1819 ഓഗസ്റ്റ് 16-നു് മാൻചെസ്റ്ററിലെ സെന്റ് പിറ്റേഴ്സ് ഫീൽഡിൽ ബ്രിട്ടണിലെ പാർലമെന്റ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ടു് ഒരു സമ്മേളനം നടക്കുകയുണ്ടായി. പൊതു ജനത്തെ അഭിസംബോധന ചെയ്തു് സംസാരിച്ചതു് ഹെൻറി ഓറേറ്റർ ഹണ്ടായിരുന്നു. ഹണ്ടിനെ ഭരണകൂടം അറസ്റ്റ് ചെയ്യാനൊരുങ്ങിയെങ്കിലും സാധിച്ചില്ല. അറസ്റ്റ് സാധിക്കാതെ വന്നപ്പോൾ 80,000 ഓളം വരുന്ന ആൾക്കൂട്ടത്തിലേക്കു് കുതിരപ്പട്ടാളത്തെ ഇറക്കി വിടുകയും പട്ടാളത്തിന്റെ ആക്രമണത്തിൽ പതിനൊന്നു് പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു് പേർക്കു് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏറെപ്പേരും സ്ത്രീകളായിരുന്നു. ഈ ആക്രമണത്തെ 1815-ലെ നെപ്പോളിയന്റെ വാട്ടർ ലൂ യുദ്ധവുമായി താരതമ്യപ്പെടുത്തി പീറ്റർ ലൂ കൂട്ടക്കൊല എന്നു വിളിക്കാറുണ്ടു്. കവിയായ ഷെല്ലി ഇക്കാലത്തു് ഇറ്റലിയിലായിരുന്നു താമസിച്ചിരുന്നതു്. ബ്രിട്ടനിലെ സംഭവ വികാസങ്ങളറിഞ്ഞ ഷെല്ലി സെപ്റ്റംബർ 9-നു് തന്റെ സുഹൃത്തും നോവലിസ്റ്റും കവിയുമായ തോമസ് ലവ് പീക്കോക്കിനു് സുദീർഘമായ കത്തും എഴുതുന്നുണ്ടു്. ഈ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിൽ 1819 സെപ്റ്റംബർ മാസത്തിലാണു് ഷെല്ലി അരാജകത്വത്തിന്റെ പൊയ്മുഖം എന്ന കവിത രചിക്കുന്നതു്. അദ്ദേഹത്തിന്റെ മരണശേഷം 1832-ലാണു് കവിത വെളിച്ചം കണ്ടതു്.
മാൻചെസ്റ്ററിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലെഴുതിയതു്.
ഒന്നു്
ഇറ്റലിയിൽ ഞാൻ നിദ്രയിലാണ്ടിരിക്കെ
കടലിനക്കരെ നിന്നൊരു ശബ്ദമെത്തി,
കാവ്യ കലാദർശനങ്ങളിൽ സഞ്ചരിക്കാൻ
അതെന്നെ ശക്തമായി പ്രേരിപ്പിച്ചു.
രണ്ടു്
വഴിയിൽ ഞാൻ കൊലപാതകിയെ കണ്ടു.
അവൻ[1] കാസിൽറേ പ്രഭുവിനെപ്പോലെ
അതിവിനയവാനായിരുന്നെങ്കിലും, ഭയങ്കരൻ
ഏഴുവേട്ടനായ്ക്കളാൽ അനുഗതൻ:
മൂന്നു്
അവയെല്ലാം തടിച്ചുകൊഴുത്തതായിരുന്നു;
അവ വിശിഷ്ട സ്ഥാനങ്ങളിലിരുന്നവയായിരിക്കാം,
തന്റെ വിസ്തൃതമായ മേലങ്കിയിൽ നിന്നു്
ഓരോന്നോ ഈരണ്ടോ ആയി മനുഷ്യ ഹൃദയങ്ങൾ
കടിച്ചുകീറാൻ അവയ്ക്കു് എറിഞ്ഞു കൊടുത്തു.
നാലു്
തുടർന്നു് ചതിയൻ വന്നു, എൽഡനെപ്പോലെ[2]
ശുഭ്ര രോമാവൃതമാം ന്യായാധിപ-
മേലങ്കിയണിഞ്ഞു കൊണ്ടു്
അവൻ നന്നായി കരഞ്ഞതിനാൽ
അവന്റെ ഓരോ മുതലക്കണ്ണുനീർത്തുള്ളി
പതിയ്ക്കും തോറും അരകല്ലുകളായി തീർന്നു.
അഞ്ചു്
അവന്റെ കാലുകൾക്കു ചുറ്റുമെമ്പാടും
ഓടിക്കളിച്ചിരുന്ന ചെറു ബാല്യക്കാർ
ഓരോ കണ്ണുനീർത്തുള്ളിയും രത്നമെന്നു നിനച്ചു.
അവയാൽ തന്നെ തങ്ങളുടെ തലച്ചോർ തകർത്തു.
ആറു്
പ്രകാശമെന്ന പോലെ ബൈബിളിന്റെ
ആടയണിഞ്ഞു് നിശയുടെ നിഴലുകളും
ഡിസ്മൗത്തിനെപ്പോലെ[3] കാപട്യവും
പിന്നെ മുതലമേൽ സവാരി ചെയ്തു.
