SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-06-05-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

കുറേ വർ​ഷ​ങ്ങൾ​ക്കു് മുൻ​പു് ഞാൻ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡി​ലൂ​ടെ പോ​കു​മ്പോൾ ഒരാൾ എന്നെ തട​ഞ്ഞു നി​റു​ത്തി ചോ​ദി​ച്ചു: ‘തി​രു​ന​ല്ലൂർ കരു​ണാ​ക​ര​നാ​ണോ താ​ങ്കൾ?’ എനി​ക്കു് എന്തെ​ന്നി​ല്ലാ​ത്ത ദേ​ഷ്യ​മു​ണ്ടാ​യി. ചോ​ദ്യ​കർ​ത്താ​വി​നോ​ടു് കയർ​ത്തു് സം​സാ​രി​ക്കാ​തെ ഞാൻ മി​ണ്ടാ​തെ നട​ന്നു. സ്വ​ത്വ​ശ​ക്തി പ്ര​തി​ഫ​ലി​ക്കു​ന്ന മു​ഖ​മു​ണ്ടു് കരു​ണാ​ക​ര​നു്. എനി​ക്കു് അതൊ​ട്ടി​ല്ല​താ​നും. എങ്കി​ലും ആ ചോ​ദ്യം എന്റെ രോ​ഷാ​ഗ്നി​യെ ജ്വ​ലി​പ്പി​ച്ചു വി​ട്ടു. ‘താ​ങ്കൾ വി. കെ. കൃ​ഷ്ണ​മേ​നോ​നാ​ണോ?’ എന്നാ​യി​രു​ന്നു ചോ​ദ്യ​മെ​ന്നു് വി​ചാ​രി​ക്കൂ. എങ്കി​ലും എനി​ക്കു് കോപം വരു​മാ​യി​രു​ന്നു. ഒരാ​ളോ​ടു് മറ്റൊ​രാ​ളാ​ണോ എന്നു് ചോ​ദി​ച്ചാൽ, ചോ​ദ്യം ചോ​ദി​ക്കു​ന്ന​വ​നോ​ടു് വി​രോ​ധം തോ​ന്നു​ന്ന​തു് സ്വാ​ഭാ​വി​ക​മാ​ണു്. എന്താ​ണി​തി​നു് കാരണം? ഓരോ വ്യ​ക്തി​ക്കും ഇം​ഗ്ലീ​ഷിൽ ‘ഐഡ​ന്റി​റ്റി’ എന്നു പറ​യു​ന്ന അന​ന്യത ഉണ്ടു് എന്ന​ത​ത്രേ. രാ​മൻ​പി​ള്ള​യെ കൃ​ഷ്ണ​പി​ള്ളേ എന്നാ​രെ​ങ്കി​ലും വി​ളി​ച്ചാൽ രാമൻ പി​ള്ള​യു​ടെ അന​ന്യ​ത​യ്ക്കു് ആഘാ​ത​മേൽ​ക്കും.

images/Ayn_Rand.jpg
ഐനു് റാൻഡ്

അയാൾ ക്ഷോ​ഭി​ക്കു​ക​യും ചെ​യ്യും. ഈ തോ​ന്ന​ലി​നു്, അന​ന്യ​താ​ബോ​ധ​ത്തി​നു്, സ്ഥി​ര​ത​യു​ണ്ടോ? ഉണ്ടെ​ന്നു് ഒരു കൂ​ട്ടർ ഇല്ലെ​ന്നു് മറ്റൊ​രു കൂ​ട്ടർ. ‘എ’ യ്ക്കു് തു​ല്യം ‘എ’ എന്നു് ഐനു് റാൻഡ് അവ​രു​ടെ ‘Atlas Shrugged’എന്ന നോ​വ​ലിൽ എഴു​തി​യ​തു് എന്റെ ഓർ​മ്മ​യി​ലെ​ത്തു​ന്നു. ഇല​യ്ക്കു് കല്ലാ​കാൻ വയ്യ എന്നും അവർ പറ​ഞ്ഞി​ട്ടു​ണ്ടെ​ന്നു് തോ​ന്നു​ന്നു. ശ്രീ​മ​തി അന​ന്യ​ത​യു​ടെ അച​ഞ്ച​ല​ത​യിൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടാ​വ​ണം.

images/Max_Frisch.jpg
മാ​ക്സ് ഫ്രി​ഷ്

ഇതിൽ നി​ന്നു് വി​ഭി​ന്ന​മായ വി​ശ്വാ​സ​മാ​ണു് ഒരു യവന തത്വ​ചി​ന്ത​ക​നു്. ഒരാ​ളും ഒരു നദി​യിൽ തന്നെ രണ്ടു തവണ മു​ങ്ങു​ന്നി​ല്ലെ​ന്നു് അദ്ദേ​ഹം പറ​ഞ്ഞു. ഒന്നു മു​ങ്ങി നി​വ​രു​മ്പോൾ വേ​റൊ​രു ജല​മൊ​ഴു​കി അതു മറ്റൊ​രു നദി​യാ​യി മാ​റു​ന്നു. ‘The Cambridge Dictionary of Philosophy’ എന്ന ഗ്ര​ന്ഥ​ത്തിൽ Identity-​യെക്കുറിച്ചു് എഴു​തിയ S. J. W നൽകിയ ഉദാ​ഹ​ര​ണം ഓർ​മ്മി​ക്ക​ത്ത​ക്ക​താ​ണു്. താമ്ര നിർ​മ്മി​ത​മായ പ്ര​തിമ. അതിനെ ഉരു​ക്കാം. ഉരു​ക്കി വേ​റൊ​രു പ്ര​തി​മ​യു​ണ്ടാ​ക്കാം. അപ്പോൾ താ​മ്ര​ത്തി​ന്റെ സ്വ​ഭാ​വം മാ​റു​ന്നി​ല്ലെ​ങ്കി​ലും രണ്ടു് കലാ​സൃ​ഷ്ടി​ക​ളാ​ണു് ഉണ്ടാ​കു​ന്ന​തു്. കാലം ഒന്നു്, കാലം രണ്ടു് എന്നു് സങ്ക​ല്പി​ക്കൂ. കാലം ഒന്നിൽ താ​മ്ര​വും പ്ര​തി​മ​യും സദൃശം. കാലം രണ്ടിൽ ആ സാ​ദൃ​ശ്യ​മി​ല്ല. അന​ന്യ​ത​യു​ടെ സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണു് ഇവിടെ സൂ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​തു്. ഇച്ഛാ​ശ​ക്തി​കൊ​ണ്ടു് സമു​ദാ​യ​ത്തെ മാ​റ്റാം എന്നു് വി​ശ്വ​സി​ക്കു​ന്ന മാർ​ക്സി​സ്റ്റു​ക​ളും എക്സി​സ്റ്റെൻ​ഷ്യ​ലി​സ്റ്റു​ക​ളും അന​ന്യ​ത​യു​ടെ സ്ഥി​രീ​കൃ​ത​സ്വ​ഭാ​വ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു.

