SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-01-02-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Kerala_Varma_Valiya_Koil_Thampuran.jpg
കേ​ര​ള​വർ​മ്മ വലി​യ​കോ​യി​ത്ത​മ്പു​രാൻ

കെ. സി. കേ​ശ​വ​പി​ള്ള, കേ​ര​ള​വർ​മ്മ വലി​യ​കോ​യി​ത്ത​മ്പു​രാൻ ഇവ​രു​ടെ​യും മറ്റ​നേ​കം മഹാ​ന്മാ​രായ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും കൈ​യ​ക്ഷ​രം ഞാൻ കണ്ടി​ട്ടു​ണ്ടു്. ഓരോ​ന്നും മനോ​ഹ​രം. ഒരു Cult എന്ന നി​ല​യിൽ—സ്വീ​കൃ​ത​മെ​ന്ന നി​ല​യിൽ—സു​ന്ദ​ര​മായ കൈ​പ്പട അം​ഗീ​ക​രി​ക്ക​പ്പെ​ട്ട കാ​ല​മാ​യി​രു​ന്നു അതു്. സൗ​ന്ദ​ര്യ​മ​യ​മായ മന​സ്സി​ന്റെ ബഹിർ​പ്ര​കാ​ശ​നം കൈ​യ​ക്ഷ​രം എങ്കി​ലും അവർ ഉപ​യോ​ഗി​ച്ച​തൂ​ലി​ക​യു​ടെ രീ​തി​യും ആ സു​ന്ദ​ര​ലി​പി ലേ​ഖ​ന​ത്തി​നു് സഹാ​യി​ച്ചി​രു​ന്നു. ഒരു​ത​രം തു​വ​ലി​ന്റെ അഗ്രം ചെ​ത്തി നി​ബ്ബാ​ക്കി കു​പ്പി​യി​ലെ മഷി​യിൽ മു​ക്കി​യാ​ണു് അവർ എഴു​തി​യ​തു്. തൂ​ലി​ക​യും കൈ​യ​ക്ഷ​ര​ത്തി​ന്റെ ശോഭ വർ​ദ്ധി​പ്പി​ച്ചു. എന്റെ ബാ​ല്യ​കാ​ല​ത്തു് തൂവൽ അപ്ര​ത്യ​ക്ഷ​മാ​യി​ല്ലെ​ങ്കി​ലും റി​ലി​ഫ് നി​ബ്ബ് വച്ച സ്റ്റീൽ ഹോൾ​ഡ​റി​നാ​യി​രു​ന്നു പ്ര​ചാ​രം. അതു​കൊ​ണ്ടെ​ഴു​തി​യാൽ കൈ​പ്പട ഒന്നാ​ന്ത​ര​മാ​കു​മാ​യി​രു​ന്നു. ഞാൻ ഹൈ​സ്ക്കൂ​ളി​ലെ​ത്തി​യ​പ്പോൾ സ്വാൻ, വാ​ട്ടർ​മാൻ ഈ ബ്രി​ട്ടീ​ഷ് ഫൗ​ണ്ടൻ പേ​ന​കൾ​ക്കാ​യി പ്രാ​ധാ​ന്യം. അവ കൊ​ണ്ടെ​ഴു​തി എന്റെ കൈ​യ​ക്ഷ​രം മോ​ശ​മാ​യി. ബ്രി​ട്ടീ​ഷു​കാർ ഇന്ത്യ വി​ട്ട​പ്പോൾ ഇവി​ടെ​യു​ണ്ടാ​ക്കു​ന്ന പേനകൾ കട​യി​ലെ​ത്തി. കട​ക​ളി​ലെ കണ്ണാ​ടി​പ്പെ​ട്ടി​ക​ളി​ലി​രി​ക്കു​മ്പോൾ അവ കാ​ഴ്ച​യ്ക്കു് സു​ന്ദ​രം. വലിയ വില കൊ​ടു​ത്തു് ഏതു് പേ​ന​യും വാ​ങ്ങൂ, എഴു​താ​നൊ​ക്കു​ക​യി​ല്ല. എഴു​തി​യാൽ കൈ​യ​ക്ഷ​രം വി​കൃ​ത​മാ​കും. ഇപ്പോൾ സൂചി മു​ന​യു​ള്ള roller point പേ​ന​ക​ളും ബോൾ പോ​യി​ന്റ് പേ​ന​ക​ളും സുലഭം. അവ​കൊ​ണ്ടു് എഴു​തി​യാൽ കൈ​യ​ക്ഷ​രം കാക്ക എന്തോ കി​ണ്ടി​യ​തു് പോ​ലി​രി​ക്കും. എല്ലാ മണ്ഡ​ല​ങ്ങ​ളി​ലു​മു​ള്ള ജീർ​ണ്ണത കൈ​യ​ക്ഷ​ര​ത്തി​ലും. പഴയ സ്റ്റീൽ പേന മഷി​യിൽ മു​ക്കി എഴു​താൻ എനി​ക്കു് ആഗ്ര​ഹം.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: എനി​ക്കൊ​രു ഉപ​ദേ​ശം തരൂ?

ഉത്ത​രം: ഉപ​ദേ​ശം ചോ​ദി​ക്കു​ന്ന ആൾ ആരോ​ടു് അതു് ചോ​ദി​ക്കു​ന്നു​വോ ആ ആളി​നേ​ക്കാൾ എപ്പോ​ഴും ബു​ദ്ധി​കൂ​ടി​യ​വ​നാ​യി​രി​ക്കും. ബു​ദ്ധി​ശാ​ലി​യായ നി​ങ്ങൾ​ക്കു് എന്റെ ഉപ​ദേ​ശം വേണ്ട.

ചോ​ദ്യം: ടെ​ലി​വി​ഷൻ കാ​ണു​മ്പോൾ, മല​യാ​ളം സിനിമ കാ​ണു​മ്പോൾ സർ​ക്കാർ നട​ത്തു​ന്ന നാ​ട​ക​ങ്ങൾ കാ​ണു​മ്പോൾ ഞാൻ ശ്ര​ദ്ധി​ക്കേ​ണ്ട​തു് നടീ​ന​ട​ന്മാ​രി​ലോ അതോ നാ​ട​ക​ര​ച​ന​യി​ലോ?

ഉത്ത​രം: രണ്ടി​ലു​മ​ല്ല, ടെ​ലി​വി​ഷൻ പ്രോ​ഗ്രാം കാ​ണു​മ്പോൾ സെ​റ്റ് ഓഫാ​ക്കാ​നു​ള്ള കട്ട എവി​ടെ​യാ​ണെ​ന്നു് നോ​ക്കി​ക്കൊ​ണ്ടി​രി​ക്ക​ണം. മലയാള ചല​ച്ചി​ത്രം കാണാൻ ചെ​ല്ലു​മ്പോൾ സി​നി​മാ​ശാ​ല​യിൽ എക്സി​റ്റ് എന്നു് എഴുതി വച്ചി​രി​ക്കു​ന്ന​തു് എവി​ടെ​യ​ന്നു് നേ​ര​ത്തേ നോ​ക്കി വയ്ക്ക​ണം. നാടകം കാ​ണു​മ്പോൾ അടു​ത്തി​രു​ന്നു് ഉറ​ങ്ങു​ന്ന​വ​ന്റെ തല നി​ദ്രാ​ധീ​ന​നാ​കു​ന്ന നി​ങ്ങ​ളു​ടെ തല​യു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​തെ നോ​ക്കി​ക്കൊ​ള്ള​ണം.

ചോ​ദ്യം: തി​രു​മ​ണ്ട​ന്മാ​ര​ല്ലേ എപ്പോ​ഴും ഹോൾ​ഡ​റിൽ വച്ച സി​ഗ​റ​റ്റ് പു​ക​ച്ചു​കൊ​ണ്ടു് റോ​ഡി​ലൂ​ടെ വൈ​കു​ന്നേ​ര​ത്തു് നട​ക്കു​ന്ന​തു്?

