സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-05-08-ൽ പ്രസിദ്ധീകരിച്ചതു്)

മഞ്ഞുതുള്ളിയിലൂടെ സൂര്യരശ്മി കടന്നു വരുന്നതുപോലെ അപരിചിതരിൽ ആരെങ്കിലും നിങ്ങളെ നോക്കി പുഞ്ചിരി പൊഴിച്ചാൽ അതിന്റെ സത്യസന്ധതയിൽ തെല്ലുപോലും സംശയിക്കേണ്ടതില്ല. കിരണത്തിനു ചൂടുള്ളതുപോലെ ആ പുഞ്ചിരിക്കും ഊഷ്മളത കാണും. സ്നേഹത്തിന്റെയോ ബഹുമാനത്തിന്റെയോ ചൂടാണതു്. ജീവിതം ധന്യമാക്കുന്നതു് ഈ അപരിചിതരുടെ മന്ദസ്മിതങ്ങളാണു്. ഇതു പറയാവുന്നതല്ല. ബന്ധുക്കളുടെയും സ്നേഹിതരുടെയും മന്ദഹാസങ്ങളെക്കുറിച്ചു് കടുത്ത ശത്രുത. വെറുപ്പു്. പ്രതികാരവാഞ്ഛ ഇവ മറച്ചുവച്ചു അവർ പുഞ്ചിരിയിടും. അതിന്റെ പ്രകാശത്തിന്റെ പിറകിൽ കൊടും തിമിരമായിരിക്കും പലപ്പോഴും. സാഹിത്യകൃതികൾ അപരിചിതരെപ്പോലെയാണു്. അവ ചിരിക്കുന്നു നമ്മളെ നോക്കി. സത്യസന്ധതയുടെ ചൂടുണ്ടെന്നു കരുതി നമ്മൾ അവയോടു് അടുക്കുന്നു. പലപ്പോഴും നിരാശയാണു ഫലം.

ഇരുപത്തിയേഴുവർഷങ്ങളായി ആവർത്തിക്കുന്ന ഈ സത്യം ഇപ്പോഴും പറയേണ്ടതായി വന്നിരിക്കുന്നു. കോട്ടയത്തെ ഡി. സി. ബുക്ക്സ് പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും നമ്മൾ കണ്ടാൽ വാങ്ങിച്ചുപോകും. എങ്കിലും റഫ്റൻസിനുള്ള ഗ്രന്ഥങ്ങളല്ലാതെ വേറൊന്നും ഞാൻ മേടിക്കില്ല. ഈ ദൃഢനിശ്ചയത്തിനു് ഇളക്കം തട്ടി ഞാൻ അടുത്തകാലത്തു് ഒരെഴുത്തുകാരിയുടെ നീണ്ടകഥകളുടെ സമാഹാരഗ്രന്ഥം വാങ്ങിപ്പോയി. പുസ്തകം എന്നെ നോക്കി പുഞ്ചിരിപൊഴിച്ചതാണു മേടിക്കലിനു ഹേതു. പുഞ്ചിരിയുടെ പിറകിൽ കൊടുംവിഷമാണുള്ളതെന്നു പിന്നീടേ അറിഞ്ഞുള്ളു. നാലോ അഞ്ചോ നീണ്ടകഥകളിൽ ആദ്യത്തെതു മാത്രമേ ഞാൻ വായിച്ചുള്ളു എന്നു സമ്മതിക്കുന്നു. ഒരുത്തന്റെ വിവാഹം നിശ്ചയിക്കുന്നു. അപ്പോൾ വധുവിന്റെ കുടുംബത്തിലെ ഒരു സ്ത്രീക്കു ഭ്രാന്താണെന്നു് അയാൾക്കു കള്ളക്കത്തു കിട്ടുന്നു. ഭ്രാന്തുള്ളവൾ കഴിഞ്ഞുകൂടുന്ന ആശുപത്രിയിൽ വരൻ പോകുന്നു. ഭ്രാന്തി തന്റെ വധുവിന്റെ ചേച്ചിയാണെന്നു് അയാൾ മനസ്സിലാക്കുന്നു. പിരിമുറുക്കത്താൽ അയാൾക്കും വരുന്നു ഭ്രാന്തു്. വരന്റെ ആത്മഹത്യയോടെ കഥ പര്യവസാനത്തിലെത്തുന്നു. കാപട്യം, അസാധുത്വം, അസംഭാവ്യത, മെലോഡ്രാമ ഇവയെല്ലാം ഒത്തുചേർന്നു് ഒരു കഥയിൽ കാണണമെങ്കിൽ ചെല്ലുവിൻ ഭവാന്മാരിക്കഥതൻ നികടത്തിൽ. പുഞ്ചിരിയുടെ പിറകിൽ തമസ്സുകണ്ടു് ശേഷമുള്ള രചനകൾ വായിക്കാതെ ഞാൻ പുസ്തകം ദൂരെയെറിഞ്ഞുകളഞ്ഞു. ആർജ്ജവം കലർന്ന പുഞ്ചിരിയുള്ള രചനകളേ. നിങ്ങൾ എന്റെ മലയാള സാഹിത്യത്തിൽ പ്രത്യക്ഷങ്ങളാവുകയില്ലേ?