images/IamnotStiller.jpg

നമു​ക്കു് സ്ഥി​ര​മായ അന​ന്യ​താ​ബോ​ധ​മി​ല്ല. മറ്റു​ള്ള​വർ നമ്മ​ളിൽ അടി​ച്ചേൽ​പ്പി​ക്കു​ന്ന​താ​ണു് നമ്മു​ടെ അന​ന്യത എന്നു് മാ​ക്സ് ഫ്രി​ഷ് അഭി​പ്രാ​യ​പ്പെ​ടു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ‘I am not stiller’ എന്ന പ്ര​ഖ്യാ​ത​മായ നോ​വ​ലിൽ ഒരു പ്ര​തി​മാ​നിർ​മ്മാ​താ​വു് അന​ന്യത നഷ്ട​പ്പെ​ടു​ത്തു​ന്ന​തും മറ്റു​ള്ള​വർ അതു് അയാ​ളിൽ അടി​ച്ചേൽ​പ്പി​ക്കു​ന്ന​തും വർ​ണ്ണി​ച്ചി​രി​ക്കു​ന്നു.

ഞാൻ മന​സ്സി​ലാ​ക്കി​യി​ട​ത്തോ​ളം വച്ചു പറ​യു​ക​യാ​ണു്. ശ്രീ. എം. മു​കു​ന്ദൻ അന​ന്യ​ത​യു​ടെ അച​ഞ്ചല സ്വ​ഭാ​വ​ത്തിൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഐഡ​ന്റി​റ്റി​യു​ടെ മാ​റി​മാ​റി വരു​ന്ന അവ​സ്ഥ​ക​ളെ വി​ശ​ദീ​ക​രി​ക്കാ​ന​ല്ല അദ്ദേ​ഹം ‘കി​ണ​റ്റിൽ വീണ പശു​ക്കി​ടാ​വ്’ എന്ന ചെ​റു​ക​ഥ​യെ​ഴു​തി​യ​തു് (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു്). എങ്കി​ലും ഈ വിഷയം അദ്ദേ​ഹം അറി​ഞ്ഞോ അറി​യാ​തെ​യോ ഇക്ക​ഥ​യിൽ വരു​ന്നു. ഒരാൾ തീ​വ​ണ്ടി​യിൽ യാത്ര ചെ​യ്യു​ന്നു. അയാ​ളു​ടെ അടു​ത്തു് വന്നി​രു​ന്ന വേ​റൊ​രാ​ളി​നെ പട്ടാ​ള​ക്കാ​ര​നെ​ന്നു് ആദ്യ​ത്തെ​യാൾ കരു​തു​ന്നു. താൻ പട്ടാ​ള​ക്കാ​ര​ന​ല്ലെ​ന്നു് രണ്ടാ​മ​ത്തെ വ്യ​ക്തി വി​ശ​ദീ​ക​രി​ച്ചി​ട്ടും ആദ്യ​ത്തെ​യാൾ വി​ശ്വ​സി​ക്കു​ന്നി​ല്ല. ‘താൻ സെ​ക്കൻ​ഡ് ഹാൻഡ്’ മനു​ഷ്യ​നാ​ണെ​ന്നു് പട്ടാ​ള​ക്കാ​ര​നെ​ന്നു് സം​ശ​യി​ക്ക​പ്പെ​ട്ട വ്യ​ക്തി പറ​യു​മ്പോൾ കഥ പര്യ​വാ​സ​ന​ത്തി​ലെ​ത്തു​ന്നു. തീർ​ച്ച​യാ​യും ഇവിടെ ഐഡ​ന്റി​റ്റി​യു​ടെ നഷ്ട​വും മറ്റൊ​രു ഐഡ​ന്റി​റ്റി അടി​ച്ചേൽ​പ്പി​ക്കാ​നു​ള്ള യത്ന​വു​മു​ണ്ടു്. മു​കു​ന്ദൻ അങ്ങ​നെ ഉദ്ദേ​ശി​ച്ചു് കാ​ണ​ണ​മെ​ന്നി​ല്ല. എങ്കി​ലും നി​രൂ​പ​ക​ന്റെ ജോലി രച​ന​യിൽ പു​തി​യ​മാ​ന​ങ്ങൾ കണ്ടെ​ത്തുക എന്ന​താ​ണു്.

നി​രൂ​പ​ക​ന്റെ ജോലി രച​ന​യിൽ പുതിയ മാ​ന​ങ്ങൾ കണ്ടെ​ത്തുക എന്ന​താ​ണു്.

കഥ​യെ​ങ്ങ​നെ? റി​യ​ലി​സ്റ്റി​ക് കഥാ​കാ​ര​ന്മാർ​ക്കു് ലക്ഷ്യ​മു​ണ്ടു്. ആന്റി റി​യ​ലി​സ്റ്റു​കൾ​ക്കു് ലക്ഷ്യ​മി​ല്ല. രൂ​പ​ശി​ല്പ​ത്തി​ന്റെ സമ​ഗ്ര​ത​യി​ലും ദൃ​ഢ​ത​യി​ലും റി​യ​ലി​സ്റ്റു​കൾ വി​ശ്വ​സി​ക്കു​ന്നു. രൂ​പ​ശി​ല്പ​ത്തിൽ ഒരു വി​ശ്വാ​സ​വു​മി​ല്ലാ​ത്ത​വ​രാ​ണു് ആന്റി റി​യ​ലി​സ്റ്റു​കൾ. ഈ സങ്ക​ല്പ​ങ്ങൾ​ക്കു് അനു​രൂ​പ​ങ്ങ​ളാ​യി കഥകൾ എഴു​തു​ന്നു, മു​കു​ന്ദൻ. അദ്ദേ​ഹം ആന്റി​റി​യ​ലി​സ്റ്റാ​ണു്. പോ​സ്റ്റ്മോ​ഡേ​ണി​സ്റ്റു​കൾ കലാ​ഭം​ഗി​യു​ള്ള ഒരു നോവലോ ചെ​റു​ക​ഥ​യോ ബഹു​ജ​ന​ത്തി​നു് ഇന്നു​വ​രെ നൽ​കി​യി​ട്ടി​ല്ല. ആന്റി​റി​യ​ലി​സ്റ്റു​ക​ളു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. കലാ​സൗ​ഭ​ഗ​മു​ള്ള ഒരു കഥ മു​കു​ന്ദൻ എഴു​ത​ട്ടെ. അതു വാ​യി​ക്കാൻ ഞാൻ കാ​ത്തി​രി​ക്കു​ന്നു.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: ‘Rose is a rose is a rose’ എന്നു ജർ​ട്രൂ​ഡ് സ്റ്റീൻ പറ​ഞ്ഞ​തു​പോ​ലെ വേറെ ആരെ​ങ്കി​ലും അതു​പോ​ലെ വല്ല​തും പറ​ഞ്ഞി​ട്ടു​ണ്ടോ?

