ചെക്ക് സംവിധായകൻ ജിറി മെൻസിലുമായി ഒരു അഭിമുഖം

ഫ്രാൻസിലെ നവരംഗസിനിമയുടെ ആവിർഭാവത്തിനു ശേഷം ലോകസിനിമയിൽ പല ഇടങ്ങളിലെയും ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പുതിയതും വ്യത്യസ്തവും എന്നു കരുതപ്പെടുന്ന സിനിമകൾ ഉണ്ടായപ്പോളാണു് നിരൂപകർ അതാതു നാടുകളിലെ ഇത്തരം സിനിമകളെയും നവസിനിമകൾ എന്നു വിശേഷിപ്പിച്ചു തുടങ്ങിയതു്. അങ്ങിനെയാണു് ബ്രസീലിലും ഇന്ത്യയിലും മാത്രമല്ല, ചെക്കോസ്ലാവാക്യയിലും അറുപതുകളിലും എഴുപതുകളിലും ആയി ‘നവതരംഗസിനിമ’കൾ ഉണ്ടായതു്. കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേള കഴിഞ്ഞ വർഷം സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചതു്, ചെക്ക് ന്യുവേവ് സിനിമയിലെ പ്രധാനപ്പെട്ട സംവിധായകനായ ജിറി മെൻസിൽ എന്ന എഴുപത്തെട്ടുകാരനെ ആയിരുന്നു. അമ്പതു വർഷം മുമ്പു് ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചിത്രമായ ‘ക്ലോസ്ലി ഒബ്സേർവ്ഡ് ട്രെയിൻ’ ആണു് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയതു്. കമ്മ്യുണിസ്റ്റ് കാലഘട്ടത്തിൽ എടുത്ത ഈ ചിത്രം പല അംഗീകാരങ്ങൾ നേടുകയും നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിന്റെ അമ്പതാം വർഷത്തിൽ ചെക്ക് റിപ്പബ്ലിക് സംവിധായകനെ ആദരിച്ചതു്, ഒരു തീവണ്ടിക്കു് അദ്ദേഹത്തിന്റെ പേരു് നൽകിക്കൊണ്ടായിരുന്നു.
ചലച്ചിത്രസംവിധായകരായ ചാപ്ലിൻ, വൂഡി അലൻ, ഹിച്ച്കോക്ക്, വേര ചിത്ലോവ, എന്നിവരെ കുറിച്ചു്, ചലച്ചിത്രനിരൂപകരെ കുറിച്ചു്, സെൻസർഷിപ്പിനെ കുറിച്ചു്, അനുകൽപ്പനത്തെ കുറിച്ചു്, പ്രാഗ് വസന്തത്തെ കുറിച്ചു്, ചെക്ക് നവരംഗ സിനിമയെ കുറിച്ചു്, ഓസ്കാർ അനുഭവത്തെ കുറിച്ചു് എല്ലാം കേരളത്തിൽ വെച്ചു നടത്തിയ ഈ അഭിമുഖത്തിൽ, മെൻസിൽ സംസാരിച്ചതു്, വഴങ്ങാൻ മടിക്കുന്ന ഇംഗ്ലീഷ് ഭാഷയിലായിരുന്നു. അതുകൊണ്ടു് വേണ്ടത്ര ആംഗികചലനങ്ങളും ഭാവപ്രകടനങ്ങളും ഉപയോഗിക്കുന്നതിൽ നടനും കൂടിയായ അദ്ദേഹം ഒരു പിശുക്കും കാണിക്കുകയുണ്ടായില്ല. കല മാത്രമല്ല, ജീവിതവും നർമ്മപ്രധാനമായിരിക്കണം എന്ന ഒരു ബോധം, ഈ കലാകാരന്റെ വാക്കുകളിൽ മാത്രമല്ല, ഭാവപ്രകടനങ്ങളിലും ആംഗികചലനങ്ങളിലും തെളിഞ്ഞുനിന്നിരുന്നു.
- ചോദ്യം:
- ചലച്ചിത്രകാരൻ എന്ന നിലയിലുള്ള ആദ്യത്തെ അനുഭവത്തിൽ നിന്നു തുടങ്ങാമെന്നു തോന്നുന്നു. വേര ചിറ്റിലോവയുടെ അസിസ്റ്റന്റ് ആയിരുന്നല്ലോ…
- ഉത്തരം:
- അല്ല. ഞാൻ ഒരിക്കലും അസിസ്റ്റന്റ് ആയിട്ടില്ല. ഒരു അസിസ്റ്റന്റ് ചെയ്യേണ്ട ജോലി ഞാൻ പഠിച്ചിട്ടില്ല. എന്താണു് ഒരു അസിസ്റ്റൻറിന്റെ കടമ? ഫിലിം സ്കൂളിൽ ഞാൻ സംവിധായകനാകാനാണു് പഠിച്ചതു്. വേര സംവിധായികയായപ്പോൾ മറ്റുള്ളവരെല്ലാം ശത്രുക്കളാണു് എന്നു ഭയപ്പെട്ടിരുന്നു. ഒരു സുഹൃത്തിനെ വേണം എന്നു തോന്നി എന്നെ വിളിച്ചു. ഞാൻ അസിസ്റ്റന്റ് ആയിരുന്നില്ല. ഒരു സുഹൃത്തു മാത്രമായിരുന്നു.
- ചോദ്യം:
- വേരയുമായുണ്ടായിരുന്ന സൌഹൃദത്തെ കുറിച്ചു സംസാരിക്കാമോ?
- ഉത്തരം:
- നല്ല സുഹൃത്തായിരുന്നു. അവർ സിനിമ സംവിധാനം ചെയ്തു തുടങ്ങിയപ്പോൾ ഞാനും സിനിമയെടുക്കാൻ തുടങ്ങിയിരുന്നു. അവർ ഒരു കലാകാരിയാണു്. ഞാൻ ഒരു കലാകാരനാണു് എന്നു് ഒരിക്കലും കരുതിയിട്ടില്ല.
