images/Allingham_Helen_Irish_Cottage.jpg
Irish Cottage, a painting by Helen Allingham (1848–1926).
പെറ്റമ്മ
ഷൗക്കത്തലീ ഖാൻ

പാറൻ കുഞ്ഞിമാൻ വന്നു് പറമ്പു് പൂട്ടി പോയിട്ടു് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ. ഒരു പട്ടച്ചാലു് പൂട്ടാനാണു് പറഞ്ഞിരുന്നതു്. പട്ടച്ചാരായത്തിന്റെ കെട്ടടങ്ങാത്ത ലഹരിയിൽ കുഞ്ഞിമാന്റെ കന്നുകളുടെ പുറത്തു് മുടിങ്കോലുകൾ ആഞ്ഞുവീണപ്പോൾ ഒന്നിനുപകരം രണ്ടു് ചാലു് പൂട്ടി കന്നുപൂട്ടുകാരൻ കുഞ്ഞിമാൻ ലഹരി വിങ്ങി മടങ്ങിപ്പോയിരിക്കുന്നു. മീനമാസത്തിലെ തിളച്ച ഉച്ചവെയിലിന്റെ കഷ്ണങ്ങളായി വിണ്ട മൺകട്ടകൾ പൂട്ടിയ അടയാള വരകൾക്കു കുറുകെ അവിടവിടെ ചിതറിക്കിടക്കുന്നു. രണ്ടു് മാസങ്ങൾക്കു മുന്നേ കിളക്കാരൻ മയമാക്ക തന്റെ മണ്ടക്കൈക്കോട്ടു കൊണ്ടു് പറമ്പിന്റെ ഉള്ളതിരുകൾ നിലതാനത്തിനനുസരിച്ചു് മാടി മാടി ഒപ്പമാക്കിയ മാട്ടങ്ങൾക്കൊണ്ടു് സുന്ദരമായിരുന്നു ഞങ്ങളുടെ തൊണ്ണൂറ്റാറു് സെന്റ് പുരയിടവും തെങ്ങിൻ പറമ്പും.

തെങ്ങു കയറിയിട്ടില്ല. തേങ്ങ പഴുത്തു് വീഴുന്നുണ്ടു്. അടുത്തതു് ഓലവെട്ടിക്കയറ്റമാണു്. തെങ്ങുകയറ്റക്കാരൻ കുഞ്ഞടിമൂന്റെ പെരയിൽ ഒന്നുരണ്ടു് തവണ ഉമ്മ എന്നെ പറഞ്ഞയച്ചിരുന്നു. പുല്ലാട്ടെ പറമ്പിൽ കയറ്റം കഴിഞ്ഞിട്ടില്ല. ഒരു മാസത്തോളമാണത്രേ അവിടെ തെങ്ങുകയറ്റം. കുഞ്ഞടിമൂവും അവന്റെ അച്ഛൻ കുടുമയുള്ള തങ്കുവും അനുജന്മാരായ തെയ്യനും കോരപ്പനും ഒക്കെയാണു് പുല്ലാട്ടെ തെങ്ങുകയറ്റക്കാർ. അങ്ങനെ കുഞ്ഞടിമൂന്റെ അപ്പനപ്പൂപ്പന്മാരാണു് പുല്ലാട്ടുപറമ്പിലെ തെങ്ങുകയറ്റക്കാർ. മാറഞ്ചേരിയിലെ സർക്കാർ ആശുപത്രിയിലേക്കു് കാലിലെ വളം കടിക്കു് വയലറ്റ് നിറമുള്ള മരുന്നു് വാങ്ങാൻ വേലായുധേട്ടന്റെ കൂടെ സൈക്കിളിൽ പറപറക്കുമ്പോൾ തെങ്ങുകയറ്റത്തിന്റെ കോലാഹലങ്ങൾ കേൾക്കാം. തെക്കുപടിഞ്ഞാറു് നാലു്, വടക്കുകിഴക്കു് ആറു്, പടിഞ്ഞാറും പോയി വീഴ്ച്ച രണ്ടു്. ആകാശത്തു നിന്നു് അശരീരികൾ മുഴങ്ങുന്നു ഇന്നോ നാളെയോ തളപ്പും മടവാളും കുലകെട്ടാനുള്ള ചൂടിക്കയറുമായ് അനുചരന്മാരെയും കൂട്ടി കുഞ്ഞടിമൂന്റെ സൈന്യമെത്തും. തഴമ്പുള്ള കാലുകളും ഉള്ളംകൈയ്യിലെ തഴമ്പും നെഞ്ചിലെ ഉരുണ്ടുകൂടിയ പവർമാൾട്ട് ശരീരങ്ങൾ പ്രത്യക്ഷപ്പെടും. തെങ്ങു കയറ്റം എന്നാണു് എന്നു തിരക്കി മോണകാട്ടിയ ചിരിയുമായി ചെകിടിനിടയിൽ തിരുകിയ ബീഡിക്കുറ്റിയുമായി കബറ് കുത്തുന്ന മെയ്താക്കയും മടാപ്പിടിയന്റെ വീടരും വന്നിരുന്നു. ഇത്തവണത്തെ ഓല അവർക്കുള്ളതാണു്. ഞങ്ങളുടെ പെരയുടെ പടിഞ്ഞാറു ഭാഗത്തു് നീർക്കോട്ടേൽ പറമ്പിലെ കുടിയിരിപ്പുകാരാണു് മെയ്താക്ക. ചെറിയ ഓലപ്പെരയാണു് അവരുടേതു്. മണ്ണിന്റെ ഇഷ്ടിക കൊണ്ടാണു് അതു് ഉണ്ടാക്കിയിരിക്കുന്നതു്. തെങ്ങു കയറ്റം കഴിഞ്ഞു് കിട്ടിയ ഓലവെട്ടി അതു് മൊടഞ്ഞിട്ടു് ഉണക്കിയിട്ടു് വേണം അവരുടെ പെര കെട്ടി മേയാൻ. പെരകെട്ടിനു് മധുരമുള്ള കറിയുണ്ടാക്കും. പെര കെട്ടു കറി. എല്ലാറ്റിനും തെങ്ങു കയറ്റം കഴിയണം. പെറ്റമ്മാക്കാണു് തെങ്ങുകയറ്റം വൈകുന്നതിൽ ഏറെ പരാതി. അവർ ഇന്നലെ രാത്രിയും ഉമ്മയോടു് വഴക്കിടുന്നതു് കേട്ടു. മുറുക്കാൻ തുപ്പലം മുറ്റത്തേക്കു് നീട്ടിത്തുപ്പിയ ശേഷം ചിറി തുടച്ചു് പെറ്റമ്മ ചോദിക്കുകയാണു്.

