“ഹാപ്പി ബർത്ത്ഡേ അമ്മേ”
സാമ്പാറിനു് കഷണം നുറുക്കുകയായിരുന്ന ബാല ഞെട്ടിതിരിഞ്ഞു. മൂത്ത മോൻ അപ്പുവാണു്.
“ഇന്നു് നേരത്തെ എഴുന്നേറ്റോ, എന്തുപറ്റി?”
“ഏയ്, ചുമ്മാ, ഇന്നു് അമ്മയുടെ ബർത്ത്ഡേ അല്ലേ? രാവിലെ തന്നെ ചൂടോടെ വിഷ് ചെയ്തേക്കാം എന്നുവെച്ചു.” അവൻ ചിരിച്ചു.
ഇന്നു് എന്റെ പിറന്നാൾ ആണല്ലേ, അപ്പോഴാണു് അവൾ അതു് ഓർത്തതു്. മോൻ അതോർത്തു എന്നോർത്തപ്പോൾ കണ്ണുനിറഞ്ഞു.
“അമ്മയുടെ പിറന്നാളിന്റെ കാര്യം ഞാൻ മറന്നു എന്നോർത്തോ?” തോളിൽ കയ്യിട്ടു കൊണ്ടു് അപ്പു ചോദിച്ചു.
ഒരു പൊതി കയ്യിൽ കൊടുത്തിട്ടു് അവൻ പറഞ്ഞു: “ഇഷ്ടമായോ എന്നു് നോക്കിക്കേ.”
ആകാംക്ഷയോടെ പാക്കറ്റ് പൊട്ടിച്ചു.
“ഹോ വലിയൊരു വാച്ച്” നോക്കിയ ഫോണിന്റെ അത്രയും വലിപ്പമുള്ള ഡയൽ.
“ഇതെന്നാ ഡാ മോനെ? ഇത്രയും വലിയ വാച്ചോ?” തിരിച്ചും മറിച്ചും നോക്കിയിട്ടു്, “ഇതു വാച്ച് തന്നെയാണോ?”
അപ്പൂനു ചിരി വന്നു.

“എന്റെ ഈ മെലിഞ്ഞ കയ്യിൽ ഇതൊന്നും ചേരില്ല. ഇതു് ആണുങ്ങൾ കെട്ടണതല്ലേ. അച്ഛനു കൊടുത്തേക്കാം.”
“പിന്നേ, ഒന്നു ചുമ്മാ ഇരുന്നേ അമ്മേ, ഇതിന്റെ പേരാണു് സ്മാർട്ട് വാച്ച്. എന്തൊക്കെ ഓപ്ഷൻ ആണു് എന്നറിയാമോ?
ബാല കണ്ണു മിഴിച്ചു മോനെ നോക്കി.
“വാച്ചല്ലേ സമയം നോക്കിയാൽ പോരേ?” അവൾക്കു ചിരി വന്നു.
“എന്റെ അമ്മേ, ഇതിൽ അമ്മയുടെ പ്രഷർ അറിയാം, ഹാർട്ട് ബീറ്റ് അറിയാം, അലാം വെക്കാം, ഫോൺ കോൾ വരുന്നതു്, മെസ്സേജ് വരുന്നതു്, വാട്സ്ആപ്പ് വരുന്നതു് ഒക്കെ അറിയാന്നേ.”
അപ്പു ഓരോന്നു കാണിച്ചു തുടങ്ങി.
“എനിക്കു് ഇതൊന്നും അറിയില്ല, ഞാൻ പറഞ്ഞതല്ലേ, ഒരുപാടു് വിലയായി കാണും. ഇത്രയും വിലയുള്ള വാച്ച് ഒന്നും എനിക്കു് വേണ്ടാന്നു്. അല്ലെങ്കിലും ഇതൊന്നും നോക്കാനും എനിക്കറിയില്ല. ആകെ അറിയാവുന്നതു് വാട്സ്ആപ്പ് മെസ്സേജ് അയക്കാനാ” ബാല ചിരിച്ചു.
