SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-01-16-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

നമ്മു​ടെ ഇന്ന​ത്തെ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ രച​ന​ക​ളിൽ ആർ​ജ്ജ​വ​മി​ല്ല, ലാ​ളി​ത്യ​മി​ല്ല. കാരണം സ്പ​ഷ്ട​മ​ത്രേ. അവർ​ക്കു് പ്ര​തി​പാ​ദ്യ വി​ഷ​യ​ത്തെ​സ്സം​ബ​ന്ധി​ച്ചു് ഭാ​വ​ത്മക പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​ന്നി​ല്ല.

ശി​ല്പി​വി​ദ​ഗ്ദ്ധൻ വി​ല​കൂ​ടിയ തടി​കൊ​ണ്ടു് ബെൽ​സ്റ്റാ​ന്റ് ഉണ്ടാ​ക്കി. അതു​ക​ണ്ടു് എല്ലാ​വ​രും അത്ഭു​ത​പ്പെ​ട്ടു. അവർ പറ​ഞ്ഞു അതു് ദേ​വ​ത​കൾ നിർ​മ്മി​ച്ച​താ​ണെ​ന്നു്.

രാ​ജാ​വു് അയാ​ളോ​ടു് ചോ​ദി​ച്ചു: “നി​ങ്ങ​ളു​ടെ രഹ​സ്യ​മെ​ന്താ​ണു്?”

ശി​ല്പ​വി​ദ​ഗ്ദ്ധൻ മറു​പ​ടി പറ​ഞ്ഞു: “ഞാൻ ജോ​ലി​ക്കാ​രൻ മാ​ത്രം. എനി​ക്കു് രഹ​സ്യ​മൊ​ന്നു​മി​ല്ല. ഉള്ള​തു് ഇതു് മാ​ത്രം. അങ്ങു് ഈ ജോ​ലി​ക്കു് എന്നോ​ടു് ആജ്ഞാ​പി​ച്ച​പ്പോൾ ഞാൻ എന്റെ ചൈ​ത​ന്യം സൂ​ക്ഷി​ച്ചു. അതു് വ്യർ​ത്ഥ​മാ​ക്കി​യ​തേ​യി​ല്ല. ഹൃദയം സമ​നി​ല​യിൽ നി​റു​ത്താൻ ഞാൻ വ്ര​ത​മ​നു​ഷ്ഠി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ നി​രാ​ഹാ​ര​വ്ര​ത​ത്തി​നു് ശേഷം ലാ​ഭ​വും വി​ജ​യ​വും ഞാൻ മറ​ന്നു. അഞ്ചു ദി​വ​സ​ത്തി​നു് ശേഷം പ്ര​ശം​സ​യും വി​മർ​ശ​ന​വും ഞാൻ മറ​ന്നു.

images/TMertonStudy.jpg
തോമസ് മെർടൻ

ഏഴു് ദി​വ​സ​ത്തി​നു് ശേഷം ഞാൻ ശരീ​ര​ത്തെ മറ​ന്നു. ആ സമ​യം​കൊ​ണ്ടു് ഞാൻ അങ്ങ​യേ​യും രാ​ജ​സ​ദ​സ്സി​നെ​യും മറ​ന്നു. എന്റെ ജോ​ലി​യിൽ നി​ന്നു് വ്യ​തി​ച​ല​നം ഉണ്ടാ​ക്കു​ന്ന​തൊ​ക്കെ ഞാൻ മറ​ന്നു. ബെൽ​സ്റ്റാ​ന്റ് എന്നൊ​രു വി​ചാ​ര​മേ എനി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. പി​ന്നീ​ടു് മര​ങ്ങ​ളെ അവ​യു​ടെ സഹ​ജ​സ്വ​ഭാ​വ​ത്തിൽ കാ​ണാ​നാ​യി ഞാൻ കാ​ട്ടി​ലേ​ക്കു് പോയി. ശരി​യായ മരം എന്റെ കണ്ണു​കൾ​ക്കു് മുൻ​പിൽ നി​ന്ന​പ്പോൾ ബെൽ​സ്റ്റാ​ന്റും അതിൽ സ്പ​ഷ്ട​മാ​യി കാ​ണ​പ്പെ​ട്ടു. എനി​ക്കു് പി​ന്നെ പ്ര​വൃ​ത്തി ആരം​ഭി​ക്കേ​ണ്ട​താ​യേ വന്നു​ള്ളൂ. ആ മരം കണ്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ ബെൽ​സ്റ്റാ​ന്റ് ഉണ്ടാ​കു​മാ​യി​രു​ന്നി​ല്ല. എന്തു് സം​ഭ​വി​ച്ചു? എന്റെ സഞ്ചിത ചി​ന്ത​കൾ മര​ത്തി​ലെ ഊർ​ജ്ജ​വു​മാ​യി ഏറ്റു​മു​ട്ടി. സജീ​വ​മായ ഈ ഏറ്റു​മു​ട്ട​ലിൽ നി​ന്നാ​ണു് അങ്ങു് ദേ​വ​ത​ക​ളു​ടെ പ്ര​വർ​ത്ത​ന​ഫ​ല​മാ​യി​ക്ക​ണ്ട ശി​ല്പം ഉണ്ടാ​യ​തു്”.

അമേ​രി​ക്കൻ എഴു​ത്തു​കാ​ര​നും മതാ​നു​ഷ്ഠാ​ന​ത​ല്പ​ര​നു​മായ തോമസ് മെർടൻ (Thomas Merton 1915–1968) ഒരു ചൈ​നീ​സ് തത്വ​ചി​ന്ത​ക​നെ അവ​ലം​ബി​ച്ചു് എഴു​തിയ കവി​ത​യു​ടെ ഭാ​ഷാ​ന്ത​രീ​ക​ര​ണ​മാ​ണി​തു്. ശി​ല്പ​നിർ​മ്മാ​ണ​ത്തി​ന്റെ രഹ​സ്യം തേടിയ രാ​ജാ​വി​നു് ശി​ല്പി നൽകിയ സാ​ര​സ്വത രഹ​സ്യ​മാ​ണു് ഇതിൽ നി​ന്നു് നമു​ക്കു് ലഭി​ക്കുക. സാ​ഹി​ത്യ​കാ​ര​ന്മാ​രെ സം​ബ​ന്ധി​ച്ചും ഇതു് ശരി​യാ​ണു്. സ്പാ​നി​ഷ് കവി ഗാർതീ ആ ലൊർകാ (Garcia Lorca 1898–1936) പറ​ഞ്ഞ​തു​പോ​ലെ സ്വീ​ക​ര​ണീ​യ​മായ വിഷയം കി​ട്ടു​മ്പോൾ സാ​ഹി​ത്യ​കാ​ര​നു് ഭാ​വാ​ത്മ​ക​ത്വ​ത്തോ​ടു് ബന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​ന്നു.

