സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-04-10-ൽ പ്രസിദ്ധീകരിച്ചതു്)

വർഷങ്ങൾക്കു മുൻപു്, എന്റെ ഗുരുനാഥൻ ഭാസ്കരൻ നായർ സാറിനോടൊരുമിച്ചു് (ഡോക്ടർ കെ. ഭാസ്കരൻ നായർ) ഞാനൊരു മീറ്റിങ്ങിനായി പത്തനാപുരത്തേക്കു് പോയി. സാഹിത്യത്തെക്കുറിച്ചു് പലതും സംസരിച്ച വേളയിൽ ഞാൻ അദ്ദേഹത്തോടു് ചോദിച്ചു: “സാർ കുമാരനാശാന്റെ കവിതയെ അംഗീകരിക്കുന്നില്ലെന്നു് പലരും പറയുന്നല്ലോ? സാറിനു് ആശാൻ കവിത അത്രയ്ക്കിഷ്ടമില്ലേ?” സാറിനു് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപത്തോടെ പറഞ്ഞു: “ആരാണു് അങ്ങനെ പറഞ്ഞതു്? ഞാൻ വള്ളത്തോൾക്കവിതയെ വാഴ്ത്തിയതുപോലെ ആശാൻ കവിതയെയും വാഴ്ത്തിയിട്ടുണ്ടു്. ആശാനെക്കുറിച്ചു് ഞാനെഴുതിയ ലേഖനം എന്റെ ഒരു പുസ്തകത്തിലുണ്ടുതാനും”. ഇത്രയും അറിയിച്ചിട്ടു്

images/Karuna.jpg

അദ്ദേഹം ‘കരുണ’ ആദ്യം തൊട്ടു് ചൊല്ലാൻ തുടങ്ങി. അര മണിക്കൂറായി, മുക്കാൽ മണിക്കൂറായി, ഒരു മണിക്കൂറായി. സാറ് നിറുത്തുന്ന മട്ടില്ല. ‘കരുണ’ മുഴുവനും ഹൃദിസ്ഥമാക്കിയിരിക്കുകയാണു് അദ്ദേഹം. ഭാസ്കരൻ നായർ സാറ് ബുദ്ധിമാനായിരുന്നു. ആകൃതിസൗഭഗം ഉള്ള വ്യക്തിയായിരുന്നു. ഒന്നാം തരം ഗദ്യം എഴുതുമായിരുന്നു. പ്രഗൽഭനായ അധ്യാപകനും. ഇക്കാലത്തു് ആരെങ്കിലും ഡോക്ടർ ഭാസ്കരൻ നായർ എങ്ങനെയായിരുന്നുവെന്നു് എന്നോടു് ചോദിച്ചാൽ ഇപ്പറഞ്ഞതെല്ലാം സന്തോഷത്തോടെ ഞാൻ ആവർത്തിക്കും. ഇതും കൂടി അദ്ദേഹത്തെ അറിയിക്കും. “സാറിനു് ആശാൻ കവിത ഇഷ്ടമായിരുന്നു. പക്ഷേ ഒരു വരി പോലും ചൊല്ലാൻ കഴിയുമായിരുന്നില്ല”. സാറിനു് ‘കരുണ’ കാണാപ്പാഠമായിരുന്നു എന്ന സത്യം പറഞ്ഞാൽ കാറിലിരുന്നുള്ള കർണ്ണകഠോരമായ ചൊല്ലൽ എനിക്കോർമ്മ വരും. ഗുരുനാഥനെ പുച്ഛത്തോടെ വീക്ഷിക്കുന്നതു് നിന്ദനമല്ലേ?

images/Samuel_Beckett.jpg
ബക്കിറ്റ്

ഭാസ്കരൻ നായർസ്സാറ് കവിത ചൊല്ലൽ മതിയാക്കിയപ്പോൾ ഞാൻ ചോദിച്ചു: “സാർ ഈ രീതിയിൽ ഇന്നാരും കവിത കാണാതെ പഠിക്കാത്തതെന്തു്?” അദ്ദേഹം മറുപടി നൽകി: “കാണാതെ പഠിക്കുകയല്ല. ഹൃദിസ്ഥമായിപ്പോകുകയാണു്. നമ്മളെല്ലാം വ്യത്യസ്ഥ സ്വഭാവമുള്ളവർ. പക്ഷേ നമ്മുടെ മാനസികനിലകൾക്കു് ഏകീകൃത സ്വഭാവമുണ്ടു്. ആ സമാന മാനസികനിലയിൽ ഇത്തരം കവിതകൾ ചെന്നു വീഴും. വീണാൽപ്പിന്നെ അവ അവിടെ നിന്നു് പോകുകയുമില്ല. കവിത മാത്രമല്ല, നോവലിലെ കഥാപാത്രങ്ങളും സാമാന്യ മാനസികാവസ്ഥയുടെ ഭാഗമാകും. കാർത്ത്യായനി അമ്മ, ശങ്കു ആശാൻ, വൈത്തി പട്ടർ, ഹരിപഞ്ചാനനൻ ഇവരൊക്കെ നമ്മുടെ ഒരേ രീതിയിലുള്ള മാനസികമണ്ഡലത്തിന്റെ ഭാഗമല്ലേ? ഇന്നത്തെ നോവലിസ്റ്റുകളുടെ എതു കഥാപാത്രത്തെ നിങ്ങൾക്കോർമ്മയുണ്ടു്? വള്ളത്തോളിന്റെയും ആശാന്റെയും വരികൾ ചൊല്ലുന്നതുപോലെ ഇന്നത്തെ ഏതു കവിയുടെ വരികൾ നിങ്ങൾക്കു് ചൊല്ലാനാവും? വായനക്കാരുടെ ഏകീകൃത മാനസികമണ്ഡലത്തിലേക്കു് ചെല്ലുകയും അവിടെ പാർപ്പുറപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ നോവലുകളാണു് ഉത്കൃഷ്ടങ്ങൾ. കല്ലിൽ കൊത്തിവച്ച പോലെ കവിയുടെ വരികളും അവിടെ പതിയണം”.

