സവിശേഷത. വിജ്ഞാന സംവേദനത്തിന്റെ ജനാധിപത്യ തരംഗമാണിതു്.

[4] മലയാളത്തിന്റെ പിതാവു് എന്ന വിശേഷണത്തെ വ്യക്തി മഹത്വവാദമായി ഗ്രഹിക്കേണ്ടതില്ല. ഇതിഹാസ കൃതികളുടെ തർജമകൾക്കു് ഒരു ശൃംഖല പ്രവർത്തനമെന്ന നിലയിൽ മലയാള ഭാഷാസാഹിത്യ ചരിത്രത്തിൽ വമ്പിച്ച പ്രാധാന്യമുണ്ടു്. അതിനപ്പുറവും ഇപ്പുറവുമുള്ള കൃതികൾ കാണാതെ പോകുന്നവരെ ന്യായീകരിക്കുന്നില്ല. ഇതിഹാസങ്ങളുടെ പുനരാഖ്യാനത്തിലൂടെ മലയാളത്തിന്റെ വളർച്ചയുടെ പടവുകൾ ഏറെക്കുറെ തിട്ടപ്പെടുത്താൻ കഴിയും. എന്നാൽ കേരളഭാഷയുടെ വളർച്ചയെ പരിപോഷിപ്പിച്ച സംസ്കൃതപാരമ്പര്യത്തെയും തമിഴ് പാരമ്പര്യത്തെയും മറക്കാനും നിവൃത്തിയില്ല. ഇക്കാര്യത്തിൽ ലീലാതിലകകാരന്റെ വിചാര മാതൃക അനുകരണീയമാണു്. സംസ്കൃതത്തിന്റെയും തമിഴിന്റെയും മഹാപാരമ്പര്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം മലയാളത്തിന്റെ തനിമയും ലീലാതിലാകാചാര്യൻ തിരിച്ചറിയുന്നു. ഇന്നത്തെ നിലയിൽ സംസ്കൃത സാഹിത്യ മീമാംസയും തൊൽകാപ്പിയത്തിലെ പൊരുളതികാരവും പ്രാചീന മലയാളസാഹിത്യപഠനത്തിനു് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ആധുനിക കാലമെത്തുമ്പോൾ പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളും മാതൃകകളും വേണ്ടിവരും. പ്രാചീന മലയാളപഠനത്തിന്റെ സമകാലികത ഉറപ്പാക്കാൻ ഇത്തരം വിചാരമാതൃകകളെ ഏകോപിപ്പിക്കേണ്ടിവരും. ഏകോപനം (convergence), അതാണു് സമകാലിക പഠന സമ്പ്രദായത്തിന്റെ മുഖമുദ്ര. എഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കിൽ ഈ ഏകോപനത്തിന്റെ സദ്ഫലങ്ങൾ കാണാം.

[5] പ്രാചീനകൃതികളിലെ ചരിത്രപശ്ചാത്തലം വിസ്തരിച്ചതുകൊണ്ടു മാത്രമായില്ല. അന്നത്തെ സമൂഹക്രമവും അറിവു ചിട്ടകളും വെളിവാക്കണം. ആശയാവലികളും രാഷ്ട്രീയാവശ്യങ്ങളും വിശ്വാസങ്ങളും പ്രധാനമാണു്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാരമ്പര്യത്തിന്റെ ഭാഗമായി മാത്രമല്ല, പൈതൃകത്തിന്റെ തന്നെ ഘടകമായി മനസ്സിലാക്കണം. കഴിഞ്ഞകാലം മറുനാടാണു് എന്ന കാര്യം സദാ ഓർമ്മിക്കേണ്ടതുണ്ടു്. (നോക്കുക. സക്കറിയ 2013). പ്രാചീന കൃതികളുടെ പരിസ്ഥിതി (ecology) എന്നു് ഇതിനെ വിശേഷിപ്പിക്കാം. ഭാഷാചരിത്രത്തിനും സാഹിത്യ ചരിത്രത്തിനും അപ്പുറമുള്ള സംവേദന പരിസ്ഥിതി വിവരണമാണു വേണ്ടതു്. പൂർവപഠനങ്ങളുടെ അവലോകനംകൊണ്ടു് അതു ലഭിക്കുകയില്ല. കൂടുതൽ വിശാലമായ അന്വേഷണം വേണ്ടിവരും. പ്രമേയങ്ങളുടെയും ദർശനങ്ങളുടെയും പ്രവാഹഗതി തിട്ടപ്പെടുത്താനുളള തന്ത്രങ്ങളെന്ന നിലയിലാണു് പരിസ്ഥിതി പഠനം നിർദ്ദേശിക്കുന്നതു്. സാഹിത്യസംവേദനതന്ത്രങ്ങളെന്നു് ഇതിനെ വിശേഷിപ്പിക്കാം. ലത്തീനമേരിക്കൻ സാഹിത്യ ചരിത്രത്തിൽ ഇത്തരമന്വേഷണത്തിന്റെ നല്ല മാതൃകകൾ കാണാം.