ചോദ്യം, ഉത്തരം

ചോദ്യം: കോളേജിലെ മ്യൂസിക് പ്രഫസറും എം. എസ്. സുബ്ബലക്ഷ്മിയും പാടുമ്പോൾ എന്താവും നിങ്ങളുടെ പ്രതികരണം?

ഉത്തരം: മ്യൂസിക് പ്രഫസർ പാടുമ്പോൾ നമ്മൾ ശ്രീമതിയെ മാത്രം കാണുന്നു. സുബ്ബലക്ഷ്മി പാടുമ്പോൾ സംഗീതം മാത്രമേ നമ്മൾ കേൾക്കുന്നുള്ളു. സുബ്ബലക്ഷ്മിയെ കാണുന്നില്ല.

ചോദ്യം: കാളിദാസനും കേരളകാളിദാസനും തമ്മിലെന്താണു സാദൃശ്യം?

ഉത്തരം: കാളിദാസൻ സാഗരം. കേരളകാളിദാസൻ സാഗരത്തിലെ ഒരു തുള്ളി.

ചോദ്യം: സാഹിത്യകാരനും അയാളുടെ മുൻപിൽച്ചെന്നു ചോദ്യങ്ങൾ ചോദിക്കുന്ന പത്രപ്രവർത്തകനും തമ്മിൽ വ്യത്യാസം വല്ലതുമുണ്ടോ?

ഉത്തരം: പത്രപ്രവർത്തകൻ വിനയസമ്പന്നതയോടെ ബുദ്ധിശക്തി കാണിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. സാഹിത്യകാരൻ അഹങ്കാരത്തോടെ പൊള്ളയായ ഉത്തരങ്ങൾ നല്കുന്നു.

ചോദ്യം: അധമത്വമെന്നാൽ?

ഉത്തരം: അടുത്ത വീട്ടിൽ മരണം സംഭവിച്ചിരിക്കുമ്പോൾ സ്വന്തം വീട്ടിൽ ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതു് അധമത്വം.

ചോദ്യം: പുട്ടു്, പിട്ടു്—ഏതു ശരി?

ഉത്തരം: സംസ്കൃതത്തിൽ പിഷ്ടമെന്നാൽ പൊടിക്കപ്പെട്ടതു് എന്നു് അർത്ഥം. അതുകൊണ്ടു് പിട്ടു് എന്നാകാം.

ചോദ്യം: വള്ളത്തോൾ, ഇടപ്പള്ളി രാഘവൻപിള്ള, ഇടശ്ശേരി?

ഉത്തരം: വള്ളത്തോൾ എന്റെ കവി. ഇടശ്ശേരി എനിക്കു കമ്യുവിന്റെ അന്യൻ. ഇടപ്പള്ളി ഞാൻ തന്നെ.

ചോദ്യം: രചനയുടെ ബാലപാഠങ്ങൾ പറഞ്ഞുതരാമോ?

ഉത്തരം: ആശയം പ്രകാശിപ്പിക്കുന്നതിനു മാത്രമേ വാക്കുകൾ പ്രയോഗിക്കാവൂ. അതിവസ്ത്രധാരണം ചെയ്ത സ്ത്രീയോടും പുരുഷനോടും നമുക്കു പുച്ഛം. ആവശ്യത്തിലധികം ഫർണിച്ചർ വീട്ടിലിടുന്നവരോടു നമുക്കു പുച്ഛം. വേണ്ടാത്ത വാക്കുകൾ തിരുകുന്നവരോടും നമുക്കു പുച്ഛം.

വിഷാദം വീണ്ടും

ചില സംഭവങ്ങൾ മനസ്സിൽ ആഘാതമേല്പിച്ചാൽ അവയുളവാക്കുന്ന ക്ഷതങ്ങൾ വർഷങ്ങളേറെക്കഴിഞ്ഞാലും അപ്രത്യക്ഷങ്ങളാവുകയില്ല.