ഭാസ്ക്കരൻ നായർസ്സാറ് എന്നെ കോളേജിൽ ജന്തുശാസ്ത്രം പഠിപ്പിച്ചു. ഞാൻ അദ്ധ്യാപകനായതിനു ശേഷം സാഹിത്യത്തിലെ ഒരു സുപ്രധാന സത്യം എന്നെ ഗ്രഹിപ്പിച്ചു. ഗുരുനാഥൻ പറഞ്ഞുതന്ന ഈ സത്യമാണു് കഴിഞ്ഞ ഇരുപത്തിയേഴു വർഷങ്ങളായി ഞാൻ പറയുന്നതു്. അതു രസിക്കാത്തവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു. ചിലർ ഇതിനെ വാണിജ്യമായും സെക്സിന്റെ പ്രതിപാദനം കൊണ്ടുള്ള ഇക്കിളിപ്പെടുത്തലായും കാണുന്നു. ഇതിലെവിടെ വാണിജ്യം? ഇതിലെവിടെ സെക്സ്? ഇതൊക്കെ, പറയുന്നവരുടെ വികാരശമനത്തിനു് മാർഗ്ഗമരുളുമെങ്കിലും അതു് പ്രയോജനശൂന്യമായ പ്രക്രിയയെന്നേ ചൂണ്ടിക്കാണിക്കാനുള്ളൂ. എനിക്കിപ്പോൾ ഓർമ്മ വരുന്നതു് സാംയൂഅൽ ബക്കിറ്റിന്റെ (Samuel Beckett 1906–1989) ‘മർഫി’ എന്ന നോവലിലെ ഒരു ഭാഗമാണു്. മർഫിയുടെ അധ്യാപകനായിരുന്ന നീയറി ഡബ്ലിൻ പോസ്റ്റാഫീസിന്റെ മുൻപിലുള്ള ഒരു പ്രതിമ കാണുന്നു. ഐർലൻഡിന്റെ ഇതിഹാസകഥാപാത്രമായ കുഹൂലിന്റെ (Cuchulain) പ്രതിമയാണതു്. അതു കണ്ടയുടനെ അയാൾ തൊപ്പി ദൂരെയെറിഞ്ഞു. മുന്നോട്ടു ചാടി ഐതിഹാസിക വീരന്റെ തുടകളിൽ പിടിച്ചു. എന്നിട്ടു് പ്രതിമയുടെ ചന്തിയിൽ തല ശക്തിയോടെ ആഞ്ഞാഞ്ഞു് അടിക്കുകയായി.

images/Murphy.jpg

അടിയുടെ ശബ്ദം കേട്ടു് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരൻ ലാത്തിയോടു കൂടി നീയറിയുടെ അടുക്കലേക്കു് ചെന്നു. പക്ഷേ അവിടെയുണ്ടായിരുന്ന നീയറിയുടെ വേറൊരു ശിഷ്യൻ ഗുരുവിനെ പിടിച്ചുകൊണ്ടു പോയി. ഐറിഷ് നവോത്ഥാനത്തോടുള്ള തന്റെ എതിർപ്പു് കാണിക്കാനായിരുന്നു ബക്കിറ്റ് കഥാപാത്രത്തെക്കൊണ്ടു് ധീരന്റെ പ്രതിമയുടെ പൃഷ്ഠഭാഗത്തു ഇടിപ്പിച്ചതു്. വികാരപ്രകടനം നടന്നു. പക്ഷേ പഴയ ശിഷ്യൻ സമയത്തു വന്നില്ലായിരുന്നെങ്കിൽ നിയറി തലപൊട്ടി മരിക്കുമായിരുന്നു. സത്യം കല്ലേറുവാങ്ങുമെന്നതുകൊണ്ടു് എനിക്കു് ഈ ഫലരഹിത പ്രക്രിയകളിൽ വൈഷമ്യമില്ല. എങ്കിലും പ്രതിമയുടെ ചന്തിയിലിടിച്ചു തല പൊട്ടിക്കരുതെന്നു് വിനയത്തോടെ പറഞ്ഞുകൊള്ളുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: പ്രേമവിവാഹങ്ങൾ പരാജയപ്പെടുന്നതു് എന്തുകൊണ്ടു്?

