സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1997-12-26-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: എന്റെ ഗ്രാമത്തിൽ ഒരു യുവതി എല്ലാ പുരുഷന്മാരോടും ഒരേ രീതിയിൽ ശൃംഗരിക്കുന്നു. അവർക്കു് ആരോടാണു് സ്നേഹമെന്നു് കണ്ടുപിടിക്കുന്നതു് എങ്ങനെ?

ഉത്തരം: ഏതു് ദിക്കിൽ നിന്നു് കാറ്റടിച്ചാലും നിലവിളക്കിലെ ചേതോഹരമായ ദീപം ചാഞ്ഞും ചരിഞ്ഞും നിന്നു കൊടുക്കും. അതിനു് ഏതു് കാറ്റിനോടാണു് സ്നേഹമെന്നു് നിർണ്ണയിക്കുന്നതു് എങ്ങനെ?

ചോദ്യം: ഇന്നലെ ഞാൻ കടപ്പുറത്തു് നിൽക്കുമ്പോൾ ഒരു പറ്റം പക്ഷികൾ ചക്രവാളത്തിലേക്കു് പറക്കുന്നതു് കണ്ടു. അവ ചക്രവാളത്തിലേക്കാണോ പോയതു്?

ഉത്തരം: ഭൂമിയെയും അന്തരീക്ഷത്തെയും വേർതിരിക്കുന്ന മിഥ്യയായ രേഖയോ വൃത്തമോ ആണു് ചക്രവാളം. കുതികാൽവെട്ടുകാരും കൈക്കൂലിക്കാരും ബലാത്സംഗക്കാരും പെൺവാണിഭക്കാരും ജനദ്രോഹികളും നിറഞ്ഞ ഇന്ത്യയിൽ നിന്നു് അവർ രക്ഷപ്പെടുകയായിരുന്നു മിഥ്യാമണ്ഡലത്തിലേക്കു്. ‘ഞങ്ങൾ പോകുന്നു’ എന്നും അവ പറഞ്ഞിരിക്കും. നിങ്ങൾ കേട്ടില്ലെന്നേയുള്ളൂ.

ചോദ്യം: ദാമ്പത്യജീവിതത്തിന്റെ തകർച്ചയ്ക്കു് കാരണം?

ഉത്തരം: തന്റെ ജീവിതം പോലെയായിരിക്കണം ഭാര്യയുടെ ജീവിതമെന്നു് ഭർത്താവ് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. ഭാര്യക്കു് അവളുടെ ജീവിതം നയിക്കാനേ കഴിയൂ. സംഘട്ടനം അതിന്റെ പേരിലുണ്ടാകുന്നു.

ചോദ്യം: പൂന്തോട്ടത്തിലാകെ വിരിഞ്ഞ പൂക്കൾ. അവ കണ്ടിട്ടും ഞാൻ സന്തോഷിക്കുന്നില്ല. എന്താവാം ഹേതു?

ഉത്തരം: താങ്കളുടെ മനസ്സിലാകെ സ്നേഹത്തിന്റെ പൂക്കൾ വിരിഞ്ഞു് നിൽക്കുന്നു. അവയെ നോക്കുന്ന താങ്കൾക്കു് ഉദ്യാനത്തിലെ പൂക്കളെ നോക്കാൻ നേരമെവിടെ?

ചോദ്യം: നല്ല തർജ്ജമക്കാരൻ ആരു്. കേരളവർമ്മയോ ഏ. ആർ. രാജരാജവർമ്മയോ?

ഉത്തരം: ഏ. ആർ. രാജരാജവർമ്മ. ‘തീരകല്പകതരുക്കൾ പൊഴിക്കും പൂ നിരണതിരമാലകൾ തോറും’ എന്ന തർജ്ജമ നോക്കൂ. എന്തു ഭംഗി!

ചോദ്യം: എന്റെ ഭാര്യക്കു് എന്നെക്കുറിച്ചു് നല്ല അഭിപ്രായമുണ്ടാകാൻ ഞാനെന്തു് ചെയ്യണം?

ഉത്തരം: ഭാര്യ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്നുവെന്നു് ഭാവിക്കണം. ഭാവിച്ചാൽ മതി. അവർ പറയുന്നതൊന്നും കേൾക്കണമെന്നില്ല. ഭാര്യ വാതോരാതെ സംസാരിക്കുമ്പോൾ ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതിനെക്കുറിച്ചോ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചോ നിങ്ങൾ വിചാരിച്ചു് കൊണ്ടിരിക്കൂ. അവർ അതു് അറിയുകയില്ല. ‘എന്റെ ഭർത്താവ് യോഗ്യൻ’ എന്നു് സങ്കൽപിച്ചു് അവർ സന്തോഷത്തോടെ പോകും അടുക്കളയിലേക്കു്.

ചോദ്യം: കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തുപവന്റെ മാല വാങ്ങികൊടുക്കണോ?

ഉത്തരം: എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷ്ണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.