ഏഴു്
ഈ ഭീകര പൊയ്മുഖ വേഷങ്ങളാൽ
പിന്നെയും ഏറെ സംഹാരങ്ങൾ വിളയാടി,
ബിഷപ്പുമാരേയും അഭിഭാഷകരേയും
പ്രഭുക്കന്മാരേയും ചാരന്മാരേയും പോലെ
കൺമുന്നിൽ സകലരും പ്രച്ഛന്നവേഷമാടി.
എട്ടു്
ഒടുവിലായി അരാജകത്വം വന്നു:
ചോരത്തുള്ളികൾ തെറിച്ച വെള്ളക്കുതിര മേലേറി.
അവന്റെ ചുണ്ടുകൾ വരെ വിളറിയിരുന്നു.
വെളിപാടു പുസ്തകത്തിലെ മരണം എത്തുംപോലെ.
ഒൻപതു്
അവൻ രാജകിരീടം ധരിച്ചിരുന്നു;
കൈപ്പിടിയിലൊരു ചെങ്കോലും തിളങ്ങി;
അവന്റെ നെറ്റിയിൽ ഞാൻ ഈ അടയാളം കണ്ടു-
‘ഞാനാണു് ദൈവവും രാജാവും നിയമവും!’
പത്തു്
ഗംഭീരവും ചടുലവുമായ വരവാൽ
തന്നെ ആരാധിക്കുന്ന ജനതയുടെ
ചോരച്ചളി ചവിട്ടിത്തള്ളി
ആംഗലേയ ഭൂമിയിലൂടെ
അവൻ കടന്നു പോയി.
പതിനൊന്നു്
ഭൂമിയെ കിടുകിടാ വിറപ്പിച്ചു കൊണ്ടു്
അവനു ചുറ്റും പ്രബലസേനയിലെ ഓരോരുത്തരും
യജമാനന്റെ സേവനത്തിനായി
ചോര പുരണ്ട ഖഡ്ഗം ചുഴറ്റി
പന്ത്രണ്ടു്
മഹാവിജയമാർന്നു്
ആനന്ദാഭിമാനത്തോടെ
നിർമാനവതത്വത്തിന്റെ വീഞ്ഞാൽ ഉന്മത്തരായി
അവർ ഇംഗ്ലണ്ടിലൂടെ സവാരി ചെയ്തു.
പതിമൂന്നു്
വയലുകളും പട്ടണങ്ങളും കടന്നു്
കടൽ മുതൽ കടൽ വരെ
കീറി മുറിച്ചു്, തകർത്തെറിഞ്ഞു്
ലണ്ടൻ നഗരമെത്തും വരെ
അവർ സ്വതന്ത്രവും ചടുലവുമായി
പൊയ്മുഖ കൂത്താടി.
പതിനാലു്
അരാജകത്തത്തിന്റെ കൊടുങ്കാറ്റുപോലുള്ള
വിജയഭേരി കേട്ടു്
ഓരോ ദേശവാസിയും ഭയസംഭ്രമത്തിലായ്;
സ്വഹൃദയം കൊടും ഭീതിയിലാഴുന്നതറിഞ്ഞു.
പതിനഞ്ചു്
ചോരയും തീയും കണക്കെ ആയുധവുമണിഞ്ഞു്,
മോടിയിലവനെ കാണാനെത്തിയ
വാടകക്കൊലയാളികൾ ഇങ്ങനെ പാടി:
‘നീയാണു് ദൈവവും നിയമവും രാജാവും!’
പതിനാറു്
‘പ്രതാപവാൻ! അങ്ങു വന്നെത്തുവാൻ
അനാഥരും ദുർബ്ബലരുമായ ഞങ്ങൾ കാത്തിരുന്നു
ഞങ്ങളുടെ മടിശ്ശീലകൾ ശൂന്യം,
ഞങ്ങളുടെ ഖഡ്ഗങ്ങൾ ശീതം,
തരിക ഞങ്ങൾക്കു് മഹത്വവും രക്തവും കനകവും’.
പതിനേഴു്
അഭിഭാഷകരും പുരോഹിതരും വിദൂഷകസംഘവും
വിളറിയ നെറ്റികൾ ഭൂമിയോളം താഴ്ത്തി;
അധികം ശബ്ദമില്ലാത്ത ഒരു മോശം
പ്രാർത്ഥനകണക്കു് മന്ത്രിച്ചു-
‘നീ തന്നെ നിയമവും ദൈവവും’-
പതിനെട്ടു്
പിന്നെ എല്ലാവരും ഒന്നിച്ചു് ഉദ്ഘോഷിച്ചു,
‘നീയാണു് രാജാവും ദൈവവും കർത്താവും
അരാജകത്വമേ, നിനക്കായി നമിക്കുന്നു ഞങ്ങൾ,
നിന്റെ നാമം പരിശുദ്ധമാകണേ!’
പത്തൊൻപതു്
അരാജകത്വത്തിന്റെ അസ്ഥിപഞ്ജരം
എല്ലാവരേയും നമിച്ചു് പല്ലിളിച്ചു,
അവൻ പഠിച്ച പാഠത്തിനു്
പത്തു ദശലക്ഷം നാടിനു്
ചെലവുണ്ടായിരുന്ന പോലെ
ഇരുപതു്
നമ്മുടെ രാജകൊട്ടാരങ്ങൾ
തനിക്കു് അവകാശപ്പെട്ടതാണെന്നു്
അയാൾക്കറിയാമായിരുന്നു;
ചെങ്കോലും കിരീടവും ഭൂഗോളവും
സ്വർണ്ണത്തിൽ തുന്നിയ മേലങ്കിയും
ഇരുപത്തൊന്നു്
മൺ[4] കോട്ടയും[5] കൊത്തളവും പിടിച്ചടക്കാൻ
തനിക്കു മുന്നേ അവൻ അടിമകളെ അയച്ചു.