ഉത്തരം: പലപ്പോഴും ഇതിനു ഉത്തരം നല്കിയിട്ടുണ്ടു് ഞാൻ. എങ്കിലും ആവർത്തിക്കാം. വിവാഹത്തിനു മുൻപുള്ള സങ്കൽപ്പം വ്യാമോഹാധിഷ്ഠിതമാണു്. കാമുകി താൻ വിചാരിച്ചതുപോലെ ദേവതയല്ലെന്നു കാമുകനും കാമുകൻ താൻ കരുതിയതുപോലെ ദേവനല്ലെന്നു കാമുകിയും മനസ്സിലാക്കും. അതോടെ മോഹഭംഗവും അതിൽ നിന്നു വെറുപ്പും ജനിക്കുന്നു. വേറൊരു കാര്യം കൂടിയുണ്ടു്. ഉത്കടവികാരങ്ങളെ നശിപ്പിക്കുന്നതു് ആ വികാരങ്ങൾ തന്നെ. പുസ്തകക്കടയിൽ പുതിയ പുസ്തകമിരിക്കുന്നതു് ഞാൻ കാണുന്നു. അതു മേടിക്കാനുള്ള ഉത്കടാഭിലാഷമെനിക്കു്. വാങ്ങിച്ചു വീട്ടിൽ കൊണ്ടു വച്ചാൽ അതിലുള്ള താല്പര്യം കെട്ടടങ്ങുന്നു. ഒരിക്കലും ഉത്കടവികാരങ്ങൾക്കു വിധേയരാവരുതു്. ആയാൽ വിപരീതഫലമുണ്ടാകും.

ചോദ്യം: സാഹിത്യം നന്നാക്കാനാണോ നിങ്ങൾ ശ്രമിക്കുന്നതു്?

ഉത്തരം: നന്നാക്കാനൊന്നും എനിക്കു ഉദ്ദേശ്യമില്ല. കാണുന്ന കാര്യങ്ങൾ അതുപോലെ പറയുന്നു എന്നേയുള്ളൂ. വ്യക്തികളെപ്പോലും നന്നാക്കാൻ ലക്ഷ്യമില്ല. ഒരിക്കൽ പട്ടം താണുപിള്ള പ്രസംഗിക്കുന്നിടത്തു ഞാൻ ശ്രോതാവായി ഉണ്ടായിരുന്നു. കുറെ ആളുകൾ ഇരിക്കാതെ നിൽക്കുന്നതു കണ്ടു് സമ്മേളനത്തിന്റെ പ്രവർത്തകർ അവരെ ഇരുത്താൻ ശ്രമിച്ചു. അതു മനസ്സിലാക്കിയ പട്ടം താണുപിള്ള പറഞ്ഞു: “ആരും ആരെയും ഇരുത്തേണ്ടതില്ല” അദ്ദേഹത്തിന്റെ മതമാണു് എന്റേതും. Take people as they are. ഉപദേശിച്ചോ വിമർശിച്ചോ അവരെ നന്നാക്കാൻ ഞാനാരു്? അവർക്കുള്ള ദോഷങ്ങളുടെ ആയിരമിരട്ടി ദോഷങ്ങൾ എനിക്കു കാണും. അന്യനെ നന്നാക്കാൻ ശ്രമിക്കുക. സമുദായത്തെ നന്നാക്കാൻ ശ്രമിക്കുക ഇതൊക്കെ തിന്മയാണു്.

ചോദ്യം: ഞാൻ പെണ്ണുകാണാൻ പോകുന്നു. എന്തൊക്കെയാണു് ഞാൻ അവളോടു ചോദിക്കേണ്ടതു്?

ഉത്തരം: ഒന്നും ചോദിക്കേണ്ടതില്ല. നേരമ്പോക്കുകൾ പറഞ്ഞു് അവളെ ചിരിപ്പിക്കണം. ചിരിക്കുമ്പോൾ അതിനു് ആകർഷകത്വമുണ്ടോ എന്നു നോക്കിക്കൊള്ളണം. ചിരിക്കുമ്പോൾ ഭംഗിയില്ലാത്ത പെണ്ണിനെ കെട്ടരുതു്. അവളുടെ മുഖത്തു് ചിരി പടരുമ്പോൾ നുണക്കുഴി ഉണ്ടോ എന്നും കൂടി നോക്കണം. നുണക്കുഴി തെളിയുന്നെങ്കിൽ ഏറെ നന്നു്.

ചോദ്യം: വായിച്ചില്ലെങ്കിൽ വലിയ നഷ്ടം എന്നു കരുതാവുന്ന ഒരു കാവ്യത്തിന്റെ പേരു പറയാമോ?

ഉത്തരം: റഷ്യൻ കവി പുഷ്കിന്റെ Bronze Horseman വായിക്കൂ; കലയുടെ മഹത്വം ഗ്രഹിക്കൂ.

ചോദ്യം: കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അദ്വിതീയൻ ആരു്?

ഉത്തരം: പ്രൊഫസർ എം. എച്ച്. ശാസ്ത്രികൾ. പടിഞ്ഞാറൻ ദേശത്തു് അദ്ദേഹത്തെപോലെ ഒരു പണ്ഡിതനുണ്ടെങ്കിൽ അവിടത്തെ സർവകലാശാലകൾ തമ്മിൽത്തമ്മിൽ മത്സരിച്ചു് അദ്ദേഹത്തെ വൈസ് ചാൻസലറാക്കിയേനേ. ഡി. ലിറ്റ് ബിരുദങ്ങൾ നല്കിയേനേ.

ചോദ്യം: തെരഞ്ഞെടുപ്പിൽ തോറ്റവർ എന്തു ചെയ്യാതിരിക്കണം?