images/Federico_García_Lorca.jpg
ഗാർതീ ആ ലൊർകാ

അതി​ന്റെ ഫലം ആർ​ജ്ജ​വ​വും ലാ​ളി​ത്യ​വു​മാ​ണു്. ധി​ഷ​ണാ​പ​ര​മായ ജീ​വി​തം നയി​ക്കു​ന്ന​വർ​ക്കു് ഭാ​വാ​ത്മക പ്ര​തി​ക​ര​ണ​മി​ല്ല. അതു​കൊ​ണ്ടു് അവർ​ക്കു് അയാ​സ​ത്തോ​ടു​കൂ​ടി മാ​ത്ര​മേ ആർ​ജ്ജ​വം വരു​ത്താ​നാ​കൂ, ലാ​ളി​ത്യം വരു​ത്താ​നാ​കൂ. നമ്മു​ടെ ഇന്ന​ത്തെ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ രച​ന​ക​ളിൽ ആർ​ജ്ജ​വ​മി​ല്ല, ലാ​ളി​ത്യ​മി​ല്ല. കാരണം സ്പ​ഷ്ട​മ​ത്രേ. അവർ​ക്കു് പ്ര​തി​പാ​ദ്യ വി​ഷ​യ​ത്തെ​സ്സം​ബ​ന്ധി​ച്ചു് ഭാ​വാ​ത്മക പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​ന്നി​ല്ല. ധൈ​ഷ​ണിക പ്ര​തി​ക​ര​ണ​മേ ജനി​ക്കു​ന്നു​ള്ളൂ. അതാ​ണു് സക്ഷാൽ സാ​ഹി​ത്യം. കല എന്നു് നി​രൂ​പ​കർ കരു​തു​ക​യും അമ്മാ​തി​രി രച​ന​ക​ളെ ഉത്കൃ​ഷ്ട​മായ കല​യാ​യി കൊ​ണ്ടാ​ടു​ക​യും ചെ​യ്യു​ന്നു.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: പ്രഥമ രാ​ത്രി​യിൽ ഞാൻ എന്റെ നവ​വ​ധു​വി​നോ​ടു് പറ​ഞ്ഞു, ‘എനി​ക്കു് നി​ന്നെ കടി​ച്ചു തി​ന്നാൻ തോ​ന്നു​ന്നു’. എന്തു​കൊ​ണ്ടാ​ണു് ഞാ​ന​തു് പറ​ഞ്ഞ​തു്?

ഉത്ത​രം: നി​ങ്ങൾ പി​ന്നീ​ടു് യഥാർ​ത്ഥ​ത്തിൽ ചെ​യ്യാൻ പോ​കു​ന്ന​തു് ആദ്യ​രാ​ത്രി​യിൽ പറ​ഞ്ഞെ​ന്നേ​യു​ള്ളൂ.

ചോ​ദ്യം: സ്വാ​ഭാ​വി​ക​മാ​യ​താ​ണോ ആകർ​ഷ​ണീ​യം അതോ അസ്വാ​ഭാ​വി​ക​മാ​യ​തോ?

ഉത്ത​രം: സ്വാ​ഭാ​വാ​വി​ക​മാ​യ​തു് ആകർ​ഷ​കം. ഞാൻ എന്റെ വീ​ട്ടി​ന്റെ മു​റ്റ​ത്തു് നിൽ​ക്കു​മ്പോൾ ശബ്ദ​ത്തോ​ടെ വി​മാ​നം പറ​ക്കു​ന്ന​തു് കാ​ണു​ന്നു. ഞാൻ അസ്വ​സ്ഥ​നാ​കു​ന്നു. എന്നാൽ നീ​ലാ​ന്ത​രീ​ക്ഷ​ത്തിൽ പരു​ന്തു് വട്ട​മി​ട്ടു പറ​ക്കു​ന്ന​തു് കാ​ണു​മ്പോൾ എനി​ക്കു് ആഹ്ലാ​ദം. ആകർ​ഷ​ണീ​യം എന്ന​തു് ഈ ചോ​ദ്യ​ത്തിൽ വന്ന​തു് തെ​റ്റു്. ‘To be attracted’ എന്നാ​ണു് ആകർ​ഷ​ണീ​യ​ത്തി​ന്റെ അർ​ത്ഥം.

ചോ​ദ്യം: യേ​ശു​ദാ​സി​നെ​യും ചങ്ങ​മ്പു​ഴ​യെ​യും ഗാ​ന​ഗ​ന്ധർ​വ്വ​ന്മാ​രെ​ന്നു വി​ളി​ക്കു​ന്ന​തു് ശരി​യാ​ണോ?

ഉത്ത​രം: ശരി​യ​ല്ല. ഗന്ധർ​വ്വ​നേ​ക്കാൾ ഭം​ഗി​യാ​യി യേ​ശു​ദാ​സ് പാടും. ഗന്ധർ​വ്വ സം​ഗീ​ത​ത്തേ​ക്കാൾ ഉത്കൃ​ഷ്ട​മാ​ണു് ചങ്ങ​മ്പുഴ ക്ക​വി​ത​യി​ലെ സം​ഗീ​തം.

ചോ​ദ്യം: ചല​ച്ചി​ത്ര​താ​ര​ങ്ങ​ളു​ടെ ജി​വി​ത​ത്തെ​ക്കു​റി​ച്ചു് എന്തു് പറ​യു​ന്നു?

ഉത്ത​രം: സ്ത്രീ​ക​ളെ​യാ​ണോ നി​ങ്ങൾ ലക്ഷ്യ​മാ​ക്കു​ന്ന​തു്? എങ്കിൽ ആധു​നിക കാ​ല​ത്തു് അവ​രു​ടെ ചല​ച്ചി​ത്ര​ജീ​വി​തം പോലെ ക്ഷ​ണി​ക​മാ​യി വേ​റൊ​ന്നി​ല്ല. കൂടി വന്നാൽ അഞ്ചു സിനിമ. പി​ന്നീ​ടു് വീ​ട്ടി​ലി​രി​പ്പാ​ണു്.

ചോ​ദ്യം: ചി​ന്ത​ക​നായ ബാർതി നെ​ക്കു​റി​ച്ചു് എന്ത​ഭി​പ്രാ​യം?.

ഉത്ത​രം: വി​ജ്ഞാന മണ്ഡ​ല​ത്തി​ന്റെ വ്യാ​പ്തി വർ​ദ്ധി​പ്പി​ച്ച ഒരു മഹാ വ്യ​ക്തി​യെ​ക്കു​റി​ച്ചു് പറയാൻ ഞാ​നാ​രു്? പക്ഷേ ഒരു കാ​ര്യം ദുർ​ഗ്ര​ഹ​മാ​ണു് എനി​ക്കു്. സ്വ​ന്തം സി​ദ്ധാ​ന്ത​ങ്ങൾ ആവി​ഷ്ക​രി​ക്കാൻ അദ്ദേ​ഹ​മെ​ന്തി​നു് പറ​ട്ട​ക്ക​ഥ​ക​ളെ അവ​ലം​ബി​ക്കു​ന്നു? പെ​ണ്ണി​ന്റെ വേഷം കെ​ട്ടിയ ഒരു നപും​സ​ക​നെ യാ​ഥാർ​ത്ഥ്യ​മ​റി​യാ​തെ സ്നേ​ഹി​ക്കു​ന്ന​വ​ന്റെ കഥ​യാ​ണു് ബൽ​സാ​ക്കി​ന്റെ ‘Sarra Sine’. ജീർ​ണ്ണി​ച്ച, ഓക്കാ​ന​മു​ണ്ടാ​ക്കു​ന്ന കഥ. അതിനെ അവ​ലം​ബി​ച്ചാ​ണു് ബാർത് S/Z എന്ന പ്ര​ബ​ന്ധ​മെ​ഴു​തി​യ​തു്. ഷേർട് തൂ​ക്കി​യി​ടാൻ ചു​വ​രി​ല​ട​ച്ച പെ​ഗ്ഗി​ല്ല എന്റെ വീ​ട്ടിൽ. ഞാൻ അതു​കൊ​ണ്ടു് അല​മാ​ര​യു​ടെ പൂ​ട്ടിൽ വച്ച താ​ക്കോ​ലിൽ ഷേർട് തൂ​ക്കി​യി​ടു​ന്നു. ബാർ​തും അങ്ങ​നെ​യ​ല്ലേ പ്ര​വർ​ത്തി​ച്ച​തു്?

