images/Paul_Gauguin_094.jpg
Head of a man, composed of nude figures, an oil painting by Max Weber (1881–1961).
ഒരു വായനക്കാരന്റെ പക്ഷി ജീവിതം
ഷൗക്കത്തലീ ഖാൻ

2007-ൽ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ കൃഷ്ണ ടാക്കീസിൽ കാണി ഫിലിം സൊസൈറ്റി, ദേശീയ അവാർഡ് കിട്ടിയ പ്രിയനന്ദൻ എന്ന സിനിമ സംവിധായകനു് സ്വീകരണം നൽകുന്നു. സ്വീകരണത്തോടനുബന്ധിച്ചു് അദ്ദേഹത്തിന്റെ ‘പുലിജന്മം’ എന്ന സിനിമയും പ്രദർശിപ്പിക്കുന്നുണ്ടു്. പ്രദർശനത്തിനു ശേഷം സിനിമയെക്കുറിച്ചുള്ള ചർച്ചയുമുണ്ടു്. പ്രഗത്ഭരും പ്രശസ്തരുമായ സിനിമാനിരൂപകരും സംവിധായകരുമൊക്കെ ചർച്ചയിൽ പങ്കെടുത്തു് സംസാരിക്കുന്നു. സിനിമ അരാഷ്ട്രീയ സന്ദേശമാണു് നൽകുന്നതെന്നുള്ള അഭിപ്രായം രൂപപ്പെട്ടുവന്നു. അടുത്തതു് സാധാരണക്കാരായ പ്രേക്ഷകരുടെ ഊഴമാണു്. രണ്ടുമൂന്നു് അഭിപ്രായങ്ങൾക്കു് ശേഷം അരാഷ്ട്രീയത എന്ന വിമർശനഭാഷ്യം സദസ്സിൽ അങ്ങനെ ഒഴുകി നടക്കുകയാണു്. എൻ. പ്രഭാകരന്റെ പ്രശസ്തമായ ആ രചനയിലെ പ്രകാശൻ എന്ന കഥാപാത്രത്തെ ഇങ്ങനെയാണോ തിരഭാഷയിൽ ദൃശ്യവത്കരിച്ചതു്?

സാമാന്യം നല്ല പ്രേക്ഷകരുള്ള സദസ്സിൽ നിന്നു് മെലിഞ്ഞുണങ്ങിയ ഒരു നരച്ച താടിക്കാരൻ സംസാരിക്കാനായി എഴുന്നേറ്റു. “ലീലാകൃഷ്ണനും എം. സി. രാജനാരായണനുമൊക്കെ സംസാരിച്ച ഈ സദസ്സിൽ ഈ ഉണക്കക്കൊള്ളി ഇനി എന്തു് പറയാനാണു്”—ഒരു കാണി പതുക്കെ നീരസത്തോടെ പറയുന്നതു് കേട്ടു. അയാൾ സംസാരിക്കാൻ തുടങ്ങി. താളാത്മകമായ ഭാഷണം. നല്ല ശബ്ദം! സദസ്സു് ഒരു നിമിഷം ആ ഉണക്കക്കൊള്ളിക്കു് കാതോർത്തു. അയാളുടെ പ്രഭാഷണത്തിന്റെ ഉപസംഹാരം ഇങ്ങനെയായിരുന്നു. “എല്ലാവരുടെ ഉള്ളിലും ഒരു പ്രകാശനുണ്ടു്. എന്റെ ഉള്ളിലും ഒരു പ്രകാശൻ ഉണ്ടായിരുന്നു. കനലണഞ്ഞു് കെട്ടു് കരിക്കട്ടയായ ആ പ്രകാശനിൽ വീണ്ടും കനലൂതി പ്രകാശിപ്പിക്കാൻ ഈ സിനിമക്കു് കഴിഞ്ഞു. ജ്വലനാത്മകമായ പ്രകാശൻ—അതുതന്നെയാണു് ഈ സിനിമയുടെ രാഷ്ട്രീയം”

ആ നരച്ച താടിക്കാരൻ ചുളുങ്ങിമടങ്ങിയ, കുടുക്കുപൊട്ടിയ കുപ്പായത്തിന്റെ കോളർ വലിച്ചുയർത്തി കാവിലുങ്കിയും കൂട്ടിപ്പിടിച്ചു് സദസ്സിൽ തിരിച്ചുവന്നിരുന്നു. സാധാരണക്കാരനെ ആവേശിച്ച അരാഷ്ട്രീയതയുടെ പാട കുറച്ചു് നീങ്ങിയതുപോലെ. ഈ ഉണക്കക്കൊള്ളി ഒരു പുലിയാണല്ലോ ഇവൻ എവിടുത്തുകാരൻ!!

ബോർഹസ്സിനെയൊക്കെ ഉദ്ധരിച്ച ഈ സാധാരണക്കാരന്റെ വാക്കിലെയും വേഷത്തിലെയും അസാധാരണത്വം ഇസ്തിരിയിട്ട വേഷധാരികളെ അലോസരപ്പെടുത്തി. സദസ്സിലെ ആ ജ്വലനഭാഷിയായ നരച്ചതാടിക്കാരൻ പൊന്നാനിക്കടുത്തു് എരമംഗലത്തുള്ള ഭഗവാൻ രാജൻ ആയിരുന്നു!

എഴുത്തുകാരുടെയും സാഹിത്യസാംസ്കാരിക നായകരുടെയും ചരിത്രവർത്തമാനങ്ങൾ നിറഞ്ഞ ഒരു വൻ നിരതന്നെയുണ്ടു് പൊന്നാനിയിൽ. അക്കിത്തം, എം. ടി. സി. രാധാകൃഷ്ണൻ, എം. ജി. എസ്. ആലങ്കോടു് ലീലാകൃഷ്ണൻ, പി. പി. രാമചന്ദ്രൻ, മോഹനകൃഷ്ണൻ കാലടി, സി. അഷറഫ്, പി. സുരേന്ദ്രൻ, ജയരാജൻ, കെ. ടി. സതീശൻ…

മൺമറഞ്ഞവരാണെങ്കിലോ ഇടശ്ശേരി, ഉറൂബ്, എം. പി. ശങ്കുണ്ണിനായർ, ഈ. നാരായണൻ, കടവനാടു് കുട്ടിക്കൃഷ്ണൻ, എം. ഗോവിന്ദൻ, അക്കിത്തം.

ജ്ഞാന വിസ്മയങ്ങളായ വായനക്കാരുമുണ്ടു് പൊന്നാനിയിൽ. അവരുടെ കൂട്ടത്തിലെ ഇസ്തിരിച്ചന്തങ്ങളിലെ ധവളാഭമായ മാന്യതകളിൽ നിന്നും വ്യത്യസ്തനാണു് മുഷിഞ്ഞ അലക്കിത്തേക്കാത്ത അസാധാരണത്വത്തിന്റെ തനിമയോടെയുള്ള ആ മെലിഞ്ഞ രൂപം. ഏഴാംക്ലാസ്സു വരെ മാത്രം പഠിച്ചു് ജീവിതപ്രാരാബ്ധങ്ങളുടെ ചുരം കയറിയ രാജൻ എന്ന മധ്യവയസ്കൻ. പപ്പടത്തിന്റെ മണമുള്ള മാവിൻ പൊടിയുടെ ഗന്ധങ്ങളോടൊപ്പം വായിച്ചു് പകുതിയാക്കിയ മൂന്നോ നാലോ പുസ്തകങ്ങളുമുണ്ടാകും എപ്പോഴും അയാളുടെ കയ്യിൽ. മാക്സിം ഗോർക്കിയുടെ ‘അമ്മ’, മേതിലിന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’, ‘മണ്ണിന്റെ മാറിൽ’, ‘ഏകാന്തതയുടെ നൂറു് വർഷങ്ങൾ’, ‘നിഷ്കളങ്കതയുടെ വിവേകം’, ‘അടിപ്പാറ താമിയും നല്ലവനായ ഞാനും’, ‘ആൽക്കമിസ്റ്റ് ’—എന്നിങ്ങനെയൊക്കെ ആ പുസ്തകത്തലക്കെട്ടുകൾ വായിച്ചെടുക്കാനാകും.

80-കളുടെ ആദിയിൽ ഈ പപ്പടപ്പണിക്കാരന്റെ ബാഗുകളിൽ ഇവയൊക്കെ ആന്ധ്രയിലെ ഗൂഢല്ലൂരിലേക്കും മദിരാശിയിലേക്കും ബോംബെയിലെ മുഹമ്മദാലി റോഡിലേക്കും ദീർഘയാത്ര പോയിട്ടുണ്ടു്. കഠിനമായ വഴിയനുഭവങ്ങളിൽ അവ അയാൾക്കു് കരുത്തു് പകർന്നു. ‘വിവേകശാലിയായ വായനക്കാരാ’ എന്നു് കെ. പി. അപ്പനും ‘വായനക്കാരനെ പൂവിട്ടു് തൊഴണം’ എന്നു് എം. പി. നാരായണപ്പിള്ളയും അഭിസംബോധന ചെയ്തതു് ഈ വായനക്കാരനെ കൂടി ഉദ്ദേശിച്ചാകാം. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷ’വും ‘പരിണാമ’വും അയാൾ എന്നേ വായിച്ചുകഴിഞ്ഞതാണു്.

images/rajan-2.png

കേരളത്തിലെ ഗ്രാമീണവായനശാലകൾ നക്കിത്തുടച്ചതു് കൊണ്ടാണു് താനൊരു എഴുത്തുകാരനായതു് എന്നു് സക്കറിയ തന്റെ ‘ഉരുളിക്കുന്നത്തെ കുറിപ്പുക’ളിൽ അഭിപ്രായപ്പെടുന്നുണ്ടു്. തൊഴിൽ സംബന്ധമായ യാത്രകൾക്കിടെ ഒരു ഗ്രാമീണ മനുഷ്യൻ തൊഴിലിടങ്ങൾക്കു് ചുറ്റുമുള്ള വായനശാലകളെ ഒരു പക്ഷിയെപ്പോലെ പിന്തുടർന്നു് പാറിപ്പറന്നു് കൊത്തിപ്പെറുക്കി വിഴുങ്ങി ദുർഘടം നിറഞ്ഞ ജീവിതത്തിലേക്കുള്ള ഊർജ്ജം സംഭരിച്ചു. ഒരു എഴുത്തുകാരന്റെ പക്ഷിജീവിതം പോലെ ക്ലേശപൂർണ്ണവും ദുരിതപൂർണ്ണവുമായിരുന്നു ഈ വായനക്കാരന്റെ ജീവിതവും. അയാളുടെ അലച്ചിലും കണ്ട തണലിടങ്ങളിലെ ഇരിപ്പും ധ്യാനവും ചിന്തയും ഭാവനയുടെ ചിറകിലേറിയുള്ള പറക്കലും ഒരു പക്ഷിയുടെ ദേശാന്തര സഞ്ചാരം പോലെ അനിശ്ചിതവുമായിരുന്നു. ഒരക്ഷരം പോലും എഴുതാൻ അയാൾ ഇതുവരെ ശ്രമിച്ചില്ല. തന്റേതല്ലാതെ മറ്റൊന്നും വായിക്കാത്ത ദുരന്തങ്ങളായി തീർന്ന എഴുത്തുകാരുള്ള കാലമാണു് ഇതെന്നു് ഓർക്കണം. എന്നാൽ വായന, അയാളുടെ ഉള്ളിൽ പ്രോജ്ജ്വലങ്ങളായ വെളിച്ചങ്ങളാണു് തീർത്തതു്.