ഉത്തരം: അവർ തിരഞ്ഞെടുപ്പിൽ ജയിച്ചതായി സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. (തിരയുക = Choose. തെരയുക = അന്വേഷിക്കുക. election എന്ന അർത്ഥത്തിൽ തിരഞ്ഞെടുപ്പ് എന്നെഴുതണം)

ചോദ്യം: ഇംഗ്ലീഷിൽ എഴുതുന്ന ഇൻഡ്യൻ കവികളിൽ ആരാണു കേമൻ?

ഉത്തരം: തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ പറയുകയാണു്. സുദീപ് സെൻ. അദ്ദേഹത്തിന്റെ Postmarked India എന്ന കാവ്യസമാഹാരം വായിക്കുക.

അപമാനം പലതരത്തിൽ
images/Sukumar_Azhikode.jpg
സുകുമാർ അഴിക്കോട്

കുറച്ചുകാലം മുൻപ് ഡോക്ടർ സുകുമാർ അഴിക്കോടിന്റെ ഒരു നർമ്മോക്തി പത്രത്തിൽ കണ്ടു. ഒരുത്തൻ മാനനഷ്ടത്തിനു് കോടതിയിൽ കേസ് കൊടുത്തു. വേറൊരുത്തൻ തന്നെ കരടി എന്നു വിളിച്ചു് മാനക്ഷയമുണ്ടാക്കിയെന്നായിരുന്നു പരാതി. ജഡ്ജി പരാതിക്കാരനോടു ചോദിച്ചു: “എന്നാണു കരടിയെന്നു വിളിച്ചതു്?” അയാൾ മറുപടി പറഞ്ഞു: “ഒരു കൊല്ലം മുൻപു്”. “ഒരു കൊല്ലം മുൻപു് കരടിയെന്നു വിളിച്ചതിനു ഇപ്പോഴാണോ കേസ് കൊടുക്കുന്നതു്?” എന്നു ജഡ്ജിയുടെ ചോദ്യം. അപ്പോൾ പരാതിക്കാരൻ പറഞ്ഞു: “അതിനു് ഞാൻ ഇന്നലെയാണു് ആദ്യമായി കരടിയെ കണ്ടതു്”.

images/Bear.jpg

മുട്ടത്തു വർക്കി, കാനം ഇ. ജെ ഈ പൈങ്കിളി എഴുത്തുകാരുടെ സാഹിത്യമെന്ന കരടി വളരെക്കാലം ഭാഷാ വൻ കാട്ടിൽ ശങ്കാഹീനം കാൽ നീട്ടിവച്ചു നടക്കുകയായിരുന്നു. ആ കരടിയുടെ കടികൊണ്ടു് ആളുകൾ ഏറെ മരിച്ചിരുന്നെങ്കിലും സാക്ഷാൽ കരടികളുടെ വംശനാശത്തോടൊപ്പം പൈങ്കിളിസാഹിത്യക്കരടികളും നശിച്ചുപോയി. വർഷങ്ങൾ ഏറെക്കഴിഞ്ഞു. ഇപ്പോൾ ദേശാഭിമാനി വാരികയിൽ ‘പ്രണയത്തിന്റെ വ്യാകരണം’ എന്ന ചെറുകഥയെഴുതിയ ശ്രീ. പി. ആർ. രഘുനാഥ് പൈങ്കിളിക്കരടിയെ കാണുകയും അതിനെ വാരികയുടെ വെണ്മയാർന്ന താളുകളിലൂടെ നടത്തുകയും ചെയ്യുന്നു. കുറ്റം പറയാനില്ല അദ്ദേഹത്തെ. ഇപ്പോൾ മാത്രമേ അദ്ദേഹം ആ ക്രൂരജന്തുവിനെ കാണുന്നുള്ളൂ. എങ്കിലും അതിന്റെ ദർശനം വായനക്കാർക്കു ഭീതിയുളവാക്കുന്നു. ഒരു ‘അസത്തു പെണ്ണു്’ കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ചുകൊണ്ടു് വിദൂരസ്ഥനായ ഒരുത്തനോടുകൂടി പ്രേമബന്ധം പുലർത്തുന്നു. അവൾക്കു വരുന്ന കത്തുകൾ കാമലേഖനങ്ങളാണെന്നറിഞ്ഞിട്ടും സിസ്റ്റർ കൊടുക്കാതിരിക്കുന്നില്ല. കാരണം അവരുടെ ഭൂതകാലജീവിതവും നിന്ദ്യമായിരുന്നു എന്നതുതന്നെ. അങ്ങനെയിരിക്കെ പെണ്ണും അവളുടെ ചെറുക്കനും ഒരുമിച്ചു കൂടി രസിക്കാൻ തീരുമാനിക്കുന്നു. അപ്പോഴാണു് തന്ത എന്ന തടിയന്റെ രംഗപ്രവേശം. അവളെ വീട്ടിൽ കൊണ്ടുപോകാനാണു് അയാളുടെ ആഗമനം. കാമുകനുമായി കഴിഞ്ഞുകൂടാൻ തീരുമാനിച്ച പെണ്ണു് തന്തയോടു കൂടി പോകാൻ കൂട്ടാക്കുന്നില്ല. അയാൾ കാമുകനുമായുള്ള ജീവിതത്തിനു് അനുമതി നൽകുന്നു. കാരണം അയാളുടെ ഭാര്യയ്ക്ക്—പെണ്ണിന്റെ തള്ളയ്ക്കു്—ഒരു കാമുകനെ കിട്ടിയിട്ടുണ്ടു് എന്നതത്രേ. ഏഭ്യനായ തന്ത യാത്ര പറയുമ്പോൾ കഥ തീരുന്നു. വായനക്കാരന്റെ കഥയും അതോടൊപ്പം തീരുന്നു. അസാന്മാർഗികമായ അന്തരീക്ഷം സൃഷ്ടിച്ചു് ചൂലിൽ ചാണകം മുക്കി അടിക്കേണ്ട ചില കഥാപത്രങ്ങളെ സൃഷ്ടിച്ചു് പൈങ്കിളിയുടെ മൊത്ത വ്യാപാരിയായി പ്രത്യക്ഷനാകുന്ന ഈ കഥാകാരൻ കഥാസാഹിത്യത്തെ തന്റെ രചന കൊണ്ടു് അപമാനിക്കുന്നു. ഉത്കൃഷ്ടമായ ദേശാഭിമാനി വാരികയെ അപമാനിക്കുന്നു.