ചോ​ദ്യം: നെ​ഹ്രു​വും ഇന്ദി​രാ​ഗാ​ന്ധി​യും തമ്മിൽ എന്തേ വ്യ​ത്യാ​സം?

ഉത്ത​രം: ഇന്ദി​രാ​ഗാ​ന്ധി പറ​ഞ്ഞ​തു് തന്നെ ഞാൻ ഇവിടെ എഴു​താം. ‘My father was a statesman, I’m a political woman. My father was a saint. I’m not’.

ചോ​ദ്യം: സ്നേ​ഹി​ച്ചു് നഷ്ട​പ്പെ​ടു​ന്ന​താ​ണു് ഒരി​ക്ക​ലും സ്നേ​ഹി​ക്കാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ല​തെ​ന്നു് കവി എഴു​തി​യ​തു് ശരി​യാ​ണോ?

ഉത്ത​രം: ശരി​യ​ല്ല. സ്നേ​ഹി​ക്കു​മ്പോൾ ആകു​ലാ​വ​സ്ഥ. സ്നേ​ഹ​ഭം​ഗം വരു​മ്പോൾ ആ അവ​സ്ഥ​യ്ക്കു് തീ​വ്രത വരു​ന്നു. ഒരി​ക്ക​ലും സ്നേ​ഹി​ക്കാ​തി​രു​ന്നാൽ സ്വ​സ്ഥത ഉണ്ടാ​യി​രി​ക്കും.

കമ​ന്റു​കൾ
images/Karl_Barth.jpg
ബാർത്

‘കവി​ത​യി​ലെ സാം​സ്ക​രിക രാ​ഷ്ട്രീ​യം’ എന്ന പേരിൽ ശ്രീ. ബി. ഉണ്ണി​കൃ​ഷ്ണൻ (ഉണ്ണി​കൃ​ഷ്ണ​നെ​ന്നേ തി​രു​വി​താം​കൂ​റി​ലു​ള്ള​വർ പറയൂ. വട​ക്കോ​ട്ടു​ള്ള​വർ​ക്കു് ഉണ്ണി​കൃ​ഷ്ണ​നേ​യു​ള്ളു) മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ എഴു​തിയ ലേ​ഖ​ന​ത്തിൽ നി​ന്നു് ചില വാ​ക്യ​ങ്ങൾ കമ​ന്റു​ക​ളോ​ടൊ​പ്പം.

1. ‘കവി​യു​ടെ അനു​ഭ​വ​ങ്ങ​ളാ​ണു് കവി​ത​യെ​ന്ന​തു് പര​മ്പ​രാ​ഗത വി​മർ​ശ​ന​തി​ന്റെ അടി​സ്ഥാന പാ​ഠ​മാ​ണു്’. ആണോ?

പ്ര​ത്യ​ക്ഷാ​നു​ഭ​വ​ങ്ങ​ളാ​ണു് കവി ആവി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന മതം ഭ്ര​മാ​ത്മ​ക​മാ​ണു്. കാ​ളി​ദാ​സൻ, ദാ​ന്തെ ഈ കവികൾ സ്വർ​ഗ്ഗ​ത്തെ വർ​ണ്ണി​ച്ചി​ട്ടു​ണ്ടു്. അവർ രണ്ടു പേരും അവിടെ പോ​യ​താ​യി തെ​ളി​വി​ല്ല. എഴു​താ​നു​ള്ള വൈ​ദ​ഗ്ദ്ധ്യം ചി​ലർ​ക്കു് മാ​ത്രം പ്ര​കൃ​തി നൽ​കു​ന്ന​താ​ണു്. അനു​ഭ​വ​ങ്ങൾ​ക്കു​ള്ള കഴി​വും ആ രീ​തി​യിൽ കി​ട്ടു​ന്ന​താ​ണു്. ‘ഞാൻ കു​ടി​ക്കു​മെ​ടാ. എനി​ക്കു് കു​ടി​യ​ന്റെ അനു​ഭ​വ​ങ്ങൾ എഴു​ത​ണ​മെ​ടാ’ എന്നു കേ​ശ​വ​ദേ​വ് എന്നോ​ടു് പറ​ഞ്ഞി​ട്ടു​ണ്ടു്. കു​ടി​ക്കാ​തെ തന്നെ പ്ര​തി​ഭാ​ശാ​ലി​കൾ​ക്കു് മദ്യ​പ​നെ ചി​ത്രീ​ക​രി​ക്കാം. പ്ര​തി​ഭ​യി​ല്ലെ​ങ്കിൽ കു​ടി​യ​നു് കു​ടി​യെ​ക്കു​റി​ച്ചു് എഴു​താ​നാ​വി​ല്ല.

2. ‘ആ സി​നി​മ​യി​ലെ നാ​യ​ക​നും ബാ​ല​ച​ന്ദ്ര​ന്റെ ആഖ്യാ​ന​ങ്ങ​ളും വി​ജ​യ​ല​ക്ഷ്മി​യു​ടെ കവി​ത​ക​ളും രൂ​പീ​ക​രി​ക്കു​ന്ന പുരുഷ രൂ​പ​ത്തി​നും തമ്മി​ലു​ള്ള സാ​മ്യ​ങ്ങൾ ശ്ര​ദ്ധി​ക്കുക’.

ഇവിടെ ‘രൂ​പീ​ക​രി​ക്കു​ന്ന’ എന്ന പ്ര​യോ​ഗം സാ​ധു​വ​ല്ല. രൂ​പ​ശ​ബ്ദ​ത്തി​നു് സൗ​ന്ദ​ര്യം എന്നു് അർ​ത്ഥം. രൂ​പീ​ക​രി​ക്കുക എന്ന​തി​നു് സൗ​ന്ദ​ര്യം ഉള്ള​താ​ക്കുക എന്ന അർ​ത്ഥ​മേ വരൂ. രൂ​പ​മു​ള്ള​താ​ക്കുക എന്നാ​ണു് ലേഖകൻ കരു​തി​യ​തെ​ങ്കിൽ രൂ​പ​വ​ത്ക​രി​ക്കാൻ എന്നു് എഴു​തേ​ണ്ടി​യി​രു​ന്നു.

3. ‘എന്നാൽ നി​ര​ന്ത​രം ഉദാ​ത്ത​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന…’

ഉദാ​ത്ത​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന എന്ന പ്ര​യോ​ഗം അസാധു. ഉദാ​ത്ത​ശ​ബ്ദം വി​ശേ​ഷ​ണ​മാ​ണു്. വി​ശേ​ഷ​ണ​ത്തോ​ടു് ‘വത്’ പ്ര​ത്യ​യം ചേ​രു​ക​യി​ല്ല.

4. ‘… ഹി​ന്ദു​ത്വ​വും സൃ​ഷ്ടി​ക്കു​ന്ന ചരി​ത്ര സന്ദർ​ഭ​മാ​ണു് ഇന്ന​ത്തെ കവി​ത​യ്ക്കു് അഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു്’.