images/pettama-3.jpg

“അല്ല ബീവ്വോ… ഈ തെങ്ങൊന്നും കയറാത്തതെന്താ… പറമ്പിലു് അപ്പടി തേങ്ങ വീണു കെടക്കണതു് കണ്ടില്യേ… മക്കളെ തലേലു് തേങ്ങ വീണു് എന്തൊക്കെ അദാബുകളാണു് ഇനി ഉണ്ടാവ്ക… ആ ചെക്കനെ നാളെ പെലച്ചക്കു് തന്നെ കുഞ്ഞടിമൂന്റെ കൂടീല്ക്കു് ഒന്നു് പറഞ്ഞയച്ചു് നോക്കു്…? മെയ്തടെ വീടരു് ഇന്നലീം കൂടി വന്നിരുന്നല്ലോ… ഓലടെ കായി വാങ്ങിച്ചോ…? എന്നാ ആ ബീരാവു ഹാജിയുടെ പീടികയിലെ കടം വീട്ടിക്കൂടെ… തേങ്ങാക്കരൻ കുറുമണിയൻ ബാപ്പുട്ടി ആളെ പറഞ്ഞയക്കാൻ തൊടങ്ങീട്ടു് കൊറേ ആയല്ലോ… അനക്കു് ഒരു കൂട്ടോം ഇല്ല… ”

തേങ്ങ കച്ചവടക്കാരനാണു് കുറുമണിയൻ ബാപ്പൂട്ടി. അയാൾക്കു് തേങ്ങാക്കുറ്റി വകയിൽ ആയിരത്തി ഇരുന്നൂറു് രൂപ പറ്റായിരിക്കുന്നു. മീനും ചില്ലാനങ്ങളും വാങ്ങാൻ പണം തീർന്നാൽ പിന്നെ തേങ്ങ കച്ചോടക്കാരൻ കുറുമണിയൻ ബാപ്പുട്ടികാക്ക തന്നെയാണു് ശരണം. അയാൾക്കും ഇപ്പോൾ തെങ്ങുകയറാൻ തിരക്കുണ്ടു്. പെറ്റമ്മാക്കാണു് തെങ്ങു കയറ്റം കഴിഞ്ഞാൽ ഏറെ പണി. തെങ്ങുകയറ്റം കഴിഞ്ഞാൽ പറമ്പിൽ നിന്നും കൊതുമ്പും, അരിപ്പാക്കുടിയും, കുലച്ചിലും വലിച്ചുകൂട്ടി വിറകു പുരയിലാക്കണം. തേങ്ങാതാളുകൾ ഒതുക്കിക്കൂട്ടണം. ഓലക്കുടി ഉരിഞ്ഞു് ചൂലുണ്ടാക്കണം. തേങ്ങ പൊളിച്ചുകഴിഞ്ഞാൽ ചകിരി ഉണക്കി വിറകുപുരയിൽ അടുക്കി വെക്കണം. ഒരു കൊല്ലത്തേക്കുള്ള വിറകു് ശേഖരണം രണ്ടു് പ്രാവശ്യത്തെ ഓലവെട്ടിക്കയറ്റത്തിൽ നിന്നുമാണു് പെറ്റമ്മ സംഭരിക്കുന്നതു്.

വീടും അടുക്കളയും പറമ്പും ഭരിക്കുന്നതു് പെറ്റമ്മയാണു്. കഴിഞ്ഞ തെങ്ങു കയറ്റത്തിൽ നിന്നു വ്യത്യസ്തമായി ഈ എഴുപത്തിഎട്ടാം വയസ്സിൽ പെറ്റമ്മയുടെ തത്തമ്മ ചുണ്ടുപോലുള്ള വലത്തേ കൈവിരലിൽ ഒരു നവാഗതനുണ്ടു്. പണിക്കരുടെ കാവിനടുത്തുള്ള കാരക്കാടു് വെട്ടിത്തളിച്ചു് വേലായുധേട്ടനാണു് അതു് പെറ്റമ്മാക്കു് കൊടുത്തതു്. ഇനി ഇതു് കുത്തി നടന്നാൽ മതി. അല്ലെങ്കിൽ എവിടെയെങ്കിലും തപ്പിത്തടഞ്ഞു് വീഴും. വേലായുധേട്ടനാണു് പറമ്പിന്റെ വടക്കേ അതിരിൽ താമസിക്കുന്നതു്. പുഞ്ചക്കൃഷിക്കു് ഉമ്മയെ സഹായിക്കുന്നതു് വേലായുധേട്ടനാണു്. പെറ്റമ്മയുടെ അടുത്തു് മുറുക്കാൻ ഇടിച്ചു കൊടുക്കാനും ധന്വന്തരാദി ഗുളിക തീരുന്ന മുറക്കു് എത്തിച്ചുകൊടുക്കുന്നതും വേലായുധേട്ടന്റെ ഉത്തരവാദിത്വമാണു്. അസ്കിതകൾ ഓരോന്നോരോന്നായി കൂടി വരുമ്പോഴും ചേമ്പിന്റെ കട പറിക്കാനും കൂവ പറിച്ചു് പൊടിയുണ്ടാക്കാനും പറമ്പിലെ തെങ്ങിന്റെയും തേങ്ങയുടെയും ഉടമസ്ഥതയിൽ നിന്നു് പെറ്റമ്മ പിന്നോട്ടു പോകുന്ന പ്രശ്നമില്ല. ഈയിടെയായി പെറ്റമ്മാടെ മുതുകു് നന്നായി വളഞ്ഞിരിക്കുന്നു. കോന്തലയുടെ കനം കുറഞ്ഞു. എങ്കിലും ഏന്തിവലിഞ്ഞും തപ്പിത്തടഞ്ഞും കാരവടിയും കുത്തി പെറ്റമ്മ പറമ്പിലൊക്കെ നടക്കും. കാതിലെ തോടയും ചുറ്റും പെറ്റമ്മ നിൽക്കുമ്പോൾ കുലുങ്ങിക്കുലുങ്ങി ചിരിക്കും പിന്നെ തെങ്ങിൻ മുകളിലേക്കു് മങ്ങിയ കാഴ്ചകളെ കയറൂരി വിടും. “ആ തെങ്ങിന്റെ കുല ഞാന്നിരിക്കുന്നു. ഇതിമ്മന്നു് വീണ തേങ്ങ ആരാണു് എടുത്തുകൊണ്ടു പോയിരിക്കുന്നതു്. വാഴക്കാടനോ മറ്റോ ആയിരിക്കും. ഇന്നലെ ഓൻ ആ ഇടവഴിയിലൂടെ നീരുള്ള കാലും വലിച്ചുവെച്ച് നടന്നു പോകുന്നതു് കണ്ടിരുന്നു”.