- ചോദ്യം:
- ചെക്ക് നവതരംഗസിനിമയെ കുറിച്ചു്, സുഹൃത്തുക്കളായിരുന്ന നവതരംഗസംവിധായകരെ കുറിച്ചു്…
- ഉത്തരം:
- അവരിൽ പലരും എന്നേക്കാൾ മുതിർന്നവരായിരുന്നു. എനിക്കു് ചെറുപ്പവും. എന്നാൽ കമ്മ്യുണിസ്റ്റ് ഭരണം നടന്നിരുന്ന കാലത്തെ ജീവിതാനുഭവങ്ങൾ സമാനങ്ങളായിരുന്നു. ഞങ്ങളെല്ലാം വളർന്നതു് പരിമിതമായ സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലത്തായിരുന്നു. പാശ്ചാത്യലോകത്തെ പലതും ഞങ്ങൾക്കു് എടുക്കാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടു്, പൊതു അനുഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ വ്യത്യസ്ത പ്രകൃതക്കാരുമായിരുന്നു. പൊതുവെ ഒരേ സാഹചര്യമായിരുന്നു എന്നു മാത്രം…
- ചോദ്യം:
- താങ്കളുടെ പ്രശസ്തമായ ചിത്രം എഴുപതുകളുടെ രണ്ടാം പകുതിയിൽ ഞാൻ കാണുമ്പോൾ പേരു് ‘ക്ലോസ്ലി ഗാർഡഡ് ട്രെയ്ൻ’ എന്നായിരുന്നു. ഇന്നു് ‘ക്ലോസ്ലി ഒബ്സേർവ്ഡ് ട്രെയ്ൻ’ എന്നും ‘ക്ലോസ്ലി വാച്ച്ഡ് ട്രെയ്ൻ’ എന്നുമാണു് കാണുന്നതു്.
- ഉത്തരം:
- ജർമ്മനിയിൽ നിന്നുമാണതു് വരുന്നതു്. യുദ്ധഭൂമിയിലേയ്ക്ക് പോകുന്ന തീവണ്ടിയായിരുന്നതുകൊണ്ടു് വലിയ നിരീക്ഷണത്തിൽ ആയിരുന്നു തീവണ്ടി. പുസ്തകത്തിൽ അതുണ്ടു്.

- ചോദ്യം:
- പ്രാഗ് വസന്തത്തിനു മുമ്പു് എടുത്ത ചിത്രമാണതു്. പ്രാഗ് വസന്തം കഴിഞ്ഞു് താങ്കൾ സംവിധാനം ചെയ്തതു് ‘ലാർക്സ് ഓൺ എ സ്ട്രിംഗ്’ ആയിരുന്നു. ഒരു യുവാവ് എന്ന നിലയ്ക്കു്, ഒരു ചലച്ചിത്രകാരൻ എന്ന നിലയ്ക്കു്, പ്രാഗ് വസന്തത്തിന്റെ അനുഭവങ്ങൾ വിശദീകരിക്കാമോ?
- ഉത്തരം:
- ആദ്യം തന്നെ പറയേണ്ട ഒരു കാര്യം, പ്രാഗ് വസന്തം 1968-ൽ മാത്രമായിട്ടുള്ളതല്ല എന്നതാണു്. അറുപതുകളുടെ മദ്ധ്യത്തിൽ തന്നെ അതു തുടങ്ങി. സാവകാശമായി പഴയ കമ്മ്യുണിസ്റ്റ് ഭരണം ദുർബ്ബലമായിത്തുടങ്ങിയിരുന്നു. കൂടുതൽ അയവു വന്നിരുന്നു അക്കാലത്തു്. ഈ സമയത്തു് എനിക്കു് സിനിമ പിടിക്കാൻ പറ്റി. 1968-ൽ സോവിയറ്റ് പട്ടാളം വന്നു. ഭരണം മാറ്റുക എളുപ്പമല്ല… ഞാൻ പുതിയ ചിത്രം പൂർത്തിയാക്കി. ഒന്നാമത്തെ കോപ്പി എടുത്തു. അപ്പോഴേയ്ക്കും പുതിയ ബോസ്സ് വന്നു. അയാൾ ചിത്രം നിരോധിച്ചു.
- ചോദ്യം:
- പല വർഷം കഴിഞ്ഞു് ബെർലിൻ ചലച്ചിത്രമേളയിൽ വെച്ചു് ചിത്രത്തിനു് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ ലഭിച്ചു.
- ഉത്തരം:
- രസകരമായ കാര്യം, ബെർലിനിൽ ആരും തന്നെ ചിത്രം ഇരുപതു് വർഷം മുമ്പിറങ്ങിയ ചിത്രമാണു് എന്നു വിശ്വസിച്ചില്ല എന്നതാണു്. ചിത്രത്തിൽ നായകനായിട്ടഭിനയിച്ച നടനും എന്റെ കൂടെ മേളയിൽ പങ്കെടുത്തു. കാലം കടന്നുപോയതു് അയാളുടെ മുഖത്തു് കാണാൻ കഴിയുമായിരുന്നു.
- ചോദ്യം:
- കോമഡി കാലത്തെ അതിജീവിക്കും എന്നു മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടു്. ഉദാഹരണമായി ചൂണ്ടിക്കാട്ടിയതു് ചാപ്ലിൻ സിനിമകളാണു്. വിശദീകരിക്കാമോ?
- ഉത്തരം:
- സിനിമയിൽ മാത്രമല്ല അതു്. സാഹിത്യത്തിലും ഇങ്ങിനെ തന്നെയാണു്. എന്റെ അഭിപ്രായത്തിൽ, ഗൌരവസ്വഭാവമുള്ള സിനിമകൾ കാലം ചെല്ലുമ്പോൾ പൊള്ളയായിത്തീരും. വലിയ സമ്മാനങ്ങൾ നേടിയിട്ടുണ്ടാകുമെങ്കിലും അത്തരം സിനിമകൾ കുറെ കാലം കഴിയുമ്പോൾ ഉള്ളിലൊന്നുമില്ലാത്തവായി മാറും. വളരെ ഗൌരവം ആയിരിക്കുന്നതു് മാനുഷികമായ ഒന്നല്ല. എന്റെ അമ്മ പുഞ്ചിരിച്ചുകൊണ്ടു് എന്നെ അടിക്കുമ്പോൾ അതു് കൂടുതൽ വേദനിപ്പിക്കും…
- ചോദ്യം:
- താങ്കൾ നാടകങ്ങളും സംവിധാനം ചെയ്യുന്ന ഒരാളാണു്. ഷേക്സ്പിയർ മരിച്ചിട്ടു് നാന്നൂറു വർഷം കഴിഞ്ഞിരിക്കുന്നു. താങ്കൾ ഷേക്സ്പിയർ നാടകങ്ങൾ, പ്രത്യേകിച്ചു് കോമഡികൾ. ‘മിഡ് സമ്മർ നൈറ്റ്സ് ഡ്രീം’ ഒക്കെ ചെയ്തിട്ടുണ്ടു്. ഷേക്സ്പിയർ കോമഡികളും ട്രാജഡികളും ഒരു പോലെ എഴുതിയ ആളാണു്…
- ഉത്തരം:
- ട്രാജഡികളിൽ തന്നെ നർമ്മപ്രധാനമായ രംഗങ്ങളും ഇടകലർത്തുകയും ചെയ്തു അദ്ദേഹം. ഉദാഹരണത്തിനു്, ‘ഹാംലറ്റി’ലെ ശ്മശാനരംഗത്തിലെ കുഴിവെട്ടുകാരൻ… അതു് ആവശ്യമാണു് എന്നദ്ദേഹത്തിനു് അറിയാമായിരുന്നു. ഏതു പാചകക്കാരനും അറിയാം, കയ്പ്പുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ കുറച്ചു മധുരവും മധുരമുള്ളതാണെങ്കിൽ അതിൽ കുറച്ചു കയ്പ്പും ചേർക്കണം എന്നതു്. കയ്പ്പു് നിങ്ങൾ സ്വീകരിക്കണമെങ്കിൽ അതിൽ മധുരവും കുറച്ചു് ചേർത്തിരിക്കണം. ആ വ്യത്യാസം വേണം. സിനിമയുടെ കാര്യത്തിലും നാടകത്തിലും എല്ലാം ഇതു ശരിയാണു്. റബാൽ ഇതിന്റെ ഒരു വിദഗ്ദനാണു്.