ചരി​ത്ര സന്ദർ​ഭ​മാ​ണു് ഇന്ന​ത്തെ കവി​ത​യ്ക്കു് അഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തെ​ന്നു് പറ​ഞ്ഞാൽ കവിത ചരി​ത്ര സന്ദർ​ഭ​ത്തി​ന്റെ മു​ഖ​ത്തെ അതി​ന്റെ (കവി​ത​യു​ടെ) നേർ​ക്കു് പി​ടി​ച്ചു വച്ചു എന്ന അർ​ത്ഥ​മേ വരു. ‘രാമൻ കൃ​ഷ്ണ​നെ അഭി​മു​ഖീ​ക​രി​ച്ചു പറ​ഞ്ഞു’ എന്നെ​ഴു​തി​യാൽ അർ​ത്ഥം കൃ​ഷ്ണ​ന്റെ മു​ഖ​ത്തെ രാമൻ തനി​ക്കു് നേർ​ക്കാ​ക്കി എന്നാ​ണു്. ‘രാമൻ കൃ​ഷ്ണ​നു് അഭി​മു​ഖീ​ഭ​വി​ച്ചു പറ​ഞ്ഞു’ എന്ന വാ​ക്യം ശരി.

5. ‘ദൃശ്യ—പത്ര​മാ​ധ്യ​മ​ങ്ങ​ളു​ടെ വിപണന തന്ത്ര​ങ്ങ​ളിൽ കവി താ​ര​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു’.

താ​ര​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു!! എന്തെ​ല്ലാം കേ​ട്ടാൽ ജീ​വി​ത​മൊ​ടു​ങ്ങും ഭഗ​വാ​നേ?

ഇനി​യു​മു​ണ്ടു് എഴു​താൻ. എങ്കി​ലും ഞാൻ നി​റു​ത്ത​ട്ടെ.

അമേ​രി​ക്ക​യും കേ​ര​ള​വും

ഇന്നു​കാ​ല​ത്തു് ഒരു മാ​ന്യൻ എന്റെ വീ​ട്ടി​ലെ​ത്തി. “പരി​ച​യ​പ്പെ​ടാൻ മാ​ത്രം വന്ന​താ​ണു് ഞാൻ. പ്ര​ത്യേ​കി​ച്ചു് എനി​ക്കു് ഒരു​ദ്ദേ​ശ​വു​മി​ല്ല” എന്നു മു​ഖ​വുര നൽ​കി​ക്കൊ​ണ്ടു് അദ്ദേ​ഹം മി​ണ്ടാ​തി​രു​ന്നു. എന്തെ​ങ്കി​ലും ചോ​ദി​ക്ക​ണ​മ​ല്ലോ എന്നു് വി​ചാ​രി​ച്ചു ഞാൻ ചോ​ദ്യ​ങ്ങൾ എറി​ഞ്ഞു. “എവിടെ താമസം? എന്തു് ചെ​യ്യു​ന്നു?” എന്നൊ​ക്കെ. ആഗതൻ മറു​പ​ടി പറ​ഞ്ഞു: “ഞാൻ മു​പ്പ​ത്തി​മൂ​ന്നു കൊ​ല്ലം അമേ​രി​ക്ക​യി​ലാ​യി​രു​ന്നു. മടു​പ്പോ​ടു മടു​പ്പ്. തി​രി​ച്ചി​ങ്ങു് പോ​ന്നു. ഇപ്പോൾ സമാ​ധാ​ന​മു​ണ്ടു്. ശാ​ന്ത​ത​യു​ണ്ടു്”. അദ്ദേ​ഹം പറഞ്ഞ സത്യം അധികം പേരും പറ​യാ​റി​ല്ല. “എന്റെ മകൻ ന്യൂ​യോർ​ക്കി​ലാ​ണു്. അവ​ന്റെ ഭാ​ര്യ​യും അവി​ടെ​ത്ത​ന്നെ. രണ്ടു പേർ​ക്കും ജോ​ലി​യു​ണ്ടു്. മകൾ വാ​ഷി​ങ്ട​ണിൽ ഭർ​ത്താ​വു​മൊ​രു​മി​ച്ചു് കഴി​യു​ന്നു. അവർ​ക്കു് രണ്ടു​പേർ​ക്കും ജോ​ലി​യു​ണ്ടു്”. ഇത്ര​യും പറ​ഞ്ഞു് അഭി​മാ​ന​ഭ​രി​ത​നാ​യി ഇരു​ന്നു് മുൻ​പൊ​രു ആഗതൻ. ഈ അഭി​മാ​ന​ത്തിൽ വല്ല കഴ​മ്പു​മു​ണ്ടോ എന്നു് നമ്മൾ ആലോ​ചി​ക്ക​ണം. മകനും ഭാ​ര്യ​യും കൂടി കു​ടു​സ്സായ രണ്ടു മു​റി​കൾ വാ​ട​ക​യ്ക്കു് എടു​ത്തി​രി​ക്കും. കാ​ല​ത്തെ​ഴു​ന്നേ​റ്റു് തി​ടു​ക്ക​ത്തിൽ ദി​ന​കൃ​ത്യ​ങ്ങൾ അനു​ഷ്ഠി​ച്ചു് ഡ്ര​സ്സ് ചെ​യ്തു വാ​ഹ​ന​ത്തിൽ കയറി ഓഫീ​സി​ലേ​ക്കു് പോ​കു​ന്നു. ഒരേ കെ​ട്ടി​ട​ത്തി​ലാ​ണു് ഓഫീ​സു​ക​ളെ​ങ്കിൽ ഭാര്യ ഇരു​പ​ത്തി​ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ​ത്തു​മ്പോൾ ലി​ഫ്റ്റിൽ നി​ന്നി​റ​ങ്ങി​പ്പോ​കു​ന്നു. ഭർ​ത്താ​വു് നാ​ല്പ​താ​മ​ത്തെ നി​ല​യിൽ നി​ന്നും. ഉച്ച​യ്ക്കു് ചോ​റ്റു​പാ​ത്ര​ത്തിൽ നി​ന്നു് ഭക്ഷ​ണം. വൈ​കു​ന്നേ​രം കു​ടു​സ്സായ മു​റി​യിൽ ഒരു​മി​ച്ചു് കൂ​ടു​ന്നു. വല്ല റൊ​ട്ടി​ക്ക​ഷ​ണ​മോ മറ്റോ തി​ന്നു​കൊ​ണ്ടു് ഉറ​ങ്ങാൻ കി​ട​ക്കു​ന്നു. “അങ്ങോ​ട്ടു് മാ​റി​ക്കി​ട​ക്കു്” എന്നു് ഭർ​ത്താ​വു് ഭാ​ര്യ​യോ​ടു്. ഇരു​ട്ടാ​യ​തു് കൊ​ണ്ടു് അവ​ളു​ടെ ദുർ​മ്മു​ഖം അയാൾ കാ​ണു​ന്നി​ല്ല. കാ​ല​ത്തെ​ഴു​ന്നേ​റ്റാൽ തലേ ദി​വ​സ​ത്തെ ജീ​വി​തം ആവർ​ത്തി​ക്കു​ന്നു. വാ​ഷി​ങ്ട​ണി​ലെ ദമ്പ​തി​ക​ളു​ടെ ജീ​വി​ത​വും ഇങ്ങ​നെ തന്നെ. ആണ്ടിൽ മു​ന്നൂ​റ്റി​യ​റു​പ​ത്തി​യ​ഞ്ചു് ദി​വ​സ​വും ഇതു് തന്നെ​യാ​ണു് ജീ​വി​തം. സോ​ഷ്യൽ ലൈ​ഫി​ല്ല. പു​ഞ്ചി​രി പൊ​ഴി​ക്കു​ന്ന മു​ഖ​മി​ല്ല. ഉണ്ടെ​ങ്കിൽ അതു് കൃ​ത്രി​മ​പ്പു​ഞ്ചി​രി​യാ​യി​രി​ക്കും. മകനും മകളും അമേ​രി​ക്ക​യിൽ എന്നു് പറ​യു​ന്ന തന്ത അഭി​മാ​ന​ത്തിൽ മു​ഴു​കു​മ്പോൾ എനി​ക്കു് പു​ച്ഛ​മേ​യു​ള്ളൂ.