മീശരോമങ്ങൾ പിഴുതെടുക്കുന്നു

രാജാവിന്റെ പേരറിയാമെങ്കിലും ഞാനതു് എഴുതുന്നില്ല. അദ്ദേഹത്തിനു് നാട്ടുരാജ്യത്തിലെ ഉദ്യോഗസ്ഥപ്രമുഖനായ ബ്രിട്ടീഷുകാരന്റെ ഭാര്യയുമായി രഹസ്യവേഴ്ച. സായ്പ് ഇല്ലാതിരുന്ന സമയം നോക്കി രാജാവു് അയാളുടെ വീട്ടിലെത്തി മദാമ്മയുമായി രതികേളിയിൽ ഏർപ്പെട്ടു. ഭാര്യയെ നേരത്തെ സംശയിച്ചിരുന്ന സായ്പ് പൊടുന്നനെ വീട്ടിലെത്തി. ഭർത്താവ് വന്നതറിഞ്ഞു് മദാമ്മ രാജാവിനോടു് പറഞ്ഞു രണ്ടു് കോണിപ്പടികളിൽ ഒന്നിലൂടെ ഇറങ്ങി താഴത്തേയ്ക്കു് പൊയ്ക്കൊള്ളാൻ. മറ്റേ കോണിപ്പടിയിലൂടെയാണു് സായ്പ് മുകളിലേക്കു വരുന്നതെന്നു് മദാമ്മ സ്ത്രീസഹജമായ സഹജാവബോധം കൊണ്ടു മനസ്സിലാക്കിയിരുന്നു. ചാടിക്കുതിച്ചു മുകളിലെത്തിയ സായ്പ് വേഗത്തിൽ രണ്ടാമത്തെ കോണിപ്പടിയുടെ മുകളിൽച്ചെന്നു് താഴത്തേക്കു് നോക്കി. രാജാവു് മെല്ലെ ഇറങ്ങുകയായിരുന്നു. തിരിച്ചു് മേശയുടെ അടുക്കലെത്തിയ സായ്പിനു് റിവോൾവർ കിട്ടിയില്ല. കിട്ടിയതു് ഒരു തടിയൻ റൂൾത്തടി മാത്രം. അതെടുത്തുകൊണ്ടു് വന്നു് രാജാവിന്റെ മുതുകിലേക്കു് ഒരേറു്. അദ്ദേഹം നട്ടെല്ലിനു് ക്ഷതമേറ്റു് താഴെ വീണു. രാജാവു് വീണതുകണ്ട കുതിരവണ്ടിക്കാരൻ (അന്നു കാറില്ലായിരുന്നു) അദ്ദേഹത്തെ വാരിക്കോരിയെടുത്തു് വണ്ടിയിലാക്കി ഓടിച്ചുപോയി. സായ്പ് മദാമ്മയെ എടുത്തു രണ്ടാമത്തെ നിലയിൽ നിന്നും ജന്നലിലൂടെ താഴത്തേക്കു് എറിഞ്ഞു. നട്ടെല്ലു് തകർന്ന രാജാവു് ഡോക്ടറെ വിളിക്കുകയല്ല ആദ്യം ചെയ്തതു്. പൂച്ചമല്ലൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു റൗഡിയെ വിളിച്ചു നിർദ്ദേശങ്ങൾ കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമകൃത്യം. രാജാവു് കല്പിച്ചതിങ്ങനെ: എടാ മല്ലാ. എല്ലാ ഞായറാഴ്ചയും… സായ്പ് കടപ്പുറത്തു് കാറ്റു കൊള്ളാൻ വരും. നീ കൂട്ടുകാരുമായി ചെന്നു് അയാളെപ്പിടിച്ചു് മീശരോമങ്ങൾ ഓരോന്നായി പിഴുതെടുക്കണം. എല്ലാം പിഴുതു് കഴിയുമ്പോൾ ഞാൻ അവിടെ കുതിരവണ്ടിയിൽ വരും. സായ്പിന്റെ വശം ചേർന്നു് ഞാൻ നിങ്ങളെ അറസ്റ്റു് ചെയ്യിക്കും. പിന്നീടു് ഞാൻ നിന്നെയും കൂട്ടുകാരനെയും മോചിപ്പിച്ചു് പാരിതോഷികങ്ങൾ തരും. ‘കല്പന പോലെ’ എന്നു പറഞ്ഞു മല്ലൻ പോയി.