- ചോദ്യം:
- എഴുത്തുകാരനായ റബാൽ?
- ഉത്തരം:
- ‘ക്ലോസ്ലി ഒബ്സേർവ്ഡ് ട്രെയ്ൻ’ എഴുതിയ റബാൽ. അദ്ദേഹത്തിന്റെ ഒറ്റ വാക്യത്തിനു തന്നെ ഒരേ സമയം നിങ്ങളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും സാധിക്കും.
- ചോദ്യം:
- ഒരേ സമയം ചാപ്ലിനേയും വൂഡി അലനേ യും താങ്കൾ ഇഷ്ടപ്പെടുന്നു. ചാപ്ലിൻ മൂകാഭിനയത്തിന്റെ ചക്രവർത്തിയാണു് എങ്കിൽ വൂഡി അലൻ സംഭാഷണത്തിനും പ്രാധാന്യം നൽകുന്ന സംവിധായകനാണു്. താങ്കൾ നാടകസംവിധായകൻ കൂടിയാണല്ലോ. നാടകത്തിൽ അഭിനേതാവു് സ്വന്തം ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയിക്കുന്നു. ഈ രണ്ടു പേരേയും കുറിച്ചു സംസാരിക്കാമോ?
- ഉത്തരം:
- എല്ലാം സാധ്യമാണു്… ദീർഘകാലം…
- ചോദ്യം:
- ചാപ്ലിൻ സംഭാഷണം ഉപയോഗിക്കാതെ… സൌണ്ട് എഫെക്റ്റ്സ് ഉപയോഗിച്ചിരുന്നു.
- ഉത്തരം:
- സംഗീതവും ഉപയോഗിച്ചു. ശരീരം കൊണ്ടു് അഭിനയിക്കുന്ന കാര്യത്തിൽ ചാപ്ലിൻ വളരെ കരുത്തനായിരുന്നു… ഗൌരവമുള്ള സംഗതികൾ പുഞ്ചിരിച്ചുകൊണ്ടു് പറയാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിനു്.
- ചോദ്യം:
- ‘കിഡ് ’ തുടങ്ങുമ്പോൾ തന്നെ ഒരു വരി എഴുതിക്കാണിക്കുന്നുണ്ടു്. ‘ലാഫ്ടർ, പർഹപ്സ് വിത്ത് എ ടിയർ’…
- ഉത്തരം:
- അതു് നല്ല ഉദാഹരണമാണ്. വൂഡി അലൻ…
- ചോദ്യം:
- അദ്ദേഹം സ്വന്തം ധിഷണ കൊണ്ടും സിനിമ ചെയ്തു. ഇഗ്മർ ബർഗ്മാൻ എല്ലാം സിനിമകളിൽ പരാമർശിക്കപ്പെട്ടിരുന്നു.
- ഉത്തരം:
- ചാപ്ലിൻ നിശ്ശബ്ദസിനിമയുടെ നാളുകളിൽ തന്നെ സിനിമ എടുത്തിരുന്ന ആളാണു്. വൂഡി അലൻ… ഇരുപതാം നൂറ്റാണ്ടു് രണ്ടു് ചീത്ത കാര്യങ്ങളാണു് ചരിത്രത്തിനു നൽകിയതു്. ആറ്റം ബോംബും സംസാരിക്കുന്ന സിനിമയും. നിശ്ശബ്ദസിനിമ ചെയ്യാനാണു് എനിക്കിഷ്ടം. പക്ഷേ, ഇന്നു് ആളുകൾ ശരീരം കൊണ്ടു് പറയുന്നതു് മനസ്സിലാക്കാൻ പറ്റാത്ത വിധം വളരെ മടിയന്മാരായിരിക്കുന്നു. നിശ്ശബ്ദസിനിമയിൽ ചലനങ്ങളിലൂടെയാണു് ആവിഷ്കാരം നടത്തുന്നതു് എങ്കിൽ സംസാരിക്കുന്ന സിനിമയിൽ ബ്ലാബ്ലാബ്ല ആണു് നടക്കുന്നതു്. ഇപ്പോൾ സിനിമയെടുക്കുന്നതു് എളുപ്പമാണു്. കാലം കടന്നു പോകുമ്പോളും നിങ്ങൾക്കു് നല്ല നിശ്ശബ്ദസിനിമകൾ കാണാം. വെറുതെ ബ്ലാബ്ലാബ്ല പറയാതെ തന്നെ കഥ ആവിഷ്കരിക്കാൻ നിശ്ശബ്ദസിനിമയ്ക്കു് കഴിയും. ഇപ്പോൾ സാങ്കേതികതയുടെ സഹായവും കളറും ഉള്ളതുകൊണ്ടു് എന്തും സാധ്യമാണു്. എന്തും സാധ്യമാകുന്ന സ്ഥിതി. പറക്കാനും… ഇതു് ഒരു അപകടമാണു്. ഫാന്റസി കൊണ്ടു് വെറുതെ വായിട്ടലയ്ക്കുകയാണു്. പക്ഷേ, മനുഷ്യന്റെ കഥ മണ്ണിൽ നിലയുറപ്പിച്ചിരിക്കണം. എനിക്കു് തോന്നുന്നതു്, സിനിമ കൂടുതൽ കൂടുതൽ പൊള്ളയായിക്കൊണ്ടിരിക്കുകയാണു് എന്നാണു്. നിശ്ശബ്ദസിനിമയിൽ നിങ്ങൾക്കു് ഭാവന ഉണ്ടായിരിക്കണം. ഇപ്പോൾ എത്ര എളുപ്പത്തിൽ എല്ലാം കാണാം.