ഇവി​ടെ​യാ​ണ​ങ്കി​ലോ? സ്വ​ന്തം വീ​ട്ടിൽ പേശല സ്വൈര സം​ഭാ​ഷ​ണ​ങ്ങൾ ഉറ്റ​വ​രോ​ടു്. വർ​ത്ത​മാ​ന​കാ​ല​ത്തെ ദൗർ​ഭാ​ഗ്യ​ങ്ങൾ വന്നാ​ക്ര​മി​ച്ചാ​ലും ഭൂ​ത​കാല സ്വ​പ്ന​ങ്ങൾ അവ​യു​ടെ കാർ​ക്ക​ശ്യ​മി​ല്ലാ​താ​ക്കും. ഭാര്യ പരി​ഭ​വി​ച്ചാ​ലും ഉത്ത​ര​ക്ഷ​ണ​ത്തിൽ ‘ഉണ്ണാൻ വരു​ന്നി​ല്ലേ?’ എന്നു സ്നേ​ഹ​പൂർ​വം ചോ​ദി​ക്കും. കാ​ല​ത്തു പത്രം വാ​യി​ക്കാം. നാ​ട്ടു​വി​ശേ​ഷ​ങ്ങൾ അറി​യാം. ഉൾ​ക്കു​ളി​ര​നു​ഭ​വി​ക്കാം. ന്യൂ​യോർ​ക്കി​ലോ വാ​ഷി​ങ്ട​ണി​ലോ? ഒബ്സർ​വർ, ന്യൂ​യോർ​ക്കു് റ്റെം​സ് ഇവ അവ​ജ്ഞ​യോ​ടെ വാ​യി​ക്കാ​നേ പറ്റൂ. സാ​മ്പ​ത്തി​ക​മായ ഉയർ​ച്ച​യ്ക്കു് വേ​ണ്ടി​യു​ള്ള അഭി​ലാ​ഷ​വും കാ​പ​ട്യ​ത്തി​ന്റെ​യും ദു​ര​ഭി​മാ​ന​ത്തി​ന്റെ​യും പേരിൽ ജനി​ക്കു​ന്ന മി​ഥ്യാ​സ​ങ്ക​ല്പ​വും ആളു​ക​ളെ അമേ​രി​ക്ക​യി​ലേ​ക്കു് വലി​ച്ചെ​റി​യു​ന്നു. നാ​ട്ടിൽ, സ്വ​ന്തം വീ​ട്ടിൽ കഴി​യു​ന്ന​വൻ ശാ​ന്തത അനു​ഭ​വി​ക്കു​മ്പോൾ അമേ​രി​ക്ക​യി​ലെ മല​യാ​ളി കണ്ഠ​കൗ​പീ​ന​വും കാ​ലു​റ​യും ധരി​ച്ചു് ലി​ഫ്റ്റു​ക​ളിൽ കയ​റു​ക​യും ഇറ​ങ്ങു​ക​യും ചെ​യ്യു​ന്നു. കഥ​ക​ളി​ലും ഈ വൈ​ദേ​ശിക സ്വ​ഭാ​വ​മാ​ണു​ള്ള​തു്. വൈ​ക്കം മു​ഹ​മ്മ​ദ് ബഷീ​റി​ന്റെ ‘ഭഗ​വ​ദ്ഗീ​ത​യും കുറേ മു​ല​ക​ളും’ എന്ന കഥ വാ​യി​ക്കു​മ്പോൾ വാ​യ​ന​ക്കാ​ര​നു​ണ്ടാ​കു​ന്ന ആന്ത​ര​സൗ​ഖ്യ​മെ​വി​ടെ. മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ ‘നോവൽ സം​ഗ്ര​ഹം’ എന്ന ചെ​റു​ക​ഥ​യും (ശ്രീ. സു​ഭാ​ഷ് ചന്ദ്ര​ന്റേ​തു്) ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ ‘മഞ്ഞ​ക്കി​ളി’ എന്ന ചെ​റു​ക​ഥ​യും (ശ്രീ. കെ. ദി​ലീ​പ്കു​മാർ) കേ​ര​ളീ​യ​ത​യു​ടെ രൂ​പ​മാ​വാ​ഹി​ച്ചു് സാർ​വ​ജ​നീ​ന​വും സാർ​വ​കാ​ലി​ക​വു​മായ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​യ​ല്ല. ആദ്യം പറഞ്ഞ കഥ തി​ക​ച്ചും കൃ​ത്രി​മ​മാ​ണു്. രണ്ടാ​മ​ത്തേ​തു് ഭാ​ര്യ​യു​ടെ വ്യ​ഭി​ചാ​രം അറി​ഞ്ഞു് സ്വ​സ്ഥത നശി​ക്കു​ന്ന ഒരു​ത്ത​ന്റെ ചി​ത്രം നൽ​കു​ന്നു. രണ്ടും അമേ​രി​ക്ക​യിൽ താ​മ​സി​ക്കു​ന്ന​തി​ന്റെ പ്ര​തീ​തി ഉള​വാ​ക്കു​ന്നു എനി​ക്കു്. അത്യു​ഷ്ണ​മു​ണ്ടെ​ങ്കി​ലും കൊടും തണു​പ്പു​ണ്ടെ​ങ്കി​ലും എനി​ക്കു് എന്റെ വീ​ട്ടി​ന​ക​ത്തെ കൊ​ച്ചു​മു​റി​യിൽ ഇരി​ക്കു​ന്ന​തി​ലാ​ണു് താ​ല്പ​ര്യം. ദി​ലീ​പ്കു​മാ​റി​ന്റെ ടെ​ക്നി​ക് ആദ​ര​ണീ​യ​മെ​ന്നു് കൂടി പറ​ഞ്ഞെ​ങ്കി​ലേ എന്റെ ഈ നി​രൂ​പ​ണം സത്യ​സ​ന്ധ​മാ​വൂ.