images/StudyingCulture.jpg

ഏതോ ഒരു ഞായറഴ്ച. പൂച്ച മല്ലനും കൂട്ടുകാരും സായ്പിന്റെ മീശരോമങ്ങൾ ഓരോന്നായി പിഴുതെടുക്കുകയാണു്. സായ്പിന്റെ മുഖമാകെ രക്തം. അയാളുടെ നിലവിളി അതിദയനീയം. പൊടുന്നനെ രാജാവു് പൊലീസുകാരുമായി അവിടെയെത്തി. “ഈ ദുഷ്ടന്മാരെ അറസ്റ്റു് ചെയ്യൂ” എന്നു കല്പനയായി. സായ്പിനെ അദ്ദേഹം തന്നെ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്കു് കൊണ്ടുപോയി. പൂച്ചമല്ലനും കൂട്ടുകാർക്കും പവൻ വാരിക്കൊടുത്തു രാജാവു്. സായ്പ് ഇംഗ്ലണ്ടിലേക്കു് കെട്ടുകെട്ടുകയും ചെയ്തു. ഇതു് ഒരു റ്റോർച്ചറിന്റെ—കഠോരമർദ്ദനത്തിന്റെ—കഥ. കഥയെന്നു പറഞ്ഞെങ്കിലും യഥാർത്ഥ സംഭവം. ഈശ്വരനിന്ദയ്ക്കു് നാക്കു മുറിക്കൽ. വ്യഭിചാരത്തിനു് സ്തനം മുറിക്കൽ അവയൊക്കെ പണ്ടു് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലയളവിൽത്തന്നെ ഉണ്ടായിരുന്നു. 1814-ൽ ബറോഡയിൽ ഒരടിമക്കുറ്റവാളിയെ ആനയെക്കൊണ്ടു് ചവിട്ടിക്കൊല്ലിച്ചു. ഇവയ്ക്കൊക്കെ സദൃശമാണു് എന്റെ സുഹൃത്തായ ശ്രീ. കെ. രഘുനാഥന്റെ ‘അല്പം നീണ്ട വാലുള്ള കഥ’ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) എന്നു ഞാനെഴുതിയാൽ അതു് അത്യുക്തിയായേ വായനക്കാർക്കു് തോന്നൂ. അതിനാൽ അങ്ങനെ എഴുതുന്നില്ല. വീരപ്പനെയും കരുണാനിധിയെയും മറ്റും കഥാപാത്രങ്ങളാക്കിക്കൊണ്ടു് പരിഹാസച്ഛായയിൽ രചിക്കപ്പെട്ട ഇക്കഥ ഒരു തരത്തിലുള്ള റ്റോർച്ചർ തന്നെയാണു്. എനിക്കു് മീശയില്ലെങ്കിലും പൂച്ചമല്ലൻ ഓരോ രോമവും പിഴുതെടുക്കുന്നതു പോലെ തീവ്രവേദന. പ്രിയപ്പെട്ട വായനക്കാരേ എന്റെ മൂക്കിന്റെ താഴാത്തേക്കു് നോക്കൂ. ചോര ഒഴുകുന്നതു് നിങ്ങൾക്കു് കണ്ടുകൂടേ?

പുതിയ പുസ്തകം

ഏറിയകൂറും നവീനമായ പാശ്ചാത്യ സംസ്കാരത്തെ അപഗ്രഥിക്കുന്ന മുപ്പതിയൊന്നു് പ്രബന്ധങ്ങളുണ്ടു് “Studying Culture” എന്ന ഗ്രന്ഥത്തിൽ. (Arnold Publications, Ed. Ann Gray and Jim Mc Guigan, pp. 368, $ 14.99). സാംഗത്യമുള്ള രണ്ടു പ്രബന്ധങ്ങളെക്കുറിച്ചു് എഴുതാനേ സ്ഥലമുള്ളൂ. ആദ്യത്തേതു് സൽമാൻ റുഷ്ദി യുടെ The Satanic Verses എന്ന കുപ്രസിദ്ധമായ നോവലിനെക്കുറിച്ചാണു്. ഞാൻ ഈ നാറുന്ന പുസ്തകം വായിച്ചിട്ടുണ്ടെങ്കിലും തിടുക്കത്തിലുള്ള വായന കൊണ്ടാവാം പ്രവാചകനെയും വിശുദ്ധ ഖുർആനെയും കുറിച്ചു് റുഷ്ദി എഴുതിയതൊക്കെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇപ്പോൾ Bhikhu Parekh-ന്റെ പ്രബന്ധത്തിൽ അവ എടുത്തു് കാണിച്ചതു് വായിച്ചപ്പോൾ റുഷ്ദിയുടെ നൃശംസതയ്ക്കു് ഇത്രത്തോളം ചെല്ലാനൊക്കുമോ എന്നു് എനിക്കു് തോന്നിപ്പോയി. റുഷ്ദിയുടെ പ്രസ്താവങ്ങളാണു് അവയെങ്കിലും വീണ്ടും വീണ്ടും അവ ഇവിടെ എടുത്തെഴുതി വായനക്കാരെ അസ്വസ്ഥരാക്കാൻ എനിക്കു് തല്പരത്വമില്ല.

images/Bhikhu_Parekh.jpg
ബിക്കു പരേഖ്

സർഗ്ഗാത്മകത്വമുണ്ടെന്നു സ്വയം അവകാശപ്പെടുന്ന എഴുത്തുകാരൻ വിചാരിച്ചാൽ പാടില്ലാത്തതു് വിചാരിക്കുകയും മറ്റുള്ളവരെ കഠിനമായി വേദനിപ്പിക്കുകയും പ്രകോപിപ്പികുകയും ചെയ്യുമ്പോൾ അയാളെ വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതാണെന്നു് പരേഖ് അഭിപ്രായപ്പെടുന്നു. റുഷ്ദി ജനതയുടെ വികാരങ്ങളെ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ അദ്ദേഹം പ്രവാചകനെ നിന്ദിച്ചതു് പോലെ അദ്ദേഹത്തെ ആരാധിച്ചവരെയും നിന്ദിച്ചു. അതിനാൽ ഇസ്ലാം മതവിശ്വാസികളും റുഷ്ദിയും തമ്മിലുള്ളതും നിലവിലിരിക്കുന്നതുമായ പിരിമുറുക്കം നിരാസ്പദമാണെന്നു് പറഞ്ഞുകൂടാ. നിക്ഷ്പക്ഷതയുണ്ടു് പരേഖിന്റെ പ്രബന്ധത്തിനു്. Fedric Jameson വിശ്വവിഖ്യാതനായ മാർക്സിസ്റ്റ് നിരൂപകനാണു്.