ഉത്ത​രം: എന്നെ​പ്പോ​ലെ​യു​ള്ള​വർ സി​ഗ​റ​റ്റ് പു​ക​ച്ചു​കൊ​ണ്ടു് നൂതന ചി​ന്ത​കൾ മന​സ്സിൽ രൂ​പ​വ​ത്ക​രി​ക്കു​ന്നു. നി​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള മണ്ട​ശി​രോ​മ​ണി​കൾ സി​ഗ​റ​റ്റ് ചു​ണ്ടു​കൾ​ക്കി​ട​യിൽ വച്ചു​കൊ​ണ്ടു് മര്യാ​ദ​കെ​ട്ട ചോ​ദ്യ​ങ്ങൾ ചോ​ദി​ക്കു​ന്നു.

ചോ​ദ്യം: ഞാൻ എന്തു പറ​ഞ്ഞാ​ലും എന്റെ ഭാര്യ വി​ശ്വ​സി​ക്കു​ന്നി​ല്ല. അവളെ വി​ശ്വ​സി​പ്പി​ക്കാൻ ഞാൻ എന്തു് ചെ​യ്യ​ണം?

ഉത്ത​രം: ഭാ​ര്യ​യു​ടെ ചെവി പി​ടി​ച്ചു് നി​ങ്ങ​ളു​ടെ ചു​ണ്ടി​നോ​ടു് അടു​പ്പി​ക്ക​ണം. എന്നി​ട്ടു് ഏതെ​ങ്കി​ലും ചാ​രി​ത്ര​ശാ​ലി​നി​യെ​ക്കു​റി​ച്ചു് ഇങ്ങ​നെ പറയൂ ‘ആ സ്ത്രീ​യു​ണ്ട​ല്ലോ അവൾ പര​മ​ചീ​ത്ത​യാ​ണു്’—നി​ങ്ങ​ളു​ടെ ഭാര്യ ഉടനെ അതു് വി​ശ്വ​സി​ക്കും.

ചോ​ദ്യം: പ്ര​ത്യ​ക്ഷ​ങ്ങ​ളാ​യ​വ​യെ, കൊ​ച്ചു​കു​ട്ടി​കൾ​ക്കു​പോ​ലും അറി​യാ​വു​ന്ന​വ​യെ അപ​ഗ്ര​ഥി​ക്കു​ന്ന നി​ങ്ങൾ ഫൂ​ള​ല്ലേ?

ഉത്ത​രം: നി​ങ്ങൾ പ്രൂ​സ്റ്റി​ന്റെ Remembrance of Things Past എന്ന നോവൽ വാ​യി​ച്ചു നോ​ക്കൂ. സർ​വ്വ​സാ​ധാ​ര​ണ​ങ്ങ​ളായ വസ്തു​ത​ക​ളെ അദ്ദേ​ഹം നി​സ്തു​ല​മായ രീ​തി​യിൽ അപ​ഗ്ര​ഥി​ക്കു​ന്ന​തു കാണാം. ഞാൻ സമീ​ക​രി​ച്ചു് പറ​യു​ക​യ​ല്ല. ക്ഷു​ദ്ര​സം​ഭ​വ​ങ്ങ​ളെ​യും വസ്തു​ത​ക​ളെ​യും അപ​ഗ്ര​ഥി​ക്കാൻ ജന്മ​സി​ദ്ധ​മായ കഴി​വു് വേണം.

ചോ​ദ്യം: പട്ടി​യെ കൊ​ണ്ടു​ന​ട​ക്കു​ന്ന ഉദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ചു് നി​ങ്ങൾ എന്തു് പറ​യു​ന്നു?

ഉത്ത​രം: ഉദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ചു് എനി​ക്കു് ഒന്നും പറ​യാ​നി​ല്ല. ബൃ​ഹ​ദാ​കാ​ര​മാർ​ന്ന ആന​യു​ടെ അടു​ത്തു് ഒരു കൊ​ച്ചു​ക​മ്പും പി​ടി​ച്ചു് നട​ക്കു​ന്ന മനു​ഷ്യൻ സഹ​താ​പ​മർ​ഹി​ക്കു​ന്നു. കൊ​ച്ചു പട്ടി​യു​മാ​യി നട​ക്കു​ന്ന സു​ന്ദ​രി നമ്മു​ടെ സ്നേ​ഹാ​ദ​ര​ങ്ങൾ നേ​ടു​ന്നു.

ചൂഷണം
images/Marcel_Proust.jpg
പ്രൂ​സ്റ്റ്

പഴയ നി​യ​മ​മ​നു​സ​രി​ച്ചു് ‘ആദി​യിൽ (ദൈവം) ആകാ​ശ​വും ഭൂ​മി​യും സൃ​ഷ്ടി​ച്ചു… ദൈവം അരുൾ ചെ​യ്തു ‘വെ​ളി​ച്ചം ഉണ്ടാ​ക​ട്ടെ’ വെ​ളി​ച്ചം ഉണ്ടാ​യി പി​ന്നീ​ടു് പക്ഷി​ക​ളെ​യും ജല​ജ​ന്തു​ക്ക​ളെ​യു​മൊ​ക്കെ സൃ​ഷ്ടി​ച്ചു. (മല​യാ​ളം ബൈബിൾ—ഓശാന പ്ര​സാ​ധ​നം) യോ​ഹ​ന്നാൻ എഴു​തിയ സു​വി​ശേ​ഷ​മ​നു​സ​രി​ച്ചു് ‘ആദി​യിൽ വചനം ഉണ്ടാ​യി​രു​ന്നു…, ദൈ​വ​മാ​യി​രു​ന്നു ആ വചനം… വചനം മാം​സ​മാ​യി കൃ​പ​യും സത്യ​വും നി​റ​ഞ്ഞു് നമ്മു​ടെ ഇടയിൽ പാർ​ത്തു’ (മല​യാ​ളം ബൈബിൾ—ഓശാന).

ബ്ര​ഹ്മം പി​ന്നീ​ടു് പ്രാ​ദുർ​ഭാ​വം കൊ​ണ്ട​തു് നാ​യ​ന്മാർ, ഈഴവർ എന്നീ വർ​ഗ്ഗ​ങ്ങ​ളാ​യി​ട്ടാ​ണു്. നാ​യ​ന്മാ​രിൽ തന്നെ ബ്ര​ഹ്മം കി​രി​യ​ത്തു് നായർ, ചക്കാല നായർ, തല​വി​ള​ക്കി നായർ ഈ വി​ഭാ​ഗ​ങ്ങ​ളാ​യി രൂ​പ​മാർ​ജ്ജി​ച്ചു. മേനോൻ, മേനോൻ ചാ​ടി​പ്പ​ണി​ക്കർ, വാ​രി​യർ, പി​ഷാ​ര​ടി ഇവയും ബ്ര​ഹ്മ​ത്തി​ന്റെ ആവി​ഷ്ക്കാ​ര​ങ്ങ​ള​ത്രേ. എല്ലാ ജാ​തി​ക്കാ​രിൽ നി​ന്നും കു​റേ​പ്പേ​രെ തി​ര​ഞ്ഞെ​ടു​ത്തു് ബ്ര​ഹ്മം കവി​ക​ളാ​യും കഥാ​കാ​ര​ന്മാ​രാ​യും നോ​വ​ലി​സ്റ്റു​ക​ളാ​യും സ്വയം സ്ഫു​ടീ​ക​ര​ണം നട​ത്തി. എല്ലാം ബ്ര​ഹ്മ​മാ​യ​തു​കൊ​ണ്ടാ​ണു് അവ​രെ​ല്ലാം ഒരു വ്യ​ത്യാ​സ​വു​മി​ല്ലാ​തെ നിർ​ഗ്ഗു​ണ​രാ​യി കാ​ണ​പ്പെ​ടു​ന്ന​തു്.