- ചോദ്യം:
- ചാപ്ലിനും വൂഡി അലനും നടന്മാരുമാണു്. താങ്കൾ നടനും നാടകസംവിധായകനും സിനിമാസംവിധായകനും ആണു്. സിനിമയിലെ അഭിനേതാവിനെയും നാടകത്തിലെ അഭിനേതാവിനെയും താങ്കൾ എങ്ങിനെയാണു് സംവിധായകൻ എന്ന നിലയിൽ കാണുന്നതു്?
- ഉത്തരം:
- അരങ്ങത്തു് അഭിനേതാവിനാണു് പ്രാധാന്യം കൂടുതൽ. സഹകരിച്ചുള്ള പ്രവർത്തനം ആണവിടെ. അഭിനേതാവിനു കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ സഹായം നല്കുകയാണു് ചെയ്യുന്നതു്. കാണികൾ അഭിനേതാക്കളെ ആണു് കാണുന്നതു്. നാടകത്തിന്റെ പാഠം ഇവരിലൂടെ കാണികൾ കാണുന്നു. ഇപ്പോൾ വളരെ എളുപ്പമാണു്. ഉദാഹരണത്തിനു് ഷേക്സ്പിയർ എടുക്കാം. ഇവിടെ ഈ നീന്തൽക്കുളത്തിൽ വെച്ചു ചെയ്യാം. പക്ഷേ, അതു് ഷേക്സ്പിയർക്കു് എതിരായിരിക്കും, അഭിനേതാക്കൾക്കു് എതിരായിരിക്കും. എന്റെ അഭിപ്രായത്തിൽ, അഭിനേതാക്കൾ കൃതിയെ ബഹുമാനിക്കണം. സംവിധായകൻ സഹായിക്കുക മാത്രമാണു് ചെയ്യുന്നതു്. കൃതിയോടു വേണം അതിനു നന്ദി പറയാൻ. നിങ്ങൾക്കു് ഭക്ഷണം നൽകുന്നയാളെ നോക്കൂ. ആ പാചകക്കാരനാണു് സംവിധായകൻ. സിനിമയിൽ, കൂടുതൽ പ്രാധാന്യം സംവിധായകനാണു്. …എങ്കിലും എനിക്കിഷ്ടം നാടകത്തിൽ പ്രവർത്തിക്കുന്നതാണു്.
- ചോദ്യം:
- കീസ്ലോവ്സ്ക്കി യെ പോലെ താങ്കൾക്കും നാടകക്കാരനാകണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിനു് ഡ്രാമാ സ്കൂളിൽ ചേരണം എന്നായിരുന്നു. എന്നാൽ അഡ്മിഷൻ കിട്ടാത്തതു് കൊണ്ടു് സിനിമാസ്കൂളിൽ ചേർന്നു. ആന്ദ്രെ വയ്ദ യും നാടകക്കാരനായിരുന്നു.
- ഉത്തരം:
- ഞാൻ നാടകക്കാരനായിരുന്നില്ല. പക്ഷേ, ആകണം എന്നുണ്ടായിരുന്നു. തിയറ്റർ സ്ക്കൂളിൽ എന്നെ എടുത്തില്ല. ഫിലിം സ്ക്കൂളിൽ അഡ്മിഷൻ കിട്ടിയതുകൊണ്ടു് ഒരു ചലച്ചിത്രകാരനായി മാറി. അതായിരുന്നില്ല എന്റെ ലക്ഷ്യം. സിനിമ എന്റെ ഭാര്യയും നാടകം എന്റെ കാമുകിയും ആണു് എന്നു ഞാൻ പറയും.
- ചോദ്യം:
- ‘ക്ലോസ്ലി ഒബ്സർവ്ഡ് ട്രെയ്ൻ’ എന്ന സിനിമയെ കുറിച്ചാകാം ഇനി. ലൂമിയറുടെ ‘തീവണ്ടിയുടെ വരവു്’ തൊട്ടു ചരിത്രത്തിൽ ധാരാളം ട്രെയ്ൻ സിനിമകൾ ഉണ്ടായിട്ടുണ്ടു്. പക്ഷേ, താങ്കളുടെ സിനിമയിൽ കൂടുതലും ഉള്ളതു് റെയിൽവെസ്റ്റേഷനാണു് എന്നു തോന്നി. തീവണ്ടികൾ വരികയും പോകുകയും കടന്നുപോകുകയും ചെയ്യുന്ന ഒരു സ്റ്റേഷൻ. തുടക്കത്തിലെ ഒരു രംഗം ഓർക്കുന്നു. സ്റ്റേഷൻമാസ്റ്റർ ആയിരുന്ന അച്ഛൻ ജോലിയിൽ നിന്നു വിരമിച്ച ശേഷം ജനാലയിലൂടെ പുറത്തേയ്ക്കു് നോക്കുകയാണു്. അപ്പോൾ പുകയിലൂടെ ഒരു തീവണ്ടി കടന്നുപോകുന്ന ദൃശ്യം. ആ സിനിമയെ കുറിച്ചും തീവണ്ടിയെ കുറിച്ചും ചിത്രം ഷൂട്ട് ചെയ്ത അനുഭവത്തെ കുറിച്ചും എല്ലാം…
- ഉത്തരം:
- ഞാൻ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഞാൻ നോവൽ വായിച്ചു. പ്രേക്ഷകർക്കു് കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയായിരിക്കണം സിനിമ എന്നു് എനിക്കറിയാമായിരുന്നു. ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അതു്. അവിടെ വെച്ചാണ് ഞങ്ങൾ സിനിമ മുഴുവനും എടുത്തതു്. സ്റ്റേഷനിലെ ബോസ് പറഞ്ഞതു് ശ്രദ്ധിക്കണം എന്നായിരുന്നു. പകൽ മുഴുവൻ സ്റ്റേഷനിലെ ശബ്ദങ്ങൾ ഉണ്ടായിരിക്കും. ഒരിക്കലും നിശ്ശബ്ദമായിരിക്കില്ല. എപ്പോഴും സിഗ്നലിന്റെയും മറ്റും ശബ്ദങ്ങൾ ആയിരിക്കും.
- ചോദ്യം:
- ടെലിഗ്രാഫ് സന്ദേശങ്ങളുടെയും മറ്റും ചുമതലയിൽ ഒരു സ്ത്രീകഥാപാത്രം സ്റ്റേഷനിലുണ്ടു്.