പിന്നെ അടുത്തൂൺ പറ്റിയ നിയമനിർമ്മാണ സഭയെ
അഭിമുഖീകരിക്കാൻ പുറപ്പെട്ടു
ഇരുപത്തിരണ്ടു്
ഒരാൾ പലായനം ചെയ്തപ്പോൾ
പ്രതീക്ഷയെന്ന ഭ്രാന്തിപ്പെണ്ണു് പറഞ്ഞു:
അവൾ അത്യധികം ദുഃഖിതയായി കാണപ്പെട്ടെന്നു്
അന്തരീക്ഷത്തിലവളുടെ അലമുറ കേട്ടു:
ഇരുപത്തിമൂന്നു്
ക്ഷീണിച്ചു നരച്ച എന്റെ പിതാവു് കാലം
ഒരു നല്ല ദിവസത്തിനായി കാത്തിരിക്കുന്നു;
തളർവാതം ബാധിച്ച കൈകളാൽ
തപ്പിത്തടഞ്ഞു നില്ക്കുന്ന അദ്ദേഹം
എത്രയോ വിഡ്ഢിയായി കാണപ്പെടുന്നു!
ഇരുപത്തിനാലു്
‘അദ്ദേഹത്തിനു് മക്കളുണ്ടായിക്കൊണ്ടേയിരിക്കുന്നു
എന്നിലൊഴികെ മൃതി ധൂളി കൂനകൂടിയിരിക്കുന്നു-
ദുരിതം, ഹോ, ദുരിതം!’
ഇരുപത്തിയഞ്ചു്
കുതിരക്കാലടികൾക്കു തൊട്ടു മുന്നിൽ
ശാന്തമായ ദൃഷ്ടിയോടെ
കൊലപാതകവും ചതിയും അരാജകത്വവും
വരുന്നതും കാത്തു്,
അവളാ തെരുവിൽ കിടന്നു.
ഇരുപത്താറു്
അവൾക്കും അവളുടെ ശത്രുക്കൾക്കുമിടയിൽ
ഒരു മൂടൽമഞ്ഞു്, ഒരു വെളിച്ചം,
ഒരു പ്രതിച്ഛായ ഉയർന്നുവന്നു
ആദ്യയിൽ ചെറുതും അശക്തവും ശിഥിലവും
താഴ്‌വരയിലെ ബാഷ്പകണം പോലെയും:
ഇരുപത്തേഴു്
വിസ്ഫോടിത മേഘങ്ങളായ് വളർന്നു്
കൊത്തളക്കിരീടംവച്ച രാക്ഷസരായി പായുമ്പോൾ
മിന്നലിനൊപ്പം വിളങ്ങി
ഇടിവെട്ടായി മാനത്തോടിടയും വരേക്കു്
ഇരുപത്തെട്ടു്
അതു വളർന്നു—പട്ടച്ചട്ടയണിഞ്ഞ നിരയുടെ രൂപമായ്
അണലി ശല്ക്കങ്ങളിലും തിളങ്ങി
വെയിൽ മഴപ്രകാശത്തിനൊപ്പം
അതിൻ വിത്തുചിറകേറിയുയർന്നു.
ഇരുപത്തൊൻപതു്
ദൂരെക്കാണും അതിന്നമരത്തു്
പുലരിയിലേതുപോലെ കിടപ്പുണ്ടൊരു ഗ്രഹം
പ്രകാശവർഷമായി പെയ്തൊരതിൻപീലികൾ
അരുണ തുഷാര മഴ പോലെ.
മുപ്പതു്
കാറ്റുപോലെ മൃദുലമായ ചുവടുകളോടെ
ആളുകളുടെ ശിരസിനുമേലെ അതിവേഗത്തിൽ
അതു കടന്നു പോയി.
അവർ അവിടെ അതിന്റെ സാന്നിധ്യം
അറിഞ്ഞുനോക്കിയെങ്കിലും
കാഴ്ചയിൽ എല്ലാം ശൂന്യമായിരുന്നു.
മുപ്പത്തൊന്നു്
മെയ് മാസപാദമുദ്രയിൽ പൂക്കൾ ഉണരുന്ന പോലെ
നിശയുടെ അഴിഞ്ഞ മുടിയിൽ നിന്നു്
നക്ഷത്രങ്ങൾ പൊഴിയും പോലെ
കാറ്റു കൂകിവിളിക്കുമ്പോൾ
തിരകളുയരും പോലെ
ആ പാദം പതിഞ്ഞിടത്തെല്ലാം
ചിന്തകളുടെ വസന്തം വിരിഞ്ഞു.
മുപ്പത്തിരണ്ടു്
വീണു കിടന്ന ജനത നോക്കിയപ്പോൾ
കണങ്കാലുവരെ ചോരയിൽ മുങ്ങിയ പ്രതീക്ഷ എന്ന
പ്രശാന്ത തരുണി
പ്രസന്നഭാവത്തോടെ നടക്കുകയായിരുന്നു.