ഹി​ന്ദു​മ​ത​ത്തിൽ സൃ​ഷ്ടി​യെ​ക്കു​റി​ച്ചു​ള്ള കഥകൾ പല​താ​ണു്. ബ്ര​ഹ്മ​ത്തി​ന്റെ പു​രു​ഷാ​വി​ഷ്ക്കാ​ര​മായ ബ്ര​ഹ്മാ​വാ​ണു് സൃ​ഷ്ടി​ക്കു് കാ​ര​ണ​ക്കാ​ര​നാ​യ​തു് എന്നു് ഒരു കഥ. അങ്ങ​നെ പലതും. പ്ര​ജാ​പ​തി​ക്കു് സന്താ​നം വേ​ണ​മെ​ന്നു തോ​ന്നി​യ​പ്പോൾ കഠി​ന​ത​പ​സ്സിൽ മു​ഴു​കി​യെ​ന്നും അപ്പോ​ഴു​ണ്ടായ ചൂടിൽ നി​ന്നു് അഗ്നി​യും സൂ​ര്യ​നും ചന്ദ്ര​നും വാ​യു​വും സ്ത്രീ​യായ പ്ര​ഭാ​ത​വും ഉണ്ടാ​യി​യെ​ന്നും വേ​റൊ​രു കഥ.

ഈ പാവന സങ്ക​ല്പ​ങ്ങ​ളോ​ടു് ഞാനും ഒരു കഥ കൂ​ട്ടി​ച്ചേർ​ക്കു​ന്ന​തി​ന്റെ മര്യാ​ദ​ക്കേ​ടു് മാന്യ വാ​യ​ന​ക്കാർ സദയം ക്ഷ​മി​ക്ക​ണം. ബ്ര​ഹ്മം പി​ന്നീ​ടു് പ്രാ​ദുർ​ഭാ​വം കൊ​ണ്ട​തു് നാ​യ​ന്മാർ, ഈഴവർ എന്നീ വർ​ഗ്ഗ​ങ്ങ​ളാ​യി​ട്ടാ​ണു്. നാ​യ​ന്മാ​രിൽ തന്നെ ബ്ര​ഹ്മം കി​രി​യ​ത്തു് നായർ, ചക്കാല നായർ, തല​വി​ള​ക്കി നായർ ഈ വി​ഭാ​ഗ​ങ്ങ​ളാ​യി രൂ​പ​മാർ​ജ്ജി​ച്ചു. മേനോൻ, മേനോൻ ചാ​ടി​പ്പ​ണി​ക്കർ, വാ​രി​യർ, പി​ഷാ​ര​ടി ഇവയും ബ്ര​ഹ്മ​ത്തി​ന്റെ ആവി​ഷ്ക്കാ​ര​ങ്ങ​ള​ത്രേ. എല്ലാ ജാ​തി​ക്കാ​രിൽ നി​ന്നും കു​റേ​പ്പേ​രെ തി​ര​ഞ്ഞെ​ടു​ത്തു് ബ്ര​ഹ്മം കവി​ക​ളാ​യും കഥാ​കാ​ര​ന്മാ​രാ​യും നോ​വ​ലി​സ്റ്റു​ക​ളാ​യും സ്വയം സ്ഫു​ടീ​ക​ര​ണം നട​ത്തി. എല്ലാം ബ്ര​ഹ്മ​മാ​യ​തു​കൊ​ണ്ടാ​ണു് അവ​രെ​ല്ലാം ഒരു വ്യ​ത്യാ​സ​വു​മി​ല്ലാ​തെ നിർ​ഗ്ഗു​ണ​രാ​യി കാ​ണ​പ്പെ​ടു​ന്ന​തു്. ഒരു നി​മി​ഷ​ത്തിൽ ബ്ര​ഹ്മ​ത്തി​നു് തോ​ന്നി പണ്ഡ​ക​ളെ സൃ​ഷ്ടി​ച്ചു് മറ്റു ബ്ര​ഹ്മാ​വി​ഷ്ക്കാ​ര​ങ്ങ​ളെ ക്ലേ​ശി​പ്പി​ക്ക​ണ​മെ​ന്നു്. ബ്ര​ഹ്മം അതു ചെ​യ്തു. അക്കൂ​ട്ടർ ആവിർ​ഭ​വി​ച്ച കാലം തൊ​ട്ടു് അവർ അമ്പ​ല​ങ്ങ​ളിൽ ചെ​ല്ലു​ന്ന​വ​രെ കൊ​ല്ലാ​തെ കൊ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. എങ്ങ​നെ ‘കൊ​ല്ലാ​ക്കൊല’ ചെ​യ്യു​ന്നു​വെ​ന്നു് മന​സ്സി​ലാ​ക്ക​ണ​മെ​ങ്കിൽ ശ്രീ. ടി. കെ. ശങ്ക​ര​നാ​രാ​യ​ണൻ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ എഴു​തിയ പരി​ഹാസ കഥ വാ​യി​ച്ചാൽ മതി. ആധ്യാ​ത്മി​ക​ത്വ​ത്തെ​യും ഭക്തി​യെ​യും ചൂഷണം ചെ​യ്തു് ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രും അവ​രു​ടെ ഏജ​ന്റു​മാ​രും നട​ത്തു​ന്ന ഹിം​സ​യു​ടെ തെ​ളി​ഞ്ഞ ചി​ത്രം ഇക്ക​ഥ​യി​ലു​ണ്ടു്. അവരെ പു​ഞ്ചി​രി പു​ര​ണ്ട കൺ​കോ​ണു​കൾ കൊ​ണ്ടു് കഥാ​കാ​രൻ നോ​ക്കു​ന്നു.

