SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-06-12-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/GeorgesPerec.jpg
ഷൊർഷ് പെ​രെ​ക്ക്

ഇരു​പ​താം ശതാ​ബ്ദ​ത്തി​ലെ മഹ​ത്ത​മ​ങ്ങ​ളായ നോ​വ​ലു​ക​ളിൽ ഒന്നെ​ന്നു വാ​ഴ്ത്ത​പ്പെ​ടു​ന്ന ‘Life a User’s Manual’എഴു​തിയ ഷൊർഷ് പെ​ര​ക്കി ന്റെ (Georges Perec 7-3-1936–3-1982) വേ​റൊ​രു വി​ശി​ഷ്ട​മായ നോ​വ​ലാ​ണു് ‘W or The Memory of childhood’ എന്ന​തു്. Spellbinding, Haunting, Compelling, Chilling എന്നൊ​ക്കെ​യാ​ണു നി​രൂ​പ​കർ അതിനെ വി​ശേ​ഷി​പ്പി​ച്ച​തു്. പെ​ര​ക്ക് നോവൽ പ്ര​സ്ഥാ​ന​ത്തി​ലെ നവ​രീ​തി​യു​ടെ സ്ഥാ​പ​ക​നു​മാ​ണു്. നൂ​ത​ന​രീ​തി​യു​ടെ ഉപ​ജ്ഞാ​താ​വാ​ണു് അദ്ദേ​ഹ​മെ​ങ്കി​ലും ഓരോ നോ​വ​ലി​ലും ഓരോ കലാ​സ​ങ്കേ​ത​മാ​ണു് പ്ര​യോ​ഗി​ക്ക​പ്പെ​ട്ട​തു്. ഈ പ്ര​തി​ഭാ​ശാ​ലി ഇട​വി​ടാ​തെ സി​ഗ​ര​റ്റ് വലി​ച്ചി​രു​ന്നു​വെ​ന്നും അതു​കൊ​ണ്ടു് കാൻസർ വന്നു​വെ​ന്നും അദ്ദേ​ഹ​ത്തി​ന്റെ ആപ്ത​മി​ത്ര​മായ ഷുവെ എന്നോ​ടു പറ​ഞ്ഞു. അകാ​ല​ച​ര​മം പ്രാ​പി​ച്ച അദ്ദേ​ഹം ജീ​വി​ച്ചി​രു​ന്നെ​ങ്കിൽ പ്ര​തി​ഭ​യു​ടെ പര​കോ​ടി പ്ര​ദർ​ശി​പ്പി​ക്കു​ന്ന എത്ര​യെ​ത്ര നോ​വ​ലു​കൾ നമു​ക്കു കി​ട്ടു​മാ​യി​രു​ന്നു.

images/WorthememoryofChildhood.jpg

ഫ്ര​ഞ്ച് ഭാ​ഷ​യിൽ എഴു​തിയ ‘W’ ഇം​ഗ്ലീ​ഷി​ലേ​ക്കു തർ​ജ്ജമ ചെയ്ത ഡേ​വി​ഡ് ബെ​ലോ​സ് പറ​യു​ന്നു. “ഇം​ഗ്ലീ​ഷി​ലെ​ന്ന പോലെ ഫ്ര​ഞ്ചി​ലും അക്ഷ​ര​മാ​ല​യി​ലെ ഇരു​പ​ത്തി​മൂ​ന്നാ​മ​ത്തെ അക്ഷ​രം ഇരട്ട ‘വി’ യായി (double V) എഴു​ത​പ്പെ​ടു​ന്നു. ഒളി​മ്പി​ക് ആദർ​ശ​ത്തി​ന്റെ​യും നഷ്ട​പ്പെ​ട്ട ശൈ​ശ​വ​ത്തി​ന്റെ കണ്ടു​പി​ടു​ത്ത​ത്തി​ന്റെ​യും ഇര​ട്ട​ക്ക​ഥ​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന നോ​വ​ലി​ന്റെ പേ​രി​നു് ‘യു’ (U) എന്ന അക്ഷ​ര​ത്തി​ന്റെ ശബ്ദ​വു​മാ​യി ഒരു ബന്ധ​വു​മി​ല്ല. അതു ഡബ്ൾ യു എന്ന​ല്ല ഡബ്ല് വി എന്നാ​ണു്” വാ​യ​ന​ക്കാർ​ക്കു് അർ​ത്ഥ​ഗ്ര​ഹ​ണ​ത്തി​നു് ക്ലേ​ശം ഉണ്ടാ​കു​ന്നു​ണ്ടോ? എങ്കിൽ ഒന്നു​കൂ​ടെ സ്പ​ഷ്ട​മാ​ക്കാൻ ശ്ര​മി​ക്കാം. ഡ്ബ്ൾ വി (Double-​Ve) ശ്ലേ​ഷാർ​ത്ഥ​ത്തി​ലു​ള്ള പ്ര​യോ​ഗ​മാ​ണു്. ഫ്ര​ഞ്ചിൽ (Double Vie) എന്ന​തി​നു് ഇര​ട്ട​ജീ​വി​ത​മെ​ന്നാ​ണു് അർഥം. പെ​ര​ക്ക് ഒന്നി​ട​വി​ട്ട അദ്ധ്യാ​യ​ങ്ങ​ളിൽ രണ്ടു​ക​ഥ​കൾ പറ​യു​ന്നു. ഒന്നു തന്റെ നഷ്ട​മാ​യി​പ്പോയ ജീ​വി​ത​ത്തി​ന്റെ കഥ. രണ്ടു് തെ​ക്കേ​യ​മേ​രി​ക്ക​യു​ടെ തെ​ക്കേ​യ​റ്റ​ത്തു​ള്ള തീ​യ​റ​ഡെൽ ഫ്യൂ​യാ​ഗ്ഗോ (Tierra del Fuego) എന്ന അനേകം ദ്വീ​പു​ക​ളി​ലെ W എന്ന സാ​ങ്ക​ല്പിക ദ്വീ​പിൽ നട​ക്കു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മായ കഥ.