ഉത്ത​രം: ഗർ​ട്രൂ​ഡ് സ്റ്റൈൻ (Gertrude Stein 1874–1946) എന്ന അമേ​രി​ക്ക​നെ​ഴു​ത്തു​കാ​രി Rose is a rose is a rose is a rose എന്നു് പറ​ഞ്ഞു. അതു​പോ​ലെ മറ്റാ​രെ​ങ്കി​ലും പറ​ഞ്ഞ​താ​യി എനി​ക്ക​റി​വി​ല്ല. സ്റ്റൈൻ തന്നെ To write is to write is to write is to write is to write is to write is to write is to write എന്നെ​ഴു​തി​യി​ട്ടു​ണ്ടു്.

ചോ​ദ്യം: നി​ങ്ങൾ നി​രൂ​പ​ക​ന​ല്ല. പത്താം​ത​രം ജേർ​ണ​ലി​സ്റ്റാ​ണു് എന്നു ഞാൻ പറ​ഞ്ഞാൽ ദേ​ഷ്യം വരുമോ?

ഉത്ത​രം: സത്യം പറ​യു​മ്പോൾ ഞാൻ കോ​പി​ക്കു​ന്ന​തെ​ന്തി​നു്? ജേ​ണ​ലി​സ്റ്റി​നെ ജേർ​ണ​ലി​സ്റ്റാ​ക്കി​യാൽ ദേ​ഷ്യം വരും എനി​ക്കു്.

ചോ​ദ്യം: മദ്യ​നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു് എന്താ​ണു് അഭി​പ്രാ​യം?

ഉത്ത​രം: ഇതിനു ഉത്ത​രം നല്കാൻ ‘പ്ലാ​റ്റി​റ്റ്യൂ​ഡേ’ എന്റെ തൂ​ലി​ക​യി​ലു​ള്ളു. ലഹ​രി​യി​ല്ലാ​ത്ത എന്തെ​ങ്കി​ലും ഉണ്ടോ? ചായ, കാ​പ്പി, അരി​ഷ്ടം ഇവ​യൊ​ക്കെ ലഹരി ഉള​വാ​ക്കും. മദ്യ​ത്തി​നു ലഹരി കൂടും. ഒര​ള​വിൽ ഇതു കഴി​ച്ചാൽ ദോ​ഷ​മി​ല്ല. ദക്ഷി​ണ​ഭാ​ര​ത​ത്തി​ലെ പ്ര​മു​ഖ​നായ ഒരു കാർ​ഡി​യോ​ള​ജി​സ്റ്റ് എന്നോ​ടു പറ​ഞ്ഞു ഉറ​ങ്ങാൻ പോ​കു​ന്ന​തി​നു മുൻ​പു് കു​റ​ച്ചു് ബ്രാൻ​ഡി കഴി​ക്കു​ന്ന​തു് നല്ല​താ​ണെ​ന്നു്: രക്ത​ധ​മ​നി​കൾ​ക്കു് അതു വി​കാ​സം നല്കു​മെ​ന്നു്. ഞാൻ അദ്ദേ​ഹ​ത്തി​ന്റെ ഉപ​ദേ​ശ​മ​നു​സ​രി​ച്ചു് പ്ര​വർ​ത്തി​ച്ചി​ട്ടി​ല്ല. പച്ച​വെ​ള്ളം പോലും കൂ​ടു​തൽ കു​ടി​ച്ചാൽ ചത്തു​പോ​കി​ല്ലേ? മദ്യം നി​രോ​ധി​ക്കാ​നു​ള്ള ചി​ല​രു​ടെ യത്ന​ങ്ങൾ വ്യർ​ത്ഥ​ങ്ങ​ളാ​ണു്.

ചോ​ദ്യം: മാ​ന്യ​ത​യു​ള്ള മന​സ്സു്. മാ​ന്യ​ത​യു​ള്ള പ്ര​വർ​ത്തി. ഇവ രണ്ടും ചേർ​ന്ന ഒരു സാ​ഹി​ത്യ​കാ​ര​നു​ണ്ടോ കേ​ര​ള​ത്തിൽ?

ഉത്ത​രം: ഉണ്ടു്. ശ്രീ. ഒ. വി. വിജയൻ.

ചോ​ദ്യം: ലോ​ട്ട​റി?

ഉത്ത​രം: മണ്ട​ന്മാർ​ക്കു്. തി​രു​മ​ണ്ട​ന്മാർ​ക്കു പണം ചെ​ല​വാ​ക്കാ​നു​ള്ള ഒരു മാർ​ഗ്ഗം. പണ്ടു് ലോ​ട്ട​റി കു​റ്റ​ക​ര​മാ​യി​രു​ന്നു. ഇന്നു് തി​ക​ച്ചും ആദ​ര​ണീ​യം.

ചോ​ദ്യം: Ondaatje എന്ന വി​ശ്രുത സാ​ഹി​ത്യ​കാ​ര​ന്റെ പേരു് ഉച്ച​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങ​നെ?

ഉത്ത​രം: ആൻ​ദാ​ചേ എന്നു്.

ചോ​ദ്യം: മു​ത്ത​ച്ഛ​ന്മാ​രും മു​ത്ത​ശ്ശി​ക​ളും വീ​ട്ടിൽ അധി​ക​പ്പ​റ്റ​ല്ലേ?

ഉത്ത​രം: തെ​റ്റു​ചെ​യ്യു​ന്ന പേ​ര​ക്കു​ട്ടി​ക​ളെ അച്ഛ​നോ അമ്മ​യോ ശി​ക്ഷി​ക്കാൻ ഒരു​മ്പെ​ടു​മ്പോൾ അതി​ലി​ട​പെ​ട്ടു് അവരെ (പേ​ര​ക്കു​ട്ടി​ക​ളെ) അധാർ​മ്മി​ക​മാ​യി രക്ഷി​ക്കു​ന്ന​വ​രാ​ണു് അപ്പൂ​പ്പ​നും അമ്മൂ​മ്മ​യും. അതി​നാ​ലാ​ണു് പേ​ര​ക്കു​ട്ടി​കൾ ആ വൃ​ദ്ധ​രെ അച്ഛ​ന​മ്മ​മാ​രെ​ക്കാൾ കൂ​ടു​തൽ സ്നേ​ഹി​ക്കു​ന്ന​തു്. കു​ട്ടി​കൾ​ക്കു് അവർ അധി​ക​പ്പ​റ്റ​ല്ല.