സ്മാർട്ട് വാച്ചിനെ ആക്സെപ്റ്റ് ചെയ്യാൻ അവൾക്കു് ഒരു വിഷമം.
“എന്നാലും എടാ മോനേ!” അവൾക്കു പിന്നെയും സംശയം.
“എന്താന്നു വെച്ചാൽ അമ്മ ചെയ്യ്” അപ്പൂനു് ദേഷ്യം വന്നു തുടങ്ങി. അവൻ മുകളിലേക്കു പോയി.
സാമ്പാറിനു് വെണ്ടയ്ക്ക നുറുക്കി കൊണ്ടിരിക്കുകയായിരുന്നു ബാല. എട്ടരയ്ക്കു് ഓഫീസിലേക്കു് ഇറങ്ങണം. അതിനുമുമ്പു് നൂറുകൂട്ടം കാര്യങ്ങളാണു്. തുണി മിഷനിൽ ഇട്ടിട്ടുണ്ടു്. രാവിലെ മുറ്റം ഒന്നും തൂക്കാൻ നേരം കിട്ടാറില്ല. എല്ലാവർക്കും ലഞ്ച് പാക്ക് ചെയ്യണം. താലൂക്ക് ഓഫീസിലാണു് അവൾക്കു ജോലി. ഭർത്താവു് മധു പിഡബ്ല്യുഡി-യിലും. ബാലയും മധുവും നാട്ടുകാരാണു്. ഒരേ കോളേജിൽ പഠിച്ചവർ. പ്രണയിച്ചു വിവാഹം കഴിച്ചവർ. മക്കൾ രണ്ടുപേർ. മൂത്തവൻ സോഫ്റ്റ്വെയർ എൻജിനീയർ. മോളുടെ കോഴ്സ് കഴിഞ്ഞിട്ടില്ല. ഡിഗ്രി രണ്ടാം വർഷം. സംതൃപ്ത കുടുംബം. മിച്ചം വെച്ചും, ചിട്ടി പിടിച്ചുമൊക്കെയായി ഓരോ ആവശ്യങ്ങൾ നടത്തി. അല്ലലില്ലാതെ കഴിയുന്ന ഒരു കുടുംബം.
ബാലയ്ക്കു് വാച്ചു നിർബന്ധമാണു്. അവൾ പറയും, വളയിട്ടില്ലെങ്കിലും എനിക്കു വാച്ച് വേണം. പണ്ടു് വളയൊന്നും ഇല്ലാതിരുന്ന കാലത്തു് ഈ വാച്ചു കെട്ടി ആണു് താൻ അഭിമാനം സംരക്ഷിച്ചിരുന്നതു് എന്നു് അവൾ ഇടയ്ക്കിടെ ഓർക്കാറുണ്ടു്. അതുകൊണ്ടുതന്നെ വാച്ചിനോടു് പ്രണയമായിരുന്നു.
ബാലയുടെ വാച്ച് കേടായിട്ടു് ഒത്തിരിയായി. ഓരോരോ തിരക്കുകൾ കൊണ്ടു പുതിയതൊന്നും വാങ്ങാനും പറ്റിയില്ല. വാങ്ങുന്ന കാര്യം ഇടയ്ക്കിടെ വീട്ടിൽ പറയുമായിരുന്നു. അപ്പോഴാണു് പിറന്നാൾ സമ്മാനമായി സ്മാർട്ട് വാച്ച് കിട്ടിയതു്. ഒരു വാച്ച് എന്നതിലുപരി പൊന്നു മോന്റെ സമ്മാനം. അതായിരുന്നു അവളെ ഏറെ സന്തോഷിപ്പിച്ചതു്.
