സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1997-12-12-ൽ പ്രസിദ്ധീകരിച്ചതു്)

images/KPSudheera.jpg
കെ. പി. സുധീര

എനിക്കൊരാൾ നന്മ ചെയ്താൽ അയാളോടു് എനിക്കുണ്ടാകുന്ന വൈകാരിക പ്രതികരണമാണു് സ്നേഹം. ഞാൻ അനവഹിതനായി മഹാപഥത്തിലൂടെ നടക്കുന്നു. പുറകേ കാറ് വരുന്നതു് ഞാൻ കാണുന്നില്ല. പൊടുന്നനെ ഒരു യാത്രക്കാരൻ എന്നെ പിടിച്ചുവലിച്ചു പന്ഥാവിന്റെ ഒരു വശത്തേക്കു് ആക്കുന്നു. എനിക്കു് അയാളോടു് വൈകാരിക പ്രതികരണമെന്ന നിലയിൽ സ്നേഹം തോന്നുകയും അതു് ‘താങ്ക്സ്’ എന്ന ഇംഗ്ലീഷ് പദത്തിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. ഞാൻ പത്രത്തിലെഴുതിയ ലേഖനം വായിച്ചിട്ടു് നന്നെന്നു് ഒരാൾ റ്റിലിഫോണിലൂടെ അറിയിക്കുന്നു. അയാളോടും എനിക്കു് സ്നേഹം. എനിക്കു് പരിചയമില്ലാത്ത സ്ത്രീകളും പുരുഷന്മാരും എന്നെ റോഡിൽ വച്ചു കാണുമ്പോൾ ബഹുമാനത്തോടെ കൈകൂപ്പുന്നു. ആ ബഹുമാനത്തോടു് എനിക്കുള്ള വൈകാരിക പ്രതികരണമാണു് സ്നേഹം. ഇത്—അന്യർക്കു് ഉപകാരം ചെയ്യാനുള്ള പ്രവണത—ബന്ധുക്കളല്ലാത്തവർക്കാണു് കൂടുതലുമുള്ളതു്. യഥാർത്ഥത്തിൽ ബന്ധുക്കളെന്നു പറയുന്നവർ ശത്രുക്കളാണു്. ഈ സത്യം എനിക്കു് നേരത്തേ അറിയാമെങ്കിലും ആ അറിവിനു് ദൃഢത നൽകുന്നതു് ശ്രീമതി കെ. പി. സുധീരയുടെ ‘ദുരിത സമവാക്യങ്ങളും അതിന്റെ പരിസമാപ്തിയും’ എന്ന ചെറുകഥയാണു് (മലയാളം വാരിക—ലക്കം 29). ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ഒരു പാവത്തിനെ സാമ്പത്തികമായി സഹായിക്കുന്നു. ആ ഉദ്യോഗസ്ഥന്റെ കുട്ടിക്കു് ഹൃദയസംബന്ധിയായ ശസ്ത്രക്രിയ വേണ്ടിവരുമ്പോൾ സഹപ്രവർത്തകരുടേയോ ബന്ധുക്കളുടേയോ സഹായം ഉണ്ടാകുന്നില്ല. പക്ഷേ അയാൾ സഹായിച്ച പാവവും അയാളുടെ കൂട്ടുകാരും വേണ്ടിവന്നാൽ രക്തം കൊടുക്കാൻ തയ്യാറായി ആശുപത്രിയിലെത്തുന്നു. ചേരി പ്രദേശത്തു് താമസിക്കുന്ന പാവങ്ങൾ മനുഷ്യത്വത്തിന്റെ സമുന്നതാവസ്ഥയിൽ എത്തിയവരല്ലായിരിക്കാം. പക്ഷേ സമുന്നതരാണെന്നു ഭാവിക്കുന്ന ബൂർഷ്വകളേക്കാൾ അവർക്കു് മനുഷ്യത്വം കൂടും. ആ സത്യത്തിലേക്കു് സുധീര പ്രയത്നം കൂടാതെ കൈ ചൂണ്ടുന്നു. ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തെ സഹായിക്കാനെത്തുന്ന പാവത്തിന്റെയും വികാരങ്ങളെ ന്യൂനോക്തിയിലൂടെ പ്രകാശിപ്പിക്കാൻ സുധീരയ്ക്കു് കഴിഞ്ഞു എന്നതിലാണു് ഇക്കഥയുടെ വിജയം.