പോസ്റ്റ് മോഡേണിസമെന്ന പുതിയ പ്രസ്ഥാനത്തിന്റെ അസത്യ സ്വഭാവം എടുത്തു കാണിക്കുന്നതിൽ അദ്ദേഹം വിജയം വരിച്ചിരിക്കുന്നു. (Post modernism and Consumer Society എന്ന പ്രബന്ധം) ഉപഭോക്താക്കളുടെ മുതലാളിത്വത്തോടു് ബന്ധപ്പെട്ട ഒരു പ്രസ്ഥാനാഭാസത്തിന്റെ ദൗർബല്യങ്ങളും യുക്തിരാഹിത്യങ്ങളും ജെയിംസൻ തനിക്കു് മാത്രം കഴിയുന്ന മട്ടിൽ എടുത്തു കാണിക്കുന്നു. അദ്ദേഹം ചോദിക്കുന്നു: Can Flaubert, Mallarme and Gertude Stein not be included in an account of post modernist temporality? What is so new about all of this? Do we really need the concept of post modernism? കേരളത്തിൽ ഇല്ലാത്ത പോസ്റ്റ് മോഡേണിസത്തെ എഴുന്നള്ളിച്ചു് നടക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കാൻ പറ്റിയ പ്രബന്ധമാണു് ജെയിംസിന്റേതു്. ലൈംഗികത, സ്ത്രീസമത്വവാദം ഇങ്ങനെ വൈവിദ്യമുള്ള വിഷയങ്ങളെക്കുറിച്ചു് പണ്ഡിതോചിതമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിനു് പ്രാധാന്യമുണ്ടു്.

നാനാവിഷയകം
images/P_Kunhiraman_Nair.jpg
പി. കുഞ്ഞിരാമൻ നായർ

സ്ഥലം ചിറ്റൂർ. വർഷം 1969 അല്ലെങ്കിൽ 1970. പി. കുഞ്ഞിരാമൻ നായരുടെ ഒരു കാവ്യം കോളേജ് ക്ലാസ്സിൽ പഠിപ്പിച്ചിട്ടു ഞാൻ വീട്ടിലേക്കു് പോരാൻ റോഡിൽ എത്തി. അത്ഭുതാവഹം. സാക്ഷാൽ കവി കുഞ്ഞിരാമൻ നായർ റോഡിൽ നിൽക്കുന്നു. എന്നെക്കണ്ടയുടനെ അദ്ദേഹം ചോദിച്ചു. “ചങ്ങമ്പുഴയെയാണു് ഏറെയിഷ്ടം അല്ലേ?” ഞാൻ ആ ചോദ്യത്തിനു് ഉത്തരം പറയാതെ അദ്ദേഹത്തെ അറിയിച്ചു. “ഞാൻ അങ്ങയുടെ ഒരു കവിത പഠിപ്പിച്ചിട്ടു് വരികയാണു്” കവി അതുകേട്ടെന്നു് ഭാവിക്കാതെ പറഞ്ഞു: “അല്ല ചില വിദ്യാർത്ഥികൾ എന്നോടു് പറഞ്ഞു നിങ്ങൾക്കു് ചങ്ങമ്പുഴക്കവിതയാണിഷ്ടമെന്നു്.” ഞങ്ങൾ യാത്ര പറഞ്ഞു് പിരിഞ്ഞു. അന്നത്തെ അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിന്റെ ദർപ്പണത്തിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു.

വള്ളത്തോൾക്കവിത എന്ന പൂർണ്ണചന്ദ്രൻ നേർത്ത ചന്ദ്രക്കലയായിമാറി അസ്തമയത്തിൽ ചെന്നപ്പോൾ ഞാൻ ദു:ഖിച്ചു. ആ വിഷാദമാണു് ഇന്നത്തെ കവിത കാണുമ്പോഴും എനിക്കുണ്ടാവുക.