തെക്കൻ തിരുവിതാംകൂറിലെ മുഞ്ചിറ എന്ന പ്രദേശം. അവിടെയാണു് ഞാൻ ഒന്നാംക്ലാസ്സിൽ പഠിച്ചതു്. വീട്ടിൽ നിന്നു് ഒരു നാഴികയോളം നടക്കണം സ്ക്കൂളിലേക്കു്. കൂട്ടുകാരായി ആരുമില്ല. റോഡ് മിക്കവാറും വിജനം. റോഡിൽ നിന്നിറങ്ങി ഒരു വയൽ വരമ്പിലൂടെ ഏറെദൂരം നടന്നാൽ ഉയർന്ന സ്ഥലത്തു വിദ്യാലയം. അവിടെ നാലുമണി വരെ പഠിക്കലാണു്. കൂട്ടുകാരനായി ഒരു പയ്യനുണ്ടു്. അയാൾ അടുത്തിരിക്കും. പേരു് പരമേശ്വരൻ നായർ. ഏതോ ഉദ്യോഗസ്ഥന്റെ മകനാണു്. മുഷിഞ്ഞ നിക്കറിട്ടു് അതിനോടു തുന്നിച്ചേർത്ത നാടൻ തുണികൊണ്ടു് നെഞ്ചും മുതുകും മറച്ചു് അതിദുഃഖത്തോടു കൂടി ഞാൻ ബഞ്ചിലിരിക്കുന്നതു് ഇന്നോർമ്മിക്കുന്നു. തിരിച്ചുപോരുമ്പോൾ ചിലപ്പോൾ വലിയ മഴയായിരിക്കും. അതിമദ്യപനും സന്മാർഗ്ഗനിഷ്ഠയില്ലാത്തവനുമായ ജനയിതാവ് കുട വാങ്ങിത്തന്നിട്ടില്ല. മഴ നനഞ്ഞു് വഴുക്കലുള്ള വരമ്പിലൂടെ നടന്നു് പലതവണ വയലിലേക്കു് മറിഞ്ഞുവീണു് ഞാൻ റോഡിലേക്കു് കയറും. പിന്നെയും നടന്നു് നടന്നു് വീട്ടിലെത്തും. ചിലപ്പോൾ തസ്കര പ്രമാണിയായ വെള്ളായണിപ്പരമു ചാരുകസേരയിൽ കിടക്കുന്ന ജനയിതാവിനോടു് സംസാരിച്ചിരിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അയാളുടെ ചുട്ടിക്കരയൻ തോർത്തും കുടുമയും എന്റെ ചിത്തദർപ്പണത്തിൽ ഇപ്പോഴും പ്രതിഫലിക്കുന്നു. കുടയില്ലാതെ നനഞ്ഞൊലിച്ചു് നനഞ്ഞ സ്ലേറ്റും കുതിർന്ന പാഠപുസ്തകവുമായി വരാന്തയിൽ കയറുന്ന എന്നെ ജനയിതാവ് ‘… മോൻ നനഞ്ഞു വന്നിരിക്കുന്നതു കണ്ടില്ലേ? പോടാ അപ്പുറത്തു്’ എന്നു ശകാരിക്കും. ഞാൻ വീട്ടിന്റെ പിറകുവശത്തു് തലതോർത്താതെ ചെന്നിരുന്നു ദൂരെക്കാണുന്ന മരങ്ങളിലെ പച്ചിലച്ചാർത്തുകളിലേക്കും അതിൽ അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന പക്ഷികളെയും നോക്കിക്കൊണ്ടിരിക്കും. എന്റെ വിഷാദം തെല്ലകലും.

ഭൂതകാലം പുനരാവിഷ്കരിക്കുന്നതിനു വേണ്ടി ഞാൻ കുറെക്കാലം മുൻപു് മുഞ്ചിറയിലേക്കു് പോയി. ഞാൻ താമസിച്ച വീടോ അതിനു മുൻപിലുള്ള പാതയോ പാതയിൽ നിന്നു ഞാനിറങ്ങുന്ന വയലോ ആ വിദ്യാലയമോ കാണാൻ കഴിഞ്ഞില്ല. അവിടത്തെ പ്രസിദ്ധമായ ചെറുവാത്തോട്ടത്തു വീടും കണ്ടില്ല. പക്ഷേ അന്നത്തെ വിഷാദം മുഴുവൻ വീണ്ടുമുള്ള സന്ദർശനകാലത്തെ നിമിഷങ്ങളിൽ വന്നുകൂടി. ദുഃഖം സഹിക്കാനാവാതെ ഞാൻ പ്രധാനപ്പെട്ട റോഡിലേക്കു തിടുക്കത്തിൽ നടന്നു തിരുവനന്തപുരത്തേക്കുള്ള ബസ്സിൽ കയറാൻ. മുഞ്ചിറയിൽ അക്കാലത്തു മട്ടി എന്നു പേരുള്ള മരങ്ങളുണ്ടായിരുന്നു. അതിന്റെ കറയ്ക്കു് മട്ടിപ്പാല് എന്നു് പേരു്. ഘനീഭവിച്ച മട്ടിപ്പാല് നെരിപ്പോടിലെ കനലിൽ ഇട്ടാൽ സൗരഭ്യമാർന്ന പുക ഉയരും. കറുപ്പു നിറമാണെങ്കിലും അക്കാലത്തു സുന്ദരിയായിരുന്ന അമ്മ അവരുടെ ചുരുണ്ട തലമുടിയിൽ ഈ പുക കയറ്റുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ഇതെഴുതുമ്പോഴും മട്ടിപ്പാലിന്റെ സൗരഭ്യം എന്റെ മൂക്കിനകത്തു്. മുന്നിൽ ജനയിതാവിന്റെ രക്തരൂക്ഷിതങ്ങളായ കണ്ണുകളും വെള്ളായണിപ്പരമുവിന്റെ കുടുമയും.