നാട്ടിലെ പേരുകേട്ട കള്ളനാണു് വാഴക്കാടൻ. കാർഷിക വിഭവങ്ങളാണു് വാഴക്കാടനു് ഏറെ ഇഷ്ടം. രാത്രി ആരും കാണാതെ പറമ്പുകളിലെ തേങ്ങ പിരിച്ചുകൊണ്ടുപോകും. അടുത്ത കയറ്റത്തിനേ അതു് അറിയൂ. തെങ്ങു കയറ്റക്കാർ കുലച്ചിലിലെ ചീന്തിയ പാടു നോക്കി പറയും. വാഴക്കാടൻ തേങ്ങ പിരിച്ചിരിക്കുന്നു. ആടു്, കോഴി, കുമ്പളങ്ങ, നല്ല ചള്ളു് വെള്ളരിക്ക ഏതെങ്കിലും പറമ്പിൽ ഇതൊക്കെ കണ്ടാൽ അയാൾ കണ്ണു വെക്കും. രാത്രി പതുങ്ങിപ്പതുങ്ങി വന്നു് കട്ടുകൊണ്ടു പോകും. വാഴക്കാടൻ പറമ്പിന്റെ ഏതെങ്കിലും ഭാഗത്തുകൂടി പോകുന്നതു കണ്ടാൽ പെറ്റമ്മാക്കു് ഇരിക്കപ്പൊറുതിയില്ല. തലയിലെ വെള്ളത്തട്ടം. മൂന്നായി മടക്കി. നരച്ച മുടിയിഴകളിലേക്കു് മറിച്ചിട്ടു്, പെൺകുപ്പായത്തിന്റെ ചുവന്ന നാട തിരിപ്പിടിച്ചുകൊണ്ടു് പെറ്റമ്മ മാട്ടത്തിന്റെ അറ്റത്തു് നിൽക്കുകയാണു്. കാരവടിയിൽ ഊന്നിയ തത്തമ്മച്ചുണ്ടുള്ള തള്ളവിരലിൽ ദസ്ബി തൂങ്ങിക്കിടക്കുന്നു. “അല്ല മോനെ… തെങ്ങു കയറാൻ കുഞ്ഞടിമൂ എന്നാണു് വരുന്നതു്…?”

“നാളെ എന്തായാലും വരാന്നാണു് പറഞ്ഞിരിക്കണതു്… ” ഒരു ദിക്കുറും കൂടി ചൊല്ലി അപ്പോഴേക്കും ഒരു ദസ്ബിമണി ഉള്ളംകൈയ്യിലേക്കു് കയറിയിട്ടുണ്ടാകും.

“പെറ്റമ്മ പറമ്പിലൊന്നും ഇങ്ങനെ ഇറങ്ങിനടക്കേണ്ട… പൂട്ടി മണ്ണു് മറിച്ചിട്ട പറമ്പല്ലേ. കെട്ടി മറിഞ്ഞു് വീഴും”

“നാളെ എന്തായാലും വരാന്നാണു് പറഞ്ഞിരിക്കണതു്… ” പെറ്റമ്മ കേട്ട മട്ടില്ല. ഈയിടെയായി കേൾവിയും കുറഞ്ഞ മട്ടുണ്ടു്. ചോദിച്ചതിനല്ല സമാധാനം പറയുക.

പെറ്റമ്മ രാവിലെ ഉണ്ടാക്കിത്തരുന്ന കൈപ്പത്തിരികൾ ഇപ്പോൾ നിന്ന മട്ടാണു്. പുന്നല്ലരി വെള്ളത്തിലിട്ടു വെച്ചിരുന്നു. ശേഷം നല്ല ജീരകം ചേർത്തു് പെറ്റമ്മ തന്നെയാണു് പതുക്കെപ്പതുക്കെ ഏന്തിവലിഞ്ഞു് പോയി അതു് അമ്മിയിലിട്ടു് അരക്കുക. ചേമ്പിന്റെ വാട്ടിയ ഇലയിൽ ചേർത്തു വെച്ചു് പലകയിൽ വെച്ചു് തന്റെ തടിച്ചു് പരന്ന വിരലുകൾകൊണ്ടു്. അതു് നന്നായി പരത്തുന്നു. പെറ്റമ്മയുടെ തത്തമ്മച്ചുണ്ടുള്ള തള്ളവിരലിന്റെ അടയാളങ്ങൾ പത്തിരിയിൽ ഒരു ഐ. എസ്. ഐ. മുദ്രയായി പതിഞ്ഞുകിടപ്പുണ്ടാകും. മൺചട്ടിയിൽ വെന്ത പെറ്റമ്മപ്പത്തിരികൾ കരിഞ്ഞ തേങ്ങയുടെ തേങ്ങാപ്പീരയൊഴിച്ചു് ഒരു രണ്ടുമൂന്നെണ്ണം കഴിച്ചിട്ടാണു്. ഇബ്രാഹിം മുസ്ലാരുടെ മദ്രസ്സയിലേക്കു് ഓതാൻ പോകുക.

രാത്രി ഉറക്കം പിടിച്ചു വരുമ്പോൾ പെറ്റമ്മ ഉമ്മയെ വിളിക്കുന്നതു് കേട്ടു.

“ആ കോഴിക്കൂടിന്റെ വാതിലടച്ചില്ലേ… കുറുക്കനും കോക്കാൻ പൂച്ചയും നായയുമൊക്കെ വന്നു് കോയീനെ പിടിക്ക്വോലോ… ബീവ്വാ… ബീവ്വാ… ബീവ്വാ… എടീ ബീവ്വാ… കോഴിക്കൂടു് അടച്ചില്ലേ… കോഴികള് അല്ലേ ആ നൊലോളിക്കണതു്… ആ സൂലൈമാൻ നബീടെ കോഴീനെ കുറുക്കൻ പിടിച്ചാ അതിന്റെ കളി മാറൂട്ടോ” ഇജാസിനു് മാറാത്ത വയറുവേദന വന്നപ്പോൾ ഡോക്ടർമാരെയും വൈദ്യന്മാരെയും ഒന്നും കാണിച്ചിട്ടു് മാറാതായപ്പോൾ പെറ്റമ്മ തന്നെയാണു് സുലൈമാൻ നബിയുടെ പേരിൽ ഒരു കോഴിയെ നെയ്യത്താക്കിയതു്. ആ കോഴി ചില്ലറക്കാരനൊന്നുമല്ല. സകല മനുഷ്യന്മാരെയും കൊത്താൻ വരും. അതു കാരണം അടുത്ത വീട്ടിലെ കൊച്ചുകുട്ടികളൊന്നും ഇപ്പോൾ പറമ്പിലേക്കു് മാങ്ങ പെറുക്കാനോ ഞാവൽപഴം പെറുക്കാനോ വരാതെയായി. അന്നു തന്നെ രാത്രി അസാധാരണമായ വിധത്തിൽ അക്ഷരസ്ഫുടതയോടെ പെറ്റമ്മ അവരുടെ ചെറുമക്കളെ നീട്ടിവിളിച്ചു.