കഥ​പ​റ​യു​ന്ന ആൾ ഗസ്പാർ​ഡ് വി​ങ്ക്ളെ​റാ​ണു് (Gaspard Winkler). പതി​നാ​റാ​മ​ത്തെ വയ​സ്സിൽ നാ​ടു​വി​ട്ടു​പോയ അയാൾ പട്ടാ​ള​ത്തിൽ ചേർ​ന്നു. അവ​ധി​ക്കാ​ല​ത്തു് അയാൾ ഒളി​ച്ചോ​ട്ടം നട​ത്തി. അധി​കാ​രി​ക​ളു​ടെ പി​ടി​യിൽ പെ​ടാ​തെ അയാൾ ജർ​മ്മ​നി​യി​ലെ​ത്തി കഴി​ഞ്ഞു​കൂ​ടു​ക​യാ​ണു് ഗസ്പാർ വി​ങ്ക്ളെർ എന്ന കള്ള​പ്പേ​രിൽ. അങ്ങ​നെ പാർ​ക്കു​മ്പോൾ അയാൾ​ക്കു പരി​ച​യ​മൊ​ട്ടു​മി​ല്ലാ​ത്ത ഓറ്റോ എന്നൊ​രാൾ അയാ​ളെ​ക്ക​ണ്ടു ചോ​ദി​ച്ചു: “നി​ങ്ങൾ​ക്കു് ഈ പേ​രു​ത​ന്ന ആളിനു എന്തു സം​ഭ​വി​ച്ചു​വെ​ന്നു നി​ങ്ങൾ ആലോ​ചി​ച്ചി​ട്ടു​ണ്ടോ?” ഈ ചോ​ദ്യം കേ​ട്ടു് വി​ങ്ക്ളർ അമ്പ​ര​ന്നു. ഓറ്റോ വി​ശ​ദീ​ക​ര​ണം നല്കി. മൂ​ക​നും ബധി​ര​നും ആയ എട്ടു​വ​യ​സ്സു​ള്ള ഗസ്പാർ​ഡ് വി​ങ്ക്ളെർ എന്നൊ​രു കു​ട്ടി അവ​ന്റെ അമ്മ​യും മറ്റു​ള്ള​വ​രു​മാ​യി യാ​ന​പാ​ത്ര​ത്തിൽ പോ​കു​മ്പോൾ തീ​യ​റ​ഡെൽ ഫ്യൂ​യാ​ഗോ ദ്വീ​പു​കൾ​ക്ക​ടു​ത്തു​വ​ച്ചു് കടലിൽ മു​ങ്ങി​പ്പോ​യി. ഗസ്പാർ​ഡ് വി​ങ്ക്ളെർ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടോ എന്നു് അയാൾ പോയി അറി​യ​ണം എന്നാ​ണു് ഓറ്റോ​യു​ടെ നിർ​ദ്ദേ​ശം. അങ്ങ​നെ പട്ടാ​ള​ത്തിൽ നി​ന്നു് ഒളി​ച്ചോ​ടി ജർ​മ്മ​നി​യിൽ കഴി​ഞ്ഞു​കൂ​ടു​ന്ന വി​ങ്ക്ളെർ W എന്ന ദ്വീ​പിൽ എത്തു​ന്നു. കടലിൽ മു​ങ്ങി​പ്പോയ കു​ട്ടി വി​ങ്ക്ള​റെ​ക്കു​റി​ച്ചു​ള്ള അന്വേ​ഷ​ണം അതോടെ തീ​രു​ന്നു. കഥ പറ​യു​ന്ന വി​ങ്ക്ളെർ ദ്വീ​പി​ന്റെ രീ​തി​ക​ളും അവി​ട​ത്തെ ഭര​ണ​ക്ര​മ​ങ്ങ​ളു​മാ​ണു് പി​ന്നീ​ടു് വി​ശ​ദീ​ക​രി​ക്കു​ന്ന​തു്.

കാ​യി​ക​വി​നോ​ദ​മാ​ണു് ‘W’ദ്വീ​പിൽ പ്ര​ധാ​ന​മാ​യും നട​ക്കു​ന്ന​തു്. വർ​ഷ​ത്തി​ലൊ​രി​ക്കൽ ഒളി​മ്പി​യ​ഡ്സ്, മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്കൽ സ്പാർ​ട​കി​യ​ഡ്സ്. മാ​സ​ത്തി​ലൊ​രി​ക്കൽ അറ്റ്ലാ​ന്റി​യ​ഡ്സ്. മത്സ​ര​ബു​ദ്ധി​യെ വർ​ദ്ധി​പ്പി​ക്കാ​നോ വി​ജ​യ​ത്തെ പ്ര​കീർ​ത്തി​ക്കാ​നോ ആണു് ‘W’ദ്വീ​പിൽ കായിക വി​നോ​ദ​ങ്ങൾ സർ​ക്കാർ നട​ത്തുക. വി​നോ​ദ​ത്തി​നു വേ​ണ്ടി​യു​ള്ള നേ​ട്ട​മാ​ണു സർ​ക്കാ​രി​ന്റെ ലക്ഷ്യം. കാ​യി​കാ​ഭ്യാ​സി തോ​റ്റാൽ പ്രേ​ക്ഷ​കർ മാ​പ്പു​കൊ​ടു​ക്കി​ല്ല. അവർ​ക്കു വി​ജ​യ​മി​ല്ലാ​തെ വേ​റൊ​ന്നും സങ്ക​ല്പി​ക്കാൻ വയ്യ. തോ​റ്റ​വ​രെ ‘പട്ടി​ണി​ക്കി​ട്ടു്’ ശി​ക്ഷി​ക്കു​ക​യും ചെ​യ്യും.

‘W’ദ്വീ​പി​ലെ യു​ക്തി​ക്കു യോ​ജി​ച്ച വി​ധ​ത്തി​ലാ​ണു സം​ജ്ഞാ​നാ​മ​ങ്ങ​ളെ ഒഴി​വാ​ക്കി​യി​രി​ക്കു​ന്ന​തു്. കാ​യി​കാ​ഭ്യാ​സി വിജയം മാ​ത്ര​മാ​ണു്. അയാൾ​ക്കു പേ​രു​വേ​ണ്ട. അയാൾ പരാ​ജ​യ​പ്പെ​ട്ടാൽ പ്രേ​ക്ഷ​കർ കല്ല്, പൊ​ട്ടിയ കു​പ്പി, ഇരു​മ്പു കഷണം ഇവ​യൊ​ക്കെ അയാ​ളു​ടെ നേർ​ക്കു് എറി​യും. വി​നോ​ദം ക്രൂ​ര​ത​യി​ലേ​ക്കു ചെ​ല്ലു​ന്ന​തു നോ​ക്കുക:

Or again when a race is in full swing, a deceptive Referee may sometimes shout ‘STOP’: the competitors must then stand stock still, freeze, usually in an unbearable posture, and the one who holds still longest will probably be declared the winner.

‘W’ ദ്വീ​പി​ലെ നിയമം ഒടു​ങ്ങാ​പ്പ​ക​യാർ​ന്ന​താ​ണു്. ബദ്ധ​വൈ​ര​മാർ​ന്ന​താ​ണു്. പക്ഷേ, എങ്ങ​നെ പ്ര​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്നും പറയാൻ വയ്യ. കായിക വി​നോ​ദ​ത്തിൽ പങ്കു​കൊ​ള്ളു​ന്ന​വൻ ജയി​ച്ചേ മതി​യാ​വൂ. ജയി​ച്ചാൽ അഭി​ന​ന്ദി​ക്കും. തോ​റ്റാൽ ശിക്ഷ കൊ​ടു​ക്കും. പക്ഷേ, ഓട്ട​ത്തിൽ ഏറ്റ​വും പിറകേ എത്തു​ന്ന​വ​നെ ചി​ല​പ്പോൾ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും. അന്നു് ആ രീ​തി​യി​ലാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ന്ന​തു് അധി​കാ​രി​കൾ.