- ഉത്തരം:
- അതെ. സിനിമയ്ക്കു് വേണ്ട അന്തരീക്ഷം ആ ശബ്ദങ്ങൾ ആണു് സൃഷ്ടിക്കുന്നതു്. അതുകൊണ്ടു് ആ ശബ്ദങ്ങൾ സഹായകമായി. കൂടാതെ, സ്റ്റേഷനു ചുറ്റുമുള്ള ആളുകളുടെ നല്ല സഹായവും ഉണ്ടായിരുന്നു. സിനിമയിറങ്ങി അമ്പതു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ ഒരു ചെറിയ ആഘോഷം നടത്തി. സ്റ്റേഷനിൽ ഒരു ഫലകവും സ്ഥാപിച്ചു. ഇപ്പോൾ എന്റെ പേരിൽ ഒരു ചെറിയ ട്രെയിനും ഉണ്ടു്. വിക്ടർ ഹുഗോ ട്രെയിൻ, ഷെയ്ക്സ്പിയർ ട്രെയിൻ, ബാക്ക് ട്രെയിൻ, തുടങ്ങിയവയെ പോലെ ഒരു ചെറിയ ജിറി മെൻസിൽ ട്രെയിൻ.
- ചോദ്യം:
- ഓസ്കാർ അനുഭവം എന്തായിരുന്നു? ഓസ്കാർ മേടിക്കാൻ പോകാൻ കഴിഞ്ഞില്ലേ?
- ഉത്തരം:
- എനിക്കു് ഓസ്കാർ ആയിരുന്നില്ല പ്രധാനം. അമേരിക്കയിൽ പോകാൻ കഴിഞ്ഞു എന്നതാണു് പ്രധാനം. കാരണം, ഇരുപത്തൊമ്പതു വയസ്സു വരെ എനിക്കു് അതിർത്തിക്കപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റ് നാടുകളിൽ അന്നു് അതിർത്തി അടച്ചിരുന്നു. ഓസ്കാർ കാരണം എനിക്കു് അമേരിക്കയിലേയ്ക്കു് പോകാൻ കഴിഞ്ഞു എന്നതും ഹിച്ച്കോക്കു മായി സംസാരിക്കാൻ സാധിച്ചു എന്നതും…
- ചോദ്യം:
- ഹിച്ച്കോക്ക് എന്താണു് പറഞ്ഞതു്?
- ഉത്തരം:
- രസകരമായിരുന്നു അതു്. എനിക്കു് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. ഒരു ദ്വിഭാഷി ഉണ്ടായിരുന്നു. ഹിച്ച്കോക്ക് എന്റെ സിനിമയെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. അതു വളരെ സന്തോഷമുള്ള കാര്യമായിരുന്നു എനിക്കു്. എനിക്കു് അദ്ദേഹത്തിന്റെ സിനിമയെ പറ്റി ഒന്നും പറയാൻ പറ്റുമായിരുന്നില്ല. കാരണം, ചെക്കോസ്ലോവാക്യയിൽ ഹിച്ച്കോക്ക് സിനിമകൾ കാണിച്ചിരുന്നില്ല എന്നതു തന്നെ. തന്റെ സിനിമകളെ കുറിച്ച് എന്തെങ്കിലും പറയാൻ അദ്ദേഹം എന്നോടു് ആവശ്യപ്പെട്ടില്ല. എല്ലാവരും ഓസ്കാർ എന്നു പറയും… എനിക്കു് ഓസ്കാർ എന്നാൽ ഇതാണു്. ഓസ്കാർ കാരണമാണു് ഞാൻ ഇവിടെ ഇപ്പോൾ എത്തിയിരിക്കുന്നതു്. ഓസ്കാർ കാരണമാണു് ആളുകൾ എന്നെ ചലച്ചിത്രമേളകളിലേയ്ക്കു് ക്ഷണിക്കുന്നതു്. പക്ഷേ, ഒരു കാര്യമുണ്ടു്. ഓസ്കാർ ലഭിക്കാത്ത എത്രയോ നല്ല സിനിമകളുണ്ടു്. അതെ പോലെ, ഓസ്കാർ ലഭിച്ച എത്രയോ സിനിമകൾ നിരോധിക്കപ്പെടേണ്ട വിധം മോശപ്പെട്ടവയുമാണു്. കുറെ വർഷത്തിനു ശേഷം കാണുമ്പോൾ എന്തിനു് ഓസ്കാർ കൊടുത്തു എന്നു തോന്നിപ്പിക്കുന്ന സിനിമകൾ. എനിക്കു് ഓസ്കാർ പ്രധാനപ്പെട്ട ഒന്നായിരിക്കുന്നതു്, അമ്പതു വർഷത്തിനു ശേഷം ഇവിടെ എനിക്കു് വരാൻ കഴിഞ്ഞു എന്നതാണു്. എന്റെ ആ സിനിമ ഇപ്പോഴും അതിജീവിക്കുന്നു. എത്ര സിനിമകൾ അമ്പതു വർഷത്തിനു ശേഷം ഇത്രയും വലിയ ഒരു സമ്മാനം ആർക്കാണു് ലഭിക്കുക? തീർച്ചയായും ചാപ്ലിൻ ഉണ്ടു്…
- ചോദ്യം:
- റാബലിന്റെ വേറെയും പല കൃതികളും താങ്കൾ സിനിമയാക്കിയിട്ടുണ്ടു്. ഒരു നോവൽ സിനിമയാക്കുമ്പോൾ എന്താണു് താങ്കൾ ആ കൃതിയിൽ നിന്നു് എടുക്കുന്നതു്, എന്താണു് ഒഴിവാക്കുന്നതു്?
- ഉത്തരം:
- എനിക്കു് തോന്നുന്നതു്, സാഹിത്യം സിനിമയാക്കുമ്പോൾ, ഞാൻ ചെയ്യുന്നതു് സാഹിത്യത്തിൽ നിന്നു് സിനിമ വിവർത്തനം ചെയ്യുകയാണു് എന്നാണു്. എന്റെ ഗുരുനാഥൻ പറഞ്ഞിട്ടുണ്ടു്, കൃതിയെ ബഹുമാനിക്കുക എന്നു്.
- ചോദ്യം:
- അഭിനേതാവു് കൃതിയെ ബഹുമാനിക്കണം എന്നു താങ്കൾ നേരത്തെ പറഞ്ഞതു പോലെ.