images/Virginia_Woolf.jpg
വെർജിനിയ വുൾഫ്

തിരുവനന്തപുരത്തു് രാഷ്ടീയപാർട്ടിയുടെ ജാഥയുള്ളപ്പോൾ ഉപാന്ത പ്രദേശങ്ങളെന്നു വിളിക്കാവുന്ന പാപ്പനംകോടു്, തിരുമല, കരകുളം, ശ്രീകാര്യം ഈ സ്ഥലങ്ങളിൽ നിന്നു തൊഴിലാളികൾ ലോറികളിൽ കയറി. കൊടിയുയർത്തിപ്പിടിച്ചു്, മുദ്രാവാക്യങ്ങൽ വിളിച്ചു് ജാഥ ആരംഭിക്കേണ്ട സ്ഥലത്തു വന്നെത്തും. ഒരുമിച്ചു കൂടും. പിന്നീടു് ഒരേരീതിയിലുള്ള ജാഥയുടെ പ്രവാഹമാണു്. പട്ടണത്തിന്റെ കിഴക്കുഭാഗത്തുള്ള തിരുമലയിൽ കാലുകൾ വയ്ക്കുന്ന തൊഴിലാളികൾ തങ്ങളറിയാതെ നഗരത്തിന്റെ ഹൃദയഭാഗത്തിലെത്തുന്നു. അതുപോലെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നു യാത്രയാരംഭിക്കുന്ന മറ്റു തൊഴിലാളികളും. യാത്ര തുടങ്ങുമ്പോൽ വിഭിന്ന മനസ്കരായ തൊഴിലാളികൾ സംഗമസ്ഥലത്തു് എത്തുമ്പോൾ ഏകമസ്കരായിത്തീരുന്നു. ഇതുപോലെയാണു് ലോകത്തുള്ള വിഭിന്ന ജീവികളും പ്രവർത്തിക്കുന്നതു്. എലിയും പൂച്ചയും കഴുതയും വിഭിന്ന ജീവികൾ. മനുഷ്യനും അതിൽ പെടും. ബാഹ്യാകൃതിയിൽ മാത്രമല്ലാതെ അവയ്ക്കു് അന്യോന്യവ്യത്യാസം വല്ലതുമുണ്ടോ? ഈ ആശയത്തിനു് കലാരൂപം നൽകിയിരിക്കുന്നു ശ്രീമതി ഗ്രേസി ‘ഏകലോകം’ എന്ന ചെറുകഥയിലൂടെ. ധൈഷണിക സമീപനമാണു് ഗ്രേസിയുടേതു്. എങ്കിലും ശ്രീമതിയുടെ കഥാരചനയിൽ ഊർജ്ജമുണ്ടു്. നവീനതയുണ്ടു്.

ചോദ്യം, ഉത്തരം

ചോദ്യം: സംഭാഷണങ്ങളിൽ വലിയ കള്ളങ്ങൾ പറയുന്നതു് സ്ത്രീയോ പുരുഷനോ?

ഉത്തരം: അഭിമുഖ സംഭാഷണങ്ങളിൽ സ്ത്രീകൾക്കു് അന്യോന്യമായി, പുരുഷന്മാർക്കു് പരസ്പരമായി അത്ര കള്ളങ്ങൾ പറയാൻ ഒക്കുക്കയില്ല. പക്ഷേ രണ്ടു സ്തീകൾ റ്റെലിഫോണിലൂടെ സംസാരിക്കുമ്പോൾ വലിയ കള്ളങ്ങൾ പറയും.

ചോദ്യം: വിമർശനം കൊണ്ടു് നിങ്ങൾ ഏറെയാളുകളെ നിശ്ശബ്ദരാക്കിയിട്ടില്ലേ?

ഉത്തരം: കുയിലിന്റെ ഗാനത്തെ ഞാൻ വിമർശിച്ചാൽ അതു് കാക്കയെപ്പോലെ ക്രോം ക്രോം എന്നു കരയുമോ? കാക്കയുടെ പുരുഷശബ്ദത്തെ അതു് അടുത്ത നിമിഷത്തിൽ കുയിലിനെപ്പോലെ പാടുമോ? വിമർശനം കൊണ്ടു കുയിലിനെയും കാക്കയെയും നിശ്ശബ്ദരാക്കാൻ കഴിയുമോ?

ചോദ്യം: മലയാളത്തിലെ എഴുത്തുകാരെക്കുറിച്ച്—നിങ്ങൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചു്—എന്തു പറയുന്നു?

ഉത്തരം: ‘Trivial personalities decomposing in the eternity of print’ എന്നു് വെർജിനിയ വുൾഫ് പറഞ്ഞതു് ഒരു തരത്തിലുള്ള ഭാവികഥനമാണു് (അച്ചടിയുടെ നിത്യതയിൽ അഴുകിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവ്യക്തികൾ).

ചോദ്യം: അസാദ്ധ്യമായ കാര്യം?

ഉത്തരം: ബന്ധുവിന്റെ മുഖത്തുനോക്കി ‘നീ വൃത്തികെട്ടവനാണു്; നീ വൃത്തികെട്ടവളാണു്’ എന്നു പറയാൻ ഒക്കുകയില്ല.

ചോദ്യം: നിങ്ങൾക്കു് ഒരുപാടു് വയസ്സായില്ലേ? ഇനിയുമെങ്കിലും കോളമെഴുത്തു് എന്ന ഈ കച്ചവടം നിറുത്തിക്കൂടേ?

ഉത്തരം: പ്രായം കൂടുന്നതും കോളമെഴുതുന്നതും പാപകർമ്മമാണോ സുഹൃത്തേ?

ചോദ്യം: ഭാരതീയനാണെന്ന അഭിമാനമുണ്ടോ താങ്കൾക്ക്?

ഉത്തരം: കൊലപാതകം, കൈക്കൂലി, ബലാത്സംഗം ഇവ മാത്രം നടക്കുന്ന ഭാരതത്തിലെ പൗരനു് അഭിമാനമുണ്ടോ?

ചോദ്യം: പുരുഷനു് സ്ത്രീയിൽ നിന്നു് സഹിക്കാനാവാത്തതു് ഏത്?

ഉത്തരം: വണ്ണം വളരെക്കൂടിയ യുവതിയുടെ പ്രേമപ്രകടനം.