2. പി. കെ. വിക്രമൻനായർ സസ്പെൻഷനിൽ കഴിയുന്ന കാലം. അദ്ദേഹം എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്നു. ശബരിമലയിൽ ഏതോ ജോലിക്കു് പൈപ്പ് വാങ്ങിയതു് രണ്ടാം തരം പൈപ്പായിപ്പോയി എന്നതിന്റെ പേരിൽ സസ്പെൻഷൻ ഉണ്ടായി. ഒരുദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു. പ്രസിദ്ധനായ ആ അഭിനേതാവിന്റെ വീട്ടിൽ ആരാധകരുടെ ബഹളം. ഞാൻ വിക്രമൻ നായരോടു് ചോദിച്ചു: “ചേട്ടന്റെ പേരിൽ ഒരു കുറ്റവുമില്ലെന്നു ചീഫ് എഞ്ചിനീയർ എഴുതിയല്ലോ. പിന്നെ എന്താണു് റീയിൻസ്റ്റേറ്റ് ചെയ്യാൻ ഈ താമസം” വിക്രമൻനായർ മറുപടി പറഞ്ഞു: “മന്ത്രി പി. ടി. ചാക്കോ എന്നെസ്സംബന്ധിച്ച ഫയലിൽ He cannot be reinstated because he is a fellow traveller of the Communist Party. He writes for the Janayugam weekly regularly എന്നെഴുതിയിരിക്കുന്നു. ജനയുഗം വാരികയിൽ എഴുതിയാൽ കമ്മ്യുണിസ്റ്റാകുമോ? പിന്നീടു് ആരോ ഇടപെട്ടു് വിക്രമൻ നായരുടെ സസ്പെൻഷൻ റദ്ദാക്കി.

images/C_Kesavan.jpg
സി. കേശവൻ

3. കോളേജിൽ ജോലിയുള്ളവരും സാഹിത്യത്തിൽ താല്പര്യമുള്ളവരുമായ കുറേപ്പേരെ പി. കേശവദേവ് ശംബള പണ്ഡിതന്മാർ എന്നു് വിളിച്ചു് ആക്ഷേപിച്ചിരുന്ന കാലം. അക്കാലത്തു് മയ്യനാട്ടു് വച്ചു് ഒരു സാഹിത്യ സമ്മേളനം കൂടി. എൻ. കൃഷ്ണപിള്ള, പി. കേശവദേവ്, കെ. ബാലകൃഷ്ണൻ എന്നിവർ പ്രഭാഷകർ. അവരുടെ കൂടെ ഞാനുമുണ്ടായിരുന്നു. “ആരോഗ്യ നികേതന”മെന്ന ബംഗാളി നോവൽ പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ല എന്ന സത്യം കൃഷ്ണപിള്ള പറഞ്ഞു. സാഹിത്യകാരന്മാർ ഒന്നും വായിക്കാത്തവരാണെന്നു് കൂടി അദ്ദേഹം പ്രസ്താവിച്ചു. രണ്ടും ദേവിനെ ചൊടിപ്പിച്ചു. വായിക്കാത്തതിനു് കാരണവും കൃഷ്ണപിള്ള വ്യക്തമാക്കി. വെള്ളായണി പരമു വിവാഹങ്ങൾക്കു് ക്ഷണിച്ചാൽ പോവുകയില്ലായിരുന്നു. കാരണമന്വേഷിച്ചപ്പോൾ പരമു പറഞ്ഞു: “ഞാൻ തിരിച്ചു പോരുമ്പോൾ വല്ല ചരുവമോ മൊന്തയോ കിണ്ടിയോ ഞാനറിയാതെ തന്നെ എന്റെ കക്ഷത്തു് ഇരുന്നുവെന്നു വരും” ആ പേടിയാണു് മലയാളത്തിലെ എഴുത്തുകാർക്കു് എന്നു് കൃഷ്ണപിള്ള പറഞ്ഞപ്പോൾ ദേവ് പ്ലാറ്റ് ഫോമിലിരുന്നു് നിറുത്തെടാ തന്റെ പ്രസംഗം. ശംബളപ്പണ്ഡിതാ നിറുത്തു് എന്നു് ആക്രോശിച്ചു. കൃഷ്ണപിള്ള ക്ഷോഭിച്ചില്ല. പ്രസംഗം നിറുത്തിയതുമില്ല. കേശവദേവ് കൂടുതൽ അക്രമാസക്തനായപ്പോൾ ശ്രോതാക്കൾ ഇടപെട്ടു. അവരിൽപ്പലരും കേശവദേവിനോടു് മര്യാദ പാലിക്കാൻ രൂക്ഷസ്വരത്തിൽ ആവശ്യപ്പെട്ടു. അടിയുണ്ടാകുമെന്നു കരുതി ഞാൻ വേദിയിൽ നിന്നിറങ്ങിയോടി കെ. ബാലകൃഷ്ണന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നു് ഇരുന്നു. അവിടെയുണ്ടായിരുന്നു സി. കേശവൻ. കാറ്റിൽപ്പെടാദീപമെന്ന പോലെ ആ മഹാൻ പ്രശാന്തനായി ഇരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ അടുത്തു് ഇരുന്നു. എന്റെ അസ്വസ്ഥത ആ മഹാന്റെ സാന്നിദ്ധ്യം കൊണ്ടു് ഇല്ലാതെയായി.