പല വി​ഷ​യ​ങ്ങൾ

1. തി​രു​വ​ല്ല​യി​ലെ പ്ര​സി​ദ്ധ​മായ ക്ഷേ​ത്ര​ത്തി​ന്റെ അടു​ത്തു​ള്ള വീടു്. ഒരു സമ്മേ​ള​ന​ത്തി​നു് പോ​കു​ന്ന​തി​നു് മുൻ​പു് തെ​ല്ലു് വി​ശ്ര​മം. കൈ​നി​ക്കര പദ്മ​നാ​ഭ​പി​ള്ള​യും മറ്റു​ള്ള​വ​രും ഞാനും വീ​ട്ടി​ന്റെ പൂ​മു​ഖ​ത്തി​രു​ന്നു് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കൈ​നി​ക്കര പറ​ഞ്ഞു: “എനി​ക്കു് തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ പല ചെ​റു​ക​ഥ​ക​ളും ഓർ​മ്മി​ക്കാൻ കഴി​യും. പക്ഷേ കേ​ശ​വ​ദേ​വി​ന്റെ ഒറ്റ ചെ​റു​കഥ പോലും എന്റെ ഓർ​മ്മ​യി​ലി​ല്ല”. കേ​ശ​വ​ദേ​വ് തക​ഴി​യെ അപേ​ക്ഷി​ച്ചു് ഇൻ​ഫീ​രി​യർ ആർ​ട്ടി​സ്റ്റാ​ണെ​ന്നാ​ണു് കൈ​നി​ക്കര സൂ​ചി​പ്പി​ച്ച​തു്. എനി​ക്കു് കേ​ശ​വ​ദേ​വി​നോ​ടു് അത്ര ഇഷ്ട​മി​ല്ല. എങ്കി​ലും അദ്ദേ​ഹ​ത്തി​ന്റെ ചെ​റു​ക​ഥ​കൾ മോ​ശ​മ​ല്ല എന്ന വി​ചാ​ര​മാ​ണെ​നി​ക്കു്. ‘കളി​ത്തോ​ഴി’, ‘വി​ല്പ​ന​ക്കാ​രൻ’, ‘ഒട്ട​കം’, ‘പ്ര​തി​കാ​രം’ ഇങ്ങ​നെ പല കഥ​ക​ളു​ണ്ടു് ഭേ​ദ​പ്പെ​ട്ട​വ​യാ​യി. കേ​ശ​വ​ദേ​വി​ന്റെ കലാ​പ​ര​മായ ജീ​വി​ത​ത്തെ അദ്ദേ​ഹ​ത്തി​ന്റെ വ്യ​ക്തി​പ​ര​മായ ജീ​വി​ത​ത്തോ​ടു കൂ​ട്ടി​യി​ണ​ക്കി​യ​താ​ണു് കൈ​നി​ക്ക​ര​യു​ടെ ഓർ​മ്മ​പ്പി​ശ​കി​നു് ആധാരം. വൈ​കാ​രി​ക​ത്വ​മി​ല്ല തക​ഴി​യു​ടെ റീ​യ​ലി​സ​ത്തി​നു്. ഇതു് ചെ​റു​ക​ഥ​ക​ളെ സം​ബ​ന്ധി​ച്ചു് മാ​ത്ര​മാ​ണു് ശരി. ‘ചെ​മ്മീ​നി’ൽ വൈ​കാ​രി​ക​ത്വം ഏറും. ‘അയൽ​ക്കാ​രിൽ’ അതി​ന്റെ വൈരള ്യവും.

2. മമ്മൂ​ട്ടി, മോ​ഹൻ​ലാൽ, സു​രേ​ഷ്ഗോ​പി, നരേ​ന്ദ്ര​പ്ര​സാ​ദ്, നെ​ടു​മു​ടി​വേ​ണു ഇവ​രൊ​ക്കെ പൈ​ങ്കി​ളി സി​നി​മ​ക​ളിൽ അഭി​ന​യി​ക്കു​ന്ന​തു് കൊ​ണ്ടു് ഉന്ന​ത​മായ ചല​ചി​ത്ര​ത്തെ​ക്കു​റി​ച്ചും ഉന്ന​ത​മായ കല​യെ​ക്കു​റി​ച്ചും അവർ​ക്കു് അറി​വി​ല്ല എന്നു ധരി​ക്ക​രു​തു്. എല്ലാ​വർ​ക്കും ഉത്കൃ​ഷ്ട​മായ കല​യെ​ക്കു​റി​ച്ച​റി​യാം. സന്ദർ​ഭ​ത്തി​ന്റെ അർ​ത്ഥ​ന​കൾ​ക്കു് അനു​രൂ​പ​മാ​യി അവർ പൈ​ങ്കി​ളി​ക​ളിൽ വേഷം കെ​ട്ടു​ന്ന​തേ​യു​ള്ളൂ. നരേ​ന്ദ്ര​പ്ര​സാ​ദു​മാ​യി ഞാ​നി​പ്പോൾ സം​സാ​രി​ക്കാ​റി​ല്ല. എങ്കി​ലും സത്യം പറ​യ​ണ​മ​ല്ലോ. ഷെ​യ്ക്സ്പി​യർ തൊ​ട്ടു് യെ​ന​സ്കോ വരെ​യു​ള്ള നാ​ട​ക​കർ​ത്താ​ക്ക​ന്മാ​രു​ടെ കൃ​തി​ക​ളിൽ അവ​ഗാ​ഹ​മു​ള്ള ആളാ​ണു് അദ്ദേ​ഹം. കീ​സി​ലോ വി​സ്കി​യു​ടെ ചല​ചി​ത്ര നിർ​മ്മാണ സങ്ക​ല്പ​ത്തെ​ക്കു​റി​ച്ചു് ബഹു​മാ​ന​മു​ള്ള കലാ​മർ​മ്മ​ജ്ഞ​നാ​ണു് നരേ​ന്ദ്ര​പ്ര​സാ​ദ്. നമ്മു​ടെ നാ​ട്ടിൽ പൈ​ങ്കി​ളി സി​നി​മ​ക​ളിൽ അഭി​ന​യി​ച്ചേ പറ്റൂ. അതു​കൊ​ണ്ടാ​ണു് ഇവർ ഈ ദയ​നീ​യ​തി​ലേ​ക്കു് പോ​കു​ന്ന​തു്. പക്ഷേ പോൾ മ്യൂ​നി​യും സ്പെൻ​സർ ട്രേ​സി​യും ലെ​സ്ലി ഹോ​വേർ​ഡും എത്ര പണം കൊ​ടു​ത്താ​ലും പൈ​ങ്കി​ളി ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളിൽ അഭി​ന​യി​ക്കു​ക​യി​ല്ല.

images/Franz_Kafka.jpg
കാഫ്ക

3. ആളു​കൾ​ക്കു് അന്യോ​ന്യം ആശ​യ​ങ്ങൾ പകരാൻ കത്തു​കൾ അസ​മർ​ത്ഥ​ങ്ങ​ളാ​ണെ​ന്നാ​ണു് കാ​ഫ്ക​യു​ടെ അഭി​പ്രാ​യം. ദൂ​രെ​യി​രി​ക്കു​ന്ന ആളി​നെ​ക്കു​റി​ച്ചു് നമു​ക്കു് വി​ചാ​രി​ക്കാം. അടു​ത്തി​രി​ക്കു​ന്ന ആളിനെ പി​ടി​കൂ​ടാം. മറ്റു​ള്ള​തെ​ല്ലാം മനു​ഷ്യ​ശ​ക്തി​ക്കു് അതീ​ത​മാ​ണു്. കത്തു​ക​ളെ​ഴു​തുക എന്നു പറ​ഞ്ഞാൽ പ്രേ​ത​ങ്ങ​ളു​ടെ മുൻ​പിൽ നഗ്ന​ത​യോ​ടെ നിൽ​ക്കുക എന്ന​താ​ണു്. ആ പ്രേ​ത​ങ്ങൾ കൊ​തി​യോ​ടെ നി​ല്ക്കു​ന്ന​തും അതി​നു് തന്നെ​യാ​ണു്. രേ​ഖ​പ്പെ​ടു​ത്തു​ന്ന ചും​ബ​ന​ങ്ങൾ ലക്ഷ്യ​ത്തി​ലെ​ത്തു​ന്നി​ല്ല. അവ പ്രേ​ത​ങ്ങ​ളാൽ മാർ​ഗ്ഗ​മ​ധ്യേ പഠനം ചെ​യ്യ​പ്പെ​ടു​ന്നു. യഥേ​ഷ്ട​മായ ഈ പോ​ഷ​കാ​ഹാ​ര​ത്താ​ലാ​ണു് അവ അത്യ​ധി​ക​മാ​യി വർ​ദ്ധി​ക്കു​ന്ന​തു്. പ്രേ​ത​ങ്ങൾ​ക്കു് പട്ടി​ണി വരി​ല്ല. പക്ഷേ നമ്മൾ ഇല്ലാ​താ​വും.

