“സാറെ, എന്റെ ഭാര്യയുടെ ഡെത്ത് സർട്ടിഫിക്കറ്റ് ആണിതു്.”
പതിഞ്ഞ ഒരു ശബ്ദത്തിനു പിന്നാലെ ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് എനിക്കു കൈമാറുമ്പോൾ ആ വൃദ്ധന്റെ കൈകൾ നന്നായി വിറച്ചിരുന്നു.
ഭാര്യയുടെ പെൻഷൻ, കുടുംബ പെൻഷൻ ആക്കി മാറ്റുന്നതിനുള്ള അപേക്ഷയും ഒപ്പമുണ്ടായിരുന്നു.
ഷേവ് ചെയ്യാത്ത ദീനമായ മുഖം. കുഴിഞ്ഞ കണ്ണുകൾ. മുറികയ്യൻ ഷർട്ട്.
ഒറ്റനോട്ടത്തിൽ തന്നെ വിഷമം തോന്നും.
അപേക്ഷ കൈയിൽ വാങ്ങി ഓടിച്ചു നോക്കി.
നാലഞ്ചു വർഷം മുൻപു് വിരമിച്ച ഒരു ഉദ്യോഗസ്ഥയുടെ ഭർത്താവായിരുന്നു അതു്.
“എന്തു പറ്റിയതായിരുന്നു”? പതിയെ ചോദിച്ചു
ഒരു നെടുവീർപ്പു് ആയിരുന്നു മറുപടി.

“എന്നെ ഒറ്റക്കാക്കി പൊയ്ക്കളഞ്ഞു. ഞാൻ നോക്കി… പോകാതിരിക്കാൻ. പക്ഷേ,… ഒടുവിൽ എന്നെ ഒറ്റക്കാക്കി അവൾ പോയി.”
കവിളിലൂടെ കണ്ണുനീർ ഇറ്റു വീണു.
“കാൻസർ. ഒരുപാടു് വേദന തിന്നു. ചെയ്യാവുന്നതൊക്കെ ചെയ്തു. എന്നിട്ടും”
മുഖം കുനിച്ചിരിക്കുന്ന ആ വയോധികനോടു് എന്തു പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു.
ചുളിവുകൾ വീണ ആ കൈയിൽ പതിയെ അമർത്തിപ്പിടിച്ചു.
“വിഷമിക്കരുതു്, ഒരു കൂടപ്പിറപ്പിനെപ്പോലെ കണ്ടാൽ മതി.”
പെട്ടെന്നാണു് പരിസരം മറന്നു് അദ്ദേഹം പൊട്ടിക്കരഞ്ഞതു്. ഞാൻ അന്ധാളിച്ചു പോയി. ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞു് പതുക്കെ പറഞ്ഞു തുടങ്ങി.
“രണ്ടു മതസ്ഥർ ആയിരുന്ന ഞങ്ങൾ അടുത്തു. വീട്ടുകാരുടെ എല്ലാം എതിർപ്പുകൾ മറികടന്നു ഞങ്ങൾ ഒന്നിച്ചു ജീവിച്ചു.”
“എന്റെ ചെറിയ ടെയ്ലറിങ് ഷോപ്പും കടയും മാത്രമായിരുന്നു വരുമാനം. എനിക്കു വലിയ വിദ്യാഭ്യാസം ഒന്നുമില്ല സാറെ. അവൾ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാ എന്റെ കൂടെ പോന്നതു്. വല്യ കുടുംബക്കാരായിരുന്നു. പക്ഷേ, നിവൃത്തിയില്ലാതായി. അതോടെ വീട്ടുകാരും ഞങ്ങളെ കൈയൊഴിഞ്ഞു. എന്നെ കൊണ്ടാവുംവിധം പഠിപ്പിച്ചു. ടെസ്റ്റ് എഴുതിച്ചു. ജോലിയായി.”
ഒന്നു് നിർത്തി. വീണ്ടും പറഞ്ഞു തുടങ്ങി.