അദ്ഭുതമല്ല

ഏകീകൃത മാനസിക മണ്ഡലത്തിലേക്കു ചെല്ലുകയും അവിടെ പാർപ്പുറപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളുള്ള നോവലുകളാണു് ഉത്കൃഷ്ടങ്ങൾ

വർഷകാലത്തു പീലിവിരിച്ചു നൃത്തമാടുന്ന മയിൽ ഒരു ദിവസം കാലത്തു് നനഞ്ഞ കോഴിയെപ്പോലെ നില്ക്കുമോ? അന്തരീക്ഷം പിളർന്നു നില്ക്കുന്ന സഹ്യപർവ്വതത്തിലെ ആനമുടി പൊടുന്നനെ തിരുവനന്തപുരത്തിനടുത്തുള്ള മൂക്കുന്നിമലയുടെ അഗ്രം പോലെ മാറുമോ? ഗാമ കാലത്തു ഉണർന്നെഴുന്നേൽക്കുമ്പോൾ കവിളൊട്ടി, വാരിയെല്ലുകൾ കാണിച്ചു ചുമച്ചു ചുമച്ചു് രക്തവും കഫവും തുപ്പുന്ന ക്ഷയരോഗിയായി പ്രത്യക്ഷനാകുമോ? മൃഗരാജാവെന്നു് അറിയപ്പെടുന്ന സിംഹം ഇരുപത്തിനാലു മണിക്കൂർ കൊണ്ടു് പുഴുക്കടിപിടിച്ചു നാറ്റം പരത്തി ഓരോ വസ്തുവിനെയും മാറി മാറി മണപ്പിച്ചു് വേച്ചു നടക്കുന്ന പട്ടിയായി മാറുമോ? ഇതൊന്നും സംഭവിക്കില്ല. പക്ഷേ കവിത വെറും പദ്യമാകും. നാടകം സംഭാഷണം മാത്രമാകും. ചെറുകഥ ഉപന്യാസമാകും. ചെറുകഥ ഉപന്യാസമാകുമെന്നതിനു് തെളിവു് ‘വിശാലകേരള’ത്തിൽ ശ്രീ. വിളപ്പിൽ മധു എഴുതിയ ‘ഗോപാലനാശാരി നിരപരാധിയാണു്’ എന്ന രചന തന്നെയാണു്. അതിരുതർക്കത്തിന്റെ പേരിൽ ഒരുത്തനെ അടിച്ചുകൊന്നതിനു ജയിൽശിക്ഷ അനുഭവിക്കുന്നവന്റെ ആത്മനിവേദനമാണു് രചയിതാവു് കഥയെന്നു വിളിക്കുന്ന ഈ സാഹസിക്യം. അല്ല. ഇതൊക്കെ സ്വാഭാവികം തന്നെ. ഭർത്താവ് ഭാര്യയെ സംരക്ഷിക്കുന്നവനല്ല. അവളെ ദിവസവും മർദ്ദിക്കുന്നവനാണു്. ഭാര്യ ഭർത്താവിന്റെ കാര്യങ്ങൾ അന്വേഷിക്കാതെ കാലത്തു സാമൂഹിക പ്രവർത്തനത്തിനു ഇറങ്ങുന്നവളാണു്. മകൾ ആൺകുട്ടികളുടെ വേഷം ധരിച്ചു് മറ്റാൺകുട്ടികളുടെ കൂടെ ചേർന്നു കോഫി ഹൗസിൽ കയറിയിരിന്നു നേരമ്പോക്കു പറയുന്നവളാണു്. മകൻ മുടി നീട്ടി വളർത്തി കൈയിൽ സ്റ്റീൽ വളയിട്ടു് നഖങ്ങളിൽ പോളീഷിട്ടു് കണ്ണെഴുതി പെൺകുട്ടികളെപ്പോലെ നടക്കുന്നവനാണു്. ഈ പ്രതിലോമ പ്രക്രിയകളൊക്കെ നടക്കുന്ന ഈ കാലയളവിൽ ഉപന്യാസത്തെ കഥയാക്കി എഴുത്തുകാരൻ കൊണ്ടു വന്നില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

‘സാഹിത്യസാഹ്യമെവിടെ?’