images/Uk_kumaran.jpg
യു. കെ. കുമാരൻ

ചില സംഭവങ്ങൾ മനസ്സിൽ ആഘാതമേല്പിച്ചാൽ അവയുളവാക്കുന്ന ക്ഷതങ്ങൾ വർഷങ്ങളേറെക്കഴിഞ്ഞാലും അപ്രത്യക്ഷങ്ങളാവുകയില്ല. അജാഗരിതഹൃത്തിൽ കിടന്ന ഈ ഓർമ്മകളെ പ്രത്യാനയിച്ചതു് ശ്രീ. യു. കെ. കുമാരന്റെ ‘വീടു് സംസാരിക്കുന്നു’ എന്ന നല്ല കഥയാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ഒരു ഡോക്ടർ തന്റെ വീടു് ഒരു മുസ്ലിമിനു് വിൽക്കുന്നു. ഉത്കൃഷ്ട പുരുഷനാണു് മുസ്ലിം. ഡോക്ടരുടെ ഓർമ്മകൾ വീട്ടിനോടു ചേർന്നു നിൽക്കുന്നു. ഒരു ദിവസം അയാൾ അവിടെപ്പോയി താമസിച്ചു് പൂർവകാലസംഭവങ്ങളെ വർത്തമാനകാലത്തിലേക്കു കൊണ്ടുവരുന്നു. സഹതാപത്തോടുകൂടി. പരഹൃദയജ്ഞാനത്തോടു കൂടി വികാരം ചോർന്നു പോകാതെ കുമാരൻ ഡോക്ടറെയും അയാളുടെ സ്നേഹിതൻ മുസ്ലിമിനെയും ചിത്രീകരിക്കുന്നു. കഥയിൽ പ്രവേശിക്കാതെ അകലെ നിൽക്കുന്ന ഡോക്ടറുടെ ഭാര്യയും നമ്മുടെ മനസ്സിൽ പ്രവേശിക്കുന്നു. സായാഹ്നവേളയിൽ അന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്തു് അസ്തമയസൂര്യന്റെ അരുണിമ പകർന്നെടുത്തു് വാരിദശകലത്തിൽ ചെന്നുമുട്ടി ആ അരുണിമയാകെ അതിലേക്കു് സംക്രമിപ്പിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അതുപോലെ കഥാകാരൻ തന്റെ ജീവിതം കൊണ്ടു നേടിയെടുത്ത സഹാനുഭൂതി സമ്പൂർണ്ണമായും രണ്ടു കഥാപാത്രങ്ങളിലേക്കു സംക്രമിപ്പിക്കുന്നു.

ചുണ്ടുകൾ ചുംബനത്തിനുള്ളവയാണെന്നു് ഞാൻ യൗവനകാലത്തു് വിശ്വസിച്ചിരുന്നു. കാലം കഴിഞ്ഞപ്പോൾ അവ പാടാനുള്ളവയാണെന്നു് കരുതി. കാലം പിന്നെയും കഴിഞ്ഞപ്പോൾ അവ അന്നനാളത്തിലേക്കു് ഭക്ഷണം കൊണ്ടു പോകാനുള്ളവയാണെന്നു് വിചാരിച്ചു. ഭയജനകമായ ഈ വാർദ്ധക്യകാലത്തു് അവ മൗനമുദ്രിതങ്ങളാകേണ്ടവയാണെന്നു് ഗ്രഹിച്ചു.

മർദ്ദനങ്ങൾ

കെ. പി. എസ്. മേനോന്റെ ഏതോ പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു കുറിക്കുകയാണു് ഞാൻ. ചൈനയിലോ അതിനടുത്തുള്ള ഏതോ പ്രദേശത്തിലോ നടന്ന സംഭവം. അടുത്തടുത്ത രണ്ടു വലിയ മരങ്ങൾ. ആയിരക്കണക്കിനാളുകൾ ഓരോ മരത്തിലും കയറി സ്വന്തം ഭാരം കൊണ്ടു് അവയുടെ കൊമ്പുകൾ താഴ്ത്തിക്കൊണ്ടുവരും. എന്നിട്ടു് ശിക്ഷ അർഹിക്കുന്നവന്റെ ഒരു കാല് ഒരു മരത്തിന്റെ കൊമ്പിലും മറ്റേക്കാല് മറ്റേ മരത്തിന്റെ കൊമ്പിലും കെട്ടും. കെട്ടിക്കഴിഞ്ഞാൽ ആളുകൾ ഒരുമിച്ചു താഴത്തേക്കു ചാടും. കൊമ്പുകൾ പൊടുന്നനെ ഉയരും. ഉയരുന്നതോടൊപ്പം ബന്ധിക്കപ്പെട്ടവന്റെ ശരീരം രണ്ടായി പിളരും. ഇതു കഥയല്ല. കെ. പി. എസ്. മേനോൻ കണ്ടതാവാം. അല്ലെങ്കിൽ കണ്ടയാളുകൾ അദ്ദേഹത്തോടു പറഞ്ഞതാവാം. ഏതാണ്ടു നാല്പതുവർഷം മുൻപു് ഞാൻ വായിച്ചറിഞ്ഞതാണിതു്. അതുകൊണ്ടു് ഓർമ്മ വ്യക്തമല്ല.