‘W’ ദ്വീ​പി​ലെ സ്ത്രീ​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തു സവി​ശേ​ഷ​മായ രീ​തി​യി​ലാ​ണു്. അവർ​ക്കാ​യു​ള്ള വാ​സ​സ്ഥ​ല​ങ്ങ​ളു​ണ്ടു്. എപ്പോ​ഴും അധി​കാ​രി​കൾ അവരെ സൂ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സ്ത്രീ​കൾ ഓടി​പ്പോ​കു​മെ​ന്ന പേ​ടി​യാ​ല​ല്ല ആ സൂ​ക്ഷി​പ്പു്. അവി​ട​ത്തെ പെ​ണ്ണു​ങ്ങൾ അട​ക്ക​മു​ള്ള​വ​രാ​ണു്. ബാ​ഹ്യ​ലോ​ക​ത്തെ​ക്കു​റി​ച്ചു അവർ​ക്കു പേ​ടി​യു​മു​ണ്ടു്. കർ​ശ​ന​നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും കാ​യി​കാ​ഭ്യാ​സി​കൾ സ്ത്രീ​ക​ളു​ടെ വസ​തി​ക​ളിൽ കട​ന്നു ചെ​ല്ലാൻ ശ്ര​മി​ക്കാ​റു​ണ്ടു്. വീ​ടു​ക​ളു​ടെ ചു​റ്റു​മാ​യി വി​ദ്യു​ച്ഛ​ക്തി പ്ര​വ​ഹി​പ്പി​ച്ച വേ​ലി​യു​ണ്ടു്. അതി​ന​ടു​ത്തു​വ​ച്ചാ​ണു് സ്പോർട്സ്മാൻ-​കളിക്കാരൻ-അറസ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​തെ​ങ്കിൽ അയാളെ ഉടനെ വധി​ക്കും. അതിനു പി​റ​കി​ലു​ള്ള Patrol Zone കട​ന്നെ​ന്നി​രി​ക്ക​ട്ടെ അയാൾ. എങ്കിൽ ഏതാ​നു​മാ​ഴ്ച​ത്തെ ഏകാ​ന്ത​ത്ത​ട​വേ കി​ട്ടൂ. അക​ത്തെ ഭി​ത്തി താ​ണ്ടി​യാൽ ചൂരൽ വടി കൊ​ണ്ടു​ള്ള അടി​യാ​വും ശിക്ഷ. അതല്ല സ്ത്രീ​കൾ താ​മ​സി​ക്കു​ന്നി​ട​ത്തു തന്നെ കട​ന്നു ചെ​ല്ലാൻ കളി​ക്കാ​ര​നു കഴി​ഞ്ഞാൽ സെൻ​ട്രൽ സ്റ്റേ​ഡി​യ​ത്തിൽ അയാളെ കൊ​ണ്ടു​വ​ന്നു Honorary Casanova എന്ന ബി​രു​ദം നൽകി മാ​നി​ക്കും. (കാ​സാ​നോ​വാ ഇറ്റ​ലി​യി​ലെ കു​പ്ര​സി​ദ്ധ​നായ വ്യ​ഭി​ചാ​രി. കാലം 1725–1798-​ലേഖകൻ) ദ്വീ​പിൽ അഞ്ഞൂ​റു സ്ത്രീ​ക​ളി​ല​ധി​കം പാ​ടി​ല്ലെ​ന്നാ​ണു സർ​ക്കാർ നിയമം. അഞ്ചു​പെൺ​കു​ട്ടി​കൾ ജനി​ച്ചാൽ ഒരെ​ണ്ണം മാ​ത്ര​മേ ജീ​വ​നോ​ടെ കഴിയൂ. മറ്റു​ള്ള​വ​യെ കൊ​ന്നു കളയും.

മർ​ദ്ദ​ന​മു​റ​കൾ ഭയ​ജ​ന​ക​ങ്ങ​ളാ​ണു് “… they see them (athletes) collapse on to the ground, where they lie with their mouths open…” “Very few attempt suicide, very few go really mad. Some never stop howling, but most of them keep silent, obstinately”

എന്തൊ​രു​ഭീ​തി​ദ​മായ ദ്വീ​പാ​ണു ‘W’.

images/Raymond_Queneau.jpg
റെ​മൊ​ങ് കെനോ

ഒന്നി​ട​വി​ട്ടു് അധ്യാ​യ​ങ്ങ​ളിൽ പെ​ര​ക്ക് ആത്മ​കഥ പറ​യു​ക​യാ​ണെ​ന്നു് മുൻ​പു് എഴു​തി​യ​ല്ലോ. അതിലെ ശ്ര​ദ്ധേ​യ​ങ്ങ​ളായ വസ്തു​ത​കൾ പോലും ഇവിടെ എടു​ത്തു കാ​ണി​ക്കാൻ സ്ഥ​ല​മി​ല്ല. പോ​ള​ണ്ടി​ലെ ഔഷ്വി​റ്റ്സ് (Auschwitz) തട​ങ്കൽ​പ്പാ​ള​യ​ത്തിൽ വച്ചാ​ണു് രണ്ടര ദശ​ല​ക്ഷം ജൂ​ത​ന്മാ​രോ​ടൊ​പ്പം പെ​ര​ക്കി​ന്റെ അമ്മ​യും കൊ​ല്ല​പ്പെ​ട്ട​തു്. ആ അമ്മ​യു​ടെ മക​നെ​ഴു​തു​ന്ന ആത്മ​കഥ എത്ര​ത്തോ​ളം ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രി​ക്കു​മെ​ന്നു വാ​യ​ന​ക്കാർ​ക്കു ഊഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വി​ശ്രു​ത​നായ ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​രൻ റെ​മൊ​ങ് കെനോ (Raymond Queneau 1903–1976) പറഞ്ഞ ഒരു വാ​ക്യം നോവൽ തു​ട​ങ്ങു​ന്ന​തി​നു മുൻ​പു് പെ​ര​ക്ക് ഉദ്ധ​രി​ച്ചി​ട്ടു​ണ്ടു്. “That mindless mist where shadows swirl, how could I pierce it?” നി​ഴ​ലു​കൾ ചു​ഴ​റ്റു​ന്ന മൂ​ടൽ​മ​ഞ്ഞി​നെ കു​ത്തി​ക്കീ​റു​ന്ന​തെ​ങ്ങ​നെ​യെ​ന്നു പെ​ര​ക്ക് സം​ശ​യി​ക്കു​ന്നെ​ങ്കി​ലും സു​വ്യ​ക്ത​ങ്ങ​ളായ ജീ​വി​ത​ചി​ത്ര​ങ്ങൾ ഈ ആത്മ​ക​ഥാ​ഭാ​ഗ​ത്തു​ണ്ടു്.