ശൈശവം
images/Vladimir_Nabokov.jpg
നാ​ബോ​ക്കോ​ഫ്

അമേ​രി​ക്കൻ നോ​വ​ലി​സ്റ്റ് വ്ലാ​ദീ​മിർ വ്ലാ​ദീ​മി​റോ​വി​ച്ചു് നാ​ബോ​ക്കോ​ഫ് (Vladimir Vladimirovich Nabokov b. April 22, 1899, St. Petersburg, Russia, d. July 2 1977 Montreux, Switz.) എഴു​തിയ ‘ലോ​ലീ​റ്റ’ എന്ന നോവൽ ലോ​ക​പ്ര​ശ​സ്തി നേ​ടി​യി​ട്ടു​ണ്ടു്. (Lolita’s name is not to be pronounced in the American manner with a thick ‘d’ sound (Low-​leed-uh) but Spanish style എന്നു് ഒരു വി​മർ​ശ​കൻ. ഇവിടെ ചിലർ ലോ​ലീ​റ്റ​യെ ലോ​ലി​ത​യാ​ക്കു​ന്നു. ലോലിത സം​സ്കൃ​ത​പ​ദ​മാ​ണു്. പ്ര​ക​മ്പ​നം കൊ​ണ്ടു, അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മാ​റ്റ​പ്പെ​ട്ട, ക്ഷോ​ഭി​ച്ച എന്നൊ​ക്കെ​യാ​ണു് അതി​ന്റെ അർ​ത്ഥം. നാ​ബോ​ക്കോ​ഫ് തന്നെ നോ​വ​ലിൽ Lo-​lee-ta എന്നു പി​രി​ച്ചെ​ഴു​തി​യി​ട്ടു​ണ്ടു്.

images/lolita.jpg

ഹം​ബർ​ട് ഹം​ബർ​ട് എന്നൊ​രു​ത്തൻ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു​വേ​ണ്ടി ജയിൽ​ശി​ക്ഷ അനു​ഭ​വി​ക്കു​ക​യാ​ണു്. അവി​ടെ​യി​രു​ന്നു് അയാൾ കു​റ്റ​സ​മ്മ​തം നട​ത്തു​ന്ന രീ​തി​യിൽ രചി​ക്ക​പ്പെ​ട്ട നോ​വ​ലാ​ണു് ‘ലോ​ലീ​റ്റ’. സു​ശ​ക്ത​മായ ലൈം​ഗി​കാ​കർ​ഷ​ക​ത്വ​മു​ള്ള കൊ​ച്ചു​പെൺ​കു​ട്ടി​ക​ളെ നിം​ഫി​റ്റ് (nymphet) എന്നാ​ണു വി​ളി​ക്കുക. അങ്ങ​നെ നിം​ഫി​റ്റായ—പന്ത്ര​ണ്ടു​വ​യ​സ്സു​ള്ള ലോ​ലീ​റ്റ​യെ—പ്ര​ലോ​ഭി​പ്പി​ച്ചും ഉറ​ക്ക​ഗു​ളിക കൊ​ടു​ത്തും ഹം​ബർ​ട് ഹം​ബർ​ട് വശ​ത്താ​ക്കു​ന്നു. മു​റ​യ​നു​സ​രി​ച്ചു് അയാൾ പെൺ​കു​ട്ടി​യു​ടെ സ്റ്റെ​പ് ഫാ​ദ​റാ​ണു് (അമ്മ​യു​ടെ ഭർ​ത്താ​വു്). ലോ​ലീ​റ്റ​യെ ഒരു യു​വാ​വ് അപ​ഹ​രി​ച്ചു​കൊ​ണ്ടു പോ​കു​മ്പോൾ അസൂ​യ​യു​ണ്ടായ അയാൾ അവനെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്നു. ആ കു​റ്റ​ത്തി​നാ​ണു് അയാൾ ജയി​ലി​ലാ​യ​തു്. ഇതൊരു ലാ​ക്ഷ​ണി​ക​ക​ഥ​യാ​ണു്. അതു ഇവിടെ വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല.

മാ​ന്യ​ത​യു​ള്ള മന​സ്സു്. മാ​ന്യ​ത​യു​ള്ള പ്ര​വൃ​ത്തി. ഇവ രണ്ടും ചേർ​ന്ന ഒരു സാ​ഹി​ത്യ​കാ​ര​നു​ണ്ടോ കേ​ര​ള​ത്തിൽ? ഉണ്ടു്. ശ്രീ. ഒ. വി. വിജയൻ.

ഈ നോ​വ​ലി​നോ​ടു​ള്ള കട​പ്പാ​ടു സമ്മ​തി​ച്ചു​കൊ​ണ്ടു് ശ്രീ​മ​തി ചന്ദ്ര​മ​തി എഴു​തിയ ശൈശവം (മാ​തൃ​ഭൂ​മി വാർ​ഷി​ക​പ്പ​തി​പ്പൂ്) ഭേ​ദ​പ്പെ​ട്ട ചെ​റു​ക​ഥ​യാ​ണു്. നി​ഷ്ക​ള​ങ്ക​യായ ഒരു പെൺ​കു​ട്ടി അയൽ​ക്കാ​ര​നും പ്രാ​യം​കൂ​ടി​യ​വ​നു​മായ ഒരു​ത്ത​നോ​ടു് അടു​ക്കു​ന്നു. അയാൾ വശീ​ക​ര​ണ​ത്തി​ന്റെ സക​ല​വി​ദ്യ​ക​ളും പ്ര​യോ​ഗി​ച്ചു് അവളെ പാ​ട്ടി​ലാ​ക്കു​ന്നു. എന്നി​ട്ടും പെൺ​കു​ട്ടി​ക്കു് ഒന്നും മന​സ്സി​ലാ​കു​ന്നി​ല്ല. അയാൾ അവളെ കി​ട​ക്ക​യി​ലെ​ടു​ത്തി​ട്ടു് മി​ഡി​യു​ടെ ഹു​ക്കു് പര​തി​യി​ട്ടും അവൾ​ക്കൊ​ന്നും മന​സ്സി​ലാ​കു​ന്നി​ല്ല. വ്യ​ഭി​ചാ​ര​ത്തി​നു ശ്ര​മി​ക്കു​ന്ന​വ​ന്റെ പി​രി​മു​റു​ക്കം വാ​യ​ന​ക്കാർ​ക്കു ഗ്ര​ഹി​ക്കാ​നാ​വു​ന്ന വി​ധ​ത്തിൽ ചന്ദ്ര​മ​തി കഥ പറ​ഞ്ഞി​ട്ടു​ണ്ടു്. പക്ഷേ, മാ​റു​വ​ന്ന പെൺ​കു​ട്ടി​ക്കു പു​രു​ഷ​ന്റെ ലൈം​ഗി​ക​പ​രാ​ക്ര​മ​ങ്ങൾ മന​സ്സി​ലാ​ക്കാൻ കഴി​യു​ന്നി​ല്ല എന്ന പരോ​ക്ഷ പ്ര​സ്താ​വം എനി​ക്കു തീരെ മന​സ്സി​ലാ​ക്കാൻ കഴി​യു​ന്നി​ല്ല. Infantile Sexuality എന്ന​തി​ന്റെ സങ്കീർ​ണ്ണ​ത​ക​ളി​ലേ​ക്കു ഞാൻ പോ​കു​ന്നി​ല്ല. പക്ഷേ, ഏതൊരു പെൺ​കു​ട്ടി​ക്കും—അവൾ​ക്കു് ഏഴോ എട്ടോ വയ​സ്സേ ആയു​ള്ളു എന്നു വി​ചാ​രി​ക്കു—പു​രു​ഷ​ന്റെ ലൈം​ഗിക ചാ​പ​ല്യ​ങ്ങ​ളെ അവ​യാ​യി​ത്ത​ന്നെ കാണാൻ ആവും. പ്ര​കൃ​തി നല്കിയ ശക്തി​യാ​ണ​തു്. അതു​കൊ​ണ്ടു് ചന്ദ്ര​മ​തി തന്റെ കഥാ​പാ​ത്ര​ത്തെ—കൊ​ച്ചു​പെൺ​കു​ട്ടി​യെ—കറന്ന പാ​ലു​പോ​ലെ കള​ങ്ക​ര​ഹി​ത​യാ​യി ആലേ​ഖ​നം ചെ​യ്ത​തു് ശരി​യാ​യി​ല്ല. അക്കാ​ര​ണ​ത്താൽ കല ജനി​പ്പി​ക്കേ​ണ്ട വി​ശ്വാ​സം ഇക്ക​ഥ​യു​ള​വാ​ക്കു​ന്നി​ല്ല. നേരേ മറി​ച്ചാ​ണു് ലോ​ലീ​റ്റ​യു​ടെ സ്ഥി​തി. പന്ത്ര​ണ്ടു വയ​സ്സു​ള്ള ആ പെ​ണ്ണാ​ണു് അച്ഛ​ന്റെ സ്ഥാ​ന​വും പ്രാ​യ​വു​മു​ള്ള ഹം​ബർ​ട് ഹം​ബർ​ടി​നെ ആദ്യ​മാ​യി വശീ​ക​രി​ക്കു​ന്ന​തു്. “Two people sharing one room, inevitably enter into a kind—how shall I say—a kind—” എന്നു് ഹം​ബർ​ട് ചിത്ത ചാ​ഞ്ച​ല്യ​ത്തോ​ടെ പറ​യു​മ്പോൾ ലോ​ലീ​റ്റ കു​സൃ​തി നി​റ​ഞ്ഞ​തും ആഹ്ലാ​ദം പ്ര​സ​രി​പ്പി​ക്കു​ന്ന​തു​മായ ശബ്ദ​ത്തിൽ ‘The word is incest’ എന്നു പറ​യു​ന്നു. ചി​ത്ത​വൃ​ത്തി​ക്കു യോ​ജി​ച്ച​താ​ണു് ഇതു്. ചന്ദ്ര​മ​തി​യു​ടെ കഥാ​പാ​ത്ര​ത്തി​ന്റെ നി​ഷ്ക​ള​ങ്ക​ത​യു​ടെ പ്ര​ക​ട​നാ​ത്മ​കത സ്ത്രീ​യു​ടെ (പെൺ​കു​ട്ടി​യു​ടെ​യും) സൈ​ക്കോ​ള​ജി​ക്കു് യോ​ജി​ച്ച​ത​ല്ല.