“ഇജാസ് മൊഹ്യുദ്ധീനേ…

അഹമ്മദു് കബീറേ…

മുഹമ്മദു് ഉസ്മാനേ…

ഉമ്മർ മൊഹ്യുദ്ധീനേ…”

കിടക്കപ്പായയിൽ നിന്നും പെറ്റമ്മാടെ നീട്ടിവിളിയിലേക്കു് ഞങ്ങൾ ഓരോരുത്തരായി വന്നണഞ്ഞു.

അതിനെന്തോ ഒരു സുഖമില്ലായ്മ പോലെ പുത്തനു് പള്ളിക്കലെ മൂപ്പരെ വെള്ളം വെള്ളവും വെളിച്ചെണ്ണയും ഉമ്മ അവരുടെ മുഖത്തു തളിക്കുകയും പുരട്ടുകയും ചെയ്തു. വിറക്കുന്ന കൈത്തലം പിടിച്ചു് പെറ്റമ്മ പ്രവചനസ്വരത്തോടെ എന്തൊക്കെയോ പറയുന്നു. തോടയും ചിറ്റും ആ ഇരുട്ടിലും തിളങ്ങിക്കൊണ്ടിരുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു. പുറത്തെ കൂരാകൂരിരുട്ടിൽ നിന്നും സുലൈമാൻ നബിയുടെ കോഴി കൊക്കികൊക്കി കരയുന്നു.

കോഴി കൂന്നതിലും മുന്നെ പെറ്റമ്മ എഴുന്നേറ്റിരുന്നു. കാരവടികൾ പെറ്റമ്മയെ വിളിച്ചു കൊണ്ടുപോകുന്ന ശബ്ദം കേട്ടു.

“ഇന്നല്ലേ കുഞ്ഞടിമൂ വരാമെന്നു് പറഞ്ഞിട്ടുള്ളതു്.”

രാവിലെ തന്നെ കുഞ്ഞടിമൂം മകൻ വേലായുധനും വന്നു. തെങ്ങു കയറ്റമാണു്. തഴമ്പും തളപ്പും ഒറ്റമരത്തിലേക്കു് കുതിക്കാൻ തുടങ്ങി. പറമ്പിൽ തേങ്ങയും മടലും അരിപ്പാകുടികളും കുലച്ചിലുകളും നിറഞ്ഞു. കബർ കുത്തുന്ന മെയ്താക്കാന്റെ വീടർ പാത്തുണ്ണിതാത്തയും അമ്മുട്ടിയും വള്ളിയമ്മയും ഓല പെറുക്കി കൂട്ടുന്നു. ഞങ്ങൾ കുലച്ചിലിൽ പിടിച്ചു് വലിയ തേങ്ങാക്കുലകൾ ഇരിമ്പാം പുളിയുടെ ചുവട്ടിലും പാലച്ചുവട്ടിലും ഒരുക്കിക്കൂട്ടി. പെറ്റമ്മാക്കു് ഒരു ഇളനീർ ഇട്ടു് ചെത്തിക്കൊടുത്തു കുഞ്ഞടിമൂ. മോണയിലേക്കു് ഇളനീരിന്റെ മൂടു് മുത്തിക്കുടിച്ചു് പെറ്റമ്മ മുണ്ടിന്റെ കോന്തലകൊണ്ടു് മോറു് തുടച്ചു. മുറുക്കാൻ ഇടിച്ചു തുപ്പുന്ന ഉരലിലിട്ടു് അടക്കയും വെറ്റിലയും ഇടിച്ചുകൂട്ടുമ്പോൾ പെറ്റമ്മ പറയുന്നതു് കേട്ടു. “അമ്മുട്ട്യേ… ആ ഓലേടെ അടിയിലൊക്കെ തേങ്ങ ഉണ്ടാകും” മുമ്പാരത്തു് ഇരിക്കപൊറുതി ഇല്ലാതെ പെറ്റമ്മ ഒറ്റക്കിരുന്നു് തൗതാരിക്കുന്നതു് കേട്ടു.

ഒന്നാ ഒന്നു് രണ്ടാ രണ്ടു് മൂന്നാ മൂന്നു്… തെങ്ങുകയറ്റം കഴിഞ്ഞു. പിള്ളത്തണ്ടിൽ പൊതിയെലത്തേങ്ങ പിരിച്ചുകെട്ടി. മൂർച്ചയുള്ള മടവാൾ കൊണ്ടു് കാമ്പുള്ള തേങ്ങകളുടെ ചകിരി കൊത്തി. അടയാളമിട്ട തേങ്ങകൾ ഈരണ്ടായി പിരിച്ചു കെട്ടുന്നു കുഞ്ഞടിമൂ. പിള്ളത്തണ്ടിന്റെ രണ്ടറ്റത്തും കയറ്റക്കാരുടെ തേങ്ങകളായി അവ കൂട്ടിക്കെട്ടി. കുഞ്ഞടിമൂന്റെ കനത്ത ചുമലു് നടന്നു നീങ്ങുന്നു. കുഞ്ഞടിമൂന്റെ സംഘം തെങ്ങുകയറ്റം കഴിഞ്ഞു് മടങ്ങുന്നു. ആയിരത്തി മുന്നൂറു് കൈയ്യിനു് രണ്ടായിരത്തി അറന്നൂറു് തെങ്ങയുണ്ടു്. കയ്യാലയുടെ ചുമരിൽ കുഞ്ഞടിമു എഴുതിവെച്ചു. രണ്ടായിരത്തി അറന്നൂറു് നൽത്തേങ്ങ. പേടും തെരവും വാടലും കൊത്തി വേറെയാക്കിയിട്ടിട്ടുണ്ടു്. അതു് അരയ്ക്കാൻ വേണ്ടി വെണ്ണൂറിൻ പുരയിലേക്കു് കൊണ്ടുപോകുന്നു പൂച്ചൂടി ഐസാത്ത. തെങ്ങുകയറ്റമായതിനാൽ നാലു് തേങ്ങ കിട്ടുമല്ലോ എന്നു് വിചാരിച്ചു് വന്നിരിക്കുകയാണു് ഐസാത്ത. ഉമ്മാക്കു് പേറ്റുനോവടുക്കുമ്പോൾ പിന്നെ കാര്യങ്ങൾ നോക്കുന്ന ആളാണു് പൂച്ചൂടി ഐസാത്ത. നാട്ടിലെ പേരുകേട്ട വെള്ളം വീത്തി. നല്ല രസമാണു് പൂച്ചൂടി ഐസാത്തയുടെ ബിസായം കേൾക്കാൻ. തെങ്ങു കയറ്റം അറിഞ്ഞു് വടിക്കിനിയിൽ ഇരിക്കുന്നുണ്ടു് തെണ്ടി നെബീസാത്ത. ഉമ്മ രണ്ടു തേങ്ങ തെണ്ടി നബീസാത്താക്കും കൊടുത്തിട്ടുണ്ടു്.