‘W’ ദ്വീ​പ് നാ​സ്തി​ക​ളു​ടെ പ്ര​ദേ​ശ​മാ​ണെ​ന്ന​തു വ്യ​ക്തം. അവ​രു​ടെ ക്രൂ​ര​ത​ക​ളെ​യും കൊ​ല​പാ​ത​ക​ങ്ങ​ളെ​യും കായിക വി​നോ​ദ​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​ക​ളി​ലൂ​ടെ പെ​ര​ക്ക് ആവി​ഷ്ക​രി​ക്കു​ന്നു. രണ്ടി​നെ​യും അദ്ദേ​ഹം വി​ദ​ഗ്ദ്ധ​മാ​യി കൂ​ട്ടി​യി​ണ​ക്കി തന്റെ ജീ​വി​ത​കഥ തന്നെ​യാ​ണു് ദ്വീ​പി​ലെ ആളു​ക​ളു​ടെ​യും ജീ​വി​ത​ക​ഥ​യെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. രണ്ടു V അക്ഷ​ര​ങ്ങ​ളു​ടെ മു​ന​യു​ള്ള ഭാ​ഗ​ങ്ങൾ കൂ​ട്ടി​വ​ച്ചാൽ X (എക്സ്) എന്ന അക്ഷ​ര​മാ​കും. X അക്ഷ​ര​ത്തി​ന്റെ അറ്റ​ങ്ങൾ ലേശം ദീർ​ഘി​പ്പി​ച്ചാൽ നാ​സ്തി​ക​ളു​ടെ സ്വ​സ്തി​ക​യാ​യി. Double Vie ഇര​ട്ട​ജീ​വി​ത​മാ​ണ​ല്ലോ. നോ​വ​ലി​ലെ ആത്മ​ക​ഥ​യും ദ്വീ​പി​ലെ കഥയും ദ്വ​ന്ദ്വ​ഭാ​വ​ങ്ങൾ ഉള്ള​താ​ണെ​ങ്കി​ലും ഒന്നു​ത​ന്നെ. അതിനെ നാ​സ്തി​ക​ളു​ടെ സ്വ​സ്തിക അട​യാ​ള​ത്തോ​ടു ബന്ധ​പ്പെ​ടു​ത്തി തന്റെ കാ​ല​ത്തി​ന്റെ ഭയ​ങ്ക​ര​ത്വ​ത്തെ പെ​ര​ക്ക് ചി​ത്രീ​ക​രി​ക്കു​ന്നു. ഇത്ത​രം കൃ​തി​കൾ വാ​യി​ക്കു​മ്പോ​ഴാ​ണു് നമ്മൾ ഉത്കൃ​ഷ്ട സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു് അറി​യു​ന്ന​തു്.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: യൗ​വ​ന​മോ വാർ​ദ്ധ​ക്യ​മോ കൂ​ടു​തൽ കാലം നിൽ​ക്കു​ന്ന​തു്?

ഉത്ത​രം: വാർ​ദ്ധ​ക്യം എന്നൊ​ര​വ​സ്ഥ​യേ​യി​ല്ല. എൺപതു വയ​സ്സാ​യ​വ​ന്റെ മന​സ്സും യൗ​വ​ന​ത്തി​ന്റേ​താ​ണു്. (യൗ​വ​ന​മെ​ന്നേ എഴു​താ​വൂ. യൗ​വ്വ​നം തെ​റ്റു്.)

ചോ​ദ്യം: ഞാൻ ഡോ​ക്ട​റാ​ണു്. എന്റെ ജോ​ലി​ക്കു ചേർ​ന്ന ഒരു ഉപ​ദേ​ശം തരാമോ?

ഉത്ത​രം: മരി​ക്കാൻ ആഗ്ര​ഹി​ക്കു​ന്ന ആളിനെ താ​ങ്കൾ ജീ​വി​പ്പി​ക്ക​രു​തു്. മരണം സു​നി​ശ്ചി​ത​മാ​ണെ​ന്നു കണ്ടാൽ രക്തം കൂ​ടെ​ക്കൂ​ടെ മാ​റ്റി​യും ഡയാ​ലി​സി​സ് നട​ത്തി​യും കഷ്ട​പ്പെ​ടു​ത്ത​രു​തു്. പാവം ജയ​പ്ര​കാ​ശ് നാ​രാ​യ​ണ​നെ ഡോ​ക്ടർ​മാർ എത്ര​മാ​ത്രം ഉപ​ദ്ര​വി​ച്ചു.

ചോ​ദ്യം: ഇം​ഗ്ലി​ഷ് ഭാഷയെ ഗള​ഹ​സ്തം ചെ​യ്യേ​ണ്ട​ത​ല്ലേ?

ഉത്ത​രം: ഈസ്റ്റിൻ​ഡ്യ കമ്പ​നി​യും പീ​ന്നി​ടു് വി​ക്ടോ​റിയ രാ​ജ്ഞി​യും ഇം​ഗ്ലി​ഷ് ഭാഷ ഇന്ത്യ​യിൽ അടി​ച്ചേൽ​പ്പി​ച്ച​താ​ണെ​ങ്കി​ലും അതു് ഉപ​കാ​ര​പ്ര​ദ​മാ​യ​തേ​യു​ള്ളൂ. സമ്പ​ന്ന​ത​യും ഭം​ഗി​യും ഉള്ള​താ​ണു് ആ ഭാഷ. അതാ​ണു് നമ്മ​ളെ സം​സ്കാ​ര​മു​ള്ള​വ​രാ​ക്കി​യ​തു്. മല​യാ​ളം മാ​ത്രം പഠി​ച്ചാൽ നമ്മൾ കാ​ട​ത്ത​ത്തി​ലേ​ക്കു പോകും. ഇം​ഗ്ലീ​ഷ് വി​ദേ​ശി​യു​ടെ ഭാ​ഷ​യ​ല്ല. നമ്മു​ടെ ‘മാ​തൃ​ഭാഷ’ തന്നെ​യാ​ണു്. ലോ​ക​മാ​കെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യ്ക്കാ​ണു പ്രാ​ധാ​ന്യം.

ചോ​ദ്യം: അസാ​ധാ​ര​ണ​മായ ബു​ദ്ധി​ശ​ക്തി. അസാ​ധാ​ര​ണ​മായ നി​ഷ്ക​ള​ങ്കത—ഇവയിൽ നി​ങ്ങൾ ഏതിനെ ആരാ​ധി​ക്കു​ന്നു?

ഉത്ത​രം: ബു​ദ്ധി കൂ​ടി​യ​വൻ എപ്പോ​ഴും ദു​ഷ്ട​നാ​യി​രി​ക്കും. പൊ​ലീ​സു​കാ​ര​ന്റെ കൈയിൽ അക​പ്പെ​ട്ട കു​ഞ്ഞ് പല​ഹാ​ര​ക്ക​ട​യി​ലേ​ക്കു വിരൽ ചൂ​ണ്ടു​ന്നു​വെ​ന്ന ജാ​പ്പാ​നീ​സ് പഴ​ഞ്ചൊ​ല്ലി​ലെ നി​ഷ്ക​ള​ങ്ക​ത​യാ​ണു് എനി​ക്കി​ഷ്ടം.

ചോ​ദ്യം: ബഹു​മാ​നി​ക്കേ​ണ്ട ഉദ്യോ​ഗ​സ്ഥ​നാ​രു്?

ഉത്ത​രം: ഹെ​ഡ്മാ​സ്റ്റർ. കോ​ളേ​ജ് പ്രിൻ​സി​പ്പ​ലി​നെ​ക്കാൾ ഞാൻ ബഹു​മാ​നി​ക്കു​ന്ന​തു് സ്ക്കൂൾ ഹെ​ഡ്മാ​സ്റ്റ​റെ​യാ​ണു്. കൈ​നി​ക്കര കു​മ​ര​പി​ള്ള. രാമൻ നമ്പീ​ശൻ (പി​ന്നീ​ടു് കൊ​ട്ടാ​ര​ത്തി​ലെ സർ​വാ​ധി​കാ​ര്യ​ക്കാ​രാ​യി) ഇവർ ഏതു പ്രിൻ​സി​പ്പ​ലി​നെ​ക്കാ​ളും ഉന്ന​ത​രാ​ണു്.