images/JRJimenez.jpg
ഹീ​മേ​നേ​ത്

പി. കെ. ബാ​ല​കൃ​ഷ്ണ​ന്റെ ‘പ്ലൂ​ട്ടോ പ്രി​യ​പ്പെ​ട്ട പ്ലൂ​ട്ടോ’ എന്ന നോ​വ​ലി​ന്റെ മൗ​ലി​ക​ത​യെ​ക്കു​റി​ച്ചു​ള്ള കൃ​ഷ്ണൻ​നാ​യ​രു​ടെ സന്ദേ​ഹ​ങ്ങൾ​ക്കു് ബാ​ല​കൃ​ഷ്ണൻ പു​തി​യൊ​രു നോവൽ രചി​ച്ചാ​ണു് മറു​പ​ടി നൽകാൻ മു​തിർ​ന്ന​തു്” എന്നു് ശ്രീ. പി. സു​ജാ​തൻ കലാ​കൗ​മു​ദി​യിൽ എഴു​തി​യി​രി​ക്കു​ന്നു. ഇതു് അത്ര കണ്ടു് ശരി​യ​ല്ല. പി. കെ. ബാ​ല​കൃ​ഷ്ണ​ന്റെ നോവൽ സ്പാ​നി​ഷ് കവി ഹീ​മേ​നേ​ത്തി​ന്റെ (Jimenez 1881–1958)Platero and I’ എന്ന ഗദ്യ​കാ​വ്യ​ത്തി​ന്റെ മോ​ഷ​ണ​മാ​ണെ​ന്നു് ഞാൻ പറ​ഞ്ഞി​ല്ല. പ്ലൂ​ട്ടോ കലാ​ശൂ​ന്യ​മായ കൃ​തി​യാ​ണെ​ന്നു് എഴു​തി​യി​ട്ടു് ഉത്ത​മ​മായ കലാ​സൃ​ഷ്ടി ഏതെ​ന്നു് സ്പ​ഷ്ട​മാ​ക്കാൻ Platero and I എന്ന കൃ​തി​യെ​ടു​ത്തു കാ​ണി​ച്ചു. (ഇന്നും ഞാൻ അങ്ങ​നെ​യു​ള്ള ചൂ​ണ്ടി​ക്കാ​ണി​ക്കൽ നട​ത്തു​ന്നു). കൗ​മു​ദി വാ​രി​ക​യു​ടെ പത്രാ​ധി​പ​രാ​യി​രു​ന്ന കെ. ബാ​ല​കൃ​ഷ്ണൻ ‘ലീഡ്’ കൊ​ടു​ത്ത​പ്പോൾ ‘പ്ലൂ​ട്ടോ’ സ്പാ​നി​ഷ് കൃ​തി​യു​ടെ മോ​ഷ​ണ​മാ​ണെ​ന്നു് ഞാൻ പറ​ഞ്ഞ​താ​യി അച്ച​ടി​ച്ചു. അതാ​ണു് പി. കെ. ബാ​ല​കൃ​ഷ്ണ​ന്റെ രോ​ഷാ​ഗ്നി ഇള​ക്കി​വി​ട്ട​തു്. ഇതു് മുൻ​പും ഞാൻ പല​പ്പോ​ഴും പറ​ഞ്ഞി​ട്ടു​ണ്ടു്. എങ്കി​ലും സു​ജാ​തൻ അതു് സൗ​ക​ര്യ​പൂർ​വം വി​ട്ടു കള​ഞ്ഞി​രി​ക്കു​ന്നു. ലേഖനം ഫല​പ്രാ​പ്ത​മാ​ക​ണ​മെ​ങ്കിൽ സത്യം മു​ഴു​വൻ പറ​യ​രു​ത​ല്ലോ. അപ​മാ​നം രണ്ടു് വി​ധ​ത്തി​ലാ​കാം. ഒന്നു് തു​റ​ന്ന അപ​മാ​നം. രണ്ടു് മറഞ്ഞ അപ​മാ​നം. പ്ര​ച്ഛ​ന്ന​മായ insult വസ്തു​നി​ഷ്ഠ​മായ പ്ര​തി​പാ​ദ​ന​മാ​ണെ​ന്നേ തോ​ന്നു. പക്ഷേ, അതു് insult തന്നെ​യാ​ണു്. ഇതിനെ ഇം​ഗ്ലീ​ഷിൽ Charientism കരി​ന്റി​സം എന്നു പറയും. അതി​ന്റെ അർ​ത്ഥം an artfully veiled insult എന്നു്.

ഉയർ​ച്ച​യും താ​ഴ്ച​യും

കോ​ട്ട​യ​ത്തെ ദേ​വ​ലോ​കം അര​മ​ന​യി​ലെ ബി​ഷ​പ്പ് അവർകൾ എന്നോ​ടു് പറഞ്ഞ ഒരു നേ​ര​മ്പോ​ക്കു് മുൻ​പു് ഞാൻ കലാ​കൗ​മു​ദി​യിൽ എഴു​തി​യി​രു​ന്നു. അതു് വാ​യി​ക്കാ​ത്ത​വർ​ക്കു് വേ​ണ്ടി ഞാൻ ആവർ​ത്തി​ക്കു​ക​യാ​ണു്. ഈ ഔചി​ത്യ​മി​ല്ലാ​യ്മ അതു് വാ​യി​ച്ച​വർ സദയം ക്ഷ​മി​ക്ക​ണം. ഒരു ക്രൈ​സ്തവ പു​രോ​ഹി​തൻ ഒരാ​ളോ​ടു് പറ​ഞ്ഞു: ’ഞാ​നി​ന്നു് പത്തു പ്ര​സം​ഗം ചെ​യ്തു’ അതു​കേ​ട്ടു് ആ ആൾ മറു​പ​ടി നൽകി: One speech is ordinary. Two speeches are extraordinary. But countless number of speeches, any fool can do it.

ശ്രീ​മൂ​ല​വി​ലാ​സം ഇം​ഗ്ലീ​ഷ് ഹൈ​സ്കൂൾ (തി​രു​വ​ന​ന്ത​പു​രം) കണ​ക്കു് പഠി​പ്പി​ക്കു​ന്ന പി. ജി. സു​ന്ദ​ര​മ​യ്യർ​സ്സാർ ക്ലാ​സി​ലെ​ത്തി ഹാ​ജ​രെ​ടു​ക്കു​ന്ന​തി​നു് വേ​ണ്ടി പേന ചോ​ദി​ച്ചു വി​ദ്യാർ​ത്ഥി​ക​ളോ​ടു്. ഗു​രു​നാ​ഥ​നു് പേന കൊ​ടു​ക്കാൻ കു​ട്ടി​കൾ ഏറെ. ഞാനും അവ​രു​ടെ കൂ​ട്ട​ത്തിൽ ഉണ്ടാ​യി​രു​ന്നു. എന്റെ പേ​ന​യാ​ണു് സാറ് വാ​ങ്ങി​യ​തു്. അദ്ദേ​ഹം ഹാജർ മാർ​ക്കു് ചെ​യ്തു തു​ട​ങ്ങി. പെ​ട്ടെ​ന്നു് പേ​ന​യു​ടെ നി​ബ്ബി​ലേ​ക്കു് ഒന്നു നോ​ക്കി​യി​ട്ടു് ഞങ്ങ​ളോ​ടു് പറ​ഞ്ഞു: As good as my pen. അതു​കേ​ട്ടു് ഞാൻ അഭി​മാ​ന​ഭ​രി​ത​നാ​യി. പൊ​ടു​ന്ന​നെ ഗു​രു​നാ​ഥൻ ഇങ്ങ​നെ​യും കൂ​ട്ടി​ച്ചേർ​ത്തു. Both won’t write. ക്ലാ​സ്സാ​കെ പൊ​ട്ടി​ച്ചി​രി. ഞാൻ ക്ഷീ​ണി​ച്ചു​പോ​കു​ക​യും ചെ​യ്തു.

കെ​സ്ല​റു​ടെ ‘ആക്റ്റ് ഒഫ് ക്രീ​യേ​ഷൻ’ എന്ന പു​സ്ത​കം വാ​യി​ച്ച ഓർ​മ്മ​യിൽ നി​ന്നു്: പു​രു​ഷൻ വീ​ട്ടി​ലി​ല്ലാ​ത്ത സമയം നോ​ക്കി ബി​ഷ​പ്പ് അയാ​ളു​ടെ ഭാ​ര്യ​യു​മാ​യി രമി​ക്കാൻ ചെ​ന്നു. അവർ രതി​കേ​ളി​ക​ളിൽ വ്യാ​പ​രി​ച്ച സമ​യ​ത്ത്, വി​ചാ​രി​ച്ചി​രി​ക്കാ​ത്ത സമ​യ​ത്തു് ഭർ​ത്താ​വ് കയ​റി​ച്ചെ​ന്നു അവിടെ. അയാൾ ഭാ​ര്യ​യു​ടെ​യും ബി​ഷ​പ്പി​ന്റെ​യും പ്ര​വൃ​ത്തി കണ്ടു. പക്ഷേ ക്ഷോ​ഭ​മൊ​ന്നും കൂ​ടാ​തെ അയാൾ ജന്ന​ലി​ന്റെ അരി​കിൽ​ച്ചെ​ന്നു് നി​ന്നു് റോ​ഡി​ലൂ​ടെ പോയ ആളു​ക​ളെ കൈ​യു​യർ​ത്തി അനു​ഗ്ര​ഹി​ക്കാൻ തു​ട​ങ്ങി. അതു് കണ്ടു് ഭാര്യ അത്ഭു​ത​പ്പെ​ട്ടു് ചോ​ദി​ച്ചു: ‘നി​ങ്ങൾ എന്താ​ണു് ചെ​യ്യു​ന്ന​തു്?’ ഭർ​ത്താ​വു് മറു​പ​ടി നൽകി: ‘ഞാൻ ചെ​യ്യേ​ണ്ട​തു് ബി​ഷ​പ്പ് ചെ​യ്യു​ന്ന​തു​കൊ​ണ്ടു് അദ്ദേ​ഹം ചെ​യ്യേ​ണ്ട​തു് ഞാൻ ചെ​യ്യു​ക​യാ​ണ്’.