കുറമണിയൻ ബാപ്പുട്ട്യാക്കായുടെ പെരയിൽ പോയി തെങ്ങുകയറിയ വിവരം പറഞ്ഞു. മടങ്ങി വരുമ്പോഴാണു് പെറ്റമ്മ വടിയും കുത്തി പതുക്കെപതുക്കെ കുനിഞ്ഞു പോകുന്നതു് കണ്ടതു്. കൂട്ടിവെച്ച ഓലയുടെ അടിയിൽ നിന്നും കാറ വടികൊണ്ടു് കുത്തിനോക്കുന്നു. ഇപ്പോൾ ഒരു കൈയ്യിൽ ഒരു വലിയ മൺകട്ടയുമേന്തി പെറ്റമ്മ പതുക്കെപ്പതുക്കെ നടന്നു വരുന്നു.

“ഇതെന്താ പെറ്റുമ്മ… ”

“ഈ തേങ്ങ എന്താണ്ടീ എടുക്കാത്തതു്…?” ദേശ്യം വന്നാൽ പെറ്റമ്മ എടീ എന്നു് വിളിച്ചാണു് ശകാരിക്കുക.

“തേങ്ങയോ ഇതു് മണ്ണിൻ കട്ടയല്ലേ…!” വടിക്കിനിയിൽ പോയി ഞാൻ ഉമ്മയെയും സെലീനയെയും വിളിച്ചുകൊണ്ടു വന്നു. മണ്ണിൻ കട്ട തേങ്ങയായിരിക്കുന്നു.

“ചന്നിയുടെ തുടിക്കമാണെന്നു് തോന്നുന്നു. അതിനു് അത്തും പുത്തും വന്നിരിക്കുന്നു…” ഉമ്മ വിഷമത്തോടെ പറഞ്ഞു. ചകിരി പൊളിച്ചു് പിളരാൻ വേണ്ടി കാത്തിരിക്കുന്ന തേങ്ങാക്കണ്ണുകൾ വേദനയോടെ എത്തിച്ചുനോക്കി. പെറ്റമ്മയെ മുമ്പാരത്തെ തിണ്ണയിൽ ഞങ്ങൾ കൈപിടിച്ചു് കയറ്റുമ്പോഴാണു് സൂരിത്തുണിയുടെ മൂടു് നനഞ്ഞിരിക്കുന്നതു് കണ്ടതു്. കൈയ്യിലെ ദസ്ബിയും കാണാനില്ല. ഒരു കുടം വെള്ളം കൊണ്ടുവരാൻ പറഞ്ഞു ഉമ്മ. പെറ്റമ്മയെ അകത്തെ തണ്ടാസിൽ കൊണ്ടുപോയി കുളിപ്പിച്ചു. കട്ടിലിൽ ഇരുത്തി.

“ഉമ്മ ഇനി പുറത്തേക്കൊന്നും പോകണ്ട. പറമ്പിൽത്തെ കാര്യമൊക്കെ ഞങ്ങള് നോക്കിക്കോളാം… ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി.” സുലൈമാൻ നബിയുടെ ആ ഒറ്റയായ പൂവൻകോഴിയുടെ വിധി വിഹിതത്തിന്റെ ഭയപ്പകർച്ചകളിലേക്കു് പതിഞ്ഞു വിറച്ച കൊക്കരക്കോയിലേക്കു് കോഴിക്കൂട്ടിലെ 12 കോഴികളും ഐക്യദാർഢ്യപ്പെട്ടു. 13 കൊക്കരക്കോൾ ഇരുട്ടിന്റെ മുഖദാവിൽ നിന്നും ഒരുമിച്ചുയർന്നു.

മണ്ടകത്തെ മൂച്ചിപ്പലകയുടെ കട്ടിലിൽ കാരവടിയുടെ ഏകാന്തത പെരുകി. സുബഹിക്കു് ഉണർന്നു് കോഴിക്കൂടു് തുറന്നു വെക്കാറുള്ള തള്ളവിരലിന്റെ തത്തമ്മച്ചുണ്ടുകൾ കാണാതെ കോഴിക്കൂടുകൾ പലവട്ടം കൂകി. പെട്ടെന്നു് ഉണരുന്ന മട്ടില്ല. കട്ടിലിന്റെ കാലിന്റരികെ ഒരു തണവു് കാത്തു നിന്നു. ആ തണവു് മനസ്സിലാക്കി പെറ്റമ്മയുടെ നെഞ്ചിൽ നിന്നും കഫക്കെട്ടിന്റ സങ്കീർത്തനം പെരുകി വന്നു. ഉമ്മയും ഞങ്ങളും പലവട്ടം പെറ്റമ്മയോടു് നിസ്ക്കരിക്കേണ്ടേ എന്നു് വിളിച്ചു് ചോദിച്ചെങ്കിലും നെഞ്ചിലെ നേർത്ത കുറുകൽ മാത്രം കേട്ടു.

ഓത്തുപള്ളി വിട്ടു വന്ന എന്നെ ഉമ്മ വേലായുധൻ ഡോക്ടറെ വിളിക്കാൻ എരമംഗലത്തേക്കു പറഞ്ഞയച്ചു. മെയ്ദീൻ ശൈഖിന്റെ പേരിൽ ഒരു ഖത്തം ഓതാൻ വേണ്ടി ഇബ്രാഹിം മുസ്ലാർക്കു് കൊടുക്കാൻ പത്തു് രൂപയും തന്നു.

images/pettama-2.jpg

അങ്ങാടിയുടെ തെക്കുഭാഗത്തുള്ള റൈസ് മില്ലിന്റെ അപ്പുറത്തെ വാടക വീട്ടിലാണു് വേലായുധൻ ഡോക്ടർ താമസിക്കുന്നതു്. വലിയകുളം ചുറ്റി എളുപ്പവഴിയിലൂടെ കുളവാഴപ്പച്ചകൾ താണ്ടി ഡോക്ടറുടെ വീട്ടിലെത്തി. നിറയെ ആൾക്കാരുണ്ടു്. രോഗികൾ അവിടവിടെയായി നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു. മാറഞ്ചേരിയിലും പെരുമ്പടപ്പു് പുത്തൻ പള്ളിയിലും പൂന്നൂക്കാവിലുമൊക്കെ പല സ്പെഷ്യലിസ്റ്റ് ഡോക്ടർമാരൊക്കെയുണ്ടെങ്കിലും നാട്ടുകാർക്കു വേണ്ടതു് വേലായുധൻ ഡോക്ടറെയാണു്. വേലായുധൻ ഡോക്ടർ സ്റ്റെതസ്കോപ്പു വെച്ചു് ഞങ്ങളുടെ നെഞ്ചിൻ കൂടിലേക്കു് ചെകിടോർക്കുമ്പോഴേക്കും സൂക്കേടു് പകുതി മാറിയിരിക്കും. തെങ്ങുകയറാൻ വരുന്ന കുഞ്ഞടിമൂന്റെ കുടുംബക്കാരനാണത്രേ വേലായുധൻ ഡോക്ടർ. ഡോക്ടർ ഭാഗം പഠിക്കാൻ പോയിരുന്നില്ലെങ്കിൽ വലിയ ഉയരങ്ങളിലേക്കു് എത്തേണ്ട ആളാകുമായിരുന്നു താനെന്നു് വേലായുധൻ ഡോക്ടർ പറയുമായിരുന്നു. ഡോക്ടറുടെ കുടുംബക്കാരൊക്കെ തെങ്ങുകയറ്റക്കാരായിരുന്നു. തിരക്കൊഴിഞ്ഞു. ഇപ്പോൾ ഡോക്ടർ മാത്രമേ അകത്തൊള്ളൂ. പുള്ളിവിരിയിട്ട കർട്ടൺ മാറ്റി അകത്തു കടന്നു. ഉയരം കുറഞ്ഞു് കറുത്തു് തടിച്ച ഒരാൾ. കള്ളിത്തുണിയാണു് ഉടുത്തിരിക്കുന്നതു്. ഡെറ്റോളിന്റെ മണം. വീട്ടിൽ വല്യുമ്മ സുഖമില്ലാതെ കിടക്കുകയാണു് ഒന്നും മിണ്ടുന്നില്ല. ഡോക്ടർ ഒന്നു് വന്നു് നോക്കണം.