അക്രമരാഹിത്യത്തിന്റെ സ്തോതാക്കളായ ഗാന്ധിശിഷ്യന്മാർ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നിരപരാധരെ അപമാനിക്കുന്നു. വിപ്ലവത്തിനു് ആഹ്വാനം നടത്തിയ മാർക്സിന്റെ ശിഷ്യന്മാർ അന്യരെ വലിപ്പച്ചെറുപ്പം നോക്കാതെ ബഹുമാനിക്കുന്നു.

ഡോക്ടർ കെ. പി. കരുണാകരപ്പണിക്കർ മാത്രഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ആദരണീയനായ വിവാദപുരുഷൻ’ എന്ന പ്രബന്ധത്തിൽ നിന്നും ചില വാക്യങ്ങളും അവയെക്കുറിച്ചു എന്റെ ‘കമന്റുകളും’.

1. ആധുനിക കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവായിരുന്നു ഇ. എം. എസ് നമ്പൂതിരിപ്പാടു്.

സമുന്നതൻ എന്നു പറഞ്ഞ സ്ഥിതിക്കു് ഏറ്റവും എന്നു കൂടി വേണോ? ‘അയാൾ കാമദേവനാണു്’ എന്നു പറയുന്നതിനു പകരം ‘അയാൾ സുന്ദരനായ കാമദേവനാണു്’ എന്നു പറയണോ?

2. പാർട്ടിയുടെ സംഘടന എങ്ങനെ രൂപീകരിക്കണം.

രൂപം നല്കുക എന്ന അർഥത്തിൽ രൂപവത്കരണം എന്നാണു എഴുതേണ്ടതു്. രൂപീകരിക്കലിനു് ഭംഗിയുള്ളതാക്കുക എന്നാണു് അർത്ഥം.

3. സമകാലീന ഇന്ത്യ.

കാലത്തെസ്സംബന്ധിക്കുന്നതു കാലികം. സമകാലിക ഇന്ത്യ എന്നു വേണം.

4. അദ്ദേഹത്തിനു വലിയ തെറ്റുകൾ ഉണ്ടായിട്ടില്ല.

ചെറിയ തെറ്റുകൾ ചെയ്തു എന്നു ധ്വനി.

5. അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളിലെ പ്രത്യേകതകൾ കൊണ്ടു് പ്രതിപക്ഷങ്ങളുടെ അംഗങ്ങളോടു് വലിയ ആദരവു കാണിച്ചിരുന്നു.

പ്രതി+ഏകം. ഒന്നൊന്നായി എന്നു് അർത്ഥം. ‘വിവേശദണ്ഡകാരണ്യം, പ്രത്യേകം ച സതാം മനഃ’ എന്നു ‘രഘുവംശ’ത്തിൽ (ദണ്ഡകാരണ്യം വിവേശ = ദണ്ഡകാരണ്യത്തിലേക്കു ചെന്നു. പ്രത്യേകം സതാം മനഃച = ഓരോ നല്ലയാളിന്റെയും മനസ്സിലേക്കും.) സവിശേഷത എന്നു പ്രയോഗിക്കണം.

6. ഈ സാമൂഹ്യപരിഷ്കർത്താവിനെ കാണാം.

സമൂഹപരിഷ്കർത്താവ് ശരി. സാമൂഹ്യ പരിഷ്കർത്താവ് സാമൂഹ്യത്തിന്റെ പരിഷ്കർത്താവേ ആകൂ.

ലേഖനങ്ങളിലൂടെ അറിവില്ലാത്തവരെ ഉദ്ബോധിപ്പിക്കുന്നതിനു മുൻപു് അവയുടെ രചയിതാക്കൾ ഏ. ആർ. രാജരാജവർമ്മ യുടെ ‘സാഹിത്യസാഹ്യവും കുട്ടികൃഷ്ണമാരാരുടെ ‘മലയാളശൈലി’യും വായിക്കുന്നതു നന്നു്. വായിച്ചാൽ മനസ്സിലാവുകയില്ലെങ്കിൽ അവ രണ്ടും കഷായമിട്ടുകുടിച്ചാൽ മതി.

മര്യാദ

ഒരു പോളിടെക്നിക്കിലെ വാർഷികാഘോഷം. അധ്യക്ഷൻ അക്കാലത്തെ ഒരു കോൺഗ്രസ്സ് മന്ത്രി. അദ്ദേഹത്തിന്റെ പ്രഭാഷണം കഴിഞ്ഞു. പണ്ടു് ഞാൻ കുറഞ്ഞതു പത്തുതവണയെങ്കിലും അതേ പ്രസംഗം അതേ വാക്യങ്ങളിൽത്തന്നെ കേട്ടിട്ടുണ്ടു്. മന്ത്രിയുടെ പ്രഭാഷണത്തിനു ശേഷം ഡാൻസും പാട്ടും. എഴുതിവച്ച പ്രോഗ്രാമിനനുസരിച്ചു് പിന്നീടു് എന്റെ പ്രഭാഷണവും അതിനുശേഷം മന്ത്രിയുടെ ഭാര്യയുടെ സമ്മാനദാനവും. പക്ഷേ ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു് മന്ത്രി എന്റെ പേരുവെട്ടി സഹധർമ്മിണിയോടു് സമ്മാനം കൊടുക്കാൻ പറഞ്ഞു. നൂറ്റുക്കണക്കിനു് സമ്മാനങ്ങൾ. തീപ്പെട്ടിക്കൂടു വരെ ശ്രീമതി എടുത്തുകൊടുത്തു. ‘ആമിനക്കുട്ടി രണ്ടാം സമ്മാനം’ എന്നു അധ്യാപകന്റെ വിളി. ആമിനക്കുട്ടി കുണുങ്ങിക്കുണുങ്ങി പ്ലാറ്റ്ഫോമിനു അടുത്തെത്തുമ്പോൾ അരമണിക്കൂർ കഴിഞ്ഞിരിക്കും. സമ്മാനദാനം കഴിഞ്ഞയുടനെ മന്ത്രിപുംഗവൻ പോയി, ഭാര്യയുമായി. അതോടെ പൗരപുംഗവന്മാരും അധ്യാപകപുംഗവന്മാരും സ്ഥലം വിട്ടു. ഞാനിസ്പീടു് ഗുലാനെപ്പോലെ തെല്ലുനേരം നിന്നിട്ടു് ഇറങ്ങിപ്പോന്നു.