രണ്ടു് പ്ര​ഭാ​ഷ​ണ​ങ്ങൾ അസാ​ധാ​ര​ണ​ങ്ങ​ളാ​ണു് എന്നു കേൾ​ക്കു​മ്പോൾ ശ്രോ​താ​വു് പര​കോ​ടി​യി​ലെ​ത്തു​ന്നു. പക്ഷേ, അനേകം പ്ര​ഭാ​ഷ​ണ​ങ്ങൾ നിർ​വ​ഹി​ക്കു​ന്ന​വൻ മണ്ട​നാ​ണു് എന്നു് പറ​യു​മ്പോൾ പര​കോ​ടി​യിൽ നി​ന്നു് വി​പ​രീത പര​കോ​ടി​യി​ലേ​ക്കാ​ണു് പോ​ക്കു്—ക്ലൈ​മാ​ക്സിൽ നി​ന്നു് ആന്റി ക്ലൈ​മാ​ക്സി​ലേ​ക്കു്. മറ്റു നേ​ര​മ്പോ​ക്കു​ക​ളി​ലും ഇതാ​ണു് സം​ഭ​വി​ക്കുക. ‘എന്റെ പേന പോലെ നല്ല​തു്’ എന്നു ഗുരു പറ​യു​മ്പോൾ എനി​ക്കു് മാ​ന​സി​ക​മായ ഔന്ന​ത്യം. ‘രണ്ടും എഴു​തു​ക​യി​ല്ല’ എന്നു് അദ്ദേ​ഹം വീ​ണ്ടും പറ​യു​മ്പോൾ ഞാൻ ഔന്ന​ത്യ​ത്തിൽ നി​ന്നു് താ​ഴോ​ട്ടു് പോ​രു​ന്നു. ഈ വൈ​രു​ദ്ധ്യ​മാ​ണു് ഹാ​സ്യ​ത്തി​നു് ആസ്പ​ദം.

ശ്രീ പന​ച്ചി ഭാ​ഷാ​പോ​ഷി​ണി​യിൽ എഴു​തിയ ‘ബഹു​മാ​ന​പ്പെ​ട്ട പുലി. വരാ​തി​രു​ന്നാ​ലും’ എന്ന ഹാ​സ്യ​ര​ച​ന​യിൽ ഈ പൊ​ടു​ന്ന​നെ​യു​ള്ള താഴ്ച സ്വാ​ഭാ​വി​ക​മാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന​തു് കൊ​ണ്ടാ​ണു് നമ്മ​ള​തു് വാ​യി​ച്ചു രസി​ക്കു​ന്ന​തു്. രച​യി​താ​വു് ഈ പ്ര​ക്രി​യ​യിൽ വി​ദ​ഗ്ദ്ധ​നാ​ണു്.

പഞ്ചേ​ന്ദ്രി​യ​ങ്ങൾ കൊ​ണ്ടു് അറി​യാൻ കഴി​യാ​ത്ത​വ​യെ യു​ക്തി​യു​ടെ നേ​ത്രം കൊ​ണ്ടു് കാണാം. ആശ​യ​ങ്ങ​ളു​ടെ സത്യം ഗ്ര​ഹി​ക്കാൻ പഞ്ചേ​ന്ദ്രി​യ​ങ്ങൾ​ക്കു് കഴി​യു​ക​യി​ല്ല.

ശ്രീ. പി. ഭാ​സ്ക​ര​നും കു​ട്ടി​കൃ​ഷ്ണ​മാ​രാ​രും കമ്മ്യു​ണി​സ്റ്റ് നേ​താ​വു് കെ. ദാ​മോ​ദ​ര​നും കട​പ്പു​റ​ത്തു് നട​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ദാ​മോ​ദ​രൻ കു​ട്ടി​കൃ​ഷ്ണ​മാ​രാ​രോ​ടു് പറ​ഞ്ഞു: ഞാൻ കാ​ട​ത്ത​ത്തിൽ നി​ന്നു് കമ്മ്യു​ണി​സ​ത്തി​ലേ​ക്കു് എന്നൊ​രു പു​സ്ത​കം എഴു​തു​ക​യാ​ണു്. ഉടനെ കു​ട്ടി​കൃ​ഷ്ണ​മാ​രാർ ചോ​ദി​ച്ചു: അവ​യ്ക്കു് തമ്മിൽ അത്ര​ത്തോ​ളം ദൂ​ര​മു​ണ്ടോ? ഇതു​കേ​ട്ടു് കൂ​ടു​തൽ ചി​രി​ച്ച​തു് സഹൃ​ദ​യ​നും നല്ല മനു​ഷ്യ​നു​മായ ദാ​മോ​ദ​ര​നാ​ണു്.

പുതിയ പു​സ്ത​കം
images/Bonaventure.jpg
ബോ​നാ​വാ​ന്തൂ​റാ

Seraphic Doctor എന്നു് അറി​യ​പ്പെ​ട്ടി​രു​ന്ന ഇറ്റാ​ല്യൻ ദാർ​ശ​നി​കൻ ബോ​നാ​വാ​ന്തൂ​റാ (Bonaventura 1217–1274) അറി​വു് നേടാൻ മൂ​ന്നു മാർ​ഗ്ഗ​ങ്ങ​ളു​ണ്ടെ​ന്നു് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടു്. 1. ശാ​രീ​രി​ക​മായ നേ​ത്രം — അന്ത​രീ​ക്ഷം, കാലം, വസ്തു​ക്കൾ ഇവയെ നമ്മൾ കാ​ണു​ന്ന​തു് ഈ നേ​ത്രം കൊ​ണ്ടാ​ണു്. 2. യു​ക്തി​യു​ടെ നേ​ത്രം — തത്ത്വ​ചി​ന്ത, ന്യാ​യം (logic) മന​സ്സു് ഇവ​യെ​ക്കു​റി​ച്ചു് അറി​വു് ലഭി​ക്കു​ന്ന​തു് ഈ കണ്ണി​ലൂ​ടെ​യാ​ണു്. 3. അനു​ധ്യാ​ന​ത്തി​ന്റെ നേ​ത്രം — അതീ​ന്ദ്രിയ സത്യ​ങ്ങൾ നമ്മൾ കാ​ണു​ന്ന​തു് ഈ കണ്ണു​കൊ​ണ്ടാ​ണു്.

മനു​ഷ്യർ​ക്കു് ശാ​രീ​രി​ക​നേ​ത്രം കൊ​ണ്ടു് കി​ട്ടു​ന്ന അറി​വു് ഏറെ​ക്കു​റെ സദൃ​ശ​മാ​ണു്. ഒരു മാം​സ​ക്ക​ഷ​ണം കണ്ടാൽ എല്ലാ മനു​ഷ്യർ​ക്കും അതു് മാം​സ​ഖ​ണ്ഡ​മാ​ണെ​ന്നു് അറി​യാം. എന്നാൽ ഒരു മര​ത്തി​ന്റെ മുൻ​പിൽ അതെ​ടു​ത്തു​വ​ച്ചാൽ അതി​നു് (മര​ത്തി​നു്) ഒരു പ്ര​തി​ക​ര​ണ​വു​മി​ല്ല. പഞ്ചേ​ന്ദ്രി​യ​ങ്ങൾ കൊ​ണ്ടു​ണ്ടാ​കു​ന്ന അറിവേ അറി​വാ​യി​ട്ടു​ള്ളൂ എന്നു ചിലർ വി​ശ്വ​സി​ക്കു​ന്നു.