images/Thich_Nhat_Hanh.jpg
Thich Nhat Hanh

4. ധിഷണയ്ക്കു് ആഹ്ലാദവും സംതൃപ്തിയും നൽകാൻ വിയറ്റ്നാമിലെ സെന്മാസ്റ്റർ (Thich Nhat Hanh) എഴുതിയ ഗ്രന്ഥങ്ങൾക്കു് കഴിയും. (പാരീസിലാണു് അദ്ദേഹം താമസിക്കുന്നതു്) ഒരു ഗ്രന്ഥത്തിൽ ഈ മഹാൻ പറയുന്നു:“എച്ചിൽക്കൂമ്പാരം വല്ലാത്ത നാറ്റമുണ്ടാക്കും. വിശേഷിച്ചും അഴുകുന്ന വസ്തുക്കൾ. എന്നാൽ പൂന്തോട്ടത്തിനു് പ്രയോജപ്പെടുന്ന കൂട്ടുവളവുമാകുമതു്. പരിമളമാർന്ന പനിനീർപ്പൂവും നാറുന്ന എച്ചിൽക്കൂമ്പാരവും ഒരേ അസ്തിത്വത്തിന്റെ രണ്ടു വശങ്ങളാണു്. ഒന്നില്ലാതെ മറ്റൊന്നിനു് നിലനില്പില്ല. എല്ലാം പരിവർത്തനത്തിനു് വിധേയങ്ങൾ. ആറു ദിവസം കഴിഞ്ഞു് വാടുന്ന പനിനീർപ്പൂ എച്ചിലിന്റെ ഭാഗമാകും. ആറു മാസം കഴിയുമ്പോൾ ആ ഉച്ഛിഷ്ടക്കൂമ്പാരം പനിനീർപ്പൂവായി മാറും”

5. പ്രോ വൈസ് ചാൻസലറായിരുന്ന പി. ആർ. പരമേശ്വരപ്പണിക്കരോടൊരുമിച്ചു് ഞാൻ പല മീറ്റിങ്ങുകൾക്കും പോയിട്ടുണ്ടു്. ഒരിക്കൽ അദ്ദേഹം എന്നോടു് പറഞ്ഞു: സായ്പ് അതു് പറഞ്ഞിട്ടുണ്ടു് ഇതു് പറഞ്ഞിട്ടുണ്ടു് എന്നു പറയുന്നതിനെക്കാൾ നല്ലതു് നിങ്ങളുടേതായ വിചാരങ്ങൾ പ്രകാശിപ്പിക്കുന്നതാണു്. അവയ്ക്കു് പ്രൗഢത ഇല്ലെങ്കിലും സായ്പ്പിന്റെ വിചാരങ്ങൾക്കു് പ്രൗഢത ഉണ്ടെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനാണു് എനിക്കു് കൗതുകം.

images/HardBoiledWonderland.jpg

6. ഡിസംബർ ഒൻപതാം തീയതി അന്തരിച്ച വലിയ സാഹിത്യകാരനായ ശിവരാമകാരന്തിനെ ഞാൻ കണ്ടിട്ടുണ്ടു്. കുറച്ചുനേരം സംസാരിച്ചിട്ടുണ്ടു്. ഡൽഹി എയർപോർട്ടിലെ ബഞ്ചിൽ അദ്ദേഹം ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഞാൻ അടുത്തുചെന്നു് എന്നെ പരിചയപ്പെടുത്തി. ആ മഹാവ്യക്തിയുടെ അടുത്തിരിക്കാൻ എനിക്കു് ധൈര്യമുണ്ടായില്ല. പക്ഷേ പുഞ്ചിരി പൊഴിച്ചുകൊണ്ടു് അദ്ദേഹം ബഞ്ചിൽ കൈ കൊണ്ടു് തട്ടി ‘ഇവിടിരിക്കു’ എന്നു് ഇംഗ്ലീഷിൽ പറഞ്ഞു. ഞാൻ ഇരുന്നു. കുറച്ചുനേരം സാഹിത്യത്തെക്കുറിച്ചു് സംസാരിച്ചു. യാത്ര പറഞ്ഞു് ഞാൻ വിമാനത്തിൽ കയറാൻ പോകുകയും ചെയ്തു. ദൂരെച്ചെന്നു് തിരിഞ്ഞു് നോക്കി. അദ്ദേഹം അനങ്ങാതിരിക്കുകയാണു്. മഹാപുരുഷനാണു് ശിവരാമകാരന്തു് എന്നു് എനിക്കു് തോന്നി.

images/Shivaram_Karanth.jpg
ശിവരാമകാരന്ത്

7. യാസുനാരി കാവാബാത്താ (1899–1972. നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima 1925–1970. ആത്മഹത്യ ചെയ്തു) ജൂനീചീറോ താനീസാക്കീ (Junichiro Tanizaki 1886–1965) കെൻസാബൂറാ ഓവേ (Kenzaburo Oe ജനനം 1935. നോബൽ സമ്മാനം 1994) ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു് ശേഷം രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ നോവലിസ്റ്റാണു് ഹാറൂക്കി മൂറാകാമീ (Haruki Murakami ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ടു്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിനു് സവിശേഷതയുണ്ടു്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം.

“Sex is an extremely subtle undertaking, unlike going to the department store on Sunday to buy the thermos.