പീഡനത്തിന്റെ മറ്റൊരുരീതി. തടവുകാരനെ ദന്തഡോക്ടറുടെ കസേരയിൽ കെട്ടിവയ്ക്കുന്നു. ഡോക്ടർ അയാളുടെ കേടില്ലാത്ത പല്ല് ഡ്രിൽ ചെയ്യുന്നു. തുരന്നു തുരന്നു ഞരമ്പിലെത്തുന്നു ഉപകരണം. അപ്പോൾ അസഹനീയമായ വേദന കൊണ്ടു പുളഞ്ഞു തടവുകാരൻ കുറ്റസമ്മതം നടത്തുന്നു.

ഈ രണ്ടു മർദ്ദനമുറകളും ശ്രീ വേണു നമ്പ്യാർ കുങ്കുമം വാരികയിലെഴുതിയ ‘മാറ്റം’ എന്ന കഥയുടെ പാരായണം ജനിപ്പിക്കുന്ന പീഡാനുഭവത്തോടു തട്ടിച്ചു നോക്കുമ്പോൾ എത്ര നിസ്സാരം! ഒരു പാവം രോഗി. അയാളെ ഡോക്ടർ വേണ്ടപോലെ നോക്കുന്നില്ല. നിസ്സഹായാവസ്ഥയിലായ അയാൾ എവിടെയോ വീഴുന്നു മരിക്കാനായി. കഥയെഴുതുകയെന്നാൽ കൃത്രിമശൈലിയിൽ കുറെ മധുരപദങ്ങൾ സങ്കലനം ചെയ്യുകയാണെന്നു വേണു നമ്പ്യാർ ധരിച്ചു വച്ചിരിക്കുന്നു. “വെള്ളമേഘം വാങ്മയരഹിതമായ ഒരു നിർവൃതി പോലെ നഗരാകാശത്തിലൂടെ അതിവേഗം സഞ്ചരിച്ചു. ഒരു പഹാഡിപ്പെൺകൊടിയും പിന്നെ ഒരു പൊൻ നക്ഷത്രവും വിദൂരതയിലെവിടെയോ ആ വെള്ളമേഘത്തെ കാത്തിരുന്നു” ഇതു നപുംസകപ്രായമായ കഥയിലെ രണ്ടു വാക്യങ്ങളാണു്. ഇത്തരം കലാഭാസങ്ങൾ ജീർണ്ണിച്ചു വരുന്ന നമ്മുടെ സാഹിത്യസംസ്ക്കാരത്തെ കൂടുതൽ ജീർണ്ണിപ്പിക്കുകയേയുള്ളൂ.

റൈമുന്ദോപ്പണിക്കർ
images/VedicExperience.jpg

ഒരു ദിവസം ഞാൻ ശൂരനാട്ടു കുഞ്ഞൻപ്പിള്ളസ്സാറിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം ഒരു പുസ്തകമെടുത്തു് എന്നെക്കാണിച്ചു് ‘ഈ വിശിഷ്ട ഗ്രന്ഥം വായിച്ചിട്ടുണ്ടോ’ എന്നു ചോദിച്ചു. പണിക്കരുടെ The Vedic Experience – Mantramanjari എന്ന പുസ്തകം. ഗ്രന്ഥകാരൻ റൈമുന്ദോപ്പണിക്കർ. ഞാൻ സാറിനോടു പറഞ്ഞു: “പണിക്കരുടെ ഈ പുസ്തകം മാത്രമല്ല Myth, faith and Hermeneuties എന്ന പുസ്തകവും ഞാൻ ഒരു വർഷം മുൻപു വായിച്ചു” “ആരാണു് സാർ ഇദ്ദേഹം?” എന്നായി എന്റെ ചോദ്യം. “അറിഞ്ഞുകൂടാ” എന്നു സാറിന്റെ മറുപടിയും. റൈമുന്ദോപ്പണിക്കരുടെ പുസ്തകങ്ങൾ വായിച്ചു തീർന്നയുടനെ ഞാൻ എറണാകുളത്തെ ഒരു ഫിലോസഫി ലക്ചററോടു പണിക്കരെക്കുറിച്ചു ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ പുച്ഛം കലർന്ന മറുപടി ഏതാണ്ടിങ്ങനെ: “ഓ, അയാൾ ഒരു കത്തോലിക്കൻ, കെ. എം. പണിക്കരുടെ കുടുംബത്തിൽ നിന്നും നേരത്തേ യൂറോപ്പിൽ കുടിയേറിപ്പാർത്തവൻ”. ഫിലോസഫി ലക്ചർ പറഞ്ഞതുകൊണ്ടു ഞാനതു വിശ്വസിക്കുകയും പലരോടും റൈമുന്ദോപ്പണിക്കർ സർദാർ കെ. എം. പണിക്കരുടെ ബന്ധുവാണെന്നു പറയുകയും ചെയ്തു. എന്റെ തെറ്റ് ഇപ്പോഴാണു് എനിക്കു മനസ്സിലായതു്. ശ്രീ. പി. ടി. നരേന്ദ്രമേനോൻ മലയാളം വാരികയിലെഴുതിയ ‘വേരുകൾ’ എന്ന വിജ്ഞാനപ്രദമായ ലേഖനത്തിൽ നിന്നു് റൈമുന്ദോപ്പണിക്കർക്കു് കെ. എം. പണിക്കരോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഒരു ബന്ധവുമില്ലെന്നു മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. നരേന്ദ്രമേനോന്റെ ലേഖനം റൈമുന്ദോയുടെ സഹോദരിയെക്കുറിച്ചാണു്. എങ്കിലും മഹാനായ ആ തത്ത്വചിന്തകന്റെ, പണ്ഡിതന്റെ ജീവിതത്തെക്കുറിച്ചു കുറച്ചൊക്കെ മനസ്സിലാക്കാൻ അതു സഹായിക്കുന്നു.