ആ വാച്ചും പിടിച്ചു് അങ്ങനെ ഇരുന്നു. മുട്ടിറങ്ങി കിടക്കുന്ന പാവാട ഉടുത്ത മെലിഞ്ഞ പത്താംക്ലാസുകാരി ഓർമ്മയിൽ തെളിഞ്ഞു. പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു തലേദിവസം. ചെറിയ ഡയലും സ്ട്രാപ്പുമുള്ള ഒരു വാച്ച് അച്ഛൻ സമ്മാനിച്ച ദിവസം. ആദ്യമായി കോളേജിൽ പോയപ്പോൾ, കൂടെക്കൂടെ സമയം നോക്കുന്ന കാര്യം ഓർത്തപ്പോൾ ചിരിവന്നു. അന്നൊക്കെ വാച്ച് ഉള്ള കുട്ടികൾ കുറവാണു്. അതുകൊണ്ടുതന്നെ ഇത്തിരി ഗമയും ഉണ്ടായിരുന്നു.
പത്താം ക്ലാസ്, കോളേജ്, ഡിഗ്രിയും കഴിഞ്ഞു കുറേക്കാലംകൂടി അതു തന്റെ കയ്യിൽ ഉണ്ടായിരുന്നു. പിന്നീടു് അതു് എവിടെ പോയോ? ആ വാച്ച് ജീവിതത്തിൽ എത്ര വലുതായിരുന്നു. തന്റെ നിമിഷങ്ങളെ ചിട്ടപ്പെടുത്താൻ കൂടെ എന്നും ഉണ്ടായിരുന്നു.
വാച്ചിന്റെ സൂചിക്കു വേഗം പോരാ എന്നു് തോന്നിയ നാളുകൾ ഉണ്ടായിരുന്നു. കുളിരോടെ ബാല ഓർത്തു. മധുവിനെ പ്രണയിച്ചു നടന്ന കാലം. കോളേജിലേക്കു് പോകുന്ന വഴിയും തിരിച്ചു വരുന്ന വഴിയും, കാണാനായി ഒന്നു മിണ്ടാനായി, സമയം നോക്കി നിന്ന കാലം. കാത്തു കാത്തിരുന്ന സമയം.
അന്നു് നിമിഷങ്ങൾക്കു് വേഗത പോരായിരുന്നോ? അറിയാതെ ഊറിച്ചിരിച്ചു പോയി.
പിന്നെ എപ്പോഴാണു് അതു് നഷ്ടമായതു്. ആ വാച്ച് കേടായതു് ആണോ അതോ നഷ്ടപ്പെട്ടു പോയതാണോ, ഓർമ്മയില്ല. ഒരുപാടു വർഷങ്ങൾ പുറകിലേക്കു് അവൾ പോയി. ഓർമ്മകളുടെ കുത്തൊഴുക്കു്.
കറുത്ത നിറമുള്ള സ്മാർട്ട് വാച്ച്. “കൊള്ളാം.”
ബാല മനസ്സിൽ പറഞ്ഞു. പക്ഷേ, ഒരു കുറച്ചിൽ പോലെ. പഴമയുടെ ഭൂതം വേർപെട്ടുപോകാൻ ഒരു മടി. അത്രതന്നെ. ലേഡീസിനു് പറഞ്ഞിരിക്കുന്ന ചില മോഡലുകൾ ഉണ്ടല്ലോ. അതു തന്നെ കാര്യം.
“അയ്യേ ആളുകൾ എന്തു വിചാരിക്കും?”
ഈ ഒരു ചിന്ത തന്റെ എത്ര ആഗ്രഹങ്ങളെ നുള്ളിക്കളഞ്ഞിരിക്കുന്നു എന്നു് അവൾ വെറുതെ ഓർത്തു.
“ഈ അമ്മക്കെന്താ, മാറ്റങ്ങൾക്കനുസരിച്ചു മാറണം.” അപ്പു പറയും: “പഴമ്പുരാണവും പറഞ്ഞിരുന്നോ. ഇതു് ലേറ്റസ്റ്റ് ടെക്നോളോജികളുടെ കാലമാ. നാട്ടിൽ എന്തെല്ലാം ഡെവലപ്പ്മെന്റ്സ് നടക്കുന്നു. അതിനനുസരിച്ചു സൗകര്യങ്ങൾ കൂടുന്നു. അതു് ഉപയോഗിക്കണം. നമുക്കു വേണ്ടിയല്ലേ ഇതൊക്കെ ഉണ്ടാക്കുന്നതു തന്നെ.”