images/NVKrishnavariar.jpg
എൻ. വി. കൃ​ഷ്ണ​വാ​രി​യർ

കാ​ഫ്ക​യു​ടെ ഈ മത​മ​നു​സ​രി​ച്ച​ല്ല ഞാൻ കത്തു​കൾ​ക്കു മറു​പ​ടി എഴു​താ​ത്ത​തു്. എനി​ക്ക​തി​നു് സാ​ധി​ക്കു​ന്നി​ല്ല. ഒരു കാർഡ് എടു​ത്തു. ‘താ​ങ്ക​ളു​ടെ കത്തു് കി​ട്ടി’ എന്നു പോലും എഴു​താൻ സമ​യ​മി​ല്ല എനി​ക്കു്. പക്ഷേ എൻ. വി. കൃ​ഷ്ണ​വാ​രി​യർ മട​ക്ക​ത്ത​പാ​ലിൽ മറു​പ​ടി എഴു​തു​മാ​യി​രു​ന്നു ആർ​ക്കും. എന്നെ​ക്കാൾ ആയിരം മട​ങ്ങു് തി​ര​ക്കു​ള്ള അദ്ദേ​ഹം ഇതെ​ങ്ങ​നെ ചെ​യ്തി​രു​ന്നു​വെ​ന്ന​തു് അദ്ഭു​ത​ക​ര​മാ​യി തോ​ന്നു​ന്നു എനി​ക്കു്.

മഹാ​ന്മാർ ഉടനെ മറു​പ​ടി അയ​യ്ക്കും. 1989-ൽ സാ​ഹി​ത്യ​ര​ച​ന​യ്ക്കു് നോബൽ സമ്മാ​നം നേടിയ സ്പാ​നി​ഷ് നോ​വ​ലി​സ്റ്റ് കാ​മീ​ലോ ഹോസേ തേ​ല​യ്ക്കു (Camilo Jose Cela—b. 1916) ശ്രീ. വൈ​ക്കം മുരളി കത്ത​യ​ച്ചു. വൈ​കാ​തെ അദ്ദേ​ഹം മറു​പ​ടി അയ​ച്ചു. അതി​ന്റെ കൂടെ മൂ​ന്നു കൃ​തി​ക​ളും. അവയിൽ ഒന്നു് ‘Mazurka for Two Dead Men’ എന്ന നോ​വ​ലാ​ണു് (Translated by Patricia Haugaard). തേ​ല​യു​ടെ ‘The Family of Pascal Duarte’, ‘The Hive’ ഈ നോ​വ​ലു​ക​ളെ​ക്കു​റി​ച്ചു് ഞാൻ ഈ കോ​ള​ത്തിൽ എഴു​തി​യി​ട്ടു​ണ്ടു്.

images/LaFamiliaDePascualDuarte.jpg

അസാ​ധാ​ര​ണ​ങ്ങ​ളായ നോ​വ​ലു​ക​ളാ​ണു് അവ. സ്പാ​നി​ഷ് ആഭ്യ​ന്ത​ര​യു​ദ്ധം, സ്പാ​നി​ഷ് ജനതയെ എങ്ങ​നെ ബാ​ധി​ച്ചു എന്നു് വ്യ​ക്ത​മാ​ക്കു​ന്ന ഈ നോവൽ തേ​ല​യു​ടെ കലാ​വൈ​ദ​ഗ്ദ്ധ്യ​ത്തി​ന്റെ പര​കോ​ടി​യാ​ണു് കാ​ണി​ക്കു​ന്ന​തെ​ന്നു് നി​രൂ​പ​കർ പറ​യു​ന്നു. എന്റെ സഹൃ​ദ​യ​ത്വ​ത്തി​ന്റെ കു​റ​വു് കൊ​ണ്ടാ​യി​രി​ക്കും എനി​ക്കി​തു് അത്ര ഇഷ്ട​പ്പെ​ട്ടി​ല്ല. ഒന്നു​കൂ​ടി മന​സ്സി​രു​ത്തി വാ​യി​ച്ചാൽ എന്റെ മതം മാ​റി​യെ​ന്നും വരാം. ഇപ്പോൾ ഞാൻ തേല സ്പാ​നി​ഷ് ഭാ​ഷ​യിൽ ‘A Vaikom Muraly, muy cordial mente’ (വൈ​ക്കം മു​ര​ളി​ക്കു് സ്നേ​ഹാ​ധി​ക്യ​മു​ള്ള മന​സ്സോ​ടെ എന്നാ​വാം ഇതി​ന്റെ അർ​ത്ഥം. തെ​റ്റു​ണ്ടെ​ങ്കിൽ സ്പാ​നി​ഷ് അറി​യാ​വു​ന്ന​വർ ക്ഷ​മി​ക്ക​ട്ടെ) എന്നു് ധി​ഷ​ണാ​ശാ​ലി​കൾ​ക്കു് മാ​ത്രം കി​ട്ടു​ന്ന സവി​ശേ​ഷ​മായ കൈ​യ​ക്ഷ​ര​ത്തിൽ എഴു​തി​യ​തു് നോ​ക്കി ആഹ്ലാ​ദി​ച്ചു് കൊ​ണ്ടി​രി​ക്കു​ന്നു. തേല, അങ്ങു് മഹാ​നായ നോ​വ​ലി​സ്റ്റ് മാ​ത്ര​മ​ല്ല മഹാ​നായ മനു​ഷ്യ​നു​മാ​ണു്.

ഐ – നോവൽ
images/Camilo_José_Cela.jpg
കാ​മീ​ലോ ഹോസേ തേല

ജാ​പ്പ​നീ​സ് സാ​ഹി​ത്യ​ത്തി​ലെ പ്ര​ധാന വി​ഭാ​ഗ​മാ​ണു് I – novel. നോ​വ​ലി​ന്റെ അർ​ദ്ധ​സു​താ​ര്യാ​വ​സ്ഥ​യി​ലൂ​ടെ നോ​വ​ലി​സ്റ്റ് ആത്മ​ക​ഥാ​പ​ര​ങ്ങ​ളായ സം​ഭ​വ​ങ്ങൾ പ്ര​തി​പാ​ദി​ക്കു​മ്പോ​ഴാ​ണു് I – novel-​ന്റെ ആവിർ​ഭാ​വം. ആത്മാം​ശ​ത്തെ അതു് പ്ര​ച്ഛ​ന്നത കൂ​ടാ​തെ, ഋജു​ത​യോ​ടെ പ്ര​കാ​ശി​പ്പി​ക്കു​ന്നു. ഇതു് സു​പ്ര​ധാ​ന​മായ കലാ​വി​ഭാ​ഗ​മാ​ണെ​ന്നും സാ​ഹി​ത്യ​ത്തി​ന്റെ പന്ഥാ​വ് അതാ​വ​ണ​മെ​ന്നും മാ​സാ​വോ (Massao) പറ​ഞ്ഞി​ട്ടു​ണ്ടു്. ഈ I – novel-​നെക്കുറിച്ചുള്ള ഉത്കൃ​ഷ്ട​മായ ചി​ന്ത​ന​മാ​ണു് റ്റോ​മി സു​സു​ക്കി​യു​ടെ ‘Narrating the Self – Fictions of Japanese Modernity’ എന്ന പു​സ്ത​കം (Stanford University Press, California, pp. 248, $ 12.95) ഗ്ര​ന്ഥ​കാ​ര​ന്റെ ഒരു പ്ര​സ്താ​വം ഈ പ്ര​സ്ഥാ​ന​ത്തി​ന്റെ സവി​ശേ​ഷത സ്ഫു​ട​മാ​ക്കും—From the 1920’s the I – novel meta—narrative not only defined the modern Japanese novel as a form that directly transcribed the author’s lived experience but also emphasized the confessional, self-​exploratory, autobiographical nature of the ‘indigenous’ Japanese literary tradition, describing classical literature with such highly Western, romantic terms and phrases as ‘immediacy’, ‘directness’, ‘lyricism’, ‘spiritual search for the self’, ‘unity with nature’.