“കുറച്ചുനേരം പുറത്തിരിക്കുക… ഞാനിപ്പോളങ്ങു വരാം.” രണ്ടു മൂന്നു് മിനിറ്റിനകം ബാഗും തൂക്കി ഡോക്ടർ പുറത്തേക്കു വന്നു.

“കാർ വിളിച്ചിട്ടു വരാം.”

“വേണ്ട ഇവിടെ അടുത്താണെന്നല്ലേ പറഞ്ഞതു്”

“അതെ… ബാപ്പുട്ടി ഹാജിയുടെ തൊട്ടു് വടക്കേ വീടാണു്.” ഡോക്ടറുടെ ബാഗും തൂക്കി ഞങ്ങൾ വലിയകുളത്തിന്റെ അരികിലുള്ള പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോൾ വരമ്പത്തു് സൂക്ഷിച്ചു് ചെരുപ്പു് കാലിൽ ഉറപ്പിച്ചു് കുപ്പായത്തിന്റെ കുടുക്കുകളുമിട്ടു് ഡോക്ടർ എന്നെ അനുഗമിക്കുന്നു. നീർക്കോട്ടയിൽ പറമ്പും കടന്നു് പണിക്കരുടെ കാവിനെ വലം വെച്ചു് ഞങ്ങൾ വീട്ടിലെത്തി. അമ്മാമനും അമ്മായിയും മുമ്പാരത്തു് ഇരിക്കുന്നു. കുഞ്ഞിമ്മ കിണറിൽ നിന്നു വെള്ളം കോരുന്നു. മുറ്റമടിക്കുന്ന കാർത്യാനി അമ്മയും കുഞ്ഞടിമൂന്റെ ഭാര്യ അമ്മുവും കിണറ്റിൻ കരയിൽ പാത്രം കഴുകുന്നു. സുലൈമാൻ നബിയുടെ കോഴിയും ധർമ്മ പത്നിമാരും ചേമ്പിന്റ കട ചിക്കിപ്പരത്തുന്നു. ഡോക്ടറെ കണ്ടതും എല്ലാവരും ബഹുമാനത്തോടെ മാറിനിന്നു. തിണ്ണയിലുണ്ടായിരുന്ന കോഴിക്കാട്ടം ഉമ്മ ആരും കാണാതെ ചകിരിപ്പൂന്തലുകൊണ്ടു് തുടച്ചു് മുറ്റത്തേക്കിട്ടു.ആടിനുകൊടുക്കാനുള്ള ഇലയുടെ കെട്ടു് സെലീന എടുത്തു് മാറ്റിവെച്ചു. ചുമരിന്റെ പൊത്തിലൂടെ താത്തമാർ ഉമ്മറത്തു വന്ന ഡോക്ടറെ ഒറ്റക്കണ്ണുകൊണ്ടു് നോക്കി. അകത്തു് അടക്കിപ്പിടിച്ച സംസാരം. വേലായുധൻ ഡോക്ടർ വന്നിട്ടുണ്ടു്.

“എവിടെയാണു് രോഗി കിടക്കുന്നതു്.”

“മണ്ടകത്താ… ” ഉമ്മ അടുപ്പൂതി ഓലക്കുടി കത്തിച്ചു. കുപ്പിവിളക്കു് കൺ തുറന്നു.

“ഒന്നും കാണുന്നില്ലല്ലോ… ” ഡോക്ടർ വിളക്കു് പെറ്റമ്മയുടെ മുഖത്തേക്കു് അടുപ്പിക്കാൻ പറഞ്ഞു. കൺപോളകൾ വിടർത്തി പെറ്റമ്മയുടെ കണ്ണിലേക്കു് നോക്കി. ബാഗ് തുറന്നു് എവറഡിയുടെ രണ്ടു് കട്ട ടോർച്ചെടുത്തു് ഞെക്കി. ചെന്നിയിലും നെഞ്ചിലും കൈവെച്ചു നോക്കി. നാഡി പിടിച്ചു. ബാരോ മീറ്ററിൽ രസം നിരപ്പു് ഉയർന്നു. പിന്നെ വല്ലാതെ താഴ്‌ന്നു. ആരോ വീശാൻ പാള കൊണ്ടുവന്നു.

“ഇതുകൊണ്ടു് വീശിക്കൊടുക്കുക വെളിച്ചമുള്ളിടത്തു് കിടത്തണം.” ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു. ഒന്നും പറയാതെ ഡോക്ടർ പുറത്തേക്കു വന്നു. ബാഗെടുക്കാൻ പറഞ്ഞു. പൈസ കൊടുത്തതു് വാങ്ങാൻ കൂട്ടാക്കാതെ വേലായുധൻ ഡോക്ടർ മുറ്റത്തേക്കിറങ്ങി. കിണറ്റിൻ കരയിൽ കപ്പിയുടെ കരച്ചിൽ കേൾക്കുന്നു. മരുന്നൊന്നും വേണ്ട തൊണ്ണൂറു് ദിവസം കഴിയട്ടെ. വലിയ കുളവും പാടവും ചുറ്റി ഡോക്ടറെ വീട്ടിൽ ചെന്നാക്കി. ഡോക്ടറുടെ വീട്ടിൽ രോഗികളുടെ തിരക്കു് തടിച്ചു വന്നിരിക്കുന്നു. വീട്ടിലെത്തിയപ്പോൾ തേങ്ങ പൊളിക്കാൻ കുറുമണിയൻ ബാപ്പുട്ട്യാക്കായുടെ തേങ്ങ പൊളിക്കാർ വന്നിരിക്കുന്നു. ചകിരയിൽ നിന്നും പ്രാണൻ വേർപെടുമ്പോൾ കരയുന്ന തേങ്ങയുടെ വേദന പാരക്കോലുകൾ പകുത്തെടുക്കുന്നു. പറമ്പിൽ ഓല മെടയുന്നവരും ഓല ചീന്തുന്നവരുമുണ്ടു്. പെറ്റമ്മാക്കു് സുഖമില്ലാത്ത വിവരം അവരും അറിഞ്ഞിരിക്കുന്നു.