ഉപന്യാസം

ഭാരതീയനാണെന്ന അഭിമാനമുണ്ടോ താങ്കൾക്കു്? കൊലപാതകം, കൈക്കൂലി, ബലാത്സംഗം ഇവ മാത്രം നടക്കുന്ന ഭാരതത്തിലെ പൗരനു് അഭിമാനമുണ്ടോ?

കാരണവർ മരിച്ചു. തിരുവനന്തപുരത്തു് അദ്ദേഹത്തിനു് ഒന്നുമില്ല. രണ്ടല്ല പതിനെട്ടു് വീടുകളായിരുന്നു. കാരണവരുടെ ഭാര്യ ഒരു കൊല്ലം കൊണ്ടു് ഈ പതിനെട്ടു വീടുകളും വിറ്റ് ദീപാളി കുളിച്ചു. അല്ലെങ്കിൽ പുളിശ്ശേരി കുടിച്ചു. അരി വാങ്ങി കഞ്ഞി വയ്ക്കാൻ പോലും ചക്രമില്ലാതെയായി (ചക്രം = മൂല്യം കുറഞ്ഞ തിരുവിതാംകൂർ നാണയം). പിന്നെ കടം മേടിക്കലാണു്. ഒരു ദിവസം അവർ ഞങ്ങളോടൊക്കെയായി പറഞ്ഞു: ‘ഇന്നു് അടുപ്പിൽ തീ കത്തിച്ചില്ല. ഒരു മണി പോലും അരിയില്ല. കുറുങ്കുടി വീട്ടിലെ… നോടു പത്തു രൂപാ കടം ചോദിക്കാം. തരും കിട്ടിയാൽ അരി വാങ്ങാം. ചമ്മന്തിയുമരയ്ക്കാം.” ഇതൊക്കെ കേട്ടുകൊണ്ടിരുന്നു ഒരാൾ—കാരണവരുടെ ഭാര്യയുടെ വളർത്തുമകൻ.

അയാളോടു് അവർ പറഞ്ഞു: “ശേഖരാ, നീ അവിടം വരെ ഒന്നു പോയിട്ടു വരുമോ?”

ശേഖരൻ എഴുന്നേറ്റു്, ഷർട്ടു് എടുത്തു് ധരിച്ചു. ഇറങ്ങിയൊരു നടത്തം വച്ചു കൊടുത്തു. കുറുങ്കടി ഗൃഹനായകന്റെ ഔദാര്യത്തിൽ വലിയ വിശ്വാസമുണ്ടായിരുന്ന ഞാൻ വിശപ്പുമാറ്റാൻ മാർഗ്ഗമായല്ലോ എന്നു വിചാരിച്ചു് സമാധാനത്തോടെ ഇരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു് ശേഖരൻ വന്നു.

കാരണവരുടെ ഭാര്യ ആകാംക്ഷയോടെ ചോദിച്ചു: “കണ്ടോ? രൂപ കിട്ടിയോ?”

ശേഖരന്റെ മറുപടി: “അമ്മച്ചി എന്നെ അതുവരെ പോകാനല്ലേ പറഞ്ഞുള്ളൂ. അതുകൊണ്ടു് ഞാൻ കുറുങ്കുടി വീടിന്റെ വാതിൽ വരെ ചെന്നിട്ടു് തിരിച്ചിങ്ങുപോന്നു.”

വായനക്കാർക്കു് തോന്നും ഇതു് കള്ളമാണെന്നു്. അല്ല, സത്യം തന്നെ.

പുസ്തകം വായിച്ചു കിട്ടിയ ഒരറിവു് കൂടി പ്രദർശിപ്പിക്കാം.

ഹിറ്റ്ലർ ജീവിതാസ്തമയത്തിൽ സൈനികോദ്യോഗസ്ഥന്മാരോടു് പറഞ്ഞു: “വരുന്നതു വരട്ടെ. എന്റെ ഹൃദയം മഞ്ഞുകട്ടപോലെ തണുത്തിരിക്കുന്നു. തണുത്തുറഞ്ഞു് ഒഴുകുകയില്ലല്ലോ. എനിക്കു് മാറാൻ കഴിയുകയില്ലെന്നു് നിങ്ങൾക്കറിഞ്ഞുകൂടേ” എന്നും. അയവില്ലായ്മ ഹിറ്റ്ലറുടെ സ്വഭാവത്തിന്റെ സവിശേഷതയായിരുന്നു.

ശ്രീ വി. പി. മനോഹരൻ ദേശാഭിമാനി വാരികയിലെഴുതിയ ‘സ്വാതന്ത്ര്യത്തിനു് അമ്പതു്’ എന്ന കഥയിൽ ശേഖരന്റെ പ്രയോജനശൂന്യമായ നടത്തമാണുള്ളതു്. ഒരു പോയിന്റുമില്ലാത്ത കഥ. നവീനകഥകൾക്കുള്ള അയവില്ലായ്മയും അതിന്റെ മുദ്ര തന്നെ.