മോൾ ഏറ്റു പിടിക്കും: “അമ്മയ്ക്കു് ഒരു വിചാരമുണ്ടു്. അമ്മയുടെ പ്രായമുള്ളവരൊന്നും ഇതൊന്നും ഉപയോഗിക്കാൻ പാടില്ല എന്നു്.”
“ഞങ്ങളുടെ കോളേജിലെ മിസ്സ്മാരെ കാണണം. എന്തു സ്റ്റൈലിലാ വരവും പോക്കും. സ്മാർട്ട്ഫോണും വാച്ചും അവരൊക്കെ ലേറ്റസ്റ്റ് അപ്ഡേറ്റ്സാ. അറിയാമോ? അമ്മക്കു് ഇപ്പോഴും ഇതൊക്കെ പേടിയാ. അമ്മമ്മയേക്കാൾ പഴഞ്ചനാ.” അവൾ കളിയാക്കും.

“എന്റെ അച്ഛാ, ഈ അമ്മയെ ഒന്നു് മോഡേൺ ആക്കി എടുക്കാൻ ഇനി എന്തു ചെയ്യും?”
“എന്റെ മക്കളെ അതു് ഞാൻ സുല്ലിട്ട കാര്യമാ.” മധു ചിരിച്ചുകൊണ്ടു് കൈമലർത്തും.
“ആഹാ, മധുബാല സ്വപ്നം കണ്ടുകൊണ്ടു് ഇരിക്കുകയാണോ?” മോളാണു്. അവൾ വേഗം ഗ്യാസ് സിമ്മ് ആക്കി വെച്ചു.
“അമ്മയ്ക്കു് ഇതെന്തുപറ്റി ഇന്നു്? രാവിലെ ഓടിനടന്നു് പണിയെടുക്കുന്നതാണല്ലോ. ഇതെന്തൊരു ഇരിപ്പാ? ഇന്നു് ഓഫീസിൽ പോകുന്നില്ലേ?” അവൾ അതിശയം കൂറി.
ശ്… ശ്…
“അയ്യോ വെണ്ടയ്ക്ക കരിഞ്ഞല്ലോ” ബാല ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. വേഗം ജോലിയൊക്കെ ഒതുക്കി. കുളിച്ചു. റെഡി ആയി. എന്തോ എന്നത്തെക്കാളും വൃത്തിയായി സാരി ഞൊറിഞ്ഞുടുത്തു.
മേശപ്പുറത്തിരുന്ന വാച്ച് എടുത്തു. മനസ്സിൽ ഒരു പിടിവലി. “ചേരുമോ എന്റെ കൈയ്ക്കു്.”
“ശ്ശോ ബോറാണോ? ഓഫീസിലുള്ളവർ ജാടയാണെന്നു കരുതുമോ?”
അല്ലെങ്കിൽ തന്നെ ഞാൻ എന്താ ഇങ്ങനെ? അമ്മമ്മയുടെ സ്വാധീനം നന്നായിട്ടുണ്ടു്. കാവും പറമ്പും വിലക്കുകളും ഒക്കെയായിരുന്നു തന്റെ ബാല്യത്തിൽ. പെൺകുട്ടികൾ അടക്കവും ഒതുക്കവും വേണം എന്നുള്ള വിലക്കുകൾ. ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ടു് എന്നുള്ളതു് ശരിയാണല്ലോ. ബാല ചിന്തിച്ചു. മറ്റുള്ളവരുടെ ഒക്കെ മുൻപിൽ ഇങ്ങനെയൊക്കെ നടക്കാൻ തനിക്കുള്ള വിമുഖത, എത്ര ശ്രമിച്ചിട്ടും മാറുന്നില്ല.