- ഉത്തരം:
- സ്ക്രിപ്റ്റ് വ്യത്യസ്തമായിരിക്കാം… എഴുത്തുകാരൻ വായിക്കാനും കാണാനും വേണ്ടി… സാഹിത്യം, നിങ്ങൾക്കറിയാവുന്നതുപോലെ, മനസ്സിലാക്കാൻ അത്ര എളുപ്പമാകണമെന്നില്ല. പക്ഷേ, വായനക്കാരുടെ എണ്ണം വളരെ വലുതായിരിക്കില്ല. എന്നാൽ, കാണികളുടെ എണ്ണം പത്തിരട്ടിയായിരിക്കും. എന്റെ കടമ, അത്ര ബുദ്ധിയൊന്നുമില്ലാത്തവരും വായിക്കാത്തവരുമായ ആളുകൾക്കു വേണ്ടി കൃതി വിവർത്തനം ചെയ്യുക എന്നതാണു്. നല്ല ഒരു പുസ്തകത്തെക്കുറിച്ചു് എനിക്കുള്ള അറിവു് സാധാരണക്കാരായ പ്രേക്ഷകരുമായി പങ്കു വെയ്ക്കാനാണു് ഞാൻ ആഗ്രഹിക്കുന്നതു്. എന്റെ സിനിമകൾ കാരണം റബാലിന്റെയും മറ്റുള്ളവരുടെയും കൃതികൾ കൂടുതൽ പ്രശസ്തമായി എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
- ചോദ്യം:
- ചില പരിധികൾ വെയ്ക്കുന്നതുകൊണ്ടു് സെൻസർഷിപ്പ് ഒരു തരത്തിൽ ഗുണകരമാണു് എന്നു് ഒരിക്കൽ താങ്കൾ പറഞ്ഞു. സെൻസർഷിപ്പ് ഒരു സംഘർഷം സൃഷ്ടിക്കുന്നു എന്നതുകൊണ്ടു് അതിനൊരു നല്ല വശമുണ്ടു് എന്നാണു് താങ്കൾ സൂചിപ്പിച്ചതു്. കമ്മ്യൂണിസ്റ്റുകാരല്ല സെൻസർഷിപ്പ് കണ്ടുപിടിച്ചതു് എന്നും താങ്കൾ പറഞ്ഞിട്ടുണ്ടു്.
- ഉത്തരം:
- സെൻസർഷിപ്പ് ഇല്ലാതിരിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ടു്. ഇന്നു് കുട്ടികളുടെയും മറ്റും കാര്യം ശ്രദ്ധിക്കേണ്ടതുണ്ടു്. ഇപ്പോൾ സെൻസർഷിപ്പ് ഉണ്ടു് എങ്കിലും അതു് വേണ്ടത്രയില്ല. ടിവിയിൽ ധാരാളം മോശപ്പെട്ട കാര്യങ്ങൾ വരുന്നുണ്ടു്. ആളുകളെ അതു് കൂടുതൽ കൂടുതൽ തരംതാണവരാക്കി മാറ്റുന്നു. കമ്മ്യൂണിസ്റ്റ് ഭരണം തകർന്നതിനു ശേഷം എന്റെ ‘ലാർക്സ് ഓൺ എ സ്ട്രിംഗ്’ ടിവിയിൽ അവതരിപ്പിക്കുമ്പോൾ ടിവിക്കാർ എന്നോടു് എന്താണു് പറയാനുള്ളതു് എന്നു ചോദിച്ചു. ഞാൻ പറഞ്ഞതു് വിവാദമായി. നേരത്തെ പാരീസിൽ വെച്ചുണ്ടായ ഒരു അനുഭവം ഞാൻ ഓർക്കുന്നു. സെൻസർഷിപ്പ് ഇല്ല. വലിയ സിനിമാതിയറ്ററുകളിൽ പെരുമണ്ടൻ സിനിമകളാണു് കളിച്ചിരുന്നതു്. ചെറിയ സിനിമാതിയറ്ററുകളിൽ നല്ല സിനിമകളും. അപ്പോൾ ഞാൻ പറഞ്ഞു, ചെക്ക് പ്രേക്ഷകർ ബുദ്ധിയുള്ളവരാണു് എന്നതിൽ എനിക്കു് അഭിമാനമുണ്ടു് എന്നു്. അവർ നല്ല സിനിമകൾ കാണാനാഗ്രഹിക്കുന്നു എന്നും പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണം തകർന്നപ്പോൾ സംഭവിച്ചതു്, എല്ലായിടത്തും ചീത്ത സിനിമകളായി. ഞാനിപ്പോൾ തിയറ്ററിൽ പോയി സിനിമ കാണാറില്ല. വീട്ടിലിരുന്നു ടിവി കാണും.
- ചോദ്യം:
- ചലച്ചിത്രനിരൂപകരെ താങ്കൾക്കു് വെറുപ്പാണു് എന്നറിയാം. എങ്കിലും ചോദിക്കുകയാണു്. ഫിലിം സ്ക്കൂളിൽ പഠിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചിരിക്കുമല്ലോ… താങ്കൾക്കു് പ്രിയങ്കരനായ ഷോൺ റെനോയറുടെ ആത്മകഥയോ, മറ്റോ വായിച്ചിട്ടുണ്ടോ?
- ഉത്തരം:
- ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്തു് അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ അനുഭവത്തിൽ, ക്ഷമിക്കണം, സിനിമയെ കുറിച്ചുള്ള സൈദ്ധാന്തികകൃതികളിൽ അധികവും വെറും ബ്ലാബ്ലാബ്ല മാത്രമാണു്.
- ചോദ്യം:
- സിനിമയെ കുറിച്ചു വായിച്ച ഏതെങ്കിലും പുസ്തകം ഓർമ്മയിലുണ്ടോ? ആത്മകഥ എഴുതിയിട്ടില്ലേ?
- ഉത്തരം:
- സിനിമയെ കുറിച്ചു് വെറുതെ ബ്ലാബ്ലാബ്ല പറയുന്നതു് എളുപ്പമുള്ള സംഗതിയാണു്.
- ചോദ്യം:
- ചാപ്ലിൻ ആത്മകഥ എഴുതിയിട്ടുണ്ടു്. ‘മൈ ആട്ടോബയോഗ്രഫി’.
- ഉത്തരം:
- ജീവചരിത്രം വ്യത്യസ്തമാണു്. ഞാൻ പറഞ്ഞതു് നിരൂപകരെ കുറിച്ചാണു്.
- ചോദ്യം:
- നിരൂപകർ തങ്ങൾ സംവിധായകരെക്കാൾ മിടുക്കന്മാരാണു് എന്നു കരുതുന്നു എന്നാണു് താങ്കൾ ഒരിക്കൽ പറഞ്ഞതു്.