images/Burgess.jpg
ആന്റ​ണി ബർ​ജി​സ്

വ്യ​ഭി​ച​രി​ക്കാൻ യത്നി​ക്കു​ന്ന​വ​ന്റെ മാ​ന​സി​ക​നി​ല​യ്കു് യോ​ജി​ച്ച അസം​സ്കൃ​ത​മായ ഭാഷ അയാൾ​ക്കു നല്കി​യ​തിൽ ചന്ദ്ര​മ​തി​യു​ടെ ഉചി​ത​ജ്ഞത കാ​ണു​ന്നു. സം​സ്കാ​ര​ര​ഹി​ത​മായ മന​സ്സു മാ​ത്ര​മ​ല്ല ആ രീ​തി​യി​ലു​ള്ള സമു​ദാ​യ​വും ഭാ​ഷ​യ്ക്കു വൈ​രൂ​പ്യം വരു​ത്തും. അക്ര​മാ​സ​ക്ത​രായ പി​ള്ളേർ വി​ഹ​രി​ക്കു​ന്ന ഒരു സമു​ദാ​യ​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന ആന്റ​ണി ബർ​ജി​സ് (Anthony Burgess) എന്ന ഇം​ഗ്ലീ​ഷ് നോ​വ​ലി​സ്റ്റ്. തന്റെ ‘A Clockwork Orange’ എന്ന നോ​വ​ലിൽ ഹീ​ന​മായ ഇം​ഗ്ലീ​ഷ് ഉപ​യോ​ഗി​ക്കു​ന്ന​തു് സ്മ​ര​ണീ​യ​മാ​ണു്. ജീർ​ണ്ണി​ച്ച സമു​ദാ​യ​ത്തി​നു് ജീർ​ണ്ണി​ച്ച ഭാഷ!

“ബിഗ് നോ”
images/CPRamaswami_Aiyar.jpg
സർ സി. പി. രാ​മ​സ്സ്വാ​മി അയ്യർ

സർ സി. പി. രാ​മ​സ്സ്വാ​മി അയ്യ​രു​ടെ കൈ​യ​ക്ഷ​രം ധൈ​ഷ​ണിക ജീ​വി​തം നയി​ച്ച ആളി​ന്റേ​താ​ണു്. ചെറിയ അക്ഷ​ര​ങ്ങ​ളാ​ണു് അദ്ദേ​ഹ​ത്തി​ന്റെ കൈ​പ്പ​ട​യിൽ. ലേശം ചരി​വു​ണ്ടു് അവ​യ്ക്കു്. ഒരു സം​ശ​യ​വും വാ​യ​ന​ക്കാ​ര​നു് ഉണ്ടാ​കാ​ത്ത മട്ടിൽ സ്പ​ഷ്ട​മാ​യേ സി. പി. എഴുതൂ. ഒരി​ക്കൽ ഒരു സെ​ക്ര​ട്ട​റി​യു​ടെ നിർ​ദ്ദേ​ശം സ്വീ​ക​രി​ക്കാ​തെ അദ്ദേ​ഹം ഫയലിൽ NO എന്നു് വലിയ അക്ഷ​ര​ത്തി​ലെ​ഴു​തി. അതു​ക​ണ്ട​പ്പോൾ എനി​ക്കു മന​സ്സി​ലാ​യി സി. പി. ക്കു സെ​ക്ര​ട്ട​റി​യു​ടെ ശു​പാർ​ശ​യിൽ വലിയ കോ​പ​മു​ണ്ടാ​യി​യെ​ന്നു്. സി. പി. രാ​മ​സ്സ്വാ​മി അയ്യ​രു​ടെ ആ ‘നോ’യെ ഞങ്ങൾ ഗു​മ​സ്ത​ന്മാർ A big No എന്നു വി​ളി​ച്ചു.