ചുരിദാർ ഇടാൻ തുടങ്ങിയതുതന്നെ ഈ അടുത്തയിടെയാണു്. മോളുടെ നിർബന്ധം കൊണ്ടു്. അവൾ പറയും അവളുടെ കൂട്ടുകാരുടെ അമ്മമാർ ഒക്കെ മോഡേൺ ചുരിദാറും കുർത്തയും ഒക്കെ ഇടുന്നവരാണു്. അമ്മയ്ക്കു മാത്രം എന്നുമുണ്ടു് കുറെ നരച്ച കളറുള്ള കോട്ടൺ സാരി.
എന്തുകൊണ്ടാണു് ഇങ്ങനെ.
“ഇതൊന്നും അത്ര തെറ്റൊന്നുമല്ല ബാല. നന്നായി നടക്കുകയും, നമ്മുടെ ഇഷ്ടങ്ങൾക്കൊത്തു ജീവിക്കുകയും ഇഷ്ട ഭക്ഷണം കഴിക്കയും ഒക്കെ ഇനിയെന്നാണു്? കാലം കടന്നു പോവുകയാണു്.”
“എന്റെ ബാലേ, ഇനിയെങ്കിലും നീ നീ ആയിട്ടു് ഒന്നു് ജീവിച്ചു നോക്കൂ. ആഗ്രഹങ്ങളൊക്കെ മതി അടക്കി വെച്ചതു്.” ഉള്ളിലിരുന്നു് ആരോ മന്ത്രിക്കുന്നു.
ബാല ഒരു ഡീപ് ബ്രെത്ത് എടുത്തു. പിന്നെ എന്തോ ഒന്നുറപ്പിച്ചതുപോലെ വാച്ച് കയ്യിലെടുത്തു.
“നീ ഒന്നു് വരുന്നുണ്ടോ ബാലെ?” സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു് മധു തിരക്കുകൂട്ടി.
“ദാ വരുന്നു. ഒരു മിനിറ്റ്”
“അപ്പൂ, മോനേ.”
“എന്താമ്മേ” അപ്പു ഇറങ്ങി വന്നു.
“എടാ മോനെ അതേ ഈ വാച്ചിൽ ആ വാട്സ്ആപ്പ് ഒന്നു് ശരിയാക്കിയേ” മധുവിനെ ഇടം കണ്ണിട്ടു നോക്കി ബാല പറഞ്ഞു.
“ദേ അമ്മ പൊളിച്ചുല്ലോ” മോള് പൊട്ടിച്ചിരിച്ചു.
“പോ കൊച്ചേ” ബാല കൃത്രിമ ഗൗരവം ഭാവിച്ചു.
“എന്റെ മോൻ വാങ്ങിത്തന്നതു് ഞാൻ കെട്ടാതെ ഇരുന്നാൽ ശരിയാവില്ല. പിന്നെ ഞാനൊരു പഴഞ്ചൻ ആണെന്നുള്ള നിങ്ങടെ പരാതി തീരൂല്ലോ.”
ഇടം കയ്യിൽ കറുത്ത മിന്നുന്ന സ്മാർട്ട് വാച്ച് കെട്ടി ബാഗുമെടുത്തു് ഉറച്ച ചുവടുകളോടെ മധുവിന്റെ അടുത്തുചെന്നു് പറഞ്ഞു: “അപ്പോൾ പോകുവല്ലേ”
മക്കളെ നോക്കി കണ്ണിറുക്കി കൊണ്ടു് പുഞ്ചിരിയോടെ മധു സ്കൂട്ടർ മുന്നോട്ടെടുത്തു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശി. രണ്ടു കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ടു്: മഴയിലേക്കു തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ. ആനുകാലികങ്ങളിൽ കവിതയെഴുതുന്നു. ഭർത്താവു്: ഡി. ഉല്ലാസ്, മക്കൾ: അഭിരാം വിനായക്, ആദിത്യ വിനായക്.