മാസങ്ങൾ കഴിഞ്ഞു. കായങ്കുളത്തെ ഒരു സ്കൂളിൽ വാർഷികാഘോഷം. മീറ്റിങ് തുടങ്ങി. അന്നും അധ്യക്ഷനായിരുന്ന ആ കോൺഗ്രസ് മന്ത്രി എത്തിയിട്ടില്ല. സ്വാഗത പ്രഭാഷണം. കരിങ്കുളം നാരായണപിള്ളസ്സാറിന്റെ പ്രഭഷണം ഇവ കഴിഞ്ഞു. ഞാൻ എഴുന്നേറ്റ് പ്രസംഗം തുടങ്ങി. അഞ്ചു മിനിറ്റ് പ്രസംഗിച്ചതേയുള്ളൂ. ദൂരെ നിന്നു മന്ത്രി വരുന്നതു കാണാറായി. കൈയടി ഉയർന്നു സദസ്സിൽ നിന്നു്. ആരും എന്നെ നോക്കുന്നതുപോലുമില്ല. കുഞ്ഞുങ്ങൾ, പെണ്ണുങ്ങൾ ഇവർ പോലും മന്ത്രിയുടെ വ്യക്തിപ്രഭാവത്തിൽ മുങ്ങിയിരിക്കുകയാണു്. ഞാൻ പ്രസംഗിച്ചു കൊണ്ടിരുന്നു. മന്ത്രി പ്ലാറ്റ്ഫോമിൽ കയറിയയുടനെ എന്നോടു് ആജ്ഞാപിച്ചു. ‘എനിക്കു് ഉടനെ പോകണം. നിങ്ങൾ പ്രസംഗം നിറുത്തൂ’. സർക്കാരുദ്യോഗസ്ഥനായിരുന്ന ഞാൻ മന്ത്രിയുടെ ആജ്ഞയ്ക്കു വഴങ്ങി കസേരയിൽ ഇരുന്നു.

ഇതിൽനിന്നു വിഭിന്നമായിട്ടാണു് മാർക്സിസ്റ്റ് മന്ത്രിമാർ എന്നോടു പെരുമാറിയിട്ടുള്ളതു്. തിരുവനന്തപുരത്തെ മ്യൂസിക് കോളേജിലെ സമ്മേളനം. അന്നും മന്ത്രിയായിരുന്ന ശ്രീ. ടി. കെ. രാമകൃഷ്ണൻ അഞ്ചു മിനിറ്റ് നേരം പ്രസംഗിച്ചിട്ടു് ഇരുന്നു. അദ്ദേഹത്തിനു് വേറൊരു മീറ്റിംഗിനു പോകണമെന്നതു് എനിക്കറിഞ്ഞുകൂടായിരുന്നു. അതുകൊണ്ടു് ഞാൻ അരമണിക്കൂർ നേരം പ്രസംഗിച്ചു. മന്ത്രി ഒരസ്വസ്ഥതയ്ക്കും വിധേയനാകാതെ ഇരിപ്പിടത്തിലിരുന്നു ഞാൻ പറയുന്നതൊക്കെ കേട്ടു. എന്റെ പ്രസംഗം തീർന്നപ്പോൾ അദ്ദേഹം എന്റെ അടുത്തുവന്നു പറഞ്ഞു: ‘എനിക്കു വേറൊരു മീറ്റിംഗിനു പോകണം. സാറിന്റെ പ്രസംഗം തീർന്നിട്ടല്ലേ എനിക്കു പോകാൻ പറ്റൂ. അതുകൊണ്ടാണു് ഞാൻ ഇരുന്നതു്. ഞാൻ ഇനി പോകട്ടെ’.