ആരോ പറഞ്ഞുകേൾക്കുന്ന പുസ്തകങ്ങളും അവയിലെ ആശയങ്ങളും വാക്കുകളും പബ്ലിഷറുടെ കാറ്റലോഗുകളുമൊക്കെയാണു് പുസ്തകത്തിലേക്കുള്ള രാജന്റെ ആദ്യ പ്രവേശനത്തിനിടയാക്കിയതു്. അവയൊക്കെ ദൂരെ ഉയർന്നുകാണുന്ന ഒരു മഴവിൽ ചന്തമായിരുന്നു അയാൾക്കു്. ആ ലഹരിയിൽ പുസ്തകം തേടിയുള്ള പക്ഷിസഞ്ചാരം തുടങ്ങലായി. കിട്ടിയാൽ ഒഴിഞ്ഞ ഇടങ്ങളിലെ ചില്ലകളിൽ ചടഞ്ഞിരിക്കും. പിന്നെ അടയിരുന്ന കാലത്തെ ദർശനങ്ങളുടെ ചൂടുകൊണ്ടു് രാജൻ എന്ന വായനക്കാരൻ ജീവിതം മുന്നോട്ടു നയിച്ചു.

കമ്യൂണിസം, പരിസ്ഥിതി പ്രവർത്തനം, ജൈവകർഷകക്കൂട്ടായ്മ, യുക്തിവാദപ്രവർത്തനം, നാടകപ്രവർത്തനം, വായനശാല പ്രവർത്തനം വിദ്യാഭ്യാസപരമായ ഇടപെടലുകൾ ഒക്കെ ഈ വായനക്കാരന്റെ നാട്ടുജീവിതത്തിൽ നിന്നും നമുക്കു് കണ്ടെടുക്കാനാകും.

നാടുനീങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതത്തിൽ ഓരോ മനുഷ്യനും ഒരു തുറന്ന പുസ്തകമാണു്. രഹസ്യ ജീവിതത്തിന്റെ ഹിഡൻ ഫയലുകൾക്കു് അവിടെ പ്രവേശനമില്ല. അതുകൊണ്ടു് തന്നെ അന്യൻ, അപരൻ, അന്യവത്കരണം എന്നീ പദാവലികൾ ഗ്രാമീണ ജീവിതത്തിലില്ല. സാമൂഹികജീവിതത്തിന്റെ ഗതിവിഗതികൾ ഓരോരുത്തർക്കും സ്വന്തം കൈരേഖ പോലെ ഹൃദിസ്ഥം. ഇടപെടലിന്റെ വിശുദ്ധിയും അവിശുദ്ധിയും കൂട്ടിവായിച്ചു് സാമൂഹികജീവിതം നാട്ടുജീവിതത്തനിമകൾ കണ്ടറിഞ്ഞു് വിമർശനാത്മകമായ ചെല്ലപ്പേരുകൾ അല്ലെങ്കിൽ കുറ്റപ്പേരുകൾ നൽകുന്നു. ഓരോ കുറ്റപ്പേരുകളും വിമർശനച്ചുവയുള്ള ഐഡന്റിറ്റികാർഡുകളാണു്. അച്ഛനും അമ്മയും ദാനമായിനൽകുന്ന പേരുകൾക്കു് പുറമേ നാട്ടുകാർ സ്നേഹത്തോടെയും നീരസത്തോടെയും നൽകുന്ന പേരുകളുമുണ്ടു്. വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പവും സാമൂഹികവത്കരണവും ആണു് ഈ പേരിടൽകർമ്മത്തിന്റെ ഹേതു.

പൊന്നാനിക്കടുത്തുള്ള എരമംഗലത്തുകാർ രാജനു് ഒന്നല്ല, മൂന്നു് പേരുകൾ ഇങ്ങനെ പതിച്ചുനൽകിയിട്ടുണ്ടു്. ഭഗവാൻ രാജൻ, അയ്യങ്കാളി രാജൻ, പോരാട്ടം രാജൻ എന്നിങ്ങനെ അവ നാട്ടുകാരുടെ ചുണ്ടിൽ നിന്നും തന്നെ കേട്ടെടുക്കാനാകും. എരമംഗലം അങ്ങാടിയിലുള്ളവർക്കു് അയാൾ ഭഗവാൻ രാജനാണു്. തെക്കുള്ളവർക്കു് പോരാട്ടം രാജൻ. അങ്ങാടിക്കു കിഴക്കുള്ളവർ ഈ നീണ്ടു മെലിഞ്ഞ ഘോരസ്വരത്തെ അയ്യങ്കാളി രാജനെന്നും വിളിക്കുന്നു.

ഇനിയും അടഞ്ഞുപോകാത്ത ഒരു തൊണ്ടയാണു് എരമംഗലത്തുകാർക്കു് ഭഗവാൻ രാജൻ എന്നു് ചെല്ലപ്പേരുള്ള മുള്ളത്തു് രാജൻ. എളുപ്പത്തിൽ നിശ്ശബ്ദമാക്കാൻ പറ്റാത്ത ഈ പ്രതിഷേധം എരമംഗലത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പരിസ്ഥിതി പ്രവർത്തനത്തിന്റെ മുഴങ്ങുന്ന സ്വരമാണു്. തെരഞ്ഞെടുപ്പുകാലത്തു് അയാൾ മുദ്രാവാക്യങ്ങളുടെ മുഴക്കമാണു്. യുവജന പ്രക്ഷോഭകർക്കിടയിൽ ‘ചോരതുടിക്കും ചെറു കയ്യുകളേ പേറുകവന്നീ പന്തങ്ങൾ’ എന്ന വൈലോപ്പിള്ളിക്കവിത താളാത്മകമായി ആലപിച്ചു് മുൻനിരയിൽ കാണാം. നാട്ടിലെ അവശേഷിക്കുന്ന നീർനാഡികളായ തോടും പുഴയും കായലോരങ്ങളും കുളങ്ങളും പുത്തൻപണക്കാർ മണ്ണിട്ടു് നികത്തിയെടുക്കുമ്പോൾ ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിത ചൊല്ലി ‘വെറ്റ്ലാന്റ്’ പരിസ്ഥിതിപ്രവർത്തകരുടെ കൂടെ ഓടിവരുന്നു. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു്’ എന്ന നാടകം നിരോധിച്ചപ്പോൾ ആവിഷ്കാരസ്വാതന്ത്രത്തിനായി, ക്രൂശിക്കപ്പെടുന്ന ക്രിസ്തുke വായി പ്രച്ഛന്നവേഷമണിഞ്ഞു് എരമംഗലം അങ്ങാടിയിലൂടെ പ്രതിഷേധജാഥ നയിച്ചു.

തട്ടുകടയും വായനയും

എരമംഗലം അങ്ങാടിക്കു് കിഴക്കോട്ടു് ഒന്നരകിലോമീറ്റർ ചെന്നാൽ ഭഗവാൻ രാജന്റെ തട്ടുകടയായി. കായലിനോടു് ചേർന്നു് നരണപ്പുഴ പാലത്തിനു് സമീപം കമുകിൻ അലകുകൾ ആൽമരച്ചുവട്ടിൽ ഒരു ഏറുമാടം പോലെ കെട്ടിയുണ്ടാക്കിയതാണു് രാജന്റെ തട്ടുകട. ആളുകൾ ഇരുന്നും നിന്നും ചായ കുടിക്കുന്നു. തിളച്ച സമോവറിനു സമീപം ചായ പാർന്നുകൊണ്ടു് ഭഗവാൻ രാജൻ നിൽക്കുന്നു. സമീപത്തുള്ള മേശപ്പുറത്തു് വായിച്ചു കമഴ്ത്തിക്കിടത്തിയ ഒരു പുസ്തകവുമുണ്ടു്. ഇപ്പോൾ അയാൾ വായിച്ചുകൊണ്ടിരിക്കുന്നതു് ടി. ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ നായകി’ എന്ന നോവലാണു്. ചായ കുടിച്ചു് ഇറങ്ങിപ്പോകുന്നവർക്കു് സിഗററ്റ് കൊടുത്തു് ബാക്കി പൈസ കൊടുക്കുന്നതിന്റെ ഇടയിൽ കേട്ടു ചില നാട്ടുവർത്തമാനങ്ങൾ.

“എന്താ ഈ കമിഴ്ത്തി വെച്ചിരിക്കുന്നതു്…?”

“അതൊരു പുസ്തകമാണു്.”

“അപ്പൊ… പുസ്തകവായനയും ഉണ്ടോ?”

“ആ… വല്ലപ്പോഴും ഒഴിവുകിട്ടുമ്പോൾ.”

കടയിൽ തിരക്കൊഴിയുമ്പോൾ… നോവലിന്റെ അടയാളം വെച്ചിടത്തുനിന്നു് ഭഗവാൻ രാജൻ വായന തുടരുന്നു. പൊട്ടിപ്പൊളിഞ്ഞ മേശയുടെ അടിയിൽ ആറോ ഏഴോ പുസ്തകങ്ങൾ കാണും. പൗലോ കൊയ്ലോയുടെ ‘ആൽക്കമിസ്റ്റ്’ കൂടാതെ കെ. പി. രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം’. മനോഹരൻ വി. പേരകത്തിന്റെ ‘കയറ്റത്തിന്റെ മൂന്നു് ദശാബ്ദങ്ങൾ’, വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’—എല്ലാം മലയാള സാഹിത്യത്തിലെ പുതിയ വായനാഗണത്തിലുള്ള പുസ്തകങ്ങൾ.

“ഇതൊക്കെ വായിച്ചു് കഴിഞ്ഞതാണോ…?”

“കരിക്കോട്ടക്കരി വായിച്ചുകഴിഞ്ഞിട്ടില്ല. ബാക്കിയൊക്കെ തീർന്നു.”

“എന്താണു് പുതിയ നോവലുകൾ പറയുന്നതു്?”

“ഒക്കെ മോശമാണു്. കയറ്റത്തിന്റെ മൂന്നു് ദശാബ്ദങ്ങൾ നല്ല പ്രമേയമാണു്. പക്ഷേ, നോവലിന്റെ ക്രാഫ്റ്റ് അത്ര പോര…

പൊന്നാനി താലൂക്കിലെ തെങ്ങുകയറ്റത്തൊഴിലാളികളെ കുറിച്ചുള്ള പുസ്തകമാണെന്നു് കേട്ടപ്പോൾ വായിക്കാൻ എടുത്തതാണു്. ഇയാൾ നോവൽ എഴുതാൻ പാകമായിട്ടില്ല. മൂത്തിട്ടുപോലുമില്ല. ഉള്ളിൽ കിടന്നു് ഒരു പ്രമേയം പഴുത്തു് പാകമായാലേ അതു് എഴുത്തിലേയ്ക്കു് കൊണ്ടു് വരാൻ പറ്റൂ.”

images/rajan-1.png

പുസ്തകം ഈ വായനക്കാരൻ കാശുകൊടുത്തു് വാങ്ങിക്കുന്നതല്ല. എല്ലാത്തിനും സർഗ്ഗവേദി വായനശാലയുടെ നമ്പറും സീലും കാണും. കുറച്ചുനേരം അവിടെ ഇരിക്കാനുള്ള സന്മനസ്സു് കാണിച്ചാൽ ചായ കുടിക്കാൻ വന്നവർ സമയം ഉണ്ടെങ്കിൽ കായലിന്റെ പാട്ടുകേട്ടു് ഒരു ആപ്പ് ചായ കുടിച്ചു് ഒരു പുസ്തകവും വായിച്ചു് വേണമെങ്കിൽ തിരിച്ചുവരാം. സമോവറിനു സമീപം ഒറ്റക്കാലിൽ തപസ്സനുഷ്ഠിച്ചു് ഭഗവാൻ രാജൻ ‘സുഗന്ധി’ എന്ന അണ്ടാൾ നായകി വായിച്ചു തള്ളുകയാണു്. നല്ല സ്വയമ്പൻ പുസ്തകം. അയാൾ തന്നോടു് തന്നെ പറയുന്നു. തട്ടുകട നടത്തുന്ന ഈ ഗംഭീരനായ വായനക്കാരനെകുറിച്ചു് കേട്ടറിഞ്ഞ നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ അയാളെ കാണാനായി തട്ടുകടയിൽ വന്നിരുന്നു പോലും. ഇപ്പോൾ ഭഗവാന്റെ ഫോണിലേക്കു് ഒരു വിളി വന്നു.