മുപ്പത്തിമൂന്നു്
അരാജകത്വം, ആ ഭയാനകജന്മം,
മന്നിൽ മണ്ണെന്ന പോലെ മരിച്ചു കിടക്കുന്നു;
കാറ്റു പായേ മെരുങ്ങാത്ത മരണമകുതിര
കുളമ്പുകൾ കൊണ്ടു് പൊടിയെപൊടിക്കുന്നു,
പിന്നിൽ തിക്കിത്തിരക്കും കൊലപാതകസംഘങ്ങൾ.
മുപ്പത്തിനാലു്
മേഘങ്ങളുടെ പായുന്നപ്രകാശപ്പകിട്ടു്
ബോധമുണരുന്ന പോലെയെങ്കിലും
അതിലോലമായി ഉണരുന്നതു കേട്ടതായി തോന്നി,
അതിനൊടുവിൽ ആനന്ദഭയജനകമായ
ഈ വാക്കുകളും.
മുപ്പത്തിയഞ്ചു്
ഇംഗ്ലണ്ടിന്റെ മക്കൾക്കു് ജന്മം നൽകിയ
കുപിത ഭൂമിയിൽ
നെറ്റിയിലവരുടെ ചോര പുരണ്ടതായി കണ്ടു.
പെറ്റമ്മയുടെ പ്രാണവേദനയാൽ വിറപൂണ്ടൂ.
മുപ്പത്താറു്
അവളുടെ മുഖത്തുരുണ്ടുകൂടിയ
രക്തകണങ്ങളോരോന്നും
അപ്രതിരോധം ഒരു സ്വരമായ് മാറി
ഹൃദയം ഉറക്കെ കരയും പോലെ:
മുപ്പത്തേഴു്
ഇംഗ്ലണ്ടിലെ ജനങ്ങളേ, മഹത്ത്വത്തിന്നവകാശികളേ,
ഇനിയും രചിക്കാത്ത കഥയിലെ നായകരേ,
തേജസ്വിയായ അമ്മയുടെ പൈതങ്ങളേ,
അവളുടെ പ്രതീക്ഷകളോടു് പാരസ്പര്യമുള്ളവരേ:
മുപ്പത്തെട്ടു്
നിദ്രയിലാണ്ട എണ്ണമറ്റ സിംഹങ്ങളെ,
ഉണർന്നെഴുന്നേൽക്കൂ,
നിദ്രയിൽ നിങ്ങൾക്കുമേൽ വീണ ചങ്ങലകൾ
മഞ്ഞുകണം പോലെ മണ്ണിലേക്കു തകർത്തെറിയൂ,
നിങ്ങൾ അനവധിയാണു്—അവരോ നിസാരവും.
മുപ്പത്തൊൻപതു്
എന്താണു് സ്വാതന്ത്ര്യം?—നിങ്ങൾക്കു് പറയാനാവും
അടിമത്തം എന്തെന്നു് വളരെ നന്നായി-
എന്തെന്നാൽ അതിന്റെ പേരു വളർന്നു്
നിങ്ങളുടെ സ്വന്തം മറ്റൊലിയായി.
നാല്പതു്
നിങ്ങളുടെ കൈകാലുകളാൽ
സ്വേച്ഛാധിപതികൾ വാഴുന്ന
തടവറയിലെന്ന പോലെ.
ഇതു് ജോലിയും ദിവസവും ജീവൻ
നിലനിർത്താനുള്ള വേതനവും തന്നെ
നല്പത്തിയൊന്നു്
നിങ്ങളവർക്കായി ജന്മമെടുത്ത പോലെ
നെയ്യാനും ഉഴാനും കൊല്ലാനും കൂന്താലി ഉന്താനും
അവരെ പ്രതിരോധിക്കാനും വളർത്താനും.
സ്വേച്ഛയാലോ അല്ലാതെയോ ചായുന്നു
നാല്പത്തി രണ്ടു്
വാടിമെലിഞ്ഞ അമ്മമാരോടൊപ്പം
തളർന്ന നിങ്ങളുടെ മക്കൾ
ഹേമന്തത്തിലെ ശീതക്കാറ്റടിക്കെ
മരിച്ചു വീഴുന്നു
ഞാനിതു പറയുമ്പോളും.
നാല്പത്തി മൂന്നു്
ധനികർ തങ്ങളുടെ തിമിർപ്പിൽ
തന്റെ കണ്ണിനു കീഴെ കിടന്നു മൂക്കുമുട്ടെ തിന്നുന്ന
കൊഴുത്ത നായ്ക്കൾക്കു് എറിഞ്ഞു് കൊടുക്കുമെങ്കിലും
അന്നം കിട്ടാനുള്ള വിശപ്പാണതു്;
നാല്പത്തിനാലു്
പഴയ സ്വേച്ഛാധിപതികളുടെ സമ്പത്തിനേക്കാൾ
ആയിരം മടങ്ങു് പ്രയത്നത്തിൽ നിന്നെടുക്കാനായി
പൊൻ ഭൂതത്തെ അനുവദിക്കലാണതു്.
നാല്പത്തിയഞ്ചു്
കടലാസു നാണയം-
ഭൂമിയിലെ പൈതൃകസ്വത്തിൻ
വിലയേറിയതെന്തോ എന്നു ധരിക്കുന്ന
ആധാരമെന്ന വ്യാജരേഖ.