പഞ്ചേ​ന്ദ്രി​യ​ങ്ങൾ കൊ​ണ്ടു് അറി​യാൻ കഴി​യാ​ത്ത​വ​യെ യു​ക്തി​യു​ടെ നേ​ത്രം കൊ​ണ്ടു് കാണാം. ആശ​യ​ങ്ങ​ളു​ടെ സത്യം ഗ്ര​ഹി​ക്കാൻ പഞ്ചേ​ന്ദ്രി​യ​ങ്ങൾ​ക്കു് കഴി​യു​ക​യി​ല്ല. ഉദാ​ഹ​ര​ണം ഗണി​ത​ശാ​സ്ത്രം. മാം​സ​ക്ക​ണ്ണു​കൊ​ണ്ട​ല്ല യു​ക്തി​യു​ടെ കണ്ണു് കൊ​ണ്ടാ​ണു് ഗണി​ത​ശാ​സ്ത്ര​ത്തി​ന്റെ സത്യം നമ്മൾ അറി​യുക. (No one has ever seen, with the eye of flesh, the sqaure root of a negative one. That is transemprical entity and can only be seen by the mind’s eye).

യു​ക്തി ശാ​രീ​രി​ക​മാ​യ​തി​നെ അതി​ശ​യി​ക്കു​ന്ന​തു പോലെ അനു​ധ്യാ​നം യു​ക്തി​യെ അതി​ശ​യി​ക്കു​ന്നു. അങ്ങ​നെ ആ നേ​ത്രം സത്തി​നെ​യും ചി​ത്ത​ത്തെ​യും ആന​ന്ദ​ത്തേ​യും ദർ​ശി​ക്കു​ന്നു. ഈ മൂ​ന്നു മാർ​ഗ്ഗ​ങ്ങ​ളു​ടെ​യും സ്വ​ഭാ​വം വി​ശ​ദീ​ക​രി​ച്ചു് സത്യ​ത്തി​ന്റെ മണ്ഡ​ലം അനാ​വ​ര​ണം ചെ​യ്യു​ന്ന മഹനീയ ഗ്ര​ന്ഥ​മാ​ണു് Ken Wilber എഴു​തിയ Eye to eye, The Quest for the New Paradigm എന്ന​തു്. (Shamthala, Boston and London, $ 15.25, pp. 325) ദുർ​ഗ്ര​ഹ​മാ​ണു് ഏതു് തത്ത്വ​ചി​ന്താ​പ​ര​മായ ഗ്ര​ന്ഥ​വും. ഇതു് അങ്ങ​നെ​യ​ല്ല. ഇം​ഗ്ലീ​ഷിൽ ഒട്ടൊ​ക്കെ പരി​ച​യ​മു​ള്ള ആർ​ക്കും മന​സ്സി​ലാ​കു​ന്ന രീ​തി​യി​ലാ​ണു് വിൽബർ രചന നിർ​വ​ഹി​ച്ചി​ട്ടു​ള്ള​തു്. ദാർ​ശ​നി​ക​മായ വി​ജ്ഞാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നു് ഇതു് വളരെ പ്ര​യോ​ജ​ന​പ്പെ​ടും.

കലാ​ഭാ​സം
images/Luigi_Pirandello.jpg
പീ​റാ​ന്തെ​ല്ലൊ

യു​വ​തി​യു​ടെ സു​ന്ദ​ര​വ​ദ​ന​ത്തിൽ സ്നേ​ഹ​ത്തി​ന്റെ തി​ള​ക്കം കണ്ടാൽ പു​രു​ഷ​നെ അതു് ദീർ​ഘ​കാ​ലം ചഞ്ച​ല​നാ​ക്കും. മനോ​ഹ​ര​മായ മു​ഖ​ത്തു് തേ​ജ​സ്സു് എന്ന​തു് പോലെ കഥ​യു​ടെ വദനം തി​ള​ങ്ങ​ണം. മറ്റൊ​രു തര​ത്തിൽ പറയാം. കഥ അതി​ന്റെ സാ​ന്നി​ദ്ധ്യ​മ​റി​യി​ക്ക​ണം അനു​വാ​ച​ക​നെ. എന്റെ പേ​ന​ത്തു​മ്പിൽ ആയിരം തവണ പറഞ്ഞ പേ​രു​ക​ളേ വരൂ. ചേ​സാ​റേ പാ​വേ​സ​യു​ടെ. പീ​റാ​ന്തെ​ല്ലോ യുടെ ‘Fly’, മോ​പാ​സാ​ങ്ങി​ന്റെ ‘In the Moonlight’ ഗോർ​ക്കി​യു​ടെTwenty six Men and a Girlയു​ക്കി​യോ മി​ഷി​മ​യു​ടെ ‘Swaddling Clothes’. ഷ്നി​റ്റ്സ​ല​റു​ടെ ‘Flowers’, ഉറൂ​ബി​ന്റെ ‘രാ​ച്ചി​യ​മ്മ’, എം. ടി. വാ​സു​ദേ​വൻ നാ​യ​രു​ടെ ‘വാ​ന​പ്ര​സ്ഥം’ ഇക്ക​ഥ​കൾ മി​ന്നി​മ​റ​യു​ന്ന മി​ന്നൽ​പ്പി​ണർ പോ​ലെ​യ​ല്ല. സൂ​ര്യൻ പ്ര​കാ​ശി​ക്കു​മ്പോൾ അപ്ര​ത്യ​ക്ഷ​മാ​കു​ന്ന മഞ്ഞു​തു​ള്ളി​പോ​ലെ​യ​ല്ല. എപ്പോ​ഴും മയൂ​ഖ​മാ​ല​കൾ വീ​ശു​ന്ന കോ​ഹി​നൂർ രത്ങ്ങ​ളെ​പ്പോ​ലെ​യാ​ണ്.

images/Cesare_pavese.jpg
ചേ​സാ​റേ പാവേസ

കഥകൾ സാ​ന്നി​ദ്ധ്യം കൊ​ണ്ടു് അനു​വാ​ച​ക​നു് ഉത്തേ​ജ​നം ഉള​വാ​ക്കി​യി​ല്ലെ​ങ്കിൽ അവ കഥ​ക​ളെ​ന്ന പേ​രി​നു് അർ​ഹ​ത​യു​ള്ള​വ​യാ​യി​രി​ക്കി​ല്ല. ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ ശ്രീ. പ്ര​കാ​ശ് മാ​രാ​ഹി എഴു​തിയ ‘മയിൽ​പ്പീ​ലി മറ​ന്നു’ എന്ന ചെ​റു​ക​ഥ​യ്ക്കു് സാ​ഹി​ത്യ​ത്തിൽ എന്തു് സ്ഥാ​നം? അമ്മ മരി​ച്ച പെൺ​കു​ട്ടി, അവ​ളു​ടെ സ്നേ​ഹം. അച്ഛ​ന്റെ വീ​ട്ടിൽ എത്തു​മ്പോൾ വേ​റൊ​രു സ്ത്രീ​യു​ടെ സാ​ന്നി​ദ്ധ്യം ഇവയെ കൂ​ട്ടി​ക്ക​ലർ​ത്തി അനു​ഭൂ​തി​ര​ഹി​ത​ങ്ങ​ളായ വാ​ക്യ​ങ്ങൾ എഴുതി വയ്ക്കു​ന്ന​തേ​യു​ള്ളൂ പ്ര​കാ​ശ്. ജീ​വി​ത​ത്തി​ന്റെ ചലനമോ വ്യ​ക്തി​ക​ളു​ടെ (കഥാ​പാ​ത്ര​ങ്ങ​ളു​ടെ) ഓജ​സ്സോ ഇല്ലാ​ത്ത രച​ന​യാ​ണി​തു്.