ഞാൻ സ്വദേശസ്നേഹത്തിന്റെ സ്തോതാവല്ല, എന്നാൽ ആ വികാരം ഉള്ളവരോടു് എനിക്കു് വിപ്രതിപത്തിയുമില്ല. സ്വദേശസ്നേഹം അതിരു് കടന്നാൽ അതു് അടിമത്തമായി മാറും എന്നതുകൊണ്ടു് ഞാൻ ആ സീമാലംഘനത്തെ വെറുക്കുന്നു. ശേഖരൻ എന്നൊരു ഗാന്ധി ഭക്തൻ സ്വദേശസ്നേഹത്തിന്റെ കാരാഗൃഹത്തിൽ കിടക്കുന്നു എന്നാവും കഥാകാരൻ പറയുക. അതാണു് അദ്ദേഹം പറയുന്നതെങ്കിൽ കാരാഗൃഹവാസത്തോടു് ബന്ധപ്പെട്ട വികാരത്തെ നാടകീയമാക്കേണ്ടിയിരുന്നു. അതിനെ മൂർത്ത സംഭവങ്ങളിലൂടെ പ്രകാശിപ്പിക്കേണ്ടിയിരുന്നു. ഒന്നും ഇവിടെ നടക്കുന്നില്ല. നടക്കുന്നതു് ഒരു ഉപന്യാസമെഴുത്തു മാത്രം.

സംഭവങ്ങളും മറ്റും

1. ജോസഫ് മുണ്ടശ്ശേരി മഹാനാണു്: പുരുഷരത്നമാണു്. അന്യരെ സഹായിക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. അതു് മറന്നല്ല ഇനി ചിലതു് പറയാൻ പോകുന്നതു് ഞാൻ. എനിക്കു് വേണ്ടിടത്തോളം വിവരമില്ലാതിരുന്ന കാലയളവിൽ ഞാൻ അദ്ദേഹത്തെ ജീർണ്ണതയുടെ നായകനാക്കി കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ വാരികയിൽ മൂന്നോ നാലോ ലേഖനങ്ങൾ എഴുതി. മുണ്ടശ്ശേരി അവ വായിച്ചു എന്നതിനു് തെളിവുണ്ടു്.

അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ പ്രസംഗിച്ച സമയത്തു് ഒരു വിദ്യാർത്ഥി ചോദിച്ചു: “അങ്ങ് ജീർണ്ണതയുടെ നായകനാണെന്നുകാണിച്ചു് എം. കൃഷ്ണൻ നായർ ചില ലേഖനങ്ങൾ എഴുതിയല്ലോ, എന്താണു് അഭിപ്രായം?”

മുണ്ടശ്ശേരി മറുപടി നൽകി: “കൃഷ്ണൻ നയരോ? ആരാ അയാൾ? ഞാൻ അങ്ങനെയൊരാളെ കേട്ടിട്ടുപോലുമില്ല.”

അപ്പോൾ വേറൊരു വിദ്യാർത്ഥി ചോദിച്ചു: “ചങ്ങമ്പുഴ ക്കവിതയുടെ മാറ്റൊലിയാണു് വയലാർ ക്കവിതയെന്നു് കൃഷ്ണൻ നായർ പല ലേഖനങ്ങളിലൂടെ സ്ഥാപിച്ചിട്ടുണ്ടല്ലോ. ആ അഭിപ്രായം ശരിയാണോ?”

മുണ്ടശ്ശേരിയുടെ മറുപടി: “ആരും അങ്ങനെ പറഞ്ഞിട്ടില്ല. പറയാത്ത കാര്യം എന്നോടു് ചോദിക്കുന്നതെന്തിനു്?”

ഏതാനും ആഴ്ചകൾ കഴിഞ്ഞു് യൂണിവേഴ്സിറ്റി കോളേജിലെ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചു. പ്രഭാഷണം തീർന്നയുടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റു് “പ്രൊഫസ്സർ ജോസഫ് മുണ്ടശ്ശേരി സാറിന്റെ പേരു കേട്ടിട്ടില്ലെന്നു പറഞ്ഞല്ലോ. കമന്റുണ്ടോ?” എന്നു ചോദിച്ചു. ഞാൻ മറുപടി നൽകി: “പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയോ? ആരാണു് അദ്ദേഹം? മാജിക്കിന്റെ പ്രൊഫസ്സറോ മറ്റോ ആണോ ആ മനുഷ്യൻ? ഞാൻ അങ്ങനെയൊരാളിനെ കേട്ടിട്ടില്ല.”

images/EMSNamboodiripad.jpg
ഇ. എം. എസ്സ്.

ഈ സംഭവത്തിനു ശേഷമാണു് ഒരു ശസ്ത്രക്രിയയുടെ മുറിവുണങ്ങാതെ ചിറ്റൂരെന്ന ദേശത്തു് ഒന്നരവർഷത്തോളം കഷ്ടപ്പെട്ട എന്നെ അദ്ദേഹം ശ്രീ. ഇ. എം. എസ്സ്. നോടു പറഞ്ഞു് തിരിച്ചു് തിരുവനന്തപുരത്തേക്കു മാറ്റിച്ചതു്. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് എം. എ. ക്കു് പ്രവേശനം തേടിയ എന്റെ മകനു്, അധികാരികൾ അതുനിഷേധിച്ചപ്പോൾ അദ്ദേഹം ഇടപെട്ടു് അഡ്മിഷൻ വാങ്ങിത്തന്നതു്. പിന്നീടു് ഞാൻ ആ രണ്ടു് ഉപകാരങ്ങളും മുണ്ടശ്ശേരിയെ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം അതു മറന്നുപോയിരുന്നു. മഹാന്മാർ അന്യർക്കു് ഉപകാരം ചെയ്തിട്ടു് ഉടനെ മറക്കുന്നു. എന്നെപ്പോലുള്ള ‘അല്പന്മാർ’, ‘ഞാനതു് അയാൾക്കു് ചെയ്തു’, ‘ഞാൻ അയാൾക്കു് ഇതു് ചെയ്തു’ എന്നു പറഞ്ഞു നടക്കുന്നു. മുണ്ടശ്ശേരിയെക്കുറിച്ചു് ഈ വാക്യങ്ങൾ എഴുതുമ്പോൾ അദ്ദേഹം ഇന്നില്ലാത്തതിൽ എനിക്കു് വിഷാദം.