Even among young, beautiful fat women, there are distinctions to be made. Fleshed out one way, they’ll leave you lost, trivial, confused.

In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death”

മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Bird Chronicle-ന്റെ (611 pages) റെവ്യു റ്റൈം വാരികയിലുണ്ടു്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നു് വാരിക പറയുന്നു. അന്തരംഗ സ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Pico lyer ആണു് നിരൂപകൻ. അതുകൊണ്ടു് സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ.

ധീരനാരു്

കാമുകിയെ സന്തോഷിപ്പിക്കാൻ കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കണോ അതോ പത്തു പവന്റെ മാല വാങ്ങി കൊടുക്കണോ? എലിയെപ്പിടിക്കാൻ എലിപ്പത്തായത്തിൽ (കെണിയിൽ) ഒരു കഷണം മരച്ചീനി വച്ചാൽ മതിയല്ലോ. ജിലേബി വയ്ക്കണമെന്നില്ല.

എവിടെയോ വായിച്ചതു് ഓർമ്മയിൽ നിന്നു് കുറിക്കുകയാണു്. ‘പൂക്കളുടെ പരിമളം വായുവിൽ പ്രസരിക്കുന്നു. ചന്ദ്രൻ തിളങ്ങുന്നു. മനുഷ്യൻ വളരെക്കാലം ജീവിച്ചിരിക്കും.’ എന്താണു് ഈ പ്രസ്താവനകൾക്കു് പിറകിൽ എന്നു് ആരോ ചോദിച്ചപ്പോൾ ഇതെഴുതിയ റഷ്യൻ കവി പറഞ്ഞുപോലും. പൂക്കൾ സൗരഭ്യം പരത്തുന്നു എന്നു പറഞ്ഞാൽ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പൂക്കളായ കലാസൃഷ്ടികൾ തിളങ്ങുന്നു എന്നാണു് അർത്ഥം. ചന്ദ്രൻ പ്രകാശിക്കുന്നുവെന്നതു് സ്പുട്നിക്ക് ഗോളാന്തരയാത്രയ്ക്കു് വഴിയൊരുക്കി എന്നതാണു്. മനുഷ്യൻ വളരെക്കാലം ജീവിച്ചിരിക്കും എന്ന പ്രസ്താവം സോവിയറ്റ് യൂണിയൻ കോടാനുകോടി വർഷങ്ങൾ നിലനിൽക്കും എന്നാണു് വ്യഞ്ജിപ്പിക്കുന്നതു്. ഇതു് വായിച്ച റഷ്യൻ ജനത അപ്പറഞ്ഞതു് മുഴുവൻ വിശ്വസിച്ചിരിക്കും.

ഈ കവിയുടെ മാനസിക നിലയോടെയാണു് ശ്രീമതി പ്രമീളാദേവി ‘മാനവീയം’ എന്ന കാവ്യം ദേശാഭിമാനി വാരികയിൽ എഴുതിയതു്. ഭൂതകാലത്തെ നശിപ്പിച്ചു് ശോഭനമായ ഭാവികാലത്തെ സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണു് കാവ്യം. പക്ഷേ കവിതയുടെ അർത്ഥനകൾക്കു് അനുരൂപമല്ലാത്ത ശബ്ദാടോപം കൊണ്ടു് പ്രമീള കാവ്യത്തെ പ്രചാരണപരമാക്കിത്തീർത്തിരിക്കുന്നു. റഷ്യൻ കവിയെപ്പോലെ ശ്രീമതിയും അർത്ഥപ്രദർശനം നടത്തേണ്ടതായി വന്നിരിക്കുന്നു.

ഇവിടെയൊരു ചിതയൊരുക്കീടുക ജീർണ്ണിച്ച

പകലിരവുകൾക്കിനി തീ കൊളുത്തീടുക!

മുഖപടമഴിക്കുക ഉച്ചക്കൊടും വെയിൽ–

ത്തിരയിൽ നാം കണ്ണുകൾ കഴുകിത്തിളക്കുക

എന്ന വരികളിലും തുടർന്നു വരുന്ന വരികളിലും ഒന്നേ ഇല്ലാതായുള്ളു. കവിത.

ഭൂതകാലത്തെ നശിപ്പിച്ചു് ശോഭനമായ ഭാവികാലത്തെ സാക്ഷാത്കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണു് കാവ്യം.

ജി. ശങ്കരക്കുറുപ്പ് മഹാകവിയാണു്. പക്ഷേ ജനയുഗം വാരിക കവിത ചോദിച്ചാൽ ‘കമ്പനി മുറ്റത്തെ കാട്ടുമുല്ല’ എന്ന പേരിൽ തൊഴിലാളി സ്ത്രീയെക്കുറിച്ചു് കാവ്യം രചിക്കും. ‘മാതൃഭൂമി’യാണു് കവിത ചോദിക്കുന്നതെങ്കിൽ വിശ്വദർശനത്തിന്റെ അപ്രമേയ പ്രഭാവത്തെക്കുറിച്ചാവും രചന. ഏതു് വാരികയ്ക്കാണ്, ഏതു് പത്രത്തിനാണു് രചന നൽകേണ്ടതെന്നു് രചയിതാവു് ആലോചിക്കുകയേ അരുതു്. എങ്കിലേ സത്യസന്ധത പ്രകാശിക്കൂ. “ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നിൽക്കേ നെഞ്ചിൽ കുലുക്കമെവനില്ലവനാണു ധീരൻ”