ചോ​ദ്യം: നി​ങ്ങ​ളു​ടെ ഒരു പു​സ്ത​ക​ത്തെ​യും നി​ങ്ങ​ളെ​യും വി​മർ​ശി​ച്ചി​രി​ക്കു​ന്ന​ല്ലോ ഒരു വാ​രി​ക​യിൽ. എന്താ​ണു് അഭി​പ്രാ​യം?

ഉത്ത​രം: ഞാൻ ആ വാരിക നോ​ക്കാ​തെ​യാ​യി​ട്ടു കാ​ല​മേ​റെ​യാ​യി. നി​ങ്ങ​ളു​ടെ ചോ​ദ്യം കി​ട്ടി​യ​തി​നു​ശേ​ഷം ഞാൻ അതു തേ​ടി​പ്പി​ടി​ച്ചു വാ​യി​ച്ചു. അതിലെ ലേഖനം വി​മർ​ശ​ന​മ​ല്ല. ആണു​ങ്ങൾ അന്ത​സ്സാ​യി നിർ​വ​ഹി​ക്കു​ന്ന​താ​ണു് വി​മർ​ശ​നം. പണ്ടു് വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്റെ കവി​ത​യെ ആക്ഷേ​പി​ച്ചു് ശ്രീ​ധ​രൻ (പേരു ഇതല്ല) മം​ഗ​ളോ​ദ​യം മാ​സി​ക​യി​ലെ​ഴു​തി. മു​ണ്ട​ശ്ശേ​രി​യാ​യി​രു​ന്നു അതി​ന്റെ എഡി​റ്റർ. മര്യാ​ദ​കെ​ട്ട ആ ലേഖനം വാ​യി​ച്ച വൈ​ലോ​പ്പി​ള്ളി പറ​ഞ്ഞു: ‘ശ്രീ​ധ​ര​നു തൃ​ശ്ശൂ​രു വന്ന​പ്പോൾ അപ്പി​യി​ട​ണ​മെ​ന്നു തോ​ന്നി. അട​ക്കാൻ വയ്യാ​തെ​യാ​യ​പ്പോൾ അയാൾ പബ്ലി​ക് റോഡിൽ അതു ചെ​യ്യാൻ തയ്യാ​റെ​ടു​ത്തു. അതു​ക​ണ്ട മു​ണ്ട​ശ്ശേ​രി അയാ​ളോ​ടു പറ​ഞ്ഞു: “ശ്രീ​ധര, റോഡിൽ അപ്പി​യി​ടേ​ണ്ട​തി​ല്ല. മം​ഗ​ളോ​ദ​യ​മു​ണ്ട​ല്ലോ. അവി​ടെ​ക്ക​യ​റി​യി​രു​ന്നു് അപ്പി​യി​ട്ടോ” ശ്രീ​ധ​രൻ മു​ണ്ട​ശ്ശേ​രി മാഷ് പറ​ഞ്ഞ​തു​പോ​ലെ പ്ര​വർ​ത്തി​ച്ചു. ‘ശ്രീ​ധ​രൻ നിർ​വ​ഹി​ച്ച ആന്ത്ര​ശു​ദ്ധീ​ക​ര​ണം പോ​ലു​ള്ള ഒരാ​ന്ത്ര​ശു​ദ്ധീ​ക​ര​ണ​ത്തെ​യാ​ണോ നി​ങ്ങൾ വി​മർ​ശ​ന​മെ​ന്നു വി​ളി​ക്കു​ന്ന​തു്?’

എം. പി. നാ​രാ​യ​ണ​പി​ള്ള​യു​ടെ കത്തു്

പ്രൊ​ഫ​സർ എം. കൃ​ഷ്ണൻ നായർ

തി​രു​വ​ന​ന്ത​പു​രം

17.1.1998

പ്രി​യ​പ്പെ​ട്ട കൃ​ഷ്ണൻ​നാ​യർ സാ​റി​നു്.

ഇതോ​ടൊ​പ്പം ഒരു പു​സ്ത​കം വയ്ക്കു​ന്നു.

കി​ഴ​ക്കേ​മു​റി ‘സർ​ക്കാ​രു​കാ​ര്യം മു​റ​പോ​ലെ’ എന്ന കണ​ക്കി​നു് പത്തു് പു​സ്ത​കം അയ​ച്ചു തന്ന​പ്പോൾ ആദ്യ​മൊ​രെ​ണ്ണം സാ​റി​ന​യ​യ്ക്കാൻ തോ​ന്നി.

ഇതൊരു കടം വീ​ട്ടാ​നാ​ണു്.

ആദ്യം സാ​റി​നെ കാണാൻ വന്ന ദിവസം. പോരാൻ നേ​ര​ത്തു് സാറ് ഒരു പു​സ്ത​കം എടു​ത്തു് എന്റെ കയ്യിൽ തന്നു. പന്ത​ള​ത്തു​കാർ ഏതോ കു​ട്ടി​കൾ ഡി. ഡി. കൊ​സാം​ബി​യു​ടെ ചില ലേ​ഖ​ന​ങ്ങൾ മല​യാ​ള​ത്തി​ലേ​ക്കു് പരി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തു്.

ഞാ​നി​ങ്ങോ​ട്ടു കൊ​ണ്ടു​വ​ന്നു. മല​യാ​ള​ത്തിൽ വാ​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണു് എനി​ക്കു് കൊ​സാം​ബി​യു​ടെ ആഴം ഉള്ളിൽ തട്ടു​ന്ന​തു്. തൽ​ഫ​ല​മാ​യി കൊ​സാം​ബി​യു​ടേ​താ​യി അച്ച​ടി​ച്ചി​റ​ങ്ങി​യ​തൊ​ട്ടു​മു​ക്കാ​ലും ഞാൻ വാ​യി​ച്ചു കഴി​ഞ്ഞു. ഇന്ത്യാ ചരി​ത്ര​ത്തിൽ പലതും ഞാൻ കാ​ച്ചു​ന്ന​തു് ഈ പ്ര​ക്രി​യ​യു​ടെ ഫല​മാ​യി നേടിയ ഉൾ​ക്കാ​ഴ്ച​യിൽ നി​ന്നാ​ണു്.

അതു​കൊ​ണ്ടീ പു​സ്ത​കം ആ പഴയ കടം​വീ​ട്ടാ​നാ​യി​ട്ട​യ​ച്ചു തരു​ന്നു—ആദ​ര​പൂർ​വം

എം. കൃ​ഷ്ണൻ​നാ​യർ എന്ന എഴു​ത്തു​കാ​ര​ന​ല്ല ഇതു് സ്വീ​ക​രി​ക്കേ​ണ്ട​തു്; എം. കൃ​ഷ്ണൻ​നാ​യർ എന്ന കൈ​പ്പു​ണ്യ​മു​ള്ള അദ്ധ്യാ​പ​ക​നാ​ണു്.

അള​ക്കാൻ വയ്യാ​ത്ത ഒരു ബ്രാ​ഹ്മ​ണ്യ​മാ​ണ​ല്ലോ അദ്ധ്യാ​പ​ക​വൃ​ത്തി.