നാല്പത്തിയാറു്
ഇതു് ആത്മാവിന്നടിമയാകലും
സ്വന്തം ഇച്ഛകൾക്കുമേൽ
ശക്തമായ നിയന്ത്രണമില്ലായ്മയും
എന്നാൽ മറ്റുള്ളവർ നിങ്ങളെ
ആക്കുന്നതെന്തോ ആകലുമാണു്.
നാല്പത്തിയേഴു്
ഒടുവിൽ നിഷ്ഫലവും ദുർബ്ബലവുമായ
നിയന്ത്രണമായി നിങ്ങളതിനെക്കുറിച്ചു്
പരാതി പറയുമ്പോൾ
നിങ്ങളുടെ ഭാര്യമാരുടേയും നിങ്ങളുടേയും മേൽ
സ്വേച്ഛാധിപതിയുടെ സൈന്യം
സവാരി ചെയ്യുന്നതാണതു്.
പുൽനാമ്പുകളിൽ മഞ്ഞുകണം പോലെ
രക്തം കാണാം.
നാല്പത്തിയെട്ടു്
പിന്നീടതു് ചോരയ്ക്കു പകരം ചോരയും
അന്യായത്തിനു പകരം അന്യായവും—കൈമാറാനുള്ള
തീക്ഷ്ണമായ ദാഹവുമാകുന്നു.
ശക്തരായിരിക്കുമ്പോൾ
നിങ്ങളങ്ങനെ ചെയ്യരുതു്.
നാല്പത്തിയൊൻപതു്
ചിറകുവച്ചതേടലുകൾ മതിയാകുമ്പോൾ
പക്ഷികൾ ഇടുങ്ങിയ കൂടുകളിൽ വിശ്രമം തേടുന്നു.
അന്തരീക്ഷത്തിൽ കൊടുങ്കാറ്റും
മഞ്ഞുവീഴ്ചയുമുണ്ടാകുമ്പോൾ
മൃഗങ്ങൾ വനമാളങ്ങളിലേക്കുള്ള വഴി
കണ്ടെത്തുന്നു.
അൻപതു്
കഴുതകൾക്കും പന്നികൾക്കും
വൈക്കോൽ വിരിയുണ്ടു്
യോജിച്ച ഭക്ഷണത്താൽ തീറ്റിപ്പോറ്റാനുമുണ്ടു്.
ഒന്നിനൊഴികെ മറ്റെല്ലാറ്റിനുമൊരു ഭവനമുണ്ടു്-
ഓ, ഇംഗ്ലീഷുകാരാ, നിനക്കു മാത്രം ഒന്നുമില്ല!.
അൻപത്തൊന്നു്
ഇതാണടിമത്തം—ഒരേ മടയിൽ
കിരാതരായ മനുഷ്യരോ വന്യമൃഗങ്ങളോ
നിങ്ങളെപ്പോലെ സഹിച്ചു് നിൽക്കില്ല-
പക്ഷേ, ഇത്തരം ദുഷ്ടതകൾ അവയറിഞ്ഞിട്ടേയില്ല.
അൻപത്തിരണ്ടു്
സ്വാതന്ത്ര്യമോ നീ എന്താണു്?
ചേതനയുള്ള ശവകുടീരങ്ങളിൽ നിന്നു്
അടിമകൾക്കതിനു് ഉത്തരം
നൽകാനായിരുന്നെങ്കിൽ
സ്വപ്നത്തിലെ മങ്ങിയ ഭാവന പോലെ
സ്വേച്ഛാധിപതികൾ ഓടിയൊളിക്കുമായിരുന്നു.
അൻപത്തിമൂന്നു്
കപടവേഷധാരികൾ പറയും പോലെ
ഉടനെ കടന്നു പോകാനുള്ള ഒരു നിഴലോ
അന്ധവിശ്വാസമോ കീർത്തിയുടെ ഗുഹയിൽ
പ്രതിധ്വനിക്കുന്ന പേരോ അല്ല നീ.
അൻപത്തിനാലു്
തൊഴിലാളിക്കു നീ അപ്പമാകുന്നു,
വൃത്തിയും സന്തോഷവുമുള്ള സ്വഗൃഹത്തിൽ
തന്റെ ദിവസ വേതനത്തിൽ നിന്നുമെത്തേണ്ട
മനോഹരമായി വിരിച്ചിട്ട മേശവിരിയും.
അൻപത്തിയഞ്ചു്
നീയാണുടുപ്പും തീയും അന്നവും
മർദ്ദിത ജനതയ്ക്കു്-
ഇല്ല—സ്വതന്ത്രരാജ്യങ്ങളിൽ
ഇംഗ്ലണ്ടിൽ നാമിന്നു കാണുന്ന പോലെ
പട്ടിണിയുണ്ടാകാനിടയില്ല.
അൻപത്തിയാറു്
ധനികനു നീയൊരു തടസ്സം,
അവന്റെ പാദം ഇരയുടെ കഴുത്തിലിരിക്കുമ്പോൾ,
ഒരു സർപ്പത്തെ ചവിട്ടിയ പോലെ അവനു നിന്നെ
തോന്നും
അൻപത്തിയേഴു്
നീതിയാണു് നീ
ഇംഗ്ലണ്ടിലെ നിയമങ്ങൾ പോലെ ഒരിക്കലും
സ്വർണ്ണത്തിനായി നിന്റെ
ധാർമ്മിക നിയമങ്ങൾ വില്ക്കപ്പെടില്ല
വലിയവനേയും ചെറിയ വനേയും
ഒന്നുപോലെ നീ കാത്തുരക്ഷിക്കും.