“ഹലോ… ഭഗവാൻ രാജൻ അല്ലേ?”

“അതെ!!”

“നമ്മുടെ കുമ്മിപ്പാലത്തിന്റെ അടുത്തുള്ള കുളവാഴ നിൽക്കുന്ന കുളമില്ലേ, അതിലേക്കു് പറമ്പു മാഫിയക്കാർ ടിപ്പറിൽ മണ്ണടി തുടങ്ങിയിരിക്കുന്നു.”

“എപ്പോൾ?”

“ഇതാ രണ്ടു് ലോഡ് തട്ടിക്കഴിഞ്ഞു. രാജേട്ടനൊന്നു് വര്വോ…?”

അയാൾ വെറ്റ്ലാന്റിന്റെ പരിസ്ഥിതി പ്രവർത്തകനായി മാറുന്നു. ഇപ്പോൾ ഭഗവാൻ രാജൻ തട്ടുകടക്കാരനോ വായനക്കാരനോ അല്ല. പറമ്പുമാഫിയക്കെതിരെ പോരാടുന്ന പോരാട്ടം രാജനാണു്. അയാൾ പരിസ്ഥിതി പ്രവർത്തകനായ എംപാസുൽ സുരേഷിന്റെ നമ്പറിലേക്കു് ഞെക്കുന്നു.

“സുരേഷേ… ”

“നമ്മുടെ പ്രവർത്തകരെയും കൂട്ടി വെക്കം കുമ്മിപ്പാലത്തേക്കു് വരണം.”

“എന്താ പ്രശ്നം…?”

“അവിടെ വേലായുധേട്ടന്റെ ചായക്കടയ്ക്കു് സമീപമുള്ള കുളം തൂർക്കാൻ തുടങ്ങിയിരിക്കുന്നു.”

തട്ടുകട നരണിപ്പുഴയ്ക്കടുത്തുള്ള കൂട്ടുകാരൻ ഷംസുവിനെ നോക്കാൻ ഏല്പിച്ചു് ഭഗവാൻ റോഡിലേക്കു് ഇറങ്ങി ഓടിപ്പോകുന്ന മോട്ടോർ സൈക്കിളിനു് കൈ കാണിക്കുന്നു. പിന്നെ മോട്ടോർ സൈക്കിളിനു് പിറകിൽ ഇരുന്നു് പാഞ്ഞുപോകുന്നു. ഇപ്പോൾ പരിസ്ഥിതി പ്രവർത്തനത്തിന്റെ അപകടകരമായ റോളിലേക്കു് അയാൾ പരകായപ്രവേശം നടത്തിക്കഴിഞ്ഞു.

ഒരു പപ്പടപ്പണിക്കാരന്റെ വായനയും ജീവിതവും
ഷൗക്കത്തലീ ഖാൻ

സി. ടി. എരമംഗലത്തു വന്നു് ഊരക്കു് കൈയ്യും കൊടുത്തു് ചന്ദ്രൻ വൈദ്യരുടെ മരുന്നു കടയിൽ കയറി ഒരു കുപ്പി കൊട്ടൻ ചുക്കാദി തൈലവും വാങ്ങി നില്ക്കുമ്പോഴാണു് രാജൻ വായനശാലയിലേക്കു് കയറിപ്പോകുന്നതു കണ്ടതു്. അയാൾ രാജനെ കൂക്കി വിളിച്ചു. രാജന്റെ കക്ഷത്തിൽ ഒരു പുസ്തകമുണ്ടു്.

“നിനക്കു് ഈ പുസ്തകവായന ഇനിയും നിറുത്താനായില്ലേ…?”

“ബോംബയിൽ നിന്നും ഞാനിങ്ങട്ട് പോന്നു.”

അയാൾ പെട്ടെന്നു് ഒരു ചുട്ട പപ്പടം പോലെ വിഷാദ മൂകനായി.

“റോഡിൽ കിടന്നു് ഉറങ്ങി മടുത്തു, ന്റെ രാജാ…”

“ന്താ അട്ത്ത പരിപാടി…?”

“പയ്യന്നൂരിൽ മ്മടെ പൂങ്ങാട്ടേലെ ബാലന്റെ കെയറോഫിൽ ഒരു പപ്പടക്കമ്പിനി തുടങ്ങിയിട്ടുണ്ടു്. പത്തു് പണിക്കാരൊക്കെയുണ്ടു്. നല്ല ഓർഡറും കിട്ടിത്തുടങ്ങിയിട്ടുണ്ടു്. പക്ഷേ, പപ്പടപ്പണിക്കാരൻ അത്ര പോരാ… ”

ആ പപ്പട ദൃഷ്ടിവീർത്തു വരുന്നതു് തന്റെ നേർക്കാണെന്നു് രാജനു് തോന്നി.

നെനക്ക് അവിടെ എന്നെയൊന്നു് സഹായിക്കാൻ പറ്റ്വോ…

അറുമുഖൻ ഊരയിലെ കൈയ്യ് പുളിമരത്തിൽ ചാരിവെച്ചിരുന്ന ഓലക്കെട്ടിൽ വെച്ചു. എൻ. കെ. ടി. ബസ് ഒരു വള്ളിക്കൊട്ട കരി തുപ്പിക്കൊണ്ടു് പുളിഞ്ചോടു് സ്റ്റോപ്പിൽ വന്നു നിന്നു. രാജൻ അങ്ങാടി എന്ന സിനിമയിൽ ജയന്റെ ചാക്കു് ഉയർത്തി പിടിച്ച പോസ്റ്ററിലേക്കു് നോക്കി നിന്നു.

“ഇപ്പോൾ എനിക്കു് ഇവിടെ ചില്ലറ കുണ്ടാമണ്ടികളൊക്കെ ഉണ്ടു്. അതൊക്കെ ഒന്നു് ഒതുങ്ങട്ടെ… ”

“എന്തു് കുണ്ടാമണ്ടി?

നിയ്യ് ഇവിടെ പാർട്ടിയും കൊടിയും വായനശാലയും പുസ്തകവായനയുമായിയൊക്കെ നടക്കുകയാണെന്നു് അപ്പുവേട്ടൻ പറഞ്ഞല്ലോ… എടാ ആ തന്തയ്ക്കു് വയ്യാണ്ടായിരിക്ക്ണ്… എന്താടാ രാജാ ഒരു ഉത്തരവാദിത്വം ഇല്ലാത്തതു്?”

ചാരിവെച്ചിരിക്കുന്ന ഓലക്കെട്ടെടുക്കാൻ തൊഴുവാനൂരെ വല്യക്കയും സംഘവും വന്നു.

“ന്താ ങ്ങക്ക് ഇബടെ ഒരു കിണ്താരം …?”

“ഒന്നൂല്യ ഔക്കരാപ്ലേ… ”

പിറ്റേന്നു് രാവിലെ പിടിച്ച പിടിയാലെ രാജനെയും കൊണ്ടു് സി. ടി. കുറ്റിപ്പുറത്തുനിന്നും ലോക്കൽ ട്രെയിനിൽ പയ്യന്നൂരിറങ്ങി. സർഗ്ഗവേദി വായനശാലയിൽ നിന്നെടുത്ത എമിൽ ബേൺസിന്റെ ‘എന്താണു് മാർക്സിസം?’ എന്ന പുസ്തകം യാത്രാമധ്യേ സി. ടി. വാങ്ങി വെറുതെ മറിച്ചുനോക്കി. ഗുരുവായൂർ പപ്പടക്കമ്പിനിയിൽ രാജൻ എന്ന എലുമ്പൻ ചെക്കൻ പുതിയ പപ്പിടിയനായി ജോലിയിൽ പ്രവേശിച്ചു. സഫ്ദർ ഹശ്മിയെ കൽക്കത്ത തെരുവിലിട്ടു് മർദ്ദിച്ചു് കൊലപ്പെടുത്തിയപ്പോഴും ബെഞ്ചമിൻ മൊളോയിസിനെ തൂക്കിലേറ്റിയപ്പോഴും കെ. ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ എന്ന കവിതയും കടമ്മനിട്ടയുടെ ‘കുറത്തി’യും നീട്ടിപ്പാടിയ രാജൻ പപ്പടക്കമ്പിനിയിൽ ചുട്ടപപ്പടം കൂട്ടി കാന്താരി മുളകു് അരച്ചു് കഞ്ഞികുടിക്കുന്ന ഓണക്കാല പപ്പടരാത്രികളിലും കവിത കൊണ്ടു് ക്ഷുഭിതഗീതം പാടി. ഇടയ്ക്കെപ്പോഴോ രാജൻ നാട്ടിൽ വന്നപ്പോഴാണു് പി. എം. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു്’ എന്ന നാടകത്തിനു് നിരോധനം വന്നതു്. രാജൻ വായനശാലയിൽ ഓടിക്കിതച്ചെത്തി. നാളെ നമുക്കു് വായനശാലയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തണം. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി നാക്കോലയിൽ ഉള്ള നക്സൽ ഖാദർ ക്രിസ്തുവാകാമെന്നു് ഉറപ്പു തന്നു. കുരിശും കെട്ടാനുള്ള കയറും സംഘടിപ്പിച്ചുവെച്ചു. നാക്കോലയിലെ ബോധി വിദ്യാഭവൻ എന്ന പാരലൽ കോളേജിൽ ക്ലാസ്സെടുക്കാൻ വന്നിരുന്ന വടക്കേക്കാട്ടുള്ള എം. കമറുദ്ധീൻ (കഥാകൃത്തു്) ക്രിസ്തുവിനു് മെയ്ക്കപ്പു് ചെയ്യാനായി വായനശാലയിൽ വന്നു. അയാൾ അതിൽപ്പിന്നെ വായനശാലയിൽ സർവ്വേകല്ലുപോലെ കുറ്റിയടിച്ചുകിടന്നു. ബീഡിവലിയും പുസ്തകത്തീറ്റയും. ആ പുസ്തകപ്പുഴു പിന്നീടു് രാജന്റെ ജീവാത്മാവും പരമാത്മാവുമായി.

‘ആവിഷ്കാരസ്വാതന്ത്ര്യം അനുവദിക്കുക’ എന്ന ബാനർ കുമാരൻ കാക്കനാത്തു് ഭംഗിയായി എഴുതി. നിരവധി ബാനറുകൾ പിന്നെയും. ക്രിസ്തുവായി വേഷം കെട്ടാനുള്ള നക്സൽ ഖാദറും ഹാജരായി. അപ്പോഴേക്കും കമറുദ്ധീനു് ഒരു സംശയം. “ഇയാൾക്കു് പിലാത്തോസിന്റെ ലുക്കാ… വേറെ ആരുണ്ടു്?”