ആദ​ര​പൂർ​വം

സ്വ​ന്തം

(ഒപ്പു്)

ps: മൂ​ന്നാ​ഴ്ച​യോ​ള​മാ​യി ഞാ​നൊ​രു മൗ​ന​വ്ര​ത​ത്തിൽ സു​ഖി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു കൊ​ണ്ടു വീ​ട്ടി​ലെ ഫോൺ ഫാ​ക്സ് ആയി മാറി. ‘വാ​മൊ​ഴി’ ഒഴി​വാ​ക്കി​യാ​ലും ആപ​ത്തൊ​ന്നു​മി​ല്ല. ഞാൻ എഴു​തു​ന്ന പു​സ്ത​കം ഇതു​വ​രെ ആർ​ക്കും അയ​ച്ചു കൊ​ടു​ത്തി​ട്ടി​ല്ല. വീ​ട്ടി​വ​രു​ന്ന​വ​രാ​രെ​ങ്കി​ലും പൊ​ക്കാ​റാ​ണു് പതി​വു്.

കു​ട്ടി​കൃ​ഷ്ണ​മാ​രാർ ഒരി​ക്കൽ എന്നോ​ടി​ങ്ങ​നെ പറ​ഞ്ഞു: “നി​ങ്ങൾ ഒരു കത്തെ​ഴു​തി​യാ​ലും അതിൽ നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം പ്ര​തി​ഫ​ലി​ക്ക​ണം”. എം. പി. യുടെ കത്തി​ന്റെ സവി​ശേ​ഷത ഇതാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ ഉന്ന​ത​മായ വ്യ​ക്തി​ത്വം ഈ കത്തിൽ പ്ര​തി​ഫ​ലി​ക്കു​ന്നു. ഈ വ്യ​ക്തി​ത്വം ഏതും കാ​ണു​ന്ന, ഏതും ഉൾ​ക്കു​ള്ളു​ന്ന തു​റ​ന്ന മന​സ്സി​ന്റേ​തു​മാ​ണു്. അടഞ്ഞ മന​സ്സ് ഒറ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. വൈ​രു​ദ്ധ്യ​ങ്ങൾ അതി​ലേ​റെ​ക്കാ​ണും. തന്റെ ഉറച്ച വി​ശ്വാ​സ​ത്തി​നോ​ടു ചേർ​ത്തു മാ​ത്ര​മേ അടഞ്ഞ മന​സ്സു​ള്ള​യാൾ ജീ​വി​ത​സം​ഭ​വ​ങ്ങ​ളെ വ്യാ​ഖ്യാ​നി​ക്കൂ. അപ​ഗ്ര​ഥി​ക്കൂ. ഇവി​ടെ​യാ​ണു് എം. പി. നാ​രാ​യ​ണ​പി​ള്ള ലക്ഷ​ക്ക​ണ​ക്കി​നു​ള്ള മറ്റെ​ഴു​ത്തു​കാ​രിൽ നി​ന്നു് വി​ഭി​ന്ന​നാ​യി മാറി നിൽ​ക്കു​ന്ന​തു്. മാറി മാറി വരു​ന്ന യാ​ഥാർ​ത്ഥ്യ​ങ്ങൾ​ക്കു് അനു​രൂ​പ​മാ​യി അദ്ദേ​ഹം മന​സ്സി​നെ പ്ര​കാ​ശി​പ്പി​ക്കു​ന്നു. നി​ക്ഷി​പ്ത താ​ല്പ​ര്യ​ങ്ങ​ളെ​ന്നും പക്ഷ​പാ​ത​ങ്ങ​ളെ​ന്നും വി​ളി​ക്കു​ന്ന ദോ​ഷ​ങ്ങൾ എം. പി. നാ​രാ​യ​ണ​പി​ള്ള​യ്ക്കു ഇല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാ​ണു് ധി​ഷ​ണാ​വി​ലാ​സം കാ​ണി​ക്കു​ന്ന അദ്ദേ​ഹ​ത്തി​ന്റെ രചനകൾ കേ​ര​ളീ​യർ​ക്കു് അഭി​മ​ത​ങ്ങ​ളാ​യ​തു്. ധിഷണാ വൈ​ഭ​വ​മു​ള്ള​വർ സർ​ഗ്ഗ​പ്ര​ക്രി​യ​യിൽ വ്യാ​പ​രി​ക്ക​ണ​മെ​ന്നി​ല്ല. ഇവി​ടെ​യും അദ്ദേ​ഹം വി​ഭി​ന്ന​നാ​യി വർ​ത്തി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ചെ​റു​ക​ഥ​കൾ അനു​ധ്യാ​ന​ത്തി​ന്റെ​യും നൂതന മൂല്യ നിർ​മ്മി​തി​യു​ടെ​യും വി​കാ​ര​സ്ഫു​ടീ​ക​ര​ണ​ത്തി​ന്റെ​യും ഉത്ത​മ​ങ്ങ​ളായ ഉദാ​ഹ​ര​ണ​ങ്ങ​ളാ​ണു്. ഒരു ധി​ഷ​ണാ​ശാ​ലി പോയി. ഒരു നല്ല മനു​ഷ്യൻ പോയി.

ഒ. എൻ. വി. കു​റി​പ്പ്

ആശ​യ​ങ്ങ​ളെ ബിം​ബ​ങ്ങ​ളാ​ക്കി ലയാ​നു​വി​ദ്ധ​ത​യോ​ടെ ശ്രീ. ഒ. എൻ. വി. കു​റി​പ്പ് കാ​വ്യം രചി​ക്കു​മ്പോൾ അതു വാ​യി​ക്കു​ന്ന എനി​ക്കു് ആഹ്ലാ​ദം. ആ ആഹ്ലാ​ദ​മാ​ണു് അദ്ദേ​ഹ​ത്തി​ന്റെ ‘പക​ല​റു​തി​യിൽ’ എന്ന മനോ​ജ്ഞ​മായ കാ​വ്യം വാ​യി​ച്ച​പ്പോൾ എനി​ക്കു​ണ്ടാ​യ​തു്.

നാ​യാ​ട്ടു​കാർ വേ​ട്ട​നാ​യ്ക്ക​ളെ​ക്കൊ​ണ്ടു മു​യ​ലു​ക​ളെ പി​ടി​ക്കു​ന്ന​തു​പോ​ലെ പദ​ശ്വാ​ന​ന്മാ​രെ​ക്കൊ​ണ്ടു് ആശ​യ​ങ്ങ​ളെ നവീന കവികൾ പി​ടി​പ്പി​ക്കു​ന്ന കാ​ല​യ​ള​വാ​ണി​തു്. ഈ കാ​ല​യ​ള​വിൽ ആശ​യ​ങ്ങ​ളെ ബിം​ബ​ങ്ങ​ളാ​ക്കി ലയാ​നു​വി​ദ്ധ​ത​യോ​ടെ ശ്രീ. ഒ. എൻ. വി. കു​റി​പ്പ് കാ​വ്യം രചി​ക്കു​മ്പോൾ അതു വാ​യി​ക്കു​ന്ന എനി​ക്കു് ആഹ്ലാ​ദം. ആ ആഹ്ലാ​ദ​മാ​ണു് അദ്ദേ​ഹ​ത്തി​ന്റെ ‘പക​ല​റു​തി​യിൽ’ എന്ന മനോ​ജ്ഞ​മായ കാ​വ്യം വാ​യി​ച്ച​പ്പോൾ എനി​ക്കു​ണ്ടാ​യ​തു് (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പു്).