images/Doris_Lessing.jpg
ഡോറിസ് ലെസിങ്

2. ഡോറിസ് ലെസിങ്ങിന്റെ ‘African Laughter - Four visits to Zimbabwe’ എന്ന പുസ്തകം രസകരമാണു്. അതിൽ വിവരിച്ച ഒരു സംഭവം, ബലാത്സംഗത്തിനെതിരായി നിയമമുണ്ടാക്കണമെന്നു് ഒരു യുവതി ഒരു വൃദ്ധയോടു പറഞ്ഞപ്പോൾ അവർ (വൃദ്ധ) പഴയ ഒരു സൂത്രം പ്രയോഗിച്ചാൽ ബലാത്സംഗത്തിൽ നിന്നു രക്ഷനേടാൻ കഴിയുമെന്നു് അറിയിച്ചു. ടെക്നിക് ഇതാണു്. കാട്ടിൽ യുവതിയെ ഒരു പുരുഷൻ വേഴ്ചയ്ക്കായി അനുധാവനം ചെയ്യുന്നു. യുവതി പാവാട പൊക്കി എല്ലാം പ്രദർശിപ്പിച്ചുകൊണ്ടു് വേണം ഓടേണ്ടതു്. അതു് കാണുന്ന പുരുഷൻ ഒന്നിനൊന്നു ശക്തിരഹിതനായിത്തീരുന്നു. അയാൾക്കു് ഓടാൻ കഴിയാതെ വരുന്നു. യുവതിയെ പിടികൂടാനും സാധിക്കുകയില്ല. (Harper Collins പ്രസാധനം. പുറം 257)

images/Malayattoor_Ramakrishnan.jpg
മലയാറ്റൂർ രാമകൃഷ്ണൻ

3. ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ എന്നെ ചിലപ്പോൾ ദയാപൂർവ്വം ടെലിഫോണിൽ വിളിക്കാറുണ്ടു്. ഒരാഴ്ചയ്ക്കു് മുൻപ് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: കടലിന്റെ അത്യഗാധതയിൽ ഒരു തരം സ്രാവുണ്ടു്. അതിന്റെ കരളെടുത്തു് ഒരു മരുന്നുണ്ടാക്കികൊണ്ടു വന്നിരിക്കുന്നു ഒരാൾ. ഏതു് രോഗവും അതു് കഴിച്ചാൽ ഭേദമാകും. കഷണ്ടി മാറി ധാരാളം മുടിയുണ്ടാകും. അയാൾ അതു് അറിയിച്ചപ്പോൾ ഞാൻ ചോദിച്ചു: ‘എയ്ഡ്സ്’ ഭേദമാകുമോ? മരുന്നുകൊണ്ടുവന്നവൻ പറഞ്ഞു. “അതറിഞ്ഞുകൂടാ, പരിശോധിച്ചു നോക്കണം”. അപ്പോൾ ഞാൻ നിർദ്ദേശിച്ചു: “എന്നാൽ … (സാഹിത്യകാരന്റെ പേര്) എന്ന സാഹിത്യകാരനിൽ അതു പ്രയോഗിച്ചു നോക്കൂ.”

images/Kuttikrishnamarar.jpg
കുട്ടികൃഷ്ണമാരാർ

4. ഒരിക്കൽ കുട്ടികൃഷ്ണമാരാർ എന്നോടു് ചോദിച്ചു: ‘നിങ്ങൾ എങ്ങനെയാണു് ഇങ്ങനെ എല്ലാപത്രങ്ങളിലും എഴുതുന്നത്? എനിക്കാണെങ്കിൽ പതിനഞ്ചു ദിവസത്തെ ആലോചനക്കുശേഷമേ ഒരു ലേഖനമെഴുതാൻ കഴിയൂ.’ പുത്തേഴത്തു രാമമേനോന്റെ അധ്യക്ഷ്യത്തിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ ഉദ്ഘാടനം ചെയ്ത ഒരു സ്കൂൾ വാർഷിക സമ്മേളനത്തിൽ ഞാൻ പ്രഭാഷകനായിരുന്നു. എന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ വൈലോപ്പിള്ളി ചോദിച്ചു: ‘ഇത്ര അനായാസമായി പ്രസംഗിക്കുന്നതെങ്ങനെ? പ്രിപ്പയർ ചെയ്യുമോ? ഞാൻ പറഞ്ഞു: ഇല്ല മാഷേ, കോളേജിൽ കുട്ടികളോടു് എന്നും സംസാരിക്കുന്നവനല്ലേ ഞാൻ? ശീലം കൊണ്ടാണു് ഇങ്ങനെ പ്രസംഗിക്കുന്നതു്. സിദ്ധിയൊന്നുമല്ല.” അതുകേട്ടു് വൈലോപ്പിള്ളി പറഞ്ഞു: “അതു ശരിയാണ്, എനിക്കു് ഒരു മാസത്തെ പ്രിപ്പറേഷനില്ലാതെ ഒരു പ്രസംഗം ചെയ്യാൻ ആവില്ല.”