“നല്ല ഒരു തള്ളയായിരുന്നു… ഈ പറമ്പിൽ കൂടി ഒന്നു് പോയാൽ മതി പ്പോ വിളിക്കും… ചായ കുടിച്ചിട്ടു് പൊക്കോളീ… എപ്പളും നിസ്ക്കാരോം ഓത്തും ഒഴിഞ്ഞ നേരമില്ല… ” ഓല മൊടച്ചിലുകാർ തമ്മിൽ തമ്മിൽ പറയുന്നു.

പെറ്റമ്മയെ കാണാൻ അയൽവാസികളും ബന്ധുക്കളും വന്നും പോയും ഇരുന്നു. ഞങ്ങൾ മണ്ടകത്തു് പെറ്റമ്മയുടെ കട്ടിലിനരികിൽ നിന്നും മാറാതെ ഇരുന്നു. ബീരാവുഹാജിയുടെ പീടികയിൽ നിന്നും രണ്ടു കിലോ ശർക്കരയും അഞ്ചു കിലോ പഞ്ചസാരയും അരക്കിലോ ചായപ്പൊടിയും വാങ്ങി. കിടപ്പിലായ പെറ്റമ്മയെ കാണാൻ വരുന്നവർക്കു കൊടുക്കാൻ എപ്പോഴും ചായ തിളപ്പിച്ചു വെച്ചിട്ടുണ്ടാകും. ആണുങ്ങൾക്കു് പഞ്ചസാരച്ചായ പെണ്ണുങ്ങൾക്കു് ശർക്കരച്ചായ. തേങ്ങാ പറ്റു് കഴിച്ചു് 300 രൂപ കുറുമണിയൻ ബാപ്പുട്ട്യാക്ക കൊടുത്തയച്ചു. പെറ്റമ്മ വിറ്റ ഓലയുടെ പണം കബർ കുത്തുന്ന മെയ്ദാക്കയും കൊണ്ടുവന്നു് തന്നു. ഗൾഫിലുള്ള ഇക്കാക്കും ചെറിയ ഇക്കാക്കും കത്തെഴുതി. പെറ്റമ്മ സുഖമില്ലാതെ കിടപ്പിലാണു് ഒന്നും മിണ്ടുന്നില്ല. ആരെയും തിരിച്ചറിയുന്നില്ല. രണ്ടു ദിവസം മുന്നെ ചെറുങ്ങനെ ബോധം വന്നപ്പോൾ കുഞ്ഞിമോനെ വിളിച്ചു് കരഞ്ഞിരുന്നു. വേലായുധൻ ഡോക്ടറെ വിളിച്ചു കാണിച്ചു. മരുന്നൊന്നും എഴുതിയിട്ടില്ല. ഇനി കോടത്തൂർ പണിക്കന്റെ മോൻ ചന്ദ്രൻ വൈദ്യനെ കാണിക്കണം. എന്നു് സ്വന്തം ഉമ്മ.

രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ പെറ്റമ്മാന്റെ കഴുത്തിന്റെ വലതുഭാഗത്തു് കർണ്ണ ഞരമ്പു് വീർത്തു വന്നു. കാലിൽ നീരു വരാൻ തുടങ്ങി. കുഞ്ഞിമ്മ അമ്മായി കുഞ്ഞിക്ക എന്നിവർ എപ്പോഴും വന്നും പോയും ഇരുന്നു.

നാളെ രാവിലെ കോടത്തൂരിൽ പോയി അപ്പൂപ്പണിക്കന്റെ മകൻ ചന്ദ്രൻ വൈദ്യനെ കൊണ്ടു വരണം. സ്കൂളിൽ പോകാതെ ഡ്രൈവർ അപ്പുണ്ണിയുടെ മാർക്ക് ത്രീ അംബാസിഡർ കാർ കോടത്തൂർ ചന്ദ്ര നിലയത്തിൽ ബ്രെയിക്കിട്ടു. ദശമൂലാരിഷ്ടത്തിന്റെയും നാല്പാമരാദി തൈലത്തിന്റയും മണമുള്ള ആൾക്കൂട്ടം. മുറ്റത്തു് നിറച്ചു് രോഗികൾ കാത്തു നിൽക്കുന്നു. വൈദ്യർ നാഡിപിടിച്ചു് മിടിപ്പു് നോക്കുന്നു. ആലോചനകൾക്കു ശേഷം ആ കലുഷിത നയനങ്ങൾ വിടർന്നു വലുതാകുന്നു. കുറിപ്പുകളെഴുതുന്നു. കഷായത്തിന്റെ നീണ്ട കടലാസുകൾ വലുതായി വരുന്നു.

“എന്താ വരായ വൈദ്യർക്കു്… എന്തായിട്ടെന്താ മക്കളൊന്നും വൈദ്യരുടെ വഴിയിലു് വന്നില്ല. ഒറ്റപ്പെങ്ങളുണ്ടായിരുന്നതു് വൈദ്യം പഠിക്കാൻ വന്ന മാപ്പിള ചെക്കന്റെ കൂടെ ഒളിച്ചോടിപ്പോയി.” അടക്കിപ്പിടിച്ച കഫക്കെട്ടുകൾ തുപ്പി നിത്യരോഗിയായി ക്ഷീണം മുഹമ്മദ് മൂച്ചിക്കൂട്ടത്തിന്റെ തണലത്തു് ഇരുന്നു് വിസ്തീർണിക്കുന്നു. 11 മണിക്കു് വൈദ്യർ ഒറ്റക്കായി. ഗോരോചനാദി ഗുളികയുടെ മണമുള്ള കാറ്റടിച്ചു. കുപ്പായമിടാതെ തൈലത്തിൻ മണവും മിനുപ്പുമേറ്റു് എണ്ണമയമാർന്ന വൈദ്യദേഹം ഒറ്റവെള്ള മുണ്ടു് മടക്കിക്കുത്തി. ഒരു മേശയിൽ കൈമുട്ടുകളൂന്നി സ്റ്റൂളിനാണു് വൈദ്യരുടെ ഇരിപ്പു്.

“വല്യുമ്മാക്കു് സൂക്കേടു് ആയി കിടപ്പിലാണു്. ഒന്നും മിണ്ടുന്നില്ല. വൈദ്യർ ഒന്നു് വീടുവരെ വരണം. കാറു കൊണ്ടുവന്നിട്ടുണ്ടു്… ”

“എവിടെയാണു് വീടു്… ”

“അദ്ദു അധികാരിയുടെ വീടിന്റെ അടുത്താണു്… ”

വൈദ്യർ അടുത്തുള്ള വീട്ടിലേക്കു് കയറിപ്പേയി. മുണ്ടിന്റെ മേലെ പോളിസ്റ്റർ കുപ്പായവുമിട്ടു് വൈദ്യർ ഇറങ്ങി വന്നു.