ഭാ​വ​നാ​ശൂ​ന്യം
images/Uroob.jpg
ഉറൂബ്

ശ്രീ. സി. ചന്ദ്ര​ശേ​ഖ​രൻ ചില വ്യ​ക്തി​ക​ളു​ടെ ദയ​നീ​യ​മായ ജീ​വി​ത​ങ്ങ​ളെ ‘ആന്റി റൊ​മാ​ന്റി​ക്കാ’യി ചി​ത്രീ​ക​രി​ക്കു​ന്നു. ആ ചി​ത്രീ​ക​ര​ണം അത്ര​ത്തോ​ളം നന്നു്. ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന ഒരു സ്ത്രീ. കടു​ത്ത നൈ​രാ​ശ്യ​ത്തിൽ വീണ ഭർ​ത്താ​വു്. സ്ത്രീ​യു​ടെ യൗ​വ​ന​കാ​ല​ത്തെ സ്നേ​ഹം. അതി​ന്റെ ദു​ര​ന്ത സ്വ​ഭാ​വം. കു​ള​ത്തി​ലി​റ​ങ്ങി നി​ന്നു് താൻ മു​ങ്ങി​മ​രി​ക്കാൻ പോ​കു​ന്നു​വെ​ന്നു് നാലു വയ​സ്സു​ള്ള മക​നോ​ടു് അമ്മ പറ​യു​ക​യും വളരെ നേരം ജല​ത്തി​നു് മു​ക​ളിൽ വരാ​തി​രി​ക്കു​ക​യും ചെ​യ്യു​മ്പോൾ അമ്മ​യെ​ത്തേ​ടി​യാ​വാം ജല​ത്തി​ന്റെ അഗാ​ധ​ത​യിൽ​ച്ചെ​ന്നു് ശ്വാ​സം മു​ട്ടി മരി​ച്ചു​പോയ മകൻ. തി​രി​ച്ചു വീ​ട്ടി​ലെ​ത്താ​നി​ട​യി​ല്ലാ​ത്ത ഭർ​ത്താ​വു്. മറ്റൊ​രാ​ശ്ര​യ​മി​ല്ലാ​തെ കൂ​ലി​പ്പ​ണി​ക്കു് പോകാൻ തീ​രു​മാ​നി​ക്കു​ന്ന ഭാര്യ (മകൻ നഷ്ട​പ്പെ​ട്ട അമ്മ) ഈ വ്യ​ക്തി​ക​ളെ​യും സം​ഭ​വ​ങ്ങ​ളെ​യും സങ്ക​ല​നം ചെ​യ്തു ചന്ദ്ര​ശേ​ഖ​രൻ നിർ​മ്മി​ക്കു​ന്ന ‘വി​ത്തു​ക​ളു​ടെ ജീവൻ’ എന്ന ചെ​റു​ക​ഥ​യിൽ നി​ന്നു് വി​ധി​യു​ടെ നൃ​ശം​സത അനു​ഭ​വ​പ്പെ​ടു​ന്നി​ല്ല. ദുഃ​ഖി​ക്കു​ന്ന ആ ഹത​ഭാ​ഗ്യ​യോ നൈ​രാ​ശ്യ​ത്തി​ലാ​ണ്ട ഭർ​ത്താ​വോ അവ​ളു​ടെ വീ​ട്ടു​കാ​രോ നമ്മു​ടെ സഹ​താ​പം വലി​ച്ചെ​ടു​ക്കു​ന്നി​ല്ല. ട്രാ​ജ​ഡി ജനി​പ്പി​ക്കേ​ണ്ട ഭയ​ജ​ന​ക​ത്വം ഇതിൽ തീ​രെ​യി​ല്ല. കാരണം സ്പ​ഷ്ട​മാ​ണു്. ചന്ദ്ര​ശേ​ഖ​ര​ന്റെ കഥ ഭാ​വ​നാ​ത്മ​ക​മായ രച​ന​യ​ല്ല (കഥ മല​യാ​ളം വാ​രി​ക​യിൽ).

ഹി​പ്പൊ​ക്ര​സി
images/Yukio_Mishima.jpg
യു​ക്കി​യോ മിഷിമ

ഇം​ഗ്ലീ​ഷി​ലെ ഹി​പ്പൊ​ക്ര​സി hipocrisy—എന്ന വാ​ക്കി​നു് ശരി​യായ മലയാള പദ​മി​ല്ല. കാ​പ​ട്യ​മെ​ന്നോ ആത്മ​വ​ഞ്ച​ന​യെ​ന്നോ പറയാം. പക്ഷേ അതൊ​ക്കെ ഹി​പ്പോ​ക്ര​സി​യു​ടെ വ്യാ​പ​ക​മായ അർ​ത്ഥം ദ്യോ​തി​പ്പി​ക്ക​ല​ല്ല. അതു​കൊ​ണ്ടു് ഇം​ഗ്ലീ​ഷ് പദം തന്നെ ഉപ​യോ​ഗി​ച്ചു കൊ​ള്ള​ട്ടെ.

images/Maxim_Gorky.jpg
ഗോർ​ക്കി

പറ​യു​ന്ന​തി​ന​നു​സ​രി​ച്ചു് പ്ര​വർ​ത്തി​ക്കാ​തി​രി​ക്കുക, പറ​യു​ന്ന​തി​നു് നേരെ വി​പ​രീ​ത​മാ​യി പ്ര​വർ​ത്തി​ക്കുക എന്ന​തെ​ല്ലാം ഹി​പ്പോ​ക്ര​സി​യാ​ണു്. മദ്യ​നി​രോ​ധ​ന​ത്തി​നു് വേ​ണ്ടി നാ​ടൊ​ട്ടു​ക്കു് വാ തോ​രാ​തെ പ്ര​സം​ഗി​ച്ചി​ട്ടു് വീ​ട്ടി​ലി​രു​ന്നു കു​ടി​ക്കു​ന്ന​വ​രു​ണ്ടു്. അവർ ഹി​പ്പോ​ക്ര​സി​യു​ടെ മൂർ​ത്തി​മ​ദ്ഭാ​വ​ങ്ങ​ളാ​ണു്.

എനി​ക്കു് ഏറെ ദോ​ഷ​ങ്ങ​ളു​ണ്ടു്. പക്ഷേ ഹി​പ്പോ​ക്ര​സി കു​റ​വാ​ണു്. ഗ്ര​ന്ഥ​കാ​രൻ പു​സ്ത​കം തരു​ന്നു. അഭി​പ്രാ​യം എഴു​ത​ണ​മെ​ന്നു് അപേ​ക്ഷി​ക്കു​ന്നു. എഴു​താ​മെ​ന്നു് ഒന്ന​ല്ല പല തവണ ഞാൻ വാ​ക്കു് കൊ​ടു​ക്കു​ന്നു. പക്ഷേ എഴു​തു​ന്നി​ല്ല ഞാൻ. കാരണം മല​യാ​ളം പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു് ഈ കോ​ള​ത്തിൽ അങ്ങ​നെ എഴു​താ​റി​ല്ല എന്ന​താ​ണു്. വാ​യി​ച്ചു​നോ​ക്കു​മ്പോൾ ട്രാ​ഷാ​ണെ​ന്നു് കണ്ടാൽ ബഹു​ജ​ന​ത്തോ​ടു് കള്ളം പറ​യാ​ത്ത ഞാൻ അത്ത​രം ട്രാ​ഷു​ക​ളെ​ക്കു​റി​ച്ചു് എഴു​തു​ക​യി​ല്ല. ഈ വാ​ക്കു് പാ​ലി​ക്കാ​തി​രി​ക്കൽ എന്റെ ഒരു ഹി​പ്പോ​ക്ര​സി​യാ​ണു്. സാ​ഹി​ത്യ​കാ​ര​ന്മാ​രിൽ

images/MT_VASUDEVAN_NAIR.jpg
എം. ടി.