കമറുദ്ധീൻ സർഗ്ഗവേദി വായനശാലയുടെ ആവിഷ്കാര ത്വരയുള്ള പ്രവർത്തകരെ നോക്കി. അവിടെ അയാൾ പീഡിതനായ ഒരു ക്രിസ്തുവിന്റെ മുഖഛായ കണ്ടു. അതു് രാജനായിരുന്നു. അങ്ങിനെ പോരിശാക്കപ്പെട്ട തെങ്ങിൻ മല്ലുകൊണ്ടുള്ള കുരിശിൽ രാജൻ തറയ്ക്കപ്പെട്ടു. വെളിയംകോടു് റോഡിലും നരണിപ്പുഴ റോഡിലും നാക്കോല മുതൽ കുമ്മിപ്പാലം വരെയും ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ ക്രിസ്തുവായി രാജൻ തറഞ്ഞുകിടന്നു് കാൽവരിയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിച്ചു. “അതു് മ്മളെ രാജനല്ലേ… ഓന്ക്ക് എന്താണു് ഇങ്ങനെ ഒരു കിറുക്കൻ കളി… ”

ആളുകൾ ബാനറിലേക്കു് നോക്കി.

“നാടകം കളിച്ചോട്ടെ അതെനെന്താടോ ഇവറ്റയ്ക്ക്… ”

അഭിപ്രായങ്ങൾ അങ്ങനെ മാറിമറിഞ്ഞു.

രാജൻ പയ്യന്നൂരിലേക്കു തന്നെ തിരിച്ചുപോയി. രണ്ടു ചാക്കു് മാവിന്റെ പണി ദിവസവും ഉണ്ടായിട്ടും പ്രൊപ്രൈറ്റർ സി. ടി. അറുമുഖൻ നാലുകാലിൽ ഇഴഞ്ഞുവന്നു. അയാൾ പകൽ മാർക്സിസം പറയുന്ന സദാചാരവാദിയും രാത്രി തെറി പറയുന്ന അരാജകവാദിയുമാണു്. സി. ടിയുടെ കണ്ണു ചുകചുകന്നു. ദൃഷ്ടിയിൽ കലുഷം എന്നു് ചന്ദ്രൻ വൈദ്യർ കുറിച്ചുവെച്ചു. മകന്റെ വഴിവിട്ട പോക്കിൽ മനംനൊന്തു് തെളിമുരുകനായി കാവടിയെടുക്കാൻ കണ്ണേങ്കിൽ ഭഗവതിയുടെ മുമ്പിൽ വെച്ചു് നേർച്ച നേർന്നു. തെളിമുരുകൻ കാവടിയെടുത്തു് നാടുതെണ്ടി പിച്ചവാങ്ങി. തന്റെ പപ്പടഗുരുവായ സി. ടി. കാവടിയാട്ടം കഴിഞ്ഞു തിരിച്ചെത്തിയ അന്നുതന്നെ പിട്ടുകല്ലിൽ കുത്തിയിരുന്നു് സുരപാനം തുടങ്ങിയ രാത്രിതന്നെ പിട്ടു കത്തിയുടെ മരമരികിലേക്കു് പണ്ടാറമടങ്ങാൻ എന്നു് രാജൻ കടമ്മനിട്ടക്കലിയിൽ ആഞ്ഞുചവിട്ടി. ഗുരുവായൂർ പപ്പടക്കമ്പിനിയിലെ പപ്പിടിപ്പണി മതിയാക്കി.

‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകം എരമംഗലത്തെ കെ. എം. എം. ഓഡിറ്റോറിയത്തിൽ കളിക്കാൻ പോകുകയാണു്. പ്രേംജിയുടെ മകൻ പ്രേമചന്ദ്രൻ അങ്ങാടിയിൽ രാജന്റെ തോളിൽ കൈയ്യിട്ടു് നടന്നുനീങ്ങുന്നു. അങ്ങാടി ഒന്നാകെ അത്ഭുതം പൂണ്ടു. പയ്യന്നൂരിൽ നിന്നുള്ള പരിചയമാണത്രേ. അന്നേദിവസം കെ. എം. എം. ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ നാടകം അരങ്ങേറി. കണ്ടവരൊക്കെ കാശുമുതലായി എന്നു് സംഘാടകരോടു് ഏറ്റുപറഞ്ഞു. സാമ്പത്തികം കുഞ്ഞയമ്മുവും സഖാവു് ടി. സി.യും ബാഗും കക്ഷത്തു വെച്ചു് തിരക്കലാണു്. പിറ്റേന്നത്തെ മനോരമ പത്രത്തിൽ ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകത്തിനു് നിരോധനം വന്നെന്നും. ചെമ്പട്ടി കുഞ്ഞിമരക്കാറും മെട്രോ ടീസ്റ്റാളും വാർത്ത വായിച്ചു. നാടകനിരോധനത്തിൽ പിന്നെയും ആവിഷ്കാരം മണത്തു.

“എന്താണു് ഈ ആവിഷ്കാര സ്വാതന്ത്ര്യം?”

“മ്മക്ക് രാജനോടു് ചോദിക്കാം.”

യൂണിയനിലെ മാമദും കുത്തുവിളക്കബുവിന്റെ മെയ്ദുവും കൂടി സർഗ്ഗവേദി വായനശാലയിലേക്കു കയറിച്ചെന്നു.

“രാജാ നീ കുറച്ചു് കുരിശിൽ കിടന്നവനല്ലേ…? എന്തോ ഒരു നാടകം തന്നെയായിരുന്നില്ലേ അന്നത്തെ പ്രശ്നം. ഇപ്പോള് ഇതാ വന്നിരിക്കുന്നു. ഒരു ആവിഷ്കാര സ്വാതന്ത്ര്യം. എന്തു് ഗുലുമാലാണു് ഇതു്?” സച്ചിദാനന്ദന്റെ ‘സത്യവാങ്മൂലം’ എന്ന കവിത വായിക്കുകയായിരുന്നു രാജൻ. ആവിഷ്കാരത്തെക്കുറിച്ചു് തന്റെ നിലപാടു് അയാൾ വിശദീകരിച്ചു. “പപ്പടപ്പണിക്കാരനായിട്ടെന്താ.…? ഓന്റെ ഒക്കെ ഒരു വിവരം. പുത്തകം വായിച്ചോരൊക്കെ ഇങ്ങനെ മെല്ലിക്കുന്നതിന്റെ കാരണം എന്താണെടോ…?”

മാമദിനു് സംശയം തീരുന്നില്ല. ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകനിരോധനത്തിനു് എതിരെ കയറു് കഷ്ണങ്ങൾ കത്തിച്ചുപിടിച്ചു് സർഗ്ഗവേദി വായനശാലാ പ്രവർത്തകർ ഒരു പ്രകടനം നടത്തി. രാജന്റെ തൊണ്ട ഒച്ചപ്പെരുക്കിയായി.

“അതെന്താ.…?”

“ഭഗവാൻ കാലുമാറുന്നു എന്ന നാടകത്തിന്റെ നിരോധനമാണത്രേ… ”

ബാബു ഹോട്ടലിൽ നിന്നും കുഞ്ഞാമൻ ചോദിക്കുകയാണു്. “ആരാ മുന്നിൽ വിളിച്ചുപറയുന്നതു്?” “രാജൻ. ഭഗവാൻ രാജൻ.”

“ഓൻ പണ്ടു് ക്രിസ്തു ആയി വേഷം കെട്ടിയോനല്ലേ…?”

“അതേ അയ്യപ്പേട്ടാ… ”

ഭഗവാൻ രാജൻ എന്ന വിളിപ്പേരു് അന്നുമുതൽ നിരവധി ചെല്ലപ്പേരുകളുടെ അക്ഷയശേഖരത്തിലേക്കു് എരമംഗലം അങ്ങാടി എടുത്തുവെച്ചു. ഭഗവാൻ രാജൻ. ഈ കലാപ്രവർത്തനത്തിന്റെ പേരിൽ നാട്ടുകാർ ഇഷ്ടപ്പെട്ടു പതിച്ചുനൽകിയ ജനപക്ഷനാമകരണത്തിന്റെ ‘ഐഡൻറിറ്റി’ കാർഡ് രാജന്റെ കഴുത്തിലും വീണു. ചതി. കുതികാൽ വെട്ടു് വഞ്ചന കളവു്. സസ്യപ്പെടൽ, ജന്തുപ്പെടൽ, സ്വഭാവമഹിമ, പ്രത്യയശാസ്ത്ര അടിമത്തം, ശീലം, രോഗം ശരീരഭാഷ, തൊഴിൽ ജാതി ഇവയൊക്കെയായിരുന്നു കുറ്റപ്പേരിന്റെ കാരണമെങ്കിൽ ‘ഭഗവാൻ രാജൻ’ കലാപ്രവർത്തനത്തിന്റെ നിഷേധത്തിനെതിരെയുള്ള കാര്യത്തിനായിരുന്നു.

ഭഗവാൻ രാജൻ യുക്തിവാദി കൂടിയാണെന്നു് ദേശത്തെ കാരണവന്മാർ വിധിയെഴുതി.

“യുക്തിവാദികളുടെ ഒരു സംഘത്തിന്റെ കൂടെയാണു് അയാളുടെ ഇപ്പോഴത്തെ നടപ്പു്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും പൊന്നാനി എം. ഇ. എസ്. കോളേജിലും പഠിക്കുന്ന കുറേ ചെക്കന്മാരെയും കൂട്ടി അറക്കിലാം കുന്നിൽ വട്ടംവളഞ്ഞു് ഇരിക്കുമത്രേ… എന്നിട്ടു് ചർച്ചയാണു്. തെങ്ങിന്റെ മടലും ഓലക്കൊടിയും മെച്ചിങ്ങയുമൊക്കെ കൈയ്യിലെടുത്തു് ഭഗവാൻ രാജൻ ചോദ്യങ്ങൾ തുടരും.

ഇതെങ്ങനെ ഉണ്ടായി? ഇതിന്റെ പിന്നിൽ ആരാണു്. അവസാനം ഭഗവാൻ രാജൻ ചർച്ച അവസാനിപ്പിക്കും. പ്രപഞ്ചത്തിനു് ഒരു രക്ഷിതാവില്ല. ഇതാണു് യുക്തിവാദം. ഇവനെയൊക്കെ മുക്കാലിൽ കെട്ടി അടിക്കണം. അവന്റെ കൂടെ കൂട്ടുകൂടി നടക്കുന്ന കുട്ടികളൊക്കെ കമ്യൂണിസ്റ്റുകളും നിരീശ്വരവാദികളുമാണു്.”

പള്ളിയിൽ നിന്നം മഗ് രിബ് നിസ്ക്കാരം കഴിഞ്ഞു് വരുന്ന ചൂരക്കണ്ണി മാമദ് വിവരിക്കുകയാണു്.

രാജനെത്തേടി പല പപ്പടമുതലാളിമാരും നാക്കോല വരെ പോയി തിരിച്ചുവരുന്നു. ആർക്കും പിടികൊടുക്കാതെ രാജൻ ‘അവകാശികൾ’ എന്ന പുസ്തകവും വായിച്ചു് ഇരിക്കുകയാണു് എന്നു് വായനശാലയിലെ യന്ത്രവത്കൃത ലൈബ്രേറിയൻ റിപ്പോർട്ടു ചെയ്തു. ആ യമണ്ടൻ പുസ്തകം തലയണയാക്കിയാണത്രേ ഉറക്കം പോലും. രാമദാസ വൈദ്യർ അലക്കുകല്ലിനെ ആരാധിച്ചിരുന്ന കാലമായിരുന്നു അതു്.

അടുപ്പിൽ ചേര പായുകയാണെന്നു് അമ്മ സങ്കടപ്പെട്ടപ്പോൾ രാജൻ കണ്ണാപുരം ബാലനു് ഫോൺ ചെയ്തു.