images/Raimon_Panikkar.jpg
റൈമുന്ദോപ്പണിക്കർ

റൈമുന്ദോപ്പണിക്കർ The Vedic Experience എന്ന ഗ്രന്ഥത്തിൽ: “The word advitiya or nondual has sometimes been considered to stem from a monistic world view, but this is not necessarily so. Even gramatically the word is painstakingly chosen to denote, not ekatva, kaivalya, ekatma and the like but a—dvaita, that is negation of all duality” (pp. 656).

ക്ലേശം
images/Thaha_Madayi.jpg
താഹ മാടായി

ബോധമണ്ഡലത്തിലിരുന്നാൽ അസുഖദായകങ്ങളാകാവുന്ന ചിന്തകളെയും സങ്കല്പങ്ങളെയും അബോധമണ്ഡലത്തിലേക്കു തള്ളിനീക്കുന്ന പ്രവർത്തനത്തിനു മനഃശാസ്ത്രത്തിൽ ‘റിപ്രെഷൻ’ (Repression = നിരോധം) എന്നു പറയും. സിസ്റ്റർ ഇലിസബത്തു് കാലത്തു ഉണർന്നെഴുന്നേറ്റപ്പോൾ ഒരാൺ പാവയെ മേശപ്പുറത്തു കണ്ടു. തന്റെ കളിക്കൂട്ടുകാരനായിരുന്ന എമേർസനെ ഓർമ്മിച്ചു അവൾ ആ പാവയ്ക്കു് അതേ പേരിട്ടു. പാവയോടുള്ള ഇലിസബത്തിന്റെ അടുപ്പം കണ്ടു മദർ സുപ്പീരിയറിനു അസൂയ. അവർ പാവയെ മോഷ്ടിച്ചു് അതിന്റെ ജനനേന്ദ്രിയം അറത്തുകളഞ്ഞിട്ടു അതിനെ കുഴിച്ചിട്ടു. ഈ പ്രക്രിയയും ലൈംഗിക നിരോധമത്രേ. പാവയെ നഷ്ടപ്പെട്ട ഇലിസബത്തു് ന്യൂറോട്ടിക്കായി. കഥ ഒരിടത്തുമെത്തുന്നില്ല. എത്തുന്നില്ലെന്നു കണ്ടു അതങ്ങനെ പൊയ്ക്കൊള്ളട്ടെ എന്നു ശ്രീ താഹ മാടായി കരുതുന്നു (ദേശാഭിമാനി വാരിക – ചുഴലിക്കാറ്റിന്റെ വരവു്) ആളുകൾ താമസിക്കാത്ത ചില കെട്ടിടങ്ങളിലെ മട്ടുപാവുകളിൽ നിന്നു അരയാൽ വളർന്നു് അന്തരീക്ഷത്തിൽ ശാഖകൾ വീശി നിൽക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. വായനക്കാരും കണ്ടിരിക്കും. ഈ കാഴ്ചയെക്കാൾ വിരൂപമായ കാഴ്ച വേറെ കാണുമായിരിക്കും. പക്ഷേ അധികമായി കാണുകില്ല. ഇതുപോലെ ആളൊഴിഞ്ഞ കഥാഭവനത്തിന്റെ മട്ടുപ്പാവിൽ നിന്നു വളർന്നു അന്തരീക്ഷത്തിൽ ശാഖോപശാഖകൾ വീശി നിൽക്കുന്ന വൈരൂപ്യമാണു് ഇക്കഥ. നിജസ്ഥിതിയില്ലാത്ത ഇത്തരം മനഃശാസ്ത്ര തത്ത്വങ്ങളെ അവലംബിച്ചു എത്രയോ ആളുകൾ എത്രയോ കഥകൾ എഴുതിക്കഴിഞ്ഞു. ഭാവനാദാരിദ്ര്യം കൊണ്ടായിരിക്കാം താഹ മാടായി നമ്മളെ ഇങ്ങനെ കഥാരചന കൊണ്ടു ക്ലേശിപ്പിക്കുന്നത്.