വിഷ്ണുനാരായണൻ നമ്പൂതിരി

കോഴി കൂവിയാണു് പ്രഭാതത്തെ ആഗമിപ്പിക്കുന്നതെന്ന അർത്ഥത്തിൽ എൻ. വി. കൃഷ്ണവാരിയർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവിതയെഴുതിയിരുന്നതായി ഓർമ്മയുണ്ടു്. അതു് കവി ഭാവനാജന്യമെന്നു മാത്രം കരുതിയാൽ മതി. പ്രഭാതാഗമനത്താൽ പ്രചോദനം കൊണ്ടിട്ടാണു് കോഴി കൂവുന്നതു്. പക്ഷേ കവിയെന്ന പൂങ്കോഴി കൂവിയാണു് കവിതാ പ്രഭാതത്തെ ആഗമിപ്പിക്കുന്നതു്, പ്രഭാതം നവീനമെന്നു നമുക്കു് തോന്നും. സൗന്ദര്യാനുഭൂതിയും അതു് ജനിപ്പിക്കുന്ന താദാത്മ്യബോധവും പഴയ വിഷയങ്ങളാകാം. പക്ഷേ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൈയിൽ അതിനു് നൂതനത്വമുണ്ടാകുന്നു. സൗന്ദര്യത്തെ അംഗനയായി സങ്കല്പിക്കൂ. കവി അവളുടെ ശ്യാമളനയനങ്ങളിലൂടെ നോക്കുന്നു. അവളുടെ പ്രേമകൂജനങ്ങളിലൂടെ കുയിലിന്റെ കൂജനം ശ്രവിക്കുന്നു. ഈ താദാത്മ്യത്തെ സ്ഫുടീകരിക്കുകയാണു് വിഷ്ണുനാരായണൻനമ്പൂതിരി ആ പേരുള്ള സുന്ദരമായ കാവ്യത്തിലൂടെ (ജന്മഭൂമി വാർഷികപ്പതിപ്പു്). ഉചിതങ്ങളായ പദങ്ങൾ ക്രമമായി വിന്യസിക്കുമ്പോൾ ഗദ്യം. ഉചിതങ്ങളായ പദങ്ങളെ ഉചിതജ്ഞതയുള്ള ക്രമത്തിൽ വിന്യസിക്കുമ്പോൾ കവിത എന്ന കോൾറിജിന്റെ മതം സാർത്ഥകമാകുന്നതു് കാണണമെങ്കിൽ ഈ കാവ്യം വായിക്കണം.

പടിഞ്ഞാറേ കോണിലെ ചന്ദ്രക്കല വിളർത്തു് വിളർത്തു് അൽപാല്പമായി അപ്രത്യക്ഷമാകുന്നതു് ഞാൻ നോക്കി നിന്നിട്ടുണ്ടു്. ഒരു ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ കാലത്തെഴുന്നേറ്റു് താമരക്കുളത്തിന്റെ കരയിൽ ചെന്നു നിന്നു് പൂക്കൾ വിടരുന്നതിന്റെ ശബ്ദം കേൾക്കുമെന്നു് ആത്മകഥയിലെഴുതിയതു് ഞാൻ വായിച്ചിട്ടുണ്ടു്. എനിക്കാണെങ്കിൽ താമരപ്പൂക്കൾ കൂമ്പുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ശബ്ദം കേൾക്കാനാണു് കൗതുകം: ചന്ദ്രക്കലയുടെ മരണത്തിൽ എനിക്കു് ആഹ്ലാദമുണ്ടാകുന്നതുപോലെയാണതു്. സാഗരതരംഗങ്ങൾ ഉയർന്നു വരുമ്പോഴല്ല അവ തീരത്തു് വന്നടിച്ചു ചിന്നിച്ചിതറുന്ന ദൃശ്യമാണു് എനിക്കു് പ്രിയം. എന്തേ ഈ അനിയത മാനസികനില എനിക്കു് പ്രായം കൂടുകയും മരണമെന്ന യാഥാർത്ഥ്യം അടുത്തടുത്തു് വരികയും ചെയ്യുന്നതു് കൊണ്ടാവാം. പക്ഷേ കവിതയുടെ മരണം. വിശാലമായ അർത്ഥത്തിൽ കലയുടെ മരണം നോക്കിക്കാണാൻ എനിക്കാവില്ല. വള്ളത്തോൾക്കവിത എന്ന പൂർണ്ണചന്ദ്രൻ നേർത്ത ചന്ദ്രക്കലയായി മാറി അസ്തമയത്തിൽ ചെന്നപ്പോൾ ഞാൻ ദുഃഖിച്ചു. ആ വിഷാദമാണു് ഇന്നത്തെ കവിത കാണുമ്പോഴും എനിക്കുണ്ടാവുക.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1997-12-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 25, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.