images/Eugene_Ionesco.jpg
യൊ​നെ​സ്കോ

റൊ​മേ​നി​യ​യി​ലെ നാ​ട​ക​കർ​ത്താ​വു് യൊ​നെ​സ്കോ (lonesco 1909–1994) നാ​ട​ക​ങ്ങ​ളെ​ഴു​തു​ന്ന​തി​നു മുൻ​പു് ഒരു പ്ര​ബ​ന്ധ സമാ​ഹാ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യെ​ന്നും അതി​ന്റെ പേരു് ‘No’ എന്നാ​യി​രു​ന്നു​വെ​ന്നും ഞാൻ കേ​ട്ടി​ട്ടു​ണ്ടു്. റൊ​മേ​നി​യ​യു​ടെ പൂർ​വ​കാ​ല​സാ​ഹി​ത്യ​ത്തോ​ടെ​യാ​ണു് അദ്ദേ​ഹം ‘നോ’ എന്നു പറ​ഞ്ഞ​തു്. അത്ര​മാ​ത്രം വെ​റു​പ്പു​ണ്ടാ​യി​രു​ന്നു യൊ​നെ​സ്കോ​ക്കു് തന്റെ നാ​ട്ടി​ന്റെ പഴയ സാ​ഹി​ത്യ​ത്തോ​ടു്. സി. പി. രാ​മ​സ്സ്വാ​മി അയ്യ​രും യൊ​നെ​സ്കോ​യും എവിടെ? ഞാ​നെ​വി​ടെ. എങ്കി​ലും ‘നിർ​മ്മ​ല​മായ ഒരു തടാകം പോലെ’ എന്ന ചെ​റു​ക​ഥ​യെ​ഴു​തിയ (മല​യാ​ളം വാരിക) ശ്രീ. വി. പി. മനോ​ഹ​ര​നോ​ടു ‘നോ’യെ​ന്നു ഞാൻ പറ​യു​ന്നു. ചെറിയ ‘നോ’യല്ല. ‘ബിഗ് നോ’ തന്നെ.

തൊ​ട്ടി​ലിൽ നി​ന്നു ചാ​ടി​യി​റ​ങ്ങി​യ​യു​ട​നെ തന്നെ മനോ​ഹ​രൻ വെറും ‘റെ​പ്രി​സെ​ന്റേ​ഷൻ​സ്’ ആയ, ഉൾ​ക്കാ​ഴ്ച​യി​ല്ലാ​ത്ത വെറും വർ​ണ്ണ​ന​ങ്ങ​ളായ രചനകൾ മല​യാ​ളി​കൾ​ക്കു് നൽ​കി​ത്തു​ട​ങ്ങി. പ്രാ​യ​മാ​യി​ട്ടും അദ്ദേ​ഹം അതു​തു​ടർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു എന്ന​തി​നു തെ​ളി​വ് ഇക്കഥ തന്നെ. പരീ​ക്ഷ​യു​ടെ മാർ​ക്കു് കു​റ​ഞ്ഞു​പോ​യ​തു കൊ​ണ്ടു കു​ട്ടി​യെ അച്ഛ​ന​മ്മ​മാർ ശാ​സി​ച്ചു. അവൻ നാ​ട്ടിൽ നി​ന്നു പോ​കാ​നാ​യി തീ​വ​ണ്ടി​യാ​പ്പീ​സി​ലെ​ത്തി. മക​നെ​ക്കാ​ണാ​തെ ദുഃ​ഖ​ത്തിൽ വീണ അച്ഛൻ തീ​വ​ണ്ടി​യാ​പ്പീ​സിൽ ചെ​ന്നു. ഒരു ട്രെ​യിൻ വട​ക്കോ​ട്ടും വേ​റൊ​ന്നു തെ​ക്കോ​ട്ടും പോ​യി​യെ​ന്നു് അറി​ഞ്ഞ അച്ഛൻ കൂ​ടു​തൽ പരി​ഭ്ര​മ​മാ​യി. അങ്ങ​നെ അയാൾ നിൽ​ക്കു​മ്പോൾ ഒരു​ത്തൻ വന്നു പറ​ഞ്ഞു ചെ​റു​ക്കൻ തീ​വ​ണ്ടി​യാ​പ്പീ​സിൽ ഒരി​ട​ത്തു ഇരി​ക്കു​ന്നു​ണ്ടെ​ന്നു്. ഞാൻ മുൻ​പു് വാ​യ​ന​ക്കാർ​ക്കു് നൽകിയ ഒര​ല​ങ്കാ​ര​പ്ര​യോ​ഗം വീ​ണ്ടും നൽകാൻ അവ​രു​ടെ സദ​യാ​നു​മ​തി തേ​ടു​ന്നു. ബ്ലോ​ട്ടി​ങ് പേ​പ്പർ കൊ​ണ്ടു് മഷി ഒപ്പി​യെ​ടു​ക്കു​ന്ന​തു പോലെ സർ​വ​സാ​ധാ​ര​ണ​മായ ഒരു വിഷയം മനോ​ഹ​രൻ ഒപ്പി​യെ​ടു​ത്തു വയ്ക്കു​ന്നു. ഇതു കലാ പ്ര​ക്രി​യ​യ​ല്ല. ‘ലേബർ’ മാ​ത്ര​മാ​ണു്. നി​ത്യ​ജീ​വിത സം​ഭ​വ​ത്തോ​ടു ഉൾ​ക്കാ​ഴ്ച കലർ​ത്തി അന്യാ​ദൃ​ശ​മായ രീ​തി​യിൽ അതു് ആലേ​ഖ​നം ചെ​യ്യു​മ്പോ​ഴാ​ണു കല​യു​ടെ ഉദയം. പണ്ടു് മഹ​രാ​ജാ​വി​ന്റെ മുഖം കാ​ണി​ച്ചി​ട്ടു വ്യ​ക്തി യാ​ത്രാ​നു​മ​തി ചോ​ദി​ക്കു​മ്പോൾ അദ്ദേ​ഹം സമ്മ​തം മൂളും. അതു കേ​ട്ടു​ക​ഴി​ഞ്ഞാൽ സന്ദർ​ശ​കൻ മഹാ​രാ​ജാ​വി​നെ നോ​ക്കി​ക്കൊ​ണ്ടു​ത​ന്നെ പി​റ​കോ​ട്ടു നട​ക്കും. വാ​തി​ലിൽ പടി​യു​ണ്ടെ​ങ്കിൽ അതിൽ​ത്ത​ട്ടി അയാൾ വീ​ണെ​ന്നു വരും. കലയെ നോ​ക്കി​ക്കൊ​ണ്ടു മനോ​ഹ​രൻ താഴെ വീ​ഴു​ന്നു (കഥ മല​യാ​ളം വാ​രി​ക​യിൽ).