വത്സല
images/Vyloppilli.jpg
വൈലോപ്പിള്ളി

ആഖ്യാനം വേഗമാർന്നതും വിവരണം നിശ്ചലതയുള്ളതുമാണു്. വേഗമാർന്ന ആഖ്യാനം കൊണ്ട്, ചടുലതയുള്ള ആഖ്യാനം കൊണ്ടു് ഒരു വികാര പ്രപഞ്ചം സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു ശ്രീമതി വത്സല്ക്കു്. അവരുടെ ‘കാലാൾ കാവലാൾ’ എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലിള്ളതു് വായിച്ചു നോക്കൂ. ഒരു ത്രുടനം നിങ്ങൾക്കു് അനുഭവപ്പെടും. കഥ വായിച്ചു തീരുന്നതുവരെ നിങ്ങൾ വാരിക താഴെവയ്ക്കുകയുമില്ല.

അവിവാഹിതനും പെൻഷൻ പറ്റിയ ഉദ്യോഗസ്ഥനുമായ രുദ്രാണി റ്റീച്ചറെ ഒരു എക്സ് മിലിറ്ററിക്കാരൻ ‘വക വരുത്തുന്ന’താണു് കഥ. തികച്ചും യുക്തിപരമായ പ്ലോട്ടു്. അതു് അനിവാര്യമായ പര്യവസാനത്തിൽ എത്തുന്നതു് പ്രതിഭാശാലിനിയായ വത്സല കാണിച്ചു തരുന്നു. ആഖ്യാനത്തിന്റെ സവിശേഷതയാൽ ഭീതിദമായ ഒരന്തരീക്ഷം സൃഷ്ടിക്കാനും കഥാകാരിക്കു് കഴിയുന്നു.

images/Arundhati_Roy1.jpg
അരുന്ധതീറോയി

പല്ലവിയും അനുപല്ലവിയും ചരണവും ചേർത്തു സംഗീതത്തിന്റെ ഗോപുരം ഗായകൻ നിർമ്മിക്കുന്നതുപോലെ വത്സല പ്രതിപാദ്യ വിഷയത്തിന്റെ വിവിധ ഘട്ടങ്ങളെ വിദഗ്ദ്ധമായി സങ്കലനം ചെയ്യുന്നു. പൊടുന്നനെയുള്ള വികാര പരിവർത്തനങ്ങളിലൂടെ കഥയുടെ ദുരന്ത സ്വഭാവം ശ്രീമതി സ്പഷ്ടമാക്കിത്തരുന്നു. ഒരുതരം മെലോഡ്രാമ ഉണ്ടെങ്കിലും ഉത്കൃഷ്ടമായ കഥയായി ഞാനിതിനെ പരിഗണിക്കുന്നു.

നോബൽസ്സമ്മാനം
images/Ted_Hughes.jpg
റ്റെഡ് ഹ്യൂസ്

വൈദേശിക വസ്തുക്കളോടുള്ള നമ്മുടെ കമ്പം അസാധാരണമാണു്. Foreign goods എന്നു കേട്ടാൽ കാള വാലുപൊക്കി ചാടുന്നതുപോലെയാണു് പലരും ചാടുന്നതു്. പക്ഷേ ഈ വിദേശവസ്തുക്കളെല്ലാം നിഷ്പ്രയോജനങ്ങളാണു്. വിദേശത്തു് പോയ എനിക്കു് ഒരു ഇമർജൻസി ലാമ്പ് കിട്ടി. രണ്ടു ദിവസത്തെ ഉപയോഗം കൊണ്ടു് അതിന്റെ ബൾബുകൾ എരിഞ്ഞുപോയി. പകരം ബൾബ് ഇവിടെ കിട്ടുകയില്ല. ഫൗണ്ടൻ പേനകളിൽ രാജാവത്രേ ഷിഫർ പേന. പക്ഷേ അതിന്റെ റബർറ്റ്യൂബ് ഇവിടത്തെ കാലാവസ്ഥയിൽ ഉരുകും. ഒട്ടിപ്പിടിക്കും. രണ്ടോ മൂന്നോ മാസമേ അതുപയോഗിക്കാനാകൂ. പാർക്ക്ർ പേനയുടെ സ്ഥിതിയും വിഭിന്നമല്ല. വിദേശത്തുനിന്നും കൊണ്ടുവരുന്ന ഏതു ക്രീമും ‘അലർജിക് റീയാക്ഷൻ’ ഉണ്ടാക്കും. എങ്കിലും ഭ്രമമാണു് നമ്മുടെ ആളുകൾക്കു് വൈദേശിക വസ്തുക്കളോടു്.