“ആദ്യം അവർ നിങ്ങളെ അവഗണിക്കും. പിന്നീടു് പരിഹസിക്കും. അതിനു ശേഷം നിങ്ങളോടു സമരം ചെയ്യും. അപ്പോൾ നിങ്ങൾ ജയിക്കും” ഇതു പറഞ്ഞതു ഗാന്ധിജിയാണു്. അതിനാൽ അവഗണനയിലും പരിഹസിക്കലിലും സമരം ചെയ്യലിലും വിഷമിക്കാതിരിക്കു. നമ്മൾ ജയിക്കാതിരിക്കില്ല.

മഹനീയമായ കവിത
images/TheSilentWoman.jpg

അമേരിക്കൻ കവി സിൽവീയ പ്ലത്തും (Sylvia Plath 1932–1963) ഇംഗ്ലീഷ് കവി റ്റെഡ് ഹ്യൂസും (Ted Hughes, born 1930. യൂസ് എന്നും ഉച്ചാരണം) തമ്മിലുള്ള ദാമ്പത്യജീവിതം ആദ്യ കാലയളവിൽ പ്രണയാധിഷ്ഠിതവും അനന്തര കാലയളവിൽ വഞ്ചനാത്മകവുമായിരുന്നു. റ്റെഡ് ഹ്യൂസിന്റെ പരസ്ത്രീഗമനത്തിൽ മനംനൊന്തു സിൽവീയ പ്ലത്തു് ആത്മഹത്യ ചെയ്തു. 1963-ലാണു് ആത്മഹനനമെങ്കിലും പ്ലത്തു് അതിനു മുൻപു തന്നെ ഹ്യൂസിനെ ഉപേക്ഷിച്ചിരുന്നു. സ്നേഹത്തിൽ വിലയം കൊണ്ടിരുന്ന കാലത്തു് എന്തൊരു ചാപല്യമാണു് പ്ലത്തിന്! കേട്ടാലും: “As soon as Hughes made a move to kiss her on the neck, Sylvia, ready to show that she could her own such matters, reached up and bit his cheek so hard her teeth broke skin causing him to flinch” (‘The Silent Woman’, Sylvia Plath and Ted Hughes, Janet Malcolm, Vintage Books). ഹ്യൂസ് പ്രണയിനിയെ ചുംബിക്കാൻ ഭാവിക്കുന്നു. പ്ലത്തു് അദ്ദേഹത്തിന്റെ കവിൾ കടിച്ചു മുറിക്കുന്നു. ആ കാലത്തു തന്നെ ഹ്യൂസ് വെറുപ്പും കാണിച്ചിരുന്നു. ഒരു ദിവസം രണ്ടുപേരും ഒരു കുന്നിനടുത്തു് ഇരിക്കുകയായിരുന്നു. അപ്പോൾ കാരണം കണ്ടെത്താൻ വയ്യാത്ത ദേഷ്യം ഹ്യൂസിനുണ്ടായി. അദ്ദേഹത്തിന്റെ മുഖം വെളുത്തു ശരീരം വളഞ്ഞു പിരിഞ്ഞ അവസ്ഥയിലായി, നോട്ടം തീക്ഷണവും. സിൽവിയ പ്ലത്തു് അറിയുന്നതിനു മുൻപു തന്നെ ഹ്യൂസ് അവരുടെ മുകളിലായി; ശ്വസം മുട്ടിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വിരലുകൾ കൂടുതൽ അമർന്നു അവരുടെ കഴുത്തിൽ. താൻ മരിക്കുമെന്നു പ്ലത്തിനു ഉറപ്പായി. ബോധം കെടുന്നതിനു അല്പം മുൻപു ഹ്യൂസ് വിരലുകൾക്കു അയവു വരുത്തി. ഭയജനകമായ സംഭവം!

images/Sylvia_Plath.jpg
സിൽവീയ പ്ലത്ത്

ആത്മകഥാപരമായ The Bell Jar എന്ന നോവലെഴുതി 1963-ൽ പ്രസാധനം ചെയ്തു പ്ലത്തു്. ഒരു മാസം കഴിഞ്ഞപ്പോൾ അവർ ആത്മഹത്യ ചെയ്തു. മരണത്തിനുള്ള അഭിലാഷം ഈ നോവലിൽ മാത്രമല്ല, അവരുടെ പല കവിതകളിലുമുണ്ടു്. Tulips എന്ന കവിത നോക്കാം. കവി ആശുപത്രിയിൽ കിടക്കുമ്പോൾ ആരോ റ്റ്യൂലിപ് പുഷ്പങ്ങൾ അവിടെ കൊണ്ടുവയ്ക്കുന്നു. പക്ഷേ കവിക്കു് അവയെ വെറുപ്പാണ്.

The tulips are too red in the first place, they hurt me

Even through the gift paper I could hear them breath

പൂക്കൾക്കു ചുവപ്പുനിറം കൂടുതൽ. അവ കവിയെ വേദനിപ്പിക്കുന്നു. കാരണം ഗിഫ്റ്റ് കടലാസ്സിലൂടെയും അവ ശ്വസിക്കുന്നതു കവിക്കു കേൾക്കാമെന്നുള്ളതാണു്. പൂക്കളുടെ ശ്വസിക്കൽ ജീവന്റെ ലക്ഷണം. മരണം അഭിലഷിക്കുന്ന കവിക്കു് അതു സഹിക്കാനാവുന്നില്ല.