കഴിഞ്ഞ തവണ ശ്രീ. ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം. മെഡിക്കൽ കോളേജിലെ മീറ്റിങ്. സമ്മേളനം തുടങ്ങുന്നതിനു മുൻപു കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആരോ എന്നെ ചൂണ്ടി മുഖ്യമന്ത്രിയോടു ചോദിച്ചു: “കൃഷ്ണൻനായരെ അറിയില്ലേ”. ഉടനെ മുഖ്യമന്ത്രി മറുപടി പറഞ്ഞു: “അറിയില്ലേ എന്നോ. ഓരോ ആഴ്ചയും ഞാൻ കൃഷ്ണൻനായരെ കാണുന്നുണ്ടല്ലോ” എന്റെ സ്ഥിരം കോളത്തെ ലക്ഷ്യമാക്കിയാണു് അദ്ദേഹം സൗജന്യമാധുര്യത്തോടെ അങ്ങനെ പറഞ്ഞതു്. വേറൊരു മുഖ്യമന്ത്രി ഇതു പറയുകയില്ല. അക്രമരാഹിത്യത്തിന്റെ സ്തോതാക്കളായ ഗാന്ധിശിഷ്യൻമാർ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും നിരപരാധരെ അപമാനിക്കുന്നു. വിപ്ലവത്തിനു് ആഹ്വാനം നടത്തിയ മാർക്സിന്റെ ശിഷ്യന്മാർ അന്യരെ വലിപ്പച്ചെറുപ്പം നോക്കാതെ ബഹുമാനിക്കുന്നു. ഞാൻ കമ്മ്യൂണിസ്റ്റല്ല എന്നു കൂടി പ്രിയപ്പെട്ട വായനക്കാരോടു പറയട്ടെ.

മാലാഖ എഴുതുന്നു
images/Paul_William_Roberts.jpg
പോൾ വില്യം റോബെർട്സ്

“One of the most remarkable travel books ever written, but of course it is far more than that. It’s brilliant, funny, moving and often profound. Roberts writes like an angel…” Paul William Roberts എഴുതിയ ‘Empire of the Soul’ എന്ന പുസ്തകത്തെക്കുറിച്ചു് കൊളിൻ വിൽസൻ പറഞ്ഞതാണിതു്. വായിക്കുക. മാലാഖ എഴുതിയതാണു് അതെന്നു നമുക്കു തോന്നും. ഭാരതീയ തത്വചിന്ത, ഭാരതീയരായ ആചാര്യൻമാർ ഈ രണ്ടിനെയും കുറിച്ചു് നല്ലപോലെ അറിയാവുന്ന നമുക്കു അതത്ര പ്രൗഢമാണെന്നു തോന്നിയെന്നു വരില്ല. പക്ഷേ വായനയുളവാക്കുന്ന ആഹ്ലാദത്തിനു വേണ്ടി അതു വായിക്കാം. മനോഹരമായ ആവിഷ്കാരത്തിലൂടെ നർമ്മത്തിന്റെ ചെറുതരംഗങ്ങൾ ഉളവാക്കിക്കൊണ്ടു ഗ്രന്ഥകാരൻ മുന്നോട്ടു പോകുന്നതു് നമുക്കു ഹർഷാതിരേകമുളവാക്കും.

images/EmpireoftheSoul.jpg

ആധ്യാത്മികതയുടെ വാതിൽ തുറന്നു് ആചാര്യന്മാർ റോബർട്സിനെയും നമ്മളെയും വിശുദ്ധ മണ്ഡലത്തിലേക്കു കൂട്ടികൊണ്ടു പോകുന്നു. ഉത്തരക്ഷണത്തിൽ കള്ളക്കടത്തുകാരെയും കരിഞ്ചന്തക്കാരെയും നമ്മൾ കാണുന്നു. എങ്ങും ഭൗതികത്വത്തിന്റെ അധമത്വം ഐശ്വരാംശത്തിന്റെ ഉത്കൃഷ്ടത. വായനക്കാർക്കു് സമ്മിശ്ര വികാരങ്ങൾ ഉളവാക്കിക്കൊണ്ടു ഗ്രന്ഥം വിരാജിക്കുന്നു.

images/Sathya_Sai_Baba.jpg
സത്യസായിബാബ

ഒട്ടൊക്കെ സംശയവാദിയായി പ്രത്യക്ഷനാകുന്ന ഗ്രന്ഥകാരൻ ക്രമേണ സത്യസായിബാബയുടെ ആരാധകനായി മാറുന്നു. ഐസ്ലൻഡ് സർവകലാശാലയിലെ ഒരു പ്രൊഫസർ ഗുന്നർ ഓറ്റസ് (Gunnar Otuis) Kirlian ഫോട്ടോഗ്രഫി കൊണ്ടും തെളിയിച്ചു സത്യസായിബാബയുടെ വിഭൂതി നല്കൽ കൈയടക്കമോ മാജിക്കോ അല്ലെന്നു്. Spacetime Continuum എന്നതിൽ (സ്പേസിനു് മൂന്നു മാനങ്ങൾ. റ്റൈമിന്റെ മാനം കൂടി ചേർന്നു് നാലു മാനങ്ങളുള്ള Continuum—ലേഖകൻ) വിടവുണ്ടാക്കി അതിൽ നിന്നാണു് ബാബ വിഭൂതിയെടുക്കുന്നതെന്നു് പ്രൊഫസർ കിർലിയൻ ഛായാഗ്രഹണത്തിലൂടെ തെളിയിച്ചു. ഭാരതത്തിന്റെ ജീർണ്ണതയുടെ നേർക്കു കണ്ണടയ്ക്കാത്ത ഗ്രന്ഥകാരൻ അനിർവാച്യമായ ശക്തിവിശേഷം അതിന്റെ (ഭാരതത്തിന്റെ) നവീകരണത്തിനു ഹേതുവായിബ്ഭവിക്കുന്നു എന്നും കാണിച്ചുതരുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-04-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.