അൻപത്തിയെട്ടു്
ജ്ഞാനമാണു നീ—പുരോഹിതർ
പുലമ്പുന്ന അസത്യങ്ങളെക്കുറിച്ചു് ചിന്തിച്ചു്
അനന്തമായി ദൈവം ശപിക്കുമെന്നു്
സ്വതന്ത്ര മാനവർ
ഒരിക്കലും സ്വപ്നം കാണില്ല.
അൻപത്തിയൊൻപതു്
സമാധാനമാണു നീ—ഗോളിലെ[6]
നിന്റെ തീയണക്കാൻ
അണിനിരന്ന ഏകാധിപതികൾ
ദുർവ്യയം ചെയ്ത ചോരയും സമ്പത്തും
നീ ഒരിക്കലും പാഴാക്കിയില്ല
[1] ഈ കൂട്ടക്കുരുതിയെ പാർലമെന്റിൽ ശക്തമായി അനുകൂലിച്ച വ്യക്തി.
[2] ലോഡ് ചാൻസലർ ജോൺ സ്കോട്ട്. ഇദ്ദേഹം എൽഡൻ ഏൾ ആയിരുന്നു.
[3] ഹെൻറി ആഡിങ്ടൺ, ഡിസ്മൗത്തിലെ ആദ്യ വൈക്കൗണ്ട്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയും കൂട്ടക്കുരുതിക്കാലത്തെ ആദ്യ സെക്രട്ടറിയുമായിരുന്നു.
[4] ലണ്ടനിലെ പുരാതന മൺ കോട്ട.
[5] ലണ്ടൻ ടവർ. ഇപ്പോളും സംരക്ഷിക്കപ്പെട്ടിരിക്കുന്നതു്.
[6] റോമാ സാമ്രാജ്യക്കാർ കീഴടക്കാൻ ബുദ്ധിമുട്ടിയ പുരാതന യൂറോപ്യൻ രാജ്യം.
അറുപതു്
ഇംഗ്ലീഷുകാരുടെ വേലയും ചോരയും
പ്രളയം എന്ന പോലെ പെയ്തൊഴിച്ചാലോ?
ഓ, സ്വാതന്ത്ര്യമേ, നിന്റെ ജ്വാലയ്ക്കു്
മങ്ങലേൽക്കാം പക്ഷേ, കെടുകയില്ല.
അറുപത്തൊന്നു്
സ്നേഹമാണു നീ—യേശുവിനെ പിൻതുടർന്നു്
ധനികൻ അവനെപ്പോലെ
നിന്റെ പാദങ്ങൾ ചുംബിക്കും,
സ്വതന്ത്രരർക്കു് ധനം ദാനം ചെയ്യും
പിന്നെ ദുർഘട ലോകത്തിലൂടെ നിന്നെ പിൻതുടരും.
അറുപത്തിരണ്ടു്
അല്ലെങ്കിലവർ ധനത്തെ ആയുധമാക്കി
നിന്റെ പ്രിയർക്കായി പോരാടും
തങ്ങളുടെ ഇരകളായ സമ്പത്തിലും
യുദ്ധത്തിലും കാപട്യത്തിലും
നിന്നു തന്നെ അവർ ശക്തി സംഭരിക്കും.
അറുപത്തിമൂന്നു്
ശാസ്ത്രവും കവിതയും ചിന്തയും
നിന്റെ ദീപങ്ങൾ
ഒരേ മഞ്ചത്തിൽ വസിക്കുന്നവരിൽ
നിന്നവർ നറുക്കെടുക്കും
അത്രയേറെ പ്രസന്നമായതിനാൽ
അവർ അതിനെ ശപിക്കില്ല.
അറുപത്തിനാലു്
ഉത്സാഹം, ക്ഷമ, വിനയം
മനോഹരവും അനുഗ്രഹീതവുമായ മറ്റെല്ലാമാണു നീ.
നിന്റെ നിസ്സീമമാം ചാരുത, വാക്കിലല്ല
കർമ്മത്താൽ പ്രകടമാകട്ടെ.
അറുപത്തഞ്ചു്
നീണ്ടു പരന്നു കിടക്കുന്ന
ഇംഗ്ലണ്ടിന്റെ മണ്ണിൽ ഒരിടത്തു്
നിർഭയരുടേയും സ്വതന്ത്രരുടേയും
ഒരു മഹാസമ്മേളനം നടക്കട്ടെ.
അറുപത്താറു്
തലയ്ക്കു മേലെയുള്ള നീലാകാശവും
നീ ചരിക്കുന്ന ഹരിതഭൂമിയും
അനശ്വരമായതൊക്കെയും
അതിന്റെ പ്രൗഢി ദർശിച്ചിടട്ടെ.