images/Nikos_Kazantzakis.jpg
കാസാൻദ്സാക്കീസ്

വിദേശങ്ങളിലെ സമ്മാനങ്ങളെ സംബന്ധിച്ചും ഇതു് തന്നെയാണു് പറയാനുള്ളതു്. അരുന്ധതീറോയി യുടെ നോവലിനെ മാറ്റി നിർത്തുന്നു. ബുക്കർ സമ്മാനം നേടിയ മറ്റു കൃതികളിൽ നിന്നും പലതും ‘ട്രാഷാ’ണു്. നോബൽ സമ്മാനം നേടുന്നവരും ഉന്നതന്മാരല്ല. ഷീമസ് ഹീനിക്ക് അതിനു് അർഹതയില്ല. റ്റെഡ് ഹ്യൂസ് പോലും അദ്ദേഹത്തെക്കാൾ വലിയ കവിയാണു്. പേൾ ബെക്കിന് നോബൽ സമ്മാനത്തിനെന്നല്ല ഏതെങ്കിലും സമ്മാനത്തിനു് അർഹതയുണ്ടോ? സ്റ്റെൻ ബക്കിന് നോബൽ സമ്മാനം നൽകി. അദ്ദേഹത്തിന്റെ കാലയളവിൽ ഉണ്ടായിരുന്ന പല നോവലിസ്റ്റുകളും അദ്ദേഹത്തേക്കാൾ ഉന്നതന്മാരായിരുന്നു. അനന്തമായ കാലത്തിലെ ആവർത്തിക്കപ്പെടാത്ത ഒരു നിമിഷമാണു് ഗ്രീക്ക് കവിയും നോവലിസ്റ്റുമായ നീക്കോസ് കാസാൻദ്സാക്കീസ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണു് അൽബേർ കമ്യൂ വിനു് നോബൽ സമ്മാനം കൊടുത്തതു്. കാസാൻദ് സാക്കീസിന്റെ പ്രതിഭയുടെ ആയിരത്തിലൊരംശം പ്രതിഭ കമ്യൂവിനില്ല.

ദാര്യോ ഫോ (Dario Fo) എന്ന ഇറ്റാല്യൻ നാടകകൃത്തിനാണു് 1997-ലെ നോബൽ സമ്മാനം കിട്ടിയതു്. അതറിഞ്ഞ നിമിഷം തൊട്ടു് ഞാൻ അദ്ദേഹത്തിന്റെ കൃതികൾ തേടി പരക്കം പാഞ്ഞു. ചിലതു് കിട്ടി. ഫോയുടെ മാസ്റ്റർ പീസെന്നു് നിരൂപകർ കൊണ്ടാടുന്ന Accidental Death of an Anarchist എന്ന ഹാസ്യ നാടകം ആദ്യം വായിച്ചു. Worthless എന്നു് തോന്നി. എന്റെ മൂല്യനിർണ്ണയം തെറ്റിപ്പോയതാകാമെന്നു് തോന്നി രണ്ടു തവണ കൂടി വായിച്ചു. ഇറ്റലിയിലെ ദുഷിച്ച രാഷ്ട്രവ്യവഹാരത്തെയും അധമത്വത്തിലും താഴെയായി വല്ലതുമുണ്ടെങ്കിൽ അവിടം വരെചെല്ലുന്ന പോലീസ് നൃശംസതയെയും ഇറ്റലിക്കാർക്കു മാത്രം ഇഷ്ടപ്പെടുന്ന ഹാസ്യം കലർത്തി രചിച്ച പ്രചാരണപരമായ കൃതിയാണു് അതെന്നു ഗ്രഹിക്കുകയും ചെയ്തു.

അനന്തമായ കാലത്തിലെ ആവർത്തിക്കപ്പെടാത്ത ഒരു നിമിഷമാണു് ഗ്രീക്ക് കവിയും നോവലിസ്റ്റുമായ നീക്കോസ് കാസാൻദ്സാക്കീസ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണു് അൽബേർ കമ്യൂവിനു് നോബൽ സമ്മാനം കൊടുത്തതു്. കാസാൻദ് സാക്കീസിന്റെ പ്രതിഭയുടെ ആയിരത്തിലൊരംശം പ്രതിഭ കമ്യൂവിനില്ല.

ദാര്യോ ഫോയുടെ കുറിപ്പിനെ അവലംബിച്ചു നാടകത്തിലെ ഇതിവൃത്തത്തിലെ പശ്ചാത്തലം വിശദമാക്കട്ടെ. 1969 ഡിസംബർ 12-നു് മിലാനിനെ അഗ്രിക്കൾച്ചറൽ ബാങ്കിൽ ബോംബ് സ്ഫോടനമുണ്ടായി. അതിന്റെ ഫലമായി പതിനാറു് പേർ മരിച്ചു. അരാജകവാദികളാണു് ബോംബ് പൊട്ടിച്ചതെന്നു് അധികാരികൾ കരുതി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളായ ജോവാണീ പീനേലീ പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ നാലാമത്തെ നിലയിൽ നിന്നു് ജന്നൽ വഴി താഴേക്കു് ചാടി ‘ആത്മഹത്യ ചെയ്തു’വെന്നു പോലീസ് പറഞ്ഞു. പക്ഷേ പത്തു വർഷത്തിനു ശേഷം തെളിഞ്ഞു ഫാസിസ്റ്റുകളായിരുന്നു സ്ഫോടനം നടത്തിയതെന്നു്. അവരിൽ ഒരാൾ ഇറ്റാല്യൻ രഹസ്യപ്പൊലീസിലെ ഒരംഗവുമായിരുന്നു. പിനേലിയെ പോലീസ് ആത്മഹത്യ ചെയ്യിക്കുകയായിരുന്നു. അല്ലെങ്കിൽ തല്ലിക്കൊന്നു താഴത്തേക്കു് ഇടുകയായിരുന്നു. ദേഷ്യവും ചിരിയും ബന്ധപ്പെട്ടവയായതുകൊണ്ടു് പ്രേഷകരെ—വായനക്കാരെ—ചിരിപ്പിച്ചു് ധർമ്മരോഷത്തിലേക്കു കൊണ്ടു ചെല്ലാനാണു് ഫോയുടെ യത്നം. അതിലദ്ദേഹം പരാജയപ്പെട്ടു എന്നാണു് എന്റെ മതം. എന്തുകൊണ്ടു്?