“ഹലോ… ബാലേട്ടനല്ലേ…?”

“ആരാ…?”

“ഇതു രാജൻ”

“ഏതു് രാജൻ…?”

“ഭഗവാൻ രാജൻ… ”

“ഇവിടെ ആലക്കോടു് പപ്പടക്കമ്പിനിയിൽ പണിക്കാരെ വേണം. വേണമെങ്കിൽ പോരേ… ഞാൻ കണ്ണാപുരത്തുണ്ടാകും. ഇവിടെ വന്നാൽ ബാക്കി കാര്യങ്ങൾ സംസാരിക്കാം… ”

“അച്ചേ… അമ്മേയ് ഞാൻ പോണൂ… ”

“എത്തിയാൽ മോൻ… ആ എൻഞ്ചിനിയറുടെ വീട്ടിലെ നമ്പറിലേക്കു് ഒന്നു് വിളിച്ചുപറയണം.

തലശ്ശേരിയിൽ എന്തോ കുഴപ്പം നടക്കുന്നു എന്നൊക്കെ പറയുന്നതു് കേട്ടു.”

കണ്ണൂരിലെ കല്യാശ്ശേരിയിലെ പൂങ്ങാടൻ ബാലന്റെ തന്നെ വന്നേരി പപ്പടക്കമ്പിനിയിൽ പപ്പിടിപ്പണിയിൽ ഭഗവാൻ നിയമിതനായി. പൊരിവെയിലുകൾ മേഞ്ഞുനടന്ന പപ്പടക്കളത്തിൽ കൗമാരങ്ങൾ വെയിൽ പൊള്ളുന്നു. അവരെ കാലം ഇനി ഉണക്കിയെടുക്കണം. നാളെ തിളച്ചുമറിഞ്ഞു് ചട്ടിയിലെ സ്നേഹകങ്ങളിൽ പൊള്ളി പൊള്ളച്ചു് അകം വെന്തു് ആരുടെയോ അണപ്പല്ലുകളിൽ ചവച്ചരഞ്ഞു് രുചിക്കൂട്ടായി മാറേണ്ട പപ്പടങ്ങൾ.

കല്യാശ്ശേരിയിലെ പപ്പടക്കാലമാണു് രാജന്റെ അടിസ്ഥാന ജീവിത ദർശനങ്ങളെ പാകപ്പെടുത്തിയതു്. എരമംഗലത്തെ ജന്മിപ്രതാപത്തിന്റെ രുചിഭേദങ്ങൾക്കിടയിലെ ഒരു കരിഞ്ഞ പപ്പടമായിരുന്നു അവന്റെ പൂർവ്വികരുടേതു്. കഞ്ഞിക്കലത്തിലെ തെളിയൂറ്റി, വറ്റു പെറുക്കിത്തിന്ന ബാല്യവും ഒരു ചുട്ട പപ്പടവുമായിരുന്നു അവനു് എന്നും കൂട്ടു്. ആ നാട്ടിലെ കൗമാരത്തളിർപ്പുകളെ ആട്ടിത്തെളിച്ചു കൊണ്ടു പോയ പപ്പടക്കളത്തിലെ വെയിൽപ്പാമ്പുകളും അവനെ ഒട്ടുമേ വിഷമിപ്പിച്ചില്ല. ഉറക്കത്തിലേക്കു് അറിയാതെ വഴുതിവീഴുമ്പോൾ നെഞ്ചിലൊട്ടിപ്പിടിച്ച പുസ്തകങ്ങളും കൺപോളകൾ അടയും വരെയുള്ള ആർത്തിപൂണ്ട വായനയുമാണു് ഇല്ലായ്മയെ എതിരിടാനുള്ള ഊന്നുവടികളായതു്. അപകർഷതകൾ ഇല്ലാത്ത ജീവിതത്തിന്റെ ഉച്ചയിലേക്കു് തളരാതെ നടന്നുപോകുവാൻ ഊർജ്ജദായനിയായതു് പുസ്തകവായന തന്നെയാണു്. നീണ്ട ഒമ്പതു വർഷങ്ങൾ കല്യാശ്ശേരിയിൽ ബാലേട്ടന്റെ കൂടെ വന്നേരി പപ്പടത്തിന്റെ രുചിയും അരുചന്ത വൃത്തവുമായി ആ ഗ്രാമീണതയിൽ അലിഞ്ഞുചേർന്നു് വൈകീട്ടു് കണ്ണാപുരം വായനശാലയിലെ പൊളിഞ്ഞ മരബെഞ്ചിലേക്കു് ഓടിയെത്തും. വായനശാലയിലെ ഒട്ടുമുക്കാൽ പുസ്തകങ്ങളും ഇപ്പോളേ വായിച്ചു കഴിഞ്ഞു. സേതു, മുകുന്ദൻ, പുനത്തിൽ, വി. കെ. എൻ., കാക്കനാടൻ, ഉറൂബ്, തകഴി തുടങ്ങിയവരെ ഈ കാലയളവിലാണു് കൂടുതൽ നന്നായി അടുത്തറിഞ്ഞതു്. ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ വല്ലാത്തൊരു ആവേശത്തോടെ വായിച്ചു.

കെ. വി. ശിവപ്രസാദ്, ഭരതൻമാഷ്, ബാലകൃഷ്ണൻ എന്നീ പരിസ്ഥിതി പ്രവർത്തകരുമായുള്ള ബന്ധവും ഹരിത വായനയും പച്ചപ്പിലേക്കും മണ്ണിലേക്കും ജലത്തിലേക്കും ശ്രദ്ധ പതിപ്പിച്ചു. മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും കേരളത്തിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകൾ മൂലക്കുരുവിനേക്കുറിച്ചുള്ള പരസ്യങ്ങളാണെന്നും കെ. വി. ശിവപ്രസാദ് ഓർമ്മിപ്പിച്ചു. വായന മാത്രമല്ല പരിസ്ഥിതി പ്രവർത്തനങ്ങളിലും മുഴുകി കേരളീയ ജീവിതത്തെ വിമലീകരിക്കണമെന്ന ബോധമുണ്ടായി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. വായനയിൽ പരിഷത്തിന്റെ പുസ്തകങ്ങൾ നൽകിയ അവബോധങ്ങൾ ചുറ്റിലും നടക്കുന്ന സാമൂഹിക മാറ്റങ്ങൾ ശാസ്ത്രീയ ചിന്തയോടെ നോക്കിക്കാണാൻ പ്രേരിപ്പിച്ചു. സിദ്ധീഖ് എന്ന വായനക്കാരനായ സുഹൃത്തു് ഈ കാലത്തെ വലിയ ഒരു താങ്ങും തണലുമായിരുന്നു.

ഭഗവാൻ രാജൻ വിവാഹം കഴിഞ്ഞു് ഇപ്പോൾ എരമംഗലത്താണു്. അച്ഛനു സുഖമില്ല. അമ്മയ്ക്കു വാർദ്ധക്യത്തിന്റെ അസ്കിതകൾ. 90-കൾ ഇരമ്പി വരുന്നു. സർഗ്ഗവേദി വായനശാല ഇപ്പോൾ സജീവമല്ല. എല്ലാവരും ടി. വി.-യുടെ മുന്നിൽ എത്തിക്കഴിഞ്ഞു. പഞ്ചായത്തു് കെട്ടിടത്തിൽ വല്ലപ്പോഴും രാത്രിയിൽ പവർക്കട്ടിന്റെ ഇരുട്ടടിക്കുശേഷം വാതിലുകൾ തുറക്കാറുണ്ടു്. പുസ്തകങ്ങൾ നീണ്ട ഉറക്കത്തിലാണു്. റോബോട്ടിക് ലൈബ്രേറിയന്റെ സമീപനങ്ങൾ പല വായനക്കാരെയും അകറ്റിയ മട്ടാണു്. പുസ്തകം തിരിച്ചുതരാത്തവനെ അയാൾ ഭീഷണിപ്പെടുത്തുന്നു. അവരുടെ വീട്ടിൽ അന്വേഷിച്ചുപോകുന്നു. ‘ഒരു സങ്കീർത്തനം പോലെ’ എന്ന പുസ്തകം തിരിച്ചുതരാത്തതിനു് പൈങ്കിളി മാമദിന്റെ കോളറിനു പിടിക്കുന്നു. വായനക്കാർ ലൈബ്രേറിയനെക്കണ്ടാൽ ചായക്കടയിൽ പോയി ഒളിക്കുന്നു. ഇരുട്ടിൽ തെങ്ങിന്റെ മറവിലേക്കു് പളുങ്ങുന്നു. സിനിമാ തിയ്യറ്ററിലേക്കു് ഒരിക്കൽ കണ്ട പടം കാണാൻ പിന്നെയും ടിക്കറ്റെടുക്കുന്നു. രാജന്റെ സതീർത്ഥ്യനും ചങ്ങാതിമാരും ഇപ്പോൾ നാട്ടിലില്ല. പലരും പല വഴിക്കായി. ഡിഗ്രി പഠനം പൂർത്തിയായവർ തുടങ്ങിവെച്ച ബോധിവിദ്യാഭവൻ എന്ന ട്യൂട്ടോറിയിൽ കോളേജ് ഇപ്പോൾ അണ്ണന്മാരുടെ താവളമാണു്. ശ്രീപതി പൊലീസ് കോൺസ്റ്റബിൾ ആയി. സുഭാഷ്കുമാർ വക്കീൽ പഠനം കഴിഞ്ഞു് ചാവക്കാടു് കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു. അലിയാർ, മജീദ്, ഖാദർ, ഗഫൂർ തുടങ്ങിയവർ ഗൾഫിൽ പോയി. പ്രകാശൻ എൻ. ജി. ഒ. യൂണിയന്റെ വലിയ നേതാവാണു്. ഇക്ബാൽ ഒരു കീഴാളപ്പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ നാട്ടിൽ നിന്നേ ബഹിഷ്കൃതനായി പാലക്കാട് ഒളിവുജീവിതം നയിക്കുന്നു. ക്രിസ്തുവായി ഭഗവാൻ രാജനെ വേഷവിധാനം ചെയ്ത കമറുദ്ധീൻ ഇപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവാണു്.