എനി​ക്കൊ​രു സ്നേ​ഹി​ത​നു​ണ്ടാ​യി​രു​ന്നു. മൃ​ദം​ഗം വാ​യ​ന​യിൽ കമ്പ​മേ​റി അയാൾ അതു പഠി​ച്ചു തു​ട​ങ്ങി. തം, തംതം. തം​തം​തം. തം​തം​തം​തം. പഠി​ക്കൽ മു​റ​യ്ക്കു നട​ന്നു. ഒടു​വിൽ ആദ്യ​ത്തെ മൃ​ദം​ഗ​വാ​ദ​നം പാ​ട്ടു​ക​ച്ചേ​രി​ക്കു്. അതു​കേ​ട്ടു് ആളുകൾ കൂവി. കൂ​വ​ലി​നാൽ കി​ളിർ​ത്ത​പ്പെ​ട്ടു് അയാൾ വീ​ട്ടി​ലെ​ത്തി. തി​രി​ച്ചു​പോ​രാൻ വാഹനം വേ​ണ്ടി​വ​ന്നി​ല്ല. പി​ന്നീ​ടു് കാർ ഡ്രൈ​വി​ങ് അഭ്യ​സി​ച്ചു തു​ട​ങ്ങി. പട്ടാ​ള​ത്തിൽ ചേർ​ന്നു ഡ്രൈ​വ​റാ​യി പോ​കു​ക​യും ചെ​യ്തു. മൃ​ദം​ഗം വാ​യ​ന​യിൽ പാ​ല​ക്കാ​ട്ടു മണി​യാ​കാൻ ശ്ര​മി​ച്ച ഈ സ്നേ​ഹി​തൻ മി​ലി​റ്റ​റി സേവനം കഴി​ഞ്ഞു് നെ​ടു​മ​ങ്ങാ​ട്ടു വി​ശ്ര​മി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​നു​ണ്ടായ ഔചി​ത്യ​ബോ​ധം നമ്മു​ടെ കഥ​യെ​ഴു​ത്തു​കാർ​ക്കും ഉണ്ടാ​ക​ട്ടെ.

ക്രി​സ്തേവ
images/Julia_Kristeva.jpg
ജൂലിയ ക്രി​സ്തേവ

ബൾ​ഗേ​റി​യ​യിൽ 1941-ൽ ജനി​ച്ച ജൂലിയ ക്രി​സ്തേവ (Julia Kristava) ധി​ഷ​ണാ​പ​ര​മായ ജീ​വി​തം നയി​ച്ച​ത​ത്ര​യും ഫ്രാൻ​സി​ലാ​ണു്. അവർ ഫ്ര​ഞ്ച് ധൈ​ഷ​ണി​കാ​ന്ത​രീ​ക്ഷ​ത്തി​ലെ ഉജ്ജ്വല നക്ഷ​ത്ര​മാ​ണു്. അവ​രു​ടെ ഗ്ര​ന്ഥ​ങ്ങൾ വാ​യി​ക്കു​മ്പോൾ നമ്മ​ളും ആ ധൈ​ഷ​ണി​ക​ത്വ​ത്തി​ന്റെ പ്ര​ഭാ​വ​ല​യ​ത്തിൽ ആയി​പ്പോ​കു​ന്നു.

images/BlackSun.jpg

ക്രി​സ്തേ​വ​യു​ടെ “Black Sun-​Depression and Melancholia” എന്ന പു​സ്ത​കം എന്റെ മുൻ​പി​ലു​ണ്ടു്. കറു​പ്പു്. ഘനാ​രു​ണം ഈ വർ​ണ്ണ​ങ്ങ​ളോ​ടു​കൂ​ടിയ കഞ്ചു​ക​മ​ണി​ഞ്ഞു് ആകർ​ഷ​ക​ത്വ​ത്തോ​ടു കൂടി ആ ഗ്ര​ന്ഥ​യു​വ​തി പരി​ല​സി​ക്കു​ന്നു. രാഗം തോ​ന്നു​ന്ന​വർ​ക്കു് സമീ​പി​ക്കാം. ദുർ​ഗ്ര​ഹ​ത​യാർ​ന്ന സം​ഭാ​ഷ​ണ​മി​ല്ല. സി​തോ​പ​ല​ത്തി​ന്റെ സു​താ​ര്യ​ത​യു​ള്ള വാ​ക്കു​ക​ളേ അവൾ​ക്കു​ള്ളു. അടു​ത്തു​ചെ​ല്ലു​ന്ന​വർ​ക്കു് ആഹ്ലാ​ദ​മു​ണ്ടാ​യി​ല്ലെ​ങ്കിൽ അവരെ കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. ഈ അല​ങ്കാ​ര​മൊ​ക്കെ ഉപേ​ക്ഷി​ച്ചു് നമു​ക്കു കാ​ര്യ​ത്തി​ലേ​ക്കു മാ​ത്രം വരാം. മെ​ലൻ​കോ​ലിയ (melancholia) കൊടും വി​ഷാ​ദ​മാ​ണു്. ഇരു​ണ്ട അനി​ഷ്ടാ​നു​മാ​ന​ങ്ങൾ അതു​ള്ള​വ​രെ അല​ട്ടി​ക്കൊ​ണ്ടി​രി​ക്കും.

‘Dostoyevsky, Suffering, Forgiveness’ എന്ന​തു ഈ ഗ്ര​ന്ഥ​ത്തി​ലെ വി​ശി​ഷ്ട​മായ പ്ര​ബ​ന്ധ​മാ​ണു്. From Sorrow to Crime എന്ന ഉപ​ശീർ​ഷ​ക​ത്തിൽ ക്രി​സ്തേവ എഴു​തു​ന്നു:

“Raskolnikov described himself as a sad person. Listen Razumikhin… I gave them all my money… I am so sad, so sad… like a woman” ഈ വി​ഷാ​ദം കു​റ്റ​ത്തി​ലേ​ക്കു് കൊ​ണ്ടു​ചെ​ന്ന​തെ​ങ്ങ​നെ? കു​റ്റം വി​ഷാ​ദ​ത്തി​നെ​തി​രാ​യു​ള്ള രക്ഷണ പ്ര​തി​ക​ര​ണ​മാ​ണു്. മറ്റൊ​രാ​ളെ കൊ​ന്നാൽ ആത്മ​ഹ​ത്യ​യിൽ നി​ന്നു രക്ഷ​നേ​ടാം. റസ്കൽ നി​ക്ക​ഫി​ന്റെ ‘സി​ദ്ധാ​ന്ത’വും ക്രി​മി​നൽ പ്ര​വൃ​ത്തി​യും ഈ യു​ക്തി​യെ നല്ല​പോ​ലെ തെ​ളി​യി​ക്കു​ന്നു. വി​ഷാ​ദ​മ​ഗ്ന​നാ​യി ജീ​വി​ക്കു​ന്ന ആ വി​ദ്യാർ​ത്ഥി സാ​ധാ​ര​ണ​ക്കാ​രെ​ന്നും അസാ​ധാ​ര​ണ​ക്കാ​രെ​ന്നും ജന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്നു. ആദ്യ​ത്തെ​ക്കൂ​ട്ടർ “ഒരു പുതിയ വാ​ക്കു” ഉച്ച​രി​ക്കാൻ കഴി​വു​ണ്ടു്. ഇനി ഇം​ഗ്ലീ​ഷ് തന്നെ​യാ​വ​ട്ടെ. “In the ‘second category all transgress the law: they are destroyers or disposed to destruction according to their capacities’. Does he himself belong in that second category? Such is the fateful question the melancholy student will try to answer by daring or not to take action” ക്രി​സ്തേ​വ​യു​ടെ പ്ര​ജ്ഞ​യു​ടെ ഔന്ന​ത്യം കാ​ണി​ക്കാൻ ഇത്ര​യും മതി​യെ​ന്ന വി​ചാ​ര​മാ​ണു് എനി​ക്കു്. സാ​ഹി​ത്യം, കല, തത്ത്വ​ചി​ന്ത ഇവയെ അവ​ലം​ബി​ച്ചു​കൊ​ണ്ടു് കൊടും വി​ഷാ​ദ​ത്തി​ന്റെ എല്ലാ സവി​ശേ​ഷ​ത​ക​ളും അവർ സ്പ​ഷ്ട​മാ​ക്കു​ന്നു.