ഈ ഘട​ക​ങ്ങ​ളെ അവ​ലം​ബി​ച്ചു​കൊ​ണ്ടു് ഗ്ര​ന്ഥ​കാ​രൻ ജാ​പ്പ​നീ​സ് സാ​ഹി​ത്യ​ത്തി​ലെ ഓരോ I – novel-​നെയും അപ​ഗ്ര​ഥി​ക്കു​ന്നു. അവയിൽ പ്രാ​ധാ​ന്യം താ​നീ​സാ​ക്കി​യു​ടെ നോ​വ​ലു​കൾ​ക്കാ​ണു്. നമു​ക്കു് പരി​ചി​ത​ങ്ങ​ളാ​യ​വ​യും അദ്ദേ​ഹ​ത്തി​ന്റെ നോ​വ​ലു​ക​ളാ​ണ​ല്ലോ. ജാ​പ്പ​നീ​സ് നോ​വ​ലു​ക​ളെ ആഴ​ത്തിൽ മന​സ്സി​ലാ​ക്കാൻ ഈ നി​രൂ​പ​ണ​ഗ്ര​ന്ഥം പ്ര​യോ​ജ​ന​പ്പെ​ടും.

മല​യാ​റ്റൂർ രാ​മ​കൃ​ഷ​ണൻ

സ്നേ​ഹി​ക്കു​മ്പോൾ ആകു​ലാ​വ​സ്ഥ. സ്നേ​ഹ​ഭം​ഗം വരു​മ്പോൾ ആ അവ​സ്ഥ​യ്ക്കു് തീ​വ്രത വരു​ന്നു. ഒരി​ക്ക​ലും സ്നേ​ഹി​ക്കാ​തി​രു​ന്നാൽ സ്വ​സ്ഥത ഉണ്ടാ​യി​രി​ക്കും.

ഞാൻ ഇന്ന​ലെ (31-12-97) വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ മോഡേൺ ബു​ക്കു് സെ​ന്റ​റിൽ നിൽ​ക്കു​ക​യാ​യി​രു​ന്നു. ഈ നഗ​ര​ത്തി​ലെ ഒരു പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ലി​ലെ അതി​വി​ദ​ഗ്ദ്ധ​നായ ഒരു ഡോ​ക്ടർ അവിടെ വന്നു് മാ​നേ​ജർ ശ്രീ. എൻ. ഇ. സു​ധീ​റി​നോ​ടു് ചോ​ദി​ച്ചു: “വേ​രു​കൾ ഉണ്ടോ?” സുധീർ മറു​പ​ടി നൽകി “അതു് ഔട്ടു് ഒഫ് പ്രി​ന്റാ​ണു്. ഇം​ഗ്ലീ​ഷ് തർ​ജ്ജമ രണ്ടാ​ഴ്ച​യ്ക്ക​കം വരു​ത്തി​ത്ത​രാം”. “മല​യാ​ളം തന്നെ വേണം” എന്നു് ഡോ​ക്ടർ പറ​ഞ്ഞു. മല​യാ​റ്റൂർ രാ​മ​കൃ​ഷ​ണ​ന്റെ ലയാ​ത്മ​ക​മായ ശൈ​ലി​യി​ലൂ​ടെ നീ​ന്തി​ത്തു​ടി​ക്കാ​നാ​ണു് ഡോ​ക്ടർ​ക്കു് കൗ​തു​കം. ശാ​സ്ത്ര​ജ്ഞ​നായ അദ്ദേ​ഹം പോലും മല​യാ​റ്റൂ​രി​ന്റെ ‘വേ​രു​കൾ’ എന്ന നോ​വ​ലി​ന്റെ സവി​ശേ​ഷത മന​സ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. ‘വേരുക’ളുടെ ഭംഗി മല​യാ​റ്റൂ​രി​ന്റെ മറ്റു് നോ​വ​ലു​ക​ളിൽ കണ്ടെ​ന്നു് വരി​ല്ല. പക്ഷേ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കിയ പ്ര​തി​ഭാ​ശാ​ലി​യാ​യി​രു​ന്നു അദ്ദേ​ഹം. ബ്രി​ഗേ​ഡി​യർ കഥ​ക​ളിൽ​പ്പോ​ലും ആ കാ​ഞ്ചന ശോഭ കാണാം. അദ്ദേ​ഹ​ത്തി​ന്റെ സർ​വീ​സ് സ്റ്റോ​റി നോ​ക്കുക. വി​ര​സ​മായ പ്ര​തി​പാ​ദ്യ വി​ഷ​യ​ത്തെ കല​യു​ടെ മണ്ഡ​ല​ത്തിൽ ആന​യി​ച്ചി​രി​ക്കു​ന്നു മല​യാ​റ്റൂർ.

images/Malayattoor_Ramakrishnan.jpg
മല​യാ​റ്റൂർ രാ​മ​കൃ​ഷ​ണൻ

ഇൻ​ഡ്യൻ അഡ്മി​നി​സ്റ്റ്രേ​റ്റീ​വ് സർ​വീ​സി​ലെ കർ​ക്ക​ശ​സ്വ​ഭാ​വ​മു​ള്ള ഉദ്യോ​ഗ​സ്ഥ​നാ​ണു് അദ്ദേ​ഹ​മെ​ന്ന തെ​റ്റി​ദ്ധാ​രണ പലർ​ക്കു​മു​ണ്ടാ​യി​രു​ന്നു. പക്ഷേ അദ്ദേ​ഹ​ത്തി​ന്റെ അടു​ത്തു് ചെ​ന്ന​വർ​ക്കു് നി​ഷ്ക​ള​ങ്ക​ത​യു​ള്ള കു​ഞ്ഞി​ന്റെ അടു​ത്തു് ചെന്ന പ്ര​തീ​തി​യേ ഉണ്ടാ​യി​ട്ടു​ള്ളു. അന്യ​രെ സഹാ​യി​ക്കുക. അല്പ​മായ കഴി​വു​ള്ള​വ​നെ​പ്പോ​ലും പ്രോ​ത്സാ​ഹി​പ്പി​ക്കുക. നല്ല രചന കണ്ടാൽ ഉടനെ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു് ആ രച​യി​താ​വി​നെ അഭി​ന​ന്ദി​ക്കുക ഇവ​യെ​ല്ലാം അനു​ഷ്ഠി​ച്ച വലിയ വ്യ​ക്തി​യാ​യി​രു​ന്നു മല​യാ​റ്റൂർ രാ​മ​കൃ​ഷ​ണൻ. അദ്ദേ​ഹം പോയി എല്ലാ​ക്കാ​ല​ത്തേ​ക്കു​മാ​യി. ഞാനും വാ​യ​ന​ക്കാ​രോ​ടൊ​പ്പം ദുഃ​ഖി​ക്കു​ന്നു. മല​യാ​ളം വാ​രി​ക​യിൽ ശ്രീ. എസ്. ജയ​ച​ന്ദ്രൻ നായർ എഴു​തിയ ‘ശി​ര​സ്സിൽ വര​ച്ച​തു്’ എന്ന ലേഖനം അദ്ദേ​ഹ​ത്തി​ന്റെ ദുഃ​ഖ​ത്തെ ആവി​ഷ്ക്ക​രി​ക്കു​ന്നു. ആർ​ജ്ജ​വ​മാ​ണു് (Sincerity) ആ ലേ​ഖ​ന​ത്തി​ന്റെ മുദ്ര.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-01-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.