എരമംഗലത്തെ തിളച്ച മനുഷ്യൻ

എരമംഗലം അങ്ങാടിക്കു് മാറ്റം വന്നു. കരിയോലക്കുടചൂടി ഉണങ്ങിക്കൂമ്പി നിന്നിരുന്ന പീടികകൾ വാർപ്പിന്റെ തരുണന്മാരായി. എസ്. റ്റി. ഡി. ബൂത്തു് വന്നു. കാറുകളും ഓട്ടോറിക്ഷകളും പൊന്തിൻ ചൂണ്ടൻപോലെ പൊന്തിക്കിടന്നു. കൈവണ്ടികൾ അപ്രത്യക്ഷമായി. പകൽ കഞ്ചാവിന്റെ പുകയും രാത്രിയിൽ പട്ടച്ചാരായവും ആനമയക്കികളും ഒഴുകി. പത്തിരം കോളനിയിൽ നിന്നും വാളു വെക്കാത്ത കൊട്ടുവടികൾ വന്നു. തോട്ടേക്കാടു വെട്ടിത്തളിച്ചു് പുതിയ കോളനിയുണ്ടായി. രാവിലെ കുളിച്ചു് ഈറൻ മാറ്റി ബസ്സുകയറിപ്പോകുന്നവരുടെ സംഘങ്ങൾ വന്നു. പോക്കർ മെയ്ദീൻകുട്ടി, മാമദ് എന്നീ ഗജവീരന്മാരായ പോക്കിരി രാജകൾക്കു് വയസ്സായി. ഒമ്പതു വർഷത്തെ കല്യാശ്ശേരിപപ്പടക്കാല ജീവിതത്തിന്റെ രാഷ്ട്രീയ ശിക്ഷണവും പാരിസ്ഥിതിക സാംസ്കാരിക അവബോധവുമായി പപ്പടപ്പൊടിയുടെ ഗന്ധത്തിൽ നിന്നു ഉരുകിത്തിളച്ചു് ഭഗവാൻ രാജൻ എരമംഗലത്തെത്തി അവിടുത്തെ നപുംസക ഭാവങ്ങൾക്കെതിരെ പൊട്ടിത്തെറിക്കാൻ തുടങ്ങി. സർഗ്ഗവേദിക്കു ചൊടിയും ചുണയും പോര. പോരാത്തതിനു് പഴയ കൂട്ടാളികൾ രൂപവും ഭാവവും മാറിയിരുന്നു. അവർ കൂടുതൽ തടിയന്മാരായി. സുഖിയന്മാരും. സാമൂഹിക സുരക്ഷിതത്വ രോഗം ബാധിച്ച എൻ. ജി. ഒ.-കൾ ആയി അധഃപതിച്ചെന്നു് അയാൾ വിധിയെഴുതി. അങ്ങനെ അരങ്ങു് എന്ന കലാസാംസ്കാരിക സമിതി രൂപീകരിച്ചു. പൊന്നാനിയിലെ നാടകപാരമ്പര്യത്തിന്റെ ഊറ്റമായിരുന്നു ഈ തിരയിളക്കത്തിൻ കാരണം. അയാളുടെ മനസ്സിൽ വലിയ വട്ടത്തിലുള്ള ഒരു പുതിയ പപ്പടം കിടന്നു് പൊള്ളച്ചു. ഭഗവാൻ രാജൻ എന്ന തിളച്ച മനുഷ്യൻ ഒച്ചയും ബഹളവും ആക്രോശങ്ങളുമായി എന്നും പുഴക്കര കുന്നിൽ നിന്നും എരമംഗലത്തു് എത്തിത്തുടങ്ങി.

പൊന്നാനിയിലാണു് കേരളത്തിലെ ആദ്യത്തെ സാമൂഹിക-രാഷ്ട്രീയ-സാമുദായികനാടകങ്ങൾ പിറന്നതു്. പാട്ടബാക്കി, കൂട്ടുകൃഷി, മറക്കുടക്കുള്ളിലെ മഹാനരകം, ഋതുമതി എന്നീ നാടകങ്ങൾ. പ്രേംജി ഈ ധാരകളുടെ പ്രോത്ഘാടകനും പ്രയോക്താവുമായിരുന്നു. മലയാളത്തിലെ താരപരിവേഷങ്ങളില്ലാത്ത ആ ജ്ഞാന നടനു് വാർദ്ധക്യത്തിന്റെ സന്ധ്യയിൽ 1990-ൽ ‘പിറവി’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചപ്പോൾ അതു് അരങ്ങു് എന്ന സംഘടനയ്ക്കു് ആവേശമായി. അങ്ങനെയാണു് അരങ്ങു് കലാസാംസ്കാരിക സമിതി പ്രേംജിയെ ആദരിക്കാൻ തീരുമാനിച്ചതു്. സർഗ്ഗവേദി വായനശാലാ പ്രവർത്തകർ കാഴ്ചക്കാരായി നോക്കിനിന്നു. പീന്നീടു് കാവാലത്തിന്റെ ‘കാലനെത്തേടി’ എന്ന നാടകം അരങ്ങു് ഏറ്റെടുത്തു് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൊന്നാനി മേഖലാ കമ്മിറ്റി നടത്തിയ തെരുവു് നാടക പ്രദർശനത്തിൽ ഭഗവാൻ രാജന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

എരമംഗലത്തെ കീഴാള വിഭാഗത്തിൽ പെട്ട ചെറുമർ പത്തു് തുരുത്തുകളിലായിട്ടാണു് പത്തിരം എന്ന ദ്വീപിൽ താമസിക്കുന്നതു്. അതിനാൽ ഇവർ പത്തിരം നിവാസികൾ ആയി. പുഴക്കര ചേന്ദാസ് മനക്കാർ അവരുടെ കൃഷിപ്പണിക്കായി കൊണ്ടു വന്ന കീഴാളമനുഷ്യർ. കായലിലും ചേറിലും രാപ്പകലില്ലാതെ അവരുടെ തലമുറകൾ ജലജീവിതം നയിച്ചു. ഇവർക്കു സ്വന്തമായി ദൈവങ്ങളില്ലാതെ മറ്റു ഭഗവതിക്കാവുകളിലേക്കു് കാള എഴുന്നള്ളിപ്പു് നടത്തലായിരുന്നു അവരുടെ ആരാധന ആവിഷ്കാരം. അവരുടെ ഭക്തിയുടെ ആവശ്യങ്ങൾ ദേശത്തു് പരന്നുകിടന്ന കാവുകളിലേക്കുള്ള താലപ്പൊലികളിലെ കാളകളിയിലും ഒതുങ്ങി. പിന്നീടു് അവരും കറുത്ത മണ്ണിൽ നിന്നും കരിക്കുട്ടിയെയും കുട്ടിച്ചാത്തനെയും കുടിയിരുത്തി പൂജ തുടങ്ങി. കീഴാളരുടെ ഈ ആഘോഷനടത്തിപ്പിന്റെ സംഘാടകനായാണു് യുക്തിവാദിയായ രാജൻ പിന്നീടു് മാറുന്നതു്. നമ്മൾ അവിടെ കയറി ഇടപെട്ടില്ലെങ്കിൽ അവിടെ വർഗ്ഗീയവാദികൾ കയറി നിരങ്ങുമെന്നു് രാജൻ വാചാലനായി. ഇന്നു് ദേശത്തെ പ്രമുഖ വേലപൂരങ്ങളിലൊന്നാണു് പത്തിരം പൂരം.

പത്തിരം ദേശക്കാർ രാജനു് മറ്റൊരു പേരുകൂടി നൽകി. അയ്യങ്കാളി രാജൻ. മുന്നൂറു് ഏക്കർ പുഞ്ചക്കൃഷിയുള്ള ആനക്കോളിലെ പുഞ്ചപ്പാടത്തു് കൊയ്ത്ത്കാലമായാൽ സംഘടിതമായി കോൾ കമ്മറ്റികൾ ഏറ്റെടുത്തു് നടത്തുന്ന കൊയ്ത്തിനുള്ള കൊയ്ത്തു യന്ത്രത്തിന്റെ മേസ്തിരി ഭഗവാൻ രാജനാണു്. അയ്യങ്കാളിയെപ്പോലെ ഒരു കസവു് വേഷ്ടി തലയിൽ കെട്ടിയാണു് കൊയ്ത്തു യന്ത്രത്തിനു മുകളിൽ അയാൾ ഇരിക്കുന്നതു്. വില്ലുവണ്ടിയിൽ അയ്യങ്കാളി വരുന്നതു് പോലെ കൊയ്ത്തുവണ്ടിയിൽ ഭഗവാൻ രാജനും വരുന്നു. ചരിത്രജ്ഞാനമുള്ള ഏതോ ഒരു കൃഷിക്കാരൻ അയാളെ നീട്ടിവിളിച്ചു. അയ്യങ്കാളി രാജൻ.

പി. ടി. തോമസും സെന്റ് ജോസഫ്സ് കോളേജും

വേലപൂരങ്ങൾ അവസാനിച്ചു. വരുണഭഗവാന്റെ സാക്ഷാൽ ജലപൂരങ്ങൾ തുടങ്ങുന്ന വറുതിക്കാലം. അയ്യങ്കാളി രാജനു് പപ്പടക്കല്ലുകളിലേക്കു തന്നെ തിരിച്ചുപോകേണ്ടി വന്നു. യു. പി. ജയരാജിന്റെയും ടി. പി. കിഷോറിന്റെയും പുസ്തകങ്ങളോടൊപ്പം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ‘എന്തു് കൊണ്ടു് എന്തു് കൊണ്ടു് ’ എന്ന പുസ്തകവും തെരഞ്ഞെടുത്തു് കണ്ണൂരിലെ ആലക്കോട്ടേക്കാണു് ഇത്തവണ പോകേണ്ടതു്. പപ്പടപ്പണിതന്നെ ശരണം. മറ്റൊരാൾ കൂടി ഒപ്പമുണ്ടു്.

സാഹിത്യപ്രേമിയും നല്ലൊരു വായനക്കാരനുമായ പുന്നയൂർക്കുളത്തു് മാവിൻ ചുവട്ടിലുള്ള സഹദേവൻ. ആലക്കോട്ടെ വാസുവിന്റെ കീഴിലുള്ള റോയൽ പപ്പടക്കമ്പിനിയായിരുന്നു ലക്ഷ്യം.

പൊന്നാനിക്കു തെക്കും ഗുരുവായൂരിനു് വടക്കും മലപ്പുറം തൃശ്ശൂർ ജില്ലകളുടെ അതിരു പങ്കിടുന്ന വന്നേരി നാട്ടിലെ പപ്പടപ്പണിക്കാരാണു് ലോകത്തിലെ ഏതു ഭാഗത്തും ഉള്ളതു്. ആലക്കോട്ടും അതുപോലെ തന്നെ. നാട്ടിൽ പണിയെടുക്കുന്ന പ്രതീതി. കാരവെള്ളം ചൂടാക്കി മാവു് കുഴച്ചു് പിട്ടു കെട്ടുന്നു ഒരു കൂട്ടർ. കരിങ്കല്ലിൽ മന്തംകോലിട്ടു് പിട്ടിടിക്കുന്നു മറ്റൊരു കൂട്ടർ. പൊട്ടിച്ചെടുക്കാവുന്ന പപ്പടമുട്ടകൾ അടയിരിക്കുന്ന നീണ്ട പാമ്പുകൾ കൂട്ടിയിട്ടിരിക്കുന്നു. മറ്റൊരിടത്തു് പിട്ടുകത്തിയിൽ നിന്നും പപ്പടത്തിന്റെ ചെറിയ തുണ്ടുകൾ മുറിച്ചിടുന്ന വേറെ ചിലർ. പലകയിൽ മാവുപൊടി വിതറി അളന്നു് വ്യത്യസ്ത വൃത്തത്തിലുള്ള പപ്പടങ്ങളായി. ആലക്കോട്ടു് പുഴ അവരെ സാന്ത്വനിപ്പിച്ചു. ആ തെളിഞ്ഞ ജലനീലിമയുടെ പരിശുദ്ധിയിൽ മുങ്ങിനിവർന്നു് പുതിയ ജീവിത വൃത്തങ്ങൾക്കു് അളവെടുത്തു് ഒരാഴ്ചത്തെ ചടഞ്ഞുകൂടിയ പൊടിപുരണ്ട കാവ്യ വൃത്തിക്കുശേഷം രാജനും സഹദേവനും ഊരു ചുറ്റാനിറങ്ങി. ദേശത്തെ വായനശാല കണ്ടുപിടിക്കലായിരുന്നു ഉദ്ദേശ്യം.