ജീ​വി​ത​മാ​രം​ഭി​ക്കു​ക​യാ​ണു് അവർ. പ്രേ​മം മാ​ത്ര​മേ അവർ​ക്കു സമ്പ​ത്താ​യു​ള്ളൂ. ജീ​വി​ത​ഭാ​രം ചു​മ​ന്നു മു​ന്നേ​റു​മ്പോൾ അവർ​ക്കു രസി​ക്കാൻ സമ​യ​മെ​വി​ടെ? എങ്കി​ലും ആ ക്ലേ​ശ​ങ്ങ​ളി​ലൂ​ടെ പ്രേ​മ​ഭാ​ജ​ന​ത്തി​ന്റെ പ്രേ​മ​വും സൗ​ന്ദ​ര്യ​വും അനു​ഗ്ര​ഹീ​ത​നായ കവി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന്റെ ചാരുത കാണുക:

“അന്നു നി​ലാ​വി​ന്റെ ഭം​ഗി​യെ​പ്പ​റ്റി നാം

ഒന്നും പറ​ഞ്ഞി​ല്ല. പൂത്തിരുവോണത്തി-​

നൊ​ന്നി​ച്ചു പു​ത്ത​രി​പ്പാ​യ​സ​മു​ണ്ടി​ല്ല.

പി​ന്നെ നിൻ കൈകൾ തെ​റു​ത്തൊ​രു വെ​റ്റില

തി​ന്നെ​ന്റെ ചു​ണ്ടു തു​ടു​ത്തി​ല്ലൊ​രു​ഞ്ഞാ​ലിൽ

ഒന്നി​ച്ചി​രു​ന്നാ​ടി​യി​ല്ലാ. നു​ണ​ക്കു​ഴി

ചന്തം തെ​ളി​യാൻ കളി​വാ​ക്കു ചൊ​ല്ലി ഞാൻ

നി​ന്നെ ചി​രി​പ്പി​ച്ചു​മി​ല്ല…”

images/ONV.jpg
ഒ. എൻ. വി. കു​റി​പ്പ്

ദൗർ​ഭാ​ഗ്യ​ങ്ങ​ളു​ടെ പരു​ക്കൻ വസനം. എങ്കി​ലും അതിൽ പ്രേ​മ​ത്തി​ന്റെ കസവ് പൊ​ന്നൊ​ളി ചാർ​ത്തു​ന്നു. അതി​ന്റെ തി​ള​ക്കം കണ്ടു കണ്ണ​ഞ്ചി രണ്ടു​പേ​രും മു​ന്നോ​ട്ടു പോ​കു​മ്പോൾ കൂ​ടെ​പ്പി​റ​പ്പു​ക​ളും കഞ്ഞു​ങ്ങ​ളും അവ​രു​ടെ ജീ​വി​ത​പ​ഥ​ത്തി​ലൂ​ടെ സഞ്ച​രി​ക്കു​ന്നു. അവ​രു​ടെ സു​ശോ​ഭ​വ​മായ ജീ​വി​തം രണ്ടു​പേർ​ക്കും പു​ള​ക​പ്ര​ദം. എന്നാ​ലും അവ​രു​ടെ സാ​ന്നി​ദ്ധ്യ​മി​ല്ല. ഒരു ഇം​ഗ്ലീ​ഷ് കവി പറ​ഞ്ഞ​തു​പോ​ലെ അവ​രു​ടെ മു​ഖ​ങ്ങ​ളിൽ വി​ഷാ​ദ​ത്തി​ന്റെ ശോഭ. ആ ശോ​ഭ​യോ​ടെ അവർ പ്രാ​വു​ക​ളെ നന്മ​ണി കൊ​ടു​ത്തു് തങ്ങ​ളോ​ടു് അടു​പ്പി​ക്കു​ന്നു. അവർ അതു് കൊ​ത്തി​ത്തി​ന്നു​കൊ​ണ്ടു് കൃ​ത​ജ്ഞത കാ​ണി​ക്കു​ന്നു. പക്ഷേ, പണ്ടു പ്രേ​മ​ഭാ​ജ​നം നെ​ഞ്ചോ​ടു ചേർ​ത്തു മാ​മൂ​ട്ടിയ പൊ​ന്നും​കു​ട​ങ്ങ​ളെ​പ്പോ​ലെ അക​ന്നു​പോ​കാൻ അവ സന്ന​ദ്ധ​രാ​യി​രി​ക്കു​ന്നു. അവയെ പറ​ത്താൻ അവർ​ക്കു കൗ​തു​കം. എന്നാൽ ‘വയ്യ വയ്യാ നമു​ക്കൊ​ന്നും പറ​ക്കു​വാൻ’ ജീ​വി​ത​ത്തി​ന്റെ ക്ഷ​ണി​ക​ത​യും നി​സ്സാ​രാ​വ​സ്ഥ​യും മനു​ഷ്യ​ന്റെ നി​സ്സ​ഹാ​യാ​വ​സ്ഥ​യും ഒ. എൻ. വി. ഈ അഞ്ചു വാ​ക്കു​ക​ളിൽ ഒതു​ക്കി​യി​രി​ക്കു​ന്നു. ഇതു വാ​യി​ച്ച​പ്പോൾ എന്റെ ജീ​വി​താ​വ​ബോ​ധ​ത്തി​നു് തീ​ക്ഷ്ണ​ത​യു​ണ്ടാ​യി. ധന്യാ​ത്മ​ക​മായ കാ​വ്യ​മാ​ണി​തു്. മനോ​ഹ​ര​മായ പദ​സ​ന്നി​വേ​ശം. അതു് ലയാ​ത്മ​ക​മായ രീ​തി​യി​ലും. നക്ഷ​ത്ര​ത്തിൽ നി​ന്നു് പു​റ​പ്പെ​ടു​ന്ന രശ്മി​കൾ കോ​ടാ​നു​കോ​ടി പ്ര​കാ​ശ​വർ​ഷ​ങ്ങൾ​ക്കു് ശേഷമേ ഭൂ​മി​യി​ലെ​ത്തൂ. ഈ കാ​വ്യ​ന​ക്ഷ​ത്ര​ത്തിൽ നി​ന്നു് വരു​ന്ന സൗ​ന്ദ​ര്യ​ത്തി​ന്റെ മയൂ​ഖ​ങ്ങൾ പൊ​ടു​ന്ന​നെ നമ്മ​ളെ തഴു​കു​ന്നു.

എന്നോ​ടു് അവർ പറ​ഞ്ഞു

1. ആരു​വാ​ങ്ങു​മി​ന്നാ​രു​വാ​ങ്ങു​മി​യാ​രാ​മ​ത്തി​ന്റെ രോ​മാ​ഞ്ചം? രോ​മാ​ഞ്ചം മു​റി​ച്ച് ഇലയിൽ വച്ചു​കൊ​ണ്ടു് നട​ക്കു​ക​യാ​ണോ പെ​ണ്ണു് – ഡോ. എ. ജി. കൃ​ഷ്ണ​വാ​രി​യർ (യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജിൽ പ്രൊ​ഫ​സ്സ​റാ​യി​രു​ന്നു).