പണിക്കരുടെ കാവിലൂടെ നടന്നു് വീട്ടിലെത്തി. പണിക്കരുടെ പള്ളിത്തെങ്ങിൽ നിന്നും ഒരു ഓല കരിഞ്ഞു നിന്നിരുന്നതു് പടപടാ ശബ്ദത്തിൽ താഴെ വീണു. വൈദ്യർ തെങ്ങും ഓലയും മാറി മാറി നോക്കി. വൈദ്യർ മുമ്പാരത്തെ തിണ്ണയിൽ ഇരുന്നു. അകത്തു് വളകിലുക്കങ്ങളും തട്ടത്തിൻ തുമ്പുകളും സ്വകാര്യംപറഞ്ഞു. മണ്ടകത്തു് കുപ്പിവിളക്കിന്റെ തിരിയിൽ നിന്നും കരിമ്പുക പരന്നു. ഒരു പഴന്തുണി പോലെ നനഞ്ഞു കിടക്കുകയണു് പെറ്റമ്മ.

ഉമ്മ വിളിച്ചു നോക്കി. ആ കൺപോളയൊന്നു് അനങ്ങി. വൈദ്യർ സാകൂതം രോഗിയെ നോക്കി. നാഡി ഏറെ നേരം പിടിച്ചുനോക്കി. വേലായുധേട്ടൻ ചമ്പത്തെങ്ങിന്റെ ഓല എടുത്തുകൊണ്ടു പോകുന്നു. “മരുന്നൊന്നും വേണ്ട ഒരു 90 ദിവസം കഴിയട്ടെ… ” വൈദ്യർ മുറ്റത്തേക്കിറങ്ങി.

തെങ്ങുകയറ്റം കഴിഞ്ഞു് ഇപ്പോൾ രണ്ടു മാസമായിരിക്കുന്നു. പെറ്റമ്മാക്കു് വയ്യാതായതിൽ പിന്നെ കുടി നിറച്ചും ആളാണു്. രണ്ടു് കിലോ പഞ്ചസാര ഒരു ആഴ്ചയ്ക്കു് തികയുന്നില്ല. ഇക്കാക്കയുടെ കത്തു് വന്നു. പെറ്റമ്മാനെ നല്ലോണം നോക്കണം എന്നു് പ്രത്യേകം എഴുതിയിട്ടുണ്ടു്. ആ കത്തെടുത്തു് അവരുടെ തലക്കാമ്പുറത്തു് ഇരുന്നു് വായിച്ചു. ആഴത്തിലേക്കു് നീണ്ടുപോയ ബോധത്തിന്റെ പാളയിൽ വെള്ളം നിറയുന്നതു് പോലെ ഒരു ഇറ്റു് കണ്ണീർ പൊടിഞ്ഞു. തടിച്ച മൂക്കുകൾ വിടർന്നു. മുറുക്കിന്റെ പാടുള്ള ചുണ്ടുകൾ അനങ്ങുന്നുണ്ടു്. അടഞ്ഞ കൺപോളകൾ പതുക്കെ തുറന്നു. ഒരു തുള്ളി നനവു് ഒട്ടിയ കവിളിലേക്കു് പരന്നൊഴുകി.

വളഞ്ഞു് ബലം പിടിച്ച കൈകാലുകൾ വിടർത്തി ഉമ്മയും താത്തമാരുംകൂടി ഉഴിഞ്ഞു് ഉഴിഞ്ഞു് നേരെയാക്കി. തളവളയായ പെൺകുപ്പായം ഉമ്മ പകുതി മുറിച്ചു കളഞ്ഞു് തുന്നിക്കൂട്ടി. പെറ്റമ്മ മുതുകുവളഞ്ഞു് വടികുത്തി വരുമ്പോൾ ഞാന്നു കിടന്ന അമ്മിഞ്ഞകൾ കാണാതായി. കർണ്ണഞരമ്പു് ചമ്പത്തെങ്ങിന്റെ വേരുപോലെ പൊന്തി വന്നു. തത്തമ്മചുണ്ടുള്ള തള്ളവിരൽ വിളർന്നു വെളുത്തു് അനങ്ങാതെ കിടന്നു.

തെങ്ങുകയറ്റം കഴിഞ്ഞു് മൂന്നുമാസമായി. ഇളംകുലകൾ മധുരം കുടിച്ചു് മൂത്ത കുലകളായി. കുഞ്ഞടിമൂന്റെ മടവാളിന്റെ വെട്ടേറ്റു് മടലുകൾ മണ്ണിലേക്കു് അടർന്നുവീഴുന്ന വെണ്ണീറാകുന്ന അടുപ്പുകളെ ഭയത്തോടെ നോക്കി. കുറുമണിയൻ ബാപ്പുട്യാക്കയുടെ കൊപ്രകളത്തിലേക്കു് നടന്നുനടന്നു് പുതിയ പറ്റു് വളർന്നു് പെരുകി. അടുത്ത കയറ്റത്തിന്റെ ഓല വാങ്ങാൻ ജാനുട്ടിയും പൂശാരിയും വന്നു. പണിക്കരുടെ കാവിലെ കാഞ്ഞിരത്തിന്റെ അരുകിലുള്ള കാപ്പട്ടാളൻ തെങ്ങു് ഇനിയും കയറിയിട്ടില്ല. അതു് പള്ളിത്തെങ്ങാണു്. മൂച്ചിപ്പലകയുടെ കട്ടിലിൽ താളം നഷ്ടപ്പെട്ട ഒരു ദസിബീഹി മാല ചരടു് പൊട്ടി കട്ടിലിൻ കാലിൽ തേടിപ്പോയി. ബീരാവുഹാജിയുടെ പീടികയിൽ നിന്നും ഒരു പുതിയ നിസ്ക്കാരക്കുപ്പായവും വീടു് തേടി വന്നിട്ടുണ്ടു്. ചന്ദ്രൻ വൈദ്യരും വേലായുധൻ ഡോക്ടറും ഗണിച്ചുപറഞ്ഞ തൊണ്ണൂറാമത്തെ ദിവസം ഓർമ്മക്കുറിപ്പു്…!!!

ഷൗക്കത്തലി ഖാൻ
images/shoukathali.png

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.

ഭാര്യ: ആരിഫ

കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Pettamma (ml: പെറ്റമ്മ).

Author(s): KGS.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-01.

Deafult language: ml, Malayalam.

Keywords: Short story, Shaukathali Khan, Petamma, ഷൗക്കത്തലീ ഖാൻ, പെറ്റമ്മ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 22, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Irish Cottage, a painting by Helen Allingham (1848–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.