images/Pablo_Neruda_1963.jpg
നെറൂദ

കലാസൃഷ്ടിയിലെ ആശയം എന്തുമാകട്ടെ. മാർക്സിസമായാലും എനിക്കിഷ്ടമാണു്. പക്ഷേ മാർക്സിസ്റ്റാശയങ്ങളെ അനുവാചകൻ ഹൃദയം കൊണ്ടു പിടിച്ചെടുക്കണം. അപ്പോഴാണു കലയുടെ ഉദയം. യാനീസ് റീറ്റ്സോസും നെറൂദയും കമ്മ്യൂണിസ്റ്റ് കവികളാണു്. എന്നാൽ അവരുടെ കൃതികൾക്കു് കലാ സൗന്ദര്യമേയുള്ളു. ദാര്യോ ഫോ നമുക്കാർക്കും സഹിക്കാനാവാത്ത ഒരു മരണത്തെ—കൊലപാതകത്തെ—തുച്ഛീകരിച്ചു് പ്രചാരണത്തിന്റെ മണ്ഡലത്തിൽ കൊണ്ടു ചെല്ലുന്നു. അതിനാൽ പോലീസിന്റെ ക്രൂരതയും അരാജകവാദിയുടെ ചരമവും നമ്മുടെ ഹൃദയത്തെ സ്പർശിക്കാതെ വെറും ഫാഴ്സായി മാറുന്നു. സ്വീഡിഷ് അക്കാഡമിയിലുള്ള വിശ്വാസം ലോകജനതയ്ക്കു് നഷ്ടപ്പെട്ടിട്ടു് കാലമേറെയായി. ദാര്യോ ഫോയ്ക്കു് സമ്മാനം കൊടുത്തതോടെ അവരുടെ നാവുകൾ ഞങ്ങൾക്കു് അവിശ്വാസം എന്നു് പറയേണ്ട അവസ്ഥ ജാതമായിരിക്കുന്നു.

ഐസ്സേഅ ബർലിൻ
images/IsaiahBerlin.jpg
ഐസ്സേഅ ബർലിൻ

ഏതെങ്കിലും ചിന്തകൻ ഗ്രന്ഥം വായിക്കുമ്പോൾ അതു അവസാനത്തെ പുറത്തിലെത്തുമെന്നും പിന്നീടു് ആ ചിന്തകളുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയില്ലെന്നും വിചാരിച്ചു് കൂടെക്കൂടെ അതടച്ചുവച്ചു് വളരെ നേരം മിണ്ടാതിരിക്കുന്ന അനുഭവം വായനക്കാർക്കു് ഉണ്ടായിട്ടുണ്ടോ? എനിക്കതു് ഉണ്ടായിട്ടുണ്ടു് ഐസ്സേഅ ബർലിന്റെ (Isaiah Berlin 1909–1997) പുസ്തകങ്ങൾ വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ‘Russian Thinkers’, ‘Karl Marx’, ‘The crooked Timber of Humanity’ ഈ മൂന്നു പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. മറ്റുള്ളവ എനിക്കു് കിട്ടിയില്ല. വായിച്ച പുസ്തകങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കൗതുകമുണ്ടായെങ്കിലും ചിന്തകളുടെ ഉജജ്വലതയിൽ മുഴുകാൻ വേണ്ടി ഞാൻ പാരായണത്തിനു് ഭംഗം വരുത്തിയിട്ടുണ്ടു്. ചിന്തകൾ കണ്ടാലും:

  • “You belive in always telling the truth, no matter what; I do not, because that it can sometimes be too painful and too destructive” (The crooked Timber of Humanity).
  • “(It) remains the most powerful amoung the intellectual forces which are today permanently transforming the ways in which men act and think” (ഇതിലെ ‘(It)’ മാർക്സിസമാണ്) (Karl Marx എന്ന ഗ്രന്ഥത്തിൽ നിന്ന്).

ഈ ശതാബ്ദത്തിലെ ഉന്നത ചിന്തകന്മാരിൽപ്പോലും സ്വാധീനത ചെലുത്തിയ ബർലിന്റെ വ്യക്തിത്വത്തെക്കുറിച്ചും ചിന്താഗഹനതയെക്കുറിച്ചും ശ്രീ. എൻ. ഇ. സുധീർ മലയാളം വാരികയിലെഴുതിയിക്കുന്നു. ഹ്രസ്വമെങ്കിലും സമഗ്രസ്പർശിയായ ലേഖനമാണത്. Man creates nothing. He can plant a tree, but not make it. മനുഷ്യൻ ഒന്നും സൃഷ്ടിക്കുന്നില്ല. അവനു് മരം നടാൻ കഴിയും അതുണ്ടാക്കാനാവില്ല.—എന്നു പറഞ്ഞതു് ഫ്രഞ്ചെഴുത്തുകാരൻ മെസ്ത്രയാണു്. ചിന്തയുടെ മഹാവൃക്ഷം സൃഷ്ടിച്ച മഹാവ്യക്തിയാണു് ബർലിൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1997-12-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.