images/Hans_Holbein_the_Younger.jpg
ഹൊൾ​ബിൻ

ദസ്തെ​യെ​വ്സ്കി​യെ അമ്പ​ര​പ്പി​ച്ച ഒരു ചി​ത്ര​ത്തി​ന്റെ നി​രൂ​പ​ണ​മു​ണ്ടു് ഇപ്പു​സ്ത​ക​ത്തിൽ. Hans Hollein the Younger (1497–1543) വരച്ച The Body of the Dead Christ എന്ന​താ​ണു് ആ ചി​ത്രം. ദസ്തെ​യെ​വ്സ്കി​യു​ടെ The Idiot എന്ന നോ​വ​ലി​ലെ ഒരു കഥാ​പ​ത്രം ആ ചി​ത്ര​ത്തെ​ക്കു​റി​ച്ചു് പറ​യു​ന്നു​ണ്ടു്. അതിൽ നി​ന്നു ചില ഭാ​ഗ​ങ്ങൾ. കു​രി​ശിൽ കി​ട​ക്കു​ന്ന യേ​ശു​വി​നെ​യോ അതിൽ നി​ന്നു് താ​ഴെ​യി​റ​ക്കു​ന്ന യേ​ശു​വി​നെ​യോ ചി​ത്രീ​ക​രി​ക്കു​ന്ന കലാ​കാ​ര​ന്മാർ അദ്ദേ​ഹ​ത്തി​ന്റെ മു​ഖ​ത്തി​നു​ള്ള അസാ​ധാ​ര​ണ​മായ സൗ​ന്ദ​ര്യം നമ്മെ കാ​ണി​ച്ചു തരു​ന്നു. പക്ഷേ, ഈ ചി​ത്ര​ത്തിൽ അതി​ല്ല. കു​രി​ശാ​രോ​ഹ​ണ​ത്തി​നു മുൻപു സഹി​ക്കാ​നാ​വാ​ത്ത വേദന സഹി​ച്ച മനു​ഷ്യ​ന്റെ ചി​ത്ര​മാ​ണ​തു്. ശത്രു​ക്കൾ അദ്ദേ​ഹ​ത്തെ ക്ഷ​ത​പ്പെ​ടു​ത്തി, മർ​ദ്ദി​ച്ചു, ഗാർ​ഡു​കൾ അടി​ച്ചു. കു​രി​ശി​ന്റെ ഭാരം കൊ​ണ്ടു ക്രി​സ്തു വീ​ണ​പ്പോൾ ആളുകൾ അദ്ദേ​ഹ​ത്തെ അടി​ച്ച​വ​ശ​നാ​ക്കി. കു​രി​ശിൽ​ക്കി​ട​ന്ന യേ​ശു​വി​ന്റെ ശരീരം പ്ര​കൃ​തി​നി​യ​മ​ങ്ങൾ​ക്കു വി​ധേ​യ​മാ​യി​രു​ന്നു. രക്തം പു​ര​ണ്ട എത്ര മു​റി​വു​കൾ മു​ഖ​ത്തു്. അതു് നീർ​കൊ​ണ്ടി​രി​ക്കു​ന്നു. കണ്ണു​കൾ തു​റ​ന്നി​രി​ക്കു​ന്നു. കോ​ങ്ക​ണ്ണു​കൾ, നേ​ത്ര​ങ്ങ​ളു​ടെ വെ​ളു​ത്ത ഭാ​ഗ​ങ്ങൾ നി​ശ്ചേ​ത​ന​ങ്ങൾ. ഇങ്ങ​നെ​യൊ​രു മൃ​ത​ദേ​ഹം യേ​ശു​വി​ന്റെ ശി​ഷ്യ​ന്മാർ കണ്ടി​രു​ന്നെ​ങ്കിൽ അദ്ദേ​ഹ​ത്തി​ന്റെ ഭാവി അപോ​സ്ത​ല​ന്മാർ കണ്ടി​രു​ന്നെ​ങ്കിൽ ആ രക്ത​സാ​ക്ഷി ഉയിർ​ത്തെ​ഴു​ന്നേൽ​ക്കു​മെ​ന്നു വി​ശ്വ​സി​ക്കു​മോ? ഇതു​കൊ​ണ്ടാ​ണു് ഈ ചി​ത്രം കാ​ണു​ന്ന​വ​രിൽ ചി​ല​രു​ടെ വി​ശ്വാ​സം പോ​കു​മെ​ന്നു നോ​വ​ലി​ലെ കഥാ​പാ​ത്രം പറ​ഞ്ഞ​തു്. ചി​ത്ര​കാ​രൻ ഹൊൾ​ബിൻ ഈ ചി​ത്ര​ത്തി​ലൂ​ടെ വേ​റൊ​രു ‘വിഷൻ’ (Vision) നൽ​കു​ക​യാ​ണെ​ന്നു ക്രി​സ്തേവ പറ​യു​ന്നു. മര​ണ​ത്തി​നു വി​ധേ​യ​നായ മനു​ഷ്യൻ. അദ്ദേ​ഹ​മ​തു ചെ​യ്ത​തു കീർ​ത്തി​ക്ക​ല്ല. തന്റെ സത്യ​ത്തി​ന്റെ സാ​രാം​ശം പ്ര​ക​ടി​പ്പി​ക്കാ​നും നൂ​ത​ന​മായ അന്ത​സ്സു പ്ര​ദർ​ശി​പ്പി​ക്കാ​നു​മാ​ണു് അദ്ദേ​ഹ​മ​തു അനു​ഷ്ഠി​ച്ച​തു്.

ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രി ദൂറ (Duras) ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രൻ നെർവൽ (Nerval) ഇവ​രെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ന്ധ​ങ്ങൾ നി​സ്തു​ല​ങ്ങ​ളെ​ന്നേ പറ​യാ​നാ​വൂ. എനി​ക്കൊ​രു വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഈ ശതാ​ബ്ദ​ത്തി​ലെ ഏറ്റ​വും വലിയ എഴു​ത്തു​കാ​രി സീമോൻ ദെ ബോ​വ്വ​റാ​ണെ​ന്നു്. ഇപ്പോ​ഴും ആ വി​ശ്വാ​സ​ത്തി​നു ഇള​ക്കം തട്ടാ​തെ ഞാൻ അതു സൂ​ക്ഷി​ക്കു​ന്നു. എങ്കി​ലും ക്രി​സ്തേവ അവ​രെ​യും അതി​ശ​യി​ക്കു​ന്നി​ല്ലേ എന്നൊ​രു സംശയം.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-06-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.