“രണ്ടു മക്കൾ. എത്ര സന്തോഷമായിരുന്നു. രണ്ടു പേരും പഠിച്ചു. ജോലി, കുട്ടികൾ, കുടുംബം ഒക്കെ ആയി നല്ല നിലയിൽ. ഞാനും അവളും മാത്രമായിരുന്നു വീട്ടിൽ. അവളെപ്പോഴും പറയും. ‘മക്കളെ ഒന്നും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ളതു് എനിക്കു കിട്ടും. ആരുമില്ലാതെ നമ്മളിത്രവരെ ആയില്ലേ? ആരോടും ഒന്നും ആവശ്യപ്പെടേണ്ട. എന്റെ പെൻഷൻ കൊണ്ടു് നമുക്കു സുഖമായി കഴിയാം. ഇച്ചാ ഇനി കടയിൽ ഒന്നും പോണ്ട.’ പെൻഷൻ ആയപ്പോ കിട്ടിയ തുക ബാങ്കിൽ ഇട്ടിരുന്നു സാറെ” വൃദ്ധൻ വിതുമ്പി.
“അസുഖം വന്നാൽ എന്തു ചെയ്താലും ആശുപത്രിയിൽ പോകില്ല. തന്നെ ലൊട്ടുലൊടുക്കു് ചികിത്സ ചെയ്തോണ്ടു് നടക്കും.”
ഒന്നു് നിർത്തി അദ്ദേഹം തുടർന്നു: “തീരെ നിവൃത്തിയില്ലാതെ വന്നപ്പോഴാ ആശുപത്രിയിൽ പോയതു്. അപ്പോഴേക്കും… അപ്പോഴേക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു.”
ശ്വാസം എടുക്കാൻ വിഷമിച്ച ആ പാവം കുനിഞ്ഞു നിവർന്നു.
“അവള് പറഞ്ഞപോലെ എനിക്കു കഴിയാനുള്ളതൊക്കെ വെച്ചിട്ടു്… അവൾ… അവൾ… പോയി. എന്നെ തനിച്ചാക്കി.” ആ വൃദ്ധൻ തേങ്ങി തേങ്ങിക്കരഞ്ഞു.
“ആ വീടും ഓർമകളും മാത്രം മതി ഇനി. മക്കൾ വിളിക്കുന്നുണ്ടു്. അവളെ തനിച്ചാക്കി ഞാനെങ്ങനെ പോകും.”
ഒന്നും മിണ്ടാനാവാതെ ഞാൻ പേപ്പറുകൾ പരിശോധിച്ചു.
“പെട്ടന്നു് ശരിയാക്കാട്ടോ. വിളിച്ചു പറയാം. കുടിക്കാൻ എന്തെങ്കിലും വേണോ?”
“വേണ്ട കുഞ്ഞേ. ഇറങ്ങട്ടെ.” ഞാൻ തലയാട്ടി.

മേശപ്പുറത്തിരുന്ന കുടയും എടുത്തു പതിയെ ആ വൃദ്ധൻ വരാന്തയിലൂടെ നടന്നു മറയുന്നതു നോക്കി നിന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. പെട്ടെന്നു് മൊബൈൽ റിങ് ചെയ്തു. അനിയത്തിയാണു്.
“ചേച്ചി ഞാനങ്ങോട്ടു വരുവാ. എനിക്കിങ്ങേരുടെ കൂടെ പറ്റില്ല.”
“നീ എന്താ ഈ പറയുന്നേ?”
“ ചേച്ചി ഒന്നും പറയണ്ട. അഡ്ജസ്റ്റ് ചെയ്തു നരകിക്കാനൊന്നും എനിക്കു വയ്യ. ഞാൻ തീരുമാനിച്ചു.”
ഫോൺ കട്ടായി. വല്ലാത്ത ഒരു മരവിപ്പു്. ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി. കാറ്റു് കോമ്പൗണ്ടിലെ മരച്ചില്ലകളെ തലോടി പോകുമ്പോൾ എനിക്കു ചുറ്റും അടക്കിയ തേങ്ങലുകൾ ചിതറി വീഴുന്നതുപോലെ.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി. രണ്ടു കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ടു്: മഴയിലേക്കു തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ. ആനുകാലികങ്ങളിൽ കവിതയെഴുതുന്നു. ഭർത്താവു്: ഡി. ഉല്ലാസ്, മക്കൾ: അഭിരാം വിനായക്, ആദിത്യ വിനായക്.