The tulips should be behind bars like dangerous animals:

They are opening like the mouth of some great African Cat

ജീവനുള്ള പൂക്കളെ ഇരുമ്പഴികൾക്കുള്ളിലാക്കണം: ക്രൂരമൃഗങ്ങളെയെന്നപോലെ. വലിയ ആഫ്രിക്കൻ കടുവാ വാ പൊളിക്കുന്നതു പോലെ അവ വികൃതമാകുന്നു. (Cat സിംഹമോ കടുവയോ പുലിയോ ആകാം-ലേഖകൻ)

images/Ted_Hughes.jpg
റ്റെഡ് ഹ്യുസ്

ഇതുവരെ നമ്മൾ ഏറിയകൂറും അറിഞ്ഞിരുന്നതു് പ്ലത്തിന്റെയും അവരുടെ കൂട്ടുകാരുടേയും കഥകളാണു്. റ്റെഡ്ഹ്യുസ് “പോയിറ്റ് ലാറിയിറ്റിന്റെ ഗൗരവം പരിപാലിച്ചു് നിശ്ശബ്ദനായി ഇരിക്കുകയായിരുന്നു”. അങ്ങനെയാണോ? അല്ല. പ്ലത്തിന്റെ ആത്മഹത്യക്കു ശേഷമുള്ള ഇരുപത്തിയഞ്ചു വർഷങ്ങളിൽ അദ്ദേഹം അവരുടെ ബന്ധത്തെക്കുറിച്ചു് കവിതകളെഴുതി. തികച്ചും വ്യക്തിനിഷ്ഠങ്ങളായ കാവ്യങ്ങൾ. വൈകാരികത്വം കൊണ്ടുതുടിക്കുന്ന ആ രചനകളാകെ സമാഹരിച്ചു് ഇംഗ്ലണ്ടിലെ Faber and Faber പ്രസാധകർ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. (Birthday Letters, pp. 198, Rs. 802.15, 1998) റ്റെഡ്ഹ്യുസിന്റെ കവിതകൾ എപ്പോഴും മനോഹരങ്ങളാണു്. ശക്തി പ്രസരിപ്പിക്കുന്നവയാണു്. നോബൽസ്സമ്മാനം നേടിയ ഷീമസ് ഹീനി യെക്കാൾ വലിയ കവിയാണു് അദ്ദേഹം. വർണ്ണനകളിൽ തൽപ്പരനല്ലാത്ത ഹ്യുസ് ധ്വനിയിലാണു് അഭിരമിക്കുന്നതു്. പക്ഷേ ആത്മഹത്യ ചെയ്ത സഹധർമ്മിണിയെക്കുറിച്ചു കവിതയെഴുതുമ്പോൾ അതു വിവരണാത്മകമാകാതെ വയ്യ. എങ്കിലും ഭാവാത്മകതയുടെ ആന്തരപ്രവാഹം ഓരോ കാവ്യത്തിലുമുണ്ടു്. സറീയലിസത്തിൽ കൗതുകമുള്ള കവി ചില സന്ദർഭങ്ങളിൽ യുക്തിയെ ഗളഹസ്തം ചെയ്തു സ്വാഭാവികങ്ങളല്ലാത്ത ബിംബങ്ങളുടെ അടുത്തടുത്തായുള്ള ഇരിപ്പും കാണാം. ഒരുദാഹരണം:

images/ThePhilosophyofComposition.jpg

Your silent howl through the night

Had made itself moon, a fiery idol

Of your God

Your crying carried its moon

Like a woman a dead child, bending to cool

Its lips with tear-drops as her fingertip

So I nursed you, who nursed a moon

That was human but dead, withered end

Burned you like a lump of phosphorus (pp. 189).

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്താണു് എഡ്ഗർ അലൻ പോ യുടെ (Edgar Allan Poe) The Philosophy of Composition വായിച്ചതു്. അതിലൊരിടത്തു് സുന്ദരിയുടെ മരണമാണു് ഏറ്റവും കലാത്മകമായ പ്രതിപാദ്യവിഷയമെന്നു പറഞ്ഞിട്ടുണ്ടു്. ക്രൂരമായ പ്രസ്താവം അല്ലേ? റ്റെഡ് ഹ്യുസിന്റെ അതിസുന്ദരങ്ങളായ ഈ കവിതകൾ വായിച്ചപ്പോൾ ഞാൻ പോയുടെ പ്രസ്താവം ഓർമ്മിച്ചുപോയി. അതത്ര ക്രൂരമല്ലെന്നു എനിക്കു തോന്നുകയും ചെയ്തു. ഈ കവിതകൾ വായിക്കുക. വ്യക്തിഗതങ്ങളായ വികാരങ്ങളെ സാർവജനീന വികാരങ്ങളാക്കുന്ന കലയുടെ വിസ്മയജനകമായ പ്രഭാവം കണ്ടറിയൂ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-05-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.