അറുപത്തിയേഴു്
സ്വന്തമോ മറ്റുള്ളവരുടേയോ
കദനത്തിൽ വിലപിക്കുന്നവർ
നിവസിക്കുന്ന ഓരോ കുടിലും ഗ്രാമവും നഗരവും
ഉൾക്കൊള്ളുന്ന ഇംഗ്ലണ്ടിന്റെ തീരഭൂവിലെ
വിദൂര കോണുകളിൽ നിന്നും,
അറുപത്തിയെട്ടു്
അനാഥശാലയിലും തടവറയിലും
ഉയിർത്ത പുതു ശവങ്ങൾ പോലെ വിളറി
നൊന്തു ഞരങ്ങി തണുത്തു കരയുന്ന
സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധന്മാരും-
അറുപത്തിയൊൻപതു്
മാനവഹൃദയത്തിൽ ലതാവലി വിതയ്ക്കും
പൊതു ആവശ്യങ്ങളും കരുതലും ഒപ്പം
എന്നും പോരാട്ടവും കൂലിയായ് കിട്ടും
ദൈനംദിന ജീവിതത്തിന്റെ ബാധകളിൽ നിന്നും-
എഴുപതു്
ചുറ്റിലുമടിക്കുന്ന കാറ്റിന്റെ വിദൂര ശബ്ദം പോലെ
ഒടുവിൽ അപായത്തിന്റെ മർമ്മരം
മാറ്റൊലിക്കുന്ന കൊട്ടാരങ്ങളിൽ നിന്നും
എഴുപത്തൊന്നു്
സ്വസഹോദരങ്ങളെ വിളറി വെളുപ്പിച്ചു്
ഞരങ്ങുകയും ഉഴവിപ്പിക്കുകയും
നിലവിളിപ്പിക്കുകയും ചെയ്യുന്നവരോടു്
അനുകമ്പ കാട്ടുന്ന അപൂർവ്വം ചിലരുടെ
പണത്തിന്റേയും പുതുമോടിയുടേയും
വിശാലമായ കാരാഗൃഹങ്ങളാണവ.
എഴുപത്തിരണ്ടു്
പറയാത്ത ദുരിതങ്ങൾ സഹിക്കുന്നവരേ,
നിങ്ങളുടെ നഷ്ട രാജ്യം
അഥവാ രക്തവും സ്വർണ്ണവും
വിലയായി വാങ്ങി വില്ക്കുന്നതു കണ്ടറിയുന്നവരേ,
എഴുപത്തിമൂന്നു്
മഹാപ്രൗഢിയോടെ
മഹാസമ്മേളനം നടത്തൂ
അളന്നു തൂക്കിയ വാക്കുകളിൽ
ദൈവം സൃഷ്ടിച്ച പ്രകാരം
നിങ്ങൾ സ്വതന്ത്രരെന്നു പ്രഖ്യാപിക്കുക-
എഴുപത്തിനാലു്
നിങ്ങളുടെ ശക്തവും ലളിതവുമായ വാക്കുകൾ
മൂർച്ചയേറിയ വാളുകൾ പോലെ മുറിവേല്പിക്കട്ടെ
അവയുടെ തണൽ നിങ്ങളെ പൊതിയുന്ന പോലെ
അവ വലിയൊരു മുത്തശ്ശിച്ചൊല്ലാകട്ടെ.
എഴുപത്തഞ്ചു്
ബഹുവിധമായപാണികളുള്ള സേനകളോടെ
കടലിളകി വരുന്നതു പോലെ
അതിവേഗം ഭീതിദസ്വരമോടെ
സ്വേച്ഛാധിപതികൾ വന്നു വളയട്ടെ.
എഴുപത്താറു്
കെട്ടുപോയ വായുവിനു് ജീവൻ വയ്ക്കും വരെ
ആക്രമിക്കുന്ന പീരങ്കിപ്പട വന്നിടട്ടെ
ചക്രങ്ങളുടെ കൂടിക്കലമ്പലോടെ
കുതിരക്കുളമ്പടി ശബ്ദത്തോടെ.
എഴുപത്തിയേഴു്
അന്നം തേടുന്നവനെപ്പോലെ
സസൂഷ്മം ഉറപ്പിച്ച ബയണറ്റുകൾ
ആംഗലേയ രക്തത്താൽ തിളങ്ങുന്ന അതിന്റെ
മുന നനയ്ക്കാനുള്ള കൂർത്ത തൃഷ്ണയാൽ മിന്നട്ടെ.
എഴുപത്തെട്ടു്
കുതിരപ്പടയാളികളുടെ വാളുകൾ
കാന്തി ചക്രം ഇല്ലാത്ത നക്ഷത്രങ്ങൾ പോലെ
തിളങ്ങട്ടെ ഉരുളട്ടെ
മരണത്തിന്റേയും വിലാപത്തിന്റേയും കടലിൽ
അവരുടെ ജ്വാലയിൽ ഗ്രഹണമാകാനുള്ള
ദാഹത്തോടെ.
എഴുപത്തൊൻപതു്
തോൽപ്പിക്കപ്പെടാത്ത യുദ്ധത്തിലെ ആയുധങ്ങളായ
കെട്ടിയ കയ്യും നോട്ടവുമായി.
അരികത്തുള്ള നിശബ്ദ വനം പോലെ
ശാന്ത—സുദൃഢമായി നിങ്ങൾ നിന്നാലും.
എൺപതു്
ആയുധധാരികൾ അശ്വങ്ങൾ പായുന്നതിനേക്കാൾ
വേഗത്തിൽ പായും സംഭ്രാന്തി
കടന്നു പോകട്ടെ നിങ്ങളുടെ ജനതതി
ആരും കാണാത്ത നിഴൽ പോലെ
നിരാശ തെല്ലു മേശാതെ.