[6] യൂറോപ്പിലും അമേരിക്കയിലുമായി നൂറോളം സർവകലാശാലകളിൽ ഡിജിറ്റൽ മാനവികതയ്ക്കു് ബിരുദകോഴ്സുകളുണ്ടു്. അവിടെ പഠിച്ചിറങ്ങുന്നവർക്കു വിജ്ഞാനസമൂഹത്തിൽ തൊഴിലിടങ്ങളുമുണ്ടു് എന്നു് ജർമൻ അക്കാദമിക് പ്രസിദ്ധീകരണമായ Humboldt Kosmos (No. 102/2014 P.19-23) റിപ്പോർട്ടു ചെയ്യുന്നു. മാനവിക വിഷയങ്ങളുടെ ഡിജിറ്റൽ അവതാരമാണു് ഡിജിറ്റൽ മാനവിക വിജ്ഞാനം (Digital Humanities) DH എന്നു ചുരുക്കപ്പേരു്.

ഡോ. സ്കറിയാ സക്കറിയ
images/scaria-zacharia.jpg

മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവു്, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു സ്കറിയ സക്കറിയ (1947–2022 ഒക്ടോബർ 18). ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ ഇദ്ദേഹം പങ്കു് വഹിച്ചിരുന്നു. ജൂതമലയാളം, മലയാളം എന്നിവയാണു് ഇദ്ദേഹത്തിനു് താല്പര്യമുള്ള വിഷയങ്ങൾ.

ജീവിതരേഖ

സ്കറിയാ സക്കറിയ 1947-ൽ എടത്വാ ചെക്കിടിക്കാടു് കരിക്കംപള്ളിൽ കുടുംബത്തിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്നു് 1969-ൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി.

1992-ൽ കേരള സർവ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്നു് ഇദ്ദേഹത്തിനു പിഎച്ച്. ഡി. ലഭിച്ചു. ‘പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ൽ ഫ്രെയ്ബർഗ്ഗിലെ ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപഠനം. അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെല്ലോ എന്ന നിലയിൽ ജർമ്മനിയിലും സ്വിറ്റ്സർലാണ്ടിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി.

1962 മുതൽ 82 വരെ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ ഇദ്ദേഹം ലക്ചററും 1982 മുതൽ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതൽ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ റീഡറായും 1997 മുതൽ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.

കോട്ടയത്തു് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. കേരളത്തെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള താപസം എന്ന ജേണലിന്റെ എഡിറ്ററായിരുന്നു. ഓശാന മൗണ്ടിന്റെ ബൈബിൾ തർജമയിൽ എൻ. വി. കൃഷ്ണവാര്യരുമായി സഹകരിച്ചു. കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചു. തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിന്റെ ക്യുറേറ്റർ.

ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ചു് ഡോ. സ്കറിയാ സക്കറിയ ‘ജൂതരുടെ മലയാളം പെൺപാട്ടുകൾ’ ശേഖരിച്ചു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

2022 ഒക്ടോബർ 18-നു് അന്തരിച്ചു.

Colophon

Title: Classic Malayalapadanam—Digital Yugaththile Vicharamathrka (ml: ക്ലാസിക് മലയാളപഠനം—ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക).

Author(s): Dr. Scaria Zacharia.

First publication details: Sayahna Foundation; Trivandrum, Kerala; 2023-03-06.

Deafult language: ml, Malayalam.

Keywords: Article, Dr. Scaria Zacharia, Classic Malayalapadanam—Digital Yugaththile Vicharamathrka, ഡോ. സ്കറിയാ സക്കറിയ, ക്ലാസിക് മലയാളപഠനം—ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 6, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition, a painting by Thorvald Hellesen (1888–1937). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.