- ഉത്തരം:
- ആർക്കാണു് കൂടുതൽ അറിയുക. ഒരു സിനിമ എടുക്കാൻ കഴിയുന്ന ആളിനാണു്, ഒരു സിനിമ എങ്ങിനെ ആയിരിക്കണം എന്നതു് കൂടുതൽ അറിയാൻ കഴിയുക. അയാളാണു് നിരൂപകൻ. ആരാണു് പറഞ്ഞതു് എന്നു് ഓർമ്മയില്ല. നിരൂപണം വായിക്കുമ്പോൾ എനിക്കു് തോന്നുക, എന്താണു് ഇയാൾ എഴുതിയിരിക്കുന്നതു്, ഇയാളൊരു മണ്ടനാണല്ലോ, എന്നാണു്. സിനിമ എടുത്ത ഒരാളെ പോലെ മറ്റൊരാളും സിനിമയിൽ അത്ര ആഴത്തിൽ മുഴുകിയിട്ടുണ്ടാവില്ല. ഒരു പക്ഷേ, ഒരു നല്ല നിരൂപകനു് ഈ ചിത്രം കാണേണ്ടതാണു് എന്നു പറയാം. വർഷത്തിൽ മുന്നൂറു സിനിമകളിറങ്ങുന്നു, നിരൂപകൻ രണ്ടു മണിക്കൂർ പടം കാണുന്നു, ഇരുപതു് മിനിറ്റിൽ നിരൂപണം എഴുതുന്നു… ഒരു നാടകമുണ്ടു്. നായകനോടു്, അയാൾ ഒരു നിരൂപകനാണു്, ആരോ എന്തോ ചോദിക്കുന്നു. അപ്പോൾ അയാൾ മറുപടി പറയുന്നതു് ഇങ്ങിനെ. “ഞാൻ തിയറ്ററിലേയ്ക്കു് പോകുന്നു. തിയറ്ററിൽ എത്തുന്നതിനു മുമ്പു് തീവണ്ടിയിൽ വെച്ചു് തന്നെ ഞാൻ നിരൂപണം എഴുതിത്തീർക്കും.” കാണാൻ പോകുന്നതേയുള്ളൂ അയാൾ. അത്രയ്ക്കും എളുപ്പമാണു് നിരൂപണം.
- ചോദ്യം:
- അവസാനത്തെ ചോദ്യം അടുത്ത കാലത്തിറങ്ങിയ താങ്കളുടെ ഒരു ഹ്രസ്വചിത്രത്തെ മുൻനിർത്തിയാണു്. യൂട്യുബിൽ ആ ചിത്രമുണ്ടു്. ‘ഒരു നിമിഷം’(One Moment – Ten Minutes Older). ഒരു നിമിഷത്തിൽ ഒരു വൃദ്ധന്റെ മനസ്സിലൂടെ അയാളുടെ മുഴുവൻ ജീവിതവും കടന്നുപോകുന്നതു കാണിക്കുന്നു ചിത്രം. അയാളുടെ യൌവ്വനവും സുഖങ്ങളും ദുഃഖങ്ങളും വാർദ്ധക്യവും എല്ലാം.
- ഉത്തരം:
- കൃത്യം പത്തു മിനിറ്റിൽ ഒരു സിനിമ ചെയ്യാനാണു് അവർ ആവശ്യപ്പെട്ടതു്. ഒട്ടും കൂടാൻ പാടില്ല, ഒട്ടും കുറയാനും പാടില്ല. നിങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യാം പത്തു മിനിറ്റിൽ ആയിരിക്കണം എന്നേയുള്ളൂ. ഏതു രീതിയുമാകാം. ഉദാഹരണത്തിനു്, ഗോദാർദ് ചെയ്തതു്, ബ്ലാബ്ലാബ്ല…
- ചോദ്യം:
- (ഈ പരമ്പരയിൽ) ഹെർസോഗും ഒരു ചിത്രം എടുത്തു…
- ഉത്തരം:
- ബെർട്ടോലൂച്ചി യുടെ ചിത്രമാണു് ഏറ്റവും നല്ലതു്.
- ചോദ്യം:
- സ്പാനിഷ് സംവിധായകനായ വിക്ടർ എറയ്സി ന്റെ കറുപ്പും വെളുപ്പും ചിത്രവും നന്നായിട്ടുണ്ടു്.
- ഉത്തരം:
- ഇപ്പോൾ പത്തു മിനിറ്റിന്റെ ഒരു ചിത്രം എനിക്കെടുക്കണം എന്നു സങ്കൽപ്പിക്കുക. ക്യാമറയും ക്രൂവും ഒക്കെയായി പത്തു മിനിറ്റ് മാത്രമുള്ള ഒരു സിനിമയെടുക്കാൻ വേണ്ടി എവിടേയ്ക്കെങ്കിലും പോകേണ്ടി വരുന്ന ബുദ്ധിമുട്ടു് ആലോചിച്ചു നോക്കുക. മൂന്നു ദിവസത്തെ ഷൂട്ടിംഗ് വേണ്ടി വരും. വളരെ മടിയനാണു് ഞാൻ. സിനിമ എടുക്കാൻ തീരുമാനിച്ചു. മറ്റുള്ള സിനിമകളിൽ നിന്നു മോഷ്ടിച്ചു. ചെക്ക് സിനിമയുടെ ചരിത്രത്തിൽ ഒരാളുണ്ടു്. മുപ്പതാം വയസ്സിലും അറുപതാം വയസ്സിലും എഴുപതാം വയസ്സിലും എൺപതാം വയസ്സിലും എല്ലാമുള്ള ഭാഗങ്ങൾ ഞാൻ എടുത്തു. വെനീസ് ചലച്ചിത്രമേളയിൽ പത്തു് മിനിറ്റ് ചിത്രങ്ങളുടെ സിനിമ മൊത്തത്തിൽ കാണിച്ചു. ഗൌരവ സ്വഭാവമുള്ള ചിത്രങ്ങളും… എന്റെ ചിത്രം കാണിക്കുമ്പോൾ ആളുകൾ ചിരിക്കുകയായിരുന്നു. ‘ഹാ ഹാ’ എന്നുള്ള അവരുടെ ചിരി എനിക്കു് കേൾക്കാമായിരുന്നു. ഒടുവിൽ എന്റെ പേരു് വന്നപ്പോൾ ആളുകൾ കയ്യടിച്ചു. വലിയ കയ്യടിയായിരുന്നു. ഗോദാർദ്, ബെർട്ടോലൂച്ചി, തുടങ്ങിയവരുടെ എല്ലാം ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും ആളുകൾ വലിയ കയ്യടി തന്നതു് എനിക്കായിരുന്നു.