2. The driest fellow in the world – ഡോ. എ. ജി. കൃ​ഷ്ണ​വാ​രി​യ​രെ​ക്കു​റി​ച്ചു് പ്രൊഫ. എൻ. കൃ​ഷ്ണ​പി​ള്ള.

3. ജി. ശങ്ക​ര​ക്കു​റു​പ്പി​ന്റെ കവിത കവി​ത​യ​ല്ല, അതൊരു ടെ​ക്നി​ക്കാ​ണു് – എൻ. ഗോ​പാ​ല​പി​ള്ള

4. നി​ങ്ങൾ നാടു് നന്നാ​ക്കാൻ ശ്ര​മി​ക്ക​ണം – പട്ടം താ​ണു​പി​ള്ള മര​ണ​ശ​യ്യ​യിൽ കി​ട​ന്നു​കൊ​ണ്ട്

5. വേ​ദ​ന​യ്ക്കു് പീഡ, ദുഃഖം എന്ന അർ​ഥ​മി​ല്ല. അറിവ് അല്ലെ​ങ്കിൽ അനു​ഭ​വം എന്നാ​ണു് ആ വാ​ക്കി​ന്റെ അർഥം – പ്രൊഫ. എം. എച്ച്. ശാ​സ്ത്രി​കൾ ‘വേ​ദ​നാ​ജ​ന​കം’ എന്നു് ഞാ​നെ​ഴു​തി​യ​തു് വാ​യി​ച്ചി​ട്ടു്.

6. കു​മാ​ര​നാ​ശാ​ന്റെ ‘നളിനി’യിലെ സന്ന്യാ​സി​യെ ദി​വാ​ക​രൻ എന്നു വി​ളി​ക്കു​ന്ന​തു് തെ​റ്റാ​ണു് – പ്രൊഫ. ബാ​ല​രാ​മ​പ്പ​ണി​ക്കർ.

7. അയാൾ​ക്കൊ​രു പത്ര​മു​ണ്ടെ​ന്നു് വി​ചാ​രി​ച്ചു് എനി​ക്കു് പറ​യാ​നു​ള്ള​തു് പറ​യാ​തി​രി​ക്ക​നൊ​ക്കു​മോ? കൃ​ഷ്ണൻ നായരേ നി​ങ്ങ​ളൂം ഈ തത്വ​മ​നു​സ​രി​ച്ചു് ജീ​വി​ക്ക​ണം. പറ​യാ​നു​ള്ള​തു് പറയണം – സി. എൻ. ശ്രീ​ക​ണ്ഠൻ നായരെ ഒരു സദ​സ്സിൽ വച്ചു് ആക്ഷേ​പി​ച്ചു് എൻ. ഗോ​പാ​ല​പി​ള്ള ഏതാ​ണ്ടു് വൾ​ഗ​റായ ഒരു ലേ​ഖ​ന​മെ​ഴു​തി. ശ്രീ​ക​ണ്ഠൻ നായർ പ്ര​തി​കാര നിർ​വ്വ​ഹ​ണം നട​ത്തി. അതു വാ​യി​ച്ച എൻ. ഗോ​പാ​ല​പി​ള്ള പറ​ഞ്ഞ​താ​ണി​തു്.

വി​ചാ​ര​ങ്ങൾ
images/Bashevis.jpg
ഐസക് ബാ​ഷേ​വീ​സ് സി​ങ്ങർ

1. ദശ​ര​ഥ​ന്റെ ഭാ​ര്യ​മാ​രാ​യി​രു​ന്നു, കൗ​സ​ല്യ​യും കൈ​കേ​യി​യും, സു​മി​ത്ര​യും എന്നു് എഴു​തു​ന്ന​വ​രെ ഒരു നി​രൂ​പ​കൻ പരി​ഹ​സി​ച്ചി​ട്ടു​ണ്ടു്. മലയാള ഭാഷ പറ​യേ​ണ്ട​തെ​ങ്ങ​നെ, എഴു​തേ​ണ്ട​തെ​ങ്ങ​നെ എന്നു് അറി​വി​ല്ലാ​ത്ത​വ​രാ​ണു് ഈ ‘വാ​തു​റ​ക്ക​ലു​കൾ’ നട​ത്തു​ന്ന​തു്. വാ​യ​നാ​ശീ​ലം എന്ന​തു് ഇതു​പോ​ലെ​യൊ​രു പ്ര​യോ​ഗ​മാ​ണു്. അടു​ത്ത കാ​ല​ത്തു് ഒരു വാ​രി​ക​യിൽ ഇങ്ങ​നെ​യൊ​രു പ്ര​യോ​ഗം കണ്ടു: ‘വാ​യ​നാ​മു​റി’ അങ്ങ​നെ​യു​മു​ണ്ടോ ഒരു മുറി? ഇതു് വെ​റു​മൊ​രു വാ​തു​റ​ക്ക​ല​ല്ല. അണ്ണാ​ക്കു് അന്യൻ കാ​ണൂ​ന്ന മട്ടി​ലു​ള്ള വാ​പൊ​ളി​ക്ക​ലാ​ണു്.

2. ശാ​സ്ത്രീ​യ​ങ്ങ​ളായ കണ്ടു​പി​ടി​ത്ത​ങ്ങ​ളെ ഭദ്ര​ത​ര​മാ​ക്കാം. ഉത്കൃ​ഷ്ട​ങ്ങ​ളായ കലാ​സൃ​ഷ്ടി​കൾ​ക്കു് ആ മാ​റ്റം വരു​ത്താ​നൊ​ക്കു​ക​യി​ല്ലെ​ന്നു് ഐസക് ബാ​ഷേ​വീ​സ് സി​ങ്ങർ പറ​ഞ്ഞി​ട്ടു​ണ്ടു്. ഗീ​ത​ങ്ങ​ളൂ​ടെ ഗീ​ത​ങ്ങ​ളെ​യോ (Song of songs) ഹോ​മ​റി​ന്റെ ഇലി​യ​ഡി​നെ​യോ ദസ്ത​യെ​വ്സ്കി​യു​ടെ Crime and Punishment-​നെയോ മൈ​ക്ക​ലാ​ഞ്ച​ലോ​യു​ടെ ‘മോസസി’നെയോ ആർ​ക്കും ഉത്കൃ​ഷ്ട​ത​ര​മാ​ക്കാൻ സാ​ധി​ക്കി​ല്ല. ‘മേ​ഘ​സ​ന്ദേശ’ത്തെ, ‘രഘു​വം​ശ​ത്തെ’ കൂ​ടു​തൽ മോടി പി​ടി​പ്പി​ക്കാൻ ആർ​ക്കാ​വും. ഈ സത്യം മാ​ന​ദ​ണ്ഡ​മോ ഉര​ക​ല്ലോ ആയി സ്വീ​ക​രി​ക്കാം. നമ്മു​ടെ മഹാ​ക​വി​ക​ളു​ടെ കാ​വ്യ​ങ്ങൾ വേ​റൊ​രു പ്ര​തി​ഭാ​ശാ​ലി​ക്കു് ഇം​പ്രൂ​വ് ചെ​യ്യാൻ കഴി​യും എന്ന​തു് അവ​യു​ടെ അപ്ര​ധാ​ന​ത​യെ​യാ​ണു് കാ​ണി​ക്കു​ന്ന​തു്.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-06-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.