കരുവഞ്ചാലിലെ സെന്റ് ജോസഫ്സ് കോളേജും വായനശാലയും ഒടുവിൽ കണ്ടെത്തി. വായനശാലയിലെ മെമ്പർഷിപ്പ് എടുത്തതിനു ശേഷം പുസ്തകവുമെടുത്തു് രാജനും സഹദേവനും കൂടി വെറുതെ സെന്റ് ജോസഫ്സ് കോളേജിൽ ഒന്നു കയറി. പാരലൽ കോളേജുകളിൽ പി. ഒ. സി. എന്ന അത്ഭുതം വിരിഞ്ഞു് പഠനം മുടങ്ങിപ്പോയ പിൻബെഞ്ചുകാരും നിത്യവൃത്തിക്കുവേണ്ടി ഔപചാരിക വിദ്യാഭ്യാസത്തിനു വിലങ്ങു വീണ ചെറുപ്പക്കാരായ വയസ്സന്മാരും പാരലൽ കോളേജിലേക്കു് പി. ഒ. സി. ആയി എസ്. എസ്. എൽ. സി. എഴുതുന്ന കാലമായിരുന്നു അതു്. സെന്റ് ജോസഫ്സ് കോളേജില പി. ഒ. സി. - ക്കു് ഒരു ബാച്ച് തുടങ്ങിയിട്ടുണ്ടു്. അവർ രാജനോടു് പുതിയ ബാച്ചിൽ പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ താല്പര്യമുണ്ടോ?എന്നു ചോദിച്ചു. താൻ കുടുംബം പോറ്റാൻ വേണ്ടി. പപ്പടപ്പണിക്കായി ഈ നാട്ടിൽ വന്ന ഒരു പപ്പടപ്പണിക്കാരനാണെന്നു് ഉത്തരം പറഞ്ഞു.

“വൈകുന്നേരം അഞ്ചുമണിക്കു ശേഷം നൈറ്റ് ബാച്ചുണ്ടു്. ചേരുന്നോ…?”

അങ്ങനെ രാജൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ തീരുമാനിച്ചു. പുതിയ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും വാങ്ങി എം. രാജൻ, പത്താം ക്ലാസ്സ് നൈറ്റ് ബാച്ച്, സെന്റ് ജോസഫ്സ് കോളേജ്, കരുവഞ്ചാൽ എന്നു് എഴുതി പുസ്തകത്തിൽ ഒട്ടിച്ചു. വിഷുവങ്ങളും അയനാന്തങ്ങളും പോലെ സെപ്തംബർ മാർച്ച് ആവർത്തിച്ചുവന്നിരുന്ന കാലം. ആ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷ രാജനും എഴുതി. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. അവിടെതന്നെ പ്രീഡിഗ്രിക്കു് ചേർന്നു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണു് ഇംഗ്ലീഷിൽ ക്ലാസ്സെടുക്കാൻ വന്ന പി. ടി. തോമസിന്റെ ശിഷ്യനാകുന്നതു്. അടിയന്തരാവസ്ഥക്കാലത്തു് കരുണാകരന്റെ പോലീസ് നാർക്കോ അനാലിസിസിനു വിധേയനാക്കുന്ന കേരളത്തിലെ ആദ്യത്തെ അടിയന്തരാവസ്ഥ തടവുകാരനായിരുന്നു പി. ടി. തോമസ്. അദ്ദേഹത്തെ മർദ്ദിക്കുന്നതു കണ്ടു് താൻ തല ചുറ്റി വീണിട്ടുണ്ടു് എന്നു് കവി സച്ചിദാനന്ദൻ എഴുതിയിട്ടുണ്ടു്. കെ. ജി. ശങ്കരപ്പിള്ളയും എം. സുകുമാരനും പി. ടി. തോമസിന്റെ കൂട്ടുകാരാണു്. ഒരു ലക്ഷണമൊത്ത നക്സലൈറ്റ് ശരീരമായിരുന്നു പി. ടി.-യുടേതു്. പൊലീസ് അദ്ദേഹത്തെ ശരിക്കും പെരുമാറിയിട്ടുണ്ടു്. താൻ എഴുതുന്ന കഥകളുടെ പത്തു ശതമാനം റോയലിറ്റി പി. ടി.-ക്കു് അയച്ചുകൊടുക്കാറുണ്ടു് എന്നു് തമാശയായി എം. സുകുമാരൻ പറയുന്നു. അങ്ങനെ അടിയന്തരാവസ്ഥ തടവുകഥകൾ പ്രമേയമാകുന്ന സർഗ്ഗ സൃഷ്ടികളിൽ കെ. ജി. എസ്സും പി. ടി.-ക്കു് റോയൽറ്റി നൽകാറുണ്ടെത്രെ?

കേരളത്തിലെ ഒരു ഫീച്ചറെഴുത്തുകാരനും അഭിമുഖത്തിനും അനുഭവമെഴുത്തിനും താനിതുവരെ ഇരുന്നു കൊടുത്തിട്ടില്ല എന്ന് പി. ടി. വെളിപ്പെടുത്തുന്നു.

പി. ഒ. സി. ആയി പ്രീഡിഗ്രിക്കു് ചേർന്ന ഭഗവാനെ എന്തോ പി. ടി.-ക്കു് ഭയങ്കര ഇഷ്ടമായി. രാജൻ കൂടിയുള്ള ക്ലാസ്സിൽ സംവാദാത്മകമായ ഒച്ചയും ബഹളവും ഈ മുൻ നക്സലൈറ്റ് ശരിക്കും ആസ്വദിച്ചു. ആ സൗഹൃദം ക്ലാസ്സ് മുറിക്കു പുറത്തേക്കും വ്യാപിച്ചു. പലപ്പോഴും രാജനെത്തേടി പി. ടി.-യും പി. ടി.-യെത്തേടി രാജനും ആലക്കോട്ടേക്കും എരമംഗലത്തേക്കും സൗഹൃദ പാത പണിഞ്ഞു.

മോഹനൻമാഷും സക്കീർ ഹുസൈനും സാനിസൺ നെല്ലിപ്പാറ എന്ന സഞ്ചരിക്കുന്ന ലൈബ്രേറിയനും അക്കാലത്തു് രാജന്റെ പാരലൽ കോളേജ് സൗഹൃദമായിരുന്നു. ആലക്കോട്ടെ സർഗ്ഗാത്മകമായ ഈ സൗഹൃദ പപ്പടക്കാലത്താണു് രാജൻ എം. എൻ. വിജയനുമായി സൗഹൃദത്തിലാകുന്നതു്. ധർമ്മടത്തിലെ വീട്ടിൽ പോയി ഭഗവാൻ എം. എൻ. വിജയൻ ദർശനം നടത്താറുണ്ടു്. ഈ സൗഹൃദം വഴി പിന്നീടു് എരമംഗലത്തെ ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ എം. എൻ. വിജയൻ സംബന്ധിക്കുകയും ചെയ്തു.

വന്നേരി ഹൈസ്ക്കൂളിലെ സാംസ്കാരിക പ്രവർത്തനം

27 വർഷത്തെ പപ്പടപ്പൊടിയിൽ ചിതറിത്തെറിച്ചു് വെയിലേറ്റിട്ടും പൊള്ളക്കാത്ത ഒരു പപ്പടമായി ഭഗവാൻ രാജൻ നാട്ടിൽ തിരിച്ചെത്തി. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്ത ആർക്കും വേണ്ടാത്ത ഒരു നനഞ്ഞ പപ്പടച്ചാക്കായി. ഊര വേദനയോ ക്ഷയരോഗമോ മാവിൻപൊടിയുമായുള്ള നിരന്തര സമ്പർക്കം സമ്മാനിക്കുന്ന ശ്വാസം മുട്ടൽ സഹിക്കാനാകാത്ത ആസ്മയായി പരുവപ്പെട്ടു് കുടവയർ ചാടി മെല്ലിച്ച ഒരു പട്ടികക്കഷ്ണം പോലെ പല്ലുകൊഴിഞ്ഞു് പപ്പടപ്പണിക്കാർ തിരിച്ചെത്തുന്നു. കുതിർന്നു വീഴാറായ മൺവീടിലെ തഴപ്പായയാണു് ഇനി അവനെ കാത്തിരിക്കുന്നതു്. മുടിഞ്ഞ മദ്യപാനം ഇവരുടെ വാർദ്ധക്യ പെൻഷനോടു കൂട്ടിച്ചേർക്കാം. പറ്റിറങ്ങി കരൾ പിളർന്നു് കാലത്തിന്റെ പൊട്ടും പൊടിയുമായി മണ്ണിൽ തറഞ്ഞു് പുതഞ്ഞു പോകുന്നു. എന്നാൽ രാജനെ കാത്തിരുന്നതു് നാട്ടിലെ തിളച്ച സൗഹൃദങ്ങളായിരുന്നു. ഊരക്കു് കൈയ്യും കുത്തിയാണു് അയാൾ ബസ്സിറങ്ങിയതു്. സൗഹൃദത്തിന്റെ നെഞ്ചിലെ ചൂടുകൊണ്ടു് അയാൾക്കു് ഇനി ഒരു ചുട്ടപപ്പടമെങ്കിലും ആകണം. ഏഴുവർഷത്തെ സമ്പാദ്യമായി സ്വന്തമായി വാങ്ങിച്ച പത്തുനൂറു പുസ്തകങ്ങളും വളർന്നുവലുതായ മക്കളും. മറ്റൊരു നാലു പേജുള്ള പുസ്തകം കൂടി ആ കൂട്ടത്തിൽ ഉണ്ടു്. എം. രാജൻ 0491045869 എന്നെഴുതിയ ഒരു എസ്. എസ്. എൽ. സി പുസ്തകം. ഇരുന്നു് ഒരു ജോലിയും ഇനി എടുക്കാനാകില്ല. ആയുർവ്വേദം, യോഗ, പ്രകൃതി, ഗാന്ധി ചികിത്സ എല്ലാ മുറകളും ആ ശരീരത്തിൽ പരാജയപ്പെട്ടു. കുട്ടികൾ വിശന്നു് ചുമലിൽ കയറാൻ തുടങ്ങി. “മുടിഞ്ഞ ഈ പുസ്തകവായനയാണു് കാര്യങ്ങൾ ഇങ്ങനെ അവതാളത്തിലാക്കിയതു്.” നല്ല പാതി പരാതിപ്പെട്ടു. “ദാ ഇപ്പോൾ കുട്ടികളും പുത്തകവായന തുടങ്ങിയിരിക്കുന്നു.”

അയാൾ ബ്രെഹ്ത്തിന്റെ ‘വിശക്കുന്ന മനുഷ്യാ പുസ്തകം കൈയ്യിലെടുക്കൂ’ എന്ന വചനം പറഞ്ഞു് ഭാര്യയെ സമാശ്വസിപ്പിച്ചു. അങ്ങനെയാണു് പത്താം ക്ലാസ്സ് പാസ്സായവർക്കുള്ള സ്വയം തൊഴിൽ പദ്ധതിപ്രകാരം ഒരു ഓട്ടോറിക്ഷ വാങ്ങാൻ തീരുമാനിച്ചതു്. പാർട്ടിക്കും ഈ ഘട്ടത്തിൽ രാജനെ എരമംഗലത്തു തന്നെ പിടിച്ചുനിർത്തൽ ആവശ്യമായി വന്നു. ഓട്ടോറിക്ഷക്കു് ധന്യമോൾ എന്നു് പേരിട്ടു. കിട്ടിയ പൈസ വർക്ക്ഷോപ്പിൽ കൊടുക്കാനേ തികഞ്ഞിരുന്നുള്ളൂ. കടം വന്നു മുടിഞ്ഞു് ആ പണി ഉപേക്ഷിച്ചു. അതിൽപ്പിന്നെയാണു് വന്നേരി ഹൈസ്ക്കൂളിൽ കാന്റീൻ നടത്തിപ്പുകാരനായി ട്രാക്ക് ഒന്നു് മാറ്റിയതു്. എന്നും സ്കൂളിലേക്കു് രണ്ടും മൂന്നും പുസ്തകങ്ങൾ വായിക്കാനെടുത്തു. മൾബറിയുടെ ആദ്യകാല പുസ്തകങ്ങൾ. അവ വായനതല്പരരായ വിദ്യാർത്ഥികൾക്കും മാഷന്മാർക്കും വായിക്കാൻ കൊടുത്തു. കാന്റീനിലേക്കു് തക്കാളിയും വെണ്ടക്കയും ചേനയുമൊക്കെ വെച്ചിരുന്ന സഞ്ചിയിൽ പുസ്തകങ്ങളും കയറിപ്പറ്റി. ഒരിക്കൽ മലയാളം ക്ലാസ്സിൽ ഗൗരിട്ടീച്ചർക്കു് ചായ കൊടുക്കാൻ പോകവേ ക്ലാസ്സിൽ ഇടശ്ശേരിയുടെ കവിത പഠിപ്പിക്കുന്നു. ടീച്ചർ കവിത വായിക്കുകയാണു്. രാജനു പെട്ടെന്നു് ദേഷ്യം വന്നു.