എൺപത്തൊന്നു്
നിങ്ങളുടെ സ്വന്തം നാട്ടിലെ നിയമങ്ങൾ
നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ
ചേർന്നു നില്ക്കുക നിങ്ങൾ
കയ്യും കയ്യും കാലും കാലും സ്പർശിച്ചു്
തർക്കങ്ങളുടെ മധ്യസ്ഥരേ,
എൺപത്തിരണ്ടു്
ഇംഗ്ലണ്ടിലെ പഴയ നിയമങ്ങൾ-
അവയുടെ അഭിവന്ദ്യതലവൻമാർക്കോ
നരയും പ്രായവും വളരെയധികം,
വിവേകമാർന്ന ദിനത്തിൽ മക്കൾ;
നിങ്ങളുടെ പവിത്ര ശബ്ദം
അവയുടെ സ്വന്തം പ്രതിധ്വനിയാകട്ടെ—സ്വാതന്ത്ര്യം!
എൺപത്തിമൂന്നു്
തങ്ങളുടെ രാജ്യത്തെ
അത്തരം വിശുദ്ധ പ്രഘോഷങ്ങൾ
ആദ്യം ലംഘിക്കുന്നവരുടെ മേൽ
പിന്നെയൊഴുകും ചോരക്കു്
അന്ത്യവിശ്രമം,
അതു പിന്നെ
നിങ്ങളിലാവുകയില്ലല്ലോ.
എൺപത്തിനാലു്
പിന്നെയും സ്വേച്ഛാധിപതികൾ പോരിനു വന്നാൽ
നിങ്ങൾക്കിടയിലേക്കു വരട്ടെ,
വെട്ടുക, കുത്തുക, അംഗവിഹീനമാക്കുക,
അരിയുക അങ്ങനെ.
അവരുടെ ഇഷ്ടം അവർ ചെയ്യട്ടെ.
എൺപത്തിയഞ്ചു്
കൂപ്പുകൈകളും ഇടറാത്ത മിഴികളുമായി
ഭയാശ്ചര്യങ്ങളില്ലാതെ
അവർ ദ്വേഷ്യം തീരും വരെ
കൊല്ലുന്നതു നോക്കുക നാം.
എൺപത്തിയാറു്
ശേഷം അവർ വന്നിടത്തേക്കു്
അപമാനത്തോടെ മടങ്ങും
അങ്ങനെ ചൊരിഞ്ഞ ചോര
അവരുടെ കവിൾത്തടങ്ങളിൽ
ചുടു ചുമപ്പായി സംസാരിക്കും.
എൺപത്തിയേഴു്
നാട്ടിലെ ഓരോ സ്ത്രീയും
അവർ നില്ക്കുമ്പോൾ അവരെ ചൂണ്ടും
തെരുവിലെ അവരുടെ പരിചിതരെ
അവർക്കഭിവാദ്യം ചെയ്യാനാകില്ല
എൺപത്തിയെട്ടു്
യുദ്ധങ്ങളിൽ അപകടങ്ങളെ പുണർന്ന
ധീരരും വിശ്വസ്തരുമായ പോരാളികൾ
ഹീനമായ സഹവാസത്തിൽ ലജ്ജിച്ചു്
സ്വതന്ത്രരായവരിലേക്കു് തിരിയും.
എൺപത്തിയൊൻപതു്
കൂട്ടക്കുരുതി നാട്ടിൽ
പ്രചോദനം, വാഗ്മിത്വം, ദീർഘദർശനം
എന്നിവ പോലെ ഉത്തേജിപ്പിക്കും.
ദൂരെ ഒരു ജ്വാലാമുഖി കേൾക്കും.
തൊണ്ണൂറു്
ഈ വാക്കുകൾ പിന്നീടു് ആയിത്തീരും
പാരതന്ത്ര്യത്തിന്റെ ഇടിവെട്ടുള്ള വിനാശം
ഓരോ ഹൃദയത്തിലും തലച്ചോറിലും
മണിമുഴക്കി,
വീണ്ടും മുഴക്കി… വീണ്ടും… വീണ്ടും…
തൊണ്ണൂറ്റൊന്നു്
നിദ്രയിലാണ്ട എണ്ണമറ്റ സിംഹങ്ങളെ,
ഉണർന്നെഴുന്നേൽക്കൂ
നിദ്രയിൽ നിങ്ങൾക്കു മേൽ വീണ ചങ്ങലകൾ
മഞ്ഞുകണം പോലെ
മണ്ണിലേക്കു് തകർത്തെറിയൂ,
നിങ്ങൾ അനവധിയാണു്—അവരോ നിസ്സാരവും.
കാല്പനിക യുഗത്തിലെ പ്രമുഖ ആംഗലകവികളിൽ ഒരാളായിരുന്നു പെഴ്സി ബിഷ് ഷെല്ലി (ജനനം: 1792 ആഗസ്റ്റ് 4–മരണം: 1822 ജൂലൈ 8). ഇംഗ്ലീഷ് ഭാഷയിലെ മുൻനിര ഭാവകവികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നാണു് നിരൂപകമതം. ഷെല്ലിയും, കീറ്റ്സും, ബൈറണും ചേരുന്നതാണ് കാല്പനികയുഗത്തിലെ പേരുകേട്ട കവിത്രയം. പ്രമുഖ ആഖ്യായികാകാരി മേരി ഷെല്ലി അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നിയായിരുന്നു.
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അഞ്ചു് കവിതാ സമാഹാരങ്ങൾ, ഒരു ചിത്രകലാനിരൂപണ ഗ്രന്ഥം, 25 വിവർത്തന പുസ്തകങ്ങൾ.
ചിത്രങ്ങൾ: വി. മോഹനൻ