ഏറെ​പ്പേ​രും ഹി​പ്പോ​ക്രി​റ്റു​ക​ളാ​ണു്. പെരക് എന്ന പ്ര​തി​ഭാ​ശാ​ലി​യു​ടെ സു​ഹൃ​ത്തു് ഷു​വെ​യെ​ക്കു​റി​ച്ചു് ഞാൻ മുൻപ് എഴു​തി​യ​ല്ലോ. അദ്ദേ​ഹ​വും ഞാനും തമ്മിൽ യാത്ര ചോ​ദി​ച്ചു പി​രി​ഞ്ഞ​പ്പോൾ “നി​ങ്ങ​ളെ​ക്കു​റി​ച്ചു് … എന്ന സാ​ഹി​ത്യ​കാ​രൻ വളരെ മോ​ശ​മാ​യി​ട്ടാ​ണ​ല്ലോ എന്നോ​ടു് പറ​ഞ്ഞ​തു് എന്നു് അറി​യി​ച്ചു. ഞാൻ അതു​കേ​ട്ടു് ക്ഷോ​ഭി​ച്ചി​ല്ല. എന്നെ​ക്കാ​ണു​മ്പോൾ സന്തോ​ഷ​ത്തോ​ടെ ചി​രി​ക്കു​ക​യും ഞാൻ എഴു​തു​ന്ന​തെ​ല്ലാം വാ​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നു പറ​ഞ്ഞു് എന്നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ള്ള വ്യ​ക്തി​യാ​ണു് അദ്ദേ​ഹം. ഇതാ​ണു് ഹി​പ്പോ​ക്ര​സി​യു​ടെ മുഖം. ജീ​വി​തം ഇങ്ങ​നെ​യൊ​ക്കെ​യാ​ണു് എന്നു് വി​ചാ​രി​ച്ചു സ്വ​സ്ഥ​ത​യോ​ടെ ഇരി​ക്കു​ക​യാ​ണു് ഈ സന്ദർ​ഭ​ങ്ങ​ളിൽ ചെ​യ്യാ​നു​ള്ള​തു്. ഇന്നു് കാ​ല​ത്തു് (19-12-97) ഒരാൾ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു് സം​സാ​രി​ച്ചു എന്നോ​ടു്. “സാർ, ഞാൻ കൊ​ല്ല​ത്തു​പോ​യി കെ. പി. അപ്പ​നെ കണ്ടു. സാ​റി​നെ​ക്കു​റി​ച്ചു് സ്നേ​ഹ​ത്തോ​ടും ബഹു​മാ​ന​ത്തോ​ടും കൂ​ടി​യാ​ണു് അദ്ദേ​ഹം സം​സാ​രി​ച്ച​തു്. ഞാൻ തി​രു​വ​ന​ന്ത​പു​ര​ത്തു് വന്നു സാ​റി​ന്റെ വീ​ട്ടി​ലെ​ത്തി. വീടു് അട​ച്ചി​ട്ടി​രി​ക്കു​ന്ന​തു് കണ്ടു് വേറെ ചില കവി​ക​ളെ​യും കഥ​യെ​ഴു​ത്തു​കാ​രെ​യും കണ്ടു. അവർ എല്ലാ​വ​രും സാ​റി​നെ ചീത്ത പറ​ഞ്ഞു”. തി​രു​വ​ന​ന്ത​പു​ര​ത്തെ എഴു​ത്തു​കാ​രെ​യെ​ല്ലാം എനി​ക്കു് നേ​രി​ട്ട​റി​യാം. എനി​ക്കു് അവ​രോ​ടു് സ്നേ​ഹ​വും ബഹു​മാ​ന​വും മാ​ത്ര​മേ​യു​ള്ളു. എന്നി​ട്ടും അവർ എന്നെ അസ​ഭ്യ​ങ്ങ​ളിൽ ആമ​ജ്ജ​നം ചെ​യ്ത​തു് അവ​രു​ടെ അന്ത​രം​ഗ​ത്തി​ലി​രി​ക്കു​ന്ന വി​ശ്വാ​സ​ങ്ങൾ​ക്കു് ബാ​ഹ്യ​പ്ര​ക​ട​ന​ങ്ങ​ളോ​ടു് പൊ​രു​ത്ത​മി​ല്ലാ​ത്ത​തു് കൊ​ണ്ടാ​ണു്. ഞാ​നി​ത്ര​യും സ്വ​ന്തം കാ​ര്യ​മെ​ഴു​തി​യ​തു് വനിതാ മാ​സി​ക​യിൽ യേ​ശു​ദാ​സൻ വരച്ച ഒരു ഹാ​സ്യ​ചി​ത്രം കണ്ട​തി​നാ​ലാ​ണു്. ഭർ​ത്താ​വി​ന്റെ ചെറിയ രോ​ഗ​ത്തെ വലിയ രോ​ഗ​മാ​ക്കി കൂ​ട്ടു​കാ​രി​യോ​ടു് പറ​യു​ന്ന ഭാ​ര്യ​യു​ടെ ഹി​പ്പോ​ക്ര​സി​യെ യേ​ശു​ദാ​സൻ പരി​ഹ​സി​ക്കു​ന്നു. നല്ല ഹാ​സ്യ​ചി​ത്രം.

നിർ​വ​ച​ന​ങ്ങൾ
വി​വാ​ദം
കഠാര പ്ര​യോ​ഗി​ച്ചാൽ തൂ​ക്കു​മ​ര​ത്തിൽ കയ​റു​മെ​ന്നു​ള്ള​തു കൊ​ണ്ടു് പക​ര​മാ​യി അന്യോ​ന്യം തു​പ്പു​ന്ന​തി​നു് സാ​ഹി​ത്യ​കാ​ര​ന്മാർ​ക്കു് സൗ​ക​ര്യം നൽ​കു​ന്ന​തു്.
തി​ടു​ക്കം
മര്യാദ ലം​ഘി​ക്കാ​തെ ആർ​ക്കും കാ​ണി​ക്കാൻ കഴി​യാ​ത്ത​തു്.
മലയാള സാ​ഹി​ത്യ​നി​രൂ​പ​കർ
ആനകളെ കെ​ട്ടേ​ണ്ടി​ട​ത്തു് ആടു​ക​ളെ​ക്കൊ​ണ്ടു കെ​ട്ടി​യി​ട്ടു് ‘കണ്ടോ ആനകൾ’ എന്നു ചോ​ദി​ക്കു​ന്ന​വർ.
കവി​യ​ശ​സ്സിൽ കൊ​തി​യു​ള്ള​വർ
ഇവരെ നോ​ക്കി നി​രൂ​പ​കർ ഒന്നു പു​ഞ്ചി​രി പൊ​ഴി​ച്ചാൽ മതി അടു​ത്ത ദിവസം ചക്ക​ടാ​വ​ണ്ടി​യിൽ കൈ​യെ​ഴു​ത്തു് പ്ര​തി​ക​ളാ​കെ കയ​റ്റി നി​രൂ​പ​ക​ന്റെ വീ​ട്ടി​ലെ​ത്തു​ന്ന​വർ.
മൂ​ക്ക്
വൈ​ക്കം മു​ഹ​മ്മ​ദ് ബഷീർ വി​ശ്വ​വി​ഖ്യാ​ത​മാ​ക്കിയ ഒര​വ​യ​വം.
സർ​ക്കാ​രി​ന്റെ പണം
രാ​ജ​വാ​ഴ്ച​യു​ണ്ടാ​യി​രു​ന്ന കാ​ല​ത്തു് ഉദ്യോ​ഗ​സ്ഥ​ന്മാർ പേ​ടി​ച്ചു പേ​ടി​ച്ചു മോ​ഷ്ടി​ച്ചി​രു​ന്ന​തു്. ജനാ​ധി​പ​ത്യാ​ഭാ​സം വന്ന​തി​നു് ശേഷം അവരും മന്ത്രി​മാ​രും ധൈ​ര്യ​ത്തോ​ടെ വീ​ട്ടി​ലേ​ക്കു് വാ​രി​ക്കൊ​ണ്ടു് പോ​കു​ന്ന​തു്.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-01-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 25, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.