“ടീച്ചറേ ഇടശ്ശേരിയുടെ കവിത വായിക്കുകയാണോ… അതും പൂതപ്പാട്ടു്… ”

രാജൻ സഹിക്കാൻ വയ്യാതെ രണ്ടുവരി പാടി. ടീച്ചർ ചോദിച്ചു.

“രാജനു് കവിതയൊക്കെ അറിയാമോ…?”

“ഞാൻ വേണമെങ്കിൽ ഒന്നു് ചൊല്ലിക്കൊടുക്കാം.”

രാജൻ ക്ലാസ്സിൽ കയറി ഒറ്റവീർപ്പിന്റെ ഒറ്റഗിയറിൽ ‘അയ്യയ്യാവരവമ്പിളിപ്പൂങ്കല’ ക്ലാസ്സിൽ താളാത്മകമായി പൊട്ടിച്ചിതറി വീണു. കുട്ടികൾ രസത്തോടെ കവിത കേട്ടിരുന്നു. പിന്നെ രാജന്റെ വകയായിരുന്നു ക്ലാസ്സ്. പൂതപ്പാട്ടു് മാത്രമല്ല, ഇസ്ലാമിലെ വന്മല, കുറത്തി എന്നീ കവിതകളും അയാൾ ആലപിച്ചു. പല മലയാളം ക്ലാസ്സുകളിലും പരിപ്പുവടക്കും കട്ടൻചായക്കുമൊപ്പം അയാൾ കവിതയും സബ്സിഡിയായി നൽകി. തന്റെ തൊണ്ടയിലെ കാവ്യദാഹങ്ങൾക്കു് ഉന്മേഷങ്ങൾ നൽകി. രാജന്റെ കവിതാലാപന ശൈലിക്കു് സ്കൂളിൽ പരക്കെ സ്വീകാര്യത ഉണ്ടായി.

“എന്തു് താളത്തിലും ഭംഗിയിലുമാണു് രാജൻ ചുള്ളിക്കാടിന്റെ ‘ആനന്ദധാര’ ചൊല്ലുന്നതു്,” ഹെഡ്മാസ്റ്റർ മലയാളം ടീച്ചർമാരുടെ മുഖത്തുനോക്കി തുറന്നടിച്ചു.

സ്കൂൾ യുവജനോത്സവം വന്നു. പുതിയ കാന്റീൻ നടത്തിപ്പുകാരനായ ഭഗവാൻ രാജന്റെ അമിതാവേശം കാരണം വന്നേരി ഹൈസ്ക്കൂൾ ഇത്തവണ ഒരു നാടകം ചെയ്യാൻ തീരുമാനിച്ചു. നാടകത്തിന്റെ സ്ക്രിപ്റ്റും സംവിധായകനെയും അയാൾ തന്നെ കൊണ്ടുവന്നു. ഇന്ദ്രൻ മച്ചാടു് സംവിധാനം ചെയ്ത ‘ഓൻ തിരിച്ചുവരും’ എന്ന നാടകത്തിനു് ആ വർഷം സംസ്ഥാന യുവജനോത്സവത്തിൽ ‘എ’ ഗ്രേഡോടുകൂടി മികച്ച നടനുള്ള അംഗീകാരവും കിട്ടി. പിന്നീടുള്ള എല്ലാ വർഷങ്ങളിലും സംസ്ഥാന യുജനോത്സവത്തിൽ വന്നേരി ഹൈസ്ക്കൂൾ പുന്നയൂർക്കുളം സ്ഥിരം സാന്നിദ്ധ്യമായി. യുവജനോത്സവക്കാലങ്ങളിൽ നരച്ച പാന്റിട്ടു് അയഞ്ഞ ഷർട്ടും തൂക്കിയ ഊശാൻ താടിക്കാർ രാജന്റെ കാന്റീനിൽ വന്നും പോയും ഇരുന്നു. പകൽ സ്കൂളും കാന്റീനും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വൈകീട്ടു് എരമംഗലത്തു് പാർട്ടി പ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം ഇതാണു് രാജന്റെ ഇപ്പോഴത്തെ പണികൾ. നാട്ടിലെ കുളങ്ങളും തോടുകളും കായലോരങ്ങളും നീർത്തടങ്ങളും ഇരിക്കപ്പൊറുതി കിട്ടാതെ അസ്വസ്ഥമാകാൻ തുടങ്ങിയ സന്നിഗ്ദ്ധ ഘട്ടത്തിലായിരുന്നു ഭഗവാൻ രാജന്റെ നാട്ടിലേക്കുള്ള തിരിച്ചേറ്റം. ‘കുന്നിടിച്ചു നിരത്തുന്ന യന്ത്രമേ’ എന്ന കവിത വന്നു. കെ. ഇ. എൻ.-ന്റെ ‘ഇരകളുടെ മാനിഫെസ്റ്റോ’, ‘കറുപ്പിന്റെ സൗന്ദര്യശാസ്ത്രം’ എന്നീ പുസ്തകങ്ങൾ രാജന്റെ കൈയ്യിൽ ഈ കാലഘട്ടത്തിൽ എപ്പോഴും കൂടെയുണ്ടായിരുന്നു. സർഗ്ഗവേദി വായനാശാലയുടെ 25-ാം വാർഷികത്തിൽ കെ.ഇ. എന്നിന്റെ ‘കറുപ്പിന്റെ സൗന്ദര്യശാസ്ത്ര’വും ‘ഇരകളുടെ മാനിഫെസ്റ്റോ’യും അവലംബിച്ചാണു് അയാൾ സ്വാഗതപ്രസംഗം നടത്തിയതു്. പറമ്പു് മാഫിയകൾക്കും ഭൂസ്വാമിമാർക്കും രാജൻ സർപ്പസാന്നിദ്ധ്യമായി.

ഗ്രാമസഭകളിൽ അടക്കാൻ പറ്റാത്ത ഈ തൊണ്ടയുടെ പ്രതിഷേധങ്ങൾ അവഗണിക്കാൻ വയ്യെന്നാണു് ഭരണപക്ഷ മെമ്പർമാരുടെ പരാതി. ഭഗവാൻ രാജൻ എങ്ങും എപ്പോഴും എവിടെയും ഒരു തൊണ്ട എതിർപ്പുമായി പ്രക്ഷപ്പെടുമെന്നായി. എത്ര ഉറക്കെ ശബ്ദിച്ചിട്ടും അയാളുടെ തൊണ്ട ഇനിയും അടഞ്ഞിട്ടില്ല. നാട്ടിൽ കായൽ കൈയ്യേറ്റം നടന്നു. ബിയ്യം കായലിനു സമീപമുള്ള മെയിൻ റോഡിനു് അടുത്തുള്ള കായൽ സ്ഥലം മടത്തിക്കാട്ടിലെ അബ്സാർ തൂർക്കാൻ വേണ്ടി ശ്രമിച്ചു. ആദ്യം രണ്ടു ലോഡ് ചെമ്മണ്ണു കൊണ്ടുവന്ന് തട്ടി. നികന്നുകിട്ടിയാൽ ഒരേക്കറോളം കായൽ സ്ഥലമാണു്. നരണിപ്പുഴ പാലത്തിനോടു് ചേർന്നു് മെയിൻ റോഡിന്റെ അരികിൽ കോടികൾ വിലകിട്ടും. അധികാരികൾക്കു് കൈക്കൂലികൊടുത്തു് അബ്സാർ ഉണക്കമീൻ കണ്ട പൂച്ചപോലെയായി. വെറ്റ്ലാന്റ് പ്രവർത്തകർ രാജന്റെ നേതൃത്വത്തിൽ പറന്നെത്തി. പാർട്ടി കൊടി കുത്തി. രാജൻ പോരാട്ടം പ്രവർത്തകനാണെന്ന് അബ്സാർ എസ്. ഐ.-ക്കു രഹസ്യവിവരം കൊടുത്തു.

“ആരാടാ ഭഗവാൻ രാജൻ?”

“ഞാനാണു്.”

“നീയാണോടാ പോരാട്ടം പ്രവർത്തകൻ?”

“അല്ല… ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ എരമംഗലം ബ്രാഞ്ച് കമ്മറ്റി മെമ്പറാണു്.”

പാർട്ടി ഇടപെട്ടു് രാജൻ മോചിതനായി. അങ്ങനെ രാജനു് ഈ സംഭവത്തോടെ പോരാട്ടം രാജൻ എന്ന പേരും കിട്ടി.

ആദർശത്തിന്റെയും ലാളിത്യത്തിന്റെയും ഊന്നുവടികൊണ്ടു് ഉയരം കൂടിപ്പോയ ഈ സാധാരണക്കാരൻ വായനയുടെ ജാഗ്രത കൊണ്ടു് ഉണർവ്വു് ഒരു ബാധ്യതയാണെന്നു് തിരിച്ചറിഞ്ഞു. ഈ പ്രദേശത്തിന്റെ കാവൽമരമായി നരണിപ്പുഴ കടവിൽ ഉണർന്നിരിക്കുന്നു.

ഷൗക്കത്തലീ ഖാൻ
images/shoukathali.png

പൊന്നാനിയിലെ എരമംഗലം സ്വദേശി. എരമംഗലത്തെ എൽ. പി., യു. പി. സ്കൂളുകൾ പൊന്നാനി എ. വി. ഹൈസ്കൂൾ കോഴിക്കോടു് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ആനുകാലികങ്ങളിൽ എഴുതുന്നു 5 പുസ്തകങ്ങൾ. ആസുരനക്രങ്ങൾ, പൊത്തു് (കവിത സമാഹാരങ്ങൾ) വന്നേരിയുടെ വഴിയടയാളങ്ങൾ, (ചരിത്രം) കാഞ്ഞിരവും കാരമുൾക്കാടും (ഓർമ്മ) കണ്ടാരി (നോവെല്ല) എന്നിങ്ങനെ. തിരൂരിലെ എസ്. എസ്. എം. പോളിയിൽ ജീവനം.

ഭാര്യ: ആരിഫ

കുട്ടികൾ: മുബഷിറ, സ്തുതി, ആയിഷ സന.

Colophon

Title: Oru Pappadappanikkarante Vayanayum Jeevithavum (ml: ഒരു പപ്പടപ്പണിക്കാരന്റെ വായനയും ജീവിതവും).

Author(s): Shoukathali Khan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-19.

Deafult language: ml, Malayalam.

Keywords: Feature, Shoukathali Khan, Oru Pappadappanikkarante Vayanayum Jeevithavum, ഷൗക്കത്തലീ ഖാൻ, ഒരു പപ്പടപ്പണിക്കാരന്റെ വായനയും ജീവിതവും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Head of a man, composed of nude figures, an oil painting by Max Weber (1881–1961). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.