- ചോദ്യം:
- ലളിതമായ ഒരു ചോദ്യം. ഈ ചെറു ചിത്രത്തെ മുൻനിർത്തി എന്താണു് സിനിമ എന്നു് ഒന്നു നിർവ്വചിക്കാമോ? തീർച്ചയായും ആന്ദ്രെ ബസൈൻ പുസ്തകത്തിന്റെ പേരു് മനസ്സിലുണ്ടു്. ‘ഒരു നിമിഷം’ എന്ന താങ്കളുടെ പത്തുമിനിറ്റ് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സിനിമ എന്താണു് എന്നു പറയുകയാണു് എങ്കിൽ…
- ഉത്തരം:
- സിനിമ എനിക്കു് തൊഴിലാണു്. സിനിമയിൽ നിന്നു് എനിക്കു് പണം കിട്ടുന്നു. പക്ഷേ, ഇവിടെ ഭ്രാന്തുള്ള ഒരു മനുഷ്യൻ എന്നെ പിന്തുടരുന്നുണ്ടു്. അയാൾ എന്നെക്കുറിച്ചു് ഒരു സിനിമ പിടിക്കുകയാണു്. അപ്പോൾ ഞാൻ ഒരു വലിയ മനുഷ്യനാണു്? പ്രശസ്തരായ ചലച്ചിത്രകാരന്മാർ എന്നെ പ്രശംസിക്കുന്നു. ഞാനതിനു നന്ദിയുള്ളവനാണു്. ഇത്രയും അകലെയുള്ള ഇന്ത്യയിലെ ഒരാൾ എന്നെക്കുറിച്ചു് സിനിമയെടുക്കുന്നു.
- ചോദ്യം:
- ആ പത്തു മിനിറ്റ് സിനിമയിൽ എല്ലാം, ഒരു ജീവിതം മുഴുവൻ, നിങ്ങൾ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ഒരാൾ വളർന്നു വലുതാകുന്നതും വിവാഹം കഴിക്കുന്നതും ആത്മഹത്യക്കു ശ്രമിക്കുന്നതും എല്ലാം കാണിക്കുന്നു. കാലമാണു് ആ സിനിമയിൽ ഉള്ളതു്.
- ഉത്തരം:
- ജീവിതം എല്ലായിടത്തും ഒരു പോലെയാണു്. ജനിക്കുന്നു, വളർന്നു വലുതാകുന്നു, വിവാഹം കഴിക്കുന്നു, യുദ്ധമുണ്ടാകുന്നു, വ്യത്യസ്ത യുദ്ധങ്ങളുണ്ടാകുന്നു, പ്രശ്നങ്ങളുണ്ടാകുന്നു… നിങ്ങൾ രണ്ടാംകിട മനുഷ്യനോ പാവപ്പെട്ടവനോ ആണോ പെണ്ണോ ഒക്കെ ആണെങ്കിലും ജീവിതം എല്ലായിടത്തും ഒരേ പോലെ തന്നെയാണു്. സംസ്കാരങ്ങൾ വ്യത്യസ്തമായിരിക്കും.
- ചോദ്യം:
- ഇംഗ്ലിഷിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ടു് പറഞ്ഞിരുന്നു എങ്കിലും വളരെ ബുദ്ധിമുട്ടു് ഉണ്ടായിരുന്നില്ല എന്നാണു് തോന്നിയതു്.
- ഉത്തരം:
- എന്റെ അച്ഛന്റെ കടമയായിരുന്നു അതു്. ഞാൻ ഇംഗ്ലിഷും ജർമ്മനും പഠിക്കേണ്ടതായിരുന്നു. അച്ഛൻ നിർബന്ധിച്ചു് പഠിപ്പിച്ചില്ല. എപ്പോഴും എന്നോടു് പെരുമാറിയതു് നല്ല രീതിയിലായിരുന്നു. അച്ഛൻ പറയും, അതു് നിന്റെ കാര്യമാണു്, നിനക്കു് വേണ്ടെങ്കിൽ വേണ്ട. എനിക്കു് തോന്നുന്നതു്, അച്ഛൻ (വടിയെടുത്തു് അടിക്കുന്ന ആംഗ്യം കാണിച്ചു്), “നീ ഇംഗ്ലിഷ് പഠിക്കണം, നീ പിയാനോ പഠിക്കണം” എന്നൊക്കെ പറഞ്ഞു് നിർബന്ധിച്ചു് പഠിപ്പിക്കണമായിരുന്നു എന്നാണു്. അച്ഛന്റെ കുറ്റമാണതു്.
- ചോദ്യം:
- ‘ക്ലോസ്ലി ഒബ്സർവ്ഡ് ട്രെയിൻ’ സിനിമയിലെ സ്റ്റേഷൻമാസ്റ്ററായ അച്ഛനെ പോലെയല്ല താങ്കളുടെ അച്ഛൻ.
- ഉത്തരം:
- ഏറ്റവും നല്ല വിദ്യാർത്ഥിയായിരുന്നു അച്ഛൻ. ജിമ്മിലെ അദ്ദേഹത്തിന്റെ നോട്ടുകൾ എന്റെ കയ്യിലുണ്ടു്. ഏറ്റവും നല്ലതാണു് അതു്.

ഒറ്റപ്പാലത്തു് ജനനം. ഇപ്പോൾ തൃശൂരിൽ സ്ഥിരതാമസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീടു് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ നിന്നു് അദ്ധ്യാപകനായി വിരമിച്ചു. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീടു് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതൽ ചലച്ചിത്രസംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിനു് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു് പ്രവർത്തിച്ചിരുന്നു.
മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയപുരസ്കാരത്തിനു് 1999-ൽ അർഹനായി. സത്യജിത് റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’നു് 1996-ൽ, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം എം. ടി. വാസുദേവൻ നായരുടെ ‘നിർമ്മാല്യ’ത്തിനെ കുറിച്ചെഴുതിയ ‘ദൈവനർത്തകന്റെ ക്രോധ’ത്തിനു് ലഭിച്ചു.
- മലകളിൽ മഞ്ഞു് പെയ്യുന്നു
- സിനിമയുടെ വഴിയിൽ
- സഞ്ചാരിയുടെ വീട്
- ആരാണു് ബുദ്ധനല്ലാത്തതു്
- ഗൊദാർദ്: കോളയ്ക്കും മാർക്സിനും നടുവിൽ
- പി. രാമദാസ്: വിദ്യാർത്ഥിയുടെ വഴി
- സിനിമയും ചില സംവിധായകരും
- ശരീരം, നദി, നക്ഷത്രം
- മികച്ച ചലച്ചിത്രനിരൂപകനുള്ള ദേശീയ അവാർഡ്, 1999
- മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം (സഞ്ചാരിയുടെ വീടു്), 1996
- മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം (ദൈവനർത്തകന്റെ ക്രോധം), 2013
- സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം (ശരീരം, നദി, നക്ഷത്രം), 2013
- മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി. എൻ. പിള്ള എൻഡോവ്മെന്റ്, 2008
- ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടൻ പുരസ്കാരം (സിനിമയും ചില സംവിധായകരും), 2012
- ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് 1997, 2006
(വിവരങ്ങൾക്കും ചിത്രങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)